Loading...
Home / സാഹിത്യം / പുതിയവ / സാഹിത്യചരിത്രം / കേരളസാഹിത്യചരിത്രം

കേരളസാഹിത്യചരിത്രം

ഉള്ളൂർ എസ് പരമേശ്വരയ്യര്‍

കടപ്പാട്: സായാഹ്ന ഫൌണ്ടേഷൻ (ഉള്ളൂർ: കേരളസാഹിത്യചരിത്രം)


ഭാഗം 1

അദ്ധ്യായം 1 - ഭാഷ

1.1ഭാഷ

ഒരുവൻ തന്റെ അന്തർഗ്ഗതം അന്യനെ ഗ്രഹിപ്പിക്കുന്നതിനുവേണ്ടി ഉച്ചരിക്കുന്നതും ആ അന്തർഗ്ഗതം ഏതെങ്കിലും ഒരു ജനസമുദായത്തിലെ സങ്കേതമനുസരിച്ചു് അന്യനു ഗ്രഹിക്കുവാൻ പര്യാപ്തവുമായ വർണ്ണാത്മകശബ്ദങ്ങളുടെ സമൂഹമാകുന്നു ഭാഷ. ഒരു മനുഷ്യന്റെ വായിൽനിന്നു പുറത്തു പോകുന്ന ശ്വാസം ഏതെങ്കിലും ഒച്ച പുറപ്പെടുവിക്കുന്നു എങ്കിൽ അതിനെ ധ്വനിയെന്നും ഒറ്റതിരിഞ്ഞു നില്ക്കുന്ന ധ്വനിയെ വർണ്ണമെന്നും പറയുന്നു. ഇടിമുഴക്കം, വീണാക്വാണം മുതലായവ വായിൽനിന്നു പുറപ്പെടാത്തതിനാൽ അവർണ്ണാത്മകശബ്ദങ്ങളാകുന്നു. മനുഷ്യർ ഏതുപ്രകാരത്തിൽ ചെയ്യുന്ന അന്തർഗ്ഗത നിവേദനവും ‘ഭാഷ’ എന്ന പദത്തിന്റെ വ്യാപകാർത്ഥത്തിൽ ഉൾപ്പെടുമെങ്കിലും, മുഖം, കൈ മുതലായ അവയവങ്ങൾ കൊണ്ടു കാണിക്കുന്ന ആങ്ഗ്യങ്ങളേയും പക്ഷിമൃഗാദികളുടെ ചിത്രങ്ങൾകൊണ്ടു കുറിക്കുന്ന ലിഖിതങ്ങളേയും മറ്റും ഭാഷാശാസ്ത്രജ്ഞന്മാർ അതിന്റെ സാമാന്യനിർവ്വചനത്തിൽ പരിഗണിക്കാറില്ല. ‘ഭാഷ’ എന്ന ശബ്ദത്തിന്റെ ധാത്വർത്ഥം തന്നെ വ്യക്തമായ വാക്കു് [1] എന്നാണല്ലോ. ആങ്ഗ്യത്തേയും മറ്റും നയനഭാഷയെന്നും ഉച്ചരിതത്തെ ശ്രവണഭാഷയെന്നും പറയാവുന്നതാണു്. നയനഭാഷ മനസ്സിലാക്കണമെങ്കിൽ കണ്ണിന്റേയും വെളിച്ചത്തിന്റേയും അപേക്ഷയുണ്ടു്; ശ്രവണഭാഷ മനസ്സിലാക്കുവാൻ ചെവി മാത്രം മതിയാകും. ശബ്ദങ്ങൾ ഉച്ചരിക്കുമ്പോൾ ആങ്ഗ്യം കാണിക്കുന്നതു പ്രായേണ അർത്ഥപരിപൂരണത്തിനു വേണ്ടിയാകുന്നു. ചെറുനാവു്, ശ്വാസനാളത്തിന്റെ അകത്തുള്ള ധ്വനിതന്ത്രികൾ, മേലണ്ണാക്കു് (മൃദുതാലു), കീഴണ്ണാക്കു് (പ്രജിഹ്വ), നാസികാമാർഗ്ഗം, തൊണ്ട, നാവു്, പല്ലുകൾ, ചുണ്ടുകൾ ഇവയുടെ സമാഹാരമാണു് വാഗിന്ദ്രിയം. ഇവയിൽ ഓരോ അവയവത്തിന്റെ അവലംബത്തെ ആസ്പദമാക്കിയാണു് വർണ്ണങ്ങളെ കണ്ഠ്യങ്ങൾ, താലവ്യങ്ങൾ, മൂർദ്ധന്യങ്ങൾ, ദന്ത്യങ്ങൾ, ഓഷ്ഠ്യങ്ങൾ എന്നും മറ്റും വൈയാകരണന്മാർ തരംതിരിക്കുന്നതു്.

1.2അക്ഷരമാല

ഉച്ചാരണസൗകര്യത്തെ പ്രമാണീകരിച്ചു സ്വരമാണെങ്കിൽ തനിച്ചോ, വ്യഞ്ജനമാണെങ്കിൽ സ്വരസമ്മിളിതമായോ വേർതിരിച്ചു്, അവയ്ക്കു് അക്ഷരങ്ങൾ എന്നു പേർ കല്പിച്ചു് ഓരോ അക്ഷരവും കണ്ണിൽ പതിയുന്നതിനു് അതിന്റെ അടയാളമായി ഓരോ ലിപിയും ജനസമുദായം സൃഷ്ടിച്ചു. [2] ആ ലിപിസമൂഹത്തെത്തന്നെയാണു് അക്ഷരമാലയെന്നു സാധാരണമായി വ്യവഹരിക്കാറുള്ളതു്. ലിപികളുടെ സഹായംകൊണ്ടു വാചികഭാഷ ലിഖിതമായിത്തീരുന്നു. ഇന്ന ശബ്ദത്തിനു് ഇന്നതാണു് അർത്ഥം എന്നു് ഓരോ ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ ഇടയിലും സങ്കേതം, അതായതു് അഭേദ്യമായ വ്യവസ്ഥ ഉണ്ട്. ഈ വ്യവസ്ഥ ഒരു ദിവസംകൊണ്ടോ ഒരു രാജശാസനംകൊണ്ടോ ഉണ്ടായിട്ടുള്ളതല്ല. വളരെക്കാലത്തെ പരീക്ഷണത്തിന്റേയും പരിചയത്തിന്റേയും ഫലമായാണു് ഇത്തരത്തിൽ ഒരു നിയമം നടപ്പായതു്. ഒരു ജനസമുദായത്തിന്റെ കലാപരമായ സംസ്കാരം മുഴുവൻ പ്രതിഫലിപ്പിക്കുവാൻ ആ സമുദായം സംവ്യവഹാരം ചെയ്യുന്ന ഭാഷയ്ക്കു ശക്തിയുണ്ടായിരിക്കും. സംസ്കാരം വർദ്ധിക്കുംതോറും സ്വഭാഷയിൽ ശബ്ദങ്ങളില്ലെങ്കിൽ ഇതരഭാഷകളിൽനിന്നു സമുചിതങ്ങളായ ശബ്ദങ്ങൾ കടം വാങ്ങി അവയെ സ്വായത്തീകരിച്ചു തദ്വിഷയകമായ ന്യൂനതയെ പരിഹരിക്കുന്നതും സർവ്വസാധാരണമാണു്. എന്നാൽ എത്ര ശബ്ദസമ്പന്നമായ ഭാഷയിലും ഒരുവൻ തുടരുന്ന ഉച്ചാരണം ശ്രോതാവിനെ ആശയം ഗ്രഹിപ്പിച്ചുകഴിഞ്ഞാൽ ഉടനടി വായുമണ്ഡലത്തിൽ ലയിച്ചുപോകുന്നതാണല്ലോ. അവശ്യം നിലനിറുത്തേണ്ട മതപരവും മറ്റുമായുള്ള വാങ്മയങ്ങളെ മാത്രം പുരാതനകാലങ്ങളിലെ ജനങ്ങൾ ശിഷ്യന്മാരെ അധ്യാപനം ചെയ്തു പ്രചരിപ്പിച്ചുപോന്നു. അതു് എറ്റവും ക്ലേശകരമായ ഒരു പാഠപദ്ധതിയായിരുന്നു. അവയൊഴിച്ചു് അന്യസൂക്തികൾക്കു് ഒന്നിനുംതന്നെ ക്ഷണഭങ്ഗുരതയിൽനിന്നു രക്ഷ നേടുവാൻ മാർഗ്ഗമുണ്ടായിരുന്നില്ല. ഈ ദുരവസ്ഥയിൽനിന്നു ലോകത്തെ ഉദ്ധരിച്ചതു ലിപിവിന്യാസമാകുന്നു. ഒരു ജനസമുദായം തന്മദ്ധ്യത്തിൽ പ്രചരിക്കുന്ന ഭാഷയ്ക്കു ലിപികൾ വ്യവസ്ഥ ചെയ്തപ്പോൾ അതു് ആ സമുദായത്തിനു് ഒരു പരമാനുഗ്രഹമായി പരിണമിച്ചു. അതേവരെയ്ക്കും തങ്ങളുടെ ഉപയോഗത്തിനും ആനന്ദത്തിനുമായി അവരുടെ ഇടയിൽ വിദ്യാസമ്പന്നന്മാരും ഭാവനാകുശലന്മാരുമായ വ്യക്തികൾ നിർമ്മിച്ച ആഭാണകങ്ങൾ, ഗാനങ്ങൾ മുതലായവ താലപത്രങ്ങളിലും മറ്റും ലിഖിതങ്ങളായപ്പോൾ അവയ്ക്കു ശാശ്വതമായ പ്രതിഷ്ഠ ലഭിച്ചു. അന്ധകാരം ജ്യോതിസ്സായി മാറി; വിദ്യയ്ക്കു് അഭൂതപൂർവമായ വിജയം സഞ്ജാതമായി; ഭൂതകാലത്തെ സൂക്തിവിഭവം ഏതു ഭാവികാലത്തേയ്ക്കും പ്രയാജനപ്പെടുമെന്നുള്ള നിലവന്നു; ജരാമരണഭയമില്ലാത്ത യശഃകായത്തെ സൃഷ്ടിക്കുന്നതിൽ സരസ്വതീദാസന്മാർ കുതുകികളായി; തങ്ങളുടെ വിജ്ഞാനത്തിന്റേയും പ്രതിഭയുടേയും ഫലങ്ങളെ ബഹുജനോപയുക്തമാക്കി തദ്വാരാ ലോകസേവ ചെയ്യുന്നതിനു പലരും അഹമഹമികയാ ഒരുങ്ങിയിറങ്ങി. ചുരുക്കത്തിൽ സംസ്കാരോൽഗതിക്കും സാഹിത്യോദയത്തിനും ലിപിനിർമ്മിതി അത്യന്തം പ്രേരകമായി. ആ വഴിക്കു ലോകത്തിനു സിദ്ധിച്ച അപരിമേയവും ആശ്ചര്യജനകവുമായ ലാഭത്തെ അച്ചടിയന്ത്രത്തിന്റെ ആവിർഭാവം ശതഗുണീഭവിപ്പിച്ചു. അനവധി വർഷസഹസ്രങ്ങൾ കഴിഞ്ഞാണു് ഓരോ ജനസമുദായത്തിലും ലിപികൾ ഉണ്ടായതു്. മുദ്രണയന്ത്രത്തിന്റെ നിർമ്മാണത്തിനു പിന്നെയും വളരെക്കാലത്തെ താമസം വേണ്ടിവന്നു. ക്രി. പി. 868-ൽ ചീനരാജ്യത്തു് ഒരു മുദ്രണയന്ത്രം ഇദംപ്രഥമമായി കണ്ടുപിടിക്കുകയുണ്ടായി. യൂറോപ്പിൽ അച്ചടി ആരംഭിച്ചതു് 1440-ൽ മാത്രമാകുന്നു. ലിപികളുടെ ആവിർഭാവത്തോടുകൂടി അന്നുവരെ വാചികം മാത്രമായിരുന്ന ഭാഷ വാമൊഴി അല്ലെങ്കിൽ സംഭാഷണഭാഷയെന്നും വരമൊഴി അല്ലെങ്കിൽ ലിഖിതഭാഷയെന്നും രണ്ടു വകുപ്പായി പിരിഞ്ഞു.

1.3ഗ്രന്ഥഭാഷ

വാമൊഴിക്കു ഭാഷാചരിത്രത്തിലല്ലാതെ സാഹിത്യചരിത്രത്തിൽ പ്രവേശമില്ല. സാഹിത്യചരിത്രകാരന്റെ പ്രതിപാദ്യവിഷയം ഗ്രന്ഥസമൂഹമാകുന്നു. വാമൊഴി വർണ്ണവികാരങ്ങൾക്കു വിധേയവും ഗ്രാമ്യപദസമ്മിളിതവും ദേശംതോറും വിഭിന്നവും ആയിരിക്കുവാൻ ഇടയുണ്ടു്. ഗ്രന്ഥഭാഷയിലും കാദാചിൽക്കമായി ആ മാതിരി വൈകല്യങ്ങൾ കടന്നുകൂടാവുന്നതാണെങ്കിലും അതു താരതമ്യേന വ്യാകരണനിയമങ്ങളെ അനുസരിക്കുന്നതും ഏകരൂപവുമായിരിക്കും. വാമൊഴിയുടെ സാജാത്യമുള്ള ആധാരങ്ങൾ മുതലായവ കാര്യഗ്രഹണത്തിനു മാത്രം ഉതകുന്നവയാകയാൽ ബോധനപ്രധാനങ്ങളെന്നും; ശ്രുതി, സ്മൃതി, പുരാണം, ശാസ്ത്രം മുതലായവ മുഖ്യമായി വിവേകദ്വാരാ മനഃസംസ്കാരം ഉണ്ടാക്കുന്നവയാകയാൽ, വിജ്ഞാനപ്രധാനങ്ങളെന്നും; കാവ്യം, നാടകം, ചമ്പു, ആഖ്യായിക മുതലായവ സർവ്വോപരി ലോകോത്തരാഹ്ലാദജനകങ്ങളാകയാൽ ചമൽക്കാരപ്രധാനങ്ങളെന്നും പറയത്തക്കതാണു്. ഗ്രന്ഥഭാഷയ്ക്കു് ഇത്തരത്തിൽ മൂന്നു പ്രഭേദങ്ങൾ ഉണ്ടു്. ചമൽക്കാരമെന്നാൽ ചിത്തവിസ്താരമെന്നർത്ഥം. പുരാണങ്ങളിൽ ചില ഭാഗങ്ങൾ ചമൽക്കാരകാരികളാണെങ്കിലും വിജ്ഞാനദാനമാണു് അവയുടെ മുഖ്യോദ്ദേശ്യം; അതുപോലെ കാവ്യാദികളിൽ ചില ഭാഗങ്ങൾ വിജ്ഞാനമാത്രപ്രദങ്ങളാണെങ്കിലും ചമൽക്കാരജനകത്വമാണു് അവയുടെ പ്രധാന പ്രയോജനം.

1.4സാഹിത്യം

സാഹിത്യം എന്ന പദത്തിനു സഹിത ഭാവം, അതായതു യോഗം അല്ലെങ്കിൽ ചേർച്ച, എന്നാണർത്ഥം. ശബ്ദാർത്ഥങ്ങളുടെ യോഗമാണു് ഇവിടെ വിവക്ഷിതമായിട്ടുള്ളതു്. രാമണീയകവിശിഷ്ടങ്ങളായിരിക്കണം ആ ശബ്ദാർത്ഥങ്ങൾ എന്നും നിയമമുണ്ടു്. അല്ലെങ്കിൽ അവയ്ക്കു ചമൽക്കാര ജനകങ്ങളാകുവാൻ സാധിക്കുന്നതല്ലല്ലോ. അതുകൊണ്ടാണു് മലയാളഭാഷയുടെ പ്രാചീനാലങ്കാരഗ്രന്ഥമായ ലീലാതിലകത്തിൽ യോഗമെന്നാൽ സഹൃദയന്മാർക്കു രുചിക്കത്തക്കവിധത്തിലുള്ള ചേർച്ചയാണെന്നും അത്തരത്തിലുള്ള ചേർച്ചയുണ്ടാകുന്നതു നിയമേന ദോഷമില്ലാതേയും ഗുണമുണ്ടായും പ്രായേണ അലങ്കാരത്തോടുകൂടിയും ഇരുന്നാലാണെന്നും പ്രസ്താവിച്ചിട്ടുള്ളതു്. കാവ്യപരിശീലനത്തിന്റെ നിരന്തരമായ ആവർത്തനം നിമിത്തം നിർമ്മലമായിത്തീർന്ന യാവചിലരുടെ ഹൃദയത്തിൽ വർണ്ണ്യവസ്തുവിനു തന്മയീഭവിക്കുവാൻ യോഗ്യതയുണ്ടോ അവരാണു് സഹൃദയന്മാർ. സാഹിത്യത്തിനു പല പ്രയോജനങ്ങളും ആലങ്കാരികന്മാർ കല്പിക്കാറുണ്ടെങ്കിലും ആനന്ദംതന്നെയാകുന്നു അവയിൽ അഗ്രഗണ്യമായിട്ടുള്ളതു്. ഛന്ദോനിബദ്ധമായ വാങ്മയത്തിനു പദ്യമെന്നും അല്ലാത്തതിനു ഗദ്യമെന്നും പേർ പറയുന്നു.

1.5കേരളസാഹിത്യചരിത്രം

കേരളസാഹിത്യചരിത്രം എന്നാണു് ഈ പുസ്തകത്തിന്റെ പേരെങ്കിലും ഇതിൽ ചമൽക്കാരകാരികളായ ഗ്രന്ഥങ്ങൾക്കുപുറമെ വിജ്ഞാനപ്രദങ്ങളായ ഗ്രന്ഥങ്ങളെപ്പറ്റിയും ദിങ്മാത്രമായി പരാമർശിക്കുന്നതാണു്. അല്ലെങ്കിൽ പുസ്തകത്തിനു സമഗ്രത സിദ്ധിക്കുന്നതല്ലെന്നുമാത്രമല്ല വിജ്ഞേയങ്ങളായ അനവധി വിഷയങ്ങൾ വക്തവ്യങ്ങളല്ലാതെ തീരുകയുംചെയ്യും. അതുപോലെതന്നെ കേരളീയർ മലയാളഭാഷയിൽ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങൾക്കു പുറമേ സംസ്കൃതഭാഷയിൽ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളെപ്പറ്റിയും ഇതിൽ പ്രതിപാദിക്കുന്നതാണു്. കേരളത്തിലെ പ്രഥമഗണനീയന്മാരായ മഹാകവിമൂർദ്ധന്യന്മാരിൽ ഒട്ടുവളരെപ്പേരും — ശങ്കരാചാര്യർ, വില്വമങ്ഗലത്തു സ്വാമിയാർ, മേൽപ്പുത്തൂർ നാരായണഭട്ടതിരി മുതൽപേർ — സംസ്കൃതത്തിൽ മാത്രമേ ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുള്ളൂ. അവരെ അകറ്റിനിർത്തിയാൽ സാഹിത്യസാമ്രാജ്യത്തിൽ കേരളത്തിനുള്ള യഥാർത്ഥസ്ഥാനമെന്തെന്നു് അനുവാചകന്മാർ എങ്ങിനെ ഗ്രഹിക്കും? അതുകൊണ്ടു കേരളീയർ ഈ രണ്ടുഭാഷകളിലും നിർമ്മിച്ചിട്ടുള്ള പ്രധാനഗ്രന്ഥങ്ങളെപ്പറ്റി ഈ പുസ്തകത്തിൽ പ്രസ്താവിക്കുവാൻ യഥാമതി ശ്രമിക്കുന്നതാണു്. വിസ്തീർണ്ണമായ ഈ പന്ഥാവിലൂടെത്തന്നെയാണല്ലോ പൂർവസൂരികളായ ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ മുതൽപേരും സഞ്ചരിച്ചിട്ടുള്ളതു്.

കുറിപ്പുകൾ

1 ‘ഭാഷ—വ്യക്തായാം വാചി’ എന്നും ‘ഹ്രാദ അവ്യക്തേ ശബ്ദേ’ എന്നും പാണിനി. അവ്യക്തശബ്ദമെന്നാൽ വാദ്യാദിഘോഷമെന്നു വൈയാകരണന്മാർ.

2 ഭാരതീയർ എഴുതുന്നതു് അക്ഷരമാലയും യൂറോപ്യന്മാർ എഴുതുന്നതു് വർണ്ണമാലയുമാണു്.


അദ്ധ്യായം 2 - ദ്രാവിഡം

2.1ദ്രാവിഡഭാഷകൾ

1931-ലെ കാനേഷുമാരിക്കണക്കനുസരിച്ചു് ഇൻഡ്യാ മഹാരാജ്യത്തിൽ വസിക്കുന്ന 352,837,778 ജനങ്ങൾ ആകെക്കൂടി 225 ഭാഷകൾ സംസാരിക്കുന്നു. അവയെ ആസ്ട്രിക്, റ്റിബെറ്റോ, ചൈനീസ്, ദ്രാവിഡം, ഇൻഡോ — യൂറോപ്യൻ എന്നിങ്ങനെ നാലു ഗോത്രങ്ങളിൽ അടങ്ങുന്നതായി പണ്ഡിതന്മാർ തരംതിരിച്ചിരിക്കുന്നു. ഇൻഡോ — യൂറോപ്യന്മാർക്കു മുമ്പു ദ്രാവിഡന്മാരും ദ്രാവിഡന്മാർക്കും മുമ്പു മറ്റൊരു ജനസമുദായവും, ഇൻഡ്യയിൽ താമസിക്കുവാൻ ആരംഭിച്ചു. ഒടുവിൽ പറഞ്ഞ ജനസമുദായത്തിന്റെ ‘മുണ്ഡാ’ മുതലായ ഭാഷാസമൂഹം ആസ്ട്രിൿഗോത്രത്തിൽ ഉൾപ്പെടുന്നു. സംസ്കൃതവും സംസ്കൃതഭവങ്ങളായ ഹിന്ദി, ബങ്ഗാളി, ഗുജറാത്തി, മഹാരാഷ്ട്രി മുതലായ ഭാഷകളും ഇൻഡോ — യൂറോപ്യൻ ഗോത്രത്തിൽ അടങ്ങുന്നു. ദക്ഷിണാപഥത്തിലെ പ്രധാനഭാഷകളായ തെലുങ്കു്, തമിഴു്, കർണ്ണാടകം, മലയാളം ഇവ ദ്രാവിഡ ഗോത്രത്തിൽ ചേർന്നവയാണു്. ഈ ഗോത്രത്തെ നാലായി പിരിച്ചു തമിഴു്, കർണ്ണാടകം, മലയാളം എന്നീ മൂന്നു ഭാഷകളെ ദ്രാവിഡമെന്നു പ്രത്യേകം ഒരു ശാഖ കൽപ്പിച്ചു് അതിൽ അന്തർഭവിപ്പിച്ചും, ആന്ധ്രഭാഷ, മധ്യമശാഖ, പശ്ചിമോത്തര ഭാഷ എന്നു മൂന്നു് ഇതരവിഭാഗങ്ങളെക്കൂടി സൃഷ്ടിച്ചുമാണു് ലിങ്ഗ്വിസ്റ്റിക്ക് സർവേ ഓഫ് ഇൻഡ്യാ (ഇൻഡ്യയിലെ ഭാഷാസമൂഹപര്യവേക്ഷണം) എന്ന വിപുലഗ്രന്ഥത്തിൽ വിചാരണചെയ്തുകാണുന്നതു്. ഇവയിൽ 10,37,142 പേർ സംസാരിക്കുന്ന ഒറായോൺ അല്ലെങ്കിൽ കുറുക്കും, 926,099 പേർ സംസാരിക്കുന്ന ഗോണ്ഡിയും, 5,85,109 പേർ സംസാരിക്കുന്ന കുയി അല്ലെങ്കിൽ കാണ്ഡിയും, മധ്യമശാഖയിൽ പെട്ട ഇതരഭാഷകളും ഉത്തരഭാരതത്തിലെ ചില അരണ്യനിവാസികളുടെ ഇടയിലാണു് പ്രായേണ പ്രചരിക്കുന്നതു്. പശ്ചിമോത്തരഭാഷ എന്നു പറയുന്നതു് 2,07,049 പേർ സംസാരിക്കുന്ന ബ്രഹൂയിയും അതിന്റെ കേന്ദ്രം ബലൂചിസ്ഥാനവും ആകുന്നു. മദ്ധ്യമശാഖയേയും പശ്ചിമോത്തരഭാഷയേയും ഇത്തരത്തിൽ വേർതിരിക്കേണ്ടതു് ആവശ്യകംതന്നെയെങ്കിലും തെലുങ്കിനെ ദാക്ഷിണാത്യങ്ങളായ ഇതരദ്രാവിഡഭാഷകളിൽ നിന്നു് അകറ്റിനിറുത്തിയിരിക്കുന്നതു യുക്തമല്ലെന്നു പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ദക്ഷിണഭാരതമാകുന്നു ദ്രാവിഡഭാഷകൾക്കു് ഇക്കാലത്തു് അപ്രതിഹതമായുള്ള സംവ്യവഹാരസ്ഥാനം. ഗോവായ്ക്കു നൂറുമൈൽ തെക്കു് അറബിക്കടലിന്റെ തീരത്തുനിന്നു് ഒരു സീമാരേഖ ആരംഭിച്ചു പശ്ചിമ പർവ്വതമാർഗ്ഗമായി കൊല്ഹാപുരംവരെ എത്തി അവിടെനിന്നു വളഞ്ഞു കിഴക്കോട്ടു നീങ്ങി ഹൈദരബാദു് രാജ്യത്തിൽ പ്രവേശിച്ചു ബീഹാറിന്റെ ദക്ഷിണഭാഗത്തിനു വടക്കുകൂടി നേരെ ബങ്ഗാൾ ഉൾക്കടലിന്റെ കരയിൽ അവസാനിച്ചാൽ അതിനുതെക്കുള്ള പ്രദേശങ്ങളിൽ മുഴുവൻ ദ്രാവിഡഭാഷകളാണു് പ്രചരിക്കുന്നതെന്നു പറയാം. ഇൻഡ്യയിൽ ദ്രാവിഡഗോത്രത്തിൽപെട്ട ഏതെങ്കിലും ഒരു ഭാഷ 71,644,787 പേർ സംസാരിക്കുന്നുണ്ടു്. അവരിൽ തെലുങ്കു് 263,73,727 പേർക്കും തമിഴു് 204,11,652 പേർക്കും കർണ്ണാടകം 112,06,380 പേർക്കും മലയാളം 91,37,615 പേർക്കും മാതൃഭാഷയാകുന്നു. അഥവാ പതിനായിരം ഭാരതീയരിൽ 752 പേർ തെലുങ്കും 582 പേർ തമിഴും 320 പേർ കർണ്ണാടകവും 261 പേർ മലയാളവും സംസാരിക്കുന്നു എന്നും പരിഗണിക്കാവുന്നതാണു്. സിംഹളദ്വീപിന്റെ ഉത്തരാർദ്ധത്തിനും തമിഴിനു് ഒരു മാതൃഭാഷയുടെ സ്ഥാനമുണ്ടു്. മഹാരാഷ്ട്രിയുടെ ഒരു ഉൾപ്പിരിവായ കൊങ്കണിയും ഗുജറാത്തിയുടെ ഒരു വകഭേദമായ പട്ടുനൂലിയും കേരളത്തിൽ ചില സ്ഥലങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും അവ ഇൻഡോ — യൂറോപ്യൻഗോത്രത്തിൽപെട്ട ഭാഷകളാകുന്നു. മലയാളം സംസാരിക്കുന്ന 91,37,615 ജനങ്ങളിൽ 42,60,860 പേർ തിരുവിതാങ്കൂറിലും 10,88,081 പേർ കൊച്ചിയിലും 37,26,726 പേർ മദിരാശി പ്രവിശ്യയിലും 1931-ലെ കനേഷുമാരിക്കാലത്തു താമസിച്ചിരുന്നതായി കാണുന്നു. തെക്കു കന്യാകുമാരി മുതൽ വടക്കു ഗോകർണ്ണംവരെ കിഴക്കു പശ്ചിമപർവ്വതപങ്ക്തിക്കും പടിഞ്ഞാറു് അറബിക്കടലിനും ഇടയ്ക്കു കിടക്കുന്ന ഭൂമിക്കു മുഴുവൻ കേരളമെന്നു പേരുണ്ടെങ്കിലും, അതിൽ തിരുവിതാങ്കൂർ, കൊച്ചി എന്നു രണ്ടു നാട്ടുരാജ്യങ്ങളിലും മദിരാശിപ്രവിശ്യയിൽ മലബാർജില്ലയിലും ദക്ഷിണകർണ്ണാടജില്ലയിൽ ചന്ദ്രഗിരിപ്പുഴ (പെരുമ്പുഴ) യ്ക്കു തെക്കുള്ള സ്ഥലത്തും മാത്രമാണു് മലയാളത്തിനു മാതൃഭാഷ എന്ന നിലയിൽ പ്രചാരമുള്ളതു്. ദക്ഷിണകർണ്ണാടകത്തിൽ പെട്ട കാസർകോടുതാലൂക്കിലെ ഒരു ജന്മിയായ കാവുഭട്ടതിരിയുടെ ഇല്ലത്തിലെ വടക്കിനി തൊട്ടു തുളുനാടു തുടങ്ങുന്നു എന്നാണു് വെയ്പു്. മലനാടെന്ന പേരിൽ അറിയപ്പെടുന്നതും ആ വടക്കിനിക്കു തെക്കുള്ളതുമായ ഭൂവിഭാഗത്തെമാത്രമാണു് കേരളം എന്ന സംജ്ഞകൊണ്ടു് ഈ പുസ്തകത്തിൽ വ്യവഹരിക്കുന്നതും. തിരവിതാങ്കൂറിൽത്തന്നെ നാഞ്ചനാടു്, ചെങ്കോട്ട, ദേവികുളം, എന്നീ പ്രദേശങ്ങളിലെ മാതൃഭാഷ തമിഴാകുന്നു. ജനസംഖ്യയെ അടിസ്ഥാനമാക്കി നോക്കുന്നതായാൽ (1) പശ്ചിമഹിന്ദി, (2) ബങ്ഗാളി, (3) ബിഹാറി, (4) തെലുങ്കു്, (5) മഹാരാഷ്ട്രി, (6) തമിഴു്, (7) പഞ്ചാബി, (8) രാജസ്ഥാനി, (9) കർണ്ണാടകം, (10) ഒറിയാ, (11) ഗുജറാത്തി, (12) മലയാളം ഈ ക്രമമാണു് ഭാരതീയഭാഷകൾക്കു കല്പിക്കേണ്ടിയിരിക്കുന്നതു്. ഇതിൽനിന്നു മലയാളം ഭാരതത്തിലെ അതിപ്രധാനമല്ലെങ്കിലും ഒട്ടും അപ്രധാനമല്ലാത്ത ഒരു ഭാഷയാണെന്നു വെളിപ്പെടുന്നുണ്ടല്ലോ.

2.2ദക്ഷിണഭാരതത്തിലെ ആദിമഭാഷ

ആദികാലത്തു ദക്ഷിണഭാരതവും ഉത്തരഭാരതവും തമ്മിൽ ഒരു സമുദ്രത്താൽ വേർതിരിക്കപ്പെട്ടിരുന്നു എന്നും ദക്ഷിണഭാരതം സുമാത്രാദ്വീപു മുതൽ ആഫ്രിക്കവരെ വ്യാപിച്ചിരുന്ന ഒരു വലിയ ഭൂഖണ്ഡത്തിൽ അന്തർഭവിച്ചിരുന്നു എന്നും ഭൂഗർഭശാസ്ത്രജ്ഞൻമാർ അനുമാനിക്കുന്നു. സത്യവ്രതമനുവിന്റെ കാലത്തു് ഏറിയ ഭാഗവും കടൽ കേറിപ്പോയ ഈ ഭൂഖണ്ഡത്തിനു ലെമ്യൂറിയാ എന്നാണു് അവർ പേർ കല്പിച്ചിരിക്കുന്നതു്. കൊച്ചിയിലെ കാടന്മാർ, തിരുവിതാങ്കൂറിലെ ഊരാളികൾ തുടങ്ങിയ ഏതാനും ജാതിക്കാർ അടങ്ങിയ നീഗ്രീറ്റോയിഡ് എന്ന മനുഷ്യവർഗ്ഗമാണു് ദക്ഷിണഭാരതത്തിൽ ആദ്യമായി നിവസിച്ചിരുന്നതെന്നും, ആ വർഗ്ഗത്തെ തോടർ, ബഡഗർ, കാണിക്കാർ മുതലായ ജാതിക്കാർ ഉൾപ്പെട്ട പ്രോട്ടോ–ആസ്ട്രലോയിഡ് വർഗ്ഗം കീഴടക്കി എന്നും, ഈ വർഗ്ഗം മുണ്ഡാഗോത്രത്തിൽപ്പെട്ട ഏതെങ്കിലും ഭാഷകൾ സംസാരിച്ചിരുന്നിരിക്കാമെന്നും ആണു് ചില പണ്ഡിതന്മാരുടെ അഭ്യൂഹം. എന്നാൽ ഇക്കാലത്തു മുണ്ഡാഭാഷകൾ ഉത്തരഭാരതത്തിൽ ചില വനേചരന്മാരുടെ ഇടയിൽ മാത്രമേ പ്രചരിയ്ക്കുന്നുള്ളൂ. ഗോദാവരിനദിക്കു തെക്കു് അവയിൽ യാതൊന്നിനും പ്രവേശമില്ല. ആ സ്ഥിതിയ്ക്കു പണ്ടു് അവയ്ക്കു ദക്ഷിണ ഭാരതത്തിൽ വ്യാപ്തിയുണ്ടായിരുന്നാലും ഇല്ലെങ്കിലും ദ്രാവിഡത്തെത്തന്നെ ഇവിടത്തെ ആദിമഭാഷയായി പരിഗണിക്കുന്നതു പ്രായോഗികദൃഷ്ട്യാ പ്രമാദമാകുന്നതല്ല.

2.3ആര്യന്മാരും ദ്രാവിഡഭാഷകളും

ദ്രാവിഡഭാഷകൾ മറ്റൊരു ഗോത്രത്തോടും ചേരുന്നില്ലെന്നും അതുകൊണ്ടു് അവയ്ക്കു് ഒരു പ്രത്യേകഗോത്രംതന്നെ കല്പിക്കേണ്ടതാണെന്നുമാകുന്നു അഭിയുക്തമതം. പ്രസ്തുതഭാഷകൾ സിതിയൻഗോത്രത്തിൽ അന്തർഭവിക്കുന്നു എന്നു ഡാക്ടർ കാർഡ്വെൽ തുടങ്ങിയ ഭാഷാശാസ്ത്രജ്ഞന്മാർ ഒരു കാലത്തു് ഊഹിച്ചിരുന്നു. എന്നാൽ ആ ഊഹം അനാസ്പദമാണെന്നു പിന്നീടുള്ള ഗവേഷണംകൊണ്ടു തെളിഞ്ഞിട്ടുണ്ടു്. ദ്രാവിഡന്മാർ പശ്ചിമോത്തരമാർഗ്ഗത്തിലൂടെ ഉത്തരഭാരതത്തിൽ കടന്നുവോ അതോ ആദ്യമായി ദക്ഷിണ ഭാരതത്തിൽ താമസിച്ചു് അവിടെനിന്നു കാലാന്തരത്തിൽ ഉത്തരഭാരതത്തിലും കുടിയേറിപ്പാർത്തുവോ എന്നുളള പ്രശ്നം ഇന്നും വാദഗ്രസ്തമായിരിക്കുന്നതേയുള്ളു. അതു് എങ്ങിനെയായാലും മോഹേൻജദാരോ, ഹാരപ്പാ എന്നീ സ്ഥലങ്ങളിൽ പുരാണ വസ്തുഗവേഷകന്മാർ ഭൂഖനനത്തിന്റേയും മറ്റും ഫലമായി ഇക്കാലത്തു കണ്ടുപിടിച്ചിട്ടുള്ള അത്യത്ഭുതമായ സിന്ധുനദീ പ്രാന്തസംസ്കാരം ദ്രാവിഡരുടേതായിരുന്നു എന്നു മിക്കവാറും തീർച്ചപ്പെടുത്താവുന്നതാണു്. ആ സംസ്കാരത്തിനു് ഏകദേശം ആറായിരം വർഷങ്ങളുടെ പഴക്കമുണ്ടു്. അതിനു പടിഞ്ഞാറു ഭാഗത്തുള്ള ബലൂചിസ്ഥാനത്തിലെ കാലറ്റുനഗരത്തിനുചുറ്റുമാണു് ദ്രാവിഡഗോത്രത്തിൽപെട്ട ബ്രഹൂയിഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്നതു്. ഒരുകാലത്തു ദ്രാവിഡ ഭാഷകൾ ഭാരതം മുഴുവൻ വ്യാപിച്ചിരുന്നു എന്നുള്ളതിനു് ഇവയെല്ലാം പ്രത്യക്ഷലക്ഷ്യങ്ങളാണു്. കുറുക്കു്, കുയി, ഗോണ്ഡി തുടങ്ങിയ ദ്രാവിഡഭാഷകൾ ഇന്നും സമുദ്രമധ്യത്തിൽ ദ്വീപുകൾ ഏന്നപോലെ ഉത്തരഭാരതത്തിൽ സംസ്കൃതജന്യങ്ങളായ ഭാഷകൾക്കിടയിൽ കാണപ്പെടുന്നുണ്ടെന്നുള്ളതും വിസ്മർത്തവ്യമല്ല. ആര്യന്മാർ അയ്യായിരം വർഷങ്ങൾക്കുമുൻപു പശ്ചിമോത്തരമാർഗ്ഗമായി ഉത്തരഭാരതത്തിൽ പ്രവേശിച്ചപ്പോൾ അവർക്കും ദ്രാവിഡന്മാർക്കുംതമ്മിൽ സംഘട്ടനം നേരിടുകയും അത്യന്തം പരിപുഷ്ടമായിരുന്ന അവരുടെ സംസ്കാരം അത്രതന്നെ അഭിവൃദ്ധമല്ലാതിരുന്ന ദ്രാവിഡന്മാരുടെ സംസ്കാരത്തെ അവരുടെ ഭാഷയോടുകൂടി വിന്ധ്യപർവ്വതത്തിനു വടക്കുള്ള പ്രദേശങ്ങളിൽ അസ്തമിതപ്രായമാക്കുകയുംചെയ്തു. സംസ്കാരത്തിനും സംവ്യവഹാരത്തിനും അധികമായി പ്രയോജകീഭവിക്കുന്ന ഒരു ഭാഷ വിശേഷിച്ചു ജേതാക്കളുടേതാണെങ്കിൽ, ആ വിഷയങ്ങളിൽ അത്രമാത്രം ഉപയോഗമില്ലാത്ത പരാജിതന്മാരുടെ ഭാഷയെ കീഴടക്കുക എന്നുള്ളതു സർവ്വസാധാരണമാകുന്നു. എന്നാൽ അത്തരത്തിലുള്ള സമ്മർദ്ദത്തിൽ വിജയികളുടെ ഭാഷ വിജിതന്മാരുടെ ഭാഷയിൽനിന്നു സ്വീകാര്യമായിത്തോന്നുന്ന പലതും സ്വായത്തമാക്കുന്നതാണെന്നുള്ളതിനും സംശയമില്ല. അങ്ങനെ ദ്രാവിഡത്തിനു് ഉത്തരഭാരതത്തിൽനിന്നു പിൻവാങ്ങേണ്ടിവന്നു ഏങ്കിലും ദക്ഷിണഭാരതത്തിൽ അതിന്റെ ആധിപത്യത്തിനു പറയത്തക്ക ഹാനിയൊന്നും സംഭവിച്ചില്ല. ആന്ധ്രം, കർണ്ണാടം, ദ്രാവിഡം, ഗുർജ്ജരം, മഹാരാഷ്ട്രം ഈ ദേശങ്ങളിലെ ജനങ്ങളെ പഞ്ചദ്രാവിഡരെന്നു പറയാറുണ്ടെങ്കിലും ഗുർജ്ജരത്തിലും മഹാരാഷ്ട്രത്തിലും സംസ്കൃതഭവങ്ങളായ ഭാഷകൾ കാലാന്തരത്തിൽ പ്രചരിച്ചു തുടങ്ങി; പ്രത്യുത മറ്റു മൂന്നു പ്രദേശങ്ങളിലും ദ്രാവിഡം അവ്യാഹതമായി നിലനില്ക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ ആര്യന്മാർ വിജിഗീഷുക്കളായല്ല പ്രവേശിച്ചതു്. അവരെ ശമപ്രധാനന്മാരും അദ്ധ്യാത്മവിദ്യോപദേശകന്മാരുമായി ദ്രാവിഡന്മാർ സമീക്ഷിക്കുകയും സ്നേഹബഹുമാനപൂർവ്വം സല്ക്കരിക്കുകയും ചെയ്തു. ദ്രാവിഡത്തിന്റെ അഭ്യുന്നതിക്കു് അവർതന്നെ ഐദമ്പര്യേണ പരിശ്രമിച്ചുതുടങ്ങുകയും ആ പരിശ്രമത്തിൽ പ്രശംസനീയമായ വിജയം സമാർജ്ജിക്കുകയും ചെയ്തു എന്നും പറയേണ്ടതുണ്ടു്. അങ്ങനെ ആന്ധ്ര കർണ്ണാടദ്രാവിഡദേശങ്ങളിൽ ദ്രാവിഡവും ഭാരതത്തിന്റെ ഇതരദേശങ്ങളിൽ സംസ്കൃതവും അവയുടെ അധികാരമണ്ഡലങ്ങൾക്കു സീമാവിഭാഗം ചെയ്തുകൊണ്ടു പരസ്പരം സൗഹാർദ്ദബന്ധം പുലർത്തി ഉത്തരോത്തരം ഉൽക്കർഷത്തെ പ്രാപിച്ചു.

2.4പഴന്തമിഴു്

‘തമിഴു്’ എന്നായിരുന്നു ദ്രാവിഡർ സംസാരിച്ചുവന്ന ഭാഷയുടെ പൊതുവായുള്ള നാമധേയം. തമിഴു് എന്ന പദത്തിനു (ഇനിമൈ) മാധുര്യമെന്നും (നേർമൈ) വൈശിഷ്ട്യം അഥവാ പരിഷ്കാരമെന്നും അർത്ഥമുള്ളതായി പിങ്ഗള നിഘണ്ടുവിൽ കാണുന്നു. ഇവയിൽ ഏതെങ്കിലും ഒരർത്ഥത്തിൽ ആയിരിയ്ക്കണം തമിഴെന്നു് ഈ ഭാഷകൾക്കു പേർ സിദ്ധിച്ചതു്. തമിഴു്, തമിൾ, ദമിള, ദ്രമിള, ദ്രമിഡ, ദ്രവിഡ എന്നിങ്ങനെ പല ഭിന്നരൂപസോപാനങ്ങൾ കടന്നു് ഒടുവിൽ ദ്രാവിഡമായി പരിണമിച്ചു. സംസ്കൃതത്തിലും പ്രാകൃതത്തിലും ഴകാരമില്ലാത്തതിനാൽ ചോഴം ചോളമായതു പോലെ തമിഴു് തമിളായി; ഉച്ചാരണസൗകര്യത്തിനു വേണ്ടി പദാദിയിലെ ഖരം മൃദുവാക്കുകയും പദാന്തത്തിലെ ചില്ലു സ്വരീകരിക്കുകയും ചെയ്തപ്പോൾ തമിൾ ദമിളവുമായി. ക്രിസ്ത്വബ്ദത്തിന്റെ ആരംഭത്തിൻ കൃഷ്ണാജില്ലയിൽ സ്ഥാപിതമായ ഒരു സ്തൂപത്തിൽ കൻഹൻ (കണ്ണൻ) എന്ന ഒരു ബുദ്ധഭക്തൻ താൻ ദമിളനാണെന്നു രേഖപ്പെടുത്തിയിരിക്കുന്നു. പദത്തിന്റെ ആദ്യക്ഷരം സംയുക്തമാണെങ്കിൽ അതിലെ രേഫം പ്രാകൃതത്തിൽ ലോപിക്കും. ഗ്രാമത്തിനു ഗാമമെന്നും ഭ്രാതാവിനു ബാതാവെന്നുമാണല്ലോ ആ ഭാഷയിൽ രൂപങ്ങൾ കാണുന്നതു്. ദമിളശബ്ദം പ്രാകൃതത്തിൽനിന്നു സംസ്കൃതത്തിലേയ്ക്കു സംക്രമിച്ചപ്പോൾ കമുകു ക്രമുകമായതുപോലെ ദ്രമിളമായി; വൈദികസംസ്കൃതത്തിലെ ളകാരം ലൗകികസംസ്കൃതത്തിൽ ഡകാരമാകുമെന്ന വിധി അനുസരിച്ചു ദ്രമിളം ദ്രമിഡവുമായി. ഓഷ്ഠ്യമായ മകാരം ദന്തൗഷ്ഠ്യമായ വകാരമായി മാറിയതു പിന്നീടാണു്. എങ്കിലും ആ മാറ്റം അടുത്ത കാലത്തെങ്ങുമല്ല വന്നുചേർന്നിട്ടുള്ളതു്. ‘ദ്രമിഡ’ എന്ന രൂപം തന്നെയാണു് മഹാഭാരതത്തിൽ കാണ്മാനുള്ളതു്. “ദ്രമിഡാഃ പുരുഷാ രാജൻ” “ദ്രമിഡീ യോഷിതാം വരാ” “ദ്രമിഡൈ രാവൃതോ യയൗ” എന്നീ പദ്യഖണ്ഡങ്ങൾ നോക്കുക. ദശകുമാരചരിതം, കാദംബരി മുതലായ ഗ്രന്ഥങ്ങളിൽ ദ്രവിഡപദമാണു് സ്വീകരിച്ചിട്ടുള്ളതു്. “ആന്ധ്രദ്രാവിഡഭാഷാ” എന്നു ക്രി. പി. ഏഴാം ശതകത്തിൽ കുമാരിലഭട്ടനും “ദ്രവിഡശിശുഃ” എന്നു് എട്ടാംശതകത്തിൽ ശങ്കരാചാര്യരും പ്രയോഗിയ്ക്കുന്നു. എന്നാൽ മേൽപ്പുത്തൂർ നാരായണഭട്ടതിരിയുടെ ദൂതവാക്യത്തിൽ ‘ദ്രമിഡ’ എന്ന പ്രയോഗവും കാണുന്നുണ്ടു്. ദ്രവിഡശബ്ദത്തോടു് ‘അൺ’ എന്ന തദ്ധിതപ്രത്യയം ചേർന്നു ദ്രവിഡദേശഭവം എന്ന അർത്ഥത്തിലാണ് ദ്രാവിഡപദം പ്രചരിക്കുന്നതു്. പ്രസ്തുതഗോത്രത്തിൽപ്പെട്ട സകല ഭാഷകൾക്കുംകൂടി ദ്രാവിഡം എന്ന പൊതുപ്പേർ നൽകിയതു ഡാക്ടർ കാൾഡ്വെൽ ആണു്. ആ സംജ്ഞയെ അനന്തരകാലികന്മാരായ എല്ലാ ഭാഷാശാസ്ത്രജ്ഞന്മാരും അംഗീകരിച്ചിട്ടുമുണ്ടു്. തമിഴു്, തെലുങ്കു്, കർണ്ണാടകം, മലയാളം മുതലായവയുടെ ജനയിത്രിയായ ആ മൂലദ്രാവിഡഭാഷയ്ക്കു് അതിനെ ഇന്നത്തെ തമിഴിൽനിന്നു വേർതിരിക്കുന്നതിനുവേണ്ടി പഴന്തമിഴു് എന്നു സംജ്ഞ കല്പിയ്ക്കാവുന്നതാണു്; മുതുതമിഴു് എന്നു പറയുന്നതിനും വിരോധമില്ല. മുത്തമിഴു് എന്ന പേരിൽ അതിനെ ആരും വ്യവഹരിച്ചു കേട്ടിട്ടില്ല. മുൻ, തമിഴ് എന്നീ രണ്ടുപദങ്ങൾ സമാസിച്ചാൽ നിഷ്പന്നമാകുന്ന രൂപം മുറ്റമിഴു് എന്നല്ലാതെ മുത്തമിഴ് എന്നു വരുന്നതുമല്ല. മുത്തമിഴു് എന്ന പദത്തിനു ദ്രാവിഡസാഹിത്യത്തിൽ മൂന്നു വിധത്തിലുള്ള — അതായതു് ഇയൽ (കാവ്യം), ഇചൈ (പാട്ടു്), നാടകം ഈ വിഭാഗങ്ങളോടുകൂടിയ — പദ്യസാഹിത്യമെന്നേ അർത്ഥമുള്ളു.

2.5ദ്രാവിഡം സംസ്കൃതഭവമോ? 2.5.1പൂർവ്വപക്ഷം ചർച്ച

ദ്രാവിഡം എന്നൊരു ഭിന്നഗോത്രത്തിന്റെ സൃഷ്ടി അബദ്ധമാണെന്നും ദ്രാവിഡഭാഷകളും പ്രാകൃതഭാഷകളെപ്പോലെത്തന്നെ സംസ്കൃതഭാഷകളാണെന്നും ഒരു വിശ്വാസം ഇന്നും ചില പണ്ഡിതന്മാർ പുലർത്തിപ്പോരുന്നുണ്ടു്. ഇതിന്റെ സാധുത്വത്തെപ്പറ്റി അല്പം വിചിന്തനം ചെയ്യാം. ഭാരതത്തിൽ ഇന്നു പ്രചരിക്കുന്ന എല്ലാ ഏതദ്ദേശീയഭാഷകളും സംസ്കൃതത്തിൽനിന്നു ജനിച്ചവയെന്നാകുന്നു പൂർവ്വാചാര്യന്മാരുടെ മതം. ദേശാഭിമാനത്താൽ പ്രേരിതരായി ഭാരതത്തിന്റെ ഏകീകരണത്തിൽ ജാഗരൂകത പ്രദർശിപ്പിച്ച അവർ എങ്ങനെ സകല ഭാരതീയരേയും അനുലോമപ്രതിലോമവിവാഹങ്ങൾ നിമിത്തം വിഭിന്നജാതീയരായിത്തീർന്ന ആര്യവംശസമുത്ഭവന്മാരെന്നു് ഉൽഘോഷിച്ചുവോ, അതുപോലെ സകല ഭാരതീയഭാഷകളേയും സംസ്കൃതജന്യങ്ങളെന്നു് പ്രഖ്യാപനംചെയ്തു. “പ്രകൃതിഃ സംസ്കൃതം; തത്ര ഭവം തത ആഗതം വാ പ്രാകൃതം” അതായതു് പ്രകൃതി അല്ലെങ്കിൽ മൂലഭാഷ സംസ്കൃതവും അതിൽനിന്നു ജനിച്ചതു പ്രാകൃതവുമാണെന്നത്രേ അവരുടെ പക്ഷം. പ്രകൃതിത്വം നിമിത്തമാണു് പ്രാകൃതത്തിനു് ആ പേർ വന്നതു് എന്നും പ്രാകൃതത്തെ പരിഷ്കരിച്ചതാണു് സംസ്കൃതമെന്നുമാകുന്നു വസ്തുസ്ഥിതി. മഹാരാഷ്ട്രി, ശൗരസേനി, മാഗധി, പൈശാചി, അപഭൂംശം ഇത്യാദി വിവിധപ്രാകൃതഭാഷകളുള്ളതിൽ ദ്രാവിഡഭാഷകളേയും മറ്റും അവർ അപഭ്രംശത്തിൽ അന്തർഭവിപ്പിക്കുന്നു. അപഭ്രംശമെന്നാൽ സംസ്കൃതാപേക്ഷയോ ഗ്രാമ്യം അല്ലെങ്കിൽ അപരിഷ്കൃതമായ ഭാഷയെന്നർത്ഥം. അവയെത്തന്നെ ദേശ്യഭാഷകളെന്നും മ്ലേച്ഛഭാഷകളെന്നും കൂടി പറയാറുണ്ടു്. “അപഭ്രംശസ്തു യച്ഛുദ്ധം തത്തദ്ദേശേഷു ഭാഷിതം” എന്നു വൃദ്ധവാഗ്ഭടൻ ലക്ഷണനിർദ്ദേശം ചെയ്യുന്നു. മ്ലേച്ഛപദത്തിനു് അവ്യക്തമായ വാക്കു് എന്നാണർത്ഥം. ആര്യന്മാർക്കു് ദ്രാവിഡാദി ഭാഷകൾ ഗ്രഹിക്കുവാൻ കഴിയാതിരുന്നതിനാലാണു് അവർ അവയ്ക്കു ആ പേർ നല്കിയതു്. കുമാരിലഭട്ടൻ തന്ത്രവാർത്തികത്തിൽ ആന്ധ്രദ്രാവിഡഭാഷ മ്ലേച്ഛഭാഷയാണെന്നു പ്രസ്താവിക്കുന്നു. ഭാവപ്രകാശനം എന്ന നാട്യശാസ്ത്രഗ്രന്ഥത്തിന്റെ പ്രണേതാവായ ശാരദാതനയൻ, ക്രി. പി. പതിമ്മൂന്നാം ശതകത്തിൽ,


“ദ്രമിഡാ കന്നഡാന്ധ്രാശ്ച ഹൂണഹിമ്മീരസിംഹളാഃ * * * * ഏതാ ഭാഷശ്ച സർവ്വത്ര മ്ലേച്ഛഭാഷേത്യുദാഹൃതാഃ”

അതായതു ദ്രമിഡം, കന്നടം, ആന്ധ്രം, തുടങ്ങിയ പതിനെട്ടു ഭാഷകൾ മ്ലേച്ഛഭാഷകളെന്നു പ്രസ്താവിക്കുന്നു. ആന്ധ്ര വൈയാകരണനായ കേതനൻ (ക്രി. പി. പതിമ്മൂന്നാംശതകം) എല്ലാ ഭാഷകളും സംസ്കൃതത്തിൽനിന്നു ജനിച്ചു എന്നു പറയുന്നു. കേരളീയനായ ലീലാതിലകകാരനും “ഊഹനീയസംസ്കൃത പ്രകൃതിസ്സംസ്കൃതഭവാ” എന്ന സൂത്രത്തിന്റെ വൃത്തിയിൽ “ഇഹ താവൽ സംസ്കൃതമനാദി; അന്യദാദിമതു്; തസ്യ സംസ്കൃതാൽ പ്രഭവസ്സ്യാൽ, തത്ര പ്രകൃതിത്വേനസ്ഥിതം ക്വചിദൂഹവിഷയോ ഭവതി; ക്വചിൽ പുനരത്യന്തതിരോഭാവാദൂഹോ ന ശക്യതേ, തത്ര രൂഢത്വമുച്യതേ,” അതായതു് “യാതൊരു പദത്തിനു സംസ്കൃതപ്രകൃതി ഊഹിക്കുവാൻ കഴിയുമോ അതു സംസ്കൃതഭവമാണു്; അനാദിയാണല്ലോ സംസ്കൃതഭാഷ; മറ്റു ഭാഷകൾ പിന്നീടുണ്ടായവയാണു്; അതുകൊണ്ടു് അവ സംസ്കൃതത്തിൽനിന്നു ജനിച്ചിരിക്കണം. അവയിൽ ചിലതിന്റെ പ്രകൃതി ഊഹിക്കാവുന്നതാണു്; മറ്റു ചിലതിന്റെ പ്രകൃതി അത്യന്തം തിരോഹിതമായിത്തീർന്നിരിക്കുന്നതിനാൽ ഊഹിക്കുവാൻ സാധിക്കുന്നതല്ല; ഒടുവിൽപറഞ്ഞ മാതിരിയിലുള്ള പദങ്ങൾ രൂഢങ്ങളാണു്” എന്നു് അഭിപ്രായപ്പെടുന്നു. വാസ്തവത്തിൽ ഈ രൂഢപദസമൂഹം അതാതു ഭാഷയുടെ തറവാട്ടുമുതലാണു്; അല്ലാതെ സംസ്കൃതത്തിൽനിന്നു നേരിട്ടു തത്സമമായോ; പ്രാകൃതംവഴിക്കോ മറ്റോ തത്ഭവമായോ, ഇരവൽ വാങ്ങിയതല്ല; അതിനെയാണു് ദേശ്യമെന്നു പറയുന്നതു്. ലീലാതിലകത്തിൽ തേവർ, വർക്കം, ചങ്ങത, പലക, പിച്ച, ചുരിക എന്നീ പദങ്ങളുടെ പ്രകൃതി ദേവ, വർഗ്ഗ, സംഹിതാ, ഫലക, ഭിക്ഷാ, ച്ഛുരികകളാണെന്നു പറയുന്നതു ശരിയാണെങ്കിലും കമുകു്, കാടു്, കുതിര ഇവയുടെ പ്രകൃതികൾ ക്രമുക, കാടികാ, കുദുരങ്ങളാണെന്നു പറയുന്നതു സ്വീകാരയോഗ്യമാണെന്നു തോന്നുന്നില്ല. അവയേയും വയറു്, പാമ്പു്, ചോറു് എന്നീ പദങ്ങളെപ്പോലെതന്നെ രൂഢങ്ങളായി ഗണിക്കേണ്ടതാണു്. കമ്മാരൻ (കമ്മാളൻ), കാലം, രാത്രി, ഫലം (പഴം), രൂപം (ഉരുവം) എന്നിത്യാദിപദങ്ങൾ ഋഗ്വേദത്തിൽതന്നെ കാണുന്നുണ്ടെങ്കിലും അവ ദ്രവിഡഭവങ്ങളാണെന്നു ചില പണ്ഡിതന്മാർ വാദിക്കുന്നു. പൂർവ്വാചാര്യന്മാരുടെ ആശയത്തെത്തന്നെയാണു് കേരളകൗമുദിയിൽ കോവുണ്ണിനെടുങ്ങാടിയും അനുസരിക്കുന്നതു് എന്നുള്ളതു് അതിലെ


“സംസ്കൃതഹിമഗിരിഗളിതാ ദ്രാവിഡവാണീകളിന്ദജാമിളിതാ കേരളഭാഷാഗങ്ഗാ വിഹരതു മമ ഹൃൽസരസ്വദാസങ്ഗാ” എന്ന പദ്യത്തിൽനിന്നു് അനുമാനിക്കാവുന്നതാകുന്നു.

2.6സിദ്ധാന്തപക്ഷം

രണ്ടു ഭാഷകൾക്കു തമ്മിൽ ജന്യജനകസംബന്ധം ഉണ്ടോ എന്നു നിർണ്ണയിക്കുന്നതിനു ചില അവ്യഭിചാരികളായ ഉപാധികൾ ഉണ്ടു്. ഒരു ഭാഷ മറ്റൊരു ഭാഷയിൽനിന്നു് എത്ര പദങ്ങൾ കടം വാങ്ങിയാലും അതുകൊണ്ടുമാത്രം അതിന്റെ വ്യക്തിത്വം നശിക്കുന്നതല്ല. ദ്രാവിഡഭാഷകളെപ്പറ്റി പറയുകയാണെങ്കിൽ തെലുങ്കും കർണ്ണാടകവും മലയാളവും അനവധി പദങ്ങൾ സംസ്കൃതത്തിൽനിന്നു സ്വീകരിച്ചിട്ടുണ്ടെങ്കിലും തമിഴു് ഇന്നും അതിന്റെ അഭിക്രമണത്തെ യഥാശക്തി തടുത്തുനിറുത്തിക്കൊണ്ടുതന്നെയാണു് ജീവിക്കുന്നതു്. തെലുങ്കു മുതലായ ഭാഷകളിലും ഗൃഹ്യോപയോഗത്തിനുള്ള പദങ്ങൾ പ്രായേണ ദ്രാവിഡങ്ങളാണെന്നും സാംസ്കാരികവും മതപരവും ശാസ്ത്രവിഷയകവുമായ കാര്യങ്ങളിൽമാത്രമാണു് സംസ്കൃതത്തിന്റെ ഉത്തമർണ്ണത പ്രകടീഭവിക്കുന്നതെന്നുമുള്ള വസ്തുത നാം മറക്കരുതു്. ഗ്രാമങ്ങളുടെ പഴയ നാമധേയങ്ങൾ മിക്കവാറും ദ്രാവിഡംതന്നെ. പ്രകാരാന്തരേണ പ്രസ്താവിക്കുകയാണെങ്കിൽ ആവശ്യത്തിനു ദ്രാവിഡപദങ്ങളും അലങ്കാരത്തിനും ആഡംബരത്തിനും സംസ്കൃതപദങ്ങളുമാണു് ഈ ഭാഷകളിൽ പ്രചരിക്കുന്നതു്. ഇതിനുംപുറമേ സംസ്കൃതത്തിന്റെ വർദ്ധമാനമായ സമ്മർദ്ദം നിമിത്തം പണ്ടു നിത്യോപയോഗത്തിലിരുന്ന പല ദ്രാവിഡപദങ്ങളേയും പുറംതള്ളി അവയുടെ സ്ഥാനങ്ങളിൽ സംസ്കൃതപദങ്ങൾ അനന്തരകാലങ്ങളിൽ വലിഞ്ഞുകേറി സ്വൈരവാസം ചെയ്യുന്നു എന്നും പറയേണ്ടതുണ്ടു്. എന്നാൽ സർവ്വനാമങ്ങൾക്കു് ഒരിക്കലും അത്തരത്തിൽ ഒരു ദുർദ്ദശ സംഭവിക്കുവാൻ ഇടയില്ലാത്തതും പ്രകൃതത്തിലും അതു സംഭവിച്ചിട്ടില്ലാത്തതുമാകുന്നു. ഞാൻ, നീ, അവൻ, ഇവൻ, ആർ, എന്തു്, ഒന്നു്, രണ്ടു്, മുതലായ പദങ്ങൾ അവയുടെ അർത്ഥങ്ങളെ കുറിക്കുന്ന സംസ്കൃതപദങ്ങളിൽനിന്നു ഭിന്നങ്ങളാണെന്നു പറയേണ്ടതില്ലല്ലോ. പദങ്ങളുടെ കഥ അങ്ങനെയിരിക്കട്ടെ. സാധാരണമായി പ്രകൃതി, പ്രത്യയം എന്നീ രണ്ടംശങ്ങൾ ചേർന്നതാണല്ലോ പദം. പ്രകൃത്യംശത്തിനു് എത്രയെല്ലാം സാജാത്യം സംഭവിച്ചാലും പ്രത്യയാംശത്തിനു് ഐകരൂപ്യമില്ലെങ്കിൽ രണ്ടു ഭാഷകൾ സഗോത്രങ്ങളാണെന്നു പറയാൻ പാടുള്ളതല്ല. സംസ്കൃതത്തിനും ദ്രാവിഡത്തിനും തമ്മിൽ ഈ വിഷയത്തിലുള്ള വിഭിന്നത പ്രത്യക്ഷമാണു്. ഒന്നാമതു് ദ്രാവിഡം സംശ്ലിഷ്ടകക്ഷ്യയിലും സംസ്കൃതം വൈകൃതകക്ഷ്യയിലുമാണു് സ്ഥിതിചെയ്യുന്നതു്. സംശ്ലിഷ്ടകക്ഷ്യയിൽ (തൊടർനില) സംബന്ധത്തെ കുറിക്കുന്ന ചില പദങ്ങൾക്കു സ്വതന്ത്രമായി നിൽക്കുന്നതിനും ശക്തിയുണ്ടു്. ‘കൊണ്ടു്’ തുടങ്ങിയ ഗതികൾ ഇത്തരത്തിലുള്ള പദങ്ങളാകുന്നു. വൈകൃതകക്ഷ്യയിൽ (ഉരുവുനില) പ്രകൃതിയിൽന്നു വേർപെട്ടാൽ പ്രത്യങ്ങൾക്കു് അർത്ഥമില്ല. സംസ്കൃതത്തിലെ സുബന്താദി പ്രത്യയങ്ങളുടെ അവസ്ഥ അങ്ങനെയുള്ളതാണല്ലോ. രണ്ടാമതു്, വിഭക്തി പ്രത്യയങ്ങൾ, വചനപ്രത്യയങ്ങൾ, ക്രിയാപദപ്രത്യയങ്ങൾ ഇവ രണ്ടു ഭാഷകളിലും ഏറ്റവും വ്യത്യസ്തങ്ങളാണെന്നുള്ളതിന്നുപുറമെ അവ ചേർക്കുന്ന രീതിക്കും പ്രകടമായ ഭേദമുണ്ടു്. ‘മരങ്ങളുടെ’ എന്ന പദത്തിൽ ‘മു്’ എന്ന ലിങ്ഗപ്രത്യയവും ‘കൾ’ എന്ന വചനപ്രത്യയവും ‘ഉടെ’ എന്ന വിഭക്തിപ്രത്യയവും ഒന്നിനു മീതെ ഒന്നായി മേൽക്കുമേൽ ചേർത്തിരിക്കുന്നു. സംസ്കൃതത്തിൽ ഇങ്ങനെയല്ലല്ലോ ചെയ്യാറുള്ളതു്. മൂന്നാമതു്, ദ്രാവിഡത്തിൽ കർമ്മണി പ്രയോഗമില്ല; വല്ല പ്രാചീന കൃതികളിലും നാം അതു് അപൂർവമായി കാണുന്നുണ്ടെങ്കിൽ അതു സംസ്കൃതത്തിന്റെ അനുകരണമായിട്ടു മാത്രമായിരിക്കും. ഇതിന്നും പുറമേ ഭാവേപ്രയോഗം എന്നൊന്നു ഭാഷയിൽ ഒരിടത്തുംതന്നെയില്ല. നാലാമതു്, ദ്രാവിഡത്തിലും സംസ്കൃതത്തിലും നിപാതരൂപങ്ങൾക്കു തമ്മിൽ വളരെ അന്തരമുണ്ടു്. അഞ്ചാമതു്, ദ്രാവിഡത്തിൽ അചേതനനാമങ്ങൾക്കും അവയെ കുറിക്കുന്ന സർവനാമങ്ങൾക്കും ലിങ്ഗഭേദമില്ല. ആറാമതു്, നപുംസകനാമങ്ങൾക്കു ബഹുവചനമില്ല. ഏഴാമതു്, ഭേദകങ്ങൾക്കു നാമങ്ങളുമായി ലിങ്ഗവചനവിഭക്തിപ്പൊരുത്തമില്ല. എട്ടാമതു്, രണ്ടു ഭാഷകളിലെ അക്ഷരമാലകൾക്കും തമ്മിൽ സ്പഷ്ടമായ വ്യത്യാസമുണ്ടു്. ഒൻപതാമതു്, സന്ധി നിയമങ്ങളിലും ആ വ്യത്യാസം ധാരാളമായി കാണാം. ഇങ്ങനെ വ്യാകരണ സംബന്ധമായ പല വൈജാത്യങ്ങളുടേയും ഗണന ഇനിയും തുടർന്നുകൊണ്ടു പോകാവുന്നതാണു്. അതുകൊണ്ടു ദ്രാവിഡവും സംസ്കൃതവും ഏകഗോത്രത്തിൽപ്പെട്ട ഭാഷകളല്ലെന്നുതന്നെ നിസ്സന്ദേഹമായി നിർണ്ണയിക്കേണ്ടിയിരിക്കുന്നു. ഇന്നുള്ള കുറെ ദ്രാവിഡപദങ്ങളെ സംസ്കൃതധാതുക്കളുമായി യേനകേനപ്രകാരേണ ഘടിപ്പിക്കുവാൻ കഴിയുന്നതാണെന്നുള്ളതുകൊണ്ടുമാത്രം ഇവയ്ക്കു ജന്യജനകഭാവം കല്പിക്കുവാൻ പാടുള്ളതല്ല. വടമൊഴി അഥവാ ഉത്തരദേശഭാഷയെന്നു സംസ്കൃതത്തിനും തെൻമൊഴി അഥവാ ദക്ഷിണഭാഷയെന്നു ദ്രാവിഡത്തിനും ദ്രാവിഡസാഹിത്യത്തിന്റെ ആരംഭകാലംമുതൽക്കുതന്നെ പേരുണ്ടായിരുന്നു എന്നുള്ള വസ്തുതയും ഇവിടെ സ്മരണീയമാണു്. ലോകത്തിന്റെ ശൈശവാവസ്ഥയിൽ ഒരു മൂലഭാഷയേ ഉണ്ടായിരുന്നുള്ളുവോ എന്നും ദ്രാവിഡവും സംസ്കൃതവും ആ ഭാഷയുടെ രണ്ടുൾപ്പിരിവുകളാണോ എന്നും മറ്റുമുള്ള പ്രശ്നങ്ങൾക്കു് ഉത്തരം പറയാൻ വേണ്ട തെളിവുകൾ ഇനിയും നമുക്കു പരിപൂർണ്ണമായി ലഭിച്ചിട്ടില്ലാത്തതും അവയെപ്പറ്റി അടിസ്ഥാനമില്ലാതെയുള്ള അനുമാനങ്ങൾ ചെയ്യുന്നതുകൊണ്ടു പ്രായോഗികമായ പ്രയോജനമൊന്നും സിദ്ധിക്കുവാൻ നിർവാഹമില്ലാത്തതുമാകുന്നു. മാനവസമുദായം ഏകമാകയാൽ ചില ശബ്ദങ്ങൾ ആദിമകാലത്തു സർവസാധാരണമായിരുന്നിരിക്കാവുന്നതും തന്നിമിത്തം ഇന്നു കാണുന്ന ഭിന്നഭാഷാകുടുംബങ്ങളിൽ അവ സമാനരൂപങ്ങളായി നിലകൊള്ളാവുന്നതുമാണെന്നുള്ളതിനെപ്പറ്റി ആർക്കും വിവദിക്കുവാൻ ന്യായമില്ലെന്നുകൂടി ഇവിടെ പ്രസ്താവിക്കേണ്ടതുണ്ടു്.


അദ്ധ്യായം 3 - മലയാളഭാഷയുടെ ഉൽപത്തി

3.1കർണ്ണാടകവും തെലുങ്കും

പഴന്തമിഴ് എന്നു നാം രണ്ടാമധ്യായത്തിൽ നാമകരണം ചെയ്ത മൂലദ്രാവിഡഭാഷ കാലാന്തരത്തിൽ ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി പിരിഞ്ഞു. ഉത്തരദ്രാവിഡശാഖയിൽപെട്ട ഭാഷകളാകുന്നു കർണ്ണാടകവും തെലുങ്കും. ഇവയിൽ ആദ്യമായി വേർപിരിഞ്ഞ ഉപശാഖ ഏതെന്നുള്ളതിനെപ്പറ്റിയുള്ള വാദം ഇന്നും അവസാനിച്ചിട്ടില്ല. എന്നാൽ കർണ്ണാടകത്തിനുള്ളതിനേക്കാൾ പഴക്കം കല്പിക്കാവുന്ന ചില പ്രയോഗങ്ങൾ തെലുങ്കിൽ കാണാമെങ്കിലും കർണ്ണാടകത്തിൽനിന്നാണു് തെലുങ്കു വേർതിരിഞ്ഞതെന്നു് ഊഹിക്കുവാൻ ഒന്നിലധികം ന്യായങ്ങൾ ഉണ്ടു്. ദക്ഷിണഭാരതത്തിന്റെ പൂർവോത്തരഭാഗങ്ങളിൽ പ്രചരിച്ചിരുന്ന കർണ്ണാടകം കാലക്രമത്തിൽ തെലുങ്കായിത്തീർന്നു. കരുനാടു് (കറുത്ത മണ്ണുള്ള നാട്) എന്ന പദം കരുനാടം അഥവാ കരുനാടകമായി വിപരിണമിച്ചു്, കർണ്ണാടം അഥവാ കർണ്ണാടകം എന്നു സംസ്കൃതത്തിലും കന്നടം എന്നു ദ്രാവിഡത്തിലും രൂപം നേടി. കരുനാടകം എന്നു ക്രി. പി. എട്ടാംശതകത്തിലെ വേൾവിക്കുടിശാസനത്തിലും കന്നടം എന്നു ചിലപ്പതികാരത്തിലും പ്രയോഗം കാണുന്നു. ഈ കർണ്ണാടകം ‘ഹളകന്നടം’ അല്ലെങ്കിൽ പഴങ്കന്നടമെന്നും ‘പൊസകന്നടം’ അഥവാ പുതിയ കന്നടം എന്നും രണ്ടുമാതിരി ഉള്ളതിൽ ആദ്യത്തേതു് തമിഴിൽനിന്നു പിരിഞ്ഞതാണെന്നു തദ്ദേശവൈയാകരണന്മാർ പരക്കെ സമ്മതിക്കുന്നു. പത്താം ശതകത്തിൽ ജീവിച്ചിരുന്ന ഛന്ദോംബുധികർത്താവായ നാഗവർമ്മൻ പ്രാചീനകർണ്ണാടകാക്ഷരമാലയിൽ മഹാപ്രാണങ്ങളും ഊഷ്മാക്കളും ഇല്ലായിരുന്നു എന്നു പ്രസ്താവിക്കുന്നു. പഴങ്കന്നടത്തിനും തമിഴിനും മലയാളത്തിനും തമ്മിൽ അനേകം അംശങ്ങളിൽ സാജാത്യമുണ്ടു്. ഈജിപ്തിൽ ഓൿസിറിങ്കസ് (Oxyroehynchus) എന്ന സ്ഥലത്തുനിന്നു കിട്ടിയ ക്രി. പി. രണ്ടാംശതകത്തിലെ ഒരു പാപ്പിറസ് ഗ്രന്ഥത്തിൽ ചാരിറ്റിയോൺ എന്ന ഒരു ഗ്രീക്ക് യുവതി യാത്രചെയ്തിരുന്ന കപ്പൽ ഛിന്നഭിന്നമായി ഇന്ത്യൻ സമുദ്രതീരത്തു് അടിഞ്ഞതായും അവിടത്തെ രാജാവു് (‘ബേറേകൊഞ്ച മധുപാത്രക്കേകാകി’) വേറെ കുറെ മദ്യം ഒരു പാത്രത്തിലൊഴിച്ചു് (‘പാനം ബേർ എത്തിക്കട്ടി മധുപം ബേർ’) ‘ഈ പാത്രം എടുത്തു് അടച്ചു കെട്ടീട്ടു ഞാൻ പ്രത്യേകമായി ഇതിലെ മദ്യം പാനം ചെയ്യാം,’ എന്നു പറഞ്ഞതായും മറ്റും രേഖപ്പെടുത്തീട്ടുണ്ടു്. ഉദ്ധൃതങ്ങളായ വാക്യങ്ങൾ പഴങ്കന്നടമാണു്. വളരെക്കാലത്തേക്കു തെലുങ്കരേയും കന്നടരേയും കർണ്ണാടകന്മാരെന്നും അവരുടെ സാഹിത്യങ്ങളെ കർണ്ണാടകസാഹിത്യമെന്നും പൊതുവായി പറഞ്ഞുവന്നു. ക്രി. പി. ഒൻപതാംശതകത്തിൽ ജീവിച്ചിരുന്ന കവിരാജമാർഗ്ഗപ്രണേതാവായ നൃപതുങ്ഗനാണു് കർണ്ണാടക ഭാഷയിലെ ആദ്യത്തെ ഗ്രന്ഥകാരൻ. [1] എന്നാൽ ആറാംശതകത്തിനുമുമ്പുതന്നെ ആ ഭാഷയിൽ ശിലാരേഖകൾ കാണുന്നുണ്ടു്. തെലുങ്കുഭാഷയിലെ ശിലാരേഖകൾ എട്ടാംശതകത്തിൽ ആരംഭിക്കുന്നു. തെലുങ്കു് എന്ന പദം ‘ത്രിലിങ്ഗം’ എന്നതിന്റെ തത്ഭവമാണെന്നും അതു കാലേശ്വരം, ശ്രീശൈലം, ദ്രാക്ഷാരാമം എന്നീ മൂന്നു ശിവലിങ്ഗങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളുടെ സാന്നിദ്ധ്യംകൊണ്ടു് ആദ്യമായി തെലുങ്കുദേശത്തിനു ലഭിച്ച പേരാണെന്നും ആ പേർ ഭാഷയ്ക്കു പകർന്നതു പിന്നീടാണെന്നും ചില പണ്ഡിതന്മാർ പ്രസ്താവിക്കുന്നു. ‘തെലുങ്കു്’ എന്ന പദം തത്ഭവമേ അല്ലെന്നും തെളിവുള്ള ഒരു ഭാഷയായതിനാൽ അതിനു ആ പേർ വന്നതാണെന്നും മറ്റുചിലർ വാദിക്കുന്നു. ‘തെനുകു’ എന്നതാണു് ശരിയായ രൂപമെന്നും അതിന്റെ അർത്ഥം തേനാകുന്നതു് അഥവാ മധുതുല്യം എന്നാണെന്നും അഭ്യൂഹിക്കുന്നവരും ഇല്ലെന്നില്ല. സംസ്കൃതത്തിൽ തെലുങ്കിനെ ആന്ധ്രഭാഷയെന്നു പറയുന്നു. തമിഴരുടെ സംഘകാലത്ത് ആന്ധ്രദേശത്തെ തമിഴ്പ്പെയർദേശം അതായതു് തമിഴുമായുള്ള ബന്ധം വിട്ട ദേശം എന്നു പറഞ്ഞുവന്നതായി കാണുന്നു. ‘വടുകു്’ അതായതു് ഉത്തരദേശഭാഷ എന്ന നാമമാണു് അന്നത്തെ ഗ്രന്ഥകാരന്മാർ തെലുങ്കിനു നല്കിവന്നതു്. തെലുങ്കുഭാഷയിലെ ഒന്നാമത്തെ ഗ്രന്ഥകാരൻ മഹാഭാരതത്തിന്റെ ആദ്യഭാഗം തർജ്ജമചെയ്ത നന്നയ്യഭട്ടനാകുന്നു. അതുവരെ തെലുങ്കർ കർണ്ണാടകഭാഷയിലാണു് പ്രബന്ധങ്ങൾ രചിച്ചുവന്നതു്. പതിനഞ്ചാംശതകത്തിൽ ജീവിച്ചിരുന്ന ശ്രീനാഥൻപോലും താൻ തെലുങ്കിലാണു് കവനം ചെയ്യുന്നതെങ്കിലും മാമൂലനുസരിച്ച് അതു കർണ്ണാടകമാണെന്നു പ്രസ്താവിച്ചിരിക്കുന്നു. ഴ, ള, റ എന്നീ മൂന്നക്ഷരങ്ങൾ മൂലദ്രാവിഡത്തിന്റെ പ്രത്യേക സ്വത്താണല്ലോ. കന്നടത്തിൽ ഴ പന്ത്രണ്ടാംശതകത്തിലും റ പതിനേഴാംശതകത്തിലും നശിച്ചുപോയി; എന്നാൽ അതിന്റെ ഒരു അപരിഷ്കൃതോപഭാഷയായ നീലഗിരിയിലെ ‘ബഡഗ’ഭാഷയിൽ ആ അക്ഷരം ഇന്നുമുണ്ടു്. തെലുങ്കു് ഒരു സാഹിത്യഭാഷയായി വികസിക്കുന്നതിനു മുമ്പുതന്നെ അതിലെ ഴകാരം അസ്തമിച്ചു. ഇങ്ങനെ പല മാറ്റങ്ങളും കർണ്ണാടകത്തിലും തെലുങ്കിലും വരുന്നതിനുള്ള കാരണം സംസ്കൃതഭവഭാഷകളുടെ മർദ്ദമാകുന്നു. തെലുങ്കിനു്, കർണ്ണാടകത്തെക്കാൾ, വിദർഭത്തിനും കലിംഗത്തിനും ഇടയ്ക്കു പ്രചരിയ്ക്കകൊണ്ടു് ആ ഭാഷകളോടു കൂടുതലായി ബന്ധമുണ്ടാകുകയും, തെലുങ്കുദേശം ക്രി. പി. രണ്ടാംശതകം മുതൽ കുറേക്കാലത്തേയ്ക്കു ബുദ്ധമതാനുയായികളും പാലിഭാഷ സംസാരിക്കുന്നവരുമായ ആന്ധ്രരാജാക്കന്മാരുടെ ശാസനത്തിനു അധീനമായിത്തീരുകയാൽ ആ ബന്ധം ദൃഢിഭവിക്കുകയും ചെയ്തു. തെലുങ്കുമായുള്ള സമ്പർക്കംകൊണ്ടു കർണ്ണാടകത്തിനു പ്രത്യയവിഷയത്തിലും മറ്റും അനന്തരകാലങ്ങളിൽ പലവിധത്തിലുള്ള മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടു്. ബഡഗ ഭാഷ കൂടാതെ കുറുംവാരി (കറുമ്പരുടേതു്) എന്നൊരു ഉപഭാഷയും കർണാടകത്തിനുണ്ടു്. അതു് നീലഗിരി, കുടകു മുതലായ ദേശങ്ങളിൽ പ്രചരിക്കുന്നു. കാമാട്ടി, വസരീ എന്നിങ്ങനെ ചില ഉപഭാഷകൾ തെലുങ്കിനും കാണുന്നു; അവയുടെ പ്രചാരം അധികവും ബോംബേ പ്രവിശ്യയിലാണു്.

3.2തമിഴകം

ഈവിധം ദക്ഷിണഭാരതത്തിൽ കർണ്ണാടകവും തെലുങ്കും പ്രചരിച്ചുവന്ന ഉത്തരഭാഗം ഒഴിച്ചു് അതിനുതെക്കുള്ള ഭാഗം മാത്രമാണു് തമിഴകം എന്നു പുറനാനൂറു തുടങ്ങിയ സംഘസാഹിത്യഗ്രന്ഥങ്ങളിൽ പേർ പറയുന്ന ദേശം. അകം എന്നാൽ നാടെന്നർത്ഥം. “വടവെങ്കടം തെൻകുമരിയായിടൈത്തമിഴു് കുറുനല്ലുലകം” എന്നു ക്രി. മു. ഒന്നാം ശതകത്തിൽ വിരചിതമായ തൊൽകാപ്പിയമെന്ന ദ്രാവിഡവ്യാകരണഗ്രന്ഥത്തിനു പനമ്പാരനാർ പാടിയ പായിര (പ്രശസ്തി) ത്തിൽ നിന്നു് ഈ തമിഴകത്തിന്റെ വടക്കേ എലുക വെങ്കടമെന്നു പറയുന്ന തിരുപ്പതിമലയും തെക്കേ എലുക കന്യാകുമാരിയുമാണെന്നു വെളിവാകുന്നു. “നാർപ്പെയരെല്ലൈയെൻപതു തെൻകുമരി വടവെങ്കടം കുണകടൽ കുടകടൽ” ഇവയാണെന്നു് ഒൻപതാം ശതകത്തിൽ ജിവിച്ചിരുന്ന ‘പേരാചാരിയർ’ എന്ന തൊൽക്കാപ്പിയ വ്യാഖ്യാതാവും


“വടാ അതു പനി പടുനെടുവരൈ വടക്കും
തെനാ അതുരുകെഴുകുമരിയിന്റെർക്കും
കുണാ അതുകരൈ പൊരുതൊടു കടർക്കുണക്കും
കുടാ അതുതൊൻറു മുതിർ പൗവത്തിൻ കുടർക്കും.”
എന്നു കാരികിഴാരും “തെൻകുമരി വടപെരുങ്കർ കുണകുടകടലാവെല്ലൈ” എന്നു കുറുങ്കോഴിയൂർകിഴാരും അതിനു മുൻപു തന്നെ പുറനാനൂറിലും പാടിയിരിക്കുന്നതിൽനിന്നു തമിഴകത്തിന്റെ കിഴക്കും മേക്കുമുള്ള അതിരു സമുദ്രമായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണു്. ഒരുകാലത്തു കന്യാകുമാരി ഒരു നദിയായിരുന്നു എന്നും അതിനു് ഇരുന്നൂറു നാഴിക തെക്കോളം പാണ്ഡ്യരാജ്യം വ്യാപിച്ചിരുന്നു (കുമരിയാർ കെടുവതർക്കുമുന്നൈയതു) എന്നും പനമ്പാരനാരുടെ പായിരത്തിനു് ഉരൈ (വ്യാഖ്യാനം) എഴുതിയ ഇളമ്പൂരണരും മറ്റും പ്രസ്താവിച്ചിരിക്കുന്നു. “നെടിയോൻ കുൻറമും തൊടിയോൾപൗവവും തമിഴ് വരമ്പറുത്ത തൺപുനനാടു” എന്നു ചിലപ്പതികാരത്തിൽ വേനിർക്കാതയിലും വിവരിച്ചിട്ടുണ്ടു്. നെടിയോൻ കുൻറമെന്നാൽ ത്രിവിക്രമരൂപനായ മഹാവിഷ്ണുവിന്റെ കുന്നു്, അതായതു തിരുപ്പതി, എന്നും തൊടിയോൾ പൗവം എന്നാൽ കൈവളയണിഞ്ഞ ദേവിയുടെ അതായതു കുമാരീഭഗവതിയുടെ സമുദ്രമെന്നുമാണർത്ഥം.

3.3മൂവരശർ

തമിഴകം ചേരർ, ചോളർ, പാണ്ഡ്യർ എന്നീ (മൂവരശർ) മൂന്നു രാജവംശങ്ങളുടെ ശാസനത്തിൽ വളരെക്കാലം ഇരുന്നിരുന്നു. ഇവർ (പടൈപ്പുകാലം തൊട്ടേ) ആദികാലം മുതല്ക്കേയുള്ള രാജാക്കന്മാരാണെന്നു തിരുക്കുറളിന്റെ വ്യാഖ്യാനത്തിൻ പരിമേലഴകർ പറയുന്നു. ആകെക്കൂടി നൂറ്റെൺപതു കാതം വിസ്താരമുണ്ടായിരുന്ന തമിഴകത്തിൽ എൺപതു കാതം ചേരരും അൻപത്താറു കാതം പാണ്ഡ്യരും നാല്പത്തിനാലു കാതം ചോളരും ഭരിച്ചിരുന്നു. വളരെക്കാലം കഴിഞ്ഞു തെക്കൻ പെന്നാറ്റിനു വടക്കു കാഞ്ചീപുരമുൾപ്പെട്ട ഇരുപതു കാതം പ്രദേശം തൊണ്ടൈമണ്ഡലം (തുണ്ഡീരം) ആയും, കോയമ്പത്തൂർ, സേലം, നീലഗിരി മുതലായവ ഉൾപ്പെട്ട പ്രദേശം കൊങ്കുമണ്ഡലമായും വേർപിരിഞ്ഞു. ഇവയും മൈസൂറിന്റെ തെക്കേ അറ്റത്തു്, ഏതാനും ഭാഗവും, ഇന്നത്തെ കേരളത്തിന്നു പുറമേ, പഴയ ചേരരാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. തമിഴകം ഇങ്ങനെ മൂന്നിൽനിന്നു് അഞ്ചു രാജ്യങ്ങളായപ്പോൾ ചേരമണ്ഡലത്തിനു മലൈമണ്ഡലം അഥവാ മലൈനാടു് എന്നൊരു പേരും സിദ്ധിച്ചു. [2] തമിഴകത്തിന്റെ പശ്ചിമഭാഗം ചേരർക്കും പൂർവോത്തരഭാഗം ചോളർക്കും പൂർവ്വദക്ഷിണഭാഗം പാണ്ഡ്യർക്കും അധീനമായിരുന്നതിനാൽ അവയ്ക്കു യഥാക്രമം കുടപുലം (പശ്ചിമദേശം), കുണപുലം (പൂർവദേശം), തെൻപുലം (ദക്ഷിണദേശം) എന്നീ നാമധേയങ്ങൾ ലഭിച്ചു. പുലമെന്നാൽ ദേശമെന്നർത്ഥം. ചേരലു് (ചേർച്ച) എന്ന പദത്തോടു സ്ഥലവാചിയായ ‘അകം’ ചേർന്നപ്പോൾ ഉണ്ടായ സമസ്തപദമാണു് ചേരലം; ചേരലത്തിന്റെ സങ്കുചിതരൂപമാകുന്നു ചേരം. ഒരുകാലത്തു കടൽ പിൻവാങ്ങുകയാൽ കരയോടുചേർന്ന പ്രദേശമാണല്ലോ ചേരം. ചേരലം സംസ്കൃതീഭവിച്ചതാണു് കേരളം. [3] ചേരലൻ എന്നതു് ചേരരാജാക്കന്മാരുടെ പൊതുപ്പേരാണു്. മൂവരശരിൽ എല്ലാം കൊണ്ടും ശ്രേഷ്ഠത ചേരന്മാർക്കായിരുന്നു. അവരെപ്പറ്റി ദ്രാവിഡസാഹിത്യത്തിൽ പ്രസ്താവിക്കുന്നതുതന്നെ ചേര ചോള പാണ്ഡ്യരെന്ന ക്രമമനുസരിച്ചാണു്. ‘ചിറു പാണാറ്റുപ്പടൈ’ എന്ന സംഘഗ്രന്ഥത്തിൽ കുട്ടവൻ (ചേരൻ) ചേഴിയൻ (പാണ്ഡ്യൻ) ചെമ്പിയൻ (ചോളൻ) എന്നു് ഇവരുടെ പൗർവ്വാപര്യം നിർദ്ദേശിച്ചിരിക്കുന്നു. തൊല്കാപ്പിയത്തിൽ “പോന്തൈ വേമ്പൈ യാരെന വരൂഉ” അതായതു ചേരർ പനമ്പൂവും പാണ്ഡ്യർ വേപ്പിൻപൂവും ചോളർ കൊന്നപ്പൂവുമാണു് വെറ്റി (ജയ) മാലയ്ക്കുപയോഗിക്കുന്നതെന്നു വിവരിച്ചു കാണുന്നു. ചേരർക്കു (പൊരുൾ) അർത്ഥവും പാണ്ഡ്യർക്കു (ഇമ്പം) കാമവും ചോളർക്കു (അറം) ധർമ്മവുമായിരുന്നു മുഖ്യ പുരുഷാർത്ഥങ്ങൾ. വില്ലു ചേരരുടേയും മീൻ പാണ്ഡ്യരുടേയും പുലി ചോളരുടേയും കൊടിയടയാളമായിരുന്നു. പ്രജാപാലനത്തിൽ വീരമുരജം ചേരർക്കും ന്യായമുരജം പാണ്ഡ്യർക്കും ത്യാഗമുരജം ചോളർക്കും വാദ്യമായിരുന്നു എന്നും മുത്തമിഴിൽ ചേരർക്കു നാടകത്തമിഴും പാണ്ഡ്യർക്കു് ഇചൈത്തമിഴും ചോളർക്കു് ഇയറ്റമിഴുമായിരുന്നു പ്രധാനമെന്നും പ്രാചീന ദ്രാവിഡ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടു്. ‘വേഴമുടൈത്തു മലൈനാടു്’, അതായതു് ആനകൾക്കു മലനാടും മുത്തിനു പാണ്ടിനാടും ചോറിനു ചോളനാടും കേൾവിപ്പെട്ടതാണെന്നു് ഔവയാരും പാടിയിരിക്കുന്നു. ഇതിൽനിന്നെല്ലാം ചേരരുടെ സ്ഥാനൗന്നത്യവും ഐശ്വര്യമഹിമയും യുദ്ധവീരതയും ഏറെക്കുറെ വിശദമാകുന്നതാണു്.

3.4ചെന്തമിഴു്

ഉദ്ദേശം ക്രി. മു. മൂന്നാം ശതകത്തോടുകൂടി തമിഴു് ഒരു സാഹിത്യഭാഷയായി വികസിച്ചപ്പോൾ അതിനെ വ്യാകരണനിയമങ്ങൾക്കു വിധേയമാക്കിയും മറ്റും പരിഷ്കരിക്കേണ്ട ആവശ്യം നേരിട്ടു. “പാണ്ടിയനിൻ നാടുടൈത്തു നല്ല തമിഴു്” എന്നു് ഔവയാർ ഗാനം ചെയ്യുന്നു. അങ്ങനെ (ചെവ്വിയ) ചൊവ്വാക്കിയ ഭാഷയ്ക്കു ചെന്തമിഴു് എന്നു പേർ വന്നു. വ്യവഹാരഭാഷ അതിൽനിന്നു ഭിന്നമായിരുന്നു എന്നുമാത്രമല്ല അതിനു ദേശംതോറും വ്യത്യാസവുമുണ്ടായിരുന്നു. അതിനെ പണ്ഡിതന്മാർ കൊടുന്തമിഴു് (മസൃണമല്ലാത്ത തമിഴു്) എന്നു പറഞ്ഞുവന്നു. ലക്ഷ്യഗ്രന്ഥങ്ങൾ ഉണ്ടായതിനു മേലാണല്ലോ ലക്ഷണഗ്രന്ഥങ്ങളുടെ ആവിർഭാവം. “എള്ളിൽ നിന്റെണ്ണൈയെടുപ്പതുപോലെവിലക്കിയത്തിനിന്റെടുപെടുമിലക്കണം” എന്നു് അഗസ്ത്യമുനിരചിതമായ പേരകത്തിയം (വലിയ അഗസ്ത്യം) എന്ന തമിഴ് വ്യാകരണ ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. അതിൽനിന്നു ചില സൂത്രങ്ങൾ തൊൽകാപ്പിയത്തിന്റെ വ്യാഖ്യാതാക്കൾ ഉദ്ധരിക്കുന്നു എന്നല്ലാതെ ആ ഗ്രന്ഥം ഇന്നുവരെയും കണ്ടുകിട്ടിയിട്ടില്ല. ‘പഴിത്തനർ പുലവർ’ എന്നു് ഒരു അഗസ്ത്യസൂത്രത്തിൽ കാണുന്നതിൽനിന്നു് അദ്ദേഹത്തിനു മുമ്പും ചില തമിഴ് വൈയാകരണന്മാരുണ്ടായിരുന്നതായി ഊഹിയ്ക്കേണ്ടിയിരിക്കുന്നു. ഏതായാലും അഗസ്ത്യനെത്തന്നെയാണു് തമിഴ് വ്യാകരണത്തിന്റെ പിതാവായി ഐതിഹ്യം പരിഗണിച്ചിരിക്കുന്നതു്. ‘തമിഴെനുമളപ്പരുഞ്ചലതി തന്തവൻ’ അതായതു് ‘തമിഴെന്ന അളവില്ലാത്ത ജലധി തന്നവൻ’ എന്നു കമ്പർ അദ്ദേഹത്തെ സമുചിതമായി പുകഴ്ത്തുന്നു.


“ഏവമേവ വിജാനീഹി
ദ്രാവിഡഞ്ചാപി ഭാഷിതം
വ്യാകർത്താ സ ഹി സർവ്വജ്ഞോ
യസ്യാഗസ്ത്യോ മഹാമുനിഃ”
എന്നു ശംഭുരഹസ്യത്തിലും പ്രതിപാദിച്ചിരിയ്ക്കുന്നു. അഗസ്ത്യൻ ഉദ്ദേശം ക്രി. മു. രണ്ടാംശതകത്തിൽ ജീവിച്ചിരുന്നതായി സങ്കൽപ്പിക്കാം; അതു രാമായണകാലത്തിലെ അഗസ്ത്യനല്ല; അദ്ദേഹത്തിന്റെ വംശത്തിൽ ജനിച്ച ഒരു പണ്ഡിതനായിരിക്കണം എന്നു തോന്നുന്നു. അഗസ്ത്യന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളാണു് സുപ്രസിദ്ധനായ തൊല്കാപ്പിയർ. അദ്ദേഹം 1612 സൂക്തങ്ങളിൽ തൊല്കാപ്പിയം (തൊലു്: പഴയ; കാപ്പിയം: കാവ്യം) എന്ന വ്യാകരണഗ്രന്ഥം നിർമ്മിച്ചു. തൊല്കാപ്പിയർ ജമദഗ്നിമഹർഷിയുടെ പുത്രനും ശ്രീ പരശുരാമന്റെ കനിഷ്ഠസഹോദരനും ആയിരുന്നു എന്നും തൃണധൂമാഗ്നി എന്നായിരുന്നു അദ്ദേഹത്തിന്റെ നാമധേയമെന്നുമുള്ള ഐതിഹ്യത്തിൽ വാസ്തവാംശം അധികമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ അദ്ദേഹവും ഭാർഗവഗോത്രജനായിരുന്നിരിക്കാം. എഴുത്തു്, ചൊലു് (പദം), പൊരുൾ (അർത്ഥം) ഈ മൂന്നു് അധികാരങ്ങ (അധ്യായങ്ങ) ളായി വേർതിരിച്ചിരിയ്ക്കുന്ന തൊല്കാപ്പിയംതന്നെയാണു് ചെന്തമിഴിനു് പ്രമാണഭൂതമായ ലക്ഷണഗ്രന്ഥം. ‘എനപ്പടുപ’ (എന്നു ചൊല്ലപ്പെടുന്നു), ‘എൻപ’ (എന്നു പറയുന്നു), ‘എന്റി ചിനോർ പുലവർ’ (എന്നു പറഞ്ഞു വിദ്വാന്മാർ), ‘മൊഴിപ’ (പറയുന്നു), ‘എന്മനാർ പുലമൈയോരേ’ (പണ്ഡിതന്മാർ പറയുന്നു) എന്നും മറ്റും അതിൽ പല അവസരങ്ങളിലും ‘ആദാചാര്യാണാം’ എന്നും മറ്റും പാണിനിമഹർഷിയുടെ അഷ്ടാധ്യായിയിലെന്നപോലെ പൂർവസൂരികളെ സ്മരിച്ചുകാണുന്നു. അഗസ്ത്യനും തൊല്കാപ്പിയരും സംസ്കൃതവ്യാകരണത്തിൽനിന്നു പല സംജ്ഞകളും പല നിയമങ്ങളും തമിഴിൽ സംക്രമിപ്പിച്ചിട്ടുണ്ടു്. “ഐന്തിര (ഐന്ദ്രവ്യാകരണം) നിറൈന്ത തൊല്കാപ്പിയർ” എന്നു തൊല്കാപ്പിയരുടെ സഹപാഠിയായ പനമ്പാരനാർതന്നെ അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നു. ഇന്ദ്രൻ എന്നതു ക്രി. മു. നാലാംശതകത്തിൽ ജീവിച്ചിരുന്ന ഇന്ദ്രദത്തന്റെ നാമാന്തരമാകുന്നു. [4] സംസ്കൃതത്തിലെപ്പോലെ ഏഴു വിഭക്തികൾ തമിഴിലും വേണമെന്നു് അഗസ്ത്യൻ നിശ്ചയിച്ചു് അവയ്ക്കു് ഒന്നാം വേറ്റുമൈ (പ്രഥമ), രണ്ടാം വേറ്റുമൈ (ദ്വിതീയ) എന്നിങ്ങനെ പേരുകളും നല്കി. തൊല്കാപ്പിയർ സംസ്കൃതത്തെ അനുകരിച്ചു തമിഴിൽ കർമ്മണിപ്രയോഗം വിധിച്ചു; ആറു സമാസങ്ങൾ സ്വീകരിച്ചു; യാസ്കൻ പദങ്ങളെ നാമം, ആഖ്യാതം, ഉപസർഗ്ഗം, നിപാതം എന്നു നാലായി പിരിച്ചതുപോലെ പെയർ, വിനൈ, ഇടൈച്ചൊല്, ഉരിചൊല് എന്നു് അവയ്ക്കു് നാലു വിഭാഗങ്ങൾ തമിഴിലും കല്പിച്ചു; പാണിനീയശിക്ഷയിലെ


“അഷ്ടൗ സ്ഥാനാനി വർണ്ണാനാ–
മുരഃ കണ്ഠശ്ശിരസ്തഥാ
ജിഹ്വാമൂലഞ്ച ദന്തശ്ച
നാസികോഷ്ഠൗ ച താലു ച.”
എന്ന കാരികയിൽ കാണുന്ന വിധത്തിൽ തമിഴിലെ വർണ്ണ സ്ഥാനനിയാമകമായ 83-ാം സൂത്രം രചിച്ചു. ഇങ്ങനെ തമിഴ് വ്യാകരണത്തിന്റെ നിർമ്മിതിയിൽ പല നിർദ്ദേശങ്ങളും സംസ്കൃതവ്യാകരണങ്ങളിൽനിന്നു കൈക്കൊണ്ടു എങ്കിലും താൻ തമിഴിനാണു് വ്യാകരണം രചിയ്ക്കുന്നതെന്നുള്ള പൂർണ്ണ ബോധം അദ്ദേഹത്തിനു് ആദ്യന്തം ഉണ്ടായിരുന്നു.

 

3.5കൊടുന്തമിഴു്

ഇങ്ങനെ വ്യാകരണനിയമങ്ങൾക്കും മറ്റും വിധേയമായി ഒരു പരിഷ്കൃതഭാഷയുണ്ടായപ്പോൾ ചേരം, പാണ്ഡ്യം, ചോളം ഈ മുന്നു ദേശങ്ങളിലെ പണ്ഡിതന്മാരും ആ ഭാഷയിൽതന്നെ കവനം ചെയ്തുതുടങ്ങി. ക്രി. മു. രണ്ടാം ശതകം മുതൽ ക്രി. പി. നാലാംശതകത്തിന്റെ അവസാനം വരെ അത്തരത്തിൽ നിബദ്ധങ്ങളായ കൃതികളെ സംഘ (ചങ്ക) കൃതികളെന്നു പറയുന്നു. അവയെപ്പറ്റി ഉപരി പ്രസ്താവിക്കാം. സംഘം സ്ഥാപിച്ചതു പാണ്ഡ്യദേശത്തിന്റെ തലസ്ഥാനമായ മധുരയിലാകയാൽ പാണ്ഡ്യദേശത്തിലെ തമിഴിനു ചെന്തമിഴെന്നും തമിഴകത്തിന്റെ ഇതരഭാങ്ങളിലെ തമിഴിനു കൊടുന്തമിഴെന്നും പേർ വന്നു. പല അംശങ്ങളിലും ഇവയ്ക്കു തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. സ്വതന്ത്രവും സംവ്യവഹാരത്തിന്നുമാത്രം ഉപയുക്തവുമായ ഒരു ശാഖ, നിയമബദ്ധവും വിദ്വജ്ജനങ്ങൾക്കുമാത്രം കൈകാര്യം ചെയ്യത്തക്കതുമായ ഇതരശാഖയിൽനിന്നു ഭേദിക്കുക എന്നുള്ളതു ഭാഷാശാസ്ത്രത്തിലെ ഒരു സാധാരണ നിയമമാണല്ലോ. തമിഴ്ഭാഷയിൽ ഇയർചൊല്, തിരിചൊല്, തിചൈച്ചൊല്, വടചൊല് എന്നിങ്ങനെ നാലുവിധത്തിലുള്ള പദങ്ങളുണ്ടെന്നും, അവയിൽ ഇയർചൊല് എല്ലാവർക്കും അർത്ഥം മനസ്സിലാകുന്ന സാധാരണ തമിഴ്പ്പദങ്ങളും, തിരിചൊല് കവിതയിൽമാത്രം പ്രയോഗാർഹങ്ങളായ തമിഴ്പ്പദങ്ങളും, തിചൈച്ചൊല് ഓരോ ദേശങ്ങളിൽ പ്രത്യേകമായി പ്രചരിക്കുന്ന ദ്രാവിഡപദങ്ങളും, വടചൊലു് സംസ്കൃതത്തിൽനിന്നു പ്രാകൃതം വഴിയായി സംക്രമിച്ചതും നേരിട്ടു സംക്രമിച്ചതാണെങ്കിൽ തമിഴിനെപ്പോലെ ഉച്ചരിക്കത്തക്കതുമായ സംസ്കൃതപദങ്ങളുമാണെന്നും തൊല്കാപ്പിയത്തിന്റെ വ്യാഖ്യാനത്തിൽ സേനാവരൈയർ (13-ാം ശതകം) പ്രസ്താവിയ്ക്കുന്നു.


“അവറ്റുൾ
ഇയർ ചൊറ്റാമേ
ചെന്തമിഴ്നിലത്തു വഴക്കൊടു ചിവണി–
ത്തമ്പൊരുൾ വഴാമൈയിചൈക്കും ചൊല്ലേ.” [5]
എന്ന ചൊല്ലധികാരം 398-ാം സൂത്രം വ്യാഖ്യാനിക്കുമ്പോൾ, ചെന്തമിഴ് നാട്ടിന്റെ എലുക തെക്കു വൈകയാറും വടക്കു മരുതയാറും കിഴക്കു മരുവൂരും മേക്കു കരുവൂരുമാണെന്നു് അദ്ദേഹം പറയുന്നു. മരുതയാറു് പുതുക്കോട്ട സംസ്ഥാനത്തിൽ കൂടി ഒഴുകുന്ന ഒരു നദിയാണു്; മധുരയിൽക്കൂടി പ്രവഹിക്കുന്ന വൈകയെപ്പറ്റി എല്ലാവരും കേട്ടിരിക്കുമല്ലോ. മരുവൂർ (കാവിരിപ്പൂമ്പട്ടിനം) സമുദ്രതീരത്തിലുള്ള കാവേരിപ്പട്ടണവും കരുവൂർ തൃശ്ശിനാപ്പള്ളി ജില്ലയിൽപെട്ടതും ആധുനികപണ്ഡിതന്മാരിൽ ചിലർ പ്രാചീനചേരരുടെ രാജധാനി എന്നു വാദിക്കുന്നതുമായ ഒരു സ്ഥലവുമാണു്.
“ചെന്തമിഴ് ചേർന്ത പന്നിരു നിലത്തു–
ന്തങ്കുറിപ്പിനവേ തിചൈച്ചൊർ കിളവി.”
എന്ന ചൊല്ലതികാരം 400-ാം സൂത്രത്തിനു ചെന്തമിഴ്നാട്ടിനെ തൊട്ടുള്ള പന്ത്രണ്ടു നാടുകളിൽ അതാതു നാട്ടുകാർ വിവക്ഷിക്കുന്ന അർത്ഥത്തെമാത്രം ഗ്രഹിപ്പിക്കുന്നതിനു് ശക്തിയുള്ളതും ഇയർചൊല് പോലെ എല്ലാ നാടുകളിലുമുളള ജനങ്ങൾക്കും മനസ്സിലാകാത്തതുമായ പദസമൂഹമാണു് തിചൈച്ചൊൽ (ദേശ്യപദം) എന്നു വിവരണമെഴുതി, ആ പന്ത്രണ്ടു് നാടുകൾ പൊങ്കർ, ഒളി, തെൻപാണ്ടി, കുട്ടം, കുടം, പൻറി (പന്നി), കർക്കാ, ചീതം (ശീതം), പൂഴി, മലൈ, അരുവാ, അരുവാവടതലൈ ഇവയാണെന്നും അവയെ യഥാക്രമം തെക്കുകിഴക്കുമുതൽ വടക്കുകിഴക്കുവരെ കിടക്കുന്ന ദേശങ്ങളാണെന്നു ധരിക്കണമെന്നും ആ വ്യാഖ്യാതാവു തുടർന്നു പറയുന്നു. ‘ചെന്തമിഴ് നിലഞ്ചേർ പന്നിരുനിലത്തിനും’ എന്ന വാചകം കൊണ്ടു ഭവണന്ദിയുടെ (12-ാം ശതകം) നന്നൂലിലെ 273-ാം സൂത്രവും ആരംഭിക്കുന്നു.

 


“തെൻ പാണ്ടി കുട്ടങ്കുടങ്കർക്കാ വെൺപൂഴി–
യൻറിയരുവാവതൻ വടക്കു — നൻറായ
ചീതമലാടു പുന്നാടു ചെന്തമിഴ് ചേ–
രേതമിലു് പന്നിരുനാട്ടെൺ”
എന്നൊരു പഴയ തമിഴ്വെൺപാവിലും ഈ പന്ത്രണ്ടു നാടുകളെപ്പറ്റി പ്രസ്താവിച്ചുകാണുന്നു. ഈ പാട്ടിലെ ഗണനത്തിനാണു് പണ്ഡിതന്മാർ സേനാവരൈയത്തിലേതിനേക്കാൾ പ്രാധാന്യം കല്പിച്ചുകാണുന്നതു്. മേൽപ്രസ്താവിച്ച പന്ത്രണ്ടു നാടുകളിൽ തെൻപാണ്ടി തിരുനൽവേലിജില്ലയും നാഞ്ചനാടുമാണു്. കൊല്ലം മുതൽ പൊന്നാനിവരെയുള്ള നാടിനു കുട്ടനാടെന്നു പേർ. ചേക്കിഴാർ പെരിയ പുരാണത്തിൽ ചെങ്ങന്നൂർക്കാരനായ വിറന്മിണ്ടനായനാരുടെ ദേശം കുട്ടനാടാണെന്നു പറയുന്നു. അതിനു വടക്കു കോഴിക്കോടുവരെ കുടനാടും അതിനും വടക്കു (അകര) കോരപ്പുഴവരെ പൂഴിനാടും വ്യാപിയ്ക്കുന്നു. പൂഴിയൻ എന്നതു ചേരരാജാക്കന്മാരുടെ പൊതുപ്പേരാണു്. കർക്കാനാടു കോയമ്പത്തൂർജില്ലയുടെ പടിഞ്ഞാറു ഭാഗവും, ശീതനാടു് അതിന്റെ ശേഷംഭാഗവും നീലഗിരി ജില്ലയും, പന്നിനാടു ശീതനാട്ടിനു കിഴക്കു പഴനിയടക്കമുള്ള പ്രദേശവുമാകുന്നു. വേണാടു കൊല്ലത്തിനും നാഞ്ചനാട്ടിനും ഇടയ്ക്കു കിടക്കുന്ന തിരുവിതാങ്കൂറിന്റെ ഒരംശമാണു്; പുന്നാടു് ചോളദേശത്തിന്റെ ദക്ഷിണഭാഗവും തന്നെ. മലാടു് അല്ലെങ്കിൽ മലയമാൻനാടു് തെക്കേ ആർക്കാട്ടിൽ തിരക്കോയിലൂരിന്റെ ചുറ്റുമുള്ള ഭൂമിയാകുന്നു. അരുവാനാടു് തെക്കേ ആർക്കാട്ടിന്റെ ഉത്തരഭാഗവും അരുവാവടതല ചെങ്കൽപ്പേട്ട തുടങ്ങി തിരുപ്പതിവരെ അതിനു വടക്കും വടക്കുപടിഞ്ഞാറുമുള്ള പ്രദേശവുമാകുന്നു. ഈ വിവരണമനുസരിച്ചുനോക്കുമ്പോൾ വേണാടു്, കുട്ടനാടു്, കുടനാടു്, പൂഴിനാടു് എന്നീ നാലു നാടുകൾ ഇക്കാലത്തു മലയാളഭാഷ പ്രചരിയ്ക്കുന്ന കേരളത്തിൽ അന്തർഭവിക്കുന്നു. സേനാവരൈയരുടെ ‘തെക്കുകിഴക്കുമുതൽ’ ഇത്യാദി നിർദ്ദേശം കുറെയൊക്കെ ശരിയാണെന്നു മാത്രമേ പറവാൻ നിവൃത്തി കാണുന്നുള്ളു. അങ്ങനെതന്നെയാണു് ഇന്നത്തെ ദ്രാവിഡപണ്ഡിതന്മാർ അതിനെ പരിഗണിക്കുന്നതും. ഇതു കൂടാതെ നന്നൂലിൽ ‘ഒൻപതിറ്റിരണ്ടിനിറ്റമിഴൊഴി നിലത്തിനും’ അതായതു തമിഴ്ഭാഷയ്ക്കു പ്രവേശമില്ലാത്ത പതിനെട്ടു ദേശങ്ങളുണ്ടെന്നു പറയുന്നു. അവയിൽ പതിനേഴെണ്ണം ‘കട്ടളൈക്കലിത്തുറൈ’ എന്ന വൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു പാട്ടിൻപ്രകാരം

 


“ചിങ്കളഞ്ചോനകഞ്ചാവകഞ്ചീനന്തുളുക്കുടകം
കൊങ്കണങ്കന്നടങ്കൊല്ലന്തെലുങ്കങ്കലിങ്കം
കങ്കമകതങ്കടാരങ്കടുങ്കുചല–
ന്തങ്കും പുകഴ്തമിഴ് ചൂഴ്പതിനേഴ് പുവിതാമിവൈയേ”
അതായതു് (ചിങ്കളം) സിംഹളം, (ചോനകം) യവനദേശം, (ചാവകം) ജാവാ, ചീനം, തുളു, കുടകു്, കൊങ്കണം, കർണ്ണാടകം, കൊല്ലം, ആന്ധ്രം, കലിങ്ഗം, ഗങ്ഗം (ഗാങ്ഗന്മാർ ഭരിച്ച മൈസൂറിന്റെ ദക്ഷിണഭാഗം) മഗധം, വങ്ഗം (ബെങ്ഗാൾ), കടാരം (ബർമ്മാ), കുടുങ്കുചലം (കോസലം?) ഇവയാണെന്നു കാണുന്നു. പതിനെട്ടാമത്തെ നാടു് ഏതാണെന്നു് വെളിവാകുന്നില്ല. നച്ചിനാർക്കിനിയർ പതിനെട്ടിനു പകരം പന്ത്രണ്ടെന്നു ഗണിച്ചു് ആ നാടുകൾ ചിങ്കളം (സിലോൺ), പഴന്തീവു് (പഴയ ദ്വീപു്), കൊല്ലം, കൂപം, കൊങ്കണം, തുളുവം, കുടകം, കരുനടം (കർണ്ണാടകം), കൂടം, വടുകം, തെലുങ്കു്, കലിങ്ഗം എന്നീ ദേശങ്ങളാണെന്നു ചൂണ്ടിക്കാണിക്കുന്നു. ഇവയിൽ പഴന്തീവത്തിന്റേയും കൂടത്തിന്റേയും കിടപ്പു് എവിടെയെന്നറിഞ്ഞുകൂടാ. എന്നുമാത്രമല്ല, കൊല്ലത്തേയും കൂപത്തേയും, അതുപോലെ വടുകത്തേയും തെലുങ്കിനേയും വേർതിരിക്കുന്നതിനുള്ള കാരണവും അജ്ഞാതമായിരിക്കുന്നു. ചേന്തനാരുടെ ദിവാകരത്തിൽ പതിനെട്ടു ഭാഷകളുടെ പേരുകൾ പറഞ്ഞു കാണുന്നുണ്ടെങ്കിലും അവയുടെ കൂട്ടത്തിൽ ദാക്ഷിണാത്യഭാഷകളായി ദ്രാവിഡം, തുളുവം ഇവ രണ്ടിനും മാത്രമേ പ്രവേശം നല്കിക്കാണുന്നുള്ളു. അനതിപ്രാചീനരായ ഇവർക്കാർക്കുംതന്നെ കൊടുന്തമിഴ്നാടുകൾക്കു വെളിയിലുള്ള പ്രദേശങ്ങളെപ്പറ്റി വിശദമായ ജ്ഞാനമുണ്ടായിരുന്നതായി തോന്നുന്നില്ല.

 


3.5.1മലയാളത്തിന്റെ പഴമ; ചില പ്രാചീനപ്രയോഗങ്ങൾ

തൊല്കാപ്പിയത്തിലെ ചൊല്ലതികാരത്തിൽ പദങ്ങളെപ്പറ്റി മാത്രമാണല്ലോ പ്രസ്താവിക്കുന്നതു്. അതിന്റെ നിർമ്മാണകാലത്തു കേരളത്തിലെ സംവ്യവഹാരഭാഷ ഏതു നിലയിലിരുന്നു എന്നറിവാൻ വേണ്ട തെളിവില്ലെങ്കിലും ചില ലക്ഷ്യങ്ങൾ ലഭിച്ചിട്ടുണ്ടു്. ‘ആതിനിൻറ അകരം ഐകാരമായ് തിരിന്തതു’ എന്നു തൊല്കാപ്പിയം എഴുത്തതികാരം 399-ാം സൂത്രത്തിൽ കാണുന്നു. ആദ്യകാലത്തു ശബ്ദങ്ങളുടെ ഒടുവിൽ നിന്നിരുന്ന അകാരം പിന്നീടു് തമിഴിൽ ഐകാരമായി മാറി എന്നാണു് ആ സൂത്രത്തിന്റെ അർത്ഥം. മലയാളത്തിൽ തല, മല, എന്നൊക്കെയല്ലാതെ തമിഴിലേപ്പോലെ, തലൈ, മലൈ, എന്നൊന്നുമുച്ചാരണമില്ലാത്തതുകൊണ്ടു് ഈ വിഷയത്തിൽ മലയാളം പൂർവ്വരൂപങ്ങൾ നിലനിറുത്തിപ്പോരുന്നു എന്നു തീർച്ചപ്പെടുത്തുന്നതിൽ പക്ഷാന്തരത്തിനു് അവകാശമുണ്ടെന്നു തോന്നുന്നില്ല. തെലുങ്കിൽ മലയാളത്തെപ്പോലെ അകാരമേയുള്ളു. കർണ്ണാടകത്തിൽ അതു് എകാരമായി മാറുന്നു. രണ്ടാമതു് ആ, ഈ, ഈചുട്ടെഴുത്തുകൾ തമിഴിൽ (ചെയ്യുളിൽ) കവിതയിൽ മാത്രമേ വരൂ എന്നാണു് തൊല്കാപ്പിയരുടെ മതം; മലയാളത്തിൽ അവയ്ക്കു വ്യവഹാരഭാഷയിലും പ്രവേശമുണ്ടല്ലോ. ഇതും മലയാളത്തിന്റെ പ്രാക്തനതയ്ക്കു് ഒരു തെളിവാണു്. മൂന്നാമതു് പൂർവ്വകാലത്തു തമിഴിൽ ക്രിയാപദങ്ങളോടു ലിങ്ഗവചനപ്രത്യയങ്ങൾ ചേർക്കുക പതിവില്ലായിരുന്നു എന്നും ചെന്തമിഴിൽ അങ്ങനെയൊരു പരിഷ്കാരം ഇദംപ്രഥമമായി ഏർപ്പെടുത്തുകയാണുണ്ടായതെന്നും അത്രേ ചില പണ്ഡിതന്മരുടെ മതം. മലയാളത്തിൽ ‘അവൻ വന്നു’ ‘അവർ പോയി’ എന്നും മറ്റുമല്ലാതെ ‘അവൻ വന്നാൻ’ ‘അവർ പോയാർ’ എന്നും മറ്റും വ്യവഹാര ഭാഷയിൽ പ്രയോഗിക്കാറില്ലല്ലോ. ലീലാതിലകത്തിൽ ‘ക്രിയായാം കാലത്രയേ പ്രായോ ഗദിതം’ എന്ന സൂത്രത്തിൽ ഈ പ്രയോഗം വൈകല്പികമായി വിധിക്കുന്നുണ്ടെങ്കിലും ആ ഗ്രന്ഥകാരന്റെ വ്യവസായം മണിപ്രവാളകൃതികൾക്കു ലക്ഷണശാസ്ത്രം നിർമ്മിക്കുക എന്നുള്ളതായിരുന്നു എന്നും ആ കൃതികൾ ചെന്തമിഴ് വ്യാകരണനിയമങ്ങൾക്കു് ഏറെക്കുറെ വിധേയങ്ങളായിരുന്നു എന്നും നാം വിസ്മരിക്കരുതു്. ഇതു നോക്കുമ്പോൾ പുരുഷഭേദനിരാസം എന്നൊരു വിപരിണാമം മലയാളത്തിൽ സംഭവിച്ചിട്ടില്ലെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. നാലാമതു് സംഘകാലത്തു് ‘ഉന്തു’ എന്നൊരു വർത്താമാനകാല പ്രത്യയം ഉണ്ടായിരുന്നു എന്നും, ആ പ്രത്യയം പരണർ, കോവൂർകിഴാർ, നക്കീരർ മുതലായ പഴയ കവികൾ പ്രയോഗിച്ചിട്ടുണ്ടെന്നും അതു മലയാളത്തിൽ ‘ഉന്നു’ എന്ന രൂപത്തിൽ ഇന്നും നിലനിന്നുപോരുന്നുണ്ടെന്നും ‘പുറനാനൂറ്റിൻ പഴമൈ’ എന്ന ഗ്രന്ഥത്തിൽ ഒരു അഭ്യൂഹം ഉന്നയിച്ചു കാണുന്നു. അതിന്റെ പ്രണേതാവു ചില വ്യാഖ്യാതാക്കന്മാർ പറയുന്നതു പോലെ ആ പ്രത്യയം പേരെച്ചത്തിന്റേതല്ലെന്നും പൂർണ്ണക്രിയയുടേതാണെന്നും സ്ഥാപിക്കുവാൻ ശ്രമിക്കുന്നു. അതു സഫലമായിട്ടുണ്ടെന്നു തോന്നുന്നില്ല. ‘ഉന്തു’ കന്നടത്തിൽ ‘ഉത്തു’ വായും തെലുങ്കിൽ ‘ഉതു’ ‘ഉത്ചു’ എന്നീ രൂപങ്ങൾ സ്വീകരിച്ചും മാറുന്നു. ‘ഇൻറു’ എന്നും ഒരു രൂപമുണ്ടായിരുന്നു; ‘ഇറു’ അതിൽനിന്നു പിന്നീടു വന്നതാണു്. ഈ ‘ഇൻറു’ മലയാളത്തിൽ ‘ഇന്നു’ എന്ന രൂപത്തിൽ നിലനിന്നിരുന്നു എന്നും അതാണു് പിന്നീടു് ‘ഉന്നു’ ആയിത്തീർന്നതു് എന്നുമാണു് ഞാൻ പൂർവ്വകാലത്തെ താളിയോലഗ്രന്ഥങ്ങളുടെ നിഷ്കൃഷ്ടമായ പരിശോധനത്തിൽനിന്നു ഗ്രഹിക്കുന്നതു്. ഈ വിഷയം ഉപരിഗവേഷണത്തെ അർഹിക്കുന്നു. അഞ്ചാമതു് ആയ്ത എഴുത്തു ചെന്തമിഴിൽ പ്രത്യേകമായി സംസ്കൃതത്തിലെ വിസർഗ്ഗത്തെ അനുകരിച്ചു കൂട്ടിച്ചേർത്തതും പഴന്തമഴിൽ ഇല്ലാതിരുന്നതും ആണു്. മലയാളത്തിൽ ആയ്ത എഴുത്തു് പദ്യത്തിൽപോലും പണ്ടും ഇന്നും ഇല്ല. ആറാമതു് മറ്റു ചില പ്രയോഗങ്ങളെപ്പറ്റി പറയാം. ‘ഇ’ എന്ന ഭൂതകാലപ്രത്യയത്തിനു യകാരാഗമം വന്നു് ‘ഇയ’ എന്ന ഒരു പേരെച്ചമല്ലാതെ നകാരാഗമം വന്നു് ‘ഇന’ എന്നു് മറ്റൊരു രൂപം പണ്ടു തമിഴിൽ ഇല്ലായിരുന്നു. പഴകിയ, അടക്കിയ, എന്നല്ലാതെ മലയാളത്തിൽ പറയാറില്ലെങ്കിലും പഴകിന, അടക്കിന എന്നിങ്ങനെയാണു് ഇന്നത്തെ തമിഴിൽ പ്രായേണ പ്രയോഗിച്ചു കാണുന്നതു്. വരുവാൻ, പോകുവാൻ മുതലായ പദങ്ങളിലുള്ള ആൻ എന്ന പഴന്തമിഴിലെ പിൻവിനയെച്ചപ്രത്യയം ഇന്നത്തെത്തമിഴിൽ ഗ്രന്ഥഭാഷയിൽമാത്രം അപൂർവ്വമായും മലയാളത്തിൽ സർവ്വസാധാരണമായും പ്രയോഗിക്കുന്നു. ‘പോരും’എന്ന അർത്ഥത്തിൽ മലയാളത്തിൽ പ്രയോഗിക്കുന്ന മതി എന്ന പദം പരണരുടേയും മറ്റും സംഘകൃതികളിൽ കാണുന്നുണ്ടെങ്കിലും പിൽക്കാലത്തു് ആ ഭാഷയിൽ ലുപ്തമായിപ്പോയി. എന്നാൽ അതു മലയാളത്തിൽ ഇന്നും നിലവിലിരിക്കുന്നു. തെല്ലു് (തമിഴിൽ ‘തില്’) മുതലായ പദങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടതാണു്. ‘മതി, ‘തെല്ലു്’ ഇവയുടെ അർത്ഥംതന്നെ തമിഴർക്കു് ഇക്കാലത്തു് അറിവില്ല. അങ്ങനെ എന്ന പദം തമിഴിൽ കവികളും പണ്ഡിതന്മാരും മാത്രം ഉപയോഗിക്കുന്നു; പ്രത്യുത മലയാളത്തിൽ അതു് ഇന്നും എല്ലാവരുടേയും കൈകാര്യത്തിലിരിക്കുന്നു. ‘നിന്റെ’ എന്ന അർത്ഥത്തിൽ ‘നിൻ’ എന്നുമാത്രമേ മുൻകാലത്തു തമിഴിൽ പ്രയോഗമുണ്ടായിരുന്നുള്ളു; ‘ഉൻ’ എന്ന രൂപം പിന്നീടു് വന്നതാണു്. മലയാളത്തിൽ ‘നിൻ’ എന്ന പദം മാത്രമാണല്ലോ ഇന്നും പ്രയോഗിക്കുന്നതു്. അതുപോലെ മലയാളത്തിലെ ‘ആയി’ ‘ആവും’ ഇവയാണു് തമിഴിലെ ‘ആകി’ ‘ആകും’ ഇവയുടെ പ്രാഗ്രൂപങ്ങൾ. ഏഴാമതു് കേരളപാണിനീയത്തിൽ മലയാളത്തെ തമിഴിൽനിന്നു വേർതിരിക്കുന്ന രണ്ടുപാധികളായി നിർദ്ദേശിച്ചിട്ടുള്ള അനുനാസികാതിപ്രസരവും തവർഗ്ഗോപമർദ്ദവും ആ നിലയിൽ അങ്ഗീകരിക്കാവുന്നതാണോ എന്നുള്ളതിനെപ്പറ്റി പ്രബലമായ അഭിപ്രായവ്യത്യാസമുണ്ടു്. ചെന്തമിഴിന്റെ ആവിർഭാവത്തിനു മുൻപുതന്നെ ഔദാസീന്യന്യായമനുസരിച്ചു് ഈ ഭേദങ്ങൾ ദക്ഷിണദ്രാവിഡഭാഷയിൽ വന്നു ചേർന്നിരുന്നു എന്നും അനുനാസികപ്രധാനമായിരുന്ന ആ ഭാഷയിലെ പൂർവ്വരൂപങ്ങളെയാണു് മലയാളം പ്രദർശിപ്പിക്കുന്നതെന്നുമാകുന്നു മി. കനകസഭൈപ്പിള്ളയുടെ അഭിപ്രായം. ഞണ്ടു, ഞാൺ, ഞായിറു മുതലായ പദങ്ങൾ ഇന്നും തമിഴിൽ നടപ്പുണ്ടു്. അതുകൊണ്ടു് ഐന്തു, അഞ്ചു; കുൻറു, കുന്നു; നരമ്പു, ഞരമ്പു; ഈ പദദ്വയങ്ങളിൽ ഐന്തു, കുൻറു, നരമ്പു ഇവയാണു് പ്രാചീനങ്ങളെന്നു ഖണ്ഡിച്ചു പറയാവുന്നതല്ല. എട്ടാമതു് ‘റ്റ’ എന്ന വർണ്ണത്തിന്റെ പഴയ ഉച്ചാരണം ഇന്നും ശരിയായി നിലനിറുത്തിപ്പോരുന്നതു മലയാളമാകുന്നു. തമിഴിൽ അതു ‘റ്റ്റ’ എന്നു മാറിപ്പോയിരിക്കുന്നു. നിലാ, മഴൈ, വെയിൽ, ഇരുൾ, എന്നീ പദങ്ങളോടു് ‘അത്തു’ എന്ന ‘ചാരിയൈ’ (ഇടനില) ചേരുമെന്നു തൊല്കാപ്പിയത്തിൽ വിധിയുണ്ടെങ്കിലും ആ വിധി അനുസരിച്ചുള്ള പ്രയോഗങ്ങൾ ഇന്നും പ്രത്യക്ഷീഭവിക്കുന്നതു മലയാളത്തിൽമാത്രമാണു്. ‘നിലാവത്തു്’ ‘മഴയത്തു്’ എന്നും മറ്റും തമിഴർ പറയാറില്ലല്ലോ. പരപ്പുള്ള ഈ പ്രമേയത്തെപ്പറ്റി ഇങ്ങനെ ഇനിയും പലതും പറയാനുണ്ടെങ്കിലും വിസ്തരഭയത്താൽ വിരമിക്കുന്നു.

3.6ചില പ്രാചീനപദങ്ങൾ

തമിഴർക്കു് ഇന്നും കേട്ടാൽ പലപ്പോഴും നിഘണ്ടുവിന്റെ സഹായം കൂടാതെ മനസ്സിലാകാത്തവയും എന്നാൽ കേരളീയർക്കു നിത്യോപയോഗത്തിലിരിക്കുന്നവയും തന്നിമിത്തം അനായാസേന ഗ്രഹിക്കാവുന്നവയുമായ അനേകം പ്രാചീനപദങ്ങൾ പഴയ ചെന്തമിഴ്ക്കൃതികളിൽ കാണ്മാനുണ്ടു്. ഉദാഹരണത്തിനു് പടുകാലൈ (പടുകാലം), തുന്നക്കാരൻ (തുന്നൽക്കാരൻ), പീടികൈ (പീടിക), അങ്കാടി (അങ്ങാടി), പിഴൈ (തെറ്റു്), മാണി (ബ്രഹ്മചാരി), പൊതി (ഭാണ്ഡം), എക്കൽ, കൂവനീറു, അടയ്ക്ക, വാലമൈ (വാലായ്മ), പട്ടാങ്കു (പട്ടാങ്ങ്), അളിയൻ, ആചാ(ശാ)ൻ, ചാ(ശാ)ന്തി (അമ്പലങ്ങളിലെ പൂജ), പറ്റായം (പത്തായം), ഈടു (പണയം), പിണക്കം, കരയാമൽ (കരയാതെ), പടുഞായിറു (പടിഞ്ഞാറു്), ഇവ ചിലപ്പതികാരത്തിൽനിന്നും, ആൾ (ശക്തൻ), ഊഴം, കണി (ജ്യോത്സ്യൻ), കളരി, കൂറു (പങ്കു്), തോണി, പാണി (ഒരുവക താളം), കളരി, ഇവ പുറപ്പൊരുൾവെൺപാമാലയിൽനിന്നും, കാ (കാവു), തൊഴുതു, ഊൺ, ഇവ മണിമേഖലയിൽ നിന്നും, കടവു, കുപ്പായം, ചിതൽ, ചോരൈ, തീറ്റി, പണിക്കൻ, പായൽ, പൂചൈ (പൂച്ച), മിടുക്കു്, വഴിപാടു്, ഇവ വേറെ ചില സംഘകൃതികളിൽനിന്നും, അത്താണി, അറ്റകുറ്റം, ആലി (മഴത്തുള്ളി — ‘ആലിപ്പഴം’ നോക്കുക), ഒരുപാടു് (വളരെ അധികം), കിളിപ്പൈതൽ, ഉഴല്വാൻ, കുട്ടൻ, അടിയുറൈ (അടിയറ), മൂരി, മടി (ആലസ്യം), പാവ, കവളം, കുരവൈ, ചിക്കെന (ചിക്കെന്നു്), ചിറുക്കൻ (ചെറുക്കൻ), നിച്ചലും (നിത്യം), പണ്ടി (വയറു), പയലുതൽ (പയറ്റു്), പള്ളി (നിദ്ര — ‘പള്ളിക്കൊള്ളുക’ നോക്കുക), പറൈതൽ (പറയുക), പുലരി, പൈയ (പയ്യെ), വാരം ഓതുതൽ (വാരം ഇരിക്ക), ഇവ നാലായിരപ്രബന്ധത്തിൽനിന്നും ഉദ്ധരിക്കാം. ‘കൊള്ളാമൊ എനിൽ (എന്നാൽ) കൊള്ളാം’ എന്നു് ഇറൈയ നാരകപ്പൊരുൾ എന്ന വ്യാഖ്യാനഗ്രന്ഥത്തിൽ കാണുന്നു. ഇവയിൽ പലതും ചെന്തമിഴിൽ തിരിചൊല്ലുകളായിരുന്നേക്കാനിടയുണ്ടെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ഇയൽച്ചൊല്ലുകളാണു്. തലേനാൾ എന്നർത്ഥത്തിൽ ചെന്തമിഴിൽ ‘നെരുതലൈ’ എന്നൊരു പദം പണ്ടു പ്രയോഗത്തിലിരുന്നിരുന്നു; മലയാളത്തിലെ ‘ഇന്നലെ’ അതിന്റെ ഒരു സങ്കുചിതരൂപമാണു്. തമിഴിൽ ഇന്നു് ‘നെരുതലൈ’ സംഭാഷണപദകോടിയിൽ ഉൾപ്പെടുന്നില്ല. ചെന്തമിഴിൽ കേരളീയർ സാഹിത്യം നിർമ്മിച്ചപ്പോൾ അവരുടെ കൃതികളിൽ ഒരു മലയാളച്ചുവ പദങ്ങളുടേയും ശൈലികളുടേയും വിഷയത്തിൽ സ്വാഭാവികമായി സംക്രമിക്കുകയുണ്ടായി. [6] അത്തരത്തിലുള്ള പദങ്ങളേയും ശൈലികളേയും ആ ഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ച ചെന്തമിഴ്പ്പണ്ഡിതന്മാർ ‘മലൈനാട്ടു വഴക്കു’ (മലനാട്ടു ശൈലി), എന്നു വ്യവഹരിച്ചു വന്നു. കേരളീയനായ ഇളങ്കോവടികൾ രചിച്ച ചിലപ്പതികാരത്തിനു് അടിയാർക്കുനല്ലാർ വ്യാഖ്യാനം രചിക്കുമ്പോൾ പുതൈത്തൽ (പുതുയ്ക്കൽ) എന്നതിനു പോർത്തൽ എന്നർത്ഥമെഴുതി അതു മലനാട്ടു വഴക്കാണെന്നു പറയുന്നു. ‘പനി’ എന്ന പദത്തിനു തമിഴിൽ മഞ്ഞെന്നേ അർത്ഥമുള്ളു. അതു് ഇളങ്കോവടികൾ ജ്വരം എന്ന അർത്ഥത്തിൽ പ്രയോഗിച്ചപ്പോൾ വ്യാഖ്യാതാവു് “പനിയെൻപതോർ നോയുമുണ്ടു. അതു മലൈനാട്ടു വഴക്കു” എന്നു പ്രസ്താവിക്കുന്നു. ഇതുപോലെ ചിറുമിയർകൾ (പെൺകുട്ടികൾ) എന്ന പദത്തിനും ഒരു കുറിപ്പു കാണുന്നുണ്ടു്.

3.7ചില അഭ്യൂഹങ്ങൾ

ഇതിൽനിന്നെല്ലാം നാം ഗ്രഹിക്കേണ്ടതു് (1) പഴന്തമിഴു് ആദ്യം ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി വളരെമുമ്പു — പക്ഷെ ദ്രാവിഡന്മാരും ആര്യന്മാരുമായുള്ള സമ്പർക്കത്തിനു മുമ്പുതന്നെ — വേർപിരിഞ്ഞു കഴിഞ്ഞിരുന്നു എന്നും (2) ദക്ഷിണ ദ്രാവിഡശാഖ വ്യവഹാരഭാഷയായി ഏതാനും ചില പ്രത്യേകതകളോടുകൂടി ക്രമേണ വികസിച്ചുവന്നുവെന്നും (3) ക്രി. മു. മൂന്നാംശതകത്തോടടുപ്പിച്ചു് ആ ശാഖയിൽ സാഹിത്യം ആവിർഭവിച്ചു എന്നും (4) അപ്പോൾ അതിനുവേണ്ടി വ്യാകരണശാസ്ത്രനിബദ്ധമായ ചെന്തമിഴ് എന്ന ഒരു കൃതിമഗ്രന്ഥഭാഷ പണ്ഡിതന്മാർക്കു വ്യവസ്ഥാപനം ചെയ്യേണ്ടിവന്നു എന്നും (5) അതിനു മുൻപു പശ്ചിമപർവ്വതപങ്ക്തിക്കു കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളിൽ ഒരേ ഭാഷ — ദക്ഷിണദ്രാവിഡം — തന്നെയായിരുന്നു സംഭാഷണത്തിനു് ഉപയോഗിച്ചു വന്നതെങ്കിലും അതിനു് രണ്ടു സ്ഥലങ്ങളിലും സ്വല്പവ്യത്യാസങ്ങളുണ്ടായിരുന്നു എന്നും (6) കേരളത്തിലെ കൊടുന്തമിഴ് ചോളാദി ദേശങ്ങളിലെ കൊടുന്തമിഴിൽനിന്നു ഭിന്നമായിരുന്നു എന്നും (7) ആ ദേശങ്ങളിലെ കൊടുന്തമിഴ് ക്രമേണ ചെന്തമിഴ്നാട്ടിൽ ചെന്തമിഴിന്റെ അതിപ്രസരം ബാധിച്ച വ്യവഹാരഭാഷയിൽ ലയിച്ചുപോയി എന്നും (8) എന്നാൽ കേരളം വളരെക്കാലത്തേയ്ക്കു പഴയ ദക്ഷിണദ്രാവിഡത്തെ ചില വ്യക്തിത്വങ്ങളോടു കൂടി പുലർത്തിക്കൊണ്ടുപോന്നു എന്നും (9) ആ ഭാഷ അനന്തരകാലങ്ങളിൽ ചെന്തമിഴ്നാട്ടിലെ വ്യവഹാരഭാഷയിൽനിന്നു് അധികമധികം അകന്നു് ഒരു സ്വതന്ത്രഭാഷയായി പരിണമിച്ചു എന്നുമാണു്. ദക്ഷിണദ്രാവിഡത്തിന്റെ പൂർവ്വരൂപത്തെയാണു് നാമിന്നു മലയാളമെന്നു പറയുന്നതെന്നും ചെന്തമിഴിന്റേയും അതിനു വിധേയമായ ചോള പാണ്ഡ്യദേശങ്ങളിലെ ഇന്നത്തെ വ്യവഹാരഭാഷയുടേയും ആവിർഭാവം അതിനു പിന്നീടാണെന്നും ഉള്ള വസ്തുത പണ്ഡിതന്മാർ പരക്കെ സമ്മതിക്കുന്നു. ചെന്തമിഴിന്റെ ഉദയത്തിനു മുമ്പുതന്നെ തമിഴും മലയാളവും തമ്മിൽ വേർപിരിഞ്ഞു എന്നാണു് ഡാക്ടർ കാൾഡ്വെല്ലിന്റെ മതമെന്നു് ഏകദേശം ഊഹിക്കാം. പരേതനായ ശ്രീമാൻ റ്റി. ഏ. ഗോപിനാഥരായർ “മലൈയാളമെൻറൊരു തനിപ്പാഷൈയില്ലൈയെൻറും അതു പഴന്തമിഴെൻറും മുന്നരേ വിളക്കിയുള്ളേൻ” എന്നു പറയുന്നു. “ഇപ്പോതു വേറു പാഷൈ വഴങ്കുന്തേയമാകിയ മലൈനാടു തമിഴ്ത്തേയമാകവേ ഇരുന്തതു” എന്നു മഹാമഹോപാധ്യായൻ വി. സ്വാമിനാഥയ്യരും “മലൈനാട്ടു വഴക്കെൻറു അവർ കാട്ടുവനവെല്ലാം പൊതുവാക പഴയ തമിഴ്വാക്കുകളേയൻറി വേറില്ലൈ” എന്നു റാവുസാഹിബ് എം. രാഘവയ്യങ്കാരും “ചെന്തമിഴ്ക്കാലത്തിർക്കും മുന്നേ നടൈപെറ്റിരുന്ത ഇയർക്കൈത്തമിഴിൽ ചിർച്ചില ഉരുവങ്കളെ മലൈയാളമൊഴിയിൽ ഇൻറും നിലൈന്തു നിർക്കിൻറവെൻറുകൂറലേ പൊരുത്തമാവതു” എന്നു ശ്രീമാൻ കെ. എൻ. ശിവരാജപിള്ളയും അഭിപ്രായപ്പെടുന്നു. കഠിനമായ ചെന്തമിഴിൽ വിരചിതങ്ങളായ സംഘകൃതികൾ സാമാന്യജനങ്ങൾക്കു ദുർഗ്രഹമായിരുന്നതിനാൽ ആ രീതി പരിത്യജിച്ചു് എല്ലാവർക്കും മനസ്സിലാകത്തക്കതും വ്യവഹാരഭാഷയോടു കഴിവുള്ളിടത്തോളം അടുക്കുന്നതുമായ ഒരു ലളിതശൈലിയിൽ വൈഷ്ണവരായ ആഴ്വാരന്മാരും ശൈവരായ നായനാരന്മാരും തങ്ങളുടെ ഭക്തിപ്രസ്ഥാനത്തിലുള്ള ഗാനങ്ങൾ രചിക്കുവാൻ ഇടവന്നു. അവരുടെ കാലം ക്രി. പി. ആറും ഒൻപതും ശതവർഷങ്ങൾക്കിടയിലാണു്. അവരുടെ കൃതികളിലെ ഭാഷയേയും ചെന്തമിഴെന്നാണു് പറയാറുള്ളതെങ്കിലും ആ ചെന്തമിഴിനും പുറനാനൂറു മുതലായ സംഘകൃതികളിലെ ചെന്തമിഴിനും തമ്മിലുള്ള വ്യത്യാസം അല്പമൊന്നുമല്ല. ആഴ്വാരന്മാരുടേയും നായനാരന്മാരുടേയും ഗാനങ്ങളോടും ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്ന പെരുന്തേവനാരുടെ ഭാരതത്തിലെ ഗാനങ്ങളോടുമാണു് പഴയ മലയാളത്തിനു പ്രകടമായ സാദൃശ്യം കാണുന്നതു്. ഐ, ഒടു, ക്കു, ഇൻ, അതു, കൺ, ഇവ തൊല്കാപ്പിയത്തിൽ ദ്വിതീയ മുതൽ സപ്തമി വരെയുള്ള വിഭക്തികൾക്കു പ്രത്യയങ്ങളായി കാണിച്ചിരിക്കുന്നു. ലീലാതിലകത്തിൽ എ, ഒടു, ക്കു, നിൻറു, ഉടൈ, ഇല്, ഇവയാണു് അവയ്ക്കു പകരമുള്ള പ്രത്യയങ്ങൾ. ഇവയിൽ എ, എന്ന ദ്വിതീയാപ്രത്യയം മലയാളത്തിലല്ലാതെ തമിഴിലില്ല. എന്നാൽ തൃതീയയ്ക്കു് ആൻ എന്നും ആൽ എന്നും രണ്ടു പ്രത്യയങ്ങൾ അനന്തരകാലികന്മാരായ തമിഴ് വൈയാകരണന്മാർ സ്വീകരിച്ചിരിയ്ക്കുന്നു. അവയിൽ ‘ആൽ’ മലയാളത്തിലുമുണ്ടു്. ചതുർത്ഥീപ്രത്യയമായ ‘കു’ ചില അവസരങ്ങളിൽ ഉച്ചാരണസൗകര്യാർത്ഥം മലയാളത്തിൽ ‘നു’ വായി മാറുന്നു. പഞ്ചമീപ്രത്യയമായ ‘ഇൻ’, ‘ഇല്’ ആയി മാറാമെന്നു തമിഴിൽ പിൽകാലത്തു് ഒരു വിധിയുണ്ടായി. ‘ഇൽനിന്നു’ എന്ന പഞ്ചമീപ്രത്യയം സ്ഫുടപ്രത്യായനന്യായമനുസരിച്ചു മലയാളത്തിൽ വന്നുചേർന്നു. വാസ്തവത്തിൽ ‘നിന്നു’ എന്നു മാത്രമല്ല ആ പ്രത്യയത്തിന്റെ രൂപം. ‘ഉടൈ’ എന്നൊരു ഷഷ്ഠീപ്രത്യയം ‘അതു്’ എന്നതിനുപുറമെ മുൻപു പറഞ്ഞ ഭക്തിമാർഗ്ഗപ്രതിപാദകങ്ങളായ കൃതികളിൽ കാണുന്നു. ‘ഇല്’ എന്ന സപ്തമീപ്രത്യയം വീരചോഴിയമെന്ന വ്യാകരണത്തിൽ (പതിനൊന്നാംശതകം) സ്വീകരിക്കപ്പെട്ടിട്ടുമുണ്ടു്. ഇങ്ങനെ പ്രത്യയസംബന്ധമായി പല രൂപാന്തരങ്ങളും വീരചോഴിയത്തിന്റേയും നന്നൂലിന്റേയും പ്രണേതാക്കൾ സ്വീകരിച്ചതു് അന്നു ചെന്തമിഴ്സാഹിത്യത്തിലല്ലെങ്കിലും വ്യവഹാരഭാഷയിലും അങ്ങിങ്ങു ഭക്തിമാർഗ്ഗഗാനങ്ങളിലും പ്രചരിച്ചിരുന്ന പ്രത്യയങ്ങളേക്കൂടി തങ്ങളുടെ ലക്ഷണഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തുന്നതിനാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. പഴന്തമിഴിൽ ഉണ്ടായിരുന്ന പദസമൂഹം എല്ലാ ശാഖകൾക്കും പൊതുവായിരുന്നു എങ്കിലും അവയിൽ ചിലതു കാലാന്തരത്തിൽ ഓരോ ശാഖയിൽ പല കാരണങ്ങളാൽ നശിച്ചുപോയി. അതുകൊണ്ടു ദക്ഷിണദ്രാവിഡത്തിൽ പ്രചരിക്കുന്ന പദങ്ങൾ മുഴുവൻ ഉത്തരദ്രാവിഡത്തിൽ ഇപ്പോൾ ഇല്ലെന്നു മാത്രമല്ല കർണ്ണാടകത്തിനും തെലുങ്കിനും തന്നെ ഈ വിഷയത്തിൽ ഗണനീയമായ വൈജാത്യവുമുണ്ടു്. എന്നാൽ മലയാളത്തിനും തമിഴിനും തമ്മിൽ കാണുന്ന ബന്ധം ഇത്തരത്തിലുള്ളതല്ല. മലയാളത്തിലെ ദ്രാവിഡപദങ്ങൾ ആസകലം തമിഴിലുമുണ്ടു്. ചില പദങ്ങൾക്കു രൂപഭേദവും മറ്റു ചിലവയ്ക്കു് അർത്ഥവ്യത്യാസവും ഇല്ലെന്നില്ല. എന്നാൽ മലയാളത്തിനു പ്രത്യേകമെന്നു പറയാവുന്ന പദങ്ങൾ അധികമൊന്നുമില്ലെന്നാണു് തമിഴിലെ ദിവാകരം, പിങ്ഗളന്തൈ, ചൂഡാമണി ഈ പ്രാചീന നിഘണ്ടുക്കളിൽനിന്നു് അനുമാനിക്കേണ്ടിയിരിക്കുന്നതു്. ലീലാതിലകകാരൻ ഭാഷാപദങ്ങളിൽ ദേശിക്കു ശുദ്ധമെന്നൊരു വിഭാഗമുള്ളതായി പ്രതിപാദിച്ചിട്ടു് കൊച്ചു്, മുഴം, ഞൊടി, എന്നീ പദങ്ങൾ ശൂദ്ധഭാഷയ്ക്കു് ഉദാഹരണങ്ങളാണെന്നു പറഞ്ഞിരിക്കുന്നു. ഈ പ്രസ്താവന ശരിയാണെന്നു തോന്നുന്നില്ല. കൊച്ചു് എന്ന പദം തമിഴിൽ കൊച്ചൈ എന്ന രൂപത്തിൽ കാണുന്നുണ്ടു്. കൊച്ചൈയർ (യുവാക്കൾ) എന്നു തിരുമൂലർ തിരുമന്തിരത്തിൽ പ്രയോഗിക്കുന്നു. ‘മുഴം’ തമിഴിൽ മലയാളത്തിലേപ്പോലെതന്നെ പ്രചുരപ്രചാരമാണു്. ‘ഒരു മുഴമുയർന്ത’ എന്നു കമ്പരാമായണത്തിൽ കാണാം. മലയാളത്തിലെ ‘ഞൊടി’ തമിഴിലെ നൊടി തന്നെ. ‘കണ്ണിമൈ നൊടിയെന’ എന്നു തൊല്കാപ്പിയത്തിൽത്തന്നെ പ്രയോഗമുണ്ടു്. ഈ ഗ്രന്ഥങ്ങളെല്ലാം ലീലാതിലകത്തിനു മുമ്പുള്ളവയാണുതാനും. ഇനി കേരളപാണിനീയത്തിൽ പ്രസ്താവിക്കുന്ന ഒല്ലാർ, പോത്തു്, പട്ടി, കൈനില, ഈ പദങ്ങളെപറ്റി ചിന്തിക്കാം. തമിഴിൽ ഒല്ലാർ എന്നാൽ നിരക്കാത്തവർ, ശത്രുക്കൾ എന്നർത്ഥം. ‘ഒല്ലാർ നാണ’ എന്നു തൊല്കാപ്പിയം. ‘പോകൊല്ലാ’ എന്ന പദത്തിനു മലയാളത്തിൽ (പോകുകഒല്ലാ — നിരക്കുന്നതല്ല) പോകരുതു് എന്നാണല്ലോ അർത്ഥം. പോത്തു് എന്ന പദം മലയാളത്തിൽ പുല്ലിങ്ഗവാചിയാണു്. തമിഴിൽ അതു് ആണെരുമയെ മാത്രമല്ല, ആൺപുലി, ആൺമാൻ മുതലായി പലതിനേയും സൂചിപ്പിക്കും. നായെന്ന അർത്ഥത്തിൽ പട്ടി എന്ന പദം തമിഴിൽ പ്രയോഗിച്ചുകണ്ടിട്ടില്ലെങ്കിലും ‘ഇടമുനായുന്തൊഴുവും പട്ടി’ എന്നു പിങ്ഗളനിഘണ്ടുവിൽ പ്രസ്തുത പദത്തിനു് ആ അർത്ഥംകൂടി കല്പിച്ചിട്ടുണ്ടു്. കൈനില എന്ന പദം പടകുടീരം എന്ന അർത്ഥത്തിൽ തമിഴിലും പുറപ്പൊരുൾവെൺപാമാലയിൽ പ്രയോഗിച്ചു കാണുന്നു. ‘ഊവ്’ എന്ന മലയാളപദം തമിഴിലെ ഒവ്വു (ശരി എന്നർത്ഥം) തന്നെയാണു്. മലയാളത്തിൽ പ്രചരിച്ചിരുന്ന പല ദേശ്യപദങ്ങളും തമിഴ് നിഘണ്ടുകാരന്മാർ അവരുടെ കൃതികളിൽ ചേർത്തിരിക്കാം എന്നു ഞാൻ സമ്മതിക്കുന്നു. ഏതായാലും മലയാളത്തിനു തമിഴിൽനിന്നു വിഭിന്നമായ ഒരു ദ്രാവിഡപദസമൂഹമില്ലെന്നുള്ളതിനെപ്പറ്റി പക്ഷാന്തരമുണ്ടാകുവാൻ മാർഗ്ഗമില്ല. തമിഴിൽ കാണാത്ത അയയ്ക്കു (ദൂതനെ അയയ്ക്കുക), കുടൈ (കൈ കുടയുക), തികക്കു (പാൽ തികക്കുന്നു), തികൈ (എണ്ണം തികയുന്നു), തിരൈ (കളഞ്ഞതു തിരയുക), തേകു (വെള്ളം തേകുക), തെളിക്കു (കാലിയെ തെളിക്കുക), പൊലിക്കു (പന്തം പൊലിക്കുക) തുടങ്ങിയ ചില ധാതുക്കൾ മലയാളത്തിലുണ്ടു്; എന്നാൽ അവ വളരെ വളരെ ചുരുക്കമായേ കാണ്മാനുള്ളു. ഇങ്ങനെയുള്ള ഒരു ഭാഷയെ വളരെക്കാലം വിദേശീയരായ ഗ്രന്ഥകാരന്മാർ ഒരു പ്രത്യക ഭാഷയായി പരിഗണിക്കാത്തതു് അത്ഭുതമല്ലല്ലോ. കർണ്ണാടകനായ നാഗവർമ്മൻ കർണ്ണാടകം, ദ്രാവിഡം, ആന്ധ്രം ഈ മൂന്നു ഭാഷകളെപ്പറ്റിയേ പറയുന്നുള്ളു. ശാരദാതനയനും മലയാളത്തെ ദ്രാവിഡത്തിൽത്തന്നെ ഉൾപ്പെടുത്തുന്നു. ഒരു ഭാഷ എത്രമേൽ സ്വതന്ത്രമായാലും അതിനു പിന്നേയും വളരെക്കാലത്തേക്കു പഴയ പേരുതന്നെ നിലനില്ക്കുമെന്നുള്ളതിനു മലയാളത്തിന്റെ ചരിത്രം മകുടോദാഹരണമാകുന്നു. ലീലാതിലകം നിർമ്മിച്ച ക്രി. പി. പതിനാലാം ശതകത്തിന്റെ അവസാനത്തിലും മലനാട്ടിലെ മൊഴിക്കു തമിഴെന്നു തന്നെയായിരുന്നു നാമധേയം. ഭാഷയെന്ന നാമാന്തരം അതിനു സംസ്കൃതത്തിൽനിന്നു സിദ്ധിച്ചതും സന്ദർഭം കൊണ്ടു് അതിനു കേരളഭാഷയെന്നു് അർത്ഥഗ്രഹണം ചെയ്യേണ്ടതുമായിരുന്നു.

3.8ലീലാതിലകവും കേരളഭാഷയും

ലീലാതിലകം ആവിർഭവിച്ചകാലത്തും കേരളഭാഷ ചോളഭാഷയിൽ അതായതു തമിഴിൽ നിന്നു ജനിച്ചതോ അല്ലയോ എന്നൊരു വാദം നടന്നുകൊണ്ടിരുന്നതായി വെളിവാകുന്നുണ്ടു്. അല്ലെന്നുള്ള അഭിപ്രായമാണു് ആചാര്യനു് ഉണ്ടായിരുന്നതു്. അതു് അദ്ദേഹം പ്രതിവാദികളെ പല യുക്തികൾമൂലം ഗ്രഹിപ്പിക്കുവാൻ പ്രഥമശില്പത്തിൽ ഉദ്യമിക്കുന്നു. സംസ്കൃതവിഭക്ത്യന്തങ്ങളായ പദങ്ങൾ ചേരാത്ത കൃതികൾക്കു തമിഴെന്നാണു് പേർ പറഞ്ഞുവന്നതെന്നും, “തമിഴു് സംസ്കൃതമെൻറുള്ള സുമനസ്സുകൾ കൊണ്ടൊരു” “തമിഴ് മണി സംസ്കൃതം പവിഴം…” “സംസ്കൃതമായിന ചെങ്ങഴിനീരും നറ്റമിഴായിന പിച്ചകമലരും...” ഇത്യാദി ശ്ലോകങ്ങളിൽ കാണുന്ന ‘തമിഴ്’ എന്ന പദത്തിനു കേരളഭാഷ എന്നാണു് അർത്ഥമെന്നും, ചോളന്മാർ, പാണ്ഡ്യന്മാർ, കേരളന്മാർ ഇവരെല്ലാം ദ്രമിഡരായതു കൊണ്ടു് അവരുടെ ഭാഷയ്ക്കു തമിഴെന്ന പേർ വന്നു എന്നും, സാമാന്യവാചകമായ ‘തമിഴ്’പ്പദത്തിനു പ്രകൃതത്തിൽ ലക്ഷണയാ കേരളഭാഷയെന്നു വിശേഷാർത്ഥം സിദ്ധിച്ചു എന്നും അദ്ദേഹം സ്ഥാപിക്കുന്നു. ഈ അനുമാനം സമീചീനം തന്നെ. ‘നമ്പ്യാരുടെ തമിഴ്’ എന്നും മറ്റും പറയുമ്പോൾ തമിഴിനു കേരളഭാഷയെന്നുതന്നെയാണു് അർത്ഥം. കർണ്ണാടകന്മാരേയും ആന്ധ്രന്മാരേയും കൂടി ചിലർ ദ്രമിഡരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നതു സയുക്തികമല്ലെന്നും അവരുടെ ഇടയിൽ ദ്രമിഡവേദമെന്നു പറയുന്ന നമ്മാഴ്വാരുടെ തിരവാമൊഴിയിൽനിന്നു ഭിന്നമായ ഒരു ഭാഷയാണു് പ്രചരിക്കുന്നതെന്നും ദ്രമിഡ സംഘാതാക്ഷരപാഠം അവരുടെ ഇടയിലില്ലെന്നും അദ്ദേഹം പിന്നീടു പ്രസ്താവിക്കുന്നു. ഇതിൽനിന്നു് അദ്ദേഹത്തിന്റെ കാലത്തു കർണ്ണാടകത്തേയും തെലുങ്കിനേയും തമിഴിന്റെ പിരിവുകളായി അഭിജ്ഞന്മാർ ഗണിച്ചിരുന്നില്ലെന്നു തീർച്ചപ്പെടുത്താവുന്നതാണു്. കേരളഭാഷയിൽ ഉള്ള പദങ്ങൾ ഇതര ഭാഷകളിൽ കാണുന്നുണ്ടെങ്കിൽ അവ ആ ഭാഷകളിലെ പദങ്ങളാണെന്നു വിചാരിക്കരുതെന്നും തത്തുല്യങ്ങളെന്നു മാത്രമേ കരുതാവൂ എന്നും ആചാര്യൻ പറയുന്നതു ക്ഷോദക്ഷമമല്ല. അങ്ങനെ അനവധി പദങ്ങൾ രണ്ടു ഭാഷകളിൽ ഒന്നുപോലെ കണ്ടാൽ ഒന്നു മറ്റൊന്നിൽനിന്നു കടം വാങ്ങിയിരിക്കുമെന്നോ അല്ലെങ്കിൽ രണ്ടിന്റേയും ഉൽപത്തി ഒരിടത്തുനിന്നായിരിക്കുമെന്നോ അനുമാനിക്കുന്നതാണു് യുക്തിയുക്തമായിട്ടുള്ളതു്. പ്രകൃതത്തിൽ കേരളഭാഷ ചെന്തമിഴ്വ്യവസ്ഥാപനത്തിനു മുമ്പുള്ള ദ്രമിഡഭാഷയാകയാലാണു് അതിൽ അത്ര വളരെ ദ്രമിഡപദങ്ങൾ കാണുവാൻ അദ്ദേഹത്തിനു് ഇടവന്നതു്. തുടർന്നു് ആചാര്യൻ സാഹചര്യംകൊണ്ടു് ‘കൂന്തൽ’ എന്നും ‘അങ്ങിനിയെങ്ങൾ ചേതഃ’ എന്നും ഒരു ശ്ലോകത്തിൽ കണ്ടാൽ ആ കൂന്തൽ കേരളഭാഷാപദമാണെന്നും, ‘അങ്കിനിയെങ്കൾ ചേതഃ’ എന്നാണു് കണ്ടതെങ്കിൽ അവിടെ കൂന്തൽ ദ്രമിഡ ഭാഷാപദമാണെന്നും, കേരളർ ‘വന്താൻ’ ‘ഇരുന്താൻ’ എന്നല്ല ‘വന്നാൻ’ ‘ഇരുന്നാൻ’ എന്നും, ‘തേങ്കാ’ ‘മാങ്കാ’ ‘കഞ്ചി’ ‘പഞ്ചി’ എന്നല്ല ‘തേങ്ങാ’ ‘മാങ്ങാ’ ‘കഞ്ഞി’ ‘പഞ്ഞി’ എന്നും, ‘യാൻ’ ‘യാനൈ’ എന്നല്ല ‘ഞാൻ’ ‘ആന’ എന്നും, ‘അതനൈ’ ‘ഇതനൈ’ ‘അവറ്റൈ’ ‘ഇവറ്റൈ’ എന്നല്ല ‘അതിനെ’ ‘ഇതിനെ’ ‘അവറ്റെ’ ‘ഇവറ്റെ’ എന്നും, ‘കഴുതൈ’ ‘കുതിരൈ’ എന്നല്ല ‘കഴുത’ ‘കുതിര’ എന്നും, ‘ഉടൈവാൾ’, ‘ഇടൈയൻ’ എന്നല്ല ‘ഉടവാൾ’, ‘ഇടയൻ’ എന്നും, ‘നിന്നൈ’ ‘എന്നൈ’ എന്നല്ല ‘നിന്നെ’, ‘എന്നെ’ എന്നും, ‘പെയർ, ഇതഴു്’ എന്നല്ല ‘പേർ, ഇതൾ’ എന്നും, ‘ഉണ്ടനർ, തിൻറനർ, ഉണ്ണാനിൻറനർ, ഉൺപർ’ എന്നല്ല, ‘ഉണ്ടാർ, തിന്നാർ, ഉണ്ണിന്നാർ, ഉൺമർ’ എന്നും, ‘വരുവാർ, കൊൺമർ’ എന്നല്ല ‘വരുവർ, കൊൾവർ’ എന്നും ‘കൂവിറ്റു, താവിറ്റു’ എന്നല്ല ‘കൂവീ, താവീ’ എന്നും, ‘അ് തു’ ‘ഇ് തു’ എന്നു് ആയ്താക്ഷരസഹിതമല്ല, അതു്, ഇതു് എന്നും ‘കനം കുഴായു്’ എന്നല്ല ‘കനം കുഴയ’ എന്നും ‘അനങ്കൻ കുതുമം, മുകം, ചന്തിരൻ’ എന്നിങ്ങനെ ആര്യച്ചുതവുതട്ടിച്ചല്ല, ‘അനങ്ഗൻ’ കുസുമം, മുഖം, ചന്ദ്രൻ’ എന്നം, ‘മാടത്തിൻ കൺ, കൂടത്തിൻ കൺ, ആലിനതു, മാവിനതു’ എന്നല്ല, ‘മാടത്തിന്മേൽ, കൂടത്തിന്മേൽ, ആലിന്റെ, മാവിന്റെ’ എന്നുമാണു് ഉച്ചരിക്കുന്നതെന്നും രണ്ടു ഭാഷകൾക്കും തമ്മിലുള്ള ചില വ്യത്യാസങ്ങളെ മുൻനിറുത്തി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ക്രി. പി. പതിനൊന്നാംശതകത്തിൽ തോലൻ രചിച്ചതായി വിശ്വാസിക്കാവുന്ന മന്ത്രാങ്കം ആട്ടപ്രകാരത്തിൽ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യഗദ്യങ്ങൾ കാണാവുന്നതാണു്. അതിനു മുൻപുതന്നെ രണ്ടു ഭാഷകൾക്കും തമ്മിലുള്ള വ്യത്യാസം പ്രകടമായി കഴിഞ്ഞിരുന്നു.

3.9മലയാളം

തമിഴെന്നപേരിൽ മലയാളത്തെ വ്യപദേശിക്കുന്നതു് അയുക്തമാണെന്നു ജനങ്ങൾ മനസ്സിലാക്കിയപ്പോൾ മലയാണ്മ, അല്ലെങ്കിൽ മലയാഴ്മ (മലയായ്മ എന്ന രൂപ ഭേദം) എന്ന പേർ അതിനു നല്കി. ‘മ’ എന്നതു ഭാവനാമങ്ങളെ നിഷ്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രത്യയമാണു്. മലയാണ്മ എന്നാൽ മലയാളികളുടെ (മലനാട്ടിലെ ജനങ്ങളുടെ) രീതിയെന്നർത്ഥം. ആ സംജ്ഞകൊണ്ടു ഭാഷയേയും വട്ടെഴുത്തിൽനിന്നു വികസിച്ച കേരളത്തിലെ ഒരുതരം ലിപിയേയും വിദ്വാന്മാരായ കേരളീയർ വ്യവഹരിച്ചുതുടങ്ങി. കേരളത്തിനു മല എന്ന പേർ ക്രി. പി 545 മുതൽ വിദേശീയർ പ്രയോഗിച്ചുകാണുന്നു. ക്രി. പി. 1150-ൽ ഇഢ്റിസി മണിബാർ എന്നും 1270-ൽ കാസ്വിനി മലബാർ എന്നും അതിനു പേർ നല്കുന്നു. പോർട്ടുഗീസുകാർ മലബാർ എന്ന പേരിൽ തന്നെ നാട്ടിനേയും ഭാഷയേയും വ്യവഹരിച്ചു. മലയാളം എന്ന പദം ആദ്യം ദേശവാചിയായിരുന്നു. ചേരലകം ചേരലമായതുപോലെ മലയാളകം മലയാളമായി എന്നു വരാൻ പാടില്ലായ്കയില്ല. കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തോടുകൂടിയാണു് അതു ഭാഷാവാചിയായും പരിണമിച്ചതു്. ബെയിലിയും, ഗുണ്ഡർട്ടും അവരുടെ നിഘണ്ടുക്കൾക്കു മലയാളം — ഇംഗ്ലീഷ് നിഘണ്ടുവെന്നും മലയാളനിഘണ്ടുവെന്നും പേർ കൊടുക്കുന്നുണ്ടെങ്കിലും പദങ്ങളുടെ കൂട്ടത്തിൽ ഭാഷയെ കുറിക്കുന്നതിനു മലയാണ്മ എന്ന പദമാകുന്നു ഉപയോഗിക്കുന്നതു്. തിരുവിതാംകൂറിൽ മലയാളം പഠിപ്പിക്കുന്നതിനു സർക്കാർ പള്ളിക്കുടങ്ങൾ സ്ഥാപിക്കുവാൻ കൊല്ലം 990 ഇടവം 19-ാം തിയ്യതി റാണി ഗൗരി പാർവതീബായി തുല്യംചാർത്തിയ കല്പനയിൽ “മലയാണ്മയക്ഷരവും, കണക്കും ജ്യോതിഷവും” എന്നു പ്രസ്താവിച്ചുകാണുന്നു. 1027 തുലാം 13-ാം തിയ്യതിയിലെ ഒരു തിരുവിതാംകൂർ റിക്കാർഡിൽ ബെയിലിയുടെ നിഘണ്ടുവിനെപ്പറ്റി “കോട്ടയത്തു പാർക്കുന്ന പേൽസായ്പിന്റെ മുഖാന്തരത്തിൽ പണ്ടാരവകയ്ക്കു അച്ചടിപ്പിച്ചു വരുത്തിയിരിക്കുന്ന ഇംഗ്ലീഷും മലയാണ്മയും കൂടിയുള്ള ഡിൿഷ്ണേറിയിൽ” എന്നൊരു കുറിപ്പും 1030 തുലാം 1-ാം൹യിലെ തിരുവിതാംകൂർ ഗസറ്റിൽ “മലയാഴ്മയുടെ ഒരു വ്യവച്ഛേദകവ്യാകരണം റവറന്തു മാത്തൻ ഗീവറുഗീസു നാട്ടുപാദ്രിയാൽ ചമയ്ക്കപ്പെട്ടതു്” എന്നൊരു പരസ്യവുമുണ്ടു്.

3.10ഉപസംഹാരം ഇത്രമാത്രമുള്ള പ്രപഞ്ചനംകൊണ്ടു മലയാളത്തിനു തമിഴിനോടുള്ള ബന്ധം അത്യന്തം ഗാഢവും സന്നികൃഷ്ടവുമാണെന്നും അതു് തെലുങ്കിനോടോ കർണ്ണാടകത്തിനോടോ ഉള്ളതുപോലെ ശ്ലഥവും വിദൂരവുമല്ലെന്നും തെളിയുന്നതാണു്. അതുകൊണ്ടത്രേ മലയാളം കേട്ടാൽ തമിഴർക്കും തമിഴു കേട്ടാൽ മലയാളികൾക്കും തെലുങ്കിനേയും കർണ്ണാടകത്തിനേയുംകാൾ എത്രയോ അധികമായി മനസ്സിലാകുന്നതു്. ചെന്തമിഴിന്റെ ആവിർഭാവകാലത്തിനു മുമ്പുതന്നെ ഭൂസ്ഥിതിയും കാലാവസ്ഥയും നിമിത്തം ചില വ്യത്യാസങ്ങളെല്ലാം സ്വാഭാവികമായുണ്ടായിരുന്നു. എങ്കിലും പശ്ചിമപർവ്വതങ്ങൾക്കു കിഴക്കും പടിഞ്ഞാറുമുള്ള തമിഴകത്തിൽ സംസാരിച്ചു വന്ന ഭാഷ പ്രായേണ ഒന്നുതന്നെയായിരുന്നു എന്നു ഞാൻ മുമ്പു പ്രസ്താവിച്ചിട്ടുണ്ടു്. ചെന്തമിഴിന്റെ അതിപ്രസരം നിമിത്തം കാലാന്തരത്തിൽ മലമണ്ഡലമൊഴിച്ചുള്ള കൊടുന്തമിഴ് നാടുകളിലെ നാടോടിഭാഷ അതുമായി അധികമധികം അടുത്തു. എന്നാൽ മലമണ്ഡലത്തിലാകട്ടെ മുമ്പുതന്നെയുണ്ടായിരുന്നു വ്യത്യാസങ്ങൾ ക്രമേണ വർദ്ധിച്ചു് വ്യവഹാരഭാഷ സംസ്കൃതത്തിന്റെ ആധിപത്യത്തിനു വഴങ്ങി പാണ്ഡ്യചോളദേശങ്ങളിലെ വ്യവഹാരഭാഷയിൽനിന്നു് അകന്നകന്നു് ഒരു വ്യക്തിത്വവിശിഷ്ടമായ സ്വതന്ത്രഭാഷയായി പരിണമിച്ചു. മലയാളത്തിനും തമിഴിനും തമ്മിലുള്ള ചാർച്ച സൂക്ഷമമായി പരിശോധിച്ചാൽ മലയാളത്തെ ഇന്നത്തെ തമിഴിന്റെ പുത്രിയെന്നോ കനിഷ്ഠസഹോദരിയെന്നോ അല്ല പറയേണ്ടതെന്നും, അങ്ങനെ ഒരു സംബന്ധം കല്പിക്കുകയാണെങ്കിൽ മാതാവെന്നോ ജ്യേഷ്ഠത്തിയെന്നോ ആണു് വേണ്ടതെന്നും ഈ ചർച്ചയിൽനിന്നു വിശദമാകുന്നതാണു്.
കുറിപ്പുകൾ 1 കവിരാജമാർഗ്ഗം നൃപതുങ്ഗന്റെ സദസ്യനായ ശ്രീവിജയന്റെ കൃതിയെന്നും പക്ഷമുണ്ടു്.

2 ലീലാതിലകത്തിൽ ഉദ്ധൃതമായിക്കാണുന്ന ‘തമിഴുനാട്ടുമൈവേന്തരും വന്താർ’ എന്ന പദ്യശകലത്തിൽ നിന്നു ചേര ചോള പാണ്ഡ്യന്മാർക്കു പുറമേ കർണ്ണാടകം, ആന്ധ്രം ഈ രാജ്യങ്ങളിലെ രാജാക്കന്മാരേയും തമിഴുനാട്ടു രാജാക്കന്മാരായി സൂചിപ്പിച്ചിരിക്കുന്നു എന്നു് ഊഹിക്കാമെന്നു ചിലർ പറയുന്നു. ഇതു എങ്ങനെയെന്നു മനസ്സിലാകുന്നില്ല. ‘ഐവേന്തർ’ എന്നു് അവിടെ പദച്ഛേദം ചെയ്യുവാൻതന്നെ മാർഗ്ഗമില്ലല്ലോ. അതു വാസ്തവത്തിൽ അപപാഠമാണെന്നും സുബദ്ധമായ പാഠം ‘തമിഴുനാട്ടു മൂവേന്തരും വന്താർ’ എന്നാണെന്നും ചില ആദർശഗ്രന്ഥങ്ങളിൽനിന്നു് ഇപ്പോൾ തെളിഞ്ഞിട്ടുണ്ടു്.

3 (കേരാൻ ലാതി) കേരവൃക്ഷങ്ങളെ സ്വീകരിക്കുന്നു എന്നു് അർത്ഥകല്പനചെയ്തു് കേരവൃക്ഷങ്ങൾ ധാരാളമുള്ളതിനാലാണു കേരളമെന്നു് ഈ നാട്ടിനു പേർ വന്നതെന്നു ചിലർ വാദിക്കുന്നു. ഈ വാദം വിചാരസഹമല്ല. കേരം ഈ നാട്ടിൽ ആദികാലം മുതല്ക്കേ ഉണ്ടായിരുന്ന ഒരു വൃക്ഷമാണെന്നു തോന്നുന്നില്ല; എന്നു മാത്രമല്ല അതിനു മലയാളത്തിൽ ‘തെങ്ങ്’ എന്നാണു് പറയുന്നതും; കേരം സംസ്കൃതപദമാണു്. ആര്യന്മാർ ഇവിടെ വരുന്നതിനു മുമ്പും അതിനു് ഇതുതന്നെയായിരുന്നിരിക്കണം പേർ. ദ്രാവിഡത്തിലുള്ള പദാദിയിലെ ചകാരത്തിനു സംസ്കൃതത്തിൽ കകാരാദേശം ഒരിക്കലും വരുന്നതല്ലെന്നു വാദിയ്ക്കുന്നതും അനുഭവത്തിനു വിരുദ്ധമാണു്. ചേരലം കർണ്ണാടകത്തിൽ കേരളമായി; ആ വഴി ആര്യന്മാർക്കു് ലഭിച്ച ഒരു പദമാവാനും വിരോധമില്ല. അളത്തിനു സമുദ്രതീരസ്ഥലം എന്നർത്ഥമുണ്ടു്. ചേരു് (ചേർന്ന) അളം (സമുദ്രതീരസ്ഥലം) എന്നു ചേരളത്തിനു് അർത്ഥം കല്പിയ്ക്കാമെങ്കിലും ചേരലമെന്നല്ലാതെ ചേരളമെന്നൊരു പദം ദ്രാവിഡസാഹിത്യത്തിൽ കാണാത്തതുകൊണ്ടു് ആ നിരുക്തിക്കും ഉപപത്തിയില്ല. കേരളം എന്ന ദേശസംജ്ഞ കാത്യായനനും (ക്രി. മു. നാലാം ശതകം; ‘കംബോജാൽ ലുൿ’ എന്ന സൂത്രത്തിന്റെ വാർത്തികം നോക്കുക) പതഞ്ജലിക്കും (ക്രി. മു. രണ്ടാം ശതകം) അറിവുണ്ടായിരുന്നു. അശോകമൗര്യൻ (ക്രി. മു. മൂന്നാം ശതകം) ചോളപാണ്ഡ്യന്മാർ, കേരളപുത്രൻ, സതീയപുത്രൻ ഇവരെ പ്രത്യന്തവാസികളായ സ്വതന്ത്രരാജാക്കന്മാർ എന്ന നിലയിൽ പരിഗണിച്ചാണു് പെരുമാറി വന്നതെന്നു് അദ്ദേഹത്തിന്റെ ഒരു ശിലാശാസനത്തിൽ നിന്നു വെളിവാകുന്നുണ്ടു്. ചേരമാൻ എന്ന ചേരരാജാക്കന്മാർക്കുള്ള പൊതുപ്പേർ ചേരമകൻ എന്നതിന്റെ സങ്കുചിതരൂപമാണു്. മകൻ എന്നാൽ തമിഴിൽ മഹാനെന്നും വീരനെന്നും അർത്ഥമുണ്ടു്. അതിനെ പുത്രാർത്ഥത്തിൽ ധരിച്ച അശോകന്റെ ശാസനലേഖകൻ ചേരമാനെ കേരളപുത്രനാക്കി. സതീയപുത്രനിലെ പുത്രപദത്തിനും ഇതുതന്നെയാകുന്നു ആഗമം. സത്യദേശം തുളു പ്രചരിക്കുന്ന ദക്ഷിണകർണ്ണാടവും ഉത്തരകർണ്ണാടവുമാകുന്നു. പ്ലിനി (ക്രി. പി. ഒന്നാം ശതകം) എന്ന റോമൻ ഗ്രന്ഥകാരനും കേരളപുത്രനെപ്പറ്റി പറയുന്നുണ്ടു്. ‘യൽ കേ ജലേ, രലതി, രാജതി, കേരളാഖ്യാം ലേഭേ തതഃ’ എന്നു പറയുന്നതു കേവലം പ്രമാദം തന്നെ.

4 പാണിനിമഹർഷിക്കു പിന്നീടാണു് അദ്ദേഹം (ഇന്ദ്രൻ) ജീവിച്ചിരുന്നതെങ്കിലും അഷ്ടാധ്യായിക്കു മുമ്പുള്ള പ്രാതിശാഖ്യങ്ങൾ, നിരുക്തം ഇവയെയാണു് അദ്ദേഹത്തിന്റെ വ്യാകരണത്തിൽ പ്രായേണ ഉപജീവിച്ചിരിയ്ക്കുന്നതു്.

“ഇന്ദ്രശ്ചന്ദ്രഃ കാശകൃത്സ്നാ
പിശലീ ശാകടായനഃ
പാണിന്യമരജൈനേന്ദ്രാ
ജയന്ത്യഷ്ടാദിശാബ്ദികാഃ”
എന്ന ശ്ലോകത്തിൽ ഇന്ദ്രൻ, ചന്ദ്രൻ, കാശകൃത്സ്നൻ, ആപിശലി, ശാകടായനൻ, പാണിനി, അമരൻ, ജിനേന്ദ്രൻ ഇവരെ ആദിശാബ്ദികന്മാരായി ഗണിച്ചിരിക്കുന്നു. ഇന്ദ്രനെ ശാകടായന വ്യാകരണത്തിലും സ്മരിച്ചുകാണുന്നുണ്ടു്.

5 “ചെങ്കുട്ടുവഞ്ചേരൻറമ്പിയാകിയ ഇളങ്കോവടികൾ കണ്ണകയിൻ ചരിതമടങ്കിയ ചിലപ്പതികാരമെന്നുഞ്ചിറന്ത ഇലക്കിയ നൂലൈത്തമിഴിലേ പാടി വൈത്തമൈ കാൺക. ഇന്നൂലിലേ അന്നാട്ടിൽ വഴങ്കിയ നൂതനതിചൈച്ചൊർക്കൾ ചില പല ചെറിന്തിരുക്കിൻറന” എന്നു മി. ഭൂപാലപിള്ള തമിഴ് വരലാറു് എന്ന ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു.

അദ്ധ്യായം 4 - കേരളവും ആര്യസംസ്കാരവും

4.1ആദികേരളം

ദക്ഷിണാപഥത്തിൽ ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ദ്രാവിഡന്മാർ സംസ്കാരവിഷയത്തിൽ ഉൽക്കൃഷ്ടമായ ഒരു സ്ഥാനത്തെ പ്രാപിച്ചിരുന്നു എന്നു പ്രസ്താവിച്ചു കഴിഞ്ഞുവല്ലോ. ഏഷ്യാമൈനർ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളുമായി ദ്രാവിഡന്മാർ ക്രി. മു. നാലായിരം വർഷങ്ങൾക്കു മുമ്പുപോലും വമ്പിച്ച തോതിൽ വാണിജ്യം നടത്തിവന്നിരുന്നു. ആ വാണിജ്യത്തിന്റെ കേന്ദ്രം കേരളമായിരുന്നു എന്നും അവിടത്തെ മുചിരി (കൊടുങ്ങല്ലൂർ), തൊണ്ടി (കടലുണ്ടി) മുതലായ തുറമുഖങ്ങൾ അനന്തരകാലങ്ങളിൽ തദ്വിഷയകമായ പാരമ്പര്യം പ്രശംസാർഹമായ രീതിയിൽ പരിപാലിച്ചു പോന്നു എന്നും ഉള്ളതിനു സംഘഗ്രന്ഥങ്ങളിലും മറ്റും ധാരാളം തെളിവുണ്ടു്. ഇൻഡ്യയിൽ അറബിക്കടല്ക്കരയിലുള്ള നൗകാശയങ്ങളിൽ ക്രയവിക്രയങ്ങൾ നടത്തുന്നതിനാണല്ലോ പാശ്ചാത്യരായ വിദേശികൾക്കു കൂടുതൽ സൗകര്യമുള്ളതു്. ശ്രീപരശുരാമൻ സമുദ്രത്തിൽനിന്നു് ഉദ്ധരിക്കുന്നതിനുമുമ്പു കേരളമെന്നൊരു ഭൂവിഭാഗമേ ഇല്ലായിരുന്നു എന്നുള്ള ഐതിഹ്യം വിശ്വസനീയമായി തോന്നുന്നില്ല. കേരളം പരശുരാമന്റെ ആവിർഭാവത്തിനു വളരെക്കാലം മുമ്പു പ്രകൃതിക്ഷോഭം നിമിത്തം കടൽ നീങ്ങി കരയായ ഒരു ദേശമാണെന്നുള്ള ഭൂഗർഭശാസ്ത്രജ്ഞന്മാരുടെ മതം സർവ്വഥാ അങ്ഗീകാര്യമാകുന്നു. പുരാണങ്ങളിൽ പ്രതിപാദിക്കുന്നതും പരശുരാമൻ കേരളത്തെ മാത്രമല്ല, സപ്തകൊങ്കണങ്ങളേയും ഉദ്ധരിച്ചു എന്നാണു്. കൂപകം (കന്യാകുമാരി മുതൽ കന്നേറ്റി വരെ), കേരളം (കന്നേറ്റി മുതൽ പുതുപ്പട്ടണം വരെ), മൂഷികം (പുതുപ്പട്ടണം മുതൽ പെരുമ്പുഴ വരെ) അലുവം (ദക്ഷിണകർണ്ണാടകം), പശു (ഉത്തരകർണ്ണാടകം), കൊങ്കണം (രത്നഗിരി വരെ), പരകൊങ്കണം (നാസിൿ വരെ) ഇവയെ സപ്തകൊങ്കണങ്ങൾ എന്നു പ്രപഞ്ചഹൃദയത്തിൽ പറയുന്നു. പരശുരാമഭൂമിക്കു് ആകെ നൂറു യോജനയായിരുന്നു അത്രേ ദൈർഘ്യം. കേരളം കരവച്ചു ക്രമേണ വാസയോഗ്യമായപ്പോൾ സഹ്യപർവ്വതത്തിനും കിഴക്കു താമസിച്ചിരുന്ന ദ്രാവിഡർ അവിടെയും കുടിയേറിപ്പാർത്തുതുടങ്ങി. പർവ്വതീയന്മാരായ അപരിഷ്കൃതവർഗ്ഗക്കാർ അതിനും കുറേക്കാലം മുമ്പു് അവിടെ അവരുടെ താമസം ആരംഭിച്ചിരുന്നിരിക്കണം. ‘താഴോട്ടു്’ എന്നു് അർത്ഥമുള്ള ‘കിഴക്കു്’ എന്ന പദം പൂർവ്വദിക്കിനേയും ‘മുകളിലോട്ടു്’ എന്നർത്ഥമുള്ള ‘മേക്കു്’ എന്നതു പശ്ചിമദിക്കിനേയും ആണല്ലോ തമിഴിലും മലയാളത്തിലും ഒന്നുപോലെ കുറിക്കുന്നതു്. ഇത്തരത്തിലുള്ള പദപ്രയോഗം പാണ്ഡ്യരാജ്യത്തിലെ ഭൂസ്ഥിതിക്കു് അനുരൂപമാണെങ്കിലും കേരളത്തിലേതിനു വിപരീതമാണു്. പടിഞ്ഞാറു് (പടു ഞായിർ: സൂര്യൻ അസ്തമിക്കുന്ന ദിക്കു്) എന്നുകൂടി മേക്കു് എന്ന പദത്തിനു മലയാളത്തിൽ ഒരു പര്യായമുണ്ടെങ്കിലും അതു പിന്നീടൂ വന്നതാണു്. ‘ഉണരൽ’ എന്നു് അർത്ഥം കല്പിക്കാവുന്ന (ഉഞറു) ‘ഉഞ്ഞാറു’ എന്നല്ലാതെ കിഴക്കെന്നല്ലായിരുന്നു പണ്ടു മലയാളത്തിൽ പൂർവ്വദിഗ്വാചിയായ പദം എന്നു പറയുന്നതു് അപ്രമാണമാകുന്നു.

4.2നായന്മാർ

കേരളത്തിൽ കുടിയേറിപ്പാർത്ത നായന്മാർ തമിഴകത്തിലെ ഇതര ദ്രാവിഡന്മാരിൽനിന്നു വർഗ്ഗീയദൃഷ്ട്യാഭിന്നന്മാരായിരുന്നുവോ എന്നു നിർണ്ണയിക്കുവാൻ അസന്ദിഗ്ദ്ധമായ ആധാരമൊന്നും ഇല്ല. അവർ ഒരു കാലത്തു ഭാരതത്തിൽ പല പ്രദേശങ്ങളിലും താമസിച്ചിരുന്ന നാഗവംശത്തിൽ പെട്ടവരാണെന്നു ചിലർ അഭ്യൂഹിക്കുന്നു; ആ അഭ്യൂഹം ശരിയാണെന്നുള്ളതിനു തെളിവില്ല. ‘നായർ’ എന്ന പദത്തിനു നായുഡു, നായക്കർ മുതലായ ജാതിവാചികളായ പദങ്ങളെപ്പോലെ (നായകൻ) നേതാവു് എന്ന ദ്രാവിഡത്തിൽ അർത്ഥമുള്ള സ്ഥിതിക്കു് ആ അർത്ഥത്തിൽ അതു പ്രയുക്തമായി എന്നു വരാൻ പാടില്ലായ്കയില്ല; നാഗങ്ങൾ അവർക്കു് ഇഷ്ടദേവതകളായിത്തീർന്നതു് നാഗസങ്കീർണ്ണമായ കേരളത്തിൽ വന്നതിനുമേലായിരിക്കണമെന്നും ഉദ്ദേശിക്കാം; തദനുരോധേന അവരെ നാകന്മാരെന്നും ചില പഴയ പാട്ടുകളിൽ വ്യപദേശിച്ചിരിക്കാം. മരുമക്കത്തായം മുതലായി അതിപ്രാചീനകാലത്തു ദ്രാവിഡദേശത്തിൽ പ്രചരിച്ചിരുന്ന പല സമുദായാചാരങ്ങളേയും അവർ പുലർത്തിപ്പോരുകനിമിത്തം അവർക്കും അന്യദ്രാവിഡർക്കും തമ്മിൽ കാലാന്തരത്തിൽ കൊള്ളക്കൊടുക്കയില്ലാതെയായി. ഒടുവിലത്തെ തമിഴു് സംഘത്തിലെ കവികളിൽ 17 പേർ നാകന്മാരായിരുന്നതായി പ്രാചീന ദ്രാവിഡഗ്രന്ഥങ്ങളിൽ കാണുന്നു. അവർ നായന്മാരായിരുന്നിരിക്കാം. ഏതായാലും സാഹിത്യചരിതത്തിന്റെ ആവശ്യത്തിനു് അവരെ ദ്രാവിഡരായി പരിഗണിച്ചാൽ മതിയാകുന്നതാണു്. വളരെ പുരാതനമായ ഒരു കാലത്താണു് അവർ കേരളത്തിൽ കുടിയേറിപ്പാർത്തുതുടങ്ങിയതെന്നു സംശയംകൂടാതെ സ്ഥാപിക്കാവുന്നതാകുന്നു.

4.3കേരളത്തിലെ ചില ദ്രാവിഡാചാരങ്ങൾ

ദ്രാവിഡദേശത്തിൽ അഭിമതമായ വിവാഹം ഗാന്ധർവ്വമാണെന്നു തൊല്കാപ്പിയർ പറയുന്നുണ്ടെങ്കിലും അതു് അനുസ്യൂതമായി നിലനിന്നു പോരുന്നതു് കേരളത്തിൽ മാത്രമാകുന്നു. അതുപോലെതന്നെ (വേലൻ വെറിയാട്ടു്) വേലൻപ്രവൃത്തി, കുരവയിടൽ, രാജാക്കന്മാർ എഴുന്നള്ളുമ്പോൾ പുതുമണൽ വിരിക്കൽ, തുടങ്ങിയ അനേകം ആചാരങ്ങൾ ദ്രാവിഡരെ പൊതുവേ സംബന്ധിക്കുന്നതാണെന്നു പഴയ ദ്രാവിഡഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചുകാണുന്നുണ്ടെങ്കിലും അവയെ ഇന്നും അഭങ്ഗുരമായി പരിപാലിച്ചുപോരുന്നതു കേരളമാകുന്നു. മരുമക്കത്തായമായിരുന്നു ദ്രാവിഡരുടെ പുരാതനമായ ദായക്രമമെന്നും ആ ആചാരം ഒരു കാലത്തു് ഈജിപ്റ്റു്, ഏഷ്യാമൈനർ മുതലായ രാജ്യങ്ങളിലെ ജനതയുടെ ഇടയിലും പ്രചരിച്ചിരുന്നു എന്നും നരശാസ്ത്രഗവേഷകന്മാർ പ്രതിപാദിക്കുന്നു. ക്രി. പി. രണ്ടാംശതകത്തോടടുത്തു ജീവിച്ചിരുന്ന മാങ്കുടി മരുതനാർ രചിച്ച മധുരൈക്കാഞ്ചി എന്ന കൃതിയിൽ വാമനമൂർത്തി അവതരിച്ച ചിങ്ങമാസത്തെ തിരുവോണത്തിൽ അക്കാലത്തു ദ്രാവിഡദേശത്തിൽ നടന്നുവന്ന ആഘോഷങ്ങളേയും അതിന്റെ ഒരു പ്രധാനാങ്ഗമായ (ഓണത്തല്ലു്) ചേരിപ്പോരിനേയും പറ്റി വിശദമായി പ്രസ്താവിക്കുന്നുണ്ടു്. ഇവയെല്ലാം തമിഴകത്തിന്റെ ഇതരഭാഗങ്ങളിൽ കാലപ്രവാഹത്തിനടിപെട്ടു മൺമറഞ്ഞുപോയെങ്കിലും കേരളത്തിൽ ഇനിയും വേരറ്റു പോയിട്ടില്ല. അന്യവർഗ്ഗക്കാരുടെ സമ്മർദ്ദത്തിനു വിധേയമാകാതെ മിക്കവാറും ഒരു ദ്വീപത്തിന്റെ നിലയിൽ പുലരുവാൻ സാധിച്ച കേരളത്തിനു് ഇത്തരത്തിലുള്ള പ്രാചീനാചാരപരിപാലനം സാധ്യമായതിൽ അത്ഭുതത്തിനു് അവകാശമില്ലതാനും.

4.4ശ്രീപരശുരാമനും നമ്പൂരിമാരും ആര്യാവർത്തത്തിൽ നിന്നു ദക്ഷിണാപഥത്തിൽ ആദ്യമായി വന്നുചേർന്ന ബ്രഹ്മർഷിമാരിൽ എല്ലാംകൊണ്ടും പ്രഥമഗണനീയനാണു് ശ്രീപരശുരാമൻ. അദ്ദേഹത്തിന്റെ അനുചരന്മാരായിരുന്നു നമ്പൂരിമാരുടെ പൂർവ്വന്മാർ. അവർ ഏതു കാലത്തു് ഇവിടെ എത്തി എന്നു ക്ലപ്തമായി പറയാൻ നിവൃത്തിയില്ലെങ്കിലും അതു നായന്മാരുടെ അധിനിവേശത്തിനു മേലാണെന്നുള്ളതിനു സംശയമില്ല. എന്നാൽ നമ്പൂരിമാരുടെ ആഗമനത്തിനും വളരെ പഴക്കമുണ്ടെന്നുള്ള വസ്തുത നാം മറക്കരുതു്. പരശുരാമാബ്ദം എന്ന പേരിൽ ഒരബ്ദം പണ്ടു കേരളത്തിൽ പ്രചരിച്ചിരുന്നതായി ചിലർ പറയുന്നു. മലബാറിൽ പരശുരാമാബ്ദം അനുസരിച്ചാണു് വർഷഗണനമെന്നു ഡോക്ടർ ബുക്കാനനും ഈ അബ്ദത്തിനു 1000 വർഷങ്ങൾ കഴിയുമ്പോൾ ഒരു പരിവർത്തനമുണ്ടായിരുന്നു എന്നു കാലസങ്കുലിതത്തിൽ വാറനും, ഇതു ക്രി. മു. 1176-ൽ ആരംഭിച്ചു് ക്രി. മു. 176-ലും ക്രി. പി. 824-ലും ഓരോ പരിവർത്തനഘട്ടത്തെ തരണംചെയ്തു എന്നു കണ്ണിങ്ങ് ഹാമും രേഖപ്പെടുത്തീട്ടുണ്ടു്. വാൾട്ടർ ഹാമിൽട്ടൺ, ഡേ മുതലായ മറ്റുചില ഗ്രന്ഥകാരന്മാരും ഈ അബ്ദത്തെ അനുസ്മരിക്കുന്നുണ്ടു്. ഇതനുസരിച്ചു ഗണനക്രിയകൾ ചെയ്യുന്നതിനുള്ള പ്രയാസംനിമിത്തമാണു ക്രി. പി. 825-ൽ കൊല്ലവർഷം ഏർപ്പെടുത്തപ്പെട്ടതു് എന്നുള്ള അനുമാനത്തിനു പ്രമാണമില്ല; പ്രത്യുത കലിവർഷത്തിനു പകരമാണു് കൊല്ലവർഷമേർപ്പെടുത്തിയതു് എന്നാണു് എന്റെ പക്ഷം. ശങ്കരനാരായണീയം എന്ന ജ്യൌതിഷഗ്രന്ഥത്തിലെ ചില പ്രസ്താവനകൾ ഇതിനു സാക്ഷ്യം വഹിക്കുന്നു. ‘കൊല്ലം തൊൻറി’ എന്നു ചില ശാസനങ്ങളിൽ കാണുന്നതിനു ‘കൊല്ലമെന്ന പട്ടണമുണ്ടായി’ എന്നല്ല ‘കൊല്ലമെന്ന അബ്ദമുണ്ടായി’ എന്നാണു് അർത്ഥം കല്പിക്കേണ്ടതു്. ഏതായാലും പരശുരാമൻ ആര്യാവർത്തം വിട്ടു തന്റെ അനുയായികളോടുകൂടി ഉദ്ദേശം ക്രി. മു. 12-ാം ശതകത്തിൽ വിന്ധ്യപർവ്വതത്തിനു തെക്കു കടന്നതായി വിചാരിക്കാവുന്നതാണു്. പ്രാചീനഭാരതചരിത്രത്തിൽ പല രാജ്യങ്ങളിലും ബ്രാഹ്മണരെ ആദ്യമായി അധിനിവേശം ചെയ്യിച്ചതു പരശുരാമനാണെന്നു കാണുന്നു. അതിന്റെയെല്ലാം വസ്തുസ്ഥിതി എങ്ങനെയിരുന്നാലും കേരളത്തിൽ അവരെ കൊണ്ടുവന്നതു് ഒരു പരശുരാമനാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. അദ്ദേഹം പുരാണപുരുഷനായ ശ്രീപരശുരാമനാകണമെന്നുമില്ല. നമ്പൂരിമാരിൽ, ധാരാളം ഋഗ്വേദികളുണ്ടു്. അവർ കൗഷീതകസൂത്രത്തിലും ആശ്വലായനസൂത്രത്തിലും ഉൾപ്പെടുന്നു. യജൂർവേദികളെല്ലാം തൈത്തരീയശാഖക്കാരാണു്. അവരിൽ അധികംപേർ ബോധായനസൂത്രത്തേയും ബാക്കിയുള്ളവർ വാധൂലകസൂത്രത്തേയും അനുസരിക്കുന്നു. ആപസ്തംബശാഖ ഇപ്പോളില്ല. സാമവേദികൾ ചുരുക്കമാണു്. അവരുടെ പല ആചാരവിശേഷങ്ങളും, അവർ പണ്ടേക്കുപണ്ടേ സ്വജനങ്ങളിൽനിന്നു വേർപിരിഞ്ഞു ദൂരസ്ഥിതമായ കേരളത്തിൽ വന്നവരാണെന്നു തെളിയിക്കുന്നുണ്ടു്. പൂർവശിഖ, ഏകയജ്ഞോപവീതം, സ്ത്രീകളുടെ ശ്വേതവസ്ത്രധാരണം, ഋതുമതീവിവാഹം, വേളിയുടെ നാലാം ദിവസം നിഷേകം, സർവസ്വദാനവിധിയനുസരിച്ചുള്ള ദാരപരിഗ്രഹം, ദ്വാമുഷ്യായണരൂപമായ ദത്തു്, നക്ഷത്രം പ്രമാണമാക്കിയുള്ള ശ്രാദ്ധം ഇവയിൽ പലതും ആ കൂട്ടത്തിൽ ചേരും. ഋതുമതീവിവാഹത്തിന്റെ ഉപജ്ഞാതാവു മേഴത്തോൾ അഗ്നിഹോത്രിയാണെന്നു ചിലർ പറയുന്നതു സമീപനമാണെന്നു തോന്നുന്നില്ല. സ്മാർത്തവിചാരം, അന്തർജ്ജനങ്ങളുടെ ഇടയിൽ ‘ഘോഷാ’ നിയമം മുതലായവ സ്ത്രീകളുടെ ചാരിത്രശുദ്ധിയെ ലക്ഷീകരിച്ചു കാലാന്തരത്തിൽ കടന്നുകൂടിയ ആചാരവിശേഷങ്ങളായിരിക്കണം. കൂട്ടുകുടുംബവ്യവസ്ഥയും മറ്റും നായന്മാരിൽ നിന്നു സ്വീകരിച്ചതാണു്. ഈ അനാചാരങ്ങൾ ക്രി. പി. എട്ടാംശതകത്തിൽ ജീവിച്ചിരുന്ന ശങ്കരാചാര്യരാണു് ഏർപ്പെടുത്തിയതെന്നു് അനുമാനിക്കുന്നതു് അസങ്ഗതമാകുന്നു. ആദ്യകാലത്തു താമസത്തിനായി വന്ന നമ്പൂരിമാരുടെ ഇടയിൽ സ്ത്രീകൾ വളരെ കുറവായിരുന്നതിനാൽ കുടുംബത്തിലെ മൂപ്പൻ മാത്രം സ്വജാതിയിൽനിന്നു് സഹധർമ്മിണിയെ സ്വീകരിച്ചാൽ മതിയെന്നു ബുദ്ധിമാന്മാരായ അവർ വിധിച്ചു. തദ്വാരാ കുടുംബസ്വത്തു ഛിന്നഭിന്നമാകാതെ സംരക്ഷിക്കുകയും, ഇതര പുരുഷന്മാർ, രാജാക്കന്മാർ, നായന്മാർ മുതലായവരുടെ കുടുംബങ്ങളിൽനിന്നു സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാമെന്നു വ്യവസ്ഥാപനം ചെയ്യുകയും ചെയ്തു. ബ്രാഹ്മണർക്കു നാലു വർണ്ണങ്ങളിൽ നിന്നും വിവാഹം ചെയ്യാമെന്നു് ആര്യാവർത്തത്തിൽ പണ്ടുണ്ടായിരുന്നതും യാജ്ഞാവൽക്യന്റെ കാലംവരെ നിർബാധമായി നിലനിന്നുപോന്നതുമായ സ്മൃതിനിയമവും അവരെ ഈ വിഷയത്തിൽ സഹായിച്ചിരിക്കണം. തന്നിമിത്തം പരദേശങ്ങളെ അപേക്ഷിച്ചു് ആര്യസംസ്കാരം ദ്രാവിഡരുടെ ഇടയിൽ രൂഢമൂലമാകുന്നതിനു് ഇടവന്നു. കർമ്മനിഷ്ഠ, തപഃ ശക്തി, ആചാരശുദ്ധി മുതലായ പല സൽഗുണങ്ങളും നിമിത്തം അവർക്കു രാജകുലങ്ങളിലും സമുദായമദ്ധ്യത്തിലും മറ്റും അത്യുൽക്കൃഷ്ടമായ ഒരു സ്ഥാനം സ്വാധീനമാക്കുവാൻ സാധിച്ചു. എങ്കിലും ഇതരസമുദായങ്ങളിലെ സ്ത്രീകളുമായുണ്ടായ വിവാഹബന്ധംതന്നെയാണു് ആ പ്രാഭവത്തിന്റെ പ്രധാനകാരണം എന്നു് അനുമാനിക്കുന്നതിൽ തെറ്റില്ല. കാലാന്തരത്തിൽ ദക്ഷിണാപഥത്തിലെ വിവിധഭാഗങ്ങളിൽ നിന്നു ബ്രാഹ്മണർ കേരളത്തിൽ വന്നുചേരുകയും അവരെ നമ്പൂരിമാർ തങ്ങളുടെ വിശേഷാചാരങ്ങൾക്കു വിധേയരാക്കി സ്വജനങ്ങളായി അങ്ഗീകരിക്കുകയും ചെയ്തു. തങ്ങളുടെ സംഖ്യ സാമാന്യം പര്യാപ്തമായെന്നു തോന്നിയപ്പോൾ മാത്രമേ അവർ ആ ഏർപ്പാടു നിറുത്തിയുള്ളു.

 

4.5നമ്പൂരിമാരുടെ പ്രാബല്യംഗോകർണ്ണം മുതൽ കന്യാകുമാരിവരെയുള്ള കേരളബ്രാഹ്മണർ ആദ്യം തങ്ങളെ അറുപത്തിനാലു ഗ്രാമക്കാരായി വിഭജിച്ചു് ആ ഗ്രാമങ്ങളിൽ ഒന്നു പകുതി പെരുമ്പുഴയ്ക്കു വടക്കും ബാക്കി തെക്കുമായി വേർതിരിച്ചു. എങ്കിലും ഒരു സ്ഥലത്തു തുളുഭാഷയും മറ്റൊരിടത്തു കൊടുന്തമിഴും പ്രചരിച്ചുവന്നതിനാൽ ആ ഭാഷകൾ ഗൃഹ്യോപയോഗത്തിനു സ്വീകരിച്ചപ്പോൾ ആ പുഴയ്ക്കു് അങ്ങുമിങ്ങുമായി താമസിച്ചവർ ചാർച്ചവേഴ്ചകൾ വിട്ടു രണ്ടു ഭിന്നവർഗ്ഗക്കാരായി പരിണമിച്ചു. ഔത്തരാഹന്മാരായ എമ്പ്രാന്തിരിമാർ മറ്റു ദ്രാവിഡബ്രാഹ്മണരുടെ ആചാരങ്ങളും വേഷഭൂഷാദികളും സ്വീകരിച്ചു; പ്രത്യുത ദാക്ഷിണാത്യന്മാരായ നമ്പൂരിമാർ പൂർവാചാരങ്ങളെ കഴിയുന്നതും പരിപാലിച്ചുപോന്നു. ഒരു കാലത്തു ക്ഷത്രിയരെ കൂടാതെ അവർതന്നെ സ്വതന്ത്രമായി രാജ്യരക്ഷ ചെയ്തു എന്നും, അതിലേക്കായി ഉത്തരകേരളത്തിൽ പയ്യന്നൂർ മുതൽ തിരുവിതാംകൂറിൽ നീർമൺവരെയുള്ള തങ്ങളുടെ മുപ്പത്തിരണ്ടു ഗ്രാമങ്ങളെ പെരുഞ്ചെല്ലൂർ, പയ്യന്നൂർ, പറപ്പൂർ, ചെങ്ങന്നൂർ ഇങ്ങനെ നാലു കഴകങ്ങളായി വിഭജിച്ചു എന്നും, ആ കഴകങ്ങളിൽ നിന്നു രക്ഷാപുരുഷന്മാരേയും, മേൽത്തളി, കീഴ്ത്തളി, നെടുന്തളി, ചിങ്ങപുരത്തുതളി ഈ നാലു തളികൾ സ്ഥാപിച്ചു് അവയിൽനിന്നു തളിയാതിരിമാരേയും നിയമിച്ചു എന്നും, ആ വ്യവസ്ഥകൾ അപര്യാപ്തങ്ങളെന്നു് അനുഭവപ്പെട്ടപ്പോൾ പരദേശങ്ങളിൽനിന്നു രാജാക്കന്മാരെ വരുത്തി പന്ത്രണ്ടീതു വർഷങ്ങൾക്കു പെരുമാക്കന്മാരായി അവരോധം ചെയ്തു് അവരെക്കൊണ്ടു രാജ്യം ഭരിപ്പിച്ചു എന്നും, ആ ഏർപ്പാടനുസരിച്ചു മുപ്പത്താറു പെരുമാക്കന്മാർ (‘ദദുർദ്ധരാം’ കലി 2988) ക്രി. മു. 113 മുതൽ (‘ഭൂവിഭാഗം’ കലി 3444) ക്രി. പി. 343 വരെ നാനൂറ്റൻപത്താറുവർഷം കേരളം പരിപാലിച്ചു എന്നും കേരളോൽപത്തിയിൽ രേഖപ്പെടുത്തീട്ടുള്ള ഐതിഹ്യം മുഴുവൻ വിശ്വസിക്കാവുന്നതാണെന്നു തോന്നുന്നില്ല. കേരളോൽപത്തി തന്നെ ക്രി. പി. 16-ാം ശതകത്തിൽ വിജയനഗരസാമ്രാജ്യം ഭരിച്ച കൃഷ്ണദേവരായരുടെ കാലത്തിനു പിന്നീടു് — പതിനേഴാംശതകത്തിൽ — വിരചിതമായ ഒരു ഗ്രന്ഥമാണു്. അതിലെ കേയപ്പെരുമാൾ, കോട്ടിപ്പെരുമാൾ, കൊമ്പൻപെരുമാൾ തുടങ്ങിയ പല പെരുമാക്കന്മാരുടേയും പേരുകൾപോലും വിചിത്രമായിരിക്കുന്നു. ഇത്തരത്തിൽ ക്രി. മു. 113 മുതൽ ക്രി. പി. 343 വരെയെന്നല്ല, ഏതെങ്കിലും ഒരു കാലത്തു് നമ്പൂരിമാർ പരദേശങ്ങളിൽനിന്നു തിരഞ്ഞെടുത്തു് അവരോധിച്ച രാജാക്കന്മാർ കേരളംവാണു എന്നുള്ളതിനു തമിഴ്സാഹിത്യത്തിൽനിന്നു യാതൊരു തെളിവും കിട്ടുന്നില്ലെന്നു മാത്രമല്ല, കിട്ടുന്ന തെളിവു വച്ചുനോക്കുകയാണെങ്കിൽ മൂവരശരിൽ ഒരു വംശക്കാരായ ചേരരാജാക്കന്മാർ അവരുടെ സ്വന്തം നിലയിൽ പരമ്പരാവകാശക്രമത്തിനു് ഈ രാജ്യം പരിപാലിച്ചു എന്നു തീർച്ചപ്പെടുത്തേണ്ടതായുമിരിക്കുന്നു. പെരുമാൾവാഴ്ചയെപ്പറ്റി ചെയ്തുകാണുന്ന കാലഗണന ശരിയല്ലെന്നു ഖണ്ഡിച്ചു പറയാവുന്നതാണു്. എന്നാൽ അതേ സമയത്തുതന്നെ ഓരോ കാലത്തു രക്ഷാപുരുഷന്മാരും തളിയാതിരിമാരുമുണ്ടായിരുന്നു എന്നും അവർ രാജാക്കന്മാരെ കിരീടധാരണം ചെയ്യിക്കുക മുതലായ പല അധികാരങ്ങളും നടത്തിയിരുന്നതിനു പുറമേ ദേവസ്വങ്ങളുടേയും ഗ്രാമസങ്കേതങ്ങളുടേയും മറ്റും ഭരണം നായന്മാരോടും മറ്റും യോജിച്ചു നിർവ്വഹിച്ചുവന്നിരുന്നു എന്നും ഊഹിക്കുവാൻ ന്യായങ്ങളുണ്ടു്. ‘തളിയും തളിയാധികാരിമാരും’ എന്നു തിരുവഞ്ചിക്കുളത്തുള്ള ക്രി. പി. പതിനൊന്നാംശതകത്തിലെ ഒരു ശിലാരേഖയിലും “നാലുതളിയും” എന്ന മറ്റൊരു ശിലാരേഖയിലും കാണുന്നു. ഇന്ന ഗ്രാമങ്ങളിൽ നിന്നു വേണം തളിയാതിരിമാരെ തിരഞ്ഞെടുത്തു് അവരോധിക്കുവാൻ എന്നു നിയമമുണ്ടായിരുന്നു. പറവൂർ ഗ്രാമത്തിൽനിന്നു നെടിയതളിയിലേക്കും, ഐരാണിക്കുളം ഗ്രാമത്തിൽനിന്നു കീഴ്ത്തളിയിലേക്കും, ഇരിങ്ങാലക്കുട ഗ്രാമത്തിൽനിന്നു മേൽത്തളിയിലേക്കും, മൂഴിക്കുളം ഗ്രാമത്തിൽ നിന്നു ചിങ്ങപുരത്തുതളിയിലേക്കും ആയിരുന്നു അവരോധം. തളിയാതിരിമാരുടേയും മറ്റും അധികാരം വർദ്ധിച്ചതു് ക്രിസ്തുവർഷാരംഭത്തോടുകൂടിയല്ല കൊല്ലവർഷാരംഭത്തോടുകൂടിയാണെന്നത്രേ എനിക്കു തോന്നുന്നതു്.4.6നമ്പൂരിമാരും സംസ്കൃതവിദ്യാഭ്യാസവുംകൂട്ടുകുടുംബവ്യവസ്ഥയനുസരിച്ചു നമ്പൂരിമാരുടെ ഇടയിൽ മൂപ്പനു മാത്രമേ ഗൃഹകാര്യകർത്തൃത്വമുണ്ടായിരുന്നുള്ളൂ. മറ്റുള്ളവർക്കു തന്നിമിത്തം വിദ്യാപോഷണത്തിനു ധാരാളം സൗകര്യം ലഭിച്ചു. ഉണ്ണിമാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു നമ്പൂരിമാർ പല സ്ഥാപനങ്ങളും ഏർപ്പെടുത്തി. അക്ഷരാഭ്യാസം കഴിഞ്ഞാൽ ഉടനെ അവർ ‘ഗീർന്നശ്ശ്രേയഃ’ മുതലായി കവടിക്രിയക്കാവശ്യമുള്ള വാക്യങ്ങൾ ഹൃദിസ്ഥങ്ങളാക്കും. അതിനുശേഷം അടിവാക്യം, നക്ഷത്രവാക്യം മുതലായ വാക്യങ്ങളും ഉരുവിടും. അതോടുകൂടി അവർക്കു ചില സംസ്കൃതശ്ലോകങ്ങൾ പഠിച്ചു കഷ്ടിച്ചു് അന്വയിക്കുവാൻ വേണ്ട അറിവും ലഭിക്കും. ഏഴു വയസ്സാകുമ്പോൾ ഉപനയനമായി; അതിൽ പിന്നെ സ്വഗൃഹത്തിലല്ല ഗുരുകുലത്തിലാണു് താമസം. അവിടെ സ്വരങ്ങൾക്കു് ഉദാത്താനുദാത്തസ്വരിതങ്ങൾ തുടങ്ങിയ ഉച്ചാരണഭേദങ്ങൾ തെറ്റാതെ വളരെ നിഷ്കൃഷ്ടമായി, കുലക്രമമനുസരിച്ചു്, ഏതെങ്കിലും ഒരു വേദം ഗുരുമുഖത്തിൽ നിന്നു് അദ്ധ്യയനം ചെയ്യും. വേദാഭ്യാസം പൂർണ്ണമാകുന്നതിനു് ആറേഴുകൊല്ലം വേണ്ടിവരും. അപ്പോഴേക്കു ധാരണാ ശക്തി നല്ലപോലെ ഉറയ്ക്കും. അങ്ങനെ ബ്രഹ്മചര്യം അവസാനിപ്പിച്ചു സമാവർത്തനം കഴിഞ്ഞാൽ രണ്ടോ മൂന്നോ സംവത്സരം കുലദൈവതക്ഷേത്രത്തിലും ഗ്രാമക്ഷേത്രത്തിലുമായി ഭജനമിരിക്കും. അതിനിടയ്ക്കു തങ്ങൾ പഠിച്ച വേദത്തിന്റെ പദം ചൊല്ലി അതോടുകൂടി ക്രമം, ജട, രഥ മുതലായി പദപ്രയോഗങ്ങളെക്കൊണ്ടുള്ള പല വിദ്യകളും ശീലിച്ചു ശിക്ഷ, നിരുക്തം, എന്നീ വേദാങ്ഗങ്ങളുടെ തത്വങ്ങളും ഗ്രഹിക്കും. പിന്നെ പന്ത്രണ്ടുകൊല്ലം ശാസ്ത്രപഠനം ചെയ്യണം. ഇത്രയും കഴിഞ്ഞാലേ ഒരു നമ്പൂരി ഭട്ടതിരിയായി എന്നു മറ്റുള്ളവർ സമ്മതിച്ചിരുന്നുള്ളൂ.4.7സഭാമഠങ്ങൾകേരളത്തിൽ പണ്ടു പതിനെട്ടു സഭാമഠങ്ങൾ ഉണ്ടായിരുന്നു. ഇവയെ സമാന്യേന കർമ്മിസഭാമഠങ്ങൾ, ശാസ്ത്രസഭാമഠങ്ങൾ, സന്ന്യാസിസഭാമഠങ്ങൾ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. കർമ്മിസഭാമഠങ്ങളിൽ വേദങ്ങളാണു് മുഖ്യമായി അഭ്യസിപ്പിച്ചുവന്നതു്. ആധാനം, ജ്യോതിഷ്ടോമം, അഗ്നിചയനം മുതലായ വൈദികകർമ്മങ്ങൾ വിധിവത്തായി അനുഷ്ഠിച്ചിട്ടുള്ളവരെ കർമ്മികളെന്നു പറയുന്നു. തൃശ്ശിവപേരൂർ, തിരനാവാ ഈ രണ്ടു സ്ഥലങ്ങളിലും വേദാഭ്യാസനത്തിനുള്ള യോഗങ്ങൾ ഇന്നുമുണ്ടു്. ഇവിടങ്ങളിൽ അനേകം വിദ്യാർത്ഥികൾ ഒന്നിച്ചിരുന്നു കർമ്മഠന്മാരും പണ്ഡിതന്മാരുമായ ഗുരുക്കന്മാരിൽനിന്നു വേദം അഭ്യസിക്കുന്നതുകൊണ്ടു പാഠത്തിനു ശുദ്ധിയും ഐകരൂപ്യവും സിദ്ധിക്കുന്നു. ചൊവ്വന്നൂർ, ഇടക്കുളത്തൂർ, കുമ്പളം, ഉദയതുങ്ഗേശ്വരം ഇവ കേൾവിപ്പെട്ട ശാസ്ത്രസഭാമഠങ്ങളായിരുന്നു. ഇന്നും ചൊവ്വന്നൂരിൽ ശാസ്ത്രപാഠത്തിനു പര്യാപ്തമായ വ്യവസ്ഥയുണ്ടു്. ഒരു കാലത്തു തൃക്കണാമതിലകത്തെ ശിവൻ മുപ്പത്തിരണ്ടു ഗ്രാമക്കാരുടെയും പരദേവതയാകയാൽ ആ ക്ഷേത്രം അത്യന്തം പ്രധാനവും, പന്നിയൂർ, ചൊവ്വരം (ശൂകപുരം) മുതലായ ഗ്രാമക്ഷേത്രങ്ങൾ ആ ദേവാലയത്തിന്റെ കിഴീടുകളുമായിരുന്നതായി കാണുന്നു. അവിടെ വേദശാസ്ത്രപാഠങ്ങളുടെ പരിപൂർത്തിക്കു സമഗ്രങ്ങളായ സംവിധാനങ്ങൾ ഉണ്ടായിരുന്നു. ക്രി. പി. പതിന്നാലാം ശതകത്തിന്റെ ആരംഭത്തോടുകൂടി ആ ക്ഷേത്രത്തിലെ യോഗക്കാരും ഇരിങ്ങാലക്കുട ഗ്രാമക്കാരും തമ്മിൽ മത്സരിക്കുകയും അതിന്റെ ഫലമായി തൃക്കണാമതിലകം അധഃപതിക്കുകയും അവിടുത്തെ യോഗം തൃശ്ശിവപേരൂർ ഭക്തപ്രിയക്ഷേത്രത്തിലേക്കു നീങ്ങുകയും ചെയ്തു. അതാകുന്നു തൃശ്ശൂർ യോഗം. ക്രി. പി. എട്ടാംശതകത്തോടുകൂടി ശങ്കരാചാര്യരുടെ നാലു പ്രധാന ശിഷ്യന്മാർ തൃശ്ശിവപേരൂരിൽ തെക്കേ മഠം, ഇടയിലേ മഠം, നടുവിലേ മഠം, വടക്കേ മഠം എന്നിങ്ങനെ നാലു മഠങ്ങൾ സ്ഥാപിക്കുകയുണ്ടായി. ജനനാൽ ഒരു എമ്പ്രാന്തിരിയായിരുന്ന ഒടുവിലത്തെ വടക്കേ മഠം സ്വാമിയാർ തന്നിൽനിന്നു സന്ന്യാസം വാങ്ങുവാൻ നമ്പൂരിമാരിൽ ആരേയും കാണാത്തതു കൊണ്ടു മഠവും സ്വത്തുക്കളുംകൂടി ഭക്തിപ്രിയത്തു യോഗത്തേക്കു് ഒഴിഞ്ഞുകൊടുക്കുകയും അപ്പോൾ ആ യോഗം വടക്കേ മഠത്തിലേക്കു മാറുകയും ചെയ്തു. അതിൽനിന്നു പിണങ്ങിപ്പിരിഞ്ഞ ചിലർ പിന്നീടു മുളങ്കുന്നത്തുകാവിൽ ഒരു യോഗം നടത്തുകയും അനന്തരം അവിടെനിന്നു നീങ്ങി സാമൂതിരിപ്പാട്ടിലെ പുരസ്കരണത്തിൽ തിരനാവാക്ഷേത്രത്തിനു തെക്കു ഭാതരപ്പുഴയുടെ തെക്കേക്കരയിലായി തൃശ്ശൂരെപ്പോലെ മറ്റൊരു യോഗം ആരംഭിക്കുകയും ചെയ്തു. അതാണു് തിരുനാവാ യോഗം. സാമൂതിരിപ്പാടു പന്നിയൂർ കൂറ്റിലും തൃശ്ശൂർ യോഗത്തിന്റെ സംരക്ഷകനായ കൊച്ചി മഹാരാജാവു ചൊവ്വരക്കൂറ്റിലും പെട്ട ആളാകയാൽ ഈ രണ്ടു യോഗങ്ങളും തമ്മിൽ മറ്റു വിഷയങ്ങളിലെന്നപോലെ വിദ്യാവിഷയത്തിലും മത്സരിക്കുകയും, ഇതരകാര്യങ്ങളിൽ ആ മത്സരം ഇരുപാടുകാർക്കും ദോഷകരമായി പരിണമിച്ചു എങ്കിലും വിദ്യാഭ്യാസത്തിനും ശാസ്ത്രപഠനത്തിനും തന്നിമിത്തം ഉത്തേജനം സിദ്ധിക്കുകയും ചെയ്തു. ഈ രണ്ടു യോഗങ്ങളും യോജിച്ചാണു് തിരുവിതാംകൂർ മഹാരാജാവു് തിരുവന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ആറു കൊല്ലത്തിലൊരിക്കൽ നടത്താറുള്ള മുറജപമെന്ന മഹാമഹം വിജയപ്രദമാക്കുന്നതു്. കുന്നങ്കുളത്തിനു സമീപമുളള ചൊവ്വന്നൂർ സഭാമഠത്തിൽ വ്യാകരണം, ന്യായം, മുതലായ ശാസ്ത്രങ്ങൾ പഠിപ്പിക്കുന്നു. ഇടക്കുളത്തൂർ, കുമ്പളം ഈ രണ്ടു സഭാമഠങ്ങളിൽ ഇപ്പോൾ യാതൊരു തരത്തിലുള്ള വിദ്യാഭ്യാസത്തിനും വ്യവസ്ഥൾ ഇല്ല. ഉദയതുങ്ഗേശ്വരത്തു പണ്ഡിതസഭാമഠത്തിലാണു് പ്രഭാകരഗുരു മീമാംസാശാസ്ത്രം പഠിപ്പിച്ചിരുന്നതു്. അവിടെ ഭാട്ടമീമാംസ, പ്രാഭാകരമീമാംസ, വ്യാകരണം ഈ ശാസ്ത്രങ്ങളിൽ മാത്രമല്ല കളരിപ്പയറ്റിൽ ജയിക്കുന്ന നമ്പൂരിമാർക്കും കിഴികൾ നല്കിയിരുന്നു. ശങ്കരാചാര്യമഠങ്ങളുടെ ആവിർഭാവം. അവയിൽ അദ്വൈതവേദാന്തം മാത്രമേ പഠിപ്പിച്ചുവന്നുള്ളു. വിദ്യാഭ്യാസകാലത്തു അധ്യേതാക്കൾക്കു വേണ്ടിവരുന്ന എല്ലാ ചെലവുകളും അതാതു മഠങ്ങളിൽനിന്നുതന്നെയാണു് നിർവ്വഹിച്ചുപോന്നതു്.4.8മത്സരപരീക്ഷകൾതൃശ്ശിവപേരൂരിൽനിന്നു് ഏകദേശം ഇരുപതുനാഴിക വടക്കുപടിഞ്ഞാറായി കടവല്ലൂർ എന്നൊരു ദേശവും അവിടെ സുപ്രസിദ്ധമായി ഒരു ശ്രീരാമക്ഷേത്രവുമുണ്ടു്. തൃശ്ശിവപേരൂർ യോഗക്കാരും തിരനാവാ യോഗക്കാരും തമ്മിൽ ഈ ക്ഷേത്രത്തിൽവെച്ചു കൊല്ലംതോറും നടത്തുന്ന ഋഗ്വേദപരീക്ഷയെയാണു് ‘കടവല്ലൂരന്യോന്യം’ എന്നു പറയുന്നതു്. വാരമിരിക്കുക, ജടചൊല്ലുക, രഥ ചൊല്ലുക ഇവയാണു് പരീക്ഷയ്ക്കുള്ള വിഷയങ്ങൾ. അതാതു പരീക്ഷയ്ക്കു ചേരുവാൻ ഉദ്ദേശിക്കുന്നവർ പല പ്രാവശ്യവും ‘സമക്ഷത്തു’ പോയി, അതായതു് ഓരോരോ അമ്പലങ്ങളിൽ നടക്കുന്ന വാരങ്ങളിൽ പോയി, ജയിച്ചവരായിരിക്കണം. ഈ പരീക്ഷകൾ എല്ലാം രാത്രിസമയത്താണു് നടത്താറുള്ളതു്. തുലാം 30-ാം൹ വൈകുന്നേരം രണ്ടു യോഗക്കാരും കടവല്ലൂർ എത്തിയിരിക്കണം. ആദ്യത്തെ ദിവസത്തെ പരീക്ഷയുടെ പേർ ‘ഒന്നാംതി മുൻപിലിരിക്കലും’ ‘ഒന്നാംതി രണ്ടാംവാര’വുമാകുന്നു. ‘മുൻപിലിരിക്കുക’ എന്നുവച്ചാൽ ഒന്നാമതായി വാരമിരിക്കുക എന്നർത്ഥം. പിന്നത്തെ പരീക്ഷ ‘ഒന്നാംതി ജട’യും ‘മൂന്നാംതി രഥ’യുമാണു്. ശേഷമുള്ള ദിവസങ്ങളിൽ ചൊല്ലുന്ന ജടയ്ക്കും രഥയ്ക്കും ‘മുക്കിലേ ജട’ ‘മുക്കിലേ രഥ’ എന്നിങ്ങനെ പേർ പറയുന്നു. അതിനു് ഒന്നിനൊന്നു മേലേക്കിടയിലുള്ള പരീക്ഷകളാണു് ‘കടന്നിരിക്കലും’ ‘വലിയ കടന്നിരിക്ക’ലും: ഇവ രണ്ടും രഥയിലുള്ള പ്രയോഗവിശേഷങ്ങൾതന്നെ. ‘വലിയ കടന്നിരിക്ക’ലിൽ വിജയിയായ വൈദികനു സമുദായത്തിൽ ലഭിക്കുന്ന സ്ഥാനം അത്യന്തം മഹനീയമാകുന്നു. ശാസ്ത്രാഭ്യാസത്തിൽ നിഷ്ണാതന്മാരായ ഭട്ടതിരിമാർക്കു സകല രാജസദസ്സുകളിലും വളരെക്കാലം മുമ്പുതന്നെ ‘പട്ടത്താനം’ എന്നൊരു സമ്മാനപരിപാടി ഏർപ്പെടുത്തപ്പെട്ടിട്ടുണ്ടു്. കോഴിക്കോട്ടു് തളിയിൽവെച്ചു നടത്തിവന്ന പട്ടത്താനമാണു് അവയിൽ ഏറ്റവും പ്രധാനമായിട്ടുള്ളതു്. തുലാമാസത്തെ രേവതിയിൽ തുടങ്ങി തിരുവാതിരയിൽ ആ സദസ്സു് അവസാനിച്ചിരുന്നു. കേരളത്തിലെ പണ്ഡിതപ്രവേകന്മാരായ നമ്പൂരിമാരെല്ലാം അവിടെ ആ അവസരത്തിൽ സന്നിഹിതരാകാറുണ്ടായിരുന്നു. വാദത്തിൽ ജയിക്കുന്നവർക്കു നൂറു പണത്തിന്റെ ഓരോ കിഴി സമ്മാനമായി നല്കിയിരുന്നു. പ്രാഭാകരമീമാംസയ്ക്കും ഭാട്ടമീമാംസയ്ക്കും പന്ത്രണ്ടുവീതവും വ്യാകരണത്തിനു് ഒൻപതും വേദാന്തത്തിനു പതിമ്മൂന്നും അങ്ങനെ ആകെക്കൂടി നാല്പത്താറു കിഴികൾ വിതരണം ചെയ്തുവന്നു. ഈ നാലു ശാസ്ത്രങ്ങളിലാണു് നമ്പൂരിമാർ പ്രായേണ വൈദുഷ്യം സമ്പാദിച്ചിരുന്നതു്. കുറേക്കാലത്തിനു മുമ്പുവരേയ്ക്കും ന്യായശാസ്ത്രത്തിനു കേരളത്തിൽ പറയത്തക്ക പ്രചാരം സിദ്ധിച്ചിരുന്നില്ല. ചില ഇല്ലങ്ങളെത്തന്നെ മുൻചൊന്ന നാലു ശാസ്ത്രങ്ങളുടേയും ക്രമത്തിനു് ഇനംതിരിച്ചിരുന്നതായി കേരളോൽപത്തിയിൽ നിന്നു വെളിവാകുന്നു.4.9ക്ഷേത്രങ്ങളും സംസ്കൃതാഭ്യസനവുംകേരളത്തിൽ പ്രായേണ സകലപ്രധാന ക്ഷേത്രങ്ങളിലും കാലക്രമേണ നമ്പൂരിമാർ ഊരാളന്മാരായിത്തീർന്നു. ക്ഷേത്രങ്ങൾ, ഗൃഹക്ഷേത്രം, ദേശക്ഷേത്രം, ഗ്രാമക്ഷേത്രം എന്നിങ്ങനെ മൂന്നു തരത്തിലുണ്ടു്. അതാതു ഗൃഹത്തിലുള്ളവരുടെ ഉപയോഗത്തിനു മാത്രമുള്ളതു് ഗൃഹക്ഷേത്രവും അതാതു ദേശത്തിലുള്ളവർക്കു പൊതുവേ ഉപയോഗിക്കാവുന്നതു ദേശക്ഷേത്രവും ഒരു ഗ്രാമത്തിൽ പെട്ട എല്ലാപേർക്കുംകൂടിയുള്ളതു ഗ്രാമക്ഷേത്രവുമാണു്. മിക്ക ഗ്രാമക്ഷേത്രങ്ങൾക്കും സങ്കേതങ്ങളുണ്ടായിരുന്നു. സങ്കേതമെന്നുവെച്ചാൽ ബ്രാഹ്മണയോഗത്തിലേയോ ദേവസ്വത്തിലേയോ അങ്ഗങ്ങൾ തിരഞ്ഞെടുത്ത അധികാരികൾ സർവസ്വാതന്ത്ര്യത്തോടു കൂടി ഓരോ രാജാക്കന്മാരുടെ സാഹായ്യത്തിൽ, ഭരിക്കുന്ന സ്ഥലമെന്നർത്ഥം. സങ്കേതത്തിലെ ആചാരങ്ങളെ എല്ലാ നാടുവാഴികളും ആദരിച്ചുപോന്നു. സങ്കേതവിരോധം ചെയ്തവർ ഏതു വലിയ സ്ഥാനങ്ങൾ വഹിക്കുന്നവരായാലും ദണ്ഡത്തിനു വഴിപ്പെടണമെന്നായിരുന്നു നിയമം. ആ നിയമത്തെ അനുസ്യൂതമായും അഭങ്ഗുരമായും പരിപാലിക്കുന്നതിൽ രാജാക്കന്മാരും പ്രജകളും ഒന്നുപോലെ ജാഗരൂകന്മാരായിരുന്നു. പല ഗ്രാമക്ഷേത്രങ്ങളിലും വേദപാഠത്തിനും, ശാസ്ത്രപാഠത്തിനും വേണ്ട ഏർപ്പാടുകൾ ഉണ്ടായിരുന്നു. ക്രി. പി. ഒൻപതാംശതകത്തിൽ തെക്കൻതിരുവിതാംകൂറിൽ കരുനന്തടക്കൻ എന്ന രാജാവു പാർത്ഥിവശേഖരപുരം (ഇപ്പോൾ പാർത്ഥിവപുരം) എന്ന സ്ഥലത്തു് ഒരു വിഷ്ണുക്ഷേത്രം പ്രതിഷ്ഠിച്ചപ്പോൾ അവിടെ പവിഴിയ (ഭവിഷ്യ) ചരണക്കാർക്കു നാല്പത്തഞ്ചും തൈത്തിരീയചരണക്കാർക്കു മുപ്പത്താറും തലവകാര ചരണക്കാർക്കു പതിന്നാലും അങ്ങനെ തൊണ്ണൂറ്റഞ്ചു ചട്ട (ഛത്ര) ന്മാർക്കു വേദാധ്യായത്തിനു വേണ്ട വസ്തുവകകൾ വിട്ടുകൊടുത്തതായി കാണുന്നു. ചട്ടന്മാർ വ്യാകരണം, മീമാംസ, പൗരോഹിത്യം ഇവ പഠിച്ചിരിക്കണമെന്നായിരുന്നു നിയമം. തിരുവനന്തപുരത്തു കാന്തളൂർ ചാല (വലിയ ചാല)യിലെ മര്യാദയനുസരിച്ചാണു് ആ വിദ്യാശാല താൻ സ്ഥാപിച്ചതെന്നും ആ രാജാവു് തന്റെ ശാസനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ക്ഷേത്രങ്ങളിൽ ഉത്സവം മുതലായ ആഘോഷാവസരങ്ങളിൽ കൂത്തു്, കൂടിയാട്ടം എന്നീ കലാവിദ്യകൾക്കു പ്രശംസനീയമായ പ്രോത്സാഹനം നല്കിയിരുന്നു. ഈ വിദ്യകൾ ക്ഷേത്രാരാധകന്മാർക്കു് ആനന്ദത്തിനു പുറമേ പുരാണവിജ്ഞാനത്തിനും, ലോകവ്യുൽപത്തിക്കും, ധർമ്മബോധത്തിനും, സർവ്വോപരി ആയാസഹരമായ വിനോദത്തിനും പ്രയോജകീഭവിച്ചു. പ്രധാന ക്ഷേത്രങ്ങളിൽ മഹാഭാരതം വായിക്കുവാൻ ഭട്ടതിരിമാരെ നിയമിച്ചിരുന്നു. രാമായണം, ശ്രീമദ്ഭാഗവതം എന്നീ ഗ്രന്ഥങ്ങൾ വായിക്കുവാനും ഏർപ്പാടുണ്ടായിരുന്നു. എന്തിനു വളരെ? ക്ഷേത്രങ്ങൾ ശാസ്ത്രങ്ങൾക്കു സങ്കേതങ്ങളായും കലകൾക്കു കേദാരങ്ങളായും പരിലസിക്കുകയും ആ വഴിക്കു സവർണ്ണ ഹിന്ദുക്കളുടെ ഹൃദയത്തിൽ ആര്യസംസ്കാരം അന്യാദൃശമായ പ്രഭാവത്തോടുകൂടി വേരൂന്നിത്തഴച്ചു വളരുകയും ചെയ്തു.4.10ആര്യസംസ്കാരത്തിന്റെ അഭിവ്യാപ്തിബ്രാഹ്മണരിൽതന്നെ ചെറുമുക്കു്, കൈമുക്കു്, കപ്ലിങ്ങാടു്, പന്തൽ, പെരുമ്പടപ്പു്, തൈക്കാടു് ഇങ്ങനെ ആറു ഗൃഹക്കാരെ ശ്രൗതസ്മാർത്തവിധികൾക്കും, പുലാമന്തോൾ, കുട്ടഞ്ചേരി, ആലത്തൂർ, തൃശ്ശൂർ തൈക്കാടു്, എളേടത്തു തൈക്കാടു്, വെള്ളൂർ, ചീരട്ടമൺ (ചീരിട്ടമൺ), പിലാന്തോൾ ഈ എട്ടു ഗൃഹക്കാരെ വൈദ്യത്തിനും തരണനല്ലൂർ, കുഴിക്കാടു്, താഴമൺ മുതലായ ഇല്ലക്കാരെ തന്ത്രത്തിനും, കല്ലൂർ, കുന്നമ്പറമ്പു്, കാട്ടുമാടസ്സു്, കാലടി തുടങ്ങിയ ഇല്ലക്കാരെ മന്ത്രവാദത്തിനും മറ്റും ആദികാലംമുതല്ക്കുതന്നെ പ്രത്യേകമായി തിരിച്ചുവിടുകയാൽ ആ ഇല്ലക്കാർക്കു് അവ കുലവിദ്യകളായിത്തീരുകയും തന്നിമിത്തം അവർക്കു അവയെ സാങ്ഗോപാങ്ഗമായും സരഹസ്യമായും അഭ്യസിച്ചു് ഉത്തരോത്തരം ലോകോപകാരം ചെയ്യുവാൻ സാധിക്കുകയും ചെയ്തു. സകല രാജാക്കന്മാരും സംസ്കൃതഭാഷയെ ബഹുമുഖമായി പോഷിപ്പിച്ചു. ക്ഷേത്രങ്ങളോടുള്ള ഗാഢമായ ബന്ധം നിമിത്തം അമ്പലവാസികളുടെ ഇടയിൽ സംസ്കൃതജ്ഞാനം സർവസാധാരണമായിത്തീർന്നു. ആയുധവിദ്യകൊണ്ടു കാലയാപനം ചെയ്യേണ്ടിയിരുന്ന നായന്മാർക്കു് ഭാഷാഭ്യസനത്തിനു സമയം ദുർല്ലഭമായിരുന്നു. എങ്കിലും അവരുടെ ഇടയിലും സംസ്കൃതഭാഷ സാമാന്യേന പ്രചരിക്കാതെയിരുന്നില്ല. ശ്രൗതസ്മാർത്തക്രിയകളിൽ ചില ഘട്ടങ്ങളിൽ നമ്പൂരിമാർക്കു നായന്മാരോടു് ആ ഭാഷയിൽത്തന്നെ സംസാരിക്കണമെന്നു നിയമമുണ്ടായിരുന്നു. ഈഴവരിൽ അനേകം കുടുംബക്കാർ അഷ്ടാങ്ഗഹൃദയം പഠിച്ചു വൈദ്യന്മാരായിത്തീർന്നു. ആശാരിമാർ ശില്പശാസ്ത്രഗ്രന്ഥങ്ങളും കണിയാന്മാർ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളും നിഷ്കർഷിച്ചു് അഭ്യസിച്ചു. ക്രി. പി. പതിമ്മൂന്നാം ശതകത്തിന്റെ ചതുർത്ഥപാദത്തിൽ കൊല്ലം സന്ദർശിച്ച മാർക്കോപോളോ എന്ന വെനിഷ്യൻ ദേശസഞ്ചാരി അവിടെ നല്ല വൈദ്യന്മാരും ജ്യോത്സ്യന്മാരുമുണ്ടായിരുന്നതായി രേഖപ്പെടുത്തീട്ടുണ്ടു്. ചുരുക്കത്തിൽ തമിഴ്നാടിനെ അപേക്ഷിച്ചു കേരളത്തിൽ സംസ്കൃതഭാഷയ്ക്കും ആര്യസംസ്കാരത്തിനും വളരെയധികം വ്യാപ്തിയുണ്ടായി എന്നുള്ളതു് അനപലപനീയമായ പരമാർത്ഥമാകുന്നു. കേരളവും കാഞ്ചീപുരവുമായിരുന്നു ദക്ഷിണാപഥത്തിലെ പ്രാചീനങ്ങളായ ആര്യസംസ്കാരകേന്ദ്രങ്ങൾ എന്നുള്ളതിനെപ്പറ്റി ഗവേഷകന്മാരുടെ ഇടയിൽ അഭിപ്രായവ്യത്യാസമില്ല. പാണ്ഡ്യന്മാരുടെ തമിഴ്സംഘത്തെ അനുകരിച്ചു ചേരന്മാർ ഒരു (വടമൊഴിച്ചങ്കം) സംസ്കൃതസംഘം മധുരയിൽ സ്ഥാപിച്ചു എന്നു മധുരൈക്കാഞ്ചിയിൽ നിന്നറിയുന്നുണ്ടെങ്കിലും ആ സംഘത്തിന്റെ പ്രവൃത്തിപരിപാടിയെന്തായിരുന്നു എന്നുള്ളതിനെപ്പറ്റി യാതൊരു വിവരവും ലഭിക്കുന്നില്ല.

അദ്ധ്യായം 5 - കേരളവും ചെന്തമിഴു് സാഹിത്യവും

5.1ഐന്തിണൈ

ദ്രാവിഡരും ആര്യന്മാരും ഭിന്നവർഗ്ഗന്മാരായിരുന്നതുകൊണ്ടു പുരാതനകാലത്തു് അവരുടെ ആചാരങ്ങളും സംസ്കാരങ്ങളും ഭേദിച്ചിരുന്നതിൽ ആശ്ചര്യപ്പെടുവാനില്ല. ദ്രാവിഡർ ഭൂസ്ഥിതിയെ ആസ്പദമാക്കി അവരുടെ (തിണൈ) നാട്ടിനെ കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തൽ എന്നിങ്ങനെ നാലിനമായി വിഭജിക്കുകയും പിന്നീടു് അതിൽ പാലൈ എന്നൊരു വകുപ്പുകൂടി ചേർക്കുകയും ചെയ്തു. അങ്ങനെയുള്ള പഞ്ചഖണ്ഡങ്ങളിൽ കുറിഞ്ചി മലമ്പ്രദേശവും, പാല ജലദുർഭിക്ഷമുള്ള മണൽക്കാടും, മുല്ല കുന്നിനും താഴ്വരയ്ക്കും ഇടയ്ക്കുള്ള വൃക്ഷനിബിഡമായ സ്ഥലവും, മരുതം നദികൾ പരന്നു പ്രവഹിക്കുന്ന സമതലവും, നെയ്തൽ സമുദ്രതീരവും ആയിരുന്നു. ഈ ഭൂമികളിൽ താമസിച്ചിരുന്നവർ യഥാക്രമം കുറവരെന്നും, മറവരെന്നും, ഇടയരെന്നും, (വെള്ളാളർ) ഉഴവരെന്നും, (പരവർ) പരതവരെന്നും ഉള്ള പേരുകളാൽ അറിയപ്പെട്ടുവന്നു. ആദ്യം കുറിഞ്ചിയിലും ഒടുവിൽ മരുതത്തിലുമാണു് ജനങ്ങൾ വസിച്ചു തുടങ്ങിയതു്. കുറവരുടെ ദൈവം (സുബ്രഹ്മണ്യൻ) മുരുകനും, പാലയിലേതു (കാളി) കൊറ്റവൈയും, മുല്ലയിലേതു (ശ്രീകൃഷ്ണൻ) മായോനും, മരുതത്തിലേതു് ഇന്ദ്രനും, നെയ്തലിലേതു വരുണനുമായിരുന്നു എന്നാണു് സംഘഗ്രന്ഥങ്ങളിൽ നിന്നു് അറിയുന്നതു്. ദ്രാവിഡർക്കു് ആര്യന്മാരുമായുള്ള സമ്പർക്കത്തിനു മുൻപുള്ള ദേവതകൾ ഏതായിരുന്നു എന്നു കണ്ടുപിടിക്കുവാനോ ആ ദേവതകളിൽ ഏതെല്ലാം ആര്യന്മാർ നവീകരിച്ചു എന്നു പരിച്ഛേദിക്കുവാനോ സാധിക്കുന്നതല്ല. എന്നാൽ പൗരാണികകാലത്തിലെ ഹിന്ദുമതത്തിൽ ദ്രാവിഡമതത്തിന്റെ ചില അംശങ്ങൾ സംക്രമിച്ചിട്ടുണ്ടെന്നുള്ളതു നിസ്സംശയമാണു്. മുരുകൻ, കൊറ്റവൈ, അയ്യനാർ (ശാസ്താവു്) മുതലായ ദേവതകൾ ആ കൂട്ടത്തിൽ ഉൾപ്പെടുന്നു. ദ്രാവിഡർക്കു് അകം അഥവാ ഗാർഹികം, പുറം അഥവാ സാമുദായികം എന്നിങ്ങനെ രണ്ടിനത്തിൽപെട്ട സാഹിത്യമേ ആദ്യകാലത്തു് ഉണ്ടായിരുന്നുള്ളു. ശൃങ്ഗാരവും വീരവുമാണു് യഥാക്രമം ആ സാഹിത്യത്തിലെ അങ്ഗികളായ രസങ്ങൾ. അയോഗവിരഹത്തെ കുറിഞ്ചിപ്പാട്ടിലും; ഗാർഹസ്ഥ്യത്തെ മരുതപ്പാട്ടിലും, വിവാഹാനന്തരമുള്ള സ്വല്പകാലവിരഹത്തെ മുല്ലപ്പാട്ടിലും, കതിപയ കാലവിരഹത്തെ നെയ്തൽപ്പാട്ടിലും, ദീർഘകാലവിരഹത്തെ പാലപ്പാട്ടിലും വർണ്ണിച്ചുവന്നു. അവയെ മൊത്തത്തിൽ അകത്തിണൈ (തിണ എന്നാൽ ദേശത്തിനു പുറമേ കവനസമ്പ്രദായമെന്നുമർത്ഥം) എന്നു പറയും. പുറത്തിണയിൽ രാജാക്കന്മാരുടെ പരാക്രമത്തേയും യുദ്ധങ്ങളേയും പറ്റിയാണു് പ്രധാനമായി പ്രതിപാദിച്ചിരുന്നതു്. പശ്ചാൽകാലത്തിൽ അകമെന്നതിനു കാമമെന്നും പുറമെന്നതിനു ധർമ്മാർത്ഥങ്ങളെന്നും അർത്ഥം കല്പിച്ചു് അവയിൽ ആര്യന്മാരുടെ ത്രിവർഗ്ഗത്തെ മുപ്പാൽ എന്ന പേരിൽ ദ്രാവിഡവൈയാകരണന്മാർ സംക്രമിപ്പിച്ചു. തുരീയ പുരുഷാർത്ഥമായ മോക്ഷത്തെ പുരാതന ദ്രാവിഡർ അത്ര കാര്യമായി കരുതിയിരുന്നില്ല; എന്നാൽ പിന്നീടു ത്രിവർഗ്ഗത്തിനു പൊരുളെന്നും മോക്ഷത്തിനു വീടെന്നും പേർ നല്കി വീടിനു് അതർഹിക്കുന്ന പ്രാധാന്യം അവർ അനുവദിച്ചു.

5.2ചെന്തമിഴ് വ്യാകരണം

ചെന്തമിഴ് സാഹിത്യത്തെ മൊത്തത്തിൽ മുത്തമിഴെന്നു പറഞ്ഞുവന്നു എന്നും ഇയൽ (കവിത) ഇചൈ (ഗാനം) നാടകം ഈ മൂന്നുമായിരുന്നു അതിന്റെ ഉൾപ്പിരിവുകളെന്നും മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അഗസ്ത്യം, തൊൽകാപ്പിയം മുതലായ ഗ്രന്ഥങ്ങൾ ഇയറ്റമിഴിനുള്ള വ്യാകരണങ്ങളാകുന്നു. അത്തരത്തിലുള്ള കൃതികളിൽ പിൽക്കാലത്തു് ആചാര്യന്മാർ എഴുത്തു്, ചൊല്ലു്, പൊരുൾ, യാപ്പു്, അണി ഈ അഞ്ചു വിഷയങ്ങളെപ്പറ്റി പ്രതിപാദിച്ചു തുടങ്ങി. എഴുത്തു് എന്ന ഇനത്തിൽ പദങ്ങളുടെ നിരുക്തമൊഴികെ സാധാരണമായി വ്യാകരണശാസ്ത്രത്തിനു വിഷയീഭവിക്കുന്ന എല്ലാ അംശങ്ങളും ഉൾപ്പെടും. ചൊല്ലിൽ നിരുക്തവും, പൊരുളിൽ കാവ്യാർത്ഥവും, യാപ്പിൽ വൃത്തവും, അണിയിൽ അലങ്കാരവുമാണു് പ്രമേയം. ഇവയിൽ ആദ്യത്തെ മൂന്നിലക്കണങ്ങളെ മാത്രമാണു് തൊൽകാപ്പിയം സ്പർശിക്കുന്നതു്. പൊരുളെന്നൊരു വിഷയം ഐന്ദ്രവ്യാകരണത്തിലും മറ്റുമില്ലാത്തതിനാൽ അതിനെപ്പററി തൊൽകാപ്പിയർക്കു് പ്രത്യേകമായി പരാമർശിക്കേണ്ടിവന്നു. പിന്നീടാണു് യാപ്പുകൂടി വ്യാകരണങ്ങളിൽ പ്രതിപാദ്യമായിത്തീർന്നതു് എന്നു നാം ഇറൈയനാരകപ്പൊരുൾ (കളവിയൽ) എന്ന ഗ്രന്ഥത്തിൽനിന്നു് അറിയുന്നു. അലങ്കാരശാസ്ത്രത്തെപ്പറ്റി ദ്രാവിഡർക്കു പറയത്തക്ക ജ്ഞാനമൊന്നുമില്ലായിരുന്നു. അതു മുഴുവൻ ആര്യന്മാരിൽ നിന്നുതന്നെയാണു് അവർക്കു് ലഭിച്ചതു്. തൊൽകാപ്പിയർ പൊരുളധികാരത്തിൽ ഉപമയെ മാത്രമേ അർത്ഥാലങ്കാരമായി ഗ്രഹിക്കുന്നുള്ളൂ. കാവ്യാദർശത്തിൻറെ ദ്രാവിഡാനുവാദമായ ദണ്ഡിയലങ്കാരം വളരെക്കാലം കഴിഞ്ഞതിനുമേൽ ക്രി. പി. പന്ത്രണ്ടാംശതകത്തിൽ തമിഴർക്കു ലഭിച്ച ആദ്യത്തെ അലങ്കാരഗ്രന്ഥമാകുന്നു.

5.3മൂന്നു സംഘങ്ങൾ

ക്രി. മു. നാലാംശതകത്തോടുകൂടി ദക്ഷിണദ്രാവിഡത്തിൽ ചെന്തമിഴു് സാഹിത്യം ആവിർഭവിച്ചു എന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. പാണ്ഡ്യന്മാർ ഈ സാഹിത്യത്തിന്റെ അഭിവൃദ്ധിയെ ഉദ്ദേശിച്ചു ദക്ഷിണമധുരയിലും അതു കടൽ കേറി നശിച്ചതിൽ പിന്നെ കപാടപുരത്തും ഓരോ സംഘം സ്ഥാപിച്ചു (മുതർച്ചങ്കവും ഇടൈച്ചങ്കവും) എന്നും. കപാടപുരത്തേയും സമുദ്രം ഗ്രസിച്ചപ്പോൾ ഉത്തരമധുര എന്നു പറയുന്ന ഇന്നത്തെ ദ്രാവിഡമധുരയിൽ മൂന്നാമതും ഒരു സംഘം പ്രതിഷ്ഠിച്ചു എന്നും, അഗസ്ത്യം പ്രഥമസംഘത്തിലേയും തൊൽകാപ്പിയം ദ്വിതീയസംഘത്തിലേയും വ്യാകരണമാണെന്നും ഐതിഹ്യം ഘോഷിക്കുന്നു. ആദ്യത്തെ രണ്ടു സംഘങ്ങൾ വാസ്തവത്തിൽ ഉണ്ടായിരുന്നതായി തോന്നുന്നില്ല. എന്നാൽ കടൈച്ചങ്കം (കടശ്ശിസ്സംഘം) എന്നു തമിഴർ പറയുന്ന ഒരു സംഘം ക്രി. മു. രണ്ടാം ശതകത്തിലോ മറ്റോ അങ്കുരിക്കുകയും ക്രി. പി. നാലാംശതകത്തിന്റെ അവസാനംവരെ ഉദ്ദേശം അറുനൂറു വർഷത്തോളം കാലം അഭിവൃദ്ധമായി സമുല്ലസിക്കുകുയും ചെയ്തു എന്നു് ഊഹിക്കുവാൻ ന്യായങ്ങളുണ്ടു്. പണ്ഡിതന്മാരും കവികളും മധുരയിൽ കൂടിയിരുന്നു യഥേച്ഛം ഗ്രന്ഥനിർമ്മാണം ചെയ്യുവാൻ പാണ്ഡ്യരാജാവു് ഒരു മണ്ഡപം പണിയിക്കുകയുണ്ടായി. ആ നഗരത്തിൽ ഇന്നും സുന്ദരേശ്വരക്ഷേത്രത്തിന്റെ ബാഹ്യപ്രാകാരത്തിനുള്ളിൽ തെക്കുപടിഞ്ഞാറേ മൂലയിലായി സംഘത്താർകോവിൽ എന്നൊരു കീഴീടമ്പലമുണ്ടു്. അവിടെ സരസ്വതീദേവിയുടെയും നാല്പത്തൊൻപതു സംഘകവികളുടേയും വിഗ്രഹങ്ങൾവച്ചു പൂജിച്ചുവരുന്നു. ചില ആഴ്വാരന്മാരും നായനാരന്മാരും സംഘകാലത്തെപ്പറ്റി വ്യക്തമായി പ്രസ്താവിക്കുന്നുണ്ടു്. ബുദ്ധമതത്തിന്റേയും ജൈനമതത്തിന്റേയും ആക്രമണത്തോടും കാഞ്ചിയിലെ പല്ലവരാജവംശത്തിന്റെ അഭ്യുന്നതിയോടുംകൂടി പ്രസ്തുതസംഘം നാമാവശേഷമായി. ക്രി. പി. 470-ൽ വജൂനന്ദി എന്ന പണ്ഡിതൻ മധുരയിൽ ഒരു ജൈനസംഘം സ്ഥാപിച്ചു. അതു കൂടാതെ കാവേരിപട്ടണത്തിൽ സംഘകാലത്തുതന്നെ ഒരു ബുദ്ധസംഘമുണ്ടായിരുന്നതായി മണിമേഖല ഘോഷിക്കുന്നു. വജൂനന്ദി സ്ഥാപിച്ച സംഘം തിരുജ്ഞാനസംബന്ധർ, തിരുനാവുക്കുരശർ (അപ്പർ) ഈ ശൈവസമയാചാര്യന്മാരുടെ തീവ്രയത്നംനിമിത്തം ക്രി. പി. 760-ൽ നശിച്ചു. ആ ഭക്തന്മാർ സംഘകാലത്തെ കവികളെപ്പോലെ പ്രകൃഷ്ടപണ്ഡിതന്മാരല്ലായിരുന്നു. എങ്കിലും അവരുടെ ഭക്തിരസനിഷ്യന്ദികളായെ പാട്ടുകൾ സംഘനായകന്മാരുടെ പരിശോധനയും പ്രശംസയും കൂടാതെതന്നെ സഹൃദയാവർജ്ജനത്തിനു പര്യാപ്തങ്ങളായി. തന്നിമിത്തവും മറ്റും തമിഴ്നാട്ടിൽ പിൽക്കാലത്തു പുതിയ ഒരു സംഘത്തിന്റെ പ്രതിഷ്ഠ അനാവശ്യകവും അപ്രായോഗികവും ആയിത്തീർന്നു.

5.4സംഘകൃതികൾ

സങ്ഗീതവിഷയകങ്ങളായ ലക്ഷണഗ്രന്ഥങ്ങളും ലക്ഷ്യഗ്രന്ഥങ്ങളുമാണു് ഇശൈത്തമിഴിൽ അന്തർഭവിക്കുന്നതു്. പെരുനാരൈ, പെരുങ്കുരുകു, പഞ്ചഭാരതീയം, ഇശൈനുണുക്കം, പഞ്ചമരപു, താളസമുദ്രം, ഷഡ്ജപുടവെൺപാ, ഇന്ദ്രകാളിയം, പതിനാറുപടലം, താളവകൈയോത്തു, ഇശൈത്തമിഴ്ച്ചെയ്യാട്ടുറൈക്കോവൈ ഇത്യാദി ഗ്രന്ഥങ്ങൾ ഈ വകുപ്പിൽപ്പെട്ടതായി അറിയുന്നുണ്ടെങ്കിലും അവയൊന്നും കണ്ടുകിട്ടീട്ടില്ല. ഇതുപോലെ നാടകത്തമിഴിലും അഗസ്ത്യം, മുറുവൽ, ജയന്തം ഗുണനൂലു്, ചെയിറ്റിയം തുടങ്ങി പല നിബന്ധങ്ങളുമുണ്ടായിരുന്നതായി ഇതരഗ്രന്ഥങ്ങളിൽ അവയെപ്പറ്റിയുള്ള സൂചനകൾകൊണ്ടു മാത്രമേ നാം ഗ്രഹിക്കുന്നുള്ളൂ. എന്നാൽ ഇയറ്റമിഴിന്റെ നില അങ്ങനെയല്ല. തൊൽകാപ്പിയത്തെപ്പറ്റി പറഞ്ഞുകഴിഞ്ഞുവല്ലോ. അതിനുതന്നെ ഇളമ്പൂരണർ, സേനാവരൈയർ, പേരാചിരിയർ, നച്ചിനാർക്കിനിയർ, കല്ലാടർ, ദൈവച്ചിലൈയാർ ഇങ്ങനെ ആറു പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങൾ പശ്ചാൽകാലത്തിൽ ഉണ്ടായിട്ടുണ്ടു്. ഇവയെല്ലാം ലക്ഷണഗ്രന്ഥങ്ങൾ ആണല്ലോ. ലക്ഷ്യഗ്രന്ഥങ്ങളിൽ പൂർവകാലത്തിലെ ഖണ്ഡകൃതികളെ എട്ടുത്തൊകൈ, പത്തുപ്പാട്ടു, പതിനെൺ കീഴ്ക്കണക്കു എന്നു മൂന്നു വകുപ്പുകളിൽ അടക്കിയിരിക്കുന്നു. അവയ്ക്കു പുറമേ ഐമ്പെരുങ്കാപ്പിയങ്കൾ (പഞ്ചമഹാകാവ്യങ്ങൾ), ഐഞ്ചിറുക്കാപ്പിയങ്കൾ (അഞ്ചു ചെറുകാവ്യങ്ങൾ) മുതലായി വേറേയും പല ഗ്രന്ഥങ്ങൾ ഉണ്ടു്. എട്ടുതൊകയിൽ (1) പുറനാനൂറു (2) അകനാനൂറു (3) പതിറ്റുപ്പത്തു (4) ഐങ്കുറുന്നൂറു (5) കലിത്തൊകൈ (6) കുറുന്തൊകൈ (7) പരിപാടൽ (8) നറ്റിണൈ ഈ കൃതികൾ ഉൾപ്പെടുന്നു. ഇവയിൽ പലതും അനേകം കൃതികളുടെ സമാഹാരങ്ങളാകുന്നു. പുറനാനൂറ്റിലെ നാനൂറുപാട്ടുകൾ നൂറ്ററുപതോളം കവികൾ പാടീട്ടുള്ളവയാണു്. ഐങ്കറുനൂറിൽ അഞ്ചു കവികളുടെ അഞ്ഞൂറു പാട്ടുകളുണ്ടു്. ഈ അഞ്ഞൂറു പാട്ടുകളും മാന്തരംചേരലിരുമ്പൊറൈ എന്ന ചേരരാജാവിന്റെ ആജ്ഞയനുസരിച്ചു കൂടലൂർകിഴാർ എന്ന പണ്ഡിതൻ സഞ്ചയിച്ചതായിട്ടാണു കാണുന്നതു്. ‘പതിറ്റുപ്പത്തു’ എന്ന കൃതി ചേരരാജാക്കന്മാരെ പ്രശംസിച്ചുള്ള പത്തു കവികളുടെ പാട്ടുകൾ ഒന്നിച്ചു ചേർത്തതാകുന്നു. അവയിൽ രണ്ടുമുതൽ ഒൻപതുവരെ എട്ടു ‘പത്തു’കൾ മാത്രമേ കണ്ടുകിട്ടീട്ടുള്ളു. ഒന്നാമത്തേയും പത്താമത്തേയും പത്തുകൾ ഇനിയും അന്ധകാരഗർത്തത്തിൽ ആണ്ടുകിടക്കുന്നതേയുള്ളൂ. പത്തുപ്പാട്ടിൽ തിരുമുരുകാറ്റുപ്പടൈ, പൊരുനരാറ്റുപ്പടൈ, ചിറുപാണാറ്റുപ്പടൈ, പെരുമ്പാണാറ്റുപ്പടൈ, മുല്ലൈപ്പാട്ടു, മധുരൈക്കാഞ്ചി, നെടുനല് വാടൈ, കുറിഞ്ചിപ്പാട്ടു, പട്ടിനപ്പാലൈ, മലൈപടുകടാം ഈ കൃതികൾ ഉൾപ്പെടുന്നു. തിരുക്കുറൾ, നാലടിയാർ ഇവ പതിനെൺ കീഴ്ക്കണക്കിൽ പെടുന്ന പതിനെട്ടു കൃതികളിൽ ചേരുന്നു. ചിലപ്പതികാരം, മണിമേഖലൈ, ജീവകചിന്താമണി, കുണ്ഡലകേശി, വളൈയാപതി ഇവ പഞ്ചമഹാകാവ്യങ്ങളും, നീലകേശി, ചൂഡാമണി, യശോധരകാവ്യം, നാഗകുമാരകാവ്യം, ഉദയകുമാരകാവ്യം (ഉദയണൻ കഥൈ) ഇവ പഞ്ചലഘുകാവ്യങ്ങളുമാകുന്നു. ഇവയിൽ മണിമേഖലൈ, കുണ്ഡലകേശി, ഇവ ബൗദ്ധഗ്രന്ഥങ്ങളും ചിന്താമണിയും പഞ്ചലഘുകാവ്യങ്ങളും ജൈനഗ്രന്ഥങ്ങളുമാണു്. ഒടുവിൽ പറഞ്ഞ ഏഴു ഗ്രന്ഥങ്ങളും സംഘകാലത്തിനിപ്പുറമുണ്ടായ കൃതികളാണെന്നു പറയേണ്ടിയിരിക്കുന്നു. ചിന്താമണി രചിച്ച തിരുത്തക്കതേവർ ജീവിച്ചിരുന്നതു ക്രി. പി. എട്ടാംശതകത്തിലാണു്. പുറനാനൂറ്റിലെ ചില പാട്ടുകൾക്കാണു് സംഘഗ്രന്ഥങ്ങളിൽവെച്ചു കൂടുതൽ പഴക്കമുള്ളതു്. സംഘഗ്രന്ഥങ്ങളിൽ പലതിലും ചേരരാജാക്കന്മാരെപ്പറ്റി പ്രസ്താവനയുള്ളതിനാൽ അവയുമായി കേരളീയർ സാമാന്യമായി പരിചയിച്ചിരിക്കേണ്ടതു് അഭിലഷണീയമാണ്; പതിറ്റുപ്പത്തിനേയും ചിലപ്പതികാരത്തേയും പറ്റി അവർ പ്രത്യേകം അറിഞ്ഞിരിക്കേണ്ടതുമുണ്ടു്.

5.5പതിറ്റുപ്പത്തു്

പതിറ്റുപ്പത്തിൽ ഓരോ പത്തും ഓരോ ചേരരാജാവിന്റെ അപദാനങ്ങളെപ്പറ്റി അതാതു കാലത്തു ജീവിച്ചിരുന്ന കവികൾ പാടീട്ടുള്ളതാണു്. രണ്ടാമത്തെ പത്തിൽ കമട്ടൂർ കണ്ണനാർ ഇമയവരമ്പൻ നെടുഞ്ചേരലാതനേയും, മൂന്നാമത്തേതിൽ പാലൈഗൗതമനാർ പല്യാനൈ ചെല്ചെഴുകുട്ടുവനേയും, നാലാമത്തേതിൽ കാപ്പിയാറ്റുകാപ്പിയനാർ, കളങ്കായ്ക്കന്നിനാർമുടിച്ചേരലിനേയും, അഞ്ചാമത്തേതിൽ പരണർ കടൽ പിറകോട്ടിയ ചെങ്കുട്ടുവനേയും, ആറാമത്തേതിൽ കാക്കൈപാടിനിയാർ നച്ചെള്ളൈയാർ എന്ന കവയിത്രി ആടുകോട്പ്പാട്ടു ചേരലാതനേയും, ഏഴാമത്തേതിൽ കപിലർ ചെല്വക്കടുങ്കോവാഴിയാതനേയും, എട്ടാമത്തേതിൽ അരിശിൽകിഴാർ തകടുരെറിന്ത പെരുഞ്ചേരൽ ഇരുമ്പൊറൈയേയും, ഒൻപതാമത്തേതിൽ പെരുങ്കൻറൂൾകിഴാർ കുടക്കോ ഇളഞ്ചേരൻ ഇരുമ്പൊറൈയേയും വാഴ്ത്തുന്നു. നാലാമത്തെ പത്തിൽ അന്താദിപ്രാസമുണ്ടു്. ഇവരെക്കൂടാതെ ഓരോ പത്തിന്റേയും (പതികം) അവതരണ ഗാനത്തിൽ നിന്നു വേറെ ചില ചേരരാജാക്കന്മാരെപ്പറ്റിയും നാം അറിയുന്നുണ്ടു്. ഇവർ സുമാർ ക്രി. പി. ഒന്നാംശതകത്തിന്റെ ആരംഭം മുതൽ മൂന്നാംശതകത്തിന്റെ അവസാനംവരെ രാജ്യഭാരം ചെയ്തതായി ചില ഗവേഷകശ്രേഷ്ഠന്മാർ അനുമാനിക്കുന്നു. ചേരന്മാർ വഞ്ചിയിലും ഇരുമ്പൊറൈകൾ അവരുടെ പ്രതിപുരുഷന്മാരായി തൊണ്ടിയിലും രാജ്യഭാരം ചെയ്തു. എല്ലാവരും ഒന്നുപോലെ കവികളെ ദാനങ്ങളും സ്ഥാനമാനങ്ങളുംകൊണ്ടു പ്രോത്സാഹിപ്പിച്ചുപോന്നു. പരണരും കപിലരും മഹാകവികളായിരുന്നു. കോട്ടമ്പലത്തു തുഞ്ചിയ (മരിച്ച) മാക്കോതൈ എന്ന ചേരരാജാവു് ഒരു പണ്ഡിതനായിരുന്നു എന്നു പുറനാനൂറിൽനിന്നും നാം അറിയുന്നു. പാലൈ പാടിയ പെരുങ്കടുങ്കോ എന്ന ചേരരാജാവിന്റെ കവനകലാപാടവം ‘പാലൈ പാടിയ’ എന്ന ബിരുദത്തിൽനിന്നുതന്നെ ഗ്രഹിക്കാവുന്നതാണു്. അദ്ദേഹത്തിന്റെ പാലൈക്കളി എന്ന പ്രസിദ്ധമായ കൃതിക്കു പുറമേ ചില പാട്ടുകൾ നറ്റിണൈ, അകനാനൂറു്, കുറുന്തൊകൈ ഈ ഗ്രന്ഥങ്ങളിലും എടുത്തുചേർത്തിട്ടുണ്ടു്. മാന്തരം ചേരലിരുമ്പൊറയെപ്പറ്റി മുൻപുതന്നെ പ്രസ്താവിച്ചുകഴിഞ്ഞു.

5.6ചിലപ്പതികാരം

ആത്യന്തം മനോഹരമായ ഈ മഹാകാവ്യത്തിന്റെ പ്രണേതാവു കടൽപിറകോട്ടിയ ചെങ്കുട്ടുവന്റെ അനുജനായ ഇളങ്കോവടികളാണു്. ആ മഹാകവി മൂർദ്ധന്യനെ ചിലപ്പതികാരത്തിന്റെ പതികത്തിൽ

“കണവായിർക്കോട്ടത്തരചു തുറന്തിരുന്ത
കുടക്കോച്ചേരിലിളങ്കോവടി”
എന്നു പ്രശംസിച്ചുകാണുന്നു. ഇളങ്കോ ബാല്യത്തിൽതന്നെ പിതാവായ നെടുഞ്ചേരലാതനോടു് ഒരു ജ്യോത്സ്യൻ തന്റെ ജ്യേഷ്ഠനല്ല താനാണു് രാജ്യം ഭരിക്കുവാൻ പോകുന്നതെന്നും പ്രവചിക്കുക നിമിത്തം അദ്ദേഹത്തിനുണ്ടായ മനസ്താപം നീങ്ങുവാൻ ജൈനവിധിയനുസരിച്ചുള്ള സന്ന്യാസം സ്വീകരിച്ചു തൃക്കണാമതിലകത്തെ ആർഹതക്ഷേത്രത്തിൽ സർവസങ്ഗപരിത്യാഗിയായി കാലയാപനം ചെയ്തു എന്നാണു് ഐതിഹ്യം. അദ്ദേഹം ശൈവനായിരുന്നു എന്നു വാദിക്കുന്നവരും ഇല്ലെന്നില്ല. ചിലപ്പതികാരം പുകാർ (കാവേരിപ്പട്ടണം) കാണ്ഡം, മധുരൈക്കാണ്ഡം, വഞ്ചിക്കാണ്ഡം എന്നിങ്ങനെ മൂന്നു കാണ്ഡങ്ങളിൽ മുപ്പതു കാതൈ(ഗാഥ)കളായി രചിക്കപ്പെട്ടിരിക്കുന്നു. മൂവരശരുടെ മൂന്നു രാജ്യങ്ങളെയും കവി ഓരോ കാണ്ഡം കൊണ്ടു വർണ്ണിച്ചിരിക്കുന്നു. ഇയൽ, ഇചൈ, നാടകം ഇവ മൂന്നിന്റേയും ലക്ഷ്യങ്ങൾ ഈ കാവ്യത്തിൽ അടങ്ങിയിട്ടുള്ളതുകൊണ്ടു് ഇതിനെ മുത്തമിഴ്ക്കാവ്യമെന്നു സഹൃദയന്മാർ ഐകകണ്ഠ്യേന വാഴ്ത്തിവരുന്നു. ഇതല്ലാതെ മറ്റൊരു മുത്തമിഴ്കാവ്യം തമിഴു് സാഹിത്യത്തിൽ ഇല്ലെന്നുള്ളതും നാം അറിഞ്ഞിരിക്കേണ്ടതാണു്. മണിമേഖല മുപ്പതു ഗാഥകളിൽ അദ്ദേഹത്തിന്റെ സ്നേഹിതനും ബൗദ്ധകവിശ്രേഷ്ഠനുമായ മധുരയിലെ കൂലവാണികൻ (നെൽക്കച്ചവടക്കാരൻ) ചാത്തനാർ നിർമ്മിച്ച ഒരു കൃതിയാണു്. ആ മഹാകാവ്യം തൃക്കണാമതിലകത്തു് ഇളങ്കോവടികളുടെ സന്നിധാനത്തിൽ അരങ്ങേറ്റപ്പെട്ടു. അപവർഗ്ഗസാധകമായ ആ വാങ്മയരത്നം കണ്ടപ്പോൾ അതിന്റെ പ്രാക്കഥാംശത്തെ ഉപജീവിച്ചു ത്രിവർഗ്ഗസാധകമായ ഒരു കാവ്യം രചിക്കുവാൻ ഇളങ്കോവടികൾക്കും ആഗ്രഹമുണ്ടായി. അതിന്റെ ഫലമാണു് പ്രസ്തുത ഗ്രന്ഥം.

5.7ഇതിവൃത്തം

കോവലനും അദ്ദേഹത്തിന്റെ ധർമ്മപത്നി കണ്ണകിയും പുകാറിൽ (കാവിരിപ്പൂമ്പട്ടിനം, കാവേരിപ്പട്ടണം) ധനസമൃദ്ധിയുള്ള രണ്ടു വണികകുടുംബങ്ങളിലെ അങ്ഗങ്ങളായിരുന്നു. അവരുടെ ദാമ്പത്യജീവിതം കോവലൻ മാധവി എന്ന വേശ്യയെക്കണ്ടുമുട്ടുന്നതുവരെ പ്രശാന്തസുഭഗമായി കഴിഞ്ഞുകൂടി. മാധവിയാൽ വശീകൃതനായപ്പോൾ ആ യുവാവു് കണ്ണകിയെ തീരെ വിസ്മരിച്ചു സർവ്വസ്വവും തന്റെ പുതിയ പ്രേമഭാജനത്തിനായി സമർപ്പിച്ചു് അവൾക്കടിമയായി ജീവിച്ചു. അവിടെ ഇന്ദ്രോത്സവകാലത്തു കോവലനും മാധവിയും കടൽക്കരയിൽ വിനോദിക്കവേ മാധവി പാടിയ പാട്ടിൽനിന്നു കോവലനു് അവളുടെ അനുരാഗത്തിൽ ശങ്ക തോന്നി. തൽക്ഷണം അവളെ ഉപേക്ഷിച്ചു പശ്ചാത്താപത്തോടുകൂടി അദ്ദേഹം കണ്ണകിയുടെ സന്നിധാനത്തിലേക്കുതന്നെ മടങ്ങുകയും ആ പതിദേവത ഭർത്താവിന്റെ സമസ്താപരാധങ്ങളും ക്ഷമിച്ചു് അദ്ദേഹത്തിൽ പൂർവ്വാധികം പ്രേമവതിയാകുകയും ചെയ്തു. രണ്ടുപേരും പുകാർവിട്ടു മധുരയിൽ ചെന്നു് ആയുശ്ശേഷം നയിക്കാമെന്നു തീർച്ചപ്പെടുത്തി. വല്ല തൊഴിലിലും ഏർപ്പെടുന്നതിനു കോവലനു തന്റെ പ്രേയസി കാലിൽ അണിഞ്ഞിരുന്ന രണ്ടു പൊൻചിലമ്പുകൾ മാത്രമേ മൂലധനമായുണ്ടായിരുന്നുള്ളു. അതു മധുരയിലെ രാജാവായ നെടുഞ്ചേഴിയനു വിറ്റുകിട്ടുന്ന പണംകൊണ്ടു് കാലക്ഷേപം ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശ. മധുരയിൽ ചെന്നു് അതിൽ ഒരു ചിലമ്പു് രാജാവിന്റെ തട്ടാനെക്കാണിച്ചു് അതു വിറ്റുതരണമെന്നു കോവലൻ അപേക്ഷിച്ചു. പാണ്ഡ്യരാജ്ഞിയുടെ ഒരു ചിലമ്പു് അതിനു് അല്പംമുമ്പു കട്ടെടുത്തിരുന്ന ദുഷ്ടനായ തട്ടാൻ അതൊരു തക്കമാണെന്നു കരുതി കോവലനെ കൊട്ടാരത്തിൽ പിടിച്ചുകൊണ്ടു ചെന്നു രാജാവിനെ ചിലമ്പു് കാണിച്ചു് അതു ആ വിദേശീയൻ രാജഗൃഹത്തിൽ നിന്നു മോഷ്ടിച്ചതാണെന്നു നിവേദനം ചെയ്തു. ഉടൻ തന്നെ അവിമൃശ്യകാരിയായ ആ ദുഷ്പ്രഭു ചിലമ്പു കരസ്ഥമാക്കിക്കൊണ്ടു കോവലനെ കൊലചെയ്യിച്ചു. ആ അത്യാഹിതം കേട്ടു് അടക്കുവാൻ പാടില്ലാത്ത അന്തസ്താപത്തോടുകൂടി കണ്ണകി വധ്യഭൂമിയിൽ ഓടിയെത്തി ഭർത്താവിന്റെ മൃതശരീരത്തെക്കാണുകയും അവിടെനിന്നും ക്രോധാവിഷ്ടയായി പാഞ്ഞു് അരമന നടയിൽ ചെന്നു രാജാവിനെ മാണിക്യം കൊണ്ടു നിറച്ചിരുന്ന തന്റെ മറ്റേ ചിലമ്പു് ഉടച്ചു കാണിക്കുകയും മുത്തുകൾ ഉള്ളടക്കിയിരുന്ന പട്ടമഹിഷിയുടെ ചിലമ്പല്ല തന്റേതു് എന്നു ബോധ്യപ്പെടുത്തുകയും ചെയ്തു. പാപഭീരുവായ രാജാവു് നഷ്ടസംജ്ഞനായി നിലത്തു വീണു പ്രാണത്യാഗം ചെയ്തു. കണ്ണകി തന്റെ ഇടത്തേ മുലക്കണ്ണു പറിച്ചെറിഞ്ഞു മധുര അഗ്നിക്കിരയാകട്ടെ എന്നു ശപിച്ചു. സർവ്വൈശ്വര്യസമൃദ്ധമായ ആ രാജധാനി തൽക്ഷണം വെന്തു വെണ്ണീറായി. കണ്ണകി മധുര വിട്ടു വൈകയാറ്റിന്റെ തീരത്തുകൂടി പടിഞ്ഞാറോട്ടു നടന്നു മല കേറി മുരുകവേൾ (സുബ്രഹ്മണ്യൻ)ക്കുന്നിൽച്ചെന്നു് അവിടെ ഒരു വേങ്ങമരത്തിന്റെ ചുവട്ടിൽ അനേകം കുറവർ നോക്കിനിൽക്കവേ ദിവ്യരൂപനായ കോവലനോടുകൂടി ഇന്ദ്രരഥത്തിൽ കയറി സ്വർഗ്ഗത്തിലേക്കു പോയി. ഇതിനുമേലാണു് വഞ്ചികാണ്ഡം ആരംഭിക്കുന്നതു്. ഒടുവിലത്തെ ഏഴു ഗാഥകൾ ആ കാണ്ഡത്തിൽ പെടുന്നു. ആ അത്ഭുതമായ വൃത്താന്തം കുറവർ ചെങ്കുട്ടുവനെ അറിയിച്ചു. അപ്പോൾ ആ രാജാവു് പെരിയാറ്റിന്റെ കരയിൽ തന്റെ പട്ടമഹിഷി വേണ്മാളോടും അനുജൻ ഇളങ്കോവടികളോടും സദസ്യൻ ചാത്തനാരോടും മറ്റുംകൂടി വിശ്രമസുഖം അനുഭവിക്കുകയായിരുന്നു. അതു കേട്ടപ്പോൾ ചെങ്കുട്ടുവൻ ആ ‘പത്തിനിക്കടവു’ളിന്റെ (ദേവതാരൂപം കൈക്കൊണ്ട സതീരത്നത്തിന്റെ) ആരാധനത്തിനു സമുചിതമായ ഒരു ശില ഹിമവൽപർവ്വതത്തിൽനിന്നു കൊണ്ടുവന്നു് ആ ശില ഒരു വിഗ്രഹമാക്കി പുതിയ ഒരു ക്ഷേത്രം പണിയിച്ചു് അതു് അവിടെ പ്രതിഷ്ഠിക്കണമെന്നു നിശ്ചയിച്ചു. അതനുസരിച്ചു് സ്ഥിരപ്രതിജ്ഞനായ അദ്ദേഹം ദിഗ്വിജയം ചെയ്തു തന്റെ അഭീഷ്ടം സാധിച്ചു കൃതകൃത്യനായി. കോവലന്റേയും കണ്ണകിയുടേയും വൃത്താന്തം അറിഞ്ഞു ദുഃഖിതയായ മാധവിയും അവളുടെ പുത്രി മണിമേഖലയും ഐഹികങ്ങളായ വസ്തുക്കളിൽ ആശ വിട്ടു ബൗദ്ധഭിക്ഷുണികളായിത്തീർന്നു. മണിമേഖലയുടെ ചരിത്രമാണു് ചാത്തനാരുടെ മഹാകാവ്യത്തിൽ പ്രതിപാദിക്കപ്പെടുന്നതു്. നാം ഇന്നു കൊടുങ്ങല്ലൂർ ഭഗവതിയെന്നു സങ്കല്പിച്ചു് ആരാധിക്കുന്നതു ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ച കണ്ണകിയുടെ പ്രതിമയാണു്. ആ ദേവിക്കു് ഒറ്റമുലച്ചി എന്നൊരു പേരുണ്ടു്. പല ദേവീക്ഷേത്രങ്ങളിലും മറ്റും പാടിവരുന്ന തോറ്റമ്പാട്ടുകളിലെ കഥയും ചിലപ്പതികാരത്തിലേതുതന്നെയാണു്. കോവലനെ അവയിൽ ചിലപാട്ടുകളിൽ പാലകൻ എന്നു വ്യവഹരിച്ചുവരുന്നു. കോവലൻ എന്ന പദം ഗോപാലന്റെ തത്ഭവമാണു്. ‘ഗോപാലൻ’ സങ്കോചിച്ചതാണു് പാലകൻ. ചെങ്കുട്ടുവനേയും ആനുഷങ്ഗികമായി ചേരരാജവംശത്തേയും സംബന്ധിച്ചുള്ള പലവിഷയങ്ങൾ കവി വഞ്ചികാണ്ഡത്തിൽ പ്രകീർത്തനം ചെയ്തിട്ടുണ്ടു്. കൊടുങ്ങല്ലൂരിലെ പ്രതിഷ്ഠയെ അനുകരിച്ചു ചോളരാജധാനിയായ ഉറയൂരിലും സിംഹളദ്വീപിലും അതേതരത്തിലുള്ള പ്രതിഷ്ഠകൾ നടന്നതായും ഇളങ്കോവടികൾ പ്രസ്താവിക്കുന്നു.

5.8വഞ്ചി—കുണവായിൽ

ചെങ്കുട്ടുവന്റെ രാജധാനി കേരളത്തിലെ തിരുവഞ്ചിക്കുളമല്ലെന്നും തൃശ്ശിനാപ്പള്ളിയിലെ കരുവൂരാണെന്നും വാദിക്കുന്ന ചില ദ്രാവിഡപണ്ഡിതന്മാർ ഇന്നും ഉണ്ടു്. അവരുടെ വാദത്തെ ഖണ്ഡിക്കുവാൻ അനേകം തെളിവുകൾ ചിലപ്പതികാരത്തിലും മറ്റു സംഘഗ്രന്ഥങ്ങളിലുംനിന്നു് എടുത്തുകാണിക്കാവുന്നതാണു്. ഒന്നാമതു പുറനാനൂറിൽ ഒരു രാജാവിനെ കരുവൂരേറിയ ഒൾവാംകോപ്പെരുഞ്ചേരലിരുമ്പൊറൈ എന്നും പതിറ്റുപ്പത്തു മൂന്നാം പത്തിൽ പല്യാനൈ ചെല്ചെഴുകുട്ടുവനെ കൊങ്കു (കൊങ്ങു് = കോയമ്പത്തൂർ) പിടിച്ചടക്കിയ രാജാവെന്നും വർണ്ണിച്ചിട്ടുണ്ടു്. ഈ രാജാക്കന്മാരുടെ കാലത്തായിരിക്കണം കരുവൂരും കൊങ്കും യഥാക്രമം ചേരന്മാർക്കു് അധീനമായതു്. രണ്ടാമതു് ചിലപ്പതികാരത്തിന്റെ വ്യഖ്യാതാവായ അടിയാർക്കു നല്ലാർ “കുൻറക്കുറവരൊരുങ്കുടൻകൂടി” എന്ന ഭാഗത്തിന്നു അർഥമെഴുതുമ്പോൾ “കൻറമെൻറാൽ കൊടുങ്കോളൂരുക്കു അയലതാകിയ ചെങ്കുൻറമെനമലൈ” എന്നു വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടു്. മൂന്നാമതു് “പെരുമലൈവിലങ്കിയപെരിയാറ്റടൈ കരൈ” എന്ന വരിയിൽ മല കാണുവാൻചെന്ന ചെങ്കുട്ടുവൻ വിവരിക്കുന്നതായി ഇളങ്കോവടികൾ വർണ്ണിക്കുന്ന സ്ഥലം നമ്മുടെ പെരിയാറ്റിന്റെ കരതന്നെയാണു്. തൃശ്ശിനാപ്പള്ളിയിൽ കരുവൂരിൽനിന്നു മല കാണുവാൻ പെരിയാറ്റിൻകരവരെ വരണമെന്നില്ലല്ലോ. നാലാമതു് കുറവർ അവിടെ തിരുമുൽക്കാഴ്ചവയ്ക്കുന്ന സാധനങ്ങളിൽ പലതും കേരളത്തിലെ മലകളിലല്ലാതെ മറ്റൊരിടത്തും ഉണ്ടാകുന്നവയല്ല. ഏലവല്ലി, കൂവനീറു്, (തെങ്കിൻ പഴൻ) തേങ്ങാ, (പലവിൻപഴങ്കൾ) പഴുത്തചക്ക, കമുകിൻകുല മുതലായവയാണു് അവരുടെ ഉപഹാരദ്രവ്യങ്ങൾ. അഞ്ചാമതു് ചെങ്കുട്ടുവൻ ദിഗ്വിജയം കഴിഞ്ഞു തിരിയെ വരുമ്പോൾ (പറൈയൂർ കൂത്തച്ചാക്കൈയൻ) പറവൂർ ചാക്യാരുടെ കൂത്തു കാണുകയുണ്ടായി. പറയൂർ എന്നതു പറവൂർ എന്നതിന്റെ പൂർവരൂപമാണെന്നു ശിലാശാസനദ്വാരാ നാം അറിയുന്നു. ചാക്യാർ അതഭിനയിച്ചതു തൃശ്ശിനാപ്പള്ളിയിലെ കരുവൂരിൽവെച്ചായിരിക്കുവാൻ തരമില്ലല്ലോ. ആറാമതു് കണ്ണകി മധുര വിട്ടു ചേരരാജ്യത്തിലേക്കു പോയതു വൈകയുടെ കരവഴിക്കു പശ്ചിമാഭിമുഖമായാണു്; തൃശ്ശിനാപ്പള്ളിക്കരുവൂരിലേക്കാണെങ്കിൽ ആ യാത്ര ഉത്തരാഭിമുഖമായി വേണ്ടതായിരുന്നു. ഏഴാമതു് അടിയാർക്കു നല്ലാരെക്കാൾ പ്രാചീനനായ അരുമ്പത ഉരയാചിരിയർ എന്ന ചിലപ്പതികാരവ്യാഖ്യാതാവു വഞ്ചി കടൽക്കരയിലുള്ള തുറമുഖമാണെന്നു രേഖപ്പെടുത്തീട്ടുണ്ടു്; ഇന്നു് അവിടത്തെ അഴിക്കു തിരുവഞ്ചാഴിമുഖമെന്നു പേരുമുണ്ടു്. എട്ടാമതു് മണിമേഖല ഇരുപത്തെട്ടാമത്തെ ഗാഥയിൽ ചോളരുടെ രാജധാനി കാഞ്ചീപുരത്തേക്കു മാറ്റിയപ്പോൾ അവിടെ ഈതിബാധനിമിത്തം വലുതായ ക്ഷാമമുണ്ടായെന്നും അതിൽനിന്നു രക്ഷനേടുവാൻ ജനങ്ങൾ വഞ്ചിയെ അഭയം പ്രാപിച്ചു എന്നും കവി വർണ്ണിച്ചിരിക്കുന്നു. കാഞ്ചീപുരത്തു മഴയില്ലെങ്കിൽ തൃശ്ശിനാപ്പള്ളിക്കരുവൂരിലും അതുണ്ടായിരിക്കുകയില്ലെന്നുള്ളതിനാൽ അവർ തിരുവഞ്ചിക്കുളത്തേക്കു പോന്നു എന്നൂഹിക്കുന്നതായിരിക്കും സമീചീനമായിട്ടുള്ളതു്. ഒൻപതാമതു് ചേക്കിഴാർ ക്രി. പി. 1100-ാമാണ്ടിടയ്ക്കു രചിച്ച പെരിയപുരാണത്തിൽ ചേരമാൻപെരുമാൾ നായനാരുടെ രാജധാനിയെ വഞ്ചിയെന്നും, തിരുവഞ്ചൈക്കളമെന്നും, മകോതയെന്നും, കൊടുങ്കോളൂരെന്നും പല പേരുകളിൽ വ്യവഹരിക്കുന്നു. അഞ്ചൈക്കളം എന്നാൽ അഞ്ചയുടെ (അഞ്ചൈ = അഞ്ഞൈ = അമ്മ) സ്ഥലം എന്നർഥം. ‘അഞ്ചൈക്കളത്തപ്പനെ’പ്പറ്റി സുന്ദരമൂർത്തിനായനാർ പാടീട്ടുണ്ടു്. ‘അഞ്ജനഖളം’ എന്നു കോകിലസന്ദേശത്തിൽ ഉദ്ദണ്ഡശാസ്ത്രികളും ‘പഞ്ചരങ്ഗാധിനാഥം നത്വാ’ എന്നു ഭ്രമരസന്ദേശത്തിൽ വാസുദേവകവിയും അതിനെ സ്മരിക്കുന്നതു് അർത്ഥാവബോധം ഇല്ലാതെയാണു്. ചേക്കിഴാരുടെ “ചേരർ കുലക്കോവീറ്റിരുന്തു മുറൈപുരിയും കുലക്കോമൂതൂർ കൊടുങ്കോളൂർ” അതായതു് “ചേരരാജാവു് എഴുന്നരുളിയിരുന്നു രാജ്യഭാരം ചെയ്യുന്ന അവരുടെ വംശത്തിന്റെ പുരാണനഗരമായ കൊടുങ്ങല്ലൂർ” എന്നു പ്രസ്താവിച്ചിട്ടുള്ളതിനു ചിലർ പറയുന്ന സമാധാനം ചോളരാജാക്കന്മാരെ ഭയപ്പെട്ടു ചേരരാജാക്കന്മാർ തൃശ്ശിനാപ്പള്ളിക്കരുവൂർ ഉപേക്ഷിച്ചുപോയി ചേരമാൻപെരുമാൾ നായനാരുടെ കാലത്തിനുമുമ്പു കൊടുങ്ങല്ലൂർ തങ്ങളുടെ രാജധാനിയാക്കിയെന്നാണു്. ഈ സമാധാനം തീരെ ഉപപന്നമല്ല. ക്രി. പി. 150-ാമാണ്ടിടയ്ക്കു ടോളമി എന്ന റോമൻഗ്രന്ഥകാരൻ കേരോബോത്രാസിന്റെ (കേരളപുത്രന്റെ) രാജധാനി ‘കരൂര’യാണെന്നു പറഞ്ഞിട്ടുണ്ടു്. ആ കരൂരും തിരവഞ്ചിക്കുളം തന്നെയാണെന്നു കൊടുങ്ങല്ലൂരിനു് അടുത്തു വടക്കുള്ള കരുപ്പടന എന്ന സ്ഥലത്തിന്റെ പേരിൽനിന്നു നമുക്കു ഗ്രഹിക്കാവുന്നതാണു്. ഇതുപോലെ കണവായിൽ കേരളത്തിലെ സംസ്കൃതസാഹിത്യത്തിൽ ‘ഗുണകാ’ എന്നു രൂപം സ്വീകരിച്ചു. “ഗുണകാനാഥ ഇത്യൂഢകീർത്തിഃ” എന്നു ശുകസന്ദേശത്തിലും “ഗുണകാം മാടധാത്രീന്ദ്രഗുപ്താം” എന്നു ഭൂമരസന്ദേശത്തിലും പ്രയുക്തമായി കാണുന്നു. കണവായിലിലെ “ഇൽ” എന്നതു സപ്തമീവിഭക്തിപ്രത്യയമാണെന്നു പശ്ചാൽകാലികന്മാർ തെറ്റിദ്ധരിച്ചു പോയതുപോലെ തോന്നുന്നു. അപ്രകാർശിതവും ക്രി. പി. പന്ത്രണ്ടാംശതകത്തിലോ മറ്റോ രചിച്ചതെന്നു് അനുമാനിക്കാവുന്നതുമായ ഉണ്ണിയച്ചിചരിതം എന്ന മണിപ്രവാളചമ്പുവിൽ “കുണവായ്ക്കുണമപി കണപം ദധതീ” എന്നൊരു പ്രയോഗമുണ്ടു്. കണവായിൽ എന്നാൽ കിഴക്കേ വാതിലെന്നും കോട്ടമെന്നാൽ ക്ഷേത്രമെന്നുമാണു് അർത്ഥം. ഇന്നും ക്ഷുദ്രദേവതാലയങ്ങളെ കോട്ടമെന്നു പറയാറുണ്ടു്. അടിയാർക്കുനല്ലാരുടെ ‘തിരുക്കുണവായിൽ’ ചമ്പുവിലെ കണവായിൽ നിന്നു ‘തൃക്കണാ’വായി മതിലകവുമായിച്ചേർന്നു തൃക്കണാമതിലകമായിത്തീർന്നിരിക്കുന്നു. ആ സ്ഥലം കൊടുങ്ങല്ലൂരിനു കിഴക്കല്ല, ഏഴു മൈൽ വടക്കായിരിക്കേ അതിനു് എങ്ങനെ കണവായിൽ എന്നു പേർ വന്നു എന്നു ചിലർ ചോദിക്കാറുണ്ടു്. വഞ്ചി പണ്ടു തൃക്കണാമതിലകംവരെ വ്യാപിച്ചിരുന്നു എന്നു് ഐതിഹ്യം ഘോഷിക്കുന്നു. സംഘകാലത്തിനുമുമ്പു് ഭൂസ്ഥിതി സംബന്ധിച്ചോ മറ്റോ സംഭവിച്ച വല്ല വ്യത്യാസവും കിഴക്കേവാതിലിനെ വടക്കേ വാതിലാക്കിയിരിക്കാം; പേരിനുള്ള കാരണം മാറിയാലും പേർ മാറുന്നതല്ലല്ലോ. കണവായിൽ എന്നാൽ വളഞ്ഞ വാതിലെന്നും അർത്ഥം വരാവുന്നതാണു്.

5.9ചിലപ്പതികാരത്തിന്റെ കാലം

ചിലപ്പതികാരത്തെ ക്രി. പി. ഒന്നാംശതകം മുതൽ ക്രി. പി. പതിമ്മൂന്നാംശതകംവരെ പല കാലങ്ങളിലായി പണ്ഡിതന്മാർ ഘടിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ആ മതങ്ങളിൽ യുക്തി യുക്തവും ഭൂരിപക്ഷത്തിന്റെ അങ്ഗീകരം സിദ്ധിച്ചിട്ടുള്ളതുമായ കാലം ക്രി. പി. രണ്ടാംശതകമാണു്. തിരുജ്ഞാന സംബന്ധരുടേയും അപ്പരുടേയും കൃതികൾക്കും സംഘകൃതികൾക്കും തമ്മിൽ ഭാഷാവിഷയകമായുള്ള പ്രകടമായ ഭേദം മുമ്പുതന്നെ ഞാൻ പ്രസ്താവിച്ചിട്ടുണ്ടു്. ഈ ശൈവഭക്തന്മാരുടെ കാലം ക്രി. പി. ഏഴാംശതകമാണു്. അതുകൊണ്ടു് അതിനു മുമ്പായിരിക്കണം സംഘകാലമെന്നുള്ളതിനു സംശയമില്ല. പല്ലവവരാജാക്കന്മാരെപ്പറ്റി ചിലപ്പതികാരത്തിലാകട്ടെ മണിമേഖലയിലാകട്ടെ യാതൊരു സൂചനയുമില്ല. അതിനാൽ കാഞ്ചീപുരത്തെ സ്മരിക്കുന്ന മണിമേഖലയും തദനുരോധേന ചിലപ്പതികാരവും പല്ലവവംശം അവിടെ സ്ഥാപിതമായ ക്രി. പി. മൂന്നാംശതകത്തിനുമുമ്പാണു് നിർമ്മിക്കപ്പട്ടതെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു. മധുരയിലെ അഗ്നിബാധ ക്രി. പി. 171 കർക്കടകം 26-ാം തിയ്യതിയാണെന്നു ചില പണ്ഡിതന്മാർ ചിലപ്പതികാരത്തിലുള്ള ജോതിർഗ്ഗണിതസൂചനകളെ ആസ്പദമാക്കി തീർച്ചപ്പെടുത്തിയിരിക്കുന്നു. സിംഹളരാജാവായ ഗജബാഹു കണ്ണകീദേവിയുടെ പ്രതിഷ്ഠയ്ക്കു വഞ്ചിയിൽ സന്നിഹിതനായിരുന്നതായി കാണുന്നു. ഗജബാഹുവിന്റെ വാഴ്ച ക്രി. പി. 173 മുതൽ 195 വരെയാണു്. പല കാരണങ്ങളെക്കൊണ്ടും പ്രസ്തുത പ്രതിഷ്ഠ ക്രി. പി. 176-ൽ നടന്നതായി തീരുമാനിക്കുന്നതിൽ വിരോധമില്ല.

5.10സംഘകൃതികളും ആര്യസംസ്കാരവും

ചെന്തമിഴ് സാഹിത്യത്തിന്റെ ആവിർഭാവത്തിനു മുമ്പു തന്നെ ആര്യസംസ്കാരവും സംസ്കൃതഭാഷയും ദ്രാവിഡരുടെ ഇടയിൽ പ്രചരിക്കുക കഴിഞ്ഞിരുന്നു. അഗസ്ത്യരും തൊല്കാപ്പിയരും സംസ്കൃതവൈയാകരണന്മാരോടു് എത്രമാത്രം കടപ്പെട്ടിരുന്നു എന്നു മുമ്പു പറഞ്ഞുവല്ലോ. സംഘഗ്രന്ഥങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ അക്കാലത്തു സംസ്കൃതവും തമിഴും എത്രമേൽ കൈകോർത്തും തമ്മിൽ കെട്ടുപെട്ടും ഇതരേതരാശ്രയങ്ങളായി കഴിഞ്ഞുകൂടിയിരുന്നു എന്നു കാണാവുന്നതാണു്. രണ്ടായിരം കൊല്ലത്തിനുമുമ്പു തന്നെ ദേവൻ, ദേവി, കാലം, ലോകം, ഭൂതം, യമൻ, വരുണൻ, യാമം, മങ്ഗലം, ദേശം, നിമിത്തം, ഉപമ, മന്ത്രം, സൂത്രം, ആനന്ദം ഇത്യാദി പദങ്ങൾ സംസ്കൃതത്തിനൽനിന്നു ചെന്തമിഴിൽ എങ്ങനെയോ, അതുപോലെ തന്നെ അടവി, കടു, കുടി, കണ്ഡം, കലം, ശവം, ഛായ, പട്ടണം, മീനം, വലയം, കടാക്ഷം മുതലായ പദങ്ങൾ ചെന്തമിഴിൽനിന്നു ഭാഷാരീതിക്കു് ആവശ്യകമായ രൂപഭേദത്തോടുകൂടി സംസ്കൃതത്തിലും സംക്രമിച്ചിരുന്നു. തമിഴർ മുതർപ്പാവലർ (ആദികവി) എന്നു പുകഴ്ത്താറുള്ള തിരുവള്ളുവരുടെ തിരുക്കുറളിലെ “അകരമുതലെഴുത്തെലാമാതിപകവൻ മുതറ്റേയുലകു” എന്ന ഒന്നാമത്തെ പാട്ടിൽത്തന്നെ അകാരം (അകരം) ആദി (ആതി) ഭഗവാൻ (പകവൻ) ലോകം (ഉലകം) ഇങ്ങനെ നാലു പദങ്ങൾ സംസ്കൃതത്തിൽ നിന്നു സംക്രമിപ്പിച്ചിരിക്കുന്ന വസ്തുത നാം ഗ്രഹിച്ചിരിക്കേണ്ടതാണു്. അതുപോലെതന്നെ ഗൗതമശാപത്താൽ ഗ്രസ്തനായ ദേവേന്ദ്രൻ, അഗസ്ത്യശാപത്താൽ ആർത്തനായ നഹുഷൻ, ചിരഞ്ജീവിയായ മാർക്കണ്ഡേയൻ, ദാനശൗണ്ഡന്മാരായ ദധീചി മഹർഷിയും ശിബി ചക്രവർത്തിയും, മായവടുവായ വാമനൻ ഇത്യാദി പുരാണപുരുഷന്മാരുടെ ഉപാഖ്യാനങ്ങളെ വള്ളുവരും, ശ്രീകൃഷ്ണന്റെ ലീലകൾ, ശിവന്റെ ത്രിപുരസംഹാരം, സുബ്രഹ്മണ്യന്റെ ശൂരപത്മാസുരവധം, ഇത്യാദി കഥകളെ മറ്റു ചില സംഘകവികളും സന്ദർഭാനുഗുണമായി സ്മരിക്കുന്നു. വൈദികകാലത്തെ ദേവതകളായ ഇന്ദ്രനും വരുണനും തമിഴരുടെ ഐന്തിണയിലെ ആരാധനാമൂർത്തികളുടെ കൂട്ടത്തിൽ പെട്ടിരുന്നു എന്നു പറഞ്ഞുവല്ലോ. കാവേരിപ്പട്ടണത്തിൽ ദേവേന്ദ്രപ്രീതിക്കായി ഇരുപത്തെട്ടു ദിവസത്തെ ഉത്സവും ആഘോഷിച്ചിരുന്നു. അവരെക്കൂടാതെ ശ്രീപരമേശ്വരൻ, ബലരാമൻ, കാമദേവൻ, ആദിത്യൻ, ചന്ദ്രൻ എന്നീ ദേവന്മാർക്കും ക്ഷേത്രങ്ങളും പൂജകളും ഉണ്ടായിരുന്നു. ബ്രഹ്മാവു്, ഗണപതി, ശ്രീരാമൻ, മുതലായ ദേവതകളെപ്പറ്റിയും സംഘകൃതികളിൽ പ്രസ്താവനകളുണ്ടു്. കല്പവൃക്ഷം, ഐരാവതം, വജ്രായുധം, മുതലായ ദിവ്യവസ്തുക്കളേയും ജനങ്ങൾ വന്ദിച്ചു വന്നു. ബ്രാഹ്മണരുടെ ആചാരങ്ങൾ പാണ്ഡ്യരാജ്യത്തിലന്ന പോലെ ചേരരാജ്യത്തിലും വേരുറച്ചുകഴിഞ്ഞിരുന്നു. നെടുഞ്ചേരലാതൻ ക്ഷേത്രങ്ങൾക്കും ബ്രാഹ്മണർക്കും ധാരാളമായി ദാനങ്ങൾ ചെയ്തിരുന്നു. പൽയാനൈ ചെൽചെഴുകുട്ടുവൻ തന്റെ ആസ്ഥാനപണ്ഡിതനായ ഗൗതമനു പത്തു യാഗങ്ങൾ അനുഷ്ഠിക്കുവാൻ വേണ്ട സഹായം ചെയ്യുകയും ധർമ്മപൂത്രൻ എന്ന ബിരുദം നേടുകയും ചെയ്തു. നാർമുടിച്ചേരലാതന്റെ പ്രധാനദേവത ശ്രീപത്മനാഭനായിരുന്നു. ശിവഭക്തനും ആചാരശ്ലക്ഷ്ണനുമായ ചെങ്കുട്ടുവൻ യാഗം ചെയ്തു. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ഒരഗ്നിഹോത്രശാലയുണ്ടായിരുന്നതായി ചിലപ്പതികാരത്തിൽനിന്നു വെളിവാകുന്നു. പല യാഗകർമ്മങ്ങളും അനുഷ്ഠിച്ച ഒരു രാജാവായിരുന്നു പെരുഞ്ചേരൽ ഇരുമ്പൊറൈ. ചുരക്കത്തിൽ ക്രി. പി. മൂന്നാംശതകത്തിനു മുമ്പുതന്നെ ആര്യസംസ്കാരം ദക്ഷിണാപഥം മുഴുവൻ വ്യാപിച്ചതായി കരുതാവുന്നതാണു്. ഇങ്ങനെ അക്കാലത്തു ചേരന്മാർ ആര്യമതാനുയായികളായ ക്ഷത്രിയരായിരുന്നു എങ്കിലും അവർക്കു ബുദ്ധമതത്താടും ജൈനമതത്തോടും യാതൊരു വിപ്രതിപത്തിയുമുണ്ടായിരുന്നില്ല. കോവലന്റെ പൂർവ്വന്മാരിൽ ഒരാൾ തിരുവഞ്ചിക്കുളത്തു് ഒരു ബൗദ്ധസ്തൂപം സ്ഥാപിച്ചിരുന്നു. അതു വന്ദിക്കുവാൻ മണിമേഖല അവിടെപ്പോയതായി ചാത്തനാർ പാടിയിരിക്കുന്നു. ജൈനക്ഷേത്രമായ കണവായിൽ കോട്ടത്തെപ്പറ്റി പ്രസ്താവിച്ചുകഴിഞ്ഞു. ചെങ്കുട്ടുവൻ ചന്ദ്രചൂഡാരാധകനായിരുന്നു എങ്കിലും അന്യമതങ്ങളേയും ബഹുമാനിച്ചിരുന്നു. ബൗദ്ധമതാനുയായി ആയിരുന്ന കോവലന്റെ പത്നിയായ കണ്ണകി ആജീവകമതാനുഗയായിരുന്നു എങ്കിലും ആ പതിദേവതയുടെ സ്മരണയ്ക്കു് ഒരു ക്ഷേത്രം സ്ഥാപിയ്ക്കുവാനുള്ള മഹാമനസ്കത ആ ചക്രവർത്തിക്കുണ്ടായി.

5.11അയ്യനരിതനാർ

ഇനി സംഘകാലത്തിനു പിന്നീടു ജീവിച്ചിരുന്ന ചെന്തമിഴ് സാഹിത്യകാരന്മാരായ ചേരരാജാക്കന്മാരെപ്പറ്റിക്കൂടി പ്രസ്താവിക്കാം. അവരിൽ അയ്യനരിതനാർ ഉദ്ദേശം ക്രി. പി. 7-ാംശതകത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ കൃതിയാണു് പൊരുളിനു് ഒരു പ്രധാനലക്ഷണ ഗ്രന്ഥമായ പുറപ്പൊരുൾവെൺപാമാലൈ. അതിന്റെ ‘പായിര’ത്തിൽ തൊല്കാപ്പിയർ മുതലായ പന്ത്രണ്ടു പണ്ഡിതന്മാരാൽ വിരചിതമായ പന്നിരുപ്പടലം എന്ന ഗ്രന്ഥം നിഷ്കർഷിച്ചു പഠിച്ച അദ്ദേഹം “ഓങ്കിയ ചിരപ്പിനുലകമുഴുതാണ്ടവാങ്കു വിറ്റടക്കൈവാനവർ മരുമാൻ” അതായതു വളഞ്ഞ വില്ലു കൈയിൽ ധരിച്ച ചേരരാജാക്കന്മാരുടെ വംശപരമ്പരയിൽ ജനിച്ച കവിയാണെന്നു പ്രസ്താവിച്ചിട്ടുണ്ടു്. പന്നിരുപ്പടലം കണ്ടുകിട്ടീട്ടില്ല. വെൺപാമാലയിലും പന്ത്രണ്ടു പടലങ്ങളുണ്ടു്. അവയിൽ ആദ്യത്തെ ഒൻപതു ‘പുറ’ത്തേയും ബാക്കി മൂന്നു് ‘അക’ത്തേയും പരാമർശിക്കുന്നു. ശത്രുക്കളുടെ പശുക്കളെ അപഹരിയ്ക്കുക (വെട്ചി), അവയെ വീണ്ടു കൊണ്ടുവരിക (കരന്തൈ), ശത്രുക്കളെ ആക്രമിക്കുക (വഞ്ചി), ആക്രമികളുടെ നേർക്കു് എതിർത്തുചെല്ലുക (കാഞ്ചി), കോട്ടകാക്കുക (നൊച്ചി), ശത്രുക്കളുടെ കോട്ട വളയുക (ഉഴിഞൈ) മുതലായവയാണു് ഗ്രന്ഥത്തിലെ വിഷയങ്ങൾ.

5.12ശൈവസമയത്തിന്റെ അഭ്യുത്ഥാനം

മൂവരശർ ബൗദ്ധരോടും ജൈനരോടും മതവിഷയത്തിൽ പ്രദർശിപ്പിച്ച മഹാമനസ്കത സനാതനധർമ്മത്തിനു ദോഷകരമായി പരിണമിച്ചു. ആ രണ്ടു മതാനുയായികൾ – അവരിൽ പ്രധാനമായി ജൈനർ – ഹിന്ദുമതത്തെ പ്രത്യക്ഷമായി അവഹേളനം ചെയ്യുകയും അവരുടെ വിവിധങ്ങളായ വാങ്മയങ്ങളെക്കൊണ്ടു പൊതുജനങ്ങളെ മാത്രമല്ല രാജാക്കന്മാരെപ്പോലും തങ്ങളുടെ പാർശ്വത്തിലേയ്ക്കു് ആകർഷിക്കുകയും ചെയ്തു. ഹിന്ദുക്കൾ ഉണർന്നു; ഇതരമതക്കാരുമായി വാദപ്രതിവാദങ്ങൾ നടത്തി അവരെ ജയിച്ചു; വഴിതെറ്റിപ്പോയ രാജാക്കന്മാരെ സ്വമതത്തിലേക്കു വീണ്ടെടുത്തു. ഈ അത്ഭുതകർമ്മം നിർവ്വഹിച്ച ജ്ഞാനസംബന്ധർ, അപ്പർ, സുന്ദരമൂർത്തി, മാണിക്യവാചകർ ഈ നാലു ശിവഭക്തന്മാരേയും ശൈവസമയാചാര്യന്മാർ എന്നു പറഞ്ഞുവരുന്നു. ജൈനമതത്തിൽ ചേർന്നുപോയ അപ്പർ തന്റെ സഹോദരിയായ തിലകവതിയുടെ ഉപദേശമനുസരിച്ചു വീണ്ടു ഹിന്ദുവായി. അന്നത്തെ പല്ലവരാജാവും ജൈനനുമായിരുന്ന പ്രഥമ മഹേന്ദ്രവിക്രമനേയും ആ മതത്തിലേക്കു പരിവർത്തനം ചെയ്യിച്ചു. ക്രി. പി. 600 മുതൽ 638 വരെ രാജ്യഭാരം ചെയ്ത ഈ മഹേന്ദ്രവിക്രമനാണു് മത്തവിലാസപ്രഹസനത്തിന്റെ പ്രണേതാവു്. അപ്പർ ജാതിയിൽ വെള്ളാളനും, ജ്ഞാനസംബന്ധരും മാണിക്യവാചകരും ബ്രാഹ്മണരും, സുന്ദരമൂർത്തി ഓതുവാരും (ഒരമ്പലവാസിവർഗ്ഗം) ആയിരുന്നു. ജ്ഞാനസംബന്ധർ പാണ്ഡ്യരാജാവായ ക്രി. പി. 645 മുതൽ 675 വരെ പാണ്ഡ്യരാജ്യം ഭരിച്ച നൻറചീർനെറുമാറൻ എന്നുകൂടി പേരുള്ള കൂൻപാണ്ഡ്യനെ അദ്ദേഹത്തിന്റെ പട്ടമഹിഷി മങ്കയർക്കരശിയുടെ സാഹായ്യത്തോടുകൂടി ജൈനമതത്തിൽനിന്നു ഹിന്ദുമതത്തിലേയ്ക്കു വീണ്ടെടുത്തു. സംബന്ധർ പ്രഥമനരസിംഹവർമ്മൻ (ക്രി. പി. 630 മുതൽ 668 വരെ രാജ്യഭാരകാലം) എന്ന പല്ലവരാജാവിന്റെ സേനാനിയായി അദ്ദേഹത്തിനു വേണ്ടി പശ്ചിമചാലൂക്യന്മാരുമായി ക്രി. പി. 642-ൽ വാതാപിയിൽവച്ചു നടന്ന യുദ്ധത്തിൽ പങ്കുകൊണ്ട മറ്റൊരു ശിവഭക്തനായ ചിറുത്തൊണ്ടരുടെ സുഹൃത്തായിരുന്നു. ഈ രണ്ടു് ആചാര്യന്മാരും സമകാലികന്മാരായിരുന്നു എന്നും ഇവർ ജീവിച്ചിരുന്നതു ക്രി. പി. ഏഴാംശതകത്തിലായിരുന്നു എന്നും ഇത്രയുമുള്ള പ്രസ്താവംകൊണ്ടു വ്യക്തമാകുന്നുണ്ടല്ലോ. സുന്ദരമൂർത്തിയെപ്പറ്റി മേൽ പ്രസ്താവിക്കും. മാണിക്യവാചകർ സുന്ദരമൂർത്തിയെ അപേക്ഷിച്ചു് അർവാചീനനായിരുന്നു. അത്തരത്തിൽ ശൈവമതോദ്ധാരണത്തിനായി ക്രി. പി. ഏഴാംശതകം മുതൽ ഒൻപതാംശതകംവരെ തീവ്രമായി പ്രയത്നിച്ച അറുപത്തിമൂന്നു ഭക്തന്മാരെ നായനാരന്മാർ (ദിവ്യന്മാർ) എന്ന പേരിൽ ചെന്തമിഴു് സാഹിത്യം പുകഴ്ത്തു്ന്നു. ജൈനമതത്തിലെ തീർത്ഥങ്കരന്മാരും അറുപത്തിമൂന്നാണല്ലോ. നായനാരന്മാരുടെ ചരിത്രം മുഴുവൻ പ്രഥമകുലോത്തുങ്ഗൻ എന്ന ചോളചക്രവർത്തി (ക്രി. പി. 1070 മുതൽ 1115 വരെ രാജ്യഭാരകാലം) യുടെ മന്ത്രിയായ ചേക്കിഴാർ തന്റെ പെരിയപുരാണം എന്ന മനോഹരമായ ചെന്തമിഴ് ക്കാവിയത്തിൽ വർണ്ണിക്കുന്നു. മാണിക്കവാചകർ അറുപത്തിമൂവരിൽ പെടുന്നില്ല. അതിനുമുൻപു തന്നെ ചോളദേശത്തു തിരനാരയൂരിലെ നമ്പിയാണ്ടാർ നമ്പി (ക്രി. പി. 975-1035) എന്ന ബ്രാഹ്മണപുരോഹിതൻ, സംബന്ധർ, അപ്പർ തുടങ്ങിയ നായനാരന്മാരുടെ ഗാനങ്ങളെ പതിനൊന്നു തിരുമുറകളായി സമാഹരിച്ചുകഴിഞ്ഞിരുന്നു. അവയിൽ ആദ്യത്തെ എട്ടു തിരുമുറകൾ നാലു സമയാചാര്യന്മാരുടേയും കൃതികളാണു്. അവയെ പൊതുവിൽ തേവാരം (ദേവഹാരം) എന്നു പറയുന്നു. ഒൻപതാം തിരുമുറയിൽ അത്രതന്നെ പ്രശസ്തന്മാരല്ലാത്ത ഒൻപതു കവികളുടെ ഗാനങ്ങൾ അടങ്ങിയിരിക്കുന്നു. അതിനു ‘തിരവിശൈപ്പാ’ എന്നാണു നാമധേയം. പന്ത്രണ്ടാം തിരുമുറയായി പെരിയ പുരാണത്തെക്കൂടി പശ്ചാൽകാലികന്മാർ ചേർത്തിട്ടുണ്ടു്. അറുപത്തിമൂവരിൽ വിറന്മിണ്ടനായനാർ, ചേരമാർപെരുമാൾനായനാർ ഇങ്ങനെ രണ്ടു കേരളീയരേ ഉൾപ്പെടുന്നുള്ളൂ. വിറന്മിണ്ടർ ചെങ്ങന്നൂർക്കാരനായിരുന്നു. ശൈവമതത്തിന്റെ പുനരുത്ഥാപനത്തിനുശേഷം ബൗദ്ധരും ജൈനരും ലോകോപകാരകങ്ങളും പരിശ്രമൈകസാദ്ധ്യങ്ങളുമായ നിഘണ്ടു, വ്യാകരണം തുടങ്ങിയ ഗ്രന്ഥങ്ങൾ ചെന്തമിഴിൽ രചിച്ചുകൊണ്ടിരുന്നതല്ലാതെ മതപ്രചരണത്തിനു് ഉദ്യമിക്കുകയോ ഹിന്ദുക്കളുമായി രാഷ്ട്രകാര്യങ്ങളിൽ ഇടയുകയോ ചെയ്തില്ല.

5.13ചേരമാൻപെരുമാൾ നായനാർ

മകോതൈ എന്നു കൂടിപ്പേരുള്ള കൊടുങ്ങല്ലൂരിൽ പെരുമാക്കോതൈയാർ എന്ന ഒരു ചേരരാജാവു ജനിച്ചു. അദ്ദേഹം ബാല്യത്തിൽതന്നെ രാജധാനിക്കു സമീപമുള്ള തിരുവഞ്ചിക്കുളത്തു ശിവക്ഷേത്രത്തിൽ പോയി ഭഗവൽകൈങ്കര്യത്തിൽ വ്യാപൃതനായി താമസിക്കവേ ചെങ്കോൽപൊറൈയൻ എന്ന തന്റെ പിതാവു വാനപ്രസ്ഥാശ്രമത്തിൽ പ്രവേശിക്കുകയാൽ രാജ്യഭാരം കൈയേറ്റു. അദ്ദേഹത്തിന്റെ പല അപദാനങ്ങളേയും പെരിയ പുരാണത്തിൽ പ്രതിപാദിച്ചിട്ടുണ്ടു്. അവയൊന്നും ഇവിടെ പ്രപഞ്ചനം ചെയ്യുന്നില്ല. അദ്ദേഹത്തിനു സകല ജീവരാശികളുടേയും ശബ്ദങ്ങൾക്കു് അർത്ഥമറിയാമായിരുന്നതുകൊണ്ടു ‘കഴറിറ്ററിവാർ’ എന്നൊരു ബിരുദം കൂടിയുണ്ടായിരുന്നതായിക്കാണുന്നു. ചേരമാൻ അന്നത്തെ ശിവഭക്തൻമാരിൽ അഗ്രഗണ്യനായിരുന്ന സുന്ദരമൂർത്തിയെ കാണുന്നതിനായി തഞ്ചാവൂരിനടുത്തുള്ള തിരവാരൂരിൽ ചെന്നു് ആ മഹാനെ സന്ദർശിച്ചു് അവിടത്തെ മൂർത്തിയായ വല്മീകനാഥസ്വാമിയെപ്പറ്റി മുമ്മണിക്കോവൈ എന്നൊരു സ്തോത്രം ഗാനം ചെയ്തു. തദനന്തരം സുന്ദരമൂർത്തിയോടുകൂടി വേദാരണ്യത്തേക്കു പോയി അവിടത്തെ പരമശിവനെക്കുറിച്ചു പൊൻവണ്ണത്തന്താദി എന്ന മറ്റൊരു സ്ത്രോത്രം പാടി. പിന്നീടു പാണ്ഡ്യരാജ്യത്തിൽ ചെന്നു് അവിടെയുള്ള പല ശിവാലയങ്ങളും സന്ദർശിച്ചു് അവർ രണ്ടുപേരും കൊടുങ്ങല്ലൂരിലേക്കു പോന്നു. ആ കാലത്താണു് സുന്ദരമൂർത്തി അഞ്ചൈക്കളത്തപ്പനെപ്പറ്റി “തലൈക്കുത്തലൈമാലൈ” എന്നാരംഭിക്കുന്ന പുളകപ്രദമായ ഗാനം നിർമ്മിച്ചതു്. കുറേ ദിവസം കഴിഞ്ഞു സുന്ദരർ തിരുവാരൂരിലേക്കു പോയി വീണ്ടും കൊടുങ്ങല്ലൂരിൽ ചെന്നുചേർന്നു. അങ്ങനെയിരിക്കെ തിരവഞ്ചിക്കുളത്തുവച്ചു് അദ്ദേഹം പരഗതിയെ പ്രാപിക്കുകയും ആ വാർത്ത കേട്ടു പെരുമാളും അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. പെരുമാൾ ഒടുവിൽ രചിച്ചതാണു് ആദിയുലാ എന്ന സുപ്രസിദ്ധമായ പാട്ടു്. അതിനു തിരുക്കൈലാസജ്ഞാനവുലാ എന്നും പേരുണ്ടു്. അദ്ദേഹത്തിന്റെ മൂന്നു ഗാനങ്ങളും നമ്പി അദ്ദേഹത്തിന്റെ പതിനൊന്നാംതിരുമുറയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ടുപേരുടേയും സ്വർഗ്ഗാരോഹണം ഒരു മേടമാസത്തിലെ സ്വാതിനക്ഷത്രത്തിലായിരുന്നു എന്നാണു് ഐതിഹ്യം. പെരുമാൾ കൈലാസത്തു പോയി ദേഹവിയോഗം ചെയ്തതായാണു് പെരിയപുരാണത്തിൽ പ്രതിപാദിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ സമാധി തിരവഞ്ചിക്കുളത്തു വച്ചുതന്നെയായിരുന്നരിക്കണമെന്നു ഞാൻ ഊഹിക്കുന്നു. പ്രജകളിൽ പലരും അദ്ദേഹത്തിന്റെ മരണവൃത്താന്തം കേട്ടു ചാവേറായതായി പെരിയപുരാണത്തിൽ വർണ്ണിച്ചിട്ടുണ്ടു്. സുന്ദരമൂർത്തി തമ്പി (മ്പു) രാൻതോഴൻ എന്ന പേരിലും അറിയപ്പെടുന്നു. ഇന്നും തമിഴരിൽ ചിലർക്കു് ആ പേരിടാറുണ്ടു്. പ്രസ്തുത സംജ്ഞയിലെ ‘തമ്പുരാൻ’ എന്ന ശബ്ദത്തിനു ശിവനെന്നാണു് അർത്ഥമെന്നു ചിലർ പറയാറുണ്ടെങ്കിലും കേരളം രക്ഷിച്ച തമ്പുരാനെത്തന്നെയാണു് അതു് കുറിക്കുന്നതു് എന്നു ഞാൻ അനുമാനിക്കുന്നു. ചേരമാൻപെരുമാളുടേയും സുന്ദരമൂർത്തിയുടേയും വിഗ്രഹങ്ങൾ ഇന്നും തിരുവഞ്ചിക്കുളത്തു ക്ഷേത്രത്തിൽവെച്ചു പൂജിക്കുന്നുണ്ടു്. അതിനു കാൽനാഴിക തെക്കുപടിഞ്ഞാറു ചേരമാൻകോവിലകം എന്നു പറയുന്ന ഒരു പറമ്പും കാണുന്നു. സുന്ദരമൂർത്തിയുടെ ജീവിതം ക്രി. പി. 850-ാമാണ്ടിടയ്ക്കാണെന്നു പറയുന്നതിനു് ആധാരമില്ല. അതു ക്രി. പി. എട്ടാംശതകത്തിന്റെ മധ്യത്തിലെന്നാണു് എനിക്കു തോന്നുന്നതു്. ചേരമാൻപെരുമാൾ പാണ്ഡ്യരാജാവായ രണധീരന്റെ പുത്രനായ പ്രഥമരാജസിംഹന്റെ സമകാലികനായിരുന്നു. ആ രാജസിംഹൻ ക്രി. പി. 731-നു് ഇടയ്ക്കാണു് പാണ്ഡ്യരാജ്യം ഭരിച്ചിരുന്നുതു്.

5.14വേണാട്ടടികൾ

ഒൻപതാം തിരുമുറയിൽ ഒൻപതു കവികളുടെ ‘തിരുവിശൈപ്പാ’ക്കൾ അടങ്ങീട്ടുണ്ടെന്നു പറഞ്ഞുവല്ലോ. അവയിൽ ഒരു തിരുവിശൈപ്പാവിന്റെ കർത്താവു ക്രി. പി. സുമാർ 949 മുതൽ 965 വരെ ചോളരാജ്യം ഭരിച്ച കണ്ടരാദിത്യനും മറ്റൊന്നിന്റെ പ്രണേതാവു് വേണാട്ടടികളുമാകുന്നു. വേണാട്ടടികൾ ഒരു തിരുവിതാംകൂർ രാജാവാണെന്നു പറയേണ്ടതില്ലല്ലോ. അദ്ദേഹം കണ്ടരാദിത്യന്റെ സമകാലികനാണെന്നുള്ള ഐതിഹ്യം ശരിയാണെങ്കിൽ പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നിരിക്കണം. ഏതായാലും നമ്പിയാണ്ടാർനമ്പിയുടെ കാലത്തിനു മുൻപാണെന്നുളളതിനു സംശയമില്ലല്ലോ. വേണാട്ടടികളുടെ തിരുവിശൈപ്പാവു് “തിരുത്തില്ലൈനടംപയിലുംനമ്പാൻ” അതായതു ചിദംബരക്ഷേത്രത്തിലെ നടരാജസ്വാമിയെപ്പറ്റിയുള്ള പത്തു പാട്ടുകൾ അടങ്ങിയതാണു്.

5.15ശ്രീവൈഷ്ണവമതത്തിന്റെ ആഭ്യുത്ഥാനം

ശൈവന്മാർക്കു് അറുപത്തിമൂന്നു നായനാരന്മാരുള്ളതുപോലെ വൈഷ്ണവന്മാർക്കു പന്ത്രണ്ടു് ആഴ്വാരന്മാരുണ്ടു്. ക്രിസ്ത്വബ്ദത്തിന്റെ ആരംഭത്തിനു മുൻപുതന്നെ ദക്ഷിണാപഥത്തിൽ വിഷ്ണുഭക്ത്യുപദേശകമായ പാഞ്ചരാത്രമതത്തിൽ ജനങ്ങൾക്കു പ്രതിപത്തിയുണ്ടായിരുന്നു. ദ്രമിഡൻ എന്നൊരു പൂർവാചാര്യനെ രാമാനുജനും മറ്റും സബഹുമാനം സ്മരിക്കുന്നുണ്ടു്. എന്നാൽ ആ മതത്തിനു പ്രാബല്യം ഭവിച്ചതു് ആഴ്വാരന്മാരുടെ ആവിർഭാവത്തോടുകൂടിയാകുന്നു. ചില ആഴ്വാരന്മാർ ബൗദ്ധജൈനന്മാരെ എന്നപോലെ ശൈവന്മാരെയും എതിർത്തു. പൊയ്കൈയാഴ്വാർ, പുതത്താഴ്വാർ, പേയാഴ്വാർ, തിരുമഴിശൈയാഴ്വാർ, മതുരകവി, നമ്മാഴ്വാർ, കുലശേഖര ആഴ്വാർ, പെരിയാഴ്വാർ, ആണ്ടാൾ, തൊണ്ടരടിപ്പൊടിയാഴ്വാർ, തിരപ്പാണാഴ്വാർ, തിരമങ്കൈയാഴ്വാർ ഇങ്ങനെയാണു് അവരുടെ പേരുകൾ. അവരിൽ ആണ്ടാൾ ഒരു സ്ത്രീരത്നമായിരുന്നു എന്ന പറയേണ്ടതില്ലല്ലോ. ആഴ്വാർ എന്ന പദത്തിനു ഭഗവൽഭക്തിയിൽ മഗ്നനെന്നാണു് അർത്ഥം. പന്ത്രണ്ടു് ആഴ്വാരന്മാരിൽ കുലശേഖരൻ മാത്രമാണു് കേരളീയൻ. ആദ്യത്തെ ആഴ്വാരായ പൊയ്കയാർ കാഞ്ചീപുരത്താണു് ജനിച്ചതെങ്കിലും കേരളത്തിലെ ഒരു തുറമുഖമായ തൊണ്ടിയിൽ വന്നു് അവിടെ രാജ്യഭാരം ചെയ്തുതുകൊണ്ടിരുന്ന കോക്കോതൈമാർവൻ, കണൈക്കാലിരുമ്പൊറൈ എന്നീ ചേരരാജാക്കന്മാരുടെ ആസ്ഥാനപണ്ഡിതനായി താമസിച്ചു എന്നും കണൈക്കാലിരുമ്പൊറയെ ചോളരാജാവായ കോച്ചെങ്കണ്ണൻ ബന്ധനസ്ഥനാക്കിയപ്പോൾ ജേതാവിന്റെ ഗുണഗണങ്ങളെ പ്രശംസിച്ചു ‘കളവഴി നാർപ്പതു’ എന്നൊരു കാവ്യം രചിച്ചു തന്റെ പുരസ്കർത്താവിനെ വിമുക്തനാക്കി എന്നും നാം സംഘഗ്രന്ഥങ്ങളിൽനിന്നു് അറിയുന്നു. അദ്ദേഹം ജീവിച്ചിരുന്നതു ക്രി. പി. മൂന്നാംശതകത്തിന്റെ ഒടുവിലാണു്. ഒടുവിലത്തെ ആഴ്വാരായ തിരുമങ്കയുടെ ജീവിതകാലം ക്രി. പി. എട്ടാം ശതകത്തിന്റെ അന്ത്യപാദത്തിലും ഒൻപതാംശതകത്തിന്റെ പ്രഥമപാദത്തിലുമാണെന്നു് എന്നു് തീർച്ചപ്പെട്ടിട്ടുണ്ടു്. ആഴ്വാരന്മാരുടെ ഇടയിൽ അനേകവിധത്തിലുള്ള അപദാനങ്ങൾകൊണ്ടു പ്രഥമഗണനീയനായി കരുതേണ്ടതു ശഠകോപനെന്നും പരാങ്കുശനെന്നും വകുളാഭരണനെന്നും ഉള്ള അഭിധാനാന്തരങ്ങളാൽ സുവിദിതനായ നമ്മാഴ്വാരെത്തന്നെയാണു്. അദ്ദേഹം എട്ടാം ശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്നതായി ഊഹിക്കാം. ആഴ്വാരന്മാരുടെ പാട്ടുകൾ എല്ലാംകൂടി സമാഹരിച്ചു നാഥമുനി ക്രി. പി. പത്താംശതകത്തിൽ ‘നാലായിരപ്രബന്ധം’ എന്ന പേരിൽ ഒരു ഗ്രന്ഥം സംവിധാനം ചെയ്തു. അദ്ദേഹത്തെ ആദ്യത്തെ വൈഷ്ണവാചാര്യനെന്നു പറയുന്നു. അദ്ദേഹത്തിന്റെ പൗത്രനായ ആളവന്താരാണു് രാമാനുജാചാര്യർക്കു മുൻപു് ശ്രീരങ്ഗത്തിൽ ആചാര്യപീഠം അലങ്കരിച്ചിരുന്നതു്. രാമാനുജാചാര്യരുടെ കാലത്തിൽ ആ മതത്തിനു തമിഴ്നാട്ടിലും കർണ്ണാടകത്തിലും അത്യധികമായ പ്രചാരവും പ്രഭാവവും സിദ്ധിച്ചു.

5.16കുലശേഖര ആഴ്വാർ

കുലശേഖരൻ ദൃഢവ്രതൻ എന്ന ചേരരാജാവിന്റെ പുത്രനായി തിരവഞ്ചിക്കുളത്തു ജനിച്ചു. മാഘമാസത്തിൽ പുണർതം നക്ഷത്രത്തിലാണു് അദ്ദേഹത്തിന്റെ അവതാരം. രാജ്യഭാരം ലഭിച്ചു സ്വല്പകാലം കഴിഞ്ഞപ്പോൾത്തന്നെ ചോളരേയും പാണ്ഡ്യരേയും ജയിച്ചതിനാൽ അദ്ദേഹത്തിനു കൊല്ലിക്കാവലൻ എന്ന ചേരരാജാക്കന്മാരുടെ ബിരുദത്തിനു പുറമേ കോഴിക്കോടൻ (കോഴി = ചോളരാജധാനിയായ ഉറയൂർ) കൂടൽ നായകൻ (കൂടൽ = മധുര) എന്ന ബിരുദങ്ങൾകൂടി നേടുവാൻ സാധിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ഹൃദയം ക്രമേണ വിഷ്ണുഭക്തിയിൽ അധികമധികമായി ലയിച്ചു. ശ്രീരാമനായിരുന്നു കുലശേഖരന്റെ ഇഷ്ടദേവത. ഏറെത്താമസിയാതെ തന്റെ പുത്രനിൽ രാജ്യഭാരം അവരോപണം ചെയ്തു ശ്രീരങ്ഗത്തുപോയി വളരെക്കാലം ഭഗവൽസേവയിൽ ഏർപ്പെട്ടു. അവിടെ തന്റെ പുത്രി നീലാദേവിയെ രങ്ഗനാഥസ്വാമിയുടെ കൈങ്കര്യത്തിനായി സമർപ്പിച്ചു സകലസ്വത്തുകളും ക്ഷേത്രത്തിനായി വിട്ടുകൊടുത്തതിനുശേഷം നമ്മാഴ്വാരുടെ യശസ്സിനാൽ പവിത്രമായ തിരുനെൽവേലി ജില്ലയിലെ ആഴ്വാർ തിരുനഗരിയിലും കുറേ ദിവസം താമസിച്ചു് ഒടുവിൽ ആ ജില്ലയിൽ താമ്രവർണ്ണീതീരത്തിൽ രാജഗോപാലസ്വാമിയെ ഭജിച്ചുകൊണ്ടിരിക്കവേ അറുപത്തേഴാമത്തെ വയസ്സിൽ ദേഹവിയോഗം ചെയ്തു. മന്നാർകോവിലിന്നടുത്തായി ആഴ്വാർ പരഗതിയെ പ്രാപിച്ച സ്ഥലത്തു കുലശേഖര ആഴ്വാർകോവിൽ എന്നൊരു ക്ഷേത്രമുണ്ടു്. അതു പണിയിച്ചതു “ശ്രീകുലചേകരപ്പെരുമാളൈയുകന്തരുളിവിത്തമലൈ മണ്ടലത്തു മുല്ലൈപ്പള്ളി വാചുദേവൻ കേചവൻ” ആണെന്നു് ഒരു ശിലാരേഖയിൽനിന്നറിയുന്നു. ആഴ്വാരുടെ പ്രീതിക്കു പാത്രീഭവിച്ച ഈ വാസുദേവൻ കേശവൻ മുല്ലപ്പള്ളി ഇല്ലത്തെ ഒരു നമ്പൂരിയായിരുന്നിരിക്കണം. കുലശേഖരൻ രചിച്ച നൂറ്റഞ്ചു പാട്ടുകൾ പെരുമാൾതിരുമൊഴി എന്ന പേരിൽ നാഥമുനി നാലായിരപ്രബന്ധത്തിൽ ഉൾപ്പെടുത്തീട്ടുണ്ടു്. അതിനു് ഒരു പ്രശസ്തിഗാനം നാഥമുനിയുടെ പ്രശിഷ്യനും ആളവന്താരുടെ ഗുരുവുമായ മണക്കാലു് നമ്പി രചിച്ചു. ആഴ്വാരുടെ സംസ്കൃതകൃതിയായ മുകുന്ദമാലയെപ്പറ്റി അന്യത്ര പ്രസ്താവിക്കും. അദ്ദേഹം ഒരു കേരളീയനല്ലായിരുന്നു എന്നും തൃശ്ശിനാപള്ളി ജില്ലയിൽ പെട്ട കരുവൂരായിരുന്നു അദ്ദേഹത്തിന്റെ രാജധാനിയെന്നും പറയുന്ന ചില തമിഴ്പ്പണ്ഡിതന്മാരുണ്ടു്. അവരുടെ മുഖമുദ്രണത്തിനു പെരുമാൾ തിരുമൊഴിയിലെ ‘പെരുമാൾ’ എന്ന പദംതന്നെ പര്യാപ്തമാണു്. കരുവൂരിൽ രാജ്യഭാരം ചെയ്തിരുന്നു എന്നു് അവർ വാദിക്കുന്നു രാജാക്കന്മാരിൽ ആരേയും ‘പെരുമാൾ’ എന്ന പദംതന്നെ പര്യാപ്തമാണു്. കരുവൂരിൽ രാജ്യഭാരം ചെയ്തിരുന്നു എന്നു് വാദിക്കുന്ന രാജാക്കന്മാരിൽ ആരേയും ‘പെരുമാൾ’ എന്നു പറയാറില്ലെന്നു് അവർ തന്നെ സമ്മതിക്കുന്നതാണല്ലോ. പോരെങ്കിൽ മലമണ്ഡലത്തെ വാസുദേവൻ കേശവൻ തിരുനെൽവേലി ജില്ലയിൽ കുലശേഖര ആഴ്വാർ കോവിൽ പണിയിക്കുന്നതിനുള്ള കാരണവും അവർ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കുലശേഖരൻ തിരമങ്കയാഴ്വാരുടെ സമകാലികനാണെന്നു ചിലർ പറയാറുണ്ടു്. സ്വാമിക്കണ്ണുപിള്ളയുടെ പക്ഷം അദ്ദേഹത്തിന്റെ ജിവിതകാലം ക്രി. പി. 767 മുതൽ 834 വരെയെന്നാണു്. ആ ഗണന നമുക്കു സമ്മതിക്കാം. 817 മുതൽ 17 വർഷമാണു് അദ്ദേഹത്തിന്റെ രാജ്യഭാരകാലം. കുലശേഖരന്റെ പിതാവായിരുന്ന ചേരമാൻപെരുമാൾനായനാർ എന്ന മതം ഞാൻ അങ്ഗീകരിക്കുന്നില്ല.

5.17പാടൽപെറ്റ കേരളക്ഷേത്രങ്ങൾ

ശൈവർക്കു 274 തിരുപ്പതികൾ (പുണ്യക്ഷേത്രങ്ങൾ) ഉണ്ടു്. അവയെപ്പറ്റി അറുപത്തിമൂവരിൽ ഒരാളെങ്കിലും പാടീട്ടുള്ളതുകൊണ്ടാണു് അവയ്ക്കു് ആ പേർ വന്നതു്. അവയിൽ ചോളദേശത്തിൽ കാവേരിക്കു തെക്കു് അറുപത്തിമൂന്നും വടക്കു നൂറ്റിരുപത്തേഴും സിംഹളദ്വീപിൽ രണ്ടും പാണ്ഡ്യദേശത്തിൽ പതിന്നാലും കൊങ്ങനാട്ടിൽ ഏഴും നടുനാട്ടിൽ ഇരുപത്തിരണ്ടും തൊണ്ടനാട്ടിൽ മുപ്പത്തിരണ്ടും തുളുനാട്ടിൽ ഒന്നും വടനാട്ടിൽ (ആര്യാവർത്തത്തിൽ) അഞ്ചും മലനാട്ടിൽ ഒന്നും സ്ഥിതിചെയ്യുന്നു. മലനാട്ടിലെ ക്ഷേത്രം സുന്ദരമൂർത്തി പുകഴ്ത്തിയ തിരവഞ്ചിക്കുളം മാത്രമാണു്. വൈഷ്ണവർക്കു നൂറ്റെട്ടു തിരുപ്പതികങ്ങളാണുള്ളതു്. അവയിൽ ചോളദേശത്തു നാല്പതും പാണ്ഡ്യദേശത്തു പതിനെട്ടും നടുനാട്ടിൽ രണ്ടും തൊണ്ടനാട്ടിൽ ഇരുപത്തിരണ്ടും വടനാട്ടിൽ പന്ത്രണ്ടും മലനാട്ടിൽ പതിമ്മൂന്നും ഉൾപ്പെടുന്നു. മലനാട്ടിലെ പതിമ്മൂന്നു പതികങ്ങൾ തിരുവനന്തപുരം, തിരുവെൺപരിചാരം (തിരുപ്പതിസാരം), തിരുക്കാട്കരൈ (തൃക്കാക്കര), തിരുമൂഴിക്കുളം, തിരുപ്പുലിയൂർ, (പുലിയൂർ, ചെങ്ങന്നൂരിനുസമീപം), തിരുച്ചെങ്കുൻറൂർ (ചെങ്ങന്നൂർ), തിരുവല്ലവാഴു് (തിരുവല്ലാ), തിരുവൺവണ്ടൂർ, തിരുവാട്ടാറു് (തിരുവട്ടാറു്), തിരുവാറൻവിളൈ (തിരുവാറന്മുള), തിരുക്കടിത്താനം (തൃക്കൊടിത്താനം), തിരുവിത്തുവക്കോടു് (തിരുമുറ്റക്കോടു്), തിരുനാവാ എന്നിവയാകുന്നു. ഈ ക്ഷേത്രങ്ങളിൽ തിരുമുറ്റക്കോടും തിരുനാവായും മലബാറിലും ബാക്കിയുള്ളവ തിരുവിതാംകൂറിലുമാണു് സ്ഥിതിചെയ്യുന്നതു്. തിരുമുറ്റക്കോടിനെപ്പറ്റി കുലശേഖരനും മറ്റെല്ലാ ക്ഷേത്രങ്ങളേയും പറ്റി നമ്മാഴ്വാരും, തിരുപ്പുലിയൂർ, തിരുവല്ലാ, തിരുനാവാ ഈ മൂന്നു ക്ഷേത്രങ്ങളെപ്പറ്റി അദ്ദേഹത്തിനുപുറമേ തിരുമങ്കയാഴ്വാരും പാടീട്ടുണ്ടു്. ഈ ആഴ്വാരന്മാർ പ്രസ്തുത ക്ഷേത്രങ്ങളെപ്പറ്റി ചെയ്തിട്ടുള്ള വർണ്ണനങ്ങൾ അത്യന്തം ഉജ്ജ്വലങ്ങളാണു്. പാടൽപെറ്റ ക്ഷേത്രങ്ങളല്ലെങ്കിലും ജനാർദ്ദന (വർക്കല) ത്തിനും തിരുവഞ്ചിക്കുളത്തിനും (കുലശേഖരപുരം) ദിവ്യക്ഷേത്രങ്ങൾ എന്ന നിലയിൽ ശ്രീവൈഷ്ണവന്മാരുടെയിടയിൽ അഭ്യർഹിതത്വമുണ്ടു്. ഈ ക്ഷേത്രങ്ങളിലെല്ലാം ഇന്നും അനേകം ശ്രീവൈഷ്ണവന്മാർ വന്നു സ്വാമിദർശനം ചെയ്തുപോകാറുണ്ടു്.

5.18പശ്ചാൽകാലത്തെ ചരിത്രം

ഇത്തരത്തിൽ കേരളവും പാണ്ഡ്യചോളരാജ്യങ്ങളും തമ്മിൽ അവയുടെ പൂർവബന്ധം ക്രി. പി. പതിനൊന്നാം ശതകത്തിന്റെ ആരംഭംവരെ അനുസ്യൂതമായി പുലർത്തിപ്പോന്നിരുന്നു. ചേരരാജാക്കന്മാർക്കു തമിഴു് വ്യവഹാരഭാഷയായിരുന്ന കോയമ്പത്തൂർ, സേലം ഈ പ്രദേശങ്ങളുടേയും ആധിപത്യമുണ്ടായിരുന്നതുകൊണ്ടും മൂവരശരിൽ ഒരു വംശക്കാർ എന്ന നിലയിൽ തങ്ങളുടെ പാരമ്പര്യം പരിപാലിക്കേണ്ടിയിരുന്നതുകൊണ്ടും പാണ്ഡ്യചോളരാജാക്കന്മാരുമായി വൈവാഹികബന്ധം തുടരേണ്ടിവന്നതുകൊണ്ടും അവർക്കു ചെന്തമിഴിലെ ലക്ഷ്യലക്ഷണഗ്രന്ഥങ്ങളിൽ വൈദൂഷ്യം സമ്പാദിക്കേണ്ടതു് അത്യാവശ്യകമായിരുന്നു. ആ പരിപാടിക്കു വലിയ ഒരുടവു തട്ടിയതു പ്രഥമരാജേന്ദ്രചോളൻ എന്ന മഹാനായ ചോളചക്രവർത്തി ക്രി. പി. 1018-ാമാണ്ടിടയ്ക്കു അന്നത്തെ കേരളരാജാവായ ഭാസ്കരരവിവർമ്മനെ ജയിച്ചു കേരളത്തെ പല നാടുവാഴികൾക്കുമായി വിഭജിച്ചു നൽകിയതോടുകൂടിയാണു്. കേരളീയർക്കു മാതൃഭാഷാ വിദ്യാഭ്യാസം ചെന്തമിഴു് വഴിക്കുതന്നെയായിരുന്നു. എങ്കിലും സംവ്യവഹാരഭാഷ അതിൽനിന്നു വളരെ അകന്നിരുന്നതിനാൽ അതിനോടു വലിയ ആഭിമുഖ്യം തോന്നിയിരിക്കുവാൻ ഇടയില്ല. അതുകൊണ്ടാണു് സംഘകാലത്തെ ചേരരാജാക്കന്മാരുടെ അസ്ഥാനകവികളായി നാം പരണർ, കപിലർ മുതലായ വിദേശീയരെ കാണുന്നതു്. നായനാരന്മാരുടേയും ആഴ്വാരന്മാരുടേയും കൂട്ടത്തിൽ ഓരോ ചേരരാജാവിനുകൂടി സ്ഥാനം ലഭിച്ചു. എങ്കിലും തേവാരത്തെ അനുസരിച്ചുള്ള ശൈവമതത്തിനോ നാലായിരപ്രബന്ധത്തെ അനുസരിച്ചുള്ള ശ്രീവൈഷ്ണവമതത്തിനോ ഒരു കാലത്തും കേരളത്തിൽ കുടന്നുകൂടുവാൻ സാധിച്ചില്ല. കേരളീയരായ നമ്പൂരിമാർ സ്മാർത്തമതാനുയായികളായി ശിവനേയും വിഷ്ണുവിനേയും ഒന്നുപോലെ ആരാധിച്ചുവന്നു. അവരുടെ വശവർത്തികളായ മറ്റു ഹിന്ദുക്കളും ആ ആരാധനാക്രമംതന്നെ സ്വീകരിച്ചു. ജൈനമതത്തിന്നും ബുദ്ധമതത്തിനും കേരളത്തിൽ തമിഴ്നാട്ടിലോ കർണ്ണാടകത്തിലോ ഉണ്ടായിരുന്നതുപോലെയുള്ള പ്രാബല്യം ഒരിക്കലും സിദ്ധിച്ചില്ല. മുൻപു് പ്രസ്താവിച്ച ചില കാവ്യകാരന്മാർക്കു പുറമേ വൃത്തശാസ്ത്രഗ്രന്ഥമായ യാപ്പരുങ്കലമെഴുതിയ അമൃതസാഗരൻ, അതിനു വ്യാഖ്യാനമെഴുതിയ ഗുണസാഗരൻ നേമിനാഥം, വജ്രനന്ദിമാലൈ അഥവാ വെൺപാപ്പാട്ടിയൽ എന്നീ വ്യാകരണഗ്രന്ഥങ്ങളുടെ കർത്താവായ ഗുണവീരൻ, നന്നൂലിന്റെ നിർമ്മാതാവായ ഭവണന്ദി, ഇവരും ദിവാകരം പിങ്ഗളന്തൈ, ചൂഡാമണി ഈ നിഘണ്ടുക്കൾ യഥാക്രമം നിർമ്മിച്ച ദിവാകരമുനി, പിങ്ഗളമുനി, മണ്ഡലപുരുഷൻ ഇവരും ജൈനരും, വീരചോഴിയം എന്ന വ്യാകരണം രചിച്ച ബുദ്ധമിത്രൻ ബൗദ്ധനുമായിരുന്നു. കർണ്ണാടകത്തിലെ കവി സാർവഭൗമനായ രാമായണകാരൻ പമ്പന്റെ മതം ജൈനമാണു്. എന്നാൽ തെലുങ്കിനും മലയാളത്തിനും ആ രണ്ടു മതക്കാരിൽ നിന്നു യാതൊരു പോഷണവും ലഭിച്ചില്ല. സംഘകാലത്തിനിപ്പുറം ബുദ്ധമതം കേരളത്തിൽ നിലനിന്നിരുന്നു എന്നു കാണിക്കുന്നതിനു തലശ്ശേരിക്കും കോഴിക്കോടിനും ഇടയ്ക്കു സമുദ്രതീരത്തിൽ സ്ഥിതിചെയ്തിരുന്നതും ഇപ്പോൾ കടലെടുത്തുപോയതുമായ ശ്രീമൂലവാസം എന്ന ബൗദ്ധക്ഷേത്രത്തെപറ്റിയുള്ള ചില പ്രസ്താവനകളും അങ്ങുമിങ്ങുംനിന്നു് അപൂർവമായി ലഭിക്കുന്ന ചില ബുദ്ധവിഗ്രഹങ്ങളും മാത്രമേ തെളിവുകളായുള്ളൂ. അതുപോലെ ജൈനമതത്തിന്റെ സ്മാരകങ്ങളായി തെക്കൻതിരുവിതാംകൂറിൽ തിരുച്ചാണപുരത്തും അഥവാ ചിതറാൽ, നാഗരുകോവിൽ ഈ ക്ഷേത്രങ്ങളും, വടക്കൻതിരുവിതാംകൂറിൽ പെരുമ്പാവൂരിൽനിന്നു് എട്ടു മൈൽ അകലെയുള്ള കല്ലിൽ ക്ഷേത്രവുമാണുള്ളതു്. അവിടങ്ങളിൽ പോലും വളരെക്കാലമായി ജൈനദേവതകളെ ആരാധിക്കുന്നില്ല. ചുരുക്കത്തിൽ ബൗദ്ധന്മാരെക്കൊണ്ടോ ജൈനന്മാരെക്കൊണ്ടോ കേരളഭാഷാസാഹിത്യത്തിനു് ഒരു വിധത്തിലും ഉൽക്കർഷമുണ്ടായിട്ടില്ലെന്നു് ഉറപ്പിച്ചുതന്നെ പറയാവുന്നതാണു്. ബൗദ്ധനോ ജൈനനോ ആയ ഒരൊറ്റ ഗ്രന്ഥകാരൻ കേരളത്തിൽ ജീവിച്ചിരുന്നിട്ടില്ല. കൗതുകചിന്താമണി എന്ന ഗ്രന്ഥത്തിന്റെ പ്രണേതാവായ നാഗാർജ്ജുനൻ ഒരു കേരളീയബൗദ്ധനായിരുന്നു എന്നു സങ്കല്പിക്കുന്നതിനു യാതൊരടിസ്ഥാനവുമില്ല. അത്രമാത്രം ദുർബ്ബലങ്ങളായ ഈ രണ്ടു മതങ്ങളേയും നിഷ്കാസനം ചെയ്യുവാൻ തമിഴ്നാട്ടിൽ എന്നപോലെ ശൈവമതമോ ശ്രീവൈഷ്ണവമതമോ കേരളത്തിൽ വിജൃംഭിക്കാത്തതിൽ ആശ്ചര്യമില്ലല്ലോ. ചേരവംശത്തിന്റെ അധഃപതനത്തിനു മേൽ ചെന്തമിഴ് പാഠക്രമം ഉടനടി ഇവിടെനിന്നു തിരോഭവിച്ചു എന്നു വിചാരിക്കുവാൻ ന്യായമില്ല. ക്രി. പി. പന്ത്രണ്ടാംശതകത്തിൽ ജീവിച്ചിരുന്ന ചെന്തമിഴ്ക്കവിചക്രവർത്തിയായ കമ്പർ കേരളത്തിൽ സഞ്ചരിക്കുകയും തന്റെ രാമായണം പല വിദ്വൽസദസ്സുകളിൽ പാടിക്കേൾപ്പിക്കുകയും ചെയ്തതായി ഐതിഹ്യമുണ്ടു്. കമ്പരുടെ പുരസ്കർത്താവായ ചടയപ്പന്റെ പുത്രൻ പിള്ളൈപ്പെരുമാളെ പ്രശംസിക്കുന്ന രണ്ടു ചെന്തമിഴ്പ്പാട്ടുകൾ തഞ്ചാവൂർ ജില്ലയിൽപ്പെട്ട മൂവലൂർ എന്ന ക്ഷേത്രത്തിൽ ശിലയിൽ കൊത്തിവെച്ചിരിക്കുന്നു. ആ രേഖയിൽ ‘അഖിലകലാവല്ലഭൻ ചേരമാൻപെരുമാൾ വഞ്ചിമാർത്താണ്ഡൻ’ എന്നിങ്ങനെ പ്രണേതാവിന്റെ പേരും കാണുന്നുണ്ടു്. പ്രസ്തുത കവി ക്രി. പി. 1157 മുതൽ 1195 വരെ വേണാടു വാണിരുന്ന വീര ഉദയമാർത്താണ്ഡവർമ്മനാണെന്നു ഞാൻ ഊഹിക്കുന്നു. ക്രി. പി. പതിന്നാലാംശതകത്തിന്റെ അവസാനത്തിൽ ലീലാതിലകം നിർമ്മിച്ച ആചാര്യനു് ചെന്തമിഴിലെ ലക്ഷണഗ്രന്ഥങ്ങളിൽ ആശ്ചര്യജനകമായ അവഗാഹമുണ്ടായിരുന്നു. കുറേക്കാലംകൂടി കഴിഞ്ഞപ്പോൾ ആ ഭാഷയിൽ യാതൊരു കേരളീയനും ഉപരിപഠനം ചെയ്യാതെയായി. ക്രി. പി. പതിനാറാംശതകത്തിന്റെ ആരംഭത്തിൽ അമ്പലപ്പുഴയിൽ താമസിച്ചിരുന്ന മേല്പുത്തൂർ നാരായണഭട്ടതിരി വിപ്രകൃഷ്ടനായ തഞ്ചാവൂരിലെ യജ്ഞനാരായണദീക്ഷിതരുമായി വ്യാകരണശാസ്ത്രം സംബന്ധിച്ചു് എഴുത്തുകുത്തുകൾ നടത്തിയിരുന്നു. എന്നാൽ അമ്പലപ്പുഴയിൽ നിന്നു് അധികം ദൂരമില്ലാത്ത തെങ്കാശിയിൽ രാജ്യാഭാരം ചെയ്തിരുന്ന തന്റെ സമകാലികന്മാരായ വരതുങ്ഗരാമപാണ്ഡ്യനേയോ അതിവീരരാമപാണ്ഡ്യനേയോ പറ്റി അദ്ദേഹത്തിന്നു യാതൊരറിവും ഉണ്ടായിരുന്നതായി തോന്നുന്നില്ല. വരതുങ്ഗരാമൻ ചെന്തമിഴിൽ ബ്രഹ്മോത്തരഖണ്ഡം, കൊക്കോകം എന്നീ ഗ്രന്ഥങ്ങളുടേയും, അതിവീരരാമൻ നൈഷധം, കാശിഖണ്ഡം, ലിങ്ഗപുരാണം, കൂർമ്മപുരാണം എന്നീ ഗ്രന്ഥങ്ങളുടേയും, പ്രണേതാക്കന്മാരായിരുന്നു. ക്രി. പി. 1758 മുതൽ 1798 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന കാർത്തിക തിരുനാൾ ധർമ്മരാജാവിന്റെ കാലത്തു തിരുവാടുതുറമഠത്തിലെ പണ്ടാരസന്നിധി ആ തിരുമേനിയെ മുഖം കാണിച്ചു്—

“മാറിടത്തുലവുപോർ പടൈവഞ്ചി–
മന്നവ! ചെന്തമിഴ് മയിലു് യാം;
കൂറു മൂവേന്തർ തിരുമടി തുളക്ക–
ക്കുലവീരനാം നിൻ കുലത്തൊരുവൻ
ആറു ചേർചടൈയാനവൈമുന്നനമ്മൈ–
യണിചെയ്താൻ; ആരിയപ്പൊതുപ്പെൺ
ചീറുമെൻറുണർത്തായ് നീയിവൺമതിയായ്
തിരമുനി മലയമെതുകുമേ” എന്നൊരു പാട്ടു സമർപ്പിച്ചതായും അതുകേട്ടു സന്തോഷിച്ചു് അവിടുന്നു് ആ ശൈവസന്യാസിയെ വേണ്ടവിധത്തിൽ മാനിച്ചതായും ഐതിഹ്യം ഉൽഘോഷിക്കുന്നു. “ശത്രുക്കളുടെ ഇടയിൽ സഞ്ചരിക്കുന്ന വലിയ സൈന്യത്തോടുകൂടിയ വഞ്ചി മഹാരാജാവേ, ഞാൻ ചെന്തമിഴാണു്. മൂവരശരിൽ അഗ്രഗണ്യനായിരുന്ന അവിടുത്തെ ഒരു പൂർവപുരുഷൻ ശ്രീപരമേശ്വരന്റെ സദസ്സിൽവെച്ചു എന്നെ അലങ്കരിച്ചു (ചേരമാൻ പെരുമാൾനായനാർ ആദിയുല പാടിയതു കൈലാസത്തിൽവച്ചാണെന്ന ഐതിഹ്യം ഇവിടെ സൂചിപ്പിക്കുന്നു). ആര്യം (സംസ്കൃതം) ആകുന്ന പൊതുഭാഷ (വേശ്യയെന്നും) കയർക്കുമെന്നു കരുതിയിട്ടാണു് അവിടുന്നു് ഇപ്പോൾ ഇവളെ മാനിക്കാത്തതു്. ആയിക്കൊള്ളട്ടെ; എങ്കിലും എന്റെ മഹർഷി (പിതാവായ അഗസ്ത്യൻ) അങ്ങയുടെ മലയപർവ്വതത്തിലാണല്ലോ വാസം ചെയ്യുന്നത്” എന്നാണു് ഈ പാട്ടിന്റെ അർത്ഥം. അതേ, മലയാളഭാഷയ്ക്കു സംസ്കൃതത്തോടുള്ള ബന്ധം ദൃഢീഭവിക്കുന്തോറും ചെന്തമിഴുമായുള്ള ബന്ധം ശിഥിലമായി. മലയപർവതത്തിന്റ വ്യവധാനം, കേരളത്തിലെ ആചാരവ്യത്യാസം, ശീതോഷ്ണസ്ഥിതിഭേദം, ഇവയെല്ലാം മലയാളത്തെ കെടുന്തമിഴിന്റെ നിലയിൽന്നുയർത്തി ഒരു പ്രത്യേകഭാഷയാക്കുന്നതിനു സഹായിച്ചിട്ടുണ്ടെങ്കിലും സംസ്കൃതത്തിന്റെ ഹസ്താവലംബമാണു് അതിനു സർവോപരി ആ സമുൽകർഷം സമ്പാദിച്ചുകൊടുത്തതു് എന്നു ഞാൻ ഇതിനു മുൻപിലത്തെ അധ്യായത്തിൽ ഉപപാദിച്ചിട്ടുള്ള വസ്തുതത്വത്തെ ഈ ഘട്ടത്തിൽ ആവർത്തിച്ചുകൊള്ളുന്നു.


അദ്ധ്യായം 6 - പാട്ടും മണിപ്രവാളവും

6.1പാട്ടിന്റെ ഉത്ഭവം

ഉത്തമമായ ഭാവന ഉത്തമമായ ഭാഷയിൽ പ്രകാശിതമാകുമ്പോൾ അതു സഹൃദയസമ്മതമായ സാഹിത്യമായി പരിണമിക്കുന്നു. കേരളത്തിൽ ആദ്യകാലത്തു പ്രചരിച്ചിരുന്ന കൊടുന്തമിഴ് സംവ്യവഹാരഭാഷ മാത്രമായിരുന്നതിനാൽ അതിൽ അന്നു സാഹിത്യോൽപത്തിക്കു മാർഗ്ഗമുണ്ടായിരുന്നില്ല. എങ്കിലും സാഹിത്യത്തിന്റെ ചില അതിലഘുക്കളായ അങ്കുരങ്ങൾ അക്കാലത്തും ഉത്ഭിന്നങ്ങളായിരുന്നിരിക്കുവാൻ ഇടയുണ്ടു്. മനുഷ്യർക്കു വിചാരത്തിനു മുമ്പാണല്ലോ വികാരം ഉണ്ടാകുന്നതു്. തന്നിമിത്തം ഏതു ഭാഷയിലും ഗദ്യത്തിനു മുമ്പു പദ്യം ഉത്ഭവിക്കുക എന്നുള്ളതു് ഒരു സാധാരണനിയമമാണു്. വിനോദപരങ്ങളും വീരാപദാന പ്രതിപാദകങ്ങളും ദേവാരാധനോപയുക്തങ്ങളും ആയ ചില പാട്ടുകൾ അവിടവിടെ അവ്യക്തകോമളമായ രീതിയിൽ ഉദയം ചെയ്തിരിക്കാം; അവയ്ക്കു് അല്പാല്പം സങ്ഗീതാത്മകത്വവുമുണ്ടായിരുന്നിരിക്കാം. അവയുടെ പ്രണേതാക്കൾ പ്രായേണ അശിക്ഷിതന്മാരും അവ്യുല്പന്നന്മാരുമായിരുന്നതിനാൽ അവർക്കു തങ്ങളുടെ അന്തർഗ്ഗതങ്ങളെ കലാകുശലതയോടുകൂടി ധ്വനി പ്രധാനവും അലങ്കാരസുഭഗവും ഛന്ദോനിബദ്ധവും ആയ ഭാഷയിൽ ആവിഷ്കരിക്കുന്നതിനു സാധിച്ചിരുന്നിരിക്കുകയില്ല. സംഘകാലം കഴിഞ്ഞു ശൈവസമയാചാര്യന്മാരുടെ പ്രാദുർഭാവത്തോടുകൂടി ചെന്തമിഴ് അതിന്റെ അധൃഷ്യമായ സൗധശൃങ്ഗത്തിൽനിന്നിറങ്ങി സാമാന്യജനങ്ങൾക്കു് അഭിഗമ്യമായ ഒരു നിമ്നതലത്തെ പ്രാപിച്ചു എന്നു മുൻപു പറഞ്ഞുവല്ലോ. അപ്പോൾ കേരളീയർക്കും തങ്ങൾ സംസാരിക്കുന്നതിനു് ഉപയോഗിച്ചുവന്ന ഭാഷയിൽ സാഹിത്യം നിർമ്മിക്കുന്നതിനുള്ള സാധ്യത ബോധ്യമായി. ആ ബോധത്തിന്റെ ഫലമായി അഭ്യസ്തവിദ്യരായ ചിലരും പാട്ടുകൾ രചിച്ചുതുടങ്ങി. ആ പാട്ടുകൾ മിക്കവാറും ഇന്നു നഷ്ടങ്ങളായിരിക്കുന്നു. ശേഷിച്ചവ പശ്ചാൽകാലികന്മാരുടെ നവീകരണത്തിനു വശംവദങ്ങളായിത്തീരുകയാൽ അവയുടെ പൂർവരൂപമെന്തെന്നു നിർണ്ണയിക്കുവാൻ വിഷമമായിരിക്കുന്നു.

6.2മണിപ്രവാളത്തിന്റെ ഉത്ഭവം

നമ്പൂരിമാർക്കു ചെന്തമിഴിനോടു തീരെ ആഭിമുഖ്യമില്ലായിരുന്നു എന്നു പൂർവാധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവർ സംസ്കൃതഭാഷ പഠിക്കുകയും അതിൽ ചില ഗ്രന്ഥങ്ങൾ നിർമ്മിക്കുകയും ചെയ്തു. പക്ഷേ കാലക്രമത്തിൽ പൊതുജനങ്ങളെ സ്പർശിക്കാത്ത അത്തരത്തിലുള്ള സാഹിത്യവ്യവസായം കൊണ്ടുമാത്രം തങ്ങൾക്കു് ചരിതാർത്ഥരാകുവാൻ അവകാശമില്ലെന്നു് അവർക്കു തോന്നിത്തുടങ്ങി. തൽഫലമായി അവർ കൊടുന്തമിഴും സംസ്കൃതവും കൂട്ടിച്ചേർത്തു് ഒരു പുതിയ ഭാഷയുണ്ടാക്കി അതിൽ ഗ്രന്ഥനിർമ്മാണം ചെയ്തു. തദ്വാരാ ത്രൈവർണ്ണികന്മാരെന്നു ലീലാതിലകകാരൻ നിർദ്ദേശിക്കുന്ന അന്തരാളന്മാരേയും നായന്മാരേയും തങ്ങളുടെ സ്ത്രീകളേയും ബാലന്മാരേയും സാഹിത്യരസം ആസ്വദിപ്പിക്കുവാൻ സന്നദ്ധരായി. അങ്ങനെയാണു് കേരളത്തിൽ മണിപ്രവാളമെന്ന കാവ്യപ്രസ്ഥാനം ആവിർഭവിച്ചതു്. ഉദ്ദേശം ക്രി. പി. അഞ്ചാം ശതകം മുതൽ പാട്ടും എട്ടാംശതകം മുതൽ മണിപ്രവാളവും ഉണ്ടായതായി സങ്കല്പിക്കാം.

6.3പാട്ടിന്റെ ലക്ഷണം

പാട്ടിനും മണിപ്രവാളത്തിനും ലക്ഷണങ്ങൾ എന്തെന്നു ലീലാതിലകത്തിൽ നിഷ്കർഷിച്ചു പ്രതിപാദിച്ചിട്ടുണ്ടു്. “ദ്രമിഡസംഘാതാക്ഷരനിബദ്ധമെതുകാമോനവൃത്തവിശേഷയുക്തം പാട്ടു്” എന്നാണു് പാട്ടിനെപ്പറ്റിയുള്ള നിർവചനം. അതായതു്, ഒരു പാട്ടായാൽ അതു് (1) തമിഴക്ഷരമാലയിലെ അക്ഷരങ്ങൾകൊണ്ടുമാത്രം നിബദ്ധവും, (2) എല്ലാ പാദങ്ങളിലും ദ്വിതീയാക്ഷരങ്ങൾക്കു സാമ്യമുള്ളതും (ഇതിനെ എതുകയെന്നും പാദാനുപ്രാസമെന്നും പറയുന്നു), (3) ഓരോ പാദത്തിന്റേയും പ്രഥമഭാഗത്തിലും ദ്വിതീയ ഭാഗത്തിലുമുള്ള ആദ്യാക്ഷരങ്ങൾക്കു് സാജാത്യമുള്ളതും (ഇതിനെ മോന എന്നു പറയുന്നു), (4) വസന്തതിലകം മുതലായ സംസ്കൃതവൃത്തങ്ങളിൽനിന്നു ഭിന്നമായ ഏതെങ്കിലും വൃത്തത്തിൽ (ഇതിനെ വൃത്തവിശേഷമെന്നു പറയുന്നു) ഗ്രഥിതവുമായിരിക്കണം. ഈ നാലുപാധികളും ചെന്തമിഴിലെ പദ്യസാഹിത്യത്തിനുമുണ്ടു്. ഇത്തരം കൃതികൾക്കു് ഉദാഹരണമായി ആചാര്യൻ താഴെച്ചേർക്കുന്ന പാട്ടു് ഉദ്ധരിക്കുന്നു.
“തരതലന്താനളന്താ, പിളന്താ പൊന്നൻ
തനകചെന്താർ, വരുന്താമൽ വാണൻ തന്നെ
ക്കരമരിന്താ, പൊരുന്താനവന്മാരുടേ
കരളെരിന്താ, പുരാനേ! മൂരാരീ! കണാ!
ഒരു വരന്താ പരന്താമമേ നീ കനി
ന്തുരകചായീ പിണിപ്പൗവം നീന്താവണ്ണം;
ചിരതരം താൾ പണിന്തേനയ്യോ! താങ്കെന്നെ
ത്തിരുവനന്താപുരം തങ്കമാനന്തനേ!” [1]
ചെന്തമിഴക്ഷരമാലയിൽ അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ ഔ എന്നിങ്ങനെ പന്ത്രണ്ടു സ്വരങ്ങളും ക, ച, ട, ത, പ, ങ, ഞ, ണ, ന, മ, യ, ര, ല, വ, ള, ഴ, റ, ന എന്നിങ്ങനെ പതിനെട്ടു വ്യഞ്ജനങ്ങളുമേ ഉള്ളുവല്ലോ. അതുകൊണ്ടു പാട്ടിലും ആ അക്ഷരങ്ങളെ മാത്രമേ ഘടിപ്പിക്കാവു. സംസ്കൃതപദങ്ങൾ ഈ അക്ഷരങ്ങൾകൊണ്ടുതന്നെ ഉച്ചരിക്കാവുന്നവയാണെങ്കിൽ അവ തത്സമങ്ങളായി ചേർക്കുവാൻ വിരോധമില്ല. ഉദ്ധൃതമായ പാട്ടിൽ മുരാരി, ചിരതരം എന്നീ പദങ്ങൾ നോക്കുക. അങ്ങനെ ഉച്ചരിക്കാവുന്നവയല്ലെങ്കിൽ അവയെ തത്ഭവങ്ങളാക്കിയേ പ്രയോഗിക്കുവാൻ പാടുള്ളു. വാണൻ, താനവൻ, താമം, ആനന്തൻ മുതലായ പദങ്ങൾ പരിശോധിക്കുക. ഈ നിയമമനുസരിച്ചു പാട്ടിൽ സൂര്യൻ ചൂരിയനും ചന്ദ്രൻ ചന്തിരനുമായിപ്പോകും. ഇവയെ ആര്യച്ചുതവു (കേടു) തട്ടിയ പദങ്ങളെന്നു ചെന്തമിഴ് വ്യാകരണങ്ങളിൽ പറയുന്നു. നാലു പാദങ്ങളിലും ഈ പാട്ടിൽ രണ്ടാമത്തെ അക്ഷരം രേഫമാണു്. സ്വരവ്യഞ്ജനങ്ങൾക്കു് ഐകരൂപ്യം പുരാതനകാലത്തു ദീക്ഷിച്ചിരുന്നില്ല. മോനയുടെ വിഷയത്തിൽ ഓഷ്ഠ്യങ്ങളായ ഒകാരം ഉകാരം ഇവ കൊണ്ടും ഭിന്നരൂപങ്ങളെങ്കിലും അനുഭവസാക്ഷികമായി സാമ്യംതോന്നിക്കുന്ന ‘തി’ ‘ചി’ ഈ അക്ഷരങ്ങൾ കൊണ്ടും കവി ചരിതാർത്ഥനാകുന്നു എന്നു കാണാവുന്നതാണു്. ‘തരാ’ എന്നതിൽ ‘തര’ എന്നും ‘തിരുവനന്ത’ എന്നതിൽ ‘തിരുവനന്താ’ എന്നും ദീർഘഹ്രസ്വങ്ങൾ മാറിമറിഞ്ഞിരിക്കുന്നതു ചെന്തമിഴിലെ ചെയ്യുൾ (പദ്യം) വികാരങ്ങൾക്കു പാട്ടു വിധേയമാകുന്നതു കൊണ്ടാണു്. ഈ വികാരങ്ങൾ വലിത്തൽ, മെലിത്തൽ, നീട്ടൽ, കുറുക്കൽ, വിരിത്തൽ, തൊകുത്തൽ, മുതൽക്കുറൈ, ഇടൈക്കുറൈ, കടൈക്കുറൈ എന്നിങ്ങനെ ഒൻപതു വിധത്തിൽ വരാമെന്നു തമിഴു് വൈയാകരണന്മാർ വിധിക്കുന്നു. ‘തര’ എന്നതു കുറുക്കലിനും ‘തിരുവനന്താ’ എന്നതു നീട്ടലിനും ഉദാഹരണമാണു്. ചെന്തമിഴിൽ സംസ്കൃതത്തോടു യാതൊരു സംബന്ധവുമില്ലാത്തതായ അനവധി വൃത്തങ്ങളുണ്ടു്; അവയെയാണു് വൃത്തവിശേഷങ്ങൾ എന്നു് ആചാര്യൻ നിർദ്ദേശിച്ചിട്ടുള്ളതു്. “നല്ല ചിലോകം പദ്യം ചില ചില വൃത്തവിശേഷം കുഹചന ഭാഗേ” എന്നു ബാണയുദ്ധം ചമ്പുവിൽ കാണുന്നു. ഇവയിൽ ചില വൃത്തങ്ങൾ സംസ്കൃതത്തിൽ പശ്ചാൽകാലികന്മാർ സ്വീകരിച്ചിട്ടുണ്ടു്. ഇന്ദുവദന, പഞ്ചചാമര, കുസുമമഞ്ജരി തുടങ്ങിയവ അത്തരത്തിലുള്ള വൃത്തങ്ങളാകുന്നു. അവയ്ക്കു ‘വൃത്തഭേദം’ എന്നൊരു പേർ കൊല്ലം എട്ടാംശതകത്തിൽപോലും ഉണ്ടായിരുന്നു. പാട്ടു് ഇത്തരത്തിൽ അതിനെ ബന്ധിച്ചിരുന്ന പല നിയമശൃംഖലകളേയും ഭേദിച്ചു കാലാന്തരത്തിൽ മണിപ്രവാളത്തെ അധികമധികമായി സമീപിച്ചു തുടങ്ങി എന്നു വഴിയേ വെളിപ്പെടുന്നതാണു്.

6.4തമിഴിലെ ചില ഛന്ദോനിയമങ്ങൾ

തമിഴിലെ ചില ഛന്ദോനിയമങ്ങളെപ്പറ്റി ഇവിടെ പ്രസ്താവിക്കുന്നതു സങ്ഗതമായിരിക്കും. തമിഴിൽ വെൺപാ, വഞ്ചിപ്പാ, കലിപ്പാ, ആചിരിയപ്പാ എന്നിങ്ങനെ നാലു വക പാക്കളും, തുറൈ, താഴിശൈ, വിരുത്തം എന്നിങ്ങനെ മൂന്നു വക പാവിനങ്ങളും കാണ്മാനുണ്ടു്. പാവെന്നാൽ പാട്ടെന്നും പാവിനമെന്നാൽ പാട്ടിന്റെ പ്രഭേദമെന്നുമാണു് അർത്ഥം. അവയ്ക്കു് പൊതുവേ എഴുത്തു്, അശൈ, ശീർ, തളൈ, അടി, തൊടൈ എന്നിങ്ങനെ ആറംശങ്ങളുണ്ടു്. എഴുത്തു് അശയുടേയും അശ ശീരിന്റേയും ശീർ അടിയുടേയും വിഭാഗമാണു്. എഴുത്തു് എന്നാൽ അക്ഷരംതന്നെ. അശ നേരശയെന്നും നിരൈയശ എന്നും രണ്ടു മാതിരിയുണ്ടു്. ഒരു ഹ്രസ്വമോ ദീർഘമോ ആയ അക്ഷരം തനിച്ചോ അതിനു പിമ്പു് ഒരു വ്യഞ്ജനത്തോടു കൂടിയോ നിന്നാൽ നേരശയും രണ്ടു ഹ്രസ്വാക്ഷരങ്ങളോ ഒന്നു ഹ്രസ്വവും ഒന്നു ദീർഘവുമായുള്ള രണ്ടക്ഷരങ്ങളോ തനിച്ചോ അവയ്ക്കു പിന്നീടു് ഒരു വ്യഞ്ജനത്തോടുകൂടിയോ നിന്നാൽ നിരൈയശയുമാകുന്നു. ‘ആഴിവെല്വേൾ’ എന്ന ഉദാഹരണത്തിൽ ആ, ഴി, വെലു്, വേൾ എന്ന നാലു നേരശകളും ‘അണിവിരാവലങ്കലാൾ’ എന്ന ഉദാഹരണത്തിൽ അണി, വിരാ, വലങ്, കലാൾ എന്ന നാലു നിരൈയശകളും കാണാവുന്നതാണു്. ശീർ അശൈച്ചീർ, ഇയർച്ചീർ, ഉരിച്ചീർ, പൊതുച്ചീർ ഇങ്ങനെ നാലു പ്രകാരത്തിലുണ്ടു്. ഇവയെ യഥാക്രമം ഓരശൈച്ചീർ, ഈരശൈച്ചീർ, മൂവശൈച്ചീർ, നാലശൈച്ചീർ എന്നും പറയാറുണ്ടു്. ഒരു നേരശയോ ഒരു നിരൈയശയോ മാത്രമേ ഉള്ളു എങ്കിൽ അശൈച്ചീർ. രണ്ടു നേരശയോ, രണ്ടു നിരൈയശയോ, ഒരു നേരശയും അതിനെത്തുടർന്നു് ഒരു നിരൈയശയുമോ, ഒരു നിരൈയശയും അതിനെത്തുടർന്നു് ഒരു നേരശയുമോ, ചേർന്നുവന്നാൽ ഇയർച്ചീർ; ഇതിനു് ആചിരിയ ഉരിച്ചീർ എന്നും പേരുണ്ടു്. തേമാ, കരുവിളം, കൂവിളം, പുളിമാ എന്നിവ ഈ നാലു മാതിരിയിലുള്ള ഇയർചീരുകൾക്കും യഥാക്രമം ഉദാഹരണങ്ങളാകുന്നു. ഉരിച്ചീരിൽ മൂന്നു് അശകൾ അടങ്ങിയിരിക്കണമെന്നു സൂചിപ്പിച്ചുവല്ലോ. അതിനു വെൺപാ ഉരിച്ചീരെന്നും വഞ്ചി ഉരിച്ചീരെന്നും രണ്ടു വകഭേദമുണ്ടു്. നാലു വക ഇയർച്ചീരുകളുടേയും ഒടുവിൽ ഒരു നേരശ ചേർന്നാൽ വെൺപാ ഉരിച്ചീരും ഒരു നിരൈയശ ചേർന്നാൽ വഞ്ചി ഉരിച്ചീരുമാകുന്നു. തേമാങ്കായ്, കരുവിളങ്കായ്, കൂവിളങ്കായ്, പുളിമാങ്കായ് ഇവ ആദ്യത്തേതിനും, തേമാങ്കനി, കരുവിളങ്കനി, കൂവിളങ്കനി, പുളിമാങ്കനി ഇവ രണ്ടാമത്തേതിനും ഉദാഹരണങ്ങളാണു്. ഈ ഉദാഹരണങ്ങളെ ആസ്പദമാക്കി വെൺപാ ഉരിച്ചീരിനെ കായ്ച്ചീരെന്നും വഞ്ചി ഉരിച്ചീരിനെ കനിച്ചീരെന്നും പറയുന്നു. നാലു് അശകളുള്ള പൊതുച്ചീരിൽ ഉരിച്ചീരിനു നേരശയോ നിരൈയശയോ പരമാകുന്നു. തേമാന്തൺപൂ, പുളിമാന്തൺപൂ, തേമാനറുംപൂ, പുളിമാനറുംപൂ, തേമാന്തണ്ണിഴൽ, പുളിമാന്തണ്ണിഴൽ, തേമാനറുനിഴൽ, പുളിമാനറുനിഴൽ മുതലായി ഈ ശീർ പതിനാറു മാതിരി വരാവുന്നതാണു്. ശീരുകളുടെ (പൊരുത്തം) യോഗത്തെയാണു തളൈ എന്നു പറയുന്നതു്. ആങ്ഗലേയഭാഷയിലെ സിലബൾ (Syllable) അശയും ഫുട്ടു് (Foot) ശീരുമാണെന്നു പറഞ്ഞാൽ ചില വായനക്കാർക്കു മനസ്സിലാകുവാൻ കൂടുതൽ സൗകര്യമുണ്ടാകാം. ഒരു ശീരിലെ ഒടുവിലത്തെ അശയ്ക്കും അടുത്ത ശീരിലെ ആദ്യത്തെ അശയ്ക്കും തമ്മിലുള്ള ബന്ധമാണു് തള. അതു് ആചിരിയത്തളൈ, വെണ്ടളൈ, കലിത്തളൈ, വഞ്ചിത്തളൈ എന്നു നാലു പ്രകാരത്തിലുണ്ടു്. വിസ്താരഭയത്താൽ അവയെ വിവരിക്കുന്നില്ല. കുറൾ, ചിന്തു, അളവു, നെടിൽ, കഴിനെടിൽ എന്നിങ്ങനെ അടി അഞ്ചു വിധത്തിലുണ്ടു്. രണ്ടു ശീരുള്ള പാദം കുറളടി; ‘കണ്ണൻ/കുഴലിണൈ’ എന്നുദാഹരണം. മൂന്നുശീരുള്ളതു ചിന്തടി; ‘പകവൻ/മുതറ്റേ/യുലകു’ എന്നുദാഹരണം. നാലു ശീരുള്ളതു അളവടി; ‘ഉലകെ/ലാമുണർന്/തോതർ/കരിയവൻ’ എന്നുദാഹരണം. അഞ്ചു ശീരുള്ളു നെടിലടി; ‘തന്നൂർച്/ചനകൈയിർ/ചൻമതി/മാമുനി/തന്തമൈന്തൻ’ എന്നുദാഹരണം. ആറോ അതിൽ കൂടുതലോ ശീരുള്ളതു കഴിനെടിലടി; ‘വണ്ടു/പാടുന്/തണ്ടു/ഴായൻ/വതരി/വണങ്കുതുമേ’ എന്നുദാഹരണം. എട്ടുവരെ ശീരുകളുള്ളതിനു ചിറപ്പുക്കഴി നെടിലടിയെന്നും, ഒൻപതോ പത്തോ ഉള്ളതിനു ഇടൈക്കഴി നെടിലടിയെന്നും പത്തിനുമേലുള്ളതിനു കടൈക്കഴിനെടിലടിയെന്നും പറയുന്നു. എത്ര ചുരുങ്ങിയാലും വെൺപാവിനു രണ്ടടിയും വഞ്ചിപ്പാവിനും ആചിരിയപ്പാവിനും മൂന്നടിയും കലിപ്പാവിനു നാലടിയും ഉണ്ടായിരിക്കേണ്ടതാണു്. ഓരോ പാവിനും തുറൈ, താഴിശൈ, വിരുത്തം എന്നിങ്ങനെ മൂന്നു തരം പാവിനങ്ങളുണ്ടു്. എന്നാൽ കലിത്തുറൈ, വഞ്ചിത്തുറൈ ഇവയ്ക്കും, ആചിരിയവിരുത്തം, കലിവിരുത്തം, വഞ്ചിവിരുത്തം ഇവയ്ക്കും മാത്രമേ ഇക്കാലത്തു പ്രചാരമുള്ളു. അഞ്ചു ശീർവീതമുള്ള നാലടികളോടുകൂടിയതാണു് കലിത്തുറൈ; രണ്ടു ശീർവീതമുള്ള നാലടികളോടുകൂടിയതാണു് വഞ്ചിത്തുറൈ; നാലു കഴിനെടിലടികൾ ചേരുന്നതാണു് ആചിരിയവിരുത്തം, നാലു് അളവടികൾ ചേരുന്നതാണു് കലിവിരുത്തം. നാലു ചിന്തടികൾ ചേരുന്നതു വഞ്ചിവിരുത്തവും. പാക്കളുടെ ലക്ഷണങ്ങളും മറ്റും പ്രപഞ്ചനം ചെയ്യുവാൻ സ്ഥലമനുവദിക്കുന്നില്ല. തൊടൈ എന്നതിൽ മോനൈ, എതുകൈ, മുരൺ, ഇയൈപൂ, അളപെടൈ ഈ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്നു. മോനയേയും എതുകയേയും പറ്റി അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. വിരുദ്ധപ്രതീതിയുണ്ടാക്കുന്ന ശബ്ദങ്ങളുടെ പ്രയോഗമാണു് മുരൺ. ഇയൈപു അന്ത്യാനുപ്രാസമാകുന്നു. അളപടൈക്കുപ്ലുതോച്ചാരണം ഉദാഹരണമായി സ്വീകരിക്കാം. ‘ഏ’, എന്നതിനു് ‘ഏഎ’ എന്നും ‘മ’ എന്നതിനു ‘മാഅ’ എന്നും പ്രയോഗിക്കുന്ന ഘട്ടങ്ങളിൽ അതിന്റെ പ്രവേശമുണ്ടു്. ഇത്രയുമുള്ള പ്രസ്താവനയിൽനിന്നു സംസ്കൃതവും തമിഴും ഛന്ദോനിയമങ്ങൾ സംബന്ധിച്ചു് എത്രദൂരം ഭിന്നങ്ങളായ പദ്ധതികളെയാണു് അനുസരിക്കുന്നതെന്നു വ്യക്തമാകുന്നതാണല്ലോ.

6.5മണിപ്രവാളത്തിന്റെ ലക്ഷണം

മണിപ്രവാളത്തിനു ലീലാതിലകകാരൻ നല്കുന്ന നിർവ്വചനം ‘ഭാഷാസംസ്കൃതയോഗോ മണിപ്രവാളം’ എന്നാണു്. ഇവിടെ ഭാഷയെന്നാൽ കേരളഭാഷയെന്നും യോഗമെന്നാൽ സഹൃദയന്മാർക്കു രുചിക്കത്തക്ക വിധത്തിലുള്ള ചേർച്ചയെന്നുമർത്ഥം. നിയമേന ദോഷമില്ലാതേയും ഗുണമുണ്ടായും അനിയതമായി അലങ്കാരത്തോടു കൂടിയുമിരുന്നാലാണു് അത്തരത്തിലുള്ള ചേർച്ചയുണ്ടാകുന്നതു്. പദ്യത്തിൽ പാദങ്ങൾ തമ്മിൽ ബന്ധമുണ്ടായിരിക്കുകയും വേണം. നമ്പ്യാന്മാർ കൂത്തിനും മറ്റും ഉപയോഗിക്കുന്നതും തമിഴെന്നു പറയുന്നതുമായ കഥാപ്രബന്ധങ്ങളിൽ ഭാഷാസംസ്കൃത യോഗവും ദോഷരാഹിത്യവും ഗുണാലങ്കാരങ്ങളുടെ സമ്മേളനവുമുണ്ടെങ്കിലും അവയിൽ പ്രാതിപദികം മാത്രം സംസ്കൃതമായിട്ടുള്ള സംസ്കൃതപദങ്ങളല്ലാതെ സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളില്ലാത്തതിനാൽ അവയ്ക്കു മണിപ്രവാളമെന്ന പേരിനു് അർഹതയില്ല. വിഭക്തി ഭാഷയായിട്ടുള്ള സംസ്കൃതപദങ്ങളെ ഭാഷയായിട്ടല്ലാതെ ഗണിക്കുവാൻ പാടില്ല. അതുകൊണ്ടുതന്നെയാണു് അഭിമന്യുവധം മുതലായ നമ്പ്യാർത്തമിഴ്ക്കൃതികളെ ഭാഷാപ്രബന്ധങ്ങളെന്നു വ്യവഹരിക്കുന്നതു്. നേരേമറിച്ചു് ഒരു കൃതിയിൽ സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളുണ്ടെങ്കിൽ രസാലങ്കാരസ്പർശമില്ലെങ്കിലും അതു മണിപ്രവാളംതന്നെ. എന്തുകൊണ്ടെന്നാൽ രസാലങ്കാരങ്ങൽ നിയമേന വേണമെന്നില്ല. തന്നിമിത്തം വൈദ്യഗ്രന്ഥമായ ആലത്തൂർമണിപ്രവാളം മണിപ്രവാള കൃതിതന്നെയാണു്. മണിപ്രവാളപദത്തിൽ മണി അല്ലെങ്കിൽ മാണിക്യമെന്നു ഭാഷയേയും പ്രവാളമല്ലെങ്കിൽ പവിഴമെന്നു സംസ്കൃതത്തേയും അധ്യവസാനം ചെയ്തിരിക്കുന്നു. മണിപ്രവാളത്തിലെ ഓരോ സംസ്കൃതപദവും ഭാഷപോലെതന്നെ അതിപ്രസിദ്ധവും സുകുമാരാക്ഷരവുമായിരിക്കണം; ഭാഷാപദവും പ്രായേണ പാമരന്മാരുടെ ഇടയിൽപ്പോലും സാധാരണമായിരിക്കണം. മാണിക്യവും പവിഴവും ഒരു ചരടിൽ ഇടകലർത്തിക്കോർത്താൽ രണ്ടിനും ഒരേ നിറമാകകൊണ്ടു് എങ്ങനെ അവയെ വേർതിരിച്ചറിവാൻ സാധിക്കുകയില്ലയോ അതുപോലെയായിരിക്കണം മണിപ്രവാളകൃതിയിൽ ഭാഷാസംസ്കൃതപദങ്ങളുടെ സമാവേശനം. അങ്ങനെയുള്ള പദങ്ങൾ ചേർത്തു നിർമ്മിക്കുന്ന കൃതി സംസ്കൃതഗ്രന്ഥമായിട്ടല്ല, ഭാഷാഗ്രന്ഥമായിട്ടാണു് സഹൃദയന്മാർക്കു് അനുഭവപ്പെടുന്നതും യുക്തിക്കു ചേരുന്നതും. മാണിക്യവും മുത്തുമോ, പവിഴവും നീലവുമോ അത്തരത്തിൽ ഇടകലർത്തിയാൽ അങ്ങനെയൊരനുഭവം ഉണ്ടാകുന്നതല്ലല്ലോ. ഭാഷയ്ക്കും രസത്തിനും പ്രാധാന്യമുള്ള മണിപ്രവാളമാണു് ഉത്തമം. ഭാഷയ്ക്കുള്ള പ്രാധാന്യം സംസ്കൃതാപേക്ഷവും അതു പദങ്ങളുടെ സംഖ്യകൊണ്ടു് ഉണ്ടാകേണ്ടതുമാണു്. രസത്തിനുള്ള പ്രാധാന്യം വാച്യാർത്ഥാപേക്ഷമാകുന്നു. ഭാഷയ്ക്കു പ്രാധാന്യമുണ്ടെങ്കിലും, രസത്തിനു പ്രാധാന്യമുണ്ടെങ്കിലും സംസ്കൃതവും ഭാഷയും സമമായാലും ആ മണിപ്രവാളം ഉത്തമകല്പമായിത്തീരുന്നു. ഉത്തമകല്പമെന്നാൽ ഏകദേശമുത്തമമെന്നർത്ഥം. രസവും വാച്യാർത്ഥവും അതുപോലെ സംസ്കൃതവും ഭാഷയും സമമായുള്ള മണിപ്രവാളം മധ്യമമാണു്. ഭാഷ സമവും രസം വാച്യാർത്ഥത്തെക്കാൾ ന്യൂനവുമായാലും രസം സമവും ഭാഷ സംസ്കൃതത്തെക്കാൾ ന്യൂനവുമായാലും ഭാഷ പ്രധാനവും രസം ന്യൂനവുമായാലും രസം പ്രധാനവും ഭാഷ ന്യൂനവുമായാലും മധ്യമകല്പമണിപ്രവാളമാകുന്നു. ഭാഷ സംസ്കൃതത്തെ അപേക്ഷിച്ചും രസം വാച്യാർത്ഥത്തെ അപേക്ഷിച്ചും ന്യൂനമായുള്ള മണിപ്രവാളം അധമംതന്നെ. ഇങ്ങനെ ലീലാതിലകകാരൻ മണിപ്രവാളത്തെ ഒൻപതു വിധമായി തരംതിരിക്കുന്നു. ഈ വിവരണത്തിൽ നിന്നു നാം പ്രത്യേകിച്ചു മനസ്സിലാക്കേണ്ടതു സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളില്ലാത്ത ഒരു വാക്യം മണിപ്രവാളമാകുകയില്ലെന്നും, മണിപ്രവാളം എന്ന സംജ്ഞയ്ക്കു പദ്യം മാത്രമേ അർഹമാകൂ എന്നു നിർബ്ബന്ധമില്ലെന്നും, സംസ്കൃതപദങ്ങളേക്കാൾ ഭാഷാപദങ്ങൾ സംഖ്യയിൽ കൂടിയിരുന്നാലേ രസപ്രധാനമായ വാക്യവും ഉത്തമമണിപ്രവാളമായിത്തീരൂ എന്നും. ഏതു മാതിരി സംസ്കൃതപദങ്ങൾ ചേർന്നാലും കേൾക്കുമ്പോൾ ഭാഷപോലെ തോന്നത്തക്കവണ്ണം അവ അത്രമാത്രം പ്രസിദ്ധങ്ങളും സുകുമാരങ്ങളുമായിരിക്കണമെന്നുമാകുന്നു. ആചാര്യൻ തന്നെ മറ്റൊരു ഘട്ടത്തിൽ ഭാഷയിൽ ചേരുന്ന സംസ്കൃതം അനിഷ്ഠുരവും ലളിതവും അഗംഭീരവും പ്രസന്നവുമായിരിക്കണമെന്നു് ഉപദേശിക്കുന്നു. ഭാഷാപദങ്ങളിൽ സംസ്കൃതപദങ്ങൾ ചേർത്തു കൊങ്കയാ, കേഴന്തീ, ഊണുറക്കൗ, പോക്കാഞ്ചക്രേ ഈ മാതിരിയിലും മണിപ്രവാളത്തിൽ പ്രയോഗിക്കാം. [2] മണിപ്രവാളപദ്യങ്ങൾക്കു ദ്വിതീയാക്ഷരപ്രാസം ആദികാലങ്ങളിൽ അപരിത്യാജ്യമായിരുന്നില്ലെന്നുള്ളതു് ആ ഉപാധിയെ ആചാര്യൻ ലക്ഷണകോടിയിൽ ഉൾപ്പെടുത്താത്തതിൽനിന്നു വെളിവാകുന്നുണ്ടു്. ലീലാതിലകത്തിൽ ഉദ്ധൃതങ്ങളായ പല പദ്യങ്ങളിലും ആ ശബ്ദാലങ്കാരം കാണുന്നില്ല.

6.6ചെന്തമിഴും മണിപ്രവാളവും

ലീലാതിലകകാരൻ മണിപ്രവാളം എന്ന സംജ്ഞയ്ക്കു കേരള ഭാഷാസംസ്കൃതയോഗത്തിൽ നിരൂഢലക്ഷണയാണുള്ളതെന്നും ചോളകർണ്ണാടക പ്രബന്ധങ്ങൾക്കു് ആ സംജ്ഞ വരുന്നതല്ലെന്നും പ്രസ്താവിച്ചിട്ടുള്ളതു മുഴുവൻ ശരിയല്ല. ചെന്തമിഴിലെ സംഘഗ്രന്ഥങ്ങളിൽ ഒന്നായ അകനാനൂറിലെ മധ്യഭാഗത്തിനു പേർ ‘മണിമിടൈ പവളം’ എന്നാണു്. ആ പദത്തിന്റെ അർത്ഥം [3] മണിയോടു്, അതായതു് ഇന്ദ്രനീലത്തോടു ചേർത്തു (മിടയപ്പെട്ടിട്ടുള്ള) കോർക്കപ്പെട്ടിട്ടുള്ള പവിഴമെന്നാണെന്നും ആ പേർ അതിനു സിദ്ധിച്ചതു് “ചെയ്യുളും പൊരുളും ഒവ്വാ മൈയാൽ” അതായതു പ്രതിപാദനരീതിക്കും പ്രതിപാദ്യവസ്തുവിനും തമ്മിൽ യോജിപ്പില്ലായ്കയാലാണെന്നും വ്യാഖ്യാതാക്കന്മാർ പറയുന്നു. ക്രി. പി. പതിനൊന്നാം ശതകത്തിൽ പ്രണീതമായ വീരചോഴിയം എന്ന ചെന്തമിഴ് വ്യാകരണത്തിലെ–
“ഇടൈയേ വടവെഴുത്തെയ്തിലു് വിരവിയലീണ്ടെതുകൈ
നടൈയേതുമില്ലാ മണിപ്പിരവാള നറൈവച്ചൊല്ലിൻ
ഇടൈയേ മുടിയും പതമുടൈത്താ, ങ്കിളവിക്കവിയി
ൻറുടൈയേതുറൈനർ പിറളികൈയാതിതുണിന്തറിയേ”
എന്ന പാട്ടിൽനിന്നു് അക്കാലത്തു ചെന്തമിഴ് സംസ്കൃതയോഗത്തിനു മണിപ്രവാളമെന്നു സംജ്ഞയുണ്ടായിരുന്നുവെന്നും അത്തരത്തിലുള്ള പദ്യങ്ങൾക്കു ദ്വിതീയാക്ഷരപ്രാസം ഇല്ലായിരുന്നു എന്നും വ്യക്തമാകുന്നു.

6.7ചെന്തമിഴും ജൈനരും വൈഷ്ണവരും

ചെന്തമിഴിൽ തത്സമരൂപത്തിൽ വളരെ സംസ്കൃതപദങ്ങൾ ഇദംപ്രഥമമായി വ്യാപരിപ്പിച്ചതു ജൈനരാകുന്നു. സംസ്കൃതഭാഷയിലുള്ള ശാസ്ത്രങ്ങളും പുരാണങ്ങളും ചെന്തമിഴിൽ തർജ്ജമ ചെയ്യുമ്പോൾ അവർക്കു മൂലഗ്രന്ഥങ്ങളിലെ പ്രൗഢിയും ഗാംഭീര്യവും ചോർന്നു പോകാതെയിരിക്കുന്നതിനു് അത്തരത്തിലുള്ള ഒരു ശൈലിയുടെ സ്വീകരണം അത്യന്താപേക്ഷിതമായി തോന്നി. തന്നിമിത്തം അവർ ദ്രാവിഡമര്യാദയെ ഉല്ലംഘിച്ചും ചെന്തമിഴു് വ്യാകരണനിയമങ്ങളെപ്പോലും ധിക്കരിച്ചും സംസ്കൃതത്തെ ആശ്രയിക്കുവാൻ ആരംഭിച്ചു. താഴെ ഉദ്ധരിക്കുന്നതു ക്രി.പി. എട്ടാംശതകത്തിൽ നിർമ്മിച്ചതായി പറയുന്ന ശ്രീപുരാണം എന്ന ജൈനഗദ്യഗ്രന്ഥത്തിലെ ഒരു ഭാഗമാണു്.

“തൽക്ഷണത്തിലേ ജിനപവനമാകിയതൊരു ചമ്പക വിരുക്ഷം പുഷ്പിത്തതു. ഉത്യാനത്തിൽ സകല കോകിലങ്കളും കൂവിന, നകരസമീപമാകിയ മനോകരമെന്നും ഉത്യാനത്തു സഹസ്രകൂടമെന്നും തടാകമും സലിലപരിപൂർണ്ണമായിറ്റു. തൽഗത സകല കുവലയാതി പുഷ്പങ്കളും മലർന്തന. പ്രമര നിരകളും പരിപ്രമിത്തന. ജിനപവന കോപുരകവാടങ്കൾ താമേ നീങ്കിന. അവ്വതിശയങ്കളൈക്കണ്ടു വിസ്മിതനാകിത്തവിചത്തൈയടൈന്തു സ്നാനപുരസ്സരമാക പുഷ്പങ്കളൈക്കൈക്കൊണ്ടു ജിനപതി സമീപമണൈന്തു അർച്ചനാപുരസ്സരമാക സ്തുതിത്തിരുന്താൻ.”
ഈ രീതിയിൽ ജൈനർ നീലകേശി, സമയദിവാകരം, ഗദ്യചിന്താമണി, ജയകുമാരൻകഥൈ, പാരിഷേണകുമാരൻ കഥൈ, സത്യഘോഷൻകഥൈ മുതലായി പല ഗ്രന്ഥങ്ങളും നിർമ്മിച്ചിട്ടുണ്ടു്. ക്രി. പി. ഒൻപതാംശതകത്തിൽ പ്രണീതമായ പെരുന്തേവനാരുടെ ഭാരതവെൺപാവിലും ഈ ശൈലിതന്നെ പടർന്നു കാണുന്നു. താഴെച്ചേർക്കുന്ന ഖണ്ഡിക നോക്കുക:

“ആതിവേതമും മകാലോകവും അണ്ടരണ്ടമും അവനിതലമും വേതവിയാകരണമുള്ളിട്ട നാലു കലൈകളും നാന്മുകനോടും തൻതിരുനാപി കമലത്തേ പിറപ്പിത്ത പതുമനാപൻ, പവിത്തിരമൂർത്തി, പക്തവർച്ചലൻ, ആതിമൂർത്തി, അനന്തചയനൻ, വിക്കിരമമായൻ, ചക്കിരപാണി, തേവതേവൻ, നാരായണചുവാമി ശ്രീപാതങ്കളൈ നമസ്കരിത്തോമെൻറവാറു”
ക്രി. പി. പതിമ്മൂന്നാംശതകത്തിൽ പെരിയതിരുവാച്ചാൻപിള്ള നിർമ്മിച്ച തിരുവായ്മൊഴിയുരയിലും ഈ രീതിതന്നെ അങ്ഗീകരിച്ചിരിക്കുന്നു. അടിയിൽ കാണുന്ന വിധത്തിലാണു് അതിന്റെ ഉപക്രമം.

“ശ്രിയഃപതിയാനവെൻപെരുമാൻ പരമകാരുണികതൈയാലേ ആഴ്വാർകളൈ അവതരിപ്പിത്തു അമ്മുകത്താലേ ദ്രാവിഡസംസ്കൃതപ്രാകൃതരൂപഗ്രന്ഥങ്കളൈച്ചെയ്തു സകലവേദാന്തസാരഭൂതമാനരഹസ്യത്രയസമ്പ്രദായത്തൈ അരുൾതരും ഞാലത്തിലാഴങ്കാൽ പട്ടിരുക്കിറ ചേതനർകൾ സുലഭമാകപ്പേർത്തു ഉജ്ജീവിക്കുംപടിക്കും അന്ത സമ്പ്രദായം കാലതത്വമുള്ള തനൈയും അവ്യാഹതമായിരിക്കുംപടിക്കും പണ്ണിവൈത്തു ചേതനർകൾക്കു മഹോപകാരകനാനാൻ.” എന്നാൽ സംസ്കൃതാസഹിഷ്ണുക്കളായ തമിഴർ ഈ മണിപ്രവാളശൈലിയെ തെല്ലും ആദരിച്ചില്ല. കോയമ്പത്തൂർക്കാരനായ കളമൂർ വിശ്വനാഥകവിയുടെ കീചകവധം മണിപ്രവാളം ഒരർവാചീനകൃതിയാകുന്നു.

“മുത്തുക്കളാലുമിഹ നൽപ്പവഴങ്കളാലു
മൊത്തുക്കലർന്തു തമിഴാലപി സംസ്കൃതേന
എത്തിക്കിലും ഭവതു ഹാരലതേവ ബദ്ധാ
പുത്തിക്കു മൽക്കൃതിരിയം സുദൃശാം വിഭ്രഷാ.”
എന്നു വർണ്ണിക്കുന്നതിൽനിന്നു മണിപ്രവാളത്തിൽ തമിഴിനെ മുത്തും സംസ്കൃതത്തെ പവിഴവുമായി അദ്ദേഹം സങ്കല്പിക്കുന്നതായി കാണാവുന്നതാണു്.

6.8ചെന്തമിഴിലും മലയാളത്തിലും മണിപ്രവാളത്തിനുള്ള വ്യത്യാസം

ചെന്തമിഴിലും മലയാളത്തിലും മണിപ്രവാളത്തെ സംബന്ധിച്ചുള്ള നിർവചനത്തിൽ പ്രകടമായ ഒരു വ്യത്യാസമുണ്ടായിരുന്നു എന്നുള്ള വസ്തുത നാം മറക്കരുതു്. തത്ഭവരൂപത്തിൽപോലും സംസ്കൃതപദങ്ങൾ സ്വീകരിക്കുവാൻ വൈമനസ്യം പ്രദർശിപ്പിച്ച തമിഴർക്കു് ആ ഭാഷയിലെ പദങ്ങൾ കലർന്ന ഗ്രന്ഥങ്ങൽ മണിപ്രവാളമായി; തത്സമരൂപത്തിൽപോലും സംസ്കൃതപദങ്ങൾ ധാരാളമായി സ്വീകരിക്കുന്നതിൽ ഔത്സുക്യം പ്രകാശിപ്പിച്ച മലയാളികൾക്കു സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളുടെ സമ്മേളനമാണു് മണിപ്രവാളത്തിനു വ്യവച്ഛേദകോപാധിയായിത്തീർന്നതു്. ലീലാതിലകത്തിനുമുമ്പു് കേരളീയകവികളും മണിക്കു മുത്തെന്നു് അർത്ഥം കല്പിച്ചിരുന്നു എന്നു് ആ ഗ്രന്ഥത്തിൽ ഉദ്ധൃതമായിട്ടുള്ള

“സംസ്കൃതമായിന ചെങ്ങഴിനീരും
നറ്റമിഴായിന പിച്ചകമലരും
ഏകകലർന്നു കലമ്പകമാലാം
വൃത്തമനോജ്ഞാം ഗ്രഥയിഷ്യേതഃ”
എന്ന പദ്യത്തിൽനിന്നു് ഊഹിക്കാവുന്നതാണു്. ചെങ്ങഴി നീർപൂവിനു ചുവപ്പും പിച്ചകപ്പൂവിനു വെള്ളയുമാണല്ലോ നിറം. കല്ഹാരവും പിച്ചകവുമോ, മുത്തും പവിഴവുമോ ഇടകലർത്തി കോർത്ത ഒരു മാല അതിന്റെ വർണ്ണശബളത നിമിത്തം നയനോദ്വേഗം ജനിപ്പിക്കുന്നതിനാണു് കാരണമായിത്തീരുന്നതു്. അതുപോലെ സഹൃദയഹൃദയോദ്വേഗം ജനിപ്പിക്കുക എന്നുള്ളതല്ലല്ലോ കാവ്യത്തിന്റെ പ്രയോജനം. അതിനാൽ ഈ വിഷയത്തിൽ പൂർവമതങ്ങളെ ഖണ്ഡിച്ചു മണിയെന്നാൽ പത്മരാഗമെന്നു് അർത്ഥകല്പനചെയ്തു സംസ്കൃത വിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങൾ ഭാഷാപദങ്ങളാണെന്നു തോന്നത്തക്ക രീതിയിൽ അവയെ സാക്ഷാൽ ഭാഷാപദങ്ങളുമായി സംഘടിപ്പിച്ചു രചിക്കുന്ന വാങ്മയമാണു് മണിപ്രവാളസാഹിത്യം എന്നും ഉപപാദിച്ചിരിക്കുന്നതു് ഏറ്റവും സമീചീനമാകുന്നു. ഈ വിശിഷ്ടരീതിയിലുള്ള മണിപ്രവാളം കൈരളിയുടെ പ്രത്യേകസ്വത്താണെന്നുള്ളതിനു സംശയവുമില്ല. കാലാന്തരത്തിൽ മണിപ്രവാളരചനസംബന്ധിച്ചുള്ള ഈ വക നിയമങ്ങൾ കവികൾ മറന്നു. മൊത്തത്തിൽ സംസ്കൃതവൃത്തത്തിൽ നിബന്ധിക്കുന്ന ഏതു പദ്യവും ആ സംജ്ഞയ്ക്കു അർഹമാകുമെന്നു അവർ വിചാരിച്ചു. അവയെ സാദൃശ്യമൂലകലക്ഷണകൊണ്ടേ മണിപ്രവാളമെന്നു് വ്യവഹരിക്കാവൂ എന്നാണു് ലീലാതിലകകാരന്റെ അഭിപ്രായം ചുരുക്കത്തിൽ കേരളീയരുടെ മണിപ്രവാളം അതിനു് അഭിമതമെന്നു തോന്നിയ പന്ഥാവിലൂടെ സ്വതന്ത്രമായി മുന്നോട്ടു പോയി. പണ്ഡിത ശ്രേഷ്ഠന്മാർ സംസ്കൃതമായും സാമാന്യപണ്ഡിതന്മാർ മണിപ്രവാളമായും തദിതരന്മാർ പാട്ടായും ഗ്രന്ഥങ്ങൾ നിർമ്മിച്ചു. അപൂർവം ചില മഹാന്മാർ കുഞ്ചൻനമ്പ്യാർ പഞ്ചേന്ദ്രോപാഖ്യാനത്തിൽ പറയുന്നതുപോലെ

“സജ്ജനത്തിനു സംസ്കൃതക്കവി കേൾക്ക കൗതുകമെങ്കിലും
ദുർജ്ജനത്തിനതിങ്കലൊരു രസമേശുകില്ലതു കാരണം,
ഭടജനങ്ങടെ സഭയിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരളഭാഷതന്നെ ചിതം വരൂ.
കടുപടെപ്പടു കഠിനസംസ്കൃത വികടകടു കവികേറിയാൽ
ഭടജനങ്ങൾ ധരിക്കയില്ല; തിരിക്കുമൊക്കയുമേറ്റുടൻ.
ഭാഷയേറിവരുന്ന നല്ല മണിപ്രവാളമതെങ്കിലോ
ദൂഷണം വരുവാനുമില്ല; വിശേഷഭ്രഷണമായ് വരും” [4]
എന്ന തത്വം മനസ്സിലാക്കി അവർ എത്രമേൽ സംസ്കൃതജ്ഞന്മാരായിരുന്നാലും ലളിതങ്ങളായ ഭാഷാഗാനങ്ങൾ രചിച്ചു കൈരളിയെ ആരാധിച്ചില്ലെന്നുമില്ല.

6.9ഭാഷാസാഹിത്യത്തിന്റെ കാലഘട്ടങ്ങൾ

ഭാഷാസാഹിത്യത്തിന്റെ കാലഘട്ടങ്ങൾപ്തപ്പെടുത്തുവാൻ കൢ വളരെ പ്രയാസമുണ്ടു്. കൊല്ലവർഷാരംഭംവരെ പ്രാചീനകാലം, കൊല്ലം 600-ാമാണ്ടുവരെ മധ്യകാലം, അതിനുമേൽ നവീനകാലം ഇങ്ങനെയാണു് പി. ഗോവിന്ദപ്പിള്ളയുടെ വിഭജനം. കൊല്ലം അഞ്ചാംശതകംവരെ പ്രാചീനകാലവും അതിനുമേൽ തുഞ്ചത്തെഴുത്തച്ഛന്റെ കാലംവരെ മധ്യകാലവും അതിനും മേൽ വലിയ കോയിത്തമ്പുരാന്റെ കാലംവരെ ആധുനികകാലവുമാണെന്നത്രെ പി. ശങ്കരൻനമ്പ്യാരുടെ പക്ഷം. ആറ്റൂർ കൃഷ്ണപ്പിഷാരടി ഭാഷാസ്വരൂപസ്ഥിതി അനുസരിച്ചു നോക്കുമ്പോൾ ഭാഷാസാഹിത്യത്തെ പ്രാചീനമലയാളമെന്നും നവീനമലയാളമെന്നും രണ്ടായി തരംതിരിച്ചാൽ മതിയാകുന്നതാണെന്നും കൊല്ലവർഷം ആറാംശതകംവരേയ്ക്കും പ്രാചീന മലയാളകാലമായി ഗണിക്കാവുന്നതാണെന്നും ഗ്രന്ഥങ്ങളുടെ രൂപഭേദം അടിസ്ഥാനപ്പെടുത്തിനോക്കുമ്പോൾ ആദിസാഹിത്യകാലം, മണിപ്രവാളകാലം, ശുദ്ധഭാഷാകാലം എന്നിങ്ങനെ മൂന്നായി വിഭജിച്ചു കൊല്ലവർഷാരംഭത്തിനു് അല്പം മുമ്പുവരെ ആദിസാഹിത്യകാലമായും അതിനുശേഷം കൊല്ലവർഷം 600-വരെ മണിപ്രവാളകാലമായും അതിനുമേൽ ശുദ്ധഭാഷാകാലമായും കണക്കാക്കാവുന്നതാണെന്നും പ്രസ്താവിക്കുന്നു. എല്ലാ സംഗതികളെയും പര്യാലോചിച്ചു ഞാൻ കൊല്ലവർഷം 700 വരെ പ്രാചീനസാഹിത്യകാലമെന്നും അതിനുമേൽ നവീനസാഹിത്യകാലമെന്നും അതിൽത്തന്നെ 1050 മുതൽ അദ്യതന സാഹിത്യകാലമെന്നും അഭിപ്രായപ്പെടുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതകാലഘട്ടത്തിനുമുൻപുവരെ പ്രാചീനസാഹിത്യകാലവും അതുമുതൽ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ മദ്ധ്യവയസ്കതയ്ക്കു മുമ്പുവരെ നവീനസാഹിത്യകാലവും അതിനുമേൽ അദ്യതന സാഹിത്യകാലവുമാണു് എന്നത്രേ എന്റെ വിവക്ഷ. ഇത്തരത്തിൽ ഒരു കാലവിഭാഗത്തെ മുൻനിറുത്തിക്കൊണ്ടാണു് ഞാൻ ഈ പുസ്തകം രചിക്കുവാൻ ഉദ്ദേശിക്കുന്നതു്. ഏതു വിഭജനോദ്യമവും സൂക്ഷ്മദൃഷ്ട്യാ പരിശോധിച്ചാൽ വൈകല്യരഹിതമായി പരിണമിക്കുവാൻ വൈഷമ്യമുണ്ടെന്നുള്ള വസ്തുത ഞാൻ വിസ്മരിക്കുന്നുമില്ല.

കുറിപ്പുകൾ

1 ‘സന്ദർഭേ സംസ്കതീകൃതാ ച.’ ലീലാതിലകം രണ്ടാം ശില്പം.

2 ‘മണി’ എന്ന പദത്തിനു ചെന്തമിഴിൽ മാണിക്യമെന്നും ഇന്ദ്രനീലമെന്നും അർത്ഥമുണ്ടു്; സംസ്കൃതത്തിൽ അതു രത്നപര്യായം മാത്രമാണു്.


അദ്ധ്യായം 7- സംസ്കൃതസാഹിത്യം

(ക്രി. പി. 1300-ാമാണ്ടുവരെ)

7.1ഒടുവിലത്തെ പെരുമാൾ

ആദികാലത്തു ജീവിച്ചിരുന്ന കേരളീയ സംസ്കൃതകവികളെപ്പറ്റി ഈ അധ്യായം മുതൽ പ്രസ്താവിക്കാം. ഒടുവിലത്തെപ്പെരുമാളായ ഭാസ്കര രവിവർമ്മൻ ഉദ്ദേശം ക്രി. പി. 955 മുതൽ 978 വരെ രാജ്യഭാരം ചെയ്ത ഇന്ദുഗോദവർമ്മനുശേഷം ചേരമാൻ പെരുമാളായി അഭിഷിക്തനാകുകയും 1036 വരെ, ഉദ്ദേശം അൻപത്താറു വർഷം, നാടുവാഴുകയും ചെയ്തു. അദ്ദേഹത്തിന്റെ ശാസനങ്ങൾ മലബാർ ജില്ലയിൽ തിരുനെല്ലിയിലും, വടക്കൻ തിരുവിതാംകൂറിൽ തൃക്കൊടിത്താനം, പെരുന്ന (പെരുനെയ്തൽ), തിരുമൂഴിക്കുളം ഈ സ്ഥലങ്ങളിലും കാണുന്നുണ്ടു്. അദ്ദേഹം പരാക്രമശാലിയായ ഒരു രാജാവായിരുന്നു എങ്കിലും അദ്ദേഹത്തെ ചോളചക്രവർത്തികളായ രാജരാജചോളനും (985–1014) രാജേന്ദ്രചോളനും (1014–1044) ജയിക്കുകയും രാജേന്ദ്രചോളൻ അദ്ദേഹത്തിന്റെ കിരീടംതന്നെ 1018-ാമാണ്ടിടയ്ക്കു് അപഹരിക്കുകയും ചെയ്തു. അതോടുകൂടി കേരളത്തിലെ പെരുമാൾ വാഴ്ച അവസാനിച്ചു. അതിനുമുമ്പുതന്നെ മൂഷികഖണ്ഡത്തിലും (കോലത്തുനാടു്) കൂപകഖണ്ഡത്തിലും (വേണാടു്) ഉള്ള രാജാക്കന്മാർ സ്വതന്ത്രകല്പന്മാരായിരുന്നു. ചേരവംശത്തിന്റെ അധഃപതനത്തോടുകൂടി അവരുടെ സ്വാതന്ത്ര്യം അഖണ്ഡമായി. ഒടുവിലത്തെപ്പെരുമാൾ കേരളം പലർക്കുമായി പങ്കുവെച്ചുകൊടുത്തു എന്നുള്ള കേരളോത്പത്തിയിലെ പ്രസ്താവന അവിശ്വസനീയമാണു്. കൊച്ചിരാജാക്കന്മാർ പെരുമാക്കന്മാരുടെ പിൻവാഴ്ചക്കാരെന്ന നിലയിൽ തിരുവഞ്ചിക്കുളത്തു താമസിച്ചു. ഈ മൂന്നു വംശങ്ങളിലേയും, കോഴിക്കോടു്, വടക്കൻ കോട്ടയം, വെട്ടത്തുനാടു്, വടക്കുംകൂർ, ചെമ്പകശ്ശേരി മുതലായ ഇതരവംശങ്ങളിലേയും രാജാക്കന്മാർ പല കാലഘട്ടങ്ങളിലും കേരളസാഹിത്യത്തെ വിദഗ്ദ്ധമായും ബഹുമുഖമായും പോഷിപ്പിച്ചിട്ടുണ്ടു്.

7.2വരരുചി

ഗണിതശാസ്ത്രത്തിനു് ആവശ്യമുള്ള വാക്യവും പരല്പേരും രചിച്ചതു വരരുചി എന്ന ഒരു പണ്ഡിതനായിരുന്നു എന്നാണു് കേരളത്തിൽ പ്രചരിക്കുന്ന ഐതിഹ്യം. വരരുചികേരളം എന്നൊരു പഴയ ജ്യോതിഷഗ്രന്ഥവും അദ്ദേഹത്തിന്റെ കൃതിയായുണ്ടു്. അദ്ദേഹം ഗോകർണ്ണത്തുകാരനും ശങ്കരാചാര്യരുടെ ഗുരുവായ ഗോവിന്ദസ്വാമികളുടെ പുത്രനുമായിരുന്നു എന്നും ആകസ്മികമായി കേരളത്തിൽ വന്നതാണെന്നും പഴമക്കാർ പറയുന്നു. ഗോവിന്ദസ്വാമികളുടെ പുത്രനല്ലെന്നുള്ളതു തീർച്ചയാണു്. വരരുചി മേഴത്തോളഗ്നിഹോത്രിയുടെ അച്ഛനാണെന്നുള്ള ഐതിഹ്യം അവിശ്വസനീയമാണെങ്കിലും, അഗ്നിഹോത്രിയെക്കാൾ പ്രാക്തനനാണെന്നു തദനുരോധേന അനുമാനിക്കാമെങ്കിൽ അദ്ദേഹം ക്രി. പി. നാലാം ശതകത്തിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കാവുന്നതാണു്. എന്തു കൊണ്ടെന്നാൽ അഗ്നിഹോത്രി ജനിച്ചതു ‘പുരുധീസമാശ്രയഃ’ എന്ന കലിവാക്യത്തിൽനിന്നു കിട്ടുന്ന ക്രി. പി. 343-ലും യാഗക്രിയകൾ സമാപിപ്പിച്ചതു ‘യജ്ഞസ്ഥാനം സുരക്ഷ്യം’ എന്ന കലിവാക്യംകൊണ്ടു കിട്ടുന്ന 378-ലും ആണെന്നു കേട്ടുകേൾവിയുണ്ടു്. ഇതുപോലെയുള്ള കലിവാക്യങ്ങൾ പിൽക്കാലത്തു് ഓരോരുത്തർ ഉണ്ടാക്കിയതാണു്. വരരുചി എന്ന പേരിൽ പല പണ്ഡിതന്മാരേയും നാം ഭാരതസാഹിത്യ ചരിത്രത്തിൽ കണ്ടെത്തുന്നു. കാത്യായനൻ എന്ന നാമാന്തരത്താൽ സുവിദിതനും പാണിനി മഹർഷിയുടെ വ്യാകരണസൂത്രങ്ങൾക്കു വാർത്തികങ്ങൾ നിർമ്മിച്ച പണ്ഡിതമൂർദ്ധന്യനുമായ വരരുചി ക്രി. മു. നാലാം ശതകത്തിൽ ഗോദാവരീതീരത്തിൽ ജീവിച്ചിരുന്നു. ‘ഉഭയാഭിസാരിക’ എന്ന ഭാണത്തിന്റെ പ്രണേതാവായ മറ്റൊരു വരുരുചി ക്രി. മു. ഒന്നാം ശതകത്തിൽ ശകജേതാവായ വിക്രമാദിത്യന്റെ സദസ്യനായി പരിലസിച്ചു. അധ്യാത്മരാമായണത്തിന്റെ രചയിതാവും ഒരു വരരുചിയാണെന്നു പറയാറുണ്ടെങ്കിലും അതിനു ലക്ഷ്യമൊന്നുമില്ല. അതു താരതമ്യേന അർവ്വാചീനമായ ഒരു കൃതിയാണു്. ഇരുപത്തഞ്ചു ശ്ലോകങ്ങളിൽ കാരകം, സമാസം, തദ്ധിതം മുതലായ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന വാരരുചസങ്ഗ്രഹത്തിന്റെ നിർമ്മാതാവു സൂത്രകാരകല്പനായതുകൊണ്ടു ഭാഷ്യവിരുദ്ധമായി ഛാന്ദസപ്രയോഗം ചെയ്യുന്നു എന്നു് അതിന്റെ ദീപപ്രഭ എന്ന വ്യാഖ്യയിൽ നാരായണൻ നമ്പൂരി പറഞ്ഞിരിക്കുന്നു. അതിന്റെ കാരണം എന്തായാലും അദ്ദേഹം ഒരു പ്രാചീനഗ്രന്ഥകാരനാണെന്നുള്ളതിനു സംശയമില്ല. ഈ സങ്ഗ്രഹകാരനും വാക്യകാരനും ഒരാളായിരിക്കാം. ഇവകൂടാതെ പ്രാകൃതപ്രകാശം, വാരരുചകോശം, ആശൗചാഷ്ടകം എന്നിങ്ങനെ ചില വാങ്മയങ്ങളും വരരുചി കൃതികളായി കാണുന്നുണ്ടു്. അവയിൽ ആശൗചാഷ്ടകം കേരളീയവരരുചിയുടെ കൃതിയാണു്. വരരുചി വാക്യവും പരല്പേരും നിർമ്മിച്ചു എങ്കിലും കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവർഷത്തിനു മുൻപു് അത്യന്തം വിരളമായിരുന്നു.

7.3ആശൗചാഷ്ടകം

ഈ ഗ്രന്ഥത്തിൽ എട്ടു ശ്ലോകങ്ങളേ അടങ്ങീട്ടുള്ളു എന്നു പേരിൽനിന്നുതന്നെ വ്യക്തമാകുന്നുണ്ടല്ലോ. എങ്കിലും ആ സങ്കുചിതമായ പരിധിക്കുള്ളിൽ ആചാര്യൻ അത്യന്തം വിസ്തൃതമായ ആശൗചവിഷയത്തിന്റെ സകലമർമ്മങ്ങളേയും സ്പർശിച്ചിട്ടുണ്ടു്. താഴെ ഉദ്ധരിക്കുന്നതു് ആദ്യത്തെ ശ്ലോകമാണു്.

