ഞാനങ്ങോട്ടെഴുതാതെ ഞാനെഴുതുകി-
ല്ലെന്നൊന്നു പണ്ടേ ഭവാൻ
മാനംവിട്ടു തികച്ചുരച്ചതു നിന-
ച്ചിപ്പോൾച്ചളിപ്പെന്നിയേ
മാനേലും മിഴിമാര്‍ക്കു മാരസമനാം
മാമ്പറ്റ ബോധിക്കുവാൻ
മാനിച്ചിട്ടെഴുതുന്നു വൃത്തമഖിലം
പദ്യങ്ങളായദ്യ ഞാൻ.
സീമാതീതഗുണം കലര്‍ന്ന കവികൾ-
ക്കെല്ലാമലങ്കാരമാം
ഹേമപ്പൂമണിമാലയായൊരു ഭവാൻ
ഭംഗ്യാ ധരിച്ചീടണം
കാമാരാതികുമാരി തന്നുടെ മഹാ-
താലപ്പൊലിപ്രഭാവം
കാൺമാനക്ഷിതിമണ്ഡലത്തിലഹമാ-
നന്ദിച്ചിരുന്നോരുനാൾ.
വിശ്വാവാസി ജനങ്ങളിൽ പലരുമു
ണ്ടെൻ ബന്ധുവെന്നാകിലും
വിശ്വാവാസിതവാനരാദി മൃഗമാ-
യുൾത്താരതൊത്തോരു ഞാൻ
വിശ്വാസത്തിനുപാത്രമാം തവ സമം
വാണേരു സൗഖ്യം സഖേ
വിശ്വാസത്തിലകപ്പെടും പൊഴുതുമ-
ന്നോര്‍ക്കും മറക്കാതഹോ.
ക്ഷീരത്തിൽ സിത ചേര്‍ത്തപോലെ മധുരി-
ച്ചീടുന്ന പദ്യങ്ങളെ-
ച്ചാരുത്വത്തൊടുതീർത്തിടും കവികളിൽ
ക്കാര്‍ന്നോരതാകും ഭവാൻ
ഏറത്തോഷമൊടത്ര രണ്ടുദിവസം
പാര്‍ത്തീടുവാൻ വേഗമി-
പ്പാരിത്തന്നെ വരേണമായതിനമാ-
ന്തിക്കൊല്ല തെല്ലും സഖേ.
ആദായത്തിൽ മരം മറിക്കുമതുപോ-
ലെന്നേ മഹാദുഃഖമാ-
മാദായത്തിൽ മറിച്ചു ദൈവമധുനാ-
വല്ലാതവല്ലെങ്കിലും
താനായിട്ടൊരുമിച്ചു വാസമിനിമേൽ
മേലെന്നു കഷ്ടപ്പെടു-
ത്താനായിത്തുനിയുന്ന കഞ്ജനപേ-
ക്ഷിച്ചാൽ കടാക്ഷിക്കുമോ.
ധാത്രീഭാഗം ജലത്തേൽ പെറുമയൊടു ഹിര-
ണ്യാക്ഷനെന്നങ്ങൊരുത്തൻ
താഴ്ത്തിപ്പണ്ടെന്നമൂലം പുനരുടനവനെ-
ക്കൊല്ലുവാൻ മല്ലവൈരി
പോത്രീ വേഷം ധരിച്ചക്കഥ കഥകളിയാ-
യ്തീര്‍ത്തു ഞാൻ പേര്‍ത്തിദാനീം
പാര്‍ത്തിടുന്നേൻ ഭവാനിക്കഥയവിടെ നട-
പ്പാക്കണം സൽഗുണാബ്ധേ.
സാരംഗചാരുമിഴിമാർകുലമൗലിമാര്‍ക്കു
സാരാംഗ കേതനസമാന! ഭവാനിതിന്റെ
സാരങ്ങളൊക്കെയുടുത്തു നവപ്രസൂന-
സാരങ്ങൾ ഭൃംഗതതി വീണ്ടിടുമെന്നപോലെ.
ഭവിക്കല്ലേ വൈരം തവ ഹൃദി മഹാവേഴ്ച മലിനീ+
ഭവിക്കല്ലേ വല്ലാതയി മയി മഹീദേവമഹിമൻ
കവിക്കല്ലേ കാലം മറുവടിയയയ്ക്കുന്നതിനു സൽ-
ക്കവിക്കല്ലേ! തെല്ലും സകലഗുണസമ്പൂർണ്ണജലധേ!
മാമ്പറ്റദ്വിജ! ഹീരധീരകവികൾ-
ക്കുൾത്താരിലെത്തും മദ-
ക്കൂമ്പറ്റക്കളയും മഹാകവികുലാ
ലങ്കാരതങ്കദ്യുതേ!
ഞാൻ പെറ്റീടിന പദ്യമദ്യ പുനരൊ-
ട്ടങ്ങോട്ടയക്കുന്നതുൾ-
ക്കാമ്പേറ്റം തെളിവോടു കണ്ടഥ ഭവാൻ
ചിക്കെന്നു കൈക്കൊള്ളണം.