Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / വെണ്മണി മഹൻ നമ്പൂതിരിയുടെ കത്തുകള്‍ / വെണ്മണി മഹൻ 3

3 നടുവത്തച്ഛന്‍ നമ്പൂതിരി

അഞ്ചമ്പൻ തിരുമേനിതന്റെ തിരുമൈ
കത്തിച്ച കാലാന്തകൻ
കൊഞ്ചും പെണ്മകൾ തന്റെ ഘോഷമിയലും
താലപ്പൊലിപ്രാഭവം
നെഞ്ചാന്തീടിന മോദമോടഴകിൽ നാം
കണ്ടിട്ടു പിന്നെബ്ഭവാ-
നഞ്ചാന്തീയതി വേർപിരിഞ്ഞതുമുതൽ-
ക്കെന്തങ്ങുദന്തം സഖേ!


എന്താണേതാണതാവോ, കഥയൊരു വിവരം
പോലുമേ കേൾപ്പതിന്നും
നോന്തമ്മിൽ കാണ്മതിന്നും പുനരൊരുവഴിയു-
ണ്ടായതില്ലായതിന്നാൽ
സന്താപം പാരമുണ്ടേ സരസകവിമാണേ!
പാര്‍ക്കിലിക്കൂട്ടുകെട്ടി-
ന്നെന്താണീവര്‍ണ്ണമായിടുകിലതു മതിയോ?
നല്ല കോപ്പാണു കൊള്ളാം!


മന്നിൽച്ചേര്‍ന്ന മഹാകവിപ്രകരമാം
പൊന്മാലതന്നിൽപ്പരം
മിന്നീടും നടുനായകം നടുവമെ-
ന്നെല്ലാരുമെല്ലായ്പൊഴും
മുന്നേതന്നെ പറഞ്ഞിടുന്നൊരു പഴ-
ഞ്ചൊല്ലിന്നു കേളാതെ ഞാ-
നിന്നീപ്പദ്യമയപ്പതൊട്ടു കിടയെ-
ന്നോര്‍ത്തല്ലതോര്‍ത്തീടണം 


ഗുരുവായൂര്‍ക്കഹോ വിദ്വൽഗുരുവായ സഖേ! ഭവാൻ
ഉരുതോഷയതം പോയന്നൊരുമിച്ചാരുമില്ലയോ?


പാരിൽ പ്രത്യക്ഷമായീടിന പവനപുരാ-
ധീശപാദാരവിന്ദം
പാരം ഭക്ത്യാ ഭജിപ്പാൻ പരിചിനൊടു ഭവാൻ 
പോയതെന്നാകുമെന്നും
പാരാതെ പോയിവന്നോടിടയിലുടയ വൃ-
ത്താന്തവും തേ ഹൃദന്തേ
പാരിച്ചീടും പ്രസാദത്തൊടു പറക സഖേ!
കേൾക്കുവാനാഗ്രഹം മേ
മയ്യൽക്കണ്ണയൊടൊത്തുകൂടി മലർബാ-
ണന്തന്റെ മഹോത്സവം
ചെയ്യാൻ വൈകി മുതിര്‍ന്നീടും പൊഴുതില-
ന്നപ്പാതിരയ്ക്കപ്പുരേ
പെയ്യും മാരിയുമേറ്റുടൻ തവ മനോ-
രാജ്യങ്ങൾ പോക്കാൻ കശ-
ക്കയ്യൻ വന്നവവനെന്നറിയുവാ-
നത്യാശയുണ്ടാശയേ


കയ്ക്കമ്പുറത്തിതി പുകൾന്നാരു വീടതുണ്ടി-
ത്തെക്കുമ്പുറത്തവിടെയുള്ളൊരു പെണ്ണൊരുന്നാൾ
ദുഖം പെരുത്തു നിശയിൽബ്ബഹു ഗുഢമായി
പൊക്കം പെരുത്ത മരമൊന്നു തിരഞ്ഞണഞ്ഞാൾ


തരുശിരസി കരേറി നല്ല കൊമ്പ-
ത്തൊരു കയർകൊണ്ടവൾ താൻ വരിഞ്ഞുകെട്ടി
മറുതല ഗളസീമ്നി കെട്ടിഞാന്നി-
ട്ടൊരുവിധമാശു കൃതാന്ത വീടുപുക്കാൾ


പൊങ്ങച്ചാർ കണവന്റെ കൈപ്രഹരമോ
ദാരിദ്ര്യപൂർവം കടം
വാങ്ങിച്ചിട്ടവര്‍ വന്നു പാടതുകിട-
ന്നിട്ടങ്ങു മുട്ടിക്കയോ,
ഏങ്ങിച്ചാകിലമര്‍ത്ത്യനാടകലയാ-
മെന്നൊന്നു ചിന്തിക്കയോ,
തൂങ്ങിച്ചാവതിനുള്ള സംഗതിയതി-
ന്നറിഞ്ഞീല ഞാൻ


