Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / മാനവിക്രമതമ്പുരാന്റെ കത്തുകള്‍ / മാനവിക്രമ 2

2 അദ്ധ്യാത്മരാമായണം

കേരളഭാഷാ സാഹിത്യരംഗത്തിൽ പ്രധാനവേഷത്തെ അഭിനയിച്ച അനശ്വരമായ കീർത്തി സമ്പാദിച്ചിരുന്ന കവിശിരോമണിയും, ഗന്ധര്‍വ്വാംശഭൂതനെന്നു വിചാരിക്കപ്പെട്ടുവരുന്ന മഹാനുഭാവനും ആയ തുഞ്ചത്ത രാമാനുജാചാര്യരുടെ കൃതികൾ ഏതെങ്കിലും ഉദ്ദേശത്തോടുകൂടി വായിക്കാത്തവരായി അക്ഷരജ്ഞാനമുള്ള മലയാളികളിൽ ആരുംതന്നെ ഉണ്ടായിരിക്കയില്ലെന്ന നിര്‍വ്വാദമാകുന്നു. തുഞ്ചത്ത എഴുത്തഛന്റെ കൃതികളിൽവെച്ച അര്‍ത്ഥഗാംഭീര്യവും സന്ദര്‍ഭസുന്ദരതയും ചമൽക്കാരപുഷ്ടിയും അധികം പ്രകാശിച്ചുകാണുന്നത എതിലായാലും വേണ്ടതില്ല, അദ്ധ്യാത്മരാമായണത്തിന്നധികമായ പ്രചാരം സിദ്ധിച്ചിട്ടുണ്ടെന്ന സമ്മതിക്കാതെ കഴികയില്ല. രാമായണം മൂലത്തിലെ പല അഭിപ്രായങ്ങളും മലയാളഭാഷയിൽ രൂപാന്തരിച്ചു കൊണ്ടുവരേണമെന്ന കവി വിചാരിച്ചിരുന്നതുകൊണ്ടൊ എന്തൊ കവിതാരീതി സാധാരണന്മാര്‍ക്കു സുഗമമായ നിലയിലല്ലാ ഇരിക്കുന്നത. മോക്ഷപ്രാപ്തിക്കു ഹേതുഭൂതങ്ങളെന്ന സങ്കല്പിച്ച സാധാരണ സ്ത്രീകൾ വായിച്ചുവരുന്ന ഇതിലെ മിക്ക സ്തുതികളും സംസ്കൃതബഹുളങ്ങളായിരിക്കുന്നതുകൊണ്ട അവര്‍ക്ക അതിന്റെ അര്‍ത്ഥം അറിഞ്ഞു വേണ്ടവണ്ണം വായിക്കുന്നതിന്ന സാധിക്കുന്നതുമില്ല. ആകയാൽ സാധാരണന്മാരുടെ ഉപയോഗത്തിനുവേണ്ടി അര്‍ത്ഥത്തോടുകൂടി ഒരു രാമായണം അടിക്കുന്നത നല്ലതായിരിക്കുമെന്ന പല മഹാന്മാരും സുഹൃത്തുകളും അഭിപ്രായപ്പെട്ടിട്ടുള്ളതിനെ അനുസരിച്ച അദ്ധ്യാത്മരാമായണത്തെ ഉത്തരരാമായണത്തോടുകൂടി വ്യാഖ്യാനസഹിതം പ്രസിദ്ധപ്പെടുത്തിയതിന്ന "വിദ്യാഭിവർദ്ധിനി" ഉടമസ്ഥനായ എസ്. റ്റി. റെഡ്യാരെ നാം  ഹൃദയപൂർവ്വം അഭിനന്ദിച്ചുകൊള്ളുന്നു.


