ചൊൽക്കൊള്ളം കവിരാജരാജിതമണേ!
ചന്തങ്ങൾ ചിന്തും വെറും
ബുക്കും മുന്നമെഴുത്തുമങ്ങയി ഭവാ-
നെത്തിച്ചത്യാദരാൽ
മൽകൈകൊണ്ടഥ വാങ്ങി ഞാനുടനെഴു-
ത്തയ്മ്പോടു വായിച്ചു ക-
ണ്ടക്കാലത്തുളവായ മോദജലധൗ
മങ്ങാതെ മുങ്ങീടിനേൻ.
മുന്നം ഭവാനവിടെനിന്നു കൊടുത്തയച്ച
സന്നം കലര്‍ന്ന കുറി കണ്ടുടനുത്തരം ഞാൻ
ഒന്നും തനിച്ചെഴുതിയില്ലതിനാൽ സുഖക്കേ-
ടിന്നെന്നൊടേതുമരുതേ വെറുതേ ഗുണാബ് ധേ!
അഴിമതിയിനിമേലാലീവിധം വന്നുപോകി-
ല്ലഴകിനൊടറിയേണം സാധുവായ് സദരം തേ
കഴലിണപണിയുന്നേൻ കൈതവം കൈവെടിഞ്ഞീ-
പ്പിഴയതിനധുനാ ഞാൻ മാപ്പിനർത്ഥിച്ചിടുന്നു.
ഭജിതസുജനപാലൻ തമ്പുരാന്തന്റെ പള്ളി-
ബ്ഭജനമതൊരുനാളും താഴ്ചകൂടാതെതന്നെ
ദ്വിജരഥ കൃപകൊണ്ടിന്നൊക്കെയും നല്ലവണ്ണം
ദ്വിജഗണമണിമൗലേ! നിര്‍വഹിച്ചെന്നു കേട്ടു.
അന്നുണ്ടായ വിശേഷഘോഷമറിയാ-
നെന്നുള്ളിലത്യാഗ്രഹം
വന്നിന്നല്ലുയരുന്നു നന്ദിയോടതും
മന്ദിച്ചിടാതേ ഭവാൻ
നന്നേ സ്നേഹിതനാമെനിക്കറിയുവാ
നദൈവ പദ്യങ്ങളാ-
യൊന്നിച്ചിങ്ങെഴുതേണമുന്നത ഗുണം
തേടും ദ്വിജോത്തംസമേ.
ധന്യശ്രീ കലരും മഹാകവികലം
മാനിച്ചു ചൂടും ഭവാൻ
മുന്നം കേളിഹ വന്നനാളിലുളവാം
നീര്‍പ്പോളനല്പേതരം
അന്നാൾ തൊട്ടിവിടത്തിലായതു മുറ-
യ്ക്കേറ്റം നടക്കുന്നതു-
ണ്ടിന്നും കൂടിയമാന്തമില്ല ലവലേശം-
പോലുമസ്മൽ സഖേ!
തത്ര നിന്നഥ കൊടുത്തയച്ച പുതുപുസ്ത-
കത്തിലൊരു വസ്തു ഞാ-
നിത്ര നാളുമെഴുതിത്തുടങ്ങിയതു മാത്ര-
മല്ല പരമാര്‍ത്ഥമാം
ചിത്രമാകിയൊരു ചിത്രെഴുത്തതിനടുത്ത
കോപ്പുകളുമത്രയി-
ല്ലത്രയല്ല മഷിയിത്തിരിക്കുമിഹ നാസ്തി
നിസ്തുല ഗുണാംബുധേ!
കള്ളംവിനാ മഷിയുമിന്നഥ ചീത്രെഴുത്തി-
ന്നുള്ളൊരു കോപ്പുകളതും കനിവോടിതെല്ലാം
ഉള്ളം തെളിഞ്ഞവിടനിന്നു കൊടുത്തയച്ചാൽ
കൊള്ളാമതും തിരുമനസ്സറിയിച്ചിടേണം.
കുട്ടമശ്ശേരി വാണീടും കുട്ടനാമവനീസുരൻ
ശിഷ്ടം വൃത്താന്തമൊക്കേയും സ്പഷ്ടമായ് പറയും സഖേ.
ഇക്കാവു തമ്പുരാൻ തന്റെ
തൃക്കൈയിലുടനേകുവാൻ
ചൊൽക്കൊള്ളുമെഴുമാവിന്നാ-
യിക്കാലമെഴുതുന്നതു്.