Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / പെട്ടരഴിയം ഇളയതിന്റെ കത്തുകള്‍ / പെട്ടരഴിയം 9

9 ഉള്ളൂർ എസ്. പരമേശ്വരയ്യർ എം. ഏ, ബി. എൽ. അവർകൾക്കു്

പോരാടിസ്സിതയെപ്പൊടിച്ച കവിത-
ക്കാർ നിങ്ങൾ യാതൊന്നിനും
പോരാതുള്ളിവനെ പിടിച്ചരികിൽ വെ-
ച്ചൊന്നായി വാഴ്ത്തീടവേ പോരാനില്ല
മനസ്സെനിക്കിവിടെ വ-
ന്നെത്താൻ തിരക്കുണ്ട;തും
പോരാ വണ്ടിവഴിക്കിതൊക്കെ നിരുപി-
ച്ചിങ്ങോട്ടിറങ്ങീടിനേൻ.


അത്താഴത്തിനു ഞങ്ങളങ്ങിനെ 'പരേ-
പ്പിള്ളി'ക്കു നേരായിവ-
ന്നെത്താമൂണിനു താമസിക്കരുതതാ-
ക്കൂട്ടര്‍ക്കറിഞ്ഞീടുവാൻ
കത്താൾവക്കലയച്ചു വണ്ടികയറി-
പ്പൂരത്തെയും നൽസ്സഭാ-
വൃത്താന്തത്തെയുമങ്ങയേയുമകമേ
ചിന്തിച്ചു പോന്നിടിനേൻ.


ആദിത്യനംബുധിയിലായിതു 'പൊങ്ങണ'ത്തെ-
ന്നാ ദിക്കിലെത്തിയിരുളൊട്ടു പരന്നു നാട്ടിൽ
ഖേദിച്ചുകൊണ്ടൊരുവളപ്പൊടുത്തു വന്നാ;-
ളാദിക്കതെന്തു കഥയെന്നു പരിഭ്രമിച്ചു.


കെട്ടീട്ടുള്ളാനെഴുന്നേറ്റളവിലെവിടെയോ
കൂലിവേലയ്ക്കു പോയീ,
കുട്ടിക്കോ ദീനമാണായതു കലശലിലാ-
യിന്നു കഷ്ടത്തിലാണേ!
തട്ടിപ്പോംമുമ്പു കർമ്മ ചിലതിവിടെ നട-
ത്തേണ്ടതിന്നായൊരാളെ-
ക്കിട്ടീലീ വണ്ടി മണ്ടിപ്പവനെയരഞ്ഞൊടി-
ക്കൊന്നയപ്പാനപേക്ഷ."


ഏറെത്തടിച്ചൊരഴൽ പൂണ്ടു ചടച്ചൊരുത്തി
മാറത്തടിച്ചു മുറയിട്ടു പറഞ്ഞനേരം
ഈറച്ചൊരാട്ടഹഹ! വണ്ടി തെളിച്ചിടുന്നോൻ;
കൂറല്പമിയ്യിവനു വന്നു, നിറുത്തി വണ്ടി.


"ചെന്നാശു നിയ്യിവൾ പറഞ്ഞവിധം നടത്തി
വന്നാലു"മെന്നവനെ വിട്ടു നിനച്ച നേരം
ഒന്നാപ്പുരക്കരികിലെത്തിയതെന്തു മട്ടാ -
യെന്നാശു നോക്കുവതിനങ്ങു കടന്നുചെന്നേൻ.


'ചെറ്റ'മറച്ചാപ്പുരയുടെ
മുറ്റത്തെത്തീട്ടു കൂന്നു നോക്കുമ്പോൾ
അറ്റമകന്നഥ കണ്ടവ
തെറ്റണയാതോതുവാൻ ഞെരുങ്ങീടും.


തൊണ്ണൻകയ്ക്കോട്ടു, മുട്ടിപ്പല, മുറ,മരിവാ -
ളൊറ്റിൽ, വക്കറ്റ പൊട്ട
ക്കിണ്ണം, കാ,വമ്മി, തൊപ്പിക്കുട, വടി, കയറിൻ
കെട്ടു, പായ്തെട്ടു, ചട്ടി,
ചുണ്ണാമ്പിൻ പാത്ര,മണ്ടിപ്പൊളി, യുരൽ, മടയാ
ത്തോല, മാറോല, തേങ്ങാ-
പ്പിണ്ണാക്കെന്നല്ല മറ്റും പല പല വിഭവം
കണ്ടു ഞാൻ കണ്ടുനിന്നൂ.


ഒന്നില്ല പാര്‍പ്പിനിടമൊക്കുകിലിത്ര വേണ-
മെന്നില്ല, വീടു ചെറുതും മതി ശീലമായാൽ
ഒന്നിച്ചിതിൽ ചിലർ കിടന്നു പൊറുപ്പതോര്‍ത്തു
നിന്നില്ല വെക്കമൊടു വണ്ടിയിൽ വന്നുകേറി.


