Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / പെട്ടരഴിയം ഇളയതിന്റെ കത്തുകള്‍ / പെട്ടരഴിയം 10

10 പുന്നത്തൂർ തമ്പുരാൻ തിരുമനസ്സിലേയ്ക്ക്

ഉണ്ടുമടുത്തുള്ളോരെക്കണ്ടു മുറയ്ക്കുരുളവാങ്ങണം പിന്നെ
കണ്ടുമടുത്തവരോടായ്ക്കൊണ്ടുകടം ചെന്നു വാങ്ങണം നൂനം


ചൊല്ലാര്‍ന്നൊരിപ്പഴയ വായ്മൊഴി ചോര്‍ച്ചലേശ-
മില്ലാത്തതെന്നു കരുതീട്ടൊരപേക്ഷയിപ്പോൾ
കില്ലാശയേ കരുതിടാതിഹചെയ്തിടുന്നേ-
നെല്ലാം ശ്രവിച്ചു ധരണീശ! തുണച്ചിടേണം.


പൌരോഹിത്യം നടത്തീടണമിവനുപജീ-
വിക്കുവാൻ വീട്ടുകാരു-
ള്ളോരോ കോട്ടപ്പടിക്കാരകലമഥകുറ-
ച്ചല്ല കാതത്തിലേറും
നേരോതാമൂണിനില്ലത്തണയണമവിടു-
ന്നുണ്ടുപോന്നാൽ ചിലപ്പോ-
ളോരോരോ വീട്ടിൽ നേരത്തണവതിനു ഞെരു-
ക്കത്തിലായും വരുന്നു.


നേരം വൈകിവരുന്നതിൽ പരിഭവി-
പ്പോരും ക്ഷണിപ്പാൻ കുറെ-
ബ്ഭാരം തോന്നുകകൊണ്ടെളേതിനെവരു-
ത്താത്തോരുമായ് മിക്കതും
ഈ രണ്ടും പുതുതായ സംഗതികളാ-
യിട്ടല്ല മൂത്തുള്ള മൽ-
ദാരിദ്ര്യം ദയവെച്ചുകൊണ്ടുപറയി-
ച്ചീടുന്നതാണീവിധം.


പണ്ടായാൽ ചില വീട്ടുകാർക്കു മഠമു-
ണ്ടി,ന്നില്ല വെച്ചുണ്ണുവാ-
നുണ്ടാകേണമിടം വിടാതതിൽ വസി-
ക്കാം ഞങ്ങളാരെങ്കിലും
പണ്ടാരം വകയാകണം തൊടിഗൃഹം
കൊച്ചെങ്കിലും ഹന്ത! നി-
ല്പുണ്ടാകണമതല്ല നൽക്കിണർ കുളം-
തൊട്ടുള്ളതുണ്ടാകണം.