“നാമ്നഃപ്രാഗ് ദന്തജാതേരുപനയനവിധേ
രാപ്ലവോഹസ്ത്രിരാത്രം
ജ്ഞാതേരൂർധ്വം ദശൈതൽ സഹഭൂവി തു കൃതേ
നാമ്നി പിത്രോസ്സദൈവ
സ്ത്രീഷു ക്ഷൗരാഷ്ടമാബ്ദാദുപയമനവിധേഃ
പൂർവവൽ സന്നിധൗ സ്യാ
ന്മാതുസ്തന്മാസസംഖ്യാസമദിനമുഭയോ
രുദ്ഭവേ ഗർഭനാശേ.”

7.3.1വ്യാഖ്യ
പ്രസ്തുത ഗ്രന്ഥത്തിനു് അജ്ഞാതനാമാവായ ഒരു കേരളീയൻ മനോഹരമായ ഒരു വ്യാഖ്യാനം സംസ്കൃതത്തിൽ രചിച്ചിട്ടുണ്ടു്. ആരംഭത്തിൽ സ്മൃതികാരനായ യാജ്ഞവല്ക്യനെ വന്ദിച്ചതിനുമേൽ വ്യാഖ്യാതാവു്

“അഷ്ടമശ്ലോകസൂച്യഗ്രവേധനം കൃതവാൻ ഹി യഃ
തഞ്ച നത്വാ വരരുചിം തദർത്ഥം വിവൃണോമ്യഹം.
ആശൗചാഷ്ടകഗീതാദിതത്ത്വസമ്പ്രതിപത്തയേ
പരസ്പരഭിദാഗുഢവ്യാഖ്യാർത്ഥവ്യക്തിഹേതവേ”
എന്നിങ്ങനെ മൂലകാരനെ നമസ്കരിക്കുകയും വ്യാഖ്യാനോദ്ദേശം വിശദീകരിക്കുകയും ചെയ്യുന്നു. ‘സഹസ്രസ്വാമി’ എന്ന അശ്രുതപൂർവനായ ഒരു ആചാര്യന്റെ വാക്യങ്ങൾ അദ്ദേഹം അങ്ങിങ്ങു് ഉദ്ധരിക്കുന്നുണ്ടു്. അദ്ദേഹവും കേരളീയനായിരിക്കാം. ക്ഷത്രിയർക്കും വൈശ്യർക്കും മരുമക്കൾ വഴിക്കാണു് ദായക്രമമെന്നു വ്യാഖ്യാകാരൻ വ്യക്തമായി പറയുന്നു. അതുകൊണ്ടു് അദ്ദേഹത്തിന്റെ കേരളീയത്വത്തെപ്പറ്റി സംശയിക്കേണ്ടതില്ല. വ്യാഖ്യാനത്തിനു് ഉദ്ദേശം നാലഞ്ചു ശതകത്തെ പഴക്കം കാണണം.

7.4പറയി പെറ്റ പന്തിരുകുലം

വരരുചിയുടെ ദാമ്പത്യജീവിതത്തെപ്പറ്റി കേരളീയർ ഒരു കഥ പറഞ്ഞുവരുന്നുണ്ടു്. ഒരിക്കൽ വരരുചി ഒരാൽത്തറയിൽ ഇരിക്കുമ്പോൾ അദ്ദേഹം ഒരു പറച്ചിയെ വിവാഹം ചെയ്യേണ്ടിവരുമെന്നു ചില വ്യോമചാരികൾ സംഭാഷണം ചെയ്തുപോകുകയും അതു കേട്ടു വിഷണ്ണനായി അദ്ദേഹം ആ പറയപ്പെൺപൈതലേതെന്നു തിരക്കി, അവളെപ്പിടിച്ചു തലയ്ക്കൊരാണി തറച്ചു് ഒരു പെട്ടിയിലാക്കി രാജഭടന്മാരെക്കൊണ്ടു് ആ പെട്ടി പുഴയിൽ ഒഴുക്കിക്കുകയും ചെയ്തു. അതു് ഒരു ബ്രാഹ്മണൻ കണ്ടെടുത്തു.

കുട്ടിയെ തന്റെ മകളെപ്പോലെ വളർത്തി. ആ ബ്രാഹ്മണന്റെ ഗൃഹത്തിൽ വരരുചി ഒരു ദിവസം അതിഥിയായി ചെല്ലുകയും കന്യകയുടെ രൂപഗുണങ്ങളാൽ ആകൃഷ്ടനായി അവളെ വിവാഹം ചെയ്കയും ചെയ്തു. ആ യുവതിയുടെ പൂർവ ചരിത്രം തലയിലെ ആണി കണ്ടു മനസ്സിലായപ്പോൾ ലജ്ജിച്ചു സ്വദേശത്തു താമസിക്കുന്നതു വിഹിതമല്ലെന്നു കരുതി അദ്ദേഹം സപത്നീകനായി ദേശസഞ്ചാരമാരംഭിക്കുകയും ആ വഴിക്കു കേരളത്തിൽ വന്നു ചേരുകയും ചെയ്തു. പതിനൊന്നു ശിശുക്കളെ പത്നി കേരളത്തിൽ ഓരോ സ്ഥലത്തായി പ്രസവിച്ചു. ഓരോ കുഞ്ഞിനെപ്പറ്റിയും ‘വായുണ്ടോ’ എന്നു വരരുചി ആ സാധ്വിയോടു ചോദിക്കുകയും ഉണ്ടെന്നു പറഞ്ഞാൽ അതിനെ പ്രസവിച്ച സ്ഥലത്തുതന്നെ ഇട്ടുംവെച്ചു പോകുകയും പതിവായിരുന്നു. പന്ത്രണ്ടാമത്തെ കുഞ്ഞിനു വായില്ലെന്നു് അവൾ പൊളി പറഞ്ഞപ്പോൾ അതു വാസ്തവത്തിൽ വായില്ലാത്തതായിത്തന്നെ തീർന്നു. അതിനെ ഒരു കുന്നിൽ കൊണ്ടു ചെന്നു ‘വായില്ലാക്കുന്നിലപ്പൻ’ എന്നു പേരും കൊടുത്തു പ്രതിഷ്ഠിച്ചതിനുമേൽ അവർ വീണ്ടും യാത്ര തുടർന്നു കേരളം വിട്ടുപോയി. ഇതാണു് ഐതിഹ്യം.

“മേഴത്തോളഗ്നിഹോത്രീ, രജക, നുളിയനൂർ
ത്തച്ചനും, പിന്നെ വള്ളോൻ,
വായില്ലാക്കുന്നിലപ്പൻ, വടുതലമരുവും
നായർ, കാരയ്ക്കൽ മാതാ,
ചെമ്മേ കേളുപ്പുകൂറ്റൻ, പെരിയ തിരുവരങ്ക
ത്തെഴും പാണനാരും,
നേരേ നാരായണഭ്രാന്തനു, മുടനകവൂർ
ച്ചാത്തനും, പാക്കനാരും.”
എന്ന ശ്ലോകത്തിൽനിന്നു മറ്റു മക്കൾ ആരെന്നു ഗ്രഹിക്കാവുന്നതാണു്. മേഴത്തോൾ ജാതിയിൽ നമ്പൂരിയും, പെരുന്തച്ചൻ കമ്മാളനും, ഉപ്പുകൂറ്റൻ മാപ്പിളയും (മുഹമ്മദീയനല്ല), ചാത്തൻ വൈശ്യനും, പാക്കനാർ പറയനുമായിരുന്നു എന്നു പറയുന്നു. ഇളയതായ നാറാണത്തുഭ്രാന്തനാണത്രേ കേരളത്തിൽ താന്ത്രികമതം അഭിവൃദ്ധിപ്പെടുത്തിയതു്. ഓരോരുത്തരെ ഓരോ ജാതിക്കാർ എടുത്തു വളർത്തിയതിനാൽ അവർക്കു ഭിന്നജാതിത്വം വന്നുചേർന്നുപോലും. പതിനൊന്നു പേരും ഓരോ തരത്തിൽ ദിവ്യന്മാരായിരുന്നു. അവരിൽ ചിലരെപ്പറ്റി ആശ്ചര്യകരങ്ങളായ പല ഐതിഹ്യങ്ങൾ കേട്ടുകേൾവിയുണ്ടു്. ഏകദേശം ഇത്തരത്തിൽ ഒരൈതിഹ്യം തമിഴ്നാട്ടിലും പ്രചരിക്കുന്നു. ഭഗവാൻ എന്ന ബ്രാഹ്മണന്റെയും ആതി എന്ന പറച്ചിയുടേയും സന്താനങ്ങളായി ഉപ്പൈ, ഉരുവൈ, വള്ളി, ഔവൈയാർ, അതികമാൻ, കപിലർ, തിരുവള്ളുവർ ഇങ്ങനെ ഏഴു പേർ ജനിച്ചു എന്നും, അവരെയെല്ലാം മാതാപിതാക്കൾ വഴിയിൽ തള്ളിയിട്ടുപോയി എന്നും, ഓരോ ജാതിക്കാർ എടുത്തു വളർത്തി എന്നുമാണു് ആ ഐതിഹ്യത്തിന്റെ ചുരുക്കം. തിരുവള്ളുവർ തിരുക്കുറളിന്റെ പ്രണേതാവും, കപിലർ പ്രസിദ്ധനായ സംഘകവിയും, ഔവൈ ചെന്തമിഴ്ക്കവയിത്രിയുമാണു്. അതികമാനും ചേരമാൻ പെരുമാൾനായനാരും ഒന്നാണെന്നു പഴമക്കാർ പറയുന്നു. കാരയ്ക്കലമ്മ ചോളദേശത്തിൽ ജീവിച്ചിരുന്ന ഒരു കവയിത്രിയാണു്. തിരുവാലങ്കാട്ടു മൂത്ത തിരുപ്പതികം, ഇരട്ടൈ മണിമാലൈ, അർപ്പുതത്തിരുവാന്താതി, ഈ ശിവസ്തുതിപരങ്ങളായ പ്രബന്ധങ്ങൾ ചെന്തമിഴിൽ രചിച്ചതു് ആ ഭക്തയാകുന്നു. ചോളരാജ്യത്തിലെ ഒരു ദേവതയായ കാരയ്ക്കലമ്മയേയും മൈലാപ്പൂരിൽ ജനിച്ചതായി തമിഴർ ഘോഷിക്കുന്ന തിരുവള്ളുവരെയും കേരളസന്താനങ്ങളായി ഗണിക്കുന്നതു സാഹസം തന്നെ. തിരുവരങ്കത്തു പാണനാരുടെ ജന്മഭൂമി ശ്രീരങ്ഗമാണെന്നു് അദ്ദേഹത്തിന്റെ പേരിനോടു ചേർത്തുകാണുന്ന വിശേഷണം തന്നെ പ്രഖ്യാപനം ചെയ്യുന്നു. ആകെക്കൂടി നോക്കുമ്പോൾ അഗ്നിഹോത്രി, പെരുന്തച്ചൻ, വടുതലനായർ, നാറാണത്തുഭ്രാന്തൻ, ചാത്തൻ, പാക്കനാർ എന്നീ ആറു പേരും, പക്ഷെ ഉപ്പുകൂറ്റനും കേരളത്തിൽ ഓരോ കാലത്തു ജീവിച്ചിരുന്നിരിക്കാമെന്നും അവരെയെല്ലാം ഒരു ചരടിലിണക്കിക്കോർത്തു് ഏകോദരസഹോദരന്മാരാക്കി ഒരു കഥ കേരളീയർ നിർമ്മിച്ചതു ജാതിബ്ഭള്ളിന്റെ പൊള്ള വെളിപ്പെടുത്താനും സരസ്വതീഗോത്രം ഒന്നേ ഉള്ളു എന്നു കാണിക്കുവാനുമായിരിക്കുമെന്നും ഞാൻ ഊഹിക്കുന്നു. വൈയാകരണനായ വരരുചിക്കു് അഗമ്യാഗമനം കല്പിച്ചു് അദ്ദേഹത്തെ പതിതപ്രായനായി ജനങ്ങൾ കരുതിയിരുന്നു എന്നുള്ളതു ഭോജരാജാവിന്റെ ശൃങ്ഗാരപ്രകാശത്തിൽ നിന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തിൽനിന്നു വിശദമാകുന്നതാണു്.

“ധൂർത്തൈര്യൽ ശ്വപചീകൃതോ വരരുചി
സ്സർവ്വജ്ഞകല്പോപി സൻ;
ജീവന്നേവ പിശാചതാഞ്ച ഗമിതോ
ഭർച്ചുര്യദഭ്യർച്യധീഃ;
ഛന്ദോഗോയമിതി പ്രഭാകരഗുരുർ
ദ്ദേശാച്ച നിർവാസിതോ
യദ്വൃത്താന്തവിജൃംഭിതേന മഹതാ
തത്സർവമല്പീകൃതം”
പല ദേശങ്ങളിലെ പുരാവൃത്തങ്ങൾ കൂട്ടിക്കുഴച്ചുമറിച്ചു് ഒന്നിച്ചു ചേർത്തു തട്ടിപ്പടച്ചിരിക്കുന്നതാണു് കേരളത്തിലെ ഈ ഐതിഹ്യം എന്നു സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ആർക്കും ബോധപ്പെടാതിരിക്കുകയില്ല.

7.4.1മേഴത്തോൾ അഗ്നിഹോത്രി
മേഴത്തോൾ അഗ്നിഹോത്രിയുടെ ഇല്ലം മലബാർ ജില്ലയിൽ പൊന്നാനിത്താലൂക്കിൽ മേഴത്തോളംശത്തിലാകുന്നു. ആ കുടുംബക്കാർ ഇന്നും വന്നേരിയിൽ ഉണ്ടത്രേ. അദ്ദേഹമാണു് നമ്പൂരിമാരുടെ ഇടയിൽ ആദ്യമായി ഋതുമതീവിവാഹം ചെയ്തതു് എന്നു പറയാറുള്ളതു സത്യമല്ലെന്നു ഞാൻ മുൻപു സൂചിപ്പിച്ചിട്ടുണ്ടു്. അദ്ദേഹമത്രേ കേരളത്തിൽ ആദ്യമായി യാഗം ചെയ്തതു് എന്നും കേൾവിയുണ്ടു്. അഗ്നിഹോത്രി വളരെ യാഗങ്ങൾ അനുഷ്ഠിച്ചു എന്നുള്ളതു വാസ്തവമാണു്. അദ്ദേഹം തൊണ്ണൂറ്റൊൻപതു യാഗങ്ങൾ നിർവഹിച്ചു എന്നും ക്രി. പി. 378-ൽ മുപ്പത്താറാമത്തെ വയസ്സിൽ ആണു് ഒടുവിലത്തെ യാഗം അവസാനിപ്പിച്ചതെന്നും പറഞ്ഞുവരാറുണ്ടു്. അദ്ദേഹം ‘അധ്വരസമ്പ്രദായം’ കൊടുന്തമിഴിൽ ഭാഷപ്പെടുത്തീട്ടുണ്ടെന്നു ചിലർ പ്രസ്താവിക്കുന്നതിൽ വല്ല വാസ്തവാംശവുമുണ്ടോ എന്നറിഞ്ഞുകൂടാ. ആ ഗ്രന്ഥം ഇതുവരെ കണ്ടുകിട്ടീട്ടില്ല. ഏതായാലും കേരളത്തിൽ പൂർവമീമാംസാമതത്തിന്റെ പ്രചാരത്തിനുവേണ്ടി ഇദംപ്രഥമമായി പ്രയത്നിച്ചവരിൽ അദ്ദേഹം ഒരു പ്രാമാണികനായിരുന്നു എന്നു നിർണ്ണയിക്കാം.
“മുൻപത്നി പുഷ്പിണിയൊടുക്കമൊരമ്മിയാരീ
ത്തൻപത്തനാടികളുമൊത്തെഴുമഗ്നിഹോത്രീ
വൻപത്തമോടൊരു കുറേശ്ശതമധ്വരം സൽ
സമ്പത്തിയന്ന വിഭു ചെയ്തുനിരത്തി നാട്ടിൽ.”
എന്ന പദ്യത്തിൽ കുഞ്ഞിക്കുട്ടൻതമ്പുരാൻ ഏതദ്വിഷയകമായ ഒരു ഐതിഹ്യം തന്റെ കേരളം എന്ന വിശിഷ്ടമായ കാവ്യത്തിൽ സങ്ഗ്രഹിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രഥമ പത്നിയായ ‘പത്തനാടി’ (ആധാനം ചെയ്ത നമ്പൂരിയുടെ അന്തർജ്ജനം) യിൽ വെളുത്ത പട്ടേരിയുടേയും മൂന്നാമത്തെ പത്നിയായ അമ്യാരിൽ (തമിഴ്ബ്രാഹ്മണി) വേമഞ്ചേരി, കൂടല്ലൂർ, കൂടലാറ്റുപുറം ഈ മനകളിലെ നമ്പൂരിമാരുടേയും കുടുംബങ്ങൾ ഉത്ഭവിച്ചു എന്നും രണ്ടാമത്തെ ഭാര്യയായ ഋതുമതിയിൽ ഉണ്ടായ സന്തതിപരമ്പര അന്യംനിന്നുപോയി എന്നും ആ മഹാകവി തന്നെ രേഖപ്പെടുത്തീട്ടുണ്ടു്.

7.5പ്രഭാകരമിശ്രൻ – ദേശം

പൂർവമീമാംസ കേരളത്തിൽ വേരൂന്നുവാൻ പ്രധാനകാരണം കേരളീയനായ പ്രഭാകരമിശ്രന്റെ ആവിർഭാവമാണു്. പ്രഭാകരൻ ശുകപുരം ഗ്രാമത്തിൽ പെട്ട പടിഞ്ഞാറേ കുത്തുള്ളിമനയ്ക്കലേ ഒരു നമ്പൂരിയായിരുന്നു എന്നാണു് ഐതിഹ്യം. കേരളോൽപത്തിയിൽ പള്ളിവാണപ്പെരുമാൾ നമ്പൂരിമാരെ ശാസ്ത്രാഭ്യാസം ചെയ്യിക്കുന്നതിനു വേണ്ടി ഭട്ടാചാര്യരെ (കുമാരിലഭട്ടൻ) വരുത്തി ചെലവിനു കൊടുത്തു പാർപ്പിച്ചു എന്നും അദ്ദേഹത്തിന്റെ ശിഷ്യനായി വെളിയിൽനിന്നു പ്രഭാകരഗുരുക്കളും വന്നുചേർന്നു എന്നും പ്രഭാകരൻ കേരളത്തിൽതന്നെ സ്ഥിരമായി താമസിച്ചു് നമ്പൂരിമാരെ പൂർവമീമാംസ അധ്യയനം ചെയ്യിച്ചു എന്നും അദ്ദേഹത്തിനു പെരുമാൾ ഏഴായിരം കലവും ഉദയതുങ്ഗൻചെട്ടി അയ്യായിരം കലവും വസ്തുദാനം ചെയ്തു എന്നും പ്രസ്താവിച്ചു കാണുന്നു. എങ്കിലും ആ പ്രസ്താവന ആദ്യന്തം വിശ്വസനീയമല്ലെന്നും അദ്ദേഹം ഒരു കേരളീയൻ തന്നെയായിരുന്നു എന്നുമാണു് എനിക്കു തോന്നുന്നതു്. ഛന്ദോഗൻ (സാമവേദാധ്യായി) എന്ന കാരണത്താൽ അദ്ദേഹത്തെ ദേശത്തിൽനിന്നു നിഷ്കാസനം ചെയ്തു എന്നു ശൃങ്ഗാരപ്രകാശത്തിൽ പ്രസ്താവിച്ചിട്ടുള്ളതു താൻ ഉത്തരഭാരതത്തിൽ പൂർവമീമാംസ അഭ്യസിച്ച ദേശമായിരിക്കാം. അദ്ദേഹത്തെ അകേരളീയനാണെന്നു് ആരും പറഞ്ഞിട്ടില്ല. ഏതായാലും ആ മഹാത്മാവു കേരളത്തിൽ പൂർവമീമാംസാചാര്യനായി പരിലസിച്ചിരുന്നു എന്നുള്ളതു നിർവിവാദമാണു്. ഉദയതുങ്ഗേശ്വരത്തു സഭാമഠത്തിൽ അദ്ദേഹത്തിന്റെ മെതിയടി വച്ചു പൂജിച്ചുവന്നതായി കേരളോൽപത്തിയിൽ പ്രത്സാവനയുണ്ടു്. ഒരു ഘട്ടത്തിൽ അദ്ദേഹം ‘തദിദമന്യദീയമന്യസ്യോച്യമാനം മാതുലധനകഥനന്യായ മാവഹതി’ എന്ന പങ്ക്തിയിൽ മരുമക്കത്തായത്തെ കടാക്ഷിക്കുന്നതായി അഭ്യൂഹിക്കാവുന്നതാണു്.

7.5.1കാലം
കുമാരിലഭട്ടന്റെ ശിഷ്യനായിരുന്നു പ്രഭാകരൻ എന്നാണു് ഭാരതമെങ്ങും പണ്ടേക്കുപണ്ടേയുള്ള പ്രസിദ്ധി. ക്രി. പി. 650-ൽ ചരമം പ്രാപിച്ച ഭർത്തൃഹരിയുടെ വാക്യപദീയത്തെ ഭട്ടൻ തന്ത്രവാർത്തികത്തിൽ സ്മരിക്കുന്നതുകൊണ്ടും ഉംവേകൻ എന്ന നാമാന്തരത്തോടുകൂടിയ ഭവഭൂതി (655–725) അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നതുകൊണ്ടും അദ്ദേഹം ക്രി. പി. 620 മുതൽ 680 വരെ ജീവിച്ചിരുന്നിരിക്കണമെന്നാണു് പല പണ്ഡിതന്മാരുടെയും മതം. കുമാരിലൻ ശിഷ്യന്മാരെ പഠിപ്പിക്കുമ്പോൾ “അത്രാപി നോക്തം; തത്ര തുനോക്തം; ഇതി ദ്വിരുക്തം” എന്ന പങ്ക്തിക്കു് അർത്ഥം തോന്നാതെ സ്വല്പം കുഴങ്ങി എന്നും അതു കണ്ട കുശാഗ്രബുദ്ധിയായ പ്രഭാകരൻ “അത്ര അപിനാ ഉക്തം; തത്ര തുനാ ഉക്തം; ഇതി ദ്വിഃ ഉക്തം” അതായതു് “ഇവിടെ ‘അപി’ കൊണ്ടും അവിടെ ‘തു’കൊണ്ടും ഇങ്ങനെ രണ്ടുതവണ പറഞ്ഞിട്ടുണ്ടു്” എന്നാണു് ആ പങ്ക്തിയുടെ അർത്ഥമെന്നു് ആചാര്യനെ അറിയിച്ചു എന്നും, അപ്പോൾ വിസ്മിതനായ അദ്ദേഹം ആ ശിഷ്യനു ‘ഗുരു’ എന്ന ബിരുദം നല്കി എന്നും പഴമക്കാർ പ്രസ്താവിക്കുന്നു. തന്നിമിത്തം അദ്ദേഹത്തിന്റെ മതത്തെ ഗുരുമതമെന്നു പറയുന്നു. ശിഷ്യനായിരിക്കുമ്പോൾ ഒരു രാത്രിയിൽ പ്രഭാകരൻ കുമാരിലന്റെ ജീവഹാനി വരുത്തുവാൻ തട്ടിൻപുറത്തു കേറി ഒളിഞ്ഞിരിക്കുകയും, കുമാരിലൻ തന്റെ പത്നിയോടു പൂർണ്ണചന്ദ്രനെ ചൂണ്ടിക്കാണിച്ചു് ആ ചന്ദ്രനു തന്റെ പ്രഭാകരന്റെ കാന്തിയില്ലെന്നു പറയുകയും അതു കേട്ടു ശിഷ്യൻ താഴെയിറങ്ങി ഗുരുദ്രോഹത്തിനു പ്രായശ്ചിത്തമായി ഉമിത്തീയിൽ ഇറങ്ങിനിന്നു മരിക്കുവാൻ നിശ്ചയിക്കുകയും, അതു് ആചാര്യൻ പണിപ്പെട്ടു തടയുകയും ചെയ്തതായി ഒരു കഥയുണ്ടു്. വിദ്യാരണ്യന്റേതാണെന്നു് അബദ്ധമായി പറയുന്ന ശങ്കരവിജയത്തിൽ കാണുന്നതു കുമാരിലൻ ഒരു ബൗദ്ധനോടു ബുദ്ധദർശനം അഭ്യസിച്ചു എന്നും ആ അഭ്യാസം ബൗദ്ധമതഖണ്ഡനത്തിനു വേണ്ടിയായിരുന്നതിനാൽ ബൗദ്ധന്മാരെ വാദത്തിൽ മടക്കിയതിനുശേഷം ഗുരുദ്രോഹഭീതിയാൽ ഉമിത്തീയിൽ ചാടി മരിച്ചു എന്നുമാകുന്നു. സുകുമാരകവിയെപ്പറ്റിയും ഈ ഐതിഹ്യം തന്നെ പ്രകാരാന്തരേണ പ്രചരിക്കുന്നു. പ്രസ്തുത സംഭവം ആരെസ്സംബന്ധിച്ചാണു് വാസ്തവത്തിൽ ഉണ്ടായതെന്നു് അറിവാൻ നിവൃത്തിയില്ല. ഏതായാലും ചില വിദ്വാന്മാർ വിപരീതാഭിപ്രായക്കാരാണെങ്കിലും പ്രഭാകരൻ കേരളത്തിൽനിന്നു് ഉത്തരഭാരതത്തിൽ പോയി ഭട്ടന്റെ അന്തേവാസിത്വം സ്വീകരിക്കുകയും ഭട്ടനോടുകൂടി തിരിയെ സ്വദേശത്തു വന്നു ബൗദ്ധമതത്തെ അസ്തമിതപ്രായമാക്കുകയും ചെയ്തതായി നമുക്കു് അനുമാനിക്കാം. ആ അനുമാനം അസങ്ഗതമല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവിതകാലം ക്രി. പി. 650-നും 720-നും ഇടയ്ക്കാണെന്നു വന്നുകൂടുന്നു.

7.5.2ഭവദാസനും പ്രഭാകരനും
ആദികാലത്തു മീമാംസാദർശനം ഒന്നേയുണ്ടായിരുന്നുള്ളു. അതു പിന്നീടു കർമ്മകാണ്ഡ പ്രതിപാദകമായ പൂർവ്വമീമാംസയെന്നും ജ്ഞാനകാണ്ഡ പ്രതിപാദകമായ ഉത്തരമീമാംസയെന്നും രണ്ടായി പിരിഞ്ഞു. പൂർവ്വമീമാംസയ്ക്കു മീമാംസയെന്നും ഉത്തരമീമാംസയ്ക്കു വേദാന്തമെന്നും പശ്ചാൽകാലികന്മാർ പേർ നൽകി. പൂർവമീമാംസാസൂത്രങ്ങൾ നിർമ്മിച്ചതു ജൈമിനി മഹർഷിയാണു്. ആ ഗ്രന്ഥത്തിൽ പതിനാറു് അധികരണങ്ങളുണ്ടു്. ‘ദ്വാദശലക്ഷണി’ എന്നു പറയുന്ന ആദ്യത്തെ പന്ത്രണ്ടു് അദ്ധ്യായങ്ങൾ മാത്രമേ സാധാരണമായി പഠിക്കാറുള്ളു. സങ്കർഷകാണ്ഡമെന്നും ദേവതാധ്യായമെന്നും പറയുന്ന ഒടുവിലത്തെ നാലധ്യായങ്ങൾ താരതമ്യേന അപ്രസിദ്ധങ്ങളാണു്. ജൈമിനീയസൂത്രങ്ങളുടെ ആദ്യത്തെ വൃത്തികാരൻ ഉപവർഷനും രണ്ടാമൻ ഭവദാസനുമാണു്. ഭവദാസൻ ക്രി. പി. രണ്ടാംശതകത്തിൽ ജീവിച്ചിരുന്നു. ഈ പേർ നമ്പൂരിമാർക്കല്ലാതെ മറ്റാർക്കുമില്ലാത്തതുകൊണ്ടു പ്രസ്തുത വൃത്തികാരനെ ഞാൻ ഒരു കേരളീയനായി പരിഗണിക്കുന്നു. അദ്ദേഹത്തെ ഭട്ടൻ ശ്ലോകവാർത്തികത്തിൽ

“പ്രദർശനാർത്ഥമിത്യേകേ കേചിന്നാനാർത്ഥവാചിനഃ
സമുദായാദവച്ഛിദ്യ ഭവദാസേന കല്പിതാൽ.”
എന്ന പദ്യത്തിൽ അസന്ദിഗ്ദ്ധമായി സ്മരിക്കുന്നു. ദേവസ്വാമി (ക്രി. പി. 1000) ഈ വൃത്തിയെ ‘ഭാവദാസഭാഷ്യം’ എന്നു പ്രശംസിച്ചിട്ടുണ്ടു്. ഭവദാസന്റെ വൃത്തി ഇനിയും കണ്ടുകിട്ടീട്ടില്ല. ശബരസ്വാമിയാണു് (ക്രി. പി. 200) ജൈമിനീയസൂത്രങ്ങളുടെ ഒന്നാമത്തെ ഭാഷ്യകാരൻ. ശബരഭാഷ്യത്തിനു ടീകകളാണു് ഭട്ടനും പ്രഭാകരനും നിർമ്മിച്ചിട്ടുള്ളതു്. ഭട്ടന്റെ ശ്ലോകവാർത്തികം ശബരഭാഷ്യം പ്രഥമാധ്യായത്തിലെ പ്രഥമപാദത്തിന്റേയും തന്ത്രവാർത്തികം ഒന്നാമധ്യായം രണ്ടാം പാദംമുതൽ മൂന്നാമധ്യായത്തിന്റെ അവസാനം വരെയുള്ള ഭാഗത്തിന്റേയും ടുപ്ടീക നാലാമധ്യായം മുതൽ പന്ത്രണ്ടാമധ്യായംവരെ ഒൻപതു അധ്യായങ്ങളുടേയും വ്യാഖ്യാനമാകുന്നു. ഇവ കൂടാതെ ബൃഹട്ടീകയെന്നും മധ്യമടീകയെന്നുംകൂടി രണ്ടു വ്യാഖ്യകൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. വാർത്തികനിർമ്മാണം നിമിത്തം കുമാരിലനെ വാർത്തികകാരനെന്നും പറയുന്നു. ഭവദാസമതത്തിന്റെ ഖണ്ഡനത്തിനു ഭട്ടനും മണ്ഡനത്തിനു പ്രഭാകരനും ഉദ്യമിച്ചു. ഒരു കേരളീയന്റെ മതത്തെ പുനഃസ്ഥാപനം ചെയ്യുവാൻ മറ്റൊരു കേരളീയൻ ശ്രമിക്കുന്നതു സ്വാഭാവികമാണല്ലോ.

7.5.3പ്രഭാകരന്റെ കൃതികൾ
പ്രഭാകരൻ ശബരഭാഷ്യത്തിനു വിവരണമെന്നും നിബന്ധനമെന്നും രണ്ടു വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ടു്. വിവരണമാണു് ആദ്യത്തെ വ്യാഖ്യാനം. അതിനു ലഘ്വീ എന്നും പേരുണ്ടു്. ആദ്യം വിവരണം രചിക്കുകയും അതിനെ ഭട്ടൻ വാർത്തികത്തിൽ വിമർശിച്ചപ്പോൾ വാർത്തികത്തെ ചർച്ചചെയ്തു ബൃഹതീ എന്നുകൂടിപ്പേരുള്ള നിബന്ധനം നിർമ്മിക്കുകയും ചെയ്തതായി ഊഹിക്കാം. ബൃഹതിയുടെ ആറധ്യായങ്ങൾമാത്രമേ കണ്ടുകിട്ടീട്ടുള്ളു. ലഘ്വിക്കു് ആറായിരം ശ്ലോകത്തോളവും ബൃഹതിക്കു പന്തീരായിരം ശ്ലോകത്തോളവും വലിപ്പമുണ്ടെന്നാണു് സർവദർശനകൗമുദീകാരനായ മാധവസരസ്വതി പറയുന്നതു്. രണ്ടും ഗദ്യമാണു്. പ്രഭാകരന്റെ ഗദ്യശൈലി ഗഹനമാണെങ്കിലും അതേസമയത്തിൽതന്നെ മനോഹരവും ഫലിതസമ്മിശ്രവുമാകുന്നു.

7.5.4പ്രഭാകരന്റേയും ഭട്ടന്റേയും ശിഷ്യന്മാർ
പ്രഭാകരൻ ജീവിച്ചിരിക്കുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ പ്രശസ്തി ഭാരതമെങ്ങും പ്രസരിച്ചു. ആ ആചാര്യന്റെ പ്രധാനശിഷ്യൻ ക്രി. പി. 690 മുതൽ 760 വരെ ജീവിച്ചിരുന്നതായി വിചാരിക്കാവുന്ന ശാലികാനാഥനാകുന്നു. ശാലികാനാഥൻ വങ്ഗദേശീയനെന്നാണു് എന്റെ അഭ്യൂഹം. അദ്ദേഹം ലഘ്വിക്കു ദീപശിഖാപഞ്ചികയെന്നും, ബൃഹതിക്കു ഋജുവിമലാപഞ്ചികയെന്നും പേരുള്ള രണ്ടു വ്യാഖ്യകൾ കൂടാതെ പ്രഭാകരസിദ്ധാന്തങ്ങളെ പ്രസ്പഷ്ടമാക്കുന്നതിനു പ്രകരണപഞ്ചിക എന്ന പ്രസിദ്ധമായ ഗ്രന്ഥവും ഭാഷ്യപരിശിഷ്ടവും നിർമ്മിച്ചിട്ടുണ്ടു്. മഹാപണ്ഡിതനായിരുന്ന പള്ളിപ്പുറത്തു നമ്പൂരി അദ്ദേഹത്തെപ്പറ്റി

“ശാലികാനാഥവന്മൂഢോ ന ജാതോ ന ജനിഷ്യതേ
പ്രഭാകരപ്രകാശായ യേന ദീപശിഖാ കൃതാ”
എന്നു പറഞ്ഞിട്ടുള്ളതു പ്രഭാകരന്റെ നേർക്കുള്ള ഭക്തിപാരവശ്യം നിമിത്തം മാത്രമാണു്. മണ്ഡനമിശ്രൻ (ക്രി. പി. 670–740) ഭട്ടന്റെ ശിഷ്യനായിരുന്നു. വിധിവിവേകം, ഭാവനാവിവേകം, വിഭ്രമവിവേകം, മീമാംസാസൂത്രാനുക്രമണി, സ്ഫോടസിദ്ധി, ബ്രഹ്മസിദ്ധി എന്നീ ഗ്രന്ഥങ്ങളുടെ പ്രണേതാവാണു് അദ്ദേഹം. ബ്രഹ്മസിദ്ധി ഒരു വേദാന്തഗ്രന്ഥമാകുന്നു. ഉംവേകഭട്ടനെപ്പറ്റി മുൻപു പറഞ്ഞുവല്ലോ. അദ്ദേഹം ശ്ലോകവാർത്തികത്തിനും ഭാവനാവിവേകത്തിനും വ്യാഖ്യകൾ രചിച്ചിട്ടുണ്ടു്. ഭട്ടന്റെ ഈ മൂന്നു ശിഷ്യന്മാരേയും പറ്റി

“ഉംവേകഃ കാരികാം വേത്തി; തന്ത്രം വേത്തി പ്രഭാകരഃ;
മണ്ഡനസ്തുഭയം വേത്തി; നോഭയം വേത്തി രേവണഃ”
എന്നൊരു പഴയ ശ്ലോകമുണ്ടു്. കാരികയെന്നാൽ ഇവിടെ ശ്ലോകവാർത്തികമെന്നും തന്ത്രമെന്നാൽ തന്ത്രവാർത്തികമെന്നും അർത്ഥം. മണ്ഡനൻ വിധിവിവേകത്തിലും ബ്രഹ്മസിദ്ധിയിലും പ്രഭാകരനെ സ്മരിക്കുന്നു. “അലം ഗുരുഭിർവിവാദേന” എന്നു് അദ്ദേഹം ഒരു ഘട്ടത്തിൽ പറയുന്നു. പ്രഭാകരന്റെ സിദ്ധാന്തങ്ങളോടുകൂടി പശ്ചാൽകാലികന്മാർ ചില ഭിന്നാഭിപ്രായങ്ങൾ ഘടിപ്പിച്ചു. വാചസ്പതിമിശ്രൻ (ക്രി. പി. 800–900) ന്യായകണികയിൽ “ജരൽപ്രഭാകരോന്നീതാർത്ഥം ഗുരോർവചഃ” എന്നും “നവീനാസ്തൂന്നയന്തി” എന്നും പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു് അന്നുതന്നെ പ്രഭാകരശാഖ രണ്ടായി പിരിഞ്ഞുകഴിഞ്ഞിരുന്നു എന്നൂഹിക്കാവുന്നതാണു്.

7.5.5പ്രാഭാകരമതവും ഭാട്ടമതവും
പ്രഭാകരന്റേയും ഭട്ടന്റേയും മതങ്ങൾക്കു തമ്മിലുള്ള വ്യത്യാസങ്ങൾ ഇവിടെ പ്രപഞ്ചനം ചെയ്യണമെന്നു് ഉദ്ദേശിക്കുന്നില്ല. വൈദികങ്ങളായ ശബ്ദങ്ങളെ മാത്രമേ പ്രഭാകരൻ പ്രമാണത്വേന അങ്ഗീകരിക്കുന്നുള്ളു. പദങ്ങളെക്കൊണ്ടു് അഭിഹിതങ്ങളായ പദാർത്ഥങ്ങൾതന്നെയാണു് വാക്യാർത്ഥത്തെ ബോധിപ്പിക്കുന്നതു് എന്നുള്ള ഭട്ടന്റെ പക്ഷം പ്രഭാകരനു സമ്മതമല്ല. അദ്ദേഹത്തിനു വാക്യമാണു് ഘടകം; തന്നിമിത്തം ഭട്ടനെ അഭിഹിതാന്വയവാദിയെന്നും പ്രഭാകരനെ അന്വിതാഭിധാനവാദിയെന്നും പറയുന്നു. ഭട്ടനു് അഭാവം ഒരു പദാർത്ഥമാണു്. പ്രഭാകരൻ അതു് കേവലം അധികരണസ്വരൂപമാണെന്നു കരുതുന്നു; അതു കൊണ്ടു് അനുപലബ്ധി അദ്ദേഹത്തിനു പ്രമാണമല്ല. വിപരീതഖ്യാതിവാദിയാണു് ഭട്ടൻ; അഖ്യാതിവാദിയാണു് പ്രഭാകരൻ; ഇതു ഭ്രമജ്ഞാനവിഷയകമായുള്ള മതഭേദമാകുന്നു. ഖ്യാതിയെന്നാൽ ജ്ഞാനമെന്നർത്ഥം. ഇങ്ങനെ പൂർവമീമാംസ ഭാട്ടമെന്നും പ്രഭാകരമെന്നും രണ്ടു വലിയ ശാഖകളായി പ്രവഹിച്ചുതുടങ്ങി. കാലാന്തരത്തിൽ ഭാട്ടമതത്തിനാണു് പ്രാബല്യം സിദ്ധിച്ചതു്. എങ്കിലും രണ്ടു മതങ്ങളേയും ഒന്നുപോലെ കേരളീയർ ബഹുമാനിച്ചു. രണ്ടിനും സമാനകക്ഷ്യയിൽ പട്ടത്താനങ്ങളിലും മറ്റു സ്ഥാനം നൽകി. നമ്പൂരിമാരുടെ ഗ്രാമങ്ങളെക്കൂടി ഭാട്ടം, പ്രാഭാകരം, വ്യാകരണം എന്നിങ്ങനെ വിഭജിച്ചിരുന്നതായി കേരളോൽപത്തിയിൽനിന്നു വെളിപ്പെടുന്നു എന്നു ഞാൻ മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭട്ടനു കേരളത്തിൽ ലഭിച്ച ഒരു ശിഷ്യനായിരുന്നു വടക്കൻകോട്ടയം രാജവംശത്തിന്റെ കൂടസ്ഥനെന്നു പറയുന്ന ഹരിശ്ചന്ദ്രമഹാരാജാവു്. അദ്ദേഹമാണു് ഇവിടെ ഭാട്ടമതത്തിനു പ്രചാരം വരുത്തിയതു്.

“യേഷാം വംശേ സമജനി ഹരി
ശ്ചന്ദ്രനാമാ നരേന്ദ്രഃ
പ്രത്യാപത്തിഃ പതഗ, യദുപ
ജ്ഞഞ്ച കൗമാരിലാനാം”
എന്നു കോകിലസന്ദേശത്തിൽ ഉദ്ദണ്ഡശാസ്ത്രികൾ ആ മഹാരാജാവിനെ വാഴ്ത്തുന്നു.

7.5.6പ്രഭാകരന്റെ യശസ്സു്
പ്രഭാകരനെപ്പറ്റി പിൽക്കാലക്കാർക്കു് ഏത്രമാത്രം മതിപ്പുണ്ടായിരുന്നു എന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ തെളിയിക്കുന്നതാണു്. ശാലികാനാഥൻ ഋജുവിമല ഇങ്ങനെ ആരംഭിയ്ക്കുന്നു:-

“സൃഷ്ടാവിദ്യാനിശാധ്വംസിനിബന്ധനിബിഡൗജസം
ഉദ്ഭാസിതജഗജ്ജാഡ്യം നമസ്യാമഃ പ്രഭാകരം.
പ്രഭാകരഗുരോരർത്ഥാൻ മിതഗംഭീരഭാഷിണഃ
അഞ്ജസാ വ്യഞ്ജയിഷ്യന്തീ പഞ്ചികാ ക്രിയതേ മയാ.”
മഹാത്മാവായ രാമാനുജാചാര്യർ തന്ത്രരഹസ്യത്തിൽ

“ആലോച്യ ശബ്ദബലമർത്ഥബലം ശ്രുതീനാം
ടീകാദ്വയം വ്യരചയദ് ബൃഹതീം ച ലഘ്വീം
ഭാഷ്യം ഗഭീരമധികൃത്യ മിതാക്ഷരം യ
സ്സോയം പ്രഭാകരഗുരുർജ്ജയതി ത്രിലോക്യാം.”
എന്നു ഗുരുവിനേയും

“ബൃഹതീം തഥൈവ ലഘ്വീം
ടീകാമധികൃത്യ ശാലികാനാഥഃ
ഋജുവിമലാം ദീപശിഖാം
വിശദാർത്ഥമകൃത പഞ്ചികാം ക്രമശഃ”
എന്നു ശിഷ്യനേയും പ്രശംസിക്കുന്നു. എല്ലാംകൊണ്ടും പ്രഭാകരമിശ്രൻ കേരളഭൂമിയുടെ മഹനീയന്മാരായ പുത്രന്മാരിൽ ശങ്കര ഭഗവൽപാദരെ കഴിച്ചാൽ അടുത്ത സ്ഥാനത്തിനവകാശിയാണെന്നു സ്ഥാപിക്കാവുന്നതാണു്.

7.6ഭവരാതൻ; മാതൃദത്തൻ; രാമശർമ്മാ

ക്രി. പി. 635 മുതൽ 700 വരെ ജീവിച്ചിരുന്നു എന്നു സങ്കല്പിക്കാവുന്ന ആചാര്യ ദണ്ഡിയെപ്പറ്റി കേട്ടിട്ടില്ലാത്ത സംസ്കൃതസാഹിത്യ പ്രണയികൾ ഉണ്ടായിരിക്കുകയില്ലല്ലോ. പല്ലവരാജാവായ സിംഹവിഷ്ണുവിന്റേയും (വാഴ്ചക്കാലം ക്രി. പി. 575–600) അദ്ദേഹത്തിന്റെ പുത്രനായ മഹേന്ദ്രവിക്രമന്റേയും (വാഴ്ചക്കാലം ക്രി. പി. 600–630) സദസ്യപ്രവേകനും കിരാതാർജ്ജുനീയത്തിന്റെ പ്രണേതാവും ദാമോദരനാമാന്തരനുമായ ഭാരവി മഹാകവിയുടെ പുത്രനായ മനോരഥനു വീരദത്തൻ എന്നൊരു പുത്രനുണ്ടായിരുന്നു. വീരദത്തനു ഗൗരി എന്ന പത്നിയിൽ ദണ്ഡി ജനിച്ചു. ദണ്ഡി കാഞ്ചീപുരത്തു താമസിക്കവേ പുലകേശിയുടെ പുത്രനായ പ്രഥമചാലൂക്യവിക്രമാദിത്യൻ ക്രി. പി. 655-ാമാണ്ടിടയ്ക്കു് ആ നഗരം സ്വായത്തമാക്കുകയും അതോടുകൂടി അദ്ദേഹം ദേശാന്തരഗമനം ചെയ്യുകയും ചെയ്തു. ദ്വിതീയനരസിംഹവർമ്മനെന്ന പല്ലവരാജാവു് (വാഴ്ചക്കാലം ക്രി. പി. 660–685) കാഞ്ചി വീണ്ടെടുത്തപ്പോൾ ദണ്ഡി തിരിയെ വന്നു്, അദ്ദേഹത്തിന്റെ ആസ്ഥാനപണ്ഡിതനായിത്തീർന്നു. അവിടെവെച്ചു കാവ്യാദർശം, അവന്തിസുന്ദരി, ദ്വിസന്ധാനകാവ്യം എന്നിങ്ങനെ മൂന്നു ഗ്രന്ഥങ്ങൾ അദ്ദേഹം നിർമ്മിച്ചു. ദശകുമാരചരിതത്തിൽ പൂർവപീഠികയൊഴികെയുള്ള ഭാഗങ്ങൾ അദ്ദേഹത്തിന്റെ കൃതിയാണോ എന്നു സംശയമുണ്ടു്. ദണ്ഡിക്കു വേദശാസ്ത്രങ്ങളിലുള്ള പാണ്ഡിത്യത്തിനു പുറമേ ശില്പവിദ്യയിലും നൈപുണ്യമുണ്ടായിരുന്നു. ഇക്കാലത്തു ചെങ്കൽപ്പേട്ട ജില്ലയിൽ ഉൾപ്പെടുന്ന മഹാമല്ലപുരത്തു നിന്നു ലളിതാലയൻ എന്ന ഒരു ശില്പി കാഞ്ചീപുരത്തു ചെന്നു മഹാമല്ലപുരത്തെ വിഷ്ണുവിഗ്രഹത്തിന്റെ വലത്തുകൈ ഒടിഞ്ഞുപോയി എന്നും താൻ അതു വീണ്ടും ഘടിപ്പിച്ചു എന്നും അതു ശരിയായോ എന്നു പരിശോധിക്കുവാൻ ദണ്ഡി കൂടി പോരണമെന്നും അപേക്ഷിച്ചു. അപ്പോൾ രണമല്ലനെന്ന സേനാപതിയുടെ പുത്രൻ ദണ്ഡിയോടു് ആ അപേക്ഷ സാധിച്ചു കൊടുക്കേണ്ടതാണെന്നു ശുപാർശ ചെയ്തുകൊണ്ടു് അതിനു പ്രരോചകമായി ദണ്ഡിയുടെ സ്നേഹിതന്മാരായ മാതൃദത്താദിപണ്ഡിതന്മാർ കേരളത്തിൽനിന്നു് അവിടെ സന്നിഹിതന്മാരായിരിക്കുമെന്നു പറയുന്നു. അവന്തിസുന്ദരീകഥയിലെ ആ ഭാഗം പ്രകൃതോപയോഗിയാകയാൽ ചുവടെ ഉദ്ധരിക്കുന്നു:-

“മിത്രം ച തവൈഷ വിശ്വബ്രഹ്മരാശേഃ, കല്പസൂത്രടീകാകാരസ്യ, സകലവിദ്യാനദീപൂരവാരിധേഃ, ത്രയസ്ത്രിംശൽകൂതു വിഭൂതിഭാവിതക്രയത്രിദശസ്യ, ശാപാനുഗ്രഹസമർത്ഥസ്യ, ബ്രഹ്മർഷേർഭവരാതനാമ്നഃ പുത്രഃ, തൽപുത്രാണാം തത്സമാനമേധാദിസർവസമ്പദാം ദ്വിതീയഃ, ത്രയ്യാമങ്ഗേഷ്വൈതിഹ്യ കലായാം കവിതായാമദ്വിതീയഃ, സുഹൃന്മതനിർവഹണദത്ത ഹൃദയോ, ഗുരുപരിചര്യാപരഃ. പരമമാഹേശ്വരോ ലബ്ധവർണ്ണ കർണ്ണധാരഃ, കർണ്ണമപി നാപരയാ ത്യാഗശക്ത്യാതിക്രാന്തോ, തന്ത്രാർത്ഥതത്വവ്യാഖ്യാനചതുരശ്ചതുവേർദവിതു്, സർവജനമാതൃ ഭൂതകരുണാവൃത്തിർമ്മാതൃദത്തഃ”.
ഇതിൽനിന്നു് അക്കാലത്തു കേരളത്തിൽ ഭവരാതൻ എന്നു പേരോടുകൂടി ഒരു ബ്രഹ്മർഷിയുണ്ടായിരുന്നു എന്നും അദ്ദേഹം മുപ്പത്തിമൂന്നു യാഗംചെയ്ത കർമ്മഠനും കല്പസൂത്രത്തിനു ടീക നിർമ്മിച്ച പണ്ഡിതപ്രവേകനുമായിരുന്നു എന്നും വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ ദ്വിതീയ പുത്രനായ മാതൃദത്തൻ മൂന്നു വേദങ്ങളിലും ആറു വേദാങ്ഗങ്ങളിലും അത്യന്തം നിഷ്ണാതനും കഥാപ്രവചനത്തിലും കവിതാ നിർമ്മാണത്തിലും അദ്വിതീയനുമായിരുന്നു. മാതൃദത്തൻ ദണ്ഡിയുടെ ഉത്തമ സൗഹൃദം സമ്പാദിച്ചിരുന്നു എന്നും ഇതിൽനിന്നു നാം അറിയുന്നു. അജ്ഞാതനാമാവായ ഒരു കവിയുടെ അവന്തിസുന്ദരീകഥാസാരം എന്ന കൃതിയിൽ

“അപിച സ്പൃഹണീയം തേ സുഹൃദാമപി ദർശനം
മിത്രാണി മാതൃദത്താദ്യാഃ കേരളേഷു ദ്വിജോത്തമാഃ
ത്വദ്ദർശനാർത്ഥമായാതാസ്തസ്മിൻ സന്നിദധത്യമീ.”
എന്നു് ഈ ഭാഗം ചുരുക്കി എഴുതിയിരിക്കുന്നു. മാതൃദത്തൻ ഹിരണ്യകേശിയുടെ ശ്രൗതസൂത്രങ്ങളും ഗൃഹ്യസൂത്രങ്ങളും വ്യാഖ്യാനിച്ചിട്ടുണ്ടു്. മാതൃദത്തനെക്കൂടാതെ ദണ്ഡി രാമശർമ്മാവെന്ന മറ്റൊരു പണ്ഡിതനെക്കൂടി അവന്തിസുന്ദരിയിൽ സ്മരിക്കുന്നുണ്ടു്. അദ്ദേഹം വിശ്വാമിത്രഗോത്രജനും വിദ്വാനും (‘വിശ്വാമിത്രഗോത്രഃ കൃതീ’) ആയിരുന്നു. രാമശർമ്മാവു പ്രഹേളികാരൂപത്തിൽ അച്യുതോത്തരം എന്നൊരു കാവ്യം രചിച്ചിട്ടുണ്ടെന്നു ഭാമഹൻ കാവ്യാലങ്കാരത്തിൽ പ്രസ്താവിക്കുന്നു.

“സ പീതവാസാഃ പ്രഗൃഹീതശാർങ്ഗോ
മനോജ്ഞഭീമം വപുരാപ കൃഷ്ണഃ
ശതഹ്രദേന്ദ്രായുധവാന്നിശായാം
സംസൃജ്യമാനശ്ശശിനേവ മേഘഃ”
എന്ന ശ്ലോകം ‘ഉപമാനത്തിൽ അധികപദത്വം’ എന്ന കാവ്യദോഷത്തിനു് ഉദാഹരണമായി ഉദ്ധരിക്കുകയും ചെയ്യുന്നു. ഈ രാമശർമ്മാവിനെയായിരിക്കാം അവന്തിസുന്ദരിയിൽ നാമനിർദ്ദേശം ചെയ്തിരിക്കുന്നതു്. ഭാമഹനും ദണ്ഡിയും ഏകദേശം സമകാലികന്മാരായിരുന്നു.

7.7കുലശേഖര ആഴ്വാരും മുകുന്ദമാലയും

ക്രി. പി. 767 മുതൽ 834 വരെ ജീവിച്ചിരുന്നിരിക്കാമെന്നു ഞാൻ ഊഹിക്കുന്ന കുലശേഖര ആഴ്വാരുടെ ചെന്തമിഴ്ക്കൃതികളെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ അത്യുത്തമമായ ഒരു വിഷ്ണുസ്തോത്രമാണു് മുകുന്ദമാല. അതിന്റെ കാശ്മീരപാഠത്തിൽ 34-ം കേരളീയപാഠത്തിൽ 31-ം ശ്ലോകങ്ങൾ കാണുന്നു. ഒടുവിലത്തെ ശ്ലോകം സാഹിത്യചരിത്രകാരന്മാർക്കു വളരെ പ്രയോജനമുള്ളതാണു്. അതു താഴെ ഉദ്ധരിക്കാം.

“യസ്യപ്രിയൗ ശ്രുതിധരൗ രവിലോകവീരൗ
മിത്രേ ദ്വിജന്മവരപാരശവാവഭൂതാം
തേനാംബുജാക്ഷചരണാംബുജഷട്പദേന
രാജ്ഞാ കൃതാകൃതിരിയം കുലശേഖരേണ”
‘ശ്രുതധരൗ’ എന്നു പാഠാന്തരം. ഇതിൽനിന്നു കുലേശേഖരൻ ഒരു രാജാവായിരുന്നു എന്നും അദ്ദേഹത്തിനു മഹാവിദ്വാന്മാരായ രവി എന്ന ബ്രാഹ്മണനും ലോകവീരനെന്ന വാരിയരും മിത്രങ്ങളായിരുന്നു എന്നും വെളിവാകുന്നു. ഈ പാഠം ശരിയല്ലെന്നും തമിഴ്നാട്ടിൽ ഇതു “യസ്യ പ്രിയൗ ശ്രുതിധരൗ കവിലോക വീരൗ മിത്രേ ദ്വിജന്മവരപത്മശരാവഭൂതാം” എന്നാണു് പാരായണം ചെയ്യാറുള്ളതെന്നും ഒരു വാദം ചിലർ പുറപ്പെടുവിക്കാറുണ്ടു്. കാശ്മീരപാഠം “യസ്യ പ്രിയൗ ശ്രുതധരൗ കവിലോക ഗീതൗ മിത്രേ ദ്വിജന്മപരിവാരശിവാവഭൂതാം” എന്നാണു്. ഈ പാഠങ്ങളനുസരിച്ചു പ്രസ്തുതശ്ലോകാർദ്ധത്തിന്റെ അർത്ഥമെന്തെന്നു് അവർക്കറിഞ്ഞുകൂടാ. കേരളപാഠം ഇന്നോ ഇന്നലെയോ ഉണ്ടായിട്ടുള്ളതല്ല. ഒരു പ്രാചീനമായ ഭാഷാവ്യാഖ്യാനത്തിൽ “ശ്രുതധരൗ, എല്ലാ വിദ്യകളിലും പരിപൂർണ്ണന്മാരായി, പ്രിയൗ, പ്രിയന്മാരായി, വീരൗ, രവി എൻറും ലോകവീരനെൻറും പേരായിരിക്കിന്റ ദ്വിജന്മവരപാരശവൗ, ദ്വിജന്മവരനും പാരശവനും, മിത്രേ, മിത്രമായി, ബന്ധുക്കളായി, അഭൂതാം, ഭവിച്ചു” എന്നു കാണുന്നു. മുകുന്ദമാലയ്ക്കു കേരളീയനായ രാഘവാനന്ദൻ ക്രി. പി. പതിമ്മൂന്നാം ശതകത്തിന്റെ അവസാനത്തിൽ രചിച്ച താത്പര്യദീപിക എന്ന വ്യാഖ്യാനത്തിലും “ശ്രുതിധരൗ, സർവശാസ്ത്രജ്ഞൗ, പ്രിയൗ, ഇഷ്ടൗ, രവിലോകവീരൗ, രവിശ്ച ലോകവീരശ്ച തൗ, തന്നാമാനൗ, ദ്വിജന്മവരപാരശവൗ യസ്യ മിത്രേ അഭൂതാം” എന്നിങ്ങനെയാണു് പ്രസ്താവിക്കുന്നതു്. പാരശവപദത്തിന്റെ അർത്ഥം ശരിയ്ക്കു മനസ്സിലാകായ്കയാലാണു് പാരദേശികന്മാർ പാഠവ്യത്യാസം വരുത്തിയതെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ശ്രീ വൈഷ്ണവസമ്പ്രാദായത്തിൽ മുകുന്ദമാല ആഴ്വാരുടെ ഗ്രന്ഥമായി ഗണിച്ചിട്ടില്ലെന്നും അതുകൊണ്ടു് അതു് അദ്ദേഹത്തിന്റെ കൃതിയല്ലെന്നും ഒരു എതിർവാദമുള്ളതും സാധുവല്ല. മറ്റുള്ള ആഴ്വാരന്മാർ തമിഴിലല്ലാതെ കവനം ചെയ്തിട്ടില്ലാത്തതിനാൽ ഒരാഴ്വാരുടെ സംസ്കൃതഗ്രന്ഥത്തെ മാത്രം അവർ രാമാനുജാദ്യാചാര്യന്മാരുടെ സമ്പ്രദായ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയില്ലെന്നേ ഞാൻ കരുതുന്നുള്ളു. സമ്പ്രദായഗ്രന്ഥമല്ലെങ്കിലും ശ്രീവൈഷ്ണവന്മാർ നിത്യപാരായണത്തിനു് ഉപയോഗിക്കുന്നതാണെന്നുള്ള പരമാർത്ഥം മറയ്ക്കുവാൻ പാടുള്ളതുമല്ല.

7.7.1മുകുന്ദമാലയുടെ പ്രചാരം
മുകുന്ദമാലയ്ക്കു വളരെ വേഗത്തിൽ ഭാരതമെങ്ങും പ്രശസ്തി സിദ്ധിച്ചു. വംഗരാജാവായ ലക്ഷ്മണസേനന്റെ സമകാലികനും സുഹൃത്തുമായ ശ്രീധരദാസൻ ക്രി. പി. 1205-ൽ രചിച്ച സദുക്തികർണ്ണാമൃതം എന്ന സുഭാഷിതഭണ്ഡാഗാരത്തിൽ അതിൽനിന്നു ഹരിഭക്തിക്കു് ഉദാഹരണമായി ‘ബദ്ധേനാഞ്ജലിനാ’ ‘നാസ്ഥാ ധർമ്മേ’ ‘മജ്ജന്മനഃ ഫലമിദം’ എന്നീ മൂന്നു പദ്യങ്ങളും ‘ശ്രീകുല ശേഖരസ്യ’ എന്നു നാമഗ്രഹണം ചെയ്തും ‘നാഹം വന്ദേ തവ ചരണയോഃ’ എന്നും ‘മുകുന്ദ മൂർദ്ധ്നാ പ്രണിപത്യ യാചേ’ എന്നീ രണ്ടു പദ്യങ്ങളും ‘കസ്യചിൽ’ എന്നുമാത്രം സൂചിപ്പിച്ചും ഉദ്ധരിക്കുന്നു. ക്രി. പി. പതിമ്മൂന്നാം ശതകത്തിൽ ബർമ്മായിൽ പാഗാൻ എന്ന നഗരത്തിനു് ഒരു മൈൽ അകലെയുള്ള മൈൻപാഗാൻ എന്ന സ്ഥലത്തു കണ്ടെത്തീട്ടുള്ള ഒരു തമിഴു് ശിലാരേഖയിൽ മലമണ്ഡലത്തിൽ മകോതയർ പട്ടണത്തിൽ രായരന്റെ മകൻ കുലശേഖരനമ്പിപുക്കം എന്നും അരിവട്ടണപുരം (അരിമർദ്ദന എന്നു സംസ്കൃതം) എന്നുംകൂടി പേരുള്ള ആ സ്ഥലത്തേ നാനാദേശി വിണ്ണഗരാഴ്വാർകോവിലിൽ ഒരു മണ്ഡപം പണിയിച്ചു് അതിനൊരു കതകിടുവിച്ചു് അവിടെ ഒരു നിലവിളക്കും വയ്പിച്ചതായി കാണുന്നു. കൊടുങ്ങല്ലൂർക്കാരനായ ഒരു മലയാളി കൊത്തിച്ച ആ ലിഖിതത്തിന്റെ ശീർഷകമായി

“നാസ്ഥാ ധർമ്മേ ന വസുനിചയേ നൈവ കാമോപഭോഗേ
യദ്ഭാവ്യം തദ്ഭവതു ഭഗവൻ! പൂർവകർമ്മാനുരൂപം;
ഏതൽ പ്രാർത്ഥ്യം മമ ബഹുമതം ജന്മജന്മാന്തരേപി
ത്വൽപാദാം ഭോരുഹയുഗഗതാ നിശ്ചലാ ഭക്തിരസ്തു”
എന്ന പദ്യവും കുറിച്ചിരിക്കുന്നു. മുകുന്ദമാലയിലെ

“വാത്സല്യാദഭയപ്രദാനസമയാദാർത്താർത്തിനിർവാപണാ
ദൗദാര്യാദഘശോഷണാദഭിമതശ്രേയഃപദപ്രാപണാൽ
സേവ്യശ്ശ്രീപതിരേവ സർവജഗതാമേകാന്തതഃ സാക്ഷിണഃ
പ്രഹ്ലാദശ്ച വിഭീഷണശ്ച കരിരാടു് പാഞ്ചാല്യഹല്യധ്രുവഃ”
എന്ന പദ്യം സർവതന്ത്രസ്വതന്ത്രനായ വേദാന്തദേശികരുടെ (ക്രി. പി. 1260–1361) ഉപബൃംഹണത്തിനു പാത്രീഭവിച്ചിട്ടുണ്ടു്. അതേ കൃതിയിലേ

“ദിവി വാ ഭുവി വാ മമാസ്തു വാസോ നരകേ വാ നരകാന്തക, പ്രകാമം
അവധീരിതശാരദാരവിന്ദേ ചരണേ തേ മരണേപി സംശ്രയാമി.”
എന്ന പദ്യം വിശ്വനാഥകവിരാജൻ (ക്രി. പി. പതിന്നാലാം ശതകം) സാഹിത്യദർപ്പണത്തിൽ ദേവവിഷയകമായ രതിക്കു മൂർദ്ധാഭിഷിക്തോദാഹരണമായി സ്വീകരിച്ചുമിരിക്കുന്നു.


അദ്ധ്യായം 8 - സംസ്കൃതസാഹിത്യം (തുടർച്ച)

(ക്രി. പി. 1300-ാമാണ്ടുവരെ)

ശ്രീഗൗഡപാദാഹ്വയയോഗിവര്യാൻ
ഗോവിന്ദപൂജ്യാനഥ ശങ്കരാര്യാൻ
സുരേശ്വരാം സ്തോടകപദ്മപാദാൻ
നമാമി ഹസ്താമലകാൻ ഗുരൂന്മേ! !
(ഭഗവദ്ഗീതാപദയോജന)
8.1ശങ്കരഭഗവൽപാദർ

ഈ ലോകത്തിൽ പർവ്വതങ്ങളുടെ ചക്രവർത്തി ഹിമവാനാണെങ്കിൽ പണ്ഡിതന്മാരുടെ ചക്രവർത്തി ശങ്കരഭഗവൽപാദരാകുന്നു. തങ്ങളുടെ ആവിർഭാവത്താൽ ഉത്തരസീമയെ അലങ്കരിക്കുന്ന ആ മഹാചലവും ദക്ഷിണസീമയെ അലങ്കരിച്ച ഈ മഹാപുരുഷനും ഭാരതഭൂമിയുടെ രണ്ടു് അഭിമാനസ്തംഭങ്ങളാണു്. ശങ്കരാചാര്യരെപ്പോലെയുള്ള ഒരു സർവതന്ത്രസ്വതന്ത്രന്റെ — പദവാക്യപ്രമാണപാരീണന്റെ — പരമതത്വപ്രവക്താവിന്റെ — ജനനിയായിത്തീരുവാനുള്ള യോഗം നമ്മുടെ ജന്മഭൂമിയായ കേരളത്തിനാണല്ലോ സിദ്ധിച്ചതു്! ആ സ്മരണ നമ്മുടെ ഹൃദയത്തെ വികസിപ്പിക്കും; ശിരസ്സിനെ ഉന്നമിപ്പിക്കും; ശരീരത്തെ കോൾമയിർക്കൊള്ളിക്കും; കണ്ണുകളിൽ ആനന്ദബാഷ്പം നിറയ്ക്കും; നമ്മെ അഭിജാതന്മാരും ആത്മവീര്യവാന്മാരുമാക്കും. ആ മഹാത്മാവിന്റെ കനിഷ്ഠസഹോദരത്വം ഒന്നുകൊണ്ടു തന്നെ നാം എന്നും, എവിടെയും, ഏതു പരിതഃസ്ഥിതിയിലും ധന്യന്മാരാണു്. വെറുതെയല്ല അദ്ദേഹത്തെ സർവജ്ഞനായ ശങ്കരഭഗവാന്റെ അവതാരമെന്നു ലോകം ഐകകണ്ഠ്യേന പുകഴ്ത്തുന്നതു്. ശങ്കരൻ ധർമ്മസംസ്ഥാപനത്തിനുവേണ്ടി അവതരിക്കുകയാണെങ്കിൽ അതു് ഈ ആകൃതിയിൽ, ഈ പ്രകൃതിയിൽത്തന്നെ ആയിരിക്കുമെന്നുള്ളതിനു സംശയമില്ല.

8.2ശങ്കരാചാര്യരെപ്പറ്റിയുള്ള ഗ്രന്ഥങ്ങൾ

ഭഗവൽപാദരുടെ ജീവിതചരിത്രത്തെക്കുറിച്ചു സ്പഷ്ടമായി അധികമൊന്നും അറിയുവാൻ തരമില്ലാത്ത നിലയിലാണു് അദ്ദേഹത്തെപ്പറ്റി പ്രസ്താവിക്കുന്ന ഗ്രന്ഥങ്ങളുടെ സ്ഥിതി. അവയിൽ (1) (വിദ്യാരണ്യൻ) മാധവാചാര്യരുടേതെന്നു പറയുന്ന ശങ്കരവിജയം, (2) ചിദ്വിലാസയതിയുടെ ശങ്കരവിജയവിലാസം, (3) ആനന്ദഗിരിയുടെ ഗുരുദിഗ്വിജയം, (4) രാജചൂഡാമണി ദീക്ഷിതരുടെ ശങ്കരാഭ്യുദയ മഹാകാവ്യം ഈ നാലു കൃതികൾക്കാണു് സാമാന്യം പ്രാധാന്യമുള്ളതു്. കേരളീയനായ ഗോവിന്ദനാഥന്റെ ശങ്കരാചാര്യചരിതവും അപ്രധാനമല്ല. ഗോവിന്ദനാഥൻ കൊല്ലം എട്ടാം ശതകത്തിന്റെ ഒടുവിൽ കൊച്ചിരാജ്യത്തു ജീവിച്ചിരുന്നു എന്നും അദ്ദേഹമാണു് ഗൗരീകല്യാണമെന്ന യമകകാവ്യം നിർമ്മിച്ചതെന്നും 28-ാമധ്യായത്തിൽ ഉപപാദിക്കും. പൂർവ്വകാലങ്ങളിൽ ഹിന്ദുക്കൾക്കു ചരിത്രവിഷയകമായി ഉണ്ടായിരുന്ന അജ്ഞതയ്ക്കും അനാസ്ഥയ്ക്കും ഈ ഗ്രന്ഥങ്ങളെല്ലാം മകുടോദാഹരണങ്ങളാകുന്നു.

8.3ശങ്കരവിജയത്തിന്റേയും മറ്റും അപ്രാമാണികത

ശങ്കരവിജയത്തെ മഹാത്മാവായ വിദ്യാരണ്യന്റെ കൃതിയായി സങ്കല്പിക്കുന്നതു പ്രമാദമാകുന്നു. അതിൽ രാജചൂഡാമണിദീക്ഷിതരുടെ ശങ്കരാഭ്യുദയത്തിൽനിന്നു പല ശ്ലോകങ്ങൾ അവിടവിടെ പകർത്തീട്ടുണ്ടു്. വിദ്യാരണ്യൻ ക്രി. പി. പതിന്നാലാം ശതകത്തിലും രാജചൂഡാമണി പതിനേഴാം ശതകത്തിലുമാണല്ലോ ജീവിച്ചിരുന്നതു്. “വാഗേഷാ നവകാളിദാസവിദുഷഃ” എന്നേ ശങ്കരവിജയകർത്താവു് തന്നെപ്പറ്റി പ്രസ്തുത ഗ്രന്ഥത്തിൽ പറയുന്നതുമുള്ളു. അസംഭാവ്യങ്ങളായ സങ്ഗതികൾ അതിൽ വർണ്ണിച്ചിട്ടുണ്ടു്. അമരുകശതകം കാമകല അഭ്യസിക്കുന്നതിനു വേണ്ടി, പരേതനായ അമരുകനെന്ന കാശ്മീരരാജാവിന്റെ പട്ടമഹിഷിയുമായി പരകായപ്രവേശന സിദ്ധി പ്രയോഗിച്ചു രമിച്ച ആചാര്യപാദരുടെ കൃതിയാണെന്നു പറയുന്നതു് അസത്യവും ആ പരമഗുരുവിനു് അവമാനഹേതുകവുമാകുന്നു. വാസ്തവത്തിൽ ആ ശൃങ്ഗാരകൃതി നിർമ്മിച്ചതു് അമരുകൻ തന്നെയാണെന്നു കാശ്മീരകനായ ആനന്ദവർദ്ധനൻ ധ്വന്യാലോകത്തിൽ ‘യഥാ അമരുകസ്യ കവേർമ്മുക്തകാഃ ശൃങ്ഗാര രസസ്യന്ദിനഃ പ്രബന്ധായമാനാഃ പ്രസിദ്ധാ ഏവ’ എന്ന പങ്ക്തിയിൽ വ്യക്തമായി പറയുന്നുണ്ടു്. ആ ആലങ്കാരികൻ ക്രി. പി. ഒൻപതാം ശതകത്തിലാണു ജീവിച്ചിരുന്നതു്. കാവ്യാലങ്കാരസൂത്രകർത്താവായ വാമനനും (ക്രി. പി. 800-ാമാണ്ടു്) അമരുകശതകത്തിൽനിന്നു “സാ ബാലാ വയമപ്രഗല്ഭവചസഃ” ഇത്യാദി മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു. കുമാരിലൻ, പ്രഭാകരൻ, മണ്ഡനൻ, ഇവർക്കു പുറമെ അഭിനവഗുപ്തൻ (ക്രി. പി. പത്താം ശതകത്തിന്റെ പൂർവ്വഭാഗം), മയൂരൻ, ബാണൻ (രണ്ടുപേരും ഏഴാം ശതകത്തിന്റെ പൂർവ്വാർദ്ധം), ദണ്ഡി (ഏഴാം ശതകത്തിന്റെ മധ്യഘട്ടം), മുരാരി (ഒൻപതാം ശതകത്തിന്റെ പൂർവ്വാർദ്ധം) മുതലായി പല പണ്ഡിതന്മാരേയും ശങ്കരൻ വാദത്തിൽ ജയിച്ചതായി ശങ്കരവിജയകാരൻ വിവരിച്ചിട്ടുണ്ടു്. ഈ വിവരണം അസംബന്ധമാണെന്നുള്ളതിന്നു തർക്കമില്ലല്ലോ. മറ്റുള്ള ഗ്രന്ഥങ്ങളുടെ സ്ഥിതിയും ഇതിൽനിന്നു ഭിന്നമല്ല. അതുകൊണ്ടു നിപുണമായി ത്യാജ്യഗ്രാഹ്യവിവേചനം ചെയ്തു് ഈ ഗ്രന്ഥങ്ങളിൽ നിന്നു യുക്തിസഹങ്ങളായ അംശങ്ങൾ മാത്രം സ്വീകരിക്കുന്നതായിരിക്കും ആശാസ്യമായിട്ടുള്ളത്.

8.4ദേശം

ശങ്കരന്റെ ജന്മഭൂമിയെപ്പറ്റി അഭിപ്രായവ്യത്യാസമില്ല.

“തതോ മഹേശഃ കില കേരളേഷു
ശ്രീമദ്വൃഷാദ്രൗ കരുണാസമുദ്രഃ
പൂർണ്ണാനദീപുണ്യതടേ സ്വയംഭൂർ
ലിങ്ഗാത്മനാനങ്ഗധൃഗാവിരാസീൽ”
എന്നു നവകാളിദാസനും

“അളകൈവ പുരീ യത്ര കാലടീതി പ്രതിശ്രുതാ
നഗരീ ധനസംവീതാ രാജതേ ജഗതീതലേ”
എന്നു ചിദ്വിലാസനും

“കേരളേഷു നഭോലംഘികേരഭൂരുഹശാലിഷു
അസ്തി കശ്ചിന്മഹാനഗ്രഹാരഃ കാലടിനാമകഃ”
എന്നു രാജചൂഡാമണിയും പ്രസ്താവിച്ചിട്ടുണ്ടു്. ഗോവിന്ദനാഥൻ

“ദേശേ കാലടിനാമ്നി കേരളധരാ-
ശോഭങ്കരേ സദ്ദ്വിജോ
ജാതശ്ശ്രീപതിമന്ദിരസ്യ സവിധേ
സർവജ്ഞതാം പ്രാപ്തവാൻ
ഭൂത്വാ ഷോഡശവത്സരേ യതിവരോ
ഗത്വാ ബദര്യാശ്രമം
കർത്താ ഭാഷ്യനിബന്ധനസ്യ സുകവി
ശ്ശ്രീശങ്കരഃ പാതു വഃ”
എന്ന പദ്യംകൊണ്ടു തന്റെ ഗ്രന്ഥം സമാപിക്കുന്നു. ആനന്ദഗിരി മാത്രം യാതൊരടിസ്ഥാനവുമില്ലാതെ അദ്ദേഹം ചിദംബരത്തിൽ ജനിച്ചതായി പറയുന്നു. തിരുവിതാങ്കൂറിൽ കുന്നത്തു നാട്ടു താലൂക്കിൽ മഞ്ഞപ്ര പകുതിയിൽപെട്ട കാലടി എന്ന സ്ഥലത്തു കൈപ്പള്ളി ഇല്ലത്തിലാണു് ഭഗവൽപാദരുടെ ജനനം എന്നുള്ള വസ്തുത ഇക്കാലത്തു സകലരും സമ്മതിക്കുന്നുണ്ടു്.

8.5വയസ്സും മഹാസമാധിയും

ശങ്കരൻ മുപ്പത്തിരണ്ടു വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളു എന്നുള്ള വസ്തുതയെപ്പറ്റിയും ആർക്കും വിപ്രതിപത്തിയില്ല. വിദ്യാരണ്യൻ ദേവ്യപരാധ സ്തോത്രത്തിൽ “മയാ പഞ്ചാശീതേരധികമപനീതേതു വയസി” എന്നു തന്നെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ടു്. ആ സ്തോത്രം ആചാര്യരുടേതെന്നു തെറ്റിദ്ധരിച്ചു ചിലർ അദ്ദേഹം എൺപത്തഞ്ചു വയസ്സിനുമേൽ ജീവിച്ചിരുന്നതായി ഭ്രമിക്കുന്നു. ഭഗവൽപാദരുടെ സമാധിസ്ഥലത്തെപ്പറ്റി പ്രബലമായ അഭിപ്രായവ്യത്യാസമുണ്ടു്. കേദാരനാഥക്ഷേത്രത്തിൽവെച്ചാണു് അദ്ദേഹം ഭൗതികശരീരം പരിത്യജിച്ചതെന്നു നവകാളിദാസനും കാഞ്ചീപുരത്തുവെച്ചാണെന്നു ചിദ്വിലാസനും തൃശ്ശൂർവെച്ചാണെന്നു ഗോവിന്ദനാഥനും പറയുന്നു.

“ദേവത്രയമിതി സ്തുത്വാ ഭാസമാനം വൃഷാചലേ
ശിഷ്യൈസ്സഹ മഹായോഗീ പ്രദേശേ കുത്രചിദു് ഗുരുഃ
നിവിഷ്ടസ്സുപ്രന്നാത്മാ സർവമാപാദമൂർദ്ധജം
യഥാവച്ചിന്തയാമാസ വൈഷ്ണവം രൂപമാദരാൽ.
***
ഇത്ഥം ചിന്തയതോ രൂപം വൈഷ്ണവം സകലം ഗുരോഃ
വക്ത്രാൽ പ്രാദുരഭൂൽ സ്തോത്രം സ്രഗ്ദ്ധരാവൃത്തമാശ്രിതം
***
ദേശീകേന്ദ്രോ മഹായോഗീ സ്തോത്രം കുർവൻ സ വൈഷ്ണവം
വിവേശ പരമാനന്ദം ഭാനുബിംബാന്തരസ്ഥിതം.”
എന്നാണു് അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിനു് ഉപോൽബലകമായി മേൽപ്പുത്തൂർ നാരായണഭട്ടതിരിതന്നെ നാരായണീയത്തിൽ

“ശ്രീശങ്കരോപി ഭഗവാൻ സകലേഷു താവ
ർത്ത്വാമേവ മാനയതി; യോ ഹി ന പക്ഷപാതീ;
ത്വന്നിഷ്ഠമേവ സ ഹി നാമസഹസ്രകാദി
വ്യാഖ്യൽ, ഭവൽസ്തുതിപരശ്ച ഗതിം പ്രപേദേ.”
എന്നു ഗാനം ചെയ്തിട്ടുണ്ടു്. തൃശ്ശൂർ മതിലകത്തു വിഷ്ണുക്ഷേത്രത്തിന്റെ പുരോഭാഗത്തുവെച്ചാണു് ആചാര്യർ സുപ്രസിദ്ധമായ വിഷ്ണുപാദാദികേശസ്തവം രചിക്കുവാൻ ആരംഭിച്ചതെന്നും അതിൽ 43-ാമത്തേതും പുണ്ഡ്രസ്തുതിപരവുമായ “രൂക്ഷസ്മാരേക്ഷുചാപ ച്യുതശരനികര ക്ഷീണലക്ഷ്മീ കടാക്ഷപ്രോൽ ഫുല്ലൽ പത്മമാലാവിലസിത മഹിത സ്ഫാടികേശാനലിങ്ഗം” എന്ന പദ്യത്തിൽ പദ്മ എന്ന പദം വരെ ഉച്ചരിച്ചപ്പോൾ അദ്ദേഹം പരഗതിയെ പ്രാപിച്ചു എന്നും തദനന്തരം ആ പദ്യത്തിന്റെ ശേഷംഭാഗവും ബാക്കി ശ്ലോകങ്ങളും അദ്ദേഹത്തോടുകൂടിയുണ്ടായിരുന്ന പത്മപാദാചാര്യൻ നിർമ്മിച്ചു് ഗ്രന്ഥം പൂരിപ്പിച്ചു എന്നുമാണു് കേരളീയമായ ഐതിഹ്യം. അതു് അവിശ്വസിക്കുന്നതിനു യാതൊരു കാരണവും കാണുന്നില്ല. തൃശ്ശൂർക്ഷേത്രത്തിനു ദക്ഷിണകൈലാസം എന്നു പേരുണ്ടല്ലോ; ശങ്കരവിജയകാരൻ അതിനെ സാക്ഷാൽ കൈലാസമായി ധരിച്ചു എന്നു വരാൻ പാടില്ലായ്കയില്ല. തൃശ്ശൂർ മതിലകത്തിനുള്ളിൽ ആചാര്യർ മഹാസമാധിയെ പ്രാപിച്ച സ്ഥാനത്തു വിഷ്ണുവിന്റെ ശംഖചക്രബിംബങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളതു് ഇന്നും കാണാവുന്നതാണു്.

8.6കാലം

ശങ്കരന്റെ ജീവിതകാലത്തെപ്പറ്റി കഴിഞ്ഞ അറുപതു വർഷങ്ങളായി പല വാദകോലാഹലങ്ങളും നടക്കുന്നുണ്ടു്. അവ ഇക്കാലത്തും പ്രശാന്തിയെ പ്രാപിച്ചിട്ടില്ല. ക്രി. മു. ആറാം ശതകം മുതല്ക്കു് ഓരോ പണ്ഡിതന്മാർ ഓരോ കാലവുമായി അദ്ദേഹത്തിന്റെ ജീവിതത്തെ സംഘടിപ്പിക്കുന്നു. കാഞ്ചീപുരം കാമകോടിപീഠത്തിലെ ആചാര്യപരമ്പരയുടെ പട്ടിക നോക്കിയാൽ ബ്രഹ്മസൂത്രഭാഷ്യകാരനായ ആദിശങ്കരൻ ക്രി. മു. 508 മുതൽ 476 വരെ ജീവിച്ചിരുന്നതായി കാണും. എന്നാൽ ക്രി. പി. പതിനാറാം ശതകത്തിൽ സംവിധാനം ചെയ്ത ആ വംശാവലി ശരിയല്ലെന്നു തെളിയിക്കുവാൻ തീരെ പ്രയാസമില്ല. ഗൗതമബുദ്ധന്റെ ജീവിതം ക്രി. മു. 473-ലാണു് അവസാനിച്ചതു്. ബ്രഹ്മസൂത്രഭാഷ്യത്തിൽ ശങ്കരൻ “വൈനാശികൈസ്സർവോ ലോക ആകുലീക്രിയതേ” എന്നു പറയുന്നു. ക്രി. മു. 264 മുതൽ 226 വരെ രാജ്യഭാരം ചെയ്ത അശോകവർദ്ധനമൗര്യന്റെ കാലത്തുമാത്രമേ ആ മതത്തിനു ഭാരതത്തിൽ ഗണനീയമായ പ്രചാരം സിദ്ധിച്ചിട്ടുള്ളു, എന്നു മാത്രമല്ല ശങ്കരൻ ഖണ്ഡിക്കുന്നതു് ആ മതത്തിന്റെ ആദ്യത്തെ പ്രഭേദമായ ഹീനയാനത്തെയല്ല ക്രിസ്ത്വബ്ദം ആരംഭിച്ചതിനു മേലുണ്ടായ മഹായാനത്തെയാണെന്നു പത്മപാദന്റെ പഞ്ചപാദികയിൽ നിന്നു വെളിവാകുന്നുമുണ്ടു്. പിന്നെയെങ്ങനെയാണു് ശങ്കരൻ ക്രി. മു. 5-ാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നതായി ഘടിക്കുന്നതു്; കൂടാതെ ശങ്കരനെ അപേക്ഷിച്ചു് അല്പമെങ്കിലും പ്രാചീനനെന്നു സമ്മതിക്കേണ്ട കുമാരിലഭട്ടൻ കാളിദാസന്റെ ശാകുന്തളത്തിൽ നിന്നു “സതാം ഹിസന്ദേഹപദേഷു വസ്തുഷു പ്രമാണമന്തഃകരണപ്രവൃത്തയഃ” എന്ന ശ്ലോകാർദ്ധം ഉദ്ധരിക്കുന്നു. ബുദ്ധമതാന്തകനായ കുമാരിലൻ ക്രി. മു. ആറാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിലാണോ ജീവിച്ചിരുന്നതു്? കാളിദാസന്റെ കാലം അതിനും മുൻപാണോ? ശങ്കരന്റെ ശിഷ്യനായ സുരേശ്വരൻ ഉപദേശസാഹസ്രിക്കു താനെഴുതിയ വാർത്തികത്തിൽ ഭഗവൽപാദർ കീർത്തി (ധർമ്മകീർത്തി) യുടെ ഒരു ശ്ലോകം ഉദ്ധരിച്ചിരിക്കുന്നതായി പ്രസ്താവിക്കുന്നു. കുമാരിലനും ശ്ലോകവാർത്തികത്തിൽ ധർമ്മകീർത്തിയെ സ്മരിക്കുന്നു. ധർമ്മകീർത്തി ക്രി. പി. 639-ൽ ജീവിച്ചിരുന്നതിനു തെളിവുണ്ടു്. ക്രി. പി. 341-ൽ ജീവിച്ചിരുന്നതായി ന്യായസൂചീനിബന്ധനത്തിൽ തന്നെപ്പറ്റി പ്രസ്താവിക്കുന്ന വാചസ്പതിമിശ്രൻ പത്മപാദനെ സ്മരിക്കുന്നു. ഇതുകൊണ്ടെല്ലാം ക്രി. പി. 650-നു് മേലാണു് ഭഗവൽപാദരുടെ ജീവിതകാലമെന്നു വന്നുകൂടുന്നു. ക്രി. പി. 788 മുതൽ 820 വരെയാണു് അതു് എന്നു പറയുന്നവർക്കു് അവലംബമായിട്ടുള്ളത്

“നിധിനാഗേഭവഹ്ന്യബ്ദേ വിഭവേ ശങ്കരോദയഃ
കല്യബ്ദേ ചന്ദ്രനേത്രാങ്കവഹ്ന്യബ്ദേ പ്രാവിശദ്ഗുഹാം;
വൈശാഖേ പൂർണ്ണിമായാന്തു ശങ്കരശ്ശിവതാമഗാൽ.”
എന്നൊരു അജ്ഞാതകർത്തൃകമായ ശ്ലോകവും ശ്ലോകാർദ്ധവുമാണു്. നവ കാളിദാസന്റെ ശങ്കരവിജയത്തിലേ

“ലഗ്നേ ശുഭേ ശുഭയുതേ സുഷുവേ കുമാരം
ശ്രീപാർവതീ ച സുഖിനീ ശുഭവീക്ഷിതേ ച
ജായാ സതീ ശിവഗുരോർന്നതു ജങ്ഗമസ്ഥേ
സൂര്യേ സുതേ രവിസുതേ ച ഗുരൗ ച കേന്ദ്രേ.”
എന്ന പദ്യവും ‘ആചാര്യവാഗഭേദ്യാ’ എന്ന കലിവാക്യവും വച്ചു കൊണ്ടു കൊച്ചിയിൽ ഗവൺമെന്റുജ്യോത്സ്യരായിരുന്ന പിച്ചു അയ്യർ ക്രി. പി. 895 മേടമാസം 18-ാംനു തിരുവാതിര നക്ഷത്രത്തിൽ സ്വാമികൾ തിരുവവതാരം ചെയ്തിരിക്കാമെന്നു് അഭ്യൂഹിക്കുന്നു. ആ കണക്കിനു് അദ്ദേഹത്തിന്റെ മഹാസമാധി 837-ൽ ആണെന്നു വരണം. പക്ഷേ ശങ്കരവിജയത്തിലെ പ്രസ്തുത ശ്ലോകത്തിനു് എത്രമാത്രം വിശ്വാസയോഗ്യതയുണ്ടെന്നു നിർണ്ണയിക്കുവാൻ മാർഗ്ഗമില്ലെന്നു മാത്രമല്ല ‘ആചാര്യ വാഗഭേദ്യാ’ എന്ന കലിവാക്യം എന്നുണ്ടായി എന്നറിവാൻ നിവൃത്തിയുമില്ല. കൊല്ലവർഷത്തിന്റെ ഉത്ഭവകാലം ഓർമ്മിക്കുവാൻ അങ്ങനെയൊരു വാക്യം ആരോ പിന്നീടു നിർമ്മിച്ചു എന്നുവച്ചുമാത്രം ശങ്കരൻ അക്കാലത്തു ജീവിച്ചിരുന്നിരിക്കണമെന്നില്ലല്ലോ.

8.7മറ്റൊരു മതം

ടി. ആർ. ചിന്താമണി ആചാര്യന്റെ കാലം ക്രി. പി. 655 മുതൽ 687 വരെയാണെന്നു ചില രേഖകൾ ഉദ്ധരിച്ചു നിർദ്ദേശിക്കുന്നു. സുരേശ്വരന്റെ ബൃഹദാരണ്യക വാർത്തികത്തിൽ നിന്ന്

“ആത്മാപി സദിദം ബ്രഹ്മ മോഹാൽ പാരോക്ഷ്യദൂഷിതം;
ബ്രഹ്മാപി സ തഥൈവാത്മാ സദ്വിതീയതയേക്ഷതേ”
എന്ന ശ്ലോകം ജൈനഹരിവംശം രചിച്ച ജിനസേനന്റെ ഗുരുവായ വിദ്യാനന്ദൻ അദ്ദേഹത്തിന്റെ അഷ്ടാസാഹസ്രിയിൽ ഉദ്ധരിക്കുന്നു എന്നും ജിനസേനൻ ക്രി. പി. 783-ൽ ജീവിച്ചിരുന്നു എന്നു് അദ്ദേഹംതന്നെ പ്രസ്താവിച്ചിട്ടുണ്ടെന്നുമുള്ളതാണു് ആ കാലഗണനയ്ക്കു് ഒരാധാരം. വിശ്വരൂപൻ എന്നതു നാമകരണമുഹൂർത്തത്തിൽ ലബ്ധമായ പേരും മണ്ഡനമിശ്രനെന്നതു ഗൃഹസ്ഥാശ്രമത്തിൽ സിദ്ധിച്ച ബിരുദവും സുരേശ്വരനെന്നതു സന്ന്യാസാശ്രമസ്വീകാരത്തിൽ അങ്ഗീകരിച്ച നാമധേയവുമാണെന്നു ചിലർ പറയുന്നു. ഉംവേകനും ഭവഭൂതിയും ഒന്നാണെങ്കിലും വിശ്വരൂപൻ വിഭിന്നനാകുന്നതിനാണു് ഉപപത്തി അധികമുള്ളതു്. മണ്ഡനൻ കുമാരിലന്റെ ശിഷ്യനായിരുന്നു എന്നുള്ളതു് എങ്ങനെ നോക്കിയാലും നിർവിവാദമാണു്. മണ്ഡനൻ ശങ്കരന്റെ ഒരു വാക്യത്തെ ഖണ്ഡിക്കുന്നതായി കല്പതരുകാരനായ അമലാനന്ദൻ (ക്രി. പി. പതിമ്മൂന്നാം ശതകം) പറയുന്നു; എന്നുമാത്രമല്ല ബ്രഹ്മസിദ്ധിയിൽ മണ്ഡനൻ ശങ്കരന്റെ പ്രാചാര്യനായ ഗൗഡപാദന്റെ മാണ്ഡൂക്യകാരികയിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിക്കുകയും ചെയ്യുന്നു. ശങ്കരന്റെ ചില വാക്യങ്ങളെ ഭട്ടഭാസ്കരൻ വിമർശിക്കുകയും ഭാസ്കരന്റെ വിമർശനങ്ങൾക്കു വാചസ്പതിമിശ്രൻ സമാധാനം പറയുകയും ചെയ്യുന്നുണ്ടു്. ക്രി. പി. ഒൻപതാം ശതകത്തിന്റെ ആരംഭത്തിലാണു് ശങ്കരൻ ജീവിച്ചിരുന്നതെങ്കിൽ ഇതെല്ലാം സംഭാവ്യമാകുന്നതെങ്ങനെ? ഇത്തരത്തിലാണു് ആ പണ്ഡിതന്റെ വാദഗതി. പ്രൊഫസർ എസ്സ്. കുപ്പുസ്വാമിശാസ്ത്രി ഈ മതത്തെ പൂർണ്ണമായി അങ്ഗീകരിക്കുന്നില്ല. സംക്ഷേപശാരീരക കർത്താവായ പ്രകാശാത്മയതി സുരേശ്വരന്റെ ശിഷ്യനാണെന്നു മധുസൂദനസരസ്വതി പ്രസ്താവിച്ചിട്ടുണ്ടു്. പ്രകാശാത്മാവു താമ്രവർണ്ണീതീരത്തിലുള്ള ബ്രഹ്മദേശത്തിൽ ജനിച്ച ഒരു പണ്ഡിതനാണു്. അദ്ദേഹം

“ശ്രീദേവേശ്വരപാദപങ്കജരജ
സ്സമ്പർക്കപൂതാശയ
സ്സർവജ്ഞാത്മഗിരാങ്കിതോ മുനിവര
സ്സംക്ഷേപശാരീരകം
ചക്രേസജ്ജനബുദ്ധിവർദ്ധനമിദം
രാജന്യവംശ്യേ നൃപേ
ശ്രീമത്യക്ഷയശാസനേ മനുകുലാ
ദിത്യേ ഭുവം ശാസതി”
എന്ന പദ്യത്തിൽ താൻ മനുകുലാദിത്യൻ എന്ന രാജാവിന്റെ കാലത്താണു് സംക്ഷേപശാരീരകം രചിച്ചതെന്നു പ്രസ്താവിച്ചിട്ടുണ്ടു്. മനുകുലാദിത്യന്റെ തിരുമൂഴിക്കുളം ശാസനത്തിൽ നിന്നു് ആ രാജാവു് ഭാസ്കരരവിവർമ്മന്റെ (വാഴ്ച ക്രി. പി. 978–1027) കാലത്താണു് ജീവിച്ചിരുന്നതെന്നു വെളിവാകുന്നു. ഇതിൽനിന്നു് ഒന്നുകിൽ പ്രകാശാത്മാവു സുരേശ്വരന്റെ ശിഷ്യനല്ലെന്നും അല്ലെങ്കിൽ അദ്ദേഹം സ്മരിക്കുന്ന മനുകുലാദിത്യൻ മറ്റൊരു രാജാവായിരുന്നിരിക്കണമെന്നുമാണു് അനുമാനിക്കേണ്ടതു്. ദേവേശ്വരനും സുരേശ്വരനും ഒന്നാകണമെന്നില്ല. ആയാലത്തെ ഫലം സുരേശ്വരനെ പത്താം ശതകത്തിന്റെ പൂർവാർദ്ധത്തിലേക്കെങ്കിലും നയിക്കുക എന്നുള്ളതാണു്. അപ്പോൾ ഭഗവൽപാദർ ഒൻപതാം ശതകത്തിന്റെ ഒടുവിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കണം; അതു് ഏതുനിലക്കും അനുപപന്നമാണെന്നുള്ളതിനും പക്ഷാന്തരത്തിനു മാർഗ്ഗമില്ല. ഭഗവൽപാദരാണു് കൊല്ലവർഷം നടപ്പാക്കിയതെന്നു മി. ഹിരിയണ്ണാ പറയുന്നു; അതു് ‘ആചാര്യവാഗഭേദ്യാ’ എന്ന കലിവാക്യത്തെ ആസ്പദമാക്കി മാത്രമാകയാൽ സ്വീകാര്യമല്ലെന്നു മുൻപുതന്നെ പ്രസ്താവിച്ചുകഴിഞ്ഞു. ആകെക്കൂടി നോക്കുമ്പോൾ ശങ്കരന്റെ ജീവിതകാലം ക്രി. പി. 788 മുതൽ 820 വരെയെന്നോ 805 മുതൽ 837 വരെയെന്നോ അല്ല 655 മുതൽ 687 വരെയെന്നു പറയുന്നതാണു് താരതമ്യേന സംഭാവ്യമായിട്ടുള്ളതു്. ‘ന ശൿനോമി കർത്തും പരദ്രോഹലേശം’ ഇത്യാദിപദ്യത്തിൽ ‘സുതദ്രോഹിണം’ എന്ന പദംകൊണ്ടു ഭഗവൽപാദർ സ്മരിക്കുന്നതു ചിറുത്തൊണ്ടനായനാരെയാണെന്നു സമ്മതിച്ചാലും അദ്ദേഹം ക്രി. പി. 642-ൽ ജീവിച്ചിരുന്നതായി കാണുന്നതുകൊണ്ടു് അതു പ്രസ്തുത കാലഗണനയ്ക്കു ബാധകമല്ല. ഇത്രയുംകൊണ്ടു് ഈ പക്ഷം സിദ്ധാന്തദശയിൽ എത്തിയതായി എനിക്കു് അഭിപ്രായമില്ലെന്നും ഉപരിഗവേഷണം ഇനിയും ആവശ്യകമാണെന്നും പ്രസ്താവിച്ചുകൊണ്ടു് തൽക്കാലം വിരമിക്കാം. ചുരുക്കത്തിൽ ഭഗവൽപാദർ ക്രി. പി. ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിനു മുൻപോ ഒൻപതാം ശതകത്തിന്റെ പൂർവാർദ്ധത്തിനു പിൻപോ അല്ല ജീവിച്ചിരുന്നതു് എന്നുമാത്രമേ നിഷ്കൃഷ്ടമായി സ്ഥാപിക്കുവാൻ സാധിക്കുകയുള്ളു.

8.8ജീവിതം

കാലടിയിൽ കൈപ്പള്ളി ഇല്ലത്തു വിദ്യാധിരാജന്റെ പുത്രനായി ശിവഗുരു എന്നൊരു ബ്രാഹ്മണശ്രേഷ്ഠനുണ്ടായിരുന്നു. അദ്ദേഹം ഇന്നത്തെ മൂവാറ്റുപുഴത്താലൂക്കിൽപെട്ട മേൽപാഴൂരില്ലത്തെ ‘ആര്യ’ എന്ന അന്തർജ്ജനത്തെ പാണിഗ്രഹണം ചെയ്തു. ആര്യാംബയെ സതി എന്നും വിളിച്ചുവന്നു. ആ ദമ്പതിമാർ അനപത്യതാദുഃഖത്താൽ പീഡിതരായി വളരെക്കാലം സമീപത്തുള്ള വൃഷഗിരി എന്ന ക്ഷേത്രത്തിൽ ശിവനെ തപസ്സുചെയ്തു. അതിന്റെ ഫലമായി ഭഗവൽ പ്രസാദം ലഭിച്ചു് അതിവിശിഷ്ടനെങ്കിലും അല്പായുര്യോഗമുള്ള ഒരു കുമാരനെ ആര്യ പ്രസവിച്ചു. ആ കുമാരനാണു് പിന്നീടു ജഗദ്ഗുരുവായിത്തീർന്ന ശങ്കരൻ. ഉണ്ണിയെ മൂന്നാമത്തെ വയസ്സിൽ പിതാവു് എഴുത്തിനിരുത്തുകയും ആ കൊല്ലത്തിൽ തന്നെ കാലധർമ്മം പ്രാപിക്കുകയും ചെയ്തു. അഞ്ചാമത്തെ വയസ്സിൽ ശങ്കരൻ ഉപനീതനായി അതിവേഗത്തിൽ സകല ശാസ്ത്രങ്ങളിലും പ്രശസ്തമായ പാണ്ഡിത്യം സമ്പാദിച്ചു. ബ്രഹ്മചര്യകാലത്തു് ഒരിക്കൽ അമ്മാത്തു ഭിക്ഷ യാചിക്കുവാൻ പോകുകയും ദരിദ്രയായ വിപ്രപത്നിയുടെ സങ്കടം കണ്ടു് ശ്രീസ്തുതി എന്നുകൂടി പേരുള്ള കനകധാരാസ്തോത്രം നിർമ്മിച്ചു് ആകാശത്തിൽനിന്നു കനകവർഷം ചെയ്യിക്കുകയും ചെയ്തതായി ഐതിഹ്യം പുകഴ്ത്തുന്നു. ഈ സംഭവം നടന്നതു സ്വാമികൾ സന്ന്യാസിയായി കേരളത്തിലേയ്ക്കു തിരിയെ വന്നപ്പോളാണെന്നും ഒരു പക്ഷമുണ്ടു്. വയോധികയായ മാതാവിനു നടന്നുപോയി കുളിച്ചുവരാനുള്ള പ്രയാസം കണ്ടു് പെരിയാറ്റിന്റെ ഒരു ശാഖ ഇല്ലത്തിന്റെ നടവഴിക്കു് ഒഴുക്കി. എട്ടാമത്തെ വയസ്സിൽ മുതല കാലിൽ കടിക്കവേ അമ്മയുടെ സമ്മതത്തോടുകൂടി ആപൽസന്ന്യാസം സ്വീകരിച്ചു. പെരിയാറ്റിന്റെ പുതിയ കൈവഴി കുടുംബപരദേവതയായ ശ്രീകൃഷ്ണസ്വാമിയുടെ ക്ഷേത്രം കുത്തിയെടുക്കാതിരിക്കത്തക്കവണ്ണം അതു നവീകരിച്ചു ബിംബം പുനഃപ്രതിഷ്ഠാപനം ചെയ്കയും ചെയ്തു.

അനന്തരം കർമ്മകാണ്ഡനിഷ്ഠമായ കേരളത്തിൽ തനിക്കു സന്ന്യാസഭിക്ഷ നൽകുന്നതിനു തക്ക ഗുരുവില്ലാതിരുന്നതിനാൽ അമ്മയുടെ അനുമതി വാങ്ങി നർമ്മദാതീരത്തിൽച്ചെന്നു് അവിടെ ഗൗഡപാദന്റെ ശിഷ്യനായ ഗോവിന്ദഭഗവൽ പാദന്റെ അന്തേവാസിത്വം സ്വീകരിച്ചു. ‘കസ്ത്വം’ എന്നുള്ള ഗോവിന്ദാചാര്യന്റെ ചോദ്യത്തിനു് ഉത്തരമാണു് “ന ഭൂമിർന്ന വായുർന്ന ഖം നേന്ദ്രിയം വാ” എന്നാരംഭിക്കുന്ന സുപ്രസിദ്ധമായ ദശശ്ലോകി. ഗോവിന്ദൻ സന്തോഷിച്ചു് അദ്ദേഹത്തെ സന്ന്യാസാശ്രമത്തിൽ പ്രവേശിപ്പിച്ചു. അവിടെ കുറേക്കാലം അദ്വൈതവേദാന്തം അഭ്യസിച്ചതിനുമേൽ കാശിയിൽ ചെന്നു് അവിടെ ബ്രഹ്മനിഷ്ഠനായി കാലയാപനം ചെയ്തു. കാശിയിൽവെച്ചാണു് നരസിംഹോപാസകനായ സനന്ദൻ അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായിത്തീർന്നതു്. അവിടെ സ്വാമികളുടെ അദ്വൈതവിചാരത്തിന്റെ പരിശുദ്ധതപരീക്ഷിക്കുവാൻ സാക്ഷാൽ ശ്രീപരമേശ്വരൻതന്നെ ചണ്ഡാലവേഷത്തിൽ പ്രത്യക്ഷീഭവിച്ചു. അവർ തമ്മിൽ നടന്ന വാഗ്വാദത്തിന്റെ ഫലമായി സ്വാമികൾ ജീവാത്മപരമാത്മാക്കളുടെ ഐക്യം ശരിക്കു മനസ്സിലാക്കി ‘മനീഷാപഞ്ചകം’ എന്ന മനോഹരമായ കൃതി നിർമ്മിച്ചു. പിന്നീടു് അവിടെയും ബദര്യാശ്രമത്തിലുമായി താമസിച്ചു പല സിദ്ധന്മാരുമായി കൂടിയാലോചിച്ചു നിഷ്കൃഷ്ടമായി അർത്ഥനിർണ്ണയം വരുത്തി ബാദരായണന്റെ (വ്യാസന്റെ) വേദാന്തസൂത്രങ്ങൾക്കും മറ്റും ഭാഷ്യം രചിച്ചു. പാശുപതന്മാർ, നൈയായികന്മാർ ഇവരെ വാദത്തിൽ തോല്പിച്ചു സൂത്രകാരനായ വ്യാസഭഗവാനെ പ്രത്യക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ അനുഗ്രഹവും സമ്പാദിച്ചു. അന്നു പതിനാറു വയസ്സേ ആചാര്യനു തികഞ്ഞിരുന്നുള്ളു എന്നും അതിനുമേൽ ആയുസ്സില്ലാതിരുന്നതിനാൽ സമാധിക്കു സന്നദ്ധനായി എന്നും വ്യാസന്റെ കാരുണ്യത്താൽ ദിഗ്വിജയത്തിനുവേണ്ടി പതിനാറു വർഷംകൂടി ജീവിതകാലം നീട്ടിക്കിട്ടി എന്നും ആസ്തിക്യന്മാരായ പുരാവിത്തുകൾ പറയുന്നു. ഭഗവൽപാദർ പതിനാറാമത്തെ വയസ്സിൽ മാത്രമേ കേരളം വിട്ടുപോയി ഗോവിന്ദസ്വാമികളുടെ ശിഷ്യനായുള്ളു എന്നാകുന്നു കേരളത്തിലെ ഐതിഹ്യം. “ഷോഡശാബ്ദേ സമാഗതേ സർവജ്ഞത്വമഗാദേവ ശങ്കരശ്ശങ്കരാംശജഃ” എന്നു ഗോവിന്ദനാഥൻ ശങ്കരൻ കേരളം വിടുന്നതിനുമുൻപുള്ള കഥ വർണ്ണിക്കുന്നതു നോക്കുക.

പിന്നീടു സ്വാമികൾ ദിഗ്വിജയത്തിനായി പുറപ്പെട്ടു. പ്രയാഗത്തിൽവെച്ചു് ഉമിത്തീയിൽ ചാടി പ്രാണത്യാഗം ചെയ്യുന്ന കുമാരിലഭട്ടനെ കാണുകയും അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചു മാഹിഷ്മതീ നഗരത്തിൽചെന്നു വിശ്വരൂപൻ എന്നു കൂടിപ്പേരുള്ള മണ്ഡനമിശ്രനെ വാദത്തിൽ പരാജയപ്പെടുത്തി മീമാംസകമൂർദ്ധന്യനായിരുന്ന അദ്ദേഹത്തെക്കൊണ്ടു് അദ്വൈത മതം സ്വീകരിപ്പിച്ചു സുരേശ്വരൻ എന്ന പേരിൽ സന്യസ്തനാക്കി തന്റെ രണ്ടാമത്തെ ശിഷ്യനായി അങ്ഗീകരിക്കുകയും ചെയ്തു. വിശ്വരൂപൻ എന്നതു ഗൃഹസ്ഥാശ്രമത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന പേരും മണ്ഡനൻ എന്നതു ബിരുദനാമവുമാകുന്നു എന്നു ചിലർ അഭിപ്രായപ്പെടുന്നു. യാജ്ഞവല്ക്യസ്മൃതിക്കു ബാലക്രീഡ എന്ന വ്യാഖ്യാനം അദ്ദേഹം നിർമ്മിച്ചതു വിശ്വരൂപൻ എന്ന പേരിലാകുന്നു. മണ്ഡനനും സുരേശ്വരനും ഒന്നല്ലെന്നാണു് എന്റെ പക്ഷം. സ്വാമികളുടേയും മണ്ഡനന്റേയും വാദം നടന്നതു് “ഉഭയഭാരതി” എന്ന മഹാവിദുഷിയായ മണ്ഡനന്റെ ധർമ്മപത്നിയുടെ മാധ്യസ്ഥത്തിലായിരുന്നു. മണ്ഡനൻ തോറ്റപ്പോൾ ഭാരതി തന്നെക്കൂടി തോല്പിച്ചാലല്ലാതെ ശങ്കരന്റെ വിജയം പൂർണ്ണമാകുകയില്ലെന്നു തർക്കിക്കുകയും ആ തർക്കം സമ്മതിച്ചു ശങ്കരൻ ആ പണ്ഡിതയോടും വാദം നടത്തുകയും ചെയ്തു. ഒടുവിൽ പരാജിതയാകുമെന്നു കണ്ടപ്പോൾ ഭാരതി കാമശാസ്ത്രത്തിൽ ചോദ്യങ്ങൾ ചോദിച്ചുതുടങ്ങുകയും നൈഷ്ഠികബ്രഹ്മചാരിയായ ശങ്കരനു് ആ ചോദ്യങ്ങൾക്കു് ഉത്തരം പറവാൻ നിവൃത്തിയില്ലാതെ തീർന്നതിനാൽ ഒരു മാസത്തെ അവധി വാങ്ങി അതിനല്പംമുമ്പു സ്വര്യാതനായ അമരുകരാജാവിന്റെ ശവശരീരത്തിൽ യോഗശക്തികൊണ്ടു പ്രവേശിച്ചു് അദ്ദേഹത്തിന്റെ പട്ടമഹിഷിയായ കാഞ്ചനമഞ്ജരിയും മറ്റുമായി രമിച്ചു തിരിയെ വന്നു ഭാരതിയെ ആ ശാസ്ത്രത്തിലും തോല്പിക്കുകയും ചെയ്തു. അത്രമാത്രം ശ്രമം ചെയ്തിട്ടാണു് സ്വാമികൾ മണ്ഡനനെ സ്വമതത്തിലേക്കു പരിവർത്തനം ചെയ്യിച്ചതെന്നു ശങ്കരചരിതങ്ങളിൽ വർണ്ണിക്കുന്നു.

അതു കഴിഞ്ഞു ഭഗവൽപാദർ ദക്ഷിണദേശത്തേക്കു യാത്രപുറപ്പെട്ടു. വഴിക്കുവെച്ചു് ഒരു കാപാലികൻ സ്വാമികളോടു് അദ്ദേഹത്തിന്റെ തല തനിക്കു മഹേശ്വരപൂജയ്ക്കായി തരണമെന്നു പ്രാർത്ഥിക്കുകയും സ്വാമികൾ അതു സസന്തോഷം സമ്മതിക്കുകയും ചെയ്തു. എങ്കിലും സനന്ദനനിൽ ആവേശിച്ച നരസിംഹമൂർത്തി ആ പാപിയെ വധിച്ചു ഗുരുവിന്റെ ജീവനെ രക്ഷിച്ചു. അതിനുമുൻപു കാശിയിൽവച്ചുതന്നെ അദ്ദേഹത്തിനു (സനന്ദനനു്) പത്മപാദൻ എന്നൊരു ബിരുദപ്പേർ സിദ്ധിച്ചിരുന്നു. ഗങ്ഗയുടെ മറുകരയിൽനിന്നു ഗുരു വിളിക്കുന്നതു കേട്ടു ഗുരുഭക്തി തന്നെ രക്ഷിക്കുമെന്നുള്ള അചഞ്ചലമായ വിശ്വാസത്തോടുകൂടി അദ്ദേഹം നദിയിൽ നടന്നുതുടങ്ങി എന്നും അപ്പോൾ താൻ പാദന്യാസം ചെയ്ത സ്ഥലത്തെല്ലാം ഓരോ താമരപ്പൂവുണ്ടായി അദ്ദേഹത്തിന്റെ കാലടികളെത്താങ്ങി എന്നുമാണു് ഈ ബിരുദത്തിനു പഴമക്കാർ പറയാറുള്ള ആഗമം. മൂകാംബിയിൽനിന്നു് ആചര്യൻ തൗളവബ്രാഹ്മണർ വസിക്കുന്ന ശ്രീവലിഗ്രാമത്തിൽ ചെന്നു. അവിടെ പതിമ്മൂന്നു വയസ്സായ ഒരു ബാലൻ ജഡനെപ്പോലെയിരിക്കുന്നതു കണ്ടു. പിതാവായ പ്രഭാകരൻ വളരെ വ്യസനിച്ചു് ആ ഉണ്ണിയെ ആചാര്യന്റെ സന്നിധിയിൽകൊണ്ടുപോയി. ആചാര്യൻ ചോദിച്ച ചോദ്യങ്ങൾക്കു് ഉണ്ണി വേദാന്തതത്വങ്ങൾ ഉള്ളങ്കൈയിലെ നെല്ലിക്കപോലെ കണ്ട മാതിരിയിൽ വിശദമായി ഉത്തരം പറയുകയാൽ അദ്ദേഹത്തിന്റെ ജാഡ്യം കേവലം ഭൗതികവിഷയങ്ങളിലാണെന്നു ഗ്രഹിച്ചു് അദ്ദേഹത്തെ തന്റെ മൂന്നാമത്തെ ശിഷ്യനായി സ്വീകരിച്ചു. ആ ശിഷ്യനെ ഹസ്താമലകനെന്നു പറയുന്നു.

തദനന്തരം ഋശ്യശൃങ്ഗമഹർഷിയുടെ തപോവൃത്തിയാൽ പണ്ടുതന്നെ പവിത്രമായ ശൃങ്ഗഗിരിയിൽ (ശൃങ്ഗേരി) എത്തി അവിടെ ഒരു ക്ഷേത്രം പണിയിച്ചു് അതിൽ ശാരദാ ദേവിയെ പ്രതിഷ്ഠിച്ചു് ഒരു മഠവും സ്ഥാപിച്ചു സുരേശ്വരനെ ആ മഠത്തിന്റെ അധ്യക്ഷനായി നിയമിച്ചു. ശൃങ്ഗേരിയിൽ വെച്ചു് ആനന്ദഗിരി എന്ന നാലാമത്തെ ശിഷ്യനെ കിട്ടി. തോടകവൃത്തത്തിൽ വേദാന്തവിഷയകമായി കവനംചെയ്യുന്നതിനു് അദ്ദേഹത്തിനുണ്ടായിരുന്ന വിശേഷനൈപുണ്യം കൊണ്ടു് അദ്ദേഹം തോടകൻ എന്ന പേരിലും അറിയപ്പെടുന്നു. ഈ ആനന്ദഗിരിയല്ല ഗുരുദിഗ്വിജയകാരൻ. സ്വാമികൾ ശൃങ്ഗേരിയിൽ താമസിച്ചുകൊണ്ടിരുന്നപ്പോൾ അമ്മയ്ക്കു് അന്ത്യകാലം ആസന്നമായി എന്നറിഞ്ഞു് അവിടെ നിന്നു പുറപ്പെട്ടു കാലടിയിൽ എത്തി. അമ്മ സഗുണബ്രഹ്മോപദേശം ലഭിക്കണമെന്നു പ്രാർത്ഥിക്കുകയാൽ ആദ്യം ശിവഭുജങ്ഗമുണ്ടാക്കിച്ചൊല്ലുകയും അതു പോരെന്നു പറകയാൽ വിഷ്ണുഭുജങ്ഗമുണ്ടാക്കി ആ വയോധികയുടെ അന്തിമാശ സാധിക്കുകയും ചെയ്തു. മാതാവിന്റെ മരണാനന്തരം സന്ന്യാസി അപരക്രിയയ്ക്കു് അധികാരിയല്ലെന്നു കർമ്മഠരായ അവിടത്തെ നമ്പൂരിമാർ വിധിക്കുകയാൽ അവർ ആ കാര്യത്തിൽ അദ്ദേഹത്തിനു യാതൊരു സാഹായ്യവും ചെയ്യുകയുണ്ടായില്ല. തന്നിമിത്തം സ്വാമികൾ അവരെ ശപിച്ചു. ആചാര്യൻ അതിനു ശേഷം ശിഷ്യന്മാരോടുകൂടി കേരളമെങ്ങും സഞ്ചരിക്കുകയും പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ മാതുലഗൃഹത്തിലും പോയി.

പിന്നീടു പല ദേശങ്ങളിലും പര്യടനം ചെയ്തു് ശാക്തന്മാർ, കാപാലികന്മാർ, പാഞ്ചരാത്രന്മാർ, ശൈവന്മാർ, ആർഹതന്മാർ മുതലായ പല കൂട്ടരേയും സ്വാമികൾ വാദത്തിൽ മടക്കി. ഗങ്ഗാനദീതീരത്തുവച്ചു ഗൗഡപാദാചാര്യരെക്കണ്ടു് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. ഒടുവിൽ കാശ്മീരത്തിൽ എത്തി സകലശാസ്ത്രവാദികളേയും ജയിച്ചു് അന്നുവരെ ആർക്കുംതന്നെ തുറന്നുകൊടുക്കാതിരുന്ന അവിടത്തെ ശാരദാക്ഷേത്രത്തിന്റെ തെക്കേ വാതിൽ തുറപ്പിച്ചു് ദേവിയുടെ പുരോഭാഗത്തുള്ള സർവജ്ഞപീഠത്തെ ആരോഹണം ചെയ്തു. അതിനെത്തുടർന്നു ശൃങ്ഗേരിയിലെ മഠത്തിനുപുറമേ ഭാരതഭൂമിയുടെ കിഴക്കു്, പടിഞ്ഞാറു്, വടക്കു് എന്നീ മൂന്നു കോണങ്ങളിൽ ജഗന്നാഥം, ദ്വാരക, ബദരി ഈ സ്ഥലങ്ങളിലായി മൂന്നു മഠങ്ങൾകൂടി സ്ഥാപിച്ചു് അവിടങ്ങളിലും ശാരദാപ്രതിഷ്ഠ നിർവഹിച്ചു് അവയ്ക്കു് യഥാക്രമം തോടകൻ, ഹസ്താമലകൻ, പത്മപാദൻ ഇവരെ അധിപതികളാക്കി. അപ്പോഴേക്കും മുപ്പത്തിരണ്ടു വയസ്സു തികഞ്ഞു. അതോടുകൂടി തന്റെ ജന്മോദ്ദേശങ്ങളെല്ലാം സാധിച്ചുകഴിഞ്ഞതിനാൽ കൃതകൃത്യനായി അഭൗമപ്രഭാവനായ ആ യതീശ്വരൻ നിർവികല്പസമാധിയിൽ നിലീനനായി പാഞ്ചഭൗതികമായ ശരീരത്തെ പരിത്യജിച്ചു പരമപദത്തെ പ്രാപിച്ചു.

ഇതാണു് ഭഗവൽപാദരുടെ ജീവിതചരിത്രത്തിന്റെ സംക്ഷേപം. അതിമാനുഷങ്ങളായ അപദാനങ്ങളെ കഴിയുന്നതും ഒഴിക്കണമെന്നായിരുന്നു എന്റെ ആഗ്രഹമെങ്കിലും ഗത്യന്തരമില്ലായ്കയാൽ അവയിൽ ചിലതെല്ലാം ഈ സംക്ഷേപത്തിൽ സ്പർശിക്കേണ്ടതായി വന്നിട്ടുണ്ടു്. സ്വാമികൾ തൃശ്ശൂരിൽവെച്ചാണു് ദേഹവിയോഗം ചെയ്തതു് എന്നുള്ളതിനു വടക്കുന്നാഥക്ഷേത്രത്തിലെ മതിൽക്കകത്തുള്ള ശംഖചക്രകുടീരത്തിനു പുറമേ, അദ്ദേഹത്തിന്റെ ശിഷ്യന്മാർ അവിടെ സ്ഥാപിച്ച നാലു സന്ന്യാസിമഠങ്ങളും ജ്ഞാപകങ്ങളാണു്. അവയിൽ തെക്കേമഠം പത്മപാദന്റേയും ഇടയിൽമഠം ഹസ്താമലകന്റെയും നടുവിൽമഠം സുരേശ്വരന്റേയും വടക്കേമഠം തോടകന്റേയുമാണു്. ആ ആചാര്യന്മാർ പ്രസ്തുത മഠങ്ങൾ സ്ഥാപിച്ചതു തങ്ങളുടെ ഗുരുവിന്റെ സമാധിസ്ഥലം കൂടക്കൂടെ സന്ദർശിച്ചു വന്ദിക്കുന്നതിനായിരുന്നു എന്നു പറഞ്ഞുവരുന്നു. ഇടയിൽമഠം തെക്കേമഠത്തിൽ പിൽകാലത്തിൽ ലയിച്ചുപോയി. വടക്കേ മഠം ബ്രഹ്മസ്വംമഠമായി മാറുന്നതിനുള്ള ഹേതു ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. തെക്കേമഠവും നടുവിലേ മഠവും മാത്രമേ ഇപ്പോൾ സ്വാമിയാർമഠങ്ങളായി അവശേഷിക്കുന്നുള്ളു. അവയ്ക്കു രണ്ടിനും അളവറ്റ സ്വത്തുണ്ടു്. കാലടിക്കടുത്തു കൈപ്പള്ളി എന്നു് ഇപ്പോൾ ഒരില്ലമുണ്ടു്. എന്നാൽ അതു സ്വാമികളുടെ പൂർവാശ്രമത്തിലെ ഗൃഹമല്ല. ആ ഗൃഹത്തിലെ സ്വത്തുക്കൾ തെക്കേമഠത്തിൽ ഒതുങ്ങിയിരിക്കുകയാണു്. സ്വാമികളുടെ ഇല്ലപ്പറമ്പു തെക്കേമഠത്തിൽനിന്നു വിലകൂടാതെ ശൃങ്ഗേരി മഠത്തിലേക്കു വിട്ടുകൊടുക്കുകയും അവിടെ ആ മഠത്തിലെ ഉപോത്തമാചാര്യനായിരുന്ന നരസിംഹഭാരതീസ്വാമികൾ കൊല്ലം 1085-ാമാണ്ടു കുംഭമാസം 10-ാംനു ജഗദംബാക്ഷേത്രവും ശങ്കരാചാര്യക്ഷേത്രവും പ്രതിഷ്ഠിച്ചു കാലടിയെ ശാപവിമുക്തമാക്കുകയും ചെയ്തതു് എല്ലാവർക്കും അറിവുള്ളതാണല്ലോ.

8.9കൃതികൾ

ഭഗവൽപാദരുടെ കൃതികൾ സമാഹരിച്ചു് ഇരുപതു പുസ്തകങ്ങളായി ശ്രീരങ്ഗം വാണീവിലാസ മുദ്രാലയത്തിൽനിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അവയെ (1) ഭാഷ്യങ്ങൾ (2) മൂലഗ്രന്ഥങ്ങൾ (3) സ്തോത്രങ്ങൾ (4) മന്ത്രശാസ്ത്രം എന്നിങ്ങനെ നാലിനമായി വിഭജിക്കാവുന്നതാണു്.

8.9.1ഭാഷ്യങ്ങൾ
ഒന്നാമത്തെ ഇനത്തിൽ സർവോൽകൃഷ്ടമായിട്ടുള്ളതു ബാദരായണന്റെ വേദാന്ത (ഉത്തരമീമാംസാ) സൂത്രങ്ങൾക്കു് ആചാര്യൻ രചിച്ചിട്ടുള്ള ഭാഷ്യംതന്നെയാണു്. ആ സൂത്രങ്ങൾക്കു ശാരീരകമീമാംസാസൂത്രങ്ങളെന്നും, ബ്രഹ്മസൂത്രങ്ങളെന്നും കൂടി പേരുള്ളതിനാൽ പ്രസ്തുതഭാഷ്യത്തെ ബ്രഹ്മസൂത്രഭാഷ്യമെന്നും ശാരീരകമീമാംസാഭാഷ്യമെന്നുംകൂടി പറയാറുണ്ടു്. അതു കഴിഞ്ഞാൽ പിന്നീടു് ഉപനിഷദ്ഭാഷ്യങ്ങൾക്കാകുന്നു പ്രാധാന്യം. ഭഗവൽപാദർ ഈശാവാസ്യോപനിഷത്തു്, കേനോപനിഷത്തു്, കഠോപനിഷത്തു്, പ്രശ്നോപനിഷത്തു്, മുണ്ഡകോപനിഷത്തു്, മാണ്ഡൂക്യോപനിഷത്തു്, ഐതരേയോപനിഷത്തു്, തൈത്തിരിയോപനിഷത്തു്, ഛാന്ദോഗ്യോപനിഷത്തു്, ബൃഹദാരണ്യകോപനിഷത്തു് ഈ പത്തു പ്രാചീനോപനിഷത്തുകൾക്കും ഗൗഡപാദന്റെ മാണ്ഡൂക്യകാരികയ്ക്കും പുറമേ നൃസിംഹപൂർവതാപന്യുപനിഷത്തിനും ഭാഷ്യം നിർമ്മിച്ചിട്ടുണ്ടു്. ഒടുവിലത്തെ ഭാഷ്യം പത്മപാദന്റെ പ്രാർത്ഥന അനുസരിച്ചായിരിക്കണമെന്നു ഞാൻ ഊഹിക്കുന്നു. ഇവ കൂടാതെ അഥർവശിഖ, അഥർവശിരസ്സു് ഈ രണ്ടുപനിഷത്തുകൾക്കു കൂടി അദ്ദേഹത്തിന്റെ ഭാഷ്യങ്ങളുണ്ടെന്നു ചിലർ പറയുന്നു. എങ്കിലും അവ കണ്ടുകിട്ടീട്ടില്ല. അടുത്ത പടിയിൽ നില്ക്കുന്നതു ഭഗവദു് ഗീതാഭാഷ്യമാകുന്നു. ബ്രഹ്മസൂത്രങ്ങൾ, ദശോപനിഷത്തുകൾ, ഭഗവദ്ഗീത ഇവയെ പ്രസ്ഥാനത്രയമെന്നു പറയുന്നു. പ്രസ്ഥാനത്രയത്തിനു ഭാഷ്യങ്ങൾ രചിക്കുന്ന പണ്ഡിതശ്രേഷ്ഠന്മാരെയാകുന്നു പരിപൂർണ്ണന്മാരായ മതാചാര്യന്മാരായി ഭാരതീയർ അങ്ഗീകരിക്കുന്നതു്. ആദ്യത്തെ, പ്രസ്ഥാനത്രയഭാഷ്യകാരനാണു് ശങ്കരഭഗവൽപാദർ. ഭഗവദ്ഗീതയ്ക്കുപുറമെ മഹാഭാരതാന്തർഗതങ്ങളായ വിഷ്ണുസഹസ്രനാമത്തിനും സനൽ സുജാതീയത്തിനും ആചാര്യൻ ഭാഷ്യകാരനാണു്. അവ കൂടാതെ ലളിതാത്രിശതിക്കും ഹസ്താമലകന്റെ “നിമിത്തം മനശ്ചക്ഷുരാദിപ്രവൃത്തൗ” എന്നു തുടങ്ങുന്ന ഒരു ചെറിയ വേദാന്ത കൃതിക്കുംകൂടി അദ്ദേഹം ഭാഷ്യം രചിച്ചിട്ടുള്ളതായി ഐതിഹ്യമുണ്ടെങ്കിലും ത്രിശതീഭാഷ്യം അദ്ദേഹത്തിന്റെ കൃതിയല്ലെന്നുള്ളതിനു് അതിൽത്തന്നെ തെളിവുണ്ടു്. ‘ഹല്ലീസലാസ്യ സന്തുഷ്ടാ’ എന്ന പദം വ്യാഖ്യാനിക്കുമ്പോൾ പ്രസ്തുതഭാഷ്യകാരൻ ഹാരാവലീകോശത്തിൽനിന്നു് ഒരു ശ്ലോകാർദ്ധം ഉദ്ധരിക്കുന്നു. ഹാരാവലി, ത്രികാണ്ഡശേഷം തുടങ്ങിയ കോശ ഗ്രന്ഥങ്ങളുടെ പ്രണേതാവായ പുരുഷോത്തമദേവൻ എന്ന ബൗദ്ധാചാര്യൻ ജീവിച്ചിരുന്നതു ക്രി. പി. പന്ത്രണ്ടാം ശതകത്തിന്റെ മധ്യത്തിലാണു്. അതിനാൽ ത്രിശതീഭാഷ്യത്തിന്റെ നിർമ്മാതാവു ശൃങ്ഗേരിപീഠത്തെ അനന്തരകാലത്തിൽ അലങ്കരിച്ചിരുന്ന മറ്റൊരു യതിവര്യനാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. വിഷ്ണുസഹസ്രനാമഭാഷ്യം ഗോവിന്ദസ്വാമികളുടെ ആജ്ഞ അനുസരിച്ചു രചിച്ചതാണു്.

8.9.2മൂലഗ്രന്ഥങ്ങൾ
സ്വാമികൾ അദ്വൈതവേദാന്തതത്വങ്ങളെ പ്രസ്പഷ്ടമാക്കുന്നതിനുവേണ്ടി വലുതും ചെറുതുമായി മുപ്പത്തിമൂന്നോളം ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അവ (1) വിവേകചൂഡാമണി; (2) ഉപദേശസാഹസ്രി; (3) അപരോക്ഷാനുഭൂതി; (4) വാക്യവൃത്തി; (5) സ്വാത്മനിരൂപണം; (6) ആത്മബോധം; (7) ശതശ്ലോകി; (8) ദശശ്ലോകി; (9) സർവവേദാന്തസിദ്ധാന്തസാരസംഗ്രഹം; (10) പ്രബോധസുധാകരം; (11) സ്വാത്മപ്രകാശിക; (12) മനീഷാപഞ്ചകം; (13) അദ്വൈതപഞ്ചരത്നം; (14) നിർവാണഷട്കം; (15) അദ്വൈതാനുഭൂതി; (16) ബ്രഹ്മാനുചിന്തനം; (17) പ്രശ്നോത്തരരത്നമാലിക; (18) സദാചാരാനുസന്ധാനം; (19) യോഗതാരാവലി; (20) ഉപദേശപഞ്ചകം; (21) ധന്യാഷ്ടകം; (22) ജീവന്മുക്താനന്ദ ലഹരി; (23) അനാത്മശ്രീവിഗർഹണപ്രകരണം; (24) സ്വരൂപാനുസന്ധാനം; (25) യതിപഞ്ചകം; (26) പഞ്ചീകരണം; (27) തത്വോപദേശം; (28) ഏകശ്ലോകി; (29) മായാപഞ്ചകം; (30) പ്രൗഢാനുഭൂതി; (31) ബ്രഹ്മജ്ഞാനാവലീമാല; (32) ലഘുവാക്യവൃത്തി; (33) നിർവാണമഞ്ജരി ഈ ഗ്രന്ഥങ്ങളാകുന്നു.

8.9.3സ്തോത്രങ്ങൾ-ഭഗവൽപാദർ
(1) ഗണപതിസ്തോത്രങ്ങൾ; (2) സുബ്രഹ്മണ്യസ്തോത്രം; (3) ശിവസ്തോത്രങ്ങൾ; (4) ദേവീസ്തോത്രങ്ങൾ; (5) വിഷ്ണുസ്തോത്രങ്ങൾ; (6) സങ്കീർണ്ണസ്തോത്രങ്ങൾ ഇങ്ങനെ പല ദേവതകളേയും അധികരിച്ചു സ്തോത്രരത്നങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. (1) ഗണേശപഞ്ചരത്നം; (2) ഗണേശഭുജങ്ഗം ഇവ ഒന്നാമത്തെവകുപ്പിലും; (3) സുബ്രഹ്മണ്യഭുജങ്ഗം രണ്ടാമത്തെ വകുപ്പിലും; (4) ശിവഭുജങ്ഗം, (5) ശിവാനന്ദലഹരി, (6) ശിവപാദാദികേശാന്തവർണ്ണസ്തോത്രം, (7) ശിവകേശാദിപാദാന്തവർണ്ണനസ്തോത്രം, (8) വേദസാരശിവസ്തോത്രം, (9) ശിവാപരാധക്ഷമാപണസ്തോത്രം, (10) സുവർണ്ണമാലാസ്തുതി, (11) ദശശ്ലോകീസ്തുതി, (12) ദക്ഷിണാമൂർത്തിവർണ്ണമാലാസ്തോത്രം, (13) ശ്രീദക്ഷിണാമൂർത്യഷ്ടകം, (14) ശ്രീമൃത്യുഞ്ജയമാനസിക പൂജാസ്തോത്രം, (15) ശിവനാമാവല്യഷ്ടകം, (16) ശിവപഞ്ചാക്ഷരസ്തോത്രം, (17) ഉമാമഹേശ്വരസ്തോത്രം ഇവ മൂന്നാമത്തെ വകുപ്പിലും ഉൾപ്പെടും. (18) സൗന്ദര്യലഹരി, (19) ദേവീഭുജങ്ഗസ്തോത്രം, (20) ആനന്ദലഹരി, (21) ത്രിപുരസുന്ദരീ വേദപാദസ്തോത്രം, (22) ത്രിപുരസുന്ദരീമാനസപൂജാസ്തോത്രം, (23) ദേവീഷഷ്ട്യുപചാരപൂജാസ്തോത്രം, (24) ത്രിപുരസുന്ദര്യഷ്ടകം, (25) ലളിതാപഞ്ചരത്നം, (26) കല്യാണവൃഷ്ടിസ്തവം, (27) നവരത്നമാലിക, (28) മന്ത്രമാതൃകാപുഷ്പമാലാസ്തവം, (29) ഗൗരീദശകം, (30) ദേവീഭുജങ്ഗം ഇവയാണു് നാലാമത്തെ വകുപ്പിൽ ചേരുന്നതു്. അഞ്ചാമത്തെ വകുപ്പിൽ (31) ഹനൂമൽപഞ്ചകം, (32) ശ്രീരാമഭുജങ്ഗം, (33) ലക്ഷ്മീനൃസിംഹ പഞ്ചരത്നം, (34) ലക്ഷമീനൃസിംഹകരുണാരസസ്തോത്രം, (35) ശ്രീവിഷ്ണുഭുജങ്ഗം, (36) വിഷ്ണുപാദാദികേശാന്തസ്തോത്രം, (37) പാണ്ഡുരങ്ഗാഷ്ടകം, (38) അച്യുതാഷ്ടകം, (39) കൃഷ്ണാഷ്ടകം, (40) ഹരിസ്തുതി, (41) ഗോവിന്ദാഷ്ടകം, (42) ഭഗവന്മാനസപൂജ, (43) മോഹമുദ്ഗരം ഇവയാണു് അന്തർഭവിക്കുന്നതു്. ആറാമത്തേ വകുപ്പിൽ (44) കനകധാരാസ്തോത്രം, (45) അന്നപൂർണ്ണാഷ്ടകം, (46) മീനാക്ഷീപഞ്ചരത്നം, (47) മീനാക്ഷീസ്തോത്രം, (48) ദക്ഷിണാമൂർത്തിസ്തോത്രം, (49) കാലഭൈരവാഷ്ടകം, (50) നർമ്മദാഷ്ടകം, (51) യമുനാഷ്ടകം, (52) മണികർണ്ണികാഷ്ടകം, (53) നിർഗ്ഗുണമാനസപൂജ, (54) പ്രാതഃസ്മരണസ്തോത്രം, (55) ജഗന്നാഥാഷ്ടകം, (56) ഷട്പദീസ്തോത്രം, (57) ഭ്രമരാംബാഷ്ടകം, (58) ശിവപഞ്ചാക്ഷരനക്ഷത്രമാലാസ്തോത്രം, (59) ദ്വാദശലിങ്ഗസ്തോത്രം, (60) അർദ്ധനാരീശ്വരസ്തോത്രം, (61) ശാരദാഭുജങ്ഗപ്രയാതാഷ്ടകം, (62) ഗുർവഷ്ടകം, (63) കാശീപഞ്ചകം (64) നർമ്മദാഷ്ടകം ഈ സ്തോത്രങ്ങൾ അടങ്ങുന്നു.

8.9.4മന്ത്രശാസ്ത്രം
മന്ത്രശാസ്ത്രത്തിൽ ഭഗവൽപാദരുടെ കൃതി 32 പടലങ്ങളായി വിഭജിച്ചിട്ടുള്ള സുപ്രസിദ്ധമായ പ്രപഞ്ച സാരമാകുന്നു. ഇതുകൂടാതെ സപര്യാഹൃദയം എന്നൊരു ഗ്രന്ഥം കൂടി അദ്ദേഹത്തിന്റേതാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. അതു വാണീവിലാസക്കാർ ആചാര്യകൃതിസമുച്ചയത്തിൽ ഉൾപ്പെടുത്തീട്ടില്ല. അതുപോലെ സൗഭാഗ്യവിദ്യ, സുഭഗോദയ പദ്ധതി ഇങ്ങനെ വേറെയും മന്ത്രശാസ്ത്രരഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ചില കൃതികൾ അദ്ദേഹത്തിന്റേതാണെന്നു ചില പഴമക്കാർ പറഞ്ഞുവരുന്നു. സുഭഗോദയം ഭഗവൽപാദരുടെ കൃതിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതും പ്രഭയെന്ന വ്യാഖ്യാനവും ത്രിപുരാപൂജയ്ക്കു് ഋജുവിമർശിനി എന്ന വ്യാഖ്യയും ശാംഭവോദയം എന്നൊരു തന്ത്രനിബന്ധവും ശിവാനന്ദയോഗി എന്നൊരു സിദ്ധന്റെ കൃതികളാകുന്നു. ശിവാനന്ദന്റെ കാലദേശങ്ങൾ അവിജ്ഞാതങ്ങളായിരിക്കുന്നു.

8.9.5ശാങ്കരസ്മൃതി
കേരളത്തിലെ ആചാരങ്ങളെ വിവരിക്കുന്ന ശാങ്കരസ്മൃതി ഏതോ ഒരു ശങ്കരൻ നമ്പൂരിയുടെ കൃതിയെന്നല്ലാതെ അതു ഭഗവൽപാദരുടെ നിബന്ധമാണെന്നു പറവാൻ യാതൊരു നിർവാഹവും കാണുന്നില്ല. ഒന്നാമതു് അതിന്റെ അടിസ്ഥാനമെന്നു പറയുന്ന ഭാർഗ്ഗവസ്മൃതി ഇനിയും കണ്ടു കിട്ടീട്ടില്ല. രണ്ടാമതു ഭാർഗ്ഗവസ്മൃതിയേയോ ശാങ്കരസ്മൃതിയേയോ ഇതരസ്മൃതികാരന്മാർ സ്മരിച്ചിട്ടില്ലെന്നു മാത്രമല്ല, ശാങ്കരസ്മൃതി തന്റെ കാലത്തുണ്ടായിരുന്നു എങ്കിൽ അതു നിശ്ചയമായി അറിഞ്ഞിരിക്കേണ്ട മാധവാചാര്യർപോലും സർവസ്മൃതി പ്രദീപമായ ‘പരാശരമാധവീയ’ത്തിൽ അങ്ങനെയൊരു ഗ്രന്ഥമുള്ളതായി പറയുന്നുമില്ല. ആചാര്യപാദരുടെ ശിഷ്യനായ വിശ്വരൂപന്റെ ബാലക്രീഡയിലും ശാങ്കരസ്മൃതിയെ സ്മരിച്ചുകാണുന്നില്ലെന്നു് ഇവിടെ പ്രത്യേകം പ്രസ്താവിക്കേണ്ടതുണ്ടു്. മൂന്നാമതു ഭഗവൽപാദരുടെ കവിതാശൈലി ശാങ്കരസ്മൃതിയിൽ ഒരിടത്തും തൊട്ടുതെറിച്ചിട്ടുപോലുമില്ല. നാലാമതു സന്ന്യാസിവര്യനായ ആ മഹാത്മാവു കേരളാചാരങ്ങളെ ക്രോഡീകരിച്ചു് ഒരു ഗ്രന്ഥം നിർമ്മിച്ചിരിക്കുകയില്ലെന്നുമാത്രമല്ല, നിർമ്മിച്ചാൽ തന്നെ കർമ്മകാണ്ഡോപാസകന്മാരായ അന്നത്തെ നമ്പൂരിമാർ അതു പ്രമാണത്വേന അങ്ഗീകരിച്ചിരിക്കുകയുമില്ല. അഞ്ചാമതു വസ്തുവുടമസ്ഥൻ എന്ന അർത്ഥത്തിൽ ‘ജന്മി’ എന്ന പദം ശാങ്കരസ്മൃതിയിൽ ധാരാളമായി പ്രയോഗിച്ചിട്ടുണ്ടു്.

“ജന്മിനോ യദി ഭൂദേവാ ജന്മോപഗ്രഹണാൽ ക്വചിൽ
ആഗതേന ച ജീവേയുർജ്ജന്മഭോഗേന കർഷകാൽ
സർവേ ജന്മിന ഏതേന വ്യാഖ്യാതാ ഇതി ഭാർഗ്ഗവഃ
സ്വക്ഷേത്രേ സങ്ഗ്രഹം ചക്രേ വിഷ്ണുദ്ധർമ്മപതിർഭൃഗുഃ
ലജ്ജതേ ഭർത്സ്യതേ തേന വിപ്രഃ കാമീ ശമോചിതഃ
ജല്മേതി വർണ്ണവ്യത്യാസാൽ തൽസംബന്ധേന സാച ഭ്രഃ
ജന്മേത്യാഖ്യായതേ തസ്യ സ്വാമിത്വഞ്ച തദാശ്രയം”
എന്ന ശ്ലോകങ്ങൾ നോക്കുക. ‘ലജ്’ ധാതുവിനു പൃഷോദരാ ദിരീത്യാ വർണ്ണവ്യത്യാസം വന്നിട്ടു ജല്മി എന്ന പദവും ‘ജല്മി’ രൂപാന്തരപ്പെട്ടു ജന്മി എന്ന പദവും ഉണ്ടായി എന്നത്രേ ഗ്രന്ഥകാരൻ പറയുന്നതു്. ഇത്രമാത്രം അസംബന്ധമായ ഒരു നിരുക്തത്തിനു സർവശാസ്ത്രജ്ഞനായ ഭഗവൽപാദരെ ഉത്തരവാദി ആക്കുന്നതു് അന്യായമാണു്. ജന്മിക്കും ജമിന്ദാർക്കും ആഗമം ഒന്നുതന്നെയാണു്. ജന്മി ഏതു ധാതുവിൽനിന്നു വന്നാലും പ്രകൃതാർത്ഥത്തിൽ അതു സംസ്കൃതഭാഷയിൽ പ്രയോക്തവ്യമല്ലെന്നുള്ളതിൽ പക്ഷാന്തരത്തിനു് അവകാശമില്ലല്ലോ. ഇനിയും പലതും പ്രസ്തുത ഗ്രന്ഥത്തെപ്പറ്റി പറയുവാനുണ്ടു്. എത്രയോ ശങ്കരാചാര്യന്മാർ കേരളത്തിൽ ഓരോ കാലത്തു ജീവിച്ചിരുന്നിട്ടുണ്ടു്. പയ്യൂർ ശങ്കരഭട്ടതിരി എന്നൊരു പണ്ഡിതൻ ക്രി. പി. പതിന്നാലാം ശതകത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗുരു ഒരു ഗോവിന്ദഭഗവൽപാദനായിരുന്നു എന്നു വേദാരണ്യവാസുദേവന്റെ ശിവോദയത്തിൽ നിന്നു് അറിയുന്നു. ശാങ്കരസ്മൃതി അദ്ദേഹത്തിന്റെ കൃതിയായിരിക്കുമോ എന്നറിവില്ല. പരപ്രതാരണംചെയ്തു സ്വകീയമായ ഗ്രന്ഥത്തിനു മേന്മ നേടുവാൻവേണ്ടി ആരെങ്കിലും ശങ്കരപദം അതോടു ഘടിപ്പിച്ചുമിരിക്കാവുന്നതാണു്.

8.10ഭഗവൽപാദരുടെ മഹിമ

സ്വാമികളുടെ കൃതികളിൽ ഒന്നിനെപ്പറ്റിയും എന്തെങ്കിലും പ്രതിപാദിക്കുവാൻ ഈ പുസ്തകത്തിൽ സ്ഥലസൗകര്യമില്ല; അതിനു വലിയ തോതിൽ മറ്റൊരു പുസ്തകംതന്നെ എഴുതേണ്ടിവരുന്നതാണു്. അതുകൊണ്ടു് അതിനായി ഇവിടെ ഉദ്യമിക്കുന്നില്ല. ഒരു കവിയുടേയോ, ഗദ്യകാരന്റേയോ, തത്വചിന്തകന്റേയോ, സന്മാഗ്ഗദർശിയുടേയോ, പ്രതിവാദിഭയങ്കരനായ ശാസ്ത്രവാദിയുടേയോ, സാക്ഷാൽകൃതബ്രഹ്മാവായ യോഗിയുടേയോ, സനാതനധർമ്മപ്രതിഷ്ഠാപകനായ ആചാര്യന്റേയോ, സർവവിദ്യാവിചക്ഷണനായ ജീവന്മുക്തന്റേയോ, – ഏതുനിലയിൽനിന്നു നോക്കിയാലും അദ്ദേഹം അതിമാനുഷനായി, അപ്രതിരഥനായി, അഖണ്ഡതേജസ്വിയായി, അത്ഭുതപ്രഭാവനായി പരിലസിക്കുന്നു. അദ്ദേഹം പുനഃസ്ഥാപനം ചെയ്ത അദ്വൈതമതം അതിന്റെ സ്വതന്ത്രതകൊണ്ടും മാർമ്മികതകൊണ്ടും സർവ്വങ്കഷതകൊണ്ടും ആരേയും ആശ്ചര്യപരതന്ത്രരാക്കുന്നു. അന്ധവിശ്വാസത്തിന്റെ ത്രസരേണുവിനുപോലും അവിടെയെങ്ങും സ്ഥാനമില്ല; സർവവും ബുദ്ധിഗ്രാഹ്യം, ഉപപത്തിയുക്തം, ക്ഷോദക്ഷമം. ആ സിദ്ധാന്തം ആദിത്യബിംബത്തെപ്പോലെ പരിപൂർണ്ണമാകുന്നു; അധ്യാഹാരാപേക്ഷ അവിടെയെങ്ങുംതന്നെയില്ല. ഭഗവൽപാദർ ജനിച്ച കാലത്തു കർമ്മമാർഗ്ഗവും ഭക്തിമാർഗ്ഗവും തമ്മിൽ ഭാരതത്തിൽ ഒരു വലിയ മത്സരം നടന്നുകൊണ്ടിരുന്നു. ആദ്യത്തെക്കൂട്ടർ യാഗാദികർമ്മങ്ങൾക്കായും രണ്ടാമത്തേവർ ക്ഷുദ്രദേവതാപ്രീതിക്കായും ജന്തുക്കളെ ഹിംസിച്ചുവന്നു. ശാക്തന്മാർ, കാപാലികന്മാർ തുടങ്ങിയവരുടെ ഇടയിൽ മതം അസന്മാർഗ്ഗചര്യയ്ക്കു് ഒരു തിരസ്കരണിയായിപ്പോലും തീർന്നിരുന്നു. ഭഗവൽപാദർ സമകാലികന്മാരുടെ ദൃഷ്ടി ഭാരതത്തിന്റെ ശാശ്വതനിധികളായ ഉപനിഷത്തുക്കളിലേയ്ക്കു തിരിച്ചുവിട്ടു; ജ്ഞാനമാർഗ്ഗത്തിന്റെ മാഹാത്മ്യം അവർക്കു കരതലാമലകംപോലെ കാണിച്ചുകൊടുത്തു; മനുഷ്യന്റെ സർവ്വതോമുഖമായ ഉൽഗതിക്കു് അവ എത്രമാത്രം ഉപകരിക്കുന്നു എന്നും ബാദരായണസൂത്രങ്ങളിൽ അവയുടെ അനപലപനീയമായ സമന്വയം എങ്ങനെ സാധിച്ചിരിക്കുന്നു എന്നും വിശദീകരിച്ചു. ആത്മാവും ബ്രഹ്മവും ഒന്നാണെന്നും വേദങ്ങളിൽ കാണുന്ന തത്വമസ്യാദി മഹാവാക്യങ്ങളുടെ അർത്ഥം മറ്റൊന്നല്ലെന്നും ആ ഐക്യജ്ഞാനംതന്നെയാണു് മോക്ഷമെന്നും പ്രമാണംകൊണ്ടും യുക്തി കൊണ്ടും സ്ഥാപിച്ചു. ‘സംസാരഹേതുനിവൃത്തിസാധനബ്രഹ്മാത്മൈകത്വവിദ്യ’ യാണു് അദ്ദേഹം പ്രവചിച്ചതു്. ഇതത്രേ അദ്ദേഹത്തിന്റെ മഹോപദേശരഹസ്യമെങ്കിലും ‘ന ബുദ്ധിഭേദം ജനയേദജ്ഞാനാം കർമ്മസങ്ഗിനാം’ എന്ന ന്യായമനുസരിച്ചു സാധാരണന്മാർക്കു ഭക്തിമാർഗ്ഗസഞ്ചാരം ആവശ്യമാണെന്നു് അദ്ദേഹം നിർണ്ണയിക്കുകയും തന്നിമിത്തം ആ മാർഗ്ഗത്തിൽ ജനങ്ങൾക്കു് അഭിരുചി ജനിപ്പിക്കുന്ന അനവധി സ്തോത്രങ്ങൾ രചിക്കുകയും ചെയ്തു. അവയിൽ സൗന്ദര്യലഹരി, ശിവാനന്ദലഹരി, വിഷ്ണുപാദാദികേശം തുടങ്ങിയ ചില സ്തോത്രങ്ങളുടെ മാഹാത്മ്യം അന്യാദൃശമാകുന്നു. അദ്ദേഹം മേല്പുത്തൂർ ഭട്ടതിരി പറഞ്ഞിട്ടുള്ളതുപോലെ ഒരു ദേവനിലും പക്ഷപാതിയായിരുന്നില്ല; ഏതു ദേവനേയും ദേവിയേയും ഉള്ളഴിഞ്ഞു സ്തുതിച്ചു. നാസ്തികമതമായ ബുദ്ധദർശനത്തെ ഖണ്ഡിക്കുക എന്നുള്ളതായിരുന്നു തന്റെ ലക്ഷ്യങ്ങളിൽ ഒന്നു് എങ്കിലും ബൗദ്ധന്മാരിൽനിന്നുപോലും സ്വീകാര്യങ്ങളായ പല തത്വങ്ങളും സ്വീകരിച്ചു. ഭാരതത്തിന്റെ വിവിധപ്രാന്തങ്ങളിൽ ബുദ്ധമതാചാര്യന്മാരെപ്പോലെ അദ്ദേഹവും സന്ന്യാസിമഠങ്ങൾ സ്ഥാപിച്ചു. കാഞ്ചീപുരത്തെ കാമകോടിപീഠവും അദ്ദേഹം പ്രതിഷ്ഠിച്ചതായിത്തന്നെ വിചാരിക്കണം. അഗാധമായ തത്വചിന്തകൊണ്ടും അസന്ദിഗ്ദ്ധമായ പ്രതിപാദനരീതികൊണ്ടും അദ്ദേഹത്തിന്റെ ശാസ്ത്രഗ്രന്ഥങ്ങൾ ആരുടെ ഹൃദയത്തേയും ഹഠാദാകർഷിക്കുന്നു. ‘പ്രസാദഗാംഭീര്യഗുണാഭിരാമം’ എന്നു ശങ്കരവിജയകാരൻ ബ്രഹ്മസൂത്രഭാഷ്യത്തിനു നല്കീട്ടുള്ള വിശേഷണം അത്യന്തം സമുചിതമാണു്. ‘ഏകശ്ലോകോപി യേഷു പ്രഥിതകവിജനാനന്ദസന്ദോഹകന്ദഃ’ എന്നു നവകാളിദാസനെപ്പോലെ നമുക്കും അതിശയോക്തിഭയം കൂടാതെ അദ്ദേഹത്തിന്റെ സ്തോത്രങ്ങളെ സ്തുതിക്കാം:

“ഗിരാം ധാരാ കല്പദ്രുമകുസുമധാരാ പരഗുരോ
സ്തദർത്ഥാളീ ചിന്താമണികിരണവേണ്യാഗുണനികാ
അഭങ്ഗവ്യങ്ഗ്യൗഘസ്സുരസുരഭിദുഗ്ദ്ധോർമ്മിസഹഭ്രർ
ദ്ദിവം ഭവ്യൈഃ കാവ്യൈഃ സൃജതി വിദുഷാം ശങ്കരഗുരുഃ.”
എന്നും,

“സോൽക്കണ്ഠാകുണ്ഠകണ്ഠീരവനഖരവര
ക്ഷുബ്ധമത്തേഭകുംഭ
പ്രത്യഗ്രോന്മുക്തമുക്താമണിഗണസുഷമാ
ബദ്ധദോര്യുദ്ധലീലാ
മന്ഥാദ്രിക്ഷുബ്ധദുഗ്ദ്ധാർണ്ണവനികടസമു
ല്ലോലകല്ലോലമൈത്രീ
പാത്രീഭൂതപ്രഭൂതാ ജയതി യതിപതേഃ
കീർത്തിമാലാ വിശാലാ.”
എന്നും അദ്ദേഹം സ്വാമികളെപ്പറ്റി ചെയ്യുന്ന പ്രശസ്തിഗാനം ഏറ്റുപാടാൻ കേരളീയരായ നമുക്കാണു് സർവ്വോപരി അവകാശമുള്ളതും ഔത്സുക്യമുണ്ടാകേണ്ടതും. ശങ്കരൻ ജനിച്ച കേരളം സാമാന്യമായ ഒരു ഭൂവിഭാഗമല്ല. അദ്ദേഹത്തിന്റെ ഓരോ അപദാനങ്ങളിൽകൂടിയും നാം ധീരധീരനായ ഒരു ദേശാഭിമാനിയെ—സാർവ്വലൗകികനായ ഒരു സമന്വയീകരണ നിപുണനെ—വിസ്മയനീയചരിതനായ ഒരു വിശ്വാനുജിഘൃക്ഷുവിനെ ആണു് നിരീക്ഷിക്കുന്നതു്. ആ മഹാനുഭാവന്റെ സ്മരണ നമുക്കു പര്യാപ്തമായ ഐകമത്യബോധം പ്രദാനം ചെയ്യുമാറാകട്ടെ.

8.11ശിഷ്യപരമ്പരയും മറ്റും

ഉത്തരമീമാംസാദർശനചരിത്രത്തിൽ ബാദരായണനുശേഷം അടുത്തതായി നാം കാണുന്നതു ഗൗഡപാദനെയാകുന്നു. ഗൗഡപാദൻ ഗോവിന്ദസ്വാമിയുടെ ആചാര്യനും ഭഗവൽപാദരുടെ പ്രാചാര്യനുമാകുന്നു. അദ്ദേഹം ശുകബ്രഹ്മർഷിയുടെ ശിഷ്യനാണെന്നു പറയുന്നതു ശരിയല്ല. ഗൗഡപാദൻ മാണ്ഡൂക്യോപനിഷത്തിനു് 215 ശ്ലോകങ്ങളിൽ കാരിക നിർമ്മിച്ചിട്ടുണ്ടു്. ആ കാരികയ്ക്കു ഭഗവൽപാദർ ഭാഷ്യം രചിച്ചുവെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മാണ്ഡൂക്യകാരികയിൽനിന്നാണു് മായാവാദം സ്വാമികൾ സ്വീകരിച്ചതു്. സ്വാമികളുടെ ശിഷ്യന്മാരിൽ പത്മപാദൻ ബ്രഹ്മസൂത്ര ഭാഷ്യത്തിലെ ആദ്യത്തെ അഞ്ചു പാദങ്ങൾക്കു പഞ്ചപാദിക എന്നും ശേഷം പാദങ്ങൾക്കു വൃത്തിയെന്നും പേരുള്ള ടീക നിർമ്മിച്ചു. സുരേശ്വരന്റെ പ്രധാനകൃതികൾ സൂത്രഭാഷ്യവാർത്തികവും, നൈഷ്കർമ്മ്യസിദ്ധിയുമാണു്. അവയ്ക്കു പുറമേ തൈത്തിരിയോപനിഷദ്ഭാഷ്യത്തിനും ബൃഹദാരണ്യകോപനിഷദ്ഭാഷ്യത്തിനും ദക്ഷിണാമൂർത്തിസ്തവത്തിനുംകൂടി അദ്ദേഹം ടീകകൾ രചിച്ചിട്ടുണ്ടു്. ആനന്ദഗിരിയുടെ അദ്വൈതഗ്രന്ഥത്തിനു പേർ ന്യായനിർണ്ണയമെന്നാണു്. വാചസ്പതിമിശ്രൻ ഷഡ്ദർശനങ്ങളിലും ഒന്നുപോലെ നിഷ്ണാതനായിരുന്നു. പൂർവ്വമീമാംസയിൽ ന്യായകണികയും തത്വബിന്ദുവും സാംഖ്യത്തിൽ സാംഖ്യതത്വകൗമുദിയും യോഗത്തിൽ യോഗഭാഷ്യവിശാരദിയും അദ്ദേഹത്തിന്റെ കൃതികളാണു്. ഉത്തരമീമാംസയിൽ ആ മഹാശയൻ മണ്ഡനമിശ്രന്റെ ബ്രഹ്മസിദ്ധിക്കു ബ്രഹ്മതത്വസമീക്ഷയെന്നും ഭഗവൽപാദരുടെ ബ്രഹ്മസൂത്രഭാഷ്യത്തിനു ഭാമതിയെന്നും രണ്ടു മഹനീയങ്ങളായ വ്യാഖ്യാനങ്ങൾ രചിച്ചു. രണ്ടു പേരുടെ സിദ്ധാന്തങ്ങളേയും കഴിവുള്ളിടത്തോളം സംയോജിപ്പിച്ചു. ഭാമതിക്കു് അമലാനന്ദൻ (പതിമൂന്നാം ശതകം) കല്പതരുവും, കല്പതരുവിനു് അപ്പയ്യ്യദീക്ഷിതർ (ക്രി. പി. പതിനാറാം ശതകം) പരിമളവും രചിച്ചു. പ്രകാശാത്മയതി (ക്രി. പി. 1200) പഞ്ചപാദികയ്ക്കു വിവരണമെഴുതി. അങ്ങനെ ഭാമതീ പ്രസ്ഥാനമെന്നും വിവരണപ്രസ്ഥാനമെന്നും അദ്വൈതവേദാന്തത്തിൽ രണ്ടു ശാഖകൾ ഉത്ഭവിച്ചു. വിദ്യാരണ്യൻ വിവരണത്തിനു വിവരണപ്രമേയസങ്ഗ്രഹം നിർമ്മിച്ചു. വിഷ്ണുഭട്ടൻ അതിനു ഋജുവിവരണമെന്ന ഒരു ടീകയും, ഭാരതീതീർത്ഥനെന്നുകൂടി പേരുള്ള രാമാനന്ദൻ ഋജുവിവരണത്തിനു ത്രയ്യന്തഭാവദീപിക എന്ന മറ്റൊരു ടീകയും രചിച്ചു. മഹാകവി ശ്രീഹർഷന്റെ (ക്രി. പി. പന്ത്രണ്ടാം ശതകം) ഖണ്ഡനഖണ്ഡഖാദ്യവും, മധുസൂദനസരസ്വതിയുടെ (ക്രി. പി. പതിനാറാം ശതകം) അദ്വൈതസിദ്ധിയും അദ്വൈതവേദാന്തത്തിലെ മറ്റു രണ്ടു പ്രമാണഗ്രന്ഥങ്ങളാകുന്നു. ഈ വിഷയത്തെപ്പറ്റി ഇതിലധികം വിസ്തരിക്കുന്നില്ല. തൃശ്ശുർ മഠങ്ങളിലെ സ്വാമിയാരന്മാരും അദ്വൈതവിഷയകമായി പല ഗ്രന്ഥങ്ങളുണ്ടാക്കീട്ടുണ്ടു്. അവരുടെ കാലവും മറ്റും കണ്ടുപിടിയ്ക്കുന്നതു വളരെ വിഷമമാണു്.

8.12പത്മപാദാചാര്യർ

ഭഗവൽപാദരുടെ നാലു ശിഷ്യന്മാരിൽ പത്മപാദൻ ഒരു നമ്പൂരിയാണെന്നു കേരളത്തിൽ ഐതിഹ്യമുണ്ടു്. ‘ഗുരോ മമ ഗൃഹം ബത! ചോളദേശേ’ എന്നു് അദ്ദേഹം ശങ്കരനോടു വിജ്ഞാപനം ചെയ്യുന്നതായി നവകാളിദാസൻ പറയുന്നുണ്ടെങ്കിലും അതു കേരളീയർക്കു വിശ്വസിക്കേണ്ട നിർബ്ബന്ധമില്ല. ഗോവിന്ദനാഥന്റെ ശങ്കരാചാര്യചരിതം നാലാമധ്യായത്തിലും പത്മപാദാചാര്യചരിതത്തിലും കാണുന്ന കഥ താഴെ ചേർക്കുന്നു. വെട്ടത്തുനാട്ടു തൃക്കണ്ടിയൂർ ക്ഷേത്രത്തിനു സമീപം ആലത്തൂർ ഗ്രാമത്തിൽ പെട്ട വേമണ്ണില്ലത്തിൽ സോമശർമ്മാവിന്റെ പുത്രനായി വിഷ്ണുശർമ്മാവു ജനിച്ചു. സോമശർമ്മാവിനു നരസിംഹോപാസ്തിയുടെ ഫലമായിട്ടായിരുന്നു ആ സന്താനം ലഭിച്ചതു്. ബാല്യത്തിൽതന്നെ അതിബുദ്ധിമാനായ വിഷ്ണുശർമ്മാവു വേദശാസ്ത്രപാരഗനായും നരസിംഹോപാസകനായും തീർന്നു. തന്റെ കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്നു സമുദ്ധരിക്കുന്നതിനായി വൈശ്യവൃത്തി സ്വീകരിച്ചു ധാരാളം ധനം സമ്പാദിച്ചു. ഒരിക്കൽ യാത്രാമദ്ധ്യത്തിൽ അദ്ദേഹത്തിന്റെ വാണിജ്യദ്രവ്യങ്ങളെല്ലാം കള്ളന്മാർ തട്ടിക്കൊണ്ടുപോയി. അതു കണ്ടു വൈരാഗ്യംവന്നു ജന്മനാശത്തിനുള്ള മാർഗ്ഗമന്വേഷിച്ചു കാശിയിൽ ചെന്നു ഭഗവൽപാദരുടെ അന്തേവാസിത്വം സ്വീകരിച്ചു. ഒടുവിൽ ബദര്യാശ്രമത്തിൽ പണ്ടു നരനാരായണന്മാർ തപസ്സു ചെയ്തിരുന്ന നാരായണഗിരിയിൽ വിഷ്ണുപ്രതിമ സ്ഥാപിച്ചു് അതിന്റെ പൂജയ്ക്കു നമ്പൂരിമാരെത്തന്നെ നിയമിച്ചു. ഇന്നും ആ ക്ഷേത്രത്തിൽ പൂജയ്ക്കു നമ്പൂരിമാർക്കുമാത്രമേ അവകാശമുള്ളു. പത്മപാദൻ പാറപ്പുറത്തു ദണ്ഡുകൊണ്ടടിച്ചുണ്ടാക്കിയ ദണ്ഡാഘാതതീർത്ഥം ഇക്കാലത്തും കവോഷ്ണമായിത്തന്നെ കാണപ്പെടുന്നു. അവിടെത്തന്നെ ആ മഹാത്മാവു മൂന്നു കൊല്ലം തപസ്സുചെയ്തതിനുശേഷം സമാധിയെ പ്രാപിച്ചു. ഈ കഥയിൽ അവിശ്വസനീയമായി യാതൊന്നും കാണുന്നില്ല.


അദ്ധ്യായം 9 - സംസ്കൃതസാഹിത്യം (വീണ്ടും തുടർച്ച)

(ക്രി. പി. 1300-ാമാണ്ടു വരെ)

9.1ശക്തിഭദ്രൻ — ഒരൈതിഹ്യം

ഭഗവതൽപാദരുടെ കാലം സുമാർ ക്രി. പി. ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലായിരിക്കണമെന്നു സൂചിപ്പിച്ചുവല്ലോ. ശക്തിഭദ്രകവിയെ അദ്ദേഹവുമായി ഘടിപ്പിക്കുന്ന ഒരൈതിഹ്യം കേരളത്തിൽ പ്രചരിക്കുന്നുണ്ടു്. ഭഗവൽപാദർ തിരുവിതാംകൂറിൽ ദിഗ്വിജയം ചെയ്ത അവസരത്തിൽ ചെങ്ങന്നൂരിൽ വെച്ചു ശക്തിഭദ്രൻ അദ്ദേഹത്തെ സന്ദർശിക്കുകയും തന്റെ ആശ്ചര്യചൂഡാമണി എന്ന നാടകം വായിച്ചുകേൾപ്പിക്കുകയും ചെയ്തു. അന്നു മൗനവ്രത്തിലിരുന്ന ആചാര്യൻ ആ ഗ്രന്ഥത്തെപ്പറ്റി ഒരഭിപ്രായവും പറയാത്തതിനാൽ കവി ഭഗ്നോത്സാഹനായി അതു തീയിലിട്ടു ചുട്ടുകളഞ്ഞു. സ്വാമികൾ ദേശാടനം കഴിഞ്ഞു തിരിയെ ചെങ്ങന്നൂരിലെത്തി ശക്തിഭദ്രനെ വരുത്തി “നിന്റെ ‘ഭുവനഭൂതി’ എവിടെ” എന്നു ചോദിച്ചു. ചൂഡാമണി രണ്ടാമങ്കത്തിൽ

“ത്രിഭുവനരിപുരസ്യാ രാവണഃ പൂർവജശ്ചേ
ദസുലഭ ഇതി നൂനം വിശ്രമഃ കാർമ്മുകസ്യ;
രജനിചരനിബദ്ധം പ്രായശോ വൈരമേതദ്
ഭവതു ഭുവനഭൂത്യൈ ഭൂരിരക്ഷോവധേന.”
എന്നൊരു പദ്യമുണ്ടു്. അതിന്റെ സ്മരണത്തിൽനിന്നു ജനിച്ച ആനന്ദാതിശയം നിമിത്തമാണു് അവിടുന്നു് ആ ചോദ്യം ചോദിക്കുവാനിടയായതു്. കവി കാര്യം മനസ്സിലായപ്പോൾ താൻ അതു് നശിപ്പിച്ചു എന്നു പറയുകയും ആചാര്യന്റെ മുഖത്തു നിന്നു് ആ നാടകം മുഴുവൻ വീണ്ടും കേട്ടു് എഴുതിയെടുത്തു ചരിതാർത്ഥനാകുകയും ചെയ്തു. ഇതാണു് ആ ഐതിഹ്യം. ഇതു് എത്രമാത്രം വിശ്വസനീയമാണെന്നു പറവാൻ നിവൃത്തിയില്ല. രാജശേഖരൻ എന്ന കേരളരാജാവിന്റെ മൂന്നു നാടകങ്ങളെപ്പറ്റിയും ഇത്തരത്തിൽ ഒരു കഥ ശങ്കരവിജയത്തിൽ കാണുന്നുണ്ടു്. അതുപോലെതന്നെ മേല്പാഴൂരില്ലത്തിൽ ഭഗവൽപാദർ പൂജിക്കുവാൻ കൊടുത്തിരുന്ന ബ്രഹ്മസൂത്രഭാഷ്യം മീമാംസകനായ അദ്ദേഹത്തിന്റെ മാതുലൻ ദഹിപ്പിച്ചു എന്നും പത്മപാദൻ “പുസ്തം ഗതം ബുദ്ധിരവസ്ഥിതാ മേ” എന്നു പറഞ്ഞുകൊണ്ടു് അതു വീണ്ടുമെഴുതിയെന്നും അതേ ഗ്രന്ഥത്തിൽത്തന്നെ പറയുന്നു.

9.1.1പ്രാചീനത
ശക്തിഭദ്രൻ ഭഗവൽപാദരുമായി സന്ധിച്ചാലുമില്ലെങ്കിലും അക്കാലത്തു ജീവിച്ചിരുന്നിരിക്കാവുന്ന ഒരു കവി തന്നെയാണെന്നുള്ളതിനു സംശയമില്ല. ചൂഡാമണിയുടെ സ്ഥാപനയിൽ സൂത്രധാരനും നടിയുമായി ഇങ്ങനെ ഒരു സംഭാഷണമുണ്ടു്:

“സൂത്ര: ആര്യേ, ദക്ഷിണാപഥാദാഗതമാശ്ചര്യചൂഡാമണിം നാമ നാടകമഭിനയാമ്രേഡിതസൗഭാഗ്യമഭിലഷാമ ഇത്യാര്യമിശ്രാണാം ശാസനം.

നടീ: (ഛായ) അത്യാഹിതം ഖല്വേതൽ, ആകാശം പ്രസൂതേ പുഷ്പം, സികതാസ്തൈലമുൽപാദയന്തി, യദി ദക്ഷിണസ്യാ ദിശ ആഗതം നാടകനിബന്ധനം.

സൂത്ര: ആര്യേ മാ മൈവം, ഉപചിനു ഗുണം. അപഹസ്തയ ജന്മാഭിനിവേശം, പശ്യ.

ഗുണാഃ പ്രമാണം ന ദിശാം വിഭാഗോ
നിദർശനം നന്വിദമേവ തത്ര;
സ്തനദ്വയേ തേ ഹരിചന്ദനഞ്ച
ഹാരശ്ച നീഹാരമരീചിഗൗരഃ.
നടീ: (ആത്മാനാം വിലോക്യ) യുജ്യതേ. രത്നാകരഃ ഖലു സ ദേശഃ. ആര്യ, കതമഃ പുനസ്സ കവിഃ, യ ആത്മനഃ പ്രജ്ഞാരൂപം നിബന്ധനവ്യാജേന ദേശാന്തരം പ്രേഷിതു കാമഃ?

സൂത്ര: ആര്യേ, ശ്രുയതാം ഉന്മാദവാസവദത്താപ്രഭൃതീനാം കാവ്യാനാം കർത്തുഃ കവേശ്ശക്തിഭദ്രസ്യേദം പ്രജ്ഞാവിലസിതം.”

ഇതിൽനിന്നു ദക്ഷിണാപഥവാസികളായ പണ്ഡിതന്മാരാരും അദ്ദേഹത്തിന്റെ കാലം വരെ നാടകം നിർമ്മിച്ചിരുന്നില്ലെന്നും അങ്ങനെ ഒരു സംഭവത്തെ ആകാശത്തിൽ കുസുമോൽപത്തിപോലെയും മണൽത്തരികളിൽ തൈലപ്രവാഹം പോലെയും ആണു് ഔത്തരാഹന്മാർ കരുതിയിരുന്നതെന്നും ശക്തിഭദ്രൻ ചൂഡാമണി രചിച്ചതിന്റെ ഉദ്ദേശങ്ങളിൽ ഒന്നു് ആ അപവാദത്തിന്റെ നിർമ്മാർജ്ജനമായിരുന്നു എന്നും സ്പഷ്ടമായി കാണാവുന്നതാണു്. ചൂഡാമണി ആറാമങ്കത്തിലെ ‘വേണീം കരേണ തവ മോക്ഷ്യതി ദേവി, ദേവഃ’ എന്നു് അവസാനിക്കുന്ന പദ്യത്തിൽ ഭട്ടനാരായണന്റെ വേണീസംഹാരത്തിലെ ‘ഉത്തംസയിഷ്യതി കചാംസ്തവ ദേവി, ഭീമഃ’ എന്നു് അവസാനിക്കുന്ന പദ്യത്തിന്റെ അനുരണനം കേൾക്കാവുന്നതുകൊണ്ടു ഭട്ടനാരായണനെ അപേക്ഷിച്ചു ശക്തിഭദ്രൻ അർവാചീനനാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. ഭട്ടനാരായണന്റെ കാലം ക്രി. പി. ഏഴാം ശതകത്തിന്റെ പൂർവാർദ്ധമാണു്. ക്രി. പി. പതിനഞ്ചാം ശതകത്തിൽ ഉത്ഭവിച്ചതായി വിചാരിക്കാവുന്ന ‘നടാങ്കുശം’ എന്ന ഗ്രന്ഥത്തിൽ “അസ്മാകം പ്രബന്ധകൃദപി മഹാനേവ,

യൽകൃതന്നാടകം ചൂഡാമണിശ്ചൂ ഡാമണിസ്സതാം
സ കൈസ്യവ ന മാന്യോയം ശക്തിഭദ്രോ മഹാവകവിഃ?
എന്നും ചൂഡാമണിപ്രഭൃതിനാടകാനാം വീരരസപ്രധാനത്വാൽ” എന്നും പ്രസ്താവിച്ചിട്ടുണ്ടു്. ശക്തിഭദ്രന്റെ കാലത്തിനുമുമ്പു ദാക്ഷിണാത്യന്മാരുടെ കൃതികളായി രണ്ടു പ്രഹസനങ്ങൾ മാത്രമേ കാണുന്നുള്ളു. അവയിൽ ഒന്നു ബോധായനന്റെ ഭഗവദജ്ജൂകീയവും (ഭഗവദജ്ജുകം എന്നും പറയും) മറ്റേതു മഹേന്ദ്രവിക്രമപല്ലവന്റെ മത്തവിലാസപ്രഹസനവുമാണു്. മഹേന്ദ്രവിക്രമനു മത്തവിലാസനെന്നും ബിരുദമുണ്ടായിരുന്നു. അദ്ദേഹം ക്രി. പി. 610-ൽ തന്റെ മാമണ്ടൂർശാസനത്തിൽ ഭഗവദജ്ജുകീയത്തെ സ്മരിക്കുന്നു. ഭഗവദജ്ജുകീയത്തിനു ദിങ്മാത്രദർശിനി എന്ന പേരിൽ വെള്ളാങ്ങല്ലൂർ നാരായണഭട്ടതിരി എഴുതിയ ഒരു വ്യാഖ്യാനമുണ്ടു്.

9.1.2ചില ചരിത്രശകലങ്ങൾ
ശക്തിഭദ്രൻ കുന്നത്തൂർ താലൂക്കിൽപ്പെട്ട കൊടുമൺപകുതിയിൽ ചെന്നീർക്കരസ്വരൂപം എന്ന ഒരു ബ്രാഹ്മണ പ്രഭുകുടുംബത്തിൽ ജനിച്ചു. ആ കുടുംബം ചെങ്ങന്നൂർ ഗ്രാമത്തിൽപ്പെട്ടതായിരുന്നു. ശക്തിഭദ്രൻ എന്നതു സ്ഥാനപ്പേരാണു്. സാക്ഷാൽ നാമധേയം ശങ്കരനാണെന്നു ചിലർ പറയുന്നു, എങ്കിലും അതിനു് അടിസ്ഥാനം ഒന്നും കണ്ടുകിട്ടീട്ടില്ല. പ്രസ്തുത കുടുംബത്തിലേക്കു തിരുവാർപ്പുക്ഷേത്രത്തിൽ സമുദായസ്ഥാനമുണ്ടായിരിന്നു. കൊല്ലം 956-ാമാണ്ടിടയ്ക്കു് ആ കുടുംബത്തിൽ ശക്തിഭദ്രരുസാവിത്രി, ശക്തിഭദ്രരുശ്രീദേവി എന്നീ രണ്ടു് അന്തർജ്ജനങ്ങൾ മാത്രം ശേഷിക്കുകയും അവർ 966-ൽ വാക്കവഞ്ഞിപ്പുഴമഠത്തിൽനിന്നു ദത്തെടുക്കുകയും ചെയ്തു. അങ്ങനെ ആ കുടുംബംവക വസ്തുക്കളും മുൻപറഞ്ഞ സമുദായസ്ഥാനവും വാക്കവഞ്ഞിപ്പുഴമഠത്തിലേക്കു് അടങ്ങി.

9.1.3ആശ്ചര്യചൂഡാമണി
ചൂഡാമണി ഏഴങ്കത്തിലുള്ള ഏറ്റവും വിശിഷ്ടമായ ഒരു നാടകമാകുന്നു. അതിലേ (1) “കരപല്ലവമാത്രമുജ്ജിഹീതേ” (2) “അഭിസരണമയുക്തമങ്ഗനാനാം” ഈ രണ്ടു ശ്ലോകങ്ങളും ക്രി. പി. പന്ത്രണ്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന കാശ്മീരകനായ വല്ലഭദേവന്റെ സുഭാഷിതാവലിയുടെ ഒരു മാതൃകയിൽ ഉദ്ധരിച്ചുകാണുന്നു. അഭിനയത്തിനു് ഇത്ര പറ്റിയതായി സംസ്കൃതത്തിൽ അധികം നാടകങ്ങളില്ല. രാമായണത്തിലെ ഇതിവൃത്തത്തെ ഉപജീവിച്ചു പല മഹാകവികളും നാടകങ്ങൾ നിബന്ധിച്ചിട്ടുണ്ടെങ്കിലും അവയിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്നതു് – ചില അംശങ്ങളിൽ ഉത്തരരാമചരിതത്തെ കഴിച്ചാൽ – ഈ നാടകം തന്നെയാണു്. ചൂഡാമണിയിൽ ഒന്നാമത്തേ അങ്കത്തിനു പർണ്ണശാലാങ്കമെന്നും രണ്ടാമത്തേതിനു ശൂർപ്പണഖാങ്കമെന്നും മൂന്നാമത്തേതിനു മായാസീതാങ്കമെന്നും നാലാമത്തേതിനു ജടായുവധാങ്കമെന്നും അഞ്ചാമത്തേതിനു് അശോകവനികാങ്കമെന്നും ആറാമത്തേതിനു് അങ്ഗുലീയാങ്കമെന്നും പേർ പറയുന്നു. ഇവയിൽ അശോകവനികാങ്കവും അങ്ഗുലീയാങ്കവും അതിപ്രധാനമാണു്. നാലാമങ്കത്തിൽ നാട്യശാസ്ത്രനിബന്ധനകൾക്കു വിപരീതമായി രാവണനും ജടായുവും തമ്മിലുള്ള യുദ്ധം അഭിനയിക്കേണ്ടതുണ്ടു്. ഖരദൂഷണാദിരാക്ഷസന്മാരുടെ നിഗ്രഹം കഴിഞ്ഞിട്ടു ശൂർപ്പണഖ ശ്രീരാമന്റെ സന്നിധിയെ പ്രാപിക്കുന്ന ഘട്ടത്തിൽ ഇതിവൃത്തമാരംഭിക്കുകയും അഗ്നിപ്രവേശാനന്തരം സീതാദേവിയുടെ പാതിവ്രത്യമഹിമ കണ്ടു സന്തുഷ്ടരായ ദേവന്മാരാൽ പ്രേഷിതനായ നാരദമഹർഷി ആ പുണ്യശ്ലോകനെ അനുഗ്രഹിക്കുന്ന ഘട്ടത്തിൽ അവസാനിക്കുകയും ചെയ്യുന്നു. കവി മൂലകഥയിൽനിന്നു് അവസരോചിതമായ പല വ്യതിയാനങ്ങളും സ്വീകരിച്ചിട്ടുണ്ടു്. ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, രാവണൻ ഈ നാലു പാത്രങ്ങൾക്കും അദ്ദേഹം വരുത്തീട്ടുള്ള തന്മയത്വം അത്യത്ഭുതമായിരിക്കുന്നു. ഗദ്യവും പദ്യവും രചിക്കുന്നതിനു് അദ്ദേഹത്തിനുള്ള പാടവവും അസാധാരണം തന്നെ. നാടകനിർമ്മാണ വിഷയത്തിൽ ദക്ഷിണാപഥത്തിന്റെ അഭിമാനത്തെ ആദ്യമായി വിജൃംഭണം ചെയ്യിച്ച ഈ കേരളീയൻ ആർക്കും ആരാധ്യനാകുന്നു. ആശ്ചര്യചൂഡാമണിക്കു ‘ഭാരദ്വാജഗ്രാമവാസി’യും ‘കൗമാരിളമതാനുഗ’നുമായ ഒരു പണ്ഡിതൻ വിവൃതി എന്ന പേരിൽ സർവങ്കഷമായ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അദ്ദേഹം ഒരു ശ്രീരാമഭക്തനാണെന്നു വ്യാഖ്യാനത്തിന്റെ ഒടുവിൽ കാണുന്ന ഒരു ശ്ലോകത്തിൽനിന്നു് അനുമാനിക്കാം. ഒന്നോ അധികമോ പൂർവ്വവ്യാഖ്യാതാക്കന്മാരെ വിവൃതിയിൽ ‘കേചിൽ’ എന്നു നിർദ്ദേശിച്ചു സ്മരിച്ചുകാണുന്നു.

9.1.4ഇതരഗ്രന്ഥങ്ങൾ
ശക്തിഭദ്രനു ചൂഡാമണിയുടെ സ്ഥാപനയിൽ താൻ ഉന്മാദവാസവദത്താപ്രഭൃതികളായ കാവ്യങ്ങളുടെ കർത്താവെന്നു നിവേദനം ചെയ്തിട്ടുള്ളതു് ഓർമ്മിക്കുമല്ലോ. ചൂഡാമണി കൂടാതെ ഉന്മാദവാസവദത്ത മുതലായി മൂന്നു കാവ്യങ്ങളെങ്കിലും അദ്ദേഹം നിർമ്മിച്ചിരിക്കണമെന്നു് ഇതിൽനിന്നു് ഊഹിക്കാം. അവ ഏതെല്ലാമെന്നറിയുന്നില്ല; ഉന്മാദവാസവദത്തപോലും കണ്ടുകിട്ടീട്ടുമില്ല. ചിലർ അതു വീണാവാസവദത്തമെന്ന നാടകമാണെന്നു വിചാരിക്കുന്നു. എന്നാൽ വീണാവാസവദത്തം ശൂദ്രകൃതമെന്നാണു് അഭിയുക്തമതം. ചൂഡാമണിയും, മഹാമഹോപാധ്യായൻ ഡോക്ടർ ഗണപതിശാസ്ത്രി ഭാസന്റേതെന്നു പറഞ്ഞു പ്രസിദ്ധപ്പെടുത്തിയ അഭിഷേകനാടകവും പ്രതിമാനാടകവും ഒരു കവിയുടെ കൃതികളാണെന്നു സങ്കല്പിക്കുന്നവരുമുണ്ടു്. ഇതിനൊന്നും തെളിവു പര്യാപ്തമല്ല. കാവ്യങ്ങൾ എന്നു പ്രസ്താവിച്ചിട്ടുള്ള സ്ഥിതിക്കു് ഉന്മാദവാസവദത്താദി കൃതികൾ നാടകങ്ങളായിരിക്കണമെന്നു നിർബന്ധവുമില്ല.

9.2വാസുദേവഭട്ടതിരി

9.2.1ദേശം
കൊച്ചിയിൽ തൃശ്ശൂരിനു സുമാർ എട്ടു നാഴിക തെക്കായി സുപ്രസിദ്ധമായ പെരുവനമെന്ന മഹാക്ഷേത്രവും, അതിനു് അരനാഴിക വടക്കു മാറി തിരുവളക്കാവു് (തിരുവള്ളക്കാവെന്നും പറയും; സംസ്കൃതത്തിൽ വലപുരം) എന്ന ശാസ്താവിന്റെ അമ്പലവും സ്ഥിതിചെയ്യുന്നു. അതിനു് ഒരു നാഴിക വടക്കായി പട്ടത്തു് എന്നൊരില്ലമുണ്ടു്. ആ ഇല്ലക്കാർക്കാണു് തിരുവളക്കാവമ്പലത്തിൽ ഇന്നും ശാന്തി. വാസുഭട്ടതിരി ജനിച്ചതു പ്രസ്തുതകുടുംബത്തിലാകുന്നു.

9.2.2ഐതിഹ്യം
ഭട്ടതിരിയെപ്പറ്റി അസത്യമെങ്കിലും ശ്രവണപ്രിയമായ ഒരൈതിഹ്യമുണ്ട്. ബാല്യകാലത്തിൽ തീരെ അവ്യുൽപന്നനാകയാൽ ജനങ്ങൾ അദ്ദേഹത്തെ പരിഹാസമായി വാതു എന്നു വിളിച്ചുവന്നു. ശാസ്താവിനെപ്പറ്റി അദ്ദേഹത്തിനുള്ള ഭക്തി അളവറ്റതായിരുന്നു. ഒരു ദിവസം അത്താഴപ്പൂജ കഴിഞ്ഞു മഴയുടെ ആധിക്യം നിമിത്തം ഇല്ലത്തേയ്ക്കു തിരിച്ചുപോകുവാൻ തരമില്ലാതെ തീർന്ന അവസരത്തിൽ അനന്യശരണനായി അദ്ദേഹം ശാസ്താവിനോടു തന്റെ സങ്കടം നിവേദനംചെയ്തു. അപ്പോൾ തിടപ്പള്ളിയിലുള്ള വിറകെടുത്തു തീകായുന്നതിനും അതിന്റെ ഒരു മൂലയിൽ ഒരു കദളിപ്പഴക്കുല വച്ചിരുന്നതെടുത്തു തിന്നുകൊള്ളുന്നതിനും നിയോഗിച്ചുകൊണ്ടു് ഒരശരീരിവാക്കുണ്ടായി. അതനുസരിച്ചു പ്രവർത്തിച്ച നിമിഷത്തിൽ പ്രതിഭാശാലിയായ ഒരു യമകമഹാകവിയായി അദ്ദേഹം രൂപാന്തരപ്പെട്ടു. പിറ്റേദിവസം കാലത്തു കഴകക്കാരൻ ‘എന്തിനു വിറകെടുത്തു?’ എന്നു ചോദിച്ചതിനു ‘ധാർഷ്ട്യക്കാരാ, പോടാ’ എന്നു കലിദിനസംഖ്യ യോജിപ്പിച്ചു് (ഇതെങ്ങനെ കലിദിനസംഖ്യയായി എന്നറിയുന്നില്ല) മറുപടി പറയുകയും വാരസ്യാരുടെ അതേ ചോദ്യത്തിനു “വിറ കെടുപ്പാൻ വിറകെടുത്തു; വിറകെടുത്തു വിറ കെടുത്തു” എന്നു യമകാലങ്കൃതമായ വാക്യത്തിൽ പ്രത്യുത്തരം നല്കി ആ സ്ത്രീയെ ആത്ഭൂതപരവശയാക്കുകയും ചെയ്തു. തത്വം ധരിച്ചപ്പോൾ വാരസ്യാർ അവിടെക്കിടന്ന പഴത്തൊലി എടുത്തു തിന്നുകയും തന്നിമിത്തം അവർക്കും കുറേ താണ രീതിയിൽ കവനം ചെയ്യുന്നതിനു പാടവം സിദ്ധിക്കുകയും ചെയ്തു. അനന്തരമാണു് ഭട്ടതിരി യുധിഷ്ഠിരവിജയാദി കാവ്യങ്ങൾ രചിക്കുവാൻ ആരംഭിച്ചതു്. ഇപ്രകാരമാകുന്നു ആ ഐതിഹ്യത്തിന്റെ ഗതി.

9.2.3ആത്മകഥാകഥനം; യുധിഷ്ഠിരവിജയം
ഭട്ടതിരി സ്വകൃതികളിൽ തന്നെപ്പറ്റി ചിലതെല്ലാം പ്രസ്താവിച്ചിട്ടുണ്ടു്. ആ പ്രസ്താവനകളെ ആദ്യമായി ഉദ്ധരിച്ചുകൊള്ളട്ടെ. യുധിഷ്ഠിരവിജയത്തിൽ കവി ഇങ്ങനെ പറയുന്നു:

“അസ്തി സഗജരാജഗതീ രാജവരോ, യേന ഗതശുഗജരാ ജഗതീ;
ഭീഷണമധികം കവയഃ സ്തുവന്തി ജന്യം യദീയമധികങ്കവയഃ.
തരവോ ഭൂരിച്ഛായാസ്സമാനഫലദായിനീ ച ഭൂരിച്ഛായാഃ;
സവിനയശോഭാ ജനതാ യദ്രാജ്യേ; യസ്യ ഭൂവി യശോഭാജനതാ.
തസ്യ ച വസുധാമവതഃ കാലേ കുലശേഖരസ്യ വസുധാമവതഃ
വേദാനാമധ്യായീ ഭാരതഗുരുരഭവദാദ്യനാമധ്യായീ.

യം പ്രാപ രമാചാര്യം ദേവീ ച ഗിരാം പുരാണപരമാചാര്യം;
യമശുഭസന്തോദാന്തം പരമേശ്വരമുപദിശന്തി സന്തോ ദാന്തം.
ജ്ഞാനസമഗ്രാമേയം നിവസന്തം വിപ്രസത്തമഗ്രാമേ യം,
തിലകം ഭൂമാവാഹുര്യസ്യാർത്ഥിഷു ദത്തഭൂതിഭൂമാ വാഹുഃ
സമജനി കശ്ചിത്തസ്യപ്രവണഃ ശിഷ്യോഽനുവർത്തകശ്ചിത്തസ്യ
കാവ്യാനാമാലോകേ പടുമനസോ വാസുദേവനാമാ ലോകേ.
കീർത്തിമദഭ്രാന്തേന സ്മരതാ ഭാരതസുധാമദഭ്രാന്തേന
ജഗദപഹാസായ മിതാ പാർത്ഥകഥാ, കല്മഷാപഹാ സാ യമിതാ.”
“ഗജരാജഗതിയും രണശൂരനും പ്രജാക്ഷേമൈകദീക്ഷിതനുമായ ‘കുലശേഖരൻ’ എന്ന മഹാരാജാവു രാജ്യപരിപാലനം ചെയ്യുന്ന കാലത്തു്, വേദാധ്യായിയും ഭഗവദ്ഭക്തനുമായി ‘ഭാരതഗുരു’ എന്നൊരു പണ്ഡിതൻ ജീവിച്ചിരുന്നു. പുരാണ പരാമാചാര്യനായ അദ്ദേഹത്തെ ലക്ഷ്മിയും സരസ്വതിയും ഒന്നുപോലെ അനുഗ്രഹിച്ചു. അശുഭവ്യഥയെ ഭഞ്ജിക്കുന്ന ആ ദാന്തനെ സത്തുക്കൾ “പരമേശ്വരൻ” എന്നു വിളിച്ചുവന്നു. വിപ്രസത്തമന്മാരുടെ ഗ്രാമത്തിൽ നിവസിക്കുന്ന ജ്ഞാനസമഗ്രനും അമേയനുമായ അദ്ദേഹത്തെ ജനങ്ങൾ ഭൂമിയുടെ തിലകമെന്നും പറഞ്ഞുവന്നു. അദ്ദേഹത്തിന്റെ വാഹു (ബാഹു) അർത്ഥികൾക്കു ധാരാളം ധനം വിതരണം ചെയ്തുവന്നു. കാവ്യാവഗാഹത്തിൽ പ്രഗല്ഭമാനസനായ ആ ഗുരുവിന്റെ ഹിതാനുവർത്തിയും പ്രവണനുമായ ശിഷ്യനായി വാസുദേവനെന്നു പേരോടു കൂടിയ ഒരാളും അക്കാലത്തു ജീവിച്ചിരുന്നു. ഭാരതസുധ ആസ്വദിച്ചു മദഭ്രാന്തനായിത്തീർന്ന ആ വാസുദേവൻ വലുതായ കീർത്തിയിൽ ആഗ്രഹത്തോടുകൂടി പാവനമായ പാർത്ഥകഥ സംക്ഷിപ്തമായി, ലോകാപഹാസത്തിനു പാത്രമാകത്തക്കവിധത്തിൽ, യമകകാവ്യമായി നിബന്ധിച്ചു.” ഇതിൽനിന്നു യുധിഷ്ഠിരവിജയകർത്താവായ വാസുദേവകവി കുലശേഖരന്റെ രാജ്യഭാരകാലത്തു ഭാരതഗുരുവിന്റെ ശിഷ്യനായി ജീവിച്ചിരുന്നു എന്നു വെളിവാകുന്നു. പ്രസ്തുത കാവ്യത്തിന്റെ അപ്രകാശിതമായ ഒരു പഴയ ഭാഷാവ്യാഖ്യാനത്തിൽ “കുലശേഖരൻ, കുലശേഖരചക്രവർത്തി, ഭാരതഗുരു, ഭാരതഭട്ടൻ” എന്നും, ഒരു സംസ്കൃതവ്യാഖ്യയിൽ “ഭാരതഗുരുഃ ഭാരതാർത്ഥോപദേഷ്ടാ” എന്നും കാണുന്നതുകൊണ്ടു ഭാരതഗുരു എന്ന പേർ മഹാഭാരതത്തിന്റെ അർത്ഥപ്രവചനത്തിലുള്ള പ്രാവീണ്യം നിമിത്തം അദ്ദേഹത്തിനു ലഭിച്ച ബിരുദപ്പേരാണെന്നും, യഥാർത്ഥനാമധേയം പരമേശ്വരനെന്നായിരിക്കണമെന്നും ഊഹിക്കാം. കേരളോൽപത്തിയിൽ കുലശേഖരൻ എന്ന പതിനേഴാമത്തെ പെരുമാൾ കേരളം രക്ഷിച്ചപ്പോൾ “മഹാഭാരതഭട്ടതിരിയും വാസുദേവഭട്ടതിരിയും പെരുമാളെക്കണ്ടു വന്ദിച്ചു പെരുമാൾക്കു് അനുഗ്രഹവും കൊടുത്തു” എന്നു പറഞ്ഞിരിക്കുന്നു.

9.2.4ത്രിപുരദഹനം
വാസുദേവഭട്ടതിരിയുടെ ത്രിപുരദഹനം എന്ന യമകകാവ്യത്തിൽ താഴെ കൊടുക്കുന്ന ശ്ലോകങ്ങൽ കാണുന്നുണ്ടു്.

“അസ്തി സ കവിലോകനതഃ ക്ഷിതിഭൃ, ദരിര്യസ്യ സൈനികവിലോകനതഃ
ബഹുവിപദി ക്ഷുദ്രവതി ക്ഷ്മാഭൃതി കുർവൻ പദാനിദിക്ഷു ദ്രവതി.
സാധൂനാം പാതാ യഃ സ്ഥിരവ്രതോ യശ്ച പാപിനാം പാതായഃ
യസ്മാദുർവ്യാപാരം പ്രീതിം യസ്യാമലം വിദുർവ്യാപാരം.

സ്വപദപയോജനതേയം സദൈവ സമ്പാദകം ശ്രിയോജനതേയം
ഭൂതികരം വ്യാലപതി സ്ഫുരൽകരം രാജശേഖരം വ്യാലപതി
രാമസമത്വാദേവ ശ്രുത്വാ രാമാഖ്യമകൃത മത്വാ ദേവഃ
യം സ ച രക്ഷോപായം ചക്രേഽസ്യ ച കർമ്മജനിതരക്ഷോപായം.
നിജയാ തന്വാ നേത്രപ്രമോദനം പ്രാണിനാം വിതന്വാനേഽത്ര
മതിബലമാസാദ്യ മിതം പുരദഹനം രവിഭൂവാ സമാസാദ്യമിതം”
ഈ പദ്യങ്ങളിൽ നിന്നു ‘രവിഭൂ’ അതായതു രവിയുടെ പുത്രനായ ഒരു കവി, കവികൾക്കു് ആരാധ്യനും രാജശേഖരനെന്ന ബിരുദത്താൽ അലംകൃതനുമായ രാമനെന്നു തിരുനാമമുള്ള ഒരു മഹാരാജാവിന്റെ കാലത്താണു് ത്രിപുരദഹനം രചിച്ചതെന്നു വിശദമാകുന്നു. ഈ “രവിഭൂ” വാസുഭട്ടതിരിതന്നെയാണെന്നു ത്രിപുരദഹനത്തിനു് ‘അർത്ഥപ്രകാശിക’ എന്ന വൃത്തി നിർമ്മിച്ച മൂക്കോലക്കാരനായ നീലകണ്ഠൻനമ്പൂരി

“ത്രിപുരദഹനസംജ്ഞം കാവ്യമേതദ്വിധാതും
കവിരഥ രവിസൂനുർവ്വാസുദേവാഭിധാനഃ
നിരുപമചരിതേന സ്വച്ഛമീശാനസംജ്ഞം
നതജനഹിതദം തം സ്തൗതി വിഘ്നാതിഭീതഃ”
എന്നു പ്രസ്താവിച്ചിട്ടുള്ളതിൽനിന്നു മനസ്സിലാക്കാം.

9.2.5ശൗരികഥ
ഭട്ടതിരിയുടെ മറ്റൊരു യമകകാവ്യമായ ശൗരികഥോദയത്തിൽ (ശൗരികഥയെന്നും പറയും)

“ജയതി സുധാമാരാമഃ ക്ഷിതിപാലഃ കാവ്യവീരുധാമാരാമഃ
ദധദിഭമസ്തകലീലാമംസേന ബിഭർത്തി യോ യമസ്തകലീലാം.”
എന്നു കാണുന്നതിൽനിന്നു് ആ കാവ്യവും രാമവർമ്മമഹാരാജാവു രാജ്യഭാരം ചെയ്ത കാലത്തു രചിച്ചതാണെന്നു സിദ്ധിക്കുന്നു. ശൗരികഥയിൽ കവി ഹരിവംശത്തെയാണു് ഉപജീവിക്കുന്നതു്.

9.2.6കാലം
യുധിഷ്ഠിരവിജയത്തിനു രാഘവവാരിയരുടെ ‘പദാർത്ഥചിന്തനം’ എന്ന വിശ്വോത്തരമായ ഒരു വ്യാഖ്യാനം ഉണ്ടു്. അതിൽ ‘കുലശേഖരസ്യ = കുലശേഖരനാമ്നഃ കുലാലങ്കാരോയം ഭാവീതി വിചാര്യ ഗുരുഭിസ്തഥാ കൃതനാമധേയസ്യ പട്ടബന്ധ ഇത്യർത്ഥാദു് ഭവതി, പ്രാഗ് രാമവർമ്മനാമത്വാൽ’ എന്നു ‘കാലേ കുലശേഖരസ്യ’ എന്ന ഭാഗത്തിനു് അർത്ഥവിവരണം ചെയ്യുമ്പോൾ പ്രസ്താവിച്ചുകാണുന്നു. മറ്റൊരു വ്യാഖ്യാതാവായ അച്യുതന്റെ വിജയദർശികയിലും “കുലശേഖര ഇത്യഭിഷേകകൃതം നാമ; പിത്രാദികൃതം തു രാമവർമ്മേതി” എന്നു പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടു കുലശേഖരനും രാമനും രണ്ടു ഭിന്നന്മാരായ രാജാക്കന്മാരെന്നു സങ്കല്പിക്കേണ്ട ആവശ്യമില്ല. എല്ലാ കേരളചക്രവർത്തിമാർക്കും സുമാർ ക്രി. പി. എട്ടാംശതകം മുതൽക്കു തളിയാതിരിമാർ കുലശേഖരനെന്ന നാമം അഭിഷേകാവസരത്തിൽ നല്കിയിരുന്നതായി അറിയുന്നു. കുലശേഖര ആഴ്വാരുടെ സുഹൃത്തും മഹാവിദ്വാനുമായി രവി എന്നൊരു നമ്പൂരി ഉണ്ടായിരുന്നതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ രവിയുടെ പുത്രനാണു് വാസുഭട്ടതിരി എന്നൂഹിക്കുന്നതിൽ അസാങ്ഗത്യമില്ല. അപ്പോൾ ആഴ്വാർ തന്നെയാണു് ഭട്ടതിരിയുടേയും പുരസ്കർത്താവു് എന്നു വന്നുകൂടുന്നു. അഴ്വാർക്കു രാജശേഖരനെന്നും ഒരു ബിരുദമുണ്ടായിരുന്നതായി ഊഹിക്കുവാൻ ത്രിപുരദഹനം വഴികാണിക്കുന്നു.

9.2.7വാസുദേവവിജയം
യുധിഷ്ഠിരവിജയത്തിൽ എട്ടും ത്രിപുരദഹനത്തിൽ മൂന്നും ശൗരികഥയിൽ മൂന്നും ആശ്വാസങ്ങൾ അടങ്ങിയിരിക്കുന്നു. മൂന്നും അതിവിശിഷ്ടങ്ങളായ കാവ്യങ്ങളാണെങ്കിലും അവയിൽ അഭ്യർഹിതത്വം യുധിഷ്ഠിരവിജയത്തിനു് തന്നെയാണു്. ഇവകൂടാതെ പാണിനിസൂത്രങ്ങൾക്കു് ഉദാഹരണങ്ങൾ കാണിച്ചുകൊണ്ടു് വാസുദേവവിജയം എന്നൊരു ശാസ്ത്രകാവ്യവും ഭട്ടതിരി നിർമ്മിച്ചിട്ടുണ്ടു്. വാസുദേവവിജയം അഞ്ചു സർഗ്ഗമുള്ളതിൽ മൂന്നു സർഗ്ഗമേ കാവ്യമാലയിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ളു. അഞ്ചാം സർഗ്ഗത്തിന്റെ ഒടുവിലത്തെ ശ്ലോകമാകുന്നു താഴെ ഉദ്ധരിക്കുന്നതു്.

“സന്ധ്യാപയോദരുചിലോഹിതകേ പ്രവീച്യാഃ
പ്രാച്യാ മുഖേവ തമസോദയകാളകേ ച
കല്യാണവേണുദലശൃംഗഗളന്നിനാദൈർ
ഗ്ഗോഷ്ഠം വിഭുർവ്വിവിശിവാൻ സഗണഃ പുരാവൽ”
“ഏതദ്ഗ്രന്ഥരചനേനാസ്യ മഹാവൈയാകരണത്വം പ്രതീയതേ” എന്നു കാവ്യമാലാപ്രസാധകനായ പണ്ഡിതശിവദത്തൻ പ്രസ്തുത കാവ്യത്തിന്റെ മഹിമയെ പ്രശംസിച്ചിരിക്കുന്നു. ദുരവഗാഹമായ ആ കൃതിക്ക് ഗ്രന്ഥകാരൻതന്നെ

“കാവ്യം മയാ വാസുദേവവിജയാഖ്യമകാരി യൽ
വ്യാഖ്യാപി തസ്യ തന്വീയം ക്രിയതേ പദചന്ദ്രികാ.”
എന്ന പദ്യത്തിൽ പ്രതിജ്ഞ ചെയ്യുന്നതുപോലെ ‘പദചന്ദ്രികാ’ എന്നൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അക്രൂരാഗമനത്തിനു മുമ്പുള്ള ദശമസ്കന്ധ കഥയാണു് അതിലെ പ്രതിപാദ്യവിഷയം. ധാതുപ്രകരണം അദ്ദേഹം സ്പർശിക്കാത്തതിനാൽ പിൻകാലത്തു മേല്പുത്തൂർ നാരായണഭട്ടതിരി അക്രൂരാഗമനം മുതൽ കംസവധം വരെയുള്ള ഇതിവൃത്തത്തെ വിഷയീകരിച്ചു ധാതുകാവ്യം എന്നൊരു ഗ്രന്ഥം നിർമ്മിക്കുകയുണ്ടായി. അതിൽ

“ഉദാഹൃതം പാണിനിസൂത്രമണ്ഡലം
പ്രാഗ്വാസുദേവന; തദൂർധ്വാതോഽപരഃ
ഉദാഹരത്യദ്യ വൃകോദരോദിതാൻ
ധാരൂൻ ക്രമേണൈവ ഹി മാധവാശ്രയാൽ.”
എന്നു പറഞ്ഞിരിക്കുന്നു. പ്രസ്തുതകാവ്യത്തിനു് ആ കവിചക്രവർത്തിയുടെ ശിഷ്യന്മാർ രചിച്ചിട്ടുള്ള വ്യാഖ്യാനത്തിൽ “വാസുദേവോ നാമ കേരളേഷു പുരുവനജന്മാർ കഞ്ചിദ്വിജന്മാ” എന്നു സ്പഷ്ടമായി വാസുദേവവിജയകാരന്റെ ജനനസ്ഥലത്തെപ്പറ്റി പറഞ്ഞിട്ടുണ്ടു്.

9.2.8ഗജേന്ദ്രമോക്ഷം
ഗജേന്ദ്രമോക്ഷം എന്ന കാവ്യത്തിൽ നിന്നുദ്ധരിക്കുന്നവയാണു് താഴെ കാണുന്ന ശ്ലോകങ്ങൾ:

“കല്യാണം കരുതാദ്വോ ഭൂതാനാമധിപതിസ്സ കരുണാബ്ധിഃ:
രക്ഷാർത്ഥം സുജനാനാം സന്നിദധതു് പുരുവനേ രമ്യേ.
ശക്ത്യോഭയരൂപസ്സൻ യം കില നാഥസ്സ ഭുവനചക്രസ്യ
ചക്രിണി മാതരി ജനയാംബഭൂവ ജഗദവനജനിതരസം
യസ്യ ച ഭാജകരൂപപ്രസാദതോ വിശ്വവിതതവിമലയശാഃ
രചയാമാസ സുമേധാഃ കഥാസുധാം വാസുദേവകവിഃ.
***
ഭക്ത്യാ പ്രണമ്യ ദേവം ഹരിം ഗുരും ശ്രീഗുരുപ്രസാദേന
വൃത്തൈർഗ്ഗജേന്ദ്രമോക്ഷം ബ്രൂ മസ്തം ശൃണുത വൃത്തജ്ഞാഃ”
ഒടുവിൽ

“വൃത്തരത്നാകരപ്രോക്തവൃത്തലക്ഷ്യതയാ ക്രമാൽ
ഗജേന്ദ്രമോക്ഷസ്സന്ദൃബ്ധോ വാസുദേവേന സാദരം”
എന്നും ഒരു ശ്ലോകമുണ്ടു്. ഈ ശ്ലോകങ്ങൾ വൃത്തരത്നാകരത്തെ അനുസരിച്ചിട്ടുള്ള ഒരു വൃത്തശാസ്ത്രഗ്രന്ഥമാണു് ഗജേന്ദ്രമോക്ഷമെന്നും അതിന്റെ പ്രണേതാവു് ഒരു വാസുദേവകവിയാണെന്നും നമ്മെ ധരിപ്പിക്കുന്നു. തിരുവളക്കാവിലെ ശാസ്താവിനെ ആരംഭത്തിൽ സ്തുതിക്കുന്നു എന്നുമാത്രമല്ല ആ ദേവന്റെ പ്രസാദംകൊണ്ടാണു് വാസുദേവഭട്ടതിരി യമകകാവ്യം രചിച്ചതെന്നും പറയുന്നു. എന്നാൽ അദ്ദേഹം ‘വിതതവിമലയശാഃ’ എന്നും ‘സുമേധാഃ’ എന്നും ആത്മപ്രശംസ ചെയ്യുമെന്നു കരുതാവുന്നതല്ല; എന്നുമാത്രമല്ല വൃത്തരത്നാകരത്തിന്റെ ആവിർഭാവം ഭട്ടതിരിയുടെ കാലത്തിനു പിന്നീടാണെന്നുള്ളതും നിർവിവാദമാണു്. അതുകൊണ്ടു പെരുവനത്തെ പശ്ചാൽകാലികനായ ഒരു വാസുദേവനാണു് ഗജേന്ദ്രമോക്ഷകാരൻ എന്നാണു എനിക്കു തോന്നുത്ന്നതു്. കവിത യമകാലങ്കൃതമല്ല.

9.2.9നളോദയം
യുധിഷ്ഠിരവിജയം മുതലായ മൂന്നു യമകകാവ്യങ്ങളിലും കവി ഈരണ്ടു പാദങ്ങളിൽ മാത്രമേ യമകം ദീക്ഷിച്ചിട്ടുള്ളു. നളോദയം നാലാശ്വാസത്തിലുള്ള ഒരു കാവ്യമാണു്. അതിൽ നാലു പാദങ്ങളിലും യമകദീക്ഷയുണ്ടു്. അതിന്റെ കർത്തൃത്വം വളരെക്കാലം പണ്ഡിതന്മാർ കാളിദാസനിൽ ആരോപിച്ചിരുന്നു, ‘രഘുവംശം’ ഒൻപതാം സർഗ്ഗം ‘ദ്രുതവിളംബിത’വൃത്തത്തിൽ രചിതമായിട്ടുകൂടിയും അതിൽ മനസ്സില്ലാമനസ്സോടുകൂടി മാത്രം യമകനിബന്ധനം ചെയ്ത ആ മഹാകവിമൂർദ്ധന്യനായിരിക്കുകയില്ല യമകജടിലതയ്ക്കു പരമോദാഹരണമായ നളോദയത്തിന്റെ പ്രണേതാവെന്നു് ഊഹിക്കുവാൻ വൈഷമ്യമില്ലല്ലോ. പ്രസ്തുതകാവ്യത്തെ വാസുദേവഭട്ടതിരിയുമായി ഘടിപ്പിക്കത്തക്ക നിലയിൽ ഈയിടയ്ക്കു ചില രേഖകൾ കിട്ടീട്ടുണ്ടു്. തഞ്ചാവൂർ സരസ്വതീമഹലിലുള്ള നളോദയത്തിന്റെ ഒരു കൈയെഴുത്തുപ്രതിയിൽ “ഇതി ശ്രീകവിചക്രചൂഡാമണി ഭട്ടനാരായണസുതരവിദേവ വിരചിതേ നളോദയനാമനി മഹാകാവ്യേ” എന്നു കാണുന്നു. രാമർഷി എന്ന പണ്ഡിതൻ ക്രി. പി. 1600-ൽ രചിച്ചിട്ടുള്ള യമകബോധിനി എന്ന വ്യാഖ്യാനത്തിലും രവിദേവകൃതി എന്നുതന്നെയാണു പറയുന്നതു്. പോരാത്തതിനു ശങ്കരവാരിയരുടെ അനന്തരവനും പദാർത്ഥചിന്തനകാരന്റെ ഗുരുവുമായ ശ്രീകണ്ഠവാരിയരുടെ രഘൂദയമെന്ന യമകകാവ്യത്തിൽ

“വ്യവഹാരവിദേവായന്ന്യഞ്ചോത്ര പദൈ സദബ്ജരവിദേവായ
തത്സാരവിദേവായന്ന്യായേ യമകേ നമോസ്തു രവിദേവായ”
എന്നു താൻ മാതൃകയായി സ്വീകരിക്കുന്ന നളോദയത്തിന്റെ കർത്താവിനെ രവിദേവനെന്ന പേരിൽ വന്ദിച്ചിരിക്കുന്നതു കൊണ്ടു് ക്രി. പി. പതിനഞ്ചാം ശതകത്തിൽ കേരളീയർ രവിദേവനാണു് ആ കാവ്യത്തിന്റെ പ്രണേതാവെന്നു ഗണിച്ചിരുന്നതായി വിചാരിക്കേണ്ടിയിരിക്കുന്നു. രവിദേവൻ എന്നാൽ രവിയുടെ പുത്രനായ വാസുദേവൻ എന്നു് അർത്ഥം കല്പിക്കണം. അദ്ദേഹത്തിന്റെ പിതാവു ഭട്ടനാരായണനായിരുന്നു എന്നു് തഞ്ചാവൂരിലെ ആദർശഗ്രന്ഥത്തിൽ കാണുന്നതു നിർമ്മൂലമാണു്.

അഥവാ ഭട്ടനാരായണൻ രവിയുടെ പിതാവാണെന്നു വരാൻ പാടില്ലായ്കയില്ല. നളോദയത്തിനു കേരളീയനായ വിഷ്ണു എന്നൊരു പണ്ഡിതന്റെ വ്യാഖ്യാനമുണ്ടു്. അതിൽ ‘ഇതിനളോദയേ വാസുദേവകൃതേ ചതുർത്ഥഃ പരിച്ഛേദഃ’ എന്ന കുറിപ്പിനു പുറമേ മൂലത്തിന്റെ രീതി പിടിച്ചു വ്യാഖ്യാതാവു്–,

“രവിതനുഭൂയമിതായാഃ കൃതേർഗ്ഗതിശ്ശബ്ദചിത്രഭൂയമിതായാഃ
ജനഹാസായ മിതായാ ധിയശ്ച വിവൃതാ മയാധുനാ യമിതായാഃ”
എന്നൊരു ശ്ലോകം കാണുന്നു. ഇനിയും തിരുവനന്തപുരം വലിയ കൊട്ടാരം ഗ്രന്ഥപ്പുരയിൽ സൂക്ഷിച്ചിട്ടുള്ള നളോദയത്തിന്റെ ഒരു താളിയോലപ്രതിയിൽ

“അസ്തി സ രാജാ നീതേ രാമാഖ്യോ യോ ഗതിഃ പരാജാനീതേ
യസ്യ രരാജാനീതേ രത്നാനി ജനഃ കുലേധരാജാനീതേ.
***
അവിദൂരാജാദിത്യാ കൃതാല്പഭേദൈവ ഭ്രസ്സരാജാദിത്യാ
യേന സ രാജാദിത്യാ ത്രിദിവാൽ സംയുക്തശത്രുരാജാദിത്യാ”
എന്നും മറ്റും ചില ശ്ലോകങ്ങൾ ഉണ്ടു്. അവ വിശ്വസിക്കാമെങ്കിൽ നളോദയത്തിന്റെ കർത്താവും വാസുഭട്ടതിരിതന്നെയാണെന്നും അദ്ദേഹം രാമനെന്നും രാജാദിത്യനെന്നുംപേരുള്ള ഒരു മഹരാജാവിന്റെ ആശ്രിതനായിരുന്നു എന്നും സിദ്ധിക്കുന്നു. ‘രാജാദിത്യ ഇത്യമുഷ്യൈവാഭിഷേകപ്രയുക്തം നാമ’ എന്നു വിഷ്ണു പറയുന്നു. വിഷ്ണുവിന്റെ കാലമേതെന്നറിയുന്നില്ല. അദ്ദേഹം പ്രാചീനനായ ഒരു വ്യാഖ്യാതാവാണെന്നു മാത്രം ഊഹിക്കുവാൻ മാർഗ്ഗമുണ്ടു്. കൊല്ലം ഒൻപതാം ശതകത്തിൽ ശ്രീകണ്ഠൻ എന്ന പേരിൽ ദേശമങ്ഗലത്തു വാരിയത്തു പിതാവും പുത്രനുമായി രണ്ടു പണ്ഡിതവര്യന്മാർ താമസിച്ചിരുന്നു. അവരിൽ രണ്ടാമത്തെ ശ്രീകണ്ഠൻ നളോദയത്തിനു കവിഹൃദയദർപ്പണം എന്നൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അതിന്റെ ആരംഭത്തിൽ അദ്ദേഹം

“അഭിവന്ദ്യ പരാം വാണീമമലേ ചരണേ ഗുരോഃ
കാവ്യം നളോദയം നാമ വ്യാകരോമി യഥാശ്രുതം”
എന്നു പ്രതിജ്ഞചെയ്തു. തദനന്തരം “ശ്രീമാൻ മഹാകവിമഹേശ്വരോ വാസുദേവനാമാ വാസുദേവാനുസ്മരണപൂർവ്വകം പ്രണിനീഷിതപ്രബന്ധപ്രതിബന്ധകൃന്തനായ...” എന്നിങ്ങനെ മംഗലാചരണോദ്ദേശം വിവരിക്കുന്നു. ഒടുവിൽ “ഇതി ശ്രീകണ്ഠാചാര്യപുത്രേണ ശ്രീകണ്ഠേന കൃതേ നളോദയവ്യാഖ്യാനേ കവിഹൃദയദർപ്പണാഖ്യേ ചതുർത്ഥ ആശ്വാസഃ ***വാസുദേവായ മഹാകവയേ കാവ്യനിർമ്മാത്രേ നമോ നമഃ” എന്ന കുറിപ്പിനു പുറമേ

“നളോദയാഹ്വയസ്യാസ്യ വ്യാഖ്യാ കാവ്യസ്യ നിർമ്മിതാ
ശ്രീകണ്ഠാചാര്യപുത്രേണ ശ്രീകണ്ഠേന മനീഷിണാ”
എന്നൊരു കുറിപ്പും ചേർത്തിട്ടുണ്ടു്. ഇതിൽനിന്നെല്ലാം കേരളീയരുടെ ഇടയിലുള്ള അനുസ്യൂതമായ ഐതിഹ്യം നളോദയം വാസുദേവകൃതമെന്നാണെന്നു സിദ്ധിക്കുന്നു. അതിനെ പശ്ചാൽകരിക്കത്തക്ക യാതൊരു തെളിവും ഇതേവരെ കണ്ടുകിട്ടീട്ടുമില്ല.

9.2.10അർജ്ജുനരാവണീയവ്യാഖ്യയും മറ്റും
ഭട്ടികാവ്യത്തെ അനുകരിച്ചു വാസുദേവവിജയത്തെപ്പോലെ രചിച്ചിട്ടുള്ള പ്രസിദ്ധമായ ഭട്ടഭൗമന്റെ 17 സർഗ്ഗത്തിലുള്ള അർജ്ജൂനരാവണീയമഹാകാവ്യം ഒരു വാസുദേവൻ വ്യാഖ്യാനിച്ചിട്ടുണ്ടെന്നുള്ളതിനു്

“വാസുദേവൈകമനസാ വാസുദേവേന നിർമ്മിതാം
വാസുദേവീയടീകാം താം വാസുദേവോനുമോദതാം,”
എന്നു് ആ വ്യാഖ്യാനത്തിൽ കാണുന്ന ശ്ലോകം ജ്ഞാപകമാണു്. എന്നാൽ വാസുദേവഭട്ടതിരിയാണു് ആ വാസുദേവൻ എന്നു പറയുന്നതു നിർമ്മൂലമാകുന്നു. കൃഷ്ണൻ എന്നൊരു പണ്ഡിതനാണു് വ്യാഖ്യാതാവിന്റെ ഗുരു. ഭട്ടഭൗമൻ വളഭി (ഗുർജ്ജര) വാസ്തവ്യനുമാണു്. ഈ വളഭി ചിലർ ഭൂമിക്കുന്നതുപോലെ വളർപട്ടണമല്ല. പുരുവനവാസുദേവനും വേദാരണ്യവാസുദേവനും ഒന്നാണെന്നു ചിലർ വിചാരിക്കുന്നതും പ്രമാദംതന്നെ. വേദാരണ്യവാസുദേവനെപ്പറ്റി യഥാവസരം പ്രസ്താവിക്കും.

9.3വ്യാഖ്യാനങ്ങൾ

യമകപ്രപഞ്ചത്തിന്റെ പിതാമഹൻ വാസുഭട്ടതിരിതന്നെയാണെന്നുള്ളതു കേരളീയർക്കു തുലോം അഭിമാനഹേതുകമാകുന്നു. ‘വ്യാഖ്യാഗമ്യമിദം കാവ്യമുത്സവസ്സുധിയാമലം’ എന്നു ഭട്ടികാവ്യത്തിൽ പറഞ്ഞിട്ടുള്ളതുപോലെ വ്യാഖ്യാനം കൂടാതെ ഇത്തരത്തിലുള്ള കാവ്യങ്ങൾ വായിച്ചു മനസ്സിലാക്കുന്നതു വിഷമംതന്നെ. യുധിഷ്ഠിരവിജയത്തിനു് അനേകം വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ടു്. (1) ക്രി. പി. പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന കോലത്തുനാട്ടിലെ ‘ശ്രീകണ്ഠദാസ’നെന്ന നാമാന്തരത്താൽ വിദിതനായ രാഘവവാരിയരുടെ പദാർത്ഥചിന്തനംതന്നെയാണു് അവയിൽ പ്രഥമഗണനീയമായിട്ടുള്ളതു്. അതിൽ യുധിഷ്ഠിരവിജയത്തെ വ്യാഖ്യാതാവു്,

“വാസുദേവകവേഃ കാവ്യേ ഭവ്യേ കവിഭിരീഡിതേ
വ്യാഖ്യാപി സാ തു ശിക്ഷായൈ മഹത്യൈ ഭവിതാ മമ.
സ്മരത യുധിഷ്ഠിരവിജയം കാവ്യം കർണ്ണൈകഭൂഷണം വിദുഷാം
ഹാരവദത്യക്തഗുണം ഗുരുതരകൃഷ്ണാർച്ചിതേജസോല്ലസിതം.”
എന്നു വാഴ്ത്തുന്നു. കവിയെപ്പറ്റി “കവികുലശേഖരഃ കുലശേഖരസഭാസ്താരസഭാജിതകവിതാകൗശലഃ സകലവിദ്യാസാഗര പാരീണശേഷമുഷീകോ, ഗുരുകരുണാകടാക്ഷസംവർദ്ധിതകവിതാ കല്പലതോപഘ്നതരുഃ മഹാഭാരത ഭട്ടാരകപരമാചാര്യാന്തേവാസീ, വാസുദേവനാമാ വാസുദേവഭക്താഗ്രണീർദ്വിജന്മകുലതിലകഃ” എന്നും പ്രശംസിക്കുന്നുണ്ട്.

(2) ഇതുകൂടാതെ ‘ശ്രീകണ്ഠപ്രിയശിഷ്യ’നായ ഒരു പണ്ഡിതന്റെ ‘പദാർത്ഥദീപിക’ എന്ന ഒരു വ്യാഖ്യാനവും കണ്ടുകിട്ടീട്ടുണ്ടു്.

“വാസുദേവസ്യ കാവ്യം യദ് ഗംഭീരഗഹനാർത്ഥകം;
തന്മന്ദോപി ന ജിഹ്രേമി വ്യാചികീർഷുര്യഥാശ്രുതം”
എന്നു് ഉപക്രമത്തിൽ ആ പണ്ഡിതൻ കവിയെ പുകഴ്ത്തുന്നു. ശ്രീകണ്ഠദാസനും ശ്രീകണ്ഠപ്രിയശിഷ്യനും ഒരേ ശ്രീകണ്ഠന്റെ ശിഷ്യന്മാരാണോ എന്നു നിശ്ചയമില്ല.

(3) “വാസുദേവകവിനാ കൃതസ്തു യഃ
കാവ്യബന്ധ ഇയമസ്യ സൽപ്രിയാ
കാമിനീവ രസഭാവദർശികാ
വ്യാക്രിയാച്യുതകൃതാ വിരാജതേ.”
വാസുദേവകവേഃ കാവ്യം; കഥ പാർത്ഥസ്യ കഥ്യതേ;
വ്യാഖ്യാതാരോ വയം: കിന്തൽ സതാം യേന മനോ ഹരേൽ?;
അച്യുതന്റെ വിജയദർശികയെന്നും ദർശികയെന്നും പറയുന്ന വ്യാഖ്യാനത്തെപ്പറ്റി മുൻപു പ്രസ്താവിച്ചുവല്ലോ. ഈ ശ്ലോകങ്ങൾ ആ വ്യാഖ്യാനത്തിലുള്ളതാണു്. അച്യുതൻ കേരളീനായിരിക്കാമെന്നു തോന്നുന്നു. (4) ശിഷ്യഹിത എന്ന വ്യാഖ്യാനം കാശ്മീരകനായ രാജാനകരത്നകണ്ഠൻ ക്രി. പി. 1661-ൽ അറംഗസീബ് ചക്രവർത്തിയുടെ രാജ്യഭാരകാലത്തിൽ നിർമ്മിച്ചതായി കാണുന്നു. വൈദേശികങ്ങളായ വ്യാഖ്യാനങ്ങളിൽ അതാണു് പ്രധാനം; കാവ്യമാലയിൽ ആ വ്യാഖ്യാനം പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. (5) കാവ്യപ്രകാശിക എന്നൊരു വ്യാഖ്യാനം ധർമ്മരാജാധ്വരി രചിച്ചിട്ടുണ്ടു്. അദ്ദേഹം ചോളദേശീയനും ശിവക്ഷേത്രാർച്ചകശിവദ്വിജവർഗ്ഗത്തിൽപ്പെട്ട ഒരു പണ്ഡിതനുമായിരുന്നു. “സർവ്വജ്ഞാനശിരോമണിഃ പരമശിവയോഗീ ശ്രീവാസുദേവകവിഃ” എന്നു് ആ വ്യാഖ്യാനവും ഭട്ടതിരിയെ പ്രശംസിക്കുന്നു. (6) ശിവദാസന്റെ രത്നപ്രദീപിക മറ്റൊരു വ്യാഖ്യാനമാണു്. (7) ശ്രീരങ്ഗത്തിനുസമീപം ചാത്തന്നൂർ എന്ന ഗ്രാമത്തിൽ ഭാരദ്വാജഗോത്രജനായി ആച്ചി അമ്മാളുടേയും സുദർശനഭട്ടന്റേയും പുത്രനായി, രാമചന്ദ്രഭട്ടന്റേയും ഹസ്തിഗിരിഭട്ടന്റേയും ശിഷ്യനായി, ചൊക്കനാഥൻ എന്നൊരു പണ്ഡിതനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വ്യാഖ്യാനമാണു് ബാലവ്യുൽപത്തികാരിണി.

“ഭാവാദ്യലങ്കൃതിരസധ്വനിഭാസമാനം
ധർമ്മാർത്ഥമോക്ഷഫലഭാരതബദ്ധസഖ്യം
ദ്രാക്ഷാതിശായിരസവദ്യമകപ്രഭേദം
ശ്രീവാസുദേവകലിതം ഭൂവി കാവ്യമിന്ധേ.

ഗാംഭീര്യാസ്പദവാച്യവാചകതയാ
വ്യാഖ്യാപഥാഗോചരം
കാവ്യം; മദ്ധിഷണാ തു മാന്ദ്യവിഭവ—
പ്രാചുര്യപാഥോനിധിഃ;
വ്യാഖ്യാതും പ്രയതേ തഥാപി തദിദം
ഹാ ഹന്ത ഹന്താധുനാ;
സാധ്യാസാധ്യവിവേകശൂന്യഹൃദയ—
സ്സർവത്ര സന്നഹ്യതി.”
എന്നു് അദ്ദേഹവും മൂലകൃതിയെ വാഴ്ത്തുന്നു. ഇവകൂടാതെ ഒന്നിലധികം ഭാഷാവ്യാഖ്യാനങ്ങളും കാണ്മാനുണ്ടു്. ത്രിപുരദഹനത്തിനു നീലകണ്ഠന്റെ അർത്ഥപ്രകാശിക എന്നൊരു വ്യാഖ്യാനമുണ്ടെന്നു സൂചിപ്പിച്ചുവല്ലോ. അദ്ദേഹം തന്നെ ശൗരികഥയ്ക്കു തത്വപ്രകാശിക എന്നൊരു വ്യഖ്യാനവും നിർമ്മിച്ചിട്ടുണ്ടു്. അതിൽ താൻ (മുക്തിസ്ഥലോദവസിതൻ) മൂക്കോലക്കാരനാണെന്നു പറയുന്നതിനു പുറമേ രണ്ടു വ്യാഖ്യാനങ്ങളിലും മൂക്കോലദുർഗ്ഗാദേവിയെ വന്ദിച്ചിട്ടുമുണ്ടു്. പുരുഷോത്തമ സരസ്വതിയുടെ ശിഷ്യനും ഈശാനന്റെ പുത്രനുമായ അദ്ദേഹം കൊച്ചിരാജ്യം രാമവർമ്മവോടുകൂടി ‘രാജരാജ’ മഹാരാജാവു ഭരിക്കുമ്പോൾ അർത്ഥപ്രകാശികയും ഗോദവർമ്മവോടുകൂടി രാമവർമ്മമഹാരാജാവു ഭരിക്കുമ്പോൾ തത്വപ്രകാശികയും എഴുതിത്തീർത്തു. ക്രി. പി. പതിനാറാം ശതകത്തിന്റെ അപരാർദ്ധമാണു് അദ്ദേഹത്തിന്റെ ജീവിതകാലം. അതുകൂടാതെ ത്രിപുരദഹനത്തിനു ഗോകർണ്ണത്തുകാരനായ നിത്യപ്രിയമുനിയുടെ പുത്രൻ പദാർത്ഥദീപിക എന്ന വ്യാഖ്യാനവും ശൗരികഥയ്ക്കു നിത്യാമൃതയതി അന്വയബോധിക എന്ന വ്യാഖ്യാനവും രചിച്ചിട്ടുണ്ടു്.

9.3.1ഐതിഹ്യത്തിലെ അത്യുക്തി ഭട്ടതിരി തിരുവളക്കാവു ശാസ്താവിന്റെ ഒരു പരമഭക്തനായിരുന്നു എന്നും ആ ഭക്തിയുടെ ഫലമായി അദ്ദേഹത്തിനും സഹജമായുണ്ടായിരുന്ന കവിതാവാസന ബഹുഗുണീഭവിച്ചു എന്നുമുള്ളതിനു സംശയമില്ല. പക്ഷേ വാസുദേവവിജയം നിർമ്മിക്കുന്നതിനുവേണ്ട വ്യാകരണശാസ്ത്രപാണ്ഡിത്യം കേവലമായ ഭക്തികൊണ്ടുസിദ്ധിക്കുമെന്നു വിശ്വസിക്കുവാൻ പ്രയാസമുണ്ടു്. അദ്ദേഹത്തിന്റെ ഗുരുവായ ഭാരതഭട്ടൻ അദ്ദേഹത്തെ ബാല്യത്തിൽ ആ ശാസ്ത്രം നല്ലതുപോലെ അഭ്യസിപ്പിച്ചിരിക്കണമെന്നുള്ളതു നിസ്സന്ദേഹമാണു്.

9.3.2സാഹിത്യത്തിൽ ഭട്ടതിരിയുടെ സ്ഥാനം ശങ്കരഭഗവൽപാദരേയും വില്വമങ്ഗലത്തു സ്വാമിയാരേയും ഒഴിച്ചാൽ ഭാരതവർഷത്തിൽ സകല പണ്ഡിതന്മാരുടേയും സശിരഃ കമ്പമായ ബഹുമാനം ഇത്രമാത്രം സമാർജ്ജിച്ചു തന്റെ കവിയശസ്സു ദിക്കുകളിലും വിദിക്കുകളിലും പ്രസരിപ്പിച്ച ഒരു കേരളീയമഹാകവി വാസുദേവഭട്ടതിരിയെപ്പോലെ വേറെയുണ്ടായിട്ടില്ല. അത്തരത്തിലുള്ള ഒരു മഹാനുഭാവനെ–വാഗ്ദേവിയുടെ വാചാമഗോചരമായ ഏതോ ഒരു തരത്തിലുള്ള അനുഗ്രഹം സിദ്ധിച്ചിട്ടുള്ള മഹാകവിശ്രേഷ്ഠനെ–“പെരുതും യമകഭ്രമം പെടുന്നൊരു ഭട്ടൻ” എന്നും മറ്റും അവഹേളനം ചെയ്യുന്നതു് അല്പം ആലോചിച്ചു വേണ്ടതാണു്. അന്യന്മാർക്കു് അത്യന്തം ഭയങ്കരമായ യമകസാഗരത്തിൽ അദ്ദേഹം അകുതോഭയനായി ഒരു മകരമത്സ്യത്തെപ്പോലെ സ്വച്ഛന്ദവിഹാരം ചെയ്യുന്നു. എത്ര അക്ലിഷ്ടമനോഹരമാണു് അദ്ദേഹത്തിന്റെ പദഗുംഫനം! ഏതെല്ലാം രമണീയങ്ങളായ ആശയങ്ങളാണു് അദ്ദേഹം ആ ശൃംഖലാബന്ധനത്തിനു വിധേയനായി നിന്നുകൊണ്ടു യാതൊരു കൂസലുംകൂടാതെ ആവിഷ്കരിക്കുന്നതു്! ഭട്ടതിരിയുടെ കാലത്തിനു് ഏതാനും ശതകങ്ങൾക്കു മുമ്പുതന്നെ യമകകാവ്യങ്ങൾക്കു സംസ്കൃതസാഹിത്യത്തിൽ പ്രാധാന്യം സിദ്ധിച്ചുകഴിഞ്ഞിരുന്നു. ഭരതൻ നാട്യശാസ്ത്രത്തിൽ പതിനൊന്നു തരത്തിലുള്ള യമകങ്ങളെ വിവരിക്കുന്നു. ഭാമഹൻ അവയെ അഞ്ചായി തരംതിരിക്കുന്നു. ദണ്ഡി, വാമനൻ, രുദ്രടൻ, ഭോജൻ എന്നീ ആലങ്കാരികന്മാരും യമകത്തിനു് ഒരു മാന്യസ്ഥാനം കല്പിക്കുന്നു. ധ്വനിപ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടുകൂടിയാണു് യമകം അപ്രധാനമായി പരിണമിച്ചതു്. ഞാൻ എല്ലാ യമകകാവ്യങ്ങളേയും പ്രശംസിക്കുന്നില്ല. ‘യുഗേ തുരീയേ യമകപ്രപഞ്ചഃ’ എന്നു നീലകണ്ഠദീക്ഷിതർ പറയുന്നതു കാരണം കൂടാതെയല്ല; എന്നാൽ ഭട്ടതിരിയുടെ യമകകാവ്യങ്ങളെ പ്രശംസിക്കാതെയിരിക്കുവാൻ ഏതു സഹൃദയനും നിവൃത്തിയില്ല. അത്രയ്ക്കുണ്ടു് അവയുടെ ആകർഷകത്വം. കലിങ്ഗജനോ വംഗദേശീയനോ ആയ നീതിവർമ്മൻ കീചകവധം എന്നു നാലു സർഗ്ഗത്തിൽ ഒരു യമകകാവ്യം നിർമ്മിച്ചിട്ടുള്ളതു് ഔത്തരാഹന്മാർക്കു സുപരിചിതമാണു്. അതു്, യുധിഷ്ഠിരവിജയവുമായി തുലനം ചെയ്യുമ്പോൾ പശ്ചാൽഗണനയെ മാത്രമേ അർഹിക്കുന്നുള്ളു. നീതിവർമ്മൻ ക്രി. പി. പത്താംശതകത്തോടടുത്താണു് ജീവിച്ചിരുന്നതു്. അങ്ങനെ കാലംകൊണ്ടും കാര്യംകൊണ്ടും ഒന്നാമത്തെ യമകകാവ്യമാണു് യുധിഷ്ഠിരവിജയമെന്നു് എല്ലാവരും സമ്മതിക്കുന്നു. ഇതു കേരളീയർക്കു പുളകപ്രദമാകേണ്ട ഒരു സംഭവം തന്നെ. ഈ അടുത്ത കാലംവരെ യുധിഷ്ഠിരവിജയം കേരളത്തിലും വെളിയിലും ബാലപാഠ്യഗ്രന്ഥങ്ങളിൽ ഒന്നായിരുന്നു; സംസ്കൃതത്തിൽ ശബ്ദവ്യുൽപത്തിയുറയ്ക്കുന്നതിനും പ്രത്യേകിച്ചു പദഘടനയുടെ മർമ്മങ്ങൾ മനസ്സിലാകുന്നതിനും ഇത്ര പറ്റിയ ഒരു കാവ്യം വേറെയുണ്ടെന്നു തോന്നുന്നില്ല.

9.4ഐതിഹ്യത്തിലെ വാര്യസ്യാർ

പാണ്ഡവചരിതമെന്ന പേരിൽ അജ്ഞാതകർത്തൃകമായ ഒരു കാവ്യം പന്ത്രണ്ടുസർഗ്ഗത്തിൽ ഉണ്ടു്. രചന വളരെ ലളിതമാകുന്നു. യുധിഷ്ഠിരവിജയം പല ആവൃത്തി വായിച്ചു് ആസ്വദിച്ചിട്ടുള്ള ഒരു കവിയുടെ കൃതിയാണതു്.

“തസ്മൈ നമോസ്തു കവയേ വാസുദേവായ ധീമതേ
യേന പാർത്ഥകഥാ രമ്യാ യമിതാ ലോകപാവനീ.”
എന്നു ഭട്ടതിരിയെ അതിൽ സ്തുതിക്കുകയും ചെയ്യുന്നുണ്ടു്. പഴത്തൊലി തിന്ന വാര്യസ്യാരുടെ കാവ്യമാണു് അതെന്നു പറയുന്നതിനു ഞാൻ ഒരടിസ്ഥാനവും കാണുന്നില്ല. പഴവും തൊലിയും തിരുവളക്കാവിൽനിന്നു കോലത്തുനാട്ടു പള്ളിക്കുന്നത്തേയ്ക്കു കൊണ്ടുപോയി ശ്രീകൃഷ്ണവിജയകർത്താവായ ശങ്കരകവിയേയും അവിടത്തെ ഒരു വാര്യസ്യാരേയും ഭക്ഷിപ്പിക്കുകയും വാര്യസ്യാരെക്കൊണ്ടു ശ്രീരാമോദന്തം ഉണ്ടാക്കിക്കയും ചെയ്യുന്ന മറ്റൊരു ഐതിഹ്യവുമുണ്ടു്. അതിലും എനിക്കൊരു വിശ്വാസ്യതയും തോന്നീട്ടില്ല.

“ഇതയിത വാതു വരുന്നൂ! വെറ്റില തിന്നാഞ്ഞെനിക്കു വാ തുവരുന്നൂ;
കൊടിയിത പയ്യായിനിമേൽ കദളീപക്വം ഭുജിച്ചു പയ്യായിനിമേൽ”
എന്ന ശ്ലോകത്തിലെ ഒന്നും മൂന്നും പാദങ്ങൾ സതീർത്ഥ്യന്മാരുടേയും രണ്ടും നാലും പാദങ്ങൾ വാസുഭട്ടതിരിയുടേയുമാണെന്നുള്ള ഐതിഹ്യം സത്യമോ അസത്യമോ ആയിക്കൊള്ളട്ടെ. എന്നാൽ

“നാഴികമണിയാറായീ നാരീണാം ഭൂഷണൗഘമണിയാറായീ;
അവസരമണയാറായീയംബുധിയിൽ ഭാനുബിംബമണയാറായീ.”
എന്ന പദ്യം വാര്യസ്യാരുടെയല്ല, തിരുവിതാങ്കൂർ സ്വാതിതിരുനാൾ മഹാരാജാവിന്റെ ആസ്ഥാനപണ്ഡിതനായിരുന്ന കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാന്റേതാണെന്നു് എനിക്കു സധൈര്യം പ്രസ്താവിക്കുവാൻ സാധിക്കും; അതു് അദ്ദേഹത്തിന്റെ സമകാലികന്മാരിൽ ഒരാൾ തന്റെ മാതുലനും ഗുരുവുമായ ചങ്ങനാശ്ശേരി രാജരാജവർമ്മകോയിത്തമ്പുരാനോടു പറയുകയും ആ വഴി തനിക്കു് അറിവാൻ ഇടയാകുകയും ചെയ്തതായി കേരളവർമ്മ വലിയ കോയിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുണ്ടു്.

9.5നാരായണൻനമ്പൂരി—സീതാഹരണം

‘സീതാഹരണം’ എന്നൊരു യമകകാവ്യം നാരായണൻ എന്നൊരു കേരളീയന്റെ കൃതിയായി കാണുന്നുണ്ടു്. ആ കാവ്യത്തിൽ സപ്തമാശ്വാസത്തിന്റെ ഏതാനും ഭാഗത്തോളം മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. കവിയുടെ ദേശമേതെന്നു് അറിയുന്നില്ല. എന്നാൽ അദ്ദേഹം രവി എന്നുകൂടി പേരുള്ള മനുകുലാദിത്യൻ എന്ന കേരളരാജാവിന്റെ കാലത്താണു് ജീവിച്ചിരുന്നതെന്നു പ്രസ്താവിക്കുന്നു. അദ്ദേഹം തിരുമൂഴിക്കുളം ക്ഷേത്രത്തിനു ചില വസ്തുക്കൾ ദാനം ചെയ്തിട്ടുണ്ടു്. തിരുനെൽവേലി ജില്ലയിൽ ബ്രഹ്മദേശം എന്ന സ്ഥലത്തു ജനിച്ച സർവജ്ഞാത്മമുനി അദ്ദേഹത്തിന്റെ കാലത്താണു് ‘സംക്ഷേപശാരീരകം’ എന്ന വേദാന്തഗ്രന്ഥം രചിച്ചതെന്നു്

ശ്രീദേവേശ്വരപാദപങ്കജരജസ്സമ്പർക്കപൂതാശയഃ
സർവജ്ഞാത്മഗിരാങ്കിതോ മുനിവരസ്സംക്ഷേപശാരീരകം
ചക്രേ സജ്ജനബുദ്ധിവർദ്ധനമിദം രാജന്യവംശേ നൃപേ
ശ്രീമത്യക്ഷയശാസനേ മനുകുലാദിത്യേ ഭുവം ശാസതി
എന്നു് അതിൽതന്നെയുള്ള പദ്യത്തിൽനിന്നു സ്പഷ്ടമാകുന്നു. മറ്റൊരു മനുകുലാദിത്യനേയും പറ്റി നാം അറിയുന്നില്ല. ചേരചക്രവർത്തിയായ ഭാസ്കരരവിവർമ്മന്റെ സമകാലികനായ മനുകുലാദിത്യൻ ജീവിച്ചിരുന്നതും ക്രി. പി. പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലായിരുന്നു. അതിനാൽ സീതാഹരണകാരന്റെ കാലവും അതുതന്നെയായി വരാവുന്നതാണു്. അങ്ങനെയാണെങ്കിൽ യുധിഷ്ഠിരവിജയത്തിന്റെ അനുകൃതിയായി പ്രസ്തുത കാവ്യം നാരായണൻ രചിച്ചു എന്നു സങ്കല്പിക്കാം. ചില ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.

പ്രണമത വരദമനന്തം ദേവം നരകാദിദൈത്യവരദമനം തം
ശുദ്ധിരതാനി ജഗത്യാ വൃഷ്ണീൻയേനാനുഗൃഹ്ണതാ ഗത്യാ.
കൃഷ്ടഃ കംസമഹാരിസ്സ്വർഗ്ഗസദോജഃ സകല്പകം സമഹാരി;
ജനതാ യേനാഗോപി ധ്വസ്തോ യമുനാപയശ്ച യേനാഗോപി.
***
അസ്ത്യവതാരവിരമദസ്തഥാപി ഭൂമേരധീശിതാ രവിരമദഃ
സദ്വിധിനാ മായാദ്യഃ സമനുകുലാദിത്യ ഇതി ച നാമായാദ്യഃ
ഹരിമിവ സമരാജേയം പ്രീത്യാ മുക്താമരേന്ദ്രസമരാജേയം
ചിരതരമേവ രമേതേ ലബ്ധ്വാ രാജ്ഞാം ക്ഷമാരമേ വരമേതേ.
പൂരിതസൂര്യാശരണാന്നൃപസാധ്വേനോരിതിമിരസൂര്യാശരണാൽ
ഇതി രിപുനരപായസ്യ പ്രണതാസ്മരണാദമീപുനരപായസ്യ
തത്ര വരാജനി തരസാ രാമകഥേത്ഥം പ്രഭാതി രാജനി തരസാ
മതിമപിസന്നാമവതാ യമിതാ നാരായണേന സന്നാമവതാ.
ദണ്ഡകാരണ്യത്തിൽ മാരീചന്റെ ആഗമനം മുതൽക്കുള്ള കഥ കവി വിവരിക്കുന്നു. യുധിഷ്ഠിരവിജയത്തോളം വിശിഷ്ടമല്ലെങ്കിലും ഈ യമകകാവ്യവും സാമാന്യം നന്നായിട്ടുണ്ടു്.

9.6നീലകണ്ഠൻ — കല്യാണസൗഗന്ധികം വ്യായോഗം

ക്രി. പി. ഒമ്പതാം ശതകത്തിലോ പത്താം ശതകത്തിലോ വിരചിതമായ ഒരു കൃതിയാണു് കല്യാണസൗഗന്ധികവ്യായോഗം. ആ ഗ്രന്ഥത്തിൽ കവി തന്നെപ്പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നു:
“ആജ്ഞാഗുണേന ഗുണവിദ്ഭിരഭിഷ്ടുതാനാം
കാത്യായനീചരണപങ്കജഭക്തിഭാജാം
ഷട്കർമ്മിണാം നിവസതൗ പരമാഗ്രഹാരേ
പ്രാപ്തപ്രസൂതിരുപസേവിതവാൻ ഗുരുർന്നഃ.”
തദസ്യ നീലകണ്ഠനാമ്നഃ കല്യാണസൗഗന്ധികം നാമ നിബന്ധനശരീരമിദമഭിനയാലങ്കാരാലങ്കൃതമനുസന്ദർശയ.” ഇതിൽ നിന്നു പാർവതീദേവി കുലദേവതയായുള്ള ഏതോ ഒരു വിശിഷ്ടമായ അഗ്രഹാരത്തിൽ ജനിച്ച പണ്ഡിതനാണു് നീലകണ്ഠകവിയുടെ ഗുരുവെന്നും ആ കവിയാണു് കല്യാണസൗഗന്ധികവ്യായോഗം രചിച്ചതെന്നും മനസ്സിലാകുന്നു. ഈ അഗ്രഹാരമേതെന്നു വിശദമാകുന്നില്ല. ‘പരമാഗ്രഹാരേ’ എന്ന പദത്തിനു തിരുനെൽവേലി ജില്ലയിലെ പരമാകുടി എന്ന ഗ്രാമമെന്നു ചില വിദേശീയർ അർത്ഥകല്പനം ചെയ്യുന്നതു് അസംബന്ധമാകുന്നു. അദ്ദേഹം ഒരു നമ്പൂരി തന്നെയാണെന്നുള്ളതിനു സംശയമില്ല. നീലകണ്ഠൻ മത്തവിലാസപ്രഹസനം വായിച്ചിരുന്നു എന്നും ആ പ്രഹസനം കൂടിയാട്ടത്തിനു് ഉപയോഗിച്ചിരുന്നു എന്നും “നൃത്യന്മത്തവിലാസജാം ധനപതേഃ പ്രീതിം കരിഷ്യാമ്യഹം” എന്ന ശ്ലോകപാദത്തിൽനിന്നു് അനുമാനിക്കാവുന്നതാണു്. ഹനുമാനും ഭീമസേനനുമായുള്ള ശണ്ഠ കല്യാണകൻ എന്ന ഒരു വിദ്യാധരൻ അവരുടെ ജ്യേഷ്ഠാനുജബന്ധം പറഞ്ഞു മനസ്സിലാക്കി അവസാനിപ്പിക്കുന്നതു് അതിന്റെ മർമ്മമാകയാൽ ആ രൂപകത്തിനു കല്യാണസൗഗന്ധികം എന്നു പേർ വന്നു; പിന്നീടു് ആ പേർതന്നെ കേരളസാഹിത്യത്തിൽ സൗഗന്ധികാഹരണവിഷയങ്ങളായ കൃതികൾക്കു സ്ഥിരപ്പെടുകയും ചെയ്തു. വ്യായോഗത്തിനു സാഹിത്യാചാര്യന്മാർ നിർദ്ദേശിച്ചിട്ടുള്ള സകല ലക്ഷണങ്ങളും കല്യാണസൗഗന്ധികത്തിൽ കളിയാടുന്നു. നടാങ്കുശത്തിൽ ഈ വ്യായോഗത്തെ “അപ്യേവം കല്യാണസൗഗന്ധികാദിഘടിതഭീമാദിവർണ്ണികാപരിസ്ഥിതൗ സ്തോകപ്രവേശോ ദൃശ്യതേ” എന്ന പംക്തിയിൽ സ്മരിക്കുന്നുണ്ടു്.

‘പരമാഗ്രഹാരം’ എന്നതു തളിപ്പറമ്പാണെന്നും അവിടെ ഒരു കാലത്തു താമസിച്ചു പിന്നീടു കുറുമ്പ്രനാട്ടു താലൂക്കിലേയ്ക്കു നീങ്ങിയ ‘മാണി’ എന്ന മഠത്തിലെ ചാക്യാന്മാരിൽ ഒരാളാണു് പ്രസ്തുത വ്യായോഗം നിർമ്മിച്ചതെന്നും അതു കൊല്ലം 600–700 ഈ വർഷങ്ങൾക്കിടയ്ക്കാണെന്നും ചിലർ പറയുന്നതിൽ ഉപപത്തി കാണുന്നില്ല. കുലശേഖരവർമ്മാവു് കൂടിയാട്ടത്തിനു് അങ്ഗീകരിച്ച രൂപകങ്ങളുടെ കൂട്ടത്തിൽ കല്യാണസൗഗന്ധികവും ഉൾപ്പെടുന്നു എന്നുള്ളതിനു ലക്ഷ്യങ്ങളുണ്ടു്.

9.7ത്രൈവിക്രമം

ത്രൈവിക്രമം എന്നൊരു രൂപകത്തെപ്പറ്റിയും ഇവിടെ നിരൂപണം ചെയ്യേണ്ടിയിരിക്കുന്നു. ഇതു് അത്യന്തം ഹ്രസ്വമായ ഒരു രൂപകമാണു്. ആകെ പത്തു ശ്ലോകങ്ങളും ഏതാനും വാക്യങ്ങളുമേ ഉള്ളു. “നാന്ദ്യന്തേ തതഃ പ്രവിശതി സൂത്രധാരസ്സഹ പ്രിയയാ” എന്ന സൂചനയോടുകൂടി ഗ്രന്ഥം ആരംഭിക്കുന്നു. സൂത്രധാരനും നടിയും മാത്രമാണു് പാത്രങ്ങൾ. സൂത്രധാരൻ, “ആര്യേ തൃതീയേ ഖലു ചിത്രപടേ

ദൈത്യേന്ദ്രമൗലിമണിഘൃഷ്ടികിണീകൃതസ്യ
പാദസ്യ യസ്യ ഗഗനോദ്ഗമഗർവിതസ്യ
ത്രൈവിക്രമം ത്രിഭുവനാതതമത്ഭൂതം യദ്–
ഭക്തൈർവിഭക്തമഖിലം വടുവാമനസ്യ”
എന്നുള്ള പീഠികയോടുകൂടി വാമനാവതാരം കഥ നടിയെ പറഞ്ഞുകേൾപ്പിക്കുന്നു. നാന്ദിയോ ഭരതവാക്യമോ ഇല്ല. എന്നാൽ ഭരതവാക്യത്തിനുപകരം

“ആര്യേ! ബാഢം ഹരിപദകഥാ സേയമന്തഃപ്രയാതാ
ഭക്തിർഭൂയാത്തവ ച മമ ച ശ്രീധരസ്യാങ്ഘ്രിപദ്മേ
നശ്യത്വേവം ദുരിതമസകൃൽ പശ്യതാം നൃത്യതാം നഃ
സ്വസ്ഥോ രാജാപ്യവതു വസുധാം; സ്വസ്തി ഗോബ്രാഹ്മണേഭ്യഃ”
എന്നൊരു ശ്ലോകം കാണുന്നുണ്ടു്. അതു കേട്ടു നടി “രമണീയാഖലു കഥാ; അന്യാം ചിത്രബദ്ധാം വർണ്ണയത്വാര്യഃ” എന്നു ഭർത്താവിനോടു് അഭ്യർത്ഥിക്കുകയും അതോടുകൂടി രൂപകം പരിസമാപ്തിയെ പ്രാപിക്കുകയും ചെയ്യുന്നു. ‘സ്വസ്തിഗോബ്രാഹ്മണേഭ്യഃ’ എന്നതു കലിവാക്യമാണെങ്കിൽ ക്രി. പി. പന്ത്രണ്ടാംശതകത്തിന്റെ മധ്യത്തിലാണു് പ്രസ്തുതകൃതിയുടെ രചന എന്നു വന്നുകൂടുന്നു. അതു ശരിയാണെങ്കിലും അല്ലെങ്കിലും ‘നാരായണായ ഹരയേ മുരശാസനായ’ എന്നൊരു ശ്ലോകം അതിൽ ഭോജചമ്പുവിലെ ‘നാരായണായ നളിനായ തലോചനായ’ എന്ന ശ്ലോകത്തിന്റെ രീതിയിൽ കാണുന്നതു കൊണ്ടു ക്രി. പി. പതിനൊന്നാം ശതകത്തിനു മേലാണു് അതിന്റെ നിർമ്മിതി എന്നു സങ്കല്പിക്കാം. ക്ഷേത്രങ്ങളിലെ ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടു ചാക്കിയാന്മാർ അഭിനയത്തിനു ചില ചെറിയ രൂപകങ്ങൾ നിർമ്മിച്ചിരുന്നു എന്നും ത്രൈവിക്രമകാരൻ തന്നെ വേറെ രണ്ടു രൂപകങ്ങളെങ്കിലും അത്തരത്തിൽ നിബന്ധിച്ചിരുന്നു എന്നും തെളിയുന്നുണ്ടു്. അവയേതെന്നോ ഗ്രന്ഥകർത്താവു് ആരെന്നോ അറിവാൻ തരമില്ല.

9.8കുലശേഖരവർമ്മാ – കുലശേഖരന്റെ ആത്മകഥാകഥനം

കേരളത്തിലെ സംസ്കൃതസാഹിത്യവേദിയിൽ പ്രധാനമായ ഒരു സ്ഥാനത്തിനു് അവകാശിയായ മറ്റൊരു കവിപുങ്ഗവനാണു് കുലശേഖരവർമ്മാവു്. അദ്ദേഹവും ഒരു കേരളരാജാവായിരുന്നു. കുലശേഖരൻ എന്നതു അഭിഷേകകാലത്തു സ്വീകരിക്കുന്ന സ്ഥാനപ്പേരാണെന്നു മുൻപു പറഞ്ഞുവല്ലോ. യഥാർത്ഥമായ നാമധേയമെന്തെന്നു് അറിയുന്നില്ല. അദ്ദേഹം മൂന്നു നാടകങ്ങൾ നിർമ്മിച്ചതായി ഐതിഹ്യമുണ്ടെങ്കിലും, തപതീസംവരണം, സുഭദ്രാധനഞ്ജയം ഈ രണ്ടെണ്ണം മാത്രമേ കണ്ടുകിട്ടീട്ടുള്ളു. മൂന്നാമത്തേതിന്റെ പേർ വിച്ഛിന്നാഭിഷേകമെന്നാണെന്നു കേൾവിയുണ്ടു്. തപതീസംവരണമാണു് ആദ്യമുണ്ടാക്കിയ നാടകം. അതിൽ ഇങ്ങനെ പറയുന്നു:

“സൂത്ര:– ആര്യേ! ആദ്യാഹമാര്യമിശ്രൈരാജ്ഞപ്തഃ യഥാ – ഭവതാ താവദപൂർവേസ്മിന്നാദിരാജകഥാസനാഥേ തപതീസം വരണനാമ്നി നാടകേ നവരസാനി പ്രയോഗാമൃതാന്തരാണി വയം പായയിതവ്യാ ഇതി.

നടി:– (ഛായ) ആര്യ! ശൂദ്രകകാളിദാസഹർഷദണ്ഡിപ്രമുഖാണാം മഹാകവീനാമന്യതമസ്യ കസ്യ കവേരിദം നിബന്ധനം, യേനാര്യമിശ്രാണാമേതൽ കൗരൂഹലം വർദ്ധയതി?

സൂത്ര:–ആര്യേ! മാ മൈവം. യസ്യ പരമഹംസപാദ പങ്കേരുഹ പാംസുപടലപവിത്രീകൃതമുകുടതടസ്യ, വസുധാവി ബുധധനായാന്ധകാരമിഹിരായമാണകരകമലസ്യ, മുഖകമലാദഗളദാശ്ചര്യമജ്ഞരീകഥാമധുദ്രവഃ അപി ച.

ഉത്തുങ്ഗഘോണമുരുകന്ധരാമുന്നതാംസ–
മംസാവലംബിമണികർണ്ണികകർണ്ണപൂരം
ആജാനുലംബിഭുജമഞ്ചിതകാഞ്ചനാഭ–
മായാമി യസ്യ വപുരാർത്തിഹരം പ്രജാനാം.”
താഴെ ഉദ്ധരിക്കുന്ന ഭാഗം സുഭദ്രാധനജ്ഞയത്തിൽ നിന്നാണു്.

“പാരിപർശ്വികഃ– കോയം കവിഃ കോവിദാനമൂനഭിജ്ഞാനശാകുന്തള പ്രമുഖപ്രവരനാടകപ്രയോഗ പ്രീണിതാന്തരാത്മനസ്സമ്പ്രതി നിജനിബന്ധനേന കുരുഹലയതി?

സൂത്ര:– ശ്രൂയതാം. സതതസന്നിഹിതസരസീരുഹാക്ഷചരണരജോ വിതാനവിരജീകൃതഹൃദയപുണ്ഡരീകസ്യ, മതിമന്ദരമഥിതമഹാഭാരതപാരാവാരപരിഗൃഹീതജ്ഞാനാമൃതസഞ്ചയസ്യ, സകലമിത്രമണ്ഡലസ്വയംഗ്രാഹഗൃഹീതസാരമുദയസ്യ, തപതീസംവരണസംഘടനാപടുതരസ്യ

ഉത്തുങ്ഗഘോണ…വപുരാർത്തിഹരം പ്രജാനാം. തസ്യ രാജ്ഞഃ കലമരാശിപേശലകൈദാരികകേരളാധിനാഥസ്യ ശ്രീകുലശേഖരവർമ്മണോ നിജനിബന്ധനമദ്യ ബധ്നാതി ബുധഹൃദയം. സ ച കില കവിരേവമനുദിനമാശാസ്തേ–

ആസിക്തൗ ഗ്രാമരാഗൈർഗ്ഗളദമൃതരസൈ ഭാരതീർഭാവയന്തൗ
കർണ്ണൗ നഃ കാളിദാസപ്രവിഹിതരചനാഃകർണ്ണപുരീക്രിയാസ്താം
സ്വീകുവർന്തു സ്വകീയം ധനമിവ സുഹൃദസ്സ്വാപതേയം മദീയം
ചേതഃ പീതാംബരശ്ച പ്രതിഭവമഭവഃ പാദപീഠികരോതു.”
ഉദ്ധരിച്ച ഭാഗങ്ങളിൽനിന്നു കവി മഹോദയപുരത്തു (തിരുവഞ്ചിക്കുളത്തു) രാജ്യഭാരം ചെയ്തിരുന്ന ഒരു കേരളരാജാവായിരുന്നു എന്നും, അദ്ദേഹത്തിനു സങ്ഗീതത്തിലും സാഹിത്യത്തിലും അസാമാന്യമായ പാടവവും മഹാവിഷ്ണുവിൽ അപരിമേയമായ ഭക്തിയും കാളിദാസനിൽ അപാരമായ ആദരവും, മഹാഭാരത്തിൽ അന്യാദൃശമായ പ്രതിപത്തിയും ഉണ്ടായിരുന്നു എന്നും വ്യക്തമാകുന്നു.

9.8.1വ്യങ്ഗ്യവ്യാഖ്യയിലേ തൂലികാചിത്രം ധനഞ്ജയത്തിന്റെ വ്യങ്ഗ്യവ്യാഖ്യ എന്ന വ്യാഖ്യാനത്തിൽ ഇങ്ങനെ കാണുന്നു.

“ബ്രഹ്മണാ രചിതം യൽ പ്രാഗ്യോ ദൃഷ്ട്വാ ഭരതോ മുനിഃ
തസ്യ പ്രയോക്താ ലോകേഭൂത്തസ്മൈ രസവിദേ നമഃ.
യത്തേന നിർമ്മിതം ശാസ്ത്രം ഭരതം നാടകാശ്രയം
തദ്വീക്ഷ്യ ഹൃദയേ ചക്രേ മഹീശഃ കുലശേഖരഃ‌.
തേനാപി രസചിത്തേന രചിതാ നാടകദ്വയീ;
യുക്ത്യാ ലയരസൈസ്സമ്യഗ്ധ്വനിഗഭ്രൈഃ പദൈരപി.
തേഷാം പ്രദർശയന്തീയം ധ്വന്യർത്ഥം രസിനാം നൃണാം
വ്യാഖ്യാ പ്രയോഗമാർഗ്ഗഞ്ച സ്ഥായിഭാവോ മയാകൃതഃ.
ധനഞ്ജയാഹ്വയേ തേന രചിതേ നാടകേപി തൽ
അനയാ ദർശയിഷ്യാമി തന്നിയുക്തോഖിലം രസീ.
***
കാലേഥേതി വർത്തമാനേ കസ്മിംശ്ചിദഹ്നി പ്രാതരുത്ഥായ ചൂർണ്ണികാസരിദ്വാരി അനുഷ്ഠിതപൂർവസന്ധ്യേന ദൃഷ്ടപരമേശ്വരമങ്ഗലസ്ഥപരമപുരുഷേണ പ്രാപ്താത്മമന്ദിരാളിന്ദദേശപ്രക്ഷാളിതകരചരണേന ഹസന്തികോദ്യൽകൃശാനുശമിതശീതരുഗ്ണേന ജപധ്യാനപരേണ മയാ കേരളേശ്വര വചനകാരീകശ്ചിദു് ബ്രഹ്മബന്ധുസ്സമലക്ഷ്യത.

സ ച സൽകൃതസൽകാരോ യഥാവിധി സുമാനിതഃ
സംപൃഷ്ടകുശലപ്രശ്നസ്സാദരം സ്ഥാപിതോ ഭുവി.
പൃഷ്ടാഗമനഹേതുശ്ച മാമവോചദിദം വചഃ
ഭവന്തമധുനാ രാജാ സന്ദിദൃക്ഷുരിതി സ്മ സഃ.
അഥ മയാമുനാ സഹാരൂഢഖട്വാശയ്യ്യസമ്പാദിതസ്വാദുവസ്തു സൗഖ്യയാ നാവാ ചൂർണ്ണികാസരിദാവാഹ്യമാനയാ സത്വരം മഹോദയാഖ്യം പുരം ഗമ്യതേ സ്മ.

അഥ തത്ര തഥാ ഗച്ഛന്നപശ്യം കേരളാധിപം
സമാസീനം വിരാജന്തം മധ്യേ നാഗാരിവിഷ്ടരം
കിരീടമകുടപ്രോദ്യന്മണിശ്രീലബ്ധവർണ്ണകം
ഉന്നമ്രഫാലഘോണാംസബാഹുമൂലോദരാന്വിതം
ദൂരദീർഘാക്ഷിദോർജ്ജങ്ഘായുഗളാഞ്ചിതവിഗ്രഹം
രാഗരഞ്ജിതദോഃപാദപദ്മയുഗ്മൈധിതശ്രിയം
അംഭോജാക്ഷാരിശംഖാദിരാജചിഹ്നാത്തദോഃപദം
കണ്ഡലോദ്യന്മണിശ്രേണീവിദ്യോതിതമുഖാംബുജം
കണ്ഠഭൂധ്വനിസൗന്ദര്യഗർഹയൽകംബുജശ്രിയം
ഹേമകുങ്കുമകർപ്പൂരചന്ദനാലിപ്തവക്ഷസം
നീലകൗശേയാവാസസ്ത്വിഡാഹാരജ്ജനചക്ഷുഷം
പരംപുരുഷനാമോദ്യൽസല്ലാപകഥയൽകഥം
സങ്കോചയന്തമന്യേന വാമബാഹുസ്ഥമംബുജം
അങ്കവിക്ഷിപ്തനഖരം സർവലോകപ്രിയം നൃപം.
സപ്രശ്രയമഹം തത്ര സദസ്യവഹിതോഽഗമം
നിസ്സ്യന്ദമാനസുധയാ വാചാ സൽകുരുതേ സ്മ മാം.
മുഹൂർത്തം സ്ഥിതവത്യസ്മിൻ മയ്യത്ര സ മഹീപതിഃ
ശ്രിതപ്രസാദയാ ദൃഷ്ട്യാ വീക്ഷമാണസ്സഭാസദഃ
അനുജ്ഞാപ്യോദഗാത്തസ്മാന്നിരഗച്ഛന്മയാ സഹ
രഹോ നർമ്മ വദൻ പ്രായാന്മന്ത്രശാലാമനന്യഗാം.
ഇഹ നാടകവിച്ചുഞ്ചും ഭവന്തമനയം സ്മരൻ
കൃത്യമസ്തി മയാ വാച്യം ശൃണോത്വസ്മാദ്ഗിരം മമ.
രചിതാദ്യ മയാ വിദ്വൻ കഥഞ്ചിന്നാടകദ്വയീ
ധ്വനിയുക്കാവ്യസരണിശ്ശസ്തേതി പ്രോച്യതേ ബുധൈഃ
ഏതസ്മാദു് ധ്വനിയുക്താ സാ രചിതാ നാടകദ്വയീ.
ദ്രഷ്ടവ്യാ ഭവതാ സേയം നാട്യലക്ഷണവേദിനാ.
താം പശ്യന്നവധാര്യൈഷാ സദസദ്വേതി കഥ്യതാം.
സാധുശ്ചേൽ പ്രേക്ഷകോ ഭൂയാദ്ഭവാനസ്മി നടസ്തഥാ
പ്രയോഗമാർഗ്ഗം ഭവതേ ദർശയിഷ്യാമി തത്വതഃ.
ഭൂയശ്ചാരോപയിഷ്യാമി രങ്ഗമേതൽ കുശീലവൈഃ
ഇതി തേന പ്രോക്തസ്തദ്ദർശിതമാർഗ്ഗപ്രയോഗോഽഹമധുനാ തൽകൃത്യേസ്മിൻ ധനഞ്ജയനാമ്നി നാടകേ സ്ഥായിഭാവപ്രയോഗമാർഗ്ഗ പ്രവേശികാശ്ച പ്രദർശയാമി.”

തപതീസംവരണത്തിനു ശിവരാമൻ രചിച്ച വിവരണത്തിൽ ഈ വ്യങ്ഗ്യവ്യാഖ്യാകാരനെ

“ഗ്രന്ഥകാരസമകാലഭവേന
വ്യങ്ഗ്യരൂപഇഹ ചാരുതരോർഽത്ഥഃ
വ്യാകൃതസ്സുമതിനാ; പദവാക്യേ
സോപയോഗ മധുനാ സ്ഫുടയാമി”
എന്ന പദ്യത്തിൽ സ്മരിക്കുന്നു. വ്യങ്ഗ്യവ്യാഖ്യായിൽ വ്യങ്ഗ്യാർത്ഥം മുഴുക്കെ വ്യാകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടു താൻ പദവാക്യങ്ങളുടെ പ്രയോജനത്തെ സ്പഷ്ടമാക്കുവാൻ മാത്രമേ യത്നിക്കുന്നുള്ളു എന്നുമാണു് അദ്ദേഹം പറയുന്നതു്. ഗ്രന്ഥകാരന്റെ സമകാലികനായ വ്യങ്ഗ്യവ്യാഖ്യാകാരൻ അഭിനയമർമ്മങ്ങൾ സാങ്ഗോപാങ്ഗമായി ഗ്രഹിച്ചിരുന്നു ഒരു സഹൃദയശിരോമണിയായിരുന്നു എന്നും പെരിയാറ്റിന്റെ കരയിലുള്ള പരമേശ്വരമങ്ഗലമെന്ന സ്ഥലമായിരുന്നു അദ്ദേഹത്തിന്റെ ജന്മഭൂമിയെന്നും മഹാരാജാവു സംവരണവും ധനഞ്ജയവും രചിച്ചു കഴിഞ്ഞപ്പോൾ തിരുവഞ്ചിക്കുളത്തേക്കു തന്നെ ആനയിച്ചു താൻ പ്രേക്ഷകനും മഹാരാജാവു നടനുമായി അവിടെവെച്ചു് ആ രണ്ടു നാടകങ്ങളും അവിടുന്നുതന്നെ അഭിനയിച്ചു കാണിച്ചു എന്നും അങ്ങനെ അദ്ദേഹത്തിൽനിന്നു പ്രയോഗങ്ങളുടെ സ്വാരസ്യം മനസ്സിലാക്കിയതിനുമേലാണു് താൻ ആ വ്യാഖ്യാനങ്ങൾ രചിക്കുന്നതെന്നും പ്രകടമായി പ്രസ്താവിക്കുന്നു. വ്യാഖ്യാതാവിന്റെ പേരു് എന്തെന്നു് അറിയുന്നില്ല.

9.8.2കാലം കുലശേഖരവർമ്മാവിന്റെ കാലം നിർണ്ണയിക്കുന്ന വിഷയത്തിൽ പല വൈഷമ്യങ്ങളുമുണ്ടു്. രാജശേഖരൻ എന്ന കേരളരാജാവു താനുണ്ടാക്കിയ മൂന്നു നാടകങ്ങൾ ശങ്കരഭഗവൽപാദരെ കാണിച്ചു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. കുലശേഖരവർമ്മാവും മൂന്നു നാടകങ്ങളുണ്ടാക്കീട്ടുണ്ടെന്നു് ഐതിഹ്യമുണ്ടു്. എന്നാൽ വ്യങ്ഗ്യവ്യാഖ്യാകാരൻ ‘നാടകദ്വയി’യെപ്പറ്റിയേ പറയുന്നുള്ളു. ‘പരമഹംസപാദപങ്കേരുഹപാംസുപവിത്രീകൃതമുകുടതടൻ’ എന്നു കുലശേഖരൻ തന്നെപ്പറ്റി സംവരണത്തിൽ വർണ്ണിക്കുന്നതു ശങ്കരവിജയത്തിൽ അദ്ദേഹത്തെപ്പറ്റി കാണുന്ന വിവരണത്തിനു് അനുരൂപമായിരിക്കുന്നു. ആ പരമഹംസൻ ഭഗവൽപാദർ തന്നെയാകരുതേ? പിന്നെയും ശൂദ്രകൻ, കാളിദാസൻ, ഹർഷദേവൻ, ദണ്ഡി ഇവരെ സ്മരിക്കുന്ന നാടകകാരൻ ഭവഭൂതിയെ വിട്ടുകളഞ്ഞതു് അദ്ദേഹം പശ്ചാൽകാലികനായതുകൊണ്ടല്ലേ? ഭവഭൂതി (ഉംവേകൻ) കുമാരിലഭട്ടന്റെ ശിഷ്യനായിരുന്നു എന്നു സൂചിപ്പിച്ചിട്ടുണ്ടു്, ഇതുകൊണ്ടെല്ലാമാണു് ഞാൻ കുലശേഖരനും ഭഗവൽപാദരും സമകാലികന്മാരാണെന്നു് ഒരു കാലത്തു് ഊഹിച്ചിരുന്നതു്. എന്നാൽ ഈ ഊഹത്തിനു രണ്ടുമൂന്നു സങ്ഗതികൾ പ്രതിബന്ധമായി നിൽക്കുന്നുണ്ടു്. ഒന്നാമതു കുലശേഖരവർമ്മാവിനു രാജശേഖരൻ എന്നു പേരുണ്ടായിരുന്നതായി കേൾവിയില്ല. രണ്ടാമതു ധ്വനിപ്രസ്ഥാനത്തിനു പ്രാബല്യം സിദ്ധിച്ചതിനു മേലാണു് സംവരണവും ധനഞ്ജയവും ആവിർഭവിച്ചതെന്നുള്ളതിനു സംശയമില്ല. ആ പ്രസ്ഥാനത്തിനു് ആനന്ദവർദ്ധനന്റെ (ക്രി. പി. ഒൻപതാം ശതകത്തിന്റെ ഉത്തരാർദ്ധം) കാലത്തിനു മുമ്പു പ്രാബല്യം ഉണ്ടായിരുന്നതായി തെളിവില്ല. മൂന്നാമതു വ്യങ്ഗ്യവ്യാഖ്യയിൽ “നാടകനായകലക്ഷണം സർവം ദശരൂപകേ ദൃഷ്ടവ്യം” എന്നു പറഞ്ഞുകാണുന്നു. ആ പങ്ക്തി പ്രക്ഷിപ്തമല്ലെന്നു് ഇപ്പോൾ തെളിഞ്ഞിട്ടുണ്ടു്. ധനഞ്ജയന്റെ പ്രസിദ്ധമായ ആ രൂപകലക്ഷണഗ്രന്ഥം ക്രി. പി. പത്താംശതകത്തിന്റെ അപരാർദ്ധത്തിലാണു് വിരചിതമായതു്. അതിനെയാണു് വ്യങ്ഗ്യവ്യാഖ്യയിൽ സ്മരിച്ചിട്ടുള്ളതെങ്കിൽ കുലശേഖരനെ പതിനൊന്നാം ശതകത്തിലേയ്ക്കു കൊണ്ടുപോകേണ്ടിയിരിക്കുന്നു. എന്നാൽ കേരളത്തിലെ ഐതിഹ്യം ദശരൂപകം രണ്ടുണ്ടെന്നാകുന്നു. തിരമങ്ഗലത്തു നീലകണ്ഠൻമൂസ്സതു് ‘കാവ്യപ്രകാശദശരൂപയുഗ’ എന്നു തന്റെ കാവ്യോല്ലാസത്തിൽ പറയുന്നു. മറ്റേ ദശരൂപകം കണ്ടുകിട്ടീട്ടില്ല; പക്ഷെ ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ പതിനെട്ടാമധ്യായമാണതെന്നും വരാവുന്നതാണു്. “അഭിനവഭാരത്യാം ദശരൂപകം നാമാഷ്ടാദശോധ്യായഃ സമാപ്തഃ” എന്നു് അഭിനവഗുപ്തൻ ആ വ്യാഖ്യാനത്തിന്റെ അവസാനത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആകെക്കൂടി നോക്കുമ്പോൾ നിഷ്കൃഷ്ടമായൊരഭിപ്രായം പറവാൻ തോന്നുന്നില്ല. എങ്കിലും ക്രി. പി. 978 മുതൽ 1036 വരെ രാജ്യഭാരം ചെയ്ത ഒടുവിലത്തെ പെരുമാൾ ഭാസ്കര രവിവർമ്മാവായിരിക്കണം അദ്ദേഹമെന്നു സങ്കല്പിക്കുവാനാണു് അധികമായി ഉപപത്തി കാണുന്നതു്. ശിവരാമൻ പരമഭാഗവതനെന്നു സംവരണകാരനെ വർണ്ണിക്കുന്നുണ്ടെങ്കിലും അദ്ദേഹം കുലശേഖല ആഴ്വാരാകുവാൻ തരമില്ലെന്നാണു് എന്റെ ഇപ്പോഴത്തെ അനുമാനം. ആഴ്വാർക്കു രാമായണമായിരുന്നുവല്ലോ ആത്യഭിമതമായ ഗ്രന്ഥം.

9.8.3സംവരണവും ധനഞ്ജയവും കുലശേഖരവർമ്മാവിന്റെ ഈ രണ്ടു നാടകങ്ങളും രണ്ടു രത്നങ്ങൾ തന്നെയാകുന്നു. സംവരണത്തിൽ ആറങ്കങ്ങളും ധനഞ്ജയത്തിൽ അഞ്ചങ്കങ്ങളും ഉണ്ടു്. ഇവയുടെ ഇതിവൃത്തങ്ങൾ പുരാണപ്രസിദ്ധങ്ങളാണല്ലോ. രണ്ടു നാടകങ്ങളും ധ്വനിപ്രധാനങ്ങളാണെങ്കിലും ധനഞ്ജയത്തിനു് ആസ്വാദ്യത സംവരണത്തേക്കാൾ കൂടും. നടാങ്കശത്തിൽ ഇതിനെപ്പറ്റി

“കുലശേഖരഭൂപാലകുലശേഖരനിർമ്മിതേ
ധനഞ്ജയേ യാജ്ഞകസേന്യാഃ പ്രവേശഃ കഥിതോസ്തി യൽ”
എന്നു പ്രസ്താവിച്ചുകാണുന്നു.

വ്യങ്ഗ്യവ്യാഖ്യാകാരനും ശിവരാമനുമാണു് ഈ നാടകങ്ങളുടെ വ്യാഖ്യാതാക്കന്മാർ. ശിവരാമനെപ്പറ്റി ഉപരി പ്രസ്താവിക്കും.

9.8.4ആശ്ചര്യമഞ്ജരി കുലശേഖരവർമ്മാവു പ്രസ്തുതനാടകങ്ങൾക്കു പുറമേ ‘ആശ്ചര്യമഞ്ജരി’ എന്നൊരു ഗദ്യകാവ്യവും രചിച്ചിട്ടുണ്ടെന്നു സംവരണത്തിന്റെ സ്ഥാപനയിൽ നിന്നു നാം ധരിച്ചുവല്ലോ. അതു ‘കഥ’ എന്ന ഇനത്തിൽ പെട്ടതാണു്.

‘കഥായാം സരസം വസ്തു ഗദ്യൈരേവ വിനിർമ്മിതം’
എന്നാണു് അതിന്റെ ലക്ഷണം. ആര്യാദിവൃത്തങ്ങളിൽ ചില പദ്യങ്ങളും ഇടയ്ക്കു ഘടിപ്പിക്കാം. ‘ഖലാദേർവൃത്തകീർത്തനം’ എന്നും വിഷയനിഷ്കർഷയുണ്ടു്.

‘ദൂരാദപി സതാം ചിത്തേ ലിഖിത്വാശ്ചര്യമഞ്ജരീം
കുലശേഖരവർമ്മാഗ്ര്യാം ചകാരാശ്ചര്യമഞ്ജരീം’
എന്നു രാജശേഖരൻ അതിനെ പുകഴ്ത്തുന്നു. ഈ കവി നാടകകാരനായ രാജശേഖരനല്ല; ക്രി. പി. പതിന്നാലാം ശതകത്തിൽ ജീവിച്ചിരുന്ന മറ്റൊരു രാജശേഖരനാണു്. ക്രി. പി. 1159-ൽ രചിച്ച വന്ദ്യഘടീയ സർവാനന്ദന്റെ അമരടീകാസർവസ്വത്തിൽ ‘കുരങ്ഗൈരിവ കുശലവാദിഭിഃ’ എന്നെരു വാചകവും മുകുടന്റെ ‘അമരടീക’യിൽ “പാണിനിപ്രത്യാഹാര ഇവ മഹാപ്രാണസമാശ്ലിഷ്ടോ ത്സഷാലിങ്ഗിതശ്ച സമുദ്രഃ” എന്നു മറ്റൊരു വാചകവും ആശ്ചര്യമഞ്ജരിയിൽ നിന്നു് ഉദ്ധരിച്ചുകാണുന്നു. ഇവയിൽനിന്നു പ്രസ്തുത ഗ്രന്ഥം സുബന്ധുവിനേയും ഭട്ടബാണനേയും അനുകരിച്ചു ശ്ലേഷജടിലമായി നിബന്ധിച്ചിട്ടുള്ളതാണെന്നും അതിനു വളരെ വേഗത്തിൽ ഭാരതമൊട്ടുക്കു പ്രചാരം ലഭിച്ചു എന്നും ഗ്രഹിക്കാവുന്നതാണു്. ആശ്ചര്യമഞ്ജരി ഏതൽകാലപര്യന്തം കണ്ടുകിട്ടീട്ടില്ല. അതു കുലശേഖരൻ സംവരണത്തിനു മുമ്പു രചിച്ചതാണെന്നു പറയേണ്ടതില്ലല്ലോ.

9.9തോലൻ

ഭാസ്കരരവിവർമ്മാവിന്റെ നർമ്മസചിവനും ഫലിതരസികനും അഭിനയരഹസ്യവേദിയും ഉഭയഭാഷാകവിയുമായ തോലനെപ്പറ്റി കേട്ടിട്ടില്ലാത്ത കേരളീയർ ഉണ്ടായിരിക്കുകയില്ലല്ലോ. കൊച്ചിരാജ്യത്തു് അടൂർക്കടുത്തുള്ള കൊണ്ടാഴിഞ്ഞാറു് എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ഇല്ലമെന്നും ഐരാണിക്കുളം ഗ്രാമക്കാരനായ അദ്ദേഹത്തിന്റെ പേർ നീലകണ്ഠനെന്നായിരുന്നു എന്നും കുഞ്ഞിക്കുട്ടൻതമ്പുരാൻ പ്രസ്താവിച്ചിട്ടുണ്ടു്. അതിനുള്ള ആധാരമെന്തെന്നറിയുന്നില്ല. അദ്ദഹം ഉപനീതനായിരുന്ന കാലത്തു് ഇല്ലത്തെ വൃഷലിയായ ‘ചക്കി’ എന്ന സ്ത്രീയുമായി ബന്ധമുണ്ടാകുകയും അതിന്റെ ഫലമായി ജാതിഭ്രഷ്ടു നേരിട്ടു ബ്രഹ്മചര്യത്തിന്റെ അടയാളമായ തോൽ (കൃഷ്ണാജിനം) താൻ തന്നെ പറിച്ചുകളഞ്ഞു എന്നും തന്നിമിത്തം തോലൻ എന്നു് അദ്ദേഹത്തിനു പേർ വന്നു എന്നും ഒരൈതിഹ്യമുണ്ടു്. ദാരിദ്ര്യം നിമിത്തം, വിധവയായ അമ്മ ഉപനീതനായ ഉണ്ണിയെ തിരുവഞ്ചിക്കുളത്തിനു സമീപം താമസിച്ചിരുന്ന ധനികനായ ബൗദ്ധനു വിറ്റു എന്നും, തന്റെ ബുദ്ധിസാമർത്ഥ്യം കൊണ്ടു രാജാവിന്റെ സാഹായത്തോടുകൂടി അവിടെനിന്നു രക്ഷപ്പെട്ടു എന്നും, അപ്പോൾ ബൗദ്ധനും മറ്റും ‘ആയോ തോലാ’ എന്നു് ആശ്ചര്യപരതന്ത്രന്മാരായി ചോദിച്ചു എന്നും അങ്ങനെ ആ പേർ സ്ഥിരപ്പെട്ടു എന്നും മറ്റൊരൈതിഹ്യമുണ്ടു്. ഈ രണ്ടൈതിഹ്യങ്ങളിൽ ഒന്നിനെ വിശ്വസിച്ചേ കഴിയൂ എങ്കിൽ രണ്ടാമത്തേതാണു് ഭേദം. സമാവർത്തനം കഴിയാത്ത ഒരുണ്ണി പെരുമാളുടെ വയസ്യനാകുക എന്നുള്ളതു് അക്കാലത്തു് അത്യന്തം അസംഭാവ്യമാണല്ലോ. ‘അതുലൻ’ എന്നുള്ളതിന്റെ തത്ഭവമാണു് തോലനെന്നുള്ളതിനു പ്രമാണമുണ്ടു്. അതുലൻ എന്നു് ആയിരിക്കാം തോലന്റെ പിതൃദത്തമായ നാമദേയം. ആ വസ്തുത ജനങ്ങൽക്കു മനസ്സിലാകുവാൻ സാധിക്കാത്ത കാലം വന്നപ്പോൾ തോലൻ എന്ന പദത്തിന്റെ ആഗമനത്തിനു് ചില കെട്ടകഥകൾ ഉണ്ടാക്കേണ്ടിയും വന്നിരിക്കാം. ഏതായാലും തോലൻ വിജയനഗരസമ്രാട്ടായ കൃഷ്ണദേവരായരുടെ സദസ്യനായ തെന്നാലി രാമകൃഷ്ണനെപ്പോലെ സൽക്കവി എന്നതിനു പുറമേ ഒരു വികടകവി കൂടിയായിരുന്നു എന്നുള്ളതിനു തർക്കമില്ല. ഒരിക്കൽ കുലശേഖരൻ ധനഞ്ജയമുണ്ടാക്കി തന്റെ ആസ്ഥാനപണ്ഡിതന്മാരായ സഹൃദയന്മാരെ വായിച്ചു കേൾപ്പിച്ചുകൊണ്ടിരുന്നപ്പോൾ തോലൻ കോമരത്തിന്റെ രൂപത്തിൽ വേഷം കെട്ടി അട്ടഹസിച്ചുകൊണ്ടും നിണമൊലിപ്പിച്ചുകൊണ്ടും ‘അയ്യോ! എനിക്കിതു സഹിക്കവയ്യേ!’ എന്നു പറഞ്ഞുകൊണ്ടും സഭയിൽ ചാടി വീഴുകയും എന്താണു് സങ്കടമെന്നു രാജാവു ചോദിച്ചപ്പോൾ താൻ കാളിദാസന്റെ ശാകുന്തളനാടകമാണെന്നും പെരുമാൾ തന്നെ ചിത്രവധം ചെയ്തതിനാലാണു് ചോരയൊലിക്കുന്നതെന്നും നിവേദനം ചെയ്യുകയും ചെയ്തു. ധനഞ്ജയത്തിൽ ശാകുന്തളത്തിലെ ആശയങ്ങൾ വികൃതമായി പകർത്തീട്ടുണ്ടെന്നാണു് ആ പ്രവൃത്തികൊണ്ടു തോലൻ സൂചിപ്പിച്ചതു്. കാളിദാസന്റെ പേരിൽ ധനഞ്ജയകാരനുള്ള ബഹുമാനത്തെപ്പറ്റി മുൻപു പറഞ്ഞിട്ടുണ്ടല്ലോ. ഇങ്ങനെ തോലനെ രാജാവുമായും അദ്ദേഹത്തിന്റെ ഭാര്യ ചെറോട്ടമ്മയുമായും മറ്റു ഘടിപ്പിച്ചു പല ഐതിഹ്യങ്ങളും പ്രചരിക്കുന്നുണ്ടു്.

9.9.1വികടകവിത യമകഘടന, ദൂരാന്വയം, അപൂർവപദപ്രയാഗം മുതലായവ അർത്ഥപ്രതീതിക്കു ഹാനികരങ്ങളാകയാൽ കാവ്യഗഡുക്കളാണെന്നായിരുന്നു തോലന്റെ ദൃഢമായ വിശ്വാസം. യമകകവികളെ കളിയാക്കി അദ്ദേഹം രചിച്ചിട്ടുള്ളതാണു് സുപ്രസിദ്ധമായ

“വന്ദേ തനയം വക്യാ നിരന്വയം ദലിതദാനവം ദേവക്യാഃ
ഥപ്രഥനന്ദാനന്ദം പദദ്വയം നാത്ര ജനിതനന്ദാനന്ദം”
എന്ന ശ്ലോകം. ‘വക്യാഃ’ എന്നും ‘ഥപ്രഥനന്ദാനന്ദം’ എന്നും ഉള്ള രണ്ടു പദങ്ങൾ ഈ ശ്ലോകത്തിൽ നിരന്വയങ്ങളാണെന്നു കവിതന്നെ ഉൽഘോഷിച്ചിരിക്കുന്നതു നോക്കുക. ദൂരാന്വയ പ്രിയന്മാരെ പരിഹസിക്കുന്ന ഒരു ശ്ലോകമാണു് താഴെ ഉദ്ധരിക്കുന്നുതു്.

“അംഭരമംബുനിപത്രമരാതിഃ
പീതമഹീശഗണസ്യ ദദാഹ
യസ്യ വധൂസ്തനയം ഗൃഹമബ്ജാ
പാതു സ വശ്ശിവലോചനവഹ്നിഃ”
“യസ്യ അംബരം (വസ്ത്രം) പീതം; യസ്യ വധൂഃ അബ്ജാ (ലക്ഷ്മീഃ); യസ്യ തനയം (കാമദേവം) ശിവലോചനവഹ്നിഃ ദദാഹ; യസ്യ പത്രം അഹീശഗണസ്യ അരാതിഃ (ഗരുഡഃ); യസ്യ ഗൃഹം അംബുനി; സ വ പാതു” എന്നു് അന്വയിക്കുന്നതുവരെ ഈ ശ്ലോകം ഉന്മത്തപ്രലാപംപോലെയേ തോന്നുകയുള്ളു. ദൂരാന്വയത്തേയും നിരർത്ഥകപദപ്രയോഗത്തേയും ഒന്നിച്ചു് അവഹേളനം ചെയ്യുന്നതാണു്.

“ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര മുഖം പ്രക്ഷാളയസ്വ ടഃ
എഷ ആഹ്വയതേ കുക്കു ച വൈ തു ഹി ച വൈ തു ഹി”
എന്ന ശ്ലോകം. അപൂർവപദപ്രയാഗത്തെ അധിക്ഷേപിക്കുന്നതാകുന്നു. അധോലിഖിതമായ പദ്യം.

“ദൃശാവളീവ ആഭാതഃ കുശുരാനനപങ്കജേ;
അപ്പിത്തനേത്രഭക്തം ത്വാമപി ചേട്ടേ ജനാധിപ!”
കുശൂരൻ (കവിൽ) ഭൂമിയിൽ ശൂരൻ; അപ്പിത്തം = അഗ്നി; ഈട്ടേ (ജനങ്ങൾ) ഭജിക്കുന്നു. ഈ അർത്ഥം കവി പറഞ്ഞുകൊടുത്താലേ അനുവാചകനു ഗ്രഹിയ്ക്കുവാൻ കഴികയുള്ളു. ഓരോ പാദവും അശ്ലീലദുഷ്ടവുമാണു്. അക്കാലത്തു സ്ത്രീകൾക്കു സംസ്കൃതഭാഷയിലുണ്ടായിരുന്ന അജ്ഞതയേയും അദ്ദേഹം മർമ്മസ്പൃക്കായി അപഹസിച്ചിട്ടുണ്ടു്.

“അന്നൊത്തപോക്കി, കുയിലൊത്തപാട്ടീ,
തേനൊത്തവാക്കീ, തിലപുഷ്പമൂക്കീ,
ദരിദ്രയില്ലത്തെ യവാഗുവോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ”
എന്ന ശ്ലോകം കേട്ടാൽ നെറ്റി ചുളിക്കുന്ന യുവതികൾ

“അർക്കശുഷ്കഫലകോമളസ്തനീ
തിന്ത്രിണീദലവിശാലലോചനാ
നിംബപല്ലവസമാനകേശിനീ
വൃദ്ധവാനരമുഖീ വിരാജതേ”
എന്നു പറഞ്ഞാൽ തലകുലുക്കുന്നു. “പൂച്ചക്കണ്ണി” എന്നും “വാനരമുഖി” എന്നും വിളിച്ചാൽ ശുണ്ഠികടിക്കുന്നവർ “ഗണപതിവാഹനരിപുനയനേ” എന്നും “ദശരഥനന്ദനസഖവദനേ” എന്നും വിളിച്ചാൽ പുഞ്ചിരിക്കൊള്ളുന്നു. ഇങ്ങനെയുള്ള പരിഹാസകവനങ്ങളാൽ തോലനു കവികളെ അവർ അക്കാലത്തു തുടർന്നുകൊണ്ടിരുന്ന പല അപഥസഞ്ചാരങ്ങളിൽനിന്നും വിനിവർത്തിപ്പിക്കുന്നതിനു സാധിച്ചു എന്നു നമുക്കു ധാരാളമായി വിശ്വസിക്കാം. ചുരുക്കത്തിൽ മഹാകവി കുഞ്ചൻ നമ്പ്യാരുടെ മാർഗ്ഗദർശിയാണു് തോലൻ.

9.9.2മഹോദയപുരേശചരിതം
തോലകാവ്യം എന്നുകൂടി പേരുള്ള ഈ ഗ്രന്ഥം ഇതുവരെയും കണ്ടുകിട്ടീട്ടില്ല. കവിയുടെ പുരസ്കർത്താവായ കുലശേഖരവർമ്മാവു തന്നെയാണു് നായകൻ എന്നുള്ളതു പേരിൽനിന്നു വിശദമാകുന്നു. മഹോദയപുരത്തിന്റെ ഒരു വർണ്ണനത്തോടുകൂടിയാണു് കാവ്യം ആരംഭിക്കുന്നതു്. അതിൽ എല്ലാ ശ്ലോകങ്ങളിലും പദങ്ങൾ അന്വയക്രമമനുസരിച്ചാണു് ഘടിപ്പിച്ചിരിക്കുന്നതെന്നും നിരർത്ഥകപദാദികാവ്യദോഷങ്ങളുടെ നിഴലാട്ടം പോലുമില്ലെന്നും കേട്ടുകേൾവിയുണ്ടു്. മഹോദയപുരവർണ്ണനത്തിലെ രണ്ടു ശ്ലോകങ്ങൾ മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. അവയാണു് ചുവടേ ചേർക്കുന്നതു്.

“സ്വർജ്ജാലികാ നിർജ്ജരനിർഝരിണ്യാം
യദീയസൗധാഗ്രജുഷാം വധൂനാം
ആലോലദൃഷ്ടിപ്രകരം നിരീക്ഷ്യ
മീനഭൂമാജ്ജാലശതം ക്ഷിപന്തി.

യത്രാങ്ഗനാഃ പ്രാവൃഷി ശുഷ്കകണ്ഠാൻ
കേളീചകോരാനതിലംഘിതാഭ്രം
സൗധാഗ്രമാനീയ സമീപഭാജാ
താരാസരണ്യാ സഹ യോജന്തി.”
9.9.3കൂടിയാട്ടം
കേരളത്തെപ്പോലെ കൂത്തും കൂടിയാട്ടവും കുലവിദ്യയെന്നനിലയിൽ പ്രത്യേകം ഒരു വർഗ്ഗക്കാർ പ്രാചീനകാലം മുതൽക്കുതന്നെ അഭ്യസിച്ചു തദ്വാരാ ജീവിതം നയിക്കുന്ന ഒരു ദേശം ഭാരതവർഷത്തിൽ വേറെയില്ല. അവരെ ചാക്യാന്മാരെന്നു പറയുന്നു. സമുദായസോപാനത്തിൽ തങ്ങളോടു് ഏകദേശം സമാനസ്ഥാനമുള്ള നമ്പ്യാന്മാർ എന്ന വർഗ്ഗക്കാരുടെ സാഹായ്യം മാത്രമേ അവർക്ക് ഇക്കാര്യത്തിൽ ആവശ്യമുള്ളു. ചാക്യാർ അഥവാ ചാക്കിയാർ എന്ന പദം ചെന്തമിഴിൽ സാഹിത്യത്തിൽ ‘ചാക്കൈയർ’ എന്ന രൂപത്തിലാണ് കാണുന്നതു്. ചിലപ്പതികാരത്തിൽ ചെങ്കട്ടുവൻ ഉത്തരദിഗ്വിജയം കഴിഞ്ഞു തിരിയെ വരുമ്പോൾ പറയൂർ (വടക്കൻ തിരുവിതാംകൂറിലെ പറവൂർ) കൂത്തച്ചാക്കൈയൻ ത്രിപുരദഹനം കഥയാടി അദ്ദേഹത്തെ അനന്ദിപ്പിച്ചതായി വർണ്ണിച്ചിരിക്കുന്നു എന്നു് മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ.

“ഉമൈയവളൊരു തിറനാകവോങ്കിയ
വിമൈയവനാടിയ കൊട്ടിച്ചേതം
പാത്തരുനാല്വകൈ മറൈയോർ പറൈയൂർ-
ക്കൂത്തച്ചാക്കൈനാടലിൽ മികഴ്ന്തവൻ”
എന്നാണു് ആ ഘട്ടത്തിൽ ഇളങ്കോവടികളുടെ വർണ്ണനം. അതുകൊണ്ടു ക്രി. പി. രണ്ടാം ശതകത്തിനു മുൻപുതന്നെ അഭിനയം ചാക്യാന്മാരുടെ വൃത്തിയായിരുന്നു എന്നു നിർണ്ണയിയ്ക്കാം. ഈ കല അമ്പലങ്ങളിൽ തച്ചുശാസ്ത്രമനുസരിച്ചു പണിയിച്ചിട്ടുള്ള കൂത്തമ്പലങ്ങളിലേ പ്രയോഗിക്കുവാൻ പാടുള്ളു. കൂടിയാട്ടത്തിൽ പുരുഷവേഷമെല്ലാം ചാക്യാന്മാരും സ്ത്രീവേഷമെല്ലാം നങ്യാന്മാരും (നമ്പ്യാർവർഗ്ഗത്തിലെ സ്ത്രീകൾ) അഭിനയിക്കമെന്നാണു് നിയമം. ഇങ്ങനെ രണ്ടു വർഗ്ഗക്കാരും കൂടിയാടുന്നതുകൊണ്ടായിരിയ്ക്കണം കൂടിയാട്ടം എന്നു് അതിനു പേർവന്നതു്. നാട്യപ്രിയനും അഭിനയമർമ്മജ്ഞനുമായ കുലശേഖരവർമ്മാവു തോലന്റെ സഹായത്തോടുകൂടി കൂടിയാട്ടത്തിൽ ചില പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. ആ പരിഷ്കാരങ്ങൾ താഴെക്കാണുന്നവയാണെന്നു കൊച്ചി അമ്മാമൻ തമ്പുരാൻ അദ്ദേഹത്തിന്റെ ‘കൂത്തും കൂടിയാട്ടവും’ എന്ന പുസ്തകത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.

വിദൂഷകനും മറ്റു ചില പാത്രങ്ങളും പ്രാകൃതത്തിൽ മാത്രമല്ലാതെ മലയാളത്തിലും സംസാരിച്ചു് സംസ്കൃതമറിഞ്ഞുകൂടാത്തവർക്കുകൂടി സംസ്കൃതനാടകാഭിനയം ആസ്വാദ്യമാക്കിതീർക്കണം;

ഒരു നാടകത്തിലെ ഏതു പ്രധാനാങ്കത്തിനും ആദിയിൽ അവതാരികാരൂപത്തിൽ ഒരു നാന്ദിയുണ്ടായിരിക്കണം;

പ്രകൃതമനുസരിച്ചു നായകനും മറ്റു പാത്രങ്ങളും ചൊല്ലുന്ന സംസ്കൃതശ്ലോകങ്ങൾക്കു പകരമായി വിദൂഷകൻ അവയ്ക്കു യോജിച്ചതും അപ്രകൃതമല്ലാത്തതും രസാവഹവുമായ പ്രതിശ്ലോകങ്ങൾ (മണിപ്രവാളത്തിൽ) ചൊല്ലണം;

നായകനും മറ്റും പ്രധാനപാത്രങ്ങളും അവർ ചൊല്ലുന്ന ശ്ലോകം അതിന്റെ സാരം സാമാന്യമായി സൂചിപ്പിക്കത്തക്ക രീതിയിലും സ്വരത്തിലും അർത്ഥം, അഭിനയം, സ്തോഭം, ഹസ്തമുദ്ര ഇവകൊണ്ടു വിശദമാക്കണം. ഒടുവിൽ അന്വയക്രമത്തിൽ ശ്ലോകത്തിന്റെ അർത്ഥം ഒന്നുകൂടി ഈ ത്രിവിധകരണങ്ങളെക്കൊണ്ടും നടിക്കുകയും അതിനിടയിൽ ആവശ്യംപോലെ ഉചിതങ്ങളായ അവതാരികകൾകൊണ്ടു സന്ദർഭം വിസ്തരിക്കുകയും വേണം;

അഭിനയത്തിനു തിരഞ്ഞെടുത്തിട്ടുള്ള അങ്കത്തിനുമുമ്പുള്ള കഥാഭാഗം നായകൻതന്നെ നിർവ്വഹിക്കണം.

ഇത്തരത്തിലാണു പെരുമാൾ ഏർപ്പെടുത്തിയ പരിഷ്കാരങ്ങളുടെ പദ്ധതി. കൂടിയാട്ടത്തിനു ആദ്യമായി വേണ്ടതു് രങ്ഗാലങ്കാരമാണു്; അതു കഴിഞ്ഞാൽ നടന്മാർ അണിയറയിൽ കുലദൈവങ്ങളേയും മറ്റും വന്ദിക്കണം. അപ്പോൾ നമ്പ്യാർ അരങ്ങത്തു മിഴാവു കൊട്ടുകയും നങ്യാർ അക്കിത്ത ചൊല്ലുകയും ചെയ്യുന്നു. അക്കിത്ത ഗണപതി, സരസ്വതി, ശിവൻ ഈ ദേവതകളെപ്പറ്റിയുള്ള സ്തുതിയാകുന്നു. അനന്തരം സൂത്രധാരൻ രങ്ഗത്തിൽ പ്രവേശിച്ചു നൃത്തംചെയ്യും. ആ ചടങ്ങിനു ‘ക്രിയ ചവിട്ടുക’ എന്നാണു് പേർ. അതു കഴിഞ്ഞാൽ നമ്പിയാർ അഭിനയിക്കുവാൻ പോകുന്ന അങ്കത്തിലെ കഥാസൂചകവും നായകവന്ദനപരവുമായ ശ്ലോകവും അതിന്റെ സാരവും ചൊല്ലി അരങ്ങു തളിക്കും. പിന്നീടു് നടൻ പ്രവേശിച്ചു് ആ അങ്കത്തിലെ ആദ്യത്തെ വാക്യം ചൊല്ലും; അനന്തരം മങ്ഗളക്രിയയായി. പ്രഥമദിവസത്തെ ചടങ്ങു് അത്രയും കൊണ്ടു് അവസാനിക്കുന്നു. രണ്ടാം ദിവസം നടന്റെ നിർവ്വഹണമാണു് നടക്കേണ്ടതു്. നിർവ്വഹണമെന്നാൽ ആദ്യത്തെ അങ്കം മുതൽ അഭിനയിക്കുവാനുദ്ദേശിക്കുന്ന അങ്കം വരെയുള്ള കഥാഭാഗത്തിന്റെ അഭിനയമെന്നർത്ഥം. നായകന്റെ നിർവ്വഹണം കഴിഞ്ഞാൽ വിദൂഷകൻ ആവശ്യമുള്ള നാടകങ്ങളിൽ ആ പാത്രത്തിന്റെ പുറപ്പാടായി. വിദൂഷകന്റെ വന്ദനത്തിന്നു ഭർത്തൃഹരിയുടെ സുപ്രസിദ്ധമായ ‘ബ്രഹ്മാ യേന കുലാലവന്നിയമിതഃ’ ഇത്യാദി ശ്ലോകം ഉപയോഗിക്കുന്നു. മൂന്നാമത്തെ ദിവസം മുതൽ നാലു പുരുഷാർത്ഥങ്ങളും സാധിക്കുവാനുള്ള ഉദ്യമമാണു് അഭിനയിക്കുന്നതു്. ധർമ്മാർത്ഥകാമമോക്ഷങ്ങൾക്കു പകരം അശനം, രാജസേവ, വിനോദം, വഞ്ചനം ഈ നാലുമാണ് പ്രകൃതത്തിൽ പ്രയോക്തവ്യങ്ങളായ പുരുഷാർത്ഥങ്ങൾ; ഇവ സാധിക്കുന്നതു വിനോദം, വഞ്ചനം, അശനം, രാജസേവ എന്ന ക്രമത്തിനുമാണു്. ഇതെല്ലാം വിദൂഷകന്റെ കർത്തവ്യപരിപാടിയിൽ പെടുന്നു. പുരുഷാർത്ഥസാധനാഭിനയത്തിൽ ആദ്യത്തെ ദിവസം തളിപ്പറമ്പിൽ പെരുന്തൃക്കോവിൽ ക്ഷേത്രത്തിലെ മേക്കാന്തല, കീഴ്ക്കാന്തല ഈ രണ്ടു് ഊരാളന്മാർ തമ്മിലുള്ള വിവാദം തീർക്കലാണു് പ്രമേയം; രണ്ടാം ദിവസം വിനോദവും വഞ്ചനവും, മൂന്നാം ദിവസം അശനവും, നാലാം ദിവസം രാജസേവയുമാണു് അഭിനയിക്കേണ്ടതു്. അത്രയും കഴിയുമ്പോൾ രാജാവു് അദ്ദേഹത്തിന്റെ വിദൂഷകസ്ഥാനത്തിൽ തന്നെ നിയമിച്ചതായി നടൻ നിവേദനം ചെയ്യുന്നു. പിന്നെ വിദൂഷകന്റെ നിർവ്വഹണം നടക്കുന്നു. അങ്ങനെ ആറു ദിവസങ്ങൽ കഴിഞ്ഞാൽ ഏഴാമത്തെ ദിവസം മുൻകൂട്ടി നിശ്ചയിച്ചിട്ടുളള അങ്കത്തിന്റെ അഭിനയം ആരംഭിക്കുന്നു. മൂന്നു രാത്രികൊണ്ടു അതു് അവസാനിപ്പിയ്ക്കണം. ഈ മൂന്നു ദിവസത്തെ അഭിനയമാണു സാക്ഷാൽ കൂടിയാട്ടം. കൂടിയാട്ടം കഴിഞ്ഞാൽ നായകൻമാത്രം രങ്ഗത്തു നിന്നുകൊണ്ടു് ‘അങ്കംമുടി’ക്കും. നങ്യാർ മുടി (അവസാനത്തെ) അക്കിത്ത പാടുന്നതും ചാക്യാർ നൃത്തം ചെയ്യുന്നതുമാണു് അതിന്റെ ചടങ്ങ്. കൂടിയാട്ടത്തിലെ അഭിനയം നാട്യപ്രധാനമാകയാൽ അതിൽ ചൊല്ലിയാട്ടത്തിനു പറയത്തക്ക പ്രവേശമൊന്നുമില്ല. ചാക്യാർ കൈമുദ്രകൾ കാണിക്കുന്നതു രണ്ടു തോളിന്റേയും സീമയ്ക്കുള്ളിലല്ലാതെ അതിനപ്പുറം കടക്കരുതെന്നു നിഷ്കൃഷ്ടമായ വ്യവസ്ഥയുണ്ടു്. നങ്യാർകൂത്തു് ഏന്നൊന്നുണ്ടു്; അതു സുഭദ്രാധനഞ്ജയം ദ്വിതീയാങ്കം വിഷ്കംഭകത്തിലേ ചേടീപ്രവേശഘട്ടത്തിലുള്ള നങ്യാരുടെ അഭിനയമാണു്. നങ്യാർ മറ്റൊന്നും അഭിനയിക്കാറില്ല.

9.9.4തോലനും കൂടിയാട്ടവും
ചാക്യാന്മാരുടെ കൂടിയാട്ടത്തിനു് (1) കുലശേഖരവർമ്മാവിന്റെ സംവരണവും (2) ധനഞ്ജയവും (3) ശക്തിഭദ്രന്റെ ചൂഡാമണി (പ്രത്യേകിച്ചു പർണ്ണശാലാങ്കം, ശൂർപ്പണഖാങ്കം, അശോകവനികാങ്കം, അങ്ഗുലീയാങ്കം ഈ ഭാഗങ്ങൾ) (4) നാഗാനന്ദം (പ്രത്യേകിച്ചു് നാലാമങ്കം) (5) ഭാസന്റേതെന്നു ചിലർ പറയുന്ന പ്രതിജ്ഞായൗഗന്ധരായണത്തിലെ മന്ത്രാങ്കം (6) സ്വപ്നവാസവദത്തത്തിലേ സ്വപ്നാങ്കവും ശേഫാലികാങ്കവും (7) ദൂതഘടോൽകചം (8) ബാലചരിതത്തിലേ മല്ലാങ്കം (9) അഭിഷേകനാടകത്തിലേ ബാലിവധാങ്കവും തോരണയുദ്ധാങ്കവും (10) പ്രതിമാനാടകത്തിലേ വിച്ഛിന്നാഭിഷേകം (11) കല്യാണസൗഗന്ധികവ്യായോഗം (12) മത്തവിലാസപ്രഹസനം (13) ഭഗവദജ്ജുകപ്രഹസനം ഇവയാണു് പ്രായേണ ഉപയോഗിച്ചുവന്നിരുന്നതു്. അഭിജ്ഞാനശാകുന്തളവും മഹാനാടകവുംകൂടി പണ്ടു രങ്ഗത്തിൽ പ്രയോഗിച്ചിരുന്നതായി അറിവുണ്ടു്. പ്രതിമാനാടകത്തെ പാദുകാഭിഷഷേകമെന്നും അഭിഷേകനാടകത്തെ വലിയ അഭിഷേകമെന്നും പറയുന്നു. നാഗാനന്ദം നാലാമങ്കമാണു് പറക്കുംകൂത്തന്ന പേരിൽ അഭിനയിച്ചിരുന്നുതു്. അതു് ഇപ്പോൾ ലുപ്തപ്രചാരമായിരുന്നു. രങ്ഗവിധാനം, വേഷം കെട്ടുന്ന സമ്പ്രദായം, കൈമുദ്രകളുടെ ക്രമം ഇങ്ങനെയുള്ള പല കാര്യങ്ങളിലും വേണ്ട വ്യവസ്ഥകൾ വരുത്തി അവയെ ക്രോഡീകരിച്ചു പെരുമാളുടെ മേൽനോട്ടത്തിൽ തോലൻ ആട്ടപ്രകാരമെന്നും ക്രമദീപികയെന്നും രണ്ടുമാതിരി ഭാഷാഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. ആട്ടപ്രകാരത്തിൽ ഓരോ കഥാപാത്രവും മുദ്രകൾ കാണിച്ചു് ആടേണ്ടുന്ന രീതിയാണു് വിവരിച്ചിട്ടുള്ളതു്. അതിനുള്ള പദ്യങ്ങളുടേയും ചൂർണ്ണികകളുടേയും ശരിയായ അർത്ഥവും അതിൽ വിവരിച്ചിട്ടുണ്ടു്. ക്രമദീപികയിൽ ഓരോ രൂപകത്തിലും സന്ദർഭമനുസരിച്ചു് ചേർക്കേണ്ട അവതാരിക, നടന്മാർ രങ്ഗത്തിലും മറ്റു അനുഷ്ഠിക്കേണ്ട കൃത്യങ്ങൾ, വിദൂഷകന്റെ ചടങ്ങുകൾ മുതലായ വിഷയങ്ങൾ പ്രതിപാദിച്ചിരിക്കുന്നു. ഓരോ പാത്രങ്ങളും ഇന്ന വിധത്തിൽ വേഷം ധരിക്കണമെന്നും ഇന്ന താളത്തിലുള്ള കൊട്ടോടുകൂടി രംഗപ്രവേശം ചെയ്യണമെന്നും ഇന്ന സ്വരത്തിൽ ശ്ലോകങ്ങളും മറ്റും ചൊല്ലണമെന്നും ഇതിൽ വിധിച്ചിട്ടുണ്ടു്. അന്നു പെരുമാളും തോലനും കൂടി തീർച്ചപ്പെടുത്തിയ രീതിയിൽത്തന്നെയാണു് ഇന്നും കൂടിയാട്ടവും കുത്തും നടന്നുപോരുന്നതെന്നും, കാലാന്തരത്തിൽ പുതിയ സമ്പ്രദായങ്ങളൊന്നും സ്വീകരിക്കരുതെന്നും എല്ലാ നടന്മാരുടെ അഭിനയത്തിനും ഐകരൂപ്യമുണ്ടായിരിക്കണമെന്നും വിധിയുണ്ടെന്നും അഭിജ്ഞന്മാർ പറഞ്ഞു കേട്ടിട്ടുണ്ടു്. അഭിനയോപയുക്തങ്ങളായ നാടകങ്ങൾക്കെല്ലാം പ്രത്യേകം പ്രത്യേകം ആട്ടപ്രകാരവും ക്രമദീപികയുമുണ്ടു്. ഇവ മുഴുവൻ തോലന്റെ കൃതിയാണെന്നു് എനിക്കു് അഭിപ്രായമില്ല. വിദൂഷകൻ ചൊല്ലേണ്ട ഭാഷാശ്ലോകങ്ങളിലും ഏതാനും ചിലതു മാത്രമേ തോലന്റേതായുള്ളു. ശേഷമുള്ളവ ഓരോ കാലത്തു് ഓരോ സരസന്മാർ കൂട്ടിച്ചേർത്തതാണു്. ഒരാട്ടപ്രകാരഗ്രന്ഥത്തിൽ കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാന്റെ സന്താനഗോപാലം ശീതങ്കൻ തള്ളലിലുള്ള “അമ്പത്താറൂഴിഭാഗാന്തരമതിൽ മരുവീടുന്ന ഭൂപാലമീശക്കൊമ്പന്മാരുണ്ടനേകം” എന്ന ശ്ലോകം എടുത്തു ചേർത്തിരിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ടു്. ഉദ്ദേശം അറുപതു കൊല്ലത്തിനു മുമ്പു വൈക്കത്തിനു സമീപം ജീവിച്ചിരുന്ന തിരുവാമ്പാടി കൊച്ചുനമ്പൂരിയുടെ ശ്ലോകങ്ങളും ആ കൂട്ടത്തിൽ സ്ഥലം പിടിച്ചിട്ടുണ്ടു്. സംസ്കൃതകവികളുടെ ചില ഉന്മാർഗ്ഗവിഹാരങ്ങളെ നിയന്ത്രിക്കുക, തന്റെ കാലംവരെ അവ്യവസ്ഥിതമായി കിടന്നിരുന്ന കൂടിയാട്ടത്തിലും കൂത്തിലും ആശാസ്യങ്ങളായ പല പരിഷ്കാരങ്ങളും നടപ്പിൽ വരുത്തുക, മണിപ്രവാളകവിതയേയും ഭാഷാകവിതയേയും പുഷ്ടിപ്പെടുത്തുക, ഇവയാണു് കേരളത്തിലെ സാഹിത്യത്തിന്നും നാടകകലയ്ക്കും തോലനിൽനിന്നു ലഭിച്ച മുഖ്യസഹായങ്ങൾ.

9.10കൂത്തു്

സൂതൻ സദസ്സിൽ ഇരുന്നുകൊണ്ടു ബ്രാഹ്മണർക്കു കഥാപ്രവചനരൂപത്തിൽ സന്മാർഗ്ഗോപദേശം ചെയ്യുന്ന രീതിയിലാണല്ലോ പുരാണങ്ങൾ ഉപക്രമിപ്പിച്ചിരിക്കുന്നതു്. ആ വഴിക്കുതന്നെയായിരിക്കും കൂത്തിന്റെയും ഉത്ഭവം. സൂതനെപ്പോലെ ചാക്കിയാർക്കും പീഠത്തിൽ ഇരുന്നുകൊണ്ടു കഥ പറയാം. ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിൽ മാത്രമേ കൂത്തും കൂടിയാട്ടവും പാടുള്ളു എന്നും ആ അവസരങ്ങളിൽ ബ്രാഹ്മണർക്കേ തറയിൽ ഇരിക്കാവൂ എന്നും നിയമമുണ്ട്. ആദികാലത്തു സൂതനെപ്പോലെ ഭഗവൽകഥ വർണ്ണിക്കുക എന്നുള്ളതു മാത്രമായിരുന്നിരിക്കണം ചാക്കിയാരുടെ വൃത്തിയെന്നും, പിന്നീടു് ക്രമേണ അവർ വ്യങ്ഗ്യഭങ്ഗിയുള്ള ചമ്പൂപ്രബന്ധങ്ങളിൽ ഗദ്യപദ്യങ്ങൾ ഉദ്ധരിച്ചു്, അവയ്ക്കു വിസ്തരിച്ചു് അർത്ഥം പറഞ്ഞുകേൾപ്പിച്ചു്, ഹാസ്യവും അഭിനയവും മറ്റും ഇടകലർത്തി ആ പദ്ധതി വികസിപ്പിച്ചു്, അതിനെ പണ്ഡിതൻമാർക്കും പാമരന്മാർക്കും ഒന്നുപോലെ ആകർഷകമാക്കിത്തീർത്തു എന്നും വടക്കുങ്കൂർ രാജരാജവർമ്മരാജാവു പ്രസ്താവിച്ചിട്ടുള്ളതിനോടു ഞാൻ പൂർണ്ണമായി യോജിക്കുന്നു. കൂത്തും കൂടിയാട്ടവും സംബന്ധിച്ചുള്ള ശ്ലോകങ്ങൾ ചൊല്ലുന്നതിനു് അനേകം രാഗങ്ങൾ പ്രാചീനാചാര്യന്മാർ നിർദ്ദേശിച്ചിട്ടുണ്ടു്.

“മുഡ്ഡശ്രീകണ്ഠതൊണ്ടാർത്തൻ ഇന്ദളം മുളീന്ദളം
വേളാധൂളി തഥാ ഭാണം വീരതർക്കൻ ച തർക്കവും;
കോരക്കുറിഞ്ഞീ പോരാളി; പൊറനീരം തഥൈവ ച
ദുഃഖഗാന്ധാരവും പിന്നെച്ചെഴിപഞ്ചമഭാണവും.
ശ്രീകാമതാ കൈശികിയും ഘട്ടന്തരിയുമന്തരി”
എന്നീ രാഗങ്ങളാണു് അവയിൽ പ്രധാനം. ഇവ ഏതവസരങ്ങളിൽ പ്രയോഗിക്കണമെന്നും ആചാര്യന്മാർതന്നെ ഉപദേശിക്കുന്നു.

രാക്ഷസീനാം തു സംഭോഗശൃങ്ഗാരേ മുഡ്ഡ ഇഷ്യതേ;
ശ്രീരാമസ്യ തു സംഭോഗശൃങ്ഗാരേ മുരളീന്ദളം.
കോരക്കുറിഞ്ഞീരാഗേഷു വാനരാണാം വിശേഷതഃ;
പൊറനീരാഖ്യരാഗസ്തു വർഷാകാലസ്യ വർണ്ണനേ.
അങ്കാവസാനേ ശ്രീകണ്ഠീ ദുഷ്ടാനാം ച നിബർഹണേ;
സന്ധ്യാവർണ്ണനവേളായാം മദ്ധ്യാഹ്നസ്യ ച വർണ്ണനേ.
ഈ രാഗങ്ങൾ പലതും തമിഴ് ഇചൈകളിൽ പണ്ടുതന്നെ പ്രചുരപ്രചാരങ്ങളായിരുന്നു. പൊറനീരും മറ്റും ഇപ്പോൾ കേരളത്തിൽ മാത്രമേ നടപ്പുള്ളു. അവ പഴയ ദ്രാവിഡരാഗങ്ങളായിരുന്നു.

9.11സുകുമാരൻ — ശ്രീകൃഷ്ണവിലാസം

സംസ്കൃതഭാഷയിൽ വിരചിതങ്ങളായിട്ടുള്ള മഹാകാവ്യങ്ങളിൽ ശ്രീകൃഷ്ണവിലാസത്തിന്റെ സ്ഥാനം അത്യന്തം മഹനീയമാണു്. സൗകുമാര്യം, സമത, പ്രസാദം, മാധുര്യം, അർത്ഥവ്യക്തി മുതലായ ഗുണങ്ങൾ ഇത്രമാത്രം തികഞ്ഞിട്ടുള്ള കാവ്യങ്ങൾ വേറെ ഉണ്ടെന്നു തോന്നുന്നില്ല. കേരളീയർ പണ്ടേയ്ക്കുപണ്ടേ പ്രസ്തുതകാവ്യത്തിന്റെ പരമാരാധകന്മാരാണു്. ശ്രീരാമോദന്തം വായിച്ചു് ഒരു മാതിരി വിഭക്തിജ്ഞാനം സമ്പാദിച്ചു കഴിഞ്ഞാൽ ബാല്യത്തിൽ അവർ ഇന്നും പഠിയ്ക്കുന്ന ആദ്യത്തെ ഗ്രന്ഥം അതാണെന്നു പറയേണ്ടിതില്ലല്ലോ.

9.11.1അപൂർണ്ണത
ശ്രീകൃഷ്ണവിലാസം പന്ത്രണ്ടാമത്തെസർഗ്ഗം മുഴുപ്പിക്കുന്നതിനു കവിക്കു സാധിച്ചിട്ടില്ല.

“വ്രാതേന പൂഗദ്രുമവാടികാനാം
നിവാരയന്നർക്കമഹഃപ്രകാശാൻ
പാരം ശ്രിതാൻ പശ്ചിമവാരിരാശേഃ
പശ്യ പ്രിയേ! കോങ്കണഭൂവിഭാഗാൻ.”
എന്ന അറുപത്താറാമത്തെ ശ്ലോകമാണു് അദ്ദേഹം ഒടുവിൽ എഴുതിയതു്. പാരിജാതഹരണം കഴിഞ്ഞു ദേവലോകം വിട്ടു ഭൂമിയിലെത്തുമ്പോൾ ശ്രീകൃഷ്ണൻ സത്യഭാമയ്ക്കു് ഓരോ ദേശമായി കാണിച്ചുകൊടുക്കുകയും അതാതിന്റെ മാഹാത്മ്യം വർണ്ണിച്ചു കേൾപ്പിയ്ക്കയും ചെയ്യുന്നു. പാണ്ഡ്യരാജ്യത്തേയും ചോളരാജ്യത്തേയും വർണ്ണിച്ചതിനുശേഷം സപ്തകൊങ്കണങ്ങളെ വർണ്ണിക്കുവാൻ കവി ആരംഭിക്കുന്നു. ഈ സർഗ്ഗമെങ്കിലും പൂരിപ്പിക്കുന്നതിനു പിൽക്കാലത്തുള്ള കവികളിൽ ആരുംതന്നെ ഉദ്യമിച്ചിട്ടില്ലെന്നുള്ളതു പ്രസ്തുതകാവ്യത്തിന്റെ അന്യാദൃശമായ വൈശിഷ്ട്യത്തിനു നിദർശനമാകുന്നു.

“നിരാകൃതക്ഷത്രിയമണ്ഡലേന
വിശ്വംഭരാഭാരനിരാസ്പദേന
അമീഷു സിന്ധോസ്സ്വബലാർജ്ജിതേഷു
കൃതം പദം ഭാമിനി! ഭാർഗ്ഗവേണ”
എന്നു തുടങ്ങി ആറു ശ്ലോകങ്ങൾകൂടി ചില ഗ്രന്ഥങ്ങളിൽ കാണ്മാനുണ്ടു്; അവ സുകുമാരന്റെ ശ്ലോകങ്ങളല്ല. ‘വ്രാതേന പൂഗദ്രുമ’ എന്ന ശ്ലോകം വ്യാഖ്യാനിച്ചതിനുമേൽ രാമപാണിവാദൻ വിലാസിനിയിൽ ‘ഇത്യേതാവത്യേവ മഹാകാവ്യസ്യാസ്യപ്രവൃത്തിരിതി സമ്പൂർണ്ണം മങ്ഗലം’ എന്നു പ്രസ്താവിച്ചിരിക്കുന്നു. ഗുരുവിന്റെ ശാസനകാർക്കശ്യം സഹിക്കവയ്യാതെ അദ്ദേഹത്തെ വധിക്കുവാൻ സുകുമാരൻ ഒരു ദിവസം രാത്രിയിൽ തട്ടിൻപുറത്തു് ഒരു കല്ലുമായി ഒളിഞ്ഞിരുന്നു എന്നും അപ്പോൾ ഗുരുപത്നിക്കും ഗുരുവിനും തമ്മിൽ തനിക്കു് അത്യന്തം അഭിമാനജനകമായ ഒരു സംഭാഷണം നടന്നു എന്നും, അതുകേട്ടു പിറ്റേ ദിവസം കാലത്തു ഗുരുവധ്യോദ്യമത്തിനുള്ള ശിക്ഷയെന്തെന്നു ഗുരുവിൽ നിന്നു തന്നെ ഗ്രഹിച്ചു് അദ്ദേഹം എത്ര തന്നെ തടുത്തിട്ടും വഴിപ്പെടാതെ ഒരു കുണ്ഡമുണ്ടാക്കി ഉമി നിറച്ചു് അതിൽ തീ കത്തിച്ചു് അവിടെനിന്നുകൊണ്ടു് ദേഹം നീറ്റി ആത്മഹത്യ ചെയ്തു എന്നും കേരളത്തിൽ ഒരൈതിഹ്യം സുകുമാരനെപ്പറ്റിയും പ്രഭാകരമിശ്രനെ സംബന്ധിച്ചുള്ള രീതിയിൽ പ്രചരിക്കുന്നു. ഈ വസ്തുത ഞാൻ മുൻപു സൂചിപ്പിച്ചിട്ടുണ്ടു്. ഉമിത്തീയിൽ നില്ക്കുമ്പോൾ സുകുമാരൻ ഉണ്ടാക്കിച്ചൊല്ലിയതാണു് ശ്രീകൃഷ്ണവിലാസമെന്നും ‘പശ്യ പ്രിയേ! കോങ്കണഭൂവിഭാഗാൻ’ എന്ന പദം ചൊല്ലിയപ്പോൾ നാക്കു വെന്തുപോകയാലാണു് ശേഷം ഭാഗം രചിക്കാഞ്ഞതു് എന്നും ഐതിഹ്യം തുടരുന്നു. പ്രഭാകരനായിരുന്നു ആത്മഹത്യ ചെയ്തതെന്നും പ്രഭാകരന്റെ നാമാന്തരമാണു് സുകുമാരൻ എന്നും സങ്കല്പിക്കുന്നവരുമുണ്ടു്. ഈ ഐതിഹ്യങ്ങളിൽ യാതൊരു വാസ്തവാംശവും ഉള്ളതായി എനിക്കു തോന്നുന്നില്ല. കാവ്യം സമാപിപ്പിക്കുന്നതിനു മുൻപു കവി മരിച്ചുപോയി എന്നുമാത്രം അനുമാനിക്കാം.

9.11.2സുകുമാരനും കേരളവും
ശ്രീകൃഷ്ണവിലാസത്തിന്റെ പ്രചാരം അധികമായി കാണുന്നതു കേരളത്തിലാണെങ്കിലും സുകുമാരൻ കേരളീയനാണോ എന്നു സംശയിയിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ചില കാരണങ്ങൾ ഞാൻ വിജ്ഞാന ദീപിക നാലാംഭാഗത്തിൽ സുകുമാരകവിയെപ്പറ്റിയുള്ള എന്റെ ഉപന്യാസത്തിൽ എടുത്തു കാണിച്ചിട്ടുണ്ടു്. ശങ്കരന്റേയും പാർവ്വതിയുടേയും പുത്രനായി ഭാരതീഭൂഷണനെന്ന ബിരുദത്തോടുകൂടി ക്രി. പി. പന്ത്രണ്ടാംശതകത്തോടടുപ്പിച്ചു ഭട്ടസുകുമാരൻ എന്നൊരു സ്മാർത്തബ്രാഹ്മണകവി ശ്രീരങ്ഗത്തു സന്നിധാനം ചെയ്തിരുന്നു. അദ്ദേഹം ഏഴങ്കമുള്ള രഘുവീരചരിതം എന്ന നാടകത്തിന്റെ നിർമ്മാതാവാണു്. ഈ ഭട്ടസുകുമാരനായിരിക്കുമോ ശ്രീകൃഷ്ണവിലാസകാരൻ എന്നത്രേ എന്റെ ശങ്ക. അതെങ്ങനെയിരുന്നാലും കൂടുതൽ തെളിവുകൾ കിട്ടുന്നതുവരെ സുകുമാരനെ ഒരു കേരളീയനായി ഗണിയ്ക്കുന്നതാണു് പ്രഹതമായ പന്ഥാവിനെ കഴിവുള്ളിടത്തോളം അനുസരിക്കേണ്ട സാഹിത്യചരിതകാരന്റെ ചുമതല. ശ്രീകൃഷ്ണവിലാസത്തിന്റെ കാലം ക്രി. പി. പന്ത്രണ്ടാം ശതകത്തിനു മേലാണെന്നു ഞാൻ കരുതുന്നില്ല.

9.11.3വ്യാഖ്യാനങ്ങൾ
ശ്രീകൃഷ്ണവിലാസം പത്താം സർഗ്ഗത്തിൽ ഏതാനും ഭാഗംവരെ കവിയൂർ രാമൻനമ്പ്യാർ തർജ്ജമ ചെയ്തിട്ടുണ്ടു്. അതിനുമേലുള്ള ഭാഗത്തിന്റെ ഭാഷാന്തരീകരണത്തിനു് ആരും ഉദ്യമിച്ചിട്ടില്ല. സംസ്കൃതത്തിൽ രാമപാണിവാദന്റെ വിലാസിനി എന്ന വ്യാഖ്യാനത്തിനാണു് അഗ്രിമസ്ഥാനം നൽകേണ്ടതു്. അതു സമ്പൂർണ്ണമാണെന്നു കാണിച്ചുവല്ലോ. “യത്രോദ്യതാനാം കുസുമാപചായേ കാന്താസു കല്പദ്രുമവാടികാസു” ഇത്യാദി ശ്ലോകത്തിനു് “കുസുമാപചായേ പുഷ്പോച്ചയേ, ഹസ്താദാനേ ചേരസ്തേയ ഇതി ണ്യന്താൽ അധഃസ്ഥിതാനാമേവ ഹസ്തേന പുഷ്പാപചയോ യുജ്യതേ” എന്നും മറ്റും സമഞ്ജസമായി അർത്ഥകല്പനം ചെയ്യുന്ന പാണിവാദന്റെ സഹൃദയത്വം ശ്ലാഘനീയമായിരിക്കുന്നു. മറ്റൊരു വ്യാഖ്യാനത്തിന്റെ പേർ ബാലപാഠ്യയെന്നാണു്. “ശ്രീവൈഷ്ണവാഗ്രസരവാരിജസത്തമൗ തൗ ഗോപാലമാധവഗുരൂ” എന്ന പദ്യത്തിൽ നിന്നു ഗോപാലപ്പിഷാരടിയും മാധവവാരിയരുമാണു് വ്യാഖ്യാതാവിന്റെ ഗുരുക്കന്മാരെന്നു കാണുന്നു.

“ബാലപാഠ്യാഭിധാ കാചിദസ്യ വ്യാഖ്യാ വിരച്യതേ
താമ്രപത്രാലയസ്ഥേന ഗോവിന്ദേന യഥാന്വയാൽ
സുകുമാരസരസ്വതീരസാർദ്രാ
ഹരിലീലാമനുരുദ്ധ്യ ജേജയീതി
മലിനാപി വിഗാഹനാദമുഷ്യാം
വിമലാ സ്യാന്ന കഥം മദീയവാണീ?”
എന്ന പ്രസ്താവനയിൽനിന്നു ചെമ്പോലിൽ ഗോവിന്ദനെന്നൊരു പണ്ഡിതനാണു് വ്യാഖ്യാതാവെന്നും വെളിവാകുന്നുണ്ടു്. ഇതു സമഗ്രമല്ല. മൂന്നാമത്തെ വ്യാഖ്യാനം കൊല്ലം 1055 മുതൽ 1060 വരെ തിരുവിതാംകൂറിൽ നാടുവാണിരുന്ന വിശാഖം തിരുനാൾ മഹാരാജാവിന്റെ ആജ്ഞ അനുസരിച്ചു് ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ ഉണ്ടാക്കിയ മഞ്ജുഭാഷിണിയാണു്. ഇതിന്റെ അഞ്ചാംസർഗ്ഗംവരെയുള്ള ഭാഗം മാത്രമേ ഞാൻ കണ്ടിട്ടുള്ളു.

9.12ലക്ഷ്മീദാസൻ

9.12.1ദേശം
കൊച്ചിരാജ്യത്തു കണയന്നൂർത്താലൂക്കിൽ വെള്ളാരപള്ളിയിൽ വടക്കുഭാഗത്തു തൃപ്പൂതമങ്ഗലം എന്നൊരു ക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിനടുത്തുള്ള പോലീസ്സ്റ്റേഷന്റെ തെക്കേ പറമ്പിലായിരുന്നുവത്രേ കരിങ്ങമ്പള്ളിമന സ്ഥിതിചെയ്തിരുന്നതു്. നാലു തളികളിൽ കീഴ്ത്തളി ഐരാണിക്കുളം ഗ്രാമത്തിനും ചിങ്ങപുരത്തുതളി ഇരിങ്ങാലക്കുട ഗ്രാമത്തിനും നെടിയതളി പറവൂർഗ്രാമത്തിനും മേൽത്തളി മൂഴിക്കുളം ഗ്രാമത്തിനും അവകാശപ്പെട്ടിരുന്നു എന്നു മുൻപു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. “തളിയാതിരി അവരോധം പുക്കു തോന്നിയതു കരിങ്ങമ്പള്ളി സ്വരൂപവും കാരിമുക്കിൽ സ്വരൂപവും ഇളമ്പരക്കോട്ടു സ്വരൂപവു” മാണെന്നു കേരളോൽപത്തിയിൽ പ്രസ്താവിച്ചുകാണുന്നു. ആ സ്വരൂപങ്ങളിൽ ഇളമകളായിരിക്കുന്നവരാണു് തളിയാതിരിമാരാകുക; അവർക്കു വിവാഹം പാടില്ലായിരുന്നു. ഐരാണിക്കുളം ഗ്രാമത്തിലെ തളിയാതിരിസ്ഥാനമാണു് കരിങ്ങമ്പള്ളി സ്വരൂപത്തിൽനിന്നു നടത്തിവന്നതു്. ആ സ്വരൂപം അന്യം നിന്നിട്ടു് ഇരുനൂറ്റി ചില്വാനം കൊല്ലങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നു് അഭിജ്ഞന്മാർ പ്രസ്താവിക്കുന്നു. അത്തരത്തിൽ ആഭിജാത്യംകൊണ്ടും ആർത്ഥപുഷ്ടികൊണ്ടും ഉച്ചസ്ഥമായ ഒരു കുടുംബത്തിലായിരുന്നു ലക്ഷ്മീദാസൻ നമ്പൂതിരിപ്പാട്ടിലെ ജനനം. കാളിദാസനെ അനുകരിച്ചു തന്നെസ്സംബന്ധിച്ചു് അന്വർത്ഥമായ ലക്ഷ്മീദാസനെന്ന പേർ കവി സ്വീകരിച്ചു എന്നേ ഊഹിക്കേണ്ടതുള്ളൂ; പിതൃദത്തമായ നാമധേയം എന്തെന്നറിവാൻ മാർഗ്ഗമില്ല.

9.12.2കാലം
“ലക്ഷ്മ്യാ രങ്ഗേ ശരദി ശശിനസ്സൗധശൃങ്ഗേ കയോശ്ചിൽ
പ്രേമ്ണാ യൂനോസ്സഹ വിഹരതോഃ പേശലാഭിഃ കലാഭിഃ
ദ്വാരാസേധഃ ക്വ നു ഹതവിധേർദ്ദൂ രനീതസ്സ തസ്യാ–
ശ്ശ്രാന്തസ്സ്വപ്നേ ശുകമിതി ഗിരാ ശ്രാവ്യയാ സന്ദിദേശ”
എന്നതാണു് ശുകസന്ദേശത്തിലെ പ്രഥമശ്ലോകം. ഈ ശ്ലോകത്തിലെ “ലക്ഷ്മ്യാ രങ്ഗേ” എന്ന ഭാഗം കലിവർഷസംഖ്യയെ കുറിക്കുന്നതാണെന്നു വിചാരിച്ചു ചിലർ ക്രി. പി. 112-ലാണു പ്രസ്തുതഗ്രന്ഥത്തിന്റെ നിർമ്മാണം എന്നും ‘ദൂരനീതസ്സതസ്യാഃ’ എന്ന ഭാഗം കലിദിനസംഖ്യയെ കുറിക്കുന്നു എന്നു സങ്കല്പിച്ചു കൊണ്ടു മറ്റു ചിലർ കൊല്ലം 666-ൽ ആണു് അതിന്റെ രചനയെന്നും വാദിക്കുന്നു. ഈ രണ്ടു പക്ഷവും ശരിയല്ല. ക്രി. പി. രണ്ടാംശതകത്തിൽ തളിയാതിരിമാരുണ്ടായിരുന്നതിനോ അവർ ശൂകസന്ദേശത്തിൽ വർണ്ണിക്കുന്ന അധികാരങ്ങൾ നടത്തിയിരുന്നതിനോ തെളിവില്ലെന്നു മുൻപു് പ്രസ്താവിച്ചിട്ടുണ്ടു്. ക്രി. പി. രണ്ടാംശതകത്തിലെ സംസ്കൃതകാവ്യശൈലിയല്ല ശുകസന്ദേശത്തിൽ നാം കാണുന്നതു്. കൊല്ലം 666-ൽ അല്ല ലക്ഷ്മീദാസന്റെ ജീവിതകാലമെന്നു ഖണ്ഡിച്ചുതന്നെ പറയാം. അതിനുമുമ്പു് അദ്ദേഹം അത്യുജ്ജ്വലമായി പ്രശംസിക്കുന്ന തൃക്കണാമതിലകത്തിന്റ മഹിമ അസ്തമിച്ചുകഴിഞ്ഞിരുന്നു. അന്നു തിരുവഞ്ചിക്കുളം കവി വർണ്ണിക്കുന്ന വിധത്തിൽ പെരുമാക്കന്മാരുടെ രാജധാനിയുമല്ലായിരുന്നു. പോരാത്തതിനു ശുകസന്ദേശത്തിലെ ആറാമത്തെ ശ്ലോകത്തിലേ ‘ആസ്ഥാ ലോകേവിപുലമനസാം’ എന്ന ഭാഗം ക്രി. പി. പതിന്നാലാം ശതകത്തിൽ ആവിർഭവിച്ചു എന്നുള്ളതിനെപ്പറ്റി പക്ഷാന്തരമില്ലാത്ത ഉണ്ണുനീലിസന്ദേശത്തിൽ ഉദ്ധരിച്ചുകാണുന്നുമുണ്ടു്. ‘ദൂരനീതസ്സതസ്യാഃ’ എന്നതു കവിയുടെ കാലത്തേയും, ‘ലക്ഷ്മ്യാ രങ്ഗേ’ എന്നതു സന്ദേശത്തിനു വിഷയമായ സംഭവത്തിന്റെ കാലത്തേയും കുറിക്കുന്നു എന്നു പറയുന്നുതു് ഇതിനേക്കാൾ അനുപന്നമാണു്. വാസ്തവത്തിൽ ആ ശ്ലോകത്തിൽ കലിസൂചനയേയില്ല. കവിതന്നെയാണു് വിയുക്തനായ നായകൻ; അദ്ദേഹം ശൂകമുഖമായി സന്ദേശമയയ്ക്കുന്നതു തൃക്കണാമതിലകത്തുകാരിയായ തന്റെ പ്രിയതമയ്ക്കുമാണു്. ശുകസന്ദേശത്തിൽ ഒരു ശ്ലോകത്തിലെങ്കിലും കലിയുള്ളതായി അതിന്റെ വ്യാഖ്യാതാക്കന്മാരിൽ ആരും പറഞ്ഞിട്ടുമില്ല. അന്നു കൊല്ലത്തല്ലാതെ വേണാട്ടു (കൂപക) രാജാക്കന്മാർക്കു തിരുവനന്തപുരത്തു പ്രത്യേകം രാജധാനിയുള്ളതായി കവി പ്രസ്താവിക്കാത്തതു് അവിടെ പ്രത്യേകമൊരു ശാഖ താമസിക്കാത്തതുകൊണ്ടായിരിക്കും. എന്നാൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ പുളകോൽഗമമുണ്ടാകുന്ന വിധത്തിൽ വർണ്ണിക്കുന്നുമുണ്ടു്. കൊല്ലത്തിനു പുറമേ കായങ്കുളത്തും അവർക്കൊരു രാജധാനിയുളളതായി പ്രസ്താവിക്കുന്നു. ഓണാടെന്ന കായങ്കുളം രാജ്യം പതിന്നാലാം ശതകത്തിനുമുമ്പു വേർതിരിഞ്ഞതിനു രേഖകളുണ്ടു്. തെക്കുങ്കൂറും വടക്കുങ്കൂറും അന്നു പിരിഞ്ഞു കഴിഞ്ഞിരുന്നില്ല. തിരുവഞ്ചിക്കുളത്തേ മഹാരാജാവിനേയും അവരോധനാധികാരികളായ തളിയാതിരിമാരേയും യഥാക്രമം

“ഉത്തീർണ്ണസ്താമുദധിദയിതാമുത്തരേണ ക്രമേഥാ
രാജൽപത്തിദ്വിപഹയരഥാനീകിനീം രാജധാനീം
രാജ്ഞാമാജ്ഞാനിയമിതനൃണാമാനനൈർഭൂരിധാമ്നാം
രാജാ രാജേത്യവനിവലയേ ഗീയതേ യന്നികേതഃ”
എന്നും

ശാസ്ത്രേ ശാസ്ത്രേപി ച ഭൃഗുനിഭൈശ്ശശ്വദുദ്ഭാസതേ യാ
വിപ്രേന്ദ്രൈസ്തൈർവിപുലമഠവര്യാവലീഷു സ്ഥലീഷു”
എന്നുമുള്ള ശ്ലോകങ്ങളിൽ ചിത്രണം ചെയ്തിരിക്കുന്നു. ആദ്യത്തേ ശ്ലോകം സ്ഥാനച്യുതനായ ഒരു രാജാവിനു് ഒരിക്കലും യോജിക്കുന്നതല്ലല്ലോ, ഇതെല്ലാം വച്ചുനോക്കുമ്പോൾ ക്രി. പി. പത്താം ശതകത്തിലോ പതിനൊന്നാം ശതകത്തിലോ ഉള്ള ഒരു കൃതിയായിരിക്കും ശുകസന്ദേശം എന്നു പറവാൻ തോന്നുന്നുണ്ടു്.

9.12.3ചരിത്രം
മറ്റു ചില വിശിഷ്ടകവികളെപ്പറ്റി എന്ന പോലെ ലക്ഷ്മീദാസനെപ്പറ്റിയും ഒരു കഥ പറയാനുണ്ടു്. ബാല്യത്തിൽ അദ്ദേഹം മന്ദബുദ്ധിയായിരുന്നു. തന്നിമിത്തം അദ്ദേഹത്തെ പഠിപ്പിച്ചിരുന്ന ശാസ്ത്രികൾ പിരിഞ്ഞുപോകാൻ നിശ്ചയിച്ചു. അപ്പോൾ അകായിലുള്ളവർ ‘ഈ ചെപ്പുകുടം കൊട്ടത്തളത്തിലുള്ള കരിങ്കല്ലിനെക്കൂടി കുഴിച്ചിട്ടുണ്ടു്’ എന്നു പറഞ്ഞു ശാസ്ത്രികളെ ആശ്വസിപ്പിച്ചു. കാലക്രമത്തിൽ അദ്ദേഹത്തിന്റെ ശ്രമം ഫലവത്തുമായി. ഇതാണു് ആ കഥ. മറ്റൊരു കഥ കവിയുടെ പരദേശയാത്രയുമായി കെട്ടുപെട്ടു കിടക്കുന്നു. പരദേശത്തു ലക്ഷ്മീദാസൻ ഒരു ദിവസം രാത്രിയിൽ ഒരു ബ്രാഹ്മണഗൃഹത്തിൽ ചെന്നു. ആ ഗൃഹത്തിന്റെ നായകൻ അദ്ദേഹത്തിനു് അത്താഴമാകട്ടെ അകത്തുകിടക്കുവാൻ സ്ഥലമാകട്ടെ കൊടുത്തില്ല. കവി പുറന്തിണ്ണയിൽ കിടന്നു് ഉറക്കം വരാതെ വലഞ്ഞു. അപ്പോൾ ഗൃഹത്തിനകത്തു ചിലർ പുതിയ വാവ്യമായ ശുകസന്ദേശം വായിച്ചു് അർത്ഥവിചാരം ചെയ്തുകൊണ്ടിരിന്നു. ഒരു ശ്ലോകത്തിന്റെ അർത്ഥത്തെപ്പറ്റിയുള്ള വാഗ്വാദം മൂത്തപ്പോൾ ആഗന്തുകൻ കവിഹൃദയമിന്നതെന്നു വെളിയിലിരുന്നു വിശദീകരിച്ചു. അതുകേട്ടു് അവർ കതകു തുറന്നു “നീർതാനാ കരിങ്ങമ്പള്ളി?” എന്നു ചോദിക്കുകയും ആണെന്നുള്ള മറുപടി കേട്ടു് ആനന്ദവിവശരായി അദ്ദേഹത്തെ അകത്തു വിളിച്ചുകൊണ്ടുപോയി സല്ക്കരിക്കുകയും ചെയ്തു. ഈ ഐതിഹ്യം യഥാർത്ഥമാണെങ്കിൽ അതു ലക്ഷ്മീദാസന്റെ ആദ്യത്തെ വിദേശസഞ്ചാരമായിരിയ്ക്കുകയില്ല; എന്തെന്നാൽ ഒരു വിദേശസഞ്ചാരം കഴിച്ചിട്ടാണല്ലോ ശുകസന്ദേശം നിർമ്മിച്ചതു്. കവിതന്നെയാണു് നായകൻ എന്നു വരവർണ്ണിന്യാദി വ്യാഖ്യകളിൽ തുറന്നു പ്രസ്താവിച്ചിട്ടുള്ള വസ്തുത പ്രകൃതത്തിൽ സ്മരണീയമാണു്.

9.13ശുകസന്ദേശംസന്ദേശകാവ്യങ്ങളുടെ മാർഗ്ഗദർശിയെന്നു രാമായണം കിഷ്കിന്ധാകാണ്ഡത്തിൽ വാനരസന്ദേശം ഉൾക്കൊള്ളിച്ചിട്ടുള്ള വാല്മീകി മഹർഷിയെയാണു പറയേണ്ടതു്. ആ പ്രസ്ഥാനത്തിന്റെ പിതാവു മേഘസന്ദേശകാരനായ കാളിദാസ മഹാകവി തന്നെയാകുന്നു. മേഘസന്ദേശത്തിൽ പൂർവഭാഗം കവി വിയോഗാർത്തനായ നായകന്റെ താമസസ്ഥലം മുതൽ നായികയുടെ താമസസ്ഥലം വരെയുള്ള മാർഗ്ഗവർണ്ണനത്തിനാണു പ്രധാനമായി വിനിയോഗിക്കുന്നതു്. ഉത്തരഭാഗം കൊണ്ടു നായികയുടെ ദേശം, ഗൃഹം, വിരഹാവസ്ഥ മുതാലയവ വർണ്ണിക്കുകയും ദൂതൻ നിവേദനം ചെയ്യേണ്ട സന്ദേശം കുറിക്കുകയും ചെയ്യുന്നു. ശുകസന്ദേശത്തിനു വരവർണ്ണിനിയെന്ന വ്യാഖ്യാനം രചിച്ച ധർമ്മഗുപ്തൻ, സന്ദേശകാവ്യത്തിൽ കവി പന്ത്രണ്ടുവിഷയങ്ങളിൽ മനസ്സിരുത്തേണ്ടതുണ്ടെന്നും ആ വിഷയങ്ങൾ (1) ആദിവാക്യം (2) ദൗത്യയോജനം (3) പ്രത്യങ്ഗവർണ്ണനം (4) പ്രാപ്യദേശവർണ്ണനം (5) മന്ദിരാഭിജ്ഞാനം (6) പ്രിയാസന്നിവേശവിമർശനം (7) അന്യരൂപതാപത്തിസംഭാവന (8) അവസ്ഥാവികല്പനങ്ങൾ (9) വചനാരംഭം (10) സന്ദേശവചനം (11) അഭിജ്ഞാനദാനം (12) പ്രമേയപരിനിഷ്ഠാപനം എന്നിവയാണെന്നും വിവരിച്ചിട്ടുണ്ടു്. മേഘസന്ദേശകാവ്യദ്വാരാ കാളിദാസൻ ദേശചരിത്രഗ്രന്ഥത്തിൽ അത്യന്തം അവജ്ഞ ഭാവിച്ചിരുന്ന ഭാരതീയർക്കു മാർഗ്ഗവർണ്ണന എന്ന വ്യാജത്തിൽ ചരിത്രപരമായി പല അറിവുകളും നല്കി. പശ്ചാൽകാലികന്മാരായ സന്ദേശകവികൾ അദ്ദേഹത്തെ അനുകരിക്കുക നിമിത്തം നമുക്കു് ഈ വിഷയങ്ങളിൽ ഒട്ടു വളരെ ജ്ഞാനമുണ്ടാകുവാൻ സങ്ഗതി വന്നിട്ടുണ്ടു്. അതാണു് സന്ദേശകൃതികൾക്കു് ഇതരകൃതികളെ അപേക്ഷിച്ചുള്ള മെച്ചം.

9.13.1ശുകസന്ദേശവും ദേശചരിത്രവും
ലക്ഷ്മീദാസന്റെ സന്ദേശത്തിലെ നായകനു് ഏതോ ദുർവിധിയാൽ രാമേശ്വരത്തു കുറേക്കാലം താമസിക്കേണ്ടിവരുന്നു. അവിടെ നിന്നു് ഒരു കിളിയെ ദൂതനാക്കി തൃക്കണാമതിലകത്തു താമസിക്കുന്ന തന്റെ പ്രേയസിക്കു് അദ്ദേഹം സന്ദേശമയക്കുന്നു. നായകൻ ലക്ഷ്മീദാസൻ തന്നെയാണെന്നു പറഞ്ഞുവല്ലോ; പ്രേയസി അന്തർജ്ജനമല്ല. ‘വീതാലംബേ പഥി വിചരിതും വ്യക്തമാഭാഷിതുഞ്ച’ (ആകാശത്തുകൂടി പറക്കുന്നതിനും വ്യക്തമായി സംഭാഷണം ചെയ്യുന്നതിനും) തത്തയ്ക്കുള്ള പാടവം പ്രസിദ്ധമാണല്ലോ. രാമേശ്വരം, താമ്രവർണ്ണീനദി, ആ നദീതീരത്തിലുള്ള മണലൂരെന്ന പാണ്ഡ്യരാജാക്കന്മാരുടെ രാജധാനി, അവിടെനിന്നും വലതു വശത്തും ഇടതു വശത്തുമായി തെക്കോട്ടേയ്ക്കു പോകുന്നതിനുള്ള രണ്ടു വഴികൾ, ഇടതുവശത്തേ വഴി വളവുള്ളതാണെങ്കിലും അതിനുള്ള മേന്മ, പാണ്ഡ്യരാജ്യം, സഹ്യപർവതം, ഇവയെ വർണ്ണിച്ചതിനുമേൽ കവി ശുകത്തെ കേരളത്തിലേക്കു കടക്കുവാൻ ഉപദേശിക്കുന്നു. ആ ഘട്ടത്തിൽ ലക്ഷ്മീദാസന്റെ ദേശാഭിമാനത്തെ കരതലാമലകം പോലെ കാണിക്കുന്ന ഉജ്ജ്വലമായ ഒരു ശ്ലോകമുണ്ടു്. അതാണു താഴെ ഉദ്ധരിക്കുന്നതു് –

“ബ്രഹ്മക്ഷത്രം ജനപദമഥ സ്ഫീതമധ്യക്ഷയേഥാ
ദർപ്പാദർശം ദൃഢതരമൃഷേർജ്ജാമദഗ്നസ്യ ബാഹ്വോഃ
യം മേദിന്യാം രുചിരമരിചോത്താളതാംബൂലവല്ലീ–
വേല്ലൽകേരക്രമുകനികരാൻ കേരളാനുദ്ഗൃണന്തി.”
അവിടെ കന്യാകുമാരീക്ഷേത്രം, മരുത്വാമല, ശുചീന്ദ്രക്ഷേത്രം, തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രം, കഴുകന്മാരുള്ള കഴക്കൂട്ടം, ഇവയുടെ വിവരണം കഴിഞ്ഞു ‘കൂപകാധീശ്വരന്മാരുടെ കുലപുരി’യായ കൊല്ലത്തേയ്ക്കു കവി കിളിയെ പറഞ്ഞയയ്ക്കുന്നു. പിന്നെ രണ്ടു കായൽ, (സിന്ധുദ്വയമെന്നാൽ രണ്ടു പുഴയെന്നല്ല അർത്ഥം) അതായതു് അഷ്ടമുടിക്കായലും കായങ്കുളം കായലും, കടന്നു കായങ്കുളത്തെത്തി അവിടെനിന്നു തിരുവല്ലാ വെമ്പലനാടു്, (കോട്ടയം) ആ നാട്ടിലെ രാജാക്കന്മാരുടെ പടവീടായ കടുത്തുരുത്തി (സിന്ധുദ്വീപം – കടൽത്തുരുത്തു്) ഇവയെല്ലാം സന്ദർശിച്ചു മൂവാറ്റുപുഴയാറു (ഫുല്ല) കടന്നു് അതിനടുത്തുള്ള (വേന്നനാട്ടു) നമ്പൂരിഗ്രാമത്തിലെ മഹാവിഷ്ണുവിനെ കിളി തൊഴണം. ആ വിഷ്ണുക്ഷേത്രം ഏതാണെന്നു വെളിപ്പെടുന്നില്ല. പ്രസ്തുതഗ്രാമത്തിലേ വിദ്വാന്മാരേയും വിശേഷിച്ചു മഹാപണ്ഡിതനായിരുന്ന സുബ്രഹ്മണ്യൻ നമ്പൂരിയേയും കവി താഴെക്കാണുന്നവിധം പ്രശംസിക്കുന്നു.

“പ്രജ്ഞോൽകർഷപ്രകടനകൃതേ പ്രാശ്നികേ പ്രാജ്ഞലോകേ
കല്ലോലാഭൈർമ്മതിജലനിധേരുത്ഥിതൈസ്തർക്കജാലൈഃ
സ്പർദ്ധാബന്ധാദവഹിതധിയഃ സ്പഷ്ടമന്ത്രാർത്ഥരത്നം
ശ്രൗതേ ലീനം സദസി രഹസി ശ്രാവകാശ്ശ്രാവയേയുഃ.

ദത്തപ്രേമാ ശിഖിനി ദളയൻ ദാനവാൻ ബാണമുക്ത്യാ
സുബ്രഹ്മണ്യഃ പഥി സുമനസാം യൂഥനേതാ നിഷേവ്യഃ
അക്ഷോഭ്യത്വം ദധതി കൃതിനാമദ്ഭുതാർത്ഥാന്യമീഷാം
ഛിദ്രാസ്കന്ദിച്ഛിദുരതരസാ യസ്യ ശക്ത്യാ പദാനി.”
ഈ സുബ്രഹ്മണ്യൻ പുലിയന്നൂർ മനയ്ക്കലേ അങ്ഗമായിരുന്നു. മാടമ്പു മനയ്ക്കലേ അങ്ഗമെന്നു പറയുന്നതു ശരിയല്ലെന്നാണു തോന്നുന്നുതു്. പുലിയന്നൂർ ഒരു താന്ത്രികകുടുംബമാണു്. പിന്നീടു് തൃക്കാക്കരയപ്പനെത്തൊഴുതു പെരിയാർ കടന്നു തിരുവഞ്ചിക്കുളത്തെത്തി ജയരാതേശ്വരമെന്നു പേരുള്ള അവിടത്തേ ക്ഷേത്രത്തിലെ ശിവനേയും അതിനപ്പുറം കൊടുങ്ങല്ലൂർ ഭദ്രകാളിയേയും വന്ദിച്ചു തൃക്കണാമതിലകത്തു് എത്തണമെന്നു കവി കിളിയോടു് അഭ്യർത്ഥിക്കുന്നു. ചരിത്രസംബന്ധമായി പൂർവ്വഭാഗത്തിൽനിന്നു നമുക്കു ലഭിക്കുന്ന അറിവുകൾ അമൂല്യങ്ങളാണെന്നു് ഇത്രയും പ്രസ്താവിച്ചതിൽനിന്നു വിശദമാകുന്നതാണല്ലോ.

9.13.2ശുകസന്ദേശത്തിലേ സാഹിത്യം
മേഘസന്ദേശം കഴിഞ്ഞാൽ സന്ദേശകാവ്യസാമ്രാജ്യത്തിൽ അടുത്തസ്ഥാനം ശുകസന്ദേശത്തിനാണെന്നുള്ളതിൽ പക്ഷാന്തരമില്ല. സ്വഭാവഗംഭീരമായ രചനാവൈഭവംകൊണ്ടും അനുവാചകന്മാർക്കു് അവരുടെ ബുദ്ധിശക്തിക്കനുഗുണമായി സമുല്ലസിക്കുന്ന അർത്ഥസൗന്ദര്യംകൊണ്ടും ഹൃദയങ്ഗമമായ ശബ്ദാർത്ഥാലങ്കാരപൗഷ്കല്യം കൊണ്ടും ശുകസന്ദേശം സർവ്വാതിശായിയായ രാമണീയകകാഷ്ഠയെ അധിഷ്ഠാനം ചെയ്യുന്നു എന്നു പി. എസ്സു്. അനന്തനാരായണശാസ്ത്രി പ്രസ്താവിച്ചിട്ടുള്ളതു പ്രത്യക്ഷരം പരമാർത്ഥമാകുന്നു.

“സൗജന്യാബ്ദേ! ഭവതു ഭവതേ സ്വാഗതം; വേഗതോ ഗാ–
മാഗാസ്സമ്പ്രത്യമരതരുണീനന്ദനാന്നന്ദനാണു
ഉത്സങ്ഗാദ്വാ കരപരിലസദ്വല്ലകീകോണവേല്ല–
ന്നീലക്ഷൗമാഞ്ചലപടലികാമുദ്രിതാദദ്രിജായാഃ?”
എന്ന ശ്ലോകം ശബ്ദഭംഗിക്കും,

“ചക്ഷുല്ലീലാം ചടുലശഫരൈരൂർമ്മിഭിർഭ്രൂ വിലാസാൻ
ഫേനൈർഹാസശ്രിയമപി മുഖേ വ്യഞ്ജയന്തീ സ്രവന്തീ
ആത്മാസങ്ഗേ ജനയതി രുചിം ഭർത്തുരന്യാസ്വദൃശ്യൈഃ
സ്വേദച്ഛേദൈരുദയിഭിരസൗ സ്വച്ഛമുക്താച്ഛലേന.”
എന്ന ശ്ലോകം അർത്ഥചമൽക്കാരത്തിനും ഉദാഹരണമായി അങ്ഗീകരിക്കാവുന്നതാണു്. ചില ശ്ലോകങ്ങൾ നാളികേരപാകത്തിൽ വിരചിതങ്ങളാകയാൽ അല്പമേധസ്സുകൾക്കു് അർത്ഥഗ്രഹണത്തിന്നു ക്ലേശമുണ്ടു്. എന്നാൽ വൈദുഷ്യമുള്ളവർക്കു് അവയുടെ രസം അമൃതോപമവുമാണു്.

9.13.3വ്യാഖ്യാനങ്ങൾ
ശുകസന്ദേശത്തിന്റെ വ്യാഖ്യാനങ്ങളിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്നതു കോഴിക്കോട്ടു പടിഞ്ഞാറേക്കോവിലകത്തു മാനവേദരാജാവിന്റെ വിലാസിനിയാകുന്നു. വിലാസിനീകാരൻ കൊല്ലം 940 മുതൽ 1015 വരെ ജീവിച്ചിരുന്നു. ഏറാൾപ്പാടായതിന്നു മേലാണു മരിച്ചതു്. വിലാസിനിയിൽ താഴെ ഉദ്ധരിക്കുന്ന പ്രസ്താവന കാണുന്നു.

“ശൃങ്ഗാരശർക്കരാക്ഷോദസങ്ഗാതിമധുരാകൃതി
ജയതി പ്രഥിതം കാവ്യം ശുകസന്ദേശസംജ്ഞിതം.
തസ്യാതിമോഹനഗഭീരതരാർത്ഥജാത–
സമ്പൂരിതോദരസമുദ്ഗസഹോദരേണ
ദ്വാരാപിധാനശകലോദ്ധരണപ്രവീണാം
ശ്രീമാനവേദനൃപതിർവിവൃതിം കരോതി.
ലക്ഷ്മിദാസകവീശ്വരേണ ഭണിത–
സ്സന്ദേശകാവ്യാചലോ
ഗൂഢാർത്ഥോഛ്റയദുർഗ്ഗമോഽദ്യധിഷണാ–
ശക്ത്യാ മയാരുഹ്യതേ
ശ്രാന്തശ്ചേൽ പതിതോന്തരാ ഗുരുകൃപാ–
യഷ്ടിം ഗരിഷ്ഠാം തദാ
വിഷ്ടഭ്യാധികകൃഛ്റതഃ സ്ഥവിരവദ്–
ഗന്താസ്മി ചാധിത്യകാം.
ലക്ഷ്മീദാസകവേരുദാരവചസ–
സ്സന്ദേശകാവ്യാങ്ഗജോ
ബഹ്വർത്ഥശ്രുതവൃത്തിമണ്ഡനഗുണ
ശ്രീമാനവേദാന്നൃപാൽ
ജാതാമദ്യ വിലാസിനീം സഹൃദയാം
ഗൃഹ്ണൻ ബുധേഭ്യോധികം
ദത്വാർത്ഥാൻ ദൃഡരക്ഷിതാൻ ജനയതാ–
ദാനന്ദമസ്യാം സദാ.”
വ്യാഖ്യാതാവു ശ്രീരങ്ഗനാഥനെന്ന ഗുരുവിനേയും ഉഴുത്തിരവാരിയർ, ശേഖരവാരിയർ എന്നീ രണ്ടു സതീർത്ഥ്യന്മാരെയും സ്മരിക്കുന്നു. രങ്ഗനാഥൻ ഒരു ദ്രാവിഡബ്രാഹ്മണനാണു്. അദ്ദേഹം ന്യായത്തിൽ ദിനകരിക്കു് ഒരു വ്യഖ്യാനം രചിച്ചിട്ടുള്ളതിനു പുറമേ ചോളദേശീയനായ അശ്വത്ഥനാരായണ ശാസ്ത്രികൾ നിബന്ധിച്ച വ്യൂൽപത്തിവാദടിപ്പണി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടു്. അശ്വത്ഥനാരായണശാസ്ത്രികളുടെ പൗത്രനായിരുന്നു മഹാമഹോപാധ്യായൻ രാമസുബ്ബാശാസ്ത്രികൾ. രൂദ്രനും ശേഖരനും ദേശമംഗലത്തു വാരിയന്മാരാണു്. ‘തസ്യ പ്രേമപ്രസരസുരഭിസ്സുഭ്ര സന്ദേശവാണീ’ എന്ന ശ്ലോകം വ്യാഖ്യാനിക്കുമ്പോൾ മാനവേദൻ സിദ്ധാന്തകൗമുദി, തത്വബോധിനി മുതലായി താരതമ്യേന അർവ്വാചീനങ്ങളായ ഗ്രന്ഥങ്ങളിലെ വിഷയങ്ങൾ എടുത്തുകാണിയ്ക്കുന്നതിനു പുറമേ കൊല്ലം പത്താംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന വടക്കേടത്തു കൊച്ചുശങ്കരൻ മൂത്തതിനെ സ്മരിക്കുകയും ചെയ്യുന്നു. മൂത്തതു് ദേശമങ്ഗലത്തു് ഉഴുത്തിരവാരിയരുടെ ശിഷ്യനും വലിയ വൈയാകരണനുമായിരുന്നു. ഏവഞ്ച വിലാസിനീകാരൻ 680–740 ഈ കൊല്ലങ്ങൾക്കിടയ്ക്കാണു് ജീവിച്ചിരുന്നതെന്നും ആ വ്യാഖ്യാനത്തിനു് 736-ൽ എഴുതിയ ഒരു പകർപ്പുണ്ടെന്നും ഉള്ള അഭ്യൂഹം പ്രമാദമാണെന്നു വന്നുകൂടുന്നു.

9.13.4വരവർണ്ണിനി
മറ്റു വ്യാഖ്യാനങ്ങൾ പ്രാചീനങ്ങളാണു്. അവയും കേരളീയകൃതികൾതന്നെ. അവയിൽ വരവർണ്ണിനി ധർമ്മഗുപ്തന്റേതാണെന്നു മുൻപു പറഞ്ഞുവല്ലോ.

“സ്വസ്രേ പൂർവം മഹിതനൃപതേർവ്വിക്രമാദിത്യനാമ്നഃ
പോക്കാംചക്രേ തരുണജലദം കാളിദാസഃ കവീന്ദ്രഃ”
എന്നു നാം ലീലാതിലകത്തിൽ കാണുന്ന ഒരു പദ്യത്തിന്റെ പൂർവാർദ്ധം അദ്ദേഹം ഉദ്ധരിക്കുന്നതിൽനിന്നു താൻ കേരളീയനാണെന്നു നമ്മെ ഉൽബോധിപ്പിക്കുന്നു.

“ലക്ഷ്മീദാസകവേഃ ക്വ ലജ്ജിതവിയദ്ഗങ്ഗാതരങ്ഗാഗിരഃ?
ക്ലിഷ്ടോന്മേഷതയാനുദീർണ്ണവിഷയാ ദൃഷ്ടിഃ ക്വ ചാസ്മാദൃശാം?
താസാമേവ തഥാപി വീക്ഷ്യ വികടോല്ലാസപ്രസാദം ഗുണം
വ്യാഖ്യാനേ പ്രയതാമഹേ; സഹൃദയാസ്തത്ര പ്രസീദന്തു നഃ
ഭാങ്കാരമാത്രേ കതിചിൽ പ്രവൃത്താഃ;
പര്യായദാനേപി പരേ കൃതാർത്ഥാഃ;
സംവാദവാചൈവ വിവൃണ്വതേഽന്യേ
വ്യാഖ്യാകൃതഃ, കിന്ന്വിയതാ ഫലം നഃ?
ലക്ഷ്മീദാസപദേന ലോകവിദിതഃ കാവ്യേഷു ലബ്ധശ്രമോ
ഭാരത്യാ സഹ വശ്യയാ പരിലസൻ യസ്യ പ്രബന്ധാ കവിഃ
ശൃങ്ഗാരസ്സ ച ഗോചരസ്സഹൃദയശ്ലാഘ്യോ രസഗ്രാമണീ–
സ്സർവോത്തീർണ്ണതയേദമുല്ലസതി നസ്സന്ദേശകാവ്യാമൃതം.”
വരവർണ്ണിനി എന്ന പേർ വ്യാഖ്യാനത്തിനു കൊടുത്തതു തന്നെ യുവതി സാധർമ്മ്യം കൊണ്ടും വരവസ്തുവിന്റെ വർണ്ണനം കൊണ്ടുമാണെന്നു കൂടി അദ്ദേഹം പറവാൻ ഭാവമുണ്ടു്. അതിലൊന്നും അതിശയോക്തിസ്പർശമില്ല. ഒരു സന്ദേശത്തിൽ അടങ്ങിയിരിക്കേണ്ട പന്ത്രണ്ടു പ്രകരണങ്ങളെക്കുറിച്ചു് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടല്ലോ. തന്റെ വ്യാഖ്യാനം പതിമ്മൂന്നു പരിച്ഛേദങ്ങളായി ആ പണ്ഡിതൻ വിഭജിക്കുന്നു. അതിൽ ആദ്യത്തേതു് അവതരണികാരൂപത്തിലുള്ളതും ഒടുവിലത്തേതു പ്രമേയപരിനിഷ്ഠാപനവുമാണു്.

9.13.5ചിന്താതിലകം
വാസുദേവശിഷ്യനായ ഗൗരീദാസന്റെ ചിന്താതിലകമാണു് മൂന്നാമത്തെ വ്യാഖ്യാനം. അതു് ഇങ്ങനെ ആരംഭിക്കുന്നു.

“സ്വപ്നാവസ്ഥാസദൃശമഖിലം ബോധയൻ ദൃശ്യമാന
സ്വപ്നോത്ഥൈകപ്രിയസഹചരീതീവ്രവിശ്ലേഷദുഃഖം
ചക്രേ ചക്രപ്രഹരണരതഃ കോപി ധാത്രീസുരേന്ദ്ര–
ശ്ചക്രദ്വന്ദ്വപ്രതിമതുലനാരൂലികാം മൂലികാം നഃ”
9.13.6വ്യാകൃതി
അജ്ഞാതനാമാവായ ഒര പണ്ഡിതന്റെ കൃതിയാണു് ശുകസന്ദേശവ്യാകൃതി. സന്ദേശകാവ്യങ്ങളിലേ ദ്വാദശപ്രകരണങ്ങളെപ്പറ്റി അദ്ദേഹവും പ്രസ്താവിക്കുന്നു. വ്യാകൃതിയോ വരവർണ്ണിനിയോ അവയിൽ പ്രാചീനതരമെന്നു നിർണ്ണയിക്കുവാൻ പ്രയാസമുണ്ടു്. എന്നാൽ വ്യാകൃതികാരനു കാവ്യത്തിലെ നായികയെപ്പറ്റി ചില പുതിയ വിവരങ്ങൾ നമ്മെ ധരിപ്പിക്കുവാനുണ്ടു്. രങ്ഗലക്ഷ്മി എന്നാണു നായികയുടെ പേരെന്നും കാവ്യത്തിലെ “സ്ഫുടമഭിദധത്യദ്ഭൂതാങ്ഗീമഥാന്യേ സങ്ഗീതാർത്ഥപ്രണയനവിദഃ പ്രേക്ഷകാ രങ്ഗലക്ഷ്മീം” എന്ന ഭാഗം അതിനു ലക്ഷ്യമാണെന്നും, ആ സുന്ദരി ഒരു നർത്തകിയായിരുന്നു എന്നും “വാണിവീണാരവസഹചരീ വാണീനീനാം ശിഖാ യാ” (II-31) എന്ന പദ്യാംശം അതിനു സാക്ഷ്യം വഹിക്കുന്നു എന്നുമാണു് അദ്ദേഹം പ്രസ്താവിക്കുന്നതു്. അതു് വിശ്വസനീയമായിരിക്കുന്നു. എന്നാൽ രങ്ഗലക്ഷ്മി എന്നതു ഒരു ബിരുദനാമമെന്നാണു് എന്റെ പക്ഷം. ഉത്തരസന്ദേശത്തിൽ ‘വർണ്ണഃ സ്വർണ്ണാംബുജവിരജസാം’ എന്നതിനും ‘അന്തർവ്രീളാം’ എന്നതിനും ഇടയ്ക്കുള്ള ഒരു പ്രക്ഷിപ്തപദ്യമാണു്.

“വക്ത്രേ പദ്മം ദൃശി കുവലയം കൈരവം മന്ദഹാസേ
ഹസ്തേ രക്തോൽപലമപി വപുഃ പ്രേക്ഷ്യ സങ്ഗൃഹ്യ സഖ്യഃ
അപ്ഫുല്ലേതി സ്ഫുടമഭിദധത്യദ്ഭൂതാംഗീമഥാന്യേ
സങ്ശീതാർത്ഥപ്രണയനവിദഃ പ്രേക്ഷകാ രങ്ഗലക്ഷ്മീം.”
എന്നു വ്യാകൃതികാരൻ നിർദ്ദേശിക്കുന്നു. അതു പ്രക്ഷിപ്തമെന്നു തീർച്ചപ്പെടുത്തേണ്ടതില്ല. അപ്ഫുല്ലാ എന്നാൽ ജലത്തിൽ വികസിച്ചവളെന്നർത്ഥം. അതു് ഏതോ ഒരു ഭാഷാസംജ്ഞയുടെ സംസ്കൃതരൂപം പോലെ തോന്നുന്നു. അതായിരിക്കാം നായികയുടെ യഥാർത്ഥനാമധേയം.

ഈ വ്യാഖ്യാതാക്കന്മാർക്കെല്ലാം ലക്ഷ്മീദാസനെപ്പറ്റി എത്രമാത്രം ബഹുമാനമുണ്ടായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. വിശാഖം തിരുനാൾ തിരുമനസ്സുകൊണ്ടു് ഈ സന്ദേശം സ്വന്തം ഇങ്ഗ്ലീഷ് ടിപ്പണിയോടും വലിയ കോയിത്തമ്പുരാന്റെ സംസ്കൃതടിപ്പണിയിൽ ഏതാനും ഭാഗത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുകയുണ്ടായി എന്നും ഇവിടെ വക്തവ്യമാണു്.
9.14മുക്തകങ്ങൾലക്ഷ്മീദാസന്റെ രണ്ടു് ഒറ്റ ശ്ലോകങ്ങൾ നമുക്കു കിട്ടീട്ടുണ്ടു്. അവ താഴേക്കാണുന്നവയാണു്. നിദ്ര

“വിദ്യാഭിലാഷകുപിതാം നിജബാലസഖ്യാ
തന്ദ്യാ കഥഞ്ചിദനുനീയ സമീപനീതാം
ചേതോഹരാം പ്രണയിനീമഖിലേന്ദ്രിയേഷ്ടാം
നിദ്രാം പ്രസാദയിതുമേവ നമസ്കരോമി.”
മലയവായു

“അമീ തടസമീപനിർഝരതരങ്ഗരി ങ്ഖൽപയോ–
ജഡീകൃതപടീരഭൂരുഹകുടീരസഞ്ചാരിണഃ
മനോ വിധുരയന്തി മേ മലയമേഖലാമേദുരാ
ദുരാസദവനപ്രിയപ്രിയതമാരുതാ മാരുതാഃ.”
9.15മൂഷികവംശം9.15.1അതുലൻ
പ്രാചീനകേരളത്തെ പരാമർശിക്കുന്നതും പണ്ടത്തേ കോലത്തുനാട്ടുരാജാക്കന്മാരുടെ വംശത്തേയും അപദാനങ്ങളേയും അനുകീർത്തനം ചെയ്യുന്നതുമായ ഒരു സംസ്കൃതമഹാകാവ്യമാകുന്നു മൂഷികവംശം. ഈ കാവ്യത്തിന്റെ പതിനഞ്ചു സർഗ്ഗങ്ങൾ കണ്ടുകിട്ടീട്ടുണ്ടു്. പതിനഞ്ചാമത്തേതാണു് ഒടുവിലത്തെ സർഗ്ഗമെന്നു് അനുമാനിക്കുന്നതിനു് ന്യായങ്ങളുമുണ്ടു്. ശ്രീകണ്ഠൻ എന്ന ഒരു കോലത്തിരിരാജാവിന്റെ രാജ്യഭാരവർണ്ണനമാണു് പതിനഞ്ചാം സർഗ്ഗത്തിലെ വിഷയം. ആ ശ്രീകണ്ഠൻ പ്രഥമാരാജേന്ദ്രചോളൻ കേരളദിഗ്വിജയത്തിൽ പരാജിതനാക്കിയ കന്ത (ണ്ഠ) ൻ കാരിവർമ്മനാണെന്നു് ഊഹിക്കാം. രാജേന്ദ്രചോളന്റെ വാഴ്ചക്കാലം ക്രി. പി. 1012 മുതൽ 1043 വരെയായിരുന്നതിനാൽ ഏകദേശം അക്കാലത്താണു് ശ്രീകണ്ഠൻ ജീവിച്ചിരുന്നതെന്നുള്ളതിനു സംശയമില്ല. മൂഷികവംശത്തിന്റെ നിർമ്മാതാവു് ‘അതുലൻ’ എന്നൊരു കവിയാണെന്നുള്ളതു ഗ്രന്ഥത്തിൽ കാണുന്ന “അതുലകൃതൗ മൂഷികവംശേ ദ്വിതീയസർഗ്ഗഃ” എന്ന കുറിപ്പിൽനിന്നു വെളിപ്പെടുന്നു. അതുലനും ശ്രീകണ്ഠനും സമകാലികന്മാരായിരുന്നു എന്നുള്ളതും നാം മൂഷികവംശത്തിൽ നിന്നു ഗ്രഹിക്കുന്നു. ഇത്രയും പ്രസ്താവിച്ചതിൽനിന്നു മൂഷികവംശത്തിന്റെ ആവിർഭാവം ഉദ്ദേശം ക്രി. പി. പതിനൊന്നാം ശതകത്തിന്റെ പൂർവാർദ്ധത്തിലാണെന്നു കാണാവുന്നതാണു്.

9.15.2വിഷയം
അന്തർവത്നിയായ ഒരു കേരളരാജ്ഞി ഏഴിമലയിൽ കോലവംശത്തിന്റെ കൂടസ്ഥനായ രാമഘടനെ പ്രസവിക്കുന്നതാണു് കഥയുടെ ആരംഭം. രാമഘടൻ, നന്ദനൻ മുതലായി പല കോലത്തിരിമാരുടേയും ചരിത്രം കവി വർണ്ണിക്കുന്നു. ആ കൂട്ടത്തിൽ പെരിഞ്ചെല്ലൂർ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാപകനായ ശതസോമൻ, കേരളേശ്വരനായ ജയരാഗന്റെ പുത്രനും കോലാധിപനായ രണമാനിയുടെ മരുമകനുമായ ഗോദവർമ്മാവു് ഇവരെപ്പറ്റിയും പ്രസ്താവിക്കുന്നുണ്ടു്. അച്ഛനും അമ്മാവനും തമ്മിൽ ആരംഭിച്ച ഒരു യുദ്ധം ഗോദർമ്മാവു പോർക്കളത്തിന്റെ മധ്യത്തിൽ നിന്നുകൊണ്ടു സമാധാനത്തിൽ കലാശിപ്പിച്ചു. ജയരാഗൻ ക്രി. പി. ഉദ്ദേശം 900 മുതൽ 912 വരെ കേരളം രക്ഷിച്ച വിജയരാഗദേവനാകുന്നു. പിന്നീടും പല രാജാക്കൻമാരുടെ വാഴ്ചയെപ്പറ്റി സൂചിപ്പിച്ചതിനുമേൽ ദ്വിതീയവളഭൻ എന്ന പ്രശസ്യനായ രാജാവിന്റെ ചരിത്രം വിവരിക്കുന്നു. അക്കാലത്തു ഭവനെന്നും നന്ദിയെന്നും പേരിൽ രണ്ടു പണ്ഡിതമൂർദ്ധന്യന്മാരായ നമ്പൂരിമാർ പെരിഞ്ചെല്ലൂരിൽ ജീവിച്ചിരുന്നു.

“യത്ര ദ്വിജന്മതിലകൗ ഭവനന്ദിസംജ്ഞാ–
വക്ഷീയമാണഗുണരത്നചയാവഭൂതാം
മോഹാപനോദകരണാർത്ഥമിഹ പ്രജാനാം
ശുക്രശ്ച ശക്രസചിവശ്ച ദിവോവതീർണ്ണൗ”
എന്നാണു് കവി അവരെപ്പറ്റി പറയുന്നതു്. വളഭൻ സ്മാർത്തമതാവലംബിയായിരുന്നു എങ്കിലും കോലത്തുനാട്ടിനും കൊടുങ്ങല്ലൂരിനും ഇടയ്ക്കു സമുദ്രതീരത്തിൽ അക്കാലത്തു സ്ഥിതിചെയ്തിരുന്നതും പിന്നീടു് കടലെടുത്തുപോയതുമായ ശ്രീമൂലവാസത്തിലേക്കു പോയി അവിടത്തെ ‘അതികാരുണികനായ സുഗതനെ’ (ബുദ്ധഭഗവാനെ) അഭിവന്ദിക്കുകുയും ശ്രേഷ്ഠന്മാരായ ‘ജൈന’ (ബൗദ്ധ) ജനങ്ങളുടെ ആശിസ്സു സ്വീകരിക്കുകയും ചെയ്തു. ഈ വളഭന്റെ അനുജനാണു് കവിയുടെ പുരസ്കർത്താവായ ശ്രീകണ്ഠൻ. അദ്ദേഹത്തെ അതുലൻ

“പീനോന്നതസ്ഥിരതരാംസതടം പ്രലംബ–
ജ്യാഘാതലാഞ്ഛിതകഠോരതരപ്രകോഷ്ഠം
കൗക്ഷേയകത്സരുകിണാങ്കതലാങ്ഗുലീകം
യദ്ബാഹുദണ്ഡമജിതം ഭജതേ ജയശ്രീഃ”

“കല്പദ്രുമഃ പ്രണയിനാം, സുഹൃദാം ശശാങ്കോ,
ബന്ധുസ്സതാം, സദനമംബുജദേവതായാഃ
വർഗ്ഗസ്യ യസ്സമിതി വിദ്വിഷതാം കൃതാന്തഃ,
കാന്തജനസ്യ ഭഗവാനപി പുഷ്പകേതുഃ”
എന്നും മറ്റും പല പ്രകാരത്തിൽ വർണ്ണിക്കുന്നുണ്ടു്. ആകെക്കൂടി നോക്കുമ്പോൾ മൂഷികവംശത്തിനു കാവ്യമെന്നും ദേശചരിത്രമെന്നും രണ്ടു നിലകളിൽ അഭിനയന്ദനീയമായ സ്ഥാനമാണുള്ളതു്.
9.16വില്വമങ്ഗലത്തു സ്വാമിയാർ >9.16.1ഉപക്രമം
ശങ്കരാചാര്യരെ കഴിച്ചാൽ വില്വമങ്ഗലത്തു സ്വാമിയാരോളം അഖിലഭാരതപ്രശസ്തി മറ്റൊരു കേരളീയനും സമ്പാദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജന്മഭൂമി വങ്ഗദേശമാണെന്നും ഉൽകല (ഒറീസ്സ) മാണെന്നും ആന്ധ്രമാണെന്നും മറ്റും അതാതു ദേശക്കാർ വാദിക്കുന്നു. അഞ്ചോളം വില്വമങ്ഗലത്തു സ്വാമിയാരന്മാരെ ചില കേരളീയരും സിദ്ധിവൽക്കരിക്കുന്നു. എന്റെ പക്ഷം ആ പേരിൽ ഒരു പുണ്യശ്ലോകനേ ജനിച്ചിട്ടുള്ളൂ എന്നും അദ്ദേഹത്തിന്റെ അവതാരദേശം കേരളമാണെന്നുമാകുന്നു.

9.16.2ദേശം
ആദ്യകാലത്തു പന്നിയൂർ ഗ്രാമത്തിൽ പെട്ടിരുന്ന ‘വെള്ള’ എന്ന ഗൃഹത്തിലെ ഒരു ശാഖ പിന്നീടു വടക്കൻ തിരുവിതാംകൂറിൽ പറവൂരിൽ പുത്തൻചിറയിൽ താമസിക്കുവാനിടവന്നു. വെള്ളാങ്ങല്ലൂർ കുടുംബക്കാരെന്നാണു് അവരെ പറഞ്ഞുവന്നതു്. അവരുടെ പല കുടുംബങ്ങളിൽ ഒന്നിലാണു വില്വമങ്ഗലത്തിന്റെ ജനനം. വില്വമങ്ഗലമെന്നല്ല വില്ലുമങ്ഗലമെന്നായിരുന്നു ഇല്ലപ്പേർ. അതിനെ സംസ്കൃതീകരിച്ചു കോദണ്ഡമങ്ഗലം എന്നും പറയാറുണ്ടു്. ഇല്ലം ഇപ്പോളില്ല; ഇല്ലപ്പറമ്പും വില്വമങ്ഗലം വക ക്ഷേത്രവും മേച്ചേരി മനയ്ക്കലേക്കു് അടങ്ങിയിരിക്കുന്നു. പാറമേൽ തൃക്കോവിൽ ശ്രീകൃഷ്ണക്ഷേത്രം ആ സിദ്ധന്റെ പ്രതിഷ്ഠയാലും ഭജനത്താലും പവിത്രമാണു്. വില്വമങ്ഗലത്തുപാടം എന്ന പേരിൽ ഒരു വലിയ പാടവും പുത്തൻചിറയിലുണ്ടു്.

9.16.3ചരിത്രം
സ്വാമിയാരുടെ അച്ഛൻ ദാമോദരനും അമ്മ നീലിയുമായിരുന്നു എന്നു ശ്രീകൃഷ്ണകർണ്ണാമൃതത്തിന്റെ പ്രഥമാശ്വാസത്തിലുള്ള

“ഈശാനദേവചരണാഭരണേന നീലി–
ദാമോദരസ്ഥിരയശഃസ്തബകോദ്ഗമേന
ലീലാശുകേന രചിതം തവ ദേവ കൃഷ്ണ–
കർണ്ണാമൃതം പഹതു കല്പശതാന്തരേപി”
എന്ന ശ്ലോകത്തിൽനിന്നു വിശദമാകുന്നതാണു്. ലീലാശുകൻ അഥവാ കൃഷ്ണലീലാശുകൻ എന്നതു ശ്രീകൃഷ്ണന്റെ ബാലലീലകളെപ്പറ്റി ശ്രീകൃഷ്ണകർണ്ണാമൃതത്തിൽ അമൃതമധുരമായി ഗാനം ചെയ്യുക നിമിത്തം അദ്ദേഹത്തിനു സമകാലികന്മാരായ സഹൃദയന്മാർ നൽകിയ ബിരുദനാമമാണെന്നു ഊഹിക്കാം. പിതൃദത്തമായ പേരെന്തെന്നു് അറിയുന്നില്ല. ഈശാനദേവൻ എന്നതു് അദ്ദേഹത്തിന്റെ ഒരു ഗുരുവിന്റെ നാമധേയമാണെന്നു മുൻപു് ഉപപാദിച്ചിട്ടുണ്ടു്. കർണ്ണാമൃതം ആരംഭിക്കുന്നതു്

“ചിന്താമണിർജ്ജയതി സോമഗിരിർഗ്ഗുരുർമ്മേ
ശിക്ഷാഗുരുശ്ച ഭഗവാൻ ശിഖിപിഞ്ഛമൗലിഃ”
ഇത്യാദി ശ്ലോകം കൊണ്ടാണല്ലോ. ആദ്യത്തെ പാദം വ്യാഖ്യാനിക്കുമ്പോൾ രാമചന്ദ്രബുധേന്ദ്രൻ തന്റെ ഭഗവൽഭക്തിരസായനവ്യാഖ്യയിൽ “അഥ ഖല്വത്ര ഭഗവാൻ സകലകലാകലാപവാഗ്വിലാസവാചസ്പതിർഭഗവദ്ഭക്താഗ്രഗണ്യഃ കൃഷ്ണലീലാശുകമുനിനിർന്നാമ മഹാകവിഃ…മേ, മമ ഗുരുർഹിതോപദേശികാ ചിന്താമണിർന്നാമ; പൂർവം സ്വേനൈവോപഭുക്താ കാചിദ്വാരാങ്ഗനാ ജയതി…അഥവാ ചിന്താമണിരിതിസോമഗിരേർവിശേഷണം. ചിന്താമണിവദഭീഷ്ടപ്രദാതൃത്വാൽ, ചിന്താമണിർമ്മേ ഗുരുഃ മഹാവാക്യോപദേഷ്ടാ…ഗുരുസമ്പ്രദായപ്രവർത്തകഃ പരമഹംസപരിവ്രാജകാചാര്യസ്സോപി ജയതി” എന്നു് അർത്ഥവിവരണം ചെയ്യുന്നു. പാപായല്ലയസൂരി അദ്ദേഹത്തിന്റെ സുവർണ്ണചഷകവ്യാഖ്യയിലും ഈ മതത്തെത്തന്നെ അങ്ഗീകരിക്കുന്നു. ഈ വ്യാഖ്യാതാക്കന്മാർ രണ്ടുപേരും ആന്ധ്രന്മാരാണു്. ചിന്താമണി ഒരു വേശ്യയും സോമഗിരി ഒരു താന്ത്രികസമ്പ്രദായപ്രവർത്തകനുമായിരുന്നു എന്നതാകുന്നു വിദഗ്ദ്ധാഭിപ്രായം.

9.16.4വില്വമങ്ഗലവും ചിന്താമണിയും
ഭക്തമാലയിൽ ഇവരെ ഘടിപ്പിച്ചു് ഒരൈതിഹ്യം രേഖപ്പെടുത്തീട്ടുള്ളതു സങ്ഗ്രഹിച്ചുകൊള്ളട്ടെ. ചിന്താമണി വില്വമങ്ഗലത്തിന്റെ വെപ്പാട്ടിയായ ഒരു വേശ്യയായിരുന്നു. വില്വമങ്ഗലം കൃഷ്ണാനദിയുടെ ഒരു കരയിലും ചിന്താമണി മറുകരയിലും താമസിച്ചിരുന്നു. തന്റെ അച്ഛന്റെ ചാത്തമാകയാൽ ഒരു ദിവസം അദ്ദേഹത്തിനു് അവളെ വിട്ടു സ്വഗൃഹത്തിലേക്കു പോകേണ്ടിവന്നു. അന്നു വേശ്യാഗൃഹത്തിൽ പോകുകയില്ലെന്നായിരുന്നു ആദ്യത്തെ പ്രതിജ്ഞയെങ്കിലും, രാത്രിയിൽ കാമോന്മാദം സഹിക്കവയ്യാതെ, മിന്നലും ഇടിയും മഴയും കൂട്ടാക്കാതെ, പുഴ കടന്നു് എങ്ങനെയെങ്കിലും ചിന്താമണിയുടെ മുന്നിൽ ചാടിവീഴണമെന്നു് അദ്ദേഹം തീർച്ചയാക്കി. പെരുവെള്ളത്തിൽ ഒഴുകുന്ന ഒരു ശവശരീരത്തെ തോണിയെന്നു സങ്കല്പിച്ചു് അതിൽ പറ്റിപ്പിടിച്ചു പുഴയുടെ മറുകരയിൽ എത്തി. വേശ്യ വെളിയിലത്തെ കതകു് അടച്ചിരുന്നു. കാമുകനാകട്ടെ ചുമരിൽ തൂങ്ങികിടന്ന ഒരു സർപ്പത്തെക്കണ്ടു കയറാണെന്നു ഭ്രമിച്ചു് അതിൽ കടന്നു പിടിച്ചുകയറി അകത്തു കടന്നുകൂടി. ചിന്താമണി അദ്ദേഹത്തിന്റെ ആഗമനത്തിൽ ആശ്ചര്യപ്പെട്ടു വെളിയിൽ ചെന്നുനോക്കിയപ്പോൾ അദ്ദേഹത്തെ നയിച്ച വാഹനങ്ങൾ ശവവും സർപ്പവുമാണെന്നു മനസ്സിലാക്കി അവയെ കാണിച്ചുകൊടുക്കുകയും അത്തരത്തിലുള്ള അത്യുൽക്കടമായ പ്രേമം ശ്രീകൃഷ്ണന്റെ നേർക്കായിരുന്നാൽ എത്ര നന്നായിരിക്കുമായിരുന്നു എന്നു് ഉപദേശിക്കുകയും ചെയ്തു. അതു കേട്ടു വില്വമംഗലം അവളോടു് “ഇന്നുമുതൽ നീ എനിക്കു് ആചാര്യയും അമ്മയുമാണു്” എന്നു പറഞ്ഞുകൊണ്ടു് അവിടം വിട്ടുപോയി അടുത്തു താമസിച്ചിരുന്ന സോമഗിരിയോടു ശ്രീകൃഷ്ണമന്ത്രോപദേശം സ്വീകരിച്ചു. വില്വമങ്ഗലത്തെപ്പറ്റിയുള്ള അനന്തരകഥ വിസ്തരിക്കുന്നില്ല. ഒടുവിൽ താപസിയായിത്തീർന്ന ചിന്താമണി അദ്ദേഹത്തിന്റെ അന്ത്യകാലപരിചര്യയ്ക്കു് എത്തുകയും രണ്ടുപേരും വൃന്ദാവനത്തിൽ താമസിച്ചു സായൂജ്യം പ്രാപിക്കുകയും ചെയ്തു എന്നാണു് അതിന്റെ അവസാനം. ചിലർ ഈ സംഭവങ്ങൾ നടന്നതു കേരളത്തിൽ വെച്ചു തന്നെയാണെന്നും ചിന്താമണി കരൂപ്പടന്നയ്ക്കു സമീപം കാക്കത്തുരുത്തിയിലുള്ള ഒരു നായർ സ്ത്രീയായിരുന്നു എന്നും പറയുന്നു. ഏതായാലും ഒരു സങ്ഗതി നിശ്ചയമാണു്. വില്വമങ്ഗലം ഒരു വലിയ ദേശഞ്ചാരിയായിരുന്നു. ഭാരതത്തിൽ അദ്ദേഹത്തിന്റെ പാദപാംസുക്കളാൽ പല പ്രദേശങ്ങളും പവിത്രകൃതങ്ങളായിട്ടുണ്ടു്. വളരെക്കാലം മുമ്പു മുതൽക്കു തന്നെ ഈ പ്രണയകഥയ്ക്കു് അവിടെയെല്ലാം പ്രചാരവും സിദ്ധിച്ചിട്ടുണ്ടു്. ഒടുവിലാണു് തൃശ്ശൂർ തെക്കേമഠത്തിലെ സ്വാമിയാരായി അദ്ദേഹം അവരോധിക്കപ്പെട്ടതു്.

9.16.5ഗുരുക്കന്മാർ
ഈശാനദേവനേയും സോമഗിരിയേയും പറ്റി പ്രസ്താവിച്ചുകഴിഞ്ഞു. ആദിത്യപ്രജ്ഞൻ എന്നൊരു ഗുരുവും വില്വമങ്ഗലത്തിന്നുണ്ടായിരുന്നതായി കാണുന്നു.

“അജ്ഞാനദമനജ്യോതിഃ പ്രജ്ഞേശാനപദാസ്പദം
ആലംബിതനാരാകാരമാലംബനമഭൂൽ സതാം.

അമുഷ്യ കരുണാപാത്രമസ്തി മസ്കരിണാം മണിഃ
ആദിത്യപ്രജ്ഞസംജ്ഞം യദാദിത്യാദധികം മഹഃ
നിർജ്ജിതസ്സമദൃഷ്ട്യൈവ നിർല്ലോലം യേന മന്മഥഃ
ആർജ്ജിതൈരസ്രുകുസുമൈരാരാദാരാധയൻ യയൗ
ഈശാനദേവ ഇത്യാസീദീശാനോ മുനി തേജസാം
ആസ്പദസ്യ ഹി യസ്യാസീദീശാനഗുണസമ്പദാം
ആദ്വിതീയ ഇതി ഖ്യാതിരാത്മബുദ്ധ്യാ ന കേവലം
തയോരനുഗ്രഹാപാങ്ഗസംക്രാന്തജ്ഞാനസാഗരാഃ
സാഗരാ ഇവ ഗംഭീരാസ്സന്തി ധന്യാസ്സഹസ്രശഃ

തയോരേവ കൃപാപാത്രം കൃഷ്ണലീലാശുകോ മുനിഃ;
യദാശ്രമാങ്ഗണേ നിത്യം രമന്തേ തന്ത്രവിസ്തരാഃ.
തിലകം കലാപാലീനാം നീലീതി നിലയം ശ്രിയാം
യമലം ജനയാഞ്ചക്രേ യഞ്ച കീർത്തിഞ്ച ശാശ്വതീം.
യസ്യ ദാമോദരോ നാമ പിതാ സവിതൃസന്നിഭഃ
അനൃണസ്യ ഹി യസ്യാസന്നധർമണ്ണാ മരുദ്ഗണാഃ
യസ്യ തൽ പ്രിയസർവസ്വം രാഘവേശാനസംജ്ഞകം
വിനേയസ്സ വിധേയാനാം സുഹൃൽ…
യസ്യ ദക്ഷിണകൈലാസലീലാപരിണതം മഹഃ
ചർച്ചാചന്ദനഗന്ധേന സുഗന്ധയതി മാനസം.
കൃഷ്ണലീലാശുകസ്യാസ്യ കിശോരമധിദൈവതം
ശ്രുതിരത്നമിദം ബ്രൂ തേ വേണുവാദിമുഖേന്ദുനാ”
എന്നു സ്വാമിയാർ ബാലകൃഷ്ണസ്തോത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. ഇതിൽ നിന്നു പ്രജ്ഞേശാനൻ എന്നൊരു സിദ്ധൻ ജീവിച്ചിരുന്നു എന്നും അദ്ദേഹത്തിനു് ആദിത്യപ്രജ്ഞനെന്നൊരു ശിഷ്യനും ഈശാനദേവൻ എന്നൊരു പ്രശിഷ്യനുമുണ്ടായിരുന്നു എന്നും അവരുടെ കരുണയ്ക്കു കൃഷ്ണലീലാശുകൻ പാത്രമായെന്നും അദ്ദേഹത്തിനു രാഘവേശാനൻ എന്നൊരു സുഹൃത്തു കൂടിയുണ്ടായിരുന്നു എന്നും തൃശ്ശൂരിലെ ദേവനെ അദ്ദേഹം ആരാധിച്ചിരുന്നു എന്നും നാമറിയുന്നു.

9.16.6കാലം
കുറഞ്ഞ പക്ഷം മൂന്നു പേരെങ്കിലും വില്വമങ്ഗലത്തു സ്വാമിയാർ എന്ന പേരിൽ കേരളത്തിൽ ജീവിച്ചിരുന്നിരിക്കണമെന്നും അവരിൽ ആദ്യത്തെ വില്വമങ്ഗലത്തിന്റെ കാലം ക്രി. പി. ഒൻപതാം ശതകവും രണ്ടാമന്റേതു പതിമ്മൂന്നാം ശതകത്തിനോടടുത്തും മൂന്നാമന്റേതു പതിനേഴാം ശതകവുമാണെന്നത്രേ ചില പണ്ഡിതന്മാരുടെ പക്ഷം. പതിനേഴാം ശതകത്തിൽ കൃഷ്ണനാട്ടം രചിച്ച കോഴിക്കോട്ടു മാനവേദ രാജാവിന്റെ ഗുരുവായി ഒരു തെക്കേമഠത്തിൽ സ്വാമിയാരുണ്ടായിരുന്നിരിക്കാം. അദ്ദേഹം വിഷ്ണുഭക്തനുമായിരുന്നിരിക്കാം. പക്ഷെ അദ്ദേഹമല്ല ലീലാശുകൻ എന്നുള്ളതിനു സംശയമില്ല. ഞാൻ മുമ്പു സൂചിപ്പിച്ച പണ്ഡിതന്മാർ ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്ന വില്വമങ്ഗലം ശ്രീകൃഷ്ണകർണ്ണാമൃതവും ശ്രീചിഹ്നവും പതിമ്മൂന്നാം ശതകത്തോടടുത്തു ജീവിച്ചിരുന്ന വില്വമങ്ഗലം പുരുഷകാരം തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചു എന്നു വാദിക്കുന്നു. ആ വാദം ശരിയാണെങ്കിൽ കൃഷ്ണലീലാശുകബിരുദത്താൽ അലംകൃതന്മാരും കൃഷ്ണഭക്തന്മാരും വൈയാകരണശിഖാമണികളുമായി രണ്ടു വില്വമങ്ഗലന്മാരെ നമുക്കു് അധ്യാഹരിക്കേണ്ടിയിരിക്കുന്നു. അതിന്റെ ആവശ്യം കാണുന്നില്ലെന്നു മാത്രമല്ല, അശ്ചര്യകരമായ ആ സംഭവത്തിനു തെളിവുമില്ല. ദേവൻ എന്നൊരു പണ്ഡിതൻ സംസ്കൃതധാതുക്കളെ അധികരിച്ചു ദൈവം എന്നൊരു വ്യാകരണഗ്രന്ഥം കരികാരൂപത്തിൽ നിർമ്മിച്ചു. അതിനു കൃഷ്ണലീലാശുകൻ കാഞ്ചീപുരത്തുവച്ചു രചിച്ച വിശദവും വിസ്തൃതവുമായ വാർത്തികമാണു് പുരുഷകാരം.

“ഉക്താനുക്തദ്വിരുക്താനി സ്ഥാനേ സ്ഥാനേ വിവൃണ്വതാ
കൃഷ്ണലീലാശുകേനൈവം കീർത്തിതം ദൈവവാർത്തികം.
കൃഷ്ണലീലാശുകസ്യേയം കൃതിഃ കൃതിമനോഹരാ
പുഷ്ണതീ കൃഷ്ണസമ്പ്രീതീം ഭുവനാന്യഭിപുഷ്യതു”
എന്നീ ശ്ലോകങ്ങൾ അതിന്റെ അവസാനത്തിൽ കാണുന്നു. പുരുഷകാരത്തിലെ മങ്ഗലാചരണപദ്യവും ശ്രീകൃഷ്ണപരമാണു്. പുരുഷകാരത്തിൽ ഗ്രന്ഥകാരൻ ശൃങ്ഗാരപ്രകാശകർത്താവായ ഭോജദേവനേയും (ക്രി. പി. പതിനൊന്നാം ശതകം) ധാതുപാഠനിർമ്മാതാവായ ഹേമചന്ദ്രനേയും (ക്രി. പി. 1088–1172) കവികാമധേനുവിന്റെ പ്രണേതാവായ ബോപ്പദേവനേയും (പതിമ്മൂന്നാം ശതകത്തിന്റെ ഉത്തരാർദ്ധം) സ്മരിക്കുന്നു. ക്രി. പി. പതിന്നാലാം ശതകത്തിന്റെ പശ്ചാർദ്ധത്തിൽ ഗ്രന്ഥനിർമ്മാണം ചെയ്ത സായണാചാര്യർ ധാതുവൃത്തിയിൽ പുരുഷകാരത്തേയും സ്മരിക്കുന്നു. അതുകൊണ്ടു പുരുഷകാരകർത്താവായ കൃഷ്ണലീലാശുകന്റെ ജീവിതകാലം ക്രി. പി. പതിമ്മൂന്നാം ശതകത്തിന്റെ ചരമപാദത്തിനു മുമ്പല്ലെന്നു് അനുമാനിക്കാം. ശ്രീചിഹ്നത്തിന്റെ ഒടുവിലത്തെ നാലു സർഗ്ഗം രചിച്ച ദുർഗ്ഗാപ്രസാദയതി ത്രിവിക്രമന്റെ പ്രാകൃതവ്യാകരണത്തെ സ്മരിക്കുന്നു. ത്രിവിക്രമൻ ഹേമചന്ദ്രനെ ഉദ്ധരിക്കുന്നതുകൊണ്ടും മറ്റും അദ്ദേഹത്തിന്റെ കാലം പതിമ്മൂന്നാം ശതകത്തിന്റെ പ്രഥമപാദമായിരിക്കണമെന്നാണു് അഭിയുക്തമതം. ആ വഴിക്കു നോക്കുമ്പോഴും ഈ അനുമാനം സമുചിതമായിരിക്കുന്നു.

9.16.7ശ്രീചിഹ്നം
ശ്രീചിഹ്നം അഥവാ ഗോവിന്ദാഭിഷേകം വരരുചിയുടെ പ്രാകൃതപ്രകാശസൂത്രങ്ങളെ ഉദാഹരിക്കുന്നതും പന്ത്രണ്ടു സർഗ്ഗത്തിലുള്ളതുമായ ഒരു പ്രാകൃതകാവ്യമാകുന്നു. അതിൽ ആദ്യത്തെ എട്ടു സർഗ്ഗം വില്വമങ്ഗലത്തിന്റേയും ബാക്കി നാലു സർഗ്ഗം അദ്ദേഹത്തിന്റെ ‘കനിഷ്ഠകുലഗ’നും ‘ചരണാബ്ജഭൃങ്ഗ’വുമായ ദുർഗ്ഗാപ്രസാദയതിയുടേയും കൃതിയാണു്. ഗ്രന്ഥത്തിനു് ആദ്യന്തം ദുർഗ്ഗാപ്രസാദൻ തന്നെ ഭക്തിവിലാസം എന്ന പേരിൽ ഒരു വ്യാഖ്യാനവും രചിച്ചിട്ടുണ്ടു്. സർഗ്ഗാന്തശ്ലോകങ്ങളിൽ ‘ശ്രീ’ എന്ന മുദ്രയുള്ളതുകൊണ്ടാണു് പ്രസ്തുത കാവ്യത്തിനു ശ്രീചിഹ്നം എന്ന പേർ വന്നതു്. അതുപോലെ ശിശുപാലവധത്തിലേയും കിരാതാർജ്ജുനീയത്തിലേയും ഹരവിജയത്തിലേയും സർഗ്ഗാന്തശ്ലോകങ്ങളിൽ ‘ശ്രീ’ മുദ്ര മാഘനും ‘ലക്ഷ്മീ’ മുദ്ര ഭാരവിയും ‘രത്ന’ മുദ്ര രത്നാകരനും യഥാക്രമം പതിച്ചിട്ടുണ്ടെന്നുള്ളതു ഭാവുകന്മാർക്കു് അശ്രുതപൂർവ്വമല്ലല്ലോ. താഴെക്കാണുന്ന പദ്യങ്ങൾ ദുർഗ്ഗാപ്രസാദന്റെയാണു്. കവനവിഷയത്തിൽ ശിഷ്യനും ഗുരുവിനും തമ്മിൽ അജഗജാന്തരമുണ്ടു്.

“കോദണ്ഡമങ്ഗലവചോഗദിതേ ഹി ധാമ്നി
ശ്രീകൃഷ്ണദർശനപരഃ കില കർണ്ണഭൃത്യഃ [1]
ജാതഃ ക്രമേണ പരഹംസപദേ സ്ഥിതോസ്മിൻ
യോങ്കസ്ഥിതസ്തമവലോക്യ ജഗാമ തൃപ്തിം.”

“ശ്രീപദ്മപാദമുനിവര്യവിനേയവർഗ്ഗ–
ശ്രീഭൂഷണം മുനിരസൗ കവിസാർവഭൗമഃ
ശ്രീകൃഷ്ണരൂപപരാമാമൃതപാനശീല–
ശ്ചക്രേ തദീയചരിതം ബഹുധാ ഹിതായ”
(ഒന്നാം സർഗ്ഗം)
“ശ്രീകൃഷ്ണലീലാശുകബദ്ധകാവ്യം
വിവൃത്യ ലോകസ്യ ഹിതായ പൂർവ്വം
തച്ഛേഷപൂർത്തിഞ്ച പുനർവിധായ
വിവൃണ്മഹേഽഥോത്തരഭാഗമേതം.”
(ഒൻപതാം സർഗ്ഗം)
“മുക്തിസ്ഥലാലയശിവാപദഭക്തിലേശാ–
ദ്ദുർഗ്ഗപ്രസാദയതിരിത്യഭിധാം ദധാനഃ
കർത്താ സ്വയം സുകൃതമാത്രഫലാന്യഭീപ്സുഃ
കൃഷ്ണേർപ്പയാമ്യഥ വിശുദ്ധികരാ മഹാന്തഃ.”
(പന്ത്രണ്ടാം സർഗ്ഗം)
“ചാപമങ്ഗലഗൃഹോ യതീശ്വരോ
ബില്വമങ്ഗലഗൃഹോ വാ ഭവതി യഃ
മമ ഏഷ പരിചാരകാരണാൽ
ബ്രഹ്മതാമുപഗതഃപ്രസീദതു.”
(ടി – ഛായ)
ഈ പദ്യങ്ങളിൽനിന്നു ശ്രീചിഹ്നം ലീലാശുകന്റെ ഒടുവിലത്തെ കൃതിയായിരുന്നു എന്നും, അതു സമാപിക്കുന്നതിനുമുമ്പു് അദ്ദേഹം ബ്രഹ്മസായുജ്യം പ്രാപിച്ചു എന്നും, എട്ടാം സർഗ്ഗത്തിനു മേലുള്ള ഭാഗം നിർമ്മിച്ച ദുർഗ്ഗാപ്രസാദൻ ആദ്യം മുക്കോലബ്ഭഗവതിയുടെ ഉപാസകനായിരുന്നു എന്നും പിന്നീടു ലീലാശുകന്റെ അന്തേവാസിയായി ആദ്യം ശ്രീചിഹ്നം എട്ടു സർഗ്ഗം വ്യാഖ്യാനിക്കുകയും പിന്നീടു് അതു പൂരിപ്പിക്കുകയും ചെയ്തു എന്നും നാമറിയുന്നു.

“പല്യങ്കിതഃ പൂർവപകാരശോഭി–
ദ്വിരൂപതോപേതടവർണ്ണ ഏഷഃ
പ്രവക്തി യേഷാം ഖലു നാമധേയ–
മാഗസ്ത്യകഗ്രാമഭുവം ഗതാനാം.

ഗൃഹേഷു യേ ദക്ഷിമാഭാഗസംജ്ഞേ
തേഷൂപജാതാത്മകളേബരേഷു
മോക്ഷാശ്രമീ; തേന പരം നിബദ്ധാ
വ്യാഖ്യാ മുദാ ശോധകസദ്ബലേന.

കോകാരട മകാരശ്ച ണത്വദ്വിത്വോപശോഭിതഃ
ക്രമാദ്ഭവതി യോ രാമസ്സഹകാരീ സ വൈഷ്ണവഃ”
എന്ന പദ്യങ്ങളിൽ നിന്നു സന്യാസസ്വീകാരത്തിനുമുമ്പു ദുർഗ്ഗാപ്രസാദൻ തെക്കേടത്തില്ലത്തേ ഒരു നമ്പൂരിയായിരുന്നു എന്നും അദ്ദേഹത്തിനു ഗ്രന്ഥരചനയിൽ കോടമണ്ണു രാമപ്പിഷാരടി വേണ്ട സാഹായ്യം ചെയ്തു എന്നും കാണാം. ‘ആഗസ്ത്യകഗ്രാമം’ ഏതെന്നു മനസ്സിലാകുന്നില്ല. “തൽകനിഷ്ഠകുലഗഃ” എന്നു ദുർഗ്ഗാപ്രസാദൻ തന്നെപ്പറ്റി പറയുന്നതുകൊണ്ടു് വില്വമങ്ഗലവും ആ ഇല്ലത്തിൽത്തന്നെ ജനിച്ചതായി സങ്കല്പിക്കണം. “പല്യങ്കിതഃ” ഇത്യാദി ശ്ലോകത്തിൽനിന്നു് ആ ഇല്ലക്കാരെ “പട്ടപ്പള്ളി” എന്നുകൂടി വിളിച്ചിരുന്നതായും ഉദ്ദേശിക്കാം. ശ്രീചിഹ്നവ്യാഖ്യായിൽ ദുർഗ്ഗാപ്രസാദൻ ലീലാശുകനെ പത്മപാദാചാര്യരുടെ ‘വിനേയൻ’ എന്നു പറയുന്നതുകൊണ്ടു് അദ്ദേഹം ക്രി. പി. ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്നിരിക്കണമെന്നുള്ള വാദം സങ്ഗതമല്ല. തെക്കേമഠത്തിലെ സ്വാമിയാരന്മാർ ഏതു കാലത്തു ജീവിച്ചിരുന്നാലും അവരെ പത്മാപാദന്റെ ശിഷ്യന്മാർ എന്നു പറയാവുന്നതാണു്. വങ്ഗദേശത്തിലെന്നപോലെ ശ്രീകൃഷ്ണകർണ്ണാമൃതത്തിനു പ്രസിദ്ധി മറ്റൊരിടത്തുമില്ല; എങ്കിലും ക്രി.പി. 1205-ൽ ആ ദേശത്തിൽ വിരചിതമായ സദുക്തികർണ്ണാമൃതത്തിൽ കേരളീയകൃതികളിൽ മുകുന്ദമാലയിലേ ശ്ലോകങ്ങളല്ലാതെ കർണ്ണാമൃതത്തിലെ ഒരു ശ്ലോകം പോലും ഉദ്ധരിക്കാത്തതു ചിന്തനീയമായിരിക്കുന്നു. പ്രത്യുത ജയദേവന്റെ അഷ്ടപദിയിൽനിന്നു ധാരാളം ശ്ലോകങ്ങൾ എടുത്തുചേർത്തിട്ടുമുണ്ടു്. അന്നു കർണ്ണാമൃതമില്ലെന്നിരുന്നാലേ അങ്ങനെയൊരു സംഭവത്തിനു് ഉപപത്തി കാണുന്നുള്ളു. രാധാകൃഷ്ണപരങ്ങളായ അനേകം പദ്യങ്ങൾ കർണ്ണാമൃതത്തിലുണ്ടു്; ക്രി. പി. ഒൻപതാം ശതകത്തിൽ രാധാരാധനത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നില്ലെന്നുള്ള വസ്തുതയും ഇവിടെ അനുസ്മരിക്കേണ്ടതാണു്. ബ്രഹ്മസൂത്രങ്ങളുടെ സാരം അദ്വൈതവേദാന്തപക്ഷമനുസരിച്ചു ഗുരുശിഷ്യസംവാദരൂപത്തിൽ സംക്ഷിപ്തമായി പ്രതിപാദിക്കുന്നതാണു് അദ്വൈതപ്രകാശമെന്ന ഗ്രന്ഥം. അതിൽ ഒൻപതു ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ആ നിബന്ധത്തിന്റെ പ്രണേതാവു് ഒരു ദുർഗ്ഗാപ്രസാദയതിയാണു്. അദ്ദേഹം ഗോവിന്ദാശ്രമയതിയുടെ ശിഷ്യനും നാരായണപ്രിയനെന്ന അഭിധാനാന്തരത്തിൽ വിദിതനുമായിരുന്നു. രാമതീർത്ഥൻ എന്നൊരു പണ്ഡിതന്റെ ബ്രഹ്മസൂത്രവ്യാഖ്യാനമാണു് തനിക്കു് ഉപജീവ്യമായിരുന്നതെന്നു ഗ്രന്ഥകാരൻ പറയുന്നുണ്ടു്. അദ്ദേഹവും ശ്രീചിഹ്നവ്യാഖ്യാതാവും ഒരാളാണെന്നു തോന്നുന്നില്ല.

9.16.8ശ്രീകൃഷ്ണകർണ്ണാമൃതം
വില്വമങ്ഗലത്തിന്റെ കൃതികളിൽ പ്രഥമഗണനീയമായിട്ടുള്ളതു മൂന്നാശ്വാസങ്ങളിൽ മൂന്നൂറ്റിമൂന്നു (ശ്ലോകത്രയാധികശതത്രയം) പദ്യങ്ങളുള്ള ശ്രീകൃഷ്ണകർണ്ണാമൃതമാകുന്നു. ആ സ്തോത്രതല്ലജത്തിന്റെ അമൃതാതിശായിയായ മാധുര്യം ആസ്വദിച്ചുതന്നെ അറിയേണ്ടതാണു്. വില്വമങ്ഗലത്തിന്റെ ഭക്തിപാരവശ്യം, പദഘടനാവൈഭവം, പ്രസാദപാരമ്യം, ഹൃദയദ്രവീകരണചണമായ ഉല്ലേഖവൈചിത്ര്യം, മുതലായി അഭൗമങ്ങളായുള്ള പല മഹാകവിസിദ്ധികൾക്കു് അതിലെ ഓരോ ശ്ലോകവും മൂർദ്ധാഭിഷിക്തോദാഹരണമാകുന്നു.

“കമനീയകിശോരമുഗ്ദ്ധമൂർത്തേഃ
കളവേണുക്വണിതാദൃതാനനേന്ദോഃ
മമ വാചി വിജൃംഭതാം മുരാരേർ–
മ്മധുരിംമ്ണഃ കണികാപി കാപി കാപി.”

“മാര മാ രമ മദീയമാനസേ
മാധവൈകനിലയേ യദൃച്ഛയാ
ഹേ രമാരമണ! വാര്യതാമസൗ,
കസ്സഹേത നിജവേശ്മലംഘനം?”
ഇത്യാദി പദ്യങ്ങൾ കേൾക്കുന്ന ഏതു സഹൃദയന്റെ ഹൃദയമാണു് സർവവും വിസ്മരിച്ചു് അനിർവചനീയമായ ആനന്ദസാഗരത്തിൽ ആറാടാത്തതു്? സംസ്കൃതഭാഷയിൽ അനവധി അപ്രമേയപ്രഭാവങ്ങളായ ഭഗവൽസ്തോത്രങ്ങൾ വിരചിതങ്ങളായിട്ടുണ്ടു്. എങ്കിലും വില്വമങ്ഗലത്തിന്റെ കർണ്ണാമൃതത്തോടു് ഒന്നിനെ ഉപമിക്കണമെങ്കിൽ അതിനു് ആ കർണ്ണാമൃതമല്ലാതെ മറ്റൊന്നും അർഹമല്ല. തനിയ്ക്കു ശ്രീകൃഷ്ണന്റെ നേർക്കുള്ള ഭക്തിയെപ്പറ്റി കവി ഇങ്ങനെ പറയുന്നു: –

“ശൈവാ വയം ന ഖലു തത്ര വിചാരണീയം.
പഞ്ചാക്ഷരീജപപരാ നിതരാം, തഥാപി
ചേതോ മദീയമതസീകുസുമാവഭാസം
സ്മേരാനനം സ്മരതി ഗോപവധൂകിശോരം”
കർണ്ണാമൃതത്തിനു പാപയല്ലയസൂരിയുടേയും രാമചന്ദ്രബുധേന്ദ്രന്റേയും വ്യാഖ്യാനങ്ങൾക്കു പുറമേ ഗോപാലൻ, വൃന്ദാവനദാസൻ, ശങ്കരൻ, ബ്രഹ്മദത്തൻ മുതലായി വേറേയും പല പണ്ഡിതന്മാരുടേയും വ്യാഖ്യാനങ്ങളുണ്ടു്.

9.16.9ഇതരകൃതികൾ
(1) ശ്രീകൃഷ്ണകർണ്ണാമൃതം, (2) ശ്രീചിഹ്,നം (3) പുരുഷകാരം, ഇവയ്ക്കുപുറമേ സ്വാമിയാർ (4) അഭിനവകൗസ്തുഭമാല, (5) ദക്ഷിണാമൂർത്തിസ്തവം, (6) കാലവധകാവ്യം, (7) ദുർഗ്ഗാസ്തുതി, (8) ബാലകൃഷ്ണസ്തോത്രം, (9) ബാലഗോപാലസ്തുതി, (10) ഭാവനാമുകുരം, (11) രാമചന്ദ്രാഷ്ടകം, (12) ഗണപതിസ്തോത്രം, (13) അനുഭവാഷ്ടകം, (14) മഹാകാളാഷ്ടകം, (15) കാർക്കോടകസ്തോത്രം, (16) ശ്രീകൃഷ്ണവരദാഷ്ടകം, (17) വൃന്ദാവനസ്തോത്രം, (18) കൃഷ്ണലീലാവിനോദം, (19) ശങ്കരഹൃദയങ്ഗമ, (20) സുബന്തസാമ്രാജ്യം, (21) തിങന്തസാമ്രാജ്യം, (22) ക്രമദീപിക എന്നിങ്ങനെ പല ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അഭിനവകൗസ്തുഭമാല മഹാവിഷ്ണുവിന്റെ പാദാദികേശരൂപമായ ഒരു സ്തോത്രമാകുന്നു. ആകെ നാല്പത്താറു ശ്ലോകങ്ങളുണ്ടു്. ‘ശ്രീകൃഷ്ണകേളിശുകവാങ്മയവീചിമാലാ’ എന്ന പാദത്തിൽ കവിമുദ്രയുണ്ടു്. ദക്ഷിണാമൂർത്തിസ്തവം ശൈവമാണു്; ആകെ പതിമ്മൂന്നു ശ്ലോകങ്ങളേയുള്ളു. ‘ദക്ഷിണാമൂർത്തിമൂർത്തൗ ഭഗവതി കൃതഭാവാ കൃഷ്ണലീലാശുകീയാ’ എന്നൊരു മുദ്ര അതിലും കാണുന്നു. കാലവധം തൃപ്പറങ്ങോട്ടപ്പന്റെ കാലജയത്തെ വാഴ്ത്തുന്നതും മൂന്നു സർഗ്ഗത്തിലുള്ളതുമായ ഒരു ലഘുകാവ്യമാണു്. ‘ഇതി ശ്രീകൃഷ്ണലീലാശുകസ്യ കൃതൗ കാലവധേ തൃതീയസർഗ്ഗഃ’ എന്നു് ആ ഗ്രന്ഥത്തിന്റെ അവസാനത്തിൽ ഒരു കുറിപ്പുണ്ടു്. ദുർഗ്ഗാസ്തുതി അരിയന്നൂർകാവിലെ (ഹരികുമാരീമന്ദിരം) ദുർഗ്ഗയെ പതിനാറുശ്ലോകങ്ങൾ കൊണ്ടു വന്ദിയ്ക്കുന്ന ഒരു സ്തോത്രമാകുന്നു. ‘കിമപി രചിതമേതൽ കൃഷ്ണലീലാശുകേന’ എന്നു് അതിലും കവിയുടെ പ്രസ്താവനയുണ്ടു്. ബാലകൃഷ്ണസ്തോത്രം കർണ്ണാമൃതത്തോടു കിടനില്ക്കുന്ന ഒരു സ്തുതിയാണു്.

“താപിഞ്ഛഗുച്ഛരുചി താമരസായതാക്ഷം
താരുണ്യനിർഭരതരങ്ഗിതചാരുലീലം
താപത്രയപ്രഥമഭേഷജമങ്ഗഭാജാം
താദൃങ്മഹഃ സ്ഫുരതു ചേതസി താവകീനം.”
എന്ന ശ്ലോകം അതിലുൾപ്പെടുന്നു. ബാലഗോപാലസ്തുതി ഓരോ ശ്ലോകത്തിനും ഓരോ മനോഹരമായ ചിത്രത്തോടുകൂടി ഉത്തരഭാരതത്തിൽ കണ്ടെടുത്തിട്ടുള്ള ഒരു സ്തോത്രരത്നമാണു്. ഭാവനാമുകുരം ആഗമസമ്പ്രദായത്തിൽ ശ്രീകൃഷ്ണധ്യാനത്തിനു് ഉപയോഗിയ്ക്കേണ്ട മറ്റൊരു വിശിഷ്ടസ്തോത്രമാകുന്നു. രാമചന്ദ്രാഷ്ടകം ശ്രീരാമപരമാണു്. “കൃഷ്ണകേളിശുകഭക്തി കന്ദളീം പുഷ്ണതീ” എന്നു് അതിലും കവിമുദ്ര കാണുന്നു. ഗണപതിസ്തോത്രത്തിൽ വടതരുമൂലസ്ഥിതനായ വിഘ്നേശ്വരനെ കവി സ്തുതിക്കുന്നു; ആ സ്തോത്രത്തിന്റെ നിർമ്മിതി മൈസൂരിൽ ദോരസമുദ്രത്തിൽവച്ചായിരുന്നു. പുരുഷകാരത്തിന്റെ നിർമ്മാണം കാഞ്ചീപുരത്തു വച്ചായിരുന്നു എന്നു മുൻപു പറഞ്ഞുവല്ലോ. കാർക്കോടകസ്തോത്രത്തിൽനിന്നു് ഒരു ശ്ലോകം താഴെ ഉദ്ധരിക്കുന്നു.