പാരം ജവാലവിടെ വേണ്ടതു ചെയ്തുവണ്ടി-
ക്കാരന്റെ പാട്ടിലവനെത്തി മുറയ്ക്കു പോന്നു
നേരം കുറച്ചധികമായ് മണിയൊമ്പതായ-
നേരത്തിലെത്തിയശനത്തിനുറച്ച ദിക്കിൽ.


ക്ഷണം കുളിച്ചൂത്തു; കടന്നുചെന്നു ഭ-
ക്ഷണം കഴിച്ചു കലിതാദരം ഞാൻ
കണക്കിലേറെശ്ശുുചിയുള്ള കാരണം
കണക്കിലായൂണു കവീന്ദ്രമൌലേ!


മോരാദ്ദിക്കിലൊരിറ്റുമില്ല, പകരം
ചാറുണ്ടഹോ! മാമ്പഴം
ധാരാളം, പലമാതിരിക്കറികളും
ചക്കങ്കരിങ്കാളനും,
തീരാതുള്ള വിശപ്പുമൊത്ത സമയ-
ത്തുണ്ടായൊരൂണസ്സലായ് -
ത്തീരാതേ കഴിയുന്നതോ? ചരട്ട പൊ-
ട്ടീലായതത്യത്ഭുതം!


“കുണ്ടും കുന്നുമതായിടയ്ക്കു, വലിയോ-
രാലിന്റെ വേരീവിധം
രണ്ടുംകെട്ട നിരത്തിൽ വണ്ടികയറി-
പ്പോക്കിന്നു സൂക്ഷിക്കണം,
മുണ്ടും മറ്റുമെടുത്തിടേണ്ട പുലരാൻ
കാലത്തു പോകാ”മതെ-
ന്നുണ്ടുംകൊണ്ടു പുറത്തുവന്ന സമയം
ചൊന്നാൻ ഗൃഹസ്ഥൻ മുദാ.


“വല്ലാതുണ്ടു തിരക്കെനിക്കു, പുലരാ
നങ്ങെത്തണം, താമസി-
ക്കില്ലാ, താങ്കൾ തടസ്ഥമൊന്നുമുരിയാ
ടീടൊല്ല, കേൾക്കില്ല ഞാൻ,
തെല്ലാണോ രസമിയ്യിവന്നു തവ സൽ-
ക്കാരങ്ങളേല്പാൻ കണ-
ക്കല്ലാതുണ്ടു; നിവൃത്തിയില്ലിനി വരാം തൃ-
ശ്ശൂര്‍ക്കു പോകുന്നനാൾ."


എന്നു പറഞ്ഞവിടുന്നു ന-
ടന്നു വഴിക്കെത്തി വണ്ടിയിൽകേറി
ഒന്നു കുതിച്ചോടിച്ചു കി-
ടന്നു കുറച്ചൊന്നുറങ്ങി ഞാൻ നൂനം.


പുലർന്നു വന്നപ്പൊഴതിങ്ങു മോദം
കലര്‍ന്നുവന്നു കവിസാര്‍വ്വഭൌമൻ
തലയ്ക്കു നാൾ വണ്ടിയിലാകമൂലം
തലയ്ക്കു ലേശം സുഖമില്ലയാതായ്.


പോയിക്കുളിച്ചുണു കഴിച്ചു സൌഖ്യ-
മായിക്കിടന്നിട്ടൊരുറക്കുറങ്ങി;
സ്ഥായിപ്പെടും സ്നേഹിതരോടിതോരോ-
ന്നായിട്ടു സർവ്വം പറയാൻ നടന്നു.


ധാരാളം പ്രാപ്തി; നീണ്ടുള്ളുട,ലുടനെതിരി
ട്ടാന വന്നാൽ കുലുക്കം-
ചേരാതുള്ളോരു ചേതസ്സി, രുനിറ, മിടിപോ-
ലൊച്ച പാരിച്ച കോപം,
പാരാകെക്കീര്‍ത്തി, സത്യം, ദയ,യിവകളൊടൊ-
ത്തേവനും പേടിയേകും-
ധീരാഗ്ര്യൻ കോന്തിമേനോനവർകളുടെ സമീ-
പത്തു ചെന്നാദ്യമോതി.


പാരാകെക്കീർത്തി, മേനിക്കഴകു, നിജനില
യ്ക്കൊത്തവിത്തം, കവിത്വം,
സാരാസാരം തിരിക്കും മതി, സഹൃദയസം-
പ്രീതി, വല്ലാത്ത വാശി,
ധാരാളം ബുക്കു വായിച്ചറിവ,തിമധുര-
ച്ചൊല്ലിതെല്ലാം തികഞ്ഞാ-
കേ. രാമൻനമ്പിയാരെന്നുടെ വലിയ സഖാ-
വാകയാൽ ചെന്നുചൊല്ലി.


പറഞ്ഞറിഞ്ഞപ്പൊഴുതാളുകൾക്കു
നിറഞ്ഞമോദം വഴിപോൽ വഴിഞ്ഞു
കുറച്ചുനാൾക്കുള്ളിൽ വരും ഭവാനെ-
ന്നുറച്ചിരിക്കുന്നിതു ഞങ്ങളെല്ലാം.