Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / വെണ്മണി മഹൻ നമ്പൂതിരിയുടെ കത്തുകള്‍ / വെണ്മണി മഹൻ 6

6 നടുവത്തച്ഛന്‍ നമ്പൂതിരി

പഞ്ചാരപ്പൊടിയോടു പാരമിടയു
നൽപ്പദ്യമിപ്പോൾ ഭവാ-
നഞ്ചാറല്ല കൊടുത്തയച്ചതിരുപ-
ത്തൊന്നും സഖേ! സാദരം
എഞ്ചാരത്തഥ വന്നനേരമുടനേ
വാങ്ങിച്ചു വായിച്ചു ഞാൻ
നെഞ്ചേറെത്തളിവോടു മന്ദമെഴുനെ-
റ്റഞ്ചാറു ചാടീടിനേൻ.


കൽക്കണ്ടം കൈവണങ്ങും കളലളിതപദം
ചേര്‍ന്ന പദ്യങ്ങൾ മോദം
കൈക്കൊണ്ടിപ്പോളുതിര്‍ക്കും കവികടെമകുട-
ക്കല്ലതാം കല്യബുദ്ധേ!
ചെല്ക്കൊണ്ടീടും ഭവാനായ് മറുപടിയെഴുതി-
ച്ചേര്‍ക്കുവാൻ ത്രാണിയില്ലെ
ന്നിക്കണ്ടീടും നമുക്കെങ്കിലുമതിനു ചുഴി-
ഞ്ഞുത്സഹേ മത്സഖേ ഞാൻ


ആകുലം കൈവെടിഞ്ഞേറ്റം ലൗകികാര്‍ത്ഥമതായി ഞാൻ
ശ്ലോകമായ വർത്തമാനങ്ങളാകവേ എഴുതുന്നു കേൾ.


ചൊൽക്കൊണ്ടീടുന്ന വക്രേതരപുരമതിൽനി-
ന്നാത്തമോദം ഭവാനും
തയ്ക്കാടുംകൂടി മേളിച്ചഴകിനൊടു പുറ-
പ്പെട്ടനേരത്തു നേരേ
ചീര്‍ക്കും മോദാൽ ചിറിച്ചിത്തരുണി ശകുനമായ്
നേര്‍ക്കകൊണ്ടിന്നു നിങ്ങൾ-
ക്കാര്‍ക്കും ഹൃത്താപമെത്താത്തതു പുരമഥനൻ
തന്റെ പൂർണ്ണപ്രഭാവം.


ഈരും പേനും പൊതിഞ്ഞീടിന തലയുമഹോ
പീള ചേര്‍ന്നോരു കണ്ണും
പാരം വാനാറ്റവും കേളിളിയുമൊളിയളി-
ഞ്ഞൊട്ടുമാറൊട്ടു ഞാംന്നു
കൂറോടയ്യൻ കൊടുത്തീടിന തുണിമുറിയും
കൊഞ്ഞലും കൊട്ടുകാലും
നേരംപോക്കല്ല ജാത്യം പലതുമിനിയുമു-
ണ്ടെങ്കിലും മങ്കയല്ലേ?


ആണെന്നും ചിലരായതല്ല നിയതം
പെണ്ണെന്നുമെന്നിത്തരം
ക്ഷോണീവാസികൾ വാസരംപ്രതി-
പുകഴ്ത്തീടും ... ... ക്കരെ
വാണീടംശംനീശുവെശ്ശകുനമായ് -
കണ്ടെത്തിയാ ലക്ഷണം
കാണും ദുർഘടമര്‍ക്കടര്‍ക്കു വരികി-
ല്ലാതങ്കമേതെങ്കിലും.


ഇക്കൊല്ലം മേടമാസേ നടുവമിവിടെ വ-
ന്നങ്ങു പോയെന്നുതന്നേന്ന
ദിക്കെല്ലാമൊന്നുപോലേ പുകഴതു പുകഴും
ചൊവ്വരെച്ചൊർവ്വുനേരേ
തെക്കേബ്ഭാഗത്തൊലിക്കും പുഴയുടെ പുളിനം-
തന്നിലുണ്ടായ ഘോഷം
കേൾക്കിൽ ഭേഷെന്നുതോന്നും സരസതരരസം
ജാതിയായോതിടാം ഞാൻ.


കുന്നിച്ച മോദമൊടു കേളഥ കൃഷ്ണനായ്ക്ക-
നെന്നങ്ങൊരുത്തനൊരു കൊങ്ങിണിയാണുപോലും
നന്ദിച്ചു ശിഷ്യകളുമൊത്തു മണപ്പുറത്തു
വന്നങ്ങവൻ കരിമരുന്നു പൊടിച്ചുവാരി.


ഓര്‍ക്കുമ്പോളുമ്പർകോൻ തന്നൊടു സമതപെടും
മാടഭൂമീമണാളൻ
തൃക്കൺ പാര്‍ക്കേണമെന്നോര്‍ത്തമിതരസമഹോ
വിസ്തരിച്ചസ്തമിച്ച്
പൂക്കമ്പം ചക്രമൂക്കേറിടുമുതറി വെടി-
ക്കമ്പമിത്യാദി കൃഷ്ണൻ
നായ്ക്കൻ പാരാതെ കത്തിച്ചൂലകുടെ പതിയെ-
ക്കൂപ്പി മൂപ്പൻ നടന്നാൻ.


