Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / വെണ്മണി മഹൻ നമ്പൂതിരിയുടെ കത്തുകള്‍ / വെണ്മണി മഹൻ 8

8 ഗൗരിക്കുട്ടിയമ്മയ്ക്ക്

ചാലേ 'ചാരത്തു ചാരുസ്മിത' മിതിനടുവ-
ശ്രീസമസ്യക്കുചേരും
പോലേ നീ പൂരണം ചെയ്തൊരു കൃതിയതിലാ-
ക്കോടിലിംഗേശർകൂടി
ബാലേ! മേവും സദസ്സിൻനടുവതിൽ നടുവ-
ത്തച്ഛനെച്ചാരുഹാസ-
ത്താലേ കാണേണമെന്നോതിയതുമുചിതമാ-
യെന്നെയെന്തിന്നുകുട്ടീ?


തേനഞ്ചും വാണി! തെറ്റന്നിഹ കഥകളിയിൽ
പ്രൗഢവേഷങ്ങളൊത്താ-
സ്ഥാനം പറ്റിക്കളിക്കുന്നൊരു വികടമഹാ-
ഭീരുവാം ഭീരുപോലെ,
മാനം ചേരുന്ന മന്നോർ മണികളവരെഴും
ദിക്കിലെന്തീയിളിഭ്യൻ
ഞാനും കൂടീട്ടുവേണോ? മതിമതി പരിഹാ-
സം സുഹാസാഞ്ചിതാസ്യേ!