സാരസ്യംകൊണ്ടു സാക്ഷാൽ സരസിജവിശിഖ-
ന്തന്റെ ജായെജ്ജയിക്കും
വാരസ്യാരൊത്തു തയ്ക്കാടതിസുഖമവിട-
ത്തന്നെ വാഴുന്നതില്ലേ?
ഏറെസ്സന്തോഷമുണ്ടിന്നുവരുടെ വിവരം
വിസ്തരിച്ചൊന്നു കേൾപ്പാൻ
പാരിൽ സാരജ്ഞരെല്ലാമടിമലർ പണിയും
പൂര്‍ണ്ണപുണ്യാംബുരാശേ!


ഒട്ടല്ലെൻ കഷ്ടകാലം! കരതലമതിൽ ഞാൻ
വെട്ടമേന്തിക്കിടപ്പാൻ
വട്ടംകൂട്ടിപ്പുറപ്പെട്ടളവതിലൊനാൾ,
കാക്കലൂക്കോടുകൂടി
പിട്ടല്ലെന്തോ കടിച്ചിട്ടടലു കിടുകിടു-
ത്തൊന്നു വട്ടച്ചു ചിത്തം
ചുട്ടേറ്റം ചുട്ടുവെച്ചേനവിടെയതുവശാൽ
വന്നതില്ലന്നുപായം


പുള്ളിപ്പേടമൃഗാക്ഷിമാരുടെ മനോ-
രംഗം മയക്കും ഭവാൻ
വള്ളപ്പാട്ടു കൊടുത്തയച്ചതിവിടെ-
യ്ക്കെത്തീല കര്‍ത്തവഹോ
ഉള്ളിൽപ്പെട്ട പരിഭ്രമാൽ കളകയോ
കൊണ്ടിങ്ങു പോരായ്കയോ
കള്ളപ്പിട്ടിൽ മറയ്ക്കയോ മറവിയോ-
യെന്തെന്നറിഞ്ഞീല ഞാൻ


മാലതീവ വരുന്നീല മാലതീവിശിഖാന്തകൻ
ആലയംതന്നിൽ ഞങ്ങൾക്കിന്നാലംബനമതാകയാൽ


തേഞ്ചാലേ തെളിവോടു തേച്ചു മധുരി-
പ്പിച്ചാപ്പദത്തെബ്ഭവാൻ
താഞ്ചാലാക്കിയതിര്‍ത്തിടും കവിത കേ-
ട്ടൊന്നിച്ചിരുന്നങ്ങനെ
പൂഞ്ചോലപ്പുതുനീരിൽ മുക്കിയതുപോ-
ലുൾപ്പൂ കുളുര്‍പ്പിക്കുവാൻ
ഞാഞ്ചാലക്കു‌ടി വന്നു ചാടിടുമിട-
യ്ക്കെന്നോര്‍ക്കുതെന്നോ സഖേ!


കല്യാണകീർത്തി കലരുന്ന ഭവാനുമില്ല-
ത്തെല്ലാവരും സുഖമൊടിപ്പൊളിരിപ്പതില്ലേ?
എല്ലാ വിശേഷവിവരത്തിനുമൊത്തവണ്ണ-
മുല്ലാസമോടെഴുതിവിട്ടറിയിച്ചിടേണം


പഥ്യത്തിന്നിതു വെണ്മണിദ്വിജനയ-
ച്ചീടുന്നു പദ്യങ്ങളായ്
ചിത്തത്തിൽ ചിതറും പ്രമോദമൊടിതിൻ
പ്രത്യുത്തരം സതരം
പുത്തൻ കീര്‍ത്തിപെടും ഭവാനിഹ കൊടു-
ങ്ങല്ലൂരിണങ്ങീടുമി-
പ്പുത്തൻകോവിലകത്തു വന്നണയുമ-
മ്മട്ടിങ്ങു വിട്ടീടണം


രാജശ്രീനിഭമായ രമ്യയശസാ
രാജിച്ചുമേവും മഹാ-
രാജശ്രീ നടുവത്തിളാസുരനിള-
യ്ക്കാതേ ധരിച്ചീടുവാൻ
ആജാതാദരമോദപൂര്‍വ്വമജ്ജുനമണി-
ക്ഷോണിസുരന്‍ തീര്‍ത്തതാ-
ണീജാതിക്കൃതി കീര്‍ത്തനീയകൃതിമാ-
നാകും കൃപാവാരിധേ!