സത്തമോത്തമ, ഭവാനയാച്ചാരാ-
ക്കത്തു കണ്ടു വിവരം മനസ്സിലായ്;
ഉത്തരംഗകതുകത്തോടിന്നതി-
ന്നുത്തരങ്ങളുരിയാടിടുന്നു ഞാൻ.
പെയ്യും മാധുരി കൂടിടും കവിത വര്‍-
ഷിക്കും ഭവാനോടു വ-
ന്നയ്യയ്യോ! കൃതിതീര്‍ത്തിടും പതിവെനി-
യ്ക്കുണ്ടെന്നു മിണ്ടില്ല ഞാൻ;
ഇയ്യുള്ളോനുപജീവനം കഴിയുവാ-
നായിക്കുറെസ്സാഹസ-
ക്കയ്യോരോന്നു മരുന്നുകൊണ്ടു പെരുമാ-
റില്ലെന്നതില്ലിയ്യിടെ
നാവിട്ടൊന്നു കുലുക്കിയാലുതിരുമ-
ങ്ങയ്ക്കായിരം പദ്യ,മി-
ണാ വട്ടങ്ങളിവന്റെ നാവിലിടചേര്‍-
ത്തിട്ടില്ല സൃഷ്ടിച്ചവൻ;
ഈ വിഡ്ഢ്യാൻ കഥ വിട്ടു നല്ലൊരു കഥാ-
സാരം കഥിച്ചീടുവാൻ
പോവട്ടേ, പൊളിയട്ടെ പെട്ട, പൊട്ടി പൊ-
ട്ടിക്കുന്ന പിട്ടില്ല മേ
പൊന്നാവും മിഴി, മേനിവിട്ടു മുഴുവൻ
തീർക്കൂ പ്രബന്ധങ്ങളെ-
ന്നെന്നെക്കുത്തിയിളക്കുമാ വഴി പുറ-
പ്പെട്ടാലകപ്പെട്ടുപോം;
നന്നായാലിതിലുണ്ട് കൂ,ട്ടിതു 'ശിവൻ
നാരായണൻ' തീര്‍ത്തതല്ലെ-
ന്നാകും ചിലർ, ചീത്തയാകിലിവനേ-
ക്കപ്പേരു പേറീടണം
പരമാര്‍ത്ഥമിമിതാ പറഞ്ഞു പിന്നെ-
പ്പരമങ്ങുന്നരുളുന്ന മട്ടെടുപ്പാൻ
ഒരുമാതിരി ഞാനൊരുക്കമാ,ണ-
പ്പുറമെല്ലാം വഴിയേ കുറിച്ചയയ്ക്കാം.