Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / വെണ്മണി മഹൻ നമ്പൂതിരിയുടെ കത്തുകള്‍ / വെണ്മണി മഹൻ 5

5 നടുവത്തച്ഛന്‍ നമ്പൂതിരി

മുന്നം വന്നോരു ചോദ്യത്തിനു മറുപടി ഞാ-
നന്നയയ്ക്കായ്കമൂലം
പിന്നീടെത്തിച്ച പദ്യം വിരവിനൊടിരുപ-
ത്തൊന്നുമുന്നിദ്രമോദം
നന്നായ് മാനിച്ചുകണ്ടേന്‍ മറുപടിയെഴുതാ-
നന്നു വല്ലാതമാന്തം
വന്നീടാനുള്ള ബന്ധം പരിചൊടു പറയാ-
മസ്സലായ് മത്സഖേ! കേള്‍


പത്രം വന്നണയാഞ്ഞുമല്ലതു മഹാ-
നിസ്സാരമെന്നോര്‍ത്തുമ-
ല്ലുൾത്തൊരിങ്കൽ നിനച്ചു പദ്യമുളവാ-
ക്കീടാഞ്ഞുമല്ലേതുമേ.
പത്ഥ്യം താഴ്കയുമല്ലെനിക്കെഴുതുവാൻ
പത്രങ്ങൾ കിട്ടാഞ്ഞുമ-
ല്ലൊത്തില്ലാ ഇതുമല്ല കാരണമുര-
ച്ചീടാം ധരിച്ചീടണം.


സമ്പൂർണ്ണമോദമൊടു പദ്യമഹോ ഭവാനാ-
യമ്പോടു തീര്‍ത്തെഴുതുവാൻ മടിയില്ല തെല്ലും
കമ്പത്തിൽവെച്ചു വകഭേദമതെന്നു ചൊല്ലും
വമ്പുള്ള ലോകരതുകൊണ്ടു മടിച്ചിരുന്നു.


മൽസഖേ! മൽഗിരം കേൾപ്പാനുൾസുഖം പാരമെങ്കിലോ
ത്വൽസമീപമതിൽച്ചേര്‍ക്കാം മത്സരിക്കുകയല്ല ഞാൻ.


കവികുലതിലകന്മാർ കൈവണങ്ങും ഭവാനോ-
ടിവനിഹ കിടയാമോ? പദ്യമൊന്നദ്യ തീർപ്പാൻ
തവ ഹിതമതുപോലെ തീർത്തിടാമാത്തമോദം.


മല്ലാക്ഷിമാരുടെ മനോമണിമണ്ഡപത്തി-
ലുല്ലാസമോടു വിലസും വിനയാംബുധേ! ഞാൻ
വല്ലെങ്കിലും പുനരിനിക്കവിതയ്ക്കു പിന്നാ-
ട്ടല്ലെന്നുറച്ചു ചിലതിന്നു ചമച്ചിടുന്നു.


തട്ടിപ്പേറിന... .... ... നാത്തു മരുവും
മട്ടോൽമൊഴിത്തയ്യലാം
കുട്ടിപ്പാറുവുമുത്സവത്തിനു പുറ-
പ്പെട്ടന്നു വന്നീലയോ?
കെട്ടിപ്പേറി നടന്നുഴന്നു വഴിവാ-
ടെല്ലാം കഴിഞ്ഞോ? ഭവൽ-
പ്പിട്ടിൽ പാരമിളിച്ചു വന്നവഴിയേ
പോയോ പറഞ്ഞീടണം.


സമ്പ്രീത്യാ സപ്തചൂതാലയമതിൽ മരുവും
കുഞ്ഞനെങ്ങാണ്ടുപോയി-
സ്സമ്പാദിച്ചോരു നീർപ്പോളകനിവിടെ നട-
ക്കുന്നതിന്നില്ലമാന്തം
വമ്പേറും കുട്ടമശ്ശേരിയിലമിതസുഖം
വാണിടുന്നോരു കുട്ടൻ
നമ്പൂരിക്കും പിടിച്ചു കുളിയതു കളിയ-
ല്ലെട്ടുനാൾ മുട്ടി പോലും.


പാരം ത്വൽഗൃഹഭാരമായൊരു മഹാ-
ദുഃഖാബ്ധിയേക്കാളഹോ
പാരാതിങ്ങൊരു പത്തിരട്ടി പെരുതാ-
യീടും മഹാദീക്ഷയാം
പാരാവാരമതിൽ കിടന്നുപിടയും
മൽകാര്യമൊന്നും ഭവാ-
നോരാഞ്ഞോ പറയുന്നു കേരളമതിൽ
കേളിപ്പെടും സൽകവേ!


ഇപ്പോൾ ജോലികളൊന്നുമില്ല പറവാൻ
മൽപൂരിലെന്നാൽ ഭവാ-
നിപ്പാരിങ്കലണഞ്ഞു പത്തുദിവസം
പാര്‍ത്തീടുവാനാഗ്രഹം
ഉൾപ്പൂവിൽ പരമുണ്ടെനിക്കതു നിന-
ച്ചിപ്പദ്യമങ്ങെത്തിയാ-
ലപ്പോളാശയതാരിലാശുകരുണാ-
ലേശം പ്രകാശിക്കണം.


പ്രത്യേകമായെഴുതുവാനിനിയും വിശേഷ-
വൃത്താന്തമുണ്ടു വളരെപ്പുനരെങ്കിലും ഞാൻ
നിര്‍ത്തുന്നു നിസ്തുലമതേ! തവഭൃത്യനായ
കര്‍ത്താവു താൻ ധൃതിപിടിച്ചതു കാരണത്താൽ.


നടുവമിഹ ധരിപ്പാൻ പദ്യജാലങ്ങളങ്ങോ-
ട്ടടവിനൊടെഴുതുന്നേൻ വെണ്മണിക്ഷ്മാസുരേന്ദ്രൻ
തടവുകളിടയാതേ തത്ര വന്നെത്തിയെന്നാ-
ലുടനെഴുതിവിടേണം ഹൃദ്യമാം പദ്യജാലം.


ഊഴീതലത്തിങ്കലതീവ കീര്‍ത്ത്യാ
വാഴും ഭവാനീക്കവിതയ്ക്കു ഭംഗം
വീഴക്ഷരം കൊണ്ടുവരുന്നതെല്ലാം
പോഴത്തമാണെന്നു നിനച്ചിടൊല്ലേ.


രാജശ്രീനടുവത്തിന്നവ്യാജം ചാലക്കുടിക്കഹോ
ഉള്ള ഗൂഢങ്ങൾ വെള്ളാരപ്പിള്ളിൽനിന്നു വരുന്നതു്