പൂരത്തിൽവെച്ചു കണ്ടപ്പോളെന്നെ വേറെ വിളിക്കയും
ചിലതൊക്കെപ്പറകയും ചെയ്‍വാൻ സംഗതിവന്നതിൽ
ശ്രീമഹാഭാരതം മൂലം ഭാഷയാക്കി വരുന്നതു്
കന്നിയിൽത്തീരുമെന്നാണനൊന്നാമതു പറഞ്ഞതു്.
(യുഗ്മകം)
അവിടെക്കണ്ണുവൈദ്യം ശീലിച്ചുപാര്‍ക്കുന്ന കൂട്ടരിൽ
നമ്പലാട്ടെക്കുഞ്ചുമേനോനിന്നാണിവിടെ വന്നത്.
"ഈ മാസം പന്ത്രണ്ടാം തിയ്യതി
മണിയെട്ടടിച്ചു തീര്‍ന്നപ്പോൾ
ഭാരതമെഴുതിത്തീര്‍ക്കൽ ക-
ഴിച്ചിട്ടെൻ തമ്പുരാനെഴുന്നേറ്റു."
എന്നു"മിക്കഥ രാമൻനമ്പ്യാരെക്കൂടിയറീക്കണം
പോകുന്നു ഞാനിനിപ്പി"യെന്നുമപ്പോൾ പറഞ്ഞുപോയ്.
ഈ സമ്പ്രദായത്തിനൊട്ടും കൂസൽ കൂടാത്ത സൽക്കവേ!
വാസനാവൈഭവാലങ്ങാ വ്യാസനെത്താഴ്ത്തിവെച്ചുപോയ്
ഈയെഴുത്തവിടെക്കിട്ടി വായിച്ചാൽ വിവരത്തിനായ്
രണ്ടക്ഷരം കുറിച്ചിങ്ങോട്ടന്നുതന്നെയയയ്ക്കണേ.
അന്നാക്കണ്ട മണിപ്രവാളമവിടു-
ന്നോര്‍ത്തുള്ള പോലൊത്തുവ-
ന്നെന്നാൽക്കേരളഭാഷയിൽപ്പുനരതാ-
മൊന്നാന്തരം പുസ്തകം;
ഒന്നാണോര്‍ക്കിലെനിക്കു ശങ്ക; മടിവ-
ന്നാലോ; വരില്ലെ;ന്തുകൊ-
ണ്ടെന്നാൽ നമ്മുടെ നാട്ടുകാർ മുഴുവനും
നിർഭാഗ്യരായീടുമോ?
ധാടിക്കൊത്ത പരപ്പൊഴുക്കു വളവു-
ക്കിത്യാദികൊണ്ടവനും
പേടിക്കുന്നൊരു ഭാരതപ്പുഴയണ-
ഞ്ഞുത്സാഹമോടിയ്യിടെ
മോടിക്കൊത്തൊരു കൈവിരൽത്തലകൾകൊ-
ണ്ടുൾത്തണ്ടു നന്നായി വെ-
ച്ചോടിച്ചക്കരയിൽക്കടന്നവനിതെ-
ന്തറിക്കഴപ്പായമാം.