“കാർക്കോടകേശ്വരോ ജീയാദർക്കകോടിസമപ്രഭഃ
കർക്കശേതരസൗഭാഗ്യസ്തർക്കദുർഗ്രഹവിഗ്രഹഃ”
ശ്രീകൃഷ്ണവരദാഷ്ടകത്തിലുള്ളതാണു് താഴെക്കാണുന്ന ശ്ലോകം:

“വ്രജജനവനിതാമദാന്ധകേളീ–
കലഹകടാക്ഷവിലക്ഷവിഭ്രമോ വഃ
വിലസതു ഹൃദയേ വിലാസസിന്ധു–
ർമ്മുഹുരവിലംഘിതമുഗ്ദ്ധശൈശവശ്രീഃ.”
‘ശ്രീകൃഷ്ണലീലാശുകവാങ്മയീഭിരേവംവിധാഭിഃ’ എന്നു് അതിലുമുണ്ടു് കവിവാക്യം. വൃന്ദാവനസ്തുതിയിൽ അറുപതു ശ്ലോകങ്ങളുണ്ടു്. അതു വൃദ്ധാവനത്തിൽവച്ചു രചിച്ചതാണു്. “വൃന്ദാവനവ്യസനിനസ്തവ ദേവ, കൃഷ്ണലീലാശുകേന രചിതം നിചിതം ഗുണൗഘൈഃ” എന്നു് ആ സ്തോത്രത്തിലും ഗ്രന്ഥകാരമുദ്രയുണ്ടു്. ‘കൃഷ്ണലീലാവിനോദം’ ഭോജദേവന്റെ സരസ്വതീകണ്ഠാഭരണമെന്ന വ്യാകരണഗ്രന്ഥത്തിന്നു വിപുലമായുള്ള ഒരു വ്യാഖ്യാനമാണു്. സുബന്തസാമ്രാജ്യവും തിങന്ത സാമ്രാജ്യവും സ്വതന്ത്രങ്ങളായ രണ്ടു വ്യാകരണഗ്രന്ഥങ്ങളാകുന്നു. ആഗമശാസ്ത്രത്തിൽ വില്വമങ്ഗലം ശ്രീകൃഷ്ണപൂജാവിധിപരമായി നിർമ്മിച്ചിട്ടുള്ള ഒരു ഗ്രന്ഥമാകുന്നു ക്രമദീപിക. രഹസ്യഗോപാലതന്ത്രചിന്താമണി എന്ന ഗ്രന്ഥത്തിന്റെ പ്രണേതാവായ വാസുദേവൻനമ്പൂരി, കേരളീയരായ ഈശാനദേവൻ, കൃഷ്ണലീലാശുകൻ, ഭവത്രാതൻ, രാഘവാനന്ദൻ, മാധവൻ, ശങ്കരൻ, നാരായണാചാര്യൻ എന്നിവരെ സമ്പ്രദായപ്രവർത്തകന്മരായി പരിഗണിച്ചു വന്ദിക്കുന്നു. വില്വമങ്ഗലത്തെ വന്ദിക്കുന്നതു്–

“കൃഷ്ണലീലാശുകശ്രീമച്ചരണാം ഭോജനിസ്സൃതാം
യതീന്ദ്രമധുപവ്രാതവേഷ്ടിതാം ധൂളിമാശ്രയേ.”
എന്നാണു്. ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ വിജയനഗരത്തെ അലങ്കരിച്ചിരുന്ന ഉത്തമകവയിത്രിയും വീരകമ്പണനെന്ന രാജകുമാരന്റെ പ്രേയസിയുമായ ഗങ്ഗാദേവി തന്റെ മധുരാവിജയമെന്ന മനോഹരമായ കാവ്യത്തിൽ

“മന്ദാരമഞ്ജരീസ്യന്ദിമകരന്ദരസാബ്ധയഃ
കസ്യ നാഹ്ലാദനായാലം കർണ്ണാമൃതകവേർഗ്ഗിരഃ?”
എന്നു് ഈ ഭക്തശിരോമണിയെ പ്രശംസിക്കുന്നു.

9.16.10ഉപസംഹാരം
ഈവിധത്തിൽ ഒരു പരമഭാഗവതൻ, മഹാവൈയാകരണൻ, പ്രാകൃതഭാഷാപാരീണൻ, ശ്രീകൃഷ്ണസമ്പ്രദായഗുരു, വേദാന്തകേസരി, മഹാകവിമൂർദ്ധന്യൻ ഇങ്ങനെ പല നിലകളിലും വില്വമങ്ഗലത്തു സ്വാമിയാർ തന്റെ വിജയഭേരി മുഴക്കി; കീർത്തിപതാക പാറിച്ചു; ഭാരതവർഷമെങ്ങും കേരളത്തിന്റെ പേരും പെരുമയും പരത്തി. സാക്ഷാൽ ബാലകൃഷ്ണഭഗവാന്റെ മുരളീനാദംപോലെ മധുരമാണു് അദ്ദേഹത്തിന്റെ കർണ്ണാമൃതം; ആ പാകം മറ്റൊരു കവിക്കു്–ജയദേവനുപോലും–കൈവന്നിട്ടുണ്ടോ എന്നു സംശയമാണു്. മഹാനുഭാവനായ ആ മഹർഷികല്പൻ കേരളീയരായ നമ്മുടെ പരിപൂർണ്ണമായ ആദരത്തേയും ആരാധനത്തേയും എല്ലാക്കാലത്തും അർഹിക്കുന്നു. അദ്ദേഹമാണു് വങ്ഗദേശത്തിലെ ചൈതന്യസമ്പ്രദായത്തിനും പശ്ചിമോത്തരഭാരതത്തിലെ വല്ലഭ സമ്പ്രദായത്തിനും പ്രാചാര്യനെന്നു് ആ രണ്ടു പുണ്യശ്ലോകന്മാരായ സമ്പ്രദായപ്രതിഷ്ഠാപകന്മാരും സമ്മതിച്ചിട്ടുള്ളതാണു്. ഇതിലധികം കേരളത്തിനു് എന്തൊരു യശസ്സാണു് ലഭിക്കുവാനുള്ളതു്?
9.17ദിവാകരൻദിവാകരകവി ഏതു ദേശക്കാരനാണെന്നു വെളിവാകുന്നില്ല. ഒരു കേരളീയനായിരുന്നു എന്നുള്ളതു് നിസ്സംശയമാണു്. അദ്ദേഹം രാമായണം ബാലകാണ്ഡത്തെ വിഷയീകരിച്ചു് ‘അമോഘരാഘവം’ എന്നൊരു ചമ്പു ഏഴുച്ഛ ്വാസത്തിൽ നിർമ്മിച്ചിട്ടുണ്ടു്. ആ ചമ്പുവിന്റെ നിർമ്മാണം ശകാബ്ദം 1221-നു സമമായ ക്രി. പി. 1299-ൽ ആണെന്നുന്നള്ളതിനു തെളിവായി

“ചന്ദ്രനേത്രദ്വയക്ഷ്മാഭിശ്ശകകാലേ വിലോകിതേ
അമോഘരാഘവം കാവ്യമാവിരാസീദ്ദിവാകരാൽ.”
എന്നു് അതിന്റെ ഒടുവിൽ ഒരു ശ്ലോകമുണ്ടു്. ദിവാകരൻ താൻ ഭാർഗ്ഗവഗോത്രജനായ ഒരു ബ്രാഹ്മണനും നാരായണന്റെ പൗത്രനും കാശിയിൽവച്ചു കൈവല്യപദം പ്രാപിച്ച വിശ്വേശ്വരന്റെ പുത്രനും വിഷ്ണുവിന്റെ കനിഷ്ഠസഹോദരനുമാണെന്നു ഗ്രന്ഥത്തിന്റെ ആരംഭത്തിൽ പ്രസ്താവിക്കുന്നു. ‘ജമദഗ്നേരന്വവായഃ’ എന്നും ‘ക്ഷോണീക്ഷേമായ രാമസ്സ്വയമജനി ഹരേര്യത്രഷഷ്ഠാവതാരഃ’ എന്നും ഉള്ള വാചകങ്ങൾ അദ്ദേഹത്തിന്റെ ഗോത്രമേതെന്നു നിർണ്ണയിക്കുവാനുള്ള ലക്ഷ്യങ്ങളാണു്.

“തത്രാധഃകൃതഭോഗിഭോഗമഹിമാ, നിർവാണഭാവോചിത–
സ്ഥാനം മാനസസമ്പദാമപി ദശോൽപത്തിക്രിയാവിക്രിയം
ജജ്ഞേ യജ്ഞചയപ്രിയഃ കലിമിളൽകല്മാഷകർമ്മോന്നമൽ–
പാപാം ഭോനിധിമധ്യലഗ്നസുകൃതോദ്ധാരായ നാരായണഃ.

ദ്വിജേന്ദ്രശേഖരസ്തസ്യ സുതോ വിശ്വേശ്വരോഽഭവൽ
യഃ പിധാതുമിവാത്മാനം മുദാമകൃത ദൂരഗാം.

യസ്സാകം ധർമ്മപത്ന്യാ പരവയസി പരി
ത്യക്തസാംസാരികാശീഃ
കാശീമാസാദ്യ സദ്യസ്സുരസരിദമൃതേ
സങ്ഗമയ്യാർപ്പിതാങ്ഗഃ
പായം പായം പുരസ്താച്ഛിവപദനിഗള–
ത്താരകബ്രഹ്മവിദ്യാ–
പീയൂഷം കർണ്ണപേയം നിരുപമസുഖദാം
പ്രാപ കൈവല്യലക്ഷ്മീം.

തസ്യാത്മജോ വിഷ്ണുരലങ്കരിഷ്ണുഃ
കുലം പവിത്രൈരമലം ചരിത്രൈഃ
ഭൂതേശസേവാസുഖമാപ്തുകാമഃ
ശ്രൗതോ വിധിർമൂർത്ത ഇവാവിരാസീൽ.

തത്രാഗ്രജേ ഗുണശ്രേണീം കൃത്വേവ ഗുണലോഭിനാ
ദിവാകരഃ കൃതോ ധാത്രാ തൽസോദര്യകഭൂഷണം.”
ഈ ശ്ലോകങ്ങളിൽനിന്നു ശേഷം വിവരങ്ങളും ഗ്രഹിക്കാവുന്നതാണു്. വാല്മീകി, കാളിദാസൻ, പിതാവായ വിശ്വേശ്വരൻ, പാണിനി, വരരുചി, പതഞ്ജലി, കാശികാകാരൻ, ന്യാസകാരൻ ഈ പൂർവസൂരികളെ കവി സ്മരിക്കുന്നു. വ്യാകരണഗുരു പിതാവുതന്നെയായിരുന്നു. വാല്മീകിയേയും കാളിദാസനേയും പറ്റിയുള്ള ശ്ലോകങ്ങളാണു് താഴെ ഉദ്ധരിക്കുന്നതു്–

“വാണീ വാസമവാപ യസ്യ വദനദ്വാരി പ്രതീക്ഷ്യേവ ഹൃൽ–
പദ്മസ്ഥാംബുജനാഭനാഭിനിവസല്ലോകേശസേവാക്ഷണം
വല്മീകപ്രഭവായ കല്മഷഭിദേ തസ്മൈ പരസ്മൈ നമോ
രാമോദാത്തചരിത്രവർണ്ണനവചഃ പ്രോദ്യോഗിനേ യോഗിനേ.”
“രമ്യാ ശ്ലേഷവതീ പ്രസാദമധുരാ ശൃങ്ഗാരസങ്ഗോജ്ജ്വലാ
ചാടൂക്തൈരഖിലപ്രിയൈരഹരഹസ്സമ്മോഹയന്തീ മനഃ
ലീലാന്യസ്തപദപ്രചാരരചനാ സദ്വർണ്ണസംശോഭിതാ
ഭാതി ശ്രീയുതകാളിദാസകവിതാ കാന്തേവ കാന്തേ രതാ.”
ഒടുവിലത്തെ ആശംസാപദ്യമാണു് അടിയിൽ കാണുന്നതു്–

“പൃത്ഥ്വീ സസ്യെഘപൃഥ്വീ വിലസതു ഭവതാ
ദ്വാരി സന്താപഹാരി
സ്വൗജഃ പ്രാപ്നോതു തേജശ്ചരതു ചിരമയം
ഗന്ധവാൻ ഗന്ധവാഹഃ
ഉദ്യോഗം ഗച്ഛതു ദ്യൗഃ കലിരപി വികലഃ
സ്താദജസ്രം ജഗത്യാം
രാമഃ ക്ഷേമായ ഭ്രയാദു് ഭവതു ച സുധിയാം
കാവ്യമേതദ്വിഭാവ്യം.”
ദിവാകരൻ രാഘവൻ എന്നൊരു രാജാവിനെ ആശ്രയിച്ചിരുന്നതായി ഗ്രന്ഥാന്തത്തിലുള്ളതും താഴെ ഉദ്ധരിക്കുന്നതുമായ ശ്ലോകത്തിൽനിന്നു് കാണാവുന്നതാണു്.

“ഇതി ധൃതരസസാരൈർഗ്ഗദ്യപദ്യൈരുദാരൈഃ
കവിതുരവിതു(?)രസ്യ ശ്രാവ്യമാകർണ്ണ്യ കാവ്യം
ഭൃഗുപതിവിജയശ്രീചിഹ്നമഹ്നായ തുഷ്യ–
ന്നഭിലഷിതമമുഷ്യാമോഘയദ്രാഘവേന്ദുഃ”
ശ്രീരാമന്റെ പരശുരാമവിജയത്തെ വിഷയീകരിച്ചു താൻ രചിച്ച പ്രസ്തുതകാവ്യം കണ്ടു സന്തോഷിച്ചു രാഘവൻ തന്റെ ആശയെ ഫലപൂർണ്ണമാക്കി എന്നാണല്ലോ പ്രസ്തുത ശ്ലോകത്തിന്റെ സാരം. അതുകൊണ്ടാണു് അതിനു് അമോഘരാഘവം എന്നു പേർ വന്നതു്. ഈ രാഘവൻ രാഘവാനന്ദന്റെ പുരസ്കർത്താവായി കോലത്തുനാട്ടിൽ ജീവിച്ചിരുന്ന രാഘവനാണെന്നു തോന്നുന്നു. കേരളത്തിലെന്നപോലെ സംസ്കൃതത്തിലും ദേശഭാഷയിലും അത്ര വളരെ ചമ്പുക്കൾ ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ ഒരിടത്തും വിരചിതങ്ങളായിട്ടില്ല. ഇതുവരെ അറിഞ്ഞിടത്തോളം കേരളത്തിലെ ആദ്യത്തെ ചമ്പു അമോഘരാഘവം തന്നെയാണു്.
9.18ശിവരാമൻകേരളത്തിലെ പ്രഥമഗണനീയന്മാരായ വ്യാഖ്യാകാരന്മാരിൽ അന്യതമനാണു് ശിവരാമൻ. അദ്ദേഹത്തെക്കുറിച്ചു് ഇതിനു മുൻപുതന്നെ ചില വിവരങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. അദ്ദേഹം കേരളീയനായ ഒരു ദ്രാവിഡ ബ്രാഹ്മണനാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ശാരദതനയന്റെ ഭാവപ്രകാശനത്തെ ഒരു പ്രമാണഗ്രന്ഥമായി ശിവരാമൻ ഉദ്ധരിക്കുന്നതുകൊണ്ടു ക്രി. പി. പന്ത്രണ്ടാം ശതകത്തിനു പിന്നീടാണു് അദ്ദേഹത്തിന്റെ കാലമെന്നു ക്ലപ്തമായി പറയാം. കൂടിയാട്ടത്തിൽ ചാക്യാന്മാർ പ്രയോഗിക്കുന്ന തപതീസംവരണം, സുഭദ്രാധനജ്ഞയം, നാഗാനന്ദം എന്നീ നാടകങ്ങൾക്കു് അദ്ദേഹം യഥാക്രമം രചിച്ചിട്ടുള്ള വിവരണം, വിചാരതിലകം, വിമർശിനി എന്നീ വ്യാഖ്യാനങ്ങൾ സരസങ്ങളും സർവങ്കഷങ്ങളും, വ്യാകരണം അലങ്കാരം മുതലായ ശാസ്ത്രങ്ങളിലും ഇതിഹാസപുരാണങ്ങളിലും അദ്ദേഹത്തിനുള്ള അഗാധമായ ജ്ഞാനത്തെ സ്പഷ്ടീകരിക്കുന്നവയുമാണു്. വ്യാഖ്യാതാവു് ഒരു ശിവഭക്തനായിരുന്നു എന്നും ആ നിബന്ധനങ്ങളിൽനിന്നു വെളിവാകുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകങ്ങൾ അദ്ദേഹത്തിന്റേതാണു്.

“പ്രണിപത്യ ചന്ദ്രചൂഡം ശ്രീമൽകുലശേഖരാനീന്ദ്രകൃതം
തപതീസംവരണാഖ്യം നാടകമധികൃത്യ വിവരണംക്രിയതേ.” (സംവരണവ്യാഖ്യ)
“ശിവായാശേഷഗുരവേ ശിവായൈ തദ്ഭിദാഭിദേ
ആഭ്യാമനന്യരൂപായ മഹ്യഞ്ച സതതം നമഃ
യതശ്ശിവസ്യാങ്കുരിതാ വിദുഷാഞ്ച കൃപാ മയി
വ്യാകരോമി യഥാബോധം തൽ സുഭദ്രാധനഞ്ജയം.”
“ഗുണവ്യതികരക്രമപ്രസൃമരാന്യധീവൃത്തിഭിഃ
പ്രഗേതനമനുജ്ത്സിതശ്രുതിപഥൈരനാദീനവം
പരാശരജജൈമിനിപ്രമുഖവിദ്വദഗ്രേസരൈഃ
പ്രവർത്തിതമനുത്തമം മതമതദ്വിദപ്യാശ്രയേ.

വ്യസ്താവ്യസ്തതയാശേഷതത്വസ്വാത്മസുനിർഭരം
ശിവം ദേശികമാശ്രിത്യ നാഗാനന്ദം വിമൃശ്യതേ.”
“ശ്രീശങ്കരോരുകരുണാജനനീഭൃതേന
രാമേണ ദാശരഥിവൃത്തസുജീവനേന
സാഹിത്യമാർഗ്ഗപരിചംക്രമണപ്രയാസം
ശിഷ്യാൻ വിബോധയിതുമേഷ കൃതോ വിചാരഃ

ദ്വിഷതാം ന ഗുണഃ കോപി ന ദോഷസ്സുഹൃദാമപി
പ്രകാശേത; തടസ്ഥോത്ര വിവിനക്ത്യുഭയം ജനഃ.”
(ധനഞ്ജയവ്യാഖ്യ) (നാഗാനന്ദവ്യാഖ്യ–ഉപക്രമം) (ടി. ഉപസംഹാരം)
ഉപോത്തമശ്ലോകത്തിൽനിന്നു ശിവരാമനെ രാമനെന്നും വിളിച്ചുവന്നിരുന്നു എന്നും, രാമായണംവായനയായിരുന്നു അദ്ദേഹത്തിന്റെ ജീവികാമാർഗ്ഗമെന്നും അദ്ദേഹത്തിനു് അനേകം ശിഷ്യന്മാരുണ്ടായിരുന്നു എന്നു കാണാവുന്നതാണു്.
9.19രാമായണവ്യാഖ്യ സർവ്വാർത്ഥസാരംവാല്മീകി രാമായണത്തിനു സർവ്വാർത്ഥസാരം എന്നൊരു വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവായ വെങ്കടേശ്വരൻ ശിവരാമന്റെ ശിഷ്യനായിരുന്നു എന്നുള്ളതിനു താഴെക്കാണുന്ന ശ്ലോകം തെളിവാണു്.

“ശിവസ്യ രാമസ്യ ഗുരോർമ്മഹാകവേർ–
ന്നിയോജനാനുഗ്രഹണോപദേശനൈഃ
തയാശിഷാരണ്യകകാണ്ഡമർത്ഥതഃ
സമുജ്ജ്വലം വ്യാകൃത വെങ്കടേശ്വരഃ.”
9.20കേരളത്തിലെ ജ്യോതിഷം9.20.1ചില പ്രാചീനഗ്രന്ഥങ്ങൾ
ജ്യോതിശ്ശാസ്ത്രത്തിനു കേരളത്തിൽ പൂർവ്വകാലം മുതല്ക്കുതന്നെ വളരെ പ്രചാരവും പ്രാമാണികതയും സിദ്ധിച്ചിട്ടുണ്ടു്. ആ ശാസ്ത്രത്തിൽ കേരളീയർക്കുള്ള സർവങ്കഷമായ ജ്ഞാനവും സുപ്രസിദ്ധമാണു്. അനവധി വിശിഷ്ടങ്ങളായ ജ്യോതിഷഗ്രന്ഥങ്ങൾ ഇവിടെ ഓരോ കാലത്തു് ഓരോ ദൈവജ്ഞന്മാർ രചിച്ചിട്ടുണ്ടു്. അവയിൽ അതിപ്രാചീനങ്ങളായ ദേവകേരളം, ശുക്രകേരളം, വരരുചി കേരളം, കേരളീയസൂത്രം മതലായവയുടെ കാലത്തെപ്പറ്റി വ്യവസ്ഥിതമായി ഒരനുമാനവും ചെയ്യുവാൻ തരമില്ല. ദേവ കേരളത്തിൽ

“കേരളേ വിഷയേ കശ്ചിദച്യുതോ നാമ ഭൂസുരഃ
ബൃഹസ്പതിം സമുദ്ദിശ്യ സ ചക്രേ തപ ഉത്തമം”
കേരളീയനായ അച്യുതൻ എന്ന ഒരു ബ്രാഹ്മണൻ ബൃഹസ്പതിയെ ഉദ്ദേശിച്ചു തപസ്സു ചെയ്യുകയും ബൃഹസ്പതി പ്രത്യക്ഷീഭവിച്ചു് എന്തു വരം വേണമെന്നു ചോദിച്ചതിനു് അതീതാനാഗതജ്ഞാനമുണ്ടാകണമെന്നു പ്രാർത്ഥിക്കുകയും ചെയ്തതായും, അപ്പോൾ ആദികാലത്തിൽ ശ്രീനാരായണൻ നാലുലക്ഷം ഗ്രന്ഥമായി രചിച്ച ജ്യോതിശ്ശാസ്ത്രം താൻ ദേവേന്ദ്രനുവേണ്ടി ഇരുപതിനായിരം ഗ്രന്ഥമായി സംഗ്രഹിച്ചു എന്നും അതിൽ ജാതകസ്കന്ധം രണ്ടായിരം ഗ്രന്ഥമുണ്ടെന്നും അതു് ആ ഭക്തനു നല്കാമെന്നും ദേവഗുരു അരുളിച്ചെയ്തതായും പീഠികയിൽ പ്രസ്താവന കാണുന്നു. പിന്നീടു് അച്യുതൻ ശ്രക്രനേയും ശ്രീപരമേശ്വരനേയും പ്രസാദിപ്പിച്ചു് അവർ യഥാക്രമം നിർമ്മിച്ച ആയിരം ഗ്രന്ഥവും രണ്ടായിരം ഗ്രന്ഥവും കൂടി വാങ്ങി അങ്ങനെ തന്റെ ശിഷ്യന്മാരെ ഗുരുമതവും ശുക്രമതവും സാംബശിവമതവും പഠിപ്പിച്ചുവത്രേ.

ശുക്രകേരളം പത്തധ്യായത്തിലുള്ള ഒരു ഗ്രന്ഥമാണു്. അതിനു ഭൃഗുകേരളമെന്നും കേരളരഹസ്യമെന്നും കേരളീയമെന്നും കൂടി പേരുകൾ കാണുന്നു. വരരുചികേരളത്തിനു ജാതകരഹസ്യമെന്നും കേരളനിർണ്ണയമെന്നുംകൂടി സജ്ഞകളുണ്ടു്. അതിന്റെ നിർമ്മാതാവു വാക്യകാരനായ വരരുചിതന്നെ ആയിരിയ്ക്കാം.

“ഭാഗ്യാധിപേ വിക്രമസ്ഥേ പാപാധിപസമന്വിതേ
പഞ്ചമാധിപവീക്ഷേണ ഇതി കേരളനിശ്ചയഃ”
“കർമ്മാധിപേ മേഷഗതേ ഭാഗ്യാധിപസമന്വിതേ
ബ്രഹ്മലോകം ഭവേത്തസ്യ ഇതി കേരളനിശ്ചയഃ”
എന്നീ ശ്ലോകങ്ങൾ ആ ഗ്രന്ഥത്തിലുള്ളവയാണു്. കേരളീയസൂത്രവും ഫലഭാഗത്തെ പരാമർശിയ്ക്കുന്ന ഒരു ഗ്രന്ഥംതന്നെ. ഇവയ്ക്കെല്ലാം ഇന്നു കേരളത്തിലേക്കാൾ കൂടുതൽ പ്രചാരം കാണുന്നതു തമിഴ്നാട്ടിലും ആന്ധ്രദേശത്തിലുമാണു്.

9.20.2പരഹിതം
ക്രി. പി. 682–ാമാണ്ടിടയ്ക്കു തിരുനാവായിൽ വെച്ചുനടന്ന മാമാങ്കമഹോത്സവത്തിൽ കേരളത്തിലെ ജ്യോത്സ്യന്മാർ ആര്യഭടന്റെ പരഹിതഗണിതം സ്വീകരിച്ചു് അതു പരിഷ്കരിക്കുകയുണ്ടായി. ആര്യഭടാചാര്യൻ ക്രി. പി. 499-ൽ ആണു് തന്റെ ഗണിതഗ്രന്ഥം നിർമ്മിച്ചതെന്നും അതിലേ ഗണനസമ്പ്രദായം രണ്ടു ശതകം കഴിയുന്നതിനുമുൻപു കേരളീയർക്കു പുതുക്കുവാൻ സാധിച്ചു എന്നും അറിയുന്നതു നമുക്കു് അഭിമാനഹേതുകമാണു്.9.21പ്രഥമഭാസ്കരാചാര്യൻപ്രഥമഭാസ്കരാചാര്യൻ ഭാരതത്തിലേ പ്രാമാണികനായ ഒരു ഗണിതജ്ഞനാണു്. ക്രി. പി. 522-ൽ അദ്ദേഹം കർമ്മനിബന്ധം എന്നുകൂടിപ്പേരുള്ള മഹാഭാസ്കരീയം നിർമ്മിച്ചു. അതു കൂടാതെ ആര്യഭടീയത്തിനു് ഒരു വ്യാഖ്യാനവും ലഘുഭാസ്കരീയമെന്ന പേരിൽ ആര്യഭടീയത്തിന്റെ ഒരു സങ്ഗ്രഹവും അദ്ദേഹത്തിന്റെ കൃതികളായി നമുക്കു ലഭിച്ചിട്ടുണ്ടു്. ലീലാവതീകാരനായ ദ്വിതീയഭാസ്കരാചാര്യൻ ജീവിച്ചിരുന്നതു ക്രി. പി. പതിനൊന്നാം ശതകത്തിലാണു്. പ്രഥമഭാസ്കരൻ ഒരു കേരളീയനായിരുന്നു എന്നാണു് ലൿനൗവിലേ ഏ.എൻ. സിങ്ങ് തുടങ്ങിയ പണ്ഡിതന്മാരുടെ പക്ഷം; അതിനു ചില ന്യായങ്ങളുമുണ്ടു്. അതു ശരിയാണെങ്കിൽ ക്രി. പി. 682-ൽ നടന്ന കരണപരിഷ്കരണം ആശ്ചര്യജനകമല്ല.9.22ശങ്കരനാരായണൻപ്രഥമഭാസ്കരന്റെ ലഘുഭാസ്കരീയത്തിനു ശങ്കരനാരായണൻ എന്ന ഒരു കേരളീയപണ്ഡിതൻ ശങ്കരനാരായണീയം എന്നൊരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ജന്മദേശം ‘കൊല്ലപുരി’ എന്നു് ആ ഗ്രന്ഥത്തിൽ കാണുന്ന കൊല്ലമാണു്. ഗ്രന്ഥത്തിന്റെ നിർമ്മിതി ക്രി. പി. 869-നു സമമായ കൊല്ലം 44-ൽ ആണെന്നു് അദ്ദേഹംതന്നെ “ശകാബ്ദാഃ പുനരിഹ ചന്ദ്രരന്ധ്രമുനിസംഖ്യയാ അസ്മാഭിരവഗതാഃ” എന്ന പങ്ക്തിയിൽ സ്പഷ്ടമായി പ്രസ്താവിച്ചിട്ടുണ്ടു്. “കൊല്ലപുര്യാം വിഷുവച്ഛായയാ പഞ്ചദശ സംഖ്യാസമ്പാദിതരാശിപ്രമാണാഃകടപയാദ്യക്ഷരബദ്ധാഃ പഠ്യന്തേ” എന്നും “ക്രിയാദയഃ കൊല്ലപുരീസമുച്ഛ്റിതാഃ ക്രമോൽക്രമേണൈവ ഭവന്തി രാശയഃ” എന്നും ഉള്ള ഭാഗങ്ങളിൽ കൊല്ലത്തെ സ്മരിച്ചിരിക്കുന്നു. രവിവർമ്മാവെന്നും രാമദേവനെന്നും സൂര്യവംശജരായ രണ്ടു കേരളരാജാക്കന്മാരെപ്പറ്റിക്കൂടി ശങ്കരനാരായണൻ പ്രസ്താവിക്കുന്നു. അവരുടെ രാജധാനി മഹാേദയപുരം, അതായതു കൊടുങ്ങല്ലൂരായിരുന്നു. അവർ ചേരചക്രവർത്തിമാരായിരുന്നു എന്നുള്ളതിനു സംശയമില്ല. 844-ൽ ആണു് രവിവർമ്മാവു് അന്തരിച്ചതു്; അനന്തരം അദ്ദേഹത്തിന്റെ പുത്രനായ രാമദേവൻ അഭിഷിക്തനായി. രവിവർമ്മകുലശേഖരൻ ഒരു വിശിഷ്ടമായ ഗണിതഗ്രന്ഥത്തിന്റേയും നിർമ്മാതാവായിരുന്നതിനാൽ അദ്ദേഹത്തിന്റെ രാജ്യഭാരകാലത്താണു് കൊല്ലവർഷം സ്ഥാപിതമായതു് എന്നു് ഉറപ്പിച്ചു പറയാം. രാമവർമ്മാവു് പട്ടത്തു വാസുദേവഭട്ടതിരിയുടെ പുരസ്കർത്താവായിരുന്നു. ശങ്കരനാരായണന്റെ താഴെക്കാണുന്ന വാക്യങ്ങൾ പ്രകൃതത്തിൽ അനുസന്ധേയങ്ങളാണു്.

(1)“ഗോളാന്മഹോദയപുരേ രവിവർമ്മദേവ–
സംബന്ധയന്ത്രവലയാങ്കിതരാശിചക്രാൽ
ഭാനോഃകുളീരദശഭാഗഗതേ തുലാന്ത്യം
ലഗ്നം മയാ വിദിതമാശു വദേഹ കാലം”
(2)“ശ്രീമന്മഹോദയപുരേ കുലശേഖരേണ
കർത്തും സഭാം കുശലശില്പിഭിരദ്യ രാജ്ഞാ
ആജ്ഞപ്തമാശു സമമണ്ഡലരൂഢസൂര്യ–
ച്ഛായാവശാൽ കഥയ ശക്രജലേശസൂത്രം”
(3)“ഉക്തം കേരളവംശകേതുരവിണാ മദ്ധ്യാഹ്നശങ്കുപ്രഭാ–
ദേശേസ്മിൻ കിയതീതി രാശിഷു ഗതേ ഭാനൗ ക്രിയാദ്യാദിഷു
പ്രത്യേകം വിഗണയ്യ വത്സരശതം ഛായാപ്രമാണം ക്രമാൽ
പ്രത്യക്ഷം ഹി ദിനദ്വയേന ഗണിത പത്രേ ലിഖിത്വാനയ.”
(4)“രൂപാഗ്നിഭൂതഗദിതോക്ഷഗുണോ ദിനാർദ്ധേ
ഛായാ രവേഃ ഷഡൃതുഭിഃ പ്രമിതപ്രമാണാ
ഛായാർക്കമാശു വിഗണയ്യ ഗതം വദേതി
പ്രോക്തം നൃപേന്ദ്രരവിണാ കുലശേഖരേണ.”
(5)“ദേശാന്തരേ ക്വാപി ഗതസ്യ യസ്യ
തദ്ദേശസംഭൂതപലാവലംബൗ
ജ്ഞേയൗ കഥം തദ്ദിവസൗ വദേതി
ശ്രീമാനവോചദ്രവിവർമ്മദേവഃ”
(6)അസ്മിന്നർത്ഥേ രാജ്ഞാ കേരളവംശപ്രദീപേന കദാചിൽ
കുലശേഖരേണേദമുക്തം.
(7)അത്രാപി ശ്രീരവിവർമ്മദേവഃ കദാചിദ്ഗ്രഹയുദ്ധവി
ജ്ഞാന പ്രകടനാർത്ഥമാഹ
“ചാപപ്രവിഷ്ടഗുരുസൗരിസമത്വകാലം
യാമ്യോത്തരം ഗമനമന്തരതഃ പ്രമാണം
ആചക്ഷ്വ സർവമവഗമ്യ ഭടോക്തമാർഗ്ഗാ–
ദിത്യുക്തവാൻ രവിരശേഷനൃപാഭിവന്ദ്യഃ.
(8)…രിപുമഥനം കർത്തുകാമേന രാജ്ഞാ
ചാരൈർവാർത്താം വിദിത്വാ രവികുലപതിനാരാമദേവേന ലഗ്നം”
(9)“പുത്രശ്രീരവിവർമ്മനൃപതേർദ്ദീപ്താംശുവംശോദിതഃ”
മഹോദയപുരത്തിൽ രവിവർമ്മദേവൻ ഒരു നക്ഷത്രബങ്കളാവു സ്ഥാപിച്ചിരുന്നതായും ഒന്നാമത്തെ ശ്ലോകത്തിൽനിന്നു വെളിപ്പെടുന്നു. കേരളത്തിൽ ജ്യോതിശ്ശാസ്ത്രത്തിനു ക്രി. പി. ഒൻപതാം ശതകത്തിൽ എത്രമാത്രം അഭിവൃദ്ധി സിദ്ധിച്ചുകഴിഞ്ഞിരുന്നു എന്നു ശങ്കരനാരായണീയം സ്ഫടികസ്ഫുടമായി വിശദീകരിക്കുന്നു.

ഗോവിന്ദനെന്നു പേരുള്ള ഒരു ഭട്ടതിരി ജനിച്ചു. അദ്ദേഹത്തിന്റെ ഇല്ലം ഇപ്പോളില്ല. “രക്ഷേദ്ഗോവിന്ദമർക്കഃ” എന്നതു ഭട്ടതിരിയുടെ ജനനകാലത്തേയും “കാളിന്ദീപ്രിയസ്തുഷ്ടഃ” എന്നതു നിര്യാണകാലത്തേയും കുറിക്കുന്ന കലിദിനവാക്യങ്ങളാണെന്നു് ഐതിഹ്യമുള്ളതുകൊണ്ടു് അദ്ദേഹം കൊല്ലവർഷം 412-മുതൽ 470-വരെ (ക്രി. പി. 1237–95) ജീവിച്ചിരുന്നതായി കണക്കാക്കാവുന്നതാണു്. പരദേശത്തു പോയി കഞ്ചനൂരാഴ്വാർ എന്ന പണ്ഡിതനിൽനിന്നു ജ്യോതിഷത്തിൽ ഉൽഗ്രന്ഥങ്ങൾ അഭ്യസിച്ചതായും തിരിയെ വന്നു് ഒരു വ്യാഴവട്ടക്കാലം തൃശ്ശൂർ വടക്കുന്നാഥനെ ഭജിച്ചതായും പുരാവൃത്തജ്ഞർ പറയുന്നു. ഭട്ടതിരിയുടെ അമ്മയുടെ ഇല്ലം പാഴൂരായിരുന്നുവത്രേ. പാഴൂരിൽ അദ്ദേഹത്തിനു ദൈവയോഗത്താൽ ഒരു കണിയാട്ടിയിൽ പുത്രനുണ്ടായതായും ആ ഗൃഹത്തിലെ പടിപ്പുരയിൽനിന്നു പ്രസ്തുത കുടുംബത്തിലെ കണിയാന്മാർ പറയുന്നതെല്ലാം ഒത്തുവരട്ടെ എന്നനുഗ്രഹിച്ചിട്ടു് അദ്ദേഹം സമാധിയടഞ്ഞതായും കേട്ടുകേൾവിയുണ്ടു്. ആ പടിപ്പുരയിൽ അദ്ദേഹത്തിന്റെ ഭൗതികപിണ്ഡം അടക്കം ചെയ്തിരിക്കുന്നു എന്നാണു് ജനവിശ്വാസം. ഈ ഐതിഹ്യത്തിൽ കഴമ്പില്ലെന്നും ജ്യോത്സ്യന്മാർ എന്ന നിലയിൽ പാഴൂർ കണിയാന്മാർക്കു പ്രസിദ്ധി സിദ്ധിച്ചിട്ടു രണ്ടുമൂന്നു ശതകങ്ങളേ ആയിട്ടുള്ളൂ എന്നും ചിലർ വാദിക്കുന്നുണ്ടു്. എന്നാൽ ആ വാദം പ്രസ്തുതവിഷയത്തിലുള്ള ഐതിഹ്യത്തെ പാടേ തിരസ്കരിക്കുന്നതിനു പര്യാപ്തമാകുന്നില്ല. ഭട്ടതിരിക്കും പാഴൂർ പടിപ്പുരയ്ക്കും തമ്മിൽ അഭേദ്യമായ ഏതോ ബന്ധമുണ്ടായിരുന്നു എന്നുള്ള വസ്തുത അനപലപനീയമായിത്തന്നെ അവശേഷിക്കുന്നു.9.23ഭട്ടതിരിയുടെ കൃതികൾഭട്ടതിരിയുടെ പ്രധാനകൃതി ‘ദശാധ്യായി’ എന്ന പ്രസിദ്ധമായ ജ്യോതിഷഗ്രന്ഥമാകുന്നു. വരാഹമിഹിരാചാര്യൻ അവന്തിദേശത്തിൽ ക്രി. പി. ആറാം ശതകത്തിൽ ജീവിച്ചിരുന്നു. അദ്ദേഹം ജ്യോതിശ്ശാസ്ത്രത്തിൽ പ്രമാണഭൂതമായ ബൃഹജ്ജാതകം എന്ന ഗ്രന്ഥം ഇരുപത്താറധ്യായത്തിൽ രചിക്കുകയുണ്ടായി. ‘സ്വല്പം വൃത്തവിചിത്രമദ്ഭുതരസം’ എന്നു് അഭിജ്ഞന്മാർ പ്രശംസിച്ചിട്ടുള്ള ആ ഗ്രന്ഥത്തിലെ ആദ്യത്തെ പത്തധ്യായങ്ങൾക്കു ഭട്ടതിരി നിർമ്മിച്ച പ്രൗഢമായ വ്യാഖ്യാനമാണു് ‘ദശാധ്യായി. ‘വ്യാഖ്യാതാവു് ഉപക്രമിക്കുന്നതു് ഇങ്ങനെയാണ്–
“ജ്യോതിശ്ശാസ്ത്രമിദം വിധായ വിപുലം ത്രിസ്കന്ധഭിന്നം പുരാ
ലോകാനാം മതിമാന്ദ്യതഃ കലിയുഗേ തൽപാതഭീത്യാ പുനഃ
സ്വല്പം തൽ സകലം തതോ രചിതവാനാദിത്യദാസാത്മജോ
ഭൂത്വാ യോ മിഹിരം വരാഹമിഹിരം നാമ്നാ നമസ്കുർമ്മഹേ
വരാഹഹോരാശാസ്ത്രസ്യ വിജ്ഞാതോർത്ഥോഥ യോ മയാ
സ തു ശിഷ്യാവബോധാർത്ഥം സംക്ഷേപേണ വിലിഖ്യതേ”.
ആദ്യത്തെ ശ്ലോകത്തിൽ ഭട്ടതിരി വരാഹമിഹിരനെ സൂര്യനോടു് ഉപമിയ്ക്കുന്നു. ഗണിതം, സംഹിത, ഹോര ഇവയാണു് മൂന്നു സ്കന്ധങ്ങൾ. രണ്ടാമത്തെ ശ്ലോകത്തിലെന്നപോലെ ഗ്രന്ഥാവസാനത്തിലും “നൈഷാ പാണ്ഡിത്യപ്രകടനായ കൃതാസ്വാവഗതാർത്ഥൻ മന്ദബുദ്ധയേ ശിഷ്യായോപദേഷ്ടുമേവ” എന്നു ദശാധ്യായി നിർമ്മിച്ചതിന്റെ ഉദ്ദേശത്തെപ്പറ്റി പ്രസ്താവിക്കുന്നു. പത്തു് അദ്ധ്യായങ്ങളുടെ വ്യാഖ്യാനമെഴുതിക്കഴിഞ്ഞപ്പോൾ അതിനുമേലുള്ള അദ്ധ്യായങ്ങളിൽ കൂടുതലായൊന്നും ആചാര്യൻ പ്രസ്താവിച്ചിട്ടില്ലെന്നു തോന്നി അവയെ ഭട്ടതിരി സ്പർശിക്കാതെ വിട്ടുകളഞ്ഞു എന്നാണു് പഴമക്കാർ പറഞ്ഞുവരുന്നതു്. ‘മുഹൂർത്തരത്നം’ മുതലായി വേറേയും ചില ജ്യോതിഷഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. സ്ഫുടനിർണ്ണയതന്ത്രവിവൃതി എന്ന അവിജ്ഞാതകർത്തൃകമായ ഒരു ജ്യോതിശ്ശാസ്ത്രനിബന്ധത്തിൽ താഴെ ഉദ്ധരിക്കുന്ന പദ്യഗദ്യങ്ങൾ കാണുന്നു–

“ബ്രഹ്മാണം മിഹിരം വസിഷ്ഠപുലിശൗ ഗർഗ്ഗം മുനിം ലോമശം
ശ്രീപത്യാര്യഭടൗ വരാഹമിഹിരം ലല്ലഞ്ച മുഞ്ജാളകം
ഗോവിന്ദം പരമേശ്വരം സതനയം ശ്രീനീലകണ്ഠം ഗുരൂൻ
വന്ദേ ഗോളവിദശ്ച മാധവമുഖാൻ വാല്മീകിമുഖ്യാൻ കവീൻ”
ബ്രഹ്മസൂര്യവസിഷ്ഠപുലിശലോമശാഃ പഞ്ച സിദ്ധാന്താചാര്യഃ; ഗർഗ്ഗസ്യാപി പഞ്ചസിദ്ധാന്തതുല്യകക്ഷ്യത്വാൽ; ശ്രീപതിസ്സിദ്ധാന്തശേഖരാദീനാം കർത്താ; ലല്ലഃ ശിഷ്യധീവൃദ്ധി ദാഖ്യസ്യ തന്ത്രസ്യ കർത്താ; മുഞ്ജാളകോ മാനസസ്യ കർത്താ; ഗോവിന്ദോ മുഹൂർത്തരത്നാദികർത്താ; പരമേശ്വരോ ദൃഗ്ഗണിതാഖ്യസ്യ കരണസ്യ കർത്താ; തസ്യ തനയോ ദാമോദരാഖ്യഃ; തസ്യ ശിഷ്യശ്ശ്രീനീലകണ്ഠഃ തന്ത്രസങ്ഗ്രഹാദീനാം കർത്താ; മാധവോ വേലാരോഹാദീനാം കർത്താ”. ബ്രഹ്മാവു്, സൂര്യൻ, വസിഷ്ഠൻ, പുലിശൻ, ലോമശൻ ഇവർ പഞ്ചസിദ്ധാന്തങ്ങളുടെ ഉപജ്ഞാതാക്കന്മാരാണു്. ബ്രഹ്മസിദ്ധാന്തത്തിനു പിതാമഹസിദ്ധാന്തമെന്നും ലോമശസിദ്ധാന്തത്തിനു രോമകസിദ്ധാന്തമെന്നുംകൂടി പേരുണ്ടു്. പൗലിശം ഗ്രീസിലും, രോമകം റോമൻസാമ്രാജ്യത്തിലും ജനിച്ച സിദ്ധാന്തങ്ങളെന്നാണു് ആധുനികഗവേഷകന്മാരുടെ അഭിപ്രായം. സൂര്യ സിദ്ധാന്തവും സൂര്യൻ മയനു് രോമകത്തിൽവച്ചു് ഉപദേശിച്ചതാണെന്നു കാണുന്നു. സിദ്ധാന്തശേഖരകർത്താവായ ശ്രീപതി, ശിഷ്യധീവൃദ്ധികർത്താവായ ലല്ലൻ, മാനസകർത്താവായ മുഞ്ജാളകൻ ഇവരെല്ലാം വിദേശീയർതന്നെ. മുഹൂർത്തരത്നകാരനായ ഗോവിന്ദൻ ആര്യഭടീയവ്യാഖ്യാതാവായ ഗോവിന്ദസ്വാമിയാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ദൃഗ്ഗണിതകർത്താവായ പരമേശ്വരൻനമ്പൂരിയേയും മറ്റും പറ്റി മേൽ പ്രതിപാദിക്കും. ദശാധ്യായിയുടെ മാഹാത്മ്യത്തെപറ്റി പ്രശ്നമാർഗ്ഗത്തിൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“അദൃഷ്ട്വാ യോ ദശാധ്യായീം ഫലമാദേഷ്ടു മിച്ഛതി
സമിച്ഛതി സമുദ്രസ്യ തരണം സ പ്ലവം വിനാ.”
തൃപ്പറങ്ങോട്ടപ്പനെപ്പറ്റി ഭട്ടതിരി രചിച്ചിട്ടുള്ളതും ദശാധ്യായിയുടെ അവസാനത്തിലുള്ളതുമായ ഒരു ശ്ലോകമാണു് താഴെച്ചേർക്കുന്നതു്–

“സ്ഫുരതു ഭുജങ്ങ്ഗമഹാരം മമ ഹൃദി തേജോ മഹാവിഷാഹാരം
ശ്വേതാരണ്യേവിഹാരം ശ്വേതം ശീതാംശുശേഖരം ഹാരം.”
ഇപ്രകാരം ക്രി. പി. 1300 വരെ സംസ്കൃത സാഹിത്യത്തെ പോഷിപ്പിച്ച കേരളീയരിൽ പലരും മഹനീയന്മാരായിരുന്നു. അദ്വൈതവേദാന്തത്തിൽ സർവതന്ത്രസ്വതന്ത്രനായ ഭഗവൽപാദർ, പൂർവമീമാംസയിൽ പ്രഭാകരമിശ്രൻ, നാടകത്തിൽ ശക്തിഭദ്രൻ, യമകത്തിൽ വാസുഭട്ടതിരി, സ്തോത്രത്തിൽ വില്വമങ്ഗലത്തു സ്വാമിയാർ, ജ്യോതിഷത്തിൽ തലക്കുളത്തു ഭട്ടതിരി ഇവർ ഏതു പണ്ഡിതന്റെ മുക്തകണ്ഠമായ ശ്ലാഘയേയാണു് ആർജ്ജിക്കാത്തതു്! കേരളത്തിന്റെ അന്യാദൃശമായ സൽകീർത്തി അവരാലും അവരെപ്പോലെയുള്ള മറ്റനേകം മഹാത്മക്കളാലും പണ്ടുപണ്ടേ പ്രതിഷ്ഠിതമായിട്ടുണ്ടെന്നുള്ള വസ്തുത നമുക്കു് അത്യന്തം ഹൃദയോത്തേജകമാകുന്നു.9.24കൃഷ്ണാചാര്യൻകൃഷ്ണൻ എന്നൊരാചാര്യനാൽ വിരചിതമായി കൃഷ്ണീയം, അഥവാ ചിന്താജ്ഞാനം എന്ന പേരിൽ ഒരു ജ്യോതിഷഗ്രന്ഥമുണ്ടു്. ഇതിൽ ആകെ മുപ്പത്തിരണ്ടധ്യായങ്ങളും ഒരു പരിശിഷ്ടവും അടങ്ങിയിരിക്കുന്നു. പ്രശ്നവിഷയത്തിലും ജാതകവിഷയത്തിലും ഈ ഗ്രന്ഥത്തെ കേരളീയർ ഒരു പ്രമാണമായി സ്വീകരിക്കുന്നു; ഇതിനു് അന്യാദൃശമായ പ്രചാരമാണു് കേരളത്തിലെങ്ങുമുള്ളതു്.

“വ്യാകരണാദിഷ്വങ്ഗേഷ്വവഗതതത്വസ്യദൈവശാസ്ത്രവിദഃ
കൃഷ്ണസ്യ കൃതിശ്ചിന്താജ്ഞാനം കൃഷ്ണീയമിതി നാമ്നാ”
എന്നു മുപ്പത്തിരണ്ടാമധ്യായത്തിന്റെ ഒടുവിലുള്ള പദ്യത്തിൽ നിന്നു് അദ്ദേഹം ജ്യോതിഷത്തിന്നു പുറമേ വ്യാകരണം തുടങ്ങിയ വേദാങ്ഗങ്ങളിലും നിഷ്ണാതനായിരുന്നു എന്നു കാണാവുന്നതാണു്. ദേശമേതെന്നു അറിയുന്നില്ല.

“അർത്ഥാനതിപ്രകീർണ്ണാൻ ഹോരാശാസ്ത്രാന്തരേഭ്യ ഉദ്ധൃത്യ
ഗ്രഥിതമിദമനപശബ്ദം ഹോരാശാസ്ത്രം സമാസേന.
അതിസംക്ഷേപോഽശക്യോ ജ്ഞാതും ഹ്യതിവിസ്തരോ മതിംഹന്തി;
യുക്തം പ്രമാണയുക്ത്യാ കൃതമിദമുഭയം പരിത്യജ്യ”
എന്നീ പദ്യങ്ങളിൽ ഗ്രന്ഥകാരൻ തന്റെ കൃതിക്കുള്ള വൈശിഷ്ട്യത്തെ പ്രഖ്യാപനംചെയ്യുന്നു. നഷ്ടപ്രശ്നം, മുഷ്ടിപ്രശ്നം മുതലായ പ്രശ്നങ്ങൾ പറഞ്ഞു് ഒപ്പിക്കണമെങ്കിൽ കൃഷ്ണീയത്തിന്റെ സാഹായ്യം അപരിത്യാജ്യമാണെന്നു ദൈവജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ദേശമങ്ഗലത്തു് ഉഴുത്തിരവാരിയർ ഹോരാവിവരണത്തിൽ കൃഷ്ണീയത്തെ സ്മരിക്കുന്നു. പ്രശ്നമാർഗ്ഗകാരനായ ഇടയ്ക്കാട്ടു നമ്പൂരി കൃഷ്ണീയത്തെ ഒരു പ്രമാണഗ്രന്ഥമായി സ്വീകരിക്കുന്നു. ഇതുകൊണ്ടല്ലാം കൊല്ലം എട്ടാംശതകത്തിനു മുമ്പാണു് അതിന്റെ നിർമ്മിതി എന്നു വ്യക്തമാകുന്നു. കുറേക്കൂടി ചുഴിഞ്ഞുനോക്കുകയാണെങ്കിൽ കൃഷ്ണീയഹോരയെ ഉണ്ണിയച്ചിചരിതം ചമ്പുവിൽ സ്മരിച്ചുകാണുന്നതുകൊണ്ടു് കൊല്ലം അഞ്ചാംശതകത്തോളം പഴക്കവും അതിനു കല്പിക്കാവുന്നതാണു്. ഇടയ്ക്കാടു പറയുന്നതു ഇങ്ങനെയാണു്–

“ഹോരാം വരാഹമിഹിരാസ്യവിനിർഗ്ഗതാം യേ
മാലമിവാദധതി ദൈവവിദസ്സ്വകണ്ഠേ,
കൃഷ്ണീയശാസ്ത്രമപി ഭർത്തൃമതീവ സൂത്രം,
തേഷാം സഭാസു മഹതീ ഭവതീഹ ശോഭാ”
മാലയേക്കാൾ മങ്ഗല്യസൂത്രം ഭർത്തൃമതിയായ സ്ത്രീ കണ്ഠത്തിൽ ധരിക്കേണ്ടതു് അത്യാവശ്യമാകയാൽ പ്രശ്നമാർഗ്ഗകാരന്റെ പക്ഷത്തിൽ ഹോരാശാസ്ത്രത്തെ അപേക്ഷിച്ചു കൃഷ്ണീയ ശാസ്ത്രത്തിനു പ്രയോഗോപയോഗിത അധികമുണ്ടെന്നു വേണം വിചാരിക്കുവാൻ. ഇടയ്ക്കാടു വീണ്ടും മറ്റൊരു ഘട്ടത്തിൽ “തൈരാദൗ കൃഷ്ണീയേ ശാസ്ത്രേ സമ്യൿ പരിശ്രമഃ കാര്യഃ” എന്നു് ഊന്നിപ്പറഞ്ഞിട്ടുണ്ടു്.

കൃഷ്ണീയത്തിനു് ‘ചതുരസുന്ദരീ’ എന്നൊരു പഴയ വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ.

“നത്വാ ത്രികാലതത്വജ്ഞം സർവജ്ഞം ക്രിയതേ മയാ
വ്യാഖ്യാ കൃഷ്ണീയശാസ്ത്രസ്യ നാമ്നാ ചതുരസുന്ദരീ”
എന്നു മാത്രമേ അദ്ദേഹം ആ വ്യാഖ്യാനത്തെപ്പറ്റി പറയുന്നുള്ളു. പുലിയൂർ പുരുഷോത്തമൻനമ്പൂരിയുടെ ദൈവജ്ഞവല്ലഭ എന്ന വ്യാഖ്യാനം ആധുനികമാണു്.9.25ചില തന്ത്രഗ്രന്ഥങ്ങൾ9.25.1പ്രയോഗമഞ്ജരി
കേരളത്തെപ്പോലെ ഒരിടത്തും വിശിഷ്ടങ്ങളും ബഹുമുഖങ്ങളുമായ തന്ത്രഗ്രന്ഥങ്ങൾ ഉണ്ടായിട്ടില്ല. അവയിൽ അത്യന്തം പ്രാചീനമായ ഒരു ഗ്രന്ഥമാണു് പ്രയോഗമഞ്ജരി. അതിന്റെ കാലം ഏതെന്നു പരിച്ഛേദിച്ചു പറയുവാൻ നിവൃത്തിയില്ലെങ്കിലും ക്രി. പി. പത്താമത്തേയോ പതിനൊന്നാമത്തേയോ ശതകത്തിൽ ആയിരിക്കുമെന്നു് ഉദ്ദേശിക്കാം. എന്തെന്നാൽ 14–ാം ശതകത്തിൽ ജീവിച്ചിരുന്ന വില്വമങ്ഗലത്തു സ്വാമിയാരുടെ ഗുരുനാഥനാണെന്നു് ഊഹിക്കാവുന്ന ഈശാനഗുരുദേവൻ അദ്ദേഹത്തിന്റെ ‘പദ്ധതി’ എന്ന തന്ത്രഗ്രന്ഥത്തിൽ പല അവസരങ്ങളിലും പ്രസ്തുത കൃതിയിൽനിന്നു ശ്ലോകങ്ങളും മറ്റും പ്രാക്തനപ്രമാണരൂപത്തിൽ ഉദ്ധരിക്കുന്നു.

9.25.2പ്രണേതാവു്
പ്രയോഗമഞ്ജരിക്കു മഞ്ജരി എന്ന പേരിലാണു് അധികം പ്രസിദ്ധി. അതിന്റെ പ്രണേതാവു് രവി എന്നൊരു നമ്പൂരിയാണെന്നും അദ്ദേഹത്തിന്റെ പിതാമഹൻ ഭവത്രാതനും പിതാവു് അഷ്ടമൂർത്തിയും ആയിരുന്നു എന്നും താഴെ കാണുന്ന ശ്ലോകങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ടു്.

“ശിവപുരസദ്ഗ്രാമജുഷാ വിദ്ധ്യർപ്പിതസോമപാനശുദ്ധേന
കാശ്യപഗോത്രപ്രഭൂണാ മാഠരകുലാബ്ജ... വനഹംസേന
ചമ്പാതീരതടാകാരാമസ്ഥ (സ്ഥിത?) ശാസ്തൃഗുപ്തേന
രവിണാ ഹരിപാദാബ് ജഭൃങ്ഗേണ രചിതാ കൃതിഃ
പ്രയോഗമഞ്ജരീ നാമ സംക്ഷേപകുസുമോജ്ജ്വലാ”
രവി ഒരു ചോമാതിരിയും കാശ്യപഗോത്രജനും ആണെന്നും മങ്കര തീവണ്ടിയാപ്പീസിന്നു മൂന്നു നാഴിക വടക്കുള്ള ചെമ്പറക്കുളങ്ങരക്കാവിലെ ശാസ്താവാണു് അദ്ദേഹത്തിന്റെ പരദേവതയെന്നുംകൂടി ഈ ശ്ലോകങ്ങളിൽ കാണാം. മാഠരകുലം കൊടുമണ്ട എന്ന ഇല്ലമാണെന്നു പ്രദ്യോതകാരൻ വിശദീകരിയ്ക്കുന്നു. ബഹുയാർജിയായിരുന്നു രവി എന്നും ആ വ്യാഖ്യാതാവു ചൂണ്ടിക്കാണിക്കുന്നു. സ്വകൃതിയെപ്പറ്റി ഗ്രന്ഥകാരൻ ഇങ്ങനെ പ്രസ്താവിക്കുന്നു.

“ഉദ്ദാമതാ ന വചസോ ന ച കൗതുകം മേ
ബുദ്ധേശ്ശിവസ്യ ന ച ബോദ്ധുമലം ഹി തത്ത്വം
ഹാസ്യോ ഭവാമി കരണേന നിബന്ധനസ്യ
സ്പഷ്ടം തഥാപി ഖലു ചോദയതീഹ ഭക്തിഃ.

ദുർജ്ഞേയാനി ബഹൂനി മന്ദമതിഭിസ്തന്ത്രാണി ഗൗരീപതേ–
രുദ്ഗീർണ്ണാനി മുഖാംബുജാദവികലസ്ത്വേകത്ര തേഷാം ക്രിയാഃ
നോക്താസ്തേന ശിവാഗമാംശ്ച നിഖിലാനുദ്വീക്ഷ്യ താസ്താഃ ക്രിയാഃ
സംക്ഷിപ്യ പ്രവദാമി യാശ്ച വിഹിതാ ലിങ്ഗപ്രതിഷ്ഠാവിധൗ.”
ശൈവാഗമങ്ങളുടെ സംക്ഷേപമാണു് മഞ്ജരിയെന്നു് ഈ പ്രസ്താവനയിൽ നിന്നു വിശദമാകുന്നുണ്ടല്ലോ. ആകെ ഇരുപത്തൊന്നു പടലങ്ങളാണു് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിയ്ക്കുന്നതു്. രവിയുടെ ശ്ലോകങ്ങൾക്കു നല്ല രചനാസൗഷ്ഠവമുണ്ടു്.

9.25.3പ്രദ്യോതം
പ്രദ്യോതം പ്രയോഗമഞ്ജരിയുടെ വിസ്തൃതവും മർമ്മസ്പൃക്കുമായ ഒരു വ്യാഖ്യാനമാണു്. നാരായണന്റെ പുത്രനായ ത്രിവിക്രമൻ എന്നൊരു നമ്പൂരിയാണു് അതിന്റെ രചയിതാവെന്നു താഴെ ഉദ്ധരിക്കുന്ന പദ്യങ്ങളിൽ നിന്നു കാണാവുന്നതാണു്.

“ആർദ്രപാദകുലോദ്ഭൂതനാരായണതനൂദ്ഭവഃ
ത്രിവിക്രമോഹം മഞ്ജര്യാ വ്യാഖ്യാ കുർവേ യഥാശ്രുതം.
തിരോഹിതാർത്ഥവാക്യാനാം പദാനാഞ്ച യഥാമതി
സ്വാർത്ഥമേവാപരിച്ഛിദ്യ ശ്രുതാർത്ഥസ്യ സ്മൃതേരിമാം”
“നിഖിലാഗമാർത്ഥസാരപ്രയോഗമഞ്ജര്യഗാധകമലിന്യാഃ
പ്രസൃതാ ത്രിവിക്രമാഖ്യാദ്വ്യാഖ്യാ പ്രദ്യോത ഏവ ബോധായ.”
ആർദ്രപാദകുലമേതെന്നു ഗവേഷണം ചെയ്യേണ്ടിയിരിക്കുന്നു. ത്രിവിക്രമന്റെ വ്യാഖ്യയ്ക്കു കുറേയധികം പഴക്കമുണ്ടെന്നല്ലാതെ ഏതു കാലത്താണു് അതിന്റെ നിർമ്മിതി എന്നു ഖണ്ഡിച്ചു പറയുവാൻ മാർഗ്ഗമില്ല. സ്മാർത്തവൈതാനികപ്രായശ്ചിത്തകർത്താവായ മാന്ധാതാവിന്റെ ഗുരുവായിരുന്നു അദ്ദേഹമെന്നും കൊല്ലം ഏഴാംശതകമായിരുന്നിരിക്കണം അദ്ദേഹത്തിന്റെ ജീവിതകാലമെന്നും എനിക്കു തോന്നുന്നു.
9.25.4ഈശാനശിവഗുരുദേവപദ്ധതി
ഈശാനശിവഗുരു ദേവപദ്ധതിയും ശൈവാഗമങ്ങളെ ആധാരമാക്കി രചിച്ചിട്ടുള്ള ഒരു ബൃഹത്തമമായ തന്ത്രനിബന്ധമാണു്. ഈശാനൻ എന്നതു പേരും ശിവഗുരുദേവൻ എന്നതു ശൈവാഗമങ്ങളിലുള്ള പാണ്ഡിത്യം നിമിത്തം അദ്ദേഹത്തിനു ലബ്ധമായ ബിരുദവുമാണെന്നു ഞാൻ ഊഹിക്കുന്നു. “സമാപ്താ ചേയമീശാനശിവഗുരുദേവസ്യ കൃതിഃ സിദ്ധാന്തസാരപദ്ധതിഃ” എന്നൊരു കുറിപ്പു ഗ്രന്ഥാവസാനത്തിൽ കാണുന്നുണ്ടു്. ഇതിൽ സാമാന്യപാദമെന്നും മന്ത്രപാദമെന്നും ക്രിയാപാദമെന്നും യോഗപാദമെന്നും നാലു പാദങ്ങൾ അടങ്ങിയിരിക്കുന്നു. ആദ്യത്തെ രണ്ടു പാദങ്ങളും പൂർവ്വാർദ്ധത്തിലും ഒടുവിലത്തേവ രണ്ടും ഉത്തരാർദ്ധത്തിലും ഉൾപ്പെടുന്നു. ആകെ പതിനെണ്ണായിരത്തോളം ശ്ലോകങ്ങൾ ഉണ്ടു്.
“വിസ്തൃതാനി വിശിഷ്ടാനി തന്ത്രാണി വിവിധാന്യഹം
യാവൽസാമർത്ഥ്യമാലോച്യ കരിഷ്യേ തന്ത്രപദ്ധതിം”
എന്നു ഗ്രന്ഥകാരൻ ഉപോൽഘാതത്തിൽ പ്രതിജ്ഞചെയ്യുന്നു. അദ്ദേഹം സ്മരിക്കുന്ന ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ പ്രപഞ്ചസാരം, മഞ്ജരി, (പ്രയോഗമഞ്ജരി), ഭോജരാജേന്ദ്രപദ്ധതി ഈ ഗ്രന്ഥങ്ങളും ഉൾപ്പെടുന്നു. തദനുരോധേന ധാരാധിപനായ ഭോജരാജാവിന്റെ ജീവിതകാലമായ പതിനൊന്നാം ശതകത്തിനു പിന്നീടാണു് പ്രസ്തുത ഗ്രന്ഥത്തിന്റെ നിർമ്മിതി എന്നു സിദ്ധിക്കുന്നുണ്ടല്ലോ. ഈശാനശിവഗുരു കേരളീയനാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. ക്രിയാപാദം 50-ാം പടലം, 343-ാം പദ്യത്തിൽ തിമില എന്ന കേരളീയവാദ്യവിശേഷത്തെപ്പറ്റി പറയുന്നുണ്ടു്.

“സങ്ഗീതനൃത്തവാദിത്രൈഃ ശംഖകാഹളഗോമുഖൈഃ
തിമിലാനകഭേര്യാദൈർന്നിനദദ്ഭിരനാരതം”
വില്വമങ്ഗലത്തു സ്വാമിയാർ ക്രി. പി. ഉദ്ദേശം 1220-മുതൽ 1300-വരെ ജീവിച്ചിരുന്നതായി മേൽ ഉപപാദിക്കും. അദ്ദേഹം ഈശാനദേവൻ തന്റെ ഗുരുവായിരുന്നു എന്നു് “ഈശാനദേവചരണാഭരണേന” എന്ന ശ്രീകൃഷ്ണകർണ്ണാമൃതത്തിലേയും “ഈശാനദേവ ഇത്യാസീദീശാനോ മുനിതേജസാം” എന്ന ബാലകൃഷ്ണസ്തോത്രത്തിലേയും പങ്ക്തികളിൽ പ്രഖ്യാപിക്കുന്നു. ആ വഴിക്കു ഈശാനശിവഗുരു ക്രി. പി. പന്ത്രണ്ടാം ശതകത്തിന്റെ അവസാനത്തിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കുന്നതിൽ അപാകമില്ല. അദ്ദേഹത്തിന്റെ ജനനസ്ഥലം ഏതെന്നു നിർണ്ണയിക്കുവാൻ ഒരു പോംവഴിയും കാണുന്നില്ല. സന്യാസാശ്രമം സ്വീകരിച്ചിരുന്നിരിക്കാമെന്നു തോന്നുന്നു. പദ്ധതിയിലെ പല ശ്ലോകങ്ങൾക്കും ആസ്വാദ്യതയുണ്ടു്.
“അനന്യതന്ത്രസാപേക്ഷസ്വാർത്ഥസന്ദോഹസങ്ഗതിം
ഋദ്ധൈർവിധാനമന്ത്രാർത്ഥൈവിദ്യാം ശ്രുതിമിവാപരാം
പ്രസന്നാം നാതികുടിലാം നാതിസംക്ഷേപവിസ്തരാം
ചിത്രാം ബഹുഗുണാം വിഷ്ണോശ്ശയ്യാം ഭോഗവതീമിവ

വിവിധച്ഛന്ദസം നാനാവൃത്താലങ്കാരവർണ്ണകാം
സേവ്യാം കാമിജനസ്യേഷ്ടാം ലളിതാം പ്രമാദാമിവ
വിഷഗ്രഹാമയാദീനാം പ്രശമോപായദർശിനീം
മന്ത്രബിംബൗഷധിന്യാനൈർവിദ്യാം സഞ്ജീവനീമിവ”
ഇവയെല്ലാം ഗ്രന്ഥപ്രശസ്തിപദ്യങ്ങളാണു്.

9.25.5ക്രിയാസാരം
ക്രിയാസാരം എന്നൊരു ദീഘമായ തന്ത്രഗ്രന്ഥം ‘നവശ്രേണി’ എന്ന ഇല്ലത്തെ സുബ്രഹ്മണ്യൻ നമ്പൂരിയുടെ പുത്രനായ രവിനമ്പൂരി നിർമ്മിച്ചിട്ടുണ്ടു്. നവശ്രേണി (പുതുശ്ശേരി) എവിടെയുള്ള ഇല്ലമാണെന്നോ സുബ്രഹ്മണ്യൻ ഏതുകാലത്തു ജീവിച്ചിരുന്നു എന്നോ അറിവില്ല. ഗണപതി, വിഷ്ണു, ശാസ്താവു്, എന്നിങ്ങനെ അനേകം ദേവതകളുടെ ബിംബപ്രതിഷ്ഠ, നവീകരണം, പൂജാവിധി, ഉത്സവവിധി മുതലായ വിഷയങ്ങളെയാണു് പ്രസ്തുത ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്. ഒടുവിൽ സപ്തമാതൃക്കളുടെ സ്ഥാപനം സംബന്ധിച്ചുള്ള വിധികൾ ക്രോഡീകരിച്ചിരിക്കുന്നു. ഓരോ ദേവതയെപ്പറ്റിയുള്ള ഭാഗങ്ങൾ ഓരോ ഭാഗമായി തിരിച്ചു് അവയെ പല പടലങ്ങളായി വീണ്ടും വിഭജിച്ചിരിക്കുന്നു. ആകെ അറുപത്തൊൻപതു പടലങ്ങൾ കാണുന്നു. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.
“ഗണേശാനം നമസ്കൃത്യ ശിവം നാരായണപ്രഭും
ക്രിയാസാരം പ്രവക്ഷ്യാമി സമാസാച്ച സമാസതഃ
സർവശാസ്ത്രേഷു നിർദ്ദിഷ്ടം സർവം സങ്ഗൃഹ്യ ലക്ഷണം
വിശേഷതസ്തു യജ്ഞേപി പ്രോക്തം വക്ഷ്യേ സമാസതഃ
ഏകസ്മിന്നാഗമേ നോക്താഃ പ്രായശസ്സകലാഃ ക്രിയാഃ
തസ്മാൽ സംക്ഷേപതോ വക്ഷ്യേ സാധകാനാം ഹിതായ വൈ.
യാ യാ ക്രിയാഗമേഷൂക്താഃ സ്ഥാപനാർത്ഥം മനീഷിഭിഃ
താം താമാദായ സന്ധായ വക്ഷ്യേ കർമ്മ യഥാക്രമം.”
ഒടുവിൽ

“സമ്യൿ ശാസ്ത്രമധീത്യ തത്ര ഗദിതം ജ്ഞാത്വൈവ കാര്യാക്രിയാ
യേ കുർവന്തി തതോന്യഥാ പരിഭവം യാന്ത്യേവ തേ കർമ്മണഃ”
സമ്യൿ തന്ത്രമഹോദധേഃ സുവിശദം സങ്കീർണ്ണസർവക്രിയാ
സാരം രത്നമിവോദ്ധൃതം ഗുരുപദാംഭോജപ്രസാദാന്മയാ.”
എന്നൊരു ജ്ഞാപകപദ്യവും ചേർത്തിട്ടുണ്ടു്. ഈ ഗ്രന്ഥവും അതിപ്രാചീനമാണെന്നു തന്ത്രസങ്ഗ്രഹകാരനായ കേളല്ലൂർ ചോമാതിരി ഇതിനെ ഉപജീവിച്ചു കാണുന്നതിൽ നിന്നു വെളിപ്പെടുന്നു.

9.25.6ക്രിയാസാരവ്യാഖ്യാ
ക്രിയാസാരത്തിന്റെ വ്യാഖ്യാതാവു് ഹാരിണീകാരനായ പുലിയന്നൂർ നാരായണൻ നമ്പൂരിയാണെന്നു മുൻപു പറഞ്ഞു. “വ്യാഘ്രഗ്രാമാലയേന നാരായണേന കൃതായാം ക്രിയാസാരവ്യാഖ്യായാം” എന്ന കുറിപ്പാണു് ഈ ഊഹത്തിനു ലക്ഷ്യം. മൂലഗ്രന്ഥകാരനെപ്പറ്റി അദ്ദേഹം, “അഥ കശ്ചിദ്വിപശ്ചിദഗ്രേസരസ്തന്ത്രാചാര്യസ്തന്ത്രിണാം തന്ത്രാഗമാർത്ഥേ തൽപ്രതിപാദിതക്രിയാപ്രയോഗേ ച വ്യാമൂഢാനാമനുഗ്രഹായ ക്രിയാസാരമിതി യഥാർത്ഥാഹ്വയം ഗ്രന്ഥം ചികീർഷുഃ” എന്നു മാത്രമേ പറയുന്നുള്ളു. ക്രിയാസാരകാരൻ ‘നാരായണം പ്രഭും’ എന്നു പറഞ്ഞിട്ടുണ്ടല്ലോ. ശ്ലേഷസാമർത്ഥ്യം കൊണ്ടു് അദ്ദേഹം തനിക്കു മാർഗ്ഗദർശകമായിരുന്ന തന്ത്രസമുച്ചയം നിർമ്മിച്ച ചേന്നാസ്സു നമ്പൂരിപ്പാടിനെക്കൂടി കടാക്ഷിക്കുന്നില്ലേ എന്നു ഞാൻ സംശയിക്കുന്നു.

അദ്ധ്യായം 10 - നാടോടിപ്പാട്ടുകൾ I

10.1നാടോടിപ്പാട്ടുകൾ: പലവക

പ്രായേണ ദുഃഖഭൂയിഷ്ഠമായിത്തോന്നുന്ന ഈ ലോകത്തിൽ കലർപ്പില്ലാത്ത സുഖമെന്നൊന്നുണ്ടെങ്കിൽ അതു കലകളിൽ – പ്രത്യേകിച്ചു സങ്ഗീതത്തിലും സാഹിത്യത്തിലും – ആണു് സ്ഥിതി ചെയ്യുന്നതെന്നുള്ളതിനു സംശയമില്ല. പാട്ടുകേൾക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദം ആർക്കും അനുഭവഗോചരമാകുന്നു. ഓരോ ജനസമുദായത്തിന്റെ ഇടയിലും ആദ്യമായി സജ്ഞാതമായ സാഹിത്യം സങ്ഗീതാത്മകമായിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ സാഹിത്യത്തിനു പണ്ഡിതദൃഷ്ടിയിൽ യാതൊരു മെച്ചവുമില്ല; അതിലേ സങ്ഗീതം അങ്ങനെയൊരു പേർ അർഹിക്കുന്നുമില്ല. എങ്കിലും ആ ഗാനപ്രപഞ്ചത്തിനുമുണ്ടു് ശൈശവമധുരമായ ഒരു സൗന്ദര്യം. അതു സഹൃദയന്മാരെ അന്തരാന്തരാ രസിപ്പിക്കുന്നു; ഗാനരസികന്മാരെ ആകർഷിക്കുന്നു. ഓലയുടേയും നാരായത്തിന്റേയും ഒത്താശകൂടാതെ നാടെങ്ങും പ്രചരിക്കുന്നു. ആ ഇനത്തിൽപെട്ട കേരളത്തിലേ ചില പാട്ടുകളെപ്പറ്റി ഈ അധ്യായത്തിൽ സ്വല്പം പ്രസ്താവിക്കാം.

10.2വിഷയം

കേരളത്തിൽ സാമാന്യേന എല്ലാ വിഷയങ്ങളെപ്പറ്റിയും പാട്ടുകൾ ഉണ്ടായിട്ടുണ്ടു്. പ്രധാനമായി (1) ദേവതാപൂജ, (2) വീരപുരുഷാരാധനം, (3) വിനോദം, (4) ശാസ്ത്രം, (5) കുലവൃത്തി, (6) സദാചാരം ഇവയെ അധികരിച്ചാണു് അവയിൽ ഭൂരിപക്ഷവും രചിക്കപ്പെട്ടിട്ടുള്ളതു്. ഈ പ്രഭേദങ്ങളെത്തന്നെ കുറേക്കൂടിപ്പരത്തി (1) പുരാണം, (2) സ്തോത്രം, (3) സദാചാരം, (4) ശാസ്ത്രം, (5) വീരചരിതം, (6) ദേശചരിത്രം, (7) തൊഴിലില്ലായ്മ, (8) വിനോദം, (9) ഭൗതികം, (10) വൈഷയികം, (11) രാഷ്ട്രീയം, (12) സാമുദായികം എന്നിങ്ങനെ കൊച്ചിരാമവർമ്മ (അപ്പൻ തമ്പുരാൻ) പന്ത്രണ്ടുമാതിരിയായി തരംതിരിച്ചിരിക്കുന്നു.

ഉദ്ധരിക്കുന്ന പാട്ടുകൾ എല്ലാംതന്നെ പ്രാചീനങ്ങളാണെന്നു് എനിക്കഭിപ്രായമില്ല. വിനോദപരങ്ങളായ ഗാനങ്ങളിൽ പലതിനേയും ആട്ടിപ്പായിച്ചു് ഇക്കാലത്തു് അവയുടെ സ്ഥാനങ്ങളിൽ പുരാണകഥകളും ഈശ്വരസ്തോത്രങ്ങളും കടന്നുകൂടിട്ടുണ്ടു്. ഒരേ വിഷയത്തെ അധികരിച്ചു നോക്കുകയാണെങ്കിൽപോലും പഴയ പാട്ടുകളെ പുറന്തള്ളി അവയ്ക്കു പകരം പല പുതിയ പാട്ടുകളും രങ്ഗപ്രവേശം ചെയ്തിട്ടുള്ളതായും, കാണാം. അതുകൊണ്ടു് ഈ അധ്യായത്തിൽ സ്മരിക്കുന്ന ഗാനങ്ങളുടെ കാലഗണന അസാധ്യമെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.

10.3സംഘക്കളി – ആഗമം

യാത്രകളി അല്ലെങ്കിൽ സംഘക്കളി നമ്പൂരിമാരുടെ ഇടയിൽ പണ്ടേയ്ക്കുപണ്ടേ പ്രചുരപ്രചാരമായിത്തീർന്നിട്ടുള്ള ഒരു വൈദികവിനോദപ്രസ്ഥാനമാകുന്നു. ഇതിന്റെ ഉത്ഭവത്തെപ്പറ്റി കേരളോൽപത്തിയിൽ താഴെ കുറിക്കുന്ന വിധത്തിൽ ഒരൈതിഹ്യമുണ്ടു്. പള്ളിവാണപെരുമാൾ കേരളം രക്ഷിച്ചുവന്ന കാലത്തു ബുദ്ധമതക്കാരും നമ്പൂരിമാരും തമ്മിൽ തൃക്കാരിയൂരമ്പലത്തിൽവച്ചു മതസംബന്ധമായി ഒരു വാഗ്വാദമുണ്ടാകുകയും അതിൽ ജയം സിദ്ധിക്കുന്നതിനുവേണ്ടി നമ്പൂരിമാർ തൃക്കാരിയൂരപ്പനെ ഭജിക്കുകയും ചെയ്തു. ആ അവസരത്തിൽ ജങ്ഗമൻ എന്നൊരു മഹർഷി അവിടെ ചെന്നു നാലുപാദത്തോടുകൂടിയ ഒരു മന്ത്രം നമ്പൂരിമാർക്കു് ഉപദേശിച്ചു. ഒരു മണ്ഡലം ഭജിച്ചപ്പോൾ ആറു പരദേശബ്രാഹ്മണർ അവിടെ വരികയും അവരുടെ സാഹായ്യത്തോടുകൂടി നമ്പൂരിമാർ ബുദ്ധമതക്കാരെ തോല്പിക്കുകയും ചെയ്തു. അന്നു മുതല്ക്കു് ആ ‘നാലുപാദം’ അഭീഷ്ടപ്രദമാണെന്നുള്ള ബോധത്താൽ കേരളീയർക്കു് ആദരണീയമായിത്തീർന്നു. ഇതാണു് ആ ഐതിഹ്യം. ഇതിന്റെ വിശ്വാസ്യത എങ്ങനെയിരുന്നാലും എല്ലാ സംഘങ്ങളുടേയും മൂലപരദേവത തൃക്കാരിയൂരപ്പനായതുകൊണ്ടു തൃക്കാരിയൂരാണു് സംഘക്കളിയുടെ ഉത്ഭവസ്ഥാനം എന്നു തീർച്ചയായി പറയാം. കാലം, ക്രി. പി. ആറാം ശതകത്തോടടുത്താണെന്നു വിചാരിക്കുന്നതിൽ അപാകമില്ല.

സംഘക്കളിയെ മൂന്നംശമായി വിഭജിക്കാം. അവ നാലുപാദം, പാന, കളി (ഹാസ്യം) എന്നിവയാകുന്നു. ഇവയിൽ നാലുപാദമാണു് അതിപ്രധാനം; അതു കഴിഞ്ഞാൽ പാനയും. നാലുപാദം മാത്രമേ ആദ്യകാലത്തുണ്ടായിരുന്നുള്ളൂ. പാന പിന്നീടും കളി ഒടുവിലും കൂട്ടിച്ചേർത്തതാണെന്നത്രേ ഞാൻ അനുമാനിക്കുന്നതു്. സന്താനലാഭത്തിനും പ്രേതശുദ്ധിക്കും വളരെ വിശേഷമെന്നു സംഘക്കളിയെ കരുതിപ്പോരുന്നു. ചോറൂണു്, ഉപനയനം, സമാവർത്തനം, വിവാഹം, ഷഷ്ട്യബ്ദപൂർത്തി, മഹാരാജാക്കന്മാരുടെ തിരുനാൾ എന്നിങ്ങനെയുള്ള വലിയ അടിയന്തിരങ്ങൾ സംബന്ധിച്ചാണു് സംഘക്കളി സാധാരണമായി കളിപ്പിക്കാറുള്ളതു്. നാലുപാദം മാത്രമായും നാലുപാദവും പാനയും മാത്രമായും അടിയന്തിരം കഴിപ്പിക്കാവുന്നതാണു്; എന്നാൽ കളിമാത്രമായോ പാനയും കളിയും മാത്രമായോ പാടുള്ളതല്ല.

10.4സംഘങ്ങൾ

ചാത്തിരര് എന്നൊരിനം നമ്പൂരിമാരുണ്ടു്. ശാസ്ത്ര (ആയുധസംബന്ധി എന്നർത്ഥം) പദത്തിന്റെ തത്ഭവങ്ങളാണു് ചാത്തിരവും, യാത്രയും; വിദേശങ്ങളിലെ ‘യാത്ര’ എന്ന വിനോദവുമായി ഇതിനു യാതൊരു സംബന്ധവുമില്ല. പുരാതനകാലങ്ങളിൽ ആയുധവൃത്തി സ്വീകരിച്ചു ഗ്രാമരക്ഷ നടത്തിയവരും അടുക്കളയ്ക്കും (എല്ലാ നമ്പൂരിമാർക്കും വച്ചുവിളമ്പുന്നതിനും) അരങ്ങിനും (സംഘത്തിൽ ചേർന്നു കളിക്കുന്നതിനും) അവകാശമുള്ളവരും ആണു് ചാത്തിരർ. കളി നടത്തുന്നതു വാസ്തവത്തിൽ അവരാണെങ്കിലും സംഘം തികയുന്നതിനു വേദാർഹന്മാരായ നമ്പൂരിമാർക്കൂടി വേണമെന്നുണ്ടു്. വാക്യാവൃത്തി, പരിഷ, കിഴിപ്പുറം എന്നു് ഓരോ സംഘത്തിലുമുള്ള മൂന്നു സ്ഥാനങ്ങൾക്കു് അവർക്കാണു് അവകാശം. അവയിൽ വാക്യാവൃത്തിക്കു ഭരണാധികാരവും, പരിഷയ്ക്കു സേനാനായകത്വവും കിഴിപ്പുറത്തിനു ധനാധികാരവും പണ്ടുണ്ടായിരുന്നിരിക്കണമെന്നു് ഊഹിക്കാം. ‘പതിനെട്ടും പടുതോളും’ എന്നിങ്ങനെ പത്തൊൻപതു സംഘങ്ങളെപ്പറ്റി പറയാറുണ്ടെങ്കിലും പടുതോൾ ഇടക്കാലത്തു കോടശ്ശേരിക്കർത്താക്കന്മാരുടെ ആവശ്യത്തിന്നായി ഉണ്ടായതാണു്. പഴയ സംഘങ്ങൾ പതിനെട്ടേയുള്ളു. ഓരോ സംഘത്തിനും തൃക്കാരിയൂരപ്പനു പുറമേ പ്രത്യേകമായി ഒരു പരദേവതകൂടിയുണ്ടു്. അതു ശാസ്താവോ, ഭഗവതിയോ ആയിരിക്കും.

10.5ചടങ്ങുകൾ

10.5.1പൂർവ്വാങ്ഗം – കൊട്ടിച്ചകംപൂകൽ
ഇതു സംഘക്കാരുടെ സംഘസ്ഥലത്തേയ്ക്കുള്ള പ്രവേശവും ‘കണമിരിക്ക’ലും ആകുന്നു. ‘കണമിരിക്കുക’ എന്നാൽ ഗണ (സംഘം) മായിരിക്കുക എന്നർത്ഥം. അപ്പോൾ ചൊല്ലുന്ന പാട്ടു ഭദ്രകാളിയേയോ ശാസ്താവിനേയോ പറ്റിയായിരിക്കണം.

“പൂക്കുലമാല [1] മാന്തിളനീരു [2] മാന്തളിർ ചെമ്പരുത്തി
പൂമലരും കുരുത്തെഴുമോല വമ്പുള്ള ചെമ്പഴുക്ക
നാക്കിലതന്നിൽ വെള്ളരി വെള്ളവെറ്റില നല്ല തേങ്ങ
നാക്കു [3] ചേരും വിളക്കൊടു പീഠമേറിന കുലദൈവം
പാട്ടിനിരിപ്പാൻ മെത്തിനവാൾ കടുത്തില ശൂലംകൊൾവാ [4]
പാട്ടിനലങ്കരിച്ച കളത്തിൽ വന്നുടനാടുകമ്മേ.”
എന്നിങ്ങനെ ഭദ്രകാളിപ്പാട്ടു പോകുന്നു. അതു കഴിഞ്ഞാൽ കേളി (കാഴ്ചക്കൊട്ടു്) യും പിന്നീടു സദ്യയ്ക്കുമേൽ ഉച്ചതിരിഞ്ഞു ചെമ്പുകൊട്ടിയാർക്കലുമായി. ചെമ്പുകൊട്ടിയാർക്കലിനും ചില പാട്ടുകളുണ്ടു്.

10.5.2നാലുപാദം
വൈകുന്നേരത്തെ സന്ധ്യാവന്ദനം കഴിഞ്ഞാണു് നാലുപാദം സ്വരവും താളവുമൊപ്പിച്ചു് ഉച്ചരിക്കേണ്ടതു്. ആ ഭാഷാമന്ത്രം താഴെ ചേർക്കുന്നു.

കണ്ടമിരുണ്ടു നടംചെയ്യും നിൻ ചേവടിയേ
എന്നുമരങ്ങിൽ നിലയ്ക്കുക വിണ്ണോർനായകനേ!
വഞ്ചന ചെയ്യെമദൂതകൾ വന്തണയും മാലൊഴിവാൻ
കേണികൾ ചൂഴ്തിരിക്കാരിയൂർ മുക്കണ്ണരേ മുക്കണ്ണരേ. [5]
നാലുപാദത്തെ തുടർന്നു് ഈ ഘട്ടത്തിൽ വേറെയും ചില പാട്ടുകൾ ചൊല്ലാറുണ്ടു്. അവയിൽ ഒന്നിൽനിന്നു് ഏതാനും വരികൾ താഴെ ഉദ്ധരിക്കുന്നു.

“മാടൊന്നേ കുടയാക്കിപ്പിടിച്ചാൻ പോലിവനേ;
മാതാവെപ്പിരിഞ്ഞുപോയു് വളർന്നാൻ പോലിവനേ;
ചാടൊന്നേ ചവിട്ടീട്ടു നടന്നാൻ പോലിവനേ;
ചായൽപ്പെണ്ണുരുവമായ്ച്ചമഞ്ഞാൻ പോലിവനേ;
ആടുന്നോരനന്തൻമേൽക്കിടന്നാൻ പോലിവനേ!;
ആനായത്തികളുടെ തുകിൽ വാരിയതിവനേ;
കോലൊന്നേ കുഴലൂതി നടന്നാൻ പോലിവനേ;
ഗോവിന്ദപുരമെന്നു നിനവെന്റെ മനമേ.”
ഇതു ശ്രീകൃഷ്ണസ്തുതിയാണെന്നു പറയേണ്ടതില്ലല്ലോ.

10.5.3പാന
അത്താഴസ്സദ്യയുടെ മധ്യത്തിൽ കറിശ്ലോകങ്ങളും ഒടുവിൽ നീട്ടും ചൊല്ലാറുണ്ടു്. നീട്ടു പുരാണപുരുഷന്മാരിൽ ഒരാൾ തന്റെ പ്രതിദ്വന്ദ്വിക്കു് എഴുതുന്നതും, അതിലെ ഭാഷ അത്യന്തം സംസ്കൃതപദജടിലവുമാണു്. കേരളവർമ്മവലിയകോയിത്തമ്പുരാൻപോലും ഒരു നീട്ടു് ഉണ്ടാക്കീട്ടുണ്ടു്. സദ്യ കഴിഞ്ഞു വഞ്ചിപ്പാട്ടു പാടിക്കൊണ്ടു നെടുമ്പുരയിൽ എത്തി ചാത്തിരന്മാർ കെട്ടിയുടുത്തിരുന്നു് കേളികൊട്ടിത്തീർന്നാൽ ഏതെങ്കിലും രാഗം പാടി മേളം കൊട്ടും. അതാണു പാന. ആ ഘട്ടത്തിലും പാടേണ്ട ചില പാട്ടുകളുണ്ടു്. അവയിൽ നിന്നു് ഒന്നോ രണ്ടോ മാതൃക കാണിക്കാം.

“ഗണപതിഭഗവാനേ! നന്മ ഞാനൊന്നിരപ്പൻ,
തുണപെടു ശിവപുത്തിരാ! തൂയപാച്ചോറു തന്തേൻ;
പണമുടയരവുതന്മേൽ പള്ളികൊള്ളുന്ന മായോൻ
ഇണയടിതൊഴുതിരന്നേനിമ്പമായു് നല്കിനിക്കു്.
ആർമതി ചൂടുമീശനാനയായു് വേഷംപൂണ്ടു
അന്നുടനുമയാൾതാനുമന്നിറം പിടിയുമായി
ആദരാൽ വനംപുകുന്തു ക്രീഡിച്ചു നടന്ത കാല
മമ്പൊടു പിറന്ത പിള്ളൈ അഴകേറും വിനായകൻതാൻ
അന്തരമെന്ന്യേ പന്തൽതന്നിലങ്ങകം പുകുന്തു
ചിന്തയിൽ മലമശ്ശാസ്ത്രം പന്തിയിലുരചെയ്യിപ്പാൻ
ചന്തമായൊറ്റക്കൊമ്പൻ വന്തുളനാക മുമ്പി
ലന്തരിയാതെയാതിയുമന്തവും തോന്നിച്ചിപ്പോൾ.”
മലമശ്ശാസ്ത്രം എന്നാൽ മലയരുടെ ശാസ്ത്രം എന്നർത്ഥം. ആ അർത്ഥം ഇവിടെ എങ്ങനെ ഘടിക്കുന്നു എന്നു ഖണ്ഡിച്ചുപറവാൻ നിർവ്വാഹമില്ല. പഴയ ഭദ്രകാളിപ്പാട്ടുകളുടെ കൂട്ടത്തിലും മലമപ്പാട്ടുണ്ടു്.

“കറ്റഞ്ചെഞ്ചിടമുടികറക്കണ്ട മകൻ പിള്ളൈ
ഒറ്റക്കൊമ്പഴകിയ ഗണപതിക്കഭയമേ!
കാർനെല്ലും പൊരിയവിൽ കരിമ്പുതേനിളനീരും
കറക്കണ്ടമകൻ പിള്ളൈ ഗണപതിക്കഭയമേ.”
ഇങ്ങനെ അകാരാദിക്രമത്തിലുള്ള ഈരടികളാണു് മറ്റൊരു പാനപ്പാട്ടിൽ കാണുന്നതു്. നാലുപാദത്തോളം പാനപ്പാട്ടുകൾക്കു പഴക്കമില്ലെങ്കിലും അവയും അർവാചീനങ്ങളല്ല.

10.5.4കയ്മളുടെ വരവും മറ്റും
പാനപ്പാട്ടുകൾ കഴിഞ്ഞാൽ കണ്ടപ്പന്റെ (കയ്മളുടെ) വരവായി. കണ്ടപ്പന്റെ വേഷവും നമ്പൂരിമാർതന്നെയാണു കെട്ടുന്നതു്. ‘നീയാരു്?’ എന്നുള്ള രങ്ഗവാസികളുടെ ചോദ്യത്തിനു “മാനം വളഞ്ഞൊരു വളപ്പിനകത്തു, മഹാമേരുവിങ്കൽനിന്നും തെക്കുവടക്കു കിഴക്കു പടിഞ്ഞാറു്, ആനമലയോടുപ്പുകടലോടിടയിൽ, ചേരമാൻമലനാട്ടിൽ ചെറുപർപ്പൂർ (പറപ്പൂർ) ച്ചാർന്ന കിരിയത്തിൽ പന്നിക്കുന്നത്തു കൂട്ടത്തിൽ പണ്ടാരക്കുന്നത്തു പടിഞ്ഞാറേ താവഴിയിൽ” ജനിച്ച ഒരു ശൂരപുരുഷനാണു് എന്നു കയ്മൾ മറുപടിപറയുന്നു. അരിപ്പറ്റ തിരിപ്പറ്റ തിരുക്കാവിലെ വിശേഷങ്ങളെപ്പറ്റി കയ്മൾ പറയുന്ന

“ഉണ്ണൊല്ലാ ഉറങ്ങൊല്ലാ ഉറങ്ങ്യാൽപിന്നുണരൊല്ലാ
അടിക്കൊല്ലാ തളിക്കൊല്ലാ അടുപ്പിൽ തീയെരിക്കൊല്ലാ
തിന്നൊല്ലാ തിമിർക്കൊല്ലാ തിമിർക്കേറ്റം പറയൊല്ലാ”
ഇത്യാദി ചട്ടവട്ടങ്ങൾ കേൾക്കാൻ രസമുണ്ടു്. കയ്മൾ പാടുന്നതാണു് എല്ലാവരും കേട്ടിട്ടുള്ള

“ജനകന്റെ മകളല്ലോ ചീതപ്പെണ്ണ്
അവൾക്കല്ലോ രാമച്ചെക്കനുടുപ്പാൻ കൊടുത്തു
അവളേല്ലോ രാവണച്ചൻ കട്ടു കൂട്ടിക്കൊണ്ടുപോയി
അതുമൂലം കുരങ്ങച്ചൻ ലങ്കചുട്ടു.”
എന്ന പാട്ടു്. പിന്നീടു പൊലി (സമ്മാനം) യായി. അതുകഴിഞ്ഞാൽ കുറത്തിയാട്ടവും. പാനയുടെ ഒടുവിലത്തെ ചടങ്ങാണു് വെലിയുഴിച്ചിൽ. അതു വളരെ പ്രധാനമാണെന്നു പറയേണ്ടതില്ലല്ലോ. ആ അവസരത്തിൽ പാടുന്ന പാട്ടുകൾ നവീനങ്ങൾതന്നെ.

10.5.5കളി
വട്ടമിരിപ്പുകളിയാണു് ഇതിൽ ആദ്യത്തെ ചടങ്ങു്. അതിലും ചില ദേവപ്രീതികരങ്ങളായ സ്തോത്രങ്ങൾ ഉണ്ടു്. താഴെക്കാണുന്നതു ദേവീസ്തുതിയാണു്.

“എഴുവരുണ്ടേ ഭഗവതിമാ രെഴുവരിലുമഴകിയതോ? അഴകിയതോ ഞാനറിവേൻ; പഴയന്നൂർകാവിൽ ഭഗവതിപോൽ
ഐവരുണ്ടേ ഭഗവതിമാ
രൈവരിലുമഴകിയതോ?
അഴകിയതോ ഞാനറിവേൻ;
അയ്യാർകുന്നിൽഭഗവതിപോൽ
മൂവരുണ്ടേ ഭഗവതിമാർ;
മൂവരിലുമഴകിയതോ?
അഴകിയതോ ഞാനറിവേൻ;
മൂക്കുതലേബ്ഭഗവതിപോൽ
ഇരുവരുണ്ടേ ഭഗവതിമാ
രിരുവരിലുമഴകിയതോ?
അഴകിയതോ ഞാനറിവേൻ;
തിരുനെല്ലൂരേബ്ഭഗവതിപോൽ
ഒരുവരുണ്ടേ ഭഗവതിമാ
രൊരുവരിലുമഴകിയതോ?
അഴകിയതോ ഞാനറിവേ
നൂരകത്തെബ്ഭഗവതിപോൽ.”
കളിയിൽ ആങ്ഗ്യമെന്നും ആസ്യ (ഹാസ്യ) മെന്നും രണ്ടു വകുപ്പുണ്ടു്. ആങ്ഗ്യത്തിൽ “പൂവാതെ മുല്ലേ മുല്ലേ” ഇത്യാദിയായ പാട്ടും ആസ്യത്തിൽ “കോപ്പിട്ട പെണ്ണിന്റെ കോമളം കണ്ടിട്ടു കോൾമയിർക്കൊള്ളുന്നു മാലോകരേ” തുടങ്ങിയ പാട്ടും ഉൾപ്പെടും. ഇങ്ങനെ പല വിനോദഗാനങ്ങളും പാടിത്തീർന്നാൽ പിന്നെയും കയ്മളുടെ വരവായി. കയ്മളും ഓതിക്കനും തമ്മിലുള്ള സംവാദം മുഴുവൻ ശ്ലോകരൂപമാണു്. അതു പഴക്കമുള്ളതല്ല. അടുത്ത ചടങ്ങുകൾ ചെപ്പടിവിദ്യയും വിഡ്ഢിപുറപ്പാടുമാണു്. വിഡ്ഢിയുടെ മഞ്ഞപ്പാട്ടിൽനിന്നു് ഒരു ഭാഗം താഴെ ചേർക്കുന്നു.

“മഞ്ഞക്കാട്ടിൽ പോയാൽ-പ്പിന്നെ
മഞ്ഞക്കിളിയെപ്പിടിക്കാലോ.
മഞ്ഞക്കിളിയെപ്പിടിച്ചാൽ-പ്പിന്നെ
ച്ചപ്പും ചവറും പറിക്കാലോ.
ചപ്പും ചവറും പറിച്ചാൽ-പ്പിന്നെ
ഉപ്പും മുളകും തിരുമ്മാലോ.
ഉപ്പും മുളകും തിരുമ്യാൽ-പ്പിന്നെ
ച്ചട്ടീലിട്ടു പൊരിക്കാലോ.
ചട്ടീലിട്ടു പൊരിച്ചാൽ-പ്പിന്നെ
പ്പച്ചെലവാട്ടിപ്പൊതിയാലോ.
പച്ചെലവാട്ടിപ്പൊതിഞ്ഞാൽ-പ്പിന്നെ
ത്തണ്ടാൻപടിക്കൽചെല്ലാലോ.
തണ്ടാൻപടിക്കൽച്ചെന്നാൽ-പ്പിന്നെ
ക്കള്ളാലിത്തിരി മോന്താലോ.
കള്ളാലിത്തിരി മോന്ത്യാൽ-പ്പിന്നെ
അമ്മേംപെങ്ങളേം തല്ലാലോ.
അമ്മേം പെങ്ങളേം തല്ല്യാൽ-പ്പിന്നെ
ക്കോലോത്തും വാതുക്കൽചെല്ലാലോ.
കോലോത്തും വാതുക്കൽച്ചെന്നാൽ-പ്പിന്നെ
കാലും കെണച്ചങ്ങു നില്ക്കാലോ.
കാലും കെണച്ചങ്ങു നിന്നാൽ-പ്പിന്നെ
ക്കാര്യംകൊണ്ടിത്തിരി പറയാലോ.
കാര്യംകൊണ്ടിത്തിരി പറഞ്ഞാൽ-പ്പിന്നെ
ക്കഴൂമ്മേൽക്കിടന്നങ്ങാടാലോ.”

10.5.6ആയുധമെടുപ്പു്
ഇതു കളിയുടെ അവസാനത്തേ ചടങ്ങാണു്. ഓരോ അടവു പിടിച്ചുള്ള അഭ്യാസങ്ങൾ ആ ഘട്ടത്തിൽ അരങ്ങത്തു പ്രദർശിപ്പിക്കുന്നു.

സംഘക്കളിയുടെ പ്രാഭവവും പ്രൗഢിയും അസ്തമിതപ്രായമായെങ്കിലും ഇന്നും അതു പ്രചാരലുപ്തമായിപ്പോയി എന്നു പറവാനില്ല. അതിലേ സാഹിത്യത്തിൽ ചില ഭാഗങ്ങൾ സഭ്യേതരങ്ങൾ ആണെന്നുവച്ചു ആധുനികന്മാർ അതിനെ ത്യാജ്യകോടിയിൽ തള്ളരുതു്. ചില പാട്ടുകൾ ഏറ്റവും രസാത്മകങ്ങളാണു്. ഫലിതം മനോഹരമായി പ്രതിഫലിക്കുന്ന പാട്ടുകളും ധാരാളം ഉണ്ടു്. സൂക്ഷ്മമായി പരിശോധിച്ചാൽ സംഘക്കളിയിലെ പഴയ പാട്ടുകളിൽനിന്നു പ്രാചീന കേരളത്തിലെ ആര്യദ്രാവിഡബന്ധത്തെപ്പറ്റി പല അറിവുകളും ലഭിക്കുന്നതാണു്. നമ്പൂരിമാർ ആ ഘട്ടത്തിൽ പ്രധാനമായി വന്ദിക്കുന്നതു ദ്രാവിഡദേവതകളായ ഭദ്രകാളിയേയും ശാസ്താവിനേയും ആണെന്നുള്ളതിൽനിന്നു തന്നെ ആര്യദ്രാവിഡന്മാരെ ഏകോപിപ്പിക്കുന്നതിനുള്ള നടപടികളിൽ ഒന്നാണു് ഈ വിനോദമെന്നു സങ്കല്പിക്കുവാൻ ന്യായമുണ്ടു്.

10.6തീയാട്ടു്

തെയ്യാട്ടു് (ദൈവമായിട്ടു് ആടൽ) എന്നതിന്റെ തത്ഭവമാണു തീയാട്ടു്. അയ്യപ്പൻതീയാട്ടെന്നും ഭദ്രകാളിത്തീയാട്ടെന്നും തീയാട്ടു രണ്ടു മാതിരിയുണ്ടു്. അയ്യപ്പൻ തീയാട്ടു് അയ്യപ്പൻകാവുകളിലും ഭദ്രകാളിത്തീയാട്ടു് ഭദ്രകാളിക്ഷേത്രങ്ങളിലും വച്ചാണു് സാധാരണമായി നടത്താറുള്ളതെങ്കിലും ബ്രാഹ്മണാലയങ്ങളിലും അവ കഴിക്കാവുന്നതാകുന്നു. അയ്യപ്പൻ തീയാട്ടു ബ്രിട്ടീഷ് മലബാറിലും ഭദ്രകാളിത്തീയാട്ടു കൊച്ചി, തിരുവിതാങ്കൂർ എന്നീ രാജ്യങ്ങളിലും ആണു് പ്രായേണ ആചരിച്ചുകാണുന്നതു്. മസൂരി മുതലായ സാംക്രമികരോഗങ്ങളുടെ നിവാരണമാണു് ഈ വഴിപാടിന്റെ ഉദ്ദേശം. അയ്യപ്പൻ തീയാട്ടു നടത്തുന്നവരെ തീയാടിനമ്പ്യാന്മാരെന്നും ഭദ്രകാളിത്തീയാട്ടു നടത്തുന്നവരെ തീയാട്ടുണ്ണികളെന്നും പറയുന്നു. ഇരുകൂട്ടരും അന്തരാളന്മാർതന്നെ. രണ്ടുവക തീയാട്ടിലും കളമെഴുതി ദേവതയെ കളത്തിലേയ്ക്കു് എതിരേറ്റുകൊണ്ടുവന്നു ദീപാരാധന നടത്തി സ്തോത്രഗാനങ്ങൾകൊണ്ടു പ്രസാദിപ്പിക്കുന്നു. സംഘക്കളിക്കാരുടേയും ഭദ്രകാളിത്തീയാട്ടുകാരുടേയും ദേവീപരങ്ങളായ സ്തോത്രങ്ങൾക്കു് ഐകരൂപ്യമുണ്ടു്. താഴെക്കാണുന്ന പാട്ടു രണ്ടുകൂട്ടക്കാരും പാടാറുള്ളതാണു്.

“കാരിരുൾ നിറമൊത്ത തിരുമുടി തൊഴുന്നേൻ;
കനൽക്കണ്ണും തിരുനെറ്റിത്തിലകം കൈതൊഴുന്നേൻ;
വിലസുന്ന മിഴിയും നാസിക കവിൾ തൊഴുന്നേൻ;
വളഞ്ഞുള്ളൊരെകിറും പല്ലൊടു നാവും തൊഴുന്നേൻ;
വട്ടത്തിൽ വിളങ്ങുന്ന തിരുമുഖം തൊഴുന്നേൻ;
വാരണക്കുഴക്കമ്പി [6] യിവ രണ്ടും തൊഴുന്നേൻ;
മാറിടം വളർതാലി മണിമാല തൊഴുന്നേൻ;
മാമേരുവിനെ വെന്ന തിരുമുല തൊഴുന്നേൻ;
ദാരുകൻ തലവെട്ടിപ്പിടിച്ച കൈ തൊഴുന്നേൻ;
തങ്കം നിൻകരവാൾ വട്ടക ശൂലം തൊഴുന്നേൻ;
നേരേയാലിലയൊത്തോരുദരം കൈതൊഴുന്നേൻ;
ഞെറിഞ്ഞ പൂന്തുകിലും പട്ടുടയാട തൊഴുന്നേൻ;
തുമ്പിക്കൈതരമൊത്ത തിരുത്തുട തൊഴുന്നേൻ;
തുകിൽപട്ടിൻപുറമേ പൊന്നുടഞാണും തൊഴുന്നേൻ;
കേതകീമലരൊത്ത കണങ്കാൽ കൈതൊഴുന്നേൻ;
കേവലം പുറവടി വിരലും കൈതൊഴുന്നേൻ;
കോപത്തോടുറയുന്ന തിരുനൃത്തം തൊഴുന്നേൻ;
കോമരമിളകുന്ന ചിലമ്പൊലി തൊഴുന്നേൻ;
മുടിതൊട്ടിങ്ങടിയോളമുടൽ കണ്ടു തൊഴുന്നേൻ;
മുടങ്ങാതേ കൊടുങ്ങല്ലൂരമർന്നമ്മേ തൊഴുന്നേൻ”
പാട്ടു പാടിക്കഴിഞ്ഞാൽ അടുത്ത ചടങ്ങു, കളംമാച്ചിട്ടുള്ള തീയാട്ടാകുന്നു. തീയാട്ടിനു ഭദ്രകാളിയുടെ വേഷം കെട്ടിയാടുന്നതു തീയാട്ടുണ്ണി തന്നെയാണു്; ആടാനുള്ള കഥ ദാരുകവധവും. ദാരുകവധം ഭദ്രകാളി ശിവനെ അറിയിക്കുന്നതു മുദ്രക്കൈകൾ കൊണ്ടാകുന്നു. അവ കാണിക്കുവാൻ പ്രത്യേകം ‘ആട്ടപ്രകാര’ മുണ്ടു്. അതു തീയാട്ടുണ്ണികൾ കാണാപ്പാഠമായി പഠിച്ചു് അതിൽ നിർദ്ദേശിച്ചിട്ടുള്ള വിധത്തിൽ കൈകൾ കാണിക്കും. പിന്നെ വിളക്കത്തു പന്തം കൊളുത്തി ബലിയുഴിച്ചിൽ നടത്തുകയും അതോടുകൂടി തീയാട്ടിന്റെ ചടങ്ങുകൾ അവസാനിയ്ക്കുകയും ചെയ്യുന്നു. സംഘക്കളിയിൽ “അയ്യപ്പൻകാവിലടിപ്പേൻ തളിപ്പേൻ ഞാൻ, തീയാട്ടും പാട്ടുമൊരൂട്ടും കഴിപ്പേൻ ഞാൻ” “മണ്ണാർപ്പാട്ടും തീയാട്ടും പാണ്ടിവിളക്കും” എന്നും മറ്റും കാണുന്നതിൽ നിന്നു മാത്രം തീയാട്ടു സംഘക്കളിയേക്കാൾ പ്രാചീനമാണെന്നു പറഞ്ഞു കൂടുന്നതല്ല. ഇവ സംഘക്കളിയുടെ ആരംഭകാലത്തുള്ള പാട്ടുകളല്ലെന്നു് ആവർത്തിച്ചു രേഖപ്പെടുത്തിക്കൊള്ളുന്നു.

10.7കളമ്പാട്ടു്

വടക്കേ മലയാളത്തിൽ കണിശന്മാർ ബാധോപശാന്തിക്കായി പാടിവരാറുള്ള ഒരുതരം പാട്ടാണു് കളമ്പാട്ടു്. യക്ഷൻ, യക്ഷി, ഗന്ധർവ്വൻ, രക്തേശ്വരി മുതലായ ദേവയോനികളുടെ രൂപം പൊടികൊണ്ടു കളമിട്ടു് അതിൽ പ്രദർശിപ്പിക്കും. പന്തലിന്റെ തെക്കു ഭാഗത്തായി ഗുളികന്റെ രൂപവും വരയ്ക്കും. രാത്രിയിൽ കളത്തെ പൂജിച്ചു ‘വരിക’പ്പാട്ടു തുടങ്ങുമ്പോൾ ഏഴെട്ടു സ്ത്രീകൾ കൂടി പിണിയാളെ അവിടെ പ്രവേശിപ്പിച്ചു് കളത്തിനു ചുറ്റും വലത്തു വയ്പിച്ചു പാട്ടുകാർക്കു് എതിരേ ഇരുത്തും. പുലരുന്നതുവരെ പാട്ടുപാടി സന്താനഗോപാലഗാനത്തോടുകൂടി കർമ്മം അവസാനിപ്പിയ്ക്കും.

10.8ഓലപ്പാവക്കൂത്തു്

ഇതിനേയും കൂത്തെന്നുതന്നെയാണു് പറയാറുള്ളതെങ്കിലും ഇതിനും ചാക്കിയാർകൂത്തിനും തമ്മിൽ യാതൊരു സംബന്ധവുമില്ല. ഈ കൂത്തിന്റെ ഉത്ഭവസ്ഥാനം പാലക്കാടുതാലൂക്കാണെങ്കിലും മലബാർജില്ലയിലേ പൊന്നാനി, വള്ളുവനാടു് എന്നീ താലൂക്കുകളിലും കൊച്ചി രാജ്യത്തിലേ വടക്കൻ പ്രദേശങ്ങളിലും കൂടി ക്ഷേത്രങ്ങളോടു് അനുബന്ധിച്ചു് ഒരു വിനോദകല എന്ന നിലയിൽ ഇതു പ്രചരിക്കുന്നു. മാൻതോൽ കൊണ്ടുണ്ടാക്കിയ പാവകളുടെ നിഴൽ സദസ്യർക്കു കാണുമാറാക്കി ആ പാവകളെ യഥോചിതം ആടിച്ചു പാവകളിക്കാർ തന്നെ സംഭാഷണം നിർവ്വഹിക്കുന്നു. ഇതിന്റെ മൂലം തമിഴിലെ സുപ്രസിദ്ധമായ കമ്പരാമായണത്തിൽ നിന്നെടുത്തതും വചനം, അതായതു വ്യാഖ്യാനഗദ്യം, ആ ഭാഷയിൽ അഭിജ്ഞരായ ചില പുലവന്മാർ (വിദ്വാന്മാർ) സ്വകീയമായി എഴുതിച്ചേർത്തിട്ടുള്ളതുമാണു്. രാമായണമാണു് ഇതിവൃത്തമെന്നു പറയേണ്ടതില്ലല്ലോ. കമ്പരുടെ കാലത്തിനു്, അതായതു ക്രി. പി. പന്ത്രണ്ടാംശതകത്തിനു്, മുമ്പല്ല ഈ വചനങ്ങളുടെ ഉല്പത്തി. പാലക്കാട്ടു ശിങ്കപ്പുലവർ എന്ന ആളാണു് ഈ സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയതെന്നു പുരാവിത്തുകൾ പറഞ്ഞുവരുന്നു. ഇഷ്ടിരങ്ഗപ്പുലവർ എന്ന പേരിൽ അറിയപ്പെടുന്ന മറ്റൊരു കലാകുശലൻ കാലാന്തരത്തിൽ അഭിനയത്തിലും പ്രവചനത്തിലും മറ്റു പല പരിഷ്കാരങ്ങളും വരുത്തി. ഭദ്രകാളി ക്ഷേത്രങ്ങൾക്കു സമീപമുള്ള പറമ്പുകളിലാണു് സാധാരണമായി കൂത്തു കഴിക്കുന്നതു്. കൂത്തുമാടം ദക്ഷിണാഭിമുഖമായി തൽക്കാലാവശ്യത്തിന്നു കെട്ടിയുണ്ടാക്കും. മാടത്തിന്റെ നടുവിൽ ഭദ്രകാളി സന്നിധാനം ചെയ്യുന്നതായാണു് സങ്കല്പം. രാമാദിപ്രതിബിംബങ്ങളായ പാവകളുടെ സ്ഥാനം വലത്തുഭാഗത്തും രാവണാദികളുടേതു് ഇടത്തുഭാഗത്തുമാണു്. ഒരു ഭാഗം ചുവടെ ഉദ്ധരിക്കുന്നു. അതിലെ ഭാഷയും തമിഴ് തന്നെ.

“നിന്തിരുവടിയുടെ പിതാവാന ദശരഥഭൂപതി, കൊടുങ്കൊലാന തൈചെലുത്താമൽ, ഉലകത്തിനിടത്തിലുണ്ടാന സർവജനങ്കളൈയും തനതുചെങ്കോലിനിടത്തിൽ പ്രവേശിത്തു, ധർമ്മരക്ഷയ്ക്കാക ഒരേ മാർഗ്ഗമാക നടത്തി, പ്രജകളൈ രക്ഷിക്കകൂടിയവനും ഇന്തകാലത്തിനിടത്തിൽ പെരുമ്പാപികളാകിയ രാവണാദികൾ ജനിത്തു, കൃത്യാകൃത്യങ്കളാന സ്വധർമ്മങ്കളൈ നീക്കം ചെയ്തു, ഉലകത്തിനിടത്തിലുണ്ടാന സജ്ജനങ്കൾ സ്വധർമ്മങ്കൾ വിട്ടപടിയിനാൽ, രാത്രികാലത്തിനിടത്തിൽ അന്ധകാരം അടൈന്തപോൽ ഉലകത്തിൽ അന്ധകാരമായിരിക്കിറപൊഴുതു, ഹേ! സ്വാമിൻ നീങ്കൾ അവതരിത്തു സൂര്യദേവരൈപ്പോൽ അന്ധകാരം നീക്കംചെയ്വതർക്കാക ഇന്ത വനത്തിൽ പ്രവേശിത്തതിനാൽ ഇന്ത വിഷയത്തൈ എടുത്തുചൊല്ലി വൈത്തേൻ സ്വാമിൻ.” തെക്കൻകർണ്ണാടകത്തിലേ ‘ബൊമ്മയാട്ടു്’, ‘ബൈലാട്ടു്’ (വയലാട്ടം) ഇവയ്ക്കും ഈ നിഴലാട്ടത്തിനും തമ്മിൽ പല സാദൃശ്യങ്ങളും കാണ്മാനുണ്ടു്. ശ്രീരാമാവതാരം മുതൽക്കു് തുടങ്ങുന്ന കൂത്തു കവളപ്പാറ ആരിയങ്കാവിലേ നടത്തുവാൻ പാടുള്ളു; ശ്രീരാമപട്ടാഭിഷേകം വരെ എവിടെയും നടത്തണം. ആരംഭം മുതൽ കളിക്കുകയാണെങ്കിൽ നാല്പത്തൊന്നു ദിവസം വേണം. പഞ്ചവടീപ്രവേശം മുതൽക്കാണെങ്കിൽ ഇരുപത്തൊന്നു ദിവസവും സേതുബന്ധം മുതൽക്കാണെങ്കിൽ പതിനൊന്നോ പന്ത്രണ്ടോ ദിവസവും മതിയാകും. ഓലപ്പാവക്കൂത്തു് എന്ന പദം സങ്കോചിപ്പിച്ചു് ഓലപ്പാക്കൂത്തെന്നും നാടോടി ഭാഷയിൽ ഇതിനെ വ്യവഹരിച്ചു വരാറുണ്ടു്.

10.9ഏഴാമത്തുകളി

ഏഴാമത്തുകളിക്കു സംഘക്കളിയ്ക്കെന്ന പോലെ ഒരു വിളക്കു കത്തിച്ചു് അതിനുചുറ്റും ഏതാനുംപേർ വട്ടമിട്ടിരിക്കണം. അവരിൽ ഒരാൾ എഴുനേറ്റുനിന്നുകൊണ്ടു മറ്റുള്ളവർക്കു മോർപ്പാളക്കേശവൻ, ഒഴുക്കത്തു വാലാട്ടി, അയക്കോലിന്മേൽ കാക്ക എന്നിങ്ങനെ ഹാസ്യപ്രധാനങ്ങളായ ചില പേരുകളിടും. അതുകഴിഞ്ഞാൽ എല്ലാവരും ഇരുന്നു താളമേളങ്ങളോടുകൂടി പാട്ടു തുടങ്ങുന്നു. പാട്ടിന്റെ രീതി താഴെകാണുന്നതാണു്.
“ഞാൻ കുളിക്കും കുളമല്ലോ ഏറ്റുമാനൂർ തേവർകുളം;
നീ കുളിക്കും കുളത്തിന്റെ പേർ ചൊൽ മാര!”
എന്നൊരാൾ പാടിയാൽ അടുത്തു് ഇടത്തുവശത്തിരിക്കുന്ന ആൾ

“ഞാൻ കുളിക്കും കുളമല്ലോ ശ്രീവൈയ്ക്കത്തു തേവർകുളം;
നീ കുളിക്കും കുളത്തിന്റെ പേർ ചൊൽ മാര!”
എന്നു പാടും. കുളിക്കുന്നതു പ്രസിദ്ധിയുള്ള ഒരു ദേവന്റെ കുളത്തിലാകണം. അങ്ങനെ പാടുമ്പോൾ കുളത്തിന്റെ പേർ പറവാൻ സാമർത്ഥ്യമില്ലാതെ പിഴച്ചാൽ കള്ളുകുടിയൻ, കാക്കാലൻ എന്നിങ്ങനെ ആരുടെയെങ്കിലും വേഷം കെട്ടി അരങ്ങത്തു വരണം. കള്ളുകുടിയൻ പാടേണ്ട വഞ്ചിപ്പാട്ടിലേ ചില വരികളാണു് ചുവടേ കുറിക്കുന്നതു്.

“കണ്ടവർക്കു പിറന്നോനെ! കാട്ടുമാക്കാൻ കടിച്ചോനേ!
കടവിൽക്കല്യാണി നിന്റെയച്ചിയല്യോടാ?
ചിപ്പം ചിപ്പം ചിരട്ടയും ചിരട്ടയ്ക്കൽത്തരിപ്പണം
വട്ടമൊത്ത കുറിച്ചിയും പതഞ്ഞ കള്ളും
ഇഷ്ടമൊത്ത ജനമൊത്തു വട്ടമിട്ടു കുടിച്ചപ്പോൾ
വട്ടപ്പട്ടിക്കൂട്ടം വന്നു കിറിയും നക്കി.”
ഏഴാമത്തുകളി പ്രചരിക്കുന്നതു തിരുവിതാംകൂറിലാണു്. അതിൽ നമ്പൂരി, അമ്പലവാസി, നായർ ഈ ജാതികളിൽപ്പെട്ടവർക്കു ചേരാം. ആ കളിക്കു സമാനമായി കൂട്ടപ്പാഠകമെന്നൊരു വിനോദം കൊച്ചിരാജ്യത്തുണ്ടു്. അതിൽ അമ്പലവാസികളല്ലാതെ മറ്റാരും ഭാഗഭാക്കുകളാകാറില്ല. കൂട്ടപ്പാഠകത്തിൽ ശ്ലോകങ്ങളാണു് ചൊല്ലേണ്ടതെന്നു നിയമമുണ്ടു്.

10.10കാണിപ്പാട്ടു്

തിരുവിതാംകൂറിലെ മലകളിൽ പല ആദിമവർഗ്ഗക്കാർ വസിക്കുന്നുണ്ടു്. അവരിൽ ഒരു വർഗ്ഗത്തിൽ പെട്ടവരാണു് കാണിക്കാർ. കാണിക്കാരെ മലയരയന്മാരെന്നും പറയും. അവർ താമസിക്കുന്നതു തിരുവിതാംകൂറിൽ പത്തനാപുരം തൊട്ടു തെക്കോട്ടുള്ള മലകളിലാണു്. അവരുടെ ഇടയിൽ നടപ്പുള്ള ചാറ്റു (മന്ത്രവാദം) പാട്ടുകളിൽ ഒന്നിൽ നിന്നാണു് താഴെക്കാണുന്ന വരികൾ ഉദ്ധരിക്കുന്നതു്. മുൻകാലത്തു് മൂന്നു കൊല്ലത്തിലൊരിക്കൽ എഴുപത്തിരണ്ടു കാണിപ്പറ്റുകളിലെ അരയന്മാരും ആറ്റിങ്ങൽ തമ്പുരാനു് അരണ്യവിഭവങ്ങൾ കാഴ്ചവയ്ക്കുക പതിവുണ്ടായിരുന്നു. അതിനു് ഒരവസരത്തിൽ അല്പം നേരനീക്കം വന്നതിനാൽ രാജാവു മാത്തക്കുട്ടി വലിയ പിള്ളയെ തുല്യംചാർത്തിയ ഒരു നീട്ടോലയോടുകൂടി അവരുടെ പ്രമാണിയായ വീരനല്ലൂർക്കോട്ടയിലെ വീരപ്പനരയന്റെ സമീപത്തിലേക്കയയ്ക്കുന്നു. ‘നിനവു’ (കല്പന) കണ്ടു മാത്തക്കുട്ടിയോടു വീരപ്പൻ ഓരോന്നു ചോദിക്കുകയും മാത്തക്കുട്ടി ഉത്തരം പറയുകയും ചെയ്യുന്നു.

“നിനവുതന്നെ കാണുന്നതു
വീരപ്പനരയന്മകനും.”
“നീളേ നെടുകേ വരച്ചതിപ്പോൾ;
എന്തിനു പിള്ളേ വരച്ചുകിടക്കുന്നു?”
“നീളേ നെടുകേ വരച്ചു കിടക്കുന്ന
താനക്കൊമ്പിനും മൂങ്കിൽക്കുലയ്ക്കും.”
“കാറാൻ കോറാൻ വരച്ചതിപ്പോൾ;
എന്തിനു പിള്ളേ വരച്ചുകിടക്കുന്നു?”
“കാറാൻ കോറാൻ വരച്ചുകിടക്കുന്നു;
വെരുവിൻ ചട്ടം തേൻകുമ്പത്തിനു;
“മറുക്കു കിറുക്കു വരച്ചുകിടക്കുന്ന
തെന്തിനു പിള്ളേ വരച്ചുകിടക്കുന്നു?”
“മറുക്കു കിറുക്കു വരച്ചതരയാ,
പുലിത്തോലും കടുവാത്തോലിനും.”
“നെപ്പിറനെരുനെര [7] എയ്തിക്കിടക്കുന്ന
തെന്തിനു പിള്ളേ എയ്തിക്കിടക്കുന്നു?”
“നെപ്പിറനെരുനെര എയ്തിക്കിടക്കുന്നു;
ചിറ്റേത്തൻകുല ചെറുകദളിക്കുല.”
“കപ്പിറ കറുകറയെയ്തിക്കിടക്കുന്ന
തെന്തിനു പിള്ളേ എയ്തിക്കിടക്കുന്നു?”
“കപ്പിറ കറുകറ എയ്തിക്കിടക്കുന്നു
പേരേത്തങ്കുല പെരുങ്കദളിക്കുല.”
ആ ആജ്ഞ ശിരസാ വഹിച്ചു വീരപ്പൻ ‘വലതുകാലുമുന്തിവച്ചു’ മറ്റരയന്മാരോടുകൂടി ആറ്റിങ്ങലേക്കു പോയി. സ്ഥലത്തെത്തി അഞ്ചുദിവസം താമസിച്ചിട്ടും തിരുമേനിയെ മുഖം കാണിക്കാൻ സൗകര്യം ലഭിക്കാത്തതിനാൽ കാഴ്ചവയ്ക്കുവാൻ കൊണ്ടുചെന്ന ഏത്തൻകുലയും മറ്റും അവർ ചുട്ടുതിന്നു തുടങ്ങി. വെരുകിൻ ചട്ടം തീയിലിട്ടു. ആ ഗന്ധം മൂക്കിൽ വ്യാപിച്ചപ്പോളാണു് രാജാവു അവർ വന്ന വിവരം മനസ്സിലാക്കിയതു്. ആ ധിക്കാരത്തിനു അവരെ ശിക്ഷിക്കണമെന്നു കല്പന പുറപ്പെട്ടപ്പോൾ “എഴുപത്തിരണ്ടു കാണിപ്പേരേ എലിക്കുഞ്ചു വിറയ്ക്കുംപോലെ” വിറച്ചുതുടങ്ങി, “കിടുങ്ങാതേ നിപ്പിനെടാ” എന്നു പറഞ്ഞുകൊണ്ടു വീരപ്പൻ അവിടെ തന്റെ കൈയിലുള്ള സിദ്ധൗഷധങ്ങളെക്കൊണ്ടു പല വിദ്യകളും കാണിച്ചു രാജാവിനെ വിസ്മയിപ്പിച്ചു. ‘ആനപ്പുറത്തു കേറി ആനയുടെ തല വെട്ടാമോ’ എന്നു ചോദിച്ചതിനു അങ്ങനെ ചെയ്തു കാണിച്ചുകൊടുക്കുകയും രാജാവു അതു കണ്ടു വ്യസനിച്ചപ്പോൾ ഒരു മരുന്നു പുരട്ടി ആനയെ പുനർജ്ജീവിപ്പിക്കുകയും ചെയ്തു.

“മുറിപൊരുന്തി മരുന്നെടുത്തു ആനമേലേ തടവുവാരാം,
അപ്പൊളെങ്കിൽക്കല്പനയായു് വീരമാർത്താണ്ഡനരയനെന്നു്,
ഇത്ര വീരശൂരപ്പെട്ട വീരമാർത്താണ്ഡനരയന്മകനെ,
പേരുകൂറക്കൊടുക്കുവാരാം കൂറപ്പേരെക്കൊടുക്കുവാരാം;
കൂറപ്പേരേക്കൊടുക്കുവാരാം താന [8] പ്പേരെക്കൊടുക്കുവാരാം.”
അങ്ങനെ വീരമാർത്താണ്ഡനരയൻ എന്ന പേരും കൊടുത്തു് ഏഴേകാലും കോപ്പും പതിപ്പിച്ചു വീരപ്പനെ രാജാവു യാത്രയാക്കി.

തന്റെ വീട്ടിലെ ഒരു കല്യാണത്തിനു വീരപ്പൻ പാണ്ടിയിലെ പ്രമാണികളെ ക്ഷണിച്ചു; അവർ ആ ക്ഷണം സ്വീകരിച്ചില്ല. അപ്പോൾ വീരപ്പൻ തന്റെ കൂട്ടുകാരോടു് ഇങ്ങനെ ആജ്ഞാപിച്ചു.

“നമ്മുടെ നാട്ടിലെ വെള്ളംചെന്നു
പാണ്ടിയല്ലോ വിളയുന്നായേ,
കേക്കയെങ്കി ക്കേക്കിനെടാ,
ചിറ്റരയന്മാരാവുന്നവരേ.
നമ്മക്കിനിത്തന്നെയിപ്പോ
ക്കല്ലണയൊന്നു കെട്ടവേണം.
കോതയാറു പറളിയാറു
മണിമുത്തു ചെമ്പരുന്തു
നാലാറുമുഖമടക്കി
ക്കല്ലണമുഖം കെട്ടവേണം.”
പാണ്ടിക്കാർക്കു കൃഷിക്കു വെള്ളമില്ലാതെയാക്കുവാൻ അവർ ഒരു വലിയ കല്ലണ കെട്ടി. പിന്നെയും കുറെ വെള്ളം പാഞ്ഞുകൊണ്ടിരുന്നു. അപ്പോൾ അവിടത്തെ കാലമാടൻ എന്ന ദേവത തുള്ളി കരിമ്പാണ്ടിയെന്നു പേരുള്ള വീരപ്പന്റെ സഹോദരിയെ ബലികൊടുക്കാമെങ്കിൽ അണ ശരിപ്പെടുമെന്നു പറയുകയും അതിനു വഴിപ്പെട്ടു് അന്നു വള്ളിയൂരിൽ താമസിച്ചിരുന്ന ധീരയായ ആ യുവതി പ്രാണത്യാഗത്തിനു സന്നദ്ധയായി അവിടെ വന്നെത്തുകയും ചെയ്തു. അതിന്നുള്ള ഒരുക്കം കവി ഭങ്ഗിയായി വർണ്ണിയ്ക്കുന്നുണ്ടു്.

“അമ്മാവിമാർ കയ്യിനാലേ – എണ്ണ താളി തേയ്ക്കവേണം;
നാത്തിനമാർ കയ്യിനാലേ – മുണ്ടുചേലയുടുക്കവേണം;
അനുജത്തിമാർ കയ്യിനാലേ – തല കോതിമുടിക്കവേണം;
പെറ്റ തള്ളകയ്യിനാലേ – ഒരുപിടിച്ചോറുണ്ണണമേ.”
***
“ഒറ്റത്തീറ്റി തിന്നുന്നു ഞാൻ – ആതി [9] വെള്ളം കുടിക്കുന്നു ഞാൻ;
കാനവെയിൽപോകുമ്പോഴോ – എരിമ്പിരാക്കുപിരാവുന്നതോ;
എരിമ്പിരാക്കു പറവതല്ലേ – വരും പലം പറയുന്നു ഞാൻ”
കല്ലണയിൽ ചെന്നു വെള്ളത്തിലിറങ്ങി കരുമ്പാണ്ടി നിന്നു. മച്ചമ്പി തലവീശി. അവൾ മരിച്ചു. കല്ലണയുടെ മുഖവുമടഞ്ഞു. ക്ഷണം നിരസിച്ച പാണ്ടിക്കാർ കുടിവെള്ളം കിട്ടാതെ വലഞ്ഞു. അവർ ആറ്റിങ്ങൾ തമ്പുരാനെച്ചെന്നു മുഖം കാണിച്ചു സങ്കടമറിയിച്ചു. അവിടുന്നു മാത്തക്കുട്ടിയെ അണ തുറപ്പിയ്ക്കുവാൻ അയച്ചു. വീരപ്പൻ ‘കല്ലണയെ തട്ടിയെങ്കിൽ കല്ലുളിപോലെ എയ്തൊടുക്കും’ എന്നു ഗുണദോഷിച്ചിട്ടും അനുസരിക്കാത്ത ആ വലിയ പിള്ളയെ ആഭിചാര പ്രയോഗംകൊണ്ടു കൊന്നു. “പത്തിരത്തീപ്പാഞ്ഞു പെട്ടേ മാത്തക്കുട്ടി വലിയ പിള്ള” എന്നു പാട്ടു് അവസാനിക്കുന്നു.

ഈ പാട്ടിൽ തുമ്പിച്ചി (തുമ്പിച്ചിനായ്ക്കൻ – കൃഷ്ണദേവരായരുടെ ശത്രു) പ്പടയെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതിനാൽ ഇതിന്നു മൂന്നൂറ്റൻപതു കൊല്ലങ്ങൾക്കുമേൽ പഴക്കം കല്പിക്കുവാൻ നിവൃത്തി കാണുന്നില്ല.

10.11പുലയർപാട്ടു് – ഞാറ്റുപാട്ടു്

പുലയരുടെ ഇടയിൽ അകൃത്രിമരമണീയങ്ങളായ അനേകം പാട്ടുകൾ പ്രചരിക്കുന്നു. താഴെ ഉദ്ധരിക്കുന്നതു് ഒരു ഞാറ്റുപാട്ടിലെ ചില വരികളാണു്.

“മാരിമഴകൾ ചൊരിഞ്ചേ–ചെറു–വയലുകൾ ഒക്കെ നനഞ്ചേ
പൂട്ടിയൊരുക്കിപ്പറഞ്ചേ–ചെറു–ഞാറുകൾ കെട്ടിയെറിഞ്ചേ
ഓമല, ചെന്തില, മാല–ചെറു–കണ്ണമ്മ, കാളി, കറുമ്പി,
ചാത്ത, ചടയമാരായ–ചെറു–മച്ചികളെല്ലാരും വന്തേ,
വന്തു നിരന്തവർ നിന്റേ–കെട്ടി–ഞാറെല്ലാം കെട്ടിപ്പകുത്തേ.
ഒപ്പത്തിൽ നട്ടുകരേറാ–നവർ–കുത്തിയുടുത്തു കുനിഞ്ചേ.
കണ്ണച്ചെറുമിയൊണ്ണ [10] പ്പോൾ–അവൾ–ഓമലേയൊണ്ണുവിളിച്ചേ.
“പാട്ടൊന്നു പാടീട്ടുവേണം–നിങ്ങൾ–നട്ടുകരയ്ക്കങ്ങു കേറാൻ.”
അപ്പോളൊരു തത്തപ്പെണ്ണു്–അവൾ–മേമരമേറിക്കരഞ്ചേ.
മേപ്പോട്ടു നോക്കിപ്പറഞ്ചേ–കൊച്ചു–ഓമല കുട്ടിച്ചെറുമി.
തത്തമ്മപ്പെണ്ണേ നീയിപ്പോൾ–ഇങ്കെ–വന്തൊരു കാരിയം ചൊല്ലു.”

10.12വട്ടിപ്പാട്ടു്

വട്ടികൾ മിടഞ്ഞുണ്ടാക്കുമ്പോൾ പുലയികൾ പാടുന്ന ഒരു പാട്ടിലെ ഏതാനും വരികളാണു് ചുവടേ ചേർക്കുന്നതു്.

“ചാമ്പക്കാച്ചാലിൽ ചേന്നേ–തെയ്യന്താരാ
വെയിലത്തും മഞ്ഞത്തിട്ടേ–തെയ്യന്താരാ
ഏഴല്ലാനാരെടുത്തേ–തെയ്യന്താരാ
ഏഴായിക്കീറുന്നുണ്ടേ–തെയ്യന്താരാ
നൊട്ടനും തുച്ചനിട്ടേ–തെയ്യന്താരാ
കരിമീനും തെച്ചുപോലെ–തെയ്യന്താരാ
വട്ടിക്കു തെച്ചുമിട്ടേ–തെയ്യന്താരാ
വട്ടിയും കൂട്ടി നെയ്തേ–തെയ്യന്താരാ
വട്ടിയും പോന്നെടുത്തേ–തെയ്യന്താരാ
പടിക്കലും ചെല്ലുന്നുണ്ടേ–തെയ്യന്താരാ.”

10.13വിനോദസംവാദം

“മണക്കിണതെന്തൊരു? മണക്കിണതു പുഴുവല്യോ?
പുഴുവെങ്കിൽ ചൂടുല്യോ? ചൂടിണതു കുടയല്യോ?
കുടയെങ്കിൽ കെട്ടൂല്യോ? കെട്ടിണതു വീടല്യോ?
വീടെങ്കിൽ മേയൂല്യോ? മേയിണതു പയല്യോ?
പയ്യെങ്കിൽ ചുറ്റൂല്യോ? ചുറ്റിണതു ചെക്കല്യോ?
ചെക്കെങ്കിലാടൂല്യോ? ആടിണതു പാമ്പല്യോ?
പാമ്പെങ്കിലെരയ്ക്കൂല്യോ? എരയ്ക്കിണതു കടലല്യോ?
കടലെങ്കിൽ മിന്നൂല്യോ? മിന്നിണതു വാളല്യോ?
വാളെങ്കിൽ വെട്ടൂല്യോ? വെട്ടിണതു പോത്തല്യോ?
പോത്തെങ്കിൽ കെട്ടൂല്യോ? കെട്ടിണതു പെണ്ണല്യോ?” ഇത്യാദി

10.14വീരചരിത്രം

ഇടപ്പള്ളിനാട്ടിലെ അതിയാരുപിള്ള എന്ന പരാക്രമശാലിയായ ഒരു പുലയന്റെ അപദാനങ്ങളെ വർണ്ണിക്കുന്ന ഒരു ദീർഘമായ ഗാനത്തിൽനിന്നും ചില വരികൾ താഴെ ചേർക്കുന്നു. നാലു വള്ളുവന്മാർ അന്നു മലനാട്ടിൽ പ്രമാണികളായിരുന്നു. അവരിൽ ആരുടെയെങ്കിലും കുടുംബത്തിൽനിന്നു പെണ്ണു കെട്ടണമെന്നു് അമ്മ പറഞ്ഞതു കേട്ട് അതിയാരുപിള്ള അതിനായി ശ്രമിക്കുകയും സാധിക്കാതെ ഭഗ്നോത്സാഹനായി മടങ്ങുകയും ചെയ്തു. അപ്പോൾ അമ്മ കഥാനായകനെ പാണ്ടിയിൽനിന്നു് ഒരു യുവതിയെ വിവാഹം ചെയ്തുകൊണ്ടുവരുവാൻ പ്രേരിപ്പിക്കുകയും ആ പ്രേരണ ഫലിക്കുകയും ചെയ്തു. പെണ്ണിനെ ജാത്യാചാരമനുസരിച്ചു പിതൃഗൃഹത്തിൽനിന്നു് അപഹരിച്ചാണു കൊണ്ടുവരുന്നതു്.

“നീയൊന്നു കേളെടാ അതിയാരുപിള്ളേ;
ഏഴരനാഴിക വെളുപ്പായല്ലോടാ,
നിന്റച്ചൻ കാർണ്ണോന്മാരെക്കണ്ടില്ലല്ലോടാ,
ഇപ്പെണ്ണു ചെറുപെൺ നീ കെട്ടത്തുമില്ല.”
“ഇതൊന്നും പറയരുതു മതിരാവൂരച്ചാ”
“എട്ടിലെണങ്ങരെക്കണ്ടില്ലല്ലോടാ
പിന്നെങ്ങനെ കെട്ടുമെടാ അതിയാരുപിള്ളേ?”
“എന്റച്ചൻ കാർണ്ണോന്മാരിപ്പം വരുമേ”
എന്നു പറഞ്ഞവനിരിക്കുന്നല്ലവനു്;
നേരമൊരുനേരമന്നേരമായി
അലരി പിലരി വെളുത്തുള്ളൊരുനേരം,
പിറ്റം പിലരി വെളുത്തുള്ളൊരുനേരം, അന്നേരം വന്നല്ലോ പൊഴുതമ്പുരാള് അന്നേരം ചോദിച്ചു മതിരാവൂരച്ചൻ “കേട്ടാലും കേക്കേണം പൊഴതമ്പുരാക്കളെ എണ്ണപ്പൊഴുതിനു നേരവുമായി.”

10.15ഇടനാടൻ പാട്ടു്

അകതോഭയനും അമ്പലപ്പുഴ മാമലശ്ശേരി രാമച്ചപ്പണിക്കരുടെ ശിഷ്യനുമായ ഇടനാടൻ എന്ന ഒരു പുലയയുവാവിനെപ്പറ്റി അനേകം പാട്ടുകൾ പാടിവരുന്നുണ്ടു്. [11] ഇടനാടൻ തണ്ണീർമുക്കത്തു സ്വമേധയായി ചുങ്കം പിരിച്ചതിനെപ്പറ്റിയുള്ള പാട്ടിലെ ചില വരികളാണു് താഴെചേർക്കുന്നതു്.

“ആളറുതിവിറ്ററുതി വന്നു പവിച്ചു;
അന്നേരം നല്ലോരിടനാടൻ കുഞ്ഞു്
തണ്ണീരാം മുക്കത്തൊരു ചുങ്കപ്പുര കെട്ടി
ചുങ്കം പിരിച്ചവനിടനാടൻ കുഞ്ഞു്,
വീരിയത്തോടവിടെ വാഴാൻ തുടങ്ങി
കാരിയക്കാരനിടനാടൻ കുഞ്ഞു്
ഇങ്ങനെ കാലം കഴിഞ്ഞോരു കാലം
ഇടനാടനു തോന്നിയോരായ [12] യിതുതന്നെ.
“തമ്പുരാൻ തിരുമേനിയെക്കാണണമെനിക്കെൻ
തമ്പുരാൻ തിരുമേനിയെച്ചൊല്ലിത്തരേണം.
***
തമ്പുരാൻ തിരുമേനിയെക്കാണുന്നതിന്നു്
എന്തെല്ലാം കോപ്പുകളുവേണമെന്റമ്മേ? …”
“പൊന്നുകൊണ്ടു പൊൻകുഴവി വേണം മകനേ;
പൊന്നുകൊണ്ടു പൊൻപഴുക്കാ വേണം മകനേ;
മേച്ചേരിത്തെരുവിലെക്കണ്ണിലവെറ്റ
കെട്ടോടേ വെറ്റകളും വേണം മകനേ.
ആടും കവുങ്ങിലേ ഓടമ്പുഴക്കാ
കുലയോടെ ചെമ്പഴുക്കാ വേണം മകനേ.
ശാപ്പാണം തെരുവിലെക്കാലിപ്പൊയില,
കെട്ടോടേ പൊയിലയും വേണം മകനേ.
ഇത്രയും കോപ്പുകളും വേണം മകനേ.”
കോപ്പുകൾ വേഗത്തിൽ കൂട്ടുന്നവനേ;
കോപ്പുകളും കൊണ്ടവൻ പോകുന്നതുണ്ടേ;
പടിഞ്ഞാറെ കോട്ടവാതുക്കൽ ചെല്ലുന്നതുണ്ടേ.
കോട്ടകൾ കാക്കുന്ന കാവൽക്കാരോടു്
“കോട്ട തുറന്നു വഴിതരിക വേണം.”
***
കുന്നിക്കുരുവൊത്ത കണ്ണും തികട്ടി,
നെഞ്ചത്തെ രോമങ്ങൾ തത്തിച്ചുംകൊണ്ടു്,
കാലിക്കരിന്തുട തുള്ളിച്ചുംകൊണ്ടു്
എലിവാലൻ പുലിമീശ വലിച്ചു നിരത്തി,
മൂന്നു ചുവടു പുറകോട്ടു മാറി,
നാലാം ചവിട്ടാൽത്തൊഴിയും കൊടുത്തു;
വെടിപോലേ മുഴങ്ങിക്കതകും തെറിച്ചു
കോട്ടയ്ക്കകത്തവൻ കേറുകയോ ചെയ്തു.”

10.16പുലയികളുടെ ഒരു പാട്ടു്

“നേരം വെളുത്ത നേരത്തില്ല
ത്തമ്പുരാൻ വന്നു വിളിക്കുന്നു.
ആളുകേറിയരവം കേട്ടു
അറകൾ തല്ലിത്തകർക്കുന്നു.
അറുകറുക ചെറുകറുക,
വിത്തുവാരിയെടുക്കുന്നു.
കല്ലെടനെല്ലെട ജീരകച്ചെമ്പാ
വിത്തുവാരിയളക്കുന്നു.
മുത്തിമാർക്കും മുതുമിമാർക്കു
മൊന്നരവിത്തു കൂലിയും.
കുഞ്ഞുള്ളോരു തള്ളമാരിക്കു
മഞ്ഞാഴി നെല്ലു കൂലിയും.
ഒരു തരപ്പടി പെണ്ണുങ്ങൾക്കെല്ലാം
ചങ്കാഴുരി [13] നെല്ലു കൂലിയും.
മുത്തിമാരും മുതുമിമാരും
വിറകും ചൂട്ടും പെറുക്കുന്നു.
കുഞ്ഞുള്ളോരു തള്ളമാര
ങ്ങോടിപ്പാടിപ്പോകുന്നു.
ഒരു തരപ്പടി പെണ്ണുങ്ങളെല്ലാം
ചതുരം ഭങ്ഗി നോക്കുന്നു.”

10.17പുലയരുടെ മറ്റൊരു പാട്ടു്

“ഞാനിന്നലെയൊരു ചൊപ്പനം കണ്ടേ;
പാള പയിത്തു ചണങ്കോടെ വിയുന്തേ.
പെയ്യാണ്ടെനിക്കൊരു പോയത്തം പച്ചി;
പാച്ചോറെണ്ണും ചൊല്ലി പയംതീട്ടംതിന്റേ.
ഞാനുമെന്റളിയനും കളികാമാൻ പെയ്യേ;
അവിടെ വച്ചളിയനെ വെയമൂക്കൻ [14] തൊട്ടേ.
അവിടുന്നെന്റളിയനെക്കെയക്കോട്ടെക്കെടുത്തേ
അവിടത്തെ [15] വെയവാരിയവിടെയില്ലാഞ്ഞു
***
അവിടുന്നെന്റളിയനെത്തെക്കോട്ടെടുത്തേ
അവിടത്തെ വെയവാരിയവിടെയില്ലാഞ്ഞു
അവിടുന്നെന്റളിയനെക്കുയിക്കോട്ടെടുത്തേ
തെക്കുവടക്കായി [16] ക്കുയിയങ്ങു വെട്ടി
അവിടുന്നെന്റളിയനെക്കുയിയിലും വച്ചേ”
“വെള്ളിമാമല കാത്തുവാണരുളും — വള്ളോന്റെ മെയ്യിൽ–
പ്പുള്ളിമാൻ മുഴു ശൂലവും തുടിയും
വള്ളിപോലെ നിറച്ചു പാമ്പുകളും — ചാമ്പലും ചൂടീ–
ട്ടെല്ലുകൊണ്ടു ചമച്ച മാലകളും”
എന്ന പാട്ടു് അർവാചീനമാണെങ്കിലും അതിലെ വൃത്തത്തിനു പുലവൃത്തമെന്നാണു് പേർ പറയുന്നതു്. ആ വൃത്തത്തിൽ പഴയ പാട്ടുകൾ പുലയരുടെ ഇടയിൽ പ്രചരിച്ചിരുന്നിരിക്കാം. ഇന്നും ആ ഛന്ദസ്സിലുള്ള പാട്ടുകൾക്കു് അവരുടെ ഇടയിൽത്തന്നെയാണു് പ്രചാരം.

10.18പൂരക്കളിപ്പാട്ടു്

വടക്കേ മലയാളത്തിൽ പുരാതന കാലം മുതല്ക്കേ നടപ്പുള്ള ഒരു വിനോദമാണു് പൂരക്കളി. തീയരത്രേ ഇതിൽ പ്രധാനമായി ഏർപ്പെടുന്നതു്. മീനമാസത്തിൽ കാർത്തിക നാളിൽ തുടങ്ങി പൂരം നാളിൽ അവസാനിപ്പിക്കത്തക്കവണ്ണം ഭഗവതീക്ഷേത്രങ്ങളിൽവച്ചു് ഈ കളി കളിക്കുന്നു. അതിനു പലേ ദേശങ്ങളിലും മെയ്യഭ്യാസമാവശ്യമുള്ള മറ്റു കളികൾക്കെന്നപോലെ ഓരോ സംഘക്കാർ ചേർന്നു് ഒരു പണിക്കരുടെ കീഴിൽ വേണ്ട അഭ്യാസം നേടണം. കാമദേവന്റെ പുനരുജ്ജീവനവും ശംബരവധവും മറ്റുമാകുന്നു പ്രതിപാദ്യവിഷയം. ഒരു നിലവിളക്കു കത്തിച്ചുവച്ചു ചുറ്റും നിന്നുകൊണ്ടു രാത്രിയിലാണു് കളി നടത്തുന്നതു്. ആകെ പതിനെട്ടു രങ്ഗങ്ങളുണ്ടു്. അവയെ ‘നിറം’ എന്നു പറയുന്നു. അവയ്ക്കു പുറമേ അങ്കം, ചായൽ, പാമ്പാട്ടം, നാടകം മുതലായ പ്രത്യേകം രങ്ഗങ്ങളുണ്ടു്. പന്തൽവന്ദനത്തിലേ ചില വരികളാണു് താഴെ ഉദ്ധരിക്കുന്നതു്.

“പന്തലാഗമക്കരുത്തിൽപ്പതിത്തോരു നെറിയെച്ചൊല്ലാം;
മുന്തിന മൂലാധാരം മുക്കോണാൽത്തറയൊരുക്കി
അന്തമാം കരണം നാലുമഴകിന തൂണതായി
പ്പന്തലിൻ വടിവെക്കാട്ടിബ്ഭങ്ഗിചേർനാലുപാടും
പാടെറിത്തെറിത്ത പൂവൽപ്പന്തല്ക്കു കോശമഞ്ചു
മേവിന തൂണുതന്മേൽ നിരത്തിനൊരുത്തരങ്കൾ
കാടറും സത്തും ചിത്തും കരുത്തിവനാൽത്തിരുത്തി
നാടികൾ നാലതാക്കി നന്മയിൽ ചെയ്തു പന്തൽ” ഇത്യാദി.
ഇതു പഴയ നിലയിൽത്തന്നെ നിൽക്കുന്ന ഒരു പാട്ടാണു്. പിൽക്കാലത്തു പരിഷ്കരിച്ച പാട്ടുകളും ധാരാളമുണ്ടു്. “വടക്കേ മലയാളത്തിൽ പദ്യകാവ്യങ്ങളിൽ തമിഴ്പ്പദങ്ങൾ അധികമായി ഉപയോഗിച്ചുപോന്നിരുന്നതിനും അതു ക്രമേണ കുറഞ്ഞു കൊണ്ടുവരുന്നതിനും ഒടുവിൽ നവീനമലയാളത്തിൽ പദ്യങ്ങൾ രചിച്ചതിനും ഉള്ള ഉദാഹരണങ്ങൾ ഇത്ര വ്യക്തമായി മറ്റു യാതൊരു പദ്യകൃതിയിലും സ്വരൂപിച്ചു കാണ്മാൻ പ്രയാസമാകുന്നു. ഈ പരമാർത്ഥം കേരളത്തിലെ ഒട്ടാകെയുള്ള പദ്യകാവ്യങ്ങളുടെയെന്നല്ല ഭാഷയുടെ തന്നെ വളർച്ചയും അതിനു് ഓരോ തരം ഭേദവും ഉണ്ടായ കാലഘട്ടവും കണ്ടുപിടിക്കുവാൻ സഹായിക്കുന്നതാകയാൽ അതു സാഹിത്യചരിത്രത്തിന്നു വലിയ ഒരു നേട്ടമായിരിക്കുമെന്നുള്ളതിനു് സംശയമില്ല” എന്നാണു് മൂർക്കോത്തു കുമാരൻ പൂരക്കളിപ്പാട്ടുകളെപ്പറ്റി അഭിപ്രായപ്പെടുന്നതു്. പൂരക്കളിയിൽ മത്സരക്കളി അഥവാ ‘മറത്തുകളി’ എന്നൊരു സമ്പ്രദായമുണ്ടു്. മത്സരിക്കുവാൻ ഒന്നിലധികം സംഘങ്ങളുണ്ടായിരിക്കും. ഒരു പണിക്കർ ഒരു ചോദ്യം ചോദിച്ചാൽ അതിനു മറ്റേപ്പണിക്കർ മറുപടി പറയാതെ മറ്റൊരു ചോദ്യം ചോദിച്ചാലും മതി.

“കേരളം പണ്ടു പടച്ചനാളിങ്ങു
കേരമുണ്ടായിരുന്നോ?” “കേരമുണ്ടായതിൻ മുമ്പീ രാജ്യത്തിൻ
പേരെന്തു ചൊൽക വേഗം.”
ഇങ്ങനെയാണു് ചോദ്യങ്ങളുടെ പോക്കു്.

10.19ക്രിസ്ത്യാനികളുടെ പാട്ടുകൾ

ക്രിസ്ത്യാനികൾ കേരളത്തിൽ ക്രി. പി. ഒന്നാം ശതകത്തിൽ വന്നു എന്നു ചിലരും അതല്ല നാലാം ശതകത്തിലെന്നു മറ്റു ചിലരും വാദിക്കുന്നു. ഈ വാദത്തിൽ സാഹിത്യചരിത്രകാരനു പങ്കുകൊള്ളേണ്ട ആവശ്യമില്ല. പുരാതനങ്ങളായ പല പാട്ടുകളും അവരുടെയിടയിലും നടപ്പുണ്ടെന്നു മാത്രം ധരിച്ചുകൊണ്ടാൽ മതിയാകുന്നതാണു്. അവയിൽ ഭൂരിഭാഗവും ദേവാരാധനം, വിവാഹം മുതലായ ഗൃഹ്യകർമ്മങ്ങൾ, പള്ളിവയ്പു് ഈ വിഷയങ്ങളെ അധികരിച്ചുള്ളവയാണു്.

10.19.1തെക്കുംഭാഗക്കാരുടെ പെൺപാട്ടു് – മാർത്തോമ്മാൻ
“മാർത്തോമ്മാൻ നന്മയാലൊന്നു തുടങ്ങുന്നു;
നന്നായു് വരേണമേയിന്നു്
ഉത്തമനായ മിശിഹാ തിരുവുള്ളം
ഉണ്മയെഴുന്നൾക വേണം.
കന്നീശനായ [17] നെഴുന്നള്ളിവന്നിട്ടു
കർപ്പൂരപ്പന്തലകമേ.
കൈക്കൂപ്പി നേരുന്നേൻ പെറ്റുവളർത്തോരു
കന്നിമകളെ ഞാൻ നിന്നെ.
തോളും തുടയും മുഖവും മണിമാറും
യോഗത്താലേപരിശുണ്ടു്.
എന്റെ മകളേപ്പര [18] മേറ്റി വയ്പോള
മെന്മനസ്സോ പതറുന്നു.
നെല്ലു മാനീരും പരമേറ്റിവച്ചാറെ
എന്മനസ്സോ തെളിയുന്നു.
ചെമ്പകപ്പൂവിൻനിറം ചൊല്ലാം പെണ്ണിനു്;
ചെമ്മേയരുൾപെറ്റ പെണ്ണു്;
പെണ്ണിനെക്കണ്ടവരെല്ലാരും ചൊല്ലുന്നു;
ഉലകിലിവൾക്കൊത്തോരില്ല.
നല്ലൊരുനേരം മണക്കോലം പുക്കാറെ
നന്നാകവേണമിതെന്നു്.
കാരണമായവരെല്ലാരും കൂടീട്ടു
നന്മ വരുത്തിത്തരേണം.
ആലാഹാനായനുമൻപൻ മിശിഹായും
കൂടെത്തുണയ്ക്കയിവർക്കു്.”

10.19.2അടച്ചുതുറപ്പാട്ടു്
“മങ്കതങ്കും മണവറയിൽ മണവാളൻ കതകടച്ചു
എങ്കും പുകൾ പെറ്റവനേ, എന്നുടയ മണവാളാ!
സന്തോഷാൽ മാവിതാനും തന്നുടയ മങ്കമാരും
താശി [19] യോടേ നീയടച്ച മണവറേടെ വാതൽ ചുറ്റും
പേരാരം; [20] പൂണ്ടൊരു പെരുന്തായാർ വന്നു വാതൽ മുട്ടി;
മണിമോതിരക്കയ്യാലേ മാവി വന്നു വാതൽ മുട്ടി;
പൂമോതിരക്കയ്യാലേ നാത്തൂൻ വന്നു വാതൽ മുട്ടി;
ഉറ്റോരു ചേട്ടത്തി വന്നുതവിയോടെ വാതൽ മുട്ടി;
ഉറ്റോരു ചങ്ങാതി വന്നുറുതിയോടേ വാതൽ മുട്ടി;
പെറ്റ തായാർ മണിവിളക്കും പിടിച്ചുനിന്നു വാതൽ മുട്ടി.
“വട്ടകകിണ്ടിയും തരാം; വട്ടമൊത്ത താലം തരാം;
കട്ടിൽ തരാം; മെത്ത തരാം; കണ്ടിരിപ്പാൻ വിളക്കു തരാം
പട്ടുചേല ഞാൻ തരുവേൻ ഭങ്ഗിയൊത്ത മേൽവിതാനം
ഇഷ്ടമൊത്തോരെൻ വകയുമിതത്തിനോടേ ഞാൻ തരുവേൻ;
ഒത്തവണ്ണം ഞാൻ തരുവേൻ ഒന്നിനും കുറവില്ലാതെ
എൻ മകനേ! മണവാളാ! മണവറയുടെ വാതൽതുറ.” (ഇത്യാദി)
10.19.3കടുത്തുരുത്തി വലിയ പള്ളിയുടെ പാട്ടു്
“ആലപ്പനാദീലെഴുത്തു തൂവാൻ അമ്പിനാൽത്തമ്പുരാൻ മുമ്പാകെയെന്ന്
നാലെട്ടു ദിക്കിലിണങ്ങർ കൂടി
നന്മയാലൊത്തുപറഞ്ഞവാറെ
കാലത്തു പള്ളി കടുത്തുരുത്തിൽ
കാതലായ്വയ്പതിന്നാശകൂറി.
നാടെട്ടുമുമ്പു വടക്കുങ്കൂറ്റിൽ
നായകൻ മന്നനെച്ചെന്നുകണ്ടു,
ആടകൾ പൊൻപണം കാഴ്ചവെച്ചു.
അരുളോടെ ഭൂമി കൊടുത്തവാറെ
വാടാതെ തച്ചർ പലരെക്കൂട്ടി
അമ്പിനാൽ പള്ളിക്കു സ്ഥാനം കാണ്മാൻ” (ഇത്യാദി)
മുസ്ലീങ്ങൾക്കും ചില കല്യാണപ്പാട്ടുകളും മറ്റുമുണ്ടു്. വിസ്താരഭയത്താൽ ഉദ്ധരിക്കുന്നില്ല.

10.20പുള്ളുവർപാട്ടു്

പുള്ളുകളുടെ ബാധയിൽനിന്നു ഗർഭിണികളേയും ശിശുക്കളേയും രക്ഷിക്കുന്നതുകൊണ്ടല്ല, ഐന്തിണകളിൽ ഒന്നായ പാലനിലത്തിൽ പുരാതനകാലത്തു താമസിച്ചിരുന്നതുകൊണ്ടാണു് പുള്ളുവർക്കു് ആ പേർ സിദ്ധിച്ചതെന്നു ഞാൻ ഊഹിക്കുന്നു. [21] സർപ്പശാന്തിക്കാണു് പുള്ളുവരെക്കൊണ്ടു സാധാരണമായി പാടിക്കുന്നതു്. പാട്ടു തുടങ്ങുന്നതിനു മുമ്പു വർണ്ണപ്പൊടികൊണ്ടു് അഞ്ചും ഏഴും പത്തികളോടുകൂടിയ സർപ്പങ്ങളുടെ രൂപങ്ങൾ അതിനായി ഒരുക്കിയ പന്തൽക്കളത്തിൽ എഴുതണം. പിണിയാൾ ശുദ്ധമായി പന്തലിൽ നില്ക്കും. കുടം വാദ്യമായി വച്ചുകൊണ്ടു പുള്ളുവൻ ഗാനം ചെയ്കയും പുളളുവത്തി ഏറ്റുപാടുകയും ചെയ്യും. അവരുടെ ഒരു പാട്ടിലെ ഏതാനും വരികളാണു് താഴെ ചേർക്കുന്നതു്.

“തെക്കുവടക്കു കയറേഴു പാവീട്ടു
മേലാപ്പുകൊണ്ടു വിതാനം ചെയ്തു.
ചെള്ളും പുഴുക്കുത്തുമുള്ളതു നീക്കീട്ടു
നല്ലോല ചീന്തിയരങ്ങുമിട്ടു്,
ആലില വെറ്റില മാല പഴുക്കകൾ
പൂക്കുലതന്നുടെ ഭങ്ഗിയിട്ടു്,
തെച്ചിയും പിച്ചകംചേമന്തി ചെമ്പകം
താമരയാമ്പലങ്ങുമിട്ടു്,
ഭങ്ഗിവരുത്തിയ പന്തൽ ക്കകമാടി
യമ്പോടുശുദ്ധി വരുത്തിക്കൊണ്ടു്.”
ഈ പാട്ടു് അർവാചീനമാണെന്നു പറയേണ്ടതില്ലല്ലോ. വടക്കാഞ്ചേരിയിൽ പാടുന്ന സർപ്പപ്പാട്ടിലെ ഒരു ഭാഗമാണു് താഴെചേർക്കുന്നതു്.

“പാതാളത്തിൽ രണ്ടല്ലോ
മുട്ടകളായുരുത്തിരിഞ്ഞു
താന്നിയെന്നു തല തോന്നി;
കുന്നിയെന്നു കണ്ണു തോന്നി;
കുളുർവായെന്നു വായതോന്നി;
പന്ന [22] മെന്നു പടം തോന്നി;
ഇരുമ്പെന്നു വാലു തോന്നി;
***
കാളകണ്ഠം കറക്കണ്ഠം
മുമ്മൂന്നായുരുത്തിരിഞ്ഞു
കാളിയെന്നും യമകാളിയെന്നും ദൂതനെന്നും കാളരാത്രിയെന്നും നാലു വിഷപ്പല്ലിനു പേരാകുന്നു.”

ചുവടേ കാണുന്നതു മറ്റൊരു പാട്ടിലെ ചില വരികളാണു്.

“അയ്യ! എങ്ങെങ്ങു പോരുന്നെൻ കാളിസർപ്പമേ
മുട്ടയ്ക്കു പൊരിഞ്ഞിട്ടു പോകുന്നതാണത്രേ.
അയ്യ! കാളിയമ്മയൊരു കല്ലളയില്ലല്ലോ
ഈക്കിത്തൊള്ളായിരം മുട്ടയുമിട്ടു,
നാങ്കിനൂറായിരം കുഞ്ചു വിരിയുന്നു
അയ്യളി [23] ക്കണ്ട മുട്ടയൊക്കെ വിരിച്ചു കണ്ടാൽ.”
സർപ്പക്കാവുകൾ ധാരാളമുള്ള കേരളത്തിൽ സർപ്പപ്രീതികരങ്ങളായ കർമ്മങ്ങൾ പ്രചുരമായി അനുഷ്ഠിക്കുന്നതു് ഒരാശ്ചര്യമല്ല. ശത്രു എടുക്കൽ, ബലി ഉഴിച്ചിൽ ഇവയും പുള്ളുവരുടെ വൃത്തികളിൽ ഉൾപ്പെടുമെന്നാണു് വച്ചിട്ടുള്ളതു്. അവർക്കു് ഇതോടുകൂടി ചില്ലറ വൈദ്യവും മന്ത്രവാദമുണ്ടു്; പുള്ളുവത്തികൾ പഴയ കാലത്തു സൂതികർമ്മിണികളായിരുന്നു.

10.21പാണർപാട്ടു്

‘തുയിലുണർത്തുക’ (നിദ്രയിൽനിന്നുണർത്തുക) എന്നുള്ളതാണു് പാണരുടെ കുലവൃത്തി. അവർ ആദികാലങ്ങളിൽ രാജാക്കന്മാരുടെ വന്ദികളായിരുന്നു. എങ്കിലും ആ ഉന്നതപദവിയിൽനിന്നു കാലാന്തരത്തിൽ പതിച്ചു പോയി. അവരുടെ തുയിലുണർത്തലിനെ സംബന്ധിച്ചു് ഒരൈതിഹ്യമുണ്ടു്. തിരുവരങ്കത്തു പാണനാർ എന്നൊരു സിദ്ധനെ പറയിപെറ്റ പന്തിരുകുലത്തിൽ ഉൾപ്പെടുത്തീട്ടുണ്ടല്ലോ. അദ്ദേഹം ശ്രീരങ്ഗത്തിൽ ജനിച്ചു; തിരുവണ്ണാമലയിൽ ശിവനെ തപസ്സുചെയ്തു. ശനിദോഷംമൂലം ശിവനും പാർവതിയും കൂടി പന്ത്രണ്ടു വർഷത്തേയ്ക്കു ഭിക്ഷാടനം ചെയ്തുകൊണ്ടിരുന്ന ഒരവസരത്തിൽ പാണനാരും അവരോടൊപ്പം സഞ്ചരിച്ചു. മാർഗ്ഗമദ്ധ്യേ ദ്യൂതക്രീഡയിൽ പാർവ്വതി ശിവനെ ജയിച്ചപ്പോൾ

“കണ്ടുനിന്ന തിരുവരങ്കൻ
കൈയടിച്ചു ചിരിച്ചുകൊണ്ടു്
പെണ്ണോടെ തോറ്റ സ്വാമി
ആരോടേ ജയിക്കുമെന്നു”
ചോദിക്കുകയും അപ്പോൾ ശിവൻ കുപിതനായി ഭക്തനെ കൊല്ലുകയും ചെയ്തു. പാർവതിയുടെ പ്രസാദംകൊണ്ടു പുനരുത്ഥിതനായ തിരുവരങ്കൻ ശിവൻ മേലാൽ അങ്ങനെ ആരോടും കോപിക്കാതിരിക്കത്തക്കവണ്ണം നിദ്രയെ പ്രാപിക്കട്ടെ എന്നു ശപിച്ചു; ഭഗവാൻ ഉറക്കവുമായി. ഒടുവിൽ ശപിച്ചവന്റെ കൈക്കല്ലാതെ ഒഴിവില്ലെന്നു കാണുകയാൽ ദേവന്മാർ തിരുവരങ്കനെ തിരുവണ്ണാമലനിന്നു ഭാര്യാസഹിതം വരുത്തി. ഭക്തൻ ശിവന്റെ ആലസ്യം ഭേദമാക്കി. എഴുന്നേറ്റപ്പോൾ സന്തുഷ്ടനായ ഭഗവാൻ എന്തു വരം വേണമെന്നു ചോദിച്ചു.

“എന്നെത്താൻ പുലർത്തിയോനു
ഞാനെന്തോ വരം തരുന്നു?
ഞാനേറിക്കളിക്കുന്ന
മദയാനേത്തരട്ടോടാ?”
“ആനയേറാൻ രാജാവല്ല
കുതിരയേറാൻ മന്ത്രിയല്ല;”
“അങ്കങ്ങളെത്തരട്ടിതോടാ?
ചുങ്കങ്ങളെത്തരട്ടിതോടാ?”
“ആയതുമടിയനു വേണ്ടാ,
അഴകുള്ള തമ്പുരാനേ.”
ഒടുവിൽ ഭഗവാൻ, ആഹാരത്തിനു് ഒന്നും കിട്ടാത്ത കാലത്തു് ഏഴു വീടുകളിൽച്ചെന്നു തുയിലുണർത്തിയാൽ ആഹാരത്തിനുള്ള വക ഭക്തന്മാർ തരുമെന്നു വരം കൊടുത്തു പാണനാരെ അയയ്ക്കുന്നു. ഇതാണു് ആ ഐതിഹ്യം.

“പകലെന്നെ സ്തുതിക്കരുതു്;
കാരോലേൽ വരയ്ക്കരുതു്;
വിളിച്ചുണർത്തിപ്പാടരുതു്;
യാത്രചൊല്ലിപ്പോകരുതു്.”
എന്നും മറ്റുമുള്ള ശിവന്റെ ആജ്ഞയെ പാണന്മാർ ഇന്നും അനുസരിക്കുന്നു എന്നാണു് വയ്പു്. ഭഗവാൻ ഒരു ആനയെ തിരുവരങ്കനു കൊടുത്തു എന്നും അതിനെ മാടത്തിലേയ്ക്കു കൊണ്ടുപോയി

“ഞങ്ങംപുല്ലു പറിച്ചു തിന്നാനും കൊടുത്തേ;
കണ്ണൻചിരട്ടയിൽ വെള്ളവും വച്ചേ”
എന്നും മാടക്കാലും പിഴുതെടുത്തുകൊണ്ടു രാത്രി ആന ഓടിയെന്നും പിന്നെയും ഭഗവാൻ പ്രീതനായി ഉഴുന്നതിനു രണ്ടു പോത്തുകളെ കൊടുത്തു എന്നും അവയും കലപ്പയിൽ പൂട്ടുവാൻ തുടങ്ങിയപ്പോൾ, രണ്ടു വഴിക്കു ചാടിപ്പോയി എന്നും ഈ ഐതിഹ്യത്തിൽതന്നെ ചില പൊടിപ്പും തൊങ്ങലും ചേർത്തു പറയുന്നവരുമുണ്ടു്. ഏതായാലും ഉൾനാടുകളിൽ ഇന്നും പാണനും പാണത്തിയുംകൂടി കർക്കടകമാസത്തിൽ വെളുപ്പിനു് ഓരോ നടയിൽ ചെന്നു പറ കൊട്ടിയും മുരടു് അനക്കിയും ആളുകളെ തുയിലുണർത്തുന്നു.

“ഉണ്ണുമ്പോൾ ചെന്നാലോ ചോറു കിട്ടും;
തേയ്ക്കുമ്പോൾച്ചെന്നാലോ എണ്ണ കിട്ടും.”
എന്നുള്ള അവരുടെ പ്രത്യാശ അധികം അസ്ഥാനത്തിലാകാറില്ല. അത്രയ്ക്കുണ്ടു് ‘ചേട്ടാപോതി’യെ (ജ്യേഷ്ഠാഭഗവതിയെ) പുറം പൂകിക്കുന്നതിലും ‘ചീപോതി’യെ (ശ്രീഭഗവതിയെ) അകം പൂകിക്കുന്നതിലും അവർക്കു പരമ്പരാസിദ്ധമായുള്ള പാടവത്തെപ്പറ്റി പൊതുജനങ്ങൾക്കു വിശ്വാസം.

10.22കുറവപ്പാട്ടു് – നിഴൽക്കൂത്തു്

കൊല്ലം മുതൽ തെക്കോട്ടുള്ള പ്രദേശങ്ങളിൽ പ്രചരിക്കുന്നതും ഏറ്റവും രസകരവുമായ മാവാരതം പാട്ടിനെപ്പറ്റി കേട്ടിട്ടില്ലാത്ത കേരളീയർ ഉണ്ടോ എന്നു സംശയമാണു്. ദീർഘമായ ആ പാട്ടിലെ പ്രതിപാദ്യം പാണ്ഡവന്മാരെ ദ്രോഹിക്കാൻ ഗാന്ധാരിയുടേയും ദുര്യോധനന്റേയും പലപ്രകാരത്തിലുള്ള ഉദ്യമവും ഭീമന്റെ പരാക്രമംകൊണ്ടു് അവർ ആ ദ്രോഹത്തിൽനിന്നെല്ലാംനേടുന്ന അത്ഭുതാവഹമായ രക്ഷയുമാണു്. കുരുനാട്ടിലെ റാണി കുന്തീദേവി, കരുനാട്ടിലെ റാണി ഗാന്ധാരി, പാണ്ഡവന്മാരിൽ അഞ്ചിൽ ഇളയതു കുഞ്ചുപീമൻ, കൗരവന്മാർ തൊണ്ണൂറ്റൊൻപതു പേർ എന്നിങ്ങനെ മാവാരതം കഥയ്ക്കു ചില വിശേഷങ്ങളുണ്ടു്. വിരുന്തുണ്ടേടം, നാഗകന്നിയെ മാലയിട്ടേടം, നിഴൽ കുത്തിയേടം, പിലാവില പറിച്ചേടം, വിഷം കൊടുത്തേടം, ചാമക്കഞ്ഞി കുടിച്ചേടം ഇങ്ങനെ പല വിഭാഗങ്ങൾ അതിലുണ്ടു്. അവയെപ്പറ്റി വിസ്തരിക്കുവാൻ സ്ഥലസൗകര്യമില്ല. നിഴൽക്കൂത്തു് എന്ന ആഭിചാരകർമ്മം നടത്തിവേണം പാണ്ഡവരെക്കൊല്ലുവാൻ എന്നു് ഒടുവിൽ ദുര്യോധനൻ നിശ്ചയിക്കുന്നു. കാട്ടിൽ താമസിക്കുന്ന അവർക്കു് ഒരു കുറത്തി നല്ല കിഴങ്ങുകൾ തിന്നുവാൻ കൊടുക്കുന്നു. അവളുടെ ഭർത്താവിനോടാണു് ദുര്യോധനൻ നിഴൽ കുത്തുവാൻ ആജ്ഞാപിക്കുന്നതു്. അയാളും പാണ്ഡവന്മാരുടെ ബന്ധുവായിരുന്നതിനാൽ ആ കർമ്മത്തിന്നു കിട്ടാത്ത സാധനങ്ങളുടെ ചാർത്തു കുറിക്കുകയും ദുര്യോധനൻ അവയെല്ലാം അയാൾ തന്നെ ഒരുക്കിക്കൊള്ളണമെന്നു പറഞ്ഞപ്പോൾ നിവൃത്തി ഇല്ലെന്നു് ഒഴിയുവാൻ നോക്കുകയും ചെയ്തു. ദുര്യോധനൻ ആ ദുർമ്മന്ത്രവാദിയെ വെട്ടുവാൻ വാളെടുത്തു.

“അപ്പോൾ കുറവനും പറയുന്നല്ലോ;
ഒരുക്കാം ഞാൻ തമ്പുരാനേ ഒരുക്കാമല്ലോ.
ആനമുട്ടയിപ്പോളില്ലെന്നാലും
നാളികേരംകൊണ്ടു കാര്യം കാണാം.
കുതിരമുട്ടയിപ്പോളില്ലെന്നാലും
കോഴിമുട്ടകൊണ്ടു കാര്യം കാണാം.
അമ്മിവേരുമിപ്പോളില്ലെന്നാലും
ചുമടുതാങ്ങിവേരുമില്ലെന്നാലും
മുരുക്കിൻകിഴങ്ങുകൊണ്ടു കാര്യം കാണാം.
നിലാവിൻ കുരുന്നുമിപ്പോളില്ലെന്നാലും
പിലാവിൻകുഴകൊണ്ടു കാര്യം കാണാം;
ഇരുളിൻപട്ടയിപ്പോളില്ലെന്നാലും
മുരുക്കിൻപട്ടകൊണ്ടു കാര്യം കാണാം.
വെള്ളത്തിൻപൊടിയിപ്പോളില്ലെന്നാലു
മരിതൻപൊടികൊണ്ടു കാര്യം കാണാം.
മണലിൻകയറുമിപ്പോളില്ലെന്നാലും
പൊച്ചക്കയർകൊണ്ടു കാര്യം കാണാം.”
കുറവൻ നിഴൽകുത്തി പാണ്ഡവന്മാരെ മോഹിപ്പിച്ചു. ആ വിവരം ധരിച്ച കുറത്തി കാട്ടിലേയ്ക്കു് ഓടിച്ചെന്നു്

“നിഴൽക്കുത്തങ്ങുമാറ്റാൻ മന്ത്രം ചൊല്ലി
പാരതം പാടിയവളുണത്തിവിട്ടൂ.”
ഇതാണു് കഥ. ഇതു പാടുന്നതു് ആഭിചാരവിധിക്കു കൈകണ്ട പ്രത്യൗഷധമായി കരുതപ്പെടുന്നു. ഈ കഥതന്നെ മറ്റൊരു പാട്ടാക്കി വേലന്മാർ പാടാറുണ്ടു്. ആ പാട്ടിൽനിന്നു ചില വരികൾ താഴെച്ചേർക്കുന്നു.

“ഇത്ഥമങ്ങു നിനച്ചവൻ കലിപൂണ്ടു തുള്ളിയുറഞ്ഞുടൻ
ചെന്നുനോക്കി നിഴൽക്കലത്തിലിരുന്ന കുരുതിയിലപ്പൊഴേ
ചഞ്ചലംകൂടാതെ കണ്ടു നിഴല്ക്കലത്തിൽ നിരക്കവേ
കുന്തിദേവിയുമഞ്ചുമക്കളും വമ്പെഴും പാഞ്ചാലിയും
ദേവദേവനതായ കൃഷ്ണനൊടൊത്തു നിഴൽവടിവാണ്ടഹോ
സംഭ്രമത്തൊടു ചെന്നുടൻ ദുര്യോധനനൊടറിയിച്ചിതേ.
ധീരനായ ദുര്യോധനനരുൾ ചെയ്തു മലയനൊടപ്പോഴേ
കുന്തിയും പാഞ്ചാലിയും വസുദേവനന്ദനൻ തന്നെയും
കൊൽവതിന്നഴകല്ലെടൊ അവരോടു വൈരവുമില്ല കേൾ,
ഒട്ടുമേവൈകാതയന്നിഴൽ ദൂരെമാറ്റി നിറുത്തെടാ.
ശേഷമുള്ളതു തീർപെടേ [24] നിഴൽ കുത്തുകെന്നതു കേട്ടവൻ
പഞ്ചപൂനിഴലഞ്ചുമഞ്ചുപങ്കായ്പ്പകുത്തവനപ്പൊഴേ
അഞ്ചിലങ്ങൊരു പങ്കു പൂനിഴലിട്ടടച്ചൊരു ചെപ്പതിൽ [25]
അമ്പുകുത്തി വലിച്ചനേരമതിന്റെ നേർമുനതന്നിലേ
വമ്പെഴും വടമാരി പെയ്തതുപോലെ വീണിതരത്തവും
പഞ്ചപാണ്ഡവരഞ്ചുപേരും മയങ്ങിമാണ്ടുടനമ്മയും
മുമ്പിൽ വീണുമയങ്ങിനാൾ പാഞ്ചാലപുത്രിയുമപ്പോഴേ
നിദ്രയിങ്കലുണർന്നപോലെയുണർന്നിരുന്നിതു കുന്തിതാൻ.”
പുലയരും ഈ വിഷയത്തെ അധികരിച്ചു് ഒരു പാട്ടു പാടുന്നുണ്ടു്. അതിലൊരു ഭാഗം ചുവടെ ചേർക്കുന്നു.

“മുമ്പിലതെങ്കിൽ മറഞ്ചന കുറവൻ പിന്നെക്കരുനാട്ടരികേവന്നു,
കാനക്കുറവൻ വരവതു കണ്ടു കാന്താരിർത്തിരിയതിശയപ്പെട്ടു.
“ഓ! വനഅടിയാനേ! പൂങ്കുറവ! നീയുണ്ടോ പാണ്ഡവരെക്കണ്ടു?”
“കണ്ടേനടിയൻ കണ്ടേനടിയൻ ഉണ്ടവരോടു വനത്തിലിരിക്ക.”
***
“അഴകൊടു വീമൻ പന്നിയതായി ദുരിയോധനനെത്തള്ളിയങ്ങിട്ടു
തിരുനെഞ്ചത്തു തേറ്റയുംവച്ചു കണ്ടൊരു കുന്തിയുമോടിച്ചെന്നു.
ഏഹേ മകനേ, അരുതേ മകനേ, കേടുവരുത്തിക്കൊല ചെയ്യരുതേ.
വീമൻ തന്നുടെ ശബ്ദംകേട്ടു തൊണ്ണൂറ്റൊൻപതുമൊന്നുനടുങ്ങി”

10.23വേലർപാട്ടുകൾ

വേലന്റെ കുലവൃത്തിയും പിണിതീർക്കൽതന്നെ ആകുന്നു. നാവിൻദോഷം തീരാനും മൊത്തത്തിൻ ആധിവ്യാധികൾ നീങ്ങി ഐശ്വര്യം സിദ്ധിക്കുവാനും വേലൻ പ്രവൃത്തി വളരെ വിശേഷമെന്നാണു് വച്ചിട്ടുള്ളതു്. പണ്ടു മഹാവിഷ്ണുവിനേയും ലക്ഷ്മീഭഗവതിയേയും ബാധിച്ച നാവിൻദോഷം തീർക്കുവാൻ പരമേശ്വരൻ വേദമോതി അവരുടെ ദീനം ഭേദമാക്കിയെന്നും വേദന്റെ തത്ഭവമത്രേ വേലനെന്നുമാണു് ഈ ജാതിക്കാരുടെ ഇടയിൽ പ്രചരിക്കുന്ന ഐതിഹ്യം. ആ ഐതിഹ്യത്തിന്റെ അനുപപത്തി എന്തുതന്നെയായാലും അവരുടെ ഓതലിന്റെ ഫലത്തെപ്പറ്റി ജനങ്ങൾക്കു വിശ്വാസം നശിച്ചിട്ടില്ല. അവർ പാടുന്ന പാട്ടിന്റെ ഒരു ഭാഗമാണു് ചുവടേ ചേർക്കുന്നതു്.
അരിയാണേ പിണിയരം വരിക – ഏ അരിയാണേ പിണിയരം വരിക.
***
പൂവണിഞ്ഞ തിരുമുടിമേലും തോലു [26] ഴിഞ്ഞു പിണിതീർന്നൊഴിക.
പൊൻനിറമാമണിനുതൽമേലും തോലുഴിഞ്ഞു പിണിതീർന്നൊഴിക.
കണ്ണാടിക്കവിളതിന്മേലും തോലുഴിഞ്ഞു പിണിതീന്നൊഴിക.
കയൽനികരൊത്ത കണ്ണിണമേലും തോലുഴിഞ്ഞു പിണിതീർന്നൊഴിക.
താഴെക്കാണുന്ന വരികൾ അവരുടെ പൊലിപ്പാട്ടിൽ നിന്നാണു്.

“ഇല്ലത്തൊരുണ്ണി പിറന്നെന്നു കേട്ടിട്ടു
കൊല്ലത്തുനിന്നവരെല്ലാം വന്നു.
കൊല്ലത്തുനിന്നവരെല്ലാരും വന്നെങ്കിൽ
കുന്നോളം പൊന്നും പണം പൊലിക്ക.
മുമ്പിൽപ്പൊലിക്ക പെറ്റമ്മയോടച്ഛനും
മുതിർന്നുള്ള ജ്യേഷ്ഠത്തിമാർ പൊലിക്ക.
പിന്നെപ്പൊലിക്കയിളയമ്മ പേരമ്മ
അയൽപക്കം ബന്ധുക്കളും പൊലിക്ക.”

10.24മലയർപാട്ടു് – കോതാമ്മൂരി

മലയർ ഒരു കാലത്തു അരണ്യവാസികളായിരുന്നിരിക്കാമെങ്കിലും ഇപ്പോൾ അവർ താമസിക്കുന്നതു നാട്ടിൻപുറങ്ങളിലാകുന്നു. അവർക്കു് ഉത്തര കേരളത്തിൽ കോലംകെട്ടിയാടുകയും മന്ത്രവാദം ചെയ്യുകയുമാണു് കുലവൃത്തി. കോതാമ്മൂരി എന്നൊരു പാട്ടു് അവർ പാടാറുണ്ടു്. കോതയ്ക്കു കുട്ടി എന്നും മൂരിക്കു കാളയെന്നുമർത്ഥം. ഒരു ചെറിയ കുട്ടി പാളകൊണ്ടു കെട്ടിയുണ്ടാക്കിയ കാളയുടെ രൂപം വഹിച്ചുകൊണ്ടും അതിന്നു പിന്നിലായി കുറെ മലയർ മുഖത്തുപാളവെച്ചുകെട്ടി കുരുത്തോലയുടുത്തു ചെണ്ടയും കിണ്ണിയും കൊട്ടിപ്പാടിക്കൊണ്ടും നടക്കുന്നതാണു് ഇതിന്റെ ചടങ്ങു്. അന്നപൂർണ്ണേശ്വരി കോലത്തുനാടു സ്വപ്നം കാണുന്നതും കപ്പൽ പണിയിച്ചു് അകമ്പടിയോടുകൂടി ആയിരംതെങ്ങിൽ ചെന്നിറങ്ങുന്നതും തളിപ്പറമ്പു ക്ഷേത്രത്തിലെ ശ്രീപരമേശ്വരൻ ആ ദേവിയെ പാണിഗ്രഹണം ചെയ്യുന്നതുമാണു് പാട്ടിലെ കഥാവസ്തു.

“ഓക്കടൽ പാൽക്കടലോടി കപ്പൽ; അവിടുന്നൊരോട്ട മങ്ങോടി കപ്പൽ
ചെന്താമരക്കടലോടുന്നേരം താമരത്തണ്ടു തടഞ്ഞുനിന്നു.
താമരത്തണ്ടു തടഞ്ഞനേരം കപ്പലുരുണ്ടു പിരണ്ടുപോയി.
യോഗിമക്കളെല്ലാരും പേടിക്കുന്നു; കൊങ്ങിണിമക്കൾ ഭയപ്പെടുന്നു.
അമ്മയുമപ്പോളരുളിച്ചെയ്തു: “പേടിക്കവേണ്ട ഭയപ്പെടേണ്ട;”
കടലായി ശ്രീകൃഷ്ണനാങ്ങളയ്ക്കു വട്ടളം പായസം നേരുന്നല്ലോ.
***
കുമ്പളങ്ങാപോലെ നരച്ചോരപ്പൻ പൂമരംപോലെ ചമഞ്ഞുവല്ലോ.
ചിലങ്കവടിക്കുന്തം മുന്നിലൂന്നി കുണ്ടംകുഴിഞ്ഞ കുടയെടുത്തു
വലികുന്നിൻ മുകളേറി നിന്നു അപ്പൻ
ഒന്നു നടന്നൊന്നു പാഞ്ഞുകൊണ്ടു;
അക്കിരശാലയിലെത്തിയപ്പൻ
“അക്കിരശാലയിൽ ചിരുതക്കുട്ടി
ഒരിക്കൽ നീ വെളിച്ചത്തു വാ ചിരുതേ!”
“എങ്ങനെ തിരുമുമ്പിൽ വിടകൊള്ളേണ്ടൂ?
അരയിലുടുത്താടയില്ലെനിക്കു്:
കഴുത്തിൽച്ചരടുമെനിക്കില്ലപ്പാ!”
***
“ഊണിന്നായ്പ്പോകുന്ന വഴിപോക്കരേ!
ഊണില്ലെന്നും ചൊല്ലിപ്പോകവേണ്ട
പാതിരാ ചെന്നാലും ചോറുമുണ്ടേ;
പുന്നെല്ലു വേവിച്ച വറ്റുമുണ്ടേ;
ഏകാദശിക്കാർക്കിളന്നീരുമുണ്ടേ;
ഏലത്തരിയിട്ട വെള്ളമുണ്ടേ.”
ഇത്തരത്തിൽ വടക്കൻപാട്ടുകളുടെ രീതിയിലാണു് കോതാമ്മൂരിയുടെ ഗതി. ഇതു കൊങ്കണബ്രഹ്മണർ കേരളത്തിൽ കുടിയേറിപ്പാർത്തു തുടങ്ങിയതിനുമേൽ ഉണ്ടായ ഒരു പാട്ടാണെന്നുള്ളതു സ്പഷ്ടമാണു്.

10.25ഭദ്രകാളിപ്പാട്ടു് – കളമെഴുത്തും പാട്ടും

കേരളത്തെ ദുർഭൂതങ്ങളിൽനിന്നു രക്ഷിക്കുന്നതിനായി മലയോരത്തിൽ ശാസ്താവിനേയും കടലോരത്തിൽ ഭദ്രകാളിയേയും ഒട്ടുവളരെ ക്ഷേത്രങ്ങളിൽ പരശുരാമൻതന്നെ കുടിയിരുത്തിയെന്നുള്ള ഐതിഹ്യം സുപ്രസിദ്ധമാണല്ലോ. ‘കൊറ്റവൈ’ എന്ന ദ്രാവിഡദേവത തന്നെയാണു് ഭദ്രകാളി. ഭദ്രകാളിക്കും ശാസ്താവിനും കളമെഴുത്തും പാട്ടും അത്യന്തം പ്രീതികരമാകുന്നു. ഇതിനെത്തന്നെയാണു് വൃശ്ചികം ഒന്നാം തീയതി മുതൽ നാല്പത്തൊന്നു ദിവസത്തേയ്ക്കു നീണ്ടുനില്ക്കുന്ന വൃശ്ചികവ്രതം പാട്ടെന്നും പറയാറുള്ളതു്. ഒരു ക്ഷേത്രത്തിൽ വെച്ചാണു് ഈ കർമ്മം നടത്തേണ്ടതെങ്കിൽ അതിലേക്കു് അധികാരികളായ പണിക്കരന്മാർ അവിടെ നേരത്തെ എത്തി ഉച്ചപ്പാട്ടു പാടുന്നു. ഒരുക്കുകൾ കഴിഞ്ഞു രണ്ടു പണിക്കരന്മാർ അഭിമുഖമായിരുന്നു നന്തുണിയും താളവും പ്രയോഗിച്ചു പാടണം. രാത്രിയിലത്തെ പാട്ടിനു വലിയ കളമെഴുതുന്നു. വിളക്കുവച്ചു കഴിഞ്ഞാൽ വാദ്യക്കാരുടെ സേവ അവസാനിച്ചതിനുമേൽ പണിക്കരന്മാർ വീണ്ടും പകലേത്തതിനു തുടർച്ചയായുള്ള ഭാഗം പാടുന്നു. മൂന്നു പാട്ടും മൂന്നു കൊട്ടും കഴിഞ്ഞാൽ ക്രിയ സമാപ്തമാകും. ഒരു രാത്രി മുഴുവൻ നടത്തുന്ന പാട്ടിനു് അരങ്ങൊഴിഞ്ഞ പാട്ടെന്നു പേർ പറയുന്നു. പാട്ടു കഴിഞ്ഞാൽ ശാന്തിക്കാരൻ കളം പൂജിക്കുകയും പിന്നീടു പണിക്കരന്മാർ ശ്ലോകം ചൊല്ലി കളമഴിക്കുകയും പാട്ടു നടത്തിച്ച ആളിനു കളപ്പൊടി ഉഴിയുകയും ഒരു തേങ്ങ ഉടച്ചു് അതിന്റെ മുറികളിൽ ഓരോ കുഴിയിൽ ദീപം കൊളുത്തിവച്ചു് ആയി (ആശിസ്സു്) ഉച്ചരിക്കുകയും ചെയ്യുന്നു.

10.26ഭദ്രകാളിപ്പാട്ടു്

താഴെക്കാണുന്നതു പണിക്കരന്മാർ ചൊല്ലുന്ന ഭദ്രകാളിപ്പാട്ടിലെ ചില വരികളാകുന്നു.

“ബാലനാർമതി തരിഞ്ഞ മഹാദേവർനെറ്റിക്കണ്ണിൽ
നീലമാം മല കണക്കേ നിറംപെടവുദിത്ത മൂർത്തി,
നാലു വേദത്തിൻ വിത്തേ; നാടു ചൂഴെഴുന്ന ശക്തി,
അഖിലലോകസ്വരൂപീ! അഖണ്ഡമാം മന്തിരത്തെ
തോറ്റുമക്കരത്തിനാളേ; തൂയതാം പട്ടുടുക്കും
സുന്ദരി, അന്തരത്തി! പൊങ്കിന പോതിനാളേ!”

10.27തിറയാട്ടം

തിറയാട്ടം ഉത്തരകേരളത്തിൽ പ്രചുരപ്രചാരമായ ഒരു ദേവതാരാധനാസമ്പ്രദായമാണു്. ഭദ്രകാളിയാണു് സാമാന്യേന ഉപാസനാമൂർത്തി. കാവുകളിൽവച്ചാണു് ആ ഉത്സവം ആഘോഷിക്കപ്പെടുന്നതു്. ധനുമുതൽ മേടംവരെയുള്ള മാസങ്ങൾ അതിനുപ്തപ്പെടുത്തിയിരിക്കുന്നു. കൢ തിറയാട്ടത്തിനു മുൻപിലത്തെ ദിവസം രാത്രികാലത്തു വിശേഷിച്ചു് ചടങ്ങുകൾ ഒന്നും കൂടാതെ ദേവതയുടെ കോലം മാത്രം കെട്ടിക്കാണിക്കുന്ന പതിവുണ്ടു്. അതിന്നു നട്ടത്തിറയെന്നാണു പേർ. പിറ്റേദിവസം കാലത്തു വേല ആരംഭിക്കുകയായി. അന്നു വൈകുന്നേരം ‘വെള്ളാട്ടം’ നടത്തപ്പെടുന്നു. വെള്ളാട്ടക്കാരൻ കെട്ടിയുടുത്തു പഴയ മട്ടിലുള്ള ആഭരണങ്ങൾ അണിഞ്ഞു് അരങ്ങത്തു പ്രവേശിച്ചു പ്രാഥമികനൃത്തം കഴിച്ചു തോറ്റം പാടും.

വെള്ളാട്ടം ആഘോഷിക്കപ്പെട്ട മൂർത്തിയുടെ തിറയാട്ടം അന്നു രാത്രിയോ പിറ്റേന്നു പകലോ നിർവ്വഹിക്കപ്പെടുന്നു. അപ്പോൾ രങ്ഗപ്രവേശം ചെയ്യുന്ന നടന്റെ വേഷമാണത്രേ ദേവതയുടേതു്. തിറയാട്ടത്തിൽ തോറ്റംപാടി കലികൊണ്ടു തുള്ളിയതിനു ശേഷമേ നൃത്തം ആരംഭിക്കാവൂ. ദേവതകൾക്കു പുറമേ അസാധാരണന്മാരായ പൂർവ്വന്മാർ, കേൾവികേട്ട മന്ത്രവാദികൾ, പ്രസിദ്ധന്മാരായ ആയുധാഭ്യാസികൾ മുതലായവരേയും തിറയാട്ടം കൊണ്ടു പ്രീതിപ്പെടുത്താറുണ്ടു്. തച്ചോളി ഒതേനനെ മാത്രമല്ല, പരമസാധ്വിയായ കടാങ്കോട്ടു മാക്കത്തേയും തിറയാടിച്ചുവരുന്നു. കണ്ണകിത്തോറ്റം ഉത്തരകേരളത്തിൽ ഇല്ലെന്നാണു് അറിവു്.

10.28മണ്ണാർപാട്ടു്

ഭദ്രകാളിയുടെ അപദാനങ്ങളെ വാഴ്ത്തി തദ്ദ്വാരാ ഉപജീവനം കഴിക്കുക എന്നുള്ളതാണു് വേലന്മാരുടെ ഒരവാന്തരവിഭാഗക്കാരായ മണ്ണാന്മാരുടെ കുലമര്യാദ. ദാരുകവധവും ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയുമാണു് അവരുടെ പാട്ടുകളിൽ വർണ്ണിക്കുന്നതു്. തോറ്റം (അവതാരം) എന്നു് അത്തരം പാട്ടുകൾക്കു പേർ പറയുന്നു. താഴെക്കാണുന്നതു് ഒരു ഭദ്രകാളിപ്പാട്ടിലെ ചില വരികളാകുന്നു.

“ഊതുമ്പോൾപ്പറക്കുന്ന ദാരുകനെ
ക്കൊല്ലാനോ അച്ഛനെന്നെത്തോറ്റിയതു്?
കേൾക്കായല്ലോ എന്റെ നല്ലച്ഛൻ;
പോരിനായിട്ടു ഞങ്ങൾ പോയ്വരട്ടോ?”
“കേൾക്കായല്ലോ എന്റെ പൊൻമകളേ,
പോരിനായിട്ടു നിങ്ങൾ പോയ്വരിക.”
ദാരുകപുരത്തു ചെന്നുനിന്നുംകൊണ്ടു്
അറുകുലവിളിയൊന്നു വിളിക്കുന്നുണ്ടു്.
ദാരുകപുരമൊന്നു കുലുങ്ങുന്നുണ്ടു്;
ദാരുകനുമൊന്നു വിറയ്ക്കുന്നുണ്ടു്;
“കൈലാസത്തു കള്ളനിരുന്നുംകൊണ്ടു്
കള്ളിയെത്തോറ്റിയിങ്ങു വിട്ടുവല്ലോ.
പോരിനായു് ഞാനുമിന്നു പോയില്ലെങ്കിൽ
മാനക്കേടാണതിനാൽ പോകാം പോകാം.
പക്കച്ചൊല്ലുമോ നമുക്കുണ്ടാമല്ലോ;
പകൽവരയ്ക്കും നമുക്കിങ്ങുണ്ടാമല്ലോ.”
മറ്റൊരു തോറ്റംപാട്ടിൽ നിന്നു് ഒരു ഭാഗം ചുവടേ ചേർക്കുന്നു.

“പരരാജ്യത്തെങ്ങും വെളിവില്ലാഞ്ഞിട്ടു
പരശുരാമൻ കണ്ണാൽ ജനിച്ചു;
അറുകൂർ കാളിമാർ ജനിച്ചു നല്ലച്ചൻ
പൊന്നിനോടത്തിൽ കരകേറ്റി
വെള്ളിത്താഴിട്ടു പൂട്ടി നല്ലച്ചൻ
പൊന്നിൻ താഴിട്ടു പൂട്ടി.
കീഴും കീഴ്ക്കടവിലിറക്കി നല്ലച്ചൻ
ഒലിവെള്ളപ്പേരാറ്റിലൊഴുക്കി.
ഭാഗ്യമുള്ളോരു മകളാണു നീയെങ്കിൽ
ഭാഗ്യനാർകടവിൽച്ചെന്നണഞ്ഞുകൊൾ;
യോഗ്യമുള്ളോരു മകളാണു നീയെങ്കിൽ
യോഗ്യനാർകാവിൽ ചെന്നണഞ്ഞുകൊൾ.
ഭാഗ്യം യോഗ്യം കെട്ട മകളാണു നീയെങ്കി
ലേലക്കടവു പുലക്കടവു നീന്തിക്കോ.
ഭാഗ്യമുള്ളോരു മകളായ്ത്തെക്കു കൊല്ലം
കീഴ്ക്കടവിൽ ചെന്നു മെയ്യണഞ്ഞു.”

10.29കണ്ണകിത്തോറ്റം

കണ്ണകിയുടെ ബിംബം ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ചതു കൊടുങ്ങല്ലൂരിലാണെന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ. കണ്ണകിയെപ്പറ്റിയുള്ള ഒരു പാട്ടിൽനിന്നാണു് താഴെക്കാണുന്ന വരികൾ ഉദ്ധരിയ്ക്കുന്നതു്.

“തെക്കുംകൊല്ലത്തു കണ്ണകിയും വടക്കുംകൊല്ലത്തു പാലകനും
ഒരു മനസ്സായി വിവാഹം ചെയ്താൽ തീ കൂടാതെ വിളക്കെരിയും.
പൊൻകഴുവേ [27] കരകേറുമെന്നു് ഇവരു തമ്മിൽ പറയുന്നേ
ചുമന്തിര വാഴുന്ന നല്ലപ്പൻ ആനന്ദത്തോടെയെഴുന്നേറ്റു്
തെക്കുങ്കൊല്ലത്തു കന്യാവിന്റെ വീടു തിരക്കിച്ചെല്ലുന്നേ.
കണ്ടാൽ നല്ലൊരു പെണ്ണവളേ; ലക്ഷണമൊത്തൊരു പെണ്ണവളേ;
തന്നുടെ മകനിവൾ കൊള്ളാമെന്നു മനതാരിങ്കൽ നിനയ്ക്കുന്നേ.”
ഇതിൽനിന്നും കവി വടക്കിൻകൊല്ലം പാലകന്റെയും തെക്കിൻകൊല്ലം കണ്ണകിയുടേയും നാടാക്കിയിരിക്കയാണെന്നു വായനക്കാർ ധരിയ്ക്കുമല്ലോ. ‘ചുമന്തിര’ എന്താണെന്നു മനസ്സിലാകുന്നില്ല. ഈ പാട്ടു മണ്ണാന്മാർക്കു പുറമേ പുലയരും പാടാറുണ്ടു്.

10.30മണിമങ്കത്തോറ്റം

കണ്ണകിയെത്തന്നെ മണിമങ്കയെന്ന പേരിൽ വാഴ്ത്തുന്ന മറ്റൊരു തോറ്റംപാട്ടുണ്ടു്. അതു മണ്ണാന്മാർക്കു പുറമേ മാരാന്മാരും പാടാറുണ്ടു്. ഒരു പാണ്ഡ്യരാജാവും അദ്ദേഹത്തിന്റെ സേവകനായ ഒരു തട്ടാനും ജനങ്ങളെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോൾ സാക്ഷാൽ മഹാമായ തന്നെ മണിമങ്കയെന്നപേരിൽ ആ പീഡയ്ക്കു ശമനം വരുത്തുന്നതിനായി വൈശ്യകുലത്തിൽ അവതരിക്കുകയും യഥാകാലം പാലകൻ എന്ന വൈശ്യയുവാവിന്റെ പത്നിയാകുകയും ചെയ്തു. ആ സാധ്വി തന്റെ ചിലമ്പുകൾ രണ്ടും വിറ്റുകൊണ്ടു വരുവാൻ ഭർത്താവിനെ ഏല്പിച്ചു. ആ ആഭരണങ്ങളെ തട്ടാന്റെ ദുരുപദേശത്തിനു വശംവദനായി പാണ്ഡ്യരാജാവു് അപഹരിച്ചു് അദ്ദേഹത്തെ ശൂലാരോഹണം ചെയ്യിച്ചു. മണിമങ്ക ആ വസ്തുത സ്വപ്നത്തിൽ ധരിച്ചു ഭദ്രകാളിയെ പ്രത്യക്ഷമാക്കി, തനിക്കു വാഹനമായി ഒരു ഭൂതത്തേയും ശത്രു നിഗ്രഹത്തിനായി ഒരു ഖഡ്ഗത്തേയും വാങ്ങി അവിടെനിന്നും പാണ്ഡ്യ രാജ്യത്തിൽ ചെന്നു ഭർത്താവിനെ പുനർജ്ജീവിപ്പിച്ചു; രാജാവിനെ കൊന്നു. തട്ടാൻ ചോളദേശത്തിൽ ചെന്നൊളിച്ചു. തൃശ്ശൂരിൽ കഴകം നടത്തുന്ന ഒരു വാരസ്യാരുടെ വേഷത്തിൽ മണിമങ്ക അവിടെ എത്തി തട്ടാന്റെ മാതാവിനു കൈക്കൂലികൊടുത്തു തട്ടാനെ അവൾ മുഖാന്തരം വരുത്തി അയാൾക്കും കൈക്കൂലി കൊടുത്തു് അടുത്തുതന്നെ ഒരു ദിവസം പന്തീരായിരം തട്ടാന്മാരെ മുമ്മൂന്നു കഴഞ്ചു വീതം ദാനം വാങ്ങുവാൻ ശേഖരിച്ചുതരണമെന്നപേക്ഷിച്ചു. നിശ്ചയിച്ച ദിവസം തട്ടാന്മാർ ഉടുത്തൊരുങ്ങി എത്തുകയും അവരെയെല്ലാം മണിമങ്ക സംഹരിക്കുകയും ചെയ്തു. ഇതാണു തോറ്റംപാട്ടിലെ ചിലപ്പതികാര കഥ. ആ പാട്ടിൽനിന്നു ചില വരികൾ ഉദ്ധരിക്കാം.

മാളികമുകളിൽ കേറുന്നല്ലോ പടപൊരുതാമ്മുടെ പാണ്ടിമന്നൻ;
കൂടെക്കേറി വെട്ടുന്നല്ലോ ലോകം വാഴും പകവതിയോ.
ഇഞ്ചപ്പൊട്ടേൽച്ചാടുന്നല്ലോ പടപൊരുതാമ്മുടെ പാണ്ടിമന്നൻ;
കൂടെച്ചാടി വെട്ടുന്നല്ലോ ലോകം വാഴും പകവതിയോ.
“എന്തു പെണ്ണേ, ഉണ്ണി നീ മകളേ വെളുത്തോരാടയോ നീ ചാർത്താഞ്ഞു”
“വെളുത്തോരാടയോ ഞാനോ ചാർത്താൻ ഭർത്താവുമെനിക്കില്ലമ്മോ.”
“എന്തു പെണ്ണേ, ഉണ്ണി നീ മകളേ, കുങ്കുമത്താൽ നീ കുറിയിടാഞ്ഞൂ?”
“കുങ്കുമത്താൽ ഞാനോ കുറിയിടുവാൻ കൂടെപ്പിറവിയുമില്ലെനിക്കു്.”
“എന്തു പെണ്ണേ, ഉണ്ണി നീ മകളേ, അഞ്ജനത്താൽ നീ കണ്ണെഴുതാഞ്ഞൂ?”
“അഞ്ജനത്താൽ ഞാനോ കണ്ണെഴുതാൻ മക്കളയോ ഞാനോ പെറ്റോളല്ല.”

10.31മറ്റു ചില ഭദ്രകാളിപ്പാട്ടുകൾ

പാലക്കാട്ടു പാടുന്ന ഭദ്രകാളിപ്പാട്ടിലെ ചില ഭാഗങ്ങൾ പി. ഗോവിന്ദപ്പിള്ള അദ്ദേഹത്തിന്റെ മലയാളഭാഷാഗ്രന്ഥചരിത്രത്തിൽ പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. അവിടെ മന്നത്തുകളി, ലാലാക്കളി, കണ്യാർകളി, ദേശത്തേക്കളി, എന്നിങ്ങനെ പല പേരുകൾ ഭദ്രകാളിയെപ്പറ്റിയുള്ള ആ വഴിപാടിനുണ്ടെന്നും മൂന്നു ദിവസത്തേയ്ക്കു നീണ്ടുനില്ക്കുന്ന ആ കളിയിൽ ഒന്നാം ദിവസത്തേതിനു് ആണ്ടിക്കൂത്തെന്നും രണ്ടാം ദിവസത്തേതിനു വള്ളോൻ പാട്ടു് എന്നും മൂന്നാം ദിവസത്തേതിനു മലമപ്പാട്ടു് എന്നുമാണു് പേരെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടു്. കൊച്ചിയിൽ ചിറ്റൂർ ഭഗവതിയെപ്പറ്റിയുള്ള പാട്ടുകളിൽ ചില വരികളാണു് താഴെ ചേർക്കുന്നതു്.

“ആതിപരാപരയേ നല്ലോരാനന്തരൂപിമഹേശ്വരിയേ,
പാരിൽ പുകഴ്പൊങ്ങിന പഴയന്നൂർ ഭഗവതിയേ.
കറ്റച്ചെഞ്ചിടമുടിയോൻ കറക്കണ്ടർമകൻ പിള്ളയോൻ
ഒറ്റക്കൊമ്പിനുമുടയോൻ കണപതിക്കപയമേ ഞാൻ.
കീരനെല്ലും പറതട്ടീട്ടു് കിണ്ണാരം തുയിൽ പാടുന്നേൻ;
കുടവയറഴകുടയ കണപതിക്കപയമേ ഞാൻ.
അമ്മ ഭഗവതിയേ നല്ലോരാനന്ദമാകിന ഭൈരവിയേ
ശീലമുടയവളേ നല്ല ശ്രീകുരുമ്പയിൽ വാഴുമമ്മേ
കാളി കരിങ്കാളിയവൾ കങ്കാളരൂപിയവൾ;
കൂളിപ്പെരുമ്പടയോൾ നല്ല ചിറ്റൂർ ഭഗവതിയേ.”

10.31.1മലമതെയ്യാട്ടു്
“ചാന്തണിയും തിരുമേനിയാളെ
ച്ചായലിൽ നല്ലാളെക്കണ്ടുപോന്നേൻ.
ചിത്തിരപ്പെൺകൊടിത്തയ്യലാളെ
ച്ചിപ്പത്തിൽ ഞാൻ ചെന്നു കണ്ടുപോന്നേൻ.
ചുറ്റും തിരയും വളച്ചകത്തു
ചൂതിട്ടാനെച്ചെന്നു കണ്ടുപോന്നേൻ.
ചെമ്പട്ടു ചേല മുറിച്ചുംകൊണ്ടു
ചൊവ്വായിവച്ചു ഞെറിഞ്ഞുടുത്തു
ചൈവക്കുറി മുഖം കണ്മലരോ
ശോഭയിൽ നല്ലാളെക്കണ്ടുപോന്നേൻ.”

10.31.2മലമക്കളിയും ദേവേന്ദ്രപ്പള്ളം
കൊച്ചിരാജ്യത്തിൽപെട്ട വടക്കൻ ചിറ്റൂരിൽ കൊങ്ങൻപട എന്നൊരുത്സവം കൊല്ലംതോറും ആഘോഷിക്കാറുണ്ടു്. ക്രി. പി. 917-ൽ കോയമ്പത്തൂർ (കൊങ്ങ്) ഭരിച്ചിരുന്ന ഒരു പശ്ചിമഗാങ്ഗരാജാവു കേരളത്തെ ആക്രമിക്കുകയും അന്നു കേരളം രക്ഷിച്ചിരുന്ന ഗോദരവിവർമ്മപ്പെരുമാൾ പാലക്കാട്ടുരാജാവിന്റേയും മറ്റും സഹായത്തോടുകൂടി അദ്ദേഹത്തെ വധിക്കുകയും ചെയ്തു. ചിറ്റൂർ ഭഗവതിതന്നെയാണു് ശത്രുനിഗ്രഹം ചെയ്തതു് എന്ന വിശ്വാസത്തിൽ തദനന്തരം ആ വിജയത്തിന്റെ സ്മാരകമായി കേരളീയർ ‘കൊങ്ങൻപട’ ആഘോഷിച്ചുതുടങ്ങി. കൊല്ലം തോറും കൊങ്ങൻപട കഴിഞ്ഞുവരുന്ന ബുധനാഴ്ച മലമക്കളിയും അതിനടുത്ത ചൊവ്വാഴ്ച ദേവേന്ദ്രപ്പള്ളും നടത്തുന്നു. ഈ രണ്ടു കളികളിലും സ്വദേശികളായ നായന്മാർ ഭഗവതീസ്തോത്രപരങ്ങളായ ഗാനങ്ങൾ പാടുന്നതിനിടയ്ക്കു, മലയൻ, പള്ളൻ, ചക്കിലിയൻ ഇങ്ങനെ ചില ജാതിക്കാരുടെ വേഷങ്ങൾ ചമഞ്ഞുവന്നു കളിക്കുന്ന പതിവുണ്ടു്. മലമക്കളിക്കുള്ള ദിവസത്തിൽ മലയന്റേയും മലയത്തിയുടേയും വേഷങ്ങൾ രങ്ഗപ്രവേശം ചെയ്യുന്നു. രണ്ടവസരങ്ങളിലും പാടുന്ന പാട്ടുകൾ പ്രായേണ തമിഴാണു്. “തെൻമലയിലെ തേനിരുക്കുതു തേനൈക്കൊണ്ടാടാ മലയാ, തേനൈക്കൊണ്ടാടാ മലയാ” എന്ന പാട്ടു മലമക്കളിയിലുള്ളതാണു്. ‘പള്ളു’ എന്നാൽ ദേവീപ്രീതികരങ്ങളായ ബലികർമ്മങ്ങൾ ചെയ്യുമ്പോൾ പാടുന്ന രാഗം എന്നാണർത്ഥം. ദേവേന്ദ്രനെപ്പോലെ വിജയിയായ പെരുമാൾ ചിറ്റൂർഭഗവതിക്കു ബലിനല്കുമ്പോൾ പാടിയ പാട്ടെന്നായിരിക്കാം പ്രകൃതത്തിൽ പള്ളിന്റെ അർത്ഥം. ഈ പള്ളിൽപെട്ട ‘അൻപുടയ ചിത്രപുരി വാഴ്കിന്റ ഭഗവതിയേ’ എന്നു തുടങ്ങുന്ന പാട്ടുകൾ ഗോവിന്ദപ്പിള്ള മലയാള ഭാഷാഗ്രന്ഥചരിത്രത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്.

10.32പാനത്തോറ്റങ്ങൾ

ചിറ്റൂർ ഭഗവതീക്ഷേത്രത്തിൽ പാടുന്നതിനും മറ്റുമായി പല തോറ്റങ്ങളും ഓരോ കാലത്തു തദ്ദേശീയരായ ഓരോ ഗ്രാമീണഭക്തന്മാർ നിർമ്മിച്ചിട്ടുണ്ടു്. പാനവച്ചു കൊട്ടിപ്പാടുന്നതിനു് ഉപയോഗിക്കുന്നതിനാലാണു് അവയ്ക്കു പാനത്തോറ്റങ്ങൾ എന്നു പേർ വന്നതു്. ഇപ്പോൾ ഈ ഇനത്തിൽ നമുക്കു ലഭിച്ചിട്ടുള്ള ഈ കൃതികൾ അതിപ്രാചീനങ്ങളല്ലെങ്കിലും അധികം അർവാചീനങ്ങളുമല്ല. ശ്രീ. പൊറയത്തു വിശ്വനാഥമേനോൻ അവയിൽ ചില തോറ്റങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അവയിൽ ഗണപതിക്കുമാത്രമേ പാട്ടിന്റെ ആകൃതി കാണുന്നുള്ളു. ബാക്കി ഭാഗങ്ങൾ ഗാനഗന്ധികളായ ഗദ്യങ്ങളാണെന്നു പറയാം. കരുവൂർതോറ്റം, പാണ്ഡവർതോറ്റം, ശാസ്താവുതോറ്റം, കുറതോറ്റം, ദാരുകവധംതോറ്റം, കലിതോറ്റം ഇവയെല്ലാം അത്തരത്തിലുള്ള ഗദ്യങ്ങൾതന്നെ; പാണ്ഡവർതോറ്റത്തിൽ പാണ്ഡവന്മാർ അവതരിക്കുന്നതും കുറതോറ്റത്തിൽ മഹാഭാരതമലക്കുറവൻ അവരെ നിഴൽകുത്തിമയക്കി വീഴിക്കുന്നതും അയാളുടെ ഭാര്യ പുനർജ്ജീവിപ്പിക്കുന്നതുമാകുന്നു വിഷയം. കലിതോറ്റത്തിൽ ഏഴു നാഗങ്ങളെ ആലമുറ്റത്തു പടനായരുടെ ഭാര്യ കുടിയിരുത്തുന്നു. കരുവൂർതോറ്റത്തിൽ മാമലയി ഒരു കൊമ്പനാനയെ പ്രസവിക്കുന്നു. ആ കഥ ഗജാനനാവതാരത്തിന്റെ രൂപഭേദമെന്നാണു് എനിക്കു തോന്നുന്നതു്. കരുവൂർ കരിയാനത്തടിയനെന്നത്രേ ആ കൊമ്പനു കവി നൽകീട്ടുള്ള നാമധേയം. പൂർവ്വ കഥകളെ പലവിധത്തിൽ ഈ ഗ്രാമീണഗായകന്മാർ മാറ്റിമറിച്ചിട്ടുണ്ടു്. പാണ്ഡവർതോറ്റത്തിൽ സൂതികയായ കുന്തിദേവിയെ ഗാന്ധാരി ഭയപ്പെടുത്തി അഗ്നിപ്രവേശം ചെയ്യിക്കുവാൻ ശ്രമിക്കുന്നു. ദാരുകവധത്തിൽ സ്തേനപതിയെന്നും സ്താനപതിയെന്നും രണ്ടു് അസുരകന്യകകൾ ബ്രഹ്മാവിനെ ഭജിക്കുകയും അതിൽ സ്താനപതി ദാരുകനേ പ്രസവിക്കുകയും ചെയ്യുന്നു. പന്ത്രണ്ടു “പൂനാരദന്മാർ” ആ അസുരന്റെ അക്രമങ്ങൾ ശ്രീമഹാദേവനെ അറിയിക്കുകയും അവിടുന്നു് ആ ദുഷ്ടന്റെ നിധനത്തിന്നായി കണ്ടൻകാളിയെ സൃഷ്ടിക്കുകയും ചെയ്യുന്നു. ‘അകാളം’ എന്ന കാട്ടിലുള്ള വേതാളത്തേയും “തൃശ്ശിവപേരൂർ വടക്കുംഗോപുരത്തിൽ കാത്തിരിപ്പോരു ശ്രീഭൂതത്താനേയും” കൂട്ടിക്കൊണ്ടാണു് കണ്ടൻകാളി ദാരുകനോടു യുദ്ധം ചെയ്യുവാൻ പോകുന്നതു്. പ്രസ്തുത കൃതികളുടെ രചനാ രീതി രണ്ടുദാഹരണങ്ങൾകൊണ്ടു വെളിപ്പെടുത്താം.

ശാസ്താവിന്റെ ആയുധാഭ്യാസം:- “പയിറ്റാണ്ടിൽ പയറ്റിനാക്കിയ നേരത്തു പയറ്റിവരുന്നൊരു വരവു കണ്ടാൽ പണിക്കരെന്നേ തോന്നും; എയ്തുവരുന്നൊരു വരവു കണ്ടാൽ വിൽക്കുറുപ്പെന്നേ തോന്നും. അങ്ങനെ പയറ്റിയും എയ്തും വരുന്നോരു നേരത്തു കരുവൂർ മുണ്ടവരിക്കപ്ലാവിന്റെ മുകളിൽ നില്ക്കുന്നൊരു കരുവൂർ പൂഞ്ചാത്തൻകോഴിയെക്കണ്ടു് ഇക്കോഴിയെ എനിക്കു എയ്വാൻ തരണമെന്നാൻ കരുവൂർതിറംകൊണ്ട ശാസ്താവു്. പെരുമാനുമപ്പോൾ അയ്യോ മകനേ എനിക്കു് അന്തിപെട്ടാൽ കിനാ കാണ്മാനും പുലർന്നാൽ കണികാണ്മാനുമുള്ളൊരു കോഴിക്കിടാവിനെ എയ്തുകൊല്ലലാ മകനേ എന്നാൾ കരുവൂർ നല്ലക്ഷമാതാവു്.”

ദാരുകനും പുനാരദന്മാരും:- “കേൾപ്പൂതുമുണ്ടോ പൂനാരദന്മാരെ? ഇനിക്കൊ സ്വല്പമുള്ളൊരു വേദഗീതങ്ങൾ ഓതുകയും, കൊട്ടുകയും പാടുകയും ആടുകയും വേണമെന്നാൻ ദാരുകരാജാവു്.

കേൾപ്പൂതുമുണ്ടോ ദാരുകാ? ഞങ്ങൾക്കു ഞങ്ങടെ നല്ലച്ചനറിഞ്ഞാൽ വഴക്കുണ്ടെന്നാർ പന്തിരണ്ടു പൂനാരദന്മാരപ്പോൾ.
നിങ്ങടെ നല്ലച്ചൻ ഞാനെന്നു കല്പിച്ചുകൊൾവിൻ; നിങ്ങടെ നല്ലമ്മ എന്റെ ദേവിയെന്നു കല്പിച്ചുകൊൾവിൻ.
നിങ്ങടെ നല്ലച്ചൻ ഇനിക്കു ജട പിരിക്കയും, പക്കം വയ്ക്കയും, പഴയരി വാർക്കയും വേണം.
നിങ്ങടെ നല്ലമ്മ എന്റെ ദേവിക്കു മുറ്റമടിക്കയും താളിപിഴികയും വിളയാട്ടമഞ്ഞളരയ്ക്കയും വേണമെന്നു പഴിയും പരിഹാസവും പറഞ്ഞുകൊണ്ടാൻ ദാനപതി ദാനവേന്ദ്രൻ ദാരുക രാജാവു്.” ഈ തോറ്റങ്ങളിൽ ‘അരയോളം നീറ്റിൽച്ചെന്നു് അടിയൊലുമ്പിക്കുളിച്ചു; മുലയോളം നീറ്റിൽച്ചെന്നു മുടിയൊലുമ്പിക്കുളിച്ചു’; ‘മുത്തിനാൽ കോരി മുറനിറയ്പു്; പവിഴത്താൽ കോരിപറനിറയ്പു്’; ‘പാലിൽക്കഴുകി പതംവരുത്തി, നീരിൽക്കഴുകി നിറം വരുത്തി, “പള്ളിവാളാൽ വെട്ടി പാത്രവട്ടകയാൽ കുടിക്കുക’ മുതലായി അവിടവിടെ കാണുന്ന പല ശൈലീപ്രായങ്ങളായ വാചകങ്ങൾക്കു വിശേഷിച്ചൊരാസ്വാദ്യത കാണുന്നു.

10.33ശാസ്താമ്പാട്ടു്–ശാസ്താവു്

ശാസ്താവിനു നാൾ ചെല്ലുന്തോറും പ്രാധാന്യം കൂടിവരികയാണു് ചെയ്യുന്നതു്. എങ്കിലും തിരുനാവാ യോഗക്കാരുടെ പരദേവതയായ ചമ്രവട്ടത്തു് അയ്യപ്പൻ, ഭിഷഗ്വരനായ തകഴിയിലെ ശാസ്താവു് മുതലായ ദേവതകളുടെ ബിംബങ്ങൾക്കു പണ്ടുതന്നെ അസാധാരണമായ ചൈതന്യമുണ്ടായിരുന്നതായി രേഖകളുണ്ടു്. ഈ ദേവാലയങ്ങൾ ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവു്, കുളത്തൂപ്പുഴ മുതലായ ക്ഷേത്രങ്ങളെപ്പോലെ പർവതസമീപത്തിലല്ല സ്ഥിതിചെയ്യുന്നതെന്നും ഓർമ്മിക്കേണ്ടതാകുന്നു. ശാസ്താവും ബുദ്ധനും ഒന്നല്ലെന്നുള്ളതിനു് എത്ര തെളിവുകൾ വേണമെങ്കിലും പ്രദർശിപ്പിക്കാവുന്നതാണു്. ശാസ്താവു് മൃഗയാസക്തൻ, ബുദ്ധൻ അഹിംസാവ്രതൻ, ശാസ്താവു് പൂർണ്ണയെന്നും പുഷ്കലയെന്നും അല്ലെങ്കിൽ മദനയെന്നും വരവർണ്ണിനിയെന്നും പേരുള്ള രണ്ടു ദേവതകളുടെ പ്രാണനാഥൻ, ബുദ്ധൻ സർവ്വസങ്ഗപരിത്യാഗിയായ മഹർഷി; ഇവർ തമ്മിൽ യാതൊരു ബന്ധമോ സാജാത്യമോ ഇല്ല; പിന്നെവേണ്ടേ ഏകീഭാവം? പുരാതനകാലത്തു ദ്രാവിഡരുടെ ഇടയിൽ ഒരു ഗ്രാമദേവത മാത്രമായിരുന്ന ശാസ്താവിനു കേരളത്തിൽ മാത്രമേ ഉൽക്കൃഷ്ടത സിദ്ധിച്ചിട്ടുള്ളു. ശാസ്താവിനെ ഒരു മലയാളിയെന്നാണു് എല്ലാ പാട്ടുകളിലും വർണ്ണിച്ചിട്ടുള്ളതു്. തിരുനെല്വേലി, മധുര മുതലായ ജില്ലകളിൽ കർഷകന്മാരുടെ ഒരു സാമാന്യദേവതയായി മാത്രമാണു് അവിടുന്നു് ഇന്നും കരുതപ്പെടുന്നതു്.

10.34ശാസ്താമ്പാട്ടു്

ശാസ്താമ്പാട്ടുകൾ മലയാളത്തിലും തമിഴിലും ധാരാളമായുണ്ടു്. മലയാളത്തിലുള്ള പാട്ടുകളെപ്പറ്റിയാണു് ഇവിടെ പ്രസ്താവിയ്ക്കുന്നതു്. ശാസ്താമ്പാട്ടിനു് അയ്യപ്പൻപാട്ടെന്നും പേരുണ്ടു്. ഈവക പാട്ടുകളിൽ ശ്രീപരമേശ്വരനു് മോഹനീരൂപം ധരിച്ച വിഷ്ണുവിൽനിന്നു ജനിച്ച ശാസ്താവിന്റെ അവതാരം മുതല്ക്കുള്ള കഥകൾ അടങ്ങിയിരിക്കുന്നു. ശാസ്താവിന്റെ അപദാനങ്ങൾ ഏഴു ശേവ (ശേവുക) ങ്ങളിലായി കൊള്ളിച്ചിരിക്കുന്നു. ശേവം എന്നാൽ സേവകത്വം എന്നർത്ഥം. പാണ്ഡ്യരാജാവിന്റെ സേനകനായാണല്ലോ ശാസ്താവു ഭൂലോകത്തിൽ രങ്ഗപ്രവേശം ചെയ്യുന്നതു്. ആ ശേവങ്ങൾ (1) പാണ്ടിശ്ശേവം (2) പുലിശ്ശേവം (3) ഇളവരശുശേവം (4) വേളിശ്ശേവം (5) ഈഴശ്ശേവം (6) പന്തളശ്ശേവം (7) വേളാർശ്ശേവം ഇവയാണു്. ഏഴു ശേവങ്ങൾക്കും ചൂഴിയാരി എന്നു പറഞ്ഞുവരുന്ന ഏഴു താളങ്ങളുമുണ്ടു്. ഉടുക്കു് എന്ന വാദ്യമുപയോഗിച്ചാണു് ഈ പാട്ടുകൾ പാടുന്നതു്.

10.35പുലിശ്ശേവം

“കരമതിൽ ശരവും വില്ലുമെടുത്തയ്യൻ പുറപ്പെട്ടു
കരിമ്പുലിപ്പാലു കൊണ്ടുവരുവതിന്നുഴറ്റോടേ.
കറപ്പുകച്ചയും കെട്ടിക്കടുവായോടങ്കം ചെയ്വാൻ
കരത്തിൽ പൊന്തയുമെടുത്തരശനെ നമിച്ചയ്യൻ
അനുജ്ഞയും വാങ്ങിത്തന്റെ കരമൊന്നു കുലുക്കുന്നു.
മനക്കുരുന്നിങ്കൽ മോദം വളരുന്നൂ നൃപതിക്കു
ബഡവാഗ്നിസമുജ്ജ്വലം വളരുന്നൂ മലയാളി.
ദൃഢതരം ഗമിപ്പതിനൊരുമ്പെട്ടാനതിഘോരം.
പലരും ചേവകന്മാർ വന്നടിമലർ വണങ്ങുന്നു.
വലരിപുസമനെന്നു പലജനം പറയുന്നു.
കുതിരയൊന്നു ഞാൻ നല്കാം മലയാളിച്ചേവകാ നീ
കുതിരതൻ മുകളേറിഗ്ഗമിക്കൂ താൻ വനം നോക്കി.
കുതിരയെപ്പുലി കണ്ടാൽ ഝടിതി സംഹരിച്ചീടും.
***
നാട്ടിലെ നൃപതിതന്നരുളുണ്ടിന്നെനിക്കെങ്കിൽ
കാട്ടിലെപ്പുലിപ്പാലു കറന്നു ഞാൻ കൊണ്ടുപോരും.”

10.36ഈഴശ്ശേവം

“അരശരിൽ മണിമകുടതിലോത്തമനഖിലജഗൽപ്പരിപൂർണ്ണൻ
അണിമതികുല തലയിലണിന്തരനുടെ മകനു മനസ്സിൽ
കരുതിയതീഴത്തൊരു രാജാവെക്കാണണമെന്നൊരു പക്ഷം,
കടലൊരു ശതയോജനയുണ്ടു കടപ്പതിനരുതു നിനച്ചാൽ,
ആരാലും ബാധവരാത്തോരസുരകൾ മരുവും ലങ്ക
യ്ക്കരികേയീഴപ്പെരുമാളുടെ രാജ്യമതെന്നറിയേണം.”

10.37മറ്റൊരു ശാസ്താമ്പാട്ടു്

“അരുമറപ്പൊരുളതായേ അരനുമത്തരുണിയോടും
കരികുലത്തലവനായിക്കാനനമകത്തു പുക്കു്
ഉരമൊടു പുണരുമന്നു ഉതിത്തെഴും ഗജമുഖന്റെ
ചരണപങ്കജം തൊഴുന്നേൻ ശാസ്താവിൻ വേട്ട ചൊൽവാൻ
****
ഭൂതനാഥനനങ്ഗകോടിനിറം കലർന്ന ഗുണാലയൻ
ഭൂവനതലമതിലമർജനങ്ങളെയല്ലൽതീർത്തു വസിപ്പവൻ
ഭൂതലേ മലനാടുതന്നിൽ വളർന്ന കോവിൽവനങ്ങളിൽ
പുതുമയൊടു വിലസുന്ന കരമതിലന്നു വില്ശരമേന്തിയേ.
പാണ്ഡ്യനായ മഹീശനെപ്പരിചോടു ശേവുകമാകുവാൻ
പലദിവസമവനരികിൽ മരുവിക്കൊണ്ട കൊണ്ടൽ നിറത്തോനും.
യാത്രപോവതിനിന്നു നല്ല ഗുണങ്ങളുള്ളൊരു നാളെടോ
ഝടിതിയിനി നിങ്ങൾ വരികയെന്നു ചമഞ്ഞു വൻപട കൂട്ടിനാൻ.”

10.38വാവർസ്വാമിപ്പാട്ടു്

ശബരിമലക്ഷേത്രത്തിൽ ശാസ്താവിന്റെ ഉപദേവനായി വാവരുസ്വാമി എന്നൊരു മൂർത്തിയെ ആരാധിച്ചു വരുന്നുണ്ടു്. ആ മൂർത്തി മഹമ്മദീയനാണു്. അച്ഛന്റേയും അമ്മയുടേയും പേർ യഥാക്രമം ആലിക്കുട്ടിയെന്നും പാത്തുമ്മയെന്നുമായിരുന്നു. വാവർ ബാല്യത്തിൽത്തന്നെ പയറ്റുമുറയെല്ലാം അഭ്യസിച്ചു.

“എന്തിനി വേണ്ടതു വാവർക്കെന്നിങ്ങനെ
ചിന്തിച്ചു പാത്തുമ്മ പാരാതുറച്ചുടൻ
അന്തികേ നില്ക്കുന്നൊരത്തിമരംകൊണ്ടു
ചന്തത്തിൽ വാവർക്കു കപ്പലുണ്ടാക്കണം
നിശ്ചയിച്ചിങ്ങനെ പാത്തുമ്മ തൽക്ഷണം.
തച്ചരേയൊക്കെ വരുത്തിയോതീടിനാൾ.
ഇച്ഛിച്ചപോലെതാനാശാരിമാരുടൻ
മെച്ചമേറുന്നോരു കപ്പൽ തീർത്തീടിനാർ.
കപ്പലിറക്കുന്ന കാലേ വെടി മൂന്നു
വയ്പിച്ചു വാവരും കൂട്ടരും ചെന്നുടൻ.
കപ്പലിൽക്കേറുന്നു; പായും നിവിർക്കുന്നു.
കെല്പോടു കപ്പലോടുന്നു തെക്കോട്ടുതാൻ.”
തെക്കുനിന്നു കിഴക്കോട്ടു കപ്പലോടിക്കൊണ്ടിരിക്കുമ്പോൾ അയ്യപ്പൻ കപ്പൽച്ചുങ്കം ചോദിക്കുകയും അതിന്നു വാവർ

“ആനക്കഴുത്തിലേറിപ്പോകുന്നോരയ്യപ്പാ!
ആനവാല്ക്കാണം നമുക്കു തരികെടോ”
എന്നു് എതിർചോദ്യത്തിനു് ഒരുമ്പെടുകയും ചെയ്തു. രണ്ടു പേരും തമ്മിലുണ്ടായ യുദ്ധത്തിൽ വിജയം ഒരു കക്ഷിക്കും സിദ്ധിച്ചില്ല. ശാസ്താവു് അപ്പോൾ വാവരോടു്

“പോരിനി വേണ്ട നീ വീരനാണേറ്റവും
പാരിതിൽ നിന്നോടു തുല്യരില്ലാരുമേ,
പോരിക നമ്മോടുകൂടെ നീ വാവരേ!
ഭൂരിമോദം നിന്നെ വാഴിക്കാം ഞാനെടോ.”
എന്നു വാഗ്ദാനം ചെയ്തു ശബരിമലയ്ക്കു കൂട്ടിക്കൊണ്ടുപോകുകയും അവിടെ ഒരാലയം തീർത്തു് അതിൽ തന്റെ സുഹൃത്തിനെ കുടിയിരുത്തി ഗോതമ്പു നിവേദ്യത്തിനു ശട്ടം കെട്ടുകയും ചെയ്തു. ഇതാണു് പാട്ടിലെ കഥ. പഴയ ഐതിഹ്യത്തെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഈ ഗാനം തീരെപ്പഴക്കമുള്ളതല്ല. ആര്യന്മാർക്കും ദ്രാവിഡർക്കും ശൈവമതത്തിനും വൈഷ്ണവമതത്തിനും തമ്മിലുള്ള മാത്സര്യത്തെ നശിപ്പിക്കുവാനാണു് അയ്യപ്പനെ പൗരാണികന്മാർ ഹരിഹരപുത്രനാക്കിയതു്. ഹിന്ദുക്കളും മഹമ്മദീയരും തമ്മിലുള്ള സംഘർഷത്തിനു വിരാമമിടുവാൻ പശ്ചാൽകാലികന്മാർ വാവരുസ്വാമിയെ ശബരിമല അയ്യപ്പന്റെ സുഹൃത്തുമാക്കി. എത്ര വിശാലമായിരുന്നു നമ്മുടെ പൂർവ്വന്മാരുടെ ഹൃദയം! എന്തൊരു ആശ്ചര്യകരമായ ഐക്യബോധത്തിന്റെ ഫലമായിരുന്നു അവരുടെ അത്തരത്തിലുള്ള മതപരിഷ്കാരപരിപാടി!

10.39വള്ളപ്പാട്ടു്

പഴയകാലത്തു പുരാണകഥകളെ ആസ്പദമാക്കിയല്ല വഞ്ചിപ്പാട്ടുകൾ രചിക്കപ്പെട്ടുവന്നിരുന്നതു്. വിനോദപരങ്ങളായും ശൃങ്ഗാരതരങ്ഗിതങ്ങളായും ദേശചരിത്രപ്രതിപാദകങ്ങളായും ഉള്ള ഗാനങ്ങൾ അന്നു ധാരാളം പ്രചരിച്ചിരുന്നു. കിരാതം, വ്യാസോൽപ്പത്തി മുതലായ സാഹിത്യപ്രധാനങ്ങളായ പാട്ടുകളുടെ ആകർഷകത നിമിത്തം അവ അസ്തമിതപ്രായങ്ങളായെങ്കിലും ആരും ഇന്നും മറന്നിട്ടില്ലാത്ത ഒരു പാട്ടിനു ചീരഞ്ജിവിത്വമുള്ളതുപോലെ തോന്നുന്നു. അതിലെ ഏതാനും വരികളാണു് അടിയിൽ കാണുന്നതു്.
“കറുത്തപെണ്ണേ നിന്നെക്കാണാഞ്ഞൊരുനാളുണ്ടു്
വരുത്തപ്പെട്ടു ഞാനൊരു വണ്ടായിച്ചമഞ്ഞല്ലോ,
വണ്ടായ്ച്ചമഞ്ഞു ഞാനൊരു തുമ്പിയായിപ്പറന്നേനെടീ,
തുമ്പിയായ്പ്പറന്നുഞാനൊരു പള്ളിവാതുക്കൽ ചെന്നപ്പം
പൂമാലപ്പൈതലെന്നെയൊരു പൂകൊണ്ടങ്ങെറിഞ്ഞല്ലോ.
അപ്പൂവും ചൂടിഞാനുമൊരാറ്റരികേ പോകുമ്പോൾ
തന്നാനൊരുത്തൻ പതിനെട്ടു മോതിരം
ചെമ്പല്ലിരുമ്പല്ല പിത്തളയല്ലോടല്ല
പതിനെട്ടുമോതിരം പൊൻമോതിരമവൻ തന്നല്ലോ.”
‘കണ്ടേൻ ഞാൻ കണ്ടേൻ ഞാൻ കോവയ്ക്കപ്പുറം’ എന്നുംമറ്റും വേറേയും ചില പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ടു്. ഉദ്ധരിക്കത്തക്ക വിധത്തിൽ അവ ഓർമ്മിക്കുന്നില്ല.

വാലന്മാർ തണ്ടു പിടിക്കുമ്പോൾ പാടുന്ന മറ്റൊരു പാട്ടിലുള്ളതാണു് ചുവടേ ചേർക്കുന്ന വരികൾ.

“റാകിപ്പറക്കുന്ന ചെമ്പരുന്തേ! നീയുണ്ടോ മാമാങ്ക വേലകണ്ടു?”
വേലയുംകണ്ടു, വിളക്കുംകണ്ടു; കടലിൽത്തിരകണ്ടു കപ്പൽകണ്ടു;
കടലിൽച്ചാൺ ചാഞ്ഞ കരിന്തെങ്ങിന്മേൽ കടന്തലുമുണ്ടു കടന്തക്കൂടുണ്ടു്.
കടന്തൽപിടിപ്പാൻവിരുതാർക്കുള്ളൂ? തച്ചുള്ളവീട്ടിൽരണ്ടു പിള്ളേരുണ്ടു്.
പിള്ളേരെ വിളിപ്പാൻ രണ്ടാളയച്ചു; പിള്ളേരും വന്നു; പോയാളും വന്നു.
പട്ടുമുടുത്തു പണിത്തൊപ്പിയിട്ടു; ഈക്കിക്കരയനും തോൾ മേലണിന്തു,
കടന്തൽപിടിച്ചവർ കൂട്ടിലിട്ടു; ഇളയതുലക്കനു കാഴ്ചവച്ചു.”

10.40ഉപസംഹാരം

ഇനിയും കല്യാണപ്പാട്ടു്, കോലടിപ്പാട്ടു്, തുമ്പിപ്പാട്ടു്,ഐവർകളിപ്പാട്ടു്, കോൽകളിപ്പാട്ടു് മുതലായി പലവിധത്തിലുള്ള ആരാധനാക്രമങ്ങളോടും വിനോദങ്ങളോടും അനുബദ്ധമായി കിടക്കുന്ന അനവധി ഗാനങ്ങൾ നമ്മുടെ സ്മരണയെ അർഹിക്കുന്നുണ്ടു്. കല്യാണക്കളി കൊല്ലത്തും അതിനു തെക്കും ഉള്ള പ്രദേശങ്ങളിൽ സമീപകാലംവരെ ധാരാളമായി പ്രചരിച്ചിരുന്ന ഒരു വിനോദമാണു്. നായന്മാരുടെ തറവാടുകളിൽ താലികെട്ടുകല്യാണം സംബന്ധിച്ചും മറ്റും ആ കളി കളിപ്പിച്ചിരുന്നു. ചില ക്ഷേത്രങ്ങളിലും അതു കളിച്ചുകണ്ടിട്ടുണ്ടു്. ഇപ്പോഴും ഓണക്കാലത്തു് അതിനു ചില സ്ഥലങ്ങളിൽ പ്രചാരമില്ലെന്നില്ല. പുരാണകഥകളാണു് പ്രായേണ പാടിവരുന്നതു്. പാടുമ്പോൾ പലമാതിരി അടവുചവിട്ടുകളും ഗായകന്മാർ പ്രദർശിപ്പിക്കുന്നു. ഈ വകുപ്പിൽ ഉൾപ്പെടുന്ന പല പാട്ടുകളും അച്ചടിച്ചിട്ടുണ്ടു്. കോലടിപ്പാട്ടുകളുടെ ലക്ഷണവും ഇതിൽനിന്നു ഭിന്നമല്ല. കോൽകളിക്കു പ്രസിദ്ധി വടക്കേ മലയാളത്തിലാണു്. തെക്കൻകോൽകളിയെന്നും വടക്കൻകോൽകളിയെന്നും മാപ്പിളക്കോൽകളിയെന്നും മൂന്നുതരം കളികൾ ആ ഇനത്തിൽ അവിടെ നടപ്പുണ്ടു്. അവയ്ക്കു കോലടിയെന്ന പേർ പറയുന്നു. ഒന്നാമത്തേയും മൂന്നാമത്തേയും തരത്തിലുള്ള കളികൾക്കു ‘ചുവടും’ (അഭിനയം) രണ്ടാമത്തേതിനു ‘ചിന്തും’ (ഗാനം) ആണു് പ്രധാനം. കോലിനുപകരം പരിചയും ചിലമ്പും ഉപയോഗിച്ചും ചിലർ ഈ കളി കളിക്കാറുണ്ടു്. ചിലമ്പു കാലിൽ ഇടുന്നതല്ല. കോലിൽത്തന്നെ കോർത്തിട്ടുള്ളതോ കൈയിൽവച്ചുതാളത്തിനനുസരിച്ചു കൊട്ടാൻ ഉപകരിക്കുന്നതോ ആണു്.

ഇപ്പോൾത്തന്നെ ക്രമത്തിലധികം ദീർഘമായിപ്പോയ ഈ അദ്ധ്യായം ഇവിടെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നതിനാൽ മറ്റു തരത്തിലുള്ള പാട്ടുകളെക്കുറിച്ചു യാതൊന്നും പ്രസ്താവിക്കുവാൻ നിവൃത്തിയില്ല. ഗണപതി, ശ്രീകൃഷ്ണൻ, ശിവൻ, പാർവതി മുതലായ ദേവതകളെപ്പറ്റി അനേകം നാടോടിപ്പാട്ടുകളുണ്ടു്. താഴെക്കാണുന്നതു ശ്രീകൃഷ്ണപരമായ ഒരു ഗാനമാണു്.

“തൃശ്ശൂരെ മതിലകത്തു് ഒന്നല്ലോ പുത്തിലഞ്ഞി;
ആയിലഞ്ഞിപ്പൂപറിപ്പാൻ പോരിൻ പോരിൻ തോഴിമാരേ,
“തൃപ്പറങ്ങോട്ടപ്പനാണേ ഞങ്ങളാരും പോരുന്നില്ല.”
“എന്തുകൊണ്ടു പോരുന്നില്ല? “മതിലകത്തു കണ്ണനുണ്ടു്;
കൊച്ചുവില്ലുമമ്പുമുണ്ടു്; എയ്തുകൊല ചെയ്തുപോകും.”
തിരുവാതിരപ്പാട്ടു്, ബ്രാഹ്മണിപ്പാട്ടു്, അമ്മാനപ്പാട്ടു് മുതലായവ സാഹിത്യപദവിയിൽ ചരിക്കുന്ന പാട്ടുകളാകയാൽ അവയെപ്പറ്റി അന്യത്ര പ്രതിപാദിക്കും. പല തൊഴിൽപ്പാട്ടുകളോടും ഇടകലർന്നു ഗദ്യങ്ങളുമുണ്ടു്. വിസ്തരഭീരുതയാൽ അവയ്ക്കൊന്നിന്നും ഉദാഹരണങ്ങൾ ഉദ്ധരിക്കുന്നില്ല.

കുറിപ്പുകൾ

1 പുലയനല്ല. ജ്യോത്സ്യൻ രാമച്ചപ്പണിക്കർക്കു ‘കോതവെള്ളാട്ടി’യിൽ ജനിച്ച മകനെന്നും ഒരു പാട്ടിൽ കാണുന്നു.

2 കോളേറുമറവരോടു മെയിനരെ കുറിത്ത പാലൈയാളർ പുള്ളുവരിറുക്കർ – (ചൂഡാമണിനിഘണ്ടു).


അദ്ധ്യായം 11 - നാടോടിപ്പാട്ടുകൾ II

11.1വടക്കൻപാട്ടുകൾ-ഉപക്രമം

വടക്കേമലയാളത്തിൽ പുരാതനകാലങ്ങളിൽ വീര്യശൗര്യങ്ങൾക്കു വിളനിലങ്ങളായിരുന്ന ചില പുരുഷകേസരികളുടേയും വനിതാരത്നങ്ങളുടേയും അപദാനങ്ങളെ പ്രകീർത്തനം ചെയ്യുന്ന നാടോടിപ്പാട്ടുകൾക്കാണു് വടക്കൻപാട്ടുകൾ എന്നു പേർ പറഞ്ഞുവരുന്നതു്. ആ പാട്ടുകൾക്കു പണ്ടത്തെപ്പോലെയുള്ള പ്രചാരം ഇക്കാലത്തില്ലെങ്കിലും ഇന്നും അവയിൽ ജനങ്ങൾക്കുള്ള പ്രതിപത്തി അസ്തമിച്ചിട്ടില്ല. നാനൂറോളം വടക്കൻപാട്ടുകൾ മലബാർ ഡിസ്ട്രിക്ട് കളക്ടരായിരുന്ന മി. പെഴ്സിമാക്വീൻ ശേഖരിച്ചിട്ടുള്ളതായി കേൾവിയുണ്ടു്. ഇനിയും ഒട്ടുവളരെ അധികം ആ ഇനത്തിലുള്ള ഗാനങ്ങൾ ശേഖരിക്കുവാൻ കിടപ്പുള്ളതായുമറിവുണ്ടു്. ആകെക്കൂടി മുപ്പത്തഞ്ചു പാട്ടുകളോളം മാത്രമേ ഇന്നേവരെ അച്ചടിപ്പിച്ചിട്ടുള്ളു. അതുകൊണ്ടു് ഈ വിഷയത്തിൽ ഭാഷാഭിമാനികൾ നേടീട്ടുള്ളതു മണൽ, നേടേണ്ടതു മല എന്ന നിലയിലാണു് വസ്തുസ്ഥിതി. പാടുവാൻ വിശേഷിച്ചു ഗായകത്വമോ കേട്ടാനന്ദിക്കുവാൻ പ്രത്യേകിച്ചു വൈദൂഷ്യമോ വേണ്ടാത്ത പ്രസ്തുത ഗാനങ്ങൾ ഹൃദയത്തിൽനിന്നു പുറപ്പെട്ടു ഹൃദയത്തിൽചെന്നു് അലിഞ്ഞുചേരുന്നു. കളരി, അടവു്, പയറ്റു്, അങ്കം, ഇവയോടു് അനുബന്ധിക്കാത്ത വടക്കൻ പാട്ടുകൾ കുറയും. പടക്കലികൊണ്ട വീരന്മാരുടെ പോരിനുവിളി, ആയുധങ്ങൾ തമ്മിലുള്ള കൂട്ടിമുട്ടൽ അപകടങ്ങളിൽ നിന്നു യുവാക്കന്മാരും യുവതികളും അവരുടെ കയ്യൂക്കുകൊണ്ടും ബുദ്ധിശക്തികൊണ്ടും നിഷ്പ്രയാസം നേടിക്കൊള്ളുന്ന ആത്മരക്ഷ മുതലായി പുളകപ്രദങ്ങളായ പല അത്ഭുതസംഭവങ്ങളും അവയിൽ ഹൃദയങ്ഗമമായി പ്രതിബിംബിച്ചിട്ടുണ്ടു്. പൂർവ്വകാലത്തേ സമുദായാചാരങ്ങളുടെ സ്ഫടികദർപ്പണങ്ങളെന്ന നിലയിലും അവയ്ക്കു ബഹുമാന്യമായ ഒരു സ്ഥാനമുണ്ടു്. വടക്കൻ പാട്ടുകൾ പ്രായേണ ഒരൊറ്റ ദ്രാവിഡവൃത്തത്തിലാണു് രചിച്ചു കാണുന്നതു്. അതിൽ പലപ്പോഴും അക്ഷരങ്ങൾ ഒടിച്ചും മടക്കിയും നീട്ടിയും നിറുത്തിയും മറ്റും ഉച്ചരിക്കേണ്ടതുണ്ടു്. ആപ്പണികൾ കഴിച്ചു് എണ്ണിനോക്കിയാൽ ഓരോ വരിയിലും പതിനേഴുമാത്ര വീതം കാണാം. ‘തച്ചോളിമേപ്പയിൽ കുഞ്ഞ്യോതേനൻ’ എന്ന വരിതന്നെ ഇതിനുദാഹരണമാണു്. ‘കരുമ്പറമ്പിൽ കണ്ണന്റെ കഥ’ യിലെ ആദ്യത്തെ ഭാഗം മാത്രമേ ഞാൻ മറ്റൊരു വൃത്തത്തിൽ രചിച്ചതായി കണ്ടിട്ടുള്ളൂ. അതിലെ

‘ഒന്നുണ്ടു കേൾക്കണം പെണ്ണേ നീയാർച്ചേ!
തോട്ടത്തിൽ ചെത്തുവാൻ പോകുന്നു ഞാനും.’
എന്നീ വരികളിൽ പത്തൊൻപതു മാത്രംവീതം ഉണ്ടു്.

11.2ദേശം

വടക്കൻപാട്ടുകളിലെ നായകന്മാരും നായികമാരും അറിവുള്ളിടത്തോളം കടത്തനാട്ടോ അതിനു സമീപമോ ജീവിച്ചിരുന്നവരാണു്. ആരോമൽച്ചേകവരുടെ പാട്ടിൽ (പുത്തരിയങ്കത്തിൽ) വെട്ടത്തുനാട്ടു് തൃപ്പറങ്ങോട്ടപ്പന്റെ നടയിൽ പൊന്നും വെള്ളിയും പൊതിഞ്ഞുവച്ചു പരീക്ഷനടത്തി കുറുങ്ങാടിടം എന്ന തറവാട്ടിലെ കാരണവസ്ഥാനത്തെപ്പറ്റി ഉണിക്കോനാരും ഉണിച്ചന്ത്രോരും തമ്മിലുള്ള തർക്കം തീർക്കുവാൻ ശ്രമിക്കുന്നതിനെപ്പറ്റി നാം വായിക്കുന്നുണ്ടു്; എന്നാൽ കുറുങ്ങാടിടം പ്രതിയാതിരിനാട്ടിലേ ഒരു വീടാണെന്നു കവി തന്നെ നമ്മെ ധരിപ്പിക്കുന്നുമുണ്ടു്. ഈ പ്രതിയാതിരിനാടു് എന്നു പറയുന്നതു പുറത്തായ നാടെന്നും പുറവഴിനാടെന്നും പേരുള്ള വടക്കൻ കോട്ടയമാണെന്നു് എനിക്കു തോന്നുന്നു. കോലത്തുനാട്ടു് അരിങ്ങോടരെ ഉണിച്ചന്ത്രോർക്കു ചോകോ [1] നായി കിട്ടിയതുപോലെ ഏളവന്നൂർനാട്ടു പുത്തൂരംവീട്ടിൽ ആരോമരെ ഉണിക്കോനാർക്കും ചേകോനായി കിട്ടി. ആ പാട്ടിലെ—

“കറുത്തനാർനാടു കിഴക്കേ അറ്റം
പുത്തൂരം പാടം പടിഞ്ഞാററ്റം
എളവന്നൂർ നാടൊരു നാടല്ലാണെ”
എന്ന വരികളിൽനിന്നു കടത്തനാട്ടിനു പടിഞ്ഞാറാണു് എളവന്നൂർ നാടെന്നു നാം അറിയുന്നു. ചിറയ്ക്കൽ തമ്പുരാൻ, കോട്ടയത്തു തമ്പുരാൻ ഇവർക്കു പുറമേ സാമൂതിരിയെപ്പറ്റിയും ചില പാട്ടുകളിൽ സൂചനയുണ്ടു്.

11.3കാലം

വടക്കൻപാട്ടുകളിൽ ഭൂരിപക്ഷവും രണ്ടു കുടുംബങ്ങളിലേ അങ്ഗങ്ങളുടെ പ്രശസ്തിയെ വാഴ്ത്തുന്നവയാണു്. അവയിൽ ഒന്നു മേല്പറഞ്ഞ പുത്തൂരംവീടും മറ്റൊന്നു കടത്തനാട്ടു വടകരയ്ക്കു സമീപമുള്ള പുതുപ്പണം അംശത്തിൽ മേപ്പയിൽ എന്ന പ്രദേശത്തിൽപെട്ട തച്ചോളിമാണിക്കോത്തുവീടും ആണു്. പുത്തൂരം വീട്ടുകാർ തീയന്മാരും മാണിക്കോത്തു വീട്ടുകാർ നായന്മാരുമാണെന്നു വായനക്കാർ കേട്ടിരിക്കുമല്ലോ. തച്ചോളി എന്നതു ജാതിവിഭാഗത്തെ സൂചിപ്പിക്കുന്ന പേരാണെന്നറിയുന്നു. തച്ചോളി ‘ഒതേന’ക്കുറുപ്പിനെപ്പറ്റിയുള്ള പാട്ടുകളാണു് ഒട്ടധികമുള്ളതു്. ഒതേനൻ കൊല്ലം 759-ാമാണ്ടു മിഥുനമാസം വെള്ളിയാഴ്ച നട്ടുച്ചയ്ക്കു് കറുത്ത വാവിൻനാളിൽ ജനിച്ചു. മുപ്പത്തിരണ്ടാമത്തെ വയസ്സിൽ യശശ്ശരീരനായി. ഇതിൽനിന്നു ആ യോദ്ധാവു മരിച്ചിട്ടു മുന്നൂറിൽചില്വാനം വർഷങ്ങളേ കഴിഞ്ഞിട്ടുള്ളു എന്നു സിദ്ധമാകുന്നു. ആരോമൽച്ചേകവരുടെ കാലവും ഇതിനെ അപേക്ഷിച്ചു വളരെ മുമ്പല്ലെന്നാണു് എനിക്കു തോന്നുന്നതു്. വലിയ ആരോമൽച്ചേകവരുടെ കഥയിൽ

“നമ്മുടെ പണ്ടത്തെക്കാർന്നോന്മാരു്
അങ്കംപിടിച്ചു കഴിഞ്ഞുപോന്നു;
മുന്നൂറ്ററുപത്തെട്ടു വരിഷമായി,
അന്നുതൊട്ടിന്നുവരെയ്ക്കുമുണ്ണി.”
എന്നൊരു കുറിപ്പു കാണുന്നുമുണ്ടു്. ചേകവർ തന്റെ അനുജൻ കുഞ്ഞിക്കണ്ണനോടു കേരളോൽപത്തിയേയും ഈഴവരുടെ ആഗമത്തേയുംമറ്റും പറ്റി പറയുന്ന പുരാവൃത്തത്തിലുൾപ്പെട്ടതാണു് ഈ കുറിപ്പു്. പ്രസ്തുത ചരിത്രകഥനം പുത്തരിയങ്കത്തിലില്ല. പുത്തരിയങ്കം പൊലിപ്പിച്ചതാണു് വലിയ ആരോമൽച്ചേകവരുടെ കഥ; എന്നാൽ ആ കഥയും പഴക്കമുള്ളതുതന്നെയെന്നു പറയേണ്ടിയിരിക്കുന്നു. ചേരമാൻപെരുമാൾ ഈഴത്തുരാജാവിനു് ആളയച്ചിട്ടാണു് ഈഴവർ മലയാളക്കരയിൽ കുടിപാർപ്പു് തുടങ്ങിയതു് എന്നു് അതിൽ പറയുന്നുണ്ടെങ്കിലും എന്നുമുതലാണു് പുത്തൂരംവീട്ടുകാർ അങ്കംപിടിച്ചു തുടങ്ങിയതെന്നോ ഏതു ചേരമാൻ പെരുമാളാണു് ഈഴവരെ കുടിയിരുത്തിയതെന്നുപോലുമോ നിർണ്ണയിക്കുവാൻ യാതൊരു തെളിവും അതു നല്കുന്നില്ല. ക്രി. പി. ഒൻപതാം നൂറ്റാണ്ടിലല്ല പെരുമാൾവാഴ്ച അവസാനിച്ചതെന്നു മുൻപൊരധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. അതുകൊണ്ടു ക്രി. പി. ഒൻപതാം ശതകത്തിനുശേഷം മൂന്നൂറ്ററുപത്തെട്ടു വർഷം കഴിഞ്ഞിട്ടു് അതായതു പതിമൂന്നാംശതകത്തിലോ അതിന്നടുപ്പിച്ചോ ആണു് ആരോമൽച്ചേകവർ ജീവിച്ചിരുന്നതെന്നു സ്ഥാപിക്കുവാൻ മാർഗ്ഗമുണ്ടെന്നു തോന്നുന്നില്ല. ‘പട്ടാളമല്ലേ കാണുന്നതു്’ എന്നൊരു പ്രസ്താവനയും പുത്തരിയങ്കത്തിൽ കാണുന്നുണ്ടു്. ‘പട്ടാളം’ എന്ന പദം പതിമ്മൂന്നാംശതകത്തിൽ മലയാളത്തിൽ പ്രചരിച്ചിരുന്നതായി തോന്നുന്നില്ല.

11.4പുത്തൂരംവീടു്

പുത്തൂരംവീട്ടിലെ ആരോമൽച്ചേകവർ, അദ്ദേഹത്തിന്റെ സഹോദരി ആറ്റുമ്മണമ്മേൽ ഉണ്ണിയാർച്ച, ഉണ്ണിയാർച്ചയുടെ മകൻ ആരോമുണ്ണി ഈ മൂന്നുപേരും അങ്കപ്പയറ്റിൽ അത്യധികം വൈദഗ്ദ്ധ്യം സമ്പാദിച്ചവരായിരുന്നു. തന്റെ അച്ഛൻ കണ്ണപ്പനു നാല്പത്തിരണ്ടു വയസ്സുള്ളപ്പോളാണു് ആരോമൽച്ചേകവർ ജനിച്ചതു്.

“ഏഴങ്കം വെട്ടിജ്ജയിച്ചു അച്ഛൻ;
പന്തിരണ്ടങ്കം പദവി തീർത്തു;
ഇരുപത്തിരണ്ടങ്കം താരി താഴ്ത്തി.”
എന്നു് അദ്ദേഹത്തെപ്പറ്റി മകൻ പുത്തരിയങ്കത്തിൽ പറയുന്നുണ്ടു്. ആ കണ്ണപ്പൻ ചേകവരെപ്പറ്റിയും ഒരു പാട്ടുണ്ടു്. ആരോമൽച്ചേകവർ (1) പകിടകളിക്കു പോയതും (2) പുത്തരിയങ്കം വെട്ടിയതും ഇങ്ങനെ രണ്ടു പാട്ടുകൾ ആ മഹാവീരനെപ്പറ്റി കാണ്മാനുണ്ടു്. മികവിൽ മികച്ചേരിവീട്ടിലുള്ള അമ്മാവൻ ചൂതുകളിക്കു വിദഗ്ദ്ധനായിരുന്നതുകൊണ്ടു് അതു പഠിക്കുവാൻ ആരോമർ അങ്ങോട്ടു പോയി.

“കോവിൽ കൊടുത്തുള്ള കൊത്തുവള
നഗരി കൊടുത്തോരു പൊൻകുപ്പായം;
നാടുവാഴി കൊടുത്തോരു പൊന്നുന്തൊപ്പി
ദേശവാഴി കൊടുത്തോരു നാഗമാല;
ശിഷ്യന്മാർ കൊടുത്തോരു പൊൻചൂരക്കോൽ;
ഏഴായിരത്തിന്റെയടിച്ചെരിപ്പു്;
എടമ്പിരി നല്ല വലമ്പിരിയും
ചക്കമുള്ളൻവള കൊത്തുവള;
താൻതന്നെ തീർപ്പിച്ച പൊൻമോതിരം
ചമയങ്ങളൊക്കെയും ചേർത്തണിഞ്ഞു്”
പുറപ്പെടാൻ ഒരുങ്ങുന്ന മകനോടു്

“ചമയം കുറയ്ക്കുണ്ണി! പൊന്മകനേ!
കരിങ്കണ്ണുതന്നെയും തട്ടിപ്പോകും”
എന്നു് അമ്മ ഗുണദോഷിയ്ക്കുന്നു. അമ്മാവന്റെ വീട്ടിൽ ‘കാറ്റാടും നല്ല കളിത്തിണ്ണയിൽ’ പാവിരിച്ചു കുഞ്ഞമ്മായി ആരോമരെ എതിരേറ്റു സൽക്കരിച്ചു. അപ്പോൾ അമ്മാവന്റെ മകൾ തുമ്പോലാർച്ച തേച്ചുകുളി കഴിഞ്ഞു,

“മാറത്തു തളിക കമഴ്ത്തിക്കൊണ്ടു,
പടിയും പടിപ്പുര കടന്നുവന്നു.”
അവളെ

“ഒളിമിന്നൽപോലങ്ങു കണ്ടുചേകോൻ;
ദൃഷ്ടി മറിച്ചങ്ങു നോക്കി ചേകോൻ;
പുഞ്ചിരികൊണ്ടു ചിരിച്ചു പെണ്ണും,”
എന്തിനധികം? അന്നു രാത്രിയിൽതന്നെ ഗാന്ധർവ്വവിധിപ്രകാരം അവരുടെ വിവാഹം കഴിഞ്ഞു. അതു മാതാപിതാക്കന്മാർ അറിയായ്കനിമിത്തം തുമ്പോലാർച്ച വളരെ കഷ്ടപ്പെടേണ്ടിവന്നു. ഓരോ സ്ത്രീകളോടു പുരുഷന്മാരെ താൻ തൊട്ടിട്ടില്ലെന്നു് അവൾ പിന്നീടു പറയുമ്പോൾ

“മുലക്കണ്ണുരണ്ടും കറുത്തില്ലേടീ?
കരിനിറംപോലെ നിറമുണ്ടല്ലോ.
കടവയറുതന്നെ കനത്തുകണ്ടു;
പൊക്കിൾക്കൊടിയും മലച്ചുകണ്ടു;
ഒത്തോരടയാളം കണ്ടു ഞങ്ങൾ”
എന്നു് അവർ അവളെ പരിഹസിച്ചു. ഒടുവിൽ പ്രസവിച്ചതിനുമേൽ ഭർത്താവിനെ എഴുത്തു കൊടുത്തയച്ചു വരുത്തി തന്റെ സ്ഥിതി പൊതുജനങ്ങളെ ഗ്രഹിപ്പിയ്ക്കുകയും അവരെല്ലാം സന്തോഷിയ്ക്കുകയും ചെയ്തു. മകനു് ഉണ്ണിക്കണ്ണനെന്നു പേരുമിട്ടു. ആദ്യത്തെ ദിവസംതന്നെ പകിടകളിയിൽ അമ്മാവനെ തോല്പിച്ചു് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി എന്നുകൂടിപ്പറയേണ്ടതുണ്ടു്. ആലത്തൂർവീട്ടിലെ കുഞ്ചുണ്ണൂലി എന്നൊരു ഭാര്യയും ആരോമർക്കുണ്ടായിരുന്നു.

11.5പുത്തരിയങ്കം

ഉണിക്കോനാരുടെ ചേകോനെന്ന നിലയിൽ അരിങ്ങോടരോടു് അങ്കം പൊരുതുവാൻ ആരോമർ സന്നദ്ധനായി. സഹായത്തിനു കിട്ടിയതു് അച്ഛന്റെ ഒരു മരുമകനും തന്റെ സഹോദരി ഉണ്ണിയാർച്ച ഒരു കാലത്തു ഭാര്യാപദം സ്വീകരിയ്ക്കുവാൻ വിസമ്മതിയ്ക്കുകയാൽ ആരോമരോടു പ്രത്യേകം വിരോധമുള്ളവനുമായ ചന്തുവിനെയായിരുന്നു. അരിങ്ങോടർ ചന്തുവിനെ തന്റെ വശത്താക്കി. അയാളെ ദ്വന്ദ്വയുദ്ധത്തിൽ ആരോമർ കൊന്നെങ്കിലും അങ്കത്തളർച്ചകൊണ്ടു ചന്തുവിന്റെ മടിയിൽ കിടന്നു ഒന്നു മയങ്ങി. അപ്പോൾ ചതിയനായ ചന്തു ആരോമരുടെ വയറ്റത്തുണ്ടായിരുന്ന ഒരു മുറിവിൽ കുത്തുവിളക്കിന്റെ തണ്ടു ചൂടുപിടിപ്പിച്ചു കുത്തുകയും ആ കുത്തേറ്റു് ആരോമർ ആസന്നമൃത്യുവായിത്തീരുകയും ചെയ്തു. വല്ല പ്രകാരത്തിലും വീട്ടിലെത്തി അവിടെവെച്ചു ഇരുപത്തിരണ്ടാമത്തെവയസ്സിൽ ആ ധീരയോദ്ധാവു മരിച്ചു. പുത്തരിയങ്കം ഏറ്റവും വികാരോത്തേജകമായ ഒരു ഗാനമാണു്; കണ്ണുനീർ വാർക്കാതെ അതു വായിച്ചുതീർക്കുവാൻ ആർക്കും സാധിക്കുന്നതല്ല. താഴെക്കാണുന്നതു് ആരോമരുടെ ഒരു പയറ്റുമുറയുടെ വർണ്ണനമാണു്.
“അവിടുന്നെഴുനേറ്റു ആരോമരും;
പീഠം വലിച്ചങ്ങു വച്ചു ചോകോൻ;
പാവാടതന്നെ വിരിക്കുന്നുണ്ടു്;
പാവാടതന്നിൽത്തളികവച്ചു;
തളികനിറയോളം വെള്ളരിയും;
വെള്ളരിമീതൊരു നാളികേരം;
നാളികേരത്തിന്മേൽ ചെമ്പഴുക്കാ; പഴുക്കാമുകളിലൊരു കോഴിമുട്ട;
കോഴിമുട്ടമേൽ സൂചിനാട്ടി;
സൂചിമുനമേൽ ചുരികനാട്ടി;
ചുരികമുനമേൽ മറിഞ്ഞുനിന്നു
നൃത്തങ്ങളേഴും കഴിച്ചവനും.”
ഒടുവിൽ ആരോമർ തന്റെ അനുജൻ കണ്ണനോടു പറയുന്ന വാക്കുകൾ എത്രമാത്രം കരുണരസനിഷ്യന്ദികളാണെന്നു പരിശോധിക്കുക. തുമ്പോലാർച്ചയും ഉണ്ണിക്കണ്ണനും അവിടെ ഓടിയെത്തി. അപ്പോൾ ആരോമർ അനുജനെ വിളിച്ചു.
“വിളിച്ചവിളികേട്ടു ചെന്നു കണ്ണൻ
എന്താ വിളിച്ചെന്റെ നേരേട്ടനേ;
മറ്റേതുമല്ല വിളിച്ചതുണ്ണി
ഇവനെ നീ നല്ലോണം രക്ഷിക്കേണം
നീയല്ലാതിവനാരുമില്ലയല്ലോ;
വിദ്യകളൊക്കെപ്പഠിപ്പിക്കേണം;
ഇവനു ഞാനൊന്നും കൊടുത്തിട്ടില്ല;
നീയുകൊടുത്തേയിരിക്കയുള്ളൂ.
എന്നു പറഞ്ഞു കൊടുത്തവനും
ചെന്തെങ്ങിളനീരും കൊണ്ടുവായോ!
ആ മൊഴി കേട്ടോരു നേരനുജൻ
വേഗത്തിലിളനീരും കൊണ്ടുവന്നു
ജ്യേഷ്ഠന്റെ കൈയിൽക്കൊടുക്കുന്നുണ്ടേ;
തണ്ണീർകുടിയും കഴിഞ്ഞിതല്ലോ
ഒന്നിങ്ങു കേൾക്കണമച്ചായെന്നു;
കച്ച കഴിക്കട്ടെയച്ചായെന്നു.
***
കച്ച കഴിക്കട്ടെ നേരനുജാ!
കച്ചകഴിക്കട്ടെ ഉണ്ണിയാർച്ചേ!
കച്ച കഴിക്കട്ടെ കുഞ്ചുണ്ണൂല്യേ!
കച്ച കഴിക്കട്ടെ മാലോകരെ!
ഇനിയുള്ള കാഴ്ചയും നമ്മൾ തമ്മിൽ
ഇനിയുള്ള കാലത്തു കാൺകയില്ല.
കച്ചയഴിച്ചു മരിച്ചു ചേകോൻ”

11.6ആറ്റുമ്മണമ്മേൽ ഉണ്ണിയാർച്ച

ഉണ്ണിയാർച്ച ഒരിക്കൽ തനിക്കു് അല്ലിമലർക്കാവിലെ കൂത്തു കാണുവാൻ പോകേണമെന്നു ശ്വശുരനോടും ശ്വശ്രൂവിനോടും അഭ്യർത്ഥിച്ചു. അവർ വിരോധം പറഞ്ഞു. ആരേത്തുണ കുട്ടിക്കൊണ്ടുപോകുമെന്നു് അവർ ചോദിച്ചതിനു തന്റെ ഭർത്താവു കുഞ്ഞിരാമൻ കൂടിപ്പോരമെന്നു് അവൾ മറുപടി പറഞ്ഞു. ഉണ്ണിയാർച്ചയുടെ ചമയമാണു് താഴെകാണുന്ന വരികളിൽ വർണ്ണിക്കുന്നതു്.
“ചന്ദനക്കല്ലിന്റെയരികേ ചെന്നു
ചന്ദനമുരസിക്കുറി വരച്ചു;
കണ്ണാടിനോക്കിത്തിലകം തൊട്ടു;
പീലിത്തിരുമുടി കെട്ടിവച്ചു;
അഞ്ജനംകൊണ്ടവൾ കണ്ണെഴുതി;
കുങ്കുമം കൊണ്ടവൾ പൊട്ടുകുത്തി.
കസ്തൂരി കളഭങ്ങൾ പൂശുന്നുണ്ടേ;
മെയ്യാഭരണപ്പെട്ടി തുറന്നുവച്ചേ;
ഏഴു കടലോടി വന്ന പട്ടു,
പച്ചോലപ്പട്ടു ചുളിയും തീർത്തേ
പൂക്കുല ഞെറിവച്ചുടുക്കുന്നുണ്ടേ;
പൊൻതോടയെടുത്തു ചമയുന്നുണ്ടേ;
കോട്ടമ്പടിവച്ച പൊന്നരഞ്ഞാൾ
മീതേ അഴകിനു പൂട്ടുന്നുണ്ടേ.
ഏഴു ചുറ്റുള്ളോരു പൊന്മാലയും–
മുത്തുപതിച്ചുള്ള മാലയല്ലോ–
കഴുത്തിലതന്നെയും ചേർത്തണിഞ്ഞു;
രാമായണം കൊത്തിച്ച രണ്ടു വള
എല്ലാമെടുത്തിട്ടണിയുന്നുണ്ടേ;
പൊൻമുടിതന്നെയും ചൂടുന്നുണ്ടേ;
ചമയങ്ങളൊക്കെച്ചമഞ്ഞൊരുങ്ങി
കൈവിരല്ക്കാറിലും പൊന്മോതിരം
ചേർച്ചയോടങ്ങു അണിയുന്നുണ്ടേ;
ഉറുമിയെടുത്തു അരയിൽപ്പൂട്ടി.”
താന്നൂരങ്ങാടി കടന്നു് എടവട്ടത്തങ്ങാടിയിൽ എത്തിയപ്പോൾ ചില അക്രമികൾ അടുത്തുകൂടി. പേടിത്തൊണ്ടനായ കുഞ്ഞിരാമൻ എലിപോലെനിന്നു വിറയ്ക്കുകയാണു്. അയാളോടു്

“പെണ്ണായ ഞാനും വിറയ്ക്കുന്നില്ല;
ആണായ നിങ്ങൾ വിറയ്ക്കുന്നെന്തേ?”
എന്നു ചോദിച്ചുകൊണ്ടു് അവൾ അവരോടു നേരിടുന്നു.

“അരയും തലയുമുറപ്പിയ്ക്കുന്നു;
അരയീന്നുറുമിയെടുത്തവളും
നനമുണ്ടു നന്നായരയിൽകെട്ടി
നേരിട്ടു നിന്നല്ലോ പെൺകിടാവും.
അരിശംചൊടിച്ചു പറഞ്ഞു പെണ്ണും
‘ആണുംപെണ്ണ്വല്ലാത്ത കയ്യന്മാരേ!
എന്നോടൊരാശ നിങ്ങൾക്കുണ്ടതെങ്കി
ലെന്നുടെ കയ്യും പിടിച്ചുകൊൾവിൻ.’
***
ഏറിയ ദൂഷണം ചൊല്ലിയാർച്ച;
ആലിലപോലെവിറതുടങ്ങി.
അങ്കക്കലികൊണ്ടു നിന്നവളും
അടിയീന്നു മുടിയോളം വിറച്ചുപോയി.
***
‘എന്നാലോ നോക്കിത്തടുത്തുകൊൾക;
പകിരിതിരിഞ്ഞൊന്നു നിന്നു പെണ്ണും,
കുതിരപ്പാച്ചിൽ ഒന്നു പാഞ്ഞവളും,
നനമുണ്ടു വീശീട്ടു നിന്നു പെണ്ണും,
അഞ്ഞൂറും മൂന്നൂറും വീണു പെണ്ണും
രണ്ടാമതൊന്നു മറിഞ്ഞവളും
പതിനെട്ടാളെ കരത്തിൽ വെയ്ക്കുന്നുണ്ടു്
തൊടുവോർ [2] കളര്യെകരം വന്നുവല്ലോ.”
നോക്കുക ആ മനസ്വിനിയുടെ അടവും അഭ്യാസവും ധൈര്യവും തന്റേടവും!

11.7ആരോമുണ്ണി

തന്റെ അമ്മാവനായ ആരോമൽച്ചേകവരെ ചതിച്ചുകൊന്ന ചന്തുവിനെപ്പറ്റിയുള്ള വിവരങ്ങൾ അമ്മ ഉണ്ണിയാർച്ചയിൽ നിന്നു മനസ്സിലാക്കി ആരോമുണ്ണി കോലത്തുനാട്ടു പാഞ്ഞുചെന്നു് അയാളെ അങ്കത്തിൽ കൊല്ലുന്നതാണു് ആരോമുണ്ണി എന്ന പാട്ടിലെ കഥാവസ്തു. ‘ആരോമുണ്ണി’ ‘ആരോമൽ ചേകവരെ’പ്പോലെതന്നെ മനോഹരമായ ഒരു പാട്ടാണു്.

“ചേകോന്മാരായിജ്ജനിച്ചാൽപിന്നെ
വാൾക്കണിയിൽച്ചോറല്ലോ ചേകോന്മാർക്കു്”
“പുത്തൂരം വീട്ടിൽജ്ജനിക്കുന്നോർക്കു
നേർച്ചക്കോഴിയുടെ വയസ്സവർക്കു്”
“കളരിയടച്ചങ്ങിരിക്കുന്നതും
ചേകവന്മാർക്കേതും ചേർച്ചയില്ല.”
എന്നും മറ്റുമുള്ള ശൗര്യപ്രകാശകങ്ങളായ വരികൾ അതിലുള്ളവയാണു്. തന്റെ മാതാമഹൻ കണ്ണപ്പനിൽനിന്നു പത്തൊൻപതാമത്തെ അടവുകൂടി പഠിച്ചുകൊണ്ടാണു് ആരോമുണ്ണി ചന്തുവിനെ ജയിക്കുവാൻ പോകുന്നതു്. ഉണ്ണിയാർച്ച മകനോടു പ്രസ്ഥാനാവസരത്തിൽ ഇങ്ങനെ പറയുന്നു.

“നേരിട്ടുവെട്ടി മരിച്ചതെങ്കിൽ
വീട്ടേയ്ക്കു നല്ലൊരു മാനംതന്നെ.
വീരാളിപ്പട്ടുവിതാനത്തോടെ
ആർത്തുവിളിച്ചു ഇടുപ്പിക്കേണ്ടു്
എലപുലനന്നായ്ക്കഴിപ്പിച്ചേക്കാം.
ഒളിവാളുകൊണ്ടു മരിച്ചതെങ്കിൽ
പച്ചോലയിൽക്കെട്ടിവലിപ്പിക്കേണ്ടു്;
പുലയുംകൂടി ഞാൻ കുളിക്കയില്ല.”
ആരോമുണ്ണിയും ചന്തുവും തമ്മിൽ അങ്കംവെട്ടി.

“ചീറ്റിയടുക്കുന്നു ആരോമുണ്ണി
വാടി മഴങ്ങുന്നു ചന്ത്വല്ലാണു്.
‘ഒന്നിങ്ങുകേൾക്കണമാരോമുണ്യേ!
പതിനെട്ടുകളരിയിൽ പയറ്റിഞാനും
എന്നോടു് ആരും ജയിച്ചോരില്ല.
പൂത്തൂരം ആരോമൽ ചേകവരെ
അവരോടുപൊരുതിഞാൻ നിന്നിട്ടുള്ളു.
നിന്നോടു ഞാനും മടങ്ങിയിപ്പോൾ
അതുകൊണ്ടെനിക്കൊരു ഭയവുമില്ല!
ഞാനൊരു കുടിപ്പിഴ ചെയ്തോനാണു്;
എനിക്കു മരിപ്പാൻ വിധിയും വന്നു.
വെള്ളം തന്നിട്ടെന്നെ കൊന്നീടേണം. ‘
അപ്പോൾ പറയുന്നു ആരോമുണ്ണി:
‘അമ്മാമൻ പണ്ടങ്കത്തിനുപോയകാലം
കള്ളച്ചതിയാലെ കൊന്നു നീയേ;
വെള്ളംകൊടുത്തന്നു കൊന്നോ ചന്തു?”
ഒടുവിൽ “ചന്തൂന്റെ കയ്യും തലയും കൂടി വീരാളിപ്പട്ടിൽ പൊതിഞ്ഞെടുത്തു്” ആരോമുണ്ണി കൊണ്ടുപോയി. കണ്ടവരെല്ലാം ‘ഉത്തരംചോദിച്ചതുചിതമായി’ എന്നു പറഞ്ഞു് ആ വീരനെ അഭിനന്ദിച്ചതേയുള്ളു.

11.8തച്ചോളി ഒതേനൻ

തച്ചോളിമാണിക്കോത്തു് എന്ന പ്രാചീനവും പ്രശസ്തവുമായ നായർ (കുറുപ്പു്) തറവാട്ടിലായിരുന്നു ഒതേനന്റെ ജനനം എന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. പുതുപ്പണത്തു വാഴുന്നവർ എന്നും ചീനംവീട്ടിൽ തങ്ങൾ എന്നും പറയുന്ന ഒരു നായർപ്രഭുവായിരുന്നു അച്ഛൻ; അമ്മയുടെ പേർ ഉപ്പാട്ടിയെന്നുമായിരുന്നു. തേയിയെന്നാണു് ഉപ്പാട്ടിയുടെ അമ്മയുടെ പേർ. ഒതേനനു കോമപ്പൻ എന്നൊരു ജ്യേഷ്ഠനും ഉണിച്ചിരുത (ഉണിച്ചിര) എന്നൊരു അനുജത്തിയും കൂടിയുണ്ടായിരുന്നു. ഉപ്പാട്ടിയുടെ ദാസിയായ മാക്കത്തിൽ ഒതേനന്റെ അച്ഛനു ജനിച്ച സന്താനമാണു് ‘ഏതൊരു ദിക്കിലും പോകുന്നേരം കൂടേ നടക്കുന്ന കണ്ടാച്ചേരി’ എന്നു് ഒരു പാട്ടിൽ വർണ്ണിച്ചിട്ടുള്ള ഒതേനന്റെ ബഹിശ്ചരപ്രാണനായ കണ്ടാച്ചേരി ചാപ്പൻ. കോമക്കുറുപ്പു് ആരോടും വഴക്കിനു പോകാത്ത ഒരു സാത്വികനായിരുന്നു. ഒതേനനാകട്ടെ നേരേമറിച്ചു കൂട്ടവും കുറിയുമുണ്ടാക്കുക എന്നുള്ളതായിരുന്നു നിത്യകർമ്മം. ആ വീരൻ മതിലൂർഗുരുക്കളുടെ കളരിയിൽ പയറ്റി അടവുകളെല്ലാം പഠിച്ചു കായികാഭ്യാസത്തിൽ അദ്വിതീയനായിത്തീർന്നു. ചിണ്ടൻനമ്പ്യാരെ പരാജയപ്പെടുത്തിയ പൂഴിക്കടകനടി സാമൂതിരിയുടെ ആറു പടനായകന്മാരുടെ കഴുത്തിൽ ഒരൊറ്റച്ചുഴറ്റൽകൊണ്ടു ചുണ്ണാമ്പുവരയിട്ട ഉറുമിപ്രയോഗം മുതലായ അനേകം അത്ഭുതസിദ്ധികൾ അദ്ദേഹത്തിനു സ്വാധീനമായിരുന്നു. മന്ത്രവാദികളിലും അദ്ദേഹം അഗ്രഗണ്യനായിരുന്നു എന്നുള്ളതിനു തെളിവുണ്ടു്. വഴിയേ പോകുന്ന വഴക്കുകൾ വലിച്ചുകൊണ്ടുവരുമെങ്കിലും ഒതേനൻ ഒരു ദുഷ്ടനായിരുന്നില്ല. എവിടെ അക്രമം കണ്ടാലും അതിനെ അമർച്ചചെയ്യുക, ഏതു ബലഹീനന്മാരേയും സർവ്വസക്തികളും പ്രയോഗിച്ചു സഹായിക്കുക. തന്റെ പിൻതുണ ആവശ്യപ്പെടുന്ന രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും അധികാരങ്ങൾ താഴ്ചവീഴ്ചകൾ കൂടാതെ പരിപാലിയ്ക്കുക, ഇങ്ങനെ പല സൽഗുണങ്ങൾക്കു് അദ്ദേഹം അനർഘമായ ആകരമായിരുന്നു. ഇത്ര അകുതോഭയന്മാരായി, ആശ്ചര്യചരിതന്മാരായി, ദേവീഭക്തന്മാരായി, ദേശാഭിമാനികളായി അധികംപേർ കേരളത്തിൽ ജീവിച്ചിരുന്നിട്ടുണ്ടോ എന്നു സംശയമാണു്. ഒതേനന്റെ കായബലംകൊണ്ടു സാധിക്കാത്ത ചില കാര്യങ്ങൾ ചാപ്പൻ ബുദ്ധിശക്തികൊണ്ടു സാധിച്ചുപോന്നു. വടകര തീവണ്ടിസ്റ്റേഷനു് ഏകദേശം ഒരു നാഴിക കിഴക്കാണു് മേപ്പ എന്ന ദേശം; അവിടെ ഒരു കുന്നിന്റെ ചരിവിലായി ഒതേനൻ ജനിച്ച മാണിക്കോത്തുതറവാട്ടിന്റെ നഷ്ടശിഷ്ടങ്ങൾ ഇന്നും കാണ്മാനുണ്ടു്. അവിടെ തറവാട്ടിന്റെ തറയിൽ രണ്ടു മണ്ഡപങ്ങൾ ഉണ്ടെന്നും അവയിൽ ഒന്നിൽ ഒതേനന്റേയും കോമക്കുറുപ്പിന്റേയും പ്രേതങ്ങളെ കുടിവെച്ചിട്ടുണ്ടെന്നും മറ്റേതിൽ കോമക്കുറുപ്പിന്റെ വിഗ്രഹവും ഒതേനൻ കിടന്നുമരിച്ച കട്ടിലുമുണ്ടെന്നും അറിയുന്നു.

11.8.1ഒതേനനെപ്പറ്റിയുള്ള പാട്ടുകൾ
ഒതേനനെപ്പറ്റിയുള്ള പാട്ടുകൾ അസംഖ്യങ്ങളാണു്. ഒതേനൻ തന്റെ അച്ഛന്റെ മരണാനന്തരം പുതുപ്പണത്തു വാഴുന്നവരായിത്തീർന്ന ഒരു ലുബ്ധപ്രഭൂവിനോടു് ഓണപ്പുടവ വാങ്ങിക്കാൻ ചെല്ലുന്നതു്, കോട്ടയത്തു തമ്പുരാനുവേണ്ടി കൊടുമലക്കുഞ്ഞിക്കണ്ണനോടു പാട്ടം പിരിക്കുന്നുതു്, അവിടെ കെക്കിവീട്ടിൽ കുങ്കിഅമ്മയുടെ ഗർവടക്കുന്നതു്, കൈതേരി ഒതേനൻ നമ്പ്യാരെ കൊല്ലുന്നതു്, ചിറയ്ക്കൽ തമ്പുരാനുവേണ്ടി മാപ്പിളമാരുമായി അങ്കം വെട്ടുന്നതു്, തന്റെ ഉറ്റചങ്ങാതിയാണെങ്കിലും പെൺകൊതിയനായ കോട്ടയ്ക്കൽ കുഞ്ഞാലിമരയ്ക്കാരെ സ്ത്രീവേഷം ചമഞ്ഞു് ഒരു പാഠം പഠിപ്പിക്കുന്നതു്, കരിമലക്കോട്ടപ്പണി കാണ്മാൻ പോയി അവിടെ നിന്നും ചാപ്പന്റെ സാമർത്ഥ്യംകൊണ്ടു രക്ഷനേടുന്നതു്, ഇങ്ങനെ പല പാട്ടുകളെപ്പറ്റി പറവാനുണ്ടെങ്കിലും വിസ്തരഭയത്താൽ പ്രമേയം ചുരുക്കുന്നു.

11.8.2ഒതേനന്റെ വിവാഹം
കാവിലുംചാത്തോത്തു മാതേയി അമ്മയ്ക്കു തന്റെ മകൾ ചീരുവിനെ ഒതേനനെക്കൊണ്ടു ബാല്യത്തിൽ താലി കെട്ടിക്കണമെന്നു മോഹമുണ്ടായിരുന്നു. അതിലേയ്ക്കുവേണ്ടി മാണിക്കോത്തുവീട്ടിൽ ചെന്നു് ആ സ്ത്രീ അപേക്ഷിച്ചപ്പോൾ ഒതേനൻ

“കാക്കയെപ്പോലെ കറുത്തചീരു;
എനിക്കിന്നച്ചീരൂനെ വേണ്ടെന്റേട്ടാ!
ചക്കച്ചുളപ്പല്ലും പേന്തലയും
എനിക്കിന്നച്ചീരൂനെ വേണ്ടന്റേട്ടാ;
അച്ഛനുമ്മയ്ക്കും വേണ്ടെങ്കിലും
വടകരപ്പൊക്കപ്പൻ ചോനകനു
കുപ്പയിട്ടാട്ടാനയച്ചേക്കട്ടേ,
കൊപ്പര കാക്കാനങ്ങാക്കിക്കോട്ടേ,
ചോനോനച്ചീരൂനെവേണ്ടെങ്കിലും
തോണിയിൽ വെച്ചങ്ങൊഴുക്കിക്കോട്ടേ.”
എന്നു പറഞ്ഞൊഴിഞ്ഞു. നവയൗവനവതിയായപ്പോൾ ചീരു ആളൊന്നു മാറി സൗന്ദര്യധാമമായിത്തീർന്നു. ഒരു ദിവസം ആ വീരൻ

“ഏഴു മടവികളും [3] ചീരൂം കൂടി
കഞ്ഞിക്കിണ്ണംകൊണ്ടു താളമടി;
താളത്തിനൊത്തൊരു പാട്ടും പാടി
കോവിൽച്ചിറയിൽ കുളിക്കാൻ പോണു.”
അതു കണ്ടു ഓതേനൻ കാമാർത്തനായി ചാപ്പനെ അവളുടെ പക്കൽനിന്നു് ഒരു നേരത്തേയ്ക്കു ‘മുറുക്കാൻ’ വാങ്ങുന്നതിനു് അപേക്ഷിച്ചയച്ചു. അപ്പോൾ ചീരു ചാപ്പനോടു്

“കുറുപ്പല്ലേ വെറ്റിലയ്ക്കയച്ചൂട്ടതു്?
ചോനകൻ തിന്നുള്ള വെറ്റ്ലേയുള്ളൂ
കുറുപ്പിന്നു വെറ്റിലയില്ല ചാപ്പാ.
വടകരപ്പൊക്കപ്പൻ ചോനകന്റെ
കൊപ്പരയിൽക്കാക്കാനേ നോക്കീട്ടുള്ളൂ.”
എന്നു കുറിക്കു കൊള്ളുന്ന വിധത്തിൽ ഉത്തരം പറഞ്ഞു. ഒടുവിൽ ചാപ്പൻ ചില സൂത്രങ്ങൽ പ്രയോഗിച്ചു് ഒതേനനെ ഒരു പൊട്ടന്റെ വേഷം കെട്ടിച്ചു കാവിൽച്ചാത്തോത്തു കൊണ്ടു പോകുകയും മാതേയിഅമ്മയറിയാതെ ചീരുവിനേയും അദ്ദേഹത്തേയും ദമ്പതിമാരാക്കുകയും ചെയ്തു. കടശിയിൽ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ മാതേയി

“എന്നെച്ചതിച്ചല്ലോ കണ്ടാച്ചേരി!
നിന്നെയിടിവെട്ടിപ്പോണേ ചാപ്പാ!”
എന്നു ശപിക്കുകയും അതിനു ചാപ്പൻ സരസമായി

“എന്നെയെന്തിനമ്മേ ഇടിവെട്ടുന്നു?
കണ്ടം പറമ്പതും ഭാഗിക്കുമ്പോൾ
എനിയ്ക്കുറ്റാൻ പാതി തരുമോ അമ്മേ?”
എന്നു ചോദിച്ചു പിരിയുകയും ചെയ്യുന്നു.

11.8.3ഒതേനനും കറുത്തനിടം (കടത്തനാട്ടു) കുഞ്ഞിക്കന്നിയും
കറുത്തനിടം തമ്പുരാന്റെ ഏകപുത്രിയായ കുഞ്ഞിക്കന്നിയെ പൊന്നാപുരം കോട്ടയിലെ കേളപ്പൻ എന്ന അക്രമി പിടിച്ചുകൊണ്ടുപോയി. “തുപ്പിയ തുപ്പലു വറ്റുമ്മുമ്പേ, ചവിട്ടിയ ചവിട്ടടി മായുമ്മുമ്പേ” യാണു് ആ അപഹരണം നടന്നതു്. എതിർക്കാൻ പോയ തമ്പുരാനെ “കൊല്ലാക്കണക്കിലൊരസ്ത്രമയച്ചു കാലും കരിന്തുട മുറിയുന്നുണ്ടു്” എന്ന നിലയിലാക്കി മടക്കുകയും ചെയ്തു. പൊന്നാപുരം കോട്ട പണ്ടു തന്റെ തറവാട്ടിലേയ്ക്കു സ്ത്രീധനമായി ലഭിച്ചിരുന്നതാണെന്നും കേളപ്പൻ ബലാല്ക്കാരേണ കൈയടക്കിയതാണെന്നും ഒതേനൻ അറിഞ്ഞു. “തച്ചോളിവീട്ടിൽ ജനിച്ചോനല്ലേ? തുളുനാടൻ വിദ്യ പഠിച്ചോനല്ലെ? അങ്കക്കലികൊണ്ടു വിറച്ചുതയോൻ” ചാപ്പനുമായി ഇങ്ങനെ സംഭാഷണം ചെയ്തു.

“ഏഴുവയസ്സിലെച്ചങ്ങാതിത്തം
ഇരുപത്തിരണ്ടോളം കാട്ടി നമ്മൾ;
നാം തമ്മിലിപ്പോൾ പിരിയാൻപോണു;”
അപ്പോൾ പറയുന്നു കണ്ടാച്ചേരി;
“ഏറിയ ജോനോരെക്കൊന്നു നമ്മൾ;
ഏറിയ പടയും കഴിച്ചു നമ്മൾ;
കയറരുതാത്ത പടി കയറി;
ഇരിക്കരുതാത്ത കട്ടിന്മേലിരുന്നുനമ്മൾ;
ഉറങ്ങരുതാത്തമുറിയിലുറങ്ങി നമ്മൾ;
കുളിക്കരുതാത്ത കുളത്തിൽ കുളിച്ചു നമ്മൾ;
ചങ്ങാതിക്കു തുണ ഞാൻ പോരാഞ്ഞിട്ടോ?
എന്തിനായിട്ടു പിരിയുന്നിപ്പോൾ?
“പൊന്നാപുരം കോട്ടയ്ക്കു പോണെനിക്കേ;
പോണെന്നും തീർച്ച ഞാനാക്കി ചാപ്പാ!”
“ഞാൻ തുണ കൂടീട്ടു പോരില്ലെന്നു
കുറുപ്പിനോടാരാനും ചൊല്ലിത്തന്നോ?
തച്ചോളിവീട്ടിലെക്കുറുപ്പന്മാരു്
ആണും പെണ്വല്ലാത്ത കുറുപ്പന്മാര്
ഉചിതം കെടുത്തിപ്പറയുന്നോരു്;
അവരുടെ പിമ്പായു് വഴിനടന്നാ–
ലുരുളച്ചോറുണ്ണിക്കയില്ലവരു്.”
ആ ആക്രോശം കേട്ടു പശ്ചാത്താപത്തോടുകൂടി ഒതേനൻ കോട്ടയ്ക്കു ചാപ്പനോടുകൂടിപ്പോയി. പൊന്നാപുരം കോട്ട പിടിച്ചു കന്യകയെ വിമുക്തയും കേളപ്പനെ ബന്ധനസ്ഥനുമാക്കി തമ്പുരാന്റെ സന്നിധിയിൽ കൊണ്ടുചെന്നു. തമ്പുരാൻ കൃതജ്ഞനായി ഒതേനനെക്കൊണ്ടുതന്നെ മകളെ വിവാഹം ചെയ്യിക്കുകയും ചെയ്തു. പൊന്നാപുരം കോട്ടയിൽ കേളുമൂപ്പനെപ്പറ്റിയുള്ള പാട്ടിലും ഇതുതന്നെയാണു് കഥ.

11.8.4ഒതേനനും ചിറയ്ക്കൽ മാപ്പിളമാരും
ഒരിക്കൽ ചിറയ്ക്കൽ തമ്പുരാൻ എഴുന്നള്ളുമ്പോൾ ചില ജോനകർ പതിവുപോലെ ആചാരം ചെയ്തില്ല.

“കണ്ണാലേ കണ്ടൊരു നേരത്തിങ്കൽ
നീട്ടിയ കാലു മടക്കുന്നില്ല;
ഇരുന്നോരു ദിക്കീന്നെണീക്കുന്നില്ല;
ആചാരത്തിൻവഴി നില്ക്കുന്നില്ല;”
രാജാവു കാര്യക്കാരനെ വിളിച്ചു താൻ കോവിലകത്തേയ്ക്കു തിരിയേ പോകുന്നില്ല എന്നും അല്ലെങ്കിൽ അങ്ങനെ ഒരു കോവിലകമുണ്ടെന്നു് അവരറിയണമെന്നും കല്പിച്ചു. കാര്യക്കാരൻ ചുറ്റി. അയാൾ ചില വേദാന്തതത്വങ്ങൾ അറിയിച്ചുതുടങ്ങി.

“പണ്ടത്തേയാചാരമൊന്നും തന്നെ
ഇപ്പോളുള്ളാളുകൾചെയ്യുന്നില്ല.
[4] ഓറോടു ഞമ്മളു ചോദിച്ചെങ്കിൽ
ഓറൊട്ടും ഞമ്മളെ വെയ്ക്കൂലാലോ.
ഓറോ പറയുന്ന വാക്കു കേട്ടാൽ
ഞമ്മളെ ഉത്തരം മുട്ടിപ്പോകും.
എല്ലാരെയും പടച്ചതു തമ്പുരാനോ;
ഒറാക്കു വ്യാത്യാസമില്ലല്ലോളി.
ചാളയ്ക്കുംവെയിലറിക്കുന്നല്ലോ;
കോലോത്തും വെയിലറിക്കുന്നല്ലോ;
രണ്ടുമൊരുപോലറിക്കുന്നല്ലോ;
പടച്ചോനോ വ്യത്യാസമൊന്നുമില്ല.
കോലോത്തും ചാളേലുമൊരുപോലെയാണു.
മഴയുമേതന്നെയതു പെയ്യുന്നില്ലേ?
അങ്ങിനെയുള്ള നിലയ്ക്കെങ്ങാണു്,
എന്തിനു തമ്പുരാൻ പോകുന്നേരം
ഞാങ്ങുളതേറ്റിട്ടു നിൽക്കുന്നതു്?”
ഒടുവിൽ രാജാവു് ഒതേനനെ വിളിച്ചു ശട്ടം കെട്ടുകയും അദ്ദേഹം അവരുടെ അഹങ്കാരം ശമിപ്പിക്കുകയും ചെയ്തു. കോട്ടമല കുങ്കിയമ്മ രാമായണംകഥ വായിക്കുന്നതു കേട്ടു പുലിനാടു വാഴുന്ന തമ്പുരാൻ തന്റെ നായന്മാരോടു പറയുകയാണു്—

“ചോലപ്പനിങ്കിളി കൂവുംപോലെ,
പനങ്കണ്ടൻ തത്ത പറയുംപോലെ;
നാദാപുരം കുഴലൂതുംപോലെ;
നാട്ടുകുയിലു വിളിക്കുംപോലെ.”
മതിലൂർ ഗുരുക്കൾ കുഞ്ഞാലിമരയ്ക്കാരുടെ ആനയെ വഴിയിൽ നിന്നു മാറി നില്ക്കുവാൻ ആജ്ഞാപിക്കുന്നതു താഴെക്കാണുന്ന വിധത്തിലാകുന്നു.

“ചങ്കരങ്കുട്ടീ! നല്ലാനേ! കേൾക്കു്;
വഴിമാറിപ്പെരിയേഞ്ഞു തന്നില്ലെങ്കിൽ
നട നാലും വെട്ടി ഞാൻ തൂണു നാട്ടും;”
“തുമ്പിക്കൈ വെട്ടി വള തട്ട്വല്ലോ;
വാലുമരിഞ്ഞു കഴുക്കോലാക്കും
ചെവിരണ്ടരിഞ്ഞു പുരകെട്ട്വല്ലോ.”

11.8.5ഒതേനന്റെ നിര്യാണം
ഒതേനനു കതിരൂർ ഗുരുക്കൾ എന്നൊരു പ്രബലനായ ശത്രുവുണ്ടായിരുന്നു. ഒരിക്കൽ ഗുരുക്കൾ പുത്തനായി പണിയിച്ച തന്റെ തോക്കു് ഒരു പിലാവിൽ ചേർത്തു ചാരി. “പൊൻകുന്തം ചാരും പിലാവോടിപ്പോൾ മൺകുന്തം ചാരിയതാരാകുന്നു?” എന്നു് ഒതേനൻ ചോദിക്കുകയും അതെടുത്തുനോക്കീട്ടു് ‘മയിലേ വെടിവെയ്ക്കാൻ നല്ല തോക്കു്’ എന്നു പറയുകുയം ചെയ്തു. ഗുരുക്കളുടെ മുഖം അരിശംകൊണ്ടു ചുവന്നു. [5] ആ അഭ്യാസി

“മയിലു വെടിവെയ്ക്കാൻ വന്നൊതേനാ!
നിനക്കു കൊതിയേറെയുണ്ടെങ്കിലോ
മയിലായി ഞാനാടി വന്നോളാലോ;
പൂവനെങ്കിൽക്കൂകിത്തെളിയും ഞാനെ;
പെടയെങ്കിൽ വാലാട്ടിപ്പോകുമല്ലോ;
അന്നേരം വെടിവെച്ചോ നീയൊതേനാ!”
എന്നു നിന്ദാഗർഭമായി മറുപടി പറഞ്ഞു. കുംഭമാസം ഒൻപതാം തീയതി ബുധനാഴ്ച മുതൽ മൂന്നു ദിവസത്തേക്കു പട കുറിച്ചു. പൊന്നിയത്തു് അരയാലിന്റെ ചുവട്ടിൽ അന്നു് എത്തിക്കൊള്ളണമെന്നുള്ള ഗുരുക്കളുടെ വാക്കു കേട്ടു് ഒതേനൻ
“തിങ്ങളിലോരാ കുളി എനിക്കു്;
കൊല്ലത്തിലോരോരോ പേറെനിക്കു്;
അന്നു ഞാൻ തീണ്ടാരിയായില്ലെന്നും
അന്നു ഞാൻ പെറ്റു കിടക്കില്ലെന്നും.”
അവിടെ എത്തിക്കൊള്ളാമെന്നു് അവഹേളനപൂർവം ശപഥം ചെയ്തു. “വെൺമുരുക്കു പൂത്തു് ഒലർന്നപോലെ വെയിലത്തു കന്നി നിറഞ്ഞപോലെ” ചമയങ്ങൾ അണിഞ്ഞു് ‘മഴവെള്ളം പോലെയുരുക്കുനെയ്യും’ കൂട്ടി ഊണുകഴിച്ചു്
“എളകതിരു കൊത്തിപ്പാറുംപോലെ
കാരയീന്നു നെയ്യപ്പം കുത്തുംപോലെ
പപ്പടം വാട്ടിയെടുക്കുംപോലെ”
ശത്രുക്കളെ വധിക്കുന്നതിനു് ആ വീരൻ സജ്ജനായി. അതിനു മുൻപു അപശകുനങ്ങൾ കണ്ടു. ലോകനാർകാവിൽ ശാന്തിക്കാരനായ നമ്പൂരിയുടെ ദേഹത്തു ഭഗവതിയുടെ ആവേശമുണ്ടായി; ദേവി അന്നു പടയ്ക്കു പോകരുതെന്നു തടുത്തു. ഒതേനനുണ്ടോ മുൻവച്ച കാൽ പിന്നോട്ടെടുക്കുന്നു?

“ഭഗവതിയെന്നു ഞാൻ വയ്ക്കയില്ല;
എല്ലാം നിരത്തി ഞാനെള്ളൊടിക്കും”
എന്നായിരുന്നു ആ അരുളപ്പാടിനുള്ള മറുപടി. താൻ സദാ ധരിച്ചിരുന്നതും തന്നെ സകല വിപത്തുകളിൽനിന്നും രക്ഷിച്ചുവന്നതുമായ ഉറുക്കും (ഏലസ്സും) നൂലും അദ്ദേഹത്തിന്റെ മറ്റൊരു ഭാര്യയായ കൂമുണ്ടമഠത്തിൽ കുഞ്ഞിത്തേയി അതിന്നു മുമ്പുതന്നെ അപഹരിച്ചുകഴിഞ്ഞിരുന്നു. പടക്കളത്തു പോയി ഒതേനൻ ഗുരുക്കളേയും സഹചാരികളായ പരുന്തുങ്കൂൽ എമ്മൻ പണിക്കർ മുതൽപേരേയും പതിവനുസരിച്ചു നിഷ്പ്രയാസമായി വധിച്ചു. പിന്നീടു മടങ്ങി കുറേ ദൂരം പോയപ്പോൾ തന്റെ കഠാരി ആൽത്തറയിൽവെച്ചു മറന്നുപോയതായി കാണുകയും അതു തിരിയേ എടുക്കുവാൻ ആശിക്കുകയും ചെയ്തു. അപ്പോൾ ഒതേനന്റെ ചങ്ങാതിമാർ ‘മടങ്ങി പടക്കളത്തിൽ പോകരുതു്’ എന്നു് ഉപദേശിച്ചു. അതിനു് ആ യോദ്ധാവു്

“കേളിയുള്ള നായരു പടയ്ക്കു വന്നു്
ആയുധമിട്ടേച്ചു പോയിതെന്നു്
മാലോകർ പറഞ്ഞു പരിഹസിക്കും
ചങ്ങാതിമാരു വിലക്കിയാലും
ആന തടുത്താലും നില്ക്കയില്ല.”
എന്നു മറുപടി പറഞ്ഞു മടങ്ങി. ആ തക്കം കണ്ടു ഗുരുക്കളുടെ ശിഷ്യനായ ചുണ്ടങ്ങാപ്പൊയ്യിൽ മായൻകുട്ടി (ഉളുമ്പൻ ബപ്പനെന്നും പറയും) ഒതേനന്റെ നെറ്റിത്തടം നോക്കി ഒരു വെടി വയ്ക്കുകയും അതു കുറിക്കുതന്നെ കൊള്ളുകയും ചെയ്തു. മായനെ ഒതേനൻ ഉടൻതന്നെ ഉറുമി (വാൾ) തിരിച്ചെറിഞ്ഞു കൊന്നു. പക്ഷേ അപ്പോഴേക്കും അദ്ദേഹം ആസന്നമരണനായിക്കഴിഞ്ഞിരുന്നു എന്നു് ആർക്കും കാണാമായിരുന്നു. ജ്യേഷ്ഠൻ കോമക്കുറുപ്പു് ഓടിയെത്തി; അവർതമ്മിൽ താഴെക്കാണുന്ന സംഭാഷണം നടന്നു.

“അനുജനെക്കണ്ണാലെ കാണുന്നേരം
കുന്നത്തിളമുള പൊട്ടുമ്പോലെ
പൊട്ടിക്കരയുന്നങ്ങേട്ടനല്ലോ.
‘തച്ചോളിയോമനപ്പൊന്നനുജാ!
മടിയായുധമൊന്നു പോയെങ്കിലോ
പിന്നെയുമായുധം വീട്ടിലില്ലേ?”
ആവുന്ന തഞ്ചം വിലക്കി ഞാനോ!
വിലക്കിയതൊന്നും നീ കേട്ടില്ലല്ലോ?
വംശം മുടിഞ്ഞല്ലോ പൊന്നനുജാ.’
അതു കേട്ടൊതേനൻ പറയുന്നുണ്ടു്;
‘പൊന്നിയത്താളേറെക്കൂടീട്ടുണ്ടു്;
പയ്യാരംകൂട്ടല്ലേ നിങ്ങളേട്ടാ!
ജനിച്ചവർക്കെല്ലാം മരണമുണ്ടു്;
പലരേയും നമ്മൾ കരയിച്ചില്ലേ?
നമ്മളുമൊരിക്കൽ കരഞ്ഞിടണ്ടേ?’
ആ വാക്കു കേട്ടുക്കൂടുമ്പോളേട്ടൻ
മാറത്തടിച്ചു കരയുകയും
പൊന്നനുജാ എന്നു വിളിക്കുകയും.
തച്ചോളി ഒതേനക്കുറുപ്പിനപ്പോൾ
കൂടക്കൂടാലസ്യം വന്നോളുന്നു.
ആതു കണ്ടിട്ടേട്ടനല്ലോ ചോദിക്കുന്നു,
‘മഞ്ചലു വരുത്തട്ടേ പൊന്നനുജാ?’
‘ഏതാൻ പിരാന്തുണ്ടോ യെന്റെയേട്ടാ’
മഞ്ചലിൽ കേറീട്ടു പോകുന്നേരം
കേളിയുള്ള തച്ചോളിയാണിപ്പോഴേ
പൊന്നിയമ്പടയ്ക്കങ്ങു പോയോണ്ടിറ്റു്
നടന്നു പോകാൻ കഴിയാഞ്ഞിറ്റിപ്പോൾ
മഞ്ചലിൽ കേറീറ്റു പോകുന്നല്ലോ.
മാളോർ പറഞ്ഞു പരിഹസിക്കും.’
അന്നേരത്തേട്ടൻ പറയുന്നല്ലോ;
‘എങ്ങനെ നടന്നങ്ങു പോകുന്നതു്?
ക്ഷീണമുണ്ടല്ലോ നിനക്കൊതേനാ!’
പകരം പറയുന്നു കുഞ്ഞ്യൊതേനൻ;
‘നെറ്റിത്തടർത്തിനൊരുണ്ടകൊണ്ടാൽ
പണ്ടാരാൻ ജീവിച്ചിരുന്നിട്ടുണ്ടോ?’
ആ വാക്കു കേട്ടുകൂടുമ്പൊളേട്ടൻ
നിന്നനിലയീന്നു വീണുപോയി.”
അങ്ങനെ മുമ്പു പറഞ്ഞതുപോലെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ആ മഹാവീരൻ പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനം ചെയ്തു. അദ്ദേഹത്തിന്റെ യശസ്സു് അനന്തവും അഭങ്ഗുരവുമായ ഒരു ദിവ്യജ്യോതിസ്സായി കേരളത്തിന്റെ അഭിമാനത്തെ ഇന്നും ഉദ്ദീപിപ്പിക്കുന്നു.

11.9തച്ചോളിച്ചന്തു

തച്ചോളിത്തറവാട്ടിലെ മറ്റൊരങ്ഗത്തെപ്പറ്റിക്കൂടി സ്വല്പം പ്രസ്താവിക്കേണ്ടതുണ്ടു്. തച്ചോളിചന്തു ഒതേനന്റെ അനന്തരവനും അദ്ദേഹത്തെപ്പോലെ യുദ്ധവിദഗ്ദ്ധനുമായിരുന്നു. ചന്തു താഴത്തു മഠത്തിലെ മാതുവിനെയാണു് വിവാഹം ചെയ്തതു്. ഒരിക്കൽ മാതു ഓമല്ലൂർക്കാവിൽ കുളിച്ചുതൊഴാൻ പോയി. ക്ഷേത്രത്തിൽവച്ചു തുളുനാടൻ കോട്ടയുടെ അധിപനായ കണ്ടർ മേനോൻ എന്നൊരു പ്രമാണി അവളെക്കണ്ടുമുട്ടി. ആ കാമഭ്രാന്തൻ അനുയായികളോടു ചോദിക്കുകയാണു്:–

“ഈവകപ്പെണ്ണുങ്ങൾ ഭൂമീലുണ്ടോ?
മാനത്തീന്നെങ്ങാനം പൊട്ടിവീണോ?
ഭൂമീന്നു തനിയെ മുളച്ചുവന്നോ?
എന്തുനിറമെന്നു ചൊല്ലേണ്ടു ഞാൻ!
കുന്നത്തു കൊന്നയും പൂത്തപോലെ;
ഇളംമാവിൻ തയ്യുതളിർത്തപോലെ;
കുരുത്തോലയായതിൻ വർണ്ണംപോലെ;
വയനാടൻമഞ്ഞൾ മുറിച്ചപോലെ.”
കൂടെയുള്ള നായന്മാർ ഗുണദോഷിച്ചതു കേൾക്കാതെ “ഏഴാനയ്ക്കുടയോനാം കണ്ടർമേനോൻ” കനകപ്പല്ലക്കിൽനിന്നു താഴത്തേയ്ക്കു ചാടി മാതുവിന്റെ കൈക്കു കേറിപ്പിടിച്ചു. അപ്പോൾ–

“കയ്യുംപിടിച്ചൊരു നേരംതന്നിൽ
ഇടതുള്ളിവിറച്ചിതു മാതുപെണ്ണും.
ആണുംപെണ്വല്ലാത്ത വരുതിക്കയ്യാ!
അമ്മപെങ്ങന്മാരു നിനക്കില്ലേടാ?
ഓലക്കെട്ടതിനും പെണ്ണുങ്ങൾക്കും
വഴിയതിൽപ്പോലും കിടക്കാമല്ലോ.
എന്നെ നീയറിഞ്ഞിതോ വരുതിക്കയ്യാ
തച്ചോളിച്ചന്തൂനെയറിയോ നീയു്?
അവനുടെ പെണ്ണായ മാതു ഞാനേ;
അവനീ സങ്ഗതിയറിഞ്ഞതെങ്കിൽ
കഴുവിനെക്കൊത്തുമ്പോൽ കൊത്തും നിന്നെ.”
എന്നു് ആ ധൈര്യവതി ശാസിച്ചു. കണ്ടർമേനോൻ അതൊന്നും ചെവിക്കൊണ്ടില്ല. അന്നു ചന്തുവിനു് ഇരുപത്തിരണ്ടാണു് വയസ്സു്. ഒരു സന്യാസിയുടെ വേഷത്തിൽ മേനവന്റെ കോട്ടയ്ക്കകത്തു കടന്നു് അയാളോടും അയാളുടെ നാലായിരും ഭടന്മാരോടും ആ പരാക്രമി ഒറ്റയ്ക്കു പടപൊരുതി.

“ആത്തക്കം കണ്ടുടൻ കുഞ്ഞിച്ചന്തു
ഈറ്റപ്പുലിപോലെയെതിർക്കുന്നുണ്ടു്
പോത്തും കലയും ചെറുക്കും വണ്ണം
മാനത്തു വലിയിടി വെട്ടുംപോലെ,
ബാലിസുഗ്രീവന്മാർയുദ്ധംപോലെ
ആളെ വിവരിച്ചറിഞ്ഞുകൂടാ
ആത്തക്കം കണ്ടുടൻ ചന്തുതാനും
പൂഴിപ്പോരങ്കം പിടിച്ചു ചന്തു.
പരിചക്കൊപ്പരയിൽ മണ്ണുകോരി
കണ്ടർമേനോന്റെ മുഖത്തെറിഞ്ഞു.
കണ്ണിലും മൂക്കിലും മണ്ണുപോയി;
ആത്തക്കം കണ്ടുടൻ ചന്തുതാനും
പകിരിതിരിഞ്ഞങ്ങു വെട്ടി ചന്തു;
തച്ചോളിയോതിരം വെട്ടു വെട്ടി,
ഒമ്പതു മുറിയായി വീണു മേനോൻ
ആർത്തുവിളിച്ചുടൻ കുഞ്ഞിച്ചന്തു.”
ഈ ചന്തുവിനെപ്പറ്റിയും വേറെയും പാട്ടുകളുണ്ടു്.

11.10പാലാട്ടു കോമപ്പൻ

കപ്പുള്ളിപ്പാലാട്ടെ കുങ്കിയമ്മയുടെ മകനായിരുന്നു ഒതേനന്റെ മറ്റൊരനന്തരവനായ കോമൻ നായർ (കോമപ്പൻ). തൊണ്ണൂറാംവീട്ടിലെ കുറുപ്പൻമാരും പാലാട്ടെ നായന്മാരും തമ്മിൽ ഉള്ള കുടിപ്പക വളരെക്കാലമായി നിലനിന്നുപോന്നു. അന്നത്തെ ഏഴു കുറുപ്പന്മാർക്കു് ഉണിച്ചിരുതയെന്നും ഉണ്ണിയമ്മയെന്നും രണ്ടു സഹോദരിമാരുണ്ടായിരുന്നു. ഉണ്ണിയമ്മ വാഴുന്നവരുടെ കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ കോമൻ അവിടെച്ചെന്നുചേർന്നു. രണ്ടു പേരും അന്യോന്യം പ്രണയബദ്ധരായി. അപ്പോൾ ഉണ്ണിയമ്മയുടെ ആങ്ങളമാർ കോമൻ അവിടെയുണ്ടെന്നറിഞ്ഞു് അദ്ദേഹത്തെ കൊല്ലുവാൻ എത്തി.

“അതുതാനെ കണ്ടവളുണ്ണിയമ്മ
നേരിയ ശീല എടുത്തുചുറ്റി
അരയോളം വെള്ളത്തിലിറങ്ങുന്നുണ്ടു്;
മുടിയും കഴിച്ചിട്ടുനിന്നു പെണ്ണും.
മുടിച്ചോട്ടിൽ കോമനെ നിർത്തുന്നുണ്ടു്;
അമ്പേലാ പൊട്ടിച്ചു തലയിൽ വച്ചു;
ചണ്ടി വലിച്ചു തലയിലിട്ടു;
കാലുംകവച്ചങ്ങു നിന്നുപെണ്ണു്;
മുടിയൂരിക്കളിച്ചങ്ങു നില്ക്കുന്നേരം
വാഴുന്നോരും കൂടെയുണ്ടതല്ലോ.
കുളംചുറ്റും വന്നുവളഞ്ഞവരു്
വീശൽവലകൊണ്ടു വീശിനോക്കി,
എഴുത്താണിയുളികൊണ്ടങ്ങെയ്തുനോക്കി,
കുളത്തിലിറങ്ങ്യങ്ങു തപ്പിനോക്കി.
ഊത്തനരിച്ചങ്ങു തപ്പുന്നുണ്ടു്;
വേഗത്തിൽത്തന്നെ കയറുന്നുണ്ടു്;
കോമനെത്തന്നെയും കണ്ടതില്ല.”
അതിബുദ്ധിമതിയായ ഉണ്ണിയമ്മയുടെ സാമർത്ഥ്യംകൊണ്ടു നുണച്ചുണ്ടിയായ ഉണിച്ചിരുതയുടെ ഏഷണിയിൽനിന്നും അവരുടെ ആങ്ങളമാരുടെ വൈരത്തിൽനിന്നും ഉണ്ടായ സകല പ്രതിബന്ധങ്ങളേയും ജയിച്ചു് ഒതേനനെക്കൊണ്ടു നാല്പത്തിരണ്ടു കുടിപ്പിഴയും പറഞ്ഞുതീർപ്പിച്ചു കോമപ്പൻ ആ സ്ത്രീരത്നത്തെ വിവാഹം ചെയ്യുന്നതോടുകൂടി കഥ അവസാനിക്കുന്നു. ഉണിച്ചതിരുത ചെയ്ത പല കുറ്റങ്ങൾക്കായി അവരെ ഒതേനൻ കൊല്ലുകയാണു് ചെയ്യുന്നതു്. ഈ പാട്ടാണു് കുണ്ടൂർ നാരായണമേനോന്റെ ‘കോമപ്പൻ’ എന്ന സുപ്രസിദ്ധമായ ‘പച്ചമലയാള’ കാവ്യത്തിന്റെ മൂലം.

11.11മറ്റു ചില വീരന്മാർ

11.11.1ബമ്പായി ആലിക്കുട്ടി
അപൂർവംചില വടക്കൻപാട്ടുകൾ മറ്റുചില വീരന്മാരുടെ പരാക്രമങ്ങളേയും പരാമർശിക്കുന്നു. ആദി (ലി?) രാജാവിന്റെ പാട്ടിൽ ആ രാജാവിന്റെ ഏഴാമത്തെ ആന മല കയറിയപ്പോൽ മാതങ്ഗശാസ്ത്രപാരങ്ഗതനായ ബമ്പായി (ബോംബെ) നാട്ടിലെ ആലിക്കുട്ടിയെ വിളിച്ചുകൊണ്ടുവന്നു എന്നും ആ യുവാവു് ആനയെ രാജാവിന്റെ സന്നിധിലേയ്ക്കുനയിച്ചു എന്നും അദ്ദേഹം സന്തുഷ്ടനായി തന്റെ മകളായ കുഞ്ഞിക്കന്നിയേ ആലിയെക്കൊണ്ടു വിവാഹംചെയ്യിച്ചു എന്നും കാണുന്നു. ആലിക്കുട്ടി ഒരു മന്ത്രവാദിയുമായിരുന്നു. ആനയെ ഇണക്കിയതു കവി ഇങ്ങനെ വർണ്ണിക്കുന്നു.

“മന്ത്രവുമങ്ങുജപിച്ചവനും
മന്ത്രം ഫലിച്ചല്ലോ ആനയ്ക്കപ്പോൾ
ഒറ്റടി വച്ചു നടന്നും നിന്നും
ഒട്ടൊട്ടകലെയും വന്നുനിന്നു.
“അടുത്തിങ്ങു വായെടാ കൊമ്പാ നീയ്;
ഇളനീരും വന്നു കുടിച്ചുകൊൾക.”
അടുത്തങ്ങുവന്നല്ലോ കൊമ്പനപ്പോൾ
ഇളനീരും താനേ കൊടുത്തു ആലി.
***
“ഒന്നിങ്ങുകേൾക്കണം പൊൻകെട്ട്യ കൊമ്പാ
നീയങ്ങു മലകേറിപ്പോന്നേപ്പിന്നെ
രാജാവിന്റെ സ്ഥിതി ഓർത്തുകൂടാ;
ഊണുമുറക്കവുമില്ലാതായി.
നിന്നേയുമോർത്തു ഉരുകീടുന്നു;
അതുകൊണ്ടു നോക്കങ്ങു പോകവേണം;
ഇണക്കവും മൂളു നീ കൊമ്പാ” യെന്നു്
ഇണക്കവും മൂളിച്ചു ആലിക്കുട്ടി.
പൊൻകെട്ട്യ കൊമ്പു പിടിച്ചുകൊണ്ടു
ആറാംമലയുമിറങ്ങുന്നുണ്ടു്.”

11.11.2പുതുനാടൻ കേളു
പുതുനാടൻ ചന്തുവും കേളുവും സഹോദരന്മാരായിരുന്നു. ചന്തു, മാതു എന്നൊരു സ്ത്രീയെ താലികെട്ടി അവളെ ആയുധവിദ്യയും മറ്റും പഠിപ്പിച്ചു് അവൾക്കു സർവസ്വവും ദാനം ചെയ്തു. വട്ടോളി മേനോൻ എന്നൊരാൾ മൂവായിരം പണത്തിന്റെ പൊന്നരഞ്ഞാൾ അഴിച്ചുകൊടുത്തു് അവളുടെ ജാരനായി. മേനവനെക്കൊണ്ടു് അവൾ ചന്തുവിനെ കൊല്ലിച്ചു. ചന്തു വളർത്തിയ മല്ലി എന്നും ചൊക്കനെന്നും പേരുള്ള രണ്ടു നായ്ക്കളിൽ ഒന്നു ശവത്തെ കാത്തുകൊണ്ടു് അവിടെ ഇരിക്കുകയും മറ്റേതു് ഓടിച്ചെന്നു വിവരം കേളുവിനെ ഗ്രഹിപ്പിക്കുകയും ചെയ്തു. കേളു പാഞ്ഞെത്തി മാതുവിന്റെ അറയിൽ മേനോൻ കൊടുത്ത അരഞ്ഞാൾ കണ്ടു് മാതുവിന്റെ കട്ടിലിന്മേൽ ചെന്നിരുന്നു.

“വാചകം ചോദിച്ചരിഞ്ഞു മുടി;
രണ്ടുവലംവച്ചരിഞ്ഞു മുല;
മൂന്നുവലംവച്ചരിഞ്ഞു കാതു്;
നാലുവലംവച്ചരിഞ്ഞു മൂക്കു്;
പരിചകൊണ്ടാന്നങ്ങടിച്ചു കേളു;
വായിലേപ്പല്ലുമടർന്നു വീണു;
നേത്രവുമൊന്നുകളഞ്ഞു കേളു.”

11.11.3കരുമ്പറമ്പിൽ കണ്ണൻ
കരുമ്പറമ്പിൽ കണ്ണൻ എന്ന തീയയുവാവിനു് ആർച്ച എന്ന പതിവ്രതയായ ഒരു ഭാര്യയുണ്ടായിരുന്നു. കണ്ണൻ തോട്ടത്തിൽ ചെത്തുവേലയ്ക്കു പോയപ്പോൾ പുതുക്കോലത്തു തമ്പുരാൻ ആ സ്ത്രീയെ കാമിക്കുകയും ഒരു രാത്രിയിൽ അവൾക്കു നാലു കുത്തു പട്ടും ഒരു സ്വർണ്ണമോതിരവും സമ്മാനിക്കുകയും ചെയ്തു. പിറ്റേദിവസം ആർച്ച കണ്ണനെ പൂണൂൽ ധരിപ്പിച്ചു് ഒരു നമ്പൂരിയാക്കി തമ്പുരാൻ തനിക്കുതന്ന പട്ടും മോതിരവും രാജാവിന്റെ ഭാര്യയുടെ കൈയിൽ കൊടുക്കുവാൻ ചട്ടം കെട്ടിയയച്ചു. കണ്ണൻ ആ ഉദ്യമത്തിൽ വിജയിയായി. തമ്പുരാൻ വിവരമറിഞ്ഞു വ്യസനിച്ചു കണ്ണനെ കഴുവേറ്റുവാൻ കല്പനകൊടുത്തു. ആർച്ച തിരുമുമ്പിൽ എത്തി കണ്ണൻ ചെയ്ത കുറ്റമെന്തെന്നു ചോദിച്ചതിനു്

“കന്യകതന്നെ പിഴപ്പിച്ചവൻ
ഇവനെയുമങ്ങു വിടുകയില്ല.
കഴുവേറ്റാൻ തന്നെയും നിശ്ചയിച്ചു.”
അതു കേട്ട നേരത്തുചൊല്ലിയാർച്ച.
“ആദ്യം പിഴപ്പിച്ചു തമ്പുരാനും;
പിന്നെപ്പിഴപ്പിച്ചു കണ്ണനല്ലോ.
ആദ്യം പിഴയങ്ങു തീർത്തുതന്നാൽ
പിന്നെപ്പിഴ ഞാനും തീർത്തുതരാം.
ഓമനമുഖം വാടി തമ്പുരാന്റെ;
ഇതിനു വഴിയങ്ങു കാണുന്നില്ല.
കണ്ണന്റെ കയ്യും പിടിച്ചു ആർച്ച
ഇരുപേരും കൂടീട്ടുപോരുന്നുണ്ടു്!”

11.12ഉപസംഹാരം

ഇനിയും ‘ബാല’ ‘കുഞ്ഞാനുക്കൻ’ മുതലായി ചിലരെപ്പറ്റി പാട്ടുകളുണ്ടു്; അവയെക്കുറിച്ചു് ഇവിടെ ഒന്നും പ്രസ്താവിക്കുന്നില്ല. മേൽ ഉദ്ധരിച്ച ഭാഗങ്ങളിൽനിന്നും വടക്കൻപാട്ടുകളുടെ ലാളിത്യവും മാധുര്യവും ഏതു തരത്തിലുള്ളതാണെന്നു വായനക്കാർക്കു ധാരാളമായി അനുഭവപ്പെട്ടിരിക്കണം. പ്രസ്തുതഗാനങ്ങളിൽ കാണുന്ന രചനാവൈകല്യങ്ങൾക്കു മുഴുവൻ അവയുടെ കർത്താക്കന്മാരെ ഉത്തരവാദികളാക്കുവാൻ പാടുള്ളതല്ല. കർണ്ണാകർണ്ണികയാ കേട്ടു പഠിക്കുന്നതും അനക്ഷരഞ്ജന്മാർ പാടുന്നതുമായ പാട്ടുകളിൽ ഇത്രമാത്രം ദോഷങ്ങളെ കടന്നുകൂടീട്ടുള്ളുവല്ലോ എന്നോർത്തു സമാശ്വസിക്കുവാനാണു് നമുക്കു് അധികം ന്യായമുള്ളതു്. ധീരോദാത്തത തികഞ്ഞ നായകന്മാരും നായികമാരുമത്രേ ഈ പാട്ടുകളിൽ നമ്മെ അഭിമുഖീകരിക്കുന്നതു്. ബഹുഭാര്യാത്വത്തെ ഇവയിൽ ഒരു ദുരാചാരമായി കരുതീട്ടില്ല. അതു് (‘None but the brave deserve the fair’) ‘ശൂരന്നു ചേരേണ്ടവൾതന്നെ സുന്ദരി’ എന്ന ആപ്തവാക്യമനുസരിച്ചോ അന്നത്തെ നാട്ടുനടപ്പനുസരിച്ചോ എന്നു തീർച്ചയില്ല. എന്നാൽ സ്ത്രീകളുടെ ചാരിത്രം ഏറ്റവും നിഷ്കർഷയോടുകൂടി പരിപാലിക്കപ്പെട്ടിരുന്നു. തേച്ചുകുളി, കുറി, ഊണു മുതലായ കാര്യങ്ങൾ എല്ലാ പാട്ടുകളിലും പ്രായേണ ഒന്നുപോലെയാണു് വർണ്ണിക്കുന്നതു്. കുളത്തിൽവച്ചാണു് മിക്ക പ്രണയങ്ങളും ആരംഭിക്കുന്നതു്. ഇങ്ങനെ അനാശാസ്യമായ ഐകരൂപ്യം ചില അംശങ്ങളിൽ നാം കാണുന്നുണ്ടു്. ചില കഥകളിൽ ആവാപോദ്വാപങ്ങളും ഇല്ലെന്നില്ല. തച്ചോളിച്ചന്തുവിനെപ്പറ്റിയുള്ള ഒരു പാട്ടിൽ മദിരാശിപ്പട്ടാളത്തെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നു. ഒതേനനെപ്പറ്റിയുള്ള ഒരു പാട്ടിൽ ‘കാപ്പികുടിച്ചിറ്റേ പോകവേണ്ടൂ’ എന്നു പറയുന്നുണ്ടെങ്കിലും കുടിക്കാൻ കൊടുക്കുന്നതു പാലാണു്. ഗോതമ്പുറൊട്ടിയെപ്പറ്റിയും അടുത്തുതന്നെ പ്രസ്താവിച്ചുകാണുന്നു. ഈ ന്യൂനതകൾ നിസ്സാരങ്ങളാണു്. രസാനുഗുണമായ വർണ്ണനാവൈവിധ്യം എല്ലാ പാട്ടുകളിലും സമൃദ്ധമായുണ്ടു്. മൊത്തത്തിൽ നോക്കുമ്പോൾ വടക്കൻ പാട്ടുകൾക്കുള്ള വശീകരണശക്തി അസാമാന്യമാണെന്നു് ഏതു ഭാവുകനും സമ്മതിക്കുക തന്നെ ചെയ്യും. പുരാണേതിഹാസകഥകളെത്തന്നെ തിരിച്ചും മറിച്ചും, കൂട്ടിയും കുറച്ചും, വർണ്ണിക്കുന്ന കൃതികളെ നീക്കിയാൽ അധികമൊന്നും അവശേഷിക്കാത്ത ഭാഷാസാഹിത്യത്തിൽ ഇത്തരത്തിലുള്ള പാട്ടുകൾ അമൂല്യരത്നങ്ങളാണെന്നുള്ളതും അനപലനീയമായ ഒരു പരമാർത്ഥമാണു്.

11.13മാപ്പിളപ്പാട്ടുകൾ

മലബാറിലെ മഹമ്മദീയരേയും, തിരുവിതാംകൂർ, കൊച്ചി, ഈ രാജ്യങ്ങളിലെ നാട്ടുക്രിസ്ത്യാനികളെപ്പോലെ മാപ്പിളമാർ എന്നു വിളിച്ചുവരുന്നു. അവരുടെ ഇടയിലും ചില പാട്ടുകൾ പ്രചരിക്കുന്നുണ്ടു്. അവയിൽ പ്രാചീനങ്ങളായുള്ളവയ്ക്കു് അറുനൂറു കൊല്ലത്തേയെങ്കിലും പഴക്കം കാണണം എന്നാണു് അഭിജ്ഞന്മാരുടെ പക്ഷം. ചേറ്റുവായി പരീതുകുട്ടിയുടെ ഫുത്തൂഹുശ്ശാം, കൂട്ടായി കുഞ്ഞിക്കോയയുടെ വലിയ നസീഹത്തുമാല ഇവയാണു് ഇക്കാലത്തു കാണുന്ന പാട്ടുകളിൽ പുരാതനങ്ങൾ. പൊന്നാനി മാളിയക്കലത്തു കുഞ്ഞഹമ്മതിന്റെ ഹുനൈൻ മുതലായ കവിതകൾ ആധുനികങ്ങളാണു്. മാപ്പിളമലയാള ലിപിമാലയിൽ ആദ്യം മുപ്പത്തിമൂന്നു് അക്ഷരങ്ങളേ ഉണ്ടായിരുന്നുള്ളു. അറബിവാക്കുകൾ കൂടി എഴുതുന്നതിനുവേണ്ട സൗകര്യം ആ ലിപിമാലയിൽ ഉണ്ടായിരുന്നു. സംസ്കൃതപദങ്ങൾ ആധുനികകാലത്തു് പ്രവേശിച്ചു തുടങ്ങിയപ്പോൾ അവ അൻപതായി വർദ്ധിച്ചു. മാപ്പിളമലയാളകൃതികൾക്കു് അറബിപ്പദങ്ങളുടെ സങ്ക്രമണം മൂലവും മറ്റും ശബ്ദശുദ്ധി കുറയുമെങ്കിലും സംഗീതാത്മകത ധാരാളമായുണ്ടു്. വീരവും ശൃങ്ഗാരവുമാണു് അവയിലെ രസങ്ങൾ. ചില ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം. രണ്ടു സ്ത്രീകൾതമ്മിൽ കലഹം

“അടിപെട്ടു കൊത്തിപ്പിടിത്താരോ അണൈ
താലിയും മാലൈയറുത്താരോ
പിടിപെട്ടു സിന്നും കടിത്താരോ; പിച്ച
ച്ചട്ടയും കീറിപ്പെടുത്താരോ
കടുകെപ്പുതപ്പോടെ കെട്ടിമറിന്തിട്ടും
കരിശത്തിൽക്കാശിനിൽക്കൂടെ വിഴുന്തിട്ടും
ഇടറിപ്പിടൈത്തവർ പിന്നുമെഴുന്തിട്ടും
ഇരുപേരുമൊട്ടുമയങ്കി നിലന്തിട്ടും.”
ഒരു യുവതിയുടെ വർണ്ണനം

“പെട്ടാലങ്കൾ ചിലമ്പൊടു കിങ്കിണി
തൊട്ടാരംതരിതണ്ടകളും കനി
പ്പിറമെഞ്ചിയും പാടകം ചെറു–
പൊൻകടകങ്കളും ചങ്കല കങ്കണം
ഓരോ മാതിരിയാൽച്ചുടരാരമോതിരമേ
തട്ടാകൾ ഉടർ പൊന്നരഞ്ഞാണുകൾ
മൊട്ടാടും പൊൻപതക്കമുറുക്കുകൾ.”

കുറിപ്പുകൾ

1 അങ്കം വെട്ടുന്ന യോദ്ധാവു്.

2 മറ്റൊരു പാട്ടിൽ വേറേയും കാരണം കാണാം.

 


അദ്ധ്യായം 12 - നാടോടിപ്പാട്ടുകൾ III

12.1തെക്കൻപാട്ടുകൾ

തെക്കൻ തിരുവിതാങ്കൂറിൽ വില്ലടിച്ചാൻപാട്ടു് അല്ലെങ്കിൽ വില്ലുകൊട്ടിപ്പാട്ടു് എന്നൊരു കഥാഗാനസമ്പ്രദായം ഇന്നും പ്രചരിയ്ക്കുന്നുണ്ടു്. അവിടത്തേ തമിഴരുടെ സംഭാഷണരീതിയിലുള്ള പ്രാകൃതത്തമിഴിലാണു് ആ സമ്പ്രദായത്തിൽ ഉൾപ്പെടുന്ന പാട്ടുകൾ പ്രായേണ രചിക്കപ്പെട്ടിട്ടുള്ളതു്. മലയാളമല്ലെന്നു മലയാളികളും നല്ല തമിഴല്ലെന്നു തമിഴരും ആ പാട്ടുകളെ പുച്ഛിച്ചു ത്രിശങ്കുസ്വർഗ്ഗത്തിൽ തള്ളിനിറുത്താറുണ്ടെങ്കിലും അവയ്ക്കും വടക്കൻപാട്ടുകളെപ്പോലെ തന്നെ അക്ലിഷ്ടമനോഹരമായ ഒരാകൃതിയും അനന്യസുലഭമായ ഒരാവർജ്ജകതയും ഉണ്ടു്. “വാഗ്ദേവീമുഖാംഭോജനിസ്സൃതം മുഗ്ദ്ധഭാഷിതം” എന്നു് ഈ രണ്ടിനത്തിലുള്ള കൃതികളെപ്പറ്റിയും പറയാം. വില്ലടിച്ചാൻപാട്ടുകാരുടെ ഗീതോപകരണങ്ങൾ വില്ലു്, കുടം, കോൽ ഇവയാണു്. വില്ലിൽ രണ്ടറ്റത്തുമോ നെടുനീളെയോ മണികൾ കെട്ടിയിരിക്കും. കുടം ലോഹനിർമ്മിതമായിരിക്കണം; അതിന്റെ മുഖം തോൽ കൊണ്ടു കെട്ടിയടിച്ചിരിക്കും, തലയ്ക്കൽ വലതുവശമായിരുന്നു് ആശാൻ (പുലവർ) വില്ലിലും എതിർവശമായിരുന്നു് ശിഷ്യർ കുടത്തിലും കോൽകൊണ്ടു കൊട്ടും. വില്ലു മുഖ്യോപകരണമാകയാലാണു് വില്ലടിച്ചാൻപാട്ടുകൾക്കു് ആ പേർ വന്നതെന്നു പറയേണ്ടതില്ലല്ലോ; തെക്കൻപാട്ടുകളെ (1) ബാധാപ്രീതികരങ്ങളെന്നും (2) ദേശചരിത്രപരങ്ങളെന്നും (3) ദേവാരാധനോപയുക്തങ്ങളെന്നും മൂന്നിനമായി വിഭജിക്കാം. ധീരോദാത്തന്മാരായ രാജാക്കന്മാർ, ദേശഭക്തന്മാരായ സേനാനിമാർ, പതിവ്രതകളായ മനസ്വിനിമാർ, മുതലായവർ അപമൃത്യുവിനു വശഗരാകുമ്പോൾ അവർ മാടൻ യക്ഷി മുതലായ രൂപങ്ങൾ കൈക്കൊള്ളുമെന്നും, പൂർവാപദാനങ്ങൾ വാഴ്ത്തി അവരെ പ്രീതിപ്പെടുത്തേണ്ടതു് ഐഹികക്ഷേമത്തിനു് അത്യാവശ്യകമാണെന്നുമുള്ള വിശ്വാസം നിമിത്തമാണു് അവരെപ്പറ്റി ജനങ്ങൾ വില്പാട്ടുകൾ പാടിക്കുന്നതു്. ആ പാട്ടുകൾ നമുക്കു രാജ്യചരിത്രം, സമുദായചരിത്രം തുടങ്ങിയ വിഷയങ്ങളിൽ അമൂല്യങ്ങളായ അറിവുകൾ നല്കുവാൻ പര്യാപ്തങ്ങളാകുന്നു. കൊല്ലത്തിനു വടക്കു് ഈവകപ്പാട്ടുകൾ പാടിവരുന്നതായി അറിയുന്നില്ല. മറ്റു പല സാഹിത്യവിഭാഗങ്ങളുടേയുമെന്നപോലെ വില്പാട്ടുകളുടെ കാര്യത്തിലും പുരാണകഥകൾ ചരിത്രകഥകളെ കാലക്രമേണ ഗളഹസ്തംചെയ്തുകാണുന്നുണ്ടെങ്കിലും ദുർദ്ദേവതകളെപ്പറ്റിയുള്ള വിശ്വാസവും ഭയവും ഇന്നും ഉൾനാടുകളിൽനിന്നു് മുഴുവൻ മറഞ്ഞുപോയിട്ടില്ലാത്തതുകൊണ്ടു് ആ കഥകളെ ജനങ്ങൾ ആകമാനം വിസ്മരിക്കുക കഴിഞ്ഞിട്ടില്ല. ചില പ്രത്യേക ദിവസങ്ങളിൽ ഓരോ സ്ഥലത്തു് ഓരോ പാട്ടുകൾ പാടി ആ ദേവതകളുടെ പ്രീതി സമ്പാദിക്കുവാൻ ഇന്നും ഗ്രാമീണന്മാർ ശ്രദ്ധിക്കാറുണ്ടു്.

12.2ബാധാപ്രീതികരങ്ങളായ പാട്ടുകൾ

12.2.1ഉപക്രമവും ഉപസംഹാരവും
ഗണപതിവന്ദനം, സരസ്വതീവന്ദനം, ഇഷ്ടദേവതാവന്ദനം, ഗുരുവന്ദനം, സഭാവന്ദനം, ഇവയെല്ലാം ഉപക്രമരൂപത്തിലുള്ള ചില പാട്ടുകൾകൊണ്ടു ഗായകന്മാർ നിർവ്വഹിക്കുന്നു. ഒടുവിൽ ഗാനത്തിനു വിഷയീഭവിക്കുന്ന നായകന്റെ പ്രസാദത്തിനുവേണ്ടി പന്തൽവരം, പൂപ്പട, കുടിയിരുത്തു് ഈ പേരുകളിൽ ചില പാട്ടുകളും പാടാറുണ്ടു്. പുതുവാതപ്പാട്ടിലെ പന്തൽവരത്തിൽ നിന്നു് ഒരു ഭാഗമാണു് താഴെ ഉദ്ധരിക്കുന്നതു്.

“തമ്പിരാനേ, പെരിയോനേ! ചന്തമൊത്ത പൂപ്പടയ്ക്കു
ഇമ്പമാക വിളയാടിവായേ; ഇതത്ത പുതുവാതത്തമ്പിരാനേ!
ആടുകിലും മന്നാ ആടിവായേ ചൂടുകിലും മന്നാ, ചൂടിവായേ,
ചെങ്ങഴുനീർ മാലചൂടിവായേ………
തുടലറുത്തന ആനപോലെ തുള്ളിയാടിവായേ തമ്പിരാനേ!
കടിയകട്ടിയലും കൈയുമാക കളിത്താടിവായേ തമ്പിരാനേ!
മന്നവരുടവാളുമിറുക്കപ്പൂട്ടി മണ്ടിവിളയാടും പൂപ്പടയ്ക്കു.”

12.2.2കാലവും കവികളും
ക്രി. പി. ഒൻപതാം ശതകത്തിൽ നടന്ന സംഭവങ്ങളെപ്പറ്റിയുള്ള പാട്ടുകൾപോലും കാണ്മാനുണ്ടെങ്കിലും അവയിൽ പിൽക്കാലങ്ങളിൽ പല പ്രക്ഷിപ്തങ്ങൾ കടന്നുകൂടീട്ടുണ്ടു്. “ദിവാൻവെറ്റി” എന്ന പേരിൽ രായകേശവദാസനെയും മറ്റും പുകഴ്ത്തി ക്രി. പി. പതിനെട്ടാം ശതകത്തിൽ ഒരു പാട്ടുണ്ടായി. ഇപ്പോഴും ചില പുതിയ പാട്ടുകൾ ചിലർ രചിക്കുകയും അവയെ ഗായകന്മാർ പാടുകയും ചെയ്യാറുണ്ടു്. അക്കൂട്ടത്തിൽ തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശനവിളംബരത്തെപ്പറ്റിയുള്ള ഒരു പാട്ടു പാടുന്നതു ഞാൻ തന്നെ ആയിടയ്ക്കു കേൾക്കുകയുണ്ടായി. വില്പാട്ടുകളുടെ നിർമ്മാതാക്കൾക്കു് ഒരു ഭാഷയിലും പറയത്തക്ക ജ്ഞാനമുണ്ടായിരുന്നില്ല. അവരെല്ലാം തീരെ അപ്രസിദ്ധന്മാരുമാണു്. പൂവാറ്റേ (നെയ്യാറ്റിൻകരത്താലൂക്കിൽ) ചേരമാണിക്കപ്പുലവർ, പരപ്പക്കുട്ടിപ്പുലവർ, ഇങ്ങനെ ചില ഗുരുക്കന്മാരെപ്പറ്റി മാത്രമേ അവർ പ്രസ്താവിച്ചുകാണുന്നുള്ളു. ഇടക്കാലങ്ങളിൽ ചില പുലവന്മാർ പഴയ പാട്ടുകൾക്കു പകരം പുതിയ പാട്ടുകൾ ഉണ്ടാക്കി പാടിത്തുടങ്ങി. അങ്ങനെയുള്ള പാട്ടുകളെ ‘പുത്തൻ’ എന്നു പറഞ്ഞുവരുന്നു. ഗണപതിപുത്തൻ, പുരവിയേറ്റുപുത്തൻ, ചുമടുകെട്ടിയപുത്തൻ, ഇരവിക്കുട്ടിപ്പിള്ളപട്ടുപോയ പുത്തൻ, എന്നും മറ്റും പല പുത്തൻപാട്ടുകൾ അത്തരത്തിലുണ്ടു്. ചില പഴയ വില്ലടിച്ചാൻപാട്ടുകളെപ്പറ്റി ഇനി ചുരുക്കത്തിൽ പ്രസ്താവിയ്ക്കാം.

12.3കന്നടിയൻപോരു്

പാണ്ഡ്യവംശജനായ കുലശേഖരൻ എന്ന (പൊന്നുംപാണ്ഡ്യൻ എന്നും പറയും) ഒരു രാജാവും അദ്ദേഹത്തിന്റെ നാലു് അനുജന്മാരും കൂടി ക്രി. പി. 1265-ാമാണ്ടു് വള്ളിയൂരിൽ പുത്തനായി ഒരു ദുർഗ്ഗാക്ഷേത്രവും കോട്ടയും പണിയിച്ചു് അവിടെ രാജ്യഭാരമാരംഭിച്ചു.

“നല്ലകൊല്ലം നാനൂറു നാല്പത്തൊന്നാമാണ്ടിൽ
ചെപ്പമുള്ള ചിങ്ങമാസം പതിനൊന്നാം തേതിയിലേ
നാലുതിക്കും കോട്ടൈ കെട്ട നല്ല മരം മുനൈയറൈന്താർ.”
കാഞ്ചീപുരത്തിനു വടക്കു കന്നടിയൻ എന്നൊരു വടുകരാജാവു് അക്കാലത്തു ജീവിച്ചിരുന്നു. ആ രാജാവിന്റെ പുത്രി വള്ളിയൂർ രാജാവിന്റെ ചിത്രം കണ്ടു് അദ്ദേഹത്തെ കാമിച്ചു. കന്നടിയൻ കുലശേഖരനോടു തന്റെ മകളെ വിവാഹം ചെയ്യണമെന്നപേക്ഷിച്ചു എങ്കിലും അദ്ദേഹത്തിന്റെ കുടുംബം ജാതിയിൽ കിഴിഞ്ഞതാകയാൽ ആ യുവതിയുമായുള്ള ബന്ധം തനിക്കു് അവിഹിതമാണെന്നു കുലശേഖരൻ മറുപടി അയച്ചു. ആ പ്രതിസന്ദേശം കന്നടിയനെ അത്യന്തം ക്ഷോഭിപ്പിച്ചു. കുലശേഖരനെ യുദ്ധത്തിൽ ജയിച്ചു ബന്ധനസ്ഥനാക്കിയെങ്കിലും തന്റെ പുത്രിയെ അദ്ദേഹത്തെക്കൊണ്ടു വിവാഹം ചെയ്യിപ്പിക്കുന്നുണ്ടെന്നു് ആ വീരൻ പ്രതിജ്ഞചെയ്തു. കന്നടിയൻ പുത്രിയോടും ഒരു വലിയ സൈന്യത്തോടും കൂടി വള്ളിയൂർക്കോട്ട വളഞ്ഞു. വള്ളിയൂരിലെ യോദ്ധാക്കൾ ആ അതിക്രമത്തെ സധൈര്യം തടുത്തു. കോട്ടയ്ക്കകത്തേക്കു വെള്ളം പാഞ്ഞുകൊണ്ടിരുന്ന കാൽവായിലെ മടകൾ ശത്രുക്കൾ അടച്ചു; എങ്കിലും കുലശേഖരനു തന്നിമിത്തം യാതൊരു ഹാനിയും തട്ടിയില്ല. അങ്ങനെയിരിക്കേ ഒരു കള്ളമടയിൽക്കൂടി കോട്ടയ്ക്കകത്തുള്ള നീരാഴിയിൽ പിന്നെയും വെള്ളം പാഞ്ഞുകൊണ്ടിരുന്നതു് ഒരു ഇടച്ചിയിൽനിന്നു വടുകരാജാവു മനസ്സിലാക്കി അതിനേയും അടച്ചു. അതോടുകൂടി കുലശേഖരൻ അവിടെ നിന്നോടി അന്നു പത്മനാഭപുരത്തിനു സമീപം കേരളപുരത്തു രാജധാനിയിൽ താമസിച്ചിരുന്ന തിരുവിതാങ്കൂർ മഹാരാജാവിനെ അഭയം പ്രാപിക്കുകയും അവിടെനിന്നു ലഭിച്ച സൈന്യസാഹായ്യത്തോടുകൂടി കന്നടിയനോടു വീണ്ടും യുദ്ധം ചെയ്യുകയും ചെയ്തു. ആ യുദ്ധത്തിൽ കുലശേഖരൻ പരാജിതനും ബന്ദിയുമായി. അദ്ദേഹത്തെ ഒരു മഞ്ചലിൽ കയറ്റി സേനാപതി കന്നടിയന്റെ സന്നിധിയിലേക്കു കൊണ്ടു പോയി; പക്ഷേ വഴിക്കുവച്ചു് ആ ക്ഷത്രിയവീരൻ വാൾകൊണ്ടു കഴുത്തുവെട്ടി ആത്മഹത്യ ചെയ്തുകഴിഞ്ഞിരുന്നതിനാൽ അദ്ദേഹത്തിന്റെ ശവം മാത്രമേ ശത്രുവിനു ലഭിച്ചുള്ളു. കന്നടിയന്റെ സുന്ദരിയായ പുത്രി ആ ശവത്തെ മാലയിട്ടു് അഗ്നിപ്രവേശം ചെയ്തു. കന്നടിയൻ ദുഃഖിതനായി അവിടെ വിട്ടു സ്വദേശത്തേയ്ക്കു പോകുകയും വള്ളിയൂർ രാജ്യം തിരുവിതാങ്കോട്ടേയ്ക്കു് അടങ്ങുകയും ചെയ്തു. ഇതാണു് കന്നടിയൻ പോരിലെ ഇതിവൃത്തം.

12.3.1ആ പാട്ടിലെ ചില ഭാഗങ്ങൾ
രാജപുത്രി കുലശേഖരന്റെ പടം കാണുന്ന ഭാഗത്തിൽനിന്നാകുന്നു താഴെ കാണുന്ന വരികൾ ഉദ്ധരിക്കുന്നതു്.
“പണ്ടാരങ്കൾ ചിലപേർകൾ പാണ്ടിമന്നർ വടിവതെല്ലാം
കണ്ടിരുന്തു പടമെഴുതിക്കാവിയംപോൽ കൊണ്ടുചെന്റു
***
മന്നവനാർ വടിവതെല്ലാം വയ്യകത്തിലെങ്കും കാട്ടി
കന്നടിയൻ ശീമയിലേ കന്നിനല്ലാൾ വീത്തിരുക്കും
പൊന്നുമണിമേടയിലേ പോയ്പ്പുകുന്താർ പാടവെന്റു.
ചെന്റു നിന്റു പാടിടവേ തേൻമയലും മൊഴിമടവാർ
മണ്ടിച്ചെന്റു പൂങ്കുഴലാൾ മങ്കയവൾ പാർത്തിരുന്താൾ.
പാർത്തിരുന്ത വേളയിലെ പാണ്ടിമന്നരൈവരിലും
അന്ത മന്നർ വടിവൈക്കേട്ട ചങ്കിമെത്തത്തിചങ്കിവിട്ടാൾ.
കുന്തലതു കുലൈന്തിടവേ കൊടിയിടയാളാടിവര
പൊൻതുകിലും പേണാമൽ പൂവണൈ മേലേ ചരിന്താൾ.”
ആ യുവതി അച്ഛനോടു തന്റെ അന്തർഗ്ഗതം ഇങ്ങനെ അറിയിക്കുന്നു.

“അന്തവണ്ണം തകപ്പനുട അടുക്കയങ്കേ ചെന്റു നിന്റു
മുന്തിയടി തൊഴുതിറങ്കി മൊയു് [1] കുഴലാളുരത്തിടുവാൾ.”
“ആണ്ടവനേ, എന്നുടയ അപ്പച്ചിയാരൊന്റു കേളായ്
നാനിരുന്തു ചടൈത്തിടിലും നരൈത്തകൊണ്ടൈ മുടിത്തിടിലും
ഊനിരന്തു [2] കളിത്തിടിലുമുയിരിളന്തു പോയിടിലും
കൊറ്റവനാർ പാണ്ടിമന്നൻ കുലശേഖരൻ താനൊഴിയ
മറ്റൊരുവരെന്നൈവന്തു മാലയിട നിനൈപ്പതില്ലൈ
എഴുതവൊണ്ണാവടിവഴകൻ ഇലങ്കുംമുടി പാണ്ടിയൻതാൻ
പഴുതറവേ മാലയിട്ടു പടിയരുളാതിരുന്തിടുകിൽ
അഴുത കണ്ണീരാറാമൽ അക്കിനിയിൽ നാൻ വീഴ്വേൻ.
വീഴ്വതുതാൻ നിച്ചയമേ; വെൺകനലിൽ നാൻ വിഴുവേൻ
വാഴ്വതില്ലൈയൊരുവരോടേ മന്നവരൈത്താനൊഴിയ.”
ദൂതൻ ചെന്നു കന്നടിയന്റെ ഇങ്ഗിതമറിയിച്ചപ്പോൾ കുലശേഖരൻ –

“പണ്ടിരുന്ത കന്നടിയർ പാണ്ടിയരാചാക്കളോടേ
കൊണ്ടിരുക്ക വേണമെന്റു കൂറിവിട്ട ഞായമുണ്ടോ?”
എന്നു ചോദിച്ചു. ആ വിവരം കന്നടിയൻ അറിയുകയും പുത്രിയുടെ പ്രവൃദ്ധമായ പാരവശ്യം കാണുകയും ചെയ്തപ്പോൾ

“ഇണങ്കിയും താൻ പിണങ്കിയും താൻ എന്ന വകൈയാകിലും താൻ
മണംചെയ്യിപ്പേനുന്തനുക്കു, മകളേ, നീയും മലങ്കാതേ.”
എന്നു് അവളെ സമാധാനപ്പെടുത്തി. പിന്നീടാണു് കന്നടിയന്റെ യുദ്ധയാത്ര. ഇടയിൽ പല ഉപകഥകളും കൂട്ടിച്ചേർത്തിട്ടുണ്ടു്. കുലശേഖരൻ ഒരു വേശ്യയെക്കണ്ടു മോഹിച്ചു് അവളുടെ താമസസ്ഥലത്തുപോയി തിരിയെ പള്ളിയറയിൽ വരുമ്പോൾ പട്ടമഹിഷി പറയുന്ന വാക്കുകളാണു് താഴെ ഉദ്ധരിക്കുന്നതു്.

“പാർത്തിരുക്കും വേളയിലേ പാണ്ടിമന്നർ കുലശേഖരർ
കാത്തിരുന്ത ഓട്ടനോടേ കടുകയങ്കേ ചെല്ലുവാരാം.
ചണ്ടയിടുകളവർ വന്തു തനിവഴിമേൽ മറിത്തുകൊണ്ടു
കൊണ്ടുപോന പണ്ടമെല്ലാം കൊടുത്തുവിട്ട മനിതരൈപ്പോൽ
മങ്കനല്ലാൾ വീത്തിരുക്കും മണ്ടപത്തിൽ വന്തിരുന്താർ.
വന്തിരുന്ത മന്നവർതൻ വളപ്പമെല്ലാം കേട്ടപോതേ
വന്തു ചാവാ [3] യ്പ്പെൺകൊടിയാൾ തെന്നവനോടേതു ചൊൽവാൾ
തെന്നവനേ, മന്നവനേ, തെൻമതിരൈക്കാവലവാ!
മന്നവനേ, പാണ്ടിയനേ, മഞ്ചൈവിട്ടു വിലകു മന്നാ
മുകപ്പണിയുമെടുത്തണിന്തു മുഴുത്തുമിന്നപ്പാതിരാവും
ഇപ്പൊഴുതേ പോനവിടം എനക്കറിയച്ചൊല്ലു” മെന്റാൾ.
“പാളയത്തിൽ വേളയങ്കൾ [4] പാർത്തുവരപ്പോനേൻ നാൻ.”
“കയ്യിലിട്ട വളയലെങ്കേ കാല്പന്തിയുമെങ്കെ മന്നാ?”
***
“പന്നു [5] തമിഴ്പ്പെൺകൊടിയേ, പാളയത്തിൽപ്പോറനേരം
കന്നിയിളംപെൺകൊടിയേ കഴറ്റിവൈത്തുപ്പോനേൻ നാൻ”
“കഴറ്റിവൈത്തുപ്പോനാക്കാൽകരുവേലത്തിൽക്കാണാതോ?
പൂരായം [6] പറൈന്തീരോ പുകൾപെരിയ പാണ്ടിയനേ?
പാളയത്തിൽപ്പോനവർക്കു പരിമളങ്കൾ വീശിടുമോ?”
***
“പരദേശിയൈത്തൊട്ടവർകൾ പള്ളിയറയിലുമാകാതു”
കാതി [7] യവരിരുപേരും കൺചീറിത്തങ്കളിലേ
പള്ളിയറൈ വേറെയാനാർ! പടുക്കൈയങ്കെ വേറെയാനാർ.”
ഒരു ചിത്തിരമാസം പതിനെട്ടാം തീയതിയായിരുന്നുവത്രേ രാജകുമാരി ശവത്തെ വിവാഹം ചെയ്തതു്. അവൾ,

“എന്നാലേ പാണ്ടിമന്നർ ഇറന്തുവിട്ടാർ! മൂടാവുക്കുൾ
ഇങ്കിരുന്താൽപ്പോരാതു ഇനി നമുക്കുപ്പോക്കുമില്ലൈ”
എന്നും പറഞ്ഞുകൊണ്ടു്–

“താമ്രവണ്ണിത്തെൻകരൈയിൽത്താവാരക്കരൈയതിലേ
ചന്തണമും കാരകിലും തറിത്തു നല്ല കട്ടൈ കുട്ടി”
അതിൽ തീയെരിച്ചു്–

“വെന്തെഴുന്ത തീക്കുഴിയിൽ മെല്ലിനല്ലാൾതാൻ നടന്താൾ
മാലൈക്കഴുത്തോടേ മഞ്ചണൈപ്പൂച്ചോടേ”
അഗ്നിപ്രവേശം ചെയ്തു. ആ കുണ്ഡത്തിൽനിന്നു ചെമ്പകക്കുട്ടി എന്ന ദുർദ്ദേവതയായി ആ സാധ്വി പുനരുത്ഥാനം ചെയ്തു തനിക്കും തന്റെ പ്രാണനാഥനും ഓരോ അമ്പലം വേണമെന്നു കന്നടിയനു സ്വപ്നം കാണിക്കുകയും കന്നടിയൻ ആ അപേക്ഷ അനുസരിച്ചു വള്ളിയൂരിനടുത്തുള്ള ഒരു മലയിൽ രണ്ടു ക്ഷേത്രങ്ങൾ പണിയിക്കുകയും ചെയ്തു. ആ മലയ്ക്കു വടുകച്ചിമലയെന്നാണു് ഇന്നും പേർ പറയുന്നതു്.

12.4ഉലകുടപെരുമാൾ പാട്ടു്

ഇതിനെ തമ്പുരാൻപാട്ടെന്നും പറയുന്നു. തെക്കൻ തിരുവിതാംകൂറിൽ ഊരൂട്ടമ്പലമെന്ന പേരിൽ ഇന്നും ചില ക്ഷേത്രങ്ങൾ കാണ്മാനുണ്ടു്. ഊരൂട്ടമ്പലം എന്നാൽ ഊരുകാർ (ഗ്രാമജനങ്ങൾ) ഊട്ടും പാട്ടും നടത്തുന്ന അമ്പലമെന്നാണർത്ഥം. ഈ ക്ഷേത്രങ്ങളെ അധിവാസം ചെയ്യുന്ന മൂർത്തിയാണു് ഉലകുടപെരുമാൾ അല്ലെങ്കിൽ ഉലകുടയ തമ്പുരാൻ. ഇവയിൽ മുൻകാലങ്ങളിൽ കുംഭമാസത്തിൽ കൊടിയേറ്റും ഉത്സവവും ഒടുവിൽ പട (പടയണി)യെന്ന പേരിൽ ഉലകുടയതമ്പുരാന്റെ യുദ്ധയാത്രാഭിനയവും ഉണ്ടായിരുന്നതായി കേട്ടുകേൾവിയുണ്ടു്. ഇപ്പോഴും ചില ആഘോഷങ്ങൾ ഇല്ലെന്നില്ല.

12.4.1ഇതിവൃത്തം
പണ്ടു വൈകക്കര എന്ന സ്ഥലത്തു പാണ്ഡ്യമഹാരാജാവിന്റെ ബന്ധുക്കളായ അഞ്ചുരാജാക്കന്മാരും അവരുടെ സഹോദരിയായി മാലയമ്മ എന്നൊരു രാജകുമാരിയും താമസിച്ചിരുന്നു. ആ അഞ്ചുരാജാക്കന്മാരേയും പാണ്ഡ്യ മഹാരാജാവു് യുദ്ധത്തിൽ വെട്ടിക്കൊന്നു. സഹോദരിയെ തമ്പുപ്പെരുമാൾ എന്നൊരു രാജാവു വിവാഹംചെയ്തു. ആ കുമാരി സന്താനലാഭത്തിനായി വൈകക്കര ഭദ്രകാളിയെ ഭക്തിപൂർവം ഭജിക്കുകയും ആ ദേവിയുടെ അനുഗ്രഹത്താൽ ഗർഭം ധരിച്ചു കൊല്ലം 5-ാമാണ്ടു കന്നിമാസത്തിൽ വെള്ളിയാഴ്ചയും ഉത്രം നക്ഷത്രവും പൂർവപക്ഷപഞ്ചമിയും കൂടിയ ദിവസം ഒരു പുരുഷപ്രജയെ പ്രസവിക്കുകയും ചെയ്തു. ആ പ്രജയാണു് കഥാനായകൻ. ഉലകുടപെരുമാൾപാട്ടിൽ വൈകക്കരത്തായാരുടെ പള്ളിക്കെട്ടുകഥ, തിരുപ്പൂത്തുകഥ, ഭജനമിരുന്ന കഥ, ഗർഭമുണ്ടായ കഥ, ബാലൻ ജനിച്ച കഥ, എഴുത്തും പയറ്റും പഠിച്ച കഥ, കടലിൽപോരു്, മുടിവെച്ച കഥ, മതിലിടിച്ച കഥ, വാളു വാങ്ങിയ കഥ, പടനടപ്പു്, പാലംകെട്ടു്, മതിരപ്പോരു്, രണ്ടാംപോരു്, തൂക്കക്കൂറു്, ഇങ്ങനെ ഒട്ടനേകം വിഭാഗങ്ങളുണ്ടു്. ഈ വിഭാഗങ്ങളിൽ ഓരോന്നിലും മുപ്പത്തിമൂന്നു കാത (ഗാഥ) വീതമുണ്ടെന്നു പഴമക്കാർ പറയുന്നു. ഉലകുടപെരുമാൾ പതിനാറാമത്തെ വയസ്സിൽ രാജ്യാഭിഷിക്തനായി പതിനേഴു വർഷകാലത്തേയ്ക്കു് അസാധാരണമായ വൈഭവത്തോടുകൂടി പ്രജകളെ പരിപാലനം ചെയ്തു. അഭിഷിക്തനായ ക്ഷണത്തിൽ കുലദേവതയായ ഭദ്രകാളിയെ തീവ്രമായ നിഷ്ഠയോടുകൂടി ആരാധിച്ചു. ദേവി യഥാവസരം പ്രത്യക്ഷീഭവിക്കുകയും ചെയ്തു.

“മുക്കിയ മുള്ളന മുടിയുമ്മെകിറും [8]
മുടിമേലേ ചുറ്റിന അരവണിയും
അക്കിനിയെരിയുംപോൽ മിഴിയഴകും
ആനയെടുത്തശയുന്നന കുഴയും
തക്ക വില്ലിട്ടു പണിയും ചെറുനകയും
താലികൾ താവടവും മോതിരവും
കൈക്കിതമൊത്തന ആയുതമനവതി
കൈത്താരിൽ പലപണിയതുകണ്ടാർ”
ആ ഭയങ്കരമായ രൂപംകണ്ടു പെരുമാൾ ഭദ്രകാളിയോടു് ഇങ്ങനെ നിവേദനം ചെയ്തു.

‘ഓമനയായ് നമസ്കരിത്തങ്കിളകിനിന്നു
ഉലകുടപെരുമാളൊന്നറിയിത്തങ്കേ’
“ഏമമതുചെയ്വേനെന്നോ എൻ തായാരേ?
ഇക്കോലം ചമൈന്തുവരച്ചൊന്നതാരു?
ആമളത്താലരിയയനും ചിവനും [9] മാലും [10]
ആനത്തുയിരും തേവമാരും മുനിയും വിണ്ണോർ
ചോമനെ മുൻചിടയിൽവൈത്ത പരമീചരും
ചൊല്ലിവിട്ടതുണ്ടോ കേളെന്നതായേ?
ഔവനത്താലീരെട്ടുക്കരമിണങ്ക
ആയുതങ്കളെടുത്തുവന്തതേതോ തായേ?
മൌവനത്താൽ വമ്പുടയ താരുകൻതാൻ
മാലയിട വന്തിവിടെ നില്പതുണ്ടോ?
എവ്വനത്താലന്നവനെ വതിത്തപോലേ
എന്നെയിന്നു കൊല്ലവന്താൽ നാനേൻ ചേയ്വൻ.
കൗവനത്തിൽ കൊടുങ്കാറ്റടിത്തിടിലും
കാതലുള്ള മരം മുറിന്തുപോകാതെന്നാർ
അക്കണത്താലെൻ തലമേലെഴുതിനവൻ
അല്ലെയെന്നു പിന്നെ മറുത്തെഴുതുവാനോ?
ഇക്കണക്കായെന്തനെയുമുളവതാക്കി
ഇത്തനൈനാൾ വളത്തവളേ, തമ്പിരാട്ടി;
ഉൾക്കനത്താൽ മണ്ണുരുവും പിടിച്ചുവച്ചാ
ലുടയ്ക്കനിനൈന്താലതുക്കൊരരുമയുണ്ടോ?
അക്കനത്താലഞ്ചിറവനല്ല നാനും;
അടിയനുക്കിങ്കുടവാൾ തന്തനുപ്പവേണമെന്നാർ”
അങ്ങനെ വാദിച്ചു് ഉടവാൾ, മാല, കിരീടം, മുതലായ പരിച്ഛദങ്ങൾ വാങ്ങി (‘മാമർപഴിമീളുകയ്ക്കു’) അമ്മാവന്മാരെ വധിച്ച പക തീർക്കുന്നതിനായി മധുരമഹാരാജാവിനോടു യുദ്ധം ചെയ്തു് അദ്ദേഹത്തിന്റെ ആറു സഹോദരന്മാരേയും വധിച്ചു. പരാജിതനായ പാണ്ഡ്യൻ പരദേവതയായ ചൊക്കനാഥസ്വാമിയെ ഭജിച്ചു. ചില വിശിഷ്ടവരങ്ങൾ വാങ്ങി വീണ്ടും പെരുമാളോടു യുദ്ധം ചെയ്തു. ആ യുദ്ധത്തിൽ പെരുമാൾക്കു ഭദ്രകാളി നല്കിയ വാൾ മുറിഞ്ഞുപോയി. അത്തരത്തിൽ ഒരപശകുനം കണ്ടാൽ പിന്നീടു പോർ തുടങ്ങരുതെന്നായിരുന്നു ദേവിയുടെ അരുളപ്പാട്. അതനുസരിച്ചു കഥാനായകൻ യുദ്ധത്തിൽനിന്നു തൽക്കാലം പിന്മാറിയെങ്കിലും ഉത്തരക്ഷണത്തിൽ ഒരു യഥാർത്ഥ ക്ഷത്രിയവീരനു് അത്യന്തം അസഹ്യമായ അപജയാവമാനത്തെ ഭയപ്പെട്ടു് ആത്മഹത്യ ചെയ്തു. അന്നു് ആ ധീരോദാത്തന്റെ മുപ്പത്തിമൂന്നാമത്തെ ജന്മർക്ഷദിനമായിരുന്നു. മാലയമ്മയും മറ്റും പ്രാണത്യാഗം ചെയ്തു മകനെ പിൻതുടർന്നു. ഈ പാട്ടിന്റെ ആരംഭം താഴെക്കാണുന്ന വിധത്തിലാണു്.

“അമ്പിനൊടു വൈകൈതന്നിലേ മന്നരൈവർ
അവർ പടൈവെട്ടിയൊരു രാച്ചിയവുമാണ്ടു,
ഇമ്പമുടനാനൈ കുതിരൈത്തിരളുകെട്ടി
ഇന്തിരനിലും പവനിയായവർ നടത്തി.
ചെമ്പവഴം മുത്തിനൊടു മാലൈ വകയെല്ലാം
ചെമ്പൊന്നിണങ്കും തിരുമേനിയിലണിന്തു
തുമ്പമറവൈവരുമിരുന്തു പലകാലം.
ചുത്തമന്നരും പടയുമപ്പരിചിൽവാഴ്ന്താർ.”
കഥ പുരാതനമാണെങ്കിലും പാട്ടിനു വലിയ പഴക്കം കാണുന്നില്ല. ‘കോലാഹലത്തോടു നല്ല പറങ്കികൾ’ ‘ചീനർതുലുക്കരും’ ‘ഊരിൽപ്പടപോന പറങ്കികൾക്കു്’ ‘ലന്തക്കുരു’ ‘മുകിലത്തോക്കു്’ ഇങ്ങനെയുള്ള പല പ്രസ്താവനകളിൽനിന്നും ഇതു തെളിയിക്കാവുന്നതാണു്. മഹാകവി കുഞ്ചൻനമ്പിയാർ തന്റെ ചില തുള്ളക്കഥകളിൽ ഒരു ഉലകുടപെരുമാളെ സ്മരിക്കുന്നുണ്ടല്ലോ; അതു പ്രസ്തുതകഥാപുരുഷൻതന്നെയാണു്. ഘോഷയാത്ര ഓട്ടൻതുള്ളലിൽ

“മധുരയിൽ മന്നവനെന്നൊടു ചെയ്തൊരു
മതികപടങ്ങളശേഷമിദാനീം
മതിമാന്മാരാം മന്ത്രിവരന്മാർ
മതിയിൽ മറന്നിഹ മരുവീടുകയോ?
***
മാതുലരൈവരെ വെട്ടിക്കൊന്നൊരു
പാതകിയാമവനവനിവെടിഞ്ഞു
പ്രേതപുരത്തിലിരിക്കണമിന്നതി
നേതു മെനിക്കൊരു സംശയമില്ല.”
എന്നും മറ്റുമുള്ള വരികൾ സൂക്ഷിച്ചു വായിച്ചാൽ ഈ വസ്തുത മനസ്സിലാക്കാവുന്നതാണു്. ഉലകുടപെരുമാളുടെ വാഴ്ചക്കാലത്തു് അദ്ദേഹത്തിന്റെ രാജ്യത്തു ലക്ഷ്മീഭഗവതി നർത്തനം ചെയ്തിരുന്നതായാണു് ഐതിഹ്യം; ആ ഐതിഹ്യത്തെ നമ്പിയാരും സ്മരിക്കുന്നു.

12.5പുരുഷാദേവിയമ്മപ്പാട്ടു്

കൂവലൂർ (നെയ്യാറ്റിൻകര കോവലൂർ) എന്ന ദേശത്തു ചെമ്പൻമുടിമന്നൻ എന്നൊരു രാജാവു ജനിച്ചു. അതിനു സമീപമുള്ള പെണ്ണരശുനാട്ടിലെ തമ്പുരാട്ടിയുടെ മകളായി പുരുഷാദേവി എന്നൊരു സ്ത്രീരത്നവും ജനിച്ചു. പുരുഷാദേവി ബാല്യത്തിൽത്തന്നെ ആയുധവിദ്യയിലും അശ്വാരോഹണത്തിലും അത്യന്തം വിദഗ്ദ്ധയായിത്തീർന്നു. ചെമ്പൻമുടിമന്നനു പുരുഷാദേവിയുടെ നാട്ടിൽക്കൂടി ഒരു തീർത്ഥത്തിൽ സ്നാനം ചെയ്യുവാൻ പോകണമെന്നു് ആഗ്രഹമുണ്ടായിരുന്നു. പുരുഷാദേവി തന്റെ പ്രാഭവത്തെ പ്രദർശിപ്പിക്കുന്നതിനായി കോട്ടകളുറപ്പിച്ചു് അദ്ദേഹത്തിന്റെ മാർഗ്ഗം നിരോധിച്ചിരിക്കുന്നതായി പ്രഖ്യാപനം ചെയ്തു. അപ്പോൾ ആ രാജാവു് ഒരു വലിയ സൈന്യത്തോടുകൂടി പെണ്ണരശുനാട്ടിലേയ്ക്കു ചെല്ലുകയും അവിടെവച്ചു് അദ്ദേഹവും രാജപുത്രിയും തമ്മിൽ അതിഘോരമായ ഒരു യുദ്ധമുണ്ടാകുകയും ചെയ്തു. അന്നു് ആ മഹതിക്കു് ഒൻപതുമാസം ഗർഭമായിരുന്നു. ഒടുവിൽ “പച്ചൈപ്പാളൈ പിളർപ്പതുപോലെ” തന്റെ വയറു പിളർന്നു കുഞ്ഞിനെ എടുത്തു് അതുകൊണ്ടു് ആ സ്ത്രീ രാജാവിനെ എറിഞ്ഞു. അപ്പോൾ ആ മാനിയായ ക്ഷത്രിയൻ “പങ്കം ചെയ്താളേ പുരുഷാദേവി” എന്നു പറഞ്ഞുകൊണ്ടു് വാൾമുനയിൽ ചാടി ആത്മഹത്യ ചെയ്തു. അശ്വാരൂഢയായ പുരുഷാദേവിയുടെ മരണവും അപ്പോഴേയ്ക്കു കഴിഞ്ഞിരുന്നു.

12.5.1ആ പാട്ടിലെ ചില ഭാഗങ്ങൾ
താഴെക്കാണുന്ന വരികൾ തമ്പുരാട്ടിയുടെ പ്രസവവേദന വർണ്ണിക്കുന്ന ഘട്ടത്തിലുള്ളതാണു്.

“മേനി കാൽ തരിക്കിതല്ലോ; മെയ്കളെല്ലാം നോകുതല്ലോ;
കാളകെട്ടും കയറുതുപോൽ കട്ടുമുട്ടായു് വരുകുതടീ!”
“ഏതു പക്കം നോകുതമ്മാ! ഏന്തിഴയേ! തായാരേ?”
“വലതു പക്കം ഇടതു പക്കം വയറ്റോടെ തരിക്കുതമ്മാ.
മോതിരങ്കളിടു മന്ത മൊഴി [11] കളെല്ലാം നോകുതടീ!
പാടകങ്കളണിയുമന്ത പട [12] ങ്കളെല്ലാം നോകുതടീ!
കടയ [13] ങ്കൾ പോടുമന്തക്കൈകളെല്ലാം നോകുതടീ!
വാടാപ്പൂ വൈക്കുമന്ത വൈരമുടി നോകുതടീ!
ആടൈയുടുക്കുമന്ത അടിവയറു നോകുതടീ!
പൊരുത്തെലുമ്പൊടു കുറുക്കെലുമ്പു പൊടിപൊടിയായ്നോകുതടീ!
ഒക്കെവെട്ടി നോകുതടി! ഉരിയാടപ്പോകുതില്ലൈ.
ചാവേനോ പിഴയ്പേനോ താർകുഴലേ [14] മരുത്തുവമേ.”
വിളവംകോട്ടു താലൂക്കിൽ ചേർന്ന മുഞ്ചിറപ്പടവീട്ടിൽനിന്നാണു് പുരുഷാദേവിക്കു് ഉടവാൾ വെട്ടു പഠിക്കുന്നതിനു രാജഗുരുവിനെ കൊണ്ടുപോകുന്നതു്. അതുകൊണ്ടു പെണ്ണരശുനാടു് ആറ്റിങ്ങലും ചെമ്പൻ മന്നൻ തീർത്ഥാടനത്തിനു പോകുന്ന സ്ഥലം വർക്കലയിലുമായിരിക്കുമോ എന്നു സംശയിക്കാവുന്നതാണു്. അനേകം ആയുധങ്ങളേയും പയറ്റുമുറകളേയുംപറ്റി മറ്റു പല തെക്കൻപാട്ടുകളിലുമെന്നപോലെ ഇതിലും പ്രസ്താവിക്കുന്നുണ്ടു്.

“വാട്ടം തകരാത കൂവലൂരിൽ
വാളരശർ ചെമ്പൻ മുടിമന്നവർ
ചേട്ട [15] ത്തുടൻ കോട്ടൈ വഴിയാക
തീർത്ഥമാടയിങ്കേ വരുവാരേ.”
അന്തമൊഴി കേട്ടു പുരുഷാദേവി
അമ്മൈപെണ്ണരയാളോടേതുചൊല്വാൾ
“വാറപടയോടു എതിർപൊരുതു
മാറ്റാനെ വെട്ടി വിരട്ടിടുവേൻ
വാതു ചൂതുമാകു വന്തതുണ്ടാൽ
മന്നവനെ വെട്ടിക്കുലൈകൾ ചെയ്വേൻ
എന്തൻ തീർത്ഥക്കരൈതനിലേ
എപ്പടി തീർത്ഥമാട വരുവാരിങ്കേ?
വെലമാക വന്തു തീർത്ഥമാടിനാക്കാൽ
വാളുക്കിരൈയാക ആക്കിടുവേൻ.”
എന്നാണു് പുരുഷാദേവിയുടെ ഗർജ്ജനം. ചെമ്പൻമുടി മന്നവന്റെ ദൂതന്റെ പക്കൽ ആ രാജകുമാരി അയയ്ക്കുന്ന പ്രതിസന്ദേശത്തിൽനിന്നു ചില വരികൾ ചുവടേ ഉദ്ധരിക്കുന്നു.

“എന്തനുട നാടു വഴി തീർത്തമാടപ്പോണമാനാൽ
ഏറിവാറ കുതിരൈയിറങ്കിവരവേണം.
ഇട്ടുവരും മിതിയടി കഴറ്റി വരവേണം;
പിടിത്തുവരും മന്തിരവാൾ വൈത്തു വരവേണം;
കാലാളും തുരൈപതിയും [16] വിട്ടുവൈത്തു മന്നവരും
കാൽനടയായിങ്ക വരലാമേ.
കോടി പടൈകൂടി മന്നർ തീർത്തമാട വരുകിലുമോ
കോഴിയിൻ കുഞ്ചും പരുന്തും പോലെ
കോട്ടൈ വിട്ടു വിരട്ടിടുവേനെന്ന”

12.6അഞ്ചുതമ്പുരാൻ പാട്ടു്

കൊല്ലം 8-ാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്ന ചില തിരുവിതാങ്കൂർ രാജകുടുംബാങ്ഗങ്ങൾ തമ്മിലുള്ള അന്തഃഛിദ്രത്തെപ്പറ്റിയാണു് അഞ്ചുതമ്പുരാൻപാട്ടിൽ പരാമർശിക്കുന്നതു്. ഈ പാട്ടിൽ ചീരാട്ടുപോരു്, മാടമ്പുകഥ, പെരുങ്കുളത്തുപോരു്, ഏർവാടിപ്പോരു്, എന്നിങ്ങനെ നാലു ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു.

12.6.1ചീരാട്ടുപോരു്
പരരാമർ [17] എന്ന തമ്പുരാൻ ഓടനാട്ടു (കായങ്കുളത്തു) ശാഖയിൽപെട്ട ആദിത്യവർമ്മരെന്നും ഉണ്ണിക്കേരളവർമ്മരെന്നും രണ്ടു രാജകുമാരന്മാരെ വേണാട്ടിലേക്കു ദത്തെടുത്തു. അവർ പ്രകൃത്യാ സമരഭീരുക്കളായിരുന്നു.

“പടയറിയാരിടയറിയാർ;
പാരവെടിച്ചത്തം കേട്ടറിയാർ;
കുതിരത്തൂളിയവർ കണ്ടറിയാർ;
കൂക്കുവിളിച്ചത്തം കേട്ടറിയാർ;
ആനനടയവർ കണ്ടറിയാർ;
അതുര [18] വെടിച്ചത്തം കേട്ടറിയാർ.”
അങ്ങനെയിരിക്കേ അദ്ദേഹം ഒരു യുദ്ധത്തിൽ മരിച്ചുപോയി. അടുത്ത അവകാശി പരരാമർ ആദിത്യവർമ്മാ എന്നൊരു രാജാവായിരുന്നു. ദത്തുപുക്ക ആദിത്യവർമ്മാ (വഞ്ചി ആദിത്യവർമ്മ എന്നാണു് അദ്ദേഹത്തെ പറഞ്ഞുവരുന്നതു്) അർദ്ധരാജ്യം തനിക്കു കിട്ടണമെന്നു ശഠിച്ചു. രാജാവും മന്ത്രിമാരും അതിനു വഴിപ്പെട്ടില്ല. അപ്പോൾ പരേതനായ അമ്മാവന്റെ തിരുമാസം നടത്തുവാൻ സമ്മതിക്കുകയില്ലെന്നു വഞ്ചിആദിത്യവർമ്മരും ഉണ്ണിക്കേരളവർമ്മരും പറഞ്ഞു. രാജാവു കഴക്കൂട്ടത്തു പിള്ളയെ വരുത്തുവാൻ ആളയച്ചു. ഇരുപ്പുക്കൊടി [19] തെങ്കലയപ്പെരുമാളെന്നാണു് അദ്ദേഹത്തിനു പാട്ടിൽ കാണുന്ന പേർ. ദൂതൻ കഴക്കൂട്ടത്തുചെന്നു കലയപ്പെരുമാളെക്കാണുന്നു.

“ഓട്ടൻ നാനെന്റു കേട്ടപൊഴുതിലേ
ഉറ്റങ്കിളകിയേ മുന്തി വലിപ്പാരാം.
മുന്തിവലിത്തന്ത നീട്ടുതനൈവാങ്കി
മുകന്തു കണ്ണിലൊറ്റിപ്പിള്ളൈ മകിഴവേ
പിള്ളൈ മരുമക്കൾ കൈയിൽ കൊടുപ്പാരാം
പിരിയത്തുടൻ നീങ്കൾ വായിത്തിടുമെന്റു
വായിത്തിടുവാരേ പിള്ളൈമരുമക്കൾ.
വന്നച്ചിലയാളരുന്നിക്കേൾപ്പാരാം.”
രാജാജ്ഞയുടെ താൽപര്യം ഗ്രഹിച്ചു് ഒരു വലിയ സേനയോടുകൂടി കലയപ്പെരുമാൾ കേരളപുരത്തേക്കു പോയി. താഴെക്കാണുന്നതു് അദ്ദേഹത്തിന്റെ പടപ്പുറപ്പാടിനെപ്പറ്റിയുള്ള വർണ്ണനയാണു്.

“അമ്പിനാലെ തെൻകലയനുയർന്ന തണ്ടിയലിരുന്നുടൻ
അഴകിനൊടു പടയടി പരന്തപടി നികരണിക്കണിചെരുമിട
ചെരുമിടപ്പടയ്ക്കിടയിൽനിന്റു ചിവിയാർകൾ തണ്ടിയലെടുപ്പരാം
ചെന്നുടൻ തൊഴുതുനിന്ന മരുമക്കൾ നിന്ന തനിമയൈക്കണ്ടുടൻ
കണ്ടു തെൻകലയനാടനമ്പിനൊടു നല്ല പുത്തിമതി ചൊല്ലിയേ
കനകതണ്ടിയലൊടും പെരുമ്പടയിൽ മുന്നണിക്കണി നടപ്പരാം
നടപ്പരാം പടമേളവാത്തിയം വെല്ലുവെല്ലെന്നു വിരുതോടേ
വിരുതുകുമറിടവിരുതുടൻ പടൈ കഴൈക്കൂട്ടം വയൽ കടപ്പരാം”

12.6.2മാടമ്പുകഥ
കൊല്ലം 710-ാമാണ്ടിടയ്ക്കു വേണാടു ഭരിച്ചിരുന്ന സകലകലമാർത്താണ്ഡവർമ്മ മഹാരാജാവിനു പലകല ആദിത്യവർമ്മ എന്നൊരു അനന്തരവൻ ജനിച്ചു. ആദിത്യവർമ്മയ്ക്കു തിരുമാടമ്പിനുള്ള കാലം സമീപിക്കയാൽ അതു കഴിപ്പിച്ചു വേഗത്തിൽ തിരുവിതാങ്കോട്ടു രാജധാനിയിലേക്കു കൂട്ടിക്കൊണ്ടുപോകുവാൻ രാജപ്രതിനിധിയായി കഴക്കൂട്ടത്തുപിള്ള ആറ്റിങ്ങലേക്കു പോകുന്നു. അമ്മതമ്പുരാൻ ആദ്യം പല തടസ്സങ്ങളും പറയുന്നു എങ്കിലും മാമ്പള്ളിപ്പണ്ടാല

“രാചകോത്തിരത്തിൽപ്പിറന്നാലോ
അപിഴേകമുടി വൈക്കവേണം;
അപിഴേകമൊന്റു പിഴുകിനാലോ
തിരുവായിത്തുക്കു [20] പൊല്ലാതെയമ്മാ.”
എന്നുപദേശിച്ചതു കേട്ടു് അതിനു വഴിപ്പെടുകയാൽ പുത്രന്റെ തിരുമാടമ്പു നടത്തുകയും ചെയ്തു. ഒടുവിൽ വിട്ടുപിരിയാറാകുമ്പോൾ അമ്മ “എന്നൈ മറപ്പായോ ഇളവരശേ?” എന്നു ചോദിക്കുകയും അതിനു മകൻ – “എന്നും മറപ്പേനോ തിരുത്തായേ?
പെറ്റകോയിലുമാറ്റങ്ങലും
[21] ആട്ടേയ്ക്കൊരുനാൾ വന്നടിയൻ
തൊഴുതുകൊണ്ടു പോവേനല്ലോ”
എന്നു മറുപടി പറയുകയും ചെയ്യുന്നു. സകലകല കൊല്ലം 718-ലും പലകല 719-ലും മരിച്ചതായി കാണുന്നതിനാൽ അഞ്ചുതമ്പുരാൻപാട്ടിലേ ചീരാട്ടുപോരു നടന്ന കാലം അതിനു പിന്നീടാണെന്നു പറയേണ്ടിയിരിക്കുന്നു.

12.6.3പെരുങ്കുളത്തുപോരും, ഏർവാടിപ്പോരും
ദേശിങ്ങനാട്ടു (കൊല്ലം) ശാഖയിൽപ്പെട്ട ചങ്കിലിമാർത്താണ്ഡവർമ്മാ എന്ന രാജാവു് ആ നാടു് വാണിരുന്ന രവിവർമ്മാവിന്റെ സഹ്യപർവ്വതത്തിനു കിഴക്കുള്ള ദേശങ്ങൾ അടക്കി അദ്ദേഹത്തെ പലവിധത്തിൽ കഷ്ടപ്പെടുത്തി. രവിവർമ്മാ സകലകല മാർത്താണ്ഡവർമ്മാവിനെ ശരണം പ്രാപിക്കുകയും മാർത്താണ്ഡവർമ്മാ പലകല ആദിത്യവർമ്മാവിനെ അദ്ദേഹത്തിനു തുണയായി അയച്ചുകൊടുക്കുകയും ചെയ്തു. പെരുങ്കുളത്തും ഏർവാടിയിലുംവച്ചു നടന്ന യുദ്ധങ്ങളിൽ ആദിത്യവർമ്മാ കലയപ്പെരുമാളുടെ സഹായത്തോടുകൂടി ചങ്കിലിയെ തോല്പിച്ചു. തിരിയെ വന്നപ്പോൾ അദ്ദേഹത്തിനു മൂപ്പേറ്റാൽ കൊള്ളാമെന്നൊരു ദുരാഗ്രഹം മനസ്സിൽ തോന്നി ആഭിചാരപ്രയോഗംകൊണ്ടു സകലകലയെ പരേതനാക്കി. അതറിഞ്ഞു കഴക്കൂട്ടത്തുനിന്നു് ഓടിയെത്തിയ കലയപ്പെരുമാളേയും കന്നൻ പുലിക്കൊടി ഇരവിപ്പിള്ള എന്ന മന്ത്രിയുടെ ഏഷണിക്കു വശംവദനായി കൊല്ലിച്ചു. പക്ഷേ ആ ദുഷ്കർമ്മങ്ങളുടെ ഫലം അദ്ദേഹം ഉടൻ തന്നെ അനുഭവിക്കാതിരുന്നില്ല. പളുകൽ പെരുമണ്ണാന്റെ

“മാമനുക്കു വിട്ടൊരു പേയ്
മരുമകനിടത്തിലും ചെല്ലുവാരാം.”
ആ ബാധ ആരുടെ കൈക്കു് ഒഴിയുമെന്നു പ്രശ്നം വയ്പിച്ചതിൽ പരിശുവൈക്കൽ പറമണ്ണാന്റെ കൈക്കു് ഒഴിയുമെന്നു കണ്ടതിനാൽ അയാളെ ആളയച്ചു വരുത്തി; ആ മന്ത്രവാദി ബാധയെ പിടിച്ചുകെട്ടിക്കൊണ്ടുപോയി. എന്നാൽ വഴിയിൽവെച്ചു ഇരവിപ്പിള്ള തങ്ങളെ ചില മറവന്മാർ തീണ്ടിയതു് എന്തിനെന്നു് അയാളോടു കയർത്തതിനാൽ

“പേമുട്ടിയടിത്തുടൈത്തു
പ്പേ തിരിയെ വിടുകുതാരാം.”
ആ ബാധ തിരികെ വന്നു പലകല ആദിത്യവർമ്മാവിനേയും കൊന്നു. തദനന്തരം അവരെല്ലാം ദുർദ്ദേവതമാരായിത്തീർന്നു് ഇരവിപ്പിള്ളയെ സകുടുംബം വധിക്കുകയും ഒടുവിൽ ഭക്തന്മാർ കഴിപ്പിച്ച ഊട്ടും പാട്ടും പറ്റി ഓരോ സ്ഥാനങ്ങളിൽ അമരുകയും ചെയ്തു. ഇരുപ്പുക്കൊടിമാടൻ എന്ന പേരിലാണു് കഴക്കൂട്ടത്തു പിള്ളയെ ജനങ്ങൾ വന്ദിച്ചുതുടങ്ങിയതു്.

അഞ്ചുതമ്പുരാൻപാട്ടിൽ പ്രസ്താവിക്കുന്ന ചില സംഭവങ്ങൾക്കു് അനുപപത്തി കാണുന്നുണ്ടെങ്കിലും അതു് ആകെക്കൂടി നോക്കുമ്പോൾ തിരുവിതാംകൂർചരിത്രം സംബന്ധിച്ചു് ഒരനർഘമായ നിധികുംഭമായി പരിലസിക്കുന്നു. വളരെ ദീർഘമായ ആ കൃതിയിൽനിന്നു ഞാൻ ഏതാനും ചില വിവരങ്ങൾ മാത്രമേ ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളു. സകലകല മാർത്താണ്ഡവർമ്മാ, പലകല ആദിത്യവർമ്മാ, പരരാമർ, പരരാമാദിത്യർ, വഞ്ചിആദിത്യവർമ്മാ ഈ അഞ്ചു രാജാക്കന്മാരെപ്പറ്റി പ്രസ്താവിക്കുന്നതുകൊണ്ടായിരിക്കണം അതിനു് അഞ്ചുതമ്പുരാൻപാട്ടെന്നു പേർ വന്നതു്.

12.7ഇരവിക്കുട്ടിപ്പിള്ളപ്പോരു്

ഈ പാട്ടിനു കണിയാങ്കുളത്തുപോരെന്നും പേരുണ്ടു്. തെക്കൻപാട്ടുകളിൽ ഇത്ര പ്രസിദ്ധി മറ്റൊരു ഗാനത്തിനും ഇല്ല. മധുരയിലേ നായക്ക രാജവംശത്തിന്റെ നടുനായകമായ തിരുമലനായക്കർ കൊല്ലം 810-ാമാണ്ടു തിരുവിതാംകൂർ വാണിരുന്ന രവിവർമ്മകുലശേഖരനെ കീഴടക്കുവാൻ ഒരു വലിയസൈന്യത്തെ നിയോഗിച്ചു. ആദ്യത്തെ യുദ്ധത്തിൽ ആ സൈന്യം തോല്ക്കുകയും അതിന്റെ നായകനായ വേലയ്യൻ ഹതനാകുകയും ചെയ്തു. അതു കേട്ടപ്പോൾ മധുരയിലേ പ്രധാനസേനാപതിയായ രാമപ്പയ്യൻ തന്റെ സ്വാമിയുടെ ആജ്ഞ വാങ്ങി “പഴിക്കു പഴി മീളുന്ന” തിനായി പണകുടിയിൽ വീണ്ടും പടശേഖരിച്ചു പാളയമടിച്ചു താമസിച്ചു. രവിവർമ്മാവിനു കല്ക്കുളത്തു് ഏഴു മന്ത്രിമാരുണ്ടായിരുന്നു. അവരിൽ “പുകൾപെറ്റ കേരളപുരമെന്നമരും പുരമതിൽ വാഴും മുഖ്യനതാകിയ രാജൻതന്നുടെയുറ്റൊരുസുതനായു് വന്നുജനിച്ച നല്ലിരവിപ്പിള്ളൈ” യായിരുന്നു പ്രധാനൻ. മാർത്താണ്ഡൻ ഇരവിക്കുട്ടിപ്പിള്ള എന്ന പേരിൽ സുവിദിതനായ ആ രാജപുത്രൻ ആപത്തിനെ തൃണീകരിച്ചു സർവാഭിസാരസമ്പന്നനായ രാമപ്പയ്യനോടു കണിയാങ്കുളം പോർക്കളത്തിൽ എതിരിട്ടു വെട്ടിമരിച്ചു വീരസ്വർഗ്ഗം പൂകുന്നതാണു് ഈ പാട്ടിലെ ഇതിവൃത്തം. ഇതു കന്നടിയൻ പോരുപോലെ അനുവാചകന്മാരെ ആപാദചൂഡം കോൾമയിർകൊള്ളിക്കുന്ന ഒരു ഗാനമാകുന്നു. ചില ഭാഗങ്ങൾ ഉദ്ധരിക്കാം. പ്രയാണത്തിന്റെ തലേദിവസം രാത്രിയിൽ ഇരവിക്കുട്ടിപ്പിള്ളയുടെ അമ്മയും ഭാര്യയും പല ദുഃസ്വപ്നങ്ങളും കാണുന്നു. പിറ്റേന്നു കാലത്തു് ആ രാജഭക്തനായ രണശൂരനെ പല പ്രകാരത്തിലും പിൻതിരിപ്പിക്കാൻ നോക്കീട്ടും സാധിക്കാത്തതിനാൽ ആ കാര്യത്തിനു ഭാര്യയെ പറഞ്ഞയയ്ക്കുന്നു. ഭാര്യയും ഭർത്താവുമായി നടക്കുന്ന സംഭാഷണത്തിലേ ചില വരികളാണു് താഴെ ചേർക്കുന്നതു്.

“വാടീ നീ പെൺകൊടിയേ ഉൻ മണവാളൻ പടൈ പോറാർ
കേട്ടാളേ പെൺകൊടിയും കെടുമതിയൈത്താൻ നിനൈന്തു.
പഞ്ചരത്നച്ചേലൈതന്നൈ പ്പൈന്തൊടിയാൾ കൊയ്തുടുത്താൾ
മിഞ്ചിതൻ കുടമശൈയ മെല്ലിനല്ലാൾ പിള്ളൈ മുന്നേ
വാണുതലാൾ വന്തുനിന്റു മന്തിരിയോടേതുചൊല്വാൾ”
“ഏൻ കാണും പർത്താവേ! നീ രിന്റുപടൈ പോകവേണ്ടാം
നേറ്റിരവു പഞ്ചണൈമേൽ നിത്തിരൈയാലുറങ്കയിലേ
പാർത്തിരുക്കച്ചനിയൻ വന്തു പർത്താവെക്കൊടു [22] പോകക്കണ്ടേൻ
ആലമരം മൂട്ടോടെ ആടിനകണ്ടു വിഴവും കണ്ടേൻ
വാതുക്കൽ നീരാഴി വരമ്പിടിന്തു നികരക്കണ്ടേൻ
കണ്ട കിനാവത്തനൈയും കാവലർക്കുപ്പൊല്ലാതു
പൊല്ലാത കനവു കണ്ടാൽപ്പടൈ പോവർകളോ പോർവേന്താ?”
“പടൈ പോകാതിങ്കിരുന്താൽ പാരിലുള്ളോർ നകൈയാരോ?
ഇന്തപ്പടൈ പോകാതിങ്കിരുന്താ ലിരവികുലത്തുക്കിഴുക്കല്ലവോ?
ഏഴുകടലപ്പുറത്തിലിരുമ്പറൈക്കുള്ളിരുന്താലും
എമരാജദൂതർവന്താലില്ലൈയെൻറാൽവിടുവാരോ?
കല്ലാലേ കോട്ടൈ കെട്ടി കല്ലറൈക്കുള്ളിരുന്താലും
കാലനുടയാളു വന്താൽ കണ്ടില്ലെൻറാൽ വിടുവാരോ?
നമരാജദൂതർ വന്താൽ നാളൈയെൻറാൽ വിടുവാരോ?
വിളൈന്ത വയലറുപ്പതുക്കു വിചനപ്പെടവേണ്ടാം കാൺ.”
യുവരാജാവായ മാർത്താണ്ഡവർമ്മാവിന്റെ അനുമതി വാങ്ങി യുദ്ധത്തിന്നൊരുങ്ങിപ്പുറപ്പെടുന്ന ആ വീരനെക്കണ്ടു പൗരസ്ത്രീകൾ ആനന്ദപാരവശ്യംപൂണ്ടു പാടുന്ന കുമ്മിയിലെ ഒരു ഭാഗമാണു് അടിയിൽ ചേർക്കുന്നതു്.

“പടൈക്കുപ്പോറാരിരവിപ്പിള്ളൈ പമ്പരമുത്തുക്കുടൈ ചെരുമ
കുടൈക്കുത്താഴേയിരവിപ്പിള്ളൈവാറ കോലുവെപ്പാരടി തോഴിപ്പെണ്ണേ!
നങ്ങേലി, കോതാ, യിരവിക്കുട്ടീ, നാണിയേ, നീലമാ, യയ്യുക്കുട്ടീ,
തങ്കളിൽ തങ്കവളൈകിലുങ്ക – ഇന്നും തഴൈത്തുക്കുമ്മിയടിപ്പോമടീ.
ചീപ്പിട്ടുക്കോതിത്തലൈമുടിത്തു – നല്ല ചിങ്കാരക്കണ്ണുക്കു മയ്യെഴുതി
കാപ്പിട്ടകൈയിൽ വളൈ കിലുങ്ക – ഇന്നും കൂപ്പിട്ടു കുമ്മിയടിയുങ്കടി,
കുമ്മിയടി പെണ്ണേ കുമ്മിയടി, കോവിളങ്കയ്യൈക്കുലുക്കിയടി.
എന്നൊപ്പം കുമ്മിയടിക്കാട്ടാലുന്നൈ – യീത്തപ്പടപ്പിലെറിന്തിടുവേൻ.
മുത്തുപ്പതിത്ത തലപ്പാവാം – നല്ല മോകനപ്പല്ലാക്കു വാകനമാം
തന്തപ്പല്ലാക്കിലേയേറിക്കൊണ്ടെങ്കൾ തളവാ വാറതൈപ്പാരുങ്കടി.
***
ചുട്ടിക്കുതിരൈമേലേറിക്കൊണ്ടു – പിള്ളൈ തുലുക്കവേഷവും പോട്ടുക്കൊണ്ടു
പട്ടാണിമാരുടൻ കൂടിക്കോണ്ടു പടൈക്കു പോറതെപ്പാരുങ്കടീ.
കാരിക്കുതിരൈയാം കാലാളാം – നല്ല കാലുക്കുപ്പപ്പത്തുവെണ്ടയമാം. [23]
കാരിക്കുതിരൈ പുറപ്പെടുമ്പോൾ കളക്കാട്ടുക്കോട്ടൈ കിടുങ്കിടുമേ!!”
യുദ്ധത്തിൽ കുതിരയിൽനിന്നിറങ്ങി പിള്ള ഒരു പട്ടാണിയെ കുത്തുമ്പോൾ അനേകം രാകുത്തന്മാർ അദ്ദേഹത്തെ വളഞ്ഞുകൊന്നു. അന്നു് ആ സേനാനിക്കു മുപ്പത്തിരണ്ടാമത്തേതായിരുന്നു വയസ്സു്. മരിച്ചതു് 810-ാമാണ്ടു മിഥുനമാസം 18-ാനുയുമാണു്. അദ്ദേഹത്തിന്റെ തല വെട്ടിയെടുത്തു പട്ടിൽ പൊതിഞ്ഞു തിരുമലനായ്ക്കരുടെ മുന്നിൽ ഭടന്മാർകൊണ്ടു ചെന്നപ്പോൾ ആ ധീരോദാത്തൻ വളരെ വ്യസനിച്ചു.

“അയ്യോ! ഇന്തത്തുരൈയൈപ്പോലെ
അവനിതന്നിൽപ്പാർത്താലൊരുവരുണ്ടോ?
നാടുതന്നിലിന്ത ഇരവിയൈപ്പോൽ
നല്ല മന്തിരിമാർകളുണ്ടോ?
ഓടുതന്നിലിരന്തുണ്ട അയ്യൻ
ഉലകിൽ പടൈത്താനോ ഇരവിയൈത്താൻ?
വൈയം പുകഴുമിവരുടയ
വജ്രപ്പണിയിട്ട കാതഴകും
കൂണ്ടു കസ്തൂരിപ്പൊട്ടഴകും
കാതിൽത്തരിത്തതോർ മുത്തഴകും
കൈയിൽ പിടിത്തതോർ വാളഴകും
കൈയുമെഴുമ്പിത്തോ ഇവരൈവെട്ട?
കണ്ടവർമനമുമിരങ്കാതോ?
പോതമറിയാത രാമപ്പയ്യൻ
പോരിൽച്ചതിയാക കൊന്നുപോട്ടാർ.”
പ്രേതമടക്കുന്നതിനു മുമ്പു കഥാനായകൻ അഞ്ചു വയസ്സുമുതൽ എടുത്തുവളർത്ത കുഞ്ചാകോട്ടു ചക്കാലകാളിനായർ രാമപ്പയ്യന്റെ പാളയത്തിൽ ചെന്നു് ആ തല തിരിയേ വാങ്ങിച്ചുകൊണ്ടുവരുന്ന ഭാഗവും മറ്റും അത്യന്തം പുളകപ്രദമാണു്.

12.8പഞ്ചവൻകാട്ടുനീലിയുടെ പാട്ടു്

പഴവനല്ലൂർ അമ്മയപ്പൻകോവിലിലേ ഒരു ദാസി ക്ഷേത്രകൈങ്കര്യങ്ങൾ കഴിഞ്ഞു് ഒരു ദിവസം തന്റെ ഗൃഹത്തിലേക്കു തിരിയെപ്പോകുമ്പോൾ ആ കോവിലിലെ ശാന്തിക്കാരനായ നമ്പി അവളെക്കണ്ടു മോഹിച്ചു. അവൾ ആ മൂഢനെ വശീകരിച്ചു സർവസ്വവും കൈക്കലാക്കി. പണമില്ലാതായപ്പോൾ ആ ദാസിയുടെ അമ്മ ഇറങ്ങിപ്പോകാൻ പറഞ്ഞു. നൈരാശ്യത്തോടുകൂടി അയാൾ ആ ദേശം വിട്ടു. അപ്പോഴേക്കു പശ്ചാത്താപാർത്തയായ ദാസി അയാളെ പിന്തുടർന്നു. വഴിക്കുവച്ചു് അന്തർവത്നിയായ അവളുടെ ആഭരണങ്ങളെല്ലാം അഴിച്ചെടുത്തു നമ്പി അവളെക്കൊന്നു. അടുത്തുനിൽക്കുന്ന ഒരു കള്ളിച്ചെടിയെ സാക്ഷിയാക്കിക്കൊണ്ടാണു് അവൾ പ്രാണത്യാഗം ചെയ്തതു്.

അത്യുൽക്കടമായ ആ പാപത്തിന്റെ ഫലം ഘാതകൻ അടുത്ത നിമിഷത്തിൽത്തന്നെ അനുഭവിച്ചു. ദാഹം തീർക്കുവാൻ ഒരു കിണറ്റിൽനിന്നു വെള്ളം കോരിക്കൊണ്ടിരിക്കവേ ഒരു പാമ്പു കടിച്ചു് അയാൾ മരിക്കുകയും ആഭരണപ്പൊതി കിണറ്റിൽ വീഴുകയും ചെയ്തു. അടുത്ത ജന്മത്തിൽ നമ്പി ചോളദേശത്തിൽ ആനന്ദൻ എന്ന ചെട്ടിയായും ദാസി നീലിയെന്ന ബാധയായും ജനിച്ചു. നീലി ഒടുവിൽ ആനന്ദന്റെ വയറുപിളർന്നു് അവിടെ ഒരു പന്തം നാട്ടി താൻ കൈക്കുഞ്ഞാക്കിയിരുന്ന കള്ളിക്കൊമ്പും അവിടെ നട്ടു് ആകാശത്തേക്കു പറന്നുപോയി. ശാന്തിക്കാരൻ ദാസിയെ കൊന്നതു് അഗസ്തീശ്വരം താലൂക്കിൽ പെട്ട കള്ളിയങ്കാടു് എന്ന സ്ഥലത്തുവച്ചായിരുന്നു. അവിടെ ഇന്നും പഞ്ചവൻകാട്ടു് ഇശക്കി എന്ന ദുർദ്ദേവത കുടിയിരിക്കുന്ന ഒരു ക്ഷേത്രമുണ്ടു്. ആ പാട്ടിൽനിന്നു് ഒരു ഭാഗം താഴെ ചേർക്കുന്നു.

“കൊടുക്ക മുതലില്ലാമൽ കൂറിവന്ത മറയോനും
അടുത്ത നാളിൽ വേളയിലെ അവൾ വീട്ടിൽ പോയിരുന്താൻ.
കൈപ്പൊരുളുമില്ലാമൽ കാതലിയാൾ കാണവില്ലൈ.
നിറവില്ലാപ്പാതകത്തി നിഷ്ടൂരത്തായ്ക്കിഴവി
മറയോനൈക്കണ്ട പിമ്പേ മകളോടേ ചണ്ടയിട്ടാൾ
‘അരക്കാശു കിടയാതേ ആൺപിള്ളൈയോടിരുന്തു
ചിരിത്തു വിളയാടുവതും തിനന്തിനമായലക്കൊടുപ്പും
കഴുകടിയിൽ നാപോലെ കാത്തിരുന്തും തൂങ്കുകിറായു്.’
നേരാക വേതിയൻതൻ നെഞ്ചുനേരേ കാൽ നീട്ടി
വാരുമെൻറു ചൊല്ലാമൽ വാർത്തകൂറാതേയിരുന്താൾ.
‘കൂത്താടുമവർ വീടു കൊണ്ടകാണിയോ ഉനക്കു?
ഉത്തരവുമില്ലാമൽ ഓയാതേ വരുവാനേൻ?
ചെത്തവനേ, പാപ്പാനേ, തിണ്ണൈവിട്ടു് എഴുന്തിരേടാ,’
കിഴവിയുടെ പേച്ചൈയെല്ലാം കേട്ടിരുന്ത മറയോനും
അഴുതുകൊണ്ടു്, അവനുടയ അകരമതിൽപ്പോകാമൽ,
കൊണ്ടാടിപ്പുചൈ ചെയ്യും കോവിലുക്കും പോകാമൽ,
പട്ടണത്തെ വിട്ടിറങ്കി പ്പരദേശം പോനാനേ.”

12.9മറ്റു ചില പാട്ടുകൾ

ഇനിയും (1) ഉദയഗിരിക്കോട്ടയിൽ അരശിൻമൂട്ടിൽ അഗ്നിപ്രവേശം ചെയ്ത സതി ചെമ്പകവല്ലി മുതലായി പല സ്ത്രീരത്നങ്ങളേയും (2) കവിശ്രേഷ്ഠനായ കോട്ടയത്തു തമ്പുരാൻ തുടങ്ങി പല പുരുഷകേസരികളേയും പറ്റി പാട്ടുകളുണ്ടു്. അവയെ സ്ഥലദൗർലഭ്യത്താൽ ഇവിടെ പരാമർശിക്കുന്നില്ല. കോട്ടയത്തു തമ്പുരാനെപ്പറ്റിയുള്ള പാട്ടിനു പുതുവാതപ്പാട്ടു് എന്നാണു് പേർ പറയുന്നതു്. പഞ്ചവൻകാട്ടു നീലി, ചെമ്പകവല്ലി, പുതുവാത, ഇരവിക്കുട്ടിപ്പിള്ള ഈ നാലുപാട്ടുകളിൽനിന്നു് അനേകം ഭാഗങ്ങൾ ഞാൻ സാഹിത്യ പരിഷത്ത്രൈമാസികത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടു്.

12.10ചരിത്രമാത്രപരങ്ങളായ ഗാനങ്ങൾ

ദേശചരിത്രത്തെ മാത്രം പ്രതിപാദിക്കുന്ന വേറേ ചില പാട്ടുകളുണ്ടു്; അവയെക്കൊണ്ടു പാരത്രികമായ ഫലമൊന്നും തൽക്കർത്താക്കൾ ഉദ്ദേശിച്ചിട്ടില്ല. അത്തരത്തിലുള്ള പാട്ടുകളാണു് (1) വലിയതമ്പി കുഞ്ചുത്തമ്പികഥ. (2) ധർമ്മരാജാവിന്റെ രാമേശ്വരയാത്ര. (3) ദിവാൻവെറ്റി മുതലായവ. തിരുവിതാങ്കൂറിലെ വീരമാർത്താണ്ഡവർമ്മ മഹാരാജാവിനും അദ്ദേഹത്തിന്റെ മാതുലനായ രാമവർമ്മ മഹാരാജാവിന്റെ പുത്രന്മാരായ വലിയ തമ്പി, കുഞ്ചു തമ്പി, ഇവർക്കും തമ്മിലുണ്ടായ വിരോധത്തിന്റെ കാരണവും, തന്നിമിത്തം രാജ്യത്തിൽ സംഭവിച്ച അന്തഃഛിദ്രവും, തമ്പിമാരുടെ വധവും മറ്റുമാണു് ഇവയിൽ ആദ്യത്തെ പാട്ടിൽ വർണ്ണിക്കുന്നതു്. ഒരു ഭാഗം ഉദ്ധരിക്കാം. തമ്പിമാരുടെ അകാലമരണം കേട്ടു് അവരുടെ മാതാവു വ്യസനിക്കുകയാണു്.

“പട്ടുവിട്ടാരെൻറ വാർത്തൈ പൈന്തൊടിയാൾതാൻ കേട്ടു
ചുട്ടുവിട്ട മെഴുകതുപോൽ ചോർന്തു ഉടൽ തള്ളാടി.
പട്ടുവിട വരുകുതെമ്പാൾ പാലകരൈക്കാണാമൽ
കട്ടിവൈത്ത പൊന്നതുപോൽ കളൈന്തേനേ എന്മകനൈ.
വീടുവിട്ടേൻ നാനൊരു നാൾ വീത്തിരുന്താലെന്ന പലൻ?
ഇങ്കിരുന്താൽ പലനുമില്ലൈ; ഇറന്താലും പലനുമില്ലൈ;
കൊതിക്കുതല്ലോ വയറതുതാൻ കുഞ്ചുതമ്പീയെൻറുഴുതാൾ.
അഴുതാളേ തായാരും ആണഴകാ വലിയ തമ്പീ,
പെറ്റ വയർ കൊതിക്കുതല്ലോ പുത്തിരരൈക്കാണാമൽ.
പറ്റിവയറെരിയുതല്ലോ പറപ്പാകത്തോൻറുതല്ലോ.
***
അഴുതാളേ തായാരും ആയിഴയാൾ തങ്കയരും
***
അഴുതാളേ എൻ പിറപ്പേ, ആരു തുണൈ എന്തനുക്കു?
***
മന്നരുടൻ പകൈത്തവർകൾ വയ്യകത്തിലിരിപ്പതുണ്ടോ?”
ധർമ്മരാജാവെന്ന വിശിഷ്ടബിരുദത്താൽ പ്രഖ്യാതനായ രാമവർമ്മ മഹാരാജാവു 959-ൽ രാമേശ്വരത്തേയ്ക്കു തീർത്ഥസ്നാനത്തിനു് എഴുന്നള്ളിയതിനെപ്പറ്റിയുള്ള ഒരു പാട്ടാണു് രാമേശ്വരയാത്ര. ഇതും എന്റെ ഒരു ഉപന്യാസത്തിനു വിഷയീഭവിച്ചിട്ടുണ്ടു്. ദിവാൻവെറ്റി എന്നതു രാമവർമ്മ മഹാരാജാവിന്റേയും ദിവാൻ കേശവദാസന്റേയും മഹിമകളെ വാഴ്ത്തുന്ന ഒരു ഗാനമാകുന്നു. അതു തോവാളത്താലൂക്കിൽപ്പെട്ട ചെമ്പകരാമൻ പുത്തൂരിൽ തിരുവാനന്തം എന്ന ഒരു കവിയുടെ കൃതിയാണു്; അതിന്റെ നിർമ്മിതി കൊല്ലം 970-ാമാണ്ടു തുലാമാസം 28-ാംനുയുമാണു്. മഹാരാജാവു് ആലുവായിൽ അനുഷ്ഠിച്ച യാഗത്തെപ്പറ്റി കവി ഇങ്ങനെ വർണ്ണിക്കുന്നു.

“ഉരൈതേറി രാമവർമ്മരുലകെല്ലാം നലമതാക
ത്തരൈ പുകഴാൽവായെൻറു തലമതിലില്ലം കട്ടി
നിരൈ പുകഴ്വെൾവിയാകും നിറവേറ്റ വേണുമെൻറു
തിരൈ കടലു് തുയലു് മാല്വന്തു തെരിചനം ചാതിത്താരെ
താരണി പുകഴും വേന്തർ തർമ്മമാൽ രാമവർമ്മർ
നേർതരും മന്ത്രിമാർക്കും രകചിയച്ചെയ്തിചൊല്ലി
പാർ പുകഴാല്വായു് തന്നിൽ പതിനെട്ടു ഇല്ലങ്കട്ടി
ചീർ പുകത്താനംചെയ്തു ജയവേൾവിയാകം ചെയ്താർ.”
ടിപ്പുവിന്റെ സന്ദേശമാണു് താഴെക്കാണുന്നതു്.

“മെയ്ത്തതോർ പെരുമ്പടൈപ്പുവേന്തനുമറിന്തിരുക്ക
തത്തിചേരയ്തർ ടിപ്പു തളകർത്തൻ പടചിച്ചായ്പു
അത്തലംതന്നിൽ വന്തു അരചരൈക്കൂടിക്കണ്ടു
ഉത്തതോർ ടിപ്പുചൊന്ന ഉറുതിയൈയറിവിത്താനേ.”
“അറിവുടൻ നീതികൾ വേണമതു തരവില്ലൈയാനാൽ
ക്കുറിയുടൻ പടൈയെഴുമ്പിക്കോട്ടൈയിൽ വരുവോമെന്ന.”
“അറിവുള്ള ചിങ്കത്തിൻപാലാനൈ വന്തെതിർക്കുമാകില്
തെറിപടും യാനൈ തോർക്കും ചിങ്കമേ വെല്ലു” മെൻറാർ.
“വെല്ലുവോമെതിർപ്പാനാകിൽ, വെരുട്ടുവോം വെരുട്ടിയോട്ടി
ക്കൊല്ലുവോം ശ്രീരങ്കത്തിൽക്കോട്ടൈയും പിടിപ്പോമെൻറു
ചൊല്ലുവായുനക്കു മേലാം തുരയയ്തർ ടിപ്പുക്കെൻറാർ;
വല്ലതോർ വടചിപോനാൻ; മന്നർ പാരരചുചെയ്താർ.”
ഈ പാട്ടിനും മറ്റും പറയത്തക്ക പഴക്കമില്ലെന്നു പറയേണ്ടതില്ലല്ലോ.

12.11ദേവാരാധനത്തിനു് ഉപയുക്തങ്ങളായ ഗാനങ്ങൾ

ശാസ്താവിനേയും സർപ്പങ്ങളേയും പ്രീതിപ്പെടുത്തുന്നതിനുള്ള ഗാനങ്ങളും ഇത്തരത്തിലുള്ള മലയാംതമിഴ്പ്പാട്ടുകളുടെ കൂട്ടത്തിൽ കാണ്മാനുണ്ടു്. ശാസ്താമ്പാട്ടു വളരെ ഹൃദയങ്ഗമമാണു്. ഒരു കാലത്തു് ആ പാട്ടു മാത്രമേ വില്ലുകൊട്ടിപ്പാടി വന്നിരുന്നുള്ളു എന്നും പിന്നീടാണു് അപമൃത്യുവശഗന്മാരെയും മറ്റും തൃപ്തിപ്പെടുത്തുന്ന ഗാനങ്ങൾ നടപ്പായതെന്നുമാണു് ഐതിഹ്യം. അതു പക്ഷേ വാസ്തവമായിരിക്കാം. എന്തെന്നാൽ ശാസ്താംപാട്ടിന്റെ ആരംഭത്തിലുള്ള
“താനാകിന പൊന്നും കൈലാസത്തിൽ
തക്ക ശിവനുമയാളും വീറ്റിരുന്താർ;
ഇരുന്താരസുരർകളും പാതാളത്തിൽ
ഇരുഷി മുകിൽവർണ്ണൻ ചക്കിറത്താൽ
വരുന്തിയിരുന്താരേയസുരർ കുലം”
എന്ന പാട്ടു ‘ഗണപതി’പോലെ മറ്റു ഗാനങ്ങളുടേയും പീഠികയായി പാടാറുണ്ടു്; ശാസ്താമ്പാട്ടിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം. രാജാവിന്റെ പട്ടമഹിഷി തലവേദന മാറ്റുവാൻ പുലിപ്പാൽ വേണമെന്നു പറയുകയാൽ ശാസ്താവു പുലിയേയും പുലിക്കുട്ടിയേയുംകൊണ്ടു മധുരയിലെ ചെട്ടിത്തെരുവിൽക്കൂടിപ്പോകുന്നതാണു് സന്ദർഭം.

ആപത്തുക്കാക വന്തു പിടിത്തുതേ
അരചരുക്കും വിചാരമില്ലാമലേ
പാവത്താലന്തത്തേവിയാർ ചൊൽകേട്ടു
പട്ടണത്തൈ അഴിക്കിറാർ പാവികൾ.
പാവിയേ പുലി അന്നാ വരുകുതേ;
പറ്റിപ്പറ്റിക്കടയറൈ തന്നിലേ.
ആ വിതിയെൻറലറി വിഴുവാരും
അണ്ണൻ തമ്പിയൈക്കാണാമൽ തേടുവാർ.
തേടിയ പൊൻപണങ്കളൈയും വിട്ടു
ജീരകപ്പൈയും കൊണ്ടോടുവാൻ ചെട്ടി.
വാടിയെൻറു മരുമകൻ ചെട്ടിയാർ
മാമിയാരുടെ കൈയെപ്പിടിക്കവേ
കൈപ്പിടിത്തു മരുമകൻ തന്നുടൻ
കണവനെൻറു നടന്താളേ ചെട്ടിച്ചി.”

12.12ചില മലയാളം വില്പാട്ടുകൾ

സുഭദ്രാഹരണം, കീചകവധം മുതലായ കഥകളെ അധികരിച്ചു മലയാളഭാഷയിൽ വില്പാട്ടുകൾ ചിലർ നിർമ്മിച്ചിട്ടുണ്ടെങ്കിലും അവ എല്ലാംതന്നെ ഗുണരഹിതങ്ങളും ദോഷഭൂയിഷ്ഠങ്ങളുമാണെന്നു പറയേണ്ടിയിരിക്കുന്നു. അവയെ ചേർപ്പെന്നും പുത്തനെന്നും മറ്റും പറയുന്നതിൽനിന്നുതന്നെ അവയുടെ നവ്യത്വം വ്യക്തമാകുന്നതാണല്ലോ. കീചകവധം പാട്ടിന്റെ ആരംഭം ഇങ്ങനെയാണു്.

“സാരമുടനിസ്സഭയിൽ വന്നിരിക്കും
സജ്ജനങ്ങൾ കേൾപ്പതിനു സഹിതമാക
ഭാരതത്തിൽപ്പാടിടുന്ന കീചകന്റെ
പരമാർത്ഥമതു പറവാനായിയിന്നു
നാരിയതാം പാഞ്ചാലികാരണത്താൽ
നരകപുരമതിൽപ്പോയിട്ടുള്ള മാർഗ്ഗം
സാരത്തിനോടുപാടും പുലവർ കേൾക്ക
സ്സൽക്കഥയെ കവിതയാകക്കോർത്തു ചൊല്വൻ.”

