ആവിലമെന്യേ പറവൂർ
മേവും കേ. പത്മനാഭപിള്ളയൊടു്
ഈ വെണ്മണി ഞാനോതാൻ
ഭവിക്കുന്നേൻ പതുക്കെയൊരു കാര്യം.
'ഭാഷയാം ഭഗവതിക്കെഴും നടനരംഗ-
മായ നടുവദ്വിജൻ
ഭാഷയോടെതിരിടുന്നു ചെന്നു പിടിയായ്ക്കി-
ലിങ്ങു പിടിയായ്കമേ
ഈഷലില്ല വരുമിന്നി'യെന്നു ബത താങ്കൾ
തന്റെ കൃതി കണ്ടു സ-
ന്തോഷമല്ല ഹൃദിപെട്ടതും വ്യസനമാണു
ചൊൽവനതു ചൊവ്വിൽ ഞാൻ
തത്വം താങ്കളറിഞ്ഞിടാതിതി കൃതി-
ച്ചമ്പോടു ചേതോരാ-
പത്രം തന്നിലണയ്ക്കയാൽ പരിഭവി-
ക്കുന്നില്ല, പക്ഷേ ഭവാൻ
ഇത്ഥം തട്ടിവിടായ്ക മേലിലവ താ-
ളക്കൈ മനസ്സങ്ങ കേൾ
വൃത്താന്തം ഗുരുനാഥനാണു നടുവ-
ശ്രീഭൂസുരൻ ഭാസുരൻ.
ഇന്നാളല്ലോ പിരിഞ്ഞിട്ടതു മുതലുളവാ-
യോരു വൃത്താന്തമെല്ലാ-
മിന്നാളല്ലോതുവാൻ ഞാനഴലുകളകതാ-
രിങ്കലുൾപ്പെട്ടമൂലം
എന്നാലും ലൗകികത്തിന്നിഹ ചിലതെഴുതീ-
ടുന്നു കുറ്റം പെരുത്തു-
ണ്ടെന്നാലും ഹാസ്യമാക്കാതിതു തവ മതിമ-
ച്ചിങ്കൽ വെച്ചീടവേണം.
എന്മേനിയിൽച്ചൊറി ചിരങ്ങിവ പാരമുണ്ടു
ചെമ്മേ നിനയ്ക്കിലതു സാരമതാകയില്ല
അമ്മയ്ക്കു വന്നു പിടിപെട്ട ഗദംശമിക്കാ-
ഞ്ഞുന്മേഷമില്ല പുനരൊന്നിനുമിന്നെനിക്കും.
കിണ്ണത്തിൻവക്കിൽ വെച്ചീടിന കടുകുമണി-
ക്കൊക്കുമെന്നോതിടാമ-
ദ്ദണ്ണത്തിൻ വര്‍ത്തമാനം വിവരമൊടെഴുതീ-
ടുന്നതിന്നെങ്ങനേ ഞാൻ
ഉണ്ണിഞ്ഞിങ്കൾക്കലാപൻ മൃഡനുടെ മകളാം
കോടിലിംഗാലയക്ഷ്മാ-
ഖണ്ഡത്തിൽ ചേർന്ന ദേവിക്കഖിലവുമറിയാം
വന്നുകൂടുന്നതെല്ലാം.
വൃത്തിക്കൊക്കുന്ന ഭാഷാപദമുനിടചേര്‍-
ന്നുള്ള പദ്യങ്ങളുള്ളം
മർദ്ദിക്കാതേ ചമപ്പാനയി തവ കിടയാ-
മച്ചുതൻ മെച്ചമോടെ
അദ്ദിക്കിൽത്തന്നെ രാവും പകലുമിടവിടാ-
തുൽസുഖം ത്വത്സസമീപേ
വര്‍ത്തിക്കുന്നോ വദിച്ചീടുക വിനയഗുണാം
ഭോധിസംഭൂത ചന്ദ്രൻ.
വയ്യിപ്പോളോതുവനെങ്കിലുമഹമുരചെ-
യ്യുന്നു ലോകര്‍ക്കുമോദം
പെയ്യിപ്പിക്കുന്ന താലപ്പൊലിയതിനവിട-
ന്തന്നിലങ്ങാടിതോറും
നെയ്യപ്പം ചുട്ടതേറ്റം വിലപിശകിയുടൻ
വാങ്ങുവാൻ ചാടിവന്നോ-
രയ്യപ്പൻനായരിപ്പോൾ കവിതയൊടവിടെ-
പ്പാര്‍ത്തിടുന്നോ നടന്നോ
പട്ടന്മാരുടെ മൂത്രമൗഷധമതി-
ന്നാവശ്യമെന്നോതുകിൽ
തിട്ടം തുള്ളിയതിന്നു കൂട്ടുമവര -
ങ്ങോരായിരം പൊൻപണം
കഷ്ടം താനുമതിൻ പ്രകാരമവിടു-
ന്നിങ്ങോട്ടു പോരാൻ പ്രിയം
കൂട്ടീടുന്നതുകൊണ്ടു മോഹമതിനാ-
യിട്ടില്ല പിട്ടല്ല മേ.
മറുകരയതിലെങ്ങും പോയിടാതങ്ങു തന്റേ
മറിമൃഗമിഴിയാളാം കാന്തയിൽ പ്രേമമോടെ
മരുവുമൊരു ഭവാനിപ്പത്രികയ്ക്കൊത്തപോലെ
മറുവടിയെഴുതേണം താമസിക്കാതെതന്നെ.