Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / പെട്ടരഴിയം ഇളയതിന്റെ കത്തുകള്‍ / പെട്ടരഴിയം 1

1 വിദ്വാൻ ഏട്ടൻതമ്പുരാൻ തിരുമനസ്സിലേക്കു്

ലോകത്തിൽ നല്ല നവകീർത്തി വിതച്ചുകൊണ്ട-
താകപ്പരത്തി മരുവുന്ന ഭവൽപ്പദത്തെ
ഹാ! കണ്ടു കൈതൊതിടാനിടനോക്കിടാതി-
ശ്ലോകക്കുറിപ്പിനിത മൽക്കര താർ തുടർന്നു.


ഇന്നുള്ള സൂരികളെടുത്തണിയും ഭവാനാ-
യൊന്നുള്ളഴിഞ്ഞു വിവരത്തിനു കത്തയപ്പാൻ
വന്നുള്ള വാച്ഛ, വലുതായ കടന്ന കയ്യാ-
ണെന്നുള്ളതോർമ്മയിവനുണ്ടവനീശമൌലേ!


എന്തമ്പുരാന്റെ മുഖചന്ദ്രനിൽനിന്നു ചോരും
ചന്തം കലർന്ന കവിതാമൃതമാസ്വദിപ്പാൻ
അന്തം വെടിഞ്ഞ കൊതിയുണ്ടതു കിട്ടുവാന-
ത്യന്തം വണക്കമൊടുമുണ്ടു മുറയ്ക്കപേക്ഷ


ഇല്ലത്തു നിന്നൊരു വിനാഴിക വിട്ടുമാറാ-
നില്ലല്പവുമതുമതും വിവരിച്ചുണത്താ; 
തെല്ലല്ല ചുറ്റൽ പലമട്ടിലുമുണ്ടതോര്‍ത്തുൾ-
ത്തെല്ലല്ലലിൻ നടുവിലാണ്ടു നടുങ്ങിടുന്നു.


ഇന്നാൾവരെയ്ക്കുമിനിയും തവ തൃക്കടാക്ഷ-
മൊന്നാണു പാര്‍ക്കിലഖിലത്തിനുമൂന്നലെന്നായ്
നന്നായ് നിനച്ചിടുവൊരാശ്രിതരാണു ഞങ്ങ,-
ളെന്നായ് ചിലപ്പൊളവിടെച്ചെറുതോർമ്മവേണം.


അമ്പൂറ്റു മൂന്നുലകിലും വിളികൊണ്ടു മാങ്കാ-
വമ്പുന്ന ദേവിയൊരു രാപ്പകൽ വിട്ടിടാതെ
തമ്പുത്രനെന്നു കരുതുന്ന ഭവാനു മേലാൽ
വമ്പുള്ള നൽപ്പദമണച്ചുതരട്ടെ വീണ്ടും.


സാരജ്ഞനും കവിയുമായ് വിലസുന്ന നമ്പി-
യാരല്ലയോ വരുവതാത്തിരുമുമ്പിലേയ്ക്കായ്
ധീരൻ ഭവാനിതുകളോര്‍ത്തതു നിര്‍ത്തിടുന്നി-
ന്നേരത്തു പദ്യരചനയ്ക്കും പദം കഴിഞ്ഞു.