12.13രാമകഥപ്പാട്ടു്

ഇപ്പോൾതന്നെ വേണ്ടതിലധികം നീണ്ടുപോയിരിക്കുന്ന ഈ അദ്ധ്യായം ഇവിടെ സമാപിക്കേണ്ടിയിരിക്കുന്നു. അതിനുമുമ്പു തെക്കൻപാട്ടുകളുടെ നടുനായകമായ രാമകഥപ്പാട്ടിനെപ്പറ്റിക്കൂടി സ്വല്പം പ്രസ്താവിക്കേണ്ടതായുണ്ടു്. രാമകഥപ്പാട്ടു പാടുന്നതു വിഷ്ണുക്ഷേത്രങ്ങളിലാണു്; അതിനുള്ള ഉപകരണം ‘ചന്ദ്രവളയം’ എന്ന ഒറ്റവാദ്യവുമാണു്.

നെയ്യാറ്റിൻകരത്താലൂക്കിൽ കോവളത്തിനു സമീപമായി ആവാടുതുറ (ഔവാടുതുറയെന്നും പറയും) എന്നൊരു സ്ഥലമുണ്ടു്. അവിടത്തുകാരനായ അയ്യപ്പിള്ള ആശാനാണു് പ്രസ്തുതകാവ്യത്തിന്റെ നിർമ്മാതാവു്. അദ്ദേഹം ഒരു നായരായിരുന്നു എങ്കിലും നല്ല തമിഴ്ഭാഷാപണ്ഡിതനായിരുന്നതിനാൽ തന്റെ കൃതി രചിച്ചതു മലയാംതമിഴിലാണു്. രാമകഥ ബാലകാണ്ഡത്തിന്റെ ആരംഭംമുതൽ യുദ്ധകാണ്ഡത്തിന്റെ അവസാനംവരെ ഞാൻ കണ്ടിട്ടുണ്ടു്. അതിനപ്പുറം ആ കാവ്യം തുടരുന്നുവോ എന്നറിഞ്ഞുകൂടാ. അദ്ദേഹം അക്ഷരജ്ഞാനമില്ലാത്ത ഒരു കൃഷിക്കാരനായിരുന്നു എന്നും ഒരു ദിവസം മാടം കാക്കുവാൻ അനുജനെ നിയോഗിച്ചിട്ടു തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ശീവേലി തൊഴാനായി പോയെന്നും ദീപാരാധന കഴിഞ്ഞു വെളിയിലിറങ്ങിയപ്പോൾ ഒരു വൃദ്ധനെക്കണ്ടു് അദ്ദേഹത്തോടു തനിക്കു വല്ലതും വേണമെന്നു് അപേക്ഷിച്ചു എന്നും അപ്പോൾ അദ്ദേഹം ഒരു വാഴപ്പഴം കൊടുത്തതു ഭക്ഷിച്ചു എന്നും പിന്നീടു മാടത്തിലേക്കുള്ള യാത്ര പാട്ടുപാടിക്കൊണ്ടായിരുന്നു എന്നുമുള്ള ഐതിഹ്യം വിശ്വസനീയമായി തോന്നുന്നില്ല; അത്രയ്ക്കു സർവതോമുഖമായ പാണ്ഡിത്യം ആ കവിപുങ്ഗവൻ രാമകഥയിൽ പ്രകടിപ്പിച്ചിട്ടുണ്ടു്. ആശാന്റെ അനുജൻ അയ്യനപ്പിള്ള ആ പഴത്തിന്റെ തൊലി തിന്നു് ഒരു സാധാരണ കവിയുമായി പോലും! ഈ കഥയ്ക്കും വാസുഭട്ടതിരിയെ സംബന്ധിച്ചുള്ള ഐതിഹ്യത്തിനും തമ്മിൽ ശങ്കാജനകമായ ഐകരൂപ്യം കാണുന്നതും ഈ അവസരത്തിൽ സ്മരണീയമാണു്. അയ്യനപ്പിള്ള മലയാളത്തിലാണു് അദ്ദേഹത്തിന്റെ ഭാരതം പാട്ടു രചിച്ചിട്ടുള്ളതു്.

12.13.1അയ്യപ്പിള്ള ആശാന്റെ കാലം
രാമകഥപ്പാട്ടിന്റെ മുഖവുരയായി പാടിവരാറുള്ള ഒരു പാട്ടിൽ

“അയൻ പൊരുളാൽ നാരതരും പുറ്റിനോടു
മരുൾ മുനിവൻ വാഴ്ത്തിയുരൈത്തതാക
പരൻ കതയൈ കമ്പർ പന്തീരായിരത്താൽ
പകർന്ത കതൈ കണ്ണശ്ശനിൽപ്പാതിയാം;
തരന്തരമായ് വിളങ്ങുമൊഴിയതനിൽപ്പാതി
തനിവിനയിലൗവാടു തുറയിലയ്യൻ
വിരന്തുടനിരാമനാമം ചൊന്ന ചൊല്ലൈ
മേലുംതപൈതനിലടിയേൻ വിള്ളിന്റേനേ”
എന്നൊരു ഭാഗമുണ്ടു്. അതിനെ ആസ്പദമാക്കി ഞാൻ അയ്യപ്പിള്ള ആശാന്റെ ജീവിതകാലം കണ്ണശ്ശനു പിന്നീടാണെന്നു് എന്റെ “പ്രാചീന മലയാളമാതൃകകൾ – ഒന്നാംഭാഗം” എന്ന പുസ്തകത്തിന്റെ അവതാരികയിൽ പ്രസ്താവിക്കുകയുണ്ടായി. ഇന്നും എന്റെ അഭിപ്രായം അതുതന്നെയാണു്. ഇതിൽനിന്നു പ്രസ്തുത കവി ജീവിച്ചിരുന്നതു കൊല്ലം ഏഴാംശതകത്തിലാണെന്നു വന്നുകൂടുന്നു. രാമകഥയ്ക്കു് അതിനെക്കാൾ പഴക്കം കല്പിക്കുവാൻ പാടില്ലെന്നുള്ളതു് അയ്യനപ്പിള്ളയുടെ ഭാരതം പാട്ടിൽനിന്നു് ഒരു ഭാഗം ഉദ്ധരിച്ചു തെളിയിക്കാം. പാണ്ഡവന്മാർ പാഞ്ചാലിയെ പാണിഗ്രഹണം ചെയ്തതിനുമേലുള്ള സന്ദർഭമാണു് അതിൽ വിവരിക്കുന്നതു്.

“ധർമ്മപുത്രർ നല്ലതോരു സ്ത്രീധനങ്ങളും വരിച്ചു
സൗഖ്യമോടവിടെ മേവും നാളിലേ
വർമ്മമൊടു പൊരുതുപോയ കർണ്ണനും സുയോധനനും
മന്തിരിച്ചു തമ്മിലൊക്ക മുദ്രയായ്
ദുർമ്മദമതുള്ളതോരു മന്നരേയരക്കറയിൽ
ചുട്ടുകൊന്നതെങ്ങനെ ജീവിച്ചതും?
വർമ്മമുണ്ടു വല്ലജാതിയുമവരെക്കൊന്നിടായ്കിൽ
പാഞ്ചാലമഹിപൻ നല്ല ബന്ധുവോ?
ബന്ധുവാമവൻ പുരത്തിലേ പടയെടുത്തു ചെന്നു
വിരവിലൈവരേയും കൊല്ലവേണമേ.
ശാന്തവ [24] പാഞ്ചാലനേയും കൂടവേയറുതിചെയ്തു
തക്ക പെണ്ണിനേയും കൊണ്ടുപോരണം.
വേന്തർ തങ്ങളിൽപ്പറയും ചെയ്തിയൊക്ക ഭീഷ്മർ കേട്ടു
വേണ്ടയിതു നല്ലതല്ലയെന്നനർ.”
നിരണം കവികളുടെ കൃതികൾക്കോ ഇതിനോ പ്രാചീനതയെന്നു പണ്ഡിതന്മാർക്കു നിർണ്ണയിക്കുവാൻ പ്രയാസമില്ലല്ലോ.

12.13.2അയ്യപ്പിള്ള ആശാന്റെ കവിതാരീതി
ആശാന്റെ കവിതാരീതി ഒന്നുരണ്ടുദാഹരണങ്ങൾകൊണ്ടു വിശദമാക്കാം. വിരുത്തവും പാട്ടുമായാണു് രാമകഥപ്പാട്ടു നിർമ്മിച്ചിട്ടുള്ളതു്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടർന്നു ദീർഘമായ ഒരു പാട്ടും; പിന്നെയും അതേമാതിരി നിബന്ധം – ഇതാണു് അദ്ദേഹത്തിന്റെ രചനാസമ്പ്രദായം. വിരുത്തത്തിന്റെ ഉദാഹരണങ്ങളാണു് താഴെക്കാണുന്നതു്.

“അതിചയിത്തന്നം വാങ്കിയരചനും തേവിമാരൈ
മതിചിറന്തഴൈത്തനേരം മകിഴ്ന്തുവന്തരുകിരുന്താർ.
പുതുമതിനുതലിമാർക്കുപ്പുത്തിരരുണ്ടാവാനായ്
ചതുർമ്മുകൻ പടൈത്തനേരം തചരതർ പകുത്താർ ചോറ്റൈ.”
(ബാലകാണ്ഡം) “തരതനിലറം വളർക്കും ചങ്കണിതരന്മേലാചൈ
കരുതിനാർ; പലരും നേചം കമലലോചനനിൽ വൈത്താർ;
പുരവലനതൈയറിന്തു പുതൽവനൈയിനുതായ്നാടി
യൊരു തിനം കിരണപീടത്തെയ്തിനനുമ്പർക്കൊത്തോൻ.”
(അയോദ്ധ്യാകാണ്ഡം)
അടിയിൽ ചേർക്കുന്നതു ആസന്നമരണനായ ബാലി ശ്രീരാമനോടു പറയുന്ന പരിഭവവാക്യങ്ങൾ അടങ്ങിയ പാട്ടിലെ ഒരു ഭാഗമാണു്.

“മന്നാ നീയേതുക്കെന്നെയെയ്തായു് – പുത്തി
ചൊന്നതാർ കുരങ്കകളൈക്കൊൻറാക്കിലാമോ? (മന്നാ)
മന്നർ ചിലർ കേട്ടാലും ചിരിക്കും – താരൈ
മടിയാമലനല് വളർത്തു മരിക്കും – പാരിൽ
അന്നേരം ഇരവിതേരിലിരിക്കും – അന്ത
ഇളയവനും നലമായ്ച്ചെൻറിരുന്തരശു പരിക്കും (മന്നാ)
തമ്പിക്കു തമയനൊൻറു പിഴൈത്താൽ – നാങ്ക –
ളിരുവരൈയുമൊരു തലത്തിലഴൈത്താൽ – അൻറു
വമ്പുചെയ്തവർകളെ നീ വതിത്താൽ – ഞായ
മിന്തവഴികേടു ചെയ്തതുന്തൻ വാളിയുടമതത്താൽ. (മന്നാ)
തചരതർക്കു നാൻ പിഴൈത്തതുണ്ടോ? – ഉങ്കൾ
തിരവിയങ്കൾ കളവാണ്ടതുണ്ടോ? – ഒരു
വചകളുമേ നാൻ പറൈന്തതുണ്ടോ? – അന്ത
വനത്തിടയിൽ താടകൈപോൽ വന്തവകൈയുണ്ടോ? (മന്നാ)
***
വേട്ട പെണ്ണൈക്കളവാണ്ട കള്ളനങ്കിരിക്ക
വെറുതാവിലേ നാനും കിടന്തിങ്കേ മരിക്ക
ചാട്ടമറ്റ കുരങ്കൈയെറുമ്പരിക്ക – തമ്മൈ–
ത്തരംകെടുത്ത രാവണനുമങ്കിരുന്തു ചിരിക്ക. (മന്നാ)
ചതിത്തിരുന്തു വാളിതൊടലാമോ? – തമ്പി
ചതിയനുടെ ചൊൽ കേൾക്കലാമോ? – ആർക്കും
എതിർത്തിപ്പോരിലെന്നൈ വെല്ലലാമോ? – തേവി
യിവനാലെ ചിറമീണ്ടു ഇക്കരയിലാമോ? (മന്നാ)
തൻപതി [25] യും രാവണനുക്കാച്ചേ – തേടി
ത്തനിത്തൊരുവൻമാർക്കപന്തുവാച്ചേ – ഇനി
എൻപതിയുമടുത്താരുക്കാച്ചേ – ഉലകിൽ
എളിയോർക്കും പെരിയോർക്കുമിതൊരു പേച്ചാച്ചേ.” (മന്നാ) (കിഷ്കിന്ധാകാണ്ഡം)
ആശാൻ മലയാളത്തിൽ പ്രസ്തുതകൃതി രചിക്കാത്തതു മലയാളകവിതകളുടെ ഭാഗ്യമാണു്; മലയാളത്തിന്റെ ദൗർഭാഗ്യവും. അത്രയ്ക്കു നന്നായിട്ടുണ്ടു് അതിലെ പല ഭാഗങ്ങളും.

ഇനിയും കേരളത്തിന്റെ ഓരോ ഭാഗത്തും മുക്കിലും മൂലയിലുമായി ഒളിഞ്ഞും മറഞ്ഞും, തേഞ്ഞും മാഞ്ഞും, എത്രയെത്ര നാടോടിപ്പാട്ടുകൾ ആസന്നമൃത്യുക്കളായി കിടക്കുന്നു! ഈ പുസ്തകത്തിൽ അവയെപ്പറ്റിയുള്ള പ്രപഞ്ചനം ഇനിയും തുടർന്നുകൊണ്ടുപോകുന്നതിനു് അശേഷം സൗകര്യമില്ലല്ലോ. അതുകൊണ്ടു് ഈ പ്രകരണം ഇവിടെ അവസാനിപ്പിക്കാം. അവയുടെ നിർമ്മാതാക്കൾ പ്രായേണ അപണ്ഡിതന്മാരായിരുന്നു എന്നു മുൻപു പ്രസ്താവിച്ചുവല്ലോ. എന്നാൽ അവർക്കു തന്നിമിത്തം മനോധർമ്മവും കവനപാടവവുമില്ലായിരുന്നു എന്നു ശഠിച്ചുകൂടുന്നതല്ല. സഹൃദയഹൃദയങ്ങളെ വികാരതരളിതങ്ങളാക്കുന്നതാണു് കവിധർമ്മമെങ്കിൽ അതു് അവരിൽ പലർക്കും പരിപൂർണ്ണമായുണ്ടായിരുന്നു. എന്നു മാത്രമല്ല അവരുടെ കൃതികളിലെ ചില ഭാഗങ്ങൾ പാടിക്കേൾക്കുമ്പോൾ കാശ്യപാശ്രമത്തിൽ ശകുന്തളയെ കാണുന്ന അവസരത്തിൽ ദുഷ്ഷന്തൻ ചൊല്ലുന്ന

“ശുദ്ധാന്തദുർല്ലഭമിദം വപുരാശ്രമവാസിനോ യദി ജനസ്യ
ദുരീകൃതാഃ ഖലു ഗുണൈരുദ്യാനലതാ വനലതാഭിഃ”
എന്ന ശ്ലോകം നമ്മുടെ സ്മൃതിപഥത്തെ നാമറിയാതെതന്നെ അധിരോഹണം ചെയ്തുപോകുന്നു. ഈ പാട്ടുകൾ കിട്ടുന്നിടത്തോളം ശേഖരിച്ചു പ്രസിദ്ധപ്പെടുത്തുന്നതിനേക്കാൾ അവിളംബ്യമായ ഒരു കർത്തവ്യം ഭാഷാഭിമാനികളെ അഭിമുഖീകരിക്കുന്നില്ല എന്നു് ഒന്നുകൂടി ഊന്നിപ്പറയുവാൻ ഈ അവസരം വിനിയോഗിച്ചുകൊണ്ടു് വിരമിയ്ക്കുന്നു.

കുറിപ്പുകൾ

1 ഇദ്ദേഹത്തെപ്പറ്റി വേറേ രേഖകൾ കണ്ടിട്ടില്ല.

2 ആ വീരനു് ഇരുമ്പുകൊടിയുണ്ടായിരുന്നതിനാലാണു് ഈ ബിരുദം ലഭിച്ചതു്.


അദ്ധ്യായം 13 - ഭാഷാകൃതികൾ (പദ്യം) I

(ക്രി. പി. 1300 വരെ)

13.1പാട്ടും പാണ്ഡ്യഭാഷാസാരൂപ്യവും

ലീലാതിലകകാരന്റെ മതമനുസരിച്ചു സാക്ഷാൽ സാഹിത്യകോടിയിൽ അങ്ഗീകാരത്തിനു് അർഹമായ പാട്ടിന്റെ ലക്ഷണമെന്തെന്നു് ആറാമധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. “ദ്രമിഡസംഘാതാക്ഷരനിബദ്ധമെതുകമോനാവൃത്തവിശേഷയുക്തം പാട്ടു്” എന്നുള്ള നിർവചനസൂത്രത്തിന്റെ വൃത്തിയിൽ “പാണ്ഡ്യഭാഷാ സാരൂപ്യം ബാഹുല്യേന പാട്ടിൽ കേരളഭാഷായാം ഭവതി” എന്നൊരു വസ്തുസ്ഥിതിപ്രകാശകമായ പങ്ക്തി കാണുന്നുണ്ടു്. മലയാളഭാഷയിൽ കവികൾ ‘പാട്ടു്’ എന്ന ഇനത്തിൽ ഗ്രന്ഥങ്ങൾ രചിക്കുമ്പോൾ അവ പ്രായേണ ചെന്തമിഴിലെ പാട്ടുകൾപോലെ തോന്നുമെന്നാണു് ആ പ്രസ്താവനയിലെ വിവക്ഷ. അതു് അനുചിതമോ അസ്വാഭാവികമോ അല്ല; എന്തെന്നാൻ ആദികാലത്തു കേരളീയഭാഷാകവികൾ ചെന്തമിഴിൽത്തന്നെയാണല്ലോ കവനംചെയ്തുവന്നതു്. വ്യാകരണം, നിഘണ്ടു മുതലായ ലക്ഷണഗ്രന്ഥങ്ങൾക്കും അവയ്ക്കു ചെന്തമിഴിനെത്തന്നെയാണു് ആശ്രയിക്കേണ്ടിയിരുന്നതു്. അതുകൊണ്ടാണു് ലീലാതിലകത്തിൽ ഉദ്ധൃതമായ “തരതലന്താനളന്താ” എന്ന പാട്ടു് ചെന്തമിഴിനോടു് ഏറ്റവും ഇണങ്ങിയിരിക്കുന്നതു്. ആ പാട്ടു് ഒരു മുക്തകമോ ആരെങ്കിലും നിർമ്മിച്ച ശ്രീപത്മനാഭസ്തോത്രമാല്യത്തിലെ ഒരു പുഷ്പമോ എന്നറിവാൻ നിവൃത്തിയില്ല. ലീലാതിലകകാരൻ പാട്ടിനു് നിർദ്ദേശിച്ചിട്ടുള്ള സകല നിയമങ്ങൾക്കും ആദ്യന്തം വിധേയമായി ആ വകുപ്പിൽ ഒരൊറ്റ ഗ്രന്ഥം മാത്രമേ നമുക്കു് ഇതഃപര്യന്തം ലഭിച്ചിട്ടുള്ളു. അതു മലയാളത്തിന്റെ യഥാർത്ഥമൂലധനമായ രാമചരിതമല്ലാതെ മറ്റൊന്നുമല്ലെന്നു പറയേണ്ടതില്ലല്ലോ. വേറേയും പല ഗ്രന്ഥങ്ങൾ ആ രീതിയിൽ വിരചിതങ്ങളായിരുന്നിരിക്കാം; അവ നശിച്ചുപോയെന്നാണു് തോന്നുന്നതു്. എങ്കിലും ആ ഒരു കൃതികൊണ്ടുതന്നെ ഭാഷയ്ക്കു ഭാഗ്യവശാൽ പരിപൂർണ്ണമായി അഭിമാനംകൊള്ളാവുന്നതാണു്. അത്രയ്ക്കുണ്ടു് അതിന്റെ ബഹുമുഖവും വിശ്വോത്തരവുമായ മാഹാത്മ്യം.

13.2രാമചരിതം – ഗ്രന്ഥത്തിന്റെ സ്വരൂപം

രാമചരിതത്തിലെ ആദ്യത്തെ മുപ്പതു പരിച്ഛേദങ്ങൾ ഞാൻ 1092-ൽ “പ്രാചീനമലയാളമാതൃകകൾ ഒന്നാംഭാഗം” എന്ന പുസ്തകത്തിന്റെ പ്രധാനാംശമായി പ്രസിദ്ധപ്പെടുത്തുകയുണ്ടായി; 1107-ൽ തിരുവിതാംകൂർഗവൺമെന്റിന്റെ പൗരസ്ത്യ ഗ്രന്ഥപ്രകാശകൻ അതു സമഗ്രമായ രൂപത്തിൽ ശ്രീചിത്രോദയമഞ്ജരീഭാഷാഗ്രന്ഥാവലിയിലെ നാലാം നമ്പരായി അച്ചടിപ്പിക്കുകയും ചെയ്തു. പക്ഷേ ആ പതിപ്പു് അത്യന്തം സ്ഖലിതജടിലമാണു്. രാമചരിതത്തിൽ ആകെ നൂറ്ററുപത്തി നാലു പരിച്ഛേദങ്ങളും ഓരോ പരിച്ഛേദത്തിലും പ്രായേണ പതിനൊന്നു വീതം പാട്ടുകളുമുണ്ടു്. പന്ത്രണ്ടുവീതം പാട്ടുകളുള്ള പതിന്നാലും പത്തുവീതമുള്ള നാലും പരിച്ഛേദങ്ങളുമില്ലെന്നില്ല. [1] അങ്ങനെ മൊത്തത്തിൽ 1814 പാട്ടുകളുൾക്കൊള്ളുന്ന ഒരു ബൃഹൽകൃതിയാണു് രാമചരിതം. ഓരോ പരിച്ഛേദത്തിലും പതിനൊന്നു പാട്ടുകൾവീതം ഉൾപ്പെടുത്തുക എന്നുള്ളതു ചില നായനാരന്മാരുടേയും ആഴ്വാരന്മാരുടെയും ശൈലിയുടെ അനുകരണമാകുന്നു. സംബന്ധർ, അപ്പർ ഇവരുടെ തേവാരങ്ങളിലേയും പെരിയാഴ്വാർ, ആണ്ടാൾ, കുലശേഖരആഴ്വാർ ഇവരുടെ തിരുമൊഴികളിലേയും പരിച്ഛേദങ്ങൾ ഇത്തരത്തിലുള്ളവയാണു്. അവയിൽ ചില പരിച്ഛേദങ്ങളിൽ പത്തും മറ്റും ചിലവയിൽ ഒൻപതും പാട്ടുകളും കാണ്മാനുണ്ടു്. ഈ പൂർവസൂരികളിൽനിന്നാണു് രാമചരിതകാരൻ പ്രസ്തുത രചനാപദ്ധതി സ്വീകരിച്ചതെന്നു ഞാൻ അനുമാനിക്കുന്നു.

പലമാതിരി വൃത്തങ്ങളിലാണു് ഈ പരിച്ഛേദങ്ങൾ നിർമ്മിച്ചിരിക്കുന്നതെങ്കിലും അവയെല്ലാം ഭിന്നവൃത്തങ്ങളാണെന്നു തെറ്റിദ്ധരിക്കരുതു്. ആകെ ഇരുപതു വൃത്തങ്ങളിലധികം കവി പ്രയോഗിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. അവ മാറിമാറി പ്രയോഗിക്കുന്നു എന്നേയുള്ളു. മലയാളത്തിൽ ഇന്നു നടപ്പുള്ള പല ദ്രാവിഡവൃത്തങ്ങളുടേയും പൂർവരൂപങ്ങൾ രാമചരിതത്തിൽ കാണ്മാനുണ്ടു്. ‘ഉരയ്ക്കലാമവിടം നിന്നോടൊരുവരതരുണിവാനോർ’ എന്ന ഏഴാമത്തേയും ‘തഴൈനിഴലിലീടും നീടാർ പടക്കോപ്പുമായു്’ എന്ന പതിമ്മൂന്നാമത്തേയും ‘വണ്ണമേലും മരാമരംകൊണ്ടുടൻ’ എന്ന ഇരുപത്തൊന്നാമത്തേയും ‘ഉടലിടമീടും മാരുതിതന്നോടുടനുരചെയ്താൻ വാനരർ കോമാൻ’ എന്ന അൻപത്തൊന്നാമത്തേയും പരിച്ഛേദങ്ങളിലെ വൃത്തങ്ങളാണു് പിൽകാലത്തു യഥാക്രമം കേകയും മണികാഞ്ചിയും ദ്രുതകാകളിയും (പാന) തരങ്ഗിണിയും (ഓട്ടൻതുള്ളൽവൃത്തം) ആയി പരിണമിക്കുന്നതു്. ഇവയിൽ ചിലപ്പതികാരത്തിലും മറ്റും കാണുന്ന ‘അകവൽ’ വൃത്തത്തിന്റെ പരിണതരൂപമാണു് ഓട്ടൻതുളളൽവൃത്തം. നിരണംകൃതികളിൽ പ്രായേണ പ്രയുക്തമായിട്ടുള്ളതു് ഈ വൃത്തംതന്നെയാകുന്നു. ഇതുകൂടാതെ മണികാഞ്ചിയും രാമചരിതം നാലാം പരിച്ഛേദത്തിലെ ‘പിരിയരുതാത നീയിങ്ങനെ പിതാവു വെടിന്തു നാടും’ എന്ന വൃത്തവും മറ്റും കൂടിയുണ്ടു്. ചില പദങ്ങൾക്കെന്നതുപോലെ ചില വൃത്തങ്ങൾക്കും സംസ്കൃതം ദ്രാവിഡഭാഷയോടു കടപ്പെട്ടിരിക്കുന്നു. ‘ഇന്തവണ്ണമേയിരുൾ മറ്റെന്തിതിടതൂര’ എന്ന മൂന്നാമത്തേയും ‘ഏകിനോരളവേ നിചാചരരെങ്കും വൻപടയാക്കിനാർ’ എന്ന ഇരുപത്തിരണ്ടാമത്തേയും ‘പൂണ്ട മൈയലടവേ കളൈന്തു പുകഴ്മിന്നും മന്നവരെഴുന്തുപോർ’ എന്ന പതിനേഴാമത്തേയും ‘കുറവോടു പിളർന്തൊഴുകും കുരുതി’ എന്ന അറുപത്താറാമത്തേയും ‘ഒക്കെങ്ങുമറിഞ്ഞിട്ടവയെല്ലാം നിരവേവീഴ്ന്തു’ എന്ന നൂറാമത്തേയും പരിച്ഛേദങ്ങളിലെ വൃത്തങ്ങളാണു് സംസ്കൃതത്തിൻ യഥാക്രമം, ഇന്ദുവദന, മഞ്ജരി, കുസുമ മഞ്ജരി, തോടകം, മദനാർത്ത എന്നീ വൃത്തങ്ങളായി വികസിക്കുന്നതു്.

എതുകയിലും മോനയിലും കവി പ്രശംസാവഹമായ വിധത്തിൽ ശ്രദ്ധിച്ചിട്ടുണ്ടു്.

“താരിണങ്കിന തഴൈക്കുഴൽമലർത്തയ്യൽമുലൈ–
ത്താവളത്തിലിളകൊള്ളുമരവിന്തനയനാ!
ആരണങ്കളിലെങ്ങും പരമയോകികളുഴ–
ൻറാലുമെൻറുമറിവാനരിയ ഞാനപൊരുളേ!
മാരി വന്തതൊരു മാമലയെടുത്തു തടയും
മായനേയരചനായു് നിചിചരാതിപതിയെ
പോരിൽ നീ മുന്നം മുടിത്തമയെടുത്തു പുകഴ്വാൻ
പോകിപോകചയനാ, കവിയെനക്കരുൾചെയ്യേ”
എന്ന പാട്ടിൽ ‘താരിണങ്കിന’ എന്നു തുടങ്ങി ‘നയനാ’ എന്നവസാനിക്കുന്നതുവരെയുള്ളതാണു് പ്രഥമപാദം. രണ്ടുമുതൽ നാലുവരെ പാദങ്ങളിൽ പ്രഥമ പാദത്തിലെ ദ്വിതീയാക്ഷരമായ ‘രി’യുടെ ആവൃത്തി കാണുന്നുണ്ടല്ലോ; അതാണു് എതുക. ഓരോ പാദത്തിനും പൂർവാർദ്ധവും ഉത്തരാർദ്ധവുമുണ്ടു്. മേൽ ഉദ്ധരിച്ച പാട്ടിൽ പൂർവാർദ്ധത്തിലുള്ള താ, മാ, ആ, പോ, ഈ അക്ഷരങ്ങളുടെ ആവർത്തനം യഥാക്രമം ഉത്തരാർദ്ധാരംഭത്തിൽ കാണുന്നുണ്ടല്ലോ; അതാണു് മോന. ദ്രാവിഡകവികൾതന്നെ എതുകയ്ക്കുള്ള പ്രാധാന്യം മോനയ്ക്കു കല്പിയ്ക്കാറില്ല. രണ്ടിനും അതാതിന്റെ നിർദ്ദിഷ്ടസ്ഥാനങ്ങളിൽ അക്ഷരസാജാത്യമല്ലാതെ, അക്ഷരൈക്യം വേണമെന്നു നിർബ്ബന്ധവുമില്ല. ഇവയ്ക്കു പുറമേ ‘അന്താദിപ്രാസവും’ രാമചരിതകാരൻ നിയമേന പ്രയോഗിക്കുന്നു. ഒരു പാട്ടിന്റെ അവസാനത്തിലുള്ള ഏതെങ്കിലും ഒരു പദംകൊണ്ടുവേണം അടുത്ത പാട്ടാരംഭിക്കുവാൻ എന്നുള്ളതാണു് അതിനെ സംബന്ധിച്ച വിധി. അന്താദിപ്രാസം അച്ചടി എന്നല്ല, ലിപിപോലും, ഇല്ലാതിരുന്ന ഒരു കാലത്തു ജനങ്ങളുടെ ധാരണാശക്തിയെ സഹായിക്കുന്നതിനു വേണ്ടി ദ്രാവിഡ കവികൾ കണ്ടുപിടിച്ച ഒരു ഉപായമാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. രാമചരിതത്തിലെ ആദ്യത്തെ പാട്ടു് ‘ഞാനപൊരുളേ’ എന്ന പദത്തിൽ അവസാനിക്കുകയും രണ്ടാമത്തെ പാട്ടു് ‘ഞാനമെങ്കൽ’ എന്നു് ആരംഭിക്കുകയും ചെയ്യുന്നതു നോക്കുക. തമിഴ്സാഹിത്യത്തിൽ ‘അന്താതി’ എന്ന ഇനത്തിലുള്ള ലഘുസ്തോത്രങ്ങളിലാണു് ഈ പ്രാസം സാധാരണമായി പ്രയോഗിച്ചുകണ്ടിട്ടുള്ളതു്. എന്നാൽ പൂർവ്വകാലങ്ങളിൽ ഇതരകൃതികളിലും അതിനു പ്രവേശമുണ്ടായിരുന്നു എന്നുള്ളതിനു ‘പതിറ്റുപ്പത്തി’ ലെ നാലാമത്തെ പത്തു് ജ്ഞാപകമാകുന്നു. ഇതു ഞാൻ മുമ്പു സൂചിപ്പിച്ചിട്ടുണ്ടു്. മലയാളസാഹിത്യത്തിൽ പാട്ടു് എന്ന വിഭാഗത്തിൽപ്പെട്ട ഒരു കൃതി എത്ര ദീർഘമായാലും അതിൽ അന്താദിപ്രാസം നിരണംകവികളുടെ കാലത്തുപോലും അനുപേക്ഷണീയമായിരുന്നു. ഓരോ പരിച്ഛേദത്തിന്റേയും സമാപ്തിപോലും ഈ പ്രാസത്തിന്റെ തുടർച്ചയ്ക്കു ബാധകമല്ല.

13.2.1വിഷയം
രാമചരിതം എന്നാണു് ഗ്രന്ഥത്തിന്റെ പേരെന്നു്

“മനകുരുന്തിലിളകൊള്ളുമരവിന്തനയനൻ
മലർമടന്തയൊടുകൂടെ വന്തിരാമചരിതം
കനമഴിന്തു മൊഴിവോർക്കുമതു കേട്ടു മനതാർ
കളികൊൾവോർക്കുമിടരേതുമൊരുപോതുമണയാ.”
എന്ന ഫലശ്രുതിയിൽനിന്നും വെളിവാകുന്നു. അങ്ങിനെയാണെങ്കിലും രാമായണകഥ മുഴുവൻ അതിൽ പ്രതിപാദിക്കണമെന്നു തനിക്കു് ഉദ്ദേശമില്ലെന്നു്

“ഊനമറ്റെഴുമിരാമചരിതത്തിലൊരു തെ–
ല്ലൂഴിയിൽച്ചെറിയവർക്കറിയുമാറുരചെയ്വാൻ
ഞാനുടക്കിനതിനേണനയനേ! നടമിടെൻ
നാവിലിച്ചയൊടു വച്ചടിയിണക്കമലതാർ.”
എന്ന സരസ്വതീവന്ദനത്തിൽ കവി നമ്മെ ധരിപ്പിക്കുകയും ആ ‘തെല്ലു്’ ‘അരചനായു് നിചിചരാതിപതിയെ പോരിൽ നീ മുന്നം മുടിത്തമ’ അതായതു രാവണനിഗ്രഹവിഷയകമായ യുദ്ധകാണ്ഡമാണെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു. ‘ആതികാലമുള്ളരുംതൊഴിൽകൾ ചെയ്തവ കഴിഞ്ഞാഴിമാനിനിയെ മീണ്ട വഴികൂറുക’ എന്നുള്ളതാണു് അദ്ദേഹത്തിന്റെ ലക്ഷ്യം. സുന്ദരകാണ്ഡാവസാനംവരെയുള്ള ഇതിവൃത്തം ‘ഉരപ്പതരിപ്പമെങ്ങളാൽ’ എന്നും മറ്റും പറഞ്ഞു ചുരുക്കിക്കളയുന്നുണ്ടെങ്കിലും പ്രാസങ്ഗികമായി അതിൽപ്പെട്ട കഥകളേയും അവിടവിടെ ഘടിപ്പിക്കുന്നുണ്ടു്. പ്രത്യേകിച്ചു ശ്രീരാമന്റെ പട്ടാഭിഷേകത്തിനു മുമ്പു ഭരതൻ താൻ ചിത്രകൂടത്തിൽവച്ചു ജ്യേഷ്ഠനെ സന്ദർശിച്ചതിനുമേലുള്ള വൃത്താന്തങ്ങൾ അറിയണമെന്നു് ആശിച്ചപ്പോൾ ഹനൂമാൻ അതിനെ വിസ്തരിച്ചു പറഞ്ഞുകേൾപ്പിക്കുന്നു. അതിലേയ്ക്കു കവി നൂറ്റിരുപത്തെട്ടുമുതൽ നൂറ്റൻപത്തഞ്ചുവരെ ഇരുപത്തെട്ടു പരിച്ഛേദങ്ങളോളം വിനിയോഗിക്കുന്നുണ്ടു്. യുദ്ധകാണ്ഡപ്രതിപാദകമായ രാമചരിതത്തിൽ തദനുരോധേന ഒരു യുദ്ധകാണ്ഡസംക്ഷേപംകൂടി അദ്ദേഹം ഉൾപ്പെടുത്തിക്കാണുന്നു. ആരണ്യകാണ്ഡകഥയും വളരെ വിവൃതമായി വർണ്ണിക്കുന്നു.

13.2.2കവിയും കാലവും
രാമചരിതം നിർമ്മിച്ചതു തിരുവിതാങ്കൂറിലെ ഒരു മഹാരാജാവാണെന്നും അതിൽ യുദ്ധകാണ്ഡകഥമാത്രം വർണ്ണിച്ചതു തന്റെ യോദ്ധാക്കളുടെ ഹൃദയോത്തേജനത്തിനുവേണ്ടിയാണെന്നും ഒരൈതിഹ്യമുണ്ടു്. ‘ഇകലിൽ വെൻറി വിളയും’ എന്ന ഫലശ്രുതി ഈ ഐതിഹ്യത്തിനു് ഉപോൽബലകവുമാണു്. ആ മഹാരാജാവിന്റെ പേർ ആദിത്യവർമ്മാവാണെന്നു കുറെക്കാലം പണ്ഡിതന്മാർ സങ്കല്പിച്ചിരുന്നു; അതു തെറ്റാണെന്നും കവിയുടെ നാമധേയം ശ്രീരാമനാണെന്നുമുള്ളതിനു ഗ്രന്ഥത്തിൽത്തന്നെ ലക്ഷ്യമുണ്ടു്.

“ഏതു നല്ല വഴിയല്ലലെന്നുമോളങ്ങളറൈ–
ന്തേവരും തളരുമാറുവരും വൻപിറവിയാം
ഓതയിൽക്കിടന്നു നീന്തുമതൊഴിത്തുകൊൾവതി–
ന്നൊൻറുമില്ല തൊഴിലേതും മികവെൻറ നിനവാൽ
ആതിതേവനിലമിഴ്ന്ത മനകാമ്പുടയ ചീ–
രാമനൻപിനൊടിയറ്റിന തമിഴ്ക്കവിവല്ലോർ
പോതിൽമാതിനിടമാവരുടൽ വീഴ്വതിനുപിൻ
പോകിപോകചയനൻ ചരണതാരടവരേ”
എന്നു ഒടുവിലത്തേപ്പാട്ടു നോക്കുക. [2]

‘ചീരാമൻ’ എന്നതു ശ്രീരാമൻ എന്ന പദത്തിന്റെ തത്ഭവമാണെന്നും അദ്ദേഹം ക്രി. പി. 1195 മുതൽ 1208 വരെ തിരുവിതാങ്കൂർ ഭരിച്ച മണികണ്ഠബിരുദാലങ്കൃതനായ ശ്രീവീരരാമവർമ്മാവാണെന്നുമാണു് എന്റെ അഭിപ്രായം. ‘പോകിപോകചയനാ, കവിയെനക്കരുൾചെയ്യേ’ എന്നു് ആരംഭത്തിലും ‘പോകിപോകചയനൻ ചരണതാരണവരെ’ എന്നു് അവസാനത്തിലും പ്രസ്താവിച്ചിട്ടുള്ളതിനുപുറമേ ഒടുവിൽ “പല്പനാപൻതൻവിമാനവരമേറിയരുളിപ്പാല്ക്കടൽക്കു മെല്ലെ നിന്റെഴുന്നത്തുടങ്ങിനാൻ” എന്നു പറഞ്ഞിട്ടുള്ളതും കവിയുടെ കുലദൈവം അനന്തശയനനായ ശ്രീപത്മനാഭനാണെന്നു സൂചിപ്പിക്കുന്നു. ‘ചീരാമൻ’ എന്നതു ‘ശിവരാമൻ’ എന്ന പദത്തിന്റേയും തത്ഭവമാകാമെന്നും ‘ഭോഗിഭോഗശയനൻ’ എന്ന പദത്തെ മഹാവിഷ്ണുവിന്റെ ഒരു പര്യായമെന്ന നിലയിൽ മാത്രമേ ഗണിക്കേണ്ടതുള്ളു എന്നും ഐതിഹ്യമനുസരിച്ചു പ്രണേതാവാകേണ്ട ആദിത്യവർമ്മാവിനു് അതിനു തരമില്ലാത്തതുകൊണ്ടു് അദ്ദേഹത്തിന്റെ ചാർച്ചക്കാരനായി ഒരു ശ്രീരാമനുണ്ടെന്നു വേണമെങ്കിൽ സമ്മതിക്കാമെന്നും ഒരു പക്ഷാന്തരം ഉത്ഭവിച്ചിട്ടുണ്ടു്. ശ്രീരാമൻ, ശിവരാമൻ എന്നീ രണ്ടു പദങ്ങളിൽ ഏതിനാണു് ശ്രീരാമപദത്തിന്റെ തത്സമമാകുവാൻ യോഗ്യതയുള്ളതെന്നു ശബ്ദശാസ്ത്രനിഷ്ണാതന്മാർ നിർണ്ണയിച്ചുകൊണ്ടാൽ മതി. ‘ചീ’ എന്ന പദത്തിനു ‘ശ്രീ’ ലക്ഷ്മി എന്നു തമിഴിൽ അർത്ഥമുണ്ടു്. ബഹുമാനസൂചകമായി സംജ്ഞാനാമങ്ങൾക്കും മറ്റും മുൻപിൽ അതു ചേർക്കാവുന്നതുമാണു്.

ഈ വിധിക്കു ചീരാമൻ, ചീപാതം, (ശ്രീപാദം) എന്നു രണ്ടുദാഹരണങ്ങൾ മദിരാശി വിശ്വവിദ്യാലയദ്രാവിഡനിഘണ്ടുവിൽ എടുത്തുകാണിച്ചിട്ടുമുണ്ടു്. മറ്റു വാദകോടികളും ക്ഷോദക്ഷമങ്ങളല്ല. ശ്രീവീരരാമവർമ്മാവിന്റെ ശിലാരേഖകൾ തിരുവനന്തപുരത്തു മിത്രാനന്ദപുരത്തും നെയ്യാറ്റിൻകരയിൽ വെള്ളായണിയിലും അഗസ്തീശ്വരത്തു പുരവശ്ശേരിയിലും കാണ്മാനുണ്ടു്. പുരവശ്ശേരിയിലെ രേഖയിൽനിന്നു് അദ്ദേഹം ഋഗ്വേദവും യജൂർവേദവും പഠിപ്പിക്കുന്നതിനു് ആ ക്ഷേത്രത്തിൽ രണ്ടു് ഉപാധ്യായന്മാരെ നിയമിച്ചതായി വെളിപ്പെടുന്നു. രാമചരിതകാരൻ കൊല്ലം നാലാംശതകത്തിൽ ജീവിച്ചിരുന്നു എന്നു ഞാൻ പറയുന്നതു ഗ്രന്ഥത്തിലെ ഭാഷയെ ആസ്പദമാക്കി മാത്രമല്ല, വാല്മീകിരാമായണത്തിനു പുറമേ അദ്ദേഹം ക്രി. പി. 1120-1200 ഈ വർഷങ്ങൾക്കിടയിൽ ദ്രാവിഡദേശത്തെ അലങ്കരിച്ചിരുന്ന കവിചക്രവർത്തിയായ കമ്പരേയും ചില ഘട്ടങ്ങളിൽ ഉപജീവിച്ചിരുന്നതായി തോന്നുന്നതുകൊണ്ടുമാണു്. കമ്പർക്കും രാമചരിതകാരനും ശ്രീരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നുള്ള വിശ്വാസം ആദ്യന്തമുണ്ടു്. ആദികവിയാകട്ടെ അപൂർവം ചില അവസരങ്ങളിലൊഴികെ അവിടുത്തെ കേവലം ഒരു രാജകുമാരനായി മാത്രമേ അവതരിപ്പിക്കുന്നുള്ളു. വിഭീഷണോപദേശം മുതലായ സന്ദർഭങ്ങളിൽ രാമചരിതകാരൻ കമ്പരെ സ്മരിക്കുന്നതായി തോന്നുന്നു. കമ്പർ കേരളത്തിൽ വരികയും അനേകം പണ്ഡിതസദസ്സുകളിൽ തന്റെ രാമായണം പാടിക്കേൾപ്പിക്കുകയും ചെയ്തതായി പുരാവൃത്തം ഘോഷിക്കുന്നു എന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ അനുയായി എന്ന നിലയിൽ ആ ആഗമനത്തിന്റെ സ്മരണ മന്ദീഭവിക്കുന്നതിനു മുമ്പിൽ രാമചരിതകാരൻ തന്റെ ഗ്രന്ഥം കേരളഭാഷയിൽ പാട്ടായി രചിച്ചു എന്നൂഹിക്കുന്നതിൽ അപാകമുണ്ടെന്നു തോന്നുന്നില്ല. പുനത്തിന്റെ രാമായണചമ്പുവിൽ ശൂർപ്പണഖയുടെ

“വിണ്ണോർകോനേതുമാകാവുണരുവതിനവ–
ന്നോർക്കിലങ്ഗേഷു നീളെ–
ക്കണ്ണല്ലോ; വഹ്നിയോടുള്ളണുവുമവ നിന–
ച്ചാൽ മരിച്ചെന്നി വേണ്ട”
എന്നും മറ്റും സുപ്രസിദ്ധമായ ഒരു ദേവോപാലംഭമുണ്ടല്ലോ. ആ ആശയത്തിന്റെ ഉപജ്ഞാതാവായി കരുതേണ്ടതു രാമചരിതകാരനെയാണു്.

“ഇക്കുവില്ലവന്നു തനിയേ പകയനല്ലോ;
ഈചനളകേചനപിമാനി പെരികാനാൽ
കൈക്കൊള്ളരുതങ്കിയൊടടുക്കിലുടലം വേം;
കാലനുലകുക്കുയിർ പറിക്ക തൊഴിലെൻറും”
എന്നും മറ്റും നൂറ്റിമുപ്പത്തൊന്നാം പരിച്ഛേദത്തിലുള്ള പ്രസ്താവന നോക്കുക. രാമചരിതകാരനു പുനമാണു് ഉപജീവ്യൻ എന്നു പറഞ്ഞാൽ നിരണംകവികളേക്കാൾ അർവാചീനനാണു് രാമചരിതകാരൻ എന്നു സമ്മതിക്കേണ്ടിവരും. അതു് ഒരു വിധത്തിലും നിരക്കുന്നതല്ല.

13.3രാമചരിതം ഒരു തമിഴ്ക്കൃതിയോ മിശ്രഭാഷാകൃതിയോ?

ചില പണ്ഡിതന്മാർ രാമചരിതം കമ്പരാമായണം പോലെയുള്ള ഒരു ചെന്തമിഴ്ക്കൃതിയാണെന്നും മറ്റു ചിലർ അതു കണിയാങ്കുളത്തുപോരു്, രാമകഥപ്പാട്ടു് മുതലായവ പോലെ ഇടക്കാലത്തു തെക്കൻതിരുവിതാംകൂറിലുണ്ടായ ഒരു മിശ്രഭാഷാകൃതിയാണെന്നും അഭിപ്രായപ്പെടുന്നു. ഈ രണ്ടഭിപ്രായവും യുക്തിസഹമല്ല. ഞാൻ പ്രസിദ്ധപ്പെടുത്തിയിടത്തോളമുള്ള രാമചരിതത്തിന്റെ ഭാഗങ്ങൾ വായിച്ചുനോക്കി ദ്രാവിഡഭാഷാപണ്ഡിതന്മാരിൽ അഗ്രഗണ്യനായിരുന്ന ശ്രീ. റ്റി. ഏ. ഗോപിനാഥരായർ ചെന്തമിഴ്മാസിക പതിമ്മൂന്നാം സഞ്ചികയിൽ താഴെ കാണുന്നവിധം പ്രസ്താവിക്കുകയുണ്ടായി. “ഈ കാവ്യം ഇതുവരെ കണ്ടിട്ടുള്ള കേരളഭാഷാ കൃതികളിൽ പ്രാചീനമായതാണു്. ഇതിന്റെ കാലം ഇന്നുവരെ നിർണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇതിനു വളരെ പഴക്കമുണ്ടെന്നു തെളിയുന്നു…ഇതു തമിഴ്കാവ്യമോ മലയാളകാവ്യമോ എന്നു തീർച്ചപ്പെടുത്തുവാൻ നിവൃത്തിയില്ല. ചില പ്രയോഗങ്ങൾ മലയാളത്തെ അനുസരിക്കുന്നതുകൊണ്ടും ഉൽപത്തിസ്ഥാനം കേരളമായതുകൊണ്ടും മലയാളകാവ്യമെന്നു പറയാമെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാൽ ഇതിലെ ഭാഷ തമിഴാണെന്നു ശീഘ്രമായി ബോധപ്പെടുന്നതാണു്. ഇതിനെയാണു് മലയാളികൾ മലയാളഭാഷയെന്നു പറയുന്നതു്. മലയാളമെന്നൊരു തനിബ്ഭാഷയില്ലെന്നും അതു പഴന്തമിഴ്തന്നെയാണെന്നും ഞാൻ മുമ്പുതന്നെ തെളിയിച്ചിട്ടുണ്ടു്.” പ്രസ്തുത കൃതിയുടെ പ്രാചീനതയെ സംബന്ധിച്ചിടത്തോളം ആ പണ്ഡിതന്റെ പ്രസ്താവന സ്വീകാരയോഗ്യമാണു്. അദ്ദേഹം ആദ്യത്തെ പരിച്ഛേദത്തിൽ താഴെക്കാണുന്ന പദങ്ങളും മറ്റു മലയാളമാണെന്നു സമ്മതിക്കുന്നു. (1) ഞാൻ (യാൻ), (2) തുനിയൽ (തുണിയൽ), (3) വിളയിച്ചു തെളിയിച്ച (വിളൈവിച്ചു തെളിവിച്ച), (4) ചെറിയവർ (ചിറിയവർ), (5) എങ്ങും (എങ്കും), (6) പതിയെ (പതിയൈ), (7) തന്തതം (ചന്തതം), (8) അറഞ്ഞ (അറൈഞ്ച), (9) മകരകേതനനുടേ (മകരകേതനനുടൈയ), (10) കുതുമ (കുചുമ), (11) മാഴനീൺമിഴിയെ (മാഴൈനീൺമിഴിയൈ), (12) പൊരുന്ന (പൊരുകിൻറ), ഇതിൽനിന്നു് അദ്ദേഹം രാമചരിതം ഒരു തനിച്ചെന്തമിഴ്ക്കൃതിയെന്നു ശഠിച്ചിരുന്നില്ലെന്നു കാണാവുന്നതാണു്. ഈ വസ്തുത ചില ഉദാഹരണങ്ങൾ ഉദ്ധരിച്ചു് ഒന്നുകൂടി വിശദമാക്കാം. താഴെക്കാണുന്ന വാക്കുകളും വരികളും രാമചരിതത്തിലുള്ളവയാകുന്നു. (1) എന്മാൻ (എന്നു പറവാൻ), (2) ഉണ്ടായിതൊട്ടൊരു പിണക്കമവർ തമ്മിൽ, (3) പോർവില്ലുമായരിയ പോർക്കളരി പുക്കാൻ, (4) മമ്മാ (പിൽകാലത്തു ചമ്പുക്കളിൽ കാണുന്ന ആശ്ചര്യദ്യോതകമായ ഒരു വ്യാക്ഷേപകം), (5) കണ്ടില്ല മുമ്പിലിങ്ങു വന്നവരെ ഞാനോ, (6) നന്നാലു താ (സാ) യകങ്ങളെറ്റിയതികായൻ നമ്മോടൊല്ലായിവയെല്ലാമെന നടന്താൻ, (7) മുക (ഖ) പങ്കച (ജ) മണിഞ്ഞു വിയർപ്പുതുള്ളികൾ, (8) ചെങ്ങിച്ചിതറിയമിഴികളോടും, (9) മുമ്പിലൊരറിവു നിനക്കുണ്ടായോ, (10) എരിപൊരിയെടുത്തു വേവുറ്റെഴിൻറതു കുറ്റമല്ല, (11) കുറിയോലയും നല്കി, (12) കോയിൽകൊൾകയിനിയെന്നുമേ, പിതിടു് (പിശിടു്), വേളാവിക്കുക (ആക്രമിക്കുക), ഇടങ്ങേടു്, അണയ (സമീപത്തു), ഓരോപാടേ, പൊലിക്കാണം, ചെഞ്ചെമ്മേ മുതലായി തമിഴിൽ പ്രയോഗമില്ലാത്ത വേറേയും അനേകം പദങ്ങൾ ഈ കൃതിയിൽ കാണ്മാനുണ്ടു്. ലിങ്ഗവചന പ്രത്യയങ്ങൾ ചേർക്കാതെ ‘പെരുതാകിന്റൂ മുന്നം വന്തു്’ എന്നും ‘മുടിന്തടലിൽ വീഴ്ന്തു’ എന്നും മറ്റുമുള്ള പൂർണ്ണ ക്രിയാപദങ്ങളും ഇതിൽ ധാരാളമായുണ്ടു്. അന്തരാ, അവിരതം, അനവരതം, വിയതി (ആകാശത്തിൽ), വാചി (വാക്കിൽ), വാചാ (വാക്കുകൊണ്ടു്), അനന്തരം, നിയതം, ആമരണാന്തം, വാരണാനനൻ, ചരണേ (ചരണത്തിൽ), കേകീനാം (കേകികളുടെ) കാനനേ (കാട്ടിൽ) തുടങ്ങിയ സംസ്കൃതപദങ്ങളും ഇല്ലെന്നില്ല. ഈ തെളിവുകളെല്ലാം വച്ചുനോക്കുമ്പോൾ രാമചരിതം ഒരു ചെന്തമിഴ്ക്കാവ്യമാണെന്നു് അഭിജ്ഞന്മാർ പറയുന്നതല്ല. ഇതിൽനിന്നു യഥാകാലം, യഥാക്രമം സഞ്ജാതമാകുന്ന വികാസമാണു് നിരണംകൃതികളിൽ നാം നിരീക്ഷിക്കുന്നതു്. പ്രസ്തുത കൃതിക്കും കണിയാങ്കുളത്തുപോരിനും തമ്മിൽ ഏകോദര സഹോദരത്വം സങ്കല്പിക്കുന്ന പണ്ഡിതന്മാരോടും എനിക്കു മേലുദ്ധരിച്ച ഉദാഹരണങ്ങൾതന്നെയാണു് തെളിവായി പ്രദർശിപ്പിക്കേണ്ടിയിരിക്കുന്നതു്. ഇത്തരത്തിൽ ഒരു വാക്യമോ വാചകമോ വാക്കോ കന്നടിയൻപോരു മുതൽ ദിവാൻവെറ്റിവരെയുള്ള തെക്കൻപാട്ടുകളിൽനിന്നു് ഉദ്ധരിച്ചു സ്വപക്ഷം സ്ഥാപിക്കുവാൻ കഴിയുമോ എന്നു് അവർ പരീക്ഷിയ്ക്കട്ടെ; സാധിക്കുകയില്ല. അതിന്നു കാരണം രാമചരിതം അതുണ്ടായ കാലത്തു മലയാളം പാട്ടിനു് ഉപയോഗിച്ചിരുന്ന സാഹിത്യഭാഷയിലും ഇതരകൃതികൾ അതാതു കാലത്തു തെക്കൻതിരുവിതാംകൂറിൽ പ്രചരിച്ചിരുന്ന നാടോടിത്തമിഴിലും രചിച്ചിട്ടുള്ളതു തന്നെയാണു്. രണ്ടാമത്തെ ഇനത്തിൽപ്പെട്ട കൃതികൾ പ്രായേണ കുടപ്പനയോലയിലല്ലാതെ താളിയോലയിൽ എഴുതി വയ്ക്കുകപോലും പതിവില്ലായിരുന്നു; ചിറയിൻകീഴിനു വടക്കു് അവയിൽ ഒന്നുപോലും കണ്ടെടുക്കാൻ കഴിയുന്നതുമല്ല. രാമചരിതത്തിന്റെ സ്ഥിതി അതൊന്നുമല്ല; അതു കണ്ണശ്ശരാമായണവും അദ്ധ്യാത്മരാമായണം കിളിപ്പാട്ടുപോലെ കേരളത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റം വരെ അനേകം പഴയ ഗ്രന്ഥപ്പുരകളിൽ കാണാവുന്നതാണു്. വട്ടെഴുത്തിൽ പകർത്തീട്ടുള്ള അതിന്റെ പ്രതീകങ്ങളുമുണ്ടു്. ഉത്തരകേരളത്തിൽനിന്നു് അതിന്റെ പല പ്രതികളും കണ്ടുകിട്ടീട്ടുണ്ടെന്നുള്ള വസ്തുതയും ഇവിടെ സ്മരണീയമാണു്. ‘വന്തു’ എന്ന പദം ‘വൻറു്’ എന്നും ‘മന്നു്’ എന്ന പദം ‘മൻറു്’ എന്നും രാമചരിതത്തിൽ കൃത്രിമമായി പ്രയോഗിച്ചിരിക്കുന്നതിനാൽ ആ കൃതിക്കു് അർവാചീനത്വം കല്പിക്കണമെന്നു ചിലർ പറയുന്നതിലും അർത്ഥമില്ല. ‘വന്റേൻ’ എന്നൊരു രൂപം ലീലാതിലകകാരൻ രണ്ടാംശില്പത്തിൽ നമുക്കു കാണിച്ചുതരുന്നതിനു പുറമേ ‘വൻറിട്ടന്റു വിഷണ്ണനായതറിവിൻ’ എന്ന ഭാഗം ഉൾക്കൊള്ളുന്ന ഒരു ശ്ലോകം നാലാംശില്പത്തിൽ ഉദ്ധരിക്കുകയും ചെയ്യുന്നു. മന്നിനു മന്റെന്നുള്ള രൂപാന്തരവും പ്രയോഗസിദ്ധമാണു്. ‘മൻറിൽച്ചെല്വം പെരിയ തിരുവാമ്പാടിയിൽക്കൂടിയാടി’ എന്നും മറ്റുമുള്ള ഉണ്ണുനീലിസന്ദേശശ്ലോകങ്ങൾ നോക്കുക. ലീലാതിലകത്തിൽ രാമചരിതത്തിൽനിന്നു് ഒരു ഭാഗവും ഉദ്ധരിച്ചിട്ടില്ലാത്തതുകൊണ്ടു് അതു് ആ ലക്ഷണഗ്രന്ഥത്തെ അപേക്ഷിച്ചു് അർവാചീനമാണെന്നു വാദിക്കുന്നതും അയുക്തമാണു്. ലീലാതിലകകാരൻ പാട്ടിനല്ല മണിപ്രവാളത്തിനാണു് ലക്ഷണഗ്രന്ഥം നിർമ്മിക്കുന്നതെന്നും അതിൽ ആനുഷങ്ഗികമായി മാത്രമേ പാട്ടിനെപ്പറ്റി പ്രസ്താവിക്കേണ്ട ആവശ്യകത അദ്ദേഹത്തിനു നേരിടുന്നുള്ളു എന്നും ആ ആവശ്യം അദ്ദേഹം ‘തരതലന്താൻ’ എന്ന വിഷ്ണുസ്തോത്രംകൊണ്ടു നിർവഹിക്കുന്നു എന്നും നാം ഓർമ്മിക്കേണ്ടതാണു്. അഭാവത്തിൽ നിന്നുള്ള അനുമാനം ദുർബ്ബലമാണെന്നുള്ളതു വിപ്രതിപത്തിക്കു വിഷയമല്ലല്ലോ.

13.3.1കവിത
രാമചരിതകാരൻ. വാല്മീകിമഹർഷിയെ ആദ്യന്തം അനുസരിച്ചുതന്നെയാണു് പ്രസ്തുതകാവ്യം രചിക്കുന്നതെങ്കിലും അവിടവിടെ കഥാഘടനയിൽപ്പോലും തന്റെ മനോധർമ്മരത്നങ്ങൾ മുക്തഹസ്തമായി വാരിവിതറീട്ടുണ്ടു്. രാമചരിതത്തിലെ രാവണൻ പഞ്ചവടിയിൽ ഭിക്ഷുവേഷത്തിൽ പ്രവേശിച്ചു് സീതാദേവിയെ ഭർത്തൃസന്നിധിയിൽ കൊണ്ടുചെന്നാക്കാമെന്നു പറയുന്നു. അപ്പോൾ ശൂർപ്പണഖ അവിടെ ആവിർഭവിച്ചു ദേവിയെ കൊന്നുതിന്നുമെന്നു ഭയപ്പെടുത്തുന്നു. അതു കണ്ടു വിറയ്ക്കുന്ന ദേവിയോടു രാവണൻ തേരിൽക്കേറുവാൻ ഉപദേശിക്കുന്നു. ആഗതന്റെ ഉദ്ദേശം “ഏതുമൊൻററിവില്ലാമയാൽ വെൻറിമെത്തിടുമയോത്തിവേന്തനെ വിരന്തുകാണ്മതിനു” വേണ്ടി ദേവി ആ ഉപദേശമനുസരിക്കുന്നു. ഈ പൊടിക്കൈയൊന്നും വാല്മീകിരാമായണത്തിലില്ല. പട്ടാഭിഷേകഘട്ടത്തിൽ നാരദമഹർഷിയെക്കൊണ്ടു കവി ദീർഘമായി ഒരു വിഷ്ണുസ്തോത്രം ഗാനം ചെയ്യിച്ചിരിക്കുന്നതും മൂലത്തിലുള്ളതല്ല. രാമചരിതത്തിലെ ആദിത്യഹൃദയം മൂലത്തേക്കാൾ ദീർഘമാണു്. രസനിഷ്ഠ, അലങ്കരണചാതുരി, മുതലായ വിഷയങ്ങളിൽ കവിപ്രശംസാർഹനാണെങ്കിലും അദ്ദേഹത്തിന്റെ അന്യാദൃശമായ പദഘടനാപാടവമാണു് എന്നെ അത്യന്തം ആനന്ദപരവശനാക്കീട്ടുള്ളതു്. ചില ഉദാഹരണങ്ങൾ ഉദ്ധരിച്ചു് ആ വശ്യവാക്കിന്റെ കവനകുശലത വെളിപ്പെടുത്താം. (1) വിഭീഷണൻ രാവണനോടു പറയുന്നു

“വേന്തർകോൻറനയനാകി വിർണ്ണവർക്കമുതായുള്ളിൽ–
ച്ചാന്തിചേർ മുനിവർ തേടും തനിമറക്കാതലാകി
പൂന്തഴൈക്കുഴലാൾ ചീതൈ പുണരണിമുലയ്ക്കുപ്പൂൺപാ–
യാർന്തെഴുമരക്കർ നഞ്ചായവനവതരിത്തുതയ്യാ.”
(2) പോർക്കളത്തിലെത്തിയ കുംഭകർണ്ണനെ കവി വർണ്ണിക്കുന്നു

“തിര പൊരുന്തുമലയാഴിതനെയാഴമറിവാൻ
തെചമുകൻ തിറമുറുംപടി പടൈത്ത വടിവോ?
***
അഴിവില്ലാതെ കരുമാമലൈയൊരാളുരുവമാ–
യടൽ നമ്മോടു തനിയേ കരുതി വൻറ വരവോ?
പിഴകുലാവിനതു കണ്ടളവിരുണ്ടമിടറൻ
പെരികരിപ്പമൊടു മുപ്പുരമെരിത്തയുരുവോ?
അഴിഞ്ഞു മാവെലിതന്നോടിരന്നു മാണിയുരുവാ–
യവനിമണ്ടലങ്ങൾ പണ്ടളന്ന കൊണ്ടൽവർണ്ണനോ?”
(3) ലക്ഷ്മണൻ ഇന്ദ്രിജിത്തിനോടു പറയുന്നു

“നീയേയെതിർക്കിലുമടൽക്കൊടുമ തങ്കും
നിന്നോളം നല്ലവർ പകയ്ക്കിലുമനേകം
കായാവുതൻമലർ വണങ്കും നിറമേലും
കാകുത്തനൊൺ കണകളാണയിതു ചൊല്ലാം
തൂയോ ചിലമ്പു [3] രതടത്തിടൈ നടത്തി–
ത്തൂവിന്റെ ചെങ്കുരുതിയോടുയിരകറ്റി
പേയാമുടമ്പു കഴുകും പരുന്തു കാകൻ
പേയും പകുക്കുംവണ്ണമായ്ക്കളവൻ ഞാനേ.”
(4) ലക്ഷ്മണൻ മറ്റൊരവസരത്തിൽ ഇന്ദ്രിജിത്തിനോടു പറയുന്നു

“പൊരുവതിനുറപ്പു പോരിൽപ്പൊരുന്തിനോക്കിവണ്ണം നിൻറു
പരുപരപ്പറവതല്ല; പഴിപ്പരതറിവോർ കേട്ടാൽ;
ചരതമൊൻററിയേണ്ടും നീ – തകുപുകഴങ്കിതേവ–
നൊരു മൊഴിയരുളിച്ചെയ്തല്ലൊരിക്കമായ്ച്ചുടുവതെങ്കും.
എങ്കുമീ വനംകടോറുമീടിന മരങ്കളൈച്ചീർ–
തങ്കിന പവനനൊക്കെത്തകർപ്പതും ചൊല്ലിയല്ല;
ചെങ്കിന കരങ്കളാലേ തെരുതെരെപ്പറൈന്തോ ചൂടു–
തങ്കിന വെയിലാൽ വെയ്യോൻ തപിപ്പിതും തരണിതന്നെ?”
(5) ഇന്ദ്രജിത്തിന്റെ മരണംകേട്ട രാവണന്റെ വിലാപം

“തനിമരം മൂലമറ്റു തരണിയിൽ വീഴ്ന്തപോലെ
കനമഴിന്തവനിമീതു കമിഴ്ന്തവൻ വീഴ്ന്തുണർന്തു
മനുകുലവീരനമ്പാൽ മറലിതൻ പുരം പുകുന്ത
തനയൻതൻ ചരിതം പേചച്ചമയ്ന്തനനരക്കർകോമാൻ.”
***
“ഇതമിവിടെക്കുറയ്ന്തോയെന്നെയും കളൈന്തു ചെമ്മേ
മതുമൊഴിയാളെ മണ്ടോതരിയെയുമറ മറന്തു
കതിരവൻകുലത്തു മന്നൻ കണകളാം തുണയുമായു് നീ–
യുതിരവുമണിന്തു കാലനുറവെടം പുകുന്തുകൊണ്ടു?”
***
“അടലിടെയചുരരുമ്പരമ്പരചാരിമാർ മ–
റ്റിടയിടെക്കവികൾ വേന്തരിന്തിരനിവർകൾ കാണ
ഉടലിടെ മനുചനമ്പേറ്റുടൈന്തു നീ വീഴ്ന്തുതേ നിൻ
മുടിവു വന്തതിലുമേറ്റം മുഴുത്തിതു തുയരെനിക്കേ.”
(6) രാവണൻ സാരഥിയോടു കോപിക്കുന്നു

“കറകുറവല്ല വല്ലവനും ചകത്തിടയെന്നു കണ്ടോ
കരുതലരോടു പോരിടെ മാറിയോടുക വെറ്റിയേൻറോ
ഉറവുകനം നിനക്കവനോടിയൻറതു മൂലമായോ
ഉരപെറുമത്തിരങ്കളെല്ലാമെനിക്കറിവില്ലയെൻറോ
തിറമടലിൽച്ചുരുങ്കുകയോ കനക്കയെനിക്കു നേരേ
തെളുതെളെ വൻറ വാണങ്ങൾ കണ്ടു കേവലമഞ്ചിയോ ന–
ല്ലറിവില്ലയാമയോ വിരവിൽത്തിരിത്തിതു തേരികല്ക്കെ–
ൻറരചനടുത്തു കിട്ടിനപോതു തുട്ടരിൽ മുമ്പുള്ളോയേ.”
(7) ശ്രീരാമനു് അഭിമുഖമായി സീതാദേവി പ്രവേശിക്കുന്നു

“നേരിടയാടുവാരണികൊങ്കയുഞ്ചുമടേറ്റിയേറ്റം
നീലനെടുങ്കണ്ണീരിൽ നിറുത്തിയാനനപങ്കചം താ–
ഴ്ത്താരമണിന്ത മാർവിടവും മറൈത്തു കരങ്കളാൽ മെ–
യ്യാമതൊളിത്തു കാർകുഴൽകൊണ്ടും നേർതുകിൽകൊണ്ടുമെല്ലാം
താരണിചായൽ ചാനകി മെല്ലെ നാണിന വാണി ചോര–
ച്ചാരയുലൈന്ത മെയ്യൊടൊതുങ്കി മെല്ലടികൊണ്ടുമൊട്ടേ
പാരെയലങ്കരിത്തരചന്നടുത്തങ്ങിടത്തു വാനോർ–
പാനകമാരുടൻ പലർ ചൂഴയൂഴി വിളങ്ക നിൻറാൾ.”
(8) കവി അഗ്നിശുദ്ധയായ ജാനകിയെ സ്തുതിക്കുന്നു

“താരിണങ്കിന കാനനേ നടമാടുവോ ചില കേകിനാം
ചമയമായ്വിരന്തൊലികൊൾ പീലികൾ വടിവു പോയു് വളരിൻറിതോ?
തീരരാനവരേവരും ചില പേയരായ് മുടിയും വണ്ണം
തിറമുലാവിന തിമിരതഞ്ചയമവനിമീതുയരിൻറിതോ?
താരകങ്കളമഴ്ത്തിയപ്പുനുകർന്തുയർന്തു പയോതരം
ചലിതപാതപതചിവനാകിയ തുണയുമായു് വന്തു താഴ്ന്തിതോ?
താരണിന്തു മണം പുണർന്തിടതൂർന്തു പിൻകഴൽ പൂണ്ടുകാർ–
തഴ തൊഴും കുഴലിവണ്ണമെന്നൊരു നിലനിറുത്തരുതെങ്ങളാൽ.”
(9) തേരിൽ കേറിയ ജാനകി രാവണനെ രാക്ഷസരൂപത്തിൽ കാണുന്നു

“മായമായതു മറൈന്തനേരം വളർകാളമേകപടലങ്ങൾനേർ
പോയിടംപെടുമുടമ്പു മേരുചികരങ്കൾപോൽപ്പല ചിരങ്കളും
തൂയവെള്ളെകിറുവൻചരാവലിതൊടുത്തകൈകളു മടുത്തുക–
ണ്ടൂയലാടും മനമോടു ചാനകിയുലൈന്തുലൈന്തു മുറകോലിനാൾ.
(1) ‘എൻനയനങ്ങൾകൊണ്ടുവിരൈന്തുകോരിനുകർന്തുകൊൾവാൻ’
(2) ‘വിമലനാരതമുനിവരൻ കരകമലമേന്തിന വീണയും’
(3) ‘കരിന്തടം കണ്ണാൽക്കണ്ടു കയ്യാരത്തൊഴുതുനോക്ക’
(4) ‘പുനൽ തിളച്ച മകരന്തമായ്വരിക പൂതലത്തൊഴുകുമാറെല്ലാം’
മുതലായ വരികളിൽ എന്തൊരു അഭൗമമായ ശബ്ദാർത്ഥമാധുര്യമാണു് കരകവിഞ്ഞു കളിയാടുന്നതു്!

(1) ‘പാരിൽ വേനൽ നടുവത്തിടി പടർന്തെങ്കും തുടർന്തകാടുപോൽ’ (2) ‘കൊൻറ ചൂടും പിരാൻതൻ കൊടുങ്കനൽ നയനംപോലെ’ (3) ‘വൻറ വാരണങ്കളോടു വളരിളച്ചിങ്കം പോർക്കുചെൻറണയിൻറപോലെ’ (4) ‘കലമതി ചൂടുമണ്ണൽ തന്നോടു മുപ്പുരമുറ്റു നീറ്റിക്കളവതിനാഴിവർണ്ണനണൈന്തഴിന്തു മൊഴിന്തപോലെ’ എന്നീ ഉപമകളും, (1) ‘തിരിക്കരുതിവണ്ണമെന്നേ തെയ്വം തൻ നിലകളൊന്നും’; (2) ‘വിതിയൻ നിനവിനു പിഴയെന്നും വിളയാ നിചിചരവരർകോനേ’; (3) ‘ഒരുമിത്ത മനത്തനരാനാലൊന്നിന്നും കറവില്ലെന്നേ’; (4) ‘മഴയൊടെഴും കൂൻപോളകൾപോൽ മന്നാ മനിതർകൾ വാണാളും’; എന്നീ അർത്ഥാന്തരന്യാസങ്ങളും ഹൃദ്യങ്ങളായിരിക്കുന്നു. ഫലിതത്തിനും ധാരാളം ദൃഷ്ടാന്തങ്ങളുണ്ടു്.

“എന്നോടെതിർത്തു കൊടിയത്തിരങ്ങൾ കൈവി–
ട്ടേതേനുമാകിലെതിർ താ, വിരഞ്ഞല്ലായ്കിൽ
പിന്നേ തുടർന്ത പടയോടും നടകൊൾ നീ;
പിൻകാവൽ ഞാൻ പെരിയ പോർക്കതകിനോളം”
എന്നു് അതികായൻ ലക്ഷ്മണനെ അപഹസിക്കുന്നു. ‘ചിരവു മുടമ്പുമൊക്കൊരു ചക്കിലെൾപ്പരിചാക്കി വയ്പൻ’ ‘ആനയുടേ കളിക്കെതിരായിതല്ലോ’ എന്നും മറ്റുമുള്ള വാക്യങ്ങളും ഈ ഘട്ടത്തിൽ സ്മരിക്കേണ്ടതാണു്. ശ്രീരാമൻ രാവണന്റെ ശിരസ്സുകൾ അരിഞ്ഞുതള്ളുമ്പോളെല്ലാം അവ വീണ്ടും മുളയ്ക്കുന്നതു കണ്ടിട്ടു് ഇങ്ങനെ പറയുന്നു.

“അറിവറക്കുറൈന്തു നിന്നാലവിരതം ചെയ്യപ്പെട്ട
തിറമുറും പിഴകൾക്കോരോ ചിരങ്കളെയറുക്കവേണ്ടി
കറവുകളോടു ഞാനെൻ കണകളാലരിയുന്തോറു–
മറുതിപെറ്റെഴുന്തു കൂടയുളവായേ വരിൻറുതെൻറാൻ.”
കവി ഒരു വലിയ വിഷ്ണുഭക്തനായിരുന്നു എന്നുള്ളതും ചില ഭാഗങ്ങളിൽനിന്നു വ്യക്തമാകുന്നു. ‘എന്മാലറുത്തരുളുമണ്ണൽ വിളയാട്ടായെയ്താൻ’ ‘എന്നുള്ളമെന്നും മലരിളകൊള്ളുമമ്മതുവൈരി’ ഈ വരികൾ നോക്കുക. ഈ വിഷയത്തിൽ എഴുത്തച്ഛനു പോലും മാർഗ്ഗദർശിയായാണു് നാം പ്രസ്തുത കവിയെ കാണുന്നതു്.

ഇങ്ങനെ ശബ്ദാഗമജ്ഞന്മാർക്കും സാഹിത്യരസികന്മാർക്കും അത്യന്തം ആകർഷകമായി അനുഭവപ്പെടുന്ന ഒരു ഉത്തമകാവ്യമാകുന്നു രാമചരിതം. ഇതിന്റെ പ്രണേതാവിനെ മലയാളത്തിന്റെ ചാസർ (Chaucer) എന്നു വ്യപദേശിച്ചാൽ അതു് ഏറ്റവും ഉപപന്നമായിരിക്കുമെന്നുള്ളതിനു സംശയമില്ല.

13.4ആട്ടപ്രകാരത്തിലേ ഒരു പഴയ പാട്ടു്

രാമചരിതമാണു് ഇതുവരെ കണ്ടുകിട്ടീട്ടുള്ള ‘പാട്ടു’കളിൽ പ്രാചീനതമമെങ്കിലും അതിനു മുമ്പു രചിക്കപ്പെട്ടവയായി അപൂർവം ചില ചില്ലറ ശീലുകൾ നമുക്കു ലഭിച്ചിട്ടില്ലെന്നില്ല. താഴെക്കാണുന്ന പാട്ടു മന്ത്രാങ്കം ആട്ടപ്രകാരത്തിലുള്ളതാണു്.
“മുന്തലേന്തിന ചൊൽവരങ്കളുമൂരുവേലയിലങ്കയും
ഇന്തിരൻതനെ വൻറ മൈന്തനുമെണ്ണിലാത വരങ്കളും
പന്തുപോലരൻ വേപ്പെടുത്ത പണിപ്പുയങ്കളും മൗലിയോ
രൈന്തുമൈന്തുമരിന്ത വാളുമൊരമ്പിനുക്കിരയായിതേ”
ഈ പാട്ടു രാവണന്റെ മരണത്തെ വിഷയീകരിച്ചു് ആടേണ്ട ഒരു ഘട്ടം മന്ത്രാങ്കത്തിലുണ്ടു്. ‘നർമ്മകഥാം കുര്യാൽ’ എന്ന നിർദ്ദേശത്തോടുകൂടിയാണു് പ്രസ്തുതഗാനം ആട്ടപ്രകാരത്തിൽ ഉദ്ധരിച്ചുകാണുന്നതു്. എന്നാൽ അതിനും മുമ്പു് ഒരു കാലത്തു് അങ്ങനെയുള്ള പാട്ടുകൾ പലതും രങ്ഗത്തിൽ പ്രയോഗിച്ചിരുന്നു എന്നും അന്നു് അവയെ നർമ്മോപയുക്തങ്ങളായല്ല കരുതിയിരുന്നതെന്നും “പറയൂർ ചാക്കൈയൻ” ചെങ്കുട്ടുവന്റെ സന്നിധിയിൽ അഭിനയിച്ച ‘കൊട്ടിച്ചേതം’ താദൃശങ്ങളായ ഗാനങ്ങളെ ആസ്പദമാക്കിയായിരിക്കണമെന്നും തോന്നുന്നു. ‘മുന്തലേന്തിന’ എന്ന പാട്ടിനുമേൽ

“ഇന്തിരനീലക്കൺകളിരുപതു കോടക്കേട്ടേൻ
ചുന്തരവടിവിനാളെത്തുളപ്പറക്കാണമാട്ടേൻ”
എന്നും മറ്റും വേറേയും ചില പാട്ടുകളും ഉണ്ടു്.

മുൻകാലത്തു് അകവൽ, വെൺപാ എന്നീ രണ്ടു വൃത്തങ്ങളേ ചെന്തമിഴിൽ ഉണ്ടായിരുന്നുള്ളു. ‘ഇന്തിരനീലക്കൺകൾ’ എന്ന പാട്ടിൽ കാണുന്ന വൃത്തത്തിന്റെ ഉപജ്ഞാതാവു ക്രി. പി. ഒൻപതാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ചിന്താമണികാരനായ തിരുത്തക്കത്തേവരാണെന്നുള്ളതു സുപ്രസിദ്ധമാകയാൽ ഞാൻ മുമ്പുദ്ധരിച്ച ‘മുന്തലേന്തിന’ എന്ന പാട്ടു ക്രി. പി. പത്താംശതകത്തിനു്—അതായതു കുലശേഖരവർമ്മാവിന്റെ കാലത്തു്—നിർമ്മിച്ചതായി കണക്കാക്കുവാനേ തരമുള്ളു.

13.5പഴയ ഭാഷാഗദ്യം

പഴയ കാലങ്ങളിലെ ചില ശിലാരേഖകളിലും ചെപ്പേടുകളിലുംനിന്നു് അന്നത്തെ ഭാഷാഗദ്യരീതി എന്തെന്നു നമുക്കു ഏറെക്കുറെ മനസ്സിലാക്കാവുന്നതാണു്. സുറിയാനിക്രിസ്ത്യാനികളുടെ കൈവശം മൂന്നു ചെപ്പേടുകളും ജൂതന്മാരുടെ കൈവശം ഒരു ചെപ്പേടും ഉണ്ടു്. അവയിൽ ക്രിസ്ത്യാനികളുടെ ശാസനങ്ങളിൽ ആദ്യത്തേതു രണ്ടും സ്ഥാണുരവിപ്പെരുമാളും മൂന്നാമത്തേതു വീരരാഘവചക്രവർത്തിയും നല്കിയതാണു്. ഈ പട്ടയങ്ങൾ ഉത്ഭവിച്ചതു യഥാക്രമം ക്രി. പി. 885-ാമാണ്ടും 1320-ാമാണ്ടുമാകുന്നു. ജൂതന്മാർക്കു ശാസനം ദാനം ചെയ്തതു ഭാസ്കരരവിവർമ്മപ്പെരുമാളാണു്. സ്ഥാണുരവി ക്രി. പി. 870 മുതൽ 900 വരേയും ഭാസ്കരരവി 978 മുതൽ 1036 വരേയും കേരളം രക്ഷിച്ചതായിക്കാണുന്നു. ഈ പട്ടയങ്ങളിലെ ഭാഷ തനിത്തമിഴാണു്. സ്ഥാണുരവിയുടെ ശാസനത്തിൽനിന്നാണു് താഴെച്ചേർക്കുന്ന ഭാഗം ഉദ്ധരിക്കുന്നതു്. “കോത്താണുരവിക്കുത്തൻ പലനൂറായിരത്താണ്ടും മറുകുതലൈച്ചിറന്തടിപ്പട്ടുത്താളാ നിൻറയാണ്ടുൾച്ചെല്ലാനിൻറയാണ്ടൈന്തു, ഇവ്വാണ്ടു വേണാടുവാഴ്കിൻറ അയ്യനടികടിരുവടിയുമ്മതികാരരും പിരകുതിയും (പ)ണി (ക…യും) മഞ്ചുവണ്ണമും പുന്നൈത്തലൈപ്പതിയുമ്മുടുവൈത്തുക്കുരക്കേണിക്കൊല്ലത്തു എശോദാതപിരായി ചെയ്വിത്ത തരുസാപ്പള്ളിക്കു ഐയനടികടിരുവടി കുടുത്ത വിടുപേറാവിതു” ഈ ശാസനഭാഷയിൽ നിന്നു് അക്കാലത്തെ മലയാളത്തിന്റെ സ്വരൂപം നിർണ്ണയിക്കുവാൻ യാതൊരു മാർഗ്ഗവുമില്ല. മറ്റു പട്ടയങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണു്. എന്നാൽ വേറേ ചില രേഖകളിലെ തമിഴിൽ മലയാളത്തിന്റെ സംക്രമം സ്പഷ്ടമായി കാണ്മാനുണ്ടു്. ശ്രീവല്ലഭൻകോത എന്ന വേണാട്ടുരാജാവിന്റെ മാമ്പള്ളിത്താമ്രശാസനത്തിൽ ‘ഇടം’ എന്നതിനു ‘എട’മെന്നും ‘വൈത്തു’ എന്നതിനു ‘വൈച്ചു’ എന്നും ‘കടവൻ’ എന്നതിനു ‘കടവിയൻ’ എന്നും ‘പടുവതു’ എന്നതിനു ‘പടുവിതു’ എന്നും ‘അവനുക്കു’ എന്നതിനും ‘വേണാട്ടിർക്കു’ എന്നതിനും ‘അവൻകു’ എന്നും ‘വേണാട്ടിൻകു’ എന്നും പ്രയോഗിച്ചിരിക്കുന്നു. ശാസനത്തിന്റെ കാലം കൊല്ലം 149-ാമാണ്ടാണു്. ഉദയമാർത്താണ്ഡവർമ്മാ എന്ന വേണാട്ടുരാജാവിന്റെ കൊല്ലൂർമഠം താമ്രശാസനത്തിൽ എഴുന്നരുളി, തന്ന, അവരടിയ, പിടിച്ചു, അളന്നു, തിങ്ങൾ, ചെലവിന്നു, പിറന്ന, കങ്ങണി, കുളങ്ങരൈ, വിഴാവിന്നു, അവന്നൊള്ള, കെട്ടിൻറ വന്നു, എണ്ണ, മട മുതലായ പദങ്ങൾ കാണുന്നു; അനുനാസികങ്ങൾ ഈ ശാസനത്തിൽ ധാരാളമായി പകർത്തീട്ടുണ്ടു്. ‘പങ്ങുനി’ എന്നുപോലും ‘പൈങ്കുനി’ക്കു ലേഖകൻ രൂപഭേദം വരുത്തീട്ടുണ്ടു്. ഈ ശാസനം കൊല്ലം 364-ാമാണ്ടത്തേതാണു്. ദക്ഷിണകേരളത്തിലെ ശാസനങ്ങളാകകൊണ്ടാണു് ഇവയിൽ ഇത്രമാത്രം തമിഴു് കടന്നുകൂടിട്ടുള്ളതെന്നു വാദിക്കുന്നവർ ഭാസ്കരരവിയുടെ തിരുനെല്ലിശിലാരേഖകളും തിരുവിതാങ്കൂർ പുരാണസംരക്ഷണവകുപ്പിൽനിന്നും മറ്റും പ്രസിദ്ധപ്പെടുത്തീട്ടുള്ള കൊച്ചിയിലേ ചേന്നമങ്ഗലം തിരുവഞ്ചിക്കുളം മുതലായ സ്ഥലങ്ങളിലേ ശിലാലിഖിതങ്ങളും പരിശോധിച്ചു തങ്ങളുടെ അഭിപ്രായം മാറ്റേണ്ടതാണു്. വേണാട്ടിലെ വീര ഉദയമാർത്താണ്ഡവർമ്മാവിന്റെ കൊല്ലം 426-ലെ ആറ്റൂർ താമ്രശാസനമാണു് ഈ ഇനത്തിൽ തനിമലയാളത്തിലുള്ള ആദ്യത്തെ രേഖയെന്നു ഞാൻ വിശ്വസിക്കുന്നു. അതിന്റെ മാതൃക കാണിക്കുവാൻ ഒരു ഭാഗം താഴെച്ചേർക്കാം.

“അരുളിച്ചെയ്ത ശകാബ്ദം ആയിരത്തു ഒരുനൂറ്റെഴുപത്തു മൂന്നിൻമേൽ ചെല്ലാനിൻറകൊല്ലം നാനൂറ്റിരുപത്താറാമതു മേടഞായറു പത്തൊൻപതുചെന്ന വ്യാഴാഴ്ചയും മൂലവും അപരപക്ഷത്തു പഞ്ചമിയും ശിവാനിത്യയോഗവും വരാഹകരണവും പെറ്റയിന്നാൾ വേണാടു വാണ്ണരുളുന്ന (കീ) ഴ (വ്വേ) പ്പേരൂർ ശ്രീവീര ഇരവി ഉദയമാർത്താണ്ഡവർമ്മ ശിറവാ മൂത്തവരായ നാം മലമണ്ടലത്തു കണ്ണന്നൂർദേശത്തു പൂവംവിളാകത്തു കോവിക്കൽയിരിക്കും കാണിയാളർകുലത്തിൽ ശൈവാശാരമായ കാര്യത്തുറൈ തമ്പി ഇരവി കേരളവിക്രമ ഉടയാർക്കനയിനാർ മുത്തളക്കുറിച്ചിയാന ശ്രീവി (വീ) രകേരളപുരത്തു മഹാദേവർ കോവിലിൽ മേൽകോയിമ്മ ഊരാണ്മസ്ഥാനം കൊടുക്കയിൽ” ഇതിൽനിന്നു ക്രി. പി. പതിമ്മൂന്നാംശതകത്തിൽ മലയാളം എത്രമാത്രം പരിപുഷ്ടിയെ പ്രാപിച്ചുകഴിഞ്ഞിരുന്നു എന്നും അങ്ങനെയാണെങ്കിലും ഭാഷാകവികളും മറ്റും അന്നും വ്യാവഹാരികഭാഷയിൽനിന്നു് എത്രദൂരം അകന്ന ഒരു ശൈലിയിൽ തങ്ങളുടെ കൃതികൾ നിർമ്മിച്ചുവന്നു എന്നും സ്പഷ്ടമാകുന്നതാണു്.

13.6കൗടലീയം ഭാഷാഗദ്യം

ക്രി. പി. പതിന്നാലാം ശതകത്തിനുമുമ്പു പദ്യത്തിൽ രാമചരിതംപോലെ ഗദ്യത്തിലും മഹനീയമായ ഒരു നിധി ഭാഷയ്ക്കു ലഭിച്ചിട്ടുണ്ടു്. അതു് ഇന്നു ലോകത്തിന്റെ പരമാദരത്തെ സർവഥാ ആർജ്ജിച്ചിരിക്കുന്ന കൗടലീയാർത്ഥശാസ്ത്രത്തിന്റെ തർജ്ജമയാണു്. അർത്ഥശാസ്ത്രത്തിന്റെ പ്രണേതാവു മൗര്യവംശം സ്ഥാപിച്ചു ക്രി. മു. 321 മുതൽ 298 വരെ രാജ്യഭാരം ചെയ്ത ചന്ദ്രഗുപ്തനെ ആര്യാവർത്ത ചക്രവർത്തി ആക്കി അദ്ദേഹത്തിന്റെ അമാത്യപദം അലങ്കരിച്ച മഹാനുഭാവനും കൗടല്യൻ എന്നും ചാണക്യൻ എന്നും മറ്റുമുള്ള അഭിധാനാന്തരങ്ങളാൽ സുവിദിതനുമായ വിഷ്ണുഗുപ്തനെന്നാകുന്നു ഭാരതീയരുടെയിടയിൽ പണ്ടുപണ്ടേയുള്ള ഐതിഹ്യം. അദ്ദേഹത്തിനു ദ്രാമിളനെന്നും ഒരു പേരുണ്ടു്. കൗടല്യൻ കാഞ്ചീപുരത്തു ജനിച്ചുവളർന്ന പൂർവശിഖനായ ഒരു ദ്രാവിഡബ്രാഹ്മണനായിരുന്നു എന്നും അദ്ദേഹം ഉപജീവനമന്വേഷിച്ചാണു് നന്ദരാജധാനിയായ പാടലീപുത്രത്തെ പ്രാപിച്ചതെന്നും ചിലർ പറയുന്നു. ദ്രമിളദേശീയനാകയാലാണു് അദ്ദേഹത്തിനു ദ്രാമിളനെന്നു പേർ സിദ്ധിച്ചതു്. ‘കുടലൻ’ എന്ന ഋഷിയുടെ ഗോത്രത്തിൽ ജനിക്കുകയാൽ കൗടല്യൻ എന്നും പേർ വന്നു. അർത്ഥശാസ്ത്രസമുദ്രത്തിൽനിന്നു് ആ മഹാമേധാവി നീതിശാസ്ത്രമാകുന്ന അമൃതത്തെ ഉദ്ധരിച്ചു എന്നു ക്രി. പി. നാലാംശതകത്തിൽ ജീവിച്ചിരുന്ന കാമന്ദകൻ അദ്ദേഹത്തിന്റെ നീതിസാരത്തിൽ പ്രസ്താവിക്കുന്നു. അർത്ഥശാസ്ത്രത്തിൽ അനേകം പൂർവസൂരികളുടെ (ഇന്ദ്രൻ, ബൃഹസ്പതി, ശുക്രൻ, നാരദൻ, പരാശരൻ, ഭീഷ്മർ, ദ്രോണർ, വിദുരർ തുടങ്ങിയവരുടെ) മതങ്ങളെ ഭാഷ്യകാരന്മാർ പ്രപഞ്ചനം ചെയ്തപ്പോൾ പല പരസ്പരവൈപരീത്യങ്ങളും അവരുടെ കൃതികളിൽ കടന്നുകൂടി എന്നും അതു കണ്ടു് എല്ലാവർക്കും മനസ്സിലാകത്തക്കവിധത്തിൽ വലിയ വിസ്തരമൊന്നുംകൂടാതെ താൻ സൂത്രവും ഭാഷ്യവുമടങ്ങിയ ഒരു പുതിയ ഗ്രന്ഥം നിർമ്മിച്ചു എന്നും കൗടല്യൻതന്നെ വ്യക്തമായി ഗ്രന്ഥാന്തത്തിൽ ഉദീരണം ചെയ്തിട്ടുണ്ടു്. കൗടലീയം ഒരു ഗ്രന്ഥമല്ല; പ്രാചീനഭാരതത്തിലെ ഒരു ഗ്രന്ഥസമൂഹമാണു് എന്നാകുന്നു പ്രസ്തുതനിബന്ധത്തെപ്പറ്റി അഭിജ്ഞന്മാരുടെ അഭിപ്രായം. അതിനു ഭട്ടസ്വാമിയുടെ പ്രതിപദപഞ്ചിക, മാധവയജ്വാവിന്റെ നയചന്ദ്രിക, ഭിക്ഷുപ്രഭമതിയുടെ ജയമങ്ഗള എന്നിങ്ങനെ മൂന്നു പ്രാചീനസംസ്കൃതവ്യാഖ്യാനങ്ങൾ കണ്ടുകിട്ടീട്ടുണ്ടു്. എന്നാൽ ഒരു ഭാഷാവ്യാഖ്യാനം എന്നു പറവാൻ ആകെക്കൂടി കേരളത്തിലെ കൗടലീയം മാത്രമേ ആവിർഭവിച്ചിട്ടുള്ളു എന്നുള്ളതു നമുക്കു് അത്യന്തം അഭിമാനോൽപാദകമാകുന്നു. മലയാളത്തിലെ സാഹിത്യം നിസ്സാരമാണെന്നു വാദിക്കുവാൻ തുടങ്ങുന്നവരോടു് അർത്ഥശാസ്ത്രത്തിനു് ഒരു പഴയ തർജ്ജമ ഭാരതത്തിലെ മറ്റേതു ഭാഷയിലുണ്ടെന്നു നമുക്കു ന്യായമായി ചോദിക്കാവുന്നതാണു്. അർത്ഥശാസ്ത്രത്തിൽ പതിനഞ്ചു് അധികരണങ്ങളുണ്ടു്; അവയിൽ ആദ്യത്തെ ഏഴധികരണങ്ങൾക്കു മാത്രമേ പ്രസ്തുത ഭാഷാവ്യാഖ്യാനം ലഭിച്ചിട്ടുള്ളു. ബാക്കിയുള്ള അധികരണങ്ങളും അദ്ദേഹം വ്യാഖ്യാനിച്ചിരിക്കുമെന്നു് ഊഹിക്കുവാൻ ന്യായമുണ്ടു്. അവയിൽ ഒന്നും രണ്ടും അധികരണങ്ങൾ തിരുവിതാങ്കൂർ ഗവർമ്മെന്റിൽ നിന്നു പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. യശശ്ശരീരനായ ഡോക്ടർ ഗണപതിശാസ്ത്രികൾ അർത്ഥശാസ്ത്രത്തിനു ശ്രീമൂലം എന്നൊരു വിശദമായ വ്യാഖ്യാനം രചിച്ചിട്ടുണ്ടല്ലോ. ആ വ്യാഖ്യാനമെഴുതാൻ അദ്ദേഹത്തിനു പ്രധാനാവലംബമായിരുന്നതു് ഈ ഭാഷാനുവാദരൂപമായ മഹാഗ്രന്ഥമാണു്.

13.6.1ഗ്രന്ഥത്തിന്റെസ്വരൂപം
ഭാഷാകൗടലീയത്തിന്റെ പ്രണേതാവു് ആരെന്നറിയുവാൻ ഒരു മാർഗ്ഗവും കാണുന്നില്ല. ഭാഷയുടെ പഴക്കംകൊണ്ടു ചേരരാജാക്കന്മാർക്കു പ്രാബല്യമുണ്ടായിരുന്ന ക്രി. പി. ഒൻപതാംശതകത്തിലോ പത്താംശതകത്തിലോ ആയിരുന്നു അതിന്റെ നിർമ്മിതി എന്നു് അനുമാനിക്കാം. അവരിൽ ഏതോ ഒരു രാജാവിന്റെ ആജ്ഞ അനുസരിച്ചായിരിക്കണം പ്രസ്തുത ഗ്രന്ഥത്തിന്റെ രചന എന്നും വരാവുന്നതാണു്. “സ്വധർമ്മാദ്ദായാദ്യാദ്വോപരുദ്ധഃ” എന്ന മൂലത്തിലെ പങ്ക്തി അദ്ദേഹം “സ്വധർമ്മമാവിതു ദാക്ഷിണാത്യർക്കു മാതുലകന്യാവിവാഹാദികൾ; ദായാദമാവിതു ദാക്ഷിണാത്യർക്കേ തമ്മാമൻ ധനം മരുമക്കൾ കൊള്ളുമതു; അങ്ങനെയൊള്ള ധർമ്മത്തിലും ചെറുക്കപ്പെട്ടവൻ” എന്നു വ്യാഖ്യാനിക്കുന്നു. എന്നാൽ ഭിക്ഷുപ്രഭമതിയുടെ ജയമങ്ഗലയിൽ പൈതൃകസ്വത്തെന്നാണു് അർത്ഥം പറഞ്ഞുകാണുന്നതു്. അതുകൊണ്ടു ‘തമ്മാമൻ ധനം മരുമക്കൾ കൊള്ളുമതു’ ദേശാചാരമായ കേരളത്തിൽ ജീവിച്ചിരുന്ന ഏതോ ഒരു പണ്ഡിതനാണു് ഭാഷാ കൗടലീയം നിർമ്മിച്ചതു് എന്നു സിദ്ധിക്കുന്നു. അദ്ദേഹം രാജനീതിയിലും അർത്ഥശാസ്ത്രത്തിലും അത്യന്തം നിഷ്ണാതനായ വിദ്വച്ഛിരോമണിയായിരുന്നു. ഭാഷയുടെ സ്വഭാവം കാണിയ്ക്കുവാൻ രണ്ടു ഭാഗങ്ങൾ ഉദ്ധരിക്കാം:

“സൂദാരാലികസ്നാപകസംവാഹകാസൂരകകല്പകപ്രസാധകോദകപരിചാരകർ എൻറിവരൾ രസദർ. സൂദനാവോൻ മടയൻ, ആരാളികനാവോൻ അടയുമപ്പവുമിടുമവൻ, സ്നാപകനാവോൻ കുളിപ്പിക്കുമവൻ, സംവാഹകനാവോൻ മെയ്യട്ടി, ആസൂരകനാവോൻ ശയനം വിരിക്കുമവൻ, കല്പകനാവോൻ കാവിതി, പ്രസാധകനാവോൻ ഒപ്പിക്കുമവൻ, ഉദകപരിചാരകനാവോൻ തണ്ണീർവൈക്കുമവൻ; ഇജ്ജാതികളെക്കൊണ്ടു വിഷം കൊടുക്കുമാറു കല്പിച്ചിതു ഇവരളൈക്കൊണ്ടു കല്പിക്കിൻറതു ഇവരൾക്കു സൗകര്യമൊണ്ടകപ്പട്ടു. ആഭ്യന്തരം ചാരമറിവാനായ്ക്കൊണ്ടു കുബ്ജവാമനകിരാതമൂകബധിരാന്ധച്ഛത്മാക്കളായും നടനർത്തകഗായനവാദനവാഗ്ജീവനകുശീലന്മാരായും സ്ത്രീകളുമാഭ്യന്തരചാരമറിവിതു. കുബ്ജനാവോൻ കൂനൻ, വാമനൻ, കുറളൻ, കിരാതരാവോർ ചിന്തുക്കൾ, മൂകനാവോൻ ഊമൻ, ബധിരരാവോർ ചെകുടർ, ജളരാവോർ കുതലൈച്ചുപ്പറയുമവരൾതാൻ വിക്കിപ്പറയുമവരൾതാൻ വ്യവഹാരമറിയാതവരൾതാൻ, അന്ധരാവോർ കുരുടർ; എന്റിജ്ജാതിച്ഛലത്താൽ നിൻറു ആഭ്യന്തരചാരമറിവിതു.”

“ഇനി അധ്യക്ഷർ കാൺപാൻ വരും കാലമാവിതു, ആടിത്തിങ്കൾ വരുവിതു. അന്റു വന്നു കണക്കുകാട്ടുവിതും ചെയ്തു വ്യയംചെയ്തു മിഞ്ചിയ ധനം വൈപ്പിപ്പിതും ചെയ്വിതു. മുതലും (ചെ) ലവുമെഴുതിയ കണക്കുപെട്ടിയിലിട്ടു ഇലൈച്ചിച്ചുകൊണ്ടു വരുവിതു. അവരളൈ കണക്കു കാട്ടുമിടത്തു നിൻറു പുറത്തുപോകാതവാറു കാപ്പിതു. തങ്കളിൽ കൂടി മന്ത്രിയാതവാറു കാപ്പിതു. ആയമും വ്യയമും നീവിയും അതാവിതു ചെലവു നീക്കി (നി) ൻറതു, അതെല്ലാമും കേട്ടു എഴുതി വൈപ്പിതു. എൻറിങ്ങനെ എഴുതിയാൽ മുതലെഴുതുമോലൈയിലും ചെലവുനീക്കിനിൻറതു എഴുതുമോലൈയിലും വായിച്ചു ഇവരൾ ചൊന്നതിലേറ്റമുണ്ടാകിൽ അതിന്നു എണ്മടങ്കു വൈപ്പിച്ചു കൊൾവിതു. വ്യയത്തിൽ ചുരുങ്കി വരികിലുമെൺമടങ്കു വൈപ്പിച്ചുകൊൾവിതു. ‘വിപര്യയേ’ എൻറവാറുകൊണ്ട മുതലിൽ മുതലടയിൽ പെരുക എഴുതുവിതു; ചെലുത്തിയതിനിൽ ചുരുങ്ക എഴുതുവിതു; നീക്കിനിലയിൽ പെരുക എഴുതിവൈക്കിൽ അതു പരമാർത്ഥമറിഞ്ഞു അവന്നുകൊടുപ്പിതു. മറ്റു അവനു ഒരു ദണ്ഡവുമില്ലൈ.”

മടയൻ എന്ന പദത്തിനു മലയാളത്തിൽ ഇക്കാലത്തു് അർത്ഥഭേദം വന്നിട്ടുണ്ടെങ്കിലും ചോറ്റു ‘മട’യിലും മടപ്പള്ളിയിലും കാണുന്ന ‘മട’ പഴയകാലത്തേ അരിവയ്പു് എന്ന അർത്ഥത്തെത്തന്നെ പ്രകാശിപ്പിയ്ക്കുന്നു. കാവിതി എന്നാൽ ക്ഷുരകൻ. ഒപ്പിക്കുക എന്നാൽ അലങ്കരിക്കുക. ലൈച്ചിക്കുക എന്നാൽ ലക്ഷിക്കുക; ഒപ്പുവയ്ക്കുക. അവരൾ എന്നതു ‘അവർകൾ’ എന്ന പദത്തിന്റെ ഒരു സങ്കുചിതരൂപമാകുന്നു. ഇതു പഴയ ശിലാരേഖകളിലും ധാരാളമായി കാണുന്നുണ്ടു്. കൊല്ലം 364-ലെ കൊല്ലൂർമഠം ശാസനത്തിൽ ‘വാരിയമുടൈയവരൾ’ എന്നും, 371-ലെ വെള്ളായണി ശിലാലിഖിതത്തിൽ ‘പണിചെയ്യിൻറവരളും കാരിയം ചെയ്യിൻറവരളും’ എന്നും രേഖപ്പെടുത്തിയിരിക്കുന്നതു നോക്കുക. (1) സാധിപ്പാനരുതു്, (2) ഇളങ്കോപ്പട്ടമുടയവൻ, (3) അറുത്തുട്ടി വാതിൽ, (4) അരൈക്കാതം, കൂവീടു, (5) കുടിയടിയാർ, (6) വലിയപ്പിടിച്ചാൽ, (7) കൈച്ചിറവിടുവിച്ചുകൊള്ളുക, (8) ചൊല്ലിക്കൊതി കൊളുത്തുമാറു്, (9) എഴുത്തും കണക്കും പയിറ്റുവിതു, (10) എഴുത്തുമെണ്ണും (കണക്കും), (11) ചത്തുമുടിഞ്ചാൽ, (12) ശാസ്ത്രം വല്ലിപ്രയോഗം വല്ലാത്തവൻ, (13) നിനിടെ (നിന്നുടെ) പക്ഷം, (14) എതിരെഴുക (എഴുനേൽക്കുക), (15) ചോറും പുടവയും (വസ്ത്രം, ‘ഓണപ്പുടവ’ നോക്കുക), (16) അരിചിയും ജീവിതവും (പിൽക്കാലത്തെ അരിതവശം), (17) ഇറയും (കരവും) പിഴയുംകൊണ്ടുപീഡിക്കുക, (18) ഭാഷ (സമീചീനത) യില്ലൈ, (19) ചിവികൈ (ശിബിക), (20) ദൂതകൾ അവരൾ പുലയരാകിലും കൊല്ലലാകാ, (21) തളയിലിടുക (ബന്ധനസ്ഥനാക്കുക), (22) കെടുചുടുചെയ്യാതൊഴിവിതു, (23) പടയും പണ്ടാരമും തേടിക്കൊണ്ടു, (24) പല ഇടകട്ടും (ഇടക്കെട്ടും), (25) ചാർന്ന ജനം, (26) പെരുമടയൻ (മഹാനസാദ്ധ്യക്ഷൻ) മുതലായി എത്രയെത്ര പഴയ പദങ്ങളും ശൈലികളുമാണു് നമുക്കു് ഈ ഗ്രന്ഥത്തിൽനിന്നു പഠിക്കാവുന്നതു് എന്നുള്ളതിനു കൈയും കണക്കുമില്ല. വാസ്തവത്തിൽ ഭാഷാചരിത്രപിപഠിഷുകൾക്കു് ഒരു അനർഘമായ വജ്രഖനിതന്നെയാകുന്നു ഭാഷാ കൗടലീയം.

13.7ആട്ടപ്രകാരവും ക്രമദീപികയും – മന്ത്രാങ്കം

തോലൻ നിർമ്മിച്ചതെന്നു പുരാവിത്തുകൾ പറയുന്ന ആട്ടപ്രകാരം, ക്രമദീപിക എന്നീ രണ്ടിനത്തിൽപ്പെട്ട ഗ്രന്ഥങ്ങളെപ്പറ്റി ഒൻപതാമധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഈ ശാഖയിൽ ഇന്നു നാം കാണുന്ന ഗ്രന്ഥങ്ങളെല്ലാം ഒരാളുടേയോ ഒരേകാലത്തേയോ കൃതികളാണെന്നു് എനിയ്ക്കഭിപ്രായമില്ലെന്നു പ്രസ്താവിച്ചുകഴിഞ്ഞു. ഇവയിൽ പല ആവാപോദ്വാപങ്ങളും പല അവസരങ്ങളിലായി കടന്നുകൂടീട്ടുണ്ടെന്നു മാത്രമല്ല, ചില കൃതികൾ ആദ്യന്തം പിൽകാലത്തു രചിയ്ക്കപ്പെട്ടവയാണെന്നു ഖണ്ഡിച്ചുതന്നെ പറയുകയും ചെയ്യാം. ഇന്നു ചാക്യാന്മാർ ഉപയോഗിക്കുന്ന സുഭദ്രാധനഞ്ജയം ആട്ടപ്രകാരത്തിനു മന്ത്രാങ്കം ആട്ടപ്രകാരത്തോളം പഴക്കമില്ല എന്നുള്ളതു് ഇതിനൊരുദാഹരണമായി സ്വീകരിക്കാവുന്നതാണു്. കൊല്ലം 11-ാം ശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാന്റെ സുപ്രസിദ്ധമായ

“അമ്പത്താറൂഴിഭാഗാന്തരമതിൽ മരുവീ–
ടുന്ന ഭൂപാലമീശ–
ക്കൊമ്പന്മാരുണ്ടനേകം ശിവശിവ ധരണീ–
ഭാരമാത്രം നിനച്ചാൽ”
ഇത്യാദി ശ്ലോകം രാജസേവാഘട്ടത്തിൽ ചാക്യാന്മാർക്കു പ്രയോഗിക്കാവുന്നതാണെന്നു ഞാൻ ഒരാട്ടപ്രകാരത്തിൽ വായിച്ചിട്ടുള്ളതായി മുമ്പു പറഞ്ഞുവല്ലോ. പ്രസ്തുതകൃതികളിൽ ചടങ്ങുകളും ചൂർണ്ണികകളുടെ അർത്ഥവും ഭാഷാഗദ്യത്തിലും പദ്യങ്ങളുടെ അർത്ഥപ്രപഞ്ചനവും വിദൂഷകന്റെ പ്രതിശ്ലോകങ്ങളും മണിപ്രവാളത്തിലുമാണു് രചിക്കപ്പെട്ടിട്ടുള്ളതു്. ഒരേ നാടകത്തിനു തന്നെ ഒന്നിലധികം ആട്ടപ്രകാരങ്ങളും –ഒന്നു സങ്കചിതവും മറ്റൊന്നു വിവൃതവുമായി – കാണ്മാനുണ്ടു്. മന്ത്രാങ്കത്തിനും മറ്റും സംസ്കൃതത്തിലും ആട്ടപ്രകാരമുണ്ടു്. താഴെ ഉദ്ധരിക്കുന്നതു സംസ്കൃതത്തിലുള്ള മന്ത്രാങ്കം ആട്ടപ്രകാരത്തിൽനിന്നാണു്. അതിനു ക്രിയാക്രമമെന്നാണു് സംസ്കൃതത്തിലെ പേർ എന്നു് ആരംഭത്തിലുള്ള
‘മന്ത്രാങ്കാഭിത നാട്യസ്യ പ്രയോഗാർത്ഥം മയാധുനാ
സർവതസ്സാരമാദായ ക്രിയതേഽത്ര സമുച്ചയഃ
തസ്യ ക്രിയാക്രമം വക്ഷ്യേ ഭാഷയാ പ്രഥമം മിതം
തമൃതേന പ്രയോഗോ ഹി നാട്യശാസ്ത്രേഷു ദൃശ്യതേ”
എന്ന പദ്യങ്ങളിൽനിന്നു വെളിപ്പെടുന്നു. ‘ഭാഷയാ’ എന്നു പറയുന്നുണ്ടെങ്കിലും സംസ്കൃതത്തിലാണു് നിർദ്ദേശങ്ങൾ കാണുന്നതു്. “തതോഡിണ്ഡികവേഷോ വസന്തകഃ യവനികായാം ചാര്യാമാഗത്യ, പുനഃ കള കളവാദ്യമാദായ വിരമേൽ. പുനസ്തട്ടു്; പുനർന്നിർഗ്ഗീതാ; പുനരപി ചാരീ; പുനഃ പരിക്രമമാദായ വിരമേൽ: പടാക്ഷേപം കൃത്വാ വാമഹസ്തേന യഷ്ടിം ഗൃഹീത്വാ തസ്യോപരി ദക്ഷിണപാദംന്യസ്യ വദനവിരൂപതാം കൃത്വാ, സ്വവേഷാനുരൂപം ഭാവയേൽ. പുനശ്ചതസ്രോ മുഖവർണ്ണനാഃ കാര്യാഃ; പുനർഭാവയിത്വാ ഗ്രന്ഥാർത്ഥം ഭാഷയാബ്രൂയാൽ; തതഃ ഭോഃ ഇത്യുക്ത്വാ ചാരീമാദായ വിരമേൽ; തതോ ഗ്രന്ഥാർത്ഥമഭിനീയ പുനസ്തട്ടു്.” അതേ നാടകത്തിനു ഭാഷയിൽ രചിച്ചിട്ടുള്ള ആട്ടപ്രകാരത്തിൽനിന്നു് ഒരു ഭാഗമാണു് അടിയിൽ ചേർത്തിരിക്കുന്നതു്. “പിന്നെ ഉന്മത്തകൻ കങ്കപത്രംകൊണ്ടു പുറപ്പെട്ടു ജാതികൊണ്ടു കുത്തിരഞ്ജിച്ചു കളകളവാക്യംകൊണ്ടു മുടിച്ചു തട്ടുകൊണ്ടു ജാതിയും നിർഗ്ഗീതയും ചാരിയുംകൊണ്ടു പരിക്രമത്തിൽ മുടിപ്പൂ. പിന്നെ കളിയം. വച്ചു തിരിഞ്ഞു നൂപുരത്തിലിരുന്നു സ്ഫടികമണി ചൊല്ലിച്ചു യവനിക നീക്കി പ്രാവേശികം കാട്ടി എഴുനിൻറു വട്ടത്തിൽ നടന്നു കുത്തിരഞ്ജിച്ചു കളകളവാക്യംകൊണ്ടു മുടിപ്പൂ. പിന്നെ മറ്റു മൂൻറു പുറത്തും സ്ഫടികമണി ചൊല്ലിച്ചു ആടിക്കൊള്ളുവൂ. മോദആ മോദആ എന്നു ചൊല്ലി ഹഹഹ എൻറും വേളാധൂളിയിൽചൊല്വൂ. മോദകംകൊണ്ടു മുമ്പിൽ തേവരെവച്ചു തേവാരിച്ചു നിലത്തിരുന്നു്, ഇന്ദളം ചൊല്ലി [4] അഭ്യന്തരം ആടിക്കൊളളൂ. പിന്നെയന്യോന്യമേത്തമിട്ടു് ഉന്മത്തകൻ ചാരികൂടി ആടിമുടിച്ചു പ്രാവേശികം കാട്ടി പിൻനോക്കി വാങ്ങി കുത്തുംമുടിപ്പൂ. പിന്നെ രണ്ടാം ദിവസം കൊട്ടിത്തുടങ്ങിയാൽ ജാതിയിൽ വന്നു മൂൻറുടെ പ്രാവേശികം കാട്ടി “കിംമോദആ കഹിമ്മോദആ” എന്നു ചൊല്ലിപിന്നെയും തട്ടും നിർഗ്ഗീതയും ചാരിയുമാടിമുടിച്ചു പ്രാവേശികം കാട്ടി പിൻനോക്കിപ്പോന്നു മുടിപ്പൂ. പിന്നെ മൂൻറാം ദിവസം ജാതിയിൽവന്നു പ്രാവേശികം മൂൻറുടെകാട്ടി ഗ്രന്ഥം ചൊല്വൂ.”

13.8മത്തവിലാസം

മത്തവിലാസം ആട്ടപ്രകാരത്തിൽ നിന്നു ചില പങ്ക്തികൾ ഉദ്ധരിക്കാം.

“സൂത്രധാരൻ ഏഴുനാളാടും മത്തവിലാസത്തിൽ സൂത്രധാരനെക്കണക്കെ അണിവും പ്രസ്ഥാനവുമെല്ലാം ഉത്തരീയമും വേണും, പരിണതിയും വേണും. ഇന്ദളം സ്വരം, ‘മണിഘൃഷ്ട’ എൻറു ചൊല്ലി ക്രിയ തുടങ്ങൂ. ‘തത്ര പ്രഹേതീ ഹേതീ ച’ എൻറു തുടങ്ങി “പീഡയാമാസ ലീലയാ” എൻറിത്രേടം ശ്ലോകം പാടൂ. ‘രാവണേ’ ത്യാദി ചൊല്ലി അടുക്കുംവണ്ണമഴകുതായാടിക്കൊള്ളൂ. എല്ലാ ശ്ലോകവും കഴിഞ്ഞാൽ എഴുനിൻറു ശേഷം ഗ്രന്ഥം ചൊല്ലി വിദൂഷകന്നു് എൻറു ചൊല്ലിത്തമിഴാകമുടിപ്പൂ. വിദൂഷകന്റെ ഗ്രന്ഥം തലയിൽ പുടവയിട്ടു ചൊല്ലു…അടുക്കും വണ്ണമറിഞ്ഞുകൊള്ളൂ എല്ലാം. ഈരണ്ടു കട്ടിയാവും ഈരണ്ടു ചുവന്ന പുടവയും ദണ്ഡുമിതെല്ലാം കൂട്ടിക്കൊള്ളൂ. പൊയ്തകക്കാൽ നീട്ടുകിലുമാം നീട്ടാകിലുമാം കുറി ഇങ്ങനെ. ഗംഭീരതയും പ്രസന്നതയും എല്ലാപ്പോഴും വേണും. ഇന്ദളം സ്വരം. പിന്നെ അവസ്ഥാനുരൂപം. ദണ്ഡൊരിക്കലും വിടൊല്ല. മിക്കപ്പോഴുമിരിക്കുംപോഴും മടിയിലിരുന്നാൽ മതി ദണ്ഡു്. മറയിൽ ലളിതമായി യാത്ര തിരിഞ്ഞു മുദ്ര പിടിച്ചു പ്രസന്നദൃഷ്ടിയായി നിൻറു് ഉപസനാദി പരിഭാഷയോടുകൂട പ്രവേശിക്ക. കഴിച്ചുഴറാതെ ഇരണ്ടുവട്ടം പോന്നു വ്യാഖ്യയിൽ ചൊല്ലിൻറവണ്ണമാട്ടമെല്ലാമഴകുതായാടി…ഹീനസ്വരത്തിലുഴറാതെ ഗ്രന്ഥാർത്ഥം പുറപ്പൊരുൾ പറവൂ അഴകുതായി. “ഏനേ വിതിയേ! മുന്നമേതന്നെ ഇപ്പൂമിയിൽ ആരാലുമെങ്ങാലും ചത്താൽ പത്തു നാളും കഴിഞ്ഞു പതിനനൊൻറാം നാളിൽ വൈപ്പോരു കരടകമുണ്ടു് പിണ്ഡം. അതു വച്ചാൽ അവിടെച്ചെഴിക്കും ചോറുകൊണ്ടുണ്ടൂതും ചെയ്തു് അതുകൊണ്ടേ മറ്റെല്ലാപ്പടിയുമുണ്ടായി നാവുകൊണ്ടേതുമൊരക്കരം തീണ്ടിപ്പറവൂതും ചെയ്യാതെ പൊഴിതി [5] നോടു പനിപ്പില്ലാഞ്ഞിട്ട മരത്തേൽ വള്ളിച്ചുറ്റുകണക്കേ കഴുത്തേൽ നൂന്മാത്ര പിരിച്ചിട്ടുംകൊണ്ടു പെരുവഴിയിൽ കണ്ടാലാരാലും ബ്രാഹ്മണനെൻറു വിളിക്കിൽ സന്തോഷിപ്പൂതും ചെയ്തു് ഇങ്ങനെയെല്ലാം പെരികെത്തണ്ണു [6] തായി ഉണ്മാനുമിൻറിയേ കണ്ടാലും കേട്ടാലും തണ്ണുതായി അശ്ശിരിയായിരിപ്പോരു കുലത്തിലെല്ലോ ഞാൻ പോന്നു പിറന്നു. പിന്നെയിരണ്ടാമതു് എന്റെയില്ലത്തു് ഒട്ടും ചോറുകാണാഞ്ഞു് “അയ്യോ പാവം ഒട്ടുണ്ടുതാവൂ” എന്നു നിനച്ചിരുന്നെടത്തു നിച്ചലും പുലരുമ്പോഴുണ്ടുകൊള്ളാമെൻറു ചിലിത്തപണ്ണി പുത്തിപിഴകൊണ്ടു മുന്നേക്കാട്ടിലും തണ്ണുതാമ്മാറുപോയി പള്ളിയിൽ ചെൻറുപള്ളിപുതൈപ്പൂതും ചെയ്തേൻ. പിന്നെ അച്ചെറുമക്കളുണ്ടു പള്ളിയാർ. അവർക്കൊരു ദിവസത്തിലൊരിക്കലേ ഊണുള്ളൂ. അപ്പോഴുകൂടി ഉണ്ടുകൊള്ളാമെനിക്കും. അതുകൊണ്ടിരട്ടി പയിച്ചുതുടങ്ങി. എൻറവാറേ ഇതും വേണ്ടാവയറു നിറയായ്കിൽ എൻറു കല്പിച്ചു് അതുപോലുമിളച്ചു് അതിന്നൊള്ള ചീവരമെല്ലാം മുറിച്ചുകളഞ്ഞു പാത്രമെല്ലാം പിളന്നു കളഞ്ഞു. മഴ നനയായ്വാനും വെയിലുണങ്ങായ്വാനും നൻറെൻറു നിനച്ചിട്ടു കുടമാത്രമെടുത്തുംകൊണ്ടു് അവിടെനിന്നു പള്ളിമാരെത്തിരിഞ്ഞുനോക്കാതെ മുറുകെപ്പോന്നേൻ.”
ചുവടേ ചേർക്കുന്ന പദങ്ങളും വാചകങ്ങളും വാക്യങ്ങളും മത്തവിലാസത്തിലുണ്ടു്: (1) ‘പൂശലോ എങ്കിൽ’, (2) ‘ഞാൻ മടിയാതെ കാട്ടിൻറുണ്ടു്’, (3) ‘എമ്മളാർക്കു്’, (4) ‘അച്ഛനുമമ്മയും വൃദ്ധരായി കട്ടിലിലടങ്ങി’, (5) ‘കയ്പുവന്നു പെരിയെ എനക്കു്’, (6) ‘പഴകുന്തോറുമിവർ നല്ലരല്ല എൻറു തോൻറി വൻറൂ.’

13.9ശൂർപ്പണഖാങ്കം ആട്ടപ്രകാരം

ഈ ആട്ടപ്രകാരത്തിൽനിന്നുകൂടി ഒരു ഭാഗം ചുവടേ ചേർക്കാം.

“ശൂർപ്പണഖയ്ക്കു മറയിൽ ചാരി, കളകളവാദ്യം, ജാതി, പരിക്രമം; പിന്നെ ദ്രുതത്തിൽ രണ്ടു നടന്നു് ഊത്തത്തിൽ മുടിച്ചുകൊള്ളൂ. പിന്നെ ‘ദിട്ഠിആ’ എന്നു ചൊല്ലി ചാരി പരിക്രമം, നൃത്തം. പിന്നെ ‘എന്നേ തുകമേ! താനേ തുകമെന്നു ചൊല്ലിയാലും പോരായേ; തുകം, തുകം, തുകം! അതെന്തെന്നല്ലീ? എല്ലാടവുണ്ണടപ്പൻ ഞാൻ ഓരോ തേയങ്ങളിലും ഓരോന്നല്ലീ? എല്ലാടവുണ്ണടപ്പൻ ഞാൻ ഓരോ തേയങ്ങളിലും ഓരോ രാച്ചിയങ്ങളിലും ഓരോ നയരങ്ങളിലും ഓരോ വനപ്രതേയങ്ങളിലും ഓരോ നസീതീരങ്ങളിലും മറ്റും പല പ്രതേയങ്ങളിലും എല്ലാടവും ണടപ്പൻ ഞാൻ. പിന്നെയും ഇവിടെത്തന്നെ പോണ്ണു വരുമത്രേ. അതെന്തെന്നല്ലീ? ഇവിടെയുണ്ടു ചില ശനമിരിപ്പൂ. അവർ കണ്ടാലൊട്ടും തുകമില്ലാത പരിഴകളത്രേ. താടിയും തലയും കക്കവും പക്കവും ഇങ്ങനെയെല്ലാമിരിക്കിണ്ണ ഇവരെ ഞാൻ കരുഖരാ, പരുഫരാ, മുരുമുരാ, കടുഖടാ, ചുടുചുടാ, കൊടുകൊടാ. കടിച്ചുതിണ്ണു വൈരാക്കിയം വരിണ്ണൂ എന്നടോ അരി മൂത്തമാണിയാനേ! അരി എളയമാണിയാനേ! ഇവർ കണ്ടാൽ നല്ല തുകമുള്ള പരിഴകളത്രേ…ഈ കള്ളക്കാട്ടിൽ എന്നെക്കൊണ്ടങ്ങോടിങ്ങോടു് ഈവണ്ണം കളിപ്പാറായിച്ചമഞ്ഞേ. ഇങ്ങനെയെല്ലാമിരിക്കിണ്ണ ഇവരെ ഞാൻ പുതുപുതാ, വെതുവെതാ, നുണുനുണാ, കുളുകുളാ, പളുപളാ കടിച്ചുതിന്നാവൂ. അരി ചീതേച്ചി! അവക്കൊരു പാവമുണ്ടു്, എന്നോളം ഉറു ചുന്തരിയായിട്ടാരുമില്ലെണ്ണു്. അവളുടെ പൂച്ചൂട്ടും തൊടുകുറിയും കണ്ണെഴുത്തും മറ്റും! നീ എന്റെ പൂച്ചൂട്ടു കണ്ടോ; തൊടുകുറി കണ്ടോ; കണ്ണെഴുത്തു കണ്ടോ. നീ എന്റെ കുത്തുമുല കണ്ടു കൊതിച്ചുകളയരുതേ. ഇങ്ങനെയെല്ലാമിരിക്കിണ്ണ ഇവളെ ഞാൻ തല വലിയ തമ്പി രാവണച്ചനു കാച്ചയായിക്കൊണ്ടു കൊടുപ്പൂ. കാച്ചയെണ്ണുമ്പോളൊരു തക്കാരം; തക്കാരമെണ്ണുമ്പോളൊരു പാവൃതം; പാവൃതമെണ്ണുമ്പോളൊരു വ്യഞ്ചനം; വ്യഞ്ചനമെണ്ണുമ്പോളൊരു പൊലിക്കാണം; പൊലിക്കാണമെണ്ണുമ്പോളൊരുലകയാത്ര.” ഇങ്ങനെ ചൊല്ലി “ദിട്ഠി ആ ബുഭുൿവിദാഏ” എന്ന ചൂർണ്ണിമുഴുവൻ ചൊല്ലി അർത്ഥമാടൂ.”

13.10പിൽകാലത്തെ ആട്ടപ്രകാരങ്ങൾ

പശ്ചാൽകാലങ്ങളിലും ചില ആട്ടപ്രകാരങ്ങൾ വിദ്വാന്മാർ മുമ്പുള്ളവയ്ക്കു പകരമായും അല്ലാതേയും രചിച്ചിട്ടുണ്ടെന്നു ഞാൻ സൂചിപ്പിച്ചുവല്ലോ. അത്തരത്തിലുള്ള ഒന്നാണു് ഏതാനും വാക്യങ്ങൾ താഴെ ഉദ്ധരിക്കുന്ന അശോകവനികാങ്കം ആട്ടപ്രകാരം.

“എങ്കിലോ പണ്ടു പുലസ്ത്യഗോത്രസംഭൂതനായിരിയ്ക്കുന്ന രാവണൻ മയപുത്രിയായിരിക്കുന്ന മണ്ഡോദരിയോടുംകൂടി സുഖമായിട്ടിരിക്കുന്ന കാലത്തിങ്കൽ തന്റെ സോദരിയായിരിക്കുന്ന ശൂർപ്പണഖ കർണ്ണനാസികാഛേദനം ചെയ്ക ഹേതുവായിട്ടു ചോരയണിഞ്ഞു സമീപത്തിങ്കൽ വന്നു ഖരാദികളുടെ നിധനത്തേയും തന്റെ വിരൂപീകരണത്തേയും ശ്രീരാമന്റെ പരാക്രമത്തേയും സീതയുടെ സൗന്ദര്യാതിശയത്തേയും പറഞ്ഞു കേട്ടതിന്റെശേഷം രാവണൻ സീതാസൗന്ദര്യാതിശയത്തെ കേട്ടു കാമപരവശനായി മാരീചാശ്രമത്തെ പ്രാപിച്ചു മാരീചനെ പൊന്മാനാക്കി നിയോഗിച്ചു രാജധാനിയെ പ്രാപിച്ചിരുന്നു.” പിന്നെ സംക്ഷേപം അവസാനിപ്പിച്ചു സീതയുടെ പഞ്ചാങ്ഗം ആടി കാമശരംകൊണ്ടു മുറുക്കി മോഹാലസ്യം ഉണർന്നു ഗ്വോഗ്വാ എന്നാൽ സീതയെ കാണ്മാനായിട്ടു പോവുകതന്നെ എന്നു കാട്ടി വേഗേന സ്നാനാദികളെ കഴിച്ചു് അലങ്കൃതനായി ആസ്ഥാനമണ്ഡപത്തിങ്കൽ സിംഹാസനാരൂഢനായിരുന്നു വെറ്റില ഭക്ഷിച്ചു കണ്ണാടി നോക്കി ഇത്രയും ആടിക്കഴിഞ്ഞാൽ അല്ലേ സൂതൻ വേഗത്തിൽ തേരു കൊണ്ടുവാ എന്നു കാട്ടി കണ്ടു സൂതൻ തേരുകൊണ്ടുവരുന്നതു്. എന്നാൽ പോവുകതന്നെ എന്നു കാട്ടി പീഠത്തിന്മേൽനിന്നു നിലത്തിറങ്ങി എളകിയാട്ടം ചാടി അരയും തലയും മുറുക്കി ചന്ദ്രഹാസമെടുത്തു് എറിഞ്ഞുപിടിച്ചു് അല്ലേ; ശൂർപ്പണഖേ! നീയും തേരിൽ കേറിയാലും എന്നു കാട്ടി വലത്തോട്ടു തിരിഞ്ഞുനിന്നു് എടത്തോട്ടുനോക്കി എന്താണു് കേറിയോ? എന്നു കാട്ടിതാനും കേറി തേർപ്പെരുമാറ്റത്തിൽ നടന്നു സീതയുടെ പഞ്ചാങ്ഗമാടി കാമശരം കൊള്ളുമ്പോൾ ലജ്ജാഭാവത്തോടുകൂടെ ഇവൾ എന്റെ ചാപല്യത്തെ ഒക്കെയും കണ്ടുനില്ക്കുന്നു വഷള്, മറ്റാരാനും കണ്ടിട്ടുണ്ടോ എന്നു വിചാരിച്ചു ചുഴലവും വഴിപോലെ നോക്കുമ്പോൾ കണ്ടു ദേവകൾ പരിഹസിക്കുന്നതു്. അല്ലേ ദേവകൾ ക്ഷമിക്കിൻ; അല്ലേ സൂതൻ വേഗം തേരു തെളിച്ചാലും; തേർപെരുമാറ്റത്തിൽ നടന്നു പഞ്ചാങ്ഗം ആടി ലജ്ജാഭാവം തുടങ്ങി മുമ്പിലത്തെപ്പോലെ രണ്ടു പ്രാവശ്യംകൂടിയാടി രണ്ടുദിക്കിലും ദേവകളെ നോക്കി അല്ലേ ദേവകൾ, ഇതിന്റെ പ്രതിക്രിയ ഞാൻ കാട്ടിത്തരുന്നൊണ്ടു് എന്നും അല്ലേ ദേവകൾ ഞാൻ സീതയെ അപഹരിച്ചു ലങ്കയിൽ കൊണ്ടുപോയിവച്ചിട്ടു് ഇതിന്റെ പ്രതിക്രിയ കാട്ടിത്തരുന്നൊണ്ടു് എന്നും കാട്ടണം. പിന്നെ എടത്തോട്ടു് അല്ലേ സൂതൻ കുതിരകളെ വേഗത്തിൽ തെളിച്ചാലും. അതെന്തു്? എന്റെ സോദരിയായിരിയ്ക്കുന്ന ഇവൾക്കു കർണ്ണനാസികാഛേദം ചെയ്ക ഹേതുവായിട്ടു് വളരെ സങ്കടമൊണ്ടു്. അതിനെ കളഞ്ഞോട്ടെ എന്റെ സോദരി. എന്തീവണ്ണം പറഞ്ഞതെന്നു്. കുംഭകർണ്ണന്റെ സോദരിയായിരിക്കുന്ന ശൂർപ്പണഖ എന്നും വിഭീഷണന്റെ സോദരിയായിരിക്കുന്ന ശൂർപ്പണഖ എന്നും ആരും പറയുന്നില്ല. എല്ലാജ്ജനങ്ങളും രാവണന്റെ സോദരിയായിരുന്ന ശൂർപ്പണഖ എന്നീവണ്ണമല്ലോ പറയുന്നതു്. അതു ഹേതുവായിട്ടുതന്നെ എന്റെ സഹജ എന്നീവണ്ണം പറഞ്ഞതു് ഇവൾ എങ്ങനെയിരിപ്പൊരുത്തി? പൊണ്ണത്തടിയനായിരിക്കുന്ന ഞാൻ ജീവിച്ചിരിക്കുന്ന സമയത്തിങ്കൽതന്നെ ഒരു മനുഷ്യൻ പോക്കൽനിന്നു് ഈവണ്ണമുള്ള ആപത്തിനെ അനുഭവിച്ചവളാണു്. കഷ്ടം! ഇന്നു ദേവശ്രേഷ്ഠനായിരിക്കുന്ന ഇന്ദ്രനാണു് ഇപ്രകാരം ചെയ്തതെങ്കിൽ വല്ലതുമാട്ടെ; ദേവകളിൽ ഒരുത്തനാണെങ്കിലും ആട്ടെ; അതൊക്കെയുമിരിക്കട്ടെ; ഭൂമിയിൽ ഏകച്ഛത്രാധിപതിയായിരിക്കുന്ന ഒരു രാജാവാണെങ്കിലും സഹിക്കാം. ഇവരാരുമല്ല, വനപ്രദേശത്തിങ്കൽവന്നു കാറ്റും വെയിലും മഴയും മഞ്ഞുമേറ്റു ത്രിഷവണസ്നാനം ചെയ്തു കക്ഷപക്ഷാദികളും നീട്ടി ഫലമൂലാദികളും ഭക്ഷിച്ചിരിക്കുന്ന മനുഷ്യനല്ലോ ഈവിധം ചെയ്തതു്. കഷ്ടം! ഇവളെ നിഗ്രഹിച്ചു എങ്കിൽ സങ്കടമില്ല. ഞാൻ എല്ലാ സമയത്തിലും കണ്ടോട്ടേ എന്നു നിശ്ചയിച്ചിട്ടല്ലോ ഈവണ്ണം ചെയ്തുതു്. അതു ഹേതുവായിട്ടു് ആ രാമനെ ഇപ്പോൾത്തന്നെ കൊന്നു സീതയെ പിടിച്ചുവലിച്ചുകൊണ്ടുപോരുന്നുണ്ടു്. എങ്ങനെ? ഞാൻ അരയും തലയും മുറുക്കി വാളുമെടുത്തു രാമന്റെ സമീപത്തിങ്കൽ ചെന്നു് അല്ലേ രാമാ യുദ്ധത്തിന്നായിക്കൊണ്ടുവന്നോ എന്നു് തട്ടിവിളിക്കുന്ന സമയത്തിങ്കൽ രാമൻ അരയും തലയും മുറുക്കി വില്ലും കുലച്ചു് ആവനാഴിയും കെട്ടിമുറുക്കി പോന്നുവരുന്നതു കണ്ടിട്ടു് ഇവനെ നിഗ്രഹിപ്പാൻ ആയുധമെന്തിനാണു്? ആയുധംവച്ചു രാമന്റെ കഴുത്തിൽ പിടിച്ചുതിരുമ്മി നിഗ്രഹിച്ചു്” ഇത്യാദി.
ഈ ഗദ്യത്തിനും മത്തവിലാസം ആട്ടപ്രകാരത്തിൽനിന്നും മറ്റും ഉദ്ധരിച്ച ഗദ്യങ്ങൾക്കും തമ്മിൽ ഭാഷാവിഷയത്തിലുള്ള പ്രകടമായ ഭേദം പറഞ്ഞറിയിക്കണമെന്നില്ലല്ലോ. പ്രസ്തുത ഗദ്യത്തിനു കൊല്ലം ഒൻപതാംശതകത്തിലധികം പഴക്കമുണ്ടെന്നു തോന്നുന്നില്ല.

ഇത്തരത്തിൽ വമ്പിച്ചതോതിൽ ഒരു ഗദ്യസാഹിത്യം ഭാഷയ്ക്കു കൂടിയാട്ടംവഴി പണ്ടുതന്നെ ലഭിച്ചിട്ടുണ്ടു്. ഞാൻ അന്യത്ര പ്രസ്താവിക്കുവാൻ പോകുന്ന നമ്പിയാർതമിഴും ആ പുഴയുടെ ഒരു പോഷകനദിയാകുന്നു. പൂർവ്വകാലത്തു ചെന്തമിഴിൽ പല നാടകലക്ഷണഗ്രന്ഥങ്ങളുമുണ്ടായിരുന്നു. അവയ്ക്കു കൂത്തിലക്കണമെന്നു പേർ പറഞ്ഞു വന്നു. ആ ഗ്രന്ഥങ്ങൾ എല്ലാം നശിച്ചുപോയി. അവയിൽ ഏതെങ്കിലും ഒന്നു കണ്ടു കിട്ടുന്നതുവരെ കൂടിയാട്ടത്തിന്റെ ചടങ്ങുകൾ അവയോടും എത്രമാത്രം കടപ്പെട്ടിട്ടുണ്ടു് എന്നു നിർണ്ണയിക്കുക അസാദ്ധ്യമാണു്. ഭാഷയെ സംബന്ധിച്ചു് ഒരു വസ്തുത നിസ്സംശയമായി വെളിപ്പെടുന്നു. ഭാഷാകൗടലീയത്തിനും ആദ്യത്തെ ആട്ടപ്രകാരഗ്രന്ഥങ്ങൾക്കും തമ്മിൽ രണ്ടു ശതകത്തിൽ കൂടുതൽ കാലവ്യത്യാസമില്ല. എന്നിട്ടും ആദ്യത്തേതു തമിഴ്മയമായും രണ്ടാമത്തെ ഇനത്തിൽ പെട്ടവ തമിഴ്ച്ചുവ കഴിവുള്ളിടത്തോളം പരിഹരിച്ചും നിർമ്മിക്കപ്പെട്ടു കാണുന്നതു് അവ തമിഴിൽ വിപ്രതിപത്തി തോന്നിത്തുടങ്ങിയിരുന്ന നമ്പൂരിമാർ സംഭാഷണഭാഷയോടടുപ്പിച്ചു രചിച്ചതിനാലാണെന്നു് ഒരു വിധം തീർച്ചപ്പെടുത്താവുന്നതാകുന്നു.

കുറിപ്പുകൾ

1 മുദ്രിതപുസ്തകത്തിൽ 139-ആം പരിച്ഛേദത്തിൽ പത്തരപ്പാട്ടുകളാണു് കാണുന്നതു്. അതു തെറ്റാണു്; വാസ്തവത്തിൽ പന്ത്രണ്ടു പാട്ടുകളുണ്ടു്. ഒരു പാട്ടിന്റെ ഉത്തരാർദ്ധവും മറ്റൊരു പാട്ടും വിട്ടുപോയിരിക്കുന്നു.

2 ‘കവിവല്ലോർ’ എന്നും ‘പോതിൽമാതിനിടം’ എന്നുമുള്ള പാഠങ്ങളെക്കാൾ ‘കവി ചൊല്വോർ’ എന്നും ‘ഓതിൽമാതിനിടം’ എന്നുമുള്ള പാഠങ്ങളാണു് സ്വീകാര്യങ്ങൾ എന്നു് ഒരു ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നു. ‘വല്ലോർ’ എന്നാൽ സമർത്ഥൻ എന്നർത്ഥം; പ്രസ്തുത കൃതിയിൽ പരിജ്ഞാനമുള്ളവർ എന്നു താൽപര്യം. ‘കവി ചൊല്ലണ’മെന്നില്ല; അതറിഞ്ഞാൽ മതി. പോതു് എന്നാൽ പുഷ്പമെന്നർത്ഥം; പോതിൽമാതു മലർമങ്ക, ലക്ഷ്മീദേവി. ഓതയിൽമാതു് ഓതിൽ മാതായി ചുരുങ്ങുകയില്ല; ചുരുങ്ങി എന്നുവെച്ചാലും ‘ഓതയിൽകിടന്നു’ എന്നു കവി മുമ്പു തന്നെ ഒരു പാദത്തിൽ എഴുതിപ്പോയതുകൊണ്ടു് ഓത എന്ന പദം ആവർത്തിക്കുന്നതുമല്ലോ. പോരാത്തതിനു് ‘ഓതിൽമാതു്’ എന്നു് ഒരു വരിയുടെ പൂർവാർദ്ധവും പോകിപോകചയനൻ എന്നു് ഉത്തരാർദ്ധവും ആരംഭിച്ചാൽ ആ വരിയിൽ മോന ഉണ്ടായിരിക്കുകയില്ല: അങ്ങനെ ഏതു വഴിക്കുനോക്കിയാലും പ്രസ്തുതപാഠത്തിനു ഗതി കല്പിക്കുവാൻ നിവൃത്തിയില്ലാതെയിരിക്കുന്നു.

3 “സ്ഫടികമണിധവളഹിമപടലകുമുദവനസദൃശോ വപുഷാ ഉദയഗിരിശിഖര ഏഷ ഉദയതി പൂർണ്ണോ രജനികരഃ.”


അദ്ധ്യായം 14 - മണിപ്രവാളകൃതികൾ

(ക്രി. പി. 1300 വരെ)

കേരളസാഹിത്യത്തിൽ കവികൾ പുത്തനായി ഏർപ്പെടുത്തിയ മണിപ്രവാളപ്രസ്ഥാനത്തിന്റെ ലക്ഷണങ്ങളെന്തെന്നു് ആറാമധ്യായത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടല്ലോ. ആ പ്രസ്ഥാനത്തിൽ ആദ്യമായുണ്ടായ കൃതികൾ പ്രധാനമായി (1) വൈശികതന്ത്രം, (2) കൂടിയാട്ടത്തിനു് ഉപയോഗപ്പെടുന്ന ശ്ലോകങ്ങൾ, (3) സ്തോത്രങ്ങൾ, (4) ചാടുക്കൾ ഇവയാകുന്നു. കാലാന്തരത്തിൽ ചമ്പുക്കൾ, സന്ദേശങ്ങൾ മുതലായ കൃതികളും ആവിർഭവിച്ചു.
14.1വൈശികതന്ത്രം

പല വൃത്തങ്ങളിലായി ഉദ്ദേശം ഇരുനൂറോളം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഈ കൃതി അനങ്ഗസേന (അഗങ്ഗവല്ലി എന്നും ഒന്നുരണ്ടു ശ്ലോകങ്ങളിൽ കാണുന്നു) എന്ന യുവതിയായ വേശ്യയ്ക്കു് അവളുടെ അമ്മ സ്വകുലധർമ്മത്തെ പുരസ്കരിച്ചു ചെയ്യുന്ന ഉപദേശമാകുന്നു. ഗ്രന്ഥം അച്ചടിപ്പിച്ചിട്ടില്ല. ചില ശ്ലോകങ്ങൽ ലീലാതിലകത്തിൽ ഉദ്ധരിച്ചുകാണുന്നു. അവയാണു് അടിയിൽ ചേർക്കുന്നതു്.

“തനയേ തവ സമ്പദർത്ഥമുച്ചൈ–
രിനിയോരാഢ്യനെ നീ വരിച്ചുകൊൾക;
ധനഹീനരിൽനിന്നു പാങ്ങു [1] വാരാ:
പനിനീർ വീണ്ണു കുളം നിറഞ്ഞതില്ല.”
“തന്വീകുലാഭരണമേ! തരുണാൻ കയർത്തും
താനേ നിശാസു നിയമേന കിടക്കിലാകാ;
അംഭോരുഹാക്ഷി പുണരാണണയാത പെണ്ണും
ചേറില്ലയാതമിളിയും [2] ചിരികേടു കണ്ടാ.”
പ്രസ്തുത ഗ്രന്ഥത്തിൽനിന്നു് അനേകം ശ്ലോകങ്ങൾ ഉജ്ജയിനിയിലേ രഥ്യയെ വർണ്ണിക്കുമ്പോൾ

“അന്യത്രാത്ഭുതവചനാഹിതമസ്മിന്നുപദിശന്തി ദുഹിതൃഭ്യഃ
കുട്ടിന്യോ രഹസി തഥേത്യുത്തമമധ്യാധമാഃ പുരുഷാഃ”
എന്ന പീഠികയോടുകൂടി മന്ത്രാങ്കം ആട്ടപ്രകാരത്തിൽ ചേർത്തിട്ടുണ്ടു്. എല്ലാ ശ്ലോകങ്ങളും ചേർത്തിട്ടില്ലാത്തതിനാലും ആദ്യന്തം ഒരു കവിയുടെ കൃതിയെന്നു കാണുന്നതിനാലും വൈശികതന്ത്രം ആട്ടപ്രകാരകാരനിൽനിന്നു ഭിന്നനായ ഒരു കവിയുടെ കൃതിയെന്നുതന്നെ ഞാൻ ഊഹിക്കുന്നു. ആ ആട്ടപ്രകാരത്തിൽ ഗ്രന്ഥകാരന്റെ സ്വന്തമായി അനവധി വിശിഷ്ടങ്ങളായ സംസ്കൃതശ്ലോകങ്ങളും മണിപ്രവാളശ്ലോകങ്ങളുമുണ്ടെങ്കിലും പരകീയകൃതികളിൽ നിന്നു പല ഉദ്ധരണങ്ങളുമുണ്ടു്, വൈശികതന്ത്രം രചിച്ച കവി ആരെന്നറിയുവാൻ ഒരു വഴിയുമില്ല; അദ്ദേഹം മന്ത്രാങ്കത്തിന്റെ ആട്ടപ്രകാരം വിരചിതമായ ക്രി. പി. പതിനൊന്നാംശതകത്തിനു മുമ്പു ജീവിച്ചിരുന്നിരിക്കണം. പ്രസ്തുതകൃതി ആരംഭിക്കുന്നതു് ഇങ്ങനെയാണു്

“എന്മുത്തിമുത്തി മുതുമുത്തിയവൾക്കു മൂൻറാം
മുത്തിക്കു മുത്തിയവൾമൂത്തവളേ തുടങ്ങി
നാം പോരുമാതികളൊരിത്തനയും വിടാതെ
ഞാനിന്നിനക്കുപദിശാമി ഗുരുക്രമേണ.

എന്മുത്തിയാൽ ചെവിയിലേ മുതുമുത്തിതാനും
ചൊല്ലിക്കൊടുത്തവളുമെൻ ജനനിക്കുചൊല്ലി
കൈക്കൊണ്ട യോഗമിതെനിക്കവൾ ചൊല്ലിയിൻറു
ഞാനും നിനക്കുപദിശാമി ഗുരുക്രമേണ.

ഉചിതമറിക മുന്നം നൻറതല്ലായ്കിലെല്ലാ–
മറിയുമവർകൾ ചൊല്ലിക്കേൾക്കിലും നല്ലു പിന്നെ;
നവരമിവയിരണ്ടാലൊൻറിലൂൻറായ്കിലെൻറും
നവകുവലയനേത്രേ, നന്മ വാരാ വധൂനാം.”
വൈശികതന്ത്രം അഭ്യസിക്കാനുള്ള വൈഷമ്യം അമ്മ മകളെ താഴെക്കാണുന്ന പദ്യങ്ങളിലും മറ്റും ബോധ്യപ്പെടുത്തുന്നു.

“മുൽപ്പാടു കേളിദമുരിത്തവിടും പെറാ കാൺ
വല്ലായ്കിലിന്ദുമുഖി! വൈശികതന്ത്രമാർഗ്ഗം;
[3] നൂന്മേൽ നടക്കുമതു നൂറുമടങ്ങിലേറ്റം
വേശ്യാധുരം വിഷമമെൻറു വിദഗ്ദ്ധവാചഃ.”
***
“കല്ലിനെപ്പെരിയ കായലാക്കലാം;
കായലെപ്പെരിയ കല്ലുമാക്കലാം;
വല്ലവാറു പലനാളുഴയ്ക്കിലും
വല്ലവാനരിയതൊൻറു വൈശികം.”
ഈ ഗ്രന്ഥത്തിലെ വിഷയത്തിന്റെ ഔചിത്യത്തെപ്പറ്റി ആധുനികന്മാർക്കു് അഭിപ്രായഭേദമുണ്ടാകാമെങ്കിലും കവിതയെപ്പറ്റി അവർ അഹമഹമികയാ പ്രശംസോത്സുകരായിത്തന്നെയിരിക്കും. ചില ശ്ലോകങ്ങൾകൂടി ഉദ്ധരിച്ചു പ്രസ്തുത കാവ്യത്തിന്റെ മാധുര്യം വിശദമാക്കാം.

“മുലയും തലയും മുഖക്കളിപ്പും [4]
മുറുവൽക്കാന്തിയുമുള്ള മഞ്ജുവാചാം,
മുതൽ തേടുക തേടൽ; ആയതെല്ലാം
മുനനേടാ മുതുകണ്ണു മുൻനാടായ്കിൽ” [5]

“നീചേഷു സങ്ഗമിള, നീലവിലോചനേ! നീ
ചാന്തിൻകുണം കെടുമൊരിത്തിരി നൂറു വീണ്ണാൽ;
നീ കേൾക്കിലുത്തമഗുണേ! കഥ ചൊല്ലവൻ ഞാൻ;
പൊൻപോൽ നിറം [6] ഭവതി മേരുവണഞ്ഞ കാകൻ.”

“കുറവും നിറവും പകുത്തു കാണ്മോ–
രറിവുള്ളിൽക്കിടാവായ്കിലങ്ഗനാനാം
വറളും വരഗാത്രി! വൈശികം താ–
നുറവില്ലാതനിലത്തു നെല്ലുപോലെ.”

“ഒരുത്തരെക്കൊണ്ടുപകാരമില്ലെ–
ന്റൊരിക്കലും തോഴി നിനയ്ക്കൊലാ കാൺ;
ഉരുട്ടിവൈക്കും പിതൃപിണ്ഡമുണ്മാ–
നൊരിക്കലക്കാകനെ വേണമല്ലോ.”

“ഇറുമാന്നി [7] രിയായ്ക, വീടർ വന്നാ–
ലുറവാർന്നീടുമൊരോ വീനോദസാരൈഃ
ചിറ താങ്ങിന നീരുമൊട്ടു ചെന്നാൽ
കുറുകീടും ചെറിയോരരിപ്പിനൂടെ.”

“ഒരുവനുളനുദാരൻ വച്ചുതെൻ വീട്ടിലെന്നി–
ട്ടെളിയ തരുണർ വന്നാലൻപു നീ കൈവിടൊല്ല;
വരതനു! പെരുമാൾക്കും വെറ്റി വാരാ നിനച്ചാൽ–
ത്തനിമരമയിമുഗ്ദ്ധേ! ഹന്ത! കാവാവുകില്ല.”

“താരുണ്യമാവതു സുതേ! തരുണീജനാനാം
മാരാസ്ത്രമേ! മഴനിലാവതു നിത്യമല്ല;
അന്നാർജ്ജിതേന മുതൽകൊണ്ടു കടക്കവേണ്ടും
വാർദ്ധക്യമെന്മതൊരു വൻകടലുണ്ടു മുമ്പിൽ.”

“ബാലത്വമാർന്നുരസി വാർമുല പൊങ്ങുമന്നാൾ
മാലത്തഴക്കുഴലിമാർ മുതൽ നേടവേണ്ടും;
വേലപ്പെടാതവ നിരർത്ഥകമേവ പിന്നെ,
കാലത്തുഴാക്കഴനി നെല്ക്കളമേറുവീലാ.”
എനിക്കു് ഏറ്റവും രസപ്രദമായി തോന്നീട്ടുള്ളതു് ഈ കാവ്യത്തിലെ ദൃഷ്ടാന്തം, ലോകോക്തി തുടങ്ങിയ അലങ്കാരങ്ങളാകുന്നു. അവയിൽ ചിലതെല്ലാം മുകളിൽ ചേർത്ത ശ്ലോകങ്ങളിൽ കാണാവുന്നതാണു്. ഇനിയും ചിലതുകൂടി പ്രദർശിപ്പിക്കാം.

(1)“എന്നാലുഴയ്ക്ക മകളേ! പല നാളിവണ്ണ–
മഭ്യാസയോഗബലമാനയെടുക്കുമല്ലോ.”

(2)“അരുതിത്തരമെന്നറിഞ്ഞിടാതേ,
വലസു [8] ള്ളോർക്കു വശം പ്രയാതി കല്ലും;
അയി സുന്ദരി! പണ്ടു വത്സരാജ–
ന്നൊരു മണ്ണാന നടന്നുവെന്നവേഹി.”

(3)“കരിതേച്ചുകഴിഞ്ഞരങ്ങു പുക്കാൽ
മകളേ! യാടുവതാടി വാങ്ങവേണ്ടും.”

(4)“വാഞ്ഛാഫലപ്രസവവൈശികമന്ത്രബീജം
നീലേക്ഷണേ! നിലമറിഞ്ഞു വിതയ്ക്കവേണ്ടും.”

(5)“നില്ലാ കണാ [9] കിമപി നീചരിലുള്ള സങ്ഗം;
ചാരുസ്മിതേ! ചരിനിലം വളമേല്പുതില്ല.”

(6)“തട്ടിപ്പുറത്തു കളയാതൊഴിയാരെയും നീ;
കഷ്ടസ്വഭാവികളുമൊന്നിനു നന്നു പെണ്ണേ;
അട്ടക്കുലങ്ങളരവിന്ദവിലോചനേ! കേൾ
കെട്ടോരു പുണ്ണിനിഹ നന്മ വരുത്തുമല്ലോ.”

(7)“ഈവണ്ണമാകിലുരുകും തരുണർക്കു ചിത്തം
നേർചില്ലിവല്ലരി! നെരുപ്പിലരക്കുപോലെ.”

(8)“ആണുങ്ങളുണ്ടു പലരെന്നതുകൊണ്ടു നീയ–
ങ്ങാരോടുമാശ വിടുവീല മനോഹരാങ്ഗീ;
ആറുണ്ടു ചെഞ്ചിടയിലെന്നതുകൊണ്ടു ശംഭോ–
ന്നീർകൊണ്ടു കോരിയഭിഷേകമിളയ്പതുണ്ടോ?”

(9)“ആഴക്കുമായിരവുമമ്പതുമയ്യുഴക്കും
മൂഴക്കുമൊക്കെ മുകുളസ്തനി, കൊള്ളവേണം;
കൈത്തോടു, തോടു, മറുചാൽ, മഴപെയ്ത വെള്ളം
കൂടിക്കണാ നിറവിതംബുരുഹാക്ഷി, സിന്ധുഃ.”

(10)“അവരവരുടെയാം ഞാനെന്നു തോന്നുംപ്രകാരം
പുറമമൃതമിരുമ്പിൻകാന്തമന്തർദ്ദധാനം
തവ പുനരയി പെണ്ണേ, കാമനൃത്തം പ്രവൃത്തം
ത്സടിതി പകരവേണ്ടും ചാക്കിയാർകൂത്തുപോലെ.”

(11)“കലഹം കമലാക്ഷി, കാമിനീനാ–
മിതമുള്ളോന്നതു ചാല വല്ലുമാകിൽ;
പെരുകീടിലതും പ്രമാദമത്രേ
കറിയിൽക്കിഞ്ചന കൂടുമുപ്പുപോലെ.”

(12)“കർപ്പൂരംകൊണ്ടരുതു മകളേയുപ്പുകൊണ്ടുള്ള വേല”

(13)“അന്തോളംകൊണ്ടരുവയർമണേ, ചാണകം കോരുവീല.”

(14)“കാർപ്പണ്യത്തെക്കമലനയനേ! ദൂരതോ വർജ്ജയിത്വാ
കാലംകൊണ്ടിട്ടവർ തരുവതും കണ്ടുകൊണ്ടങ്ങിരുന്നാൽ
കാർ പോന്നുണ്ടാം കുഥമപി സുതേ, മിന്നുമൊട്ടേ മഴങ്ങും
വില്ലും കോരും വിധിവിഹിതമായ്പ്പെയ്യുമമ്മേഘ ജാലം”
ഈ ശ്ലോകങ്ങളുടെ പ്രണേതാവു് ഒരു വിശിഷ്ടകവിയല്ലെന്നു് ആർക്കു പറയാം? വിച്ച (വിദ്യ), ആശ്രിക്കുക (ആശ്രയിക്കുക), വിതയ്ക്കവും നടുകവും (വിതയ്ക്കയും നടുകയും), കഴകം (സദസ്സു്), കയന്നു് (താണു്), ദയാവു് (ദയവു്), നമ്മളാർ (നമ്മൾ), ചെമ്മു് (ഭങ്ഗി), കുവള (കുവലയം), ചുവ (രസം), ഇങ്ങനെയുള്ള പഴയ പദങ്ങളും പ്രയോഗങ്ങളും ഈ ഗ്രന്ഥത്തിൽ സുലഭങ്ങളാണു്. ‘കരുമസ്യ തത്വം’ ‘നില്പോരു വള്ളിം’ ‘ഉപ്പുപോലേ കറീഷു’ എന്നീ ഉദാഹരണങ്ങളിൽ കാണുന്നതുപോലെയുള്ള സംസ്കൃതീകൃതഭാഷാപദങ്ങളും ഇല്ലെന്നില്ല.
“വീടേ സതി പ്രഭുജളേ [10] ഭവനം ചുടേഥാ;
നൈമിത്തികങ്ങൾ പലനാളുമുളാക്കിടേഥാഃ;
ആനീതമാഭരണജാലമൊളിച്ചിടേഥാഃ;
താനേ കിടക്കിലറകുത്തിമുറിച്ചിടേഥാഃ”
എന്നു ഒരു ശ്ലോകമുണ്ടു്. ഇവിടെയെങ്ങും ഹാസ്യരസത്തിന്റെ സ്പർശമില്ലെന്നു ഭാഷാചരിത്രജ്ഞന്മാർ ഓർമ്മിക്കുമല്ലോ.

14.2ആട്ടപ്രകാരശ്ലോകങ്ങൾ

കൂടിയാട്ടത്തിലെ ഭാഷാഗദ്യത്തിനു് ഉദാഹരണങ്ങൾ ഇതിനുമുമ്പു ഞാൻ ഉദ്ധരിച്ചുകാണിക്കുകയുണ്ടായി. മണിപ്രവാളശ്ലോകങ്ങൾ ഉദ്ധരിക്കുന്നതിനുള്ള അവസരം ഇതാണു്. ഇവയുടെ കൂട്ടത്തിലും ചില പദ്യങ്ങൾ ലീലാതിലകകാരൻ ഉദ്ധരിച്ചിട്ടുണ്ടു്. താഴെക്കാണുന്നവ നോക്കുക.

“ഇനി ഞാൻ വിടകൊൾവനിന്ദുവക്ത്രേ!
കനിവില്ലാമ കുറേക്കുറഞ്ഞുതാനാൽ;
ഭവതീമധികൃത്യ ചെയ്ത കൃത്യം
വിധിനാ സമ്പ്രതി വിഷ്ണുപൂജയാക.”

“നെൽ കുത്തുമാറുമരികേയൊരു കോലൊടിച്ചു
പൽ കുത്തുമാറുമതു കൊണ്ടിടുമാറുമെന്മേൽ
നൻറും നമുക്കു മനമേ! ചരതം നിനച്ചാ–
ലെൻറും മറക്കരുതുരൽപ്പിരനാരിമാരെ.”

“ഒരു പരവനിതാ ച ഞാനുമെമ്മിൽ
പ്രണയവിരോധമിയങ്ങിനോരുനേരം
ചെലുചെലെനെ മുറിഞ്ഞുവീണ ചെമ്പൊൽ–
ക്കനവള നണ്ണി നുറുങ്ങിയെങ്ങൾചേതഃ”

“വേരും തണ്ടും നിറവുമിലയും കണ്ടു ചേമ്പെൻറു മത്വാ
വാരിക്കോരിപ്പെരികെ വളമിട്ടാനുഭാവം കെടാതെ
വേനൽക്കാലേ ജലമപി കൊടുത്തിങ്ങിനേ ഞാൻ വളർത്തേ–
നാപൽക്കാലത്തതൊരമളിയായു് ഞാനുമൊൻറല്ലയാനേൻ.”
ഇവയിൽ ഒടുവിലത്തെ ശ്ലോകത്തിലെ നാലാംപാദം— “ആപൽക്കാലത്തതുമൊരു വെളിയായു് ഞാനുമെൻറല്ലയായി” എന്നു പഠിച്ചു് ആചാര്യൻ അതിൽ വൃത്തഭങ്ഗമുണ്ടെന്നു സ്ഥാപിക്കുന്നു. എന്നാൽ മന്ത്രാങ്കം ആട്ടപ്രകാരത്തിൽ ഞാൻ കണ്ടിട്ടുള്ളതാണു് മുമ്പുദ്ധരിച്ച പാഠം; അതിൽ വൃത്തഭങ്ഗവുമില്ല. ഇതിൽനിന്നു് ഒരു വസ്തുത വെളിവാകുന്നതു ലീലാതിലകകാരന്റെ കാലത്തു പ്രസ്തുതപാദം വൃത്തഭങ്ഗദുഷ്ടമാണെന്നു് അപവദിക്കത്തക്കവണ്ണം അത്രമാത്രം കവിവാക്യത്തിൽനിന്നു ഭേദപ്പെട്ടുകഴിഞ്ഞിരുന്നു എന്നുള്ളതാണു്; അതുകൊണ്ടു് ഇതു തോലന്റെ കൃതിതന്നെ എന്നു സങ്കല്പിക്കുന്നതിൽ വിരോധമില്ല. അത്യന്തം സരളങ്ങളായ അനവധി മണിപ്രവാളശ്ലോകങ്ങൾ ആട്ടപ്രകാരങ്ങളിലുണ്ടു്. അവയിൽ ഏതാനും ചിലതുമാത്രമേ ഇവിടെ പ്രദർശിപ്പിക്കുവാൻ സൗകര്യമുള്ളു. (1) ഉജ്ജയിനി

“യത്ര സ്ത്രിയോ നിയതമുന്നതമാളികാസു
തൂവെണ്ണിലാവു പൊഴിവോ ചില ശർവരീഷു
ചാലേറ വാതിലരികേ സമുപാഗതാസു
കണ്ണാടി കാൺമുതു വിളങ്ങിന താരകാസു.”
(2) വാസവദത്തയുടെ ദാസിമാർ

“ഒരുത്തി തുകിൽ കൈക്കൊണ്ടാളൊരുത്തി ഹരിചന്ദനം
ഒരുത്തി പാദുകാദ്വന്ദ്വമൊരുത്തി തുളസീ പുനഃ”
***
“ഒരുത്തി താലവൃന്തങ്ങളൊരുത്തി സിതചാമരം
ഒരുത്തി കുങ്കുമം കൊണ്ടാളൊരുത്തി മുകുരം തഥാ.
ഒരുത്തി പൂർണ്ണകുംഭങ്ങളൊരുത്തി സിതതണ്ഡുലം
ഒരുത്തി ചെപ്പു കൈക്കൊണ്ടാളൊരുത്തി കലശദ്വയം.
ഒരുത്തി കോമളാംഭോജമൊരുത്തി മണിനൂപുരം
ഒരുത്തി രശനാജാലമൊരുത്തി മണികുണ്ഡലം” ഇത്യാദി.
(3) വാസവദത്താവർണ്ണനം — കേശാദിപാദം

“നീർകൊണ്ട നീലജീമൂതം നേർകൊണ്ടീടിന കൂന്തലും
മുരളും വരിവണ്ടിണ്ട വെരുളും കുരുൾമാലയും,
തോറ്റ തിങ്കളുടേ കീറ്റു പോറ്റിളങ്ങിന [11] നെറ്റിയും,
മുരിക്കിൻ മലർതൻ കാന്തി ഭരിക്കുന്നധരോഷ്ഠവും
മന്ദാരധവളാകാരം സുന്ദരം മന്ദഹാസവും,
പർവചന്ദ്രനു പോരുന്ന ഗർവ്വൊഴിച്ച മുഖാംബുജം.
ഇണ്ടമാല കണക്കേ പോയു് നീണ്ടുരുണ്ട ഭുജദ്വയം,
അഭിമാനത്തെയുണ്ടാക്കുമിഭകുംഭസ്തനങ്ങളും,
മുലയെക്കാത്തുതാൻ വല്ലാതുഴലും മധ്യവല്ലരി,
പരം കരിചിമം [12] ചെമ്മേ പൊരും ജഘനചക്രവും.
വരിനെൽക്കതിരെപ്പോലെ വിരിയും രോമരാജിയും,
ചാരുപൊൻകദളിത്തണ്ടിൽ നേരുളാമൂരുഭാരവും,
തെളിനീർകുവളേ [13] പ്പോലെയുളവാം ജാനുമണ്ഡലം,
മണികേതകിതൻ മൊട്ടോടിണയാർന്ന മുഴങ്ങഴൽ,
കച്ഛപം കനകോൽഭൂതം സ്വച്ഛം പുറവടിദ്വയം,
തെളിഞ്ഞ കുപ്പിയോടൊപ്പം വിലസുന്ന കണക്കഴൽ,
നക്ഷത്രധവളാകാരസുന്ദരം നഖവും തഥാ.”
(4) അതേ വിഷയം—പാദാദികേശം

ചെങ്ങിന തളിരൊളി ചേർന്നു വിളങ്ങി–
ച്ചെവ്വരി ചിതറിന ചേവടിയുഗളാ;
പങ്ങിവിളങ്ങിന ചാരുപളുങ്ങിൽ
പങ്ക്തിയൊടൊത്ത നഖാളീലളിതാ;
വിവിധമണിപ്രഭ തമ്മിലൊരോന്റേ
വിരവിൽ വിളങ്ങിന നാനാഭരണാ;
ചെലുചെലനെൻറു ചിലമ്പൊലി പൊലിയും
ചേതോഹരരുചി പുറവടിമധുരാ;
പരിചിതകാന്തി കണക്കാലിലിടും
പാടകഹാടകപാടലശോഭാ;
മുറുകിയൊതുങ്ങി നിറംപെട്ടേറ്റം
മുഴപുണരാത മുഴങ്ങാൽബദ്ധാ;
തുടവിയ മാരനികേതമണിത്തൂ–
ണുടമ തുടർന്ന തുടദ്വയസുഭഗാ;
പുതുമപൊലിഞ്ഞു വിരഞ്ഞു വിരാജൽ–
പ്പൂന്തുകിലേന്തിന ജഘനാഭോഗാ;
അരയിലുടമ്പെടുമുടഞാൺ പുണർപൂ–
ണ്ടരുണിതനിരുപമനീവിനിവേശാ;
നമ്രമുലാവിന നീർച്ചുഴിപോലേ
നയനമനോഹരനാഭിഗഭീരാ;
തിരളൊളിരോമവലി ചേർന്നേറ–
ത്തിറമെഴുമഴകിയൊരുദരവരാഢ്യാ;
മുത്തണിമാലകൾ മാർവ്വിൽ മുഴുക്കും
മുകൾമുല മൂടിന മൃദുലമനോജ്ഞാ;
മണിഗണകാന്തി മലിഞ്ഞു നിറംചേർ–
മാർവിൽ വിളങ്ങിന മഹിതാഭരണാ;
താരാനിരയിലരുന്ധതിപോലേ
താനേ മിന്നിന നാഭിമനോജ്ഞാ;
ചെമ്പകമാലാലളിതകരത്തിൽ–
ച്ചെലുചെല വിലസിന വലയകുലാങ്കാ;
ചെങ്ങഴുനീർമലരകവിതൾപോലെ
ചെങ്ങിന മൃദുലനഖാളീലളിതാ;
പരിമളമീടിന പാതിരിനറുമലർ
പഴിപെടുമധരമണിദ്യുതിസുഭഗാ!
മാരമണിധ്വജദണ്ഡുകണക്കേ
മസൃണമനോഹര നാസാനാളാ;
കാമവിലാസകയത്തിലിണങ്ങും
കയലൊളികോലിന കാതരനയനാ;
താരുണ്യാമൃതവീചികണക്കേ
തരളതരാഞ്ചലചില്ലീലതികാ;
നെച്ചെഴ വിലസിന നെറ്റിത്തടഭൂവി
നെറിയേറും നവമങ്ഗലതിലകാ;
കുടിലത തടവിന കുരുൾനിരയിലെഴും
കുസുമപരാഗപരീതലലാടാ;
മാരരസാമൃതമാരിപൊഴിപ്പാൻ
മഴമുകിലായ മലർക്കുഴൽമധുരാ.”
ഈ വർണ്ണനം വൃത്തംകൊണ്ടു ഭാഷയിലാണെങ്കിലും മറ്റെല്ലാം കൊണ്ടും മണിപ്രവാളത്തിലാകയാൽ ഈ അധ്യായത്തിൽ ചേർക്കുവാൻ ഇടവന്നു. ഈ വൃത്തം പിൽകാലത്തു മണിപ്രവാള ചമ്പുക്കളിൽ ഗദ്യമെന്നു വ്യപദേശിക്കപ്പെടുന്നു. (5) അതേ വിഷയം, പാദാദികേശം, മറ്റൊരു മാതിരി

കാണാമതിന്നുമിഹ മാനസവാസമെന്നാ–
മന്നങ്ങളേ നടപയറ്റിനതാനതാങ്ഗ്യാഃ;
പത്മങ്ങളും ചരണയോരഴകുള്ളതെല്ലാ–
മർപ്പിച്ചു നൂനമുദകേഷു തപശ്ചരന്തി.(1)

പോരാമ തൻ പുറവടിക്കെതിരാം; കണക്കാൽ
പോരാടുമെങ്ങുമിഹ കേതകകുട്മളേന;
ചെപ്പിന്നിനിപ്പമഴിയും പരിചും മുഴങ്ങാ–
ലെപ്പോഴുമല്പലദൃശോ ലളിതം വിളങ്ങും(2)

ഈടിൻറ ചാരുകതളിക്കരളെങ്ങുമസ്യാ
വാടും തിരണ്ട തുടതൻ നിഴലങ്ങു വയ്ക്കിൽ
ഓടാത മാരരഥമായ നിതംബഭൂമി–
ക്കൂടേ പിടിച്ച വിജയക്കൊടി രോമരാജി.(3)

കാണപ്പെടാ നടുവു; കോമള യൗവനശ്രീ
ചെൽവാൻ ചമച്ച നടയുണ്ടു വലിത്രയേണ;
യൂനാം മനോനളിനമെപ്പൊഴുതും മുളയ്പാൻ
കാമൻ ചമച്ചുതിഹ നാഭിസരോ നതാങ്ഗ്യാഃ.(4)

കുംഭോത്ഭവോന്നതമിദം കമനീയമസ്യാ
മുക്താലസന്മലയമോ മുലയോ ന ജാനേ
തന്മേലിരണ്ടുപുറമുന്നവചന്ദനാർദ്രാ
വിദ്യോതതേ നൃപസുതാകരപല്ലവശ്രീഃ.(5)
***
ലാവണ്യമാം നദിയിൽ നീർവിളയാടി നില്ക്കും മാരന്നു തോണിയിണപോലവൾകണ്ണിരണ്ടും
പൊന്നോല മിന്നിവരുവോ ചില കാതു വന്നി–
ങ്ങൂഞ്ഞാലുമാം കിമപി ചഞ്ചലമഞ്ചിതാക്ഷ്യാഃ(6)

അഞ്ചമ്പനഞ്ചിതദൃശാമഴകുള്ളതെല്ലാ–
മാരാഞ്ഞുകൊണ്ടു ചരതിച്ചൊരുമിച്ചുകൂട്ടി
കല്പിച്ചുതെൻറു പലരും പുകഴിൻറുതെങ്ങും
തന്മങ്ഗലാങ്ഗമിഹ മാളവകന്യകായാഃ.(7)

ചില്ലീവിലാസമൊരു വില്ലിനെ വെല്ലുമെൻറും;
മുറ്റാത തിങ്കളഴകുണ്ടവൾ നെറ്റിയെങ്ങും;
വണ്ടിണ്ടയും കരുളുമങ്ങിരുളെൻറു തോൻറും
പൂവൽക്കരിങ്കുഴലവന്തി നൃപാത്മജായാഃ.(8)
ഒരേ വിഷയത്തെപ്പറ്റി തോലൻ മൂന്നു വർണ്ണനങ്ങൾ രചിച്ചിരിക്കുവാൻ ഇടയില്ലാത്തതിനാൽ മന്ത്രാങ്കം ആട്ടപ്രകാരത്തിൽത്തന്നെ മറ്റു കവികളുടെ വാങ്മയങ്ങളും സ്ഥലംപിടിച്ചിട്ടുണ്ടെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഇവയൊന്നും പതിമ്മൂന്നാംശതകത്തേക്കാൾ അർവാചീനങ്ങളാണെന്നു തോന്നുന്നില്ല.

14.3ഭാഷാശ്ലോകങ്ങൾ

ചേടികളേയും അവരുടെ സംഭാഷണത്തേയും വർണ്ണിക്കുമ്പോൾ കവിത ചിലപ്പോൾ പച്ചമലയാളത്തോടു് അടുക്കുന്നുണ്ടു്. (1) ചെറുമി

“നാട്ടാർക്കു മുറ്റവുമടിച്ചിടുകൂലി [14] യുണ്ടു
താനേ വളർന്നു തലകൂട്ടിമുടിച്ചവാറേ
മാറത്തിരണ്ടുമുല പോന്നു മുകം തിരിഞ്ഞാ–
ലെവ്വൻറ [15] കുപ്പയുമൊരുവർശിയെൻറു തോൻറും.”(1)

“കരുമിഴിയിണ കണ്ടും കാർമ്മുകിൽക്കൂന്തൽകണ്ടും
കനവിയ തുട കണ്ടും കാമബാണാതുരോ ഞാൻ
ചെറുമികൾമുടിമാലാം ചേതസാ പിൻവരിൻറേൻ
ചനവരി [16] ടയിലോടിച്ചാവെഴും പൻറിപോലെ.”(2)
താഴെക്കാണുന്ന രണ്ടു ശ്ലോകങ്ങളിൽ സംസ്കൃതീകൃതഭാഷ ധാരാളമായിക്കാണുന്നു.

“തേങ്ങാനെയു് തേച്ച കേശാനതിബഹളഗള–
ത്താളിനാ ക്ഷാളയിത്വാ
താലത്തിൽസ്സഞ്ചിതാഭിഃ കഴുകി നിഖിലമ–
പ്യങ്ഗമിഞ്ചപ്പതാഭിഃ
മണ്ണാത്യാ ദത്തമാത്രാം ചെറിയൊരുടുതുണീം
ബിഭ്രതീ വെള്ളമഞ്ഞൾ–
തള്ളാടപ്പൂയിതാങ്ഗീ ചൊളചൊള ചെറുമീ(3)
നൻറെടോ നിൻറവാറു്.”

“ഒട്ടേ പരുത്ത പുടവാം തുടമേലൊതുക്കി
നാവും കടിച്ചു നയനേന വിലങ്ങെ നോക്കി
പൊന്നല്ലയാത വളപോയ്ച്ചെലെനൻറു കൈക്കൊ–
ണ്ടെങ്ങൾക്കു തോൻറുമവളെച്ചിലെടുക്കുമാറു്.”(4)
‘നെൽ കുത്തുമാറും’ എന്ന ശ്ലോകം മുമ്പുദ്ധരിച്ചുവല്ലോ. അതുപോലെ പച്ചമലയാളത്തിൽ രചിച്ച ഒരു ശ്ലോകമാണു് ചുവടേ ചേർക്കുന്നതു്.

“ഈഴച്ചേമ്പുമിരണ്ടുമൂൻറു വിറകും വാഴയ്ക്കു കീഴേടമും
വൻ തേങ്ങാമുറിയും വളഞ്ഞ പുളിയും മീനിന്നു മേലേടമും
മുന്നം കുത്തുമുമിക്കു മൂത്ത തവിടും പായും പഴമ്പുട്ടലും
കൈക്കീഴ്വച്ചുചിരിച്ചു കോത വരുമാറുണ്ടോ മറക്കാവുതു്?”
ചേടികളുടെ സംഭാഷണം:

ഇതവിയ തുടയും നടയും
തുടി നടുവും കണ്ട കണ്ട കാമിജനൈഃ
ഇടയും ചേടികൾഘടയും
ചേടകഘടയോടുകൂടി വന്നിതഥ.

കാളീ താളിയെടുത്തുകൊൾ;
കാരൂരിന്നില്ലയോ മുലക്കച്ച?
നങ്ങേ താക്കോലെങ്ങൂ?
ചെമ്പഞ്ഞിച്ചാറരച്ചിതോ ചിറ്റേ?

അയ്യോ അയ്യോ കേളൊരു
വളയുള്ളതു കണ്ടുതി, ല്ല വിളി, പെണ്ണേ,
പാപ്പീ പുടവയിതാമോ?
അപ്പോഴീയകമടിച്ചുതളി കടുക [17]
***
ചെപ്പും കുപ്പിയമിപ്പോ–
ഴഞ്ജനകർപ്പൂരദർപ്പണാദി തഥാ;
എടുപിടി കടുകെ [18] ൻറിത്ഥം
ബഭൂവ സല്ലാപമത്ര ചേടീനാം.

ഇത്ഥമോരോന്റേ മെല്ലെ–
ച്ചൊല്ലിച്ചൊല്ലിക്കുഴഞ്ഞ തനുലതികാഃ
പ്രാപുർവാസവദത്താം
ചെറുമീതതി കയ്യർകയ്യുമവലംബ്യ.

14.3.1പ്രതിശ്ലോകങ്ങൾ

(1) നാഗാനന്ദത്തിൽ നായകൻ ചൊല്ലേണ്ട

“നീതാഃ കിം നിശാശശാങ്കരുചയോ നാഘ്രാതമിന്ദീവരം
കിന്നോന്മീലിതമാലതീസുരഭയസ്സോഢാഃ പ്രദോഷാനിലാഃ
ഝങ്കാരഃ കമലാകരേ മധുലിഹാം കിംവാ മയാ ന ശ്രുതോ
നിർവ്യാജം വിധുരേഷ്വധീര ഇതി മാം കേനാഭിധത്തേ ഭവാൻ?”
എന്ന ശ്ലോകത്തിനു പകരം വിദൂഷകൻ ചൊല്ലുന്ന പ്രതിശ്ലോകങ്ങൾ

“നീതാ കിം പൃഥുമോദകാ ന ദിവസാ നാഘ്രാതമമ്മാമ്പഴം
കിന്നോന്മീലിതചാരുജീരകരസാസ്സോഢാശ്ച പാകാനിലാഃ
സീൽക്കാരഃ കടുകും വറുത്തു കറിയിൽക്കൂടുന്ന നേരം ശ്രുതോ;
നിർവ്യാജം വിരുണേഷ്വധീര ഇതി മാം കേനാഭിധത്തേ ഭവാൻ?

വാഴപ്പഴങ്ങൾ വലിയോ ചിലകാണ്മ, നപ്പം
വാക്കുന്ന സീൽക്കരണനാദമടുത്തു കേൾപ്പൻ;
പാല്ക്കഞ്ഞിയാറുവതു പാർത്തു പുറത്തിരിപ്പൻ;
ഞാനല്ലയോ ജഗതി ധീരരിലഗ്രഗണ്യൻ?”
(2) മേൽപ്പടി നാടകത്തിലേ

“ചന്ദനലതാഗൃഹമിദം ചന്ദ്രമണീശിലമപി പ്രിയം ന മമ
ചന്ദ്രാനനയാ രഹിതം ചന്ദ്രികയാ മുഖമിവ നിശായാഃ”
എന്ന ശ്ലോകത്തിനുപകരം

“ഉരതിങ്ങുമുരൽപ്പിരതാനുരലാൽ ഭൂഷിതമപി പ്രിയം ന മമ
കുരളച്ചെറുമീരഹിതം കറികൂടാത്തൊരു ഭോജനംപോലെ.”
(3) സ്വപ്നവാസവദത്തത്തിലേ

“സ്മരാമ്യവന്ത്യാധിപതേസ്സുതായാഃ
പ്രസ്ഥാനകാലേ സ്വജനം സ്മരന്ത്യാഃ
ബാഷ്പം പ്രവൃത്തം നയനാന്തലഗ്നം
സ്നേഹാന്മമൈവോരാസി പാതയന്ത്യാ.”
എന്നതിനുപകരം

“സ്മരാമി വാനാറിയുടേ സുതായാ
നെൽകുത്തുകാലേ തവിടും സ്മരന്ത്യാഃ
ശ്ലേഷ്മം പ്രവൃത്തം നിജഹസ്തലഗ്നം
സ്നേഹാന്മമൈവോരസി പാതയന്ത്യാ.”
(4) മേൽപ്പടി നാടകത്തിലേ

“ബഹുശോപ്യുപദേശേഷു
യയാ മാം വീക്ഷമാണയാ
ഹസ്തേന സ്രസ്തകോണേന
കൃതമാകാശവാദിതം”
എന്നതിനുപകരം

“ബഹുശോപ്യുമിചേറീട്ടു
യയാ മാം നോക്കമാണയാ
ഹസ്തേന സ്രസ്തശൂർപ്പേണ
കൃതമാകാശചേറിതം”
(5) സുഭദ്രാധനഞ്ജയത്തിലേ

“സൗന്ദര്യം സുകുമാരതാ മധുരതാ കാന്തിർമ്മനോഹാരിതാ
ശ്രീമത്താ മഹിമേതി സർഗ്ഗവിഭവാൻ നിശ്ശേഷനാരീഗുണാൻ
ഏതസ്യാമുപയുജ്യ ദുർവിധതയാ ദീനഃ പരാമാത്മഭൂ–
സ്സ്രഷ്ടുംവാഞ്ഛതി ചേൽ കരോതു പുനരപ്യത്രൈവ ഭിക്ഷാടനം”
എന്നതിനു പകരം

“വാനാറ്റം കവർനാറ്റമീറപൊടിയും ഭാവം കൊടുംക്രൂരമാം
വാക്കും നോക്കുമിതാദിസർഗ്ഗവിഭവാൻ നിശ്ശേഷചക്കീഗുണാൻ
ഇച്ചക്യാമുപയുജ്യ പത്മജനഹോ ശക്യം ന ചക്യന്തരം
സൃഷ്ടിപ്പാനവ വേണമെങ്കിലിഹ വന്നെല്ലാമിരന്നീടണം [19]
നാഴിഭിരുരിഭിരുഴഗ്ഭി
പാതിമണത്ഭിസ്തഥൈവ ചവലരിഭിഃ [20]
യത്ര മനോരഥമുടനേ
സിധ്യതി തസ്യൈ നമശ്ചെറുമ്യൈ”
(6) മേൽപ്പടി നാടകം ഒന്നാമങ്കത്തിന്റെ അവസാനത്തിൽ വിദൂഷകനു ചൊല്ലാനുള്ള സന്ധ്യാവർണ്ണനശ്ലോകമാണു് സുപ്രസിദ്ധമായ

“താൾപ്പൂട്ടയന്തി തകരാഃ കറികൊയ്തശേഷാഃ
കാകാഃ കരഞ്ഞു മരമേറിയുറങ്ങയന്തി;
മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ;
മിന്നാമിനുങ്ങുനിവഹാശ്ച മിനുങ്ങയന്തി.” എന്നതു്.
(7) നാഗാനന്ദത്തിൽ ‘അദ്യ ഖലു സ്വപ്നേ’ ഇത്യാദി ചൂർണ്ണികയ്ക്കു പകരം

“കണ്ടേൻ ഞാനും കനാവിൽപ്പുലരുമളവുമിക്കുന്നുതന്മേൽ വിരിച്ച
ക്കണ്ടിച്ചീടും പഴമ്പായ്ത്തലവണ മുറിചൂൽക്കെട്ടുമായിട്ടിരിന്നു്
കോപിച്ചീടുന്ന കള്ളച്ചെറുമി കടുകടെച്ചുട്ടടാം തിന്നുമാറും
മണ്ടിച്ചെല്ലായുമെന്നെ പ്രതി കടുതരമാം പ്രാക്കുണർത്തീടുമാറും”
ഈ നാടകത്തിലും തപതീസംവരണത്തിലും ഉപയോഗിക്കുന്ന പല ശ്ലോകങ്ങളും അശനം രാജസേവ മുതലായവയെപ്പറ്റിയുള്ള ശ്ലോകങ്ങളും നവീനങ്ങളാണു്. ഒടുവിലത്തേ ഇനത്തിൽ ചില പഴയ ശ്ലോകങ്ങളുമില്ലെന്നില്ല. അവയിൽ ഒന്നു രണ്ടെണ്ണം പ്രദർശിപ്പിക്കാം.

മാസേ പ്രത്യാസന്നേ സ്വാനാം നാശം നിരൂപ്യ വേദനയാ
ഉൽബന്ധനമാചരതീം നൂനം വാഴപ്പഴക്കുലാഭിരിവ
പായിൽക്കുന്നിച്ചീടും ബാലപ്പയറോർത്തുകാൺകിലാശ്ചര്യം
മരതകർശൈലശ്ശേതേ ഭൂമാവിഹ വജൂമേറ്റു മൂർച്ചനയാ.
ഒരു ഗ്രന്ഥത്തിൽ 126 അശനശ്ലോകങ്ങൾ ഞാൻ കണ്ടിട്ടുണ്ടു്; അതിലില്ലാത്ത അനേകം ശ്ലോകങ്ങൾ വേറെ ഗ്രന്ഥങ്ങളിൽ കാണ്മാനുണ്ടു്. രാജസേവ

“തട്ടിക്കൊട്ടിക്കഥമപി കഴിപ്പോരു മാടമ്പിവീട്ടിൽ
പ്പുക്കുച്ചയ്ക്കേ പകൽ കഴിവളം പാർത്തിരുന്നർദ്ധരാത്രൗ
കല്ലും നെല്ലും തവിടുമുമുിയുംകൂടി വെന്തിട്ടിരിക്കും
പക്കപ്രാശാൽ സപദി തെരുവത്തയ്യമേറ്റം വിശേഷഃ”
“ചെയ്വാനോ പടകാലനോടു, നരകേ പോയ്ച്ചെന്നുവീഴുംവിധൗ
ചെയ്വാനോ പരിരക്ഷണം പരമൊഴിപ്പാനോ പുനർജന്മ, നാം
പയ്യെപ്പുഞ്ചിരിയിട്ടു പോയ്പ്പറകൊഴിഞ്ഞാസ്സേവകാനാം നൃണാം
കൈയിൽകൈകമിഴാത്തമന്നവരെനാമെന്തിന്നുസേവാമഹേ?”
ഈ പ്രപഞ്ചനത്തിൽനിന്നും തോലനും അദ്ദേഹത്തിന്റെ അനുയായികളായ മറ്റു ചില കവികളും മണിപ്രവാളസാഹിത്യത്തെ ഏതു പ്രകാരത്തിൽ പരിപോഷിപ്പിച്ചു എന്നു വിശദമാകുന്നതാണു്. സൂക്ഷ്മമായി പരിശോധിക്കുമ്പോൾ “ബാണോച്ഛിഷ്ടം ജഗത്സർവം” എന്നു പറയുന്നതുപോലെ കൂടിയാട്ടത്തിലെ സാഹിത്യം കേരളത്തിലെ ഒട്ടധികം സാഹിത്യപ്രസ്ഥാനങ്ങൾക്കു മാർഗ്ഗദർശകമാണെന്നു ശപഥം ചെയ്യാം. സ്തോത്രങ്ങൾ ചാടുക്കൾ ഇവയ്ക്കും ഉദാഹരണങ്ങൾ അന്യത്ര പ്രദർശിപ്പിക്കും.


അദ്ധ്യായം 15 - സംസ്കൃതകൃതികൾ

ക്രി. പി. പതിന്നാലാം ശതകം

15.1കേരളത്തിന്റെ വിഭാഗങ്ങൾ

വിജയാലയചോളവംശത്തെ അലങ്കരിച്ച രാജേന്ദ്രചോളൻ ക്രി. പി. പതിനൊന്നാം ശതകത്തിന്റെ പൂർവാദ്ധത്തിൽ ചേരവംശത്തിന്റെ ഉന്മൂലനാശം വരുത്തിയതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ചോളവംശം ക്രി. പി. 1267-വരെ നിലനിന്നുപോന്നു. എങ്കിലും പതിമ്മൂന്നാം ശതകത്തിന്റെ ആരംഭത്തിൽത്തന്നെ അതിന്റെ പ്രാഭവം അസ്തമിച്ചുകഴിഞ്ഞിരുന്നു. ശുദ്ധകേരളത്തിന്റെ ദക്ഷിണഭാഗമായ കൂപകഖണ്ഡവും ഉത്തരഭാഗമായ മൂഷികഖണ്ഡവും പതിനൊന്നാംശതകത്തിനു മുമ്പും ഒട്ടൊക്കെ സ്വതന്ത്രങ്ങളായിരുന്നു. ചേരന്മാരുടെ അധഃപതനത്തോടുകൂടി കേരളഖണ്ഡത്തിന്റെ ഇതരവിഭാഗങ്ങളും സ്വാതന്ത്ര്യം നേടി. ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തിൽ കൂപകഖണ്ഡം അഥവാ വേണാടു്, തൃപ്പാപ്പൂർ, കൊല്ലം, കൊട്ടാരക്കര, കായങ്കുളം (ഓണാടു്) എന്നിങ്ങനെ നാലു രാജ്യങ്ങളായി വേർതിരിഞ്ഞിരുന്നു. ആദ്യമായി വേർതിരിഞ്ഞതു കായങ്കുളമാണു്. ജൂതന്മാർക്കു ഭാസ്കരരവിവർമ്മപ്പെരുമാൾ നല്കിയതായ ദാനശാസനത്തിൽ വേണാടു്, ഓടനാടു്, ഏറനാടു് (കോഴിക്കോടു്), വള്ളുവനാടു്, നെടുമ്പറയൂർനാടു് (പാലക്കാടു്) ഈ അഞ്ചു രാജ്യങ്ങളിലേയും രാജാക്കന്മാർ സാക്ഷി നില്ക്കുന്നു. വീരരാഘവചക്രവർത്തി ഇരവിക്കൊർത്തനു ക്രി. പി. 1320-ൽ നല്കിയ ദാനശാസനത്തിൽ ഇവരിൽ ആദ്യത്തെ നാലു രാജാക്കന്മാരും സാക്ഷികളാണു്. തൃപ്പാപ്പൂർ, കൊല്ലം, കൊട്ടാരക്കര, ഇവയ്ക്കും പിന്നീടു മറ്റൊരു ശാഖയായിപ്പിരിഞ്ഞ നെടുമങ്ങാടിനും തമ്മിൽ എല്ലാക്കാലങ്ങളിലും സമീപസംബന്ധവും പരസ്പരാവകാശവുമുണ്ടായിരുന്നു. ഇതരരാജ്യങ്ങളെ എല്ലാം ഏകീഭവിപ്പിച്ചു തൃപ്പാപ്പൂർ സ്വരൂപത്തിൽ ലയിപ്പിച്ചതു് ക്രി. പി. പതിനെട്ടാംശതകത്തിന്റെ പൂർവാർദ്ധത്തിൽ തിരുവിതാങ്കൂർ ഭരിച്ചിരുന്ന വീരമാർത്താണ്ഡവർമ്മമഹാരാജാവാകുന്നു. വേണാട്ടിനു വടക്കാണു് വെണ്പലനാട്; അതും പതിന്നാലാംശതകത്തിനു മുൻപുതന്നെ തെക്കുംകൂറെന്നും വടക്കുംകൂറെന്നും രണ്ടു രാജ്യങ്ങളായി പിരിഞ്ഞിരുന്നു. ഇല്ലിക്കൽ കോട്ടയടിക്കു പടിഞ്ഞാറു കുമരകംകായലിനു കിഴക്കു കൈപ്പട്ടൂരിനു വടക്കു കാണക്കാരിക്കു തെക്കു് ഇവയ്ക്കു നടുവിലുള്ള രാജ്യമാണു തെക്കുംകൂറെന്നു് ഒരു പഴയ ചൊല്ലുണ്ടു്. അമ്പലപ്പുഴ (ചെമ്പകശ്ശേരി) രാജ്യത്തിനു് അത്ര വളരെ പഴക്കമില്ല. കുടമാളൂർ ചെമ്പകശ്ശേരിയില്ലത്തെ ഒരു നമ്പൂരിയെ നായന്മാർ അവിടത്തേയും തദനന്തരം പുറക്കാട്ടേയും (അമ്പലപ്പുഴ) രാജാവായി വാഴിച്ചതു പതിന്നാലാം ശതകത്തിനു മുമ്പായിരിക്കുവാനിടയില്ല. പന്തളവും പൂഞ്ഞാറും പാണ്ഡ്യരാജാക്കന്മാരുടെ വംശപരമ്പരയിൽപെട്ട രണ്ടു കുടുംബങ്ങളാണു്. അവയിൽ പന്തളം ക്രി. പി. പതിനൊന്നാംശതകത്തിലും പൂഞ്ഞാർ പന്ത്രണ്ടാം ശതകത്തിലും കേരളത്തിൽ താമസമുറപ്പിച്ചതായി കരുതാവുന്നതാകുന്നു. ആലങ്ങാടും പറവൂരും മറ്റു രണ്ടു ചെറിയ രാജ്യങ്ങളായിരുന്നു. അവയിൽ പ്രാചീനത പറവൂരിനു കൂടും. ഇടപ്പള്ളിത്തമ്പുരാക്കന്മാർ ആഢ്യബ്രാഹ്മണവർഗ്ഗത്തിൽ പെട്ടവരാണു്. ക്രി. പി. പതിനൊന്നാം ശതകത്തിന്റെ അവസാനത്തിൽ പെരുമ്പടപ്പു നമ്പൂരി ഒടുവിലത്തെ പെരുമാളുടെ ഒരു ഭാഗിനേയിയെ വിവാഹം ചെയ്തിരുന്നു എന്നും അദ്ദേഹം കൊച്ചിരാജാക്കന്മാർക്കു വിട്ടുകൊടുത്തതാണു് വന്നേരിനാട്ടിലെ ചിത്രകൂടമെന്നും അതിൽ പിന്നീടു് ആ രാജാക്കന്മാരുടെ കിരീടധാരണം അവിടെവെച്ചു നടത്തണമെന്നായിരുന്നു നിയമമെന്നും അങ്ങനെയാണു് അവർക്കു പെരുമ്പടപ്പു രാജാക്കന്മാർ എന്നു പേർ വന്നതെന്നും ഐതിഹ്യം ഘോഷിക്കുന്നു. പ്രസ്തുത രാജകുടുംബത്തിലെ മറ്റൊരു രാജ്ഞിയെ ഇടപ്പള്ളി സ്വരൂപത്തിലെ ഒരു രാജാവു ക്രി. പി. പതിമ്മൂന്നാംശതകത്തിൽ വിവാഹം ചെയ്കയും കൊച്ചിപ്പട്ടണം ആ രാജ്ഞിക്കും മക്കൾക്കുമായി വിട്ടുകൊടുക്കുകയുംചെയ്തു. എന്നാൽ ക്രി. പി. പതിന്നാലാം ശതകത്തിന്റെ പൂർവാർദ്ധത്തിലും കൊടുങ്ങല്ലൂർ തന്നെയായിരുന്നു കൊച്ചിരാജ്യത്തിന്റെ രാജധാനി. കൊടുങ്ങല്ലൂർ കുറേക്കാലത്തേക്കു പടിഞ്ഞാറ്റേടത്തു ഭട്ടതിരിയുടെ വകയായിരുന്നു. അദ്ദേഹം അതു് അയിരൂർ രാജവംശത്തേക്കു് ഒഴിഞ്ഞു കൊടുക്കുകയും ക്രി. പി. പന്ത്രണ്ടാം ശതകത്തിൽ കൊച്ചിയിലെ പ്രബലനായ രവിവർമ്മമഹാരാജാവിനു് അയിരൂർ രാജാവു് ആ പ്രദേശം ദാനം ചെയ്യുകയും ചെയ്തു. അയിരൂർ സ്വരൂപത്തിന്റെ ഒരു ശാഖയാണു് ഇന്നത്തെ കൊടുങ്ങല്ലൂർ രാജവംശം. രവിവർമ്മാവിനു കേരളവർമ്മാ എന്ന പേരിൽ ഒരനുജനുണ്ടായിരുന്നു; അവർ രണ്ടുപേരുംകൂടി പല ദേശങ്ങൾ പിടിച്ചടക്കിയതിന്റെ ശേഷം രവിവർമ്മാവു കേരളവർമ്മാവിനെ ഇന്നു മലബാറിൽ പൊന്നാനിത്താലൂക്കിൽപ്പെട്ട താനൂർ എന്ന സ്ഥലത്തുവച്ചു് വെട്ടത്തുരാജാവായി വാഴിച്ചു. പതിമ്മൂന്നാം ശതകത്തിന്റെ അവസാനത്തിൽ വെട്ടം കൊച്ചിയിൽനിന്നു വേർപെട്ടു സ്വതന്ത്രരാജ്യമായി. ഇതിനിടയ്ക്കു് ഏറനാട്ടു (നെടിയിരിപ്പു) രാജാക്കന്മാരുടെ അധികാരം ക്രമേണ വർദ്ധിച്ചുവന്നു. അവരെ സാമൂതിരിപ്പാടന്മാർ എന്നും കുന്നലക്കോനാതിരിമാർ (ശൈലാബ്ധീശ്വരന്മാർ) എന്നും പറയും. അവരുടെ രാജധാനിയാണു് കോഴിക്കോടു്. ആദ്യകാലത്തു് അവർക്കു പെരുമാളിൽനിന്നു കിട്ടിയ ഭൂമി സ്വല്പമായിരുന്നു എങ്കിലും ക്രമേണ ‘ചത്തും കൊന്നും’ അവർ ശത്രുരാജ്യങ്ങൾ വെട്ടിപ്പിടിച്ചു് അത്യന്തം ശക്തിമാന്മാരായിത്തീർന്നു. വള്ളുവനാടു് ഏറനാടുപോലെതന്നെ ഒരു പഴയ സ്വരൂപമാണെന്നുള്ളതു ജുതശാസനത്തിൽനിന്നു നാം കണ്ടുവല്ലോ. തിരുനാവാ മണൽപ്പുറത്തു പന്ത്രണ്ടുകൊല്ലത്തിലൊരിക്കൽ ആഘോഷിക്കപ്പെട്ടുവരുന്ന മാമാങ്കമഹോത്സവത്തിൽ കേരളത്തിലേ സകലരാജാക്കന്മാർക്കും അഗ്രഗണ്യനായി നിലപാടു് നില്ക്കുവാനുള്ള അവകാശം ആദ്യകാലത്തു വള്ളുവക്കോനാതിരിയായിരുന്നു അനുഭവിച്ചുവന്നതു്. സാമൂതിരിപ്പാടന്മാർ പത്താംശതകത്തിൽ കോഴിക്കോടിനുസമീപമുള്ള പോലനാടു പിടിച്ചടക്കി പതിമ്മൂന്നാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ വന്നേരിച്ചിത്രകൂടം കൈവശപ്പെടുത്തി പെരുമ്പടപ്പുസ്വരൂപത്തെ അവിടെനിന്നു നീക്കം ചെയ്തു. പതിന്നാലാംശതകത്തിൽ സാമൂതിരിപ്പാടന്മാരുടെ ശക്തി ക്രമാധികമായി വർദ്ധിച്ചിരുന്നു. വള്ളുവനാട്ടു രാജാക്കന്മാരെ വെള്ളാട്ടിരിമാരെന്നും ആറങ്ങോട്ടുടയവരെന്നുംകൂടി പറയും. ആ നാടു സാമൂതിരി അടക്കിയപ്പോൾ പൊറളാതിരി രാജാവു തന്റെ ബന്ധുവായ കോലത്തിരിയെ അഭയം പ്രാപിച്ചു. പക്ഷേ കടത്തനാടു് ഒരു പ്രത്യേകദേശമെന്ന നിലയിൽ വേർപിരിഞ്ഞതു ക്രി. പി. 1564-ൽ മാത്രമാണു്. കോട്ടയം ആദ്യകാലത്തു കോലത്തുനാട്ടിന്റെ ഒരംശമായിരുന്നു. ആ വംശത്തിലെ രാജാക്കന്മാരെ പുറവഴിയാനാട്ടുരാജാക്കന്മാരെന്നും പുറനാട്ടുരാജാക്കന്മാരെന്നുംപറയുന്നു. ഹരിശ്ചന്ദ്രപ്പെരുമാൾ എന്നൊരു ചേരരാജാവുണ്ടായിരുന്നു എന്നും അദ്ദേഹമാണു് ആ വംശത്തിന്റെ കൂടസ്ഥനെന്നും ഐതിഹ്യമുണ്ടു്. കുറുമ്പനാട്ടുരാജാക്കന്മാർ കോട്ടയത്തു രാജാക്കന്മാരുടെ ബന്ധുക്കളാണു്. കേരളത്തിൽ ആകെക്കൂടി പതിനെട്ടു നാടുകളും പതിനെട്ടു സഭാമഠങ്ങളും പതിനെട്ടടവുകളും മറ്റും ഉണ്ടായിരുന്നതായി പഴമക്കാർ പറഞ്ഞു കേൾവിയുണ്ടു്. അവയിൽ പ്രധാനപ്പെട്ട നാടുകളെപ്പറ്റി മാത്രമേ ഇവിടെ അതും — വളരെ ചുരുക്കത്തിൽ — പ്രസ്താവിച്ചിട്ടുള്ളു.

15.2രവിവർമ്മകുലശേഖരൻ

15.2.1ജീവചരിത്രം
കേരളത്തിൽ കാവ്യങ്ങളുടെ പ്രണേതാക്കന്മാരായും കവികളുടെ പുരസ്കർത്താക്കന്മാരായും അനേകം രാജാക്കന്മാർ ജീവിച്ചിരുന്നിട്ടുണ്ടു്. അവരിൽ അതിപ്രധാനമായ ഒരു സ്ഥാനത്തിനു് അവകാശിയാകുന്നു ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തിൽ കൊല്ലത്തു രാജ്യഭാരം ചെയ്തിരുന്ന വീരരവിവർമ്മകുലശേഖരൻ. രവിവർമ്മാവു ശകാബ്ദം 1188-ൽ, അതായതു ക്രി. പി. 1266-ൽ, കൊല്ലത്തു ജയസിംഹൻ എന്ന രാജാവിന്റേയും ഉമാദേവി എന്ന രാജ്ഞിയുടേയും പുത്രനായി ചിങ്ങമാസത്തിൽ ചതയം നക്ഷത്രത്തിൽ അവതരിച്ചു. അക്കാലത്തു കൊല്ലത്തിന്റെ സ്ഥിതി അരാജകമായിരുന്നു. മധുരയിലെ ജടാവർമ്മൻ വീരപാണ്ഡ്യൻ (ക്രി. പി. 1253-74) ആ പട്ടണം സ്വായത്തമാക്കി. ജയസിംഹൻ ചന്ദ്രവംശത്തിലും കേരളത്തിലെ യദുക്ഷത്രിയശാഖയിലും പെട്ട ഒരു രാജാവായിരുന്നു. കൊല്ലത്തിനു ജയസിംഹനാടു് എന്നു പേർ വന്നതു് അദ്ദേഹത്തിൽ നിന്നാകുന്നു. വീരപാണ്ഡ്യന്റെ അനന്തരഗാമിയായ മാറവർമ്മൻ കുലശേഖരൻ (1269-1310) എന്നൊരു രാജാവായിരുന്നു അന്നു മധുര ഭരിച്ചിരുന്നതു്; അദ്ദേഹത്തെ വിക്രമപാണ്ഡ്യൻ (1253-96) എന്നൊരു ബന്ധു രാജ്യഭാരത്തിൽ സഹായിച്ചുവന്നു. ആ വിക്രമപാണ്ഡ്യൻ കുലശേഖരനോടു പിണങ്ങിയപ്പോൾ ആരൂഢയൗവനൻ മാത്രമായിരുന്ന രവിവർമ്മാവു് അദ്ദേഹത്തെ പടയിൽ വെന്നു തടവിലാക്കി കുലശേഖരനു സമർപ്പിക്കുകയും അദ്ദേഹത്തിന്റെ കുമാരിയെ പാണിഗ്രഹണം ചെയ്കയും ചെയ്തു. ഈ സംഭവത്തെയാണു് ലീലാതിലകത്തിൽ ഉദ്ധൃതമായ

“ദ്രോണായ ദ്രുപദം ധനഞ്ജയ ഇവ
ക്ഷ്മാപാലബാലോ ബലീ
വേണാട്ടിന്നുടയോരു വീരരവിവർ–
മ്മാഖ്യോ യദൂനാം പതിഃ
പാണ്ഡ്യം വിക്രമപൂർവകം പടയിൽവ–
ച്ചാട്ടിപ്പിടിച്ചങ്ങനേ
പാണ്ഡ്യേശായ കൊടുത്തു തസ്യ തനയാം
പത്മാനനാമഗ്രഹീൽ.”
എന്ന ശ്ലോകത്തിൽ വർണ്ണിച്ചിരിക്കുന്നതു്. മുപ്പത്തിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം ദിഗ്വിജയത്തിനു പുറപ്പെട്ടു കേരളം മുഴുവൻ കീഴടക്കി. അനന്തരം കുലശേഖരനു് അസവർണ്ണവിവാഹത്തിൽ ജനിച്ച പുത്രനായ വീരപാണ്ഡ്യനെ (1296-1342) [1] അനേകം യുദ്ധങ്ങളിൽ പരാജിതനാക്കി കൊങ്കണദേശത്തേക്കും ഒടുവിൽ കാട്ടിലേക്കും ഓടിച്ചു. അതിനിടയിൽ സുന്ദരപാണ്ഡ്യൻ പിതാവായ കുലശേഖരനെ വധിച്ചു ഡെൽഹിയിലെ അല്ലാഉദീൻകിൽജി എന്ന മഹമ്മദീയചക്രവർത്തിയുടെ സേനാനിയായ മാലിൿകാർഫ്റുടെ സഹായത്തോടുകൂടി പാണ്ഡ്യസിംഹാസനത്തെ ആരോഹണംചെയ്തു. തന്നിമിത്തം രവിവർമ്മാവിന്നു അദ്ദേഹത്തെയും ജയിക്കേണ്ടിവന്നു. പിന്നീടു നാല്പത്താറാമത്തെ വയസ്സിൽ ചോളരാജ്യവും കാഞ്ചീപുരവും ഭരിച്ചിരുന്ന കാകതീയരാജപ്രതിനിധിയായ മന്മസിദ്ധിയെ തോല്പിച്ചു തൊണ്ടമണ്ഡലവും സ്വായത്തമാക്കി. പാലാറ്റിന്റെ ഒരു പോഷകനദിയായ വേഗവതിയുടെ തീരത്തുള്ള ആ പുരാണനഗരത്തിൽ അരുളാളപ്പെരുമാൾ (വരദരാജസ്വാമി) ക്ഷേത്രത്തിലെ ഒരു മണ്ഡപത്തിൽവച്ചു് അദ്ദേഹം തന്റെ വിജയാഭിഷേകമഹോത്സവം ആഘോഷിക്കുകയും ത്രിക്ഷത്രചൂഡാമണി (ചേരപാണ്ഡ്യചോളേശ്വരൻ) എന്ന ബിരുദം സ്വീകരിക്കുകയും ചെയ്തു. ‘കുലശേഖരൻ ചന്തി’ എന്നൊരു പൂജ നാല്പത്തെട്ടാമത്തെ വയസ്സിൽ അദ്ദേഹം ആ ക്ഷേത്രത്തിൽ ഏർപ്പെടുത്തി അതിനുവേണ്ട വസ്തുവകകളും വിട്ടുകൊടുത്തു. അതിനുപുറമേ ശ്രീരങ്ഗത്തു രങ്ഗനാഥസ്വാമി ക്ഷേത്രത്തിന്റെ അന്തർഭാഗത്തിൽ ലക്ഷ്മീസഹിതനായ മഹാവിഷ്ണുവിന്റെ ബിംബം പ്രതിഷ്ഠിക്കുകയും ഭദ്രദീപോത്സവം നടത്തുന്നതിന്നുംമറ്റും വേണ്ട ദാനം ചെയ്കയുംചെയ്തു. ആ ബിംബം ഇന്നുമുണ്ടു്. വരദരാജക്ഷേത്രത്തിൽ ചേരകുലവല്ലി എന്നും രങ്ഗനാഥക്ഷേത്രത്തിൽ മലയാളനാച്ചിയാർ എന്നും പേരുള്ള രണ്ടു വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. ആ ദേവിമാർ രാജാവിന്റെ പുത്രിമാരാണെന്നും അവരെ അദ്ദേഹം മഹാവിഷ്ണുവിനു പത്നിമാരായി സമർപ്പിക്കുന്നു എന്നുമാണു് സങ്കല്പം. തിരുവാടിയിൽ വീരസ്ഥാനേശ്വരംക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്തു കുംഭാഭിഷേകം ആഘോഷിച്ചതും ആ മഹാരാജാവു തന്നെയാണു്. അതു 47-ാമത്തെ വയസ്സിലാണു് നടന്നതു്. മദിരാശിയിൽ പൂനമലയിൽ അദ്ദേഹത്തിന്റെ ഒരു ശിലാരേഖ കണ്ടുകിട്ടിയിട്ടുണ്ടു്. പൂനമലയ്ക്കു അദ്ദേഹം ചേരപാണ്ഡ്യചുതുർവേദിമങ്ഗലം എന്നു പേർ നല്കി തിരുനെൽവേലിയിൽ രവിവർമ്മചതുർവേദിമങ്ഗലം എന്നൊരു ഗ്രാമവും അദ്ദേഹം സ്ഥാപിച്ചു. തിരുവിതാംകൂറിൽ തിരുവനന്തപുരത്തു വലിയചാലയിലും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ഒരു വലിയ പാത്രത്തിലും അദ്ദേഹത്തിന്റെ രേഖകൾ കാണുന്നു. കാകതീയരാജ്ഞിയായ രുദ്രാംബയുടെ ആജ്ഞയനുസരിച്ചു ക്രി. പി. 1316-ൽ മുപ്പടിനായ്ക്കൻ എന്ന സേനാനി കാഞ്ചീപുരം വീണ്ടെടുത്തു. രവിവർമ്മ കുലശേഖരൻ അതിനുമുമ്പു ചരമഗതിയെ പ്രാപിച്ചിരിക്കണം. ഇത്രയും പ്രസ്താവിച്ചതിൽനിന്നു രവിവർമ്മകുലശേഖരന്റെ ദിഗ്വിജയം എത്ര വിപുലവും വിശ്വവിസ്മാപകവുമാണെന്നു കേരളീയർക്കു ധരിക്കാവുന്നതാണു്. അദ്ദേഹത്തേപോലെ പരദേശങ്ങളിൽ മാതൃഭൂമിയുടെ പേരും പെരുമയും പരത്തിയ കേരളരാജാക്കന്മാർ വേറെയില്ല. വരദരാജക്ഷേത്രത്തിലെ ശിലാരേഖയാണു് താഴെ ഉദ്ധരിക്കുന്നുതു്.

“സ്വസ്തിശ്രീ ജയസിംഹ ഇത്യഭിഹിത–
സ്സോമാന്വയോത്തംസകോ
രാജാസീദിഹ കേരളേഷു വിഷയേ
നാഥോ യദുക്ഷ്മാഭൃതാം;
ജാതോസ്മാദ്രവിവർമ്മഭൂപതിരുമാ
ദേവ്യാം കുമാരശ്ശിവാ–
ദ്ദേഹവ്യാപ്യശകാബ്ദഭാജി സമയേ
ദേഹീവ വീരോ രസഃ.

ക്ഷയം നീത്വാ സോയം കലിബലമിവാരാതിനിവഹാൻ
ജയശ്രീവൽ കൃത്വാ നിജസഹചരീം പാണ്ഡ്യതനയാം
ത്രയസ്ത്രിംശദ്വർഷോ യശ ഇവ യയൗ കേരളപദം
രരക്ഷ സ്വം രാഷ്ട്രം നഗരമിവ കോളംബമധിപഃ.

ജിത്വാ സങ്ഗ്രാമധീരോ നൃപതിരധിരണം വിദ്വിഷം വീരപാണ്ഡ്യം
കൃത്വാസൗ പാണ്ഡ്യചോളാൻ നയ ഇവ തനുമാൻ കേരളേഭ്യോപ്യധീനാൻ
ഷട്ചത്വാരിംശദബ്ദസ്തടഭുവി മകുടം ധാരയൻ വേഗവത്യാഃ.
ക്രീഡാം സിംഹാസനസ്ഥശ്ചിരമകൃത മഹീകീർത്തിവാണീരമാഭിഃ

കൃത്വാ കേരളപാണ്ഡ്യചോളവിജയം കൢനുപ്താഭിഷേകോത്സവഃ
സങ്ഗ്രാമാപജയേന കൊങ്കണഗതം തം വീരപാണ്ഡ്യം നൃപം
നീത്വാ സ്ഫീതബലം തഥാപി വിപിനം നീത്വാ ദിശാമുത്തരാം
കാഞ്ച്യാമത്ര ചതുർത്ഥമബ്ദ (?) മലിഖൽ സങ്ഗ്രാമധീരോ നൃപഃ.

ആമേരോരാമലയാദാപൂർവാദാ ച പശ്ചിമാദചലാൽ
യദുകുലശേഖര ഏഷ ക്ഷോണീം കുലശേഖരസ്സ്വയം ബുഭുജേ.

സ്വസ്തിശ്രീഃ-ചന്ദ്രകുലമങ്ഗലപ്രദീപ-യാദവനാരായണ-കേരളദേശപുണ്യപരിണാമ-നാമാന്തരകർണ്ണ-കൂപകസാർവഭൗമ-കുലശിഖരിപ്രതിഷ്ഠാപിതഗരുഡധ്വജ-കോളംബപുരവരാധീശ്വര-ശ്രീപദ്മനാഭപദകമലപരമാരാധകപ്രണതരാജ

പ്രതിഷ്ഠാചാര്യ-വിമതരാജബന്ദീകാര-ധർമ്മതരുമൂലകന്ദ-സദ്ഗുണാലങ്കാര-ചതുഷ്ഷഷ്ടികലാവല്ലഭദക്ഷിണഭോജരാജ-സങ്ഗ്രാമധീര-മഹാരാജാധിരാജപരമേശ്വര-ജയസിംഹദേവനന്ദന-രവിവർമ്മമഹാരാജശ്രീകുലശേഖരദേവ-തിരിപുവനചക്കിരവർത്തി-കോനേരിന്മൈക്കൊണ്ടാൻ.”

രങ്ഗനാഥക്ഷേത്രത്തിലേ രേഖയിൽ വരദരാജക്ഷേത്രരേഖയിലുള്ള ആദ്യത്തെ മൂന്നു ശ്ലോകങ്ങളും സംസ്കൃതഗദ്യവും ഒടുവിലത്തെ ശ്ലോകവും കഴിഞ്ഞു താഴെക്കാണുന്ന ശ്ലോകങ്ങൾ കൂടി കൊത്തിക്കാണുന്നു.

കൃത്വാ ദുർന്നയവൈരനൈരൃതശമം സംസ്കാരസംശോഭിതേ
നിദ്രാണാമധിദേവതാം നിരുപമൈരഭ്യർച്ച ്യ മാല്യാദിഭിഃ
ധർമ്മൈരന്തരധിഷ്ഠിതേ സഹൃദയൈസ്സങ്ഗ്രാമധീരഃ കൃതീ
രങ്ഗേഽസ്മിൻ സുമനോധിവാസമകരോല്ലാസ്യേ നിയോജ്യത്രയീം.

ലബ്ധാ സാഗരനേമിഭൂമിവിഷയാ രന്തും പ്രതിഷ്ഠാ യത–
സ്തസ്മൈ ശ്രീകുലശേഖരോ യദുപതിസ്ത്രിക്ഷത്രചൂഡാമണിഃ
രങ്ഗേഽസ്മിൻ കമലാസഖായ ഹരയേ രമ്യാം പ്രതിഷ്ഠാം ദദൗ
സന്തഃ പ്രത്യുപകുവർതേപ്യുപകൃതാഃ സർവേ കിമത്രാദ്ഭുതം?

ഭൂപാലൈരിളകാർത്തവീര്യസഗരൈര്യഃ പൂർവമാസീൽകൃതം
പശ്ചാൽ പ്രൗഢമനോഹരം യദുപതിസ്തം ഭദ്രദീപോത്സവം
ചക്രേ ശക്ര ഇവാശ്രയം സുമനസാം സമ്രാടു് ത്രയീധർമ്മവി–
ദ്രങ്ഗേഽസ്മിൻരുചിരാങ്കസംശ്രിതരമാരോചിഷ്ണവേ വിഷ്ണവേ.

സമ്രാജാമിവ യസ്സതാം സമുദഭൂത്തൈസ്തൈർഗ്ഗുണൈർമ്മാതൃകാ;
സൈഷ ശ്രീകുലശേഖരശ്ശതഭിഷൿതാരേ സകന്യാരവൗ
ഭട്ടേഭ്യഃ പുരതോത്ര രങ്ഗനൃപതേഃ പഞ്ചാശതിം സാക്ഷിണഃ
പ്രത്യേകം പ്രതിഹായനം പണശതം ദാതും പ്രതിഷ്ഠാംവ്യധാൽ.

15.2.2കവിത
സങ്ഗ്രാമധീരരവിവർമ്മന്റെ ഒരു കൃതി മാത്രമേ നമുക്കു കിട്ടീട്ടുള്ളു. അതു പ്രദ്യുമ്നാഭ്യുദയമെന്ന അഞ്ചങ്കത്തിലുള്ള ഒരു നാടകമാണു്. ആ നാടകത്തിന്റെ പ്രസ്താവനയിൽ ഇങ്ങനെ കാണുന്നു. സൂത്രധാരൻ:“അസ്തി കില സങ്ഗീതശാസ്ത്രപാരദൃശ്വനാ, നിഖില ഗുണരത്നരോഹണഗിരിണാ, കവിജനമയൂര കാലമേഘേന, സാഹിത്യ വിദ്യാവിചക്ഷണേന, ദക്ഷിണഭോജരാജേന, മഹാരാജപരമേശ്വരേണ,സങ്ഗ്രാമധീരാപരനാമധേയേന, ശ്രീരവിവർമ്മദേവേന വിരചിതം പ്രദ്യുമ്നാഭ്യുദയം നാമ നാടകം തൽ പ്രയുഞ്ജാനാഃ സാമാജികാൻ ഉപാസ്മഹേ. നടീ:(സശ്ലാഘം): വീരശ്രിയേവ സരസ്വത്യാപ്യഭിരമത ഏഷ യദുനാഥഃ [2] സൂത്ര:ആര്യേ, കിമുച്യതേ?

സങ്ഗ്രാമഭൂമിഷു സഭാസു ച ധീര ഏഷ
ശസ്ത്രേണ ബുദ്ധിവിഭവേന ച തൈക്ഷ്ണ്യഭാജാ
ദർപ്പാന്ധകാരിതധിയോ നൃപതീൻ ബുധാംശ്ച
ജിത്വാ ക്ഷിതൗ വിഹരതേ ജയസിംഹസൂനു,
നടീ:നത്വേവംവിധസ്യ നരപതേഃ പ്രബന്ധമഭിനയ താമസ്മാകം ഹസ്തഗതാ മനീഷിതസിദ്ധിഃ. സൂത്ര:(സബഹുമാനം) ആര്യേ! സാധു ഭണിതം.

“ഭരതജലധികർണ്ണധാരഃ പ്രബന്ധാ യദുക്ഷ്മാപതി–
സ്ത്രീഭുവനവിജയീ മുരാരേഃ കുമാരഃ സ്മരോ നായകഃ
പരിഷദഭിനയാദ്യഭിജ്ഞാ, പ്രവീണാശ്ച നാട്യേ വയം
ഫലിതമിഹ തദദ്യപുണ്യൈശ്ചിരാന്നഃ പുരാസഞ്ചിതൈഃ”
ഇതിൽ നിന്നും സങ്ഗ്രാമധീരൻ സങ്ഗീതത്തിലും ഭരതശാസ്ത്രത്തിലും നിഷ്ണാതനായിരുന്നു എന്നു സിദ്ധിക്കുന്നുണ്ടല്ലോ. ‘കേരളദേശസുകൃതപരിണതി’യും ‘യാദവനൃപകുലദൈവത’വുമായ ഭഗവാൻ ശ്രീപദ്മനാഭന്റെ യാത്രോത്സവത്തിൽ അഭിനയിക്കുന്നതിനുവേണ്ടി നിർമ്മിച്ചതാണു് പ്രസ്തുതനാടകമെന്നും കവി രേഖപ്പെടുത്തീട്ടുണ്ടു്; ശ്രീകൃഷ്ണന്റെ പുത്രനായ പ്രദ്യമ്നൻ വജ്രപുരാധീശ്വരനായ വജ്രണാഭൻ എന്ന അസുരനെ വധിച്ചു് അദ്ദേഹത്തിന്റെ പുത്രിയായ പ്രഭാവതിയെ പാണിഗ്രഹണം ചെയ്യുന്നതാണു് ഇതിലെ ഇതിവൃത്തം. ഈ കഥ ഹരിവംശത്തിൽനിന്നു സങ്ഗ്രഹിച്ചിട്ടുള്ളതാണു്. രങ്ഗപ്രയോഗത്തിനു് ഉചിതമായ വിധത്തിൽ പല മാറ്റങ്ങളും വരുത്തീട്ടുണ്ടു്. [3] പ്രസ്തുതനാടകം ഒരിക്കലെങ്കിലും വായിക്കുന്നവർക്കു് അതു കവിചരിത്രത്തിന്റെ ദർപ്പണംകൂടിയാണെന്നു കാണുവാൻ അശേഷം പ്രയാസം ഉണ്ടാകുന്നതല്ല. രണ്ടാമങ്കത്തിൽ ഭദ്രനടന്റെ

“ചാടൂക്തിഭക്തിചതുരൈശ്ചതുരാനനാദ്യൈ–
രഭ്യർത്ഥിതസ്സുരഗണൈരവനീമുപേതഃ
വംശേ മഹീയസി യദോർവിഹിതാവതാര–
സ്സംക്രീഡതേ ശമിതശത്രുകുലോ മുകുന്ദഃ”
എന്ന ശ്ലോകം ജയസിംഹപ്രശസ്തിയുടെ പ്രതിബിംബമായി ഗണിക്കാവുന്നതാണു്; അഞ്ചാമങ്കത്തിൽ “യദുവംശഭുവാം രാജഞാമീദൃശീ കാലയോധിതാ” എന്നു നാരദൻ പറയുന്നു. ഒടുവിൽ നേപഥ്യത്തിൽ “സാമ്രാജ്യചിഹ്നമധിതിഷ്ഠതു ഭദ്രപീഠം നാഥോ യദുക്ഷിതിഭൃതാം ശരദസ്സഹസ്രം” എന്ന ആശീർവാദം ഉച്ചരിക്കപ്പെടുന്നു. വേറെയും ഈ മതം സമർത്ഥിക്കുവാൻ ധാരാളം ഉദാഹരണങ്ങൾ കാണിക്കാവുന്നതാണു്. രവിവർമ്മ കവിയുടെ ഗദ്യവും പദ്യവും ഒന്നുപോലെ മനോഹരമാകുന്നു. നോക്കുക:

“പ്രഭാവത്യാഃ കലാഭിയോഗോ നാമ ഹേമയഷ്ട്യാ ദഹന സംസ്കാരോ, മണിശലാകായാശ്ശാണസമുല്ലേഖഃ ചമ്പകമാലായാ ഹിമജലപരിഷേക, ശ്ചന്ദ്രികായാശ്ശരത്സമാഗമശ്ച”
“ആശ്യാനപങ്കപഥമംബുലസത്തടാക–
മാവിർമ്മദദ്വിപമയത്നവിലം‌ഘി സിന്ധു
ആദർശയൻ സ്വമിഹ വൈഭവമാഹവോൽകാൻ
സന്നാഹയത്യവനിപാൻ ശരദേഷ കാലഃ”

15.3സമുദ്രബന്ധൻ

രവിവർമ്മകുലശേഖരനെപ്പോലെയുള്ള ഒരു മഹാരാജാവിന്റെ രാജധാനിയിൽ അനേകം കവികളും പണ്ഡിതന്മാരും പുലരുക എന്നുള്ളതു സ്വാഭാവികമാണല്ലോ. അവരിൽ സമുദ്രബന്ധൻ, കവിഭൂഷണൻ എന്നിങ്ങനെ രണ്ടുപേരെപ്പററിമാത്രമേ നമുക്കറിവാനിടവന്നിട്ടുള്ളു. രണ്ടുപേരും പാരദേശികന്മാരെന്നാണു് തോന്നുന്നതു്. സമുദ്രബന്ധയജ്വാവെന്നു സമുദ്രബന്ധനെപ്പറ്റി അന്യത്ര പ്രസ്താവിച്ചുകാണുന്നു. കാശ്മീരത്തിൽ ആലങ്കാരികമൂർദ്ധന്യനായി രുയ്യകൻ എന്നൊരു പണ്ഡിതൻ ക്രി. പി. പന്ത്രണ്ടാംശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്നു. അദ്ദേഹം നിർമ്മിച്ച ‘അലങ്കാര സൂത്രം’ എന്ന ഗ്രന്ഥത്തിനു് അദ്ദേഹത്തിന്റെ ശിഷ്യനും സർവതന്ത്രസ്വതന്ത്രനുമായ മംഖുകൻ ‘അലങ്കാരസർവസ്വം’ എന്ന വൃത്തി രചിച്ചു. ‘നമസ്കൃത്യ പരാം വാചം ദേവീം ത്രിവിധവിഗ്രഹാം ഗുർവലങ്കാരസൂത്രാണാം വൃത്ത്യാ താൽപര്യമുച്യതേ’ എന്നു് ആ വൃത്തിയുടെ ആരംഭത്തിലും,

“ഇതി മംഖുകോ വിതേനേ കാശ്മീരക്ഷിതിപസാന്ധി വിഗ്രഹികഃ
സുഖവിമുഖാലങ്കാരം തദിദമലങ്കാരസർവസ്വം”
എന്നു് അവസാനത്തിലുമുള്ള ശ്ലോകങ്ങൾ നോക്കുക. മംഖുകൻ 1129 മുതൽ 1150 വരെ കാശ്മീരം ഭരിച്ചിരുന്ന ജയസിംഹന്റെ മന്ത്രിയും സദസ്യനുമായിരുന്നു. അലങ്കാരസർവസ്വത്തിനു വിശദമായ ഒരു വ്യാഖ്യാനം രവിവർമ്മകുലശേഖരന്റെ ആജ്ഞയനുസരിച്ചു കൊല്ലത്തുവച്ചു സമുദ്രബന്ധൻ നിർമ്മിക്കുകയുണ്ടായി. ആ സംഭവത്തെപ്പറ്റി കവി ഇങ്ങനെ വർണ്ണിക്കുന്നു.

“കേരളേഷ്വസ്തി നഗരീ കോളംമ്പ ഇതി വിശ്രുതാ
അധിശ്രിയാ യയാവാചീ ഹരിദപ്യളകാവതീ;
അയോധ്യാമപി യാം സന്തോ രാഘവാന്വയവർജ്ജിതാം
അഗോചരം ഭുജങ്ങ്ഗാനാമാഹുർഭോഗവതീമപി.
പ്രാപ്തകല്പദ്രുമച്ഛായൈഃ സുമനോഭി: കൃതാസ്പദാ,
അവതീർണ്ണേവ മേദിന്യാം യാ ചകാസ്ത്യമരാവതീ.
വിഭൂഷയൻ പുരീമേനാം യദുവംശവിഭൂഷണം
രവിവർമ്മേതി വിഖ്യാതോ രാജാ ശാസ്തി വസുന്ധരാം.
യസ്മാദന്യഃ പദം നാസ്തി കലാവദ്രാജശബ്ദയോഃ
തദന്വവായകൂടസ്ഥമന്തരേണ നിശാകരം.
വിവർണ്ണാരിവധൂവക്ത്രവ്യാഖ്യാത ഭുജവിക്രമേ
പത്യൗ യസ്മിന്നഭൂദുവീ വീരപത്നീപദാസ്പദം.
വീരേണ വാഗ്മിനാ യേന വദാന്യേന വസുന്ധരാ
വാസവം വചസാമീശം പാരിജാതഞ്ച ലംഭിതാ.
ന പരം ധന്വനാ ശൂന്യാഃ പാണയഃ പൃഥിവീഭുജാം
അപി കൃസ്നാ മഹീ യസ്മിന്നവത്യതുലവിക്രമേ.
വിദ്യാസ്ഥാനൈസ്സമം തസ്യ വിഷ്ടപാനി ചതുർദ്ദശ
പ്രസാധിതവതഃ പാർശ്വം സുധിയോ ജാതു നാത്യജൻ.
കദാചിന്മംഖുകോപജ്ഞം കാവ്യാലങ്കാരലക്ഷണം
പ്രദർശ്യ രവിവർമ്മാണം പ്രാർത്ഥയന്ത വിപശ്ചിതഃ.
ഗംഭീരം നസ്തിതീർഷൂണാം മംഖുകഗ്രന്ഥസാഗരം
നൗരസ്തു ഭവതഃ പ്രജ്ഞാ സ്ഥേയസീ യദുനന്ദന!
വ്യാചക്ഷ്വ തമിമം ഗ്രന്ഥം വ്യാവൃത്തവചനക്രമഃ
ശാസ്ത്രസാഹിത്യപാഥോധിപാരാവാരീണയാ ധിയാ.
ഇതി തൈഃ പ്രാർത്ഥിതഃ പ്രാജ്ഞൈഃ പാർത്ഥിവസ്താനഭാഷത
ദന്താർച്ചിരുദ്ഗമവ്യാജവ്യക്തവൈശദ്യയാ ഗിരാ.
മയാഽസാധ്യമഭീഷ്ടം വോ ഗ്രന്ഥഃ പുനരയം മഹാൻ
വ്യാഖ്യാതും ശക്യമാസാദ്യ ഭവതാം യദ്യനുഗ്രഹം.
വ്യാഖ്യേയം മാനനീയാ സ്യാൽ സദ്ഭിരാദ്രിയതേ യദി;
ശംഭോഃ പരിഗ്രഹാദേവ ശ്ലാഘ്യാ ചാന്ദ്രമസീ കലാ.

ഇത്യുക്തൈഷ മനീഷാ വൈഭവപരിഭൂതവാസവാചാര്യ:
ബുദപരിഷദലങ്കാരോ വ്യാഖ്യദലങ്കാരസർവസ്വം
അവധൃത്യൈ യദുപതിനാ വിവൃതസ്യ ഗരീയസസ്തദർത്ഥസ്യ
കശ്ചിദ്വ്യധിത വിപശ്ചിച്ഛബദനിബന്ധം സമുദ്രബന്ധാഖ്യ:”
ദുരവഗാഹമായ അലങ്കാരസർവസ്വം വ്യാഖ്യാനിക്കണമെന്നു പണ്ഡിതന്മാർ സങ്ഗ്രാമധീരനോടു പ്രാർത്ഥിക്കുകയും അദ്ദേഹം അവരുടെ അപേക്ഷ സ്വീകരിച്ചു് ആ ഗ്രന്ഥത്തിനു് അർത്ഥവിവരണം ചെയ്യുകയും അതു സമുദ്രബന്ധൻ പുസ്തകാകൃതിയിലാക്കുകയും ചെയ്തു എന്നാണല്ലോ ഈ പ്രസ്താവനയിൽനിന്നു നാമറിയുന്നതു്. സർവസ്വവ്യാഖ്യയിൽ അവിടവിടെ സമുദ്രബന്ധൻ ഉദാഹരണരൂപത്തിൽ പല ശ്ലോകങ്ങൾ എഴുതിച്ചേർത്തിട്ടുണ്ടു്. അവയെല്ലാം രവിവർമ്മപ്രശസ്തിപരങ്ങളാകുന്നു.

“സങ്ഗ്രാമധീരനൃപതിർഭീരുരധർമ്മാദഭീരുരാഹവതഃ
ശുശ്രൂഷുർന്നഗമവിദസ്തദ്ബാഹ്യവിദോ ഭവത്യശുശ്രൂഷുഃ”
“അധിസമരമാതതജ്യേ രവിവർമ്മൻ! കാർമ്മുകേ ത്വയാകൃഷ്ടേ
ആസ്രം ദ്വിഷാമുരസ്തസ്തരുണീനാം ലോചലൈസ്സമം പതതി”
“യദ്യാകാംക്ഷസി വീക്ഷിതും ഗുണരുചേ, ചേതസ്സമസ്താൻഗുണാൻ
കോളംബാഖ്യമുപേഹി ദക്ഷിണദിശാർസീമന്തരത്നം പുരം
ആസ്തേ യത്ര ഭുജേന കീർത്തിശശിനഃ പൂർവാചലേനോദ്വഹ–
ന്നുർവീമർണ്ണവമേഖലാം യദുപതിഃ കല്പദ്രുമോ ജങ്ഗമഃ”
ഇവ അക്കൂട്ടത്തിൽ പെട്ടവയാണു്. വിദ്യാധരന്റെ ഏകാവലി, വിദ്യാനാഥന്റെ പ്രതാപരുദ്രീയം, സമുദ്രബന്ധന്റെ അലങ്കാരസർവസ്വവ്യാഖ്യ ഈ മൂന്നലങ്കാരഗ്രന്ഥങ്ങളും ഏകദേശം ഒരേകാലത്തുണ്ടായവയാണു്. വിദ്യാധരൻ കലിങ്ഗരാജാവായ ദ്വിതീയനരസിംഹനേയും (1275-–1305) വിദ്യാനാഥൻ കാകതീയരാജാവായ പ്രതാപരുദ്രനേയും (1291—1321) വർണ്ണിച്ചാണു് ഉദാഹരണങ്ങൾ രചിക്കുന്നതു്. ഈ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു വിദ്യാധരനാണെന്നു ഞാൻ ഊഹിക്കുന്നു.

15.4സിംഹരാജൻ

സമുദ്രബന്ധനു സിംഹരാജൻ എന്നൊരു പുത്രനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃതികളായി പ്രാകൃതരൂപാവതാരം, രാജശേഖരന്റെ കർപ്പൂരമഞ്ജരീസട്ടകത്തിനു വിവരണം എന്നൊരു വ്യാഖ്യാനം, ഇങ്ങനെ രണ്ടു ഗ്രന്ഥങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. രണ്ടും അദ്ദേഹത്തിനു പ്രാകൃതഭാഷയിലുള്ള പാണ്ഡിത്യത്തെ സ്പഷ്ടീകരിക്കുന്നു. രണ്ടാമത്തെ ഗ്രന്ഥത്തിന്റെ ഒടുവിൽ “സകലവിദ്യാവിശാരദസ്യ സമുദ്രബന്ധയജ്വനഃ സൂനുനാ സിംഹരാജേന വിരചിതേ സട്ടകവിവരണേ” എന്നൊരു കുറിപ്പു കാണുന്നുണ്ടു്. സമുദ്രബന്ധൻ പ്രവരസേനന്റെ സുപ്രസിദ്ധമായ സേതുബന്ധമെന്ന മഹാകാവ്യത്തിനു് ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടെന്നു് സിംഹരാജൻ വിവരണത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകത്താൽ രേഖപ്പെടുത്തിയിരിക്കുന്നു. ആ വ്യാഖ്യാനം ഇതുവരെ കണ്ടുകിട്ടീട്ടില്ല.

“വ്യാകൃത്യാം സേതുനാ യസ്സമധികഗഹനം
ശാസത്രസാഹിത്യസിന്ധും
ബദ്ധ്യാ ബുധ്വാ യഥാർത്ഥാം വ്യരചയത നിജാം
സിന്ധുബന്ധേതിസംജ്ഞാം
നത്വാം തം യായജൂകം നിയമവിധിവിദം
താതമസ്യ പ്രസാദാ–
ദ്വാഖ്യാനം സട്ടകസ്യ സ്ഫുടതരമധുനാ
സിംഹാരാജോ വിധാസ്യേ.”

15.5കവിഭൂഷണൻ

കവിഭൂഷണൻെറ ചന്ദ്രകലാമാല എന്നു പേരിടാവുന്ന രവിവർമ്മപ്രശസ്തിപരമായ ഒരു വർണ്ണനം രങ്ഗനാഥക്ഷേത്രത്തിലെ ശിലാരേഖയുടെ ഒരു ഭാഗമായി കാണ്മാനുണ്ടു്. ആകെ പതിനെട്ടു ശ്ലോകങ്ങളുള്ളതിൽ ആദ്യത്തെ പതിനാറാണു് കലകളായി ഗണിക്കപ്പെട്ടിട്ടുള്ളതു്. ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.

“ദുർബലസ്യ ബലം രാജേത്യേഷാ സത്യാ സരസ്വതി;
സങ്ഗ്രാമധീരോ ധർമ്മസ്യ ദുർബലസ്യ ബലം കലൌ.
രവിശ്ച രവിവർമ്മാ ച ദ്വാവിമൌ തേജസാം നിധീ;
ഏകസ്യാഹ്നി പ്രതാപശ്രീരപരസ്യ ത്വഹർന്നിശം.
സങ്ഗ്രാമധീര, ത്വദ്രാജ്യേ ചോരാ നാസ്തീതിവാങ്മൃഷാ;
ചമ്പകദ്യുതിസർവസ്വചോരസ്തേ വിഗ്രഹസ്സ്വയം.
ഏകസ്സ്വാദു ജഗൽ സർവം ഭൂങ്ക്ഷേ യാദവഭൂപതേ.
പ്രായോ ന ദോഷഃ സ്ത്രീഹത്യാ രാജ്ഞാം രാമസധർമ്മണാം
സതാം സഹചരീം ഹംസി രവിവർമ്മൻ ദരിദ്രതാം.
ധനം സർവം ദദാമീതി കഥം തേ യാദവ, വ്രതം?
ബ്രഹ്മാണ്ഡഭാണ്ഡാഗാരേഽസ്മിൻ സഞ്ചിനോഷി യശോധനം.
ഇതി യാദവകീർത്തീന്ദോഃ കലാഷ്ഷോഡാശസൂക്തയഃ
ഉല്ലാസയന്തു കുമുദം ഭൂഷണേ പവർണി സ്ഫുടാഃ”

15.6അരുണഗിരിനാഥൻ

15.6.1കാലം
‘അണ്ണാമല’ എന്ന പേരിൽ സുപ്രസിദ്ധനായ അരുണഗിരിനാഥൻ, അഥവാ അരുണാചലനാഥൻ കാളിദാസമഹാകവിയുടെ രഘുവംശത്തിനും കുമാരസംഭവത്തിനും പ്രകാശിക എന്ന സംജ്ഞയിൽ ഓരോ ടീക നിർമ്മിച്ചിട്ടുള്ള മഹാപണ്ഡിതനാകുന്നു. അണ്ണാമലയുടെ വ്യാഖ്യാനങ്ങൾക്കു കേരളത്തിലെങ്ങും അത്യധികമായ പ്രചാരമുണ്ടു്; എന്നാൽ കേരളത്തിനു വെളിയിൽ അവ അവിദിതങ്ങളുമാണു്. അതുകൊണ്ടു് അദ്ദേഹം ഒന്നുകിൽ ഒരു കേരളീയനോ അല്ലെങ്കിൽ കേരളത്തിൽ ആയുഷ്കാലം നയിക്കുവാൻ ഇടവന്ന ഒരു ദ്രാവിഡനോ ആയിരിക്കണം. ‘അരുണാചലനാഥേന ദ്വിജപാദാബ്ജസേവിനാ’ എന്നു രണ്ടു വ്യാഖ്യാനങ്ങളിലും ‘ശിവദാസാപരാഖ്യേന’ എന്നുകൂടി രഘുവംശപ്രകാശികയിലും അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നു; കുമാരസംഭവപ്രകാശികയിൽ ‘പ്രപദ്യേഹം കപർദ്ദിനം’ എന്നും ‘തത്സർവം ഭവപാദപങ്കജരജസ്സമ്പർക്കജം മന്മഹേ’ എന്നും അവസാനിക്കുന്ന മങ്ഗളശ്ലോകങ്ങളിൽ തനിക്കുള്ള ശിവഭക്തിയേയും പ്രകടീകരിക്കുന്നു. ‘ദ്വിജപാദാബ്ജസേവിനാ’ എന്ന വിശേഷണത്തിൽനിന്നു് അദ്ദേഹം ഒരു അബ്രാഹ്മണനായിരുന്നു എന്നൂഹിക്കാം. അതിനു് ഉപോൽബലകമായി രഘുവംശപ്രകാശികയുടെ ഒരാദർശഗ്രന്ഥത്തിൽ “ഇതി രാമദത്ത സൂനുനാ അരുണഗിരിനാഥേന വിരചിതായാം” എന്നൊരു കുറിപ്പു കാണ്മാനുണ്ടു്. അതിൽനിന്നു അരുണഗിരിയുടെ പിതാവിന്റെ നാമധേയം രാമനെന്നാണെന്നും ദത്തശബ്ദപ്രയാേഗത്തിൽനിന്നു് അദ്ദേഹം ഒരു വൈശ്യനാണെന്നും സിദ്ധിക്കുന്നു. ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ആന്ധ്രദേശത്തെ അലങ്കരിച്ചിരുന്ന വ്യാഖ്യാതൃചക്രവർത്തിയായ മല്ലിനാഥനു മാർഗ്ഗദർശിയായി സൂര്യസൂനുവായ ദക്ഷിണാവർത്തനാഥൻ എന്നൊരു പണ്ഡിതൻ ക്രി. പി. പതിമ്മൂന്നാംശതകത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മഭൂമി ചോളദേശത്തിൽപ്പെട്ട (ദക്ഷിണാവർത്തം) തിരവലഞ്ചുഴിയായിരുന്നു. ദക്ഷിണാവർത്തൻ മേഘസന്ദേശത്തിനും പ്രദീപമെന്ന വ്യാഖ്യാനത്തിനും ശാകുന്തളത്തിനു് ഒരു ടിപ്പണത്തിനും പുറമേ രഘുവംശകുമാരസംഭവങ്ങൾക്കു ‘ദീപിക’ എന്ന സംജ്ഞയിൽ ഓരോ ടീകയും രചിച്ചിട്ടുണ്ടു്. അരുണഗിരി, ദക്ഷിണാവർത്തന്റെ വ്യാഖ്യാനങ്ങളിലെ പല ഭാഗങ്ങളും സ്വായത്തീകരിക്കുകയും ചെയ്യുന്നു. എന്നാൽ മല്ലിനാഥനെ അദ്ദേഹം ഒരവസരത്തിലും ഉപജീവിക്കുന്നതായി കാണുന്നില്ല. ‘നാഥസ്തുചതുർവിധം വൃദ്ധമിതിജ്ഞാത്വാ’ എന്നു അദ്ദേഹം രഘുവംശപ്രകാശികയിൽ സ്മരിച്ചിട്ടുള്ളതു ദക്ഷിണാവർത്തനെയാണെന്നു ഞാൻ ഗ്രന്ഥപരിശോധനാനന്തരം ധരിച്ചുവച്ചിട്ടുണ്ടു്. അതുകൊണ്ടു് ആ ‘നാഥൻ’ ചിലർ വിചാരിക്കുന്നതുപോലെ മല്ലിനാഥനല്ല. തന്നിമിത്തം പ്രസ്തുത വ്യാഖ്യാതാവു പതിമ്മൂന്നാംശതകത്തിന്റെ ഉത്തരാർദ്ധത്തിലോ പതിന്നാലാംശതകത്തിന്റെ പൂർവാർദ്ധത്തിലോ ജീവിച്ചിരുന്നതായി പരിഗണിക്കാവുന്നതാണു്. മല്ലിനാഥന്റെ കാലം പതിന്നാലാംശതകത്തിന്റെ ഉത്തരാർദ്ധത്തിലായിരുന്നു. കൊല്ലം 706-ൽ പകർത്തിയ രഘുവംശപ്രകാശികയുടെ ഒരു പ്രതി തിരവല്ലാ കുഴിക്കാട്ടില്ലത്തുണ്ടു്. രഘുവംശപ്രകാശികയിൽ താൻ ശ്രീകണ്ഠപാദപവിത്രിതനാണെന്നു് അദ്ദേഹം പ്രസ്താവിക്കുന്നു. ആ ശ്രീകണ്ഠൻ ആരെന്നറിയുന്നില്ല; അദ്ദേഹത്തിന്റെ ഗുരുനാഥനായിരിക്കാം.

15.6.2ടീകകളുടെ വൈശിഷ്ട്യം
അരുണഗിരി അദ്ദേഹത്തിന്റെ ടീകകളിൽ തനിക്കു വ്യാകരണം, അലങ്കാരം, ധർമ്മശാസ്ത്രം മുതലായ വിഷയങ്ങളിലുള്ള അത്യത്ഭുതമായ അവഗാഹം അനുസ്യൂതമായി പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും ഗൂഢാർത്ഥ പ്രതിപാദനത്തിലും രസഭാവവിവരണത്തിലുമാണു് തന്റെ വൈശിഷ്ട്യം പ്രസ്പഷ്ടമാക്കുന്നതു്. പൂർവടീകകളേയും ആചാര്യന്മാരുടെ ലക്ഷണഗ്രന്ഥങ്ങളേയും നല്ലപോലെ പര്യാലോചന ചെയ്തതിന്നുശേഷമാണു് താൻ രഘുവംശത്തിനു ടീക രചിക്കുവാൻ ഉദ്യമിക്കുന്നതെന്നും, തനിക്കുമുൻപു് ആ കാവ്യം പലരും വ്യാഖ്യാനിച്ചിട്ടുള്ളതുകൊണ്ടു തന്റെ പ്രയത്നം നിഷ്ഫലമാകണമെന്നില്ലെന്നും, എന്തുകൊണ്ടെന്നാൽ ‘യതോ വിദ്വാന്മതാ സർവോ ന സർവം പശ്യതീതി വാൿ’ അതായതു് എല്ലാവരും എല്ലാം അറിയുന്നില്ലെന്നുള്ള വാക്കു വിദ്വാന്മാർക്കു സമ്മതമാണെന്നും, രഘുവംശം ഒരു പ്രബന്ധസമുദ്രമാണെന്നും അതിന്റെ അർത്ഥം യഥാമതി വിചാരണ ചെയ്യുന്നതിനു് എല്ലാവർക്കും യോഗ്യതയുണ്ടെന്നും രസഭാവാലങ്കാരാദ്യംശങ്ങളെ താൻ പ്രത്യേകം നിരൂപണം ചെയ്യുവാൻപോകുന്നു എന്നും അദ്ദേഹം ആ ഗ്രന്ഥത്തിൽ ഉപന്യസിക്കുന്നു. കുമാരസംഭവപ്രകാശിക പിന്നീടു നിർമ്മിച്ചതാണു്.

“രഘുവംശേ മഹാകാവ്യേ വിമൃശ്യ രസസമ്പദം
കാളിദാസകവീന്ദ്രസ്യ ജ്ഞാതാസ്വാദേന സൂക്തിഷു.
***
കുമാരസംഭവാഖ്യേപി മയാ ടീകാ വിതന്യതേ.”
എന്നാകുന്നു അതിൽ അദ്ദേഹം പ്രസ്താവിക്കുന്നതു്. ആ ടീകയുടെ അവസാനത്തിൽ

“യേ വാക്യാർത്ഥവിചാരകർക്കശധിയോ യേ വാ രസസ്രോതസി
സ്വേച്ഛാമജ്ജനകേളിഷു വ്യസനിനോ യേ വാ ശിവൌസംശ്രിതാഃ
തേ നിർമ്മത്സരസാവധാനമനസോ മൽകാം മനോഹാരിണീം
സംഗൃഹ്ണന്തു കുമാരസംഭവസമുദ്ബോധായ ടീകാമിമാം”
എന്ന ശ്ലോകവും വ്യാഖ്യാതാവു ചേർത്തിട്ടുണ്ടു്.

“വർണ്യതേ ശിവയോർവൃത്തം; കാളിദാസസ്യ സൂക്തയഃ;
വ്യാഖ്യാതാരോ വയം ചേതി മന്യേ കോപ്യുത്സവസ്സതാം.”
എന്ന പദ്യത്തിൽ നിന്നു് അദ്ദേഹത്തിനു തന്റെ ടീകയുടെ ഔൽകൃഷ്ട്യത്തിൽ എത്ര അടിയുറച്ച വിശ്വാസമാണുണ്ടായിരുന്നതെന്നു വെളിവാകുന്നു. ആ വിശ്വാസം യുക്തരൂപംതന്നെ; കേരളത്തിലെ സഹൃദയന്മാർ രഘുവംശത്തിനും കുമാരസംഭവത്തിനും അണ്ണാമലയുടേതിനേക്കാൾ മികച്ച വ്യാഖ്യാനങ്ങളുള്ളതായി ഗണിക്കുന്നില്ല. അനാവശ്യമായി ഒരു പദം പ്രകൃത്യാ യാവദർത്ഥവചസ്സായ അദ്ദേഹത്തിന്റെ ടീകകളിലില്ല. കൊല്ലം ഒൻപതാംശതകത്തിന്റെ പൂർവാർദ്ധത്തിൽ പൂർവഭാരതചമ്പൂകാരനായ കോഴിക്കോട്ടു മാനവേദരാജാവിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന വെള്ളാങ്ങല്ലൂർ നാരായണഭട്ടതിരി അദ്ദേഹത്തിന്റെ കുമാരസംഭവവിവരണത്തിൽ പറയുന്നതു്.

“വ്യാഖ്യാന്തരേഷു ദൃഷ്ടേഷു വിമൃഷ്ടേഷ്വപി തത്വതഃ
സുഭഗശ്ശിവദാസോക്തോ മാർഗ്ഗ ഏവാനുഗമ്യതേ.”
എന്നാണു്.

15.7രാഘവാനന്ദൻ

15.7.1കൃതികൾ
അനേകം ഉത്തമഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവാണു് രാഘവാനന്ദൻ. അദ്ദേഹം ശ്രീമദ്ഭാഗവതത്തിൻ കൃഷ്ണപദി, ലഘുഭട്ടാരകന്റെ ലഘുസ്തുതിക്കു വൃത്തി, ശേഷന്റെ പരമാർത്ഥസാരത്തിനു വിവരണം, കുലശേഖരന്റെ മുകുന്ദമാലയ്ക്കു താല്പര്യദീപിക, ശങ്കരാചാര്യരുടെ വിഷ്ണുഭുജങ്ഗപ്രയാതത്തിനു വ്യാഖ്യ, ഇവയ്ക്കു പുറമേ സർവസിദ്ധാന്തസങ്ഗ്രഹം അഥവാ സർവമതസങ്ഗ്രഹം, വിദ്യാർച്ചനമഞ്ജരി എന്നിങ്ങനെ രണ്ടു സ്വതന്ത്രഗ്രന്ഥങ്ങളും രചിച്ചിട്ടുള്ളതായിക്കാണുന്നു.

15.7.2ചരിത്രം
കൃഷ്ണപദി എന്ന മഹാവ്യാഖ്യാനത്തിന്റെ അവസാനത്തിൽ ഗ്രന്ഥകാരൻ തന്റെ ഗുരുനാഥനായ കൃഷ്ണാനന്ദനേയും തന്നെയും പറ്റി ചിലതെല്ലാം ഉപന്യസിക്കുന്നുണ്ടു്. ആദിശേഷന്റെ അവതാരമായ പതഞ്ജലിയുടെ ജന്മഭൂമി എന്ന നിലയിൽ പ്രഖ്യാതമായി നാഗപുരം എന്നൊരു സ്ഥലം ഗങ്ഗാനദിയുടെ തീരത്തിലുണ്ടു്. കൃഷ്ണാനന്ദമുനി അവിടെ ഒരു ബ്രാഹ്മണകുലത്തിൽ ജനിച്ചു സാങ്ഗമായി യജുർവേദമഭ്യസിച്ചു ബ്രഹ്മചര്യത്തിൽത്തന്നെ സന്യാസാശ്രമം സ്വീകരിച്ചു.

“ആനന്ദശീർഷോജ്ജ്വലകൃഷ്ണനാമാ
മുനിർമ്മുനീന്ദ്രൈസ്സഹ പദ്മനാഭം
ചിത്തേ നിധായാഖിലലോകനാഥം
ദേശം തദങ്ഘ്രിസ്ഫുരിതം പ്രപേദേ.
യേനാഥ സേതുർജ്ജനകാത്മജായാഃ
ശോഭാവഹോധ്യൈക്ഷി ച പത്മനാഭഃ
ശിവാമൃതാഖ്യാൽ പരഹംസമുഖ്യാ–
ഛ്റുതശ്ച യേനാഖിലവേധസാരഃ
അന്തേഽഭിഷിക്തഃ പരഹംസരാജ്യേ
യശ്ചാത്ര തേനൈവ മുനീശ്വരേണ;
യശ്ചാനുജഗ്രാഹ വൃഷാധിനാഥ–
സ്യാങ്കേ നിഷണ്ണഃ സ്വസുഖം ജനേഭ്യഃ
സ്വപാദപദ്മം സമുപാശ്രിതേഭ്യോ
വാചാഖിലാമ്നായഗിരോർത്ഥഭൂതം
ശ്രീരക്തശാഖീതി മുകുന്ദധാമ്നി
ഖ്യാതേഽകരോദ്യശ്ച പരം സമാധിം.”
അവിടെനിന്നു മറ്റു യതികളോടുകൂടി സീതാസേതു (ഇതു് ആദിസേതു എന്ന പേരിൽ വിദിതമായ കന്യാകുമാരിയാണെന്നു തോന്നുന്നു) സന്ദർശിക്കുകയും തിരുവനന്തപുരത്തു ശ്രീപദ്മനാഭസ്വാമിയെ വന്ദിക്കുകയും അനന്തശയനത്തിൽവച്ചു ശിവാമൃതപരമഹംസനിൽനിന്നു സർവവേദങ്ങളുടേയും സാരം (വേദാന്തം) അഭ്യസിക്കുകയും പരമഹംസപദത്തിൽ അഭിഷിക്തനാകുകയും ചെയ്തു. തദനന്തരം കൃഷ്ണാനന്ദൻ തൃശ്ശിവപേരൂരിൽ താമസിച്ചു ജനങ്ങളെ അനുഗ്രഹിക്കുകയും തൃച്ചെമ്മരത്തുവച്ചു മഹാസമാധിയെ പ്രാപിക്കുകയുണ്ടായി. ശിവാമൃതപരമഹംസൻ ശ്രീപത്മനാഭക്ഷേത്രത്തിലെ പുഷ്പാഞ്ജലിസ്വാമിയാരന്മാരിൽ ഒരാളാണെന്നു ഞാൻ അനുമാനിക്കുന്നു. അദ്ദേഹം കൃഷ്ണാനന്ദനെ തന്റെ അനന്തരഗാമിയായി തൃശ്ശൂർ തെക്കേമഠത്തിൽ അവരോധിച്ചിരിക്കാം.

“തൽപാദപദ്മഭ്രമരേണ സേയം
ശ്രീരാഘവാനന്ദമുനീശ്വരേണ
ശ്രീമന്നിളാതീരസമുദ്ഭവേന
തുര്യാശ്രമം മൃത്യുഭയാർദിതേന.
ഗോവിന്ദമാത്മന്യധിഗത്യ സാക്ഷാദ്–
ഭക്തിപ്രദീപൈരപി യോഗഭേദൈഃ
തൽപ്രീതികാമേന കൃതാ ചിരായ
ജീയാൽ കൃതിഃ കൃഷ്ണപദീ ചിരായ.”
അദ്ദേഹത്തിന്റെ ശിഷ്യനും ഭാരതപ്പുഴയുടെ തീരത്തിൽ ജാതനുമായ രാഘവാനന്ദമുനി ഗോവിന്ദന്റെ പ്രീതിക്കായി ശ്രീമദ്ഭാഗവതത്തിനു കൃഷ്ണപദി എന്ന വ്യാഖ്യാനം രചിച്ചു. ഇതര വ്യാഖ്യാനങ്ങളിലും രാഘവാനന്ദൻ താൻ കൃഷ്ണാനന്ദന്റെ ശിഷ്യനാണെന്നു വ്യക്തമായി പ്രസ്താവിക്കുന്നുണ്ടു്.

“കൃഷ്ണാനന്ദമുനീശ്വരസ്യ കൃപയാ തുര്യാശ്രമം യോഽശ്രമം
പ്രാപ്യാമ്നായശിരോധിരൂഢമവഗമ്യാത്മാനമപ്യാത്മനാ
ആസാദ്യാപി ച പദ്ധതിം ശിവമയീമാനന്ദനാഥാദ്ഗുരോ–
രാനന്ദാന്തികരാഘവോ മുനിരഗാൽതൃപ്തിംസവൃത്തിം വ്യധാൽ”
എന്നു ലഘുസ്തുതിവൃത്തിയിലും

“ശ്രീമച്ഛാങ്കരമാർഗ്ഗമധ്യവസതിശ്ശാഖാശതാലങ്കൃതഃ
സംസാരാർക്കഗഭസ്തിതപ്തതനുഭിസ്സംസേവിതാങ്ഘ്രിർജ്ജനൈഃ
കൃഷ്ണാനന്ദമഹീരുഹോഽമൃതരസാപൂർണ്ണൈരപൂർവൈഃ ഫലൈ–
ശ്ചിത്രാം പ്രീതിമുപാസകേഷു ജനയൻ ജീയാന്മഹീമണ്ഡലേ.”
എന്നു പരമാർത്ഥസാരവിവരണത്തിലും,

“സച്ചിൽസുഖൈകരസമന്വഹമാത്മതത്വം
സാക്ഷാൽ സമുന്മിഷിതി യസ്യ ഹൃദീവ ദൈവാൽ
ആനന്ദശേഖരിതരാഘവനാമധേയ–
സ്സോഹം മുനിർവിമൃശതി സ്മ മുകന്ദമാലാം.”

“കൃഷ്ണാനന്ദഗുരോരേഷാ പൂർണ്ണാ കാരുണ്യസർപ്പിഷാ
രചിതാ ഹരിതോഷായ ജീയാൽ താൽപര്യദീപികാ.”
എന്നു മുകുന്ദമാലാതാൽപര്യദീപികയിലും പ്രസ്താവിച്ചിരിക്കുന്നുതു് നോക്കുക. കൃഷ്ണപദിയിൽത്തന്നെ

“യൽപാദാബ്ജരജോഭിഷേകസുകൃതപ്രക്ഷീണദുഷ്കർമ്മണാ–
മസ്മാകം ഹൃദയാരവിന്ദകുഹരേ നർന്നർത്തി ലക്ഷ്മീപതിഃ
തേഭ്യോ ബ്രഹ്മണി നിത്യനിർവൃതിരസേ ലീനാശയേഭ്യസ്സദാ
കൃഷ്ണാനന്ദഗുരുഭ്യ ഏഭ്യ ഉദിയാദ്ഭൂയാൻ പ്രസാദോ മയി.”
എന്നൊരു ശ്ലോകവുമുണ്ടു്.

കൃഷ്ണാനന്ദനു് പുറമേ രാഘവാനന്ദനു് ആത്മാനന്ദനെന്നൊരു ഗുരുകൂടിയുണ്ടായിരുന്നു എന്നും അദ്ദേഹത്തിൽനിന്നുമാണു് ശൈവാഗമപദ്ധതി അഭ്യസിച്ചതെന്നും രാഘവാനന്ദൻ വിവരണവും താൽപര്യദീപികയും രചിച്ചപ്പോൾ കൃഷ്ണാനന്ദൻ ജീവിച്ചിരുന്നു എന്നും ഉദ്ധൃത ശ്ലോകങ്ങളിൽനിന്നു വെളിപ്പെടുന്നു.

15.7.3കാലവും ദേശവും
രാമഭദ്രാനന്ദന്റേയും വാസുദേവയതിയുടേയും ശിഷ്യനായും ‘സിദ്ധാന്തസിദ്ധാഞ്ജനം’ എന്ന പേരിൽ വിശ്രുതമായ വേദാനന്തഗ്രന്ഥത്തിന്റെ പ്രണേതാവായും കൃഷ്ണാനന്ദസരസ്വതി എന്നൊരു യോഗി ക്രി. പി. പതിനേഴാം ശതകത്തിൽ ചോളദേശത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ ഭാസ്കരദീക്ഷിതർ ആ ഗ്രന്ഥത്തിനു രത്നതൂലിക എന്നൊരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. ഭാസ്കരദീക്ഷിതരും ജാനകീപരിണയകാരനായ രാമഭദ്രദീക്ഷിതരും സമകാലികന്മാരും ക്രി. പി. 1684 മുതൽ 1741 വരെ തഞ്ചാവൂർ രാജ്യം ഭരിച്ചിരുന്ന പ്രഥമശാഹജിമഹാരാജാവിനോടു ഭൂമി ദാനം വാങ്ങിയവരുമായിരുന്നു. ആ കൃഷ്ണാനന്ദൻ ശിവാമൃതശിഷ്യനായ നമ്മുടെ കൃഷ്ണാനന്ദനിൽനിന്നു ഭിന്നനാണല്ലോ. മുദ്രിതമായ താൽപര്യദീപികയുടെ മുഖവുരയിൽ സിദ്ധാന്തസിദ്ധാഞ്ജനകാരനാണു് രാഘവാനന്ദന്റെ ഗുരു എന്നു പറഞ്ഞിട്ടുള്ളതു പ്രമാദമാണെന്നു കാണിക്കേണ്ടതു് ആവശ്യകമാകയാൽ ഈ പ്രസ്താവന ഇവിടെ വേണ്ടിവന്നതാണു്. ഉത്തരകേരളത്തിൽ തളിപ്പറമ്പത്തു് പെരുഞ്ചെല്ലൂർ ഗ്രാമത്തിൽ കോക്കുന്നത്തു് എന്ന ഇല്ലത്താണു് രാഘവാനന്ദൻ ജനിച്ചതു് എന്നുള്ള മതവും ശരിയല്ലെന്നു സിദ്ധമാകുന്നു. എന്നാൽ രാഘവാനന്ദന്റെ പുരസ്കർത്താവു രാഘവനാമധേയനായ ഒരു കോലത്തിരിയായിരുന്നു എന്നുള്ളതു കൃഷ്ണപദിയുടെ അവസാനത്തിൽനിന്നു കാണാവുന്നുതാണു്.

“വിവേകനികഷോപലേ വഹതി രാഘവേ കോലഭൂ–
മഘോന്യലഘുവിക്രമൈരവനിചക്രരക്ഷാധുരം
അകുണ്ഠമതിവൈഭവാദപൃഥഗാത്തവൈകുണ്ഠതഃ
സതീ കൃതിരിയം മുനേരജനി രാഘവാനന്ദതഃ”
കോക്കുന്നത്തു ശിവാങ്ങൾ (ശിവയോഗി) എന്ന യോഗി പെരിഞ്ചെല്ലൂർ ഗ്രാമത്തിന്റെ അതിരുകൾ പുത്തനായി നിശ്ചയിക്കുകയും ആ പുതിയ സങ്കേതം വിട്ടു ബ്രഹ്മചാരികളും അന്തർജ്ജനങ്ങളും വെളിയിൽ പോകരുതെന്നു വ്യവസ്ഥാപനം ചെയ്കയും ചെയ്തു. അദ്ദേഹം ഒരവസരത്തിൽ കോഴിക്കോട്ടു പോകുകയും അന്നു നാടു വാണിരുന്ന സാമൂതിരിയെ അനുഗ്രഹിയ്ക്കുകയും ചെയ്തുവെന്നും ആ അനുഗ്രഹത്തിന്നു മേലാണു് സാമൂതിരിക്കോവിലകത്തേയ്ക്കു സർവ്വാഭ്യുദയങ്ങളും സിദ്ധിച്ചതെന്നും ചില കേരളോൽപത്തിഗ്രന്ഥങ്ങളിൽ കാണുന്നു. ഒടുവിൽ ആ യോഗി രാജ്യംവിട്ടു വനത്തിലേയ്ക്കുപോയി. അന്നത്തെ കലിദിനസംഖ്യ “കൊടുംകാട്ടുകൊതിയൻ” അഥവാ “പുണ്യാടവ്യാം യതിസ്സ്യാതു്” എന്നാകുന്നു. അതനുസരിച്ചുള്ള ക്രിസ്തുവർഷം 1314 ആണു്. ശിവാങ്ങൾ ഉപയോഗിച്ചുവന്ന ഒരു കൂർമ്മസാനം ഇന്നും തളിപ്പറമ്പിനടുത്തു വെള്ളാവിക്ഷേത്രത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും സ്വാമിയാരന്മാർ അവിടെപ്പോയാൽ ആ കൂർമ്മാസനത്തെ വന്ദിച്ചല്ലാതെ സ്ഥലം വിടുക പതിവില്ലെന്നും അറിയുന്നു. എന്നാൽ അദ്ദേഹം ഒരു കവിയെന്നോ പണ്ഡിതനെന്നോ ഉള്ള നിലയിൽ പ്രസിദ്ധനല്ല. രാഘവാനന്ദന്റെയും അമോഘരാഘവകാരന്റെയും പുരസ്കർത്താവു് ഒരേ രാഘവനാണെങ്കിൽ രാഘവാനന്ദനും കോക്കുന്നത്തു ശിവാങ്ങളും സമകാലികന്മാരെന്നു വന്നുകൂടുന്നു.

കൃഷ്ണപദിതന്നെയാണു് രാഘവാനന്ദന്റെ ഗ്രന്ഥങ്ങളിൽ അത്യന്തം പ്രധാനമായിട്ടുള്ളതു്. ഭാഗവതത്തിനു് അനേകം വ്യാഖ്യാനങ്ങളുണ്ടെങ്കിലും ശ്രീധരസ്വാമിയുടെ ഭാവാർത്ഥദീപികയോളം പ്രശസ്തി അവയിൽ മറ്റൊന്നിനുമില്ല. എന്നാൽ കൃഷ്ണപദി അപ്രകാശിതമായിക്കിടക്കുന്നതുകൂടിയാണു് അതിന്റെ കനിഷ്ഠികാധിഷ്ഠികതയ്ക്കുള്ള കാരണങ്ങളിൽ ഒന്നെന്നു പറയേണ്ടിയിരിക്കുന്നു. രാഘവാനന്ദന്റെ വ്യാഖ്യ ഏറ്റവും ലളിതവും വിപുലവും സകലസംശയങ്ങളേയും പരിഹരിക്കുവാൻ പര്യാപ്തവും വേദാന്തവിഷയകമായുള്ള പ്രതിപാദനത്തിൽ ഭാവാർത്ഥദീപികയെ അനായാസേന ജയിക്കുന്നതുമാകുന്നു. ഗ്രന്ഥമാരംഭിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്.

“പ്രത്യൿ ചിരം പ്രകൃതിപൂരുഷയോഃ പ്രപഞ്ച–
പ്രോദ്ഭാവനാവനതിരോധനനിത്യലീലം
നിർവ്യാജസൗഭഗമമങ്ഗലമസ്മദീയം
നിർമ്മാർഷ്ടു നൈഗമഗിരാം പദമൈശമോജഃ.

അഷ്ടപ്രകൃത്യഷ്ടവധൂവികാരം
തം ദ്വ്യഷ്ടസാഹസ്രവധൂഗണേഷ്ടം
അഖണ്ഡചൈതന്യസുഖാത്മമൂർത്തിം
നമാമി കൃഷ്ണം പുരുഷം പുരാണം.”
ശിവൻ, ഗണപതി, സരസ്വതി, ബ്രഹ്മാവു, നാരദൻ, വേദവ്യാസൻ, ശുകബ്രഹ്മർഷി, ഉഗ്രശ്രവസ്സു്, ശൗനകാദിമഹർഷിമാർ, ശങ്കരാചാര്യർ, കൃഷ്ണാനന്ദൻ ഇവരെയെല്ലാം കവി നമസ്കരിക്കുന്നുണ്ടു്. ശങ്കരാചാര്യരെപ്പറ്റിയുള്ള ശ്ലോകം‌ താഴെ ഉദ്ധരിക്കുന്നു.

യൈരാപ്താ പരഹംസരാജപദവീ വിഷ്ണോഃ പരം‌ സേവനാ–
ദ്യൽപക്ഷാശ്രയണേന ലബ്ദഗതയോ യാതാ ദ്വിജേന്ദ്രാ ദിവം
ബ്രഹ്മാനന്ദസുധാബ്ദികേളിരസികാഃ ശ്രീശങ്കരാഖ്യാമൃതാ–
ശ്ശംഭോർന്നഃ കരുണാവിലാസവിഭവാഃ കുർവന്തു തേ മങ്ഗലം”
ഗ്രന്ഥത്തിന്റെ നിർമ്മിതിയെപ്പറ്റി ഇങ്ങനെ ഉപന്യസിക്കുന്നു.

“ശ്രീഭാഗവതതാൽപര്യസുധാവിഷ്കൃതികാരിണീം
കൃതിം കൃഷ്ണപദീം നാമ കരിഷ്യാമ്യാത്മശുദ്ധയേ.”
പ്രഥമസ്കന്ധവ്യാഖ്യയുടെ അവസാനത്തിൽ ഇങ്ങനെയും പ്രസ്താവിക്കുന്നുണ്ടു്.

“പദം നയതി ചാഭ്യസ്താ കൃഷ്ണസ്യേഹാചിരാന്നരാൻ
സേയം കൃഷ്ണപദീവ്യാഖ്യാ പ്രഥമസ്കന്ധഗോദ്ധൃതാ.
കഥാകഥനമാത്രായ നാരബ്ധാ വ്യാകൃതിസ്ത്വിയം
കിന്തു താൽപര്യവിജ്ഞപ്ത്യൈ ഗ്രന്ഥസ്യാസ്യേതി വിസ്തരഃ.

പ്രാചീനാനി വിലോക്യ
വ്യാഖ്യാനാനി ശ്രുതിസ്മൃതിന്യായാൻ
അനുസൃത്യ ചാനുഭൂതിം
ഹരിഗുരുഭക്ത്യാ ത്വിയം കൃതാ വ്യാഖ്യാ.”
ഈ ശ്ലോകങ്ങളിൽനിന്നു് കൃഷ്ണപദി രാഘവാനന്ദൻ രചിച്ചതു് ആത്മശുദ്ധിക്കുവേണ്ടിയാണെന്നും അഭ്യസിക്കുന്നവരെ കൃഷ്ണന്റെ പാദത്തിൽ ചേർക്കുന്നുതുകൊണ്ടാണു് പ്രസ്തുതവ്യാഖ്യാനത്തിനു് ആ പേർ സിദ്ധിച്ചതെന്നും കഥാകഥനം മാത്രമല്ല താൽപര്യ വിജ്ഞാപനം കൂടിയാണു് അതിന്റെ ഉദ്ദേശ്യമെന്നും പഴയ വ്യാഖ്യാനങ്ങൾ നോക്കിയും ശ്രുതിസ്മൃതിന്യായങ്ങളേയും സ്വാനുഭവത്തേയുമനുസരിച്ചുമാണു് അതു് അദ്ദേഹം നിർമ്മിച്ചതെന്നും വെളിപ്പെടുന്നു. ഓരോ സ്കന്ധത്തിന്റേയും പ്രയോജനം, അതിലടങ്ങീട്ടുള്ള വിവരങ്ങൾ, അധ്യായസംഖ്യ, ഓരോ അധ്യായത്തിന്റേയും വിഷയസൂചി മുതലായവ ഗ്രന്ഥകാരൻ കാരികാരൂപത്തിൽ അനുവാചകന്മാരെ ഗ്രഹിപ്പിക്കുന്നുണ്ടു്.

“പ്രഥമേനാധികാര്യസ്യ ശ്രവണാദൗ നിരൂപിതഃ
വിധിരസ്മിൻ സാനുബന്ധഃ സ്കന്ധേനാനേന ചിന്ത്യതേ.”
എന്നും മറ്റുമുള്ള ശ്ലോകങ്ങൾ നോക്കുക. രാഘവാനന്ദന്റെ പാഠം ചിലപ്പോൾ ശ്രീധരസ്വാമിയുടെ പാഠത്തെക്കാൾ സമീചീനമായി കാണുന്നു. ഷഷ്ഠസ്കന്ധം പത്തൊമ്പതാമധ്യായത്തിൽ ‘വിന്ദേ ദ്വിരൂപാതിരുജാ വിമുച്യതേ’ എന്നു രാഘവാനന്ദനും ‘വിന്ദേ ദ്വിരൂപാ വിരുജാ വിമുച്യതേ’ എന്നു ശ്രീധരനും പാഠം സ്വീകരിച്ചു് ‘അതിരുജാ = മഹതാ ഭയേന’ എന്നും ‘വിരുജാ = വിശിഷ്ടയാ രുജാ’ എന്നും യഥാക്രമം അർത്ഥയോജന ചെയ്യുന്നു. ശ്രീധരന്റെ വ്യാഖ്യാനം ഇവിടെ ക്ലിഷ്ടമാണെന്നു പറയേണ്ടതില്ലല്ലോ.

15.7.4രാഘവാനന്ദന്റെ കവിത
രാഘവാനന്ദൻ ഒരു ഉത്തമനായ വേദാന്തവിചക്ഷണനും വ്യാഖ്യാതാവുമെന്നുള്ളതിനു പുറമേ ഒരു കവി എന്ന നിലയിലും ആദരണീയനാണെന്നുള്ളതിനു പല ഉദാഹരണങ്ങൾ കൃഷ്ണപദിയിൽനിന്നു് എടുത്തുകാണിക്കുവാൻ കഴിയും. രണ്ടു ശ്ലോകങ്ങൾ മാത്രമുദ്ധരിക്കാം.

“അഗ്രേ ധൂളിരനന്തരം ഘണഘണഗ്രൈവേയഘണ്ടാരവഃ
പശ്ചാദുൽസ്രവദൂധസാം പഥി ഗവാമുച്ചാവചാ ഹുംക്രിയാ
താരോ വേണുരവസ്തതഃ പരിമളസ്തസ്യാസ്തുളസ്യാസ്തത–
സ്താപിഞ്ഛദ്യുതി, പിഞ്ഛശേഖരി, കിമപ്യായാതിരമ്യംമഹഃ”

“യൽകാരുണ്യകടാക്ഷവീക്ഷണലവശ്രദ്ധാലവസ്സാധവ–
സ്ത്യക്ത്വാ പുത്രകളത്രമിത്രധരണീഗേഹാദികം ദൂരതഃ
ഗ്രാമാൽ കാനനമഭ്യുപേത്യ വിജനം ഭീമം തപഃ കുവർതേ
തസ്മൈ സാത്വതപുങ്ഗവായ ഹരയേ കുര്യാം നമസ്യാം സദാ”

15.7.5ലഘുസ്തുതിവൃത്തിയും മററും
ലഘുഭട്ടാരകൻ എന്ന കവിയാൽ പ്രണീതമായ ശാരദാസ്തോത്രമാണു് സുപ്രസിദ്ധമായ ലഘുസ്തുതി. ‘ഐന്ദ്രസ്യേവ ശരാസനസ്യ ദധതീ മധ്യേ ലലാടം പ്രഭാം’ എന്ന അതിലെ പ്രാരംഭശ്ലോകം ഹൃദിസ്ഥമാക്കാത്ത ദേവീഭക്തന്മാർ അധികമില്ല. ആകെ ഇരുപത്തൊന്നുശ്ലോകമാണുള്ളതു്. ആ ഗ്രന്ഥത്തിന്റെ വൃത്തിയിൽനിന്നു രാഘവാനന്ദനു മന്ത്രശാസ്ത്രത്തിലുള്ള അസുലഭമായ അവഗാഹം വ്യക്തമാകുന്നു. ഒടുവിൽ സാമരസ്യവേദിയായ അദ്ദേഹം തന്റെ വ്യാഖ്യാനം ഇങ്ങനെ അവസാനിപ്പിക്കുന്നു.

“കൃഷ്ണസ്ത്രിലോചന ഇതി ത്രിപുരേന്ദിരേതി
ബ്രഹ്മേതി വാ യദുദിതം പരതത്വമേകം
സച്ചിൽസുഖൈകതനവേ പ്രണതോസ്മി തസ്മൈ
സർവ്വാത്മനേ സകലബന്ധവിദാരണായ.”

15.7.6പരമാർത്ഥസാരം
എൺപത്തഞ്ചു ശ്ലോകങ്ങളടങ്ങിയതും വേദാന്തരഹസ്യപ്രതിപാദകവുമായ ഒരു ഗ്രന്ഥമാണിതു്. അല്പാക്ഷരവും ബഹ്വർത്ഥവുമായ ഈ കൃതിയെ രാഘവാനന്ദൻ “അശേഷോപനിഷൽസിദ്ധവസ്തുതത്വാനുഷ്യന്ദി” എന്ന വിശേഷണം കൊണ്ടു വിശേഷിപ്പിക്കുന്നു. പ്രസ്തുത ഗ്രന്ഥത്തിനു ശേഷാര്യയെന്നും പേരുണ്ടു്. ആദ്യത്തെ രണ്ടു ശ്ലോകങ്ങൾ കഴിഞ്ഞാൽ ബാക്കിയെല്ലാം ആര്യാവൃത്തത്തിൽ നിബന്ധിച്ചിരിക്കുന്നതുകൊണ്ടാണു് അതിനു് ആ സംജ്ഞ സിദ്ധിച്ചതു്. ഗ്രന്ഥകാരനായ ശേഷൻ ആരെന്നു വെളിവാകുന്നില്ല. ആദിശേഷനെന്നു പറയുന്നതു് അസംബന്ധംതന്നെ. വ്യാഖ്യാതാവിന്റെ വേദാന്തജ്ഞാനം മുഴുവൻ ഇതിൽ ആദ്യന്തം പ്രകാശിക്കുന്നു. ഒടുവിൽ

“പരമാർത്ഥസാരവിവരണ–
മേതദ് ഗോവിന്ദചന്ദ്രചന്ദ്രികയാ
സംഹൃതസംസൃതിതാപാൽ
സംഭൂതം രാഘവാനന്ദാൽ”
എന്നൊരു ശ്ലോകവും കാണ്മാനുണ്ടു്. അതിൽ സ്മൃതനായ ഗോവിന്ദനും കവിയുടെ ഗുരുവായിരുന്നിരിക്കാം. അദ്ദേഹത്തെപ്പറ്റി ഒരറിവുമില്ല.

മുകുന്ദമാലയുടെ വ്യാഖ്യാനമായ താൽപര്യദീപികയിലും ഗ്രന്ഥകാരൻ തന്റെ അത്യത്ഭുതമായ മന്ത്രശാസ്ത്രപാണ്ഡിത്യവും ഭക്തിതത്വമമർമ്മജ്ഞതയും പ്രകടിപ്പിച്ചിട്ടുണ്ടു്. ഭാഗവതത്തിൽ നിന്നു പല ഭാഗങ്ങളും പ്രസ്തുതവ്യാഖ്യയിൽ ഉദ്ധരിച്ചുചേർത്തിരിക്കുന്നു. മുകുന്ദമാല കേരളീയകൃതിയല്ലെന്നു വാദിക്കുന്നവർ “കേരളചക്രവാളചക്രവർത്തീ” എന്നു രാഘവാനന്ദൻ കുലശേഖരനെപ്പറ്റി പ്രസ്താവിക്കുന്നതു് ഓർമ്മിക്കേണ്ടതാണു്.

“തസ്യാസ്യ സ്തോത്രരത്നസ്യ വ്യാഖ്യാം ശക്ത്യനുരോധതഃ
കരിഷ്യാമ്യാത്മശുദ്ധ്യർത്ഥം നാമ്നാ താൽപര്യദീപികാം.”
എന്നാണു് വ്യാഖ്യാതാവിന്റെ പ്രതിജ്ഞ. “കരചരണസരോജേ കാന്തിമന്നേത്രമീനേ” എന്നു തുടങ്ങുന്ന അഞ്ചാമത്തെ ശ്ലോകം വ്യാഖ്യാനിക്കുമ്പോൾ “നിർമ്മലനിസ്തരങ്ഗസംവിധാനന്ദസുധാർണ്ണവാവിർഭൂതാം, ശുദ്ധസത്വഗുണമയമായാവിരചിതമഹാദാദിതത്വഗ്രാമോപാർജ്ജിതവിഗ്രഹാം, നീരദാവദാതാകാരാം, നീരജായമാനമുഖമണ്ഡലമീനായമാന നയനയുഗളാം” ഇത്യാദി പ്രൌഢമനോഹരമായ ഒരു ഗദ്യം ഉപനിബന്ധിച്ചു തന്റെ ഗദ്യരചനാപാടവവും ആ മഹാത്മാവു പ്രത്യക്ഷമാക്കീട്ടുണ്ടു്.

15.7.7വിഷ്ണുഭുജങ്ഗപ്രയാതവ്യാഖ്യ
ഇതു തന്നാമധേയമായ ഭഗവൽപാദകൃതിക്കുള്ള ഒരു വിശിഷ്ടമായ വ്യാഖ്യാനമാകുന്നു. അതിലെ ചില പങ്ക്തികളാണു് താഴെ ഉദ്ധരിക്കുന്നതു്. “പ്രാപ്താന്തകാലായൈ ജനന്യൈ തത്വം പ്രകാശയൻ ഭുജങ്ഗപ്രയാതാഖ്യം സ്തോത്രാമൃതം തത്സന്നിധാവാസ്യാംഭോരുഹോദരാന്നിസ്സാരയാമാസ! തദിദം ശ്രീരാഘവാനന്ദനാമാ തദ്യൂഥ്യേഷ്വന്യതമോ മുനിമുഖ്യ ആസ്വാദയിതും സ്വശക്ത്യനുസാരേണ ആരഭ്യതേ” ‘തദ്യൂഥ്യ’ പദത്തിന്റെ സ്വാരസ്യംകൊണ്ടു രാഘവാനന്ദനും തൃശ്ശൂരിൽ ഏതോ ഒരു മഠത്തിലെ സ്വാമിയാരായി എന്നു് അനുമാനിക്കാവുന്നതാണു്.

ഏതു നിലയിൽ നോക്കിയാലും രാഘവാനന്ദൻ ഭാരതഭൂമിയിലെ വ്യാഖ്യാനഗ്രന്ഥകാരന്മാരുടെ ഇടയിൽ അത്യന്തം മഹനീയമായ ഒരു സ്ഥാനത്തെ അലങ്കരിക്കുന്നു.

15.7.8സർവമതസങ്ഗ്രഹം
ഇതു പശ്ചാൽകാലികനായ മാധവമന്ത്രിയുടെ സർവദർശനസങ്ഗ്രഹത്തിനു മാർഗ്ഗദർശകമായ രീതിയിൽ ഭാരതവർഷത്തിൽ അക്കാലത്തു പ്രചരിച്ചുവന്ന സർവ്വമതങ്ങളേയുംപറ്റി സംക്ഷിപ്തമായും, എന്നാൽ ശാസ്ത്രീയമായും, പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു്. ആദ്യമായി പ്രത്യക്ഷം, അനുമാനം തുടങ്ങിയ എട്ടു പ്രമാണങ്ങളെ രാഘവാനന്ദൻ നിരൂപണം ചെയ്യുന്നു; പിന്നീടു ചാർവാകാദിമതങ്ങളെപ്പറ്റിയുള്ള ചർച്ചയിൽ ഏർപ്പെടുന്നു. ഒടുവിൽ കാണുന്നതു പൌരാണികമതത്തിന്റെ പ്രതിപാദനമാണു്. ജീവബ്രഹ്മൈക്യത്തെ സ്ഥാപിച്ചുകൊണ്ടു് ഗ്രന്ഥം ഉപസംഹരിക്കുന്നു. ഇതിനു സർവസിദ്ധാന്തസങ്ഗ്രഹമെന്നും പേരുണ്ടു്.

15.7.9രാഘവാനന്ദന്റെ ശിഷ്യന്മാർ
15.7.9.1സിദ്ധാന്തപഞ്ജരം
അദ്വൈതവേദാന്തവിഷയകമായി പ്രശ്നോത്തരരൂപത്തിൽ സിദ്ധാന്തപഞ്ജരം എന്നൊരു പദ്യകൃതിയുണ്ടു്. അതിന്റെ പ്രണേതാവായ വിനായകൻ രാഘവാനന്ദന്റെ ശിഷ്യനായിരുന്നു.

“വിശ്വാത്മനാവതീർണ്ണേന രാഘവാനന്ദയോഗിനാ
മദീയ ചിത്തരങ്ഗേഽസ്മിൻ നൃത്തലീലാ വിധീയതാം.
വിനായകോഽഹം ശാസ്ത്രാണി വിമൃശ്യ പരയാ ധിയാ
കരിഷ്യാമ്യാത്മശുദ്ധ്യർത്ഥം ശാസ്ത്രം സിദ്ധാന്തപഞ്ജരം.”
എന്നും

“സിദ്ധാന്തപഞ്ജരം ശാസ്ത്രമേതൽ കേരളവർമ്മണഃ
സന്നിധൌ മടികേന്ദ്രസ്യ വിഘ്നരാജമുഖോദിതം”
എന്നുമുള്ള പദ്യങ്ങൾ ഇവിടെ ഉദ്ധർത്തവ്യങ്ങളാണു്. ‘മടികേന്ദ്രൻ’ എന്ന പദത്തിൽനിന്നു കേരളവർമ്മാവു ദക്ഷിണകർണ്ണാടകത്തിലെ ഒരു രാജാവായിരുന്നതായി ഊഹിക്കണം. നീലേശ്വരത്തു രാജാവാണോ എന്നു നിർണ്ണയമില്ല.

സിദ്ധാന്തപഞ്ജരത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനവും ഞാൻ കണ്ടിട്ടുണ്ടു്. അതിൽനിന്നു ‘വിശ്വാത്മനാവതീർണ്ണേന’ എന്ന ശ്ലോകത്തിന്റെ തർജ്ജമ താഴെ ചേർക്കാം.

“രാഘവനെന്ന യോഗിയാൽ മദീയമായിരുക്കിൻറ ഈ ചിത്തരങ്ഗത്തിൽ നൃത്തലീലാ ചെയ്യപ്പെടുവുതാക. അങ്ങനെയിരുന്നോരുത്തൻ രാഘവാനന്ദയോഗി — വിശ്വാത്മനാ അവതീർണ്ണനായിരുന്നോരുത്തൻ; സർവ്വാത്മാവായി അവതരിച്ചിരുന്നോരുത്തൻ. ഇവണ്ണം ഗുരുവിനെ നമസ്കരിച്ചു …”
ഈ ഭാഷയുടെ രീതി നോക്കിയാലും രാഘവാനന്ദന്റെ കാലം ക്രി. പി. പതിന്നാലാം ശതകത്തിന്റെ പൂർവാർദ്ധമെന്നു സങ്കല്പിക്കുവാൻ ന്യായമുണ്ടു്.

15.7.9.2ത്രിപുരോപനിഷദ്ഭാഷ്യം
ത്രിപുരോപനിഷത്തിനു് ഒരു ഭാഷ്യം നിർമ്മിച്ച രാമാനന്ദനും രാഘവാനന്ദന്റെ ശിഷ്യനാകുന്നു. ആ ഗ്രന്ഥത്തിൽ ഇങ്ങനെ കാണുന്നു.

“ശോണപ്രഭം സോമകലാവതംസം
പാണിസ്ഫുരൽപഞ്ചശരേക്ഷുചാപം
പ്രാണപ്രിയം നൌമി പിനാകപാണേഃ
കോണത്രയസ്ഥം കുലദൈവതം നഃ”
“നത്വാ ശ്രീരാഘവാനന്ദതീർത്ഥയോഗീന്ദ്രപാദുകം
ത്രിപുരോപനിഷദ്ഭാഷ്യം ക്രിയതേ തൽ കൃപാബലാൽ.”
“ശ്രീശങ്കരാചാര്യകൃതാൻ പ്രബന്ധാൻ
സൌഭാഗ്യവിദ്യാസുഭഗോദയാദീൻ
പുനഃ പുനസ്സാധു പിചിന്ത്യ ബുദ്ധ്യാ
തദധ്വനാ ഭാഷ്യമിദം കരോമി”
ഒടുവിൽ “ഇതി ശ്രീമൽപരമഹംസപരിവ്രാജകശ്രീരാഘവാനന്ദതീർത്ഥയോഗീന്ദ്ര ചരണാരവിന്ദചഞ്ചരീകായമാണാനന്ദഹൃദയ ശ്രീരാമാനന്ദവിരചിതം” എന്നൊരു കുറിപ്പുമുണ്ടു്.

15.8ദാമോദരച്ചാക്കിയാർ

ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഒടുവിൽ കായംകുളത്തു കേരളവർമ്മരാജാവിന്റെ ആശ്രിതനായി ദാമോദരച്ചാക്യാർ എന്നൊരു കവി ജീവിച്ചിരുന്നു. അദ്ദേഹം തിരുവിതാങ്കൂറിൽ കോട്ടയത്തിനു സമീപമുള്ള മാങ്ങാനത്തു ചാക്കിയാർ കുടുംബത്തിലെ ഒരങ്ഗമായിരുന്നു എന്നും നാവായിക്കുളത്തു ശങ്കരനാരായണമൂർത്തി ആ കുടുംബത്തിന്റെ പരദേവതയാണെന്നും അറിയുന്നു. ദാമോദരൻ കേരളവർമ്മരാജാവും കുട്ടത്തിയെന്ന യുവതിയും തമ്മിൽ നടന്ന വിവാഹത്തെ വിഷയീകരിച്ചു് ഒരു മണിപ്രവാളചമ്പുവും കൊച്ചി രാമവർമ്മമഹാരാജാവും കേരളവർമ്മാവിന്റേയും കുട്ടത്തിയുടേയും പുത്രിയായ ഉണ്ണിയാടിയും തമ്മിലുള്ള വിവാഹത്തെ വിഷയീകരിച്ചു ശിവവിലാസം എന്ന പേരിൽ എട്ടു സർഗ്ഗത്തിൽ ഒരു കാവ്യവും രചിച്ചിട്ടുണ്ടു്. ‘അത്രത്യോയം നിഖിലവിദ്യാപാരദൃശ്വാ ദാമോദരാഭിധാനോ ഭരതാചാര്യഃ’ എന്നു ചമ്പുവിലും,

“ഇതി മഹിതപദാബ്ജേ രൂദ്രനാരായണീയേ
മധുലിഹ ഇവ വൃത്തിം ബിഭ്രതാ ചാതകസ്യ
അലഘു ശിവവിലാസം നാമ കാവ്യം ബബന്ധേ
സുരഭിഭരതഗോത്രീയേണ ദാമോദരേണ”
എന്നു കാവ്യത്തിലും പ്രണേതൃമുദ്രയുണ്ടു്.

15.8.1ശിവവിലാസം
കേരളവർമ്മരാജാവിന്റെ അപദാനങ്ങളേയും കണ്ടിയൂർ ശിവക്ഷേത്രത്തിന്റെ മാഹാത്മ്യത്തേയും അനുവർണ്ണനം ചെയ്യുന്ന ഒരു വിശിഷ്ടകാവ്യമാകുന്നു ശിവവിലാസം. ആ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ക്രി. പി. 823-ൽ അതായതു് കോളംബാബ്ദത്തിന്റെ ആരംഭത്തിനു രണ്ടു വർഷം മുമ്പിലാണു്. ആ സംഭവത്തിന്റെ സ്മാരകമായി ഒരു പ്രത്യോകാബ്ദംപോലും കേരളത്തിൽ വളരെക്കാലത്തേക്കു നിലനിന്നിരുന്നു. “തിരുക്കണ്ടിയൂർ മാതേവർക്കു ചെല്ലാനിൻറയാണ്ടു നൂറ്റിരുപത്തിമൂൻറിൽ” അതായതു ക്രി. പി. 946-ൽ കൊടിക്കുളത്തു് ഇരവികുമാരനും മറ്റും ആ ക്ഷേത്രത്തിലേക്കു ഭൂമി ദാനംചെയ്തതായി ഒരു ശിലാരേഖയിൽനിന്നു വെളിപ്പെടുന്നു. ഉണ്ണുനീലിസന്ദേശത്തിന്റെ കാലത്തു കായംകുളം ഭരിച്ചിരുന്നതു ‘രവിവർമ്മാ’ എന്ന വൃദ്ധനായ ഒരു രാജാവായിരുന്നു. അദ്ദേഹത്തിന്റെ ഭാഗിനേയനാണു് വീരകേരളവർമ്മാവു്. കണ്ടിയൂർ ശിവന്റെ അനുഗ്രഹംകൊണ്ടു് അദ്ദേഹത്തിനു പുത്രീലാഭം സിദ്ധിച്ചതിനാലാണത്രേ ഗ്രന്ഥത്തിനു ശിവവിലാസം എന്നു പേർ വന്നതു്. വീരകേരളനെപ്പറ്റിയുള്ള പ്രശസ്തിയിൽപ്പെട്ട ഒരു ശ്ലോകം താഴെ ഉദ്ധരിക്കുന്നു.

“തസ്മിന്നാസീൽ പ്രശസ്തേ ത്രിജഗതി മതിമാൻ
ശേഖരഃ കേരളാനാം
ദിൿചക്രേ വിക്രമാവിഷ്കൃതജയപടഹഃ
കേരളോ നാമ രാജാ
യസ്യാസ്ത്രൈർഭഗ്നശേഷാ രണഭുവി വിമുഖാ–
ശ്ശത്രവോ മുക്തഹസ്താ–
ശ്ചക്രുഃ കാന്താരകന്ദോൽഖനനസഹകരം
ശസ്ത്രമേവാത്മഹസ്തേ.”
അദ്ദേഹത്തിനു കൃഷ്ണനിളയതു് എന്നൊരു മന്ത്രിയുണ്ടായിരുന്നു. ആ മന്ത്രി അന്നു വടക്കുങ്കൂർ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കടുത്തുരുത്തിയിൽ പൂതികൊട്ടില്ലത്തെ ഒരങ്ഗമായിരുന്നു. “പൂതികോട്ടെന്നുഭൂതലേ ഗീതകീർത്തിവിലാസോ നീതി ശാസ്ത്രനിഷ്ണാതഃ കൃഷ്ണാഭിധാനോഭാതി മന്ത്രിമുഖ്യഃ” എന്നു ചമ്പുവിൽ അദ്ദേഹത്തെ സ്തുതിച്ചിരിക്കുന്നു, ശിവവിലാസത്തിലും

“ഭൂതിഃ സ്ഥിരാ യത്ര നയസ്യ, നാമ്നാ
ധീരഃ ശ്രുതോ യോ ഭുവി കൃഷ്ണവീരഃ
സോഥ ദ്വിജം തം നിജരാജ്യതന്ത്ര–
സാരഥ്യകൃത്യേ വരയാഞ്ചകാര.”
എന്നു് അദ്ദേഹത്തെപ്പറ്റി ഒരു പ്രസ്താവന കാണുന്നു. അനപത്യതാ ദുഃഖം നിമിത്തം അസ്വസ്ഥനായ രാജാവിനോടു കൃഷ്ണവീരൻ കണ്ടിയൂർ ശിവനെ ഭജിക്കുവാൻ ഉപദേശിക്കുകയും അദ്ദേഹം ആ ഉപദേശമനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു. അടിയിൽ കാണുന്നതു് അത്യന്തം ഹൃദയമോഹനമായ ഒരു ശിവസ്തുതിയാണു്.

“ജയ ശംഭോ ജയോദ്വൃത്തജാഹ്നവീഭങ്ഗശേഖര;
ജയ മുണ്ഡാവലീകൢ പ്തമുക്താഹാരമഹേശ്വര;
ജയ സർവ്വാങ്ഗലഗ്നോരുദന്ദശൂകേശശൂൽകൃതേ;
ജയ കശ്മീരജപ്രേഷ്ഠചിതാഭസ്മവിലേപന;
ജയ കാഷ്ഠാകരിവ്യാഘ്രത്വൿപുഷ്ടാംശൂകവേഷ്ടന;
ജയ നീലഗളായുഗ്ദൃഗസാധാരണലക്ഷണ;
ജയ സിന്ധുരവോഗ്രാട്ടഹാസൈകാർത്താരിസിന്ധുര;
ജയ ചന്ദ്രകരാർദ്രാക്ഷിജ്വാലാധൂമാത്തചന്ദ്രക;
ജയ താമരസാക്ഷേന്ദ്രപാല്യതാപാത്രിതാമര;
ജയ ചാപലതാദഗ്ദ്ധത്രിപുരീദർപ്പചാപല;
ജയ ഗൌരവപുർദ്ധാമധ്വസ്തതാമസഗൌരവ;
ജയ സാരസദച്ഛാത്മസരസ്സത്മാംഘ്രിസാരസ.”
ശ്രീപരമേശ്വരൻ പ്രസാദിച്ചു രാജാവിനു കുട്ടത്തിയിൽ ഉണ്ണിയാടി എന്നൊരു പുത്രി ജനിച്ചു. സൌന്ദര്യത്തിനും വൈദുഷ്യത്തിനും പ്രസിദ്ധി നേടിയ ആ കുമാരിക്കു യഥാകാലം സ്വയംവരം നിശ്ചയിച്ചു. പല ദേശങ്ങളിൽനിന്നും രാജാക്കന്മാർ വന്നു. അവരിൽവച്ചു (ബഹുവ്യാപ്തി) പെരുമ്പടപ്പുരാജ്യം ഭരിച്ചിരുന്ന രാമവർമ്മാവിന്റെ അനന്തരവനും ലക്ഷ്മീരാജ്ഞിയുടെ പുത്രനുമായ രാമവർമ്മാവിനെ കന്യക ഭർത്താവായി വരിച്ചു. ആ ഘട്ടത്തിൽനിന്നു ചില ശ്ലോകങ്ങൾ ചുവടേ ചേർത്തുകൊള്ളുന്നു.

“അധ്യാസതേ കേരളഭൂഭൃതോ യാം;
യസ്യാ യഥാർത്ഥൈവ മഹോദയാഖ്യാ;
രാമാവനൌ മുഖ്യതമാ പുരീ യാ;
താമാവസത്യേഷ ദിവം വൃഷേവ.
മന്യേ സ രാമോപ്യയമേവ രാമ–
വർമ്മാന്വയഃ ക്ഷത്രമഹോനിധാനം.
ആജ്ഞാ കൃതാമപ്യമിതത്വിഷോസ്യ
ഭ്രൂ ക്ഷേപവശ്യൈവ പുരന്ദരശ്രീഃ.

നിസ്സീമമാഹോദയസത്മതോസ്യ
ദക്ഷോത്തരോദ്ദേശവിസാരി തേജഃ;
നാന്യോത്ര ഹേതുസ്തത ഏതദീയഃ
ഖ്യാതോ ബഹുവ്യാപ്തിതയാന്വവായഃ”

“ഉത്സാഹതശ്ശശ്വദുദസ്തശത്രോ–
സ്ത്യാഗാധികത്വാച്ച സമസ്തപാത്രേ
വിശ്വോത്തരം യം കഥയന്തി വീരോ–
ദാരാഖ്യമാരാധ്യമതിം കവീന്ദ്രാഃ

ന്യക്ഷേണ സംലക്ഷിതലക്ഷണൌഘ–
ലക്ഷ്യഃ ക്ഷമീ രക്ഷിതസംശ്രിതശ്രീഃ
ലക്ഷ്മ്യാസ്സുതഃ പശ്യ സ രാമവർമ്മാ
ലക്ഷ്മീവതോമുഷ്യ തു ഭാഗിനേയഃ”
എഴാം സർഗ്ഗത്തിലാണു് സ്വയംവരവർണ്ണനം; എട്ടാംസർഗ്ഗത്തിൽ സംഭോഗശൃങ്ഗാരം വിസ്തരിച്ചിരിക്കുന്നു. ഒടുവിൽ കൊടുങ്ങല്ലൂരിനു സമീപം ഒരു ശിവക്ഷേത്രത്തിൽ ഭർത്തൃസഹിതയായി ഉണ്ണിയാടി അദ്ധ്യാത്മവിദ്യ പരിചയിക്കുന്നു എന്നുള്ള പ്രസ്താവനയോടുകൂടി കവി ഗ്രന്ഥം സമാപിക്കുന്നു. അക്കാലത്തെ സാമുദായികങ്ങളായും മറ്റുമുള്ള പല വസ്തുതകൾ ധരിക്കുന്നതിനു ശിവവിലാസം വളരെ പ്രയോജനപ്പെടുന്നുണ്ടു്. കേരളത്തിലെ ഒരു ക്ഷേത്രത്തിന്റെ മാഹാത്മ്യം ഒരു രാജപുത്രിയുടെ മാഹാത്മ്യവും കൂട്ടിയിണക്കി ഇത്തരത്തിൽ വിശിഷ്ടമായ ഒരു കാവ്യം നിർമ്മിച്ച ദാമോദരകവി നമ്മുടെ ആത്മാർത്ഥമായ ശ്ലാഘയെ ആവർജ്ജിക്കുന്നു.

15.9വിടനിദ്രാഭാണം

ഉണ്ണിയാടിയുടെ പ്രാണനാഥനായ രാമവർമ്മമഹാരാജാവിന്റെ കാലത്തു് അജ്ഞാതനാമാവായ ഒരു കവി നിർമ്മിച്ചതാണു് ‘വിടനിദ്ര’ എന്ന ഭാണം. അദ്ദേഹം ആ രാജാവിനെ ആശ്രയിച്ചു കൊടുങ്ങല്ലൂരിൽ താമസിച്ചിരുന്നതായി ഊഹിക്കുവാൻ ഗ്രന്ഥം വഴിതെളിക്കുന്നുണ്ടു്. “അഹോ ചൂർണ്ണീസരിൽകല്ലോലഹസ്താലിങ്ഗിതമേഖലായാഃ കേരളകുലരാജധാന്യാഃ ശ്രീരാമവർമ്മപരിപാലിതായാ മഹോദയപുര്യാഃ” എന്നും “വികചകുമുദരജോധൂരചൂർണ്ണീ നദീസരിദൂർമ്മിമഞ്ജരീലാസ്യക്രിയാദേശികസ്സ്വയമവതരതി മാരുതഃ” എന്നുമുള്ള പ്രസ്താവനകൾക്കു പുറമേ ഗ്രന്ഥാവസാനത്തിൽ

“യാവൽ ഖണ്ഡേന്ദുമൌലിം ശ്രയതി ഗിരിസുതാ;
യാവദാസ്തേ മുരാരേ–
ർവക്ഷസ്യക്ഷീണഹാരദ്യുതിമണിശബളേ
ദേവതാ മങ്ഗളാനാം;
യാവദ്വക്ത്രേഷു മൈത്രീമുപനയതി ഗിരാ–
മീശ്വരീ പത്മയോനേ–
സ്താവല്ലക്ഷ്മീപ്രസൂതിസ്സ്വയമവതു ഭുവം
രാമവർമ്മാ നരേന്ദ്രഃ”
എന്നൊരു ഭരതവാക്യവും പ്രസ്തുതഭാണത്തിൽ സംഘടിതമായിരിക്കുന്നു. സംസ്കൃതഭാഷയിൽ ഇതുവരെ കണ്ടുകിട്ടീട്ടുള്ള ഭാണങ്ങളിൽ പഴക്കംകൂടിയവ ശൂദ്രകന്റെ പത്മപ്രാഭൃതകവും ഈശ്വരദത്തന്റെ ധൂർത്തവിടസംവാദവും വരരുചിയുടെ ഉഭയാഭിസാരികയും ശ്യാമതിലകന്റെ പാദതാഡിതകവുമാണു്. ഈ നാലു കവികളെയും പ്രശംസിച്ചു്,

“വരരുചിരീശ്വരദത്തഃ
ശ്യാമിലകശ്ശൂദ്രകശ്ച ചത്വാരഃ
ഏതേ ഭാണാൻ ബഭണുഃ;
കാ ശക്തിഃ കാളിദാസസ്യ?”
എന്നൊരു പഴയ ശ്ലോകമുണ്ടു്. വിടനിദ്രയുടെ അവസാനത്തിൽ

“സകലനിഗമവിദ്യസ്സംഗൃഹീതാർത്ഥശബ്ദ–
സ്നുതസകലരസേഭ്യഃ പ്രാക്തനേഭ്യഃ കവിഭ്യഃ
ഭവതു ശിവമശേഷപ്രാജ്ഞഹൃൽപുണ്ഡരീകോ–
ച്ഛ ്വസനദിനമണിഭ്യോ ഭാണകൃദ്ഭ്യശ്ചതുർഭ്യഃ”
എന്ന ശ്ലോകത്തിൽ സൂചിപ്പിക്കുന്നതും ഈ നാലു കവികളെപ്പററിത്തന്നെയാണു്. കേരളീയർ നിർമ്മിച്ചിട്ടുള്ള ഭാണങ്ങളിൽ ഏറ്റവും പ്രാക്തനമായിട്ടുള്ളതു് ഈ ഗ്രന്ഥമാണെന്നു തോന്നുന്നു. കവിയുടെ വാസന അസാധാരണമാണു്. ഉദാഹരണത്തിനു്, ഏതാനും ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം. (1) സ്ത്രീചാടു.

“തലോദരി തവാപാങ്ഗൈഃ ക്രീതമേകം ജഗത്ത്രയം;
ത്വാം വിനാ സ തു കന്ദർപ്പഃ കന്ദർപ്പമവലംബതേ?”
(2) ഒരു ദുഷ്കവി രചിച്ച ശ്ലോകം.

“കശ്ചിൽ കാമീ മുസലനിഹതസ്സ്വസ്ത്രിയാ സ്വച്ഛഗാത്ര്യാ
വാൿപാരുഷ്യൈഃ പ്രബന്ധൈഃ പ്രസഭമഭിഹതഃ
ശ്രോത്രയോസ്തീക്ഷ്ണതീക്ഷ്ണൈഃ”
ക്വചന വിപിനദേശേ സംസ്ഥിതശ്ചാപദാക്ഷ്യേ
ശാർദ്ദൂ ലമുദ്ധൃതരവം പ്രജിഘായ ദുഃഖീ”
ഈ ദുഷ്കവിയെ ഗ്രന്ഥകാരൻ വളരെ അപഹസിക്കുന്നുണ്ടു്. (3) സ്ത്രീചാടു.

“വിലുളിതഘനകുന്തളാ വിസർപ്പ–
ഛ്റമജലബിന്ദുരുദഗ്രഖേദവേഗാ
കലയതി തവ ഗാത്രയഷ്ടിരേഷാ
ഘടിതനിവൃത്തനിയുദ്ധമല്ലലീലാം.”
(4) തരുണീവർണ്ണനം.

“ഗ്രന്ഥിഗ്രന്ഥനിതംബലംബിരശനാ ഗാത്രേഷു സർവേഷ്വപി
സ്മാരായോധനകർമ്മഗർവപിശുനൈർവീരവ്രണൈരങ്കിതാ
താരുണ്യോപനിബദ്ധജാഗൃവി മദാലങ്കാരത്സങ്കാരിതാ
സന്ധത്തേ മമ നേത്രയോർന്നിരുപമാം പ്രീതിം ചകോരേക്ഷണാ”
(5) മേല്പടി.

“സജലജലദസ്നിഗ്ദ്ധാഃ കേശാഃ സരോജരുചൌ ദൃശൌ
ഹസതി വദനം രാകാചന്ദ്രം ലതാലളിതൌ ഭുജൌ;
സ്തനമുകുളിതം വക്ഷോ വാർത്തേവ മധ്യമിതി ധ്രുവം
വിജിതകദളീസ്തംഭാവൂരൂ ഗതം ച മദാലസം.”
(6) കൊടുങ്ങല്ലൂരിലെ അന്തിചന്ത:

“വർണ്ണാനാം വചസാം ച ന ക്രമജുഷാം ഭേദഃ പരം ദൃശ്യതേ;
സൂനാഖഡ്ഗനികൃത്തജന്തുനിവഹക്രേങ്കാരവാചാലിതാ
വക്ത്രഗ്രസ്തവിശീർണ്ണമേഷ നളകാപംക്തിശ്ശുനാം ഭ്രാജതേ
സമ്മർദ്ദഃ ക്രയവിക്രയാകുലധിയാം പ്രസ്തൌതി കോലാഹലം.”
(7) ഉപദേശം.

“ഗിരാം ഗതിമവിജ്ഞായ ഭാവം കവയതാമപി
ജനഃ പരപ്രത്യയതോ ന നന്ദതു ന നിന്ദതു.”
‘സൂത്രധാരകൃതാരംഭ’മാണു, കേരളത്തിലെ പ്രാക്തനങ്ങളായ ഇതര രൂപകങ്ങളെപ്പോലെ ഈ ഭാണവും. താഴെക്കാണുന്ന അവതരണപദ്യംകൂടി ഇവിടെ ഉദ്ധരിക്കേണ്ടതുണ്ടു്.

(8) “ജയതി സുകൃതൈഃ പ്രാഞ്ചൈർവൃത്തേ മിഥഃ കലഹോത്സവേ
ഝടിതി ദയിതേ ഗാഢോൽകമ്പപ്രണാമവിധായിനി
വിചലിതകചസ്സാരങ്ഗാക്ഷ്യാ വിലോളിതകുന്തളഃ
ശിരസി നിഹിതഃ പാദാഘാതസ്സനൂപുരനിസ്സ്വനഃ”
ഗ്രന്ഥത്തിന്റെ സ്വാരസ്യം ഈ ശ്ലോകങ്ങളിൽനിന്നു് അനുമേയമാണല്ലോ. “ശഠകോപസ്യ മുണ്ഡധാരിണഃ പള്ളീമുത്തരേണ” എന്നൊരു പങ്ക്തി കാണുന്നതിൽനിന്നു ശഠകോപനു പ്രത്യേകമായി ഒരു ക്ഷേത്രം അന്നു കൊടുങ്ങല്ലൂരുണ്ടായിരുന്നു എന്നും അതു് അവൈദികമാണെന്നു ഗ്രന്ഥകാരനെപ്പോലെയുള്ള സ്മാർത്തന്മാരായ കേരളീയർ കരുതിയിരുന്നു എന്നും കാണാവുന്നതാണു്.

കുറിപ്പുകൾ

1 വലയങ്ങൾക്കുള്ളിൽ കാണുന്ന ആണ്ടുകൾ അതാതു രാജാക്കന്മാരുടെ ജീവിതകാലത്തിൽ നമുക്കറിവുള്ളവ മാത്രമാണു്. അവ അവരുടെ ജനനമരണങ്ങളെ സൂചിപ്പിക്കുന്നില്ല.

2 പ്രാകൃതത്തിന്റെ ഛായ.

3 പ്രസ്തുതകഥയെ അടിസ്ഥാനപ്പെടുത്തി പതിനാറാംശതകത്തിൽ പിങ്ഗളിസൂരണ്ണാ എന്ന ആന്ധ്രകവി പ്രഭാവതീപ്രദ്യുമ്നം എന്ന തെലുങ്കുകാവ്യം നിർമ്മിക്കുകയുണ്ടായി.


അദ്ധ്യായം 16 - ഭാഷാകൃതികൾ – പദ്യം

(ക്രി. പി. പതിന്നാലാം ശതകം)

16.1നിരണം കവികൾ — കണ്ണശ്ശൻ പറമ്പു്

രാമചരിതകാരനാൽ ക്ഷുണ്ണമായ പാട്ടെന്ന സാഹിത്യപ്രസ്ഥാനത്തിൽ സ്വച്ഛന്ദമായി സഞ്ചരിച്ചു വിസ്മയാവഹമായ വിജയം നേടി കൈരളീദേവിയെ അനർഘങ്ങളായ ആഭരണങ്ങളണിയിച്ചു ധന്യയാക്കിയ മഹാനുഭാവന്മാരാണു് നിരണം കവികൾ. ഈ പേരിൽ മൂന്നു കവികളുണ്ടു്. അവരിൽ ഒന്നാമൻ ഭഗവദ്ഗീതാകാരനായ മാധവപ്പണിക്കരും, രണ്ടാമൻ ഭാരതമാലാകാരനായ ശങ്കരപ്പണിക്കരും മൂന്നാമൻ രാമായണാദി വിവിധപ്രബന്ധ പ്രണേതാവായ രാമപ്പണിക്കരുമാണെന്നു് ഉദ്ദേശിക്കാം. തിരുവല്ലാത്താലൂക്കിൽ നിരണം എന്ന സ്ഥലത്തു തൃക്കപാലീശ്വരം എന്നൊരു ശിവക്ഷേത്രമുണ്ടു്. ആ സ്ഥലത്തിനും ക്ഷേത്രത്തിനും മുൻകാലത്തു് ഇന്നത്തേക്കാൾ അധികം പ്രസിദ്ധിയുണ്ടായിരുന്നു. നിരണവും അതിനു ചുറ്റുപാടുമുള്ള പ്രദേശവും കൊടുങ്ങല്ലൂർപോലെ മഹോദയപട്ടണം എന്ന പേരിനാൽ അറിയപ്പെട്ടിരുന്നു. തൃക്കപാലീശ്വരംക്ഷേത്രം പെട്ടിക്കയ്മൾ എന്ന ഒരു മാടമ്പിയുടെ വകയാണു്. ഈ ക്ഷേത്രത്തിനുതൊട്ടു വടക്കുപടിഞ്ഞാറായി കണ്ണശ്ശൻപറമ്പു് എന്ന പേരിൽ ഇന്നും അറിയപ്പെടുന്ന ഒരു പറമ്പുണ്ടു്. അവിടെയായിരുന്നു നിരണം കവികളുടെ ജനനം. “ചെമ്പൊടിരുമ്പുമുരുക്കുശരക്കോലൻപത്തീരടി മുൻപുവലത്തു്” എന്നൊരു പഴയ പദ്യഖണ്ഡം ഈ പറമ്പിന്റെ സ്ഥാനത്തെ നിർദ്ദേശിക്കുന്നു എന്നു പഴമക്കാർ പറയാറുള്ളതു ശരിയല്ല. കിഴക്കോട്ടുതിരിഞ്ഞാണു് ക്ഷേത്രത്തിലെ പ്രതിഷ്ഠ. അതിനു പടിഞ്ഞാറുഭാഗത്തു കൊല്ലന്റേയും ആശാരിയുടേയും വീടുകൾ ഉണ്ടു്. അവയ്ക്കു ‘മുൻവലത്താ’യി ‘അൻപത്തീരടി’ എന്ന പേരിൽ ഒരു കളരിയും കാണ്മാനുണ്ടു്. അതുകൊണ്ടു് പ്രസ്തുതപദ്യഖണ്ഡം, കണ്ണശ്ശൻപറമ്പിനെയല്ല ‘അൻപത്തീരടി’ എന്ന കളരിയെയാണു് പരാമർശിക്കുന്നതെന്നു വേണം ഊഹിക്കുവാൻ.

16.2ചരിത്രം

നിരണംകവികളുടെ ചരിത്രത്തെപ്പറ്റി എന്തെങ്കിലും ഉപന്യസിക്കുന്നതിനുമുൻപായി അവർ തങ്ങളെപ്പറ്റി ചെയ്തിട്ടുള്ള പ്രസ്താവനകൾ ഉദ്ധരിക്കേണ്ടതു് ആവശ്യമാകുന്നു. ഭഗവദ്ഗീതയുടെ അവസാനത്തിലുള്ള രണ്ടു ശീലുകളാണു ചുവടെ ചേർക്കുന്നതു്.

“ഇതു നീ ദിവ്യദൃശാ കാൺകെൻറ്റി
വീടിയ വേദവ്യാസനിയോഗാൽ
ചതിയേ കണ്ണല്ലാൽക്കണ്ണില്ലാൻ
താരണിപതിധൃതരാഷ്ട്രനു കേൾപ്പാൻ
മതിമാനാകിയ സഞ്ജയനേവം
മരുവിയുരത്താനിതു മതിയില്ലാ
അതിബാലൻ മാധവനാമം ചേ
രഹമിത സംക്ഷേപിച്ചുരചെയ്തേൻ.
ഉരചേർന്നമരാവതിസമമായേ-
യുറ്റന ചെല്വമെഴും മലയിൻകീഴ്
തിരുമാതിൻ വല്ലഭനരുളാലേ
തെളിവൊടു മാധവനഹമിടർ കളവാൻ
പരമാദരവൊടു ചൊല്ലിയ ഞാന
പ്പനുവൽ മുകുന്ദപദാംബുജമൻപൊടു
മരനാഴിക മറവാതുരചെയ്തവ
രത്ഭുതമുക്തിപദം പ്രാപിക്കും.”
താഴെക്കാണുന്ന പാട്ടു ഭാരതമാലയുടെ അവസാനത്തിലുള്ളതാകുന്നു.

“തന്നുണർവേ സംസാരച്ഛേദ
സമസ്തവുമായേ കാലവുമെങ്ങും
ഉന്നി നിറന്തഖിലത്തിനുമൊത്തു
തുരീയാതീതവുമായുണർവായേ
തന്നുണർവായുണർവേ വടിവാകി മ
ഹാഭാരതകഥ ശങ്കരനമ്പൊടു
ചൊന്നതുരയ്പവരെയ്തുവരെന്റും
ശോകമൊഴിന്തവനന്ത സുഖത്തെ”
ഇനി ഉദ്ധരിക്കുവാൻ പോകുന്ന ഭാഗങ്ങൾ രാമപ്പണിക്കരുടെ കൃതികളിൽനിന്നാണു്.

“അവനിയിൽ നന്മചേർ നിരണം
തനിക്കൊരു ദീപമായു് വ
ന്നവതരണംചെയ്താൻ കരുണേശ
നാകിയ ദേശികൻ മ
റ്റവ്വണ്ണം പിറന്നുള്ള പുത്രരാ
മവർകൾക്കെല്ലാമൻ
പമർ മരുകൻ കനിന്തൊരു
രാമദാസനതീവ ബാലൻ,
അവനിയിൽ മുമ്പു മാമുനി താ
നിയറ്റിയ ചാരു രാമാ
യണമതുകണ്ടതീവ ചുരുക്കമാ
യിവണ്ണം മൊഴിന്താൻ.
അവനിവനെന്നെല്ലാമില്ല
സൽക്കഥാമുരചെയ്വതിന്നി
ന്നതിസുഖമെയ്തുമങ്ങിതു കേൾക്കിൽ
മറ്റിതു ചൊല്ലിനാലും.”
രാമായണം യുദ്ധകാണ്ഡത്തിന്റെ അവസാനത്തിലുള്ള ഈ പ്രസ്താവനയെ ഉത്തരകാണ്ഡത്തിന്റെ ഉപസംഹാരത്തിൽ കവി സ്വല്പംകൂടി വിസ്തരിക്കുന്നു.

“വാനുലകിനു സമമാകിയ നിരണ
മഹാദേശേ താൻ വന്നുളനായാ
നൂനമിലാത മഹാഗുരുവരനാ
യുഭയകവീശ്വരനായ മഹാത്മാ,
മാനിതനാകിയ കരുണേശൻ പര
മാത്മാവേ താനെന്നറിവുറ്റേ
ദീനത വാരാതേ മറ്റോരോ
ദേഹികളെപ്പോൽ വാണ്ണാൻ പല നാൾ.
ആനവനിരുവർ തനൂജന്മാരുള
രായാരവരുടെ സോദരിമാരായ്
മാനിനിമാരൊരു മൂവർ പിറന്നാർ;
മറ്റതുകാലമവൻ തിരുവടിയും
താനുടനേ തന്നുടലൊടു വേറായു്
ത്തനിയേ പരമാത്മാവേയായാൻ
ആനവനോടെതിരായു് വിദ്യാധിപ
രായാർ പുനരവനുടെ തനയന്മാർ.
തനയന്മാരാമവരിരുവർക്കു
സഹോദരിമാർ മൂവർക്കും മകനാ
യനുപമരായവർ മൂവരിലിളയവ
ളാകിയ മാനിനി പെറ്റുളനായാൻ,
ഇനിയ മഹാദേവാജ്ഞയിനാലേ
യിതമൊടു പാലകനാകിയ രാമൻ;
പുനരവനും നിജപാപം കളവാൻ
പുരുഷോത്തമകഥ ചൊല്ക തുനിഞ്ഞാൻ.”
ഭാഗവതംപാട്ടിന്റെ ഒടുവിൽ താഴെക്കാണുന്ന ശീലുകൾ കാണുന്നു.

“ദേവകിമകനായേയവതാരം
ദേവകൾ വിധിയാലേ ചെയ്തീടിയ
പൂവിൽ മടന്ത മണാളൻ തന്നുടെ
പുണ്യമതായീടും കഥ ചെമ്മേ
ആവിയിലുളവായീടും ദുരിത
മറും പടി രാമനുരത്തീടിയ കവി
യേവരുരത്തീടിൻറ്വരേവരു
മെയ്തീടും പരമാമറിവോടേ.”
ചുവടേ പകർത്തുന്നതു ശിവരാത്രിമാഹാത്മ്യംപാട്ടിന്റെ അവസാനത്തിൽ നിന്നാണു്.

“ഇതു നിരണത്തു കപാലീശ്വരമാർ
ന്നീടിന പശുപതിതന്നരുളാലേ
യിതമൊടവൻ തിരുവടിയുടെ ചരിത
മിയമ്പുമതിന്നു ഇനിഞ്ഞിതു മുറ്റും;
ബത! ഗുരുനാഥന്മാരറിവീടിയ
വേദവ്യാസാദികളുമെനിക്കി
ങ്ങതിസുഖമായ് നല്കീടുക വരമി
ങ്ങണയാ മമ പാതകമിതു ചൊന്നാൽ.
ആരണരാദിസമസ്തപ്രാണിക
ളാമവർകൾക്കും പാപം കളവാൻ
കാരണമാകിയ ശിവരാത്രൗ വ്രത
കഥയിതു തന്നാലായ പ്രകാരം
സാരതയില്ലാതകുതിയിരാമൻ
താൻ നിരണത്തു കപാലീശ്വരമേ
ചേരുമുമാപതി തന്നരുളാലേ
ചെയ്താനേവം ഭാഷയിനാലേ.”
ഭാരതംപാട്ടിൽനിന്നാണു് അടിയിൽ കാണുന്ന ശീൽ എടുത്തു ചേർക്കുന്നതു്.

“കളവാൻ പാപം മുന്നേ രാമ
കഥാമൊട്ടായപ്രകാരം ചൊന്നേ
നിളയാതേ ശ്രീകൃഷ്ണകഥാമിനി
യെളുതായൊരു പടി ചൊൽക നിനൈന്തേൻ;
എളിയോനകുതിയിവൻ പുനരെൻറോർ
ത്തെന്നെയിതിന്നികഴാരറിവുടയോർ;
ജളരാമവരപരാധം ചൊന്നാൽ
ച്ചേതവുമില്ല നുറുങ്ങു നമുക്കോ.”
മേൽ ഉദ്ധരിച്ച പാട്ടുകളിൽനിന്നു താഴെക്കാണുന്ന വസ്തുതകൾ വെളിപ്പെടുന്നു. നിരണമെന്ന ‘മഹാദേശ’ത്തിൽ ഒരു മഹാനുഭാവൻ അവതരിച്ചു. കരുണേശൻ എന്നായിരുന്നു അദ്ദേഹത്തിന്റെ നാമധേയം. അദ്ദേഹം ഒരു വിശിഷ്ടപണ്ഡിതനും പരമയോഗിയും ‘ഉഭയകവീശ്വര’നും അതായതു സംസ്കൃതത്തിലും ഭാഷയിലും ഒന്നുപോലെ കവനം ചെയ്യുന്നതിൽ സമർത്ഥനുമായിരുന്നു. ദീർഘായുഷ്മാനായ അദ്ദേഹത്തിനു രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. അവരിൽ ഒടുവിലത്തെ പുത്രിയുടെ മകനായിരുന്നു രാമപ്പണിക്കർ. അദ്ദേഹത്തിന്റെ അമ്മാവന്മാർ രണ്ടുപേരും അവരുടെ പിതാവിനെപ്പോലെതന്നെ ‘വിദ്യാധിപ’ന്മാരായിരുന്നു. ഇത്രയും വിവരങ്ങൾ സ്പഷ്ടമാണു്. മറ്റുചില വിവരങ്ങൾക്കു് ഐതിഹ്യത്തേയും അനുമാനത്തേയും ആശ്രയിക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി ഞാൻ ഊഹിക്കുന്നതു് ‘ഉഭയകവീശ്വര’ന്റെ പേർ കണ്ണശ്ശൻ എന്നായിരുന്നു എന്നാണു്. കണ്ണൻ എന്ന പേർ അദ്ദേഹം മഹാഗുരുവരനായപ്പോൾ കണ്ണശ്ശനെന്നു രൂപാന്തരപ്പെട്ടു. കണ്ണശ്ശൻ സംസ്കൃതീകൃതമായപ്പോൾ കരുണേശനായി പരിണമിക്കുകയും ചെയ്തു. ഇവിടെ ഒരു പൂർവ്വപക്ഷമുള്ളതു കരുണേശൻ എന്ന പദം മഹാവിഷ്ണുപര്യായമായി കവി പല അവസരങ്ങളിലും പ്രയോഗിച്ചിട്ടുണ്ടെന്നും അതുകൊണ്ടു പ്രകൃതത്തിലും ആ അർത്ഥം സ്വീകരിക്കുന്നതാണു് സമീചീനമെന്നുമാകുന്നു. കരുണേശപദം ഞാൻ മുകളിൽ ചേർത്തിട്ടുള്ള രണ്ടു പാട്ടുകളിൽ കാണുന്നുണ്ടു്. ‘മാനിതനാകിയ കരുണേശൻ പരമാത്മാവേ താനെന്നറിവുറ്റേ’ എന്ന വരിയിൽ ‘കരുണേശ’നെ കഷ്ടിച്ചു ‘പരമാത്മാ’വിന്റെ വിശേഷണമായി കരുതാമെന്നിരിക്കട്ടെ; അതിനുതന്നെയും ‘മാനിത’പദപ്രയോഗംകൊണ്ടു് അനൗചിത്യം സംഭവിക്കുന്നു എന്നുള്ളതു തൽകാലത്തേക്കു വിസ്മരിക്കാം. ‘അവതരണം ചെയ്താൻ കരുണേശനാകിയ ദേശികൻ’ എന്ന വരിയിൽ മഹാ വിഷ്ണുവുമായി കരുണേശപദത്തെ എങ്ങനെ ഘടിപ്പിക്കുവാൻ കഴിയും? ‘കരുണേശനാകിയ’ എന്നതിനു കരുണേശതുല്യനായ എന്നു് അർത്ഥയോജന ചെയ്യുന്നതു ശരിയായിരിക്കുമോ? അതു കൊണ്ടു് എന്റെ ഇപ്പോഴത്തെ സ്ഥിരമായ അഭിപ്രായം രാമപ്പണിക്കരുടെ മാതാമഹന്റെ പേർ കണ്ണശ്ശനെന്നായിരുന്നു എന്നു തന്നെയാണു്. എന്നാൽ രാമപ്പണിക്കരേയും കണ്ണശ്ശനെന്നു വിളിച്ചിരുന്നു എന്നും പക്ഷേ അനുമാനിക്കാം. അദ്ദേഹത്തിന്റെ രാമായണത്തിനു കണ്ണശ്ശരാമായണമെന്നു പേർവന്നതു് ഇന്നോ ഇന്നലെയോ അല്ല.

“പരൻകഥയൈക്കമ്പർ പന്തീരായിരത്താൽ
പകർന്ത കഥൈ കണ്ണശ്ശനിൽപ്പാതിയാം.”
എന്നതു് ഒരു പഴയ പാട്ടാണു് എന്നു നാം കണ്ടുവല്ലോ. കണ്ണശ്ശപ്പണിക്കർ സാഹിത്യത്തിലെന്നതുപോലെ വിനോദവ്യവഹാരത്തിലും വിദഗ്ദ്ധനായിരുന്നു എന്നൊരൈതിഹ്യമുണ്ടു്. അദ്ദേഹത്തിന്റെ പല നേരമ്പോക്കുകളിൽ ഒന്നുമാത്രം ഇവിടെ പ്രസ്താവിക്കാം. അദ്ദേഹം സ്വഗൃഹത്തിൽ ഏതോ ഒരടിയന്തിരത്തിനു് അയൽവീടുകളിൽനിന്നു് ഓരോ ഉരുളി ഇരവലായി വാങ്ങുകയും അവ തിരിയെ ഏല്പിച്ചപ്പോൾ ഓരോ കൊച്ചുരുളികൂടി കൊടുക്കുകയും ചെയ്തു. അതിനെപ്പറ്റി ചോദിച്ചവരോടു് അദ്ദേഹത്തിന്റെ സമാധാനം വലിയ ഉരുളികൾ കൊച്ചുരുളികളെ പ്രസവിച്ചു എന്നായിരുന്നു. ഉടമസ്ഥന്മാർ രണ്ടുരുളികളും സന്തോഷത്തോടുകൂടി സ്വീകരിച്ചു. മറ്റൊരടിയന്തിരത്തിനു വീണ്ടും ഓരോ ഉരുളി ആവശ്യപ്പെട്ടപ്പോൾ ഒട്ടുവളരെപ്പേർ അതു കൊടുക്കുവാൻ മുന്നോട്ടുവന്നു. പണിക്കർ ആ ഉരുളികൾ ഒന്നും തിരിയെ ഏല്പിച്ചതേയില്ല. കാരണം ചോദിച്ചപ്പോൾ അവയെല്ലാം ചത്തുപോയെന്നു പറയുകമാത്രമാണുണ്ടായതു്. പെറ്റുണ്ടാകുന്നതു ചാകുകയും ചെയ്യുമല്ലോ, എന്നായിരുന്നു അദ്ദേഹത്തിന്റെ യുക്തി. ഒടുവിൽ അമിതമായ ആശകൊണ്ടുണ്ടാകുന്ന ആപത്തു് ആ ദിഗ്വാസികളെ മനസ്സിലാക്കിയതിനുമേൽ ഉരുളികളെല്ലാം മടക്കിക്കൊടുക്കുകയും ചെയ്തുവത്രേ. ഇത്തരത്തിലുള്ള അടവുകൾ യോഗിവര്യനായ സാക്ഷാൽ കണ്ണശ്ശൻ കാണിച്ചിരിക്കുമോ എന്നു സംശയമാണു്. അതുകൊണ്ടു് ആ വഴിക്കും രാമപ്പണിക്കർക്കു കണ്ണശ്ശനെന്നുകൂടി (മാതാമഹന്റെ നാമധേയം) പേരുണ്ടായിരുന്നിരിക്കാമെന്നു് അനുമാനിക്കുന്നതിൽ വലിയ പ്രമാദത്തിനു വകയുണ്ടെന്നു തോന്നുന്നില്ല. എന്നാൽ എന്റെ ഊഹം ആ ഐതിഹ്യത്തിലല്ല അധിഷ്ഠിതമായിരിക്കുന്നതു് എന്നു് ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഒരാൾക്കു നാമകരണമുഹൂർത്തത്തിൽ ഒരു പേരും അനന്തരം വാത്സല്യദ്യോതകമായി മറ്റൊരു പേരും നല്കുന്നതു് അഭൂതപൂർവമല്ല; രണ്ടിനും തമ്മിൽ ആർത്ഥികമായി വല്ല ബന്ധവുമുണ്ടായിരിക്കണമെന്നു് നിയമവുമില്ല. ‘കരുണേശനാകിയ ദേശികൻ’ എന്ന പ്രസ്താവനയിൽനിന്നു് ഒന്നിലധികം ‘ഗുരുനാഥന്മാർ’ ഉണ്ടായിരുന്നിരിക്കാവുന്ന രാമപ്പണിക്കരുടെ ഒരു ഗുരു “പലനാൾ വാണ്ണ” തന്റെ മാതാമഹൻ തന്നെയാണെന്നും വരാവുന്നതാണു്.

16.3മൂന്നു കവികൾക്കും തമ്മിലുള്ള സംബന്ധം

ഭഗവദ്ഗീതയും ഭാരതമാലയും രാമായണാദികൃതികളും സൂക്ഷ്മദൃഷ്ട്യാ വായിക്കുന്ന ഒരാൾക്കു് അവയെല്ലാം ഏകദേശം ഒരേ കാലത്തു് വിരചിതങ്ങളായ പ്രബന്ധങ്ങളാണെന്നു കണ്ടുപിടിക്കുവാൻ പ്രയാസമുണ്ടാകുന്നതല്ല. ആ പാട്ടുകൾക്കു് എതുക, മോന, അന്താദിപ്രാസം, വൃത്തവിശേഷം ഈ ലക്ഷണങ്ങളെല്ലാമുണ്ടു്. ദ്രമിഡസംഘാതാക്ഷരനിബദ്ധമല്ലെന്നുള്ളതു് അവയെ രാമചരിതത്തിൽനിന്നു വ്യാവർത്തിപ്പിക്കുന്നു. മൂന്നു കവികളും തിരഞ്ഞെടുത്തിട്ടുള്ള വൃത്തങ്ങളും സമാനരൂപങ്ങളാകുന്നു. രാമചരിതത്തിൽ കാണുന്ന പഴയ മലയാളപദങ്ങളും പ്രയോഗങ്ങളും പ്രായേണ നിരണം കൃതികളിലുമുണ്ടു്. എന്നാൽ മലയാളത്തിനു സംസ്കൃതസമ്പർക്കംകൊണ്ടുള്ള കാലാനുസൃതമായ വികാസം അവയിൽ എവിടേയും പ്രസ്പഷ്ടവുമാണു്. ‘ഏഷ കഷായപടാവൃത കടിതടശോഭിതനായ്വാമാംസേ’ എന്നും ‘പുഷ്കരപത്രമനോഹരനേത്രേ പൂർണ്ണശശാങ്കനിഭാനനരമ്യേ’ എന്നും ‘അവ്യക്തം പരിപൂർണ്ണമഹം പുനരഖില ചരാചരഭൂതം’ എന്നും മറ്റും പ്രയോഗിക്കുവാൻ അവർക്കു യാതൊരു കൂസലും തോന്നിയില്ല. രാമപ്പണിക്കർ താൻ നിരണത്തുകാരനും തൃക്കപാലീശ്വരത്തു ശിവന്റെ ഉപാസകനുമാണെന്നു തുറന്നു പറയുന്നുണ്ടു്. ശങ്കരൻ ആ വിഷയത്തിൽ മൂകനാണു്. അദ്ദേഹത്തെ ഒരു പ്രതീകത്തിൽ ‘ഇതി വെള്ളാങ്ങല്ലൂർ ശങ്കരവിരചിതായാം ഭാരതമാലായാം’ എന്നു രേഖപ്പെടുത്തീട്ടുള്ളതായി അറിയുന്നു. ആ കുറിപ്പിൽനിന്നുമാത്രം മാധവൻ കൊച്ചിയിലെ വെള്ളാങ്ങല്ലൂർക്കാരനാണെന്നു് അനുമാനിക്കേണ്ടതില്ല. മാധവപ്പണിക്കർ താൻ മലയിൻകീഴു് ശ്രീകൃഷ്ണന്റെ ഭക്തനാണെന്നു് പ്രസ്താവിച്ചിരിക്കുന്നു. മലയിൻകീഴ്കാരനെ എങ്ങനെ നിരണവുമായി ഘടിപ്പിയ്ക്കാമെന്നു ചിലർ ചോദിക്കാറുണ്ടു്. അതിനു സംശയം നീങ്ങത്തക്ക വിധത്തിൽ ഉത്തരം പറവാൻ കഴിയും. മലയിൻകീഴിൽ തിരുവല്ലാ വിഷ്ണുക്ഷേത്രംവക വസ്തുക്കൾ ഉണ്ടായിരുന്നു എന്നു തിരുവനന്തപുരം കാഴ്ചബങ്കളാവിൽ സൂക്ഷിച്ചിട്ടുള്ളതും ക്രി. പി. പതിനൊന്നാം ശതകത്തോടടുപ്പിച്ചു് ഉത്ഭവിച്ചതെന്നു് ഊഹിക്കാവുന്നതുമായ ഒരു താമ്രശാസനത്തിൽനിന്നറിയുന്നു. കൊല്ലം 921 കന്നി 2-ാംനുയിലെ ഒരു രേഖയിൽ ‘തിരുവല്ലാക്ഷേത്രത്തിലേയും പെരിങ്ങര തൃക്കോവിലിലേയും മലയിൻകീഴിടപ്പെട്ട ക്ഷേത്രങ്ങളിലേയും’ എന്ന വാചകമുള്ള ഒരു ‘സാക്ഷിയോലക്കാര്യം’ കാണ്മാനുണ്ടു്. മലയിൻകീഴു്തേവരെതിരുവല്ലാത്തേവരെപ്പോലെതന്നെ ‘തിരുവല്ലഭൻ’ എന്നു ഒരു സ്തോത്രത്തിൽ പ്രസ്തുതകവികളിൽ ഒരാൾ വന്ദിച്ചുകാണുന്നു. ‘ചൊല്ലാർന്നന മലയിൻകീഴ്ത്തിരുവല്ലഭനേ’ എന്നാണു് അദ്ദേഹം ആ ദേവനെ അഭിസംബോധനം ചെയ്യുന്നതു്. ഇവയിൽനിന്നു് മലയിൻകീഴു് ക്ഷേത്രം തിരുവല്ലാ ക്ഷേത്രത്തിന്റെ കീഴീടായിരുന്നു എന്നൂഹിക്കാം. ഈ ക്ഷേത്രങ്ങൾ തിരുവല്ലാദേശികളും പ്രതാപശാലികളുമായ പത്തില്ലത്തിൽ പോറ്റിമാരുടെ വകയായിരുന്നു. നിരണം, തിരുവല്ലാ ക്ഷേത്രസങ്കേതത്തിനു തെക്കാണെങ്കിലും ആ ഗ്രാമത്തിന്റെ ഒരു ഭാഗമായിരുന്നു. ആ വഴിക്കു പത്തില്ലത്തിൽ പോറ്റിമാരുടെ കാര്യസ്ഥനെന്ന നിലയിൽ കണ്ണശ്ശപ്പണിക്കർക്കും അദ്ദേഹത്തിന്റെ കുടുംബക്കാർക്കും മലയിൻകീഴിൽ താമസിക്കേണ്ട ആവശ്യം നേരിട്ടിരുന്നിരിക്കാവുന്നതാണു്. അദ്ദേഹം മലയിൻകീഴു് നിന്നു സ്വദേശത്തേക്കു മടങ്ങിപ്പോകുമ്പോൾ ഏതോ ഒരു മലയ്ക്കുമുകളിൽവെച്ചു പരഗതിയെ പ്രാപിച്ചതായി ഐതിഹ്യമുണ്ടു്. അദ്ദേഹത്തിന്റെ പുത്രന്മാരായ രണ്ടു ‘വിദ്യാധിപന്മാ’രിൽ ഒരാൾ മാധവപ്പണിക്കരും മറ്റൊരാൾ ശങ്കരപ്പണിക്കരുമായിരിക്കാം. അവരെല്ലാവരും സംസ്കൃതത്തിൽ അസാധാരണമായ വൈദുഷ്യം സമ്പാദിച്ചിരുന്നു. ഇതരജാതിക്കാരുടെ വിദ്യാഭിവൃദ്ധിക്കു മലയാളബ്രാഹ്മണർ വിരോധികളായിരുന്നു എന്നുള്ള അപവാദത്തെ ഈ വസ്തുത ഏറെക്കുറെ മാർജ്ജനം ചെയ്യുന്നു.

16.4കാലം

പ്രസ്തുതകവികൾ ജീവിച്ചിരുന്ന കാലം ഏതെന്നാണു് അടുത്തതായി വിചാരണ ചെയ്യേണ്ടിയിരിക്കുന്നതു്. ഭാരതമാലയുടെ ഒരു പ്രതി കൊല്ലം 612-ൽ എഴുതിവച്ചിരുന്നതു 614-ൽ പകർത്തിയതിനും മറ്റൊരു പ്രതി 689-ൽ പകർത്തിയതിനും പര്യാപ്തമായ ലക്ഷ്യമുണ്ടു്. 614-ലെ ഗ്രന്ഥം ഗോവിന്ദപിള്ള സർവാധികാര്യക്കാരും ഞാനും കണ്ടിട്ടുണ്ടു്. തിരുവല്ലത്തിനു സമീപമുള്ള അമ്പലത്തുറ ആശാന്റെ വകയായിരുന്നു ആ ഗ്രന്ഥം; അതിപ്പോൾ എവിടെയാണെന്നു രൂപമില്ല. 614-ൽ ഗ്രന്ഥം പകർത്തിയതു നിർമ്മാതാവിന്റെ അനുവാദത്തോടുകൂടിയായിരുന്നു എന്നു ഗോവിന്ദപ്പിള്ള പറയുന്നതിനു് ആധാരമൊന്നും കാണുന്നില്ല. 689-ലെ ഗ്രന്ഥത്തിൽ അതു 12-ലെ ഗ്രന്ഥം പകർത്തിയതാണെന്നു പ്രസ്താവിച്ചിട്ടുണ്ടു്. ഈ തെളിവുകൾ വച്ചുകൊണ്ടും ഭാഷയുടെ ഗതിയെ ആസ്പദമാക്കിയും ഉദ്ദേശം കൊല്ലം 525നു മേൽ 625നു് അകം ഈ കവികൾ ജീവിച്ചിരുന്നു എന്നു ഞാൻ അനുമാനിക്കുന്നു.

16.5ഭഗവദ്ഗീത

സകലോപനിഷത്സാരസർവസ്വവും ഭാരതീയരുടെ ആത്മാഭിമാനത്തിനു സർവഥാ നിദാനവുമായ ഭഗവദ്ഗീത സംസ്കൃതത്തിൽനിന്നു മലയാളത്തിൽ വിവർത്തനം ചെയ്തു കേരളീയർക്കു പരമോപകർത്താവായിത്തീർന്ന മാധവപ്പണിക്കരുടെ സദ്വ്യവസായത്തെ എത്രതന്നെ ശ്ലാഘിച്ചാലും മതിയാകുന്നതല്ല. ഗീതയ്ക്കു് ഇന്നു ഭാഷയിൽ പദ്യരൂപത്തിലും ഗദ്യരൂപത്തിലും പല തർജ്ജമകളുമുണ്ടു്. എങ്കിലും അറുന്നൂറോളം കൊല്ലങ്ങൾക്കുമുമ്പു് അന്യഭാഷകളിൽ പ്രസ്തുത ഗ്രന്ഥം സംക്രാന്തമാകാതെയിരുന്ന ഒരു കാലത്തു് അതിന്റെ മനോഹരമായ ഒരു വിവർത്തനംകൊണ്ടു സ്വഭാഷയെ പോഷിപ്പിച്ച പ്രസ്തുത കവിയോടു കേരളീയർ എന്നെന്നേക്കും കൃതജ്ഞന്മാരായിരിക്കുന്നതാണു്. ചോളദേശത്തിൽ ശീയാഴി (ശിർകാഴി) ക്കു സമീപം ജീവിച്ചിരുന്ന പട്ടനാർ എന്നൊരു കവി ഗീത തമിഴിൽ തർജ്ജമ ചെയ്തിട്ടുണ്ടു്. ആ തർജ്ജമയ്ക്കും പണിക്കരുടെ തർജ്ജമയ്ക്കും തമ്മിൽ അത്യത്ഭുതമായ ഐകരൂപ്യം കാണുന്നു എന്നു് ഇവിടെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. “ഉറ്റവരിൽപ്പെരുകീടിന കൃപയാമൊരു തിമിരം വന്നെന്നുടെ ഹൃദയേയുറ്ററിവാം കണ്ണേറെ മറഞ്ഞിട്ടൊരു നെറിയും കാണാതിടരുറ്റേൻ” എന്ന പണിക്കരുടേയും “ആതലായറിവായ വഴിയിനൈ മറ്റാങ്കവർ പാർ കാതലാമിരുൺമറൈപ്പു നെറിയെങ്കുംകാണേ നാൻ” എന്ന പട്ടനാരുടേയും വരികൾ നോക്കുക. ഇതുപോലെ അനവധി ഭാഗങ്ങളിൽ പ്രകടമായ സാദൃശ്യമുണ്ടു്.

“ചേയമാമതുരൈ നിൻറു ചേമമാന കരം തേടി
യായനാർ പട്ടനാരായവതരിത്തരുളിനാലേ
പോയനാൺ മൊഴിന്ത കീതൈ പുലപ്പെടുത്തുവതു മൻറി
ത്തൂയമാതവർക്കു മിന്തച്ചുരുതി നൂറ്റൊടങ്കിനാരേ”
എന്നൊരു പഴയ പാട്ടുമുള്ളതായി അറിയുന്നു. എന്നാൽ പട്ടനാരുടെ കാലം ഇന്നും അജ്ഞാതമാണു്. അദ്ദേഹത്തിനു ദ്രാവിഡകവികളുടെ ഇടയിൽ ഗണനീയമായ ഒരു സ്ഥാനവുമില്ലതാനും. അതുകൊണ്ടു് രണ്ടു കൃതികൾക്കും തമ്മിലുള്ള ജന്യജനകഭാവം തീർച്ചപ്പെടുത്തുവാൻ തരമില്ലാതെയാണിരിക്കുന്നതു്. അന്നു തമിഴ്നാട്ടിനും കേരളത്തിനും തമ്മിൽ ഇന്നത്തേക്കാൾ കൂടുതൽ സംസ്കാരസമ്പർക്കമുണ്ടായിരുന്നതിനാൽ തമിഴ്ക്കൃതി നോക്കിത്തന്നെ മലയാളകൃതി രചിച്ചിരിക്കണമെന്നു തീരുമാനിക്കുവാൻ എനിക്കു ധൈര്യം തോന്നുന്നില്ല. ഏതായാലും മാധവപ്പണിക്കർക്കു തമിഴ്ക്കൃതിയുടെ സഹായം ആവശ്യമില്ലായിരുന്നു എന്നു പറയത്തക്കവിധത്തിലുള്ള സംസ്കൃതജ്ഞാനം സിദ്ധിച്ചിരുന്നു എന്നു ഭാഷാഭഗവദ്ഗീതയിൽ സ്പഷ്ടമായി കാണുന്നുണ്ടു്. അദ്ദേഹം ശങ്കരഭഗവൽപാദരുടെ ഗീതാഭാഷ്യം വായിച്ചിരുന്നു എന്നുള്ളതിനും അതിൽ തെളിവുണ്ടു്. എഴുനൂറു ശ്ലോകങ്ങളടങ്ങിയ ഗീത നമ്മുടെ കവി 328 ശീലുകളായി തർജ്ജമ ചെയ്തിരിക്കുന്നു. “ഭക്തിയിനാൽ ഭഗവദ്ഗീതാർത്ഥം പരിചൊടു ചൊൽവാനായു് നിനവുറ്റേൻ” എന്നും “അഹമിതു സംക്ഷേപിച്ചുരചെയ്തേൻ” എന്നും പറഞ്ഞിട്ടുള്ളതിൽനിന്നു് അദ്ദേഹത്തിനു ഗീതാർത്ഥം സംക്ഷിപ്തമായി ഭാഷയിൽ പ്രദർശിപ്പിക്കണമെന്നു മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളു എന്നു കാണാവുന്നതാണു്. കവി അത്യന്തം അനുദ്ധതനാണെന്നു താഴെക്കാണുന്ന പാട്ടുകൾ തെളിയിക്കുന്നു.

“ഒരു പടിയോഗത്താലുള്ളിൽക്ക
ണ്ടുത്തമനാകിയ വേദവ്യാസൻ
തിരുവടി ചൊല്ലിയ പുണ്യപുരാണം
തികയെച്ചൊല്ലുവനെന്നു നിനച്ചതു
പെരുമതകും ശ്രീപാൽക്കടൽ കണ്ടു
പിപീലി കുടിപ്പാൻ കരുതിയതൊക്കും;
ഗുരുജനമായ മഹാജനമിതിനൊരു
കുറപറയായ്കെന്നടിമലർ തൊഴുതേൻ.
മലരയനൊടു നേർ വേദവ്യാസൻ
മറ്റും സംസ്കൃതപദ്യങ്ങളിനാൽ
നലനല നാനാർത്ഥങ്ങളുരത്തതു
ഞാനും ഭാഷാകവിയിലുരപ്പൻ;
വിലയറിവാനരുതാകിയ രത്നം
വേറൊരു പൊന്നിൻചെപ്പിലതല്ലാ
ലലവലയാകിയ തുകിലിൽപ്പൊതികിലു
മതിനുടെ മഹിമവിരോധം വരുമോ?”
“പാരാശര്യമഹാമുനിതിലകൻ
പതിനെട്ടദ്ധ്യായത്തിലുരത്തതു
നാരായണനരുളാലൊരു നരകൃമി
ഞാനുമിതൊരു പടി ചൊല്ക തുനിഞ്ഞേൻ.”
എന്നും അദ്ദേഹം വിജ്ഞാപനം ചെയ്യുന്നുണ്ടു്. ഇവയിൽ ആദ്യത്തെ ശീലിലേ ഉപമ കവി കമ്പരാമായണത്തിൽനിന്നു സ്വീകരിച്ചിട്ടുള്ളതാണു്. മേലുദ്ധരിച്ച ഭാഗങ്ങളിൽനിന്നു് കവിതയുടെ സ്വരൂപം മനസ്സിലാക്കാമെങ്കിലും രണ്ടു ശീലുകൾ കൂടി ഉദ്ധരിക്കാം.

“അഴുതളവേ കണ്ണീർ മെയു് മാർവി-
ലതീവ പൊഴിഞ്ഞുടനർജ്ജുനഹൃദയേ
മുഴുതുമെഴും ശോകാഗ്നി ശമിക്ക
മുകുന്ദാഞ്ജനമേഘം തന്നിടയേ
അഴകിയ മന്ദസ്മിതമിന്നോടു
മനന്തരമേ ചൊൽ ധാരകളോടും
വഴിയേയുണ്മ ജ്ഞാനമൃതമഴ
വർഷിപ്പാൻ വടിവൊടു നിനവുറ്റാൻ (2 – 6)
നാടുകിൽ നല്ക്കുസുമങ്ങളിലുണ്ടാം
നന്മണമതിനെ വഹിച്ച സമീരണ
നോടുമതിന്നു സമം വിഷയാദിക
ളൊക്കയുമേ തന്നിൽക്കൊണ്ടങ്ങനെ
ഈടിയ ദേഹമൊടകലുംപോതിലു
മിടരൊടു വന്നു പിറപ്പതിനായേ
കൂടൊരുകൂടെയ്തും പോതിലുമിവ
കൂടെക്കൊണ്ടു നടക്കും പ്രാണൻ.” (15 – 7)

16.6ഭാരതമാല

ഭാരതമാലയിൽ ആദ്യം ഭാഗവതം ദശമസ്കന്ധത്തിലേ കഥ സങ്ഗ്രഹിക്കുന്നു. പിന്നീടാണു് മഹാഭാരതകഥ ആരംഭിക്കുന്നതു്. ദശമകഥാസങ്ഗ്രഹത്തിനുമാത്രം ഭാരതമാലയെന്നും ബാക്കിയുള്ളതിനു മഹാഭാരതസംക്ഷേപമെന്നും ഒരാദർശഗ്രന്ഥത്തിൽ പ്രത്യേകം രണ്ടു പേരുകൾ ഞാൻ കണ്ടിട്ടുണ്ടെങ്കിലും ആദ്യത്തേതിനുമാത്രം ഭാരതമാലയെന്നു പേർ യോജിക്കാത്തതിനാൽ മുഴുവൻ കൃതിക്കും അതുതന്നെയാണു് നാമധേയമെന്നു് ഊഹിക്കുന്നു. കവി ആരംഭത്തിൽ ഇങ്ങനെ പറയുന്നു.

“ഞാനം മിക്ക ജനം തുണചെയ്തൊരു
ഞാനമെനിക്കുണ്ടാവാനായേ;
വാനം തന്നിലുദിക്കും ചന്ദ്രനു
വന്തിയലും മിന്മിനി, യുർവശിമുൻ
കാനം തന്നിൽ വസിക്കും പേ പല
കാണവളോടിയലുംപോലേയും
ഞാനറിവറിവാനായവനരുളാൽ
നാരായണചരിതം ചൊല്ലുന്നിതു.
നാരായണചരിതം വ്യാസോക്തം
നാനാവേദപുരാണാഗാരം
ചീരായിതു പണിയറിവാനെളിയൊരു
ശ്രീകഥ ഭാരതമാലയിതെന്നും
പേരാൽ നിഷ്കളനാദി പുരാണൻ
പേരായിരമുള്ളച്യുതനമലൻ
നാരായണനരുളാലേ ചൊല്ലി
നശിച്ചിതു പാപമെനിക്കിനിയെല്ലാം.”
കഥാസങ്ഗ്രഹത്തിൽ കവിക്കുള്ള പാടവം അന്യാദൃശമാകുന്നു. 1363 ശീലുകൾകൊണ്ടു് ദശമസ്കന്ധവും മഹാഭാരതവും സംക്ഷേപിക്കുക എന്നതു് അത്യത്ഭുതമായ ഒരു കവികർമ്മമല്ലെന്നു് ആർക്കു പറയാം? ചുരുക്കേണ്ട ഘട്ടങ്ങളിൽ ചുരുക്കിയും പരത്തേണ്ട ഘട്ടങ്ങളിൽ പരത്തിയുമാണു് ശങ്കരപ്പണിക്കർ അദ്ദേഹത്തിന്റെ കൃത്യം നിർവഹിച്ചിരിക്കുന്നതു്. സംഭവപർവത്തിൽ 54 ശീലുകളേ ഉള്ളു എങ്കിലും ഭാരതകഥയുടെ യഥാർത്ഥബീജമാകുന്ന ദ്രൌപദീവസ്ത്രാക്ഷേപം അന്തർഭവിക്കുന്ന സഭാപർവത്തിനു കവി 135 ശീലുകൾ വിനിയോഗിച്ചിരിക്കുന്നതു് അദ്ദേഹത്തിന്റെ ഔചിത്യബോധത്തിനു മകുടോദാഹരണമാകുന്നു. സംഭവപർവത്തിൽ ശന്തനുവിന്റെ ജനനത്തിനു മുമ്പുള്ള കഥകളൊന്നും സ്പർശിച്ചിട്ടില്ല. മാതൃക കാണിക്കാൻ ചില ശീലുകൾ ചുവടേ ചേർക്കുന്നു.

(1) പാഞ്ചാലീസ്വയംവരം
“അരുതെൻറാശങ്കിച്ചാർ വിപ്രരു
മാകിൽച്ചെല്കെൻറാരതിലേ ചില
രൊരുനൊടിയിൽക്കൊണ്ടവർകളെ വാസവി
യൊക്കവലംചെയ്തരചർകൾ നടുവേ
പൊരു ചിലതന്നെ നമസ്കൃതി ചെയ്തഥ
പൊടിയുമൊഴിഞ്ഞു തൊടുത്താൻ വാണം
കരുതിയ ലക്ഷവുമെയ്തു മുറിച്ചു
കരുത്തൊടു വന്നവൾ മാലയുമിട്ടാൾ
ഇട്ടാരമരർകൾ പൂ വിജയന്മേ
ലിതു ദൈന്യം താനെൻറാരരചർകൾ;
കഷ്ടാവസ്ഥയിതെൻറാർ മറയവർ;
കടുകെതിർ പൊരുതു തുലഞ്ഞാർ കൗരവർ;
കെട്ടാർ ദുര്യോധനകർണ്ണാദികൾ;
ഖേദിതരായേ പോയാർ തോറ്റേ;
വിട്ടാർ തേർ പാണ്ഡവർകളുമുടനേ
വിരയപ്പോയ് മാതാവിനു ചൊന്നാർ.”

(2) പാണ്ഡവന്മാരുടെ ധർമ്മനിഷ്ഠ
“ആലേപനഭോജനവസ്ത്രാദിക
ളാലേ സന്തോഷിച്ചിതു മറയവർ;
കാലേറിയ കുടയോടു ചെരിപ്പു
ഗജാശ്വാദികൾ ദാസീദാസരെയും
പാലേറിയ പശുവോടു കടാവു
പലർക്കു കൊടുത്തദ്ധർമ്മസുതാദികൾ;
നൂലേറിയ മാർവുടയ തപോധനർ
നുണ്ണറിവുടയോർ കൊണ്ടിതുവന്നേ.”

(3) പാഞ്ചാലിയുടെ വിലാപം
“അച്യുത ശരണമനന്താ ശരണ
മനത്തുയിരാകിയവമലാ ശരണം;
പിച്ചയിരന്നു മഹാബലിയസുരനു
പീഡ വരുത്തിയ വാമന, ശരണം;
നച്ചരവിൽ [1] ത്തുയിൽ കൊണ്ടാ ശരണം
നാരായണ രക്ഷിച്ചരുളെന്റേ
യച്ചമൊടവൾ ചൊന്നതിനുത്തരമാ
യാരുമുരത്തില്ലവരവരഴുതേ.”

(4) കർണ്ണവധം
“ഇല്ലയിതിന്നു സമം മറ്റൊരു ശര
മിതുകൊണ്ടേ ഞാൻ കൊൽവൻ കർണ്ണനെ
നല്ല ഗുരുക്കളനുഗ്രഹമോടേ
നല്കുക ഹോമാദികൾ ഫലമെന്റേ
എല്ലയിലാ വെലമൊടു ഗാണ്ഡീവ
മെടുത്തു വലിച്ചൊരു മഴുവമ്പാലെ
ചൊല്ലി മുറിച്ചാൻ കർണ്ണനുടേ തല
ചോരയൊടവനിയിൽവീണ്ണതുകാലം.” (കർണ്ണപർവം)

16.7രാമപ്പണിക്കരുടെ കൃതികൾ

രാമപ്പണിക്കരുടെ കൃതികളെന്നു് ഉറപ്പിച്ചു പറയാവുന്നതു് (1) രാമായണം (2) ഭാഗവതം (3) ശിവരാത്രിമാഹാത്മ്യം (4) ഭാരതം ഇവയാണു്. ഒരമ്മാനപ്പാട്ടും ഗണപതിയുംകൂടി അദ്ദേഹത്തിന്റെ വകയായി കരുതാം. ഇവയ്ക്കുപുറമേ (5) ബ്രഹ്മാണ്ഡപുരാണം ഗദ്യം (6) ഗുരുഗീത (7) പാത്മപുരാണം എന്നീ ഗ്രന്ഥങ്ങൾകൂടിയുണ്ടെന്നു ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ പറയുന്നു. പാത്മപുരാണം ഇതുവരെ കണ്ടുകിട്ടീട്ടില്ല. അതു ശിവരാത്രിമാഹാത്മ്യം തന്നെയായിരിക്കാനിടയുണ്ടു്. ബ്രഹ്മാണ്ഡപുരാണത്തെപ്പറ്റി അന്യത്ര പ്രസ്താവിക്കും.

16.8രാമായണം

നിരണം കവികളുടെ കൃതികളിൽ രാമായണംപോലെ വിശിഷ്ടവും വിശ്വാകർഷകവുമായ ഒരു പ്രബന്ധമില്ലെന്നുള്ളതു സർവ്വസമ്മതമാണു്. ആ ഗ്രന്ഥം ആദ്യന്തം അമൃതമയമാണു്; അതിൽ ഓരോ ശീലിലും കാണുന്ന ശബ്ദസുഖവും അർത്ഥചമൽകാരവും ഏതു സഹൃദയനേയും ആനന്ദപരവശനാക്കുകതന്നെ ചെയ്യും. രാമായണം മുഴുവൻ അദ്ദേഹത്തിന്റെ കൃതിയാണെന്നുള്ളതിനെപ്പറ്റി ആരുംതന്നെ സംശയിക്കേണ്ടതില്ല. യുദ്ധകാണ്ഡത്തിന്റെ അവസാനത്തിൽ രാമദാസനെന്നും ഉത്തരകാണ്ഡത്തിന്റെ ഒടുവിൽ രാമനെന്നും കവിയുടെ മുദ്രകൾ പ്രകാശിക്കുമ്പോൾ “മന്ദപ്രജ്ഞന്മാർക്കറിവാനായ് മനുകുലതിലകനുടേ വൃത്താന്തമിതന്ധൻ ഞാൻ കേവലമെങ്കിലും ഒട്ടായ പ്രകാരം ചൊല്ക തുനിഞ്ഞേൻ” എന്ന ബാലകാണ്ഡത്തിലെ പ്രസ്താവനയെ ആശ്രയിച്ചു് ‘ഒട്ടു്’ അതായതു രാമായണത്തിൽ ഒരംശം മാത്രമേ അദ്ദേഹം രചിച്ചുള്ളു എന്നു വാദിക്കുന്നതു് അശേഷം യുക്തിയുക്തമല്ല. ‘ഒട്ടു് ആയപ്രകാരം’ എന്നതിനു് ‘ഒരുവിധം ശക്തിക്കുതക്കവണ്ണം’ എന്നാണു് അർത്ഥം കല്പിക്കേണ്ടതു്. ഭാരതത്തിലും കവി ‘രാമകഥാമൊട്ടായപ്രകാരം ചൊന്നേൻ’ എന്നല്ലാതെ ‘രാമകഥായാമൊട്ടായ പ്രകാരം ചൊന്നേൻ’ എന്നു പറഞ്ഞിട്ടില്ലല്ലോ. വാല്മീകിരാമായണത്തെത്തന്നെയാണു് കവി അനുസരിക്കുന്നതെങ്കിലും പരിഭാഷയിൽ അഭിനന്ദനീയങ്ങളായ പല സ്വാതന്ത്ര്യങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ടു്. മൂലത്തിലേ ആശയങ്ങൾ രസപുഷ്ടിക്കുവേണ്ടി സങ്കോചിപ്പിക്കണമെങ്കിൽ സങ്കോചിപ്പിക്കുകയും വികസിപ്പിക്കണമെങ്കിൽ വികസിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണു് അദ്ദേഹത്തിന്റെ നിയമം. പണിക്കർ തികഞ്ഞ ഒരു സംസ്കൃതപണ്ഡിതനായിരുന്നു എന്നും രാജശേഖരന്റെ ബാലരാമായണ നാടകം മുതലായ കൃതികളിൽനിന്നു് അദ്ദേഹം സന്ദർഭോചിതമായി ശ്ലോകങ്ങൾ തർജ്ജമ ചെയ്തു രാമായണത്തിൽ ഘടിപ്പിച്ചിട്ടുണ്ടെന്നും ഇവിടെ പ്രസ്താവിക്കാനുള്ളതിനു പുറമേ സാക്ഷാൽ തുഞ്ചത്തെഴുത്തച്ഛനുപോലും ആ മഹാകവി മാർഗ്ഗദർശിയായിരുന്നു എന്നുള്ളതിനും ലക്ഷ്യങ്ങൾ കാണ്മാനുണ്ടു്. അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തിലെ

“ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ;
മൈഥിലി മയിൽപ്പേടപോലെ സന്തോഷം പൂണ്ടാൾ”
എന്ന വരികൾ കണ്ണശ്ശരാമായണം ബാലകാണ്ഡത്തിലെ

“നരപാലകർ ചിലരതിനു വിറച്ചാർ,
നലമുടെ ജാനകി സന്തോഷിച്ചാൾ
അരവാദികൾ ഭയമീടുമിടിധ്വനി
യാൽ മയിലാനന്ദിപ്പതുപോലെ”
എന്ന വരികളെ ഉപജീവിച്ചു് എഴുതിയതാണെന്നുള്ളതു വ്യക്തമാകുന്നു. പ്രസ്തുതഗ്രന്ഥത്തിന്റെ മഹിമ വാചാമഗോചരമാണെന്നു തെളിയിക്കുവാൻ ചില ശീലുകൾ താഴെ പ്രദർശിപ്പിക്കാം.

(1) സൂര്യോദയം
“ആരണമയനമരാസുരസേവ്യ-
നനത്തുയിരാകിയ നാഥൻ തിരുവടി
പൂരണനൊരു മരതകനിറമാമെഴു
പുരവികൾ പൂണ്ട രഥത്തിന്മേലേ
സാരഥിയാമരുണനൊടാദിത്യൻ
താനുദയം ചെയ്തരുളിയ കാലം
നീരിയലും നിയമങ്ങൾ മുടിച്ചാൻ
നൃപസുതരോടേ വിശ്വാമിത്രൻ.”
(ബാലകാണ്ഡം)
(2) പരശുരാമന്റെ വരവു്
“കണ്ടാകുലമോടേ കാലാഗ്നി
കരുത്തൊടെരിഞ്ഞുവരുന്നതിതെന്നേ
കൊണ്ടാർ ചിലർ; ആദിത്യന്മാർ പലർ
കൂടിവരുന്നതിതെന്നാർ ചിലരോ;
കണ്ടാലറിയരുതെന്നാർ ചിലർ; ഇതു
കണ്ണാലെതിർനോക്കരുതെന്നാർ ചിലർ;
ഉണ്ടാകിയ ഭയപരവശരായൊ
ന്നുരിയാടാതേ നിന്നാർ പലരും.”
(ബാലകാണ്ഡം)

(3) ദശരഥൻ കൈകേയിയോടു്
“ഏതൊരു ജാതിയുടുപ്പോൻ വല്ക്കല
മെന്നുടെ പുത്രൻ ബാലനിരാമൻ
മേദിനി മേലെല്ലാരുമുടുപ്പതിൽ
മേത്തരമെന്നിയുടുത്തറിയാതോൻ?
ആദരവോടു സുഖോചിതനായുള
നായവനിന്നു വനത്തിനു പോയാ
ലേതമിയന്നു നിലത്തു കിടപ്പാ
നെന്തവനിന്നു പിഴച്ചതു പാപേ?” (4) സുമന്ത്രർ കണ്ട ശ്രീരാമൻ
“കണ്ടവർകൾക്കു മനോഹരമായേ
കാർമുകിൽപോൽ വടിവീടിയ മെയ്മേ
ലെണ്ടിശയും കലരുന്ന സുഗന്ധ
മിണങ്ങിന കുങ്കുമപങ്കമണിഞ്ഞേ
കൊണ്ടലിടയ്ക്കുലവും മിന്നൽക്കെതിർ
കൊണ്ട മഹാരത്നാഭരണം പൂ
ണ്ടണ്ടർപതിക്കെതിരാകെയിരുന്ന നൃ
പാത്മജനെക്കണ്ടവനടി തൊഴുതാൻ.”
(അയോദ്ധ്യാകാണ്ഡം)

(5) മുനിവേഷത്തിൽ വന്ന രാവണൻ സീതയോടു്
“പൂജിതനായവനവളെയതീവ
പുകണ്ണനുരാഗവശേന പറഞ്ഞാൻ:
മേചകകാന്തി കലർന്നുലവീടും
വേരിമലർക്കുഴൽമെന്നടയാളേ!
താർചരവീരനു ജീവിതമായേ
താവിയ രൂപഗുണം തവ കണ്ടാ
ലാർ ചപലാശയരായു് മുടിയാതവ
രാക്കമതീവ കുറഞ്ഞിതെനിക്കോ.”
(ആരണ്യകാണ്ഡം)

(6) വസന്തവർണ്ണനം
“കാണാ കോമളവല്ലികളാകിയ
കന്യകമാരെ നടം ചെയ്യിച്ചേ
വീണാനാദമെനും നവഭൃംഗ
വിനോദമനോഹരഗീതത്തോടേ
പൂണാരണിമുലമാരൊടുകൂടിയ
പുരുഷാണാമതി സുഖകരമായേ
നീണാളും വനരങ്ഗേ മേവിന
നിരുപമമാരുതനർത്തകലീലാം.”
(കിഷ്കിന്ധാകാണ്ഡം)

(7) വർഷാവർണ്ണനം
“ഇടിയാകിന്ന മിഴാവൊലിയാലുട
നേവർക്കും പരിതാപം കളവാൻ
ചുടരേറും മിന്നൽപ്പുണരാകിയ
തൂയവിളക്കു കൊളുത്തി വിശേഷാൽ
വടിവേലും വരിവണ്ടുകൾ പാട
മയൂരാദികൾ മകിഴ്വെയ്തും വണ്ണം
നടനാകിയ കാർകാലം വന്നൊരു
നാടകമാടും പൊലിവിതു പാരാ.”
(കിഷ്കിന്ധാകാണ്ഡം) (8) ക്രുദ്ധനായ ലക്ഷ്മണൻ താരയോടു്
“താനൊരു നല്ലതുതീയതുടൻ കരു
താതവനേ, താരേ! നിൻഭർത്താ;
വേനൽ പുറന്നാലാരായ്വൻ ഞാൻ
വീറൊടു ദേവിയെയെന്നു പറഞ്ഞാൻ;
ആനതുകേട്ടു പൊറുത്തോം വർഷ
മനന്തരമവനിവയൊക്കെ മറന്നേ
പാനമദാന്ധതയോടുമിരുന്നാൻ
പകലേതിരവേതെന്നറിയാതേ.”
(കിഷ്കിന്ധാകാണ്ഡം) (9) ഹനൂമാൻ സീതയോടു രാമനെപ്പറ്റി
“അവനതിസുന്ദരനിന്ദുസമാനന
നായതഭുജനരുണാംബുജനയനൻ
കുവലയകാന്തി കലർന്ന നരേന്ദ്ര
കുമാരനിടന്തടവുംതിരുമാർവൻ
തവമിയലും മുനിവേഷധരൻ കുശ
ധരസൗമ്യൻ കടിതടപരിശോഭിത
നുവവിമികും ജംഘായുഗളൻ വടി
വുടയ പദാംബുജനംബുജനാഭൻ.”
(സുന്ദരകാണ്ഡം) (10) ഹനൂമാൻ കണ്ട രാവണൻ
“ഏറ മനോഹരമാം കാർമുകിൽനിറ
മീടിയിടന്തടവും മാർവതിലേ
കൂറരുതാതളമുത്തിൻമാലകൾ
കൂടനിലാവെഴുമെകിറുകളോടും
വേറൊരു ചെന്താമരമലർമാല
വിളങ്ങിനപോലേ നേത്രാവലിയോടു,
മാറില്ലയാമണികുണ്ഡലമണ്ഡന
മാർന്നു നിറന്ന മുഖാവലിയോടും,

(11)ഉമ്പർപുരാൻ മുതലാമമരന്മാ
രുടനുടനേ വിട്ടസ്ത്രങ്ങളെയും
വമ്പുട ദിഗ്ഗജദന്തങ്ങളെയും
മാർവതിലേറ്റ തഴമ്പുകളോടും
തുമ്പമനത്തുലകത്തിനു നല്കി
ത്തുലവിയലാവടിവോടേ ദശമുഖ
നിമ്പമിയന്നമരുന്നതു മാരുതി
യീടിയ ബഹുമാനത്തൊടു കണ്ടാൻ.”
(സുന്ദരകാണ്ഡം) (12) സമുദ്രത്തിൽ ശ്രീരാമന്റെ ബാണപ്രയോഗം
“ലോകത്രയനാഥൻ പങ്കേരുഹ
ലോചനനനുപമദേഹമരീചികൾ
പാകിപ്പലപാടും പകലവരൊരു
പതിനായിരമൊരുമിച്ചതുപോലേ
മാഴ്കിത്തുലവിയലാതൊളിവോടു
മറുത്തെതിർ നോക്കരുതായു് നിൻറവിടേ
വേഗത്തൊടു പല വാളികളെയ്താൻ
വീരതരൻ മകരാകരമതിലേ”
(യുദ്ധകാണ്ഡം)

(13) ആദിത്യഹൃദയം
“ദേവവിരോധിനാശന! വിശ്വസാക്ഷിയുമായെന്നാളും
നീതി മികുത്ത കാഞ്ചനകാന്തിയുള്ളവനേ! നമസ്തേ;
ആവികുളുർക്കുമാറു നിനച്ചവർക്കരുൾചെയ്യും മാർത്താ
ണ്ഡായ സമസ്തലോകവിലോചനായ നമോ നമസ്തേ;
കേവലമ്മിക്ക ഭൂതങ്ങളെപ്പടച്ചുമഴിച്ചും നീയേ
കേടുവരുത്തിയൊക്ക വരട്ടി വർഷമിയറ്റുവോന്മ
റ്റാവി നശിച്ചപോലുറങ്ങിന്നവർക്കുണർവെക്കൊടുപ്പോ
രാദിപുരാണനേ! കരുണാകരായ നമോ നമസ്തേ”
(യുദ്ധകാണ്ഡം)

(14) ശ്രീരാമസ്തോത്രം
“ജയജയ മന്ദരശൈലമുയർപ്പാൻ
ചെമ്മേ കൂർമ്മവുമായവനേ! ജയ;
ഭയമിയലാതവനിയെ മീൾവാനായ്
പന്നിയുടേ വടിവാനവനേ ജയ;
തുയർകെട നരസിംഹാകൃതിയായ
സുരേശ! ഹിരണ്യാന്തകനേ ജയ ജയ;
നയമൊടു വാമനനായു് മാബലിയൊടു
നാടു പറിച്ച നരോത്തമനേ ജയ;
ജയ ജയ ഭാർഗ്ഗവരാമാകൃതിയായു്
ച്ചെമ്മേ മൂവെഴുതുട മുടിമന്നരെ
നയമിയലാതേ കൊന്നുദകക്രിയ
നലമൊടുചെയ്ത മഹാത്മാവേ! ജയ;
ഭയകരനായ ദശാനനെക്കൊല
പരിചൊടു ചെയ്തെങ്ങൾക്കിടർ തീർപ്പാ
നുയർ പുകഴോടിതു കാലം ഭാനുകു
ലോത്ഭവനായുളവായവനേ ജയ.”
(ഉത്തരകാണ്ഡം)

എന്തൊരവിച്ഛിന്നധാരമായ ശബ്ദപ്രവാഹം! എന്തൊരനന്യസുലഭമായ കവനകലാപാടവം!!

16.9ഭാഗവതം

കണ്ണശ്ശഭാഗവതവും ഒരു മഹാപ്രബന്ധമാണു്. ദശമസ്കന്ധത്തിലെ ഓരോ അദ്ധ്യായവും കവി പ്രത്യേകമായി തർജ്ജമ ചെയ്തിരിക്കുന്നു. മൂലത്തിലെ തൊണ്ണൂറദ്ധ്യായങ്ങൾക്കു പകരം ഭാഷയിൽ ശ്രുതിഗീതാദ്ധ്യായം വിട്ടും ഏകാദശസ്കന്ധസംക്ഷേപത്തിനു രണ്ടദ്ധ്യായങ്ങൾ വിനിയോഗിച്ചും ഭാഷയിൽ തൊണ്ണൂറ്റൊന്നധ്യായങ്ങളാക്കിയാണു് ആ കൃതി രചിച്ചിട്ടുള്ളതു്. രാമായണത്തിലെന്നപോലെ മനോഹരമായ ഒരു ഭഗവൽസ്തുതി ഈ ഗ്രന്ഥത്തിന്റേയും ഒടുവിലുണ്ടു്. “ശ്രീകൃഷ്ണമഹാകഥ നിതരാം സംക്ഷേപിപ്പാനായേ” എന്നു് ആരംഭത്തിൽ കവി തന്റെ ഉദ്ദേശം വെളിവാക്കുന്നുണ്ടെങ്കിലും ആ കഥ അത്ര വളരെയൊന്നും സംക്ഷേപിച്ചിട്ടില്ല. “ഉല്ലാസത്തൊടു വിനതാതനയനുയർന്നു പറന്നാകാശേ മറ്റൊരു പൊല്ലാമക്ഷിക തന്നാലാവതു പൊങ്ങുവതിന്നാരേ മുനിയുന്നോർ?” എന്നു രാമായണത്തിൽ ചോദിക്കുന്ന കവി “ആദരവോടൊരു ബാലകനിതമായാകാശേ മരുവീടിയ ചന്ദ്രനെ നീതിയിനോടു പിടിപ്പതിനായേ നിതരാം ക്ലേശിക്കുന്നതുപോലെ” യാണു് തന്റെ ഉദ്യമമെന്നു ഭാഗവതത്തിലും “വാനിലെഴും നിറമാമതിതന്നെ മകിഴ്ന്തൊരു ബാലകനിങ്ങുപിടിപ്പാൻ താനൊരു കൈ നീട്ടിൻറതിനോടു സമാനമിതു്” എന്നു് ആ ആശയത്തെത്തന്നെ ഭങ്ഗ്യന്തരേണ പരാവർത്തനം ചെയ്തു ഭാരതത്തിലും പ്രകടീകരിച്ചു തന്റെ ശാലീനതയെ ഗ്രന്ഥംതോറും വെളിപ്പെടുത്തുന്നു. ശബ്ദനിഷ്കർഷ താരതമ്യേന വളരെ കുറവുള്ള ഒരു ഗ്രന്ഥമാണു് ഭാഗവതം; രാമായണത്തിന്റെ ഗുണം അതിനില്ല; അതു പണിക്കർ എപ്പോൾ രചിച്ചു എന്നു പറവാൻ നിർവാഹമില്ല. ഒന്നുരണ്ടു് ഉദാഹരണങ്ങൾ ചേർക്കുന്നു.

(1) കുവലയാപീഡം‌
“നാരായണനിടിയൊലിപോലുള്ളൊരു
നാദത്തോടിതു ചൊല്ലിയ വചനം
നേരേ കേട്ടെരിയും കോപത്തൊടു
നിതരാം പ്രേരിച്ചാനതു കാലം;
താരാർമകൾമണവാളനെ നോക്കി
ത്തരസാ കാലാന്തകയമനോടെതിർ
നേരാകിയ ഗജവരനതുനേരം
നേരേ ചെന്നു പിടിച്ചാനല്ലോ.” (2) പ്രഭാതത്തിൽ ഗോപസ്ത്രീകൾ
“പാടക കങ്കണ മണി ചേർന്നീടിന
പാണികളാലേ രജ്വാകർഷണ
മാടിന കുണ്ഡലകുന്തളകുങ്കമ
മതിനാൽ മണ്ഡിതമാം മുഖകമലം
കൂടതു നേരത്തിളകിന മുലകൾ
ഗുരുത്വമിയൻറീടും കടിതടമൊടു
കൂടിന ഗോപാങ്ഗനമാരേറ്റം
കുരുകുലതിലകാ! ശോഭിതരായാർ.”

16.10ശിവരാത്രി മാഹാത്മ്യം

എല്ലാ കൃതികളും വിഷ്ണുപരമായിരിക്കേണ്ട എന്നു വിചാരിച്ചാണു് തൃക്കപാലീശ്വരത്തിലേ ശിവന്റെ ഭക്തനും കൂടിയായ രാമപ്പണിക്കർ പ്രസ്തുത പ്രബന്ധം രചിച്ചതു് എന്നു തോന്നും. ആകെ നൂറ്റമ്പതു ശീലുകൾ ഈ ‘ഭാഷാസംക്ഷേപ’ത്തിലുണ്ടു്. സുകുമാരൻ എന്ന ബ്രാഹ്മണൻ അനവധി പാപങ്ങൾ ചെയ്തു് ഒരു ചണ്ഡാലിയുമായി വളരെക്കാലം രമിക്കുകയും അതിനിടയിൽ ഒരു ശിവരാത്രി തന്റെ പ്രിയതമയ്ക്കുവേണ്ടി പുഷ്പാന്വേഷണത്തിനു പോയപ്പോൾ ശിവനെ മറ്റുള്ളവരുടെ കൂട്ടത്തിൽ ദൂരെനിന്നു് ആകസ്മികമായി തൊഴുകയും ചെയ്തു. അയാൾക്കു മരണാനന്തരം ശിവലോകം പ്രാപിക്കുവാൻ സങ്ഗതി വന്നതാണു് വിഷയം. വിസ്മയനീയമായ ചാതുര്യത്തോടുകൂടി കവി ഈ കഥ പ്രതിപാദിച്ചിരിക്കുന്നു. രചന കൊണ്ടു മിക്കവാറും കണ്ണശ്ശരാമായണത്തോടു കിടനില്ക്കുന്ന ഒരു കൃതിതന്നെയാണു് ശിവരാത്രിമാഹാത്മ്യം. രണ്ടു ശീലുകൾ ഉദ്ധരിക്കാം.

(1) ശിവദൂതന്മാർ
“കന്തശരാസനബാണനിശാത
കഠാരായുധരായു് നിർമ്മലരായേ
സുന്ദരരായഥ ബാഹുചതുഷ്ടയ
ശോഭിതരായതിമുഷ്കരരായേ
ചന്തമമർന്ന ജടാഭാരത്തൊടു
ചർമ്മാംബരരായു് ഭസ്മാകൃതിയൊടു
മിന്ദുകലാപമണിഞ്ഞഖിലാങ്ഗവു
മീശ്വരദൂതരിതത്തൊടു നിന്നാർ.” (2) ശിവഗണേശ്വരന്മാർ
“ആയതബാഹുചതുഷ്ടയശോഭിത
രായതിനിർമ്മല ഭസ്മോദ്ധൂളിത
കായരുമായേ ചർമ്മാംബരരായു്
ക്കാലാന്തകസമവിക്രമരായേ,
മായയെ നീക്കും ബ്രഹ്മശിരാവലി
മാലാധരരായു് ദുഷ്കരരായേ
തൂയഗണേശ്വരരെക്കണ്ടകമേ
സുഖമായിതു വൈവസ്വതനവിടേ.”
‘ഭാഷാമിശ്രമിതെൻറികഴാതേ’ തന്റെ കൃതി പരായണം ചെയ്യുന്നവർ ശങ്കരലോകം പ്രാപിക്കുമെന്നും കവി ഒടുവിൽ ഫലശ്രുതിരൂപത്തിൽ പ്രസ്താവിക്കുന്നു. അത്തരത്തിലുള്ള കൃതികളുടെ നേർക്കു് അന്നത്തേ സംസ്കൃതപക്ഷപാതികൾ നെറ്റി ചുളിച്ചിരുന്നു എന്നു് ഊഹിക്കുവാൻ ഈ പ്രസ്താവന വഴിനല്കുന്നു.

16.11ഭാരതം

മഹാഭാരതകഥ സാമാന്യേന വിസ്തരിച്ചു പ്രതിപാദിക്കുന്ന ഒരു ദീർഘമായ പ്രബന്ധമാണു കണ്ണശ്ശഭാരതം. ഭാരതമാലയിലെന്നപോലെ ആദ്യമായി ഒരു ദശമസ്കന്ധ സംക്ഷേപം ഇതിലുമുണ്ടു്. പിന്നീടു മുറയ്ക്കു പൗലോമം മുതല്ക്കുള്ള കഥ പ്രപഞ്ചനം ചെയ്യുന്നു. രാമപ്പണിക്കർ ഈ ഗ്രന്ഥം അവസാനിപ്പിച്ചുവോ എന്നു സംശയമാണു്. ദ്രോണപർവത്തിനുമേലുള്ള ഭാഗങ്ങൾ ഞാൻ കണ്ടിട്ടില്ല.

“വല്ലവവാലകനാകിയ കൃഷ്ണൻ
വസുധാഭാരം തീർത്തപ്രകാരം
ചൊല്ലുകിലാമതിനൊടു ചേർന്നോ ചില
ശുഭകഥകളുമിടർ കളവാനായേ.”
എന്ന വരികളിൽ ആദ്യം തന്നെ തന്റെ അഭിസന്ധി കൃഷ്ണകഥാനുകീർത്തനമാണെന്നും അതിനു് ഒരു സൗകര്യം ഭാരതം നല്കുന്നതുകൊണ്ടാണു് അതിനെ താൻ ഭാഷപ്പെടുത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ടു്. കവിതയ്ക്കു പ്രായേണ ശിവരാത്രിമാഹാത്മ്യത്തിന്റെ ഗുണമുണ്ടു്. ഒരു ശീൽ ചുവടേ ചേർക്കാം.

“കോമളപുഷ്പലതാപരിവേഷ്ടിത
കോടരവൃക്ഷമനോഹരനൈമിശ
മാമടവിയിൽ മുനി ശൗനകനീരാ
റാണ്ടൊരു യാഗം ചെയ്വതുകാലം
തീമയിലാനുഗ്രശ്രവസാഖ്യൻ
ധീരൻ സൂതസുതൻ പൗരാണിക-
നാമിനി മുനികളെയടിതൊഴുവാനെ
ന്റാശ്രമമതിലേ ചെൻറാനൊരുനാൾ.”
ആങ്ഗലേയസാഹിത്യത്തിൽ ‘സ്പെൻസർ’ എന്ന കവിസാർവഭൗമന്റെ സ്ഥാനമാണു് കേരളസാഹിത്യത്തിൽ രാമപ്പണിക്കർക്കു നല്കേണ്ടതു്.

16.12ഗുരുഗീത

ഇതു മുൻപറഞ്ഞ നിരണം കവികളിൽ ഒരാളുടെ കൃതിയാണെന്നു വിചാരിക്കുവാൻ യാതൊരു മാർഗ്ഗവുമില്ല. ഭാഷയ്ക്കു് അത്രവളരെ പഴക്കമില്ല; കവിത തീരെ പൊട്ടയാണു്; വൃത്തത്തിന്റെ കഥയും ഒരുമാതിരി പരുങ്ങൽ തന്നെ. എതുകമോനകളും അന്താദിപ്രാസവുമില്ല. ചില ആശയങ്ങളില്ലെന്നില്ലെങ്കിലും അപശബ്ദങ്ങൾ സുലഭങ്ങളാണു്. ഗുരുവിന്റെ മാഹാത്മ്യത്തെ ശ്രീപരമേശ്വരൻ പാർവതീദേവിയോടു പറഞ്ഞുകേൾപ്പിക്കുന്നതാണു് കഥാവസ്തു. ആകെ 72 ശീലുകളുണ്ടു്. ഒരു ശീലുദ്ധരിക്കാം.

“കൈലയിലമരും ഭക്താനുഗ്രഹ
തൽപരനാകിയ ശ്രീശങ്കരനെ
ഭക്തിയൊടേ വന്ദിച്ചഥ പാർവ്വതി
ദേവിയുമൊരുനാൾ ഗുരുതത്വവിശേഷം
കേൾപ്പാനിച്ഛിച്ചവനൊടു ചോദ്യം
ചെയ്കയിലേറ്റം പരമാനന്ദം
പൂണ്ടതിനുടെ വിവരം കേൾക്കെ (ന്ന)
ന്നരുളിച്ചെയ്തു പറഞ്ഞുതുടങ്ങി”
ഒടുവിൽ മലയിൻകീഴു് കൃഷ്ണനെ വന്ദിച്ചിട്ടുണ്ടു്. അതുകൊണ്ടു കണ്ണശ്ശന്റെ കുടുംബത്തിൽ ജനിച്ച പശ്ചാൽകാലികനായ ഒരു കവിയാണു് അദ്ദേഹം എന്നു മാത്രം സങ്കല്പിക്കാം. ആകെക്കൂടി നോക്കുമ്പോൾ ഈ ക്ഷുദ്രകവിതയ്ക്കു ഭാഷാസാഹിത്യവേദിയിൽ പ്രവേശമനുവദിക്കുവാൻ നിവൃത്തിയില്ലാതെയിരിക്കുന്നു.

16.13സീതാസ്വയംവരം അമ്മാനപ്പാട്ടു്

രാമായണത്തെ വിഷയീകരിച്ചു് ഒരു ചെറിയ അമ്മാനപ്പാട്ടുണ്ടു്. കവിമുദ്രയില്ലെങ്കിലും ഭാഷാരീതികൊണ്ടും കണ്ണശ്ശരാമായണഗ്രന്ഥത്തിന്റെ ഒടുവിൽ ചേർത്തുകാണുന്നതു കൊണ്ടും അതു രാമപ്പണിക്കരുടെ കൃതിയാണെന്നു് ഊഹിക്കാം. കേരളത്തിൽ പല ജാതിക്കാരുടെ ഇടയിലും ഏതാനും കൊല്ലം മുമ്പുവരെ പ്രചുരപ്രചാരമായിരുന്ന ഒരു വിനോദകലയാണു് അമ്മാനാട്ടം; അതിനു് ഉപയോഗപ്പെടത്തക്കവിധത്തിൽ നിർമ്മിച്ചിട്ടുള്ള ഗാനങ്ങളാണു് അമ്മാനപ്പാട്ടുകൾ. തലയിൽ നിറകിണ്ടി വച്ചു് അതിൽനിന്നു താളത്തിനു വെള്ളത്തുള്ളികൾ വീഴുമാറു് അമ്മാനമാടുവാൻ വശമുള്ള ‘ഈഴവാത്തി’ സ്ത്രീകൾ അടുത്തകാലംവരെയുണ്ടായിരുന്നു എന്നും കിണ്ടിയിലെ വെള്ളത്തുള്ളികൾ നിലത്തും ആടുന്ന കായ്കൾ കൈകളിലും വീഴത്തക്കവണ്ണം അവർ ആ കലയിൽ അത്യത്ഭുതമായ ‘സാധകം’ സമ്പാദിച്ചിരുന്നു എന്നും അഭിജ്ഞന്മാർ പ്രസ്താവിക്കുന്നു. ദക്ഷിണകേരളത്തിലേയും മദ്ധ്യകേരളത്തിലേയും അമ്മാനപ്പാട്ടുകൾക്കു വൃത്തസംബന്ധമായും മറ്റും വ്യത്യാസമുണ്ടു്. സീതാസ്വയംവരത്തിൽ ആകെ പത്തൊൻപതു ശീലുകളേയുള്ളു. അന്താദിപ്രാസത്തിനുപകരം കവി പ്രസ്തുതകൃതിയിൽ അകാരാദിക്രമമാണു് സ്വീകരിച്ചിരിക്കുന്നതു്. ആദ്യത്തെ ശീൽ അടിയിലുദ്ധരിക്കുന്നു.

“അച്യുതൻ കരുണാകരൻ തരുണാരുണാംബുജലോചനൻ
അഖിലജനമനകമലനിരുപമനിലയനരി പുരുഷോത്തമൻ,
പച്ചമാൻ നാരായണൻ പാലാഴിയിൽത്തുയിൽകൊണ്ടവൻ,
പരമഗുരുമുരവൈരിമധുരിപു സകലഗുണപരിപാവനൻ,
ഇച്ചയായതിനിർമ്മലൻ പീതാംബരൻ ദൈത്യാന്തകൻ,
ഇനിയ രവികുലമഹിതദശരഥനൃപതിതനയനതായവൻ,
ഇഷ്ടമായ് മുനിപുങ്ഗവൻ നൃപനോടിരന്നതുമൂലമാ
യിതമൊടനുജനൊടുഴറി നടന്നിതെന്നാടുകമ്മാനേ.”

16.14തൃക്കപാലീശ്വരസ്തോത്രം

നിരണത്തു കൃഷ്ണപ്പണിക്കരുടെ തൃക്കപാലീശ്വരസ്തോത്രം എന്നൊരു കൃതിയുണ്ടു്. ആകെ പതിനെട്ടു പാട്ടുകളാണു് അതിലടങ്ങിയിരിക്കുന്നതു്. “നിരണകപാലീശ്വരമമരും ഗിരിതനയാരമണ തൊഴുന്നേൻ” എന്നാണു് എല്ലാ പാട്ടുകളും അവസാനിക്കുന്നതു്. ഒരു പാട്ടു ചുവടേ ചേർക്കുന്നു.

“കങ്കുമകളഭങ്ങളതണിയും മങ്കയിൽമണിയാകിയ പാർവ്വതി
വഞ്ചനചെയ്തഞ്ചിക്കൊഞ്ചിക്കൊങ്കയിൽ വച്ചമ്പൊടു പുണരും
പങ്കജമലരമ്പനെ വെന്നൊരു ശങ്കരനുടനെങ്കൽ വിളങ്ങുന്ന
നിരണകപാലീശ്വര …”
കവിതയ്ക്കു ഭഗവദ്ഗീതയേയും രാമായണത്തേയും മറ്റുംപോലെയുള്ള പഴക്കം തോന്നുന്നില്ല; അവയുടെ അടുത്തെങ്ങും ആസ്വാദ്യതാവിഷയത്തിൽ സമീപിക്കുവാനുള്ള യോഗ്യതയും കാണുന്നില്ല. ‘കണ്ണശ്ശ’ന്റെ തറവാട്ടിൽ പിൻകാലത്തു ജനിച്ച ഒരു കവിയായിരിക്കാം ഈ കൃഷ്ണപ്പണിക്കർ.

16.15ശ്രീവല്ലഭകീർത്തനം

നിരണംകവികളിൽ ഏതോ ഒരാളുടെ കൃതിയാണു് അഞ്ചു ശീലുകൾമാത്രം അടങ്ങീട്ടുള്ള ശ്രീവല്ലഭകീർത്തനം. മലയിൻകീഴു് മഹാവിഷ്ണുവിനെയാണു് ഈ കൃതിയിൽ വന്ദിച്ചിരിക്കുന്നതെങ്കിലും ‘നമശ്ശിവായ’ എന്ന ശൈവമന്ത്രത്തിലേ അഞ്ചക്ഷരങ്ങൾകൊണ്ടാണു് ഇതിലേ ശീലുകൾ യഥാക്രമം ആരംഭിക്കുന്നതു്. ഇതിനു കാരണം തിരുവല്ലയിലെത്തേവരായി മലയിൻകീഴിൽ പ്രതിഷ്ഠിതനായ വിഷ്ണുവിനെയാണു് കവി സ്തുതിക്കുന്നതെങ്കിലും, അദ്ദേഹത്തിന്റെ ജന്മഭൂമിയായ നിരണത്തു തൃക്കപാലീശ്വരത്തു ക്ഷേത്രത്തിലെ ശ്രീപരമേശ്വരനെക്കൂടി ഘടിപ്പിക്കണമെന്നു് അദ്ദേഹത്തിനുള്ള താൽപര്യമാണെന്നുള്ളതു സ്പഷ്ടമാകുന്നു. രണ്ടു ശീലുകൾ മാത്രം ചുവടേ കുറിക്കുന്നു.

“നല്ലോരരവണമേലാഴിയിൽ
മെല്ലെത്തുയിലാകിയ മാധവ
നല്ലോ നരജാതികളിടതീർ
ത്തുല്ലാസം രക്ഷിച്ചരുളും
ചൊല്ലാർന്നന മലയിൻകീഴ്ത്തിരു
വല്ലഭനേ! നിൻപദപങ്കജ
മെല്ലാനാളും തൊഴുതേൻ ശ്രീ
മാധവ പാഹി തൊഴുന്നേൻ.
മണ്ണെയളന്നീരടിയാക്കിയ
കണ്ണാ കരുണാകര മരതക
വർണ്ണാ നിൻപദമിരുപൊഴുതും
വിണ്ണോർ തൊഴുതീടുമവർക്കും
എണ്ണിയ വൻവിന തീർത്തീടും
വെണ്ണകൾ കളവാണ്ടുണ്ടവനേ കേൾ
എന്നേയും രക്ഷിക്കനുദിനവും
ശ്രീമാധവ പാഹി തൊഴുന്നേൻ.”

16.16നിരണവൃത്തങ്ങൾ

നിരണം കവികളുടെ കൃതികളിലേ ഭാഷയെ മുത്തമിഴു് (തികഞ്ഞമിഴ്) എന്നു ചിലർ വ്യവഹരിക്കുന്നതു് അതിലെ പഴയ മലയാന്തമിഴിലുള്ള പല പദങ്ങളേയും പ്രയോഗങ്ങളേയും കണ്ടിട്ടായിരിക്കണം; തമിഴ്, മലയാളം, സംസ്കൃതം ഈ മൂന്നു ഭാഷകളുടേയും സമ്മേളനം അവയിൽ സ്ഫുരിക്കുന്നതുകൊണ്ടാണെന്നു തോന്നുന്നില്ല. ഏതായാലും അത്തരത്തിലുള്ള സമ്മേളനത്തിനു് ഒരു ആകർഷകമായ സൗന്ദര്യവും സൗരഭ്യവുമുണ്ടെന്നു ഹൃദയാലുക്കൾ സമ്മതിക്കുകതന്നെ ചെയ്യും. നിരണംകവികൾ പ്രയോഗിച്ചിട്ടുള്ള വൃത്തങ്ങളിൽ അതിപ്രധാനമായിട്ടുള്ളതു് 16 മാത്രകൾ വീതമുള്ള ഈരണ്ടു ഖണ്ഡങ്ങളടങ്ങിയ നാലു് ഈരടികൾ ഉൾക്കൊള്ളുന്ന ഒന്നാണു്. അതിനേയും തരങ്ഗിണിയെന്നു പറയാം; എന്നാൽ തുള്ളൽപ്പാട്ടിലെ തരങ്ഗിണിക്കു ശീലുകളുടെ മാതിരി വിരാമമില്ലാത്തതും അതു് ഈരടികൾ കൊണ്ടുമാത്രം നിബന്ധിച്ചിട്ടുള്ളതുമാണെന്നു് ഒരു വ്യത്യാസമുണ്ടു്. ‘ആനന്ദാമൃതസാരമരൂപമശേഷജഗൽപരിപൂർണ്ണവുമായേ’ എന്നതു രാമായണം ആദ്യത്തെ ശീലിലെ നാലീരടികളിൽ ആദ്യത്തേതാണു്. ഇതുകൂടാതെ വേറേയും ചില വൃത്തങ്ങൾ നിരണംകവികൾ ഇടയ്ക്കിടയ്ക്കു സ്വീകരിച്ചിട്ടുണ്ടു്.

(1)“ആയിതനുരാഗമതുകാലമഥ കൗസ
ല്യാതനയനാകിയ കുമാരനിലെവർക്കും.” (2)“രാജാധിദേവിമകൾ രാജീവലോചനാ
രാജേന്ദ്രനച്യുതനിൽ രാഗം മുഴുത്തുപോയു്” (3)“മേദിനീയിലേവനിങ്ങു വേദമൂർത്തിയായെങ്ങും
ബോധരൂപനാം നിനക്കു പൂജചെയ്തിടുന്നതും” (4)“മറ്റൊരുത്തനെ സ്തുതിച്ചു മത്സ്യരാജനും വെകുണ്ടു
നെറ്റിമേലെറിന്ത ചൂതുനേർചൊരിന്ത ശോണിതത്തെ” (5)“തിറമൊടിലകുന്ന കാർകൂന്തലും കാന്തിചേർ
തിരുനുതലുമായതാതാമ്രനേത്രങ്ങളും.” (6)“ചൊല്ലിയിവണ്ണമാചമനാദി ചെയ്തണിമേനിതന്മേൽ
ശോഭിതമായ ചട്ടയുമിട്ടെടുത്തു ശരങ്ങൾ ചാപം.”
ഇവ അവയിൽ ചില വൃത്തങ്ങളിലെ ഈരടികളാണു്. അതാതുവൃത്തത്തിനൊപ്പിച്ചു് അക്ഷരങ്ങൾ ചിലപ്പോൾ തമിഴിലെ വികാരവിധികളനുസരിച്ചു് നീട്ടിയും കുറുക്കിയും തുറന്നും അടച്ചും ഉച്ചരിക്കേണ്ടതുണ്ടു്. ‘മേദിനീയിൽ’ എന്ന പ്രയോഗം നോക്കുക.

16.17രാമായണസംക്ഷേപം

അക്കാലത്തുതന്നെ രാമായണകഥ സംക്ഷേപിച്ചു ഭാരതമാലയ്ക്കു സദൃശമായി ഒരു കൃതി അന്താദിപ്രാസവും മറ്റുമൊപ്പിച്ചു് ആരോ രചിച്ചിട്ടുണ്ടു്. ഗ്രന്ഥത്തിന്റെ അവസാനം കണ്ടുകിട്ടീട്ടില്ലാത്തതിനാൽ പ്രണേതാവാരെന്നു നിർണ്ണയിക്കുവാൻ നിർവ്വാഹമില്ല. അതിൽനിന്നു രണ്ടു ശീലുകൾ ചുവടേ ചേർക്കാം.

(1) പ്രാരംഭം
“അരചൻ ദശരഥനാത്മജനായ് വ
ന്നവതാരംചെയ്തിതു കൗസല്യയിൽ
അരവിന്ദാക്ഷനനന്തജഗൽഗുരു
വനുജന്മാർ കൈകേയി സുമിത്രയിൽ
ഒരു വഴിയേയുളവായിതു പുത്രരു
മുടനേ ചെയ്തിതു ജാതകകർമ്മം
വരമിയൽ നാമാദികളും ചെയ്തു
വളർന്നിതു വളതളതാലിയണിന്തേ.”
(2) സീതാവർണ്ണനം
“കണ്ടിതിരുണ്ടിളകും മലിശോഭ
കവിഞ്ഞുയരെത്തിരുകീടിന കാർകുഴൽ
അണ്ട [2] രരണ്ടു തൊഴും നുതൽ ചില്ലിവി
ല്ലംബുജലോചനയുഗളം നാസിക
ചണ്ഡരുഗാകൃതി കുണ്ഡലകാന്തി
ചലിച്ച കപോലതലങ്ങളുമേറ്റം
തണ്ടലർവാണഭയം കെടുവാൻ മധു
തണ്ടിന വായ്പവഴം മുഖകമലം.”

16.18ശ്രീരാമസ്തോത്രം

ഇതും അത്യന്തം ഹൃദ്യമായ ഒരു കൃതിയാകുന്നു. രാമായണകഥ മുഴുവൻ പ്രതിപാദിച്ചിട്ടുണ്ടു്. കവിത അക്കാലത്തേതുതന്നെ. അഞ്ചു ശീലുകളേ ഉള്ളൂ. മാതൃക താഴെക്കാണിക്കുന്നു.

(1)“മുതിർന്നലതന്നിലമർന്നണ്ണലേ ജയ;
മുകിലൊളിനിറമുടയമൃതേ ജയ ജയ;
കുതിരവർകുലമമർന്നമലാ ജയ ജയ;
കനവിയ ദശരഥതനയാ ജയ ജയ;
ഇതവിയ മുനി തുണ നടന്നാ ജയ ജയ;
ഇടർചെയ്യുമവളുയിർ കളഞ്ഞാ ജയ ജയ
അതിശയമസുരർമെയ്പിളർന്നാ ജയ ജയ
അരുമറയവരിടയമർന്നാ ജയ ജയ.”

(2)“വകവക മുനികൾ മെയ്തൊഴുതാ ജയ ജയ;
വന്ന നിശിചരി മുലയരിഞ്ഞാ ജയ ജയ;
പുകഴൊടു കരനുയിർ കളഞ്ഞാ ജയ ജയ;
പുനരൊരു മൃഗമെയ്തു തിരിഞ്ഞാ ജയ ജയ;
അലർമകൾ പിരിഞ്ഞഴിഞ്ഞഴുതാ ജയ ജയ;
അതിനൊരു കവി തുണനടന്നാ ജയ ജയ;
തിചയറികവനെൻറിതുരച്ചാ ജയ ജയ;
തിചയറിഞ്ഞവരൊടു നടന്നാ ജയ ജയ.”

16.19തിരുക്കണ്ണിയാലണ്ണൽസ്തുതി

ഇതു് ഒരു ശിവസ്തോത്രമാണു്. ‘തിരുക്കണ്ണിയാൽ’ എവിടമെന്നറിയുന്നില്ല. അതിൽനിന്നു് ഒരു ശീൽ ഉദ്ധരിക്കുന്നു.

“ഞാലമീരേഴുമുണ്ടായർകോനു മുകം
നാലുളോനും പിന്നെപ്പൻറിയും പുള്ളുമായു്;
മൂലവും മേൽമുടിന്തേടവും തേടിനാർ
മൂവരായ്നിൻറു കണ്ടീലല്ലോ പിന്നെയും;
വേലയാലാലമുണ്ടയ്യനേ! നൽപ്പൊന്നേ!
വേലതൻ കൂട്ടുടൻ കൂടിനിന്നാടുവാൻ
കാലകാലാ പിരാനേ! കൊതിക്കുന്നുതെൻ
കാലു രണ്ടും തിരുക്കണ്ണിയാലണ്ണലേ!”

16.20പാശുപതാസ്ത്രലാഭം പാട്ടു്

നിരണം കവികളുടെ കാലത്തു വിരചിതമായ മറ്റൊരു കൃതിയാണു് പാശുപതാസ്ത്രലാഭം പാട്ടു്. കവി അവരിലൊരാൾതന്നെയോ എന്നറിവില്ല. എന്നാൽ ഭാഷാരീതികൊണ്ടും അന്താദിപ്രാസഘടനകൊണ്ടും മറ്റും അതിന്റെ കാലം അനായാസേന നിർണ്ണയിക്കാവുന്നതാണു്. താഴെക്കാണുന്ന ശീലുകൾ നോക്കുക.

“ആനനമാനയുടേ വടിവാനവ
നാതിവിനായകനംബികതനയൻ
***
വാനവർ കൗന്തേയൻ വിജയന്നു മ
ഹേശ്വരനസ്ത്രം നല്കിയതിപ്പോൾ
ഞാനുരചെയ്യാംവണ്ണമിതിന്നൊരു
ഞാനം തരികയെനിക്കു വിരഞ്ഞേ,
വിരഞ്ഞരുൾചെയ്വിതുവായ്മകൾ താനും
ബ്രഹ്മൻതിരുവടിയും തിരുമാലും
പരന്ദരനൊടു പുരമെരിചെയ്തരനും
പൂമാതും വാനോരുമനത്തും
പരൻ പുരുഷൻ മലമങ്കമണാളൻ
പാണ്ഡൂതനൂജനു പാശുപതാസ്ത്രം
വരം പെറുകെന്റേ നല്കിനതിപ്പോൾ
വാഴ്ത്തുമതിന്നുടനെങ്ങൾക്കിന്റേ.”
“അർച്ചന ചെയ്യിന്റേടത്തേറ്റമ
ടുത്തേചെൻറ പിനാകിക്കപ്പോൾ
അശ്ശിവപൂജവിതാനം കണ്ടി
ട്ടാനന്ദവുമാശ്ചരിയവുമായിതു;
അർച്ചന വിരവിൽ മുടിച്ച കിരീടിയു
മഴകൊടു ഗാണ്ഡീവം പൂട്ടേറ്റി
കൈച്ചരടും കവചാദികൾ പൂണ്ടിതു
കടുകച്ചെറുഞാണൊലിയും ചെയ്താൻ
ചെറുഞാണൊലി ചെയ്തതു കേട്ടപ്പോൾ
ചെറുവേടന്മാരോടിപ്പോയിതു:
അറയാതേ പെരുവേടൻ ചെൻറി
ട്ടവനോടണയച്ചെൻറുരചെയ്താൻ
തിറമേറിൻറമരേന്ദ്രതനൂജാ
ചെന്താമരനയനൻ ഗോവിന്ദ
ന്നുടമപെറും വിജയാ നീയെങ്ങൾ
ക്കൂടനേ വെൻറിയെ നല്കുകയെൻറാൻ.”

16.21നളചരിതം പാട്ടു്

പാശുപതാസ്ത്രലാഭം പോലെയുള്ള ഒരു കൃതിയാണു് നളചരിതം പാട്ടു്. അതിലും വൃത്തം, എതുകമോനകൾ, അന്താദിപ്രാസം, ഭാഷ, ഇവയെല്ലാം നിരണം കൃതികളിലേതു പോലെതന്നെ ഇരിക്കുന്നു. ഒരു ശീൽ ചുവടേ ചേർക്കാം.

“നളനുടെ ചരിതമുരയ്പാനിപ്പോൾ
നാന്മുഖനും നാരായണനരനും
തെളിവൊടു ചന്ദ്രാദിത്യന്മാരും
ദേവേന്ദ്രാദ്യമരേന്ദ്രരുമെല്ലാം
വളർമയിൽതന്മുതുകിൽപ്പൊലിവോനും
മഹിഷാന്തകിയും മാരനുമാര്യനു
മളവില്ലാതളവെങ്കലനുഗ്രഹ
മവരവരേ തന്നീടുക ശരണം.”
നിരണത്തു പണിക്കരന്മാരുടെ കൃതികളോടു വളരെ സാദൃശ്യമുള്ള മറ്റൊരു രാമായണംപാട്ടു കണ്ടുകിട്ടീട്ടുണ്ടു്. അവസാനത്തിലേ ഓലകൾ അലബ്ധങ്ങളാകയാൽ കഥ ഏതുവരെ പോകുന്നു എന്നു ഖണ്ഡിച്ചുപറവാൻ നിവൃത്തിയില്ലെങ്കിലും “ജനകസുതമെയു് പുണരും തമ്പുരാനസുരർകുലമറുതി തരുണിവിഷയം തമ്പിയോടു വനചരരോടല കടന്നു ചെന്നു വന്നിമ്പമാന നിജനഗരിതന്നിലിരുന്ന പരൻ” എന്നു ഗ്രന്ഥാരംഭത്തിൽ സൂചിപ്പിച്ചിട്ടുള്ളതുകൊണ്ടു പട്ടാഭിഷേകപര്യന്തമുള്ള ഇതിവൃത്തം ഇതിൽ പ്രതിപാദിതമാണെന്നു് ഊഹിക്കാവുന്നതാണു്. അത്യന്തം സംക്ഷിപ്തമായ രീതിയിലാണു് കവി കഥ പറഞ്ഞുകൊണ്ടു പോകുന്നതു്. അന്താദിപ്രാസമുണ്ടു്. കവിതയുടെ മാതൃക കാണിക്കുവാൻ ചില പാട്ടുകൾ ചുവടേ ഉദ്ധരിക്കുന്നു.

“എങ്കൽ വന്നു കവിമഴപൊഴിയുമതിനു മലരെ
ള്ളിക്ഷുപായസമൊടും നല്ലട ചുട്ടകിഴങ്ങുംതേൻ
ഭങ്ഗിമിക്ക കനി പല……മവൽ പയറൊടിളന്നീർ
പഞ്ചതാര വെല്ലമുഴുന്നു ദധി നറുനെയ് വെണ്ണ പാൽ
മുൻകരം കൊടുമെല്ലമുതുക്കു……മുതുമുതിർന്നെൻ
മുന്തിവന്തു ഗണപതി തുണചെയ്തരുളുകഭയം.
മങ്ഗലം പെരിയ ദശരഥനുതനയ… നെന്നിൽ
വന്തുനില്പതിനരുളെന കവിമകൾ തരികവേ”(1)
രാമചരിതകാരനെപ്പോലെ കവി മഹിഷനാശിനിയേയും വന്ദിക്കുന്നുണ്ടു്.

മുനിയരുളേറിയ രാമൻ പിന്നെ
മുടിക്ഷത്രിയ മിഥിലാപുരിയിൽപ്പോയ്
നിനദം കേട്ടിതു സുഖമേയെന്തു
നിമിത്തമുരച്ചരുളീടുകയെൻറാൻ.
മനുവരനോടു തപോധനനരുളീ
മന്നവ! കേളൊരു കന്യാരത്നം
ജനകനുഭൂമിയിൽനിന്നുണ്ടായിതു
ചെയ്തിതതിന്നുചിതക്രിയ വീരൻ.(2)
എൻറ പോതുള്ളിലാർന്ന വേദനയോടു മാനുഷപുങ്ഗവൻ
ഹേ വിധേ വിധിയോയെനിക്കിതു ഹാ ഹതോസ്മി മനോഹരേ,
ഒൻറല്ലാതസുരൻ ചതിച്ചതുമൊണ്മയോ മമ വല്ലഭേ,
ഒൻറുമോയിനി നമ്മിലേയൊരു കാലമായതലോചനേ,
കുന്റെന്നും മുലയോ മറപ്പതു കോമളത്തിരുമേനിയോ?
കുറ്റമറ്റ മുഖാബ്ജമോ കുടിലാക്ഷി നിൻകുയിൽനൽച്ചൊല്ലോ?
നൻറല്ലേയിഹലോകസൗഖ്യമെനക്കു നീ പിരിഞ്ഞെന്റെല്ലാം
നണ്ണിനണ്ണിയൊരോൻറു ചൊല്ലി മയങ്കിവീണ്ണിതു ഭൂതലേ.(3)

16.22മറ്റൊരു രാമായണം പാട്ടു്

“അരുൾചെയ്തോരു നിജനാഥനെ വണങ്ങി നടന്നാ
നഹമവന്നു തുണയെൻറുരചെയ്താഞ്ജനേയനും
വരവു കണ്ടിവനെനിക്കു സഖിയെൻറു തഴുവി
വളകൈക്കൊണ്ടു…കവി വായുതനയൻ
പരമസൌഖ്യമൊടിരുന്നിതവരും പലദിനം
പവനസൂനു ദരിശിച്ചിതു രഘുപ്രവരൻ മെ
യ്യരചരെൻറുമറിഞ്ഞാനവനിലക്ഷണവനാ
ല…പ്രദർ സഖേ അവർകളെൻറു ചൊല്ലിനാൻ.”(4)
ക്രി. പി. 14-ാം ശതകത്തിൽ പാട്ടിന്റെ രീതി ഇന്നവിധത്തിലായിരുന്നു എന്നറിവാൻ ഇതിലധികം നിരൂപണമാവശ്യമില്ല. ഇവയെല്ലാം അർവാചീനപ്രായങ്ങളായ മിശ്രഭാഷാകൃതികളാണെന്നു പറയുന്നവർ അവരുടെ അഭിപ്രായത്തെപ്പറ്റി നല്ലതുപോലെ പുനരാലോചന ചെയ്യേണ്ടിയിരിക്കുന്നു. ഇനിയും മുമ്മുനിയൂർ ശങ്കരവാരിയരുടെ പരശുരാമചരിതം തുടങ്ങി വേറേയും ഈ ജാതിയിലും ഇതേ കാലത്തിലുമുള്ള ചില കൃതികൾ കണ്ടുകിട്ടീട്ടുണ്ടു്.

16.23പയ്യന്നൂർ പാട്ടു്

പയ്യന്നൂർപാട്ടു് എന്നൊരു കൃതിയെപ്പറ്റി ഡോക്ടർ ഗുണ്ടർട്ടു് ചിലതെല്ലാം പ്രസ്താവിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിന്റെ യാതൊരു പ്രതിയും മറ്റുള്ളവർക്കു കിട്ടീട്ടില്ല; ഗുണ്ടർട്ടിനു തന്നെയും ആദ്യത്തെ നൂറ്റിനാലു് ഈരടികളേ ലഭിച്ചിരുന്നുള്ളു. ഗുണ്ടർട്ടിന്റെ കൈവശമുണ്ടായിരുന്ന ഏട്ടിന്റെ പോക്കിനെപ്പറ്റിയും യാതൊരറിവുമില്ല. തമിഴിലെ നീലകേശി എന്ന കാവ്യത്തിനും ഇതിനും തമ്മിൽ യാതൊരു സംബന്ധവുമില്ല.

16.23.1വിഷയം
സുന്ദരിമാർക്കു കേൾവിപ്പെട്ട ശിവപേരൂരിൽ (തൃശൂരിൽ) ഒരു മാന്യകുടുംബത്തിൽ ജനിച്ച നീലകേശി എന്ന സ്ത്രീ അപുത്രയായിരുന്നതിനാൽ ഭിക്ഷുകിയായി തീർത്ഥാടനം ചെയ്യുവാൻ തീർച്ചപ്പെടുത്തി. അങ്ങനെ സഞ്ചരിക്കവേ ഒരിക്കൽ ഉത്തരകേരളത്തിൽ ഏഴിമലയ്ക്കു സമീപമുള്ള കച്ചിൽപട്ടണത്തു ചെന്നുചേരുകയും അവിടത്തെ പ്രധാന വണിക്കായ നമ്പുചെട്ടി (ചോമ്പുചെട്ടിയെന്നും പറയും) അവളെ ചില വ്രതങ്ങളും മറ്റും അനുഷ്ഠിപ്പിച്ചു തന്റെ പത്നിയായി സ്വീകരിക്കുകയും ചെയ്തു. അവർക്കു നമ്പുശാരിഅരൻ എന്നൊരു പുത്രൻ ജനിച്ചു. ആ സംഭവത്തിന്റെ ആഘോഷരൂപമായി നാല്പത്തൊന്നാം ദിവസം പയ്യന്നൂർ മൈതാനത്തുവെച്ചു നമ്പുചെട്ടി ഒരു സദ്യ നടത്തി. ആ സമയത്തു നീലകേശിയുടെ സഹോദരന്മാർ അവിടെ കപ്പൽ വഴിക്കു ചെന്നുചേർന്നു. അവർ ഒരു ക്ഷേത്രത്തിന്റെ മതിലിൽ കയറിനിന്നുകൊണ്ടു മൈതാനത്തിൽ നടന്ന ആഘോഷം കണ്ടുകൊണ്ടിരിക്കവേ ചിലർ അവരെ തടസ്സപ്പെടുത്തി. തങ്ങൾ കൂലവാണികന്മാർ (ധാന്യവിക്രയികൾ) ആണെന്നും നാട്ടുനടപ്പറിഞ്ഞുകൂടാതെയാണു് അങ്ങനെ ചെയ്തതെന്നും നമ്പുചെട്ടിയോടു സമാധാനം പറഞ്ഞു. ചെട്ടിയാകട്ടെ അവരിൽ ഒരു സഹോദരന്റെ തലയിൽ വടികൊണ്ടടിക്കുകയും തദനന്തരമുണ്ടായ ലഹളയിൽ എല്ലാ സഹോദരന്മാരും കാലഗതിയെ പ്രാപിക്കുകയും ചെയ്തു. ആ ദാരുണമായ വൃത്താന്തം കേട്ട നീലകേശി ഭർത്താവിനേയും പുത്രനേയും ഉപേക്ഷിച്ചു വീണ്ടും ഭിക്ഷുകിയായി സഞ്ചരിച്ചു. പുത്രനെ പിതാവു യഥാകാലം കച്ചവടവും കൽപ്പണിയും പഠിപ്പിച്ചു. നമ്പുശാരിഅരൻ സ്വന്തമായി ഒരു കപ്പൽ പണിയിച്ചു് അതു കച്ചിൽപട്ടണത്തുനിന്നു കച്ചവടത്തിനായി കടലിലിറക്കി. പാണ്ഡ്യർ, ജോനകർ, ചേഴിയർ മുതലായവരും ഒരു യവനനും (ഗ്രീക്കുകാരൻ) അതിൽ വേലക്കാരായി ഉണ്ടായിരുന്നു. അവർ ഏഴിമല ചുറ്റി പൂമ്പട്ടണത്തേക്കുചെന്നു് അവിടെനിന്നു മാലദ്വീപുകൾ, താമ്രവർണ്ണീനദി, പൂവൻകാപ്പട്ടണം, കാവേരിനദി ഇവ കടന്നു മറ്റൊരു സമുദ്രത്തിൽ സഞ്ചരിച്ചു പൊന്മല എന്ന സ്ഥലത്തെത്തി തങ്ങളുടെ സാമാനങ്ങൾ വിറ്റഴിച്ചു സ്വർണ്ണവുമായി തിരിയെ കച്ചിൽ പട്ടണത്തെത്തി. സാംയാത്രികന്മാർ യോഗ്യതാനുസാരം സമ്മാനങ്ങൾ വാങ്ങി. ഒരവസരത്തിൽ അച്ഛനും മകനുംകൂടി ചതുരങ്ഗം വച്ചുകൊണ്ടിരിക്കവേ ഒരു ഭിക്ഷുകി വന്നു തനിക്കു ഭിക്ഷകിട്ടിയാൽ പോരെന്നും യുവാവായ വർത്തകനെ കാണണമെന്നും നിർബന്ധിച്ചു. പിന്നീടു് ആ സ്ത്രീയും അരനും തമ്മിൽ ദീർഘവും രഹസ്യവുമായ ഒരു സംഭാഷണം നടന്നു. ഒടുവിൽ അന്നുരാത്രി പയ്യന്നൂരിൽ സ്ത്രീകൾ ഒരു സദ്യ നടത്തുന്നുണ്ടെന്നും ആ അവസരത്തിൽ അരൻ അവിടെ സന്നിഹിതനാകണമെന്നും അവർ അപേക്ഷിച്ചു പിരിഞ്ഞു. അച്ഛൻ അതിലെന്തോ കൃത്രിമമുണ്ടെന്നു ശങ്കിച്ചു മകനോടു പോകരുതെന്നു് ഉപദേശിച്ചു എങ്കിലും മകൻ വാഗ്ദാനം ചെയ്തു കഴിഞ്ഞിരുന്നതിനാൽ പോകുമെന്നു ശഠിച്ചു.

“നില്ലാതെ വീണു നമസ്കരിച്ചാൻ; –
നിന്നാണെ തമ്മപ്പാ പോകുന്നേനേ”
അപ്പോൾ അച്ഛൻ പറയുന്നു:–

“പോകാൻ വിലക്കിനേനെത്തിരയും;
പോക്കൊഴിപ്പാനരുതാഞ്ഞൂതിപ്പോൾ.
ചാവാളരെപ്പോൽ നീയകലെപ്പോവൂ;
ചങ്ങാതം വേണം പെരികെയിപ്പോൾ.
കോവാതലച്ചെട്ടിയഞ്ചുവണ്ണം
കൂടും മണിക്കിരാമത്താർ മക്കൾ
നമ്മളാൽ നാലു നകരത്തിലും
നാലരെക്കൊൾക കുടിക്കു ചേർന്നോർ.”
നാലർ കുടിക്കു ചേർന്നൊരെക്കൊണ്ടാർ
നാട്ടിലെപ്പട്ടിണസ്വാമിമക്കൾ;
തോഴർ പതിനാലു വൻകിരിയം
തോല്പിപ്പാനില്ലായീ നാട്ടിലാരും.
കാലേപ്പിടിച്ചങ്ങിഴയ്ക്കിലും ഞാൻ
കച്ചിൽപ്പട്ടിൽ വന്നെന്നിക്കണ്ണുറങ്ങേൻ.”
അപ്പോൾ അച്ഛൻ കപ്പലിൽ വില്പനയ്ക്കു കുറേ സാമാനങ്ങൾകൂടി കൊണ്ടുപോകുവാൻ ആജ്ഞാപിച്ചു. അതിനു മേലുള്ള കഥാവസ്തു എന്തെന്നറിയുവാൻ നിവൃത്തിയില്ലാതെയാണിരിക്കുന്നതു്.

