Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / വെണ്മണി മഹൻ നമ്പൂതിരിയുടെ കത്തുകള്‍ / വെണ്മണി മഹൻ 1

1 കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

മട്ടാതുള്ള മനോരമ പ്രതികളി-
ങ്ങഞ്ചും ഭവാന്തന്റെ ക-
മ്മട്ടായുള്ളൊരു ദിവ്യപദ്യവിവര-
ക്കത്തും സഖേ! കണ്ടു ഞാൻ
കിട്ടാൻ താമസമെട്ടുപത്തുദിവസം
പോര, വഴിക്കഞ്ചലീ-
മട്ടാണെങ്കിലെഴുത്തുകത്തുകൾ നട-
ത്തീടാൻ നമുക്കെങ്ങനെ?


മാസംതോറുമതിമനോരമ രസി-
ച്ചീടുന്നതിന്നായതി-
പ്രാസം കത്തിനിറച്ച സൽകൃതികളോ
സാധാരണശ്ലോകമോ
കൂസാതാശു കുറിച്ചു ഞാൻ വിരവിൽ വി-
ട്ടീടേണ്ടു? ചൊല്ലിടണം
ഹേ! സാരസ്യകവിന്ദ്രകൈരവശര-
ദ്രാകാനിശാകാമുക!


ഇപ്പോളെങ്ങനെയെന്നതിന്റെ വിവരം
കിട്ടീട്ടതില്ലായ്കയാൽ
കെല്പോടൊന്നെഴുതുന്നതില്ലതിനെഴും
റൂളാകവേ ഹേ കവേ!
ഉൾപ്പൊയ്ത്താരുതെളിഞ്ഞെനിക്കെഴുതി വി-
ട്ടാലാവിധം മേലിൽ ഞാ-
നൊപ്പിക്കാമിഹ ഹാജരാണതിനുളു-
ക്കില്ലേതുമില്ലേ സഖേ!


ഒറ്റശ്ലോകങ്ങളോ വേണ്ടതൊരുകഥപിടി-
ച്ചുള്ളതോ വേണ്ടതെന്നും
തെറ്റെന്നങ്ങയ്ക്കുതായിട്ടെഴുതുകിൽ മതിയോ-
യെന്നുമെന്നല്ലതിന്റെ
മറ്റുള്ളാസ്സമ്പ്രദായങ്ങളുമവിടെയെഴും
വർത്തമാനങ്ങളും തേ-
നെറ്റെറ്റോലുന്ന പദ്യപ്പടി മറുവടിയെ-
ത്തിക്കണം സൽഗുണാബ്ധേ!


നര്‍മ്മമിതിക്കഥപോട്ടെ
ചെമ്മേ ഞാൻ കാര്യമൊന്നുപറയട്ടെ
നമ്മുടെ ജനകനു ദണ്ഡമൊ-
രെണ്മാകാണിക്കുമില്ലൊരാശ്വാസം.


കെല്പേറുന്നൊരു കേരളീയകവിത-
ക്കാർമൌലിമാണിക്യമായ്
മുപ്പാരും വിളികേട്ടുകൊണ്ടു വിലസും
താതന്റെ വാതാമയം
ഇപ്പോയോരിടവത്തിലാദ്യമതു നാം
കണ്ടോതിയോരക്കണ-
ക്കിപ്പോഴും മരുവുന്നു ഭേദഗതിയി-
ല്ലിന്നോളമെന്നോര്‍ക്കണം.


മാറുന്നില്ല മഹാഗദം ജനകനിൽ
സ്നേഹം വെടിഞ്ഞീശ്വര-
ന്മാരും മാനികളായ വൈദ്യതിലക-
ന്മാരും മറന്നങ്ങനെ
മാറീടുന്നു മനോവിഷാദമതിനാൽ
ഞങ്ങൾക്കു മച്ഛന്നുമി-
ങ്ങേറീടുന്നു നിവൃത്തിയെന്തു നൃപതേ!
ദുര്യോഗവീര്യോദയം


തണ്ടാര്‍മാതില്‍ കടാക്ഷം തടവി വിലസിടും
ഭാഗ്യവാനാം ഭവാനെ-
ക്കണ്ടാല്‍ക്കൊള്ളാമതെന്നേറിയ ദിവസമതാ-
യോര്‍ത്തു ഞാന്‍ പാര്‍ത്തിടുന്നൂ
ഉണ്ടാകുന്നില്ല ലാക്കെന്നിഹ പറവതഹോ
താതനുള്ളോരുദീനം
കൊണ്ടാകപ്പാടടുക്കല്‍ പരിചൊടു പകലും-
രാത്രിയും കാവലാണു്.


ഇങ്ങനെയൊക്കെ സ്ഥിതികള-
തിങ്ങിന വേറിട്ടതില്ലൊരു വിശേഷം
അങ്ങിഹ താതനു കാണ്മതി-
നിങ്ങുടനേ വന്നുവെങ്കിച്ചതിതോഷം


പെറ്റൊ പെലവരുമപ്പോൾ
തെറ്റന്നിങ്ങോട്ടു താങ്കളുണ്ടെന്നു്
ഏറ്റുപറഞ്ഞതു കബളം
പറ്റിച്ചതു പാര്‍ക്കിലത്ര നന്നായോ?


കുതുകമോടിതു കുഞ്ഞിക്കുട്ടനാം തമ്പുരാനെ
ദ്രുതതരമറിവിപ്പാൻ വെണ്മണിക്ഷോണിദേവൻ
മിഥുനാമിതിരുപത്തേഴായ നാളൊപ്പുമൊപ്പി-
ച്ചഥ വിരവിൽ വിടുന്നോരുത്തമക്കത്തിതത്രേ.