വ്യാഖ്യാനത്തിലെ പല ഭാഗങ്ങളും വായിച്ചനോക്കിയതിൽ പറയത്തക്ക ന്യൂനതകളൊന്നും കണ്ടിട്ടില്ലെങ്കിലും, ആരണ്യഖാണ്ഡത്തിൽ ലക്ഷ്മണോപദേശ ഖട്ടത്തിൽ 'ഉണ്ടെല്ലൊപിന്നെവിക്ഷേപാവരണങ്ങളെന്നു' തുടങ്ങി "ആനന്ദപ്രാപ്തി ഹേതുഭൂതയെന്നറിഞ്ഞാലും'' എന്ന പാദംവരെ ഒന്നുനിഷ്കർഷിച്ചു വ്യാഖ്യാനിക്കേണ്ടതായിരുന്നുവെന്ന തോന്നുന്നുണ്ട. മൂലത്തിലെ പദാന്വയങ്ങളേകൊണ്ട വിക്ഷേപവും ആവരണവും അവിദ്യാശക്തികളാണെന്നൊ, മായയ്ക്കുതന്നെ വിദ്യാവിദ്യാദേദങ്ങളുണ്ടെന്നൊരജ്ഞാനരൂപിണിയാകും വിദ്യ" ആവരണശക്തിയല്ലെന്നൊ സിദ്ധിക്കുന്നില്ല. അങ്ങിനെ അര്‍ത്ഥവിഷയത്തിൽ സന്ദിഗ്ദ്ധാസ്ഥിതി വരുന്ന സ്ഥലങ്ങളിലാണ വ്യാഖ്യാനത്തിന്റെ ഉപയോഗവും അപേക്ഷയും ഉണ്ടാകുന്നത. അതുകൊണ്ട ആ വക ദിക്കുകളിൽ നല്ലവണ്ണം മനസ്സിരുത്താഞ്ഞത നല്ല പാണ്ഡിത്യമുണ്ടെന്നു പറയപ്പെടുന്ന വ്യാഖ്യാതാവ് കെ. സാംബശിവശാസ്ത്രികളുടെ അവസ്ഥക്ക മതിയായിരിക്കുമൊ എന്ന സംശയിക്കുന്നു. എന്നാൽ ഏകദേശം ഒട്ടു മുക്കാൽ ഭാഗങ്ങളിലും പ്രതിപാദം സംസ്കൃതപദങ്ങങ്ങൾക്ക അർത്ഥവും, ആകെ ഒരു സാരവും ആദ്യന്തം എഴുതി ജനോപകാരത്തിനുവേണ്ടി യത്നിച്ച ശാസ്ത്രികളോട കേരളീയരാകെ ക്കടപ്പെട്ടിട്ടുണ്ടെന്നു പറയുന്നതിൽ അശേഷം ധൈര്യക്ഷയമില്ലതാനും.


പരിഷ്കൃതകളായ അന്യ ഭാഷകളെ അനുസരിച്ച മലയാളപുസ്തകങ്ങളിലും ഓരോ സന്ദര്‍ഭാനുരൂപങ്ങളായ ചിത്രങ്ങളെ ചേര്‍ത്ത പ്രസിദ്ധംചെയ്യുന്ന സമ്പ്രദായം ഇദംപ്രഥമമായി ആരംഭിച്ചതില്‍ പ്രസിദ്ധകന്നുള്ള ഉദ്ദേശ്യം മറ്റുള്ള ജനങ്ങളാലും അനുക:രിക്കപ്പെടത്തക്കതും ഹൃദയംഗവുമാകുന്നു. ഇതുപോലെതന്നെ ആദികവിയായ ആചാര്യന്റെ ഒരു ജീവചരിത്രവും ഇതിൽ കൊടുത്തിട്ടുള്ളത വളരെ നന്നായിരിക്കുന്നു. അച്ചടിയിൽ കാണപ്പെടുന്ന നിസ്സാരങ്ങളായ വീഴ്ചകൾ ചന്ദ്രകിരണങ്ങളിലെ കളങ്കം പോലെയാണെന്നെ നാം അഭിപ്രായപ്പെടുന്നുള്ളു. ഏതായാലും റെഡ്യാരുടെ ഈവിധംഗൌരവാവഹങ്ങളായ ഏര്‍പ്പാടുകൾ പൊതുജനസമക്ഷം പ്രശംസിക്കപ്പെടുമെന്ന നാം വിശ്വസിക്കുന്നു.


മാനവിക്രമ ഏട്ടൻ രാജാ.