16.24പയ്യന്നൂർ പാട്ടിന്റെ പ്രാധാന്യം

ഈ പാട്ടിന്റെ കാലം ക്രി. പി. പതിമ്മൂന്നോ പതിന്നാലോ ശതകമായിരിക്കാമെന്നു തോന്നുന്നു. വടക്കൻപാട്ടുകളിൽ സർവസാധാരണമായി ഉപയോഗിക്കുന്നതാണു് ഇതിലെ വൃത്തമെന്നു പറയേണ്ടതില്ലല്ലോ. ഗുണ്ടർട്ടു് ഉദ്ധരിച്ചിട്ടുള്ള വരികൾ മുഴുവൻ ഞാനും പകർത്തീട്ടുണ്ടു്; ചില തെറ്റുകൾ തിരുത്തുവാനും ശ്രമിച്ചിട്ടുണ്ടു്. അന്നു് ഉത്തരകേരളത്തിലും കൊടുങ്ങല്ലൂരിലെന്നപോലെ അഞ്ചു വണ്ണവും മണിഗ്രാമവുമുണ്ടായിരുന്നു എന്നും, കച്ചിൽ പട്ടണത്തിൽ ധാരാളമായി കപ്പൽപ്പണിയും കപ്പൽക്കച്ചവടവും നടന്നുകൊണ്ടിരുന്നു എന്നും, പാണ്ഡ്യർ, ചോളർ, ജോനകർ ഇവർക്കു പുറമേ അപൂർവം ചില ഗ്രീക്കുകാരും അവിടെ മാലുമികളായി താമസിച്ചിരുന്നു എന്നും മറ്റുമുള്ള വസ്തുതകൾ നാം ഈ ഗ്രന്ഥത്തിൽ നിന്നറിയുന്നു. കപ്പൽപ്പണിയേയും കപ്പൽച്ചരക്കുകളേയുംപറ്റി വിശദമായ വിവരങ്ങൾ ഇതിലുണ്ടെന്നും ആ ഭാഗങ്ങളിൽ പ്രയോഗിച്ചിരുന്ന പ്രചാരലുപ്തങ്ങളായ പല ശബ്ദങ്ങളുടേയും അർത്ഥം ഇപ്പോൾ അറിവാൻ നിർവാഹമില്ലെന്നും ഗുണ്ടർട്ടു പ്രസ്താവിക്കുന്നു. പുരാതനകാലത്തെ കേരളീയവാണിജ്യത്തെപ്പറ്റി പല പുതിയ അറിവുകളും നമുക്കു തരുവാൻ പര്യാപ്തമായ പ്രസ്തുതഗ്രന്ഥം നഷ്ടപ്രായമായിത്തീർന്നിരിക്കുന്നതു് ഏറ്റവും ശോചനീയമാകുന്നു.

16.25ഗദ്യം

16.25.1ദൂതവാക്യം
ആട്ടപ്രകാരങ്ങളിലെ ഗദ്യരീതി പതിമ്മൂന്നാമധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. ആ വക ഗ്രന്ഥങ്ങൾക്കുപുറമേ സ്വല്പകാലംകൂടി കഴിഞ്ഞപ്പോൾ കൂടിയാട്ടത്തിനു് ഉപയോഗിക്കുന്ന രൂപങ്ങൾക്കു ഗദ്യത്തിൽ ആദ്യന്തം വിസ്തൃതമായ രീതിയിൽ ഭാഷാനുവാദങ്ങളും വിരചിതങ്ങളായി. ആ ഇനത്തിൽപ്പെട്ടതാണു് ദൂതവാക്യം. മറ്റു ചില രൂപങ്ങൾക്കും വിദ്വാന്മാർ വിവർത്തനം എഴുതിയിരിക്കണം. അവ ഇക്കാലത്തു് അലഭ്യങ്ങളായിത്തീർന്നിരിക്കുന്നു.

16.25.1.1കാലം
ചാക്കിയാന്മാർക്കു് അഭിനയിക്കുവാനുള്ള രൂപകങ്ങളിൽ ഒന്നാണല്ലോ ദൂതവാക്യം എന്ന വ്യായോഗം. അതിലെ ഇതിവൃത്തം മഹാഭാരതം ഉദ്യോഗപർവത്തിൽ അന്തർഭൂതമായ ഭഗവദ്ദൂതുതന്നെയാണു്. അതിന്റെ ഒരുജ്ജ്വലമായ ഗദ്യ വിവർത്തനമാകുന്നു ദൂതവാക്യം ഭാഷ. പ്രസ്തുത പ്രബന്ധത്തിന്റെ പ്രണേതാവു് ആരെന്നറിവാൻ മാർഗ്ഗമില്ലെങ്കിലും കൊല്ലം 564-ാമാണ്ടു ‘മിഥുനഞായിറുപോകിൻറ നാളിൽ പരുവക്കൽ ഗൃഹത്തിൽ ഇരുന്ന ചെറിയനാട്ടു് ഉണ്ണിരാമൻ’ പകർത്തിയ അതിന്റെ ഒരു പ്രതി എനിയ്ക്കു കാണുവാൻ ഇടവരികയും, അതു ഞാൻ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടു്. എഴുതിയ കാലം കുറിച്ചിട്ടുള്ള ഏടുകളിൽ എന്റെ അറിവിൽ പെട്ടിടത്തോളം കേരളത്തിൽ ഈ താളിയോലഗ്രന്ഥത്തിന്നാണു് പഴക്കം അധികമായി കാണുന്നതു്. ഇതിന്റെ ഒടുവിൽ സംസ്കൃതത്തിൽ അഭിജ്ഞനായ ലേഖകൻ ‘ആദിത്യവർമ്മായ നമഃ’ എന്നൊരു കുറിപ്പും ചേർത്തിട്ടുണ്ടു്. ‘ആദിത്യവർമ്മ’ എന്നതു് അക്കാലത്തു് നാടു വാണിരുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ നാമധേയമാണു്. കൊല്ലം 564-ാമാണ്ടിനു മുമ്പാണു് ഗ്രന്ഥത്തിന്റെ രചനയെന്നുള്ളതിനു് ഇതിലധികം തെളിവു് ആവശ്യമില്ലല്ലോ. ഭാഷാരീതികൊണ്ടും ഇതു ക്രി. പി. പതിന്നാലാം ശതകത്തിലെ ഒരു കൃതിയാണെന്നു് അനുമാനിയ്ക്കുവാൻ കഴിയുന്നതാണു്.

16.25.1.2ഗ്രന്ഥത്തിന്റെ സ്വരൂപം
ഭാഷാ വിവർത്തനം എന്നു പറയുമ്പോൾ മൂലത്തിലെ ഗദ്യപദ്യങ്ങളുടെ അർത്ഥം അന്യൂനാനതിരിക്തമായ ഭാഷയിൽ സംക്രമിപ്പിച്ചിട്ടുള്ള ഒരു കൃതിയാണു് ഇതെന്നു് അനുവാചകന്മാർ തെറ്റിദ്ധരിയ്ക്കരുതു്. മൂലത്തിലെ വാക്യങ്ങളുടേയും ശ്ലോകങ്ങളുടേയും അർത്ഥം അതേമാതിരിയിൽ തർജ്ജമ ചെയ്തിട്ടുള്ള ഭാഗങ്ങൾ ഇതിൽ ദുർല്ലഭമാണു്. ഗദ്യപദ്യങ്ങളുടെ ഭാഷാനുവാദത്തിനു പുറമേ നടന്മാർക്കു രങ്ഗപ്രയോഗത്തിന്നു വേണ്ട ഉപദേശങ്ങളുംകൂടി ഗ്രന്ഥകാരൻ സന്ദർഭോചിതമായി നല്കുന്നുണ്ടു്. ഉദാഹരണമായി ഇതിലെ സ്ഥാപന തന്നെ പരിശോധിക്കാം. മൂലത്തിൽ നാന്ദ്യന്തത്തിൽ സൂത്രധാരൻ പ്രവേശിച്ചു പൂർവ്വരങ്ഗത്തിലെ പ്രധാനാങ്ഗമായ മങ്ഗളശ്ലോകപാഠം ചെയ്തതിന്നുശേഷം “ഏവമാര്യമിശ്രാൻ വിജ്ഞാപയാമി. അയേ, കിന്നു ഖലു മയി വിജ്ഞാപനവ്യഗ്രേ ശബ്ദ ഇവ ശ്രൂയതേ? അങ്ഗ, പശ്യാമി” എന്ന വാക്യങ്ങൾ ചൊല്ലുന്നു. ഭാഷയിലാകട്ടെ ഈ വാക്യങ്ങളുടെ വിവർത്തനത്തിനുമുമ്പു് “എൻറു പ്രസ്താവംകൊണ്ടു വിസ്തൃതകഥാശേഷ സൂചകപ്രവീണവാണീവിലാസമുടയനാകിന സൂത്രധാരൻ …പാരിപാർശ്വികന്മാരോടുകൂടി പുറപ്പെട്ടു രങ്ഗത്തിങ്കൽ പഞ്ചപദം ചെൻറു രങ്ഗഭൂമിങ്കൽ സഭാപതിയോടുകൂടി വസിച്ചരുളുൻറ പണ്ഡിതമഹാസഭ നോക്കി ആശീർവാദം പണ്ണി തിരിഞ്ഞു നൈപഥ്യശാല നോക്കി ചെല്ലിൻറവൻ; കൂത്താടുവാനാക്കിയ കൊണ്ടു കുറവുകെടൂ എന്റൊള്ളെടം അറിയിപ്പൂ എൻറു ചൊല്ലി ചെല്ലിൻറവൻ” എന്നു കഥാവസ്ത്വംശവിജ്ഞാപനത്തിനു മുമ്പു സൂത്രധാരൻ അനുഷ്ഠിക്കേണ്ട കർത്തവ്യത്തെ വിവരിക്കുന്നു. ഇതുപോലെ ഓരോ പാത്രത്തിന്റെയും പ്രവേശത്തിൽ ആ പാത്രത്തിന്റെ അന്തർഗ്ഗതവും രങ്ഗപ്രവേശപരിപാടിയും ഗ്രന്ഥകാരൻ പ്രപഞ്ചനം ചെയ്തിട്ടുണ്ടു്. മൂലഗ്രന്ഥം അഭിനയിക്കുന്ന ചാക്കിയാന്മാർക്കു് ആട്ടച്ചടങ്ങു പിഴയ്ക്കാതിരിയ്ക്കുന്നതിനും അതാതുപാത്രങ്ങൾക്കു തന്മയീഭാവബോധം ജനിക്കുന്നതിനും വേണ്ടി നിർമ്മിതമായ ഒരു ഗ്രന്ഥമാണു് ഇതെന്നു ചുരുക്കത്തിൽ പറയാം.

16.25.1.3മാതൃക
സംസ്കൃതപ്രധാനമാണു് പ്രസ്തുത ഗ്രന്ഥത്തിലെ ശൈലി; വാക്യങ്ങൾക്കു പ്രായേണ ദൈർഘ്യവും കൂടും. ഭാഷയിൽ ഒരു നവീനമായ ഗദ്യശൈലിയുടെ ആവിർഭാവത്തെയാണു് ഇത്തരത്തിലുള്ള ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നതു്. രണ്ടുദാഹരണങ്ങൾ ഉദ്ധരിക്കാം.

മഹാബലിയും വാമനമൂർത്തിയും:“അനന്തരം മഹാബലി ദുർന്നിമിത്തഗ്രഹഗൃഹീതനായി പിതാമഹമുഖവിഗളിതമാകിന പരമ്പുരുഷപരാക്രമത്തെ നിന്ദിക്കനിമിത്തമായു് കോപിക്കൻറ ശ്രീപ്രഹ്ലാദനിയോഗത്താൽ അശ്വമേധം ദീക്ഷിച്ചു പാത്രികളെ സംഗ്രഹിച്ചു് ഋത്വിക്കുകളെ വരിച്ചുകൊണ്ടു കുതിര പെരുമാറ്റി ചടങ്ങു പിഴയാതെ യാഗഞ്ചെയ്തു മുടിച്ചു പ്രാർത്ഥിതപ്രദാനപരായണനായി വസിക്കിൻറ കാലത്തു് അദിതിദേവിയുടെ തിരുവുദരാധാരത്തിങ്കൽനിൻറു ദിവ്യം വർഷസഹസ്രം കൂടിജ്ജനിച്ചു ചുവന്നു ചെറുതാകിന തിരുവുടമ്പിനെ ഉടയനായു് ദേവമന്ത്രി ബൃഹസ്പതിയെ ഉപാദ്ധ്യായനായി കല്പിച്ചു് ആയിരം, ശാഖകളോടുകൂടി ഇരിക്കിൻറ സാമവേദത്തിൽ വാമദേവ്യമാകിൻറ ശാഖ അളന്നു പാടി മഹാബലിയുടെ യജ്ഞവാടം പ്രാപിച്ച കാലത്തു, മധുരമധുരമാകിന സാമഗാനം കേട്ടു് സന്തോഷിതഹൃദയനാകിന മഹാബലി ശ്രീവടുവാമന മൂർത്തിയെ നോക്കി “നൽവരവാവൂതാക; എന്തിനെ ഇച്ഛിക്കിൻറൂ? അഭിപ്രേതമായിരുന്ന വരത്തെ വരിക്ക” എൻറിങ്ങനെ മഹാബലപരാക്രമനാകിന മഹാബലി ചൊല്ലിൻറതു കേട്ടു് അരുളിച്ചെയ്തു ശ്രീവടുവാമനമൂർത്തി:– “എടോ ദൈത്യേന്ദ്ര! രാജ്യത്തിങ്കൽ ശ്രദ്ധയില്ലാ എനക്കു്; അപ്പടിയേ ധനത്തിലും രത്നങ്ങളിലും സ്ത്രീകളിലും ശ്രദ്ധയില്ലാ. നിനക്കു ധർമ്മസ്ഥിതി ഒണ്ടാകിൻറുതാകിൽ നിന്നെ പ്രാർത്ഥിക്കിന്റേൻ ഗുർവർത്ഥമായി യജ്ഞശാല നാട്ടുവാൻ എന്നുടെ അടിയാൽ മൂവടി പ്രമാണം ഭൂമി തരവേണ്ടും’ എൻറു പ്രാർത്ഥിക്കിൻറ അവസ്ഥയിൽ “എടോ! ബ്രാഹ്മണശ്രേഷ്ഠാ! മൂൻറു പദങ്ങളെക്കൊണ്ടെന്തു നിന്തിരുവടിക്കു പ്രയോജനം? നൂറുതാൻ നൂറായിരംതാൻ അടിപ്രമാണം ഭൂമി അളന്നുകൊൾക.” എൻറ മഹാബലിയുടെ വചനം കേട്ടു പ്രഹ്ലാദനാകിൻറ അമാത്യൻ ചെൻറു ചെറുത്താൻ.”

ശ്രീകൃഷ്ണന്റെ വിശ്വരൂപം കണ്ട ദുര്യോധനൻ:“വിശ്വരൂപിയാകിന വിഷ്ണുഭഗവാനെ പിടിച്ചുകെട്ടാമെൻറു നിനച്ചു ചെൻറണിയിൻറവൻ കാണാതൊഴിഞ്ഞു് ‘ഏനെപേടിച്ചു നഷ്ടനായോൻ, തിരോഭവിച്ചാൻ’ എൻറു ചൊല്ലറ്റരുളിച്ചെയ്തു നില്ക്കിൻറവന്നു് അരികെ കാണായീ അംബുജേക്ഷണൻ തിരുവടിയെ. ‘ഏനേ, ഇവനല്ലോ കേശവൻ എൻറു ചൊല്ലി ചെൻറണയിൻറവൻ, ‘ഏനേ, ആശ്ചര്യമേ കേശവനുടെ ഹ്രസ്വത്വം. അണുരൂപനാകിലും അണഞ്ഞു വർദ്ധിപ്പൂ. എൻറു കല്പിച്ചു് ആന്ധ്യനിമിത്തമായി അണയിൻറ കാലത്തു് ഉടനേ കാണായീല്ല. ‘ഏനേ, കഷ്ടമേ! നഷ്ടനായാൻ കേശവൻ” എൻറരുളിച്ചെയ്തു നിശ്ചേഷ്ടനായു് നില്ക്കിൻറവന്നു് അരികേ കാണായീ അഖിലജനവന്ദ്യൻ തിരുവടിയെ. ‘ഏനേ ഇവനല്ലോ കേശവൻ’ എൻറരുളിച്ചെയ്തു ബന്ധിപ്പാൻ തുടങ്ങിൻറ കാലത്തു ഭൂമിയോടാകാശത്തോടൊക്ക ഉയർന്നു കാണാകിൻറ, വിഷയേന്ദ്രിയഗോചരമെൻറിയേ മൂരിനിമിർന്നരുളുൻറ, മധുസൂദനൻ തിരുവടിയുടെ തിരുവുടമ്പിനെ കണ്ടു കുതൂഹലചിത്തനായു് ‘ഏനേ, ആശ്ചര്യമേ! കേശിസൂദനനാകിന കേശവനുടെ ദീർഘത്വം നെടുപ്പമിരിക്കിൻറവാറു്;’ ഉടനെ തിരോഭവിച്ചരുളുൻറ ത്രിഭുവനേശ്വരൻ തിരുവടിയെ കാണാതൊഴിഞ്ഞു ‘ഏനേ മറഞ്ഞുതോ, മറഞ്ഞുതോ കേശവൻ?; എൻറു ചൊല്ലി മറുപാടുനോക്കിന്റവൻ ആവിർഭവിക്കിന്റ അനന്തനുടെ ആകാരത്തെക്കണ്ടു് ‘ഇവനോ കേശവൻ’? എൻറു ചൊല്ലിച്ചുഴൻറു നോക്കിൻറവൻ വിശ്വരൂപനാകിയ വിഷ്ണുമൂർത്തിയെ കണ്ടു വിഷാദചിത്തനായു് ‘മന്ത്രശാലയിങ്കൽ ഒരിടമൊഴിയാതെ കേശവന്മാരാകിൻറു. ഇവിടെ ഞാൻ എന്തു ചെയ്യുമതു? കണ്ടേനുപായം. എടോ രാജാക്കന്മാരേ, ഒരോരുത്തൻ ഓരോ കേശവന്മാരെ പിടിച്ചുകെട്ടുക. എന്തു്? രാജാക്കന്മാർ എല്ലാരും തങ്ങൾ തങ്ങളുടെ പാശംകൊണ്ടു തങ്ങളെ തങ്ങളെ പിടിച്ചുകെട്ടി അവരവരേ അവനീതലത്തിങ്കൽ വീഴിൻറുതോ? അഴകുതു! എടോ മഹാപ്രഭാവമുടയോയേ, അഴകുതു! ആർക്കുമൊരുത്തർക്കു പിടിച്ചുകെട്ടുവാൻ അസാദ്ധ്യമായിരിക്കുൻറൂ മായാവൈഭവംകൊണ്ടു് എൻറാൽ മദീയകോദണ്ഡോദരവിനിസ്സൃതങ്ങളാകിന വാണഗണങ്ങളാൽ പിളർക്കപ്പെട്ട പുൺവായിൽനിൻറു സാന്ദ്രതരമായി ചുവക്കപ്പെട്ടിരിക്കിൻറ രുധിരവെള്ളത്താൽ ഊട്ടപ്പെട്ടിരിക്കിൻറ സർവ അവയവങ്ങളെ ഉടയനായു് തങ്ങളുടെ ഭവനത്തെ പ്രാപിച്ചിരിക്കിൻറ നിന്നെ അപ്പാണ്ഡുപുത്രന്മാർ ദുഃഖാഭിസന്തപ്തരായി ദീർഘശ്വാസം പണ്ണി ഇടതറാതെ ഒഴുകിൻറ കണ്ണുനീരാൽ മറയ്ക്കപ്പെട്ടിരിക്കിൻറ നയനങ്ങളെ ഉടയരായി കണ്ടു മുടിക’ എൻറരുളിച്ചെയ്തു ധനുർവരത്തെ എടുത്തുകൊണ്ടുപോരുവാൻ ധനുശ്ശാല നോക്കിച്ചെല്ലത്തുടങ്ങിനാൻ കൗരവേന്ദ്രൻ ദുര്യോധനൻ തിരുവടി.”

16.25.1.4ദൂതവാക്യത്തിലെ ഭാഷാശൈലി
മലയാളഗദ്യസാഹിത്യത്തിന്റെ അതിപ്രാചീനമായ ഒരു മാതൃകയാകുന്നു നാം ദൂതവാക്യത്തിൽ കാണുന്നതു്. പിൻകാലത്തു പ്രചാരലുപ്തങ്ങളായിത്തീർന്നിട്ടുള്ള പല പദങ്ങളും ശൈലികളും പ്രയോഗങ്ങളും ദൂതവാക്യത്തിലുണ്ടു്. അലങ്ങുക (അലയുക), തറാതെ (തെറ്റാതെ), എഴുനിറ്റു (എഴുന്നേറ്റു), പാടുക (പെടുക), പണ്ണി (ചെയ്തു), ഞാങ്ങൾ (ഞങ്ങൾ), നൽവരവു് (സ്വാഗതം), വീണ്ണ (വീണ), ആനത്തലവങ്ങൾ (ആനത്തലവന്മാർ), അമർഷ (അമർഷം), സൂക്ഷ്മിച്ചു (സൂക്ഷിച്ചു), മുതലായവ അത്തരത്തിലുള്ള പദങ്ങളാണു്. ‘പോയ്ക്ക്ക്കെടു’ തുടങ്ങിയ ശൈലികളും പ്രാക്തനങ്ങൾതന്നെ. ‘പുറപ്പടത്തുടങ്ങീതു’ ‘പ്രവർത്തിക്കത്തുടങ്ങി’ ഇത്യാദി പൂർണ്ണക്രിയകളിൽ ചേർന്നുകാണുന്ന നടുവിനയെച്ചത്തിനു പകരം അനന്തരകാലങ്ങളിൽ പിൻവിനയെച്ചം കടന്നുകൂടി, പുറപ്പെടാൻ തുടങ്ങി എന്നുംമറ്റുമുള്ള പ്രയോഗങ്ങൾ ഉണ്ടായതു ഭാഷാപണ്ഡിതന്മാർക്കു് അശ്രുതപൂർവമല്ലല്ലോ.

16.25.2ബ്രഹ്മാണ്ഡപുരാണം
ചാക്കിയാന്മാരുടെ ആവശ്യത്തിനുവേണ്ടിയല്ലാതേയും ചില ഗദ്യകൃതികൾ ക്രി. പി. പതിന്നാലാംശതകത്തിൽ ആവിർഭവിക്കുകയുണ്ടായി. പൗരാണികകഥകളുടെ സങ്ഗ്രഹരൂപത്തിലുള്ളവയാണു് അത്തരത്തിലുള്ള പ്രബന്ധങ്ങൾ. ആ കൂട്ടത്തിൽ ബ്രഹ്മാണ്ഡപുരാണം ഗദ്യം അഗ്രിമപദവിയെ അർഹിക്കുന്നു.

16.25.2.1ഗ്രന്ഥകാരനും കാലവും വിഷയവും
പ്രസ്തുത ഗ്രന്ഥത്തിന്റെ ഒരു പ്രതിയിൽ 648-ാമാണ്ടു ധനുമാസം 20-ാംനു ഞായറാഴ്ച മകവും പഞ്ചമിയും അൻറു് എഴുതിക്കൂടിയതു് എന്നൊരു കുറിപ്പു് കാണുന്നുണ്ടു്. ഇതു കണ്ണശ്ശപ്പണിക്കർ രചിച്ചതെന്നാണു് ഐതിഹ്യം. നിരണം കവികളിൽ ആരാണെന്നുപ്തപ്പെടുത്തിപ്പറവാൻ കൢ പ്രയാസമുണ്ടെങ്കിലും അവരിലൊരാളാണു് പ്രണേതാവു് എന്നൂഹിക്കുന്നതിൽ വൈഷമ്യമില്ല; ഭാഷാരീതികൊണ്ടു് ഈ കൃതിക്കും ദൂതവാക്യത്തിനും തമ്മിൽ വളരെ സാജാത്യം കാണുന്നുണ്ടു്. ബ്രഹ്മാണ്ഡപുരാണത്തിൽ കാർത്തവീര്യാർജ്ജുനന്റെ ഭദ്രദീപപ്രതിഷ്ഠയേയും കേരളോദ്ധാരകനായ ശ്രീപരശുരാമന്റെ അപദാനങ്ങളേയും വിവരിക്കുന്നതും തൊണ്ണൂറ്റൊമ്പതു് അധ്യായങ്ങൾ അടങ്ങീട്ടുള്ളതുമായ മധ്യമഭാഗമാണു് ഇതിലെ പ്രതിപാദ്യം. തുഞ്ചത്തെഴുത്തച്ഛന്റെ ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടിലെ കഥാവസ്തുവും ഇതുതന്നെയാണല്ലോ. “ശ്രീവേദവ്യാസമഹർഷി അരുളിച്ചെയ്ത ബ്രഹ്മാണ്ഡപുരാണത്തിൽ മധ്യമഭാഗത്തെ ഇതാ ഞാൻ തമിഴായിക്കൊണ്ടറിയിക്കിന്നേൻ” എന്നു പ്രസ്തുത കൃതിയിലും

“ബ്രഹ്മാണ്ഡമെൺപത്തയ്യായിരം ഗ്രന്ഥത്തിലതി
നിർമ്മലമായിട്ടുള്ള മധ്യമഭാഗമിതു
ചൊല്ലിയേൻ തൊണ്ണൂറ്റൊൻപതദ്ധ്യായമതു കേട്ടാൽ
ക്കല്യാണം വരും കൈവല്യത്തേയും സാധിച്ചീടാം.”
എന്നു കിളിപ്പാട്ടിലുമുള്ള പ്രസ്താവനകൾ നോക്കുക. എഴുത്തച്ഛൻ പല പ്രകാരത്തിൽ നിരണം കവികളോടു കടപ്പെട്ടിരുന്നു എന്നുള്ളതിനു് ഇതും ഒരു തെളിവാകുന്നു.

16.25.2.2ഉദാഹരണങ്ങൾ
ദൂതവാക്യത്തേക്കാൾ ബ്രഹ്മാണ്ഡപുരാണത്തിൽ സംസ്കൃതപദങ്ങൾക്കു കുറവുണ്ടെന്നുള്ളതു പ്രത്യേകം അവധാരണീയമാകുന്നു. അതുകൊണ്ടു കൈരളീപിപഠിഷുക്കൾക്കു് ഈ കൃതി ഒന്നുകൂടി പ്രയോജനകരമായിരിക്കുന്നു. ഗ്രന്ഥകാരന്റെ ശൈലി എത്രമാത്രം സഹൃദയാനന്ദനമാണെന്നു കാണിക്കുവാൻ രണ്ടുദാഹരണങ്ങൾ ചുവടേ ചേർക്കാം.

സപത്നീകനായ ദത്താത്രേയമഹർഷി:“കാഷായം കൊണ്ടുടുത്തു് ഇടത്തുകൈയിൽ ദണ്ഡും പിടിച്ചു, ഗോപികൊണ്ടു ഒറ്റത്തിരുനാമമിട്ടു, കരുങ്കുവളപ്പൂവുകൊണ്ടു ചെവിപ്പൂവിട്ടു, പൊന്നിൻ പൂണുനൂലും പൂണ്ടു, വലത്തുകൈയിൽ കപാലം നിറയ ഉണ്ടായിരിക്കിൻറ മദ്യംകൊണ്ടനുഭവിച്ചു് അതിനാൽ മദം കിളരുകയാൽ ചുവന്നുമറിഞ്ഞുവരിൻറ കണ്ണിണയോടും കൂട ത്രൈലോക്യസുന്ദരിയായിരിപ്പിതൊരു സ്ത്രീയാൽ തഴവപ്പട്ടു. അവൾ എങ്ങനെ ഇരുന്നാളെങ്കിൽ ഇരുണ്ടു നീണ്ടു് അഗ്രം ചുരുണ്ടു് ഇരിക്കിൻറ തലമുടിയിൽ നിൻറു് അഴിഞ്ഞുപൊഴിഞ്ഞു വീഴിൻറ കുസുമങ്ങളെ ഉടയളായ് അഷ്ടമിചന്ദ്രനെക്കണക്കേ ഇരിക്കിൻറ നെറ്റിത്തടത്തെ ഉടയളായ്, കുങ്കുമംകൊണ്ടു നെറ്റിയിൽ കുറിയിട്ടു കാമൻ വിൽക്കൊടി കണക്കെ ഞെറിഞ്ഞ പുരികക്കൊടി ഉടയളായ്, ചെന്താമരപ്പൂവിനുടെ അന്തർദ്ദളം കണക്കേ ചെവ്വരി ചിതറി ചെവിയോളം നീണ്ടു് അഴകിയവായിരുന്ന കണ്ണിണകളെ ഉടയളായ്, മാണിക്കം കൊണ്ടു കടൈന്ത കുണ്ഡലങ്ങളാൽ ശോഭിക്കിൻറ കർണ്ണങ്ങളെ ഉടയളായ്, ഉന്നതമായിരുന്ന നാസിക ഉടയളായ്, കണ്ണാടി കടഞ്ഞ കപോലങ്ങളിരണ്ടും, പവഴം കണക്കേയും തൊണ്ടിപ്പഴം കണക്കേയും ഇരുന്ന അധരോഷ്ഠമുടയളായ്, പുഞ്ചിരിക്കൊരാധാരമായ് പൂർണ്ണചന്ദ്രനെക്കണക്കേ കാന്തികൊണ്ടഴിച്ചു പത്രം [3] കണക്കേ പ്രസന്നമായിരുന്ന മുഖപത്മത്തെ ഉടയവൾ, കടഞ്ഞ ശംഖുപോലെയിരുന്നിതു കണ്ഠനാളം. അനേകം രത്നംകൊണ്ടു് ഇടയിടെ കോർക്കപ്പെട്ടിരിക്കിൻറ കണ്ഠാഭരണങ്ങളെ ഉടയവൾ: അനേകം മാണിക്കങ്ങളെ തറച്ചു തോൾവള ഉടയവൾ; കടകങ്ങൾകൊണ്ടലങ്കരിച്ചു കളഭങ്ങൾ കൊഴച്ചു് അഴകിയവായിരുന്ന കയ്യിണകളെ ഉടയവൾ; കസ്തൂരി കർപ്പൂരമെൻറിവറ്റിനുടെ സുഗന്ധങ്ങളെ ഉടയവൾ; കുങ്കുമക്കുഴമ്പു കൊണ്ടു മാർവത്തു തേച്ചു പൊന്നിൻകുടം കണക്കേ അഴകിയ വായിരുന്നു പരസ്പരം അഴകുപട്ടിരുന്ന മുലയിണകളെ ഉടയവൾ; ഒരു മുട്ടികൊണ്ടു പിടിച്ചാൽ അതിലടക്കപ്പെടും നടുവാകിൻറതു്. അരയാലിലപോലെ ഉദരം; ത്രിവലികളും രോമരാജികളും കണ്ടാൽ മനോഹരം... നാനാവർണ്ണത്തോടുംകൂടി ഇരിക്കിൻറ തിരുവുടയാടകൊണ്ടു ചാർത്തി അനേകം രത്നങ്ങൾ ഒൻറിനോടൊൻറു തട്ടി ഒച്ച പുറപ്പെടുൻറ ഉടഞാണിനെ ഉടയവൾ; ആനത്തുമ്പിക്കൈ കണക്കേ ഉരുണ്ടു് അഴകിയ തുടയിണകളേ ഉടയവൾ; മനോഹാരികൾ ജാനുക്കൾ ഇരണ്ടും; ഉരുണ്ടു് അഴകിയ കണക്കാലുടയവൾ; രത്നങ്ങൾകൊണ്ടു് ഇളകിവരിൻറ ചിലമ്പിണകളെ ഉടയവൾ; പത്മകോമളങ്ങളായ് ചുവന്നു് അഴകിയവായിരിക്കിൻറ വിരൽകളെ ഉടയവൾ; പത്മകോമളങ്ങളായ് ചുവന്നു് അഴകിയവായിരിക്കിൻറ ഉള്ളങ്കാലോടുകൂടി മഹർഷിയെ ആശ്ലേഷിച്ചു പകുത്തു മധുപാനം ചെയ്യിൻറ സ്ത്രീയോടും കൂടി മഹർഷിയെ കാണായിതു.”

രേണുകയും ശ്രീപരശുരാമനും:പിതാവു് അരുളിച്ചെയ്യക്കേട്ടു് ഇരാമനെഴുനിൻറു നമസ്കരിച്ചാൻ:– “പിതാവേ! എനക്കു നിന്തിരുവടി വരം തന്നരുളുക. എന്നുടെ മാതാവു് ഉറങ്ങി ഉണർന്നപോലെ പുണ്ണിനോടു വേറുപെട്ടു നോവുമിളച്ചു ഞാൻ കൊൻറതുമറിയാതെ എഴുനില്പോളാക. ഇന്നുമൊരുവരം തന്നരുളുക, എന്നുടെ ജ്യേഷ്ഠഭ്രാതാക്കൾ നാല്വരും നിന്തിരുവടിയുടെ തിരുവുള്ളക്കേടുകൊണ്ടു ചണ്ഡാലരായവർകൾ ശുദ്ധരായ്മുന്നേക്കണക്കേ വിദ്യയോടുംകൂടി ഗുരുഭക്തിയോടുംകൂടി വരുവോരാക” …രാമനുമപ്പൊഴുതു മാതാവിനെക്കണ്ടു ഭൂതലത്തിൽ വീണ്ണു നമസ്കരിച്ചു. “നിന്തിരുവടിയെ വെട്ടിക്കൊന്റൊരുത്തൻ. സ്ത്രീയാകയുമുണ്ടു്; പതിവ്രതയാകയുമുണ്ടു്; ഇവ ഓരൊന്റെ നിരൂപിച്ചാൽ കൊൽവാൻ യോഗ്യമില്ല. എപ്പൊഴുതും വന്ദിപ്പാനും പൂജിപ്പാനും യോഗ്യമേ ഉള്ളിതു. അങ്ങനെ ഇരിക്കിന്റെടത്തു് അവയൊൻറും നോക്കാതെ നിന്തിരുവടിയെ വെട്ടിക്കൊന്റൊരുത്തൻ ഞാൻ; എന്നെ കാണുൻറവർക്കു മഹാപാതകദോഷമുണ്ടു്. കണ്ടവർ കണ്ടവർ ‘കഷ്ടേ!’ എൻറുചൊല്ലി കണ്ണുമടച്ചു വഴിതിരിഞ്ഞു പോവർ; അങ്ങനെ മഹാപാപിയായിരിക്കിൻറ എന്നെ എങ്ങേനും പോയു് കെടുവതിനായ്കൊണ്ടു് അനുജ്ഞ തന്നരുളുക” എൻറു മുറയിടുന്റ രാമനെ തഴുവി, കൈമേലിട്ടുപിടിച്ചു് എടുത്തു മടിയിൽ വൈച്ചുകൊണ്ടു ചൊന്നാൾ രേണുക. “പുത്രാ, നിന്നെക്കണക്കേ ഇരിപ്പൊരു പുരുഷരില്ല ത്രൈലോക്യത്തിൽ; എങ്ങനെ എങ്കിൽ നിന്റെ പിതാവിനേയും എന്നേയും ഭ്രാതാക്കൾ നാല്വരേയും ഭൃഗുവംശത്തേയുംകൂടെ രക്ഷിച്ചൊരുത്തൻ നീ. എങ്ങനെ എൻറു നിനയ്ക്കിൽ എന്നുടെ ദോഷമറിഞ്ഞു പരിഹരിക്കയെൻറു പിതാവു ചൊന്നതു കേളാഞ്ഞുതാകിൽ, ഞാൻ മനോദുഷ്ടയായ് ഭർത്താവിന്റെ കോപംകൊണ്ടു വെന്തുമരിച്ചു നരകത്തിൽ വീണ്ണുപോയേനേയും. നീയതിനെ പരിഹരിക്കയാൽ ഭർത്താവിനോടും ബന്ധുവർഗ്ഗത്തിനോടും കൂടി സുഖിച്ചിരിക്കിന്റേൻ. ആകയാൽ മാതാവിനെ രക്ഷിച്ചൊരുത്തൻ നീ. പിതാവു ചൊന്നതു കേളാഞ്ഞുതാകിൽ ഗുരുവചനം കടക്കയാൽ ഗുരുകോപംകൊണ്ടു ചണ്ഡാലത്വം വന്നു മരിച്ചു നരകത്തിൽ വീണ്ണു മുടിഞ്ഞോയേയും. ആകയാൽ നിന്നെയും നീ രക്ഷിച്ചാ. അത്തനയുമല്ല ഗുരുകോപംകൊണ്ടു ചണ്ഡാലരായു് മൗഢ്യംകൊണ്ടു പാപങ്ങളെ ചെയ്തു നരകത്തിൽ വീഴുൻറ ഭ്രാതാക്കളേയും ശുദ്ധരാക്കിക്കൊണ്ടു രക്ഷിച്ചാ. നിന്നുടെ പിതാവു കോപമാകിൻറ മഹാദോഷംകൊണ്ടു് എന്നെ കൊൻറും പുത്രരെ ശപിച്ചും സന്താനം കെടുത്തുള്ള മഹാപാപം കൊണ്ടു നരകത്തിൽ വീഴുവാൻ തുടങ്ങിൻറ പിതാവിനേയും നീ രക്ഷിച്ചാ. ഈവണ്ണം രക്ഷിച്ചൊരുത്തൻ നീയുമെൻറാൽ നിനക്കു വേണ്ടുവോളംനാൾ സുഖിച്ചു ജീവിച്ചിരിപ്പോയാക. അസ്ത്രശസ്ത്രങ്ങൾ വീര്യശൗര്യാദി ഗുണങ്ങളുള്ളരിൽ പ്രധാനനായിട്ടും ഇരിക്ക നീ.” എൻറു ചൊല്ലി തഴുവി സംഭാവിച്ചാൾ മാതാവു്.

16.25.3ഹോരാഫലരത്നാവലി
“ഹോരാഫലരത്നാവലി” എന്നൊരു ജ്യോതിഷഗ്രന്ഥം കണ്ണശ്ശപ്പണിക്കരുടേതാണെന്നു പറഞ്ഞുകൊണ്ടു പ്രസിദ്ധീകരിച്ചുകാണുന്നു. അതിനൊരു തെളിവെന്നതുപോലെ

“കണ്ണശ്ശനെന്നുള്ള പണിക്കരച്ഛൻ
ഖണ്ഡിച്ചു മറ്റുള്ള മതങ്ങളെല്ലാം
നിർണ്ണീതഹോരാഫലരത്നസാരം
വർണ്ണിച്ചു ചൊല്ലുന്നിഹ ശിഷ്യനോടായു്”
എന്നൊരു ശ്ലോകവും അതിന്റെ ആരംഭത്തിൽ ചേർത്തിട്ടുണ്ടു്. അതു ബൃഹജ്ജാതകത്തിന്റെ ഭാഷാവ്യാഖ്യാനമാകുന്നു. ഗുരുശിഷ്യസംവാദരൂപത്തിലാണു് ഈ വ്യാഖ്യാനം രചിയ്ക്കപ്പെട്ടിരിയ്ക്കുന്നതു്. ആകെ എട്ടദ്ധ്യായങ്ങളുണ്ടു്. വ്യാഖ്യാതാവു ജ്യോതിഷത്തിലെന്നപോലെ വ്യാകരണത്തിലും സാഹിത്യത്തിലും നിപുണനാണു്. പക്ഷെ അദ്ദേഹം ജീവിച്ചിരുന്നതു് ഈയിടയ്ക്കു മാത്രമാണെന്നും ഗ്രന്ഥത്തിന്റെ കർത്തൃത്വം കണ്ണശ്ശനിൽ ആരോപിയ്ക്കുന്നതു് അത്യന്തം അസങ്ഗതമാണെന്നും ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ചില പങ്ക്തികൾ കൊണ്ടു് ഈ വസ്തുത തെളിയിക്കാം. ശിഷ്യൻ: അഥവാ മങ്ഗളം വേണമെന്നിരിക്കട്ടെ. എന്നാലും അനേകഗ്രന്ഥങ്ങളിൽ വിഷ്ണു, ശിവൻ, ഗണപതി, ഭഗവതി ഈ ദേവതകളെക്കുറിച്ചേ മങ്ഗളം കാണുന്നുള്ളൂ. ആദിത്യനെക്കുറിച്ചു മങ്ഗളസ്തുതി അപ്രസിദ്ധമാകുന്നു. ഗുരു: മങ്ഗളം എന്നു പറയുന്നതു് ഇഷ്ടദേവതാസ്തുതിയാകുന്നു. വരാഹമിഹിരാചാര്യൻ ആദിത്യഭക്തനായിരുന്നതുകൊണ്ടാണു് അവിടെ ആ ദേവതാസ്തുതി നിബന്ധിക്കാനിടവന്നതു്. ശിഷ്യൻ: ആദിത്യൻ ഇഷ്ടദേവതയാകുന്നുവെങ്കിൽ ‘നത്വാഭക്തിയുതസ്സഹസ്രകിരണം’ എന്നിങ്ങനെ ആരംഭിച്ചാൽ മതിയാകുമെന്നിരിക്കേ ആദ്യത്തെ ശ്ലോകം മുഴുവൻ വന്ദനത്തിനുപയോഗിച്ചതു് എന്തിനാണെന്നറിയുന്നില്ല. ഗുരു: ജ്യോതിശ്ശാസ്ത്രത്തിൽ പ്രത്യേകിച്ചും ആദിത്യപ്രസാദത്താൽ എല്ലാ ഗ്രഹങ്ങളും ഇഷ്ടഫലത്തെ കൊടുക്കുമെന്നും ആദിത്യൻ ഗ്രഹങ്ങളിൽവെച്ചു പ്രധാനിയാകുന്നുവെന്നും തോന്നിപ്പിക്കുന്നതിനാകുന്നു.”

ഇതാണോ കൊല്ലം ആറാംശതകത്തിലേ ഗദ്യരീതി? ബ്രഹ്മാണ്ഡപുരാണത്തിലെ ശൈലി? കഷ്ടം, വിദ്വാന്മാർ എന്തിനാണിങ്ങനെ പരവഞ്ചനത്തിനു് ഒരുങ്ങുന്നതു്?

16.26മറ്റു ചില ഗദ്യകൃതികൾ

16.26.1അംബരീഷചരിതം
ഇതും ബ്രഹ്മാണ്ഡപുരാണം പോലെയുള്ള ഒരു ഗദ്യകൃതിയാണു്. ഭാഷാഗതികൊണ്ടു് ഇതിന്റെ കാലം പതിന്നാലാം ശതകമെന്നു നിർണ്ണയിക്കാം. പ്രണേതാവു് ആരെന്നറിവില്ല. ചില പങ്ക്തികൾ താഴെ ചേർക്കുന്നു.

“ഇതിൽ ദ്വാദശി കഴിയിൻറുതായിരിക്കിൻറതു. ഏകാദശീവ്രതവുമിതറുതിയാകിൻറിതെന്റു നിനച്ചുണർത്തിനാനതികാരി: “ഇതുകാണാ രാജാവു, പാൽ കൊണ്ടു പാരണ പണ്ണികോലകത്തു് ഒരുത്തരെ ഊട്ടിക്കൊണ്ടെൻറിയേ ഉൺകയോ കൃത്യമല്ല. അതിലും വിശേഷമൊണ്ടു്. മഹർഷിയെ ക്ഷണിച്ചായല്ലോ നിന്തിരുവടി; എൻറാൽ മഹർഷികളായുള്ളവർ ശപിക്കയും വിരോധമേ രാജാവേ” എൻറതികാരി ഉണർത്തക്കേട്ടപ്പൊഴുതേ രാജാവും പാൽകൊണ്ടു പാരണം പണ്ണി മഹർഷിയുടെ വരവും നോക്കി കാൽകഴുകുവാൻ നീരും ചന്ദനവും ചമച്ചുകൊണ്ടു നിൻറ കാലത്തു മഹർഷിയും നീരാട്ടുപള്ളി പുക്കു ശ്രമപ്പെട്ടെഴുന്നള്ളിൻറ കാലത്തു ഉടയാട പകർന്നിട്ടു കുണ്ഡികയിൽ നീരും ചന്ദനവും എടുത്തുകൊണ്ടു പാദശൗചം പണ്ണി ‘ഭഗവാനേ ദ്വാദശി കഴിയിൻറുതായിരിക്കിൻറിതു. വിരയയകത്തെഴുനരുളുക’ എൻറുണർത്തിൻറംബരീഷനെ നോക്കിയരുളിച്ചെയ്താൻ ദുർവാസാമഹർഷി.”
16.26.2രാമായണം തമിഴ്
നമ്പിയാന്മാരുടെ ‘തമിഴി’നെ ലീലാതിലകത്തിൽ സ്മരിച്ചിട്ടുണ്ടു്. മാർദ്ദങ്ഗികന്മാർ കൂത്തിനോടനുബന്ധിച്ചും അല്ലാതേയും ചില കഥകൾ പറയാറുണ്ടെന്നും അവയിൽ ഭാഷാസംസ്കൃതയോഗവും ദോഷരാഹിത്യവും ശ്ലേഷാനുപ്രാസാദിഗുണാലങ്കാരങ്ങളുമുണ്ടെങ്കിലും സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളില്ലാത്തതുകൊണ്ടു് അവയ്ക്കു ‘തമിഴെ’ന്നല്ലാതെ മണിപ്രവാളമെന്നു സംജ്ഞയില്ലെന്നുമാണു് അദ്ദേഹം പ്രസ്താവിയ്ക്കുന്നതു്. അത്തരത്തിൽ ഗദ്യപദ്യ സമ്മിളിതങ്ങളായ പ്രബന്ധങ്ങൾക്കു പുറമേ തനിഗ്ഗദ്യത്തിലും പല പ്രബന്ധങ്ങൾ പണ്ടുണ്ടായിരുന്നിരിക്കണം. ‘നമ്പ്യാരുടെ തമിഴു’കളിൽ പ്രായേണ ഇന്നു നാം കാണുന്നവയ്ക്കു് അത്ര വളരെ പ്രാചീനത കാണുന്നില്ല. അവയിൽ അത്യന്തം വിസ്തൃതമായ “രാമായണം തമിഴു്” പതിന്നാലാംശതകത്തിൽ ഉണ്ടായതാണെന്നു് ഊഹിക്കാം. രാവണോത്പത്തി മുതലാണു് അതിൽ കഥ ആരംഭിക്കുന്നതു്. രാവണൻ ഗണപതിയുമായി യുദ്ധത്തിനു നേരിട്ടപ്പോൾ ആ ദേവനു് അപ്പവും വാഴപ്പഴവും മറ്റും നല്കി സന്തോഷിപ്പിച്ചു് അവിടത്തെ പിന്തിരിപ്പിച്ചു എന്നും സുബ്രഹ്മണ്യനെ തോല്പിച്ചു എന്നും അതു കണ്ടു ക്രുദ്ധനായി ശ്രീപരമേശ്വരൻ എതിർത്തപ്പോൾ നൃത്തംകൊണ്ടു് അവിടത്തെ പ്രസാദിപ്പിച്ചു എന്നും മറ്റും പല നൂതനങ്ങളായ മനോധർമ്മങ്ങളും പ്രയോഗിച്ചുകാണുന്നു.

16.26.2.1ദശരഥന്റെ മരണം
“സുമന്ത്രനെ വിളിച്ചരുളിച്ചെയ്താൻ ദശരഥരാജാവു്. ‘ഇതു കേളാ സുമന്ത്രാ, ഞാൻ പണ്ടു ബാല്യകാലത്തിൽ വനപ്രദേശത്തിങ്കൽ നിൻറു മൃഗങ്ങൾ തണ്ണീർ കുടിപ്പാൻ തടാകത്തിലിറങ്ങിൻറ കാലത്തിൽ തടാകത്തിൽ തർപ്പിച്ചിരിക്കിന്റോൻ ഒരു മഹർഷികുമാരൻ. അപ്പോൾ ഞാൻ മൃഗങ്ങളെയെയ്ത ശരം ഋഷികുമാരന്മേലേറ്റുമരിച്ച കാലത്തിൽ ഋഷികുമാരനുടെ മാതാപിതാക്കൾക്കു പുത്രവിയോഗം വൻറ ഹേതുവായി എന്നെയും പുത്രവിയോഗം കൊണ്ടു മരിപ്പൂതെൻറു ശപിച്ചരുളിനാൻ മഹർഷി. അതു വിഷയമായി ഞാനും പുത്രവിയോഗത്തിനാൽ മരിപ്പേൻ എൻറാൻ. നീ ശ്രീരാമനാമം ജപിക്ക എനിക്കു മോക്ഷം വരുവാ” നെൻറു സുമന്ത്രനോടരുളിച്ചെയ്തു ദശരഥരാജാവു താനുംകൂടി ശ്രീരാമനാമം ജപിച്ചു. രാമലക്ഷ്മണന്മാർ വനത്തിന്നു പോയി ഏഴാം ദിവസത്തിൻനാൾ ദശരഥരാജാവു സ്വർഗ്ഗത്തിന്നെഴുൻറരുളി …നീയും വന്നീവണ്ണമുണർത്തിനായെല്ലോയെൻറു ചൊല്ലി ദുഃഖത്തോടുകൂടി പ്രലാപിച്ചു കേകയരാജധാനിയിൽ നിന്നു പുറപ്പെട്ടു വേഗത്തിൽ പോയി തിരുവയോദ്ധ്യയെ പ്രാപിച്ചു പ്രതിമാഗൃഹംപുക്കു പുരോഹിതവർഗ്ഗത്തോടും കൂടകേട്ടു ദേവകലികനാൽപ്പടത്തിൽ കാട്ടി [4] ഭരതശത്രുഘ്നന്മാർ വസിഷ്ഠവാമദേവാദികളുടെ നിയോഗത്തിനാൽ നീരാട്ടുപള്ളിപുക്കു ദശരഥരാജാവിനെ എടുത്തുകൊണ്ടു ചെൻറു ചിത ചമച്ചു് അതിന്മേലാമ്മാറു രാജാവിനെ നിധാനം ചെയ്തു സംസ്കാരകർമ്മമനുഷ്ഠിച്ചു സംസ്കാരം ചെയ്തു. താരയുടെ അനുരഞ്ജനം

“ഇതു കേളാ ഹനൂമാനേ, നമ്മുടെ സ്വാമി ശ്രീരാഘവൻ തിരുവടി എന്നുടെ ജ്യേഷ്ഠഭ്രാതാവിനെ കൊൻറു എനിക്കു രാജ്യാഭിഷേകം ചെയ്തു് എന്നെ രക്ഷിച്ചിരിക്കിൻറ സ്വാമി എന്നെ നിഗ്രഹിപ്പാനോ ഹനൂമാനെ എൻറു സുഗ്രീവൻ ചൊന്നതു കേട്ടു ചൊന്നാൻ ശ്രീഹനൂമാൻ. “ഇതു കേളാ സുഗ്രീവാ, നിന്നുടെ താരയെ യാത്രയാക്കിപ്പിന്നെ ശ്രീലക്ഷ്മണൻ തിരുവടിയുടെ കോപമടക്കുക. ശ്രീലക്ഷ്മണൻ തിരുവടി സ്ത്രീവധം ചെയ്കയില്ലെൻറു ശ്രീഹനൂമാൻ ചൊന്നതു കേട്ടു സുഗ്രീവനും പെരുകിന സന്തോഷമുടയോനായി താരയെ വിളിച്ചണയത്തുകൊണ്ടു ചൊന്നാൻ സുഗ്രീവൻ. “ഇതു കേളാ താരേ, നമ്മുടെ ഗോപുരദ്വാരം പ്രാപിച്ച ശ്രീലക്ഷ്മണൻ തിരുവടിയെക്കണ്ടു അവൻ തിരുവടിയുടെ കോപമടക്കി വരിക താരേ” യെന്റു സുഗ്രീവൻ ചൊന്നതു കേട്ടു താരയും വിവേകിച്ചു വേഗത്തിൽ പോയിസ്നാനം ചെയ്തു് ആടയാഭരണങ്ങൾകൊണ്ടലങ്കരിച്ചു ദിവ്യങ്ങളായിരിക്കിന്റ പുഷ്പങ്ങൾ പറിച്ചുകൊണ്ടു വേഗത്തിൽ അടക്കത്തോടും കൂടി ശ്രീലക്ഷ്മണസമീപത്തെ പ്രാപിച്ചു ശ്രീലക്ഷ്മണൻ തിരുവടിയേക്കണ്ടു പ്രദക്ഷിണം ചെയ്തു ദിവ്യങ്ങളായിരിക്കിന്റ പുഷ്പങ്ങളാരാധിച്ചു തൊഴുതു നമസ്കരിച്ചുണർത്തിനാൾ താര. “ഇതു കേളാ സ്വാമി, എന്നുടെ ഭർത്താവു വാനരേശ്വരൻ ബാലി ദേവകളാലും ഋഷികളാലും സംഭാവിക്കപ്പെട്ടു് ഉദയപർവതത്തിന്മേൽനിന്നു് അസ്തമയപർവതത്തിന്മേൽ പാഞ്ഞു ശ്രീമഹാദേവൻ തിരുവടിയേയും ശ്രീപാർവതീദേവിയേയും കൂടെക്കണ്ടു പ്രദക്ഷിണം ചെയ്തു തൊഴുതു നമസ്കരിച്ചു വിടയുംകൊണ്ടു വേഗത്തിൽ പോയി ശ്രീപാൽക്കടലെ പ്രാപിച്ചു ഭഗവാനേയും ശ്രീഭഗവതിയേയും കണ്ടു നമസ്കരിച്ചു സത്യം വഴുതാതെ നാലു സമുദ്രത്തിങ്കലും ചെൻറുപ്പിച്ചു് ഇങ്ങനെ നിത്യകർമ്മം പിഴയാതെയിരുന്ന എന്നുടെ ഭർത്താവിനെ നിഗ്രഹിച്ചു. നിർഭാഗ്യയായിരിക്കിൻറ അടിയന്റെ പുത്രൻ അങ്ഗദനോ ഏതുമറിവോനല്ല. അത്രേയുമല്ല സ്വാമി, ആദിത്യപുത്രൻ സുഗ്രീവൻ സീതാവൃത്താന്തം നിരൂപിച്ചു കായും കനിയുമുപയോഗിക്കാതെ പെരുകിന വേദനയുടയോനായി പത്തുദിക്കിലും പെരുമ്പടയേകി അടുത്തനാളുദയകാലം പമ്പാതീരത്തിങ്കൽ ഇരുപത്തൊന്നു വെള്ളം വാനരവീരന്മാരോടുകൂടി വിടകൊൾവാൻ നിനച്ചിരുൻറ കാലത്തിങ്കൽ നിന്തിരുവടിയെഴുൻറരുളി. അങ്ങനെയിരിക്കിൻറ സുഗ്രീവനെ നിന്തിരുവടി നിഗ്രഹിക്കിൻറുതാകിൽ അടിയനെ മുന്നിൽ നിഗ്രഹിക്കണം” എൻറിങ്ങനെ ചൊല്ലിൻറ താരയുടെ വചനം കേട്ടു ശ്രീലക്ഷ്മണൻ തിരുവടി സന്തോഷമുടയോനായി താരയെ നോക്കിയരുളിച്ചെയ്താൻ. അവസാനം

“പിന്നെ കൊമ്പു, കാളം, മദ്ദളം, ശംഖു, പെരുമ്പറ, നിഷാണം, തകിൽ, മൃദുവാദ്യങ്ങൾ, ആണാർ, മണിവീണ, കുഴൽ, സുരമണ്ഡലം, നന്തുണി എന്നിവറ്റിനുടെയൊച്ചയും ഗീതാവാദ്യങ്ങളും ജലഗന്ധപുഷ്പധൂപദീപങ്ങളും എൻറിവറ്റാൽകൊണ്ടും വസിഷ്ഠവാമദേവാദികളാൽ പൊന്നുങ്കുടത്തിലും വെള്ളിക്കുടത്തിലും മഹരിഷികളാൽ പൂജിച്ചു ജപിയ്ക്കപ്പെട്ട കലശങ്ങളാൽകൊണ്ടും, രാമാഭിഷേകോത്സവം രാജ്യത്തിലുള്ള ജനത്തോടും കൂടെ കണ്ടു സന്തോഷമുടയോരായി രാമലക്ഷ്മണന്മാരും ഭരതശത്രുഘ്നന്മാരും ജനകരാജനന്ദിനി സീതാദേവിയും കൌസല്യാദേവിയും കൈകേയീദേവിയും സുമിത്രാദേവിയും വസിഷ്ഠവാമദേവാദികളും രാജ്യത്തിലുള്ള ജനത്തോടും കൂട സുഖിച്ചുവസിച്ചാർ. ദശരഥപുത്രൻ ശ്രീ രാഘവൻ തിരുവടി കൃത്യം പിഴയാതെ ദുഷ്ടരെ നിഗ്രഹിച്ചു ശിഷ്ടരെ പരിപാലിച്ചു ഭ്രാതാക്കൾ മൂവരോടും ജനകരാജ നന്ദിനി സീതാദേവിയോടും കൂട സുഖിച്ചുവസിച്ചാൻ. ശ്രീ രാഘവൻ തിരുവടിയെൻറിങ്ങനെയിരിക്കിൻറ ശ്രീരാമായണം കഥ കേട്ടവർക്കും കേൾപ്പിച്ചവർക്കും കറ്റവർക്കും കർപ്പിച്ചവർക്കും എഴുതിയവർക്കും ആചാരിയനും കൊടുത്തുവായിച്ചവർക്കും ജന്മജന്മാന്തരങ്ങളിൽ ചെയ്യപ്പെട്ട പാപം കെട്ടു സ്വർഗ്ഗം പ്രാപിക്കാമെൻററിക.”

16.26.3ഉത്തരരാമായണസങ്ഗ്രഹം ഗദ്യം
ഇതും ആരുടെ കൃതിയെന്നറിയുന്നില്ല. രാമായണം തമിഴിലേ ഉത്തരരാമായണകഥയുടെ സംക്ഷേപമാണു്. ചില വാക്യങ്ങൾ ഉദ്ധരിക്കാം:

“ശിവം മുഴുകീതു. അതു കണ്ടു കോപിക്ക ദശഗ്രീവൻ പാശവുമാക രാജാവിനെ പിടിച്ചുകെട്ടിക്കൊൾവിതെൻറധ്യ വസിക്കിൻറതു കണ്ടു രാജാവു രാവണനോടു കൂട യുദ്ധം പണ്ണി ഇരുപതു കയ്യുമൊക്ക പാശത്താൽ ബന്ധിച്ചു കാരാഗൃഹത്തിലിടുവിച്ചു. ചിലനാൾ കഴിഞ്ഞവാറേ അതു കേട്ടു പുലസ്ത്യൻതിരുവടി അവിടത്തിങ്കലെഴുന്നരുളി സാമംകൊണ്ടു പ്രാർത്ഥിച്ചു രാവണനെ കഴിച്ചുവിടിയിച്ചെഴുന്നരുളിനാൻ. അവിടെനിന്നു പോകിന്റ ദശഗ്രീവൻ കിഴക്കിൻ സമുദ്രത്തെ പ്രാപിച്ചു. അതിൽ തർപ്പിച്ചിരുന്ന വാനരേശ്വരൻ ബാലിയെക്കണ്ടു പിടിച്ചുകെട്ടിക്കൊൾവിതെന്റധ്യവസിച്ചു ചെല്ലിന്റ ദശഗ്രീവനെ പിടിച്ചു തന്നുടെ വാലുടെ പുച്ഛത്തിൽ കെട്ടിക്കൊണ്ടു നാലു സമുദ്രത്തിലും പാഞ്ഞു തർപ്പിച്ചു.”
16.26.4പുരാണസംഹിത
ഈ ഗദ്യം മുഴുവൻ കിട്ടീട്ടില്ല. നിർമ്മാതാവാരെന്നു് അറിവാനും നിവൃത്തിയില്ല. മാതൃകയായി ഒരു ഭാഗം ഉദ്ധരിക്കാം.

“മുൻപിൽ അവന്നു സുനീതിയും സുരുചിയും ഇരുവർ ഭാര്യമാർ. അതിൽ സുനിതീപുത്രൻ ധ്രുവൻ! സുരുചിപുത്രൻ ഉത്തമൻ. അവർ ഇഷ്ടരാകിന്റതു രാജാവിന്നു്. അങ്ങനെ ഇരിക്കിന്റേടത്തൊരുനാൾ ഉത്തമനെ മടിയിൽവച്ചു ലാളിപ്പൂതും ചെയ്തു രാജാവിരിക്കിന്റെടത്തു ധ്രുവൻ ചെന്റു മടിയിൽ കരേറുവാൻ തുടങ്ങിന്റപ്പോഴു് അധിക്ഷേപിച്ചാൾ സുരുചി …പിന്നെച്ചൊല്ലുവൂതും ചെയ്താൾ ഇമ്മനോരഥത്തിൽ ഉണ്ടു് നിനക്കു് അപേക്ഷയെന്മൂ എങ്കിൽ തപസ്സുകൊണ്ടു് ഭഗവാനെ പരിതോഷിപ്പിച്ചു് എങ്കൽ പോന്നുളനാകയാമെന്റിങ്ങനെ. അതെല്ലാം കേട്ടു സുനീതി ഉള്ളെടത്തു ചെന്നു് അവളുടെ നിയോഗത്താൽ ഭഗവാനെ തപസ്സുചെയ്തു പരിതോഷിപ്പിച്ചു് ഒരുത്തരാലുമനധ്യാസിതമായിരിപ്പൊരു പദമുണ്ടു ധ്രുവപദം. അതിനെ ലഭിച്ചു ഹരിയെ പ്രാപിച്ചു പെരികനാളേതു രാജ്യവും രക്ഷിച്ചു് ഒടുക്കത്തു ധ്രുവപദത്തെ പ്രാപിപ്പൂതും ചെയ്താൻ.”
16.26.5വ്യാഖ്യാനങ്ങൾ
സംസ്കൃതത്തിൽനിന്നും തമിഴിൽ നിന്നും അക്കാലത്തു പല ഗ്രന്ഥങ്ങൾ പണ്ഡിതന്മാർ മലയാളത്തിൽ വ്യാഖ്യാനിച്ചുതുടങ്ങി. തമിഴ്ക്കൃതികൾ പ്രായേണ വേദാന്തപരങ്ങളാണു്. പ്രണേതാക്കളെപ്പറ്റി യാതൊരറിവുമില്ലാത്തതും നിർമ്മാണകാലംതന്നെ കണ്ടുപിടിക്കുവാൻ പ്രയാസമുള്ളതുമാണു് ആ കൂട്ടത്തിൽപെട്ട ഗ്രന്ഥങ്ങൾ. അവയിൽ ഒന്നായ പരമഞാനവിളക്കത്തിൽനിന്നു് ഒരു വാക്യം ഉദ്ധരിക്കാം. “പ്രായം പെറാത്തവർക്കുമെളുതായു് പടിച്ചറിയുമാറു ചുരുക്കിച്ചൊന്ന ശാസ്ത്രത്തിൻവിരിപ്പു പറവാനാകിലോ മഹാ അരുമയെൻററിഞ്ഞൂ പിന്നെയും ഇവർക്കു പ്രകാശിപ്പതിനിതു നല്ലൂ എൻറു നിശ്ചയിത്തരുളിച്ചെയ്തമയ്ക്കു പട്ടാങ്ങുടൻ പാടുവോരാവരാകിൽ വഴിവൻറ ജനങ്ങളെൻറവാറു അറിയാവരുമെൻറവാറും” തമിഴ്നാട്ടിൽനിന്നു കേരളത്തിൽ കുടിയേറിപ്പാർത്ത ദ്രാവിഡബ്രാഹ്മണർ വേദാന്തഗ്രന്ഥങ്ങളും മന്ത്രശാസ്ത്രഗ്രന്ഥങ്ങളും മറ്റും സാമാന്യജനങ്ങളെ പഠിപ്പിക്കുകയും അവർക്കു സുഗ്രഹമാകുമാറു് അവയ്ക്കു ഭാഷാവ്യാഖ്യാനങ്ങൾ രചിക്കുകയും ചിലപ്പോൾ സുഗമമായ തമിഴിൽത്തന്നെ മൂലഗ്രന്ഥങ്ങൾ സങ്ഗ്രഹിക്കുകയും ചെയ്തു എന്നുള്ളതു് ഒരു അനിഷേധ്യമായ പരമാർത്ഥമാണു്.

ഈ ഉദാഹരണങ്ങളിൽനിന്നു മലയാളഗദ്യത്തിന്റെ ജനനം ക്രി. പി. പത്തൊൻപതാം ശതകത്തിൽ മാത്രമാണെന്നു പറയുന്നതു് അസങ്ഗതമാണെന്നും പതിന്നാലാംശതകത്തിൽത്തന്നെ പല വിശിഷ്ടങ്ങളായ ഗദ്യകൃതികൾ ഭാഷയിൽ ആവിർഭവിച്ചിരുന്നു എന്നും കാണാവുന്നതാണു്.

കുറിപ്പുകൾ

1 ഈ പ്രസ്താവന പ്രതിമാനാടകത്തിലുള്ളതാണു്.


അദ്ധ്യായം 17 - മണിപ്രവാളകൃതികൾ II

(ക്രി. പി. പതിന്നാലാംശതകം)

17.1ഉണ്ണുനീലിസന്ദേശം

കൈരളീദേവിയുടെ അനർഘങ്ങളായ കണ്ഠാഭരണങ്ങളുടെ മദ്ധ്യത്തിൽ ഉണ്ണുനീലിസന്ദേശത്തിനു് അത്യന്തം മഹനീയമായ ഒരു സ്ഥാനമാണുള്ളതു്. കേരളത്തിലെ സംസ്കൃതസന്ദേശങ്ങളിൽ ‘ശുക’ത്തിനുള്ള സ്ഥാനമേതോ അതുതന്നെയാണു് മണിപ്രവാളസന്ദേശങ്ങളിൽ ‘ഉണ്ണുനീലി’ക്കുള്ളതു്. മേഘസന്ദേശാദികൃതികൾപോലെ ഉണ്ണുനീലിസന്ദേശത്തിനും പൂർവമെന്നും ഉത്തരമെന്നും രണ്ടു വിഭാഗങ്ങളുണ്ടു്. മുദ്രിതപുസ്തകത്തിൽ പൂർവസന്ദേശത്തിൽ 136, ഉത്തരസന്ദേശത്തിൽ 101, ഇങ്ങനെ 237 ശ്ലോകങ്ങളും അവ കൂടാതെ പീഠികാരൂപത്തിൽ അഞ്ചു ശ്ലോകങ്ങളും അടങ്ങിയിരിക്കുന്നു. അമുദ്രിതമായ ഒരു ഗ്രന്ഥത്തിൽ മൂന്നു ശ്ലോകങ്ങൾകൂടി കണ്ടിട്ടുണ്ടു്. [1] സന്ദേശത്തിലെ ശ്ലോകങ്ങൾ എല്ലാം സംസ്കൃതകവികളുടെ സങ്കേതമനുസരിച്ചു മന്ദാക്രാന്താവൃത്തത്തിൽ രചിയ്ക്കപ്പെട്ടിരിക്കുന്നു. കാളിദാസനേയും ലക്ഷ്മീദാസിനേയും കവി പല ഘട്ടങ്ങളിലും അനുകരിച്ചിട്ടുണ്ടു്. ശുകസന്ദേശത്തിലെ —

“ആസ്ഥാ ലോകേ വിപുലമനസാമന്യസാമാന്യമഭ്യേ
ത്യർത്ഥാനർത്ഥോപഗമവിഷയേഷ്വർത്ഥിതാ ചാതുരാണാം.”
എന്നു ശുകസന്ദേശശ്ലോകം കണ്ടാണു് ഇതിലേ

“മേലും നാനാകുശലമവനോടാർത്തിപൂർവം വിചാരി
ച്ചാസ്ഥാ ലോകേ വിപുലമനസാമെന്റു മുൽപെട്ടു കാട്ടി”
എന്ന പദ്യം നിർമ്മിച്ചിട്ടുള്ളതു്. “തത്സേവാർത്ഥം തരുണസഹിതാസ്താമ്രപാദാരവിന്ദാസ്താമ്യന്മധ്യാഃ സ്തനഭരനതാസ്താരഹാരാവലീകാഃ” എന്ന ശ്ലോകത്തിന്റെ പ്രതിദ്ധ്വനിയാണു് “തസ്മിൻ വംശേ തരുണനയനങ്ങൾക്കു പീയൂഷധാരാ താരുണ്യാനാം ജഗതി ജനനീ താർചരന്നസ്ത്രശാലാ” എന്ന ശ്ലോകത്തിൽ കേൾക്കുന്നതു്. ‘ഭ്രാതസ്തുർണ്ണം ഭവതു ച പുനർദർശനാനന്ദലക്ഷ്മീഃ’ എന്നു് ശുകസന്ദേശത്തിന്റേയും ‘ഉണ്ടാകേണ്ടും വിരവൊടു പുനർദർശനാനന്ദലക്ഷ്മീഃ’ എന്നു ഉണ്ണുനീലിസന്ദേശത്തിന്റേയും ഒടുവിലത്തെ ശ്ലോകങ്ങൾ സമാനരൂപത്തിൽ അവസാനിക്കുന്നു. നായിക:

മുണ്ടയ്ക്കൽ വീട്ടിലെ ഉണ്ണുനീലിയാണു് സന്ദേശത്തിലെ നായിക.

“സിന്ധുദ്വീപെന്റൊരു പുരവരം ബിംബലീപാലകാനാം
കേൾപ്പുണ്ടല്ലോ ജഗതി വിദിതം മേദിനീസ്വർഗ്ഗഖണ്ഡം;
തസ്മിൻ മാരന്നിനിയ പടവീടുണ്ടു മുണ്ടയ്ക്കലെന്മോ
രില്ലം മല്ലക്കുവലയദൃശാം പാരിലാരൂഢകീർത്തിഃ”
“സിന്ധുദ്വീപം ദ്വിപമദപരിസ്യന്ദിനോ മന്ദവാതാഃ” ഇത്യാദി പ്രസ്താവനകളിൽനിന്നു് ഉണ്ണുനീലിയാൽ അലംകൃതമായ മുണ്ടയ്ക്കൽ തറവാടു സിന്ധുദ്വീപത്തിലാണു് സ്ഥിതി ചെയ്തിരുന്നതെന്നു് വിശദമാകുന്നു. പണ്ടു കടൽത്തുരുത്തെന്നു പറഞ്ഞുവന്നതും ഇപ്പോൾ കടുത്തുരുത്തിയെന്നു വ്യവഹരിച്ചു വരുന്നതും വൈക്കം താലൂക്കിൽ പെട്ടതുമായ ഒരു സ്ഥലമാണു് അതു്. കടൽത്തുരുത്തു സംസ്കൃതീകരിച്ചതാണു് സിന്ധുദ്വീപം എന്നു പറയേണ്ടതില്ലല്ലോ. അതു പണ്ടു വടക്കുങ്കൂർ രാജാക്കന്മാരുടെ രാജധാനിയും പടവീടുമായിരുന്നു; അവരുടെ പോരാനകളെ ഒരുക്കി നിറുത്തിയിരുന്നതും അവിടെയാണു്. “സ്കന്ധാവാരം പരമപി തതോ ബിംബലീപാലകാനാം സിന്ധുദ്വീപം വ്രജ ഘനനിഭൈരാവൃതം സിന്ധുരേന്ദ്രൈഃ” എന്ന ശുകസന്ദേശപദ്യവും, സിന്ധുദ്വീപം ദ്വിപമദപരിസ്യന്ദിനോ മന്ദവാതാഃ’ എന്നതിനു പുറമേ ‘മത്തമാതങ്ഗഭീമേ’ എന്നും ഉള്ള ഉണ്ണുനീലിസന്ദേശത്തിലെ വർണ്ണനകളും ഇതിനു സാക്ഷ്യം വഹിക്കുന്നു. 133-ാം ശ്ലോകത്തിൽ പ്രസ്താവിക്കുന്ന കോതനല്ലൂർ ഏറ്റുമാനൂരിൽ നിന്നു നാലു നാഴിക വടക്കായി അതിനും കടുത്തുരുത്തിക്കും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണു്. 147-ാം ശ്ലോകത്തിൽ സ്മരിക്കുന്ന തളിയിൽ ശിവക്ഷേത്രം കടുത്തുരുത്തിക്കു സമീപം ഇപ്പോഴുമുണ്ടു്. 156-ാം ശ്ലോകത്തിൽ പറയുന്ന കോതപുരം ഇക്കാലത്തു ഗോവിന്ദപുരമായി രൂപാന്തരപ്പെട്ടിരിക്കുന്നു.

“ദേവാധീശന്നിനിയ പരനെത്തത്ര കൗന്തേയമിത്രം
ദേവം ഗോപീജനകുചതടീലമ്പടം കുമ്പിടമ്പിൽ”
എന്നു വർണ്ണിക്കുന്ന ശ്രീകൃഷ്ണൻ തന്നെയാണു് ഇന്നും ആ ക്ഷേത്രത്തിലേ മൂർത്തി. 166-ാം ശ്ലോകത്തിൽ വാഴ്ത്തുന്ന വീരമാണിക്കത്തു ചിറയും പുരയിടവും ഇന്നുമുണ്ടു്; വീടു നശിച്ചുപോയി. മുണ്ടയ്ക്കലെന്ന പേരിൽ മറ്റൊരു പുരയിടവും കാണുന്നു. മുണ്ടയ്ക്കൽവീടു തറവാടും വീരമാണിക്കത്തുവീടു നായികയ്ക്കു ഭർത്താവു പണിയിച്ചുകൊടുത്തതുമായിരിക്കണം. 173-ാം ശ്ലോകത്തിൽ ‘തെക്കുമ്പാകത്തു്’ ഉള്ളതായി കവി നിർദ്ദേശിക്കുന്ന കുറുമൂഴിക്കൽ വീടിനു് ഇപ്പോൾ കുരിയിക്കൽ വീടെന്നാണു് പേർ. സിന്ധുദ്വീപിനു വടമതിരയെന്നും കടന്തേരിയെന്നും രണ്ടു നാമാന്തരങ്ങൾ ഉണ്ടായിരുന്നു. ക്രിസ്ത്വബ്ദത്തിന്റെ ആരംഭത്തിൽ പാണ്ഡ്യരാജാക്കന്മാർ കുറെക്കാലത്തേക്കു് വടക്കുംകൂറും തെക്കുംകൂറും ഉൾപ്പെട്ട പ്രദേശങ്ങൽക്കു് ആധിപത്യം വഹിച്ചിരുന്നു. വേമ്പനാടു് (വേമ്പൻ: പാണ്ഡ്യൻ) എന്ന കായലിന്റെ പേർ ആ ആധിപത്യത്തെ സൂചിപ്പിയ്ക്കുന്നു. പാണ്ഡ്യന്മാരുടെ രാജധാനിയെ ആര്യാവർത്തത്തിലെ മഥുരയിൽനിന്നു വ്യാവർത്തിയ്ക്കുവാൻ ദക്ഷിണമധുരയെന്നാണു് സാധാരണമായി വ്യവഹരിക്കാറുള്ളതു്. എന്നാൽ പഴയ തലസ്ഥാനമായ കവാടപുരത്തെ അനുസ്മരിച്ചു് അതിനെ വടമധുരയെന്നും പറയും; വടമതിരയെന്ന പേർ സിന്ധുദ്വീപിനു വന്നതു് ആ വഴിക്കാണെന്നു ഞാൻ ഊഹിക്കുന്നു. തെക്കുംകൂർ വടക്കുംകൂർ ഈ രണ്ടു രാജ്യങ്ങൾക്കും കൂടി വെൺപൊലിനാടെന്നൊരു പേർ പിൽക്കാലത്തു സിദ്ധിച്ചു. [2] വെൺപൊലി സംസ്കൃതീകരിച്ചപ്പോൾ ബിംബലിയായി. കടന്തേരിയുടെ ആഗമം എന്തെന്നറിയുന്നില്ല. ‘കടന്തേറി’ അതായതു് ‘ആക്രമിച്ചു പിടിച്ചടക്കിയ ദേശം’ എന്നായിരിക്കുമോ ആ പദത്തിന്റെ അർത്ഥം? ഉണ്ണുനീലി ഒരു നായർ യുവതിയായിരുന്നു എന്നുള്ളതു് നിസ്സംശയമാണു്. നായികയുടെ തറവാടിനെ പുരസ്കരിച്ചു പ്രസ്തുത കൃതിയെ മുണ്ടയ്ക്കൽ സന്ദേശമെന്നും പറയാറുണ്ടു്. ഉണ്ണുനീലിക്കു സങ്ഗീതത്തിലും സാഹിത്യത്തിലും സംസ്കൃതത്തിലും പ്രാകൃതത്തിലും ജ്യോതിഷത്തിലും മറ്റും ജ്ഞാനമുണ്ടായിരുന്നു എന്നു് “ആടിക്കാർമൽക്കുഴലി വടിവിൽ” “യൽസത്യം തൽ ഭവതു” “കണ്ടോമല്ലോ തളിയിൽ” ഇത്യാദി ശ്ലോകങ്ങളിൽനിന്നു വ്യഞ്ജിക്കുന്നു. “അങ്കം വേറിട്ടമല ഗഗനേ” എന്ന ശ്ലോകത്തിൽ “മേചകാങ്ഗീ” എന്നും “പൂന്തേൻ വെല്ലും മധുരവചനം” എന്ന ശ്ലോകത്തിൽ “മരതകാദർശലീലൗ കപോലൗ” എന്നും കാണുന്നതിൽനിന്നു് ആ സ്ത്രീരത്നത്തിന്റെ വർണ്ണം ദ്രൗപദിയുടേതുപോലെ വിശ്വമോഹനമാണെങ്കിലും ശ്യാമളമായിരുന്നു എന്നും ഊഹിക്കുവാൻ പഴുതില്ലായ്കയില്ല.

17.1.1നായകനും കവിയും – പൂർവപക്ഷം
(1) ചാക്കിയാരോ?

ഈ വിഷയത്തെപ്പറ്റി കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലങ്ങളായി പല വാദങ്ങൾ നടക്കുന്നുണ്ടു്. നായകനും കവിയും ഒരാളല്ലെന്നും നായകൻ ഉണ്ണുനീലിയുടെ ആദ്യത്തെ ഭർത്താവായ മണികണ്ഠനെന്ന രാജാവുതന്നെയാണെന്നും അദ്ദേത്തിന്റെ മരണാനന്തരം ഒരു ചാക്കിയാർ ആ സ്ത്രീയെ പരിഗ്രഹിച്ചു എന്നും തന്റെ പ്രിയതമ നിർബ്ബന്ധിക്കയാൽ അദ്ദേഹം പ്രസ്തുത സന്ദേശം രചിച്ചു എന്നുമാണു് ചിലർ സങ്കല്പിക്കുന്നതു്. ഈ സങ്കല്പത്തിനു് ഒരു ഉപപത്തിയുമില്ല. ‘ഒരു കരംകൊണ്ടു താൻ പൊത്തയിത്വാ’ ‘കുഞ്ചിഭിഃ ചഞ്ചലാഗ്രൈഃ’ ‘പൊന്മേടാനാം’ ‘പാലവും പിന്നിടേഥാഃ’ ‘മാടമ്പീനാമവിടെ വസതാം’ ഇങ്ങനെ ചില സംസ്കൃതീകൃതങ്ങളായ ഭാഷാപദങ്ങൾ ഉണ്ണുനീലിസന്ദേശത്തിൽ കാണുന്നുണ്ടെന്നും അവ ഫലിതപ്രിയന്മാരായ ചാക്കിയാരന്മാരിൽ ഒരാളേ പ്രയോഗിച്ചിരിക്കുകയുള്ളു എന്നും അവർ വാദിക്കുന്നു. ലീലാതിലകത്തിലേ ‘സന്ദർഭേ സംസ്കൃതീകൃതാ ച’ എന്ന സൂത്രംകൊണ്ടു ഫലിതത്തെ ഉദ്ദേശിച്ചല്ലാതേയും ഭാഷാപദങ്ങളെ സംസ്കൃതീകരിക്കാമെന്നു സിദ്ധിക്കുന്നതിനു പുറമേ, ചാക്കിയാന്മാർ മാത്രമല്ല അത്തരത്തിലുള്ള ശ്ലോകങ്ങൾ രചിച്ചിരുന്നതു് എന്നും നാം കണ്ടുകഴിഞ്ഞു. മരിച്ച ഭർത്താവിന്റെ പ്രണയസന്ദേശം ജീവിച്ചിരിക്കുന്ന ഭർത്താവിനെക്കൊണ്ടു രചിപ്പിക്കുന്ന സ്ത്രീകളുണ്ടെന്നു തോന്നുന്നില്ല.

“കണ്ടോമല്ലോ തളിയിലിരുവൻകൂത്തു നാമന്റൊരിക്കാൽ
തൈവം കെട്ടോളൊരു തപതിയാൾ നങ്ങയാരെന്നെനോക്കി
അന്യാസങ്ഗാൽ കിമപി കലുഷാ പ്രാകൃതംകൊണ്ടവാദീൽ
പിന്നെക്കണ്ടീലണയ വിവശം വീർത്തുമണ്ടിൻറ നിന്നെ.”
എന്ന ശ്ലോകത്തെ ശരണീകരിച്ചാണു് മറ്റു ചിലർ കവിയും നായകനും ഒരാൾ തന്നെയെന്നും അതൊരു ചാക്കിയാർ തന്നെയായിരിക്കണമെന്നും അഭിപ്രായപ്പെടുന്നതു്. തപതീസംവരണം മൂന്നാമങ്കത്തിൽ സംവരണൻ ഉച്ചരിക്കുന്ന ഒരു വാക്യം തപതി അന്യസ്ത്രീയെ ഉദ്ദേശിച്ചാണെന്നു തെറ്റിദ്ധരിക്കുന്ന ഒരു ഭാഗമുണ്ടു്. അപ്പോൾ ആത്മഗതമായി പറയേണ്ട ഒരു പ്രാകൃത വാക്യം തളിയിൽ ക്ഷേത്രത്തിൽ തപതിയുടെ വേഷം കെട്ടിയ നങ്ങിയാർ ഉച്ചരിക്കുമ്പോൾ സദസ്സിൽ സന്നിഹിതനായ സന്ദേശനായകനെ നോക്കി എന്നേ മേലുദ്ധരിച്ച ശ്ലോകത്തിൽ പ്രസ്താവിച്ചിട്ടുള്ളു. സന്ദേശത്തിലെ നായികയും നായകനും പ്രേക്ഷകന്മാർ മാത്രമാണു്: നടിയും നടനുമല്ല; അതാണു് ‘കണ്ടോമല്ലോ’ എന്ന വാക്കിൽനിന്നു ഗ്രഹിക്കേണ്ടതു്. അപ്പോൾ ‘എന്നെ നോക്കി’ എന്നു പറഞ്ഞാൽ അതിനു ‘ചാക്കിയാരെ നോക്കി, എന്ന അർത്ഥമില്ലെന്നു സിദ്ധിക്കുകയും അതോടുകൂടി പ്രസ്തുതവാദം നിരാധാരമായിത്തീരുകയും ചെയ്യുന്നു. (2) ചെറിയതിന്റെ ഭർത്താവോ?

കൊല്ലത്തു രവിവർമ്മ ചക്രവർത്തിയുടെ സദസ്സിൽ അനേകം വിദ്വാന്മാരായ കവികളുണ്ടായിരുന്നു എന്നും അവരിൽ ഒരാളായിരിക്കാം സന്ദേശകാരനെന്നും സന്ദേശഹരനായ ആദിത്യവർമ്മ മഹാരാജാവിനോടു് അടുത്തു പെരുമാറുന്നതുകൊണ്ടു് അദ്ദേഹം ഒരു നമ്പൂരിയാണെന്നു് അനുമാനിക്കാം എന്നും, അദ്ദേഹം ഉണ്ണുനീലിയുടെ തോഴിയായ ചെറിയതിന്റെയോ മറ്റോ ഭർത്താവായിരിക്കാമെന്നും, (II 32-ം 96-ം ശ്ലോകങ്ങൾ നോക്കുക) ആ സ്ത്രീയുടെ നിർബ്ബന്ധ പ്രകാരം “മാരജ്വരപരവശനായി, എന്നു വച്ചാൽ ഭാര്യ നിർബ്ബന്ധിക്കുന്നതിനെ ഉപേക്ഷിക്കുവാൻ ശക്തിയില്ലാത്തവനായിട്ടു് ഉണ്ണുനീലിയേയും ആ സ്ത്രീയുടെ ഭർത്താവിനേയും നായികാനായകന്മാരാക്കിക്കല്പിച്ചു് ഒരു സന്ദേശകാവ്യം സ്വഭാര്യയോടു പറയുന്ന നിലയിൽ നിർമ്മിക്കുകയാണു്” ചെയ്തിട്ടുള്ളതെന്നും, ചെറിയതോ മറ്റോ അങ്ങനെ നിർബ്ബന്ധിച്ചതു തദ്ദ്വാരാ പ്രസാദിപ്പിക്കാവുന്ന ഉണ്ണുനീലിയിൽനിന്നു സമ്മാനം വാങ്ങാമെന്നുള്ള ആഗ്രഹം നിമിത്തമാണെന്നും മറ്റൊരു പണ്ഡിതൻ പ്രസ്താവിക്കുന്നു. ഈ പ്രസ്താവനയ്ക്കു് ആസ്പദമായി അദ്ദേഹം ശരണീകരിക്കുന്നതു്,

“വെള്ളിക്കുൻറിന്നഭീഷ്ടം വെളുവെള വിളയിപ്പിക്കുമക്കീർത്തി പാർമേ
ലല്ലിത്താർമാതിനെക്കൊണ്ടയി വിളിപണിചെയ്യിക്കുമാസ്താം പ്രലാപഃ
ഇല്ലത്തിന്നുന്നതിം തേ വിതരതു നിതരാമാകയാലുണ്ണുനീലീ
ചൊല്ലിൻറേനെങ്കിൽ നീ കേട്ടരുളുക ദയിതേ! സൂക്തിരത്നം മദീയം”
എന്ന പീഠികയിലെ പഞ്ചമശ്ശോകമാണു്. ‘ഉണ്ണുനീലി നിന്റെ (അതായതു ചെറിയതിന്റേയോ മറ്റോ) ഇല്ലത്തിന്നു് ഉന്നതിയെ വിതരണം ചെയ്യട്ടെ’ എന്നാണു് അദ്ദേഹം അർത്ഥയോജന ചെയ്യുന്നതു്. ഈ പീഠിക പ്രസ്തുത കാവ്യനിർമ്മിതിയുടെ പ്രയോജനത്തെയാണു് വിശദീകരിക്കുന്നതു് എന്നു നാം ഓർമ്മിക്കണം. ഇങ്ങനെയൊരു രീതി ഇതരസന്ദേശകാരന്മാർ ആരും തന്നെ സ്വീകരിച്ചിട്ടുള്ളതല്ല. അതിലെ മൂന്നാമത്തെ ശ്ലോകത്തിലാണു് ‘മന്ദപ്രജ്ഞോപി മാരജ്വരപരവശനായ്ക്കോലിനേൻ ഞാനിദാനീം, കണ്ടിക്കാർക്കൂന്തൽ കാലിൽത്തടവിന മടവാർനായികാം വാഴ്ത്തുവാനായു്, മുണ്ടയ്ക്കൽക്കെൻറുമാക്കം കരുതിന മറിമാൻകണ്ണിയാമുണ്ണുനീലിം’ എന്ന വരികളുള്ളതു്. മാരജ്വരപരവശനായി കവി ഉണ്ണുനീലിയെ വാഴ്ത്തുവാൻ തുടങ്ങുന്നു എന്നാണല്ലോ ഈ വരികളിൽനിന്നു മനസ്സിലാകുന്നതു്. ‘തന്റെ ഭാര്യയുടെ നിർബ്ബന്ധം തിരസ്കരിക്കുവാൻ നിവൃത്തിയില്ലാത്തവൻ’ എന്നാണു് മാരജ്വപരവശൻ എന്ന പദത്തിന്റെ അർത്ഥമെന്നു പറഞ്ഞാൽ അതു നിരക്കുകയില്ല. പ്രിയതമയുടെ വിപ്രയോഗത്തിൽനിന്നു ജനിക്കുന്നതല്ലേ മാരജ്വരം? ‘വെള്ളിക്കുൻറിന്നഭീഷ്ടം’ എന്ന ശ്ലോകത്തിൽ യഥാശ്രുതമായി സ്ഫുരിക്കുന്ന അർത്ഥം “അല്ലയോ ഉണ്ണുനീലി, നിനക്കിപ്പോൾ ധാരാളം ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടു്; അതു സാരമുള്ളതല്ല: അതിനെക്കാൾ കാമ്യമാണു് കൈലാസതുല്യമായ കീർത്തി. ആ കീർത്തി നിന്റെ തറവാട്ടിനു് ഉന്നതിയെ നല്കട്ടെ. എന്റെ സൂക്തിരത്നത്തിൽനിന്നു വേണം ആ കീർത്തിയുണ്ടാവാൻ; അതുകൊണ്ടു് ആ സൂക്തിരത്നമാകുന്ന സന്ദേശം ഞാനിതാ രചിക്കുന്നു; നീ കേട്ടുകൊള്ളുക” എന്നാണെന്നുള്ളതിനു സംശയമില്ല. ‘ആസ്താം പ്രലാപഃ’ എന്നൊരു വാക്യം ‘വിളിപണിചെയ്യിക്കു’മെന്നും ‘ഇല്ലത്തിന്നുന്നതിംതേ വിതരതു’ എന്നുമുള്ള ഭാഗങ്ങളുടെ ഇടയിൽ കിടക്കുന്നു എന്നുള്ളതുകൊണ്ടു മേൽ വിവരിച്ച അർത്ഥത്തിനു മറവോ മങ്ങലോ ഉള്ളതായി അനുഭവപ്പെടുന്നുമില്ല.

നായകനും നായികയ്ക്കും മാത്രമറിയാവുന്ന അവരുടെ ചില ദാമ്പത്യജീവിതരഹസ്യങ്ങളെയാണല്ലോ ഉത്തരസന്ദേശത്തിലെ 94, 95, 96 ഈ ശ്ലോകങ്ങളിൽ ‘അടയാളങ്ങ’ളാക്കി കാണിച്ചിരിക്കുന്നതു്. അവ അവരിൽനിന്നു് അന്യനായ ഒരാൾക്കു് അറിവാൻ എങ്ങനെ സാധിക്കും? അതുകൊണ്ടു് നായകനും കവിയും ഒരാൾ തന്നെയെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ട ആവശ്യമേ കാണുന്നില്ല. (3) വടക്കുംകൂർ ഇളമുറത്തമ്പുരാൻ

സന്ദേശത്തിലെ നായകനും കവിയും ആയ സരസൻ വടക്കുംകൂറിലെ ഒരു ഇളമുറത്തമ്പുരാനെന്നാണു് എന്റെ അനുമാനം. ഉത്തരസന്ദേശത്തിലെ പ്രഥമശ്ലോകത്തിൽ കവി നാടുവാഴുന്ന മണികണ്ഠരാജാവിനെ ശ്രീരാമനായും, പൂർവ്വസന്ദേശത്തിലെ ദ്വിതീയശ്ലോകത്തിൽ തന്നെ ലക്ഷ്മണനായും ഉല്ലേഖനം ചെയ്തിരിക്കുന്നതു് ഇവിടെ ശ്രദ്ധേയമാണു്. ഒരു ഇളയതമ്പുരാന്റെ ദൗത്യംവഹിച്ചു തൃപ്പാപ്പൂർ സ്വരൂപത്തിലെ ആദിത്യവർമ്മ ഇളയതമ്പുരാൻ കടുത്തുരുത്തിയോളം പോയി അദ്ദേഹത്തിന്റെ പ്രിയതമയെ സമാശ്വസിപ്പിയ്ക്കുന്നതിൽ പലവിധത്തിലും അവർ സമസ്കന്ധന്മാരാകയാൽ അസ്വാഭാവികതയില്ല. അല്ലാതെ ഒരു ചാക്കിയാരുടേയോ ഒരു നമ്പൂരിയുടേയോ സന്ദേശവാഹിയായി ആദിത്യവർമ്മാവിന്റെ നിലയിലുള്ള ഒരാൾ ആ യാത്രചെയ്തു എന്നു വിചാരിക്കുന്നതു സമഞ്ജസമല്ല. പീഠികയിൽ ‘പൂണാരം മണികണ്ഠവെൺപലമഹീപാലൈക ചൂഡാമണേഃ’ എന്നൊരു വാചകം ഉണ്ണുനീലിയുടെ വിശേഷണമായുണ്ടു്. അതിനു ചിലർ മണികണ്ഠരാജാവു ഭരിച്ച വടക്കുംകൂർ രാജ്യത്തിനു് അലങ്കാരമായ നായിക എന്നർത്ഥം കല്പിക്കുന്നു. അതു ശരിയാണെന്നു തോന്നുന്നില്ല. ഉണ്ണുനീലി മണികണ്ഠന്റെ പുത്രിയായതിനാലായിരിക്കണം കവി ആ വിശേഷണം പ്രയോഗിച്ചതു്. നായകൻ ആ രാജാവിന്റെ അനന്തരവനുമായിരിക്കണം. ഉത്തരസന്ദേശത്തിലെ 23 മുതൽ 26 വരെയുള്ള ശ്ലോകങ്ങളിൽ കടുത്തുരുത്തിയിൽ ചെന്നാൽ സന്ദേശഹരൻ മണികണ്ഠനെ കാണണമെന്നും തന്റെ ‘നിനവു്’ അതായതു് ഇങ്ഗിതം അദ്ദേഹത്തെ അറിയിച്ചു് അനുമതി വാങ്ങി ഉണ്ണുനീലിയുടെ ഗൃഹത്തിൽ ചെല്ലണമെന്നും നായകൻ പറയുന്നതിൽ അത്തരത്തിലുള്ള ബന്ധത്തിനു വിപരീതമായി യാതൊരു പ്രസ്താവനയുമില്ല. [3] പ്രത്യുത നായകൻ എവിടെയെന്നറിയാതേയും പുത്രിയുടെ തീവ്രമായ ദുഃഖം കണ്ടും അസ്വസ്ഥഹൃദയനായിരിക്കുന്ന മണികണ്ഠനെ മുൻകൂട്ടി വൃത്താന്തം ധരിപ്പിക്കുന്നതു് ഏറ്റവും സമുചിതമാണു്. അല്ലെങ്കിൽത്തന്നെയും വേണാട്ടിലെ യുവരാജാവു വടക്കുംകൂറിൽ ചെന്നാൽ ആദ്യമായി കാണേണ്ടതു് അവിടത്തെ നാടുവാഴിയെത്തന്നെയാണല്ലോ. ഇതിൽ ആചാര ഭ്രംശം ഒന്നും ഉള്ളതായിക്കാണുന്നില്ല. ചിരികണ്ടൻ, കോതവർമ്മൻ ഇരവി മണികണ്ഠൻ, രാമവർമ്മൻ ഈ ഇളങ്കൂറു തമ്പുരാക്കന്മാർ ആദിത്യവർമ്മാവിനെക്കാണ്മാൻ വരുമെന്നു പറയുന്നുണ്ടെങ്കിലും അവർക്കും നായകനും തമ്മിലുള്ള ചാർച്ചയെപ്പറ്റി ഒന്നും സൂചിപ്പിക്കുന്നില്ല എന്നാണു് ഇവിടെയൊരു പൂർവ്വപക്ഷം. അതു സൂചിപ്പിക്കേണ്ട ആവശ്യം നായകനില്ലാത്തതുകൊണ്ടു് അങ്ങനെ ചെയ്തില്ലെന്നേ അതിനു സമാധാനം പറയേണ്ടതുള്ളു. ‘യൽ സത്യം തൽ ഭവതു പുണർതംനാൾ പിറന്നെങ്ങൾ കാന്തൻ’ എന്ന പദ്യത്തിന്നു നായകന്റെ ജന്മനക്ഷത്രം പുണർതമാണെന്നും നായകനും കവിയും ഒരാളാണെന്നും സിദ്ധിക്കുന്നു. (4) ഉപപതിയോ?

എന്നാൽ അദ്ദേഹം ഉണ്ണുനീലിയുടെ ഭർത്താവല്ല ഉപപതിയാകുവാനാണു് ന്യായമുള്ളതു് എന്നു വേറെ ചിലർ വാദിക്കുന്നു. ഇതു് ഒരു പ്രകാരത്തിലും സംഭവിക്കാവുന്നതല്ല. നായികയുടെ വിരഹവ്യഥയെ വർണ്ണിക്കുന്ന ഉത്തര സന്ദേശത്തിലെ 58 മുതൽ 71 വരെയുള്ള ശ്ലോകങ്ങൾ സൂക്ഷിച്ചുവായിച്ചാൽ ആ നായികയുടെ ചാരിത്രശുദ്ധിയെപ്പറ്റി അന്യഥാശങ്കയ്ക്കു് അവകാശമേ ഉണ്ടാകുന്നതല്ല. “നൽച്ചൊൽ കേൾക്കും തദനു കൊടി വൈപ്പിക്കുമോർക്കും നിമിത്താനത്യാവേശാൽ പണവുമരിയും ചേർത്തു നിത്യം തൊടീക്കും; തുമ്പപ്പൂവാൽ വിരഹദിവസാനെണ്ണുമീവണ്ണമെല്ലാമല്ലോ മല്ലാർകുഴലികളുടേ വേല കാന്തൻ പിരിഞ്ഞാൽ” മുതലായ പദ്യങ്ങൾ ജാരാസക്തയായ ഒരു യുവതിയുടെ അവസ്ഥയെയാണോ സൂചിപ്പിക്കുന്നതു്? ഭാര്യ അപ്രകാരം സ്വൈരിണിയാകുവാൻ തുടങ്ങിയാൽ ഭർത്താവു് ആ കാര്യമറിയുകയില്ലേ? നാടുവാഴിയായ മണികണ്ഠനുതന്നെ ആ അസതിയെക്കുറിച്ചു് എന്തഭിപ്രായമാണു് തോന്നുക? അങ്ങിനെയുള്ള ഒരു സ്ത്രീയുടെ സമീപത്തിൽ ആദിത്യ വർമ്മാവിനെപ്പോലെയുള്ള ഒരു രാജാവു പോകുകയോ അതിനു തന്റെ ജ്യേഷ്ഠന്റേയും മണികണ്ഠന്റേയും അനുവാദം ചോദിച്ചു വാങ്ങിക്കുകയോ ചെയ്യുമോ? ‘കോപി കാമീ ജഗാമ’ എന്നു പ്രഥമശ്ലോകത്തിൽ പറയുന്നുണ്ടെങ്കിൽ അതിൽനിന്നു നായകൻ ഉപപതിയാകുന്നതെങ്ങനെ? ‘കശ്ചിൽ കാന്താവിരഹഗുരുണാ’ എന്നു മേഘസന്ദേശത്തിലും ‘സൗധശൃങ്ഗേ കയോശ്ചിൽ’ എന്നു ശുകസന്ദേശത്തിലുമുള്ള പ്രസ്താവനകളിൽനിന്നു് അതു കവികൾ ആ വിഷയത്തിൽ സാധാരണമായി സ്വീകരിക്കുന്ന ശൈലിയാണെന്നു മനസ്സിലാക്കാവുന്നതാണു്.

“ശയ്യോപാന്തേ സലളിതമിരുന്നുണ്ണുനീലീമിരുത്തി
ക്കമ്രാകാരേ നിജകരതലേ കാന്തതൻ കയ്യുമേന്തി”
എന്നു കവി സന്ദേശഹരനോടു് ഉപദേശിക്കുന്നുണ്ടു്. ഇതിലും ചാരിത്രം ചോർന്നുപോകുന്നതിനുള്ള വിടവുകളൊന്നുമില്ല. സന്ദേശഹരനിൽ നായികയ്ക്കു പരിപൂർണ്ണമായ വിശ്വാസം ഉണ്ടാകുന്നതിനുവേണ്ടിയാണു് കവി ആ പരിപാടി ആചരിക്കുവാൻ നിർദ്ദേശിക്കുന്നതു്. (5) കാലം

ഉണ്ണുനീലിസന്ദേശത്തിന്റെ കാലം സന്ദേശഹരനായ ആദിത്യവർമ്മ മഹാരാജാവിന്റെ കാലത്തെ ആശ്രയിച്ചിരിക്കുന്നു. ഈ വിഷയത്തിൽ രണ്ടഭിപ്രായമുണ്ടു്. കൊല്ലത്തെ വീരരവിവർമ്മചക്രവർത്തിയുടെ അനുജനാണു് സന്ദേശവാഹി എന്നു സങ്കല്പിച്ചുകൊണ്ടു കൊല്ലം 490-ാമാണ്ടു മേടമാസം 30-ാം൹ പുലർച്ചയ്ക്കാണു് സന്ദേശമെന്നു ചിലർ അഭിപ്രായപ്പെടുന്നു. കൊല്ലത്തു നാടുവാണിരുന്ന മറ്റൊരു രവിവർമ്മാവിന്റെ അനുജനാണു് അദ്ദേഹം എന്നു സങ്കല്പിച്ചുകൊണ്ടു് 549 കുംഭം 23-ാം൹ ഉദയാൽപരം ഏഴര നാഴികയും അശ്വതി നക്ഷത്രവും പഞ്ചമീതിഥിയും വ്യാഴാഴ്ചയും മേടം രാശിയും കർക്കിടകത്തിൽ വ്യാഴവും യോജിച്ചുവന്ന മുഹൂർത്തത്തിലാണു് ആദിത്യവർമ്മാവു സന്ദേശഹരമായി തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടതെന്നു ഞാനും പറയുന്നു. (6) കൊല്ലം 490-ാമാണ്ടോ? 549-ാമാണ്ടോ?

എതിർപക്ഷക്കാരുടെ വാദമുഖങ്ങളെന്തെന്നു നോക്കാം. പൂർവസന്ദേശം 76–77 ഈ ശ്ലോകങ്ങൾ ഇവിടെ ഉദ്ധരിക്കേണ്ടിയിരിക്കുന്നു.

“അർത്ഥിശ്രേണിക്കഭിമതഫലം നല്കുവാൻ പാരിജാതം
വിദ്വൽപത്മാകരദിനകരം വിശ്വലോകൈകദീപം
മുറ്റിക്കൂടും പെരിയ പരചക്രേഷു ചക്രായമാണം
കറ്റക്കാർമൻപുരികുഴലിമാർമാരനെക്കാൺക പിന്നെ.
വേലപ്പെണ്ണിൻറഴകുപൊഴിയും കണ്ണനെപ്പോരിൽ മാറ്റാർ
മൂലത്തിന്റേ മുടിവിനൊരു മുക്കണ്ണനെപ്പുണ്യകീർത്തേ,
വേരിച്ചൊല്ലാർമനസിജ, നിനക്കണ്ണനെച്ചെൻറു നേരേ
കോരിക്കൈകൂപ്പുടനിരവിവർമ്മാഖ്യവേണാടർകോനേ.”
ഈ വർണ്ണനം വീരരവിവർമ്മ ചക്രവർത്തിയെപ്പറ്റിയാണെന്നത്രേ അവരുടെ പക്ഷം; സന്ദേശരചന അവരുടെ മതമനുസരിച്ചു് ക്രി. പി. 1315-ലുമാണു്. 1312-ാമാണ്ടിടയ്ക്കു തന്നെ അദ്ദേഹം ത്രിക്ഷത്രചൂഡാമണിയായി വേഗവതീതീരത്തിൽവച്ചു കിരീടധാരണം ചെയ്തു എന്നു ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. കേരളത്തിനു പുളകോൽപാദകമായ അദ്ദേഹത്തിന്റെ ആ അഭൗമാപദാനത്തെപ്പറ്റി കവി ഈ ശ്ലോകങ്ങളിൽ യാതൊന്നും സൂചിപ്പിക്കാത്തതെന്തു്? അദ്ദേഹത്തെത്തന്നെ ഒരു പണ്ഡിതനെന്നോ കവിയെന്നോ വർണ്ണിക്കാത്തതെന്തു്? ഏതു രാജാവിനേയും ദാതാവു്, വിദ്വൽപ്രിയൻ, വിശ്വപ്രകാശകൻ, വിക്രാന്തൻ, സമ്പൽസമൃദ്ധൻ, ശത്രുഹന്താവു് ഇങ്ങനെയെല്ലാം കവികൾക്കു പുകഴ്ത്താവുന്നതാണു്. സന്ദേശകാരൻ കായങ്കുളത്തു രവിവർമ്മരാജാവിനെ,

“കാണാംപിന്നെക്കമലവനിതാമാനനേ വാചി വാണീം
വാണ്മേൽ വീരശ്രിയമപി വഹിക്കിൻറ വിഖ്യാതകീർത്തിം
തൂണ്മേലുണ്ടാം നരഹരിനിഭം ചെൻറതിർപ്പോർക്കു നിത്യം
കാണ്മോർ കണ്ണിന്നമൃതകരനാമോടവന്നാടർകോനേ.”
എന്നു പ്രശംസിക്കുന്നില്ലേ? അതിൽനിന്നു പറയത്തക്ക വ്യത്യാസം കൊല്ലത്തേ രവിവർമ്മാവിനെപ്പറ്റിയുള്ള പ്രശസ്തിയിൽ കാണുന്നില്ലല്ലോ. അതുകൊണ്ടു കൊല്ലത്തെ ഒരു രവിവർമ്മാവിന്റെ അനുജൻ തന്നെയാണു് തൃപ്പാപ്പൂരെ ആദിത്യവർമ്മാവെങ്കിലും ആ രവിവർമ്മാവു് അന്യനായിരിക്കണമെന്നാണു് എന്റെ അഭിപ്രായം. പണ്ഡിതശ്രേഷ്ഠനായ പി. കെ. നാരായണപിള്ളയും ഉണ്ണുനീലിസന്ദേശത്തിൽ സ്മൃതനായ കൊല്ലത്തേ രവിവർമ്മമഹാരാജാവു് “കാഞ്ചീപുരം ആക്രമിച്ച രവിവർമ്മചക്രവർത്തിയാണെന്നു വിചാരിക്കുവാൻ തരമില്ല; വേറെയൊരു ഇരവിവർമ്മൻ ആയിരിക്കണമെന്നു വിചാരിക്കേണ്ടതാകുന്നു” എന്നു ‘സഹൃദയാ’ മാസികയിൽ തന്റെ പക്ഷം അവതരിപ്പിച്ചിട്ടുണ്ടു്. (7) ഏതു് ആദിത്യവർമ്മാ?

1315-ാമാണ്ടിടയ്ക്കു് ഒരു ആദിത്യവർമ്മാവുണ്ടായിരുന്നതായി ഞാൻ സമ്മതിക്കുന്നു. അദ്ദേഹത്തിനാണു് കൊല്ലം 505-ൽ വൈക്കംക്ഷേത്രത്തിലെ വലിയ കോയിമ്മസ്ഥാനം ലഭിച്ചതെന്നു ഞാൻ ആ ക്ഷേത്രത്തിലെ ഗ്രന്ഥവരി പരിശോധിച്ചതിൽ കാണുന്നു. എന്നാൽ അദ്ദേഹത്തിനു സന്ദേശത്തിൽ പറഞ്ഞിട്ടുള്ളതുപോലെ ‘സർവാങ്ഗനാഥൻ’ എന്നൊരു ബിരുദം ഉണ്ടായിരുന്നതിനു ലക്ഷ്യമൊന്നുമില്ല. തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ മതില്ക്കകത്തുള്ള കൃഷ്ണസ്വാമിക്ഷേത്രത്തിന്റെ വടക്കേ ഭിത്തിയിലും തെക്കേ ഭിത്തിയിലും ഓരോ ശിലാരേഖയുണ്ടു്. ആദ്യത്തേ രേഖയിൽ സർവാങ്ഗനാഥൻ എന്നൊരു രാജാവു് (അബ്ദേ ച ചോളപ്രിയേ) ശകാബ്ദം 1296-ൽ അതായതു് ക്രി. പി. 1374 ഒക്ടോബർ 10-ാം൹ക്കും 1375 മാർച്ചു് 26-ാം൹ക്കുമിടയ്ക്കു ശ്രീകൃഷ്ണനു് ഒരു ഗോശാലയും, ദീപഗൃഹവും മണ്ഡപവും ‘സമകരോൽ’ (സംസ്കരിച്ചു) അതായതു് അഴിച്ചു പണിയിച്ചു എന്നു പറയുന്നു. രണ്ടാമത്തേതിൽ അതേ ഗോശാലയും ദീപഗൃഹവും മണ്ഡപവും ആദിത്യവർമ്മാവെന്നൊരു രാജാവു് (കൃതവാൻ നവത്വം) നവീകരിച്ചതായും പറയുന്നു. ‘സമകരോൽ’ എന്നും ‘കൃതവാൻ നവത്വം’ എന്നും ഉള്ള പദങ്ങൾക്കു് അർത്ഥവ്യത്യാസമില്ല. ചിലർ ശഠിയ്ക്കുന്നതുപോലെ ആ രണ്ടു സർവാങ്ഗനാഥന്മാരും രണ്ടാണെന്നു തൽകാലം വാദത്തിനുവേണ്ടി സമ്മതിച്ചാൽപ്പോലും അവരിൽ പ്രാചീനൻ 1374–1375-ലെ സർവാങ്ഗനാഥനാണെന്നു സമ്മതിക്കാതെ പോംവഴിയില്ല. 1315-ാമാണ്ടിടയ്ക്കു സമ്യക്കായ് നിർമ്മിച്ച ഗോശാലയും മറ്റും 1375-ൽ പുതുക്കിപ്പണിയേണ്ട ആവശ്യം നേരിടുന്നതുമല്ല. ആ വാദംകൊണ്ടു് ഏതായാലും 1315-ൽ ജീവിച്ചിരുന്ന ആദിത്യവർമ്മാവു സർവാങ്ഗനാഥനാണെന്നു വരികയില്ലല്ലോ. മൂന്നാമതായി ഇവിടെ സ്മരിക്കേണ്ട ഒരു ശിലാരേഖ വടശ്ശേരി കൃഷ്ണൻകോവിലിലുള്ളതാണു്. അതിൽ ആദിത്യവർമ്മാവിനു സർവാങ്ഗനാഥബിരുദം സിദ്ധിക്കുന്നതിന്നുള്ള കാരണങ്ങളെ വിവരിച്ചിരിയ്ക്കുന്നു. അതിലെ

“ശബ്ദജ്ഞോസ്മ്യഥ ലക്ഷ്യലക്ഷണഗുരുസ്സാഹിത്യ സങ്ഗീതയോഃ
സ്മൃത്യാർത്ഥാത്മപുരാണശാസ്ത്രനിഗമാൻ ജാനേ പ്രമാണാന്യപി
ഷട്ത്രിംശത്സ്വപി ഹേതിഷു ശ്രമഗുണശ്ശോഭേ കലാനാം കുലാ
ന്യഭ്യസ്യേ യുധി ഭൂപതീംശ്ച വിജയേ സർവാങ്ഗ നാഥോസ്മ്യതഃ
സാഹിത്യേ നിപുണാഃ കേചിൽ; കേചിച്ചാസ്ത്രേ ച കോവിദാഃ;
കേചിദ്ഗീതേ കൃതാഭ്യാസാഃ; കേചിച്ഛസ്ത്രേ കൃതശ്രമാഃ;
ആദിത്യവർമ്മൻ, ഭവതസ്സാമ്യമിച്ഛന്തി തേ കഥം
പാരംഗതേന വിദ്യാനാമേകാം വിദ്യാം സമാശ്രിതാഃ?”
എന്നീ ശ്ലോകങ്ങൾ പ്രകൃതത്തിൽ നമ്മുടെ ശ്രദ്ധയ്ക്കു വിഷയീഭവിയ്ക്കുന്നു. 1374-ലെ സർവാങ്ഗനാഥൻ തന്നെയായിരിക്കണം ഈ ആദിത്യവർമ്മസർവാങ്ഗനാഥനും. 1372-ൽ അദ്ദേഹത്തെ പരാമർശിച്ചു് ആ ക്ഷേത്രത്തിൽത്തന്നെ കൊത്തീട്ടുള്ള നാലാമത്തെ ഒരു ശിലാരേഖയുമുണ്ടു്. പൂർവസന്ദേശം 15 മുതൽ 22 വരെയുള്ള ശ്ലോകങ്ങളും അവയിൽ പ്രത്യേകിച്ചു് ‘ആറല്ലോ ചൊല്ലമരസരണൗ’ ‘രാജ്യാനാമങ്ങിനിയ പതിനെട്ടിന്നും’ ‘ശൗണ്ഡീവേണു’ ഈ മൂന്നു പദ്യങ്ങളും അദ്ദേഹത്തിന്റെ സർവാങ്ഗനാഥത്വത്തെ ഈ ശിലാരേഖയിലെന്നപോലെതന്നെ ഉപപാദിക്കുന്നു. അതു നോക്കിയാലും സന്ദേശഹരൻ 1374-നു ഇടയ്ക്കു ജീവിച്ചിരുന്നിരിയ്ക്കണമെന്നാണു് വന്നുകൂടുന്നതു്. അദ്ദേഹത്തെസ്സംബന്ധിച്ചുള്ള രേഖകൾ ക്രി. പി. 1366 മുതൽ 1389 വരെ കാണുന്നു. അദ്ദേഹം യുവരാജാവായിരുന്നപ്പോൾ കൊല്ലത്തു് ഒരു രവിവർമ്മാവു് രാജ്യഭാരം ചെയ്തിരുന്നു. 584 കന്നി 10-ാം൹യിലെ ഒരു ശിലാരേഖ ആ രവിവർമ്മാവിന്റെ വകയായി തെക്കൻ തിരുവിതാങ്കൂറിൽ തിരുവിടക്കോട്ടു ക്ഷേത്രത്തിലുണ്ടു്. ആദിത്യവർമ്മാവിനു തൃപ്പാപ്പൂർമൂപ്പു് (പത്മനാഭ ക്ഷേത്രത്തിലധികാരം) കിട്ടിയതു് 541-ലാണെന്നു് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ റിക്കാർഡുകളിൽനിന്നു വെളിപ്പെടുന്നു. അദ്ദേഹം ഒരു ശ്രീകൃഷ്ണഭക്തനായിരുന്നു എന്നുള്ളതിനു് അദ്ദേഹത്തിന്റെ രേഖകൾ വേണാട്ടിലെ രണ്ടു പ്രധാന കൃഷ്ണ ക്ഷേത്രങ്ങളിൽ കാണുന്നതിനുപുറമേ സന്ദേശത്തിലെ “ഊയൽപ്പൂമെത്തയിൽ മരുവുമക്കണ്ണനാമുണ്ണിതന്നെ” എന്ന ശ്ലോകവും തെഴിവാണു്. കവി അദ്ദേഹത്തെ ‘സങ്ഗ്രാമധീര’ ബിരുദം കൊണ്ടും അഭിസംബോധനം ചെയ്യുന്നുണ്ടു്. ആ ബിരുദം രവിവർമ്മ ചക്രവർത്തിയ്ക്കുണ്ടായിരുന്നു എന്നു നമുക്കറിയാം. ജ്യേഷ്ഠനും അനുജനും ഒരേ ബിരുദം സ്വീകരിയ്ക്കുക എന്നുള്ളതു സാധാരണമല്ല; പ്രത്യുത 1374 ഇടയ്ക്കു ജീവിച്ചിരുന്ന യുദ്ധവിദഗ്ദ്ധനായ ആദിത്യവർമ്മാവു് പ്രഖ്യാതനായ അദ്ദേഹത്തിന്റെ ഒരു പൂർവപുരുഷൻ വഹിച്ചിരുന്ന ബിരുദത്താൽ വിദിതനായിത്തീർന്നതിൽ അനൗചിത്യവുമില്ല. (8) തുലുക്കൻപട

ഉണ്ണൂനീലിസന്ദേശത്തിൽ

“വ്യായാമംകൊണ്ടഴകിലുദിതാമോദമുച്ചൈശ്രവാവി
ന്നായാസം ചെയ്തമലതുരഗം നീ കരേറും ദശായാം
പ്രാണാപായം കരുതിന തുലിക്കൻപടക്കോപ്പിനെണ്ണം
ചൊൽവുണ്ടല്ലോ സുരപരിഷദാമപ്പൊടിച്ചാർത്തുചെൻറു്.”
എന്നൊരു ശ്ലോകം നായകൻ ആദിത്യവർമ്മാവിനോടു് പറയുന്നതായുണ്ടു്. അത്ര വളരെ അധികം മഹമ്മദീയരെ അദ്ദേഹം യുദ്ധത്തിൽ തോല്പിച്ചു എന്നാണല്ലോ കവിയുടെ വിവക്ഷ. സദാ അദ്ദേഹം യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും

“എണ്ണിക്കൊള്ളാം പടയിലെഴുനള്ളത്തു കൊല്ലത്തുനിന്റോ?
കണ്ണിൽക്കൂടാതടയരുടൽ കൂറാളി തോവാളനിന്റോ?”
എന്ന പ്രസ്താവനയിൽനിന്നു നാമറിയുന്നു. ആദിത്യവർമ്മാവു് ഏതു കാലത്തെ മഹമ്മദീയരുമായാണു് യുദ്ധം ചെയ്തതു്? ചില പണ്ഡിതന്മാർ മാലിൿ കാഫറുടെ സൈന്യത്തോടാണെന്നു് ഊഹിച്ചു കൊല്ലം 490-ലാണു് സന്ദേശനിർമ്മിതി എന്നതിനു് അതിനേയും ഒരവലംബമായി കരുതുന്നു. ക്രി. പി. 1311 ഏപ്രിൽമാസത്തിലാണു് മാലിൿ കാഫർ മധുര കീഴടക്കിയതു്. അതാണു് ദ്രാവിഡദേശത്തിൽ എത്തിയ ആദ്യത്തെ മഹമ്മദീയസേന. ആ സേനാനി അവിടെനിന്നു രാമേശ്വരത്തേയ്ക്കു പോയി ആ ക്ഷേത്രം കൊള്ളയിടുകയും 1312 ആരംഭത്തിൽ ഡൽഹിയ്ക്കു തിരിയെ പോകുകയും ചെയ്തു. അദ്ദേഹം ഏതാനും മഹമ്മദീയരെ സുന്ദരപാണ്ഡ്യനു സഹായമായി മധുരയിൽ പാർപ്പിച്ചിരുന്നിരിക്കാമെങ്കിലും വലിയ ഒരു തുലുക്കൻപട അന്നവിടെ ഉണ്ടായിരുന്നില്ലെന്നുള്ളതു നിശ്ചയമാണു്. 1318-ലാണു് പിന്നത്തെ മഹമ്മദീയാക്രമണം. 1335-ൽ മാത്രമേ മധുരയിൽ ഒരു മഹമ്മദീയ രാജവംശം സ്ഥാപിതമായുള്ളു. 1364-നു മുമ്പു വിജയനഗരരാജകുമാരനായ ദ്വിതീയവീരകമ്പണൻ ആ വംശത്തെ അധഃപതിപ്പിക്കുകയും 1378-ൽ അതു നാമാവശേഷമാകുകയും ചെയ്തു. മാലിൿ കാഫറെ രവിവർമ്മചക്രവർത്തിയോ ആദിത്യവർമ്മാവോ തോൽപ്പിച്ചു എന്നു സ്ഥാപിക്കുവാൻ യാതൊരു രേഖയുമില്ല. അങ്ങനെ വല്ലതും നടന്നിരുന്നു എങ്കിൽ അതു് അദ്ദേഹത്തിന്റെ ‘ചന്ദ്രകുലമങ്ഗലപ്രദീപ’ ഇത്യാദി പ്രശസ്തിമാലയിൽ നടുനായകംപോലെ ഘടിപ്പിക്കപ്പെടുകയില്ലായിരുന്നുവോ? രവിവർമ്മാവിന്റെ ഛത്രച്ഛായയിലല്ലാതെ ആദിത്യവർമ്മാവു് പൊരുതിയിരിക്കുവാൻ ന്യായവുമില്ല. അതുകൊണ്ടു് അക്കാലത്തെ യുദ്ധത്തെപ്പറ്റിയൊന്നുമല്ല സന്ദേശത്തിൽ പ്രസ്താവിക്കുന്നതെന്നു് ഉദ്ദേശിക്കേണ്ടിയിരിക്കുന്നു. പ്രത്യുത മഹമ്മദീയരാജവംശം മധുരയിൽ സ്ഥാപിതമായതിനുമേൽ ആ വംശം തിരുനെൽവേലി പിടിച്ചടക്കുകയും അപ്പോൾ മഹമ്മദീയർക്കും വേണാട്ടു രാജാക്കന്മാർക്കും നിത്യകലഹം സംഭവിക്കുകയും ചെയ്തു. ആ കലഹത്തിൽ തോവാളയ്ക്കു കിഴക്കും മറ്റും വച്ചു് ആദിത്യവർമ്മാവിനു മഹമ്മദീയരെ വധിക്കേണ്ടിവരികയും 1364-നുമേൽ അതിനുള്ള സൌകര്യം വർദ്ധിക്കുകയും ചെയ്തിരിക്കണം. അക്കാലത്തുള്ള യുദ്ധങ്ങളെപ്പറ്റിയാണു് സന്ദേശത്തിൽ പ്രതിപാദിക്കുന്നതു്. (9) ജ്യോതിഷസംബന്ധമായ ലക്ഷ്യം

ഉണ്ണുനീലിസന്ദേശത്തിൽ

“അഞ്ചാം പക്കം വരമിതു തുലോം വാരവും വീരമൗലേ
നാളും നന്റേ നളിനവനിതയ്ക്കമ്പനേ മുമ്പിലേതു്;
മേടം വേണാടരിൽ മകുടമേ രാശിയും വാഗധീശൻ
നാലാമേടത്തയമുപഗതോ ഭൂതികാമാഖ്യയോഗഃ.”(1-35)
എന്നൊരു ശ്ലോകമുണ്ടു്. ‘നളിനവനിതയ്ക്കമ്പനേ മുമ്പിലേതു്’ എന്ന ഭാഗത്തിനു വിഷ്ണുദേവതാത്മകമായ തിരുവോണത്തിന്നു മുമ്പിലത്തെ നക്ഷത്രമായ ഉത്രാടം എന്നു ചിലർ അർത്ഥം കല്പിക്കുന്നു. അതു തീരെ യോജിക്കുന്നില്ല. ‘നളിനവനിതയ്ക്കമ്പനേ’ എന്ന പദം സംബോധനപ്രഥമയായല്ലാതെ ഗ്രഹിക്കുവാൻ നിവൃത്തിയില്ല. ‘കാൺമൂ പിന്നെക്കമലവനിതയ്ക്കമ്പനേ’ എന്നു കവി വേറെയൊരു ശ്ലോകത്തിലും അത്തരത്തിൽ സന്ദേശഹരനെ സംബോധനം ചെയ്യുന്നുണ്ടു്. അതിനാൽ ‘മുമ്പിലേതു്’ എന്ന പദംകൊണ്ടു നിർദ്ദേശിക്കേണ്ടതു് അശ്വതി നക്ഷത്രത്തെത്തന്നെയാണു്; ഉത്രാടത്തെയല്ല. ഇനി ഉത്രാടം നാളെന്നു സങ്കല്പിച്ചാൽ അന്നു കൃഷ്ണപഞ്ചമിയാണു് വരുന്നതു്. സന്ധ്യയ്ക്കു ചന്ദ്രനുദിക്കുന്നതായി കവി “അപ്പോഴുദ്യത്കുളിർ മതിമുഖീ” (1–87) എന്ന ശ്ലോകത്തിൽ വർണ്ണിക്കുകയും ചെയ്യുന്നു. കൃഷ്ണപഞ്ചമിയിൽ അങ്ങനെയൊരു സംഭവത്തിനു പ്രസക്തിയില്ലല്ലോ. വേറേയും ചില ആക്ഷേപങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടു് ചില ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ‘490 മേടം 30-ാം൹ 17 വിനാഴികയോളമേ മേടം രാശിയുള്ളു; അന്നു് ഉദയാൽപരം 4 നാഴിക 48 വിനാഴിക ചതുർത്ഥിയാണു്; 49 നാഴിക 12 വിനാഴിക പൂരാടം നക്ഷത്രമാണു്; ‘ആഴ്ച മാത്രം വ്യാഴാഴ്ച തന്നെ’ എന്നു പറയുന്നു. എന്റെ കാലഗണനയിലും അവർ ചില അനുപപത്തികൾ എടുത്തുകാണിക്കുന്നുണ്ടു്. ഞാൻ സൂചിപ്പിച്ച 549 കുംഭം 23-ാം൹ വ്യാഴാഴ്ചയും അശ്വതി നക്ഷത്രവും തന്നെയെങ്കിലും അന്നു് 31 നാഴികയും 48 വിനാഴികയും ചതുർത്ഥിയാണെന്നും കുംഭമാസത്തിൽ വസന്തം വരികയില്ലെന്നും പ്രഭാതമല്ലാതെ ഏഴര നാഴിക കഴിഞ്ഞുള്ള സമയമല്ല യാത്രാമുഹൂർത്തമായി വർണ്ണിച്ചിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അന്നു പഞ്ചമി തന്നെയെന്നാണു് ചില ജ്യോത്സ്യന്മാർ എന്നെ മനസ്സിലാക്കീട്ടുള്ളതു്. അതിനാൽ അക്കാര്യത്തിൽ നിഷ്കൃഷ്ടമായ ഒരു പുനർഗ്ഗണനം വേണമെന്നു ഞാൻ കേരളത്തിലെ ജ്യോത്സ്യന്മാരോടു് അപേക്ഷിക്കുന്നു. മറ്റുള്ള രണ്ടു് ആക്ഷേപങ്ങൾക്കും എനിക്കു പര്യാപ്തമായ സമാധാനമുണ്ടു്. “ഗ്രീഷ്മോ മേഷവൃഷൗ പ്രോക്തഃ പ്രാവൃൺമിഥുന കർക്കടൗ സിംഹകന്യേ സ്മൃതാ വർഷാ തുലാവൃശ്ചികയോശ്ശരൽ ധനുഗ്രാഹൗ ച ഹേമന്തോ വസന്തഃ കുംഭമീനയോഃ” എന്നു ഭാവപ്രകാശമെന്ന വൈദ്യഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. ആ പക്ഷമനുസരിച്ചു പ്രാവൃട്ടെന്നും വർഷമെന്നും രണ്ടു് ഋതുക്കളുള്ളതിനു പുറമേ ഹേമന്തത്തിൽനിന്നു വ്യതിരിക്തമായി ശിശിരമെന്നൊരു ഋതുവില്ലാത്തതുമാണു്. ‘ഗങ്ഗായാദക്ഷിണേ ദേശേ വൃഷ്ടേർബഹുലഭാവതഃ’ അതായതു് ഗങ്ഗാ നദിക്കു തെക്കുള്ള ദേശങ്ങളിൽ വൃഷ്ടിബാഹുല്യം നിമിത്തമാണു് മഹർഷിമാർ അങ്ങനെ ഋതുക്കളെ കല്പിക്കുന്നതെന്നും ഭാവപ്രകാശകാരൻ പറയുന്നു. തമിഴിൽ ‘വേനിൽ’ (വേനൽ) എന്ന പദത്തിനു വസന്തമെന്നും അർത്ഥമുണ്ടു്. ഏതായാലും അദ്ദേഹത്തിന്റെ മതത്തിൽ ഗങ്ഗയ്ക്കു തെക്കുള്ള ദേശങ്ങളിൽ വസന്തർത്തുവിൽ പെട്ടതാണു് കുംഭമാസം. നായകൻ ആദിത്യവർമ്മാവിന്റെ കോവിലെഴുന്നള്ളത്തു സമയത്താണല്ലോ അദ്ദേഹത്തെ കണ്ടുമുട്ടുന്നതു്; അതു് ഏകദേശം ഒൻപതു മണിയോടടുപ്പിച്ചായിരിക്കാനാണു് ഇടയുള്ളതു്. ആറുമണിയോടല്ല. പിന്നെയും പൂർവസന്ദേശം 57-ാം ശ്ലോകത്തിൽ നായകൻ ‘നിൻവിയൻ പേരാളും കാളീപിതരം’ എന്നു് ഒരു ശിവനെ ഉദ്ദേശിച്ചു പറയുന്നുണ്ടു്. അതു് ഏതു ക്ഷേത്രത്തിലെ ശിവനാണു്? തൃപ്പാപ്പൂരെയാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. വിയൻപേരെന്നാൽ വിശിഷ്ടമായ നാമമെന്നാണർത്ഥം; സ്ഥാനപ്പേരെന്നല്ല. അതുകൊണ്ടു തൃപ്പാപ്പൂരല്ല ഉദയാതിച്ചപുരമാണു് പ്രസ്തുത ക്ഷേത്രമെന്നു് എനിക്കു തോന്നുന്നു. അതിനു മതിലകത്തുനിന്നു മൂന്നു നാഴികയേ ദൂരമുള്ളു. അവിടെ സന്ദേശഹരൻ എത്തുമ്പോൾ ഉച്ചപ്പൂജയ്ക്കു കാലമാകുന്നു. ആ സ്ഥലത്തുനിന്നു് അമറേത്തു കഴിച്ചുകൊണ്ടാണു് വടക്കോട്ടേയ്ക്കു് അദ്ദേഹം യാത്ര തുടരുന്നതും. അല്ല, തൃപ്പാപ്പൂർ തന്നെയാണെങ്കിലും ആ സ്ഥലത്തേയ്ക്കും ആറു നാഴികയ്ക്കുമേൽ ദൂരമില്ല. ഇതുകൊണ്ടെല്ലാം പ്രഭാതത്തിലല്ല അദ്ദേഹത്തെ നായകൻ അമ്പലത്തിൽവച്ചു കണ്ടതെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു. പ്രഭാതത്തിൽ ദൂതൻ പുറപ്പെട്ടിരുന്നു എങ്കിൽ മദ്ധ്യാഹ്നഭക്ഷണത്തിനു കഴക്കൂട്ടത്തെങ്കിലും എത്താമായിരുന്നു. ഞാൻ മുൻപു നിർദ്ദേശിച്ച ദൈവജ്ഞന്മാർ കൊല്ലം 466-മേടം 11-ാം൹ വ്യാഴാഴ്ച മകയിരം നക്ഷത്രവും പഞ്ചമിയും വരുന്നു എന്നും അന്നു കാമാഖ്യയോഗമുണ്ടെന്നും ‘ഭൂതികാമം’ എന്നൊരു യോഗത്തെപ്പറ്റി ജ്യോത്സ്യന്മാർക്കറിവില്ലാത്തതിനാൽ ‘ഭൂതി’ എന്നാണോ ശരിയായ പാഠമെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും വാദിക്കുന്നു. ‘ഭൂതികാമാഖ്യയോഗഃ’ എന്നേ ഗ്രന്ഥങ്ങളിൽ കാണുന്നുള്ളു. അതുപോകട്ടെ. ‘നാളും നന്റേ നളിനവനിതയ്ക്കമ്പനേ മുമ്പിലേതു്’ അഞ്ചാം പക്കം എന്നതിനോടു ചേർത്തന്വയിച്ചു് അഞ്ചാം നക്ഷത്രമായ മകയിരമാണു് കവിയുടെ വിവക്ഷ എന്നു വാദത്തിനുവേണ്ടി സമ്മതിച്ചാലും ക്രി. പി. 1291-ാമാണ്ടു തുലുക്കൻപട എന്നൊന്നിന്റെ പ്രസക്തിയേ ദക്ഷിണാപഥത്തിൽ ഇല്ലായിരുന്നതിനാൽ അവരുടെ കാലഗണന പ്രകൃതത്തിൽ യോജിക്കുന്നില്ല എന്നു ഖണ്ഡിച്ചു തന്നെ പറയാവുന്നതാണു്. അക്കാലത്തു് കേവലം കച്ചവടക്കാരായ മഹമ്മദീയർ മാത്രമേ പാണ്ഡ്യചോളരാജ്യങ്ങളിൽ ഉണ്ടായിരുന്നുള്ളു. ആകെക്കൂടി നായികയായ ഉണ്ണുനീലി വടക്കുംകൂർ രാജാവായ മണികണ്ഠന്റെ പുത്രിയായിരുന്നു എന്നും ആ മഹിളാമണിയുടെ ഭർത്താവു് പൂരാടം നാളിൽ ജനിച്ച ആ രാജവംശത്തിലെ ഒരിളമുറത്തമ്പുരാനായിരുന്നുവെന്നും അദ്ദേഹം തന്നെയാണു് നായകനും കവിയും എന്നും സന്ദേശത്തിന്റെ കാലം കൊല്ലം 549 കുംഭം 23-ാം൹യാണെന്നുമുള്ള എന്റെ അഭിപ്രായം ഭേദപ്പെടുത്തുന്നതിനു ഞാൻ ഏതാവൽപര്യന്തം യാതൊരു കാരണവും കാണുന്നില്ല. ഈ വിഷയത്തെപ്പറ്റി ഇത്ര ദീർഘമായി ചർച്ച ചെയ്യേണ്ടിവന്നതു പലരും പലവിധത്തിലുള്ള മതങ്ങൾ ഏതൽസംബന്ധമായി ആവിഷ്കരിച്ചിട്ടുള്ളതുകൊണ്ടാകുന്നു. (10) വിഷയം

കടുത്തുരുത്തിയിൽ നായകൻ നായികയുമായി ഉറങ്ങുമ്പോൾ ഒരു നാൾ രാത്രി അദ്ദേഹത്തെ ഒരു യക്ഷി എടുത്തുകൊണ്ടു തെക്കോട്ടേക്കു പോയി. തിരുവനന്തപുരത്തെത്തിയ സമയത്തു് നായകൻ ഉണർന്നു നരസിംഹമന്ത്രം ജപിക്കുകയും ഉടൻതന്നെ അവൾ അദ്ദേഹത്തെ വിട്ടു് ഓടിക്കളയുകയും ചെയ്തു. അപ്പോൾ പ്രഭാതമായിരുന്നു സമയം. ശ്രീപത്മനാഭസ്വാമിയെ വന്ദികൾ പള്ളിയുണർത്തുന്ന ഗാനങ്ങൾ കേട്ടു സ്ഥലമേതെന്നു മനസ്സിലായി. നായികയുമായി വേർപിരിഞ്ഞ ദുഃഖം നിമിത്തം പരവശനായ നായകൻ ഭാഗ്യവശാൽ തന്റെ വയസ്യനായ കൊല്ലത്തെ ആദിത്യവർമ്മ ഇളയതമ്പുരാനെ ശ്രീപത്മനാഭക്ഷേത്രത്തിൽവച്ചു കണ്ടു. അദ്ദേഹത്തിനു തൃപ്പാപ്പൂർ മൂപ്പെന്ന നിലയിൽ തിരുവനന്തപുരത്തു കൂടെക്കൂടെ പോകേണ്ട ആവശ്യമുണ്ടായിരുന്നു; അപ്പോൾ പോയതു സ്വാമിദർശനത്തിനായിരുന്നു. ആ ഘട്ടത്തിൽ നായകൻ തന്റെ സങ്കടം അദ്ദേഹത്തെ അറിയിക്കുകയും തനിക്കു് ഒരു പക്ഷം കഴിഞ്ഞു മാത്രമേ അവിടം വിട്ടുപോകുവാനുള്ള സ്വാസ്ഥ്യം ലഭിക്കുകയുള്ളു എന്നുള്ളതിനാൽ നായികയോടു് തന്റെ അവസ്ഥ നിവേദനം ചെയ്യുവാൻ സന്ദേശഹരനാകണമെന്നു് അദ്ദേഹത്തോടു പ്രാർത്ഥിക്കുകയും ചെയ്തു. തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെയുള്ള പല സ്ഥലങ്ങളേയും ക്ഷേത്രങ്ങളേയും രാജാക്കന്മാരേയും സുന്ദരിമാരേയും വർണ്ണിക്കുവാൻ കവി സന്ദേശദ്വാരാ ഒരു നല്ല അവസരമുണ്ടാക്കുകയും ആ അവസരത്തെ വിജയപ്രദമാകത്തക്കവിധത്തിൽ വിനിയോഗിക്കുകയും ചെയ്യുന്നു. സന്ദേശഹരന്റെ യാത്ര രാജോചിതമായ വിധത്തിൽ ‘തണ്ടിലേറിച്ചെമ്പൊൽക്കാളം തെളുതെളെ മുതിർന്നംബരമ്മേൽ മുഴങ്ങേ, വൻപുറ്റീടും കുട തഴചുഴൻറു്’ ആണെന്നു പൂർവ്വസന്ദേശം 123-ാം ശ്ലോകത്തിൽനിന്നു കാണാം. മൂന്നു ദിവസംകൊണ്ടാണു് തിരുവനന്തപുരത്തു നിന്നു കടുത്തുരുത്തിയിൽ ചെന്നുചേരേണ്ടതു്. ഒന്നാം ദിവസം തിരുവനന്തപുരത്തു നിന്നു തിരിച്ചു കൊല്ലത്തു ചെല്ലുന്നു; രണ്ടാം ദിവസം രാത്രിയിൽ താമസിക്കുന്നതു കായങ്കുളത്തു രാജാവിന്റെ രാജധാനിയിൽ കരിപ്പൂക്കുളത്താണു്; മൂന്നാംദിവസം സന്ധ്യയ്ക്കു കടുത്തുരുത്തിയിലെത്തുന്നു. വഴിക്കു തൃപ്പാപ്പുർ, മുതലപ്പൊഴി, പുത്തിടം, വർക്കല, കൊല്ലം പുതിയപൊഴി (നീണ്ടകര അഴിയോ?), പന്മന, മറ്റം, കണ്ടിയൂർ, തട്ടാരമ്പലം, ചെന്നിത്തല, തൃക്കുറട്ടി, പനയന്നാർകാവു്, ആലൻതുരുത്തി, തിരുവല്ലാ, കരിയനാട്ടുകാവു്, മുത്തൂറ്റു്, നാലുകോടി, തൃക്കൊടിത്താനം, തെക്കിൻകൂറു്, മണികണ്ഠപുരം, തിരുവഞ്ചപ്പുഴ, ഏറ്റുമാന്നൂർ മുതലായ സ്ഥലങ്ങളെപ്പറ്റി പ്രസ്താവമുണ്ടു്. പുത്തിടം, കൊല്ലം, കരിയനാട്ടുകാവു് ഇവിടങ്ങളിലെ അങ്ങാടികളെപ്പറ്റിയുള്ള വർണ്ണന ഉജ്വലമാണു്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ശ്രീപത്മനാഭൻ, നരസിംഹമൂർത്തി, വേദവ്യാസൻ, ശ്രീരാമൻ, ലക്ഷ്മണൻ, ഹനൂമാൻ, ഉണ്ണിക്കൃഷ്ണൻ, ശാസ്താവു്, തിരുവാമ്പാടി കൃഷ്ണൻ, ക്ഷേത്രപാലൻ ഈ വിഗ്രഹങ്ങൾക്കുപുറമേ പാൽക്കുളങ്ങര ദുർഗ്ഗ, വർക്കല ജനാർദ്ദനൻ, കൊല്ലത്തു മൂരിത്തിട്ടഗണപതി, പനങ്ങാവിലു് ഭദ്രകാളി, ആതിച്ചപുരത്തമ്മൻ, പന്മന സുബ്രഹ്മണ്യൻ, കണ്ടിയൂർ ശിവൻ, തൃക്കുറട്ടി ശിവൻ, പനയന്നാർകാവു ഭദ്രകാളി, തിരുവല്ലാ വിഷ്ണു, തൃക്കൊടിത്താനത്തു വിഷ്ണു, മണികണ്ഠപുരത്തു കൃഷ്ണൻ, ഏറ്റുമാനൂർ ശിവൻ, കോതപുരത്തു കൃഷ്ണൻ, തളിയിൽ ശിവൻ, മുതലായ ദേവന്മാരേയും യഥാവകാശം സ്തുതിക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടുണ്ടു്. രാജാക്കന്മാരിൽ കൊല്ലത്തേ രവിവർമ്മാവിനും കായങ്കുളത്തെ രവിവർമ്മാവിനും വടക്കുംകൂറിലെ മണികണ്ഠനുമാണു് പ്രാധാന്യം; ചിറവായിലേരായിരൻ, തെക്കുംകൂറിലേ രാമവർമ്മാവു്, ഇവരേയും വിട്ടിട്ടില്ല. വടക്കുംകൂറിലേ ചില ഇളങ്കൂർ തമ്പുരാക്കന്മാരുടെ പേരുകൾ മുൻപു തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. സുന്ദരിമാരിൽ ഉണ്ണിയാടി, വെള്ളൂർ നാണി, ചെറുകര കുട്ടത്തി (ചെറുകരച്ചേർന്ന കുട്ടത്തി എന്നാണു് ശരിയായ പാഠം), ചെറുകര ഉണ്ണിയാടി, മുത്തൂറ്റിളയച്ചി, കുറുങ്ങാട്ടുണ്ണുനീലി, കുറുങ്ങാട്ടുണ്ണിച്ചക്കി, കുറുങ്ങാട്ടു ചിരുതേവി, എന്നിവരുടെ പേരുകൾ സ്മരണീയങ്ങളാകുന്നു. മുണ്ടയ്ക്കൽ ചെറിയതു്, കുറുമൂഴിക്കൽ ഉണ്ണിച്ചക്കി, തേവി ഇവർ നായികയുടെ തോഴികളാണു്. ഇങ്ങനെ നോക്കിയാൽ തിരുവനന്തപുരത്തിനും കടുത്തുരുത്തിക്കും ഇടയ്ക്കുള്ള പ്രദേശങ്ങളെപ്പറ്റി പലവിധത്തിലുമുള്ള അറിവു നമുക്കു ലഭിക്കുവാൻ പ്രസ്തുതസന്ദേശം പ്രയോജകീഭവിക്കുന്നു. (11) കവിതാരീതി

സന്ദേശകാരന്റെ ഏതു ശ്ലോകം പരിശോധിച്ചാലും അദ്ദേഹം ഒരു മഹാകവിമൂർദ്ധന്യനായിരുന്നു എന്നു തെളിയുന്നതാണു്. പ്രകൃതിവർണ്ണനത്തിൽ അദ്ദേഹത്തിനുള്ള പാടവം അന്യാദൃശമാകുന്നു. ഭഗവൽഭക്തി പ്രകടീകരിക്കുവാനും അദ്ദേഹത്തിനു് അസാധാരണമായ നൈപുണ്യമുണ്ടു്. നായികയുടെ വിരഹാവസ്ഥ പ്രപഞ്ചനം ചെയ്യുമ്പോൾ അദ്ദേഹം കാളിദാസകല്പനാണെന്നു തോന്നിപ്പോകുന്നു. തിരുവനന്തപുരത്തിന്റേയും കടുത്തുരുത്തിയുടേയും വർണ്ണനം ഉണ്ണുനീലിയുടെ വിരഹവ്യഥ, നായകന്റെ സന്ദേശം ഇവയെല്ലാം ആദ്യന്തം മധുരമാണു്. അങ്ങുമിങ്ങും നിന്നു പന്ത്രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.

മന്ദവായു
“കോകശ്രേണീവിരഹനിഹിതം തീനുറുങ്ങെൻറപോലെ
തുകിത്തൂകിത്തുഹിനകണികാം തൂർന്ന പൂങ്കാവിലൂടെ
സ്തോകോന്മീലന്നളിനതെളിതേൻകാളകൂടാംബു കോരി
ത്തേകിത്തോകപ്പവനനവനെച്ചെൻറു കൊൻറാൻ തദാനീം.”(1)
“വിങ്ങിപ്പൊങ്ങിച്ചിതറിന മലർത്തെൻറൽ പീത്വാമയങ്ങി
ത്തങ്ങിത്തങ്ങിത്തരുണികൾ മുലക്കച്ചിലുചൈരുറങ്ങി
തിങ്ങിത്തിങ്ങിച്ചുഴല വരിവണ്ടിണ്ടയാം കണ്ടിയൂരിൽ
പ്പങ്ങിപ്പങ്ങിപ്പരിമളമെഴും വായു വീയും തദാനീം.”(2)
കുതിരകളുടെ പകലുറക്കം
“മാതങ്ഗാനാം കരപരിഗളൽസ്വേദസംസിക്തശീതേ
മാകന്ദാനാം തണലിൽ മണലിൽക്കുഞ്ചിഭിശ്ചലഞ്ചാഗ്രൈഃ
പിൻകാലേകം കുടിലശിഥിലം പയ്യെ വച്ചിട്ടിദാനീം
നിദ്രായന്തേ തവ വടിവെഴും വാജിനോ രാജസിംഹ!”(3)
പ്രഭാതം
“കാളംപോലേ കുസുമധനുഷോ ഹന്ത പൂങ്കോഴി കൂകീ;
ചോളംപോലേ ചെറുകിവിളറീ താരകാണാം നികായം;
താളംപോലേ പുലരിവനിതയ്ക്കാഗതൗ ചന്ദ്രസൂര്യൗ;
നാളംപോലേ നളിനകുഹരാദുൽഗതാ ഭൃങ്ഗരാജിഃ”(4)
സായംസന്ധ്യ
“അപ്പോഴുദ്യൽകുളിർമതിമുഖീ മേഘരാഗാധരോഷ്ഠീ
ചൂഴത്താഴും തിമിരചികുരാ ചാരുതാരാശ്രമാംബുഃ
കിഞ്ചിൽക്കാണാം കുമുദഹസിതാ നൂനമെന്നുണ്ണുനീലീം
കാമക്രീഡാരസവിലുളിതാം തന്നെയന്വേതി സന്ധ്യാ.”(5)
ശ്രീപത്മനാഭൻ
“നാഭീപത്മേ നിഖിലഭുവനം ഞാറുചെയ്താത്മയോനിം
നാഗേന്ദ്രന്മേൽ ബത മതുമതപ്പള്ളിക്കൊള്ളും പിരാനെ
നാഗാരാതിധ്വജനെ നവരം മുമ്പിൽ നീ കുമ്പിടേണ്ടും
നാൽവേതത്തിൻ പരമപൊരുളാം നമ്മുടേതമ്പിരാനെ.”(6)
കൗസ്തുഭം
“വേലപ്പെണ്ണിൻ മുലയിലലിയും ചന്ദനാഭോഗരമ്യേ
ചാലചീറ്റം പെരുകിയുരുകീടിൻറ വിശ്വംഭരായാഃ
കോലക്കണ്ണിൻമുനകനമകംപുക്കു നിന്മാറിൽ മേവും
നീലക്കല്ലായു് വിലസിന മണീകൗസ്തുഭം വെൽവുതാക”(7)
വല്ലികൾ
“പൂന്തൊത്തെന്നും കുളുർമുല ചുമന്നോമൽവക്ത്രം വണക്കി
ക്കിഞ്ചിൽച്ചഞ്ചന്മധുപവചനംകൊണ്ടു കൊണ്ടാടി മന്ദം
മാർഗ്ഗോപാന്തേ മലർനിര ചൊരിഞ്ഞന്നടക്കാവിലെങ്ങും
വല്ലീബാലത്തരുണികളുടൻ കാണലാം നില്ക്കുമാറു്.”(8)
നായികാവർണ്ണനം
“മാഴക്കണ്ണാൾക്കൊരു മയിലുമുണ്ടങ്ങു പിൻകാലൊളംപോയു്
ത്താഴെച്ചെല്ലും പുരികുഴലഴിച്ചോമൽ നില്പോരുനേരം
ഊഴത്തംകൊണ്ടിരുൾമുകിലിതെൻറഞ്ചിതം പീലിജാലം
ചൂഴച്ചിന്തിച്ചുവയൊടുടനേ പാടിയാടീടുവോൻറു്.”(9)
“അപ്പൂമാതിന്നൊരു സഹചരീമങ്ഗനാമൗലിമാലാ
മിപ്പാർമേലുള്ളമൃതസരസീമിക്ഷുചാപസ്യ കീർത്തിം
കർപ്പൂരാളീമിനിയ നയനങ്ങൾക്കു കാണും ജനാനാം
മൽപ്രേമത്തിൻ വിളകഴനിയാം മാനിനീം കാൺകപിന്നെ.”(10)
വിരഹാവസ്ഥ
“നീലക്കല്ലാൽ വിരചിതമണിച്ചെപ്പുപോലേ വിളങ്ങും
കോലപ്പോർമന്മുല, കുവലയം വെൻറ മുഗ്ദ്ധേക്ഷണായാഃ
ബാലസ്നിഗ്ദ്ധം നഖപദമണിഞ്ഞശ്രുപാതാത്തരേഖം
ചാലത്തോൻറും ചുനയൊഴുകുമച്ചൂതപക്വങ്ങളെൻറു.”(11)
ശ്രീകൃഷ്ണൻ
“കാലിക്കാലിൽത്തടവിന പൊടിച്ചാർത്തുകൊണ്ടാത്തശോഭം
പീലിക്കണ്ണാൽക്കലിതചികുരം പീതകൗശേയവീതം
കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
കോലം നീലം തവ നിയതവും കോയിൽകൊൾകെങ്ങൾ ചേതഃ”(12)
അത്യന്തം ഹൃദയഹാരികളാണു് ഈ ശ്ലോകങ്ങൾ. ക്രി. പി. പതിന്നാലാം ശതകത്തിലെ കൃതിയാകയാൽ പ്രസ്തുതസന്ദേശത്തിൽ ധാരാളം പഴയ പദങ്ങളും പ്രയോഗങ്ങളുമുണ്ടു്. ചുരുക്കത്തിൽ ഭാഷ, ചരിത്രം, സാഹിത്യം ഇവയെപ്പറ്റിയെല്ലാം ഈ കൃതിയിൽനിന്നു പലതും അനുവാചകന്മാർക്കു് അറിയുവാനും തദ്ദ്വാരാ അന്യത്ര അസുലഭമായ ആനന്ദപീയൂഷം ആസ്വദിക്കുവാനും സാധിക്കുന്നതാണു്. സഹൃദയന്മാരായ സകല കേരളീയരുടേയും നിത്യാവഗാഹത്തെ സമ്പൂർണ്ണമായി അർഹിക്കുന്ന ഒരു സാരസ്വതപ്രവാഹമാകുന്നു ഉണ്ണുനീലിസന്ദേശം.

17.2കോകസന്ദേശം

17.2.1കാലം
ഉണ്ണുനീലിസന്ദേശം പോലെയോ അതിൽ അല്പംകൂടി അധികമായോ പഴക്കമുള്ള മറ്റൊരു കാവ്യമാണു് കോകസന്ദേശം. ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലെങ്കിലും ആവിർഭവിച്ച ഒരു കൃതിയാണു് അതെന്നുള്ളതിനെപ്പറ്റി പക്ഷാന്തരത്തിനു് അവകാശം ഉണ്ടാകുന്നതല്ല. (1) ‘ചൂലംകൊടു’ (ശൂലംകൊണ്ടു്), (2) ‘മുകടു്’ (തല), (3) ‘വാളം’ (വാൾ), (4) ‘ഇട്ടൽ’ (പറമ്പു്), (5) മുക്കാരം (പിടിവാദം), (6) ‘ഇരിപായുക’ (പിൻതിരിഞ്ഞോടുക), (7) ‘ഏവലർ’ (അനുയായികൾ), (8) ‘നുങ്ങി’ (നശിച്ചു), (9) ‘വെള്ളാട്ടി’ (ദാസി), (10) ‘തൂയത്തു്’ (തുമ്പത്തു), (11) ‘തുയർന്നു്’, (തുടർന്നു), (12) ‘ചമ്മാത്തു്’ (കൊഞ്ഞനം), (13)‘നെയ്യൽ’ (ആമ്പൽ) തുടങ്ങിയ പഴയ പദങ്ങളും പ്രയോഗങ്ങളും അതിൽ കാണ്മാനുണ്ടു്.

17.2.2കഥ
പ്രസ്തുതസന്ദേശം സമഗ്രമായി കണ്ടുകിട്ടീട്ടില്ല. പൂർവസന്ദേശത്തിൽപ്പെട്ട ആദ്യത്തെ തൊണ്ണൂറ്റാറു ശ്ലോകങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള ഭാഗങ്ങളും അചിരേണ ലഭിക്കുമെന്നു് ആശിക്കാം. ചേതിങ്കനാട്ടിൽ (ജയസിംഹനാട്ടിൽ), അതായതു കൊല്ലത്തു്, വസന്തകാലത്തിൽ ഒരു കാമി തന്റെ പ്രിയതമയുമായി സുഖിച്ചിരിക്കവേ, ഒരു രാത്രിയിൽ നായകൻ അകാരണമായി അശ്രുധാര വാർക്കുന്നതുകണ്ടു് നായിക അതിന്റെ കാരണം ചോദിക്കുകയും അപ്പോൾ നായകൻ താൻ സ്വപ്നത്തിൽ അനുഭവിച്ച ദുഃഖം ആ സുന്ദരിയെ വർണ്ണിച്ചു കേൾപ്പിക്കുകയും ചെയ്യുന്നു. സ്വപ്നാവസ്ഥയിൽ മാത്രം സംഭവിച്ചതാണു് പ്രണയിനിയുമായുള്ള വിപ്രയോഗമെങ്കിലും അതു ജാഗ്രദവസ്ഥയിൽ സംഭവിച്ചാലെന്നപോലെ നായകൻ ദുഃഖിതനായിത്തീരുന്നു. ഒരു വ്യോമചാരി ആ യുവാവിനെ തന്റെ പ്രേമഭാജനത്തിൽനിന്നു വേർപെടുത്തി തെക്കേമലയാളത്തിൽ തിരുനാവായയ്ക്കു സമീപമുള്ള വെള്ളോട്ടുകര (തൃപ്രങ്ങോടു്?) എന്ന സ്ഥലത്തു പ്രക്ഷേപിക്കുന്നു. അവിടെ നായകൻ ഒരു ചക്രവാകത്തെക്കണ്ടു് ആ പക്ഷിയെ തന്റെ സന്ദേശഹരനാക്കുന്നു. വെള്ളോട്ടുകര മുതൽക്കു തെക്കോട്ടുള്ള അനേകം നഗരങ്ങൾ, ഗ്രാമങ്ങൾ, നദികൾ, ക്ഷേത്രങ്ങൾ മുതലായവയെ പരാമർശിക്കുന്ന കൂട്ടത്തിൽ തിരുനാവാ, പേരാറു് (ഭാരതപ്പുഴ), മാമാങ്കപ്പറമ്പു്, ആഴ്വാഞ്ചേരിമന, നന്തിയാറു്, തൃപ്പുറയാറു് (തൃപ്പറയാറു്), കുണക (തൃക്കണാമതിലകം), കുരുമ്പക്കാവു് (കൊടുങ്ങല്ലൂർ), തിരുവഞ്ചക്കളം, പെരുവാരം, ഇടപ്പള്ളി ഇവ ഉൾപ്പെടുന്നു. തൃക്കണാമതിലകം അന്നു സാമൂതിരിപ്പാടു പിടിച്ചടക്കിക്കഴിഞ്ഞിരുന്നു; അന്നത്തേ ഏറാൾപ്പാടിനെ അവിടെ യുദ്ധോദ്യുക്തനായി നിൽക്കുന്നതു കവി നമുക്കു കാണിച്ചുതരുന്നു. ഇടപ്പള്ളിക്കു തെക്കു കൊല്ലം വരെയുള്ള പ്രദേശങ്ങൾ വർണ്ണിക്കുന്ന ഭാഗം കിട്ടീട്ടില്ല. രുദ്രശിഷ്യനും യമകശ്ലോകരചനാ പടുവുമായ പന്നിയമ്പള്ളി ഉണ്ണിക്കണ്ടൻ അക്കാലത്തു വെള്ളോട്ടുകരയിൽ ജീവിച്ചിരുന്നതായി കവി പ്രസ്താവിക്കുന്നു. അതാരെന്നറിയുന്നില്ല.

17.2.3കവിതാരീതി
കോകസന്ദേശം ഉണ്ണുനീലിസന്ദേശത്തിന്റെ കനിഷ്ഠസഹോദരത്വത്തിനു് ഏതു വിധത്തിലും അർഹമായ ഒരു ഉത്തമകാവ്യമാണു്. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.

“പൊല്പൂമാതിൻ മിഴിനിര പൊഴിഞ്ഞോരു ചേതിങ്കനാട്ടിൽ
ചൊൽപ്പെറ്റീടും നിജനിലയനേ കോപി കാമീ വസന്തേ
അപ്പോർകൊങ്കത്തടമഴകെഴും മാർവിടത്തോടമർത്തി
ത്തല്പേ താനും പ്രിയതമയുമായ്ച്ചേർന്നിരുന്നാൻ കദാചിൽ.(1)
അപ്പോൾ മൂർച്ഛാം തടവി നെടുവീർപ്പിട്ടു നേത്രോൽപലാന്താ
ന്മുക്താൻ മുക്താമുറിനിറമെഴും ബാഷ്പവിന്ദൂൻ ദധാനഃ
സ്വപ്രേയസ്യാ തഴുകി മുറയിട്ടെൻറിതെന്റേഷ പൃഷ്ടോ
ലബ്ധ്വാ സംജ്ഞാം ലളിതവദനാം താമിവണ്ണം ജഗാദ.”(2)
ചില മനോഹരങ്ങളായ ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു.

വെള്ളോട്ടുകര ശിവൻ
“പള്ളിച്ചൂലത്തലകൊടു പിളർന്നീട, മാറിൽത്തുളുമ്പി
ത്തള്ളും ചോരിക്കളിയിലമിഴും കാലനെക്കൊൻറു വീഴ്ത്തി
ഉള്ളിൽക്കോപ്പേറിന കരുണയാ ഭക്തരക്ഷാർത്ഥമസ്മിൻ
വെള്ളോട്ടിൻവായ്ക്കരയമരുമെന്നപ്പനെക്കാൺക മുൻപിൽ.”

(3)
കുണക
“ചെൽവം ചേർന്നക്കുണകയിലകംപുക്കു നീ തെക്കു നോക്കി
ച്ചെല്ലുന്നേരത്തിതവിയ പെരുങ്കോയിൽ കാണാം പൂരാരേഃ
അല്ലിത്താർമൻകുഴലണികുരാൽക്കണ്ണരെത്തല്ലിമാറ്റും
മല്ലക്കണ്ണിൻമുനയിൽ മലർവില്ലാളിയെത്തെറ്റുമേടം.”

(4)
ഏറാൾപ്പാടു്
“തീ വെച്ചെല്ലാപ്പുറവുമടലാർകോട്ട ചുട്ടംബരേ പോയ്
ത്താവിപ്പൊങ്ങും പൊടികൾനികരാൽ ദിഗ്വധൂകേശബന്ധേ
ശ്രീമൽക്കീർത്തിപ്പുതുമലർതൊടുക്കിൻറ തൃക്കയ്യിൽവെച്ചി
പ്പാർമുട്ടെത്താങ്ങിന നെടുവിരിപ്പിൽത്തകും വീരസിംഹം.”

(5)
കൊടുങ്ങല്ലൂർ ഭദ്രകാളി
“കട്ടിച്ചുച്ചൈരിളകിയലറിപ്പാഞ്ഞു വെട്ടിച്ചിരിച്ച
ൿഖട്വാംഗംകൊണ്ടുടലിലസുരാൻ നിർദ്ദയം മർദ്ദയന്തീ
പക്കച്ചോരിക്കളിയിടയിടേ നക്കി നട്ടം തിരിഞ്ഞ
ങ്ങൊക്കെക്കൂടിപ്പട ചുഴല നിൻറാർക്കുമമ്മേ! തൊഴുന്റേൻ.”

(6)
തിരുവഞ്ചക്കളം
“എൻചങ്ങാതിക്കലർചരനു കീഴ്വന്നു വല്ലായ്മയിന്നും
ചെഞ്ചെമ്മേ നീ പുരഹര! പൊരിക്കൊൾകിലെന്താശ്രയം മേ?
കുന്റിൽപ്പെണ്ണത്തിരുമുടി പിടിച്ചീഴ്ത്ത മുക്കണ്ണർകർണ്ണേ
ചെൻറീവണ്ണം കുളുർമതി പൊരുത്തം പറഞ്ഞീടുമേടം.”

(7)
സൂര്യാസ്തമയം
“ചൂടും പൊന്നിൻതകടു ചരമക്ഷ്മാഭൃതോ, വ്യോമലക്ഷ്മീ
വാടാമാലക്കുഴലിലണിയും ബാലിമാണിക്യഖണ്ഡം
ചൂടേറും തൻകൊടുവെയിൽ തനക്കെപ്പൊറായെൻറ പോലെ
ച്ചാടുൻറാൻ പോയ്ക്കടലിലധുനാ ഹേലയാ ഭാനുമലീ.”

(8)
ചന്ദ്രോദയം
“അക്ഷ്ണോഃ പ്രീതിം ജനയതി നമുക്കഭ്രമാം പുഷ്കരിണ്യാ
രക്താംഭോജം, ഘുസൃണതിലകം രാത്രിയാം കമ്രഗാത്ര്യാഃ,
മുക്കണ്ണൻകൺമുനയതിലുരുക്കിന്റൊരങ്ഗാരചക്രം,
തിക്കെട്ടിന്നും ചുടരണിവിളക്കഞ്ചിതം ചന്ദ്രബിംബം.”

(9)
പ്രഭാതം
“ധന്യാ ഭാനോഃ പുലരിവഴിവെള്ളാട്ടി ഭാനുക്കളെന്നും
പൊന്നിൻചൂൽകൊണ്ടിരുൾമയമടിക്കാടടിച്ചങ്ങു നീക്കി,
ഇമ്പം ചേരും ഗഗനഭവനം ചുറ്റുമുറ്റം തളിപ്പാ
നംഭോരാശൗ ശശധരകുടം കാൺക മുക്കിൻറവാറു്.”

(10)
സൂര്യോദയം
“അച്ചോ! മുല്പാടിദമുദയതേ മിക്ക ശൈലാധിപത്യേ
നില്ക്കും പൂർവാചലമുകുടമാണിക്യരത്നപ്രവേകം,
ശച്യാഃ കല്പദ്രുമകിസലയാ പീഡകല്പം, കിഴക്കു
ന്തിക്കാം പെണ്ണിൻമുലയിൽ വിലസും താലി, ബാലാർക്കബിംബം.”

(11)
പെരുമാക്കന്മാരുടെ രാജധാനി
“എത്തിപ്പൊന്മാളികമുകളിൽനിന്നാത്മബിംബംപിടിപ്പാൻ
തത്തിക്കൂടും തരുണികളുടേ ചാപലപ്രൗഢി കണ്ടു്,
മുക്തജ്യോത്സ്നാസ്മിതരുചികരാഗ്രേണ ചമ്മാത്തു കാട്ടി
ത്തെറ്റെന്റോടിക്കുളുർമതി കളിച്ചംബരേ താവുമേടം.”

(12)

17.3അനന്തപുരവർണ്ണനം

ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തിൽ അജ്ഞാതനാമാവായ ഏതോ കവി രചിച്ച ഒരു ലഘുകാവ്യമാണു് അനന്തപുരവർണ്ണനം. തിരുവനന്തപുരം നഗരമാണു് വർണ്ണനാവിഷയം. കവിത മുഴുവൻ കിട്ടീട്ടില്ല. എല്ലാ ശ്ലോകങ്ങളും അനുഷ്ടുപ്വൃത്തത്തിൽ ഗ്രഥിതങ്ങളായിരിക്കുന്നു. അവയിൽ ഒന്നാണു് ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ളതും താഴെക്കാണുന്നതുമായ എട്ടാമത്തേ പദ്യം.

“തമിഴു് സംസ്കൃതമെൻറുള്ള സുമനസ്സുകൾകൊണ്ടൊരു
ഇണ്ടമാല [4] തൊടുക്കിന്റേൻ പുണ്ഡരീകാക്ഷപൂജയായ്.”
പണ്ടത്തെ മണിപ്രവാളകവികൾ മഹർഷിമാർ മാനിച്ചിട്ടുള്ള പ്രസ്തുതവൃത്തത്തിൽ കവനംചെയ്യുന്നതിനു പ്രത്യേകമായ പ്രാഗല്ഭ്യം സമ്പാദിച്ചിരുന്നു. ഈ കൃതിയിൽനിന്നു ചില ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു.

ദേവതാപ്രാർത്ഥന
“ഹരയേ നമഃനിന്നോമൽച്ചരണങ്ങളിരണ്ടിനും
ശരണാഗതനാകിന്റേൻ കരുണാകര, നിത്യമായ്

(1)
മോക്ഷാർത്ഥമായിരിപ്പോരു ദീക്ഷ പൂകിൻറതുണ്ടു ഞാൻ;
രക്ഷിക്കവേണ്ടുമെന്റേക്കും; നിക്ഷേപമയമഞ്ജലിഃ.(2)
അനന്തപുരമെൻറിത്ഥമാനന്ദം കവിയായിതു;
സ്തോത്രാമൃതരസംകൊണ്ടെൻ ശ്രോത്രപാത്രം നിറയ്പിതു.(3)
അതിന്നു തുണയാമാറു പതിയാക ഗജാനനൻ;
ഭക്ഷിക്ക പയറെള്ളപ്പമിക്ഷു ചക്ക വിരിപ്പവിൽ.(4)
കുംഭം പുസ്തകവും സാക്ഷാൽ സംഭരിക്കിൻറ മുദ്രയും
പിടിച്ചുവന്നെൻ നാവിന്മേൽ കുടിപൂക സരസ്വതി.(5)
നാരായണനുവക്കിൻറ [5] മാരവൈരി മഹേശ്വരൻ
ഉമയാ സഹ മച്ചിത്തേ രമിക്ക നിജവേശ്മനി.(6)
ചരിതം പല ചൊല്ലിന്റേൻ ചരതിച്ചൊരു ഗദ്യമായ് [6]
പണിയില്ലയെനക്കേതും തുണ ശങ്കരനാകയാൽ.(7)
അഹോ! നിൻകീർത്തിയാകിൻറ മഹാവെള്ളത്തിൽ നിന്റൊരു
കരകാണ്മാനുഴക്കിന്റേൻ ഹൃദയത്തിന്നു പോറ്റി, ഞാൻ.(8)
പറ്റുമുത്സാഹമുണ്ടെൻറാൽ മറ്റുമെല്ലാമിതപ്പെടും;
പണ്ടു ഗങ്ഗാനദീതന്നെക്കെണ്ടുപോന്നാൻ ഭഗീരഥൻ.(9)
ദേവാനാം തലയിൽപ്പുക്കു കേവലം താനിരിപ്പിതു,
ഉത്താനപാദപുത്രോപി ഭക്തനാക നിമിത്തമാം.(10)
ഞാനുമവ്വണ്ണമേ നിന്നെ മാനിച്ചടി വണങ്കിനാൽ
അകമേ തോൻറുമത്യന്തം പുകഴും പരിചാദരാൽ.(11)
പത്തു യോജനനീളത്തിൽ പത്തു ദിക്കും നിറൈന്തതു
തിരുമേനി വലംവയ്പാനരുതെൻറു മയാശ്രുതം.”(12)
തിരുവനന്തപുരം
ശ്രീപാദതീർത്ഥമാടിപ്പോയ് ശ്രീതീർത്ഥം തത്ര കാണലാം
ശ്രീകണ്ഠേശ്വരമെൻറുള്ള ശ്രീകൈലാസമനന്തരം.

(13)
കുമ്പിടാമരനെച്ചെൻറു തമ്പിരാനെപ്പുരാരിയെ
ആറുമമ്പിളിയും ചൂടി നീറും പൂശിന മായനെ.(14)
സാമവേദങ്ങളും കേട്ടു പോയ് മഹാദേവപുത്രനെ
അയ്യനെ ബ്ഭക്തകൾക്കെല്ലാം മെയ്യനെപ്പോയമേയനെ;(15)
കണ്ടൻ പണ്ടു ജനിപ്പിച്ച പുണ്ഡരീകാക്ഷപുത്രനെ
നായാട വല്ലും ചേകോനെക്കായാമ്പൂമേനിവർണ്ണനെ;(16)
കോട്ടാകാരമതും കണ്ടാലിഷ്ടമാമ്പാടി കാണലാം
ആമ്പാടിക്കുട്ടനെക്കാണാമോപ്പിക്കണ്ടോരെടുക്കയും(17)
വളർന്ന പശുവിൻ പിമ്പേ കളിച്ചു ചില കാളമാർ
എറിഞ്ഞു തമ്മിലേ കുത്തിത്തുറന്നു ചിതറിന്റെടം.(18)
പാലുമുണ്ടു കളിച്ചിട്ടു വാലുയർത്തോരു വീതിയിൽ
പിള്ളയെക്കാണവല്ലാഞ്ഞു തള്ള നിൻറുഴലിന്റെടം.(19)
മരക്കലത്തിന്മേൽ വന്ന ചരക്കു പല ജാതിയും
എടുത്തു പപ്പര [7] ക്കൈയർ നടപ്പിതൊരു വീതിയിൽ.(20)
നെല്ലിന്നരിചി താവെൻറു ചൊല്ലിച്ചിലരഴയ്ക്കയും
തേങ്ങാ താ വെറ്റിലെയ്ക്കുൻറും മാങ്ങാ തരുവനെൻകയും.(21)
***
തലയും മുലയും തുള്ളത്തമ്മെത്താമും മറന്നുടൻ(22)
മുൻപും പിൻപും തഥാ കയ്യും മെയ്യും കാട്ടിപ്പകർന്നുടൻ
കലർന്നു പേശി മീൻ വില്ക്കും ചെറുമിക്കുട്ടവും ക്വചിൽ.(23)
കാന്തിയും ചെല്വമും മിക്ക കാന്തളൂർചാല കാണലാം
മൂൻറു കോയിലുമെന്മുന്നിൽത്തോൻറും തത്ര മഠങ്ങളും.(24)
പേണിത്തൊഴുതു പോം നേരമണയത്തഗ്രശാലയിൽ
ഊണിന്നു ചെൻറു നില്പോരും നാണിപ്പോകിൻറ ലോകരും.(25)
കണ്ട വേദിയരെല്ലാരുമുണ്ടുദാരിച്ചു ഭദ്രമായ്
ദുസ്സും പറഞ്ഞിട്ടന്യോന്യം മുസ്രോളിപ്പു [8] തൊരിത്തിരി.(26)
ഇങ്ങനെയാണു് ആ കാവ്യത്തിന്റെ ഗതി. തിരുവനന്തപുരത്തെ തീർത്ഥങ്ങൾ, അങ്ങാടി, വിഷ്ണുവിന്റെ ദശാവതാരങ്ങൾ മുതലായവയെപ്പറ്റിയുള്ള ചിത്രണം ഏറ്റവും സമുജ്ജ്വലമായിരിക്കുന്നു.

“തലയും മുലയും തള്ളത്തമ്മെത്താമും മറന്നുടൻ
മുൻപും പിൻപും തഥാ കയ്യും മെയ്യും കാട്ടിപ്പകർന്നുടൻ
കലർന്നുപേശി മീൻ വില്ക്കും ചെറുമിക്കൂട്ടവും ക്വചിൽ”
എന്നും മറ്റും സ്വഭാവോക്തിസുന്ദരമായി കവനം ചെയ്യുവാൻ ഒരു അനുഗൃഹീതകവിക്കല്ലാതെ സാധിക്കുന്നതല്ല. മയാ ശ്രുതം എന്നും മറ്റും പറയുന്നതിൽനിന്നു കവി തിരുവനന്തപുരത്തുകാരനല്ലെന്നും, ‘ദുസ്സു്’ ‘മുസ്രോളിപ്പു്’ മുതലായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നതിൽനിന്നു് ഒരു നമ്പൂരിയാണെന്നും മനസ്സിലാക്കാം.

17.4ചെറിയച്ചീവർണ്ണനം

ഈ ലഘുകാവ്യത്തിൽ ഒരു വിരഹിക്കു ചന്ദ്രോദയത്തിലുണ്ടാകുന്ന വികാരങ്ങളാണു് ചിത്രീകരിച്ചിട്ടുള്ളതു്. ‘അച്ചി’യുടെ മകളായ ഉദയപുരത്തെ ‘ചെറിയച്ചി’യാണു് നായിക. മാലിനീവൃത്തത്തിൽ നിബന്ധിച്ചിട്ടുള്ള മുപ്പതോളം ശ്ലോകങ്ങൾ പ്രസ്തുതകൃതിയിൽ അടങ്ങിയിരിക്കുന്നു. ഓരോ ശ്ലോകത്തിലും നായികയുടെ പേർ സമഞ്ജസമായി കവി ഘടിപ്പിച്ചിട്ടുണ്ടു്. ശബ്ദസൗഷ്ഠവത്തിനും അർത്ഥസൗഭഗത്തിനും നൃത്തരങ്ഗമല്ലാത്ത ഒറ്റ ശ്ലോകംപോലും അതിൽ കാണ്മാനില്ല. ചുവടേ ചേർക്കുന്ന ഇതിലേ നാലു ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചുകാണുന്നു.

“പ്രിയസഖി ചെറിയച്ചീവിപ്രയോഗജ്വരാർത്തം
കുറവുയിരപി തീർപ്പാൻ നൂനമിന്ദുച്ഛലേന
മദനനുദയശൈലപ്പള്ളിവില്ലിൽത്തൊടുത്താൻ
പഥികരുധിരധാരാപാടലം പള്ളിയമ്പു്.”(1)
“ഉദയപുരവിലാസോത്തംസമച്ചീസുതായാ
ഭവനമവനിസാരം കാണ്മുതെൻറാസ്ഥയേവ
ഉദയഗിരിശിഖാഗ്രാൽപ്പാദമൊട്ടേറെ വച്ചി
ട്ടരിയരി ഗഗനം ചേർന്നേറിനാനേഷ ചന്ദ്രഃ”(2)
“നിജമുകുളപുടംകൊണ്ടഞ്ജലിം കല്പയിത്വാ
തൊഴുതിഹ ചെറിയച്ചീവക്ത്രചന്ദ്രന്നു തോറ്റു്
കമലമടിമ പൂകക്കണ്ടു വിങ്ങിച്ചിരിച്ച
ങ്ങളികുലകളനാദൈരാർത്തിതാമ്പൽപ്രസൂനം.”(3)
“കുറളയുളർ പറഞ്ഞോർ ചാലവും കോപതാമ്രം
മുഖമിതി കൃതമൗനം നൂനമച്ചീസുതായാഃ
ഝടിതി തൊഴുതു വീഴ്വോം തോഴരേ, ഹന്ത കൂഴു് ത്തേ
നരിയരി നവസന്ധ്യാപാടലം ചന്ദ്രബിംബം.”(4)
മറ്റുചില ശ്ലോകങ്ങൾകൂടി കുറിക്കുന്നു.

“പെരിയതൊരനുരാഗംകൊണ്ടു മാനത്തു മെയ്തൂ
ർന്നുടനനുഗതസന്ധ്യാമാത്രതോഴീസമേതാ
തരുണശശിനമേഷാ യാമിനീകാമിനീ വ
ന്നഭിസരതി സഖേ, മാമച്ചിതൻനന്ദനേവ.”(1)
“ജയതി മദനമാഹാരാജ്യസർവാധികാരീ
മുടിമണിരുദയാദ്രേരാത്രിയാമാമണാളഃ
അനുനയവിഷമാമ്മറ്റാർക്കുമച്ചീസുതാമെൻ
വപുഷി വിഗതരോഷം വീഴ്ത്തുവാനെന്റെപോലെ.”(2)
“ഉഡുനികരമെഴുത്തായു്, പ്പത്രമായു് മാന, മൊപ്പായ്
മുഴുമതി മദനൻനീട്ടിങ്ങു സന്ധ്യോപനീതം
അയി, ബത! ചെറിയച്ചീ! കാണ്മിതസ്യാം രജന്യാം
തവ വിരഹിണമെന്നത്ത്വനി! കൊല്കെന്റപോലെ.”(3)
“പരിചുപട [9] നിരത്തിപ്പശ്ചിമാശച്ചുവപ്പാം
പുതിയ തളിരതിന്മേൽ വെണ്ണിലാപ്പൂവു തൂകി
രചയതി ചെറിയച്ചീവിപ്രയോഗാചിതമ്മേ
ശയനമിവ ശശാങ്കശ്ശർവരീപൂർവയാമം.”(4)
“രവിരമണവിയോഗേ രാത്രിയാകിൻറ ധാത്രീ
വികിരതി പനിനീരും ചന്ദ്രികാചന്ദനം ച;
പുനരപി ന വിബുദ്ധാം പത്മിനീം കണ്ടവാറേ
മമ ബത! ചെറിയച്ചീവാർത്തയിൽപ്പേടിയുണ്ടു്.”(5)
“ഉദയതി ശശിബിംബം കാന്തമന്തിച്ചുവപ്പിൽ;
പരമപി രവിബിംബം ചെൻറിതസ്തം പ്രയാതി;
ഉഭയമിതമുരുമ്മിക്കൂടുകിൽക്കുങ്കുമാർദ്രം
കുചയുഗമുപമിക്കാം നൂനമച്ചീസുതായാഃ.”(6)
“ചരതി കൊതികൊളുത്തിപ്പത്രിണാം മുന്നിൽ മല്ല
പ്പൊടിയിൽ മുടിയമിഴ്ത്തിപ്പൊൻനിറംകൊണ്ട ഭൃങ്ഗഃ;
ഉദയനഗരിയൂനാം ചിത്തമുൽക്കണ്ഠയൻ പ
ണ്ടഹമിവ ചെറിയച്ചീമഞ്ഞൾമെയ്പ്പൂച്ചണിഞ്ഞു്”(7)
“പരിഹസതി തുഷാരശ്രേണി വെണ്മുത്തണിഞ്ഞ
ത്തിമിരനിചയമെന്നും മാന്തളിർപ്പട്ടു ചാർത്തി,
കമലമുകുളമന്തിക്കാറ്റിലാടിൻറവാറൊ
ട്ടഴകുതു കുചലീലാനാട്യമച്ചീസുതായാഃ”(8)
“മമ ബത! മതിസീതാമച്ചിപുത്രീവിയോഗ
വ്യസനജലധിമധ്യേ കൊണ്ടുപോയ് വച്ചുകൊണ്ടു്
തെളുതെളെ വിലസിച്ചച്ചന്ദ്രനാം ചന്ദ്രഹാസം
കുസുമശരദശാസ്യഃ കൊൽവനെൻറഭ്യുപൈതി.”(9)
“വിലസതി ചെറിയച്ചീം കാന്തിരാജ്യാധിപത്യേ
മനസിജനഭിഷേൿതും നൂനമാഡംബരേണ
ശശിശകലസനാഥേ ശാരദവ്യോമനീല
ത്തറനടുവിലിടിൻറത്താരകാമുത്തുപന്തൽ.”(10)
“തൊഴുതിഹ വിടകൊൾവാൻ തൻകരം കൂപ്പിനില്ക്കി
ൻറഹിമകരനെ നോക്കിത്താമരപ്പൊയ്ക പിന്നെ
മധുകരമറുമാറ്റം വാ തുറന്നൊന്നു മിണ്ടീ-
ലപഗതരുചിരസ്മാനച്ചിതൻനന്ദനേവ.”(11)
“മദനവിജയകീർത്തിം മൽകൃതേ പാടുവാനെ
ൻറഹിമകിരണചന്ദ്രൗ താളമാമാറുകൊണ്ടു്
അതിവിമലമവറ്റാലൊൻറുയർത്തൊൻറു താഴ്ത്തീ
ട്ടഹമിഹ ചെറിയച്ചീ നൂനമേഷ പ്രദോഷഃ.”(12)
“അണയുമപരസന്ധ്യാരാഗമെയ്മഞ്ഞൾ കൊണ്ടാൽ
ദ്രുവമഭിനവകാന്താ രോഹിണീ ചീറുമെൻറു്
അപനയതി നിലാവാകിൻറ മേൽക്കൂറ വാങ്ങീ
ട്ടഹമിഹ ചെറിയച്ചീകോപഭീരുശ്ശശാങ്കഃ.”(13)
“ഇരുളുമിളനിലാവും കാന്തമന്തിച്ചുവപ്പും
വിരവി വിലസതീദം വ്യോമ നിർവ്യാജരമ്യം
കുരുളിവകുവളപ്പൂമല്ലികാചമ്പകാനാ
മിടവിരവിന മാലാകാരമച്ചീസുതായാഃ.”(14)
“മധുപമധുരവാചാ വർപ്പുറുത്തുൻറിതൊൻറിൽ [10]
ച്ചിതറിന മധുബാഷ്പം മുല്ല കേഴിൻറുതൊൻറിൽ
ഹസതി കുസുമഹാസൈരൊൻറിലേതാദൃശം മാം
വിരഹിണമിടയിട്ടേ നൂന മച്ചീസുതായാഃ.”(15)
“അയമുദയപുരേ ചെൻറച്ചിപുത്രീമണഞ്ഞാൻ
കുചകളഭമഴിച്ചാനോമൽവക്ത്രം മുകർന്നാൻ
ഇദമനുചിതമന്തിത്തെന്നൽ ചെയ്യിൻറതിത്ഥം
വദതി പരിമളോ മേ വണ്ടിനത്തിൻ വചോഭിഃ.”(16)
“ചലതി ജലധിവീചീകൈത്തലംകൊണ്ടു തട്ടി
ത്തരളശശിമണിപ്പന്തുൽക്ഷിപന്തീവ സന്ധ്യാ
വിലുളിതമിരുളെന്നും കൂന്തൽ വന്നിട്ടു; താരാ
ശ്രമജലവുമണിഞ്ഞാളച്ചിതൻനന്ദനേവ.”(17)
“കമലവലയമെന്നും തമ്പലം നല്കി നല്കി
ത്തഴുകി വിരഹകാലേ വല്ലഭം ചക്രവാകീ
ചെറുതിടമിഹ താനേ ചക്ഷുഷാന്വേതി പിന്നെ
ത്തദനു ച മനസാ മാമച്ചിതൻ നന്ദനേവ.”(18)
“പ്രിയസഖ, ചെറിയച്ചീദേവസേനയ്ക്കു പാങ്ങാ
യരുണദിതിജസൈന്യം വെൻറ വിഖ്യാതകീർത്തേഃ
കുസുമശരമുരാരേശ്ശംഖചക്രങ്ങളെന്റേ
കരുതുവനുദയാസ്തവ്യാപൃതൗ ചന്ദ്രസൂര്യൗ.”(19)
“പ്രിയസഖ, ചെറിയച്ചീമൈഥിലീമൂലമെന്നും
തരുണഹൃദയലങ്കാം ചുട്ട ചന്ദ്രോ ഹനൂമാൻ
അപരജലധിമധ്യേ വ്യോമലാങ്ഗുലലഗ്നം
പരിപതതി നിലാവാം തീ കെടുപ്പാനിദാനീം.”(20)
“പുലരുമിതു മലർന്നാലെൻറു മത്വാ മലർത്തും
മുകുളിതമരവിന്ദം മുഗ്ദ്ധികാ ചക്രവാകീ
മമ ബത കുറിനാളെൻറുള്ള ലീലാരവിന്ദം
മുകുളയതി നിശാർദ്ധം മുറ്റുമച്ചീസുതേവ.”(21)
സ്വയമിഹ മുഖലീലാമച്ചിതൻ നന്ദനായാഃ
കുചയുഗമിവ കുമ്പിച്ചംബുജംകൊണ്ടു കാട്ടി
പുനരിഹ വിരഹേസ്മിൻ നമ്മെ രക്ഷിച്ച ചന്ദ്രൻ
ഗ്രഹണജമപമൃത്യും വിട്ടു നൂറ്റാണ്ടു വാഴ്ക.”(22)
ഇതുപോലെ മല്ലീനിലാവെന്നൊരു നായികയെ ചന്ദ്രോദയവുമായി ഘടിപ്പിച്ചും ചില പദ്യങ്ങളുണ്ടു്.

“മധുരവിരുതമെന്നും കാഹളം പ്രൗഢി കൈക്കൊ
ണ്ടുദിതശശികരാളീചാമരോല്ലാസശാലീ
അധികരുചിരതാരാജാലമുത്തുക്കുടക്കീ
ഴിത ജയതി മടുത്താർവില്ലി മല്ലീനിലാവേ.”
ഈ മട്ടിലാണു് ആ ചെറിയ കൃതിയുടെ പോക്കു്.

17.5മൂന്നു പഴയ ഭാഷാചമ്പുക്കൾ

17.5.1ഉണ്ണിയച്ചി ചരിതം
അമോഘരാഘവമാണു് കേരളത്തിലെ പ്രഥമ സംസ്കൃതചമ്പുവെന്നു ഞാൻ പ്രസ്താവിച്ചുവല്ലോ. ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തിലോ, അഥവാ പതിമ്മൂന്നാം ശതകത്തിൽത്തന്നെയോ, മണിപ്രവാളചമ്പുക്കളും ആവിർഭവിച്ചുതുടങ്ങി. അവയിൽ (1) ഉണ്ണിയച്ചി എന്നും (2) ഉണ്ണിച്ചിരുതേവി എന്നും രണ്ടു യുവതികളെ വിഷയീകരിച്ചു രചിച്ചിട്ടുള്ള രണ്ടു് കൃതികളാണു് പ്രാചീനതമങ്ങളായി പ്രതിഭാസിക്കുന്നതു്. ഉണ്ണിയച്ചി ചരിതത്തിൽ അതിയമാനല്ലൂർ എന്ന സ്ഥലത്തെപ്പറ്റി പ്രസ്താവിക്കുമ്പോൾ “പണ്ടേയും ഗദ്യപദ്യ പ്രഭൃതിഭിരവിടം വർണ്ണിതം” എന്നു പറഞ്ഞുകാണുന്നു എങ്കിലും ആ ഗദ്യപദ്യങ്ങൾ ഒന്നും കണ്ടുകിട്ടീട്ടില്ല. ഈ രണ്ടു ചമ്പുക്കളും, ഇവയ്ക്കുമേൽ പ്രസ്താവിക്കുന്ന ഉണ്ണിയാടിചരിതവും, അവയുടെ പൂർണ്ണരൂപത്തിൽ ഉപലബ്ധമായിട്ടുമില്ല.

17.5.1.1കഥാവസ്തു
വടക്കൻ കോട്ടയത്തു് നങ്ങൈപ്പിള്ള (നങ്ങയയ്യ) യുടെ പുത്രിയായി അച്ചിയാർ എന്നൊരു സുന്ദരി ജനിച്ചു. അച്ചിയാരുടെ രണ്ടു പെൺമക്കളിൽ അനുജത്തിയായ ഉണ്ണിയച്ചിയാണു് പ്രസ്തുതചമ്പുവിലെ നായിക. ആ മോഹനാങ്ഗിയിൽ ഒരു ഗന്ധർവനു് ഉളവാകുന്ന അനുരാഗമാണു് അതിലെ വിഷയം. ഗന്ധർവന്റെ സന്ദർശനകാലത്തു് അച്ചിയാരുടേയും ഉണ്ണിയച്ചിയുടേയും താമസം കോലത്തുനാട്ടിൽ ഉൾപ്പെട്ട അതിയമാനല്ലൂർ എന്ന സ്ഥലത്തായിരുന്നു.

17.5.1.2കവിത
ശിവക്ഷേത്രംകൊണ്ടു പ്രസിദ്ധമായ തിരുച്ചരള എന്ന ദേശത്തെയാണു് ഉപലബ്ധമായ ഭാഗത്തിൽ ആദ്യമായി വർണ്ണിച്ചിട്ടുള്ളതു്. തദനന്തരം അടിക്കീഴ്തുടങ്ങി അവിടെയുള്ള തീർത്ഥശതത്തെ കവി സ്മരിക്കുകയും പിന്നീടു് ‘തിരുനെല്ലി എന്ന പുണ്യസ്ഥലത്തെ പുകഴ്ത്തുകയും ചെയ്യുന്നു. തിരുനെല്ലി സ്ഥിതിചെയ്യുന്നതു തിരുച്ചരളയ്ക്കു വടക്കാണു്. ആ പുണ്യസ്ഥലത്തിന്റെ വർണ്ണനമാണു് താഴെക്കാണുന്ന ഗദ്യം.

“വരമല്ലികാധവള–വരിനെല്ലിളങ്കളമ
മരി നല്ലവാമളവു–തരുമല്ലൽകെട്ടവർകൾ
തിരുമെല്ലടിപ്രണതി–പരമുല്ലസൽപ്പെരുമ
ചിരമല്ലിലും പകലു–മുരുകല്ലിൽ വീണ്ണുപരി
പരിവേല്ലിതാംബുഗതി–ഗിരികുല്യതീർത്ഥനദി
തിരതല്ലി വിട്ടഖില–നരവല്ലിടർക്കൊടുമ
വരവല്ലിപോലിനിയ–തരുവല്ലിമേലുദിത
വിരിവല്ലിതന്മലരി–ലൊരുകൊല്ലി [11] പാടുമളി
കരനെല്ലിയൊത്ത പൊരു–ളുരുവല്ല നല്ലവരി
ലുരകല്ലിൽ നൽശ്രുതിഷു–ഹരിതുല്യയോഗിനിര
മരുവില്ലമായപുല–മരുമല്ലരെപ്പൊരുതു
സുരമല്ലചിത്തഗത–ഗുരുശല്യകംസനവ
നുരുവില്ലിയാകിയരുൾ–പെരുചില്ലിവില്ലിയലു
മിരുൾവില്ലിമാതർമണി–തിരുവല്ലഭൻ മഹിത
തിരുനെല്ലികൂലമമർ–പുരവില്ലിയോടുസഹ
ദരഫുല്ലപത്മധര–കരപല്ലവസ്ഫുരിത
മുരവെല്ലിമേവിമികു–തിരുനെല്ലിയത്ര ഖലു.”
തിരുനെല്ലിയുടെ വടക്കു് ഒരു സുബ്രഹ്മണ്യക്ഷേത്രവും, കിഴക്കു് “നെടുങ്ങുൻറായ ദുർഗ്ഗാലയവും” സ്ഥിതിചെയ്യുന്നു. അനന്തരം അതിനു സമീപമുള്ള തിരുമരുതൂർ എന്ന സ്ഥലത്തിന്റെ വിവരണമാണു് കാണുന്നതു്.

ഗദ്യം.
“തസ്മിൻ വിസ്മയനീയേ ദേശേ കസ്മിന്നപിച വിരാജതിമേന്മേ
ലളകേവ സ്വയമമ്പിളി ചൂടിൻറപ്പൻകോയിൽക്കുൻറുവിഭൂഷാ;
ലങ്കേവാതുരരക്ഷോദാരാ ഭോഗവതീവ ഭുജങ്ഗനിഷേവ്യാ;
ഗുപ്തമനോഹര നന്ദനനമാന്യാ കേവലമമരാവതിയേപ്പോലെ
കൊല്ലവിഭൂതിം കൊല്ലും വിഭവാ………
നൂറുമടങ്ങു കൊടുങ്ങോളുരിലുമേറെ വിളങ്ങിന പണ്ടുപയതാ;
കുണവായ്ക്കുണമപി കുണപം ദധതീ വള്ളുവനഗരപ്പള്ളി ജയന്തി;
പുതുവീടിൻപുകഴു് വീഴ്ത്തിന ശോഭാമന്ദീകൃതമങ്ഗലപുര-മഹിമാ;
ദോരസമുദ്രം നീരസമുദ്രം കുർവാണാപിച മുറ്റും ജഗതി;
… ളൈമാറ്റിന സമ്പദ്ധർമ്മത്തിന്നിഹ നിർമ്മിതമില്ലം;
കാമാർത്ഥസുഖം കാമ്പോടിവേടം ………
മുക്കൺമൂർത്തികളുരുവുകയാലപി മുക്തിരസസ്യ ച മുറ്റിന മൂലം
കോട്ടംവിട്ട മഹീപാലാനാം കോട്ടവിശിഷ്ടം; വാണീയകക്ഷ്മീ
വാണീകവിതാതാവളമാമളതാമെൻറുള്ള വിദഗ്ദ്ധജനാനാം
ഇരുമരുതിൻനടുവേ പോമെന്മാൻ തിരുമാർവിടമിവ ……
പൊരുമുരു തുങ്ഗലസന്മാടാഢ്യാ തിരുമരുതൂരിതി കാചന നഗരീ.” പദ്യം.
“അരുമ പെരുതു വർണ്ണനേ ചതുർണ്ണാം
പരുമരുതഃ (?) പഠതാം വിധേർമ്മുഖാനാം
പെരുമപുകഴ്ക (ൾ) പേയ്പ്പെടും; തദാസ്താം;
തിരുമരുതൂർ തിലകക്രിയാ പുരീണാം.”
അതിനുമേൽ അവിടത്തെ ചിറയെ വർണ്ണിക്കുന്നു.

“ശിവപേരൂരിവ ശൈവലസദ്ദ്യുതി” “മലനാടിൻറിവരുചിരമഹോദയം” എന്നും മറ്റുമുള്ള ശ്ലേഷോക്തികൾ കൊണ്ടു മാത്രമല്ല,

“പതറിന പര(ൽ)പരവിചലിതനാളം; കതറിന മധുകരമുഖരിതകമലം;
ചിതറിന കതിപയമധുകണകപിലം; കളകളമിളകിന വളയൊലി വിരവിൽ
ത്തളിരിളമൃദുകരകൃതതുടിതരളം; കുളിചെയ്യുമൊളികിളർ കിളികളമൊഴിമാർ
കുളിരിളവളർമുലയകിൽപരിമിളിതം”
എന്നും മറ്റുമുള്ള സ്വഭാവോക്തികൾകൊണ്ടും, ആ വർണ്ണനം രമണീയമായിരിക്കുന്നു.

പദ്യം.
“അത്യുക്തിയാകിലുമളീകമിതെൻറു കണ്ടോർ
ചൊല്ലീടിലും കിമപി ചൊല്ലുവനുള്ളവണ്ണം;
അമ്മാടമും ചിറയുമപ്പരിശൻറുമിൻറും
മേലും ചമയ്ക്കരുതു മേലമർവോർക്കുപോലും.”
എന്നു് ആ ഭാഗം ഉപസംഹരിച്ചുകൊണ്ടു കവി കഥാനായകനായ ഗന്ധർവനെ അവതരിപ്പിക്കുന്നു. ഗദ്യം.

“തത്ര സമ്പന്നിധൗ തുമ്പയൺപും ചിടൈത്തമ്പിരാൻ കോയിലിൽക്കുമ്പഞായിറ്റുനല്ലട്ടമീവേലയാ കമ്പിതാശേഷലോകത്രയാഡംബരേ; പാമ്പണിഞ്ഞപ്പനോടുള്ള വൈരം പരം മീൾവിതെൻറിട്ടൊരുമ്പട്ട പൂവമ്പനോടേ വസന്തം വരുമ്പോഴു് വരുമ്പോടു പാട്ടെന്നുമിമ്പക്കുയിൽപ്പാട്ടിനാലാകുലേ; …കശ്ചിദാശ്ചര്യദേവോത്സവ പ്രേക്ഷകഃ സർവഗന്ധർവയൂനാം വരഃ, കാമസമ്മോഹനാസ്ത്രാന്തരം കാമിനീമച്ചിയാരാത്മജാം…ഉണ്ണിയച്ചീമധീരേക്ഷണാമൈക്ഷത.”

പദ്യം.
“കണ്ടിട്ടേനാം കലിതപുളകാനന്ദകൗതുഹലാത്മാ
മർത്ത്യോ ഭൂത്വാ നിജചലദൃശാം മറ്റു വാർത്താം മറന്നു്
കീഴ്പ്പാടാനാൻ കിളികളരവാം കേട്ടു പട്ടാങ്ങുപൈതും
ഗന്ധർവോസൗ ഗളിതഹൃദയോ ഗന്ധവാഹസ്യമാർഗ്ഗാൽ.”
അങ്ങനെ ഉണ്ണിയച്ചിയാൽ ആകൃഷ്ടനായി വായുമാർഗ്ഗത്തിൽ നിന്നിറങ്ങിയ ഗന്ധർവൻ അതാരെന്നു തിരക്കുന്ന അവസരത്തിൽ ഒരു ചാത്രൻ (ചാത്തിരനമ്പൂരി) ആ നായികയുടെ പൂർവചരിത്രം അദ്ദേഹത്തെ അറിയിച്ചു. ശ്രീപരമേശ്വരനെ വന്ദിച്ചിട്ടു ഗന്ധർവൻ ആ ചാത്രനോടുകൂടി അവളുടെ ഗൃഹത്തിലേക്കു പോയി. വഴിക്കു് ഒരങ്ങാടിയേ വർണ്ണിച്ചുകൊണ്ടു കവി ആ നായകനെ നായികയുടെ ഗൃഹത്തിലെത്തിക്കുന്നു. “മലയാളരുടൻ ചോഴിയരാരിയർ കരുനാടകകുടശാദികൾ പേശും വാണിയഭാഷാഭൂഷിത” മായിരുന്നു ആ അങ്ങാടി. ഗൃഹത്തിലേ വിവിധവിഭവങ്ങളെ വിസ്തരിക്കുന്നതിലും അവിടെത്തിങ്ങിക്കൂടിയിരിക്കുന്ന വൈദ്യന്മാർ, ജ്യോത്സ്യന്മാർ, മുതലായവരെ അവഹേളനം ചെയ്യുന്നതിലും ഗ്രന്ഥകാരനു് അലംഭാവമുണ്ടാകുന്നില്ല.

പദ്യം.
“സഭ്യോക്തിജാള ്യയുതസംസ്കൃതശബ്ദസഭ്യ
പ്പാട്ടിന്നു പാടിവചവീട്ടിൽ വിരഞ്ഞുവന്ന്
ചാത്രാഃ സ്വയം ചപലമായ് ചിലർ പേചുമാറു
കേട്ടാ (നവൻ കി) മിദമെൻറു കുരൂഹലേന”
“വാളങ്കവാശിമുഖരാന്മുഹരുണ്ണിയച്ചി
കേൾപ്പാനുടൻ കിമപി ചിത്തവിലോഭനായ
പൈശാചികം പരിശു പേശുവതോ ഭടേന്ദ്രാൻ
കേട്ടാനുടൻ കിമിതി സസ്മിതവിസ്മിതാസ്യഃ”
എന്നീ ശ്ലോകങ്ങൾ ആ ഘട്ടത്തിൽ കാണുന്നു. ഗൃഹവർണ്ണനം കണ്ടുകിട്ടീട്ടുള്ള ഭാഗത്തിൽ അവസാനിക്കുന്നില്ല.

ഒടുവിൽ വടക്കൻകോട്ടയത്തുള്ള പഴഞ്ചേരി ഭദ്രകാളിയെപ്പറ്റി ഒരു സ്തോത്രം ഏട്ടിൽ ഉണ്ടെങ്കിലും അതു ചമ്പുവിൽ അന്തർഭൂതമാണെന്നു തോന്നുന്നില്ല. ഒരു ഗദ്യവും ഒരു പദ്യവും അടങ്ങിയതാണു് ആ സ്തോത്രം. പദ്യംമാത്രം ചുവടേ ഉദ്ധരിക്കുന്നു.

“നൻറും തൂയത്തൊഴിൻറക്കനലുരുശിഖയാ നാക്കിഴൈക്കിൻറ കോല
ച്ചൂലത്താലും ചുരുങ്ങാതസുരതനുഗളൽച്ചോരി കൊണ്ടാപിബന്തീ
മൗലീന്ദോരിറ്റുവീഴിൻറവിരളസുധയാ മന്ദയുദ്ധശ്രമാസൗ
പഞ്ചേഷുദ്വേഷിപുത്രീ ചിരമവതു പഴഞ്ചേരിചേർന്നമ്മ നമ്മെ.”

17.5.1.3ഉണ്ണിയച്ചിചരിതത്തിലേയും മറ്റും ഭാഷ
രാമചരിതത്തിൽ ദ്രാവിഡശബ്ദങ്ങളും ദ്രാവിഡരീതിയിലുള്ള വ്യാകരണ പ്രയോഗങ്ങളും അധികമായി കാണുന്നതിനുള്ള കാരണം ദേശഭേദമാണെന്നു ചിലർ ഉപരിപ്ലവമായി വാദിക്കാറുണ്ടു്. അവർക്കു് അന്നത്തെ ഗ്രന്ഥോപയോഗിയായ മലയാളഭാഷയുടെ യഥാർത്ഥരൂപമെന്തെന്നു മനസ്സിലാക്കാൻ ഉണ്ണിയച്ചിചരിതം തുടങ്ങിയ പ്രാചീന ചമ്പുക്കൾ പ്രത്യേകം പ്രയോജകീഭവിക്കേണ്ടതാണു്. ചൂലാറ്റല്ലു് (ചൂലാൽ തല്ല്) മുതലായ സന്ധികൾക്കു് ഉണ്ണിയച്ചിചരിതത്തിൽ പ്രവേശമുണ്ടു്. “വേണാട്ടടികളുമോണത്തിൻനാൾ നെയ്തരും” എന്നും “കോലത്തടികളുമനുസരണയ്ക്കായു്” നില്ക്കുമെന്നും മറ്റും വൈദ്യന്മാർ വമ്പുപറയുന്നതിൽനിന്നും ദേശചരിത്രസംബന്ധമായും പല സങ്ഗതികൾ ഗ്രഹിക്കുന്നതിനു് പ്രസ്തുതകൃതി പഴുതു നല്കുന്നു. ഹോയ്സലരാജ്യത്തിന്റെ രാജധാനിയായ ദോരസമുദ്രം മഹമ്മദീയരുടെ ആക്രമണംനിമിത്തം നാമാവശേഷമായതു ക്രി. പി. 1346-ൽ ആണു്. അതുകൊണ്ടു് അതിനു മുൻപായിരിക്കണം പ്രസ്തുതകൃതിയുടെ പ്രാദുർഭാവം എന്നുള്ളതിൽ പക്ഷാന്തരത്തിനു മാർഗ്ഗമില്ല. പ്രണേതാവിന്റെ നാമധേയം അവിജ്ഞാതമായിരിക്കുന്നു.

17.5.2ഉണ്ണിച്ചിരുതേവിചരിതം
17.5.2.1വിഷയം
ഈ ചമ്പുവും ആരുടെ കൃതിയെന്നറിയുന്നില്ല. ഉണ്ണിയ (നങ്ങയയ്യ) പ്പിള്ളയുടെ പുത്രിയായ ഉണ്ണിച്ചിരുതേവിയാണു് ഇതിലേ നായിക. ചോകിര (ചൊവ്വര) ഗ്രാമത്തിൽപ്പെട്ട പൊയിലം എന്ന സ്ഥലത്തുള്ള വായ്പള്ളി എന്ന തറവാട്ടാണു് അവരുടെ ഗൃഹം. ഉണ്ണിച്ചിരുതേവിയിൽ ദേവേന്ദ്രൻ അനുരക്തനായിച്ചമയുകയും ആ സുന്ദരിയെ സന്ദർശിക്കുവാൻ ഭൂമിയിൽവന്നു് ആ ഗൃഹത്തിലെ ഓരോ വിശേഷങ്ങൾ കാണുകയും ചെയ്യുന്നു. അതോടുകൂടി ഗ്രന്ഥം മുറിഞ്ഞുപോയിരിക്കുന്നു. വിവരണം:ചമ്പു ഇങ്ങനെ ആരംഭിക്കുന്നു.

പദ്യം
“വെള്ളം (ള്ളൈ) കപാലമപി വെണ്മഴുവക്ഷമാലാം
ചൂലം പിടിച്ചരവു ചുറ്റിന കണ്ഠദേശം
ആറോടു നീറുമണിയും വപുരാറെഴുത്തിൻ
മൂലം മുദേസ്തു മമ മുഗ്ദ്ധശശാങ്കമൗലേഃ.
വിഘ്നോ വിഘ്നപ്രശാന്തിം പ്രദിശതു പൊയില
ത്തുണ്ണിയപ്പിള്ളപുത്രീം
വർണ്ണിപ്പാൻ വല്ലതാകെൻറിത മമ തൊഴുക
യ്യിൻറു വാഗ്ദേവതായാഃ;
അച്ചംകെട്ടിന്നുമച്ചൻ മുഖജനിതമഹാ
കാവ്യചന്ദ്രോദയേഽസ്മിൻ
ഗദ്യം ഖദ്യോതകല്പം ഗളിതരുചി തുട
ങ്ങിന്റെനക്കേ നമോസ്തു.”
ഏതു് അച്ചനാണു് ഈ വിഷയത്തെ അധികരിച്ചു് ഒരു കാവ്യമുണ്ടാക്കിയതു് എന്നറിഞ്ഞുകൂട. ആ കാവ്യത്തെ ചമ്പൂകാരൻ ഉപജീവിക്കുന്നതായി വിചാരിക്കാം. ഒരു ആര്യാവൃത്തശ്ലോകമൊഴിച്ചാൽ ശേഷമെല്ലാം ഗദ്യരൂപത്തിലാണു് ഉപലബ്ധമായ ഭാഗത്തിൽ നിബദ്ധമായിരിക്കുന്നതു്.

ചോകിരഗ്രാമത്തെ കവി ആദ്യമായി വർണ്ണിക്കുന്നു. ആ ഗ്രാമത്തിൽ ശാസ്താവിന്റെ ഒരു ക്ഷേത്രമുണ്ടെന്നും അതു് ആതവർമ്മ എന്നൊരു രാജാവു സ്ഥാപിച്ചതാണെന്നും, ആ ഗ്രാമത്തിൽ (ദക്ഷിണാശിവഃ) തെങ്കൈലനാഥനും നിവസിക്കുന്നുണ്ടെന്നും, (ആഴ്വാഞ്ചേരി–ആഴവാഞ്ചേരി) മനയ്ക്കലും അതിൽ അന്തർഭവിക്കുന്നതാണെന്നും ആ വർണ്ണനത്തിൽനിന്നു കാണാവുന്നതാണു്. ആതവർമ്മ എന്ന പേരിൽ പണ്ടു് അനേകം ചേര രാജാക്കന്മാരുണ്ടായിരുന്നു. പൊയിലത്തിന്റെ വിവരണമാണു് അടിയിൽ കാണുന്നതു്. പൊയിലം എന്നതു പൊന്നാനിത്താലൂക്കിൽ നാഗിലശ്ശേരി അംശത്തിൽ ഉള്ള ഒരു സ്ഥലമാണെന്നു ചിലർ പറയുന്നു. എന്നാൽ അവിടെ ഇപ്പോൾ ഒരു ശ്രീകൃഷ്ണക്ഷേത്രമാണു് പ്രധാനമായി കാണുന്നതു്.

“പുതുമലർക്കാവിൽ വന്നെഴുമിളങ്കൊടികളും,
കൊടികൾ പൂവിതളിൽ നിൻറുതിരുമപ്പൊടികളും,
ചുഴലവും കമുകിനൈത്തഴുകുമക്കൊടികളും,
കൊടി നനൈപ്പാൻ വരും മൃദുനടുക്കൊടികളും,
മഹിതകർമ്മങ്ങളിൽപ്പരിഗളന്മടികളും,
(തുംഗമേ) തുരകൾമേൽ ധാവതഃ കുതിരതന്നടികളും,
വനമുഖേ ചകിതമാൻ ഝടിതി പാഞ്ഞൊടികളും,
നദികളിൽക്കുളിവിധൌ കൃതവധൂതുടികളും,
നളിനിയിൽക്കുളിചെയ്യും നളിനമും പിടികളും,
വിഫലസൂകരമഹാമുരടർ കൈത്തടികളും,
പിടരിൽ നന്മുടികളും പെരുക നല്ലടികളും,
നടികളും കുടികൊള്ളും പൊയിലമെൻറുണ്ടു തത്രൈവഭാഗേ.”
അവിടത്തേ ചോമാതിരിമാരെപ്പറ്റി പിന്നീടു പ്രസ്താവിക്കുന്നു. പൊയിലത്തുള്ള ശ്രീകൃഷ്ണക്ഷേത്രത്തിന്റേയും വായ്പള്ളിയെന്ന ‘നടീമന്ദിര’ത്തിന്റേയും വർണ്ണനമാണു് അടുത്ത ഭാഗം. മന്ദിരത്തിന്റെ വർണ്ണനം ദീർഘംതന്നെ. അവിടത്തെ നങ്ങയയ്യ, രായരൻ എന്ന രാജാവിന്റെ പ്രണയിനിയാണു്. “നിത്യരമ്യാ സ്വയം നൃത്തകേളീവിധാനേ വധൂവേഷധാരീ ഗളേ കാളകൂടം കളൈഞ്ഞിട്ടു ഗീതാമൃതം വച്ചുകൊണ്ടോരു മുക്കൺ പിരാനെൻറു തോൻറിക്കവല്ലും ഗുണാലങ്കൃതാരൂപശീലാധികാരായരപ്രേയസീ പൊങ്ങിയെങ്ങും വിളങ്ങിൻറ കീർത്തിശ്രിയാശോഭിനീ പങ്ങിമിക്കുജ്ജ്വലാ നങ്ങയയ്യേതി കാചിന്നടീ നായകാ” എന്ന കവിപ്രശംസയ്ക്കു് ആ സ്ത്രീരത്നം പാത്രീഭവിയ്ക്കുന്നു.

നങ്ങയയ്യയുടെ പുത്രിയായ ഉണ്ണിച്ചിരുതേവിയെ പുകഴ്ത്തുന്നതിനു വാല്മീകിക്കുപോലും സാധിക്കുകയില്ലെന്നു് ഉപക്രമിച്ചുകൊണ്ടു തദനന്തരം കവി ആ കൃത്യം യഥാവിധി അനുഷ്ഠിക്കുന്നു.

ചെന്താമരമലർ ചേവിടിയെൻറാൽ
ചെന്തളിരെന്നൈ വെടിഞ്ഞിടുമല്ലോ
പുറവടി നളിനപ്പുറവിതളെൻറാൽ
പുനരാമൈക്കു മുകം പിഴയാതോ?
കേതകിമൊട്ടു കണൈക്കാലെൻറാൽ
കേകിഗളങ്ങൾ പലാതികൾ കേഴും;
തൂയമണിത്തൂൺ തുടയിതുമെൻറാൽ
തുടവിയ കതളികൾ തുവപിടിയാതോ?
മങ്ഗലമലകു മണത്തിടിലെന്റാൽ
മദനൻതേർത്തട്ടരിയപ്പടുമ
ങ്ങരയാലിലയെൻറുദരം ചൊന്നാ
ലരിയോ! കൈത്തലമെന്തു നിനയ്പ്പൂ?
എന്നു് ആ പാദാദികേശാന്തവർണ്ണനം അത്യന്തം പുളകപ്രദമായ രീതിയിൽ പുരോഗമനം ചെയ്യുന്നു.

അക്കഥയെല്ലാം തന്റെ വയസ്യൻമുഖേന ദേവേന്ദ്രൻ കേട്ടു കാമപരവശനായിത്തീർന്നു് ആ നായികയുടെ കോയിലിലേക്കു പുറപ്പെട്ടു. വഴിക്കു് ആനാർചിറ എന്ന അങ്ങാടിയെ കവി വർണ്ണിക്കുന്നു. അതിനുമേൽ വായ്പള്ളിവീട്ടിന്റേയും അവിടെ നായികയെ സന്ദർശിക്കുവാൻ വരുന്ന ബ്രാഹ്മണാദി ജനങ്ങളുടെയും ചിത്രമാണു് കാണുന്നതു്. കിട്ടിയിടത്തോളമുള്ള ഓലകളിൽ ആ ചിത്രണം അവസാനിക്കുന്നില്ല. ചമ്പുവിന്റെ പഴക്കം

ഉണ്ണിച്ചിരുതേവിചരിതത്തിനും ഉണ്ണിയച്ചിചരിതത്തോളംതന്നെ പഴക്കമുണ്ടെന്നു ഭാഷാരീതി പ്രഖ്യാപനം ചെയ്യുന്നു. “……പൊഴിയും മൊഴിപോന്നെഴിൻറ ഘർമ്മജലം; കണ്ണിന്നമൃതമെനക്കിൻറുണ്ണിച്ചിരുതേവിയോമൽമുഖകമലം” എന്നൊരു ശ്ലോകം ഇടയ്ക്കുദ്ധരിച്ചു് അതു് ആര്യാവൃത്തത്തിൽ ഗ്രഥിതമായ മണിപ്രവാളമാണെന്നു ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടു്. “അമ്മക്കിളിയെക്കൊണ്ടു പിരാന്മേ-ലമ്മാനപ്പാട്ടുണ്ടാക്കിച്ചേൻ” എന്നൊരു പങ്ക്തി കാണുന്നതിൽ നിന്നു് അക്കാലത്തു കവികൾ അമ്മാനപ്പാട്ടുണ്ടാക്കിയിരുന്നു എന്നും അതിന്റെ പരിപാടി പക്ഷേ ശുകത്തെക്കൊണ്ടു പാടിക്കുന്ന രീതിയിലായിരുന്നു എന്നും ഊഹിക്കാവുന്നതാണു്.

17.5.3ഉണ്ണിയാടി ചരിതം
ശിവവിലാസകാരനായ ദാമോദരച്ചാക്കിയാരുടെ കൃതിയായി ഒരു മണിപ്രവാളചമ്പുവുണ്ടെന്നു ഞാൻ മുൻപു് ഉപന്യസിച്ചിട്ടുണ്ടല്ലോ. ഉണ്ണിയാടി ചരിതമെന്നു നാമകരണം ചെയ്യാവുന്ന ആ ചമ്പുവിന്റേയും ഏതാനും നഷ്ടശിഷ്ടങ്ങളേ കണ്ടുകിട്ടീട്ടുള്ളു. ഉപസംഹാരഭാഗം ഉപലബ്ധമായിട്ടില്ല. ശിവവിലാസത്തിൽ വർണ്ണിതനായ കായങ്കുളത്തു കേരളവർമ്മരാജാവിന്റേയും അദ്ദേഹത്തിന്റെ പത്നി ചെറുകര കുട്ടത്തിയുടേയും പുത്രിയായ ഉണ്ണിയാടിയാണു് പ്രസ്തുത കാവ്യത്തിലെ നായിക.

“മട്ടോലുംമൊഴിയാമുണ്ണിക്കുട്ടത്തിക്കു കുലശ്രിയം
കണ്ണിന്നമൃതമാം മാനേല്ക്കണ്ണിയാമുണ്ണിയാടിയെ
അൻപെഴപ്പുകഴ്വാനിപ്പോളെൻപ്രയാസോ വിജൃംഭതേ.”
എന്നു കവി ചീകീർഷിതപ്രതിജ്ഞ ചെയ്യുന്നു. (1) വിഷയം

ദാമോദരച്ചാക്കിയാർ ആദ്യമായി ഉദയപർവതത്തെ വർണ്ണിച്ചിരിക്കുന്നു. ആ പർവതത്തിൽ പണ്ടു രണ്ടു ഗന്ധർവകുടുംബങ്ങൾ താമസിച്ചിരുന്നു. അവയിൽ ഒരു കുടുംബത്തിൽപ്പെട്ട ചിത്രരഥൻ എന്ന ഗന്ധർവരാജാവു് ദേവേന്ദ്രന്റെ ബാലമിത്രമായിരുന്നു. അദ്ദേഹത്തിനു മധുരമാലിക എന്ന പത്നിയിൽ ജനിച്ച ചിത്രാവലി എന്ന സൗന്ദര്യവതിയായ കുമാരിയെ ഇന്ദ്രൻ തന്റെ വന്ദിപുത്രനായ വിഭാതനെക്കൊണ്ടു വിവാഹം ചെയ്യിക്കുകയും ആ ദമ്പതിമാർ ഉദയാദ്രിയിൽ താമസിച്ചു ആദിത്യചന്ദ്രന്മാരെ ആരാധിക്കണമെന്നു് ആജ്ഞാപിക്കുകയും ചെയ്തു. അവർക്കു കാലാന്തരത്തിൽ പ്രഭയെന്നും ഉഷയെന്നും രണ്ടു കന്യകമാർ ഉത്ഭവിക്കുകയും, അവരെക്കൊണ്ടു് ആ കുടുംബം ശാഖോപശാഖമായി വർദ്ധിക്കുകയും ചെയ്തു. പ്രഭയുടെ ശാഖ സൂര്യനേയും ഉഷയുടെ ശാഖ ചന്ദ്രനേയും ഉപാസിക്കണമെന്നു വിഭാതൻ ഉപദേശിച്ചു. ആദ്യത്തേ ശാഖ ഉദയപർവതത്തിന്റെ ഉത്തരോപത്യകയിൽ മണിപിങ്ഗലയെന്നും രണ്ടാമത്തേതു് അതിന്റെ ദക്ഷിണതടത്തിൽ ഇന്ദിരാവതിയെന്നും ഓരോ നഗരി നിർമ്മിച്ചു് അവിടെ താമസിച്ചു് നൃത്തഗീതവാദ്യാദികൾകൊണ്ടു് ആദിത്യനേയും ചന്ദ്രനേയും യഥാക്രമം സേവിച്ചു. അങ്ങനെ വളരെക്കാലം കഴിഞ്ഞപ്പോൾ ഉഷയുടെ ശാഖയിൽ കലാവതി എന്നൊരു കുമാരി രത്നചൂഡൻ എന്ന ഗന്ധർവന്റെ പത്നിയായി, സുവാകൻ, മഞ്ജുളൻ, കോകിലകൻ, വീണാഘോഷൻ, ചാരുനാദൻ, മതിദീപൻ, മധുപാരൻ, പുണ്യസ്തുതി, മാങ്ഗലികൻ, ഭദ്രലോകൻ എന്നീപ്പേരുകളിൽ പത്തു പുത്രന്മാരെ പ്രസവിച്ചു. ആ കാലഘട്ടത്തിൽത്തന്നെ പ്രഭയുടെ ശാഖയിൽ ജനിച്ച മണിശേഖരൻ എന്ന കുമാരൻ കാദംബിനി എന്നൊരു കന്യകയെ പാണിഗ്രഹണം ചെയ്ത് ആ സ്ത്രീരത്നത്തിൽ പ്രാവൃട്ടു് എന്നൊരു പുത്രിയേയും ഉൽപാദിപ്പിച്ചു.

പ്രാവൃട്ടു് ഒരവസരത്തിൽ സഖികളോടുകൂടി ക്രീഡിക്കുന്നതു സ്ത്രീലമ്പടനായ ചന്ദ്രൻ കണ്ടു് അസഹ്യമായ മദനപാരവശ്യം നിമിത്തം ആ സുന്ദരിയുമായി ഒരു മുഹൂർത്തം രമിക്കുകയും തദനന്തരം ആ കഥയെല്ലാം മറന്നു്, വികാരലാഞ്ഛനങ്ങൾ ഗോപനം ചെയ്യാതെ തന്റെ പ്രാണപ്രിയയായ രോഹിണീ ദേവിയുടെ സന്നിധിയിൽ പ്രവേശിക്കുകയും ചെയ്തു. ആ കാഴ്ചകണ്ടു നടന്ന കഥ മുഴുവൻ മനസ്സിലാക്കിയ രോഹിണി പ്രാവൃട്ടിനെ ‘മനുഷ്യയോനിയിൽ പോയി ജനിക്കട്ടെ’ എന്നു ശപിക്കുകയും, മണിശേഖരന്റെ പ്രാർത്ഥനമൂലം അപ്പോഴുള്ള ശരീരസൗന്ദര്യവും നൃത്തഗീതവാദ്യങ്ങളിലും കവനാദികലകളിലുമുള്ള പാടവവും ഭ്രലോകജാതയായാലും അവളിൽ തുടർന്നു പരിലസിക്കുമെന്നും ആയുരന്തത്തിൽ ഗന്ധർവലോകത്തേക്കു തിരിയെപ്പോരാമെന്നും ശാപമോക്ഷം നല്കുകയും ചെയ്തു. ആ സംഭവവും ചന്ദ്രൻ കാലക്രമത്തിൽ വിസ്മരിച്ചു.

അനന്തരം രത്നചൂഡന്റെ പത്തു കുമാരന്മാരുടേയും ചരിത്രം കവി വിസ്തരിക്കുന്നു. അവർ ചന്ദ്രൻ സഞ്ചരിക്കുന്ന വ്യോമവീഥിയിൽ നിവസിച്ചു. ആയിടയ്ക്കു് ഒരു ശരൽകാലത്തിൽ ചന്ദ്രൻ സുവാകനാൽ സേവിതനായി സ്വൈരവിഹാരം ചെയ്യവേ അമൃതനിഷ്യന്ദിയായ ഒരു ഗാനം ഭൂമിയിൽനിന്നു് ഉണ്ടായതു ചെവിക്കൊണ്ടു് കാമാകുലനായി, സുവാകനേയും മതിദീപനേയും ആ പാട്ടു് ആരുടേതെന്നറിഞ്ഞുവരുവാൻ നിയോഗിക്കുകയും അവർ അഞ്ചാമത്തെ ദിവസം തിരിയെച്ചെന്നു തങ്ങൾ കണ്ട വിവരങ്ങൾ ചന്ദ്രനെ ഗ്രഹിപ്പിക്കുകയും ചെയ്തു. വക്താവു് സുവാകനാണു്. ആ അനുജീവി ആദ്യം ഭൂലോകത്തേയും പിന്നീടു കേരളത്തേയും അവിടെ തൃശ്ശൂരിനേയും മഹോദയപുരത്തേയും, തദനന്തരം പ്രകൃതമനുസരിച്ചു് ഓടനാട്ടിനേയും (കായങ്കുളം) പുളകോൽഗമകരങ്ങളായ വാക്കുകളിൽ വർണ്ണിക്കുന്നു. അതിൽ പിന്നീടു കായങ്കുളത്തു രാജാക്കന്മാരുടെ കുലപുരിയായ കണ്ടിയൂരിനേയും അതിന്റെ ഒരു ഭാഗമായ മറ്റത്തേയും അവിടത്തെ വലിയങ്ങാടിയേയുമാണു് പ്രശംസിക്കുന്നതു്. ഈ ഭാഗത്തിൽനിന്നു മാതൃക കാണിക്കുവാൻ ചില പദ്യങ്ങൾ ഉദ്ധരിക്കാം. ഉദയപർവതം

“എങ്ങും പരന്ന മഹസാ ദിവസാധിപേന
ശൃങ്ഗശ്രിതാ മകുടവാനിവ വാസരാദൗ
പാർശ്വേന ചാമരവൃതേന വിരാജമാനോ
ഭൂഭൃൽപതിത്വമധിതിഷ്ഠതി യശ്ചിരായ.”
ചന്ദ്രന്റെ കാമപാരവശ്യം
“പാട്ടഞ്ചിതധ്വനി തദാ പതറാത താളം
വാടാത രാഗമുചിതശ്രുതിസൗകുമാര്യം
കേട്ടാൻ കലാപതിരസൗ പരിവർത്തമാന
ചേഷ്ചാവിലാസമഴകിൽപ്പുളകാകുലാങ്ഗഃ.”
“അങ്ഗം തനക്കമൃതശീതളമാകിലും ചാ
ലങ്ഗീചകാര വളരെപ്പരിതാപദൈന്യം;
ത്വങ്ഗത്തരങ്ഗപവമാനമനോഹരേണ
ഗങ്ഗാതടേന ഗഗനേ ഗതിമാചകാംക്ഷേ.”
“മുല്പാടനല്പവികസൽകുസുമാനനാന്തർ
ജ്ജല്പാകഭൃങ്ഗമധുരസ്വരഗീതിയുക്താ
മൽപ്രേയസീ കുമുദിനീ ച ന രോചതേ മേ;
കല്പേത കാ ന ഖലു താപവിനോദനായ?”
“എപ്പോഴുമെന്നരികിൽ മേവിന താരകാണാം
ചെപ്പേർമുലത്തടമമർന്നു പുണർന്നിരുന്നാൽ
ഉൽപന്നവേദനമെനിയ്ക്കവരോടു വേറി
ട്ടപ്പാലിരിക്കയിലപേക്ഷ വരിൻറു, തെൻറാം?”
“അസ്തി ഹി ഫണിവരമസ്തകലസിതാ
ചുറ്റും നാല്ക്കടലാലുപഗുഢാ;
കുലശൈലാഷ്ടകകീലിതപൃഷ്ഠാ
പനിമലയാലേ ശിശിരിതസുഭഗാ;”
ഇത്യാദി ഭൂലോകവർണ്ണനഗദ്യവും

“അമലജലപൂരിതാ ഹസ്തിനപുരത്തടു
ത്തമരനദിയെൻറുപോൽച്ചുണ്ണി [12] മേവിന്റെടം;
തരളവീചീകരൈരൊരു പുറത്തഴകെഴും
തരളജാലങ്ങളാൽപ്പരവതൂകിന്റെടം”
ഇത്യാദി മഹോദയവർണ്ണനഗദ്യവും മറ്റും സമഗ്രമായി പ്രദർശിപ്പിക്കുവാൻ സ്ഥലം പോരാതെയിരിക്കുന്നു. കണ്ടിയൂരിനെ വർണ്ണിക്കുന്ന ചില പദ്യങ്ങളാണു് താഴെക്കാണുന്നതു്.

“ആഖണ്ഡലപൂരിഗർവഖണ്ഡനം കണ്ടിയൂരിതി
പത്തിലും വിശ്രുതം ദിക്ഷു പത്തനം യത്ര ശോഭതേ.
ഉദ്യാനവീഥ്യാ ലസിതം വിളയാടിൻറവൃക്ഷ [13] യാ,
വിടപേ വിടപാത്തത്തിവിളയാടിൻറ വൃക്ഷയാ;
ലോലംബകുലമഭ്യേത്യ ലോലംബകുലമുച്ചകൈഃ
പാടിൻറമ [14] യിലേറിക്കൊമ്പാടിൻറ മയിലാൽ വൃതം;
അഹോ വിഭാതി യന്നിത്യം മഹോദയമനോഹരം;
ചാലങ്ങു പശ്ചിമക്ഷോണിപാലപാലിതമാകിലും,
നാകലോകസമം പാർത്താലരം ഭാസുരമാകിലും,
നാനാരത്നസമാകീർണ്ണം മുക്താമയമതാകിലും.”
അങ്ങാടിയുടെ പ്രപഞ്ചനം അത്യന്തം വിവൃതമാണു്. പിന്നീടു കണ്ടിയൂരിനെത്തൊട്ടുള്ള കീർത്തിപുരമെന്നും നരസിംഹമംഗലമെന്നുമുള്ള രണ്ടു രാജധാനികളെ കവി വർണ്ണിക്കുന്നു. ഗദ്യം

“ഇവ്വണ്ണം അതിമനോഹരമാകിയ നഗരോത്തമത്തിൻമധ്യേ സകലാശാമുഖകർണ്ണപൂരായമാണകീർത്തിസ്തബകസ്യ, കീർത്തിപുരമെൻറും നിഖിലസാമന്തചക്രവർത്തിനോ നരസിംഹസ്യ നരയിങ്ഗമണ്ണൂരെൻറും വടിവെഴുമോടനാടിനു മങ്ലിതിലകായമാനസ്യ കേരളനാമധേയസ്യ വസുധാനായ കസ്യ പുരന്ദരനഗരിയുമളകയുമൊപ്പം ചെൻറണഞ്ഞു മേവിനപോലെ മനോഹരതരം രാജധാനീദ്വയം വിരാജതി.” പദ്യം

പൊന്മാടത്തിൻപ്രാഭാജാലൈഃ സന്ധ്യാകാന്തികരംസദാ
സദാവദാഹമിവ യൽ പത്മരാഗാലയാംശുനാ;
ശുനാസീരസുതപ്രഖ്യവില്ലാളികുലസങ്കുലം;
കുലഞ്ഞുലാവും താർവല്ലി നിറയും ചാരുനിഷ്കുടം…
ഗദ്യം

ആടകംകൊണ്ടു നിർമ്മിച്ചഴകെഴുമരങ്ങത്തേറി
നാടകമാടും നല്ല നടികുലം പൊലിയുമേടം;
ചോടചകലനെ [15] നിൻറു തൊടുവതിനെൻറപോലെ
മാടമുയർന്നുനിൻറു മാടങ്കൾ വിളങ്കുമേടം;
വാടകൊൾ കേതകത്തിൻ വാരണികുതുമന്തോറും
പാടിനിൻറളികുലങ്കൾ പറന്തുപോയ് നിരമ്പുമേടം;
കോടണിമുകമുലാവും കുഞ്ചരം മതം ചുരത്തി
പ്പേടിയാമാറു ചുറ്റും പെരുമാറി നില്ക്കുമേടം;
കേടകത്തില്ലയാത കിങ്കരവീരർ ചെൻറു
കേടകം വാളൊടേന്തിക്കേളിയിൽ നടക്കുമേടം;
ഏടലർത്തയ്യലോടൊത്തേണനീൾമിഴികൾ കാലിൽ
പ്പാടകം കലുപിലെൻറു പാടിനിൻറാടുമേടം; …
മതുമൊഴി മടവർതുട — ചതിപെടനെറിയൽകൊടു
കതുകത വളരുമണി — കതളികൾനിരയൊരിടം;
ചൂതരചിവപൊരുതു — മാതരൊടിട വിരവി
നീതികൊൾ തരുണർ പല — മേതകുനിരയോരിടം;
പങ്കികൊൾ നളിനികളി — ലങ്കയനുടയ വളർ
ചങ്കിനൊടിയലുമളി — ഝങ്കൃതിനിരയൊരിടം.
ഇങ്ങനെ വർണ്ണിച്ചു ‘കിം ബഹുനാ ഭാഷിതേന? യൽപുരദ്വയവർണ്ണനം ഭാരമേവാമനന്തി ഭാരവിമുഖാ അപി കവയഃ’ എന്നു രാജധാനീപ്രശംസ കവി അവസാനിപ്പിക്കുന്നു. കീർത്തിപുരമെന്നും നരസിംഹമങ്ഗലമെന്നും രണ്ടു ക്ഷേത്രങ്ങൾ ഇന്നും കണ്ടിയൂരിനു സമീപമുണ്ടു്. (2) ശിവസ്തോത്രം

ഗന്ധർവന്മാർ കണ്ടിയൂരമ്പലത്തിൽ തൊഴുമ്പോൾ ചൊല്ലുന്ന ശിവസ്തോത്രത്തിൽനിന്നു ചില ശ്ലോകങ്ങളാണു് അടിയിൽ ചേർക്കുന്നതു്.

“മൻറിലാരിൻറു നീയെൻറിക്കൊൻറപ്പൂമലർ ചൂടിനോൻ?
ആകഷ്ടമെന്തെലിമ്പാൽക്കൊണ്ടാകല്പം പരികല്പിതം?”
“അരിയോ നാഥ നിൻകണ്ണിലെരിതീ വിളയിൻറിതോ?
പോറ്റി പണ്ടിതുകൊണ്ടല്ലോ നീറ്റി നീ മലരമ്പനെ.”
“ഞാനച്ചോ കണ്ടുതില്ലാർക്കുമാനത്തോലുടയാടയായ്
നമശ്ശിവായ നിൻകോലം നമക്കോ വിസ്മയാവഹം.”
“ഫണിനായകനെക്കൊണ്ടു മണിനൂപുരമാക്കിനാൽ
അടിയാർ ഞാങ്ങൾ പേടിപ്പോമടികുപ്പി വണങ്ങുവാൻ”
“ഏറർതൻ മുതുകത്തേറി നീറണിഞ്ഞുലകേഴിലും
വലികൊണ്ടുണ്മതിന്നെന്തു ഫലിതം ഭുവനപ്രഭോ?”
(3) അർദ്ധനാരീശ്വരവർണ്ണനം

അത്യന്തം മനോമോഹനമായ ഒരർദ്ധനാരീശ്വരകേശാദിപാദം കവി ഈ ഘട്ടത്തിൽ ചേർത്തിരിക്കുന്നു.

“താരാപതിദലം ചേർന്ന ചാരുകോടീരഭാസുരം;
താരാലതിതരാം ചാർത്തി വാരാളും കബരീഭരം;
കാമൻതൻ മേനി നീറ്റിൻറ തീമിന്നും നിടിലേക്ഷണം;
മാരോന്മേഷമിയറ്റിൻറ ചാരുഫാലവിശേഷകം.” (ഇത്യാദി)
(4) ചാക്കിയാരും ഗന്ധർവന്മാരും

അപ്പോൾ അവിടെ ഒരാൾ വാതില്ക്കലിരുന്നു രണ്ടു ശ്ലോകങ്ങൾ ചൊല്ലുന്നതു് ആ ഗന്ധർവന്മാർ കേട്ടു. അവയെയാണു് താഴെ ഉദ്ധരിക്കുന്നതു്. പദ്യം

“ചെറുകലശവിലാശംചേർന്ന ചാല [16] സ്തനാഢ്യം
നിറുകയിൽ വനിതാനാം ന്യസ്തപാദാരവിന്ദം
ചെറുകരനിലയം ചേർന്നീടുമെന്നുണ്ണിയാടീ
മിറുകുമഹഹ നിന്നെക്കാൺകിലാഖണ്ഡലോപി”
“നളിനമകൾകടക്കൺ ചാരുലീലായിതാനാം
തെളിമ പൊലിവെഴും കണ്ണാടിയാമുണ്ണിയാടീ
ഇളമുലയിണ ചീർത്തിട്ടാകുലാലോലമധ്യം
തളിരൊളിപെടുമങ്ഗം താവകം വെൽവുതാക!”
ഗദ്യം

ഇവണ്ണം ചുഴല മേവിൻറ വിദുഷാം ഗണൈരടിയിൽക്കൊണ്ടാടപ്പട്ടു ചില ചില ചിലോകങ്ങളെച്ചൊല്ലിയൊടുക്കിൻറളവിൽ അരികിലിരുന്നവനോടു ചോദിച്ചു്, “അത്രത്യോയം നിഖിലവിദ്യാപാരദൃശ്വാ ദാമോദരാഭിധാനോ ഭരതാചാര്യ ഇതി വിജ്ഞായ ഞാങ്ങളിരുവരും തസ്യ പുരോഭൂമി മുപസൃത്യ പരസ്പരാലംബിതകരൗ മറ്റേ കരാഞ്ചലേന കിഞ്ചന സഞ്ഛാദിതോഷ്ഠപൃഷ്ടൗ ധൃഷ്ടതരമിതിഷ്ഠാവ.

അനന്തരം ആരുടെ പാട്ടാണു് അവിടെ കേട്ടതെന്നു് അവർ ചോദിക്കുകയും അതിനു് അദ്ദേഹം “ചൊല്ലലാമിതെളുതായ്ത്തുലോംമയാ, ശ്ലോകജാലമിവൾ മേലുദാഹൃതം” എന്നു മറുപടി പറയുകയും ചെയ്തു. അതിനെത്തുടർന്നാണു് കേരളവർമ്മ രാജാവിന്റെ വർണ്ണനം. രാജപ്രശസ്തിയിൽനിന്നു് ഒരു ഭാഗം ചുവടേ ചേർക്കുന്നു.

“യസ്യ ഹി, സ്ഫീതഗോമാധുര്യഃ ശീതഭാനുരഖിലഭൂത ജാതസ്യ, ഹേതിവിലാസശാലീ വീതിഹോത്രസ്സകലാരാതി കാന്താരസ്യ, വീതജാള ്യദോഷസ്തേജസാം നിധിഃ സുഹൃദ്വ്രാത കമലാകരസ്യ, ചാതുര്യത്തിനു ജന്മഭൂമിഃ, കാതര്യത്തിനു ദൂരവർത്തീ, ദാതാ സകലജനവാഞ്ഛിതാനാം, പാതാ സർവപ്രജാനാം ശ്രോതാ സജ്ജനചരിത്രാണാം, നേതാ വിദ്വജ്ജനാനാം, ഭ്രാതാ വിദ്ഗ്ദ്ധമണ്ഡലസ്യ, പിതാ ശരണാഗതാനാം, മേതിലെങ്ങും പ്രഥിതഭൂതിഃ ‘പൂതികോടെ’ന്നു ഭൂതലേ ഗീതകീർത്തി വിലാസോ, നീതിശാസ്ത്രനിഷ്ണാതഃ കൃഷ്ണാഭിധാനോ ഭാതിമന്ത്രിമുഖ്യഃ [17] യസ്മിൻ ഖലു സപത്നലോകവിജയായ നിർഗ്ഗച്ഛതി പ്രചലിതപ്രബല ബലസമുത്ഥമഹീപരാഗപരിധൂസരമാത്മ ബിംബമംബുനിധൗപ്രക്ഷാളയതി ഭഗവാൻ നാളീകിനീകാമുകഃ യസ്യ ച പേടിച്ചോടി മലമുകളിലേറിന മാറ്റാരുടെ നയനാം ബുധാരാ പ്രവാഹാ ഇവ വിഭാന്തി പർവതേഭ്യോ നിസ്സരന്ത്യഃ സ്രവന്ത്യഃ” (ഇത്യാദി)
ചെറുകര ഉണ്ണിക്കുട്ടത്തിയെ താഴെക്കാണുന്ന ശ്ലോകങ്ങളിൽ കവി വാഴ്ത്തുന്നു.

“ഇഹ പുനരനവദ്യഹൃദ്യരൂപം
വിഭവശതൈഃ ക്ഷിതിവല്ലഭൈരുപേതം
അപഭയമയുഗായുധന്നൊരില്ലം
‘ചെറുകര’യെന്റൊരു മന്ദിരം വിഭാതി.
പരമുന്നതസാലഗോപുരാം താം
പരിപൂർണ്ണാം ജനതാഭിരുജ്ജ്വലാഭിഃ
അവനൗ നവരം തിടുക്കനെപ്പോ
യവതീർണ്ണാമമരാവതീമവൈമി.
അവിടെക്കമലേവ ദുഗ്ദ്ധസിന്ധോ
രവനീമണ്ഡലമണ്ഡനായമാനാ
അബലാകുലമൗലിമാലികാ കാ
പ്യവതീർണ്ണാ യുവനേത്രപുണ്യപുരൈഃ.
***
ശൈലീസുധായാ ഗുണനാമണീനാം
ഭൂലോകലക്ഷ്മിക്കുമിയം പയോധിഃ;
ബാലാമിമാം വർണ്ണയിതും തുനിഞ്ഞാ
ലാലാപമാലാ മമ നാലമേഷാ.
പത്മാലയാം പണ്ടിവ പത്മനാഭോ
ഗിരീന്ദ്രകന്യാമിവ വാ ഗീരിശഃ
സീമന്തിനീനാം മുടി മാലികാം താം
സാമന്തസിംഹോയമുവാഹ കാന്താം.”
ഉണ്ണിയാടിയെ കവി ഇങ്ങനെ അവതരിപ്പിക്കുന്നു:

“അവൾ പെറ്റിതു മുറ്റുമസ്തദോഷം
ഗുണപൂഗങ്ങൾ മലിഞ്ഞനർഘശോഭം
വനിതാകുലരത്നമുണ്ണിയാടി
ത്തിരുനാമാങ്കിതമങ്ഗജൈകബീജം.
ഒരിന്ദുബിംബം വദനം കൃശാങ്ഗ്യാ;
മരന്ദധാരാ മൊഴി; കിം പ്രലാപൈഃ?
ഹരൻതനിക്കും ധൃതിസാരമച്ചോ!
ഹരന്തി ഗാത്രങ്ങളൊരോൻറമുഷ്യാഃ.
നാണീടുവൻ നേത്രവതാം നിലാവാ
മേണീദൃശം വാഴ്ത്തുവതിന്നു ഞാനോ;
വാണാവലീ ലക്ഷമടാത്തപോലേ
വാണീവിലാസാ മമ ലാഘവായ.
പരമപ്രഥിതം മനോഹരാങ്ഗി
ക്കൊരു പേരഞ്ചിതമുണ്ണിയാടിയെൻറു്;
തിരളിൻറതു മറ്റുമൊൻറിദാനിം
തിരുനാമം ഭൂവി മാരമാലയെൻറും.”
അതിനപ്പുറം ചാക്കിയാരും ഗന്ധർവന്മാരുംകൂടി ഉണ്ണിയാടിയുടെ ഗൃഹത്തിലേക്കു പോയി. അവിടെ പല കക്ഷ്യകളുണ്ടു്. ബാഹ്യകക്ഷിയിൽ പല ശ്രാവകബ്രാഹ്മണരുംകൂടി നിന്നു് ഓരോന്നു സംഭാഷണം ചെയ്യുന്നു. വേറേയും ചില നമ്പൂരിമാർ, അവരിൽ പെൺകൊടയ്ക്കു ധനം യാചിയ്ക്കുവാൻ വന്നവർ, ശൃങ്ഗാരശ്ലോകരചനകൊണ്ടു കാലക്ഷേപം ചെയ്യുന്ന മണിപ്രവാളകവികൾ, ജളപ്രഭുക്കന്മാർ ഇങ്ങനെ പലരും അവിടെ കൂടീട്ടുണ്ടു്. അവരെയെല്ലാം കവി ഓരോ പ്രകാരത്തിൽ അപഹസിക്കുന്നു. അടുത്ത കക്ഷ്യയിലാണു് ചേടിമാരുടെ നില. അവരെ വർണ്ണിച്ചതിനുമേൽ നായികയുടെ കേശാദിപാദവും പാദാദികേശവും വാഴ്ത്തുന്നതിൽ കവി ജാഗരൂകനായിത്തീരുന്നു. അതിനപ്പുറമുള്ള ഗ്രന്ഥാംശം കണ്ടുകിട്ടീട്ടില്ല. കേശാദിപാദത്തിലെ ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.

“പത്രാഞ്ചലേ പനിത്തൂനീരെത്തും പല്ലവഗുച്ഛമോ?
ഹരിയെന്മോഹ, മേതൗ നിൻചരണൗ നഖഭാസുരൗ.
മെയ്യേ മസ്തകമോ തുമ്പിക്കയ്യിരണ്ടുള്ള ദന്തിനഃ?
നില്ക്കട്ടതു തവ ശ്രോണീചക്രവും തുടയുഗ്മവും.
അരയാലിലമേൽക്കൂടി വരിവണ്ടിണ്ട പോൻറുതോ?
വ്യാമൂഢാത്മാസ്മി സത്യം; തേ രോമാവലി, മൃദൂദരേ.
തരങ്ഗമാല തല്ലിന്റോ തിരണ്ടംബുജകോരകേ?
വലിത്രയകുചാലോകേ വലിച്ചിതു മനോവ്യഥാ.”
ഉണ്ണിയാടിചരിതത്തിൽ ഇന്നത്തെ മാതിരിയിലുള്ള ഭാഷാദണ്ഡകവും കാണ്മാനുണ്ടു്. അതിനുമുൻപുതന്നെ അതു് ആ രൂപം കൈക്കൊണ്ടുകഴിഞ്ഞുവോ എന്നു നിശ്ചയമില്ല. ഉണ്ണിച്ചിരുതേവി ചരിതത്തിൽ അതിന്റെ അങ്കുരാവസ്ഥയേ ദൃശ്യമാകുന്നുള്ളു. എന്നാൽ പ്രസ്തുത ചമ്പുവിലേ

“താരാവദാതരുചിതാരാൽ നിറഞ്ഞ
മഹിതാരാമവാടികളിലെങ്ങും
തരുശിരസി ലളിതതരമളിപടലമളകകുല
മിവ വസതി കൃതരുചിപരാഗേ”
ഇത്യാദി ദണ്ഡകത്തിൽ അതു പരിപൂർണ്ണമായ വികാസം പ്രാപിച്ചിരിക്കുന്നതായി കാണാം. (5) ചില സാജാത്യവൈജാത്യങ്ങൾ

ഇവിടെ വിവരിച്ച മൂന്നു ചമ്പുക്കളും പരിശോധിച്ചാൽ അവയിലെ വിഷയം പ്രായേണ ഏകരൂപമാണെന്നു വിശദമാകും. സൗന്ദര്യധാമമായ ഒരു കേരളസ്ത്രീരത്നത്തിൽ ഗന്ധർവനോ ഇന്ദ്രനോ ചന്ദ്രനോ അനുരക്തനാകുന്നു. രാജധാനി, അങ്ങാടി മുതലായവയുടെ വർണ്ണനം എല്ലാ ചമ്പുക്കളിലുമുണ്ടു്. ഉണ്ണിയാടിചരിതമാണു് അവയിൽ ഒടുവിലത്തേ ചമ്പു. ഉണ്ണിയച്ചിചരിതത്തിൽ ഗദ്യങ്ങളെ അപേക്ഷിച്ചു പദ്യങ്ങൾ കുറവാണു്; ഉണ്ണിച്ചിരുതേവിചരിതത്തിൽ ഒരു ആര്യാശ്ലോകമൊഴിച്ചു ബാക്കി മുഴുവൻ ഗദ്യമാണു്; ഉണ്ണിയാടിചരിതത്തിലും ഗദ്യത്തിനുതന്നെയാണു് പ്രാഥമ്യമെങ്കിലും പദ്യങ്ങളും ധാരാളമായുണ്ടു്. ശിവവിലാസകാവ്യത്തിൽ കവി പ്രശംസിക്കുന്ന വീരകേരളവർമ്മരാജാവുതന്നെയാണു് ഉണ്ണിയാടിചരിതത്തിലേയും കേരളവർമ്മ. ചെറുകര കുട്ടത്തി അദ്ദേഹത്തിന്റെ പ്രേയസിയും ഒരു ഉണ്ണിയാടി ആ സ്ത്രീരത്നത്തിന്റെ സഹോദരിയുമാണെന്നും ആ കാവ്യത്തിൽ നിന്നു നാം ധരിയ്ക്കുന്നു. ആ കുട്ടത്തിയേയും ഉണ്ണിയാടിയേയും ഉണ്ണുനീലിസന്ദേശത്തിലും സ്മരിച്ചുകാണുന്നു. ഉണ്ണുനീലിസന്ദേശകാലത്തു വൃദ്ധനായ രവിവർമ്മരാജാവു് ഭരിച്ചിരുന്ന കായങ്കുളം അദ്ദേഹത്തിന്റെ മരണാനന്തരം കേരളവർമ്മരാജാവു ഭരിച്ചിരിക്കണം. ഭാഷാചരിത്രം, സാഹിത്യചരിത്രം, ദേശചരിത്രം ഇത്യാദി വിഷയങ്ങളെപ്പറ്റി വിലവേറില്ലാത്ത അറിവു തരുന്നവയാണു് ഈ പ്രാചീനഗ്രന്ഥങ്ങൾ. ഇവ സമ്പൂർണ്ണരൂപത്തിൽ കണ്ടുകിട്ടാതെയിരിക്കുന്നതിൽ എനിക്കെന്നതുപോലെ ഇതരഭാഷാഭിമാനികൾക്കും ഉണ്ടാകുന്ന ദുഃഖം അപരിമേയമായിരിക്കും.

17.6ശ്രീകൃഷ്ണസ്തവം

രഥോദ്ധതാവൃത്തത്തിൽ തൊണ്ണൂറ്റെട്ടു ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഈ ഹൃദയഹാരിയായ സ്തോത്രം ശ്രീവാസുദേവസ്തവം എന്ന പേരിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹസ്തലിഖിത ഗ്രന്ഥശാലയിൽനിന്നു് ഈയിടയ്ക്കു പ്രസിദ്ധീകരിച്ചിരിക്കുന്നു. ശ്രീകൃഷ്ണന്റെ ശൈശവം മുതൽ കംസവധംവരെയുള്ള ഉപാഖ്യാനമാണു് പ്രതിപാദ്യം. പ്രസ്തുതകൃതിയുടെ കാലം ഉണ്ണിയാടിചരിതത്തിനു പിമ്പും ഉണ്ണുനീലിസന്ദേശത്തിനു മുമ്പുമായിരിയ്ക്കണം. ചില ശ്ലോകങ്ങൾ ഉദ്ധരിച്ചു മാതൃക പ്രദർശിപ്പിക്കാം.

“കേവലം പരമധാമമത്ഭുതം
ദേവകിക്കു വസുദേവമന്ദിരേ
ഭൂമിഭാരഹൃതയേ പിറന്നവൻ
ദേവനെൻമനസി വാഴ്ക സന്തതം.”
“കാൽച്ചിലമ്പൊലി വളർത്തുപോയു് നട
ന്നാച്ചിമന്ദിരമലങ്കരിച്ചവൻ
വാച്ച വേദവചനേന കേവലം
വാച്യനെൻമനസി വാഴ്ക സന്തതം.”
“വത്സസഞ്ചയമകാലവേലയെ
ക്കറ്റു ജാതു വിസൃജൻ വ്രജൗകസാം
അശ്രു കണ്ടിൽ നിറയിക്കുമപ്പരം
തത്ത്വമെൻമനസി വാഴ്ക സന്തതം.”
“പാലു വെണ്ണ മുഴുവൻ കവർന്നിടും
വേല കോലിനവനായർയോഷിതാം
നാലുവേതനറുകാതൽ, വിണ്ണുളാർ
പാലനെൻമനസി വാഴ്ക സന്തതം.”
“ഭക്തികൊണ്ടു മുരവൈരിയെപ്പുക
ണ്ണിത്ഥമയ്മ്പൊടു മയാ വിനിർമ്മിതം
പദ്യജാതമിതു നിത്യമോതുവോർ
മുക്തിയോടണവർ മുക്തസംശയം.”
ഇവയിൽ ആദ്യത്തേതു് ഒന്നാമത്തേയും അവസാനത്തേതു് ഒടുവിലത്തേയും ശ്ലോകമാണു്. എല്ലാ ശ്ലോകങ്ങളും “എൻമനസി വാഴ്ക സന്തതം” എന്നവസാനിക്കുന്നു.

17.7മതിചൂതപഞ്ചകം

കുസുമമഞ്ജരീവൃത്തത്തിൽ വിരചിതമായ ഈ സ്തോത്രത്തിൽ അഞ്ചു ശ്ലോകങ്ങളേ അടങ്ങീട്ടുള്ളു. പനമണ്ണുക്ഷേത്രത്തിൽ കൃഷ്ണസ്വാമിയെയാണു് വന്ദിക്കുന്നതു്. ഒരു ശ്ലോകം ചുവടേ ചേർക്കുന്നു.

“ആച്ചിമാർമനയിൽ മച്ചകത്തുറിയിൽ
വെച്ചിരുന്ന തയിർവെണ്ണപാൽ
കാൽച്ചിലമ്പൊലിയെ മെല്ലവേ…വരി
മാച്ചുചെൻറു പരുകുന്നവൻ
വാച്ച കാലികളെ മേച്ചവൻ മഹിത-
കാശ്യപാദിമുനിവന്ദിതൻ
മാച്ചെഴാതെ പനമണ്ണമർന്ന മതി
ചൂതനെൻ മനസി ഭാസതാം.”
‘മതിചൂതൻ’ മധുസൂദനനായിരിക്കാം. പനമണ്ണു് എവിടെയാണെന്നു് അറിയുന്നില്ല.

17.8ആദിത്യവർമ്മ മഹാരാജാവിന്റെ രണ്ടു സ്തോത്രങ്ങൾ

ഉണ്ണുനീലിസന്ദേശംവഴിക്കു നമുക്കു സുപരിചിതനായിത്തീരുന്ന ആദിത്യവർമ്മമഹാരാജാവു് മണിപ്രവാളത്തിൽ രണ്ടു ചെറിയ വിഷ്ണുസ്തോത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അവ തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിയെപ്പറ്റിയുള്ള ദശാവതാരചരിതവും തിരുവട്ടാറ്റു് ആദികേശവസ്വാമിയെപ്പറ്റിയുള്ള അവതരണദശകവുമാണു്. രണ്ടിലും ഓരോ ഫലശ്രുതി ശ്ലോകമുൾപ്പെടെ പതിനൊന്നു വീതം ശ്ലോകങ്ങളുണ്ടു്. ആദ്യത്തേതു ശാർദ്ദൂലവിക്രീഡിതത്തിലും രണ്ടാമത്തേതു സ്രഗ്ദ്ധരയിലും രചിച്ചിരിക്കുന്നു. അവതരണദശകം ദശാവതാരചരിതത്തെക്കാൾ വിശിഷ്ടമാണു്. ക്രി. പി. പതിനഞ്ചാം ശതകത്തിൽ അഖിലകലാവല്ലഭൻ എന്ന ബിരുദത്തോടുകൂടി കൊല്ലം ശാഖയിൽപ്പെട്ട ഒരു ആദിത്യവർമ്മമഹാരാജാവു് ജീവിച്ചിരുന്നു. ചിലരുടെ പക്ഷം അദ്ദേഹമായിരിക്കാം പ്രസ്തുത സ്തോത്രങ്ങളുടെ കർത്താവു് എന്നും മറ്റു ചിലരുടേതു് 1610-ൽ വഞ്ചിരാജ്യം ഭരിച്ചിരുന്ന ആദിത്യവർമ്മാവായിരിക്കാമെന്നുമാകുന്നു. ഇത്തരത്തിലുള്ള ഊഹങ്ങളെല്ലാം ഭാഷാരീതിക്കു വിരുദ്ധങ്ങളാണു്. ഈ സ്തോത്രത്തിൽ ‘ൻറ’ എന്നു പലപ്പോഴും പ്രയോഗിച്ചുകാണുന്നതു ലേഖകപ്രമാദമായിരിക്കാം എന്നുപോലും രണ്ടാമത്തെ കൂട്ടർ അവരുടെ വാദത്തിന്റെ ബലത്തിനായി ആശങ്കിക്കുന്നു. സാഹിത്യനിപുണനായ 14-ാം ശതകത്തിലെ ആദിത്യവർമ്മാവിനു തന്നെയാണു് ‘മാനം ചേർ’ ‘ചോരയാ പൂരയന്തം’ മുതലായ പ്രയോഗങ്ങളടങ്ങിയ ഇവയുടെ കർത്തൃത്വത്തിനു് അധികമായ അധികാരിഭാവമുള്ളതു്. ഫലശ്രതി ശ്ലോകങ്ങൾ താഴെ കുറിക്കുന്നു.

“സ്യാനന്ദൂരപുരാധിവാസനിരതേ ശ്രീപത്മനാഭപ്രഭൗ
മാനംചേർ ചിറവായ് നരേന്ദ്രവരനാമാതിച്ചവർമ്മേരിതം
നാനാഭാവദശാവതാരചരിതം നിത്യം പഠിച്ചീടുവോർ
നൂനം വാഴുവർ ഭൂതലേ ചിരമഥോ യാസ്യന്തി വിഷ്ണോഃ പദം.”(ദ: ച:)
“ചേണാർന്നീടിൻറ വേണാടഴകൊടു പരിപാലിക്കുമാതിച്ചവർമ്മ
ക്ഷോണീപാലേന വാട്ടാറ്റിതമൊടു മരുവും കേശവായ പ്രകൢപ്തം
വാണീബന്ധം മദീയാവതരണദശകം സൂചയന്തം പഠന്തോ
നീണാൾ വാണീടുവോരിദ്ധരണിയിലഥ തേ വിഷ്ണുലോകം പ്രയാന്തി”(അ: ദ:)
മറ്റു ചില ശ്ലോകങ്ങൾകൂടി ഉദ്ധരിക്കാം.

“ക്ഷീരാംഭോനിധി ദേവദൈത്യനിവഹം കൂടിക്കടഞ്ഞൻറുടൻ
നേരേ താണ്ണ ധരാധരം ച മുതുകിൽ താങ്ങിൻറ കൂർമ്മാകൃതിം
പാരിൽപ്പൊങ്ങിനതെന്നനന്തപുരമുറ്റാനന്ദനിദ്രാവഹം
നീരേറും ജലദാളിനീലവപുഷം ശ്രീപത്മനാഭം ഭജേ.”
“വ്യാമോഹത്തെ വരുത്തുമഞ്ചിതരുചിം മാരീചമായാമൃഗം
ചാമാറെയ്തവിധൗ രുഷാ ദശമുഖേ സീതാം ഗൃഹീത്വാ ഗതേ
സീമാതീതശരൈർന്നിശാചരകുലം നിശ്ശേഷമാക്കും വിഭും
രാമം കാരണമാനുഷം ഗുണനിധിം ശ്രീപത്മനാഭം ഭജേ.”
“ഫേനാംഭോരാശിമദ്ധ്യേ മറകളതിതരാം പോയ്മറഞ്ഞോരുനേരം
ദീനേ നാഥേ പ്രജാനാം ഝടിതി ദനുസുതം കൊൻറു പാതാളലോകാൽ
നാനാവേദാൻ വിരിഞ്ചന്നരുളിയതിമുദാ വാരിരാശൗ കളിക്കും
മീനാകാരം വഹിച്ചീടിന ഭുവനവിഭും കേശവം കൈതൊഴിൻറേൻ.”
“കോപോദ്രേകേണ സാകം നിഹിതപരശുനാ കൊൻറു മുവേഴുവട്ടം
ഭൂപാലാനാം നികായം നിജപിതൃനിയമം ചോരയാ പൂരയന്തം
ഭൂഭാരത്തെക്കെടുപ്പാൻ വിരവൊടു ജമദഗ്ന്യാത്മജത്വേന ലോകേ
ശോഭിക്കും രാമഭദ്രം മുനിവരവപുഷം കേശവം കൈതൊഴിന്റേൻ.”
“പൊൽപ്പൂമാതിൻ കടാക്ഷാഞ്ചലമധുപലസദ്വക്ത്രപത്മാഭിരാമം
മൽപാപാംഭോധിവേലാതരണപരിലസൽപോതപാദാരവിന്ദം
ഒപ്പേറും പാൽക്കടൽക്കങ്ങുപരി വസുമതീധാരതല്പേ ശയാനം
കല്പാന്തേ കല്കിയാകും മുരമഥനമഹം കേശവം കൈതൊഴിന്റേൻ.”

17.9ചില നഷ്ടപ്രായങ്ങളായ കൃതികൾ

ലീലാതിലകത്തിൽ ഞാൻ മുമ്പു പ്രസ്താവിച്ചവ കൂടാതെ വേറെയും പല മണിപ്രവാളകൃതികളിൽനിന്നു ശ്ലോകങ്ങൾ ഉദ്ധരിച്ചിട്ടുണ്ടു്. ആ കൃതികളെപ്പറ്റി നമുക്കിപ്പോൾ യാതൊരറിവുമില്ല. സന്ദേശങ്ങൾ

ഉണ്ണുനീലിസന്ദേശത്തിനു പുറമേ വേറെയും പല സന്ദേശങ്ങൾ അക്കാലത്തു വിരചിതങ്ങളായിരുന്നിരിക്കണം. അവയിലൊന്നാണു് കാകസന്ദേശം. അതിൽ നിന്നു ലീലാതിലകകാരൻ ഒരു ശ്ലോകം എടുത്തു ചേർത്തിട്ടുണ്ടു്.

“സ്വസ്രേ പൂർവം മഹിതനൃപതേർവിക്രമാദിത്യനാമ്നഃ
പോക്കാംചക്രേ തരുണജലദം കാളിദാസഃ കവീന്ദ്രഃ
ത്വം കൂത്തസ്ത്രീ വടുരതിജളോ ദുഷ്കവിം ചാഹമിത്ഥം
മത്വാത്മാനം തവ ഖലു മയാ പ്രേഷിതഃ കാക ഏവ.”
ഇതിലേ

“ആറ്റൂർനീലീവിരഹവിധുരോ മാണിരത്യന്തകാമീ
മാത്തൂർജാതോ മദനവിവശസ്ത്യക്തവാനൂണുറക്കൗ”
എന്ന ശ്ലോകാർദ്ധത്തിൽ സ്മൃതനായ മാത്തൂരില്ലത്തെ ബ്രഹ്മചാരി തന്നെയോ അതിലെ നായകനെന്നും ആറ്റൂർ നീലിതന്നെയോ നായികയെന്നും തീർച്ചപ്പെടുത്തുവാൻ തരമില്ല.

“ആടൽച്ചില്ലിക്കൊടി നെറിയൽകെട്ടാനനേന്ദോർന്നിറംകെ
ട്ടേല [18] ക്കോലപ്പുരികുഴലുലർന്നേകവേണീം ദധാനാ
താനേതന്നെപ്പെരുതുടൽ മെലിഞ്ഞായിനാളന്യരൂപാ
കാണക്കാണക്കരതലഗതാ ഹന്ത പൂമാലപോലെ.”
“മാരൻ മാനിച്ചണിയുമുടവാൾവല്ലരീമുണ്ണിയാടീ
മോരോ വിദ്യാകുശലരുമിതംകൊണ്ടു കൊണ്ടാടുമേടം.”
“നീരാടമ്മേ! നിവസനമിദം ചാർത്തു ദേവാർച്ചനായാ
മെപ്പോഴും നീ കൃതമതിരതും മുട്ടുമാറായിതല്ലോ
എൻറീവണ്ണം നിജപരിജനപ്രാർത്ഥനം കർത്തുകാമാ
കേഴന്തീ വാ രഹസി വിരഹവ്യാകുലാ വല്ലഭാ മേ.”
“പണ്ടില്ലാതോരമൃതു പതിനാറാണ്ടു പുക്കോരു പത്മാ
പൂപ്പാൻ പൊന്നിന്മുകുളമുളവാനോരു ഭൂകല്പവല്ലീ
അംഭോജംകൊണ്ടണിമതിനിറം തൂകുവോരിന്ദുലേഖാ
ചിത്രാകരാ ജായതി ചിരിതേവീതി മേ ചിത്തനാഥാ.”
ഇവയെല്ലാം മറ്റു ചില സന്ദേശങ്ങളിലുള്ള ശ്ലോകങ്ങളാണെന്നു തോന്നുന്നു.

17.10രാജചരിതകാവ്യങ്ങൾ

കൊല്ലത്തെ ഗോദമാർത്താണ്ഡവർമ്മ മഹാരാജാവിനെപ്പറ്റി ചില ശ്ലോകങ്ങൾ ലീലാതിലകത്തിലുണ്ടു്.

“എണ്ണിക്കൊള്ളാനരിയ ഗുണവാനെണ്മർചാമന്തരെന്നും
താരാശ്രേണീനടുവിൽ മറവില്ലാത താരാമണാളഃ
മാറ്റാരെന്നും കുഴുമിയ [19] പതങ്ഗാനലോഭൂൽ പുരേസ്മിൻ
കോളംബാംഭോരുഹദിനമണിഃ കോതമാർത്താണ്ടർ പണ്ടു്.”
“തസ്മിൻ കാലേ ഭുവി യദൂശിശോർജ്ജന്മമാകിന്റ മാധ്വീം
പീത്വാ മത്തോ നിജപരിഷദാമർത്ഥിനാം ചേതരേഷാം
കൈ നോവോളം കഥമപി ധനംകൊണ്ടു തർപ്പിച്ചു കാമം
കോരിക്കൊൾകെൻറുടനരുളിനാൻ കോതമാർത്താണ്ഡവീരഃ.”
വീരമാർത്താണ്ഡനെന്നു മറ്റു ചില ശ്ലോകങ്ങളിൽ പറഞ്ഞിരിക്കുന്നതും അദ്ദേഹത്തെത്തന്നെയാണെന്നു തോന്നുന്നു. തുലുക്കരോടു പടവെട്ടിയ വിക്രമപാണ്ഡ്യനേയും ഒരു ശ്ലോകത്തിൽ വർണ്ണിച്ചിരിക്കുന്നതു കാണാം.

“ഏറ്റം തിമർത്തു തിറമുറ്റണയും നൃപാൻ താൻ
കാറ്റത്തു സംവലിതതൂലസമാൻ വിതേനേ
ചീറ്റത്തിനാൽ മതിമറന്ന മഹാനുഭാവൻ
കൂറ്റത്തിലും കൊടിയ വിക്രമ പാണ്ഡ്യസിംഹഃ.”
“പരമുടനേ പരപൃതനാം പാണ്ഡ്യനൃപഃ ഖണ്ഡയാഞ്ചകാര ഗളേ
തുരഗാരൂഢാസ്ത്വരയാ തുരുതുരെ മണ്ടീ തുരുക്കരെല്ലാരും.”
എന്ന പദ്യവും ആ രാജാവിനെസ്സംബന്ധിച്ചുള്ളതായിരിക്കണം. ‘ദ്രോണായ ദ്രുപദം’ എന്ന വീരരവിവർമ്മപ്രശസ്തിപരമായ പദ്യം ഞാൻ മറ്റൊരവസരത്തിൽ ഉദ്ധരിച്ചിട്ടുണ്ടല്ലോ. ഇവയിൽനിന്നെല്ലാം ഒന്നോ അതിലധികമോ പദ്യകൃതികൾ ഈ രാജാക്കന്മാരെ അധികരിച്ചു വിരചിതങ്ങളായിരുന്നു എന്നു തെളിയുന്നു. അവ ലഭിച്ചാൽ അക്കാലത്തെ ദേശചരിത്രത്തെപ്പറ്റി ഒട്ടുവളരെ പുതിയ വിവരങ്ങൾ നമുക്കറിവാൻ കഴിയുമായിരുന്നു. കൊല്ലത്തെ ഗോദമാർത്താണ്ഡവർമ്മാവു് ആരാണു്? ‘യദുശിശു’ വീരരരവിവർമ്മാവാണെങ്കിൽ ജയസിംഹന്റെ യഥാർത്ഥനാമധേയം ഗോദമാർത്താണ്ഡനെന്നു് ആയിരുന്നു എന്നൂഹിക്കേണ്ടിയിരിക്കുന്നു. അഥവാ യദുശിശുവിന്റെ മാതുലനായിരിക്കുമോ അദ്ദേഹം? ആ വഴിക്കൊന്നും യാതൊരു പ്രകാശവും ലഭിക്കുന്നില്ല.

17.11ശൃങ്ഗാരശ്ലോകങ്ങളും ദേവതാസ്തോത്രങ്ങളും

ഇത്തരത്തിലുള്ള കാവ്യങ്ങൾക്കു പുറമേ പല സുന്ദരിമാരെ വർണ്ണിക്കുന്ന ശ്ലോകങ്ങളും ലീലാതിലകത്തിൽ സുലഭങ്ങളാണു്. [20] ഉണ്ണിനങ്ങ (13) നങ്ങ (14, 94) മകളിയത്തു മാധവി (39) നാരണി (41) നാരണിയുടെ മകൾ (15, 21, 42, 55, 62, 80) ഉമ്മിണിയുടെ മകൾ (42) കോളിക്കൽ നങ്ങ (44) (ഈ സ്ത്രീയും 14-ാം പുറത്തിൽ സ്മരിക്കപ്പെട്ടിട്ടുള്ള നങ്ങയും ഒന്നാണോ എന്നറിവില്ല) കൂറ്റമ്പിൽ ഇളയച്ചി (44) നീലി (52, 82) രോഹിണി (53) ചോതി (45) ചിരിതേവി (45, 54, 64) കോടി (66, 70, 82) പള്ളിപ്പുഴ മാധവി (69) ഉണ്ണുനീലി (67) അപ്പാച്ചി (75, 78) അച്ചിയുടെ മകൾ ഉദയപുരത്തെ ചെറിയച്ചി, സാക്ഷാൽ മുണ്ടയ്ക്കൽ ഉണ്ണുനീലി ഇങ്ങനെ എത്ര മഹിളാമണികളെ വാഴ്ത്തിയുള്ള ശ്ലോകങ്ങളാണു് ആചാര്യൻ ഉദ്ധരിച്ചിരിക്കുന്നതു്. ഇവരിൽ ചെറിയച്ചിയേയും ഉണ്ണുനീലിയേയും പറ്റി മാത്രമേ അന്യത്ര കേട്ടിട്ടുള്ളുവല്ലോ. ദ്രാവിഡവൃത്തങ്ങളിലുള്ള ചില പദ്യങ്ങളേയും ആചാര്യൻ വിസ്മരിക്കുന്നില്ല. ‘തരതലന്താൻ’ എന്ന പാട്ടിനെപ്പറ്റി മുമ്പു പ്രസ്താവിച്ചുകഴിഞ്ഞു.

“വേശ്യാനാമൊരു വേശ്മകണക്കേ
തമ്മിലിണങ്ങിന തരളഭുജങ്ഗം
ഭഗണപുരഃസ്ഥിതപലകകണക്കേ
പരൽനിരകൊണ്ടു പരത്തിന ഭാഗം”(67)
“ചുഴലമരുവാരുടെ ചോരിതൻ പരിമള
ഛുരിതപുരികച്ഛടാഘ്രാണനംചെയ്കയും.’(43)
ഈ വരികൾ നോക്കുക. ഭക്തിഭാവത്തെ പോഷിപ്പിയ്ക്കുന്ന ദുർല്ലഭം ചില ശ്ലോകങ്ങളും ഇല്ലാതില്ല.

“പൊന്നിൻമാലയണിഞ്ഞ പോർമുലയിണക്കുന്നിങ്കലൊൻറീടുവാൻ
പൊന്നില്ലായുകയോ പകുത്തുടൽ മലപ്പെണ്ണിന്നു നല്കിൻറതു്
പൊന്നിന്മാമല വില്ലുമാക്കിയ വിഭോ! തീർക്കെങ്ങൾ താപങ്ങളെ
പ്പൊന്നിൻമാളിക വിണ്ണുളാർപുരിതൊടും തൃക്കാരിയൂരണ്ണലേ!”
കാലയവനികയ്ക്കുള്ളിൽ എന്നെന്നേയ്ക്കുമായി തിരോധാനം ചെയ്തു കഴിഞ്ഞതുപോലെ തോന്നുന്നതും ഈ ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതുമായ അനേകം ഗ്രന്ഥങ്ങളിൽ ചിലതെങ്കിലും നിപുണന്മാരായ ഗവേഷകന്മാരുടെ നിരന്തരവും നിസ്തന്ദ്രവുമായ പരിശ്രമത്തിന്റെ ഫലമായി വീണ്ടും സൂര്യപ്രകാശമേല്ക്കുമെന്നു നമുക്കാശിക്കാം.

17.12ചില ശാസ്ത്രഗ്രന്ഥങ്ങൾ

ജ്യോതിഷത്തിലും വൈദ്യത്തിലും ചില മണിപ്രവാളഗ്രന്ഥങ്ങൾ 14-ാം ശതകത്തിൽ ഉണ്ടായിട്ടുണ്ടു്. അവയിൽ താമരനല്ലൂർ ഭാഷയേയും ആലത്തൂർ ഭാഷയേയും ലീലാതിലകത്തിൽ സ്മരിച്ചിട്ടുള്ളതിനാൽ അവയെപ്പറ്റി അല്പം പറയാം.

17.12.1താമരനല്ലൂർ ഭാഷ
താമരനല്ലൂർ ഭാഷ ജ്യോതിഷത്തിൽ മുഹൂർത്തഭാഗത്തെ സംബന്ധിച്ചുള്ള ഒരു പ്രമാണഗ്രന്ഥമാകുന്നു. അതിന്റെ നിർമ്മാതാവു് ഒരുൽക്കൃഷ്ടനായ ദൈവജ്ഞനും കവിയുമായിരുന്നു എന്നു പ്രസ്തുത ഗ്രന്ഥത്തിൽനിന്നറിയുന്നു. ‘ഭാഷാമിശ്രം പൊഴുതു കഥയാമി’ എന്ന ഭാഗമാണു് ലീലാതിലകകാരൻ ഉദ്ധരിച്ചിട്ടുള്ളതു്. കവി ഏതു ദേശക്കാരനാണെന്നു വ്യക്തമാകുന്നില്ല. മാതൃകയായി ചില ശ്ലോകങ്ങൾ താഴെച്ചേർക്കുന്നു.

“അപ്പുമമ്പിളിയും ചൂടുന്നപ്പനോമന്മകൻ മമ
അപ്പം തിന്നരുളുന്നപ്പനപ്പുറത്താക്കുകാപദഃ.”(1)
“പൂത്താമമൺപും കേശാന്തേ ചാർത്തും ചന്ദ്രകരോജ്ജ്വലാ
കാത്തുവന്നെങ്ങൾനാവിന്മേൽ കൂത്താടുക സരസ്വതീ.”(2)
“ചുരന്നു കവിതാം വ്യാസഃ പരന്ന യശസാം നിധിഃ
ഇരുന്നരുളുവോനാക ചിരന്നശ്ചിത്തവിഷ്ടരേ.”(3)
“ഇക്കാലമാം തിരിയുമിട്ടഥ കർമ്മമെന്ന
നെയ്യിട്ടു നിർമ്മലമനോഹരനിത്യശോഭം
ത്രൈലോക്യമാം നിലവിളക്കിലെരിഞ്ഞുനില്ക്കും
മാർത്താണ്ഡനാം തനിവിളക്കു വിളങ്ങുകെന്നിൽ.”(4)
“മൂഢോ മുറ്റും മുതൽപടിയറിഞ്ഞെന്നിയേ കണ്ടു കേട്ടു
ള്ളാചാരംകൊണ്ടപി ച മുനിഭിഃ പ്രോക്തമാലോക്യ കിഞ്ചിൽ
ഭാഷാമിശ്രം പൊഴുതു കഥയാമ്യദ്യ നാൾപക്കമാത്രം
വല്ലും ലോകേ ഹിതമിതി തതഃ ക്ഷന്തുമർഹന്തി സന്തഃ”(5)
പൊഴുതിന്നൊള്ളതാവോളമെഴുതിന്റേനിതാദരാൽ
തൂയോരു വിപ്രവര്യായ ചെയ്യൂർ നാരായണായ ഞാൻ.(6)
ഇരുപത്തേഴു നാളാലും മേടമശ്വതിയും മുതൽ
ഒൻപതൊൻപതു നാൾക്കാലായ് വരും ദ്വാദശരാശയഃ.(7)
“വർഗ്ഗോത്തമത്തിലുദയേ ഗുരുഭാർഗ്ഗവൗ വാ
ലഗ്നേ ഗുരൗ ശുഭഗതൗ ശശിഭാർഗ്ഗവൗ വാ
നില്ക്കുന്നനേരമിവ വന്നു പറഞ്ഞവൻതാൻ
ചെയ്യാനമുഷ്യ പുരികക്കൊടി ചൊന്നതൻറി.”…(8)
“എന്നാൽ നിർമ്മിതമേതദപ്യവിദുഷാം സൽകർണ്ണപൂരായിതം
ചെയ്യൂരാലിതു നില്പതാക ഭുവനേ പുത്രായുഗാന്തം പുനഃ
ഭക്തിർമ്മേ ഭഗവത്യനാദിനിധനേ നാരായണേ ഭൂയസീ
ഭൂയാത്തസ്യ മഹാജനസ്യ ച തഥാ സംസാര വിച്ഛിത്തയേ.”(9)
ചെയ്യൂർ നാരായണൻനമ്പൂരി എന്നൊരു പ്രഭുവിനുവേണ്ടിയാണു് ഈ ഗ്രന്ഥം കവി നിർമ്മിച്ചതെന്നു മേലുദ്ധരിച്ച രണ്ടു ശ്ലോകങ്ങളിൽ നിന്നു വെളിപ്പെടുന്നു.

17.12.2ആലത്തൂർ മണിപ്രവാളം
ഇതു വൈദ്യശാസ്ത്രവിഷയകമായ ഒരു മണിപ്രവാളഗ്രന്ഥമാണു്. സംസ്കൃതീകൃതഭാഷാപദങ്ങൾ ഇതിൽ ധാരാളമായിക്കാണുന്നു. ഒരു ശ്ലോകം ചുവടേ ചേർക്കുന്നു.

“ഉണ്ടായാലൊട്ടു ബോധം പകരുക ചെറുതാം പഞ്ചമൂലീ കഷായം
കൊള്ളൂകമ്മേമ്പൊടിം ക്ഷീരബല പരുകുകപ്പാൽക്കുറുന്തോട്ടിയൂഷം
രണ്ടൂരക്വാഥയുക്തേ പയസി തു നവരച്ചോർക്കിഴിം മുക്കിമുക്കി
ക്കണ്ടേടം മെയ്യിലൊപ്പീടുക കരുതി; മരുന്മർദ്ദനം തേയ്ക്ക തൈലം.”
അഷ്ടവൈദ്യന്മാരിൽ അന്യതമനാണല്ലോ ആലത്തൂർ നമ്പി; ആ കൂട്ടത്തിൽപ്പെട്ട ഒരാളായിരിക്കണം പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രണേതാവു്. താമരനല്ലൂർ ഭാഷാകാരന്റെ രചനാചാതുര്യം ഇദ്ദേഹത്തിനു കാണുന്നില്ല.

17.12.3ഒരു പഴയ ചികിത്സാഗ്രന്ഥം
ഈ ഗ്രന്ഥവും ലീലാതിലകത്തിനുമുൻപു് ആവിർഭവിച്ചതാകയാൽ ഇതിന്റെ നിർമ്മിതി ക്രി. പി. പതിന്നാലാം ശതകത്തിലാണെന്നുള്ളതു നിശ്ചയമാണു്. ഇതിൽപ്പെട്ടതാണു്

“തമിഴ്മണി സംസ്കൃതപവഴം കോക്കിന്റേൻ വൃത്തമാന ചെന്നൂന്മേൽ
ശ്ലോകാനാം പഞ്ചശതം പശുപതയേ മന്ദബുദ്ധയേ കഥിതും”
എന്ന ശ്ലോകം. പ്രസ്തുതശ്ലോകത്തിന്റെ പൂർവാർദ്ധം ലീലാതിലകം പ്രഥമശില്പത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്. ഈ വൈദ്യഗ്രന്ഥത്തിന്റെ പ്രണേതാവും ‘മന്ദബുദ്ധി’യായ പശുപതിയും ആരെന്നറിയുന്നില്ല. ഒരു പദ്യം ഉദ്ധരിക്കാം.

“മുന്നം പട്ടിണി നല്ലതല്ല പനിയിൻ
നാലൊന്നുമൂന്നേഴുനാൾ
പിന്നെത്തിപ്പലി, കൊത്തമല്ലി, യഖിലൈ
സ്സാർദ്ധം മലർക്കഞ്ഞിയും
അമ്ലാർത്ഥീകുടിതാളിമാതളരസം
കൂട്ടീട്ടു തൽസൈന്ധവം
ഉണ്ടാൽ വന്നു പനിയ്ക്കു നന്നവ മനാക്‍
സദ്യശ്ശമിപ്പാനുടൻ.”
കവിതയ്ക്കു തീരെ ഗുണം പോര എന്നു പറയേണ്ടിയിരിക്കുന്നു. വൈദ്യഗ്രന്ഥങ്ങളിലും മറ്റും ആ അംശം അത്രയൊന്നും നോക്കേണ്ടതുമില്ല.

കുറിപ്പുകൾ

1 ഉണ്ണുനീലിസന്ദേശത്തിൽ നിന്നു് ഈ പുസ്തകത്തിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ പ്രസ്തുതഗ്രന്ഥത്തിൽ കാണുന്ന പാഠഭേദമനുസരിച്ചാണു്. കൂടുതലായി കാണുന്ന ശ്ലോകങ്ങൾ ചുവടേ ചേർക്കുന്നു.

കൊല്ലത്തങ്ങാടി: പൂർവ്വസന്ദേശം 80-ാം ശ്ലോകത്തിനുമേൽ
പട്ടും ചൊട്ടക്കയറുമുറിയും കട്ടിലും കട്ടിയാവും
തട്ടും ചട്ടിക്കലവുമിലയും കൊട്ടയും കെട്ടുനാരും
മിന്നും പൊന്നിൻ തൂവലുമവലും പാരയും പാരവാളും
വാലും തോലും വളയുമുളയും പൂണിയും പൂണുനൂലും.

ചില നമ്പൂരിമാർ: 119-ാം ശ്ലോകത്തിനുമേൽ
പ്രാതർഭുക്ത്വാ പഴയ തുവയും കൂട്ടിയപ്പൽ കറുപ്പി
ഞ്ഞേറ്റം തസ്മിൻ തലമുടിയിലപ്പൂണുനൂലും കളഞ്ഞു്
കെട്ടിച്ചുറ്റിത്തദനു മറയോരൂക്കവാളും വിറപ്പി
ച്ചണ്ഡന്മാരെസ്സപദി ചിറമേൽക്കാണലാം പോരുമാറു്.

വീരമാണിക്കത്തുവീടു്: ഉത്തരസന്ദേശം 32-ാം ശ്ലോകത്തിനുമേൽ
ഇണ്ടൽപ്പാടാണ്ടലസഗമനാം ചെൻറു തേറ്റീടുവാനായ്
മണ്ടിച്ചാലത്തളരുമിളമാൻകണ്ണി പോവോരുനേരം
മുണ്ടയ്ക്കൽച്ചേർന്നിതമെഴുമിരണ്ടാമതാം തന്വി നിന്നെ
ക്കണ്ടീടുമ്പോൾ നയനയുഗളം ഹന്ത! പന്തിക്കുമല്ലോ.

2 വേമ്പനാട്ടിന്റെ രൂപാന്തരമാണു് വെൺപല (വെൺപൊലി) നാടെന്നും വരാം.

3 24-ാമത്തെ ശ്ലോകത്തിൽ ‘രായിരക്ഷോണിപാലം’ എന്ന പാഠം ശരിയാണെന്നു തോന്നുന്നില്ല. എന്റെ കൈവശമുള്ള ഗ്രന്ഥത്തിൽ ‘വെൺപല ക്ഷോണിപാലഃ’ എന്നാണു് കാണുന്നതു്.

4 ലീലാതിലകം 1105-ാമാണ്ടത്തെ പതിപ്പിലുള്ള പുറങ്ങളാണു് ഇവിടെ നിർദ്ദേശിച്ചിരിക്കുന്നതു്.


അദ്ധ്യായം 18 - ലീലാതിലകം

ക്രി. പി. പതിന്നാലാംശതകം

18.1പ്രസിദ്ധീകരണം

മുപ്പത്തിരണ്ടു കൊല്ലങ്ങൾക്കു മുമ്പു വരെ മലയാളഭാഷയ്ക്കു പ്രാചീനമായ ഒരു ലക്ഷണശാസ്ത്രഗ്രന്ഥമുണ്ടെന്നു് ആർക്കും അറിവില്ലായിരുന്നു. ആയിടയ്ക്കു ഭാഷയുടെ മൂലസ്വത്തുകളിൽ പ്രഥമഗണനീയമെന്നു സംശയം കൂടാതെ പറയാവുന്ന ലീലാതിലകം കോട്ടയ്ക്കൽ പി. വി. കൃഷ്ണവാരിയരുടെ ഗ്രന്ഥശാലയിൽനിന്നു കണ്ടുകിട്ടുകയും അതിന്റെ ഒന്നാം ശില്പത്തിന്റെ തർജ്ജമ 1084-ാമാണ്ടു തൃശ്ശൂരിൽനിന്നു പ്രചരിച്ചിരുന്ന മങ്ഗളോദയം മാസികാപുസ്തകത്തിൽ പ്രസിദ്ധീകൃതമാകുകയും ചെയ്തു. ആകെ എട്ടു ശില്പങ്ങളാണു് ഈ ഗ്രന്ഥത്തിലുള്ളതു്. അഭിജ്ഞോത്തമനായ ആറ്റൂർ കൃഷ്ണപ്പിഷാരടി എല്ലാ ശില്പങ്ങളും ഭാഷയിലേയ്ക്കു വിവർത്തനം ചെയ്തു. 1092-ൽ മുഴുവൻ പുസ്തകവും മൂലത്തോടുകൂടി പ്രകാശനം ചെയ്തപ്പോൾ കൈരളീയബന്ധുക്കൾക്കു് അതൊരു പരമാനുഗ്രഹമായി പരിണമിച്ചു.

18.2ഗ്രന്ഥത്തിന്റെ സ്വരൂപം

ലീലാതിലകം സംസ്കൃതത്തിലാണു് രചിക്കപ്പെട്ടിരിക്കുന്നതു്; എന്നാൽ ഉദാഹരണങ്ങളെല്ലാം പ്രായേണ മണിപ്രവാളശ്ലോകങ്ങളും അപൂർവ്വം ചിലവ പാട്ടുകളുമാകുന്നു. ഗ്രന്ഥകാരൻ യാതൊരു ഉദാഹരണവും സ്വതന്ത്രമായി എഴുതിച്ചേർത്തിട്ടുണ്ടെന്നു തോന്നുന്നില്ല. സൂത്രരൂപമാണു് ഗ്രന്ഥം; ഓരോ സൂത്രത്തിനും ആവശ്യംപോലെ വിസ്തൃതമായ വൃത്തിയുണ്ടു്; ആ വൃത്തിയോടനുബന്ധിച്ചാണു് ഉദാഹരണങ്ങൾ ചേർത്തിട്ടുള്ളതു്. ഒന്നാം ശില്പത്തിലെ പ്രധാനവിഷയം മണിപ്രവാളത്തിന്റെ ലക്ഷണവും വിഭാഗവുമാണെങ്കിലും അതിൽ മലയാളത്തിനും തമിഴിനും തമ്മിലുള്ള വ്യത്യാസംകൂടി വിവരിച്ചിട്ടുണ്ടു്. രണ്ടാംശില്പത്തിൽ ഭാഷയുടെ നിരുക്തത്തേയും പ്രകൃതിപ്രത്യയങ്ങളേയുംപറ്റി പ്രസ്താവിക്കുന്നു. മൂന്നാംശില്പത്തിലെ പ്രമേയം സന്ധികാര്യമാണു്. മണിപ്രവാളസാഹിത്യത്തിലെ ദോഷങ്ങളെ നാലംശില്പത്തിലും ഗുണങ്ങളെ അഞ്ചാംശില്പത്തിലും ശബ്ദാലങ്കാരങ്ങളെ ആറാംശില്പത്തിലും അർത്ഥാലങ്കാരങ്ങളെ ഏഴാംശില്പത്തിലും രസങ്ങളെ എട്ടാംശില്പത്തിലും പ്രതിപാദിക്കുന്നു. മണിപ്രവാളത്തിനു ശരീരം, ദോഷങ്ങൾ, ഗുണങ്ങൾ, അലങ്കാരങ്ങൾ ഇവയെല്ലാമുണ്ടെന്നും ഭാഷാസംസ്കൃതസ്വരൂപമായ ശബ്ദം ശരീരവും ശൃങ്ഗാരാദിരസകലാപം ആത്മാവുമാണെന്നും ഗ്രന്ഥകാരൻ രണ്ടാംശില്പത്തിന്റെ ആരംഭത്തിൽ നമ്മെ ധരിപ്പിക്കുന്നു. ആദ്യത്തെ മൂന്നു ശില്പങ്ങൾ ഭാഷയേയും ബാക്കിയുള്ള അഞ്ചുശില്പങ്ങൾ സാഹിത്യത്തേയും പരാമർശിക്കുന്നു എന്നു് ഇത്രയും പ്രസ്താവിച്ചതിൽനിന്നു പ്രത്യക്ഷമാകുന്നുണ്ടല്ലോ. കർണ്ണാടകത്തിലും തെലുങ്കിലും ആദികാലത്തേ ലക്ഷണഗ്രന്ഥങ്ങൾ സംസ്കൃതത്തിൽത്തന്നെയാണു് നിർമ്മിതങ്ങളായിത്തീർന്നതു്. ഉദാഹരണങ്ങൾ മാത്രമേ അതാതു ദേശഭാഷകളിൽ നിന്നു് ഉദ്ധൃതങ്ങളായി കാണുന്നുള്ളു. പ്രഹതമായ ആ പന്ഥാവിലൂടെ ലീലാതിലകകാരനും സഞ്ചരിച്ചു എന്നുവേണം പരിഗണിക്കുവാൻ.

18.3സൂത്രകാരനും വൃത്തികാരനും

സൂത്രകാരനും വൃത്തികാരനും രണ്ടുപേരാണെന്നു് അഭിപ്രായപ്പെടുന്നവരുണ്ടു്. “കാശികാവൃത്ത്യാദികളിലെപ്പോലെ ലീലാതിലകകാരനും മൂലഭൂതങ്ങളായ ചില സൂത്രങ്ങളെ എടുത്തു വ്യാഖ്യാനിക്കുകയും ഉദാഹരിക്കുകയും ചെയ്തിട്ടു് അതിനുപരി പല വിചാരണകളും സ്വതന്ത്രമായി ചെയ്യുന്നു. സൂത്രങ്ങൾ സ്വയം പ്രണീതങ്ങളല്ല; പുരാതനങ്ങളാണെന്നു പറയേണ്ടിയിരിക്കുന്നു. എന്തെന്നാൽ ചിലേടത്തു ച ശബ്ദം ഉത്തരസൂത്രത്തിൽനിന്നു് അനുകർഷിക്കണം എന്നും മറ്റും പ്രസ്താവിച്ചുകാണുന്നു. സൂത്രവും വൃത്തിയും ഒരാൾ നിർമ്മിച്ചതാണെങ്കിൽ ഈ റിമാർക്കുകൾക്കു് ആവശ്യമില്ല.” എന്നാണു് അവരിൽ ഒരു പണ്ഡിതശ്രേഷ്ഠന്റെ പക്ഷം. ‘അഥ പാട്ടപി ഭാഷാസംസ്കൃതയോഗോ ഭവതീത്യാശങ്കായാം സൂത്രം’ എന്നു പറഞ്ഞിട്ടുള്ളതു് ആ പക്ഷത്തിനു സാധകമാണെന്നു മറ്റൊരു പണ്ഡിതൻ പറയുന്നു. ഞാൻ ലീലാതിലകം പലവുരു വായിച്ചതിൽ സൂത്രകാരനും വൃത്തികാരനും രണ്ടാളായിരിക്കുവാൻ തരമില്ലെന്നാണു എനിക്കു തോന്നീട്ടുള്ളതു്. മനഃപാഠത്തിനു സൂത്രവും സ്പഷ്ടമായ അർത്ഥഗ്രഹണത്തിനു വൃത്തിയും രചിക്കുകയല്ലാതെ ഗ്രന്ഥകാരൻ മറ്റൊന്നും ചെയ്തിട്ടില്ല. അനുവൃത്തി, അനുകർഷം മുതലായ ശബ്ദശാസ്ത്രമർമ്മങ്ങൾ വൃത്തികാരൻ നമുക്കു കാണിച്ചുതരുന്നതുകൊണ്ടു് അദ്ദേഹം സൂത്രകാരനിൽനിന്നു ഭിന്നനായിരിക്കണമെന്നില്ല. സൂത്രങ്ങളുടെ അർത്ഥം വ്യക്തമാക്കുകയും വേണ്ട ഘട്ടങ്ങളിൽ അതിനെ വികസിപ്പിക്കുകയും ചെയ്തിട്ടുള്ളതല്ലാതെ വൃത്തിയിൽ സൂത്രകാരന്റെ മതത്തോടു വിയോജിച്ചു് എന്തെങ്കിലും പ്രസ്താവിച്ചിട്ടുള്ളതായി കാണുന്നില്ല. സൂത്രകാരൻ ‘പാലോടു തുല്യരുചി’ എന്ന പദ്യത്തിൽ ചെയ്യുന്നതു പോലെ വൃത്തികാരൻ മറ്റൊരു വ്യക്തിയായിരുന്നാൽ പ്രത്യേകമൊരു മങ്ഗലാചരണം ചെയ്യുമായിരുന്നു. എന്നാൽ പ്രകൃതത്തിൽ അങ്ങനെയൊന്നും ചെയ്തുകാണുന്നില്ലെന്നു നാം ഈ ഘട്ടത്തിൽ ഓർമ്മിക്കേണ്ടതുണ്ടു്.

18.4ഗ്രന്ഥകാരൻ

ലീലാതിലകകാരൻ ആരെന്നറിയുവാൻ ഒരു മാർഗ്ഗവുമില്ല. തിരുവല്ലാ മാമ്പുഴ ഭട്ടതിരിയാണെന്നും അതല്ല കൊല്ലത്തു ഗണപതിക്ഷേത്രത്തിലെ ഒരു ശാന്തിക്കാരൻ പോറ്റിയാണെന്നും മറ്റും ചിലർ പറയുന്നതു വെറും മനോധർമ്മവിലാസം മാത്രമാണു്. എന്നാൽ ഒന്നു പറയാം. തൃക്കാരിയൂർ, തൃശ്ശിവപേരൂർ, പേരാർ (ഭാരതപ്പുഴ) ഇവയെ പരാമർശിക്കുന്ന മൂന്നു ശ്ലോകങ്ങൾ മാത്രമേ തിരുവല്ലായ്ക്കു വടക്കുള്ള ദേശങ്ങളോടു ഗ്രന്ഥകാരനുള്ള പരിചയത്തെ പ്രകടമായി വിജ്ഞാപനം ചെയ്യുന്നുള്ളു. പേരാറ്റിനു വടക്കുള്ള യാതൊരു സ്ഥലത്തേയും കവി സ്മരിക്കുന്നില്ല എന്നാണു് തോന്നുന്നതു്. നേരേമറിച്ചു് കോതമാർത്താണ്ഡൻ, രവിവർമ്മ ചക്രവർത്തി, വിക്രമപാണ്ഡ്യൻ എന്നീ രാജാക്കന്മാരെ പ്രശംസിക്കുന്ന ശ്ലോകങ്ങൾ അദ്ദേഹം ഉദ്ധരിക്കുന്നു; അവരെല്ലാം കൊല്ലത്തെ രാജവംശവുമായി ബന്ധമുള്ളവരുമാണു്. അതു കൊണ്ടു മദ്ധ്യതിരുവിതാംകൂറിൽ എവിടമെങ്കിലുമായിരിക്കണം ഗ്രന്ഥകാരന്റെ ജന്മഭൂമി എന്നു വേറെ തെളിവു കിട്ടുന്നതുവരെ ഉദ്ദേശിക്കാം.

18.5കാലം

ഉണ്ണുനീലിസന്ദേശത്തിനു മേലാണു് ലീലാതിലകത്തിന്റെ നിർമ്മിതി എന്നു് ആ സന്ദേശത്തിലെ ‘യൽസത്യം തൽഭവതു’ എന്ന ശ്ലോകം ആചാര്യൻ ഉദ്ധരിച്ചു് അതിൽ ‘ആശ്വസന്തീ’ എന്നു പ്രയോഗിച്ചിട്ടുള്ളതു് തെറ്റാണെന്നും അവിടെ നുമാഗമം വരികയില്ലെന്നുള്ളതിനാൽ ‘ആശ്വസതീ’ എന്നു വേണം പ്രയോഗിക്കുവാനെന്നും കാണിച്ചിട്ടുള്ളതിൽ നിന്നു തെളിയുന്നുണ്ടു്. ഉണ്ണുനീലിസന്ദേശത്തിന്റേയും ലീലാതിലകത്തിന്റേയും പ്രണേതാവു് ഒരാളായിരിക്കാം എന്നുള്ള പക്ഷക്കാരുടെ മുഖമുദ്രണത്തിനു് ഈ ഒരുദാഹരണം മാത്രം മതിയാകുന്നതാണു്. വേദാന്തദേശികരുടെ വൈരാഗ്യപഞ്ചകത്തിലേ

“ജ്വലതു ജലധിക്രോഡക്രീഡൽകൃപീടഭവപ്രഭാ
ഭവപടുതരജ്വാലാമാലാകുലോ ജഠരാനലഃ;
തൃണമപി വയം സായം സംഫുല്ലമല്ലിമതല്ലികാ
പരിമളമുചാ വാചാ യാചാമഹേ ന മഹീശ്വരാൻ.”
എന്ന പദ്യത്തിൽനിന്നു ‘മല്ലിമതല്ലികാപരിമളമുചാ വാചാ’ എന്ന ഭാഗം ലീലാതിലകകാരൻ അഞ്ചാംശില്പത്തിന്റെ ഒടുവിൽ ഉദ്ധരിയ്ക്കുന്നുണ്ടു്. ദേശികർ വൈരാഗ്യപഞ്ചകം രചിച്ചതു വിജയനഗരസാമ്രാജ്യം സ്ഥാപിച്ചതിനുമേൽ അവിടത്തെ പ്രധാനമന്ത്രിയായിത്തീർന്ന തന്റെ വയസ്യനും സർവതന്ത്രസ്വതന്ത്രനുമായ മാധവാചാര്യരുടെ ക്ഷണത്തിനു മറുപടിയായിട്ടാണെന്നു് ഐതിഹ്യം ഘോഷിക്കുന്നു. വിജയനഗരത്തിന്റെ പ്രതിഷ്ഠാപനം ക്രി. പി. 1336-ാമാണ്ടിടയ്ക്കാകയാൽ അതിനു മുമ്പായിരിയ്ക്കുകയില്ല പ്രസ്തുതപഞ്ചകത്തിന്റെ നിർമ്മിതി. 1369-ലാണു് ദേശികരുടെ പരഗതി. അതുകൊണ്ടു് ക്രി. പി. 1316-ൽ പരേതനായ കൊല്ലത്തെ വീരരവിവർമ്മചക്രവർത്തിയുടെ കാലത്തല്ല ലീലാതിലകത്തിന്റെ രചന എന്നു സിദ്ധിക്കുന്നു. ഉണ്ണുനീലിസന്ദേശത്തിനു ഞാൻ നിർദ്ദേശിച്ചിട്ടുള്ള കാലം (1374) ശരിയാണെങ്കിൽ അതിനുമേലാണു് പ്രസ്തുത ഗ്രന്ഥത്തിന്റെ ആവിർഭാവമെന്നും വന്നുകൂടുന്നു. തദനുരോധേന പതിന്നാലാം ശതകത്തിന്റെ ഒടുവിലാണു് അതിന്റെ ഉൽപത്തി എന്നു സങ്കല്പിക്കാവുന്നതാണു്. അത്രയ്ക്കുണ്ടു് അതിലേ ഉദാഹൃതശ്ലോകങ്ങൾക്കുള്ള പഴക്കം. (1) ഏത്തുക (സ്തുതിക്കുക), (2) പാരാട്ടി (ലാളിച്ച്), (3) എത്തിനയും (എത്രയും), (4) നനാവു് (ജാഗ്രദവസ്ഥ), (5) മാലപ്പൊഴുതു് (അന്തിനേരം), (6) കടവുക (കടപ്പെടുക), ഇങ്ങനെ പിൽകാലങ്ങളിൽ പ്രചാരലുപ്തങ്ങളായിത്തീർന്ന എത്രയോ ശബ്ദങ്ങളും, (1) ദന്തച്ഛദമതിനിൽ (ദന്തച്ഛദമതിൽ), (2) എമ്മിൽ (ഞങ്ങൾ രണ്ടുപേരും തമ്മിൽ) മുതലായ പ്രയോഗങ്ങളും അവയിൽ സുലഭങ്ങളാണു്.

18.6ഗ്രന്ഥകാരന്റെ വൈദുഷ്യം

ഗ്രന്ഥകാരൻ പല ഭാഷകളിലും പല ശാസ്ത്രങ്ങളിലും നിഷ്ണാതനായിരുന്നു. ചെന്തമിഴിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹം അന്യാദൃശമെന്നു തന്നെ പറയണം. പെരുമാക്കന്മാരുടെ കാലത്തിനു പിന്നീടു് അത്രമാത്രം ആ ഭാഷയിൽ പരിനിഷ്ഠിതമായ ജ്ഞാനം സമ്പാദിച്ചിരുന്ന ഒരു കേരളീയനെ നാം അറിയുന്നില്ല. വകരക്കിളവിനാന്മൊഴിയീറ്റതു (i–88) വേറ്റുമൈയുരുവിക്കിന്നേചാരിയൈ (i–173) ഇയർച്ചൊറ്റിരിചൊറ്റിചൈച്ചൊൽ വടചൊലെൻറനൈത്തേ ചെയ്യുളീട്ടച്ചൊല്ലേ (v–397) എന്നീ തൊൽക്കാപ്പിയസൂത്രങ്ങൾ അദ്ദേഹം ഉദ്ധരിക്കുന്നു. ണകരവിറുതിവല്ലെഴുത്തിയൈയിൻടകരമാകും വേറ്റുമൈപ്പോരുട്കേ (v–302) എന്ന സൂത്രം ഉദ്ധരിക്കുന്നില്ലെങ്കിലും അതിലെ മട്കുടം, മട്തൂതു മുതലായ ഉദാഹരണപദങ്ങൾ മൂന്നാം ശില്പത്തിൽ എടുത്തുകാണിക്കുന്നു. ആ ഗ്രന്ഥത്തിനു നച്ചിനാർക്കിനിയാർ എഴുതിയ വ്യാഖ്യ അദ്ദേഹം വായിച്ചിരുന്നു. ‘ആടൂഉ’ എന്നും ‘മകടൂഉ’ എന്നും യഥാക്രമം പുരുഷനെന്നും സ്ത്രീയെന്നുമുള്ള അർത്ഥത്തിൽ രണ്ടു് അതിപ്രാചീനങ്ങളായ ദ്രാവിഡപദങ്ങളുണ്ടായിരുന്നു. അവ പിൽകാലങ്ങളിൽ പ്രയോഗബാഹ്യങ്ങളായിപ്പോയി. ആ പദങ്ങളെ (തൊൽ i–271) ആചാര്യൻ ഒന്നാം ശില്പത്തിൽ ഉദ്ധരിച്ചു് അവ ചെന്തമിഴു് (ചോളഭാഷാ) പദങ്ങളാണെന്നു സമർത്ഥിക്കുന്നു. അഗസ്ത്യസൂത്രങ്ങൾ അദ്ദേഹത്തിന്നു് അപരിചിതങ്ങളായിരുന്നില്ല. മുകൾശബ്ദത്തിന്റെ സാധുത്വത്തെപ്പറ്റി ചർച്ചചെയ്യുമ്പോൾ ക്രി. പി. എട്ടാം ശതകത്തിനു മുമ്പു വിരചിതമായ ദിവാകരനിഘണ്ടുവിലെ “മുകുൾ കൈനനൈകലികൈമുകൾചിനൈ കോരക കന്നികൈ പോകിലരുമ്പുമൊട്ടേ” എന്ന മുകുളപര്യായവാചിയായ പാട്ടു് എടുത്തുചേർക്കുന്നു. ഇതുപോലെ ‘പവള’വാചിയായ പാട്ടും ഉദ്ധരിക്കുന്നുണ്ടു്. ഇങ്ങനെ ലീലാതിലകത്തിൽ ഏതു ഭാഗം പരിശോധിച്ചാലും ആചാര്യന്റെ കൂലങ്കഷമായ ചെന്തമിഴ് ഭാഷാജ്ഞാനത്തിനു് ഉദാഹരണങ്ങൾ പ്രത്യക്ഷീഭവിക്കുന്നതാണു്. സംസ്കൃതത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന വൈദുഷ്യവും അസാധാരണമായിരുന്നു. ഒന്നാം ശില്പത്തിൽ ഒരു നല്ല താർക്കികനായും നാലാം ശില്പത്തിൽ ഒരൊന്നാന്തരം വൈയാകരണനായും നാലു മുതൽ എട്ടു വരെ ശില്പങ്ങളിൽ ഒരു സ്വതന്ത്രനായ ആലങ്കാരികനായും അദ്ദേഹത്തെ നാം നിരീക്ഷിക്കുന്നു. വാത്സ്യായനന്റെ കാമസൂത്രത്തിലെ ഒരു പദ്യത്തേയും (‘നാത്യന്തം സംസ്കൃതേനൈവ’) കാളിദാസന്റെ മേഘസന്ദേശത്തിലെ ഒരു പദ്യാർത്ഥത്തേയും (‘മേഘാലോകേ ഭവതി’) ശ്രീഹർഷന്റെ ഒരു മുക്തകാർദ്ധത്തേയും (‘ശയ്യാവസ്തു മൃദൂത്തരച്ഛദവതീ’) അദ്ദേഹം സ്മരിക്കുന്നു. ഭാമഹൻ, ദണ്ഡി, മമ്മടഭട്ടൻ എന്നീ ആലങ്കാരികന്മാരും വൃത്തരത്നാകരകാരനായ കേദാരഭട്ടനും അദ്ദേഹത്തിനു സുപരിചിതന്മാരാണു്. പ്രാകൃതം, തെലുങ്കു, കർണ്ണാടകം ഈ ഭാഷകളിലും ആചാര്യനു് അറിവുണ്ടായിരുന്നു എന്നുള്ളതിനു പ്രസ്തുത ഗ്രന്ഥത്തിൽ പര്യാപ്തമായ തെളിവുണ്ടു്.

18.7ആദ്യത്തെ മൂന്നു ശില്പങ്ങൾ

18.7.1അക്ഷരമാല
ഇനി ലീലാതിലകത്തിന്റെ ഉള്ളിലേക്കു കടക്കാം. ഒന്നാം ശില്പത്തിനു മണിപ്രവാളലക്ഷണമെന്നും രണ്ടാമത്തേതിനു ശരീര നിരൂപണമെന്നും മൂന്നാമത്തേതിനു സന്ധിവിവരണമെന്നും പേർ കല്പിച്ചിരിക്കുന്നു. മണിപ്രവാളത്തിന്റെ ലക്ഷണ നിർവ്വചനമാണു് ഒന്നാംശില്പത്തിലെ പ്രമേയമെങ്കിലും മലയാള ഭാഷയുടെ ഉൽപ്പത്തിയെപ്പറ്റിക്കൂടി ആചാര്യനു് അതിൽ ആനുഷങ്ഗികമായി പ്രതിപാദിക്കേണ്ടിവരുന്നു എന്നു മുമ്പു പ്രസ്താവിച്ചുവല്ലോ. അദ്ദേഹത്തിന്റെ കാലത്തിനുമുമ്പുതന്നെ മലയാളവും ചെന്തമിഴും വേർപിരിയുകയും മലയാളം കേരളത്തിന്റെ ശീതോഷ്ണസ്ഥിതിക്കും ആര്യസംസ്കാരസങ്കലനത്തിനും അനുരൂപമായ രീതിയിൽ ഒരു സ്വതന്ത്രഭാഷയായി വളർന്നു പരിപുഷ്ടിയെ പ്രാപിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു, എന്നും ഞാൻ അന്യത്ര ഒന്നിലധികം അവസരങ്ങളിൽ ഉപന്യസിച്ചിട്ടുണ്ടു്. ആചാര്യനും തമിഴിൽനിന്നും വിഭിന്നമായ ഒരു ഭാഷയാണു് മലയാളമെന്നു സ്ഥാപിക്കുവാനാകുന്നു പ്രസ്തുത ശില്പത്തിൽ ഉദ്യമിക്കുന്നതു്. തത്സംബന്ധമായുള്ള വാദത്തിന്നിടയിൽ അദ്ദേഹം തെലുങ്കും കർണ്ണാടകവും ദ്രാവിഡവേദമെന്നു പ്രസിദ്ധമായ ശഠകോപ (നമ്മാഴ്വാർ) മുനിയുടെ തിരുവായ് മൊഴിയിൽനിന്നു വ്യത്യാസപ്പെട്ട ഭാഷകളാണെന്നും, അവ സംസാരിക്കുന്ന ജനങ്ങൾ ദ്രമിഡഭാഷയിലേ മാതൃകാവർണ്ണങ്ങളല്ല പഠിയ്ക്കുന്നതെന്നും ആ മാതൃകാവർണ്ണങ്ങൾ സംസ്കൃതത്തിലേ വർണ്ണങ്ങളിൽ വർഗ്ഗമധ്യങ്ങളിലുള്ള മമ്മൂ ന്നും ശ, ഷ, സ എന്നീ ഊഷ്മാക്കളും, ഋ, ഌ, ഈ സ്വരങ്ങളും വിസർഗ്ഗവും ഒഴികെ ശേഷമുള്ളവയും, ഹ്രസ്വങ്ങളായ എ, ഒ ഇതുകളും റകാരവും ഴകാരവുമാണെന്നും ചൂണ്ടിക്കാണിച്ചു തെലുങ്കിനും കർണ്ണാടകത്തിനുമില്ലാത്ത സമീപബന്ധം തമിഴിനു മലയാളത്തോടുണ്ടെന്നു നമ്മെ വ്യങ്ഗ്യമര്യാദയിൽ ധരിപ്പിയ്ക്കുന്നു. ആചാര്യന്റെ കാലത്തു് നാട്ടാശാന്മാർ കുട്ടികളെ പഠിപ്പിച്ചുവന്നതു തമിഴെഴുത്തുകൾ തന്നെയായിരുന്നു. ‘ക, കാ, കി, കീ പഠിച്ചാൽ പിന്നെ ഖ, ഖാ, ഖി, ഖീ പഠിക്കേണംപോൽ’ എന്നു ക്രി. പി. ഏഴാം ശതകത്തിലെ ഒരു കൃതിയായ ഭാരതചമ്പുവിൽ കാണുന്നതു കൊണ്ടു് അക്കാലത്തിനുമുമ്പു് ഇന്നത്തെ അക്ഷരമാല ബാലശിക്ഷണത്തിനുപയോഗിച്ചുതുടങ്ങിയതായും അനുമാനിക്കാവുന്നതാണു്. ‘ഉയിരുമുടമ്പുമാമുപ്പതുമുതലേ’ എന്ന നന്നൂൽ സൂത്രമനുസരിച്ചു പന്ത്രണ്ടു സ്വരങ്ങളും പതിനെട്ടു വ്യഞ്ജനങ്ങളുമുൾപ്പെടെ തമിഴിൽ മുപ്പതക്ഷരങ്ങളുണ്ടു്. സ്വരങ്ങളിൽ അ, ഇ, ഉ, എ, ഒ — ഈ അഞ്ചും (കുറിൽ) ഹ്രസ്വങ്ങളും ആ, ഈ, ഊ, ഏ, ഐ, ഓ, ഔ — ഈ ഏഴും (നെടിൽ) ദീർഘങ്ങളുമാകുന്നു. വ്യജ്ഞനങ്ങളിൽ ക, ച, ട, ത, പ, റ — ഇവ ആറിനേയും വല്ലിനമെന്നും ഞ, മ, ങ, ണ, ന, ൻ — ഇവയാറിനേയും മെല്ലിനമെന്നും, യ, ര, ല, വ, ഴ, ള — ഇവയാറിനേയും ഇടൈയിനം (അന്തസ്ഥം) എന്നും പറയും. മൂന്നാം ശില്പത്തിൽ ചില്ലുകൾ (വ്യഞ്ജനങ്ങൾ) പതിനെട്ടാണെന്നു പരിഗണിച്ചിട്ടുള്ളതു തമിഴു് മാർഗ്ഗമനുസരിച്ചാണെന്നു് ആചാര്യൻ സമ്മതിക്കുന്നു. പിന്നെയും അദ്ദേഹം രണ്ടാം ശില്പത്തിൽ “എകര, ഒകര, ആയ്ത, ഴകര, റകര, നകരന്തമിഴ് പൊതുമറ്റേ” എന്ന അഗസ്ത്യസൂത്രം ഉദ്ധരിക്കുകയും അതിനെ അവലംബിച്ചു സംസ്കൃതത്തിലില്ലാത്ത ൻറ, റ്റ, റ, ഴ എന്നീ നാലക്ഷരങ്ങൾ ഭാഷയിലുണ്ടെന്നു കാണിക്കുകയും ചെയ്യുന്നു. ആയ്താക്ഷരം മലയാളത്തിൽ ഒരിക്കലും ഉണ്ടായിരുന്നതായി തോന്നുന്നില്ല എന്നു മുൻപു പറഞ്ഞിട്ടുണ്ടു്. നകാരത്തിൽനിന്നു വ്യത്യസ്തമായി ഩകാരമെന്നൊരക്ഷരം തമിഴിലെന്നതുപോലെ മലയാളത്തിലുമുണ്ടെന്നു തന്നെയാണു് ആചാര്യന്റെ പക്ഷം. അതിനെ എ, ഒ ഇവയ്ക്കും മുൻചൊന്ന നാലക്ഷരങ്ങൾക്കും പുറമേ സംസ്കൃതത്തിലില്ലാത്ത ഏഴാമത്തെ അക്ഷരമായി പരിഗണിക്കണമെന്നും അദ്ദേഹം പറയുന്നുണ്ടു്. പക്ഷേ അതിനു തമിഴിലെന്നപോലെ പ്രത്യേകമൊരു ലിപി അദ്ദേഹം നിർദ്ദേശിക്കുന്നില്ല. ഏകാരത്തിനും ഓകാരത്തിനും പോലും എ ഒ ഇവയിൽനിന്നു ഭിന്നങ്ങളായ ലിപികൾ പണ്ടില്ലായിരുന്നു എന്നുള്ളതു നാം ഈയവസരത്തിൽ സ്മരിക്കേണ്ടതാകുന്നു. വീണ്ടും മൂന്നാം ശില്പത്തിൽ ക, ച, ഞ, ത, ന, പ, മ, യ, വ, ഈ ഒൻപതു വ്യഞ്ജനങ്ങൾ മാത്രമേ ഭാഷാപദങ്ങളുടെ ആദിയിൽ നില്ക്കുകയുള്ളു എന്നു് ആചാര്യൻ ഉപദേശിക്കുന്നു; ഇതും തമിഴു് വ്യാകരണമനുസരിച്ചുള്ള ഒരു വിധിയാണു്. ഇവയോടു ‘ങ’ കൂടിച്ചേർത്തു പത്തു വ്യഞ്ജനങ്ങൾ പദാദിയിൽ വരുമെന്നു നന്നൂലിൽ പ്രസ്താവനയുണ്ടെങ്കിലും ‘ങ’യ്ക്കു് ഉദാഹരണത്തിനു വാക്കുകിട്ടാതെ ‘അങ്, ങനം’ (അങ്ങനെ) എന്ന പദമാണു് വ്യാഖ്യാതാക്കന്മാർ എടുത്തുകാണിക്കുന്നതു്. ഇതു ശരിയല്ലെന്നു പറയേണ്ടതില്ലല്ലോ. ബാക്കിയുള്ള എട്ടു വ്യഞ്ജനങ്ങളിൽ ങ, ട, ണ, ഴ, ള, റ, ഩ ഇവയിൽ ആരംഭിക്കുന്ന ശബ്ദങ്ങളില്ല. ര, ല ഈ രണ്ടു വ്യഞ്ജനങ്ങളിലും ഭാഷാപദങ്ങൾ ആരംഭിക്കുവാൻ പാടില്ലെന്നുള്ള ദ്രാവിഡവ്യാകരണ വിധി ആചാര്യൻ ഊർജ്ജിതപ്പെടുത്തുവാൻ ശ്രമിക്കുന്നു. അതുകൊണ്ടാണു് അദ്ദേഹം “രണ്ടാലുമൊന്നുണ്ടു നമുക്കിദാനീം” എന്ന പദ്യപാദത്തിലെ ‘രണ്ടു’ ശരിയല്ലെന്നും അതു് ഇരണ്ടെന്നുതന്നെ പ്രയോഗിക്കേണ്ടതാണെന്നും, രായരൻ, ലാക്കു മുതലായ ശബ്ദങ്ങൾ സംസ്കൃതാപഭ്രംശങ്ങളാകയാൽ അവ പ്രസ്തുതവിധിക്കു കീഴടങ്ങേണ്ടതില്ലെന്നും പറയുന്നതു്. ആ പ്രസ്താവനയിൽ ചിലർ സംശയിക്കുന്നതുപോലെ ആചാര്യനു യാതൊരു നോട്ടക്കുറവും തട്ടീട്ടില്ല.

‘ആഭ്യാമിരാപ്പകൽ മനോഹരമെങ്ങനേ ഞാൻ’
‘ശോഭാം ദധാതി തവ പോർമുലമൊട്ടിരണ്ടും’
‘അതിന്നൊരെൾപ്പൂവുമിരണ്ടു കെണ്ടയും’
തുടങ്ങിയ പ്രയോഗങ്ങൾ പരിശോധിക്കുക. പക്ഷേ ‘രണ്ടാമതൊന്നുണ്ടു നമുക്കിദാനീം’ എന്നു പ്രയോഗിച്ച കവി വ്യവഹാരഭാഷയെ അനുസരിച്ചു എന്നേയുള്ളു. ഞ, ണ, ന, മ, ഩ, യ, ര, ല, വ, ഴ, ള ഈ പതിനൊന്നു വ്യഞ്ജനങ്ങൾ പദാന്തത്തിൽ വരുമെന്നു ഭവണന്ദി പറയുന്നു. ആചാര്യൻ ഇവയിൽ ഞ, മ, യ, ര, ല, വ, ഴ, ള, ന ഈ ഒൻപതക്ഷരങ്ങൾ മാത്രം സ്വീകരിക്കുകയും അവയിൽത്തന്നെ ഞകാരനകാരങ്ങൾക്കു് ഉദാഹരിയ്ക്കേണ്ട ഇരിഞ (ശ്രേഷ്ഠത), പൊരുന (വൈരം) എന്നീ പദങ്ങൾ തമിഴിൽ മാത്രമേയുള്ളു എന്നു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. റാന്തങ്ങളാണെന്നു തോന്നുന്ന ‘മാറു്’ ‘കയറു്’ മുതലായ പദങ്ങൾ സംവൃതസ്വരാന്തങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ മതം. തമിഴു് വൈയാകരണന്മാരും റകാരത്തിലവസാനിക്കുന്ന ശബ്ദങ്ങൾ ഉള്ളതായിപ്പറയുന്നില്ല. തമിഴിൽ എല്ലാ സ്വരങ്ങൾക്കും പദാവസാനത്തിൽ സ്ഥാനമുണ്ടെന്നാണു് ആ ആചാര്യന്മാരുടെ മതം; എന്നാൽ മലയാളത്തിൽ ഒ, ഐ, ഔ എന്നീ മൂന്നു സ്വരങ്ങൾ അവിടെ നില്ക്കുകയില്ലെന്നു ലീലാതിലകകാരൻ ഉപദേശിക്കുന്നു. തമിഴിൽ ഐകാരാന്തങ്ങളായ പദങ്ങൾ മലയാളത്തിൽ അകാരാന്തങ്ങളാകയാൽ ഐകാരം മലയാളത്തിൽ പദാന്തത്തിൽ വരികയില്ലെന്നു പറയുന്നതു ശരിതന്നെ. നൊ (ദുഃഖം), വൗ (പിടിച്ചുപറി) ഈ മാതിരി ഉദാഹരണങ്ങളാണു് ഒ, ഔ ഇവയിൽ അവസാനിക്കുന്ന പദങ്ങൾക്കു ഭവണന്ദി നല്കുന്നതു്; അത്തരത്തിൽ ഒന്നോ രണ്ടോ പദങ്ങളേ തമിഴിൽപ്പോലുമുള്ളു. ആചാര്യന്റെ കാലത്തിനു മുമ്പു് മലയാളത്തിൽ ലക്ഷണഗ്രന്ഥമില്ലായിരുന്നു എന്നും തമിഴിലല്ലാതെ തെലുങ്കു, കർണ്ണാടകം ഈ ഭാഷകളിൽ സുപ്രസിദ്ധങ്ങളായ നിഘണ്ടുക്കളില്ലായിരുന്നു എന്നും നാം ലീലാതിലകത്തിൽനിന്നു് അറിയുന്നു.

18.7.2ശബ്ദകോശം
രണ്ടാം ശില്പത്തിലാണു് ആചാര്യൻ ഭാഷാശബ്ദങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതു്. ദേശി, സംസ്കൃതഭവം, സംസ്കൃതരൂപം എന്നിങ്ങനെ ഭാഷ മൂന്നു വിധത്തിലുണ്ടെന്നും, ദേശിയെ ശുദ്ധം, ഭാഷാന്തരഭവം, ഭാഷാന്തരസമം എന്നു മൂന്നായി വിഭജിക്കാമെന്നും, കൊച്ചു്, മുഴം, ഞൊടി മുതലായവ ശുദ്ധദേശിക്കും, വന്നാൻ, നമുക്കു്, വേണ്ടാ മുതലായവ ഭാഷാന്തരഭവത്തിനും, പൊൻ, നാളെ, ഉടൽ മുതലായവ ഭാഷാന്തരസമത്തിനും ഉദാഹരണങ്ങളാണെന്നും, സംസ്കൃതപ്രകൃതി ഊഹിക്കാവുന്ന ശബ്ദം സംസ്കൃതഭവവും, അവസാനത്തിൽ മാറ്റം വരുന്ന സംസ്കൃതശബ്ദവും കാവ്യാദിസന്ദർഭത്തിൽ പ്രത്യയാംശം സംസ്കൃതീകരിക്കുന്ന ഭാഷാശബ്ദവും സംസ്കൃതരൂപവുമാണെന്നു് അദ്ദേഹം നമ്മെ ഗ്രഹിപ്പിക്കുന്നു. തമിഴിനും മലയാളത്തിനും ഒരു കാലത്തു പൊതുവായിരുന്ന ശുദ്ധഭാഷാശബ്ദങ്ങളല്ലാതെ മലയാളത്തിനു പ്രത്യേകമായി ഒരു ശബ്ദകോശമില്ലെന്നും എന്നാൽ തമിഴിൽനിന്നും അർത്ഥവ്യത്യാസം വന്നിട്ടുള്ള പല ശുദ്ധഭാഷാശബ്ദങ്ങൾ മലയാളത്തിൽ കാണ്മാനുണ്ടെന്നും ഞാൻ അന്യത്ര ഉപദേശിച്ചിട്ടുണ്ടു്. ഭാഷാന്തരഭവങ്ങളായ പദങ്ങൾ മലയാളത്തിലുണ്ടെന്നു് ആചാര്യൻ പ്രസ്താവിക്കുന്നതു് ‘വന്നാൻ’ മുതലായ പദങ്ങൾ ‘വന്ദനു’ മുതലായി കർണ്ണാടകത്തിലും ‘വന്താൻ’ മുതലായി തമിഴിലും കാണുന്നതുകൊണ്ടും കേരളത്തിന്റെ ഉല്പത്തി പാണ്ഡ്യചോളകർണ്ണാടരാജ്യങ്ങൾക്കു പിന്നീടായതുകൊണ്ടുമാണു്. ഒരു കാലത്തു മലയപർവതത്തിനു കിഴക്കും പടിഞ്ഞാറും താമസിച്ചിരുന്ന ജനങ്ങൾ ‘വന്താൻ’ ‘ഇരുന്താൻ’ എന്നിങ്ങനെയാണു് സംസാരിച്ചുവന്നതു് എന്നുള്ളതിനു് ആചാര്യന്റെ കാലത്തും കേരളത്തിൽ താണ ജാതിക്കാർ ‘വന്താൻ’ ‘ഇരുന്താൻ’ ‘തേങ്ക’ ‘മാങ്ക’ എന്നിങ്ങനെ ഉച്ചരിച്ചിരുന്നു എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ജ്ഞാപകമാകുന്നു. ഇന്നും ഉൾനാടുകളിലും മലംപ്രദേശങ്ങളിലും ചില സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള ഉച്ചാരണം വേരറ്റുപോയെന്നു പറവാൻ പാടില്ലാത്ത വിധത്തിൽ അല്പസ്വല്പമായി നിലനില്ക്കുന്നുണ്ടു്. വാസ്തവത്തിൽ ഭാഷാന്തരഭവമെന്നും ഭാഷാന്തരസമമെന്നും ആചാര്യൻ പരിഗണിക്കുന്ന പദങ്ങളെ പ്രായേണ ദേശി എന്നുതന്നെ പറയേണ്ടതാകുന്നു. തെലുങ്കു്, കർണ്ണാടകം മുതലായ ദ്രാവിഡഭാഷകളിൽ വന്നടിഞ്ഞിട്ടുള്ള പദങ്ങൾ ഭാഷാപദങ്ങളെപ്പറ്റി ലീലാതിലകകാരൻ ഒന്നും പ്രസ്താവിക്കുന്നില്ല; എന്നാൽ അദ്ദേഹത്തിന്റെ കാലത്തും അത്തരത്തിലുള്ള പദങ്ങളുണ്ടായിരുന്നിരിയ്ക്കണം. സംസ്കൃതപ്രകൃതി ഊഹിക്കാവുന്ന പദങ്ങളെയെല്ലാം സംസ്കൃതഭവമാണെന്നു ഗണിക്കുവാൻ ആചാര്യർ അനുശാസിക്കുന്നതിന്റെ കാരണം സംസ്കൃതം എല്ലാ ഭാഷകൾക്കും മുമ്പുള്ളതെന്നുള്ള വിശ്വാസമാണു്. ദ്രാവിഡത്തിനും സംസ്കൃതംപോലെയുള്ള പഴക്കം കല്പിയ്ക്കേണ്ടതാണെന്നുള്ള ആധുനികസിദ്ധാന്തം അദ്ദേഹത്തിന്റെ കാലത്തു കേവലം അവിജ്ഞാതമായിരുന്നു. വയർ, പാമ്പു മുതലായ പദങ്ങൾ വൈരി പാപം മുതലായവയിൽനിന്നു ജനിച്ചതാണെന്നു പറയുന്നതു തീരെ അസംബന്ധമാണെന്നു് അദ്ദേഹം സമ്മതിക്കുന്നു. അതുപോലെതന്നെയാണു് അദ്ദേഹം സംസ്കൃതഭവങ്ങളെന്നു് ഊഹിക്കുന്ന കമുകു, കുതിര മുതലായ പദങ്ങളും, പളിങ്ങു്, ആണ, വക്കാണം, ചിരിതേവി മുതലായ പ്രാകൃതപദങ്ങളേയും, പ്രാകൃതം സംസ്കൃതജന്യമാകയാൽ സംസ്കൃതഭവകോടിയിൽ ആചാര്യൻ ഉൾപ്പെടുത്തുന്നു. വല്ലി (വല്ലീ), മാലിക (മാലികാ), പിതാവു (പിതാ) മുതലായി അവസാനത്തിൽ മാത്രം മാറ്റം വരുന്ന സംസ്കൃതപദങ്ങൾക്കു സംസ്കൃതരൂപങ്ങൾ എന്നു് ആചാര്യൻ നാമകരണം ചെയ്യുന്നു. മാണിക്കം മുതലായ പ്രാകൃതരൂപപദങ്ങളും ഈ കൂട്ടത്തിൽത്തന്നെ ചേരും. സംസ്കൃതരൂപഭാഷ അപകൃഷ്ടമെന്നും ഉൽക്കൃഷ്ടമെന്നും രണ്ടുമാതിരിയുണ്ടെന്നും താണ ജാതിക്കാർ സംസാരിക്കുന്നതു് അപകൃഷ്ടവും ഉയർന്ന ജാതിക്കാർ സംസാരിക്കുന്നതു് ഉൽക്കൃഷ്ടവുമാണെന്നും ആചാര്യൻ തുടർന്നു പ്രസ്താവിക്കുന്നു. ‘സന്ദർഭേ സംസ്കൃതീകൃതാ ച’ (ii–7) എന്ന സൂത്രത്തിൽനിന്നും മറ്റും ‘കൊങ്കയാ’ ‘കേഴന്തി’ ‘ഊണുറക്കൗ’ മുതലായ സംസ്കൃതരൂപപദങ്ങൾക്കു സാധാരണയായി വ്യവഹാരഭാഷയിൽ പ്രവേശമില്ലെന്നും, കാവ്യാദി സന്ദർഭങ്ങളിൽ മാത്രമേ അവയെ സ്വീകരിയ്ക്കുവാൻ പാടുള്ളു എന്നും, എന്നാൽ ഹാസ്യരസപ്രധാനങ്ങളായ ‘കിഞ്ചിൽ പുളിങ്കുരുമർപ്പയാമി’ തുടങ്ങിയ വാക്യങ്ങളിൽ അവയ്ക്കു സ്ഥാനമുണ്ടെന്നും നാം അറിയുന്നു. ഭാഷീകൃതമായ സംസ്കൃതം വ്യവഹാരഭാഷയിലും കാവ്യാദിസന്ദർഭത്തിലും പ്രയോഗിക്കാമെന്നും ത്രൈവർണ്ണികന്മാരുടെ സംഭാഷണത്തിൽ സംസ്കൃതാക്ഷരങ്ങളുടെ കലർപ്പു ധാരാളം കാണ്മാനുണ്ടെന്നും ‘സർഗ്ഗിസ്സൊളിച്ചു’ ‘ധടിയൻ’ ‘അശ്ശിരി’ മുതലായ പദങ്ങൾ ഹാസ്യരസസ്ഫുരണത്തിനു് ആവശ്യകമാണെന്നും രണ്ടും മൂന്നും ശില്പങ്ങളിൽനിന്നു് ഗ്രഹിക്കാവുന്നതാണു്.

18.7.3വിഭക്തിപ്രത്യയാദി നിരൂപണം
ഇതും രണ്ടാം ശില്പത്തിലെ വിഷയകോടിയിൽ പെടുന്നതുതന്നെ. മലയാളത്തിൽ എട്ടു വിഭക്തികളും മൂന്നു ലിങ്ഗങ്ങളും രണ്ടു വചനങ്ങളുമുണ്ടെന്നും വിഭക്തികളിൽ ആദ്യത്തേതു് പ്രാതിപദികം തന്നെയെന്നും രണ്ടുമുതൽ ഏഴുവരെ വിഭക്തികൾക്ക് എ, ഓടു്, നിൻറു്, ഉടെ, ഇൽ, ഇവയാണു് യഥാക്രമം പ്രത്യയങ്ങളെന്നും എട്ടാമത്തെ വിഭക്തി വിളിയാണെന്നും ആചാര്യൻ പ്രസ്താവിക്കുന്നു. ‘പേരെയൊടുക്കുനിൻറുടെയിൽവിളീത്യഷ്ടകം’ എന്ന ലീലാതിലകസൂത്രത്തിനും “പെയരേ ഐ ആൽ കു ഇൻ അതു കൺ വിളിയെൻറാകു, മവറ്റിൻ പെയർമുറൈ” എന്ന നന്നൂൽ സൂത്രത്തിനും ചില അംശങ്ങളിൽ സാദൃശ്യമുണ്ടു്. പ്രഥമ, ദ്വിതീയ ഇത്യാദി നാമങ്ങൾ ഉപയോഗിയ്ക്കാതെ ലീലാതിലകകാരൻ ഒന്നാമത്തേതു്, രണ്ടാമത്തേതു് എന്നിങ്ങനെ അർത്ഥമുള്ള പ്രഥമം, ദ്വിതീയം ഇത്യാദി നാമങ്ങൾ ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധേയമാണു്. തമിഴിലെ ഐക്കു പകരം മലയാളത്തിൽ രണ്ടാം വിഭക്തിയ്ക്കുള്ള പ്രത്യയം ‘എ’ (ഹ്രസ്വം) ആണെന്നു് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രത്യുത എട്ടാം വിഭക്തിയിൽ ‘മരമേ’ ‘വടിയേ’ ഇത്യാദി പദങ്ങളിൽ കാണുന്ന ഏകാരം ദീർഘമാണു്. ഓടു് എന്ന പ്രത്യയത്തിനു പുറമേ മൂന്നാംവിഭക്തിക്ക് ‘ആൽ’ എന്നും ‘കൊണ്ടു്’ എന്നും രണ്ടു പ്രത്യയങ്ങൾ കൂടി വരുമെന്നും ‘മരത്തെക്കൊണ്ടു്’ എന്നതിലേ എകാരം സന്ധായക (ചാരിയൈ) മാണെന്നുമത്രേ ആചാര്യന്റെ മതം. മൂന്നാം വിഭക്തിക്കു പഴന്തമിഴിൽ ‘ആൻ’ എന്നായിരുന്നു പ്രത്യയം. അതു് ഇടക്കാലത്തമിഴിൽ ‘ആൽ’ ആയി. ഭവണന്ദി സ്വീകരിക്കുന്നതു് ഈ ‘ആൽ’ പ്രത്യയമാണു്; വ്യാഖ്യാതാക്കന്മാർ ‘ഒടു’ ‘കൊണ്ടു’ ഇവയേയും എടുത്തു കാണിക്കുന്നുണ്ടു്. കൊണ്ടു എന്നതു ‘കൊൾ’ എന്ന സകർമ്മകക്രിയയുടെ മുൻവിനയെച്ചരൂപമാണു്. ആ സ്ഥിതിക്കു് ‘മരത്തെക്കൊണ്ടു്’ എന്നതിലെ ‘എ’ രണ്ടാം വിഭക്തി പ്രത്യയമാണെന്നും സന്ധായകമല്ലെന്നും വന്നുകൂടുന്നു. നാലാം വിഭക്തി പ്രത്യയം ‘ക്കു’ എന്നാണെങ്കിലും ‘അന്നു്’ ‘ഇന്നു്’ എന്നും കൂടി വരുമെന്നു പറഞ്ഞു് ആചാര്യൻ ‘അവന്നു്’ ‘അതിന്നു്’ ഈ പദങ്ങൾ ഉദാഹരിക്കുന്നു. ‘ആയിക്കൊണ്ടു്’ എന്ന മറ്റൊരു പ്രത്യയത്തേയും അദ്ദേഹം പ്രകൃതത്തിൽ സ്മരിക്കുന്നു. തമിഴിലെ നാലാം വിഭക്തിപ്രത്യയം ‘കു’ ആണു്; ‘ക്കു’ കുവിനു ദ്വിത്വം വരുമ്പോൾ സിദ്ധിക്കുന്ന രൂപമാകുന്നു. ‘നു’ ‘ന്നു’ എന്നീ രൂപങ്ങളും മലയാളത്തിൽ പ്രചരിച്ചു കഴിഞ്ഞിരുന്നതായി ക്രി. പി. പത്താംശതകത്തിലെ ചില ശിലാരേഖകളിൽനിന്നു പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടു ‘ന്നു’ എന്ന പ്രത്യയം മാത്രം ആചാര്യൻ എടുത്തു കാണിക്കുന്നതിൽ അവ്യാപ്തിദോഷമുണ്ടെന്നു ശങ്കിക്കേണ്ടിയിരിക്കുന്നു. ‘ആയിക്കൊണ്ടു്’ എന്നതു പ്രത്യയമല്ലെന്നു പറയേണ്ടതില്ലല്ലോ. ‘നിൻറു’ എന്നാണു് അഞ്ചാം വിഭക്തിപ്രത്യയം എങ്കിലും ‘ഇൽനിൻറു’ ‘മേൽ നിൻറു’ ‘ഏൽനിൻറു’ മുതലായ ഉദാഹരണങ്ങളാണു് അദ്ദേഹം എടുത്തുകാണിക്കുന്നതു്. ‘നിൻറു’ എന്ന പ്രത്യയം സന്ധായകം കൂടാതെ പ്രയോഗാർഹമല്ലെന്നു് ഇതിൽനിന്നു തെളിയുന്നു. ‘നിൻറു’ എന്നല്ലാതെ ‘നിന്നു’ എന്നു് ആചാര്യൻ പ്രയോഗിക്കാത്തതു പൂർവാചാരപരിപാലനത്തിനുവേണ്ടിയാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ആറാം വിഭക്തിക്കു് ‘ഉടെ’യ്ക്കു പുറമേ ‘ഇടെ’ ‘റെ’ ‘ന്നു്’ ഇങ്ങനെ മൂന്നു പ്രത്യയങ്ങൾ കൂടിയുണ്ടെന്നു് നിർദ്ദേശിച്ചു് ‘അവളിടെ’ ‘അവന്റെ’ ‘അവന്നു്’ ഇത്യാദ്യുദാഹരണങ്ങൾ അദ്ദേഹമുദ്ധരിക്കുന്നു. ‘ഇട’ യാണു് ‘ഇന്റെ’ യായി പരിണമിച്ചതു്. ‘ഇൻ’ എന്നു് അഞ്ചാംവിഭക്തിക്കും ‘അതു’യായി പരിണമിച്ചതു്. ‘ഇൻ’ എന്നു് അഞ്ചാം വിഭക്തിക്കും ‘അതു’ എന്നു് ആറാം വിഭക്തിക്കും ആദികാലത്തുണ്ടായിരുന്ന പ്രത്യയങ്ങൾ മലയാളത്തിൽ വളരെക്കാലം മുമ്പുതന്നെ പ്രചാരരഹിതങ്ങളായിപ്പോയി. ഏഴാം വിഭക്തിപ്രത്യയമായ ‘കൺ’ ‘കൽ’ [1] ആയി മാറിയെങ്കിലും പൂർവരൂപത്തിൽ പിന്നെയും കുറേക്കാലം നിലനിന്നു. ലീലാതിലകകാരന്റെ കാലത്തിൽ സാധാരണമായി പ്രയോഗിച്ചു വന്ന ഏഴാം വിഭക്തിപ്രത്യയം ഇന്നത്തെപ്പോലെ ‘ഇൽ’ തന്നെയായിരുന്നു. ഈ പ്രത്യയം മധ്യകാലത്തിലേ തമിഴിലുമുണ്ടായിരുന്നു എന്നു് “കൺകാൽ കടൈയിൽ ടൈ” (302) എന്ന നന്നൂൽ സൂത്രത്തിൽനിന്നു് അറിയുന്നു. ‘ദ്വിതീയമസമാസേ വാ’ (14) എന്ന സൂത്രംകൊണ്ടു് സമാസമില്ലാത്തിടത്തും രണ്ടാം വിഭക്തിയുടെ പ്രത്യയം പാക്ഷികമായി ലോപിക്കും എന്നു പറഞ്ഞു്, അതിനു മാലകണ്ടു (മാലയെക്കണ്ടു) പുലികൊൻറു (പുലിയെക്കൊൻറു) എന്നീ ഉദാഹരണങ്ങൾ കാണിച്ചു് അത്തരത്തിലുള്ള ലോപം അചേതനവസ്തുക്കളേയോ തിര്യക്കുകളേയോ കുറിക്കുന്ന വാക്കുകളിലേ വരികയുള്ളു എന്നു ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. ഇക്കാലത്തു് പുലിയെക്കൊന്നു എന്നതിന്നു പകരം പുലികൊന്നു എന്നു പറഞ്ഞാൽ മതിയാകുന്നതല്ല. ‘ക്രിയായാം കാലത്രയേ പ്രായോഗദിതം’ (24) എന്ന സൂത്രംകൊണ്ടു ക്രിയാപദങ്ങളോടു ലിങ്ഗവചനപ്രത്യയങ്ങൾ മൂന്നു കാലങ്ങളിലും പ്രായേണ മാത്രമേ ചേരു എന്നു് ആചാര്യൻ നമ്മെ അനുസ്മരിപ്പിക്കുന്നു. ആ വിധി അനുസരിച്ചു് അന്നത്തെ ഭാഷയിൽ ‘ഉണ്ടാൻ’ ‘ഉണ്ടു’ എന്നീ രണ്ടു രൂപങ്ങളും സുബദ്ധങ്ങൾതന്നെ. ലിങ്ഗവചനപ്രത്യയങ്ങൾ ഗ്രന്ഥകാരന്മാർ മാത്രമേ ക്രിയാപദങ്ങളോടു പ്രായേണ ചേർത്തിരുന്നുള്ളു എന്നും വ്യവഹാരഭാഷയിൽ അങ്ങനെയുള്ള പ്രയോഗങ്ങൾക്കു പ്രവേശമില്ലായിരുന്നു എന്നും ഊഹിക്കുന്നതു സമീചീനമായിരിക്കും. വന്നാ, വന്നീർ, വന്നോം തുടങ്ങിയ പദങ്ങൾ അന്നു ഗ്രന്ഥകാരന്മാരെങ്കിലും പ്രയോഗിച്ചു വന്നിരിക്കണം; അവർക്കും അപരിചിതമായിരുന്ന ‘വന്നേം’ എന്ന രൂപംകൂടി രണ്ടാം ശില്പം 24-ാം സൂത്രത്തിൽ ആചാര്യൻ എടുത്തു കാണിക്കുന്നതിൽനിന്നു് അദ്ദേഹം തമിഴ് വൈയാകരണന്മാരെ എത്രമാത്രം അനുകരിക്കുന്നുണ്ടെന്നുള്ളതു് സ്പഷ്ടമാകുന്നതാണു്.

18.7.4സന്ധിവിവരണം
മൂന്നാം ശില്പത്തിൽ ആചാര്യൻ ഭാഷാസന്ധിയെപ്പറ്റി മാത്രമാകുന്നു വിവരിക്കുന്നതു്. അദ്ദേഹം ഉപദേശിക്കുന്ന ചില നിയമങ്ങൾ പ്രത്യേകം ശ്രദ്ധേയങ്ങളാണു്. (1) ‘ദധ്യന്നം’ എന്ന സംസ്കൃതപദത്തിൽ കാണുന്ന യകാരം ആദേശവും, ‘ആനയതു്’ എന്നതിലെ യകാരം വിസന്ധിദോഷം പരിഹരിയ്ക്കുന്നതിനുവേണ്ടി ചേർക്കുന്ന ആഗമവുമാണു്. (2) വകാരാന്തങ്ങളായി ‘അവ്’ ‘ഇവ്’ ‘ഉവ്’ ഇങ്ങനെ മൂന്നു ഭാഷാപദങ്ങളേയുള്ളു. അവയിൽതന്നെ ഉവ് (സമീപത്തുള്ള ‘അവ’) പാണ്ഡ്യഭാഷാപദമത്രേ. (3) അതു് എന്നതിലെ ഉകാരം അർദ്ധമാത്രികവും (തമിഴിൽ ഇതിനു കുറ്റിയലുകാരമെന്നു പേർ) ‘മറു’ എന്നതിലേതു് ഏകമാത്രികവുമാണു്. റ്, ട്, ഇവയിലെ കുറ്റിയിലുകാരത്തിനുശേഷം സ്വരം വന്നാൽ ആ റകാരടകാരങ്ങൾ ഇരട്ടിയ്ക്കും. ഉദാഹരണങ്ങൾ, ആറ്റകം, നാട്ടകം. നന്നൂലിൽ (183) ഈ ദ്വിത്വം പ്രായേണ വരുമെന്നേ പറയുന്നുള്ളു. കാടകം, മിടറണിയൽ, ഇവയെ ഭവണന്ദി പ്രത്യുദാഹരണമായി കാണിക്കുന്നു. ഇങ്ങനെ ചില സന്ധികൾ ഭാഷയിലുമുണ്ടായിരുന്നിരിക്കണം; ആചാര്യൻ വളരെ മിതഭാഷിയാകയാൽ അവയെപ്പറ്റി ഒന്നും പറയുന്നില്ല. (4) മാ, പൂ എന്നീ ശബ്ദങ്ങൾ മാവിന്റേയും പൂവിന്റേയും വാചകങ്ങളാണു്. അതുകൊണ്ടു് മാന്തോൽ, മാമ്പൂ, പൂന്തേൻ, പൂമ്പൊയ്ക ഇവയിൽ പിൻവരുന്ന കാദികളുടെ വർഗ്ഗപഞ്ചമങ്ങൾ ആഗമങ്ങളാകുന്നു. (5) ഩകാര ണകാരങ്ങൾക്കു പകരമായി ക, ച, ഞ, പ, മ, യ, വ ഇവയിലൊരു വ്യഞ്ജനം വന്നാൽ യാതൊരു വികാരവും സംഭവിക്കുന്നതല്ല. ഉദാ: പൊന്മല, മൺകുടം, മട്ക്കുടം, മട്തൂത ഇവ തമിഴ്പ്പദങ്ങളാകുന്നു. ആദികാലത്തു പൊന്മല, മൺകുടം ഇവതന്നെയായിരുന്നു രൂപങ്ങൾ എന്നു ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. (6) ണകാരത്തിൽ നിന്നു പരമായ തകാരം ടകാരമാകും. ഉദാ: മൺതീതു് = മണ്ടീതു്, എണ്ടിച, തണ്ടാർ മുതലായ പദങ്ങളും ഈ സൂത്രത്തിന്റെ വ്യാപ്തിയിൽ പെടുമെന്നു നാം ഓർമ്മിക്കണം. (7) ളകാരത്തിനും ണകാരത്തിനും പരമായ നകാരത്തിനു് ണകാരം ആദേശമായിവരും. ഉദാ: മുൾ + നൻറു = മുൺ + നൻറു = മുണ്ണൻറു്. തമിഴിൽ ‘കുറിലണൈ’ (210) ഇത്യാദി നന്നൂൽ സൂത്രമനുസരിച്ചു തൂൺ + നൻറു എന്നതു തൂണൻറു എന്നും പചുമൺ + നൻറു എന്നതു് പചുമണൻറു എന്നും മാറും. ആ സന്ധികാര്യം മലയാളത്തിലുണ്ടായിരുന്നു എന്നു് ആചാര്യൻ നമ്മെ ‘ദീർഘാണ്ണോ ണേ ലോപഃ’ (iii–21) എന്ന സൂത്രത്തിൽ പഠിപ്പിക്കുന്നു. വാണ്ണൻറു, വാണൻറു ആകുമെന്നും നീണാളിന്റെ ആഗമവും അതുപോലെ തന്നെയെന്നും അദ്ദേഹം പറയുന്നു. ചിലപ്പോൾ ഹ്രസ്വത്തിനു ശേഷമുള്ള ണകാരവും ലോപിക്കുമെന്നുള്ളതിനു് അവൾ + നില = അവണില, വേദങ്ങൾ + നാലും = വേദങ്ങണാലും ഈ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, വാഴ് + നാൾ വാണാളാകുന്നതു പ്രയോഗമനുസരിച്ചെന്നാകുന്നു അദ്ദേഹം പറയുന്നതു്. തമിഴിലും വാണാളിന്റെ ആഗമത്തിനു ‘ചിറപ്പുവിധി’ വിശേഷവിധി കാണുന്നില്ല. (8) ക്വചില്ലോപഃ (ii–19) എന്ന സൂത്രത്തിൽ കരുമ്പു + വില്ലൻ = കരുപ്പുവില്ലൻ, പിരമ്പു + കാരൻ = പിരപ്പുകാരൻ എന്നീ ഉദാഹരണങ്ങൾ അന്തർഭവിച്ചതു ശരിയാണോ എന്നു ഞാൻ സംശയിക്കുന്നു. മകാരം തന്നെയാണു് ആ പദങ്ങളിൽ ലോപിക്കുന്നതെങ്കിലും അതു് ഉത്തരപദങ്ങൾ വകാര–മകാരങ്ങൾകൊണ്ടു് ആരംഭിക്കുക നിമിത്തമല്ലല്ലോ. (9) ലനയോഃ കചപേഷു റഃ (iii–25) എന്ന സൂത്രം പ്രധാനമാണു്. ഩകാരത്തിനു കചപങ്ങൾ പരങ്ങളായാൽ യാതൊരു വികാരവുമുണ്ടാകുന്നതല്ലെന്നു ‘ഩണയോഃ’ ഇത്യാദി സൂത്രത്തിൽ (iii–13) വിധിച്ച ആചാര്യൻ പ്രസ്തുതസൂത്രത്തിൽ ഩകാരത്തിനുശേഷം കചപങ്ങൾ വന്നാൽ റകാരാദേശം വരുമെന്നു പറയുന്നതു് പൂർവാപരവിരുദ്ധമായി തോന്നുന്നു. പൊക്കണ്ണാടി, പൊർച്ചില, പൊർപ്പൊടി ഈ ഉദാഹരണങ്ങൾ അദ്ദേഹം പ്രകൃതത്തിൽ ഉദ്ധരിക്കുന്നതു്, സൂ: (iii–25) പ്രാചീന ഭാഷയേയും സൂ: (iii–13) ഗ്രന്ഥകാരന്റെ സമകാലികഭാഷയേയും പരാമർശിക്കുന്നതുകൊണ്ടാണെന്നു് ഊഹിക്കാം. (10) തേസ്യ ച (iii–26) എന്ന സൂത്രവും പ്രധാനം തന്നെ. ലഩങ്ങൾക്കു തകാരം പരമായാൽ ലഩങ്ങളും തകാരവും റകാരമാകുമെന്നാണു് ആ സൂത്രത്തിൽ ആചാര്യൻ വിധിക്കുന്നതു്. ഉദാ: കൽ + തളം = കറ്റളം, കോൽ + തേൻ = കോറ്റേൻ. (11) ശേഷം പ്രയോഗാൽ ജ്ഞേയം (iii–28) എന്നു് ഒടുവിൽ സന്ധിവിവരണം അവസാനിപ്പിച്ചുകൊണ്ടു് ചന്ദ്രക്കല എന്ന പദത്തിൽ ചന്ദ്രപദം ഭാഷീകൃതമായിപ്പോകകൊണ്ടാണു് കകാരത്തിനു ദ്വിത്വം വന്നതെന്നു് ഗ്രന്ഥകാരൻ നമുക്കു കാണിച്ചുതരുന്നു. [2] ചെറിയഓളം = ചിറ്റോളം; വലിയ മല = വന്മല; കൂറുള്ള വാഴയ്ക്ക = കൂറ്റുവാഴയ്ക്ക; കന്നിന്റെ വാണിയം = കറ്റുവാണിയം എന്നും മറ്റും പറയുന്നതിൽ യുക്തിഭങ്ഗമുണ്ടു്. ചിറു + ഓളം ആണു് ചിറ്റോളം; വൻ + മല = വന്മല; കന്നു + വാണിയം = കറ്റുവാണിയം; കൂറു + വാഴയ്ക്കാ = കൂറ്റുവാഴയ്ക്കാ ഇങ്ങനെ സൂക്ഷ്മസ്ഥിതി കണ്ടുകൊള്ളുക. രണ്ടും മൂന്നും ശില്പങ്ങളിലേ സൂത്രങ്ങളുടെ പൗർവാപര്യക്രമം തമിഴ്വ്യാകരണങ്ങൾ അനുസരിച്ചുതന്നെയാണു്. ഇത്രയും പ്രസ്താവിച്ചതിൽ നിന്നു് ആചാര്യനു ദ്രാവിഡവൈയാകരണന്മാരോടുള്ളകടപ്പാടു് എത്രമാത്രമുണ്ടെന്നുള്ളതു വീണ്ടും പ്രത്യക്ഷപ്പെടുന്നതാണു്. സൂത്രങ്ങൾ സംസ്കൃതത്തിലാകയാൽ അവയുടെ രചനയിൽ ‘തസ്മിന്നിതി നിർദ്ദിഷ്ടേ പൂർവസ്യ’ ‘തസ്മാദിത്യുത്തരസ്യ’ എന്നീ പാണിനീസൂത്രങ്ങൾ അനുസ്മരിക്കേണ്ടിവന്നിട്ടുണ്ടു്.

18.8നാലാംശില്പം

ദോഷാലോചനം എന്നാണു് നാലാം ശില്പത്തിന്റെ സംജ്ഞ. (1) അപശബ്ദം (2) അവാചകം (3) കഷ്ടം (4) വ്യർത്ഥം (5) അനിഷ്ടം (6) ഗ്രാമ്യം (7) പുനരുക്തം (8) പരുഷം (9) വിസന്ധി (10) രീതിധുതം (11) ന്യൂനപദം (12) അസ്ഥാനപദം (13) ക്രമഭങ്ഗം (14) യതിഭങ്ഗം (15) വൃത്തഭങ്ഗം (16) ദുർവൃത്തം (17) സാമാന്യം (18) ശുഷ്കാർത്ഥം (19) അസങ്ഗതം (20) വികാരാനുപ്രാസം; ഇങ്ങനെ ഇരുപതു കാവ്യദോഷങ്ങളെപ്പറ്റി ലീലാതിലകകാരൻ പ്രതിപാദിക്കുന്നുണ്ടു്. ഭരതൻ നാട്യശാസ്ത്രത്തിൽ പത്തും ഭാമഹൻ കാവ്യാലങ്കാരത്തിന്റെ പ്രഥമ പരിച്ഛേദത്തിൽ പത്തും ചതുർത്ഥ പരിച്ഛേദത്തിൽ പത്തുമായി മൊത്തത്തിൽ ഇരുപതും ദണ്ഡികാവ്യാദർശത്തിന്റെ തൃതീയപരിച്ഛേദത്തിൽ പത്തും ദോഷങ്ങളെ പരാമർശിക്കുന്നു. ആചാര്യൻ തന്റെ കാലത്തിനു മുമ്പുണ്ടായിട്ടുള്ള സംസ്കൃതാലങ്കാരഗ്രന്ഥങ്ങളെല്ലാം നോക്കി സ്വതന്ത്രമായ ഒരു പട്ടികയാണു് ഉണ്ടാക്കിയിട്ടുള്ളതു്. വിശ്വനാഥ കവിരാജൻ സാഹിത്യദർപ്പണത്തിൽ ചെയ്തിട്ടുള്ളതുപോലെയും മറ്റും പദദോഷങ്ങൾ, പദാംശദോഷങ്ങൾ, വാക്യദോഷങ്ങൾ, അർത്ഥദോഷങ്ങൾ, രസദോഷങ്ങൾ എന്നിങ്ങനെ ദോഷങ്ങളെ വിഭജിച്ചിട്ടില്ല; ‘പദാദിദോഷങ്ങൾ’ എന്നു മൊത്തത്തിൽ പറഞ്ഞുപോകുന്നതേയുള്ളു. അപശബ്ദദോഷത്തിനു ഭാഷയിൽ നിന്നും സംസ്കൃതത്തിൽ നിന്നും ഉദാഹരണങ്ങൾ ഉദ്ധരിച്ചിട്ടുണ്ടു്. മുകുളാർത്ഥത്തിൽ ‘മുകുൾ’ എന്നപോലെ ‘പവളം’ എന്ന അർത്ഥത്തിൽ ‘പവൾ’ എന്നു പ്രയോഗിക്കാൻ പാടില്ലെന്നു് അദ്ദേഹം ആദ്യമായി പറയുന്നു. ദിവാകരനിഘണ്ടുവിൽ “വിത്തുരുമന്തുകിർതുപ്പോടരത്തം മൊത്തപ്പിരവാളം തുവരിവൈ പവളം” എന്നിങ്ങനെയാണു് ‘പവള’ത്തിന്റെ അഭിധാനങ്ങൾ കാണുന്നതെന്നും അതുകൊണ്ടു് പവൾ എന്നൊരു പര്യായമില്ലെന്നുമാണു് അദ്ദേഹത്തിന്റെ മതം. അതു ശരിതന്നെ. ‘വന്നളവു്’ എന്നതിനു പകരം ‘വന്നൾ’ എന്നും, ‘വെളാ’ (വെളുക്കുകയില്ല) എന്നതിനുപകരം ‘വെളുവാ’ എന്നും പ്രയോഗിക്കുന്നതും തെറ്റെന്നു സമ്മതിക്കാം. എന്നാൽ ‘തുലോം’ എന്നല്ലാതെ ‘തുലവും’ എന്നു പ്രയോഗിക്കുന്നതു ശരിയല്ലെന്നു് ആചാര്യൻ പറയുന്നതിൽ അല്പം നോട്ടക്കുറവുള്ളതുപോലെ തോന്നുന്നു. തുലം എന്നാൽ ഘനം, ഏറ്റം എന്നർത്ഥം; അതിനോടു് ഉം എന്ന സമുച്ചയനിപാതം ചേർക്കുമ്പോൾ തുലവും എന്ന പദം നിഷ്പന്നമാകുന്നു. ‘തുലവും’ സങ്കുചിതമായതാണു് ‘തുലോം’. അതിനാൽ ‘സുഭ്രൂമഞ്ജരി നിന്നെ വന്നു തുലവും നാളുണ്ടു കാണാതിതു്’ എന്ന വരിയിലെ തുലവും സുശബ്ദം തന്നെയാണു്. ലീലാതിലകകാരന്റെ കാലത്തു് അതു പ്രചാരലുപ്തമായിത്തീരുകയാൽ അദ്ദേഹം ‘തുലോം’ എന്ന പദത്തിനു മാത്രമേ സാധുത്വം കല്പിക്കുന്നുള്ളു എന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. സംസ്കൃതാപശബ്ദങ്ങൾക്കു് ഉദാഹരണങ്ങളായി അദ്ദേഹം കാണിക്കുന്ന ‘അന്യാഗോത്രശ്രവണസമയേ’ എന്നതിൽ ‘അന്യ’ എന്നതു ‘സർവനാമ്നോ വൃത്തിമാത്രേ പുംവദ്ഭാവോ വക്തവ്യ’ എന്ന വാർത്തികമനുസരിച്ചു് ‘അന്യ’ എന്നേ നിൽക്കൂ എന്നും ‘മദ്ബാഹുകർണ്ണരസനേക്ഷണനാസികാനാം’ എന്നതിൽ ‘നാസികാനാം’ എന്നതു “ദ്വന്ദ്വശ്ച പ്രാണിതൂര്യസേനാങ്ഗാനാം” (പാ: ii–4–ii) എന്ന സൂത്രമനുസരിച്ചു ‘നാസികായാഃ’ എന്നു വേണമെന്നും മറ്റും ആചാര്യൻ പ്രസ്താവിക്കുന്നതു സ്വീകാര്യംതന്നെ. എന്തെന്നാൽ ആ സമസ്തപദങ്ങൾ സംസ്കൃതമാണല്ലോ. അവാചകം അപശബ്ദത്തിൽനിന്നു ഭിന്നമാണെന്നും ഏതർത്ഥത്തിൽ പ്രയോഗിക്കുന്നുവോ ആ അർത്ഥം ഗ്രഹിപ്പിക്കുന്നതിനു് അസമർത്ഥമായ പദമാണു് അവാചകമെന്നും അദ്ദേഹം പറയുന്നു. അതിനു് ‘ഈട്ടിക്കൂട്ടിയിരുട്ടുകൊണ്ടു മദനൻ നിർമ്മിച്ച പൂഞ്ചായലും’ എന്നതാണു് പ്രഥമോദാഹരണം. ചായൽ എന്ന പദം തലമുടി എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നതു ശരിയല്ലെന്നും ആ പദത്തിനു പ്രസ്തുതാർത്ഥത്തിൽ ശക്തിയോ നിഗൂഢലക്ഷണയോ ഇല്ലെന്നും പ്രയോഗമുണ്ടെന്നുവെച്ചുമാത്രം അതു സ്വീകാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തമിഴിലേ ദിവാകരാദിനിഘണ്ടുക്കളിൽ ചായലിനു തലമുടി എന്നർത്ഥമില്ലെന്നുള്ളതു ശരിതന്നെയാണു്; എന്നാൽ പ്രയോഗബാഹുല്യമുള്ള സ്ഥിതിക്കു് അതിനു് അവാചകത്വദോഷം ആരോപിക്കുവാൻ പാടുള്ളതല്ല. മലയാളത്തിൽ ആ അർത്ഥം പ്രസ്തുതശബ്ദത്തിനു വന്നുചേർന്നു എന്നുപപാദിച്ചാൽ മതിയാകുന്നതാണല്ലോ. ഇതിൽനിന്നു ആചാര്യൻ തമിഴിലെ അഭിധാനഗ്രന്ഥങ്ങളെ എത്രമാത്രം ശരണീകരിച്ചിരുന്നു എന്നു വെളിപ്പെടുന്നതാണു്. ‘ചന്ദ്രാ’, ‘നരേന്ദ്രാ’, എന്നീ സംബുദ്ധികൾക്കു പകരം ‘ചന്ദ്രനേ’, ‘നരേന്ദ്രനേ’ എന്നിങ്ങനെ പ്രയോഗിക്കുന്നതു കഷ്ടമെന്ന ദോഷത്തിൽ പെടുന്നു. കഷ്ടമെന്നാൽ കുയുക്തികൊണ്ടുമാത്രം ശരിയെന്നു സാധിക്കാവുന്നതു്. തോലന്റെ ‘നീണ്ടിട്ടിരിക്കും നയനദ്വയത്തീ’യേയും ഇതിനുദാഹരണമായി ആചാര്യൻ ഉദ്ധരിയ്ക്കുന്നു. ‘കാകുപ്പണ്ണുക’ എന്നതു ഗ്രാമ്യശബ്ദമായി ആചാര്യൻ കരുതുന്നു. എന്നാൽ “പ്രേമം തമ്മിൽ” എന്ന ശ്ലോകം രചിച്ചകാലത്തു് അതു് അഗ്രാമ്യമായിരുന്നു എന്നൂഹിക്കുവാൻ ചില പ്രാചീനകൃതികൾ പഴുതുനൽകുന്നു എന്നു നാം കണ്ടുവല്ലോ. അനുചിതവൃത്തമാണു് ദുർവൃത്തം; അതു വൃത്തഭങ്ഗത്തിൽ നിന്നു ഭിന്നമാണെന്നു പറയേണ്ടതില്ലല്ലോ. സ്വാഗതവൃത്തം കേരളഭാഷയ്ക്കു യോജിയ്ക്കുകയില്ലെന്നു് ആചാര്യൻ പറയുന്നതു് അതു പാട്ടുപോലെയുള്ള ഒരു വൃത്തമെന്നു തോന്നിപ്പോകുകകൊണ്ടായിരിക്കും. അനുപ്രാസത്തിനു യോജിപ്പില്ലാതെ വരുമ്പോളാണു് വികാരാനുപ്രാസദോഷമുണ്ടാകുന്നതു്. “എന്തുചെയ്വതു വയസ്യ പിന്നെ ഞാനന്തരങ്ഗജനു കൂത്തുകൂടിനാൽ, ചാന്തു ചിന്തിന പയോധരാന്തയാ കാന്തയാ പക മറക്കലെൻറിയേ” എന്ന ഉദാഹരണത്തിൽ ആദ്യത്തേ രണ്ടു പാദങ്ങൾ ഹ്രസ്വാക്ഷരങ്ങൾ കൊണ്ടും ഒടുവിലത്തെ രണ്ടു പാദങ്ങൾ ദീർഘാക്ഷരങ്ങൾ കൊണ്ടും ആരംഭിക്കുന്നു. “കട്ടെമ്പതുക്കുപ്പെട്ടമ്പതല്ലതു പാട്ടെൻ പതെതുകൈയിലാകാതു്” അതായതു് കട്ടെന്നതിനു പട്ടെന്നല്ലാതെ പാട്ടെന്നു് എതുകയിൽ പ്രയോഗിക്കരുതു് എന്ന തമിഴു് പ്രമാണം ആചാര്യൻ ഇതിനു് ഉപോൽബലകമായി ഉദ്ധരിച്ചു പ്രസ്തുത പദ്യത്തിൽ ദൂഷകതാബീജമെന്തെന്നു വെളിപ്പെടുത്തുന്നു.

18.8.1സ്ത്രീകൾക്കു പേരിടലും രസഭങ്ഗവും
രസദോഷങ്ങളെപ്പറ്റി പ്രസ്താവിക്കുന്ന ഘട്ടത്തിൽ സ്ത്രീകൾക്കു വിജയമല, അഞ്ചിതമല, നളിനപ്പുഴ, ഇളമാൻകുളം, പൂന്തേൻകുളം, ചെൽവഞ്ചിറ ഇങ്ങനെ കവികൾ ശ്ലോകമുണ്ടാക്കുമ്പോൾ പേരിടുന്നു എന്നും, അതു കുലത്തിന്റേയോ ദേശത്തിന്റേയോ ഗൃഹത്തിന്റേയോ പേരായി വരാമെന്നും മല എന്നു പറഞ്ഞാൽ സ്ത്രീത്വം തോന്നുന്നില്ലെന്നും പുതിയ പേരിടുകയാണെങ്കിൽ അതു മുമ്പുള്ള പേരിനേക്കാൾ ലളിതവും രസോചിതവുമായിരിക്കണമെന്നും ചിരിതേവി, നങ്ങ, നാരണി മുതലായ പേരുകൾക്കു ദോഷമൊന്നുമില്ലായ്കയാൽ പുതിയ പേരിടേണ്ട ആവശ്യകത തന്നെയില്ലെന്നും ആചാര്യൻ പറയുന്നു. അത്തരത്തിൽ ഒരു നാമകരണഭ്രാന്തു് അദ്ദേഹത്തിന്റെ കാലത്തു വളരെ വർദ്ധിച്ചിരുന്നു എന്നു് ഈ പ്രസ്താവനയിൽനിന്നു വിശദമാകുന്നുണ്ടു്. ഉണ്ണിയാടിക്കു മാരമാല എന്നുമൊരു പേരുണ്ടായിരുന്നതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. അതു കവികൾ സമ്മാനിച്ചതായല്ലാതെ വരുവാൻ തരമില്ല; പണ്ടു പാദാനുപ്രാസത്തിൽ (എതുകയിൽ) മണിപ്രവാളകവികൾ നിഷ്കർഷ വച്ചിരുന്നില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ കാലത്തു് അതു് ഒഴിച്ചുകൂടാത്തതായിത്തീർന്നു കഴിഞ്ഞിരുന്നുവെന്നും കൂടി പ്രസ്തുത ശില്പത്തിൽ സൂചനയുണ്ടു്.

18.9അഞ്ചാംശില്പം

അഞ്ചാം ശില്പത്തിന്റെ പേർ ഗുണനിരൂപണം എന്നാണു്. ശ്ലേഷം, മാധുര്യം, പ്രസാദം, സമത എന്നീ നാലു ഗുണങ്ങളെയാണു് ലീലാതിലകകാരൻ സ്വീകരിയ്ക്കുന്നതു്. ഭരതന്റെ കാലംതുടങ്ങി സംസ്കൃതാലങ്കാരികന്മാർ ഗുണങ്ങൾ പത്തെന്നാണു് ഗണിച്ചിരുന്നതു്. “ശ്ലേഷഃ പ്രസാദസ്സമതാ മാധുര്യം സുകുമാരതാ അർത്ഥവ്യക്തിരുദാരത്വമോജഃ കാന്തിസമാധയഃ ഇതി വൈദർഭമാർഗ്ഗസ്യ പ്രാണാ ദശഗുണാസ്മൃതാഃ” എന്നു് ആചാര്യദണ്ഡി കാവ്യാദർശത്തിന്റെ പ്രഥമപരിച്ഛേദത്തിൽ ഈ വസ്തുത വ്യക്തമായി പ്രസ്താവിക്കുന്നു. വാമനൻ കാവ്യാലങ്കാരസൂത്രങ്ങളിൽ അവയെത്തന്നെ പത്തു ശബ്ദഗുണങ്ങളും പത്തു് അർത്ഥഗുണങ്ങളുമാക്കി വികസിപ്പിക്കുന്നു. “മാധുര്യൗജഃപ്രസാദാഖ്യാസ്ത്രയസ്തേ ന പുനർദ്ദശ” എന്നു മമ്മടഭട്ടൻ കാവ്യപ്രകാശത്തിൽ അവയെ മൂന്നായി ചുരുക്കുന്നു. അർത്ഥഗുണങ്ങളെന്നൊരു വകയില്ലെന്നാണു് അദ്ദേഹത്തിന്റെ മതം. ലീലാതിലകകാരൻ അർത്ഥഗുണങ്ങളുമുണ്ടെന്നുള്ള പക്ഷക്കാരനാണു്. പ്രാചീനാചാര്യന്മാരുടെ പട്ടികയിൽപ്പെട്ട ചില ഗുണങ്ങൾ മാധുര്യം, ഓജസ്സു്, പ്രസാദം, ഇവയിൽ അന്തർഭവിക്കുന്നതുകൊണ്ടും മറ്റുചിലവയിൽ ദോഷമില്ലായ്മ മാത്രം കാണുന്നതുകൊണ്ടും വേറെ ചിലവ ചിലപ്പോൾ ദോഷങ്ങളായി പരിണമിക്കുന്നതുകൊണ്ടുമാണു് മമ്മടൻ അവയെ ഉപേക്ഷിക്കുന്നതു്. “ഗുണാ മാധുര്യമോജോഥ പ്രസാദ ഇതി തേ ത്രിധാ” എന്നു വ്യവസ്ഥാപനം ചെയ്യുന്ന വിശ്വനാഥകവിരാജൻ ആ ആചാര്യനെ ഈ വിഷയത്തിൽ പൂർണ്ണമായി അനുകരിയ്ക്കുകയത്രേ ചെയ്യുന്നതു്. മണിപ്രവാളത്തിലെ ഗുണങ്ങളെ പരാമർശിക്കുന്ന ലീലാതിലകകാരൻ ഓജസ്സിനെ പ്രത്യേകമൊരു ഗുണമായി സ്വീകരിച്ചിട്ടില്ല. രസത്തിനെന്നതുപോലെ ഭാഷയ്ക്കും പ്രാധാന്യമുണ്ടായാൽ മാത്രമേ ഉത്തമ മണിപ്രവാളമാകയുള്ളു. പഞ്ചമങ്ങളൊഴികെയുള്ള വർഗ്ഗാക്ഷരങ്ങളും രേഫവും അവ ചേർന്ന സംയുക്താക്ഷരങ്ങളും ദീർഘസമാസവും ഉദ്ധതരചനയും ഓജസ്സിനു് ആവശ്യകമാണു്. അങ്ങനെ വരുമ്പോൾ ഭാഷയുടെ അംശം വളരെ ചുരുങ്ങിപ്പോകുമെന്നുള്ളതിനാലാണു് ആചാര്യൻ അതിനെ തിരസ്കരിച്ചതെന്നു പറയുന്നു. ശ്ലേഷത്തിൽ ഓജസ്സ് ഉൾപ്പെടുമെന്നു വിചാരിക്കുന്നവർ അങ്ങനെ ചെയ്യുന്നതിന്നും അദ്ദേഹത്തിനു വിരോധമില്ല. ‘ശ്ലിഷ്ടമസ്പൃഷ്ടശൈഥില്യമല്പപ്രാണാക്ഷരോത്തരം’ എന്ന ദണ്ഡിയുടെ മതത്തെത്തന്നെയാണു് ലീലാതിലകകാരനും അങ്ഗീകരിയ്ക്കുന്നതു്. മസൃണത്വമാണു് ശ്ലേഷമെന്നും അദ്ദേഹം വ്യാഖ്യാനിക്കുന്നു. ആഹ്ലാദകത്വം മാധുര്യം എന്ന മമ്മടന്റെ മാധുര്യലക്ഷണത്തെ ആചാര്യൻ അതേപടി പകർത്തുന്നു. “ശുഷ്കേന്ധനാഗ്നിവൽ സ്വച്ഛജലവൽ സഹസൈവയഃ വ്യാപ്നോത്യന്യൽ പ്രസാദോഽസൗ” എന്ന മമ്മടന്റെ പ്രസാദലക്ഷണം ചുരുക്കി “ഝടിത്യർത്ഥസമർപ്പണം പ്രസാദഃ” എന്നാണു് ആ ഗുണത്തിനു് ആചാര്യൻ നിർവ്വചനം ചെയ്തിരിക്കുന്നതു്. ‘ഝടിത്യർത്ഥസമർപ്പകപദത്വാൽ’ എന്നു പ്രതാപരുദ്രീയത്തിലും കാണുന്നുണ്ടു്. ബന്ധത്തിനു വൈഷമ്യമില്ലാതിരിക്കുകയാണു് സമത. വർണ്ണങ്ങൾ, മൃദുക്കൾ, സ്ഫുടങ്ങൾ, മിശ്രങ്ങളെന്നു മൂന്നുമാതിരിയുണ്ടെന്നും മൃദുക്കൾ അല്പപ്രാണങ്ങളും സ്ഫുടങ്ങൾ ഇതരവർണ്ണങ്ങളുമാണെന്നും മിശ്രവർണ്ണങ്ങളുടെ ബന്ധത്തെയാണു് സമതയുടെ ലക്ഷണത്തിൽ പരാമർശിച്ചിരിക്കുന്നതെന്നും ആചാര്യൻ പറയുന്നു. ‘അവൈഷമ്യേണ ഭണനം സമതാ സാ നിഗദ്യതേ’ എന്നു സമതയ്ക്കു നിർവചനം ചെയ്യുന്ന വിദ്യാനാഥന്റെ ‘വദാന്യതരുമഞ്ജരീസുരഭയഃ’ എന്ന പദ്യത്തിൽ പ്രക്രമഭങ്ഗദോഷമില്ലാത്തതുകൊണ്ടാണു് അതു സമതയ്ക്കു് ഉദാഹരണമാകുന്നതെന്നു പ്രതാപരുദ്രീയവ്യാഖ്യാതാവായ കുമാരസ്വാമി പ്രസ്താവിക്കുന്നു. മാർഗ്ഗാഭേദരൂപമായ, അതായതു് ഉപക്രമത്തിലും നിർവാഹത്തിലും ഒന്നുപോലെയുള്ള ഘടനയോടുകൂടിയിരിക്കേണ്ട, സമത ചിലപ്പോൾ ദോഷമായേയ്ക്കുമെന്നു മമ്മടഭട്ടൻ ചൂണ്ടിക്കാണിക്കുന്നു. അത്തരത്തിലുള്ള സമതയല്ല ലീലാതിലകകാരന്റെ വിവക്ഷിതമെന്നു സ്പഷ്ടമാണു് എങ്കിലും അതിനെ പ്രത്യേകമൊരു ഗുണമായി സ്വീകരിച്ചതിനുള്ള ന്യായം വ്യക്തമാകുന്നില്ല.

18.10ആറുമേഴും ശില്പങ്ങൾ

ശബ്ദാലങ്കാരവിവേചനവും അർത്ഥാലങ്കാരവിവേചനവുമാണു് ആറും ഏഴും ശില്പങ്ങൾ. ഒൻപതു്, പത്തു് എന്നു രണ്ടുല്ലാസങ്ങൾ ഈ വകയ്ക്കു മമ്മടഭട്ടനും, ഏഴു്, എട്ടു് എന്നു രണ്ടു പ്രകരണങ്ങൾ വിദ്യാനാഥനും വിനിയോഗിക്കുന്നുണ്ടു്. “ശബ്ദാർത്ഥൗ മൂർത്തിരാഖ്യാതൗ ജീവിതം വ്യങ്ഗ്യവൈഭവം ഹാരാദിവദലങ്കാരാസ്തത്രസ്യുരുപമാദയഃ” എന്ന വിദ്യാനാഥമതമനുസരിച്ചു് “ഹാരാദിവച്ഛോഭാതിശയഹേതുരലങ്കാരഃ” എന്നു ലീലാതിലകകാരൻ അലങ്കാരത്തിനു ലക്ഷണം വിധിക്കുന്നു. മോനയ്ക്കു് ആചാര്യൻ നൽകുന്ന പേർ മുഖാനുപ്രാസമെന്നാണു്. പാദാനുപ്രാസത്തെ (എതുകയെ) പ്പറ്റി മുൻപു പറഞ്ഞുകഴിഞ്ഞു. രണ്ടോ അധികമോ വർണ്ണങ്ങളുടെ ആവർത്തനത്തിനു വർണ്ണാനുപ്രാസമെന്നു പേർ. ഭാഷയിൽത്തന്നെ നാനാർത്ഥമായ ഒരു പദം വേണ്ടവിധത്തിൽ പ്രയോഗിച്ചാൽ (‘കലാവിദ്യകളും കാവും വല്ലിയാലിതമുള്ളതു്’ എന്ന മാതിരി പ്രയോഗിച്ചാൽ) ഉത്തമശ്ലേഷവും, ഒരിടത്തു ഭാഷയ്ക്കും മറ്റൊരിടത്തു സംസ്കൃതത്തിനും നാനാർത്ഥത്വം കല്പിച്ചു് ഐകരൂപ്യം വരുത്തിയാൽ മധ്യമശ്ലേഷവും സംസ്കൃതത്തിൽ മാത്രമുള്ള നാനാർത്ഥപദം പ്രയോഗിച്ചാൽ അതു് അധമശ്ലേഷവുമാണെന്നത്രേ ആചാര്യന്റെ അഭിപ്രായം. (1) ഉപമ, (2) ഉപമേയോപമ, (3) സ്മരണം, (4) രൂപകം, (5) സംശയം, (6) ഭ്രാന്തി, (7) അപഹ്നുതി, (8) വ്യതിരേകം, (9) ദീപകം, (10) പ്രതിവസ്തുപമ, (11) ദൃഷ്ടാന്തം, (12) ഉൽപ്രേക്ഷ, (13) അന്യാപദേശം, (14) ക്രമം, (15) ആക്ഷേപം, (16) പരിവൃത്തി, (17) ശ്ലേഷം, (18) സ്വഭാവോക്തി, (19) ഹേതു, (20) അർത്ഥാന്തരന്യാസം, (21) വിരോധം, (22) വിഭാവന, (23) വിശേഷോക്തി, (24) അസങ്ഗതി, (25) ഉദാത്തം, (26) പരിസംഖ്യ, (27) സമാധി ഇങ്ങനെ ഇരുപത്തേഴു് അർത്ഥാലങ്കാരങ്ങളെപ്പറ്റി അദ്ദേഹം വിവേചനം ചെയ്യുന്നുണ്ടു്. ഉപമയിൽ അന്തർഭവിപ്പിച്ചു് ലുപ്തോപമ, രശനോപമ, കല്പിതോപമ ഇവയേയും ഉദാഹരിക്കുന്നു. ‘പരിസംഖ്യാദയഃ’ എന്ന സൂത്രത്തിലെ ആദിശബ്ദംകൊണ്ടു് അർത്ഥാപത്തി മുതലായ അലങ്കാരങ്ങളെക്കൂടി ഗ്രഹിക്കേണ്ടതാണെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ടു്. സംസ്കൃതകാവ്യലക്ഷണഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുള്ളതുതന്നെയാണു് മണിപ്രവാളകാവ്യലക്ഷണത്തിലും വരുന്നതെന്നു് അഭിപ്രായപ്പെടുന്നതിൽനിന്നു് ആ വിഷയത്തിൽ ആചാര്യൻ അന്യഭാഷാലങ്കാരികന്മാർക്കു വിധേയനായിട്ടില്ലെന്നു വിശദമാകുന്നു. അനന്വയം മണിപ്രവാളത്തിൽ വളരെ വിരളമായേ കാണുകയുള്ളു എന്നും നിദർശനയ്ക്കും ദൃഷ്ടാന്തത്തിനും ഭേദം സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും കൂടി പ്രാസങ്ഗികമായി അദ്ദേഹം അഭിപ്രായപ്പെടുന്നു. ലീലാതിലകത്തിൽ ഗ്രന്ഥകാരൻ അലങ്കാരങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളതു് യാതൊരു പൂർവസൂരിയേയും അനുകരിച്ചാണെന്നു തോന്നുന്നില്ല. ആ വിഷയത്തിൽ വല്ല കടപ്പാടുമുണ്ടെങ്കിൽ അതു് രുയ്യകന്റെ അലങ്കാരസൂത്രത്തോടാണെന്നു വേണമെങ്കിൽ പറയാം.

18.11എട്ടാം ശില്പം

രസപ്രകരണമാണു് അഷ്ടമശില്പം. ‘മണിപ്രവാളജീവിതം വ്യങ്ഗ്യം’ എന്നു വിദ്യാനാഥനെ പിൻതുടർന്നു ലീലാതിലകകാരൻ വ്യങ്ഗ്യത്തെ പ്രശംസിക്കുന്നു. അഭിധ, ലക്ഷണ, താൽപര്യം എന്നീ മൂന്നു ശബ്ദവൃത്തികൾക്കു പുറമേയാണു് വ്യഞ്ജനയെന്നു് അദ്ദേഹം പ്രസ്താവിക്കുന്നു. താൽപര്യത്തെ പ്രത്യേകമായൊരു വൃത്തിയായി സ്വീകരിക്കുന്നതു് അഭിഹിതാർത്ഥവാദികളെന്നു പറയുന്ന ഒരു കൂട്ടം മീമാംസകന്മാരാണു്. അന്വിതാഭിധാനവാദികൾ ആ മതം അങ്ഗീകരിക്കുന്നില്ല. ലോചനകാരന്റെ കാലം (ക്രി. പി. ഒൻപതാംശതകം) മുതല്ക്കു് അഭിധ, ലക്ഷണ, വ്യഞ്ജന ഈ മൂന്നു ശബ്ദവ്യാപാരങ്ങളെമാത്രമേ ആലങ്കാരികന്മാർ സാമാന്യേന പരിഗണിക്കാറുള്ളു. താൽപര്യം വ്യഞ്ജനാവൃത്തിയിൽ അന്തർഭവിക്കുന്നു എന്നാണു് അവരുടെ പക്ഷം. ‘താൽപര്യാർത്ഥോപി കേഷുചിൽ’ എന്നു മമ്മടഭട്ടൻ അഭിഹിതാന്വയവാദികളുടെ മതത്തെ നാമമാത്രമായി സ്മരിക്കുന്നില്ലെന്നില്ല. വ്യങ്ഗ്യം, വസ്തു, അലങ്കാരം ഇങ്ങനെ രസം മൂന്നുവഴിക്കുണ്ടാകാമെന്നു് ഉപന്യസിച്ചു ലീലാതിലകകാരൻ രസനിരൂപണത്തിനു് ഉപക്രമിക്കുകയും ശാന്തത്തെക്കൂടി ഉൾപ്പെടുത്തി രസങ്ങൾ ഒൻപതാണെന്നു നിർണ്ണയിക്കുകയും ചെയ്യുന്നു. മമ്മടഭട്ടൻ ശാന്തത്തെ രസത്വേന സ്വീകരിക്കുന്നില്ല. ‘അഷ്ടൗനാട്യേ രസാഃ സ്മൃതാഃ’ എന്നാണു് അദ്ദേഹത്തിന്റെ സിദ്ധാന്തം. കാവ്യപ്രകാശവ്യാഖ്യാതാവായ ഗോവിന്ദഠക്കുരൻ കാവ്യമാത്രഗോചരമായി ശാന്തരസമുണ്ടാകാമെന്നു പറയുന്നു. എന്നാൽ മമ്മടന്റെ പൂർവ്വഗാമിയായ ഉൽഭടൻ “ശൃങ്ഗാരഹാസ്യ കരുണാ രൗദ്രവീരഭയാനകാഃ ബീഭത്സാത്ഭുതശാന്താശ്ച നവ നാട്യേ രസാഃസ്മൃതാഃ” എന്നും പ്രസ്താവിക്കുന്നുണ്ടു്. “ശൃങ്ഗാരഹാസ്യ കരുണാ രൗദ്രവീരഭയാനകാഃ ബീഭത്സാത്ഭുതശാന്താശ്ച രസാഃ പൂർവൈരുദാഹൃതാഃ” എന്നിങ്ങനെ ഒൻപതു രസങ്ങളെ വിദ്യാനാഥനും അങ്ഗീകരിക്കുന്നു. “രതിർഹാസശ്ചശോകശ്ച ക്രോധോത്സാഹൗ ഭയം തഥാ ജുഹുപ്സാവിസ്മയശമാഃ സ്ഥായിഭാവാ നവ ക്രമാൽ” എന്നു വിദ്യാനാഥമതത്തെത്തന്നെയാണു് പ്രായേണ ലീലാതിലകകാരനും അനുവർത്തിക്കുന്നതു്. ശമത്തിനു പകരം നിർവേദമാണു് ശാന്തത്തിന്റെ സ്ഥായിഭാവമെന്നു് ഉപന്യസിച്ചിട്ടു ശമത്തിനു കാരണം നിർവേദമാകകൊണ്ടു് അങ്ങനെ പറഞ്ഞതാണെന്നു തന്റെ ആശയം വെളിവാക്കുന്നുമുണ്ടു്. മമ്മടന്റെ പക്ഷത്തിൽ നിർവേദം വ്യഭിചാരിഭാവം മാത്രമാണു്. ഒടുവിൽ വീരശൃങ്ഗാരങ്ങൾക്കുള്ള ഉല്ക്കർഷത്തെ നമ്മുടെ ആചാര്യൻ “ദേവന്മാരിൽ മഹേന്ദ്രനെന്നപോലെ ഈ രസങ്ങളിൽ വീരമാണു് പ്രധാനം; ഭഗവാൻ പുണ്ഡരീകാക്ഷനെന്നപോലെ അതിലും പ്രധാനമാണു് ശൃങ്ഗാരം.” എന്നു ചിത്രീകരിച്ചിട്ടു രസപ്രകരണം അവസാനിപ്പിക്കുന്നു.

18.12ഉപസംഹാരം

നാലഞ്ചു ശതവർഷങ്ങളിൽ മണിപ്രവാളകാവ്യങ്ങൾ ധാരാളമായി ആവിർഭവിച്ചപ്പോൾ യഥാർത്ഥ മണിപ്രവാളത്തിന്റെ സ്വരൂപം ജനങ്ങളെ മനസ്സിലാക്കുന്നതിനും അജ്ഞതകൊണ്ടോ ഉച്ഛൃംഖലതകൊണ്ടോ അപഥ സഞ്ചാരം ചെയ്യുന്ന കവികളെ നിയന്ത്രിക്കുന്നതിനുമുള്ള ആവശ്യം സാഹിത്യാചാര്യന്മാർക്കു നേരിട്ടു. ആ ആവശ്യം ലീലാതിലകകാരൻ യഥാവിധി നിർവഹിച്ചു. സാഹിത്യ വിഷയത്തിൽ കാവ്യപ്രകാശം, സാഹിത്യദർപ്പണം മുതലായ ഗ്രന്ഥങ്ങൾക്കുള്ള പരിപൂർണ്ണത ലീലാതിലകത്തിനുണ്ടെന്നു് പറഞ്ഞു കൂടുന്നതല്ല; പല വിഷയങ്ങളേയും അദ്ദേഹം സ്പർശിക്കുക മാത്രമേ ചെയ്തിട്ടുളളു. അനേകം അംശങ്ങൾ അപാങ്ഗാവലോകത്തിനുപോലും പാത്രീഭവിച്ചിട്ടില്ല. വ്യാകരണസംബന്ധമായി അദ്ദേഹം ചെയ്തിട്ടുള്ള ചർച്ചകൾ അതിലും ഹ്രസ്വങ്ങളാണു്. എങ്കിലും പരിണതപ്രജ്ഞനും പണ്ഡിതമൂർദ്ധന്യനുമായ ആ മഹാത്മാവു കൈരളിയെ ഇത്തരത്തിൽ ഒരു ലക്ഷണഗ്രന്ഥനിർമ്മിതിയാൽ അനുഗ്രഹിച്ചതു നമുക്കു് ഏറ്റവും ചാരിതാർത്ഥ്യജനകമാകുന്നു. “അനാദീനവർണ്ണാഢ്യം ചാരുശില്പസമുജ്ജ്വലം ലീലാതിലകമാഭാതി ഭാരത്യാഃ ഫാലഭൂഷണം” എന്ന് ഒടുവിൽ എഴുതിച്ചേർത്തിട്ടുള്ള പ്രശസ്തി ഗ്രന്ഥകാരന്റേതു തന്നെയായിരിക്കണം; അതിൽ അത്യുക്തിയുടേയോ അളീകവചനത്തിന്റേയോ നിഴലാട്ടം അശേഷമില്ല. സർവതന്ത്രസ്വതന്ത്രനായ ആ പരമോപകർത്താവിനെ കേരളീയർ അവരുടെ നാടും ഭാഷയും ഉള്ള കാലത്തോളം സഭക്തി ബഹുമാനം സ്മരിക്കുന്നതാണു്.

18.13അലങ്കാരസംക്ഷേപം

18.13.1പേർ
നമുക്കു് അസമഗ്രമായെങ്കിലും ഈയിടയ്ക്കു ലഭിച്ചിട്ടുള്ള മറ്റൊരു മണിപ്രവാളശാസ്ത്രഗ്രന്ഥമാകുന്നു അലങ്കാരസംക്ഷേപം. അപൂർണ്ണമാകയാൽ ഗ്രന്ഥത്തിന്റെ സംജ്ഞയെന്തെന്നു സൂക്ഷ്മമായറിവാൻ നിവൃത്തിയില്ലെങ്കിലും “അർത്ഥാലങ്കാരസംക്ഷേപഃ ക്രിയതേഽതഃ പരം മയാ” എന്നു് ഒരു കാരികയിൽ കാണുന്ന സൂചനയെ ആസ്പദമാക്കി അതിനു് അലങ്കാരസംക്ഷേപമെന്നു പേർ കല്പിക്കാവുന്നതാണു്.

18.13.2പ്രതിപാദനരീതി
സൂത്രം, ഉദാഹരണം, വൃത്തി എന്നിങ്ങനെയാണല്ലോ ലീലാതിലകത്തിലെ പ്രതിപാദനരീതി. സൂത്രത്തിനു പകരം കാരികയാണു് അലങ്കാരസംക്ഷേപകാരൻ പ്രയോഗിച്ചിരിക്കുന്നതു്. കാരികയും ഉദാഹരണവും മണിപ്രവാളത്തിലും വൃത്തി സംസ്കൃതത്തിലും രചിക്കണമെന്നാണു് അദ്ദേഹത്തിന്റെ അഭിസന്ധി എങ്കിലും പലപ്പോഴും കാരികയും ഉദാഹരണവുംകൂടി സംസ്കൃതനിബദ്ധമായിപ്പോകുന്നു. ഉദാഹരണങ്ങളിൽ അനേകം നല്ല ശ്ലോകങ്ങളുണ്ടെങ്കിലും ഏതാനും ചില ശ്ലോകങ്ങൾ ഗുണഭൂയിഷ്ഠങ്ങളല്ലെന്നും പറയേണ്ടിയിരിക്കുന്നു. വൃത്തിയിലാണു് ആചാര്യൻ തന്റെ പാണ്ഡിത്യം മുഴുവൻ പ്രകടിപ്പിച്ചിരിക്കുന്നതു്. അദ്ദേഹം ഒരു വിശിഷ്ടനായ ആലങ്കാരികനായിരുന്നു എന്നുള്ളതിനു സന്ദേഹമില്ല. വ്യക്തിവിവേകകാരനെ ഒരവസരത്തിൽ സ്മരിക്കുന്നു; ‘ആബദ്ധപ്രചുരപരാർദ്ധ്യ കിങ്കിണീകഃ’ എന്ന ശ്ലോകം മാഘം അഷ്ടമസർഗ്ഗത്തിൽനിന്നും ‘അഹോ കേനേദൃശീ ബുദ്ധിഃ’ എന്നും ‘വക്ത്രസ്യന്ദിസ്വേദബിന്ദുപ്രബന്ധൈഃ’ എന്നും ‘സങ്കേതകാലമനസം വിടം ജ്ഞാത്വാ വിദഗ്ദ്ധയാ’ എന്നുമുള്ള ശ്ലോകങ്ങൾ കാവ്യപ്രകാശം നവമദശമോല്ലാസങ്ങളിൽനിന്നും ഉദ്ധരിക്കുന്നു. വേറേയും അദ്ദേഹത്തിന്റെ പരിനിഷ്ഠിതമായ അലങ്കാരനദീഷ്ണതയ്ക്കു പല ഉദാഹരണങ്ങൾ അഭിജ്ഞന്മാർക്കു് ദൃശ്യങ്ങളാണു്.

18.13.3വിഷയം
ശബ്ദാലങ്കാരങ്ങളേയും അർത്ഥാലങ്കാരങ്ങളേയുംപറ്റി മാത്രമേ ആചാര്യൻ പ്രസ്തുതഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുള്ളു. ശബ്ദാലങ്കാരങ്ങളിൽ (1) ഛേകാനുപ്രാസം (2) വൃത്ത്യനുപ്രാസം (3) ലാടാനുപ്രാസം (4) യമകം (5) പുനരുക്തവദാഭാസം ഇവയെ അദ്ദേഹം സ്വീകരിക്കുന്നു. “ചിത്രാണാം നീരസത്വംകൊണ്ടത്ര നൈവ നിരൂപണം” എന്നു പറഞ്ഞു ചിത്രത്തെ പരിത്യജിക്കുന്നു. അർത്ഥാലങ്കാരങ്ങളിൽ അദ്ദേഹത്തിന്റെ ദൃഷ്ടി യഥാക്രമം(1) ഉപമ (2) അനന്വയം (3) ഉപമേയോപമ (4) സ്മരണം (5) രൂപകം (6) സന്ദേഹം (7) ഭ്രാന്തിമാൻ (8)അപഹ്നുതി (9) ഉൽപ്രേക്ഷ (10) അതിശയോക്തി (11) ദീപകം (12) ദൃഷ്ടാന്തം (13) നിദർശന (14) വ്യതിരേകം (15) സഹോക്തി (16) സമാസോക്തി (17) അപ്രസ്തുതപ്രശംസ (18) അർത്ഥാന്തരന്യാസം (19) വക്രോക്തി (20) വിരോധാഭാസം (21) അസങ്ഗതി (22) വിഭാവന (23) വിശേഷോക്തി (24) വ്യാജസ്തുതി (25) പരിസംഖ്യ (26) സൂക്ഷ്മം (27) വ്യാജോക്തി (28) ശ്ലേഷം (29) വക്രോക്തി എന്നിവയിൽ പതിഞ്ഞിരിക്കുന്നു. ഇതരാലങ്കാരങ്ങളെ ആചാര്യൻ പരാമർശിച്ചിട്ടുണ്ടോ എന്നു നിർണ്ണയിക്കുവാൻ തരമില്ല. ലീലാതിലകത്തിൽ ഇരുപത്തേഴു് അർത്ഥാലങ്കാരങ്ങളെ മാത്രമേ സ്പർശിച്ചിട്ടുള്ളു എന്നു മുൻപു നിർദ്ദേശിച്ചുവല്ലോ. രൂപകം, ഉൽപ്രേക്ഷ, അതിശയോക്തി മുതലായ ചില അലങ്കാരങ്ങളെ സപ്രഭേദമായാണു് പ്രതിപാദിക്കുന്നതു്.

18.13.4കാലം
ആചാര്യൻ അജ്ഞാതനാമാവാണു്. കാലത്തെപ്പറ്റി ഖണ്ഡിച്ചു് ഒന്നും പറയുവാൻ നിർവാഹമില്ല. രവിവർമ്മ മഹാരാജാവിനെപ്പറ്റി ഇരുപതോളം ശ്ലോകങ്ങൾ അവിടവിടെയായി ഉദ്ധരിച്ചു ചേർത്തിട്ടുണ്ടു്. എല്ലാം സംസ്കൃതശ്ലോകങ്ങളാണു്. ‘നൃപരാജ’ എന്നു് അദ്ദേഹത്തെ ഒരു ഘട്ടത്തിൽ അഭിസംബോധനം ചെയ്തിരിക്കുന്നതു നോക്കുമ്പോൾ രാജരാജപരമായി ഒരു ശ്ലോകം കാണുന്നതും അദ്ദേഹത്തെപ്പറ്റിയാണെന്നു് അനുമാനിക്കാം. ആ മഹാരാജാവിനെ പ്രശസ്തനായ ഒരു യോദ്ധാവായും വിദ്വൽപ്രിയനായും വിതരണശീലനായുമാണു് ആ ശ്ലോകങ്ങളിൽ പ്രകീർത്തനം ചെയ്തിട്ടുള്ളതു്. മാതൃക കാണിക്കുവാൻ അവയിൽനിന്നു് അഞ്ചെണ്ണം ഉദ്ധരിക്കട്ടെ.

“രവിവർമ്മനരേന്ദ്രപാലിതാനാ
മനുകൂലാഃ പരിപന്ഥിനോ ജനാനാം;
രവിവർമ്മനരേന്ദ്രവൈരഭാജാ
മനുകൂലാഃ പരിപന്ഥിനോ ജനാനാം.”(ലാടാനുപ്രാസം)

“ഗുണൈർല്ലോകോത്തരൈസ്തൈസ്തൈഃ കീർത്തിം വിതനുതേതരാം,
രവിവർമ്മമഹീപാല! ഭവാനിവ ഭവാൻ പ്രഭോ!”(അനന്വയം)

“കല്പദ്രുമഃ കിമയമാശ്രിതമർത്ത്യലോകഃ,
ക്രീഡാഗൃഹീതമധുരാകൃതിരങ്ഗജന്മാ,
സാക്ഷാൽ പുരാരിരഥവേതി ഗുണൗഘശാലീ
ഡോളായതേ ഹൃദി നൃണാം രവിവർമ്മഭൂപഃ”(സന്ദേഹം)

“കഥയാപി വിലജ്ജതേ ഭവാൻ
നിജയേതി വ്യഥയേവ ഗാഹതേ
രവിവർമ്മമഹീപതേ! ഭവദ്
ഗുണസാർത്ഥസ്സകലോ ദിഗന്തരം.”(ഹേതൂൽപ്രേക്ഷ)

“ആശ്ചര്യം രിപുസുദൃശാം സ്തനതടപതിതാഭിരശ്രുധാരാഭിഃ
നിർവാതി ജ്വലിതമിദം രവിവർമ്മാനരേന്ദ്ര! തേ ഹൃദയം.”(അസങ്ഗതി)
ഈ ശ്ലോകങ്ങളെല്ലാം കൊല്ലത്തേ സങ്ഗ്രാമധീരരവിവർമ്മ ചക്രവർത്തിയെപ്പറ്റിയാണെങ്കിൽ ആചാര്യൻ കൊല്ലം ആറാം ശതകത്തിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കാം. എന്നാൽ അതിനു തെളിവുപോരാതെയാണിരിക്കുന്നുതു്. രവിവർമ്മാവിനെക്കൂടാതെ, രാമവർമ്മാവെന്നൊരു മഹാരാജാവിനേയും കോഴിക്കോട്ടേ മാനവിക്രമനാമധേയനായ ഒരു സാമൂതിരിപ്പാടിനേയും പറ്റി ഈരണ്ടു ശ്ലോകങ്ങൾ കാണുന്നു. രാമവർമ്മാവിനെപ്പറ്റിയുള്ള ഒരു ശ്ലോകവും സാമൂതിരിയെപ്പറ്റിയുള്ള രണ്ടു ശ്ലോകങ്ങളും അടിയിൽ പകർത്താം.

“ശ്രീരാമവർമ്മനൃപതൗ പരിപാതി മഹീതലം,
വിഷാദീ മദനാരാതിർഗ്രഹാസ്സൽപഥലംഘിനഃ.”(പരിസംഖ്യ)

“സർവേഷാമധിമസ്തകം ക്ഷിതിഭൃതാം വിന്യസ്തപാദസ്തമോ
നിഘ്നന്നാശ്രിതകൈടഭാന്തകപദസ്സമ്യക്‍പ്രതാപോദയഃ
നാളീകസ്ഫുരണം തനോതി നിതരാം ജായാന്വിതോ യോന്വഹം;
സോയം സമ്പ്രതി മാനവിക്രമ! ഭവാൻ ഭാസ്വാനിവ ഭ്രാജതേ.”(ശ്ലേഷം)

“പാരാളും കല്പവൃക്ഷങ്ങളുമഹിതചകോരീദൃശാം കണ്ണുനീരും
മാരാഭാവേ രതിപ്പെൺകൊടി തടവിന താപത്തിനും ചാരുകീർത്തേ!
ആറായീ വീര! വിശ്രാണനനിപുണതയും കെല്പുമക്കാന്തിവായ്പും
വേറാകാതേ പിറന്നോരളവു ഭുവി വിഭോ! വിക്രമക്ഷ്മാപതേ! നീ.”(ശ്ലേഷം)
ഈ മാനവിക്രമൻ ഏതുകാലത്തു ജീവിച്ചിരുന്നു എന്നും രാമവർമ്മാവു് ആരെന്നുപോലും നിശ്ചയമില്ല. ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ള

“അതിശയരമണീയം രാമതേവീകണാ; നിൻ
വദനശശികളങ്കം കാന്തിനീരിൽക്കലങ്ങി”
എന്ന ശ്ലോകം അലങ്കാരസംക്ഷേപത്തിലും ഉദ്ധൃതമായിട്ടുണ്ടു്.

“ഉചിതമറിക മുന്നം നല്ലതല്ലായ്കിലെല്ലാ
മറിയുമവർകൾ ചൊന്നാൽക്കേൾക്കിലും നന്നു പിന്നെ”
എന്നും

“വല്ലോരിലും മതിയിലുളള മുഴുത്ത സങ്ഗം
നന്നല്ലപോൽ നളിനസുന്ദരി നമ്മളാർക്കു്”
എന്നുമുള്ള ശ്ലോകങ്ങൾ വൈശികതന്ത്രത്തിൽനിന്നു പകർത്തിയിരിക്കുന്നു. രാമതേവിക്കു പുറമെ, ചിത്രനീവി, കലാമണി, കെങ്കയമ്മ, രത്നവേണി, ഉത്രാടമാതു്, നാരണീനന്ദന, മാരചിന്താമണി, ലാവണ്യകേളി, രാമാമണി, മാരലേഖ, കലാവല്ലരി, പൂങ്കേതകി, എന്നിങ്ങനെ വേറേയും പല നായികമാരെപ്പറ്റിയുള്ള ചാടുശ്ലോകങ്ങളും കാണ്മാനുണ്ടു്. ‘നിർമ്മാതുർന്നിരവദ്യശില്പരചനാ’ എന്ന ശ്ലോകം ഞാൻ അന്യത്ര ഉദ്ധരിച്ചിട്ടുണ്ടു്.

“നക്ഷത്രാണാം നികായം ഗഗനമരതക
ത്തൂമലർപ്പാലികായാ
മൊക്കക്കിഞ്ചിൽപ്പരത്തിപ്പരിചൊടിത സമാ
യാതി സന്ധ്യാ ദിനാന്തേ
മൈക്കണ്ണാൾമൗലിമാലയ്ക്കിഹ മരതകമാ
ലയ്ക്കു മാലയ്ക്കു പൂവും
കൈക്കൊണ്ടെൻതോഴ! ചന്തംതടവി വരുമിള
ന്തോഴിതാനെന്നപോലെ”(ഉപമ)
എന്നും

“പ്രച്ഛന്നാത്മാ കിഴക്കേ മലയരികിലിരു
ന്നന്തിനേരം വരും പോ
ന്നുച്ചൈരെങ്ങും നടക്കു നഭസി നിജകരാ
ഗ്രേണ ജാഗ്രന്നിശായാം

ഇച്ചന്ദ്രൻ ചന്ദ്രികേ! നിൻവദനരുചി തരം
കിട്ടുകിൽക്കട്ടുകൊൾവാ
നത്രേ തണ്ടുന്നതോർത്താൽ; കുടിലത ചിലനാൾ
തത്ര കണ്ടീലയോ നീ?”
എന്നുമുള്ള ശ്ലോകങ്ങളും അശ്രുതപൂർവങ്ങളല്ല. തിരുവേക(ഗ)പ്പുറ‘ത്തമ്പുരാനെ’ (ദേവനെ) സ്തുതിക്കുന്നുണ്ടു്. ആകെക്കൂടി സൂക്ഷ്മേക്ഷികയാ പരിശോധിക്കുമ്പോൾ ഗ്രന്ഥകാരന്റെ കാലം അവിജ്ഞേയമായിത്തന്നെ അവശേഷിക്കുന്നു എന്നു സമ്മതിക്കാതെ തരമില്ല. എന്നാൽ ഉദാഹൃതങ്ങളായ മണിപ്രവാളശ്ലോകങ്ങളുടെ പഴക്കത്തിൽനിന്നു് അലങ്കാരസംക്ഷേപത്തിന്റെ നിർമ്മിതി ക്രി. പി. പതിനഞ്ചാം ശതകത്തിനു പിന്നീടല്ലെന്നു സ്ഥാപിക്കുവാൻ സാധിക്കുന്നതാണു്.

18.13.5രചനയുടെ മാതൃക
അനുപ്രാസത്തെ പരാമർശിക്കുന്ന ഒരു ഭാഗമാണു് താഴെ ഉദ്ധരിക്കുന്നതു്.

“അനേകവ്യഞ്ജനങ്ങൾക്കു സകൃൽസാമ്യമനേകധാ
ഛേകാനുപ്രാസമെന്നാഹുർവൃത്ത്യനുപ്രാസമന്യഥാ;
ഏകവ്യഞ്ജനസാദൃശ്യം നൈകസാദൃശ്യമേകധാ
അനേകത്ര്യാദിസാദൃശ്യമിങ്ങിനേ മൂന്നു ജാതി സഃ.”
തത്ര ഛേകാനുപ്രാസോ യഥാ —

“ഏണാങ്കചൂഡരമണീം, രമണീയപീന
ശ്രോണീനിരസ്തപുളിനാം, നളിനായതാക്ഷീം,
വീണാധരാ, മധികബന്ധുരബന്ധുജീവ
ശോണാധരാ, മചലരാജസുതാമുപാസേ.”
അത്ര രമണീരമണീയ ഇതി രേഫ മകാര ണകാരാത്മകസ്യ വ്യഞ്ജനസമുദായസ്യ സകൃൽ സാദൃശ്യം; ഏവമേവാസ്യപുളിനാം നളിനായതാക്ഷീമിത്യത്ര. വീണാധരാം ശോണാധരാമിത്യത്ര ച വിദ്യമാനത്വാദനേകധാത്വം വ്യഞ്ജനഗ്രഹണം സ്വരസാമ്യ സ്യാനിയതത്വബോധനാർത്ഥം. യഥാ —

“ആലോലബാലമുകുളേ ബകുളേ വിഹാരം
കോലുന്ന കോലമുരികേ [3] വരികെന്നുപാന്തേ;
ലീലാവനത്തിലിവിടെക്കമനീയശീലാ
നീലാക്ഷിനീവിമലർമാതെഴുനള്ളിനാളോ?”
അത്ര പൂർവാർദ്ധേ ഛേകാനുപ്രാസഃ. ‘കോലുന്ന കോലമുരികേ’ ഇത്യത്ര ലകാരഗതസ്യ സ്വരസ്യ മാത്രാഭേദശ്ച. അനുപ്രാസ പ്രസ്താവേ കേവലസ്വരസാമ്യമകിഞ്ചിൽകരമേവ. യഥാ —

“ഇത ദലയതി ചിത്തകാമ്പു യൂനാം
മദനനയം വിദയം വിയോഗഭാജാം,
മൃദുപവനവിധൂതചൂതവല്ലീ
കിസലയകത്രികകൊണ്ടു ചിത്രനീവീ.”
“അത്ര പ്രഥമപാദേ തകാരാദൗ ദ്വിതീയപാദേ മകരാദൗ ച വർണ്ണചതുഷ്ടയേ യദ്യപി കേവലമകാരാത്മകസ്യ സ്വരസ്യ സാമ്യം വിദ്യതേ, തഥാപി ന തദനുപ്രാസപ്രയോജകം. വിധൂതചൂവല്ലീത്യത്ര വ്യഞ്ജനസ്യാപി സാമ്യേ സ്ഫുടോഽനുപ്രാസഃ. കത്രികകൊണ്ടു ചിത്രനീവീത്യത്ര സ്വരസാമ്യം വിനാപിസ്ഫുട ഏവ.”
ഉദ്ധൃതമായ ഭാഗത്തിൽനിന്നു് ആചാര്യന്റെ വിവരണ രീതി എത്ര വിശദവും വിശ്വതോമുഖവുമെന്നു മനസ്സിലാക്കാവുന്നതാണല്ലോ. നാലഞ്ചു നല്ല മണിപ്രവാളശ്ലോകങ്ങൾകൂടി എടുത്തു കാണിക്കാതെ മുന്നോട്ടു പോകുവാൻ മനസ്സു വരുന്നില്ല.

“മൺമേലുന്മേഷിവെണ്മാലതിമലരിൽ നില
ച്ചമ്പിലച്ചമ്പകൌഘം
തന്മേൽ മേന്മേലുരുമ്മി, പ്പരമുലകിൽ വിത
ച്ചാമ്പൽതൻ പൂമ്പരാഗാൻ,
കമ്രേ നമ്രേ നവാമ്രേ തടവി വടിവിനോ
ടാഗതാനന്തിനേരം
മമ്മാ! രമ്യാങ്ഗി! സമ്മാനയ മലയസമീ
രാങ്കുരാൻ കെങ്കയമ്മേ”(അനുപ്രാസം)
“കരകലിതകുരങ്ഗം, കണ്ണിലത്യന്തപിങ്ഗം,
ചികുരഭരിതഗങ്ഗം, ചീർത്ത കാരുണ്യരങ്ഗം.
പരികലിതഭുജങ്ഗം, പർവതാപത്യസങ്ഗം,
മരുവുക ഹൃദി തുങ്ഗം, മാമകേ ശൈവമങ്ഗം”(അനുപ്രാസം)

“സിന്ദൂരം നീരസം; ചെന്തളിർ നിറമഴിയും;
കിംശുകം ഗന്ധഹീനം;
ബംബം കയ്ക്കും; കഠോരം പവഴമണി; ജപാ
പുഷ്പമോ വാടുമല്ലോ;
സന്ധ്യാമേഘം പൊടിച്ചിട്ടമൃതിലതു കുഴ
ച്ചിട്ടുരുട്ടി ക്രമത്താൽ
നീട്ടിക്കല്പിച്ചിതെന്നേ കരുതുവിതധരം
നാരണീനന്ദനായാഃ”(സ്വരൂപോൽപ്രേക്ഷ)
“നിർമ്മായപ്രണയം നിറഞ്ഞുവഴിയുംപോലേകപോലേതെളിഞ്ഞുന്മീലൽപുളകാങ്കുരാണി, ചൊരിയും ധമ്മില്ലമാലാനി, തേ,

“മമ്മാ! മന്മഥതാണ്ഡവാനി മകളേ! ഞാൻ കണ്ടുതാവൂമന
സ്സമ്മോഹേന മയങ്ങിമാകുമവലോകാന്താനി, കാന്താമണീ!”
(ഇവിടെ ധർമ്മോൽപ്രേക്ഷയില്ല)
“എങ്ങും നിർമ്മായ ചെമ്മേചിലപുളക, മയ
ച്ചഞ്ചിതം പൂന്തുകിൽച്ചാർ
ത്തങ്ഗൈരങ്ഗാനി മേളിച്ചയി! തവ ശിഥിലീ
കൃത്യ നീവീനിബന്ധം,
പൊങ്ങും പോർകൊങ്കതന്മേലിഴുകിന കളഭ
ച്ചാർത്തഴിക്കിന്ന തെക്കൻ
ഗങ്ഗാപൂരം പിറന്നോരളവു ബത! പിറ
ന്നീല പൂങ്കേതകീ ഞാൻ.”(സമാസോക്തി)
ചെറുതാണെങ്കിലും അത്യന്തം ആകർഷകമായ ഒരു അലങ്കാര നിബന്ധമാണു് പ്രസ്തുത കൃതി എന്നു സമഷ്ടിയായി പറയാം. അതു ഭാഷയ്ക്കു സമ്മാനിച്ച പണ്ഡിതപ്രവേകനേയും നാം ഹൃദയപൂർവ്വമായി അനുമോദിക്കേണ്ടതാകുന്നു.

കുറിപ്പുകൾ

1 ‘കൽ’ എന്നതിന്റെ പൂർവ്വരൂപം ‘കൺ’ അല്ലെന്നും കാൽ ആണെന്നും ഊഹിക്കുന്ന ചില പണ്ഡിതന്മാരുമുണ്ടു്.

2 ഭാഷയിൽ ശകാരസകാരങ്ങൾക്കു ദ്വിത്വം വരുന്നതു് അവയ്ക്കു തകാര ചകാരങ്ങളുമായി സാമ്യമുള്ളതുകൊണ്ടാണെന്നു് അന്യത്ര (iii–28) വിധിക്കുന്ന ആചാര്യനു ഴകാരം ളകാരംപോലെ മൂർദ്ധന്യമാകയാലാണു് വാണാൾ നീണാൾപോലെ തീർന്നതെന്നു് ഉപപാദിക്കാമായിരുന്നു.


അദ്ധ്യായം 19 - ചില ആനുഷങ്ഗിക വിഷയങ്ങൾ

19.1കേരളത്തിലേ അക്ഷരമാലകൾ

19.1.1ബ്രാഹ്മി
ഇപ്പോൾ മലയാളഭാഷ എഴുതുന്നതിനു മലയാളമക്ഷരങ്ങളേ ഉപയോഗിക്കുന്നുള്ളു. എങ്കിലും ഈ അക്ഷരമാലയല്ലായിരുന്നു ആദ്യകാലത്തു് ഇവിടെ പ്രചരിച്ചിരുന്നതു്. അന്നു കേരളത്തിൽ ഉപയോഗിച്ചിരുന്ന അക്ഷരമാലയ്ക്കു ‘വട്ടെഴുത്തു്’ എന്നു പേർ പറയുന്നു. വെട്ടെഴുത്തിന്റെ ഒരു ദുഷിച്ച രൂപമാണു് വട്ടെഴുത്തു് എന്ന സംജ്ഞ എന്നുള്ള മതം സ്വീകാര്യമല്ല. തിരുനെൽവേലിയിൽ കുറ്റാലനാഥസ്വാമിക്ഷേത്രത്തിലെ ഒരു പഴയ ശിലാലിഖിതത്തിൽ ‘വട്ടം’ എന്നുതന്നെ ഈ ലിപിയെപ്പറ്റി പ്രസ്താവിച്ചുകാണുന്നു. അതിപ്രാചീനവും ഉത്തരഭാരതത്തിൽ പ്രചുരപ്രചാരവുമായിരുന്ന ഒരക്ഷരമാലയാണു് ബ്രാഹ്മി. ഭാരതീയർ അതു് ബ്രഹ്മാവുതന്നെ കണ്ടുപിടിച്ചതാണെന്നു വിശ്വസിക്കുന്നു. വളരെ വളരെ പഴക്കമുള്ള ഒരു ലിപിയാണു് ബ്രാഹ്മിയെന്നേ ആ ഐതിഹ്യത്തിനു് അർത്ഥമുള്ളു. ക്രി. മു. 1000-ാമാണ്ടിടയ്ക്കു ഭാരതത്തിലേ വണിക്കുകൾ വ്യാപാരത്തിനുവേണ്ടി ബാബിലോണിയയിലേക്കു ധാരാളമായി പ്രയാണംചെയ്തിരുന്നു എന്നും അവിടെ ഉപയോഗിച്ചിരുന്ന സെമിറ്റിൿലിപി അവർ സ്വദേശത്തേക്കു കൊണ്ടുവന്നു എന്നും അതു വിദ്യാസമ്പന്നരായ ബ്രാഹ്മണരുടെ കൈയിൽ കിട്ടിയപ്പോൾ അവരിൽ ചില ശബ്ദശാസ്ത്രജ്ഞന്മാർ ലേഖനത്തിനു പ്രയോജകീഭവിക്കത്തക്കവിധത്തിൽ അതിനെ ചിട്ടപ്പെടുത്തി ബ്രാഹ്മിയാക്കി വികസിപ്പിച്ചു എന്നും ക്രി. മു. 500-ാമാണ്ടിനുമുമ്പു തന്നെ ആ വികാസം പരിപൂർണ്ണമായി എന്നും പ്രസ്തുതവിഷയത്തിൽ പ്രമാണപുരുഷനായ ഡോക്ടർ ബ്യൂളർ അഭിപ്രായപ്പെടുന്നു. സ്വദേശജമാണു് ബ്രാഹ്മി എന്നു വാദിക്കുന്ന ഭാരതീയ പണ്ഡിതന്മാരുണ്ടു്. ബ്രാഹ്മിയിൽനിന്നു ജനിച്ചതാണു് ദക്ഷിണഭാരത്തിൽ അനന്തരകാലങ്ങളിൽ പ്രചരിച്ചുവന്ന വട്ടെഴുത്തും, ഇന്നും പ്രചരിക്കുന്ന ആന്ധ്രകർണ്ണാടക ലിപികളും, തമിഴ് ലിപിയും ഗ്രന്ഥാക്ഷരവും മലയാള ലിപിയും.

19.1.2വട്ടെഴുത്തു്
വട്ടെഴുത്തിനു ചേരപാണ്ഡ്യലിപിയെന്നും നാനം മോനം എന്നുംകൂടി പേരുകൾ ഉണ്ടു്. ചേരപാണ്ഡ്യലിപി എന്നു പറയുന്നതു് അതിനു ചേരരാജ്യത്തിലും പാണ്ഡ്യരാജ്യത്തിലും പ്രചാരം സിദ്ധിച്ചിരുന്നതിനാലാണു്. മലയാളം അഭ്യസിക്കുവാൻ ആരംഭിക്കുമ്പോൾ എങ്ങനെ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു പഠിക്കുന്നുവോ അതുപോലെ വട്ടെഴുത്തു് അഭ്യസിക്കുവാൻ തുടങ്ങുമ്പോൾ ‘ഓം നമോ നാരായണായ’ എന്നു പഠിച്ചു വന്നിരുന്നു. ‘ന’ എന്നും ‘മോ’ എന്നം ഉള്ള അക്ഷരങ്ങളെ തമിഴിൽ ‘നാന’ മെന്നും ‘മോന’ മെന്നും വ്യവഹരിക്കുന്നു. അങ്ങനെയാണു് നാനം മോനം എന്ന പര്യായത്തിന്റെ ഉത്ഭവം. നാമോത്തു (നമോസ്തു) എന്നും അതു പഠിപ്പിക്കാറുണ്ടു്. തമിഴിൽനിന്നു പ്രമാണങ്ങൾ എഴുതുവാനും മറ്റും പ്രത്യേകമായി രൂപവല്ക്കരിച്ച ലിപിയാണു് വട്ടെഴുത്തു് എന്നു ബ്യൂളർ പറയുന്നതു യുക്തിയുക്തമായി തോന്നുന്നില്ല. അശോക ചക്രവർത്തിയുടെ ദക്ഷിണഭാരതശാസനങ്ങളിൽ നാം കാണുന്ന ബ്രാഹ്മിയിൽനിന്നു പ്രത്യേകമായി ഉണ്ടായ ഒരു ലിപിയാണു് വട്ടെഴുത്തു് എന്നാകുന്നു സിദ്ധാന്തപക്ഷം. ഏതാവൽപര്യന്തം കണ്ടുകിട്ടീട്ടുള്ള വട്ടെഴുത്തുരേഖകളിൽ അത്യന്തം പുരാതനങ്ങളായിട്ടുള്ളതു ക്രി. പി. എട്ടാം ശതകത്തിന്റെ അന്തിമപാദത്തിൽ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന ജടിലവർമ്മപരാന്തകൻ ഒന്നാമന്റെ ശിലാശാസനങ്ങളാണു്. അന്നുതന്നെ പ്രസ്തുത ലിപിക്കു സിദ്ധിച്ചിരുന്ന വികാസം പരിശോധിച്ചാൽ ക്രി. പി. 500-ാമാണ്ടിടയ്ക്കെങ്കിലും അതിന്റെ പ്രചാരം ആരംഭിച്ചിരുന്നിരിക്കണമെന്നു കാണുവാൻ കഴിയും. ആദ്യകാലത്തു ദ്രാവിഡഭാഷയ്ക്കു് ആവശ്യമുള്ള എല്ലാ അക്ഷരങ്ങളും വട്ടെഴുത്തിൽ വ്യക്തമായി എഴുതിവന്നിരുന്നു. പിന്നീടു ലേഖകന്മാർ അനവധാനത നിമിത്തം പ വ ഇവയും ക ച ഇവയും മറ്റും ഒന്നു പോലെ കുറിച്ചുതുടങ്ങി. ക്രി. പി. 17-ാം ശതകമായപ്പോൾ പ, വ, യ ന, ല, ള ഇവയ്ക്കെല്ലാം ഏകദേശം ഒരേ അക്ഷരം തന്നെ നടപ്പിലാക്കുകയും തന്നിമിത്തം വട്ടെഴുത്തുരേഖകൾ വായിക്കുന്നതിനു സാമാന്യക്കാർക്കു വലിയ വൈഷമ്യം നേരിടുകയും ചെയ്തു. മുൻപു പറഞ്ഞതുപോലെ പാണ്ഡ്യരാജ്യത്തിലും കേരളമുൾപ്പെടെയുള്ള ചേരരാജ്യത്തിലും ആണു് വട്ടെഴുത്തിനു പ്രചാരമുണ്ടായിരുന്നതു്. വിജയാലയവംശത്തിലേ സുപ്രസിദ്ധ ചോളചക്രവർത്തികളായ പ്രഥമരാജരാജനും പ്രഥമരാജേന്ദ്രനും പാണ്ഡ്യരാജ്യം കീഴടക്കിയപ്പോൾ ചോളദേശത്തിലെ ലിപിയായ തമിഴു തന്നെ അവിടെയും പരന്നുതുടങ്ങി. ക്രി. പി. 15-ാം ശതകത്തോടുകൂടി വട്ടെഴുത്തു പാണ്ഡ്യരാജ്യത്തിൽ നിന്നു് അന്തർദ്ധാനം ചെയ്തു. എന്നാൽ കേരളത്തിൽ പതിനെട്ടാം ശതകത്തിന്റെ അവസാനം വരെ അതിന്റെ ആധിപത്യത്തിനു യാതൊരു പ്രതിബന്ധവുമുണ്ടായില്ല. കോവിലകം വക എഴുത്തുകുത്തുകൾ, ഗ്രന്ഥവരികൾ, കുടിക്കു കുടി കൈമാറിവന്ന പ്രമാണങ്ങൾ ഇവയിലെ ലിപി അന്നും വട്ടെഴുത്തുതന്നെയായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ബീജാവാപത്തോടു കൂടിയാണു് അതു് കേരളത്തിൽ നാമാവശേഷമായതു് എന്നു സമഷ്ടിയായി പറയാം. അതിനുമുമ്പു മലയാളവും തമിഴും പഠിച്ചുകഴിഞ്ഞാൽ കുടിപ്പള്ളിക്കൂടത്തിൽ വിദ്യാർത്ഥികളെ ആശാന്മാർ വട്ടെഴുത്തു കൂടി ആഭ്യസിപ്പിച്ചുവന്നിരുന്നു.

