വാവിൽച്ചേര്‍ന്നമൃഗാങ്കനോ വനജ ഭര്‍-
ത്താവോ തനിച്ചശ്വിനീ
ദേവന്മാരിലൊരുത്തനോ രതിവരൻ-
താനോ രമാനാഥനോ
ലാവണ്യം കലരും ഭവാൻ നളിനജ-
ന്മാവോ നളക്ഷ്മാപനോ
ദേവാധീശ്വരനോ വദിക്ക മഹിതശ്രീസാം-
ബനോ സാംബനോ.
മലയാളമൊഴിക്കുരച്ചിടുന്നേൻ
വിലയാളുന്ന മൊഴിക്കു് തെറ്റു ചെല്ലും
അലയാതെ തുണയ്ക്കു കൊമ്പനാന-
ത്തലയായുള്ളൊരു കൊച്ചുതമ്പുരാനേ
കഴുത്തു നാലുള്ളവനങ്ങു താലി
കഴുത്തിൽ വെച്ചീടിന തമ്പുരാട്ടി!
കഴൽക്കു കൂപ്പാമരുളെന്റെ ചൊല്ലി-
ന്നൊഴുക്കുമെന്നല്ല പഴക്കവും നീ.
വെറുപ്പുകൂടാതെ വെടിപ്പിലെന്റെ
ചെറുപ്പമാം നാൾ മണലിട്ടു ചിക്കി
പെരുപ്പമായിട്ടെഴുതിച്ചൊരാശാ-
നിരിപ്പതെന്നുള്ളിലുറച്ചിടേണം.
പരിചൊടു പുകൾപാരിൽ തിങ്ങിവിങ്ങുന്നൊരച്ഛൻ
വിരുതു വിരവിനോടെൻ വാമൊഴിക്കേറ്റമേറാൻ
നിറുകയതിലിരട്ടക്കയ്യമര്‍ത്തിട്ടു 'നന്നാ-
യവ്‍രിക' യെന്നൊന്നോതുവാൻ കൈതൊഴുന്നേൻ
മലയാളമനോരമാഖ്യയാകും
ലലനാവൈഭവവാര്‍ത്ത കേട്ടുതന്നെ
അലിയുന്നു മനസ്സു താങ്കളാ സ്ത്രീ-
തിലകത്തെത്തരുമോ തടസ്ഥമെന്ന്യേ?