Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / പെട്ടരഴിയം ഇളയതിന്റെ കത്തുകള്‍ / പെട്ടരഴിയം 14

14 പി. സി. മരുമകൻ തമ്പുരാനവർകൾക്കു്

കുന്നലേശകുലമൊക്കു കുളുര്‍-
ക്കുന്ന കൊച്ചുനൃപ! സൽക്കവേ! വിഭോ!
വന്നലച്ച ധൃതികൊണ്ടു മിണ്ടുവാൻ
വന്നതില്ല തരമിങ്ങു പോന്നു ഞാൻ.


പോരുമ്പോൾ തിരുമുമ്പിൽ വന്നു വിടവാ-
ങ്ങിടാതെ പോന്നെന്നതി-
ന്നോരുമ്പോൾ സുഖമില്ല, സംഗതിവശാൽ
പറ്റായ തെറ്റാണത്,
പാരുള്ളിൽ പുരുകീര്‍ത്തി ചേർത്ത നൃപ! പോ-
യില്ലത്തു ചെല്ലാഞ്ഞു വ-
ന്നോരുൾത്താപഭരം നിമിത്തമവിടെ-
യ്ക്കായിട്ടു പോകുന്നു ഞാൻ.


"അമ്മേ! കേളച്ഛനെന്തിയ്യിടെയിവിടെ വരാ-
തങ്ങുപോയ് താമസിപ്പാൻ
ചെമ്മേ കത്തൊന്നു കൂടീട്ടെഴുതിവിടണ”മെ-
ന്നോര്‍മ്മ വെച്ചോതിയോതി
നമ്മേക്കാണാഞ്ഞു കാഞ്ഞുള്ള കതളിരൊടു ന-
ല്ലോമനക്കണ്ണടയ്ക്കാ-
തുന്മേഷം വിട്ടിരിക്കും സുതരുടയ വിനോ-
ദത്തിനായ് പോയ്‍വരട്ടേ.


കാൽക്കുന്നിയും കറ കരൾക്കു പെടാത്തകത്തു-
ള്ളാൾക്കും മദീയസുതരായിടുമുണ്ണികൾക്കും
മാൽക്കുറ്റമൂലമകലത്തു കളഞ്ഞു നാലു
നാൾക്കുള്ളിൽ ഞാൻ വരുവനീഷലശേഷമില്ല.