മുതലാളികുലങ്ങളിൽ പ്രധാനൻ
മുതലേറുന്നൊരു കൃഷ്ണനായ്ക്കനന്നാൾ
ക്ഷിതിലോകമഹോ കുലുക്കി പൊയ്യ -
ല്ലിതിലേറെപ്പറയുന്നതെങ്ങനെ ഞാൻ


പൂശരനെന്നു നടിക്കും
പേശലമിഴിമാർ പരക്കെ നിരസിക്കും
... ... ... വിശേഷമശേഷം
ക്ലേശവിഹീനം ധരിക്ക ബഹുതോഷം


താര്‍ത്തേൻ നേർമൊഴിമാക്കു മൗലിമണിയാ-
മീ ...  ... ...നുൾക്കൗതുകം
ചേര്‍ത്തിടുന്നതിനെത്രയും സരസനാം
സാഹിത്യസാരാംബുധേ!
പ്രീത്യാ കേളകവൂരുമാസമതുനാൾ
നന്നായ് ചിലത്തീടുവാ-
നാര്‍ത്ത്യാ വന്നഥ ചേർന്നു മൂർത്തിയറിയാൻ
മേലാത്തൊ... .... ... ദ്വിജൻ


പൊട്ടൻ നല്ലൊരു പൊട്ടുതൊട്ടടികളിൽ
തടുന്ന ഭാഷയ്ക്കു നൽ-
ക്കട്ടിപ്പാവു വളച്ചുകെട്ടി വടിവോ-
ടേറ്റം കനപ്പിച്ചഹോ
ചട്ടറ്റീടിന വീരചങ്ങലയെടു-
ത്തിട്ടിക്കരം രണ്ടിലും
പിട്ടല്ലാ സ്ഥിതി കാണുകിൽ കരതലം
കൊട്ടിച്ചിരിക്കും ഭവാൻ


സത്രം നന്നായ്ക്കഴിക്കുന്നതിനൊരു പുരുഷൻ
ഞാനൊഴിഞ്ഞാരുമില്ലെ-
ന്നിത്ഥം ചിന്തിച്ചുറച്ചങ്ങപകടമുടനേ
പന്തിയിൽ ചെന്നിവണ്ണം
വൃത്തം കയ്യിൽ കൊടുത്തീടരുതതു ശരിയാ-
വില്ല നിര്‍ത്തേണമെന്നാ-
യത്യുച്ചത്തിൽ പറഞ്ഞാനഖിലരുമറിവാ-
നന്ധനാമന്തണേന്ദ്രൻ


പരദേശികൾ പാഞ്ഞടുത്തു പാരം
പരിഹാസത്തിന്നു വട്ടമിട്ടനേരം
പരമന്ധനതായ് പരുങ്ങി വേഗം
പരിതാപത്തൊടു ശേഖരൻ നടന്നാൻ


വഞ്ചിപ്പാട്ടൊന്നു മുന്നം കുതുകമൊടു ഭവാൻ
തീര്‍ത്തതിന്നൊന്നു കാണ്മാൻ
നെഞ്ചിൽ പെട്ടോരു മോഹം പറവതിനെളുത-
ല്ലൊട്ടുമെന്നിഷ്ടബന്ധോ!
കിഞ്ചിൽ പിട്ടെന്നിയേ കേളഴകൊടതെഴുതി-
ച്ചേര്‍ത്തയക്കേണമല്ലാ-
തെഞ്ചിപ്പിട്ടതിക്കൃതിക്കെന്തഭിരുചി വരുവാൻ
മാനസേ മാനശാലിൻ!


ചെന്താർശരാരിയുടെ ചാരുകൃപാവിലാസാൽ
സന്താപമില്ല പറവാനിവിടത്തിലാര്‍ക്കും
എന്താതനും ബഹുസുഖം മനതാരിലേറ്റം
സന്തോഷമോടറിയണം കരുണാപയോധേ!


പ്രതിദിനമവിടത്തിൽ ജ്യേഷ്ഠനും കീര്‍ത്തിചിന്നി-
ച്ചിതറുമൊരു ഭവാനും ശിഷ്ടമെല്ലാരുമിപ്പോൾ
അതിസുഖമമരുന്നുണ്ടെന്നു കേട്ടാൽ വിശേഷി-
ച്ചിതിലധികമെനിക്കും സൗഖ്യമെന്തെന്തുവേണ്ട?


ധരിക്കേണമുൾക്കാമ്പിലിക്കാര്യമെല്ലാ-
മിരിക്കട്ടെ ചിന്തിക്കിലെന്തിന്നു സാരം
ഇരിക്കുന്നു വേറിട്ടു മോഹം വിശേഷി-
ച്ചുരയ്ക്കാമതും ഞാൻ ഭവാനോടിദാനിം


മിന്നും പൊന്മണിമോതിരം തള വള-
ക്കൂട്ടങ്ങളെല്ലാമണി-
ഞ്ഞന്നന്നൊത്തൊരു ബാലരോടുമിടചേര്‍-
ന്നിന്നങ്ങു നിൻ നന്ദനൻ
നന്ദ്യാ നൽകളിയാടിയും മൃദുഗിരം
കൊഞ്ചിച്ചിരിച്ചും വസി-
ക്കുന്നോ ദീനമകന്നു? മൂന്നമതു കേ-
ട്ടിട്ടിന്നിമറ്റൊക്കയും.


മയ്യെന്യേ വൃത്തപദ്യം ചിലതിഹ നടുവം
ചിത്തതാരിൽ ധരിപ്പാൻ
പെയ്യുമ്മോദാലയയ്ക്കുന്നിതു ശുചിമണി ഞാ-
നെന്നതെന്നും കഥിക്കാം
പൊയ്യല്ലോരേണമോരായിരമഴകൊടഹോ
വട്ടമെത്തീട്ടു നാല്പ-
ത്തയ്യാണ്ടിൽ കര്‍ക്കടത്തലിടവമിതിരുപതാം
പക്കമാം ഭാഗ്യരാശേ