Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / പെട്ടരഴിയം ഇളയതിന്റെ കത്തുകള്‍ / പെട്ടരഴിയം 8

8 വള്ളത്തോൾ നാരായണമേനോനവർകൾക്കു്

കത്തിവിടം കണ്ടപ്പൊള-
കത്തിവനുണ്ടായിരുന്നു കളിയല്ല
കത്തിന മുത്തോടു വെക്കമ-
കത്തിയഹോ! കയ്യിലാക്കി വായിച്ചു.


എത്തും താങ്കളുരച്ചപോലിവിടെയെ-
ന്നന്നോര്‍ത്തു നന്നായി ഞാ-
നെത്തുംമാതിരി പാഞ്ഞുവന്നു വെറുതേ
കാത്തിങ്ങു പാര്‍ത്തേൻ കുറേ;
സത്യം ചൊല്ലുകിലന്നു വന്നഴലുര-
ച്ചീടുന്ന കാര്യം പ്രയാ-
സത്തിൽത്തന്നെയതെന്നുമാത്രമിത ഞാ-
നോതുന്നു ജാതാദരം.


ഓരോ ജോലികൾകൊണ്ടെഴുത്തെഴുതുവാൻ
സാധിച്ചിടാതിയ്യിവൻ
പാരം താപമൊടൊത്തു പാര്‍ത്തിതുവരെ-
ക്കാലം കഴിച്ചീടിനേൻ;
പാരാതിന്നു തുനിഞ്ഞു തൂവലുമെടു-
ത്തിപദ്യമുണ്ടാക്കിടു-
ന്നേരം താങ്കടെ കത്തുവന്നു കളിയ-
ല്ലേതും കവിപ്രൌഢ! ഹേ.


ഇങ്ങോട്ടെത്താതെ പോയിട്ടിതുവരെ വിവരം
ചേര്‍ത്തൊരിക്കത്തയപ്പാ-
നങ്ങയ്ക്കെന്തേ തടസ്ഥം? കവിവര! കനിവീ-
യെങ്കലില്ലാതെയായോ?
മങ്ങാതേ തക്കതാം സംഗതിയതിനു ഭവാ-
നൊട്ടു നേരിട്ടുവെന്നാ-
ലിങ്ങും ചില്ലാനമായിച്ചില തടവു വരാൻ
തെല്ലു പാടില്ലയെന്നോ?


ഇഷ്ടന്മാരിലൊരഗ്രഗണ്യത കൊടു-
ക്കാനായ മിടുക്കുള്ളൊരെൻ-
കുട്ടന്മേനവനേറ്റവും സുഖമതാ-
ണെന്നല്ല നന്നായി ഞാൻ
തുഷ്ട്യാ നിങ്ങടെ കത്തു കാട്ടിയതിലെ
ശ്ലോകങ്ങളാകെ ഗ്രഹി-
ച്ചിട്ടുണ്ടായൊരു മോദമിന്നെഴുതുവാൻ
കേളോര്‍ക്കിലാളല്ല ഞാൻ.


തീര്‍ച്ചചൊല്ലുന്നതായാലോ 'പാച്ചു' സംശയമെന്നിയെ
വേഴ്ചയുള്ളതു വെക്കില്ല തേച്ചു തീരെക്കളഞ്ഞിടും.


ബദ്ധാനന്ദേന സാമാനമൊടവിടെയഹം
നാടകാര്‍ത്ഥം വരാനായ്
ബുദ്ധിക്കേറ്റം പിടിച്ചുള്ളൊരു വിവരമതിൽ-
ക്കണ്ടു കാര്യം ഗ്രഹിച്ചു;
ക്രൂദ്ധിക്കും ഹന്ത! ഞാനിന്നതിനുടനെയൊരു-
ങ്ങീടിലപ്പോളതിന്നു-
ള്ളദ്ധ്യക്ഷന്മാരതെന്തേ തവ മനസി നിന-
യ്ക്കാതിരിപ്പാൻ മഹാത്മൻ?


പങ്കിട്ടെടുത്തു പലരും പണമാദ്യമന്നു-
മെങ്കയ്യിലില്ല വകയന്നതിൽ നിന്നൊഴിച്ചൂ;
ശങ്കിച്ചിടാതെയിനി ഞാനവർകൾക്കു ശണ്ഠ
തങ്കുന്ന മാതിരി നടപ്പതു പന്തിയാമോ?


വേണമെങ്കിലവർകൾക്കെഴുത്തയ-
ക്കേണമെന്നൊടവർ സമ്മതിക്കണം
നാണമെന്നിയെ നടേത്തെ മട്ടിലെൻ-
പ്രാണതുല്യ! കഴിയാൻ ഞെരുങ്ങിടും.


എല്ലാവരും സുഖമൊടൊത്തവിടത്തിലിപ്പോൾ
നല്ലോരു മോദമൊടു വാണുവരുന്നതില്ലേ?
ചൊല്ലീടുവാനിവിടെയില്ല വിശേഷമൊന്നു-
മെല്ലാരുമുണ്ടൊരുവിധേന കഴിഞ്ഞിടുന്നു.