Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / മാനവിക്രമതമ്പുരാന്റെ കത്തുകള്‍ / മാനവിക്രമ 9

9 കേരളചന്ദ്രികക്ക

71 മകരം 20-ാംനു


1. ശ്രീമൽ കേരളചന്ദ്രികേ! തവ നവശ്ലോകങ്ങളിങ്ങെത്തിമേ
സീമാവെന്നിയെ മാനസത്തിലധുനാ നൽകുന്നു നൽ കൌതുകം
കാമം ചന്ദ്രിക ചാലവേ ദിശിപരന്നന്യാദൃശ പ്രൌഢിയാ-
ലാമോഗപ്രസരത്തെ സൽകുവലയത്തിന്നെന്നപോലോമലെ


2. എന്നാലായതിനൊക്കവേ മറുവടിക്കത്തൊന്നയച്ചീടുവാ-
നിന്നീനാൾവരയും നമുക്കു തരമായില്ലെന്നു ബോധിക്കെടോ
ഒന്നോര്‍ത്തീടുക പത്മിനിക്കു ജലദച്ഛന്നൻ ദിനേശൻ കദാ-
പ്യുന്നിദ്രം കരമേകിടായ്കിലുമതിന്നുണ്ടോ വികാസക്ഷയം


3. എന്നോർത്തിട്ടിഹ ഞാനുമിന്നിതുവരെ സ്വൈരം സമാധാനമാര്‍-
ന്നെന്നോമൽ പ്രിയ ചന്ദ്രികേ! മരുവിടുന്നെന്നുള്ളിലോര്‍ത്തീടണം
എന്നല്ലാതൊരനാദരം ത്വയി ഭവിച്ചിട്ടല്ലയെന്നുള്ളതി
ന്നൊന്നിന്നോര്‍ക്കുക ചന്ദ്രനീക്കുമുദിനീ പ്രേമം വെടിഞ്ഞിട്ടുമോ


4. ശ്രീമൽ കേരള ചന്ദ്രികേ ! സുമതികൾക്കന്യാദൃശപ്രൌഢിയാ-
ലാമോദത്തെവളര്‍ത്തി ലോകമഖിലം ചാലേ ചരിക്കുന്നു നീ
കാമം സച്ചരിതങ്ങളെസ്സരസമായ് കൈക്കൊണ്ടു കൊണ്ടാടിടു-
ന്നീമട്ടെന്നു മുയര്‍ന്നു കാണ്മതിനുഞാനത്യാഗ്രഹിക്കുന്നഹൊ


5. എന്നാൽ കേരള ചന്ദ്രികക്കൊരുവയസ്സാകുന്ന വര്‍ഷോത്സവം
നന്നായിന്നു കഴിഞ്ഞതോര്‍ത്തു ഹൃദിമേ തെല്ലല്ല കൌതൂഹലം
എന്നല്ലാ മമ പുത്രിയാകിലുളവായില്ലായ്മയാലുള്ളൊരി
മാന്ദ്യത്തെപ്പരിഹൃത്യ നന്ദിയെ വളർത്തീടുന്ന സൌപത്രികാ


6. തൂര്‍ണ്ണം സഞ്ചാരി പത്രാധിപരുടെ നിലവിട്ടിന്നഹൊ ചന്ദ്രികാ തൻ
പ്രാണാധീശത്വമാര്‍ന്നിട്ടതിമധുരവചസ്സാലെ ഗോവിന്ദനിപ്പോൾ
കേണാതേകണ്ടു കൊണ്ടാടിടുമൊരു വടിവും പ്രൌഢിയും പത്രമൂലം
കാണുന്നേരം നമുക്കിന്നിതിലതികുതുകം പാരമുണ്ടായ്‍വരുന്നു


7. ശൌര്യമേറെയുളവായിടുന്നപരദേശിയാകിയൊരു കൃഷ്ണമാ-
ചാര്യനിന്നു മലയാളഭാഷയിലുടൻചമച്ച കൃതികണ്ടുഞാൻ
സൂര്യധീശനിഹചന്ദ്രികക്കു വരനായ്ഭവിച്ചതിനുനൽകിയോ-
രാര്യമാലയതുപോലെയിന്നിതു വിളങ്ങിടുന്നുനിതരാമഹോ


8. സാരസ്യംകലരുന്ന പദ്യലഹരിസൌന്ദര്യവും പിന്നെയി-
ന്നോരോരുത്തമ വാഗ്വിലാസ മകരന്ദാമന്ദനിഷ്യന്ദവും
പാരം കണ്ടതിചിത്തകൌതുകമഹം വായിച്ചു വായിച്ചുനിൻ
സാരം സാദരമാദരിച്ചു മരുവീടുന്നിങ്ങഹോ ചന്ദ്രികേ


മാനവിക്രമ എട്ടൻമാരാജാ.