ധീരത്വം നല്ല സത്യം, ദയയിവ വിലസും
ഭൂപതേ! ഞങ്ങളങ്ങേ-
ച്ചാരത്തെപ്പോഴുമെത്തായ്കിലുമകമലരിൽ
പ്രീതിയുണ്ടായ് വരേണം
ദൂരത്തമ്പുന്ന രാജാവഖിലകുവലയം-
തന്നിലും പ്രേമമെല്ലാ-
നേരത്തും കാട്ടുമെന്നേവനുമഖിലകലാ-
നാഥ ! ദൃഷ്ടാന്തമല്ലോ.
മുന്നത്തെക്കാലമെല്ലാം പ്രജകളിലഴലേ-
ലാതെയും നീതിയോടും
മന്നത്യന്തം മഹീവല്ലഭമഹിമയൊടും
മാതുലന്മാർ ഭരിച്ചു
പിന്നത്തെക്കാലവും പേരിനൊരിടിവുവരു-
ത്താതെ വാഴ്ചയ്ക്കൊരുങ്ങം
'പുന്നത്തൂർ'ത്തമ്പുരാനിൽ ഗുരുപവനപുരാ-
ധീശ്വരൻ കണ്ണിടട്ടേ.