Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / വെണ്മണി മഹൻ നമ്പൂതിരിയുടെ കത്തുകള്‍ / വെണ്മണി മഹൻ 4

4 നടുവത്തച്ഛന്‍ നമ്പൂതിരി

ബ്രഹ്മാദികൾക്കുമഭയങ്ങൾ കൊടുത്തു കാത്തീ-
ബ്രഹ്മാണ്ഡമാസകലവും നിറവായ് നിതാന്തം
നിര്‍മ്മായമോടു വിലസുന്നൊരു നീ വിളങ്ങീ-
ടെൻ മാനസാഖ്യനഗരേ നഗരാജകന്യേ!


മുറ്റും നമ്മുടെ ബന്ധുതയ്ക്കവിടെ ഞാൻ
വന്നിട്ടു വേര്‍പ്പൊക്കയും
വറ്റുംമുമ്പു പിരിഞ്ഞുപോന്നതധികം
നന്നായിയെന്നില്ല മേ,
പിറ്റേന്നാൾ മതിയായിരുന്നു. കവിരാ-
ജാവിന്റെ സേവയ്ക്കു തീ
മറ്റുള്ളോനുമലൌകികത്തിനിടയായ്
വല്ലാതെ വല്ലെങ്കിലും


മന്നത്തം മതിയായ രാജകവിയോ
ടൊത്തമ്പൊടന്നാനടെ
പ്പിന്നെത്താമസമോര്‍ക്കിലേറെ വളരെ
ക്കൂടാതെ കൂട്ടെന്നിയേ 
തന്നത്താനെ പിറന്നനാൾക്കു താവാ-
ട്ടിൽത്തന്നെ വന്നെത്തി ഞാൻ
ധന്യത്വംകലരും ധരാസുര സുരാ-
ചാര്യപ്രഭാവ! പ്രഭോ!


ഇന്നിത്രൈലോക്യമൊട്ടുക്കിളകിയൊരു യശ-
സ്സുള്ളോരങ്ങേസ്സമീപം
തന്നിൽച്ചേര്‍ന്നന്നു ഞാനെൻ ജനകനുടെ സുഖ-
ക്കേടു കേൾപ്പിച്ചതില്ലേ:
ഇന്നാദ്ദീനത്തിനേറ്റം കുറവുകൾ പറവാ-
നൊന്നു കാണുന്നതില്ലി-
ങ്ങന്നത്തെപ്പോലെതവേ സ്ഥിതി കരുതുകില
ങ്ങൊക്കവേ സല്‍ക്കവേ! കേൾ


വിശ്വത്തിൽ കീർത്തി വീര്‍ത്തങ്ങമരുമൊരു ഭവല്‍-
ദ്ദീനമിക്കാലമൊട്ടൊ
ട്ടാശ്വാസച്ഛായയാണെന്നയി തവ കുറിയിൽ
കാണ്‍കയാൽ കല്യബുദ്ധേ!
വിശ്വസ്തൻ ഞാൻ വിശേഷിച്ചിഹ കുതുകസമു-
ദ്രത്തിൽ മുങ്ങുന്നു പാരം
വേശ്യാസ്ത്രീസംഘപങ്കേരുഹവിശിഖമഹാ-
രമ്യമൂര്‍ത്തേ! സുകീർത്തേ!


മേലോര്‍ക്കുമ്പൊളെനിക്കു മേനി പറക-
ല്ലൊന്നിന്നു മിന്നേറ്റമെൻ
മേലൊക്കെച്ചൊറിയും ചിരങ്ങുമതിരി-
ക്കട്ടേ, കഥിക്കട്ടെ ഞാൻ,
മാലത്യന്തമതുണ്ടതിന്റെ പുറമേ,
പണ്ടുള്ളൊരര്‍ശസ്സുുമി-
ക്കാലത്തുണ്ടു, കലമ്പലില്ല, സുഖമി-
ല്ലുള്ളത്തിലെള്ളോളവും


വൻഭാഗ്യം വായ്ക്കുമങ്ങും വടിവിനൊടവിടെ-
പ്പിനൊയുള്ളോരുമേറ്റം
വമ്പാളുന്നോരു ശങ്കുണ്ണിയുമതിസുഖമായ്-
ത്തന്നെ വാഴുന്നതില്ലേ?
മുമ്പായ്ച്ചോദിച്ചിടേണ്ടുന്നൊരു കഥ കഥയി-
ല്ലാത്ത ഞാൻ വിട്ടു കഞ്ഞൻ
തമ്പാനും സൌഖ്യമല്ലേ? കവിതകൾ വളരെ-
ത്തീര്‍ത്തു തള്ളുന്നതില്ലേ?


പ്രീതിക്കൊന്നിപ്പൊൾ ഞാനും പ്രിയവചനമുര-
യ്ക്കുന്നതല്ലേറ്റമച്ഛൻ
ചോദിക്കുന്നുണ്ടു നിത്യം തവ കഥകൾ സഖേ!
കാണുവാൻ കാംക്ഷ പാരം
ചെയ്തീടുന്നുണ്ടു, പേയങ്ങിനെ പറയുമതെ-
ന്നാലുമജ്ജാതിയല്ലീ-
യോതീടും വാക്കതെന്താണതിൻ ധരണിഗീര്‍-
വാണ! നിര്‍വ്വാഹമുണ്ടോ?


കൊച്ചുണ്ണിഷിതിപാലകാദി കുലകൊ-
മ്പന്മാരിതിന്‍ പൂരണം
മെച്ചംപൂണ്ടു കഴിച്ചപോലെ കഴിയി-
ല്ലെന്നാലതെന്നാകിലും,
ഒച്ചപ്പെട്ട ഭവാനുരച്ച മൊഴി ഞാൻ
തള്ളുന്നതില്ലേറയ-
ങ്ങിച്ഛിക്കുന്നതിനൊന്നുതന്നെ വഷളാ-
യുണ്ടാക്കി നോക്കാമതും


പ്രതിപത്തികലര്‍ന്നോമൽ പ്രതിപത്രമഹോ ഭവാൻ
അതിമോദമയയ്ക്കേണമതിനാണതി കൌതുകം