19.1.3കോലെഴുത്തും മലയാഴ്മയും
വട്ടെഴുത്തിൽനിന്നു കാലാന്തരത്തിൽ കോലെഴുത്തു് എന്നു് ഒരു ലിപി ഉത്ഭവിച്ചു. സമീപകാലം വരെ അതിനു കേരളത്തിലെ മുഹമ്മദീയരുടെ ഇടയിൽ വളരെ പ്രചാരമുണ്ടായിരുന്നു. കോൽകൊണ്ടു് എഴുതുന്ന എഴുത്തിനാണു് കോലെഴുത്തു് എന്നു പേർ പറയുന്നതു്. അതിന്റെ ആകൃതിക്കു വട്ടെഴുത്തിൽ നിന്നു വളരെ വ്യാത്യാസമില്ല. അതിൽ സംവൃതോകാരത്തിനും ഏകാരത്തിനും ഓകാരത്തിനും പ്രത്യേക ചിഹ്നങ്ങളുണ്ടെന്നുള്ളതു പ്രത്യേകം സ്മർത്തവ്യമാകുന്നു. ‘മലയാഴ്മ’ ലിപിക്കു തെക്കൻ മലയാളമെന്നും പേരുണ്ടു്. അതിനു തിരുവനന്തപുരത്തും അതിനു തെക്കൊട്ടുമേ പ്രചാരമുണ്ടായിരുന്നുള്ളു. അതും വട്ടെഴുത്തിൽ നിന്നും ജനിച്ചതു തന്നെ. രണ്ടിനും തമ്മിൽ ഈഷദ്വത്യാസമേ ഉള്ളു. ഈ മൂന്നുതരം ലിപികളിൽ വെച്ചു് ഏറ്റവും സുഗമമായതു് വട്ടെഴുത്താണെന്നും കേരളം മുഴുവൻ അതിനു പ്രായേണ ഐകരൂപ്യമുണ്ടെന്നും രായസവടിവുകളോ പ്രാദേശികവ്യത്യാസങ്ങളോ അതിന്റെ പ്രയോഗത്തിൽ കാണ്മാനില്ലെന്നും, പക്ഷേ ഏ, ഓ എന്നീ അക്ഷരങ്ങളുടെ അഭാവം, സംയുക്താക്ഷരങ്ങൾ ഇല്ലാതിരിക്കൽ ഈ, ഊ എന്നീ അക്ഷരങ്ങളിൽ ‘ദീർഘ’ ചിഹ്നങ്ങളുടെ പരിത്യാഗം, ചിഹ്നത്തിന്റെ വർജ്ജനം എന്നീ ന്യൂനതകൾകൊണ്ടു് വൈഷമ്യങ്ങളുണ്ടെന്നും കോലെഴുത്തിൽ പ്രാദേശികങ്ങളായ പല രൂപഭേദങ്ങളും കാണാവുന്നതാണെന്നും മലയാഴ്മയിൽ പല രായസവടിവുകളും തമിഴു് രൂപങ്ങളും പദങ്ങൾക്കു പകരം അവയുടെ സങ്കുചിതരൂപങ്ങളും ഉള്ളതു നിമിത്തം അതു വായിക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ടെന്നും പ്രസ്തുതവിഷയത്തിൽ പല ഗവേഷണങ്ങളും നടത്തീട്ടുള്ള അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു.

19.2മലയാളലിപി

ഇന്നത്തേ മലയാളലിപിയുടെ മാതൃക ഗ്രന്ഥാക്ഷരമാണു്. ഈ ഗ്രന്ഥലിപിയും ബ്രാഹ്മിയിൽനിന്നു ജനിച്ചതുതന്നെയാണു്. ഗ്രന്ഥാക്ഷരം നാം ആദ്യമായി കാണുന്നതു ക്രി. പി. നാലും അഞ്ചും ശതകങ്ങളിൽ ജീവിച്ചിരുന്ന പല്ലവരാജാക്കന്മാരുടെ ശാസനങ്ങളിലാകുന്നു. ക്രി. പി. 7-ാം ശതകത്തിൽ പല്ലവരാജ്യം പരിപാലിച്ചിരുന്ന പ്രഥമനരസിംഹവർമ്മന്റെ ശാസനങ്ങളിലും നാം ഈ ലിപി കാണുന്നുണ്ടു്. സംസ്കൃതനിബന്ധങ്ങളും സംസ്കൃതശാസനങ്ങളും മററും പ്രസ്തുതലിപിയിലാണു് എഴുതിവന്നതു്. ഗ്രന്ഥാക്ഷരം ക്രമേണ ദക്ഷിണഭാരതം മുഴുവൻ വ്യാപിച്ചു. മണിപ്രവാള സാഹിത്യത്തിന്റെ ആവിർഭാവത്തോടുകൂടി കേരളീയർക്കു പ്രത്യേകം ഒരക്ഷരമാലയുടെ സാഹായം ആവശ്യകമായിത്തീർന്നു. ബ്രാഹ്മിയിൽ ആകെ 46 അക്ഷരങ്ങളാണുണ്ടായിരുന്നതു്. ബാക്കിയുള്ള അക്ഷരങ്ങൾ ഗ്രന്ഥാക്ഷരം സംവിധാനം ചെയ്ത പണ്ഡിതന്മാർ തമിഴിൽനിന്നു സ്വീകരിച്ചു. കേരളീയർ ആര്യഎഴുത്തു് എന്നുകൂടിപ്പേരുള്ള മലയാളലിപി ക്രി. പി. ഒൻപതാം ശതകത്തോടുകൂടിയെങ്കിലും ചിട്ടപ്പെടുത്തി പ്രചരിപ്പിച്ചിരുന്നിരിക്കണമെന്നു് അനുമാനിക്കുവാൻ ന്യായമുണ്ടു്. പ്രാക്തനതമങ്ങളായ പല മണിപ്രവാളഗ്രന്ഥങ്ങളും എനിക്കു കാണുവാനിടവന്നിട്ടുണ്ടു്. കൊല്ലം 426-ാമാണ്ടത്തെ ആറ്റൂർ താമ്രശാസനമാണു് ഇതുവരെ നമുക്കു ലഭിച്ചിട്ടുള്ളതിൽ ആദ്യത്തെ മലയാളരേഖ എന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ദൂതവാക്യം ഗദ്യം പകർത്തിയെഴുതിയതു കൊല്ലം 549-ാമാണ്ടാണെന്നും പ്രസ്താവിച്ചുകഴിഞ്ഞു. ഇതിൽ നിന്നെല്ലാം ആര്യ എഴുത്തു് കേരളത്തിൽ ഇദംപ്രഥമമായി നടപ്പിലാക്കിയതു തുഞ്ചത്തെഴുത്തച്ഛനാണെന്നു പറയുന്നതു പരമാബദ്ധമാണെന്നു വന്നുകൂടുന്നു.

19.3ആചാരഭാഷ

വലിയ നിലയിലും എളിയ നിലയിലും ഉള്ള ആളുകൾ തമ്മിൽ സംഭാഷണം ചെയ്യുമ്പോൾ അവസ്ഥാഭേദം പ്രദർശിപ്പിക്കുന്നതിനു പല പദങ്ങളും മലയാളഭാഷയിൽ പ്രയോഗിക്കേണ്ടതായുണ്ടു്. തമിഴ്ഭാഷ സംസാരിക്കുന്ന ശ്രീവൈഷ്ണവന്മാരുടെ ഇടയിലും അങ്ങനെ ചില പദങ്ങൾ ദേവന്മാരേയും അതിഥികളേയും മറ്റും ഉദ്ദേശിച്ചു ബഹുമാനസൂചകമായി പ്രയോഗിക്കാറുണ്ടെങ്കിലും ആ പരിപാടിക്കു് അവരുടെ ഇടയിൽ കേരളത്തിലെന്നതുപോലെയുള്ള വൈപുല്യമോ നിഷ്കർഷയോ ഇല്ല. കേരളത്തിൽ ഇത്തരത്തിൽ ഒരാചാരം രൂഢമൂലമായതു് ഇവിടത്തെ ജാതിവ്യവസ്ഥയുടെ കർക്കശതകൊണ്ടായിരിക്കാമെന്നു് ഊഹിക്കാവുന്നതാണു്. സ്വാമിഭൃത്യവ്യത്യാസത്തെ ആസ്പദമാക്കി ഒരേ പദത്തിനു യൌഗ പദ്യേന രണ്ടു വിധത്തിലുള്ള പര്യായങ്ങൾ പ്രയോഗിക്കേണ്ട ആവശ്യം കേരളീയരുടെ ഇടയിലുണ്ടു്. ചില പദങ്ങൾകൊണ്ടു് ഈ ആചാരമര്യാദ ഉദാഹരിക്കാം. ഗൃഹത്തിനു കോവിലകമെന്നും കുപ്പമാടമെന്നും, പറയുന്നതിനു കല്പിക്കുക എന്നും വിടകൊള്ളുക എന്നും, ഭക്ഷണത്തിനു് അമറേത്തെന്നും കരിക്കൊടി എന്നും, അരിക്കു വിത്തരിയെന്നും കല്ലരി എന്നും, വസ്ത്രത്തിനു പരിവട്ടമെന്നും അടിതോലെന്നും, യാത്രയ്ക്കു് എഴുന്നള്ളത്തെന്നും വിടകൊള്ളലെന്നും, മരണത്തിനു നാടുനീങ്ങുക അഥവാ തീപ്പെടുക എന്നും കുററം പിഴയ്ക്കുക എന്നും, നിദ്രയ്ക്കു പള്ളിക്കുറുപ്പെന്നും നിലം പൊത്തലെന്നും, കുളിയ്ക്കു നീരാട്ടമെന്നും നനയലെന്നും, ലേഖനത്തിനു തിരുവെഴുത്തെന്നും കൈക്കുററപ്പാടെന്നും, ദേഹത്തിനു തിരുമേനിയെന്നും പഴംപുറമെന്നും, ഒപ്പിനു തുല്യം ചാർത്തു് അഥവാ തൃക്കൈ വിളയാട്ടമെന്നും കൈപ്പതിവെന്നും, ക്ഷൗരത്തിനു് അങ്കംചാർത്തു് എന്നും മുടിയിറക്കലെന്നും, താംബൂലത്തിനു് ഇലയമൃതു് എന്നും പഴുത്തിലക്കാറെറന്നും, പല്ലുതേപ്പിനു തിരുമുത്തു വിളക്കലെന്നും ഉമിക്കരിയുരപ്പെന്നും, വിദ്യാഭ്യാസത്തിനു പള്ളിവായനയെന്നും പൂഴിവരപ്പെന്നും രോഗത്തിനു ശീലായ്മയെന്നും പടുകാലമെന്നും, തേച്ചുകുളിയ്ക്ക് എണ്ണക്കാപ്പെന്നും മെഴുക്കുപുരട്ടെന്നും മറ്റും അവസ്ഥാഭേദങ്ങൾ അനുസരിച്ചു പര്യായഭേദങ്ങൾ പ്രചരിക്കുന്നു. തൃത്താലിച്ചാത്തിനും പള്ളിക്കെട്ടിനും കല്യാണമെന്നും, തിരുവാഴിക്കു മോതിരമെന്നും, ഉൾച്ചാർത്തിനു കൗപീനമെന്നും, നീർക്കാപ്പുരയ്ക്കു മറപ്പുരയെന്നും, പള്ളിയറയ്ക്കു കിടക്കമുറിയെന്നും, തിരുമാടമ്പിനു് ഉപനയനമെന്നുമാണു് അർത്ഥം. ഈ പദങ്ങളെല്ലാം സ്വാമി സംബന്ധികളാകുന്നു. ദേശീയമായുള്ള വ്യത്യാസവും ആചാര ഭാഷയിൽ സംക്രമിച്ചിട്ടുണ്ടു്. തെക്കർ ‘നാടുനീങ്ങ’ലും ‘തുല്യം ചാർത്ത’ലും ‘അടിയനു’മാണു് പ്രയോഗിക്കുന്നതെങ്കിൽ വടക്കർ ആ അർത്ഥങ്ങളിൽ യഥാക്രമം ‘തീപ്പെട’ലും ‘തൃക്കൈവിളയാട്ട’വും ‘എറാനു’മാണു് ഉപയോഗിക്കുന്നതു്. വലിയവരിൽത്തന്നെ നാടുവാഴികളായ രാജാക്കന്മാരെ പരാമർശിക്കുന്ന ചില പദങ്ങൾ ഇടപ്രഭുക്കന്മാരുടെ വിഷയത്തിൽ പ്രയോഗിയ്ക്കുവാൻ പാടുള്ളതല്ല. ‘തിരു’ ‘പള്ളി’ ഇവ സ്വാമിസംബന്ധികളായ പദങ്ങളുടേയും ‘പഴ’ ‘അടി’ ഇവ ഭൃത്യസംബന്ധികളായ പദങ്ങളുടേയും മുമ്പേ ചേർക്കുന്നതു നാട്ടുനടപ്പാകുന്നു. തിരുമനസ്സ്, തിരുവുള്ളം, പള്ളിയറ, പള്ളിക്കുറുപ്പു് തുടങ്ങിയ പദങ്ങളും പഴമനസ്സു്, പഴന്തള്ള അടിതോൽ, അടിക്കിടാവു് (വീട്ടിലെ ഭൃത്യൻ) മുതലായ പദങ്ങളും ഈ ഘട്ടത്തിൽ ഉദാഹരിയ്ക്കാവുന്നതാണു്. തന്തപ്പഴവൻ, കാരണവപ്പഴവൻ എന്നീ വാക്കുകളിൽ ‘പഴ’ എന്ന അനുബന്ധം ഒടുവിൽ ചേർത്തുകാണുന്നു. രാജമന്ദിരങ്ങളിലോ ആഢ്യബ്രാഹ്മണഗൃഹങ്ങളിലോ ഇടപഴകി അവയിൽ വസിക്കുന്ന ഉയർന്ന നിലയിലുള്ളവരുമായുള്ള നിത്യസഹവാസം വഴിക്കു നേടേണ്ടതാണു് ഈ ആചാരഭാഷാവ്യുൽപത്തി എന്നു ചുരുക്കത്തിൽ പറയാം. ഇതിന്റെ ശാഖോപശാഖകൾ സംഖ്യാതീതങ്ങളാണു്.

19.4മൂലഭദ്രീഭാഷ

കേരളത്തിൽ അക്ഷരങ്ങളെ മാറ്റി മറിച്ചു് ഉച്ചരിച്ചും എഴുതിയും വിവക്ഷിതാർത്ഥം പരസ്യമാക്കാതെ അന്യനെ ഗ്രഹിപ്പിക്കുന്നതിനു പല ഉപായങ്ങളും പൂർവ്വന്മാർ സ്വീകരിച്ചിരുന്നു. അവയിൽ അതിപ്രധാനമാണു് മൂലഭദ്രീഭാഷ. അതിനു മൂലമന്ത്രികാഭാഷയെന്നും മൂലദേവീഭാഷയെന്നും കൂടി പേരുണ്ടു്. പ്രസ്തുതഭാഷയുടെ രീതിയെന്തെന്നു താഴെക്കാണുന്ന സൂത്രങ്ങളിൽനിന്നു ഗ്രഹിക്കാം.

“അകോ ഖഗോ ഘങശ്ചൈവ ചടോ ഞണ തപോ മനഃ
ജഝോ ഡഢോ ദധശ്ചൈവ ബഭോ ഥഫ ഛഠേതി ച
യശോ രഷോ ലസശ്ചൈവ വഹ ക്ഷള ഴറ ക്രമാൽ
ങ്കഞ്ച ണ്ടന്ത ഠപന്ന ൻറ ററ ൻൽ ർൾ.”
ഈ നിയമമനുസരിച്ചു് (1) അകാരത്തിനു പകരം കകാരവും കകാരത്തിനു പകരം അകാരവും പ്രയോഗിക്കണം. ആ വ്യവസ്ഥ (1) ഖ, ഗ; (2) ഘ, ങ; (3) ച, ട; (4) ഞ, ണ; (5) ത, പ; (6) മ, ന; (7) ജ, ത്സ; (8) ഡ, ഢ; (9) ദ, ധ; (10) ബ, ഭ; (11) ഥ, ഫ; (12) ഛ, ഠ; (13) യ, ശ; (14) ര, ഷ; (15) ല, സ; (16) വ, ഹ; (17) ക്ഷ, ള; (18) ഴ, റ; എന്നീ അക്ഷരദ്വന്ദ്വങ്ങളുടെ വിഷയത്തിലും സങ്ക്രമിപ്പിക്കേണ്ടതാണു്. അ അ എന്നു് ‘ക്ക’ യ്ക്കും അതുപോലെ മറിച്ചും ഉപയോഗിക്കണം. (1) ങ്ക, ഞ്ച; (2) ണ്ട, ന്ത; (3) മ്പ, ന്ന; (4) ൻറ,റ്റ; എന്നീ സംയുക്താക്ഷാരയുഗ്മങ്ങളുടേയും (1) ൻ, ൽ; (2) ർ, ൾ; ഈ അർദ്ധാക്ഷര (ചില്ലുകൾ) ദ്വന്ദ്വങ്ങളുടേയും കാര്യത്തിലും പ്രസ്തുതവിധി വ്യാപിപ്പിക്കേണ്ടതാകുന്നു. (1) 1, 2; (2) 3, 4; (3) 5, 6; (4) 7, 8; (5) 9, 10; ഈ സംഖ്യാദ്വിതയങ്ങളും മേൽപ്രകാരത്തിൽ മാററിമറിക്കേണ്ടതാകുന്നു. ഒരു സംസ്കൃതശ്ലോകവും അതിന്റെ മൂലദേവീഭാഷയിലുള്ള പരാവർത്തനവും താഴെച്ചേർക്കുന്നു.

“നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനേ
സച്ചിദാനന്ദരൂപായ ദക്ഷിണാമൂർത്തയേ നമഃ”
“മനയ്യിഹാശ യാണ്ടാശ യുധ്ദാശ തഷനാപ്നമേ
ലട്ടിധാമന്ധഷൂതാശ ധളിഞാനൂർപ്പശേ മനഃ”
ഊടറിഞ്ഞവനല്ലാതെ ഈ ഓല വായിക്കാൻ തരമില്ലെന്നു പറയേണ്ടതില്ലല്ലോ.

19.5പഴഞ്ചൊല്ലുകൾ

പഴഞ്ചൊല്ലുകൾക്കു കേൾവിപ്പെട്ടിട്ടുള്ള ഒരു ഭാഷയാകുന്നു മലയാളം. പഴഞ്ചൊല്ലു് അഥവാ പഴമൊഴി എന്ന പദത്തിന്റെ അർത്ഥം ഒരു ജനസമുദായത്തിൽ പണ്ടേക്കു പണ്ടേ പലരും പറഞ്ഞു പറഞ്ഞു പരന്നു പഴക്കം വന്നിട്ടുള്ള ചൊല്ലു് എന്നാണു്. ഏതു നിലയിൽ എത്ര നിരക്ഷരകുക്ഷിയായ മനുഷ്യനും കേട്ടാൽ ഉടനടി അർത്ഥാവബോധം ജനിക്കത്തക്ക വിധത്തിൽ, കഴിയുന്നതും പ്രഥമാക്ഷരത്തിനോ ദ്വിതീയാക്ഷരത്തിനോ സാജാത്യമുള്ള ലളിതപദങ്ങളെക്കൊണ്ടു, സാന്മാർഗ്ഗികങ്ങളോ തദിതരങ്ങളോ ആയ സാമാന്യ തത്വങ്ങളെ പ്രതിപാദിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ള ചെറിയ വാക്യങ്ങളാകുന്നു പ്രായേണ ഈ ആഭാണകങ്ങൾ. ഇവയ്ക്കു പ്രായേണ യഥാശ്രുതമായ അർത്ഥത്തിനു പുറമേ വ്യങ്ഗ്യമര്യാദയാ മറ്റൊരർത്ഥംകൂടി ധ്വനിപ്പിക്കുവാൻ ശക്തിയുണ്ടായിരിക്കും. ‘ഒരു മരം കാവാകയില്ല’ ‘ഒരേററത്തിനു് ഒരിറക്കം’ മുതലായ പഴഞ്ചൊല്ലുകൾ ഇതിനുദാഹരണങ്ങളാണു്. അപൂർവ്വം ചില ആഭാണകങ്ങൾ മാത്രമേ വസ്തുസ്ഥിതിപ്രതിപാദകങ്ങളായുള്ളു. ‘പഴുത്ത മാവിലകൊണ്ടു പല്ലുതേച്ചാൽ പുഴുത്ത വായും നാറുകയില്ല’ ഇത്യാദി വാക്യങ്ങൾ നോക്കുക. പദ്യസാഹിത്യത്തിന്റെ പ്രാദുർഭാവത്തിനു മുമ്പുതന്നെ പല പഴഞ്ചൊല്ലുകൾ ഭാഷയിൽ പ്രരൂഢങ്ങളായിരുന്നിരിക്കണം. ഓരോരോ സരസന്മാരുടെ രസനകളിൽനിന്നു് അവ മുത്തുകൾപോലെ പൊഴിയുകയും അവയെ ശ്രോതാക്കൾ അത്യന്തം ആനന്ദത്തോടുകൂടി തങ്ങളുടെ കണ്ഠങ്ങൾക്കു് അലങ്കാരങ്ങളാക്കുകയും ചെയ്തു എന്നാണു് ഊഹിക്കേണ്ടതു്. ഏതു വിഷയത്തെപ്പറ്റിയും മലയാളത്തിൽ ലോകോക്തികൾ ഉണ്ടെങ്കിലും ഗാർഹികങ്ങളാണു് അവയിൽ ഒരു വലിയ ശതമാനവുമെന്നു തോന്നുന്നുണ്ടു്. (1) അച്ചിക്കു കൊഞ്ചു പക്ഷം; നായർക്കു് ഇഞ്ചി പക്ഷം; (2) അനച്ച അടുപ്പേൽ ആനയും വേകും; (3) അപ്പം തിന്നണോ കുഴിയെണ്ണണോ; (4) അമ്മായി ഉടച്ചതു മൺചട്ടി; മരുമകളുടച്ചതു പൊൻചട്ടി (5) അമ്മായി ചത്തിട്ടു മരുമകളുടെ കരച്ചിൽ; (6) അരിനാഴിക്കും അടുപ്പു മൂന്നുവേണം; മുതലായവ ആക്കൂട്ടത്തിൽപെടുന്നു. പശു, പൂച്ച, പട്ടി, പന്നി, മീൻ, ആന, കുതിര, മുതലായവയെപ്പറ്റി അനേകം പഴഞ്ചൊല്ലുകൾ ഉണ്ടു്. (1) ഏട്ടിൽ കണ്ട പശു പുല്ലുതിന്നുകയില്ല; (2) കുറുണിപ്പാൽ കറന്നാലും കൂരയെത്തിന്നുന്ന പശു ആകാ; (3) പൂച്ചയ്ക്കെന്തു പൊന്നുരുക്കുന്നേടത്തു കാര്യം; (4) എലി പിടിക്കും പൂച്ച കലവുമുടയ്ക്കും; (5) നായ്ക്കോലം കെട്ടിയാൽ കുരയ്ക്കണം; (6) ഉരിനെല്ലൂരാൻ പോയിട്ടു പത്തു പറ നെല്ലു പന്നി തിന്നു; (7) ഇരയിട്ടാലേ മീൻപിടിക്കാവൂ; (8) ആനയില്ലാതെ ആറാട്ടോ; (9) ആന പോകുന്ന വഴിയേ വാലും; (10) കുതിരക്കു കൊമ്പു കൊടുത്താൽ ഒരുത്തനേയും വച്ചേയ്ക്കയില്ല; ഇത്യാദി വാക്യങ്ങൾ പരിശോധിക്കുക. ഇതുപോലെ കാക്ക മുതലായ പക്ഷികളെക്കുറിച്ചും ഉണ്ടു്. കാലിമേച്ചിൽ, കൃഷി, കച്ചവടം, വൈദ്യം, ജ്യോത്സ്യം, വാസ്തുവിദ്യ, നൃത്തവിദ്യ, പട, നായാട്ടു് മുതലായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ലോകോക്തികൾ പ്രത്യേകം ശ്രദ്ധേയങ്ങളാണു്. (1) അക്കരനില്ക്കുമ്പോൾ ഇക്കരപ്പച്ച; ഇക്കര നില്ക്കുമ്പോൾ അക്കരപ്പച്ച; (2) മകരത്തിൽ മഴപെയ്താൽ മലയാളം മുടിയും, (3) കടയ്ക്കൽ നനച്ചേ തലയ്ക്കൽ പൊടിക്കൂ; (4) ചുണ്ടങ്ങ കൊടുത്തു വഴുതിനങ്ങ വാങ്ങരുതു്; (5) അതിവടയമുണ്ടെങ്കിൽ അതിസാരം പുറത്തു്; (6) അകപ്പെട്ടവനു് അഷ്ടമത്തിൽ ശനി; ഓടിപ്പോയവനു് ഒൻപതാമിടത്തു വ്യാഴൻ, (7) അടിസ്ഥാനമുറച്ചേ ആരൂഢമുറയ്ക്കൂ; (8) ആടാത്ത ചാക്കിയാർക്കു് അണിയൽ; (9) അന്നന്നു വെട്ടുന്ന വാളിനെ നെയ്യിടൂ; (10) അരചൻ ചത്താൽ പടയില്ല; (11) നായാട്ടു നായ്ക്കൾ തമ്മിൽ കടികൂടിയാൽ പന്നി കുന്നുകയറും; തുടങ്ങിയ ലൗകികോക്തികൾ ഈ വിഷയങ്ങളെ പരാമർശിക്കുന്നു. ‘അകപ്പെട്ടവനു്’ ‘അടിസ്ഥാനം’ മുതലായവ പോലെ കാലാന്തരത്തിൽ സംസ്കൃതപദങ്ങൾ കൂടിച്ചേർന്ന ചില പഴഞ്ചൊല്ലുകളും ഉണ്ടായിട്ടുണ്ടെങ്കിലും ആ പദങ്ങൾ തത്സമങ്ങളെന്ന നിലയിൽ സർവസാധാരണങ്ങളാണെന്നു നാം ഓർമ്മിക്കേണ്ടതാണു്. (1) അല്പനു് ഐശ്വര്യം വന്നാൽ അർദ്ധരാത്രി കുടപിടിക്കും; (2) അർദ്ധം താൻ അർദ്ധം ദൈവം; (3) ശീലിച്ചതേ പാലിക്കൂ; (4) ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും; (5) ആവശ്യക്കാരനു് ഔചിത്യമില്ല; ഇത്യാദി വാക്യങ്ങളും അക്കൂട്ടത്തിൽ പെടുന്നു. (1) നായകം പഠിച്ച പതക്കം പോലെ; (2) പക്ഷിയെ പിടിക്കാൻ മരം മുറിക്കും പോലെ; (3) പഴുക്കാനിലയിൽ കുറികോൽ കണ്ടപോലെ; (4) തീക്കൊള്ളിമേൽ മീറു കളിക്കും പോലെ; ഇത്തരത്തിലുള്ള ഉപമകളും ഒട്ടുവളരെ കാണ്മാനുണ്ടു്. ചില പഴഞ്ചൊല്ലുകളിൽ നിന്നു് അവയുടെ ഉത്ഭവത്തിന്റെ കാലം നിർണ്ണയിക്കുവാൻ കഴിയും. പറങ്കിക്കു നന്നു് ലന്തയ്ക്കു നഞ്ചു്; മുതലായ വാക്യങ്ങൾ അത്തരത്തിലുള്ളവയാണു്. (1) ഉർവശീശാപം ഉപകാരം; (2) രാമായണം മുഴുവൻ വായിച്ചിട്ടും രാമനു സീത ആരെന്നു ചോദിക്കുന്നു; (3) കാർത്തിക ഒഴിഞ്ഞാൽ മഴയില്ല; കർണ്ണൻ പട്ടാൽ പടയില്ല; ഇങ്ങനെ ഇതിഹാസജന്യങ്ങളായും, (1) അവൻ ഒരു ആഷാഢഭൂതിയാണു്; (2) അങ്ങോരൊരു ഹരിശ്ചന്ദ്രനാണു്; (3) അവൾ ഒരു താടകയാണു്; ഇങ്ങനെ വിവിധസാഹിത്യസ്പർശികളായും പല വാക്യങ്ങൾ ഭാഷയിൽ കാണ്മാനുണ്ടു്. ഇന്നും അത്തരത്തിൽ (1) അവനൊരു ജംബുലിങ്ഗമാണു്; അവനൊരു എംഡനാണു്; ഇങ്ങനെയുള്ള വാക്യങ്ങൾ ആവിർഭവിച്ചുകൊണ്ടിരിക്കുന്നു.

(1) പണ്ടേചൊല്ലിനു പഴുതില്ല; എന്നും (2) പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ പശുവിൻ പാലും കൈക്കും, അഥവാ പഴഞ്ചോററിൽ കൈവേകും; എന്നും രണ്ടു പഴഞ്ചൊല്ലുകൾ ഭാഷയിലുണ്ടു്. അവ പരമാർത്ഥങ്ങളാകുന്നു. ഈ സാഹിത്യ ഗുളികകൾക്കുള്ള ധർമ്മാധർമ്മോപദേശപാടവവും പ്രകൃതിനിരീക്ഷണപ്രേരകതയും സാമാന്യമല്ല. ഇവയെ സകലഭാഷാകവികളും പ്രത്യേകിച്ചു ചമ്പൂകാരന്മാരും ഇടയ്ക്കിടയ്ക്കു കടാക്ഷിച്ചിട്ടുണ്ടെങ്കിലും ലുബ്ധു കൂടാതെ അവസരം നോക്കി വാരിക്കോരിവിളമ്പി സഹൃദയന്മാർക്കു സൗഹിത്യം നല്കിയതു മഹാകവി കുഞ്ചൻനമ്പ്യാരാകുന്നു. പശ്ചാൽകാലികന്മാരായ തുള്ളൽക്കഥയെഴുത്തുകാർക്കു് ആ ഫലിതമൂർത്തിയുടെ അടുത്തെങ്ങും ചെന്നുപറ്റിക്കൊള്ളുവാൻ സാധിക്കാതെപോയതു് പ്രധാനമായി അവർക്കു പ്രസ്തുത വിഷയത്തിലുള്ള പ്രാഗത്ഭ്യത്തിന്റെ അഭാവമാണെന്നു പറഞ്ഞാൽ അതു് ഏറെക്കുറെ ശരിയായിരിക്കും.

19.6കടംകഥകൾ

ബാലന്മാർക്കു പലമാതിരിയുള്ള മാനസികവിനോദങ്ങളിൽ ഒന്നാണു് കടങ്കഥകളെക്കൊണ്ടുള്ള വ്യവഹാരം. ഇവയെ തോൽക്കഥകളെന്നും പറയും. ഹൃദയത്തിനു് ആനന്ദവും ബുദ്ധിക്കു തീക്ഷ്ണതയും സാഹിത്യവിഷയത്തിൽ അഭിരുചിയും നല്കുന്നതിനു് ഈ കഥകൾക്കു കെൽപ്പുണ്ടു്. ഒരിക്കൽ കേട്ടാൽ ഉടൻ അർത്ഥാവബോധം ഉണ്ടാകാത്തവയും എന്നാൽ സ്വല്പം ശ്രദ്ധിച്ചു് ആലോചിച്ചാൽ സൂക്ഷ്മതത്വം ഗ്രഹിക്കാവുന്നവയുമാണു് ഇവ. കടങ്കഥകൾ ചോദിച്ചു പ്രതിയോഗിയെ മൂകനാക്കി അയാളെക്കൊണ്ടു കടം മൂളിക്കുന്നതു് അക്ഷരശ്ലോകം ചൊല്ലി അച്ചുമൂളിക്കുന്നതുപോലെ രസകരമായ ഒരു വ്യാപാരമാകുന്നു. ഇതര ഭാഷകളിലും ഇത്തരത്തിലുള്ള പ്രഹേളികകൾ ഉണ്ടെങ്കിലും മലയാളത്തിൽ അവ അസംഖ്യങ്ങളാണു്. പഴമ മൺമറയുന്നതോടുകൂടി അവയിൽ പലതും അസ്തപ്രായങ്ങളായിത്തീർന്നിട്ടൂണ്ടു്. നിപുണമായി ഉദ്യമിച്ചാൽ ഒട്ടുവളരെ കടങ്കഥകൾ ഏതൊരു ഭാഷാഭിമാനിക്കും ശേഖരിക്കാവുന്നതാണു്. ചില ഉദാഹരണങ്ങൾ അടിയിൽ ചേർക്കാം.

ഞെട്ടില്ലാവട്ടയില (പർപ്പടം);

ഉണ്ണാത്ത അമ്മയ്ക്കു് ഒരു മുട്ടൻവയറു് (വയ്ക്കോൽതുറു);

കറുത്തിരുണ്ടവൻ, കണ്ണു രണ്ടുള്ളവൻ, കടിച്ചാൽ രണ്ടു മുറി (പാക്കുവെട്ടി);

മുറ്റത്തെ ചെപ്പിനു് അടപ്പില്ല (കിണറു്);

തോട്ടുവക്കത്തൊരമ്മൂമ്മ പട്ടിട്ടുമൂടി (കൈതച്ചക്ക);

കിറുകിറുപ്പു കേട്ടു ചക്കിൻ ചോട്ടിൽ ചെന്നാൽ പിള്ളർക്കു തിന്മാൻ പിണ്ണാക്കില്ല (ഇല്ലി);

ആന കേറാമല, ആടു കേറാമല, ആയിരം കാന്താരി പൂത്തിറങ്ങി (നക്ഷത്രങ്ങൾ);

അകത്തു തിരിതെറുത്തു പുറത്തു മൊട്ടയിട്ടു (കുരുമുളകു്);

ചത്ത കാള മടലെടുക്കുമ്പോൾ ഓടും (വള്ളം);

ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ കാവശ്ശേരിക്കുട്ടികൾക്കു കഴുത്തററം വെള്ളം (ആമ്പൽപ്പൂവു്);

നാലുപേരുകൂടി ഒന്നായി (മുറുക്കുക);

ഒരമ്മ എന്നും വെന്തും നീറിയും (അടുപ്പു്);

രണ്ടു കിണറ്റിനു് ഒരു പാലം (മൂക്കു്);

ഇരുട്ടുകാട്ടിൽ കുരുട്ടുപന്നി (പേൻ);

അമ്മ കിടക്കും മകളോടും (അമ്മിയും കുഴവിയും);

ചുള്ളിക്കമ്പിൽ ഗരുഡൻതൂക്കം (വാവൽ);

അമ്പലത്തിലുള്ള ചെമ്പകത്തിൽ ഒരു കൊമ്പും കാണ്മാനില്ല (കൊടിമരം);

പലകക്കീഴേ പച്ചയിറച്ചി (നഖത്തിന്റെ അടിവശം);

കാട്ടിൽ നില്ക്കും മരം വീട്ടിൽ വരുമ്പോൾ കണക്കപിള്ള (ചങ്ങഴി);

ഒരെരുത്തിൽ നിറച്ചു വെള്ളക്കാള (പല്ലുകൾ);

അമ്മയ്ക്കു വയറിളക്കം, മകൾക്കു തലകറക്കം (തിരികല്ലു്);

മുള്ളുണ്ടു മുരുക്കല്ല; കയ്പുണ്ടു കാഞ്ഞിരമല്ല (പാവയ്ക്കാ);

ഒരു കുന്തത്തിൽ ആയിരം കുന്തം (ഓലമടൽ);

ജീവനില്ല, കാവൽക്കാരൻ (സാക്ഷ);

ചുവന്നിരിക്കുന്നവൻ കറുത്തുവരുമ്പോൾ വെള്ളത്തിൽമുക്കിയൊരടി (സ്വർണ്ണം);

കൊച്ചുകൊച്ചച്ചിങ്ങ, കുലനിറച്ചച്ചിങ്ങ, വയ്പാൻ കൊള്ളാം, തിന്മാൻകൊള്ളുകയില്ല (കഴുത്തില);

മുറ്റത്തുനില്ക്കും മണികണ്ഠനാനയ്ക്കു് മുപ്പത്തിമൂന്നു മുറിത്തുടൽ (വാഴക്കുല);

അച്ഛൻ തന്ന കാളയ്ക്കു പള്ളയ്ക്കു കൊമ്പു് (കിണ്ടി);

വാലില്ലാക്കോഴി നെല്ലിനു പോയി (വെള്ളിച്ചക്രം);

ആർക്കും നിലയില്ല ആനയ്ക്കും നിലയില്ല ആമ്പാടിക്കൃഷ്ണനു് അരയററം വെള്ളം (തവള).

ഇത്തരത്തിലുള്ള ഗുഢാർത്ഥവാക്യങ്ങൾ ഓരോ കാലത്തു് ഉണ്ടായിക്കൊണ്ടാണിരിക്കുന്നതെന്നുള്ളതിനും ധാരാളം ലക്ഷ്യമുണ്ടു്. ചുവടേ ചേർക്കുന്ന ഉദാഹരണങ്ങൾ നോക്കുക.

ഒരമ്മപെററതെല്ലാം തൊപ്പിയിട്ട മക്കൾ (പാക്കു്);

ചില്ലിക്കൊമ്പത്തെ മഞ്ഞപക്ഷി (കപ്പൽമാങ്ങാ);

ഇട്ടാൽ പൊട്ടാത്ത ഇംഗ്ലീഷ്മൊട്ട (കടുകു്).


ഭാഗം 2

അദ്ധ്യായം 20 - സംസ്കൃതസാഹിത്യം

ക്രി. പി. പതിനഞ്ചാം ശതകം

20.1കോലത്തിരിമാരും സാഹിത്യവും

ഉത്തരകേരളത്തിന്റെ ആധിപത്യം വഹിച്ചിരുന്ന കോലത്തുനാട്ടുരാജാക്കന്മാരെപ്പറ്റി ഇതിനുമുമ്പുതന്നെ ഞാൻ പലതും ഉപന്യസിച്ചിട്ടുണ്ടു്. കൊല്ലം ഏഴാം ശതകത്തിന്റെ ആരംഭത്തിൽ അവർ സംസ്കൃതസാഹിത്യത്തേയും ഭാഷാസാഹിത്യത്തേയും അനന്യ സാധാരണമായ രീതിയിൽ പോഷിപ്പിക്കുകയുണ്ടായി. അവരിൽ കൊല്ലം 398 മുതൽ 621 വരെ രാജ്യഭാരം ചെയ്ത പള്ളിക്കോവിലകത്തു കേരളവർമ്മ തമ്പുരാനേയും അദ്ദേഹത്തിന്റെ ഭാഗിനേയൻ രാമവർമ്മ യുവരാജാവിനേയും കുറിച്ചാണു് ഈ അധ്യായത്തിൽ പ്രസ്താവിക്കുവാനുള്ളതു്. രാമവർമ്മ യുവരാജാവു ഭാരതസംഗ്രഹം എന്ന മഹാകാവ്യത്തിൽ തന്റെ വംശത്തേയും മാതുലനേയും പറ്റി ഇങ്ങനെ പറയുന്നു:

“യേഷാം നഗര്യേളിഗിരാവുദാരാ വിഭാതി മേരാവമരാവതീവ;
തേഷാം നൃപാണാം ഭവതി സ്മ വംശേ മഹാപ്രഭാ ശ്രീരിവ ദുഗ്ദ്ധസിന്ധൗ.
സംപ്രാപ്തരാജ്യം രവിവർമ്മസംജ്ഞം ദാതാരമസ്യാസ്തനയം സമേത്യ
ഉദാരകല്യാണധരാലയസ്ഥാഃ പ്രജാവിപക്ഷാർത്ഥിഗണാ നനന്ദുഃ.
ദധാതി ശേഷശ്ശിരസാ ധരിത്രീമസൗ ഭുജേനേതി ജഗത്ത്രയേണ
സമ്മാന്യമാനോ വിനിധായ ഭൂമിം നിജാനുജേ സ ത്രിദിവം പ്രപേദേ.
ഗുണാകരഃ കേരളവർമ്മനാമാ സ തേന ദത്തം പ്രതിപദ്യ രാജ്യം
ശശ്വൽപ്രജാരഞ്ജനജാഗരൂകോ നിർമ്മൂലയാമാസ മദം രിപൂണാം.
ചതുർവിധാന്നേന ജനാൻ പ്രതോഷ്യ ധർമ്മാൻ മഹാദാനമുഖാൻ സ കൃത്വാ
പ്രാദർശയദ്ധാമ്നി ശിവേശ്വരാഖ്യേ കാമപ്രദം ജീവിതമംബികായാഃ.
ജഗന്നിവാസം ഹൃദയേ ദധാനോ മുദാ കദാചിന്നിജ ഭാഗിനേയം
സ രാമവർമ്മാണമുവാച കാവ്യം വിധീയതാം ഭാരതസംഗ്രഹാഖ്യം.
ഗുരുപ്രസാദപ്ലവമാശ്രിതേന തേനോദ്ധൃതാ ഭാരത വാരിരാശേഃ
സന്തോർഥമുക്താഃ കൃതസൂത്രബദ്ധാശ്ശബ്ദഗ്രഹാലങ്കരണീ കുരുദ്ധ്വം.”
കോലത്തിരിമാരുടെ ഒരു പുരാതന രാജധാനി ഏഴിമലക്കോട്ടയായിരുന്നു എന്നു നാം മൂഷികവംശത്തിൽനിന്നു ധരിച്ചുവല്ലോ. അതിനും മുൻപു തളിപ്പറമ്പുക്ഷേത്രത്തിനു നാലഞ്ചു നാഴിക തെക്കുള്ള കരിപ്പത്തു് എന്ന സ്ഥലത്തായിരുന്നു അവർ താമസിച്ചിരുന്നതു്. ഏഴിമലക്കോട്ടയ്ക്കു പുറമേ ചിറയ്ക്കലിനു സമീപമായി സ്ഥിതിചെയ്യുന്ന വളർപട്ടണത്തിലും അവർക്കൊരു രാജധാനിയുണ്ടായിരുന്നു. മഹാപ്രഭ എന്ന രാജ്ഞി രവിവർമ്മത്തമ്പുരാനെ പ്രസവിച്ചതു് ഏഴിമലക്കോട്ടയിൽവച്ചാണു്. 590-നു ശേഷം വളർപട്ടണം ആ രാജകുടുംബത്തിന്റെ വാസസ്ഥാനമായി. രവിവർമ്മാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ അനുജൻ കേരളവർമ്മത്തമ്പുരാൻ രാജ്യഭാരം കയ്യേറ്റു. അദ്ദേഹം ശിവേശ്വരക്ഷേത്രത്തിലെ ശ്രീപരമേശ്വരനെ സാക്ഷാൽകരിച്ച ഒരു ഭക്തശിരോമണിയായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞനിമിത്തമാണു് രാമവർമ്മ യുവരാജാവു ഭാരതസംഗ്രഹം രചിച്ചതു്. കേരളവർമ്മ കോലത്തിരിയെ യുധിഷ്ഠിരവിജയത്തിനു പദാർത്ഥചിന്തനം എന്ന വ്യാഖ്യാനം രചിച്ച രാഘവവാരിയരും ശ്രീകൃഷ്ണവിജയം എന്ന കാവ്യത്തിന്റെ പ്രണേതാവായ ശങ്കരവാരിയരും രാമവർമ്മാവിനെപ്പോലെതന്നെ പ്രശംസിച്ചിട്ടുണ്ടു്:

“ശ്രീകേരളവർമ്മനൃപഃ പരിഭൂതാരാതിഭൂതിഭൂരിമദഃ
ആസ്ഥാനമലങ്കുർവന്നാസ്ഥായോഗാൽ കദാചിദശിഷന്മാം.
രചയ യുധിഷ്ഠിരവിജയവ്യാഖ്യാം പ്രഖ്യാപിതോരുതാൽപര്യാം
പര്യാലോചനചതുരാം രാഘവ! ലാഘവവിവർജ്ജിതാത്മജിതാം.”
എന്നാണു് രാഘവന്റെ പ്രസ്താവന

“ചകാസ്തി രാജാ ചതുരന്തവീരചൂഡാതടീചുംബിതപാദപീഠഃ
കാലാഗ്നികൂലങ്കഷബാഹുതേജാഃ കോലാധിപഃ കേരളവർമ്മ നാമാ.

ശിവേശ്വരാഖ്യേ ഭവനോത്തമേ യഃ ശ്രുത്യന്തരത്യന്തനിഗുഢരൂപം
പ്രാകാശയൽ പ്രൗഢതപഃപടിമ്നാ പഞ്ചേഷുലീലാ പരിപന്ഥി തേജഃ
പ്രചണ്ഡിമാ ശിക്ഷയതേ യദീയദോർദ്ദണ്ഡജന്മാ, രിപു സുന്ദരീണാം
പത്രാംശുകാനാം പരിധാനരീതിം കന്ദാശനം കാനന ചങ് ക്രമം ച.
ഉർവീഭരം ബിഭ്രതി യത്ര നൃണാം ഗുർവീം മുദം തന്വതി ചാന്നദാനൈഃ
ദർവീകരേന്ദ്രശ്ച കരാരവിന്ദേ ദർവീ ച വിശ്രാമ്യതി ശൈലജായാഃ.”
എന്നു ശങ്കരനും അദ്ദേഹത്തിന്റെ മഹിമാതിശയത്തെ ഉപശ്ലോകനം ചെയ്യുന്നു.

കേരളവർമ്മത്തമ്പുരാൻ, മുമ്പു പ്രസ്താവിച്ചതുപോലെ, കൊല്ലം 598-ൽ കോലത്തിരിയായി; 621-ൽ 64-ആമത്തെ വയസ്സിൽ പരഗതിയെ പ്രാപിച്ചു. അദ്ദേഹത്തിന്റെ അനന്തരവനും കവിയുമായ രാമവർമ്മ യുവരാജാവു് 618-ൽത്തന്നെ യശശ്ശരീരനായി. രാഘവനും ശങ്കരകവിയും കേരളവർമ്മാവിന്റെ ആസ്ഥാനപണ്ഡിതന്മാരായിരുന്നു. കേരളവർമ്മാവിന്റെ പിൻ വാഴ്ചക്കാരനായ ഉദയവർമ്മതമ്പുരാൻ 621 മുതൽ 650 വരെ രാജ്യഭാരം ചെയ്തു. തന്റെ പൂർവ്വഗാമി സംസ്കൃതകാവ്യത്തിനു് എങ്ങനെയോ അങ്ങനെ ഉദയവർമ്മതമ്പുരാൻ ഭാഷാസാഹിത്യത്തിനു പുരസ്കർത്താവായിത്തീർന്നു. കൃഷ്ണഗാഥാകാരൻ അദ്ദേഹത്തിന്റെ സദസ്സിനെയാണു് അലങ്കരിച്ചിരുന്നതു്.

20.2ശ്രീകണ്ഠവാരിയർ

രാഘവവാരിയരുടെ ഗുരുവായി ശ്രീകണ്ഠവാരിയർ എന്നൊരു കവിപുങ്ഗവൻ ക്രി. പി. 6-ആം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ കോലത്തുനാട്ടിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗൃഹം കോഴിക്കോട്ടു സാമൂതിരിക്കോവിലകത്തിനു സമീപമായിരുന്നു എന്നറിയുന്നു. അദ്ദേഹം സംസ്കൃതത്തിൽ രഘൂദയമെന്നു് എട്ടാശ്വാസത്തിൽ ഒരു യമകകാവ്യവും പ്രാകൃതത്തിൽ ശൗരിചരിതമെന്നു നാലാശ്വാസത്തിൽ ഭാഗവതം ദശമസ്കന്ധകഥയെ വിഷയീകരിച്ചു മറ്റൊരു യമകകാവ്യവും നിർമ്മിച്ചു. രഘൂദയത്തിനു ശ്രീകണ്ഠീയമെന്നും പേരുണ്ടു്. രഘൂദയത്തിലെ അധോലിഖിതങ്ങളായ ശ്ലോകങ്ങളിൽ നിന്നു ശ്രീകണ്ഠൻ ആയുർവ്വേദവിശാരദനായ ഒരു ശങ്കരവാരിയരുടെ ഭാഗിനേയനും ശിഷ്യനുമായിരുന്നു എന്നു വെളിപ്പെടുന്നു. ഗൃഹനാമം എന്തെന്നറിയുന്നില്ല.

“സോജനിനാസന്നായാദ്യുതിമത്യബ്ധീശപത്തനാസന്നായാം
ശിവദിശിനാസന്നായാന്യായാദപിയത്രബുധജനാസന്നായാം.
പാരശവാന്വയമാനഃഖ്യാതോസോഷ്ടാങ്ഗഹൃദയവാന്വയമാനഃ
ഗുണവിഭവാന്വയമാനസ്പൃശച്ഛ്റിയഃ ശങ്കരോപിവാന്വയമാനഃ
ഭേഷജവസ്വസുരസ്യ ശ്രീകണ്ഠശ്ശിഷ്യ ഉദ്ഭവസ്സ്വസുരസ്യ
രസപർവസ്വസുരസ്യ സ്ഥിരമതിരലമസ്മിനതസവസ്വസുരസ്യ.”
നളോദയത്തിലെന്നപോലെ രഘൂദയത്തിലും നാലു പാദങ്ങളിലും യമകമുണ്ടു്. തനിക്കു് ആ വിഷയത്തിൽ മാർഗ്ഗദർശിയായ നളോദയകാരനെ അദ്ദേഹം ‘നമോസ്തു രവിദേവായ’ എന്നു വന്ദിക്കുന്നതായി ഞാൻ അന്യത്ര നിർദ്ദേശിച്ചിട്ടുണ്ടല്ലൊ. രഘൂദയത്തിന്നു ശ്രീകണ്ഠന്റെ ശിഷ്യനായ രുദ്രമിശ്രൻ എന്നൊരു പണ്ഡിതൻ പദാർത്ഥദീപിക എന്ന വ്യാഖ്യാനം രചിച്ചിട്ടുള്ളതായി കാണുന്നു. കവിമുഖത്തിൽനിന്നുതന്നെ അർത്ഥം ഗ്രഹിച്ചാണു് അദ്ദേഹം ആ വ്യാഖ്യാനം നിർമ്മിച്ചതു്.

“ശ്രീകണ്ഠരചിതസ്യാഹം കാവ്യസ്യ യമകാത്മനഃ
പദാർത്ഥമാത്രോപകാരി വ്യാഖ്യാനം കർത്തുമാരഭേ.
ശ്രുതം കവിമുഖാദേവ യദർത്ഥം ബ്രൂ മഹേ വയം
പ്രയാസോയമതോസ്മാകം കേവലം ശബ്ദഗുംഫനേ,
മന്ദാനാം ദുർഗ്ഗമതയാ ചിത്രകാവ്യം ന ദുഷ്യതി
യദുത്സവസ്തൽ സുധിയാം ഭാമഹസ്യ വചോ യഥാ.”
എന്നു് ആ വ്യാഖ്യാതാവു പ്രസ്താവിക്കുന്നു. രുദ്രമിശ്രനെപ്പറ്റി മറ്റൊരറിവും ലഭിക്കുന്നില്ല.

ശൗരിചരിതം ഒരു പ്രാകൃതയമകകാവ്യമാണെന്നു പറഞ്ഞുവല്ലോ. അതിലേ ആദ്യത്തെ പദ്യം താഴെച്ചേർത്തു് അതിന്റെ ഛായയും കുറിക്കാം.

“ണമഹ ഗആണയപാഅം
ജത്തോ ബിമുഹാ ജണാ ഗആ ണ ണ പാഅം
ജണ്ണഇരത്താലേഹാ
സളാഹണിണ്ണോ അ ജപ്ഥ രപ്താലേഹാ.”

“നമത ഗജാനനപാദം യസ്മാദ്വിമുഖാ ജനാ ഗതാ ന ന പാതം
യന്നതിരക്താ ലേഖാഃ ശ്ലാഘനീയാശ്ച യത്ര രക്താ ലേഖാഃ”
ഈ രണ്ടു പാദങ്ങളിൽ മാത്രമേ ഈ കാവ്യത്തിൽ യമകം ഘടിപ്പിച്ചിട്ടുള്ളു. ഇതിനും ഒരു വ്യാഖ്യാനമുണ്ടു്. അതു് ആരുടേതാണെന്നറിയുന്നില്ല.

“ശ്രീകണ്ഠരചിതം കാവ്യം തച്ഛൗരിചരിതാഹ്വയം
വ്യാഖ്യാസ്യേഹം സയമകം പ്രൗഢപ്രാകൃതഭാഷയോഃ.”
എന്നു് ആ വ്യാഖ്യാതാവു പ്രതിജ്ഞ ചെയ്യുന്നു.

20.3രാഘവവാരിയർ

യുധിഷ്ഠിരവിജയത്തിനു പദാർത്ഥചിന്തനം എന്ന വിസ്തൃതവും വിശ്വോത്തരവുമായ വ്യാഖ്യാനം രചിച്ച രാഘവവാരിയർ ശ്രീകണ്ഠന്റെ ശിഷ്യനും ഒരു പ്രശസ്ത പണ്ഡിതനുമായിരുന്നു. ചിറയ്ക്കൽ താലൂക്കിൽപ്പെട്ട പള്ളിക്കുന്നായിരുന്നു അദ്ദേഹത്തിന്റെ ജന്മഭൂമി. പദാർത്ഥചിന്തനത്തിന്റെ പ്രാരംഭത്തിൽ രാഘവൻ തന്നെ ഈ വസ്തുത പ്രസ്താവിച്ചിട്ടുണ്ടു്:

“വിഹാരക്ഷിതിഭൃൽക്ഷേത്രേ വസന്തീം വിശ്വരക്ഷിണീം
പദ്മാക്ഷസോദരീമീഡേ ദാക്ഷ്യായാനുക്ഷണം ഗിരാം.
***
ശ്രീവിഹാരധരാവാസാ വാസവാനുജസോദരീ
സാദരാ ഭക്തവർഗ്ഗേഷു സാദരാന്മമ രക്ഷികാ.
ശ്രീകണ്ഠാഖ്യാസമാഖ്യാതാഃ ശ്രീകണ്ഠാകുണ്ഠധീഗുണാഃ
സുശ്രുതാ വിശ്രുതാ ലോകേ ഗുരവോ മമ രക്ഷകാഃ.”
ഈ ശ്ലോകങ്ങളിൽനിന്നു രാഘവന്റെ ഇഷ്ടദേവത പള്ളിക്കുന്നത്തു പാർവ്വതീദേവിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഗുരുവിന്റെ സംജ്ഞ ശ്രീകണ്ഠനെന്നായിരുന്നു എന്നും വിശദമാകുന്നു. കേരളവർമ്മ കോലത്തിരിയുടെ ആജ്ഞാനുസാരമാണു് അദ്ദേഹം യുധിഷ്ഠിരവിജയം വ്യാഖ്യാനിച്ചതെന്നു മുമ്പു പറഞ്ഞു കഴിഞ്ഞു. ‘ശ്രീകണ്ഠദാസൻ’ എന്ന മുദ്രയാണു് വ്യാഖ്യാതാവു് അനുസ്യൂതമായി സ്വീകരിച്ചുകാണുന്നതു്. ഗുരുവിൽനിന്നുതന്നെയായിരിക്കണം അദ്ദേഹത്തിനു യമകകാവ്യങ്ങളോടു വിശേഷപ്രതിപത്തിയും അവയുടെ അർത്ഥപ്രതിപാദനത്തിൽ വിചക്ഷണതയും സിദ്ധിച്ചതു്. ചന്ദ്രോത്സവമെന്ന സുപ്രസിദ്ധമായ മണിപ്രവാളകാവ്യത്തിൽ ‘മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ’ എന്നും

“സുമുഖി! സുരഭയന്തീ സ്വൈരമാശാകദംബം
മധുരകവിതയാലേ രാഘവാന്തേ വസന്തഃ
നിരുപമരുചിഭാജാം ദേവി! നിർമ്മത്സരാണാം
നിലയമിനിയ പള്ളിക്കുന്നു യേഷാം നിവാസം.”
എന്നും ഉപന്യസിച്ചു കാണുന്നതിൽ നിന്നു രാഘവൻ ഒരു സരസ കവികൂടിയായിരുന്നു എന്നും അദ്ദേഹത്തിനു വളരെ ശിഷ്യസമ്പത്തുണ്ടായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണു്. എന്നാൽ അദ്ദേഹത്തിന്റെ വകയായി പദാർത്ഥചിന്തനമല്ലാതെ മറ്റൊരു ഗ്രന്ഥത്തേയോ ശങ്കരകവിയല്ലാതെ മറ്റൊരു ശിഷ്യനേയോ പറ്റി നമുക്കു് ഇതുവരെയും അറിവു കിട്ടീട്ടില്ല. ശങ്കരൻ ശ്രീകൃഷ്ണവിജയത്തിൽ അദ്ദേഹത്തെ ഇങ്ങനെ പ്രശംസിക്കുന്നു:

“പാത്രം ശ്രിയസ്തസ്യ ചകാസ്തി രാജ്യേ ക്ഷേത്രം വിഹാരാചല നാമധേയം;
ജഗത്സവിത്രീ ഖലു യൽ പവിത്രീകരോതി നീഹാര ഗിരീന്ദ്രപുത്രീ.
വിഭാതി തസ്മിൻ ഗിരിജാകടാക്ഷപാത്രീഭവൻ കശ്ചന സൂരിവര്യഃ
ശ്രീകോലഭൂപാലകഹർഷസിന്ധുരാകാശശീ രാഘവനാമധേയഃ.
സദാ മനീഷാമയതാമ്രപർണ്ണീസമ്പർക്കിണോ വാങ്മയ മൗക്തികാനി
ഭാഗ്യൈകസിന്ധോസ്സമവാപ്യ യസ്യ സുധീജനഃ കർണ്ണമലങ്കരോതി.
അന്തേവസൻ കശ്ചന തസ്യ ചാസീൽ കവിത്വമാർഗ്ഗേ കലിതപ്രചാരഃ
ആചാര്യകാരുണ്യജലപ്രരൂഢപ്രജ്ഞാങ്കുരശ്ശങ്കരനാമധേയഃ”

20.4രാമവർമ്മയുവരാജാവു്

രാമവർമ്മ യുവരാജാവു് ഭാരതസംങ്ഗ്രഹം എന്ന മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാപീഡം എന്ന നാടകത്തിന്റേയും നിർമ്മാതാവാണു്. ഭാരതസങ്ഗ്രഹത്തെപ്പറ്റി മുൻപു സൂചിപ്പിക്കുകയുണ്ടായല്ലോ. അതിൽ ആദ്യത്തെ 24 സർഗ്ഗങ്ങളും 25-ാം സർഗ്ഗത്തിലെ ഏതാനും ശ്ലോകങ്ങളും മാത്രമേ കിട്ടീട്ടുള്ളൂ. പക്ഷെ ഗ്രന്ഥം സമാപ്തമാകുന്നതിനുമുമ്പു കവി അന്തരിച്ചുപോയി എന്നും വരാവുന്നതാണു്. ധൃതരാഷ്ടരും ഗാന്ധാരിയും കുന്തിയും മരിച്ചു് അവരുടെ അപരക്രിയ പാണ്ഡവന്മാർ അനുഷ്ഠിക്കുന്നതുവരെ — അതായതു് ആശ്രമവാസത്തോളം — ഉള്ള കഥ ലബ്ധമായ ഭാഗത്തിൽ പ്രതിപാദിതമായി കാണുന്നു. കവി അഗസ്ത്യഭട്ടന്റെ ബാലഭാരതത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. ക്രി. പി. പതിന്നാലാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ കാകതീയമഹാരാജാവായ പ്രതാപരുദ്രന്റെ ആസ്ഥാനപണ്ഡിതനായി ജീവിച്ചിരുന്ന ഒരു മഹാകവിയാണു് അഗസ്ത്യഭട്ടൻ. പ്രതാപരുദ്രീയത്തിന്റെ നിർമ്മാതാവു് അദ്ദേഹമാണെന്നും വിദ്യാനാഥസംജ്ഞ അദ്ദേഹത്തിന്റെ ബിരുദമാണെന്നും ഊഹിക്കാൻ ചില ന്യായങ്ങളുണ്ടു്. പതിനഞ്ചാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ബാലഭാരതത്തിനു കേരളത്തിൽ സിദ്ധിച്ചുകഴിഞ്ഞിരുന്ന പ്രചാരം ഈ ഘട്ടത്തിൽ പ്രത്യേകം സ്മർത്തവ്യമാകുന്നു. രാമവർമ്മാവിന്റെ കവിതയ്ക്കു ലാളിത്യമുണ്ടെങ്കിലും ശബ്ദസുഖം പോരാത്ത പദ്യങ്ങൾ ധാരാളമുണ്ടു്. സൂക്ഷ്മമായ പര്യാലോചനയിൽ അദ്ദേഹത്തെ ഒന്നാംകിടയിലുള്ള ഒരു കവിയായി ഗണിക്കുവാൻ തരമില്ലെങ്കിലും രണ്ടാംകിടക്കാരിൽ അദ്ദേഹം ഉയർന്നുനിൽക്കുന്നതായി സ്ഥാപിക്കാം. മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം. ശന്തനുവും ഗങ്ഗാദേവിയും തമ്മിലുള്ള സംഭാഷണമാണു വിഷയം.

“ശനൈശ്ശനൈരന്തികമീയൂഷീം താം
ശുചിസ്മിതശ്ശന്തനുരാബഭാഷേ
അന്യസ്യ ഭാര്യാ ന യദീന്ദുവക്‍ത്രേ
മൽപ്രേയസീനാം പ്രവരാ ഭവേതി.
ശുഭേഽശുഭേ വാ ഭുവനൈകവീര
യാവദ്ഭവാൻ കർമ്മണി മാം പ്രവൃത്താം
നിരോത്സ്യതേ താവകധാമ്നി താവ
ദ്വസേയമിത്യേനമവോചദേഷാ.
താം രാജഹംസപ്രതിമാനയാനാം
തഥേതി രാജന്യവരോ ഗദിത്വാ
രോമാഞ്ചരാജീപരിരാജിതാങ്ഗ
സ്തയാ സഹാഗാന്നിജരാജധാനീം.”
വേദവ്യാസന്റെ പേരിൽ കവിക്കു് അസാമാന്യമായ ഭക്തിയുണ്ടു്. അതിൽ ആശ്ചര്യത്തിന്നു് അവകാശവുമില്ല. താഴെ കാണുന്ന ശ്ലോകം നോക്കുക:

“സദാഖിലാഭിസ്സഹിതഃ കലാഭിർ
ദ്വൈപായനേന്ദുഃ കൃതിരശ്മിജാലൈഃ
ഹരൻ ജഗന്മോഹമഹാന്ധകാര
മാനന്ദമസ്പൃഷ്ടതമം ദിശേന്നഃ.”

20.5ചന്ദ്രികാകലാപീഡം നാടകം

രാമവർമ്മതമ്പുരാൻ അഞ്ചങ്കത്തിൽ രചിച്ചിട്ടുള്ള ഒരു നാടകമാണു് ചന്ദ്രികാകലാ പീഡം. പ്രസ്താവനയിൽ നിന്നു താഴെ ഉദ്ധരിക്കുന്ന പങ്ക്തികളിൽ നിന്നു് ഈ വസ്തുത വെളിപ്പെടുന്നു:

“സൂത്ര:- ആര്യേ! സുന്ദരികേ! ആദിഷ്ടോസ്മി സമസ്ത സുരാസുരചക്രവർത്തി ചക്രവിശങ്കട മകുടതടഘടിതനാനാവിധാനർഘരത്നനിര്യത്നനിര്യൽകരനികര കേസരിതചരണസരോരുഹസ്യ,ചതുർദ്ദശഭുവനഭവനസ്തംഭായമാനഭുജദണ്ഡമണ്ഡലസ്യ, ഗാന്ധർവവേദമർ മ്മായമാണൈശ്ചാരീകരണാങ്ഗഹാരപാദകുട്ടനഭ്രമരഭ്രമരിതാദിരസഭാവസ്ഥായിസഞ്ചാരികാദൃഷ്ടിവിശേഷൈശ്ച പതാകാദിഭിരസംയുതഹ സ്തൈരഞ്ജലിപ്രമുഖൈസ്സംയുതഹസ്തൈശ്ചതുരശ്രമുഖ്യൈർനൃത്തഹസ്തൈ ശ്ചാങ്ഗപ്രത്യങ്ഗാപാങ്ഗ ക്രിയാങ്ഗരാഗാങ്ഗഭാഷാങ്ഗാഭിനയൈർമാർഗ്ഗദേശിതാളൈ ശ്ച, ഗ്രാമജാതിദേശിനാനാവിധരാഗസംയോജിതഗീതഗീതി കാഭിശ്ച, ബഹുവിധപാടാക്ഷരലക്ഷിതപടുപടഹമൃദംഗപ്രമുഖ ചതുർവിധവാദ്യൈശ്ച മണ്ഡിതേഷ്വാനന്ദാദിദ്രുതതാണ്ഡവേഷു പണ്ഡിതസ്യ, സകലവിദ്യാപാരീണാനാം വിബുധാധ്വധുരന്ധരാണാം ബന്ധുരശീലാനാം ജിതാരിഷ്ടകാനാം ബ്രഹ്മകല്പാനാം ഭൂമീസുരസമാജാനാം യോഗക്ഷേമമഹാവ്രതനിരതസ്യ, പ്രണതപുരുഷാർത്ഥവിതരണജാഗരൂകസ്യ, മകരകേതനകേളിശൈലായമാനശൈലരാജതനയാകുചവിലസിത കാശ്മീരമകരികാപത്രാങ്കുര ലീലസ്യ, മാന്ധാതൃപ്രമുഖരാജർഷിതപഃപ്രകാണ്ഡവിവർത്തസ്യ, ചെല്ലൂരപുരവാസിനോ നിഗമവനനീലകണ്ഠസ്യ നീലകണ്ഠസ്യ ചൈത്രയാത്രോത്സവസമാഗതൈഃ…രാര്യമിശ്രൈഃ.”

“ആര്യേ! പുരാണകവിനിബദ്ധാനി ബഹുവിധാനി രൂപകാണി പ്രയോഗതോ ദർശിതാനി, ഇദാനീമഭിനവം രൂപകം നിവേദയാമി. (വിമൃശ്യ, സോല്ലാസം) ആഃ! ജ്ഞാതം സമസ്തസാമന്തചൂഡാമണി സമുദഞ്ചദരുണമണികിരണഗണനീരാജിതപാദപീഠാന്തഭൂതലസ്യ, ഷോഡശമഹാദാനക്ഷരിതവാരിധാരാകുലിതചതുരർണ്ണവസ്യ, ഷഡ്രസോപേതചതുർവിധാന്നദാനപരിതോഷിതസകലലോകസ്യ, വീരലക്ഷ്മീവല്ലഭസ്യ, ഹരിശ്ചന്ദ്രരന്തിദേവപ്രമുഖരാജർഷിനിഷേവിതാധ്വപരിചംക്രമണ ധുരന്ധരസ്യ, മഹാരാജസ്യ, ശ്രീരവിവർമ്മണഃ കനീയസോ, മൂർത്തസ്യേവ കോലഭൂഭാഗധേയസ്യ ശ്രീകേരളവർമ്മണഃ സഹോദരീസഞ്ജാതേന, ജഗന്നിവാസപാദാംബുജമധുവ്രതേന, സരസ്വതീരമാകൃപാകടാക്ഷപാത്രീഭ്രതേന, രാമവർമ്മാഭിധേയേന കവിരാജേന വിരചിതം ശൃങ്ഗാരരസഭൂയിഷ്ഠം ചന്ദ്രികാ കലാപീഡം നാമ നാടകം സപ്രയോഗമഭിനീയാര്യമിശ്രാനുപാസ്മഹേ.”

ഭാരതസംങ്ഗ്രഹത്തിൽ കവി ഒരു രവിവർമ്മ രാജാവിനേയും അദ്ദേഹത്തിന്റെ അനുജനും ശങ്കരാദികവികളുടെ പുരസ്കർത്താവുമായ കേരളവർമ്മരാജാവിനേയും പറ്റി പറയുകയും അദ്ദേഹത്തിന്റെ ഭാഗിനേയനാണു് താനെന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ആ മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാ പീഡത്തിന്റേയും കർത്താവു് ഒരേ കവി തന്നെയാണെന്നുള്ളതു് നിസ്സംശയമാണു്. ‘ജഗന്നിവാസം ഹൃദയേ ദധാനം’ എന്നു മഹാകാവ്യത്തിലും അദ്ദേഹം തന്റെ ഭഗവൽഭക്തിയെ പ്രദർശിപ്പിക്കുന്നു. ഈ നാടകത്തിന്റെ പ്രസ്താവനയിൽ നിന്നു് അദ്ദേഹത്തിനു സങ്ഗീതശാസ്ത്രത്തിലും നൃത്തകലയിലും അഗാധമായ വൈദുഷ്യമുണ്ടായിരുന്നു എന്നു സ്പഷ്ടമാകുന്നു.

ചന്ദ്രികാകലാപീഡം കവി പെരുഞ്ചെല്ലൂർ ക്ഷേത്രത്തിലെ ചൈത്രോത്സവത്തിൽ അഭിനയിക്കുന്നതിനായി രചിച്ച ഒരു നാടകമാണെന്നു പ്രസ്താവനയിൽ നിന്നു നാം ധരിച്ചുവല്ലൊ. ചന്ദ്രികയെന്ന കലിങ്ഗരാജപുത്രിയെ കന്ദർപ്പശേഖരൻ എന്ന കാശിരാജാവു വിവാഹം ചെയ്യുന്നതാണു് വിഷയം. ഇതിവൃത്തസംവിധാനത്തിൽ കവി മാളവികാഗ്നിമിത്രത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. എങ്കിലും നാടകം ആകെക്കൂടി ഹൃദയങ്ഗമമാണെന്നുവേണം പറയുവാൻ. പല ശ്ലോകങ്ങളും ആര്യാവൃത്തത്തിൽ നിബന്ധിച്ചിരിക്കുന്നു.

“കുസുമോൽകരപരിപൂർണ്ണഃ കുരവകതരുരേഷ ഭാതി ഹർഷകരഃ,
രോമാഞ്ചസഞ്ചിത ഇവ സ്തനയുഗസമ്മർദ്ദനാൽ സരോജാക്ഷ്യാഃ”
“ദേവീ ഹർഷപരീതാ മാമേഷാ യാതി കാന്തയാ സാകം
വീരശ്രീരിവ മൂർത്താ കലിങ്ഗരാജ്യാദുദാര കീർത്തിയുതാ.”
ഇത്യാദി പദ്യങ്ങൾ നോക്കുക. മറ്റൊരു ശ്ലോകം കൂടി ഉദ്ധരിക്കാം.

“ശ്രീവീതോ ഹരിവദ്ഗുഹാഹിതരസശ്ശൂലീവ പത്രോത്സുകോ
വാമാസ്യാംബുജവന്നളൈകശയനോ ഭീമാത്മജാചിത്തവൽ
ദൂരാപാസ്തശിവോദരോ യജനവദ്ദക്ഷസ്യ, കാശീപതേ!
ത്വത്സേനാവിജിതഃ കലിങ്ഗനൃപതിർന്നവ്യാം ദശാമാശ്രിതഃ”
താഴെക്കാണുന്നതു ഭരതവാക്യമാകുന്നു:

“ദേവി, പ്രസന്നഹൃദയാ സതതം മയി സ്യാഃ
സ്വാചാരമഗ്നമനസസ്സകലാഃ പ്രജാഃ സ്യുഃ:
ബ്രഹ്മാവലോകരസികാ മുനയോ ഭവന്തു;
രാജ്യേ വസേൽ സ്ഥിരതരാനുപമാ ച ലക്ഷ്മീഃ”

20.6ശങ്കരകവി, ജീവിതചരിത്രം:

അക്കാലത്തു് ഉത്തരകേരളത്തിലെ പ്രഥമഗണനീയനായ സംസ്കൃതകവി രാഘവ വാരിയരുടെ അന്തേവാസി എന്നു ഞാൻ മുമ്പു നിർദ്ദേശിച്ച ശങ്കരവാരിയരായിരുന്നു.

“കോലാനേലാവനസുരഭിലാൻ യാഹി, യത്ര പ്രഥന്തേ
വേലാതീതപ്രഥിതയശസശ്ശങ്കരാദ്യാഃ കവീന്ദ്രാഃ”
എന്നു് ഉദ്ദണ്ഡശാസ്ത്രി കോകിലസന്ദേശത്തിൽ സമുചിതമായി പ്രശംസിച്ചിട്ടുള്ളതു് ആ കവിസാർവഭൗമനെയാണു്. പള്ളിക്കുന്നു ക്ഷേത്രത്തിനു സമീപം വടക്കുകിഴക്കായി ശങ്കരൻകണ്ടി എന്നൊരു പറമ്പു് ഇപ്പോഴും ഉണ്ടു്. ആ പറമ്പിൽ പണ്ടു പ്രസ്തുത ക്ഷേത്രത്തിലെ കഴകക്കാരായ വാരിയന്മാരുടെ ഒരു ഗൃഹമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഒരങ്ഗമാണു് ശങ്കരൻ. പറമ്പിനു് ആ സംജ്ഞ സിദ്ധിച്ചതും അദ്ദേഹത്തിന്റെ സ്മാരകമായാണു്. കുടുംബം അന്യംനിന്നുപോയി. ശങ്കരകവി വളരെക്കാലം അവിടെ കഴകപ്രവൃത്തി ചെയ്തുകൊണ്ടും ദേവിയെ ഭജിച്ചുകൊണ്ടും അവിടെനിന്നു് ഒന്നരനാഴിക വടക്കുള്ള വളർപട്ടണം കോട്ടയിൽ കേരളവർമ്മ തമ്പുരാന്റെ സദസ്സിനെ അലങ്കരിച്ചുകൊണ്ടും താമസിച്ചതിനുമേൽ തീർത്ഥസ്നാനത്തിനായി പരദേശങ്ങളിൽ പര്യടനം ചെയ്യുകയും അവിടെവെച്ചു് അന്തരിക്കുകയും ചെയ്തു എന്നു പുരാവിത്തുകൾ പറയുന്നു. ശ്രീകൃഷ്ണവിജയത്തിൽ ‘അന്തേവസൻ കശ്ചന’ എന്ന പദ്യത്തിനുമേൽ താഴെചേർക്കുന്ന പദ്യങ്ങൾ കാണുന്നു:

“അർദ്ധം ശരീരസ്യ ച ശീതഭാനോഃ
കളത്രയന്തീ ച വതംസയന്തീ
കാചിൽ കൃപാ കണ്വപുരൈകഭൂഷാ
കാമപ്രസൂര്യൽകുലദൈവമാസ്തേ.
നിത്യം വിഹാരാദ്രിജുഷോ ഭവാന്യാഃ
സ്തോത്രാംബുഭിഃ സന്നതിദോഹളൈശ്ച
അകാരി യസ്യാങ്കുരിതോ മഹീയാൻ
നവത്വമാശ്രിത്യ കവിത്വശാഖീ.”
ഈ പദ്യങ്ങളിൽ നിന്നു (തൃക്കണ്ണപുരം) കണ്വപുരത്തിലേ ശിവൻ അദ്ദേഹത്തിന്റെ കുലദൈവമാണെന്നും എന്നാൽ അദ്ദേഹം സദാ ആരാധിച്ചുവന്നതു പള്ളിക്കുന്നത്തു ഭഗവതിയെയാണെന്നും സിദ്ധിക്കുന്നു. തനിക്കു കവിതാവിഷയത്തിലുണ്ടായ പ്രാഗല്ഭ്യത്തിന്നു കാരണം ആ ദേവീഭജനമാണെന്നും കവി പ്രസ്താവിക്കുന്നു. ശ്രീകൃഷ്ണവിജയം താൻ നിബന്ധിച്ചതു കേരളവർമ്മതമ്പുരാന്റെ ആജ്ഞ നിമിത്തമാണെന്നു് അദ്ദേഹം തുടർന്നുപറയുന്നു:

“കോലേശ്വരസ്തം മുദിതഃ കദാചിദാസ്ഥാനവർത്തീ നൃപചക്രവർത്തീ
നിഷ്ണാതധീഃ കൃഷ്ണകഥാനുബന്ധം കാവ്യം കുരു ശ്രാവ്യമിതി ന്യഗാദീൽ.
കൃശാപി കോലേശവചസ്സമീരസംപ്രേരണാദ്ദേശിക ദൃഷ്ടിനാവാ
ഭക്തിദ്വിതീയാഥ തദീയവാണീ പാരം ഗതാ കൃഷ്ണകഥാ പയോധേഃ.
***
വാചാം ചമൽകാരകരീ ന മാധ്വീഝരീപരീപാക ധുരീണതാസ്മിൻ;
തഥാപി മൗകന്ദകഥാസുധാസു പിപാസവഃ കിന്ന ഭവന്തി സന്തഃ?”
ഒടുവിൽ,

“ശ്രീരാഘവാഖ്യദേശികകാരുണ്യകടാക്ഷവീക്ഷണവിലാസഃ
മമ കൃഷ്ണചരിതജലധൗ മരകതമണിസേതുചാതുരീമകരോൽ.”
എന്നൊരു മുക്തകവും കാൺമാനുണ്ടു്. ഇവയിൽനിന്നു കവിയുടെ പ്രകൃഷ്ടമായ വിനയവും ശ്രീകൃഷ്ണവിഷയകമായ രതിഭാവവും ഗുരുഭക്തിയും പ്രത്യക്ഷീഭവിക്കുന്നു.

സമകാലികന്മാരായ കവികളിൽ ഉദ്ദണ്ഡൻ മാത്രമല്ല ശങ്കരനെ പുകഴ്ത്തിയിരിക്കുന്നതു്. ചന്ദ്രോത്സവത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണാം:

“ഉചിതരസവിചാരേ ചാരുവാഗ്ദേവതാശ്രീ
കരകിസലയസമ്മൃഷ്ടശ്രമസ്വേദജാലം
അഹമഹമികയാ വന്നർത്ഥശബ്ദപ്രവാഹം
ഭവതു വദനബിംബം ശാങ്കരം പ്രീതയേ മേ.”

“ശ്രീശങ്കരേണ വിദുഷാ കവിസാർവഭൗമേ
ണാനന്ദമന്ദഗതിനാ പുരതോ ഗതേന
ശ്രീമന്മുകുന്ദമുരളീ മധുരസ്വരേണ
പദ്യൈരവദ്യരവിതൈരനുവർണ്ണ്യമാനാ.”
ചുവടേ ചേർക്കുന്ന അവിജ്ഞാതകർത്തൃകമായ ശ്ലോകവും അദ്ദേഹത്തെപ്പറ്റിയുള്ളതാണു്:

ന വിനാ ശങ്കരകവിനാ മമ ധിഷണാ സൗഖ്യഭൂഷണാ ഭവതി;
വിധുനാ പ്രസാദനിധിനാ കുമുദ്വതീ കിന്നു മുദ്വതീ ഭവതി?

20.7ശ്രീകൃഷ്ണവിജയം

ശങ്കരകവിയുടെ കൃതിയായി പന്ത്രണ്ടു സർഗ്ഗത്തിൽ നിബദ്ധമായ ശ്രീകൃഷ്ണവിജയം മഹാകാവ്യമല്ലാതെ മറ്റൊരു സംസ്കൃതഗ്രന്ഥവും നമുക്കു ലഭിച്ചിട്ടില്ല. അദ്ദേഹത്തിനു ജീവിതകാലത്തിൽത്തന്നെ സിദ്ധിച്ച അന്യദുർല്ലഭമായ പ്രശസ്തിക്കു് അവലംബം ആ കാവ്യം തന്നെയാണു്. ശ്രീകൃഷ്ണവിജയത്തേക്കാൾ ശബ്ദസുന്ദരവും ശ്രവണമധുരവുമായ ഒരു കാവ്യം സംസ്കൃതസാഹിത്യത്തിലുണ്ടെന്നു തോന്നുന്നില്ല. മൂകപഞ്ചശതിയും മറ്റും ദേവതാസ്തോത്രങ്ങൾ മാത്രമാണല്ലോ. അത്തരത്തിലുള്ള ലളിതകോമളകാന്തപദാവലി വില്വമങ്ഗലത്തിനു മാത്രമേ സ്വാധീനമായിരുന്നിട്ടുള്ളു; പക്ഷേ അദ്ദേഹത്തിന്റെ കർണ്ണാമൃതവും മറ്റും ഒരു ഇതിവൃത്തത്തെ ആസ്പദീകരിച്ചു വിരചിതങ്ങളായ കൃതികളല്ലാത്തതിനാൽ ശങ്കരന്റെ കവനകലയിൽ സഹൃദയന്മാർക്കു് ആദരാതിശയം തോന്നുന്നതു് അസ്വാഭാവികമല്ല. ശ്രീകൃഷ്ണവിജയത്തിലെ പ്രതിപാദ്യം ഭാഗവതത്തിലെ ദശമസ്കന്ധകഥയാണു്; കവിക്കു് ഉപജീവ്യൻ ശ്രീകൃഷ്ണവിലാസകാരനായ സുകുമാരനുമാണു്. വിലാസകാരനെപ്പോലെ വിജയകാരനും തന്റെ കാവ്യം മഹാമേരുവിന്റെ വർണ്ണനംകൊണ്ടു് ആരംഭിക്കുന്നു. വിജയം സന്താനഗോപാലകഥയോടുകൂടിയാണു് പര്യവസാനിക്കുന്നതു്. രസഭാവസമ്പത്തിലും വ്യങ്ഗ്യവൈഭവത്തിലും വിജയം വിലാസത്തെ സമീപിക്കുന്നു എന്നു പറവാനു നിവൃത്തിയില്ലെങ്കിലും ശബ്ദധോരണി പരിശോധിക്കുമ്പോൾ അങ്ങിങ്ങു് അതിന്റെ ഉപരിതലത്തിൽ സ്ഥിതിചെയ്യുന്നു എന്നുപോലും സ്ഥാപിക്കുവാൻ കഴിയുന്നതാണു്. ചില ശ്ലോകങ്ങൾ ഉദ്ധരിച്ചു് ആ വിഷയത്തിൽ ശങ്കരനുള്ള കൃതഹസ്തത പ്രത്യക്ഷമാക്കിക്കൊള്ളട്ടെ.

പൂതനയുടെ പതനം

“പ്രചലൽകുചഗണ്ഡശൈലലോലാ
ചലിതോർവീരുഹചണ്ഡബാഹുദണ്ഡാ
ന്യപതദ്ഭുവി സാ യുഗാന്തമൂർച്ഛൽ
പവനോന്മൂലിതപർവ്വതോപമാനാ.”(1)
കാളിയമർദ്ദനം

“പീതാംബരാഞ്ചിതകടീരതടീമനോജ്ഞ
സ്തിഷ്ഠൻ ഭുജങ്ഗപതിമൂർദ്ധനി പങ്കജാക്ഷഃ
സമ്പ്രാപ നീലഗിരിതുങ്ഗശിലാനിഷണ്ണ–
ബാലാതപച്ഛുരിതബാലതമാലലീലാം.”(2)
ശരദ്വർണ്ണനം

“ദിശി ദിശി കളഹംസീ നാദസങ്ഗീതഭങ്ഗീ
ശിഥിലിതമദിരാക്ഷീ മൗനമുദ്രാ വിചേരുഃ
നവനളിനവനാളീ ധൂത നാളീക കേളീ
പരിമിളിതമധൂളീ ബിന്ദവോ മന്ദവാതാഃ.”(3)
രാസക്രീഡ

“നീലം നിസർഗ്ഗതരളം നിതരാം വിശാലം
സ്വച്ഛാന്തരം സുകൃതിഭിസ്സുലഭാവലോകം
പര്യാകുലം പയ ഇവാശു കളിന്ദജായാഃ
കാലുഷ്യമാപ നയനം കമലേക്ഷണാനാം.”(4)
“വിസ്രംസമാനചികുരാ വിഗളദ്ദുകൂലാ
വല്ഗദ്ഘനസ്തനഭരാ വലമാനപാർശ്വാഃ
പ്രാപുസ്സരോജനയനാഃ പ്രണയപ്രണുന്നാഃ
പുണ്യാതിരേകസുഭഗം പുരുഷം പുരാണം.”(5)
“താനപ്രദാനലയതാളവിമിശ്രമഞ്ജൂ
ഗാനപ്രയോഗതരളീകൃതവിശ്വലോകാഃ
പീനസ്തനദ്വയനതാ നനൃതുർമ്മൃഗാക്ഷ്യോ
മീനധ്വജപ്രഹരണക്ഷണഭിന്നധൈര്യാഃ.”(6)
ഹൃദ്യമായ അർത്ഥചമൽകാരവും അലങ്കാരഭങ്ഗിയുമുള്ള ശ്ലോകങ്ങളും ധാരാളമുണ്ടു്. മന്ദവായുവിനെ വർണ്ണിക്കുന്ന അധോലിഖിതമായ ശ്ലോകം നോക്കുക:

“ഉപവനഭവനാന്തേ രിങ്ഖണം വ്യാദധാനാഃ
പരിപതിതപരാഗൈർദ്ധൂ സരാഃ കേസരാണാം
ക്വണിതമധുകരാളീ കിങ്കിണീകാ വിചേരുർ
വിഗളിതമധുലാലാപാഥസോ വാതപോതാഃ.”
അചുംബിതമായ ഒരു ഉല്ലേഖമാണു് ഇവിടെ നമ്മെ ആവർജ്ജിക്കുന്നതു്. താൻ ഒരു നല്ല വൈയാകരണനാണെന്നും കവി അവിടവിടെ നമ്മെ ധരിപ്പിക്കുന്നു. ആകെക്കൂടി ശങ്കരവാരിയരെ കേരളത്തിലെ ഒന്നാംകിടയിൽ നില്ക്കുന്ന സംസ്കൃതകവികളുടെ കൂട്ടത്തിൽ ഭാവുകന്മാർ ഐകമത്യേന പരിഗണിക്കുകതന്നെ ചെയ്യും. ‘മുകുന്ദമുരളീമധുരസ്വരൻ’ എന്നു ചന്ദ്രോത്സവകാരൻ അദ്ദേഹത്തിനു നല്കീട്ടുള്ള വിശേഷണം ഏറ്റവും ഉചിതമായിരിക്കുന്നു. ഒരു സംസ്കൃതമുക്തകം അദ്ദേഹത്തിന്റേതാണെന്നു കേട്ടിട്ടുള്ളതുകൂടി ഇവിടെ ഉദ്ധരിക്കാം:

“ആന്ധ്യം മേ വർദ്ധയ ത്വൽപദയുഗവിമുഖേ
ഷ്വംബ, ലോകേഷു; ജിഹ്വാ
കുണ്ഠത്വം ദേഹി ഭൂയസ്സ്വപരനുതിപരീ
വാദയോശ്ശൈലകന്യേ!
ഖഞ്ജത്വം പോഷയേഥാഃ ഖലഗൃഹഗമനേ
ദേവി! ബാധിര്യമുദ്രാം
ത്വന്നാമാന്യപ്രലാപേ വിതര കരുണയാ
ശ്രീവിഹാരാദ്രിനാഥേ.”
പള്ളിക്കുന്നുഭഗവതിയെപ്പറ്റി ശബ്ദാലങ്കാരസുഭഗമായ ഒര സംസ്കൃതഗദ്യമുണ്ടു്. അതും പക്ഷേ വാരിയരുടെ കൃതിയായിരിക്കാം. അതിൽ ചില പംക്തികളാണു് അടിയിൽ കാണുന്നതു്.

“ജയ ജയ സകലജനനി സകലലോകപാലിനി, കരകലിതശൂലകപാലിനി, ഗിരിശഹൃദയരഞ്ജിനി, ദുരിതനിവഹഭഞ്ജിനി, നിഖിലദിതിസുതഖണ്ഡിനി, നിഗമവിപിനശിഖണ്ഡിനി, വിന്ധ്യശൈലലീലാകാരിണി, ബന്ധുരേന്ദ്രനീലാകാരിണി, കമലമൃദുലവിഗ്രഹേ, കഠിനഹൃദയദുർഗ്രഹേ, നിരവഗ്രഹേ, നിർവിക്രിയേ, നിഷ്ക്രിയേ, നിരുദ്ഭവേ, നിരുപമേ, നിരുപരമേ, പരമേശ്വരി…………പദസരസിജ നഖരുചിപരമ്പരാനീരാജിതസ്വർവാപികേ, വിബുധവ്യസന നിർവാപികേ, നിഖിലവിശ്വവ്യാപികേ, നിസ്സീമമോഹതി മിരദീപികേ, വിവിധവിലാസവിവശിതഗിരിശചേതനേ, നിരസ്തസ്വഭക്തയാതനേ, മൃഗരാജകേതനേ, വിഹാരഗിരിനി കേതനേ, ഭഗവതി! നമസ്തേ നമസ്തേ.”

20.8കൃഷ്ണാഭ്യുദയം

ശങ്കരകവിയുടെ ശിഷ്യമാരിൽ ഒരാളുടെ കൃതിയാണു് കൃഷ്ണാഭ്യുദയം. ശ്രീകൃഷ്ണവിജയത്തെ കവി പലപ്രകാരത്തിലും ഉപജീവിച്ചിട്ടുണ്ടെന്നുമാത്രമല്ല തന്റെ കൃതി ആ മഹാകാവ്യത്തിന്റെ സംക്ഷേപമായിരിക്കണമെന്നു സങ്കല്പിച്ചിരിക്കുന്നതുപോലെയും തോന്നുന്നു. ഗ്രന്ഥം സമഗ്രമായി ഞാൻ കണ്ടിട്ടില്ല. അഞ്ചാംസർഗ്ഗത്തിന്റെ മധ്യഭാഗംവരെ വായിച്ചിട്ടുണ്ടു്. അവിടംകൊണ്ടു വിപ്രപത്ന്യനുഗ്രഹലീലാവർണ്ണനം അവസാനിച്ചിട്ടില്ല. കവിതയ്ക്കു ശ്രീകൃഷ്ണവിജയത്തോളംതന്നെ ഹൃദ്യതയില്ലെങ്കിലും പ്രശംസനീയമായ ശബ്ദസൗകുമാര്യവും ശയ്യാസുഖവുമുണ്ടു്. താഴെച്ചേർക്കുന്ന ശ്ലോകങ്ങൾ അഭ്യൂദയത്തിലുള്ളവയാണു്.

“മദദ്രവക്ഷാളിതഗണ്ഡദേശാ രദദ്യുതിദ്യോതിതമൗലിചന്ദ്രാഃ
ഉദിത്വരാ രുദ്രമുദാം വിവർത്താഃ പ്രദദ്യുരുദ്വേലതയാ മുദം നഃ.
ഗിരാം മഹത്വാനി പുരാതനീനാം ജയന്തി പുണ്യാനി ഗീരീന്ദ്രജായാഃ
ധയന്തി കാകോളമയന്തി ശോണാചലം ശരാസീകൃത സാനുമന്തി
കുമുദ്വതീപുണ്യവിപാകലേഖാസമുല്ലസൽകൈശിക മായതാക്ഷം
നമസ്കരോമ്യഞ്ചിതമങ്ഗജാങ്ഗപ്രമർദ്ദനാനന്ദനമേകമോജഃ
കളിന്ദജാകൂലചരായ ഗോപീകദംബവക്ഷോരുഹപുണ്യഭൂമ്നേ
വൃന്ദാവനാംഗീകൃതഗോപധേനുവൃന്ദാവനായാസ്തു നമോ മഹിമ്നേ.
അശേഷമജ്ഞാനതമഃകദംബം ഗ്രസൻ കൃപാലോകമയൂഖ ജാലൈഃ
മനോമയം മേ വിദധാതു ഫുല്ലം കുശേശയം ദേശിക വാസരേന്ദ്രഃ
കോലേശ്വരാജ്ഞാമവലംബ്യ യേന കാവ്യം കൃതം കൃഷ്ണജയാഭിധാനം
തദീയസാരസ്വതമാർഗ്ഗഗാമീ ചരാമ്യഹം പങ്ഗുരിവ പ്രയാസാൽ.
സ്വയം വിനിര്യന്നവപദ്യബന്ധശ്രമാംബു യസ്യാനന പദ്മലഗ്നം
മമാർജ്ജ വാണീ കരപല്ലവേന സ ശങ്കരാഖ്യോ മമ ശംകരോതു.
നിസർഗ്ഗദുർബോധകവിത്വമാർഗ്ഗേ ചരൻ ന ദൂയേ ധൃതഭക്തിദണ്ഡഃ
ഗുരൂപദേശോജ്ജ്വലദീപശാലീസരസ്വതീദത്തകരാവലംബഃ
മദീയവാണീ ചപലാ വിമുക്തപ്രസാദലേശാപി രസോജ്ഝിതാപി
ദാമോദരോദാരകഥാമധൂളീരസാദൃതാ ഗൃഹ്യത ഏവ സദ്ഭിഃ.”
ശോണാചലക്ഷേത്രം വടക്കേ മലയാളത്തിൽ എവിടെയുള്ളതാണെന്നു് അറിയുന്നില്ല. വാല്മീകി, വ്യാസൻ, കാളിദാസൻ, ഭട്ടബാണൻ, ഭാരവി എന്നീ കവികുലകൂടസ്ഥന്മാരെക്കൂടി ശങ്കരവാരിയർക്കു മുൻപായി കവി സ്മരിക്കുന്നു. വ്യാസനേയും ബാണനേയും വന്ദിക്കുന്ന പദ്യങ്ങളാണു് ചുവടേ ചേർക്കുന്നതു്:

“പരാശരാദ്യം സമലബ്ധപുത്രം ശരീരജാജ്ഞാപരതന്ത്ര ചിത്താൽ
തരീഗതാ സത്യവതീ; സ നിത്യം കരോതു മേ സൽ കവിതാവിലാസം.”
“സത്യം സരസ്വത്യവതാരിതേയം വാണേന വാണീതി ബഭാജ സംജ്ഞാം;
ഭഗീരഥേനൈവ സുരസ്രവന്തീ ഭാഗീരഥീതി പ്രഥിമാനമാപ.”

20.9പൂർണ്ണസരസ്വതി, ഇല്ലം

കേരളത്തിന്റെ ജനയിതാവെന്നു് ഐതിഹ്യം നിർദ്ദേശിക്കുന്ന ശ്രീ പരശുരാമൻ തന്നെ സാങ്ഗോപാങ്ഗമായും സരഹസ്യമായും മന്ത്രശാസ്ത്രോപദേശം ചെയ്തു് അനുഗ്രഹിച്ച ഒരു മഹനീയമായ ബ്രാഹ്മണകുടുംബമാണു് കാട്ടുമാടസ്സു് (കാട്ടുമാടത്തു്) മന. ആ കുടുംബം ആദികാലത്തു കോലത്തുനാട്ടിലാണു് സ്ഥിതിചെയ്തിരുന്നതു്. ഇപ്പോൾ ഇതിന്റെ സ്ഥാനം തെക്കെമലയാളത്തിൽ പൊന്നാനിത്താലൂക്കിൽ വലിയകുന്നം ദേശത്തു പള്ളിപ്പുറത്തു തപാലാപ്പീസ്സിനു സമീപമാകുന്നു. തന്ത്രത്തിനും മന്ത്രവാദത്തിനും പ്രസ്തുത കുടുംബം പണ്ടെന്നപോലെ ഇന്നും കേൾവിപ്പെട്ടിരിക്കുന്നു. ആ മനയെ തന്റെ അവതാരത്താൽ ധന്യമാക്കിയ ഒരു മഹാത്മാവാണു് കേരളത്തിലെ സംസ്കൃതഗ്രന്ഥവ്യാഖ്യാതാക്കന്മാരിൽ പ്രഥമഗണനീയനായ പൂർണ്ണസരസ്വതി. പൂർണ്ണസരസ്വതി എന്നതു് ഒരു ബിരുദമാണു്. പിതൃദത്തമായ നാമധേയം എന്തെന്നു് അറിയുന്നില്ല.

പൂർണ്ണസരസ്വതിയുടെ കാലമേതെന്നു സാമാന്യമായി തീർച്ചപ്പെടുത്തുവാൻ ചില മാർഗ്ഗങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ഭക്തിമന്ദാകിനി എന്ന വിഷ്ണുപാദാദികേശസ്തോത്രവ്യാഖ്യയിൽ ശാരദാതനയന്റെ ഭാവപ്രകാശനത്തിൽനിന്നു ചില പങ്ക്തികൾ ഉദ്ധരിച്ചിട്ടുണ്ടു്. ശാരദാതനയന്റെ കാലം 1175-നും 1250-നും ഇടയ്ക്കാണു്. രസമഞ്ജരി എന്ന മാലതീമാധവവ്യാഖ്യയിൽ ആനന്ദബോധന്റെ ന്യായദീപാവലിയും ചിൽസുഖന്റെ തത്ത്വദീപികയും ഉദ്ധൃതമായിരിയ്ക്കുന്നു. ചിൽസുഖന്റെ ജീവിതം പതിന്നാലാം ശതകത്തിന്റെ പ്രാരംഭത്തിലായിരുന്നു. സുമനോരമണിയുടെ പ്രണേതാവായ പ്രഥമപരമേശ്വരൻ പൂർണ്ണ സരസ്വതിയുടെ വിദ്യുല്ലതയെ വിമർശിക്കുന്നുണ്ടെന്നു നാം കണ്ടുവല്ലോ. പതിന്നാലാം ശതകത്തിന്റെ അന്ത്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. അതുകൊണ്ടു് പതിന്നാലാംശതകത്തിന്റെ മധ്യത്തിലായിരിക്കണം പൂർണ്ണസരസ്വതി ജീവിച്ചിരുന്നതു് എന്നു വന്നുകൂടുന്നു. വിദ്യുല്ലതയിൽ അദ്ദേഹം മല്ലിനാഥന്റെ മേഘസന്ദേശവ്യാഖ്യയിലെ ചില അഭിപ്രായങ്ങളെ ഖണ്ഡിക്കുവാൻ ഉദ്യമിച്ചിട്ടുണ്ടെന്നു ചിലർ പറയുന്നു. അതിനു തെളിവില്ലാതെയാണിരിക്കുന്നതു്. ‘കാന്താവിരഹഗുരുണാ’ എന്ന പദം വ്യാഖ്യാനിക്കുമ്പോൾ “കാന്താവിരഹേണ ഗുരുണാ, ദുർഭരേണേതി കേചിൽ” എന്നു പൂർണ്ണസരസ്വതി ഉപന്യസിക്കുന്നതു മല്ലിനാഥന്റെ പങ്ക്തിയെ ഉദ്ധരിച്ചുകൊണ്ടായിരിക്കുവാൻ ഇടയില്ല. എന്തെന്നാൽ അദ്ദേഹം 1420-ൽ അന്തരിച്ച കാടയവേമന്റെ സാഹിത്യചിന്താമണിയിൽ നിന്നു് ഒരു പങ്ക്തി ഉദ്ധരിക്കുന്നുണ്ടു്. വേറെ ഒരവസരത്തിലും അദ്ദേഹം മല്ലിനാഥനെ സ്മരിക്കുന്നു എന്നു സംശയിക്കുന്നതിനു പോലും പഴുതു കാണുന്നുമില്ല.

20.10ഗുരു

പൂർണ്ണജ്യോതിസ്സെന്ന ഒരു സന്യാസിയായിരുന്നു പൂർണ്ണസരസ്വതിയുടെ ഗുരു. കമലനീരാജഹംസത്തിൽ “ഭഗവതോ വൃഷപുരവിഭോർഭവാനീപതേർഭുവനമഹീയസാ…വിശദശ്രുതവിനയമാധുര്യധുര്യേണ പരമേശ്വരഭക്തിസാരസീ വിഹാരകാസാരേണ, പദവാക്യപ്രമാണനേത്രത്രയനിരീക്ഷണാ പരപരമേശ്വര പൂർണ്ണജ്യോതിർമ്മുനിവര നിഹിതനിസ്സൃതകരുണാമൃതപൂർണ്ണചന്ദ്രേണ. പൂർണ്ണസരസ്വതീനാമധേയേന, കവിനാ, നിബദ്ധമിദ്ധരസമദ്ഭുതാർഥം കമലിനീരാജഹംസം നാമനാടകം” എന്നു പ്രസ്താവനയുണ്ടു്. പൂർണ്ണജ്യോതിസ്സു സാക്ഷാൽ തൃപ്പൂണിത്തുറയപ്പൻ തന്നെയാണെന്നു ചിലർ ഉദ്ദേശിക്കുന്നതു നിരാസ്പദമാണെന്നു് ഇതിൽ നിന്നു തെളിയുന്നു. പൂർണ്ണജ്യോതിസ്സു തൃശ്ശൂരിലെ ഏതോ ഒരു മഠത്തിന്റെ അധിപതിയായ സ്വാമിയാരായിരുന്നു. അദ്ദേഹത്തെ പൂർണ്ണസരസ്വതി ഓരോ ഗ്രന്ഥത്തിലും വന്ദിക്കുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകം മാലതീമാധവവ്യാഖ്യയായ രസമഞ്ജരിയിലുള്ളതാണു്. അതു ശ്രീകൃഷ്ണനേയും കവിയുടെ ഗുരുനാഥനേയും യൗഗപദ്യേന പരാമർശിക്കുന്നു.

“യദ്ഗീതാർഥശ്രവണരസതോ ധ്വസ്തമോഹാന്ധകാരഃ
കൃഷ്ണാനന്ദീ ത്രിജഗതി നരോ ജിഷ്ണുഭൂയം ജിഹീതേ
സ്വസ്മിന്നേവ പ്രകടിതമഹാവിശ്വരൂപം തദേകം
പൂർണ്ണജ്യോതിഃ സ്ഫുരതു ഹൃദി മേ പുണ്ഡരീകായതാക്ഷഃ.”
‘പൂർണ്ണജ്യോതിഃ പദയുഗജുഷഃ പൂർണ്ണസാരസ്വതസ്യ’ എന്നു ഹംസസന്ദേശത്തിലും, ‘പൂർണ്ണജ്യോതിശ്ചരണകരുണാ ജാഹ്നവീപൂതചേതാഃ’ എന്നും ‘പൂർണ്ണസരസ്വത്യാഖ്യഃ പൂർണ്ണ ജ്യോതിഃ പദാബ്ജ്പരമാണുഃ’ എന്നും വിദ്യുല്ലതയിലും, ‘പ്രണമ്യ സച്ചിദാനന്ദം പൂർണ്ണജ്യോതിർന്നിരഞ്ജനം, അനർഘരാഘവം നാമ നാടകം വ്യാകരോമ്യഹം’ എന്നു് അനർഘരാഘവടീകയിലും, ‘പൂർണ്ണജ്യോതിഃപ്രസാദേന ചക്രേ പൂർണ്ണസരസ്വതീ’ എന്നു വീണ്ടും രസമഞ്ജരിയിലും കാണുന്ന പ്രസ്താവനകൾ കൂടി നോക്കുക.

20.10.1കൃതികൾ
കവി, പണ്ഡിതൻ, സഹൃദയൻ, വിമർശകൻ, വ്യാഖ്യാതാവു് എന്നിങ്ങനെ പലനിലകളിൽ പൂർണ്ണസരസ്വതി കേരളീയർക്കു് ആരാധ്യനാണു്. (1) മേഘസന്ദേശത്തിനു വിദ്യുല്ലത, (2) ശങ്കരഭഗവൽപാദരുടെ വിഷ്ണുപാദാദികേശസ്തവത്തിനു ഭക്തിമന്ദാകിനി, (3) മാലതീമാധവത്തിനു രസമഞ്ജരി എന്നീ സുവിസ്തൃതങ്ങളായ വ്യാഖ്യാനങ്ങളും (4) ശാകുന്തളം (5) ഉത്തരരാമചരിതം (6) അനർഘരാഘവം എന്നീ നാടകങ്ങൾക്കു ടീകകളും (7) മാലതീമാധവത്തിലെ ഇതിവൃത്തത്തെ അധികരിച്ചു് ഋജുലഘ്വീ എന്ന കാവ്യവും (8) കമലിനീരാജഹംസം എന്ന നാടകവും (9) രന്തിദേവന്റെ ചരിത്രത്തെ പ്രതിപാദിക്കുന്ന ചർമ്മണ്വതീചരിതം എന്ന ലഘുകാവ്യവും (10) ഹംസസന്ദേശം എന്ന സന്ദേശകാവ്യവും അദ്ദേഹത്തിന്റെ കൃതികളായി നമുക്കു ലഭിച്ചിട്ടുണ്ടു്. അവ കൂടാതെ (11) നിപാതവൃത്തി എന്ന വ്യാകരണഗ്രന്ഥവും (12) അഭിനവഗുപ്തന്റെ നാട്യവേദവിവൃതിക്കു് ഒരു സങ്ഗ്രഹവും അദ്ദേഹം രചിച്ചിട്ടുള്ളതായി പഴമക്കാർ പറയുന്നു. ആ വാങ്മയങ്ങൾ കണ്ടുകിട്ടീട്ടില്ല. വിദ്യുല്ലതയുടെ മധ്യത്തിൽ ‘രന്തിദേവസ്യ കീർത്തിം’ എന്നവസാനിക്കുന്ന മേഘസന്ദേശശ്ലോകം വ്യാഖ്യാനിക്കുമ്പോൾ അവസരോചിതമായി ഉപനിബന്ധിച്ചിട്ടുള്ളതാണു് ചർമ്മണ്വതീചരിതം.

20.10.2വിദ്യുല്ലത
വിദ്യുല്ലത പ്രകാശനം ചെയ്ത അവസരത്തിൽ അതിനു ഭൂമികയെഴുതിയ മഹാമഹോപാധ്യായൻ ആർ. വി. കൃഷ്ണമാചാര്യർ പ്രസ്താവിക്കുന്നതു് ‘മാഘേ മേഘേ ഗതം വയഃ’ എന്നു സാഭിമാനം ആത്മപ്രശംസ ചെയ്ത മല്ലിനാഥന്റെ വ്യാഖ്യയ്ക്കുപോലും അതിനെ സമീപിയ്ക്കുവാൻ യോഗ്യതയില്ലെന്നും, അതിൽ പദാർത്ഥവും വാക്യാർത്ഥവും വിവരിച്ചിട്ടുള്ളതിനു പുറമേ, ശങ്കാസമാധാനങ്ങൾ സയുക്തി പ്രമാണം പ്രദർശിപ്പിച്ചിരിക്കുന്നു എന്നും, രസഗമനിക രമ്യതരമായി വിചാരണ ചെയ്തിരിക്കുന്നു എന്നും, അലങ്കാരം, വ്യങ്ഗ്യാർഥം, സമീചീനതരമായ പാഠം ഇവ നിർദ്ദേശിച്ചിരിക്കുന്നു എന്നും, സർവോപരി പ്രസ്തുത കാവ്യത്തിന്റെ പഠനംകൊണ്ടുള്ള പ്രയോജനം വിശദീകരിച്ചിരിക്കുന്നു എന്നും, ഏതു പാശ്ചാത്യ വിമർശകന്റെ ദൃഷ്ടികൊണ്ടു നോക്കിയാലും തൽകർത്താവു ഒരു പ്രശസ്യനായ നിരൂപകനായിത്തന്നെ പ്രശോഭിക്കുമെന്നുമാണു്. ഈ അഭിപ്രായത്തിൽ അതിശയോക്തിയുടെ സ്പർശമേയില്ല. വിദ്യുല്ലതയിൽനിന്നു നാലഞ്ചു ശ്ലോകങ്ങൾ താഴെ ഉദ്ധരിക്കുന്നു;

“വിസ്താരഭാജി ഘനപത്രലതാസനാഥേ
മുക്താവലീവിമലനിർഝരധാമ്നി തുങ്ഗേ
ഗോവർദ്ധനേ കുചതടേഽപി ച ഗോപികാനാ
മാപദ്ധനം സുമനസാം രമമാണമീഡേ.”

“നിധൗ രസാനാം നിലയേ ഗുണാനാമലങ്കൃതീനാ മുദധാവദോഷേ
കാവ്യേ കവീന്ദ്രസ്യ നവാർഥതീർഥേ യാ വ്യാചികീർഷാ മമ താം നതോഽസ്മി.”

“ആസീൽ പുരാ നരപതിഃ കില രന്തിദേവഃ
കീർത്തിപ്രസൂനസുരഭീകൃതദിങ്മുഖശ്രീഃ
യോ വർണ്ണസങ്കരവതീമപി രത്നപുഞ്ജൈഃ
ക്ഷോണീമപാലയദസങ്കരവർണ്ണഹൃദ്യാം.”(ചർമ്മണ്വതീചരിതം)

“സുകവിവചസി പാഠാനന്യഥാകൃത്യ മോഹാ
ദ്രസഗതിമവധൂയ പ്രൗഢമർഥം വിഹായ
വിബുധവരസമാജേ വ്യാക്രിയാകാമുകാനാം
ഗുരുകുലവിമുഖാനാം ധൃഷ്ടതായൈ നമോഽസ്തു.”

“ആവിഃസ്നേഹമുപാസിതാ സഹബുധൈ
രന്തേ വസന്ത്യാ ഗിരാ
ചാന്ദ്രീ ചന്ദ്രികയേവ മൂർത്തിരമലാ
താരാഗണൈശ്ശാരദീ
മൂലേ ധാമ്നി നിഷേദുഷീ വടതരോർ
മുഗ്ദ്ധേന്ദുനാ മുദ്രിതാ
മുദ്രാ വേദഗിരാം പരാ വിജയതേ
വിജ്ഞാനമുദ്രാവതീ.”
20.10.3ചില ഇതരകൃതികൾ
ഭക്തിമന്ദാകിനിയും ഒരു പ്രൗഢമായ വ്യാഖ്യാനമാണു്. മാലതീമാധവത്തിനു രസമഞ്ജരിയെപ്പോലെ നിഷ്കൃഷ്ടവും സർവങ്കഷവുമായ ഒരു വ്യാഖ്യാനം മറ്റാരും രചിച്ചിട്ടില്ല. ഋജുലഘ്വീ, അതിലെ ഇതിവൃത്തത്തെ ഉപജീവിച്ചു നിമ്മിച്ചിട്ടുള്ള ഒരു കാവ്യമാണെന്നു പറഞ്ഞുവല്ലോ.

“മഹൽ പ്രകരണം യേന സ്വോൽപാദ്യചരിതം കൃതം;
ചിരന്തനായ കവയേ നമോസ്മൈ ഭവഭൂതയേ.”
എന്നു പ്രാരംഭപദ്യത്തിൽ കവി മൂലകാരനെ വന്ദിക്കുന്നു.

“അസ്തി ശ്രിയോന്തഃപുരമഗ്രഹാരം
പൃഥ്വ്യങ്ഗനായാഃ പ്രഥിതോഽഗ്രഹാരഃ
പദം മഹൽ പത്മപുരീതി നാമ്നാ
ധർമ്മസ്ഥിരാണാം ധരണീസുരാണാം.

തത്രാന്വവായശ്രുതവിത്തവിത്തൗ
മാന്യദ്വിജൗ മാധവകേശവാഖ്യൗ
ബഭൂവതുർബദ്ധജഗൽപ്രമോദൗ
ഭുവി സ്ഫുരന്താവിവ പുഷ്പവന്തൗ.”
എന്നിത്യാദി പ്രസാദാദി ഗുണങ്ങൾക്കു മകുടോദാഹരണങ്ങളായി ഇരുനൂറ്ററുപത്താറു പദ്യങ്ങൾ ആ കൃതിയിൽ ഉണ്ടു്.

“പ്രകടിതമിതി പദ്യൈരഞ്ജസാ ബാലിശാനാം
സുകുടിലമിതിവൃത്തം മാലതീമാധവസ്യ
ദിശതു സഹൃദയേഭ്യോ ദീർഘമാനന്ദമുദ്രാം
കൃതിരിയമൃജുലഘ്വീ പൂർണ്ണസാരസ്വതസ്യ.”
എന്ന പദ്യത്തോടുകൂടിയാണു് ഗ്രന്ഥം അവസാനിക്കുന്നതു്. ഇതൊരു ദ്രുതകവിതയാണെന്നു തോന്നുന്നു. ശാകുന്തളം, ഉത്തരരാമചരിതം, അനർഘരാഘവം ഇവയുടെ വ്യാഖ്യകൾ ലഘുടിപ്പണികളാണു്.

അനർഘരാഘവത്തിനു ‘പഞ്ചിക’ എന്ന ശീർഷകത്തിൽ മറ്റൊരു വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവു മുക്തിനാഥന്റെ പുത്രനായ വിഷ്ണുവാണു്.

“അനർഘരാഘവാഖ്യസ്യ നാടകസ്യ യഥാമതി
കരോതി പഞ്ചികാം വിഷ്ണുർമ്മുക്തിനാഥസ്യ നന്ദനഃ”
എന്നു വ്യാഖ്യാനത്തിന്റെ ആരംഭത്തിൽ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ഈ വിഷ്ണു കേരളീയനാണോ എന്നു് അറിവില്ല.

20.11കമലിനീരാജഹംസം

ഇതു് അഞ്ചങ്കത്തിലുള്ള ഒരു നാടകമാകുന്നു. അദ്വൈതവേദാന്തമാണു് പ്രതിപാദ്യവിഷയം. താഴെക്കാണുന്നവയിൽ ആദ്യത്തെ ശ്ലോകം നാന്ദിയും, ഒടുവിലത്തേതു രണ്ടും ഭരതവാക്യവുമാണു്.

“ജടാവാടീകോടീചടുലതടിനീവീചിപടലീ
വിലോലദ്വ്യാളേന്ദുക്ഷരദമൃതധാരാകണയുതഃ
ദധാനോ മുക്താളീമിവ ഗളഗരോഷ്മപ്രശമനീം
പുനാതു ശ്രീമാൻ വോ വൃഷപുരവിഹാരീ പുരഹരഃ.”
“രസയതു സുമനോഗണഃ പ്രകാമം
പിശുനശുനാം വദനൈരദൂഷിതാനി
കവിഭിരുപഹൃതാനി ദീപ്തജിഹ്വൈ
രതിസരസാനി ഹവീംഷി വാങ്മയാനി.”

“മദ്ധ്യേഹേമസഭം മനസ്സു മഹതാം മൗലൗ സ്വഭാസാം ഗിരാം
മാന്യേ കേരളഭൂലലാമ്നി വൃഷഭഗ്രാമേ ച നൃത്യന്മുദാ,
ആലിങ്ഗൻ വദനശ്രിയാ കമലിനീമാമോദിനീമദ്രിജാം
നവ്യോ ഭാതു മമ വ്യഥാഃ ശിഥിലയൻ ഭാവായ ഹംസോ മഹാൻ.”
തൃശ്ശിവപേരൂരിലെ വസന്തമഹോത്സവത്തിൽ അഭിനയിക്കുന്നതിനുവേണ്ടി എഴുതിയതാണു് കമലിനീരാജഹംസമെന്നു പ്രസ്താവനയിൽനിന്നു വെളിവാകുന്നു. ആ ഘട്ടത്തിൽ വടക്കുന്നാഥനെക്കുറിച്ചും ആ മഹോത്സവത്തെക്കുറിച്ചും അത്യന്തം സമുജ്ജ്വലങ്ങളായ വിവരണങ്ങളുണ്ടു്. പ്രസ്താവനയിൽപ്പെട്ടവയാണു് അടിയിൽ കാണുന്ന പദ്യങ്ങൾ:

“സൂത്ര
ബഹുവിഷയവിചരണചണശ്ചരണസ്സമ്പ്രതി ചിരായ മേ ഫലവാൻ
യസ്മാദഹമുപയാതഃ കേരളമണ്ഡലമഖണ്ഡസൗഭാഗ്യം.
തഥാഹി

ചതുഷ്ഷഷ്ട്യാ ശിഷ്ടദ്വിജപരിചിതൈർഗ്രാമനിവഹൈ
രലങ്കാരം സാരം വഹതി മഹിതാ കേരളമഹീ

ഉമാനാഥേ യസ്യാം വൃഷപുരവിഹാരൈകരസികേ
വിലാസാൻ കൈലാസോ വിബുധമഹനീയഃ ശ്ലഥയതി.

അപിച
വിശ്വേശ്വരസ്യ ഭുവി കാശിപുരീവയസ്യാ
വിഖ്യായതേ വൃഷപുരീതി പുരീ പരാർദ്ധ്യാ
അദ്വൈതബോധപണബന്ധനമന്തരാപി
യസ്യാം വിമുക്തിഗണികാ ഭജതേ മുമുക്ഷൂ ൻ.”

വടക്കുന്നാഥനെപ്പറ്റി
“അനാദിരൂപോ ഭഗവാനനാദിഃ
ശിവസ്ത്രിധാമാ മിളിതൗ ച തൗ സൻ
വ്യനക്തി രൂപം നിജമപ്രമേയം
സിതഞ്ച നീലഞ്ച സിതാസിതഞ്ച.”
എന്നും മറ്റും പല ശ്ലോകങ്ങളും കാണുന്നു. തന്റെ കവിതയ്ക്കു ഗുണമില്ലെങ്കിലും വിദ്വാന്മാർ ശ്ലാഘിക്കുമെങ്കിൽ അതു സഗുണമായിക്കൊള്ളുമെന്നാണു് അദ്ദേഹത്തിന്റെ പക്ഷം.

“വാണീ മമാസ്തു വരണീയഗുണൗഘവന്ധ്യാ
ശ്ലാഘ്യാ തഥാപി വിദുഷാം ശിവമാശ്രയന്തീ;
ദാസീ നൃപസ്യ യദി ദാരപദേ നിവിഷ്ടാ
ദേവീതി സാപി നനു മാനപദം ജനാനാം.”
നിപാതവൃത്തി നിപാതങ്ങളെ സംബന്ധിച്ചുള്ള ഒരു ചെറിയ കൃതിയാണെന്നു കേട്ടിട്ടുണ്ടു്. അതും നാട്യവേദവിവൃതി സങ്ഗ്രഹവും എനിക്കു വായിക്കുവാൻ ഇടവന്നിട്ടില്ല.

20.12ഹംസസന്ദേശം

ഹംസ സന്ദേശത്തിൽ 102 പദ്യങ്ങളുണ്ടു്. പൂർവോത്തരവിഭാഗങ്ങളില്ല. കാഞ്ചീപുരത്തുകാരിയായ ഒരു യുവതി ശ്രീകൃഷ്ണനിൽ അനുരക്തയായി ഒരു ഹംസത്തോടു വൃന്ദാവനത്തോളം ദൗത്യം വഹിച്ചു ചെന്നു തന്റെ വിരഹതാപം ആ ദേവനോടു നിവേദനം ചെയ്യുവാൻ അപേക്ഷിക്കുന്നതാണു് വിഷയം. ദൂതൻ പോകേണ്ട മാർഗ്ഗം ചോളം, പാണ്ഡ്യം, കേരളം എന്നീ രാജ്യങ്ങളിൽകൂടിയാകുന്നു. ചോളരാജ്യം, കാവേരി, ശ്രീരങ്ഗം, പാണ്ഡ്യരാജ്യം, താമ്രപർണ്ണി, കേരളരാജ്യം, അനന്തശയനം, രക്തദ്രുമം (തൃച്ചെമ്മരം) കാളിന്ദി, വൃന്ദാവനം, ഘോഷം (വ്രജം) ഇവയെ കവി പ്രസ്തുത സന്ദേശത്തിൽ സ്മരിക്കുന്നു. കേരളത്തിന്റെ വർണ്ണനം താഴെക്കാണുന്നതാണു്.

“ധർമ്മസ്സാക്ഷാൽ കൃതയുഗസഖോ യേഷു സാനന്ദമാസ്തേ
മാലിന്യാഢ്യം കലിവിലസിതം മന്യമാനസ്തൃണായ
കേളീസ്ഥാനം കമലദുഹിതുഃ കേരളാംസ്താനുപേയാഃ
ശീതോത്സംഗാന്മരിചലതികാലിംഗിതാം ഗൈർല്ലവംഗൈഃ,
“വേലാമേലാവനസുരഭിലാം വീക്ഷമാണഃ പയോധേ
സ്താലീകാലീകൃതപരിസരാം താഡ്യമാനാം തരങ്ഗൈഃ
ദേശാനാശാവിതതയശസോദേവലോകോപമേയാൻ
കേശാകേശിക്ഷതകലിമലാൻ കേരളാംസ്താൻ ക്രമേഥാഃ.”
നോക്കുക: കമലിനീരാജഹംസത്തിലും ഹംസസന്ദേശത്തിലും വ്യഞ്ജിക്കുന്ന പൂർണ്ണസരസ്വതിയുടെ ദീപ്രമായ ദേശാഭിമാനം. തിരുവനന്തപുരത്തെ കവി ഇങ്ങനെ പുകഴ്ത്തുന്നു:

“തേഷാം ഭൂഷാമണിമനുപമം സേവിതം യോഗിമുഖ്യൈഃ
പ്രാപ്യാനന്തം പുരമഹിശയം ജ്യോതിരാനമ്യ ഭക്ത്യാ
അന്വിഷ്യേസ്തം ജനമകരുണം മന്മനശ്ചോരമാരാ
ദ്ദേശേ തസ്മിൻ സ ഖലു രമതേ ദേവകീപുണ്യരാശിഃ.
തത്രത്യാനാം തരുണവയസാം സുന്ദരീണാം വിലാസൈർ
മാ ഭൂൽ ക്ഷോഭസ്തവ മതിമതോ ബന്ധുകാര്യോദ്യതസ്യ;
കേശസ്സാന്ദ്രൈരസിതകുടിലൈഃ കേകിപിഞ്ഛോ പമേയൈഃ
കേഷാം ന സ്യുർധൃതിവിഹൃതയേ കേരളീനാം മുഖാനി?”
കേരളത്തിൽ ശ്രീകൃഷ്ണനെ തിരയേണ്ടതായി നായിക നിർദ്ദേശിക്കുന്ന ക്ഷേത്രങ്ങൾ തിരുവനന്തപുരവും തൃച്ചെമ്മരവും മാത്രമേയുള്ളു.

20.13സാമൂതിരിരാജവംശവും സാഹിത്യവും

20.13.1പട്ടത്താനം
ക്രി. പി. പതിമൂന്നാം ശതകം തുടങ്ങിയ സാമൂതിരക്കോവിലകത്തിനു സിദ്ധിച്ച ഉത്തരോത്തരമായ ശ്രേയസ്സിനെക്കുറിച്ചു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ഈബൻ ബറ്റ്യൂട്ടാ (1342–47), മാഹ്യുവാൻ (1403), അബ്ദുർറസാക്ക് (1442) തുടങ്ങിയ ദേശസഞ്ചാരികൾ അവരുടെ സന്ദർശനകാലങ്ങളിൽ കോഴിക്കോട്ടു നഗരത്തിനുണ്ടായിരുന്ന പ്രൌഢിയേയും പ്രശസ്തിയേയും പറ്റി പുളകപ്രദമായ രീതിയിൽ പ്രപഞ്ചനം ചെയ്തിട്ടുണ്ടു്. രാഘവാനന്ദന്റെ സമകാലികനാണെന്നു ഞാൻ മുമ്പു നിർദ്ദേശിച്ചിട്ടുള്ള തളിപ്പറമ്പിലെ ഒരു സിദ്ധനായ കോക്കുന്നത്തു ശിവാങ്ങളുടെ കാലം മുതല്ക്കു സാമൂതിരിപ്പാടന്മാർ പല സൽകർമ്മങ്ങളും ചെയ്തുവന്നതിൽ സാഹിത്യദൃഷ്ട്യാ പരിശോധിക്കുമ്പോൾ സർവപ്രധാനമായി പരിഗണിക്കേണ്ടതു തളിയിൽ ക്ഷേത്രത്തിൽ അവർ ഏർപ്പെടുത്തിയ പട്ടത്താനമാകുന്നു. ആ പട്ടത്താനത്തിന്റെ ആഗമത്തെപ്പറ്റി ഒരു പുരാവൃത്തം കേട്ടിട്ടുണ്ടു്. ഒരിക്കൽ സാമൂതിരിക്കോവിലകത്തു പുരുഷന്മാരില്ലാതെ രണ്ടു യുവതികളായ സ്ത്രീകൾ മാത്രം അവശേഷിക്കുകയും അവരിൽ ഇളയതമ്പുരാട്ടി കിരീടാവകാശിയായ ഒരു പുത്രനെ ആദ്യമായി പ്രസവിക്കുകയാൽ ഇച്ഛാഭംഗം നേരിട്ട മൂത്ത തമ്പുരാട്ടി ആ ശിശുവിനെ വിഷം കൊടുത്തു കൊല്ലുകയും ചെയ്തു. അടുത്ത പുരുഷപ്രജ മൂത്ത രാജ്ഞിയുടേതുതന്നെയായിരുന്നതിനാൽ ആ ശിശുവിനു പ്രായപൂർത്തി വന്നപ്പോൾ രാജ്യാഭിഷേകം സിദ്ധിച്ചു. മാതാവു രാജ്യകാര്യങ്ങളിൽ ഇടപെടുന്നതു രാജാവു തടുത്തപ്പോൾ താൻ ചെയ്ത ശിശുമാരണത്തിന്റെ ഫലമായാണു് അദ്ദേഹം സിംഹാസനാരുഢനായതു് എന്നു പുത്രനോടു് ആ രാജ്ഞി പറയുകയും അപ്പോൾ മാത്രം പുത്രൻ ആ വസ്തുത ഗ്രഹിക്കുകയും ചെയ്തു. അദ്ദേഹം ഉടനടി തിരുനാവായയോഗത്തോടു തന്റെ മാതാവു ചെയ്ത പാപത്തിനു പരിഹാരമെന്തെന്നു ചോദിക്കുകയും ആ യോഗത്തിന്റെ ഉപദേശം അനുസരിച്ചു സാമൂതിരിപ്പാടന്മാരുടെ പരദേവതാവാസമായ കോഴിക്കോടു തളിയിൽ ക്ഷേത്രത്തിൽ പട്ടത്താനം ഏർപ്പെടുത്തുകയും ചെയ്തുവത്രെ. ‘പട്ടത്താനം’ ഭട്ടദാനം എന്ന സംസ്കൃതശബ്ദത്തിന്റെ തത്ഭവമാണു്. പന്ത്രണ്ടു കൊല്ലം തുടർച്ചയായി പ്രാഭാകരമീമാംസ, ഭാട്ടമീമാംസ, വേദാന്തം, വ്യാകരണം എന്നീ ശാസ്ത്രങ്ങളിൽ ഏതെങ്കിലും ഒന്നഭ്യസിച്ചു പരീക്ഷയിൽ ഉത്തീർണ്ണന്മാരായ ബ്രാഹ്മണർക്കാണു് പണ്ടു ‘ഭട്ടൻ’ (ഭട്ടതിരി) എന്ന സ്ഥാനം നല്കിവന്നതു്. കാലാന്തരത്തിൽ ആ കുടുംബങ്ങളിൽ ജനിച്ച അവരുടെ സന്താനങ്ങളേയും ഭട്ടതിരിമാർ എന്നു ബഹുമാനസൂചകമായി വിളിച്ചുതുടങ്ങി. തളിയിൽക്ഷേത്രത്തിലെ താനം തുലാമാസത്തിൽ രേവതിനാളിൽ ആരംഭിക്കുകയും തിരുവാതിരനാളിൽ കാലംകൂടുകയും ചെയ്യും. തന്നിമിത്തം അതിനു പ്രാരംഭദിനത്തെ പുരസ്കരിച്ചു രേവതിപട്ടത്താനം എന്ന പേർ പ്രസിദ്ധമായി. പൂർവകാലങ്ങളിൽ കൊല്ലംതോറും വിദ്വത്സദസ്സു കൂടി വാക്യാർഥപ്രവചനത്തിൽ പരീക്ഷ നടത്തി വിജയികളായവർക്കു പാരിതോഷികമായി പണക്കിഴികൾ സമ്മാനിച്ചു വന്നിരുന്നു. ഓരോ കിഴിയിലും 51 പുത്തൻപണം (പതിന്നാലുറുപ്പിക ഒൻപതണ) ഉണ്ടായിരിക്കും. പ്രാഭാകരമീമാംസയ്ക്കും ഭാട്ടമീമാംസയ്ക്കും 12 വീതവും വ്യാകരണത്തിനു് 9-ഉം വേദാന്തത്തിനു് 13-ഉം അങ്ങനെ 46 ആണു് കിഴികളുടെ സംഖ്യ. കൊല്ലം 854-ൽ 43 കിഴികൾ സമ്മാനിച്ചതിനു രേഖയുണ്ടു്. തളിയിലമ്പലത്തിന്റെ തെക്കേ വാതിൽമാടത്തിന്റെ തെക്കേ അറ്റത്തു പ്രാഭാകരമീമാംസയിലും, വടക്കേ വാതിൽമാടത്തിന്റെ തെക്കേ അറ്റത്തു വ്യാകരണത്തിലും പരീക്ഷകൾ നടന്നിരുന്നു. ടിപ്പുവിന്റെ ആക്രമണത്തോടുകൂടി നാമാവശേഷമായിപ്പോയ ഈ ഏർപ്പാടു കൊല്ലം 1031-ൽ തീപ്പെട്ട കുട്ടുണ്ണിത്തമ്പുരാന്റെ വാഴ്ചക്കാലത്തു പുനരുദ്ധൃതമായി. അദ്ദേഹം വിദുഷിയായ മനോരമത്തമ്പുരാട്ടിയുടെ പുത്രനായിരുന്നു. അന്നുതൊട്ടു് 1109-ാമാണ്ടുവരെ പട്ടത്താനം ഒരടിയന്തിരമെന്ന നിലയിൽ അനുഷ്ഠിച്ചുവന്നിരുന്നു. എങ്കിലും പന്ത്രണ്ടു കൊല്ലത്തിലൊരിക്കൽ മാത്രമേ വിദ്വൽപരീക്ഷ നടത്തിയിരുന്നുള്ളു. പണ്ടു പ്രസ്തുത പണ്ഡിതസദസ്സിൽ പരമ്പരയാ ആധ്യക്ഷ്യം വഹിച്ചുവന്നതു പയ്യൂർ പട്ടേരിമാരായിരുന്നു. കൊല്ലം പതിനൊന്നാം ശതകത്തിലെ പരിഷ്കാരത്തിൽ ആ മാന്യസ്ഥാനം നാറേരി (കൂടല്ലൂർ) മനയ്ക്കു സിദ്ധിച്ചു. 1109-നു മേൽ പട്ടത്താനം നടക്കുന്നില്ലെന്നാണു് അറിയുന്നതു്.

20.14മാനവിക്രമമഹാരാജാവു്

കൊല്ലം ഏഴാംശതകത്തിന്റെ മധ്യത്തിൽ മാനവിക്രമനെന്ന പേരിൽ ഒരു മഹാരാജാവു് നെടുവിരിപ്പു സ്വരൂപം (കോഴിക്കോടു) ഭരിച്ചിരുന്നു. ഒരു മഹാവീരനായിരുന്ന അദ്ദേഹത്തെ ശക്തൻ എന്ന ബിരുദം കൂടിച്ചേർത്തു പശ്ചാൽകാലികന്മാർ സ്മരിച്ചുവരുന്നു. പുണ്യശ്ലോകനായ അദ്ദേഹം ഒരു വിദ്വന്മൂർദ്ധന്യനും പണ്ഡിതന്മാരേയും കവികളേയും ആദരിക്കുന്നതിൽ വിശിഷ്യ ജാഗരൂകനുമായിരുന്നു.

അദ്ദേഹത്തിന്റെ വാഴ്ചകാലം കൊല്ലം 642 മുതൽ 650 വരെയാണെന്നു ശ്രീമാൻ കെ. വി. കൃഷ്ണയ്യർ അദ്ദേഹത്തിന്റെ സാമൂതിരിരാജവംശചരിത്രത്തിൽ പ്രസ്താവിക്കുന്നുണ്ടെങ്കിലും അത്രഹ്രസ്വമായിരുന്നുവോ ആ കാലഘട്ടം എന്നു ഞാൻ സംശയിക്കുന്നു. കാക്കശ്ശേരി ഭട്ടതിരി വസുമതീമാനവിക്രമം നാടകത്തിൽ “സാരസ്വതനിധിനാ സാക്ഷാദദ്രിസമുദ്രനായകേനൈവാനേന ബാല്യാദേവാരഭ്യ വൈപശ്ചിതീം വൃത്തിമധികൃത്യപരാം കാഷ്ഠാമാരോപിതഃ” എന്നു് ഉപന്യസിച്ചിട്ടുള്ള സ്ഥിതിക്കു് എട്ടു വർഷത്തേക്കു മാത്രമായിരുന്നിരിക്കുകയില്ല അദ്ദേഹത്തിന്റെ രാജ്യഭാരമെന്നും, അഥവാ അതു ശരിയാണെങ്കിൽ അദ്ദേഹം യുവരാജാവായിരുന്നപ്പോൾത്തന്നെ കാക്കശ്ശേരിയുടെ പുരസ്കർത്താവായിത്തീർന്നു എന്നും വരാവുന്നതാണു്. അതെങ്ങനെയായാലും ശക്തൻ സാമൂതിരിപ്പാട്ടിലേ പരിപോഷണം കേരളത്തിൽ ശാസ്ത്രത്തിനും സാഹിത്യത്തിനും അത്യന്തം പ്രേരകവും ഉത്തേജകവുമായി പരിണമിച്ചു എന്നുള്ളതിൽ പക്ഷാന്തരത്തിനു് അവകാശമില്ല.

20.15വിക്രമീയം

ഉദാരചരിതനായ ആ മഹാരാജാവു വിവിധഗ്രന്ഥങ്ങളുടെ കർത്താവും കാരയിതാവുമായിരുന്നിരിക്കണം. ഭട്ടമുരാരിയുടെ പ്രൗഢഗംഭീരമായ അനർഘരാഘവനാടകത്തിനു വിക്രമീയം എന്നൊരു വ്യാഖ്യയുണ്ടു്. അതു് അദ്ദേഹത്തിന്റെ കൃതിയാണു്. വ്യാഖ്യാനത്തിന്റെ ആരംഭത്തിൽ താഴെച്ചേർക്കുന്ന ശ്ലോകങ്ങൾ കാണുന്നുണ്ടു്.

“കക്കുടക്രോഡഗാ ലക്ഷ്മീ രക്ഷ്യതേ ഹ്യക്ഷയാ യയാ
വലയാരണ്യവാസിന്യൈ തസ്യൈ ദേവ്യൈ നമോ നമഃ
പദവാക്യപ്രമാണേഷു പ്രവീണൈർബ്രാഹ്മണോത്തമൈഃ
പ്രത്യബ്ദം സേവ്യമാനം തം സ്ഥലീശ്വരമുപാസ്മഹേ.
ദേദിവീതു മമോപാന്തേ ദേവദാനവപൂജിതം
അന്തരായവിഘാതായ ദന്താവളമുഖം മഹഃ
വസ്തു മേ ഹൃദയേ നിത്യം വർത്തതാം നിസ്തുഷോദയം
പുസ്തകാദിമഹാമുദ്രാം ഹസ്തസീമ്നി വഹൽ സദാ.
കിശോരം ജലദശ്യാമം യശോദാസ്തനപായിനം
ദന്തശൂന്യമുഖാം ഭോജം ചിന്തയേ സർവസമ്പദേ.
കരുണാകരസംജ്ഞാംസ്താൻ പങ്കജാക്ഷാഖ്യയാന്വിതാൻ
രാമാഭിധാംശ്ച വന്ദേഽഹം ഗുരൂനേതാൻ മഹാമതീൻ.”
ഒന്നാമത്തെ പദ്യത്തിൽ വ്യാഖ്യാതാവു കുലദേവതയായ തിരുവളനാട്ടു (തിരുവളയനാട്ടു) ഭഗവതിയെ നമസ്കരിക്കുകയും രണ്ടാമത്തേതിൽ താൻതന്നെ പോഷിപ്പിച്ച തളിയിൽ ക്ഷേത്രത്തിലെ താനത്തെ സ്മരിക്കുകയും ചെയ്യുന്നു. ഒടുവിലത്തെ ശ്ലോകത്തിൽ കരുണാകരൻ, പങ്കജാക്ഷൻ, രാമൻ എന്നു തനിക്കു മൂന്നു ഗുരുക്കന്മാരുള്ളതായി പറയുന്നു. ഇവരിൽ കവിചിന്താമണികാരനായ കരുണാകരപ്പിഷാരടിയെപ്പറ്റി പിന്നീടു പ്രസ്താവിക്കും. കരുണാകരന്റെ അച്ഛനായ കമലേക്ഷണനല്ല ഇവിടെ സ്മൃതനായ പങ്കജാക്ഷൻ. അദ്ദേഹം കരുണാകരന്റെ ഭാഗിനേയനും വാസുഭട്ടതിരിയുടെ ത്രിപുരദഹനമെന്നയമകകാവ്യത്തിനു ഹൃദയഗ്രാഹിണി എന്ന ടീക രചിച്ച പണ്ഡിതനുമാണു്. രാമൻ ആരെന്നു മനസ്സിലാകുന്നില്ല. ഒടുവിൽ

“അനർഘരാഘവവ്യാഖ്യാ വിക്രമേണ വിനിർമ്മിതാ
അനർഘാ വിക്രമീയാഖ്യാ ദിക്ഷു ദിക്ഷു പ്രകാശതാം.”
എന്നൊരു ആശംസാശ്ലോകവും കാൺമാനുണ്ടു്. വ്യാകരണശാസ്ത്രത്തിൽ ആകണ്ഠമഗ്നനായ ഒരു മഹാപണ്ഡിതനല്ലാതെ വ്യാഖ്യാനിക്കുവാൻ സാധ്യമല്ലാത്ത നാടകങ്ങളിൽ പ്രഥമഗണനീയമാണല്ലോ അനർഘരാഘവം. തദനുരോധേനതന്നെ കാക്കശ്ശേരി അദ്ദേഹത്തെ ‘സാരസ്വതനിധി’ എന്ന പദംകൊണ്ടു വിശേഷിപ്പിച്ചിരിക്കുന്നതു് എത്രയും പരമാർത്ഥമാണെന്നു് സിദ്ധിക്കുന്നു.

20.16പതിനെട്ടരക്കവികൾ

മാനവിക്രമ മഹാരാജാവിന്റെ വിദ്വത്സദസ്സിൽ സ്വദേശികളും വിദേശികളുമായ പല പണ്ഡിതന്മാരും അഹമഹമികയാ സമ്മേളിച്ചിരുന്നു. ആ സദസ്സിലെ അംഗങ്ങളായിരുന്നു കേളികേട്ട പതിനെട്ടരക്കവികൾ. കവി എന്ന ശബ്ദത്തിനു് ഇവിടെ പണ്ഡിതൻ എന്നു് അർഥയോജന ചെയ്യുന്നതാണു് സമീചീനം. അവരെക്കൊണ്ടു കോഴിക്കോടു് അനന്തരകാലത്തിൽ കൃഷ്ണദേവരായരുടെ അഷ്ടദിഗ്ഗജങ്ങളെക്കൊണ്ടു വിജയനഗരമെന്നതുപോലെ, ശോഭിച്ചു. പയ്യൂർ പട്ടേരിമാർ അച്ഛനും അപ്ഫന്മാരും മഹനുമുൾപ്പെടെ ഒമ്പതുപേർ. തിരുവേഗപ്പുറ (തിരുപ്പറ) ക്കാരായ നമ്പൂരിമാർ അഞ്ചു പേർ, മുല്ലപ്പള്ളി ഭട്ടതിരി, ചേന്നാസ്സുനമ്പൂരി, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി ഇങ്ങനെ പതിനെട്ടു പേരും, സംസ്കൃതത്തിലല്ലാതെ ഭാഷയിൽ കവനം ചെയ്യുക നിമിത്തം അരക്കവിയായി മാത്രം ഗണിയ്ക്കപ്പെട്ട പുനം നമ്പൂരിയുമാണു് ആ പതിനെട്ടരക്കവികൾ എന്നു പുരാവൃത്തജ്ഞന്മാർ പറയുന്നു. വാസ്തവത്തിൽ പതിനെട്ടു സംസ്കൃതപണ്ഡിതന്മാർ ആ രാജസദസ്സിനെ അലങ്കരിച്ചിരുന്നുവോ എന്നു നിശ്ചയമില്ല. പതിനെട്ടര എന്ന സംഖ്യ വേറേയും കലാസംബന്ധമായ ചില പരിഗണനകൾക്കു പ്രാചീനന്മാർ ഉപയോഗിച്ചിരുന്നതായി കാണുന്നു. കേരളത്തിൽ പണ്ടു പതിനെട്ടരത്തളികൾ ഉണ്ടായിരുന്നു എന്നും അവയിൽ കൊടുങ്ങല്ലൂർ മാത്രം അരത്തളിയായി കണക്കാക്കപ്പെട്ടിരുന്നു എന്നും ഐതിഹ്യമുണ്ടു്. സംഘക്കളിയോഗങ്ങളുടെ സംഖ്യയും പടുതോളുൾപ്പെടെ പതിനെട്ടരയാണല്ലൊ.

മണിപ്രവാളകവിയായ പുനത്തെപ്പറ്റി മറ്റൊരധ്യായത്തിൽ പ്രസ്താവിക്കും. മാനവിക്രമന്റെ ഇതര സദസ്യന്മാരെപ്പറ്റി അറിവുള്ളതു് ഇവിടെ സംക്ഷേപിക്കാം.

20.17പയ്യൂർ പട്ടേരിമാർ

ശങ്കരാചാര്യരുടെ കാലത്തിനു മുമ്പും പിമ്പും പൂർവമീമാംസയ്ക്കു മലയാളബ്രാഹ്മണരുടെ ഇടയിൽ വളരെ വിപുലമായ പ്രചാരമുണ്ടായിരുന്നു എന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലൊ. കൊച്ചിരാജ്യത്തിൽപ്പെട്ട കുന്നംകുളം താലൂക്കിൽ ഗുരുവായൂരിനു സമീപമായി പോർക്കളം എന്നൊരു സ്ഥലമുണ്ടു്. അവിടെയാണു് സുപ്രസിദ്ധമായ പയ്യൂരില്ലം സ്ഥിതിചെയ്യുന്നതു്. ആ ഇല്ലത്തിനടുത്തായി വേദാരണ്യം (വേളക്കാടു്) എന്നൊരു ക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിലെ ഗോപാലിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീകൃഷ്ണസോദരിയായ കാത്യായനീദേവിയാണു് പയ്യൂർപട്ടേരിമാരുടെ പരദേവത. പ്രസ്തുത കുടുംബം വളരെക്കാലത്തേയ്ക്കു ശാസ്ത്രനിഷ്ണാതന്മാരും സഹൃദയശിരോമണികളും കവിവരേണ്യന്മാരുമായ പുണ്യപുരുഷന്മാരെക്കൊണ്ടു പ്രശോഭിച്ചിരുന്നു. അവരുടെ കീർത്തി അതിന്റെ പരമകാഷ്ഠയെ പ്രാപിച്ചതു ക്രി. പി. പതിനഞ്ചാം ശതകത്തിലാകുന്നു. താഴെ വിവരിക്കുന്ന പയ്യൂർപട്ടേരിമാരെപ്പറ്റി മാത്രമേ നമുക്കു് അറിവു കിട്ടീട്ടുള്ളു.

20.18ഒന്നാമത്തെ ഋഷിയും പരമേശ്വരനും

ഋഷി എന്ന പേരിൽ ഒരു മഹാൻ പയ്യൂരില്ലത്തു ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിനു ഗൗരി എന്ന ധർമ്മപത്നിയിൽ ജനിച്ച പുത്രനാണു് പ്രഥമപരമേശ്വരൻ. ഈ പരമേശ്വരൻ സർവതന്ത്രസ്വതന്ത്രനായ വാചസ്പതി മിശ്രന്റെ മഹനീയമായ ന്യായകണിക എന്ന പൂർവമീമാംസാ ഗ്രന്ഥത്തിനു ജുഷധ്വംകരണി എന്നും സ്വദിതംകരണി എന്നും രണ്ടു വ്യാഖ്യാനങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. ന്യായകണിക തന്നെ മണ്ഡനമിശ്രന്റെ വിധിവിവേകത്തിനു വാചസ്പതിമിശ്രൻ രചിച്ച ഒരു ടീകയാണല്ലോ. സ്വദിതംകരണിയ്ക്കു മുൻപാണു് പരമേശ്വരൻ ജുഷധ്വംകരണി നിബന്ധിച്ചതു്.

“ജുഷധ്വംകരണീ വ്യാഖ്യാ രചിതാസ്മാഭിരാദിതഃ
സ്വദിതംകരണീ വ്യാഖ്യാ സമ്പ്രതീയം വിതന്യതേ.”
എന്ന പ്രസ്താവനയിൽ നിന്നു് ഈ വസ്തുത വെളിപ്പെടുന്നു. പരമേശ്വരൻ ശങ്കരപൂജ്യപാദന്റെ ശിഷ്യനായിരുന്നു. അദ്ദേഹത്തിനു വേദാന്തവിചക്ഷണനായി ഭവദാസൻ എന്നൊരു പിതൃവ്യൻ ഉണ്ടായിരുന്നതായും അറിയാം. “ഇതി ശ്രീമദൃഷി ഗൗരീ നന്ദന ശ്രീഭവദാസ പിതൃവ്യ ശ്രീമച്ഛങ്കര പൂജ്യപാദ ശിഷ്യ പരമേശ്വരകൃതൗ” എന്നു സ്വദിതംകരണിയിൽ ഒരു കുറിപ്പു കാണുന്നു.

ശങ്കരപൂജ്യപാദൻ ഒരു സ്വാമിയാരായിരിക്കാം.

ഈ ശാസ്ത്രഗ്രന്ഥങ്ങൾക്കു പുറമേ ‘സുമനോരമണി’ എന്ന പേരിൽ മേഘസന്ദേശത്തിനു് ഒരു വ്യാഖ്യാനവും പ്രഥമപരമേശ്വരന്റെ കൃതികളിൽ ഉൾപ്പെടുന്നു. താഴെ കാണുന്ന പദ്യങ്ങൾ നോക്കുക.

“അനുദിനമഭിനവരൂപാ സുമനോരമണീവ ജഗതി ജയതിതരാം
ഹരിചരിതകാവ്യസഹഭൂർവ്യാഖ്യാസൗ മേഘദൂതസ്യ
മന്ത്രബ്രാഹ്മണസൂത്രവിൽ കൃതമതിശ്ശാസ്ത്രേ ച കൗമാരിലേ
കർത്താ ന്യായസമുച്ചയസ്യ കണികാവ്യാഖ്യാപ്രണേതാ കവിഃ
ഉൽപത്തിന്ത്വഘമർഷണപ്രവരജാദു് ഗൗര്യാമൃഷേരാപ്തവാൻ
കർത്താസ്യാഃ പരമേശ്വരോ നതശിരാഃ പൂജ്യേ ഗുരൗ ശങ്കരേ.
ലബ്ധഭവദാസഭാവോ ഭഗവതി ഭക്ത്യാ ച ഭവദാസഃ
വാദീ വേദാന്തരതോ യസ്യ പിതൃവ്യസ്സ ഏവ കർത്താസ്യാഃ”
ഏറ്റവും സരസമായ ഒരു വ്യാഖ്യാനമാണു് സുമനോരമണി. ഈ ഗ്രന്ഥം വിസ്തൃതമായും സംക്ഷിപ്തമായും രണ്ടു പ്രകാരത്തിൽ കാണുന്നു. ഒന്നു മറ്റൊന്നിന്റെ സംഗ്രഹമായിരിക്കാം. കാളിദാസകൃതിയിലെ അശ്രുതപൂർവങ്ങളായ പല ഗുഢാർത്ഥങ്ങളും അതിൽ വ്യാഖ്യാതാവു് ഉൽഘാടനം ചെയ്തിട്ടുണ്ടു്. പൂർണ്ണസരസ്വതിയുടെ വിദ്യുല്ലതാവ്യാഖ്യാനത്തെ അനേകഘട്ടങ്ങളിൽ ഉദ്ധരിച്ചു ഖണ്ഡിക്കുവാനും ഉദ്യമിച്ചിരിക്കുന്നു. ന്യായ സമുച്ചയമെന്നു് ഒരു ശാസ്ത്രഗ്രന്ഥവും ഹരിചരിതം എന്നൊരു കാവ്യവും കൂടി പരമേശ്വരൻ രചിച്ചതായി മേലുദ്ധരിച്ച ശ്ലോകങ്ങളിൽനിന്നു് അറിയുന്നു. അവ ഇനിയും കണ്ടുകിട്ടീട്ടില്ല. ദ്വിതീയപരമേശ്വരൻ തത്വവിഭാവനയിൽ “ഇതി സ്ഥിതം നാനവയവമേകം വാക്യം വാക്യാർഥസ്യ ബോധകമിതി” എന്ന തത്വബിന്ദുപങ്ക്തി വ്യാഖ്യാനിക്കുമ്പോൾ “ഏതൽ പ്രസങ്ഗസ്തു ന്യായസമുച്ചയേ ദ്രഷ്ടവ്യം” എന്നു പ്രസ്താവിച്ചിരിക്കുന്നു.

20.19രണ്ടാമത്തെ ഋഷിയും പരമേശ്വരനും

പ്രഥമപരമേശ്വരന്റെ പുത്രന്മാരിൽ അഞ്ചുപേരെപ്പറ്റി കേട്ടിട്ടുണ്ടു്. രണ്ടാമത്തെ ഋഷി, ഭവദാസൻ, വാസുദേവൻ, സുബ്രഹ്മണ്യൻ, ശങ്കരൻ എന്നിങ്ങനെയാണു് അവരുടെ സംജ്ഞകൾ. രണ്ടാമത്തെ ഋഷിയുടേയും ഗോപാലികയുടേയും പുത്രനാണു് രണ്ടാമത്തെ പരമേശ്വരൻ. ഗോപാലിക അഥവാ കൃഷ്ണസഹോദരിയായ കാത്യായനീദേവി പയ്യൂർ ഭട്ടതിരിമാരുടെ കുടുംബപരദേവതയുടേയും പേരാണു്. ഈ പരമേശ്വരൻ മണ്ഡനമിശ്രന്റെ വിഭ്രമവിവേകം, സ്ഫോടസിദ്ധി ഈ ഗ്രന്ഥങ്ങൾക്കും വാചസ്പതിമിശ്രന്റെ തത്വബിന്ദുവിനും ചിദാനന്ദപണ്ഡിതന്റെ നീതിതത്വാവിർഭാവത്തിനും പ്രൗഢങ്ങളായ വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ടു്. ആദ്യമായി വിഭ്രമവിവേകത്തിനും പിന്നീടു ക്രമേണ തത്വബിന്ദു, നീതിതത്വാവിർഭാവം, സ്ഫോടസിദ്ധി ഇവയ്ക്കുമാണു് അദ്ദേഹം വ്യാഖ്യകൾ നിർമ്മിച്ചതു്. സ്ഫോടസിദ്ധിവ്യാഖ്യയ്ക്കു കുടുംബപരദേവതയായ ഗോപാലികയുടെ നാമധേയം തന്നെ നല്കിയിരിക്കുന്നു. തത്വബിന്ദുവിന്റെ വ്യാഖ്യയ്ക്കു തത്വവിഭാവന എന്നാണു് സംജ്ഞ. ഗോപാലികയിൽ

“മണ്ഡനാചാര്യകൃതയോ യേഷ്വതിഷ്ഠന്ത കൃത്സ്നശഃ
തദ്വംശ്യേന മയാപ്യേഷാ രചിതാരാധ്യ ദേവതാം.”
എന്നു് ഒരു ശ്ലോകം ഒടുവിലുണ്ടു്. അതിന്റെ അർത്ഥം ചിലർ സങ്കല്പിക്കുന്നതുപോലെ മണ്ഡനമിശ്രന്റെ വംശജനാണു് പരമേശ്വരൻ എന്നല്ലെന്നും മണ്ഡനമിശ്രന്റെ ഗ്രന്ഥങ്ങളിൽ നിഷ്ണാതന്മാരായ പല പൂർവസൂരികളും ജീവിച്ചിരുന്ന ഒരു കുടുംബത്തിലാണു് പരമേശ്വരന്റെ ജനനമെന്നു മാത്രമേയുള്ളു എന്നും നാം മനസ്സിലാക്കേണ്ടതുണ്ടു്. അദ്ദേഹത്തിന്റെ ഗുരുക്കന്മാർ പിതൃവ്യന്മാരായ ഭവദാസനും വാസുദേവനുമായിരുന്നു. നീതിതത്വാവിർഭാവത്തിലെ കാര്യവാദം മറ്റൊരു പിതൃവ്യനായ സുബ്രഹ്മണ്യന്റെ നിദേശമനുസരിച്ചും സ്വതഃപ്രമാണവാദം മുമ്പു പറഞ്ഞ വാസുദേവന്റെ ഉപദേശപ്രകാരവുമാണു് രചിച്ചതു്. അന്യഥാഖ്യാതിവാദം ശങ്കരനെ വന്ദിച്ചുകൊണ്ടു് ആരംഭിയ്ക്കുന്നു. ഭവദാസനും വാസുദേവനും ഭാട്ടമീമാംസയിലും സുബ്രഹ്മണ്യൻ പ്രാഭാകരമീമാംസയിലും നിഷ്ണാതന്മാരായിരുന്നു. മണ്ഡനമിശ്രൻ വിഭ്രമവിവേകത്തിൽ പഞ്ചഖ്യാതികളെ വിവരിക്കുന്നു. സ്ഫോടസിദ്ധിയിൽ ഭർത്തൃഹരിയുടെ പക്ഷത്തെ അനുസരിക്കുകയും സ്ഫോടതത്വസ്ഥാപനത്തിനു വേണ്ടി കുമാരിലഭട്ടന്റെ ശ്ലോകവാർത്തികത്തിൽ പ്രപഞ്ചനം ചെയ്തിട്ടുള്ള വർണ്ണവാദങ്ങളെ ഖണ്ഡിക്കുവാൻ ഉദ്യമിക്കുകയും ചെയ്യുന്നു. ശാബ്ദബോധത്തിന്റെ നിമിത്തത്തെപ്പറ്റിയാകുന്നു വാചസ്പതി മിശ്രൻ തത്വബിന്ദുവിൽ പ്രതിപാദിക്കുന്നതു്. ക്രി.പി. പതിമൂന്നാം ശതകത്തിൽ ജീവിച്ചിരുന്ന ചിദാനന്ദപണ്ഡിതൻ ഒരു കേരളീയനായിരുന്നു എന്നാണു് ഐതിഹ്യം. ആ മീമാംസകമൂർദ്ധന്യന്റെ ചരിത്രത്തെപ്പറ്റി യാതൊന്നും അറിയുന്നില്ല. അധ്യയനവാദം തുടങ്ങി വേദാപൗരുഷേയത്വവാദം വരെ നാല്പത്തിനാലു വാദങ്ങളെപ്പറ്റി അദ്ദേഹം നീതിതത്വാവിർഭാവവാദത്തിൽ പ്രതിപാദിക്കുന്നു. ദ്വിതീയപരമേശ്വരൻ വ്യാഖ്യാനത്തിനു തിരഞ്ഞെടുത്തിരിക്കുന്ന പ്രകരണഗ്രന്ഥങ്ങളുടെ പ്രാമാണികത എത്രകണ്ടുണ്ടെന്നു മനസ്സിലാകുന്നതിനുവേണ്ടിയാണു് അവയെപ്പറ്റി ഇത്രയും ഉപന്യസിച്ചതു്. പരമേശ്വരൻ നീതിതത്വാവിർഭാവവ്യാഖ്യയിൽ നയതത്വസംഗ്രഹകാരനായ ഭട്ടവിഷ്ണുവിനേയും വിവേകതത്വകാരനായ രവിദേവനേയും സ്മരിക്കുന്നുണ്ടു്. ഭട്ടവിഷ്ണു തന്റെ സംഗ്രഹവ്യാഖ്യ രചിച്ചതു ഭവനാഥന്റെ നയവിവേകത്തിനാണെന്നു്

“ഭവനാഥവിവിക്തസ്യ നയതത്വസ്യ സംഗ്രഹഃ
യഥാമതി യഥാഭ്യാസം വർണ്ണ്യതേ ഭട്ടവിഷ്ണുനാ”
എന്ന ശ്ലോകത്തിൽനിന്നു വിശദമാകുന്നു. അദ്ദേഹം ചിദാനന്ദനെ അപേക്ഷിച്ചു് അർവ്വാചീനനാണു്. വിഷ്ണുവിന്റെ പുത്രനായ നാരായണൻ മണ്ഡനമിശ്രന്റെ ഭാവനാവിവേകത്തിനു ‘വിഷമഗ്രന്ഥിഭേദിക’ എന്നൊരു വ്യാഖ്യാനം നിർമ്മിച്ചു. രവിദേവൻ നയവിവേകത്തിനു രചിച്ച വ്യാഖ്യയാണു് വിവേകതത്വം. ഇവയെല്ലാം പ്രാഭാകരമതപ്രതിപാദകങ്ങളായ മീമാംസഗ്രന്ഥങ്ങളാകുന്നു. ചിദാനന്ദൻ, വിഷ്ണു, നാരായണൻ എന്നീ മൂന്നു ഗ്രന്ഥകാരന്മാരും കേരളീയരാണു്. ഇവരുടെ ജീവിതകാലം ക്രി. പി. പതിനഞ്ചാം ശതകത്തിന്റെ ആരംഭവുമാണു്. ഭവനാഥൻ പതിനൊന്നാം ശതകത്തിൽ ജീവിച്ചിരുന്നതായി ഊഹിയ്ക്കാം. ദേശമേതെന്നറിയുന്നില്ല.

“ഇതി ഗോപാലികാസൂനുരൃഷേഃ പിതുരനുഗ്രഹാൽ
അന്തേവാസീ പിതൃവ്യസ്യ ഭവദാസസ്യ ധീമതഃ”
എന്നും

“യോ ന്യായകണികാവ്യാഖ്യാമകരോൽ പരമേശ്വരഃ
തസ്യ പൗത്രേണ തൽസൂനോരേവാന്തേവാസിനാ മയാ”
എന്നും നീതിതത്വാവിർഭാവവ്യാഖ്യയിലും

“നന്ദഗോപസുതാ ദേവീ വേദാരണ്യനിവാസിനീ
മാത്രാ ഗോപാലികാനാമ്നാ സേവിതാസ്മദപേക്ഷയാ;
തൽപ്രസാദാദിയം വ്യാഖ്യാ മയാ വിരചിതാ കില
ഇതി ഗോപാലികാസംജ്ഞാമസ്യാ വ്യാചക്ഷതേ ബുധാഃ”
എന്നു സ്ഫോടസിദ്ധിവ്യാഖ്യയിലും ദ്വിതീയപരമേശ്വരൻ തന്നെപ്പറ്റി ഉപന്യസിക്കുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ പിതാവായ ഋഷിയുമാണു് മാനവിക്രമസാമൂതിരിയുടെ സദസ്യന്മാർ എന്നു ഞാൻ കരുതുന്നു. ഋഷിയെ ഒരു ഗ്രന്ഥകാരനെന്ന നിലയിൽ നാം അറിയുന്നില്ലെങ്കിലും അക്കാലത്തു മലയാളക്കരയിൽ ജീവിച്ചിരുന്ന പണ്ഡിതന്മാരിൽ അദ്ദേഹം അഗ്രേസരനായിരുന്നു എന്നുള്ളതു നിർവിവാദമാണു്. അദ്ദേഹത്തെ ‘മഹർഷി’ എന്ന ബിരുദനാമം നല്കിയാണു് സമകാലികന്മാർ ബഹുമാനിച്ചുവന്നതു്. ‘മഹർഷിഗോപാലീനന്ദനകൃതിഃ’ എന്നു കൗമാരിലയുക്തിമാലയിൽ അദ്ദേഹത്തിന്റെ പുത്രനായ വാസുദേവൻ പ്രസ്താവിക്കുന്നതു നോക്കുക. ഉദ്ദണ്ഡശാസ്ത്രികൾ

“കിഞ്ചിൽപൂർവം രണഖളഭൂമി ശ്രീമദധ്യക്ഷയേഥാ
സ്തന്മീമാംസാദ്വയകലഗുരോസ്സദ്മ പുണ്യം മഹർഷേഃ
വിദ്വദ്വൃന്ദേ വിവദിതുമനസ്യാഗതേ യത്ര ശശ്വ
ദ്വാഖ്യാശാലാവളഭിനിലയസ്തിഷ്ഠതേ കീരസംഘഃ
ശാസ്ത്രവ്യാഖ്യാ ഹരിഹരകഥാ സൽകഥാഭ്യാഗതാനാ
മാലാപോ വാ യദി സഹ ബുധൈരാക്ഷിപേദസ്യ ചേതഃ
തദ്വിസ്രബ്ധം ദ്വിജപരിവൃതേ നിഷ്കുടാദ്രൗ നിഷണ്ണഃ
കോകൂയേഥാഃ; സ ഖലു മധുരാം സൂക്തിമാകർണ്ണ്യ തുഷ്യേൽ.
ശ്ലാഘ്യച്ഛന്ദസ്ഥിതിമിതി മയാ ശോഭനേർഥേ നിയുക്തം
ശ്രാവ്യം ശബ്ദൈസ്സരസസുമനോഭാജമഭ്രാന്തവൃത്തിം
ദൂരപ്രാപ്യം പ്രശിഥിലമിവ ത്വാം സഖേ, കാവ്യകല്പം
ധീമാൻ പശ്യേൽ സ യദി നനു തേ ശുദ്ധ ഏവ പ്രചാരഃ.”
എന്നു കോകിലസന്ദേശത്തിലും, “ത്രൈവിദ്യേശോ മഹർഷിർന്നിരുപമമഹിമാ യദ്ധിതേ ജാഗരൂകഃ” എന്നു മല്ലികാമാരുതത്തിലും

“പയ്യൂരാഢ്യ, മഹർഷേ, കവിതാമാർഗ്ഗേ ച കാളിദാസം ത്വാം
ദാനേ ച കല്പവൃക്ഷം സർവജ്ഞത്വേ ച ചന്ദ്രഖണ്ഡധരം”
എന്നു് ഒരു മുക്തകത്തിലും നല്കീട്ടുള്ള അനന്യസാധാരണമായ പ്രശസ്തിക്കു് ആ മഹാനുഭാവൻ വിഷയീഭവിക്കണമെങ്കിൽ അദ്ദേഹത്തിന്റെ ഭാട്ടപ്രാഭാകരമീമാംസകളിലുള്ള പാണ്ഡിത്യം, ഇതരദർശനങ്ങളിലുള്ള അവഗാഹം, കാവ്യനിർമ്മാണകൗശലം, വിമർശനകലാവൈദഗ്ദ്ധ്യം, വിദ്വജ്ജന പക്ഷപാതം, ദാനശൗണ്ഡത, ഷട്കർമ്മനിരതത്വം മുതലായ അപദാനങ്ങൾ എത്രമാത്രം അതിമാനുഷങ്ങളായിരുന്നിരിക്കണം എന്നു നമുക്കു് ഏറെക്കുറെ സങ്കല്പദൃഷ്ടികൊണ്ടു സമീക്ഷണം ചെയ്യാവുന്നതാണു്. കാക്കശ്ശേരിയും വസുമതീവിക്രമം നാടകത്തിൽ അദ്ദേഹത്തെ

“യസ്മിൻ പ്രീണാതി വാണീകരതലവിലസ
ദ്വല്ലകീതൌല്യഭാജാം
സോതാ വാതാശനാധീശ്വരവിശദശിരഃ
കമ്പസംഭാവിതാനാം
വാചാം മോചാമധൂളീപരിമളസുഹൃദാം
സർവദാ നൈഗമാധ്വ
ശ്രദ്ധാലുഃ കേരളക്ഷ്മാതലതിലകമൃഷി
സ്സാഹിതീപാരദൃശ്വാ”
എന്നു മുക്തകണ്ഠമായി പുകഴ്ത്തിയിരിക്കുന്നു. ശാസ്ത്രികൾ വീണ്ടും മല്ലികാമാരുതത്തിൽ “കഥിതമപ്യേതന്മീമാംസകചക്രവർത്തി നാ മഹർഷിപുത്രേണ പരമേശ്വരേണ-

വേദേ സാദരബുദ്ധിരുദ്ധതതരേ തർക്കേ പരം കർക്കശഃ
ശാസ്ത്രേ ശാതമതിഃ കലാസു കുശലഃ കാവ്യേഷു ഭവ്യോദയഃ
ശ്ലാഘ്യസ്സൽകവിതാസു ഷട്സ്വപി പടുർഭാഷാസു, സത്വം ക്ഷിതൗ
സർവോദ്ദണ്ഡകവിപ്രകാണ്ഡ, ദദസേ കസ്മൈ ന വിസ്മേരതാം?”
എന്നു മഹൻ പരമേശ്വരഭട്ടതിരി തനിക്കു നല്കിയ പ്രശംസാപത്രം ഉദ്ധരിച്ചിട്ടുണ്ടു്. അങ്ങനെ രണ്ടാമത്തെ ഋഷിയും അദ്ദേഹത്തിന്റെ അഞ്ചു പുത്രന്മാരുമുൾപ്പെടെ ആറു പേരെ നമുക്കുകിട്ടി. വേറെയും ആ ഋഷിക്കു രണ്ടു പുത്രന്മാരുണ്ടായിരുന്നുവോ എന്നറിയുന്നില്ല.

20.20മൂന്നാമത്തെ ഋഷീയും പരമേശ്വരനും

ദ്വിതീയപരമേശ്വരന്റെ പുത്രൻ തൃതീയർഷിയും തൃതീയർഷിയുടെ പുത്രൻ തൃതീയപരമേശ്വരനുമാകുന്നു. തൃതീയപരമേശ്വരന്റെ കൃതികളായി മീമാംസാസൂത്രാർഥ സംഗ്രഹം എന്ന ഗ്രന്ഥവും സുചരിതമിശ്രന്റെ കാശികയ്ക്കു് ഒരു ടീകയും നമുക്കു ലഭിച്ചിട്ടുണ്ടു്. ജൈമിനീയസൂത്രങ്ങൾക്കു ശാബരഭാഷ്യംപോലെ വിസ്തൃതമായ ഒരു വ്യാഖ്യാനമാണു് സൂത്രർഥസംഗ്രഹം. സുചരിതമിശ്രൻ ക്രി. പി. പതിനൊന്നാംശതകത്തിൽ ജീവിച്ചിരുന്നു. അദ്ദേഹം കുമാരിലഭട്ടന്റെ ശ്ലോകവാർത്തികത്തിനു രചിച്ചിട്ടുള്ള വ്യാഖ്യാനമാണു് കാശിക. സൂത്രാർഥസങ്ഗ്രഹത്തിന്റെ ആരംഭത്തിൽ പരമേശ്വരൻ

“ഇഷ്ടാനിഷ്ടപ്രാപ്തിഹാന്യോർജ്ജാഗരൂകാ ഭവന്തു നഃ
ഋഷയഃ പിതാരോ ദേവാസ്സർവദാര്യാശ്ച മാതരഃ”
എന്ന ശ്ലോകത്തിൽ തന്റെ മാതാപിതാക്കന്മാരെ വന്ദിക്കുന്നു. ആര്യയെന്നായിരുന്നു അദ്ദേഹത്തിന്റെ മാതാവിന്റെ നാമധേയം.

“ജൈമിനിശബരകുമാരിലസുചരിതപരിതോഷ പാർഥസാരഥയഃ
ഉംവേകവിജയകാരൗ മണ്ഡനവാചസ്പതീ ച വിജയന്താം”
എന്ന വന്ദനശ്ലോകത്തിൽ അദ്ദേഹം പൂർവന്മാരായ പല മീമാംസാഗ്രന്ഥകാരന്മാരേയും സ്മരിക്കുന്നു. വിജയകാരൻ, പരിതോഷമിശ്രന്റെ അജിത എന്ന തന്ത്രവാർത്തികവ്യാഖ്യയ്ക്കു ‘വിജയം’ എന്ന വ്യാഖ്യാനം രചിച്ച അനന്തനാരായണമിശ്രനാണു്. ‘പ്രണമാമ്യാചാര്യാൻ വാസുദേവനാമാര്യാൻ’ എന്നു സൂത്രാർഥസങ്ഗ്രഹത്തിൽ കാണുന്ന പ്രസ്താവനയിൽ നിന്നു വാസുദേവനായിരുന്നു പ്രസ്തുത പരമേശ്വരന്റെ ഗുരു എന്നു ഗ്രഹിക്കാം. “യഥാ ച തത്രഭവന്തഃ ഷഡ്ദർശനീപാരദൃശ്വത്വേ സത്യപിശേഷതഃ കൗമാരിലതന്ത്രസ്വാതന്ത്ര്യവത്തയാ വിവൃതതത്വാ വിർഭാവതത്വബിന്ദുസ്ഫോടസിദ്ധയഃ അസ്മൽപിതാമഹപാദാവിഭ്രമവിവേകവ്യാഖ്യായാം” എന്ന വാക്യത്തിൽ അതേ ഗ്രന്ഥത്തിൽത്തന്നെ അദ്ദേഹം ദ്വിതീയപരമേശ്വരന്റെ സർവതന്ത്ര സ്വതന്ത്രതയേയും സ്മരിക്കുന്നു.

20.21വാസുദേവയമകകവി

ദ്വിതീയപരമേശ്വരന്റെ സഹോദരനായി വാസുദേവൻ എന്നൊരു പണ്ഡിതനുണ്ടായിരുന്നു എന്നു പ്രസ്താവിച്ചുവല്ലോ. അദ്ദേഹം ഒരു ശാസ്ത്രജ്ഞനും യമകകവിയുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികളായി (1) കൗമാരിലയുക്തിമാല എന്നൊരു ശാസ്ത്രഗ്രന്ഥവും (2) ചകോര സന്ദേശം എന്ന സന്ദേശകാവ്യവും (3) ദേവീചരിതം(4) സത്യതപഃകഥ (5) ശിവോദയം (6) അച്യുതലീല എന്നീ നാലു യമകകാവ്യങ്ങളും (7) വാക്യാവലി എന്ന മറ്റൊരു കാവ്യവും നമുക്കു ലഭിച്ചിട്ടുണ്ടു്. ‘മഹർഷി ഗോപാലീനന്ദനകൃതിഃ’ എന്നു കൗമാരില യുക്തിമാലയുടെ അവസാനത്തിൽ ഒരു കുറിപ്പു കാണുന്നുണ്ടു്. അതിലെ ഓരോ ശ്ലോകവും വരരുചിയുടെ ഓരോ വാക്യംകൊണ്ടു് ആരംഭിക്കുന്നു. “ഗീർണ്ണശ്രേയസ്കരീതി ശ്രുതിരിഹ പഠനീയേതി പിത്രാദിവാചാ” എന്നു് ആദ്യത്തെ ശ്ലോകം തുടങ്ങുന്നു. വാക്യാവലിയിൽ ശ്രീകൃഷ്ണചരിതമാണു് ഇതിവൃത്തം. അതു നാലു സർഗ്ഗത്തിലുള്ള ഒരു കാവ്യമാകുന്നു. അതിലെ ശ്ലോകങ്ങളും വരരുചിവാക്യങ്ങൾകൊണ്ടുതന്നെ ആരംഭിക്കുന്നു. ഒരു ശ്ലോകം ഉദ്ധരിക്കാം:

“ഭവോ ഹി യാജ്യസ്സുതനോ ഭവാന്യപി
സ്വയം ഭവത്യേതി മുനീന്ദ്രഭാഷിതം
ക്ഷണാദൃതം കർത്തുമിവാത്മനാഹരി
സ്സുഖേന ചാസൂയത ഭോജകന്യയാ.”

20.22ചകോരസന്ദേശം

‘ചകോരസന്ദേശം’ എന്ന കാവ്യവും വാസുദേവയമകകവിയുടെ കൃതിയാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ഗ്രന്ഥാന്തത്തിൽ വാസുദേവകൃതമെന്നു മുദ്രയും ‘ഗോപാല്യപിജയതു സാ’ എന്നു് ഇഷ്ടദേവതയുടെ സ്മരണവുമുണ്ടു്. പക്ഷേ വേദാരണ്യജന്മാവായ മറ്റൊരു വാസുദേവനെന്നും വരാവുന്നതാണു്. സാധാരണ സന്ദേശങ്ങളിൽനിന്നു് സർവഥാഭിന്നമായ ഒരു രീതിയാണു് കവി ഈ വാങ്മയത്തിൽ സ്വീകരിച്ചിരിക്കുന്നതു്. ഒരു നായിക ഭർത്തൃസഹിതയായി (ശാർദ്ദൂലപുരം) ചിദംബരത്തു താമസിക്കുന്ന കാലത്തു തീർഥാടനം ചെയ്തുകൊണ്ടിരുന്ന ചില ബ്രാഹ്മണർ അവിടെ പോവുകയും അവരോടുകൂടി നായകൻ ഒരു സൂര്യഗ്രഹണം സംബന്ധിച്ചു കേരളദേശത്തിലുള്ള വേദാരണ്യക്ഷേത്രത്തിൽ ദേവീദർശനത്തിനായി പുറപ്പെടുകയും ചെയ്തു. നായകന്റെ പ്രത്യാഗമനത്തിനു കാലതാമസം നേരിടുകയാൽ വിരഹോൽക്കണ്ഠിതയായ നായക ഒരു ചകോരപക്ഷിയെക്കണ്ടു് അതിനോടു തന്റെ ഭർത്താവിനെ അവിടെയോ മാർഗ്ഗസ്ഥിതമായ മറ്റേതെങ്കിലും ക്ഷേത്രത്തിലോ പോയി തിരഞ്ഞുപിടിച്ചു തന്റെ സന്ദേശം അറിയിയ്ക്കുവാൻ അഭ്യർത്ഥിക്കുന്നു. ഇതിൽനിന്നു് ഇതിവൃത്തം സാങ്കല്പികമാണെന്നു വ്യക്തമാകുന്നുണ്ടല്ലോ. കാവ്യം ആരംഭിയ്ക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്.

“കാചിന്നാരീ കിമപി ച ഗതേ കാന്തമുദ്ദിശ്യ ദൂരം
കാലം കാന്തേ ബഹുതരമനായാതി കാര്യാന്തരേണ
കാമാർത്ത്യാ നിശ്യഹനി ച സമാ നാഡികാ മന്യമാനാ
ക്ലാന്താ പശ്യൽ കമചി ച കദാപ്യന്തികേ തം ചകോരം.”
ഭർത്താവിന്റെ യാത്രോദ്ദേശ്യത്തെപ്പറ്റി നായിക ഇങ്ങനെ പറയുന്നു:

“യാതഃ കാന്തോ മമ ഖഗപതേ! കേരളാൻ പുണ്യദേശാൻ
കീർത്തിസ്തംഭാനിവ ഭഗവതോ രൈണുകേയസ്യ രമ്യാൻ
വേദാരണ്യാഹ്വയപുരവരേ വേദഗമ്യാം വസന്തീം
ദുർഗ്ഗാം ദുർഗ്ഗാർത്ത്യപനയകരീം ലോകിതും ലോകനാഥാം.”
‘ശ്രുതിവനമിതി ഖ്യാതിമൽ സ്ഥാനം’ എന്നും മറ്റും ആ ക്ഷേത്രത്തെപ്പറ്റി പിന്നേയും നിർദ്ദേശിക്കുന്നുണ്ടു്. നായകന്റെ അവസ്ഥയെപ്പറ്റി നായിക ശങ്കിക്കുന്നതു് അടിയിൽ കാണുന്ന വിധത്തിലാണു്:

“ഭക്ത്യാ തസ്മാന്ന കിമു നിഗമാരണ്യതോ നിർഗ്ഗതോസൗ?
യദ്വാന്യത്ര ക്വചന ഗതവാൻ കേനചിൽ കാരണേന?
ദൃശ്യം പശ്യൻ ബഹുവിധമപി ത്വഷ്ടുരാശ്ചര്യഭ്രതേ
തത്രൈവാസ്തേ കിമുത? ഗതവാൻ മയ്യസൗ വിസ്മൃതിം വാ?
കിം വാ ഗച്ഛൻ പഥി സ വിപിനേ വ്യാഘ്രവക്ത്രം പ്രപേദേ?
ദസ്യുഗ്രസ്തഃ കിമു ബത? നദീലംഘനേ മഗ്നതുർവാ”
ചിദംബരത്തുനിന്നു പുറപ്പെട്ടു ശ്രീരങ്ഗം, കുംഭകോണം, വേദാരണ്യം (ചോളദേശത്തിലെ ഒരു ശിവക്ഷേത്രം), രാമേശ്വരം മുതലായ സ്ഥലങ്ങളിൽ സഞ്ചരിച്ചു താമ്രപർണ്ണി നദി കടന്നു കന്യാകുമാരിയിൽ എത്തിയാൽ അവിടെനിന്നു വടക്കോട്ടു കേരളമാണെന്നു കവി ഉൽബോധിപ്പിക്കുന്നു. താഴെക്കാണുന്നതു കേരളത്തിന്റെ വർണ്ണനമാണു്.

“ലോകിഷ്യന്തേ മഹിതസഹവൈശാല്യശാലിപ്രരോഹൈഃ
കേദാരൗഘൈഃ പതഗ! രുചിരൈഃ കേരളാശ്ശ്യാമളാസ്തേ
യത്രേക്ഷ്യേരൻ ദ്വിജവര!,മഹായജഞശാലാ വിശാലാ
ദേവക്ഷേത്രേഷ്വപിച മരുതാ കമ്പ്യമാനാഃ പതാകാഃ
“വേദാഭ്യാസേ…ഭിരമതാമാത്മധർമ്മേ സ്ഥിതാനാം
വിപ്രേന്ദ്രാണാം വസതി വിതതീഃ കേരളാസ്തേ ദധാനാഃ
തൈസ്തൈർദ്ധന്യൈർഭൃശമുപഗതാഃ കസ്യ ന പ്രീതയേസ്യുർ
ധർമ്മ്യേ വർത്മന്യഭിരതിയുതൈ രാജഭിഃ പാല്യമാനാഃ.”
ശുചീന്ദ്രം ശിലീന്ധ്രാഹ്വയഗ്രാമം, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ (രക്തഗുഞ്ജാഭിധാനഗ്രാമം—ചെങ്കുന്നിയൂർ), തിരുവല്ലാ (ശ്രീബില്വാഖ്യപുരം), കുമാരനല്ലൂർ, ചെങ്ങന്നൂർ (സ്കന്ദശാലിഗ്രാമം), വൈക്കം, തൃപ്പൂണിത്തുറ (പൂർണ്ണവേദം), തൃക്കാരിയൂർ (കാര്യാഭിധഗ്രാമം) ഇടപ്പള്ളി (അന്തരാഖ്യം വിഹാരം), ചേന്നമങ്ഗലം (മങ്ഗലം ശക്രജാഖ്യാം ബിഭ്രൽ), ഇരിങ്ങാലക്കുട (സങ്ഗമഗ്രാമം), പെരുമനം (ബൃഹന്മാനസഗ്രാമം), തിരുവഞ്ചിക്കുളം, തിരുവാലൂർ (ബാലധിഗ്രാമം), ഗോവിന്ദപുരം, കൃഷ്ണപുരം, കഴുകമ്പലം (ഗൃധ്രോപപദക്ഷേത്രം), തൃക്കണാമതിലകം, തൃശ്ശൂർ, അരിയന്നൂർ (ആര്യകന്യാഗ്രാമം), ഗുരുവായൂർ, ശങ്കരപുരം, ശക്തിഗ്രാമം, ധീഗ്രാമം, തിരുനാവാ, ചമ്രവട്ടം എന്നിങ്ങനെ അനേകം വിശിഷ്ടസ്ഥലങ്ങളേയും ചില നദികളേയും മറ്റും കവി സ്മരിക്കുന്നുണ്ടെങ്കിലും ചരിത്രസംബന്ധമായുള്ള സൂചനകൾ ഈ കാവ്യത്തിൽ വിരളമാണു്. ചില സ്ഥലങ്ങൾക്കു പേരുകൾ പുതുതായി സൃഷ്ടിച്ചും (ചെങ്ങന്നൂർ തിരുവല്ലാ പെരുമനം മുതലായവ നോക്കുക) ചിലതുകൾ ആനുപൂർവിതെറ്റിച്ചും കാണുന്നു. പയ്യൂർ ഭട്ടതിരിമാരുടെ ഇഷ്ടദേവതാക്ഷേത്രം തൃശ്ശൂരിൽനിന്നു 16 നാഴിക വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യവേ, കവി തിരുനാവാക്ഷേത്രത്തെ സ്മരിച്ചതിനു മേൽ അതിനെ വർണ്ണിക്കുന്നതുകൊണ്ടു പ്രസ്തുത സന്ദേശം രചിച്ച കാലത്തു പയ്യൂർ ഭട്ടതിരിമാർ പോർക്കളത്തല്ല താമസിച്ചിരുന്നതെന്നു് ഊഹിക്കാൻ ന്യായമുണ്ടെന്നു ചിലർ പറയുന്നു. ഇതു ക്ഷോദക്ഷമമല്ല. സ്ഥലങ്ങളുടെ സംഖ്യാനത്തിൽ കവി വേറേയും പൗർവാപര്യം തെറ്റിച്ചിട്ടുള്ളതായി കാണാം. തൃശ്ശൂരിനെപ്പറ്റിയുള്ള വർണ്ണനത്തിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിക്കാം:

“ഐശ്വര്യേ തം പരമരുചിരം സർവതശ്ശാതകൗംഭം
യൽ കൈലാസം വി ദുരിഹ ജനാ ദക്ഷിണം പൂർണ്ണവേദം
പ്രാപ്യം പ്രാജ്യം ശിവപദമിദം വന്ദിതം; കിഞ്ച ദൃശ്യം
വസ്ത്വപ്യസ്തീഹ സുബഹുതരം സർവലോകൈശ്ച സേവ്യേ.”
പൂർവോത്തരസന്ദേശങ്ങളുടെ വ്യവച്ഛേദം ഞാൻ വായിച്ച മാതൃകയിൽ കാൺമാനില്ല. ആകെയുള്ള നൂറ്റിത്തൊണ്ണൂറോളം പദ്യങ്ങളിൽ നൂറ്റൻപത്തിരണ്ടോളം പദ്യങ്ങൾ, പൂർവസന്ദേശമെന്നൊന്നു കവി സങ്കല്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഉൾപ്പെടുന്നതായി പരിഗണിക്കാവുന്നതാണു്. ഉത്തരസന്ദേശം മിക്കവാറും വേദാരണ്യക്ഷേത്രത്തിന്റെ വർണ്ണനമാകുന്നു. നായക സന്ദർശനവും സന്ദേശവാചകവും നാലഞ്ചു പദ്യങ്ങൾകൊണ്ടു കവി സങ്ഗ്രഹിക്കുന്നു.

“കൃഷ്ണദ്വൈപായനമുനികൃതാ ഭാരതാഖ്യാ കഥാ സാ
ദേവീമാഹാത്മ്യമപി മഹിതം തൽപുരാണാന്തരം ച
ശ്രീമദ്രാമായണവരകഥാ സാപി വാല്മീകിഗീതാ
ശ്രൂയേരംസ്തേ ശ്രവണസുഭഗാ ഹ്യാഗമാശ്ചാപി സർവേ.
ഗാനം ശൃണ്വന്നധികമധുരം ബ്രഹ്മബന്ധ്വങ്ഗനാനാം
താനം ഷട്ജാദിഭിരഭിയുതം ശ്രോതചിത്താഭിരാമം
വാദ്യാനാം ച സ്വനിതമമിതം ചാരുനാനാവിധാനാം
ഭൂയോ വേദാംശ്ചതുര ഋഷിഭിർമ്മാനുഷൈശ്ചേര്യമാണാൻ.
മന്വാദേർഗാം ശൃണു ച പദവാക്യാത്മഭാഷ്യാണി ടീകാ
സൂത്രവ്രാതാന്യപി മുനികൃതാന്യുല്ലസദ്വാർത്തികാനി
കാവ്യം ശ്രാവ്യം ശൃണു ച മധുരം നാടകം ചാപി നാനാ
ഭൂതം ഭൂതം രമയദഖിലം കാളിദാസാദിഭൂതം.”
എന്നും മറ്റും ആ ക്ഷേത്രത്തിന്റെ സംസ്കാരാധിഷ്ഠിതമായ മാഹാത്മ്യത്തെ കവി ഉദീരണം ചെയ്യുന്നു. നായിക തന്റെ ഭർത്താവിന്റെ ദേഹത്തെ വർണ്ണിച്ചു കേൾപ്പിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്:

“നായം നീലോ ന ച സിതതനുഃ സ്വർണ്ണവർണ്ണോ യുവാ തു
ഹ്രസ്വോ ദീർഘോപി ച ന നിതരാം രൂപവാംശ്ചാരുവർഷഃ”
കവിതയ്ക്കു ശബ്ദമാധുര്യം വളരെക്കുറവാണു്. അസഹ്യമായ യതിഭങ്ഗദോഷവും അതിൽ അങ്ങിങ്ങു ധാരാളമായി മുഴച്ചു നില്ക്കുന്നു. എങ്കിലും പ്രസ്തുത കാവ്യത്തിന്റെ പഠനത്തിൽനിന്നു നമുക്കു പലവിധത്തിലുള്ള അറിവുകളും ലഭിക്കുന്നുണ്ടെന്നുള്ള പരമാർത്ഥം വിസ്മരിക്കാവുന്നതല്ല.

20.23യമകകാവ്യങ്ങൾ

ദേവീചരിതത്തിൽ കവി വേദാരണ്യത്തിലെ ഗോപാലി ശ്രീകൃഷ്ണന്റെ സഹോദരിയായ കാത്യായനീദേവിയാണെന്നു സമർത്ഥിക്കുന്നു. ആകെ ആറാശ്വാസങ്ങളുണ്ടു്. “ഇതി ശ്രീമൽകാത്യായനീ പദാംബുജമധുവ്രതേന ശ്രീമദ്ഗോപാലീസുതേന ശ്രീവാസുദേവേന വിരചിതേ” എന്നൊരു കുറിപ്പു് ഈ കാവ്യത്തിന്റെ അവസാനത്തിൽ കാണ്മാനുണ്ടു്.

ചില ശ്ലോകങ്ങൾ ചുവടെ ചേർക്കുന്നു:

“ഭക്ത്യാ ദേവീതമദശ്ചരിതമിദം യച്ഛിവാമുദേ വീതമദഃ
കാവ്യം പരമമരചയം പഠന്നിദം മോദയതി ഹി പര മമരചയം.
സസുധാശാനാം ഭൂതാരാധ്യാ ജഗതാം ചതുർദ്ദശാനാം ഭൂതാ
മാതാ വേദവനമിതാധിജനാര്യാ വിജയതാം വേദവനമിതാ

സദാശിവാശിവാപരാ പരാജയത്വനുത്തമാ
നികേതവേദകാനനാ പരാ ജയത്വനുത്തമാ.”
സത്യതപഃകഥയിൽ കവി തന്റെ പൂർവനും സത്യതപസ്സെന്ന അപരാഭിധാനത്താൽ വിദിതനുമായ ഒരു ഋഷി വേദാരണ്യത്തിലും ഭാരതപ്പുഴയുടെ തീരത്തിലും അനുഷ്ഠിച്ച തപസ്സിനെപ്പറ്റി വർണ്ണിക്കുന്നു. അതിൽ നിന്നു ചില ശ്ലോകങ്ങൾ താഴെ ഉദ്ധരിക്കുന്നു:

“സ്വസ്തി ഭവേദമിതായൈ വേദവനം ശ്രൂയമാണ വേദമിതായൈ
ദേവ്യൈ നാമാഗസ്യ സ്ഥിതം തടകം ച നാമാഗസ്യ.”
***
ഗദിതം പരമാഖ്യാനം നാശിതവന്തൗ മയേഹ പരമാഖ്യാനം
ഭക്തേനാമ്നായമിതം ഭൂതമൃഷൌ സത്യതപസി നാമ്നാ യമിതം.
സത്യതപാനാമാസ (വ്യഘ) ഋഷിരഗ്ര്യോ ദ്വിജാധി പാനാമാസ
സ പുനർവേദമഹാർത്ഥം നാകസദാം ഭൂസദാഞ്ച വേദ മഹാർത്ഥം.”
ആദ്യത്തെ ഋഷിയുടെ തപസ്സിനെ കുറിച്ചായിരിക്കാം പ്രസ്തുത കാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്. ആകെ മൂന്നാശ്വാസങ്ങളാണുള്ളതു്. കവിയുടെ എട്ടു സഹോദരന്മാരെപ്പറ്റി ഇതിൽ പ്രസ്താവനയുള്ളതായി ചിലർ പറയുന്നതു നിർമ്മൂലമാകുന്നു. ശിവോദയത്തിലെ ആദ്യത്തെ രണ്ടാശ്വാസങ്ങൾ കിട്ടിയിട്ടുണ്ടു്. അതിലും കവിയുടെ സഹോദരന്മാരെപ്പറ്റി ഒരു പ്രസ്താവനയും കാണുന്നില്ല. നാലു പാദത്തിലും യമകമുണ്ടെന്നുള്ളതാണു് പ്രസ്തുത കാവ്യത്തിന്റെ വിശേഷം. അതിലെ രണ്ടു ശ്ലോകങ്ങൾ താഴെ ചേർക്കുന്നു:

“സ്വസ്തിഭവേദവനായൈവാര്യായൈ ഗോരവാപ്തവേദ വനായൈ
(സസമീ) ദ്വേദവനായൈകാത്താശ്രമഗർഷിജപഗവേദ വനായൈ.
വേദാരണ്യന്നാമസ്തർഷിയദിതമഖിലതോഹിരണ്യന്നാമ
ശൂചിസദരണ്യന്നാമ ഹ്യേതി യശോ യന്നതശ്ശരണ്യന്നാമ.”
അച്യുതലീലയിലെ ഇതിവൃത്തം ബാലകൃഷ്ണന്റെ ചരിതമാണു്. നാലാശ്വാസങ്ങൾ ലഭിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിലെ രണ്ടു ശ്ലോകങ്ങൾ അടിയിൽ ചേർക്കുന്നു:

“ജയതീ ശ്രുതികാന്താരം ശ്രിതോ ഗുണോല്ലാസി വേദരുതികാന്താരം
ദേവീനാനാപർണ്ണാശ്രിതവൃഷമുനിമജ്ജഗൽ പുനാനാപർണ്ണാ.
യാസഭുവി വിധാത്രാദ്യാ ത്രിദശാന്നത്വാച്യുതസ്യ വിവിധാത്രാദ്യാഃ
ലീലാസദ്യമകേന ഗ്രന്ഥേന മയോച്യതേ ലസദ്യമകേന.”
അച്യുതലീലയിൽ കവി തന്റെ ജ്യേഷ്ഠനായ ഭവദാസനെ വന്ദിക്കുന്നുണ്ടു്:

“പ്രണതോസ്മി ഗതം ഭവസാഗരനാവികസദ്ധൃദയം ഭവദാസമഹം
ഭവഭക്തതയാനുഭവന്തമിതം വികസദ്ധൃദയം ദവദാസമഹം.”
എന്ന പദ്യം നോക്കുക. വാസുദേവന്റെ യമകകവിത പട്ടത്തു പട്ടേരിയുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ അവരമാണെങ്കിലും അതിനും ആസ്വാദ്യതയില്ലെന്നു പറയാവുന്നതല്ല. വാസുദേവൻ ദ്വിതീയപരമേശ്വരന്റെ സഹോദരനാണെന്നു കാണുന്ന സ്ഥിതിക്കു് അദ്ദേഹവും പതിനെട്ടരക്കവികളിൽ ഒരാളായിരുന്നിരിക്കുവാൻ ഇടയുണ്ടു്. പട്ടത്തു വാസുദേവഭട്ടതിരിയെപ്പറ്റി പ്രസ്താവിക്കുമ്പോൾ ഞാൻ പ്രാസംഗികമായി സ്മരിച്ച ഗജേന്ദ്രമോക്ഷം ഈ യമകകവിയുടെ കൃതിയല്ല. അതിന്റെ പ്രണേതാവിനെക്കുറിച്ചു യാതൊരറിവും എനിക്കു കിട്ടീട്ടില്ലെന്നു വീണ്ടും പറഞ്ഞുകൊള്ളട്ടെ.

20.24പര്യായപദാവലി

കേരളത്തിൽ വ്യാകരണം അധ്യയനം ചെയ്യുന്നവർക്കു് അത്യന്തം ഉപകാരമായി പര്യായപദാവലി എന്നൊരു ഗ്രന്ഥമുണ്ടു്. വ്യാകരണപദാവലി എന്നും അതിന്നു പേരു കാണുന്നു. പ്രസ്തുതകൃതിയുടെ നിർമ്മാതാവു വാസുദേവസംജ്ഞനായ ഒരു പണ്ഡിതനാകുന്നു. അദ്ദേഹം പയ്യൂർ ഭട്ടതിരിമാരിൽ ആരെങ്കിലുമാണോ എന്നു നിശ്ചയമില്ല. ഗ്രന്ഥത്തിന്റെ സ്വരൂപമെന്തെന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽനിന്നു വിശദമാകുന്നതാണു്:

“നമശ്ശിവായ കന്ദർപ്പദർപ്പഹാരീദൃഗഗ്നയേ
ഗിരീന്ദ്രതനയാസക്തമാനസായേന്ദുമൗലയേ.
ഗോവിന്ദം ഗോപഗോപീനാം നന്ദനം നന്ദനന്ദനം
വൃന്ദാരകമുനിവ്രാതൈർവന്ദ്യം വന്ദാമഹേ വയം.
പൂജിതം വിഘ്നഭീതേന ശിവേനാപി പുരദ്വിഷാ
സർവസമ്പൽകരം ദേവം നമാമി ഗണനായകം.
പ്രണമ്യ വിദുഷസ്സർവാൻ പദാനാം ധാതുജന്മനാം
ഉച്യതേ വാസുദേവേന പര്യായേണ പദാവലിഃ
പ്രസിദ്ധാനപ്രസിദ്ധാംശ്ച വൈദികാൻ ലൗകികാൻ ബ്രുവേ
ലട്പ്രത്യയാന്താൻ പര്യായാൻ കേവലാംശ്ചോപ സർഗ്ഗജാൻ
പ്രത്യാഹാരാംശ്ച സൂത്രാണി പ്രക്രിയാം ബഹുവിസ്താരാം
മുക്ത്വാ പ്രയസ്യതേഽസ്മാഭിഃ പര്യായപദസങ്ഗ്രഹേ.”
അദ്ദേഹം പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളും വൈദികങ്ങളും ലൗകികങ്ങളും കേവലങ്ങളും ഉപസർഗ്ഗജങ്ങളുമായ ലട്പ്രത്യയാന്തപദങ്ങളെ സംഗ്രഹിക്കുന്നു; എന്നാൽ പ്രത്യാഹാരങ്ങൾ, പാണിനിസൂത്രങ്ങൾ, ബഹുവിസ്തരമായ പ്രക്രിയ ഇവയെ വിട്ടുകളയുകയും ചെയ്യുന്നു. കാവ്യത്തിന്റെ രീതി താഴെ കാണുന്ന കാരകാവതാരശ്ലോകങ്ങളിൽനിന്നു വ്യക്തമാകും:

“ക്രിയാഹേതുഷു സർവേഷു യസ്സ്വതന്ത്രോ വിവക്ഷിതഃ
ജ്ഞേയസ്സ കർത്താ കർമ്മാദികാരകാണാമധീശ്വരഃ
സ്വതന്ത്രോ യോജകോ ഹേതുരിതി കർത്താ ഭവേത്ത്രിധാ
സ്വതന്ത്രേ കർത്തരി പ്രോക്തേ പ്രഥമാ സ്യാൽ ക്രിയാ പദൈഃ

ബാലശ്ശേതേ ശശീ ഭാതി വൃക്ഷസ്തിഷ്ഠതി തദ്യഥാ.
യാജയന്തി ദ്വിജാ ഭൂപമിത്യാദി സ്യാൽ പ്രയോജകേ.
ആഹ്ലാദയതി ശീതാംശുർജ്ജടീ ഭീഷയതേ ശിശൂൻ
വിനീതോ ലഭതേ ധർമ്മമിതി വാ ഹേതുകർത്തരി.”
കർമ്മാദികാരകങ്ങൾക്കു് അധീശ്വരനായ കർത്താവിനെപ്പറ്റി ബാലന്മാർക്കു് ഇതിലധികം എന്താണു് അറിവാനുള്ളതു്? വിശിഷ്ടങ്ങളായ ഉദാഹരണങ്ങൾ പ്രസ്തുതഗ്രന്ഥത്തെ ആമൂലാഗ്രം അലങ്കരിക്കുന്നു.

20.25സുബ്രഹ്മണ്യൻ

പൂർവമീമാംസയിലെ പ്രഥമസൂത്രത്തിനു സുബ്രഹ്മണ്യൻ എന്നൊരു കേരളീയപണ്ഡിതൻ ‘ശാസ്ത്രോപന്യാസമാലിക’ എന്ന പേരിൽ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അതിൽ താൻ സുബ്രഹ്മണ്യന്റെ ശിഷ്യനാണെന്നും തത്വാവിർഭാവത്തിലും അതിന്റെ വ്യാഖ്യാനത്തിലും മറ്റും ഉൽഘാടനം ചെയ്തിട്ടുള്ള യുക്തികളെയാണു് അനുസരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. തത്വാവിർഭാവത്തിന്റെ വ്യാഖ്യ ദ്വിതീയപരമേശ്വരന്റേതായിരിക്കണം. ഭവനാഥനയവിവേകം, ഭട്ടവിഷ്ണുവിന്റെ നയതത്വസംഗ്രഹം, പാർത്ഥ സാരഥിമിശ്രന്റെ ന്യായരത്നമാല എന്നീ ഗ്രന്ഥങ്ങളെ സ്മരിക്കുകയും ഭട്ടവിഷ്ണുവിന്റെ മതങ്ങളെ വിമർശിക്കുകയും ചെയ്തിരിക്കുന്നു. അധോലിഖിതങ്ങളായ പദ്യങ്ങൾ ശ്രദ്ധേയങ്ങളാണു്:

“തത്വാവിർഭാവതദ്വ്യാഖ്യാദ്യുക്തയുക്ത്യനുസാരിണീം
ആദ്യസൂത്രേ വിധാസ്യാമഃ ശാസ്ത്രോപന്യാസമാലികാം.
സതി വിഭവേ ദാന്തസ്യ സ്ഫുടതരഹൃദയാവഭാസി വേദാന്തസ്യ
ഏതാം സുബ്രഹ്മണ്യസ്യാന്തേവാസീ കരോതി സുബ്രഹ്മണ്യഃ”
രണ്ടാമത്തെ പദ്യത്തിലെ യമകപ്രയോഗം നോക്കുമ്പോൾ വാസുദേവകവിയുടെ സഹോദരനായ സുബ്രഹ്മണ്യനായിരിക്കാം ശാസ്ത്രോപന്യാസമാലികയുടെ പ്രണേതാവു് എന്നു തോന്നിപ്പോകും. ആ സുബ്രഹ്മണ്യനും പ്രാഭാകരനിഷ്ണാതനായിരുന്നുവല്ലോ.

20.26സർവപ്രത്യയമാല

ശങ്കരാര്യന്റെ അനുജനായ ശങ്കരാര്യൻ രചിച്ചതായി ‘സർവപ്രത്യയമാലാ’ എന്ന സംജ്ഞയിൽ ഒരു വ്യാകരണഗ്രന്ഥമുണ്ടു്. അതും പര്യായപദാവലിപോലെ വിദ്യാർത്ഥികൾക്കു വളരെ പ്രയോജനകരമാകുന്നു. ആ ഗ്രന്ഥത്തിന്റെ ആരംഭത്തിലുള്ളവയാണു് അടിയിൽ പകർത്തുന്ന ശ്ലോകങ്ങൾ:

“അഭംഗുരകലാദാനസ്ഥൂ ലലക്ഷത്വമീയുഷേ
തുംഗായ മഹസേ തസ്മൈ തുരംഗായ മുഖേ നമഃ
ശിവാത്മജമവിഘ്നായ സുരാസുരസുപൂജിതം
സർവക്രിയാദൗ സർവാര്യം വന്ദേ ഗണപതിം പ്രഭും.
ഗോവിന്ദം ഗോപഗോപീനാം നന്ദനം നന്ദനന്ദനം
വന്ദേ വൃന്ദാരകൈർവന്ദ്യമിന്ദിരാനന്ദകാരിണം.
പ്രത്യയഗ്രഥിതൈശ്ശബ്ദൈഃ പര്യായൈസ്സർവധാതുജൈഃ
ശങ്കരാര്യാനുജോ മാലാം ശങ്കരാര്യഃ കരോമ്യഹം.
ക്രിയാക്രമോക്തശബ്ദാനാം പര്യായപദവിസ്തൃതാ
സർവപ്രത്യയമാലേയം ബാലശിക്ഷാർത്ഥമുദ്ധൃതാ.”
ഈ ശ്ലോകങ്ങളിൽ “ഗോവിന്ദം ഗോപഗോപീനാം” എന്നതിനു പര്യായപദാവലിയിലെ “ഗോവിന്ദം ഗോപഗോപീനാം” എന്ന ശ്ലോകവുമായി കാണുന്ന സാദൃശ്യം വിസ്മയാവഹമായിരിക്കുന്നു. വാസുദേവനും ശങ്കരനുമായി എന്തോ ഒരു ബന്ധമുണ്ടെന്നു് ഈ സാദൃശ്യത്തിൽ വ്യഞ്ജിക്കുന്നു. സർവപ്രത്യയമാല, എല്ലാ വ്യാകരണപ്രത്യയങ്ങളേയും പരാമർശിക്കുകയും അവയെ ഉദാഹരണങ്ങൾകൊണ്ടു വ്യക്തമാക്കുകയും ചെയ്യുന്നു. താഴെ കാണുന്ന ശ്ലോകങ്ങൾ തദ്ധിതമാലയിൽ ഉള്ളതാണു്:

“ഏതൽ പ്രമാണമസ്യേതി ത്വർത്ഥേ ദ്വയസജാദയഃ
ഊരുമാത്രം ജലം നദ്യാം കണ്ഠമാത്രം ക്വചിജ്ജലം.
ജാനുപ്രമാണമസ്ത്യത്ര ജാനുദ്വയസമിത്യപി
ജാനുദഘ്നം ചേതി തഥാ പ്രയോഗേഷൂഹ്യതാം പുനഃ.”
ലൺമാലയിൽനിന്നു് ഒരു ഭാഗംകൂടി ചേർക്കാം:

“അനുശാസ്തി പിതാ പുത്രം ബാല്യാൽ പ്രഭൃതി ശിക്ഷതേ;
പിതാനുശാസയത്യേനം ണിചി ശിക്ഷയതിദ്രുതം.
പിത്രാ കർമ്മണി ബാലോസൗ ശിക്ഷ്യതേ ചാനുശാസ്യതേ;
അധീതേ ചാമനത്യേവം വേദം പഠതി സർവദാ.
പാഠയത്യധ്യാപയതി വേദമാമ്നാപയത്യപി;
ആമ്നായതേ പഠ്യതേ ച വേദഃ കർമ്മണ്യധീയതേ.”
പ്രസ്തുത വൈയാകരണനെ മേൽപ്പുത്തൂർ ഭട്ടതിരി ഒന്നിലധികം തവണ പ്രക്രിയാസർവസ്വത്തിൽ സ്മരിച്ചിട്ടുണ്ടു്. “നിഘൃഷ്ട ഇത്യർത്ഥമാഹ ശങ്കരഃ” എന്നു കൃൽഖണ്ഡത്തിലും” നിഗുഹ്യമാനസ്യാഭാവോത്ര ജ്ഞാപ്യത ഇതി ശങ്കരഃ” എന്നു സുബർത്ഥഖണ്ഡത്തിലും കാണുന്ന വചനങ്ങൾ നോക്കുക.

20.27വേദാന്തസാരം

ഈ ശങ്കരൻ സർവസിദ്ധാന്തസംഗ്രഹമെന്നുകൂടി പേരുള്ള വേദാന്തസാരമെന്ന ഗ്രന്ഥത്തിന്റേയും പ്രണേതാവാണു്. അതിലും ശ്രീകൃഷ്ണനെ വന്ദിച്ചിട്ടുണ്ടു്.

“അംഗോപാംഗോപവേദേഷു സർവസിദ്ധാന്തസംഗ്രഹഃ
ക്രിയതേ ശങ്കരാര്യേണ ശങ്കരാര്യകനീയസാ”
എന്നു് ആ ഗ്രന്ഥത്തിന്റെ ആരംഭത്തിൽ ഒരു ശ്ലോകം കാണുന്നുണ്ടു്. വാസുദേവൻനമ്പൂരിയും ശങ്കരൻനമ്പൂരിയും കൊല്ലം ഏഴാം ശതകത്തിലാണു ജീവിച്ചിരുന്നതെന്നു് ഊഹിക്കാം. മഴമംഗലത്തു ശങ്കരൻനമ്പൂരി വാസുദേവന്റെ പര്യായപദാവലിയെ രൂപാനയനപദ്ധതിയിൽ ഉപജീവിക്കുന്നു.

സകലദർശനങ്ങളുടെയും തത്വരത്നങ്ങൾ പതിനൊന്നധ്യായങ്ങളിൽ സമഞ്ജസമായി സംക്ഷേപിച്ചിട്ടുള്ള ഒരു ഉത്തമഗ്രന്ഥമാണു് ഇതു്. പത്താമധ്യായത്തിൽ മഹാഭാരത (ഗീതാ) പക്ഷവും പതിനൊന്നാമധ്യായത്തിൽ വേദാന്തപക്ഷവും സംഗ്രഹിച്ചിരിക്കുന്നു. ബൃഹസ്പതി (ചാർവാക) പക്ഷംകൊണ്ടാണു് ഗ്രന്ഥം ആരംഭിക്കുന്നതു്.

“അക്ഷപാദഃ കണാദശ്ച കപിലോ ജൈമിനിസ്തഥാ
വ്യാസഃ പതഞ്ജലിശ്ചേതി വൈദികാശ്ശാസ്ത്രകാരകാഃ
ബൃഹസ്പത്യാർഹതൗ ബുദ്ധോ വേദമാർഗ്ഗവിരോധിനഃ”
എന്നു് അദ്ദേഹം ആറു വൈദികദർശനങ്ങളേയും മൂന്നു് അവൈദികദർശനങ്ങളേയും പരാമർശിക്കുന്നു. താഴെ കാണുന്ന ശ്ലോകങ്ങളിൽനിന്നു ശങ്കരന്റെ സരളമായ പ്രതിപാദനശൈലി അവധാരണം ചെയ്യാവുന്നതാണു്.

“അംഗോപാംഗോപവേദാസ്യുർവ്വേദസ്യാത്രോപകാരകാഃ
ധർമ്മാർത്ഥകാമമോക്ഷാണാമാശ്രയസ്യ ചതുർദ്ദശ,
വേദാംഗാനി ഷഡേതാനി ശിക്ഷാ വ്യാകരണം തഥാ
നിരുക്തം ജ്യോതിഷം കല്പം ഛന്ദോവിചിതിരിത്യപി
മീമാംസാ ന്യായശാസ്ത്രഞ്ച പുരാണം സ്മൃതിരിത്യപി
ചത്വാര്യേതാന്യുപാംഗാനി ബഹിരംഗാനി താനി വൈ.
ആയുർവ്വേദോർത്ഥവേദശ്ച ധനുർവ്വേദസ്തഥൈവ ച
ഗാന്ധർവ്വവേദ ഇത്യേവമുപവേദാശ്ചതുർവ്വിധാഃ.”
അനന്തരം ആചാര്യൻ ഈ അംഗോപാംഗോപവേദങ്ങളുടെ ലക്ഷണങ്ങൾ വിവരിക്കുന്നു:

“ശിക്ഷാ ശിക്ഷയതി വ്യക്തം വേദോച്ചാരണലക്ഷണം;
വ്യക്തി വ്യാകരണം തസ്യ സംഹിതാപദലക്ഷണം;
വക്തി തസ്യ നിരുക്തഞ്ച പദനിർവ്വചനം സ്ഫുടം;
ജ്യോതിശ്ശാസ്ത്രം വദത്യസ്യ കാലം വൈദികകർമ്മണാം;
ക്രമം കർമ്മപ്രയോഗാണാം കല്പസൂത്രം വദത്യപി;
മന്ത്രാക്ഷരാണാം സംഖ്യോക്താ ഛന്ദോ വിചിതിഭിസ്തഥാ.”
എന്നിങ്ങനെ ആ വിവരണം തുടരുന്നു. പ്രഭാകരൻ കുമാരിലന്റെ ശിഷ്യനെന്നുതന്നെയാണു് കേരളത്തിലെ രൂഢമൂലമായ ഐതിഹ്യം എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. അതിനെ ശങ്കരനും.

“മീമാംസാവാർത്തികം ഭാട്ടം ഭട്ടാചാര്യകൃതം ഹി തൽ;
തച്ഛിഷ്യോ ഹ്യല്പഭേദേന ശബരസ്യ മതാന്തരം
പ്രഭാകരഗുരുശ്ചക്രേ തദ്ധി പ്രാഭാകരം മതം”
എന്നീ വചനങ്ങളിൽ ഉദീരണം ചെയ്യുന്നു.

20.28ശാങ്കരസ്മൃതി

ശാങ്കരസ്മൃതി അഥവാ ലഘുധർമ്മപ്രകാശിക എന്ന ഗ്രന്ഥം ഭഗവൽപാദരുടെ കൃതിയാകുവാൻ ന്യായമില്ലെന്നു് എട്ടാമധ്യായത്തിൽ ഉപപാദിച്ചിട്ടുണ്ടു്. പ്രഥമപരമേശ്വരന്റെ ഗുരുവായി ഒരു ശങ്കരപൂജ്യപാദൻ ഉണ്ടായിരുന്നുവല്ലോ. അദ്ദേഹമായിരിക്കാം ശാങ്കരസ്മൃതികാരൻ; പരിച്ഛേദിച്ചു് ഒന്നും പറയുവാൻ നിർവ്വാഹമില്ല. ആ സ്മൃതി ഇങ്ങനെ ആരംഭിക്കുന്നു:

“നത്വാ ധർമ്മവിദോ ദേവാനൃഷീംശ്ച പരമം മഹഃ
സാംബം ശിവമനുസ്മൃത്യ ശങ്കരേണ യതാത്മനാ
ആലോക്യ ഭാർഗ്ഗവാൽ പ്രാപ്തം ധർമ്മശാസ്ത്രമിതസ്തതഃ
വിസ്തരേണ വിഷീദത്സു കൃപയാ മന്ദബുദ്ധിഷു
പ്രായസ്തദേവ സംക്ഷിപ്യ ക്രിയതേ മൃദുഭിഃ പദൈഃ
അല്പാക്ഷരൈരനല്പാർത്ഥൈഃ പൃഥഗേതന്നിബന്ധനം
വർണ്ണാനാമാശ്രമാണാഞ്ച ധർമ്മേ ദീപ ഇവാപരഃ
അനവദ്യം സതാം നാമ്നാ ലഘുധർമ്മപ്രകാശികാ.”
ശാങ്കരസ്മൃതിയെയാകട്ടെ അതിന്റെ മൂലഗ്രന്ഥമാകുന്ന ഭാർഗ്ഗവസ്മൃതിയെയാകട്ടെ ഇതരഗ്രന്ഥകാരന്മാർ ആരും സ്മരിച്ചിട്ടില്ല. ഭാർഗ്ഗവസ്മൃതി കണ്ടുകിട്ടീട്ടുപോലുമില്ല. ശാങ്കരസ്മൃതി മുപ്പത്താറധ്യായങ്ങളുള്ള ഒരു ഗ്രന്ഥമാണെന്നു പറഞ്ഞുവരുന്നു. എന്നാൽ അവയിൽ ആദ്യത്തെ പന്ത്രണ്ടധ്യായങ്ങൾ മാത്രമേ ഇതേ വരെ നമുക്കു ലഭിച്ചിട്ടുള്ളു. ഓരോ അധ്യായത്തിലും നന്നാലുപാദങ്ങളുണ്ടു്.

“ഔർദ്ധ്വദൈഹികകർമ്മാണി ശാവാശൗചഞ്ച സൂതകം
പ്രാകീർണ്ണസംഗ്രഹം ചാത ആഖ്യാസ്യേ ഭാഗ ഉത്തരേ”
എന്നു പറഞ്ഞു പ്രസ്തുത നിബന്ധകാരൻ പന്ത്രണ്ടാമധ്യായം അവസാനിപ്പിക്കുന്നു. പ്രണേതൃത്വത്തെപ്പറ്റി പക്ഷാന്തരമുണ്ടെങ്കിലും ശാങ്കരസ്മൃതി നിരുപയോഗമായ ഒരു ഗ്രന്ഥമാണെന്നു പറവാൻ നിവൃത്തിയില്ല. സ്നാതകന്മാരുടെ സ്ഥിതി, മരുമക്കത്തായികളുടെ ദത്തു്, സ്മാർത്തവിചാരം, അറുപത്തിനാലു് അനാചാരങ്ങൾ മുതലായി കേരളത്തിനു പ്രത്യേകമായുള്ള ആചാരങ്ങളെക്കുറിച്ചു് അതിൽ പ്രതിപാദിച്ചിട്ടുള്ളതു് എല്ലാ പേരും അറിഞ്ഞിരിക്കേണ്ടതാകുന്നു. സ്നാതകന്മാരുടെ സ്ഥിതിയെപ്പറ്റി വിവരിക്കുമ്പോൾ ‘സഹോദരാണാം വിവാഹോനുമതോ മുനേഃ” ‘അതോ വിവാഹസ്സർവ്വേഷാമിഷ്ടകല്പോയമുത്തമഃ’ എന്നുള്ള മതത്തിനു പരശുരാമന്റെ അനുമതിയുള്ളതായി ഗ്രന്ഥകാരൻ ഉപന്യസിക്കുന്നു. അങ്ങനെയാണെങ്കിൽ ‘ജ്യോഷ്ഠഭ്രാതാവു ഗൃഹീ ഭവേൽ’ എന്ന അനാചാരത്തിനു ജ്യേഷ്ഠഭ്രാതാവു മാത്രമേ വിവാഹം ചെയ്യാവൂ എന്നുള്ള സങ്കുചിതാർത്ഥമില്ലെന്നു സങ്കല്പിക്കാം. ഇങ്ങനെ പലതും വിമർശനീയമായുണ്ടു്. സദാചാരപ്രകരണത്തിൽ നിന്നു ചില ശ്ലോകങ്ങൾ ചുവടെ ചേർക്കുന്നു:

“അവമാനം ന കർവീത കസ്യചിൽ ക്ഷേമകൗതുകീ
ഹീനാംഗാനധികാംഗാൻ വാ വികൃതാംഗാനഥാപി വാ
ന ഹീനാംശ്ച ന മൂർഖാംശ്ചപ്രഹസേദ്വ്യാധിതാനപി
ന ഹീനസേവനം കുര്യാന്ന സ്വാധ്യായം ദ്വിജസ്ത്യജേൽ;
വർണ്ണസ്യ ചാശ്രമസ്യാപി വയസോഭിജനസ്യ വാ
ശ്രുതസ്യ ച ധനസ്യാപി ദേശസ്യ സമയസ്യ ച
അനുരൂപേണ വേഷേണ വർത്തതേ ന ച ഗർഹിതഃ
നിത്യം ശാസ്ത്രാർത്ഥവീക്ഷീ സ്യാജ്ജീർണ്ണവാസോ ന ധാരയേൽ
മലിനഞ്ച തഥാ തദ്വൽ സച്ഛിദ്രം വിഭവേ സതി.
ന നാസ്തീത്യഭിഭാഷേത മ്ലേച്ഛഭാഷാം നചാഭ്യസേൽ
***
നാത്മാനമവമന്യേത പരമർമ്മാണി ന സ്പൃശേൽ
***
ന കുര്യാല്ലോകവിദ്വിഷ്ടം ധർമ്മമപ്യുദിതം ക്വചിൽ.”

20.29ഉദ്ദണ്ഡശാസ്ത്രികൾ, ജീവചരിത്രം

ഉദ്ദണ്ഡശാസ്ത്രികളുടെ ജന്മഭൂമി പണ്ടു തൊണ്ടമണ്ഡലം എന്നു പറഞ്ഞു വന്നിരുന്ന ചെങ്കൽപ്പേട്ട (ചിങ്കൽപെട്ട) ഡിസ്ത്രിക്ടിൽ കാഞ്ചീപുരത്തിനു സമീപം പാലാർ എന്ന പുഴയുടെ വക്കത്തുള്ള ലാടപുരം ഗ്രാമമാകുന്നു. ഈ വസ്തുതയും മറ്റും അദ്ദേഹംതന്നെ മല്ലികാമാരുതത്തിൽ വിശദമായി രേഖപ്പെടുത്തീട്ടുണ്ടു്.

“അസ്തി ദക്ഷിണാപഥേ ദയമാനകാമാക്ഷീകടാക്ഷതാണ്ഡവിതകവിശിഖണ്ഡിമണ്ഡലേഷു തുണ്ഡീരേഷു ക്ഷീരനദീത രംഗിതോപശല്യോ ലാടപുരോ നാമ മഹാനഗ്രഹാരഃ; തത്ര ച

തപശ്ചരണചുഞ്ചവസ്സകലശാസ്ത്രമുഷ്ടിന്ധയാഃ
സ്വനുഷ്ഠിതമഹാധ്വരാഃ ശ്രുതിപരായണാഃ ശ്രോത്രിയാഃ
മഹാഭിജനശാലിനോ വദനവർത്തിവാഗ്ദേവതാ
വസന്ത്യതിഥിസൽകൃതിക്ഷപിതവാസരാ ഭൂസുരാഃ.
തത്ര ചാമുഷ്യായണസ്യ, ആപസ്തംബശാഖാധ്യായിനോ വാധൂലകുലതരുപല്ലവസ്യ, കവിതാവല്ലഭസ്യ, വിപഞ്ചീപഞ്ചമോദഞ്ചിതകീർത്തേ, രുപാധ്യായഗോകുലനാഥപൗത്രസ്യ, ശ്രീകൃഷ്ണ സൂനോർഭട്ടരംഗനാഥസ്യ പ്രിയനന്ദന ഇരുഗുപനാഥാപരപര്യായ ഉദ്ദണ്ഡകവിർനാമ…സ കില വിധിവദുപാസിതാൽ തീർത്ഥാ ദധിഗതസകലവിദ്യോ, ദിദൃക്ഷുർദ്ദിഗന്തരാണി, ആന്ധ്രകർണ്ണാടകകലിംഗചോളകേരളാനവതീർണ്ണ:, മജ്ജൻ മഹാനദീഷു, പശ്യൻ ദേവതാസ്ഥാനാനി, സേവമാനസ്സജ്ജനാൻ, അഭിനന്ദന്നന്തർവാണീൻ, ഇദമേവ താമ്രചൂഡക്രോഡനഗരമാഢൗകത.”

ഈ പ്രസ്താവനയിൽനിന്നു ലാടപുരം ഗ്രാമത്തിൽ ഗോകുലനാഥന്റെ പൗത്രനായി, ശ്രീകൃഷ്ണന്റെ പുത്രനായി, മഹാകവിയായി ആപസ്തംബസൂത്രത്തിലും വാധൂലഗോത്രത്തിലും പെട്ട രംഗനാഥൻ എന്നൊരു മഹാബ്രാഹ്മണൻ ജീവിച്ചിരുന്നു എന്നും, അദ്ദേഹത്തിന്റെ പുത്രനാണു് ഇരുഗുപനാഥൻ എന്നുകൂടി പേരുള്ള ഉദ്ദണ്ഡനെന്നും, ഇരുഗുപനാഥൻ എന്ന സംജ്ഞകൊണ്ടു് അദ്ദേഹം ഒരു ആന്ധ്രനായിരിക്കണമെന്നും ഉദ്ദേശിക്കാം. അദ്ദേഹം ഗുരുമുഖത്തിൽനിന്നു ബാല്യത്തിൽ സകല വിദ്യകളും അഭ്യസിച്ചു്, ആന്ധ്രം, കലിംഗം, ചോളം, കേരളം എന്നീ രാജ്യങ്ങൾ ചുറ്റിസ്സഞ്ചരിച്ചു് ഒടുവിൽ കോഴിക്കോട്ടു ചെന്നുചേർന്നു എന്നും കാണാവുന്നതാണു്. മല്ലികാമാരുതത്തിലെ

“ഉദ്ദണ്ഡം രംഗനാഥസ്സുതമലഭത യം രംഗദേവീ തഥാബാ”
ഇത്യാദി പദ്യത്തിൽനിന്നു ശാസ്ത്രികളുടെ മാതാവു രംഗദേവിയായിരുന്നുവെന്നു വെളിപ്പെടുന്നു. ലാടപുരം എന്ന പേരിൽ കാഞ്ചീപുരത്തിന്റെ പരിസരത്തിൽ ഇക്കാലത്തു് ഒരു അഗ്രഹാരമുള്ളതായി അറിയുന്നില്ല. കാലാന്തരത്തിൽ അതിന്റെ സംജ്ഞയ്ക്കു വ്യത്യാസം വന്നിരിയ്ക്കാം. രാമഭദ്രദീക്ഷിതരുടെ ശിഷ്യനായി ക്രി. പി. പതിനെട്ടാംശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്ന ഭൂമിനാഥകവി (നല്ലാദീക്ഷിതർ) രംഗനാഥനും ഉദ്ദണ്ഡനും ഒരു കാലത്തു തഞ്ചാവൂർ ഡിസ്ത്രിക്ടിൽപെട്ട കണ്ഡരമാണിക്യം ഗ്രാമത്തിൽ താമസിച്ചിരുന്നുവെന്നും രംഗനാഥൻ ക്രതുവൈഗുണ്യപ്രായശ്ചിത്തം മുതലായ ഗ്രന്ഥങ്ങളുടെ കർത്താവായിരുന്നു എന്നും സുഭദ്രാഹരണ നാടകത്തിൽ പ്രസ്താവിച്ചിരിക്കുന്നു എന്നു ഡോക്ടർ കൃഷ്ണമാചാര്യർ അദ്ദേഹത്തിന്റെ സംസ്കൃതസാഹിത്യചരിത്രത്തിൽ പറഞ്ഞിട്ടുള്ളതു നിർമ്മൂലമാണു്. “ഉദ്ദണ്ഡപണ്ഡിതാധ്യുഷിതം” എന്നു മാത്രമേ ആ നാടകത്തിൽ പ്രസ്താവിച്ചുകാണുന്നുള്ളൂ.

“ജയതി കില ചോളമണ്ഡലമണ്ഡനമുദ്ദണ്ഡപണ്ഡിതാധ്യുഷിതം
കണ്ഡരമാണിക്യമിതി ഖ്യാതം മഹദഗ്രഹാരമാണിക്യം”
എന്നു് അദ്ദേഹത്തിന്റെ ശൃംഗാരസർവസ്വഭാണത്തിലും പ്രസ്താവിച്ചിട്ടുണ്ടു്. ഉദ്ധൃതഭാഗങ്ങളിൽ കാണുന്ന ‘ഉദ്ദണ്ഡ’ പദം ശാസ്ത്രികളെ പരാമർശിക്കുന്നില്ലെന്നുള്ളതു നിർവിവാദമാണു്; ഉദ്ദണ്ഡന്മാരായ പണ്ഡിതന്മാർ താമസിക്കുന്ന ഗ്രാമം എന്നേ ‘ഉദ്ദണ്ഡപണ്ഡിതാധ്യുഷിതം’ എന്ന വിശേഷണത്തിനു് അർത്ഥമുള്ളു. കർണ്ണാടക രാജാവിനെ (വിജയനഗര മഹാരാജാവു്) ശാസ്ത്രികൾ കുറേക്കാലം ആശ്രയിക്കുകയും അറുപിശുക്കനായ അദ്ദേഹത്തെ വിട്ടുപിരിയുന്ന അവസരത്തിൽ

“മാ ഗാഃ പ്രത്യുപകാരകാതരതയാ വൈവർണ്ണ്യമാകർണ്ണയ
ശ്രീകർണ്ണാടവസുന്ധരാധിപ, സുധാസിക്താനി സൂക്താനി നഃ;
വർണ്ണ്യന്തേ കവിഭിഃ പയോനിധിസരിൽസന്ധ്യാഭ്ര വിന്ധ്യാടവീ
ഝംഝാമാരുതനിർഝരപ്രഭൃതയസ്തേഭ്യഃ കിമാപ്തം ഫലം?”
എന്ന ശ്ലോകം സമ്മാനിക്കുകയും ചെയ്തു എന്നുള്ള ഐതിഹ്യം അവിശ്വസനീയമല്ല. അങ്ങനെ പല ദേശങ്ങളിൽ പര്യടനം ചെയ്തതിനു മേൽ ഒടുവിലാണു് ആ കവിപ്രവേകൻ കോഴിക്കോടു നഗരത്തിൽ എത്തിച്ചേർന്നതു്. മാനവിക്രമമഹാരാജാവിന്റെ വാഴ്ചക്കാലമായിരുന്നു അതു്. അദ്ദേഹവും ശാസ്ത്രികളുമായുള്ള പ്രഥമസമാഗമത്തിന്റെ ഉജ്ജ്വലമായ ഒരു ചരിത്രം മല്ലികാമാരുതത്തിൽ ദൃശ്യമാകുന്നുണ്ടു്. അതു താഴെ പകർത്തുന്നു:

‘ആസ്ഥാനമധ്യഗതമുദ്ധതസൗവിദല്ല
ഭ്രൂക്ഷേപചോദിതനമച്ചതുരന്തവീരം
ശ്രീവിക്രമം ചതുരവാരവധൂകരാബ്ജ
വ്യാധൂതചാമരമലോകത ലോകനാഥം.’
അസ്തോഷ്ട ച–

പ്രത്യർത്ഥിഭൂമിപാലപ്രതാപഘർമ്മോത്ഥപുഷ്കലാവർത്ത,
വിശ്വംഭരാകുടുംബിൻ, വിക്രമ, വിശ്വൈകവീര വിജയസ്വ!
ദേവോപി പരിസരവർത്തികോവിദകവിവദനാകൃഷ്ടേനവി ഘടമാനകമലദളശീതളേന കടാക്ഷേണ സംഭാവയൻ സാദരമേവമാദിക്ഷൽ-

ശ്രീമന്നുദ്ദണ്ഡ, വിദ്വൻ, നിശമയ വചനം
മാമകം; കാമദോഗ്ധ്രീ
വാണീ നാണീയസീ തേ നനു വരകവിതാ
ഭൂഷിതാ വാഗ്വിലാസൈഃ;
തസ്മാദഹ്നായ സമ്യകു് പ്രകരണമധുനാ
മല്ലികാമാരുതാഖ്യം
കിഞ്ചിദ്വ്യഞ്ജദ്രസാർദ്രം വിരചയ വിധിനാ
സൽകവേ, സൽക്രിയാം മേ.
മഹാരാജാവിന്റെ നിയോഗമനുസരിച്ചാണു് കവി മല്ലികാമാരുതം രചിച്ചതെന്നു് ഇതിൽ നിന്നു വിശദമാകുന്നുണ്ടല്ലോ. അവിടത്തെ ഒരു സദസ്യനായ ചേന്നാസ്സു നമ്പൂതിരിപ്പാടു ശാസ്ത്രികളെ തമ്പുരാനുമായി പരിചയപ്പെടുത്തുമ്പോൾ ചൊല്ലിയ ശ്ലോകം ചുവടെ ഉദ്ധരിക്കുന്നു:

“പ്രക്രീഡൽകാർത്തവീരാർജ്ജുനഭുജവിധൃതോ
ന്മുക്തസോമോദ്ഭവാംഭ
സ്സംഭാരാഭോഗഡംഭപ്രശമനപടുവാ
ഗ്ഗുംഭഗംഭീരിമശ്രീഃ
തുണ്ഡീരക്ഷോണിദേശാൽ തവ ഖലു വിഷയേഽ
ഹിണ്ഡതോദ്ദണ്ഡസൂരി
സ്സോയം തേ വിക്രമക്ഷ്മാവര, നി കിമു ഗതഃ
ശ്രോത്രിയഃ ശ്രോത്രദേശം?”
ഈ ശ്ലോകത്തിലും ശാസ്ത്രികളുടെ ശൈലീമുദ്ര പതിഞ്ഞിരിക്കുന്നതുപോലെ തോന്നുന്നു. ശാസ്ത്രികൾ തമ്പുരാനു് ആദ്യമായി അടിയറ വെച്ച ശ്ലോകമാണു് താഴെക്കാണുന്നതു്.

“ഉദ്ദണ്ഡഃ പരദണ്ഡഭൈരവ, ഭവദ്യാത്രാസു ജൈത്രശ്രിയോ
ഹേതുഃ കേതുരതീസ്യ സൂര്യസരണിം ഗച്ഛൻ നിവാര്യസ്ത്വയാ,
നോ ചേൽ തൽപടസമ്പുടോദരലസച്ഛാർദ്ദൂലമുദ്രാദ്രവൽ
സാരംഗം ശശിബിംബമേഷ്യതി തുലാം ത്വൽ പ്രേയസീനാം മുഖൈഃ”
രസോത്തരമായ ആ ശ്ലോകംകേട്ടു് ആഹ്ലാദഭരിതനായ മഹാരാജാവു് കവിക്കു് ‘ഉദ്ദണ്ഡൻ’ എന്ന ബിരുദനാമം സമ്മാനിച്ചുവത്രേ. ചേന്നാസ്സുനമ്പൂരിപ്പാട്ടിലെ പദ്യത്തിൽ കാണുന്ന ഉദ്ദണ്ഡപദത്തിനു പ്രതിവാദികൾക്കു ഭയങ്കരൻ എന്നുമാത്രം അർത്ഥംകല്പിച്ചാൽ മതി. ശാസ്ത്രികളെ കോഴിക്കോട്ടെ വിദ്വത്സദസ്സിലെ ഒരംഗമായി സാമൂതിരിപ്പാടു സസന്തോഷം സ്വീകരിച്ചു. ഏതു പണ്ഡിതകുഞ്ജരന്മാരേയും കൊമ്പുകുത്തിക്കുവാൻ വേണ്ട ശാസ്ത്രപാണ്ഡിത്യം അദ്ദേഹം സമ്പാദിച്ചിരുന്നു. ‘വേദേ സാദരബുദ്ധിഃ’ എന്നു ഞാൻ മുമ്പുദ്ധരിച്ചിട്ടുള്ള പദ്യത്തിൽനിന്നു ഇതു വെളിവാകും. ഒരിക്കൽ ശാസ്ത്രികളുമായുള്ള വാദപ്രതിവാദത്തിൽ മഹർഷിക്കുപോലും സ്ഖലനം പറ്റുകയും അദ്ദേഹത്തിന്റെ പേരിൽ അമിതമായ ബഹുമാനമുണ്ടായിരുന്ന ശാസ്ത്രികൾ തെറ്റിയ ഭാഗം ഒന്നുകൂടി നിർവ്വഹിയ്ക്കുവാൻ അപേക്ഷിച്ചപ്പോൾ ആദ്യം ഒരുവിധത്തിലും പിന്നീടു മറ്റൊരു വിധത്തിലും താൻ ഒരിക്കലും നിർവചിച്ചിട്ടില്ലാത്തതിനാൽ അതു കഴിയുകയില്ലെന്നു പറഞ്ഞു്, ആ മഹാപുരുഷൻ ഒഴിഞ്ഞുമാറുകയും ചെയ്തുവത്രേ. മറ്റൊരവസരത്തിൽ ശാസ്ത്രികൾ നാറേരി (കൂടല്ലൂർ) മനയ്ക്കൽ ചെന്നപ്പോൾ പദമഞ്ജരി എന്ന കാശികാവ്യാഖ്യ പഠിച്ചിട്ടുണ്ടോ എന്നു വൈയാകരണമൂർദ്ധന്യനായ അവിടുത്തെ അച്ഛൻനമ്പൂതിരിപ്പാടു ചോദിക്കുകയും ആരെങ്കിലും ഓലയും നാരായവും കൊണ്ടുവന്നാൽ പറഞ്ഞുകൊടുക്കാമെന്നു വാഗ്ദാനം ചെയ്തു് ആ പരീക്ഷയിൽ വിജയം നേടി നമ്പൂതിരിപ്പാട്ടിലെക്കൊണ്ടു ക്ഷമായാചനം ചെയ്യിക്കുകയും ചെയ്തു എന്നും ഐതിഹ്യമുണ്ടു്. പട്ടത്താനത്തിൽ കുറെക്കാലത്തേയ്ക്ക കിഴികൾ മുഴുവൻ ശാസ്ത്രികൾ തന്നെ വാങ്ങി എന്നു പറയുന്നതു് അതിശയോക്തിയാണെന്നു തോന്നുന്നു. അദ്ദേഹത്തിനു് ആ വിദ്ദ്വത്സദസ്സിൽ അഭ്യർഹിതമായ ഒരു സ്ഥാനമുണ്ടായിരുന്നു എന്നേ ആ പുരാവൃത്തത്തിനു് അർത്ഥമുള്ളു.

ഉദ്ദണ്ഡനു ചേന്നമംഗലത്തു മാരക്കര എന്ന വീട്ടിൽ ഒരു നായർ സ്ത്രീ പ്രണയിനിയായീരുന്നു എന്നു നാം കോകിലസന്ദേശത്തിൽനിന്നറിയുന്നു.

“മാഹാഭാഗ്യം രതിപതിഭുജാഡംബരം പൗനരുക്ത്യാൽ
ക്കല്യാണൗഘഃ സ്ഫുരതി രസികാനന്തതാപ്യത്ര ഹീതി
ഏഷാമാദ്യക്ഷരഗണമുപാദായ ബദ്ധേന നാമ്നാ
മാന്യം മാരക്കരനിലയനം യൽ കവീന്ദ്രാ ഗൃണന്തി.”
എന്ന കോകിലസന്ദേശപദ്യം നോക്കുക. അപ്രകാശിതമായ മയൂരസന്ദേശമെന്ന കാവ്യത്തിൽ ചേന്നമംഗലത്തിന്റെ പ്രസംഗം വരുന്ന ഘട്ടത്തിൽ ആ സന്ദേശത്തിന്റെ പ്രണേതാവായ ഉദയൻ ശാസ്ത്രികളെപ്പറ്റി

ഉദ്ദണ്ഡാഖ്യാസ്സുരഭികവിതാസാഗരേന്ദുഃ കവീന്ദ്ര
സ്തുണ്ഡീരക്ഷ്മാവലയതിലകസ്തത്രചേൽ സന്നിധത്തേ
ശ്രാവ്യാമുഷ്യ ത്രിദശതടിനീവേഗവൈലക്ഷ്യദോഗധ്റീ
വാഗ്ഗ്ദ്ധാടീ സാ വിജിതദരസംഫുല്ലമല്ലീമധൂളീ.”
എന്നു പ്രശംസിച്ചിരിക്കുന്നതും ഈ സംബന്ധത്തിനു മറ്റൊരു തെളിവാണു്. ഉദ്ദണ്ഡനു വിദ്വാനായ ഒരനുജൻ സഹചാരിയായി ഉണ്ടായിരുന്നു എന്നും ജ്യേഷ്ഠന്റെ മരണാനന്തരം പല അപൂർവ്വ ഗ്രന്ഥങ്ങളും അനുജൻ പയ്യൂർ ഭട്ടതിരിക്കു സമ്മാനിച്ചു എന്നും അവയിൽ ചില ഗ്രന്ഥങ്ങൾ ഇപ്പോഴും ചില പഴയ ഗ്രന്ഥപ്പുരകളിലുണ്ടെന്നും അറിയുന്നു.

20.29.1കൃതികൾ:
ഉദ്ദണ്ഡശാസ്ത്രികളുടെ കൃതികളായി മല്ലികാമാരുതവും കോകിലസന്ദേശവും മാത്രമേ നമുക്കു് ലഭിച്ചിട്ടുള്ളു. നടാങ്കുശം എന്ന ഒരു അഭിനയനിരൂപണഗ്രന്ഥവും അദ്ദേഹത്തിന്റേതെന്നാണു് വയ്പു്. ഈ കൃതികളെപ്പറ്റി സ്വല്പം ഉപന്യസിക്കാം.

20.30മല്ലികാമാരുതം

മല്ലികാമാരുതം ഭവഭൂതിയുടെ മാലതീമാധവംപോലെ പത്തങ്കത്തിലുള്ള ഒരു പ്രകരണമാകുന്നു. കാമദേവന്റെ മന്ത്രിയായ മലയ യുവാവിന്റേയും നാഗരാജാവിന്റെ മന്ത്രി മണിധരന്റെ പുത്രിയായ മഞ്ജുളയുടെയും സന്താനമായി മാരുതൻ എന്ന ഒരു കുമാരൻ അവതരിച്ചു. ആ കുമാരനെ മലയപർവ്വതത്തിൽ അഗസ്ത്യമഹർഷിയും അദ്ദേഹത്തിന്റെ ധർമ്മപത്നി ലോപാമുദ്രയുംകൂടി വളർത്തി കാലാന്തരത്തിൽ മാരുതൻ വിദ്യാധരരാജമന്ത്രിയായ വിശ്വാവസുവിന്റെ പുത്രി മല്ലികയിൽ അനുരക്തനായി ചമഞ്ഞു; അവർതമ്മിൽ സമാഗമവുമുണ്ടായി. ആ അവസരത്തിൽ മാരുതന്റെ കൈയിൽ ഇരുന്ന ചിത്രഫലകം സുലഭമന്യു എന്ന മഹർഷിയുടെ ശിരസ്സിൽ പതിക്കുകയും ക്രോധാവിഷ്ടനായ മഹർഷി അവരെ ശപിക്കുകയും ചെയ്തു. ആ ശാപത്തിന്റെ ഫലമായി രണ്ടുപേർക്കും മനുഷ്യജന്മം സ്വീകരിക്കേണ്ടിവന്നു. മാരുതൻ കുന്തളേശ്വര മന്ത്രിയായ ബ്രഹ്മദത്തന്റെ പുത്രനായും മല്ലിക കുസുമപുരവാസ്തവ്യനായ വിശ്വാവസുവിന്റെ പുത്രിയായും ജനിച്ചു. അവരെ കുസുമപുരത്തിനു സമീപമുള്ള ഒരാശ്രമത്തിൽ താമസിക്കുന്ന മന്ദാകിനി എന്ന യോഗിനി പുനസ്സംഘടിപ്പിക്കുന്നതാണു് ശാസ്ത്രികളുടെ പ്രകരണത്തിലെ ഇതിവൃത്തം. കവി, ശാകുന്തളം മുതലായ പല നാടകങ്ങളോടും പ്രത്യേകിച്ചു മാലതീമാധവത്തോടും കടപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പ്രസ്തുത കൃതിയിൽ എവിടേയും അനുസ്യൂതമായി പ്രകാശിക്കുന്നുണ്ടു്. മല്ലികാമാരുതത്തിലെ പദ്യങ്ങളും ഒന്നുപോലെ മനോമോഹനങ്ങളാണു്. രചനാവിഷയത്തിൽ ശാസ്ത്രികൾക്കു സിദ്ധിച്ചിട്ടുള്ള ഹസ്തലാഘവം ഏതു സഹൃദയനേയും ഹർഷപര്യാകുലനാക്കുകതന്നെ ചെയ്യും. ശൃംഗാരരസത്തിന്റെ എല്ലാ മുഖങ്ങളേയും അദ്ദേഹത്തിന്റെ കൂലങ്കഷമായ മനോധർമ്മം സവിശേഷമായി സ്പർശിക്കുന്നു. പ്രകൃതിവർണ്ണനത്തിൽ അദ്ദേഹത്തിന്നുള്ള പാടവവും പ്രശംസാസീമയെ അതിലംഘിച്ചു പരിസ്ഫുരിക്കുന്നു. മാതൃക കാണിക്കുവാൻ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.

(1) നൂപുരങ്ങളുടെ ശിഞ്ജിതം

“തസ്മിൻ ക്ഷണേ കമപി മാന്മഥകാർമ്മുകജ്യാ
ക്രേങ്കാരതാരമഭിനന്ദനമിന്ദ്രിയാണാം
കാഞ്ചീകലാപകുലഝങ്കരണാനുകീർണ്ണ
മാകർണ്ണയം ഫണഫണം മണിനൂപുരാണാം.”
(2) ഉപവനം

“ആരക്താഃ പടമണ്ഡപാഃ കിസലയൈരുല്ലോചിതാഃ പാദപാ,
ദൃംഗാളീ കരവാളികാ, പരികരാസ്സേനാഭടാ വായവഃ
താരാഃ കാഹളനിസ്വനാഃ പികരവാ, സ്തന്മന്മഹേ ഡാമരം
സ്കന്ധാവാരപദം വിഭോരുപവനം നാമ സ്മരോർവീഭുജഃ.”
(3) പുഷ്പാപചയം

“ഉത്താനീകൃതവക്ത്രബിംബ, മുപരിച്യോതൽപരാഗോൽകര
ത്രസ്താകൂണിതലോചനം, സ്തനഭരോദായത്തമധ്യാങ്കുരം,
ഈഷദ്ദർശിതനാഭി, തുംഗജഘനക്ലാന്തോരുപാദാംഗുലി
വ്യാസക്തസ്ഥിതി ലീലയാപചിനുതേ പുഷ്പന്നു ചിത്തന്നു മേ?”
(4) കാമദേവൻ

“വക്ഷസ്ഥലീവദനവാമശരീരഭാഗൈഃ
പുഷ്യന്തി യസ്യ വിഭുതാം പുരുഷാസ്ത്രയോപി,
സോയം ജഗത്ത്രിതയജിത്വരചാപധാരീ
മാരഃ പരാൻ പ്രഹരതീതി ന വിസ്മയായ.”
(5) നായകന്റെ വാക്യം

“വേലാലംഘിവിലാസയോർവികസതോർവ്യാജിഹ്മയോർമ്മന്ദയോഃ
സ്മേരാകേകരതാരയോസ്തരളയോസ്സാകൂതയോസ്സാശ്രുണോഃ
സഭ്രൂതാണ്ഡവയോസ്സബാഷ്പലവയോസ്സമ്മുഗ്ദ്ധയോഃ സ്നിഗ്ദ്ധയോ
സ്സോയം ഭാജനതാമഗാച്ചിരതരം ദ്രാഘീയസോർന്നേത്രയോഃ”
(6) സുഹൃത്തിനെപ്പറ്റി നായകന്റെ വിലാപം

“കിമാലംബം ധൈര്യം ഭവതു, നനു ശൂന്യാ സുജനതാ,
നിരാധാരാ നീതിഃ, പ്രിയവചനമേകാന്തവിരതം.
വിനഷ്ടോ വിസ്രംഭഃ, ശമിതമഖിലം ബാന്ധവതപഃ,
കഥാമാത്രാ സത്താ മമ ഹി കളകണ്ഠ, ത്വയി ഗതേ.”
(7) നായകന്റെ അനുരാഗഗതി

“ലഗ്നം പാദതലേ, നഖേഷു വിലുഠൽ, സംസക്തമൂർവോര്യുഗേ,
വിശ്രാന്തം ജഘനസ്ഥലേ, നിപതിതം നാഭീസരോമണ്ഡലേ,
ശൂന്യം മദ്ധ്യമവേക്ഷ്യ രോമലതികാമാലംബമാനം, ക്രമാ
ദാരുഢം സ്തനയോഃ, പ്ലുതം നയനയോർ, ലീനം മനഃ കൈശികേ.”
(8) നായികയുടെ ദൃഷ്ടിപാതം

“പ്രണയചപലാഃ പ്രേമസ്ഫാരാഃ പ്രസൂതമനോഭുവഃ
ക്ഷപിതധൃതയശ്ചേതശ്ചോരാശ്ച ലാചലതാരകാഃ
ശിവശിവ മയി പ്രേംഖന്ത്യസ്യാസ്ത രംഗിതഘൂർണ്ണിത
സ്തിമിതമധുരസ്നിഗ്ദ്ധാ മുഗ്ദ്ധാ വിലോചനവിഭ്രമാഃ.”
(9) ദേവേന്ദ്രൻ

“ത്രൈലോക്യം ഭ്രൂവിധേയം ബലിജിദവരജഃ സേവിതാരോ നിലിമ്പാ
സ്സന്തൃപ്ത്യൈ സപ്തതന്തുഃ സ്തുതിരകൃതകവാഗ്ഗീഷ്പതി സ്സ്വസ്തിവാദഃ
സ്വർണ്ണാദ്രിസ്സത്മ വാപീ ഗഗനസരിദഹോ നിഷ്കടഃ കല്പവാടഃ
പൗലോമീനേത്രപേയം വപുരിഹ കിമിവ ശ്ലാഘ്യതാ നോ മഘോനഃ?”
(10) മഹിഷമർദ്ദനം

“കേളീരാവോ വ്യരംസീന്ന കില വിജയയാ സാർദ്ധമാ ബധ്യമാനോ;
നാകൃഷ്ടാ ദൃഷ്ടിപാതാഃ കില നടനജുഷശ്ചന്ദ്രചൂഡസ്യ വക്ത്രാൽ;
ഉൽക്ഷിപ്തേ പാദപദ്മേ കില മണികടകോ നോച്ചകൈർവാ ശിശിഞ്ജേ;
മാതശ്ശൈലേന്ദ്രകന്യേ, മഹിഷവിമഥനം നാമ കോയം വിലാസഃ?”
(11) വർഷകാലം

“അമീഭിരാഖണ്ഡലചാപമണ്ഡിതൈ
സ്തടിന്നടീതാണ്ഡവരംഗ മണ്ഡപൈഃ
നിചോളിതം വ്യോമസമീരണേരിതൈ
സ്തമാലമാലാമലിനൈർവലാഹകൈഃ.”

“അമീ കിമപി വാസരാഃ പ്രസുവതേ മുദം ദേഹിനാം
വിജൃംഭിനവകന്ദളീദളനിലീന പുഷ്പന്ധയാഃ
പയോദമലിനീഭവദ്ഗഗന ദർശനപ്രോച്ചലൽ
കൃഷീവലവിലാസിനീനയന കാന്തിതാപിഞ്ഛിതാഃ.”
(12) മലയപർവ്വതം

“മന്ദാനിലപ്രസവഗേഹഗുഹാവിഹാരി
നാഗാംഗനാമണിവിഭൂഷണകാന്തിചിത്രഃ
കുംഭോദ്ഭവപ്രണയിനീകരവർദ്ധ്യമാന
പാടീരവല്ലിവലയോ മലയോ ഗിരീന്ദ്രഃ.
പ്രതീയന്താം വിശ്വേ പരമഗരിമാണഃ ക്ഷിതിഭൃതോ;
മഹീയാൻ കോപ്യനഃ ഖലു മലയശൈലസ്യ മഹിമാ;
ഗുണസ്നിഗ്ദ്ധാസ്തത്തൽകുലഗിരിയശോഹാരിണി കുചേ
വിശുദ്ധാം യൽകീർത്തിം ദധതി വനിതാശ്ചന്ദനമിഷാൽ.”
ഇങ്ങനെയുള്ള പദ്യങ്ങൾ എത്ര വേണമെങ്കിലും മല്ലികാമാരുതത്തിലുണ്ടു്. അഥവാ “നഹി ഗുളഗുളികായാഃ ക്വാപി മാധുര്യഭേദഃ” എന്നല്ലേ ആപ്തവാക്യം? ഈ പ്രകരണം ആദ്യമായി അഭിനയിച്ചതു തളിയിൽക്ഷേത്രത്തിൽവെച്ചുതന്നെയാണു്. താഴെക്കാണുന്ന ഗദ്യഖണ്ഡിക നോക്കുക:

“അഹമസ്മി സകലഹരിദന്തരനഗരസംസദാരാധനജ്ഞാ തസാരപ്രയോഗപാടവോ വിഷ്ടപത്രിതയപ്രഖ്യാതം കുക്കുടക്രോഡനഗരമുപസൃത്യ കുതൂഹലാദഭ്യാഗതോ രംഗചന്ദ്രോനാമ ശൈലൂഷകിശോരഃ അദ്യ ഖലു പ്രായേണ സർവതഃ കലികാലവിധുന്തുദകബളിതവിവേകചന്ദ്രമസ്സു സുമനസ്സു, പൗരോഭാഗ്യപൗരുഷേഷു പരിഷദന്തരേഷു, ലവണാപണേഷ്വിവ ഘനസാരമകിഞ്ചിൽകരമഭിനയസാരം അഖിലഭുവനഘസ്മര കരാളകാളകൂടകബളനപ്രഭാവപ്രകടിത കാരുണ്യാവഷ്ടംഭസ്യ പുരത്രയനിതംബിനീകപോലപത്രാങ്കുരകൃന്തനലവിത്രസ്യ കങ്കണക്വണിതസ്ഥിരീകൃതശബ്ദബ്രഹ്മവ്യവസ്ഥസ്യ ഭഗവതഃ ശ്രീസ്ഥലീശ്വരസ്യ സന്നിധാനാദുദ്ഭൂതതത്താദൃശനിർമ്മല ധിഷണായാം അശേഷകലാകമലിനീവികസനബാലാർക്ക പ്രഭായാം സഭായാം പ്രയുജ്യ സഫലയിതുമഭിലഷാമഹേ.”

ശാസ്ത്രികൾക്കു് ഇതരദേശപണ്ഡിതന്മാരെപ്പറ്റിയുണ്ടായിരുന്ന അവജ്ഞയും കേരളീയ വിദ്വാന്മാരെപ്പറ്റിയുണ്ടായിരുന്ന ബഹുമാനവും ഈ ഉദ്ധാരത്തിൽനിന്നു കാണാവുന്നതാണു്. പ്രസ്താവനയിലുള്ള “വസ്തുനി ചിരാഭിലഷിതേ കഥമപിദൈവാൽ പ്രസക്തസംഘടനേ പ്രാക്‍പ്രാപ്താന്യപി ബഹുശോദുഃഖാനി പരം സുഖാനി ജായന്തേ” എന്ന പദ്യത്തിലും കവി തനിക്കു കോഴിക്കോട്ടു വന്നുചേർന്നതിലുള്ള ചാരിതാർത്ഥ്യം വ്യഞ്ജിപ്പിക്കുന്നു. മല്ലികാമാരുതത്തിനു് ആന്ധ്രഭാഷയിൽ ഒരു തർജ്ജമയുണ്ടു്.

20.31കോകിലസന്ദേശം

ശുകസന്ദേശത്തിനു് അടുത്ത പടിയിൽ നില്ക്കുന്നതും ദക്ഷിണാത്യങ്ങളായ ഇതരസന്ദേശങ്ങളെയെല്ലാം ജയിക്കുന്നതുമായ ഒരു കാവ്യമാകുന്നു കോകിലസന്ദേശം. അതിലെ നായകൻ ശാസ്ത്രികളും നായിക ഞാൻ മുമ്പു സൂചിപ്പിച്ചതുപോലെ ചേന്നമങ്ഗലത്തു മാരക്കരവീട്ടിലെ ഒരു നായർയുവതിയുമാണു്. പൂർവഭാഗത്തിൽ 92-ഉം ഉത്തരഭാഗത്തിൽ 69-ഉം അങ്ങനെ 161 ശ്ലോകങ്ങൾ ഈ സന്ദേശത്തിലുണ്ടു്. നായകനും പ്രിയതമയുമായി സുഷുപ്തിസുഖം അനുഭവിക്കുമ്പോൾ ഒരു രാത്രിയിൽ വരുണപുരത്തുനിന്നു കാഞ്ചീപുരത്തു കാമാക്ഷീദേവിയെ വന്ദിയ്ക്കുവാൻ പോകുന്ന ചില സ്ത്രീകൾ നായകനെക്കൂടി അങ്ങോട്ടു കൊണ്ടുപോകുകയും ദേവിയുടെ കിങ്കരനാൽ ആജ്ഞപ്തരായി അയാളെ അവിടെ വിട്ടിട്ടു മടങ്ങുകയും ചെയ്യുന്നു. അഞ്ചുമാസം നായകൻ അവിടെ കാമാക്ഷിയെ ഭജിക്കണമെന്നു് അശരീരിവാക്കുണ്ടായി. രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോൾ വിരഹതാപം സഹിക്കുവാൻ അശക്തനായിത്തീർന്ന അയാൾ തന്റെ പ്രേമഭാജനത്തിനു് ഒരു കുയിൽമുഖേന സന്ദേശമയയ്ക്കുന്നു.

“ഗന്തവ്യസ്തേ ത്രിദിവവിജയീ മങ്ഗലാഗ്രേണ ദേശഃ
പ്രാപ്തഃ ഖ്യാതിം വിഹിതതപസഃ പ്രാഗ് ജയന്തസ്യ നാമ്നാ,
പാരേ ചൂർണ്ണ്യാഃ പരിസരസമാസീനഗോവിന്ദവക്ഷോ
ലക്ഷ്മീവീക്ഷാവിവലനസുധാശീതളഃ കേരളേഷു”
എന്നു പ്രാപ്യസ്ഥാനം വർണ്ണിതമായിരിക്കുന്നു. കാഞ്ചീപുരം, പാലാറു്, അതിനുതെക്കുള്ള അഗ്രഹാരങ്ങൾ, വില്വക്ഷേത്രം, കാവേരി, ശ്രീരംഗനാഥക്ഷേത്രം, ലക്ഷ്മീനാരായണപുരം ഇവ കടന്നിട്ടു വേണം സഹ്യപർവ്വതത്തിലെത്തുവാൻ. കവി ഇവിടെ സൂചിപ്പിയ്ക്കുന്ന അഗ്രഹാരങ്ങളിലൊന്നായിരിക്കണം അദ്ദേഹത്തിന്റെ ജന്മഭൂമിയായ ലാടപുരം.

“സാ വൈദഗ്ദ്ധീ ശ്രുതിഷു സ പുനസ്സർവശാസ്ത്രാവഗാഹ
സ്തച്ചാമ്ലാനപ്രസരസരസം നിഷ്കളങ്കം കവിത്വം
തത്രത്യാനാം കിമിഹ ബഹുനാ സർവമേതൽ പഠന്തഃ
ശൃംഗേ ശൃംഗേ ഗൃഹവിടപിനാം സ്പഷ്ടയിഷ്യന്തി കീരാഃ”
എന്ന പദ്യത്തിൽ അദ്ദേഹം അവിടെയുള്ള ബ്രാഹ്മണരുടെ വിശ്വതോമുഖമായ മാഹാത്മ്യത്തെ സ്പഷ്ടമായി ഉദ്ഘോഷിക്കുന്നു. കേരളത്തിൽ സഹ്യപർവതം, തിരുനെല്ലി വിഷ്ണുക്ഷേത്രം, ചെറുമന്നത്തു ശിവക്ഷേത്രം, വടക്കൻകോട്ടയം ഇവയെയാണു് ശാസ്ത്രികൾ ആദ്യമായി സ്മരിക്കുന്നതു്. കോട്ടയത്തെ “ഉച്ചൈസ്സൗധൈരുഡുഗണഗതീരൂർദ്ധ്വമുത്സാരയന്തീം ഫുല്ലാരാമാം പ്രവിശ പുരളീക്ഷ്മാഭൃതാം രാജധാനീം” എന്നും, അവിടത്തെ രാജഭക്തന്മാരെ

“യേഷാം വംശേ സമജനി ഹരിശ്ചന്ദ്രനാമാ നരേന്ദ്രഃ
പ്രത്യാപത്തിഃ പതഗ, യദുപജ്ഞം ച കൗമാരിളാനാം
യുദ്ധേ യേഷാമഹിതഹതയേ ചണ്ഡികാ സന്നിധത്തേ
തേഷാമേഷാം സ്തുതിഷു ന ഭവേൽ കസ്യ വക്ത്രം പവിത്രം”
എന്നും ആ രാജകുടുംബത്തിലെ സ്വാതി എന്ന വിദുഷിയും സുന്ദരിയുമായ കുമാരിയെ

“കേളീയാനക്വണിതരശനാ കോമളാഭ്യാം പദാഭ്യാ
മാളീഹസ്താർപ്പിതകരതലാ തത്ര ചേദാഗതാ സ്യാൽ
സ്വാതീ നാമ ക്ഷിതിപതിസുതാ സേവിതും ദേവ മസ്യാ
സ്സ്വൈരാലാപൈസ്തവ പിക, ഗിരാം കാപി ശിക്ഷാഭവിത്രീ.

താമായാന്തീം സ്തനഭരപരിത്രസ്തഭുഗ്നാവലഗ്നാം
സ്വേദച്ഛേദച്ഛുരിതവദനാം ശ്രോണിഭാരേണ ഖിന്നാം
കിഞ്ചിച്ചഞ്ചൂ കലിതകലികാശീഥുഭാരേണ സിഞ്ചേ
ശ്ചഞ്ചച്ചില്ലീചലനസുഭഗാൻലപ്സ്യസേഽസ്യാഃ കടാക്ഷാൻ.”
എന്നും പ്രശംസിയ്ക്കുന്നു. ഈ സ്വാതീകുമാരിയെപ്പറ്റി ഞാൻ വീണ്ടും പ്രസ്താവിക്കും. പിന്നീടു കുയിൽ പെരുഞ്ചെല്ലൂർ ക്ഷേത്രത്തിൽചെന്നു ശിവനെ തൊഴണമെന്നാണു് കവി ഉപദേശിയ്ക്കുന്നതു്. കാളിദാസനു് ഉജ്ജയിനി എങ്ങനെയോ അങ്ങനെയാണു് ശാസ്ത്രികൾക്കു പെരുഞ്ചെല്ലൂർ. “സമ്പദ്ഗ്രാമം യദിന ഭജസേ ജന്മനാ കിം ഭൃതേന?” എന്നു് അദ്ദേഹം ചോദിക്കുന്നു. ആ ക്ഷേത്രത്തിൽ ‘പരിചിതനമസ്കാരജാതശ്രമ’ന്മാരായ നമ്പൂതിരിമാരുണ്ടെന്ന ചൂണ്ടിക്കാണിച്ചുകൊണ്ടു് അവിടത്തെ ദേവനെ താഴെ ഉദ്ധരിക്കുന്ന ശ്ലോകം ചൊല്ലി വന്ദിക്കണമെന്നു പറയുന്നു:

“ദിവ്യൈശ്വര്യം ദിശസി ഭജതാം, വർത്തസേ ഭിക്ഷമാണോ:
ഗൗരീമങ്കേ വഹസി, ഭസിതം പഞ്ചബാണം ചകർത്ഥ;
കൃത്സ്നം വ്യാപ്യസ്ഫുരസി ഭുവനം, മൃഗ്യസേ ചാഗമാന്തൈഃ;
കസ്തേ തത്വം പ്രഭവതി പരിച്ഛേത്തുമാശ്ചര്യസിന്ധോ!”
അനന്തരം തൃച്ചമ്മരം, ശങ്കരാദ്യന്മാരായ കവീന്ദ്രന്മാർ വസിക്കുന്ന കോലത്തുനാടു് ഇവ കടന്നു കുയിൽ കോഴിക്കോട്ടേക്കുപോകണം. ആ നഗരത്തെപ്പറ്റിയുള്ള ശാസ്ത്രികളുടെ വർണ്ണനം അത്യുജ്ജ്വലമായിത്തീരുന്നതു് ആശ്ചര്യമല്ലല്ലോ. നോക്കുക അദ്ദേഹത്തിന്റെ അപ്രതിമമായ വാക്‍പ്രസരം:

“കുര്യാൽ പ്രീതിം തവ നയനയോഃ കുക്കുടക്രോഡനാമ
പ്രസാദാഗ്രോല്ലിഖിതഗഗനം പത്തനം തൽ പ്രതീതം;
യദ്ദോർവീര്യദ്രഢിമകരദീഭൂത രാജന്യവീരാ
ശ്ശുരാഗ്രണ്യശ്ശിഖരിജലധിസ്വാമിനഃ പാലയന്തി.
ഗേഹേ ഗേഹേ നവനവസുധാക്ഷാളിതം യത്ര സൗധം;
സൗധേ സൗധേ സുരഭികുസുമൈഃ കല്പിതം കേളിതല്പം;
തല്പേ തല്പേ രസപരവശം കാമിനീകാന്തയുഗ്മം;
യുഗ്മേ യുഗ്മേ സ ഖലു വിഹരൻ വിശ്വവീരോ മനോഭ്രഃ

വ്യർത്ഥം കർണ്ണേ നവകുവലയം വിദ്യമാനേ കടാക്ഷേ;
ഭാരോ ഹാരഃ സ്തനകലശയോർഭാസുരേ മന്ദഹാസേ;
യത്ര സ്നിഗ്ദ്ധേഷ്വപി കചഭരേഷ്വേണ ശാബേക്ഷണാനാം
മാദ്യൽഭൃങ്ഗേ സതി പരിമളേ മങ്ഗളായ പ്രസൂനം.

യത്ര ജ്ഞാത്വാ കൃതനിലയനാമിന്ദിരാമാത്മകന്യാം
മന്യേ സ്നേഹാകുലിതഹൃദയോ വാഹിനീനാം വിവോഢാ
തത്തദ്ദ്വീപാന്തരശതസമാനീതരത്നൌഘപൂർണ്ണം
നൗകാജാലം മുഹുരുസ്പഹരൻ വീചിഭിഃ ശ്ലിഷ്യതീവ.

തത്സൗധാഗ്രേഷ്വരുണദൃഷദാം സാന്ദ്രസിന്ദൂരകല്പം
തേജഃപുഞ്ജം കിസലയധിയാ ചർവിതും മാരഭേഥാഃ
ദൃഷ്ട്വാവാതായനവിനിഹിതൈർല്ലോചനാബ്ജൈ സ്തരുണ്യോ
വല്ഗദ്വക്ഷോരുഹമുപചിതൈർ ഹസ്തതാളൈർഹസേയുഃ.”
അതിനുമേൽ തൃപ്രങ്ങോട്ടു ക്ഷേത്രം, ഭാരതപ്പുഴ, തിരുനാവാക്ഷേത്രം, മാമാങ്കം, ചമ്രവട്ടത്തു ക്ഷേത്രം ഇവയെ അനുസ്മരിപ്പിച്ചുകൊണ്ടു കവി കുയിലിനെ വെട്ടത്തുനാട്ടിലേക്കു നയിക്കുന്നു. ആ ഘട്ടത്തിൽ അദ്ദേഹം നമ്പൂതിരിമാരെ സ്തുതിയ്ക്കുന്ന ഒരു ശ്ലോകമുള്ളതു സർവഥാ ഉദ്ധർത്തവ്യമാണു്:

“സർവ്വോൽകൃഷ്ടാ ജഗതി വിദിതാഃ കേരളേഷു ദ്വിജേന്ദ്രാ;
വല്ലീകൗണ്യോസ്തദപി മഹിമാ കാപി മധ്യശ്രിതാനാം;
തത്രാപ്യസ്യാസ്സലിലപവനാ യത്ര യത്ര പ്രഥന്തേ
തേഷാന്തേഷാമതിശയജുഷശ്ശീല വിദ്യാനുഭാവാഃ.”
“ഈഷ്ടേ തേഷാം സ്തുതിഷു ന ഗുരുഃ കാ കഥാല്പീയസാം നഃ” എന്നു പറഞ്ഞുകൊണ്ടാണു് അദ്ദേഹം ആ പ്രസങ്ഗം ഉപസംഹരിക്കുന്നതു്. പിന്നെ ആഴ്വാഞ്ചേരിമന, മൂക്കോല, പോർക്കളം, തൃശ്ശൂർ, പെരുവനം, ഊരകം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, തിരുവഞ്ചിക്കുളം, പെരിയാർ ഇവയെ കവി വർണ്ണിക്കുന്നു. പെരിയാറ്റിനു തെക്കാണു് കോകിലം പറന്നുചെന്നു പറ്റേണ്ട ചേന്നമംഗലം. ഇത്രയും പ്രസ്താവിച്ചതിൽ നിന്നു സാഹിത്യസംബന്ധമായി മാത്രമല്ല, ചരിത്രസംബന്ധമായി നോക്കുമ്പോഴും കോകിലസന്ദേശം ഒരു അമൂല്യമായ കൃതിയാണെന്നു തെളിയുന്നുണ്ടല്ലോ.

20.32നടാങ്കുശം

ചാക്കിയാന്മാരുടെ കൂടിയാട്ടത്തിൽ കാണുന്ന അനൗചിത്യാദിദോഷങ്ങളെ ശക്തിയുക്തമായ ഭാഷയിൽ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രൗഢമായ ശാസ്ത്രഗ്രന്ഥമാകുന്നു നടാങ്കുശം. ആ നിബന്ധത്തിന്റെ നാമധേയത്തിൽനിന്നുതന്നെ അതു നടന്മാരെ നിയന്ത്രിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ള ഒരു കൃതിയാണെന്നു വിശദമാകുന്നുണ്ടല്ലോ. അതിന്റെ പ്രണേതാവു് ഉദ്ദണ്ഡനാണെന്നു് ഐതിഹ്യമുണ്ടു്. ആ ഗ്രന്ഥത്തിൽ അതിന്റെ പ്രണേതാവു തന്റെ അലങ്കാരനിഷ്ണാതത, അഭിനയകലാജ്ഞാനം, ന്യായശാസ്ത്രപാണ്ഡിത്യം, ഫലിതപ്രയോഗചാതുരി മുതലായ സിദ്ധികളെ നിസർഗ്ഗമനോഹരമായ രീതിയിൽ പ്രകടിപ്പിക്കുന്നു. ഭരതന്റെ നാട്യശാസ്ത്രം, ധനഞ്ജയന്റെ ദശരൂപകം ഇവയെ ആശ്രയിച്ചാണു് അദ്ദേഹം വാദിക്കുന്നതു്. കൂടിയാട്ടത്തിനു് ഉപയോഗിക്കുന്ന രൂപകങ്ങളിൽ ശാകുന്തളം, ചൂഡാമണി, നാഗാനന്ദം, സംവരണം, ധനഞ്ജയം, പ്രതിജ്ഞായൗഗന്ധരായണം, കല്യാണസൗഗന്ധികം ഇവയെ സ്മരിക്കുന്നുണ്ടു്. ചാക്കിയാന്മാർ തങ്ങളുടെ അഭിനയത്തിൽ വൈകല്യങ്ങളുണ്ടെന്നു് അന്യന്മാർ പറയുമ്പോൾ “നാസ്മൽ പ്രയോഗം ജാനന്തി മുഗ്ദ്ധാ ഏതേ ജനാഃ” എന്നു് അവരെ പുച്ഛിക്കുന്നു എന്നും അതുകൊണ്ടു് അംഗുലീയാങ്കപ്രയോഗത്തിലേ സംശയങ്ങളെപ്പറ്റിത്തന്നെ ആദ്യമായി ചോദിക്കാമെന്നും പ്രസ്തുത വിമർശകൻ ഉപന്യസിച്ചുകൊണ്ടു മൂലത്തിൽ കാണാത്ത മംഗലാചരണം അവർ ചെയ്യുന്നതു് അനുപപന്നമാണെന്നു തെളിയിക്കുവാൻ ഉദ്യമിക്കുന്നു. ചൂഡാമണിയിൽ ആദ്യത്തെ അങ്കത്തിൽ മംഗലാചരണമുണ്ടല്ലോ എന്നാണു് സമാധാനമെങ്കിൽ

“പൂർവമുൽപന്നനഷ്ടേന മുക്താഹാരേണ സമ്പ്രതി
കഥങ്കാരം കുരംഗാക്ഷ്യാഃ സ്തനഗ്രീവം വിഭൂഷ്യതേ?”
എന്നു് അദ്ദേഹം മന്ദസ്മിതപൂർവം ചോദിക്കുന്നു. വാചികാദ്യഭിനയചതുഷ്ടയാത്മകമാണു് നാട്യമെന്നു് ആചാര്യന്മാർ വ്യവസ്ഥാപനം ചെയ്തിരിക്കുന്ന സ്ഥിതിക്കു ചാക്കിയാന്മാർ ‘ക്രിയ’ എന്നു പറയുന്ന നൃത്തത്തിന്റെ ആവശ്യമോ ഔചിത്യമോ അദ്ദേഹത്തിനു മനസ്സിലാകുന്നില്ല.

“ക്രിയേയം ദേവതാപ്രീതിവിധയേ ജായതേ യദി
നാട്യാൽ പ്രാഗേവ നാന്ദീ തു പ്രയോക്തവ്യാ ഭവേദ്ദ്ധ്രുവം.”
എന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. അതൊരാചാരമാണെന്നു പറയുന്നതായാൽ അതുകൊണ്ടു സഹൃദയന്മാർ തൃപ്തരാകുകയില്ല.

“ആചാരസ്യോപലബ്ധ്യൈവ ന സാധുത്വം വ്യവസ്ഥിതം;
കിഞ്ചാഗമേന യുക്ത്യാ വാ ലോകേച്ഛാലബ്ധജന്മനാ;
ന ത്വാചാരേണ തന്മൂലസ്മൃതിസംഭാവനാ ഭവേൽ.”
അതല്ല, പ്രമാണവാക്യമുണ്ടെന്നും എന്നാൽ അതു തങ്ങൾക്കു അറിഞ്ഞുകൂടെന്നും പറയുന്നതിലും അർത്ഥമില്ല.

“അസ്ത്യത്ര വചനം മൂലം തത്തു നാധിഗതം മയാ
ഇതി ചേന്നാട്യസാധുത്വേ വാദസ്തവ ന ശോഭതേ.”
പ്രമാണവും യുക്തിയും വേണം.

“യുക്ത്യാ വിരഹിതം വാക്യം ന കിഞ്ചിദപി ശോഭതേ;
അഗ്നിനാ സിഞ്ചതീത്യേതൽ കഥം ഭവതി? ചിന്ത്യതാം.”
ഗ്രന്ഥത്തിനും ‘ക്രിയ’യ്ക്കും തമ്മിലുള്ള ഘടന ഹാരത്തിനും യതിയുടെ വക്ഷസ്സിനുമെന്നപോലെ യോജിപ്പില്ലാത്തതാണെന്നും

“അഗാഹമാനാ സംബന്ധം പൂർവേണ ച പരേണ ച
ഇയം സാധ്വീ ക്രിയാ മധ്യേ ത്രിശങ്കുരിവ വർത്തതേ”
എന്നും

“ഹനൂമാനിതി കൃത്വൈവം പ്രവേശേ വിഹിതേ പുനഃ
കഥാ ഹി യുക്താ; കിം യുക്തം ഗാത്രവിക്ഷേപസാഹസം?
തത്തന്നാമഗൃഹീതാനി പാത്രാണി പരിപശ്യതാം
പ്രേക്ഷകാണാം കഥാം മുക്ത്വാ നാന്യത്ര രമതേ മനഃ”
എന്നും അദ്ദേഹം സ്വപക്ഷസാധനം തുടരുന്നു.

പൂർവകഥകൾ വിസ്തരിച്ചു നടൻ അഭിനയിക്കുന്നതിൽ ഗ്രന്ഥകാരനു വളരെ വൈരസ്യം തോന്നീട്ടുണ്ടു്. ഹനൂമാന്റെ ലങ്കാപ്രാപ്തിക്കു മുമ്പുള്ള കഥ സിദ്ധമാണെന്നും അത്തരത്തിലാണു് ശക്തിഭദ്രന്റെ രചനാപ്രകാരമെന്നും കവിയുടെ അഭിമതമാണു് നടൻ അനുസരിക്കേണ്ടതെന്നും, “ന താവൽ കവിഭിർന്നാടകാദൗ നായകാനാം ചരിതമുൽപത്തേരേവ പ്രഭൃതിവിലയപര്യന്തമുപനിബധ്യതേ” എന്നും “ഏവഞ്ച കവിനാ യൽ സിദ്ധവൽ കൃത്വാ സമുപേക്ഷിതം സുഗ്രീവസംഗമാദിഹനൂമൽ സമുദ്രസന്തരണപര്യന്തം തദുപാദായ വിസ്താരയിതും അയമുപക്രമസ്സുതരാം ന യുക്തം; ലങ്കാവലോകനരഭസവിശേഷിതഹരി വിശേഷസമുന്മേഷദർശനേ പ്രേക്ഷകാണാം ന കിഞ്ചിദപി പൂർവവൃത്താന്തേ മനോ വലതേ” എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അഭിനയകലയുടെ തത്വമെന്തെന്നു് ആ നിരൂപകൻ അടിയിൽ കാണുന്ന ശ്ലോകത്തിൽ വ്യവച്ഛേദിക്കുന്നു:

“വയോനുരൂപഃ പ്രഥമസ്തു വേഷോ; വേഷാനുരൂപശ്ച ഗതിപ്രചാരഃ;
ഗതിപ്രകാരാനുഗതഞ്ച പാഠ്യം; പാഠ്യാനുരൂപോഽഭിനയശ്ച കാര്യഃ.”
മന്ത്രാങ്കത്തിൽ വസന്തകൻ മലയാളത്തിൽ സംസാരിക്കുന്നതു തന്നെ ശരിയല്ലെന്നാണു് അദ്ദേഹത്തിന്റെ പക്ഷം. അഭിനയത്തിൽ കണ്ടുമുട്ടുന്ന അനൌചിത്യങ്ങൾക്കു് അദ്ദേഹം വേറേയും ചില ഉദാഹരണങ്ങൾ എടുത്തു കാണിക്കുന്നു:

“സന്തി പ്രാവൃഷി പദ്മാനി കശ്മീരേഷ്വിവ നാടകേ
പ്രയുക്താത്രാംബുജോദ്ഭൂതിർന്ന ഭവേദ്വിദുഷാം മുദേ.
സിംഹളദ്വീപവൃത്താന്തമാത്രമാലോകയൻ സുധീഃ
സഹകാരാങ്കുരൈരേവ ഘനകാലം പ്രശംസതി.”
ഇത്യാദി ശ്ലോകങ്ങൾ നോക്കുക. ചുരുക്കത്തിൽ അനാവശ്യകമായ വർണ്ണനം അത്യന്തം രസഭംഗഹേതുകമെന്നാണു് അദ്ദേഹത്തിന്റെ മതം.

“ഇത്ഥമംഗാന്യഭൂതസ്യ വസ്തുനോഽതിപ്രപഞ്ചനം
പ്രകൃതാർത്ഥലതാമൂലേ കുഠാരപതനം സ്ഫുടം.”
ഒടുവിൽ തങ്ങളുടെ അഭിനയത്തിന്റെ സാധുത്വം യുക്തികൊണ്ടു സമർത്ഥിക്കാവുന്നതല്ലെന്നും പ്രയോഗമാത്രശരണന്മാരാണു് തങ്ങളെന്നും ചാക്കിയാന്മാർക്കു സമ്മതിക്കേണ്ടിവരുമെന്നു് അദ്ദേഹം വാദിക്കുന്നു. അങ്ങിനെയാണെങ്കിൽ

“കിന്നിമിത്തമിദം നാട്യം, കിംപ്രകാരം, കിമാശ്രയം,
ഇതി കിഞ്ചിന്ന ജാനന്തി പ്രയോക്താരോപ്യമീ ജനാഃ.
ഉക്തമാത്രം ഗൃഹീത്വാ തൽപ്രയോഗേ ഗൗരവം യദി
ബഹുമാനോയമസ്മാഭിശ്ശുകേഷു വിനിവേശ്യതേ.”
എന്നു് അദ്ദേഹം അവരെ പുച്ഛിക്കുന്നു.

മേൽക്കാണുന്ന വിവരണത്തിൽനിന്നു നാടാങ്കുശം ഒരു വാദഗ്രന്ഥമാണെങ്കിലും അതിൽ നിന്നു് അഭിനയത്തെസ്സംബന്ധിച്ചു പല സൂക്ഷ്മങ്ങളായ രഹസ്യങ്ങളും അനുവാചകന്മാർക്കു ഗ്രഹിക്കാവുന്നതാണെന്നും കൂടിയാട്ടച്ചടങ്ങു കാലോചിതമായി പരിഷ്കരിക്കണമെന്നു് അതിന്റെ പ്രണേതാവിനു് അഭിസന്ധിയുണ്ടായിരുന്നു എന്നും സ്പഷ്ടമാകുന്നു. “ഒട്ടുകുറേ ദിവസമാടേണ്ടുകിൽ അതിനു തക്കവണ്ണം കാലദേശാവസ്ഥകൾക്കു പിടിക്കുമാറു ചുരുക്കി ആടിക്കൊള്ളൂ” എന്നൊരു വിധി ചില നാടകങ്ങളുടെ ആട്ടപ്രകാരങ്ങളിൽ കാണുന്നുണ്ടു്; അങ്ങനെയൊരു പരിഷ്കാരത്തിനു പഴുതുണ്ടാക്കിയതു പ്രസ്തുത നിബന്ധത്തിലെ നിശിത വിമർശനമായിരിക്കുമോ എന്നു ഞാൻ ശങ്കിക്കുന്നു.

20.33ഉദ്ദണ്ഡന്റെ മുക്തകങ്ങൾ

ഉദ്ദണ്ഡശാസ്ത്രികളും ചേന്നാസ്സുനമ്പൂരിയും തമ്മിലുള്ള മൈത്രിയെപ്പറ്റി മുൻപു സൂചിപ്പിച്ചുവല്ലോ. നമ്പൂരിയുടെ തന്ത്രസമുച്ചയത്തിൽ ശാസ്ത്രികളുടെ ഒരു ശ്ലോകവും മറ്റൊരു ശ്ലോകത്തിന്റെ പകുതിയും കടന്നുകൂടീട്ടുണ്ടു്. ആദ്യത്തേതു പത്താം പടലത്തിൽ ദേവനെ ആറാട്ടിന്നെഴുന്നള്ളിക്കുമ്പോൾ സ്ത്രീകൾ വിളക്കെടുത്തു് അനുഗമനം ചെയ്യേണ്ടകാര്യം വർണ്ണിക്കുന്നതാണു്:

“ശംഖപ്രേംഖച്ചടുലപടഹോത്താളതാളോരുഭേരീ
രംഗച്ഛൃംഗോഡ്ഡമരഡമരൂദ്ദീപ്രവീണാപ്രവീണാഃ
ഢക്കാഡുക്കാവിരളമുരളീകർമ്മഠാശ്ചാഭിയാന്തു
സ്ഫായദ്ദീപാസ്തമിഹ മഹിതോദ്ദാമഹേളാ മഹേളാഃ.”
“ക്വഥിതകഥിതവൃക്ഷത്വക്കരീഷം സുഗന്ധം” എന്ന ഭാഗമാണു് രണ്ടാമത്തേതു്.

“സ്വസ്മിൻ വേശ്മനി പൂർണ്ണവിശ്വവിഭവേ പൂജ്യാൻ സമാരാധയൻ
പ്രേയസ്യാ ഗുണപൂർണ്ണയാ ഗുണവതാ പുത്രേണ മിത്രേണ ച
സാർദ്ധം പ്രാവൃഷി കേരളേഷു നിവസൻ ഭക്ത്യാ സമാകർണ്ണയൻ
ലീലാം രാഘവകൃഷ്ണയോഃ ക്ഷപയതേ കാലം സ ധന്യോ ജനഃ.”
എന്ന ശ്ലോകം അദ്ദേഹം നമ്പൂരിമാരുടെ ജീവിതരീതിയെ പ്രശംസിച്ചു കൂടല്ലൂർ മനയ്ക്കൽവെച്ചു ചൊല്ലിയതാണു്. അവിടെ കുട്ടികളെ പഠിപ്പിച്ചു താമസിക്കാമോ എന്നു വലിയ നമ്പൂരിപ്പാടു ചോദിച്ചതിനു് ഉദ്ദണ്ഡന്റെ മറുപടി താഴെക്കാണുന്നതായിരുന്നു:

“വാചാ വാക്യപദപ്രമാണപദവീസഞ്ചാരസമ്പൂതയാ
സന്നദ്ധപ്രതിമല്ലഗല്ലമകുടീകുട്ടാകധാടീജുഷാ
സാടോപം വിഹരൻ കഥം നു രമതേ സാഹിത്യമുദ്രാരസേ?
പ്രൗഢസ്ത്രീരസികായ ബാലവനിതാസംഗഃകഥം രോചതേ?”
കാക്കശ്ശേരിയുടെ രംഗപ്രവേശംവരെ ശാസ്ത്രികൾ കേരളത്തിലെ സകല പണ്ഡിതന്മാരോടും വാദത്തിലേർപ്പെട്ടു് അവരെ പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. തൃക്കണ്ടിയൂർ സുപ്രസിദ്ധനായ അച്യുതപ്പിഷാരടിയുടെ പൂർവ്വനായി നാണപ്പപ്പിഷാരടി എന്നൊരു വൃദ്ധപണ്ഡിതൻ അക്കാലത്തു ജീവിച്ചിരുന്നു. അദ്ദേഹത്തെപ്പറ്റി ചൊല്ലിയതാണു് ചുവടെ ഉദ്ധരിക്കുന്ന പദ്യം:

“ധ്വന്യധ്വന്യധ്വനീനാഃ ഫണിപതിഭണിതാം
ഭോധികുംഭീകുമാരാഃ
പ്രൗഢാഃ കേചിൽ പ്രഥന്തേ പരഗുണകണികാ
ശ്ലാഘിനസ്താൻ നമാമഃ;
പ്രത്യാഹാരഗ്രഹേപി ഭ്രമിതമതിരസൗ
കോപി സാഹിത്യവിദ്യാ
കാണോ നാണപ്പനാമാ പ്രലപതു ജരാ
സ്താവതാ മേ ന ഹാനിഃ.”
മറ്റൊരു വിദ്വാൻ വാദത്തിനു വന്നപ്പോൾ ശാസ്ത്രികൾ അദ്ദേഹത്തെപ്പറ്റി

“ഉദാത്തമദപിത്തളദ്വിരദരാജഗണ്ഡസ്ഥലീ
വിദാരണവിനോദനക്ഷപിതവാസരഃ കേസരീ
കഥം നു കലഹക്രമം വിതനുതേ പരേതാടവീ
പുരാണകുണപാശനപ്രകടിതാരവേ ഫേരവേ?”
എന്ന പദ്യം ചൊല്ലുകയുണ്ടായി. താഴെച്ചേർക്കുന്ന പദ്യം ഊരകത്തു ദേവിയെപ്പറ്റിയുള്ളതാണു്:

“കാന്തഃ കപാലീ കഠിനഃ പിതാ തേ;
മേനേതി മാതുസ്തവ നാമധേയം;
കഥം നു ഭദ്രേ, വലയാലയസ്ഥേ,
വദാന്യതാ മാദൃശി ബോഭവീതു?”
ഒരിക്കൽ കോഴിക്കോട്ടു തളിയിൽ ക്ഷേത്രത്തിൽ തൊഴാൻ ചെന്നപ്പോൾ നടയടച്ചിരുന്നതിനാൽ മാരാർ കൊട്ടിക്കൊണ്ടിരുന്ന ഇടയ്ക്കയുടെ താളത്തിനൊപ്പിച്ചു് അവിടെവച്ചു ശാസ്ത്രികൾ പെട്ടെന്നുണ്ടാക്കിച്ചൊല്ലിയതാണു് താഴെക്കാണുന്ന ഗാനഗന്ധിയായ പദ്യം:

“നൃത്യദ്ധൂർജ്ജടികരഗതഡമരുക
ഡുമുഡുമുപടുരവപരിപന്ഥിന്യഃ,
കല്പക്ഷ്മാരുഹവികസിതകുസുമജ
മധുരസമധുരിമസഹചാരിണ്യഃ,
മന്ഥക്ഷ്മാധരവിമഥിതജലനിധി
ഘുമുഘുമുഘനരവമദമന്ഥിന്യഃ,
ശൈലാബ്ധീശ്വരനൃപവര, വിദധതു
ബുധസുഖമയി തവ വചസാം ശ്രേണ്യഃ.”
ഓണം, കഞ്ഞി, പൈങ്ങ ഇവയെപ്പറ്റി യഥാക്രമം അദ്ദേഹം രചിച്ചിട്ടുള്ള മൂന്നു ശ്ലോകങ്ങൾ ചുവടെ ചേർക്കുന്നു:

“ചോകൂയന്തേ പൃഥുകതതയശ്ചാപതാഡിന്യ ഉച്ചൈ, –
സ്സർവാ നാര്യഃ പതിഭിരനിശം ലംഭയന്ത്യർത്ഥകാമാൻ,
ബംഭ്രമ്യന്തേ സകലപുരുഷൈർവല്ലഭാഭ്യഃ പ്രദാതും
ചിത്രം വസ്ത്രം; ശ്രവണകുതുകം വർത്തതേ കേരളേഷു.”

“ശുണ്ഠീകുണ്ഠീകൃതാംഭോഗതഗരിമഭരാം
പൈഠരീം ജാഠരാഗ്നേ–
സ്താപം നിർവാപയന്തീം ശ്രമശമനകരീം
മായുജായൂഭവന്തീം
മൗദ്ഗ്ഗൈശ്ശല്ക്കൈഃ പരീതാം ഘൃതലവസുരഭിം
മണ്ഡിതാം കേരഖണ്ഡൈർ–
നൃണാം ശ്രാണാം സുരാണാം പുനരകൃത സുധാം
യസ്സ വേധാസ്സുമേധാഃ.”

“തൃഷ്ണാകൃന്തി ബൃഹന്തി ചാമൃതരസസ്രുതി ശ്രമോൽകൃന്തി ച
സ്ഫായൽസ്ഫിഞ്ജി തമാലപത്രമസൃണത്വഞ്ജി പ്രഭായുഞ്ജ്യപി
ഈഷദ്ദന്തനിപീഡനപ്രവിഗളദ്ബഹ്വംബുപൂഗീഫലാ
ന്യന്യഃ കോ നു ലഭേൽ പ്രയാഗപതനപ്രോദ്ഭിദ്യ ദസ്ഥ്നോ നരാൽ.”
“അനാരാധ്യ കാളീമനാസ്വാദ്യ വീടീം” എന്ന പദ്യം ശാസ്ത്രികളുടേതല്ലെന്നും തൊണ്ടമണ്ഡലം ഗോപാലകവിയുടെ ‘ശാകിനീസഹകാരം’ എന്ന ചമ്പുവിലുള്ളതാണെന്നും ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ടു്. സാമൂതിരിപ്പാട്ടിലെ സ്യാലനെപ്പറ്റി ഒരിക്കൽ കുപിതനായി അദ്ദേഹം നിർമ്മിച്ചതാണു്,

“ചതുരം തുരഗം പരിവർത്തയസേ;
പഥി പൗരജനാൻ പരിമർദ്ദയസേ;
ന ഹി തേ ഭുജഭാഗ്യഭവോ വിഭവോ,
ഭഗിനീഭഗഭാഗ്യഭവോ വിഭവഃ.”
എന്ന ഭർത്സനപദ്യം. ആ കഥയറിഞ്ഞിട്ടും അദ്ദേഹത്തോടു യാതൊരപ്രിയവും തോന്നാത്ത ആ മഹാരാജാവിന്റെ വിദ്വൽ പക്ഷപാതത്തെ എത്ര പുകഴ്ത്തിയാലാണു് മതിയാകുക; ഒരവസരത്തിൽ ശാസ്ത്രികൾ മൂക്കോലക്ഷേത്രത്തിൽ തൊഴാൻ ചെന്ന അവസരത്തിൽ

“സംഭരിതഭൂരികൃപമംബ, ശുഭമംഗം
ശുംഭതു ചിരന്തനമിദം തവ മദന്തഃ
എന്നൊരു വന്ദനശ്ശോകത്തിന്റെ പൂർവ്വാർദ്ധം ചൊല്ലുകയും അടുത്തുനിന്നിരുന്ന കവിചിന്താമണികാരനായ കരുണാകരപ്പിഷാരടി

“ജംഭരിപുകുംഭിവരകുംഭയുഗഡംഭ
സ്തംഭികുചകുംഭപരിരംഭപരശംഭു.”
എന്നു് അതു നിഷ്പ്രയാസം ഒന്നുകൂടി ഉജ്ജ്വലമായ ശൈലിയിൽ പൂരിപ്പിക്കുന്നതു കേട്ടു “കോയം കവിമല്ലഃ” എന്നു് അത്ഭുതപരവശനായി ചോദിക്കുകയും “അയം ദേവ്യാഃ കരുണാകരഃ” എന്നു പിഷാരടി മറുപടി പറയുകയും ചെയ്തതായി ഒരൈതിഹ്യമുണ്ടു്. മറ്റൊരവസരത്തിൽ ഉദ്ദണ്ഡൻ തളിയിൽ ക്ഷേത്രത്തിൽ തൊഴാൻ ചെന്നപ്പോൾ ഒരു പദ്യത്തിന്റെ താഴെ ഉദ്ധരിക്കുന്ന മൂന്നു പാദം ഉണ്ടാക്കിച്ചൊല്ലി:

“വീണാലസന്മണിഖലായ നമോസ്തു തസ്മൈ
വീണാഘൃണാജിനവതേ തൃണിനേ തൃണായ
അർദ്ധോയമീശ്വരനമസ്കൃതയേ കഥം സ്യാൽ?”
എന്നു മുഖമണ്ഡപത്തിൽ ജപിച്ചുകൊണ്ടിരുന്ന നമ്പൂരിമാരോടു് ഒരു ചോദ്യമായിരുന്നു അതു്. അന്നുവരെ അരക്കവിയായി മാത്രം സാമൂതിരിപ്പാട്ടിലെ സദസ്യകുഞ്ജരന്മാർ കരുതിയിരുന്ന പുനം ഉടനെ

“അസ്യോത്തരോക്തിമവിദന്നപി കീദൃശസ്സ്യാൽ?”
എന്നു പ്രസ്തുത പദ്യം പൂരിപ്പിച്ചു് ആ ചോദ്യത്തിനു പ്രത്യുത്തരം നല്കി. ‘വിഷണ്ണഃ’ എന്ന ശബ്ദമാണു് അദ്ദേഹം ധ്വനിപ്പിച്ചതു്. ആറു ണകാരമില്ലാത്തതു് എന്നുകൂടി ആ ശബ്ദത്തിനു് അർത്ഥമുണ്ടല്ലോ. “വ്യാലസന്മേഖലായ, വ്യാഘ്രാജിനവതേ, ത്രിനേത്രായ തസ്മൈ നമോസ്തു” എന്നർത്ഥം.

ശാസ്ത്രികൾ ഗർവിഷ്ഠനായിരുന്നു എന്നു ചിലർ ഉപരിപ്ലവമായി അഭിപ്രായപ്പെടാറുണ്ടു്. അദ്ദേഹത്തിനു തന്റെ സർവതോമുഖമായ പാണ്ഡിത്യപ്രകർഷത്തെപ്പറ്റി വലിയ മതിപ്പുണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല. വൈയാകരണഖസൂചികളെയും മീമാംസകദുർദുരൂഢന്മാരെയും മറ്റും പറ്റി അളവറ്റ പുച്ഛവുമുണ്ടായിരുന്നു. എന്നാൽ ബഹുമതി അതെവിടെ അർഹിക്കുന്നുവോ അവിടെ മുക്തഹസ്തമായി സമർപ്പിക്കുവാൻ ആ വിശാലഹൃദയൻ എപ്പോഴും സന്നദ്ധനായിരുന്നു. “അഭിനന്ദന്നന്തർവാണീൻ” എന്നു് അദ്ദേഹം തന്നെക്കുറിച്ചു മല്ലികാമാരുതത്തിൽ പ്രസ്താവിച്ചിട്ടുള്ളതു് ഏറ്റവും പരമാർത്ഥമാകുന്നു.

20.34സ്വാതീചാടു

വടക്കൻ കോട്ടയത്തു രാജകുടുംബത്തിലെ സ്വാതി എന്ന രാജകുമാരിയെ ഉദ്ദണ്ഡൻ കോകിലസന്ദേശത്തിൽ പ്രശംസിച്ചിട്ടുണ്ടെന്നു മുമ്പു പറഞ്ഞുവല്ലോ. ആ മഹതിയുടെ അപദാനങ്ങളെ പ്രപഞ്ചനം ചെയ്യുന്ന കുറെ മനോഹരങ്ങളായ സംസ്കൃതശ്ലോകങ്ങൾ ഞാൻ സാഹിത്യപരിഷത്ത്രൈമാസികത്തിന്റെ സപ്തമസഞ്ചികയിൽ ഉദ്ധരിച്ചിട്ടുണ്ടു്. ആ ശ്ലോകങ്ങളുടെ നിർമ്മാതാവു് ആരെന്നറിയുന്നില്ല. കവിതയുടെ ശൈലി കണ്ടാൽ ഉദ്ദണ്ഡന്റേതാണെന്നു തോന്നും. പ്രസ്തുത മുക്തകങ്ങളിൽനിന്നു നാലഞ്ചു ശ്ലോകങ്ങൾ താഴെ ചേർക്കുന്നു:

“പ്രഖ്യാതാ പുരളീശവംശകലശാംഭോധേസ്സമുന്മീലിതാ
സ്വാതീകല്പലതാ വിഭാതി സുമനസ്തോമപ്രിയംഭാവുകാ,
രാഗൈഃ പല്ലവിതാ, സ്മിതൈഃ കുസുമിതാ, കേശൈശ്ച ലോലംബിതാ,
കാന്ത്യാ കോരകിതാ, രതേന ഫലിതാ, കാമേന ചോപഘ്നിതാ.”
“കേചിത്തേ കഥയന്തി മന്ദഹസിതം കീർത്ത്യങ്കുരം മാന്മഥം;
സ്വാതി, സ്ഫീതമനോഗധർമ്മലതികോദ്ഗച്ഛദ്ഗുളുച്ഛം പരേ;
ഏതേ കേപി വയന്തു മഞ്ജുരസനാരംഗസ്ഥലീചന്ദ്രമ
സ്സ്വൈരോജ്ജാഗരശാരദാതനുമഹസ്സ്യന്ദം ബഹിഃസ്പന്ദിതം.”

“ദൃഗഞ്ചലമിദം ചലം കിമിതി രഞ്ജിതം; കിഞ്ച തേ
നികുഞ്ചിതതരേ ഭ്രുവൗ; നിബിഡകമ്പി ബിംബാധരം;
അഹന്തു ന പരാംഗനാഹ്വയമവാദിഷം സ്വാതി, ത
ന്ന മന്തുരിഹ വിദ്യതേ; നനു കലാവതീ ത്വം പ്രിയേ?”

“ശൃംഗാരജീവനകലേ സംഗീതപരദേവതേ
സാഹിത്യരസമർമ്മജ്ഞേ ജീവ സ്വാതി! ശതം സമാഃ.”

“ഹംഹോ! ഭാഗ്യമനർഗ്ഗളം മമ; യതസ്സ്വാതീ! സുധാഭാഷിണീ
ശ്രുത്വാ മദ്ഭണിതിം സുഗന്ധിഘുസൃണപ്രാരബ്ധപത്രാങ്കുരാൽ
വക്ഷോജാദവകൃഷ്ടബാലതരണിപ്രോദ്യന്മഹഃകന്ദളീ
കുട്ടാകദ്യുതികോമളാംശുകയുതം പട്ടാംശുകം പ്രാദിത.”

20.35ശ്രീദേവീപ്രശസ്തി

ആയിടയ്ക്കുതന്നെ ചേന്നമംഗലത്തു ശ്രീദേവി എന്നൊരു നായികയെപ്പറ്റിയും ഏതോ ഒരു കവി ചില പ്രശസ്തിപദ്യങ്ങൾ രചിച്ചിട്ടുണ്ടു്. അവയിൽ രണ്ടെണ്ണം ചുവടേ ചേർക്കുന്നു:

നീരന്ധ്രാസു ജയന്തമംഗലമഹാദേശൈകഭൂഷാമണേഃ
ശ്രീദേവ്യാശ്ചികുരാടവീഷു സുചിരം സഞ്ചാര്യ പഞ്ചാശുഗഃ
ആനീയ സ്നനഭൂധരദ്വയമധശ്ശൂന്യേ പ്രദേശേ ബലാ
ച്ചേതശ്ചോരിതവാനതീവ രുചിരം നേതും നിജം മന്ദിരം.”

“ശ്രീദേവീം സ്തനഭാരമന്ഥരഗതിം സന്ധ്യാസു സേവാഗതാം
ദൃഷ്ട്വാ ചമ്പകദാമകോമളതരാം ജാതാനുരാഗോദയഃ
വ്യാമൂർച്ഛൽപുളകാഞ്ചിതാംഗലതികോ വിസ്രസ്തപീതാംബരോ
നാമൈക്യവ്യപദേശവാനനുനയത്യംഭോധികന്യാം ഹരിഃ.”
ഇതുപോലെ വെട്ടത്തുനാട്ടിലെ ദേവി എന്നൊരു നായികയെ

“പ്രകാശപൃഥ്വീപഥികാ ഭവന്തഃ
പശ്യന്തു മേ വക്ഷസി കാമബാണാൻ.”
എന്ന പദ്യത്തിൽ വിലാപരൂപേണ ഒരു കവി വാഴ്ത്തുന്നു.

അക്കാലത്തു കവികൾ വിദുഷികളായ നായികമാരെപ്പറ്റി വിശിഷ്ടങ്ങളായ ശൃംഗാരശ്ലോകങ്ങൾ വിരചിച്ചു സമർപ്പിച്ചിരുന്നു. അതു കേവലം പാശ്ചാത്യർ ‘Platonic love’ എന്നു പറയുന്ന, ആത്മാവിനു് ആത്മാവിനോടുള്ള അലൈംഗികമായ പ്രണയത്തിന്റെ ഫലമായിരുന്നു. അത്തരത്തിലുള്ള ശ്ലോകങ്ങൾ ആ സ്ത്രീരത്നങ്ങൾ സ്വീകരിച്ചു്, പ്രസ്തുത കവികളെ സമുചിതങ്ങളായ സമ്മാനങ്ങൾ നല്കി അനുഗ്രഹിച്ചുമിരുന്നു. സ്വാതി പ്രശസ്തികാരനു് ഒരു പട്ടാംബരം ആ രാജകുമാരിയിൽനിന്നു ലഭിച്ചതായി അദ്ദേഹംതന്നെ പ്രസ്താവിക്കുന്നതു നോക്കുക. ഏതാദൃശമായ പദ്യങ്ങളിൽനിന്നു് അന്നത്തെ ജനസമുദായത്തിന്റെ ചാരിത്രപരിപാലനത്തെപ്പറ്റി അനുവാചകന്മാർക്കു യാതൊരു തരത്തിലുള്ള ദുശ്ശങ്കയും അങ്കുരിക്കേണ്ടതില്ല.

20.36കാക്കശ്ശേരി ഭട്ടതിരി, ജനനം

ഉദ്ദണ്ഡശാസ്ത്രികൾക്കു സർവഥാ സമസ്കന്ധനായ ഒരു പ്രതിദ്വന്ദിയായിരുന്നു കാക്കശ്ശേരി ഭട്ടതിരി. അദ്ദേഹത്തിന്റെ ജനനത്തെപ്പറ്റി ഒരൈതിഹ്യമുണ്ടു്. കേരളത്തിൽ വന്നു തളിയിൽ താനത്തിൽ മാനവിക്രമമഹാരാജാവു നല്കിവന്നിരുന്ന കിഴികൾ മുഴുവൻ ശാസ്ത്രികൾ കരസ്ഥമാക്കുവാൻ തുടങ്ങിയപ്പോൾ നമ്പൂതിരിമാർക്കു ആ വിദേശീയന്റെ വിജയം അസഹ്യമായ അവമാനമായിത്തോന്നി. താനത്തിനു വിദ്വാന്മാരെ ചാർത്തുന്നതു പന്തീരാണ്ടിലൊരിക്കലാകയാൽ അടുത്ത ഊഴത്തിനുമാത്രമേ ശാസ്ത്രികൾ കിഴികൾക്കു് അവകാശപ്പെടാവൂ എന്നു് അവർ അദ്ദേഹത്തെക്കൊണ്ടു സമ്മതിപ്പിച്ചു. പിന്നീടു കാക്കശ്ശേരിയില്ലത്തു് ഒരന്തർജ്ജനം ഗർഭം ധരിച്ചിരിക്കുന്നതായി അറിഞ്ഞു മന്ത്രജ്ഞന്മാരായ ചില നമ്പൂരിമാർ അവിടെച്ചെന്നു ഗർഭസ്ഥനായ ശിശു അമാനുഷപ്രതിഭയോടുകൂടി ജനിക്കത്തക്കവണ്ണം പല സൽകർമ്മങ്ങളും നടത്തി. അങ്ങനെ ജനിച്ച ഉണ്ണിയാണത്രെ ഭട്ടതിരി. ഈ ഐതിഹ്യം മുഴുവൻ വിശ്വസനീയമല്ല. പേർ ദാമോദരൻ എന്നായിരുന്നു എന്നു് അദ്ദേഹംതന്നെ വസുമതീമാനവിക്രമം എന്ന നാടകത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.

20.36.1ദേശവും ഗുരുനാഥനും
പൊന്നാനി താലൂക്കിൽ ബ്രഹ്മകുളം അംശത്തിൽ കാക്കശ്ശേരി എന്നൊരു ദേശമുണ്ടു്. അവിടെ പണ്ടു് അതേ പേരിൽ ഒരു നമ്പൂതിരിയില്ലമുണ്ടായിരുന്നു. ഇപ്പോൾ ആ ഇല്ലം അന്യംനിന്നു, സ്വത്തുക്കൾ മംഗലത്തു ഭട്ടതിരിയുടെ ഇല്ലത്തേയ്ക്കു് ഒതുങ്ങിയിരിയ്ക്കുന്നു. ശൈശവത്തിൽത്തന്നെ അച്ഛൻ മരിച്ചുപോയി. ബലിപിണ്ഡം കൊത്തിത്തിന്നുവാൻ വരുന്ന കാക്കകളെ വേർതിരിച്ചറിയുവാൻ സാധിച്ചതു കൊണ്ടാണു് ഉണ്ണിക്കു കാക്കശ്ശേരി എന്നു പേർ വന്നതു് എന്നും മറ്റും പഴമക്കാർ പറയുന്ന കെട്ടുകഥ ത്യാജ്യകോടിയിൽ തള്ളേണ്ടതാകുന്നു. അദ്ദേഹം വസുമതീമാനവിക്രമത്തിൽ തന്നെപ്പറ്റി ഇങ്ങനെ പറയുന്നുണ്ടു്: “അസ്തി ദക്ഷിണാപദേ ഭൃഗുസംഭവ ചണ്ഡദോർദ്ദണ്ഡപാണ്ഡിത്യസാരേഷ്വിവ മൂർത്തിമത്ത്വേഷു കേരളേഷു, സതതതന്തന്യമാനസപ്തതന്തുധൂമധൂസരിതസത്യലോ കൈഃ കലികാലകാലുഷ്യകന്ദളദളനദർശിതമഹിമഭിർമ്മഹീസുരൈരധ്യാസിതേ, മുഗ്ദ്ധകീരകുലതുണ്ഡഖണ്ഡിതമാതുളുംഗഫല ശകലകിസലയിതമഹീതലേ, മദമന്ഥരബന്ധുരാക്ഷീ കുടിലഭ്രൂലതാവശംവദയുവകദംബകസേവ്യമാനോപവനേ, മന്ദമാരുതാധൂതപൂഗപാളീസിന്ദൂരിതാശാമൂലേനിളാസഹചരീകൂലേ ദോഷാകരഖണ്ഡമണ്ഡിതശിഖണ്ഡശ്ചണ്ഡിമശാലിനിശിതനിജ ശൂലനിർഭിണ്ണദന്താവളാസുരചർമ്മപരികർമ്മിതകടീതടഃ, ശൈലാധിരാജതനയാദൃഢകഠോര കുചകുഡ്മളീപീഡിതോരഃസ്ഥലഃ, പ്രളയസമയമുദിതഹുതവഹബഹളകീലമാലാലോഹിതജടാഭാരഭരിതസുരതരംഗിണീവാതപോതപോഷിതഭൂഷാംഭുജംഗഃ പത്രരഥപരിവൃഢപരികല്പിതസപര്യാവിശേഷഃ സാക്ഷാദശോകപുരേശ്വരോ നാമ ജഗദവനജാഗരൂകോ ഭഗവാൻ പിനാകപാണിഃ.

അസ്ത്യദ്രികന്യാപതിപാദപീഠ
വിചേഷ്ടമാനാശയപുണ്ഡരീകഃ
നാരായണാചാര്യ ഇതി പ്രരൂഢിം
പ്രാപ്തഃ പരാം പ്രാജ്ഞധിയാം പുരോഗഃ.
തസ്യ ചരണാരവിന്ദയുഗളീ ഗളിതരേണുപരമാണുപാതപൂതചേതനാസാരഃസാരസ്വതനിധിനാ സാക്ഷാദദ്രിസമുദ്രനായകേനൈവാനേന ബാല്യാദേവാരഭ്യ വൈപശ്ചിതീം വൃത്തിമധികൃത്യപരാം കാഷ്ഠാമാരോപിതഃ സതതസാഹിതീപരിചിതിവർദ്ധമാനവാണീവിലാസ സുരഭിലവദനേന്ദുശേഖരകുടുംബിനീകരുണാകടാക്ഷപാതവിജൃംഭമാണവൈഭവോയം കവിരസാധാരണമഹിമൈവ.”

ഇതിൽനിന്നു ഭട്ടതിരിയുടെ ഗുരുവായ നാരായണാചാര്യന്റെ ജന്മദേശം (അശോകപുരം) തിരുവേഗപ്പുറയായിരുന്നു എന്നും ഞാൻ മുമ്പൊരിക്കൽ പ്രസ്താവിച്ചതുപോലെ മാനവിക്രമമഹാരാജാവുതന്നെയാണു് അദ്ദേഹത്തെ ബാല്യംമുതല്ക്കേ പണ്ഡിതപദവിയിൽ കയറ്റുന്നതിനു് ഉറ്റു ശ്രമിച്ചതെന്നും ആ ശ്രമം ഫലവത്തായി പരിണമിച്ചു എന്നും കാണാവുന്നതാണു്.

20.36.2സഭാപ്രവേശവും ഉദ്ദണ്ഡനുമായുള്ള വാഗ്വാദവും
പന്ത്രണ്ടാമത്തെ വയസ്സിൽ എന്നുള്ള ഐതിഹ്യാംശം അല്പം അവിശ്വാസ്യമാണെങ്കിലും വളരെ ചെറുപ്പത്തിൽത്തന്നെ ഭട്ടതിരി തളിയിൽക്ഷേത്രത്തിൽ പ്രവേശിച്ചു് ഉദ്ദണ്ഡശാസ്ത്രികളുമായി വാദത്തിലേർപ്പെട്ടു എന്നു സമ്മതിക്കാവുന്നതാണു്.

“ന ച്ഛത്രം ന തുരംഗമോ ന വദതാം വൃന്ദാനി നോ വന്ദിനാം
ന ശ്മശ്രൂണി ന പട്ടബന്ധവസനം നഹ്യംബരാഡംബരം
അസ്ത്യസ്മാകമമന്ദമന്ദരഗിരിപ്രോദ്ധൂ തദുഗ്ദോദധി
പ്രേംഖദ്വീചിപരമ്പരാപരിണതാ വാണീ തു നാണീയസീ.”
എന്ന ശ്ലോകമാണു് ഭട്ടതിരി ആദ്യമായി ചൊല്ലിയതു്. അതു കേട്ടു ശാസ്ത്രികൾ

“ഉക്തിപ്രത്യുക്തിമാർഗ്ഗക്രമപരിചയവാനസ്തി കശ്ചിദ്വിപശ്ചി
ദ്യദ്യസ്മിൻ സ്വസ്തി തസ്മൈ ബുധവരസമിതൗ ബിഭ്യദഭ്യാഗതോഭൂൽ
ഭാങ്കുർവൽഭേകകക്ഷിംഭരിഷു ഭയഭരോദ്ഭ്രാന്തഭോഗീന്ദ്രസുഭ്രൂ
ഭ്രൂണഭ്രംശീ കിമംഭഃഫണിഷു പതഗരാഡ്സംഭ്രമീ ബംഭ്രമീതി?”
എന്നു ഗർജ്ജിച്ചു. ഭട്ടതിരി വീണ്ടും

“വേദം ബഹ്വൃചമധ്യഗീഷി, കവിതാമപ്യാദൃഷി, വ്യാപൃഷി
ന്യായേ, വ്യാകരണം വ്യജൈഷി, വിഷമേ വൈശേഷികേ ക്ലേശിഷി,
മീമാംസാമപി പര്യവൈഷമുഭയീം, വ്യാഖ്യാഞ്ച സാംഖ്യം, സ്മൃതീ
രഭ്യാസ്ഥം ശ്രദധാം പുരാണപദവീം, യോഗേ ച പര്യശ്രമം.”
എന്നും

“ശബ്ദവ്യാകൃതിനർമ്മകർമ്മണി പടീയസ്താ തവ സ്യാദ്യദി
ത്വം കസ്യാപി പദസ്യ ഭദ്രയ ദൃഢാം ദ്രാക്‍പ്രക്രിയോപക്രിയാം;
മീമാംസാരസമാംസളാ യദി ഗിരോ ന്യായോപികോദീര്യതാം;
തർക്കേ വാ യദി കർക്കശോസ്യനുമിതിം കാമപ്യനല്പീകുരു.”
എന്നും

“കുർവേ ഗർവോദ്ധതസ്യ പ്രതിവദിതുരഹം
ഭാരതീമപ്യസാധ്വീം
സാധ്വീം സാധ്വീമസാധ്വീം ബുധവരസമിതൗ
ലക്ഷണേന ക്ഷണേന
മാനാഭാസം പ്രമാണം പ്രകൃതിഗതിവശാ
ദപ്രമാണം പ്രമാണം
സച്ചാസത്തത്തഥാസന്നിശമയഥ ബുധാ
മച്ചരിത്രം വിചിത്രം”
എന്നും മറ്റും ഓരോ തരത്തിൽ വീരവാദം ചെയ്തു. ഇങ്ങനെ അവർ തമ്മിൽ അനേകം ഉക്തി പ്രത്യുക്തികൾ നടന്നു. ‘ആകാരോ ഹ്രസ്വഃ’ എന്നു ശാസ്ത്രികൾ ആക്ഷേപിച്ചപ്പോൾ ‘ന ഹി ന ഹി അകാരോ ഹ്രസ്വഃ; ആകാരോ ദീർഗ്ഘഃ’ എന്നു കാക്കശ്ശേരി സമാധാനം പറഞ്ഞതായി കേട്ടിട്ടുണ്ടു്. പക്ഷേ ഈ കഥ വേദാന്തദേശികരുടെ ചരിത്രത്തോടും ഘടിപ്പിച്ചു കാണുന്നു. വാസ്തവത്തിൽ ശാസ്ത്രികളെക്കാൾ ഭട്ടതിരി പ്രതിഭാവാനായിരുന്നു എങ്കിലും, ചതുശ്ശാസ്ത്രപണ്ഡിതനും പരിണതപ്രജ്ഞനുമായ അദ്ദേഹത്തോടു ശാസ്ത്രവാദങ്ങളിൽ ഏർപ്പെടുന്നതു സൂക്ഷിച്ചു വേണമെന്നറിവുണ്ടായിരുന്ന അദ്ദേഹം പ്രായേണ ദുര്യുക്തികൾ കൊണ്ടു വിജയം നേടുവാനാണു് ഉദ്യമിച്ചതു്. ഒടുവിൽ സദസ്സിൽ സന്നിഹിതനായിരുന്ന മഹാരാജാവു രഘുവംശത്തിലെ ആദ്യത്തെ ശ്ലോകത്തിനു രണ്ടു പേരോടും അർത്ഥം പറയുവാൻ ആവശ്യപ്പെടുകയും ശാസ്ത്രികൾ നാലു വിധത്തിലും ഭട്ടതിരി പത്തു വിധത്തിലും അർത്ഥം പറയുകയും ചെയ്തു. ശാസ്ത്രികൾ ഭട്ടതിരിയുടെ കുശാഗ്രബുദ്ധി കണ്ടു് ആശ്ചര്യപ്പെട്ടു, ‘തവ മാതാ പതിവ്രതാ’ എന്നു പറയുകയും അവിടെയും ഭട്ടതിരി ‘നഹി നഹി’ എന്നു തർക്കുത്തരം ആവർത്തിക്കുകയും ചെയ്തു. അതെങ്ങനെയെന്നു നമ്പൂരിമാർ ചോദിച്ചപ്പോൾ അല്പം ആലോചിച്ചു “സോമഃ പ്രഥമോ വിവിദേ, ഗന്ധർവോ വിവിദ ഉത്തരഃ, തൃതീയോ അഗ്നിഷ്ടേ പതി, സ്തുരീയസ്തേ മനുഷ്യജന്മാ” എന്ന ഋഗ്വേദം എട്ടാമഷ്ടകത്തിൽ മൂന്നാമധ്യായം ഇരുപത്തേഴാം വർഗ്ഗത്തിലേ അഞ്ചാമത്തെ ഋക്കു പ്രമാണമായി ഉദ്ധരിച്ചു കാണിച്ചുവത്രേ. ഏതായാലും ഭട്ടതിരി അന്നത്തെ വാദത്തിൽ വിജയം നേടി. ‘സാദ്ധ്വീമസാദ്ധ്വീം’ എന്ന ശ്ലോകത്തിൽ തനിയ്ക്കുണ്ടെന്നു ഘോഷിച്ച ശക്തിയാണു് ഭട്ടതിരി പ്രകൃതത്തിൽ പ്രദർശിപ്പിച്ചതു്. മറ്റൊരവസരത്തിൽ ശാസ്ത്രികൾ തനിയ്ക്കു സാഹിത്യത്തിലും സംഗീതത്തിലും ഒന്നുപോലെ നൈപുണ്യമുണ്ടെന്നു പ്രസ്താവിച്ചപ്പോൾ ഭട്ടതിരി ചൊല്ലിയതാണു്.

“ഇന്ദ്രനീലേ ന രാഗോസ്തി; പദ്മരാഗേ ന നീലിമാ;
ഉഭയം മയി ഭാതീതി ഹന്ത! ഗുഞ്ജാ വിജൃംഭതേ.”
എന്ന ശ്ലോകം. ഇങ്ങനെ പല വാദങ്ങളും ആ പണ്ഡിതമല്ലന്മാർ തമ്മിൽ നടത്തിയെങ്കിലും രണ്ടുപേർക്കും അന്യോന്യം അളവറ്റ ബഹുമാനമാണു് ഉണ്ടായിരുന്നതു്. രണ്ടു പേരുടേയും പുരസ്കർത്താവു പയ്യൂർ മഹർഷിയായിരുന്നു എന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

20.36.3അനന്തരചരിത്രം
ഭട്ടതിരി ദ്വിതീയാശ്രമം സ്വീകരിയ്ക്കുകയുണ്ടായില്ല. ക്രമേണ അദ്ദേഹം അദ്വൈതവേദാന്തിയായി, അതിവർണ്ണാശ്രമിയായി, അനാസക്തിയോഗം അനുഷ്ഠിച്ചുകൊണ്ടു പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ശുദ്ധാശുദ്ധങ്ങളിലും ഭക്ഷ്യാഭക്ഷ്യങ്ങളിലും അദ്ദേഹത്തിനു യാതൊരു നിഷ്കർഷയുമില്ലാതായിത്തീർന്നു. തന്നിമിത്തം പൂർവ്വാചാരപരിപാലകന്മാരായ നമ്പൂരിമാർക്കു് അദ്ദേഹത്തെ സമുദായത്തിൽനിന്നു ബഹിഷ്കരിയ്ക്കണമെന്നു് ആഗ്രഹമുണ്ടായി എങ്കിലും ആ ജീവന്മുക്തന്റെ തപഃപ്രഭാവത്തിൽ ഭയമുണ്ടായിരുന്നതിനാൽ അവർ അതിനു് ഒരുങ്ങിയില്ല. അക്കാലത്തു് ഒരിക്കൽ നേരം വൈകീട്ടും നിത്യകർമ്മമായ സന്ധ്യാവന്ദനം ചെയ്യാതിരിയ്ക്കുന്നതു കണ്ടു ചില നമ്പൂരിമാർ അദ്ദേഹത്തെ കളിയാക്കുകയും അപ്പോൾ അദ്ദേഹം ഉപനിഷദന്തർഗ്ഗതമായ

“ഹൃദാകാശേ ചിദാദിത്യസ്സദാ ഭാതി നിരന്തരം;
ഉദയാസ്തമയൗ ന സ്തഃ; കഥം സന്ധ്യാമുപാസ്മഹേ?”
എന്ന ശ്ലോകം ചൊല്ലി അവരെ മടുപ്പിക്കുകയും ചെയ്തു. മറ്റൊരിക്കൽ പിതൃശ്രാദ്ധംപോലും ചെയ്യാത്ത അദ്ദേഹത്തെ മറ്റു ചില നമ്പൂരിമാർ അധിക്ഷേപിച്ചപ്പോൾ

“മൃതാ മോഹമയീ മാതാ; ജാതോ ജ്ഞാനമയസ്സുതഃ;
ശാവസൂതകസംബന്ധാദനർഹസ്സർവകർമ്മസു.”
എന്നു വേറൊരു ഉപനിഷച്ഛേശ്ലോകം ചൊല്ലി അവരേയും ലജ്ജിപ്പിച്ചു. തൃപ്പൂണിത്തുറയ്ക്കു സമീപമുള്ള സുപ്രസിദ്ധമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിനടുത്തായി ഭട്ടതിരിക്കു് ഒരു ഗൃഹമുണ്ടായിരുന്നു എന്നും ആ ക്ഷേത്രത്തിൽ താൻ പ്രവേശിച്ചപ്പോൾ ചില നമ്പൂരിമാർക്കു് അതിൽ വൈരസ്യം തോന്നുകയാൽ അദ്ദേഹം നാടുവിട്ടു പരദേശത്തേയ്ക്കു പോയി എന്നും പഴമക്കാർ പറയുന്നു. അവിടെവെച്ചാണു് “ആപദി കിം കരണീയം?” എന്നൊരു നമ്പൂരി അദ്ദേഹത്തോടു ചോദിക്കുകയും “സ്മരണീയം ചരണയുഗളമംബായാഃ” എന്നു് അദ്ദേഹത്തിന്റെ ഉത്തരം കേട്ടിട്ടു “തൽസ്മരണം കിം കുരുതേ” എന്നു വീണ്ടും ചോദിക്കുകയും അതിനു് അദ്ദേഹം “ബ്രഹ്മാദീനപി ച കിങ്കരീ കുരുതേ” എന്നു വീണ്ടും മറുപടി പറയുകയും ചെയ്തതു്. മരണം പരദേശത്തുവച്ചായിരുന്നു. ചോറ്റാനിക്കരയ്ക്കു സമീപമുള്ള കീഴ്പ്പുറത്തു ഭട്ടതിരിയും പള്ളിപ്പുറത്തു ഭട്ടതിരിയും കാക്കശ്ശേരിയുടെ ശിഷ്യഗണത്തിൽ പെട്ടവരായിരുന്നു. പള്ളിപ്പുറത്തു ഭട്ടതിരിയുടെ ഒരു മുക്തകമാണു് ചുവടെ ചേർക്കുന്നതു്:

“ദ്വൈതേ ലക്ഷദ്വയാധീതീ ഹ്യദ്വൈതേ ലക്ഷപാരഗഃ;
അദ്യാപി വിദ്യാലാഭായ ജാഗർമ്മ്യേവ ജരന്നപി.”
“ശാലികാനാഥവന്മൂഢഃ” എന്ന അദ്ദേഹത്തിന്റെ മറ്റൊരു ശ്ലോകം ഞാൻ പ്രഭാകരനെപ്പറ്റിയുള്ള വിമർശനത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്.

20.37വസുമതീമാനവിക്രമം

കാക്കശ്ശേരിയുടെ കൃതിയായി ‘വസുമതീമാനവിക്രമം’ എന്ന ഏഴങ്കത്തിലുള്ള ഒരു നാടകമല്ലാതെ മറ്റൊന്നും കണ്ടുകിട്ടീട്ടില്ല. എങ്കിലും ആ ഒരു കൃതികൊണ്ടുതന്നെ അദ്ദേഹം സഹൃദയന്മാരുടെ സശിരഃകമ്പമായ ശ്ലാഘയ്ക്കു പാത്രീഭവിയ്ക്കുന്നുണ്ടു്. മാനവിക്രമമഹാരാജാവു് മങ്ങാട്ടച്ചൻ എന്ന മന്ത്രിയുടെ പുത്രിയായ വസുമതിയെ വിവാഹം ചെയ്യുന്നതാണു് കഥാവസ്തു. ഇതരനാടകങ്ങളിലെന്നപോലെ ഇതിലും നായികയ്ക്കും നായകനും പല ദുർഘടങ്ങളും തരണം ചെയ്യേണ്ടിവരുന്നു. പ്രസ്താവനയിൽത്തന്നെ മഹാരാജാവിനെപ്പറ്റി പ്രൗഢോദാത്തമായ ഒരു വർണ്ണനമുണ്ടു്. അതാണു് താഴെച്ചേർക്കുന്നതു്:

“അദ്യ ഖല്വഹമാദിഷ്ടോസ്മി നിഖിലനരപതിനികരവി കടമകുടതടഘടിതമാണിക്യമണികിരണപല്ലവിതപദപാരിജാതസ്യ വിജയലക്ഷ്മീവിഹാരരംഗായമാണവക്ഷഃസ്ഥലസ്യ വിമതനരപതിവനിതാനിബിഡതരകുചകുംഭസംഭൃതകസ്തൂരികാ പത്രപടലികാപരിക്ഷേപപാരീണദോഃകാണ്ഡസ്യ ഖണ്ഡപരശുനിടിലതടഘടിതദഹനവിസൃമരജ്വാലാമാലാകോലാഹലാസ ഹിഷ്ണുപ്രതാപാനലാർച്ചിസ്സന്തതിനിരന്തരനീരാജിതബ്രഹ്മാണ്ഡമണ്ഡലസ്യ പ്രചണ്ഡതരമന്ദരഗിരിഭ്രമണഘൂർണ്ണമാനദുഗ്ദ്ധാം ഭോനിധിതരംഗരിംഗണകലാനുഷംഗശൃംഗാരിയശഃപടീനിചോളിതദിഗ്വധൂസഞ്ചയസ്യ സരസിരുഹാസനവാമലോചനാനീരന്ധ്രബന്ധുരധമ്മില്ലമല്ലികാബഹളപരിമളഝരീപരീവാഹസാഹായ്യകദായികവിതാചാതുരീസമ്മോഹിതാഖിലവിദ്വജ്ജനസ്യ സജ്ജനസംസ്തൂയമാനഗുണഗണവിസ്മൃതപൂർവനരപതികഥാ സന്താനസ്യ കമലാവിലോലനയനാഞ്ചലസഞ്ചാരഹേലാസങ്കേതമന്ദിരായമാണവദനസ്യ സന്താനചിന്താമണിസുരഭിവൈ കർത്തനമുഖവദാന്യനിവഹമഹിമനിഗമപഠനാനധ്യായ പർവ്വണഃ ശർവ്വരീസാർവ്വഭൗമരുചിഗർവ്വസർവ്വങ്കഷസർവ്വതോ മുഖസ്മിതചന്ദ്രികാ നിഷ്യന്ദാനന്ദപരിഷദഃ പരപരാക്രമപ്രക്രമഘോരാശനികല്പാന്തവലാഹകസ്യ വിശിഷ്ടതമധർമ്മമന്ദരധാരണകലാകൂടസ്ഥകമഠസ്യ നിരുപമസൗന്ദര്യലക്ഷ്മീകലാപിനീവിലാസകേതുയഷ്ടേഃ അഷ്ടാദശദ്വീപസമാഗതസകലരത്നപരമ്പരാപരിപൂരിതനിജ നഗരബാഹ്യാളിന്ദനിഗളിതലക്ഷ്മീകരേണുകസ്യ രേണുകാതനയചരിത സാധർമ്മ്യശാലിസഹസോപക്രമനിർജ്ജിതപരിപന്ഥി സഞ്ചയബാഷ്പപൂരാജ്യാഹുതിജാജ്വല്യമാനതേജഃപാവകസ്യ പർവ്വതപാരാവാരപാകശാസനസ്യശ്രീവിക്രമക്ഷമാനായകസ്യ ആസ്ഥാനീകൃത പരിഹിണ്ഡിതേന പണ്ഡിതമണ്ഡലേന

ബാണാസാരപ്രസർപ്പത്തുരഗഖരഖുരോ
ദ്ധൂതധൂളീപയോദ
വ്യാരുദ്ധാദിത്യരോചിഃപ്രചയപരിണമ
ദ്ദുർദ്ദിനാഭോഗഭീമാം
ഖേ ഖേലത്തുംഗശൃംഗധ്വജപടപടലീ
സദ്വലാകാവലീകാം
സംഗ്രാമപ്രാവൃഷം യസ്സൃജതി നിജയശ
സ്സസ്യ സമ്പത്സമൃദ്ധ്യൈ.
തസ്യ ചന്ദ്രചൂഡചരണസരസിജരുചിരരുചിമധുരമധുകബളനലോലുപലോലംബായമാനമാനസസ്യ, സംഗ്രാമാംഗണരിം ഖണവശംവദതുരഗഖരതരഖുരപുടവിപാടനദലിതധരണീതലോച്ചലിതവർദ്ധിഷ്ണുധൂളീപാളീകലുഷിതവിയത്സിന്ധുസലിലസ്യ, അസ്മത്സ്വാമിനഃശ്രീമാനവിക്രമസ്യ,ചരിതാനുബന്ധിദാമോദരകവിനിബദ്ധം കിമപി രൂപകോത്തമം.”

ഈ ഗദ്യത്തിൽ നിന്നു തന്നെ “അസ്ത്യസ്രാകമമന്ദമന്ദരഗിരി” ഇത്യാദി പ്രശംസ അദ്ദേഹത്തിന്റെ സൂക്തിക്കു യോജിച്ചതാണെന്നു ഭാവുകന്മാർക്കു ഗ്രഹിയ്ക്കാവുന്നതാണു്. പ്രസ്താവനയിൽത്തന്നെയുള്ള രണ്ടു പദ്യങ്ങൾകൂടി പ്രകൃതോപയോഗികളാകയാൽ ഉദ്ധരിക്കേണ്ടിയിരിക്കുന്നു:

“ഭോഭോസ്സൽകവയഃ ഖലാദ്രിപവയഃ ശൃണ്വന്തു സർവ്വേ വചോ
മൽകം, യൽ കവിതാപഥേ മിതവചാസ്സോയം പ്രവൃത്തോ ജനഃ;
തൽ സർവം കവിതാകുതൂഹലവശാന്ന ത്വാർഭടീവൈഭവാ
ദിത്യേവം മനസാ വിചിന്ത്യ കരുണാമദ്ധാ കുരുധ്വം മയി.”
“നേതാ സർവ്വഗുണോത്തരഃ പുനരസൗ ശൈലാംബുരാശീശ്വരഃ;
പ്രൗഢോയഞ്ച കവിഃ പ്രശസ്തവചനസ്ഥേമാ സ ദാമോദരഃ;
ചിത്രം ചൈവ കഥാ സുധാലഹരികാസബ്രഹ്മചാരിണ്യഹോ;
രമ്യൈഷാ ച സഭാ സ്വഭാവമധുരാ തത്തദ്രസജ്ഞായിനീ.”
ഭട്ടതിരിയുടെ കവിതാരീതി മനസ്സിലാക്കുവാൻ മറ്റു ചില ശ്ലോകങ്ങൾ കൂടി ചുവടേ പകർത്താം.

(1) കാമികളുടെ സങ്കല്പം:

“ഭ്രൂ വല്ലീ ചലിതേതി, പക്ഷ്മയുഗളീ സ്തബ്ധേതി, നേത്രാഞ്ചലം
പ്രാപ്താ ഹന്ത കനീനികേതി കിമപി സ്വിന്നൗ കപോലാവിതി
അന്തഃകമ്പവിജൃംഭിതം കുചയുഗം ചേതി ക്ഷണേ കാമിനാം
ജായന്തേ ഖലു കേപി കേപ്യഭിനവാസ്സങ്കല്പകല്പദ്രുമാഃ.”
(2) സായംസന്ധ്യ:

“പാദാനാന്നവ പാരിഭദ്രസുഷമാപാടച്ചരാണാം ഗണം
കർഷന്നേഷ പയോനിധൗ പിപതിഷത്യഹ്നാമധീശസ്സ്വയം
കിഞ്ചൈഷാ ധൃതമാലഭാരിമഹിളാചില്ലീലതാചാതുരീം
ബിഭ്രാണാ വലതി ക്രമാദിതരദിങ്മൂലേ തമോലേഖികാ.”
(3) നക്ഷത്രങ്ങൾ:

“സ്ഫുരന്തി ഗഗനാംഗണേ നടനചണ്ഡചണ്ഡീപതി
ഭ്രമഭൂമിതജാഹ്നവീസലിലബിന്ദുസന്ദേഹദാഃ
സ്മരോത്സവവശംവദത്രിദശവാരവാമേക്ഷണാ–
കുചത്രുടിതമൗക്തിഭ്രമദവിഭ്രമാസ്താരകാഃ.”
(4) വിരഹിയായ നായകൻ മന്മഥനോടു്:

“ബാണാംസ്തേ പുരഭേദിനോപിചതനുദ്വൈധീകൃതിപ്രക്രിയാ
ധൗരേയാന്മയി മാ പ്രയുങ്ക്ഷ്വ ജഗതീനിർദ്വന്ദ്വകേളീഗുരോ,
ലജ്ജന്തേ ന കഥന്ന്വമീ മയി പുനർമുക്ത്വാ പതന്തസ്ത്വായാ
ഫുല്ലന്മല്ലിഗുളുച്ഛകോമളതമസ്വാന്തേ നിതാന്താകുലേ?”
(5) മന്ദവായു:

“ഏതേ കുംഭസമുദ്ഭവപ്രണയിനീചൂളീഭരാന്ദോളനാഃ
ക്രീഡാഖിന്നഭുജംഗലോകഗൃഹിണീഘർമ്മഛിദാകർമ്മഠാഃ
ഈഷച്ചൂഷിതവാരിരാശിലഹരീമാലാചലദ്വിപ്രുഷഃ
കന്ദർപ്പദ്വിപദർപ്പദാനനിപുണാഃ ഖേലന്തി ബാലാനിലാഃ”
(6) അഭിസാരികകൾ:

“നീലക്ഷൗമമയീ വിഗുണ്ഠനപടീ, കസ്തൂരികാശ്യാമളൗ
വക്ഷോജൗ, ശ്രവസീ വിനിദ്രവലഭിന്നീലാശ്മതാടങ്കിനീ
പാണീ ഗാരുഡരത്നകങ്കണധരൗ; സ്ത്രീണാം തഥാപി സ്ഫുടം
ജ്ഞായന്തേ മുഖസൗരഭേണ മഹതാ കാന്താഭിസാരക്രമാഃ.”
(7) ചന്ദ്രോദയം:

“യൽ പ്രാഗഞ്ജനപങ്കരഞ്ജിതമിവ, പ്രാവൃട്പയോദാവലീ
ഗാഢാശ്ലിഷ്ടമിവ, സ്മരാന്തകഗളച്ഛായൈരിവാപൂരിതം,
ലോലംബൈരിവ ചുംബിതം സമജനി ധ്വാന്താനുബന്ധാദഹോ
തൽ പശ്യാദ്യ വിപാണ്ഡരം വലഭിദസ്സഞ്ജായതേ ദിങ്മുഖം.”
‘കാളിദാസഹർഷരാജശേഖര’മുഖന്മാരായ മഹാകവികളെയാണു് ഭട്ടതിരി പ്രസ്താവനയിൽ സ്മരിച്ചിരിക്കുന്നതെങ്കിലും അദ്ദേഹത്തിനു് അത്യധികം പഥ്യം മുരാരിയോടും രാജശേഖരനോടുമാണെന്നു് ഉദ്ധൃതങ്ങളായ ശ്ലോകങ്ങളിൽനിന്നു ധരിക്കാവുന്നതാണു്. ഉദ്ദണ്ഡന്റെ കവിതയ്ക്കുള്ള മാധുര്യം ഭട്ടതിരിയുടേതിനില്ല. അതിൽ ഓജസ്സാണു് സർവോപരി പരിസ്ഫുരിക്കുന്നതു്. ആശയങ്ങളുടെ അചുംബിതത്വം, വിശിഷ്ടശബ്ദങ്ങളുടെ സമ്യക്‍ പ്രയുക്തത മുതലായ അംശങ്ങളിൽ ഭട്ടതിരിയുടെ നാടകത്തിനു ഗണനീയമായ ഔൽകൃഷ്ട്യമുണ്ടു്. എന്നാൽ ആകെക്കൂടി നോക്കുമ്പോൾ മല്ലികാമാരുതത്തിനുതന്നെയാണു് അഭ്യർഹിതത്വം എന്നുള്ളതിനും സന്ദേഹമില്ല.

20.38കാക്കശ്ശേരിയുടെ ഒരുഭാഷാശ്ളോകം

അതിബാല്യത്തിൽ ഭട്ടതിരിയെ ഒരിക്കൽ മൂക്കോലയ്ക്കൽ ദേവീക്ഷേത്രത്തിൽ തൊഴിയിയ്ക്കുവാൻ കൊണ്ടുപോയി. അപ്പോൾ അദ്ദേഹം ചൊല്ലിയതാണു് പ്രസിദ്ധവും അധോലിഖിതവുമായ ഭാഷാശ്ലോകം:

“യോഗിമാർ സതതം പൊത്തും തുമ്പത്തെത്തള്ളയാരഹോ
നാഴിയിൽപ്പാതിയാടീല പലാകാശേന വാ ന വാ”
യോഗിമാർ പൊത്തുന്നതു മൂക്കു്; മൂക്കിന്റെ തുമ്പു മൂക്കുതല (മൂക്കോല); അവിടത്തെ ദേവി ഉരിയാടാത്തതു (പലാകാശം) ബഹുമാനം അഥവാ ഗർവ്വംകൊണ്ടാണോ എന്നു ശങ്ക. ഇതാണു് ആ ശ്ലോകത്തിന്റെ അർത്ഥം. വികടപ്രയോഗങ്ങളിൽ അദ്ദേഹത്തിനു ശൈശവത്തിൽത്തന്നെ പ്രാഗല്ഭ്യമുണ്ടായിരുന്നു എന്നു് ഈ ശ്ലോകം തെളിയിക്കുന്നു.

20.39ഇന്ദുമതീരാഘവം

ഇന്ദുമതീരാഘവം എന്നൊരുനാടകത്തിന്റെ ഏതാനും ഭാഗം കണ്ടുകിട്ടീട്ടുണ്ടു്. അതു കാക്കശ്ശേരിയുടെ കൃതികളിൽ ഒന്നാണെന്നു ഡോക്ടർ കൃഷ്ണമാചാര്യർ അദ്ദേഹത്തിന്റെ സംസ്കൃതസാഹിത്യചരിത്രത്തിൽ പ്രസ്താവിച്ചിട്ടുള്ളതിനു് അടിസ്ഥാനമൊന്നുമില്ല. ഇന്ദുമതീരാഘവം ഒരു കേരളീയന്റെ കൃതിതന്നെ. പ്രസ്താവനയിൽ “അസ്തി കില കേരളേഷു സമസ്തദുശ്ചരിതവിധ്വംസിനീ, നിരസ്തമലവിപ്രകുല പരിക്രാന്തതടപ്രദേശാ, പ്രാചീനാമധേയാ സരിൽപ്രവരാ.

“തസ്യാസ്തീരേ വിലസതിതരാം താരകാധീശമൗലേഃ
ക്ഷേത്രം; തത്ര പ്രഥിതയശസാമസ്തി വസ്ത്യം പവിത്രം
കൈലാസാനാ; മജനി രവിവർമ്മാഭിധേയസ്തദീയേ
വംശേ വിദ്യാവിഹൃതിനിലയഃ പഥ്യബോധോ നരാണാം.”
എന്നു പറഞ്ഞിരിക്കുന്നു. ഈ പ്രാചീനദി ഏതെന്നും അതിന്റെ തീരത്തിൽ വസിച്ചിരുന്ന രവിവർമ്മാവു് ആരെന്നും അറിയുന്നില്ല. രവിവർമ്മാവു കൈലാസൻ (വാരിയർ) ആകുന്നതു് എങ്ങനെയെന്നു ചിന്ത്യമായിരിക്കുന്നു. അദ്ദേഹത്തെ “നിശ്ശേഷശബ്ദാംബുധിചുളുകയിതാ കുംഭസംഭൂതിരന്യഃ” എന്നു കവിവാഴ്ത്തുകയും

“ദേശികസ്യാസ്യ കരുണാമവലംബ്യ പരം ബലം
അകരോദ്രൂ പകമിദം കോപി ഭൂസുരബാലകഃ”
എന്നു തുടർന്നുപന്യസിക്കുകയും ചെയ്യുന്നു. പറയത്തക്ക യാതൊരു ഗുണവുമില്ലാത്ത പ്രസ്തുത ശ്ലോകങ്ങളുടെ കർത്താവു കാക്കശ്ശേരിയല്ലെന്നു സഹൃദയന്മാരെ പറഞ്ഞുകേൾപ്പിക്കേണ്ടതില്ല. കാക്കശ്ശേരിയുടെ ഗുരുനാഥനായി ഒരു രവിവർമ്മാവിനെപ്പറ്റി ആരും കേട്ടിട്ടുമില്ല.

20.40ചേന്നാസ്സു നാരായണൻനമ്പൂരിപ്പാടു്, തന്ത്രസമുച്ചയം

ചേന്നാസ്സു നാരായണൻനമ്പൂതിരിപ്പാട്ടിലെ ജനനം കൊല്ലം 603 മേടമാസത്തിലായിരുന്നു എന്നുള്ളതിനു് അദ്ദേഹത്തിന്റെ കൃതിയായ തന്ത്രസമുച്ചയത്തിന്റെ പന്ത്രണ്ടാം പടലത്തിൽ ലക്ഷ്യമുണ്ടു്;

“കല്യബ്ദേഷ്വതിയത്സു നന്ദനയനേഷ്വംഭോധിസംഖ്യേഷു യ
സ്സംഭൂതോ ഭൃഗുവീതഹവ്യമുനിയുങ്മൂലേ സവേദോന്വയേ
പ്രാഹുര്യസ്യ ജയന്തമംഗലപദേദ്ധം ധാമ നാരായണ
സ്സോയം തന്ത്രമിദം വ്യധാദ്ബഹുവിധാദുദ്ധൃത്യ തന്ത്രാർണ്ണവാൽ.
***
ഇതി തന്ത്രസമുച്ചയേ ശ്രുതാർച്ചക്രമഗുപ്ത്യൈ രവിജന്മസമ്പണീതേ
പടലഃ പരിശിഷ്ടകർമ്മവാദീ ദശമോഭൂദ് ദ്വിപുരസ്സരസ്സമാപ്തഃ.”
ഈ ശ്ലോകങ്ങളിൽ നിന്നു നമ്പൂരിപ്പാടു ജനിച്ചതു കലി 4529-ആം വർഷത്തിലാണെന്നും, അദ്ദേഹത്തിന്റേയും പിതാവിന്റേയും നാമധേയങ്ങൾ യഥാക്രമം നാരായണനെന്നും രവിയെന്നും ആയിരുന്നു എന്നും ഭൃഗുസംജ്ഞമാണു് (ഭാർഗ്ഗവം) അദ്ദേഹത്തിന്റെ ഗോത്രമെന്നും വിശദീഭവിക്കുന്നു. നമ്പൂരിപ്പാട്ടിലെ ഇല്ലം പൊന്നാനിത്താലൂക്കിൽ വന്നേരിദേശത്തിലായിരുന്നു. ആ ഇല്ലം ഇപ്പോൾ ഗുരുവായൂരിലെ തന്ത്രിയുടെ കുടുംബത്തിൽ ലയിച്ചിരിക്കുന്നു. ഒരു ശാഖ കൊച്ചി രാജ്യത്തു ചൊവ്വരയും താമസിയ്ക്കുന്നു. വേറേയും ചേന്നാസ്സു് എന്ന പേരിൽ ഒന്നു രണ്ടില്ലങ്ങൾ വന്നേരിയിലുണ്ടത്രേ. തന്ത്രസമുച്ചയം രചിച്ചതു് 603-ൽ ആണെന്നു ‘കല്യബ്ദേഷു’ എന്ന ശ്ലോകത്തിൽനിന്നു സിദ്ധിക്കുന്നില്ല. “അതിയത്സു വൃത്തേഷു സവേദോന്വയേ സംഭൂതഃ” എന്നു തന്ത്രസമുച്ചയവ്യാഖ്യാതാവായ വിവരണകാരനും “നാലായിരത്തഞ്ഞൂറ്റിരുപതു കലിയുഗസംവത്സരം കഴിഞ്ഞിരിക്കുമ്പോൾ കൊല്ലവർഷം 603-ആണ്ടു് യാതൊരു ഗ്രന്ഥകാരൻ ഉണ്ടായി” എന്നു് അതേ ഗ്രന്ഥത്തിനു ഭാഷാവ്യാഖ്യാനം രചിച്ച കുഴിക്കാട്ടു മഹേശ്വരൻഭട്ടതിരിയും പ്രസ്താവിച്ചിട്ടുണ്ടു്. കൊല്ലം 603-ൽ ആണു് സമുച്ചയനിർമ്മിതി എങ്കിൽ ആ ഗ്രന്ഥകാരനു മാനവിക്രമമഹാരാജാവിന്റെ സദസ്യനാകുവാൻ മാർഗ്ഗവുമില്ല. സമുച്ചയകാരന്റെ ഗുരു ദിവാകരൻ എന്നൊരു പണ്ഡിതനായിരുന്നു എന്നുള്ളതു് ‘ഗുരുദിവാകരഭദ്രകടാക്ഷരുക്‍’ ഇത്യാദി ശ്ലോകത്തിൽ അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുള്ളതായി അദ്ദേഹത്തിന്റെ ശിഷ്യനായ വിവരണകാരൻ പറയുന്നു. മുല്ലപ്പള്ളി ബ്ഭട്ടതിരിയും ചേന്നാസ്സു നമ്പൂരിപ്പാടും രാജാവിനെ ദുഷിച്ചു ചില ശ്ലോകങ്ങൾ ഉണ്ടാക്കുകയാൽ മുല്ലപ്പള്ളി തന്നെക്കാൾ പല യോഗ്യന്മാരുമിരിക്കേ മുമ്പിൽ കടന്നു കിഴി വാങ്ങണമെന്നും ചേന്നാസ്സു തന്ത്രവിഷയകമായി ഒരു ഗ്രന്ഥം രചിക്കണമെന്നുമായിരുന്നു മാനവിക്രമന്റെ ശിക്ഷയെന്നാണല്ലോ ഐതിഹ്യം. അതു ശരിയാണെങ്കിൽ മഹാരാജാവു മലയാളക്കരയിലെ ക്ഷേത്രങ്ങൾക്കും ക്ഷേത്രാചാരങ്ങൾക്കും ഒരു മഹാനുഗ്രഹമാണു് തന്മൂലം ചെയ്തതു്. എന്തെന്നാൽ ആ ആജ്ഞയുടെ വൈഭവത്താൽ തന്ത്രശാസ്ത്രത്തിൽ പ്രകൃഷ്ടമായ പ്രാവീണ്യം സമ്പാദിച്ചിരുന്ന നമ്പൂരിപ്പാടു ബഹുവിധമായ തന്ത്രാർണ്ണവം മഥിച്ചു സമുച്ചയം എന്ന അമൃതകുംഭം ലോകത്തിനു നല്കുവാനിടവന്നു. സുമതിയുടെ വിഷ്ണുസംഹിത, ഈശാനഗുരുദേവപദ്ധതി, പ്രപഞ്ചസാരം, പ്രയോഗമഞ്ജരി, മയമതം, ക്രിയാസാരം മുതലായി അന്നുവരെ കേരളത്തിൽ ഏതദ്വിഷയത്തിൽ പ്രമാണീഭൂതങ്ങളായ പല ഗ്രന്ഥങ്ങളേയും അതു് ഉപജീവിക്കുകയും കബളീകരിക്കുകയും ചെയ്തു. “അർച്ചാസ്ഥാനവിശുദ്ധീഃ കാശ്ചന ഗുരുശിക്ഷിതാസ്ത്വവോചാമ” എന്ന വാക്യത്തിൽനിന്നു തന്റെ ഗുരുനാഥന്റെ മുഖത്തുനിന്നു ഗ്രഹിക്കുവാനിടവന്ന ചില രഹസ്യങ്ങളും പ്രസ്തുത ഗ്രന്ഥത്തിൽ അന്തർഭവിച്ചിട്ടുണ്ടെന്നു കാണാം. പറയേണ്ടതു സംശയച്ഛേദകമായ രീതിയിൽ സംക്ഷേപിച്ചു പറവാൻ നമ്പൂരിപ്പാട്ടിലേക്കുള്ള സാമർത്ഥ്യം പ്രത്യേകിച്ചും പ്രശംസാവഹമാണു്. സമുച്ചയത്തിലേ പന്ത്രണ്ടു പടലങ്ങളിലുമായി അദ്ദേഹം ഉൾക്കൊള്ളിച്ചിട്ടുള്ള 2896 പദ്യങ്ങളിൽ ദേവാലയനിർമ്മാണ പരിപാടികളും.

“ശ്രീശേശസേശഹരിസുംഭജിദാംബികേയ
വിഘ്നേശഭൂതപതിനാമവിഭിന്നഭൂമ്നഃ
വക്ഷ്യേ പരസ്യ പുരുഷസ്യ സമാനരൂപ
മർച്ചാവിധിം സഹ പൃഥക്‍ ച വിശേഷയുക്തം.”
എന്ന തന്റെ പ്രതിജ്ഞ അനുസരിച്ചു വിഷ്ണു, ശിവൻ, ശങ്കരനാരായണൻ, ദുർഗ്ഗ, സ്കന്ദൻ, ഗണപതി, ശാസ്താവു് എന്നീ ഏഴു ദേവതകളുടെ അർച്ചാവിധിയും അദ്ദേഹം പ്രതിപാദിക്കുന്നു.

20.41മാനവവാസ്തുലക്ഷണം

തന്ത്രസമുച്ചയത്തിനുപുറമേ മാനവവാസ്തുലക്ഷണം എന്നൊരു ഗ്രന്ഥംകൂടി ചേന്നാസ്സുനമ്പൂരിപ്പാടു രചിച്ചിട്ടുണ്ടു്. ഇതിനു മനുഷ്യാലയചന്ദ്രിക എന്നും പേരുണ്ടു്. പ്രസ്തുത ഗ്രന്ഥത്തിന്റെ വ്യാഖ്യാതാവു്, “അയം കവിഃ, മയാ തന്ത്രസമുച്ചയേ ദേവാലയലക്ഷണമുക്തം; മനുഷ്യാലയലക്ഷണം കുത്രാപി നോക്തഞ്ച; തസ്മാദിദാനീം തന്ത്രസമുച്ചയാൽ കതിപയപദ്യാനി യഥാവകാശമുദ്ധൃത്യ തൈസ്സഹചതുശ്ചത്വാരിംശദ്ഭിഃ ശ്ലോകൈർമ്മനുഷ്യാലയ ലക്ഷണം വക്ഷ്യാമീതി നിശ്ചിത്യ തത്രാദൗ പ്രഥമേന ശ്ലോകേനേഷ്ടദേവതാനമസ്കാരം ചികീർഷിത പ്രതിജ്ഞാഞ്ചാഹ” എന്നു പ്രസ്താവിച്ചിട്ടുള്ളതിൽനിന്നാണു് ഈ വസ്തുത വെളിപ്പെടുന്നതു്. ശ്ലോകം അടിയിൽ ചേർക്കുന്നു:

“പ്രണമ്യ വിശ്വസ്ഥപതിം പിതാമഹം
നിസർഗ്ഗസിദ്ധാമലശില്പനൈപുണം
മയാ വിവിച്യാഗമസാരമീര്യതേ
സമാസതോ മാനവവാസ്തുലക്ഷണം.”
വ്യാഖ്യാതാവു് ആരെന്നറിയുന്നില്ല. പ്രസ്തുതഗ്രന്ഥത്തിൽ നൂതനമായി നാല്പത്തിനാലു് ശ്ലോകങ്ങളേയുള്ളു. പിന്നീടു ശില്പരത്നത്തിൽനിന്നു ചില ശ്ലോകങ്ങൾകൂടി എടുത്തു ചേർത്തു ഷട്പഞ്ചാശിക എന്ന പേരിൽ അതു് ഏതോ ഒരു പണ്ഡിതൻ വികസിപ്പിച്ചിട്ടുള്ളതായും കാണുന്നു.

മനുഷ്യാലയനിർമ്മാണത്തിനു യോഗ്യമായ പ്രദേശമേതെന്നു താഴെ കാണുന്ന ശ്ലോകത്തിൽ നിർണ്ണയിച്ചിരിക്കുന്നു:

“ഗോമർത്ത്യൈഃ ഫലപുഷ്പദുഗ്ദ്ധതരുഭിശ്ചാഢ്യാ സമാ പ്രാക്പ്ലവാ
സ്നിഗ്ദ്ധാ ധീരരവാ പ്രദക്ഷിണജലോപേതാശുബീജോദ്ഗമാ
സംപ്രോക്താ ബഹുപാംസുരക്ഷയജലാ തുല്യാ ച ശീതോഷ്ണയോഃ
ശ്രേഷ്ഠാ ഭൂരധമാ സമുക്തവിപരീതാ മിശ്രിതാ മധ്യമാ.”
മാനവവാസ്തുലക്ഷണത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനമുണ്ടു്; അതു് ആരുടെ കൃതിയെന്നറിയുന്നില്ല.

20.42തന്ത്രസമുച്ചയവ്യാഖ്യകളും ശേഷസമുച്ചയവും

തന്ത്രസമുച്ചയത്തിനു വിമർശിനിയെന്നും വിവരണമെന്നും രണ്ടു പ്രസിദ്ധങ്ങളായ വ്യാഖ്യകളുണ്ടു്. ആദ്യത്തേതു ഗ്രന്ഥകാരന്റെ പുത്രനായ ശങ്കരൻനമ്പൂതിരിപ്പാട്ടിലേയും. രണ്ടാമത്തേതു ശിഷ്യനും കൃഷ്ണശർമ്മാവുമായ മറ്റൊരു ബ്രാഹ്മണന്റേയും കൃതികളാണു്.

“യസ്യ ഹി തന്ത്രസമുച്ചയരചനാല്ലോകേ സമുത്ഥിതാ കീർത്തിഃ
തൽപുത്രേണ കൃതേയം ശങ്കരനാമ്നാ വിമർശിനീ വ്യാഖ്യാ”
എന്നു വിമർശിനിയിലും

“ഗുരൂൻ ഗണാധിരാജഞ്ച നത്വാ ഗുരുനിദേശതഃ
തൽകൃതം വിവരിഷ്യാമഃ സ്ഫുടം തന്ത്രസമുച്ചയം”
എന്നു വിവരണത്തിലും പ്രസ്താവനയുണ്ടു്. തന്ത്രസമുച്ചയത്തിന്റെ പൂരണമായ ശേഷസമുച്ചയവും വിവരണകാരൻ രചിച്ചതാണു്.

“യോയം തന്ത്രസമുച്ചയോ ഗുരുകൃതോ യത്തത്ര സാരഗ്രഹാൽ
തച്ഛിഷ്യാഗമസാരസംഗ്രഹതയേഹാരഭ്യമാണേ തതഃ
ഗ്രാഹ്യം ശേഷസമുച്ചയേ സുകുശലൈസ്സാമാന്യകർമ്മാഖിലം
യോഽജാദ്യേഷു വിശേഷ ഏഷ നിഖിലസ്സു വ്യക്തമത്രോച്യതേ.”
എന്നു ഗ്രന്ഥകാരൻ പ്രാരംഭത്തിൽ തന്റെ ഉദ്ദേശ്യത്തെ വിശദീകരിക്കുന്നു. എങ്ങനെ തന്റെ ഗുരു വിഷ്ണ്വാദികളായ ഏഴു ദേവതകളുടെ അർച്ചനാപ്രകാരങ്ങൾ വിവിധ ഗ്രന്ഥങ്ങളിൽ വിപ്രകീർണ്ണങ്ങളായി കിടന്നിരുന്നതു സമുച്ചയിച്ചുവോ അതുപോലെതാനും തദവശിഷ്ടന്മാരായ ബ്രഹ്മാദിദേവതകളെ സംബന്ധിച്ചുള്ള തന്ത്രവിധികൾ ഒരിടത്തു് ഒന്നിച്ചു പ്രദർശിപ്പിക്കുവാൻ ആഗ്രഹിക്കുന്നു എന്നാണു് അദ്ദേഹം നമ്മെ ധരിപ്പിച്ചിരിക്കുന്നതു്.

“ബ്രഹ്മാർക്കവൈശ്രവണകൃഷ്ണസരസ്വതിശ്രീ
ഗൌര്യഗ്രജാ ദദതു കാള ്യപി മാതരോ മേ,
ക്ഷേത്രാധിപോ ഗുരുരുജിദു് ഗിരിശാദിരൂപാ
ഇന്ദ്രാദയോപി നമതേഽഭിമതം പ്രസന്നാഃ”
എന്ന പദ്യത്തിൽ അദ്ദേഹം താൻ തന്ത്രപ്രതിപാദനത്തിനായി സ്വീകരിക്കുന്ന ദേവതകളുടെ നാമധേയങ്ങൾ സംഘടിപ്പിച്ചിരിക്കുന്നു. ബ്രഹ്മാവു്, ആദിത്യൻ, കുബേരൻ, ശ്രീകൃഷ്ണൻ, സരസ്വതി, ലക്ഷ്മി, ഗൌരി, ജ്യേഷ്ഠ, ഭദ്രകാളി, മാതൃക്കൾ, ക്ഷേത്രപാലൻ, ബൃഹസ്പതി, രുജിത്തു്, ഇന്ദ്രാദി ദിക്‍പാലന്മാർ, എന്നിവരാണു് ആ ദേവതകൾ. കൃഷ്ണശർമ്മാവു ഗുരുവായൂർക്കു സമീപമുള്ള കൈനിക്കരക്കടലാടി എന്ന ഇല്ലത്തിലെ ഒരംഗമായിരുന്നു എന്നു ചില തന്ത്രിമാരുടെ ഇടയിൽ ഒരൈതിഹ്യമുള്ളതായി കേൾവിയുണ്ടു്; ഇതിന്റെ സൂക്ഷ്മതത്വം അറിയുവാൻ രേഖയൊന്നുമില്ല.

20.43കൂടല്ലൂർ നാരായണൻ നമ്പൂതിരിപ്പാടു്

പതിനെട്ടരക്കവികളുടെ കൂട്ടത്തിൽ പെട്ട തിരുവേഗപ്പുറക്കാരായ അഞ്ചു നമ്പൂരിമാർ ആരെന്നറിയുന്നില്ല. കാക്കശ്ശേരിയുടെ ഗുരുനാഥനായ നാരായണൻ അവരിൽ ഒരാളായിരിക്കാം. അവരും മുല്ലശ്ശേരി ഭട്ടതിരിയും രചിച്ചിട്ടുള്ള കൃതികളൊന്നും കണ്ടുകിട്ടീട്ടില്ല. കാക്കശ്ശേരിയുടെ ഗുരുവായ നാരായണനാണു് സുഭദ്രാഹരണകാരൻ എന്നു വെളിപ്പെടുന്നപക്ഷം അദ്ദേഹവും, അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായ ജാതവേദസ്സും അഷ്ടമൂർത്തിയും പിതൃവ്യന്മാരായ രാമനും ഉദയനുമാണു് തിരുവേഗപ്പുറക്കാരായ അഞ്ചു സദസ്യന്മാർ എന്നു സങ്കല്പിക്കാം. പക്ഷേ അതിനൊന്നും തെളിവില്ല. സുഭദ്രാഹരണം രചിച്ച നാരായണൻ ആരെന്നാണു് പ്രകൃതത്തിൽ പ്രശ്നം.

20.44ഏതു നാരായണൻ?

കാക്കശ്ശേരിയുടെ ഗുരുനാഥനായ നാരായണൻനമ്പൂരിയാണു് സുഭദ്രാഹരണകാരൻ എന്നു ചിലർ ഉറപ്പിച്ചു പറഞ്ഞുതുടങ്ങിയിരിക്കുന്നു. അധോലിഖിതങ്ങളായ പദ്യങ്ങളിൽ ആദ്യത്തേതു് ആരംഭത്തിലും രണ്ടാമത്തേതു് അവസാനത്തിലുമുള്ളതാണു്:

“നിളോപകണ്ഠാഭരണാദ്വിനീതാ
ദ്യോ ബ്രഹ്മദത്താദജനി ദ്വിജേന്ദ്രാൽ
രാമോദയാചാര്യപിതൃവ്യചുഞ്ചുർ
ന്നാരായണോസൌ കവിരസ്യ കർത്താ.”

“വിശ്വാമിത്രസ്യ ഗോത്രേ ദ്വിജമണിരഭവദ്
ബ്രഹ്മദത്താഭിധാനഃ
ശ്രാദ്ധസ്വാധ്യായപൂതസ്സകലഗുണനിധി
ശ്ശാസ്ത്രവിൽ കാവ്യശൌണ്ഡഃ
അന്തേവാസീ വിപശ്ചിദ്വിപഹരിണഭൃതോർ
ജ്ജാതവേദോഷ്ടമൂർത്ത്യോ
സ്തൽസൂനുഃ കാവ്യമേതദ്വ്യധിത ബുധമുദേ
ഖ്യാതനാരായണാഖ്യഃ.”
ഈ പദ്യങ്ങൾ കവി വിശ്വാമിത്രഗോത്രജനും ശാസ്ത്രജ്ഞനും കവിയുമായ ബ്രഹ്മദത്തൻ നമ്പൂരിയുടെ പുത്രനായിരുന്നു എന്നും അദ്ദേഹത്തിനു ജാതവേദസ്സെന്നും അഷ്ടമൂർത്തിയെന്നും രണ്ടു ഗുരുക്കന്മാരും, രാമനെന്നും ഉദയനെന്നും രണ്ടു പിതൃവ്യന്മാരും ഉണ്ടായിരുന്നു എന്നും ആ പിതൃവ്യന്മാർ മൂലമാണു് (അവരുടേയും അന്തേവാസിത്വംമൂലമായിരിക്കണം) താൻ വിഖ്യാതനായതു് എന്നും ഭാരതപ്പുഴയുടെ സമീപത്തായിരുന്നു അദ്ദേഹത്തിന്റെ ഇല്ലമെന്നും ഖ്യാപനംചെയ്യുന്നു. ‘നിളോപകണ്ഠ’ത്തിലല്ലാ, ‘നിളാസഹചരീ’ തീരത്തിലായിരുന്നു കാക്കശ്ശേരിയുടെ ഗുരുനാഥനായ നാരായണന്റെ ഗൃഹമെന്നു നാം കണ്ടുവല്ലോ. അതുപോകട്ടെ. ഒരു മഹാവൈയാകരണനായിരുന്ന അദ്ദേഹത്തെ ആ ശാസ്ത്രത്തിലും പാരംഗതനായിരുന്ന കാക്കശ്ശേരി ഒരു പാർവ്വതീഭക്തനെന്നും പ്രാജ്ഞോത്തമൻ എന്നും മാത്രം വർണ്ണിച്ചാൽ മതിയാകുമോ? പോരാ. തിരുവേഗപ്പുറയിൽ കിഴവപ്പുറം എന്നൊരില്ലമുണ്ടെന്നും ‘വിനീതാൽ’ എന്ന ശബ്ദംകൊണ്ടു് ആ ഇല്ലത്തെ ഗ്രഹിക്കണമെന്നുമാണു് എതിർകക്ഷികളുടെ വാദം. അതു സുഭദ്രാഹരണകാരന്റെ മതത്തിനു വിപരീതമാകുന്നു. “വിനീതാൽ=ശാസ്ത്രാനുഗതാൽ” എന്നാണു് ആ ശബ്ദത്തിനു് അദ്ദേഹത്തിന്റെ വ്യാഖ്യാനം. കൂടല്ലൂരില്ലത്തിൽ അന്നു ശാസ്ത്രജ്ഞന്മാരില്ലായിരുന്നു എന്നും പിൽക്കാലത്തു മാത്രമാണു് അതിലെ അംഗങ്ങൾ വ്യാകരണത്തിൽ പ്രവീണന്മാരായിത്തീർന്നതു് എന്നുമാണു മറ്റൊരു വാദം. ഉദ്ദണ്ഡശാസ്ത്രികളെ അന്നത്തെ കൂടല്ലൂർ അച്ഛൻനമ്പൂതിരിപ്പാടു പദമഞ്ജരിയിൽ പരീക്ഷിക്കുവാൻ ഒരുമ്പെട്ടു എന്നുള്ള ഐതിഹ്യത്തിനു് ആ വാദം കടകവിരുദ്ധമായി നിലകൊള്ളുന്നു. കൂടല്ലൂരിൽ പതിന്നാലു തലമുറക്കാലത്തേക്കു മാത്രമേ വ്യാകരണപാണ്ഡിത്യം അനുസ്യൂതമായി നിലനില്ക്കുകയുള്ളു എന്നു ഒരു സങ്കല്പമുണ്ടായിരുന്നതായും, ആ സങ്കല്പമനുസരിച്ചു് 1060-ആമാണ്ടിടയ്ക്കു ജീവിച്ചിരുന്ന ഉണ്ണി നമ്പൂരിപ്പാടോടുകൂടി ആ പാണ്ഡിത്യം അസ്തമിച്ചു എന്നും ഒരൈതിഹ്യം ഞാൻ കേട്ടിട്ടുണ്ടു്. ആ ഐതിഹ്യം യഥാർത്ഥമാണെന്നു വന്നാൽക്കൂടിയും, ഒരു തലമുറയ്ക്കു മുപ്പതു കൊല്ലം കണക്കാക്കുന്നതായാൽ എന്റെ അനുമാനത്തിനു ക്ഷതിയില്ല. അതിനുമുൻപു വൈയാകരണന്മാരേ ആ ഗൃഹത്തിൽ ജനിച്ചിട്ടില്ല എന്നു സമർത്ഥിക്കുന്നതിനും ആ ഐതിഹ്യം ഉപയോഗപ്പെടുന്നില്ല. കൂടല്ലൂർമനക്കാർ വിശ്വാമിത്രഗോത്രക്കാരാണു്; അവരിൽ ഒരാൾ നിർമ്മിച്ച കാവ്യമാണു് സുഭദ്രാഹരണം എന്നു് എനിക്കു കേട്ടുകേൾവിയുള്ള ഐതിഹ്യത്തെ ഞാൻ അവിശ്വസിക്കണമെങ്കിൽ അതിനു കൂടുതൽ തെളിവു വേണ്ടിയിരിക്കുന്നു. കാക്കശ്ശേരിയുടെ ഗുരുനാഥനും ആ ഗോത്രത്തിൽ ജനിച്ച ആളാണെന്നുള്ളതു സുഭദ്രാഹരണത്തെത്തന്നെ അവലംബിച്ചുള്ള ഒരു സങ്കല്പമാകയാൽ അതിനു യാതൊരു വിലയുമില്ല. പിന്നീടൊരു വാദം കൂടല്ലൂർക്കാർക്കു നിളോപകണ്ഠവുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്നാണു്. ആ വാദം നിരാസ്പദമെന്നു കാണിക്കാൻ കൂടല്ലൂർ നീലകണ്ഠൻ നമ്പൂരിപ്പാട്ടിലെ സഹസ്രനാമഭാഷ്യത്തിൽനിന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകം പ്രയോജകീഭവിയ്ക്കുമെന്നു വിശ്വസിക്കുന്നു:

“ജജ്ഞേ യജ്ഞേശ്വരഃ പ്രാഗുപനിളമധിപോ
യജ്വനാമാഹിതാഗ്നി
സ്തദ്വംശോദ്ഭൂതനാരായണബുധവരജാദു്
ഗോത്രജാദു് ഗാധിസൂനോഃ
നാഗശ്രേണ്യാഖ്യദേശോദ്ഭവജനനജൂഷോ
ബ്രഹ്മദത്തദ്വിജേന്ദ്രാ–
ജ്ജാതോ നാമ്നാം സഹസ്രം വ്യവൃണുത ഗുരുകാ
രുണ്യതോ നീലകണ്ഠഃ.”
യജ്ഞേശ്വരൻ മേഴത്തോളഗ്നിഹോത്രിയാണെന്നും അദ്ദേഹത്തിന്റെ വംശജന്മാരാണു് കൂടല്ലൂർ (നാഗശ്രേണി = നാറേരി) ഇല്ലക്കാർ എന്നും പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. നിളോപ കണ്ഠത്തിലാണു് മേഴത്തോൾ നിവസിച്ചിരുന്നതെങ്കിൽ അദ്ദേഹത്തെത്തുടർന്നു കൂടല്ലൂർകാർ അവിടെ വളരെക്കാലം താമസിച്ചിരുന്നിരിക്കാമെന്നും ഊഹിക്കുന്നതിൽ യാതൊരപാകത്തിനും മാർഗ്ഗമില്ലല്ലോ. കൂടല്ലൂരിൽ ആരാണു് വൈയാകരണനെന്നും അകവൂരിൽ എന്നാണു് തിരുവോണമെന്നും തിരിച്ചറിയുവാൻ നിവൃത്തിയില്ലെന്നു് ഒരു പഴഞ്ചൊല്ലുണ്ടു്. ആശ്ചര്യകരമായ ആ പാരമ്പര്യം കൂടല്ലൂർ മനക്കാർ അടുത്തകാലംവരെ അനുസ്യൂതമായി പരിപാലിച്ചുപോന്നിരുന്നു.

“കൗമുദീപിപഠിഷാ യദി തേ സ്യാൽ
പഞ്ചവത്സരമനന്യവിചാരഃ
സംഗമാലയമഹീസുരവര്യ
സ്യാലയേ വസ കൃപാനിലയസ്യ.”
എന്നൊരു മുക്തകമുണ്ടു്. അഞ്ചു സംവത്സരം തദേകതാനന്മാരായി കൂടല്ലൂർ മനയ്ക്കൽ ചെന്നു സിദ്ധാന്തകൗമുദി വായിക്കാമെങ്കിൽ ആർക്കും നല്ല വൈയാകരണന്മാരാകാമെന്നാണു് ഈ ശ്ലോകത്തിന്റെ അർത്ഥം. നാരായണൻ നമ്പൂതിരിപ്പാടു് ജീവിച്ചിരുന്നതു മാനവിക്രമമഹാരാജാവിന്റെ കാലത്തുതന്നെയായിരിക്കണം. അദ്ദേഹവും പതിനെട്ടരക്കവികളുടെ കൂട്ടത്തിൽ പെട്ടിരുന്നു എന്നു തോന്നുന്നു. ഏതായാലും മേല്പുത്തൂർ ഭട്ടതിരി “ഭുക്താഃ പീനാ അതിഥയ ഇത്യാദൗ തു കർമ്മാവിവക്ഷയാ അകർമ്മകത്വാൽ കർത്തരി ക്ത ഇതി സുഭദ്രാഹരണേ” എന്നു പ്രക്രിയാസർവസ്വത്തിൽ പറഞ്ഞുകാണുന്നതുകൊണ്ടു കൊല്ലം 7-ആം ശതകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലമെന്നുള്ളതിനു സന്ദേഹമില്ല.

20.45സുഭദ്രാഹരണം

20 സർഗ്ഗങ്ങൾ അടങ്ങിയ ഒരു വിശിഷ്ടമായ മഹാകാവ്യമാകുന്നു സുഭദ്രാഹരണം. ഭട്ടികാവ്യംപോലെ വ്യാകരണപ്രക്രിയകളെ ഉദാഹരിക്കുന്നതിനു വേണ്ടിയാണു് കവി പ്രസ്തുത കൃതി രചിച്ചതു്.

“മുനിത്രയീപാദഭുവഃ പരാഗാ
മൃജന്തു ചേതോമുകുരം മമേമം
വാഗർത്ഥരൂപാ ശിവയോസ്തനുസ്സാ
യഥോഭയീഹ പ്രതിബിംബിതാ സ്യാൽ.

സുദുസ്തരം വ്യാകരണാംബുരാശിം
മനസ്തരിത്രേണ വിഗാഹ്യ ലബ്ധൈഃ
സുശബ്ദരത്നൈ രചയാമി ഹാരം
കാവ്യം സുഭദ്രാഹരണാഭിധാനം.”
എന്നീ പദ്യങ്ങൾ നോക്കുക. അർജ്ജുനരാവണീയകാരനെപ്പോലെ അഷ്ടാധ്യായിയിലെ ഓരോ സൂത്രത്തിനും ആനുപൂർവ്വികമായി ഉദാഹരണം പ്രദർശിപ്പിക്കുന്നില്ലെങ്കിലും അതിലെ പ്രധാനസൂത്രങ്ങളൊന്നും കവി സ്പർശിക്കാതെ വിടുന്നില്ല. പ്രകീർണ്ണകാണ്ഡം, സാർവകാലികകൃദധികാരം, കാലവിശേഷാശ്രയകൃദധികാരം, അവ്യയകൃതി, പ്രാഗ്ദീവ്യതീയവിലസിതം, സ്വാർത്ഥികതദ്ധിതവിലസിതം, സമാസകാണ്ഡം, പ്രക്രിയാകാണ്ഡം, പ്രസന്നകാണ്ഡം ഇങ്ങനെയാകുന്നു ചില സർഗ്ഗങ്ങളുടെ സംജ്ഞകൾ. ഗ്രന്ഥകാരൻതന്നെ തന്റെ കൃതിക്കു വിവരണമെന്നപേരിൽ ഒരു ടീകയും നിർമ്മിച്ചിട്ടുണ്ടു്. ഗണപതി, സരസ്വതി, പാർവ്വതീപരമേശ്വരന്മാർ, വാല്മീകി, വേദവ്യാസൻ എന്നിവരെ വന്ദിച്ചതിനുമേൽ ഗ്രന്ഥകാരൻ ഇങ്ങനെ ഉപന്യസിക്കുന്നു.

“ജയന്തി തേ സൽകവികുഞ്ജരാ യേ
ലിഖന്തി ജിഹ്വാമയതൂലികാഭിഃ
പൃഥഗ്വിധപ്രാതിഭരാഗിണീഭി
ശ്ചിത്രം ജഗദ്ഭിത്തിതലേഷു കാവ്യം.

കഠോരമേകേ സുകുമാരമന്യേ
മാർഗ്ഗം കവീന്ദ്രാ വചസഃ പ്രപന്നാഃ;
മേഘസ്വനേഷൂന്മനസോ മയൂരാ
ഹംസാഃ പുനർനൂപുരശിഞ്ജിതേഷു.”
ഭട്ടികാവ്യത്തെക്കാൾ പ്രസന്നവും ആസ്വാദ്യവുമാണു് സുഭദ്രാഹരണം.

“ദീപതുല്യഃ പ്രബന്ധോയം ശബ്ദലക്ഷണചക്ഷുഷാം
ഹസ്താമർഷ ഇവാന്ധാനാം ഭവേദ്വ്യാകരണാദൃതേ.
വ്യാഖ്യാഗമ്യമിദം കാവ്യമുത്സവസ്സുധിയാമലം
ഹതാ ദുർമ്മേധസശ്ചാസ്മിൻ വിദ്വൽപ്രിയതയാ മയാ.”
എന്നു ഭട്ടിയെപ്പോലെ ഏതു ശാസ്ത്രകാവ്യകാരനും ഒരു സമാധാനം പറയേണ്ടതുണ്ടെങ്കിലും സുഭദ്രാഹരണത്തിൽ അതിന്റെ ആവശ്യകത അത്രതന്നെയില്ല. ഗ്രന്ഥത്തിൽ ഭൂരിഭാഗവും രചിക്കുവാൻ അനുഷ്ടുപ്പുവൃത്തം സ്വീകരിക്കുക നിമിത്തം കവിക്കു വാങ്മാധുര്യവിഷയത്തിൽ താരതമ്യേന സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടു്. ചില ഉദാഹരണങ്ങൾ ഉദ്ധരിച്ചു നമ്പൂരിപ്പാട്ടിലെ കവിതാരീതി വ്യക്തമാക്കാം.

(1) ദ്രൗപദി

“ആഢ്യംഭവിഷ്ണുസ്സുഭഗംഭവിഷ്ണുഃ
സ്ഥൂലംഭവിഷ്ണുഃ സ്തനചക്രവാളഃ
യദ്ദാസ്യമാപ്ത്വാ യുവലോചനാനാം
പ്രിയംഭവിഷ്ണുർവനിതാജനോഽഭൂൽ

അന്ധംഭവിഷ്ണൂൻ പലിതംഭവിഷ്ണൂൻ
നഗ്നംഭവിഷ്ണൂംശ്ച ജനാനനാഥൻ
നിസ്സ്വാനരക്ഷദ്ദയയാശ്രിതാൻ യാ
പരോപകാരൈകരസാർദ്രചിത്താ.”
(2) ഇന്ദ്രപ്രസ്ഥം

“യത്രോത്താനശയൈർഡിംഭൈരഹൃഷ്യന്നംങ്ഗമേജയൈഃ
മുഷ്ടിന്ധയൈരദന്താസ്യൈഃ കുടുംബിന്യഃ സ്തനന്ധയൈഃ;
സരസ്സു പീതപാനീയൈർബഭൗ യൽകൂലമുദ്വഹൈഃ;
അഭ്രംലിഹമഹാശൃംഗൈഃ കകുദ്മദ്ഭിർവഹംലിഹൈഃ;
പാത്രൈഃ പ്രസ്ഥംപചൈർദ്രോണംപചൈര്യത്രാലയാ ബഭുഃ
ഖാരിംപചൈശ്ച വിമലൈരേകദേശനിവേശിതൈഃ”
(3) ഗംഗാനദി

“സ്വാദീയോരസസമ്പൂർണ്ണാം ഗഗനദ്രുമമഞ്ജരീം
വീചീസ്ഫടികസോപാനപദവീം ദേവതാപുരഃ
പൃതനാം ധർമ്മരാജസ്യ ബലം പാപസ്യ മഥ്നതീം
ശിതികണ്ഠശിരോമാലാം ഹിമാദ്രേർഹാരവല്ലരീം

കാഞ്ചീം മുക്താമയീമുർവ്യാസ്സാഗരസ്യാഭിസാരികാം
ഗിരിരാജഹിമോൽപീഡസമ്പർക്കാദിവ ശീതളാം:
മധുരാം മൃഡമൗലീന്ദുസുധാസങ്കലനാദിവ
കഠിനാദ്രിശിലാപൃഷ്ഠലുഠനാദിവ നിർമ്മലാം.”

20.46വിവരണം

പ്രസ്തുതശാസ്ത്രകാവ്യത്തിനു വിവരണം എന്ന പേരിൽ കവിതന്നെ ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്.

“സുഭദ്രാഹരണം കൃത്വാ കാവ്യം വ്യാഖ്യാതുമാരഭേ
കാവ്യാദൌ വന്ദിതാ ഏവ താ നമസ്കൃത്യ ദേവതാഃ
പദാനാമപ്രസിദ്ധാനാം ലക്ഷിതാനാം സ്വലക്ഷണൈഃ
വ്യുൽപാദനാഭിരസ്യേദം വ്യാഖ്യാനം സപ്രയോജനം
എന്നിങ്ങനെ ആ നിബന്ധം ഉപക്രമിക്കുന്നു.

“സർവജ്ഞോപ്യലമേകാകീ ന കർത്തുമമലാം കൃതിം;
സൂത്രം സവാക്യഭാഷ്യം ഹി പാണിനീയമപി സ്ഥിതം.

ഇദം വിമൃശ്യ നിശ്ശേഷം മമ കാവ്യം മനീഷിണഃ
ഗ്രാഹ്യം ഗൃഹ്ണന്തു വാ ഹൃഷ്ടാ രുഷ്ടാഃ ക്ഷേപ്യംക്ഷിപന്തു വാ.”
എന്നിവ ആ ഘട്ടത്തിലെ മറ്റു രണ്ടു ശ്ലോകങ്ങളാണു്.

20.47ആനായത്തു കരുണാകരപ്പിഷാരടി

‘സംഭരിത ഭൂരികൃപം’ എന്നു തുടങ്ങുന്ന ഒരു ശ്ലോകത്തിന്റെ പൂർവാർദ്ധം ഉദ്ദണ്ഡശാസ്ത്രികൾ ചൊല്ലവേ അതു “ജംഭരിപുകുംഭിവര” എന്നു തുടങ്ങുന്ന ഉത്തരാർദ്ധം ചൊല്ലി പൂരിപ്പിച്ച ആനായത്തു കരുണാകരപ്പിഷാരടിയെപ്പറ്റി മുമ്പു സൂചിപ്പിച്ചുവല്ലോ. അദ്ദേഹം അക്കാലത്തെ പ്രധാനപണ്ഡിതന്മാരിൽ അന്യതമനായിരുന്നു. പിഷാരടിയുടേതായി ‘കവിചിന്താമണി’ എന്നൊരു കൃതിമാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. അതു സുപ്രസിദ്ധമായ വൃത്തരത്നാകരം എന്ന ഛന്ദശ്ശാസ്ത്രഗ്രന്ഥത്തിന്റെ ടീകയാകുന്നു. ഗ്രന്ഥാരംഭത്തിൽ താഴെ ഉദ്ധരിക്കുന്ന പ്രസ്താവന കാണുന്നുണ്ടു്:

“കൃതാർത്ഥയദ്ഭ്യസ്ത്രൈവിദ്യം നിർമ്മലൈർന്നിജ കർമ്മഭിഃ
ഭൂസുരേഭ്യസ്തപോലക്ഷ്മീഭാസുരേഭ്യോഽയമഞ്ജലിഃ

തസ്മൈ നമോസ്തു ശാസ്ത്രായ ഛന്ദോവിചയനാത്മനേ
യദാഹുരാഗമാദ്യായാ വിദ്യായാ ഗതിസാധനം.

അസ്തി ശ്രീരാജരാജാഖ്യഃ കേരളേഷു മഹീപതിഃ
യൽപ്രതാപബൃഹദ്ഭാനോർവിഷ്ഫുലിംഗായതേ രവിഃ.

യൽകീർത്തികലാശീസിന്ധൗ സന്ധ്യാനൃത്തോദ്ധുരഭ്രമീ
മഥനോദ്ധൂ തമന്ഥാദ്രിമുദ്രാം ധത്തേ മഹാനടഃ

വദാന്യം വാസവാചാര്യം വാഗ്മിനം ച സുരദ്രുമം
യന്നിർമ്മിതവതാ ധാത്രാ ലംഭിതാ ഭാതി കുംഭിനീ.

ധരാധരൈരഗംഭീരൈരുദന്വദ്ഭിരനുന്നതൈഃ
ന ലഭ്യതേ കവയതാം വാചി യസ്യ വയസ്യതാ.

വിദ്യാസ്ഥാനാനി ഭുവനാന്യപി യസ്യ ചതുർദ്ദശ
പ്രൗഢാ പ്രജ്ഞാ സമജ്ഞാ ച സമഭിവ്യാപ്യ വർത്തതേ.

പരസ്പരോപഘാതേന പാർത്ഥിവേഷു കദർത്ഥിതഃ
ത്രിവർഗോ രമതേ യത്ര സമഗ്രസ്സംയതാത്മനി.

അഭൂൽ കശ്ചന നിശ്ശേഷഗുരുസാൽകൃതസമ്പദഃ
സർവവിദ്യാനിധേസ്തസ്യ സാഹിത്യദിശി ദേശികഃ

ശ്രീവൈഷ്ണവകുലോദ്ഭൂതശ്ശേവധിഃ കവിസമ്പദാം
കരുണാകരദാസാഖ്യഃ കമലേക്ഷണനന്ദനഃ,

കുലപാലികയാ മാത്രാ കുശാഗ്രീയമനീഷയാ
സംശിക്ഷിതാക്ഷരതയാ സാക്ഷരൈരഭിരാധിതഃ

സഹസ്രധേനോരുദ്ധൃത്യ സദ്വൃത്തൈഃ ശ്ലോകതർണ്ണകൈഃ
വിദ്വദ്ഗോഷ്ഠ്യാം വിഹരതാ വ്യാഹൃതസ്സ മഹീഭൃതാ.

‘ബഹ്വോഽവലോകിതാ വ്യാഖ്യാ വൃത്തരത്നാകരസ്യ താഃ;
അതോ വ്യാഖ്യാ നിബദ്ധവ്യാ ശ്ലാഘ്യാ പ്രേക്ഷാവതാംത്വയാ
ദയാലവഃ പരാർത്ഥേ ഹി യതന്തേ ഹൃദയാലവഃ,

യല്ലക്ഷണാത്മകതയാ ലക്ഷ്യസ്യാത്ര വിജിഹ്മതാ
തദുദാഹരണഞ്ചാന്യൽ പ്രതിലക്ഷ്മ പ്രകാശ്യതാം.

യദ്യസ്ത്യുപനിഷച്ചിന്താദ്യത്യന്തമുപയുജ്യതേ
പ്രകൃതേ തു പ്രസംഗാനുപ്രസംഗാദപി തന്യതാം.

തതഃ കവയതാം പ്രായോ വ്യാഖ്യേയമുപകാരിണീ;
കവിചിന്താമണിരിതി ഖ്യാതിരസ്യ ഭവിഷ്യതി. ‘

ഇതി ശൈലാർണ്ണവേന്ദ്രസ്യ വചനാമൃതസേചനാൽ
വ്യാചിഖ്യാസാ പ്രരൂഢാന്തരേവമസ്യോദജൃംഭത.”
മേൽകാണിച്ച പദ്യങ്ങളിൽ കരുണാകരൻ താൻ ഒരു (വൈഷ്ണവൻ) പിഷാരടിയായിരുന്നു എന്നും, കുലപാലികയും കമലേക്ഷണനുമായിരുന്നു തന്റെ മാതാപിതാക്കന്മാർ എന്നും, (പിതാവു ബാല്യത്തിൽ മരിച്ചുപോകുകകൊണ്ടോ മറ്റോ) മാതാവാണു് തന്നെ വേണ്ടവിധത്തിൽ വിദ്യ അഭ്യസിപ്പിച്ചതെന്നും, രാജരാജനെന്ന ബിരുദനാമം ധരിച്ചിരുന്ന സാമൂതിരിപ്പാട്ടിലേ സാഹിത്യദേശികത തനിക്കു സിദ്ധിച്ചു എന്നും, അവിടത്തെ നിദേശത്തിനു വിധേയനായാണു് താൻ വൃത്തരത്നാകരത്തിനു ടീക രചിച്ചതെന്നും, അതിനു കവിചിന്താമണിയെന്നു പേർ നല്കിയതുതന്നെ ആ വിദ്വൽപ്രണയിയായിരുന്നു എന്നും ഉപന്യസിക്കുന്നു. പ്രസ്തുത പണ്ഡിതൻ ഉദ്ദണ്ഡന്റെ സമകാലികനാണെന്നുള്ള ഐതിഹ്യം അവിശ്വസനീയമല്ലെങ്കിൽ അദ്ദേഹമാണു് പതിനെട്ടരക്കവികളുടെ പുരസ്കർത്താവായ മാനവിക്രമമഹാരാജാവിന്റെ സാഹിത്യഗുരു എന്നു വന്നുകൂടുന്നു. ‘കരുണാകരസംജ്ഞാംസ്താൻ’ എന്ന വിക്രമീയത്തിലെ ശ്ലോകം നോക്കുക. ആനായത്തു പിഷാരടിമാർക്കു കോഴിക്കോട്ടു രാജകുടുംബത്തിലെ ഗുരുസ്ഥാനം പരമ്പരാഗതമാണു്. അതിനാൽ കവിചിന്താമണികാരൻ ആനായത്തു തറവാട്ടിലേ ഒരംഗമായിരുന്നിരിക്കുവാൻ ഇടയുണ്ടു്. കവി ചിന്താമണി കേരളത്തിൽ ഛന്ദശ്ശാസ്ത്രത്തെസ്സംബന്ധിച്ചുള്ള ഒരു പ്രമാണഗ്രന്ഥമാണു്. മാനവേദചമ്പുവിന്റെ കൃഷ്ണീയമെന്ന വ്യാഖ്യാനത്തിൽ പ്രസ്തുതഗ്രന്ഥത്തിലേ ചില പംക്തികൾ ഉദ്ധരിച്ചുകാണുന്നു.

20.48ആനായത്തു പങ്കജാക്ഷപ്പിഷാരടി

വാസുദേവഭട്ടതിരിയുടെ ത്രിപുരദഹനം എന്ന യമകകാവ്യത്തിനു മൂക്കോലക്കൽ നീലകണ്ഠൻനമ്പൂതിരി ക്രി. പി. എട്ടാംശതകത്തിൽ രചിച്ച അർത്ഥപ്രകാശിക എന്ന വ്യാഖ്യാനത്തിനാണു് പ്രസിദ്ധി എങ്കിലും അതിനെക്കാൾ വളരെ അധികം പ്രശംസനീയമായ ഒരു വ്യാഖ്യാനമാണു് പങ്കജാക്ഷപ്പിഷാരടിയുടെ ഹൃദയഗ്രാഹിണി. ഈ വ്യാഖ്യാനത്തിൽ ഓരോ ആശ്വാസത്തിന്റേയും ഒടുവിൽ “ഇതി വൈഷ്ണവകുലാലം കൃതേഃ കവി (സ) ഹൃദയസാർവമസ്യ കരുണാകരനാമ്നോ വിദ്വൽപ്രവേകസ്യ ഭാഗിനേയേന പങ്കജാക്ഷനാമ്നാ വിരചിതായാം ത്രിപുരദഹനവ്യാഖ്യായാം” എന്നൊരു സൂചികാ വാചകം കാണ്മാനുണ്ടു്. കരുണാകരന്റെ ഭാഗിനേയനായിരുന്നു ഇദ്ദേഹം. ഈ പങ്കജാക്ഷനേയും മാനവിക്രമൻ അദ്ദേഹത്തിന്റെ ഗുരുക്കന്മാരുടെ കൂട്ടത്തിൽ സ്മരിക്കുന്നു എന്നു നാം ധരിച്ചുവല്ലോ. പങ്കജാക്ഷപ്പിഷാരടിക്കു വ്യാകരണാദി ശാസ്ത്രങ്ങളിലുള്ള പരിനിഷ്ഠിതമായ ജ്ഞാനവും വിവിധകോശഗ്രന്ഥങ്ങളിലുള്ള പരിചയവും സർവോപരി ശ്ലാഘനീയമായ സഹൃദയത്വവും അതിവിസ്തൃതമായ ഈ വ്യാഖ്യാനത്തിൽ അനുസ്യൂതമായി പരിസ്ഫുരിക്കുന്നു.

20.49മൂക്കോലയ്ക്കൽ വാസുദേവൻ നമ്പൂരി

രാജശേഖരമഹാകവിയുടെ വിദ്ധസാലഭഞ്ജിക എന്ന നാടികയ്ക്കു മാർഗ്ഗദർശിനി എന്ന പേരിൽ ഒരു കേരളീയമായ വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവായ വാസുദേവൻനമ്പൂരി കരുണാകരപ്പിഷാരടിയുടെ ശിഷ്യനായിരുന്നു. വിദ്ധസാലഭഞ്ജികയിലേ ഇതിവൃത്തംതന്നെ കേരളരാജാവായ വിദ്യാധരമല്ലനും ലാടപുരത്തിലേ രാജാവായ ചന്ദ്രവർമ്മാവിന്റെ പുത്രി മൃഗാങ്കാവലിയും തമ്മിലുള്ള വിവാഹമാകയാൽ കേരളീയർക്കു് അതിനോടു പ്രത്യേകമായ ആഭിമുഖ്യത്തിനു കാരണമുണ്ടു്. പാഠാന്തരമനുസരിച്ചു വിദ്യാധരമല്ലൻ ത്രൈലിംഗനായ കലിംഗരാജാവാണെന്നും ഒരു പക്ഷമില്ലാതില്ല. ഏതായാലും അദ്ദേഹത്തിന്റെ പത്നികളുടെ കൂട്ടത്തിൽ കേരളരാജപുത്രിയായ പത്രവല്ലിയും ഉൾപ്പെട്ടിരുന്നു എന്നു നാലാമങ്കത്തിൽനിന്നു നാം ഗ്രഹിക്കുന്നു. മാർഗ്ഗദർശിനി നാതിവിസ്തരമാണെങ്കിലും മർമ്മസ്പൃക്കായ ഒരു വ്യാഖ്യാനമാണു്. താഴെ ചേർക്കുന്ന ശ്ലോകങ്ങൾ ആ വ്യാഖ്യാനത്തിൽ കാണുന്നു:

“മുക്തിപ്രദാ പദജുഷാം മഹിഷോത്തമാംഗ
വ്യക്തസ്ഥിതിർന്നിഖിലകാംക്ഷിതകല്പവല്ലീ
ഭക്തസ്യ മേ മനസി ഖേലതു സർവകാലം
മുക്തിസ്ഥലീനിലയിനീ പരദേവതാ നഃ.

പ്രത്യക്ഷീകൃതനിശ്ശേഷവിശ്വവിന്യാസമാശ്രയേ
അശേഷവിബുധാധീശം ഗിരീശം രാജശേഖരം.

ചിത്തേ നിധായ കരുണാകരനാമധേയാ
നസ്മദ്ഗുരൂൻ ഗുരുകൃപാഭരപൂരിതാക്ഷാൻ
ശ്രീരാജശേഖരകവീന്ദ്രകൃതേരമുഷ്യാഃ
കിഞ്ചിദ്യതേ പദപദാർത്ഥവിവേകസിദ്ധ്യൈ.

അവിചാരകൃതാന്യത്ര ക്ഷമതാം സകലാന്യപി
ബാലസ്യ ദുർവിനീതാനി മമ മാതേവ ഭാരതീ.”
രാമൻ എന്നൊരു ലേഖകൻ പ്രസ്തുതവ്യാഖ്യാനം പകർത്തുമ്പോൾ

“സാഹിത്യമല്ലകവിനാ നിപുണം നിബദ്ധാ
സൗഹിത്യഹേതുരധികം വിബുധോത്തമാനാം
വ്യാഖ്യാ മനോജ്ഞരസഭാവവിചാരചുഞ്ചു
വ്യാലേഖി കേനചിദിയം ഖലു രാമനാമ്നാ.”
എന്നൊരു ശ്ലോകം ഗ്രന്ഥാന്തത്തിൽ എഴുതിച്ചേർത്തിട്ടുണ്ടു്. മാർഗ്ഗദർശിനീകാരനു സാഹിത്യമല്ലനെന്നൊരു ബിരുദമുണ്ടായിരുന്നു എന്നു് ഇതിൽനിന്നു കാണാം. പോരെങ്കിൽ “ശ്രീകരുണാകരശിഷ്യേണ, സാഹിത്യമല്ലാപരാഖ്യേന, വാസുദേവ കവിനാ വിരചിതായാം” എന്നു് അങ്കാവസാനങ്ങളിൽ കുറിപ്പുമുണ്ടു്.

രാജശേഖരന്റെ കർപ്പൂരമഞ്ജരീസട്ടകത്തിനു പ്രകാശം എന്ന വ്യാഖ്യാനം നിർമ്മിച്ച പ്രഭാകരഭട്ടപുത്രനായ വാസുദേവൻ കരുണാകരശിഷ്യനായ വാസുദേവനാണെന്നു തോന്നുന്നില്ല. അദ്ദേഹം തന്നെപ്പറ്റി സാഹിത്യമല്ലനെന്നോ കരുണാകരശിഷ്യനെന്നോ പ്രസ്തുതടീകയിൽ ഒരു സ്ഥലത്തും പറയുന്നില്ല. മൂക്കോലഭഗവതിയെ ആരംഭത്തിൽ വന്ദിക്കുന്നുമില്ല; എന്നുമാത്രമല്ല തന്റെ കുലോപാസ്യൻ ശ്രീരാമനാണെന്നു പ്രത്യേകം പ്രസ്താവിക്കുന്നുമുണ്ടു്, പ്രഭാകരഭട്ടന്റേയും ഗോമതിയുടേയും പുത്രനായ ഈ വ്യാഖ്യാതാവു കേരളീയനായിരിക്കാം.

ഓരോ ജവനികാന്തരത്തിന്റെ അവസാനത്തിലും “ഇതിശ്രീമദ്വിദ്വദ്വൃന്ദവന്ദിതാരവിന്ദസുന്ദരപദദ്വന്ദ്വകുന്ദപ്രതിമയശഃ പ്രകരപ്രഖരകഠോരകിരണകരപ്രഭപ്രതിഭപ്രഭാകരഭട്ടാത്മജവാസുദേവവിരചിതകർപ്പൂരമഞ്ജരീപ്രകാശേ” എന്നൊരു സൂചിരേഖ കാണുന്നു. ഈ ആത്മപ്രശംസ മാർഗ്ഗദർശനീകാരൻ ചെയ്തിരിക്കാവുന്നതല്ല. സട്ടകവ്യാഖ്യാകാരന്റെ കാലദേശങ്ങൾ അവിജ്ഞാതങ്ങളായിരിക്കുന്നു.

20.50ഉദയൻ, കൗമുദി

ആനന്ദവർദ്ധനന്റെ വിശ്വോത്തരമായ ധ്വന്യാലോകമെന്ന അലങ്കാരഗ്രന്ഥത്തിനു് അഭിനവഗുപ്തന്റെ സുപ്രസിദ്ധമായ ലോചനം എന്ന പേരിലുള്ള വ്യാഖ്യാനത്തെപ്പറ്റി കേട്ടിട്ടില്ലാത്ത സഹൃദയന്മാർ ഉണ്ടായിരിക്കുകയില്ലല്ലോ. ലോചനത്തിനു് ഇതുവരെയായി നമുക്കു കൗമുദി എന്നും അഞ്ജനമെന്നും രണ്ടു വ്യാഖ്യകൾ മാത്രമേ പ്രാചീനങ്ങളായി ലഭിച്ചിട്ടുള്ളൂ. അവ രണ്ടും കേരളീയങ്ങളുമാണു്. അഞ്ജനത്തെപ്പറ്റി യഥാവസരം അന്യത്ര പ്രസ്താവിക്കും. കൗമുദിയുടെ പ്രണേതാവാണു് ഉദയൻ. ലോചനത്തിന്റെ പ്രഥമോദ്യോതത്തിനുള്ള കൗമുദീവ്യാഖ്യാനമേ ഇതുവരെ കണ്ടുകിട്ടീട്ടുള്ളു. അതിന്റെ കർത്താവു് ആ ഉദ്യോതത്തിന്റെ ആരംഭത്തിൽ തന്നെപ്പറ്റി

“ആശംസിതാ രസികലോകചകോരവൃന്ദൈ
രാവിർഭാവന്ത്യുദയതോഽമൃതഗോരുദാരാ
ആചന്ദ്രതാരകമിദം നവകൗമുദീവ
പ്രീതിം ദധാതു ജഗതാം വിവൃതിർമ്മദീയാ”
എന്നും അവസാനത്തിൽ

“ഇത്ഥം മോഹതമോനിമീലിതദൃശാം ധ്വന്യധ്വമാർഗ്ഗേ യതാം
വ്യാഖ്യാഭാസമഹോഷ്മളജ്വരജുഷാം പ്രേക്ഷാവതാം പ്രീതയേ
ഉത്തുംഗാദുദയാൽ ക്ഷമാഭൃത ഉദേയുഷ്യാമമുഷ്യാമയം
കൗമുദ്യാമിഹ ലോചനസ്യ വിവൃതാവുദ്യോത ആർദ്യോ ഗതഃ”
എന്നും പ്രസ്താവിച്ചുകാണുന്നു. “ക്ഷമാഭൃതഃ” എന്ന പദം ഇവിടെ ശ്ലേഷഭംഗിയിൽ പ്രയുക്തമാണെന്നു കരുതേണ്ടിയിരിക്കുന്നതിനാൽ ഉദയൻ ഏതോ രാജകുടുംബത്തിലേ ഒരംഗമാണെന്നു വന്നുകൂടുന്നു. ‘ഉത്തുംഗാൽ’ എന്ന പദം കണ്ടുകൊണ്ടു വ്യാഖ്യാതാവിന്റെ നാമധേയം ഉത്തുംഗോദയനാണെന്നു സങ്കല്പിക്കാവുന്നതല്ല. അതു ക്ഷമാഭൃൽപദവുമായി രണ്ടർത്ഥത്തിൽ ഘടിപ്പിക്കേണ്ട ഒരു വിശേഷണമാണു്. കൗമുദി ലോചനത്തിനു സർവഗ്രാഹിയായ ഒരു വിവരണമാകുന്നു. അതിന്റെ പ്രണേതാവു ചതുശ്ശാസ്ത്രപണ്ഡിതനായിരുന്നു എന്നും ഭാവുകന്മാർ സമ്മതിക്കുന്നതാണു്. ഈ ഉദയൻ കൃഷ്ണഗാഥാകാരന്റെ പോഷകനായ കോലത്തുനാട്ടിലെ ഉദയവർമ്മരാജാവാണെന്നു ചിലർ സങ്കല്പിക്കുന്നതു യുക്തിസഹമാണെന്നു തോന്നുന്നില്ല. അത്ര വലിയ സംസ്കൃതപണ്ഡിതനായിരുന്നു അദ്ദേഹം എന്നു വരികിൽ കൃഷ്ണഗാഥയിൽ ‘പ്രാജ്ഞസ്യ’ എന്ന വിശേഷണം കൊണ്ടുമാത്രം അദ്ദേഹത്തെ വർണ്ണിച്ചു തൃപ്തിപ്പെടുന്നതല്ലായിരുന്നു. എന്നുതന്നെയുമല്ല, ഉദയൻ കൗമുദിയിൽ ആദിദീപകാലങ്കാരത്തിനു് ഉദാഹരണമായി “യഥാ മമൈവ മയൂരദൂതേ കാവ്യേ” എന്ന പീഠികയോടുകൂടി

“സാ ജാഗർത്തി സ്വപിതിച മുധാ മൂകതാമേത്യ ബദ്ധം
ബ്രൂതേ രോദിത്യധികമതുലം ധൈര്യമാലംബതേ ച
മൂർച്ഛാം പ്രാപ്നോത്യപി ച ഭജതേ ചേതനാമിത്യശക്തോ
വക്തും വേധാ അപി വിരഹജവ്യാപൃതീരംഗനാനാം.”
എന്നൊരു ശ്ലോകം ഉദ്ധരിക്കുന്നുണ്ടു്. ഈ ശ്ലോകം നമുക്കു കിട്ടീട്ടുള്ള ‘മയൂരസന്ദേശ’ത്തിൽ നിസ്സാരങ്ങളായ ചില ഭേദഗതികളോടുകൂടി കാണുന്നതുകൊണ്ടു കൗമുദീകാരനും മയൂരദൂതകാരനും ഒരാളാണെന്നു വ്യക്തമാകുന്നു. മയൂരദൂതത്തിലെ നായിക ‘ശ്രീകണ്ഠോർവീപതി’യാൽ ബഹുമതയായ മാരചേമന്തികയും ആ സുന്ദരിയുടെ താമസസ്ഥലം കൊച്ചിരാജ്യത്തിൽപ്പെട്ട ശ്വേതച്ഛദതടവും (അന്നകര) ആണു്. ‘ശ്രീകണ്ഠോർവീപതി’ മനക്കുളത്തു രാജാവാണെന്നു പറയേണ്ടതില്ലല്ലോ. ആ സ്ഥിതിക്കു് ഉദയൻ അന്നത്തെ മനക്കുളത്തു രാജാവുതന്നെ ആയിരുന്നിരിക്കുവാൻ ഇടയുണ്ടു്. മയൂരസന്ദേശത്തെപ്പറ്റി പറയുമ്പോൾ ഈ വസ്തുത കുറേക്കൂടി വിസ്തരിക്കാം. കൗമുദിയുടെ ഒരു മാതൃകാഗ്രന്ഥത്തിൽ അതിന്റെ നിർമ്മാതാവു പരമേശ്വരാചാര്യനാണെന്നു പ്രസ്താവിച്ചുകാണുന്നു. ഈ പരമേശ്വരൻ പക്ഷെ മേഘസന്ദേശത്തിനു ‘സുമനോരമണി’ എന്ന ടിപ്പണി രചിച്ച പയ്യൂരില്ലത്തെ പ്രഥമപരമേശ്വരനാണെന്നു സങ്കല്പിക്കാമെങ്കിലും “ഉത്തുംഗാദുദയാൽ ക്ഷമാഭൃത ഉദേയുഷ്യാം” എന്ന കൗമുദീകാരന്റെ ഉൽഘോഷണത്തെ ഈ കറിപ്പിനെ ആസ്പദമാക്കിമാത്രം തിരസ്കരിക്കാവുന്നതല്ലല്ലോ. കൗമുദിയിൽ ഉദയകൃതമായി

“കുചസീമനി കുടിലദൃശാം ഘുസൃണരസാശ്ശാരദീഷു രജനീഷു
ചന്ദ്രരുചസ്സുന്ദരതാം ദധതി വ്യംഗ്യേഷു ചൈവ സുകവിഗിരഃ”

“അരുണമണിസഹോദരാധരോഷ്ഠം
ഹസദസിതോൽപലപത്രദീർഗ്ഘനേത്രം
മദയതി മധുരം മൃദുസ്മിതം തേ
വദനമിദം മദിരാക്ഷി മാനസം മേ.”

“സത്യംസംഹതിശാലിശീതളപലാശാളീകരാളീകൃതഃ
സ്നിഗ്ദ്ധോദാരഫലാവനമ്രിതമഹാശാഖോപശാഖാഞ്ചിതഃ
ചൂതദ്രോ! ന ന ഭാസി, ഭാസി ന പുനശ്ചേതശ്ചമൽകാരിണീ
രീതിസ്തേ ഗിരിദുർഗ്ഗസങ്കടദുരാരോഹസ്ഥലീതസ്ഥുഷഃ”

“മുഖമിദമലസാക്ഷ്യാ മുക്തലക്ഷ്മോപരോധ
വ്യതികരമിവ ബിംബം ഭാതി പീയൂഷഭാനോഃ;
ഇദമപി വിധുബിംബം കമ്രഘർമ്മാംബുലേശ
സ്ഫുരിതമിവ രതാന്തേ വക്ത്രബിംബം പ്രിയായാഃ.”
എന്നിങ്ങനെ വേറേയും ചില ശ്ലോകങ്ങൾ എടുത്തു ചേർത്തിട്ടുണ്ടെങ്കിലും അവ ഏതു കൃതികളിൽനിന്നാണെന്നു് അറിയുവാൻ നിവൃത്തിയില്ല. ഏതായാലും ഉദയൻ ഒരു പ്രശസ്യനായ ശാസ്ത്രജ്ഞൻ എന്നതിനുപുറമേ പ്രകൃഷ്ടനായ കവിയുമായിരുന്നു എന്നു് ഈ ശ്ലോകങ്ങൾ തെളിയിക്കുന്നു. മൂന്നുനാലു ശ്ലോകങ്ങൾ കൂടി കൗമുദിയുടെ ഉപക്രമത്തിൽനിന്നുതന്നെ പകർത്താം:

“നവരസമയമന്യദ്വിശ്വമന്യവ്യപേക്ഷാ
വിരഹിതമപരോക്ഷം ശശ്വദുന്മീലയന്തീ
കവിസഹൃദയസംസന്മാനസാംഭോജഹംസീ
വിഹരതു ഹൃദി നിത്യം വാങ്മയീ ദേവതാ വഃ.”
“യൽപ്രജ്ഞാശില്പിയന്ത്രസ്ഫുടഘടിതവിവേകാത്മസോപാന പംക്തിം
പ്രാപ്തോർദ്ധ്വോർദ്ധ്വാധിരോഹസ്ഥിതമുപരി ബുധാ വിന്ദതേ വസ്തൂതത്വം;
വാഗ്ദേവീലാസ്യശിക്ഷാക്രമപരികലനാപൂർവരംഗായമാണാ
നാദ്യാനാചാര്യവര്യാനനുദിനമിഹ താൻ ഭാമഹാദ്യാൻ പ്രപദ്യേ.”

“ധ്വനിസമയരഹസ്യവസ്തുതത്വ
പ്രഥനപടിഷ്ഠഗരിഷ്ഠവാക്‍പ്രപഞ്ചാൻ
അഭിമതസുരപാദപാൻ ഗുരൂംസ്താ
നഭിനവഗുപ്തപദാഭിധാനുപാസേ.”

“ഖ്യാതിം നേഹ പ്രതിഷ്ഠാം ജഗതി ഗമയിതും ന പ്രകൃഷ്ടാം വിദുഷ്ടാ
മാവിഷ്കർത്തും നിജാം വാ വിവൃതിവിരചനാ പ്രസ്തുതാവസ്തുതോ നഃ;
തിർത്ഥേനാനേന കാവ്യാമൃതസരസി മനാങ്മങ്ക്തു കാമോസ്മി; തസ്മാ
ന്മന്തും മാ മന്തുമന്തം നനു ദധത മനോ ഹന്ത! മാ മാ മഹാന്തഃ.”
മയൂരസന്ദേശം: ഉദയനാൽ വിരചിതമായ മയൂരസന്ദേശം എന്നൊരു കാവ്യത്തപ്പറ്റി പൂർവഖണ്ഡികയിൽ സൂചിപ്പിച്ചുവല്ലോ. ആ കാവ്യത്തിൽ ആദ്യത്തേ മന്ദാക്രാന്താപദ്യമാണു് അടിയിൽ കാണുന്നതു്:

“ശ്രീകണ്ഠോർവീപതിബഹുമതം മാരചേമന്തികാഖ്യം
മാരസ്യാസ്ത്രം മഹിതമധികൃത്യാധുനാ സാധു ബദ്ധം
ഹൃഷ്യന്മല്ലീമധുരമധുനിഷ്യന്ദ്രി സന്ദേശകാവ്യം
നിവ്യം വിദ്വാൽകവിപരിഷദാമസ്തു കർണ്ണാതിഥേയം.”
ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തിൽ നാം ശ്രീകണ്ഠനെന്നു മാറാപ്പേരുള്ള മനക്കുളത്തു രാജാവു് ബഹുമാനിച്ചിരുന്ന ഈ മാരചേമന്തികയെ സമീക്ഷിക്കുന്നുണ്ടു്. അതിൽ നിന്നു് ഈ കൃതിയുടെ കാലം കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധമാണെന്നു് അനുമാനിക്കാവുന്നതാണല്ലോ.

“സ്വർഗ്ഗാരാമദ്രുമനവലതാസൂനസൗരഭ്യലാഭ
ഗ്രാമേ പുഷ്പന്ധയകുലകളധ്വാനവാചാലിതാശേ
സൗധേ സാധീയസി പരിലസച്ചന്ദ്രപാദാഭിരാമേ
രേമേ വ്യോമസ്പൃശി ദയിതയാ ലാളിതഃ കോപി കാമീ.”
അഭ്രംലിഹമായ ഒരു സൗധത്തിൽ ഒരു കാമുകൻ തന്റെ പ്രേയസിയുമായി രമിച്ചുകൊണ്ടിരുന്നു. ആകാശചാരികൾ ആ ദമ്പതികളെ കണ്ടു്, (“കുർവന്നിച്ഛാവിഹൃതിമുമയാ സംഗതഃ സ്ഫടികാദ്രാവാസ്തേ…ശ്രീകണ്ഠോയം സ്വയമിതി”) ഉമാദേവിയുമായി സ്വൈരസംക്രീഡനം ചെയ്യുന്ന സാക്ഷാൽ ശ്രീകണ്ഠൻ (ശിവൻ) തന്നെയാണു് ആ രജതഗിരിയിൽ സന്നിഹിതനായിരിക്കുന്നതു് എന്നു സങ്കല്പിച്ചു് അവരെ വന്ദിച്ചു. ആ ഭ്രാന്തി കാണവേ കാമുകൻ അവരെ പരിഹസിക്കുകയും അവർ തന്നിമിത്തം ക്രുദ്ധരായി അദ്ദേഹം തന്റെ പ്രാണനാഥയെ വിട്ടുപിരിഞ്ഞു് ഒരു മാസം അന്യസ്ഥലത്തു താമസിക്കണമെന്നു ശപിക്കുകയും ചെയ്തു. (“മഹദവമതിഃ കസ്യനാർത്തിം പ്രസൂതേ?”) മഹാന്മാരെ അവമാനിച്ചാൽ ആർക്കാണു് ആർത്തി ഉണ്ടാകാത്തതു്?

“തേനാവാസോ മമ മധുജിതസ്സന്നിധൗ ക്വാപി പുണ്യേ
ക്ഷേത്ര സ്യാദിത്യഥ സവിനയം പ്രാർത്ഥ്യമാനസ്തഥേതി
പ്രാപ്യ പ്രായാദയമപി സമൈക്ഷിഷ്ട സദ്യസ്സുദൂരേ
സ്യാനന്ദൂരേ വിഗതദയിതാദീനമാത്മാനമേവ.

ദൈത്യാരാതിം ദലിതശതമന്യൂപലോദാരശോഭം
പശ്യന്നേനം ഭുജഗശയനേ കല്പിതസ്വാപസൗഖ്യം
താപോദ്രേകം ദധദപി മുഹുഃ പ്രേയസീവിപ്രയോഗാ-
ദുച്ഛശ്വാസ ക്ഷണമിവ ശനൈരേഷ സഞ്ജാതസംജ്ഞഃ.”
ആ വിരഹകാലം മുഴുവൻ തനിക്കു് ഒരു വിഷ്ണുക്ഷേത്രത്തിൽ കഴിച്ചുകൂട്ടുവാൻ ഇടവരണമെന്നു കാമുകൻ അവരോടു പ്രാർത്ഥിക്കുകയും അവർ അതു് അനുവദിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ദൂരസ്ഥിതമായ തിരുവനന്തപുരത്തു ചെന്നു ചേർന്നു. അവിടെവെച്ചു നായകൻ ലബ്ധസംജ്ഞനായി “വിദ്യുദ്വല്ലീകവചിതനവാംഭോദനീരന്ധ്രിതാശ” മായ ഒരു മയൂരത്തെ കണ്ടുമുട്ടുകയും ആ പക്ഷിയെ തന്റെ സന്ദേശഹരനാക്കി ശ്രീപാർവതിയുടെ നിത്യസാന്നിധ്യത്താൽ പവിത്രവും ‘ശ്വേതച്ഛദതടം’ എന്ന സംജ്ഞയാൽ വിദിതവുമായ തന്റെ നായികയുടെ ദേശത്തേക്കു് അയയ്ക്കുകയും ചെയ്യുന്നു. ശ്വേതച്ഛദതടമെന്നും സിതഗരുത്തീരമെന്നും കവി വ്യപദേശിക്കുന്ന ആസ്ഥലം കുന്നങ്കുളത്തുനിന്നു് അഞ്ചാറു നാഴിക തെക്കുകിഴക്കും ചിറ്റിലപ്പള്ളിക്കു് അടുത്തുമുള്ള അന്നകരയാണെന്നു് ഇറിയുന്നു. ഉമാ, ശ്രീകണ്ഠൻ ഈ രണ്ടു പദങ്ങളും ‘കുർവന്നിച്ഛാവിഹൃതിം’ എന്ന പദ്യത്തിൽ കവി പ്രകടമായി പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥിതിക്കു് ഉമയുടെ കാമുകനായ ശ്രീകണ്ഠൻതന്നെയാണു് സന്ദേശത്തിന്റെ പ്രണേതാവെന്നും, അദ്ദേഹം ഇന്നും ‘ആര്യശ്രീകണ്ഠൻ’ എന്ന ബിരുദപ്പേരുള്ള മനക്കുളത്തു വലിയ രാജാക്കന്മാരിൽ ഒരാളായിരുന്നു എന്നും സാമാന്യം ഉറപ്പിച്ചുതന്നെ പറയാം.

വർക്കല, കൊല്ലം മുതലായ സ്ഥലങ്ങൾ കടന്നു കൊടുങ്ങല്ലൂരിൽക്കൂടി മയൂരം ഇരിങ്ങാലക്കുടയിൽ ചെല്ലണമെന്നു കവി ഉപദേശിക്കുന്നു:

“കർണ്ണശ്ലാഘ്യൈഃ ശ്രുതിജലനിധേഃ കർണ്ണധാരൈർദ്ദ്വിജേന്ദ്രൈർ
ഗ്രാമഃ കോപി ദ്വിജവര! പുരസ്സംഗമാഖ്യോ വിഭാതി”
എന്നു് ആ ഗ്രാമത്തേയും,

“പശ്യേർവിശ്വത്രിതയവിദിതം ശ്വേതഖേയാഖ്യമഗ്ര്യം
ഗ്രാമം; ശ്രീമദ്ധരിഹരമയം യത്ര ജാഗർത്തി തേജഃ”
എന്നു് അതിനു വടക്കുള്ള വെൺകിടങ്ങിനെയും,

“കൈലാസാദ്രേരപി ഭഗവതഃ പ്രേമപാത്രം പവിത്രം
ബ്രഹ്മക്ഷേത്രം ഭുവനവിദിതം ക്ഷേത്രമർദ്ധേന്ദുമൗലേഃ”
എന്നു് അതിനും വടക്കുള്ള ബ്രഹ്മക്കുളത്തേയും അദ്ദേഹം വർണ്ണിക്കുന്നു.

അനന്തരം

“ഇത്ഥം നത്വാ ഹരമഥ ജവാദ്ധാവതോ വാമതസ്തേ
ഗ്രാമഃ ശ്രീമാനഭിനവലതാനാമധേയഃ പ്രഥേത
വിശ്വവ്യാപ്തിം പ്രഥയിതുമിവ സ്വാം നൃണാം വിശ്വവന്ദ്യാ
ഗൗരീ യത്ര സ്ഫുരതി വപുഷാനുക്ഷണം വർദ്ധമാനാ”
എന്നൊരു ഗ്രാമത്തെ കവി പ്രശംസിക്കുന്നുണ്ടു്. ‘അഭിനവലത’ എന്നതു പക്ഷെ ഇളവള്ളിയായിരിക്കാം. പിന്നീടാണു് അന്നകരയെപ്പറ്റിയുള്ള വർണ്ണന:

“യസ്യാം ബിംബീഫലരുചിവിഡംബീനി ബിംബാധരാണി
സ്ത്രീണാം ദൃഷ്ട്വാ വിഘടിതമദാഡംബരാ വിദ്രുമാള ്യഃ
മോക്‍തും പ്രാണാനിവ കിസലയച്ഛത്മനാ വല്ലിപാശാ
നാലംബന്തേ നിജഗളതടീബന്ധമുദ്ബന്ധുകാമാഃ

യസ്യാം മാന്ദ്യം ഗതിഹസിതയോരേവ; മാലിന്യമുദ്രാ
കേശേഷ്വേവ സ്ഫുരതി കുടിലത്വഞ്ച; കാർശ്യപ്രസംഗഃ
മധ്യേഷ്വേവ; സ്തനകലശയോരേവ സംഘർഷയോഗോ;
നേത്രേഷ്വേവ ശ്രുതിപഥസമുല്ലംഘിതാ മഞ്ജുവാചാം.”
നായികയുടെ ഗൃഹനാമം തച്ചപ്പിള്ളി എന്നും നാമധേയം ഉമയെന്നുമായിരുന്നു എന്നു താഴേക്കാണുന്ന ശ്ലോകത്തിൽനിന്നു വെളിപ്പെടുന്നു:

“തച്ചക്ഷുഷ്മൽസുചരിതലതാഫുല്ലമിത്യത്ര മുഖ്യാ
വന്ത്യൌ ച ദ്വൌ സുമതിഭിരുപാദായ വർണ്ണൗ നിബദ്ധം
ഭാഷാമിശ്രോത്തരപദമവദ്യോതിതാർത്ഥം കവീനാം
തച്ചപ്പിള്ളീത്യഖിലവിദിതം നാമധേയം യദീയം.”
“ലബ്ധോമായാ ഇയമിതി ചിരാദർച്ചിതായാഃ പ്രസാദാ
ദത്യാമോദീ ഗുരുജന ഉമേത്യേവ യാമുദ്ഗൃണീതേ;
മാരസ്യാസ്ത്രം മനസിജമനോജിത്വരം പൗഷ്പമന്യൽ
പഞ്ചഭ്യോഽസാവിതി കവിഗണോ മാരചേമന്തികേതി.”
തച്ചപ്പിള്ളി എന്ന പേരിൽ തൃശ്ശൂർ ചെമ്പൂർക്കാവിൽ ഒരു ഭവനമുണ്ടെങ്കിലും അതല്ല ഈ തച്ചപ്പിള്ളി. പ്രസ്തുതകാവ്യം ഒരു മംഗലശ്ലോകംകൊണ്ടാണു് ആരംഭിക്കുന്നതു്; അതു് അടിയിൽ പകർത്തുന്നു:

“അവിരതമദധാരാധോരണീ (ലേഖനോദ്യ-)
ന്മദമധുകരമാലാകൂജിതോദ്ഘോഷിതാശം
മമ മനസി സമിന്ധാം സിന്ധുരേന്ദ്രാനനം തൽ
കിമപി കനകശൈലപ്രസ്ഥസച്ഛായമോജഃ.”
പിന്നീടാണു് “ശ്രീകണ്ഠോർവീപതി” എന്നുള്ള ശ്ലോകം.

തിരുവനന്തപുരത്തെ പ്രശംസിക്കുന്ന ചില ശ്ലോകങ്ങൾ കൂടി ഉദ്ധരിക്കാം:

“കാലേ തസ്മിൻ ബലിമഹനിഷേവാർത്ഥമാഢൌകമാനാൻ
നാനാദിഗ്ഭ്യോ മനുജനിവഹാൻ ഭ്രാതരധ്യക്ഷയേഥാഃ
തത്ര ച്ഛത്രവ്യജനസിചയഛദ്മനാ പദ്മനാഭം
പ്രാപ്താനാസേവിതുമിവ മഹാമേരുശൈലാദ്വിശാലാൽ.

വേണീഭാരൈസ്തിമിരിതദിശോ വക്ത്രപദ്മൈർദ്ദദാനാ
ശ്ചന്ദ്രാദ്വൈതം മൃദുഹസരുചാ ജ്യോത്സ്നികാമാദധാനാഃ
വ്യോമ്നോ ഭൂമ്നഃ കുചഭരനതൈഃ കുഞ്ചിതൈർമ്മധ്യദേശൈ
രാതന്വാനാഃ പുരമൃഗദൃശോ നേത്രയോഃ പാത്രയേഥാഃ.

