Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / മാനവിക്രമതമ്പുരാന്റെ കത്തുകള്‍ / മാനവിക്രമ 1

1 നടുവത്തശ്ശൻനമ്പൂതിരിക്ക്

1067 കന്നി 17-ാംന്


1. മല്ലീചൂതമധൂളിയോടിടയുമാറുള്ളോരുവാക്കേളിയാൽ 
ചൊല്ലേറും നടുവത്തെഴും കവികുലപ്രത്രഗ്രചൂഡാമണെ
കല്യാണാംഗിമനോരമാസഖിമുഖേനാവ്യാജമുൾപ്രീതിയാ- 
ലുല്ലാസത്തൊടയച്ചപദ്യമധുനാ കണ്ടിങ്ങുകൊണ്ടാടിനേൻ


2. വൈഷമ്യംവിട്ടശേഷം കുവിഗുണമറിയാനാസ്ഥയാ നിത്യമന്ത-
സ്തോഷാന്മദ്ധ്യസ്ഥഭാവം ചതുരതയോടഹോ നിര്‍വ്വഹിക്കുംഭവാന്റെ
ഭാഷിച്ചീടുന്ന നാമം കവിവരനടുവത്തെന്നു വൃത്താനുരൂപം 
ഘോഷിച്ചീടുന്നു ഭാഷാകവികളിഹ മഹീദേവമൌലെ യഥാര്‍ത്ഥം


3. ദൂരത്തെന്നാലുമോരോ കവിതകളയിതെ പത്രമൂലേന ചാലെ
പ്പാരംകണ്ടും ഭവാന്റെ പരിമളമുളവാം കീർത്തിയെക്കേട്ടുകൊണ്ടും
ആരോമൽപ്രീതിപൂണ്ടിങ്ങിഹ മരുവുമിനിക്കിന്നുതേ വിപ്രയോഗ - 
പ്പോരാട്ടാര്‍ത്തിക്കൊരല്പം കുറവുവരികിലും കാണ്മതിന്നുണ്ടുകാമം


4. എന്നാൽ നോംതമ്മിലേവംവിധമൊരഭിമതം ചേര്‍ന്നുവാഴുന്നമൂലം 
മന്ദംസാധിക്കുമെന്നുള്ളതിനിഹ സുമതെ സംശയം ലേശമില്ലാ
മന്നിൽപ്രഖ്യാതനായുള്ളൊരു കവിവരനാം വഞ്ചിരാജ്ഞീപതിക്കും 
മന്ദിക്കാതേനമുക്കും സകുതുകമിതുപോൽ തന്നെ സാധിച്ചുവല്ലൊ


മാനവിക്രമ ഏട്ടൻരാജാ