കേടറ്റീടുന്ന കേളിപ്രചുരിമ തിരളും
സജ്ജനം ചെന്നു ചേരു-
ന്നേടത്തെല്ലാം സുഖത്തിന്നൊരു കുറവു വരി-
ല്ലെന്നു ലോകപ്രസിദ്ധം;
ഈടേശീടാത്ത ഭാഗ്യം കലരുമൊരു ജനം
ഹന്ത ! വാഴുന്ന ചാവ-
ക്കാടേറ്റം കേഴുമാറായിതു വലിയ മഹാൻ-
തന്റെ വേർപാടുമൂലം.
ഹാ ! വാക്കിൻഭംഗി താൻ താണൊരു നിലയതിലാ-
ണെന്നുമെന്നുള്ള ബോധം
ശ്രീ വായ്ക്കും മേനി, സത്യം, ദയയിവ വലുതെ-
ന്നുള്ള സത്താം വിചാരം
കൈവല്യക്കാതലോമൽക്കളകമലദള-
ക്കണ്ണനാം കണ്ണനെത്താൻ
സേവിച്ചുംകൊണ്ടിരിപ്പീവകസകലവുമൊ-
ത്താരിനിപ്പാരിലാവോ?
ചൊല്ലാം കാര്യങ്ങളെല്ലാം സകലസമയവും
നോക്കുവാൻ നോക്കു മുൻസി-
പ്പില്ലാതാവില്ല, തത്തുല്യത കലരുമൊരാ-
ളായതിന്നായണഞ്ഞു;
എല്ലാര്‍ക്കും തൃപ്തിചേര്‍ത്താപ്പുരുഷമണി വസി-
ച്ചീടു,മെന്നാലുമിപ്പോൾ
വല്ലാതുള്ളം നടുങ്ങുന്നിതു വിരഹമഹാ-
സങ്കടം വങ്കടുപ്പം.
ആരോഗ്യം, പാരമായു,സ്സതിസുഖമിവതൊ-
ട്ടുള്ളതെല്ലാം തികഞ്ഞും
നേരോടേ പുത്രമിത്രാദികളൊടു സതതം
ചേർന്നു മോദം തികഞ്ഞും
കാരുണ്യാംഭോധിയാമിഗ്ഗുരുപവനപുരാ-
ധീശപാദം പണിഞ്ഞും
ചാരുശ്രീ ചേര്‍ന്നുകൊണ്ടുന്നതപദവിയഹോ!
മേല്ക്കുമേൽ വന്നിടട്ടേ.