വക്ത്രൈരച്ഛ ശ്രമജലകണൈ രാഗിഭിശ്ചാധരോഷ്ഠൈ
ർന്നേത്രൈർന്നീലാംബുജദലനിഭൈഃ സ്ഫീതബിബൈർന്നിതംബൈഃ
ഗാത്രൈഃ പീനസ്തനവിനമിതൈശ്ചാരുതാംബൂലഗർഭൈ
ർഗ്ഗണ്ഡാഭോഗൈസ്തരളിതദൃശസ്തത്ര ദൃശ്യാസ്തരുണ്യഃ”
ഉപസംഹാരശ്ലോകമാണു് ചുവടെ ചേർക്കുന്നതു്:

“വിശ്ലേഷാർത്താം മമ സഹചരീമിത്ഥമാശ്വാസ്യ യുക്ത്യാ
പശ്ചാദച്ഛാശയ പരിപത ഭ്രാതരാശാമഭീഷ്ടാം;
സ്മർത്തവ്യോഽഹം പ്രിയസഖ പുനസ്തത്രതത്രാന്തരേ തേ;
മാ ഭൂൽ കാന്താവിരഹഘടനാ കിഞ്ച ജന്മാന്തരേഽപി.”
പൂർവ്വഭാഗത്തിൽ 107-ഉം ഉത്തരഭാഗത്തിൽ 87-ഉം അങ്ങനെ ആകെ 194 ശ്ലോകങ്ങൾ പ്രസ്തുതസന്ദേശത്തിൽ അന്തർഭവിക്കുന്നു.

20.51പന്നിയൂർ കൃഷ്ണൻനമ്പൂരി, ശ്രീകൃഷ്ണപുരാണം

മഹാഭാരതം, രാമായണം എന്നിവപോലെ ഇതിഹാസച്ഛായയിൽ വിരചിതമായ ഒരു ഗ്രന്ഥമാണു് ശ്രീകൃഷ്ണപുരാണം. ഭാരതകഥയാണു് അതിൽ പ്രതിപാദിച്ചിരിക്കുന്നതു്. കവി തന്നെപ്പറ്റി ചിലതെല്ലാം ഉപക്രമത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.

“കൈരളീയോ നിളാതീരേ ഗ്രാമേ ഭൂദാരസംജ്ഞിതേ
കൃഷ്ണോ നാമാഭവദ്വിപ്രോ ഭൃഗുണാം മഹിതേഽന്വയേ.
ബാല്യ ഏവ സ ധർമ്മാത്മാ പുരാണാഭ്യാസകോവിദഃ
വാസുദേവാൽ പരം നാന്യദിതി നിശ്ചയമേയിവാൻ.
ഇതിഹാസപുരാണാഭ്യാം സമ്യഗ്ജ്ഞാതപരാവരഃ
ദ്വൈപായനം മുനിവരം സ മേനേ ഗുരുമാത്മനഃ.
തസ്യൈവം വർത്തമാനസ്യ കൃഷ്ണസ്യോദാരചേതസഃ
പുരാണസംഹിതാം കർത്തുമുൽക്കണ്ഠാ സമജായത.
ആത്മഭക്തസ്യ കൃഷ്ണസ്യ ജ്ഞാത്വാ വ്യാസോ മനീഷിതം
തസ്മൈ വിജ്ഞാനബഹുലാം പ്രദദൗ വിപുലാം മതിം.
ലബ്ധപ്രസാദഃ കൃഷ്ണോഥ പുരാണമകരോന്മുദാ
ദേവദേവപ്രസാദാച്ച ശാസനാച്ച ദ്വിജന്മനാം.
കൃഷ്ണപ്രസാദാൽ കൃഷ്ണേന കൃഷ്ണഭക്തേന ധീമതാ
കൃതം കൃഷ്ണപുരാണം തദ്വിഖ്യാതമഭവദു് ഭുവി.
കൃത്വാ പുരാണം കൃഷ്ണാഖ്യം കൃഷ്ണഃ കൃഷ്ണകൃപാബലാൽ
ദ്വിജേന്ദ്രാൻ ഗ്രാഹയാമാസ ഭക്തിപൂർവ്വമുപാഗതാൻ.
നിളായാ ദക്ഷിണേ തീരേ തം നിഷണ്ണം കദാചന
ദ്രഷ്ടുമഭ്യായയുർവിപ്രാ വേദവേദാംഗപാരഗാഃ

ഉപാഗതാൻ ദ്വിജാൻ ദൃഷ്ട്വാ പ്രത്യുത്ഥാനാസനാദിഭിഃ
പൂജയാമാസ താൻ സർവാൻ കൃഷ്ണോ സ്വിഷ്ണുധിയാ സ്വയം.
സുഖോപവിഷ്ടാൻ വിശ്രാന്താൻ താനുവാചാഥ ഭാർഗ്ഗവഃ.”
ഈ ശ്ലോകങ്ങളിൽനിന്നു കൃഷ്ണപുരാണകർത്താവിന്റെ പേർ കൃഷ്ണൻ എന്നായിരുന്നു എന്നും, അദ്ദേഹം ഭാരതപ്പുഴയുടെ തെക്കേക്കരയിലുള്ള പന്നിയൂർ ഗ്രാമത്തിലേ ഭാർഗ്ഗവവംശജനായ ഒരു നമ്പൂരിയായിരുന്നു എന്നും, പുരാണനിർമ്മിതി കഴിഞ്ഞു് ആ നിബന്ധം ആഗതരായ ബ്രാഹ്മണരെ ചൊല്ലിക്കേൾപ്പിച്ചു എന്നും കാണാവുന്നതാണു്. ഭീഷ്മസ്വർഗ്ഗതി കഴിഞ്ഞു യുധിഷ്ഠിരൻ രാജ്യഭരണം ചെയ്യുന്ന കാലത്തു് ഒരിക്കൽ അർജ്ജുനൻ ശ്രീകൃഷ്ണനോടു് “വിശ്വസ്യാസ്യ ഗതിം കൃത്സ്നം വേത്തുമിച്ഛാമി കേശവ” എന്നു് അഭ്യർത്ഥിക്കുകയും ശ്രീകൃഷ്ണൻ അദ്ദേഹത്തിനു് ആ വിഷയത്തിൽ വേണ്ട ജ്ഞാനം ലഭിക്കുന്നതിനായി പ്രസ്തുതകഥ പറഞ്ഞു കേൾപ്പിക്കുകയും ചെയ്യുന്നു എന്നാണു് പൂർവപീഠിക. ആ കഥ പിന്നീടു് ശതാനീകൻ യുധിഷ്ഠിരനോടു നിവേദനം ചെയ്യുന്നു. അങ്ങനെ ദ്വേധാ കൃഷ്ണപുരാണസംജ്ഞയ്ക്കു് അർഹമായ ഈ വാങ്മയത്തിൽ വനപർവ്വത്തിലെ മാർക്കണ്ഡേയപ്രോക്തമായ രാമായണോപാഖ്യാനത്തിന്റെ അവസാനംവരെയുള്ള ഭാഗത്തോളമേ ലഭിച്ചിട്ടുള്ളു. പുരാണരൂപത്തിലാണു് തന്റെ കൃതി രചിച്ചിരിക്കുന്നതെങ്കിലും താൻ ഒരു നല്ല കവികൂടിയാണെന്നു കൃഷ്ണൻ നമ്പൂരി അങ്ങിങ്ങു സ്ഫുടമായി തെളിയിച്ചിട്ടുണ്ടു്. താഴെക്കാണുന്ന ശർമ്മിഷ്ഠാവർണ്ണനത്തിലേ ചില ശ്ലോകങ്ങൾ പരിശോധിക്കുക:

“ശൃംഗാരരസസർവസ്വദേവതാമാഗതാമിവ,
നിശ്ശേഷദേഹിലാവണ്യഗുണസാരപ്രഭാമിവ,
വിശ്വമാധുര്യസമ്പത്തിയോഗസംഘടിതാമിവ,
സൗന്ദര്യസമുദായശ്രീവിശിഷ്ടപദവീമിവ,

വിധേർവിശിഷ്ടനിർമ്മാണനൈപുണ്യഘടിതാമിവ,
പുഷ്പബാണജഗജ്ജൈത്രസിദ്ധിം മൂർത്തിമതീമിവ,
കാമദേവോപനിഷദാം ദേവതാമുജ്ജ്വലാമിവ,
യുവചിത്തഗജാകർഷവരാങ്കുശശിഖാമിവ,
സൗഭാഗ്യകല്പലതികാപടലീമഞ്ജരീമിവ.”
ഈ പുരാണത്തിനു കുറെ അധികം പഴക്കമുണ്ടു്. കാലമേതെന്നു ഖണ്ഡിച്ചു പറയുവാൻ നിർവ്വാഹമില്ല. കൊല്ലം ഏഴാം ശതകമായിരിക്കാമെന്നു തോന്നുന്നു.

20.52ഉദയവർമ്മചരിതം

ഉദയവർമ്മചരിതം പതിനൊന്നധ്യായങ്ങളിൽ കൊല്ലം എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ഉദയവർമ്മ കോലത്തിരിയുടെ അപദാനങ്ങളെ വർണ്ണിച്ചു പുരാണരീതിയിൽ രചിച്ചിട്ടുള്ള ഒരു കൃതിയാണു്.

“പുനാതു ഭാനുരിത്യുക്തേ കലിസംവത്സരേ പുനഃ
ഹേ വിഷ്ണോ നിഹിതം കൃത്സ്നമിത്യുക്തേഽസ്മിന്നഹർഗ്ഗണേ
പ്രാഗേവ ഭിക്ഷുണാ പ്രോക്തം ചരിതം കോലഭൂപതേഃ
ചകാര ശ്ലോകരൂപേണ രവിവർമ്മമഹീപതിഃ”
എന്നുള്ള പ്രസ്താവനയിൽനിന്നു രവിവർമ്മരാജാവു പ്രസ്തുത ഗ്രന്ഥം നിർമ്മിച്ചതു കൊല്ലം 676-ൽ ആണെന്നു കാണാവുന്നതാണു്. “ഹേ വിഷ്ണോ” ഇത്യാദികലിദിനസംഖ്യതന്നെ കേളല്ലൂർ ചോമാതിരിയുടെ തന്ത്രസംഗ്രഹത്തിലും കാണുന്നു ഈ രവിവർമ്മാ കൊല്ലം 667 മുതൽ 681 വരെ കോലത്തുനാടു പരിപാലിച്ചതായി ചിറയ്ക്കൽ കോവിലകത്തു രേഖയുണ്ടു്. ഉത്തരദേശത്തിൽ, ശിവപുരം എന്ന സ്ഥലത്തു ശൃംഖലക്രോഡൻ എന്ന ബ്രാഹ്മണനോടു വില്വമംഗലത്തു സ്വാമിയാർ ഉദയവർമ്മാ എന്ന പ്രതാപശാലിയായ കോലത്തിരി രാജാവിന്റെ ചരിത്രം പറഞ്ഞുകേൾപ്പിക്കുന്നതായി കവി ഉപക്രമത്തിൽ ഉപന്യസിക്കുന്നു. സോമവംശത്തിൽ ജനിച്ചു മൂന്നു ക്ഷത്രിയസ്ത്രീകൾ ഗോകർണ്ണത്തുപോയി ശ്രീപരമേശ്വരനെ ഭജിച്ചുകൊണ്ടിരുന്നപ്പോൾ കേരളരാജാവായ ചേരമാൻപെരുമാൾ അവിടെ ചെല്ലുകയും അവരെ മൂന്നു പേരെയും വിവാഹം ചെയ്കയും ചെയ്തു. ദ്വിതീയപത്നിയിൽ അദ്ദേഹത്തിനു് അംബാലിക എന്നൊരു പുത്രി ജനിച്ചു; ആ കുമാരിക്കു രവിവർമ്മ എന്ന രാജാവു് ഭർത്താവായി. പെരുമാൾക്കു പിന്നീടു രാജ്യഭാരം ചെയ്തതു് അംബാലികയാണു്. ക്രി. പി. 724-ൽ ആ ദേവിക്കു “ശക്രസദൃശനും പിതൃമാതൃഭയാപഹനു” മായി കേരളവർമ്മാ എന്നൊരു പുത്രൻ ഉണ്ടായി. ആ കേരളവർമ്മാവാണു് കോലവംശം സ്ഥാപിച്ചതെന്നു ഗ്രന്ഥകാരൻ പറയുന്നു; ഇതു മൂഷികവംശത്തിലെ പ്രസ്താവനയ്ക്കു വിരുദ്ധമാണു്. ക്രി. പി. 746-ൽ കേരളവർമ്മാവിന്റെ ഭാഗിനേയി ഉദയവർമ്മാ എന്നൊരു കുമാരനെ പ്രസവിച്ചു. കേരളവർമ്മാവിന്നു പിന്നീടു ഉദയവർമ്മതമ്പുരാൻ രാജ്യഭാരം കൈയേറ്റു. അദ്ദേഹത്തെ പെരുഞ്ചെല്ലൂർ ഗ്രാമക്കാരായ നമ്പൂരിമാർ ഒരവസരത്തിൽ അധിക്ഷേപിക്കുകയുണ്ടായി. തന്നിമിത്തം അദ്ദേഹം കുപിതനായി ഗോകർണ്ണത്തുചെന്നു ഗുണവന്തം, ദീപപത്തനം (വിളക്കൂർ) ഇഡുകുഞ്ജം (ഇഡുകുഞ്ചി) എന്നീ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന വേദവേദാംഗപാരഗന്മാരായ ചില തൗളവബ്രാഹ്മണരെ കോലത്തുനാട്ടിലേക്കു നയിക്കുവാൻ നിശ്ചയിച്ചു. ആ ക്ഷത്രിയവീരന്റെ പ്രഭാവം ശരിക്കു് അറിയാത്ത അവർ

“ശ്രീമൽകോലമഹീപാല ഗോകർണ്ണേഽസ്മിൻ ശിവാലയേ
കോടിതീർത്ഥമിതി ഖ്യാതം പുണ്യം മുനിനിഷേവിതം
ദേവഖാതമഭൂൽ പൂർവമിദാനീം ജീർണ്ണതാം ഗതം:
ത്വയാ ദൃഷ്ടമിദം രാജൻ ദുസ്തീർണ്ണം സാഗരോപമം.
ത്രിരാത്രേണാസ്യ തീർത്ഥസ്യ സുനവീകരണക്രിയാ
ത്വയാ കൃതം ചേദ്രാജേന്ദ്ര ഗമിഷ്യാമസ്ത്വയാ സഹ.”
അതായതു വിശാലമായ ഗോകർണ്ണത്തിലേ കോടിതീർത്ഥം രാജാവു് മൂന്നു ദിവസംകൊണ്ടു നവീകരിക്കുകയാണെങ്കിൽ തങ്ങൾ അദ്ദേഹത്തിന്റെ നാട്ടിലേക്കു പോകാമെന്നു സമ്മതിച്ചു. രാജഭക്തന്മാരായ അദ്ദേഹത്തിന്റെ പ്രജകൾ അതറിഞ്ഞു് ഓരോരുത്തരും ഓരോ വെട്ടുകല്ലുമായി അവിടെച്ചെന്നു മൂന്നു മുഹൂർത്തങ്ങൾകൊണ്ടു് ആ തീർത്ഥം ജീർണ്ണോദ്ധാരണം ചെയ്തു. അതു കണ്ടു് ആശ്ചര്യപരതന്ത്രന്മാരായി രാജാവിന്റെ അപേക്ഷ അനുസരിച്ചു് ആ ബ്രാഹ്മണരും തങ്ങളുടെ തപശ്ശക്തികൊണ്ടു കണങ്കാൽവരെ മാത്രമുണ്ടായിരുന്ന ജലം സരസ്സു മുഴുവൻ പെരുക്കി. ഈ സംഭവം നടന്നതു ‘വൃദ്ധിദാംബ’ എന്ന കലിവർഷത്തിൽ അതായതു ക്രി. പി. 793-ൽ ആയിരുന്നു. അത്തരത്തിൽ സമാഗതരായ തുളുപ്പോറ്റിമാരെ ഉദയവർമ്മ രാജാവു് ആചാരപരിഷ്കാരം ചെയ്തു മലയാളബ്രാഹ്മണരാക്കി. അവരാണു് കേരളത്തിലെ എമ്പ്രാന്തിരിമാരുടെ പൂർവ്വന്മാർ. ഉദയവർമ്മ ചരിതത്തിലെ പ്രതിപാദ്യസംക്ഷേപം ഇത്രമാത്രമാകുന്നു.

20.53ബ്രഹ്മപ്രതിഷ്ഠ

ഇതു രവിവർമ്മകോലത്തിരിയുടെ കാലത്തിനു പിന്നീടുണ്ടായ ഒരു കൃതിയാണു്. ഇതിലും ഉദയവർമ്മരാജാവിന്റെ ബ്രാഹ്മണാനയനം തന്നെയാണു് വിഷയമെങ്കിലും രണ്ടു കൃതികൾക്കും തമ്മിൽ കഥയെസ്സംബന്ധിച്ചു പല വ്യത്യാസങ്ങളും കാണുന്നു. ഒരു എമ്പ്രാന്തിരിയാണു് ഇതിന്റെ പ്രണേതാവു്. നാരദമഹർഷി സുപ്രഭൻ എന്ന ഗന്ധർവനോടു പ്രസ്താവിച്ച ഇതിഹാസത്തെ സൂതൻ ബ്രാഹ്മണരെ പറഞ്ഞു കേൾപ്പിക്കുന്നതാണു് ബ്രഹ്മപ്രതിഷ്ഠയിലെ വിഷയം. പ്രതിഷ്ഠ കൊല്ലം 264-മാണ്ടു നടന്നതായാണു് ഇതിൽ രേഖപ്പെടുത്തുന്നതു്. ആ കാലഗണന ശരിയാണെന്നു തോന്നുന്നില്ല. ഉദയവർമ്മാവു തിരുവല്ലായിൽനിന്നു ദേശികളായ 237 (‘സാഗര’) ഗൃഹക്കാരെ കോലത്തുനാട്ടിലേക്കു കൂട്ടിക്കൊണ്ടു പോയതായും അവർക്കു തൃത്താഴത്തുക്ഷേത്രത്തിന്റേയും അറത്തിൽക്ഷേത്രത്തിന്റേയും ആധിപത്യം നല്കിയതായും മറ്റും പ്രസ്തുതകൃതി ഘോഷിക്കുന്നു. “ഇതി കേരളമാഹാത്മ്യേ കോലരാഷ്ട്രവർണ്ണനേ ഉദയവർമ്മചരിതേ ബ്രഹ്മപ്രതിഷ്ഠാ നാമപ്രകരണം സമ്പൂർണ്ണം” എന്നൊരു വിഷയസൂചീവാചകവും ഒടുവിൽ കാണുന്നുണ്ടു്. ഗ്രന്ഥാരംഭത്തിൽ കവി ചെറുതാഴത്തു ശ്രീരാമനെ വന്ദിക്കുന്നു. അദ്ദേഹം തൃത്താഴത്തുകാരനായ ഒരു എമ്പ്രാന്തിരിയായിരിക്കാം.

“ശ്രീരാഘവം പ്രണമ്യാഹം കൃശാധഃക്ഷേത്രവാസിനം
കോലഭൂപോദയോദന്തം ബ്രാഹ്മണസ്ഥാപനം ബ്രുവേ”
എന്നാണു് അതിലെ മംഗലശ്ലോകം. രണ്ടു കാവ്യങ്ങൾക്കും സാഹിത്യദൃഷ്ട്യാ യാതൊരു വൈശിഷ്ട്യവുമില്ലെങ്കിലും പുരാവൃത്തകഥനം എന്ന നിലയിൽ അവയും നമ്മുടെ ശ്രദ്ധയ്ക്കു വിഷയീഭവിക്കേണ്ടതാണല്ലോ.

20.54ദേശ്യഷ്ടകം

ഇതു സ്രഗ്ദ്ധരാവൃത്തത്തിൽ വിരചിതമായ ഒരഷ്ടകമാകുന്നു. ഉദയവർമ്മചരിതംതന്നെയാണു് ഇതിലേയും കഥാവസ്തു. ഒടുവിൽ അഷ്ടകകാരൻ രവിവർമ്മകോലത്തിരിയുടെ ഉദയവർമ്മചരിതത്തെ സ്മരിക്കുകയും താൻ ഒരു ബ്രാഹ്മണനാണെന്നു പറയുകയും ചെയ്യുന്നു. അദ്ദേഹവും ഒരു ദേശി (എമ്പ്രാന്തിരി) തന്നെയാണെന്നു തോന്നുന്നു.

“ശ്രീമൽകോലക്ഷിതീശോദയനൃപചരിതം
ദേശികാനീതിരൂപം
തദ്വംശ്യേനാത്ര കേനാപ്യഭിഹിതമതിവി
സ്തീർണ്ണമധ്യായയുക്തം
ദേവബ്രഹ്മപ്രതിഷ്ഠാർത്ഥകമിദമുദിതം
സമ്യഗാലോച്യ കേനാ
പ്യുർവീദേവേന സംക്ഷേപത ഇഹ ബുധമോ
ദായ പദ്യാഷ്ടകം സ്യാൽ.”

20.55കൃഷ്ണകവി, ഭരതചരിതം

ഭരതചരിതം എന്ന മനോഹരമായ മഹാകാവ്യത്തിന്റെ പ്രണേതാവാണു് കൃഷ്ണകവി. ചില ഗ്രന്ഥമാതൃകകളിൽ അദ്ദേഹത്തെ കൃഷ്ണാചാര്യനെന്നും വ്യപദേശിച്ചു കാണുന്നു. ശങ്കരകവിയുടെ ശ്രീകൃഷ്ണവിജയത്തിലെന്നപോലെ ഭരണചരിതത്തിലും പന്ത്രണ്ടു സർഗ്ഗങ്ങളുണ്ടു്. ചന്ദ്രോത്സവത്തിൽ ഭരതചരിതത്തിന്റെ അനുകരണം പല ഘട്ടങ്ങളിലും ദൃശ്യമാകുന്നതുകൊണ്ടു് ആ ഗ്രന്ഥത്തിന്റെ രചനയ്ക്കു് അല്പമെങ്കിലും മുൻപാണു് പ്രസ്തുത കൃതിയുടെ ആവിർഭാവമെന്നു അനുമാനിക്കാം. കൊല്ലം ഏഴാംശതകത്തിന്റെ ആരംഭമായിരിക്കാം കവിയുടെ കാലഘട്ടം. പ്രസ്തുതകൃതിക്കു ശബ്ദസൗഭാഗ്യമുണ്ടെങ്കിലും അർത്ഥചമൽക്കാരത്തിലാണു് അതിന്റെ വിജയം ഐദമ്പര്യേണ അധിഷ്ഠിതമായിരിക്കുന്നതു്. ശ്ലേഷപ്രയോഗങ്ങൾ ധാരാളമുണ്ടെങ്കിലും അവയിൽ ക്ലിഷ്ടതയുടെ ലാഞ്ഛനം ഒരിടത്തുമില്ല. ഭരതചരിതം എന്നാണു് ഗ്രന്ഥത്തിന്റെ പേരെങ്കിലും അതിന്റെ ആദ്യത്തെ എട്ടു സർഗ്ഗങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന കഥ ശാകുന്തളംതന്നെയാണു്. പക്ഷേ കൃഷ്ണകവി കാളിദാസന്റെ ഇതിവൃത്തത്തിൽ നിന്നു പല വ്യതിയാനങ്ങളും വരുത്തീട്ടുണ്ടു്. ദുർവാസസ്സിന്റെ ശാപമാകട്ടെ, ദുഷ്ഷന്തന്റെ ഗാന്ധർവ്വവിവാഹവിസ്മൃതിയാകട്ടെ ഭരതചരിതത്തിൽ പരാമൃഷ്ടമാകുന്നില്ല. ആദ്യത്തെ സർഗ്ഗത്തിൽ ‘ജഗദ്ദർശനം’ എന്ന പേരിൽ ഒരു ദർപ്പണരത്നം രാജാവിനു ലഭിക്കുന്നു. തന്നിമിത്തം ആ ചക്രവർത്തിക്കു ദുരസ്ഥിതമോ പ്രച്ഛന്നമോ ആയ ഏതു വസ്തുവിനേയും ദർശിക്കുന്നതിനും അതിനെക്കൊണ്ടു് അതേവിധത്തിൽ തന്നെ ദർശിപ്പിക്കുന്നതിനും ഉള്ള ശക്തി സിദ്ധിക്കുന്നു. തദ്വാരാ അദ്ദേഹം ശകുന്തളയെ കാണുകയും ശകുന്തളയ്ക്കു തന്നെ കാണുവാൻ സംഗതി വരുത്തുകയും ചെയ്യുന്നു. ആ വിധത്തിലാണു് അവർക്കു് അന്യോന്യം അനുരാഗം ഉദിക്കുന്നതു്. ഭരതന്റെ ജനനം 8-ആം സർഗ്ഗത്തിൽ വർണ്ണിക്കുന്നു. ഒൻപതാം സർഗ്ഗത്തിൽ പുത്രനോടുകൂടി ശകുന്തള ഭർത്തൃഗ്രഹത്തിലേയ്ക്കു പോകുകയും അവിടെ ദുഷ്ഷന്തൻ ജനാപവാദത്തിൽ ചകിതനായി ആ സാധ്വിയേയും കുമാരനെയും സ്വീകരിക്കുവാൻ വൈമനസ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിൽനിന്നു് അദ്ദേഹത്തെ ധർമ്മപഥത്തിൽ ഭരതന്റെ രാജ്യാഭിഷേകവും ദിഗ്വിജയപ്രസ്ഥാനവും, പതിനൊന്നാം സർഗ്ഗത്തിൽ ദിഗ്വിജയവും, പന്ത്രണ്ടാംസർഗ്ഗത്തിൽ ദേവേന്ദ്രന്റെ പ്രാർത്ഥനയനുസരിച്ചു് അസുരന്മാരുമായുള്ള യുദ്ധവും പ്രതിപാദിച്ചിരിക്കുന്നു.

20.56കാവ്യശൈലി

ആപാദചൂഡം ഹൃദയഹാരിയായി പ്രശോഭിക്കുന്ന ഈ കാവ്യതല്ലജത്തിൽനിന്നു പ്രണേതാവിന്റെ വിവിധസിദ്ധികൾ പ്രദർശിപ്പിക്കുവാൻ ഏതു ഭാഗമാണു് ഉദ്ധരിക്കേണ്ടതെന്നു രൂപമില്ല. കാവ്യാരംഭത്തിൽ കൃഷ്ണകവി, വാല്മീകി, വേദവ്യാസൻ, കാളിദാസൻ, പ്രവരസേനൻ (സേതുബന്ധകാരൻ), ഭാരവി, ഗുണാഢ്യൻ, സുബന്ധു, ഭട്ടബാണൻ എന്നീ പൂർവ്വസൂരികളെ പ്രശംസിക്കുന്നു. തത്സംബന്ധികളായ പദ്യങ്ങളാണു് താഴെച്ചേർക്കുന്നതു്:

“ആദേശികൗ പദ്യപഥോദ്യതാനാം
രത്നാകരൗ സൂക്തിമഹാമണീനാം
സന്മാർഗ്ഗസന്ദർശനപുഷ്പവന്തൗ
വന്ദേ കവീനാം പ്രഥമൗ മുനീന്ദ്രൗ.

അസ്പൃഷ്ടദോഷാ നളിനീവ ഹൃഷ്ടാ
ഹാരാവലീവ ഗ്രഥിതാ ഗുണൗഘൈഃ
പ്രിയാങ്കപാളീവ വിമർദ്ദഹൃദ്യാ
ന കാളിദാസാദപരസ്യ വാണീ.

ജലാശയസ്യാന്തരഗാഢമാർഗ്ഗ
മലബ്ധബന്ധം ഗിരിചൗര്യവൃത്ത്യാ
ലോകേഷ്വലം കാന്തമപൂർവസേതും
ബബന്ധ കീർത്ത്യാ സഹ കുന്തളേശഃ

പ്രദേശവൃത്ത്യാപി മഹാന്തമർത്ഥം
പ്രദർശയന്തീ രസമാദദാനാ
സാ ഭാരവേഃ സൽപഥദീപികേവ
രമ്യാ കൃതിഃ കൈരിവ നോപജീവ്യാ?

ബൃഹൽകഥാകാരസുബന്ധുബാണാഃ
കേഷാമിവാശ്ചര്യപദം ന തേ സ്യുഃ
യതഃ പ്രസിദ്ധൈരവി ഗദ്യബന്ധൈഃ
ശ്ലോകാനനേകാൻ ഭൂവി തേ വിതേനുഃ.”
ഭാരവിയേയും ബാണനേയും കവി പല പ്രകാരത്തിൽ ഉപജീവിച്ചിട്ടുണ്ടു്. സൽകാവ്യത്തിന്റെ ഉൽകർഷത്തെപ്പറ്റി പല അവസരങ്ങളിലും പ്രശംസിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ദത്താവധാനനാണു്.

“സന്നായകോൽകൃഷ്ടഗുണാ മഹാർത്ഥാ
ലോകോത്തമാലങ്കൃതിരസ്തദോഷാ
വിശുദ്ധവർണ്ണാശ്രമഗുംഭിതാ യാ.”
ഹാരാവലീ കാവ്യകലാഭിരാമാ.”(പ്രതിഷ്ഠാനപുരീവർണ്ണനം)

“യോഗ്യാർത്ഥസംഘടനകൗതുകിനീ രസാർദ്രാ
കേനാപി ഭാഗ്യവിഭവേന വിഭാവ്യമാനാ
ചിന്താപരം തദനു ഭൂപതിമാസസാദ
മാധ്വീ നിസർഗ്ഗമധുരാ കവിതേവ സാധ്വീ.”
ഇത്യാദി പദ്യങ്ങൾ പരിശോധിക്കുക. മാധ്വി എന്ന ദേവലോകപരിചാരികയുടെ ആഗമനമാണു് ഒടുവിലത്തെ ശ്ലോകത്തിലെ വിഷയം. ദിഗ്വിജയഘട്ടത്തിൽനിന്നു ചില പദ്യങ്ങൾകൂടി ഉദ്ധരിക്കാം:

“ഹൃദി ലുഠന്നവമൗക്തികമണ്ഡനാം
ശഫരലോലദൃശം കുമുദസ്മിതാം
ബലഭരേണ മമർദ്ദ മഹീപതിഃ
പ്രിയതമാമിവ രത്നസുവം നദീം.”(താമ്രപർണ്ണീപ്രസ്താവം)

“അഥ ഗിരേരിവ പക്ഷപരമ്പരാം
ജലനിധേരുപരി പ്രവിസാരിതാം
പരശുരാമമഹാസ്ത്രവിനിർമ്മിതാ
മവതതാര മഹീം സ മഹാരഥഃ.

കലിതനീതിരസൗ കില കേരള
ക്ഷിതിപതിഃ പുനരാത്മസമർപ്പണാൽ
അനുവിവേശ ശശീവ ദിവാകരം
രുചിരയാ കലയാ ഭരതം വിഭും.”(കേരളപ്രസ്താവം)
കൃഷ്ണകവിയുടെ “സന്മാർഗ്ഗസന്ദർശനപുഷ്പവന്തൗ” എന്ന പദ്യപാദത്തിന്റെ അനുരണനം “ഹൃദയതിമിരമാലാസൂര്യചന്ദ്രൗ” എന്ന വരിയിലും “മുക്താശ്രിയം ജലനിധേരിവ താമ്രപർണ്ണീ” എന്നതിന്റെ പ്രതിനാദം “മുക്തമയാൻ ജലകണാനിവ താമ്രപർണ്ണീ” എന്ന വരിയിലും ചന്ദ്രോത്സവത്തിൽ നമുക്കു ശ്രവണഗോചരമാകുന്നുണ്ടല്ലോ.

20.57ദേശിങ്ങനാട്ടു് ആദിത്യവർമ്മമഹാരാജാവു്

ദേശിങ്ങനാട്ടു് (കൊല്ലം) ആദിത്യവർമ്മമഹാരാജാവിനെപ്പറ്റി പ്രസ്താവനയുള്ള രണ്ടു സംസ്കൃതകാവ്യങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. ഒന്നു യദുനാഥചരിതം എന്ന പദ്യകാവ്യവും മറ്റൊന്നു രാമകഥ എന്ന ഗദ്യകാവ്യവുമാണു്. ആദിത്യവർമ്മാ എന്ന പേരിൽ പല ദേശിങ്ങനാട്ടുരാജാക്കന്മാർ ഉണ്ടായിരുന്നു എങ്കിലും അവരിൽ അഖിലകലാവല്ലഭൻ എന്ന ബിരുദം കൊല്ലം 644 മുതൽ 660 വരെ രാജ്യഭാരം ചെയ്ത ഒരു രാജാവിനുമാത്രമേ കാണുന്നുള്ളൂ. അദ്ദേഹം വടശ്ശേരി ശ്രീകൃഷ്ണസ്വാമിക്ഷേത്രം നവീകരിക്കുകയും ഇന്നു തിരുനൽവേലിജില്ലയിൽ ഉൾപ്പെടുന്നതും എന്നാൽ അക്കാലത്തു ദേശിങ്ങനാട്ടിന്റെ ഒരംശമായിരുന്നതുമായ തിരുക്കുറുങ്കുടിയിലെ മഹാവിഷ്ണുക്ഷേത്രത്തിൽ ഒരു വലിയ മണി നടയ്ക്കുവയ്ക്കുകയും ചെയ്തു. ആ മണി ഇന്നും ആ ക്ഷേത്രത്തിനു് ഒരലങ്കാരമായി പരിലസിക്കുന്നു. അദ്ദേഹത്തിന്റെ ജന്മനക്ഷത്രം വിശാഖമായിരുന്നു. പ്രസ്തുതഘണ്ടയിൽ താഴെക്കാണുന്ന ശ്ലോകം കൊത്തീട്ടുണ്ടു്:

“ശ്രീമൽകോളംബവർഷേ ഭവതി ഗുണമണി
ശ്രേണിരാദിത്യവർമ്മാ
വഞ്ചീപാലോ വിശാഖഃ പ്രഭുരഖിലകലാ
വല്ലഭഃ പര്യബധ്നാൽ
ദ്വാരാലങ്കാരഘണ്ടാം തിലകിതജയസിം
ഹാന്വയഃ ശ്രീകുരംഗ
പ്രോദ്യദ്ധാമ്നോ മുരാരേരധിഗതചിറവായ്
മണ്ഡലേന്ദ്രോ നരേന്ദ്രഃ.”
അദ്ദേഹത്തിന്റെ കാലത്തായിരിക്കും മുൻപറഞ്ഞ രണ്ടു ഗ്രന്ഥങ്ങളുടേയും നിർമ്മിതി എന്നു ഞാൻ ഊഹിക്കുന്നു.

20.58യദുനാഥചരിതം

യദുനാഥചരിതം പത്തു സർഗ്ഗത്തിലുള്ള ഒരു കാവ്യമാകുന്നു. അതിനു ഭാഗവതസംഗ്രഹമെന്നും പേരുണ്ടു്. ദശമസ്കന്ധകഥയാണു് വിഷയം. താഴെപ്പകർത്തുന്ന ശ്ലോകങ്ങൾ അതിന്റെ ആരംഭത്തിൽ കാണുന്നു. ഗ്രന്ഥകാരന്റെ നാമധേയം അജ്ഞാതമാണു്.

“വന്ദാരുജനസന്ദോഹചിന്താസന്താനപാദപം
സന്താനമിന്ദുചൂഡസ്യ വന്ദേ ദന്താവളാനനം.

വാണീഗുണതൃണീഭൂതവീണാമേണാങ്കരോചിഷം
വാണീമാരാധയേ പീനശ്രോണീമേണീവിലോചനാം.

വംശീസംഗീലനപരം ധേനുവൃന്ദാവനേ രതം
വൃന്ദാവനചരം ഗോപീകാമരൂപമുപാസ്മഹേ.

വതംസിനീചകോരാളീസാമ്രാജ്യേനാസ്തമന്യഥാ (?)
കാപി മേ കരുണാ ഭൂയാദരുണാചലഗാ മുദേ.

അസ്തി കൂപകഭൂപാലവംശമംഗലദേവതാ
നിലയസ്സദ്ഗുണാളീനാം രാജ്ഞീ പ്രാജ്ഞൈകസമ്മതാ.

ധന്യാമന്നപ്രദാനേന തന്വതീം ജനസമ്മദം
അന്നപൂർണ്ണേശ്വരീമന്യാം മന്യന്തേ യാം മഹാജനാഃ.

ലാവണ്യസിന്ധോർമ്മഥിതാദാവിർമ്മോദം മനോഭുവാ
ഉദിതാം മന്വതേ ലോകാ മുദിതാം യാം നവാം രമാം.

യൽകീർത്തിനർത്തകീ ദിക്ഷു വിദിക്ഷു ച ക്രതക്രമാ
സ്വർഗ്ഗിണാമാലയം പ്രാപ്യ നിഷ്കളങ്കാദ്യ നൃത്യതി.

സാഹിത്യസാരസർവസ്വപാരീണതളിമേശയാ
ശ്യാമളാ നാടിതസ്വാപാ ഭാതി യൽകുലദേവതാ.

കാമാഗമാർത്ഥസർവ്വസ്വം വാമാംഗേന സമുദ്വഹൻ
ശ്യാമാജീവാതുനാ മൗലിസീമാനമപി ഭൂഷയൻ

യദ്രാജധാന്യാമനിശം കദ്രൂ സുതവിഭൂഷണഃ
സർവത്ര കുശലം കുർവൻ വർവർത്തി പരമേശ്വരഃ.

ഭ്രാതാപി യസ്യ ഭൂലോകത്രാതാ നീതൗ സ്ഥിതസ്സതാം
നിർമ്മാതി നിത്യമാദിത്യവർമ്മാ ശർമ്മാണി മർമ്മവിൽ.

ഈദൃശ്യപി ഗുണൈസ്സർവൈർവൈദുഷ്യം ദധതീ മഹൽ
രാജതേജോമയീ ലോകേ രാജതേ യൽകനീയസീ.

ശ്രാവം ശ്രാവം കഥാ വിഷ്ണോർമ്മോദം മോദം മഹീയസീ
ആജ്ഞാവിധേയസാമന്താ രാജ്ഞീ യാ വർത്തതേ സദാ.

തസ്യാഃ കലാധരാസ്യായാഃ പ്രീത്യൈ മാധ്വീഗിരാ മയാ
സംക്ഷിപ്താ സാക്ഷരപ്രാസാ ക്രിയതേ ഭഗവൽകഥാ.

യദി സന്തിഗുണാഃ കേചിദസ്യാം ഗൃഹ്ണന്തു താൻബുധാഃ;
ന സന്തി ചേദ്ധരികഥാസ്സന്തു തൽകർണ്ണപാരണാഃ.

ന വിദ്യാവിഭവേനേദം ന കവിത്വേന ഭൂയസാ
രചിതം; വൈഷ്ണവീ ഭക്തിർമുഖരീകുരുതേഥ മാം.
ദേശികസ്യ കടാക്ഷേണ രാജ്ഞീവാഗങ്കുശേന ച
ഭക്ത്യാ ച കൃഷ്ണേ പ്രാരബ്ധം ബഹുഭിസ്സാധനൈർമ്മയാ.

അവിഘ്നം വിഘ്നരാജോ മേ വാണീ ശബ്ദാർത്ഥകൗശലം
പ്രാരബ്ധാന്തഗതിം കൃഷ്ണേ വിദധ്യാന്മുദിതാസ്രുയഃ.

അഭൂദഭൂതസാമ്രാജ്യ മധുരാ മധുരാ ഗുണൈഃ
അവരീകൃതപാകാരിനഗരീ നഗരീ ഭുവി.”
കവി ദേശിങ്ങനാടു പരിപാലിച്ചിരുന്ന ആദിത്യവർമ്മമഹാരാജാവിന്റെ കനിഷ്ഠസഹോദരിയായ കൂപകരാജ്ഞിയുടെ ആശ്രിതനായിരുന്നു. ആ രാജ്ഞിയുടെ സൗന്ദര്യം, വൈദുഷ്യം, അന്നദാനശ്രദ്ധ മുതലായ വിശേഷസിദ്ധികളേയും മറ്റും അദ്ദേഹം ഭക്തിപൂർവ്വം പ്രശംസിക്കുന്നു. കവി തന്റെ സ്വാമിനിയുടെ നിദേശത്താലാണു് യദുനാഥചരിതം രചിക്കുന്നതു്. അരുണാചലനാഥനായ ശിവനെ പ്രത്യേകമായി വന്ദിക്കുന്നതിൽനിന്നു് അദ്ദേഹത്തിന്റെ ജന്മഭൂമി ചെങ്ങന്നൂരാണെന്നു് അനുമാനിക്കുവാൻ തോന്നുന്നു. സാക്ഷരപ്രാസമായ പ്രസ്തുത കാവ്യത്തിന്റെ രീതി എന്തെന്നു് “അഭൂദഭൂതസാമ്രാജ്യ” എന്ന പദ്യത്തിൽനിന്നു കാണാവുന്നതാണു്. ചുവടേ ചേർക്കുന്ന രണ്ടു ശ്ലോകങ്ങളോടുകൂടി കാവ്യം അവസാനിക്കുന്നു:

“‘സുത്രാമവിത്തേശപുരീവിഭൂതിം
വിദ്രാവയന്ത്യം നിജയാ സമൃദ്ധ്യാ
സ ദ്വാരകായം പുരി ശാർങ്ഗധന്വാ
പുത്രൈശ്ച പൗത്രൈർമുമുദേ സമേതഃ.

സ്ഥിരീകുർവൻ ധർമ്മം ഭുവി നിരുപമം ധർമ്മജമുഖൈർ
ഭുവോ ഭാരം ഭീമാർജ്ജുനതപനജാദ്യൈഃ പ്രശമയൻ
കലിം തുച്ഛീകുർവന്നതിമഹിതയാത്മീയകഥയാ
രമാനാഥഃ പുര്യാമവസദവസന്നാരിരനിശം.”

20.59വാസുദേവൻ, രാമകഥ

രാമകഥാഗദ്യത്തിന്റെ ആരംഭത്തിൽ അടിയിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണുന്നു:

“സതാം പരിത്രാണപരസ്സുമേധാ
ജിതാരിഷഡ്വർഗ്ഗതയാ മഹീയാൻ
വിഭ്രാജതേ വിശ്രുതവിക്രമശ്രീ
രാദിത്യവർമ്മാ നരലോകവീരഃ.

ചിരായ രക്ഷോപഗമേന കുർവൻ
ഗുർവീം മുദം യസ്സുമനോജനാനാം
മഹീജയോദഞ്ചിതപുണ്യകീർത്തി
രാമോദതേ രാമ ഇവ പ്രകാമം.
തസ്യാജ്ഞയാ സർവജനീനവൃത്തേ
രവിസ്തരാ രാമകഥാ പവിത്രാ
നിബധ്യതേ ഗദ്യമായീ മയേയം
സന്തോഽനുഗൃഹ്ണന്തു നിതാന്തമസ്യാം.”
ഒടുവിൽ

“യം വാസുദേവമനുരൂപമവാപ പുത്രം
നാരായണോ വിമലബുദ്ധിരുമാ തഥാംബാ,
പ്രാണായി തേന മനുവംശപതേശ്ചരിത്ര
മാദിത്യവർമ്മനൃപതേഃ കൃതിനോ നിദേശാൽ.”
എന്നും ഒരു ശ്ലോകമുണ്ടു്. കവിയുടെ പേർ വാസുദേവനാണെന്നും അദ്ദേഹത്തിന്റെ അച്ഛൻ നാരായണനും അമ്മ ഉമയുമായിരുന്നു എന്നും ആദിത്യവർമ്മമഹാരാജാവിന്റെ ആജ്ഞ അനുസരിച്ചാണു് അദ്ദേഹം രാമകഥ നിർമ്മിച്ചതെന്നും ഇത്രയും കൊണ്ടു സ്പഷ്ടമാകുന്നു. ഈ ആദിത്യവർമ്മാവും അഖിലകലാവല്ലഭനും ഒരാൾതന്നെയായിരിക്കാം. കവി ഒരു നമ്പൂരിയായിരിക്കുവാൻ ഇടയുണ്ടു്.

രാമകഥയിലെ ഗദ്യമാതൃക: പ്രസ്തുത കൃതിയിൽനിന്നും ചില പങ്ക്തികൾ ചുവടേ ചേർക്കുന്നു:

“മധ്യേമഹാടവി ഘോരതരരാമചാപവിഷ്ഫാരശ്രവണസ്ഫായമാനരോഷഭരദുഷ്പ്രേക്ഷാകൃതിഃ അഭ്രംലിഹശരീരാ രഭസചർവ്യമാണതാപസജനരുധിരദ്രവാർദ്രീകൃതസൃക്വഭാഗാ മഹാമായസ്യമാരീചസ്യ ജനനീ താടകാ നാമ നിശാചരീ തേഷാമധ്വാന മുൽകടധ്വാനമരൗത്സീൽ. തൽക്ഷണേന ച വിശ്വജനീനതേ ജസോ വിശ്വാമിത്രസ്യ വചസാ രഘുരാജസൂനുരുഗ്രധാരേണ ശരേണ കബളീകൃതബാണയാ തയാ സർവശർവരീചാരി വിനാശക്രിയാകാണ്ഡപുണ്യാഹമംഗലം വിദധേ. നിഗൃഹീത താടകായ തസ്മൈ പ്രഥമഗൃഹീതബലാതിബലാഖ്യ വിദ്യാവിദ്യോതിതായ മുനിരസ്തോകതപഃപ്രസാദം അസ്ത്രപാരായണ മുപാദിശൽ.”

20.60പൂർണ്ണവിദ്യൻ

ഭട്ടബാണന്റെ ചണ്ഡികാസപ്തതിക്കും പുഷ്പദന്തന്റെ മഹിമ്നഃസ്തോത്രത്തിനും പൂർണ്ണവിദ്യൻ എന്നൊരു മുനിയുടെ വകയായി ഓരോ വ്യഖ്യാനമുണ്ടു്.

മുദ്രിതമായിരിക്കുന്ന ചണ്ഡീശതകത്തിൽ ആദ്യത്തെ എഴുപതു പദ്യങ്ങൾ മാത്രമേ ബാണൻ രചിച്ചുള്ളൂ എന്നാണു് കേരളത്തിലെ ഐതിഹ്യം.

“വ്യാഖ്യാനം ക്രിയതേ തസ്യാഃ പൂർണ്ണവിദ്യൈര്യതീശ്വരൈഃ
വേദപൂർണ്ണപദാംഭോജഭൃംഗഭൂതൈസ്സമാസതഃ”
എന്നു് ആദ്യത്തേയും

“മഹിമ്നഃ പാരമിത്യാജിസ്തോത്രരത്നാർത്ഥബോധിനീ
പൂർണ്ണവിദ്യാഖ്യമുനിനാ വ്യാഖ്യേയം ക്രിയതേഽഞ്ജസാ”
എന്നു രണ്ടാമത്തേയും ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. രണ്ടിലും സത്യശൈലൻ എന്നൊരു ഗുരുവിനെയാണു് കവി വന്ദിയ്ക്കുന്നതു്; അല്ലാതെ പൂർണ്ണജ്യോതിസ്സിനെയല്ല. ചണ്ഡീസപ്തതിവ്യാഖ്യയിൽ വേദപൂർണ്ണൻ എന്നൊരു ഗുരുവിനെക്കൂടി വന്ദിച്ചിട്ടുള്ളതായും സങ്കല്പിക്കാം. പൂർണ്ണജ്യോതിസ്സിനെ സ്മരിക്കാത്ത പ്രസ്തുത വ്യാഖ്യാതാവിന്റെ നാമധേയം പൂർണ്ണവിദ്യൻ എന്നാണെങ്കിലും അദ്ദേഹം പൂർണ്ണസരസ്വതിയിൽനിന്നു ഭിന്നനാണെന്നു വിചാരിക്കേണ്ടിയിരിയ്ക്കുന്നു.

20.61കാശിയില്ലത്തു നമ്പൂരി

വടക്കൻ തിരുവിതാംകൂറിൽ മൂവാറ്റുപുഴ താലൂക്കിൽ രാമമംഗലത്തു പാങ്കോട്ടു ദേശത്തു രാമനല്ലൂർ എന്നൊരു ക്ഷേത്രവും അതിനുസമീപമായി ‘കാശി’ എന്ന പേരിൽ ഒരു നമ്പൂരിയില്ലവുമുണ്ടു്. അവിടെ പണ്ടു മഹാവൈയാകരണനായ ഒരു നമ്പൂരിയുണ്ടായിരുന്നു. നാമധേയം എന്തെന്നറിയുന്നില്ല. ധാതുവൃത്തികാരനായ മാധവാചാര്യർക്കു പിന്നീടും സർവസ്വകാരനായ മേല്പുത്തൂർ ഭട്ടതിരിക്കുമുമ്പുമാണു് അദ്ദേഹത്തിന്റെ കാലമെന്നു ക്ണുപ്തമായി പറയാം. നമ്പൂരിയുടെ കൃതികളായി മൂന്നു വ്യാകരണഗ്രന്ഥങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. അവ വൃത്തിരത്നവും (പാണിനീയസൂത്രബൃഹദ്വിവൃതി) ലഘുവൃത്തിയും (പാണിനീയസൂത്രലഘുവിവൃതി), ധാതുകാരികയുമാണു്. കാശികാവൃത്തിയുടെ വ്യാഖ്യാനമാകുന്നു വൃത്തിരത്നം; ലഘുവൃത്തി അതിന്റെ സംക്ഷേപമാണു്. വൃത്തിരത്നത്തിൽ 11111-ഉം, ലഘുവൃത്തിയിൽ 2720-ഉം പദ്യങ്ങൾ അടങ്ങിയിരിക്കുന്നു. ബാലമിത്രമെന്നുകൂടി പേരുള്ള ധാതുകാരിക മാധവാചാര്യരുടെ ധാതുവൃത്തിയെ അവലംബിച്ചു വിരചിതമായ ഒരു കൃതിയാകുന്നു. മൂന്നു നിബന്ധങ്ങളും ആപാദചൂഡം പദ്യമയങ്ങളാണു് എന്നുള്ളതു് അവയുടെ വൈശിഷ്ട്യത്തെ ദ്വിഗുണീകരിക്കുന്നു. ഗഹനമായ വ്യാകരണശാസ്ത്രത്തെ കാവ്യമാക്കുവാൻ ഒരുങ്ങിയ നമ്പൂരിയുടെ സാഹസം സർവഥാ വിജയത്തിൽ കലാശിച്ചിട്ടുണ്ടു്.

“പാണിനിവരരുചിഫണിനോ ഹരിഹരദത്തൗ ഹരോ ജയാദിത്യഃ
വാമനകൈയടഭോജാശ്ശാസ്ത്രകൃതോഽമീ പ്രസീദന്തു.”
എന്ന ലഘുവൃത്തിയിലെ പദ്യത്തിലും മറ്റും ആചാര്യൻ പൂർവാചാര്യന്മാരെ വന്ദിക്കുന്നു. അദ്ദേഹം ശ്രീരാമഭക്തനായിരുന്നു എന്നു്

“നിശാചരതമോലീനജഗദുന്മേഷഹേതവേ
ജാനകീജാനയേ തസ്മൈ തേജസാം നിധയേ നമഃ”
എന്ന ലഘുവൃത്തിപദ്യത്തിൽനിന്നും മറ്റും സ്ഫുരിക്കുന്നു. താഴെക്കാണുന്ന പദ്യങ്ങൾ ലഘുവൃത്തിയിലുള്ളവയാണു്.

“കൈയടാദീൻ ഗുരൂൻ തത്വാ തൽപ്രസാദാന്മയാധുനാ
സൂത്രാണാം പാണിനീയാനാം വിവൃതിഃ ക്രിയതേ മനാക്‍.

വൃത്തിരത്നമിദം യേന കാശികാബ്ധേസ്സമുദ്ധൃതം
തേനൈവ ക്രിയതേ ഭൂയോ വൃത്തിരേഷാ ലഘീയസീ.

ലഘീയസ്ത്വേന സുധരം കരശ്രുതിമനസ്സ്വിദം
ശബ്ദാനുശാസനം ബാലൈരിത്യാലോച്യ യതാമഹേ.”

“ഉജ്ജഹ്രേ പാണിനീയസ്മൃതിവിശയമിദം കാശികാഗാധസിന്ധോഃ
സാധീയോ വൃത്തിരത്നം ലഘുധിഷണമനോഹാരി സദ്വൃത്തരമ്യം
യോഽസൗഭൂയോപി രാമസ്മൃതിദലിതസമസ്താശുഭോ രാമശാലി
ക്ഷേത്രാവാസീഹ കശ്ചിദ്വ്യധിത ലഘുതരാം വൃത്തിമേനാം ദ്വിജന്മാ.

“ഭാഷ്യാദൗ വിപ്രകീർണ്ണം ബഹുവിധമഖിലം തന്ത്രമേത ദ്വിപശ്ചിൽ
സംഗൃഹ്യൈകത്ര ഹസ്താമലകമിവ പുരോഽദർശയൽ കാശിധാമാ
തത്താദൃക്‍പദ്യവൃന്ദൈഃ പ്രഥമമഥ ലഘൂകൃത്യ തദ്രാമശാലി
ക്ഷേത്രാവാസീഹ പശ്ചാൽ സമരചയദസൗ കേരളേഷു ദ്വിജന്മാ.
ധാതുകാരികയിൽനിന്നുകൂടി ചില പദ്യങ്ങൾ ഉദ്ധരിക്കാം:

“വൃത്തിദ്വയം പരിമിതം ഖലു പാണിനീയ
ശബ്ദസ്മൃതേർല്ലഘുബൃഹദ്ഭിദയാ വിധായ
അസ്മാഭിരദ്യ പുനരാദൃതപദ്യബന്ധൈർ
ദ്ധാത്വർത്ഥരൂപവിഷയഃ ക്രിയതേ പ്രയാസഃ.

ധാതോസ്സ്വരൂപമഭിധേയമഥാനുബന്ധ
കാര്യാന്വിതാനി ഹി പദാനി ലഡാദിരൂപം
ഇട്സംഭവഞ്ച ബഹുനാ കിമിഹാവസേയം
വ്യുൽപത്തയേ ലഘുധിയാമുപപാദയാമഃ.”

“ധാതൂനാം വൃത്തിമേനാം സപദി ലഘുതരാം
കാര്യരൂപാഭിധേയ
പ്രാകാശ്യാദർശരൂപാം കഥിതബഹുമതാം
മാധവീയാവലംബാം.
തത്തദ്രൂ പാവതാരസ്ഫുടിതരുചിരതാ
ശാലിനീം രാമശാലി
ക്ഷേത്രാവാസീഹ കശ്ചിൽ സമരചയദസൗ
ബാലമിത്രം ദ്വിജന്മാ.”
ഈ ശ്ലോകങ്ങളിൽനിന്നു് ആദ്യം ബൃഹദ്വിവൃതിയും തദനന്തരം ലഘുവിവൃതിയും ഒടുവിൽ ബാലമിത്രവുമാണു് ആചാര്യൻ രചിച്ചതെന്നു കാണാവുന്നതാണു്. ഈ മൂന്നു ഗ്രന്ഥങ്ങളും പ്രചരപ്രചാരത്തിനു സർവഥാ അർഹങ്ങളാകുന്നു.


അദ്ധ്യായം 21 - ജ്യോതിഷത്തിന്റെ അഭിവൃദ്ധി

ക്രി. പി. പതിനഞ്ചാം ശതകം

21.1ഉപക്രമം

ഒൻപതാമധ്യായത്തിൽ തലക്കുളത്തു ഭട്ടതിരിയെപ്പറ്റി പ്രതിപാദിച്ചപ്പോൾ കേരളത്തിലെ ജ്യോതിസ്തന്ത്രത്തെക്കുറിച്ചു കുറഞ്ഞൊന്നു് ഉപന്യസിക്കുകയുണ്ടായല്ലോ. ക്രി. പി. ഏഴാം ശതകത്തിൽ ആ ശാസ്ത്രം കേരളത്തിൽ അത്യധികം അഭിവൃദ്ധിയെ പ്രാപിച്ചു. അതുകൊണ്ടു സ്വല്പം കൂടി ആ പ്രകരണം ഈ അവസരത്തിൽ വിസ്തരിക്കേണ്ടിയിരിക്കുന്നു. ശിക്ഷ, വ്യാകരണം, നിരുക്തം, ജ്യോതിഷം, കല്പം, ഛന്ദോവിചിതി എന്നിവ വേദത്തിന്റെ ഷഡംഗങ്ങളാണു്. “ജ്യോതിശ്ശാസ്ത്രം വദത്യത്ര കാലം വൈദികകർമ്മണാം” എന്ന പ്രമാണമനുസരിച്ചു വൈദികകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള കാലത്തെ നിർണ്ണയിക്കുന്നതിനാണു് ജ്യോതിഷം ആദികാലങ്ങളിൽ പ്രയോജകീഭവിച്ചിരുന്നതു്. ജ്യോതിശ്ശാസ്ത്രത്തിനു ഗണിതം, സംഹിത, ഹോര എന്നിങ്ങനെ മൂന്നു സ്കന്ധങ്ങളുണ്ടെന്നു മുമ്പു പറഞ്ഞുവല്ലോ. അതിന്റെ പുറമെ ആ ശാസ്ത്രത്തിനു്

“ജാതകഗോളനിമിത്തപ്രശ്നമുഹൂർത്താഖ്യഗണിതനാമാനി
അഭിദധതീഹ ഷഡംഗാന്യാചാര്യാ ജ്യോതിഷേ മഹാശാസ്ത്രേ.”
എന്ന വാക്യത്തിൽനിന്നു ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം എന്നിങ്ങനെ ആറംഗങ്ങളുണ്ടെന്നും സിദ്ധിക്കുന്നു. ഈ ഷഡംഗങ്ങളിൽ ഗോളം, ഗണിതം ഇവ ഗണിതസ്കന്ധത്തിലും, ജാതകം, പ്രശ്നം, മുഹൂർത്തം ഇവ ഹോരാസ്കന്ധത്തിലും നിമിത്തം സംഹിതാസ്കന്ധത്തിലും അന്തർഭവിക്കുന്നു. നിമിത്തത്തെപ്പറ്റി ഹോരാസ്കന്ധത്തിലും പ്രസ്താവനയില്ലെന്നില്ല. എന്നാൽ

“ജനപുഷ്ടിക്ഷയവൃദ്ധിദ്വിരദതുരംഗാദി സർവ്വജന്തൂനാം
കേതൂല്ക്കാദീനാം വാ ലക്ഷണമുദിതം ഹി സംഹിതാസ്കന്ധേ.”
എന്ന പ്രമാണപ്രകാരം, നിമിത്തം സംഹിതയിൽ വളരെ വിസ്തരിച്ചാണു് പ്രതിപാദിക്കപ്പെടുന്നതു്. ജ്യോതിശ്ശാസ്ത്രത്തെ പ്രമാണഭാഗമെന്നും ഫലഭാഗമെന്നും രണ്ടായി വേർതിരിച്ചു ഗണിതസ്കന്ധം പ്രമാണഭാഗത്തേയും മറ്റു രണ്ടു സ്കന്ധങ്ങളും ഫലഭാഗത്തേയും പരാമർശിക്കുന്നതായി പരിഗണിക്കുന്നവരുമുണ്ടു്. സൂര്യചന്ദ്രന്മാരുടെ ഗ്രഹണം, ഗ്രഹങ്ങളുടെ മൗഢ്യം, ചന്ദ്രശൃംഗോന്നതി, ഗ്രഹങ്ങളുടെ ഗതിഭേദങ്ങൾ മുതലായവയെ മുൻകൂട്ടി ഗണിച്ചറിയുന്നതും ഭൂഗോളഖഗോളങ്ങളെ വിവരിക്കുന്നതും മറ്റും പ്രമാണഭാഗത്തിൽ പെടുന്നു. ജാതകം, പ്രശ്നം, ഭൂതശകുനാദിലക്ഷണങ്ങൾ, മുഹൂർത്തങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഫലഭാഗത്തിലാണു് ഉൾക്കൊള്ളുന്നതു്. ഇവയിൽ ജാതകവും പ്രശ്നവും അതിപ്രധാനങ്ങളാകുന്നു. ഒരു മനുഷ്യന്റെ ജനനസമയം ക്നുപ്തമായി ഗണിച്ച്ച് ആ സമയത്തിലെ ഗ്രഹസ്ഥിതി മുതലായവ പരിശോധിച്ചു് ആയുഷ്കാലത്തിലുണ്ടാകാവുന്ന ശുഭാശുഭഫലങ്ങളെ വിവരിക്കുന്നതാകുന്നു ജാതകശാഖ. ദൈവജ്ഞൻ ചില പ്രത്യേകപരീക്ഷകൾ ചെയ്യുന്ന അവസരത്തിലെ ഗ്രഹസ്ഥിതിഭേദങ്ങളേയും മറ്റും ആസ്പദമാക്കി പ്രഷ്ടാവിന്റെ ശുഭാശുഭഫലങ്ങളെ നിർണ്ണയിക്കുന്നതാണു് പ്രശ്നശാഖ.

21.2പ്രാചീനാചാര്യന്മാർ

ഭാരതീയ ജ്യോതിശ്ശാസ്ത്രജ്ഞന്മാരുടെ കൂടസ്ഥാനായ ആര്യഭടാചാര്യൻ ക്രി. പി. അഞ്ചാംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ പാടലീപുത്രത്തിൽ ജീവിച്ചിരുന്നു. അദ്ദേഹം ക്രി. പി. 499-ൽ രചിച്ച ആര്യഭടീയമെന്ന ഗണിതഗ്രന്ഥം ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിങ്ങനെ നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. രണ്ടുമുതൽ നാലുവരെയുള്ള പാദങ്ങളിൽ സവിസ്തരം പ്രതിപാദിതങ്ങളായ ശാസ്ത്രസിദ്ധാന്തങ്ങളുടെ സാരാംശങ്ങൾ ഗീതികാപാദത്തിൽ സംഗ്രഹിക്കുകയാണു് ആചാര്യൻ ചെയ്തിട്ടുള്ളതു്. ആര്യഭടീയത്തിൽ ആകെ 121 ആര്യാപദ്യങ്ങൾ അടങ്ങിയിരിക്കുന്നു. വരാഹമിഹിരാചാര്യനാണു് ആര്യഭടനുശേഷം അവതരിച്ച പ്രധാനദൈവജ്ഞൻ. ബുഹജ്ജാതകം, ലഘുജാതകം, പഞ്ചസിദ്ധാന്തം, ബൃഹദ്യാത്ര, ബൃഹദ്വിവാഹപടലം, ബൃഹത്സംഹിത ഇങ്ങനെ പല ഉൽകൃഷ്ടഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. ക്രി. പി. 505-ആമാണ്ടിടയ്ക്കു ജീവിച്ചിരുന്ന അദ്ദേഹത്തെ ആദിത്യന്റെ അവതാരമാണെന്നു് ആസ്തികന്മാർ വിഭാവനം ചെയ്യുന്നു. ബൃഹജ്ജാതകത്തിലെ ആദ്യത്തെ പത്തധ്യായങ്ങൾക്കുള്ള ഭാഷ്യമാണു് തലക്കുളത്തു ഭട്ടതിരിയുടെ ദശാധ്യായി എന്നു നാം കണ്ടുവല്ലോ. മഹാഭാസ്കരീയം, ലഘുഭാസ്കരീയം മുതലായ കൃതികളുടെ കർത്താവായ പ്രഥമഭാസ്കരാചാര്യൻ ക്രി. പി. 522-ആമാണ്ടിടയ്ക്കു ജീവിച്ചിരുന്നതായും അദ്ദേഹം കേരളീയനാണെന്നു ചിലർ അഭ്യൂഹിക്കുന്നതായും അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. ബീജഗണിതം, കരണകുതൂഹലം, സിദ്ധാന്തശിരോമണി, ലീലാവതി മുതലായ ഗ്രന്ഥങ്ങളുടെ നിർമ്മാതാവായ ദ്വിതീയഭാസ്കരാചാര്യൻ ക്രി. പി. 1114-ൽ ജനിച്ചു. ശിഷ്യധീവൃദ്ധിദകാരനായ ലല്ലന്റെ ജീവിതകാലം ക്രി. പി. 598-ആമാണ്ടിടയ്ക്കും ലഘുമാനസകാരനായ മുഞ്ജാലകന്റേതു 922-ആമാണ്ടിടയ്ക്കുമാണു്. ശ്രീപതി എന്ന ജ്യൌതിഷികമൂർദ്ധന്യനെയും ഇവിടെ പ്രത്യേകമായി സ്മരിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം സിദ്ധാന്തശേഖരം (ആര്യഭടീയവ്യാഖ്യ), ഗണിതതിലകം, ജാതകകർമ്മപദ്ധതി, ജ്യോതിഷരത്നമാല മുതലായി പല വിശിഷ്ടഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്.

“നിജഗുരുപദദ്വന്ദം കൃത്വാ മനസ്യതിഭക്തിതോ
ഗണകതിലകഃ ശ്രീപൂർവ്വോയം പതിർദ്ദ്വിജപുംഗവഃ
സ്ഫുടമവിഷമം മന്ദപ്രജ്ഞപ്രബോധവിവൃദ്ധയേ
ലളിതവചനൈസ്സിദ്ധാന്താനാം കരോമി ഹി ശേഖരം.”
എന്നും മറ്റുമുള്ള പ്രസ്താവനകളിൽനിന്നു ശ്രീപതി ഒരു ബ്രാഹ്മണനാണെന്നറിയുന്നുവെന്നല്ലാതെ അദ്ദേഹത്തിന്റെ ജന്മഭൂമി ഏതെന്നു വിശദമാകുന്നില്ല. പ്രസ്തുത ദൈവജ്ഞന്റെ ജീവിതകാലം ക്രി. പി. 1039-ആമാണ്ടിടയ്ക്കാണു്. ശ്രീപതിയുടെ പദ്ധതിക്കു കേരളത്തിൽ അന്യാദൃശമായ പ്രചാരമുണ്ടു്. താരതമ്യേന അർവാചീനനെങ്കിലും വാസിഷ്ഠഗോത്രജനായ വിദ്യാമാധവനെപ്പറ്റിക്കൂടി പ്രസ്താവിക്കാം. വിദ്യാമാധവൻ ഒരു ജ്യോതിശ്ശാസ്ത്രജ്ഞനെന്നതിനുപുറമേ കവിയും കാവ്യവ്യാഖ്യാതാവും കൂടിയായിരുന്നു. മുഹൂർത്തദർശനമാണു് അദ്ദേഹത്തിന്റെ മുഖ്യമായ ജ്യോതിഷകൃതി. കിരാതാർജ്ജുനീയ മഹാകാവ്യവും അദ്ദേഹം സമഞ്ജസമായി വ്യാഖ്യാനിച്ചിട്ടുണ്ടു്.

“ശ്രീമന്നീലഗൃഹാലയേ ഗുണവതിഗ്രാമേ പ്രഭൂതേ പരേ
ഖ്യാതോ രത്നഗിരിർമ്മഹാമുനിരഭൂൽ തൽഭ്രാതൃപുത്രാത്മജഃ
യോ നാരായണസൂരിരസ്യ തനയോ വ്യാഖ്യാതുമദ്യാരഭേ
വിദ്യാമാധവസംജ്ഞിതഃ കവിരഹം കാവ്യം മഹദ്ഭാരവേഃ”
എന്ന ശ്ലോകത്തിൽനിന്നു് അദ്ദേഹം ഗുണവതിഗ്രാമത്തിൽ നീലമന എന്ന ഗൃഹത്തിൽ നാരായണന്റെ പുത്രനായി ജനിച്ചു എന്നു വെളിവാകുന്നു. ഗുണവതി ഗോകർണ്ണത്തിനു സമീപമുള്ള ഒരു ഗ്രാമവും വിദ്യാമാധവൻ ഒരു തൗളവബ്രാഹ്മണനുമാണു്. മല്ലപ്പൻ എന്നൊരു രാജാവിന്റെ ആസ്ഥാനപണ്ഡിതനായിരുന്നു നാരായണൻ. “ശ്രീമന്മല്ലപ്പഭൂപസ്സ ജയതി ജഗതീഭൂഷണീഭൂതധാമാ” എന്നും “വീരശ്രീധരബുക്കഭൂപതി മഹാസാമ്രാജ്യലക്ഷ്മീകരാലംബാ” എന്നുംമറ്റുമുള്ള പദ്യങ്ങൾ വിദ്യാമാധവൻ രചിച്ച മുഹൂർത്തദർശനത്തിന്റെ അവസാനത്തിൽ കാണുന്നതുകൊണ്ടു നാരായണന്റെ പുരസ്കർത്താവു വിജയനഗര മഹാരാജാവായ പ്രഥമബുക്കന്റെ പുത്രനായ മല്ലപ്പനാണെന്നു വിശദീഭവിക്കുന്നു. മല്ലപ്പൻ അഥവാ മല്ലീനാഥൻ കൊല്ലം ആറാംശതകത്തിന്റെ പൂർവ്വാർദ്ധത്തിലാണു് ജീവിച്ചിരുന്നതു്. ഈ മല്ലപ്പൻ ക്രി. പി. പന്ത്രണ്ടാംശകത്തിന്റെ പൂർവ്വാർദ്ധത്തിൽ പശ്ചിമചാലൂക്യരാജാവായിരുന്ന ചതുർത്ഥസോമേശ്വരനാണെന്നു ചിലർ സങ്കല്പിക്കുന്നതു യുക്തിസഹമല്ല. സോമേശ്വരന്റെ പിതാവിനു ബുക്കൻ എന്നു പേരുണ്ടായിരുന്നതായി അറിവില്ല. മുഹൂർത്തദർശനം പതിനഞ്ചദ്ധ്യായത്തിലുള്ള ഒരു ഗ്രന്ഥമാണു്. അതിനു കേരളത്തിൽ വളരെ പ്രചാരമുണ്ടു്. വിദ്യാമാധവീയമെന്നും മുഹൂർത്തമാധവീയമെന്നും പല പേരുകളിൽ അതിനു പ്രസിദ്ധി കാണുന്നു. പ്രസ്തുത ഗ്രന്ഥത്തിനു് അദ്ദേഹത്തിന്റെ ശിഷ്യനെന്നു കരുതാവുന്ന വിഷ്ണു ആദർശമെന്നും മുഹൂർത്തദീപികയെന്നും പേരുള്ള ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. അതിലെ പതിനൊന്നാമധ്യായം വ്യാഖ്യാനിച്ചതു് വിദ്യാമാധവന്റെ പുത്രൻതന്നെയാണു്.

“മുഹൂർത്തദർശനാദർശവ്യാഖ്യാനേ വിഷ്ണുനാ കൃതേ
വ്യാചഷ്ടൈകാദശാധ്യായം വിദ്യാമാധവനന്ദനഃ”
എന്ന പദ്യം നോക്കുക. ഈ വിഷ്ണു കേരളീയനാണോ എന്നു നിശ്ചയമില്ല. ഭാരതഭൂമിയിൽ ജ്യോതിശ്ശാസ്ത്രത്തിനു ത്രിസ്കന്ധങ്ങളിലും അഭിവൃദ്ധി വരുത്തുവാൻ കേരളീയരെപ്പോലെ ഇതരദേശക്കാർ ആരും പ്രയത്നിച്ചിട്ടില്ലെന്നുള്ളതു് നമ്മുടെ ജന്മഭൂമിക്കു ലഭിച്ചിട്ടുള്ള വലിയ മെച്ചങ്ങളിൽ ഒന്നായി കരുതാവുന്നതാണു്. 12-ആം ശതകത്തിനു മേൽ പ്രസ്തുത ശാസ്ത്രത്തിനു പ്രശസ്യമായ അഭിവൃദ്ധി കേരളത്തിലേ ഉണ്ടായിട്ടുള്ളു.

21.3ചില കേരളീയ ജ്യോതിർവിത്തുകൾ, ഗോവിന്ദസ്വാമി

മഹാഭാസ്കരീയത്തിനു സമഗ്രമായ ഒരു ഭാഷ്യവും മുഹൂർത്തരത്നം എന്ന മറ്റൊരു ജ്യോതിഷഗ്രന്ഥവും നിർമ്മിച്ച ഗോവിന്ദസ്വാമി ദൃഗ്ഗണിതകാരനായ പരമേശ്വരനേക്കാൾ പ്രാക്തനനെന്നാണു് ഊഹിക്കേണ്ടിയിരിക്കുന്നതു്.

“ആചാര്യാര്യഭടഃ പിതാമഹമതം തന്ത്രഃ സുസംക്ഷിപ്തവാൻ
വൃത്തിം വിസ്തരതോഽസ്യ മന്ദമതയേ തേനാകരോദു് ഭാസ്കരഃ
തസ്യാ അപ്യതിദൂരമേത്യ സുധിയാമർത്ഥസ്ത്വിദാനീമിതി
വ്യാഖ്യേയംകലിതാശ്രുതാഗുരുമുഖാദ്ഗോവിന്ദനാമ്നാ മയാ”
എന്നൊരു ശ്ലോകം ആ ഗ്രന്ഥത്തിൽ കാണുന്നുണ്ടു്.

“ഗോവിന്ദേന കൃതാ ടീകാ ഗോവിന്ദസ്വാമിനാമികാ
സമാപ്താ ഭാസ്കരീയസ്യ ഗുരുവ്യാഖ്യാനിബന്ധനാ”
എന്ന പദ്യത്തിൽനിന്നു ഗ്രന്ഥത്തിനു ഗോവിന്ദസ്വാമി എന്നാണു് സംജ്ഞയെന്നു വന്നുകൂടുന്നു. ഗ്രന്ഥകാരനേയും ഗോവിന്ദസ്വാമി എന്നു പറയാറുണ്ടു്. കേളല്ലൂർ ചോമാതിരി ആര്യഭടീയഭാഷ്യത്തിൽ അദ്ദേഹത്തെ സ്മരിക്കുന്നു. പരമേശ്വര വിരചിതമായി ആചാരസംഗ്രഹം എന്നൊരു ജ്യോതിഷഗ്രന്ഥമുണ്ടു്. അതിൽ

“പിതുഃ പിതുർമ്മേ ഗുരുരഗ്രജന്മാ
ഗോവിന്ദനാമാ ഭുവി യഃ പ്രസിദ്ധഃ
തേനോദിതോ യോ ഗുരുഭക്തിതോ മാം
പ്രാപ്തസ്സ ആചാര ഇഹ പ്രദിഷ്ടഃ.

ശിഷ്യാണാം മന്ദബുദ്ധീനാം പ്രബോധായ യഥാ (മതി)
പരമേശ്വരനാമ്നൈഷ കൃത ആചാരസംഗ്രഹഃ”
എന്നു് അതിൽ പ്രസ്താവിച്ചിരിക്കുന്നു. ആചാരസംഗ്രഹത്തെ ഒരു പ്രമാണഗ്രന്ഥമായാണു് മഴമംഗലത്തു ശങ്കരൻനമ്പൂരി സ്വീകരിച്ചിരിക്കുന്നതു്. അതിന്റെ നിർമ്മാതാവായ പരമേശ്വരൻനമ്പൂരി സാക്ഷാൽ ദൃഗ്ഗണിതകാരനാകുന്നു.

മുഹൂർത്തരത്നം ഒരു ഗോവിന്ദന്റെ കൃതിയാണെന്നുള്ളതിനു് ആ ഗ്രന്ഥത്തിന്റെ ഒടുവിലുള്ളതും താഴെ ഉദ്ധരിക്കുന്നതുമായ ശ്ലോകം ജ്ഞാപകമാണു്:

“രവിചന്ദ്രാദിതിമിംഗിലലോല-
ജ്യോതിഷദുഗ്ദ്ധമഹാംബുധിമധ്യാൽ
ഗോവിന്ദേന മുഹൂർത്തമഹാമണി
രുദ്ധൃത ഏഷ ഹി ലോകഹിതായ.”
ഈ മുഹൂർത്തരത്നവും ദൃഗ്ഗണിതകാരൻ വ്യാഖ്യാനിച്ചിട്ടുണ്ടു്. ആ വ്യാഖ്യയിൽ

“ഗോവിന്ദപൂജ്യപാദേന കൃപാസംസിക്തചേതസാ
മുഹൂർത്താഗമദുഗ്ദ്ധാബ്ധേർമുഹൂർത്തമണിരുദ്ധൃതഃ;
തസ്മിംസ്തച്ഛിഷ്യപൗത്രേണ കിയാംശ്ചിൽ പരമാദിനാ
ഭാവോ വിവ്രിയതേ സ്വല്പമീശ്വരേണ യഥാശ്രുതം.”
എന്നിങ്ങനെ പ്രാരംഭത്തിൽ കാണുന്ന പദ്യങ്ങളിൽനിന്നു് ഈ വസ്തുത വെളിപ്പെടുന്നു. തലക്കുളത്തു ഭട്ടതിരിയിൽനിന്നു ഭിന്നനായ ഗോവിന്ദസ്വാമിയെ പരമേശ്വരൻനമ്പൂരി ‘പൂജ്യപാദ’ പദംകൊണ്ടു വ്യപദേശിക്കുന്നതിനാൽ അദ്ദേഹം ഒരു സ്വാമിയാരായിരുന്നു എന്നു് ഊഹിക്കാവുന്നതാണു്. പരമേശ്വരന്റെ പിതാമഹനു് അദ്ദേഹം ഗുരുവായിരുന്നു എന്നു കാണുന്ന സ്ഥിതിക്കു് അദ്ദേഹത്തിന്റെ ജീവിതകാലം കൊല്ലം ആറാം ശതകത്തിന്റെ പൂർവാർദ്ധമായിരിക്കണമെന്നും സിദ്ധിക്കുന്നു.

21.4സൂര്യദേവൻ

സൂര്യദേവയജ്വാവെന്നാണു് പ്രസ്തുതദൈവജ്ഞനെ സാധാരണമായി പറയാറുള്ളതു്. ഒരു നമ്പൂരിയും സോമയാജിയുമായിരുന്നു അദ്ദേഹമെന്നുള്ളതു നിസ്സംശയമാണു്. ‘നിധ്രൂ വ’ ഗോത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനമെന്നു ശ്രീപതിയുടെ ജാതകകർമ്മപദ്ധതിക്കു് അദ്ദേഹം രചിച്ചിട്ടുള്ള ജാതകാലങ്കാരത്തിലേ

“ഇത്ഥം നിധ്രൂ വഗോത്രേണ സൂര്യദേവേന യജ്വനാ
കൃതം ജാതകപദ്ധത്യാമായുർദ്ദായാർത്ഥവർണ്ണനം”
എന്ന ശ്ലോകത്തിൽനിന്നു വെളിപ്പെടുന്നു. ശ്രീപതിയുടെ ജാതകകർമ്മപദ്ധതിക്കു സൂര്യദേവൻ രചിച്ചിട്ടുള്ള ടീകയാണു് ജാതകാലങ്കാരം. അതിനു കേരളത്തിൽ വളരെ പ്രചാരമുണ്ടു്.

“ആചാര്യശ്രീപതികൃതാജാതകേ കർമ്മപദ്ധതിഃ
വ്യാഖ്യായതേ മയാ സ്പ്ഷ്ടം സൂര്യദേവേന യജ്വനാ.

പശ്യന്തു തമിമം ഗ്രന്ഥം ശാസ്ത്രന്യായോപബൃംഹിതം
പൂർണ്ണം ജാതകശാസ്ത്രാണാമലങ്കാരം വിപശ്ചിതഃ”
എന്നു് അദ്ദേഹം ഗ്രന്ഥാരംഭത്തിൽ പറയുന്നു. “ജാതകാലങ്കാരേ സൂര്യദേവസോമസുദ്വിരചിതേ” എന്നു ഗ്രന്ഥാവസാനത്തിൽ ഒരു വാചകവും കാണുന്നു. അതു കൂടാതെ (2) ആര്യഭടീയത്തിനു ഭടപ്രകാശമെന്ന ലഘുവ്യാഖ്യാനം, (3) വരാഹമിഹിരന്റെ ബൃഹദ്യാത്രയ്ക്കു വ്യാഖ്യ, (4) മുഞ്ജാലകന്റെ ലഘുമാനസകരണത്തിനു വ്യാഖ്യ എന്നീ ഗ്രന്ഥങ്ങളും ആ ആചാര്യന്റെ കൃതികളാണു്.

“നമാമി പരമാത്മാനം സ്വതസ്സർവാർത്ഥവേദിനം
വിദ്യാനാമാദിവക്താരം നിമിത്തം ജഗതാമപി.
നമസ്സകലകാല്യാണഗുണസംവാസഭൂമയേ
നിരവദ്യായ നിത്യായ നമസ്തേഽസ്തു മഹീയസേ.
ത്രിസ്കന്ധാർത്ഥവിദാ സമ്യക്‍ സൂര്യദേവേന യജ്വനാ
സംക്ഷിപ്യാര്യഭടീയോക്തസൂത്രാർത്ഥോത്ര പ്രകാശ്യതേ”
എന്നു് ആര്യഭടീയവ്യാഖ്യയിൽ പ്രസ്താവനയുണ്ടു്. അതിൽ “ശ്രീസൂര്യദേവനാമ്നോ മാതുർഭ്രാതുഃ പ്രസാദേന” എന്നു പറഞ്ഞിരിക്കുന്നതിൽനിന്നു് അദ്ദേഹത്തിനു സൂര്യദേവൻ എന്ന പേരിൽ ഒരു മാതുലനുണ്ടായിരുന്നതായി വെളിപ്പെടുന്നു.

ലഘുമാനസകരണത്തിനു സൂര്യദേവന്റേതു കൂടാതെ പരമേശ്വരനാമധേയനായ മറ്റൊരു പണ്ഡിതന്റേയും വ്യാഖ്യാനമുണ്ടു്. പാരമേശ്വരമെന്നാണു് അതിനു പേർ പറയുന്നതു്. അദ്ദേഹം വടശ്ശേരി പരമേശ്വരൻനമ്പൂരിയാണെന്നുള്ളതിനു ലക്ഷ്യമൊന്നുമില്ല.

“വ്യാഖ്യാനം മാനസസ്യൈതൽ സുചിരം തിഷ്ഠതു ക്ഷിതൗ
ഹരിപാദാബ്ജയുഗളേ സതതം മാനസഞ്ച മേ”
എന്നൊരു ശ്ലോകം ആ ഗ്രന്ഥത്തിന്റെ ഒടുവിൽ കാണുന്നു. കേളല്ലൂർ ചോമാതിരി സൂര്യദേവനെ സ്മരിക്കുന്നുണ്ടു്.

21.5ഇരിഞ്ഞാടപ്പള്ളി മാധവൻനമ്പൂരി

വിദ്യാമാധവനിൽനിന്നു ഭിന്നനായ ഈ ആചാര്യനെ ‘സംഗമഗ്രാമമാധവൻ’ എന്ന പേരിൽ ആപ്തന്മാർ വ്യവഹരിക്കുന്നു. ഇരിഞ്ഞാലക്കുട തെക്കേടത്തു വാരിയന്മാരിൽ ഒരാളായിരുന്നു ഈ ദൈവജ്ഞൻ എന്നു ചിലർ അഭ്യൂഹിക്കുന്നതു നിരാസ്പദമാണു്. സംഗമഗ്രാമമെന്നു് ഇരിഞ്ഞാലക്കുട ഗ്രാമത്തിന്നും പേരുണ്ടു്. ഇരിഞ്ഞാലക്കുട തീവണ്ടിയാപ്പീസിനുസമീപമുള്ള ഇരിഞ്ഞാടപ്പള്ളി ഇല്ലത്തിലെ ഒരംഗമായിരുന്നു സംഗമഗ്രാമമാധവൻ എന്നു് ഒരൈതിഹ്യമുള്ളതു വിശ്വസനീയമായി തോന്നുന്നു. വടശ്ശേരി പരമേശ്വരൻനമ്പൂരി താൻ കണ്ടുപിടിച്ച ദൃഗ്ഗണിത പദ്ധതി അദ്ദേഹത്തെ കാണിച്ചപ്പോൾ ഗണിതസ്കന്ധത്തിൽ മാത്രം അതിനു പ്രവേശം നല്കിയാൽ മതി എന്നു് ആ പരിണതപ്രജ്ഞൻ അഭിപ്രായപ്പെട്ടുവത്രേ. അതു ശരിയാണെങ്കിൽ വടശ്ശേരിക്കും മാനനീയനായ ഒരു ജ്യോതിർവിത്തായിരുന്നു അദ്ദേഹം എന്നു വന്നുകൂടുന്നു. വടശ്ശേരിയെ അപേക്ഷിച്ചു ജ്യായാനായിരുന്നിരിക്കണം അദ്ദേഹം. വേണ്വാരോഹാദിഗ്രന്ഥങ്ങളുടെ പ്രണേതാവു് എന്ന നിലയിൽ സ്ഫുടനിർണ്ണയകാരൻ അദ്ദേഹത്തെ സാദരം സ്മരിക്കുന്നുണ്ടു്. കേളല്ലൂർ ചോമാതിരി ആര്യഭടീയ ഭാഷ്യത്തിൽ തന്നെപ്പറ്റി ‘സമുദാഹൃതമാധവാദിഗണിതജ്ഞാ ചാര്യകൃതയുക്തിസമുദായേ’ എന്നു നിർദ്ദേശിച്ചു് അതിനു് ഉപോൽബലകമായി “തദനന്തരം പുനസ്തദ്വിഷയം വസന്തതിലകം സംഗമഗ്രാമജമാധവനിർമ്മിതം ച ശ്രുതം. യഥാ

ജീവേ പരസ്പരനിജേതരമൗർവ്വികാഭ്യാ
മന്യസ്യ വിസ്തൃതിഗുണേന വിഭജ്യമാനേ
അന്യോന്യയോഗവിരഹാനുഗുണേ ഭവേതാം
യദ്വാ സ്വലംബകൃതഭേദപദീകൃതേ ദ്വേ”
എന്നും മറ്റുമുള്ള വചനങ്ങൾ ഉദ്ധരിക്കുന്നു. ‘ജീവേ പരസ്പര’ ന്യായത്തിന്റെ മൂലകർത്താവായിട്ടാണു് മാധവനു കേരളത്തിൽ ഇന്നും പ്രസിദ്ധി എന്നും, പരിധിവ്യത്യാസം ഗ്രഹിക്കുവാൻ ഉതകുന്ന ശ്രേണിയുടെ ഉത്ഭവം കേരളത്തിലായിരുന്നു എന്നും പരിധിമാനത്തെ കേരളീയർ അത്യന്തം സൂക്ഷ്മമായി നിർണ്ണയിച്ചിട്ടുണ്ടെന്നും അഭിജ്ഞന്മാർ പറയുന്നു.

21.6വേണ്വാരോഹം

അൻപത്തൊൻപതു ശ്ലോകങ്ങൾ കൊണ്ടു ക്രിയാക്രമം വിവരിക്കുന്ന ഒരു കൃതിയാണു് വേണ്വാരോഹം. അതിനു തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ നിദേശമനുസരിച്ചു ഗദ്യത്തിൽ ഒരു ഭാഷാവ്യാഖ്യാനവും രചിച്ചിട്ടുണ്ടു്. താഴെക്കാണുന്ന ശ്ലോകങ്ങൾ ഗ്രന്ഥാരംഭത്തിൽ ഉള്ളവയാണു്:

“ശ്രിയേ ഭവതു മേ ദേവശ്ശിവശ്ശീതാംശുശേഖരഃ
തഥൈവ തത്സുതോപ്യസ്തു വിഘ്നോ വിഘ്നോപശാന്തയേ.

അവിചാരകൃതം വാചാമചാതുര്യമപോഹതു
ജാഗ്രതീ രസനാഗ്രേ മേ ഗിരാമപ്യധിദേവതാ.

പ്രഭാകരാദയസ്സർവ്വേ പ്രണതാന്തഃപ്രഭാകരാഃ
ദിവി ഗ്രാഹാഃ പ്രസീദന്തു ത്രിലോകാനന്ദിവിഗ്രഹാഃ.

വക്‍തും സംഖ്യാവിശേഷാംസ്തു വർഗ്ഗൈസ്തന്മാത്രസൂചകൈഃ
പദ്യാനി രചയേ ഭൂയാംസ്യദ്യ ജിഹ്രേമി നോ ഇഹ.

ബകളാധിഷ്ഠിതത്വേന വിഹാരോ യോ വിശിഷ്യതേ;
ഗൃഹനാമനി സോയം സ്യാന്നിജനാമനി മാധവഃ.”
ഇവയിൽ ഒടുവിലത്തെ ശ്ലോകം പിഷാരടി വ്യാഖ്യാനിച്ചിരിക്കുന്നതു് ഇങ്ങനെയാണു്: “യാതൊരു ഗൃഹം ബകുളാധിഷ്ഠിതത്വംകൊണ്ടു വിശേഷിക്കപ്പെടുന്നതു്…ബകുളം = ഇരഞ്ഞി; വിഹാരം = പള്ളി. ഇരഞ്ഞി നിന്ന പള്ളി എന്നു് ഇല്ലപ്പേർ. തന്റെ നാമത്തിങ്കൽ മാധവൻ.” ഇരഞ്ഞി നിന്ന പള്ളി അനന്തരകാലങ്ങളിൽ ഇരിഞ്ഞാടപ്പള്ളിയായി രൂപാന്തരപ്പെട്ടിരിക്കാം. ഒടുവിലത്തെ ശ്ലോകത്തിൽ ഗ്രന്ഥത്തിലേ ശ്ലോക സംഖ്യ കാണിച്ചിട്ടുണ്ടു്.

“ശ്ലോകൈരേകോനഷഷ്ട്യേത്ഥമഭിധായ ക്രിയാക്രമം
ക്രമശസ്താനി സൂക്ഷ്മാണി വക്തും വാക്യാന്യുപക്രമേ.”
വ്യാഖ്യാതാവിന്റെ ശ്ലോകമാണു് അടിയിൽ ചേർക്കുന്നതു്:

“മാധവൻതാൻ ചമച്ചുള്ള വേണ്വാരോഹത്തിനച്യുതൻ
ഭാഷാവ്യാഖ്യാനമുണ്ടാക്കീ നേത്രനാരായണാജ്ഞയാ.”
കേളല്ലൂർ ചോമാതിരി ഉദ്ധരിയ്ക്കുന്ന വസന്തതിലകപദ്യം അടങ്ങിയ കൃതി മാധവന്റെ മറ്റൊരു വാങ്മയമായിരിക്കണമെന്നു തോന്നുന്നു.

21.7വടശ്ശേരി പരമേശ്വരൻ നമ്പൂരി, ദേശകാലങ്ങൾ

കേരളീയരായ ജ്യൗതിഷികന്മാരിൽ ആലത്തൂർ ഗ്രാമത്തിൽപ്പെട്ട വടശ്ശേരി ഇല്ലത്തെ പരമേശ്വരൻ നമ്പൂരിയേക്കാൾ ധിഷണാശാലിയായ ഒരു പണ്ഡിതൻ ഒരു കാലത്തും ജീവിച്ചിരുന്നിട്ടില്ല. “നിളായാസ്സൗമ്യതീരേഽബ്ധേഃ കൂലസ്ഥഃ പരമേശ്വരഃ” എന്നും “നിളാബ്ധ്യോസ്സംഗമാൽ സൗമ്യേസ്ഥിതേന” എന്നും അദ്ദേഹം തന്നെപ്പറ്റി പറഞ്ഞിട്ടുള്ളതിൽ നിന്നു് അദ്ദേഹത്തിന്റെ ഇല്ലം ഭാരതപ്പുഴ സമുദ്രത്തിൽ പതിക്കുന്ന സ്ഥലത്തിനു സമീപം ആ പുഴയുടെ വടക്കേക്കരയിലായിരുന്നു എന്നു നാം ധരിക്കുന്നു. പരഹിതഗണിതം ക്രി. പി. ഏഴാം ശതകത്തിൽ തിരുനാവായിൽ ഒരു മാമാങ്കമഹോത്സവത്തിലാണു് വ്യവസ്ഥാപനം ചെയ്തതു് എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ ഗണിതം കാലക്രമേണ അസ്ഫുടമായി കണ്ടുതുടങ്ങിയപ്പോൾ ദൃഗ്ഗണിതം ആവിർഭവിച്ചു. മുഞ്ജാലകൻ, ശ്രീപതി മുതലായവർ ഗ്രഹയോഗം, ഗ്രഹനക്ഷത്രയോഗം, ഗ്രഹണം മുതലായ പ്രത്യക്ഷാനുഭവങ്ങളെ ഗണിച്ചറിയുന്നതിനു ചില പുതിയ സംസ്കാരങ്ങൾ ഏർപ്പെടുത്തി. പരമേശ്വരൻ നമ്പൂരി അവരുടെ മാർഗ്ഗത്തിൽ അകുതോഭയനായി സഞ്ചരിച്ചു കുജാദിഗ്രഹങ്ങൾക്കെല്ലാം ആ രീതി അനുസരിച്ചു ഗണിതം ക്രമീകരിച്ചു പരലോകഹിതം പരഹിതവും ഇഹലോകഹിതം ദൃഗ്ഗണിതവുമാക്കി വ്യവസ്ഥ ചെയ്തു. തന്നിമിത്തം തിഥി, നക്ഷത്രം, മുഹൂർത്തം മുതലായവയുടെ കാര്യത്തിൽ പരഹിതരീതിയും, ജാതകം ഗ്രഹമൗഢ്യം ഗ്രഹണം മുതലായവയുടെ കാര്യത്തിൽ ദൃഗ്രീതിയും പ്രവർത്തിക്കുന്നു. ദൃഗ്ഗണിതത്തിലും സൂര്യനൊഴിച്ചു മറ്റുള്ള ഗ്രഹങ്ങളുടെ വിഷയത്തിൽമാത്രമേ മൂലതത്വങ്ങൾ പരിഷ്കരിച്ചിട്ടുള്ളു. “കേരളത്തിലെ കാലഗണനപോലെ ശാസ്ത്രാനുസൃതമായ ഒരു സമ്പ്രദായം ഭൂലോകത്തിൽ മറ്റൊരിടത്തും തന്നെയില്ലെന്നു പറയാം” എന്നു ജ്യോതിർവ്വിത്തുകൂടിയായിരുന്ന പ്രൊഫസർ രാജരാജവർമ്മകോയിത്തമ്പുരാൻ ഒരവസരത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. ‘ഏവം ദൃഗ്ഗണിതേ ശാകേ ത്രിഷു വിശ്വമിതേ കൃതം’ എന്നു ദൃഗ്ഗണിതത്തിൽ രേഖയുള്ളതുകൊണ്ടു പരമേശ്വരാചാര്യന്റെ ദൃഗ്ഗണിതഗ്രന്ഥം കൊല്ലം 606-ൽ വിരചിതമായി എന്നു നാമറിയുന്നു. തന്നിമിത്തം കൊല്ലം 550-നും 625-നും ഇടയ്ക്കാണു് അദ്ദേഹം ജീവിച്ചിരുന്നതെന്നു് ഒരുവിധം തീർച്ചപ്പെടുത്തിപ്പറയാവുന്നതാണു്.

21.8കൃതികൾ

ജ്യോതിശ്ശാസ്ത്രസംബന്ധമായി അനവധി ഗ്രന്ഥങ്ങൾ ഈ ആചാര്യൻ നിർമ്മിച്ചിട്ടുണ്ടു്. അവയിൽ (1) സിദ്ധാന്ത ദീപിക (2) ഗോളദീപിക (3) കർമ്മദീപിക (4) ദൃഗ്ഗണിതം (5) മുഹൂർത്തരത്നവ്യാഖ്യ (6) ലീലാവതീവ്യാഖ്യ (7) ലഘുഭാസ്കരീയവ്യഖ്യാ (8) ജാതകകർമ്മപദ്ധതി (9) ജാതകപദ്ധതി (10) പ്രശ്നഷൾപഞ്ചാശികാവൃത്തി (11) സൂര്യസിദ്ധാന്തവിവരണം (12) ആചാരസംഗ്രഹം എന്നീ ഗ്രന്ഥങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. ആചാരസംഗ്രഹത്തെപ്പറ്റി മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇവ കൂടാതെ (1) ഗ്രഹണമണ്ഡനം (2) ഗ്രഹണാഷ്ടകം (3) വ്യതീപാതാഷ്ടകവൃത്തി എന്നീ മൂന്നു ഗ്രന്ഥങ്ങൾ കൂടി അദ്ദേഹത്തിന്റെ കൃതികളാകുവാൻ ന്യായമുണ്ടു്.

21.9സിദ്ധാന്തദീപിക

ഇതു ഗോവിന്ദസ്വാമിയുടെ മഹാ ഭാസ്കരീയഭാഷ്യത്തിന്റെ വ്യാഖ്യാനമാണു്. ഒടുവിൽ, താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ചില കൈയെഴുത്തുപ്രതികളിൽ കാണുന്നുണ്ടു്.

“ആചാര്യാര്യഭടോഽകരോദ്വിധിമതം തന്ത്രം പുനർഭാസ്കരോ
വൃത്തിം തസ്യ ച വിസ്തരാൽ പുനരഥോ ഭാഷ്യഞ്ച തസ്യാസ്തഥാ;

ഗോവിന്ദോഽസ്യ ച ദൂരമേത്യ സുധിയാമർത്ഥസ്ത്വിദാനീമഥ
വ്യാഖ്യാ തസ്യ മയാ കൃതാ ലഘുതരാ രുദ്രപ്രസാദാദിതി.

നിളാബ്ധ്യോസ്സംഗമാൽ സൗമ്യേ ഭാഗേ യോജനസംസ്ഥിതേ
ഗ്രാമമധ്യേ പ്രസാരണ്യേ വസൻ വിഷ്ണുഃ പ്രസീദതു.

പരമേശ്വരരചിതായാം വ്യാഖ്യായാം ഭാസ്കരീയഭാഷ്യസ്യ
സിദ്ധാന്തദീപികായാമാസീൽ പൂർണ്ണോഽഷ്ടമോഽധ്യായഃ”
ഇതിനു മഹാഭാസ്കരീയഭാഷ്യമെന്നും പേരുണ്ടു്. കേളല്ലൂർ ചോമാതിരി അദ്ദേഹത്തിന്റെ ആര്യഭടീയഭാഷ്യത്തിൽ സ്മരിക്കുന്ന ഗ്രന്ഥങ്ങളിൽ ഒന്നാകുന്നു സിദ്ധാന്തദീപിക. “അശ്വത്ഥ ഗ്രാമ (ആലത്തൂർ) ജോ ഭാർഗ്ഗവഃ പരമേശ്വരഃ സിദ്ധാന്തദീപികായാം…പ്രാഹ” എന്നു് അദ്ദേഹം ഈ മഹാചാര്യനെ നാമനിർദ്ദേശം ചെയ്യുന്നു.

21.10ഗോളദീപിക

302 ആര്യാപദ്യങ്ങളിൽ നക്ഷത്രഗോളത്തേയും ഭൂമിയുടെ മാനം മുതലായ വിഷയങ്ങളേയും പറ്റി അത്യന്തം ലളിതമായ ഭാഷയിൽ പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് ഗോളദീപിക. സിദ്ധാന്തദീപികയുടെ നിർമ്മിതിക്കുമേലാണു് പ്രസ്തുത ഗ്രന്ഥത്തിന്റെ രചനയെന്നു് ആചാര്യൻ തന്നെ പ്രസ്താവിച്ചിട്ടുണ്ടു്.

“പരമാദിനോക്തമേവം സംക്ഷേപാദീശ്വരേണ ഗോളസ്യ
സംസ്ഥാനം ലഘുമതയേ വക്തവ്യം ചാന്യദസ്തി ഗോളഗതം.
യുക്തിഃ പ്രദർശിതാ പ്രാങ്മയാ മഹാഭാസ്കരീയഭാഷ്യസ്യ
സിദ്ധാന്തദീപികായാം വിവൃതൗ വക്ഷ്യേ തഥാപി ശങ്ക്വാദേഃ”
എന്ന പദ്യങ്ങൾ നോക്കുക. പരമാദിയായ ഈശ്വരൻ എന്നാൽ പരമേശ്വരൻ എന്നർത്ഥം.

21.11കർമ്മദീപിക

“വ്യാഖ്യാനേ ഭാസ്കരീയസ്യ ഭാഷ്യസ്യ പ്രാക്‍ പ്രദർശിതാ
ഗുരുകർമ്മോപപത്തിസ്തു സഗോളാ വിസ്തരാന്മയാ;
ക്രിയാമാത്രപ്രസിദ്ധ്യർത്ഥമധുനാ മന്ദചേതസാം
വ്യാഖ്യാല്പാ തസ്യ മൂലസ്യ ക്രിയതേ കർമ്മദീപികാ”
എന്നീ പദ്യങ്ങളിൽനിന്നു പ്രസ്തുത കൃതി ആര്യഭടീയത്തിന്റെ ഒരു ലഘുവ്യാഖ്യയാണെന്നു കാണുന്നു. ഇതിനു ഭടദീപികയെന്നും പേരുണ്ടു്.

“തന്ത്രസ്യാര്യഭടീയസ്യ വ്യാഖ്യാല്പാ ക്രിയതേ മയാ
പരമാദീശ്വരാഖ്യേന നാമ്നാ തു ഭടദീപികാ”
എന്ന പദ്യം ഇതിനു തെളിവാകുന്നു.

21.12ദൃഗ്ഗണിതം

ദൃഗ്ഗണിതത്തെപ്പറ്റി മുമ്പു പ്രസ്താവിച്ചുവല്ലോ. ആചാര്യന്റെ നാമധേയം അന്യാദൃശമായ മാഹാത്മ്യത്തോടുകൂടി പരിസ്ഫുരിക്കുന്നതു് ഈ ഗ്രന്ഥത്തിന്റെ നിർമ്മിതിനിമിത്തമാകുന്നു. ഇതു കണ്ടുകിട്ടീട്ടില്ല. പ്രാണകലാന്തര സംസ്കാരമാണു് അദ്ദേഹം ഗണിതപദ്ധതിയിൽ വരുത്തീട്ടുള്ള പ്രധാനപരിഷ്കാരം. “പരമേശ്വരസ്തു രുദ്രപരമേശ്വരാത്മജനാരായണമാധവാദിഭ്യോ ഗോളവിദ്ഭ്യോ ഗണിതഗോളയുക്തീ രപി ബാല്യ ഏവ സമ്യഗ് ഗൃഹീത്വാ ദൃഗ്ഗണിതം കരണം ചകാര” എന്നു കേളല്ലൂർ ചോമാതിരി ആര്യഭടീയഭാഷ്യത്തിൽ പറയുന്നതിൽനിന്നു ദൃഗ്ഗണിതകാരനു രുദ്രൻ എന്ന പ്രധാനാചാര്യനു പുറമേ പരമേശ്വരപുത്രനായ നാരായണൻ, മാധവൻ (സംഗമഗ്രാമമാധവൻ) മുതലായി ജ്യോതിശ്ശാസ്ത്രവിഷയത്തിൽ വേറേയും ഗുരുക്കന്മാരുണ്ടായിരുന്നു എന്നു വിശദമാകുന്നു. രുദ്രൻ ഒരു വാരിയരായിരിക്കണം. വരാഹഹോരയ്ക്കു വിവരണമെന്ന വ്യാഖ്യാനം രചിച്ച രുദ്രനും പരമേശ്വരന്റെ ആചാര്യനും ഭിന്നന്മാരാകുന്നു. വിവരണകാരൻ കേളല്ലൂർ ചോമാതിരിയുടെ സമകാലികനാണു്. പ്രസ്തുത ഗ്രന്ഥത്തിന്റെ നിർമ്മിതിയ്ക്കുവേണ്ടി പരമേശ്വരൻനമ്പൂരി അൻപത്തഞ്ചു വർഷം ക്ലേശിച്ചു എന്നൊരു ഐതിഹ്യമുള്ളതു് അതിശയോക്തിപരമാണെന്നു പറയേണ്ടിയിരിക്കുന്നു.<

21.13മുഹൂർത്തരത്നവ്യാഖ്യ

ഇതു ഗോവിന്ദസ്വാമിയുടെ മുഹൂർത്തരത്നത്തിന്റെ വ്യാഖ്യാനമാണെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടു്.

21.14ലീലാവതീവ്യാഖ്

ഇതു ഭാസ്കരാചാര്യരുടെ ലീലാവതിക്കുള്ള ഒരു വ്യാഖ്യാനമാണു്.

“നിളായാസ്സാഗരസ്യാപി തീരസ്ഥഃ പരമേശ്വരഃ
വ്യാഖ്യാനമസ്മൈ ബാലായ ലീലാവത്യാഃ കരോമ്യഹം.”
എന്നൊരു പദ്യം ആ ഗ്രന്ഥത്തിന്റെ ഉപക്രമത്തിലുണ്ടു്. ഈ പദ്യത്തിന്റെ പൂർവ്വാർദ്ധത്തിനു് “പ്രണമ്യ പാർവ്വതീപുത്രം ശ്രീരുദ്രഞ്ച കൃപാനിധിം” എന്നൊരു പാഠാന്തരവും കാണുന്നു. ഒടുവിൽ

“ശ്രീമദ്രുദ്രസ്യ ശിഷ്യേണ ലീലാവത്യാഃ കൃതം മയാ
പരമേശ്വരനാമ്നൈവം വ്യാഖ്യാനം ഹരയേ നമഃ”
എന്നും ഒരു പദ്യമുണ്ടു്.

21.15ലഘുഭാസ്കരീയവ്യാഖ്യ

ഇതു പ്രഥമഭാസ്കരാചാര്യരുടെ ലഘുഭാസ്കരീയത്തിനുള്ള ഒരു വ്യാഖ്യാനമാണെന്നു പേരു കൊണ്ടുതന്നെ മനസ്സിലാക്കാവുന്നതാണല്ലോ.

“അർത്ഥോ യോ ഭാസ്കരീയസ്യ ശ്രുതോ ഗുരുമുഖാന്മയാ
അസ്മൈ സ മന്ദമതയേ സംക്ഷേപേണോപദിശ്യതേ.”
എന്നും

“പരമേശ്വരേണ രചിതം വ്യാഖ്യാനം ഭാസ്കരോക്തശാസ്ത്രസ്യ
ഏതച്ചിരായ വിലസതു കരൗഘമിവ ഭൂതലേ ദിനകരസ്യ.”
എന്നും രണ്ടു പദ്യങ്ങൾ ഈ ഗ്രന്ഥത്തിൽ കാണ്മാനുണ്ടു്. ശങ്കര നാരായണീയമെന്ന പൂർവ്വവ്യാഖ്യാനം അദ്ദേഹം സ്മരിയ്ക്കാത്തതു് അത്ഭുതമായിരിക്കുന്നു.

21.16ജാതകകർമ്മപദ്ധതിവ്യാഖ്യ

ജാതകകർമ്മപദ്ധതി ശ്രീപതി എട്ടധ്യായങ്ങളിൽ രചിച്ചിട്ടുള്ള ഒരു ജ്യോതിഷഗ്രന്ഥമാകുന്നു. അതിന്റെ വ്യാഖ്യാനമാണു് പരമേശ്വരന്റെ കൃതി.

“പരമേശ്വരനാമ്നൈവം കൃതം ജാതകപദ്ധതേഃ
വ്യാഖ്യാനം ശിഷ്യബോധാർത്ഥം ഭാർഗ്ഗവേണ സമാസതഃ.”
ഇതു സൂര്യദേവയജ്വാവും വ്യാഖ്യാനിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണെന്നു നാം ധരിച്ചുകഴിഞ്ഞുവല്ലോ.

21.17ജാതകപദ്ധതി

നാല്പത്തൊന്നു ശ്ലോകങ്ങളിൽ ആചാര്യൻ രചിച്ചിട്ടുള്ള ഒരു സ്വതന്ത്രഗ്രന്ഥമാകുന്നു ജാതകപദ്ധതി.

“ശ്രീവടശ്രേണിഭൂദേവൈഃ കൃതാ ജാതകപദ്ധതിഃ
ദിവ്യാം ഭാഷാം സമാശ്രിത്യ ലിഖ്യതേ ദേശഭാഷയാ.”
എന്നു് അതിന്റെ ഭാഷാവ്യാഖ്യാനത്തിൽ ഒരു ഉപക്രമപദ്യം കാണുന്നുണ്ടു്.

21.18പ്രശ്നനഷ്ടപഞ്ചാശികാവൃത്തി

ഇതും പരമേശ്വരന്റെ ഒരു കൃതിതന്നെ. പാരമേശ്വരി എന്നാണു് ഇതിനു പേർ പറയുന്നതു്. മൂലഗ്രന്ഥം രചിച്ചതു വരാഹമിഹിരന്റെ പുത്രനായ പൃഥുയശസ്സാകുന്നു.

21.19സൂര്യസിദ്ധാന്തവിവരണം

“വ്യാഖ്യാതം ഭാസ്കരീയം ലഘു, തദനു മഹാ
ഭാസ്കരീയം ച ഭാഷ്യം
പശ്ചാല്ലീലാവതീ ച ഗ്രഹഗതിവിഷയം
കിഞ്ചിദന്യച്ച യേനാ
സോഽയം ശ്രീരുദ്രശിഷ്യോ വദനജ ശിശവേ
സൂര്യസിദ്ധാന്തസംസ്ഥം
വക്ഷ്യത്യസ്പഷ്ടമർത്ഥം ഗണിതവിഷയഗം
കർമ്മ തത്രൈവ ഹി സ്യാൽ”
എന്നും

“നിളാബ്ധ്യോസ്സംഗമാൽ സൗമ്യേ സ്ഥിതേന പരമാദിനാ
സിദ്ധാന്തം വിവൃതം സൗമ്യമീശ്വരേണേദമല്പശഃ”
എന്നും ഉള്ള ശ്ലോകങ്ങൾ ഈ ഗ്രന്ഥത്തിൽ കാണുന്നു.

21.20ഗ്രഹണമണ്ഡനം, ഗ്രഹണാഷ്ടകം

“വിജ്ഞായ ലഘും തന്ത്രം ദുഷ്ട്വാ ഗോളസ്യ സംസ്ഥിതിം ബഹുശഃ
ഗണകാനാം സന്തോഷപ്രദം മയാ ഗ്രഹണമണ്ഡനം ക്രിയതേ”
എന്നു് ഇവയിൽ ആദ്യത്തെ കൃതിയിലും

“കാര്യോ ഗ്രഹേഷു ഗ്രഹണമണ്ഡനോക്തേഷ്വതഃ പരം
സംസ്കാരസ്തം ച വക്ഷ്യാമി തത്ര നോക്തം യതോ മയാ”
എന്നു രണ്ടാമത്തേതിലും പ്രസ്താവിച്ചിരിക്കുന്നു. രണ്ടു കൃതികളുടെയും പ്രണേതാവു് ഒരാളാണെന്നു് ഇതിൽനിന്നു വ്യക്തമാകുന്നു. അതു് ഒരു പരമേശ്വരനും തന്നെ. വടശ്ശേരി നമ്പൂരിയായിരിയ്ക്കണം.

“ജയതി ജഗതോ ദിനേശഃ പ്രബോധകൃദ്യസ്യ ഭാനു സമ്പർക്കാൽ
ശശിഭൃഗുജതാരകാദ്യാ ജ്യോതിർദ്ദീപ്താഃ പ്രദൃശ്യന്തേ”
എന്ന ശ്ലോകംകൊണ്ടാണു് ഗ്രഹണമണ്ഡനം ആരംഭിക്കുന്നതു്.

“പരമേശ്വരേണ രചിതം നവാധികാശീതിസമ്മിതാര്യാഭിഃ” എന്നു കവി തന്റെ നാമധേയം ഒടുവിൽ ഘടിപ്പിക്കുന്നു. ആകെ ആര്യാവൃത്തത്തിൽ എണ്പത്തൊൻപതു ശ്ലോകങ്ങളുണ്ടു്.

21.21വ്യതീപാതാഷ്ടകവൃത്തി

ഈ ഗ്രന്ഥത്തിൽ ആകെ അൻപതു ശ്ലോകങ്ങളുണ്ടു്. അവയെല്ലാം അനുഷ്ടുപ്പുവൃത്തത്തിലാണു് രചിച്ചിരിക്കുന്നതു്.

“പ്രണമ്യ ഭാസ്കരം ദേവം കരോതി പരമേശ്വരഃ
വ്യതീപാതാഷ്ടകസ്യാല്പാം വൃത്തിം ബാലപ്രബോധിനീം”
എന്ന ശ്ലോകം പ്രസ്തുത കൃതിയുടെ ആരംഭത്തിൽ കാണുന്നു.

ഇത്രയും വിവരിച്ചതിൽനിന്നു വടശ്ശേരി പരമേശ്വരൻ നമ്പൂരി ജ്യൗതിഷതന്ത്രത്തിൽ എത്രമാത്രം ബഹുമുഖമായും വിദഗ്ദ്ധമായും പ്രവർത്തിച്ചിരുന്നു എന്നു് അനുവാചകന്മാർക്കു് ഗ്രഹിക്കാവുന്നതാകുന്നു. അദ്ദേഹത്തെപ്പറ്റി കൊല്ലം എട്ടാം ശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന മഴമംഗലം ശങ്കരൻ നമ്പൂരിയുടെ ബാലശങ്കരത്തിൽനിന്നു് ഒരു വിവരംകൂടി കിട്ടുന്നുണ്ടു്. “പണ്ടു ദൃഗ്ഗണിതം ചമച്ച പരമേശ്വര വടശ്ശേരിക്കു പതിനാറു വയസ്സിൽ തന്റെ അച്ഛൻ നടേ വേട്ട അമ്മ മരിച്ചു ദീക്ഷയുണ്ടായി. ആ ദീക്ഷ ഇടയിൽ വിടുവാൻ മടിച്ചു പതിനെട്ടിലത്രേ ഗോദാനം ചെയ്തു. പരമേശ്വരൻ ആശ്വലായനൻ താനും” എന്നാണു് അദ്ദേഹം രേഖപ്പെടുത്തീട്ടുള്ളതു്. ആ മഹാത്മാവിനെപ്പറ്റി അനന്തരകാലികന്മാർക്കു് എത്രമാത്രം മതിപ്പുണ്ടായിരുന്നു എന്നുള്ളതിനു രണ്ടുദാഹരണങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടു പുരോഗമനം ചെയ്യാം. വിവരണകാരനായ ഉഴുത്തിരവാരിയർ.

“സത്യജ്ഞാനപ്രദായേഷ്ടദേശകാലാവബോധിനേ
നമഃ ശ്രീഗുരവേ സാക്ഷാൽ പരമേശ്വരമൂർത്തയേ”
എന്നു് അദ്ദേഹത്തെ വന്ദിക്കുന്നു. സിദ്ധാന്തദർപ്പണകാരനായ കേളല്ലൂർ ചോമാതിരി “തത്രാസ്മൽപരമഗുരുഃ പരമേശ്വരാചാര്യോ ഭാർഗ്ഗവോഽശ്വത്ഥഗ്രാമജോ മുന്യംശസപ്തമാംശോ വാപഞ്ചമാംശോ വേതി സംശയ്യ്യ ബഹൂപരാഗദർശനേന പഞ്ചാം ശോനത്വം നിർണ്ണീയ സിദ്ധാന്തദീപികായാം ഗോവിന്ദഭാഷ്യ വ്യാഖ്യായാമവദൽ” എന്നു പറയുന്നു.

21.22മുഹൂർത്താഭരണം

മുഹൂർത്താഭരണത്തിന്റെ കർത്താവു ദാമോദരൻ നമ്പൂരിയാണു്.

“യോഗക്ഷേമം നിഖിലജഗതാം കർത്തുമുച്ചൈർമ്മഹേശഃ
പൂർണ്ണൈശ്വര്യോ വിലസതി യതസ്സ്വാനുഭാവം പ്രകാശ്യ
ചെല്ലൂരാഖ്യോ ജയതി സ പരം ഗ്രാമവര്യഃ പ്രസിദ്ധോ
വിപ്രേന്ദ്രാണാം പ്രഥിതയശസാമാശ്രയഃ ശ്രീനികേതഃ.

വിഷ്ണോഃ സ്ഥാനം ജയതി ഹി തതോ ദക്ഷിണസ്യാംദിശായാം
ശ്വേതാരണ്യാഹ്വയമിതി സദാ സർവലോകോപകാരി
യച്ച പ്രാഹുഃ കൃതദശമുഖധ്വാന്തവിധ്വംസനാമ്ന
സ്രൈലോക്യാം ഭോരുഹരുചികൃതോ ഭാസ്കരസ്യോദയാദ്രിം.

തസ്മാൽ പ്രാച്യാംദിശി പരിമിതേ യോജനേഽസ്തിദ്വിജാനാം
ഗ്രാമോ യസ്മിൻ വസതി വിമലജ്ഞാനദായീ രമേശഃ
വിദ്യാം രക്ഷത്യപി മുനിവരോ വാക്‍പതിസ്സന്നിധാനാൽ
ദൈവീം വാചം പ്രഥയിതുമനാ യത്ര വിപ്രോത്തമാനാം.

തസ്മിൻ ഗുരുപ്രശസ്തേ കതിപയഗോത്രോദ്ഭവേഷു വാഗ്ദേവീ
സാനുഗ്രഹാ ഭഗവതീ വശംവദാ ച പ്രവർത്തതേ നിത്യം.
തേഷാം വിദുഷാം മധ്യേ ഭാരദ്വാജാഖ്യഗോത്രജാതാ യേ,
അസ്തി ഹി തേഷാം സ്ഥാനം ജ്യോതിർമ്മീമാംസകേഷു മുഖ്യാനാം.

ദൈവജ്ഞാനാമുത്തമസ്തത്ര ജാതോ
യജ്ഞാഖ്യോഽഭൂദ്വിപ്രവര്യോ മഹാത്മാ
ശ്രീമാൻ പുത്രോഽഭൂച്ച “ദാമോദരാഖ്യോ”
ലോകേ യസ്മാല്ലബ്ധവിദ്യാഃ പ്രസിദ്ധാഃ.

തദ്ഭ്രാതൃപുത്രോ ജഗതി പ്രസിദ്ധോ
ഗുണൈസ്സ്വകീയസ്യ പിതുസ്സമാനഃ
ജയത്യസൗ കേശവനാമധേയഃ
ശ്രുതിസ്മൃതിവ്യാകരണേഷ്വഭിജ്ഞഃ.
***
ആചാര്യാര്യഭടീയസൂത്രിതമഹാഗുഢോക്തിമുക്താവലീ
മാലാലങ്കൃതയോ ജയന്തി വിമലാ വാചോ യദീയാശ്ശുഭാഃ
സൂക്ഷ്മാ യൽപ്രതിഭാ ച ഗുഢഗണിതം നിശ്ശേഷകാലക്രിയം
ഭൂഗോളം ഗ്രഹചക്രവാസ്തവമിദം വിശ്വം സ്ഫുടം പശ്യതി.

തസ്യാനുജശ്ശിഷ്യവരഃ പ്രസാദ
മാശ്രിത്യ ദാമോദരനാമധേയഃ
മുഹൂർത്തശാസ്രാഭരണം ഗുണാഢ്യം
വിചിത്രവൃത്തം രുചിരം ചകാര.
***
ഇത്യുക്തവിധിവിധാനൈരധ്യായൈർന്നവഭിരിവ മഹാരത്നൈഃ
സുമുഹൂർത്താഭരണമിദം സുദൃശാം കണ്ഠേഷു ഭൂഷണം ഭൂയാൽ.”
ഈ ശ്ലോകങ്ങളിൽനിന്നു ഗ്രന്ഥകാരന്റെ പൂർവ്വപുരുഷനായി യജ്ഞൻ എന്നൊരു നമ്പൂരിയുണ്ടായിരുന്നു എന്നും, അദ്ദേഹത്തിന്റെ സഹോദരപുത്രനായി കേശവൻ എന്നൊരു മഹാപണ്ഡിതൻ ജീവിച്ചിരുന്നു എന്നും, അദ്ദേഹത്തിന്റെ അനുജനാണു് ഗ്രന്ഥകർത്താവെന്നും വെളിപ്പെടുന്നു. കേശവൻ കേരളത്തിൽ പ്രചരിക്കുന്ന അനേകം ജാതകപദ്ധതികളിൽ ഒന്നിന്റെ പ്രണേതാവാകുന്നു. അതിൽ നാല്പതു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. അതിനു ദിവാകരൻ എന്നൊരു ദൈവജ്ഞൻ പ്രൗഢമനോരമ എന്ന പേരിൽ ഒരു വ്യാഖ്യാനം എഴുതീട്ടുള്ളതായും അറിവുണ്ടു്.

തൃപ്രങ്ങോടിനു സമീപമുള്ള ഒരു ഗ്രാമത്തിലാണു് ആ കുടുംബം സ്ഥിതി ചെയ്തിരുന്നതു് എങ്കിലും അതു തളിപ്പറമ്പു ഗ്രാമത്തിൽ പെട്ടതായിരുന്നു എന്നും വെളിവാക്കുന്നു. മുഹൂർത്താഭരണവും മുഹൂർത്തരത്നാദിപോലെ മഴമംഗലം പ്രമാണമായി സ്വീകരിക്കുന്നുണ്ടു്. കേശവദൈവജ്ഞൻ കേരളത്തിൽ പ്രചരിക്കുന്ന പല ജാതകപദ്ധതികളിൽ ഒന്നിന്റെ പ്രണേതാവാണു്. അദ്ദേഹവും ദാമോദരന്റെ ജ്യേഷ്ഠനും ഒരാൾതന്നെയായിരിക്കുവാൻ ന്യായമുണ്ടു്. മുഹൂർത്താഭരണം വടശ്ശേരി പരമേശ്വരൻ നമ്പൂരിയുടെ പുത്രനായ ദാമോദരൻനമ്പൂരിയുടെ കൃതിയല്ല. ആ ഗ്രന്ഥത്തിന്റെ നിർമ്മാതാവു ഭരദ്വാജഗോത്രജനും വടശ്ശേരി ഭാർഗ്ഗവഗോത്രജനുമാണു്. എന്നാൽ പരമേശ്വരന്റെ പുത്രനും ഒരു ജ്യോതിർവിത്തായിരുന്നു എന്നുള്ളതിനു സ്ഫുടനിർണ്ണയതന്ത്രവിവൃതിയിലെ “പരമേശ്വരം സതനയം” എന്ന പംക്തി ജ്ഞാപകമാകുന്നു. അദ്ദേഹമാണു് കേളല്ലൂർ ചോമാതിരിയുടെ ജ്യോതിശ്ശാസ്ത്രാചാര്യൻ. ഏതു ഗ്രന്ഥമാണു് അദ്ദേഹം നിർമ്മിച്ചതെന്നറിയുന്നില്ല.

21.23നാരായാണൻനമ്പൂരി

മുഹൂർത്തദീപകം എന്ന ഗ്രന്ഥത്തിന്റെ പ്രണേതാവാണു് നാരായണൻനമ്പൂരി. ആ ഗ്രന്ഥത്തിൽ താഴെ ഉദ്ധരിക്കുന്ന പദ്യങ്ങൾ കാണുന്നു:

“ഗജാസ്യഗോശിവഗുരൂൻ നത്വാ മൂർദ്ധ്നാ കരോമ്യഹം
മുഹൂർത്തദീപകം സ്വല്പം സ്വല്പബുദ്ധിഹിതായ വൈ.
***
“കശ്ചിദ്ദ്വിജോ ഗുണഖ്യാതകേശവാഖ്യദ്വിജാത്മജഃ
കാണ്വവസ്ത്വാഹ്വയഗ്രാമജന്മാ നാരായണാഹ്വയഃ
ഇത്ഥം മുഹൂർത്തദീപാഖ്യം മുഹൂർത്താഗമസാരജം
മുഹൂർത്തദർശനം പുണ്യം സജ്ജനൈഃ കൃതവാൻ ശ്രുതം.”
‘കാണ്വവസ്തു’ എന്നതു ശങ്കരകവി സ്മരിക്കുന്ന തൃക്കണ്ണപുരമായിരിക്കാം. വടശ്ശേരി പരമേശ്വരൻനമ്പൂരിയുടെ ഗുരുക്കന്മാരിൽ അന്യതമനെന്നു കേളല്ലൂർ ചോമാതിരി പറയുന്ന നാരായണൻ പക്ഷേ ഇദ്ദേഹമായിരിക്കുവാൻ ഇടയുണ്ടു്. മുഹൂർത്തദീപകവും മഴമംഗലം സ്മരിക്കുന്ന ഗ്രന്ഥങ്ങളിൽ ഒന്നാകുന്നു.

21.24പുതുമനച്ചോമാതിരി

കൊല്ലം ഏഴാംശതകത്തിന്റെ ആരംഭത്തിൽ വടശ്ശേരി നമ്പൂരിയുടെ സമകാലികനായി ജീവിച്ചിരുന്ന മറ്റൊരു ദൈവജ്ഞനാണു് പുതുമനച്ചോമാതിരി. അദ്ദേഹത്തിന്റെ കൃതികളായി കരണപദ്ധതി, ജാതകാദേശമാർഗ്ഗം, ന്യായരത്നം, സ്മാർത്തപ്രായശ്ചിത്തം എന്നിങ്ങനെ നാലു ഗ്രന്ഥങ്ങൾ കിട്ടീട്ടുണ്ടു്. കരണപദ്ധതിയുടെ അവസാനത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകം കാണുന്നു:

“ഇതി ശിവപുരനാമഗ്രാമജഃ കോപി യജ്വാ
കിമപി കരണപദ്ധത്യാഹ്വയം തന്ത്രരൂപം
വ്യധിത ഗണിതമേതൽ; സമ്യഗാലോക്യ സന്തഃ
കഥിതമിഹ വിദന്തഃ സന്തു സന്തോഷവന്തഃ.”
കരണപദ്ധതിക്കു് അജ്ഞാതനാമാവായ ഒരു പണ്ഡിതൻ ഒരു ഭാഷാവ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അതിൽ

“നൂതനഗൃഹസോമസുതാ രചിതായാഃ കരണപദ്ധതേർവിദുഷാ
ഭാഷാം വിലിഖതി കശ്ചിദു് ബാലാനാം ബോധനാർത്ഥമല്പധിയാം”
എന്നൊരു പ്രതിജ്ഞാപദ്യം കാണുന്നു. ഇവയിൽനിന്നു പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രണേതാവു പുതുമനച്ചോമാതിരിയാണെന്നും അദ്ദേഹം ശിവപുരം ഗ്രാമക്കാരനാണെന്നും വിശദമാകുന്നു.

“നവീനവിപിനേ മഹീമഖഭുജാം മണിസ്സോമയാ
ജ്യുദാരഗണകോഽത്ര യസ്സമഭവച്ച; തേനാമുനാ
വ്യലേഖി സുദൃഗുത്തമാ കരണപദ്ധതിസ്സംസ്കൃതാ
ത്രിപഞ്ചശിഖിഭൂമിതപ്രഥിതശാകസംവത്സരേ”
എന്നു ഗോവിന്ദഭട്ടന്റെ ഗണിതസൂചികയിലുള്ള ഒരു പദ്യം വടക്കുംകൂർ രാജരാജവർമ്മരാജാവു് അദ്ദേഹത്തിന്റെ കേരളീയ സംസ്കൃതസാഹിത്യചരിത്രത്തിൽ ഉദ്ധരിച്ചിരിക്കുന്നു. ഗോവിന്ദഭട്ടന്റെ കാലഗണന ശരിയായിരിക്കണം. അങ്ങനെയാണെങ്കിൽ കരണപദ്ധതിയുടെ നിർമ്മിതി ശകാബ്ദം 1353-നു സമമായ കൊല്ലവർഷം 606-ൽ ആണെന്നു വന്നുകൂടുന്നു. ആ കൊല്ലത്തിൽത്തന്നെയാണു് വടശ്ശേരി നമ്പൂരി ദൃഗ്ഗണിതവും കണ്ടുപിടിച്ചതെന്നു നാം ധരിച്ചുവല്ലോ. ‘ഗണിതമേതൽ സമ്യക്‍’ എന്ന വാക്യത്തിൽ കലിദിനസൂചനയില്ല. ‘നൂതനഗൃഹം’ പുതുമനയും ‘നവീനവിപിനം’ പുതുവനവുമാണു്. പുതുമന പുതുവനമായി വിപരിണമിച്ചിരിയ്ക്കണം. അങ്ങനെ ആ രണ്ടു സംജ്ഞകളും ഒരേ ഇല്ലത്തേക്കു സിദ്ധിച്ചു. ഇന്നു സോമയാഗാധികാരികളായ നമ്പൂരിമാർ തൃശ്ശിവപേരൂർ ഗ്രാമത്തിലില്ലെന്നു ചിലർ പറയുന്നതു് ശരിതന്നെ; എന്നാൽ ശിവപുരമെന്നു ചൊവ്വരം ഗ്രാമത്തിന്നും പേരുണ്ടെന്നും ചോമാതിരി ചൊവ്വരം ഗ്രാമക്കാരനായിരിക്കാമെന്നും നാം അതിന്നു പരിഹാരമായി കരുതിയാൽമതി. കരണപദ്ധതി പത്തദ്ധ്യായങ്ങളിൽ രചിക്കപ്പെട്ടിരിക്കുന്നു. പ്രസ്തുത ഗ്രന്ഥത്തിൽ ഗണിതപരിഷ്കാരത്തിനുള്ള മാർഗ്ഗങ്ങളെപ്പറ്റി പറയുന്നുണ്ടെങ്കിലും ദൃക്കരണങ്ങളെക്കുറിച്ചുള്ള സൂചന കാണുന്നില്ല.

“ഗണിതമിദമശേഷം യുക്തിയുക്തം പഠന്തോ
ഭുവി ഗണകജനാനാമഗ്രഗണ്യാ ഭവേയുഃ;
അപി ച ഗതിവിശേഷാൽ കാലതുല്യസ്യ വിഷ്ണോ
സ്സുദൃശമനുഭവന്തോ യാന്തി തദ്ധാമ ശുദ്ധം.”
എന്നൊരു ഫലശ്രുതിശ്ലോകവും ചേർത്തിരിക്കുന്നു. കരണപദ്ധതിയും ജാതകാദേശമാർഗ്ഗവും

“മദീയഹൃദയാകാശേ ചിദാനന്ദമയോ ഗുരുഃ
ഉദേതു സതതം സമ്യഗജ്ഞാനതിമിരാരുണഃ”
എന്ന വന്ദനശ്ലോകംകൊണ്ടാണു് ആരംഭിക്കുന്നതു്.

ഗണേശാദീൻ നമസ്കൃത്യ മയാ ഗുരുമുഖാച്ഛ്റുതഃ
ജാതകാദേശമാർഗ്ഗോഽയമവിസ്മർത്തും വിലിഖ്യതേ”
എന്നു രണ്ടാമത്തെ ഗ്രന്ഥത്തിൽ വിനയദ്യോതകമായ ഒരു വിജ്ഞാപനവുമുണ്ടു്. അവസാനത്തിൽ

“നവാലയവനാഖ്യോന ധീമതാ സോമയാജിനാ
കൃതം പ്രകരണം ഹ്യേതദ്ദൈവജ്ഞജനതുഷ്ടയേ”
എന്നു് ഒരു കുറിപ്പു കാണ്മാനുണ്ടു്. ‘പുതുമന’ എന്ന ഇല്ലപ്പേരു ശരിതന്നെയെന്നും മുറയ്ക്കു് അതിനെ ‘പുതുമനക്കാടു്’ എന്നാണു് പറയേണ്ടതെന്നും ഈ പദ്യത്തിൽനിന്നു വ്യഞ്ജിക്കുന്നു.

21.25ന്യായരത്നം

ന്യായരത്നവും ഒരു ഗണിതഗ്രന്ഥമാണു്. ‘മദീയഹൃദയാകാശേ’ എന്ന വന്ദനശ്ലോകംകൊണ്ടാണു് ഇതും ആരംഭിക്കുന്നതു്.

“നമസ്കൃത്യ ഗുരൂൻ ഭക്ത്യാ ഗണേശാദീൻ ഗ്രഹാനപി
ന്യായരത്നാഹ്വയം കിഞ്ചിൽ ഗണിതം ക്രിയതേ മയാ”
എന്നു് ആ ഗ്രന്ഥത്തിൽ ആചാര്യൻ ചികീർഷിതപ്രതിജ്ഞ ചെയ്തിരിക്കുന്നു. അതിൽ എട്ടധ്യായങ്ങൾ അടങ്ങീട്ടുണ്ടു്. ഗ്രന്ഥം ചെറുതാണു്.

ഈ മൂന്നു ഗ്രന്ഥങ്ങളിൽനിന്നു പുതുമനച്ചോമാതിരിക്കു ഗണിതഭാഗത്തിലും ഫലഭാഗത്തിലും ഒന്നുപോലെ വൈദുഷ്യമുണ്ടായിരുന്നു എന്നു തെളിയുന്നുണ്ടല്ലോ. കരണപദ്ധതി കേരളത്തിലെ ഒരു പ്രമാണീഭൂതവും പ്രചുരപ്രചാരവുമായ ജ്യോതിഷഗ്രന്ഥമാകുന്നു. സ്മാർത്തപ്രായശ്ചിത്തത്തിനു ‘പുതുമനച്ചോമാതിരിയുടെ പ്രായശ്ചിത്തം’ എന്നു തന്നെയാണു് പേർ നല്കിക്കാണുന്നതു്. അതിൽ വിവിധവൃത്തങ്ങളിലായി 173 സംസ്കൃതപദ്യങ്ങൾ അടങ്ങിയിരിക്കുന്നു. അതിലും ‘മദീയ ഹൃദയാകാശേ’ എന്ന വന്ദനശ്ശോകമുണ്ടു്.

“അഥാശ്വലായനം നത്വാ മുനിം കൗഷീതകം തഥാ
യൽകിഞ്ചിൽ ബഹ്വൃചസ്മാർത്തപ്രായശ്ചിത്തം വിലിഖ്യതേ”
എന്ന പദ്യത്തിൽനിന്നു് അദ്ദേഹം ഋഗ്വേദികളെ പരാമർശിക്കുന്ന സ്മാർത്തപ്രായശ്ചിത്തത്തെപ്പറ്റി മാത്രമേ പ്രതിപാദിക്കുന്നുള്ളൂ എന്നു കാണാം.

“ആലേപാദ്യനലാഹുതിശ്ച ഹവിഷോ
നിർവാപ ആജ്യസ്യ വാ
ഥാന്വാധേരപി ദേവതോക്തിരിതി താ
ന്യുൽപത്തികർമ്മാണ്യപി
കാര്യം സ്വിഷ്ടകൃതഃ പുരാഗ്നിമുഖത
ശ്ചോർദ്ധ്വം പ്രധാനം മുഹൂ
ർത്തോക്തം ചാവിധിനാ കൃതാനി സകലാ
ന്യേതാനി ചാവർത്തയേൽ.”
എന്ന പദ്യത്തിൽ വിഷയം ആരംഭിക്കുന്നു.

21.26മാത്തൂർ നമ്പൂരിപ്പാട്

കേരളീയരായ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ മുഹൂർത്തപദവി എന്ന പേരിൽ നാലോളം ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അവയിൽ രണ്ടെണ്ണം കൊല്ലം എട്ടാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്ന മഴമംഗലം ശങ്കരൻ നമ്പൂരിക്കു മുമ്പും ശേഷം രണ്ടു പിന്നീടും ഉണ്ടായിട്ടുള്ളവയാണു്. മഴമംഗലം ബാലശങ്കരമെന്ന പേരിൽ പ്രസിദ്ധമായ കാലദീപവ്യാഖ്യയിൽ, തന്റെ കാലത്തിനു മുമ്പു പ്രചരിച്ചിരുന്ന മുഹൂർത്തപദവികളെ നടേത്തെ മുഹൂർത്തപദവിയെന്നും രണ്ടാംമുഹൂർത്തപദവിയെന്നും വ്യവഹരിക്കുന്നു. രണ്ടാംമുഹൂർത്തപദവിയെ മുഹൂർത്ത പദവിയെന്ന പേരിൽത്തന്നെ പലപ്പോഴും സ്മരിക്കാറുമുണ്ടു്. ആദ്യത്തെ മുഹൂർത്തപദവി തലക്കുളത്തു ഭട്ടതിരിയുടേതെന്നാണു് പറഞ്ഞുവരുന്നതു്. അതു ശരിയാണോ എന്നു നിശ്ചയമില്ല. രണ്ടാം മുഹൂർത്തപദവിയുടെ പ്രണേതാവാണു് മാത്തൂർ നമ്പൂരിപ്പാടു്. നാമധേയമെന്തെന്നറിയുന്നില്ല. അദ്ദേഹത്തിന്റെ ജനനസ്ഥലം കൊച്ചിയിൽ ചേലക്കരയ്ക്കു സമീപം പാഞ്ഞാൾ എന്ന ദേശമാണെന്നും ആ കുടുംബപരമ്പര ഇപ്പോഴുമുണ്ടെന്നും അറിയുന്നു. സംസ്കൃതത്തിൽ പാഞ്ഞാൾ പാഞ്ചാലഗ്രാമവും മാത്തൂർ മഹാവാസ്തുപുരവുമായി രൂപം മാറുന്നു. ആ മുഹൂർത്ത പദവിതന്നെ രണ്ടു പാഠങ്ങളിലായി കണ്ടിട്ടുണ്ടു്. ഒന്നു്

“പ്രത്യൂഹപ്രണിഹന്താരം പ്രണിപത്യ ഗണാധിപം
മുഹൂർത്താവഗമേ മാർഗ്ഗമൃജും കർത്തും യതാമഹേ”
എന്ന ശ്ലോകത്തോടുകൂടി ആരംഭിക്കുന്നു; അതാണു് മഴമംഗലത്തു ശങ്കരൻനമ്പൂരി വ്യാഖ്യാനിച്ചിട്ടുള്ളതും. അതിൽ മംഗലാചരണമുൾപ്പെടെ മുപ്പത്താറു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. മറ്റേതിലെ പ്രഥമശ്ലോകം

“പ്രത്യൂഹപ്രണിഹന്തൃകിഞ്ചന മഹസ്സഞ്ചിന്ത്യ ഭാസാംനിധിം
ഭാനുഞ്ച ക്രിയതേ മുഹൂർത്തപദവീ സംക്ഷിപ്തശാസ്ത്രാന്തരാ
വർജ്ജ്യാവർജ്ജ്യവിവേകിനീ കൃതസദാചാരാനുസാരാ മയാ
സന്തുഷ്യന്തുതരാം ചിരായ സുധിയോ ദേവാഃ പ്രസീദന്തു നഃ”
എന്നതാണു്. ഇവയിൽ ആദ്യത്തെ പാഠമനുസരിച്ചാണു് മഴമംഗലത്തു ശങ്കരൻനമ്പൂരിയുടെ വ്യാഖ്യാനം; രണ്ടാമത്തെ പാഠത്തിന്റെ വ്യാഖ്യാതാവു് അർവാചീനനാണു്. അതിൽ നാല്പത്തിമൂന്നു ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നു.

“ത്രിചത്വാരിംശതാ പദ്യൈർമ്മുഹൂർത്തപദവീമിമാം
പാഞ്ചാലഗ്രാമവാസ്തവ്യോ ദ്വിജഃ കശ്ചിദരീരചൽ.”
എന്നു് അതിൽ ഒടുവിൽ ഒരു ശ്ലോകം ഘടിപ്പിച്ചിട്ടുണ്ടു്. ഇതാണോ മൂന്നാം മുഹൂർത്തപദവി എന്നു നിശ്ചയമില്ല. ഇവ കൂടാതെ മുപ്പത്തിരണ്ടു ശ്ലോകങ്ങൾ മാത്രമടങ്ങിയ മറ്റൊരു മുഹൂർത്തപദവിയുമുണ്ടു്. അതിനെ നാലാം മുഹൂർത്തപദവി എന്നു പറയുന്നു.

മഴമംഗലം പ്രസ്തുത ഗ്രന്ഥം വ്യാഖ്യാനിച്ചിട്ടുള്ളതുകൊണ്ടു കൊല്ലം ഏഴാം ശതകത്തിന്റെ മധ്യത്തിലാണു് മാത്തൂരിന്റെ ജീവിതകാലം എന്നു് ഊഹിക്കാം. പഴയ മുഹൂർത്തപദവിയെ അദ്ദേഹം സംക്ഷേപിച്ചു മുപ്പത്തഞ്ചു ശ്ലോകങ്ങളിൽ ആശയങ്ങൾ മുഴുവൻ അടക്കീട്ടുള്ളതു് ഏറ്റവും ആശ്ചര്യകരമായിരിക്കുന്നു.

ഈ മുഹൂർത്തപദവിയിൽ മൂന്നു പരിച്ഛേദങ്ങളുണ്ടു്. പ്രഥമ പരിച്ഛേദത്തിൽ നിത്യദോഷങ്ങളേയും ഷഡ്ദോഷങ്ങളേയും കർത്തൃദോഷങ്ങളേയും കർമ്മങ്ങളുടെ കാലനിർണ്ണയത്തേയും പ്രതിപാദിക്കുന്നു. ദ്വിതീയപരിച്ഛേദത്തിൽ ഷോഡശക്രിയകളുടെ മുഹൂർത്തങ്ങൾ നിർണ്ണയിക്കുകയും, തൃതീയ പരിച്ഛേദത്തിൽ പ്രതിഷ്ഠ, ഗൃഹനിർമ്മിതി, ഔഷധസേവ, യാത്ര, കൃഷി ഇവയ്ക്കുള്ള മുഹൂർത്തങ്ങൾ വിവരിക്കുകയും ചെയ്യുന്നു. പ്രസ്തുത ഗ്രന്ഥത്തിനു മുമ്പു സൂചിപ്പിച്ച മഴമംഗലത്തിന്റെ ബാലശങ്കരമെന്ന വിശിഷ്ടമായ ഭാഷാവ്യാഖ്യാനത്തിനു പുറമേ അജ്ഞാതനാമാവായ ഒരു പണ്ഡിതന്റെ മുഹൂർത്തസരണീദീപം എന്നൊരു ചെറിയ സംസ്കൃതടീകയും, പൊറയന്നൂർ പരമേശ്വരൻ നമ്പൂരിപ്പാട്ടിലെ വരദീപിക എന്ന വിസ്തൃതമായ ഒരു സംസ്കൃത വ്യാഖ്യാനവും, ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ മുഹൂർത്തഭാഷയെന്ന ഭാഷാവ്യാഖ്യാനവുമുണ്ടു്.

‘പ്രത്യൂഹപ്രണിഹന്താരം’ എന്ന ശ്ലോകം വരദീപികാകാരൻ വ്യാഖ്യാനിക്കുമ്പോൾ “പഞ്ചസിദ്ധാന്ത—ഷട്സൂത്ര—മുഹൂർത്തരത്ന—മുഹൂർത്തദീപിക—വിധിരത്നസാരസമുച്ചയ—സർവ്വസിദ്ധി—പഞ്ചാശികാ—കാലപ്രകാശികാ—ചാരദീപികാ—ചാരസംഗ്രഹ—മാധവീയ—മുഹൂർത്തപദവ്യാദിഷു മുഹൂർത്തശാസ്ത്രേഷു” എന്ന പംക്തിയിൽ മുഹൂർത്തശാസ്ത്രപ്രതിപാദകങ്ങളായ പല പൂർവ്വ ഗ്രന്ഥങ്ങളേയും സ്മരിച്ചു “ബഹുവിസ്തരത്വാച്ച അർത്ഥദുർഗ്ഗമത്വാച്ച ഉത്സർഗ്ഗാപവാദബഹുളത്വാച്ച തത്തച്ഛാസ്ത്രേഷു തത്തദ്വിധവചനദർശനാച്ച അനനുസൃതസജ്ജനാചാരവചനദർശനാച്ച ഗ്രന്ഥ വിസ്തരഭീരൂണാമൂഹാപോഹാപടൂനാം മന്ദമതീനാം താനിശാ സ്ത്രാണ്യാലോച്യ സുമൂഹൂർത്തകാലജ്ഞാനസ്യ സുദുഷ്കരത്വാൽ” അവയെക്കൊണ്ടു പോരാത്തതിനാലാണു് ആചാര്യൻ നാതിസം ക്ഷേപവിസ്തരവും നാതിസംവൃതാർത്ഥവും നാതിഗഹനശബ്ദ ബഹുലവുമായ പുതിയ മുഹൂർത്തപദവി നിർമ്മിച്ചതെന്നുപറയുന്നു. വരദീപികയുടെ രചന കൊല്ലം 990-ൽ ആണു്. മുഹൂർത്തസരണീദീപത്തിൽ

“മുഹൂർത്തസരണീദീപം സർവ്വസംശയനാശനം
വ്യാഖ്യാനം ലിഖിതും യത്നം കരോമി ജനരഞ്ജനം”
എന്നൊരു ശ്ലോകം കാണുന്നു.

21.27സങ്ഗ്രാമവിജയോദയം

ഇതു് ആര്യാവൃത്തത്തിൽ ഇരുപത്തിനാലധ്യായങ്ങളിൽ രചിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണു്.

കവി കേരളീയനായിരിക്കുവാൻ ന്യായമുണ്ടു്. കാലദേശങ്ങളേയോ നാമധേയത്തേയോ പറ്റി യാതൊരറിവും ലഭിക്കുന്നില്ല. ആദ്യത്തെ പതിനാറദ്ധ്യായങ്ങളിൽ യുദ്ധവിജയകാംക്ഷിയായ രാജാവിനു നക്ഷത്രം, തിഥി, വാരം, യോഗം, ലഗ്നം, ഗ്രഹചാരം മുതലായവയുടെ സ്ഥിതിയിൽനിന്നു വരാവുന്ന ശുഭാശുഭ ഫലങ്ങളെ നിരൂപണം ചെയ്യുന്നു. 17 മുതൽ 21 വരെയുള്ള അധ്യായങ്ങളിൽ മന്ത്രം, യന്ത്രം, ഔഷധം മുതലായവകൊണ്ടു ശത്രുസൈന്യത്തിന്റെ വ്യാമോഹനം, സ്തംഭീകരണം, പ്രത്യുച്ചാടനം തുടങ്ങിയ വിജയപ്രകാരങ്ങൾ എങ്ങനെ സാധിക്കാമെന്നു നിർദ്ദേശിക്കുന്നു. ഒടുവിലത്തെ മൂന്നധ്യായങ്ങളിൽ ധാരാലിപ്തകം തുടങ്ങിയ ശസ്ത്രങ്ങളുടെ നിർമ്മിതിയും മറ്റുമാണു് പ്രതിപാദിച്ചിരിക്കുന്നതു്. പ്രഥമാധ്യായത്തിൽ ആചാര്യൻ ഇങ്ങനെ പ്രസ്താവിക്കുന്നു:

“ജഗദേകഹേതുരീശോ ജഗാദ ജഗതോ ഹിതായ സർവ്വജ്ഞഃ
ശാസ്ത്രമതിവിസ്തരാർത്ഥം യുദ്ധസ്യ ജയാർണ്ണവം നാമ.

വിഷ്ണുപിതാമഹഗിരിജാനന്ദീന്ദ്രകുമാരചന്ദ്രസൂര്യാദ്യൈഃ
ഗരുഡോരഗേന്ദ്രമുനിഭിഃ ശ്രുതം ച തച്ഛാസ്ത്രമീശാനാൽ.

യുദ്ധജയാർണ്ണവശാസ്ത്രാദുദ്ധൃത്യ മനാക്‍ തതോ മയാര്യാഭിഃ
ക്രിയതേ ശാസ്ത്രം സാരം സംഗ്രാമജയോദയം നാമ.”
ശ്രീപരമേശ്വരൻ യുദ്ധജയാർണ്ണവം എന്നൊരു ഗ്രന്ഥം നിർമ്മിച്ചു എന്നും, ആ ഗ്രന്ഥം വിഷ്ണു, ബ്രഹ്മാവു, പാർവ്വതീദേവി, നന്ദികേശ്വരൻ, ദേവേന്ദ്രൻ, സുബ്രഹ്മണ്യൻ, ചന്ദ്രൻ, സൂര്യൻ, ഗരുഡൻ, അനന്തൻ, മഹർഷിമാർ മുതലായവർ കേട്ടു പഠിച്ചു എന്നും അതിന്റെ സാരം ഉദ്ധരിച്ചാണു സംഗ്രാമവിജയോദയം താൻ രചിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. സംഗ്രാമ ശബ്ദം കേട്ടു ഭ്രമിച്ചു പ്രസ്തുത കൃതി സംഗ്രാമധീരരവിവർമ്മചക്രവർത്തിയുടെ കാലത്തു നിർമ്മിച്ചതാണെന്നു പറയുന്നതു പ്രമാദമാകുന്നു. വരാഹഹോരയ്ക്കു വിവരണം എന്ന ടീക രചിച്ച ഉഴുത്തിരവാരിയർ സംഗ്രാമവിജയോദയത്തിൽനിന്നു “സാമ്നോഭൃഗ്വംഗിരസൗ ദണ്ഡാധീശൗ ദിവാകരോർവീജൗ” ഇത്യാദി ശ്ലോകം ഉദ്ധരിക്കുന്നുണ്ടു്. വാരിയർ കൊല്ലം എട്ടാം ശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്നു.

21.28രണദീപിക, കുമാരഗണകൻ

യുദ്ധസംബന്ധമായ പല ഉപദേശങ്ങളും നല്കുന്ന മറ്റൊരു പ്രമാണഗ്രന്ഥമാകുന്നു രണദീപിക. ഈ ഗ്രന്ഥത്തിൽ (1) നയവിവേകം (2) യാത്രാവിവേകം (3) ജയാജയവിവേകം (4) കാലവിവേകം (5) ശൂലചക്രാദിവിവേകം (6) പഞ്ചസ്വരവിവേകം (7) മൃഗവീര്യവിവേകം (8) ഭൂബലവിവേകം എന്നീ പേരുകളിൽ എട്ടു് അധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. ആദ്യന്തം ആനുഷ്ടുഭവൃത്തത്തിലാണു് പ്രസ്തുത നിബന്ധം രചിച്ചിരിക്കുന്നതു്. ഗ്രന്ഥകാരന്റെ പേർ കുമാരനെന്നാണെന്നു്,

“കുമാരനാമധേയേന ഗണകേന മയാധുനാ
പ്രബോധനാർത്ഥം ബാലാനാം ക്രിയതേ രണദീപികാ”
എന്നു് ആദ്യത്തിലും

“രാജൽകേരളരാജരാജമകുടീരാജീവദങ്ഘ്രിദ്വയ
ശ്രീഗോവിന്ദമഹീസുരേന്ദ്രസഹജശ്രീദേവ ശർമ്മാജ്ഞയാ
കൃത്വാസൗ രണദീപികാരചനയാ രാജ്ഞാം തമോധ്വംസനം
(ബ്രധ്നീ) യത്യധുനാ കുമാരഗണകഃ; സന്തഃ പ്രസീദന്ത്വതഃ”
എന്നു് അവസാനത്തിലുമുള്ള പദ്യങ്ങളിൽനിന്നു വെളിവാകുന്നു. രണ്ടാമത്തെ പദ്യത്തിൽ നിന്നു ഗ്രന്ഥകാരൻ രണദീപിക നിർമ്മിച്ചതു ഗോവിന്ദൻ എന്ന ബ്രാഹ്മണന്റെ അനുജനായ ദേവശർമ്മാവിന്റെ ആജ്ഞയനുസരിച്ചാണെന്നും ഗ്രഹിക്കാവുന്നതാണു്. ആ പദ്യത്തിലെ പ്രഥമപാദത്തിൽ കവി സ്മരിക്കുന്ന കേരളരാജരാജൻ ഏതോ ഒരു കൊച്ചി മഹാരാജാവാണെന്നു് എനിക്കു തോന്നുന്നു. ഗോവിന്ദൻ പക്ഷേ അന്നത്തെ ഇടപ്പള്ളി വലിയ തമ്പുരാനായിരിക്കാം. രണദീപിക മൂന്നാമധ്യായത്തിൽ ഗ്രന്ഥകാരൻ ജ്യോതിർവിത്തായ ഒരു മാധവനെപ്പറ്റി പ്രസ്താവിക്കുന്നുണ്ടു്. അതു വിദ്യാമാധവനാണെന്നു സങ്കല്പിച്ചാലും കുമാരൻ പതിന്നാലാംശതകത്തിന്റെ ഒടുവിലോ പതിനഞ്ചാം ശതകത്തിലോ ജീവിച്ചിരുന്നിരിക്കുവാനേ മാർഗ്ഗമുള്ളൂ. അതു കൊണ്ടു മുൻപു നിർദ്ദേശിച്ച രാജരാജൻ ഒരു ചേരമാൻ പെരുമാളല്ലെന്നു തീർച്ചപ്പെടുത്താവുന്നതാണു്. ‘ഗണകൻ’ എന്ന ബിരുദംകൊണ്ടു കവി ജാത്യാ ഒരു ഗണകനായിരുന്നിരിക്കണമെന്നില്ല. ‘ഉദാരഗണകഃ’ എന്നു പുതുമനച്ചോമാതിരിയെപ്പറ്റിത്തന്നെ വർണ്ണിച്ചുകാണുന്നുണ്ടല്ലോ. ഏതു ജോതിശ്ശാസ്ത്രജ്ഞനും ആ ബിരുദം സ്വനാമധേയത്തോടുകൂടി ഘടിപ്പിക്കാവുന്നതാണു്. കുമാരഗണകൻ ഒരു വലിയ ദൈവജ്ഞനായിരുന്നതിനുപുറമേ അർത്ഥശാസ്ത്രം, സ്വരാഗമം, പക്ഷിവിദ്യ മുതലായ പല ശാസ്ത്രങ്ങളിലും നിഷ്ണാതനായിരുന്നു എന്നു ഗ്രന്ഥത്തിൽ നിന്നു വിശദമാകുന്നു. അദ്ദേഹം സ്വതന്ത്രചിന്തകനായിരുന്നു എന്നുള്ളതിനും അതിൽ തെളിവുണ്ടു്:

“വദന്തു ബഹുധാ കാമം മുനീന്ദ്രാശ്ശുദ്ധമാനസാഃ;
അഹം സത്യം പ്രവക്ഷ്യാമി യുക്ത്യാ പരമസാരയാ.
ഗ്രാമേ നിവാസിനാം യദ്വച്ഛൂദ്രാദീനാമനന്തരം
ഭാഗിനേയാൻ പരിത്യജ്യ പുത്രോ ഭോക്താ ഭവിഷ്യതി,

തദ്വൽ സംസർഗ്ഗമാത്രേണ ഹീനോപ്യുത്തമതാം വ്രജേൽ;
രജതം സ്വർണ്ണസമ്പർക്കാദ്വ്രജത്യേവ സുവർണ്ണതാം.

ജാതിവർണ്ണകലാദീനാം ക്ഷയവൃദ്ധീ ഭവിഷ്യതഃ;
മേരുമാശ്രിത്യ സൗവർണ്ണാ ഭവന്തി കില വായസാഃ.

തസ്മാദസ്മിൻ കേരളാഖ്യേ മഹീദേവമഹീതലേ
ശുദ്രാദിഭിരപി ജ്ഞേയം ജന്മദസ്യ ബലാബലം.”
എന്നീ പദ്യങ്ങൾ പരിശോധിക്കുക. കൊല്ലം 825-ൽ ഇടയ്ക്കാട്ടു നമ്പൂരിയുടെ പ്രശ്നമാർഗ്ഗത്തിൽ രണദീപികയെ ഒരു പ്രമാണഗ്രന്ഥമായി സ്വീകരിച്ചിരിക്കുന്നു എന്നുള്ളതു

“തൽകാലം സൂര്യശീതാംശുശ്രിത രാശിവശാദപി
ജയഭംഗാദികം വാച്യം തഥാ ച രണദീപികാ.”
എന്ന പദ്യത്തിൽനിന്നു വെളിപ്പെടുന്നു.

21.29രവിനമ്പൂരി

കേളല്ലൂർ ചോമാതിരിയുടെ ഗുരുക്കന്മാരിൽ അന്യതമനാണു് രവിനമ്പൂരി. അദ്ദേഹം ജ്യോതിശ്ശാസ്ത്രത്തിലും വേദാന്തത്തിലും പണ്ഡിതനായിരുന്നു. അദ്ദേഹത്തോടു ചോമാതിരി രണ്ടു ശാസ്ത്രങ്ങളും അഭ്യസിക്കുകയുണ്ടായി. “രവിത ആത്തവേദാന്തശാസ്ത്രേണ” എന്നു് ആര്യഭടീയഭാഷ്യത്തിലും

“ശ്രീമദ്ദാമോദരം നത്വാ ഭഗവന്തം രവിം തഥാ
തൽപ്രസാദാന്മയാ ലബ്ധം ജ്യോതിശ്ചരിതമുച്യതേ.”
എന്നു സിദ്ധാന്തദർപ്പണത്തിലും അദ്ദേഹം ഈ ആചാര്യനെ സബഹുമാനം സ്മരിയ്ക്കുന്നു. ജ്യോതിഷത്തിൽ രവി ആചാരദീപിക എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടു്. ആചാരദീപിക മുഹൂർത്താഷ്ടകത്തിന്റെ വൃത്തിയാകുന്നു.

“ജ്യോതിർമ്മയം ശിവം നത്വാ വൃത്തിരാചാരദീപികാ
പദ്യൈർമുഹൂർത്താഷ്ടകസ്യ ക്രിയതേഽല്പീയസീ മയാ”
എന്ന പദ്യം നോക്കുക.

21.30ദേശമംഗലത്തു് ഉഴുത്തിരവാരിയർ

വരാഹമിഹിരന്റെ ഹോര ഇരുപത്താറധ്യായങ്ങൾക്കും സവിസ്തരമായുള്ള ഒരു വ്യാഖ്യാനമാണു് ഉഴുത്തിരവാരിയരുടെ വിവരണം. ‘രുദ്രൻ’ എന്ന പദത്തിന്റെ തത്ഭവമാണു് ഉഴുത്തിരൻ. വ്യാഖ്യാനത്തിന്റെ ആരംഭത്തിൽ വാരിയർ ഗണപതിയേയും ശ്രീപരമേശ്വരനേയും ബ്രാഹ്മണരേയും താഴെക്കാണുന്ന പദ്യങ്ങളിൽ വന്ദിക്കുന്നു:

“ജയതി ഭഗവാൻ ഗജാസ്യോ യൽകർണ്ണവ്യജനമാരുതാ ഭജതാം
യാന്തോ വ്യസനാനി ഹരന്ത്യായാന്തശ്ചാർപ്പയന്ത്യഭീഷ്ടാനി.”

“സത്യജ്ഞാനപ്രദായേഷ്ട ദേശകാലപ്രബോധിനേ
നമഃ ശ്രീഗുരവേ സാക്ഷാൽ പരമേശ്വരമൂർത്തയേ.”

“യേഷാമാത്മനി ഗർഭസംസ്കൃതിമുഖൈർമ്മൗഞ്ജീ നിബന്ധാന്തിമൈഃ
പൂതൈഃ കർമ്മഭിരത്ര ഭാതി വിധിവദ്ബ്രഹ്മപ്രതിഷ്ഠാപിതം,
ശ്രൗതസ്മാർത്തസമസ്തകർമ്മസതതാനുഷ്ഠാനനിഷ്ഠാത്മന
സ്താനേതാൻ പ്രണമാമി ഭൂമിവിബുധാനിഷ്ടാർത്ഥകല്പദ്രുമാൻ.”
രണ്ടാമത്തെ ശ്ലോകത്തിൽ ദൃഗ്ഗണിതക്കാരനെക്കൂടി ഗ്രന്ഥകാരൻ അഭിവാദനം ചെയ്യുന്നതായി വിചാരിക്കാമെന്നു മുമ്പു സൂചിപ്പിച്ചുവല്ലോ. ‘ശ്രീഗുരവേ’ എന്ന വിശേഷണം ആചാര്യൻ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ദൃഗ്ഗണിതകാരന്റെ അന്തേവാസിയായിരുന്നു അദ്ദേഹമെന്നു തോന്നുന്നില്ല. അതെന്തെന്നാൽ ഗ്രന്ഥത്തിന്റെ അവസാനത്തിൽ

“ഭദ്രാഗീർന്നിധൃതാദ്യഹ്നി മകരേഽർക്കബുധോദയേ
ഇദം ഹോരാവിവരണം രുദ്രേണ സുസമാപിതം.”
എന്നൊരു പദ്യം കാണുന്നു. കലിദിനസൂചകമായ പ്രസ്തുത പദ്യത്തിന്റെ പ്രഥമപാദത്തിൽനിന്നു കൊല്ലം 702-ആമാണ്ടിടയ്ക്കാണു് ഗ്രന്ഥരചന സമാപ്തമായതു് എന്നു് അറിയുവാൻ ഇടവരുന്നു.

ഈ രുദ്രൻ ദേശമംഗലത്തു വാരിയന്മാരിൽ ഒരാളായിരുന്നു എന്നും കൂടല്ലൂർ മനയ്ക്കൽ ചെന്നു വ്യാകരണം പഠിച്ചു വിവിധ ശാസ്ത്രങ്ങളിൽ നിഷ്ണാതനായിത്തീർന്നു എന്നും ഐതിഹ്യമുണ്ടു്. ആ മനയ്ക്കലെ മഹൻമൂസ്സതും വാരിയരും സതീർത്ഥ്യന്മാരായിരുന്നു എന്നും,

“കൃത്വാ രുക്മിസഹോദരീകമിതരി പ്രാവണ്യപൂതം മന
സ്തദ്വിഭ്രമ്യ ഗിരാ വരാഹമിഹിരോക്തേരർത്ഥനാമിശ്രയാ
സത്സ്വീകൃത്യനുവിദ്ധമാഗമികതാപ്രാണം സുധീന്ദ്രപ്രിയാ-
യാർത്ഥം വ്യാകൃഷി വാസ്തവജ്ഞസദനേ നന്വല്പയാഹംധിയാ.”
എന്ന വ്യാഖ്യാനാന്തത്തിലെ ശ്ലോകം അതിനു തെളിവാണെന്നും ചില പണ്ഡിതന്മാർ പറയുന്നു. സുധീന്ദ്രപ്രിയനായ ആ നമ്പൂരിപ്പാട്ടിലെ അഭ്യർത്ഥന അനുസരിച്ചു വാസ്തവജ്ഞസദനത്തിൽവച്ചു വാരിയർ വിവരണം രചിച്ചു എന്നു് ഈ ശ്ലോകത്തിനു് ഒരുവിധം അർത്ഥകല്പന ചെയ്യാം. വാസ്തവജ്ഞസദനം നേരറിയുന്നവരുടെ മന, അതായതു് നാറേരി ഇല്ലമാണെന്നുകൂടി പറയാമോ? അതു പ്രയാസം തന്നെ. മാഘന്റെ ശിശുപാലവധത്തിനു ബാലബോധിക എന്ന വ്യാഖ്യാനം രചിച്ച ദേശമംഗലത്തു ശ്രീകണ്ഠവാരിയർ തന്റെ കുടുംബത്തിൽ തനിക്കു മുമ്പു് ഒരു രുദ്രനും മൂന്നു ശ്രീകണ്ഠന്മാരുമുണ്ടായിരുന്നതായി പ്രസ്താവിക്കുന്നു. ആ ഭാഗം ഇവിടെ ഉദ്ധരിക്കാം:

“പാരേദക്ഷിണഗംഗമസ്തി മഹിതസ്സ്വസ്തിപ്രദോ ദേഹിനാം
ദേശഃ കോപി ശശാങ്കചൂഡരമണീ സാന്നിധ്യനിത്യോത്സവഃ
വൈതാനാഗ്നിവിലോലധൂമപടലീ സൗഗന്ധ്യനൈരന്തരീ
മംഗല്യോ ജയസിംഹമംഗല ഇതി ക്ഷോണീസുരൈരർച്ചിതഃ.

വിദ്യതേ തത്ര സാഹിത്യവിദ്യാഭ്യാസഖളൂരികാ
വിശ്വപാരശവേന്ദ്രസ്യ വിശ്രുതം ഭവനോത്തമം.

പാരമ്പര്യേണ ജായന്തേ യേ തത്ര സുകൃതോദയാൽ
ആചാര്യാ ഏവ തേ സർവ്വേ കേരളക്ഷ്മാഭുജാം നൃണാം.

രുദ്രാഭിധാനാ തത്രാസീദു് ഭാരത്യാഃ പുരുഷാകൃതിഃ
പരക്രോഡസ്ഥലാക്രീഡരുദ്ര താദാത്മ്യമുദ്രിതാ.

ആപഞ്ചാശൽ സമാസ്സോയം ശ്രീപഞ്ചാക്ഷരജീവനം
ചകാരാസേവ്യ സാഹിത്യവിദ്യാം സ്വകുലവർത്തിനീം.

പരസ്പരോപമൗ ശാന്തൗ തദ്വംശേ സാർവ്വലൗകികൗ
ശ്രീകണ്ഠാഖ്യാവുഭൗ ജാതൗ സാഹിത്യൈകപരായണൗ.

അഥാത്മനാ സൂസംവൃദ്ധം ദേവശ്ചന്ദ്രാർദ്ധശേഖരഃ
ശ്രീപരക്രോഡവാസ്തവ്യസ്തൽകുലം വീക്ഷ്യ ഹൃഷ്ടവാൻ.

സ തത്ര ജന്മലാഭായ കതുകീ പരമേശ്വരഃ
ശ്രീകണ്ഠാൽ പിതൃതുല്യാംഗോ ദ്വിതീയാദുദഭൂൽ സ്വയം.

സ ബാല്യാൽ പ്രഭൃതി ശ്രീമാൻ സാഹിത്യസുരപാദപഃ
അതിഗംഭീരവാഗ്ഗുംഭസുഭഗംഭാവുകോ ബഭൗ.

ശ്രീകണ്ഠാഖ്യ ഇതി സ്പഷ്ടനിജാവിർഭാവകൗതുകഃ
അസൂത ജഗതാം ഭൂത്യൈ ശിഷ്യകല്പദ്രുമാനസൗ.

ജ്ഞാനേന വാചാ വയസാ പ്രവൃദ്ധത്വമുപേയിവാൻ
സോഽഭജൽ പലിതാഭോഗം പുണ്യാങ്കുരമിവോദിതം.

യഥാ യഥാ വയോ ജാതം തസ്യ ജ്ഞാനഗരീയസഃ
തഥാ തഥാ സമായാതാ സ്വച്ഛതാ മനസസ്തനോഃ.
ശീതളീകൃതചിത്തസ്യ ശ്രീകോലൂരഗിരീന്ദ്രജാ
പ്രവിവേശാന്തരാത്മാനം ശിവസ്യേവാസ്യ നിർവൃതാ.

ജയസിംഹാദിമംഗല്യവാസ്തവ്യഃ ശ്രീമഹേശ്വരഃ
അനേന സൗഹൃദമധാൽ പരക്രോഡേശ്വരേച്ഛയാ.

സദാശിവപദാംഭോജഭക്തിഭാരരസായനം
മൂർദ്ധ്നാ വഹന്നസാവുച്ചൈരാനതോ……

അംഗസ്യാംഗസ്യ തസ്യാസ്യ സ്മാരംസ്മാരം കുതൂഹലീ
കിന്നു വക്ഷ്യേ തതോ ജാതഃ തന്നാമാഹം സതാം മതഃ.

ഗുരോരനന്തരം സോഽഹം കാരുണ്യേനാസ്യ ഭൂയസാ
ബാലകോപി പ്രയത്നേന കുലവിദ്യാമുദൂഢവാൻ.

മനുസ്കാരാംബുജസ്ഥാസ്നുഗുരുഭൂതനിയോഗതഃ
അഹം പുനര്യാജ്യശിക്ഷാദക്ഷോ ദേശികതാമഗാം.

ഗുരോർന്നിയോഗാദ്യാജ്യാനാം ശശ്വൽ പ്രാർത്ഥനയാപി ച
ചതുഷ്ടയാദിഗ്രന്ഥാനാം വ്യാഖ്യാ ബഹ്വ്യഃ കൃതാ മയാ. സോഹം മാഘകവേഃ കാവ്യപാരാവാരം തിതീർഷയാ വിതനോമി സുവിസ്തീർണ്ണാം വ്യാഖ്യാനൗകാം വിചക്ഷണഃ.”
ഒടുവിൽ “ഇതി ശ്രീകണ്ഠാചാര്യശിഷ്യേണ ശ്രീകണ്ഠേന വിരചിതേ” എന്നൊരു കുറിപ്പും കാണുന്നുണ്ടു്. ദേശ (ജയസിംഹ) മംഗലത്തു വാര്യന്മാർ സാമൂതിരിക്കോവിലകത്തെ ആചാര്യന്മാരാണെന്നും മാഘവ്യാഖ്യാകാരന്റെ മൂന്നു പൂർവന്മാരും ശ്രീകണ്ഠാഭിധന്മാരായിരുന്നു എന്നും ആ വാരിയത്തിൽ ആദ്യത്തെ പണ്ഡിതശ്രേഷ്ഠൻ ഒരു ഉഴുത്തിരവാരിയരായിരുന്നു എന്നും അദ്ദേഹം അൻപതു വയസ്സുവരെ ജീവിച്ചിരുന്നു എന്നും അവരെല്ലാവരും സാഹിത്യത്തിൽ വിചക്ഷണന്മാരായിരുന്നു എന്നും തൃപ്പറങ്ങോട്ടു ശിവൻ അവരുടെ കുലദേവതയായിരുന്നു എന്നും മാഘവ്യാഖ്യാകാരന്റെ പിതാവു വാർദ്ധക്യത്തിലാണു് മരിച്ചതു് എന്നും മറ്റും നാം ഈ ശ്ലോകങ്ങളിൽനിന്നു ധരിയ്ക്കുന്നു. വിവരണകാരനെയല്ല ശ്രീകണ്ഠൻ ഇവിടെ സ്മരിക്കുന്നതു്. ആണെങ്കിൽ അദ്ദേഹം ഒരു ജ്യോതിർവിത്തെന്നു പറയാതെയിരിക്കുകയില്ലല്ലോ.

വിവരണകാരനു വ്യാകരണം, മീമാംസ, യോഗം, മുതലായി പല ശാസ്ത്രങ്ങളിലും പ്രശംസനീയമായ പാണ്ഡിത്യമുണ്ടായിരുന്നു എന്നുള്ളതിനു് ആ ഗ്രന്ഥത്തിൽത്തന്നെ ധാരാളം ലക്ഷ്യമുണ്ടു്. കല്യാണവർമ്മാവിന്റെ സാരാവലി, കൃഷ്ണീയം, സ്വല്പജാതകം, പരാശരഹോര, മഹായാത്ര മുതലായി പല ജ്യോതിഷഗ്രന്ഥങ്ങളിൽനിന്നും, ഗാർഗ്ഗി, ഭട്ടോൽപലൻ, ശ്രീപതി, ബാദരായണൻ, യവനേശ്വരൻ, ജീവശർമ്മാ, വിദ്യാമാധവൻ, മണിമന്ഥൻ, സത്യൻ തുടങ്ങിയ പൂർവസൂരികളുടെ കൃതികളിൽനിന്നും അദ്ദേഹം പ്രമാണങ്ങൾ ഉദ്ധരിക്കുന്നു. കൃഷ്ണീയത്തെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടു്.

21.30.1അഷ്ടമംഗലപ്രശ്നം
ഈ ഗ്രന്ഥവും ഉഴുത്തീരവാരിയരുടെ കൃതിയാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ ‘ജയതി ഭഗവാൻ ഗജാസ്യോ’ ‘സത്യജ്ഞാനപ്രദായേഷ്ട’ ‘യേഷാമാത്മനി’ ഇത്യാദി ശ്ലോകങ്ങൾ അതിന്റെ ആരംഭത്തിലും കാൺമാനുണ്ടു്.

“വിധാത്രാ ലിഖിതാ യാസൗ ലലാടേഽക്ഷരമാലികാ
ദൈവജ്ഞസ്താം പഠേദ്വ്യക്തം ഹോരാനിർമ്മലചക്ഷുഷാ.
ആദേശവിധാനമിദം പാരമ്പര്യക്രമാഗതം ജ്ഞാനം
അപ്യഷ്ടമംഗലാഖ്യം വിലിഖ്യതേ ഗുരുകൃപാവലംബേന.”
എന്ന പദ്യങ്ങളും ഈ കൃതിയിലുള്ളവതന്നെ.

21.31കേളല്ലൂർ നീലകണ്ഠസോമയാജി

വടശ്ശേരി പരമേശ്വരൻ നമ്പൂരിക്കു സമശീർഷനായി കേരളീയർ സാമാന്യേന കരുതിപ്പോരുന്ന സർവതന്ത്രസ്വതന്ത്രനായ ഒരു ജ്യോതിശ്ശാസ്ത്രജ്ഞനാണു് കേളല്ലൂർ നീലകണ്ഠസോമയാജി. അദ്ദേഹം കേളല്ലൂർ ചോമാതിരി എന്ന പേരിലാണു് സാധാരണമായി അറിയപ്പെടുന്നതു്. അദ്ദേഹത്തിന്റെ കൃതികളായി അഞ്ചു ഗ്രന്ഥങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. അവ (1) ആര്യഭടീയഭാഷ്യം (2) തന്ത്രസംഗ്രഹം (3) സിദ്ധാന്തദർപ്പണം (4) ഗോളസാരം (5) ചന്ദ്രച്ഛായാഗണിതം. ഗ്രഹനിർണ്ണയം എന്നൊരു ഗ്രന്ഥംകൂടി ഉള്ളതായി ചിലർ പറയുന്നു. അതു ഞാൻ കണ്ടിട്ടില്ല.

21.31.1ചരിത്രം
നീലകണ്ഠസോമയാജി തന്നെപ്പറ്റി ആര്യഭടീയഭാഷ്യത്തിലെ ഗണിതപാദാന്തത്തിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു:

“ഇതി ശ്രീകുണ്ഡജഗ്രാമജേന ഗാർഗ്ഗ്യഗോത്രേണാശ്വലായനേന ഭാട്ടേന കേരളസൽഗ്രാമഗൃഹസ്ഥേന ശ്രീ ശ്വേതാരണ്യനാഥ പരമേശ്വരകരുണാധികരണഭൂതവിഗ്രഹേണ ജാതവേദഃ– പുത്രേണ ശങ്കരാഗ്രജേന ജാതവേദോമാതുലേന ദൃഗ്ഗണിതനിർമ്മാപക പരമേശ്വരപുത്രശ്രീദാമോദരാത്തജ്യോതിഷാമയനേനരവിത ആത്തവേദാന്തശാസ്ത്രേണ സുബ്രഹ്മണ്യസഹൃദയേന നീലകണ്ഠേന സോമസുതാ വിരചിതവിവിധഗണിതഗ്രന്ഥേന ദൃഷ്ടബഹൂപപത്തിനാ സ്ഥാപിതപരമാർത്ഥേന കാലേന ശങ്കരാര്യനിർമ്മിതേ ശ്രീമദാര്യഭടാചാര്യവിരചിതസിദ്ധാന്തവ്യാഖ്യാനേ മഹാഭാഷ്യേ ഉത്തരഭാഗേ യുക്തിപ്രതിപാദനപരേത്യക്താന്യഥാപ്രതിപത്തൗ നിരസ്തദുർവ്യാഖ്യാപ്രപഞ്ചേ സമുദ്ഘാടിതഗൂഢാർത്ഥേ സകലജനപദജാതമനുജഹിതേ നിദർശിതഗീതിപാദാർത്ഥേ സർവജ്യോതിഷാമയനരഹസ്യാർത്ഥ നിദർശകേ സമുദാഹൃതമാധവാദിഗണിതജ്ഞാചാര്യകൃതയുക്തി സമുദായേ നിരസ്താഖിലവിപ്രതിപത്തിപ്രപഞ്ചസമുപജനിത സർവജ്യോതിഷാമയനവിദമലഹൃദയസരസിജവികാസേ നിർമ്മലേ ഗംഭീരേ അന്യൂനാനതിരിക്തേ ഗണിതപാദഗതാര്യാത്ര യസ്ത്രിംശദ്വ്യാഖ്യാനം സമാപ്തം.”

ഈ വാക്യത്തിൽ നിന്നു് അദ്ദേഹം തെക്കേമലയാളത്തിൽ സുപ്രസിദ്ധമായ തൃക്കണ്ടിയൂർ ഗ്രാമത്തിൽ ജനിച്ചു എന്നും അദ്ദേഹത്തിന്റെ ഇഷ്ടദേവത (ശ്വേതാരണ്യം) തൃപ്രങ്ങോട്ടു ശ്രീപരമേശ്വരനായിരുന്നു എന്നും അച്ഛനു ജാതവേദസ്സെന്നും അനുജനു ശങ്കരനെന്നും ഭാഗിനേയനു ജാതവേദസ്സെന്നുമായിരുന്നു നാമധേയങ്ങളെന്നും ദൃഗ്ഗണിതകാരനായ പരമേശ്വരൻനമ്പൂരിയുടെ പുത്രൻ ദാമോദരൻ ജ്യോതിശ്ശാസ്ത്രത്തിലും രവിനമ്പൂരി വേദാന്തത്തിലും ഗുരുക്കന്മാരായിരുന്നു എന്നും സുബ്രഹ്മണ്യനെന്നൊരു വയസ്യനും അദ്ദേഹത്തിനുണ്ടായിരുന്നു എന്നും സ്പഷ്ടമാകുന്നു. ദാമോദരൻ, രവി എന്നീ ഗുരുക്കന്മാരെപ്പറ്റി മുമ്പു സൂചിപ്പിച്ചിട്ടുണ്ടു്.

21.31.2കാലം
തന്ത്രസംഗ്രഹം എട്ടധ്യായങ്ങളിൽ നാന്നൂറ്റി മുപ്പത്തിരണ്ടു ശ്ലോകങ്ങളെ കൊണ്ടു നിബന്ധിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാകുന്നു. അതിന്റെ ഉപക്രമത്തിൽ

“ഹേ വിഷ്ണോ നിഹിതം കൃത്സ്നം ജഗത്ത്വയ്യേവ കാരണേ
ജ്യോതിഷാം ജ്യോതിഷേ തസ്മൈ നമോ നാരായണായ തേ”
എന്നും ഉപസംഹാരത്തിൽ

“ഗോളഃ കാലക്രിയാ ചാപി ദ്യോത്യതേഽത്ര മയാ സ്ഫുടം
ലക്ഷ്മീശനിഹിതധ്യാനൈരിഷ്ടം സർവം ഹി ലഭ്യതേ”
എന്നും ശ്ലോകങ്ങളുണ്ടു്. ഈ ശ്ലോകങ്ങളിൽനിന്നു ഗ്രന്ഥരചനയുടെ ആരംഭത്തിന്റേയും പരിസമാപ്തിയുടേയും കാലങ്ങൾ കലിദിനസംഖ്യകൾകൊണ്ടു സൂചിപ്പിക്കുന്നു എന്നു ചിലർ പറയുന്നു. അതു ശരിയാണെങ്കിൽ തന്ത്രസംഗ്രഹം ആരംഭിച്ചതു കൊല്ലം 676-ആമാണ്ടു മീനമാസം 26-ആംതിയ്യതിയും അവസാനിച്ചതു മേടമാസം 1-ആംനുയുമാണെന്നു നാം ധരിക്കുന്നു. എന്നാൽ അഞ്ചോ ആറോ ദിവസംകൊണ്ടു് എഴുതിത്തീർത്ത ഒരു ഗ്രന്ഥമാണു് അതു് എന്നു സങ്കല്പിക്കുവാൻ നിവൃത്തിയില്ല. 718-ൽ ഈഞ്ചക്കഴ്വാ മാധവൻനമ്പൂരി പ്രശ്നസാരം രചിക്കുന്ന കാലത്തു് അദ്ദേഹം ജീവിച്ചിരുന്നു. അന്നു് അദ്ദേഹം വയോധികനായിരുന്നിരിക്കണം. ആകെക്കൂടി നോക്കുമ്പോൾ കൊല്ലം 640-നും 720-നും ഇടയ്ക്കാണു് അദ്ദേഹത്തിന്റെ ജീവിതകാലം എന്നു വന്നുകൂടുന്നു.

21.31.3ഗ്രന്ഥങ്ങളുടെ പൗർവാപര്യം
ആര്യഭടീയഭാഷ്യത്തിൽ നീലകണ്ഠൻ ‘ഏതൽ സർവമസ്മാഭിർഗ്ഗോളസാരേ പ്രദർശിതം’ എന്നും ‘അത ഏവോക്തം മയാ തന്ത്രസംഗ്രഹേ’ എന്നും പറഞ്ഞിട്ടുള്ളതുകൊണ്ടു് അവ രണ്ടും ഭാഷ്യത്തിനുമുമ്പു രചിച്ചതാണെന്നു സിദ്ധിക്കുന്നു. താഴെക്കാണുന്ന ശ്ലോകം ഗോളസാരത്തിലുള്ളതാണു്:

“ഗോളാകാരാ പൃഥ്വീ സർവാധാരാ സ്വയം നിരാധാരാ
ജ്യോതിർഗ്ഗോളഃ പരിതോ യാമേവ സദാ ഭ്രമയതി സാ ജയതി.”
സിദ്ധാന്തദർപ്പണത്തിന്റെ നിർമ്മിതി എപ്പോളാണെന്നു് അറിയുന്നില്ല. അതിൽ ആകെ മുപ്പതു് അനുഷ്ടുപ്ശ്ലോകങ്ങളേയുള്ളൂ.

“ഗാർഗ്ഗ്യകേരളസദ്ഗ്രാമനീലകണ്ഠേന നിർമ്മിതം
സിദ്ധാന്തദർപ്പണം ശാസ്ത്രമലിഖച്ഛങ്കരാഭിധഃ”
എന്നൊരു ശ്ലോകം ഒരു പ്രതീകഗ്രന്ഥത്തിൽ കാണുന്നുണ്ടു്.

“വിംശത്യനുഷ്ടുഭാ സ്പഷ്ടം കൃതം ശാസ്ത്രമിഹാഖിലം
ദശഭിർന്യായഭാഗൈശ്ച സംക്ഷേപാദേവ ദർശിതഃ”
എന്നു ഗ്രന്ഥത്തിന്റെ അവസാനത്തിൽ ആചാര്യൻ ആ വിവരം വിശദമാക്കിയിരിക്കുന്നു.

21.31.4ആര്യഭടീയഭാഷ്യം
ആര്യഭടീയഭാഷ്യമാണു് കേളല്ലൂർ ചോമാതിരിയുടെ അതിപ്രധാനമായ കൃതി. പാണിനിക്കു പതഞ്ജലി എന്നപോലെയാണു് ആര്യഭടനു ചോമാതിരി എന്നു ചുരുക്കത്തിൽ പറയാം. അത്ര സർവങ്കഷവും മർമ്മോൽഘാടകവുമായ ഒരു മഹാഭാഷ്യംതന്നെയാണു് അദ്ദേഹം ആര്യഭടീയത്തിനു നിർമ്മിച്ചിരിക്കുന്നതു്. അതിന്റെ വൈശിഷ്ട്യത്തെപ്പറ്റി ഗ്രന്ഥകാരൻ, മുമ്പു ഞാൻ ഉദ്ധരിച്ച വാക്യത്തിൽ ചെയ്തിട്ടുള്ള പ്രശംസ അശേഷം അതിസ്തുതിയല്ല. ആഴ്വാഞ്ചേരി നാരായണൻതമ്പ്രാക്കളുടെ ആജ്ഞയനുസരിച്ചു് ഏതാനും സൂത്രങ്ങൾക്കു താൻ ബ്രഹ്മചാരിയായിരുന്ന കാലത്തു് ഒരു ഭാഷ്യം നിർമ്മിച്ചു എന്നും ആ മനയ്ക്കൽ ഉണ്ണികളെ പഠിപ്പിച്ചു താമസിച്ചിരുന്ന തന്റെ അനുജൻ ശങ്കരൻ ചില സൂത്രങ്ങളുടെ യുക്തികൾ അദ്ദേഹത്തിനു മനസ്സിലാക്കിക്കൊടുത്തു എന്നും ആ തമ്പ്രാക്കളുടെ മരണാനന്തരം വാർദ്ധക്യത്തിലാണു് താൻ പ്രസ്തുത ഭാഷ്യം രചിക്കുവാൻ ആരംഭിച്ചതെന്നും അതിൽ ഭാസ്കരാദി മഹാചാര്യന്മാരുടെ മതങ്ങളെപ്പറ്റിപ്പോലും വിമർശനം ചെയ്യുവാൻ താൻ മുതിർന്നിട്ടുണ്ടെന്നും ആര്യഭടീയത്തിലെ ഗീതികാപാദം വിട്ടു ബാക്കിയുള്ള ത്രിപാദി മാത്രമേ താൻ വ്യാഖ്യാനിക്കുന്നുള്ളൂ എന്നും ചോമാതിരി പ്രസ്താവിക്കുന്നു. താഴെക്കാണുന്ന വാക്യങ്ങളിൽനിന്നു് ഈ വസ്തുതകൾ വെളിവാകുന്നതാണു്:

“യന്മയാത്ര കേഷാഞ്ചിൽ സൂത്രാണാം തദ്യുക്തീഃ പ്രതിപാദ്യ കൗഷീതകിനാഢ്യേന നാരായണാഖ്യേന വ്യാഖ്യാനം കാരിതം അതസ്തദേവാത്ര ലിഖ്യതേ.” “ഇതീദം പ്രഥമേ വയസ്യേവ വർത്തമാനേന മയാ ദ്വിതീയവയസി സ്ഥിതേന കൗഷീതകിനാഢ്യേന കാരിതം. അത്ര കേഷാഞ്ചിദ്യുക്തയഃ പുനരസ്മദനുജേന ശങ്കരാഖ്യേന തത്സമീപേഽധ്യാപയതാ വർത്തമാനേന തസ്മൈ പ്രതിപാദിതാഃ. തസ്യാഢ്യത്വാൽ സ്വാതന്ത്ര്യാച്ച തത്ര വ്യാപാരശ്ച നിർവൃത്തഃ. തസ്മിൻ സ്വർഗ്ഗതേ പുനരത ഏവ മയാദ്യ പ്രവയസാ ജ്ഞാതാ യുക്തീഃപ്രതിപാദയിതും ഭാസ്കരാദിഭിരന്യഥാ വ്യാഖ്യാതാനാം കർമ്മാണ്യപി പ്രതിപാദയിതും യഥാ കഥഞ്ചിദേവ വ്യാഖ്യാനമാരബ്ധം.” “തത്രേയം ത്രിപാദ്യസ്മാഭിർവ്യാചിഖ്യാസിതാ, യതസ്തദ്വ്യാഖ്യേയ രൂപത്വാദു് ഗീതികാപാദസ്യൈതദ്വ്യാഖ്യാനേനൈവാർത്ഥഃ പ്രകാശേത.”

“ഇതി കൗഷീതകീ ശ്രുത്വാ നേത്രനാരായണഃ പ്രഭുഃ
മഹ്യം ന്യവേദയസ്തസ്മൈ തദൈവം പ്രത്യപാദയം.”
എന്ന പദ്യത്തിൽനിന്നും മറ്റും ചോമാതിരി ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ആശ്രിതനായിരുന്നു എന്നു സിദ്ധിക്കുന്നു. ചോമാതിരിക്കു ജ്യോതിഷം, വേദാന്തം എന്നീ ശാസ്ത്രങ്ങൾക്കു പുറമെ മീമാംസ, വ്യാകരണം, ന്യായം എന്നീ ശാസ്ത്രങ്ങളിലും പാണ്ഡിത്യം ഉണ്ടായിരുന്നു എന്നു് അനുമാനിക്കുന്നതിനു് ആര്യഭടീയഭാഷ്യം വഴിനല്കുന്നു. പാർത്ഥസാരഥിമിശ്രന്റെ വ്യാപ്തി നിർണ്ണയത്തിൽനിന്നു് ഒരു ശ്ലോകം അദ്ദേഹം ഭാഷ്യത്തിൽ ഉദ്ധരിക്കുന്നുണ്ടു്.

21.31.5ചന്ദ്രച്ഛായാഗണിതാ
ചന്ദ്രച്ഛായാഗണിതവും അതിനൊരു വ്യാഖ്യയും ചോമാതിരി രചിച്ചിട്ടുണ്ടു്. വ്യാഖ്യയിലെ ഒരു ശ്ലോകം ചുവടെ ചേർക്കുന്നു:

“ജന്മസ്ഥിതിഹൃതയസ്സ്യുർജഗതോ യസ്മാൽ പ്രണമ്യ തദ്ബ്രഹ്മ
ചന്ദ്രച്ഛായാഗണിതം കർത്ത്രാ വ്യാഖ്യായതേഽസ്യ ഗാർഗ്ഗ്യേണ”

21.32തന്ത്രസംഗ്രഹവ്യാഖ്യകൾ

തന്ത്രസംഗ്രഹത്തിനു രണ്ടു സംസ്കൃതവ്യാഖ്യകൾ കിട്ടീട്ടുണ്ടു്. അവയിൽ ഒന്നു തൃപ്രങ്ങോട്ടുകാരനായ ഒരു നമ്പൂരിയുടേതാണെന്നുമാത്രമറിയാം;

“ഇത്യേഷ പരക്രോഡാവാസദ്വിജവര സമീരിതോയോഽർത്ഥഃ
സ തു തന്ത്രസംഗ്രഹസ്യ പ്രോക്തോധ്യായേ ചതുർത്ഥേഭൂൽ”
എന്നൊരു ശ്ലോകം അതിൽ കാണുന്നുണ്ടു്. മറ്റേ വ്യാഖ്യാനം സുപ്രസിദ്ധമായ ലഘുവിവൃതിയാണു്. കൊല്ലം 731-ആമാണ്ടിടയ്ക്കാണു് അതിന്റെ ആവിർഭാവം. ആ ഗ്രന്ഥത്തിന്റെ ഒടുവിൽ “ഈ വ്യാഖ്യാനം തൃക്കുടവേലിച്ചങ്കരവാരിയർ ഒടുക്കത്തു ചമച്ചതു്. ആഴാഞ്ചേരിക്കുവേണ്ടീട്ടു സുഖമേ ശിക്ഷിച്ചു ചമച്ചു എന്നു പാങ്ങോടു പറഞ്ഞുകേട്ടു” എന്നു രേഖപ്പെടുത്തീട്ടുണ്ടു്.

“പ്രത്യൂഹവ്യൂഹവിഹൃതികാരണം പരമം മഹഃ
അന്തഃകരണശുദ്ധിം മേ വിദധാതു സനാതനം.

നാരായണം ജഗദനുഗ്രഹജാഗരൂകം
ശ്രീനീലകണ്ഠമപി സർവവിദം പ്രണമ്യ
യത്തന്ത്രസംഗ്രഹഗതം ഗ്രഹതന്ത്രജാതം
തസ്യാപരാഞ്ച വിവൃതിം വിലിഖാമി ലഘ്വീം.”
എന്നീ ശ്ലോകങ്ങൾ വ്യാഖ്യാനത്തിലേ ആരംഭത്തിലും

“ഇതിതന്ത്രസംഗ്രഹസ്യ ക്രിയാകലാപം ക്രമേണ സംഗൃഹ്യ
രചിതേ തദ്വ്യാഖ്യാനേ പൂർണ്ണോഽഭൂദഷ്ടമോഽധ്യായഃ”
എന്ന ശ്ലോകം അവസാനത്തിലും കാണുന്നു.

ശങ്കരവാരിയർ സോമയാജിയെ നേരിട്ടു കണ്ടിരിക്കുവാനും പക്ഷെ അദ്ദേഹത്തിന്റെ അന്തേവാസി ആയിരുന്നിരിക്കുവാനും ഇടയുണ്ടു്. ലഘുവിവൃതി അദ്ദേഹത്തിന്റെ ഒടുവിലത്തെ ഗ്രന്ഥമാണല്ലോ. “നാരായണം ജഗദനുഗ്രഹ” എന്ന ശ്ലോകത്തിൽ വാരിയർ ശ്ലേഷമര്യാദയാ ആഴ്വാഞ്ചേരി നാരായണൻ തമ്പ്രാക്കളേയും നീലകണ്ഠസോമയാജിയേയും വന്ദിക്കുന്നു എന്നുള്ളതിനു സംശയമില്ല.

21.33നാരായണൻനമ്പൂരി, കർമ്മപ്രദീപിക

നാരായണനാമധേയനായ ഒരു ദൈവജ്ഞൻ ഭാസ്കരാചാര്യരുടെ ലീലാവതിക്കു കർമ്മപ്രദീപിക അഥവാ കർമ്മപ്രദീപകം എന്ന പേരിൽ ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. ‘ക്രിയാക്രമകരി’ എന്നൊരു സംജ്ഞാന്തരവും ആ ഗ്രന്ഥത്തിനു് ഉള്ളതായി കാണുന്നു. പ്രസ്തുതവ്യാഖ്യാനം നാതിസംക്ഷേപവിസ്തരവും മർമ്മസ്പൃക്കുമാണു്. അതിന്റെ ആരംഭത്തിൽ

“പ്രണമ്യ ഭാസ്കരം ദേവമാചാര്യാര്യഭടം തഥാ
വ്യാഖ്യാ വിലിഖ്യതേ ലീലാവത്യാഃ കർമ്മപ്രദീപികാ.

നാരായണം ജഗദനുഗ്രഹജാഗരൂകം
ശ്രീനീലകണ്ഠമപി സർവവിദം പ്രണമ്യ
വ്യാഖ്യാം ക്രിയാക്രമകരീം രചയാമി ലീലാ
വത്യാഃ കഥഞ്ചിദഹമല്പധിയാം ഹിതായ”
എന്നും അവസാനത്തിൽ

“ഏതന്നാരായണാഖ്യേന രചിതം കർമ്മദീപകം
സന്തിഷ്ഠതു ചിരം ലോകേ; നമാമ്യാര്യഭടം സദാ”
എന്നുമുള്ള ശ്ലോകങ്ങളുണ്ടു്. ശങ്കരവാരിയരെപ്പോലെ നാരായണൻനമ്പൂതിരിയും നാരായണൻ തമ്പ്രാക്കളുടെ ആശ്രിതനും സോമയാജിയുടെ ശിഷ്യനുമായിരുന്നിരിക്കാം. കർമ്മപ്രദീപികയുടെ വൈശിഷ്ട്യത്തെപ്പറ്റി വ്യാഖ്യാതാവിനു വലിയ മതിപ്പുണ്ടായിരുന്നു.

“വിഫലിത സൂര്യാടോപേ ഭാസ്കരപാടീഗഭീരഗഗനതലേ
കർമ്മപ്രദീപതോഽന്യൽ കഥമിവ വസ്തുപ്രകാശയേന്നിത്യം”
എന്ന ശ്ലോകം നോക്കുക.

21.33.1കരണസാരം
ദൃക്‍സമ്പ്രദായത്തിൽ ഗ്രഹസ്ഫുടാനയനം മുതലായ വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതാണു് കരണസാരം എന്ന ഗ്രന്ഥം. അതിൽ ആകെ നാലദ്ധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾ ആരംഭത്തിലുള്ളവയാണു്:

“ആഭാത്യദ്വയദന്താഢ്യം ദന്താവളമുഖം മഹഃ
നിരന്തരാന്തരായാന്തഃകരണോന്നിദ്രശക്തിമൽ…
ശ്രീനീലകണ്ഠമാചാര്യം ശ്രീമദ്ദാമോദരം ഗുരും
പ്രണമ്യ ലിഖ്യതേ കിഞ്ചിദു് ഗണിതം സുലഭക്രിയം.”
രണ്ടാമത്തെ ശ്ലോകത്തിൽ ആചാര്യൻ വന്ദിക്കുന്ന നീലകണ്ഠൻ കേളല്ലൂർ ചോമാതിരിയാണു്. ദാമോദരൻ ആരെന്നു തിട്ടമില്ല. ഏതായാലും കരണസാരം എട്ടാംശതകത്തിന്റെ ആരംഭത്തിൽ രചിച്ച ഒരു കൃതിയാണെന്നു സങ്കല്പിക്കാം. ഒടുവിൽ

“ബാലപ്രബോധനായേത്ഥം ദിങ്മാത്രേണോദിതം മയാ
വ്യാഖ്യേയമേതത്തത്ത്വജ്ഞൈർഗ്ഗോളജ്ഞൈരനസൂയുഭിഃ
അമൃതമിവ സുരേന്ദ്രേണോദ്ധൃതം ക്ഷീരസിന്ധോഃ
പ്രണവ ഇവ വിധാത്രാ വേദരാശേസ്തു സാരഃ
യദുകുലതിലകസ്യ ശ്രീഗുരൂണാം പ്രസാദാൽ
സകലഗണിതശാസ്ത്രാത്താവദേവമ്മയാപി.”
എന്നു കവി താൻ നിഷ്കർഷിച്ചു നിർമ്മിച്ച പ്രസ്തുത ഗ്രന്ഥത്തെപ്പറ്റി പ്രകൃഷ്ടമായി പ്രശംസിക്കുന്നുണ്ടു്.

21.33.2ഭാഷായുക്തിഭാഷ
ആദ്യന്തം ഭാഷാഗദ്യരൂപത്തിൽ ഒരു യുക്തിഭാഷ കാണ്മാനുണ്ടു്. അതു് എട്ടാം ശതകത്തിലോ ഒൻപതാംശതകത്തിലോ രചിച്ചതാണെന്നു തോന്നുന്നു. കർത്താവിന്റെ പേർ അജ്ഞാതമാണു്. അതു ഗണിതയുക്തികാരനായ കേളല്ലൂർ ചോമാതിരിയുടെ കൃതിയല്ല. ചില പംക്തികൾ ചുവടേ പകർത്താം: -

“അനന്തരം ഏതു പുറത്തു ഗ്രഹണം തുടങ്ങുന്നു എങ്ങനെ ഇഷ്ടകാലത്തിങ്കൽ സംസ്ഥാനമെന്നതിനേയും അറിയും പ്രകാരം. അവിടെ സൂര്യഗ്രഹണം തുടങ്ങുംനേരത്തു ചന്ദ്രൻ പടിഞ്ഞാറേപ്പുറത്തീന്നു് കിഴക്കോട്ടു നീങ്ങീട്ടു് ആദിത്യബിംബത്തിന്റെ പടിഞ്ഞാറേപ്പുറത്തു നേമിയിങ്കൽ ഒരിടം മറയും. അതു് എവിടം എന്നു നിരൂപിക്കുന്നതു്, അവിടെ ചന്ദ്രനുവിക്ഷേപമില്ല എന്നിരിക്കുമ്പോൾ ചന്ദ്രബിംബം ഘനമധ്യത്തിങ്കലും ആദിത്യബിംബം ഘനമധ്യത്തിങ്കലുംകൂടി സ്പർശിച്ചിരുന്നോന്നു് അപക്രമമണ്ഡലം. അവിടെ ആദിത്യബിംബഘനമധ്യത്തിങ്കേന്നു തന്റെ പടിഞ്ഞാറുപാർശ്വത്തിങ്കൽ യാതൊരിടത്തു് അപക്രമമണ്ഡലം പുറപ്പെടുന്നു അവിടെ വിക്ഷേപമില്ലാത്ത ചന്ദ്രന്റെ ബിംബംകൊണ്ടു നടേ മറയുന്നതു്. അവിടെ ആദിത്യന്റെ തല്ക്കാലസ്വാഹോരാത്ര വൃത്തവും ബിംബഘനമധ്യത്തിങ്കൽ സ്പർശിച്ചിരിപ്പോന്നു്. അതു നിരക്ഷദേശത്തിങ്കൽ നേരേ കിഴക്കുപടിഞ്ഞാറായിട്ടിരുന്നോന്നു് ആകയാൽ അവിടെ നേരേ പടിഞ്ഞാറു സ്വാഹോരാത്രവൃത്തത്തിന്റെ പുറപ്പാടു്.”


അദ്ധ്യായം 22 - ഭാഷാസാഹിത്യം

ക്രി. പി. പതിനഞ്ചാം ശതകം

22.1കൃഷ്ണഗാഥ

ഉപക്രമം
മലയാളഭാഷയിലെ മഹനീയങ്ങളായ കാവ്യങ്ങളിൽ അഗ്രിമസ്ഥാനത്തെ അർഹിക്കുന്നതു് ഏതാണെന്നുള്ള ചോദ്യത്തിനു സഹൃദയന്മാർ ഏകകണ്ഠമായി നല്കുന്ന ഉത്തരം ‘കൃഷ്ണഗാഥ’യെന്നായിരിക്കും. അതിന്റെ സമാനകക്ഷ്യയെ അധിരോഹണം ചെയ്യുവാൻ അന്യകാവ്യങ്ങൾക്കൊന്നിനും അധികാരിഭാവമില്ല. നമ്മുടെ സാഹിത്യ നഭോവീഥിയിൽ നമുക്കു് ഭാസുരങ്ങളായ പല ജ്യോതിർഗ്ഗോളങ്ങളേയും സമീക്ഷിക്കാവുന്നതാണു്; എന്നാൽ പരിപൂർണ്ണമായ ശരച്ചന്ദ്രബിംബം ‘ഏകമേവാദ്വിതീയ’മായി മാത്രമേ അവിടെ പ്രകാശിക്കുന്നുള്ളു. അതു കൃഷ്ണഗാഥയല്ലാതെ മറ്റൊന്നുമല്ല എന്നു് ഏതു സഹൃദയനും സധൈര്യം സമർത്ഥിക്കുവാൻ സാധിക്കുന്നതാണു്.

കൃഷ്ണഗാഥയുടെ നാമാന്തരങ്ങൾ
കൃഷ്ണഗാഥയ്ക്കു കൃഷ്ണപ്പാട്ടെന്നും ചെറുശ്ശേരിയെന്നും നാമാന്തരങ്ങൾ കാണുന്നു. ‘ഗൈഗാനേ’ എന്നു സംസ്കൃതത്തിൽ ഒരു ധാതുവുണ്ടു്. അതിൽനിന്നു നിഷ്പന്നമായ ഒരു പദമാണു് ‘ഗാഥാ’. പ്രാകൃതഭാഷയിലെ കാവ്യങ്ങൾക്കു ഗാഥകൾ എന്നു പേരുണ്ടു്. ചെന്തമിഴിൽ അതു് ‘കാതൈ’ എന്ന രൂപം കൈക്കൊണ്ടു ‘പാട്ടു്’ എന്ന അർത്ഥത്തിൽ പ്രയുക്തമായിത്തീർന്നു. ചിലപ്പതികാരത്തിലും മണിമേഖലയിലും ദ്രാവിഡമഹാകാവ്യത്തിന്റെ സർഗ്ഗവിഭാഗം എന്ന അർത്ഥത്തിൽ ആ പദം ഉപയോഗിച്ചിട്ടുണ്ടെന്നു് നാം കണ്ടുവല്ലൊ.

“ബോധമില്ലാതെ ഞാനേതുമേ വല്ലാതെ
ഗാഥയായ്ച്ചൊല്ലുന്നു ഭാഷയായി”
“ഗാഥയെക്കൊണ്ടിവൻ പാതകം പൂണ്ടോരെ
പൂതന്മാരാക്കിനാൻ നീതിയാലേ”
എന്നും മറ്റും കൃഷ്ണഗാഥയിൽ അവിടവിടെയായിക്കാണുന്ന ഗാഥാശബ്ദത്തിനു ദ്രാവിഡഭാഷാഗാനം (പാട്ടു്) എന്നേ അർത്ഥമുള്ളൂ. തന്നിമിത്തം കൃഷ്ണഗാഥയും കൃഷ്ണപ്പാട്ടും പര്യായപദങ്ങൾതന്നെയാണു്. എന്നാൽ കൃഷ്ണപ്പാട്ടിൽ കവി സ്വീകരിച്ച വൃത്തത്തിൽ വിരചിതങ്ങളായ പാട്ടുകൾക്കു മാത്രമേ ‘ഗാഥ’ എന്ന സംജ്ഞ അനന്തരകാലികന്മാർ നല്കിക്കാണുന്നുള്ളൂ എന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ടു്.

കവിയുടെ ദേശം
“പാലാഴിമാതുതാൻ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവർമ്മൻ,
ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാൻ
പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോൾ”
എന്നു ഗ്രന്ഥത്തിന്റെ ആരംഭത്തിലും,

“ആജ്ഞയാ കോലഭൂപസ്യ പ്രാജ്ഞസ്യോദയവർമ്മണഃ
കൃതായാം കൃഷ്ണഗാഥായാം കൃഷ്ണസ്വർഗ്ഗതിരീരിതാ”
എന്നു് അവസാനത്തിലും അതേമാതിരിയിൽ പല കഥകളുടേയും അവസാനത്തിൽ ഇടയ്ക്കിടയ്ക്കും കാണുന്ന വ്യക്തങ്ങളായ പ്രസ്താവനകളിൽനിന്നു കൃഷ്ണഗാഥാകാരൻ കോലത്തുനാട്ടു് ഉദയവർമ്മരാജാവിന്റെ സദസ്യനായിരുന്നു എന്നും അദ്ദേഹത്തിന്റെ നിദേശമനുസരിച്ചാണു് പ്രസ്തുത ഗ്രന്ഥം രചിച്ചതെന്നും വെളിവാകുന്നു. കവിയും കോലത്തുനാട്ടുകാരനായിരിക്കുവാൻ ഇടയുണ്ടു്; ഈ മതത്തെപ്പറ്റി ആർക്കും വിപ്രതിപത്തിയുമില്ല.

22.2പേരും കാലവും

ചില പഴയ അഭിപ്രായങ്ങൾ
ചെറുശ്ശേരി എന്നുകൂടി കൃഷ്ണഗാഥയ്ക്കു പേരുണ്ടെന്നു മുൻപു പ്രസ്താവിച്ചുവല്ലോ. വടക്കർ പ്രായേണ കൃഷ്ണഗാഥയെന്നും കൃഷ്ണപ്പാട്ടെന്നും പറയുന്ന ഈ കാവ്യത്തെ തെക്കർ ‘ചെറുശ്ശേരി’ എന്ന പേരിലാണു് വ്യവഹരിച്ചുവരുന്നതെന്നും അതു കവിയുടെ ഇല്ലപ്പേരാണെന്നും അദ്ദേഹം കൊല്ലം 650-നും 750-നും ഇടയ്ക്കു ജീവിച്ചിരുന്നിരിക്കണമെന്നും അദ്ദേഹത്തിന്റെ വംശജനായ ഒരു നമ്പൂരി വടക്കു ചെറുകുന്നത്തു ക്ഷേത്രത്തിൽ ശാന്തിക്കാരനായിരിക്കുന്നുണ്ടെന്നും ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ അദ്ദേഹത്തിന്റെ ഭാഷാചരിത്രത്തിൽ ഇദംപ്രഥമമായി ഉപന്യസിച്ചു. ആ മതം ശരിയല്ലെന്നും ചെറുകുന്നത്തു ക്ഷേത്രം സ്ഥിതിചെയ്യുന്ന കുറുമ്പ്രനാട്ടുതാലൂക്കിൽ വടകര എന്ന സ്ഥലത്തു ചെറുശ്ശേരി എന്ന പേരിൽ ഒരില്ലമില്ലെന്നും അതിനാൽ ആ കുടുംബത്തിൽ ജനിച്ച ഒരു നമ്പൂരി പ്രസ്തുതക്ഷേത്രത്തിൽ ശാന്തിക്കാരനാണെന്നു പറയുന്നതു് നിരാസ്പദമാണെന്നും കൃഷ്ണഗാഥയുടെ കർത്താവു പുനംനമ്പൂരിയാണെന്നത്രേ വടക്കേ മലയാളത്തിൽ പ്രചരിക്കുന്ന ഐതിഹ്യമെന്നും കടത്തനാട്ടു് ഉദയവർമ്മ തമ്പുരാൻ വിമർശിച്ചു. കൃഷ്ണഗാഥാകാരൻ പുനംനമ്പൂരിയാണെന്നുള്ളതു് ഉത്തരകേരളത്തിലെ ഒരു പഴയ ഐതിഹ്യമാണെന്നു് ഇരുവനാട്ടു കെ. സി. നാരായണൻനമ്പിയാരുടെ മുഖത്തുനിന്നു് എനിക്കും കേൾക്കുവാൻ ഇടവന്നിട്ടുണ്ടു്. കടത്തനാട്ടു തമ്പുരാന്റെ ആ പ്രസ്താവനയ്ക്കുശേഷം ഗവേഷകന്മാർ ചെറുശ്ശേരിയോ പുനമോ കൃഷ്ണഗാഥയുടെ കർത്താവു് എന്ന വിഷയത്തെപ്പറ്റി പല വാദപ്രതിവാദങ്ങളും നടത്തീട്ടുണ്ടു്. അവയുടെ ചരിത്രം ഇവിടെ വിസ്തരിക്കേണ്ട ആവശ്യമില്ല. എന്നാൽ മംഗളമാലയിൽ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ടു് “ഉത്തരകേരളത്തിൽ ചെറുശ്ശേരിയെന്നും പുനമെന്നും രണ്ടു തറവാടുകൾ ഉണ്ടായിരുന്നതിൽ ഒന്നു മറ്റൊന്നിലേക്കു് ഒതുങ്ങിയെന്നു കേട്ടിട്ടുണ്ടു്” എന്നു വളരെക്കാലം മുൻപു രേഖപ്പെടുത്തീട്ടുള്ള വസ്തുത പ്രകൃതത്തിൽ സ്മരണീയമാണു്.

പുതിയ ഗവേഷണഫലങ്ങൾ
ഉദയവർമ്മ കോലത്തിരിയേയും അദ്ദേഹത്തിന്റെ ആസ്ഥാനപണ്ഡിതനായ കൃഷ്ണഗാഥാകാരനേയും പറ്റി സൂക്ഷ്മമായി എന്തെങ്കിലും വിവരങ്ങൾ അറിയണമെങ്കിൽ അതിനുള്ള പ്രധാനമാർഗ്ഗം ചിറയ്ക്കൽകോവിലകത്തെ ഗ്രന്ഥങ്ങളുടെ പരിശോധനയാണല്ലോ. 1087-ൽ ഭാരതഗാഥ പ്രസിദ്ധീകരിച്ചപ്പോൾ ഇപ്പോഴത്തെ ചിറയ്ക്കൽ വലിയതമ്പുരാൻ 250 സംവത്സരങ്ങൾക്കു മുൻപു് ആ കോവിലകത്തു് ഉദയവർമ്മൻ എന്ന പേരോടുകൂടി ഒരു രാജാവുണ്ടായിരുന്നുവെന്നും അവിടുത്തെ പ്രധാനസേവകൻ വിദ്വാനായ ഒരു നമ്പൂരി കവിയായിരുന്നുവെന്നും കൃഷ്ണഗാഥ, ഭാരതഗാഥ എന്നീ രണ്ടു കൃതികളുടേയും കർത്താവു് അദ്ദേഹമാണെന്നും പ്രസ്താവിക്കുകയുണ്ടായി. കൃഷ്ണഗാഥാകാരൻ ജീവിച്ചിരുന്നതു കൊല്ലം ഒൻപതാം ശതകത്തിനു വളരെ മുൻപായിരിക്കണം എന്നു ഭാഷയുടെ പഴക്കംകൊണ്ടു വ്യക്തമാകയാൽ ആ പ്രസ്താവനയെ അന്യഗവേഷകന്മാർ ആരുംതന്നെ അംഗീകരിച്ചില്ല. അതിൽപ്പിന്നീടു് ഏഴെട്ടു കൊല്ലങ്ങൾക്കു മുൻപു് അദ്ദേഹത്തിന്റെ പുത്രൻ ടി. ബാലകൃഷ്ണൻനായർ ചിറയ്ക്കൽകോവിലകത്തെ ഗ്രന്ഥപ്പുര നിപുണമായി പരിശോധിക്കുകയും പ്രകൃതോപയോഗികളായ പല വിവരങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. അവയെ താഴെക്കാണുന്ന വിധത്തിൽ സംഗ്രഹിക്കാം: ഉത്തരകേരളത്തിൽപ്പെട്ട കോട്ടയം താലൂക്കിൽ ‘കാവിൽപുനം’ എന്നൊരു നമ്പൂരിയില്ലം ഇന്നും നിലനിന്നു പോരുന്നു. നൂറ്റൻപതു വർഷങ്ങൾക്കു മുൻപു് ആ ഗൃഹം ചിറയ്ക്കൽ താലൂക്കിൽ പള്ളിക്കുന്നു് (ശങ്കരകവിയുടെ ‘വിഹാരാചലം’) എന്ന ദേശത്തിൽ പെട്ടതായിരുന്നു. പ്രസ്തുത ഗൃഹമുൾപ്പെട്ട ഗ്രാമത്തിനു കാനത്തൂർ ഗ്രാമമെന്നാണു പേർ. അക്കാലത്തു കോലത്തുനാട്ടിന്റെ തലസ്ഥാനം വള (വളർ) പട്ടണം കോട്ടയായിരുന്നു. അതിനുപുറമെ കോലത്തിരിക്കു വേറേയും പതിനൊന്നു കോട്ടകൾകൂടി ഉണ്ടായിരുന്നതായും അവ പന്ത്രണ്ടും പന്ത്രണ്ടു ചേരിക്കലുകളുടെ (ചേരിക്കല്ലുകളുടെ) തലസ്ഥാനങ്ങളായിരുന്നതായും കാണുന്നു. ആ ചേരിക്കല്ലുകളിൽ ഒന്നാണു് ചെറുശ്ശേരി; ചെറുശ്ശേരിയിലെ ഏകഗ്രാമമാണു് കാനത്തൂർ. കൊല്ലം 547-ൽ മേല്പടി ഗ്രാമത്തിൽ ചെറുശ്ശേരിയെന്നും പൊനമെന്നും രണ്ടില്ലമുണ്ടായിരുന്നതായി രേഖയുണ്ടു്. അന്നു നിലവിലിരുന്ന പതിനൊന്നില്ലങ്ങളിൽ ചെറുശ്ശേരിയുൾപ്പെടെ രണ്ടില്ലങ്ങൾ 790-നു മുൻപു് അന്യംനിന്നുപോയി എന്നുള്ളതിനും രേഖ കാണുന്നു. ചെറുശ്ശേരി ഇല്ലത്തിനു ചെറുശ്ശേരിച്ചേരിക്കലിന്റെ പേർ സിദ്ധിച്ചതു് അതു കാനത്തൂർ ഗ്രാമത്തിലെ ഒരു പ്രധാനഗൃഹമാകയാലായിരിക്കാം. കോലസ്വരൂപത്തിലെ കുലദേവതയായ തിരുവർകാട്ടുകാവിൽ ഭഗവതിയുടെ തേവാരിസ്ഥാനവും മറ്റും പൊനത്തില്ലത്തേക്കായിരുന്നതിനാൽ ആ ഇല്ലത്തിനും പ്രാധാന്യമുണ്ടായിരുന്നു. ഇത്രയും ഗ്രന്ഥവരിയെ ആസ്പദീകരിച്ചുള്ള വിവരങ്ങളാകയാൽ അപ്രതിഷേധ്യങ്ങളാണു്. ഇവയോടു് അനുബന്ധിച്ചു ചെറുശ്ശേരിഇല്ലത്തു് ഒരിക്കൽ ഒരു ഉണ്ണിനമ്പൂരിമാത്രം അവശേഷിക്കുകയും അദ്ദേഹത്തെ പൊനത്തില്ലത്തേക്കു ദത്തെടുക്കുകയും ചെയ്തു എന്നു് ഒരൈതിഹ്യശകലവും ഉണ്ടു്.

22.3ഉദയവർമ്മ കോലത്തിരി

ശങ്കരകവിയുടെ പരിപോഷകനായ കോലത്തുനാട്ടു കേരളവർമ്മരാജാവു് കൊല്ലം 621-ൽ തീപ്പെടുകയും അദ്ദേഹത്തിന്റെ ഭാഗിനേയനും യുവരാജാവുമായ രാമവർമ്മാ 618-ൽത്തന്നെ അന്തരിക്കുകയും കേരളവർമ്മാവിനെ തുടർന്നു 621 മുതൽ 650 വരെ ഉദയവർമ്മരാജാവു് നാടു വാഴുകയും ചെയ്തതായി മുൻപു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ തമ്പുരാന്റെ കാലത്തു്, 625-ൽ, നാട്ടിൽ പുഷ്ടിയുണ്ടായിരുന്നതായി ചിറയ്ക്കൽ ഗ്രന്ഥവരിയിൽനിന്നു് ഒരു രേഖ ബാലകൃഷ്ണൻ നായർ ഉദ്ധരിക്കുന്നുണ്ടു്. 627-ൽ അദ്ദേഹം ധർമ്മടത്തുവച്ചു സാമൂതിരിപ്പാടുമായി സഖ്യം ചെയ്യുകയും 629 മകരം 16-ആംനു ‘പൊനത്തിൽ ചങ്കരൻനമ്പിടിക്കു’ ചില സ്ഥാനമാനങ്ങളും വീരചങ്ങലയും സമ്മാനിക്കുകയും പിറ്റെന്നാൾ പൊനത്തിൽ കുഞ്ഞുനമ്പിടിയെ സാമൂതിരിക്കോവിലകത്തേക്കു് അയയ്ക്കുകയും ചെയ്തു എന്നുള്ളതിനും അദ്ദേഹം രേഖകൾ കാണിക്കുന്നു. നമ്പൂരിമാരെ ഉത്തരകേരളത്തിൽ നമ്പിടിമാരെന്നു പറയുന്നതു സാധാരണമാണു്.

ചിറയ്ക്കൽ കോവിലകത്തെ ചില താളിയോലഗ്രന്ഥങ്ങൾ
ചിറയ്ക്കൽ കോവിലകത്തെ ഒരു ഗ്രന്ഥത്തിൽ ‘കൊല്ലം 702-ൽ തലൂലു് മാധവവാരരു് എഴുതിത്തീർത്ത കൃഷ്ണപ്പാട്ടിനെ വാലുശ്ശേരിക്കോട്ടയിൽ രാഘവൻ കരലിഖിതം…പൊനത്തിൽ ശങ്കരൻനമ്പിടി രചിച്ച കൃഷ്ണപ്പാട്ടു സമാപ്തം” എന്നൊരു കുറിപ്പു കാണുന്നു. അതു പകർത്തിയെഴുതിയതു 995-ൽ ആണു്. 780-ലെ മറ്റൊരു ഗ്രന്ഥത്തിൽ ‘പൊനം നമ്പിടിയുടെ കൃഷ്ണപ്പാട്ടു്’ എന്നും എഴുതീട്ടുണ്ടു്. ഈ കുറിപ്പുകൾ പകർത്തിയെഴുതിയ ആളിന്റെ കൈപ്പടയാണെന്നു പരിശോധനയിൽ എനിക്കു തോന്നീട്ടില്ല. എങ്കിലും ഇവ സമീപകാലത്തു് എഴുതിച്ചേർത്തിട്ടുള്ളവയല്ലെന്നും സമ്മതിയ്ക്കാവുന്നതാണു്.

എന്റെ അഭിപ്രായം
ഈ വിഷയത്തിൽ ലഭിച്ചിടത്തോളമുള്ള രേഖകളെപ്പറ്റി കൂലങ്കഷമായി വിവേചനം ചെയ്തതിൽ എനിക്കു താഴെ സംക്ഷേപിക്കുന്ന അഭിപ്രായമാണു് തോന്നുന്നതു്. കൃഷ്ണഗാഥാകാരൻ ആ ഗ്രന്ഥം രചിച്ചതു് 621 മുതൽ 650 വരെ രാജ്യഭാരം ചെയ്ത ഉദയവർമ്മ കോലത്തിരിയുടെ കാലത്തുതന്നെയാണു്. അദ്ദേഹത്തിന്റെ ഇല്ലത്തിന്റെ പേർ ചെറുശ്ശേരി എന്നായിരുന്നു. ദത്തുണ്ടായി എന്ന ഐതിഹ്യവും ചിറയ്ക്കൽ കോവിലകത്തെ ആദർശഗ്രന്ഥങ്ങളിൽ കാണുന്ന പുറത്തോലകളിലെ കുറിപ്പുകളും ശരിയാണോ എന്നു തീർച്ചപറയാൻ നിവൃത്തിയില്ല. അവ വസ്തുസ്ഥിതിയെയാണു് നിർദ്ദേശിക്കുന്നതെങ്കിൽ കവിയുടെ നാമധേയം ശങ്കരനാണെന്നു് അനുമാനിക്കാം. ഉദയവർമ്മകോലത്തിരിയുടെ വാഴ്ചക്കാലത്തിന്റെ പ്രാരംഭത്തിൽ അദ്ദേഹം കൃഷ്ണഗാഥ രചിച്ചിരിക്കാം. പിന്നീടാണു് ചെറുശ്ശേരിയില്ലം പൊനത്തിൽ ലയിച്ചതു്. അതു് 629-ആമാണ്ടിനു മുൻപായിരിക്കാം. ആ ലയനത്തിനു പറയുന്ന കാരണം യുക്തിസഹമായിരിക്കുന്നില്ല. ചെറുശ്ശേരി ഇല്ലത്തിൽ ഒരു ഉണ്ണിനമ്പൂരിമാത്രം ശേഷിച്ചാൽ പൊനത്തിൽനിന്നു് ആ ഇല്ലത്തേക്കല്ലേ ദത്തുകൊള്ളേണ്ടതു്? എന്നുതന്നെയുമല്ല ദത്തു് ഉദയവർമ്മാവിന്റെ കാലത്താണെങ്കിൽ ചെറുശ്ശേരി ഒരു ഉണ്ണിനമ്പൂരിയായിരിക്കുവാൻ തരവുമില്ല. 628-ൽ അദ്ദേഹത്തെ വലിയ നമ്പിടി എന്നാണല്ലോ രേഖപ്പെടുത്തിക്കാണുന്നതു്. അതുകൊണ്ടു രണ്ടില്ലങ്ങളും ഏകീഭവിച്ചതിനു വേറേ എന്തെങ്കിലും കാരണമുണ്ടായിരുന്നിരിക്കണം. ചെറുശ്ശേരിയില്ലം ഒരു കാലത്തു കാനത്തൂർ ഗ്രാമത്തിൽ പ്രധാനമായിരുന്നു എങ്കിലും പ്രസ്തുത ഘട്ടത്തിൽ അതു ക്ഷീണദശയെ പ്രാപിച്ചിരുന്നു എന്നും ഉദയവർമ്മകോലത്തിരിക്കു് അതിന്റെ നില ഉയർത്തണമെന്നു് ആഗ്രഹം ജനിച്ചുവെന്നും പൊനത്തില്ലത്തിൽ ആളില്ലാതെ വരികയാൽ ചെറുശ്ശേരി ഇല്ലത്തെ അംഗങ്ങളെ അതിനു് അവകാശികളാക്കിയെന്നും അതിനുവേണ്ട ചാർച്ച ആ രണ്ടില്ലങ്ങൾക്കും തമ്മിൽ മുൻപിനാലേ ഉണ്ടായിരുന്നു എന്നും സങ്കല്പിക്കുന്നതിൽ വലിയ അപാകമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ചെറുശ്ശേരി ശങ്കരൻ എന്ന വലിയ നമ്പിടിയും ആ ഇല്ലത്തെ കുഞ്ഞുനമ്പിടിയും യഥാക്രമം പൊനത്തിലെ വലിയ നമ്പിടിയും കുഞ്ഞുനമ്പിടിയുമായി. ആ കുടുംബരഹസ്യങ്ങൾ അറിവുള്ള ഉത്തരകേരളീയർക്കു പിൻകാലങ്ങളിൽ കൃഷ്ണഗാഥ പൊനം നമ്പൂതിരിയുടെ കൃഷ്ണപ്പാട്ടായി; അവ അറിയാത്ത ഇതരദേശീയർക്കു് അതു ചെറുശ്ശേരിയുടെ കൃഷ്ണഗാഥയായിത്തന്നെ നിലനിന്നുപോരികയും ചെയ്തു; ഭാരതഗാഥയുടെ പ്രണേതാവു കൃഷ്ണഗാഥാകാരനല്ലെന്നു മേൽ ഉപപാദിക്കും.

മറ്റു ചില മതങ്ങളുടെ അസാധുത്വം
‘കൃതായാം കൃഷ്ണഗാഥായാം’ എന്ന ഗ്രന്ഥാവസാനപദ്യത്തിന്റെ തൃതീയപാദത്തിൽ കലിദിനത്തിന്റെ സൂചനയുണ്ടെന്നു കരുതുന്നതു നിർമ്മൂലമാകുന്നു. അതു ഗ്രന്ഥകാരന്റെ പദ്യംതന്നെയാണെന്നുള്ളതിനു സംശയമില്ല. അതിൽ കലിദിനസൂചനയുണ്ടെന്നു വാദിച്ചാൽ കൃഷ്ണഗാഥയുടെ നിർമ്മിതി കൊല്ലം 825-ആമാണ്ടിടയ്ക്കാണെന്നു സമ്മതിക്കേണ്ടിവരും. അതു തീരെ അനുപപന്നമാണെന്നു പറയേണ്ടതില്ലല്ലോ. ‘തായാം കൃഷ്ണഗാഥായാം’ എന്ന മാതിരിയിൽ ഒരു പദ്യത്തെ അവമൂർദ്ധകളേബരമാക്കി അത്യന്തം നിരർത്ഥകമായ ഒരു കലിവാക്യം ആരും സൃഷ്ടിച്ചു കണ്ടിട്ടുമില്ല. ചെറുശ്ശേരി എന്ന പദം ‘ചെറുച്ചേരി’ എന്നതിന്റെ രൂപാന്തരമാണെന്നും, ഓണക്കാലത്തു കയ്യാങ്കളിക്കു് രണ്ടു ഭാഗമായി ആളുകൾ നില്ക്കുന്നതിനു രണ്ടു ചേരി എന്നു പറയാറുണ്ടെന്നും അതുകൊണ്ടു വടക്കൻപാട്ടിനു് ചേരിപ്പാട്ടെന്ന പേർ യോജിക്കുമെന്നും കൃഷ്ണഗാഥയുടെ രീതി വടക്കൻ പാട്ടിനോടു വളരെ അടുപ്പമുള്ളതാണെന്നും,

“തച്ചോളിപ്പാലാട്ടേക്കോമപ്പുണ്ണി
തച്ചോളിപ്പാലാട്ടേക്കോമപ്പുണ്ണി”
എന്ന വടക്കൻപാട്ടിന്റെ ആദ്യത്തെ ഭാഗത്തിന്റെ ഒടുവിലുള്ള നാലക്ഷരം വെട്ടിച്ചെറുതാക്കി ബാക്കിയുള്ള അംശം രണ്ടു പ്രാവശ്യം ആവർത്തിച്ചു പിന്നീടു് ദ്വിതീയഭാഗം യാതൊരു ഭേദഗതിയും കൂടാതെ ചൊല്ലുമ്പോൾ അതു

“തച്ചോളിപ്പാലാട്ടേ-തച്ചോളിപ്പാലാട്ടേ
തച്ചോളിപ്പാലാട്ടേക്കോമപ്പുണ്ണി”
എന്നു രൂപം കൈക്കൊണ്ടു ചെറുച്ചേരിപ്പാട്ടായി പരിണമിക്കും എന്നും കുണ്ടൂർ നാരായണമേനോൻ 1092 കർക്കടകത്തിലെ കൈരളിയിൽ ഉപന്യസിക്കുകയുണ്ടായി. ചെറിയ രണ്ടു ചേരിയായി സൈന്യം നിരത്തി പടവെട്ടുന്ന ജാതിയിലുള്ള ചതുരംഗായോധനത്തിനും പ്രസ്തുതകൃതിക്കും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഐതിഹ്യം സൂചിപ്പിക്കുന്നതിനാൽ ആ വഴിക്കും ചെറുച്ചേരി എന്ന പദം ഉത്ഭവിച്ചിരിക്കാമെന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇവിടെ നാം വടക്കൻപാട്ടുകൾക്കു ചേരിപ്പാട്ടുകൾ എന്നൊരു പേരേ ഇല്ലെന്നു് ഓർമ്മിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു കുണ്ടൂരിന്റെ ഏതദ്വിഷയകമായ അഭിപ്രായം അംഗീകാര്യമല്ല. ആ അഭിപ്രായത്തിന്റെ ഒരു രൂപാന്തരമാണു് ‘ചെറുശ്ശേരി’ എന്നതു ‘ചെറുചീരു്’ എന്നതിൽനിന്നു നിഷ്പന്നമായ ഒരു പദമാണെന്നുള്ള ചിലരുടെ വാദം. ചീരു് എന്ന പദത്തിനു ഗണമെന്നല്ലാതെ ശീലെന്നു് അർത്ഥമില്ല എന്നുള്ള വസ്തുത ഇവിടെ സ്മരണീയമാണു്. പോരാത്തതിനു വടക്കൻപാട്ടിലെ ആദ്യത്തെ ഭാഗം (നാലക്ഷരം കുറച്ചിട്ടാണെങ്കിലും) ഇരട്ടിക്കുമ്പോൾ അതു് എങ്ങനെ ചെറുചീരാകുമെന്നുള്ള ചോദ്യവും പ്രകൃതത്തിൽ ന്യായമായി ഉത്ഭവിക്കുന്നു. അതുപോലെ കൃഷ്ണഗാഥയുടെ പ്രണേതാവു മേൽപ്പുത്തൂർ ഭട്ടതിരിയുടെ സമകാലികനായ പൂന്താനം നമ്പൂരിയാണെന്നു വാദിക്കുന്നതും ക്ഷോദക്ഷമമല്ല. ഭാഷാരീതികൊണ്ടു കൃഷ്ണഗാഥ കൊല്ലം 7-ആം ശതകത്തിലെ കൃതിയാണെന്നു നിസ്സംശയമായി സ്ഥാപിക്കാവുന്നതാണു്. ഈ അഭിപ്രായങ്ങൾക്കൊന്നിനുംതന്നെ ബാലകൃഷ്ണൻനായരുടെ ഗവേഷണഫലങ്ങളെ പശ്ചാൽകരിക്കുന്നതിനു തക്ക പ്രാമാണികതയില്ലെന്നു പറയേണ്ടതില്ലല്ലോ.

ഗ്രന്ഥോൽപത്തിയെപ്പറ്റിയുള്ള ഐതിഹ്യം
അത്യന്തം പരിണതപ്രജ്ഞനായ ഒരു പണ്ഡിതപ്രവേകനും മഹാകവിയുമായിരുന്നു ചെറുശ്ശേരി നമ്പൂരി. കൃഷ്ണഗാഥയുടെ ഉൽപത്തിക്കുള്ള കാരണത്തെ സംബന്ധിച്ചു നിലവിലിരിക്കുന്ന ഒരൈതിഹ്യമുള്ളതു് ഇവിടെ സംക്ഷേപിക്കാം. രാജാവും നമ്പൂരിയുംകൂടി ചതുരംഗം വച്ചുകൊണ്ടിരിക്കുമ്പോൾ അടുത്തു തൊട്ടിലിൽ കുട്ടിയെക്കിടത്തി ആട്ടിക്കൊണ്ടിരുന്ന രാജാവിന്റെ പത്നി ഒരു നിലകൂടി തെറ്റിയാൽ രാജാവിനു് അടിയറവായി എന്നു ധരിച്ചിട്ടു് “ഉന്തുന്തൂ ഉന്തുന്തൂ ഉന്തുന്തൂ ഉന്തുന്തൂ, ഉന്തുന്തൂ ഉന്തുന്തൂ ആളേ ഉന്തൂ” എന്നു കുട്ടിയെ ഉറക്കുന്നഭാവത്തിൽ പാടി ഭർത്താവിനു നില്ക്കക്കള്ളി കാണിച്ചുകൊടുക്കുകയും അതിന്റെ സാരം ഗ്രഹിച്ച രാജാവു് ആളിനെ ഉന്തി കളിയിൽ ജയിക്കുകയും ചെയ്തു. പത്നി പാടിയ മട്ടിൽ ദശമം പാട്ടാക്കണമെന്നു സന്തുഷ്ടനായ രാജാവു നമ്പൂരിയോടു് ആജ്ഞാപിക്കുകയും നമ്പൂരി ആ ആജ്ഞയ്ക്കു വിധേയനായി കൃഷ്ണഗാഥ നിർമ്മിക്കുകയും ചെയ്തു. ഈ ഐതിഹ്യത്തിൽ അസ്വാഭാവികമാണെന്നു പറയത്തക്ക വൈകല്യമൊന്നും കാണുന്നില്ല. മഞ്ജരീവൃത്തത്തിൽ ചില പാട്ടുകൾ കീർത്തനരൂപത്തിലും മറ്റും അതിനു മുൻപും ഉണ്ടായിരുന്നിരിക്കാം. അതു് ഒരു ഭാഷാകാവ്യനിർമ്മിതിക്കു് ഉപയോഗിക്കുവാൻ ധൈര്യപ്പെട്ടതു നമ്പൂരി ഒരു വശ്യവചസ്സായിരുന്നതുകൊണ്ടാണു്. കൃഷ്ണഗാഥയിൽ ഐദമ്പര്യേണ നമ്മുടെ ആശ്ചര്യത്തെ ആർജ്ജിക്കുന്നതു് അതിലെ പദലാളിത്യമാണല്ലോ. ഒരു സ്ത്രീ നിമിത്തമായി തനിക്കു ഗ്രന്ഥനിർമ്മാണത്തിനു് അവസരം നേരിട്ടപ്പോൾ ആ ഗ്രന്ഥം പൊതുവേ സ്ത്രീകൾക്കു് അർത്ഥഗ്രഹണം ചെയ്തു പാടി ആനന്ദിക്കത്തക്ക നിലയിൽ രചിക്കുന്നതു് അഭിലഷണീയമാണെന്നു കവിക്കു തോന്നിയിരിക്കാം. കൃഷ്ണഗാഥയിലെ സംസ്കൃതപദവൈരള ്യവും ബന്ധപാരുഷ്യരാഹിത്യവും തന്നെയായിരിക്കണം ഏതോ ഒരു പല്ലവഗ്രാഹിയായ പണ്ഡിതനെക്കൊണ്ടു് “എരിശ്ശേരിക്കു കഷണമില്ല” എന്നു പറയിക്കുകയും ചിന്താശീലനായ മറ്റൊരു പണ്ഡിതനെക്കൊണ്ടു് “ഇളക്കിനോക്കിയാൽ കാണാം” എന്നു് അതിനു പ്രത്യുത്തരം നല്കിക്കുകയും ചെയ്തതു്.

കവിയുടെ പാണ്ഡിത്യം
കൃഷ്ണഗാഥയുടെ ഓരോ ശീലിലും കവി തന്റെ ആലങ്കാരികമൂർദ്ധന്യതയെ അതിസ്പഷ്ടമായി പ്രകടീകരിക്കുന്നു. പല പ്രാവശ്യം ഭാഗവതം ദശമസ്കന്ധം വായിച്ചു് ആ പുരാണതല്ലജവുമായി സാത്മ്യം പ്രാപിച്ച ഒരു ഭക്തശിരോമണിയായും നാം അദ്ദേഹത്തെ പ്രസ്തുതകൃതിയിൽ സന്ദർശിക്കുന്നു. കൃഷ്ണഗാഥയിലെ വൃത്തം പ്രായേണ ആദ്യന്തം മഞ്ജരിയാകയാൽ അതിൽ സംസ്കൃതപദപ്രയോഗത്തിനു് അവസരമില്ല. എന്നാൽ സ്വർഗ്ഗാരോഹണകഥയിൽ അദ്ദേഹം വേറെ ഏഴു വൃത്തങ്ങളെക്കൊണ്ടുകൂടി അല്പാല്പമായി കൈകാര്യം ചെയ്തിട്ടുണ്ടു്.

“ഉരുവായ മൊഴികൊണ്ടു ഗുരുവായ പരൻതന്നെ
പ്പരിചോടു പുകണ്ണവൻ തളർന്നനേരം,
പെരിയോരു പുരുഹൂതനരികേ ചെന്നുണർത്തിനാ
നരിയോരു ഹരിയോടു വിരവോടപ്പോൾ.”(1)

“പുതിയ ചൊല്ക്കൊണ്ട പുരുഷൻതന്നെയ
പ്പുരുഹൂതൻ നിന്നുപുകണ്ണപ്പോൾ
മുദിതരായുള്ള മുനികളെല്ലാമ
മ്മുകിൽവർണ്ണൻതന്നെപ്പുകണ്ണാരേ.”(2)

“രുദ്രരും വരനാഗഭൂഷണമുദ്രിതാംഗകരായുടൻ
ഭസ്മധൂളിധരിച്ചുവന്നങ്ങു പത്മനേത്രനെ വാഴ്ത്തിനാർ”(3)

“ഉത്തമകാന്തിമെത്തിയിരുന്ന നിത്യനെ നീതിയോടേ
ഭക്തിപൊഴിഞ്ഞുചിത്തമഴിഞ്ഞു രുദ്രർ പുകണ്ണനേരം;”(4)

“ഉത്തമരായുള്ളശ്വികളേറ്റം
ഭക്തി പൊഴിഞ്ഞു പുകണ്ണു തെളിഞ്ഞു
അച്യുതപാദസരോരുഹയുഗ്മം
നിശ്ചലരായി വണങ്ങിന നേരം.”(5)

“നിമേഷം വെടിഞ്ഞോർ നിരന്നീടിനോര
ന്നിജേ മന്ദിരേ നിർമ്മലേ സംവസന്തം
ഗുണാതീതരൂപം രമാധീശമേവം
ദിനാധീശ്വരന്മാർ പുകണ്ണോരുനേരം.”(6)

“കമലാകരപരിലാളിതകഴൽതന്നിണ കനിവോ
ടമരാവലി വിരവോടഥ തൊഴുതീടിന സമയേ
വിവിധാഗമവചസാമപി പൊരുളാകിന ഭഗവാൻ
വിധുശേഖരനുപഗമ്യ ച മധുസൂദനസവിധേ.”(7)
എന്നീ മട്ടുകളിലുള്ളവയാണു് ആ വൃത്തങ്ങൾ. അവയ്ക്കു മഹാകാവ്യങ്ങളിലെ സർഗ്ഗാന്തശ്ലോകങ്ങളുടെ സാദൃശ്യമുണ്ടു്. നാലാമത്തെ വൃത്തംതന്നെയാണു് ഗ്രന്ഥത്തിന്റെ അവസാനത്തിലുള്ള

“മറപൊരുളായി മറഞ്ഞവനേ ഹരി;
മലർമകൾകൊങ്ക പുണർന്നവനേ ഹരി;
മതുമതവെണ്ണ നുകർന്നവനേ ഹരി;
മരുതുമരങ്ങൾ ഞെരിച്ചവനേ ഹരി.”
ഇത്യാദി ഹരിസ്തുതിയിലും കാണുന്നതു്. ആ രീതികളിൽ കവനം ചെയ്യുമ്പോൾ മഹാകവിയുടെ സംസ്കൃതപ്രേമം അണപൊട്ടിയ പുഴപോലെ അസങ്കോചമായി പ്രവഹിക്കുന്നു.

“ചലൽകുന്തളം ചഞ്ചലാപാംഗരമ്യം
മിളൽകുണ്ഡലോല്ലാസിഗണ്ഡാഭിരാമം
മൃദുസ്മേരമേവം മുഖാംഭോരുഹം തേ
സ്മരിക്കായ്വരേണം മരിക്കുന്നനേരം.”

“മുരശാസന, നരകാന്തക, മുഖരീകൃതമുരളീ
വിവശീകൃതജനമാനസസരസീരുഹവിതതേ,
ചരിതാമൃതവിവശീകൃതഭുവനാഖിലവസതേ,
നിരുപാധിക, നിയതം തവ തിരുമെയ് പരികലയേ”
തുടങ്ങിയ വരികൾ ആ ഘട്ടത്തിലുള്ളവയാണു്. അദ്ദേഹം ഒരു ശാസ്ത്രജ്ഞനല്ലെങ്കിലും അനവധി സംസ്കൃതകാവ്യനാടകങ്ങൾ വായിച്ചു് അനന്യസാധാരണമായ സംസ്കാരം സിദ്ധിച്ച ഒരു ഹൃദയമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതു്. പള്ളിക്കുന്നത്തു ക്ഷേത്രത്തിലെ കദളിപ്പഴം ശങ്കരകവിയേയും അതിന്റെ തൊലി ശാന്തിക്കാരനായ കൃഷ്ണഗാഥാകാരനേയും തീറ്റിക്കുന്നതായി ഒരൈതിഹ്യമുള്ളതു തീരെ അസംബന്ധവും അതു് അതിന്റെ ഉപജ്ഞാതാക്കന്മാർക്കു ലളിതകോമളമായ ഭാഷാ കവിതയുടെ നേർക്കുള്ള അവജ്ഞയുടെ പ്രത്യക്ഷലക്ഷ്യവുമാണെന്നേ ഇക്കാലത്തെ സഹൃദയന്മാർ കരുതേണ്ടതുള്ളൂ.

കവിതയുടെ മെച്ചം
കൃഷ്ണഗാഥയിൽ ഏതു ഭാഗം വായിച്ചാലും അതിന്റെ പ്രണേതാവു സരസ്വതീദേവിയുടെ സവിശേഷമായ അനുഗ്രഹത്തിനു പാത്രീഭവിച്ച ഒരു പുണ്യപുരുഷനാണെന്നു ഭാവുകന്മാർക്കു നിരീക്ഷിക്കാവുന്നതാകുന്നു. ഏതു വിഷയത്തെപ്പറ്റിയുള്ള പ്രതിപാദനത്തിനും അദ്ദേഹത്തിനു് അന്യാദൃശമായ നൈപുണ്യമുണ്ടു്. അർത്ഥാലങ്കാരപ്രയോഗത്തിൽ അദ്ദേഹത്തെ ജയിക്കുവാൻ കേരളീയകവികളിൽ ആർക്കുംതന്നെ സാധിച്ചിട്ടില്ല. പ്രത്യേകിച്ചു് ഉൽപ്രേക്ഷാകല്പനയിൽ അദ്ദേഹത്തിനുള്ള സ്ഥാനം അദ്വിതീയമാകുന്നു. അതുകൊണ്ടു് തന്നെയാണു് ‘ഉപമാ കാളിദാസസ്യ’ എന്ന പോലെ ‘ഉൽപ്രേക്ഷാ കൃഷ്ണഗാഥായാം’ എന്നൊരു ആഭാണകമുള്ളതും. പ്രകൃതിവർണ്ണനമായാലും, ലോകസ്വഭാവനിരൂപണമായാലും അദ്ദേഹത്തിനു് ഏതു സന്ദർഭവും ഒന്നുപോലെ ഉദാത്തമായ കവികർമ്മത്തിനു പ്രയോജകീഭവിക്കുന്നു. ശൃംഗാരവും ഹാസ്യവുമാണു് അദ്ദേഹത്തിനു് ഏറ്റവും അഭിമതങ്ങളായ രസങ്ങൾ. എങ്കിലും രൗദ്രം, ഭയാനകം മുതലായ മറ്റുചില രസങ്ങളുടെ പ്രതിപാദനത്തിലും അദ്ദേഹം അഭൗമമായ പ്രാഗല്ഭ്യം പ്രദർശിപ്പിക്കുന്നുണ്ടു്. ധ്വനിയുടെ കാര്യത്തിലും നമ്മുടെ മഹാകവി ഒട്ടും പിന്നോക്കമല്ല. കൃഷ്ണഗാഥയിൽ കൃഷ്ണോല്പത്തി മുതൽ സ്വർഗ്ഗാരോഹണംവരെ നാല്പത്തേഴു കഥകൾ അടങ്ങിയിരിക്കുന്നു. അവയിൽ കംസസൽഗതിവരെയുള്ള ഭാഗങ്ങൾക്കു് അല്പം മാറ്റു കൂടുമെങ്കിലും അതിനപ്പുറമുള്ള രുക്‍മിണീസ്വയംവരം, സൗഭദ്രികകഥ മുതലായ പല ഭാഗങ്ങൾക്കും അവയെപ്പോലെതന്നെ ആസ്വാദ്യതയുണ്ടു്. ഭാഗവതകാരനെപ്പോലെ ചെറുശ്ശേരിയും തന്റെ ഗ്രന്ഥത്തിന്റെ പൂർവ്വാർദ്ധം മുഴുവൻ വിനിയോഗിക്കുന്നതു ശ്രീകൃഷ്ണന്റെ ബാല്യക്രീഡാവർണ്ണനത്തിനാകുന്നു.

ചില ചിത്രങ്ങൾ
കൃഷ്ണഗാഥാകാരന്റെ വാക്‍ചിത്ര ചാതുരിയാണു് എന്നെ അത്യന്തം ആശ്ചര്യവിവശനും ആനന്ദതുന്ദിലനുമാക്കീട്ടുള്ളതു്. ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടെങ്കിൽ ഒരുകാലത്തും ഹൃദയഭിത്തിയിൽനിന്നു മങ്ങിയോ മാഞ്ഞോ പോകാതെ പരിലസിക്കത്തക്കവണ്ണം അത്ര സജീവങ്ങളും സർവ്വാംഗസുന്ദരങ്ങളുമാണു് ആ ചിത്രങ്ങൾ. ഏതാനും ചില ഉദാഹരണങ്ങൾകൊണ്ടു് ഈ അഭിപ്രായത്തിന്റെ സാധുത്വം സ്ഥാപിക്കുവാൻ ശ്രമിക്കാം.

(1) കൃഷ്ണന്റെ ബാലസ്വഭാവവർണ്ണനം:

“അച്ഛനെപ്പോലെയുടുക്കുന്നേനെന്നിട്ടു
നൽച്ചേലകൊണ്ടങ്ങുടുക്കും നന്നായ്;
മാനിച്ചുനിന്നച്ഛൻ കുമ്പിടും നേരത്ത
ങ്ങാനകളിക്കും മുതുകിലേറി;

തേവാരിക്കേണമിന്നച്ഛായെനിക്കു നീ
പൂവെല്ലാം കൊണ്ടെത്തായെന്നു ചൊല്ലും;
അച്ഛനും താനുമായിച്ഛയിലങ്ങ ന
നിച്ചലും നിന്നു പടകളിക്കും;

‘എൻ കണി കാണണം നിങ്ങളിന്നെല്ലരും’
എന്നങ്ങു ചൊല്ലീട്ടു വീടുതോറും
കോഴികൾ കൂകുമ്പോൾ കോഴകൾ കൂടാതെ
ഗോവിന്ദൻ പാടിക്കൊണ്ടങ്ങു ചെല്ലും.

മാരി ചൊരിയുന്ന നേരത്തു കോടിയിൽ
നേരെ പോയ് നീരെല്ലാമേല്ക്കും മെയ്യിൽ;
കയ്യേപ്പിടിപ്പാനായാരേലും ചെല്ലുമ്പോൾ
‘അയ്യോ!’ എന്നിങ്ങനെ കൂട്ടും തിണ്ണം.

അത്ഭുതമായുള്ള പാവകളുണ്ടോരോ
ശില്പികൾ കൊണ്ടെക്കൊടുത്തെപ്പോഴും;
വാഴപ്പഴങ്ങൾ താൻ തിന്നുന്ന നേരത്തു
വായിൽക്കൊടുക്കുമപ്പാവകൾക്കും.

‘അമ്മിഞ്ഞ നല്കമ്മേ’യെന്നങ്ങു ചൊല്ലിക്കൊ
ണ്ടമ്മേടെ കയ്യിൽക്കൊടുക്കും പിന്നെ;
ചാലക്കിടന്നങ്ങുറങ്ങുന്ന നേരത്തു
ചാരത്തുതന്നെ കിടത്തിക്കൊള്ളും,

നന്മണികൊണ്ടു പടുത്ത നിലംതന്നിൽ
ബിംബിതനായിട്ടു തന്നെക്കണ്ടാൽ
അഞ്ചിതമാകിയ പുഞ്ചിരി തൂകീട്ടു
ചെഞ്ചമ്മേ പായും പിടിച്ചുകൊൾവാൻ.”
എന്നും മറ്റും അമ്പാടിയിലെ കൃഷ്ണലീല കവിക്കു് എങ്ങനെയെല്ലാം വിസ്തരിച്ചാലും അലംഭാവമുണ്ടാകുന്നില്ല. ആ പ്രമേയത്തെത്തന്നെ പുരസ്കരിച്ചു കംസവധാനന്തരം ശ്രീകൃഷ്ണനെക്കൊണ്ടു നന്ദനോടു് ആ വശ്യവചസ്സു് ഇങ്ങിനെ പറയിക്കുന്നു:

“അച്ഛനായുള്ളതു നീയൊഴിച്ചില്ലെനി
ക്കച്യുതൻ തന്നുടെ പാദത്താണേ;
പെറ്റുവളർത്തൊരു തായയായ് നിന്നതും
മുറ്റുമെനിക്കു മറ്റാരുമല്ലേ;
ആറ്റിലും തീയിലും വീഴാതെകണ്ടെന്നെ
പ്പോറ്റിവളർത്തതു നിങ്ങളല്ലോ.
ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും
നിങ്ങളെയേതും മറക്കയില്ല.
* * * *
എന്നമ്മതന്നോടു ചൊല്ലേണം പിന്നെ നീ
യെന്നെ മറക്കൊല്ലായെന്നിങ്ങനെ;
പാൽവെണ്ണയുണ്ണാഞ്ഞു വേദനയുണ്ടുള്ളിൽ
പ്പാരമെനിക്കെന്നു ചൊല്ക പിന്നെ;
വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ
രുണ്ടെങ്കിൽ മെല്ലേ വരുത്തേണമേ,
വാഴപ്പഴങ്ങളും വണ്ണം തിരണ്ടവ;
കേഴുവനല്ലായ്കിലെന്നു ചൊല്ലു.
* * * *
പിള്ളരെ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു
പീലികൊണ്ടെന്നെയടിച്ചാളമ്മ;
കേണുകൊണ്ടന്നു വഴക്കായിപ്പോയിക്കൊ
ണ്ടൂണിന്നു വാരാതെ നിന്നനേരം
തെണ്ടമായെന്നതിന്നന്നു നല്കീടിന
കണ്ടിക്കഞ്ചേല മറക്കൊല്ലാതെ;
പൊങ്ങിനോരാശ പുലമ്പിനിന്നീടുന്ന
കിങ്ങിണിയെങ്ങാനും വീഴൊല്ലാതെ;
പാവകളെന്നുമേ പാഴായിപ്പോകാതെ
പാലിച്ചുകൊള്ളേണം പാരാതെ നീ.
ചേണുറ്റുനിന്നുള്ളോരോണവില്ലൊന്നുമേ
ഞാണറ്റുപോകൊല്ല ഞാൻ വരുമ്പോൾ.”
വളരെക്കാലം കഴിഞ്ഞു് ഒരിക്കൽ ശ്രീകൃഷ്ണൻ ആസന്നവാർദ്ധകനായതിനുശേഷം യശോദയും നന്ദനും ഭാർഗ്ഗവതീർത്ഥത്തിൽ സൂര്യഗ്രഹണമുഹൂർത്തത്തിൽ സ്നാനത്തിന്നായി പോകുകയും അവിടെവച്ചു് അവിടുത്തെ കാണുകയും ചെയ്യുന്നു. ആ അവസരത്തിൽ അവർ എന്താണു് ചെയ്തതെന്നു കവിതന്നെ പറയട്ടെ;

“പാരിച്ചുനിന്നുള്ള പാഴായ്മ ചെയ്കയാൽ
പാശത്തെക്കൊണ്ടു പിടിച്ചുകെട്ടി
തിണ്ണം വലിച്ചുമുറുക്കി ഞാൻ നില്ക്കയാ
ലുണ്ണിപ്പൂമേനിയിൽപ്പുണ്ണില്ലല്ലീ?
എന്നങ്ങു ചൊല്ലിത്തലോടിത്തുടങ്ങിനാൾ
നന്ദജൻതന്നുടെ മേനിതന്നെ.”
ഇങ്ങനെ ബാല്യത്തിലെ പല പല ലീലകൾ ആ ഭാഗ്യവതി വർണ്ണിച്ചു ഭഗവാനെ ചുംബിക്കുന്ന അവസരത്തിൽ നന്ദൻ

“നിത്യവും കണ്ട കിനാവുകളെല്ലാമേ
സത്യമെന്നിങ്ങനെ ചൊല്ലാമിപ്പോൾ;
മുന്നമേപ്പോലെ വന്നിന്നു ഞാനെന്നുടെ
പൊന്നാരപ്പൈതലെപ്പൂണ്ടേനല്ലോ.
എന്മുതുകേറിനിന്നാനകളിപ്പതി
ന്നിന്നിനിയാമോ ചൊല്ലുണ്ണിക്കണ്ണാ!
തിങ്കളെച്ചെന്നു പിടിപ്പതിന്നായിട്ടി
ന്നെൻകഴുത്തേറുക വേണ്ടയോ ചൊൽ?
ഓടിവന്നെന്നുടെ നന്മടിതന്നിലായ്
ത്താടി പിടിച്ചു വലിക്കേണ്ടായോ?”
എന്നിങ്ങനെ വാത്സല്യനിഘ്നനായി ഓരോന്നു പറഞ്ഞു് ആനന്ദിക്കുന്നു. പിതാക്കന്മാർക്കേറ്റ പുത്രൻ; പുത്രനു യോജിച്ച പിതാക്കന്മാർ. അർത്ഥത്തിനൊത്ത ശബ്ദം; ശബ്ദത്തിനൊത്ത അർത്ഥം. എല്ലാം നിസർഗ്ഗകോമളം; നിരാഭരണസുന്ദരം, നിരതിശയരമണീയം:

ഗോവർദ്ധനോദ്ധാരകനായ ശ്രീകൃഷ്ണനെ നാരദാദിമഹർഷിമാർ സ്തുതിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്; അതു് അലങ്കാരത്തിന്റെ സമഞ്ജസമായ സമ്മേളനംകൊണ്ടുകൂടി ശോഭിക്കുന്നു:

“മാരി വരുന്നേരം നല്ക്കുട ചൂടുവാ
നാരുമൊരുത്തരും താരാഞ്ഞാരോ?
കുന്നു ചുമന്നിട്ടു വെണ്ണ ചുമന്നുള്ളോ
രുണ്ണിക്കൈ നോകുന്നുതില്ലയോ ചൊൽ?
കുന്നു ചുമക്കേണമെന്നങ്ങു ചിന്തിച്ചോ
വെണ്ണ ചുമന്നിട്ടു ശീലിച്ചു നീ?
വെണ്ണയെന്നോർത്തിട്ടു കുന്നിനെത്തന്നെയും
മെല്ലവേ വായിലങ്ങാക്കൊല്ലാതെ.”
(2) വേണുഗാനം:- ഭഗവാന്റെ വേണുഗാനത്തിന്റെ മാധുര്യം കവിയുടെ മുഖത്തുനിന്നുതന്നെ കേൾക്കേണ്ടതാണു്:

“ഷൾപദമാലകളത്ഭുതമായോരു
പുഷ്പരസത്തെ വെടിഞ്ഞുടനേ
ഗാനമായ് മേവിന തേനേക്കുടിപ്പാനാ
യാനനം തന്നിലേ ചെന്നുപുക്കു.
കോകിലജാലങ്ങൾ കോലക്കുഴൽ കേട്ടു
മൂകങ്ങളായങ്ങു നിന്നുപോയി,
ചേണുറ്റ വേണുതൻ തേനുറ്റ ഗാനത്തെ
ത്താനുറ്റ നാദത്തിൻ മീതേ കേട്ടു്
വേലപ്പെടാതെതാൻ മാനിച്ചുനിന്നിട്ടു
ചാലപ്പഠിപ്പാനായെന്നപോലെ.
* * * *
മാൺപെഴുന്നോ ചില മാൻപേടകളെല്ലാം
ചാമ്പിമയങ്ങിന കൺമിഴിയും,
ഒട്ടൊട്ടു ചിമ്മിക്കൊണ്ടിഷ്ടത്തിലൻപോടു
വട്ടത്തിൽ മേവീതേ പെട്ടെന്നപ്പോൾ.
മന്ഥരമായോരു കന്ധരംതന്നെയും
മന്ദം നുറുങ്ങു തിരിച്ചുയർത്തി,
ചില്ലികളാലൊന്നു മെല്ലെന്നുയർത്തീട്ടു
വല്ലവീവല്ലഭൻ തന്നെ നോക്കി
കർണ്ണങ്ങളാലൊന്നു തിണ്ണം കലമ്പിച്ചു
കണ്ണൻകഴല്ക്കു കൊടുത്തു ചെമ്മേ,
വായ്ക്കൊണ്ട പുല്ലെല്ലാം പാതി ചവച്ചങ്ങു
വായ്ക്കുന്ന മെയ്യിലൊഴുക്കിനിന്നു.”
മറ്റൊരവസരത്തിൽ ആ ഗാനത്തെത്തന്നെ പ്രശംസിച്ചു യശോദ കൃഷ്ണനോടു പറയുകയാണു്:

“കന്നുകിടാക്കൾ കുടിപ്പതിനായിക്കൊ
ണ്ടൊന്നുമേ ചെല്ലുന്നതില്ല കണ്ണാ!
ചെന്നവയൊന്നും കുടിയ്ക്കുന്നൂതില്ല, കാൺ;
മന്ദമായ് നോക്കുന്നൂതിങ്ങുതന്നെ,
നല്ക്കുഴൽ കേട്ടു തന്മക്കളെയൊന്നുമേ
നക്കുന്നൂതില്ല കാൺ ധേനുക്കളും.
രാവായിപ്പോയാലിക്കാലി കറപ്പതി
ന്നാവതല്ലെന്നതു തേറണം നീ;
കാലി കറന്നങ്ങു പോയിട്ടു വേണം നിൻ
കോലക്കുഴൽവിളിയെന്മകനേ!”
ശൃംഗാരരസവർണ്ണനം
ഇനി ചില രസങ്ങളെ കവി ഏതുതരത്തിൽ വികസിപ്പിക്കുന്നു എന്നു പരിശോധിക്കാം. സംഭോഗശൃംഗാരത്തെക്കാൾ വിപ്രലംഭശൃംഗാരമാണു് കവിക്കു വർണ്ണിക്കുവാൻ ഒന്നുകൂടി പ്രചോദനം നല്കുന്നതു്. അസ്തമയ വർണ്ണനഘട്ടത്തിൽ ചക്രവാകങ്ങളുടെ അവസ്ഥ അദ്ദേഹം പ്രപഞ്ചനം ചെയ്യുന്ന പരിപാടി നോക്കുക:

“കോകങ്ങളെല്ലാമേ ഗോപതിമണ്ഡലം
കോപിച്ചു നോക്കിയിരുന്നുടനെ
തൂമ തിരണ്ടോരു പേടമുഖംതന്നെ
പ്രേമമിയന്നങ്ങു നോക്കും ചെമ്മേ.
താമരനൂലങ്ങു കൊത്തിവലിച്ചു തൻ
കാമിനിക്കായിക്കൊടുക്കും മെല്ലേ.
നീലിമ കോലിന വേലയെക്കണ്ടിട്ടു
നീളെ നെടുതായി വീർക്കും പിന്നെ,
വാപികതൻ മറുതീരത്തെ നോക്കീട്ടു
മാഴ്കിത്തളർന്നൊന്നു കൂകും മെല്ലെ.
പക്ഷതികൊണ്ടു തൻപക്ഷിണിതന്നെയു
മക്ഷമനായിത്തഴുകിനിന്നു്
നെഞ്ചകംതന്നിലേ പഞ്ചശരം നട്ടു
ചഞ്ചുപുടംതന്നെ വായ്ക്കൊണ്ടുടൻ
പോകുന്നേനെങ്കിൽ ഞാനെന്നങ്ങു ചൊല്ലീട്ടു
തൂകിത്തുടങ്ങീതു കണ്ണുനീരും.”
തിര്യക്കുകളുടെ ശൃംഗാരം ശൃംഗാരാഭാസമാണെന്നു ശപഥം ചെയ്യുന്ന സാഹിത്യാചാര്യന്മാർ ഈ വർണ്ണനം ഒന്നു വായിക്കേണ്ടതാണു്. കോകവിരഹത്തെപ്പറ്റിയുള്ള വിവരണം ഇത്ര ഹൃദയംഗമമാകാമെങ്കിൽ കോകസ്തനികളായ വ്രജസുന്ദരിമാരുടെ വിരഹത്തെപ്പറ്റിയുള്ള ചിത്രണം എത്ര നിർവൃതിപ്രദമായിരിക്കേണ്ട! താഴെ ഉദ്ധരിക്കുന്നതു് ചന്ദ്രോപാലംഭത്തിലെ ഒരു ഭാഗമാണു്:

“മാപാപിയാകിന തിങ്കളിന്നെങ്ങളെ
ക്കോപിച്ചു കൊല്ലുന്നോനെന്നു വന്നു.
നേരിട്ടു നിന്നവൻ വന്മദം പോക്കുവാൻ
പാരിടംതന്നിലിന്നാരുമില്ലേ.
രാഹുവിൻ കണ്ഠമോ നാരായണൻ പണ്ടേ
നേരെ തറിച്ചുകളഞ്ഞാനല്ലോ.
വാരിധി പണ്ടു കടഞ്ഞോരു നേരത്തു
ബാഡവപാവകൻതങ്കൽനിന്നു്
സാരമായുള്ളോരു പിണ്ഡമെഴുന്നിവൻ
വാരുറ്റ മണ്ഡലമായിപ്പിന്നെ,
മറ്റെങ്ങുമാർക്കും പൊറുക്കരുതാഞ്ഞിട്ടു
കറ്റച്ചടയൻതാനന്നുടനേ
മേളമെഴുന്ന കഴുത്തിലും ഗംഗത
ന്നോളംതാൻ താവിന മൗലിയിലും
ചേണുറ്റെഴുന്നോരു ഭൂഷണമായിട്ടു
ചെപ്പോടു നിന്നു ധരിച്ചുകൊണ്ടു.
ദീധിതിമാലയാം ജ്വാലകളേറ്റേറ്റു
ലോകങ്ങളെല്ലാമേ വെന്തനേരം
ശ്വേതിമ പൂണ്ടോരു ഭൂതിപോയെങ്ങുമേ
മീതെ പരന്നുചമഞ്ഞതല്ലോ
വെൺമ തിരണ്ട നിലാവായി വന്നിട്ടു
ചെമ്മേ നിറഞ്ഞെങ്ങും കണ്ടതിപ്പോൾ.
നീലമായ് നിന്നവന്മേനിയിൽക്കണ്ടതോ
ചാലക്കളങ്കമല്ലെന്നുചൊല്ലാം.
ക്ഷ്വേളമിയന്നൊരു കാളഭുജംഗത്തെ
ലാളിച്ചുവച്ചതിക്കാണായിതേ;
തൻകരംകൊണ്ടുടനെന്നതുകൊണ്ടല്ലോ
എങ്കൽ വിഷംതന്നെ തൂകുന്നിപ്പോൾ.
തീപ്പൊരിതന്നെ വിഴുങ്ങിച്ചകോരങ്ങൾ
സാധിച്ചു നിന്നുതേ പണ്ടുപണ്ടേ;
തീക്ഷ്ണത പൂണ്ട നിലാവിനെയല്ലായ്കിൽ
വായ്ക്കൊണ്ടു നില്ക്കുമാറെങ്ങനെതാൻ?
മാപാപിത്തിങ്കൾ മറയുന്നോനല്ലെന്നു,
മീ പാപമെന്തിനിച്ചെയ്വതയ്യോ?”
എന്നിങ്ങിനെ പരിദേവനം ചെയ്തിട്ടു ഗോപിമാർ “അല്ലയോ തിങ്കളേ! നിന്നെ രാഹു വിഴുങ്ങുവാൻവന്നു കഴിഞ്ഞു; ഓടിക്കോ. ശിവന്റെ ശിരസ്സിലിരിക്കുന്ന നിന്റെ ഉണ്ണിയെ ഒരു പാമ്പു വിഴുങ്ങിയെന്നു കേട്ടു, ശൃംഗാരലീലാലോലനായ ശിവൻ അക്കഥ അറിഞ്ഞിട്ടില്ല. കഴിയുമെങ്കിൽ വേഗം പോയി പാമ്പിന്റെ വായിൽനിന്നു ഉണ്ണിയെ രക്ഷിക്കൂ” എന്നും മറ്റും ഓരോ ഭോഷ്ക പറയുന്നു; കാളിന്ദിയിൽ പ്രതിഫലിക്കുന്ന ചന്ദ്രബിംബത്തിൽ പാറകൊണ്ടെറിയുന്നു; കണ്ണാടിയിൽ കാണുന്ന ചന്ദ്രബിംബം കുത്തിപ്പൊടിക്കുന്നു. ഹാ ഹാ! എന്തൊരു വാചാമഗോചരമായ ഉല്ലേഖവൈഭവം!

രാസക്രീഡ നടക്കുന്ന രാത്രി പ്രഭാതപ്രായമായതു കണ്ടപ്പോൾ ഗോപസ്ത്രീകൾക്കുള്ള കോപതാപങ്ങൾ കവി ചുവടെ ഉദ്ധരിക്കുന്ന പ്രകാരത്തിൽ ചിത്രീകരിക്കുന്നു:

“കോഴികളെന്തയ്യോ കാലം വരും മുൻപേ
കൂകിത്തുടങ്ങീതെൻ തോഴിമാരേ?
കാട്ടിലേക്കോഴിക്കു ഞായമില്ലേതുമേ;
വീട്ടിലെക്കോഴിക്കേ ഞായമുള്ളൂ.
എന്തൊരു ഞായമിപ്പാതിരനേരത്തു
സന്തതമിങ്ങനെ കൂകി നില്പാൻ?
തീക്കനൽ കൊണ്ടന്നു ചഞ്ചൂപുടംതന്നി
ലാക്കുന്നോരാരുമങ്ങില്ലയോതാൻ?
* * * *
വണ്ടുകളേ! എന്തു താമരപ്പൊയ്കയിൽ
മണ്ടിത്തുടങ്ങുന്നതിപ്പൊഴേ ചൊൽ?
താമരപ്പൂവു വിരിഞ്ഞുതുടങ്ങുന്ന
കാലമിങ്ങേതുമണഞ്ഞൂതില്ലേ.
ആദിത്യദേവാ! നിനക്കു തൊഴുന്നെങ്ങൾ
വാദിച്ച ദേശമേ പോയ്ക്കൊള്ളണം.
വൃന്ദാവനംതന്നിലിന്നെഴുന്നള്ളായ്കിൽ
നന്നായിരുന്നതുമെങ്ങൾക്കിപ്പോൾ.
ആനായർകോൻതന്റെ പൂമേനി ദൂരെവ
ച്ചാകുന്നൂതില്ലേതും പോവാനയ്യോ!
സൂര്യനു സൂതനാം വീരനേ! നിന്നോടു
വേറെയുണ്ടൊന്നെങ്ങൾ ചൊല്ലുന്നിപ്പോൾ,
മാർത്താണ്ഡദേവനെ വൃന്ദാവനംതന്നി
ലോർത്തിട്ടു വേണമെഴുന്നള്ളിപ്പാൻ.
ഗോകുലനാഥനു ലീല കഴിഞ്ഞീല;
കോപമുണ്ടാകിലാമെന്തറിവൂ?
ഞങ്ങളറിഞ്ഞതു ചൊല്ലേണമല്ലോതാ
നെന്നിട്ടു നിന്നോടു ചൊല്ലീതിപ്പോൾ.”
നോക്കുക. കവിയുടെ സർവ്വങ്കഷമായ ഭാവനാപ്രാഭവം! നോക്കി നോക്കി കോൾമയിർക്കൊള്ളുക.

രൗദ്രരസവർണ്ണനം
പൗണ്ഡ്രകപുത്രനായ സുദക്ഷിണൻ യാദവനിഗ്രഹത്തിന്നായി ഉല്പാദിപ്പിക്കുന്ന മാരണദേവതയെ കവി താഴെക്കാണുന്ന രീതിയിൽ വർണ്ണിക്കുന്നു:

“കുണ്ഡത്തിൽനിന്നങ്ങെഴുന്നതു കാണായി
ചണ്ഡിയെക്കാളതിഭീഷണനായ്
മാരണദേവതയായിച്ചമഞ്ഞിട്ടു
ഘോരനായുള്ളൊരു വഹ്നിതന്നെ.
ചെമ്പിച്ചുനിന്നോരു കേശവും മീശയും
വൻപിച്ചുനിന്നു വളഞ്ഞെകിറും
തീപ്പൊരി തൂകി മിഴിച്ചു ചുവന്നിട്ടു
കോട്ടിയായുള്ളോരു വൻമുഖവും
ആണ്ടുനിന്നീടിനാനാരണൻതന്മുമ്പി
ലാനയും കാതിലണിഞ്ഞു നേരേ.
കണ്ടുള്ളോരെല്ലാരും കാതരന്മാരായി
മിണ്ടാതെ നോക്കി നടുങ്ങുന്നേരം
പൂവെടിപോലെയെഴുന്നതു കാണായി
ഭൂതങ്ങളോരോന്നു പിന്നെപ്പിന്നേ.
പാരം പൊരിഞ്ഞുള്ള കൊള്ളിയുമായിട്ടു
ഘോരമായുള്ളോരു നോക്കുമായി
ദ്വാരക നോക്കി നടന്നതു കാണായി
മാരണദേവതയോടുംകൂടി.
ദ്വാരകതന്നുടെ ചാരത്തു ചെന്നോരു
മാരണദേവത പാരമപ്പോൾ
എട്ടു ദിക്കെങ്ങുമേ ഞെട്ടിനടുങ്ങുമാ
റട്ടഹാസങ്ങളെയാചരിച്ചു.
* * * *
ചാല വളർന്നോരു മേനിയിൽ നിന്നെഴും
ജ്വാലകൾ മേന്മലങ്ങേല്ക്കയാലേ
കൃത്യതൻ ചാരത്തേദ്ദാരുക്കളെല്ലാമേ
കത്തിയെഴുന്നതു കാണായപ്പോൾ.
പാരിച്ചുനിന്നുള്ള പാദങ്ങളേല്ക്കയാൽ
പാടിച്ചൂതായിതഭൂതലവും.
രമ്യമായ് നിന്നുള്ളോരംബരംതന്നിലു
ള്ളംബുദജാലകമാല ചാലേ
തങ്ങിവലിച്ചു വരുന്നതു കാണായി
പൊങ്ങിയെഴുന്നുള്ള കേശങ്ങളിൽ
മാനുഷന്മാരെ കടിച്ചങ്ങു തിൻകയാൽ
മാറിലേ ചാടുന്ന ചോര തന്നിൽ
നീന്തിയെഴുന്നു വരുന്നതു കാണായി
നീണ്ടുവളർന്നുള്ള മുണ്ഡമാല,
വ്യോമത്തിന്മേലുള്ള യാനങ്ങളെല്ലാമേ
ശൂലത്തിന്മേലായിക്കാണായപ്പോൾ.
* * * *
അന്തകന്നുള്ളവും കാണുന്നതാകിലോ
വെന്തുനീറീടുമപ്പേടിതന്നാൽ.”
ഭയാനകരസവർണ്ണനം
കംസൻ വാളുമോങ്ങിക്കൊണ്ടു സംഹരിക്കുവാൻ പാഞ്ഞടുക്കുന്ന ദേവകിയുടെ ഭയമാണു് താഴെക്കാണുന്ന വരികളിൽ കവി വർണ്ണിച്ചിരിക്കുന്നതു്.

“കേസരിവീരൻതന്നാനനംതന്നിലായ്
ക്കേവലം കേഴുന്നോരേണംപോലെ
മേവിനിന്നീടുന്ന ദേവകീദേവിതാൻ
ദൈവമേയെന്നങ്ങു ചൊല്ലിച്ചൊല്ലി
ഘോരനായുള്ളോരു കംസനെ നോക്കീട്ടു
പാരം വിറച്ചുനടുങ്ങുമപ്പോൾ;
ചൂഴും നിന്നീടുന്ന ലോകരെ നോക്കീട്ടു
കോഴപൂണ്ടേറ്റവും കേഴും പിന്നെ;
ചങ്ങാതിമാരുടെ നന്മുഖം നോക്കി നി
ന്നിങ്ങിനെയെൻകർമ്മമെന്നും പിന്നെ:
അച്ഛനെത്തന്നെയും മെച്ചമേ നോക്കിനി-
ന്നുച്ചത്തിലേറെ വിളിച്ചുകേഴും;
* * * *
ആങ്ങളേത്തന്നെ വിളിച്ചുനിന്നീടുവാ
നോങ്ങിനിന്നങ്ങു നടുങ്ങും പിന്നെ;
ആനകദുന്ദുഭിതന്നുടെയാനനം
ദീനയായ് മെല്ലവേ നോക്കി വീർക്കും.”
താൻ ആരുടെ ശിരസ്സു തൊടുന്നുവോ ആയാൾ തൽക്ഷണം മരിക്കണം എന്നൊരു വരം വൃകാസുരൻ ശ്രീപരമേശ്വരനോടു വാങ്ങകയും, അതിന്റെ കാര്യസാധകത്വം പരിശോധിക്കുന്നതിനുവേണ്ടി ഉടൻതന്നെ വരദാതാവിനെ പിടികൂടുവാൻ മുന്നോട്ടു കുതിക്കുകയും ചെയ്യുന്നു. ആ അവസരത്തിൽ ഭക്തവത്സലനായ ഭഗവാന്റെ പലായനം കവി ഇങ്ങനെ വിസ്തരിക്കുന്നു:

“ചാർത്തിനിന്നീടുന്ന ശാർദൂലചർമ്മവും
ദോസ്ഥലംകൊണ്ടങ്ങു താങ്ങിത്താങ്ങി,
വേഗത്തെപ്പൂണ്ടു വിറച്ചുനിന്നീടുന്ന
നാഗങ്ങളോരോന്നേ വീഴെവീഴേ,
മുത്താരമായിട്ടു ബദ്ധങ്ങളായുള്ളോ
രത്തികൾ തന്മാറിൽച്ചാടെച്ചാടേ,
ഉന്മിഷൽകാന്തിയാം വെണ്മഴുതന്നുടെ
വെണ്മതാനെങ്ങുമേ പൊങ്ങെപ്പൊങ്ങെ,
ചേണുറ്റുമേവുപ്പാണിയിൽച്ചേർന്നുള്ളോ
രേണത്തിൻപോതവും തുള്ളെത്തുള്ളേ,
കുണ്ഡലനാഗങ്ങൾ ശൂൽകൃതിയേല്ക്കയാൽ
ക്കണ്ണിലെച്ചെങ്കനൽ കത്തെക്കത്തേ,
സ്വർല്ലോകസിന്ധുതൻ കല്ലോലം പൊങ്ങീട്ടു
വെള്ളങ്ങളെങ്ങുമേ തൂകെത്തൂകേ,
ഭൂതലത്തിങ്കൽ പതിച്ചുനിന്നീടുമാ
ന്നൂതനത്തിങ്കളേ വാരിവാരി,
പേടിച്ചു കേഴുന്ന വാമത്തോടൻപോടു
പേടിക്ക വേണ്ടയെന്നോതിയോതി,
വാനിലുമെങ്ങുമേ പാഞ്ഞുനിന്നീടിനാൻ
ദാനവൻ പിന്നാലെ ചെല്കയാലേ.”
ഹാസ്യരസവർണ്ണനം
ഹാസ്യരസപ്രകടനത്തിൽ കേരളീയർക്കു പൊതുവേയും അവരിൽ നമ്പൂരിമാർക്കു പ്രത്യേകമായും നൈസർഗ്ഗികമെന്നുതന്നെ പറയേണ്ട ഒരു വാസനാതിശയമുണ്ടെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതു കൃഷ്ണഗാഥയിൽ അതിന്റെ അത്യുച്ചമായ കോടിയെ പ്രാപിച്ചിരിക്കുന്നു. ഉപക്രമത്തിൽത്തന്നെ

സംസാരമോക്ഷത്തിൻ കാരണമായതു
വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ;
എന്നതുതന്നെ വരുത്തിനിന്നീടുവാ
നിന്നിതുതന്നെ ഞാൻ നിർമ്മിക്കുന്നു.”
എന്നു് ഉപന്യസിച്ചിട്ടു തൃപ്തനാകാതെ

“നിർഗ്ഗുണനായുള്ളോരീശനെക്കൊണ്ടല്ലോ;
നിർഗ്ഗുണമായതു ചേരുമിപ്പോൾ.”
എന്നുകൂടിപ്പറഞ്ഞു തന്റെ ശാലീനതയെ ഫലിതമസൃണമായ രീതിയിൽ കവി ആവിഷ്കരിക്കുന്നു. സ്വശിശുവിനെ നന്ദഗൃഹത്തിൽ കിടത്തി അവിടെനിന്നും നന്ദനന്ദിനിയെ മഥുരയിലേയ്ക്കു കൊണ്ടുപോരുന്ന സംഭവത്തെ “ബാലകന്മാരെക്കൊണ്ടാനകദുന്ദുഭി വാണിഭം ചെയ്യുന്നോനെന്നപോലെ” എന്നു വർണ്ണിക്കുന്നു. തൃണാവർത്തൻ ചുഴലിക്കാറ്റായി ചെന്നു ശ്രീകൃഷ്ണനെ ആകാശത്തിലേയ്ക്കു കൊണ്ടുപോകുന്നതു് “അംബരം പൂണാത ബാലനെക്കൊണ്ടുപോയംബരം പൂകിച്ചാൻ ദാനവൻതാൻ” എന്ന കല്പനയ്ക്കു പഴുതു നല്കുന്നു. “തള്ളിച്ചുഴന്നോരു കാറ്റുമടങ്ങീതായുള്ളിലേക്കാറ്റുമങ്ങവ്വണ്ണമേ” എന്നാണു് ആ അസുരന്റെ മരണത്തെപ്പറ്റിയുള്ള ചിത്രീകരണം. പ്രസ്തുത സംഭവം കണ്ടു പരിഭ്രാന്തരായിത്തീർന്ന ഗോപസ്ത്രീകളുടെ വട്ടത്തിലുള്ള പാച്ചിൽ “ഏറ്റം ചുഴന്നുള്ള കാറ്റായി വന്നോരു മാറ്റാനോടേറ്റം പഠിച്ച” തിന്റെ ഫലമാണെന്നു് ഉല്ലേഖനം ചെയ്യുന്നു.

“ഒറ്റക്കൈതന്നിൽ നീ വെണ്ണ വച്ചീടിനാൽ
മറ്റേക്കൈ കണ്ടിട്ടു കേഴുമല്ലോ;
മൂത്തവൻകയ്യിൽ നീ വെണ്ണ വച്ചീടുമ്പോ
ളാർത്തനായ്നിന്നു ഞാൻ കേഴുമ്പോലേ”
എന്ന യുക്തികൊണ്ടാണു് ബാലകൃഷ്ണൻ യശോദയോടു രണ്ടു കൈയ്ക്കും വെണ്ണ വാങ്ങുന്നതു്. ഹേമന്തവർണ്ണനത്തിൽ നിന്നു താഴെ ഉദ്ധരിക്കുന്ന ചില വരികൾ ഈ ഘട്ടത്തിൽ വിശിഷ്യ അനുസന്ധേയങ്ങളാകുന്നു:

“ശീതത്തെത്തൂകുന്ന ഹേമന്തകാലമാം
ഭൂതത്തിൻ കോമരമെന്നപോലെ
ഭൂലോകംതന്നിലേ മാലോകരെല്ലാരും
ചാലേ വിറച്ചുതുടങ്ങീതപ്പോൾ
ദന്തങ്ങളെക്കൊണ്ടു താളംപിടിച്ചിട്ടു
സന്ധ്യയെ വന്ദിച്ചാരന്തണരും.
* * * *
തീക്കും തന്നുള്ളിലേ തോന്നിത്തുടങ്ങീതേ
തീക്കായവേണമെനിക്കുമെന്നു്.”
ശ്രീകൃഷ്ണൻ അക്രൂരനോടുകൂടി മഥുരയിലേയ്ക്കു പുറപ്പെട്ടപ്പോൾ ഗോപികൾ “ഭാവനതന്നാലേ കാർവർണ്ണൻ മെയ് ചേർത്തിട്ടാവോളം പുല്കിനാരായവണ്ണം” എന്നു കവിവർണ്ണിച്ചു സ്വയം സമാശ്വസിക്കുന്നു. കംസന്റെ രജകൻ രാജാക്കന്മാർക്കുള്ള പട്ടാംബരങ്ങൾ ധരിക്കുവാൻ ഇടയർക്കു യോഗ്യതയില്ലെന്നു പറയുമ്പോൾ ശ്രീകൃഷ്ണൻ “നിങ്ങൾക്കു രാജാവു കഞ്ചനെന്നാകിലോ ഞങ്ങൾക്കു രാജാവു ഞങ്ങൾ തങ്ങൾ.” എന്നു് അയാളെ പരിഹസിക്കുന്നു. ഭഗവാന്റെ കരസ്പർശത്താൽ അംഗവൈരൂപ്യം നീങ്ങിയ കുബ്ജയുടെ കാമപാരവശ്യം “മാനിനി തന്നുടെ മേനി നിവർന്നപ്പോൾ മാരന്നു വില്ലു വളഞ്ഞു ചെമ്മേ” എന്ന അർത്ഥഗർഭമായ വാക്യത്തിൽ കവി പ്രദർശിപ്പിക്കുന്നു. ഇങ്ങനെ എവിടെ നോക്കിയാലും നിരർഗ്ഗളവും നിരങ്കുശവും അന്യകവികൾക്കു് അലഭ്യവുമായ വിനോദധോരണി!

ചെറുശ്ശേരിയുടെ ഫലിതപ്രയോഗത്തിനു മൂർദ്ധാഭിഷിക്തോദാഹരണമായി രുക്‍മിണീസ്വയംവരത്തിൽ ഒരു ഘട്ടമുണ്ടു്. തോഴിമാർ രുക്‍മിണിയോടു ദേവിയിൽ തങ്ങൾ മാരാമയത്തിന്റെ ചിഹ്നങ്ങൾ കാണുന്നു എന്നും ആരിലാണു് ദേവിക്കു് അഭിനിവേശമുണ്ടായിരിക്കുന്നതു് എന്നും ചോദിക്കുന്നു. അതിന്നു രുക്‍മിണി ധൈര്യം നടിച്ചു്

“ഈശ്വരൻതന്നെയൊഴിഞ്ഞു മറ്റാരെയു
മാശ്രയിച്ചില്ല മന്മാനസംതാൻ;
രാപ്പകലുള്ളോരു പാഴ്പനികൊണ്ടു ഞാൻ
വായ്പു കുറഞ്ഞു മെലിഞ്ഞൂതിപ്പോൾ,
എന്നതുകൊണ്ടല്ലീ മന്മഥമാലെന്നു
നിങ്ങൾ നിനയ്ക്കുന്നു തോഴിമാരേ?”
എന്നു തന്റെ അന്തർഗ്ഗതം സത്യത്തിൽനിന്നു വ്യതിചലിക്കാതെ ഗുഹനം ചെയ്യുവാൻ ശ്രമിക്കുന്നു. അപ്പോൾ സമീപത്തു കൂട്ടിലിരുന്ന ശാരിക

“ദൈവമേ! നിൻകഴൽ കൈതൊഴുതീടുന്നേൻ
കൈവെടിഞ്ഞീടൊല്ലായെന്നെയെന്നും;
ദേവകീനന്ദനൻതന്നുടെ മെയ്യോടു
കേവലം ചേർക്കേണമെന്നെയും നീ.”
എന്നു തന്റെ സ്വാമിനി പലപ്പോഴും എകാന്തമായി പാടാറുള്ള പാട്ടു് ആവർത്തിക്കുന്നു. അപ്പോൾ തോഴിമാർ ചിരിച്ചുകൊണ്ടു്

“കേളാതതെല്ലാമേ ചൊല്ലത്തുടങ്ങീതേ
മേളത്തിൽ നമ്മുടെ ശാരികതാൻ;
ശാരികപ്പൈതല്ക്കു കാർവർണ്ണൻതന്നിലേ
മാരമാലുണ്ടായിതെന്നേ വേണ്ടൂ.”
എന്നു പറയുകയും രുക്‍മിണി കിളിയെ കോപത്തോടു കൂടി നോക്കുകയും ചെയ്യുന്നു. അതുകൊണ്ടൊന്നും കിളി കുലുങ്ങാതെ പിന്നേയും ദേവിയുടെ ഏകാന്തഗാനം തുടരുകയാണു്:

“കാണുന്നോർകണ്ണിന്നു പീയൂഷമായുള്ള
കാർവണ്ണൻതന്നുടെ മേനിതന്നെ
കൺകൊണ്ടു കണ്ടു ഞാനെന്നുപോലെന്നുടെ
സങ്കടം പോക്കുന്നു തമ്പുരാനേ?”
അപ്പോൾ തോഴികൾ ശാരികയോടു്

“എങ്ങാനും പോകുന്ന കാർവർണ്ണൻതന്നെക്കൊ
ണ്ടിങ്ങനെ ചൊല്ലുവാനെന്തു ഞായം?
ഇല്ലാതതിങ്ങനെ ചൊല്ലിത്തുടങ്ങിനാ
ലുള്ളതെന്നിങ്ങനെ തോന്നുമല്ലോ.”
എന്നു ഫലിതം പൊട്ടിച്ചു് അതിന്റെ മുഖം മുദ്രണം ചെയ്യുന്നു. എന്നാൽ അതുകൊണ്ടു ദേവിക്കു് അഭിമതപ്രാപ്തി സിദ്ധിക്കുന്നില്ല:

“കാർവർണ്ണൻതന്നുടെ നാമത്തെക്കേട്ടപ്പോൾ
വേറൊന്നായ്ക്കാണായി ഭാവമെല്ലാം.
കാമിനിതന്നുടെ കോമളമേനിയിൽ
ക്കോൾമയിർക്കൊണ്ടുതുടങ്ങി ചെമ്മേ.”
അപ്പോൾ തോഴിമാർ വീണ്ടും രുക്‍മിണിയെ ഇങ്ങനെ കളിയാക്കുന്നു:

“പാഴ്പനികൊണ്ടല്ലീ കോൾമയിർക്കൊള്ളുന്നു
വായ്പെഴുന്നീടുമീ മെയ്യിലിപ്പോൾ
രോമങ്ങൾ തന്നോടു കോപിക്കവേണ്ടാതോ
ശാരികപ്പൈതലോടെന്നപോലേ?”
അതു കേട്ടു ദേവി പുഞ്ചിരി തുകുന്നു! അവർക്കു സകല രഹസ്യവും മനസ്സിലാകുകയും ചെയ്യുന്നു. എന്തൊരു മൃദുലവും, എന്നാൽ അതേസമയത്തിൽത്തന്നെ നിശിതവുമായ ഫലിതമാണു് ഈ ഘട്ടത്തിൽ നാം നിരീക്ഷിക്കുന്നതു്. ഇതുപോലെ ഒരു സൂക്തിസുധ സഹൃദയന്മാർക്കു് ഏതു ദേവലോകത്തിൽ ചെന്നാൽ ആസ്വദിക്കാം!

ഇനി മറ്റൊരു രംഗത്തിലേയ്ക്കു പ്രവേശിക്കാം. സുഭദ്രയും കപടസന്യാസിയായ അർജ്ജുനനും അത്യുൽക്കടമായ അന്യോന്യപ്രേമത്താൽ മതിമറന്നിരിക്കുന്നു. സുഭദ്ര സന്യാസിക്കു ഭിക്ഷ വിളമ്പിക്കൊടുക്കുന്നു. കവി ആ ചിത്രം നമുക്കു് എങ്ങനെ കാണിച്ചുതരുന്നു എന്നു നോക്കുക:

“ഓദനംതന്നെ വിളമ്പിനിന്നീടിനാൾ
വേദന പൂണ്ടുള്ളോരുള്ളവുമായ്.
മുന്നിലിരുന്നോരു ഭിക്ഷുകൻതാനുമ
ക്കന്യകതന്മുഖം കാൺകയാലേ
ഓദനംതന്നെ വിലക്കുവാൻ വല്ലാതെ
യോർച്ചയും പൂണ്ടങ്ങു മേവുകയാൽ,
പാത്രത്തിൽനിന്നുള്ളോരോദനമെല്ലാമേ
പത്രത്തിലാമ്മാറു വീണുകൂടി.
അക്ഷണം പിന്നെയക്കന്യകമുന്നിലേ
ഭിക്ഷുകൻതന്മുഖം നോക്കിനോക്കി
ഉത്തമമായോരു നൽഘൃതം ചെഞ്ചെമ്മേ
പത്രത്തിലാമ്മാറു വീഴ്ത്തിനിന്നാൾ.
ചാലത്തൊലിച്ചുള്ള വാഴപ്പഴങ്ങളും
ചാടിക്കളഞ്ഞിതു ചാപല്യത്താൽ.
അത്തൊലിതന്നെ വിളമ്പിനിന്നീടിനാൾ
ചിത്തം മയങ്ങിനാലെന്നു ഞായം.
പത്രത്തിലായുള്ളോരത്തൊലിതന്നെത്തൻ
ചിത്തമഴിഞ്ഞവനാസ്വദിച്ചാൻ.
കമ്പവുംപൂണ്ടു കരുത്തുമകന്നങ്ങു
സംഭ്രമിച്ചീടുന്ന കന്യകതാൻ
മുമ്പിലേ വേണ്ടതു പിന്നേ വിളമ്പിനാൾ
പിമ്പിലേ വേണ്ടതു മുന്നിൽത്തന്നെ.
ഇങ്ങനെ വന്നവയൊന്നുമറിഞ്ഞില്ല
കന്യകമുന്നിലിരുന്നവൻതാൻ.”
പഴമാണെന്നു കരുതി സുഭദ്ര തൊലി വിളമ്പുന്നു; പഴമാണെന്നു കരുതിത്തന്നെ അർജ്ജുനൻ ആ തൊലി തിന്നുകയും ചെയ്യുന്നു. എന്തൊരു ഹൃദ്യതമമായ ഹൃദയവിനിമയം!

അലങ്കാരപ്രയോഗം
ചെറുശ്ശേരിയുടെ ഉൽപ്രേക്ഷ, ഉപമ, രൂപകം, ദൃഷ്ടാന്തം, അർത്ഥാന്തരന്യാസം മുതലായ അർത്ഥാലങ്കാരങ്ങളുടെ പ്രയോഗവൈചിത്ര്യത്തെപ്പറ്റി അധികമൊന്നും പറവാൻ സ്ഥലമനുവദിക്കുന്നില്ല. പൂതന കൃഷ്ണനെ സ്തന്യപാനം ചെയ്യിക്കുന്ന ഘട്ടത്തിൽനിന്നു താഴെ ഉദ്ധരിക്കുന്ന ചില വരികൾ അദ്ദേഹത്തിനു് ഈ വിഷയത്തിലുള്ള പ്രാഗല്ഭ്യത്തെ പടഹമടിച്ചു പരസ്യപ്പെടുത്തുന്നു:

ദൂരത്തുനിന്നങ്ങു കണ്ടോരു നേരത്തു
ചാരത്തു ചെന്നു ചതിച്ചുപുക്കാൾ,
അണ്ഡജനായകൻതന്നുടെ ചാരത്തു
കുണ്ഡലിതാൻ ചെന്നു പൂകും പോലെ.

ഓമനത്തൂമുഖംതന്നിലേ നോക്കിക്കൊ
ണ്ടോർത്തുനിന്നീടിനാളൊട്ടു നേരം,
ചീർത്തോരു കോപംപൂണ്ടന്തകൻ വാരാഞ്ഞു,
പാർത്തുനിന്നീടുന്നോളെന്നപോലെ.

മെല്ലവേ ചെന്നങ്ങു തൊട്ടുനിന്നീടിനാൾ
പല്ലവം വെല്ലുമപ്പൂവൽമേനി,
രത്നമെന്നിങ്ങിനേ തന്നിലേ നണ്ണിനി
ന്നഗ്നിയെച്ചെന്നുതൊടുന്നപോലെ.

പാരാതെ പിന്നെയെടുത്തുനിന്നീടിനാ
ളാരോമൽപ്പൂങ്കനിപ്പൈതൽതന്നെ,
പാശമെന്നിങ്ങനെ നിർണ്ണയം പൂണ്ടിട്ടു
പാമ്പിനെച്ചെന്നങ്ങെടുക്കുംപോലെ.

ഓമനപ്പൂവൽമെയ് മേനിയിൽക്കൊണ്ടപ്പോൾ
കോൾമയിർ തിണ്ണമെഴുന്നു മെയ്യിൽ
ഉമ്പർകോൻനാട്ടിലപ്പൂതനതന്നെക്കാൾ
മുൻപിലേ പോവാനായെന്നപോലേ” ഇത്യാദി.
കാത്യായനീവർണ്ണനം, രുക്‍മിണീവർണ്ണനം, ഋതുവർണ്ണനം മുതലായ ഘട്ടങ്ങളിൽ കവി വാരിക്കോരിവിളമ്പീട്ടുള്ള അലങ്കാരങ്ങൾക്കു കയ്യുംകണക്കുമില്ല.

“ആനനംതന്നോടു നേരൊത്തുപോരുവാൻ
മാനിച്ചു തിങ്കളും പങ്കജവും
ഒക്കവേ ചെന്നു പിണങ്ങിനനേരം ക
ണ്ടക്ഷണമാനനലക്ഷ്മി നേരേ
തിങ്കളേ! നീയിതിൻ മീതലേ നിന്നുകൊൾ
പങ്കജമേ, യിതിൻ താഴെ നീയും!
എന്നങ്ങു ചൊന്നൊരു സീമയിട്ടീടിനാ
ളിന്നതു ചില്ലിയായ്ക്കണ്ടതിപ്പോൾ.”
എന്നും മറ്റുമുള്ള വർണ്ണനങ്ങളിൽ കവി പ്രദർശിപ്പിക്കുന്ന അചുംബിതമായ ചമൽക്കാരചാതുരി ആരെയാണു് ആനന്ദസാഗരത്തിൽ ആറാടിക്കാത്തതു്!

രചനാമാധുര്യം
ഈ അത്ഭുതവിദ്യ മുഴുവൻ കവി കാണിച്ചിരിക്കുന്നതു വെറും നാടോടിബ്ഭാഷാപദങ്ങൾ പ്രയോഗിച്ചാണെന്നുള്ള വസ്തുതയാണു് അദ്ദേഹത്തിന്റെ നേർക്കു നമുക്കുള്ള ബഹുമാനത്തെ ദ്വിഗുണീഭവിപ്പിക്കുന്നതു്. ആ മഹാകവി മൂർദ്ധന്യന്റെ അക്ലിഷ്ടമധുരമായ രചനാവൈഭവത്തിനു പ്രത്യേകമായി ഉദാഹരണങ്ങൾ പ്രദർശിപ്പിക്കേണ്ട ആവശ്യമില്ല. ഇതുവരെ എടുത്തുചേർത്ത മഞ്ജരിയിലുള്ള ഈരടികൾ എല്ലാം തന്നെ അതിനു നിദർശനങ്ങളാണു്.

“കാർമുകിൽമാലകൾ കാൽ പിടിച്ചീടുന്ന കാന്തിയെപ്പൂണ്ടൊരു മെയ്യുമായി.” “പാലാഴിമാതുതൻ വാർമുലതന്നിലേ മാലേയച്ചാറൂറും മാറുള്ളോനേ” “അല്ലിനെ വെല്ലുവാൻ വല്ലുന്ന പൂങ്കുഴൽ, വില്ലിനെ വെല്ലുവാൻ വല്ലും ചില്ലി” മുതലായ ലാളിത്യം വഴിഞ്ഞൊഴുകുന്ന ഈരടികൾ കൃഷ്ണഗാഥയിലല്ലാതെ ഭാഷാസാഹിത്യത്തിൽ മറ്റൊരിടത്തും കാണുന്നതല്ല. അതിനു മുൻപെന്നപോലെ ആക്കൃതിയിലും പ്രയുക്തങ്ങളായ പഴയ ഭാഷാപദങ്ങളിൽ പലതും രണ്ടു ശതകംകൂടിക്കഴിഞ്ഞപ്പോൾ സംസ്കൃതത്തിന്റെ അനുസ്യൂതമായ മർദ്ദനത്തിന്റെ ശക്തിയാൽ മിക്കവാറും പുറംതള്ളപ്പെട്ടുപോയി. (1) അങ്കി (അഗ്നി); (2) അലയ്ക്കുക (അടിയ്ക്കുക); (3) അല്ലിടം (ജഘനം); (4) ഇടങ്ങേറു് (തടസ്സം); (5) ഉവക്കുക (സ്നേഹിക്കുക); (6) ഓലക്കം (പ്രകാശം); (7) കൺപൊലിയുക (ഉറങ്ങുക); (8) കമ്മൻ (ദുഷ്ടൻ); (9) കുഴ (കാതു്); (10) കൂത്തി (തേവിടിശ്ശി); (11) കലമ്പിക്കുക (കൂർപ്പിക്കുക); (12) തൺപെടുക (താഴുക); (13) തളർത്തുക (കുറയ്ക്കുക); (14) താവടം (കഴുത്തിലണിയുന്ന മാല); (15) തികക്കുക (വേവുക); (16) തേമ്പാതെ (കുറയാതെ); (17) തോയുക (വർദ്ധിക്കുക); (18) നാണുക (നാണിക്കുക); (19) നെയ്തൽ (ആമ്പൽ); (20) പച്ചപെടുക (വർദ്ധിക്കുക); (21) പരുകുക (ആസ്വദിക്കുക); (22) പാടകം (കാൽച്ചിലമ്പു്); (23) പെണ്ണുക (ചെയ്യുക); (24) മരിക്കം (ഇണക്കം); (25) മല്ലം (മനോഹരം); (26) മാച്ചു (അഴുക്കു്); (27) മേതു് (ഭൂമി); (28) വല്ലുക (കഴിയുക); (29) വിച്ച (വിദ്യ, ആശ്ചര്യം); (30) വേലപ്പെൺ (ലക്ഷ്മീദേവി); (31) വിണ്ടലർ (ദേവർ) എന്നീ പദങ്ങൾ ആക്കൂട്ടത്തിൽപ്പെട്ടവയാണു്. അവയെക്കൊണ്ടു പിന്നെയും കുറെക്കാലത്തേക്കു കൈകാര്യം ചെയ്തുവന്നതു ഭാഷാശത്രുക്കളും സംസ്കൃതപക്ഷപാതികളുമാണെന്നു് അന്യഥാ ഗണിക്കാവുന്ന ചമ്പൂകാരന്മാരാകുന്നു. പാട്ടുകാർക്കു് അവ പഥ്യമായിരുന്നു എന്നുള്ളതിനു തെളിവൊന്നുമില്ല.

രാമചരിതം, കണ്ണശ്ശരാമായണം മുതലായ പാട്ടുകളും കൃഷ്ണഗാഥയും തമ്മിൽ തട്ടിച്ചുനോക്കുന്നവർക്കു ഭാഷാസംബന്ധമായുള്ള ചില വസ്തുതകൾ ബോധ്യമാകാതെയിരിക്കുകയില്ല. പഴയ പാട്ടുകളിൽ ഓരോന്നിനും നാലു വരികളും ഓരോ വരിക്കും ഈരണ്ടു വിഭാഗങ്ങളും വേണ്ടിയിരുന്നതായി നാം ധരിച്ചിട്ടുണ്ടല്ലോ. കൃഷ്ണഗാഥയിലെ ഓരോ ഈരടിയും രചനാവിഷയത്തിൽ അതോടുകൂടിത്തന്നെ പരിപൂർണ്ണമാകുന്നുണ്ടെന്നു പറയാം. ഈരടികളിൽ മോനയ്ക്കു് ഉണ്ടായിരുന്ന പ്രാധാന്യം എതുക കവർന്നിരിക്കുന്നു.

ഇന്ദിരതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രിക മെയ്യിൽപ്പരക്കയാലേ,
പാലാഴിവെള്ളത്തിൽപ്പൊങ്ങിനിന്നീടുന്ന
നീലാഭമായുള്ള ശൈലംപോലെ,
മേവിനിന്നീടുന്ന ദൈവതംതന്നെ ഞാൻ
കൈവണങ്ങീടുന്നേൻ കാത്തുകൊൾവാൻ.”
എന്നീ മൂന്നു ഈരടികളിൽ എതുകമാത്രമേ കവി ദീക്ഷിച്ചിട്ടുള്ളൂ എന്നുള്ളതു സ്പഷ്ടമാണല്ലോ. പ്രായേണ നമ്മുടെ മഹാകവി ദ്വിതീയാക്ഷരപ്രാസത്തിൽ ദത്തദൃഷ്ടിയാണെങ്കിലും അദ്ദേഹത്തിനു് അക്കാര്യത്തിൽ നിർബ്ബന്ധബുദ്ധിയില്ല. “പാപനായുള്ളോരു കംസന്റെ മാനസം പാറയെപ്പോലെയങ്ങാകയാലേ,” “പാദങ്ങൾ നാലും നനഞ്ഞുനിന്നീടാതെ പാഴ്പറമ്പേറി നടക്കുംപോലെ” മുതലായ ഈരടികളിൽ അദ്ദേഹം എതുകയ്ക്കുപകരം മോനയെക്കൊണ്ടു തൃപ്തിപ്പെടുന്നു. “ബാലകൻ വേണമീ മാറോടു ചേരുവാൻ, ഞാനിനി നീങ്ങണമെന്ന പോലെ,” “യാചിപ്പാൻ പോവാനോ ചേലയും ചെമ്മല്ല, ഗേഹത്തിൽ മേവുവാൻ പയ്യുമുണ്ടേ” തുടങ്ങിയ ഈരടികളിൽ എതുകയും മോനയും ഉപേക്ഷിക്കുന്നതിനും അദ്ദേഹം മടിക്കുന്നില്ല. ശബ്ദഗുംഫനത്തെ സംബന്ധിച്ചിടത്തോളം അന്യഥാ അനവദ്യമായ പ്രസ്തുതകൃതിയിൽ ഒരു അനവധാനത കടന്നുകൂടിയിട്ടുള്ളതു പ്രസ്താവയോഗ്യമാകുന്നു. അതു ‘നിന്നീടുക,’ ‘ഊറ്റീടുക,’ ‘താൻ,’ ‘ചെഞ്ചെമ്മേ,’ ‘മെല്ലെ മെല്ലെ.’ മുതലായ പദങ്ങളെ പലപ്പോഴും നിരർത്ഥകമായി പാദപൂരണത്തിനു വേണ്ടിമാത്രം കവി പ്രയോഗിക്കുന്നു എന്നുള്ളതാണു്. “കഞ്ചൻതൻ നെഞ്ചിനോടൊത്ത കരിങ്കല്ലുമഞ്ചിതമായോരുപാട്ടുകേട്ടു്”; തുടങ്ങിയ ഈരടികൾ സംവൃതോകാരത്തിൽ അവസാനിപ്പിച്ചിട്ടുള്ളതും ശ്രവണോദ്വേഗജനകമാണു്. പക്ഷെ തങ്ങളെത്തന്നെ മറന്നുകൊണ്ടു് ആ പാലാഴിയിൽ വിഹരിക്കുന്ന അനുവാചകന്മാർക്കു് അത്തരത്തിലുള്ള ദോഷപരമാണുക്കൾ അശേഷം അനുഭവഗോചരങ്ങളാകുന്നില്ലതന്നെ.

ഗ്രന്ഥോദ്ദേശ്യം
ചെറുശ്ശേരിക്കു പ്രസ്തുത കൃതികൊണ്ടു സാമാന്യജനങ്ങളിൽ അവതാരപുരുഷന്മാരിൽവെച്ചു് അഗ്രഗണ്യനായ ശ്രീകൃഷ്ണഭഗവാനെപ്പറ്റിയുള്ള ഭക്തി പ്രവൃദ്ധമാക്കുകയും ആനുഷംഗികമായി തന്റെ യശസ്സു ലോകത്തിൽ നിലനിറുത്തുകയും ചെയ്യണമെന്നായിരുന്നു അഭിസന്ധി. ആ ഉദ്ദേശം രണ്ടും അദ്ദേഹം സമഗ്രമായി സാധിച്ചിട്ടുമുണ്ടു്. സംസ്കൃതപണ്ഡിതന്മാരായിരുന്നു അക്കാലത്തെ സഹൃദയശിരോമണികൾ. അവരുടെ മുമ്പിൽ സംസ്കൃതത്തിന്റെ ആധിപത്യത്തിനു ലേശംപോലും കീഴടങ്ങാതെ ആബാലഗോപാലം ആർക്കും ആസ്വദിക്കത്തക്ക ലളിതകോമളകാന്തപദാവലികൊണ്ടു താൻ നിർമ്മിച്ച ഗാഥ സമർപ്പിക്കുന്നതിനു് ആ കവിപ്രവേകനുപോലും അല്പം അധൈര്യമില്ലായിരുന്നു എന്നു നമുക്കു ശപഥം ചെയ്യാവുന്നതല്ല. സജ്ജനങ്ങൾ പ്രശംസിക്കുമെന്നു കരുതിയല്ല താൻ അതു നിർമ്മിച്ചതെന്നും വന്ദ്യന്മാരായുള്ളവർ നിന്ദ്യത്തെയല്ലാതെ നിന്ദിക്കുകയില്ലെന്നു തനിക്കു നിർണ്ണയമുണ്ടെന്നും ദുർജ്ജനങ്ങൾ നിന്ദിച്ചാൽ സജ്ജനങ്ങൾ അവരെ തടുത്തുകൊള്ളുമെന്നും അദ്ദേഹം സമാധാനപ്പെടുന്നു. തന്റെ കൃതിയെപ്പറ്റി

“കാർവർണ്ണൻതന്നുടെ കാരുണ്യംകൊണ്ടിതി
പ്പാരിടമെങ്ങും നടക്കണമേ”
എന്നും താൻ യഥാകാലം ദേവലോകത്തിൽ ചെല്ലുമ്പോൾ

“മാനിച്ചുവന്നുള്ള മാനിനിമാരെല്ലാം
ഗാനത്തെച്ചെയ്തിട്ടും കേൾക്കാകേണം”
എന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു. ഒടുവിൽ വൈഷ്ണവദൂതന്മാർ തന്നെ വൈകുണ്ഠത്തിലേക്കു നയിക്കുമെന്നും, അവിടെച്ചെന്നു ഭഗവാനോട്

“ഗാഥയെക്കൊണ്ടിവൻ പാതകം പൂണ്ടോരെ
പ്പൂതന്മാരാക്കിനാൻ നീതിയാലേ;
നിർഗ്ഗതിപൂണ്ടുള്ള വൃക്ഷങ്ങൾക്കെല്ലാമേ
സൽഗതി നല്കിനാൻ ധാരകൊണ്ടേ;
ഭക്തന്മാരായുള്ളോരുത്തമന്മാരുടെ
ചിത്തവും ചാലക്കുളിർപ്പിച്ചുടൻ
മുക്തിയെത്തന്നെയും നല്കിനിന്നീടിനാ
നുത്തമമായുള്ള ഗാഥകൊണ്ടേ.”
എന്നു് അവർ തിരുമനസ്സറിയിക്കുമെന്നും ആ പരമഭാഗവതൻ ദീർഘദർശനം ചെയ്യുന്നു. പിന്നീടു സംഭവിക്കുവാൻപോകുന്നതെന്തെന്നു് അദ്ദേഹത്തിന്റെ രസനാഗ്രത്തിൽനിന്നു തന്നെ നമുക്കു കേൾക്കാം.

“ദാസനെന്നുള്ളതോ വന്നൂതായല്ലോ നിൻ
ഗാഥയെ നിർമ്മിക്കകൊണ്ടുതന്നെ;
ഏതൊരു വേലയിലാക്കിനിന്നീടുന്നു
നീതിയാലിന്നിവൻതന്നെയിപ്പോൾ?
ദൂതന്മാരിങ്ങനെ ചോദിച്ചനേരത്ത
പ്പാതകവൈരിയായുള്ളവൻതാൻ
മെല്ലവേയെൻമുഖം നോക്കിനിന്നന്നേരം
ചില്ലിതൻ തെല്ലാലേ ചൊല്ലുകയാൽ
പ്രാഞ്ജലിയായ ഞാൻ പാഞ്ഞുചെന്നന്നേരം
തോഞ്ഞു നിന്നീടുന്ന മോദത്താലേ
പാതകം വേരറ്റ പാണിയെക്കൊണ്ടവൻ
പാദങ്ങൾ മെല്ലെന്നെടുത്തു പിന്നെ
നോറ്റുനിന്നീടുമെൻ മാറത്തു ചേർത്തു നി
ന്നേറ്റം തെളിഞ്ഞു പുണർന്നു മേന്മേൽ
വാരിജസംഭവൻ വാമനൻപാദത്തെ
വാരിയെക്കൊണ്ടു പണ്ടെന്നപോലെ
ആനന്ദലോചനവാരിതൻപൂരംകൊ
ണ്ടാദരവോടു കുളിർപ്പിച്ചപ്പോൾ
ദുസ്സംഗം വേറിട്ടു സത്സംഗിയാകുമെ
ന്നുത്സംഗം തന്നിലേ ചേർത്തു പിന്നെ
എൻമനംതന്നിൽപ്പണ്ടുന്മേഷിച്ചുള്ളവ
യുൺമയോയെന്നതു നിർണ്ണയിപ്പാൻ
ഗാഥയിൽച്ചൊന്നുള്ള രേഖകളോരോരോ
ബാധയെക്കൈവിട്ടു നോക്കിനോക്കി
മെല്ലെമെല്ലെന്നു തലോടി നിന്നന്നേരം
പല്ലവംവെല്ലുമപ്പാദങ്ങളെ
പാണികൾക്കീടുന്നോരാനന്ദം പൂരിച്ചു
വാണീടവേണമേ ദൈവമേ! ഞാൻ.”
ഉപസംഹാരം
കൃഷ്ണഗാഥയെപ്പറ്റി കവിക്കു വലിയ മതിപ്പാണു് ഉണ്ടായിരുന്നതെന്നു് ഒടുവിൽ ഉദ്ധരിച്ച ഭാഗങ്ങളിൽനിന്നു വിശദമാകുന്നു. അതു് അയുക്തമാണെന്നു് ആരും പറയുമെന്നു തോന്നുന്നില്ല. ഈ ഒരു കൃതികൊണ്ടു മാത്രം കൈരളിക്കു് ഏതു് ഇതര ഭാഷയുടെ മുന്നിലും നിസ്സങ്കോചം തലയുയർത്തി നില്ക്കാം; ആത്മവീര്യത്തെ സധൈര്യം പ്രദർശിപ്പിക്കാം. അത്തരത്തിലുള്ള ഒരു അനുഗൃഹീതനായ മഹാപുരുഷനാണു് ചെറുശ്ശേരി. കാളിദാസൻ തുടങ്ങിയ ഭാരതത്തിലേ പ്രഥമഗണനീയന്മാരായ കവിസാർവഭൗമന്മാരുടെ പംക്തിയിൽ അദ്ദേഹത്തിനും ആദരണീയമായ ഒരു സ്ഥാനത്തിനു് അവകാശമുണ്ടെന്നാണു് എന്റെ അടിയുറച്ച അഭിപ്രായം.

22.4ഭാരതഗാഥ

ഗ്രന്ഥകാരന്റെ കാലം
ഭാരതഗാഥയ്ക്കു് ഭാരതംപാട്ടെന്നും ചെറുശ്ശേരിഭാരതം പാട്ടെന്നും കൂടി പേരുകളുണ്ടു്. ചിറയ്ക്കൽ കോവിലകത്തേ ഒരു ആദർശഗ്രന്ഥത്തിൽ അതു് 704 തുലാം 5-ആംനു തലൂലു് മാധവവാരിയർ എഴുതിയ ഗ്രന്ഥത്തിന്റെ പകർപ്പാണെന്നു പറഞ്ഞിരിക്കുന്നു. എന്നാൽ ആ കുറിപ്പും “ആജ്ഞയാ കോലഭൂപസ്യ” ഇത്യാദി ഗ്രന്ഥാന്തശ്ലോകവും വേറെ കൈപ്പടയിലാണു് കാണുന്നതു്. മറ്റൊരു മാതൃകയിൽ “പൊനത്തിൽ വലിയ നമ്പിടി ഉണ്ടാക്കിയ ഭാരതംപാട്ടു്” എന്നും മൂന്നാമതൊന്നിൽ “പൊനത്തിൽ ശങ്കരസൂരിണാ വിരചിതാ ശ്രീഭാരതഗാഥാ” എന്നും രേഖപ്പെടുത്തീട്ടുണ്ടു്. എങ്കിലും ആ രേഖകളും പുറത്തെഴുത്തുകൾമാത്രമാണു്. അതുകൊണ്ടു് അവയെമാത്രം ആസ്പദമാക്കി യാതൊന്നും നിർണ്ണയിക്കുവാൻ നിവൃത്തി കാണുന്നില്ല. പക്ഷേ ഒരു കാര്യം നിശ്ചയമാണു്. ഭാരതഗാഥാകാരനും കൃഷ്ണഗാഥാകാരനും ഒരേ കാലത്തു് ഉദയവർമ്മ രാജാവിന്റെ പോഷണത്തിൽ അദ്ദേഹത്തിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു എന്നുള്ളതിനു ഭാരതഗാഥയിലെ ഭാഷ സാക്ഷ്യം വഹിക്കുന്നുണ്ടു്. കൃഷ്ണഗാഥയിൽ കാണുന്ന പല പഴയ പദങ്ങളും ശൈലികളും വ്യാകരണപ്രയോഗങ്ങളും (‘പാതകമാർജ്ജിച്ചു കൊള്ളൊല്ലാതെ’ ‘എന്നുടെ ജീവനം നിന്നുടെ കയ്യിലൂ’ മുതലായവ) ഭാരതഗാഥയിലുമുണ്ടു്. ഉദയവർമ്മാവിന്റെ പേർ ഗ്രന്ഥാന്തശ്ലോകത്തിലേ കാണുന്നുള്ളൂ എങ്കിലും പ്രാജ്ഞനായ ഒരു കോലത്തിരിയുടെ ആജ്ഞ അനുസരിച്ചാണു് അതു വിരചിതമായതു് എന്നു തെളിയത്തക്കവണ്ണം,

“പ്രാജ്ഞനായുള്ളോരു കോലാധിനാഥൻത
ന്നാജ്ഞയെക്കൊണ്ടല്ലോയിന്നീവണ്ണം
സംഭവമാദിയായ് സംഹാരത്തോളവും
സംക്ഷേപമായിട്ടു ചൊല്ലുന്നെന്നാൽ
പാതകം പോക്കുന്ന ഭാരതഗാഥതാൻ
ചേതയിലൻപോടറിഞ്ഞവണ്ണം
തീർത്തുനിന്നീടുവാനോർത്തുനിന്നീടുമെ
ന്നാർത്തി തീർത്തീടേണം തമ്പുരാനേ.”
എന്നു ഗ്രന്ഥത്തിൽത്തന്നെ പ്രസ്താവനയുണ്ടല്ലോ. ഒടുവിലത്തേ ശ്ലോകം പ്രക്ഷിപ്തമാണെന്നു വന്നാൽപ്പോലും 7-ആം ശതകത്തിന്റെ പൂർവാർദ്ധത്തിൽ വിരചിതമായ ഒരു കൃതിയായിട്ടാണു് പ്രസ്തുത ഗാഥയെ പരിഗണിക്കേണ്ടിയിരിക്കുന്നതു്.

രണ്ടു കൃതികളുടേയും പ്രണേതാവു് ഒരു കവിയല്ല
ഏകദേശം ഇതുപോലെതന്നെ തീർച്ചപ്പെടുത്തി പറയാവുന്ന ഒരു വസ്തുതയാണു് രണ്ടു ഗാഥകളുടേയും നിർമ്മാതാവു് ഒരാളല്ലെന്നുള്ളതും. ദിവാകരബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള പ്രകാശാന്തരം ഈ രണ്ടു കൃതികൾക്കു തമ്മിലുണ്ടു്. ഈ അഭിപ്രായത്തിനു് ഉപോൽബലകമായി ചില വിഷയങ്ങൾ ഉപപാദിക്കാം.

ഭാരതഗാഥാകാരന്റെ അപാണ്ഡിത്യം
ഭാരതഗാഥാകാരന്റെ സംസ്കൃതജ്ഞാനം ഏറ്റവും പരിമിതമാകുന്നു. പുംസൻ (പുമാൻ), തൃഷ്ണൻ (സതൃഷ്ണൻ), അപ്സരി (അപ്സരസ്ത്രീ), കൊങ്കയുഗളങ്ങൾ (യുഗം) സംസാരിയായൊരു നാരി (സംസാരിണി) മർഷം (അമർഷം) ആപാദമസ്തകത്തോളം (ആപാദമസ്തകം) മുതലായി അസമാധേയങ്ങളായ പല സ്ഖലിതങ്ങളും ദെയ്ത (ദയിത), അർവതു (അറുപതു), സൗവ (സൗബല), സ്നാനിക്കുക (സ്നാനം ചെയ്യുക) മുതലായി വിലക്ഷണങ്ങളായ അനേകം പദസങ്കോചങ്ങളും ഈ ഗ്രന്ഥത്തിൽ ഉണ്ടു്. ഭടർ എന്നതിനു പകരം ലോകരെന്നും, ഫലിക്കുന്നതു് എന്നതിനു പകരം ദൃഷ്ടമെന്നും, ദുർവ്വാസസ്സിനു പകരം ‘മത്തനായുള്ളോരു മാമുനി’, എന്നും കോവിലകത്തിനു പകരം നിയമേന ‘കോട്ട’ എന്നും വ്യവഹരിച്ചു ഗ്രന്ഥകാരൻ സംതൃപ്തനാകുന്നു. ഉപ്പുവെള്ളത്തിന്നു പര്യായമായി ‘പാനീയ’ പദം പ്രയോഗിക്കുന്നു. ‘പാരിടപാലനം’ തുടങ്ങിയ ഉദ്വേഗജനകങ്ങളായ സമസ്തപദങ്ങളും കാൺമാനുണ്ടു്. ഭാഷാ പദങ്ങളെ അപേക്ഷിച്ചു് സംസ്കൃതപദങ്ങളുടെ പ്രയോഗവും ഭാരതഗാഥയിൽ താരതമ്യേന വളരെ അധികമാണു്. കൃഷ്ണഗാഥാകാരന്റെ ഭാഷാശബ്ദകോശം അദ്ദേഹം കണികണ്ടിട്ടില്ലെന്നു പോലും പറയേണ്ടിയിരിക്കുന്നു.

രചനാവൈകല്യം
പാടി ഒപ്പിച്ചു മുന്നോട്ടു നീങ്ങുവാൻ പഴുതു കാണാത്തവിധത്തിൽ പല വരികളും കണ്ടകങ്ങൾപോലെ ഭാരതഗാഥയിൽ കവി വാരിവിതറിയിരിക്കുന്നു. ‘രക്തബീജനെന്ന രാക്ഷസൻതൻ’, ‘ഉത്തരായനം വന്നെത്തുവാനായ്’, ‘ധൃഷ്ടകേതുവും യുധാമന്യുവും’, ‘അർദ്ധരഥസൂതജൻ തനിക്കു്’, ‘സൂച്യാകാരമായിട്ടെത്രയുമെത്രയും’ തുടങ്ങിയ വരികൾ നോക്കുക. ‘വാരിജനേത്രന്റെ സോദരനാം’ ‘ഭൂപതിതന്നുടെയഗ്രജൻതൻ’ ‘സങ്ക്രമിച്ചങ്ങവൻ തങ്കലുള്ള’ എന്നിങ്ങനെയും മറ്റും ഈരടികൾ അവസാനിപ്പിക്കുന്നതു് ഒരഭംഗിയായിട്ടു ഗ്രന്ഥകാരന്നു തോന്നീട്ടില്ല. ഈ അഭംഗിക്കു മഷിയിട്ടു നോക്കിയാൽ ഒന്നോ രണ്ടോ ഉദാഹരണങ്ങൾ കൃഷ്ണഗാഥയിലും കണ്ടേക്കുമായിരിക്കും; പക്ഷേ ആ കാവ്യത്തിൽ പ്രസ്തുതരചനാഗഡു തുലോം നിസ്സാരമാണു്. “യോഗിയായുള്ളോരു ശ്രീശുകൻതന്നോടു” “ശക്തരായുള്ള ത്രിഗർത്തന്മാർ വന്നിട്ടു” എന്നീ വരികളിൽ യഥാക്രമം, ശ്രീ, ത്രി, ഈ അക്ഷരങ്ങളെ സംയുക്തങ്ങളാക്കാതെ ഉച്ചരിക്കേണ്ടിയിരിക്കുന്നു. ഈ ദോഷത്തിനു വേറേയും അനവധി ഉദാഹരണങ്ങൾ എടുത്തു കാണിക്കാവുന്നതാണു്. ഒരിക്കൽ കുറിച്ച വരികൾ ഉടനടി ആവർത്തിക്കുന്നതിനും കവിക്കു കൂസലില്ല. ‘കല്യാണകാരുണ്യകല്ലോലമേ’ എന്നും ‘കല്യാണകാരുണ്യകൈവല്യമേ’ എന്നും ഉള്ള വരികളും ‘ഭൂമിക്കു നല്ലോരു ഭൂഷണമായുള്ള’ എന്നും ‘ഭൂമിക്കു നല്ലോരു ഭൂഷണമായിട്ടു’ എന്നും ഉള്ള വരികളും നോക്കുക. ‘രുഷ്ടരായ് നിന്നങ്ങു ബാലിസുഗ്രീവന്മാർ വട്ടത്തിൽനിന്നു പൊരുന്നപോലെ’ എന്ന ഈരടിയും ഒന്നിലധികം തവണ പ്രയോഗിച്ചു കാണുന്നു.

ഔചിത്യഹീനത
കവിക്കു പലപ്പോഴും പദപ്രയോഗത്തിലും അലങ്കാരപ്രയോഗത്തിലും അനൗചിത്യദോഷം പറ്റിപ്പോയിട്ടുണ്ടു്. “പാൽക്കടൽവർണ്ണൻ” എന്ന പദം പല അവസരങ്ങളിലും അദ്ദേഹം ശ്രീകൃഷ്ണനു വിശേഷമായി ഘടിപ്പിക്കുന്നു. പാൽക്കടലിന്റെ നിറം കറുപ്പല്ലെന്നു് അദ്ദേഹം ധരിച്ചിട്ടില്ലാത്തതുപോലെ തോന്നിപ്പോകും. ഗ്രന്ഥാരംഭത്തിൽത്തന്നെ ലക്ഷ്മീഭഗവതിയുടെ പുഞ്ചിരിയെ പാലാഴിവെള്ളത്തോടും മഹാവിഷ്ണുവിനെ നീലാഭമായ ശൈലത്തോടും ഉപമിക്കുന്ന കൃഷ്ണഗാഥാകാരനു് അത്തരത്തിൽ ഒരു പ്രമാദം ഒരിക്കലും പറ്റീട്ടില്ല, പറ്റുവാൻ ഇടയുമില്ല. സുഭദ്രയുടെ സൗന്ദര്യം വർണ്ണിക്കുമ്പോൾ ‘അംഗങ്ങൾതന്നുടെ ഭംഗികൾ കാണുമ്പോൾ ഗംഗയെന്നിങ്ങിനെ ചൊല്ലാമല്ലോ’ എന്നും ‘ഏണാക്ഷി തന്നുടെ നന്മിഴി കാണുമ്പോൾ ഏണംതൻ നേത്രങ്ങളെന്നു ചൊല്ലാം’ എന്നും പറഞ്ഞു താവതാ കൃതകൃത്യമ്മന്യനാകുന്ന ഒരാളെ കവിയെന്നു് എങ്ങിനെ പറയാം? “എണ്ണം കലർന്നുള്ള ബാണങ്ങളേല്ക്കയാലെണ്ണമില്ലാതോളം ദീനനായാൻ” എന്നു വർണ്ണിക്കുന്നതും ഒരലങ്കാരമാണെന്നായിരിക്കാം അദ്ദേഹത്തിന്റെ സങ്കല്പം. “ഹുങ്കാരം ചെയ്വതു കേട്ടോരു നേരത്തു കങ്കനായ്പ്പണ്ടു ചമഞ്ഞവൻതാൻ” എന്ന വരികളിൽ യുധിഷ്ഠിരനെന്നു പറയുന്നതിനു പകരം ഒരു ‘ങ്ക’യ്ക്കു വേണ്ടി മാത്രം ഇതരപ്രയോജനംകൂടാതെ കങ്കനെ വലിച്ചിഴച്ചു കൊണ്ടുവന്നിരിക്കുന്നു. ആനയും സിംഹവും, സിംഹവും മാനും, രാമായണത്തിലെ കഥകളും നീക്കിവെച്ചാൽ അദ്ദേഹത്തിനു് ഉപമാനദ്രവ്യങ്ങൾ അത്യന്തം വിരളങ്ങളാകുന്നു. ഇങ്ങനെ പലതും ഈ വിഷയത്തിൽ ഇനിയും പ്രസ്താവിക്കേണ്ടതായിട്ടുണ്ടു്.

കൃഷ്ണഗാഥയോടുള്ള കടപ്പാട്
കൃഷ്ണഗാഥ പലകുറി പാരായണം ചെയ്തു് അതിൽനിന്നു സിദ്ധിച്ച സംസ്കാരമല്ലാതെ ഭാരതഗാഥാകാരനു് അതിനപ്പുറം അധികമൊന്നും കൈമുതലുള്ളതായി തോന്നുന്നില്ല. “ഇന്ദിരാവല്ലഭൻതന്നുടെ ചാരത്തങ്ങിന്ദ്രാദിദേവകൾ ചെന്നുനിന്നാർ” എന്നു ഗ്രന്ഥത്തിന്റെ ആരംഭത്തിൽ ഒരീരടി അദ്ദേഹം രചിച്ചു ചേർത്തിരിക്കുന്നതു് ‘ഇന്ദിരാ’ എന്ന പദംകൊണ്ടു താനും തന്റെ കാവ്യം ആരംഭിച്ചു എന്നു വരുത്താനല്ലാതെ മറ്റൊന്നിന്നും ഉതകുന്നില്ല. രാജസൂയം, സുഭദ്രാഹരണം, ഖാണ്ഡവദാഹം, ശ്രീകൃഷ്ണസ്വർഗ്ഗാരോഹണം ഇങ്ങിനെ ചില കഥകൾ രണ്ടു ഗ്രന്ഥങ്ങളിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ടു്. അവ തമ്മിൽ തട്ടിച്ചു നോക്കിയാൽ കൃഷ്ണഗാഥയോടു ഭാരതഗാഥയ്ക്കുള്ള അതിരുകടന്ന ആധമർണ്ണ്യവും അതിനെ അപേക്ഷിച്ചുള്ള ആത്യന്തികമായ അവരതയും പ്രത്യക്ഷീഭവിക്കുന്നതാണു്. കൃഷ്ണഗാഥയിലുള്ള പല വരികളും അതുപോലെ തന്നെ ഭാരതഗാഥയിൽ കവി പകർത്തീട്ടുണ്ടു്; അലങ്കാരങ്ങൾ അപഹരിച്ചിട്ടുണ്ടു്; ആ അപഹാരങ്ങളിൽ അപ്രഗത്ഭത പ്രദർശിപ്പിച്ചിട്ടുമുണ്ടു്.

“കാർത്തികമാതുതൻ ഗാത്രവികാരമാം
ദീപ്തികൾ മെയ്യിൽപ്പരക്കയാലേ
കാളിന്ദീവെള്ളത്തിൽ മുങ്ങിനിന്നീടുന്ന
കൈലാസശൈലംതാനെന്നപോലെ”
എന്നു ശിവവർണ്ണനത്തിൽ ഒരു ഭാഗമുണ്ടു്. ശരിയായ പാഠം നേത്രവികാരമെന്നായിരിക്കാം. പക്ഷേ അതിനു കടാക്ഷമെന്നു് അർത്ഥം കല്പിക്കുകയും വേണം; കാർത്തിക എന്നു പാർവ്വതിക്കു പേരുണ്ടോ എന്നുള്ളതും മൃഗ്യമാണു്. ഏതായാലും ഇവിടെ നാം കേൾക്കുന്നതു കൃഷ്ണഗാഥയിലേ “ഇന്ദിരതന്നുടെ പുഞ്ചിരിയായോരു…നീലാഭമായോരു ശൈലംപോലേ” എന്ന വരികളുടെ അനുനാദമാകുന്നു.

“ആനകദുന്ദുഭി മാനിക്കുംകൊങ്കകൾ
ക്കാനനം മെല്ലെക്കറുത്തിതപ്പോൾ,
നന്ദനനുണ്ടായാലെങ്ങളെ സ്നേഹമി
ല്ലെന്നതു ചിന്തിച്ചിട്ടെന്നപോലെ”
എന്ന കൃഷ്ണഗാഥയിലെ സാരസ്യം തുളുമ്പുന്ന വരികൾ ഭാരതഗാഥയിൽ

സൂര്യനുദിക്കുമ്പോൾ വേറിട്ടൂതെന്നിട്ടു
പാരം വഴക്കുപൂണ്ടെന്നപോലെ
ബാലിക തന്നുടെ കൊങ്കകൾ തന്മുഖം
ചാലെ കറുത്തുചമഞ്ഞുതപ്പോൾ”
എന്നു വികൃതമായ രീതിയിൽ രൂപാന്തരപ്പെടുന്നു.

ദർപ്പംകലർന്നുള്ള സർപ്പങ്ങളെല്ലാമേ
മസ്തകം ചാലെപ്പരത്തി നിന്നു,
വേവുറ്റുമേവുമക്കാനനം കൈകൊണ്ടു
പാവകൻതന്നെ വിലക്കുംപോലേ.”
എന്നു കൃഷ്ണഗാഥാകാരനും,

“സന്താപംപൂണ്ടുള്ള പാവകദേവന്നു
ചന്തത്തിൽ ഛത്രം പിടിച്ചപോലേ
ദീനതപൂണ്ടുള്ള നാഗങ്ങളെല്ലാമേ
ആനനം ചാലപ്പരത്തിനിന്നു.”
എന്നു ഭാരതഗാഥാകാരനും ഖാണ്ഡവവനത്തിലെ സർപ്പങ്ങളുടെ അവസ്ഥ വർണ്ണിക്കുന്നു. രണ്ടു വർണ്ണനകൾക്കും തമ്മിലുള്ള അന്തരം സഹൃദയന്മാർക്കു് കരതലാമലകംപോലെ ദൃശ്യമാകുന്നതാണു്. തന്റെ അന്തകനായ അഗ്നിയെ വിലങ്ങനെ പടമെടുത്താടുന്ന സർപ്പകദംബമാകുന്ന കൈകൊണ്ടു ഖാണ്ഡവവനം വിലക്കുകയോ സർപ്പങ്ങൾ ആ ശത്രുവിനു കുടകൾ പിടിക്കുകയോ ഏതാണു് സംഭവ്യമായിട്ടുള്ളതു്? സ്വയം സന്തപ്തനായ അഗ്നിക്കു ഛത്രംകൊണ്ടു വല്ല പ്രയോജനവുമുണ്ടോ? ഇത്തരത്തിൽ വേറേയും പല ഉദാഹരണങ്ങൾ വായനക്കാർക്കുതന്നെ കണ്ടുപിടിക്കാവുന്നതാകുന്നു.

ചില നല്ല ഭാഗങ്ങൾ
ഇത്രയും പ്രസ്താവിച്ചതിൽനിന്നു ഭാരതഗാഥ ആദ്യന്തം ദോഷോത്തരമാണെന്നു് എനിക്കു അഭിപ്രായമുള്ളതായി അനുവാചകന്മാർ തെറ്റിദ്ധരിക്കരുതു്. അപൂർവം ചില ഭാഗങ്ങൾ ചമൽകാരജനകങ്ങളായും ഇല്ലെന്നില്ല. രണ്ടുമൂന്നു് ഉദാഹരണങ്ങൾകൊണ്ടു് ഈ വസ്തുത തെളിയിക്കാം. പത്തൊൻപതാം അദ്ധ്യായത്തിൽ കവി പാഞ്ചാലിയുടെ സൗന്ദര്യം ഒരു വിധത്തിലെല്ലാം വർണ്ണിച്ചു് ഒപ്പിച്ചു മാറുവാൻ ശ്രമിച്ചിട്ടുണ്ടു്.

“വാരുറ്റ പൂമലർ പൂണ്ടുനിന്നീടുമ
ക്കാർകുഴൽ തന്നുടെ കാന്തികണ്ടാൽ,
താരങ്ങൾതന്നുടെയങ്കുരം പൂണ്ടുള്ള
കാർമേഘജാലങ്ങളെന്നു തോന്നും.
കാർകുഴൽതന്നിലലങ്കരിച്ചീടിന
താർമധുവുണ്ടു മദിച്ചുമേന്മേൽ
സന്തതം മേവുന്ന വണ്ടിണ്ടയെന്നത്രേ
കുന്തളകാന്തിയെ ചൊല്ലിക്കൂടൂ.
ആനനംതന്നോടു നേരായിപ്പോരുവാൻ
ഞാനിന്നുപോരായെന്നുള്ളിൽ നണ്ണി
ശങ്കിച്ചു പാതി മറഞ്ഞുനിന്നീടിന
തിങ്കൾതാനത്രേയത്തൂനിടിലം.” ഇത്യാദി.
പക്ഷേ ഈ ആശയങ്ങളെല്ലാം കൃഷ്ണഗാഥയിൽനിന്നു് ഏറക്കുറെ പകർത്തീട്ടുള്ളതാണു്.

ചായലായുള്ളോരു നായികതാൻ പെറ്റ
ചാപലംപൂണ്ടുള്ള ബാലകന്മാർ
നെറ്റിയായുള്ളോരു മുറ്റത്തിലാമ്മാറു
മുറ്റത്തമിണ്ണുള്ള ലീലയല്ലോ
ചിന്തിന കാന്തി കലർന്നു നിന്നീടുമ
ക്കുന്തളമായിട്ടു കണ്ടതിപ്പോൾ”
എന്നു വർണ്ണിക്കുന്ന കൃഷ്ണഗാഥാകാരന്റെ കുന്തളമെവിടെ? ഈ കുന്തളമെവിടെ?

കീചകന്റെ കാമഭ്രാന്തു കവി സമഞ്ജസമായി വർണ്ണിച്ചു ഫലിപ്പിച്ചിട്ടുണ്ടു്;

“ചാലേ മുതിർന്നങ്ങു നോക്കുന്ന നേരത്തു
കാലം പകല്ക്കൊരു പാതിയായി
കണ്ടൊരു നേരത്തു മന്നവനെത്രയു
മിണ്ടലും പൂണ്ടു തളർന്നു ചൊന്നാൻ.
മുപ്പതു നാഴിക നല്പകലായതി
ലിപ്പോളിരട്ടിയായ് വന്നിതോതാൻ?
ഖിന്നതപൂണ്ടുള്ള ക്രൗഞ്ചങ്ങൾക്കെല്ലാമേ
നന്നായി വന്നിതിക്കാലമോർത്താൽ;
അംഗജൻതന്നുടെ പാങ്ങായിനിന്നതീ
നിങ്ങൾക്കു നന്നല്ലോയെന്നും ചൊല്ലി,
മൊട്ടുകൾ പൂണ്ടുള്ള മാലതീജാലത്തെ
പ്പെട്ടെന്നു ചെന്നു പൊരിച്ചെറിഞ്ഞാൻ.
സന്ധ്യയെ വന്ദിപ്പാൻ വന്നുതില്ലെന്നിട്ട
ങ്ങന്തണരോടു വഴക്കു പൂണ്ടാൻ.
വായസംതന്നുടെ നാദത്തെക്കേട്ടപ്പോൾ
പായിച്ചുകൂട്ടിനാൻ പാറയുമായ്.
കൂമ്പിനിന്നീടായ്വിൻ നിങ്ങളെന്നിങ്ങനെ
യാമ്പൽതൻ ചാരത്തു ചെന്നു ചൊന്നാൻ.
ചാല വിരിഞ്ഞുള്ള പങ്കജജാലത്തെ
മൂലമേക്കൂടപ്പൊരിച്ചെറിഞ്ഞാൻ.”
‘പൊരിച്ചെറിഞ്ഞാൻ’ എന്നതിനു് ഒരു പര്യായം കിട്ടാതെ വിഷമിക്കുന്ന കവിയുടെ ശബ്ദദാരിദ്യം അനുകമ്പനീയമാണെന്നുകൂടി പറഞ്ഞുകൊണ്ടു പുരോഗമനം ചെയ്യേണ്ടിയിരിക്കുന്നു.

കീചകവധവും ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു:

“ആരുമേ കാണാതെ ദീപവും കൂടാതെ
മാരനും കാലനും ചങ്ങാതമായ്
വാരുറ്റുമേവുന്ന നാടകശാലയിൽ
പ്പാരാതെ പൂകിനാൻ കീചകനും.
കോമളയായോരു സൈരന്ധ്രിയെന്നിട്ടു
ഭീമനെച്ചെന്നങ്ങണഞ്ഞു നേരേ
എന്നുടെ ജീവനം നിന്നുടെ കയ്യിലൂ
വെന്നങ്ങു ചൊല്ലിപ്പുണർന്നു നേരേ.
കൊങ്കകൾ കാണാഞ്ഞിട്ടേതിതെന്നിങ്ങനെ
ശങ്കിച്ചുനിന്നുതാനോങ്ങും നേരം
ചീർത്തു നിന്നീടുന്ന ദോസ്ഥലം കൊണ്ടങ്ങു
ചേർത്തു ഞെരിച്ചൊരു പിണ്ഡമാക്കി
വാദ്യവും താളവും കൂടാതെ നല്ലോരു
കൂത്തു കഴിച്ചൂതപ്പാചകൻതാൻ.”
അങ്ങുമിങ്ങും ചില അലങ്കാരപ്രയോഗങ്ങളും ആസ്വാദ്യങ്ങളായിക്കാണുന്നുണ്ടു്:

“താനേയെഴുന്നൊരു സൂകരവീരന്നു
ചേണുറ്റു തീർത്ത വിലംകണക്കേ
മാരുതപുത്രന്റെ പക്ഷത്തിലൻപോടു
വാരിജലോചനൻ താനുണ്ടല്ലോ,”(1)

“ചെഞ്ചോര കാമിച്ചുവന്നോരു ഞാനിപ്പോൾ
പഞ്ചശരാർത്തി മുഴുക്കയാലേ
ചേണുറ്റു മിന്നുന്ന നിന്നുടെ വാമലർ
ത്തേനുമുണ്ടീടുവാനിച്ഛിക്കുന്നേൻ.”(2)

“വൻപനായുള്ളോരു ഗന്ധർവൻ ബന്ധിച്ചും
പിൻപുറത്താക്കിന കൈകൾ കണ്ടാൽ,
ക്ഷീണരായല്ലോ നാമിന്നിവരോടെന്നു
നാണത്തെപ്പൂണ്ടു നടുങ്ങിയത്രേ
അംഭോജകാന്തജസൂനുവെ വന്ദിപ്പാൻ
മുൻപിൽ വന്നീടാഞ്ഞൂതെന്നു തോന്നും”(3)

“അംഗജൻ തന്നുടെ ബാണങ്ങളേല്ക്കയാ
ലെങ്ങുമേനിന്നു പൊറായ്കയാലേ
നിൻചരണങ്ങളിലോടിവന്നൻപോടു
തഞ്ചിനിന്നീടുന്നോരെന്നെയിപ്പോൾ
കൊല്ലുന്നതാകിലും നീതന്നെതാകട്ടേ;
വെല്ലുവാൻ വന്നോരു മാരൻ വേണ്ട.”(4)
എന്നീ വരികൾ പരിശോധിക്കുക. ഇത്രമാത്രമുള്ള കവിത്വ പ്രകടനത്തിനു കൃഷ്ണഗാഥയുടെ പാരായണത്തിനുമീതെ അധികമൊന്നും ആവശ്യമുണ്ടെന്നും തോന്നുന്നില്ല.

ചില പുതിയ കഥകൾ
മൂലത്തിൽ കാണാത്ത പല കഥകളും കവി ഭാരതഗാഥയിൽ ഘടിപ്പിച്ചിരിക്കുന്നു. അവയ്ക്കു അദ്ദേഹത്തിനുള്ള ആസ്പദമെന്തെന്നു് അറിയുന്നില്ല. ചിലതെല്ലാം അദ്ദേഹത്തിന്റെ ഉച്ഛൃംഖലമായ മനോധർമ്മത്തിന്റെ വിജൃംഭണഫലമാണെന്നു തോന്നിപ്പോകും. (1) ശകുന്തളോപാഖ്യാനത്തിൽ കവി പിൻതുടർന്നിരിക്കുന്നതു് അഭിജ്ഞാനശാകുന്തളത്തിലേ ഇതിവൃത്തമാണു്. അംഗുലീയദാനവും ദുർവാസശ്ശാപവും അദ്ദേഹം സ്മരിക്കുന്നുണ്ടു്. എന്നാൽ ശാർങ്ഗരവാദിമഹർഷിമാരുടെ തുണകൂടാതെയാണു് ആ നായിക ദുഷ്ഷന്തനെ രാജധാനിയിൽ ചെന്നു കാണുന്നതു്. “അംഗജതാപം മുഴുത്തവൾതാൻ, ക്ഷോണിപൻ തന്നുടെ ചാരത്തുചെന്നിട്ടു്” എന്നുള്ള പ്രസ്താവന വൈരസ്യജനകമായി പരിണമിക്കുന്നു എന്നു പറയേണ്ടതില്ലല്ലോ, (2) ഗംഗാദേവി ശന്തനുവിനെ വിട്ടുപിരിയുമ്പോൾ ശിശുവായ ദേവവ്രതനെക്കൂടി കൊണ്ടുപോകുന്നതായി വ്യാസഭഗവാൻ പറയുന്നു. ആ കുഞ്ഞിനെ ശന്തനു വളർത്തുന്നതായാണു് ഗാഥയിൽ കാണുന്നതു്. ദിവ്യാസ്ത്രപ്രയോഗസാമർത്ഥ്യം ശന്തനു വളർത്തിയ ബാലനു് സിദ്ധിക്കുവാൻ പ്രയാസമുണ്ടു്. (3) ശന്തനു ഒരിക്കൽ വനത്തിൽ ചെന്നപ്പോൾ സത്യവതിയുടെ യോജനഗന്ധത്താൽ ആകൃഷ്ടനായതായി മഹാഭാരതത്തിലും അദ്ദേഹത്തെ പുണ്ഡരീകാർബുദം എന്നൊരു വ്യാധി ബാധിച്ചു എന്നും അതിന്റെ ശാന്തിക്കു വൈദ്യന്മാർ കസ്തൂരി ആവശ്യപ്പെട്ടു എന്നും “മുഗ്ദ്ധികതന്നുടെ മെയ്യിലെങ്ങും, നിത്യമായ് നിന്നു വിളഞ്ഞു നിന്നീടുന്ന കസ്തൂരി കൊണ്ടുചെന്നാണു് അവർ ആ രോഗം ഭേദമാക്കിയതെന്നും ആ വഴിയ്ക്കു് ശന്തനുവിനു യോജനഗന്ധിയിൽ പ്രേമമുണ്ടായെന്നും ഗാഥയിലും കാണുന്നു. ഭാരതചക്രവർത്തിക്കു വേറിട്ടൊരിടത്തുനിന്നും കസ്തൂരി ലഭിച്ചില്ല എന്നു സൂചിപ്പിക്കുന്നതു് അസംബന്ധമായിരിക്കുന്നു. (4) കുന്തിയും പുത്രന്മാരും പാണ്ഡുവിന്റെ മരണാനന്തരം ഹസ്തിനപുരത്തിൽ ചെന്നുചേർന്ന അവസരത്തിൽ അവിടെ ശ്രീകൃഷ്ണൻ അക്രൂരനെ അയയ്ക്കുന്നതായി ഗാഥാകാരൻ പ്രസ്താവിക്കുന്നു; അങ്ങനെ ഒരു സംഭവം ആ ഘട്ടത്തിൽ മൂലത്തിലില്ല. അതുമാത്രമല്ല, മുതലയെക്കൊന്നു് ആനയെ രക്ഷിച്ച ലക്ഷ്മീകാന്തൻ തന്നേയും രക്ഷിക്കുമെന്നു കരുതുന്നു എന്നു കുന്തി അക്രൂരനോടു പറയുകയും അതു കേട്ടു് അക്രൂരൻ “നൽക്കരിതന്നുടെ ദുഃഖത്തെപ്പോക്കിയ സൽക്കഥ ചൊല്ലുകയെന്നിങ്ങനെ” കുന്തിയോടഭ്യർത്ഥിക്കുകയും ചെയ്യുന്നതായി ഗാഥയിൽ വർണ്ണിക്കുന്നതു് അത്യന്തം അസ്വാഭാവികമായിരിക്കുന്നു. ഗജേന്ദ്രമോക്ഷോപാഖ്യാനം അതുവരെ കേട്ടിട്ടില്ലാത്ത ഒരു പാമരനാണോ ശ്രീകൃഷ്ണഭക്തന്മാരിൽ അഗ്രേസരനായ ഗാന്ദിനേയൻ? (5) കൗരവന്മാർ വെള്ളത്തിൽ കെട്ടിത്താഴ്ത്തിയ ഭീമസേനൻ പാതാളത്തിൽ ചെന്നപ്പോൾ അവിടെ ഒൻപതു രസകുണ്ഡങ്ങളിൽനിന്നു് അത്യന്തം ബലവർദ്ധകമായ രസം പാനം ചെയ്യുന്നതായി മാത്രമേ ഭാരതത്തിൽ പ്രസ്താവിക്കുന്നുള്ളു. ഗാഥാകാരനാകട്ടെ വാസുകി

“ചാരുവായുള്ളോരു കന്യകാരത്നത്തെ
വീരനായുള്ളോരു മാരുതിതൻ
പത്നിക്കായൻപോടു നല്കി നിന്നീടിനാൻ
രത്നങ്ങളും പിന്നെയവ്വണ്ണമേ.
വേട്ടുനിന്നീടിന മാരുതനന്ദനൻ
വാട്ടമകന്നു വിളങ്ങും കാലം
സുഭ്രുവായുള്ളോരു പന്നഗനാരിയിൽ
ബഭ്രുബാഹുവെന്ന പുത്രനുണ്ടായ്.”
എന്നൊരു വിചിത്രമായ കഥ നിർമ്മിക്കുന്നു. ഈ ബഭ്രുബാഹുവിനെപ്പറ്റി നാംഅന്യത്ര കേട്ടിട്ടേയില്ല. അർജ്ജുനനു തീർത്ഥയാത്രയിൽ പാണ്ഡ്യരാജകുമാരിയായ ചിത്രാംഗദയിൽ ബഭ്രുവാഹനൻ എന്നൊരു പുത്രൻ ജനിച്ചതായി കേട്ടിട്ടുമുണ്ടു്. കവിക്കു് ഇവിടെ എന്തോ ഒരു പ്രമാദം പറ്റിയതുപോലെ തോന്നുന്നു. അതിബാല്യത്തിൽത്തന്നെ ഭീമസേനൻ ഗൃഹസ്ഥാശ്രമിയായി എന്നു പറയുന്നതു യുക്തിയുക്തവുമല്ല. (6) മൂകാസുരൻ,

“പൂച്ചയായ്ച്ചെന്നുടനാശ്രമംതോറും നൽ
ക്കാച്ച പാൽവെണ്ണ കവർന്നമൂലം
നന്മുനിമാരുടെ ശാപത്തിൻകാരണം
വന്മദംപൂണ്ടുള്ള പന്നിയായി.”
എന്നുള്ള ഗാഥയിലെ പ്രസ്താവന മൂലത്തിലുള്ളതല്ല. (7) അർജ്ജുനനും സുയോധനനുംകൂടി ദ്വാരകയിൽ ചെന്നു ശ്രീകൃഷ്ണന്റെ സാഹായത്തിന്നായി പ്രാർത്ഥിച്ചപ്പോൾ ഗാഥാകാരൻ മൂലത്തിലേ കഥയ്ക്കു വിപരീതമായി ശ്രീകൃഷ്ണനെക്കൊണ്ടു “വൃദ്ധത കൊണ്ടെനിക്കേതുമേ സാധിയാ, യുദ്ധമെന്നുള്ളതു തേറിനാലും” എന്നു പറയിക്കുന്നതു് അനുചിതമാണു്. (8) ബലരാമന്റെ തീർത്ഥയാത്രയ്ക്കും പുതിയ ഒരു കഥ ഗാഥാകാരൻ കെട്ടിച്ചമച്ചിരിക്കുന്നു. ശ്രീകൃഷ്ണൻ ഒരു പശുവിന്റെ വേഷത്തിൽ ബലരാമന്റെ മുൻപിൽ പ്രത്യക്ഷീഭവിക്കുകയും അതിനെ ബലരാമൻ പാണികൊണ്ടു സ്പർശിച്ചപ്പോൾ അതു മരിച്ചതുപോലെ കിടക്കുകയാൽ താൻ ഗോവധം ചെയ്തു എന്നു നിർണ്ണയിച്ചു് ആ പാപത്തിന്റെ ശാന്തിക്കായി തീർത്ഥയാത്ര പുറപ്പെടുകയും ചെയ്തു എന്ന ആഖ്യാനം ഭാരതത്തിലോ ശ്രീമൽഭാഗവതത്തിലോ ഉള്ളതല്ല. (9) ഉദ്യോഗപർവത്തിൽ കുന്തീദേവി കർണ്ണനെക്കാണുകയും പാണ്ഡവന്മാർക്കു ചില ആനുകൂല്യങ്ങൾ ആ മഹാത്യാഗിയിൽനിന്നു സമ്പാദിക്കുകയും ചെയ്യുന്ന ഒരു ഘട്ടമുണ്ടു്, ഗാഥാകാരൻ അവിടെ

“പാരാതെ പോയൊരു പാണ്ഡവമാതാവു
സൂര്യതനൂജനെക്കണ്ടനേരം
നന്മുല രണ്ടും ചുരന്നതുകാരണ
മെന്മകൻതാനിവനെന്നറിഞ്ഞാൾ
നിർമ്മലയാമവൾ തൻമുല നല്കുവാൻ
ചെമ്മേ മുതിർന്നങ്ങു ചെല്ലുന്നേരം
കുന്തിതൻ നൻമുലയുണ്ടവർക്കാർക്കുമേ
യന്തകഭീതിയില്ലൂഴിയിങ്കൽ
എന്നതു കാരണമംബുജലോചനൻ
മന്നവന്മാർക്കു ജയിപ്പതിന്നായ്
പുള്ളായിച്ചെന്നവൾ കൊങ്കയിലുള്ള പാ
ലെല്ലാമേ പിന്നെ വറട്ടിനിന്നാൻ.”
എന്നൊരു സംഭവം തട്ടിവിട്ടിരിക്കുന്നു. മക്കളെക്കാണുമ്പോൾ അമ്മമാരുടെ മുല ചുരക്കുമെന്നു കവികൾ വർണ്ണിക്കാറുണ്ടു്. എന്നാൽ വൃദ്ധപ്രായന്മാരായ മക്കളെ അവർ സ്തന്യപാനം ചെയ്യിക്കുമെന്നു പറയുന്നതു് അത്യുക്തിസീമയെ അതിലംഘിക്കുന്നു. കുന്തിയുടെ മുലപ്പാൽ നുകർന്നവർക്കു് മരണമില്ലെങ്കിൽ ഭീമസേനനും അർജ്ജുനനും എങ്ങനെയാണു് മഹാപ്രസ്ഥാനത്തിൽ മരിക്കുന്നതു്? ഇങ്ങനെ ഈ പ്രകരണത്തിൽ ഇനിയും അനേകം അബദ്ധപ്രസ്താവനകൾ എടുത്തുകാണിക്കാവുന്നതാണു്. അവയിൽ ഒരെണ്ണംകൂടി ആവിഷ്കരിക്കാതെ നിർവ്വാഹമില്ല.

ഭാരതഗാഥയും കേരളവും
യുധിഷ്ഠിരന്റെ രാജസൂയത്തിനു മുൻപു ദക്ഷിണദിക്കു ജയിക്കുവാൻ സഹദേവനാണല്ലോ പുറപ്പെട്ടതു്. അദ്ദേഹം കേരളത്തിൽ വന്നപ്പോൾ അവിടെ ത്രിഗർത്തനായിരുന്നുവത്രേ രാജാവു്. സുയോധനന്റെ ഉറ്റ ചങ്ങാതിയായ ത്രിഗർത്തന്റെ ദേശം പഞ്ചാബ് പ്രവിശ്യയിൽപ്പെട്ട ‘ജലന്ധർ’ ആണു്. അതു പോകട്ടേ, ത്രിഗർത്തനെ അഗ്നി സഹായിക്കുകയാൽ സഹദേവനു കേരളരാജാവിനെ ജയിക്കുവാൻ സാധിക്കുന്നില്ല; ഒടുവിൽ അർജ്ജുനന്റെ നേർക്കു ഖാണ്ഡവദാഹദ്വാരാ കൃതജ്ഞനായ ആ ദേവനെ സഹദേവൻ വന്ദിക്കുകയും അഗ്നിയുടെ മാധ്യസ്ഥ്യം അംഗീകരിച്ചു ത്രിഗർത്തൻ ആ വിജിഗീഷുവിനു വേണ്ട യാഗദ്രവ്യം സംഭാവന ചെയ്യുകയും ചെയ്യുന്നു. അഗ്നി ത്രിഗർത്തനു ബന്ധുവായതെങ്ങനെയെന്നു സഹദേവൻ ചോദിച്ചതിനു് ഉത്തരമായി ത്രിഗർത്തന്റെ പുത്രിയിൽ അഗ്നി ജാരധർമ്മം അനുഷ്ഠിച്ചു എന്നും തന്നിമിത്തം ത്രിഗർത്തനും അഗ്നിയും തമ്മിൽ ശണ്ഠയുണ്ടായി എന്നും അതിൽ അശരണനായിത്തീർന്ന ത്രിഗർത്തൻ അഗ്നിയോടു് അഭയം പ്രാർത്ഥിച്ചപ്പോൾ അവിടുന്നു കേരളത്തിൽ “ആരണനാരിമാരെന്നിയേയാരുമേ ചാരിത്രം ചിന്തിച്ചുനില്ക്കേണ്ട” എന്നും “കേരളഭൂമിയിൽ ക്ഷത്രിയനാരികൾക്കാരണരാകട്ടേ കാന്തർ” എന്നും അരുളിച്ചെയ്തു എന്നും നിസ്സങ്കോചം ഒരു കള്ളക്കഥ ഉൽപാദിപ്പിക്കുന്നു. മഹാഭാരതത്തിൽ ആ ഘട്ടത്തിൽ ഇങ്ങനെ ഒരൈതിഹ്യത്തെപ്പറ്റി പ്രസ്താവനയുണ്ടു്. പക്ഷേ അതു മാഹിഷ്മതീനഗരം പരിപാലിച്ചിരുന്ന നീലൻ എന്ന രാജാവിന്റെ പുത്രിയായ സുദർശനയെ അഗ്നിഭഗവാൻ കാമിക്കുകയും പാണിഗ്രഹണം ചെയ്യുകയും ചെയ്യുന്നതായാകുന്നു.

ഭാരതഗാഥയും ജ്യോതിഷവും
ഭാരതഗാഥ നിർമ്മിച്ച കവി ഒരു നമ്പൂരിയും പെരുഞ്ചെല്ലൂർ ശ്രീപരമേശ്വരനെ “ചൊല്ലാർന്ന ചെല്ലൂർ വിളങ്ങിനിന്നീടുന്ന കല്യാണകാരുണ്യ കൈവല്യമേ” എന്നു വന്ദിച്ചിരിക്കുന്നതിനാൽ ആ ഗ്രാമത്തിൽ ജനിച്ചുവളർന്ന ഒരാളുമാണെന്നു് അനുമാനിക്കാം. പെരുഞ്ചെല്ലൂർ കോലത്തുനാട്ടിലേ പ്രഥമഗണനീയമായ ക്ഷേത്രമാകയാൽ അതിന്റെ സ്മരണത്തിൽനിന്നുമാത്രം കവിയുടെ ഇല്ലം പൊനമല്ലെന്നു് അനുമാനിക്കാവുന്നതല്ല. എന്നാൽ കൃഷ്ണഗാഥാകാരനെപ്പോലെയുള്ള ഒരു മഹാകവി എത്ര ബാല്യത്തിൽപ്പോലും ഭാരതഗാഥപോലെ ക്ഷുദ്രമായ ഒരു കൃതി രചിക്കുകയില്ലെന്നും ഭാരതഗാഥയെഴുതിയ ഒരു കവിക്കു് അതേ ജന്മത്തിൽ ഏതെല്ലാം സിദ്ധികൾ കൈവന്നാലും കൃഷ്ണഗാഥപോലെ ഒരു മഹാകാവ്യമെഴുതുവാൻ സാധിയ്ക്കുന്നതല്ലെന്നും സഹൃദയന്മാർക്കു തീർച്ചയായി പറയാം. ഭാരതഗാഥാകാരനു ജ്യോതിശ്ശാസ്ത്രത്തിൽ പ്രതിപത്തിയുണ്ടായിരുന്നു എന്നുള്ളതിന്നു തെളിവുണ്ടു്. ദ്രോണർ പാഞ്ചാലദേശത്തേക്കു പോകണമെന്നുദ്ദേശിച്ചുകൊണ്ടിരുന്നപ്പോൾ ഒരു വലിയ ദ്വാദശവർഷക്ഷാമമുണ്ടായി എന്നും, ജ്യോതിഷത്തിൽ വിദഗ്ദ്ധനായ ഒരു കാശ്മീരബ്രാഹ്മണൻമാത്രം

“വാരങ്ങൾതന്നുടെ നാഥന്മാർ മേവുന്ന
താരവും രാശിയുമംശകവും
ശീഘ്രവും മന്ദവുമുച്ചവും നീചവും
വക്രവും പാടും പിറപ്പുമെല്ലാം”
മനസ്സിലാക്കി മുൻകൂട്ടി ധാരാളം വരകരി ശേഖരിച്ചു വേണ്ടവിധത്തിൽ പരോപകാരം ചെയ്തു സുഖമായിരുന്നു എന്നും, അദ്ദേഹം തങ്ങളെ എങ്ങനെ തോല്പിച്ചു എന്നറിയുവാൻ നവഗ്രഹങ്ങൾ അദ്ദേഹത്തിന്റെ ഗൃഹത്തിൽ പോയി അത്താഴമുണ്ടു കാര്യം ഗ്രഹിച്ചു് അവിടെ രാത്രിയിൽ ഉറങ്ങുമ്പോൾ ആ ബ്രാഹ്മണൻ വട്ടത്തിൽ കിടന്ന അവരെ നേരെയെടുത്തു കിടത്തിയെന്നും ഉടനെ മഴപെയ്തു ഭൂമി വീണ്ടും സുഭിക്ഷമായെന്നും അതു കണ്ടു രാശീശന്മാർ കോപിച്ചു്

“മാനുഷനായ നീയിങ്ങനെയെങ്ങളെ
നാണംകെടുത്തതുകാരണത്താൽ
ഉത്തമരായുള്ള ജ്യോതിഷകാരികൾ
നിർദ്ധനരാകട്ടെയെന്നിങ്ങനേ”
ശപിച്ചു എന്നും ഒരു കഥ കൂട്ടിച്ചേർക്കുന്നു. ഇതു വ്യാസഭാരതത്തിലുള്ളതല്ല. ഇതുപോലെ വാരണാവതത്തിൽ താമസിച്ചുകൊണ്ടു പാണ്ഡവന്മാർ അർദ്ധരാജ്യപരിപാലനം ചെയ്തുകൊണ്ടിരുന്ന അവസരത്തിൽ വിദുരർ ഒരിക്കൽ ധൃതരാഷ്ട്രരെക്കണ്ടു്

“നന്ദനന്മാർക്കു വിരുദ്ധമായ്ച്ചെഞ്ചെമ്മേ
നിന്നുടെയഞ്ചാമടത്തുണ്ടല്ലോ
നില്ക്കുന്നു ഭൗമനും രാഹുവുമാകയാൽ
മക്കൾക്കു ദൂഷണമുണ്ടു മേലിൽ.
ഈശനുപോലും പിഴയ്ക്കയില്ലേതുമേ
രാശീശന്മാരുടെ കല്പിതങ്ങൾ.
അർക്കൻ തുടങ്ങിന ജ്യോതിർഗ്ഗണങ്ങളാൽ
മുക്കണ്ണർക്കുണ്ടായ ദീനം ചൊല്ലാം.”
എന്ന ഉപക്രമത്തോടുകൂടി ശിവനു ബ്രഹ്മാവിന്റെ ശിരഃഛേദം നിമിത്തം സംഭവിച്ച ഭിക്ഷാടനദുഃഖം വർണ്ണിയ്ക്കുന്നു. ഇതിൽ കൂടുതലായി ഒന്നും ഗ്രന്ഥകാരനെപ്പറ്റി അറിവാൻ മാർഗ്ഗമില്ല. കൃഷ്ണഗാഥ ആവിർഭവിച്ചു സ്വല്പകാലം കഴിഞ്ഞപ്പോൾ ഉദയവർമ്മകോലത്തിരി തന്റെ സേവകനായ മറ്റൊരു നമ്പൂരിയോടു വാത്സല്ല്യപാരവശ്യം നിമിത്തം അതുപോലെ മറ്റൊരു കാവ്യം മഹാഭാരതത്തെ ആസ്പദമാക്കി രചിയ്ക്കുവാൻ ആജ്ഞാപിക്കുകയും ആ നമ്പൂരി തന്റെ വാസനയുടേയും വൈദുഷ്യത്തിന്റേയും പരിമിതമായ പരിധിക്കുള്ളിൽ നിന്നുകൊണ്ടു് അത്തരത്തിൽ ഒരു കൃതി നിർമ്മിച്ചു് അടിയറ വയ്ക്കുകയും ചെയ്തു എന്നു് ഊഹിക്കുന്നതായിരിക്കും യുക്തി യുക്തമായിട്ടുള്ളതു്. ‘ശങ്കരസൂരിണാ’ എന്നും മറ്റുമുള്ള പുറത്തെഴുത്തുകൾ പിൻകാലത്തുണ്ടായവയാണെന്നു ഞാൻ മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

22.5ഭാഗവതം പാട്ടു്

കണ്ണശ്ശഭാഗവതത്തേയും മറ്റും പോലെ എതുകമോനകളും അന്താദിപ്രാസവും നിരന്തരമായി പരിപാലിച്ചുകൊണ്ടു് ഏതോ ഒരു കവി രചിച്ചിട്ടുള്ള ഒരു പഴയ പാട്ടാണു് ഭാഗവതം. കംസവധംവരെയുള്ള ഭാഗങ്ങളേ കണ്ടുകിട്ടീട്ടുള്ളു. രാമചരിതത്തിൽ കാണുന്ന ചില വൃത്തങ്ങൾക്കു പ്രസ്തുതകൃതിയിൽ പ്രവേശമനുവദിച്ചിട്ടുണ്ടെങ്കിലും തത്സമങ്ങളായ സംസ്കൃതപദങ്ങൾ ധാരാളം പ്രയോഗിക്കുന്നതിൽ കവിക്കു വൈമുഖ്യമില്ല. വേറെ ദ്രാവിഡവൃത്തങ്ങളും എടുത്തു പെരുമാറീട്ടുണ്ടു്. ഭാഷ നിരണം കവികളുടേതിനെ അപേക്ഷിച്ചു് അർവാചീനമാണു്. താഴെക്കാണുന്ന പാട്ടുകൾ ഈ കാവ്യത്തിൽ ഉൾപ്പെടുന്നു:

“ശ്രീമധുരാപുരിതന്നിലുണ്ടേറിയ
ശ്രീകരമായൊരു രാജധാനി പരം;
കോമളമാർന്നെഴുമപ്പുരംതന്നിലേ
ക്കോലാഹലം പറയാവല്ലനന്തനും;
ഭൂമിയിൽ മറ്റൊരിടത്തുമില്ലിങ്ങനെ
ഭൂപാലമന്ദിരവും സജ്ജനങ്ങളും;
നാമമേറും യദുക്കൾക്കു പണ്ടേയുള്ള
നാടതിന്നൊപ്പമൊവ്വാ ദേവലോകവും.”(1)

“വാണിതു മംഗലം പൊങ്ങീടുമമ്പാടിതന്നിൽ
വാരിജനേത്രനേയും രാമനേയും സുഖത്താൽ
പേണിവളർത്തീടുന്ന മാതാപിതാക്കന്മാരും
പിന്നെ മെല്ലേ വളർന്നാരോമനവാലകന്മാർ;
കാണുന്ന പേർകൾക്കെല്ലാം കണ്ണിനാനന്ദമുണ്ടാം
കണ്ണനെന്നല്ലാതില്ലിമ്മന്നിലുള്ളോർക്കു തെല്ലും;
ചേണാർന്ന പല്ലു മെല്ലെ മെല്ലവേയങ്കുരിച്ചു
ചിത്രമായുള്ള വല്ലിമുല്ലമൊട്ടതുപോലെ.”(2)

“കഞ്ചിനിങ്ങനെ കേട്ടുടനേറിയ ചഞ്ചലമാർന്ന മനസ്സിനോടും
കടിയ ലക്ഷണക്കേടും മരണലാഞ്ഛനം തന്റെ
നിഴലിലൊക്കയും തുള തുളച്ചവണ്ണം;
വഞ്ചകനാകിയ കഞ്ചനുടേ തുട തുള്ളുകയും തോളാടുകയും
വലിയൊരു നദികൾ വൻകടലുകൾ വറണ്ടുകൊ
ണ്ടവിടെ നിന്നിളകിന പൊടികൊണ്ടെല്ലാം
തഞ്ചിന ദർപ്പണമങ്ങു തുറന്നതിലഞ്ചിതമാകവെ
നോക്കുന്നപ്പോൾ
തലയൊടങ്ങുടലു വേർപെടുന്നതു പിന്നച്ചെവി
യടയ്ക്കുകയും കടലിരയ്ക്കും വണ്ണം
കാഞ്ചനമെന്നതു തോന്നുമശേഷധരിത്രിയിൽ
വല്ലികുലം പിന്നതും
കണിയിലങ്ങനെ പിന്നെ നിശയതിലുറങ്ങുമ്പോൾ
പല വികൃതികൾ സ്വപ്നമതിലും കണ്ടു.”(3)

“കണ്ടുടനേറിയ ഭീതി വളർന്നുടനെന്നുടെ മൃത്യുവടുക്കയിതോ?
കഞ്ചനുമിതു മനതളിരതിൽ നിരുപിച്ചു
നിശയതിലൊരു പൊഴുതുറങ്ങിയില്ല.
കൊണ്ടൽ കഴിഞ്ഞു പുലർന്നുടനേ ചില മഞ്ചമതും
കുറതീർത്തവിടെ
കൊടിയവന്ന മുരശുതിടുമനടികുമറ
ഉലകിടമിളകിന പൊടികളെല്ലാം
എണ്ടിശയൊക്ക നടുങ്ങുവതിന്നിഹ എന്തൊരു
ശബ്ദമിതെന്നറിവാൻ
എദുകുലപതി നിജസഖികളുമൊരുമിച്ചു
വിരവൊടങ്ങവർ ചെന്നു നടയരികേ;
കണ്ടവിടത്തിലൊരാന ചെറുത്തുനിറുത്തിയതപ്പൊഴുതേ
കനിവൊടമ്മതകരി മുതുകിലങ്ങിരുന്നവ
നൊടു പറഞ്ഞിതു മധുരിപു വിരവാൽ.(4)

22.6ദാരുകവധം പാട്ടു്

ദാരുകവധം പാട്ടിന്റെ കർത്തൃത്വത്തെപ്പറ്റിയും യാതൊരറിവുമില്ല. ഇതും ഏഴാം ശതകത്തിൽ പ്രണീതമായ ഒരു കൃതിയെന്നാണു് തോന്നുന്നതു്. ചില വരികൾ ചുവടെ ചേർക്കുന്നു:

“അമ്പിളിയും പുതുമലരും കുളുർകൊന്നയണിന്തവർതന്റെ
അങ്കിയിൽനിന്റെരികനൽ ചിന്തിന കണ്ണതിൽ വന്തു പുറന്തോൾ
വമ്പമരും തപവെലപും മികവുള്ള സുരാധിപനോടേ
മനസിയുറച്ചരിശമൊടാർത്തു മദിച്ചു കടുത്തു പറഞ്ഞാൾ.
പിമ്പസുരപ്പടയും സേനാപതിയും നാടും നിലയും
പേർത്തു മുടിപ്പൻ ഞാനെന്നവിടെച്ചെറുഞാണൊലി കൊണ്ടാൾ.
കുമ്പിയെ മുൻപിലുരിച്ചാടയുടുത്തഖിലജഗൽപതിയെ
ക്കൂറു പെറാത്തതിനാലേ നിന്നെക്കുലചെയ്തു മുടിപ്പൻ.(1)

കൊണ്ടലൊലിക്കെതിർഞാണൊലിയും ഭൂതാദികളൊലിയും
കൊണ്ടു നടുങ്ങുന്നളവെന്തൊരു കാരണമെന്നു നിനച്ചാൻ
അണ്ടർപതിക്കെതിരാം ദാരുകനും തൻദൂതന്മാരോ
ടരുളിച്ചെയ്താൻ പൊരുവാൻ വന്നവരാരെന്നറിവിൻ പോയ്.
കണ്ടറിവിപ്പാനവർ ഗോപുരവാതലകം പുക്കപ്പോൾ
കണ്ടാർ ഘോരവിശാല വിഭൂഷണഭൂഷിതമാം ദേഹം;
പണ്ടൊരുവർക്കു ജയംകൊള്ളരുതാതാസുരകർത്താവേ
പാടുപെടുത്തുന്നൊരു പെൺപാലെന്നു മനസ്സു മദിച്ചു.(2)

ആർത്തു മദിച്ചു വിളിക്കുന്ന ജഗത്ത്രയമാതാവിനുടേ
ആശ്ചരിയം കണ്ടു ഭയംകൊണ്ടഖിലപ്രാണികളഞ്ചി
ചീർത്തിടമിന്നുന്നികറും വളർദന്തവുമുന്നതമുഖവും
തീക്കനൽ ചിന്തിന കണ്ണും മണിമുടിയും ചന്ദ്രക്കലയും
പേർത്തിളകീടിന നാഗങ്ങളുമന്നവരത്നപ്രഭയും
പിൻപിലുലഞ്ഞു കവിഞ്ഞീടിന വാർകുഴലും തിരുജടയും
കോർത്തണിമാർവിലിടും പൂമണിമാലകളും താവടയും
കുങ്കുമവന്നിനിറം തങ്കിന കൊങ്കകളും പൊൻപണിയും”(3)
ഈ കവിതയിലും എതുകമോനകളിൽ ശ്രദ്ധ പതിഞ്ഞു കാണുന്നു. എന്നാൽ അന്താദിപ്രാസമില്ല.

ഭാഗവതവും ദാരുകവധവും രാമചരിതപ്രസ്ഥാനത്തിന്റെ സായംസന്ധ്യയേയും ഗുരുദക്ഷിണപ്പാട്ടും സേതുബന്ധനം പാട്ടും ശുകഗാനപ്രസ്ഥാനത്തിന്റെ അരുണോദയത്തേയുമാകുന്നു അനുസ്മരിപ്പിക്കുന്നതു്. ആ പുതിയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവല്ലെങ്കിലും അതിനു സ്ഥിരപ്രതിഷ്ഠ നല്കിയ മഹാത്മാവാണു് തുഞ്ചത്തെഴുത്തച്ഛൻ.

22.7ഗുരുദക്ഷിണപ്പാട്ടു്

തിരുവിതാംകൂർ ശ്രീമൂലം മലയാളഭാഷാ ഗ്രന്ഥാവലിയിൽ പ്രഥമാങ്കമായി പ്രസിദ്ധീകരിച്ചിട്ടുള്ള ഗുരുദക്ഷിണപ്പാട്ടിന്റെ പ്രണേതാവു് ആരെന്നറിയുന്നില്ല. ശ്രീകൃഷ്ണനും ബലഭദ്രനും സാന്ദിപനിമഹർഷിയോടു വിദ്യാഭ്യാസം ചെയ്യുന്നതും ഗുരുവിന്റെ അഭീഷ്ടമറിഞ്ഞ ശ്രീകൃഷ്ണൻ യമലോകത്തു പോയി മൃതനായ ഗുരുപുത്രനെ കൊണ്ടുവന്നു് അദ്ദേഹത്തിനു ദക്ഷിണീകരിക്കുന്നതുമാണു് ഇതിവൃത്തം. കാവ്യം നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

കാലം
കവി മംഗലാചരണഘട്ടത്തിൽ ഗണപതി, സരസ്വതി, ശ്രീകൃഷ്ണൻ, ബ്രഹ്മാവു, ശിവൻ ഇവർക്കു പുറമേ ഇന്ദ്രനെയും

“കാലകാലൻമകനാറുമുഖനെയും
കാളിമാതോടു മലമകൾ ദേവകൾ
സൂരിയനങ്കിയും സോമൻ ധനേശനും
ചൂതത്താരമ്പനും വായു വരുണനും
വീരിയമുള്ള മുനികൾ പാദത്തെയും
വിശ്വത്തിലുള്ള ഗുരുഭൂതന്മാരെയും”
വന്ദിക്കുന്നു. ഗ്രന്ഥാരംഭത്തിൽ ദിക്‍പാലസ്തോത്രം പ്രാചീന ഭാഷാകവികളുടെ പരിപാടികളിൽ ഒന്നാണു്: അതു രാമചരിതകാരനും മറ്റും അംഗീകരിച്ചിട്ടുമുണ്ടു്. ഒന്നും മൂന്നും പാദങ്ങളിൽ കാകളിയും രണ്ടും നാലും പാദങ്ങളിൽ കേകയുമാണു് വൃത്തങ്ങളെങ്കിലും അവയ്ക്കു ഭാഷയിൽ നില ഉറച്ചുകിട്ടുന്നതിനു മുൻപു നിർമ്മിച്ച ഒരു കൃതിയാണു് ഗുരുദക്ഷിണപ്പാട്ടു് എന്നുള്ളതിനു സംശയമില്ല. പ്രഥമപാദം ആരംഭിക്കുന്ന

“വാനവർതൊഴും പരമൻ വാരണവടിവിനാലെ
മാമലമകളോടും പോയ്ക്കാനനേ കളിച്ച കാലം”
എന്ന വരികൾ രാമചരിതത്തിലെ “വേന്റർ കൊന്റയനാകി വിണ്ണവർക്കമുതായുള്ളിൽ” ഇത്യാദി പാട്ടുകളിൽക്കാണുന്ന കഴിൽനെടിലടി ആചിരിയവിരുത്തത്തിലാണു് രചിക്കപ്പെട്ടിരിക്കുന്നതു്. ‘പരമൻ’ എന്ന പദത്തിൽ രേഫത്തെ ‘രാ’ എന്നു നീട്ടി ഉച്ചരിക്കേണ്ടതുണ്ടു്. ആ പാദത്തിന്റെ അവസാനത്തിലുള്ള “അന്തണൻതന്നോടനുജ്ഞ ചെയ്തങ്ങനേ ആരണരാശി ചൊല്ലിയാശ്രമം പുകുന്താരന്നേ” എന്ന ഈരടിയിൽ പൂർവഖണ്ഡം കാകളിയിലും ഉത്തരഖണ്ഡം ആചിരിയവിരുത്തത്തിലും നിബന്ധിച്ചിരിക്കുന്നു. തൃതീയപാദം ആരംഭിക്കുന്ന “കൃഷ്ണനാം മധുവൈരി കെല്പോടു യമപുരത്തിൽപ്പുക്കതുനേരമവിടെപ്പുണ്യപാപങ്ങൾ കണ്ടാൻ” എന്ന ഈരടിയിലും ആ വൃത്തംതന്നെയാണു് കാണുന്നതു്. ‘മധു’ എന്നതു ‘മാധു’ എന്നും ‘പുക്കതുനേരമവിടെ’ എന്നതു് ‘പുക്കതൂ നേർമ്മവീടേ’ എന്നും പാടിയൊപ്പിച്ചാലേ വൃത്തഭംഗത്തിൽനിന്നൊഴിയുവാൻ കഴികയുള്ളൂ. ‘ഗോപുരം നാലിൽ കിഴക്കും വടക്കേതും ഗുണമുടയ ജന്തുക്കൾ പൂവാൻ ചമച്ചതും’ എന്ന അടുത്ത ഈരടിയിൽ ഒന്നാമത്തെ അടി കാകളിയിലും രണ്ടാമത്തേതു മണികാഞ്ചിയിലും രചിച്ചിരിക്കുന്നു. പിന്നെയും ആ പാദത്തിലെ ‘കണ്ടാലഴകേറും കാറൊളിമേനിയൻ കരുണയോടു കരതളിരിൽ വിലസിന ശരങ്ങളും’ എന്ന ഈരടിയിൽ രണ്ടാമത്തെ അടി കളകാഞ്ചിയായി കാണുന്നു. സാധാരണമായി കവി ഈരടികളിൽ എതുകയുടേയോ മോനയുടേയോ മാത്രം ആവർത്തനംകൊണ്ടു ചരിതാർത്ഥനാകുന്നതിനു പുറമേ “ദാനവും ദക്ഷിണതൽപ്രധാനങ്ങളിൽ സാരമായുള്ളതു ചൊല്ലുകടിയനു്” തുടങ്ങിയ ചില വരികളിൽ പ്രാസദീക്ഷ കൂടാതെതന്നെ കവനം ചെയ്യുവാൻ ഒരുമ്പെടുന്നുമുണ്ടു്. നിരണത്തു പണിക്കന്മാരുടെ കാലത്തു നടപ്പുണ്ടായിരുന്ന ‘വെന്റി’, ‘ഉരത്തു’, ‘ഒൺമറയോൻ’, ‘പുകുന്തു’, ‘വല്ലു്’ (ബലം) ‘ഒന്നി’ (യോജിച്ചു്) ‘മാൽ’ (വിഷ്ണു) ‘വേല’ (സമുദ്രം) ‘ആവി’ (ഹൃദയം) ‘ഉറയുക’ (താമസിക്കുക) മുതലായ പദങ്ങളും, ‘നീലനിറമുട മൂർത്തി,’ ‘ഏറുണ്ടു്’ (ഏറെയുണ്ടു്), ‘മേഘനിറത്തവൻ,’ ‘ഒക്കളന്നിടും’ (ഒക്കെയളന്നിടും) ‘കൂർമ്മമാനവ’ (കൂർമ്മമായവനേ) തുടങ്ങിയ പ്രയോഗവിശേഷങ്ങളും ഈ പാട്ടിൽ കാണാം. ഇതിൽനിന്നെല്ലാം പ്രസ്തുതകൃതി എഴുത്തച്ഛന്റെ കാലത്തിനു മുൻപു കൊല്ലം ഏഴാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ആവിർഭവിച്ചതാണെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു.

കവിതാരീതി
കവിതയ്ക്കു വലിയ ആസ്വാദ്യതയോ കവിക്കു പറയത്തക്ക പാണ്ഡിത്യമോ ഉണ്ടെന്നു പറവാൻ പാടില്ലെങ്കിലും കിളിപ്പാട്ടുരീതിയിലുള്ള ഗാനങ്ങളിൽ കാലപ്പഴക്കംകൊണ്ടു പ്രഥമഗണനീയമാണെന്നുള്ള ഒരു മെച്ചം ഗുരുദക്ഷിണപ്പാട്ടിനുണ്ടു്. കഥാഗുംഫനം രസകരമാണു്. മക്കൾക്കുവേണ്ടി ഗുരുദക്ഷിണ നല്കുവാൻ ചെന്ന വസുദേവനോടു തന്റെ മൃതനായ പുത്രനെ വരുത്തിക്കൊടുപ്പിക്കണമെന്നു സാന്ദീപനി അപേക്ഷിക്കുകയും അതു സാധ്യമല്ലെന്നു് അദ്ദേഹം പറഞ്ഞപ്പോൾ “പാപി! നീ തരുന്നൊരു ദക്ഷിണ വേണ്ടുന്നില്ല. വേഗത്തിൽപ്പോവൻ ഞാനുമെന്നുടെ ഭവനത്തിൽ, വ്യഗ്രവുമിളച്ചിരി നീയും നിൻപുത്രരുമായ്” എന്നു മഹർഷി കൊള്ളിവാക്കു പറയുകയും ചെയ്യുന്നു. ശ്രീകൃഷ്ണൻ യമനെ സമീപിച്ചു ഗുരുപുത്രനെ തരണമെന്നു് അപേക്ഷിച്ചപ്പോൾ ആ ദേവൻ തനിക്കു മൃത്യു, അപമൃത്യു, കാലൻ, ഉദുംബരൻ എന്നിങ്ങനെ നാലു് അമാത്യന്മാരുണ്ടെന്നും അവരെച്ചെന്നു കണ്ടാൽ പരേതനെപ്പറ്റിയുള്ള വിവരങ്ങൾ അറിയാമെന്നും പറയുന്നു. അവരെ യഥാക്രമം ഭഗവാൻ സന്ദർശിച്ചപ്പോൾ തന്റെ കൃത്യം മൃതന്മാരെ കൊണ്ടുവരുന്നതിനു ദൂതന്മാരെ അയയ്ക്കുക എന്നുള്ളതാണെന്നു മൃത്യുവും, പാശബന്ധനമാണെന്നു് അപമൃത്യുവും ദണ്ഡുകൊണ്ടുള്ള താഡനമാണെന്നു കാലനും നരകത്തിൽ വരുന്നവർക്കു വേണ്ട ശിക്ഷകൾ നല്കുന്നതാണെന്നു് ഉദുംബരനും, അങ്ങനെ ‘ആചാരം നാലർക്കും നാലു പ്രവൃത്തികൾ’ എന്നും പറഞ്ഞു നാലു മന്ത്രിമാരും ഒഴിയുന്നു. അപ്പോൾ ശ്രീകൃഷ്ണൻ “നിങ്ങളുടെ കർത്താവാം യമരാജൻതന്നെയും കൊല്ലുന്നുണ്ടു്” എന്നു ക്രുദ്ധനായി അരുളിച്ചെയ്യുകയും അവിടുത്തെ നെറ്റിയിൽനിന്നു് ഒരു തേജസ്സു് ഉത്ഭവിച്ചു് ആദിത്യമണ്ഡലത്തോളം ഉയരുകയും ചെയ്യുന്നു. തൽക്ഷണം യമനും ചിത്രഗുപ്തനും മന്ത്രിമാരും മറ്റും പേടിച്ചരണ്ടു് അവിടുത്തെ സ്തുതിച്ചുതുടങ്ങി:

“വേദന പെരുകീടും മേദിനീഭാരം തീർപ്പാൻ
വേധാവിന്നരുളാലേയിപ്പൊഴുതവനിയിൽ
രോഹിണീസുതനായും ദേവകീസുതനായും
രണ്ടായിപ്പിറന്നീടുമീശനേ, ജയ! ജയ!
ആരണവടിവായോരാദിയേ ജയ! ജയ!
ആരുമേയറിയാത ലോകനാഥനേ ജയ!
ഭക്തപാലനേ ജയ; മുക്തിഭാവനേ ജയ,
പക്ഷിവാഹനാ ജയ, പാപനാശനാ ജയ!”
ഇത്യാദി പ്രണാമവാക്യങ്ങൾ ഉച്ചരിച്ചു ഗുരുപുത്രനെ അവർ ഭഗവാനു നല്കുകയും ഭഗവാൻ ആ പുത്രനെ സാന്ദീപനിക്കു സമർപ്പിക്കുകയും ചെയ്യുന്നു. ഗുരുദക്ഷിണപ്പാട്ടു പഠിച്ചു കേൾപ്പിക്കുന്നവരും കേൾക്കുന്നവരും

“സപ്തജന്മാന്തരത്തിൽച്ചെയ്ത പാപവും കെട്ടു
ചിൽപുരുഷനാം വിഷ്ണുപാദങ്ങൾ ചേരുവോരേ”
എന്ന ഫലശ്രുതിയോടുകൂടി ഗ്രന്ഥം അവസാനിക്കുന്നു.

22.8സേതുബന്ധനം പാട്ടു്

‘സേതുബന്ധനം’ എന്ന പാട്ടു് കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ വിരചിതമായ ഒരു കൃതിയാണെന്നു തോന്നുന്നു. പാദവിഭാഗമില്ല. പ്രണേതാവിനെപ്പറ്റി യാതൊന്നും അറിഞ്ഞുകൂടാ. ‘പകഴി’, ‘പരവ’, ‘പകയർ’, ‘ചെങ്ങിന’, ‘കുറുകി’ (വിനീതനായ) ഇത്യാദി പഴയ പദങ്ങളും ‘മിന്നൽചേരിടി’ മുതലായ പ്രയോഗങ്ങളും കാണ്മാനുണ്ടു്. ഓരോ ഈരടിയുടേയും അവസാനത്തിൽ വിരാമം വേണമെന്നു നിർബ്ബന്ധമില്ല. പ്രാസം സംബന്ധിച്ചു കവിയുടെ നില ഗുരുദക്ഷിണാകാരന്റേതുതന്നെ. കവിതയുടെ മാതിരി കാണിക്കുവാൻ ചില വരികൾ താഴെ ഉദ്ധരിക്കുന്നു:

“കഴിഞ്ഞു മൂന്നു ദിനം താമരനയനനും
താർചരവൈരിതന്റെ ചെങ്കനൽമിഴിപോലെ
ചെങ്ങിന മിഴികളോടെഴുന്നേറ്റരുൾചെയ്തു
മംഗലജയമലർമാനിനീമണിരംഗം.
മന്മഥാരാതി പണ്ടു മുപ്പുരമെരിചെയ്വാ
നെന്നപോലൊരു കോപം പൂണ്ടു തന്നനുജനോ
ടെങ്ങുവെൻ വില്ലുമമ്പും കൊണ്ടുവാ വിരവിനോ
ടെന്നുടനര തിരുമുടിയും മുറുക്കീട്ടു,
മന്നിടമുലയുംമാറിട്ട ഞാണൊലിയൊടും
മിന്നൽചേരിടിക്കിടർ ചേരിന മിഴികൊണ്ടും
പൊങ്ങിന തിരമാല ചേരും വാരിധീനാഥ
നെന്നെയെള്ളോളം ബഹുമാനിയാഞ്ഞതിനിന്നു
പൊഴിഞ്ഞു ചെങ്കണകൾ കുറുക്കീടുവൻ വെള്ളം,
പൊലിമ ചേരും ചളിയാക്കുവനിന്നുതന്നെ;
പൊരിഞ്ഞു ചത്തു നീളെക്കിടക്കും ജലജന്തു
പറവജാതികളെക്കൊണ്ടുടൻ പെറുക്കിപ്പൻ,
പൊല്ലാത മരുഭൂമിയാക്കുവനിന്നുതന്നെ;
പൊടി പൊങ്ങിന പെരുമുറ്റമാക്കുവൻ പിന്നെ;
പൊങ്ങിന കപികളെക്കാൽനട നടത്തിപ്പൻ:
പൊങ്ങിപ്പൻ പൊടിയാകാശത്തോളമതിൽനിന്നു്.
പുത്തനായ്ച്ചമച്ചുള്ളൂ എന്നുടെ മുത്തച്ഛന്മാർ;
പുത്തിയില്ലാതവനെയിന്നു ഞാനൊടുക്കുവൻ.
പറഞ്ഞീവണ്ണം മന്നൻ പകഴിരത്നമെടു
ത്തഭിമന്ത്രിച്ചു മെല്ലെയെടുത്തു വലിച്ചപ്പോൾ
അനലജ്വാലാജാലം ചൊരിഞ്ഞു കടലില
ങ്ങഴിച്ചൂ തിരമാല; കുറുകീ ജലമേറ്റം.”

22.9പലവക സ്തോത്രങ്ങൾ

(1) ചേതോഭവസ്തോത്രം
അനേകം ഭാഷാസ്തോത്രങ്ങളും ഈ ശതകത്തിൽ ഉത്ഭവിച്ചിട്ടുണ്ടു്. അവയിൽ ഒന്നാണു് ചേതോഭവസ്തോത്രം. പേരുകൊണ്ടുതന്നെ മന്മഥനെപ്പറ്റിയുള്ള ഒരു സ്തുതിയാണു് ഇതെന്നു വായനക്കാർക്കു മനസ്സിലാക്കാവുന്നതാണല്ലോ. കവിതയ്ക്കു നല്ല പഴക്കം കാണുന്നു. പെട്ടെന (പെട്ടെന്നു്) കണ്ടർ (നീലകണ്ഠൻ) ചെയ്യു മകരധ്വജം (ചെയ്യും മകരധ്വജം) ഇടം പേശ (സ്ഥലം നല്കത്തക്കവണ്ണം) മുതലായ പഴയ പ്രയോഗങ്ങൾ ഇതിൽ സ്ഥലം പിടിച്ചിട്ടുണ്ടു്. കാമദേവസ്തോത്രങ്ങൾ ഭാഷയിൽ വളരെ വിരളങ്ങളാണു്.

“പത്മവിദ്വിൺമുഖം പത്മചെന്താർശരം
പത്മസംസ്ഥം മഹാപത്മരാഗപ്രഭം
പത്മതിരുമകളിലൊരു പിറവികലരും കൃപാ
സത്മമജരാമരം നൗമി ചേതോഭവം.

പാശബാണേക്ഷുചാപാങ്കുശാനാമിടം
പേശ മേവീടുവാനുള്ള തൃക്കൈകളും
പേശലത കലരുമണിതിരുവുരുമെങ്കലൻ
പേശുക സദാ സ്മരം നൗമി…

പിച്ച കൈക്കൊണ്ട കണ്ടർക്കു പുത്രം ജനി
പ്പിച്ചുകൊൾവാനുമാദേവിയിൽക്കേവലം
വജ്രധരമൊഴി കരുതി വിരുതു പറയും ജഗ
ദ്വശ്യമയദൈവതം നൗമി…

പീതവാസോപമാനം പുതുപ്പൂവൽമെയ്
ഭാതി ചേതോഹരം സുപ്രസന്നാനനം.
ഭൂതി മികുമണിമുകുടമുടുപുടവയും ചുവ
ന്നീദൃശമനന്യജം നൗമി…”
വൃത്തംകൊണ്ടുമാത്രമേ ഇതിനെ ഭാഷയെന്നു പറയുവാൻ തരമുള്ളു; പദഘടന നോക്കിയാൽ മണിപ്രവാളംതന്നെ.

(2) അരിയിൽപ്പറമ്പു ശിവസ്തോത്രം
ചേതോഭവസ്തോത്രത്തോടു വൃത്തത്തിലും ഭാഷയിലും ഏകദേശം സാദൃശ്യമുള്ളവയാണു് താഴെക്കാണുന്ന മൂന്നു സ്തോത്രങ്ങൾ.

“ഐന്താർചരക്കളികളുൾച്ചേർന്ന മങ്കയരി
ലും ദിവ്യവായ്പുതകുമദ്രീന്ദ്രപുത്രിവര
പന്തിടയുമണികുചയുഗന്തടവുമരിയ തിരു
നെഞ്ചിടയുമിഹ തൊഴുവനരശങ്കരായ നമഃ”
“അരിയിൽപ്പറമ്പമരുമര നിൻപദാംബുരുഹമഴകിൽത്തൊഴാം വരദം” എന്നു കവി വന്ദിക്കുന്നു. ഈ സ്ഥലം ഏതെന്നു് അറിയുന്നില്ല.

(3) മറ്റൊന്നു്
അരിയിൽപ്പറമ്പു ശിവൻതന്നെയാണു് ഈ സ്തോത്രത്തിന്നും വിഷയീഭവിക്കുന്നതു്. രണ്ടും ഒരു കവിയുടെ കൃതികളാണെന്നു തോന്നുന്നു.

“പയ്യ വന്നയ്യിരണ്ടാനനൻ കൈലാസം
കൈബലംകൊണ്ടെടുത്തങ്ങുലയ്ക്കുംവിധൌ
കയ്യഖിലമൊടിയയൊരു വിരൽമുനയതൂന്നിയ
പ്പൊയ്കെടയമർത്തതും നൗമി കാമാന്തകം.”

(4) കാമാരിജാസ്തോത്രം
വടക്കൻകോട്ടയത്തു പോർക്കലിഭദ്രകാളിയെപ്പറ്റിയുള്ളതാണു് ഈ സ്തോത്രം.

“പോരിലോരോ ജഗദ്ദ്വേഷിണാമോഘമെ
പ്പേരുമേ കൊന്നുകൊന്നന്വയം വേരറ
ച്ചോരിവരസമരഭുവി നദിയൊടെതിരൊഴുകുമള
വാരതിവളർത്തെഴും നൗമി കാമാരിജാം.

ഇപ്രകാരം നലംചേരുദന്തം ചുരു
ക്കിപ്രമോദേന വാഴ്ത്തുന്നവന്നാദരാൽ
അപ്പരമസുഖമനയഹരമഴകൊടരുളുമവി
കല്പമതിശോഭിനീം നൗമി കാമാരിജാം.

പോർക്കലിച്ചേരുമമ്മേ, മഹാദേവി, നി
ന്നീക്ഷണക്കോണു മേന്മേലുഴിഞ്ഞീടു നീ;
മോക്ഷമിനി വിരവിനൊടു വരുമതിനു സുരനമിത
കാല്ക്കലിഹ വീണഹം നൗമി കാമാരിജാം.”

(5) ശങ്കരനാരായണസ്തോത്രം
ഹൃദയദ്രവീകരണചണമായ ഒരു സ്തോത്രമാണു് ഇതു്.

“ആഡംബരമെഴുമലർചരസമരം തേടും മടവരെ നിനയാതേ
നീടമ്പിന വനമാലിമഹേശൌ ബാഢം വടിവൊടു നിന മനമേ!…
എടയും തടമുല തൊറ്റുമുവന്നും മടുമൊഴികളിലഴിവിയലാതേ
പൊടിപെടുവാനത്തനയുമശേഷം മൃഡശകടഹരൗ നിന മനമേ.”

(6) ചോറ്റാനിക്കര ദേവീസ്തോത്രം
‘ചോറ്റാനിക്കര മരുവും ത്രിഭുവനനാഥ’യെപ്പറ്റിയാണു് ഈ സ്തോത്രം.

“മാന്താർബാണമണിച്ചിലതന്മേലേന്തും ഞാണിൻ
തരികുരുൾനിരയും
കാന്തിപെറും പിരികങ്ങളുമളികതടാന്തവുമധുനാ
തൊഴുതേൻ ജയ ജയ!
മിഴി തവ രണ്ടും മഴറിയൊരിളമാൻമിഴിയെ
വെടിഞ്ഞിടനീണ്ടിരുപാടും
കുഴകാതോടണയുന്നതു മണികവിളഴകുമതീവ ച
തൊഴുതേൻ ജയ ജയ!”

(7) ഏറ്റുമാനൂർ ശിവസ്തോത്രം
‘മൃഗഗ്രാമനാഥ’നായ ഭർഗ്ഗനെ ഇതിൽ സ്തുതിക്കുന്നു.

“അർണ്ണോജതാർവിശിഖജന്യായ കാമിനിക
ളൊന്നോമലിച്ചു പുണരുന്നേരമുള്ള സുഖ
മെണ്ണി മുതൽ കളയുമടവിന്നരുതു ഗിരിജ പുണ
രുന്ന പരപുരുഷമൊരു കുന്നി നിന മനമേ.”

“ഊണും മറന്നു ഗണികാനാമൊരോ തെരുവിൽ
നാണം വെടിഞ്ഞു നട പേണുന്നതാകിലിനി
വീണരിയ നരകദിശി വാണു മുറയിടുമരുത
താനയുരിവസനമുടയോനെ നിന മനമേ.”

(8) വയ്ക്കം ശിവസ്തോത്രം
‘വയ്ക്കമമ്പും വിഭു’വിനെ ഈ സ്തോത്രത്തിൽ വാഴ്ത്തുന്നു.

“അന്നദാനപ്രവീണാ ഭവൽപാതിയും,
പിന്നെ മിത്രം ധനസ്വാമി, ഹേമാചലം
ജന്യചില, സിതശിഖരി ഭവനമഴകിതു പെരികെ
നിന്നരിയ പൗരുഷം; പാർവതീശം ഭജേ.

ആദിതേയാദിനാനാവിമാനാഗത
ന്മാർ തൊഴും ചാരു നിൻ പാദപാഥോരുഹം
ഖേദമകൽവതിനു പകലിരവരുൾക ഹൃദി മയി; പു
രാതനശരീരിണം പാർവതീശം ഭജേ.”

(9) സുബ്രഹ്മണ്യസ്തോത്രം
“അനുചിതകർമ്മണി മോഹം കൈക്കൊണ്ടനുദിനമവനി
യിലുഴലാതേ
ജനിമരണവ്യഥകളെ ബത കളവാനണിശരഭവമിനി നിന
മനമേ.”
“ഉതകാതോ ചില മതുമൊഴിമാർതൻ നിധുവനരസമോർ
ത്തുഴലാതേ
നിതരാമുര തകുമുഡുപതിശേഖരപദകമലം നീ നിനമനമേ.”

(10) ധന്വന്തരിസ്തോത്രം
“അത്യുദാരേ സുരേശേ മുനിപ്രൗഢശാ
പത്തിനാലെത്തുമാപത്തറുത്തീടുവാൻ
ദുഗ്ദ്ധജലനിധിമഥനവിധിയിലുടനൻപൊടുൽ
പത്തിചേരുംപരം നൗമി ധന്വന്തരിം.”

(11) സരസ്വതീസ്തോത്രം
“മഞ്ജുളശ്രീ തിമർക്കും നറുംപല്ലവ
ത്തിൻചുവപ്പിന്നു ചിന്തം കുറച്ചീടെഴും
നിൻചരണതലവുമണിവിരൽനിരയുമരുൾക മയി;
ചഞ്ചലവിലോചനാം നൗമി ധാതുഃ പ്രിയാം.

മാനഹീനം മഹേന്ദ്രാദിചൂഡാമണി
ശ്രേണി മുൻപിട്ട തൃക്കാൽനഖപ്രൗഢിയും
ചേണൊടണിപുറവടിയുമരുൾക മയി മഹിതനരി
യാണിയുഗവും തഥാ; നൗമി ധാതുഃ പ്രിയാം.”

(12) മറ്റൊരു സരസ്വതീസ്തോത്രം
“പങ്കജേഷോരെടുക്കും തഴയ്ക്കെത്രയും
ഭംഗമായും നിറം തോയുമച്ചായലും
ഭൃംഗജാലേന തോലാത ബാലക്കരുൾ
ഭംഗിയും ചിന്തയേ ഭാരതീ പാഹി മാം.”

(13) തളിയിൽ ഗണപതിസ്ത്രോത്രം
“വെൺപലാധീശരാജ്യ” ത്തിലെ “സർപ്പധരനന്ദന” നെപ്പറ്റിയുള്ളതാണു് ഈ സ്തോത്രം.

“പണ്ടു കാലാരി ദന്താവളാധീശനായ്
ക്കൊണ്ടനാളദ്രികന്യാ പിടിക്കോലമായ്
കൊണ്ടു കളി തടവുകയിലുടനടവിഭുവി പിറവി
തണ്ടിന വിനായകം നൗമി ലംബോദരം.”

“പിൻതുടർന്നന്തകാരേരുടൻ ചെന്ന നേ
രം തരും നൽവിരുന്നുണ്ടലം ഭാവഹീ
നം ധനദനൊരു കുറവു ചെറുതരുളുമരിയ വര
ദം ത്രിഭുവനാധിപം നൗമി ലംബോദരം.”

(14) ഗംഗാധരസ്തോത്രം
“പന്നഗവ്രാതവും വാസവാദ്യുമ്പർ പെ
യ്യുന്ന പൂമാലയും ബാലശീതാംശുവും
സ്വർന്നദിയുമുരപെരിയ ജടയിലണിയും ഗിരീ
ശം നഗസുതാവരം നൗമി ഗംഗാധരം.”

“പൊട്ടിവീഴും പൊരിപ്പെട്ട ചെന്തീക്കനൽ
ക്കട്ട ചിന്തും നിടിലേക്ഷണേ കാൽക്ഷണം
ദുഷ്ടമദരഹിതമൊരു മകളെയുളവാക്കുവോ-
രിഷ്ടജനലാളകം നൗമി ഗംഗാധരം.”

(15) തിരുനാവാ മുകുന്ദസ്തോത്രം
“നല്ക്കാളമേഘരുചി കൈക്കൊണ്ടിരുണ്ടു മണ
മിക്ഷോണിമേലിയലുമക്കൈശികാവലിയു
മർക്കായുധപ്രഭയൊടൊക്കും കിരീടവുമു
ദിക്കെന്നിൽ മേലിലിനി നാവാമുകുന്ദ! ജയ.

നല്ലോരു മഞ്ഞൾനിറമുള്ളോരു പൂന്തുകിലു
മുല്ലോലചാരുതരകല്യാണകാഞ്ചികളു
മെല്ലാമണിഞ്ഞുനെറിവെല്ലുന്ന നിൻജഘന
മുള്ളൊന്നു ചേർന്നരുൾക നാവാമുകുന്ദ ജയ.”

(16) തിരുവങ്ങാട്ടു ശ്രീരാമസ്തോത്രം
“ഭംഗ്യാ നിറൻറ തിരുവങ്ങാടുലാവിനൊരു
തുംഗാനുഭാവ ജയ ശ്രീരാമ രാമ ജയ.
അക്ഷീരവാരിധിയിലക്കാന്ത പൂമകളൊ
ടക്ഷീണമാർന്നു കുടികൊണ്ടോരു രാമ ജയ.

ആടോപശാലിദശകണ്ഠം വധിപ്പതിനു
ചൂടാർന്ന ദേവകൃതസന്നാഹ രാമ ജയ…
ഐക്യം കലർന്നനുജനോടും മുനീന്ദ്രനൊടു
മാക്കം തിരണ്ടു നടകൊണ്ടോരു രാമ ജയ.”

(17) ചെങ്ങന്നൂർ ശിവസ്തോത്രം
“ആലമമൃതമിവ പരുകീടിന കാലമദനപുരസൂദന! ഭവ! തവ
ഫാലാനലനയനവുമണിചിലപോലേ വിലസിന കുനുചില്ലിയു
മാലോലവിലോചനയുഗളവുമാലസതു മദീയേ ഹൃദി ശശി
മൗലേ! ശിവ! ചെങ്ങന്നൂർ മികുമഗതനയാരമണ തൊഴുന്നേൻ.”

“ഈശാന! നിശാകരകമലനികാശാനനമനുദിനമശുഭവി
നാശായ വിളങ്ങുക മമ ഹൃദി കിംശുകമലരടി തൊഴുമധരവു
മാശാംബര! ഗിരിതനയാസരസാചുംബനകൊതി പെടുമാറതി
പേശലമതു ചെങ്ങന്നൂർ മികുമഗതനയാരമണ തൊഴുന്നേൻ.”

(18) തൃപ്പൂണിത്തുറ വിഷ്ണുസ്തോത്രം
“പത്മാസനപുരഹരസുരവരപൊൽപ്പൂമുടിമണിഗണ സുഷമക
ളെപ്പേരുമണിഞ്ഞവ നതജനകല്പദ്രുമമാം തവ പദയുഗ
മുൾപ്പൂവിൽ വിളങ്ങീടുക ദുരിതപ്രൗഢികളമയ്വതിനനവധി
പത്മാധവ തൃപ്പൂണിത്തുറ മലർവനിതാരമണ തൊഴുന്നേൻ.”

(19) തിരുവനന്തപുരം വിഷ്ണുസ്തോത്രം
“പേടിപെടുത്തുലകിടമൊക്കെപ്പൊടിപെടുമാറലറിനടക്കി
ക്കാടു തകർത്തലറിയടുക്കും താടകയെത്താഡിപ്പതിനും
ചാടു തകർപ്പതിനും പുരഹരചാപമൊടിച്ചിടുവതിനും ഞാൻ
വേണമനന്താഖ്യപുരാധിപ! ഭൂജഗാധിപശയന! തൊഴുന്നേൻ.

പൈന്തേൻമൊഴി മായ ചമഞ്ഞപ്പുഞ്ചിരിയും തൂകിക്കൊഞ്ചി
പ്പന്തിയലും കൊങ്ക കുലുങ്ങപ്പൂന്തുകിലും ചായലുമഴിയ
പ്പന്തമടിച്ചങ്ങനെ ഞാൻ ചെന്നംഗജരിപുചിത്തം വഞ്ചി
ച്ചരുളേണമനന്തപുരാധിപ! ഭുജഗാധിപശയന! തൊഴുന്നേൻ.”

(20) തിരുമണിവെങ്കടപുരം വിഷ്ണുസ്തോത്രം
“അടിമൂവടി മഹി മാബലിയൊടു നീരഴകൊടു കൊ
ണ്ടടവേ പുനരുലകീരടിയരയായളവുതകും
വടിവാർന്നന വടുവാകിയ വരദം തനുനെറിയെ
ന്നുളി [1] ലമ്പനുദിനമമ്പുക മണിവെങ്കടവരനേ.”

“അരചൻ ജനകതനൂജയെ വിപിനാലതിവിരയും
വിരഹേ ഖഗവചസാ പുനരറിയുന്നളവലയിൽ
ചിറ നേർകടന്നസുരം പൊരുതൊരു രാഘവവടിവെ-
ന്നുളിലമ്പനുദിനമമ്പുക മണിവെങ്കടവരനേ.”

(21) മാധവസ്തുതി
ഇതിൽനിന്നു് ഒരു പാട്ടു പകർത്തിക്കാണിക്കാം:

“വത്സരൂപം കറ്റു മെല്ലേ വന്ന ദൈത്യം കൊന്റു നീയെൻ
ചിത്തമോദം നല്കുകെന്റെ മാതവാ!
സകലലോകധ്വംസശീലം പിന്നെ വന്നോരാദികായം
ബകനെ മെല്ലെക്കൊന്റ വീരാ മാതവാ!”
ഏറ്റവും വിസ്തൃതമായ ഈ സാഹിത്യവിഭാഗത്തിന്റെ സ്വരൂപമെന്തെന്നു് ഇത്രയുംകൊണ്ടു ഗ്രഹിക്കാവുന്നതാണല്ലോ. അകാരാദിക്രമത്തിലാണു് ഈ സ്തോത്രങ്ങൾ പ്രായേണ രചിച്ചിരിക്കുന്നതു്. അതു ഭക്തന്മാരുടെ സ്മൃതിസൗകര്യത്തെ ലക്ഷീകരിച്ചുമാണു്. അതുകൊണ്ടു് ഓരോ സ്തോത്രത്തിലും പതിന്നാലു ഘടകങ്ങൾ (ഋ-ഋ, നു, നൂ ഇവ വിട്ടു്) അടങ്ങിയിരിക്കും ‘അ-ആ’ ‘ക-കാ’ ‘ത-താ’ ‘ന-നാ’ ‘പ-പാ’ ‘മ-മാ’ എന്നീ ആറു വർണ്ണസംഘങ്ങളേയുമാണു് സ്തോത്രകാരന്മാർ ആശ്രയിക്കുന്നതു്. മുൻപു മാത്രക പ്രദർശിപ്പിച്ച പാട്ടുകളിൽ ചിലതു് എട്ടാംശതകത്തിലും മറ്റു ചിലതു് ഒൻപതാം ശതകത്തിലും വിരചിതങ്ങളാണെന്നു വരാവുന്നതാണു്; അതിനിപ്പുറമല്ലെന്നു തീർച്ചയായി പറയാം. ഭാഷാ സാഹിത്യത്തിന്റെ വികാസത്തിനു് ഈ എളിയ പ്രസ്ഥാനവും ഏറെക്കുറെ പ്രയോജകീഭവിച്ചിട്ടുണ്ടു്. സംസ്കൃതത്തിൽ ഇക്കാലത്തു നിർമ്മിച്ചിട്ടുള്ള കീർത്തനങ്ങളിലും അകാരാദിക്രമം അനുസരിച്ചു കാണുന്നു. പഴയ ചമ്പുക്കളിലേ ഗദ്യങ്ങളുടെ രൂപത്തിൽ നിർമ്മിച്ചിട്ടുള്ള ചില സ്തോത്രങ്ങൾകൂടി പ്രദർശിപ്പിക്കാം. അധോലിഖിതങ്ങളായ മൂന്നു സ്തുതികളും ഒരേ കവിയുടെ കൃതികളാണു്.

(22) നാരായണസ്തോത്രം
തൃപ്പൂണിത്തുറയപ്പനെപ്പറ്റിയുള്ള ഈ സ്തോത്രം ഏറ്റവും ഹൃദയഹാരിയാണു്. ചില വരികൾ ഉദ്ധരിക്കാം:

“അമൃതോത്ഭവമുടനണയും നേരം ഗജതുരഗാദികളോരോ രത്ന
ശ്രേണികളുടനുടനുണ്ടാംനേരം ചാരുപയോധൗ പോന്നുപിറന്ന
മ്മലർമാനിനിതാനത്ഭുതവേഷവിലാസം കൈക്കൊണ്ടുണ്ടായ്വന്നിതു
സ്തനഭാരംകൊണ്ടാനതമധ്യാ മന്ദസ്മിതരുചിരാനനശോഭാ
ഭാസിതകുണ്ഡലലളിതാഭോഗാ മലർനിര താവി മനോഹരവേഷാ
ലീലാപാംഗവിനർത്തിതമദനാ നാനാരത്നവിഭൂഷണയുക്താ
മന്ദംമന്ദമപാംഗവിലാസൈരാരാധിച്ചാളനുപമമാരാൽ.
* * * *
അംഗവുമിന്നീയംഗിയുമിന്നീ ദൃശ്യവുമിന്നിയദൃശ്യവുമിന്നീ;
വേത്താവും നീ വേദ്യവുമിന്നീ വേദവുമിന്നീ ശാസ്ത്രവുമിന്നീ;
ഗാതാവും നീ ഗാനവുമിന്നീ ഹോതാവും നീ ഹവ്യവുമിന്നീ;
മന്ത്രവുമിന്നീ തന്ത്രവുമിന്നീ ഭോക്താവും നീ ഭോജ്യവുമിന്നീ.
* * * *
തിറമൊടു തൃപ്പൂണിത്തുറയൻപാർന്നമരുമശേഷജഗന്മംഗല ജയ
ലക്ഷ്മീവല്ലഭ പുഷ്കരലോചന വരദ തൊഴുന്നേൻ വരദ തൊഴുന്നേൻ.”

(23) ശിവസ്തോത്രം
നാരായണസ്തോത്രത്തെക്കാൾ വിശിഷ്ടമാണു് ശിവസ്തോത്രം. ചില പങ്ക്തികൾ നോക്കുക:

“ചന്തം ചിന്തും നന്ദി വിതന്ദ്രം തുംഗമൃദംഗം താക്കുന്നേരം
മനസി തെളിഞ്ഞമ്മലമകളയ്യാ മധുരത പൊഴിയെപ്പാടുന്നേരം
കാളും നയനശിഖിജ്വാലാമുടനേറ്റേറ്റിളമതി വാടുന്നേരം
ഭൂഷാമണികൾ പിണഞ്ഞു പിണഞ്ഞിട്ടങ്ങോടിങ്ങോടാടുന്നേരം
ജലനിധിനിവഹം ചെറുതു കലങ്ങെക്കുലഗിരിവൃന്ദം ഝടുതികുലുങ്ങെ
ത്രിദശഗണങ്ങൾ തെളിഞ്ഞുതുടങ്ങെക്കിന്നരകിംപുരുഷോരഗചാരണ
ഭൂതപ്രേതപിശാചനിശാചരസിദ്ധമുനീശ്വരവിദ്യാധരകുല
മംഗലനുതികളണഞ്ഞുവണങ്ങെപ്പുളകശ്രേണികൾ മെയ്യിലിണങ്ങെ
പ്പതിയ ചിലമ്പുകളാശു കിലുങ്ങെക്കരതലചഞ്ചല ഹരിണീലോചന
വിഭ്രമസരണികൾ ചെറുതു പതുങ്ങെത്തിരുവദനേ നവസുഷമാസദനേ
ഘർമ്മകണങ്ങളണിഞ്ഞുവിളങ്ങെഗ്ഗംഗാ തരളതരംഗാവലികൾ പു
ളയ്ക്കുന്നളവിലിളക്കം കരുതി മികയ്ക്കും ഘുമഘുമനിനദഗഭീരിമ
പെരികെ മുഴങ്ങെപ്പവനികളിൽച്ചേർന്നംബരസീമ്നി വിതാനംപോലേ
വലിയ ജടാളി പരന്നിടതിങ്ങെ ബ്രഹ്മകപാലശ്രേണികളും ചില
രുദ്രാക്ഷങ്ങളുമൊക്കെപ്പൊട്ടിച്ചിതറിച്ചിതറിച്ചാരുകടുന്തുടി
തന്മേൽ മെത്തിന ഡുമുഡുമുനിനദം പെരികെമുഴങ്ങെസ്സന്ധ്യാകാലേ
സന്തോഷംപൂണ്ടഴകിനൊടിന്നീ കരുതും നിരുപമതാണ്ഡവലീലാ
കോലാഹലമിഹ കൺകൊണ്ടനിശംകണ്ടാവൂ ഞാൻ.”
‘ഭോക്താവും നീ ഭോജ്യവുമിന്നീ’ മുതലായ വരികൾ ഇതിലും കാണുന്നു.

(24) കാളീസ്തോത്രം
ഇതുപോലെതന്നെ ഹൃദയമോഹനമായ ഒരു കൃതിയാണു് കാളീസ്തോത്രവും. ചില വരികൾ അടിയിൽ ചേർക്കുന്നു:

“ജയ ജയ നാഥേ ജലധരനാദേ ഭഗവതിതുംഗേ ഭവഭയഭംഗേ!
ജനനി ശരണ്യേ ജഗദുരുപുണ്യേ സനകസനന്ദാദിഭിരഭിവന്ദ്യേ!
* * * *
പാരിൽ നിറഞ്ഞസുരപ്പട ചൂഴ നിറത്തൊടെതിർത്തു
തിമിർത്തു തിമിർത്തു
കളിച്ചുകളിച്ചു ചിരിച്ചുചിരിച്ചു ദുഷിച്ചുദുഷിച്ചു
പറഞ്ഞണയത്തമർ
കിട്ടിന ദാരുകനെപ്പിടിപെട്ടു ചവിട്ടിയടിച്ചു മലർത്തി
മുതിർത്തണി
മാർവിടയിൽ ത്രിശിഖാഗ്രമിറക്കി വലിച്ചു വളർന്ന
വ്രണങ്ങളിൽനിന്നരു
വിപ്പുനലൊത്തു പുറപ്പെടുമക്കുരുതിക്കളി വട്ടക മുട്ട നിറച്ചു പ
കർന്നു കുടിച്ചുകുടിച്ചു പുളച്ചുപുളച്ചു രസിച്ചുരസിച്ചുദരം പരി
പൂർത്തിവരുത്തിവരുത്തിയെടുത്തു തൊടുത്തപടർക്കുടൽമാലകൾ കൊണ്ടുമു–
ടിക്കു യഥേഷ്ടമണിഞ്ഞു കളഞ്ഞു കളഞ്ഞവശേഷമറഞ്ഞു തനിക്കു ചു
ഴന്നു വണങ്ങിന ഭൂതപിശാചഗണത്തിനു ഭോഗമെറിഞ്ഞു നിറഞ്ഞരു
ഷാ തലവെട്ടി നിവർന്നെഴ നിന്ന നിലത്തിലുറച്ച പദാംബുരുഹങ്ങ
ളടക്കിന നൃത്തപടുപ്രിയ”
* * * *
“മിഹിരനു ദീധിതിയായതു നീയേ പവനനു വേഗവുമായതുനീയേ
മലമകൾ നീയേ മലർമകൾ നീയേ കവിമകൾ നീയേ വസുമതി നീയേ”
ഇനിയും ഇത്തരത്തിൽ വേറേയും ചില സ്തോത്രങ്ങളുണ്ടെങ്കിലും വിസ്തരഭയംനിമിത്തം അവയെപ്പറ്റിയുള്ള പരാമർശനത്തിൽനിന്നു വിരമിക്കേണ്ടിയിരിക്കുന്നു.

(25) ദണ്ഡകസ്തോത്രങ്ങൾ
ഭാഷാദണ്ഡകങ്ങളുടെ രീതിയിൽ ശൃംഖലകൾ ചേർത്തു രചിച്ചിട്ടുള്ള അനേകം സ്തോത്രങ്ങൾ അക്കാലത്തും അതിൽ പിന്നീടും ഓരോ കവികളുടെ വാങ്മയങ്ങളായുണ്ടു്. രണ്ടു ദണ്ഡകങ്ങളിൽനിന്നു ചില ഭാഗങ്ങൾ ഉദ്ധരിക്കാം:

ശിവസ്തോത്രം
“കണ്ടോരു പാമ്പു മെയി (യ്യി) ലുണ്ടായവാറു ചിലർ
കണ്ടാലിതെന്തു ചിരിയാരോ?
കലപിലനെയലറുമൊരു പുലിയുരിയുമരയിലിതു
ചിലചില ചിലമ്പു ചെലനെന്നും.(1)

തീയുണ്ടു ചെഞ്ചിടയിൽ നീറുന്നതെന്തിനിതു
കാർകൊണ്ടിരുണ്ട മഴപോലേ
തിടുതിടിനെയൊഴുകുമതു ചിറയിടുമതറിയരുതു
മുറുമുറ മുറിഞ്ഞുവരുമോതാൻ?”
ശ്രീകൃഷ്ണസ്തോത്രം
ഉല്ലോലപീലിമലരെല്ലാമണിഞ്ഞിരുളെ
വെല്ലുന്ന പൂങ്കുഴലൊതുങ്ങീ;
ഉലയുമൊരു കർണ്ണാ–ഭരണനിഴൽ മിന്നും
കവിളിണയുമുരുകരുണ പൊഴിയുമൊരു മിഴിമുനയു
മതിമൃദുലമുറുവലുമിയങ്ങീ.(1)

കല്യാണകാന്തിഭരകല്യേന്ദുസുന്ദരമി
തെല്ലായിലും നിജജനാനാം,
കലയ നയനാനാം–ഫലമിതമിതാനാം,
തിരുമുഖവുമതിലളിതഗളലുളിതതുളസികുല
കലിതമപി കുവളമലർദാമം.(2)


അദ്ധ്യായം 23 - മണിപ്രവാള സാഹിത്യം: ഭാഷാചമ്പുക്കൾ

ക്രി. പി. പതിനഞ്ചാം ശതകം

23.1പുനംനമ്പൂരി, കാലം

കോഴിക്കോട്ടു മാനവിക്രമമഹാരാജവിന്റെ വിദ്വത്സദസ്സിലേ ഒരംഗമായിരുന്ന പുനം നമ്പൂരിയെപ്പറ്റി പിന്നീടു് ഉപന്യസിക്കാമെന്നു് ഇരുപതാമധ്യായത്തിൽ വിജ്ഞാപനം ചെയ്തിട്ടുണ്ടല്ലോ. സംസ്കൃതത്തിലല്ലാതെ മണിപ്രവാളത്തിൽമാത്രം കവനം ചെയ്തിരുന്നതുകൊണ്ടു് അദ്ദേഹത്തെ ‘അരക്കവി’ എന്ന നിലയിലേ അക്കാലത്തേ വിദ്വാന്മാർ പരിഗണിച്ചിരുന്നുള്ളൂ എങ്കിലും വാസ്തവത്തിൽ അദ്ദേഹം ഒരു ‘ഒന്നരക്കവി’യായിരുന്നു. സാമൂതിരിയും കോലത്തിരിയും തമ്മിൽ കൊല്ലം 627-ആമാണ്ടു ചെയ്ത സഖ്യത്തെ പിൻതുടർന്നു കോലത്തിരി പുനത്തിൽ കുഞ്ഞിനമ്പിടിയെ സാമൂതിരിക്കോവിലകത്തേക്കു് അയച്ചുകൊടുത്തതിനു രേഖയുണ്ടെന്നു് ഇരുപത്തിരണ്ടാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. അന്നു പണ്ഡിതപ്രിയനായ മാനവിക്രമമഹാരാജാവു് ഒന്നുകിൽ നാടുവാണിരിക്കുകയോ അല്ലെങ്കിൽ യുവരാജാവായിരുന്നിരിക്കുകയോ ചെയ്യാം. ഏതായാലും പുനംനമ്പൂരി കോലത്തു നാട്ടുകാരനും കോലത്തിരിയുടെ ആശ്രിതനുമായിരുന്നു എന്നും അവിടെനിന്നു കോഴിക്കോട്ടേക്കു പോയി മാനവിക്രമന്റെ സദസ്യനായിത്തീർന്നു എന്നും ന്യായമായി ഊഹിക്കാവുന്നതാകുന്നു.

ചരിത്രം
പുനം സാമൂതിരിപ്പാട്ടിലേക്കു് ആദ്യമായി സമർപ്പിച്ച

“താരിത്തന്വീകടാക്ഷാഞ്ചലമധുപകുലാ
രാമ, രാമാജനാനാം
നീരിത്താർബാണ, വൈരാകരനികരതമോ
മണ്ഡലീചണ്ഡഭാനോ,
നേരെത്താതോരു നീയാം തൊടുകുറി കളയാ
യ്കെന്നുമേഷാ കളിക്കു
ന്നേരത്തിന്നിപ്പുറം വിക്രമനൃവര, ധരാ
ഹന്ത! കല്പാന്തതോയേ.”
എന്ന മനോമോഹനമായ പദ്യം കേട്ടു് അവിടെ സന്നിഹിതനായിരുന്ന ഉദ്ദണ്ഡശാസ്ത്രികൾ “അന്ത ഹന്തയ്ക്കിന്തപ്പട്ടു്” എന്നു ഹർഷോൽഘോഷണം ചെയ്തുകൊണ്ടു് തന്റെ ഉത്തരീയപ്പട്ടു സമ്മാനിച്ചതായി ഐതിഹ്യമുണ്ടു്. വാസ്തവത്തിൽ പ്രസ്തുതപദ്യത്തിലേ ‘ഹന്ത’ ആ വിദ്വൽപാരിതോഷികത്തെ പ്രകർഷേണ അർഹിക്കുന്നു. ശാസ്ത്രികൾക്കു ഭാഷാകവികളെപ്പറ്റി പൊതുവേ വലിയ ബഹുമാനമുണ്ടായിരുന്നില്ല. പക്ഷേ

“ഭാഷാകവിനിവഹോഽയം ദോഷാകരവദ്വിഭാതി ഭുവനതലേ
പ്രായേണ വൃത്തഹീനസ്സൂര്യാലോകേ നിരസ്തഗോപ്രസരഃ”
എന്നു് അവരെ അവഹേളനം ചെയ്ത അദ്ദേഹം പട്ടാംബരദാനത്തിനു പുറമേ പുനത്തെ

“അധികേരളമഗ്ര്യഗിരഃ കവയഃ
കവയന്തു വയന്തു ന താൻ പ്രണുമഃ;
പുളകോദ്ഗമകാരിവചഃപ്രസരം
പുനമേവ പുനഃപുനരാനുമഹേ”
എന്ന പ്രശംസാപത്രംകൊണ്ടുംകൂടി ധന്യനാക്കുകയാണു് ചെയ്തതു്. ‘വീണാലസന്മണിഖലായ’ ഇത്യാദി ശ്ലോകം പുനം എങ്ങനെ പൂരിപ്പിച്ചു ശാസ്ത്രികളുടെ ബഹുമാനത്തെ ആവർജ്ജിച്ചു എന്ന് ഇരുപതാമധ്യായത്തിൽ വിവരിച്ചിട്ടുണ്ടു്. മാനവിക്രമന്റെ അനന്തരഗാമിയാണെന്നു് അനുമാനിക്കാവുന്ന മാനവേദമഹാരാജാവിനെപ്പറ്റി പുനം രചിച്ചതാണു്

“ജംഭപ്രദ്വേഷിമുൻപിൽ സുരവരസദസി
ത്വൽഗുണൌഘങ്ങൾ വീണാ
ശുംഭൽപാണൌ മുനൌ ഗായതി സുരസുദൃശാം
വിഭ്രമം ചൊല്ലവല്ലേൻ;
കുമ്പിട്ടാളുർവശിപ്പെണ്ണകകമലമലി
ഞ്ഞൂ, മടിക്കുത്തഴിഞ്ഞൂ,
രംഭയ്ക്കഞ്ചാറു വട്ടം കബരി തിരുകിനാൾ
മേനകാ മാനവേദ.”
എന്ന ശ്ലോകം. മാനവിക്രമന്റെ നിര്യാണത്തിനുശേഷം കോഴിക്കോട്ടേ ആസ്ഥാനസദസ്സിൽ സൽകവികൾക്കു വേണ്ട പ്രോത്സാഹനം സിദ്ധിച്ചിരുന്നില്ല എന്നു പുനം താഴെക്കാണുന്ന ശ്ലോകത്തിൽ വിലപിക്കുന്നു:

ചൊല്ലേറും വിക്രമക്ഷ്മാപതി, ഗിരിജലധി
സ്വാമി, സാഹിത്യലക്ഷ്മീ
മുഖ്യസ്ഥാനം, കവിത്വാമൃതനിധി പരലോ
കേ മുദാ വാന്റ [1] മൂലം
ഇക്ഷോണീമണ്ഡലേ സംസ്കൃതകവിത പല
ർക്കുണ്ടു; കണ്ടെച്ചിലെല്ലാം
നക്കും നായ്ക്കും തൊടുക്കിന്റിതു ശിവ ശിവ ഭാ
ഷാകവിത്വാഭിമാനം.”
പുനത്തിന്റെ കവിതയെപ്പറ്റി സമകാലികന്മാർക്കുള്ള മതിപ്പു് എത്ര വലുതായിരുന്നു എന്നുള്ളതിനു താഴെ ഉദ്ധരിക്കുന്ന മുക്തകവും സാക്ഷ്യം വഹിക്കുന്നു:

“പുനം ചമയ്ക്കുന്ന ചിലോകമെല്ലാ
മനന്തു ചൊല്ലീട്ടിഹ കേൾപ്പനോ ഞാൻ
കനം തിരണ്ടീടെഴുമിക്ഷുകാണ്ഡാൽ
കിനിഞ്ഞു പൂന്തേനൊഴുകുന്നപോലെ.”

23.2പുനവും ശങ്കരകവിയും

ശ്രീകൃഷ്ണവിജയകാരനായ ശങ്കരകവിയെക്കുറിച്ചു് ഇരുപതാമധ്യായത്തിൽ ഉപന്യസിച്ചിട്ടുണ്ടല്ലോ. ഉപരി വിചിന്തനം ചെയ്യുവാൻ പോകുന്ന ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തിൽ ഈ രണ്ടു കവികളേയും പറ്റി യഥാക്രമം ഓരോ പദ്യം കാണുന്നുണ്ടു്. ‘ഉചിതരസവിചാരേ’ എന്നു തുടങ്ങിയുള്ള ശങ്കരപ്രശസ്തിപരമായ പദ്യം മുൻപു് എടുത്തുചേർത്തിട്ടുണ്ടു്. പുനത്തെപ്പറ്റിയുള്ള പദ്യം താഴെക്കാണുന്നതാണു്:

“മദനസമരസമ്മർദ്ദാന്തരോത്ഭൂതകാന്താ
മണിതമധുരമാധുര്യൈകവംശപ്രസൂതൈഃ
മതുമത മണമോലും പദ്യബന്ധൈരനേകൈ
ർമ്മദയതി പുനമിന്നും ഭൂരിഭൂചക്രവാളം.”
‘പദ്യബന്ധൈഃ’ എന്നതിനു ‘പദ്യഭേദൈഃ’ എന്നും ‘പദ്യഗദ്യൈഃ’ എന്നും പാഠഭേദങ്ങളുണ്ടു്. പുനത്തിനു മാരലേഖയെന്നും ശങ്കരനു മാനവീമേനകയെന്നും ഉള്ള ഗുഢനാമങ്ങളിൽ ഓരോ യുവതിമാർ പ്രേമഭാജനങ്ങളായിരുന്നു. അവരെപ്പറ്റി പ്രസ്തുത കാവ്യത്തിൽ

“മധുമൊഴി പുനമെന്നാ നൽക്കവീന്ദ്രേണ സാര
സ്വതപരിമളമോലും പദ്യഭേദൈരനേകൈഃ
പകലിരവു വളർത്തി സ്തൂയമാനാപദാനാ
മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ;

ഉലകഖിലമിളക്കിക്കൊണ്ടു തണ്ടാരിൽമാതിൻ
നയനസുകൃതമാലാ മാരലേഖാ തദാനീം
യുവതിഭിരഭിവീതാ പൂർണ്ണചന്ദ്രോത്സവത്തി
ന്നഴകിനൊടെഴുനള്ളീ മേദിനീചന്ദ്രികായാഃ.”
എന്നും;

“ശ്രീശങ്കരേണ വിദുഷാ…വർണ്യമാനാ [2] ”
“പുകഴുലകിൽ വിതയ്ക്കും മേദിനീവെണ്ണിലാവി
ന്നഭിമതസഖി, വെള്ളിപ്പള്ളിയമ്പംഗയോനേഃ
പരഭൃതമൊഴി മമ്മാ! മാനവീമേനകപ്പൂ
മകളഴകൊടു വന്നാൾ പൂർണ്ണചന്ദ്രോത്സവായ.”
എന്നുമുള്ള പദ്യങ്ങളിൽ വർണ്ണിച്ചിരിക്കുന്നു. മാരലേഖയെപ്പറ്റി പരാതിപ്പെട്ടു പുനം ശങ്കരകവിക്കു് അയച്ച ഒരു ശ്ലോകമാണു് ചുവടേ കുറിക്കുന്നതു്:

“മൽപ്രാണങ്ങളിനുണ്ടു നിന്നൊടരിയോരന്യായമിപ്പോളെടോ
പത്മാമംഗലരംഗ, ശങ്കരകവേ, നിന്നോമലന്യാദൃശീ;
മൽപ്രാണേശ്വരി, മാരലേഖ, മഹിളാരത്നം തരിന്റീലെടോ
ചെപ്പേലും മുലമൊട്ടെനിക്കു നളിനത്താർബാണപീഡാനിധേഃ”
അതു കണ്ടിട്ടു ശങ്കരകവി മാരലേഖയ്ക്കു് അധോലിഖിതമായ പദ്യം അയച്ചുകൊടുക്കുകയുണ്ടായി:

“ധന്യേ സൽപാത്രദാനംപ്രതി തവ മടിയെ
ന്തെന്തു മുന്നേ കൊടാഞ്ഞൂ
കുന്റേലും കൊങ്ക, പങ്കേരുഹമുഖി, പുനമാം
നൽക്കവീന്ദ്രന്നതന്ദ്രം?
അന്യായം ചൊല്ലുമാറാക്കിനതമലഗുണേ,
യുക്തമോ? ചിത്തമയ്യോ!
ഖിന്നം കാണേതദീയം മദനശരശിഖാ
ദാരുണം മാരലേഖേ.”
ഇതിൽനിന്നെല്ലാം പുനത്തിന്റെ ജീവിതകാലം 600-നും 630-നും ഇടയ്ക്കാണെന്നു് ഉറപ്പിച്ചു പറയാവുന്നതാണു്.

23.3രാമായണം ചമ്പു

പുനമാണു് രാമായണചമ്പുവിന്റെ നിർമ്മാതാവു് എന്നു സ്ഥാപിക്കുന്നതിനു പ്രത്യക്ഷലക്ഷങ്ങൾ ഒന്നുമില്ല. ഏതെങ്കിലും ഒരു ബൃഹത്തായ മണിപ്രവാളകാവ്യത്തിന്റെ പ്രണേതൃത്വംകൂടാതെ അദ്ദേഹത്തിനു തന്റെ ജീവിതകാലത്തിൽത്തന്നെ മേൽ സ്മരിച്ച ശ്ലോകങ്ങളിൽനിന്നു വ്യഞ്ജിക്കുന്ന വിധത്തിലുള്ള മഹത്തായ യശസ്സു സിദ്ധിച്ചിരിക്കുവാൻ മാർഗ്ഗമില്ലല്ലോ. ഭാഷാരീതിയുടെ പഴക്കം നോക്കിയാൽ രാമായണചമ്പു പുനത്തിന്റെ കാലത്തു വിരചിതമായ ഒരു കൃതിയാണെന്നു വെളിപ്പെടുന്നു. ‘അസ്ത്രങ്ങളിന്നു മുള’ ‘ധരിച്ചാളെന്മാറിലൂ’ ‘വന്നാറ് ’ എന്നിത്യാദി പ്രയോഗവിശേഷങ്ങളും, മൈന്തർ (തരുണൻ), അങ്കി (അഗ്നി), നവരം (ശ്രേഷ്ഠം), ചുവയാ (രസിക്കുകയില്ല), വിരൺ (കൊതി) മുതലായ പഴയ പദങ്ങളും ആ മതത്തിനു് ഏറെക്കുറേ അവലംബം നല്കുന്നു. പ്രത്യക്ഷമായി കർത്തൃനാമം രേഖപ്പെടുത്തീട്ടില്ലാത്ത കേരളീയ ചമ്പുക്കളുടെ നിർമ്മാതൃത്വം നിർണ്ണയിക്കുന്നതിനു് പല വൈഷമ്യങ്ങളുണ്ടു്. അവയിൽ അതിപ്രധാനമായി പറയേണ്ടതു് ആ ഗ്രന്ഥങ്ങളുടെ കർത്താക്കന്മാർ പൂർവ്വകവികളുടെ പദ്യങ്ങളെ ചിലപ്പോൾ അതേ നിലയിലും, മറ്റു ചിലപ്പോൾ അല്പാല്പം രൂപ ഭേദം വരുത്തിയും, വേറെ ചിലപ്പോൾ തർജ്ജമചെയ്തും സ്വകീയമാക്കുന്നു എന്നുള്ളതാണു്. അവരുടെ കാലത്തിനുശേഷം ആ ചമ്പുക്കൾകൊണ്ടു കൈകാര്യം ചെയ്തിരുന്ന മറ്റുചിലരും അന്യകൃതികളിൽനിന്നു സംസ്കൃതത്തിലും ഭാഷയിലുമുള്ള ഗദ്യപദ്യങ്ങൾ അവസരോചിതമായി എടുത്തു ചേർത്തു് അവയെ പുഷ്ടിപ്പെടുത്തീട്ടുണ്ടു്. രാമായണചമ്പുവിൽത്തന്നെ രഘുവംശം, മാഘം, നൈഷധീയചരിതം, ഭോജചമ്പു, ഉത്തരരാമചരിതം, ബാലരാമായണം, മഹാനാടകം, അനർഘരാഘവം, പ്രസന്ന രാഘവം, രഘുവീരചരിതം (നാടകം) മുതലായ അനവധി ഗ്രന്ഥങ്ങളിൽനിന്നു പദ്യഗദ്യങ്ങളും വാസവദത്ത, ഭോജചമ്പു ഇവയിൽനിന്നും മറ്റും ഗദ്യങ്ങളും ഉദ്ധൃതങ്ങളായിക്കാണുന്നു. ഇത്തരത്തിലുള്ള ഒരു അതിനിബിഡമായ അന്ധകാരത്തിൽ നാം ഭാഷയിൽനിന്നു ലഭിക്കുന്ന ലഘുവായ പ്രകാശത്തെ തിരസ്കരിക്കുന്നതായാൽ ആശ്രയാന്തരമില്ലാതെ ഉഴന്നുപോകും. ഉദ്ദണ്ഡന്റെ ‘സ്വസ്മിൻ വേശ്മനി’ ഇത്യാദി പദ്യം രാമായണ ചമ്പുവിന്റെ ചില ആദർശഗ്രന്ഥങ്ങളിൽ രാമാവതാരം പ്രബന്ധത്തിന്റെ ആരംഭത്തിൽ ചേർത്തുകാണുന്നു. ഉദ്ദണ്ഡനും പുനവും തമ്മിലുള്ള മൈത്രീബന്ധം സ്മരിക്കുമ്പോൾ രാമായണ ചമ്പു പുനത്തിന്റെ കൃതിയാണെന്നുള്ളതിനു് അതു് ഒരു തെളിവായി സ്വീകരിക്കാവുന്നതാണു്; എന്നാൽ എല്ലാ ഗ്രന്ഥങ്ങളിലും ആ പദ്യം കാണുന്നില്ലെന്നുള്ളതു് ആ തെളിവിനെ ദുർബ്ബലപ്പെടുത്തുന്നില്ലെന്നുമില്ല. ഏതായാലും കിട്ടിയിടത്തോളമുള്ള ലക്ഷ്യങ്ങളെ ആസ്പദമാക്കി പ്രസ്തുതചമ്പു പുനത്തിന്റെ പ്രധാന കൃതിയാണെന്നു പറയുന്നതിൽ അപാകമില്ലെന്നു തോന്നുന്നു. രാമായണചമ്പുവിലേ പല ഗദ്യപദ്യങ്ങളിലും പാഠഭേദങ്ങൾ കടന്നുകൂടീട്ടുണ്ടു്. കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിയിൽ നിന്നു പ്രസിദ്ധീകരിച്ചിട്ടുള്ള ഭാഗങ്ങളിലെ പാഠം തിരുവിതാംകൂർ ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിയിൽ ചേർത്തു പ്രകാശിതമായ പുസ്തകത്തിലുള്ള അതേ ഭാഗങ്ങളിലേ പാഠത്തിൽനിന്നു ചില ഘട്ടങ്ങളിൽ വ്യത്യസ്തമായിരിക്കുന്നു.

23.4പുനം ചമ്പൂരചനയിൽ വരുത്തിയ പരിഷ്കാരങ്ങൾ

ഉണ്ണിയച്ചിചരിതം, ഉണ്ണിച്ചിരുതേവിചരിതം, ഉണ്ണിയാടിചരിതം മുതലായ പതിന്നാലാം ശതകത്തിലെ ഭാഷാചമ്പുക്കൾ ഇതിവൃത്തവിഷയത്തിൽ ഇതിഹാസപുരാണങ്ങളെ ഉപജീവിച്ചിരുന്നില്ല; തന്നിമിത്തം അവയെ ചാക്കിയാന്മാരും പാഠകക്കാരും രംഗത്തിൽ പ്രവചനത്തിനു് ഉപയോഗിച്ചിരുന്നുമില്ല. അക്കാര്യത്തിൽ ഇദംപ്രഥമമായി ഒരു പരിഷ്കാരം വരുത്തിയതു പുനമാകുന്നു. ഗൌരവമുള്ള വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതിൽ ഭാഷാചമ്പുക്കൾ പ്രയോജകീഭവിക്കുമെന്നു് അദ്ദേഹം രാമായണചമ്പുമൂലം തെളിയിച്ചു. ആ ചമ്പുവും മറ്റും കൂത്തിനും പാഠകത്തിനും പണ്ടു് ഉപയോഗിച്ചുവന്നിരുന്നു എന്നുള്ള മതത്തെ ചിലർ നിർമ്മൂലമായി കരുതുന്നു. ക്ഷേത്രങ്ങളിൽ ആഢ്യബ്രാഹ്മണരുടെ സദസ്സിൽവെച്ചു നടത്തുന്ന ഭഗവൽകഥാപ്രസംഗങ്ങൾക്കു ഭാഷാപ്രബന്ധങ്ങൾ ഉപയോഗിക്കുക എന്നുള്ളതു് അസംഭാവ്യമാണെന്നും അതിനാൽ പുനം മഴമംഗലം മുതലായ മഹാകവികൾ സംസ്കൃതത്തിലേ ഭോജ ചമ്പു മുതലായ ഗ്രന്ഥങ്ങളെപ്പോലെ സഹൃദയന്മാർക്കു വായിച്ചു രസിക്കുവാൻ മാത്രം ഉണ്ടാക്കീട്ടുള്ളതാണു് ഭാഷാപ്രബന്ധങ്ങൾ എന്നുമാണു് അവരുടെ വാദം. ചാക്കിയാന്മാരെപ്പോലെ നമ്പിയാന്മാരും ഒരു കാലത്തു കൂത്തു നടത്തിവന്നിരുന്നു എന്നും അതിനു തമിഴെന്നു പറയുന്ന ചില ഭാഷാപ്രബന്ധങ്ങളാണു് അവർ ഉപയോഗിച്ചിരുന്നതെന്നും നാം ലീലാതിലകത്തിൽ നിന്നു ഗ്രഹിക്കുന്നുണ്ടല്ലോ. പുനവും മറ്റും സരസങ്ങളായ മണിപ്രവാളപ്രബന്ധങ്ങൾ നിർമ്മിച്ചപ്പോൾ നമ്പിയാന്മാർ പഴയ പ്രബന്ധങ്ങളെ പരിത്യജിച്ചു് അവയെ രംഗത്തിൽ പ്രയോഗിച്ചുതുടങ്ങിയെന്നു് അനുമാനിക്കുന്നതിൽ അസാംഗത്യമില്ല. അല്ലെങ്കിൽ അവയുടെ ആരംഭത്തിൽ ഭോജചമ്പുവിലേയും മറ്റും രീതിക്കു വിപരീതമായി ഒരു കഥാസൂചക ശ്ലോകം ചേർക്കുന്നതിനും

“ശാസ്ത്രാമ്നായേതിഹാസശ്രുതിഷു വിവിധകാ
വ്യോൽകരേ നാടകേഷു
ശ്ലാഘ്യേ സാരസ്വതേ വാക്‍പരിചിതിഷു പരാം
കോടിമാടീകമാനേ,
ഗംഭീരേസ്മിൻ സമാജേ സുമഹതി നവസ
ന്ദർഭമാല്യോപഹാര
പ്രക്രാന്തസ്യാസ്യ മേ ദാസ്യതി വൃഷപുരനാ
ഥാനുകമ്പാവലംബം.”
എന്നു തെങ്കൈലനാഥോദയകാരനും മറ്റും ഉപന്യസിക്കുന്നതിനും അർത്ഥമില്ല; ഈ അഭിപ്രായത്തെ ദൃഢീകരിക്കുന്നതിനു് ഒരു തെളിവുംകൂടി കാണിക്കാം. പാഠകകഥാമാലിക എന്നൊരു പഴയ അമുദ്രിതഗ്രന്ഥം ഞാൻ വായിച്ചിട്ടുണ്ടു്. വിവക്ഷിതമായ കഥ വിഷ്ണുപരമാണെങ്കിൽ “പത്മനാഭം ഭജേഥാഃ” എന്നും ശിവപരമാണെങ്കിൽ “ചന്ദ്രചൂഡം ഭജേഥാഃ” എന്നും അവസാനിയ്ക്കുന്ന ഓരോ ശ്ലോകംകൊണ്ടു് ആരംഭിക്കണമെന്നു് ആ ഗ്രന്ഥത്തിൽ നിയമനം ചെയ്തുകാണുന്നു. ആ മാതിരി ശ്ലോകങ്ങളെല്ലാം മണിപ്രവാളത്തിൽ രചിച്ചിട്ടുള്ളവയുമാണു്. അവയെ ചാക്കിയാന്മാരും പാഠകക്കാരും പണ്ടു മന്ത്രംപോലെ രംഗത്തിൽ പ്രവേശിക്കുമ്പോൾ ചൊല്ലാറുണ്ടായിരുന്നു എന്നാണു കേട്ടറിവു്. ഇന്നു് ആ ചടങ്ങു് വേർമാഞ്ഞുപോയി. അവ കൂടാതെ അണിയറയിൽവെച്ചു ചൊല്ലേണ്ട ചില വന്ദന ശ്ലോകങ്ങളുമുണ്ടു്. അവയെ നേപഥ്യശ്ലോകങ്ങളെന്നു പറയുന്നു. കഥാസൂചകങ്ങളായ ശ്ലോകങ്ങൾക്കു ബന്ധശ്ലോകങ്ങൾ എന്നാണു് പേർ. പദ്യഗദ്യങ്ങളുടെ പ്രവചനത്തിനു വേണ്ട വാക്യങ്ങളും പാഠകകഥാമാലികയിൽ എഴുതിച്ചേർത്തിട്ടുണ്ടു്. അതിൽ സംസ്കൃതശ്ലോകങ്ങളുടെ കൂട്ടത്തിൽ ഭാഷാ ശ്ലോകങ്ങളും ഉൾപ്പെടുന്നു. ചുരുക്കത്തിൽ, ചാക്കിയാന്മാർ മണിപ്രവാള പദ്യങ്ങൾ രംഗത്തിൽ പ്രയോഗിച്ചിരുന്നുവോ എന്നു ഖണ്ഡിച്ചു പറവാൻ നിവൃത്തിയില്ലെങ്കിലും പാഠകക്കാർ അങ്ങനെ ചെയ്തിരുന്നു എന്നുള്ളതിനു പര്യാപ്തമായ സാക്ഷ്യമുണ്ടു്. മേല്പുത്തൂർ നാരായണഭട്ടതിരിയുടെ വിശ്വാതിശായികളായ സംസ്കൃതചമ്പുക്കളുടെ ആവിർഭാവത്തോടുകൂടിയാണു് ആ പരിപാടി അസ്തോന്മുഖമായതു്.

സംസ്കൃതചമ്പുക്കൾക്കും പുനത്തിന്റെ കാലംമുതല്ക്കുള്ള ഭാഷാചമ്പുക്കൾക്കും തമ്മിൽ പ്രകടമായി രണ്ടു വ്യത്യാസങ്ങളുണ്ടു്. ആശിസ്സോ നമസ്ക്രിയയോകൊണ്ടു തുടങ്ങുന്നതും അല്ലാത്തതുമായ ചമ്പുക്കൾ സംസ്കൃതത്തിലും ഭാഷയിലുമുണ്ടു്. എന്നാൽ കഥാസൂചന കൂടാതെ ഭാഷാചമ്പുക്കൾ പ്രായേണ ആരംഭിക്കുന്നില്ല. അതു പല പ്രകാരത്തിൽ ആകാം. ഒരു തോഴനെ കണ്ടിട്ടു കവി തന്നിമിത്തം തനിക്കുണ്ടാകുന്ന സന്തോഷത്തെ താൻ പറഞ്ഞുതുടങ്ങുന്ന കഥയിൽ ഏതു പാത്രത്തിനെങ്കിലും ഉണ്ടാവാൻ പോകുന്ന സന്തോഷത്തോടു് ഉപമിക്കുന്നതു് അതിൽ ഒരു രീതിയാകുന്നു. ഒരു സാമാന്യതത്ത്വത്തെ നിർദ്ദേശിച്ചു് അതിനു വക്ഷ്യമാണമായ കഥയുടെ അവസാനഘട്ടത്തെ ഉപമാനമാക്കുക എന്നുള്ളതാണു് മറ്റൊരു രീതി. വേറിട്ടൊന്നു തോഴനെ കഥ കേൾക്കുവാൻ ഉപദേശിക്കുന്നതാകുന്നു. ഇനിയുമൊന്നു് ആശീർവ്വാദശ്ലോകത്തിലോ നമസ്കാരശ്ലോകത്തിലോ തന്നെ കഥാംശത്തെ ഉപമാന രൂപത്തിൽ ഘടിപ്പിക്കുക എന്നുള്ളതാണു്. വിവക്ഷിതമായ കഥയിൽക്കൂടി കവി താൻ നിരീക്ഷിക്കുന്ന ഒരു സാമാന്യ തത്ത്വത്തെ അർത്ഥാന്തരന്യായസരീതിയിൽ പ്രതിപാദിക്കുക എന്നുള്ളതു് അഞ്ചാമത്തെ സമ്പ്രദായമായി ഗണിക്കാം. ഇവയ്ക്കെല്ലാം ഉദാഹരണങ്ങൾ രാമായണചമ്പുവിൽത്തന്നെ ഉണ്ടു്. ഇത്തരത്തിലൊരു പരിപാടി സംസ്കൃതചമ്പുക്കളിൽ ഇല്ലല്ലോ. സംസ്കൃതചമ്പുക്കൾക്കും ഭാഷാചമ്പുക്കൾക്കും തമ്മിലുള്ള രണ്ടാമത്തെ വ്യത്യാസം അവയിലെ ഗദ്യരീതിയെ സംബന്ധിച്ചുള്ളതാണു്. ഭാഷാചമ്പുക്കളിൽ സംസ്കൃതഗദ്യങ്ങൾ സ്വകീയങ്ങളായും പരകീയങ്ങളായുമുണ്ടു്. സ്വകീയ ഗദ്യങ്ങളുടെ രീതി പ്രായേണ കാദംബരിയെ അനുകരിക്കുന്നു. ഭാഷാഗദ്യങ്ങളെല്ലാം ദ്രാവിഡങ്ങളോ ദ്രാവിഡകല്പങ്ങളോ ആയ വൃത്തങ്ങളിലാണു് ഗ്രഥിക്കപ്പെട്ടിട്ടുള്ളതു്. അവയെ വൃത്തവിശേഷങ്ങൾ എന്നു പറയുന്നു. മുമ്പു ദാമോദരച്ചാക്കിയാർ ഏതദ്വിഷയകമായി പ്രദർശിപ്പിച്ചിരുന്ന ദുസ്സ്വാതന്ത്ര്യത്തെ പുനം നിയന്ത്രിച്ചു. ചമ്പൂഗദ്യം വൃത്തവിശേഷനിബദ്ധമായിരിക്കണമെന്നു വിധിക്കുകയും ആ വിധി കൊല്ലം 10-ആം ശതകത്തിന്റെ അവസാനംവരെ ജീവിച്ചിരുന്ന ചമ്പുകാരന്മാരെല്ലാം അനുസ്യൂതമായി അനുസരിക്കുകയും ചെയ്തു. സംസ്കൃതരീതിയിലുള്ള ചണ്ഡവൃഷ്ടിപ്രയാതാദികളും ഭാഷാരീതിയിലുള്ള ഇക്ഷുദണ്ഡികാദികളുമായ ദണ്ഡകങ്ങളും പുനം ധാരാളമായി പ്രയോഗിച്ചു കാണിച്ചുകൊടുത്തു. ഉണ്ണിയാടിചരിതത്തിൽപ്പോലും നാം കാണുന്ന ഭാഷാദണ്ഡകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് ആരെന്നറിയുന്നില്ല; ഏതായാലും അതു മലയാളത്തിന്റെ ഒരു പ്രാചീനവും പ്രശസ്യവുമായ പ്രത്യേക സ്വത്താണെന്നുള്ളതു നിർവ്വിവാദമാകുന്നു. പദ്യങ്ങളെല്ലാം സംസ്കൃതവൃത്തങ്ങളിൽത്തന്നെയാണു് നിബന്ധിച്ചിരിക്കുന്നതു്. ആ വൃത്തങ്ങളിൽ അത്യന്തം മുഖ്യമായിട്ടുള്ളതു സ്രഗ്ദ്ധരതന്നെ. സ്രഗ്ദ്ധരയിലാണു് ചമ്പൂകാരന്മാർ പ്രായേണ കഥ പറഞ്ഞുകൊണ്ടു പോകുന്നതു്. ഇടയ്ക്കിടയ്ക്കു വൈചിത്ര്യത്തിനുവേണ്ടി കുസുമമഞ്ജരി, ശാർദ്ദൂലവിക്രീഡിതം, ശിഖരിണി, മാലിനി, വസന്തതിലകം, പുഷ്പിതാഗ്ര, വസന്തമാലിക, ഉപജാതി, ആര്യ, അനുഷ്ടുപ്പു് മുതലായ വൃത്തങ്ങളെക്കൊണ്ടും കൈകാര്യം ചെയ്യാറുണ്ടു്.

23.5രാമായണചമ്പുവിന്റെ സ്വരൂപം

ഭാഷാചമ്പുക്കളിൽ വിപുലതകൊണ്ടും വിവിധരൂപമായ ആകർഷകത്വംകൊണ്ടും വിശോത്തരമായി പരിലസിക്കുന്നതു രാമായണചമ്പുവാകുന്നു. അതിൽ രാവണോത്ഭവം, രാമാവതാരം, താടകാവധം, അഹല്യാമോക്ഷം, സീതാസ്വയംവരം, പരശുരാമ വിജയം, വിച്ഛിന്നാഭിഷേകം, ഖരവധം, സുഗ്രീവസഖ്യം, ബാലിവധം, ഉദ്യാനപ്രവേശം, അംഗുലീയാങ്കം, ലങ്കാപ്രവേശം, രാവണവധം, അഗ്നിപ്രവേശം, അയോധ്യാപ്രവേശം, പട്ടാഭിഷേകം, സീതാപരിത്യാഗം, അശ്വമേധം, സ്വർഗ്ഗാരോഹണം എന്നിങ്ങനെ ഇരുപതു വിഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ഈ വിഭാഗങ്ങളെ പ്രബന്ധങ്ങളെന്നു സൗകര്യത്തിനുവേണ്ടി നമുക്കു വ്യവഹരിക്കാം. വാല്മീകിരാമായണത്തെത്തന്നെയാണു് കവി ഇതിവൃത്തവിഷയത്തിൽ ആമൂലാഗ്രം അവലംബിക്കുന്നതെങ്കിലും കഥ സങ്കോചിപ്പിക്കേണ്ട ഘട്ടങ്ങളിൽ സങ്കോചിപ്പിച്ചു്, വികസിപ്പിക്കേണ്ട സ്ഥലങ്ങളിൽ വികസിപ്പിച്ചു്. പൌർവ്വാപര്യവിഷയത്തിൽ അവസരോചിതമായി ഭേദഗതിചെയ്തു്, ഉത്തരരാമചരിതം, ആശ്ചര്യചൂഡാമണി മുതലായ ഇതര ഗ്രന്ഥങ്ങളിൽനിന്നുകൂടി ഇതിവൃത്താംശങ്ങൾ സ്വീകരിച്ചു് മിനുസപ്പെടുത്തിയാണു് തന്റെ വാങ്മയത്തെ ആവിഷ്കരിക്കുന്നതു്. ദശരഥനുണ്ടായ മുനിശാപം വാല്മീകി വർണ്ണിക്കുന്നതു് അയോധ്യാകാണ്ഡത്തിലാണല്ലോ. എന്നാൽ ചമ്പൂകാരൻ അതു് ഔചിത്യപൂർവ്വം രാമാവതാരഖണ്ഡത്തിൽ പ്രതിപാദിക്കുന്നു. പിന്നെയും ആദികാവ്യത്തിൽ ശ്രീരാമന്റെ യാഗാശ്വത്തെ സംരക്ഷിക്കുന്നതു് ലക്ഷ്മണനാണു്; എന്നാൽ ചമ്പുവിൽ ലക്ഷ്മണപുത്രനായ ചന്ദ്രകേതു അശ്വചോരണം ചെയ്യുകയും ലവനോടു പടപൊരുതുകയും ചെയ്യുന്നു. അവിടെ കവി ഉത്തരരാമചരിതനാടകത്തെയാണു് ഉപജീവിക്കുന്നതു്.

23.6രാമായണചമ്പുവിലെ ചില പദ്യഗദ്യങ്ങൾ

ഭാഷയ്ക്കും രസത്തിനും ഒന്നുപോലെ പ്രാധാന്യം നല്കി രചിക്കേണ്ട ഉത്തമമണിപ്രവാളകവിതയുടെ ലക്ഷണങ്ങളെപ്പറ്റി പുനത്തിനു നൈസർഗ്ഗികമായ ബോധമുണ്ടായിരുന്നു. രാമായണ ചമ്പുവിലെ പദ്യങ്ങളുടെ രീതി, വൃത്തി, ശയ്യ, പാകം ഇവയും ഓജസ്സു്, കാന്തി തുടങ്ങിയ ഗുണങ്ങളും സർവ്വോപരി രസപുഷ്ടിയും പ്രത്യേകം പ്രത്യേകമായി നമ്മുടെ ഉദാത്തമായ പ്രശംസയെ അർഹിക്കുന്നു. സംസ്കൃതപദങ്ങളേയും ഭാഷാപദങ്ങളേയും തമ്മിലിണക്കി തന്റെ കവിതയെ മധുരീകരിക്കുന്നതിനു് അദ്ദേഹത്തിനുണ്ടായിരുന്ന വൈഭവം നമ്മെ ആശ്ചര്യ ഭരിതരും ആനന്ദമഗ്നരുമാക്കിത്തീർക്കുന്നു. ഏതാനും ചില ശ്ലോകങ്ങൾകൊണ്ടു് ഈ വസ്തുത ഉദാഹരിക്കാം.

ദേവന്മാരെ ആശ്വസിപ്പിക്കുന്ന മഹാവിഷ്ണു:

“മേളംതാവുന്ന തൂവെൺമുറുവൽ തുണയുമായ്
ബാലവെൺചാമരാളീ
മോലക്കംപൂണ്ടു വീയിച്ചുഴലെ നിറമെഴും
വിഷ്ണുലോകാംഗനാനാം
കോലപ്പൊല്ക്കങ്കണാനാം നിനദമണികരാ
ഗ്രേണ ഭംഗ്യാ വിലക്കി
ത്രൈലോക്യാധീശനുദ്യൽസ്മിതമധുരമുഖോ
ധാതൃമുഖ്യാൻ ബഭാഷേ.”(1)
ദശരഥന്റെ മാഹാത്മ്യം:

“കീർത്തിക്ഷീരോദഫേനാ നിയതമുഡുഗണാ
സ്തത്ര, ഭൂപോത്തമാംഗം
പൂത്തൂകും പാദപീഠം, ജലനിധി പരിഖാ,
മേരു ഭണ്ഡാരസാരം,
വാഴ്ത്തീടും വന്ദിവർഗ്ഗം വലരിപുനഗരീ
നാരിമാരെന്നുവേണ്ടാ
ധാത്രീചക്രം കളിക്കെ, ട്ടിനിയ ദശരഥ
ന്നെന്തൊരാഭോഗമോർത്താൽ.”(2)
സീതാസമേതനായി മിഥിലയിൽനിന്നു മടങ്ങിച്ചെല്ലുന്ന ശ്രീരാമനെ സരയൂനദി എതിരേല്ക്കുന്നതു്:

“അന്നേരം താമരപ്പൂന്തളികകളിൽ മണി
ച്ചെപ്പു നൽക്കർണ്ണികാഖ്യം
വിന്യസ്യാലോലഫേനസ്മിതമധുരമുഖീ,
ഭൃംഗനേത്രാഭിരാമാ,
ധന്യാ, ശൈവാലമാലാഘനചികുരഭരാ,
ചക്രവാകസ്തനാഢ്യാ,
വന്നാൾ മെല്ലെന്നെതിർപ്പാൻ പരിചൊടു സരയൂ
നിർമ്മലാംഗീ തദഗ്രേ.”(3)
ശ്രീരാമന്റെ വിരഹതാപം:

“നൽക്കൊണ്ടൽച്ചാർത്തു കാണാമുപരി, പരിലസൽ
കന്ദളാ ഭൂതധാത്രീ,
ദിക്കെങ്ങും പാടിയാടും മയിൽനിരകൾ, തണു
ത്തോരു തൈത്തെന്നൽതാനും;
ഉൽക്കണ്ഠാവേഗശാലീ വിരഹവിപദി ഞാ
നേതു ദിക്കിങ്കലയ്യോ!
വയ്ക്കേണ്ടൂ ഹന്ത! മൽക്കണ്ണുകൾ! ജനകസുതേ,
ദേവി ഹാഹാ! ഹതോഹം.”(4)
സമുദ്രത്തോടു കോപിക്കുന്ന ശ്രീരാമൻ:

“കുശശയനതലോത്ഥിതസ്തദാനീം
ഭൃശമുടലെങ്ങുമണിഞ്ഞു ഘർമ്മബിന്ദൂൻ
വചനമിദമുവാച രൂക്ഷകോപ
പ്രചുരഭരാരുണദാരുണാനനേന്ദുഃ.”(5)
അന്തർവ്വത്നിയായ സീത:

“വക്ഷോജാഗ്രം കറുത്തും, വടിവൊടു നടുചീർ
ത്തും, വശംകെട്ടു വീർത്തും,
പ്രക്ഷാമാംഗം വിയർത്തും വ്രതവിധികളയർ
ത്തും, വിളർത്തും കപോലം
ഭക്ഷ്യദ്രവ്യം മറുത്തും, കളഭതതി ചെറു
ത്തും, വിനോദം വെറുത്തും,
മുഖ്യം ദൈവത്തെയോർത്തും, ജനകനൃപസുതാ
ഗർഭമേറ്റം ബഭാസേ.”(6)
ലവൻ ചന്ദ്രകേതുവിന്റെ സൈന്യത്തോടു്:

“ഒക്കക്കയച്ചു വരവെന്തിതൊരാശ്രമാന്തേ?
തിക്കാരമിത്തൊഴിലെടുത്തതടക്കുവൻ ഞാൻ;
ഇക്കണ്ടതിൽ ചില കഴുത്തുകൾ തുണ്ടമാക്കി
ച്ചെക്കൻ കളിക്കു, മതിർകെട്ടണയായ്ക നല്ലൂ.”(7)
ചന്ദ്രകേതു ലവനോടു്:

“എന്നേ ധാർഷ്ട്യക്കുരുന്നേ, ഭുവനവിജയിനോ
രാവണാരാതിതന്നോ
ടിന്നീയോ പോരിനാളായതു? ചപലവടോ
നന്നെടോ വൈഭവം കേൾ;
ഒന്നിന്നൊന്നായ്ത്തിമിർത്തിത്തരമടവു തുടർ
ന്നീടിലെന്നാര്യപാദം
തന്നാണാ ചെറ്റടങ്ങാ ഖലദമനമഹോ
ത്സാഹി മത്സായകോയം.”(8)
ഒടുവിൽ ഒരു അഭൗമവും അദൃഷ്ടചരവുമായ സാഹിത്യ പരിമളമഴപെയ്തുകൊണ്ടാണു് കവി നമ്മെ വിട്ടുപിരിയുന്നതു്. സ്വർഗ്ഗാരോഹണഘട്ടത്തിൽ ശ്രീരാമൻ സീതാദേവിയെ നിരീക്ഷിക്കുന്ന സന്ദർഭം നമുക്കു കാണിച്ചുതരുന്ന വാങ്മയചിത്രം ഭാഷാകവിതയുടെ പരമോച്ചമായ ശൃംഗത്തിൽ പാറിക്കളിക്കുന്ന വിജയപതാകയാകുന്നു. നോക്കുക, അവിടത്തെ കേശാദി പാദവർണ്ണനം:

“പരിമളമഴ പെയ്തിരുണ്ടു ഭംഗ്യാ
തിരുകിന കുന്തളഭാരലോഭനീയാം,
സ്മരനിഗമരഹസ്യമോതുമോമൽ
ത്തിരുമിഴിമേൽ നിഴലിച്ച രാഗലൌല്യാം,

മടുമലർചരമേന്മ ചേർത്തു തോൺമേ
ലുടനണിയും മണികുണ്ഡലാഭിരാമാം,
തുടുതുടെ വിലസുന്ന ചോരിവായ്മേ
ലുടമയിൽ വന്നിളകൊള്ളുമല്പഹാസാം,
കനകകലശകാന്തി വെന്ന പീന
സ്തനഭരലോളിതരത്നഹാരമാലാം,
മണിമയകടകാംഗദാദിഭൂഷാ
ഗുണരുചിരഞ്ജിതമഞ്ജൂബാഹുവല്ലീം,

മരതകലതികാഭിരാമ്യമുൾക്കൊ
ണ്ടരുളിന കോമളരോമവല്ലരീകാം,
പരിഹിതമൃദുലാംശുകത്തിനുള്ളിൽ
സ്ഫുരിതനിതംബമനോഹരോരുകാണ്ഡാം,

പ്രണിഹിതമണിനൂപുരാങ്ഘ്രിപത്മാ
മനുപമകാന്തിഝരീപരീതഗാത്രീം
ജനനയനസുധാം, ത്രപാനുരാഗ
ക്ഷണനതമുഗ്ദ്ധമുഖീം, ദദർശസീതാം.”
ഇവയിൽ ഒടുവിലത്തെ ശ്ലോകം സംസ്കൃതമാണെങ്കിലും പ്രസിദ്ധപദങ്ങളുടെ പ്രയോഗംകൊണ്ടും, അവയുടെ പരസ്പരാശ്ലേഷത്തിൽ കവി പ്രദർശിപ്പിച്ചിരിക്കുന്ന അസുലഭമായ പാടവം കൊണ്ടും അനുവാചകർ ആ വസ്തുത അറിയുന്നതേയില്ല.

ഗദ്യരചനയുടെ മേന്മയും പദ്യരചനയുടേതിൽനിന്നു് ഒട്ടുംതാഴെയല്ല. “വട്ടം പെരുകിന പൊട്ടക്കിണറൊടു പെട്ടെന്നൊരു പടവെട്ടിപ്പടുപരിവട്ടം കെട്ടിന നേത്രദ്വയമതിനുള്ളു ചുവന്നുമറിഞ്ഞതിൽ മധ്യേ കൺമണി രണ്ടു പിരണ്ടു ഭയങ്കരമായ നിരീക്ഷണമയ്യോ പാവം! കാലമഹാനലകടുകനൽ പോലേ. കാകോളദ്രവവിഭവംപോലെ, യമഭടനെറിയും ഘനശിലപോലേ, കല്പാന്താർക്കനുദിക്കുംപോലേ” എന്നും മറ്റും ഘോരരാക്ഷസിയായ താടകയെ വർണ്ണിക്കുന്ന കവിയാണു് “വിശ്വംഭരയിൽ വിഹാരത്തിന്നൊരു വിദ്യുന്മാല വരുന്നകണക്കേ, വിഭ്രമമെന്നും കല്പകശാഖിനി മെത്തിന പുത്തൻമഞ്ജരിപോലെ, വിനയപ്പേരാമംഭോജന്മനി വിളയും പരിമളലഹരികപോലേ, മാനമതംഗജകുംഭാഭോഗേ മരുവിന മദജലധോരണിപോലേ, പുതുമലർബാണൻ കരഭുവി മിന്നും ഭുവനഭ്രാമണ പിഞ്ഛികുപോലേ, ലാവണ്യത്തിനു പരദേവതയായ്, മാധുര്യത്തിനു മഞ്ജൂഷികയായ്, നിധുവനലക്ഷ്മ്യാ മണിദീപികയായ്, നൈർമ്മല്യത്തിനു കേളീഗൃഹമായ്” എന്നും മറ്റും ലളിതാരൂപിണിയായ ശൂർപ്പണഖയെ ഉല്ലേഖനം ചെയ്യുന്നതു്. പുനത്തിന്റെ തൂലിക അവസരാനുഗുണമായി വീണ വായിക്കുകയും നാഗസ്വരമൂതുകയും ശംഖു മുഴക്കുകയും പടഹമടിക്കുകയും ചെയ്തു നമ്മെ നൈരന്തര്യേണ അപഹൃതചിത്തവൃത്തികളാക്കിത്തീർക്കുന്നു. അതും ഒരു ‘ഭുവനഭ്രാമണപിഞ്ഛിക’തന്നെയാണു്. പ്രസ്തുതചമ്പുവിൽനിന്നു പല പദ്യഗദ്യങ്ങളും പില്ക്കാലത്തുള്ള ചമ്പുക്കളിൽ സ്വീകൃതങ്ങളായിട്ടുണ്ടു്.

ഫലിതപ്രയോഗം
പുനത്തിന്റെ ഫലിതപ്രയോഗചാതുര്യവും അനുപമേയമാണു്. ഫലിതത്തിൽ കേരളീയരും, കേരളീയരിൽ നമ്പൂരിമാരും, നമ്പൂരിമാരിൽ മേല്പുത്തൂർ തുടങ്ങിയ സംസ്കൃതകവികളും പുനം മുതലായ ഭാഷാകവികളും സമാർജ്ജിച്ചിട്ടുള്ള സ്ഥാനം സാമാന്യകവികൾക്കു് ഏതു കാലത്തും ഏതവസ്ഥയിലും അപ്രാപ്യമാണെന്നുള്ള വസ്തുത ആവർത്തിച്ചാവർത്തിച്ചു പറയേണ്ടിയിരിക്കുന്നു. ശൂർപ്പണഖ, രാവണൻ മുതലായ പാത്രങ്ങൾമുഖേനയാണു് പുനം തന്റെ ഹാസ്യരസപ്രകടനസാമർത്ഥ്യം പ്രാധാന്യേന പ്രകടീകരിക്കുന്നതു്. കൊള്ളിവാക്കുകൾ പറയിക്കുന്നതിനും അദ്ദേഹത്തിനു പര്യാപ്തമായ വൈഭവമുണ്ടു്. മൂക്കും മുലയും നഷ്ടപ്പെട്ട ശൂർപ്പണഖ രാവണന്റെ സന്നിധിയെ പ്രാപിച്ചു് ആ ഘാതകന്റെ ക്രോധാഗ്നിയെ എങ്ങനെ പടിപ്പടിയായി ഉദ്ദീപിപ്പിക്കുന്നു എന്നു താഴെ ഉദ്ധരിക്കുന്ന മൂന്നു ശ്ലോകങ്ങളിൽ നിന്നു കാണാം:

“നിർമ്മര്യാദങ്ങളിമ്മാണികളിരുവരുമായ്
ച്ചെയ്തതെല്ലാം പൊറുക്കാം;
കർമ്മം പോന്നീടിലോ ചെറ്റതിനു പകരവും
വീണ്ടുകൊള്ളാമൊരുന്നാൾ;
ധമ്മില്ലംകൊണ്ടു മെല്ലെപ്പിഹിതവദനമ
യ്യൊ! തദാനീം ചിരിച്ചാ
ളമ്മല്ലാർവേണി; ചൊല്ലാമതു മനസി പൊറാ
യുന്നിതെല്ലായിലും മേ.

കയ്യൂ ക്കിൻവായ്പുകൊണ്ടാകുലിതഗിരിവരോ
രാവണോ നാമ ധീമാൻ
പൊയ്യല്ലെങ്ങൾക്കിതിന്നുണ്ടുരപെറുമുടയോ
നെന്നു ഞാൻ ചൊന്നനേരം
കയ്യൻതാൻ വന്നെതിർക്കിൽച്ചെറുമനെ വിരവിൽ
പ്പൂഴികപ്പിപ്പനെന്ന
ക്കയ്യും കൊട്ടിച്ചിരിച്ചാളതു മനസി പൊറാ
യുന്നിതെല്ലായിലും മേ.

കേൾക്കേണ്ടാതോ വിനോദാന്തര, മൊരു മനുജോ
രാവണൻതൻ ഭഗിന്യാ
മൂക്കും പോർകൊങ്കയും ചൂഴ്ന്നിതു; നിശിചരി വ
ന്നിട്ടു നീളെക്കരഞ്ഞാൾ;
ഊക്കെല്ലാം നില്ക്ക; നമ്മോടുടനെളിയവരോ
ടെങ്കിലാമെന്നു മോദം
വായ്ക്കും നാട്ടാർ ചിരക്കുന്നതു സപദി പൊറാ
യുന്നിതെല്ലായിലും മേ.”
രാവണൻ സീതയോടു രാമനല്ല താനാണു് ആ ദേവിക്കു് അനുരൂപനായ ഭർത്താവു് എന്നു് ഉപപാദിക്കുന്നതിനിടയ്ക്കു് ഇങ്ങനെ കൂടിപ്പറയുന്നു:

“മുണ്ടീ നെട്ടന്നു, നെട്ടീ പുനരഴകിയലും
മുണ്ടനയ്യോ! തടിച്ചി
ക്കുണ്ടാമല്ലോ തദാനീം മെലിയ, നിഹ മെലി
ച്ചിക്കൊരോ പൊണ്ണരുണ്ടാം;
കണ്ടാലാകാതവന്നങ്ങൊരു തരുണി മഹാ
സുന്ദരി, സുന്ദരന്ന
ക്കണ്ടാലാകാത നാരീ; പരിചിനൊടു വയോ
വർണ്ണമീവണ്ണമല്ലോ.

പുംസോ നൂറു വയസ്സവൾക്കു പതിനാറെങ്കിൽപ്പൊരുന്നാ; നടേ
തസ്യാ നൂറു വയസ്സവന്നു പതിനാറെങ്കിൽ പ്രമാദം തുലോം;
രാത്രൗ ചെന്നു രമിപ്പതിന്നു ജരഠാമുത്ഥാപ്യ പോയമ്മിമേൽ
ത്താംബൂലത്തെയരച്ചു മുക്കുടി കുടിപ്പിക്കും നരേഭ്യോ നമഃ.”
സീതാസ്വയംവരഘട്ടത്തിലും മറ്റും നമ്പൂരിമാരുടെ സംഭാഷണം, മന്ത്രവാദികളുടെ ആനബ്ഭോഷ്കു്, മുറിവൈദ്യന്മാരുടെ തട്ടിപ്പു്, ഭടജനങ്ങളുടെ ഉക്തിപ്രത്യുക്തികൾ, ജ്യോത്സ്യന്മാരുടെ ഞെളിച്ചിൽ ഇത്തരത്തിലുള്ള വിഷയങ്ങളെ കവി വിനോദസിത വിതറി വളരെ തന്മയത്വത്തോടുകൂടി വർണ്ണിച്ചിരിക്കുന്നു. തന്റെ കഥാരംഗമായ കോസലം പലപ്പോഴും ഫലിതപ്രയോഗത്തിനുവേണ്ടി പുനം കേരളമാക്കി രൂപാന്തരപ്പെടുത്തുന്നു. നമ്പൂരിമാരുടെ ഇത്തരത്തിലുള്ള ചമ്പുക്കൾ വായിച്ചും ചാക്കിയാന്മാരുടേയും മറ്റും കഥാപ്രസംഗങ്ങൾ കേട്ടും സിദ്ധിച്ച കൗബേരമായ ഹാസ സംസ്കാരസമ്പത്തിന്റെ വിജൃംഭണമാണു് നാം കുഞ്ചൻനമ്പിയാരുടെ തുള്ളലുകളിൽ പ്രധാനമായി നിരീക്ഷിക്കുന്നതു്.

പുനത്തിന്റെ ഭാഷ
പുനവും അദ്ദേഹത്തിന്റെ അനുയായികളായ ഇതരചമ്പുകാരന്മാരും സംസ്കൃതപക്ഷപാതികളായിരുന്നു എങ്കിലും ഭാഷയും മണിപ്രവാളത്തിന്റെ ഘടകദ്വയത്തിൽ ഒന്നാണെന്നു് അവർ നല്ലപോലെ ധരിച്ചിരുന്നു. അതുകൊണ്ടു ഞാൻ മുൻപു് എടുത്തുകാണിച്ച പഴയ പദങ്ങൾക്കും പ്രയോഗവൈചിത്ര്യങ്ങൾക്കും പുറമേ, പണ്ടു പ്രചരിച്ചിരുന്ന ഭാഷാശൈലികളും പഴഞ്ചൊല്ലുകളും അവർ തങ്ങളുടെ കൃതികളിൽ ലോഭംകൂടാതെ കടത്തിവിട്ടിട്ടുണ്ടു്. രാമായണചമ്പുവിൽ കാണുന്ന (1) കൂക്കൂറ്റിരപ്പിക്കുക, (2) നെറ്റിക്കുനേരെത്തി വെട്ടിജ്ജയിക്കുക, (3) തായമാട്ടുക, (4) കൂട്ടംകെട്ടിത്തിരിക്കുക, (5) മുതലറുക, (6) മിട്ടാൽ പൊട്ടുക, (7) മേൽക്കൈ പോകുക, (8) താളി പിഴിയുക, (9) മുന്നൂറുവട്ടിക്കൊടുന്തീ വീഴുക, (10) പേമുഖം വയ്ക്കുക, (11) വെട്ടിച്ചിരിക്കുക, (12) പകരി തിരിയുക, (13) ചേര കടിച്ചു ചാകുക, (14) കണ്ടോർ ചൊല്ലിന കുണ്ടനാടുക, (15) കാൽവിരൽക്കീഴ്ക്കേഴിക്കുക, (16) പൂശ്രാളക്കാരനാക്കുക, (17) കതിർപോരുക, (18) കൈകുത്തിപ്പോകുക, (19) എതിർകട വരിക, (20) ചെറുവിരല്ക്കു പോരുക മുതലായ ശൈലികളും ലോകോക്തികളും ആ ഇനത്തിൽ പെട്ടവയാണു്. അവയിൽ പലതും ഇക്കാലത്തു നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ഭാഷാസാഹിത്യത്തിൽ രാമായണചമ്പുവിന്റെ സ്ഥാനം
ഏതുതരത്തിലുള്ള ശ്രോതാക്കന്മാരേയും ആഹ്ലാദിപ്പിക്കുന്നതിനു കൃഷ്ണഗാഥയ്ക്കു കഴിയും; എന്നാൽ പണ്ഡിതന്മാർക്കു ചില ഘട്ടങ്ങളിൽ രാമായണചമ്പുവാണു് ആസ്വാദ്യതരമായിത്തോന്നുന്നതെങ്കിൽ അതിനു് അവരെ കുറ്റപ്പെടുത്തുവാൻ പാടുള്ളതല്ല. അത്രയ്ക്കുണ്ടു് സമസ്തഗുണസമ്പന്നമായ അതിന്റെ ആത്മവീര്യം. എന്നാൽ അന്യഥാ അനർഘങ്ങളായ മണിപ്രവാളചമ്പൂരത്നങ്ങളിൽ രണ്ടുതരത്തിലുള്ള കീടാനുവിദ്ധത കടന്നുകൂടീട്ടുള്ളതു ഗോപനംചെയ്യണമെന്നു ഞാൻ ഉദ്ദേശിക്കുന്നില്ല. അവയിൽ ഒന്നു് ഇതിനുമുൻപു നിർദ്ദിഷ്ടമായ അതിരുകടന്ന പരസ്വാപഹാരമാണു്. അതിനെ ചമ്പൂകാരന്മാർ അപകർഷകമായി കരുതിയിരുന്നുവോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. അനന്താംശസംഭവനായ മേല്പുത്തൂർ ഭട്ടതിരിയുടെ സംസ്കൃത ചമ്പുക്കളിൽത്തന്നെ ഈ ദോഷം പ്രകടമായി കാണുന്ന സ്ഥിതിക്കു് ആ പരിപാടിയുടെ അംഗീകാരത്തിനു മറ്റു വല്ല കാരണവും ഉണ്ടായിരുന്നിരിക്കും എന്നു് ഊഹിക്കുന്നതാണു് ഉപപന്നമായിട്ടുള്ളതു്. അതു ഞാൻ മുൻപു പ്രസ്താവിച്ചതുപോലെ കഥാപ്രസംഗത്തിനുവേണ്ടി എഴുതിയ പ്രസ്തുത ഗ്രന്ഥങ്ങളിൽ കവികൾ അവയുടെ രസോത്തരതയെ മാത്രമേ ദീക്ഷിച്ചുള്ളൂ എന്നും ആ ലാഭം അന്യകൃതികളിൽ നിന്നു് അവസരോചിതമായുള്ള ഉദ്ധാരണംകൊണ്ടു സിദ്ധിക്കുമെങ്കിൽ അവർ താവതാ ചരിതാർത്ഥന്മാരായി പുരോഗമനം ചെയ്യുവാൻ സന്നദ്ധന്മാരായിരുന്നു എന്നുമുള്ളതാണു്. രണ്ടാമത്തെ ദോഷം ശ്രവണാരുന്തുദമായ യതിഭംഗമാകുന്നു. ഇതിനു് ഉദാഹരണങ്ങൾ മുൻപു് ഉദ്ധരിച്ച ശ്ലോകങ്ങളിൽത്തന്നെയുണ്ടു്. ‘കുളിർവെണ്ണിലാ-വും ചൊരിഞ്ഞു’, ‘നവവിയോഗചാ-രിത്രമുദ്ര’ എന്നും മറ്റും കുസുമമഞ്ജരിയിലും, ‘വാണേൻ ഞാനിന്നു വിശ്രാ-ന്തിസുഖം’ ‘നാ-ഭൗ നറുമ്പൂവു കണ്ടാൻ’ ‘മേളം പെരുകിന മഖരാ-ജേ’ എന്നും മറ്റും സ്രഗ്ദ്ധരയിലും പ്രയോഗിക്കുന്നതു് ആർക്കും വൈരസ്യജനകമാകാതെയിരിക്കുവാൻ നിർവാഹമില്ലാത്ത ഉച്ഛൃംഖലതയുടെ ദുർവിലസിതമാണു്. പതിന്നാലാം ശതകത്തിൽ ഈ വിഷയത്തിൽ കവികൾ അത്രതന്നെ അപരാധികളായിരുന്നില്ല. ലീലാതിലകകാരൻ യതിഭംഗത്തെ അപരാധികളായരുന്നില്ല. ലീലാതിലകകാരൻ യതിഭംഗത്തെ കാവ്യദോഷങ്ങളിൽ ഒന്നായി പരിഗണിച്ചു് “പുല്കക്കണ്ടേൻ പുനരതു നനാ-വോ കനാവോ ന ജാനേ” എന്നും “സ്വൈരാലാപവ്യതികര വിനോ-ദാന്തരേ കൊൾവർ മുന്നം” എന്നുമുള്ള മന്ദാക്രാന്താപാദങ്ങളിൽ നിയതസ്ഥാനപദച്ഛേദഭംഗം അധോരേഖാങ്കിതങ്ങളായ ഭാഗങ്ങളിൽ ഉള്ളതിനാൽ പ്രസ്തുത ദോഷത്തിനു് അവിടെ പ്രസക്തിയുണ്ടെന്നു സ്ഥാപിക്കുന്നു. ‘നനാവു്’ എന്നാൽ ജാഗ്രദവസ്ഥ എന്നർത്ഥം. ‘വിനോദാന്തരേ’ എന്നതിൽ യതിഭംഗമില്ലെന്നും ‘നനാവോ’ എന്നതിൽ ഉണ്ടെങ്കിലും നിസ്സാരമാണെന്നും സാധിക്കാവുന്നതാണു്. എന്നാൽ രാമായണചമ്പുവിൽനിന്നു് ഉദ്ധരിച്ച വരികളിലേ യതിഭംഗം അത്തരത്തിലുള്ളതല്ലല്ലോ. അതുകൊണ്ടു് ഏതദ്വിഷയത്തിൽ പുനം ഒരു തെറ്റുകാരനല്ലെന്നു പറവാൻ നിവൃത്തിയില്ലെങ്കിലും ആ ദോഷംപോലും അദ്ദേഹത്തിന്റെ കാവ്യത്തിലേ അന്യഗുണ സന്നിപാതത്തിൽ നിമഗ്നമായിപ്പോകുന്നു എന്നു സമാധാനപ്പെടുവാൻ പാടില്ലായ്കയില്ല.

23.7ഭാരതചമ്പു

രാമായണചമ്പുവോളം ദീർഘമല്ലെങ്കിലും ഒരു വലിയ കാവ്യംതന്നെയാണു് ഭാരതചമ്പുവും. അതിൽ ഏതെല്ലാം വിഭാഗങ്ങൾ അടങ്ങീട്ടുണ്ടെന്നുള്ളതു കൊച്ചി തൃപ്പൂണിത്തുറക്കോവിലകം വക ഈടുവയ്പിലുള്ള കിരാതം പ്രബന്ധത്തിന്റെ ഒടുവിൽ കാണുന്ന അധോലിഖിതങ്ങളായ പദ്യങ്ങളിൽനിന്നു വെളിവാകുന്നതാണു്:

“ചതുർദ്ദശകഥാബന്ധം കൃഷ്ണവീര്യാവതംസകം
വക്ഷ്യാമി ഭാരതം സാരം ഗുരുപാദപ്രസാദതഃ.

ദൈത്യം ഹത്വാ ബകാഖ്യം, ദ്രുപദദുഹിതൃകാ
ന്താ, സ്സുഭദ്രാസമേതാ,
ഹുത്വാഗ്നൗ ഖാണ്ഡവം, വിശ്രുതയജനകൃതോ,
ദ്വൈതകാന്താരവാസാഃ,
ലബ്ധാസ്ത്രാശ്ശങ്കരാൽ, കീചകനിധനകൃതഃ,
സോദ്യമാഃ, കൃഷ്ണദൂതാഃ,
പിഷ്ട്വാജൌ സിന്ധുരാജം, ക്ഷപിതകരുബലാ,
സ്സാശ്വമേധാ, വിമുക്താഃ.”
(1) ബകവധം, (2) ദ്രൗപദീസ്വയംവരം, (3) സുഭദ്രാഹരണം, (4) ഖാണ്ഡവദാഹം, (5) രാജസൂയം, (6) വനവാസം, (7) കിരാതം, (8) കീചകവധം, (9) ഉദ്യോഗം, (10) ദൂതവാക്യം, (11) ജയദ്രഥവധം, (12) സുയോധനവധം, (13) അശ്വമേധം, (14) സ്വർഗ്ഗാരോഹണം എന്നിവയാണു് ആ പതിന്നാലു വിഭാഗങ്ങൾ. കവനോദയത്തിൽ പ്രസിദ്ധപ്പെടുത്തിയ സംക്ഷിപ്തമായ ഭാരതചമ്പു (1) പാഞ്ചാലീസ്വയംവരം, (2) ഖാണ്ഡവദാഹം, (3) കിരാതം, (4) കീചകവധം, (5) ഗോഗ്രഹണം, (6) ഉദ്യോഗം, (7) ദൂതവാക്യം, (8) ജയദ്രഥവധം, (9) ഭാരതയുദു് (10) അശ്വമേധം എന്നിങ്ങനെ പത്തു വിഭാഗങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു. കൊച്ചി ഈടുവെയ്പുഗ്രന്ഥത്തിലേ കിരാതത്തിൽ (1) കൈലാസയാത്രയെന്നും (2) കിരാതാർജ്ജുനീയമെന്നും രണ്ടു് അവാന്തരവിഭാഗങ്ങൾ ഉൾക്കൊള്ളുന്നുണ്ടു്.

“കൈലാസയാത്രാ പ്രഥമാ കിരാതാ
ർജ്ജൂനീയമന്യാ വിവിധാഭിധേതി
ഭൂഷായതാം സൂരിഹൃദീന്ദ്രസൂനോ
രേഷാ ചരിത്രസ്തുതിരത്നമാലാ”
എന്ന പദ്യം കൈലാസയാത്രയുടെ ഒടുവിലുള്ളതാണു്. കീചകവധത്തെ മാത്രമേ ചതുർദ്ദശകഥകളിൽ സ്മരിക്കുന്നുള്ളു എങ്കിലും (1) കീചകവധം, (2) ഗോഗ്രഹണം എന്നിങ്ങനെ രണ്ടു പ്രബന്ധങ്ങൾ വിരാടപർവാന്തർഗ്ഗങ്ങളായി സംക്ഷിപ്തഭാരതചമ്പുവിൽ കാണുന്നു. സുഭദ്രാഹരണവും, വനവാസവും, രാജസൂയവും ഇതുവരെ കണ്ടുകിട്ടീട്ടില്ല; എങ്കിലും രാജസൂയത്തിനും വനവാസത്തിനും ഇടയ്ക്കുള്ള കഥയെ പരാമർശിക്കുന്ന കേശഗ്രഹണം എന്നൊരു പ്രബന്ധം ഈടുവയ്പുഗ്രന്ഥത്തിൽ അടങ്ങീട്ടുണ്ടു്. (1) ബകവധം, (2) ദ്രൗപദീസ്വയംവരം, (3) ഖാണ്ഡവദാഹം, (4) കീചകവധം, (5) സ്വർഗ്ഗാരോഹണം എന്നീ അഞ്ചു പ്രബന്ധങ്ങളാണു് കേശഗ്രഹണം, കൈലാസയാത്ര, കിരാതം എന്നീ മൂന്നിനു പുറമേ ആ ഗ്രന്ഥത്തിൽ ഉള്ളതു്. ബകവധാദികളായ പ്രബന്ധങ്ങൾ പൗർവാപര്യ ക്രമത്തോടുകൂടിയും ആനുപൂർവീസൂചകങ്ങളായ പദ്യങ്ങളെക്കൊണ്ടു് അനുസ്യൂതങ്ങളായും കാണുന്നതിനാൽ മേൽനിർദ്ദേശിച്ച പതിന്നാലു പ്രബന്ധങ്ങളും അവയുടെ അവാന്തരാംശങ്ങളും ഒരേ കവിയുടെ വാങ്മയങ്ങളാണെന്നു് അനുമാനിക്കാം. ഭാഷാശൈലി ആ അനുമാനത്തെ പ്രബലമായി അനുകൂലിക്കുന്നുമുണ്ടു്.

23.8പുനവും ഭാരതചമ്പുവും

ഭാരതചമ്പുവിന്റെ പ്രണേതാവു് ആരെന്നു നിർണ്ണയിക്കുന്നതിനും പ്രകടമായ ലക്ഷ്യമൊന്നുമില്ല. ഭാരതചമ്പൂകാരൻ ക്രി. പി. പതിന്നാലാം ശതകത്തിന്റെ പ്രഥമപാദത്തിൽ കാകതീയരാജാവായ പ്രതാപരുദ്രന്റെ ആസ്ഥാനപണ്ഡിതനായി ജീവിച്ചിരുന്ന ബാല ഭാരതകർത്താവായ അഗസ്ത്യഭട്ടനെ ആദ്യന്തം ഉപജീവിക്കുന്നു. മേല്പൂത്തൂർ ഭട്ടതിരി അഗസ്ത്യഭട്ടനു പുറമേ ക്രി. പി. പതിനാറാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്ന സംസ്കൃതഭാരതചമ്പൂകാരനായ അനന്തഭട്ടനെ ധാരാളമായി ആശ്രയിക്കുന്നുണ്ടു്. ഭാഷാഭാരതചമ്പൂകാരൻ ആ മഹാകവിയെ ഒരിടത്തും അവലംബിക്കാത്തതിനാൽ അദ്ദേഹത്തിന്റെ ജീവിതകാലം അനന്തഭട്ടനു മുൻപാണെന്നു് അധ്യാഹരിക്കാവുന്നതാണു്. (1) മുകുൾ (മുകുളം), (2) പിരിഞ്ഞീടവല്ലാർ, (3) നമ്മളാർ (നമ്മൾ), (4) താച്ചി (പ്രഹരിച്ചു്), (5) കമ്പി (കർണ്ണാഭരണം), (6) കാണായോ പതിനാലുലകം (കാണായോരു) ഇത്തരത്തിലുള്ള അനേകം പഴയ പദങ്ങളും പ്രയോഗങ്ങളും ഭാരതചമ്പുവിലുമുണ്ടു്. ആകെക്കൂടി നോക്കുമ്പോൾ രാമായണചമ്പൂകാരൻതന്നെയാണു് ഭാരതചമ്പൂകാരൻ എന്നു് അഭ്യൂഹിക്കുന്നതിൽ അനുപപത്തിയില്ല. രാമായണചമ്പുവുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരതചമ്പുവിന്റെ സ്ഥാനം രണ്ടാംകിടയിലാണെന്നു പറയേണ്ടിയിരിക്കുന്നു. ഭാരതചമ്പുവിൽ കവി കൂടുതൽ സംസ്കൃതപക്ഷപാതം പ്രദർശിപ്പിച്ചിട്ടുണ്ടു്. അനവധി പദ്യങ്ങളും ചില ഗദ്യങ്ങൾപോലും സംസ്കൃതത്തിലാണു് രചിച്ചിരിക്കുന്നുതു്. യതിഭംഗവും രാമായണചമ്പുവിനെ അപേക്ഷിച്ചു് അധികമാണു്. രാമായണചമ്പുവിലെ വൃത്തങ്ങൾക്കു പുറമേ കവിപൃഥ്വി, മന്ദാക്രാന്ത ഈ വൃത്തങ്ങളും ധാരാളമായി സ്വീകരിച്ചു കാണുന്നു. ദ്രൗപദീസ്വയംവരം, കിരാതം എന്നിവ പ്രസ്തുത ചമ്പുവിലെ അത്യന്തം മനോഹരങ്ങളായ ഭാഗങ്ങളാകുന്നു. ഏറ്റവും വിപുലമായ ഭാരതകഥ പ്രതിപാദിച്ചുകൊണ്ടുപോകുമ്പോൾ നില്ക്കുന്നതിനോ തിരിയുന്നതിനോ തരമില്ലാത്തതായിരിക്കാം ഭാരതചമ്പുവിൽ രാമായണചമ്പുവിന്റെ ഗുണപൗഷ്കല്യം ദൃശ്യമാകാത്തതിനുള്ള ഒരു കാരണം; പക്ഷേ ഭാരതചമ്പുവാണു് കവിയുടെ പൂർവകൃതി എന്നും വരാവുന്നതാണു്.

കവിതാരീതി
ഭാരതചമ്പുവിലെ കവിതാരീതി കാണിക്കുവാൻ ചില പദ്യഗദ്യങ്ങൾ ഉദ്ധരിക്കാം:

പദ്യങ്ങൾ
പാർത്ഥസാരഥി:

“ഭംഗ്യാ ചഞ്ചൽപ്രതോദാഞ്ചിതകരകമലം
ചാരുകർണ്ണാർജ്ജുനീയേ
സംഗ്രാമേ കെട്ടഴിഞ്ഞിട്ടഴകിനൊടു വിരി
ഞ്ഞീടുമാലോലകേശം
നിൻകോലം കാലനീലോല്പലനവകലികാ
ശ്യാമളം കോമളം മേ
മംഗല്യം കൈവളർത്തീടുക മഹിതകൃപാ
സത്മമേ, പത്മനാഭ.”(1)
ദ്രൗപദീസ്വയംവരത്തിൽ ഭഗ്നാശയന്മാരായ രാജാക്കന്മാരുടെ കോപം:

“ശ്രുത്വാ വാണീമസഹ്യാം കടുമയൊടു ധനു
ർജ്ജ്യാലതാമൊന്നിരപ്പി
ച്ചെത്തീ യുദ്ധായ നേരിട്ടഹമഹമികയാ
രാജവീരാസ്തദാനീം;
ഉൾത്തിങ്ങും കോപഭാരാൽ പ്രളയഘനഘടാ
ഘർഗ്ഘരാസാരസാര
പ്രസ്താരൈശ്ശസ്ത്രവർഷൈർശ്ശതമുഖപതിതൈർ
മ്മൂടിനാരിന്ദ്രസൂനും.”(2)
ഖാണ്ഡവദാഹത്തിൽ അർജ്ജുനൻ:

“ധാരാനാരാചപാതൈരതിമഹതി കൃശാ
നൌ പരിശ്രാന്തഭാനൌ
വീരാണാം മൗലിരത്നം ക്ഷണമിവ സമനു
ധ്യായ ബദ്ധാഭിമാനം
ഘോരാടോപം തടുത്തൂ വിയതി വിരചിതാ
ശ്ചര്യബദ്ധേന്ദ്രവൃഷ്ടിം
നേരേ പുംഖാനുപുംഖപ്രണിഹിതശരജാ
ലേന ഗാണ്ഡീവധന്വാ.”(3)
ഭീഷ്മയുദ്ധം:

“ചിത്രം കേൾക്ക സഖേ, മരിച്ചുമറിയും നാഗേന്ദ്രനക്രാകുലാ,
മെത്തീടുന്ന കബന്ധഘോരമകരാ, കേശാളിശൈവാലിനീ,
ഉദ്യൽസ്യന്ദനകങ്കപാതതരളാ, നീന്തും ഭുജാപന്നഗാ,
പുത്തൻവാഹിനി തത്ര ശോണിതമയീ കാണായ്ച്ചമഞ്ഞൂതദാ.”(4)
അഭിമന്യുവിന്റെ മരണത്തിൽ അർജ്ജുനന്റെ പ്രലാപം:

“ആലംബ്യ നിന്നെ മടിയിൽസ്സിതയാ സമേതം
പാലൻപിനോടു വദനേ തവ നല്കിനേൻ ഞാൻ;
കാലം ദുരന്ത, മയി തേ സതിലം നിവാപം;
നാലം പ്രദാതുമധുനാ; വിധിനാ ഹതോഽഹം.”(5)
അശ്വമേധയാഗത്തിൽ മഹർഷിമാർ “സമ്മോദംപൂണ്ടു മേന്മേലതികുതുകമൊരോ
ദിക്കിൽനിന്നും പുറപ്പെ
ട്ടുന്മേഷാൽച്ചെന്നകംപുക്കുപകരണകദം
ബോജ്ജ്വലാം യാഗശാലാം
മുൻപേ രത്നാസനശ്രേണിഷു തെളിവൊടിരു
ന്നീടിനാർ നിത്യശുദ്ധ
ബ്രഹ്മാനന്ദാമൃതാസ്വാദനപരമസുഖോ
ന്മത്തചിത്താ മുനീന്ദ്രാഃ.”(6)
ഗദ്യങ്ങൾ
കൈലാസപർവ്വതവർണ്ണനത്തിൽ നിന്നു്: “ഹിമകരമഹസാം പിണ്ഡംപോലേ, കർപ്പൂരത്തിൻ കൂട്ടം പോലേ, പുരഹരശോഭാനിലയംപോലെ, വിസതന്തൂനാം ജാലംപോലേ, മുക്താഫലതതി മെത്തുംപോലേ, കലശാം ബുധിതൻ കഠിനതപോലേ; പ്രളയഹുതാശനഭസ്മംപോലേ ഗംഗാസലിലം പൊങ്ങുംപോലേ…ശങ്കരവാഹനവൃഷവരകേളീഹുങ്കൃ തിസകലമരുഭാഗം; മംഗലവീണാവേണു നിനാദം തങ്ങി വിനോദമിതങ്ങൊരുഭാഗം, ഹരിണീകരിണീ ഖുരരേണുഗണൈരരുണീകൃതശിലമങ്ങൊരു ഭാഗം; ഇലകളിലെല്ലാം കലുപിലെ മണ്ടും കലകളുമുണ്ടങ്ങൊരു ഭാഗാന്തേ; മത്തഗജാൻ കണ്ടുദ്ധൃതികോലും ദൃപ്തമൃഗാധിപനങ്ങൊരുഭാഗേ; സിംഹശിശൂൻ കണ്ടാഹിതമോദം ബൃംഹിതസിംഹികളങ്ങൊരു ഭാഗേ.”

ശ്രീകൃഷ്ണന്റെ വിശ്വരൂപദർശനത്തിൽ മഹർഷിമാരുടെ സ്തുതി: “ജയ ജയ ദേവ സദൈവ ദയാപര, വിശ്വപ്രസൃമരസച്ചിൽപ്രാഭവ, ലക്ഷ്മീവല്ലഭ, ദുർജ്ജനദുർല്ലഭ, നിന്തിരുവടിതൻ തിരുമെയ്പാർത്താൽ മുഴുമതിതന്നിൽച്ചന്ദ്രിക പോലെ, പൂവിൽപ്പരിമളവിഭവംപോലേ, തെളിതേൻ ധാരയിൽ മധുരിമപോലേ, പാലിൽക്കലരും വെണ്ണകണക്കേ, പാവകദേവനിലൂഷ്മകണക്കേ, കാണായോ പതിനാലുലകിങ്കലുമൊന്നായ് നീളെയിരിപ്പോന്നത്രേ. വസ്തുജ്ഞാനേ മുപ്പാരെന്നും മംഗലരംഗേ സാക്ഷീ നീതാൻ ചാരുവിനോദക്കളി തടവീടും പാഞ്ചാലീപരയന്ത്രമിതെന്നും, നീയാകുന്നൊരു വഹ്നിയിൽ നീളെച്ചിതറും തീപ്പൊരിവൃന്ദമിതെന്നും, മഹിത ഭവന്മയഭാസ്കരസംഭൃതനിർമ്മലകിരണസ്തോമമിതെന്നും, വിശ്വം കഥയതി ശാശ്വതവാണീ.”

23.9ഭാഷാചമ്പുക്കളുടെ മേന്മ

ഇത്ര പരിണതപ്രജ്ഞനും വശ്യവചസ്സുമായ ഒരു മഹാകവി തനിക്കു സംസ്കൃതത്തിലും മധുരമായി കവനംചെയ്യുന്നതിനു വേണ്ട ശക്തിയുണ്ടായിരുന്നിട്ടും അതു മണിപ്രവാളത്തിൽ വ്യാപരിപ്പിക്കാമെന്നു നിശ്ചയിച്ചതു ഭാഷാസാഹിത്യത്തിന്റെ ഭാഗ്യപരിപാകമാകുന്നു. മണിപ്രവാളപ്രസ്ഥാനമാകുന്ന മന്ദാരവൃക്ഷത്തിന്റെ മധുനിഷ്യന്ദികളായ മനോജ്ഞഫലങ്ങളാണു് ഇത്തരത്തിലുള്ള ചമ്പുക്കൾ. സഹൃയന്മാരുടെ മനസ്സിനു് ഏതുതരത്തിലുള്ള ആനന്ദത്തേയും പ്രദാനംചെയ്യുന്നതിനുള്ള ശക്തിവിശേഷം ഈ കാവ്യങ്ങൾക്കു സമഗ്രമായുണ്ടു്. ഓരോ ചമ്പുവും വായിച്ചു തുടങ്ങുമ്പോൾ അവർ ഏതോ അഭൌമവും അവ്യാജസുന്ദരവുമായ ഒരു ലോകത്തിൽ പ്രവേശിച്ചാലെന്നപോലെ ചമൽകൃത മതികളായി ചമയുന്നു. ചമ്പൂകാരന്മാർക്കു സർവ്വോപരി പ്രിയമായിക്കാണുന്നതു വീരരസവും അതിൽത്തന്നെ യുദ്ധവീരവുമാണു്. അവരുടെ രീതി പ്രായേണ ഗൌഡിയും വൃത്തി ആരഭടിയുമാകുന്നു. വീരം കഴിഞ്ഞാൽ അവർക്കു് അഭിമതമായുള്ള രസം ശൃംഗാരംതന്നെ. ഹാസ്യം തരമുള്ള സ്ഥലത്തെല്ലാം ഇടതടവില്ലാതെ കടന്നുകൂടുകയുചെയ്യും. പ്രസ്തുത കവികൾക്കു സംസ്കൃതസാഹിത്യത്തിൽ അത്ഭുതാവഹമായ അവഗാഹമുണ്ടായിരുന്നു എന്നു് അവർതന്നെ ആ ഭാഷയിലും പദ്യഗദ്യങ്ങൾ തങ്ങളുടെ ചമ്പുക്കളിൽ അങ്ങിങ്ങു് എഴുതിച്ചേർത്തു് ഉച്ചത്തിൽ ഉൽഘോഷിച്ചിരിക്കുന്നു. ഒട്ടുവളരെ സംസ്കൃതം അവർ തങ്ങളുടെ കാവ്യങ്ങളിൽ ലീലാതിലകദൃഷ്ട്യാ ‘രസപ്രാധാന്യേ ഭാഷാന്യൂനത്വേ ച’ എന്ന സൂത്രമനുസരിച്ചു് അവയെ മദ്ധ്യമകല്പങ്ങളായി തീർക്കത്തക്ക വിധത്തിൽപ്പോലും തള്ളിക്കയറ്റീട്ടുണ്ടു്. അക്കാലത്തെ മണിപ്രവാളശൈലി അങ്ങനെ മാറിപ്പോയിരുന്നു എന്നും ഉദ്ദിഷ്ടമായ കഥാപ്രസംഗത്തിനു് ആ രീതിയാണു് ആശാസ്യം എന്നു ചമ്പൂകാരന്മാർ കരുതിയിരുന്നു എന്നും വീരരസപ്രധാനങ്ങളായ കാവ്യങ്ങളിൽ സംസ്കൃതത്തിന്റെ തൂക്കം അധികമാകുന്നതു സ്വാഭാവികമാണെന്നും ശൃംഗാരവും ഹാസ്യവും പ്രകടിപ്പിക്കുന്ന ഭാഗങ്ങളിൽ സംസ്കൃതപദങ്ങൾക്കു താരതമ്യേന കുറവുണ്ടെന്നും എതിർകക്ഷികൾക്കു് ഈ ദോഷത്തെ ലഘൂകരിക്കുന്നതിനു ചില സമാധാനങ്ങൾ പറവാൻ പാടില്ലായ്കയില്ലെന്നുമില്ല. ഭാഷാചമ്പുക്കൾ കൈരളീദേവിയുടെ കണ്ഠാലങ്കാരമായ വാടാമലർമാലയിലേ ചമ്പകപ്പൂക്കളാകുന്നു. സംസ്കൃതജ്ഞന്മാരല്ലാത്തവർക്കു് അവയുടെ പരിമളം ആഘ്രാണിക്കുവാൻ ശക്തി കാണുകയില്ല; എന്നാൽ പണ്ഡിതന്മാരായ ഹൃദയാലുക്കൾക്കു് അവ അത്യന്തം ചേതസ്സമാകർഷകങ്ങളായിത്തന്നെ പരിലസിക്കുന്നതുമാണു്. സാർവ്വജനീനമായ സമാരാധനത്തെ താദൃശങ്ങളായ കൃതികൾക്കു് ആശിക്കുവാൻ ന്യായമില്ല; അവയുടെ പക്ഷപാതികൾ അതു പ്രതീക്ഷിക്കുന്നുമില്ല.

23.10രാവണവിജയം ചമ്പു

കൊല്ലം ഏഴാംശതകത്തിന്റെ അവസാനത്തിൽ വിരചിതമായ ഒരു ചെറിയ ചമ്പുവാണു് രാവണവിജയം. വേദവതിയോടുള്ള രാവണന്റെ ബലാത്സംഗം, യമനുമായുള്ള യുദ്ധം എന്നീ രണ്ടു വിഷയങ്ങൾ മാത്രമേ പ്രസ്തുത ചമ്പുവിൽ പ്രതിപാദിച്ചിട്ടുള്ളൂ. കവി പുനമാണോ എന്നു ഖണ്ഡിച്ചു പറവാൻ സാധിക്കുന്നതല്ല. രചനയിൽ ഗ്രന്ഥകാരൻ രാമായണചമ്പുവിനെക്കാൾ കൂടുതൽ നിഷ്കർഷ പ്രദർശിപ്പിച്ചിരിക്കുന്നു. ഒരു ശ്ലോകംമാത്രം പകർത്താം.

നാരദൻ:
“ആനന്ദബ്രഹ്മസാരം ജലനിധിതനയാ
കാമുകം ശ്യാമരൂപം
ധ്യാനംചെയ്തും പ്രമോദാലിടയിടെ നയനേ
മിശ്രയന്നശ്രുധാരാം
വീണാനാദേന നാനാജനഹൃദി ജനയൻ
സമ്മദം നിർമ്മലാത്മാ
കാണപ്പെട്ടൂ തദാനീമപഹസിതശര
ന്നീരദോ നാരദോഗ്രേ.”

23.11രുകമിണീസ്വയംവരം ചമ്പു

രുക്‍മിണീസ്വയംവരം ഒരു ദീർഗ്ഘവും പ്രാചീനവുമായ ചമ്പുവാകുന്നു. പതിനഞ്ചാം ശതകത്തിൽ തന്നെയായിരിക്കണം ഇതിന്റെ ആവിർഭാവമെന്നുള്ളതിനു സംശയമില്ല. കവി അജ്ഞാതനാമാവാണു്. അദ്ദേഹത്തിനു നിഷ്കൃഷ്ടമായ സംസ്കൃതവ്യുത്പത്തി ഉണ്ടായിരുന്നില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. പ്രസ്തുത ചമ്പുവിൽ സംസ്കൃതഗദ്യം പോയിട്ടു് ഒരൊറ്റസ്സംസ്കൃതപദ്യം പോലും കാണുന്നില്ല. അന്യകവികളുടെ ഗദപദ്യങ്ങൾ സ്വകീയങ്ങളാക്കീട്ടില്ലെന്നുള്ളതു് ഈ പ്രബന്ധത്തിന്റെ ഒരു ഗുണമായി കണക്കുകൂട്ടാം. പലപ്പോഴും ഛന്ദശ്ശാസ്ത്രനിയമങ്ങൾക്കു വിപരീതമായി ഗുരുക്കളെ ലഘുക്കളാക്കി ഉച്ചരിക്കേണ്ടിയിരിക്കുന്നു എന്നുള്ളതാണു് ഇതിലെ ഉൽകടമായ ദോഷം. ‘സ്വച്ഛജ്ഞാനം കലർന്നീടിന ശ്രുതിനിവഹം’ ‘ആത്മതുല്യമിവ പ്രത്യയപ്രകൃതി’ എന്നും മറ്റും പ്രയോഗിക്കുവാൻ കവിക്കു് ഒരു കൂസലുമില്ല. ‘വർത്തിച്ചുതാനാൽ’, ‘വരായിന്റിതിന്റും’ ഇത്യാദി പ്രയോഗങ്ങൾ കവിതയുടെ പഴക്കത്തെ വ്യഞ്ജിപ്പിക്കുന്നു. സന്ദേശകാവ്യങ്ങളുടെ രീതിപിടിച്ചാണു് രുക്‍മിണി ബ്രാഹ്മണനെ ദ്വാരകയ്ക്കയയ്ക്കുന്ന ഘട്ടം രചിച്ചിട്ടുള്ളതു്. പാണ്ഡിത്യം പോരെങ്കിലും കവിയ്ക്കു പ്രകൃഷ്ടമായ വാസനാ വൈഭവമുണ്ടായിരുന്നു. നാലു ശ്ലോകങ്ങൾ ചുവടെ ഉദ്ധരിക്കുന്നു. ഭീഷ്മകന്റെ വാക്കു്:

“ദീനം തട്ടാത ലീലാസരണിയിലഴിയും
ലോകചേതോവികാരാ
മാനംഗോന്മേഷമേളം തടവിനനയനാം
മന്ദഹാസാഭിരാമാം
നാനാലോകർക്കു് ചേരും വിമലഗുണഗണം
കൊണ്ടു ധന്യാം തനൂജാ
മേനാം രഞ്ജിപ്പതിന്നിന്നൊരു നൃപതിസുതാം
കണ്ടതില്ലെങ്ങുമേ ഞാൻ.”(1)
രുക്‍മിയുടെ കോപം:

“അച്ഛൻ താനേ പറഞ്ഞീടിന വചനമിദം
കേട്ടു കോപം മുഴുത്തി
ട്ടുച്ചൈരക്കണ്ണുരണ്ടും നൃപസദസി ചുവ
പ്പിച്ചു മഞ്ചാടിപോലേ,
സ്വച്ഛം തന്നാനനത്തിൽ ശ്രമജലകണികാ
വൃന്ദവും ചേർത്തു മേന്മേ
ലുൾച്ചേരും സർവ്വഗർവ്വം തടവിന വചനം
ഘോഷയാമാസ രുക്‍മീ.”(2)
രുക്‍മിണിയുടെ സന്ദേശം:

മറ്റാരുമില്ല ശരണം മമ ദീനബന്ധോ,
വറ്റാതെഴിന്റ കരുണാമയതോയസിന്ധോ,
ചുറ്റത്തിൽവന്നു ദയിതാം തവ കൊണ്ടുപോ മാം
പറ്റും രമാം ഭഗവതീം ഹരിയെന്റപോലെ.”(3)
രുക്‍മിണി ശ്രീകൃഷ്ണനെ കാണുന്നതു്:

“ബദ്ധാമോദം ചമൂനാമരികിലരികിൽ നി
ന്റഗ്രജം സീരപാണിം
മദ്ധ്യേ ലാളിച്ചുലാളിച്ചുപചിതരസമ
ന്യോന്യമാഭാഷമാണം
ഗുപ്താകാരേണ പാണിഗ്രഹണമഴകുതായ്
ച്ചെയ്വതിന്നാഗതം സാ
മുഗ്ദ്ധാക്ഷീ തത്ര കണ്ടാളഹിതജനവനാ
ളീദവം യാദവം തം.”(4)

23.12കാമദഹനം ചമ്പു

സർവ്വാംഗസുന്ദരമായ കാമദഹനം ചമ്പുവും കൊല്ലം ഏഴാം ശതകത്തിലേ കൃതിയായിരിക്കുവാൻ ന്യായമുണ്ടു്. (1) പപ്പേറു് (അവതാളം), (2) കനാവത്തു് (കിനാവിൽ), (3) എങ്ങളാർ (ഞങ്ങൾ), (4) ഉവക്കുക (സ്നേഹിക്കുക.) തുടങ്ങിയ പഴയ പദങ്ങൾ ഈ ഗ്രന്ഥത്തിൽ കാണുന്നു.

ശബ്ദാർത്ഥങ്ങളുടെ മാധുര്യംകൊണ്ടും മനോധർമ്മങ്ങളുടെ സ്വാരസ്യംകൊണ്ടും ഫലിതങ്ങളുടെ ബാഹുല്യംകൊണ്ടും രസഭാവങ്ങളുടെ സൗരഭ്യംകൊണ്ടും പ്രസ്തുത പ്രബന്ധം രാമായണചമ്പുവോടു കിടനില്ക്കുന്നു. എന്നാൽ പുനംതന്നെയാണോ കാമദഹനത്തിന്റെ നിർമ്മാതാവു് എന്നു തീർച്ചപറവാൻ നിർവ്വാഹമില്ല. കാളിദാസൻ കുമാരസംഭവത്തിൽ ദേവേന്ദ്രന്റെ അഭ്യർത്ഥന നിമിത്തമാണു് കാമദേവൻ ശ്രീപരമേശ്വരന്റെ തപോഭംഗത്തിനു് ഉദ്യമിച്ചതു് എന്നു് ഉപന്യസിക്കുന്നു; എന്നാൽ കാമദഹനകാരൻ കലഹപ്രിയനായ നാരദനെ കാമന്റെ സന്നിധിയിലേക്കു നയിച്ചു് അദ്ദേഹത്തിന്റെ പരാക്രമം അപ്രതിഹതമാണെങ്കിലും അതു തപോനിഷ്ഠനായ ശിവനോടു പറ്റുന്നതല്ലെന്നു് ഇന്ദ്രൻ ആക്ഷേപിച്ചതായി ആ മഹർഷിയെക്കൊണ്ടു് ഉപാലംഭനം ചെയ്യിക്കുകയും തദ്ദ്വാരാ ആ മദോന്മത്തനെ ശിവവിജയത്തിന്നായി പ്രസ്ഥിതനാക്കുകയും ചെയ്യുന്നു. കവി ആദ്യമായി കാമദേവന്റെ രാജധാനിയെ വർണ്ണിക്കുന്നു. ആ ഘട്ടത്തിൽ അദ്ദേഹം പ്രദർശിപ്പിക്കുന്ന കല്പനാശക്തിയുടെ വൈഭവം ഏതു സഹൃദയനേയും ആനന്ദതരളിതനാക്കുവാൻ പര്യാപ്തമാണു്:

“കർപ്പൂരക്കളിമുറ്റ, മുൽപലദലാസ്താരം, നിലാമുറ്റ, മ
പ്പൊൽപ്പൂമണ്ഡപ, മഞ്ജനക്കളിനിലം, സൗഭാഗ്യദീക്ഷാഗൃഹം,
ശില്പം ചേർന്ന വിശാലശാല, കലഹപ്പൊന്മാടമെന്നിങ്ങനേ
കല്പിച്ചെത്ര മനോഹരം ഭവനവിന്യാസം മനോജാലയേ.”(1)
“വാത്സ്യായനക്കളരി, കോകിലഗീതിശാലാ,
വാർത്താർചരങ്ങൾ പണിചെയ്ത രഹസ്യരംഗം,
പേർത്തും മധുവ്രതകുലം മുരളും മണിക്കെ,
ട്ടാസ്ഥാനമണ്ഡപമഹോ! നയനാഭിരാമം.”(2)
ഇത്യാദിപദ്യങ്ങളും,

“കർപ്പൂരംകൊണ്ടെപ്പേരും നൽക്കല്പണി തീർത്തത്താമരവളയൽ കടച്ചിൽത്തൂണാ, യിളയ കരിമ്പുകളുത്തരമാക്കി, ക്കൈതപ്പൂവു കഴുക്കോലാക്കി, ത്താമരനൂൽകൊണ്ടൊക്ക വരിഞ്ഞമ്മുകളിൽക്കർണ്ണിക മകുടംവച്ചി, ട്ടല്ലികൾകൊണ്ടേ പട്ടിക തട്ടി, ച്ചമ്പകദലമാം പൊൻപലകപ്പണി പരിചിലുറപ്പി, ച്ചഭിനവകുസുമപരാഗം പരിചിൽപ്പനിനീർ വീത്തിയുലച്ചുചമച്ചു നിറത്തൊടുഭിത്തികളൊക്കത്തീർത്തു, മതൃത്തൊരു പൈമ്പാൽക്കളികൊണ്ടെങ്ങും വെങ്കളിയിട്ടൊ, രു ഗോരോചനകൊണ്ടുരുവു കുറിച്ചു, മണിച്ചാന്തെന്നും മഷിയും കൂട്ടിക്കുങ്കുമമായ ചുവപ്പും മേളിച്ചെങ്ങും വിശ്വവിനോദനസാരം വാത്സ്യായനനിജചരിതം ബഹുധാ മുഴുവൻ ചരതിച്ചെഴുതിത്തീരും മണിമയഭവനേ”
ഇത്യാദി ഗദ്യവും നോക്കുക. നാരദന്റെ അവഹേളനം കേട്ടപ്പോൾ മന്മഥൻ,

“കേൾക്കേണം വീരവാദം മുനിപരിവൃഢ, നീ
മാമകം; മങ്കമാരെ
ക്കാക്കേണം ചന്ദ്രചൂഡൻ പകലിരവു പൊരു
ന്നാകിലിന്നാളിലേറ്റം;
നീക്കം വന്നീടുമാകിൽപ്പുനരതിനു ഞെരി-
ച്ചമ്പുമെൻ പോറ്റി, വില്ലും
തൂക്കുന്നുണ്ടെന്നുമേ ഞാൻ പെരുവഴിയിലിര
ന്നൂണു പിന്നേടമെല്ലാം.”(3)
എന്നു ശപഥം ചെയ്യുന്നു. പിന്നീടു സമരത്തിന്നുള്ള സന്നാഹമായി.

“കിളി മയിലരയന്നം ചക്രവാകം കുയിൽപ്പെ
ണ്ണളിപടലി ചകോരം പ്രാവു പൂങ്കോഴിതാനും,
തെളിവിനൊടു ജയിപ്പാനിന്ദുചൂഡം തദാനീം
വിലുളിതനിജസൈന്യം മന്ദമന്ദം നടന്നു.”(4)
“കുറ്റംതീരും മുഴുമതിയെന്നും കൊറ്റക്കുടയും ചാരു പിടിപ്പി, ച്ചൊറ്റച്ചിന്നം മുൻപിൽ വിളിപ്പി, ച്ചച്ഛിന്നശ്രീ പൂമ്പൊടികൊണ്ടു ദിഗന്തം മൂടി, ത്തരുണീജഘനമണിത്തേർതന്നിൽത്തെളിവൊടു രോമാവലിയാം കൊടിമരമൊക്കത്തക്ക നിവർത്തിക്കൊണ്ട, ക്കള്ളക്കൺമുന കലഹപ്പുഞ്ചിരികളിയിൽക്കോപം കർണ്ണേമന്ത്രം മധുരാലിംഗനമധരാചുംബനമകമേ പുളകം പരുഷവിലോകനമെന്നുതുടങ്ങി രഹസ്യപ്രഹരണമൊക്കത്തേരിൽ നിറച്ചുംകൊണ്ടു നടന്നൊരുനേരം പനിമതിമുഖിമാർ പലരും പലതരമൻപൊടു മുന്നിലകമ്പടികൂടി” ഇത്യാദി ഗദ്യപദ്യങ്ങൾ ഗുണസമൃദ്ധങ്ങളാകുന്നു. ശ്രീപരമേശ്വരന്റെ സന്നിധാനത്തിൽ എത്തിയപ്പോൾ കാമൻ തന്റെ സേനാധ്യക്ഷന്മാരോടു് ഇങ്ങനെ ആജ്ഞാപിക്കുന്നു:

“സേനാനായക, ബാലമാരുത, വിഭോ, ചക്രാഹ്വയേ, കോകിലാ
പ്രാണാധീശ്വര, ഭൃംഗരാജദയിതേ, ചക്രാംഗപോതങ്ങളേ,
ഞാനാകുന്നതു നിങ്ങൾ, നിങ്ങളഖിലം ഞാനെന്നറിഞ്ഞാസ്ഥയാ
വേണം ചന്ദ്രകിശോരഭൂഷവിപിനേ ചെയ്യുന്നവസ്ഥാന്തരം”(5)
കാമന്റെ ശരീരദാഹത്തെ കവി പദ്യംകൊണ്ടും ഗദ്യംകൊണ്ടും വർണ്ണിക്കുന്നുണ്ടു്. ഗദ്യം വളരെ വിസ്തൃതമാണു്. പദ്യം താഴെച്ചേർക്കുന്നു:

“അപ്പോൾ മിന്നുന്ന നെറ്റിത്തിരുമിഴിനടുവേ
പൂവെടിപ്രായമയ്യാ!
കല്പാന്തോദ്ദീപ്തവൈശ്വാനരസദൃശമുതിർ
ന്നൂ കനൽച്ചാർത്തകാണ്ഡേ;
തൽപ്രാചുര്യേണ ലോകം കടുകനൽമയമായ്,
ഭസ്മശേഷഃ സ്മരോഭൂൽ
ചൊല്പൊങ്ങും പുഷ്പധന്വാ; ശിവശിവ! പറവാ
നാവതോ ദൈവയോഗം?”(6)
കാമദേവന്റെ നിര്യാണാനന്തരം ലോകത്തിനു വന്നുചേർന്ന പ്രണയശൂന്യമായ അവസ്ഥ കവി പല അന്യാദൃശങ്ങളും ഫലിതകിർമ്മീരിതങ്ങളുമായ കല്പനകൾ പ്രയോഗിച്ചു വർണ്ണിക്കുന്നതാണു് ഈ ചമ്പുവിൽ വിശ്വവിസ്മാപകമായി വിദ്യോതിക്കുന്നതു്. അമ്മായിശ്ലോകങ്ങളെഴുതിക്കൊണ്ടിരുന്ന പൊട്ടക്കവികളുടെ കാര്യം പരുങ്ങലിലായി.

“വിശ്വത്തിലമ്മന്തിരവാദികൾക്കും
വശ്യപ്രണാശാൽ വയറും കുറഞ്ഞു;
നിശ്ശേഷഭൂദേവനികേതമെല്ലാ
മച്ചോ! സമൃദ്ധം ധനധാന്യപൂർണ്ണം.”(7)

“സാരസ്യത്തിനു ചെന്നൊരുത്തനുമിരിപ്പീലാരുമമ്മേനകാ
ഗാരേ നാലു മണിപ്രവാളമുയരെച്ചൊല്ലൂതുമില്ലാരുമേ,
പാരിൽക്കീർത്തി മികുത്ത മന്നവർ മരിച്ചാഹന്ത! ചെല്ലുംവിധൌജ്
നാരീണാം കഥപോലുമില്ല പരലോകാധീശശൃംഗാടകേ.”(8)
ഇങ്ങനെ ആ ശൃംഗാരാധിക്ഷേപം തുടർന്നുപോകുന്നു. ഒടുവിൽ ദേവസ്ത്രീകൾ എല്ലാവരുംകൂടി പാർവ്വതീദേവിയെക്കണ്ടു വന്ദിച്ചു “ജാതിക്കുവന്നൊരസുഖം കളയേണമേ നീ” എന്നു പ്രാർത്ഥിക്കുകയും ദേവി “അലമിഹ ബഹുവാക്യൈരേതദർത്ഥം യതിഷ്യേ ഫലസമുദയമോർത്താലീശ്വരാധീനമല്ലോ” എന്നു് അവരെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു സരസമായ കാവ്യം മലയാളത്തിലല്ലാതെ ഇതരഭാഷകളിലുണ്ടെന്നു തോന്നുന്നില്ല; ഉണ്ടാകുന്നതു് അത്ര എളുപ്പവുമല്ല.

23.13ഉമാതപസ്സു്

ഈ ചമ്പു മുഴുവൻ കിട്ടീട്ടില്ല. കവിയുടെ കാലം ഏകദേശം കാമദഹനത്തിന്റേതായിരിക്കണം; പക്ഷേ എട്ടാംശതകത്തിന്റെ പൂർവ്വാർദ്ധമാണെന്നും വരാവുന്നതാണു്. കുമാരസംഭവം അഞ്ചാം സർഗ്ഗത്തെ പല ഭാഗങ്ങളിലും അനന്യശരണനെന്നപോലെ ഉപജീവിച്ചുകാണുന്ന

കവി പുനമാണെന്നു പറയുവാൻ പ്രയാസമുണ്ടു്. രണ്ടു ശ്ലോകങ്ങൾ മാത്രം ചേർക്കുന്നു.

ഹിമവാൻ:
“ഏഴാഴിച്ചുറ്റിലുറ്റുള്ളവനിയെ മുഴുവൻ
നീരിൽവീണ്ണങ്ങഗാധേ
താഴാതേകണ്ടുറപ്പിച്ചൊരുപൊഴുതിളകാ
തോരു പാദാഗ്രസീമാ
തോഴാ, വൈരിഞ്ചലോകം പുതുമയൊടു മുക
ക്കും മുകൾക്കല്ലു മുട്ട
ച്ചൂഴും മാണിക്യധാമാ, കുലഗിരി ഹിമവാൻ
നാമ ഭൂമൗ സമിന്ധേ.”
വടുരൂപിയായ പരമേശ്വരൻ പാർവ്വതിയോടു്:

“എന്നേ കഷ്ടം! കുലാദ്രിപ്രവരസുകൃതസാ
ഫല്യവൈപുല്യലീലാ
വിന്യാസോല്ലാസമേ! നിൻതൊഴിലിതു തരമ
ല്ലോർത്തുകാണുംദശായാം;
അന്യാസാം വീടുതോറും ഗിരിശനു വശമാ
യീടിനാൽപ്പിച്ചപൂവാൻ
പിന്നാലേ പായുമാറോ നിനവു തവ പരീ
ഹാസപാത്രീകൃതാംഗ്യാഃ?”
പാർവ്വതീസ്വയംവരം ചമ്പു:
കുമാരസംഭവം മൂന്നും അഞ്ചും സർഗ്ഗങ്ങളിലെ കഥ യഥാക്രമം കാമദഹനത്തിലും ഉമാതപസ്സിലുമെന്നപോലെ ആറുമേഴും സർഗ്ഗങ്ങളിലെ കഥ പാർവ്വതീസ്വയംവരത്തിൽ പ്രതിപാദിതമായിരിക്കുന്നു. പാർവ്വതീസ്വയംവരവും പ്രാക്തനവും പ്രസന്നസരസവുമായ ഒരു ചമ്പുവാകുന്നു. ഇതിന്റെ പ്രണേതാവും പുനമായിരിക്കുവാൻ ന്യായമുണ്ടു്. താഴെക്കാണുന്നതു വിരഹാർത്തനായ ശിവനെ വണ്ണിക്കുന്ന ശ്ലോകങ്ങളിൽ ഒന്നാണു്:

“പ്രേമം വായ്ക്കിന്റ ദാക്ഷായണിയുടെ വിരഹാ
ന്മുന്നമേ പാഴ്പെടും തൻ
വാമാങ്കേ നോക്കിനോക്കിച്ചുടുചുട മരുവും
ദീർഘനിശ്വാസലോലം,
മാമാ! തൃക്കൈത്തലംകൊണ്ടിടയിലിടയിലാ
ഗാമിസാപത്ന്യചിന്താ
വ്യാമോഹവ്യാകുലാം ചെഞ്ചിടനടുവിൽ നഭോ
വാഹിനീം ഗുഹയന്തം”(1)
വരണമണ്ഡപത്തിൽ പ്രവേശിക്കുന്ന പാർവ്വതീദേവിയെ കവി അനേകം മനോഹരങ്ങളായ പദ്യങ്ങൾകൊണ്ടും ഒരു ഗദ്യം കൊണ്ടും വർണ്ണിക്കുന്നു. അവയിൽനിന്നു ചില ഭാഗങ്ങൾ ഉദ്ധരിക്കാം:

“ശൃംഗാരാഖ്യേ പയോധൗ ചിതറി നിറമെഴും
ബാലകല്ലോലമാലാ
ശങ്കാം നല്കുന്ന വാനോർമടവർനടുവിലു
ദ്യോതമാനാംഗവല്ലീ
മംഗല്യാനാമസാധാരണമണിഭവനം
കണ്ടുകിട്ടീ ജനാനാ
മങ്കേ ലോകത്രയീദീപിക സമനുഗതാ
ഭാരതീഭാർഗ്ഗവീഭ്യാം,(2)

ദൃഷ്ടിത്തെല്ലിങ്കൽ മാനോഭവനിഗമരഹ
സ്യത്തെയും വച്ചുപൂട്ടി
ക്കെട്ടിത്താക്കോലൊളിക്കും വിനയചതുരമ
ന്ദാക്ഷദീക്ഷാം ഭജന്തീം
ഒട്ടൊട്ടേ സങ്ക്വണൽകങ്കണമിനിയ ശചീ
ദേവിതാൻ നിന്നു വീയി
പ്പുഷ്ടശ്രീ ചേർന്ന വെൺചാമരമരുദവധൂ
താളകാലോകനീയാം,(3)

ഉന്നിദ്രാണാനുരാഗാം ദയിതമുടനുടൻ
കണ്ടുകണ്ടാസ്വദിപ്പാൻ
തന്നെക്കട്ടും നടന്നീടിന തരളതരാ
ലോകതാപിഞ്ഛിതാശാം,
കണ്ണെത്താതോരു കാന്തിക്കടൽനടുവിൽ മുദാ
മുങ്ങുമംഗാംഗതോ വ
ന്നൊന്നിച്ചെങ്ങും ദിഗന്തേ ചിതറി മണമെഴും
മാരബാണപ്രപഞ്ചാം,(4)

മതു തഞ്ചിന പഞ്ചതാര കിഞ്ചിൽ
ച്ചിതറുംവണ്ണമുദഞ്ചിതസ്മിതാർദ്രാം,
മൃദുലാതപകന്ദളീമനോജ്ഞ
ദ്യുതി കോലുന്ന ദുകൂലമാവസാനാം,(5)

സ്തനകന്ദളി ചെറ്റുചെറ്റുയർത്തും
കനകത്താലിവിലോലഹാരമാലാം,
മണികങ്കണകാഞ്ചനാംഗദശ്രീ
പിണയും കോമളദോര്യുഗീസനാഥാം,(6)
അരയാലിലയോടിണങ്ങുദാരോ
ദരരാജന്നവരോമരാജിരമ്യാം,
സ്മരവീരവിഹാരവാപിപോലേ
മരുവും നാഭിഗഭീരിമാഭിരാമാം,(7)

ഇനി നൽവരവെന്നറിഞ്ഞു കൊഞ്ചീ
ടിന കാഞ്ചീവിലസന്നിതംബബിംബാം,
മദമേന്തി മണം തുളുമ്പി മാഴ്കീ
ടിന മാതംഗമഹേന്ദ്രമന്ദയാനാം.”(8)
മുതലായ പദ്യങ്ങളിൽ പ്രവഹിക്കുന്ന രസം അമൃതോപമംതന്നെ. താഴെക്കാണുന്നതു് ആ ഘട്ടത്തിലുള്ള ഗദ്യത്തിലെ ചില വരികളാണു്: “ഭുവനമശേഷം പൊലിമയൊടൊക്കെപ്പൊന്നിൻനീർകൊണ്ടൂട്ടിയപോലേ; വിസ്തൃതിപൂണ്ട നഭഃ സ്ഥലമഖിലം വിദ്രുമമയമായ്ത്തീർക്കുംപോലേ; കുങ്കുമവല്ലികൾ മുഹുരപി ദിശി ദിശി കുളുർമ തളിർത്തു കുരുക്കുംപോലേ; പുകൾപെട മേവും ത്രിജഗതി പുത്തൻ പൂന്തുകിൽകൊണ്ടു പുതയ്ക്കുംപോലേ; സ്വച്ഛതരോദയമാശാമങ്കയർ തെച്ചിമലർക്കുല ചാർത്തുംപോലേ; നാഭീനളിനനറുമ്പൊടി നാനാനാടുകൾ തോറും തൂകുംപോലേ; ശോണനദത്തിൻ തുംഗതരംഗശ്രേണികൾ വിയതി പരക്കുംപോലേ; ഉലകുകളെല്ലാമിളവെയിലെന്നുന്നുദധിയിൽ വീണ്ണാറാടുംപോലെ; സമുദിതഡംബരമംബരസീമനി സന്ധ്യാഘനതതിയുന്തുംപോലേ; പുനരപിവവൃധേ പനിമലമാതിൻ തിരുനിറമെങ്ങും മധുരിമരംഗം.”

23.14പാരിജാതഹരണം ചമ്പു

കവിയും കാലവും
തൊണ്ണൂറ്റാറു പദ്യങ്ങളും സംസ്കൃതത്തിലും ഭാഷയിലും ഓരോ ഗദ്യവും ഒരു ദണ്ഡകവും മാത്രമുള്ള ചമ്പുവാണു് പാരിജാതഹരണമെങ്കിലും ഗുണോൽകർഷംകൊണ്ടു് അതു രാമായണചമ്പുവിനു സമശീർഷമായി പരിലസിക്കുന്നു. നരകാസുരവധവും പാരിജാതഹരണവും പ്രസ്തുത ചമ്പുവിൽ പ്രതിപാദിച്ചിട്ടുണ്ടു്. പ്രണേതാവു സാമൂതിരിപ്പാട്ടിലേ സേനാനായകനായിരുന്ന തറയ്ക്കൽ വാരിയരാണെന്നു് ആ ചമ്പുവിന്റെ ഒരാദർശഗ്രന്ഥത്തിൽ കാണുന്ന അധോലിഖിതമായ പദ്യത്തിൽ നിന്നു സ്പഷ്ടമാകുന്നു:

“ആദിഷ്ടഃ പരസൈന്യവാരണഘടാഗണ്ഡസ്ഥലാസ്ഫാല നൈ
രായാതോഗ്രഗഡുപ്രകീർണ്ണകരസംശ്ലേഷപ്രമോദിശ്രിയാ
ശൈലാബ്ധീശ്വരസൈന്യനായകവരഃ ശ്രീപാർശ്വജോഹം കൃതീ
നിർമ്മിച്ചൂ പരിചോടിമാം കൃതിസുധാം നല്പാരിജാതാഹൃതിം.”
കോഴിക്കോട്ടുനിന്നു നിലമ്പൂരേക്കുള്ള തീവണ്ടിപ്പാതയിൽ വല്ലപ്പുഴസ്റ്റേഷനു സമീപമാണു് തറയ്ക്കൽ വാരിയമെന്നും അതിലെ കാരണവന്മാർ പണ്ടു പരമ്പരയാ സാമൂതിരിക്കോവിലകത്തെ സേനാനികളായിരുന്നു എന്നും അറിയുന്നു. ഗ്രന്ഥകാരന്റെ നാമധേയമെന്തെന്നുള്ളതിനു് ഒരു സൂചനയുമില്ല. അദ്ദേഹം അടിയുറച്ച ഒരു സംസ്കൃതപണ്ഡിതനും അതിപ്രതിഭാശാലിയായ ഒരു മഹാകവിയുമായിരുന്നു. കാലത്തെപ്പറ്റി പരിച്ഛിന്നമായി ഒന്നും പ്രസ്താവിക്കുവാൻ തരമില്ലാതെയിരിക്കുന്നു എങ്കിലും ‘നാണിന്റെ’, ‘തണ്ടീടും’, ‘വിരൺ’, ‘നാടിക്കൊള്ളുക’ മുതലായ പഴയ പദങ്ങളിൽ നിന്നും മറ്റും പ്രസ്തുതകവി കൊല്ലം ഏഴാം ശതകത്തിൽ ജീവിച്ചിരുന്നതായി കണക്കാക്കാം. ചില പദ്യങ്ങൾ ചുവടെ ചേർക്കുന്നു.

ശ്രീകൃഷ്ണന്റെ ശാർങ്ഗം:
ശ്രീശാർങ്ഗം പള്ളിവിൽ പോന്നതിരഭസമെഴു
ന്നള്ളുമന്നേരമാശാ
മാശാപാലാവലീനാം ചെറുതു ഫലവതീം
കല്പയന്നത്ഭുതാത്മാ
രേജേ രാജീവനാഭൻ നഭസി മഹിതമാ
ഹേന്ദ്ര കോദണ്ഡവല്ലീം
തേജോരൂപാമുപാന്തേ തടവി വടിവുകൈ
ക്കൊണ്ട നല്ക്കൊണ്ടൽപോലേ.”(1)
വ്യോമയാനംചെയ്യുന്ന ശ്രീകൃഷ്ണൻ:
ശ്രീവത്സംകൊണ്ടുമേറെപ്പെരിക മണമെഴും
കൗസ്തുഭംകൊണ്ടുമയ്യാ!
താവിത്തഞ്ചുന്ന കാഞ്ചീമകുടകടകമ
ഞ്ജീരഹാരാദികൊണ്ടും
വ്യാവല്ഗദ്വൈജയന്തീബഹളപരിമള
ഭ്രാന്തപുഷ്പന്ധയാളീ
വൈവശ്യംകൊണ്ടുമാഭാസത നഭസി തദാ
സത്യഭാമാസഹായൻ.”(2)
ഇന്ദ്രാണിയുടെ സസംഭ്രമമായ പ്രയാണം:
“ഒടുന്നേരത്തു തസ്യാ നിടിലതടമുടൻ
കമ്രഘർമ്മാംബുപൂരം
തേടുന്നൂ; ചായൽ ചായുന്നിതു; പുനരഴിയു
ന്നൂ ബലാൽ നീവിബന്ധം;
പാടേ പാടേ കപോലങ്ങളിലുലയുമണി
ക്കണ്ഡലദ്വന്ദ്വമുച്ചൈ
രാടുന്നൂ; കാഞ്ചി പാടുന്നിതു; പഥി പൊഴിയു
ന്നൂ ശിഖാമാല്യജാലം.”(3)
സത്യഭാമയോടു വാഗ്വാദത്തിൽ തോറ്റ ഇന്ദ്രാണി ഭർത്താവിനെ നോക്കുന്നതു്:

“സാ പുലോമസുത നോക്കിനാൾ തദാ
വാ പറഞ്ഞതു പൊറാഞ്ഞു വാസവം
കോപചാപലകലാവിജൃംഭിത
ഭ്രൂ ഭയങ്കരവിലോചനാഞ്ചലാ.”(4)
ശ്രീകൃഷ്ണനും ദേവേന്ദ്രനും തമ്മിലുള്ള യുദ്ധം:
“ഉൾക്കോപം പൂണ്ടു ലക്ഷ്മീദയിതനുമമരാ
ധീശനും തമ്മിലെയ്യും
നൽക്കൂരമ്പിൻകദംബൈരിടയിലുടനുടൻ
തമ്മിലേറ്റുജ്ജ്വലാംഗൈഃ
ഉഗ്രൈരങ്ങൊക്ക മൂടീ ഭയവിവശസുര
വ്രാതമന്യൂനപീഡാ
വ്യഗ്രൈശ്ശൂൽക്കാരഘോഷപ്രശമിതഭുജഗാ
ഡംബരൈരംബരാന്തം.”(5)
ശചീദേവിക്കം സത്യഭാമയ്ക്കും തമ്മിലുണ്ടായ വാക്കലഹം കവി നിരതിശയമായ മനോധർമ്മവിലാസത്തോടുകൂടി വർണ്ണിക്കുന്നു: “പാരിജാതവൃക്ഷം മോഷ്ടിക്കുവാൻ വന്നതു മരിക്കുവാൻ മറ്റൊരു മാർഗ്ഗം കാണാഞ്ഞിട്ടാണോ” എന്നു് ഇന്ദ്രാണി ചോദിച്ചതിനു് അതിന്റെ ഹരണത്തിനു് ഒരുങ്ങുന്നതു് ഇന്ദ്രമാതാവിന്റെ കണ്ഡലം മോഷ്ടിച്ച നരകാസുരനെ കൊന്ന തന്റെ പ്രാണനാഥനാണെന്നും “ആയിരം കണ്ണുലാവും ഭംഗിക്കാരന്നിതിന്നുണ്ടൊരു പരിഭവമെന്നാകിൽ വന്നാലുമങ്കേ” എന്നും ഭാമ മറുപടി പറയുന്നു. അങ്ങിനെ ആ സ്ത്രീകളുടെ ഉക്തിപ്രത്യുക്തികൾ ഒന്നിനൊന്നു മൂത്തു് ഒടുവിൽ ഇന്ദ്രാണി

“കേളിപ്പോൾ തവ യോഗ്യമായതു മുരിക്കിൻപൂവസത്തേ! പരം
ചാളച്ചോറ്റിനു പാമുറത്തില തുലോമെന്നുള്ള ചൊല്ലില്ലയോ?”
എന്നു ഗർജ്ജിക്കുകയും അതിനു ഭാമ “താഡിപ്പാൻ തോന്നുമത്രേ ചെകിടു പൊളിയെ നിൻ വാക്കു കേൾക്കും ദശായാം” എന്നും മറ്റും വീണ്ടും കൂസൽകൂടാതെ ഉത്തരം പറയുകയും ചെയ്യുന്നു. ഈ വാക്കലഹമാണു് ഇന്ദ്രനും കൃഷ്ണനും തമ്മിലുള്ള യുദ്ധത്തിനു കാരണമെന്നു് കവി ഉപപാദിക്കുന്നു.

23.15മറ്റു ചമ്പുക്കൾ

പഴയ രീതിയിൽ പുനത്തിന്റെ കൃതികളെ അനുകരിച്ചുള്ള ചമ്പുക്കൾ ഭൂരിപക്ഷവും കൊല്ലം ഏഴും എട്ടും ശതകങ്ങളിലാണു് ആവിർഭവിച്ചിട്ടുള്ളതു്. അപൂർവ്വം ചില ചമ്പുക്കൾ ഒമ്പതാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിലും വിരചിതങ്ങളായി കാണുന്നു. അവയുടെയെല്ലാം കാലം ഖണ്ഡിച്ചു പറവാൻ വളരെ പ്രയാസമുണ്ടു്. അതുകൊണ്ടു് ഇതര ചമ്പുക്കളെപ്പറ്റി എട്ടാം ശതകത്തിലെ കൃതികളുടെ കൂട്ടത്തിൽ പ്രസ്താവിക്കാം. പൂർവ്വകവികളാൽ അക്ഷുണ്ണമല്ലെങ്കിലും പുനം വിസ്തൃതികൂട്ടി മിനുസപ്പെടുത്തി രാജരഥ്യയാക്കിയ ചമ്പൂപ്രസ്ഥാനം ഭാഷാസാഹിത്യത്തിനു് ഒരു അനർഘാലങ്കാരമായി പരിണമിച്ചു എന്നു് അനുവാചകന്മാരെ വീണ്ടും അനുസ്മരിപ്പിച്ചുകൊണ്ടു് ഈ അദ്ധ്യായം ഇവിടെ സമാപിപ്പിക്കാം.


അദ്ധ്യായം 24 - മണിപ്രവാളസാഹിത്യം (തുടർച്ച)

ക്രി. പി. പതിനഞ്ചാം ശതകം

24.1ചന്ദ്രോത്സവം മുതലായ കൃതികൾ

മണിപ്രവാളസാഹിത്യമാലയുടെ നടുനായകമായി ശോഭിക്കുന്ന ഒരു മനോമോഹനമായ കാവ്യമാകുന്നു ചന്ദ്രോത്സവം. ഇതിനു ചന്ദ്രികാ മഹോത്സവമെന്നും മേദിനീചന്ദ്രികോത്സവം എന്നുംകൂടി പേരുകൾ കാണ്മാനുണ്ടു്. ഗ്രന്ഥം അഞ്ചു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അഞ്ചിലുംകൂടി അഞ്ഞൂറ്റെഴുപതോളം ശ്ലോകങ്ങൾ അടങ്ങീട്ടുണ്ടു്. ഒന്നാമത്തേയും അഞ്ചാമത്തേയും ഖണ്ഡങ്ങൾ മാലിനിയിലും രണ്ടാമത്തെ ഖണ്ഡം വസന്തതിലകത്തിലും മൂന്നാമത്തേതു് ഉപജാതിയിലും നാലാമത്തേതു് ദ്രുതവിളംബിതം തുടങ്ങി പല വൃത്തങ്ങളിലുമാണു് നിബന്ധിക്കപ്പെട്ടിരിക്കുന്നതു്. രചനാ സൗഷ്ഠവം ഇത്രമാത്രം തികഞ്ഞിട്ടുള്ള മറ്റൊരു കൃതി ഭാഷാസാഹിത്യത്തിൽ ഇല്ലതന്നെ. അചുംബിതങ്ങളായ അനവധി ആശയരത്നങ്ങൾക്കും പ്രസ്തുത കൃതി പ്രകൃഷ്ടമായ ആകരമാണു്. ഭരതചരിതമെന്ന സംസ്കൃതകാവ്യത്തിന്റെ അനുരണനം അപൂർവ്വം ചില പദ്യങ്ങളിൽ കേൾക്കാമെങ്കിലും അതു സാരമാക്കേണ്ടതില്ല. ശൃംഗാരരസപ്രധാനമായ ഈ വാങ്മയത്തിൽ കവി ആദ്യന്തം ലളിതമധുരങ്ങളായ ശബ്ദങ്ങൾകൊണ്ടു മാത്രമേ വ്യാപരിക്കുന്നുള്ളൂ.

“മന്ദാരകുന്ദമകരന്ദസിതാരവിന്ദ
മന്ദസ്മിതാദിപദമേ ചെവിയിൽപ്പൊരുന്നൂ;
എന്നും നടുങ്ങുമബലാ പരുഷപ്രയോഗേ
വാതാവധൂതനവകുങ്കുമവല്ലരീവ”
എന്നു കവി നായികയുടെ മാതാവിനെപ്പറ്റി ഘോഷിക്കുന്ന പ്രശസ്തി അദ്ദേഹത്തിന്റെ കവിതയ്ക്കും യോജിപ്പിക്കാവുന്നതാണു്.

കവിയുടെ കാലദേശങ്ങൾ
ചന്ദ്രോത്സവകാരന്റെ പേരെന്തെന്നറിവാൻ ഒരു മാർഗവുമില്ല. ‘മദനസമരസമ്മർദ്ദ’, ‘ഉചിതരസവിചാരേ’, ‘മധുമൊഴി പുനമെന്നാ നൽക്കവീന്ദ്രേണ’, ‘ശ്രീശങ്കരേണ വിദുഷാ കവിസാർവഭൗമേണ’ ഇത്യാദി പദ്യങ്ങളിൽനിന്നു് അദ്ദേഹവും പുനവും ശങ്കരകവിയും സമകാലികന്മാരാണെന്നു സ്പഷ്ടമാകുന്നു. തന്മൂലം അദ്ദേഹം കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നതായും സിദ്ധിക്കുന്നു. കവി തന്റെ ആചാര്യനെ ഗ്രന്ഥാരംഭത്തിൽ,

“പെരുമ തകുമൊരോരോ വേദശാഖാവിശാലം
ബുധമധുകരമാലാലീഢശാസ്ത്രപ്രസൂനം” എന്നും
“തെളിവിളകിന ലക്ഷ്മീവല്ലഭാവാസഭൂമേ
രനുപമപരമാർത്ഥജ്ഞാനപൂർണ്ണേന്ദുധാമ്നഃ”
എന്നും മറ്റും സ്തുതിക്കുന്നുണ്ടെങ്കിലും ആ ഗുരുവിന്റെ ജന്മഭൂമിയായ ‘ലക്ഷ്മീവല്ലഭ’ഗ്രാമം ഏതെന്നു നിർണ്ണയിക്കുവാൻ പാടില്ലാതെയാണിരിക്കുന്നതു്. തിരുവല്ലായല്ല; പെരുഞ്ചെല്ലൂരാണോ എന്നു സംശയമുണ്ടു്. ഗ്രന്ഥകാരൻ ഗുരുവായൂരിനു മൂന്നുനാഴിക കിഴക്കു മാറി സ്ഥിതിചെയ്യുന്ന അരിയന്നൂർ (അരിയനൂർ; ഹരികന്യാപുരം) ക്കാവിലേ ഭഗവതിയുടെ ഭക്തനായിരുന്നു എന്നുള്ളതിനു

“നിഗമവിടപിശാഖാലംബിനീ സൽഫലാപ്ത്യാ
സുകൃതികളെ വിദൂരസ്ഥാനപി പ്രീണയന്തീ
അനവധിതരമൂലാകാംക്ഷിതം കല്പവല്ലീ
ദിശതു ഹരികുമാരീമന്ദിരാവാസിനീ നഃ”
എന്ന മംഗലാചരണപദ്യം സാക്ഷ്യം വഹിക്കുന്നു. അദ്ദേഹം അരിയന്നൂർക്കാവിലും തൃശ്ശൂരിലും വന്നുചേർന്നതു കോലത്തുനാട്ടു നിന്നാണോ എന്നു ശങ്കിക്കത്തക്കവണ്ണം ഒരു സൂചന കാവ്യത്തിന്റെ നാലാംഖണ്ഡത്തിൽ കാണ്മാനുണ്ടു്. പുനത്തിനും ശങ്കരകവിക്കും യഥാക്രമം പ്രേമഭാജനങ്ങളായിരുന്ന മാരലേഖയേയും മാനവീമേനകയേയും പറ്റി ഇരുപത്തിമൂന്നാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചന്ദ്രോത്സവത്തിനു വന്നുചേരുന്ന സുന്ദരിമാരിൽ നമ്മുടെ കാവ്യകാരൻ അഭ്യർഹിതത്വം നല്കുന്നതു് അവർക്കു രണ്ടുപേർക്കുമാണു്. ഇതു സ്വദേശാഭിമാനത്താൽ പ്രേരിതമല്ലയോ എന്നു ഞാൻ ശങ്കിക്കുന്നു. ഏതായാലും അദ്ദേഹം ഒരു നമ്പൂരിയായിരുന്നു എന്നും ചെങ്ങന്നൂർ മുതൽ തളിപ്പറമ്പുവരെയുള്ള സകല മലയാളബ്രാഹ്മണഗ്രാമങ്ങളേയും പറ്റി അദ്ദേഹത്തിനു നല്ല അറിവുണ്ടായിരുന്നു എന്നും നിസ്സംശയമായി പറയാം.

ഇതിവൃത്തം
മരതകപർവ്വതത്തിന്റെ ശൃംഗത്തിൽ ഒരു കിന്നരസുന്ദരി തന്റെ പ്രിയതമനായ ഒരു ഗന്ധർവനോടുകൂടി മലയവായുവിനാൽ സംഭാവിതയായി സുഖിക്കുന്ന കാലത്തു് ഒരു പരിമളം അവിടെ പരക്കവേ ആ ഗന്ധം ഏതോ ഒരു പുഷ്പത്തിൽ നിന്നായിരിക്കണമെന്നു സങ്കല്പിച്ചു് ആ പുഷ്പം കൊണ്ടുവരണമെന്നു് അദ്ദേഹത്തോടു് അപേക്ഷിച്ചു. ആ സൗരഭ്യത്തിന്റെ ഉൽപത്തി കണ്ടുപിടിക്കുവാൻ പര്യടനം ചെയ്തു് ഗന്ധർവൻ കൊച്ചിയിൽ തൃശ്ശിവപേരൂരിനടുത്തുള്ള ചിറ്റിലപ്പള്ളിനാട്ടിൽ വന്നു. ആ സ്ഥലത്തു മേദിനീവെണ്ണിലാവു് എന്ന വേശ്യ ചന്ദ്രോത്സവം ആഘോഷിക്കുവാൻ ഉദ്യമിക്കുകയാണെന്നും തത്സംബന്ധമായുള്ള ദീപവർത്തികയിൽ നിന്നു് ഉയരുന്നതാണു് തനിക്കും തന്റെ പ്രേയസിക്കും ആനന്ദം നല്കിയ പരിമളം എന്നും അറിഞ്ഞു് ആ വ്യോമചാരി അവിടെ ആറു ദിവസം താമസിച്ചു് ആ ആഘോഷങ്ങൾ കണ്ടു തിരിയെപ്പോയി വൃത്താന്തമെല്ലാം കിന്നരിയെ വർണ്ണിച്ചുകേൾപ്പിച്ചു. ഇതാണു് ഇതിവൃത്തത്തിന്റെ ഉപോൽഘാതം.

പിന്നീടു കഥ ആരംഭിക്കുന്നു. അതു കേരളത്തിന്റെ ഉജ്ജ്വലമായ ഒരു പ്രശസ്തിയോടുകൂടിയാകയാൽ ആ ഘട്ടത്തിലുള്ള പദ്യങ്ങൾ ഇവിടെ ഉദ്ധരിക്കുന്നതു് ഉചിതമായിരിക്കുമെന്നു ഞാൻ വിചാരിക്കുന്നു:

“പരഭൃതമൊഴി, ചുറ്റും മറ്റു ഖണ്ഡങ്ങളെട്ടു
ണ്ടതിലുമധികഹൃദ്യം ദക്ഷിണം ഭാരതാഖ്യം,
വിളനിലമലർമാതിന്നംഗജന്നും ത്രിലോകീ
ചെറുതൊടുകുറിപോലെ ചേരമാൻനാടു യസ്മിൻ;(1)

ദുരിതഭരമകറ്റിപ്പാപിനാമാത്മശുദ്ധ്യൈ
മരുവുമഖില പുണ്യക്ഷേത്രതീർത്ഥാഭിരാമം [1]
അമരമുനിമുനീന്ദ്രൈർവന്ദിതം വിശ്വവന്ദ്യം
ശിവശിവ! ശിവപേരൂർക്ഷേത്രമാഭാതി യസ്മിൻ;(2)

വിബുധപുരപുരന്ധ്രീപാണിപത്മാർപ്പിതാംഭോ-
രുഹമധുരമരന്ദക്ലിന്നപര്യന്തഭാഗം
സുകൃതസുലഭമോരോ സുന്ദരീമന്ദഹാസ
ദ്യുതിശിശിരമനന്തക്ഷേത്രമാഭാതി യസ്മിൻ;(3)

ഹരിമുരളിനിനാദം കോമളം കേട്ടജസ്രം
മലിയുമഖിലപാഷാണാംബുജംബാളിതാന്തം
ഉചിതമമൃതമക്ഷ്ണാം ഗോകുലാനന്ദഹുംഭാ
രവമുഖരിതഹർമ്മ്യം ചെമ്മരം ഭാതി യസ്മിൻ;(4)

ശിഖരിജലധിനാഥശ്രീനടീരംഗമംഗീ
കൃതവിവിധവിചിത്രാശ്ചര്യമാഘോത്സവാഢ്യം
മതിൽമുതുകിലടങ്ങീടും പയോവാഹമംഹ
ശ്ശമനമിനിയ നാവാക്ഷേത്രമാഭാതി യസ്മിൻ;(5)

സകലഫലസമൃദ്ധ്യൈ കേരളാനാം, പ്രതാപം
പെരിയ പരശുരാമസ്യാജ്ഞയാ യത്ര നിത്യം
കനിവൊടു മഴ കാലം പാർത്തുപാർത്തർഭകാണാം
ജനനി മുല കൊടുപ്പാനെന്നപോലേ വരുന്നു.”(6)
ഈ ശ്ലോകങ്ങളിൽ തൃശ്ശൂർ, തിരുവനന്തപുരം, തൃച്ചെമ്മരം, തിരുനാവാ എന്നീ ക്ഷേത്രങ്ങൾ സ്മൃതങ്ങളായിരിക്കുന്നു. അവിടെ ‘അവനിനളിനപൊന്നിൻകർണ്ണികാഭ’മായി ചിറ്റിലപ്പള്ളി എന്നൊരു നാടുണ്ടെന്നും അതിന്റെ ഒരു ഭാഗമാണു് അവുങ്ങുന്നുനാടെന്നും, ആ നാട്ടിൽ പുത്തൂരെന്നൊരു ഉദ്യാനം സമുല്ലസിക്കുന്നു എന്നും കവി ഉപക്രമരൂപത്തിൽ പ്രസ്താവിക്കുന്നു. അവുങ്ങുന്നും പൂങ്കുന്നും ഒന്നല്ല. പൂങ്കുന്നു് അല്ലെങ്കിൽ പൊങ്ങണം എന്ന സ്ഥലം തൃശ്ശൂരിനു് ഒന്നുകൂടി സമീപമാണെങ്കിലും അതിനെയല്ല ഗ്രന്ഥകാരൻ പരാമർശിയ്ക്കുന്നതു്. ‘അവുങ്ങുന്നു്’ എന്നുതന്നെയാണു് പഴയ പ്രതീകങ്ങളിൽ കാണുന്ന സംജ്ഞയും. ചിറ്റിലപ്പള്ളി തൃശ്ശൂരിനു വടക്കുപടിഞ്ഞാറു നാലഞ്ചു നാഴിക അകലെയായി കിടക്കുന്ന ഒരു പ്രദേശമാണു്. നാലുനാഴിക കിഴക്കായി പുത്തൂരെന്നൊരു ദേശവുമുണ്ടു്. അതു തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽനിന്നു വിദൂരമല്ലായിരുന്നു എന്നു്

“തസ്മിൻ ക്ഷണേ കിന്നു ഭവിഷ്യതീതി
വിഷാദമാസീദസിതായതാക്ഷ്യാഃ;
തെങ്കൈലനാഥപ്രതിബോധഹേതു
ശ്ശംഖധ്വനിസ്തം പുനരുന്മമാർജ്ജ”
എന്ന ശ്ലോകത്തിൽനിന്നു വെളിപ്പെടുന്നു. അക്കാലത്തു ചിറ്റിലപ്പള്ളിനാടു പരിപാലിച്ചിരുന്നതു തലപ്പള്ളി രാജവംശത്തിലേ മനക്കുളത്തു ശാഖയിൽപ്പെട്ട ‘കണ്ടൻകോത’ എന്ന രാജാവായിരുന്നു. ‘അതിന്നു ശാസ്താ പുനരിന്നു കണ്ടൻകോത ക്ഷമാപാലനുദാരചേതാഃ’ എന്നും ‘മണിഗൃഹമഥ കണ്ടൻകോത പോന്നാവിരാസീൽ’ എന്നുമുള്ള വാക്യങ്ങൾ നോക്കുക. ‘ശ്രീരാമവർമ്മനൃപതിർമതിമാൻ യദാര്യശ്രീകണ്ഠവംശകലശാം ബുധിപൂർണ്ണചന്ദ്രഃ’ എന്നു കൊല്ലം പത്താംശതകത്തിൽ രാമപാണിവാദനും തന്റെ പുരസ്കർത്താവായ അന്നത്തേ മനക്കുളത്തു രാജാവിനെ മുകുന്ദശതകത്തിൽ വർണ്ണിക്കുന്നു. ‘മനക്കുളം’ രാജകുടുംബത്തിന്റെ സ്ഥാനം ഇപ്പോൾ കുന്നങ്കുളത്താണെങ്കിലും ചന്ദ്രോത്സവകഥ നടന്ന പ്രദേശം പണ്ടു് ആ കുടുംബത്തിന്റെ അധീനതയിലായിരുന്നു എന്നു് ഊഹിക്കത്തക്കവിധത്തിൽ അതിനു് ഇന്നും ആ പ്രദേശത്തിനു സമീപമായി മടപ്പാടുകളുണ്ടു്.

പുത്തൂരിൽ ‘മതി’ എന്നു കാലാന്തരത്തിൽ പേർ സിദ്ധിച്ച ഒരു വേശ്യാംഗന ജനിച്ചു.

“കാന്തിപ്രഭാപടലകർബുരിതാംഗവല്ലീം
വത്സാം വിലോക്യ ജനനീ വടിവോടവോചൽ
എല്ലാമിതേ മതി നമുക്കിനിയെന്നു; തേന
രൂഢാ തതഃപ്രഭൃതി സാ മതിയെന്നു ലോകേ.”
നായിക തനിക്കു പുത്രിയായി ജനിച്ചപ്പോൾ ‘എനിയ്ക്കു് ഇനി എല്ലാം ഇതു മതി’ എന്നു മാതാവു പറകയാലാണത്രേ മകൾക്കു മതിയെന്നു പേർ വന്നതു്. സന്താനാഭാവത്താൽ ആ സുന്ദരി വളരെ ഖേദിച്ചു പല വ്രതങ്ങളും നോറ്റു കാലയാപനം ചെയ്യുന്ന അവസരത്തിൽ ഒരിക്കൽ മന്മഥനെ പൂജിക്കവേ, ആ ദേവൻ “സരസിജമുഖി, സേവിച്ചീടു മാം പഞ്ചതാരവ്രതവിധിഭിഃ” എന്നു് ഉപദേശിക്കുന്നു. നായിക ഒരു വെളുത്ത വാവിൻനാൾ രാത്രിയിൽ ആ വ്രതം അനുഷ്ഠിച്ചു തദനന്തരം ഉറങ്ങുമ്പോൾ കാമദേവൻ, വസന്തൻ ചന്ദ്രൻ ഇവരോടുകൂടി, അവളുടെ മുന്നിൽ പ്രത്യക്ഷീഭവിച്ചു പൂർവവൃത്താന്തം പറഞ്ഞു കേൾപ്പിക്കുന്നു. ഒരു കാലത്തു ശചീദേവി ചന്ദ്രോത്സവം ആഘോഷിക്കുമ്പോൾ മേനക അവിടെ ചെന്ന ഘട്ടത്തിൽ രംഗസ്ഥിതനായ പൂർണ്ണചന്ദ്രനെ കാണുകയും അവർ രണ്ടുപേരും അന്യോന്യം വശീകൃതരാകുകയും ചെയ്തു. പാരിജാതത്തണലിൽ പിറ്റേ ദിവസം ഒന്നിച്ചു കൂടാമെന്നു് അവർ ‘മിഴിമുനയെന്നും തൂലികാഗ്രേണ’ കുറിച്ച സങ്കേതം ചന്ദ്രന്റെ മടിയിലിരുന്ന ചന്ദ്രിക മനസ്സിലാക്കുകയും നിർദ്ദിഷ്ടമായ സ്ഥലത്തും സമയത്തും മേനകയാണു് താൻ എന്നു ചന്ദ്രനെ ഭ്രമിപ്പിച്ചു് ആ ദേവനുമായി രമിക്കുകയും ചെയ്തു. അപ്പോൾ മേനകതന്നെ അവിടെ ചെല്ലുകയും ചന്ദ്രൻ സത്യസ്ഥിതി മനസ്സിലാക്കി ചന്ദ്രികയെ

“കുലയുവതിപതാകേ, വാരയോഷേവ നമ്മെ
ക്കമനി, വിഗതശങ്കം നീ ചതിച്ചോരുമൂലം
അവനിയിലൊരു നൂറ്റാണ്ടേതു പോയ് വാരയോഷാ
നുഭവമനുഭവിച്ചീടാശു മച്ഛാപവേഗാൽ”
എന്നു ശപിക്കുകയും ചെയ്തു. ചന്ദ്രിക താപാർത്തയായി ഉടൻ ശാപമോക്ഷം യാചിച്ചു. അതിനു ചന്ദ്രൻ

“കലവിജയപതാകേ, ഭൂതലേ പോയ്പ്പിറന്നാ
ലിനി വിരവൊടു ചെയ്വൂ പൂർണ്ണചന്ദ്രോത്സവം നീ;
അതു നിരുപമമസ്മൽപ്രീണനം; ഞാൻ വരുന്നു
ണ്ടവിടെ നിയതം”
എന്നരുളിച്ചെയ്തു. ചന്ദ്രികയ്ക്കു മതിയിൽ ഭൂജാതയാകുവാനുള്ള ആഗ്രഹം കാമദേവൻ ധരിപ്പിക്കുകയും അതിൽ മതി വളരെ സന്തോഷിച്ചു പിന്നെയും കുറേക്കാലം ഓരോ പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ അവൾ

“വെൺമാടത്തിന്നു മേലേനിലയിലൊരു ദിനം
മാരസംഗ്രാമരംഗേ
സമ്മാനിച്ചാസ്വദിച്ചൻപൊടു മലയമരുൽ
കന്ദളാൻ മന്ദവേഗാൻ
കമ്രാംഗീ കണ്ണടച്ചോരളവഖിലകലാ
സുന്ദരീമിന്ദുലക്ഷ്മീ
മമ്ലാനാം വന്നകംപുക്കതു പുനരുദരേ
കണ്ടു മെല്ലെന്നുണർന്നാൾ”
എന്നു കവി പ്രസ്താവിക്കുന്നു. അതാണു് പ്രഥമഭാഗത്തിന്റെ അവസാനശ്ലോകം.

ദ്വിതീയഭാഗം മതിയുടെ ഗർഭവർണ്ണനംകൊണ്ടു് ആരംഭിക്കുന്നു. അനന്തരം

“ഇത്ഥം ഗതേഷു ദിവസേഷു തെളിഞ്ഞ ലക്ഷ്മ്യാ
സാകം തദീയജഠരാമൃതവാരിരാശേഃ
ആവിർബഭൂവ സുഭഗാ സുകൃതൈകഭോഗ്യാ
കന്യാമയീ കമനി, കാചന കല്പവല്ലീ.”
അവളുടെ ഉദരത്തിൽനിന്നു് അതി സൗന്ദര്യവതിയായ ഒരു കുമാരി ജനിക്കുകയും, അപ്പോൾ

“നൂറ്റാണ്ടു വാഴ്ക നുരപൊങ്ങിന ദുഗ്ദ്ധപാഥോ
നാഥോപമേന യശസാ പരിപൂര്യ ലോകം”
എന്നു് അശരീരിവാക്കുണ്ടാകുകയും ചെയ്യുന്നു. ആ കുമാരിയാണു് കാവ്യത്തിലെ നായിക എന്നു പറയേണ്ടതില്ലല്ലോ. അവൾക്കു ‘മേദിനീവെണ്ണിലാവു്’ എന്നു പേരിടുവാനുള്ള കാരണത്തെപ്പറ്റി കവി ഇങ്ങനെ വ്യപദേശിക്കുന്നു:

“കീർത്ത്യാ പിറന്നളവു മേദിനി വെണ്ണിലാവെ
ക്കൊണ്ടെന്റവണ്ണമഴകോടു കുളുർത്തതോർത്തും
വിദ്വജ്ജനം ഝടിതി മേദിനിവെണ്ണിലാവെ
ന്റൻപോടു നാമകരണം ച തതാന തസ്യാഃ.”
പിന്നീടു കുമാരിയുടെ ബാലക്രീഡാവർണ്ണനമാണു് സന്ദർഭം. പന്താട്ടം, ചിന്തുപാടൽ, ചൂതു്, ചതുരംഗം, പമ്പരംകറക്കൽ, ഓണക്കളി മുതലായ വിനോദങ്ങളിൽ അവൾ ആർജ്ജിച്ച വൈദഗ്ദ്ധ്യത്തെ പരാമർശിക്കുന്ന കൂട്ടത്തിൽ

“ഭാഷാവിശേഷമൊടു പത്തടവും പഠിച്ചാ
ളയ്യാണ്ടിലേ കുസുമസായകകേതുമാലാ”
എന്നുകൂടി കവി പറയുന്നു. പിന്നീടു നായികയുടെ യൗവനവും തദനുരൂപമായ സൗന്ദര്യവുമാണു് വർണ്ണനാവിഷയം. അതോടുകൂടി രണ്ടാംഭാഗം കഴിയുന്നു.

മൂന്നാംഭാഗത്തിൽ മേദിനീവെണ്ണിലാവു സഖികളെ വിളിച്ചുവരുത്തി അവരോടു്

“ചന്ദ്രോത്സവം പണ്ടിഹ ഞാൻ പിറപ്പാൻ
നേർന്നൂ മദീയാ ജനനീ കിലൈഷാ;
അതിന്നു കാലം പുനരേകദേശ
മിതെന്നുമുണ്ടെന്നതു നൈവ ജാനേ”
എന്നു പറയുകയും അതു നടത്തേണ്ടതെങ്ങനെയെന്നു് അവരുമായി പര്യാലോചിക്കുകയും ചെയ്യുന്നു. ശ്രീമംഗലം എന്ന പേരിൽ നായിക പുത്തനായി പണിയിച്ച “ത്രൈലോക്യ ലക്ഷ്മീമണിമണ്ഡപാഭ” മായ ഭവനത്തിലേ മന്ത്രശാലയിൽവെച്ചാണു് ആലോചന നടക്കുന്നതു്. സദസ്സിൽ (1) മാനവീ മേനക, (2) മാരചേമന്തിക, (3) കനകാവലി, (4) പാറയ്ക്കാട്ടിട്ടി, (5) വള്ള്യനാട്ടു് ഉണ്ണുനീലി, (6) പൊറ്റയ്ക്കാട്ടു കണ്ടിക്കുഴലി, (7) തേന്മാതവി, (8) പുഷ്പലേഖ മുതലായ സഖിമാർ എത്തിച്ചേർന്നിട്ടുണ്ടു്. ഓരോരുത്തരും അവരവരുടെ ആശയം സോപപത്തികമായി ആവിഷ്കരിക്കുന്നു. ചന്ദ്രോത്സവമഹത്തെപ്പറ്റി ചില വിവരങ്ങൾ അവരുടെ പ്രസംഗങ്ങളിൽ നിന്നു നമുക്കു ധരിക്കുവാൻ ഇടവരുന്നു:

“ചന്ദ്രോത്സവംചെയ്ക വിലാസിനീനാ
മിന്ദ്രോത്സവം ചെയ്ക മഹീപതീനാം
ഉള്ളോന്നു പണ്ടേ; ഫലമേതയോർഹി
ലോകോത്തരത്വം വിഹിതം വിധാത്രാ.

സംസാരവും വൈശികവും വളർന്ന
ഭാഗ്യോപഭ്യോഗ്യങ്ങളുദാരവാചാം;
കാല്ക്കീഴമർക്കാമിവ രണ്ടുകൊണ്ടും
ചന്ദ്രാർക്കവക്ഷോജവതീം ത്രിലോകീം.
സംസാരഭോഗം വസുധാധിപാനാം;
വധൂജനാനാമപരം പ്രധാനം;
മനുപ്രണീതം പ്രഥമം; ദ്വിതീയം
മുനിപ്രണീതം; ധനഹേതു രണ്ടും.”
പ്രയോഗസാരം തുടങ്ങിയ ഗ്രന്ഥങ്ങളിൽ മേല്പറഞ്ഞ ചന്ദ്രപൂജയുടെ വിധിയെപ്പറ്റി പ്രസ്താവനയുണ്ടെന്നും, പാർവ്വതീ ദേവിയും ശചി, മേനക, ഘൃതാചി, ഉർവശി, തിലോത്തമ എന്നീ അപ്സരസ്ത്രീകളും പാഞ്ചാലിയും ആ പൂജയനുഷ്ഠിച്ചു യശസ്വിനികളായിത്തീർന്നവരാണെന്നും മറ്റും സഖികൾ പറയുന്നു.

‘വേശാംഗനാവൃത്തിരിയം വിശീർണ്ണാ
വിരാജതേ സംപ്രതി കേരളേഷു’ എന്നും,

“ചന്ദ്രോത്സവംചെയ്കബലാജനാനാം
നന്നെന്നതെങ്ങും ഭുവി സുപ്രസിദ്ധം;
തഥാപി ചെയ്തീലൊരിടത്തൊരുത്ത
രെന്നിട്ടതത്യന്തവിചാരണീയം” എന്നും,

“ചന്ദ്രോത്സവം മാരമഹോത്സവം വാ
രെഴും വസന്തോത്സവമെന്നു മൂന്നും
ചൊല്ലാർന്ന നല്ലാർക്കു വിധിച്ച കാര്യം
കില്ലില്ലതിന്നെങ്കിലുമോർക്കവേണം.”
എന്നുംകൂടി അവിടവിടെ പ്രസ്താവനയുണ്ടു്. എല്ലാവരും കൂടി എത്രമാത്രം ക്ലേശമുണ്ടെങ്കിലും ചന്ദ്രോത്സവം ആഘോഷിക്കുകതന്നെ വേണമെന്നു നിശ്ചയിക്കുകയും തോഴിമാർ സകല സഹായങ്ങളും ചെയ്തുകൊള്ളാമെന്നു് ഏല്ക്കുകയും നായിക അതിനു ‘വരകപ്പള്ളി’ നമ്പൂരിയെ ആചാര്യനായി വരിക്കുകയും ചെയ്യുന്നു. അദ്ദേഹം ആ പൂജയ്ക്കുവേണ്ട ഒരുക്കങ്ങൾ എന്തെല്ലാമാണെന്നു വിജ്ഞാപനം ചെയ്യുന്നതോടുകൂടി മൂന്നാം സർഗ്ഗം സമാപിക്കുന്നു. ശരൽകാലത്തു ശുക്ലപക്ഷൈകാദശി മുതൽ പൗർണ്ണമാസിവരെയാണു് ഉത്സവത്തിനുള്ള കാലമെന്നും, കാമദേവന്റെ അരവിന്ദം തുടങ്ങിയുള്ള അഞ്ചു ശരങ്ങളെക്കൊണ്ടാണു് പൂർണ്ണചന്ദ്രനെ അർച്ചിക്കേണ്ടതെന്നും, ഉത്സവദിവസങ്ങൾക്കു് ആ ശരങ്ങളുടെ പേരുകൾതന്നെയാണു് യഥാക്രമം ഇടേണ്ടതെന്നും, അഞ്ചു നിലകളോടുകൂടിയ ഒരു വെൺമാടത്തിലാണു് ഉത്സവം ആഘോഷിക്കേണ്ടതെന്നും, അതിലേ ഓരോ കക്ഷ്യയിലിരുന്നു് ഓരോ ദിവസം ചന്ദ്രനെ ആരാധിച്ചു് ഒടുവിലത്തെ ദിവസം അഞ്ചാമത്തെ കക്ഷ്യയിലിരുന്നു പൂജ അവസാനിപ്പിക്കണമെന്നും, ചന്ദ്രോദയത്തിനുമേൽ ഓരോ രാത്രിയിലും അഞ്ചു തവണവീതം പുഷ്പാഞ്ജലി ചെയ്യണമെന്നും, മറ്റും ആചാര്യന്റെ ഉപദേശത്തിൽനിന്നു നാം മനസ്സിലാക്കുന്നു. ചന്ദ്രോത്സവത്തിൽ പഞ്ചസംഖ്യയ്ക്കു പലതുകൊണ്ടും പ്രാധാന്യമുള്ളതിനാൽ കാവ്യവും അഞ്ചു ഭാഗങ്ങളായി രചിക്കുന്നതു സമീചീനംതന്നെ.

ചന്ദ്രോത്സവം എന്നൊരു പൂജാക്രമം വാസ്തവത്തിൽ പ്രചലിതമായിരുന്നുവോ എന്നും അതു കേവലം കവിസങ്കല്പമല്ലയോ എന്നും ചിലർ സംശയിക്കുന്നു. ഇന്ദ്രോത്സവം എന്ന പേരിൽ ഒരുത്സവം ഉണ്ടായിരുന്നതായി നാം ചിലപ്പതികാരത്തിൽനിന്നു ധരിക്കുന്നു. കാമോത്സവത്തേയും വസന്തോത്സവത്തേയും പറ്റിയും കേട്ടിട്ടുണ്ടു്. കാമോത്സവം ഫാല്ഗുന മാസത്തിലും വസന്തോത്സവം ചൈത്രമാസത്തിലും ആഘോഷിക്കപ്പെടുന്നു. ചന്ദ്രോത്സവം എന്നതു ശരദൃതുവിൽ കാർത്തികമാസത്തിൽ ആഘോഷിക്കേണ്ടതായത്രേ കാണുന്നതു്. അതു തന്നെയാണു് മുദ്രാരാക്ഷസത്തിൽ നിർദ്ദിഷ്ടമായ കൗമുദീമഹോത്സവം. ആ നാടകത്തിന്റെ മൂന്നാമങ്കത്തിൽ പ്രസ്തുത മഹോത്സവം നടത്തുവാൻ ചന്ദ്രഗുപ്തൻ ആജ്ഞാപിക്കുകയും ചാണക്യൻ അതു മുടക്കുകയും ചെയ്യുന്ന ഒരു ഘട്ടമുണ്ടു്. “അഹോ! ശരത്സമയസംഭൃതശോഭാനാം ദിശാമതിരമണീയതാ” എന്ന പംക്തിയിൽനിന്നും മറ്റും ആ ഉത്സവം നടക്കുന്നതു ശരല്ക്കാലത്തിലാണെന്നു വെളിവാകുന്നു. “സാകം സ്ത്രീഭിർഭജന്തേ വിധിമഭിലഷിതം പാർവ്വണം പൗരമുഖ്യാഃ” എന്ന ഭാഗം വ്യാഖ്യാനിക്കുമ്പോൾ പാർവ്വണപദത്തെ “പർവ്വണി കാർത്തിക്യാം പൗർണ്ണമാസ്യാം ഭവം ക്രീഡാവിധിം” എന്നു ഢുൺഢിരാജൻ വ്യാഖ്യാനിക്കുന്നു. “കൗമുദീ കാർത്തികോത്സവഃ സ തു കാർത്തികീപൂർണ്ണിമായാം കർത്തവ്യഃ” എന്നു ത്രികാണ്ഡശേഷവ്യാഖ്യയിലും കാണ്മാനുണ്ടു്. അതൊരു ദീപോത്സവമാണെന്നു രഘുവംശവ്യാഖ്യയിൽ മല്ലിനാഥൻ പറയുന്നു. നമ്മുടെ കാവ്യത്തിലും ചന്ദ്രോത്സവം ശരത്തിൽ ആഘോഷിച്ചതായാണു് വർണ്ണിച്ചിട്ടുള്ളതു്. അതുകൊണ്ടു് അങ്ങനെയൊരു ഉത്സവം കേവലം കവിയുടെ ഭാവനാഫലമാണെന്നോ പ്രയോഗസാരം എന്നൊരു ആഗമഗ്രന്ഥം ഇല്ലെന്നോ ആർക്കും വാദിക്കാവുന്നതല്ല. ‘പ്രയോഗസാരം’ എന്നൊരു ഗ്രന്ഥം ഞാൻ വായിച്ചിട്ടുണ്ടു്. പക്ഷേ, അതിൽ ചന്ദ്രോത്സവത്തെപ്പറ്റിയുള്ള പ്രസ്താവനയൊന്നും കാണുന്നില്ല. ആദ്യകാലത്തു കൗമുദീമഹോത്സവം നടത്തിവന്നിരുന്നതു സ്ത്രീകൾ മാത്രമായിരുന്നില്ലെന്നും പിൽകാലത്തു് ആ ആചാരം നമ്മുടെ കാവ്യത്തിൽ വർണ്ണിക്കുന്ന രീതിയിൽ വിപരിണമിച്ചിരിക്കാം എന്നും കരുതാവുന്നതാണു്.

നാലാംസർഗ്ഗം ശരദ്വർണ്ണനംകൊണ്ടു് ഉപക്രമിക്കുന്നു.

“അഥ നിലാവുമണിഞ്ഞമലാംബരാ
നളിനമെന്നുമുപായനധാരിണീ
ശരദസേവത മേദിനിവെണ്ണിലാ
വിനെ മനോഭവമോഹനപിഞ്ഛികാ”
എന്നതാണു് അതിലെ ആദ്യത്തെ ശ്ലോകം. ശരദ്വർണ്ണനാനന്തരം കണ്ടങ്കോതരാജാവും അതിൽപ്പിന്നീടു സംഘക്കളിക്കാരും (ചാത്തിരന്മാർ) അനവധി വാരസുന്ദരിമാരും ചന്ദ്രോത്സവാഘോഷത്തിൽ ഭാഗഭാക്കുകളാകുവാൻ വന്നുചേരുന്നു. പതിനെട്ടു സംഘങ്ങളുടേയും പേരുകൾ എളുപ്പത്തിൽ ഓർമ്മിക്കുന്നതിനു “പുല്ലു, കണ്ട, പുളി, തത്ത, വേഴ, പുറ, ആറ്റു, ചുണ്ട, നാട്ടി, നെന്മേനി, താമര, ചൊവ്വര, വെള്ള, തിട്ട, ചാഴി, പാല, പാക്യ, മിഴി” എന്നു പ്രസിദ്ധമായ ഒരു സംഗ്രഹവാചകമുണ്ടു്. അവയുടെ പരിപൂർണ്ണനാമധേയങ്ങൾ ചന്ദ്രോത്സവത്തിൽ കുറിച്ചുകാണുന്നു. സംഘങ്ങളിൽ ആറെണ്ണം വൈയാകരണന്മാരുടേയും വേറിട്ടു് ആറു പ്രാഭാകരന്മാരുടേയും ബാക്കിയുള്ള ആറു ഭാട്ടന്മാരുടേയും ആണു്. (1) കണ്ടരാമൻ (കൺട്രാൻ), (2) പുളിക്കീഴു്, (3) വേഴപ്പറമ്പു്, (4) പുറക്കടിഞ്ഞകം, (5) തത്തമംഗലം, (6) പുല്ലിപുലം ഇവയാണു് വൈയാകരണസംഘങ്ങൾ. (7) കീഴ്വീതീ (കിഴിന്യാരു്), (8) വെള്ളാങ്ങലൂർ, (9) തിട്ടപ്പള്ളി, (10) ചാഴിക്കാടു്, (11) പാലക്കാടു്, (12) ഭാസ്കരം (പാക്യം) ഇവ പ്രാഭാകര സംഘങ്ങളും, (13) നാട്ടിയമംഗലം (നാട്യമംഗലം), (14) ചുണ്ടയ്ക്കമണ്ണു്, (15) ചോതിരം (ചൊവ്വരം), (16) ആറ്റുപുറം, (17) താമരച്ചേരി, (18) നെന്മേനി ഇവ ഭാട്ടസംഘങ്ങളുമാകുന്നു.

ഓടനാടു് (കായംകുളം), അതിന്റെ തലസ്ഥാനമായ കണ്ടിയൂർ, മതിലകം, പാലയൂർ, കോഴിക്കോടു് മുതലായ സ്ഥലങ്ങളിൽനിന്നാണു് യുവതികൾ വരുന്നതു്. മൂന്നാം സർഗ്ഗത്തിൽ സദസ്യകളായിരുന്നവരും വന്നുചേരുന്നുണ്ടു്. അവരെക്കൂടാതെ (1) നന്തിപ്പുലത്തു് ഇട്ടി, (2) കൊടുങ്ങല്ലൂർ ആനന്ദനീവി, (3) വീണാവതി, (4) കുറ്റിപ്പുറത്തു് ഉണിച്ചിരുതേവി, (5) ചേരിക്കുളത്തു് ഉണിച്ചിരുത, (6) ചന്ത്രത്തിൽ ഉണ്ണിയച്ചി, (7) കണ്ടച്ചാത്തു് ഇട്ടിമാതവി തുടങ്ങിയ മറ്റു ചില സുന്ദരിമാരെ കവി അവിടെ ആഗമനം ചെയ്തവരുടെ കൂട്ടത്തിൽ സ്മരിക്കുന്നു. (1) പെരുവനം, (2) ഇരിങ്ങാലക്കുട, (3) ചോതിരം, (4) ആലത്തൂർ, (5) അരിയന്നൂർ, (6) ഈശാനം, (7) തൃശ്ശിവപേരൂർ, (8) ചെങ്ങന്നൂർ, (9) തിരുവല്ലാ, (10) ഐരാണിക്കുളം, (11) മൂഴിക്കുളം, (12) പന്നിയൂർ ഇവിടങ്ങളിലുള്ള നമ്പൂരിമാരും ആഗതരായിരുന്നു എന്നു് അഞ്ചാംസർഗ്ഗത്തിൽനിന്നു നാം ധരിക്കുന്നു. ചില സുന്ദരികളോടൊപ്പം കവികളും വരുന്നുണ്ടു്. പുനം, ശങ്കരകവി, രാഘവകവി ഇവരെല്ലാം ആ കൂട്ടത്തിൽപ്പെട്ടവരാണു്. ഇവർക്കുപുറമേ ഗ്രന്ഥകാരൻ നാമനിർദ്ദേശം ചെയ്യാതെ

“കേനാപി കേരളവധൂഹൃദയാരവിന്ദ
ബാലാതപേന കവിനാ കലിതാപദാനാ,”
“മധുരമധുരഭാഷാപദ്യകോലാഹലംകൊ
ണ്ടുലകഖിലമലിക്കും നല്കവീന്ദ്രാനുയാതാ”
എന്നും മറ്റുമുള്ള വരികളിൽ വേറെ ചില കവികളുടെ ആഗമനത്തെപ്പറ്റിയും സൂചിപ്പിക്കുന്നു.

“മധുരകവികളെല്ലാം ചെന്നു പൂജാവസാനേ
മണമിളകിന ഭാഷാപദ്യബന്ധൈരനേകൈഃ
അമൃതകിരണമസ്തോഷുഃ”
എന്നും

“കവിഷു സകലഭാഷാസാർവഭൗമേഷു ചന്ദ്ര
സ്തുതിമുഖരമുഖേഷു പ്രൗഢരോമോൽഗമേഷു”
എന്നുംകൂടി പ്രസ്താവനകൾ കാണുന്നുണ്ടു്. ആ കവികൾ പ്രായേണ മണിപ്രവാളത്തിലായിരിക്കണം ഗദ്യപദ്യങ്ങൾ രചിച്ചിരുന്നതു്. അവ ആസ്വദിക്കുന്നതിനുവേണ്ട പാണ്ഡിത്യവും സഹൃദയത്വവും ആ സ്ത്രീകളും സമ്പാദിച്ചിരുന്നിരിക്കണം. മതിയെപ്പറ്റി വർണ്ണിക്കുമ്പോൾ കവി

“ശാകുന്തളം തദനു മാളവികാഗ്നിമിത്രം
കാദംബരീചരിതമത്ഭുതബന്ധഹൃദ്യം
മുറ്റും മരന്ദമൊഴി വൈകിനകൂടുദാരാ
ശുശ്രാവ ഭാവമധുരഞ്ച മണിപ്രവാളം”
എന്നു പറയുന്നു. നായികയുടെ ‘മാലാവാഹിനി’യായ ചേടിപോലും ഈദൃശങ്ങളായ ‘ഭാഷാകലവികളിൽ’ വിദഗ്ദ്ധയായിരുന്നുവത്രേ. സ്ത്രീകൾക്കു സാഹിത്യപരിശീലനത്തിനുള്ള സമയം സായാഹ്നമായിരുന്നു; ആ പരിപാടിയിൽ മണിപ്രവാളസാഹിത്യത്തിനു ഗണനീയമായ ഒരു സ്ഥാനവും അവർ നല്കിയിരുന്നു. അതുംകൂടി ആ പ്രസ്ഥാനത്തിന്റെ അഭ്യുന്നതിക്കു് ഒരു കാരണമായിത്തീർന്നിരിക്കണം.

അഞ്ചാംഭാഗത്തിൽ ഉത്സവം അവസാനിച്ചപ്പോൾ പൂർണ്ണചന്ദ്രൻ നായികയുടെ മുന്നിൽ പ്രത്യക്ഷീഭവിച്ചു്

“മദനമണിവിളക്കായ് നീ വിളങ്ങീടുകസ്മൽ
പ്രണയിനി, പുനരാശാപാന്തമസ്മിൻ പ്രപഞ്ചേ;
കലിതകുതുകമിന്നേ വാരസീമന്തിനീനാ
മഴകുടയ മണിപ്പൂൺപാക നിൻപാദപത്മം.”
എന്നും മറ്റും അവളെ അനുഗ്രഹിക്കുകയും ആ ദേവന്റെ പ്രാണപ്രിയയായ രോഹിണി ഒരു മുക്താഹാരം അവളുടെ കഴുത്തിൽ സമർപ്പിക്കുകയും ചെയ്യുന്നു.

ഗ്രന്ഥാന്തത്തിൽ ശിവസ്തുതിപരമായി ഒരു ശ്ലോകമുള്ളതാണു് അടിയിൽ ഉദ്ധരിക്കുന്നതു്.

“ഉലകഖിലമലിക്കും മേദിനീവെണ്ണിലാവിൻ
മധുരചതുരരൂപൈർവാക്യപുഷ്പോപഹാരൈഃ
സുരഭിതകകുബന്തൈരാദധാതു പ്രസാദം
നിഖിലഭുവനസാക്ഷീ ബാലശീതാംശുമൗലിഃ”
ഒരു മാതൃകാഗ്രന്ഥത്തിൽ ഇതിനുമേൽ മറ്റൊരു ശ്ലോകവും കുറിച്ചു കാണുന്നുണ്ടു്. അതുകൂടി അടിയിൽ ചേർക്കാം:

“കോൽത്തേൻനേർവാണി, വീണാമൊഴിമണികളണി
ച്ചാർത്തു കാൽത്താരിൽ നിത്യം
ചാർത്തീടൂതാക ചന്ദ്രോത്സവമധുരകഥാ
സൗരഭോന്മേഷയോഗാൽ;
ആത്താഭോഗം വിളങ്ങും ഗുണഗണലഹരീ
ഭാരി മൂർത്തിത്രയീ നിൻ
കീർത്തിക്ഷീരാംബുരാശൗ വിഹരതു
സകലം മേദിനീവെണ്ണിലാവേ!.”
ചന്ദ്രോത്സവകാരന്റെ വിശ്വോത്തരമായ കവനകലാമാർമ്മികതയ്ക്കു ചില മൂർദ്ധാഭിഷിക്തോദാഹരണങ്ങൾ ഇവിടെ ഉദ്ധരിക്കേണ്ടതുണ്ടു്. അദ്ദേഹം ഗ്രന്ഥത്തിന്റെ ഉപക്രമത്തിൽ കഥാസൂചനത്തിനുവേണ്ടി ചന്ദ്രരേഖയേയും, പിന്നീടു ശ്രീപരമേശ്വരനേയും പാർവതീദേവിയേയും ഗുരുവിനേയും രസം ശൃംഗാരമാകയാൽ കാമദേവനേയും വന്ദിക്കുന്നു. തദനന്തരം വാല്മീകി, വ്യാസൻ, കാളിദാസൻ, ഭാരവി, മുരാരി, ഭട്ടബാണൻ എന്നീ പൂർവകവികളെ പ്രശംസിച്ചു്, അവരോടൊപ്പം തന്റെ സമകാലികന്മാരായ പുനം ശങ്കരകവി ഇവരേയും പുകഴ്ത്തി, ദുർജ്ജനങ്ങളെ ഉപാലംഭനം ചെയ്തു, തന്റെ ശാലീനതയെ വിശദീകരിച്ചുകൊണ്ടു കഥയിലേക്കു കടക്കുന്നു.

“അമൃതകിരണരേഖാം നൃത്യതശ്ശൂലപാണേ
രഴകുടയ ജടാജുടാന്തരസ്ഥാമുപാസേ,
പവനിയിലിടവേറിട്ടന്തികേ വീണ്ണ ഗംഗാ
ചെറുതിരനുരപോലേ ലോഭനീയാനുഭാവാം.”
എന്ന പ്രഥമപദ്യം വായിക്കുമ്പോൾത്തന്നെ കവി സാമാന്യനല്ലെന്നു ഭാവുകൻ തീർച്ചപ്പെടുത്തുന്നു. ആ മതത്തെ ഊന്നിയൂന്നിയുറപ്പിക്കുകയാണു് അതിനപ്പുറമുള്ള ഓരോ പദ്യവും ചെയ്യുന്നതു്. താഴെക്കാണുന്ന പദ്യങ്ങൾ പരിശോധിയ്ക്കുക:

നവോഢയായ പാർവതീദേവി:

“പരമശിവമുഖാംഭോജാവലോകേ നവീനേ
മിഴികളിലവനമ്രം വിസ്മയശ്രീ കപർദേ
കുതുകി ശശികലായാമുൽപ്രകമ്പം ഭുജംഗേ
ജയതി തിരുമിഴിത്തെല്ലദ്രിരാജാത്മജായാഃ.”
കാമദേവൻ:

“അണികുലചില ജിഹ്വാനന്ദി, കർണ്ണാമൃതം ഞാ,
ണഥ നയനമനോജ്ഞം നാസികാഹ്ലാദി ബാണം,
തൊടുമളവിലുറക്കും തേരു, യസ്യാംഗനാനാം
വക പടക, ളനംഗം ദൈവതം വെല്ലുമാക.”
കാളിദാസന്റെ കവിത:

“ധ്വനിഭിരമൃതവിന്ദുസ്യന്ദിഭിഃ പ്രീണയന്തീ
സഹൃദയമഭിരാമൈരന്വിതാ ഭാവഭേദൈഃ
സരസമുചിതശയ്യാമാശ്രിതാ വിശ്വലോകം
സുഖയതി സുകുമാരാ കാളിദാസസ്യ വാണീ.”
ഈ ശ്ലോകം വാസ്തവത്തിൽ സംസ്കൃതമാണെങ്കിലും പ്രയുക്തങ്ങളായ പദങ്ങളുടെ സൗകുമാര്യംകൊണ്ടു മണിപ്രവാളമാണെന്നു തോന്നിപ്പോകുന്നു. ഇതുപോലെ വേറേയും പല ശ്ലോകങ്ങൾ ഈ കൃതിയിലുണ്ടു്. തന്റെ ‘ഭാഷാരൂപിണി’യായ ‘ഭാരതി’ സഹൃദയന്മാർക്കു രസിക്കുമോ എന്നു കവി അല്പമൊന്നു സംശയിയ്ക്കുകയും, മധുരകവിത്വമില്ലാത്തവർ മൂകന്മാരായിരുന്നു കൊള്ളണമെന്നു വിധിയില്ലെന്നും കുയിലുകൾ പാടുമ്പോൾ കാക്കകളും കരയാറുണ്ടെന്നും അതിനു സമാധാനം കാണുകയും ചെയ്യുന്നു. ഒടുവിൽ താൻ ആത്മവിശ്വാസമില്ലാത്ത ഒരു കവിയല്ലെന്നും അദ്ദേഹം പ്രഖ്യാപനം ചെയ്യുവാൻ മടിക്കുന്നില്ല.

“ചരിതമമൃതഹൃദ്യം മേദിനീചന്ദ്രികായാ
ഭുവി നിരുപമമസ്മൽപ്രാതിഭം നിർവിവാദം
അഴകെഴുമിതിവൃത്തം പൂർണ്ണചന്ദ്രോത്സവം ന
ന്നൊരുമ സുകൃതപാകം നിർണ്ണയം കർണ്ണഭാജാം.”

“മധുരമധുരഭാഷാസംസ്കൃതാന്യോന്യസമ്മേ
ളനസുരഭിലയാസ്മൽകാവ്യവാണീവിഭൂത്യാ
തെളിയുക പരമിന്നും മേദിനീചന്ദ്രികാ തേൻ
പൊഴിയുമൊരു കലമ്പൻമാലകൊണ്ടെന്നപോലെ.”
എന്നീ പദ്യങ്ങൾ പ്രകൃതത്തിൽ ജ്ഞാപകങ്ങളാകുന്നു.

താഴെകാണുന്ന ശ്ലോകങ്ങൾ മതിയുടെ സൗന്ദര്യവർണ്ണന ഘട്ടത്തിൽ ഉള്ളവയാണു്:

“സജലജലദമാലാപേശലം കേശപാശം;
കുരുൾനിര തിമിരശ്രീവല്ലരീപല്ലവാഭം;
അളികതലമുലാവും കേതകാന്തർദ്ദലാഭം;
പുരികമുലകു വെല്വാൻ വില്ലു ശൃംഗാരയോനേഃ.”

കളമൊഴിഗളനാളം കുംബു ബിംബോകഡംഭ
പ്രശമനമതിമുഗ്ദ്ധം കൈത്തലം ബദ്ധലീലം;
മുല കനകമലയ്ക്കും ചിത്തകാമ്പൊന്നുലയ്ക്കും;
പട തുടിയൊടു തല്ലും ചൊല്ലെഴും മദ്ധ്യവല്ലീ.”
ചുവടേ ചേർക്കുന്ന ശ്ലോകങ്ങൾ ഗർഭവർണ്ണനത്തിൽനിന്നാകുന്നു:

“ആനീലമംബുജദൃശഃ സ്തനചൂചുകാഗ്ര
മാപാണ്ഡുമൂലമബലാകുലമൗലി, രേജേ,
തൂവെണ്ണിലാവൊടു മറുത്തു പുറത്തു പോവാൻ
നൂഴുന്ന കൂരിരുളുതൻ തലയെന്നപോലെ.”

മന്ദം തൊടുമ്പൊഴുതിലും പഴുതേ നറുമ്പാൽ
ചിന്നും പൊടുക്കനെ മുലക്കലശം തദീയം,
മേലിൽപ്പിറന്നു വളരും തരളായതാക്ഷ്യാ
മുന്നിൽപ്പുകൾപ്പൊലിമ മുന്തിവരുന്നപോലെ.”
രണ്ടാം ഭാഗത്തിലുള്ള മറ്റു ചില ശ്ലോകങ്ങൾകൂടി പകർത്തിക്കാണിക്കേണ്ടിയിരിയ്ക്കുന്നു:

“നീഹാരവാരി നിയമേന കുളിച്ചു ബാലാ
ശേഫാലികാ കുസുമസൗരഭവാസിതാംഗീ
പൂന്തേൻകുഴമ്പു പരുകിത്തരസാ സിഷേവേ
മന്ദാഗമാൻ മധുരവാണി മരുൽകുമാരാൻ.”
“ആർത്തൂ വസന്ത, മലർമാതിനു കൺകുളുർത്തൂ;
ചീർത്തൂ വിരിഞ്ചരമണീകുളുർകൊങ്ക രണ്ടും;
വാഴ്ത്തീ ഗിരാ മധുരയാ ദിവി ദേവസംഘം
ധാത്രീതലേ തരുണി പോന്നു പിറന്നനേരം.”

“ലോകത്രയീവിജയദീക്ഷിതമാരവീര
സാമ്രാജ്യമംഗലമണിധ്വജവൈജയന്തീ
വത്സാ രുരോദ വിദുരാംഗലതാ ചിരേണ
ശ്രീമന്മുകുന്ദമുരളീമധുരസ്വരേണ.”
മൂന്നാംഭാഗത്തിൽ ശ്രീമംഗലത്തുഭവനത്തെ വർണ്ണിയ്ക്കുന്ന ശ്ലോകങ്ങൾ എല്ലാംതന്നെ മനോഹരങ്ങളാണു്. അവയിൽ നാലെണ്ണം അടിയിൽ ചേർക്കുന്നു:

“യത്രാംഗനാനാം നയനേഷുപാതാ
ന്നിഹന്യമാനാ നിയതം യുവാനഃ
ശൃംഗാരസർവസ്വരസായനേന
ജീവന്തി താസാമധരാമൃതേന;”

“പൂങ്കാവുതോറും പികസുന്ദരീണാ
മാൺകോകിലാളീപരിലാളിതാനാം
കേൾക്കപ്പെടുന്നൂ രതിനാഥചാപ
ക്രേങ്കാരഹാരീണി രുതാനി യസ്മിൻ.”

“യസ്മിന്നനംഗക്കൊടിയാട കാറ്റേ
റ്റാകാശവീഥീമവഗാഹ്യ ഗത്വാ
തോങ്കൽക്കരംകൊണ്ടമരാവതീം നേ
രങ്കത്തിനായാഹ്വയതീവ ഭാതി.”

“തുഷാരധാമാ നിശി നിർമ്മലാനി
മരന്ദവാചാം വദനാനി പശ്യൻ
മണിസ്ഥലീഷു പ്രതിമാഛലേന
പാദപ്രണാമം വിതനോതി യസ്മിൻ.”
മന്ത്രാലോചനാഘട്ടത്തിലുള്ള അനേകം പദ്യങ്ങൾ മാഘം രണ്ടാംസർഗ്ഗത്തിലേയും കിരാതാർജ്ജുനീയം രണ്ടാംസർഗ്ഗത്തിലേയും പദ്യങ്ങൾ പോലെ ആലോചനാമൃതങ്ങളാണു്. നോക്കുക:

“ഭാഗ്യാങ്കുരക്കൂമ്പുമുയർത്തി മോഹ
പ്പാ ചേർത്തൊരുത്സാഹസമീരയോഗേ
വിവേകമെന്നും വളർകപ്പലേറി
ക്കാര്യാംബുരാശൗ പെരുമാറവേണം.”
“ഉത്സാഹമൂലം നയസാരപുഷ്പം
കാര്യദ്രുമം കാമഫലാവനമ്രം
വിവേകശക്ത്യാ നനയാത്ത നാളിൽ
വരണ്ടുപോം വേരൊടുകൂട നൂനം.”
തന്റെ അഭിപ്രായം പറവാൻ പോകുന്ന മാനവീമേനകയുടെ ചിത്രമാണു് ചുവടേ പകർത്തുന്നതു്:

“അഥോപധാനേ പുനരങ്കസംസ്ഥേ
വിചിത്രവർണ്ണേ വിനിവേശിതേന
കരേണ നാനാഭരണോജ്ജ്വലേന
മറച്ചു ദന്താംബരമംബുജാക്ഷീ,

താംബൂലവീടീം ശശികല്പകർപ്പൂ
രാമോദിനീം ദാതുമനുപ്രവൃത്താം
ആപ്താം വധൂടീമരികേ നിഷണ്ണാം
നിവാര്യ കൈകൊണ്ടലസേന ഗുഢം,

മനോഭിരാമേണ മൃദുസ്മിതേന
ക്ഷീരാംബുരാശിം പുനരുക്തയന്തീ
അമ്മാനവീമേനക മാനനീയ
മുപാദദേ വാക്യമനർഘശീലാ.”
അവളുടെ വാക്യത്തിന്റെ ഉപക്രമപദ്യമാണു് അടിയിൽ കുറിക്കുന്നതു്:

“മനോജ്ഞവർണ്ണാ സുവിചിത്രബന്ധാ
നിരസ്തദോഷാ സഗുണാർത്ഥപുഷ്ടാ
ഇമ്മാരചേമന്തിക ചൊന്ന വാണീ
മഹാകവേർവാഗിവ സുപ്രസന്നാ.”
അഞ്ചാം ഭാഗത്തിൽ സൂര്യാസ്തമയവും ചന്ദ്രോദയവും വർണ്ണിക്കുന്നതിലാണു് കവി തന്റെ അനന്യസുലഭമായ മനോധർമ്മപ്രകർഷം മുഴുവൻ പ്രകടിപ്പിച്ചിരിക്കുന്നതു്. ആ ഘട്ടത്തിൽനിന്നുകൂടി ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം:

“അപരജലധിമീതേ ഹന്ത! ചെന്തീകണക്കേ
ദിവസകരകരാളീ പാടലാഭൂന്മനോജ്ഞേ!
കടൽനടുവിൽ വിളങ്ങും വിദ്രുമശ്രീമയൂഖാ
വലി വിയതി വിലങ്ങെപ്പൊങ്ങിനില്ക്കുന്നപോലേ.”

“ചരമശിഖരിപീഠേ പാടലം നാളികേരം
ദ്യുമണിവലയരൂപം വച്ചവിച്ഛിന്നധാരം
ജഗതി കരുതി തർപ്പിച്ചീടിനാൻ ചൂടൊഴിപ്പാ
നഖിലഭുവനഭാജാമന്തിയാം മന്ത്രവാദി.”
“അരുണജലദമാലാവാസസാലങ്കൃതാംഗീ
തിമിരചികുരരാജത്താരപുഷ്പാഭിരാമാ
നളിനമുകുളമെന്നും പോരിളങ്കൊങ്കയുംകൊ
ണ്ടലമകുരുത സന്ധ്യാ ശീതഭാനോസ്സപര്യാം.”

“വിഗളദമൃതമിന്ദോർമ്മണ്ഡലം പോന്നുയർന്നൂ
നിജകരപരിവീതം ബദ്ധനക്ഷത്രമാല്യം
മദനകരഗൃഹീതം പൂർണ്ണസൗഭാഗ്യദീക്ഷാ
കലശമിവ നവീനം മേദിനീചന്ദ്രികായാഃ.”
സ്വഭാവോക്ത്യലങ്കാരംകൊണ്ടെന്നപോലെ രചനാഭംഗികൊണ്ടും വിശ്വവിജയം ചെയ്യുന്ന ഒരു ശ്ലോകമാണു് താഴെക്കാണുന്നതു്:

“പുരികുഴലിലിറങ്ങിത്തങ്ങളിൽത്തിങ്ങിവിങ്ങും
കുളുർമുലയിൽ വിരുന്നുണ്ടേണശാബേക്ഷണാനാം
ദിശി ദിശി പെരുമാറീ മേദിനീവെണ്ണിലാവിൻ
മുഖപരിമളവാഹീ സന്തതം ഗന്ധവാഹഃ”
ചില പദങ്ങളും പ്രയോഗങ്ങളും
ഇങ്ങനെ ഉദ്ധരിച്ചു കൊണ്ടുപോയാൽ ചന്ദ്രോദയത്തിലെ ശ്ലോകങ്ങൾ നൂറിനു നൂറും തന്നെ പകർത്തേണ്ടിവരുന്നതാണു്. ചമൽകാരജനകമല്ലാത്ത ഒരു ശ്ലോകവും പ്രസ്തുത കാവ്യത്തിലില്ല. മധുരങ്ങളായ പ്രാചീനഭാഷാപദങ്ങൾ കവി ധാരാളമായി പ്രയോഗിച്ചിട്ടുണ്ടു്. (1) പവനി (ഘോഷയാത്ര), (2) പൊഴിൽ (ചോല), (3) പാൽ (ഐശ്വര്യം) മുതലായ പദങ്ങൾ നോക്കുക. ലീലാതിലകത്തിൽ അനുശാസിച്ചിട്ടുള്ളപ്രകാരം (1) നർപ്പാൽ, (2) മുകൺമേൽ, (3) വാൺമുന തുടങ്ങിയ പദങ്ങളിൽ സന്ധിവിശേഷങ്ങളും കാണ്മാനുണ്ടു്. (1) പൊടിഭിഃ, (2) വെൺമാളികാസു, (3) വിളക്കുമാടസ്യ, (4) പൊല്പാലികാനാം ഇത്യാദി പ്രയോഗങ്ങൾ “സന്ദർഭേ സംസ്കൃതീകൃതാ ച” എന്ന ലീലാതിലകസൂത്രത്തിനു് ഉദാഹരണങ്ങളാകുന്നു. എതുകയിൽ കവിക്കു നിഷ്കർഷയില്ലെങ്കിലും അദ്ദേഹത്തിന്റെ മൃദുലകോമളമായ ശബ്ദപ്രവാഹത്തിൽ അതിന്റെ അഭാവംതന്നെയാണു് ആസ്വാദ്യതരമായി അനുഭവപ്പെടുന്നതു്.

ചില ദോഷങ്ങൾ
ചന്ദ്രോത്സവത്തിൽനിന്നു ലോകതന്ത്രപരമായി നമുക്കു പലതും പഠിക്കാമെങ്കിലും അതു പരോക്ഷമായിപ്പോലും സന്മാർഗ്ഗോപദേശം ചെയ്യുന്ന ഒരു കാവ്യമല്ലെന്നുള്ളതു് അതിന്റെ ദോഷങ്ങളിൽ പ്രഥമഗണനീയമാണെന്നു ചിലർക്കു പക്ഷമുണ്ടു്. “കാന്താസമ്മിതതയോപദേശം” പ്രസ്തുത കാവ്യം നല്കുന്നില്ലെന്നുള്ളതു പരമാർത്ഥംതന്നെ. എന്നാൽ തന്നിമിത്തം അതു ദൂരതഃപരിവർജ്ജനീയമാണെന്നു പറയുന്നതു ശരിയല്ല. താൻ ഒരു വേശ്യയുടെ ചരിതമാണു് പ്രസ്താവിക്കുവാൻ പോകുന്നതെന്നു വായനക്കാരെ മുൻകൂട്ടി അറിയിച്ചു കൊണ്ടു കവി ആ കൃത്യം നിർവ്വഹിക്കുന്നു. മതിയും മേദിനീ ചന്ദ്രികയും അവളുടെ വയസ്യകളും “ധീരാ കലാപ്രഗല്ഭാസ്യാദ്വേശ്യാ സാമാന്യനായികാ” എന്ന ശാസ്ത്രലക്ഷണമനുസരിച്ചു് കാവ്യരംഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന കാമിനീലലാമങ്ങളാണു്. ഒരു വേശ്യയ്ക്കു് അനേകം ഭർത്താക്കന്മാർ ഉണ്ടായിരുന്നു എന്നു ചില ശ്ലോകങ്ങളിൽ പറയുന്നതു വസ്തുസ്ഥിതി കഥനം മാത്രമാണല്ലോ. സംഭോഗശൃംഗാരവർണ്ണനം വേണ്ടതിലധികം നഗ്നമായിട്ടുണ്ടെന്നു സമ്മതിക്കാം.

രണ്ടാംഭാഗത്തിൽ നായികയുടെ ശിശുക്രീഡ വർണ്ണിക്കുമ്പോൾ കവി ‘ധാത്രീകരാംബുജധൃതാ’ എന്നും ‘സൗവർണ്ണകിങ്കിണി’ എന്നും ആരംഭിക്കുന്ന രണ്ടു് അശ്ലീലശ്ലോകങ്ങൾ ഘടിപ്പിച്ചിരിക്കുന്നു എന്നുള്ളതാണു് മറ്റൊരാക്ഷേപം. ആ ശ്ലോകങ്ങൾ അശ്ലീലദുഷ്ടങ്ങൾതന്നെയെങ്കിലും വേശ്യയുടെ ശൈശവം വർണ്ണിക്കുന്നവയാകയാൽ അസംഗതങ്ങൾ എന്നു പറവാൻ പാടുള്ളതല്ല. തന്റെ പ്രിയതമനെ അപഥസഞ്ചാരത്തിൽനിന്നു വിനിവർത്തിപ്പിക്കുവാൻ ചന്ദ്രിക ചെയ്ത ശ്രമം തനിക്കു് അശുഭോദർക്കമായിത്തീർന്നു എന്നു കവി പറഞ്ഞിരിക്കുന്നതു സ്ഥൂലദൃഷ്ടിയിൽ അനാശാസ്യമായി നമുക്കു തോന്നാമെങ്കിലും ഭർത്താവിനു് എന്തും പ്രവർത്തിക്കാം എന്നു ജനങ്ങൾ വിശ്വസിക്കുകയും ശീലാവതിയെ സ്ത്രീകൾക്കു മാതൃകയായി പരിഗണിക്കുകയും ചെയ്തിരുന്ന ഒരു കാലത്തു് ആ ഇതിവൃത്താംശത്തിനു് അനൗചിത്യം കല്പിക്കുന്നതു യുക്തിസഹമല്ലെന്നാണു് എന്റെ അഭിപ്രായം. ചന്ദ്രോത്സവത്തിലെ വർണ്ണനം അന്നത്തേ സമുദായാചാരത്തിന്റെ യഥാർത്ഥമായ പ്രതിഫലനമല്ലെന്നും കവി തന്റെ കല്പനാശക്തികൊണ്ടു് ഒരു നവ്യലോകം സൃഷ്ടിച്ചിരിക്കുന്നു എന്നും വേണം വിചാരിക്കുവാൻ. നായിക ഒരു വേശ്യയാണെങ്കിലും കഥ മുഴുവൻ വേശ്യാവൃത്തമല്ല; ചന്ദ്രോത്സവാഘോഷമാണു് അതിലെ പ്രതിപാദ്യം. ആ ആത്മാവിനു് ഒരു ശരീരമെന്ന വിധത്തിൽ മാത്രമേ മതിയുടേയും നായികയുടേയും ചരിതം നില്ക്കുന്നുള്ളു. പ്രധാനഭാഗത്തിലെങ്ങും അശ്ലീലത്വത്തിന്റെ പ്രസക്തിയില്ല. ആകെക്കൂടി ആധുനികന്മാരായ അനുവാചകന്മാർക്കു് ഇതിവൃത്തത്തിലും മറ്റും അങ്ങിങ്ങു് അല്പാല്പം അരോചകങ്ങളായ അംശങ്ങൾ കാണേണ്ടതായിവരുമെങ്കിലും ദേശകാലങ്ങളെ പുരസ്കരിച്ചുവേണം ഏതു കവിതയേയും നിരൂപണം ചെയ്യുവാൻ എന്നുള്ള ആലങ്കാരികമതം അനുസരിച്ചു് അവർ ചന്ദ്രോത്സവത്തെ ആദരിക്കുമെന്നും ആദരിക്കണമെന്നുംതന്നെയാണു് എന്റെ പ്രതീക്ഷ. ‘ധാത്രീകരാംബുജ’ എന്ന ശ്ലോകമുണ്ടെന്നുവെച്ചു ‘ചരമശിഖരിപീഠേ’ ‘പുരികുഴലിലിറങ്ങി’ ഇത്യാദി ശ്ലോകങ്ങൾ വായിക്കേണ്ടെന്നു യാതൊരു സഹൃദയനും തോന്നുവാൻ ന്യായമില്ലല്ലോ. ശയ്യാഗുണം ഇത്രമാത്രം തികഞ്ഞ ഒരു കാവ്യത്തിലും യതിഭംഗത്തിനു് അപൂർവ്വം ചില ഉദാഹരണങ്ങൾ കടന്നുകൂടിയിരിക്കുന്നതു കഷ്ടംതന്നെ. (1) പരമശിവജടാഭാ-രം (2) കമലവിശിഖസാമ്രാ-ജ്യം (3) മധുരമധുരമസ്തൌ-ഷുഃ (മാലിനീവൃത്തത്തിൽ) (4) ചിറ്റിലപ്പ-ള്ളിനാടു (ഉപജാതിവൃത്തത്തിൽ) മുതലായ ഭാഗങ്ങൾ അത്യന്തം കർണ്ണാരുന്തുദങ്ങളായിരിക്കുന്നു. എന്നാൽ ഈ ദോഷവും കാവ്യത്തെ സാരമായി സ്പർശിക്കുന്നില്ല. അക്ഷരലക്ഷം അവകാശപ്പെടാവുന്ന ശ്ലോകങ്ങൾ അത്രയധികം അതിലുണ്ടു്. കൈരളീദേവിക്കു ചന്ദ്രോത്സവം വിലവേറില്ലാത്ത ഒരു വിശിഷ്ടാഭരണമായി ഏതു കാലത്തും പ്രശോഭിക്കുന്നതാണു്.

24.2ചില സ്തോത്രകൃതികൾ

ചിറയ്ക്കൽ കോവിലകത്തുനിന്നു ‘പഞ്ചരത്നസ്തോത്രം’ എന്നു പടിയിൽ കുറിച്ചിട്ടുള്ള ഒരു താളിയോലഗ്രന്ഥം കണ്ടുകിട്ടീട്ടുണ്ടു്. അതിൽ (1) തൃച്ചെമ്മരേശസ്തുതി (ഗദ്യം) (2) ചെല്ലൂർപ്പിരാൻസ്തുതി (3) ചെറുകുന്നത്തമ്മസ്തുതി (4) കാമാക്ഷീസ്തുതി (5) ലക്ഷ്മീസ്തുതി എന്നിങ്ങനെ അഞ്ചു സ്തോത്രങ്ങൾ അടങ്ങീട്ടുള്ളതുകൊണ്ടായിരിക്കാം അതിനു പഞ്ചരത്നസ്തോത്രം എന്നു പേർ നല്കീട്ടുള്ളതു്. ചെറുകുന്നത്തമ്മസ്തുതിയും ലക്ഷ്മീസ്തുതിയും ഒന്നിലധികം രൂപത്തിൽ കാണുന്നു. അതു കൂടാതെ തളിപ്പറമ്പത്തു ശിവനെപ്പറ്റിയും രണ്ടു ശ്ലോകങ്ങളുണ്ടു്. പ്രസ്തുത സ്തോത്രങ്ങളുടെ പ്രണേതാവു ശങ്കരകവിയാണെന്നു ചിലർ ഊഹിക്കുന്നുണ്ടെങ്കിലും ചെല്ലൂർപ്പിരാൻ സ്തുതിയും ചെറുകുന്നത്തമ്മസ്തുതിയും ഒഴിച്ചാൽ ബാക്കിയുള്ളവയ്ക്കു് ആ മഹാകവിയുടെ കൃതികളാകുവാൻ വേണ്ട സ്വരൂപയോഗ്യതയില്ല. എന്നാൽ എല്ലാ സ്തോത്രങ്ങളും കൊല്ലം ഏഴാം ശതകത്തിൽ നിബന്ധിച്ചവയാണെന്നുതന്നെ തോന്നുന്നുമുണ്ടു്. ‘മഹാലക്ഷ്മീ വികല്പം വിനാ’ എന്നവസാനിക്കുന്ന ലക്ഷ്മീസ്തുതിയെപ്പറ്റി മാത്രമേ സംശയമുള്ളു. അതു പൂന്താനം നമ്പൂരിയുടെ കൃതിയെന്നാണു് കേട്ടിട്ടുള്ളതു്. ഓരോ കൃതിയേയുംപറ്റി അല്പം ഉപന്യസിക്കാം.

തൃച്ചെമ്മരേശസ്തുതി
താഴെ കാണുന്ന പങ്ക്തികൾ ഈ ഗദ്യത്തിലുള്ളവയാണു്:

“ജയ ജയ ജഗൽകന്ദമേ, സുന്ദരാനന്ദമേ, നന്ദഗോപാദി ഗോപാലനൈപുണ്യമേ, ഭക്തനൽപുണ്യമേ, ചിത്തകാരുണ്യമേ, യുക്തിതാരുണ്യമേ, ചാരുലാവണ്യമേ, ഗോപികാ കാമിനീഗോകുലത്തിൻ കുലത്തിന്നൊരാനന്ദപൂരം മരന്ദം ചൊരിഞ്ഞീടുമാരാമമേ, പരിചൊടഭിരാമമേ.” ഇതു സംസ്കൃതദണ്ഡകങ്ങളുടെ രീതിയിൽ രചിക്കപ്പെട്ടിരിക്കുന്നു.

ചെല്ലൂർപ്പിരാൻ സ്തുതി
ഇതു പെരുഞ്ചെല്ലൂർ ശിവനെപ്പറ്റിയാണെന്നു പറയേണ്ടതില്ലല്ലോ. ആദ്യന്തം സ്രഗ്ദ്ധരാവൃത്തത്തിൽ നിർമ്മിതമായ ഈ കൃതി അർത്ഥപുഷ്ടികൊണ്ടു് അത്യന്തം മധുരമായിരിക്കുന്നു. കേശാദിപാദവർണ്ണനരൂപമായ ഇതിലേ എല്ലാ ശ്ലോകങ്ങളും ‘ചെല്ലൂർപ്പിരാനേ’ എന്ന സംബോധനയിൽ അവസാനിക്കുന്നു. മാതൃക കാണിക്കാൻ ചില ശ്ലോകങ്ങൾ ചുവടെ ചേർക്കാം:

“നന്നത്രേ നീ തപംചെയ്തതു വരദ! വധൂ
കാർമ്മണം ഞാനറിഞ്ഞേൻ;
കുന്നിൽപ്പെണ്ണിന്നു മാരജ്വരമധികമതിൽ
പ്പിന്നെയല്ലോ പിണഞ്ഞൂ;
അന്നുൾത്തിങ്ങും ജടാമണ്ഡലവിരചനയാ
ദിവ്യഗംഗയ്ക്കിരിപ്പാൻ
പിന്നെത്തീർത്താ നയംകൊണ്ടൊളിയറ; ജയ ക
ല്യാണ ചെല്ലൂർപ്പിരാനേ.”(1)

“സോമാർദ്ധത്തിന്നുദിപ്പാനുദയഗിരിതടം,
ചിത്രകൂടം ഭുജംഗ
സ്തോമാനാം, വൈധസീനാമരിയ പിണമിടും
കാടു മൂർദ്ധാവലീനാം,
വാർമേവീടും നറുംകാഞ്ചനമണികലശം
ദിവ്യഗംഗാജലാനാം,
കാമാരേ! നിൻകപർദ്ദം ജയതി ഘനകൃപാ
കല്യ, ചെല്ലൂർപ്പിരാനേ.”(2)

“തോന്നും മറ്റാർക്കു പോറ്റീ, കൊടിയ ദഹനനെ
ന്നെന്തു ചേരും? വിവേകേ
സാന്ദ്രായാം ചന്ദ്രികായാം വിരഹിയൊഴിയെ നീ
റീടുമാറില്ലതാനും;
ഉന്നും ത്വൽഭാവനാപാവനനു ചുടുകയി
ല്ലേതുമയ്യാ! തൊടാം നിൻ
മൂന്നാം തൃക്കണ്ണു ചെമ്പല്ലവലവമൃദുലം
നാഥ ചെല്ലൂർപ്പിരാനേ.”(3)

“ചഞ്ചന്നിശ്വാസഭീമാം ഭുജഗതതിയെ നി
ന്നന്നങ്ഗകേ കണ്ടരണ്ട
ങ്ങഞ്ചുംനേരത്തുമയ്യാ! കിമപി വിജയതേ
വേഴ്ച വിശ്വാതിശായീ;
കിഞ്ചിന്മഞ്ജുസ്മിതം ചേർന്നധരകിസലയേ
തേ വിരൺപൂണ്ട കൊഞ്ചി
ത്തഞ്ചുന്നൂ കുന്നിൽമാതിൻ മിഴിമുന ഭയമു
ല്ലൂയ ചെല്ലൂർപ്പിരാനേ.”(4)

“മംഗല്യത്തിൻകരുന്നെന്നമരകൾമുനയോ
മന്വതേ, ജന്മരോഗം
തുംഗം മാറ്റും മരുന്നെന്നണിമൃദുഹസിതം
താവകം കണ്ടുദാരം;
തൻകണ്ണിന്നും മനക്കാമ്പിനുമരിയ വിരു
ന്നെന്നുതന്നേ മതം വാർ
തിങ്ങും ഗൗരിക്കു, ദുഃഖക്ഷപർണഭരിതകൗ
ശല്യ, ചെല്ലൂർപ്പിരാനേ.”(5)

“മാലേയത്തെന്നൽപോലേ സതതസുരഭിലം,
മഞ്ജുവാചാം നിവാസം
പോലേ ഹാരീ ഭുജംഗൈ, രഴകിലളകപോ
ലേ സദാ ഭൂതിശാലീ,
കാലാരേ! വാഴ്ത്ത്വല്ലേൻ ജയതി ഭവദുരോ
ഭാഗമാർക്കേ കിടയ്ക്കും
ത്രൈലോക്യേ മറ്റു ഗൗരീകുചതടവിലുഠ
ല്ലീല, ചെല്ലൂർപ്പിരാനേ.”(6)

“ഗൗരീകൺകോൺ കളിപ്പാൻ വിഹരണമണിരം
ഗായ, ഭസ്മാംഗരാഗ
സ്മേരോല്ലാസായ, രോമാവലി തടവുമുപ
ഘ്നായ, മംഗല്യഭാജേ,
ഹാരാകാരേണ തൂങ്ങും ഫണിമണിമഹസാ
ഭദ്രദീപപ്രതിഷ്ഠാം
ചേരും മധ്യായ, ബദ്ധോഞ്ജലിരയമയി തേ
നാഥ, ചെല്ലൂർപ്പിരാനേ.”(7)

“ഇന്നിൻനാഭീതലത്തെച്ചിലർ തരുണിമവാ
രാകരാവർത്തമെന്നേ
മന്യന്തേ, കേപി രോമാവലിലതിക മുള
ച്ചീടുമാവാലമെന്നും.
മന്യേ ഗൗരീമനക്കാമ്പിനു കിമപി കളി
ച്ചും തുടിച്ചും കുളിപ്പാൻ
തന്നേ തീർത്തോരു വാപീവലയമിതി മഹാ
ദേവ, ചെല്ലൂർപ്പിരാനേ.”(8)

“എല്ലായ്പോഴും പുലമ്പിന്റിതു രജതഗിരേ
രുത്തമാംഗേ നവീന
സ്വർല്ലോകാനോകഹത്തിൻതറമുകളിലുമാ
ശ്ലിഷ്ടനായ് നിൻനിവാസം
ചൊല്ലാർന്നീടും മഹേന്ദ്രാദ്യമരവരശിഖാ
രത്നരോചിർമ്മതല്ലീ
കല്ലോലൗഘം പുലമ്പിപ്പുറവടിയൊടു ക-
ല്യാണ ചെല്ലൂർപ്പിരാനേ.”(9)
ഫലശ്രുതിരൂപമായ ഒരു ശ്ലോകവും ഒടുവിലുണ്ടു്:
“മാത്രാതീതാനുഭാവം ജയതി തവ വിഭോ,
വെല്ക കേശാദിപാദ
സ്തോത്രം: നിത്യം (സമസ്തം) ജനമിഹ നിയതം
വർത്തതാം ബദ്ധമോദം
പ്രീത്യാ ദേഹാവസാനേ പരമശിവ! പദാം
ഭോരുഹേ താവകേ ചെ
ന്നാസ്ഥാം കൈക്കൊണ്ടു മേവീടുക, ജയ ജയ ക
ല്യാണ ചെല്ലൂർപ്പിരാനേ.”
ചെറുകുന്നത്തമ്മസ്തുതി
ചെറുകുന്നുക്ഷേത്രം (ബാലശൈലം) ചിറയ്ക്കൽ താലൂക്കിലേ തൃക്കണ്ണപുരം ദേശത്തിനടുത്തുള്ള അന്നപൂർണ്ണേശ്വരീക്ഷേത്രമാകുന്നു. “ചെറുകുന്നഗ്രശാലയിൽ വാഴുമമ്മേ തമ്പുരാട്ടി, പൊൻകോരികയിൽ ചോറുമായി വിളമ്പുകമ്മേ തമ്പുരാട്ടി” എന്നും മറ്റും പഴയ പാട്ടുകളിൽ ആ ദേവിയെ വർണ്ണിച്ചുകാണുന്നു. എല്ലാവർക്കും മൃഷ്ടാന്നദാനം ചെയ്യുന്ന ദേവിയാണു് ചെറുകുന്നത്തമ്മ. പ്രസ്തുത സ്തോത്രത്തിൽനിന്നു ചില ശ്ലോകങ്ങൾ അടിയിൽ പകർത്തുന്നു:

പാടേ പെട്ടെന്നുറക്കെത്തിരുകിന കബരീ
സഞ്ചയം ചേഞ്ചെലോരേ
ന്നീടും കല്യാണകാഞ്ചീലളിതമതിദൃഢാ
ബദ്ധനീവീനിബന്ധം
ഊടേ തോന്നീടുകസ്മന്മനസി പഥികപ
ന്തിക്കു മൃഷ്ടാന്നദാന
ക്രീഡോപക്രാന്തമിന്നിൻതിരുവുടൽ ചെറുകു
ന്നമ്പുമെൻതമ്പുരാട്ടീ.”(1)
“നാനാരൂപോപദംശാനവരവർവദനം
പാർത്തു വേണുന്നതെല്ലാം
താനേ, വേണ്ടും ജനാനാമിടയിടയിലറി
ഞ്ഞാസ്ഥപൂണ്ടാജ്യപൂർണ്ണം
മാനാതീതം വിളമ്പും ഭവതിയെ വിരണൽ
ഭൂഷണാം പന്തിമധ്യേ
കാണാമോ മാദൃശാമിങ്ങൊരുകുറി ചെറുക
ന്നമ്പുമെൻതമ്പുരാട്ടി.”(2)
“ആദ്യാം താമന്നപൂർണ്ണാം പ്രതി വിരചിതമിപ്പഞ്ചകം നെഞ്ചിലുൾച്ചേർത്താസ്ഥാം കൈക്കൊണ്ടുഷയ്ക്കുംപൊഴുതു്” എന്നു് ഒടുവിൽ ഒരു ശ്ലോകം കാണുന്നതിൽനിന്നു് ഈ സ്തോത്രം ഒരു പഞ്ചകമാണെന്നു വെളിവാകുന്നു. അതു കൂടാതെ വേറെയും ചെറുകുന്നത്തമ്മയെപ്പറ്റിയുള്ള പദ്യങ്ങൾ മുൻപു നിർദ്ദേശിച്ച ഗ്രന്ഥത്തിൽ ഉണ്ടു്. അവയിൽ രണ്ടെണ്ണംകൂടി താഴെ ചേർക്കാം:

“വാടുമാറു മണികുണ്ഡലോല്ലസിതഗണ്ഡ, മവ്വള കുലുങ്ങുമാ,
റാടുമാറുരസി ഹാരമാല, രുചിതേടുമാറു വദനാംബുജം,
നീടെഴുന്നഖിലപാന്ഥപന്തികളിൽ നീ വിളമ്പുവതിവണ്ണമെ
ൻറൂഢമോദമൊരുകുന്റു നന്റു ചെറുകുന്റമർന്ന ഗിരികന്യകേ.”

“മാരവൈരിമനമായ ചൂതമലരിൽത്തെളിഞ്ഞൊരനുരാഗമാം
ചാരുതേനധികമാസ്വദിപ്പൊരു വിദഗ്ദ്ധകോകിലവിലാസിനീം
ഏറിനോരു കരുണാംബുധൗ ഝടിതി ചാടുമീക്ഷണകലാമ്മനം
ചേരുവോരു ചെറുകുന്റമർന്ന ഗിരികന്യകാമഹമുപാശ്രയേ.”
കാമാക്ഷീസ്തുതി
കാമാക്ഷി ശങ്കരവാര്യരുടെ പരദേവതയായ പള്ളിക്കുന്നിലെ മൂർത്തിയാണു്. ഈ സ്തോത്രം ദ്രാവിഡഗന്ധിയായ വൃത്തത്തിൽ അകാരാദി ക്രമമനുസരിച്ചു രചിച്ചിരിയ്ക്കുന്നു. ചില പദ്യങ്ങൾ ചുവടെ ചേർക്കുന്നു:

“അംഭോജസംഭൂതജംഭാരിസംഭാവ്യ
മംഭോജനാഭൻ മുദാ ശംഭുവും കൂപ്പു
മൻപാർന്ന നിൻപാദപാഥോജമെന്നുള്ളി
ലൻപേണമെൻപോറ്റി കാമാക്ഷിയമ്മേ!”

“ഉൽകണ്ഠയുൾക്കൊണ്ടു തൃക്കാൽ പ്രവാളങ്ങ
ളുൾക്കാമ്പിൽ വയ്ക്കിന്റ വിഖ്യാതലോകർക്കു
തിക്കിന്റ ദുഃഖങ്ങളൊക്കക്കെടുക്കിന്റ
ചിൽക്കാതലായോരു കാമാക്ഷിയമ്മേ!”
ഇതുപോലേ പ, പാ, പി, പീ എന്നിങ്ങനെയുള്ള അക്ഷരങ്ങളിൽ ആരംഭിക്കുന്ന മറ്റൊരു കാമാക്ഷീസ്തോത്രവുമുണ്ടു്. ഈ രണ്ടു സ്തോത്രങ്ങൾക്കും ഗുണം വളരെ കുറയും. ഇവയെ മുറയ്ക്കു കഴിഞ്ഞ അധ്യായത്തിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. സൗകര്യത്തിന്നുവേണ്ടി ഇവിടെ പരാമർശിക്കുന്നു എന്നേയുള്ളു.

ലക്ഷ്മീസ്തുതി
ഈ സ്തോത്രത്തിലെ ശ്ലോകങ്ങൾ എല്ലാം വസന്തതിലകവൃത്തത്തിൽ നിബന്ധിച്ചിരിക്കുന്നു. “തന്റരുളു നീ കരുണാകടാക്ഷം” എന്നു ചില ശ്ലോകങ്ങളും “പുലമ്പുകയി പൂമകളേ നികാമം” എന്നു് അവയ്ക്കപ്പുറമുള്ള വേറെ ചില ശ്ലോകങ്ങളും അവസാനിക്കുന്നു. ഒരു ശ്ലോകം താഴെ പ്രദർശിപ്പിക്കാം:

“കാളാംബുദാളിയൊടെതിർത്തൊരു കൂരിരുട്ടെ
ക്കാളും തിരണ്ടതിചുരുണ്ടലർചായലും തേ
നീലാളിപാളി തൊഴുവോരളകങ്ങളും മേ
മേലേ പുലമ്പുകയി പൂമകളേ, നികാമം.”
മറ്റൊരു ലക്ഷ്മീസ്തുതി
“കൽമാഷം തുടരാത ചാരുകരുണാകല്ലോലമേ, കൈതൊഴാ
മമ്മേ പാല്ക്കടലിൽപ്പിറന്ന കമലക്കന്യേ! നിനക്കേഷ ഞാൻ;
സമ്മോദാൽ മുകിൽവർണ്ണരെ പ്രതിദിനം നോക്കും കടാക്ഷങ്ങൾകൊ
ണ്ടെന്മേലൊന്നുഴിയേണമൻപൊടു മഹാലക്ഷ്മീ വികല്പം വിനാ.”
എന്നു തുടങ്ങുന്നതാണു്. ഇതിനെപ്പറ്റി മുൻപു സൂചിപ്പിച്ചു കഴിഞ്ഞു.

ചെല്ലൂരീശവിലാസം
പെരുഞ്ചെല്ലൂർ ശിവന്റെ ആഹ്നികത്തെ വിവരിക്കുന്നതും അറുപതു ശ്ലോകങ്ങൾ അടങ്ങിയതുമായ ഒരു ലഘുകാവ്യമാകുന്നു ചെല്ലൂരീശവിലാസം. അതിൽ ശാർദൂലവിക്രീഡിതത്തിലുള്ള ഒരു ശ്ലോകം ഒഴിച്ചു ബാക്കിയെല്ലാം സ്രഗ്ദ്ധരാവൃത്തത്തിൽ നിബന്ധിച്ചിരിക്കുന്നു. ‘സ്രഗ്ദ്ധരാബദ്ധരാഗ’ന്മാരാണല്ലോ പഴയ മണിപ്രവാളകവികൾ. കവിത ഏറ്റവും ഹൃദ്യമാണു്; പ്രണേതാവു് ആരെന്നറിവില്ല. ചില ശ്ലോകങ്ങൾ ഉദ്ധരിച്ചുകാണിക്കാം:

“പ്രത്യൂഷേ ഞാനുപാസേ മൃദുശയനതലേ
ശൈലകന്യാകുചോദ്യൽ
കസ്തൂരീ സൗരഭാപൂരിതമണിഭവനേ,
രത്നദീപാഭിരാമേ,
നിദ്രാന്തേ വന്ദിവൃന്ദസ്തുതി സുഖശയന
പ്രശ്നവാക്യം ചെവിക്കൊ
ണ്ടുത്ഥാനം ചെയ്തിരിക്കും വടിവു തവ മഹാ
രാജ ചെല്ലൂർപ്പിരാനേ!”(1)

“അന്തർന്നാഡീം നിയമ്യ സ്ഫുടിതമപി പര
ബ്രഹ്മവിദ്യാം കുറിക്കൊ
ണ്ടെന്തോന്നിക്കണ്ടതെല്ലാമതു നിജമഹസാ
ഭാവിതം ഭാവയന്തം
മന്ദം മന്ദം തുറന്നീടിന നയനപുടം
ദേവ, സന്ധ്യാമുപാസി
ച്ചിന്ധാനം ത്വാം തൊഴുന്നേൻ പുലരിയിലഖിലാ
ധീശ ചെല്ലൂർപ്പിരാനേ.”(2)

“വാരാളും നന്ദികേശപ്രമുഖപരിചര
ന്മാരെ വാരങ്ങൾതോറും
വേറേ വേറേ നിയോഗിച്ചഖിലതനുഭൃതാം
തൃപ്തിമെത്തുംപ്രകാരം
ഓരോ കാര്യാന്തരാണാം തിരിവുകൾ തിരുവു
ള്ളത്തിലേറക്കുറിക്കൊ
ണ്ടോരോന്നവ്വണ്ണമാകെന്നരുളിന മൊഴി തേ
നൗമി ചെല്ലൂർപ്പിരാനേ.”(3)

“പൂങ്കാവിൽച്ചെന്നൊരോരോ വിടവുകളിൽ വിരി
ഞ്ഞീടുവാനാഞ്ഞ പൂവിൽ
ത്താൻകൂടപ്പുക്കുകൊണ്ടപ്പുതുമധുമണമാ
ദായ ചേതോഭിരാമം
ചേൺകോലും പൊയ്കതോറും ചെറുതിരകളിൽ വീ
ണ്ണൂയലാടിപ്പതുക്കെ
പ്പാങ്ങായ് വീയും, മരുന്മേളനമിഹ ഭവതോ
നൗമി ചെല്ലൂർപ്പിരാനേ.”(4)

“വൃത്തംകോലും തടാകത്തളികയിൽ നിറയെ
പ്പൂമ്പൊടിത്തണ്ഡുലം ചേ
ർത്തത്യന്തോല്ലാസി ചെന്താമരമുകുളമണി
ച്ചെപ്പുമുൽഭാവയന്തീ
വസ്ത്രം ഫേനേന ശുക്ത്യാ മുകുരവുമിഹ ചേ
ർത്താഗതം ത്വാമെതിർപ്പാ
നുദ്യാനശ്രീ മുതിർന്നോരളവു ചെലവു [2] തേ
നൗമി ചെല്ലൂർപ്പിരാനേ”(5)
“ആനത്തോൽകൊണ്ടുടുത്തത്തിരുവുടൽ മുഴുവൻ
ഭസ്മവും തേച്ചുമമ്മാ!
ചേന്നുറ്റീടുന്ന കറ്റച്ചിടവടിവിൽ മുറു
ക്കിച്ചലച്ചന്ദ്രലേഖം
മേനിപ്പൂണാരമാക്കിപ്ഫണിഗണവുമണി
ഞ്ഞഞ്ജസാ നിൻ പ്രദോഷേ
ശ്രീ നൃത്തത്തിന്നുമെത്തും ചമയമനുപമം
നൗമി ചെല്ലൂർപ്പിരാനേ.”(6)

“ഉള്ളംകൂടിക്കുളുർപ്പോളവുമിളമലയ
ത്തെന്നൽചാലേയ [3] വാതിൽ
ക്കുള്ളൂടേ വന്നു മെയ്യിൽത്തടവി മണിവിള
ക്കിന്നിളക്കം വരാതെ,
വിള്ളെന്നഗ്രേ വിളങ്ങുന്നഹികൾ വയർനിറ
യ്ക്കുന്ന നേരത്തകാണ്ഡേ
കൊള്ളും പള്ളിക്കുറുപ്പിൻവടിവു തവ വിഭോ
നൗമി ചെല്ലൂർപ്പിരാനേ!”(7)
ഈ കൃതികളും ഇനി പ്രദർശിപ്പിയ്ക്കുവാൻ പോകുന്ന മൂന്നു ഗദ്യങ്ങളും ഉത്തരകേരളീയങ്ങളാണു്.

തൃച്ചെമ്മരേശസ്തുതിയെപ്പോലെതന്നെ സംസ്കൃതദണ്ഡകച്ഛായയിൽ കൊല്ലം ഏഴാംശതകത്തിലോ എട്ടാംശതകത്തിലോ വേറേയും സ്തോത്രങ്ങൾ ആവിർഭവിച്ചിട്ടുണ്ടു്. അവപ്രായേണ അത്യന്തം ആസ്വാദ്യങ്ങളായി കാണുന്നു. അത്തരത്തിലുള്ള മൂന്നു ഗദ്യങ്ങളിൽ നിന്നു ചില പങ്ക്തികൾ ഉദ്ധരിച്ചു കാണിക്കാം.

രാമൻതളിഗദ്യം
“ജയ ജയ ജഗദീശ! ഗൗരീശ! ലക്ഷ്മീശ! സംസാരചക്രഭ്രമം തേടി നീടാർന്ന ലോകത്രയം കാത്തുമൻപോടഴിച്ചും കളിക്കിന്ന മായാമഹാനാടകാനന്ദമൂർത്തേ; പുരാരേ! മുരാരേ! ജടാവാടികായാമലച്ചീടുമംഭോജസംഭൂതി മുണ്ഡങ്ങൾതന്നിൽക്കലമ്പിന്ന ഗംഗാതരംഗങ്ങളിൽപ്പൊങ്ങിയും മുങ്ങിയും തൂമകോലിന്ന ബാലേന്ദുചൂഡാല! മാണിക്യമിന്ദ്രോപലം പുഷ്യരാഗം മഹാവജ്രമെന്നിത്തരം കാന്തിമെത്തിന്ന രത്നപ്രഭാപങ്ക്തികൊണ്ടിന്ദ്ര കോദണ്ഡദണ്ഡങ്ങളാകാശദേശേ വിളങ്ങീടുമാറീടുലാവും കിരീടാന്ത! നെറ്റിത്തടം തന്നിലുദ്ദണ്ഡ ചണ്ഡാഗ്നികൊണ്ടും നിറം തങ്കുമക്കുങ്കുമംകൊണ്ടുമാകല്പമത്യന്ത ചിത്രീഭവച്ചിത്രകോല്ലാസ! … മനക്കാമ്പിനും വാക്കിനും കെല്പു പോരാ നിനയ്പാനുമച്ചോ! പുകണ്ണീടുവാനും മഹാവേദവാക്യങ്ങളും നിൻപ്രകാശത്തെ വർണ്ണിച്ചുകണ്ടിച്ചുടൻ പാർത്തു കണ്ടാലിതേതും തിരിക്കാവതല്ലെന്നു കല്പിച്ചു മേന്മേലടങ്ങിപ്പരം തങ്ങളെച്ചിത്തമോഹം വിരഞ്ഞത്യുദാരം ജപിച്ചഷ്ടവർണ്ണങ്ങളും പഞ്ചവർണ്ണങ്ങളും നെഞ്ചിൽ നിൻചേവടിത്താരുറപ്പിച്ചുകൊൾവാൻ വണങ്ങീടുമെൻ നാഥ! രാമൻതളിച്ചേർന്ന വിശ്വൈകമൂർത്തേ! നമസ്തേ നമസ്തേ വിഭോ!”.

പയ്യന്നൂർ ഗദ്യം
“ജയ ജയ ജഗദേകബന്ധോ! കൃപാ പൂരസിന്ധോ! പരാനന്ദമൂർത്തേ! ദിനാധീശദീപ്തേ! നിറം ചേരുമമ്മാമലപ്പെണ്ണിനും ബാലചന്ദ്രാവതംസന്നുമന്യൂനസന്തോഷഭാരം വളർക്കിന്ന കൈശോരമാധുര്യചാതുര്യ! വാരാർന്നെഴും വാരിരാശൗ തഴയ്ക്കിന്ന കല്ലോലജാലങ്ങൾപോലേ പരാശക്തി…പോന്നുദിക്കിന്ന നേരത്തുടൻ തങ്കലേ പോന്നുവാങ്ങിന്ന നാനാജഗന്മണ്ഡലംകൊണ്ടു ലീലാരസം തേടുമാശ്ചര്യമുദ്രാനിധേ!…നാലു രൂപങ്ങളുണ്ടിന്നിണക്കോർക്കിലെന്തെന്റുമേതെന്റുമാർക്കും തിരിക്കാവതല്ലെന്റതത്രേ തെളിഞ്ഞുൺമയാകിന്റതെൻതമ്പിരാനേ! നിണക്കേഷ ഞാൻ ദാസനായേൻ കനിഞ്ഞെന്നെ നോക്കേണമെൻപയ്യനൂർവാണ ചിന്മാത്രമൂർത്തേ! നമസ്തേ നമസ്തേ വിഭോ.”

കൊടിക്കുന്നിൽ ഗദ്യം
ഹര ഹര ശിവ! ദാരുകാഖ്യോ മഹാദാനവൻ പണ്ടഖണ്ഡം വരംകൊണ്ടഖർവേണ ഗർവേണ ശൗര്യോഷ്മ കൈക്കൊണ്ടു മുല്പാടു കെല്പോടു കല്പാന്തരുദ്രപ്രവാഹങ്ങൾപോലേ നടറോരു നാനാമഹാദൈത്യസേനാസമേതോ വളർത്തീടുമോരോ ജഗദു്ദ്രോഹവേഷം പുകഴ്ത്താവതല്ലേതുമവ്യാകുലം; നാകലോകേ കരേറി പ്രചണ്ഡാപദാനാഢ്യമാഖണ്ഡലം നീള മണ്ടിച്ചു മണ്ടിച്ചു ജംഭാരികുംഭീന്ദ്രകുംഭസ്ഥലേപാഞ്ഞു പഞ്ചാസ്യരീത്യാ ചപേടാർപ്പണംചെയ്ത നേരത്തു പൊട്ടിത്തെറിക്കിന്റ മുക്താമണിസ്തോമമൂർത്തൂത്തമർത്ത്യാംഗനാനാമലർച്ചായൽ ചുറ്റിപ്പിടിച്ചങ്ങുമിങ്ങും നിലത്തിട്ടിഴച്ചങ്ങയോഗ്യങ്ങളെച്ചെയ്തു ചെയ്തും……മന്മാലടക്കം കൊടിക്കുന്നിൽ വാണംബികേ.”

ദശമസ്തോത്രം
ഏകദേശം ആ കാലത്തു വിരചിതമാണെന്നു് ഊഹിക്കാവുന്ന ഒരു ദശമസ്തോത്രം കണ്ടുകിട്ടീട്ടുണ്ടു്. അതിൽനിന്നു രണ്ടു ശ്ലോകങ്ങൾ മാത്രം ഉദ്ധരിക്കാം:

“എല്ലു കൊല്ലെന ഞെരിച്ചു മുഷ്ടിയാൽ
മല്ലവീര കുല ചെയ്ത ദൈവതം
ചൊല്ലെഴിന്റ ഗുണവീര്യസമ്പദാ
മില്ലമെന്മനസി വാഴ്ക സന്തതം.
വീഴ്ത്തി രംഗഭുവി കംസനെപ്പിടി
ച്ചീഴ്ത്തു ജീവനെ മഥിച്ചെടുത്തവൻ
ഗാത്രപല്ലവനിരന്തരശ്രിയാ
ദീപ്തനെന്മസി വാഴ്ക സന്തതം.”
നാട്യസങ്ഗ്രഹം
ഇതു ചാക്കിയാർക്കൂത്തിന്റെ ലക്ഷണത്തെപ്പറ്റി പ്രതിപാദിക്കുന്നതും മുപ്പത്തിരണ്ടു ശ്ലോകങ്ങൾ അടങ്ങിയതുമായ ഒരു ലഘുകൃതിയാകുന്നു. ‘ഇവും’ (ഇവയും) ‘എന്റിവെട്ടും’ (ഇവയെട്ടും) മുതലായ പ്രയോഗങ്ങൾ പ്രസ്തുത പ്രബന്ധത്തിന്റെ പഴക്കം സ്പഷ്ടമാക്കുന്നു. ചില ശ്ലോകങ്ങൾ ചുവടേ ചേർക്കാം:

“ശൃംഗാരാദിരസങ്ങളെ, ട്ടഭിനയം നാ, ലൊന്റൊഴിഞ്ഞൊൻപതേ
ഭാവാ, വൃത്തികളും പ്രവൃത്തിയുമിവും നന്നാലു, സപ്ത സ്വരാഃ,
രണ്ടേ ധർമ്മി, യിരണ്ടു സിദ്ധികൾ, തഥാ ഗാനങ്ങൾ പഞ്ചൈവ, നാ
ലാതോദ്യങ്ങ, ളരങ്ങു മൂ, ന്റിതിനെ നാം കൂത്തെന്റു കൈക്കൊണ്ടിതു.(1)

ശൃംഗാരവീരഹാസ്യാ ബീഭത്സം രൗദ്രമത്ഭുതം കരുണം
നാട്യേ ഭയാനകവുമീ രസങ്ങളെട്ടേ, ന ശാന്തമവികാരി.(2)

ശൃംഗാരരസം വീരം രൗദ്രം ബീഭത്സമെന്റുമിവ ജനകാഃ;
ഹാസ്യവുമുത്ഭുതരസവും കരുണഭയാനകമിരണ്ടുമിവ ജന്യാഃ”(3)

“കൂത്തെന്തെന്റ റിവാനായേവർക്കുമദൃഷ്ടനാട്യശാസ്ത്രാണാം
സമ്പ്രതി മയാ വിരചിതം ലക്ഷണമിതു നാട്യസംഗ്രഹം നാമ.”(32)
ജ്യോതിഷദീപമാല
ഈ ശതകത്തിൽ മണിപ്രവാള ശൈലിയിൽ വിരചിതമായ ഒരു പ്രധാന ജ്യോതിശ്ശാസ്ത്രഗ്രന്ഥമാകുന്നു ജ്യോതിഷദീപമാല. അതിൽ ആകെ നാലധ്യായങ്ങളുണ്ടു്. കവിതയ്ക്കു തീരെ മാധുര്യമില്ലെങ്കിലും കാര്യം പലതും സംഗ്രഹിച്ചിട്ടുള്ളതിനാൽ അതിനു സംസ്കൃതാനഭിജ്ഞന്മാരായ ദൈവജ്ഞന്മാരുടെ ഇടയിൽ സാമാന്യം പ്രചാരമുണ്ടു്. താഴെക്കാണുന്ന രണ്ടു ശ്ലോകങ്ങൾ ആരംഭത്തിലുള്ളവയാണു്.

“ഗണപതിഗുരുവാണീമർക്കചന്ദ്രാര സൗമ്യം
സുരഗുരുസിതമന്ദം രാഹകേതും വണങ്ങി
ഗണിതമപി മുഹൂർത്തം ജാതകം പ്രശ്നഭാഗം
ലഘുതരമിഹ ചൊല്ലാം മന്ദധീധാരണായ.”
“രാശിഗ്രഹസ്ഥാനവിഭാഗസംജ്ഞാം
ഷഡ്വർഗ്ഗവും കാരകമെന്നിതെല്ലാം
സംജ്ഞാനുരൂപേണ മണിപ്രവാളൈ
രുക്താ മയാ ജ്യോതിഷദീപമാലാ.”
“വെണ്ണീരും വിറകെണ്ണയും കഴുതയും” “മദ്യം പച്ചയിറച്ചി” തുടങ്ങിയുള്ള പ്രസിദ്ധങ്ങളായ ശകുനശ്ലോകങ്ങൾ ഈ ഗ്രന്ഥത്തിൽപെട്ടവയാണു്. ഇനിയും ചില ശ്ലോകങ്ങൾ നോക്കുക:

“രാഹൂനെക്കൊല്ലുമാദിത്യൻ; വ്യാഴത്തെ വിധി കൊല്ലുമേ;
ബുധനെക്കൊല്ലുമേ ചൊവ്വാ; ബുധൻ മന്ദനെയും തഥാ;
വ്യാഴമാദിത്യനെക്കൊല്ലും; ശുക്രൻ ചൊവ്വയെയും തഥാ;
ശനി ശുക്രനെയും കൊല്ലും; രാഹു ചന്ദ്രനെയും തഥാ
സൂര്യനെക്കേതുവും കൊല്ലുമിങ്ങനേയിവയോർക്കണം.”
അളവുകൾ, പലിശ മുതലായവയെപ്പറ്റിയുള്ള വിവരങ്ങളും ഇതിൽ പ്രതിപാദിച്ചുകാണുന്നു:

“മാറ്റും വില പണത്തൂക്കം പത്തിലേറ്റീട്ട നൂറ്റിനാൽ
കിഴിച്ചാലുള്ള ശേഷത്തിന്നാറേകാൽക്കൊരു വീശമാം,
പന്തിരണ്ടിൽ ഗുണിച്ചുള്ള മുതൽ പത്തിൽക്കരേറ്റിനാൽ
മുതലങ്ങവിടെക്കൂട്ടീട്ടേവം ചെയ്ക പുനഃ പുനഃ.”


അദ്ധ്യായം 25 - മണിപ്രവാളസാഹിത്യം (തുടർച്ച)

ക്രി. പി. പതിനഞ്ചാം ശതകം

25.1ചില മുക്തകങ്ങൾ

കൊല്ലം ഏഴു്, എട്ടു് ഈ ശതകങ്ങളിൽ അനവധി മണിപ്രവാളമുക്തകങ്ങൾ വിരചിതങ്ങളായിട്ടുണ്ടു്: അവ പ്രായേണ നായികാവർണ്ണനപരങ്ങളും ശൃംഗാര രസപ്രധാനങ്ങളുമാകുന്നു. ഒരേ നായികയെപ്പറ്റിത്തന്നെ പതിനേഴാമധ്യായത്തിൽ പ്രതിപാദിച്ച ചെറിയച്ചീവർണ്ണനത്തിലെന്നപോലെ പത്തിരുപതു ശ്ലോകങ്ങളും കാണ്മാനുണ്ടു്. കേരളത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെയുള്ള ദേവന്മാരെയും രാജാക്കന്മാരെയും പരാമർശിച്ചും പല ശ്ലോകങ്ങൾ അക്കാലത്തെ കവികൾ നിർമ്മിച്ചിരുന്നു. ഈ മൂന്നു പദ്ധതികളിൽപ്പെട്ട ശ്ലോകങ്ങൾക്കുപുറമേ അപൂർവ്വമായി വിവിധവിഷയങ്ങളെക്കുറിച്ചും പല ശ്ലോകങ്ങൾ നിർമ്മിതങ്ങളായിട്ടുണ്ടു്. ഏതാനും ദണ്ഡകങ്ങളുമില്ലെന്നില്ല. പ്രസ്തുത ശ്ലോകങ്ങളിൽ പലതും സഭ്യതാസീമയെ അതിലംഘിക്കുന്നതിനാൽ അവയെ കഴിയുന്നതും ഒഴിച്ചുനിർത്തേണ്ടിയിരിക്കുന്നു. ബാക്കിയുള്ളവയെപ്പറ്റി സ്ഥൂലമായ ഒരു ജ്ഞാനം ഉണ്ടായിരിക്കേണ്ടതു് അക്കാലത്തെ സാഹിത്യചരിത്രഗ്രഹണത്തിനു് അത്യന്താപേക്ഷിതമാണുതാനും. ഓരോ ശ്ലോകവും നിർമ്മിച്ചതായ ശതകം സപ്തമമോ അഷ്ടമമോ എന്നു ഖണ്ഡിച്ചു പറവാൻ നിവൃത്തിയില്ലാത്തതിനാൽ എല്ലാംകൂടി ഈ അധ്യായത്തിൽ ആവിർഭവിപ്പിക്കുന്നതാണു്. ഉദ്ധരിക്കുന്നവയിൽ അപൂർവ്വം ചില ശ്ലോകങ്ങൾ ആറാം ശതകത്തിലും ചിലതു് ഒൻപതാം ശതകത്തിലും പെട്ടതായും വരാൻ പാടില്ലായ്കയില്ല. ചെറിയച്ചീവർണ്ണനത്തിലേ ചില ശ്ലോകങ്ങൾ ലീലാതിലകത്തിൽ പകർത്തീട്ടുള്ളതിനാൽ അതിന്റെ കാലംമാത്രം സൂക്ഷ്മമായി കണ്ടുപിടിക്കുവാൻ സാധിച്ചു.

25.2ശൃംഗാരപദ്ധതി

ഒട്ടുവളരെ നായികമാരുടെ നാമധേയങ്ങളുമായി നാം അക്കാലത്തെ ശൃംഗാരശ്ലോകങ്ങളിൽ പരിചയപ്പെടുന്നു. ആ നായികമാരിൽ ചന്ദ്രോത്സവദ്വാരാ നാം അറിയുന്ന (1) മേദിനീവെണ്ണിലാവു് (2) മാരലേഖ, (3) മാനവീമേനക, (4) മാരചേമന്തിക എന്നിവരെപ്പറ്റി ചില ശ്ലോകങ്ങൾ കേട്ടിട്ടുണ്ടു്.(1) ചിറയ്ക്കൽ ഇട്ടിപ്പെണ്ണു്, (2) മേദിനീബാലിക, (3) ചന്ദ്രിക, (4) മാരമന്ദാകിനി, (5) ലക്ഷ്മി, (6) കർപ്പൂരവല്ലി, (7) ദേവരശി, (8) മാരവിരുതു്, (9) ഇട്ടിമാണി, (10) കൗണോത്തര, (11) പുതിയവീട്ടിൽ ഇട്ടി, (12) വള്ളനാട്ടു് ഇട്ടി, (13) ഇട്ടിനങ്ങിണി, (14) ആനന്ദകേളി, (15) രാമാനിലാവു്, (16) കടന്നയിൽ ചെറുപെണ്ണു്, (17) മടത്തിൽ ഇട്ടി, (18) കേളിരേഖ, (19) പുതുപറമ്പത്തു് ഇട്ടിയച്ചി, (20) ചേമന്തിലേഖ, (21) പൂവാണരേഖ, (22) കീഴറ ഇട്ടിമാതവി, (23) കനകാവലി, (24) നീവീമണി, (25) പിരളീനായിക, (26) പനയപ്പള്ളി മാണിക്യം, (27) മരതകമാല, (28) കേളീമണി, (29) മല്ലീനിലാവു്, (30) കലാകേരളി, (31) തച്ചപ്പള്ളി ഇട്ടിമായ, (32) നീലമ്മ, (33) തോട്ടങ്കരച്ചീതമ്മ, (34) ആനന്ദചിന്താമണി, (35) കീർത്തിലേഖ, (36) തേന്മേനക, (37) മാരകേളി, (38) കുന്നത്തു ചീതമ്മ, (39) കീർത്തിചന്ദ്രിക, (40) തളിക്കുന്നിൽ ഇട്ടിതേവി, (41) പാലക്കോട്ടു ചെറുചിരുതേവി, (42) കേരളീവെൺനിലാവു്, (43) വെള്ളത്തു ചേരിക്കൽ ഇട്ടിച്ചിരുതേവി, (44) വീണാവതി, (45) രാജലേഖ, (46) ബാലനീവി, (47) മേദിനീമേനക, (48) രാജചിന്താമണി, (49) കരുമത്തിൽ ഉണ്ണുനീലി, (50) മാക്കം, (51) തയ്യിത്തലത്തു് ഇളയച്ചി, (52) മാതു, (53) നാകലതേവി മുതലായി വേറേയും പല സുന്ദരിമാരെപ്പറ്റി ശ്ലോകങ്ങൾ കാണ്മാനുണ്ടു്.

ഇത്തരത്തിലുള്ള സ്ത്രീവർണ്ണനത്തിന്റെ ആഗമമെന്തെന്നു ഞാൻ ഇരുപതാമദ്ധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ടു്. ചിലപ്പോൾ അന്യന്മാരുടെ അപേക്ഷയനുസരിച്ചാണു് തങ്ങൾ ആ സ്ത്രീകളെ വാഴ്ത്തുന്നതെന്നു കവികൾതന്നെ കണ്ഠതഃ പ്രസ്താവിച്ചിരിക്കുന്നു. “ചൊല്ലേറും വെണ്പലക്ഷ്മാരമണഗുരുനിയോഗേന വേഗാതിരേകാൽ… കൗണോത്തരാഢ്യാം കല്യാണീമാരഭേ ഞാൻ കനിവൊടു ഭവതീം വാഴ്ത്തുവാനുത്രമാതേ” എന്നു് ഒരു കവി പറയുന്നു. “തയ്യിത്തലമെഴുമിളയച്ചീ, തവാംഗം ഗുണശ്രീസന്തത്യൈ ദേവനാരായണഗുരുകൃപയാ വാഴ്ത്തുവാനാരഭേ ഞാൻ” എന്നും ആ ശ്ലോകത്തിന്റെ പ്രണേതാവുതന്നെയോ അപരനോ ഉദീരണംചെയ്യുന്നു. ഈ നിർദ്ദേശങ്ങളിൽനിന്നു തെക്കുംകൂർ രാജാവും അമ്പലപ്പുഴ രാജാവുമാണു് യഥാക്രമം കൗണോത്തരയേയും തയ്യിത്തലത്തു് ഇളയച്ചിയേയും പ്രശംസിപ്പിച്ചതു് എന്നു് ഊഹിക്കാം. ‘കൗണക്ഷമാരമണവംശ മണിപ്രദീപം’ എന്നു് ആദ്യത്തെ നായികയെ കവി വർണ്ണിക്കുന്നതിൽനിന്നു് ആ സുന്ദരി ഒരു ക്ഷത്രിയയാണെന്നു സങ്കല്പിക്കാം. കായംകുളം രാജവംശത്തിലേ ‘ഉത്തരാചന്ദ്രിക’ എന്ന കുമാരിയുടെ ഭർത്താവായ ഉണ്ണിരാമൻതന്നെയാണു് ആ നായികയെ പരാമർശിക്കുന്ന പ്രശസ്ത പദ്യങ്ങളുടേയും പ്രണേതാവു് എന്നുള്ളതു്

“ഉണ്ണീരാമൻ വരും പോന്നയി തവ തിരുമെയ്
വാഴ്ത്തുവാനാസ്ഥ കൈക്കൊ
ണ്ടന്യുനം താൻ മറന്നീലൊരുപൊഴുതുമെടോ
താവകം പൂവലംഗം;
എന്നെല്ലാമുത്തരാചന്ദ്രികമലർമകളോ
ടംഗനാമൗലിതന്നോ
ടിന്നേവം ചൊല്ലു തോഴാ, കനിവു മയി കലർ
ന്നീടുവാനൂഢമോദം”
എന്ന പദ്യം നോക്കുക. “ഞാനിങ്ങമിതരസമിടപ്പള്ളിനിന്നൂഢമോദം” എന്നു പറഞ്ഞിട്ടുള്ളതിൽനിന്നു് അദ്ദേഹം അന്നു് ഇടപ്പള്ളിയിൽ താമസിച്ചിരുന്നിരിക്കാമെന്നും അനുമാനിക്കാം. സാധാരണമായി ധനം മാത്രമായിരുന്നു തങ്ങളുടെ സാഹിതീവ്യവസായത്തിനു കവികൾ നായികമാരിൽനിന്നു പ്രതീക്ഷിച്ചിരുന്ന സമ്മാനം. അതു ലഭിക്കാതെവരുമ്പോൾ അവർ നൈരാശ്യഭരിതരായിത്തീർന്നതിനും ദുഷ്കവികളെ അധിക്ഷേപിച്ചതിനും ചില ഉദാഹരണങ്ങളാണു് താഴെപ്പകർത്തുന്നതു്:

“കിടപ്പവിറ്റെക്കിടവാതവിറ്റോ
ടിണച്ചതിക്ലിഷ്ടമനന്വിതാനി
പദാനി കാൺ മൂരികളെക്കണക്കെ
ക്കവിക്കരിങ്കയ്യർ പിണയ്ക്കുമാറു്.”(1)

“ഒട്ടേടം പ്രതിഭാവിലാസ, മൊരിടം കേട്ടിട്ടു കാവ്യാശ്രയം,
കട്ടിട്ടൊട്ടൊരു ഭാഗ, മൊട്ടൊരനുരാഗോത്സാഹമാനോത്ഭവം,
മുട്ടുമ്പോൾ വിധിയെന്നു കുറ്റമൊരിടത്തേതാദൃശം പത്തു നാൾ
മുട്ടിച്ചാലൊരു പദ്യമായ്ത്തിരിയുമെന്റാശാ പരം മാദൃശാം.”

“നാട്ടാർകാവ്യമകം മുറിച്ചു പുലരെക്കട്ടൊട്ടു താനോർത്തതും
കൂട്ടിക്കൊണ്ടു ചമച്ചചാരു പിടിപെട്ടന്നന്നവദ്യോൽകരാൻ
പാട്ടോ മറ്റു ചിലോകമോ പുനരിതെന്റോരാതെ നാട്ടച്ചിമാർ
വീട്ടിൽപ്പുക്കു പണം കൊതിച്ചു കവി കെട്ടീടും കവിഭ്യോ നമഃ”

“പൈന്തേനോലും ചിലോകം പരിചിനൊടു നിര
ത്തിത്തിരുത്തിച്ചമച്ചി
ട്ടെന്തേ ചേതം മെനക്കെട്ടൊരു തടിയനിരു
ന്നങ്ങു ചൊല്ലുന്നതാകിൽ?
എന്റേ മുറ്റും നിനച്ചാൽ നിനവു തരുണിമാ
ർക്കെന്റു കൂറിട്ടു കണ്ടി
ട്ടിന്റീ പദ്യപ്രബന്ധേ ചുവ പെരിക വരി
ന്റീലെടോ മാദൃശാനാം.”(4)

“ഓരോരോ കൂരതോറും പുലരുമളവിലേ
പുക്കു ചൂതും പറഞ്ഞി
പ്പാരിൽപ്പോരിന്റെ കള്ളച്ചെറുമികളെ വിളി
ച്ചോരു പേരിട്ടുകൊണ്ടു്
വൈരാഗ്യം കൈവരുത്തുംപരിചു ചില ചിലോ
കങ്ങളച്ചോ! ചമയ്ക്കും
വീരന്മാരെത്തൊഴിന്റേൻ പകലിരവനിശം
നിന്റു കുമ്പിട്ടു ഞാനോ.”(5)
സ്ത്രീകൾക്കു കള്ളപ്പേരിടുന്നതിനെപ്പറ്റി ലീലാതിലകകാരൻ വിവൃതമായി അവഹേളനംചെയ്തുവെങ്കിലും അതു വനരോദനമായാണു് പരിണമിച്ചതു്. “മുഗ്ദ്ധേ കേളുത്തരാ ചന്ദ്രികമയമയി തേ നല്കിനേൻ നാമധേയം” എന്നു് ഉണ്ണിരാമൻ പറയുന്നതു നോക്കുക. വേറേയും ഞാൻ മുൻപു കുറിച്ച പട്ടികയിലേ പല പേരുകളും അയഥാർത്ഥങ്ങളാണെന്നു വായനക്കാർക്കു കാണുവാൻ പ്രയാസമില്ലല്ലോ.

അമൃതനിഷ്യന്ദികളായ ചില ഒറ്റശ്ലോകങ്ങൾ അടിയിൽ ചേർക്കുന്നു. മണിപ്രവാളകവിതയ്ക്കു് അക്കാലത്തുണ്ടായിരുന്ന അസുലഭമായ അഭ്യർഹിതത്വത്തിനു് അവയെല്ലാം ഒന്നുപോലെ സ്മാരകസ്തംഭങ്ങളാണു്. പുനം, ശങ്കരകവി മുതലായ സുഗൃഹീതനാമാക്കളുടെ വാങ്മയങ്ങളും ആ കൂട്ടത്തിലുണ്ടായിരിക്കണം.

സൗന്ദര്യവർണ്ണനം
“വക്ത്രാംഭോജന്മ കൈലാസവദലമളകാ
ലങ്കൃതം, കൊങ്കയുഗ്മം
വൃത്രാരാതേരുദാരം കുലിശമിവ പരി
ച്ഛിന്നസാരം ഗിരീണാം.
മധ്യം മത്തേഭവൽ തേ പിടിയിലമിഴുവോ
ന്റെത്രയും ചിത്രമത്രേ
മുഗ്ദ്ധേ, കേളുത്രമാതേ, വപുരുദധിരിവാ
ഭാതി ലാവണ്യപൂർണ്ണം.”(1)

“കാളാംഭോധരപാളി താളി പിഴിയും കറ്റക്കരിപ്പൂങ്കുഴ,
ല്ക്കാലംബായ മുഖാവലോകസമയേ നെയ്വയ്ക്കുമിച്ചന്ദ്രമാഃ,
കോലത്താർചരഭൂമിപാലകനകക്കുംഭം തൊഴും പോർമുല,
യ്ക്കോലക്കത്തൊടു നിന്നെ വാഴ്ത്തുവതിനിന്റാമല്ല കൗണോത്തരേ.”(2)

“ശൗരേരാദ്യാവതാരം തരളമിഴിയുഗം;
വാക്കു ഗീർവാണമുഖ്യാ
ഹാരം; വക്ഷോജഭാരം ത്രിപുരഹരകരോ
ല്ലാസിനീ ചാപവല്ലീ;
മാരൻപൂമേനിയല്ലോ കൊടിനടുവു; മഹാ
മന്ദരാദ്രിം വിരോധം
വാരാതേ താങ്ങുവോന്റിപ്പുറവടി പിരളീ
നായികേ, താവകീനം.”(3)

“കാർമേഘം കൈതൊഴേണം മലരണിപുരിചാ
യല്ക്കു; ചില്ലിക്കുമമ്മാ!
കാമക്കോൽവിൽ തൊഴേണം; മഴലമിഴിയുഗ
ത്തിന്നു പെൺമാൻ തൊഴേണം;
പോർമാതംഗം തൊഴേണം തവ ഗമനമതി;
ന്നിന്റിളം പോർമുലയ്ക്കോ
ഹാ! മുഗ്ദ്ധേ! മാരചേമന്തികമലർവനിതേ!
ഹേമകുംഭം തൊഴേണം.”(4)

“എന്നെക്കൊണ്ടെന്നു നില്ക്കുന്നിതു മുലമുകുളം;
മന്ദഹാസത്തിനോ നിൻ
മുന്നിൽപ്പോരേണമല്ലോ; ചികുരമതരിശ
പ്പെട്ടു പിന്നിൽക്കിടന്നു;
കന്നല്ക്കൺകോൺ മയറ്റുന്നിതു സുമുഖി! നടേ
തന്നെ വാഴ്ത്തേണമെന്മാ;
നുന്നിച്ചാലൊന്നു വല്ലേൻ തിരുവുരു പുകഴ്വാൻ
മേദിനീമേനകേ! ഞാൻ.”(5)

“നീടെത്തും നേത്രയുഗ്മം കയൽ മറുകയലെ
ന്നോർത്തു കൊത്തീടുമയ്യോ;
പേടിക്കും ചക്രവാകം പുരികുഴൽനികരം
കണ്ടിരുട്ടെന്നുദാരം;
ഓടിപ്പോം ഖിന്നമന്നപ്പിട തവ നട ക
ണ്ടേറ്റ; മെന്നാലിദാനീം
ക്രീഡിക്കൊല്ലാ സുശീലേ! പുനരപി വിമലേ
നീ ജലേ രാജലേഖേ!”(6)

“മാധുര്യം പാർക്കിലൊന്നേ തവ കളമൊഴിയും
വീണയും; പ്രാണമിത്രം
പാഥോജത്തിന്നു വക്ത്രം; പുരികുഴൽ കിരിയം
മേദുരം നീരദാനാം;
ചൂതിന്മേല്ക്കോവിൽ പൂവൽപ്പുണർമുല; മണിവാ
തമ്പിരാൻ ചെമ്പരുത്തി;
ക്കേതേനും ചാർച്ച തോന്നും കുവലയദലവും
നേത്രവും കീർത്തിലേഖേ!”(7)

“നിർമ്മാതുർന്നിരവദ്യരത്നരചനാസീമയ്ക്കു, നന്മന്മഥ
ബ്രഹ്മാനന്ദസുധാതരംഗിണിതനി, ക്കമ്ലാനലീലാനിധേഃ,
കല്മാഷം തുടരാത വെൺമതികല, യ്ക്കേഴാഴിനീർ ചൂടുമീ
മൺമേൽമാതർമണിക്കു, മാരവിരുതിന്നുള്ളോന്നു മന്മാനസം.”(8)

പ്രത്യംഗവർണ്ണനം
(i) മുഖം:
“മന്ദാത്മാ പുനരന്തിപാടു പെരുമാറിപ്പോമൊരുക്കാ, ലൊളി
ച്ചന്നേ പോന്നു നിശീഥിനിക്കു ചിലനാൾ, കാണാം നിശാർദ്ധാന്തരേ.
എൻതോഴാ! മുഴുവൻ നടക്കുമൊരുനാ, ളൊട്ടും വരാനേകദാ
ചന്ദ്രോയം മമ ചന്ദ്രികാമുഖരുചിം കപ്പാനനല്പാശയാ.”(9)

“കലാമുരുക്കൂട്ടി നടക്കുമൊട്ടേ;
കലാമഴിക്കും വികളങ്കനാവാൻ
കലാമണിപ്പെൺമുഖസാമ്യമൊപ്പാൻ
കലേശനാലെത്ര പണിപ്പെടിന്റൂ.”(10)

(ii) കടാക്ഷം:
“ഊനം തട്ടാത കാന്തിപ്രസരനവസുധാ
പൂരിതേ വാരിരാശൗ
സാനന്ദം മന്ദമാന്ദോളിതതരളലസ
ച്ചില്ലിവല്ലീതരംഗേ
നൂനം താഴിന്റ ലോലാളകവലയിലക
പ്പെട്ടുഴന്റിട്ടിയച്ചീ,
മീനദ്വന്ദ്വം കളിക്കിന്റിതു തവ നയന
ച്ഛത്മനാ പത്മനേത്രേ.”(11)

“കാന്തേ! കർണ്ണങ്ങളോടേറ്റളവു വഴി കൊടാ
ഞ്ഞുള്ള കോപേന താമ്രാം
കാന്തിം കൈക്കൊണ്ടിതെന്റേ പറവർ ചിലർ നിസർ
ഗ്ഗാരുണോപാന്തകാന്തം;
ഞാൻ തേറേനിട്ടിയച്ചീ, പുനരിതു കഥയേ
സന്തതം മൈന്തർചിത്തം
ചീന്തീടുംനേരമേന്തീടിന രുധിരകണാ
ലങ്കൃതം നിൻകടാക്ഷം.”(12)

“കിഞ്ചില്ലജ്ജാവനമ്രാൻ പ്രണയനവലതാ
പല്ലവാൻ, മെല്ലവേ കീ
ഴഞ്ചും തൂമന്ദഹാസദ്യുതിശകലവലാ
കാവലീബാലമേഘാൻ
അഞ്ചമ്പന്നസ്ത്രഭൂതാനവിരതതരളാൻ
പേർത്തുമിന്നേത്രലക്ഷ്മീ
സഞ്ചാരാനിട്ടിയച്ചീ, പുളകനറുമലർ
ത്തോപ്പണിഞ്ഞേല്പനോ ഞാൻ?”(13)

“ആമോദാൽക്കാൺമനോ ഞാനവികലമിളകീ
ടിന്റ ലജ്ജാഭിരാമാ
നാമുഗ്ദ്ധസ്യന്ദിഹാസാങ്കുരമിടപെരുകീ
ടിന്റ കമ്രാനുപാതാൻ
ആമന്ദം മാരുതാന്ദോളിതകമലപലാ
ശാവലീലോലലോലാൻ
പ്രേമാർദ്രാനിട്ടിയച്ചീ, നവലളിതകലാ
കങ്കടാൻ നിൻകടാക്ഷാൻ.”(14)
നായകന്റെ ചാടൂക്തി
“ചരണതളിർ തലോടും; കൂടവേ പുഷ്പമാലാം
പരിചിനൊടു ഭരിക്കും; പിൻനടക്കും പ്രയാണേ;
ഒരുപൊഴുതിലുമച്ചോ! വേർവിടാ വക്രഭാവം;
പരിജനമിവ ഭദ്രേ! വേണി കൗണോത്തരേ, തേ.”(15)

“ചൊല്ലേറും കാമുകീകാമുകകലഹകലാ
പാടനാശ്ചര്യവിദ്യാ
കല്യം, ത്രൈലോക്യലക്ഷ്മീമണിമുകുര, മന
ങ്ഗാഗമാദ്വൈതസാരം,
സ്വർല്ലോകപ്രാതരാശം, ത്രിപുരഹരജടാ
രത്ന, മാഖണ്ഡലാശാ
കല്യാണം, കാൺക കൗണോത്തരമലർവനിതേ,
സുന്ദരം ചന്ദ്രബിംബം.”(16)

“വാരാർന്നീടിന്റ താരാനികരമദജലം
വാർത്തു നൽക്കേതകീനാം
താരെന്നും കൊമ്പുമാ വൻപൊടു പുകരുമണി
ഞ്ഞേഷ ഖദ്യോതജാലൈഃ,
നീരാളും മേഘനാദൈരുടനലറി മഴ
ക്കാലമാം വാരണേന്ദ്രൻ
പോരിന്നായാതനായാൻ കുരുളൊടു പിരളീ
നായികേ! താവകീനം.”(17)

“വേർപാകിച്ചു തഴച്ച വേഴ്ച മുഴുവൻ ഞാനെന്നിലേ നാലു നാ
ളാപാദിച്ചു മറച്ചുവെച്ചു പുലരാനുച്ചൈരുഴറ്റീടിനേൻ;
രൂപാലോകസുഖാഗമേ നിലകുലച്ചെന്മേൽ നിരച്ചീടുമി
മ്മാപാപിപ്പുളകങ്ങൾ മാരവിരുതേ! ചൊല്ലിന്റിതെല്ലാരൊടും.”(18)

“പീനോത്തുംഗം ചുമപ്പാൻ പണി പരമണിമൽ
ക്കൊങ്കമൊട്ടെങ്കിലും നീ
പാലഞ്ചും വാണി! നാലഞ്ചടി വടിവിൽ നട
ന്നീടു വാടാതശോഭം;
ലോലംബാലോലലീലാകുലമഴകിലഴി
ഞ്ഞാശു ചെമ്മേ നിലം മേ
നീലമ്മേ! നീലമമ്മേ! ചികുരഭരമടി
ക്കിന്റതൻപോടു കാൺമാൻ.”(19)

“ഭംഗ്യാ മേല്പോട്ടു കെട്ടീടിന ചികുരഭരം,
കാമുകാലോലലീലാ
രംഗേ നീലാംശുകത്തിന്നിടയിൽ നിഴലെടു
ക്കിന്റ കാഞ്ചീനികേതം,
തിങ്ങും താംബൂലഗർഭം കവിളിൽ മതി തെളി
ഞ്ഞെണ്ണയും തേച്ചു നില്ക്കും
നിൻകോലം കാൺകിലപ്പോളുടനെരിപൊരിയാം
മാരനും മാരലേഖേ!”(20)

“പൊല്ക്കമ്പം വെന്ന കോലത്തുടവടിവു, മിണ
ക്കം വരത്തമ്മിൽ വിങ്ങി
ത്തിക്കും തൈക്കൊങ്കമൊട്ടും കുവലയരുചി കൈ
ക്കൊണ്ട മൈക്കണ്ണുരണ്ടും,
അക്കൂന്തൽപ്പൂന്തഴക്കാന്തിയുമണിമുറുവൽ
പ്പുന്മയും താവകം ക
ണ്ടുൽകം മൽകം മനക്കാമ്പിതു പുനരറിയാ
പൂയമേ! ഞായമേതും.”(21)

“സ്രോതസ്വിന്യാം കുളിക്കുന്നളവു മമ തളി
ക്കുന്നമർന്നോമലേറ്റം
മോദത്തിൽപ്പാർത്തു ഞാൻ നിന്നളവു ഗളതല
ത്തോളവും മഗ്നഗാത്രീ;
ഏതിട്ടിത്തേവിവക്ത്രം, വികചകമലമേ
തേതു കാർവണ്ടു, കൺമു
ക്കേതെന്നിത്ഥം വലഞ്ഞോരളവു, വരിക നീ
യെന്നിതമ്മന്ദഹാസം.”(22)

“ആരാമേ കാൺ വസന്തോത്സവമയി ദയിതേ,
ചാരുപീയുഷധാരീ
താരേശൻ തന്ത്രി തൂകന്നിതു വിമലനിലാ
വായ ഹവ്യം ദിഗന്തേ;
മാരായൻ മാമരാളീ നിജമധുരരവം
വാദ്യഘോഷം തുടങ്ങീ;
നേരേ നാം പോക കാൺമാ, നലർചരനിഹ കോ
യിമ്മ തേന്മാനവല്ലീ!”(23)

“മുക്കാലും വഴി മുഗ്ദ്ധഭാഷിണി! മുലക്കുന്റും ചുമന്നംഗജ
പ്രക്ഷോഭേണ നടന്ന നിൻ നട നിനയ്ക്കുമ്പോൾ നടുക്കം വരും;
മൽക്കൈകൊണ്ടിടയിൽത്തൊടും പൊഴുതിലും മാഴ്കിത്തളർന്നീടുമി
ത്തൃക്കാൽച്ചെങ്കമലങ്ങൾ മാരവിരുതേ! കല്ലേറ്റുലഞ്ഞീലയോ?”(24)

“വൻകോപേ മമ രാജചന്ദ്രിക വഴങ്ങീലങ്കപാളീമെനി, -
ക്കെൻക്രൂരത്വമിതോർക്കെടൊ തദനു ഞാൻ പോവാൻ തുനിഞ്ഞീടിനേൻ;
കൺകോൺകൊണ്ടൊരനംഗചങ്ങല പിണച്ചെൻകാല്ക്കു ചേർത്തീടിനാൾ
തൻകൊങ്കയ്ക്കൊരപൂർവഹാരലതയും ബാഷ്പേണ മൽപ്രേയസീ.”(25)

“മുല്ലചാരുതരമല്ലികാമുകുളകന്ദളന്മധുരസം നുകർ
ന്നുല്ലളല്ലളിതഭൃംഗഝങ്കൃതി കലർന്നു മന്ദമദമന്ഥരം
നല്ല നല്ല സരസീഷു മുങ്ങി, നളിനേഷു തങ്ങി, വദനേ ചല
ച്ചില്ലിവല്ലിവലയേ വലന്തമഭിനന്ദ തന്വി! മലയാനിലം.”(26)

“കാണാഞ്ഞാൽ മനസാ മറന്നുകളയും കാരുണ്യമുള്ളോരെയെ
ന്നേണാങ്കപ്രതിമാനനേ! ജളർ പറഞ്ഞീടുന്നതോർത്തീടൊലാ;
വീണാലാപിനിമാർകുലാഭരണമേ! കേളോമലേ! നമ്മിലി
ക്കാണായോരനുരാഗവല്ലരി കരിഞ്ഞീടാ പിരിഞ്ഞീടിലും.”(27)

“വാരമ്പും മാലതീനായിക മധുമൊഴി കൈ
കൂപ്പി നിന്നോരു നേര
ത്താരാൽത്തെൻകൈലനാഥന്നൊരു ജളത വിശേ
ഷിച്ചുമപ്പോൾപ്പിണഞ്ഞൂ;
താരാർമാതെന്നു കല്പിച്ചുപചിതകുതുകം
വിഷ്ണുതാനെന്തു കൂടെ
പ്പോരായ് വാനെന്നു ചോദിച്ചളവതിനു ചിരി
ച്ചീടിനാളദ്രികന്യാ.”(28)
വിരഹാവസ്ഥാവർണ്ണനം
“ആമാകിൽപ്പരദേവതേ, വിരഹിണാം നിദ്രേ! നിനക്കെങ്കിൽ നീ
കാർമേഘക്കുഴലാൾ കിടക്കുമറയിൽക്കൊണ്ടെക്കിടത്തീടു മാം;
ശ്യാമായാമതിമാത്രലോഹിതപദാമീ പാവമയ്യോ! നട
ത്താമോ നാകലതേവിയാം നതമുഖീം മാർഗ്ഗേ മഹാസങ്കടേ?”

“തൂമുത്താരം വിളങ്ങിന്റണിമുല പുണർവാൻ
ദൈവയോഗം വരുന്നാ
ളാമത്രേ, സംഭ്രമിച്ചാലരുതു പുനരറി
ഞ്ഞില്ല താപാതിരേകാൽ;
കാമത്തീകൊണ്ടു വേകിന്റകതളിലിരു
ന്നംഗനാരത്നമേ! നി
ന്നോമൽപ്പൂമേനി വേമെന്റിതു മനസി ഭയം
മേദിനീ വെണ്ണിലാവേ.”(30)

“നിൻനേത്രത്തൊടു നേരെനിക്കു രജനീ; വൈവശ്യമോമന്മുല
ക്കുന്നോടൊക്കു, മുറക്കമൂണു സുഖമെന്റിത്യാദി മധ്യോപമം;
ധന്യേ, മാരതുരാൽ നിതംബസദൃശം; നിന്നെപ്പിരിഞ്ഞീടിനാൽ
നിന്നെക്കാൺമതിനുണ്ടുപായമിവയോരോന്റോർത്തു കൗണോത്തരേ.”(31)

“മൂർത്ത ശൈലമുന മുല്ലമാല; പനിനീർ കഠോരഗരളദ്രവം;
പൂത്തശോകമരമോർത്തുകാൺകിലൊരുമൂർത്തി ഭക്ഷിതുമനുക്ഷണം;
വാസ്തവം പറകിലിന്ദുമണ്ഡലമെനിക്കു കാലകരവാളി, കൗ
ണോത്തരേ, ഗുണഗണോത്തരേ, തവ വിശങ്കടേ വിരഹ സങ്കടേ.”(32)

“കലുഷതയൊടടുത്തും, പേപ്പെടും, കോപ്പെടുത്തും,
പലവഴി ശരമെയ്തും, കണ്ണുനീർ പെയ്തുപെയ്തും,
മലർചരനുമെനിക്കും നിദ്ര ചെറ്റില്ല തയ്യി
ത്തലമെഴുമിളയച്ചീ, ഹന്ത! ചെറ്റന്തിയായാൽ.”(33)

“നിൻകാല്ക്കൽച്ചേരുവൻ വന്നനുദിവസമഴി
ഞ്ഞമ്മലർച്ചായൽപോലേ;
കൊങ്കാർമെൽക്കൊങ്കമൂലം മെലിവനണിനടു
പ്രായമാരോമലേ! ഞാൻ;
കൺകോൺപോലേ വളർപ്പേൻ ചപലത നിതരാം;
മാറിലെത്താലിപോലേ
ഭംഗ്യാ വാണീലൊരിക്കാലതു പുനരിഹ മാൽ
മാരചേമന്തികേ! മേ.”(34)

“മാനംമേവിന നീ കനംകനൽ ചൊരിഞ്ഞിന്റേ വരുത്തേണമെൻ
പ്രാണാപായമഹോത്സവം തവകരുത്തുണ്ടെങ്കിൽ വെൺതിങ്കളേ!
നാനാലോകർ ചിരിക്കുമാറെരിപൊരിക്കൊണ്ടി ങ്ങിരിക്കേണമോ
നാണംകെട്ടിനി മാരകേളിതിരുമെയ്പൂണാത മാപാപി ഞാൻ?”(35)

“കോലം നേർപാതിയായീ ബത; കുസുമശരൻ
വൈരി; വെൺതിങ്കൾ ചൂടാ
മാലേപം ചാല വെണ്ണീ; റശനമപി വിഷ
പ്രായമോർക്കും ദശായാം;
ലീലാരാമം ചിതാകാനന; മനലമയം
ചിത്രകം; ചിത്രമേവം
ബാലേ! മേ വന്നുകൂടീ ഗിരിശത പിരിളീ
നായികേ! നിൻവിയോഗേ.”(36)

“നിർമ്മായം പക്ഷപാതം തവ തരുണി, മനോ
മാലിമിക്കെങ്കൽ മന്യേ;
രമ്യാകാരേണ കാണായിതു ബത! മുറുവൽ
പ്പാമരം വാമനേത്രേ!
മന്മാറാകുന്ന ധന്യത്തുറനടുവിലടു
ക്കിന്റതുണ്ടിന്നുനാളെ
ച്ചെമ്മേ നിൻകൊങ്കമൊട്ടാം കനവിയ കനക
ക്കപ്പൽ കർപ്പൂരവല്ലീ!”(37)

“തേമ്പാത രാഗരുചി കുമ്മിണിയിട്ടിയെന്നും
കാമ്യാംഗി! നിൻവദനമൊന്നു മുകപ്പനോ ഞാൻ,
തേൻ പെയ്തുപെയ്തു മണമാർന്നു നിറന്ന പുത്തൻ
മാമ്പൂനറുന്തളിരിളങ്കുയിലെന്നപോലേ?”(38)

“മന്ദം തൂകുന്ന മന്ദസ്മിതവിമലനിലാ
വോദയം കണ്ടു പാർമേ
ലന്തർമ്മോദം കളിക്കും തിമിരനിചയമൊ
ന്നിച്ചു കാൺ നിൻപദാന്തേ
ചിന്തും താപേന വീഴുന്നതു പുരികുഴലാം
പേരു കൈക്കൊണ്ടഴിഞ്ഞെൻ
കാന്തേ, ഞാനെന്നപോലേ ശിവശിവ ചെറുമാ
ക്കൽത്തകും ജീവനാഥേ!”(39)

“ത്വരിതം നെടുമാക്കൽ മേവുമിട്ടി
ച്ചിരുതേവീ! കുളുർകൊങ്ക നീ തരാഞ്ഞാൽ,
അരുളീടുമെനിക്കു ദേവനല്ലാർ
പ്പെരുമാളുർവശി നൂനമിന്നുതന്നെ.”(40)

“ഇപ്പാപംകൊണ്ടവാറേ പറവിതു പകലേ
പാതിരായെന്നു തോറ്റം
നിഷ്പാദിക്കുന്ന നീലാംബുദനിചയമയം
ജാതമാശാവകാശം;
ഉപ്പാട്ടിക്കുൽപലാന്തർദ്ദലവിപുലവിലോ
ലാക്ഷിമാർതമ്പിരാട്ടി
ക്കെപ്പോഴും തോഴ! നമ്മെ പ്രതി ഗതകരുണം
മാനസം മാനസന്നം.”(41)

“ഓർത്തേൻ മേഘനിനാദമന്തകമഹാഹുങ്കാരമെന്നാർത്തനായ്;
വീർത്തേൻ മേചകഭൃംഗരാക്ഷസകുലാലോകേ വിയോഗേന ഞാൻ;
താർത്തേൻമേലിഴുകുന്ന തെന്നലെറിവാളേറ്റെത്രയും കണ്ണുനീർ
വാർത്തേന്മേദുരചന്ദ്രികാഗ്നിയിൽ വളർത്തേന്മേനി തേന്മേനകേ!”(42)

25.3രാജപ്രശസ്തിപദ്ധതി

(1) അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവു്
“ദാതൃത്വത്തിന്നിരിപ്പാനഴകിന നിലമേ!
സാദരം ഭൂരമണ്യാ
മാറിൽച്ചേരിന്റ ചാരുപ്രസരകിരണമാ
ണിക്യമേ! മാനസിന്ധോ!
പാരെപ്പേരും ചിരം പാലയ ഭവദഹിതാൻ
പൂണ്ട വാനോർ വധൂനാ
മാരപ്പോർകൊങ്ക തേടീടിന സുചരിതമേ!
ദേവനാരായണാ! നീ.”(43)

“ഗാത്രം കന്ദർപ്പദർപ്പം വിരവൊടു കളയും;
വാക്കു പീയൂഷവേണീ;
വൃത്രാരാതിക്കുമച്ചോ! മനസി ബത ഭയം
വായ്ക്കുവോന്റിപ്രതാപം;
ചിത്തം സൗജന്യപാത്രം; നയമപി ധിഷണം
തിക്കരിപ്പോന്റു; പാർത്താ
ലത്യന്തം ചിത്രമല്ലോ ഗുണമിതു സകലം
ദേവനാരായണാ! തേ.”(44)

(2) കായങ്കുളത്തു രാമവർമ്മരാജാവു്
“കല്യാണാകര! രാമവർമ്മനൃപതേ! നിൻകീർത്തി ചന്ദ്രോജ്ജ്വലാ
ചൊല്ലേറും ഭുവനേ പരന്ന സമയേ ജാതം തുലോം വിസ്മയം;
വല്ലാതേ കുമുദം വിരിഞ്ഞു പകലേ; കൂമ്പീ പയോജം തുലോ;
മല്ലേ ചാരുചകോരികാകുലമുടൻ ചാടീ കുടിച്ചീടുവാൻ.”(45)

“പാർമേലെല്ലാം നടന്നാളുടനുദധി കട
ന്നാളതിൽക്കാൾ വിചിത്രം
(വാർമേവും) നാകലോകേ തെളിവൊടു വിളയാ
ടീടിനാളൂഢശോഭം;
ആമോദാൽപ്പോയ്ക്കളിച്ചാളഹിപതിഭവനേ
നന്റു നിൻകീർത്തിമാതി,
ന്നാമോ നാരീജനാനാമിതു നിഖിലഗുണാ
ഗാരമേ! രാമവർമ്മാ.”(46)

(3) തെക്കുംകൂർ ഗോദവർമ്മരാജാവു്
“ചാഞ്ഞീല ബാലഗതി കേവലമെങ്കിലും പോയ്
ത്തേഞ്ഞൂ തുലോമഖിലവൈരിനൃപാലജാലം,
മാഞ്ഞീടുമന്ധതമസം ദിവി ബാലസൂര്യൻ
ചാഞ്ചാടുമവ്വളവിലും ബത! കോതവർമ്മാ.”(47)

(4) കൊച്ചി വീരകേരളവർമ്മ മഹാരാജാവു്
“വാരിരാശി ചുഴലിന്ന ഭൂമിയിൽ നിറഞ്ഞുതിങ്ങിന യശോനിലാ
വാശു തൂകിനൊരു താരകേശ! പലനാൾ വിളങ്ങുക മഹാമതേ!
ഘോരരാമരിയ വൈരിവാരണമുഖേഷു മേവിന മൃഗേന്ദ്ര, നീ
ധീരവീരവര! മാടഭൂതിലക! വീരകേരളമഹീപതേ!”(48)

(5) കൊച്ചി രാമവർമ്മ മഹാരാജാവു്
“വീരശ്രീതൻ വിലോലേക്ഷണമധുപസരോ
ജന്മമേ! നിർമ്മലത്വം
പൂരിക്കും നിൻപുകഴ്ചന്ദ്രിക ഭുവനതലം
മൂടിമേവും ദശായാം,
പാരിൽപ്പാലാഴിനീരേതപരസലിലമേ
തെന്നസൗ നിന്നു മേന്മേൽ
ക്കോരിക്കൊണ്ടാസ്വദിക്കുന്നിതു ബത കമലാ
കാമുകോ രാമവർമ്മാ.”(49)

“പാലംഭോരാശിമേളം തടവുമണിപുകഴു്
ച്ചേലകൊണ്ടംഘ്രിപത്മ
ത്തോളം മൂടി പ്രതാപോദയഘുസൃണപരാ
ഗാംഗരാഗാഭിരാമാ,
ചാലേ ചേർന്നാശു നീയാം പ്രിയതമനൊടസൗ
മേദുരശ്രീവിലാസം
മേളിച്ചീടുന്നു മാടക്ഷിതിരമണി, രമാ
രംഗമേ! രാമവർമ്മാ.”(50)
വീരകേരളവർമ്മാവും രാമവർമ്മാവും കൊല്ലം എട്ടാംശതകത്തിൽ ജീവിച്ചിരുന്ന രാജാക്കന്മാരാണെന്നു് അന്യത്ര ഉപപാദിക്കും.

(6) കൊടുങ്ങല്ലൂർ രാജാവു്
“ദിക്കെല്ലാം മേന്മ പെയ്യും നയവിനയനിധേ!
കീർത്തിനൈപുണ്യസാരം
തേടും ഭൂപാലമൗലേ! മരുവുക പെരികെ
ക്കാലമിക്ഷ്മാതലേ നീ,
താരിൽപ്പെണ്ണിൻകടാക്ഷാൽ വിരവിനൊടു ധരി
ച്ചും ഭരിച്ചും നിതാന്തം
ധാത്രീമംഭോധിസീമാമഖിലഗുണവിഭോ,
പശ്ചിമക്ഷ്മാപതേ! നീ.”(51)

(7) സാമൂതിരിപ്പാടു്
“വാരാളും കുന്റലക്കോൻവരവിതു, വെടി കേൾ
ക്കായി, താവിന്റ കൊട്ടും,
മാരാരാതിക്കു നൃത്തത്തിനു നിവിരെ മിഴാ
വിന്മെലൊത്തിന്റപോലേ;
ആരും നേരിട്ടു നില്ലാരരിയ നെടുവിരി
പ്പോടെടോ! വാൺമെലല്ലോ
നീരേകീ പണ്ടൊടുക്കത്തഖിലഗുണനിധേ!
ചേരമാൻ, രാമവർമ്മാ!”(52)

“വീരാണാം വീര! പോരും പൊരുതതു! പുരുഹൂ
താലയേ പോയ് നിറഞ്ഞു
ള്ളോരോ വൈരാകരാണാം പെരുമയിലുരുഭാ
രേണ ശൗര്യാംബുരാശേ,
നേരേ വേരറ്റു മേരുത്തടിയനുമടിവാ
രം പൊളിഞ്ഞിങ്ങുതന്നേ
പോരും മൂന്നാളകം ശക്രനുമമരകളും
വിക്രമക്ഷോണിബന്ധോ!”(53)

25.4ദേവതാസ്തുതിപദ്ധതി

(1) ഗണപതി
മുക്കണ്ണരേറുമെരുതിൻ തലമേൽ വിളങ്ങു
ന്നക്കൊമ്പു രണ്ടു കതളിപ്പഴമെന്നു ചൊല്ലി
തൃക്കണ്ണിൽ നീർ പൊഴിയ നിന്നരനോടിരക്കു
ന്നപ്പൈതലാനമുകവന്നു നമോ നമോസ്തു.”(54)

(2) മഹാവിഷ്ണു
“ധാത്രീമംഗല്യചൂഡാഭരണമയമഹാ
നീലമേ! നീലമേഘ-
ച്ചാർത്തിന്മേൽ മിന്നൽപോലേ തിരുവുരസി രമാം
ചേർത്ത സൗഭാഗ്യരാശേ!
ചീർത്തീടും മോഹവാരാകരതരണതരീ
യന്ത്രമേ! കാന്തിസിന്ധോ!
പാർത്തീടൊന്നാർത്തബന്ധോ! ജയ ജയ ജഗതീ
സത്മമേ! പത്മനാഭാ!”(55)

“ശ്രീമൽക്കാർമേഘമാലാസുലളിതസുഷമം
ചാരുകാരുണ്യലക്ഷ്മീ
സാമഗ്ര്യപ്രൗഢിമേൽ മണ്ടിന തരളതരാ
ലോകലീലാനുഭാവം
ക്ഷേമവ്യാപാരലോലം മഹുരപി തൊഴുതേൻ
നമ്രഗീർവാണചൂഡാ
ദാമവ്യാലോലഭൃംഗീരവമുഖരിതപാ
ദാരവിന്ദം മുകുന്ദം.”(56)

പുണ്യാഭോഗം തൊഴുന്നേൻ പുതുമലർമകൾതൻ
പോരിളക്കൊങ്കതന്മേൽ
മിന്നീടും കുങ്കുമാലങ്കൃതസുരഭിലദോ
രന്തരാളാഭിരാമം
വിണ്ണോർപാളീകിരീടാഞ്ചിതപദകമലം
ഭക്തലോകാഭികാംക്ഷാ
മന്യൂനം പൂരയന്തം ഭുവനകൃതികലാ
ശില്പിനം പത്മനാഭം.”(57)

“ലോലലോചനവിലാസിനീലളിതകേളിജാതകലിതാശയാ
ചാല നാലു ദിശി ചെന്നുഴന്നു വലയായ്ക നല്ലതയി ചേതനേ!
നീലനീരദനിറം കലർന്നു വിലസീടുമംബുജവിലോചനം
കാലപാശഭയഭഞ്ജനം ഭുവനപാലകം കരുതു കേശവം.”(58)

(3) തിരുനാവാ വിഷ്ണു
“ഒന്റിന്മേലൂന്റിനാലത്തൊഴിലൊരുവനു മാ
റ്റീടുവാൻ വേല; വേല
പ്പെണ്ണിൻ പുണ്യൗഘമേ! മന്മനമഗതി വധൂ
മണ്ഡലേ മഗ്നമല്ലോ;
എന്റാലൊന്റുണ്ടു യാചേ (തിരുവടിയൊടു ഞാൻ)
ഉത്തമാം മുക്തിനാരീ
മിന്റേ പൂണായ്വരേണം മമ (തവ) കൃപയാ
ദേവ! നാവാമുരാരേ!”(59)

(4) തൃച്ചെമ്മരത്തു കൃഷ്ണൻ
“ഭക്ത്യാ സേവിച്ചതോറും പരിചൊടു സുചിരം
ഭാവിതം വസ്തുതാനാ
മിത്ഥം കാണായ പൗരാണികഭണിതി കണ
ക്കല്ല, കല്യാണമൂർത്തേ,
നിത്യം നിന്മേനി നീലോല്പലനവകലികാ
കാന്തി ചിന്തിച്ചതോറും
ചിത്തം മേന്മേൽ വെളുക്കിന്റിതു മമ നിതരാം
നിർമ്മലം ചെമ്മരേശാ!”(60)

“കണ്ണിപ്പിലാവില കളിക്കലമാക്കിവച്ചു
മണ്ണും നിറച്ചരിയിതെന്റുദിതാനുരാഗം
ഉണ്ണാനിടച്ചെറിയവിറ്റെ വിളിക്കുമോമൽ
ക്കണ്ണന്നു ചാലൊരു കളിപ്പുരയാവനോ ഞാൻ!”(61)

(5) തിരുവാർപ്പിൽ കൃഷ്ണൻ
“ക്ഷീരസാഗരകുമാരികാഹൃദയ വാരിജന്മകളഹംസമേ!
വാരുലാവിന നവാംബുദോദരനിറം കലർന്ന രുചിരാകൃതേ!
നാരദാദിമുനിവൃന്ദവന്ദ്യ! നളിനായതേക്ഷണ! നമോസ്തു തേ!
പാരിലെങ്ങുമുരപൊങ്ങിനോരു തിരുവാർപ്പമർന്ന കരുണാനിധേ!”(62)

(6) തിരുവല്ലാ വിഷ്ണു
“നല്ല നല്ല മടവാരിലുള്ളഴിക നല്ലതല്ല മനമേ! നിന
ക്കില്ലധൈര്യ, മൊരു ചൊല്ലു കേളുപരി നല്ലതിങ്ങിനി വരേണ്ടുകിൽ,
ചെല്ലു ചെല്ലു തിരുവല്ലവാ മരുവുമല്ലിമാമലരിൽമങ്കതൻ
വല്ലഭൻചരണപല്ലവം കരുതു വല്ലവണ്ണമധുനാ ദൃഢം.”(63)

(7) കൂടൽമാണിക്കം
വാണൂ ചെന്നങ്ങുമിങ്ങും ഭുവനതലവനാ
ന്തേ, കൃതാന്തപ്പുളിന്ദൻ
കാണാതേ കാണിനേരം മരുവുവതിനൊരേ
ടത്തുമില്ലത്ര സൗഖ്യം;
നീണാളുൾപ്പുക്കിരിപ്പാനയി മമ ധിഷണ
പ്പൈങ്കിളിപ്പെണ്ണിനിപ്പോൾ
വേണുന്നൂ കൂ, ടടിപ്പങ്കജയുഗളമയം
കൂടൽമാണിക്കമേ! തേ.”(64)

“മലരടി തവ മാന്യം മാനയേ മാനസംകൊ
ണ്ടലരിൽവനിതതന്നാൽ മന്ദമാന്ദോളിതാന്തം,
നലമുടയ നഖാളീകാന്തിജാലേന മൂടും
കുലിശധരകിരീടം, കൂടൽമാണിക്കമേ! ഞാൻ.”(65)

(8) തൃപ്പൂണിത്തുറ വിഷ്ണു
“സാമാന്യം മേരുശൈലോപരി ഞെളിവതിന,
ല്ലല്ല മറ്റത്യുദാര
ശ്രീ മേവും മുക്തിമാതിന്നധരമലർ നുകർ
പ്പാനുമഭ്യർത്ഥനം മേ;
ആമാകിൽബ്ഭക്തബന്ധോ! പരമപുരുഷ! കേൾ
ദുഗ്ദ്ധസിന്ധോരസൗ ഞാൻ
ജാമാതാവാക വേണുന്നതു വിമഥിതഭൂ
പുത്ര! പൂണിത്രനാഥാ!”(66)

(9) ശ്രീപരമേശ്വരൻ
പട്ടാങ്ങേ ഞാൻ പറഞ്ഞാലതിനു തല കുലു
ക്കേണ, മേണാക്ഷിമാരെ
ത്തൊട്ടെന്റൊന്റുള്ളതോതിന്റതിനതിവിഷമം
പ്രാണഭാജാം ജനാനാം;
മട്ടോലും വാണി, രമ്യം തിരുമുഖ, മധരം
ദിവ്യമെന്റുള്ളതെല്ലാ
മിട്ടേറത്രേ കവീനാം; നിന മമ മനമേ!
ബാലചന്ദ്രാവതംസം.”(67)

“ആം നാളെശ്ശുഭകർമ്മമെന്റു പറവാനായുഃസ്ഥിതിം കണ്ടതാ,
രാംനാളാവതു ചെയ്തുകൊൾകിലതു നന്റല്ലാതതില്ലേതുമേ;
ചാംനേരത്തു വരിന്റ ഭീതി കളവാൻ സേവിക്ക നീ നിത്യമാ
മാമ്നായത്തിനു മൂലമായ പരമം ദൈവം സദാ ചിത്തമേ!”(68)

“പുഞ്ചിരിപ്പുതുമ തഞ്ചുമഞ്ചിതവിലാസസഞ്ചയരസം തകും,
ചഞ്ചലാക്ഷികളണഞ്ഞു കൊഞ്ചുവതു കണ്ടു കിഞ്ചന മയങ്ങൊലാ;
കഞ്ച [1] വൈരികല ചേർന്ന ചെഞ്ചിടയിലാത്തമുണ്ഡശകലം ശിവം
പഞ്ചബാണമദശോഷണം ദുരിതമോഷണം കരുതു ചേതനേ!”(69)

“ലോഭിച്ചുണ്ണരുതാഞ്ഞു തൻവെറുവയറ്റിന്മേൽപ്പിടിച്ചുച്ചകൈഃ
ശ്രീപഞ്ചാമൃതവും ജപിച്ചു പളകായ്പ്പോരിന്റലുബ്ധേശ്വരാൻ
നീ പോയ്പ്പുക്കുപുകണ്ണു പാർത്തിരി പണം കെട്ടീടുവാൻ ചിത്തമേ!
പാപീ, മന്മഥവൈരിചേവടി നിനച്ചീടിൽപ്പഴിച്ചീടുമോ?”(70)

(10) തിരുവഞ്ചിക്കുളത്തു ശിവൻ
“ഒരു പഞ്ചശരം പൊരിച്ച നീതാൻ
തിരുനെഞ്ചിൽത്തരുണീമണച്ചതോർത്താൽ
ഹര! കിഞ്ചന പുഞ്ചിരിക്കു യോഗ്യം
തിരുവഞ്ചിക്കുളമാളുമിന്ദുമൗലേ!”(71)

(11) ചെറുമന്നത്തു ശിവൻ
“പിറവിക്കിനിയൊക്കെനിക്കു പോറ്റീ,
പിറയും ചൂടി നടക്കണം ചിതായാം;
മറയും നിജഭക്ത ചിത്തതാരും
ചെറുമൻമുട്ടവുമാകണം നികേതം.”(72)

ആമ്നായാഖ്യേ മണിക്കോട്ടയിലുപനിഷദാം
പാളിയാം മാളികായാ
മാമ്മാറോങ്കാരതല്പോപരി തഴുവണയും
ചാരി നാദസ്വരൂപം,
കാമ്യം മായാവിലാസം മുഴുവനിതുസമാ
ലോക്യ മേവും ഭവന്തം
കാൺമാനാനന്ദമൂർത്തേ! വരമരുൾ ചെറുമ
ന്നമ്പുമെൻതമ്പുരാനേ!”(73)

(12) വടക്കുന്നാഥൻ
“വിത്തസ്ത്രീജനകാനനാന്തരഗതം മത്തംവിളിച്ചേഷ ഞാൻ
ഭക്തിച്ചങ്ങലയും തൊടുത്തു വളരും കൈക്കൊണ്ടു സേവാമയം
വൃത്തിക്കക്ഷരപഞ്ചകപ്പന കനം വാരിച്ചു തെങ്കൈലമേ
ലുദ്യൽസ്ഥാണുപദേ തെളിച്ചിത തളച്ചേനെൻ മനോവാരണം.”(74)

“നല്ക്കൺകോണേന ലോകം മുഴുവനടിപെടു
ക്കിന്ന മൈക്കണ്ണിമാർതൻ
തൈക്കൊങ്കത്തൃത്തടത്തിൽക്കലിതരുചി കളി
ച്ചേ കഴിഞ്ഞൂ തുലോം നാൾ;
ഇക്കാലത്താകിലച്ചോ! പരമശിവ! ഭവൽ
ഭക്തി മൂത്തിട്ടശേഷം
കൈക്കിന്നൂ കാമിനീനാം തടമുടയൊരു തൈ
ക്കൊങ്ക തെങ്കൈലനാഥാ!”(75)

“ചൂടില്ലാത്തോരു ഫാലം, ചുടലയിൽ നടമാ
ടാത്ത ചീലം, മതിത്തെൽ
ചൂടീടാതോരു ചൂഡം, പരമൊരു പുഴകൂ
ടാത കോടീരഭാരം,
ഓടും മാൻപേട തേടാതൊരു കരകമലം,
ചാരുതെങ്കൈലയിൽപ്പോയ്
നീടാർന്നീടാത നാഥം, തരുണിയൊടയുതം,
ദൈവതം നൈവ ജാനേ.”(76)

“തെക്കിൻകൈലാസശൈലാലയമുടയ ജഗ
ന്നാഥ! ബാലേന്ദുമൗലേ!
തെക്കിൻനാഥാ! മുരാരേ! നടുവിൽ വടിവെഴും
ബാണതാർബാണബന്ധോ!
ചൊല്ക്കൊണ്ടീടുന്ന ഭക്ത്യാ കഴലിണ പണിയു
ന്നെന്നെ മുന്നിൽക്കുറിക്കൊ
ണ്ടുൽകം പാലിച്ചുകൊള്ളുന്നതു വിപദി ഭവാ
നോ, ഭവാനോ, ഭവാനോ?”(77)

“അംഗാരാക്ഷായ സാക്ഷാലിനിയ നിയമിനാം
ചിത്തതാരിൽക്കളിക്കും
ഭൃംഗായാദ്രീന്ദ്രകന്യാഹൃദയകുമുദിനീ
ശീതധാമ്നേ നിതാന്തം
തുംഗേ കോടീരഭാരേ വിലസിന വിധിമു
ണ്ഡായ നിത്യം നമസ്തേ
ഗംഗാകല്ലോലസംക്ഷാളിതലളിതശശാ
ങ്കായ തെങ്കൈലനാഥ!”(78)

(13) പെരുഞ്ചെല്ലൂർ ശിവൻ
“വെണ്ണീറും വെള്ളെലിമ്പും വിഷധരവിലസൽ
പ്പാമ്പുമാപാദചൂഡം
തണ്ണീരെപ്പോഴുമോലും തലയിലെരികനൽ
ക്കട്ട പൊട്ടിൻറ കണ്ണും
എണ്ണേറും ഭൂതയൂഥങ്ങളൊടൊരു കളിയും
കണ്ടു നിന്നോടിണങ്ങും
പെണ്ണോളം ധൈര്യമുള്ളോരുലകിലൊരുവർ മ
റ്റില്ല ചെല്ലൂർപ്പിരാനേ!”(79)

“ഏറിക്കൊള്ളായിരുന്നൂ പുരഹര, സുഖമേ
തോൽ പൊളിപ്പാൻ കനത്തോ
രൂഷത്തം നീയൊരാനത്തലവനെ വെറുതേ
കൊന്റതെന്തിന്ദുമൗലേ?
ഏറെ പ്രേമോദയം പൂണ്ടഴകിയ തിരുമെ
യ്യംബികയ്ക്കായ്ക്കൊടുപ്പാ
നാരപ്പോ! ചൊന്നതാലം പരുകിന ശിവനേ!
പോറ്റി ചെല്ലൂർപ്പിരാനേ!”(80)

“ചേണാർന്നീടുന്ന കല്പദ്രുമതണലിലിള
ങ്കാറ്റുമേറ്റാത്തലീലം
വാണീടും മന്നവാനാം നില പിടിപെടുവാ
നല്ല, മറ്റൊന്നിനല്ല;
പാണിച്ചെമ്പല്ലവംകൊണ്ടചലമകൾ തലോ
ടുന്ന തൃക്കാൽ പ്രഭാവം
കാണട്ടെന്മാൻ തൊഴുന്നേൻ പുരഹര ശിവനേ!
പോറ്റി ചെല്ലൂർപ്പിരാനേ!”(81)

(14) വൈക്കത്തപ്പൻ
“മാരൻപൂമെയ് കരിക്കാ; മരിയ പുരമെരി
ക്കാ; മെരിക്കും ധരിക്കാം;
പാരീരെഴും ഭരിക്കാം; പരിചിനൊടു മുടി
ക്കാം; നടിക്കാം ചിതായാം;
ഗൗരിക്കംഗം പകുക്കാം; ഝടിതി കുടുകുടെ
ക്കാളകൂടം കുടിക്കാ
മോരോന്നേ വിസ്മയം നിൻതിരുവുരു തിരുവൈ
ക്കത്തെഴും തിങ്കൾമൗലേ!”(82)

(15) കുമാരനല്ലൂർ ഭഗവതി
“പാഥോരാശിപ്രമാഥേ മുരരിപുവചസാ
കാളകൂടം കുടിച്ച
ന്നേതും ഖേദം വരാതേ പതിയുയിർ പരിപാ
ലിച്ച മംഗല്യശീലേ!
ആധാരം നിന്നടിത്താരിണയൊഴികെ ജഗ
ത്തിങ്കലില്ലാർത്തിഭാജാം;
നാഥേ! രോഗാതുരൻ ഞാൻ; തുണപെടുക കുമാ
രാലയം കോലുമമ്മേ!”(83)

(16) കൊടിക്കുന്നിൽ ഭഗവതി
“കൈകൂപ്പുന്നേൻ മതിത്തെല്ലിനുമണിനയന
ങ്ങൾക്കുമേറ്റം മുഖത്തിൻ
പ്രാകാശ്യത്തിന്നുമൻപോടചലമദമുല
യ്ക്കും മുലക്കുന്നിനും ഞാൻ
വാർകോലും മെല്ലിടയ്ക്കും കദളിയൊടു സദാ
പോരുടക്കും തുടയ്ക്കും
കാർകൂന്തൽച്ചാർത്തടിക്കും മഹിതപുറവടി
ക്കും കൊടിക്കുന്നിലമ്മേ!”(84)
ഈ ശ്ലോകങ്ങൾ വായിക്കുന്ന ഏതു സഹൃദയനാണു് പുളകിതഗാത്രനായും ആനന്ദബാഷ്പാഭിഷിക്തനായും തീരാത്തതു്! ഇത്തരത്തിൽ അനവധി പദ്യഗദ്യങ്ങൾ അക്കാലത്തേ വശ്യവചസ്സുകളും പരിണതപ്രജ്ഞന്മാരുമായ മണിപ്രവാളകവികൾ രചിച്ചിരുന്നു. അവർ നമുക്കു നല്കീട്ടുള്ളതു് അപരിമേയപ്രഭാവമായ ഒരു സാഹിത്യസാമ്രാജ്യമാണെന്നുള്ള പരമാർത്ഥം ആധുനികന്മാർ ഒരിക്കലും വിസ്മരിക്കരുതു്.


അദ്ധ്യായം 26 - ഭാഷ–ഗദ്യഗ്രന്ഥങ്ങൾ

ക്രി. പി. പതിനഞ്ചാം ശതകം

കൊല്ലം ഏഴാംശതകത്തിൽ പദ്യസാഹിത്യത്തിനെന്നപോലെ ഗദ്യത്തിനു ഭാഷയിൽ ഗണനീയമായ പുരോഗമനം സിദ്ധിച്ചതായി കാണുന്നില്ല. അന്നത്തേ ഗദ്യകാരന്മാരുടെ വ്യവസായം പുരാണങ്ങളുടെ തർജ്ജമയിലും, വേദാന്തം തുടങ്ങിയ ദർശനങ്ങളുടെ സാരസംഗ്രഹണത്തിലും, ചില സംസ്കൃത സ്തോത്രങ്ങളുടേയും മറ്റും വ്യാഖ്യാനത്തിലുമാണു് പ്രധാനമായി വ്യാപരിച്ചിരുന്നതു്. താഴെ പരാമർശിക്കുന്നവയിൽ ചില ഗ്രന്ഥങ്ങൾ ഏഴാംശതകത്തിലും മറ്റു ചിലവ എട്ടാംശതകത്തിലും വിരചിതങ്ങളായിരിക്കണം. ഓരോന്നും ഏതു ശതകത്തിലാണെന്നു് ക്ണുപ്തപ്പെടുത്തിപ്പറവാൻ പ്രയാസമുണ്ടു്. ഭാഗവതം ദശമമാണു് അവയിൽ അതിപ്രധാനമായുള്ളതു്.
26.1ഭാഗവതം ഗദ്യം, കാലം

ഭാഗവതം ആദ്യത്തെ അഞ്ചുസ്കന്ധങ്ങൾക്കും, ദശമസ്കന്ധത്തിനും ഏകാദശസ്കന്ധത്തിനും ഭാഷാനുവാദം കണ്ടുകിട്ടീട്ടുണ്ടു്. ആദ്യത്തെ അഞ്ചു സ്കന്ധങ്ങൾക്കു കിട്ടിട്ടുള്ളതു് സംഗ്രഹമാണു്. ദശമത്തിനും ഏകാദശത്തിനുമുള്ള പരിഭാഷ വിസ്തൃതം തന്നെ. അവയെല്ലാം ഒരേഗ്രന്ഥകാരന്റെ വാങ്മയമാണെന്നു തോന്നുന്നില്ല. ഏകാദശമാണു് അവയിൽ അത്യന്തം പ്രാക്തനമായിട്ടുള്ളതു്. മറ്റുള്ളവ എട്ടാംശതകത്തിൽ നിർമ്മിക്കപ്പെട്ടതായി ഗണിയ്ക്കാം: പ്രണേതാക്കൾ ആരെന്നു് അറിയുന്നില്ല. ഭാഗവതത്തിന്റെ ശൈലി—പ്രത്യേകിച്ചു് ദശമത്തിലേതു്—ഏറ്റവും ഹൃദയാവർജ്ജകമായിരിക്കുന്നു.
ഏകാദശസ്കന്ധം
താഴെ ഉദ്ധരിക്കുന്ന വാക്യങ്ങൾ ഏകാദശസ്കന്ധത്തിൽ ഉള്ളവയാണു്:

“ബ്രാഹ്മണശ്രേഷ്ഠന്മാരേ, ഗർഭിണിയായിരിക്കിൻറൂളവൾ, നിങ്ങളോടു വിചാരിക്കിൻറോം. നിങ്ങളോടു വിചാരിപ്പാൻ ലജ്ജയോടുംകൂടിയിരുന്നോൾ. പുത്രകാമയായി പ്രസവമടുത്തിരിക്കിൻറയിവളെന്തു പെറിൻറുതെൻറു ചൊല്ലേണമേ. നിഷ്ഫലമായിട്ടു വരൊല്ലാ നിങ്ങളിടെ ദർശനം. വഞ്ചിതന്മാരായിരിക്കിൻറ മുനികൾ ചൊല്ലിയാർ. ബാലന്മാരേ, ഇവൾ കുലനാശനമായിരിപ്പോരു മുസലത്തെ ജനിപ്പിക്കുമെൻറിങ്ങനെ ചൊല്ലിയാർ മുനികൾ. കുപിതന്മാരായിട്ടു മുനികൾ ചൊല്ലിയതു കേട്ടു് അതിസംഭ്രാന്തന്മാരായി വിരയ സാംബന്റെ ഉദരത്തെ പിളർന്നു. അവന്റെ ഉദരത്തിലൊരിരിപ്പുലക്കകണ്ടാർ ബാലന്മാർ. എന്തിതിലോ നാമൊരു ദുഷ്കൃതം ചെയ്തതു്? എന്തു ചൊല്ലും നമ്മെ ലോകരിപ്പോൾ? ഇങ്ങനെ തങ്ങളിലന്യോന്യം പറഞ്ഞിട്ടു് ഇരുപ്പുലക്കയുമെടുത്തുകൊണ്ടു തങ്ങളുടെ ഗൃഹത്തിന്നു പോയാർ ബാലന്മാർ. അബ്ബാലന്മാർ യാദവരിടെ സഭയിങ്കലിരുപ്പുലക്ക കൊണ്ടുചെൻറിട്ടു രാജാവായിരിക്കിൻറ ഉഗ്രസേനന്നായിക്കൊണ്ടറിയിച്ചാർ. വാടിയിരിക്കിൻറ മുഖശ്രീയൊടുംകൂടിയിരുന്നോർ. രാജാവേ കേൾക്കണമേ! വിപ്രന്മാരിടെ ശാപമവ്വണ്ണമേ വരുമത്രേയെൻറൂ കേട്ടിട്ടും ഇരിപ്പുലക്ക കണ്ടിട്ടും വിസ്മയിച്ചാർ, ഭയപ്പെടൂതും ചെയ്താർ ദ്വാരകാനിവാസികളായിരിക്കിൻറ യാദവന്മാർ.”
ആദിമസ്കന്ധങ്ങൾ
പഞ്ചമസ്കന്ധത്തിൽനിന്നു് ഏതാനും പങ്ക്തികൾ അടിയിൽ ചേർക്കുന്നു:

“ഹതപുത്രനായ ത്വഷ്ടാവു് ഇന്ദ്രനു ശത്രുവുണ്ടാവാൻ ഹോമം ചെയ്യുന്ന കാലം അഗ്നിയിൽനിന്നു ഭയങ്കരനായിരിപ്പോരു പുത്രനുളനായാൻ. അപ്പൊഴുതു വൃത്രനെ കണ്ട സകല ഭൂതങ്ങളും പേരിച്ചോടുന്നതു കണ്ടു ദേവകളൊക്കെച്ചെന്നു നാനാജാതിയായുള്ളായുധങ്ങളെക്കൊണ്ടു വർത്തിക്കുന്ന കാലത്തു് അവറ്റെയൊക്കത്തിന്നൊടുക്കിയാൻ വൃത്രൻ. അനന്തരമതു കണ്ടു വിസ്മിതരായിരുന്ന ദേവകൾ നാനാജാതിയായുള്ള സ്തുതികളെക്കൊണ്ടു വിഷ്ണുഭഗവാന്റെ പ്രസാദം വരുത്തി, പ്രസന്നനായ ഭഗവാന്റെ നിയോഗത്താൽ ദധീചിയാകുന്ന മഹാമുനിയുടെ അസ്ഥികളെ ഇരന്നുകൊണ്ടു് അവറ്റെക്കൊണ്ടു വജ്രായുധമുണ്ടാക്കി; വജ്രപാണിയായി ഇന്ദ്രൻ, സകല ദേവകളോടും കൂടി വൃത്രനെ എതിർത്തു. ചെല്ലുന്ന ഇന്ദ്രനെ വൃത്രൻ അസുരകളോടുകൂടി എതിർത്തു. പ്രവൃത്തമായ ദേവാസുരയുദ്ധത്തിങ്കൽ അസുരകളുടെ ആയുധങ്ങളെ ദേവകൾ ഖണ്ഡിച്ചുകളഞ്ഞാർ. അങ്ങനെ ക്ഷീണായുധരായ അസുരകൾ ശിലാവൃക്ഷാദികളെക്കൊണ്ടു യുദ്ധംചെയ്തു പരാക്രമിച്ചു. അവിടെയും പൊറാഞ്ഞു തോറ്റോടുന്ന അസുരകളെക്കണ്ടു വൃത്രാസുരൻ ധർമ്മയുക്തങ്ങളായ വചനങ്ങളെക്കൊണ്ടു പലതും പറഞ്ഞാൻ. “എടോ ദേവകളേ! നിങ്ങളെക്കണ്ടു പേടിച്ചോടുന്ന അസുരകളെക്കൊണ്ടെന്തു വേണ്ടിയതു്? യുദ്ധത്തിന്നു് അപേക്ഷയെങ്കിൽ എന്നോടെതിർത്തു യുദ്ധം ചെയ്വിൻ.” എന്നിങ്ങനെ ചൊല്ലി ദേവകളോടു യുദ്ധം ചെയ്യുന്ന വൃത്രനും കുപിതനായി ചെല്ലുന്ന ഇന്ദ്രനും തങ്ങളിൽ പരുഷവചനങ്ങളെക്കൊണ്ടു പീഡിച്ചുനിന്നു ബഹുവിധമായി പരാക്രമിച്ചാർ. അവിടെ വൃത്രനാൽ പ്രയുക്തമായ ശൂലത്തെ ഇന്ദ്രൻ തന്റെ ശൂലത്തെ പ്രയോഗിച്ചു തടുത്താൻ. കയ്യുംകൂടെ വജ്രംകൊണ്ടു ഖണ്ഡിച്ചനന്തരം മറ്റേക്കൈകൊണ്ടിരിപ്പെഴുകു പ്രയോഗിച്ചാൻ.”
ദശമസ്കന്ധം
ദശമസ്കന്ധത്തിലെ വാക്യങ്ങൾ പ്രായേണ ഹ്രസ്വങ്ങളാകുന്നു; അകൃത്രിമമധുരമായ കിശോരാകൃതികൊണ്ടു് അവ അന്യാദൃശമായി പരിലസിക്കുന്നു. താഴെക്കാണുന്ന പങ്ക്തികൾ പരിശോധിക്കുക.

കംസനോടു് അസുരന്മാരുടെ നിവേദനം:– “അഹോ! ഇങ്ങനെയോ ഇരിക്കുന്നു? ഒരിടത്തുളനോ? എങ്കിൽ ഞങ്ങൾ ഉപായമുണ്ടാക്കുന്നുണ്ടു്. ഇപ്പോൾ പുറന്നവയും പത്തു ദിവസം കഴിഞ്ഞവയുമൊക്കെക്കൊല്ലുന്നുണ്ടു്. അപ്പോൾ അതിലൊന്നായിട്ടുവരും. ദേവകൾക്കല്ലോ നമ്മോടാവൂ. അവരോ സമരഭീരുക്കൾ. മറ്റൊരുത്തരെ പേടിക്കേണ്ടാ. ഈ ഭൂമിയിൽ ദേവേന്ദ്രൻ നിന്റെ ചെറുഞാണൊലി കേട്ടാൽ ഭയപ്പെട്ടോടും; ദേവകൾ യുദ്ധത്തിനു വരുകിൽ നിന്റെ ശരമേറ്റു മണ്ടിപ്പോവോർ, ജീവിക്കയിലിച്ഛയുള്ളോർ. അല്ലാത്തവർ ചത്തുപോവോർ. ചിലർ ഭയപ്പെട്ടു തലമുടിയഴിച്ചിടുവോർ. നമസ്കരിപ്പോർ ചിലരായുധവുംവച്ചു്. ഇങ്ങനത്തവരെ കൊല്കയില്ല നിന്തിരുവടി. അസ്ത്രശസ്ത്രങ്ങളെ തോന്നാതവരെയും തേരഴിഞ്ഞവരെയും മറ്റൊരുത്തനോടു യുദ്ധംചെയ്യുന്നവരെയും ചതിച്ചു കൊല്ലുകയില്ല നിന്തിരുവടി. വില്ലു മുറിഞ്ഞാലും ആയുധമേറ്റു വീണാലും കൊല്ലുകയില്ല നിന്തിരുവടി. ആഹവ ശൂരന്മാരായിരിക്കുന്ന നമ്മോടേതുമരുതു്.”

യശോദയോടു ഗോപസ്ത്രീകളുടെ ആവലാതി:– “ഒരുത്തി ചൊല്ലിയാൾ: ‘എന്റെ പശുക്കിടാങ്ങളെ അഴിച്ചുവിട്ടാൻ. പിന്നെ അകത്തു പുക്കു വെണ്ണയെടുത്തു കൊണ്ടുപോയാൻ; മർക്കടങ്ങൾക്കു കൊടുത്താൻ. താൻ ഭക്ഷിക്കയല്ല ചെയ്യുന്നതു്. നെയ്യും തയിരും കുടിച്ചു കലവുമുടച്ചേച്ചു പോരും.’ പിന്നെ ഒരുത്തി: ‘പിന്നെയൊരെടത്തു കപ്പാൻ ചെന്നപ്പോൾ അവൻ കണ്ടുവെങ്കിൽ അവിടെ കിടക്കുന്ന കിടാക്കളെ നുള്ളിക്കരയിക്കും. ഉറിയുയരെത്തൂക്കിക്കിടക്കുകിൽ ഉരലുമിട്ടുകൊള്ളും. അതു പോരായ്കിൽ ചിരവയുമിട്ടുകൊള്ളും. പിന്നെ ഉറിയിൽ പലവക കലമുണ്ടെങ്കിൽ ഇന്ന കലത്തിൽ വെണ്ണയെന്നറിഞ്ഞിട്ടു കലം തുളച്ചു വെണ്ണയുമെടുത്തു മോരും തൂത്തുകളയും…പിന്നെച്ചിലേടത്തു ചെന്നാൽ അനേകമിരുട്ടുണ്ടായിരിക്കും. അവിടെ തന്റെ മെയ്മേലെ രത്നങ്ങളെക്കൊണ്ടു കാണാം. പിന്നെ മറ്റുമുണ്ടൊരു വിനോദം. ഞങ്ങളടിച്ചു തളിച്ചു കിടക്കുന്നെടത്തു് അപ്പിയിട്ടേച്ചുപോകും. കപ്പാൻ തരമില്ലാഞ്ഞിട്ടു്. ഇവനെ നോക്കിനിന്നാൽ എത്രയും സാധുവെന്നപോലെ, ഏതുമറിയുന്നീലെന്ന ഭാവം.’ ഈവണ്ണം ഗോപസ്ത്രീകൾ പറയുന്ന വാർത്ത കേട്ടാറേ യശോദ അച്ചെറിയവനെയൊന്നു ശാസിപ്പാൻപോലും ഇച്ഛിച്ചീല.” ഭാഷാപ്രധാനമായ ഈ ശൈലി ഗ്രന്ഥം പുരോഗമനംചെയ്യുമ്പോൾ അല്പംകൂടി സംസ്കൃതപ്രധാനമായിത്തീരുകയും അപ്പോൾ വാക്യങ്ങൾക്കു ദൈർഘ്യം കൂടുകയും ചെയ്യുന്നു. ഈ വിപരിണാമത്തിനു് ഒരുദാഹരണമാണു് താഴെ പ്രദർശിപ്പിക്കുന്നതു്:

ബാണയുദ്ധം:– “ദ്വാരാവതിയിങ്കലെല്ലാവരും നാലുമാസക്കാലമായിട്ടു് അനിരുദ്ധനെക്കാണാഞ്ഞു ദുഃഖിച്ചിരിക്കുമ്പോൾ ശ്രീനാരദൻ പറഞ്ഞു് ആ വർത്തമാനം കേട്ടു് അതിക്രുദ്ധന്മാരായിരിക്കുന്ന യദുക്കളോടുംകൂടെ ഭഗവാൻ ശ്രീബലഭദ്രരോടുമൊന്നിച്ചു പുറപ്പെട്ടു് ആ ബാണാസുരന്റെ രാജധാനി ശോണിതപുരത്തെ വളവൂതുംചെയ്തിട്ടു ശ്രീകൃഷ്ണൻ തന്റെ പാഞ്ചജന്യമാകുന്ന ശംഖിനെ വിളിച്ചു. അപ്പോൾ ആ പാഞ്ചജന്യധ്വനികേട്ടിട്ടു് അവിടെ ബാണാസുരന്റെ ഗോപുരം കാത്തു വസിക്കുന്ന ഭഗവാൻ ശ്രീപരമേശ്വരൻ ഭൂതഗണങ്ങളോടുംകൂടെ യാദവന്മാരുടെ കൂട്ടത്തെ ശങ്കകൂടാതെകണ്ടു തടുത്തു.” ഗോപികാഗീത, ഭ്രമരഗീത, ശ്രുതിഗീത മുതലായ വിശിഷ്ടഭാഗങ്ങൾ മൂലശ്ലോകങ്ങൾകൂടി ഉദ്ധരിച്ചു വിശദമായി തർജ്ജമ ചെയ്തിരിക്കുന്നു. ആ വസ്തുതയും ഒരു ഉദാഹരണംകൊണ്ടു തെളിയിക്കാം.

മൂലം: “ജയതി തേധികം ജന്മനാ വ്രജഃ
ശ്രയത ഇന്ദിരാ ശശ്വദത്ര ഹി;
ദയിത ദൃശ്യതാം ദിക്ഷു താവകാ
സ്ത്വയി ധൃതാസവസ്ത്വാം വിചിന്വതേ!”
തർജ്ജമ: “നിന്തിരുവടി ഈ അമ്പാടിയിൽ ജനിക്കയാൽ ഈ വ്രജം ഉല്ക്കർഷത്തോടുകൂടെ വർദ്ധിക്കുന്നു. നീയിവിടെപ്പുറക്കയാൽ ശ്രീഭഗവതി എല്ലായ്പോഴുമിവിടെ വസിക്കുന്നോൾ. എന്നാൽ നിന്റെ ജനമാകുന്ന ഞങ്ങൾ നിന്നെ ഇന്നും കാണാമെന്നിട്ടത്രേ ജീവിച്ചിരിക്കുന്നു. അങ്ങനെയിരിക്കുന്ന ഞങ്ങൾ നിന്നെയന്വേഷിക്കുന്നോർ, കാണായിട്ടുവരേണമേ.”

(1) കൊല്ലല്ലാതെ (കൊല്ലൊല്ലാ), (2) ചെറുക്കൻ (ബാലൻ), (3) വളുസം (കളവു്), (4) ഇഴുകുക (പൂശുക), (5) തികക്കുക (തിളയ്ക്കുക), (6) എവിടത്തോൻ (എവിടെയുള്ളവൻ), (7) ചെല്ലത്തുടങ്ങുക, (8) ഇയയ്ക്കുക (എയ്ക്കുക), (9) മോഹമുണ്ടായി ഞായം, (10) പടവാർത്ത (കുഞ്ഞുങ്ങളുടെ വാക്കു്), (11) രുചിയുണ്ടെങ്കിൽ പോവൂ, (12) വാ മുറുക്കുക (വായടയ്ക്കുക), (13) കണ്ടതോ പോരാതോ?, (14) അഴകുതു്, (15) പാമ്പന്മാർ (പാമ്പുകൾ), (16) വണ്ടന്മാർ മുതലായ പഴയ പദങ്ങളും പ്രയോഗങ്ങളും പ്രസ്തുത ഗ്രന്ഥത്തിൽ കാൺമാനുണ്ടു്.

26.2ഭാഗവതസങ്ഗ്രഹം ഭാഷ (ഗദ്യം)

ശ്രീമദ്ഭാഗവതപുരാണത്തിന്റെ സാരസംഗ്രഹരൂപമായ ഈ ഗദ്യകൃതിക്കു് ഏഴാംശതകത്തോളം പഴക്കം കല്പിക്കേണ്ടിയിരിക്കുന്നു. ഗ്രന്ഥകാരൻ ആരെന്നു് അറിയുന്നില്ല. പാഞ്ചരാത്രമതത്തിന്റെ ചില രഹസ്യങ്ങൾ അവസരോചിതമായി സൂചിപ്പിച്ചുകാണുന്നു. ചില പങ്ക്തികൾ ഉദ്ധരിച്ചു് അതിലെ ഗദ്യരീതി പ്രദർശിപ്പിക്കാം:

“ശ്രീവേദവ്യാസൻ ശ്രീനാരദന്റെ നിയോഗത്താൽ ശ്രീ ഭാഗവതമെന്റൊരു പുരാണരത്നത്തെ നിർമ്മിച്ചു. ഇതു പന്ത്രണ്ടു സ്കന്ധം; പതിനെണ്ണായിരം ഗ്രന്ഥം. ഹയഗ്രീവബ്രഹ്മവിദ്യ, വൃത്രവധമെൻറിവറ്റെയെല്ലാം ഏകാദശത്തിങ്കൽ പ്രതിപാദിക്കയുമുണ്ടു്; ഗായത്ര്യർത്ഥപ്രതിപാദകമായിരിപ്പോൻറാദിഗ്രന്ഥവും. ഇങ്ങനെയെല്ലാമിരിക്കകൊണ്ടു ഭാഗവതമാകുന്നൂതും. അതോ അതിനുതക്കവാറു ലക്ഷണങ്ങളെ പഠിക്കുന്നു:

ഗ്രന്ഥോഷ്ടദശസാഹസ്രോ ദ്വാദശസ്കന്ധസമ്മിതഃ
ഹയഗ്രീവബ്രഹ്മവിദ്യാ യത്ര വൃത്രവധസ്തഥാ
ഗായത്ര്യാശ്ച സമാരംഭ ഏതദു് ഭാഗവതം വിദുഃ.
പ്രബന്ധമാഹാത്മ്യാതിശയത്തെ തോന്നിപ്പാനായിക്കൊണ്ടു ശ്രീശബ്ദപ്രയോഗം. ഇങ്ങനെ ശ്രീഭാഗവതമായി. മുപ്പത്തിരണ്ടു പ്രകരണം; മുന്നൂറ്റിമുപ്പത്തൊന്നധ്യായം. ശേഷശേഷിത്വേന സർഗ്ഗാദികളും പരമാർത്ഥസ്വരൂപവും പ്രതിപാദ്യമാകിൻറതു്. അതു തന്നിലേ ചൊല്ലുന്നു:

അത്ര സർഗ്ഗോ വിസർഗ്ഗശ്ച സ്ഥാനം പോഷണമൂതയഃ
മന്വന്തരേശാനുകഥാ നിരോധോ മുക്തിരാശയഃ
എൻറ്. അശരീരനായിരുന്ന വിഷ്ണുവിന്റെ പുരുഷശരീരസ്വീകാരം സർഗ്ഗമാകിൻറതു്. പുരുഷസ്വരൂപത്തിങ്കൽനിൻറു ബ്രഹ്മാദികളുടെ സൃഷ്ടി വിസർഗ്ഗമാകിൻറതു്. സൃഷ്ടരായിരുന്ന ബ്രഹ്മാദികൾക്കു് ആഹാരമായിരുന്ന ലോകപത്മത്തിന്റെ വ്യവസ്ഥാനം സ്ഥാനമാകിൻറതു്. ഓരോ ലോകങ്ങളിൽ സ്ഥിതരായിരിക്കുന്നവരുടെ അന്നപാനാദികളെക്കൊണ്ടുള്ള പരിപുഷ്ടി പോഷണമാകിൻറതു്. പരിപുഷ്ടരായിരിക്കിൻറവരുടെ ആചാരം ഊതിയാകിൻറതു്. അവിടെ വിശേഷിച്ചു സദാചാരം മന്വന്തരമാകിൻറതു്. അതിൽ വിശേഷിച്ചു വിഷ്ണുഭക്തി ഈശാനുകഥനമാകിൻറതു്. വിഷ്ണുഭക്തന്മാരുടെ പ്രപഞ്ചഭാവം നിരുദ്ധമാകിൻറതു്; നിഷ്പ്രപഞ്ചന്മാരുടെ സ്വരൂപഭാവം മുക്തിയാകിൻറതു്. മുക്തന്മാരുടെ ബ്രഹ്മഭാവേനയുള്ള അവസ്ഥാനം ആശ്രയമാകിന്റതു്. ഇവറ്റെ പ്രതിപാദിക്കുന്നു.”

പ്രസ്തുത ഗ്രന്ഥം സ്വതന്ത്രമാണു്. തന്റെ മതത്തിനു് ഉപോൽബലകമായി പ്രണേതാവു ചില സംസ്കൃതശ്ലോകങ്ങൾ ഉദ്ധരിക്കുന്നു എന്നേയുള്ളൂ.

26.3ചില ശാസ്ത്രഗ്രന്ഥങ്ങൾ, തത്ത്വമസി വ്യാഖ്യാനം

തിരുവിതാംകൂർ ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിയിലെ ഇരുപത്തിരണ്ടാമങ്കമായി തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യക്കട്ടിളയും ഇരുപത്തിമൂന്നാമങ്കമായി ബ്രഹ്മാനന്ദ വിവേകസമുദ്രവും പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. ഇവയിൽ തത്ത്വമസിവ്യാഖ്യാനമൊഴികെയുള്ള മറ്റു രണ്ടു ഗ്രന്ഥങ്ങളിലേയും ഭാഷ തമിഴാണു്. തത്ത്വമസി വ്യാഖ്യാനത്തിലെ ഭാഷ മലയാളം തന്നെ. ഛാന്ദോഗ്യോപനിഷത്തിലേ ‘തത്ത്വമസി’ എന്ന മഹാവാക്യത്തിന്റെ അർത്ഥമാണു് ഇവിടെ പ്രതിപാദ്യമെന്നു പറയേണ്ടതില്ലല്ലോ. ഈ വ്യാഖ്യാനത്തിന്റെ മൂലഗ്രന്ഥം തമിഴാണെന്നുള്ളതിനു ചില സൂചനകൾ കാൺമാനുണ്ടു്. അനുവാദം പദാനുപദമാണോ എന്നു നിശ്ചയമില്ല. ഒരു ഭാഗം ഉദ്ധരിക്കുന്നു:

“ഇരവും പകലുമില്ലാത്ത കാലത്തു കാൺ രാജാവേ, സത്യമായി, ജ്ഞാനമായി, സകലപരിപൂർണ്ണമായി, സകലനിഷ്കളമായി നിറഞ്ഞുനിന്ന പരമാത്മാവെ കാൺ രാജാവേ, എള്ളിൽ എണ്ണകണക്കെയും, എലുമ്പിൽ മജ്ജകണക്കെയും, ഉള്ളിൽ ജീവൻകണക്കെയും, ഒളിവിൽ ആകാശംകണക്കെയും, വേദാന്തത്തുക്കു ഉൾപ്പൊരുൾ കണക്കെയും, ഉരഗത്തിൽ വിഷം കണക്കെയും കള്ളിതൻ പാൽ കണക്കെയും, കരിമ്പിൻരസം കണക്കെയും, തപസ്സുള്ളവർ അകംകണക്കെയും, പാലിലെ നെയ്കണക്കെയും, മുളകിലെ എരികണക്കെയും, തത്ത്വനില ജഗത്തിങ്കൽ നിറഞ്ഞിതു കാൺ രാജാവേ.”

26.4സിദ്ധദീപിക

സിദ്ധദീപിക എന്ന അദ്വൈതവേദാന്തപ്രതിപാദകമായ തത്ത്വഗ്രന്ഥം ശ്രീപരമേശ്വരൻതന്നെ ലീലാവിഗ്രഹത്തെ പരിഗ്രഹിച്ചു്, ചാർവാകൻ, ആർഹതൻ, ബൗദ്ധൻ, താർക്കികൻ, സാംഖ്യൻ, മീമാംസകൻ എന്നീ ദർശനവാദികൾ തന്തിരുവടിയെ പലപ്രകാരത്തിൽ നിരൂപണംചെയ്തു മോക്ഷേച്ഛുക്കളായ ജനങ്ങളെ സംശയാലുക്കളാക്കുകയാൽ അവരുടെ സംശയനിവൃത്തിക്കായി രചിച്ചതാണെന്നു ഗ്രന്ഥകാരൻ ഉപക്രമഘട്ടത്തിൽ ഉൽഘോഷിയ്ക്കുന്നു. പ്രണേതാവിനെപ്പറ്റി ഒരറിവും ലഭിയ്ക്കുന്നില്ല. ഗുരുശിഷ്യസംവാദരൂപമാണു് ഗ്രന്ഥം. ഏതാനും പംക്തികൾ ചുവടേ പകർത്തുന്നു:

“ഇന്ദ്രിയങ്ങൾക്കു കർമ്മങ്ങളെ വിഷയീകരിച്ചിട്ടുള്ള ഭ്രമം ജാഗ്രത്താകുന്നതു്. അന്തഃകരണം താനേ അറിയപ്പെടുന്നതായും അറിവായും ചമഞ്ഞുനിന്നിട്ടുള്ള ഭ്രമം സ്വപ്നമാകുന്നതു്. ഇവ രണ്ടിലേയും വാസന സുഷുപ്തിയാകുന്നതു്. ഇവ മൂന്നിലും കൂടി നില്ക്കുന്ന അറിവു തുരീയമാകുന്നതു്. നമ്മുടെ സിദ്ധാന്തത്തിങ്കൽ ദൃക്കു് ഒന്നേ സത്യമായുള്ളു. വ്യവഹാരത്തിങ്കൽ ദൃക്കും ദൃശ്യവുമുണ്ടു്. അദൃശ്യരൂപം ഒട്ടൊഴിയാതെ മിഥ്യാമയമായിരുന്നോന്നു്. അമ്മിഥ്യാമയമായിരിക്കുന്ന ദൃശ്യത്തിങ്കൽ അന്തർഭൂതങ്ങളായിരുന്നോ ചിലവ ഇതിഹാസപുരാണങ്ങളും വേദശാസ്ത്രങ്ങളും ധർമ്മാധർമ്മങ്ങളും സുഖദുഃഖങ്ങളും സ്വർഗ്ഗനരകങ്ങളും ജനനമരണങ്ങളും വർണ്ണാശ്രമങ്ങളും, എന്തിനു പെരികെ പറയുന്നു? സമസ്തപദാർത്ഥങ്ങളും മിഥ്യാമയമായേ ഇരുന്നോ ചിലവ എന്നഭിപ്രായം.”
“ഇവ്വണ്ണം ഗുരുവരുളിച്ചെയ്തിരിയ്ക്കുന്ന വിഷയത്തിങ്കൽ ശിഷ്യൻ വിചാരിക്കുന്നോൻ: നിന്തിരുവടിയാൽ മിഥ്യയെന്നിങ്ങനെ അരുളിച്ചെയ്യപ്പെട്ടതു യാതൊന്നു സ്വാമി, അതു സത്തായോ, അസത്തായോ, സദസത്തായോ ഇരിക്കുന്നു? സത്താകുമ്പോൾ ആത്മാവിന്നു മിഥ്യാത്വവും വന്നു മുടിയും; അസത്താകുമ്പോൾ ശശവിഷാണത്തിൻ തോറ്റവും വന്നുമുടിയും. സദസത്താകുമ്പോൾ ഇച്ചൊല്ലിയ ദോഷങ്ങൾ രണ്ടുമുണ്ടായി വന്നുമുടിയും. എന്നാൽ മിഥ്യയെന്നൊരു വസ്തു എന്താണു് സ്വാമി? എന്നീവണ്ണം ശിഷ്യനാൽ ചോദിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഗുരുവരുളിച്ചെയ്യുന്നോൻ.”
ഈ സിദ്ധാന്തദീപികയെ സംക്ഷേപിച്ചുകൊല്ലം പത്താം ശതകത്തിലോ മറ്റോ സിദ്ധദീപികാസംഗ്രഹം എന്ന പേരിൽ ഒരു കിളിപ്പാട്ടും ഉത്ഭവിച്ചിട്ടുണ്ടു്.

“ എങ്കിലോ കേട്ടുകൊൾക പാർവ്വതീ! ഭക്തപ്രിയേ!
സങ്കടവിനാശനം സിദ്ധദീപികാർത്ഥത്തെ;
വിസ്തരിച്ചുരചെയ്വാനെത്രയും പണിയുണ്ടു;
വിസ്തരം ചുരുക്കി ഞാൻ നിന്നെയുമറിയിക്കാം.
പൃഥ്വിയിലോരോ തരമുള്ള ജന്തുക്കൾക്കെല്ലാം
ചിത്തവും നാനാപ്രകാരേണയെന്നറിഞ്ഞാലും.”
ഈ വരികൾ അതിലുള്ളതാകുന്നു. കവിതയ്ക്കു ഗുണം വിരളമാണു്.

26.5ജനകാഗസ്ത്യസംവാദം

ഇതും വേദാന്തവിഷയകമായ ഒരു പഴയ ഗദ്യഗ്രന്ഥമാകുന്നു, ഒരു ഭാഗം ഉദ്ധരിക്കാം:

“ജനകരാജാവു് അഗസ്ത്യമഹർഷിയെ നമസ്കരിച്ചു് ഉണർത്തിനാൻ. അടിയൻ പരബ്രബഹ്മവും അതിങ്കൽനിന്നു തോന്നിയ അനാദിവടിവും അതിനാൽ തോന്നിയ സർവജന്തുക്കൾവടിവും അറിയവേണ്ടുമെന്നു നമസ്കരിച്ചുണർത്തിനാൻ രാജാവു്. ആ രാജാവിനെ നോക്കി പ്രീതിപ്പെട്ടു് ഇവനുപദേശത്തിനു യോഗ്യനെന്നു കല്പിച്ചരുളിച്ചെയ്താൻ മഹാഋഷി, കേൾപ്പോയാക രാജാവേ! പരബ്രഹ്മമാകുന്ന സ്വരൂപത്തെ ആർക്കുമേ മനോഗോചരത്താൽ അറിയാവോന്നല്ല, എങ്കിലും ആശ്രയമില്ലെന്നും ചൊല്ലരുതു്.”

26.6യന്ത്രരാജൻ

യന്ത്രരാജൻ എന്നതു് ഒരു ചെറിയ മന്ത്രശാസ്ത്രഗ്രന്ഥമാകുന്നു. അതിൽനിന്നു ചില വരികൾ പകർത്തിക്കാണിക്കാം:

“ശ്രീപാർവതി കേട്ടരുളിനാൾ ശ്രീപരമേശ്വരനോടു്. അവൾ കേട്ടപരിചാവതു എല്ലാ ഇയന്ത്രങ്ങളേയും നിന്തിരുവടിയാൽ കേൾക്കപ്പെടുന്നതല്ലോ. ഇനി അടിയത്തിന്നു് അപകടമെന്നുള്ള ഇയന്ത്രത്തെ അരുളിച്ചെയ്കവേണമെന്നു ഭഗവതി അരുളിച്ചെയ്യക്കേട്ടു് അരുളിച്ചെയ്താൻ ശ്രീപരമേശ്വരൻതിരുവടി. കേൾപ്പോയാക. സർവ ഇയന്ത്രങ്ങളിലും ഇതു ശ്രേഷ്ഠം. സകലേഷ്ടഫലങ്ങളെ കൊടുക്കും. എന്നാൽ ത്രിപുരദഹനത്തിലേ പുരുഷോത്തമൻപക്കൽനിന്നു കേൾക്കപ്പെട്ടിതു. അതിനാൽ അഷ്ടകർമ്മങ്ങൾക്കും സത്യകർമ്മങ്ങൾക്കും പുരുഷോത്തമനരുളിച്ചെയ്കയിനാൽ ഞാനും പുരുഷോത്തമനെ നമസ്കരിച്ചു ചൊല്ലുന്നേൻ.”

26.7വ്യാഖ്യാനങ്ങൾ, സൗന്ദര്യലഹരീവ്യാഖ്യ

ഇതു ശങ്കരഭഗവൽപാദകൃതമായ സൗന്ദര്യലഹരീസ്തോത്രത്തിന്റെ വ്യാഖ്യാനമാണെന്നു പറയേണ്ടതില്ലല്ലോ. വിശദമായ അർത്ഥഗ്രഹണത്തിനു പ്രയോജകീഭവിക്കുന്ന ഒരു വ്യാഖ്യാനംതന്നെയാണു് പ്രസ്തുത ഗ്രന്ഥം. രണ്ടു ശ്ലോകങ്ങളുടെ വിവരണം ചുവടേ പകർത്താം:

“ തനീയാംസം പാംസും തവ ചരണപങ്കേരുഹഭവം
വിരിഞ്ചസ്സഞ്ചിന്വൻ വിരചയതി ലോകാനവികലം
വഹത്യേനം ശൗരിഃ കഥമപി സഹസ്രേണ ശിരസാം
ഹരസ്സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂളനവിധിം.”
“ഹേ ശരണ്യേ-ശരണം പ്രാപിച്ചിരിക്കുന്ന ജനങ്ങൾക്കു് അനുഗ്രഹിക്ക ശീലമായിരിപ്പോയേ! വിരിഞ്ചഃ തവ ചരണപങ്കേരുഹഭവം തനീയാംസം പാംസും സഞ്ചിന്വൻ ലോകാൻ അവികലം വിരചയതി-വിരിഞ്ചൻ നിന്തിരുവടിയുടെ ചരണപങ്കേരുഹത്തിങ്കൽ ഭവിച്ചോന്നായി, ഏറ്റവും ചെറിയോന്നായിരിക്കുന്ന പൊടിയെ ഈട്ടംകൂട്ടി ഇയങ്ങുന്നൊരുത്തനായിട്ടു ലോകങ്ങളെ പരിപൂർണ്ണമാകുംവണ്ണം ചമയ്ക്കുന്നോൻ. ശൗരിഃ ഏനം ശിരസാം സഹസ്രേണ കഥമപി വഹതി – ശൗരി ഇതിനെ ശിരസ്സുകളുടെ സഹസ്രംകൊണ്ടു് എത്രയും പണിപ്പെട്ടു വഹിക്കുന്നോൻ. ഹരഃ ഏനം സംക്ഷുദ്യ ഭസിതോദ്ധൂളനവിധിം ഭജതി – ഹരൻ ഇതിനെ ചൂർണ്ണമാക്കീട്ടു ഭസിതം കൊണ്ടുള്ളോരു ഉദ്ധൂളനവിധിയെ ഭജിക്കുന്നോൻ. ഇങ്ങനെയിരിക്കുന്ന നിന്തിരുവടിയെ പ്രണാമം ചെയ്വാനായിക്കൊണ്ടും സ്തുതിപ്പാനായിക്കൊണ്ടും അകൃതപുണ്യനായിരിക്കുന്നവൻ എങ്ങനെ പ്രഭവിപ്പൂ എന്നർത്ഥം.”

“ സവിത്രീഭിർവാചാം ശശിമണിശിലാഭംഗശൂചിഭിർ
വശിന്യാദ്യാഭിസ്ത്വാം സഹ ജനനി! സഞ്ചിന്തയതി യഃ
സ കർത്താ കാവ്യാനാം ഭവതി മഹതാം ഭംഗിസുഭഗൈർ
വചോഭിർവാഗ്ദേവീവദനകമലാമോദമധുരൈഃ.”
“ഹേ ജനനി! വാചാം സവിത്രീഭിഃ ശശിമണിശിലാഖണ്ഡശുചിഭിഃ വശിന്യാദ്യാഭിഃ സഹ യഃ ത്വാം സഞ്ചിന്തയതി സഃ ഭംഗിസുഭഗൈഃ വാഗ്ദേവീവദനകമലാമോദമധുരൈഃ വചോഭിഃ മഹതാം കാവ്യാനാം കർത്താ ഭവതി – എടോ ജനനിയായുള്ളോവേ! വാക്കുകളെ പ്രസവിക്കുന്നോ ചിലരായി, ചന്ദ്രകാന്തക്കല്ലു മുറിച്ചകണക്കേ അതിശയേന വെളുത്തു ശോഭിക്കുന്നോ ചിലരായിരിക്കുന്ന വശിനിയാദിയായുള്ള മൂർത്തികളോടു കൂടീട്ടു യാവനൊരുത്തൻ നിന്തിരുവടിയെ ചിന്തിക്കുന്നതു്, അവൻ ഭംഗിസുഭഗകളായിരിക്കുന്ന വാക്കുകളെക്കൊണ്ടു് എത്രയും സൗഭാഗ്യത്തോടുകൂടിയോ ചിലവായി, വാഗ്ദേവീവദനകമലാമോദ മധുരങ്ങളായിരിക്കുന്ന, സരസ്വതിയുടെ മുഖകമലത്തിന്റെ സൗരഭ്യംപോലെ മധുരങ്ങളായിരിക്കുന്ന വാക്കുകളെക്കൊണ്ടു മഹത്തുക്കളായി, പ്രധാനങ്ങളായിരിക്കുന്ന കാവ്യങ്ങൾക്കു കർത്താവായി ഭവിക്കുന്നോൻ.”

26.8മുകുന്ദമാലാവ്യാഖ്യാനം

കുലശേഖര ആഴ്വാരുടെ മുകുന്ദമാലാസ്തോത്രത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനം കാണുന്നു എന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതിൽനിന്നു് ഒരുഭാഗം ഉദ്ധരിക്കുന്നു:

“ തത്ത്വം ബ്രുവാണാനി പരം പരസ്താ
ന്മധു ക്ഷരന്തീനി മുദാം പദാനി
പ്രാവർത്തയ, പ്രാജ്ഞലിരസ്മി ജിഹ്വേ!
നാമാനി നാരായണഗോചരാണി.”
“ഹേ ജിഹ്വേ, പ്രാഞ്ജലിരസ്മി — എടോ രസനേ, ഞാൻ നിനക്കു പ്രാഞ്ജലിയായി ഭവിക്കുന്നേൻ. നാരായണഗോചരാണി നാമാനി ആവർത്തയ — നാരായണഗോചരങ്ങളായിരിക്കുന്ന നാമങ്ങളെ ആവർത്തീച്ചീടുക. എങ്ങനെയിരുന്നോന്നു നാമങ്ങൾ? മുദാം പദാനി — സന്തോഷത്തെ ഉണ്ടാക്കുന്നോ ചിലവ, മധു ക്ഷരന്തീനി-മധുവെ ദ്രവിപ്പിക്കുന്നോ ചിലവ, പരസ്താൽ പരം തത്ത്വം ബ്രുവാണാനി — പരത്തിങ്കൽനിന്നു പരമായിരിക്കുന്ന തത്ത്വത്തെ ചൊല്ലിയിയങ്ങുന്നോ ചിലവ.” പ്രസ്തുത വ്യാഖ്യ കുറേക്കൂടി വിസ്തൃതമായി മറ്റൊരു രൂപത്തിലും കണ്ടിട്ടുണ്ടു്.

26.9യുധിഷ്ഠിരവിജയവ്യാഖ്യാനം

വാസുദേവ ഭട്ടതിരിയുടെ യുധിഷ്ഠിരവിജയം യമകകാവ്യം പണ്ടു കേരളത്തിൽ പരക്കെ ബാലശിക്ഷയ്ക്കു് ഉപയോഗിച്ചുവന്നിരുന്നു. തന്നിമിത്തം അതിനു നല്ല ഒരു ഭാഷാവിവരണം രചിയ്ക്കേണ്ടതിന്റെ ആവശ്യം നേരിടുകയും അതു് ഏതോ ഒരു പണ്ഡിതപ്രവേകൻ നിർവ്വഹിയ്ക്കുകയും ചെയ്തു. “പദച്ഛേദഃ പദാർത്ഥോക്തിർവിഗ്രഹോ വാക്യയോജനം ആക്ഷേപസ്യ സമാധാനം വ്യാഖ്യാനം പഞ്ചലക്ഷണം” എന്ന നിർവചനം പ്രസ്തുത വ്യാഖ്യാനത്തിനു നല്ലപോലെ യോജിക്കുന്നുണ്ടു്. ഒരു ശ്ലോകത്തിന്റെ വ്യാഖ്യാനംമാത്രം ചുവടേ പകർത്താം:

“യുധിഷ്ഠിരവിജയമാകുന്ന ഗ്രന്ഥത്തെ ചമപ്പാൻ തുടങ്ങുന്ന ആചാര്യൻ അതിന്റെ അവിഘ്നപരിസമാപ്ത്യാദിപ്രയോജന സിദ്ധ്യർത്ഥമായിട്ടു നടേ ആശിസ്സിനെ ചെയ്യുന്നു, ‘പ്രദിശതു’ എന്ന ശ്ലോകംകൊണ്ടു്. പ്രദിശതു ഗിരിശഃ സ്തിമിതാം ജ്ഞാനദൃശം വഃ ശ്രിയം ച ഗിരിശസ്തിം ഇതാം പ്രശമിതപരമദമായം സന്തഃ സഞ്ചിന്ത യന്തി പരമദമാഃ യം ഇതി പദച്ഛേദഃ ഗിരിശഃ വഃ ജ്ഞാനദൃശം പ്രദിശതു ഗിരി ശ്രിയം ച — ഗിരിശൻ നിങ്ങൾക്കായിക്കൊണ്ടു ജ്ഞാനദൃക്കിനെ പ്രദാനം ചെയ്വോനാക. ഗീർവിഷയമായിരിക്കുന്ന ശ്രീയെയും. ഗിരിശൻ ശ്രീമഹാദേവൻ. ‘ഗിരീശോ ഗിരിശോ മൃഡഃ’ എന്നു സിംഹൻ. ജ്ഞാനദൃക്‍ ജ്ഞാനമാകുന്ന ദൃക്കു്. ജ്ഞാനം അറിവു്. ദൃക്കു് കണ്ണു്, ‘ലോചനം നയനം നേത്രമീക്ഷണം ചക്ഷുരക്ഷിണീ ദൃഗ്ദൃഷ്ടിശ്ച’ എന്നു സിംഹൻ. ഗീരു് വാക്കു്. ‘വാഗ്വാണീ ഭാരതീ ഭാഷാ ഗൌർഗ്ഗീർബ്രാഹ്മീ സരസ്വതീ’ എന്നു വൈജയന്തി. ശ്രീയ് ശോഭ. ‘ശ്രീരിന്ദിരായാം ശോഭായാം സ്യാൽ സമ്പത്തിലവംഗയോഃ’ എന്നു കേശവൻ. സ്തിമിതാം, അങ്ങനെയിരിക്കേണം ജ്ഞാനദൃക്കു്. സ്തിമിതയായിരിക്കേണം. ‘സ്തിമിതം നിശ്ചലേ ക്ലിന്നേ’ എന്നു കേശവൻ. ശസ്തിം ഇതാം, അങ്ങനെയിരിക്കേണം ശ്രീയ്. ശസ്തിയെ ഇതയായിരിക്കേണം. ശസ്തി പ്രശസ്തി. ഇത പ്രാപ്ത. യം സന്തഃ സഞ്ചിന്തയന്തി-യാതൊരു ഗിരിശനെ സത്തുക്കൾ സഞ്ചിന്തനം ചെയ്യുന്നു. സത്തുക്കൾ വിദ്വാന്മാർ. ‘വിദ്വാൻ വിപശ്ചിദ്ദോഷജ്ഞഃ സൻ സുധീഃ കോവിദോ ബുധഃ’ എന്നു സിംഹൻ. സഞ്ചിന്തനം ചെയ്ക ഉപാസിക്ക. പ്രശമിതപരമദമായം, അങ്ങനെയിരുന്നു ഗിരിശൻ. പ്രശമിതപരമദമായനായിരുന്നു. പ്രശമിതകളായിരിക്കുന്ന പരമദമായകളോടുകൂടിയിരുന്നു. പ്രശമിതകൾ പ്രകർഷേണ ശമിതകൾ. ശമിതകൾ നാശിതകൾ. പരമദമായകൾ പരന്മാരുടെ മദമായകൾ. പരന്മാർ ശത്രുക്കൾ. ‘അഭിഘാതിപരാരാതി പ്രത്യർത്ഥിപരിപന്ഥിനഃ’ എന്നു സിംഹൻ. മദമായകൾ മദവും മായയും. മദം സഹങ്കാരം. മായ വ്യാജം. പരമദമാഃ, അങ്ങനെയിരുന്നു സത്തുക്കൾ, പരമമായിരിക്കുന്ന ദമത്തോടുകൂടിയിരുന്നു. പരമം ഉൽകൃഷ്ടം. ദമം അടക്കം.”
പിന്നീടു വ്യാഖ്യാതാവു ‘പ്രദിശതു-ദിശ അതിസർജ്ജനേ എന്ന ധാതുവിൽ പരസ്മൈപദലോട്ടിൽ പ്രഥമപുരുഷൈകവചനം’ എന്നിങ്ങനെ ഓരോ പദത്തിന്റേയും വിഭക്തിയേയും “ജ്ഞാനമേവ ദൃക്‍, ജ്ഞാനദൃക്‍ ഇതി കർമ്മധാരയഃ. ജ്ഞാനം തന്നെ ദൃക്‍, ജ്ഞാനദൃക്‍ താം, അതിനെ ജ്ഞാനദൃക്കിനെ” എന്നിങ്ങനെ വിഗ്രഹത്തേയും പറ്റി പ്രതിപാദിക്കുന്നു. എത്ര സമ്പൂർണ്ണമായ ഒരു വിവരണമാണു് ഇതു് എന്നു വായനക്കാർക്കു കാൺമാൻ പ്രയാസമില്ലല്ലോ. വ്യാഖ്യാതാവു സ്മരിക്കുന്ന കേശവൻ ക്രി. പി. 1660 ഇടയ്ക്കു ജീവിച്ചിരുന്ന കല്പദ്രുകോശകാരനല്ലെന്നും, പ്രത്യുത ക്രി. പി. പന്ത്രണ്ടാം ശതകത്തിലോ പതിമ്മൂന്നാം ശതകത്തിലോ ജീവിച്ചിരുന്ന നാനാർത്ഥാർണ്ണവ സംക്ഷേപകാരനായ കേശവസ്വാമിയാണെന്നും ഞാൻ പരിശോധിച്ചു തീർച്ചപ്പെടുത്തീട്ടുണ്ടു്. പ്രസ്തുത ഭാഷാവ്യാഖ്യ കൊല്ലം എട്ടാം ശതകത്തിനപ്പുറമല്ല ആവിർഭവിച്ചതു് എന്നു സൂക്ഷ്മമായി പറയാം. യുധിഷ്ഠിരവിജയവ്യാഖ്യയ്ക്കു വിഭിന്ന പാഠങ്ങളുള്ള ആദർശഗ്രന്ഥങ്ങളും കാൺമാനുണ്ടു്.

26.10വിഷ്ണുകേശാദിപാദവ്യാഖ്യാനം

ശങ്കരഭഗവൽപാദകൃതമായ വിഷ്ണുകേശാദിപാദസ്തവത്തിനും ഒരു പഴയ വ്യാഖ്യാനം ലഭിച്ചിട്ടുണ്ടു്. അതിലൊരു ഭാഗം ഉദ്ധരിക്കാം:

“ലക്ഷ്മീഭർത്തുഃ ഇത്യാദി. ആദിയിങ്കൽ മംഗലാർത്ഥമായിട്ടു കവി ലക്ഷ്മീശബ്ദത്തെ ചൊല്ലിയതു്. അങ്ങനെയെല്ലാമിരുന്ന കംബുരാജൻ നമ്മെ രക്ഷിപ്പൂതാക. എങ്ങനെയിരുന്നെന്നു വിശേഷിയ്ക്കുന്നു പിന്നെ. ലക്ഷ്മീഭർത്താവിന്റെ ഭുജാഗ്രത്തിങ്കൽ കൃതവസതിയായിരുന്നൊന്നു്. നീലപർവതത്തിന്റെ ശൃംഗത്തിന്മേൽ ചന്ദ്രബിംബം സ്ഥിതിചെയ്യുന്നതോ എന്നു തോന്നും കണ്ടാൽ” ഇത്യാദി.

26.11രൂപാവതാരവ്യാഖ്യാനം

യുധിഷ്ഠിര വിജയം പോലെയോ അതിലധികമോ കേരളത്തിൽ പുരാതനകാലത്തു പ്രചുര പ്രചാരമായിരുന്ന ഒരു ഗ്രന്ഥമാണു് ധർമ്മകീർത്തിയുടെ രൂപാവതാരം; വ്യാകരണശാസ്ത്രത്തിൽ ഭട്ടോജിദീക്ഷിതരുടെ സിദ്ധാന്തകൗമുദി ആവിർഭവിക്കുന്നതിനു മുൻപു് ഈ നാട്ടിൽ അദ്ധ്യേതാക്കളെ അഭിസിപ്പിച്ചുവന്നതു് ആ ഗ്രന്ഥമായിരുന്നു. അതിനും വിശിഷ്ടമായ ഒരു പഴയ വ്യാഖ്യാനം കണ്ടുകിട്ടീട്ടുണ്ടു്; പക്ഷേ പ്രതിപാദനം സരളമല്ല. വ്യാഖ്യാതാവിനെപ്പറ്റി ഒരറിവുമില്ല. താഴെക്കാണുന്നതു് അതിലെ ഒരു ഭാഗമാണു്:

“യഥാസംഖ്യമനുദേശസ്സമാനാം. സംഖ്യാശബ്ദേന ക്രമോലക്ഷ്യതേ. സംഖ്യാശബ്ദംകൊണ്ടു ക്രമം ലക്ഷിക്കപ്പെടിൻറു. യഥാവൽ ക്രമത്താലേ എൻറു പൊരുൾ. സമാനാം സമസംഖ്യാനാം സമപരിപഠിതാനാമുദ്ദേശിനാമനുദ്ദേശിനാഞ്ച യഥാക്രമമുദ്ദേശിഭിരനുദ്ദേശിഭിസ്സഹ സംബധ്യന്തേ – സമാനമെൻറു സമസംഖ്യങ്ങളായി സമപരിപഠിതങ്ങളായിരിക്കിന്റ ഉദ്ദേശികളിലുമനുദ്ദേശികളിലുംവച്ചു ക്രമത്താലേ ഉദ്ദേശികളോടു് അനുദ്ദേശികളെ സഹ സംബന്ധിക്കപ്പെടിൻറു. ഉദ്ദേശികളെൻറു മുന്നമുളവായിരിക്കിൻറവ; അനുദ്ദേശികളെൻറു പിന്നെ വൻറവ. തകാരത്തിന്നു ചകാരമാവൂ എൻറാൽ ദേവച്ഛത്രം എൻറിരിക്കുമ്പോഴു് ശ്ലിഷ്ടോച്ചാരണം കർത്തവ്യം. ശ്ലേഷ വരുത്തിച്ചൊല്ലുക. ദേവച്ഛത്രം.”

26.12സംഗീതരത്നാകരവ്യാഖ്യാനം

ക്രി. പി. പതിന്നാലാംശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്ന ദേവഗിരിയിലെ ധർമ്മപാലൻ എന്ന രാജാവു സംഗീതസുധാകരം എന്നൊരു ശാസ്ത്രഗ്രന്ഥം നിർമ്മിച്ചു. അതിന്റെ ഒരു പഴയ വ്യാഖ്യാനമാണു് നമുക്കു കിട്ടീട്ടുള്ളതു്. മൂലശ്ലോകങ്ങൾ ഉദ്ധരിച്ചു് അവയ്ക്കു ഗദ്യത്തിൽ വിവരണം വ്യാഖ്യാതാവു് എഴുതിച്ചേർത്തിരിക്കുന്നു. നോക്കുക:

“ വാണീ ന കേവലമഹാരി തയാ വിജിത്യ
പ്രീതിപ്രദാ പികകുലാൽ സമവർണ്ണഭേദൈഃ
ദേവേന്ദ്രശേഖരിതപാദസരോജരേണും
താം പഞ്ചമസ്വരമയീമനിശം നമാമി.”
“പികകുലമെൻറ കയിൽക്കൂട്ടത്തിങ്കൽനിൻറു ജയിച്ചിട്ടു് ആ വാണിയെ മാത്രമല്ല ഹരിച്ചു, ആ വർണ്ണഭേദത്തേയും ഹരിപ്പൂതും ചെയ്തു ദേവേന്ദ്രനാൽ ശേഖരിതമായിരിക്കിൻറ ദേവിയെ എപ്പോഴും നമസ്കരിക്കിന്റേൻ.”
“ യസ്യാ വപുർന്നവസുധാരസനിർവിശേഷം
പീതം തദപ്യതിതരാം നയനൈർമ്മഹേശഃ
ആപീയമാനമഭിതോ വിദധാതി ദേവ
സ്താം ധൈവതീമനുഗൃണന്നനിശം നമാമി.”
“മഹേശനായിരിക്കിൻറ ദേവൻ യാവളൊരുത്തിയിടെ നവസുധാരസനിർവ്വിശേഷമായിരിക്കിൻറ വപുസ്സിനെ അത്യർത്ഥം നയനങ്ങളെക്കൊണ്ടു ചുറ്റുവട്ടവും പാനംചെയ്താനെൻറിട്ടിരിക്കിൻറൂതാകിലും ആപീയമാനമായിട്ടു ഭവിക്കിൻറിതു, അദ്ധൈവതിയായിരിക്കിൻറ ദേവിയെ സ്തുവന്നായിട്ടു് എപ്പോഴും നമസ്കരിക്കിന്റേൻ.”

26.13സനൽസുജാതീയവ്യാഖ്യാനം

മഹാഭാരതം ഉദ്യോഗപർവത്തിൽ വിദുരോപദേശാനന്തരം സനൽസുജാതമഹർഷി ധൃതരാഷ്ട്രചക്രവർത്തിക്കു് അപവർഗ്ഗവിഷയകമായി ജ്ഞാനോപദേശം ചെയ്യുന്ന ഒരു ഘട്ടമുണ്ടു്. സനൽസുജാതീയമെന്നാണു് ആ ഉപദേശത്തിന്റെ സംജ്ഞ. അതു മഹാഭാരതത്തിലെ ഭഗവൽഗീതാദികളായ പഞ്ചരത്നങ്ങളിൽ ഒന്നും സാക്ഷാൽ ശങ്കരഭഗവൽപാദർ തന്നെ വ്യാഖ്യാനിച്ചിട്ടുള്ളതുമാകയാൽ അസാധാരണമായ മാഹാത്മ്യത്തോടുകൂടിയ ഒരു പ്രകരണമാകുന്നു. അതിന്റെ ഭാഷാവ്യാഖ്യാനത്തിൽ ഒരു ഭാഗമാണു് അടിയിൽ ചേർക്കുന്നതു്:

“ തതോ രാജാ ധൃതരാഷ്ട്രോ മനീഷീ
സമ്പൂജ്യ വാക്യം വിദുരേരിതം തൽ
സനൽസുജാതം രഹിതേ മഹാത്മാ
പപ്രച്ഛ ബുദ്ധിം പരമാം ബുഭൂഷൻ.”
പാണ്ഡവാഭിപ്രായത്തെ അറിയായ്ക ഹേതുവായിട്ടു പ്രജാഗരാഭിഭൂതനായുള്ള ധൃതരാഷ്ട്രർ വിദുരർമുഖത്തിങ്കൽനിന്നു ത്രിവർഗ്ഗ വിഷയമായുള്ള അർത്ഥജാതത്തെ കേട്ടു. തദനന്തരം വിദുരരാൽ സൂചിതമായി അപവർഗ്ഗവിഷയമായുള്ള അർത്ഥജാതത്തെ കേൾപ്പാനായിക്കൊണ്ടു ചോദിക്കുന്നു.

തതഃ ധൃതരാഷ്ട്രഃ സനൽസുജാതം പപ്രച്ഛ-ത്രിവർഗ്ഗത്തെക്കേട്ടനന്തരം ധൃതരാഷ്ട്രർ സനൽസുജാതനോടു ചോദിച്ചു. സനൽസുജാതം എന്റേടത്തു സനച്ഛബ്ദം സദാവചനമായിരിപ്പോൻറ്; സുജാതശബ്ദംകൊണ്ടു യുവാവിനെച്ചൊല്ലി: സദായുവാവായിരിപ്പോരുത്തൻ; അതെൻറി എല്ലാ നാളും യൗവന യുക്തനായിരിപ്പോരുത്തനവൻ. അതെൻറിയേ സുജാതശബ്ദം കുമാരവാചകമായിരിപ്പോൻറ്; നിത്യകുമാരൻ എൻറാകിലുമാം. അതെൻറിയേ സനത്തെൻറു ശാന്തയായുള്ള ബുദ്ധി. ബുദ്ധ്യാദികരണങ്ങൾ അത്യന്തം പ്രസന്നങ്ങളായിരിക്കും വിഷയത്തിങ്കൽ ബ്രഹ്മന്റെ മാനസത്തിങ്കൽനിൻറുളനാകകൊണ്ടു സനൽസുജാതനെൻറാകിലുമാം. അവ്വണ്ണമുണ്ടു ചൊല്ലുന്നൂതും:
“ ബുദ്ധ്യാദികരണൈസ്സർവൈശ്ശാന്തോ ബ്രഹ്മാ ജഗൽപതിഃ
യദാഭവത്തദാ ജാതസ്സനൽസുത ഇതീരിതഃ”
എൻറിങ്ങനെ. അതെൻറിയേ സനത്തെൻറു സനാതനമായി ഹിരണ്യഗർഭാഖ്യമായുള്ള ആ ബ്രഹ്മത്തെച്ചൊല്ലി. സനാതനമായുള്ള ബ്രഹ്മത്തിങ്കൽനിൻറു ജ്ഞാനവൈരാഗ്യാദി ഗുണങ്ങളോടുകൂടീട്ടുളനായി എന്റിട്ടാകിലുമാം സനൽസുജാതൻ. അങ്ങനത്ത സനൽസുജാതനോടു ചോദിച്ചു. വിദുരേരിതം തൽവാക്യം സമ്പൂജ്യ – വിദുരേരിതമായുള്ള ആ വാക്യത്തെ സമ്പൂജനം ചെയ്തിട്ടു്. വിദുരരാൽ ചൊല്ലപ്പെട്ടിരിക്കിൻറ ആ വാക്യമുണ്ടു്; ത്രിവർഗ്ഗവിഷയമായുള്ള വാക്യം. അതിനെ അഴകുതായി പൂജിച്ചിട്ടു്. എത്രയുമഴകുതു വിദുരർ ത്രിവർഗ്ഗത്തെ കഥിച്ചവാറു് എൻറ് അതിനെപ്പെരിക പ്രശംസിപ്പൂതും ചെയ്തു. എങ്കിൽ തനിക്കറിയേണ്ടീട്ടുതന്നെയോ ചോദിച്ചു് അനുഷ്ഠിക്കയിലേ ശ്രദ്ധകൊണ്ടത്രേ അനുഷ്ഠാനേച്ഛകൊണ്ടല്ല എൻറു ചൊല്ലുൻറു. പരമാം ബുദ്ധിം ബുഭൂഷൻ – പരമയായുള്ള ബുദ്ധിയെ ബുഭൂഷന്നായിട്ടു്; സച്ചിദാനന്ദൈകരസമായുള്ള ബുദ്ധി എന്റ ബ്രഹ്മജ്ഞാനം. അതിനെ ബുഭൂഷന്നായിട്ടു്; ബ്രഹ്മസ്വരൂപത്തെ അറികയിലേ ശ്രദ്ധകൊണ്ടു്; അപവർഗ്ഗവിഷയമായുള്ള അർത്ഥജാതത്തെ അറികയിലേ ശ്രദ്ധകൊണ്ടത്രേ ചോദിച്ചു; അനുഷ്ഠിക്കയിലേ ശ്രദ്ധകൊണ്ടല്ല. എന്തു ഹേതുവായിട്ടനുഷ്ഠിക്കയിൽ ശ്രദ്ധയില്ലാഞ്ഞു എൻറ്. അതു് അനുഷ്ഠാനത്തിങ്കൽ തനിക്കധികാരമില്ലായ്കയാൽ എൻറു ചൊല്ലുൻറു പിന്നെ രാജാ. രാജാവല്ലോ താൻ, ഐശ്വര്യരാഗമുള്ളോരുത്തൻ, സാധനചതുഷ്ടയസമ്പന്നനായുള്ളവനല്ലോ അനുഷ്ഠാനത്തിങ്കൽ അധികാരമുള്ളൂ. എങ്കിൽ ജിജ്ഞാസയിങ്കൽ അധികാരമുണ്ടോ എൻറ്. അതുണ്ടെൻറു ചൊല്ലുൻറു. മനീഷീ, അതേ ധൃതരാഷ്ട്രർ മനീഷിയായിരിപ്പോരുത്തൻ. മഹാത്മാവായിട്ടു, തപോവിദ്യകളോടുംകൂടിയിരുപ്പോരുത്തൻ. അങ്ങനത്ത ധൃതരാഷ്ട്രൻ സനൽസുജാതന്നൊടു ചോദിച്ചു. അതും രഹിതേ, വിവിക്തത്തിങ്കൽ. വിദുരാദികൾ പോയിട്ടിരിക്കിൻറപ്പോൾ. ഉപനിഷദർത്ഥത്തെ കേൾപ്പാൻ അധികാരമില്ലല്ലോ വിദുരാദികൾക്കു്. അതുകൊണ്ടു് അവർ പോയിട്ടിരിക്കിൻറപ്പോൾ ചോദിച്ചു.”

ഇതു ശാങ്കരവ്യാഖ്യാനത്തേക്കാൾ വളരെ വളരെ വിപുലമാണെന്നു പ്രഥമശ്ലോകത്തിന്റെ അർത്ഥവിവരണത്തിൽ നിന്നു തന്നെ മനസ്സിലാക്കാവുന്നതാകുന്നു. ഇത്തരത്തിൽ സർവങ്കഷങ്ങളും സകലസംശയച്ഛേദികളുമായ അനേകം ഭാഷാവ്യാഖ്യാനങ്ങൾ കൊല്ലം ഏഴു മുതൽ ഒൻപതുവരെ ശതകങ്ങിളിൽ വിവിധശാസ്ത്രജ്ഞന്മാരായ കേരളീയപണ്ഡിതന്മാർ വിരചിച്ചു ലോകത്തെ അനുഗ്രഹിച്ചിട്ടുണ്ടു്. ഭാഷാഗദ്യത്തിന്റെ അനുക്രമമായ വികാസത്തിനു് ഈ വ്യാഖ്യാനങ്ങളുടെ സാഹായ്യ്വും നിസ്സാരമായിരുന്നില്ല.<

26.14ശ്രൗതപ്രയോഗം ഭാഷ

യാഗാദിവൈദികകർമ്മങ്ങളിൽ അനുഷ്ഠിക്കേണ്ട പ്രയോഗരീതികളെപ്പറ്റി സവിസ്തരമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് ഇതു്. ഗ്രന്ഥകാരൻ ആരെന്നറിയുന്നില്ല. ആ വിഷയത്തിൽ അത്യന്തം അഭിജ്ഞനായ ഒരു നമ്പൂരിയാണെന്നു മാത്രമേ ഊഹിക്കുവാൻ നിർവ്വാഹമുള്ളു. ഭാഷയ്ക്കു വളരെ പഴക്കമുണ്ടു്. ഏഴാം ശതകത്തിലായിരിക്കാം ഗ്രന്ഥത്തിന്റെ ആവിർഭാവം. ഒരു ഭാഗം ഉദ്ധരിക്കാം: “അഗ്നിഷ്ടോമാർത്ഥമായി കൈപിടിച്ചാൽ ബ്രഹ്മനും ഹോതനും തൈത്തിരീയരോടുകൂടപ്പോയി ബോധായനസ്നാനവും ചെയ്തുപോരൂ. ബ്രഹ്മൻ കാലുംകഴുകി ആചമിച്ചു…ചെയ്യിൻറതിനു തെക്കേ നില്പൂ. തൈത്തരീയരോടുകൂട വരണാന്തമായിച്ചെയ്തഗ്നിഹോത്രശാലയിൽച്ചെന്റു തീ കാച്ചുന്നേടത്തു് അവിടെയവിടെത്തെക്കിരിപ്പൂ. ശാലയിൽ പോകുമ്പോൾ കൂടപ്പോയി കാലും കഴുകി ആചമിച്ചു ദേവയജനാദ്യവസ…ത്തിങ്കേന്നു തെക്കു നില്പൂ. ഇരിക്കിലിരിപ്പൂ. അധ്വര്യു ഇഡ ജപിച്ചാൽ ബ്രഹ്മൻ വേദ്യുൽകരമകംപുക്കു പോയി ആയതനു പരിഗ്രഹത്തിന്നവിടെയവിടെത്തെക്കിരിപ്പൂ. മഥിക്കുന്റേടത്തിങ്കേൻറു തീപ്പെട്ടാൽ കിഴക്കു പോയി ഇരിപ്പൂ.”

26.15ഭാവാധ്യായം ഭാഷ

ഹോരയിലേ ഭാവാധ്യായത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനം കണ്ടുകിട്ടീട്ടുണ്ടു്. വ്യാഖ്യാതാവു് ആരെന്നറിയുന്നില്ല. മാതൃക കാണിക്കുവാൻ രണ്ടു ശ്ലോകങ്ങളുടെ തർജ്ജമ ചുവടേ കുറിക്കുന്നു:

“മൂർത്ത്യാദയഃ പദാർത്ഥാ ജായന്തേ യേന വിവിധജന്തൂനാം
തസ്മാദധുനാ വക്ഷ്യേ ഭാവാധ്യായം വിശേഷേണ.”

“യാതൊരു ശാസ്ത്രത്തിങ്കൽനിൻറു യാതൊരു ഗ്രഹത്തെക്കൊണ്ടു മൂർത്ത്യാദികളായിരിക്കിൻറ പദാർത്ഥങ്ങൾ ജനിക്കപ്പെടിൻറൂ വിവിധങ്ങളായിരിക്കിൻറ ജന്തുക്കളുടെ; ആ ശാസ്ത്രത്തിങ്കൽനിൻറു ഭാവാധ്യായത്തെ ഞാൻ ഇപ്പോഴു വിശേഷേണ വചിക്കിൻറുണ്ടു്.”

“അല്പായുഃ കുനഖീ പരാക്രമഗുണീ ഹൃച്ഛൂ ന്യനഷ്ടാത്മജഃ
സ്ഥാനഭ്രംശകരോ വിശീർണ്ണമദനോ ദുർമ്മാർഗ്ഗമൃത്യുസ്തഥാ
ധർമ്മാദി പ്രതികൂലതാഹിമരുചിർവിത്തേശ്വരോ ദോഷവാ
നിത്യേതേ ക്രമശോ വിലഗ്നഭവനാൽ കേതോഃ ഫലം ചിന്ത്യതാം.”

അല്പായുസ്സായിരിപ്പോരുത്തൻ, അശ്ശിരിയായിരിക്കിൻറ നഖങ്ങളോടുകൂടിയിരിപ്പോരുത്തൻ, പരാക്രമമാകിൻറ ഗുണത്തോടുകൂടിയിരിപ്പോരുത്തൻ, ഹൃദയത്തിങ്കൽ സൽഗുണമെൻറുള്ളൊരു നിരൂപണമൊരിക്കലുമില്ലാതെയിരിപ്പോരുത്തൻ, പുത്രരോടു വേറുപെട്ടിരിപ്പോരുത്തൻ, സ്ഥാനനാശത്തെച്ചെയ്ക ശീലനായിരിപ്പോരുത്തൻ, സ്ത്രീകളോടുകൂടിയുള്ളോരു ക്രീഡയിങ്കൽ സ്ത്രീകൾ ഇവനെപ്പെരിക നിഷേധിച്ചിരിക്കുമാറുള്ളിതു, ദുർമ്മാർഗ്ഗം വിഷയമായുള്ളോരു മൃത്യുവിനോടുകൂടിയിരിപ്പോരുത്തൻ, ധർമ്മാർത്ഥകാമമോക്ഷങ്ങളിൽ ഒരിക്കലും ബുദ്ധിചെല്ലാതെയിരിപ്പോരുത്തൻ, ഹിമമെൻറപോലെയിരിപ്പോരു ശോഭയോടുകൂടിയിരിപ്പോരുത്തൻ ധനപതിയായിരിപ്പോരുത്തൻ, ദോഷത്തോടുകൂടിയിരിപ്പോരുത്തൻ” ഇത്യാദി.


അദ്ധ്യായം 27 - സംസ്കൃതസാഹിത്യം

ക്രി. പി. പതിനാറാം ശതകം

27.1ദേശചരിത്രം

പുരാതനകാലംമുതല്ക്കു ബാബിലോണിയന്മാർ, ഈജിപ്തുകാർ യവനന്മാർ, റോമകർ, അറബികൾ മുതലായി പല പാശ്ചാത്യദേശക്കാരുമായി കേരളീയർക്കു സമ്പർക്കമുണ്ടായിരുന്നു എങ്കിലും അതു കേവലം വാണിജ്യപരമായിരുന്നു. കേരളവുമായി രാഷ്ട്രീയബന്ധത്തിൽ ഇദംപ്രഥമമായി ഏർപ്പെട്ടതു പോർത്തുഗൽരാജ്യമാണു്. ക്രി. പി. 1497-ാമാണ്ടു മാർച്ചുമാസം 27-ാം നു വാസ്കോഡിഗാമ പോർത്തുഗലിൽനിന്നു പുറപ്പെട്ടു് 1498 ആഗസ്തു് 26-ാം നു, അതായതു കൊല്ലവർഷം 673 ചിങ്ങമാസത്തിൽ, ഇന്നു മലബാർ ജില്ലയിൽപ്പെട്ട പന്തലായിനിക്കൊല്ലമെന്ന തുറമുഖത്തു് എത്തി. ക്രി. പി. 1500-ാമാണ്ടു് ആഗസ്തു് 30-ാം നു പോർത്തുഗൽ രാജാവിനാൽ നിയുക്തനായ പഡ്രോ ആൽവാഴ്സ് കബ്രാൾ കോഴിക്കോട്ടു നഗരത്തിൽ വന്നുചേർന്നു സാമൂതിരിപ്പാടുമായി സഖ്യം ചെയ്തു. മാപ്പിള (മഹമ്മദീയർ) മാരുടെ പ്രാതികൂല്യം നിമിത്തം കോഴിക്കോട്ടുനിന്നു പോർത്തുഗീസുകാർക്കു പറയത്തക്ക ആനുകൂല്യമൊന്നും ലഭിച്ചില്ല. അതിനാൽ അവർ സാമൂതിരിയുമായി അക്കാലത്തു ശത്രുതയിൽ വർത്തിച്ചിരുന്ന കൊച്ചി മഹാരാജാവിനെ തങ്ങളുടെ ബന്ധുവായി സ്വീകരിക്കുകയും തദ്ദ്വാരാ അവിടെ പല ഭരണാവകാശങ്ങളും കരസ്ഥമാക്കുകയും ചെയ്തു. അമ്പലപ്പുഴ, കൊല്ലം മുതലായ ഇതരദേശങ്ങളിലെ രാജാക്കന്മാരുമായും അവർ ഓരോ ഉടമ്പടികളിൽ ഏർപ്പെട്ടു. കൊല്ലം 928-ൽ ആധുനികവഞ്ചിരാജ്യത്തിന്റെ പ്രതിഷ്ഠാപകനായ വീരമാർത്താണ്ഡവർമ്മ മഹാരാജാവു സാമൂതിരി രാജാക്കന്മാരുടെ ശക്തി നാമാവശേഷമാക്കുന്നതുവരെ കൊച്ചിയും കോഴിക്കോടും തമ്മിലുള്ള കൂറുമത്സരവും കുടിപ്പകയും അനുസ്യൂതമായി നിലനിന്നുപോന്നു എന്നു സ്പഷ്ടമായി പറയാം. പോർത്തുഗീസുകാർക്കു വാണിജ്യവൈയഗ്ര്യത്തേയും രാജ്യതൃഷ്ണയേയുംകാൾ അധികമായി മതപ്രചരണൗത്സുക്യം ഉണ്ടായിരുന്നു. തന്നിമിത്തം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും അവരും തമ്മിൽ പ്രചണ്ഡമായ സംഘട്ടനം ഉണ്ടായി. ആവക സംഭവങ്ങളെപ്പറ്റി സാഹിത്യചരിത്രത്തിൽ പ്രതിപാദിക്കേണ്ട ആവശ്യമില്ല. അത്തരത്തിലുള്ള കലാപങ്ങളൊന്നും ഭാഷയേയോ സാഹിത്യത്തേയോ സാരമായി സ്പർശിച്ചില്ല എന്നുള്ള വസ്തുത പ്രസ്താവനീയമാകുന്നു. പോർത്തുഗീസുഭാഷയിൽ നിന്നു ചില പദങ്ങൾ ഭാഷയിൽ സംക്രമിക്കുക മാത്രമുണ്ടായി. അതു ഭാഷാശാസ്ത്രന്യായങ്ങൾക്കു് അനുസൃതവും സ്വാഭാവികവുമാണുതാനും.

27.2മുദ്രാലയങ്ങൾ

പോർത്തുഗീസുകാരെ സാഹിത്യസംബന്ധമായി നാം കൃതജ്ഞതയോടുകൂടി സ്മരിക്കേണ്ടതു് അവർ കൊച്ചിയിലും വൈപ്പിക്കോട്ടയിലും സ്ഥാപിച്ച മുദ്രണാലയങ്ങൾക്കു വേണ്ടിയാകുന്നു. സെന്റ് ഫ്രാൻസിസ് സേവിയർ ക്രി. പി. 1542-ൽ ദക്ഷിണാപഥത്തിൽ വന്നു തമിഴുഭാഷ പഠിച്ചു് അതിൽ പ്രസംഗിക്കുവാനുള്ള പാടവം സമ്പാദിച്ചു. അദ്ദേഹം രചിച്ച വേദോപദേശം എന്ന പുസ്തകം പോർത്തുഗീസുകാർ ഗോവയിൽ ഇദംപ്രഥമമായി സ്ഥാപിച്ച മുദ്രാലയത്തിൽ 1557-ൽ പ്രസിദ്ധീകരിച്ചതായിക്കാണുന്നു. അതു ഭാരതീയഭാഷകളിലൊന്നിലും നിർമ്മിച്ചതായിരുന്നില്ല എന്നു ന്യായമായി അനുമാനിക്കാം. കേരളത്തിൽ ഒന്നാമതായി മുദ്രിതമായ പുസ്തകം (Doctrina Christiana) ‘ക്രിസ്തീയ വേദോപദേശം’ ആണു്. സ്പെയിൻകാരനും ജെസ്വിറ്റ്സഭയിലെ ഒരംഗവുമായ ജോൺഗോൺസാൽവസ്യൂ എന്ന വിദഗ്ദ്ധനാണു് അതിനുവേണ്ട അച്ചുകളെല്ലാം സജ്ജീകരിച്ചതു്. അതു് അച്ചടിച്ചതു കൊച്ചിക്കോട്ടയിൽ സ്ഥാപിച്ച മുദ്രാലയത്തിലുമാണു്. ഗോൺസാൽവസ് ഉണ്ടാക്കി എന്നു പറയുന്ന ലിപികൾ തമിഴിലായിരുന്നു. മലയാംതമിഴെന്നാണു് അതിനു പേർ നല്കിക്കാണുന്നതു്. തമിഴുലിപികൾക്കു് അന്നും കേരളത്തിൽ നല്ല പ്രചാരമുണ്ടായിരുന്നു. ക്രിസ്തീയവേദോപദേശത്തെത്തുടർന്നു ക്രിസ്തീയമതതത്വമെന്നും ക്രിസ്തീയവണക്കം എന്നും പേരുള്ള രണ്ടു പുസ്തകങ്ങൾ ആ മുദ്രാലയത്തിൽനിന്നു് 1579-ൽ പ്രസിദ്ധീകൃതങ്ങളായി. അവയുടെ കർത്താവു് (Enriquez) എന്റിക്കെസ് എന്ന ഒരു നാട്ടുകാരനും പ്രസാധകൻ മാർക്കോസ് ജോർജ്ജ് എന്ന പാതിരിയുമായിരുന്നു. ഗോൺസാൽവസ് ആ വർഷത്തിൽ നിര്യാതനായി. രണ്ടാമത്തെ മുദ്രാലയം ഫാദർ ആൽബർട്ട് ലേർഷ്യസ് 1602-ൽ ചേന്നമംഗലത്തിനു സമീപമുള്ള വൈപ്പിക്കോട്ടയിൽ സ്ഥാപിച്ചു. ആ മുദ്രാലയം എട്ടാം ക്ലെമെന്റ് മാർപ്പാപ്പ സമ്മാനിച്ചതാണു്. അവിടെ ആദ്യമായി അച്ചടിച്ച ഗ്രന്ഥം റോമൻ ആരാധനാക്രമത്തിന്റേയും തക്സായിലെ ചില പ്രാർത്ഥനകളുടേയും ആശീർവാദങ്ങളുടേയും അനുപദാനുവാദമാകുന്നു. പിന്നെയും ചില പുസ്തകങ്ങൾ അവിടെ മുദ്രിതങ്ങളായി. ആ ഗ്രന്ഥങ്ങൾ നിർമ്മിച്ചതു കല്ദായസുറിയാനി ഭാഷയിലും അച്ചടിച്ചതു് ആ ഭാഷയിലെ ലിപിയിലുമായിരുന്നു. ഇടയ്ക്കിടയ്ക്കു ചില കുറിപ്പുകളും മറ്റും മലയാളത്തിലുമുണ്ടായിരുന്നില്ലെന്നില്ല. ചേന്നമംഗലത്തുവെച്ചു് (Bernardino Ferav) ബർണ്ണാർദീനോ ഫെറാവ് എന്ന പാതിരിയാണു് മലയാളത്തിൽ ആദ്യമായി ഒരു ക്രിസ്തീയമതഗ്രന്ഥം എഴുതിയതെന്നു ചില അഭിജ്ഞന്മാർ പറയുന്നു. (Jorge Castro) ജോർജ്ജ് കാസ്ട്രോ എന്നൊരു ഭാഷാപണ്ഡിതനും അന്നു് അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉത്സാഹത്താൽ അനേകം ക്രിസ്തുമതഗ്രന്ഥങ്ങൾ ലത്തീൻഭാഷയിൽ നിന്നു മലയാളത്തിലേയ്ക്കു തർജ്ജമ ചെയ്യപ്പെട്ടു. വൈപ്പിക്കോട്ടയിലെ മുദ്രാലയം 1605-ൽ കൊടുങ്ങല്ലൂരിലേയ്ക്കു മാറ്റി. 1663-ൽ ലന്തക്കാർ കൊച്ചിക്കോട്ട പിടിച്ചടക്കിയപ്പോൾ ആ സ്ഥലത്തു ഗോൺസാൽവസ് സ്ഥാപിച്ച അച്ചുക്കൂടം നാമാവശേഷമാക്കിയതു് ഏതു നിലയിൽ നോക്കിയാലും അവരുടെ പേരിൽ അക്ഷന്തവ്യമായ ഒരപരാധമായി അവശേഷിക്കുന്നു.

27.3അമ്പഴക്കാട്ടെ മുദ്രാലയം

കൊല്ലം ഒമ്പതാം ശതകത്തിൽ സ്ഥാപിച്ചതാണു് അമ്പഴക്കാട്ടെ മുദ്രാലയമെങ്കിലും അതിനെപ്പറ്റിക്കൂടി ഇവിടെ പ്രസ്താവിക്കുന്നതു് അനുചിതമായിരിക്കയില്ലെന്നു വിശ്വസിയ്ക്കുന്നു. അമ്പഴക്കാട്ടു് ഇന്നൊരു കുഗ്രാമമാണെങ്കിലും അതു പണ്ടു വളരെ പ്രശസ്തമായ ഒരു സ്ഥലമായിരുന്നു. ലന്തക്കാർ പറങ്കികളെ ഓടിച്ചപ്പോൾ അവർ സാമൂതിരിരാജാവിന്റെ കൈവശത്തിലിരുന്ന ആ സ്ഥലത്തെ അഭയം പ്രാപിച്ചു. 1679-ൽ മലയാളത്തുകാരനായ ഇഞ്ഞാസി അയിച്ചാമണി മുമ്പു് ഗോൺസാൽവസ് ചെയ്തതുപോലെ മരത്തിൽ തമിഴക്ഷരങ്ങൾ കൊത്തിയുണ്ടാക്കി. അതാണു് കേരളത്തിലെ തൃതീയമുദ്രാലയം. അവിടെ ഫാദർ അന്തോണി ഡി പ്രിൻസാ (Pronca) രചിച്ച തമിഴു് നിഘണ്ടുവും ഫാദർ ദാ കോസ്റ്റാ (De Costa) രചിച്ച തമിഴു വ്യാകരണവും ആദ്യമായി പ്രസിദ്ധീകരിയ്ക്കപ്പെട്ടു. തമിഴുഭാഷയിൽ കത്തോലിക്കർക്കു വേണ്ടിവന്ന അച്ചടിയെല്ലാം അക്കാലത്തു് അവിടെയാണു് നിർവ്വഹിച്ചുവന്നതു്. റോബർട്ട് ദേ നോബിലിയുടെ (Robert De Nobili) ദൈവശാസ്ത്രം എന്ന പുസ്തകം മുദ്രണം ചെയ്തതും അവിടെത്തന്നെയാണു്. ക്രി. പി. പതിനെട്ടാം ശതകത്തിലെ മുദ്രാപണപരിശ്രമങ്ങളെപ്പറ്റി യഥാവസരം പിന്നീടു് ഉപന്യസിച്ചുകൊള്ളാം.

27.4മഴമംഗലത്തു ശങ്കരൻനമ്പൂരി

മഴമംഗലത്തില്ലം തൃശ്ശിവപേരൂരിൽ ഇപ്പോൾ ആസ്പത്രി സ്ഥാപിച്ചിരിക്കുന്ന സ്ഥലത്താണു പണ്ടു സ്ഥിതി ചെയ്തിരുന്നതു്. ആ ഇല്ലം അന്യം നിന്നപ്പോൾ അതിലെ വസ്തുവകകൾ തരണനല്ലൂർ ഇല്ലത്തേക്കു് ഒതുങ്ങി. രണ്ടില്ലത്തേക്കും പരദേവത ഊരകത്തമ്മ തിരുവടി എന്നു പറയുന്ന തിരുവളങ്ങാട്ടു പാർവ്വതീദേവി (വലയാധീശ്വരി) ആണു്. വലയാധീശ്വരിയെ കാമാക്ഷീ പദംകൊണ്ടു വ്യപദേശിയ്ക്കുന്നതു കാഞ്ചീപുരത്തെ കാമാക്ഷീദേവിയെ ഭജിച്ചു പ്രത്യക്ഷമാക്കി വലയത്തു ഭട്ടതിരി ഊരകത്തു കൊണ്ടുവന്നു പ്രതിഷ്ഠിക്കുക നിമിത്തമാണെന്നു പഴമക്കാർ പറയുന്നു. ആ ഇല്ലവും പറമ്പും ശങ്കരൻനമ്പൂരിയുടെ മകൻ നാരായണൻനമ്പൂരിയുടെ കാലത്തു മാത്രമേ കുടുംബത്തിലേക്കു കിട്ടിയുള്ളുവെന്നും അറിവുണ്ടു്.

ജീവചരിത്രം
മഴമംഗലത്തില്ലത്തിൽ ജനിച്ച മൂന്നു നമ്പൂരിമാരെപ്പറ്റി നമുക്കു് അറിവുണ്ടു്. ശങ്കരൻനമ്പൂരിയെന്നും പരമേശ്വരൻനമ്പൂരിയെന്നും നാരായണൻനമ്പൂരിയെന്നും ആണു് അവരുടെ പേരുകൾ. ശങ്കരൻനമ്പൂരിയാണു് ചെങ്ങന്നൂർ വാഴമാവേലിപ്പോറ്റിയുടെ ശിഷ്യനായ പ്രസിദ്ധ ജൗതിഷികൻ. ശങ്കരൻനമ്പൂരിയുടെ ജ്യോതിഷഗ്രന്ഥങ്ങളിലെല്ലാം പ്രായേണ ‘എന്റെ വാഴമാവേലിക്കു നമസ്കാരം’ എന്നൊരു കുറിപ്പും,

“തുമ്പതിങ്കളൊടു കെങ്കതന്നെയും ചൂടുമപ്പനുടെയോമലുണ്ണികൾ
ബാലകായ…ഭാഷയായ്ച്ചൊല്ലുവാനിഹ തുണയ്പുതാകമേ.”
എന്നൊരു മംഗലാചരണപദ്യവും കാണ്മാനുണ്ടു്. അദ്ദേഹത്തിന്റെ ‘രൂപാനയനപദ്ധതി’ എന്ന വ്യാകരണഗ്രന്ഥത്തിൽ

“ഗ്രാമേ പുരുവനേ വല്ലീഗ്രാമേ മഹിഷമംഗലേ
ജാതോയം ഹംസതുല്യേഹ്നി ജാതോ യശ്ശങ്കരാഹ്വയഃ,
ഗണിതേ യതമാനേന തേന വ്യാകരണാധ്വനി
പദപ്രചാരഹീനേനാപ്യേഷ ബാലകൃതേ കൃതാ
സദോഷാ സ്യാൽ പദ്ധതിശ്ചേദ്ഗമനം നഹി ശോഭനം;
തസ്മാദ്വിശോധനീയേയം വിദ്വദ്ഭിർവീതമത്സരൈഃ”
എന്നീ ശ്ലോകങ്ങളുണ്ടു്. ആദ്യത്തെ ശ്ലോകത്തിൽ “ഹംസതുല്യേഹ്നി ജാതോ യഃ” എന്ന ഭാഗം കവിയുടെ ജന്മദിനത്തെ സൂചിപ്പിയ്ക്കുന്നതായി പരിഗണിയ്ക്കാം. അതിൽനിന്നു് അദ്ദേഹം ജനിച്ചതു കൊല്ലം 669-ൽ ആണു് എന്നു സിദ്ധിക്കുന്നു. വല്ലീഗ്രാമമാണു് ഇന്നത്തെ വള്ളിക്കുന്നു്. അദ്ദേഹത്തിന്റെ മുഹൂർത്തശാസ്ത്രപ്രതിപാദകമായ ഭാഷാസംഗ്രഹം എന്ന ഗ്രന്ഥം 715-ആമാണ്ടു മീനമാസം 8-ആനു എഴുതിത്തീർന്നു എന്നു് ഒരു താളിയോലഗ്രന്ഥത്തിലെ കുറിപ്പിൽനിന്നു നമുക്കു് അനുമാനിക്കാൻ കഴിയും. ആ ഗ്രന്ഥം ഇങ്ങിനെ ആരംഭിക്കുന്നു:

“തുമ്പയും തിങ്കളും ചൂടിന്റപ്പന്റേ മുൻപിലേ മകൻ
മമാനമുഖമുള്ളപ്പനകലെപ്പോക്കുകാപദഃ,
വക്ഷ്യേ നമസ്കരിച്ചിട്ടു വിജ്ഞാതം ഭൂതനാഥനെ
ബാലാനാം പൊഴുതും മാത്രം ഭാഷാസംഗ്രഹമിത്യഹം.”
ശങ്കരൻ അദ്ദേഹത്തിന്റെ പ്രധാന ജ്യോതിഷകൃതികളായ കാലദീപകഭാഷാവ്യാഖ്യയ്ക്കും മുഹൂർത്തപദവീഭാഷാവ്യാഖ്യയ്ക്കും ലഘുഭാസ്കരീയത്തിനും ബാലശങ്കരം എന്നൊരു പൊതുപ്പേർ നല്കിക്കാണുന്നു. കാലദീപകം ബാലശങ്കരത്തിന്റെ ഒടുവിൽ

“അസ്തി ശോണാചലഗ്രാമവാസ്തവ്യോ ദ്വിജപുംഗവഃ
ദയാലുസ്സർവഭൂതേഷു ദേവാരാധനതൽപരഃ
ദൈവജ്ഞസ്തൽപദാംഭോജമകരന്ദനിഷേവണാൽ
ഭ്രാന്തചിത്തേന കേനാപി രചിതം തദ്ദ്വിജന്മനാ
ദീപകം വിലസത്വേതച്ചിരായ ധരണീതലേ
നിർമ്മത്സരേഭ്യസ്സാധുഭ്യോ ഭൂയോ ഭൂയോ നമോ നമഃ”
എന്ന ഭാഗത്തിൽ ഭക്തിപൂർവ്വം സ്മരിക്കുന്നു. മുഹൂർത്തപദവീ ബാലശങ്കരത്തിന്റെ ആരംഭത്തിലും

“വാണിമാതിനെ വന്ദിച്ചു ഗുരുഞ്ച പരമേശ്വരം
മുഹൂർത്തപദവീമിന്നു ഭാഷയായു് വ്യാകരോമ്യഹം”
എന്നൊരു പ്രസ്താവന കാണുന്നു. രണ്ടു ഗ്രന്ഥങ്ങളുടെ അവസാനത്തിലും ‘ഇതി പരമേശ്വരപ്രിയശിഷ്യേണ ശങ്കരേണ വിരചിതേ’ എന്നൊരു സൂചിവാചകമുണ്ടു്. വാഴമാവേലിയെ ഒരു ഗ്രന്ഥകാരന്റെ നിലയിൽ നാമറിയുന്നില്ല. കാലദീപക വ്യാഖ്യ എഴുതിയതു കൊല്ലം 715-ആമാണ്ടിടയ്ക്കാണെന്നുള്ളതിനു് ആ ഗ്രന്ഥത്തിൽതന്നെ തെളിവുണ്ടു്:

“ഝടിത്യഭൂദ്ദാരജനസ്യ ഭൂതിഭാക്‍
പ്രഭാവനാസ്തീകജനാരിസംയുതഃ
വിലിപ്തികാദ്യോയമിനസ്യ മധ്യമോ
യദ്രാശിഗസ്തത്ര ഗതോധിമാസികഃ.
നാലായിരത്തറുനൂറ്റിനാല്പത്തൊന്നു കല്യബ്ദം തികഞ്ഞിട്ടു പിന്നെ മേടഞായർ തുടങ്ങി എട്ടു തിങ്കളും കഴിഞ്ഞിട്ടുള്ള ധനു ഞായറ്റിൽ അന്നത്തെ അധിമാസമെന്നു കല്പിക്കണം” എന്നു പറഞ്ഞിരിക്കുന്നു. കലിവർഷം 4641-നു തുല്യമായ കൊല്ലവർഷം 715 ആണല്ലോ. അതുപോലെ മുഹൂർത്തപദവീവ്യാഖ്യയിൽ

“ദേവോ പിനദ്ധഃ കപടീ ഹരോസൗ
പ്രഭാവനാസ്തിക്യജനാരിയുക്തഃ
കോളംബകാലാദ്വിഗണയ്യ സിംഹാ
ന്മധ്യാധിമാസഃ പുനരേവമേവ.”
കൊല്ലവർഷം 729-ആണ്ടു കർക്കടകമാസത്തിൽ മധ്യാധിമാസം ‘ദേവോ പിനദ്ധഃ കപടീ ഹരോസൗ’ എന്നിവറ്റെക്കൊണ്ടു ചൊല്ലിയതു്. ‘ദേവാ പിനദ്ധഃ കപടീ’ എന്നു വിലയാദിയായി ആദിത്യമധ്യമം. എഴുനൂറ്റിരുപത്തൊൻപതാമാണ്ടു ചിങ്ങഞായറ്റിൽ തുടങ്ങീട്ടു പതിനൊന്നു മാസം കഴിഞ്ഞതെന്നു ചൊല്ലിയ പതിനൊന്നു രാശി കഴിഞ്ഞ ശേഷംകൊണ്ടു കർക്കടകമാസത്തിലധിമാസമെന്നറിഞ്ഞുകൊൾക” എന്നു പ്രസ്താവിച്ചിരിക്കുന്നതിൽനിന്നു് ആ ഗ്രന്ഥത്തിൻറെ നിർമ്മിതി 729-ആണ്ടിടയ്ക്കാണെന്നു് ഉദ്ദേശിക്കാം.

വാഴമാവേലിയോടു ജ്യോതിഷം അഭ്യസിച്ചു് അതിൽ പ്രസിദ്ധി സമ്പാദിച്ചതിനുശേഷവും ശങ്കരൻ അധികമായി ചെങ്ങന്നൂരിൽത്തന്നെയാണു് താമസിച്ചിരുന്നതെന്നുള്ളതിനെപ്പറ്റി പക്ഷാന്തരമില്ല. അദ്ദേഹം പാർവ്വതീദേവിയുടെ ഒരു മൂർത്തിഭേദമായ ‘ത്വരിത’യുടെ (കിരാതരുദ്രന്റെ പത്നി) ഉപാസകനായിരുന്നു എന്നും പുരാവിത്തുകൾ പറയുന്നു. തന്റെ ജന്മഭൂമിയായ പെരുമനത്തേയും വാസസ്ഥലമായ ചെങ്ങന്നൂരിനേയും പറ്റി പല സൂചനകളും അദ്ദേഹത്തിന്റെ ജ്യോതിഷ ഗ്രന്ഥങ്ങളിൽ കാണുന്നുണ്ടു്. “പ്രജ ജീവനോടുകൂടിപ്പിറന്നേ ഗർഭത്തിനു പൂർണ്ണത വരൂ. എന്നിട്ടു പ്രജ ജീവനോടുകൂടിപ്പിറന്നപ്പോളേക്കു് എല്ലാ ഗർഭങ്ങൾക്കും സീമന്തം ചെയ്യുമാറത്രേ പെരുവനത്തു് ആചാരം.” “ഇങ്ങനെയത്രേ പെരുവനത്തും മറ്റു പലേടത്തുമാചാരം കാണുന്നു. ഇരിങ്ങാലക്കുടെ കടിഞ്ഞൂൽ പിറന്ന പ്രജ ജീവനോടു കൂടാതെയത്രേ പിറന്നൂ എങ്കിൽ കടിഞ്ഞൂല്ക്കുതന്നെ സീമന്തം ചെയ്യുമാറുള്ളു” “മൂവാണ്ടു് ഊണും മുമ്പേ കാതു കുത്തുമാറില്ല പെരുവനത്തു്” “ചെങ്ങന്നൂർ ദിക്കിൽ ചൊവ്വാഴ്ച കഷ്ടപക്ഷമായിട്ടു കൊണ്ടുകാൺമുണ്ടു്; എന്നാൽ പെരുവനത്തു ചൊവ്വാഴ്ച ഒഴിച്ചുള്ള ആറാഴ്ചകളും (ചാമർത്തത്തിന്നു) കൊള്ളാം” ഇത്യാദി കാലദീപകവ്യാഖ്യയിലെ പങ്ക്തികൾ നോക്കുക. കൊല്ലം 750-ആണ്ടോടുകൂടി പ്രസ്തുത ദൈവജ്ഞൻ പരഗതിയെ പ്രാപിച്ചിരിക്കണം.

കൃതികൾ
ശങ്കരൻനമ്പൂരിയുടെ കൃതികൾ ഒട്ടുവളരെയുണ്ടു്. അവ പ്രായേണ ജ്യോതിശ്ശാസ്ത്ര പ്രതിപാദകങ്ങളും ഭാഷയിൽ പദ്യത്തിലും ഗദ്യത്തിലുമായി രചിക്കപ്പെട്ടിട്ടുള്ളവയുമാകുന്നു. അവയിൽ (1) കാലദീപകം ബാലശങ്കരം (2) കാലദീപകം ഭാഷാപദ്യങ്ങൾ (3) മുഹൂർത്തപദവീ ബാലശങ്കരം (4) ലഘുഭാസ്കരീയം ബാലശങ്കരം (5) ഗണിതസാരം (6) ചന്ദ്രഗണിതക്രമം ( 7) പഞ്ചബോധം (8) പഞ്ചബോധാർത്ഥ ദർപ്പണം (9) അയനചലനാദിഗണിതം (10) ഭാഷാസംഗ്രഹം (11) പ്രശ്നസാരം (12) ജാതകക്രമം (13) ജാതകസാരം (14) കരണസാരം ഈ ഗ്രന്ഥങ്ങൾ കണ്ടുകിട്ടിയിട്ടുണ്ടു്. വേറെയും ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിരിക്കണം. 1000 കൊല്ലത്തേക്കുള്ള സകല മുഹൂർത്തങ്ങളും അദ്ദേഹം ഗണിച്ചു രേഖപ്പെടുത്തീട്ടുണ്ടെന്നു ചില പണ്ഡിതന്മാർ പറയുന്നു. പ്രസ്തുത ഗ്രന്ഥങ്ങളെപ്പറ്റി അന്യത്ര പ്രസ്താവിക്കും.

സംസ്കൃതത്തിൽ അദ്ദേഹം മുൻപു സൂചിപ്പിച്ച രൂപാനയന പദ്ധതി എന്ന വ്യാകരണകൃതി മാത്രമേ രചിച്ചിട്ടുള്ളതായി അറിവുള്ളൂ. അതിനെപ്പറ്റി ഇവിടെ സ്വല്പം ഉപന്യസിക്കാം. ഗ്രന്ഥാവസാനത്തിൽ ഗണിതശാസ്ത്രത്തിൽ പ്രയത്നിക്കുന്ന താൻ വ്യാകരണശാസ്ത്രത്തിൽ പദപ്രചാരഹീനനാണെന്നും എങ്കിലും ബാലന്മാർക്കുവേണ്ടി അതു രചിക്കുന്നതാണെന്നും അദ്ദേഹം വിജ്ഞാപനം ചെയ്യുന്ന ശ്ലോകം മുൻപു് ഉദ്ധരിച്ചു കഴിഞ്ഞു. ഗ്രന്ഥകാരൻ രൂപാവതാരത്തെത്തന്നെയാണു് പ്രായേണ അനുഗമിക്കുന്നതു്. കാരികകളും ഉദാഹരണശ്ലോകങ്ങളും വാസുദേവന്റെ പര്യായപദാവലിയിൽനിന്നുദ്ധരിക്കുന്നു എന്നു് ഇരുപതാമധ്യായത്തിൽ ഞാൻ പ്രസ്താവിച്ചിട്ടുണ്ടു്. “കേ പുനഃ സ്ത്രീപ്രത്യയാഃ? ടാപു്, ആപു്, ചാപു്, ങീപു്, ങീഷ്, ങീൻ, ഊങ്, തി ഇത്യാഷ്ടൗ സ്ത്രീപ്രത്യയാഃ” എന്നിങ്ങനെ വളരെ വിശദവും ലളിതവുമായ ഒരു രീതിയിലാണു് അദ്ദേഹം വാക്യങ്ങൾ രചിക്കുന്നതു്.

“സൃഷ്ടിസ്ഥിത്യാദികർത്താരം ശ്രീരുദ്രഞ്ചാംബികാമപി
നത്വാ ഗണാധിപം വക്ഷ്യേ രൂപാനയനപദ്ധതിം”
എന്ന പ്രതിജ്ഞാപദ്യത്തോടുകൂടി ഗ്രന്ഥം ആരംഭിക്കുന്നു.

27.5ചിത്രഭാനുനമ്പൂതിരി

കവികുലമൂർദ്ധന്യനായ ഭാരവിയുടെ കിരാതാർജ്ജുനീയമഹാകാവ്യത്തിന്റെ ആദ്യത്തെ മൂന്നു സർഗ്ഗങ്ങൾക്കു ചിത്രഭാനുനാമാവായ ഒരു നമ്പൂതിരി ‘ശബ്ദാർത്ഥ ദീപിക’ എന്ന പേരിൽ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അർത്ഥഗൗരവത്തിനു സുപ്രസിദ്ധമായ പ്രസ്തുത കാവ്യത്തിന്റെ ‘ത്രിസർഗ്ഗി’ എന്ന പേരിൽ അറിയപ്പെടുന്ന ആ മൂന്നു സർഗ്ഗങ്ങൾ പണ്ടു കേരളത്തിൽ പ്രഭുകുടുംബാംഗങ്ങളെ നിഷ്കർഷിച്ചു പഠിപ്പിച്ചിരുന്നു. രാജനീതിയുടെ പല മർമ്മങ്ങളേയും ത്രിസർഗ്ഗിയിൽ പ്രകാശിപ്പിച്ചിട്ടുണ്ടല്ലോ. അവരുടെ ആവശ്യത്തെ പുരസ്കരിച്ചായിരിക്കാം ചിത്രഭാനു ആ ഭാഗം മാത്രം വ്യാഖ്യാനിച്ചതു്. അതിനാൽ അതിനു ത്രൈസർഗ്ഗികവ്യാഖ്യയെന്നും ഒരു സംജ്ഞയുണ്ടു്. എല്ലാ സർഗ്ഗങ്ങളും താൻ വ്യാഖ്യാനിച്ചിട്ടില്ലെന്നു് അദ്ദേഹംതന്നെ ആരംഭത്തിൽ

“പ്രവൃത്തിശക്ത്യോരവസാദതോഽന്തരാ
ഭവേദനിർവ്യൂഢമിദം തു യദ്യപി
തഥാപി ശബ്ദാർത്ഥനവാധ്വബോധകം
കരോതി കാമം സുധിയാം നിബന്ധനം.”
എന്ന പദ്യത്തിൽ പ്രസ്താവിക്കുന്നു. വ്യാഖ്യാനം സർവതോ മുഖവും വ്യാഖ്യാതാവിനു വൈയാകരണന്റേയും സഹൃദയന്റെയും നിലയിലുള്ള സ്ഥാനത്തെ വിശിഷ്യ വിശദീകരിക്കുന്നതുമാകുന്നു. ആ വിഷയത്തിൽ പൂർണ്ണസരസ്വതിയുടെ സമസ്കന്ധനായി അദ്ദേഹത്തെ ഗണിക്കാം. തന്റെ വിവരണം ചർച്ച ചെയ്യുന്നതിനു് അധികാരികൾ ആരെന്നു് അദ്ദേഹം താഴെക്കാണുന്ന പദ്യങ്ങളിൽ നിർദ്ദേശിക്കുന്നു:

“ന വാ നവേ കർത്തരി സാവധീരണാഃ
സമത്സരാഃ കേപി വിദഗ്ദ്ധമാനിനഃ
നിബന്ധനേസ്മിൻ ജനയന്ത്യുപേക്ഷണം
ത്യജന്തി തേ രത്നവരം കരാർപ്പിതം.
രസാന്തരജ്ഞാഃ പദവാക്യചാതുരീ
വിവേചകാ മാനവിദോ വിപശ്ചിതഃ
പരാകൃതേർഷ്യാഃ പരിതഃ പരീക്ഷകാഃ
പൃഥക്‍ പരീക്ഷാം കൃതിനോത്ര കുർവതാം.
പരീക്ഷിതേത്രാവഹിതൈഃ പരീക്ഷകൈഃ
ക്രമേണ ദോഷാശ്ച ഗുണാശ്ച ഭാന്തി ചേൽ
വിവിച്യ വാഗർത്ഥഗതേർവിഭാവനാദ്
ഭവേദ്ധ്രുവം നസ്സഫലഃ പരിശ്രമഃ.”
കാലം
ചിത്രഭാനുകൃതമായി കരണാമൃതം എന്ന പേരിൽ ഒരു ജ്യോതിഷഗ്രന്ഥമുണ്ടു്. ആ ചിത്രഭാനു പ്രസ്തുത വ്യാഖ്യാകാരനാണെന്നു ഞാൻ അനുമാനിക്കുന്നു. കരണാമൃതത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണുന്നുണ്ടു്:

“പ്രണമ്യ ഭാസ്വദ്വിഘ്നേശവാഗ്വിഷ്ണു പരമേശ്വരാൻ
ഗ്രഹാൻ ഗുരൂംശ്ച ഗാർഗ്ഗ്യാദീൻ കരിഷ്യേ കരണാമൃതം.”
“ബുദ്ധ്യോന്മഥ്യോദ്ധൃതം യത്നാൽ തന്ത്രാബ്ധേശ്ചിത്രഭാനുനാ
തദേതൽ കാലതത്ത്വജ്ഞാ ഗൃഹ്ണന്തു കരണാമൃതം.”
‘ബുദ്ധ്യോന്മഥ്യോദ്ധൃതം യത്നാൽ’ എന്നതു കലിവാക്യമാണു്. അതിൽനിന്നു കരണാമൃതത്തിന്റെ നിർമ്മിതി കൊല്ലം 706-ൽ ആണെന്നു സിദ്ധിക്കുന്നു. ‘ഗാർഗ്ഗ്യ’ എന്ന പദത്താൽ ഗ്രന്ഥകാരൻ സ്മരിക്കുന്നതു കേളല്ലൂർ ചോമാതിരിയെയാണു്. ചോമാതിരി ചിത്രഭാനുവിന്റെ ഗുരുക്കന്മാരിൽ പ്രഥമഗണനീയനായിരുന്നു. ‘വിഷ്ണുപരമേശ്വര’ പദംകൊണ്ടു കരണാമൃതനിർമ്മാതാവു ശങ്കരനാരായണമൂർത്തിയെ വന്ദിക്കുന്നതായി ഊഹിക്കാം. പ്രസ്തുതകരണത്തിനു വിശിഷ്ടമായ ഒരു സംസ്കൃത വ്യാഖ്യാനം ലഭിച്ചിട്ടുണ്ടു്, ‘ചിത്രഭാനു നാമ്നാ ദ്വിജവര്യേണ’ എന്നു് ആ ഗ്രന്ഥത്തിൽ പ്രസ്താവന കാണുന്നു. ചുവടേ പകർത്തുന്ന ശ്ലോകങ്ങൾ അതിലുള്ളവയാണു്:

“വാഗീശ്വരീം പ്രണമ്യാഹം ഗുരൂംശ്ചാർക്കാദികാൻ ഗ്രഹാൻ
പ്രാരഭേ ചിത്രഭാനൂക്തം വ്യാഖ്യാതും കരണാമൃതം.”
“ആചന്ദ്രതാരകം സ്ഥേയാൽ തദിദം ചിത്രഭാനുവൽ
കാലതത്ത്വജ്ഞവിജ്ഞാനപ്രീതയേ കരണാമൃതം.”
‘ബുദ്ധ്യോന്മഥ്യ’ എന്ന ശ്ലോകത്തിനു് അർത്ഥവിവരണം ചെയ്യുമ്പോൾ വ്യാഖ്യാതാവു “ചിത്രഭാനുനേത്യനേന നാമകീർത്തനേന യസ്യേദൃശീഷ്വതിഗഹനാസു ഗണിതഗോളയുക്തിഷ്വ പ്രതിഹതപ്രസരാ ബുദ്ധിർദ്ദരീദൃശ്യതേ, തേനോദ്ധൃതമിത്യ നേനാദരണീയമേതദിതി ദർശിതം” എന്നു പറയുന്നു. ഈ പംക്തികളിൽനിന്നു ചിത്രഭാനുവിനു ജ്യോതിശ്ശാസ്ത്രത്തിലുള്ള പാണ്ഡിത്യപ്രകർഷം വ്യഞ്ജിക്കുന്നു. ദൃഗ്ഗണിതകാരന്റെ പദ്ധതിയനുസരിച്ചു നാലു പരിച്ഛേദങ്ങളിലാണു് കരണാമൃതം രചിച്ചിരിക്കുന്നതു്.

ദേവകൃതമായി മറ്റൊരു കരണാമൃതംകൂടി കാണ്മാനുണ്ടു്. ആ ആചാര്യൻ കേരളീയനാണോ എന്നു നിശ്ചയമില്ല. പ്രസ്തുത ഗ്രന്ഥം ആര്യഭടീയത്തിന്റെ സംക്ഷേപവും അതിലെ ശ്ലോകങ്ങൾ ആര്യാവൃത്തത്തിൽ ഗ്രഥിതങ്ങളുമാണു്.

ദേശം
ചിത്രഭാനു ചൊവ്വരം ഗ്രാമക്കാരനാണെന്നുള്ളതിനു തെളിവു കാണിക്കാം. യദുവീരോദയം എന്നൊരു വിശിഷ്ടനാടകം അദ്ദേഹത്തിന്റെ വംശജനായ ശങ്കരൻനമ്പൂതിരി നിബന്ധിച്ചിട്ടുണ്ടു്. അതിന്റെ പ്രസ്താവനയിൽ താഴെ ഉദ്ധരിക്കുന്ന പംക്തികൾ കാണുന്നു:

“അസ്തി താവദനവദ്യവൈദികധർമ്മവിധാനതല്പരശ്രോ ത്രിയസമുദായനിവാസഭൂമി, സ്സമസ്തവിദ്യാസമ്പ്രദായ പ്രവർത്തക ഗുരുഭൂതസ്യ സർവദാ സർവഭൂതാനുഗ്രഹൈകരസസ്യ ദേവസ്യ ദക്ഷിണാമൂർത്തേരധി…ശാലീ ശിവകരോ നാമ ഗ്രാമഃ യത്ര പവിത്രചരിത്രസ്യ ഗൃഹമേധിനോ മഹീദേവസ്യ സമുദ്ഭൂത സകലകലാനിധി…ശാസ്ത്രാഭിജ്ഞഃ പുത്രശ്ചിത്രഭാനുരിതി ജഗതി പ്രതീതോ മഹാകവിഃ, അതിഗംഭീരഭാരവികാവ്യമഹാർണ്ണവകർണ്ണധാരഃ, പര്യാപ്തപരമപുരുഷാർത്ഥതയാ പരിഗളിത ശരീരബന്ധോപി…യശോമയമതിവിശദം വിപുലതരമാദധാ നസ്ത്രിഭൂവനമദ്യാപ്യധ്യാസ്തേ. തദന്വയപ്രസൂതസ്യ കസ്യചിദ്വിജന്മനഃ പരമേശ്വരശർമ്മണഃ സദ്ധർമ്മനിഷ്ഠസ്യ ഗരിഷ്ഠസ്യ സ്വാധ്യായാധ്യയനനിരതസ്യ നിരന്തരഹരിചരണസരോജസ്മരണദൂരീകൃതദുരിതരാശേരാത്മജേന ശങ്കരനാമ്നാ വിരചിതം യദുവീരോദയം നാമ നാടകം.”

ഇതിൽനിന്നു കിരാതാർജൂനീയവ്യാഖ്യാകാരനായ ചിത്രഭാനുവിന്റെ കുലത്തിൽ ജാതനായ പരമേശ്വരന്റെ പുത്രനാണു് നാടകകർത്താവു് എന്നും ആ കുടുംബം ശിവപുരം ഗ്രാമത്തിൽ അന്തർഭവിച്ചതാണെന്നും വിശദമാകുന്നുണ്ടല്ലോ. ആ നാടകത്തിൽത്തന്നെ അദ്ദേഹം ഗൗതമഗോത്രജനാണെന്നും പറയുന്നു.

ഭാവചിന്താവലി
ഇതു മൂന്നദ്ധ്യായത്തിൽ രചിക്കപ്പെട്ടിട്ടുള്ള ഒരു ജ്യോതിഷഗ്രന്ഥമാണു്. അതിൽ

“നത്വാ ഗണേശ്വരം വാണീം ചിത്രഭാനും ഗുരൂൻ ഗ്രഹാൻ
ഭക്ത്യാ വിലിഖ്യതേ കിഞ്ചിൽ ഭാവചിന്താവലീ മയാ.”
എന്നൊരു വന്ദനശ്ലോകം കാണുന്നുണ്ടു്. ആ ശ്ലോകത്തിലെ ചിത്രഭാനുപദം കേവലം സൂര്യവാചിയാണെന്നു തോന്നുന്നില്ല. എന്റെ ഊഹം ശരിയാണെങ്കിൽ ചിന്താവലീകാരൻ ചിത്രഭാനുവിന്റെ ശിഷ്യനാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. പ്രസ്തുതഗ്രന്ഥത്തിൽ നിന്നു് ഒരു ശ്ലോകം കൂടി ഉദ്ധരിക്കാം:

“അശുഭൈശ്ശുഭൈശ്ച ദൃഷ്ടേ ഭാവർക്ഷേ ഭാവപേഥവാ ബലിനി
ഭാവാ ഭവന്തി ചപലാ ഹീനാ വാ നിഷ്ഫലാശ്ചാപി.”

27.6തിരുമംഗലത്തു നീലകണ്ഠൻ

മനുഷ്യാലയ ചന്ദ്രിക, മാതംഗലീല, കാവ്യോല്ലാസം എന്നീ മൂന്നു് ഉൽകൃഷ്ടകൃതികൾ തിരുമംഗലത്തു നീലകണ്ഠൻനമ്പീശൻ രചിച്ചിട്ടുണ്ടു്.

ദേശം
താഴെ കാണുന്ന പദ്യങ്ങൾ പ്രകൃതത്തിൽ ഉദ്ധരണാർഹങ്ങളാണു്:

“നൃസിംഹയാദവാകാരതേജോദ്വിതയമദ്വയം
രാജതേ നിതരാം രാജരാജമംഗലധാമനി.
തത്രത്യഃ ശ്രീമദേതച്ചരണസരസിജൈകാശ്രയോ നീലകണ്ഠോ
നിത്യം ശ്രീമംഗലാവാസ്യമലഗുരുജനാദാത്ത ശാസ്ത്രാവബോധഃ
ബ്രഹ്മാനന്ദാഭിധാനപ്രഥിതയതികൃപാപ്രാപ്ത തത്ത്വാവബോധഃ
സ്വാധീതസ്ഥൈര്യകാംക്ഷീ പരഹിതനിരതോരത്നമുച്ചൈ രതാനീൽ.
ശ്രീമൽകുണ്ഡപുരേ വിരാജതി പരക്രോഡേ ച തേജഃ പരം
നാവാനാമ്നി ച ധാമ്നി യച്ച നിതരാം മല്ലീവിഹാരാലയേ
അശ്വത്ഥാഖ്യനികേതനേപി ച പുരേ ശ്രീകേരളാധീശ്വരേ
സംഭൂയൈതദുരുപ്രകാശവിഷയേ ചിത്തേ മമോജ്ജൃംഭതാം.
ശ്രീമംഗലാസ്പദസദാശ്രയനീലകണ്ഠ
പ്രേമപ്രകർഷനിലയസ്സകലാഭിവന്ദ്യഃ
ശ്രീമദ്ഗിരീന്ദ്രതനയാതനയോഽങ്ഘ്രിഭാജാം
കാമപ്രദോ ജയതി മത്തമതംഗജാസ്യഃ.
തദ്ദേവപാദകമലൈകസമാശ്രയഃ കോ
പ്യുദ്യോതമാനഗുരുവര്യകൃപാഭിയോഗാൽ
വിദ്യാപരിശ്രമപരോ ബഹുധാത്മശുദ്ധാ
വുദ്യോഗവാൻ ഭവതി ബാലവിബോധനേ ച.
യേഷാം ശ്രുതിപ്രണയിനീ ധിഷണാ, യദീയ
സ്സങ്കല്പകല്പിതതനുഃ പരമേശ്വരോപി
തേഷാം മഹീസുമനസാം മഹനീയഭാസാ
മുത്തംസയേ പരമുദാരപദാരവിന്ദം.
നിസർഗ്ഗസംസിദ്ധസമസ്തശില്പ
പ്രാവീണ്യമാദ്യം ദ്രുഹിണം പ്രണമ്യ
മയാ മനുഷ്യാലയചന്ദ്രികൈഷാ
വിലിഖ്യതേ മന്ദധിയാം ഹിതായ.
മയമതയുഗളം പ്രയോഗമഞ്ജ
ര്യപി ച നിബന്ധനഭാസ്കരീയയുഗ്മം
മനുമതഗുരുദേവപദ്ധതിശ്രീ
ഹരിയജനാദിമഹാഗമാ ജയന്തി. മാർക്കണ്ഡേയനിബന്ധനം മയമതം രത്നാവലിം ഭാസ്കര
പ്രോക്തം കാശ്യപവിശ്വകർമ്മഗുരുദേവോക്തഞ്ച പഞ്ചാശികാം
സവ്യാഖ്യാം ഹരിസംഹിതാം വിവരണാദ്യം വാസ്തുവിദ്യാദികം
ദൃഷ്ട്വാ തന്ത്രസമുച്ചയോക്തമനുസൃത്യൈവാത്ര സംക്ഷിപ്യതേ.”(മനുഷ്യാലയചന്ദ്രിക)
“നൃസിംഹയാദവൌ ദൈത്യസമൂഹോഗ്രാടവീദവൌ
രാജമാനൗ ഭജേ രാജരാജമംഗലവാസിനൗ.”(മാതംഗലീല)
(1) ‘നൃസിംഹയാദവാകാര’ (2) ‘ശ്രീമൽകുണ്ഡപുരേ’ (3) ‘ശ്രീമംഗലാസ്പദ’ (4) ‘തദ്ദേവപാദ’ എന്നീ നാലു പദ്യങ്ങൾ കാവ്യോല്ലാസത്തിന്റെ ഉപക്രമത്തിലും കാൺമാനുണ്ടു്. പിന്നീടു്,

“കാവ്യപ്രകാശദശരൂപയുഗപ്രതാപ
രുദ്രീയപാവനരസാർണ്ണവതന്ത്രഭേദാഃ
ഏകാവലീപ്രഭൃതിഭോജവചോവിശേഷാഃ
കാവ്യാർത്ഥഭേദഗതിബോധകരാ ജയന്തി.”
എന്നൊരു പദ്യം കവി ഘടിപ്പിച്ചിരിക്കുന്നു. ഈ പദ്യങ്ങളിൽനിന്നു നീലകണ്ഠനെന്നാണു് ഗ്രന്ഥകാരന്റെ പേരെന്നും, അദ്ദേഹത്തിന്റെ ഗൃഹനാമം തിരുമംഗലമെന്നാണെന്നും, അതിനടുത്തുള്ളരാജരാജമംഗലം (രായിരമംഗലം) എന്ന ക്ഷേത്രത്തിലെ നരസിംഹമൂർത്തിയും ശ്രീകൃഷ്ണമൂർത്തിയും അദ്ദേഹത്തിന്റെ ഇഷ്ടദേവതകളായിരുന്നു എന്നും കാണാവുന്നതാണു്. അദ്ദേഹത്തിന്റെ വേദാന്തഗുരു ബ്രഹ്മാനന്ദനെന്ന ഒരു സന്യാസിയായിരുന്നു. ബ്രഹ്മാനന്ദൻ ഗൗഡപാദകൃതമായ ഉത്തരഗീതയ്ക്കു് ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുള്ളതിനു പുറമെ ഭാഗവതൈകാദശസാരം എന്ന മറ്റൊരു ഗ്രന്ഥവും രചിച്ചിട്ടുള്ളതായി അറിയുന്നു. അദ്ദേഹം തൃശ്ശൂരിലെ സ്വാമിയാരന്മാരിൽ ആരെങ്കിലുമായിരുന്നിരിക്കാം. പിന്നീടു നീലകണ്ഠൻ (പ്രകാശവിഷയം) വെട്ടത്തുനാട്ടിലെ ചില ദേവന്മാരെ വന്ദിക്കുന്നു. തൃക്കണ്ടിയൂർ, തൃപ്രങ്ങോടു്, തിരുനാവാ, മുല്ലപ്പള്ളി, ആലത്തൂർ, കേരളാധീശ്വരം ഈ ആറു ക്ഷേത്രങ്ങളേയുമാണു് അദ്ദേഹം സ്മരിക്കുന്നതു്. “നിത്യം രാജകരാജമംഗലപുരേ ചാരാദു് ഗണേശാലയേ നാവാനാമ്നി ച ധാമ്നി രാജതിതരാം മല്ലീവിഹാരാലയേ” എന്ന പാഠമനുസരിച്ചാണെങ്കിൽ മുൻപറഞ്ഞവയിൽ ആദ്യത്തെ നാലു ക്ഷേത്രങ്ങൾക്കുപുറമേ അദ്ദേഹത്തിന്റെ വിവക്ഷ രാജരാജ മംഗലവും ഗണേശാലയവുമാണെന്നു വരണം. പക്ഷേ രാജാരാജ മംഗലത്തെപ്പറ്റിയുള്ള പ്രസ്താവന ആദ്യത്തെ ശ്ലോകത്തിൽത്തന്നെ കഴിഞ്ഞിരിക്കുന്നതിനാൽ പ്രസ്തുത പാഠം അശുദ്ധകോടിയിൽ തള്ളേണ്ടിയിരിക്കുന്നു. ഏതായാലും നമ്മുടെ കവി ഗണേശമൂർത്തിയുടെ പരമാരാധകനായിരുന്നു എന്നുള്ളതിനു പക്ഷാന്തരമില്ല. ഏതു വഴിക്കു നോക്കിയാലും അദ്ദേഹം വെട്ടത്തുനാട്ടുകാരനാണെന്നുള്ളതു നിസ്സംശയമാണു്. തൃപ്രങ്ങോട്ടു ക്ഷേത്രത്തിനു സമീപം തിരുമംഗലം എന്ന പേരിൽ ഒരു മൂത്തതിന്റെ ഗൃഹം ഇന്നും ഉള്ളതായി അറിയുന്നു. പക്ഷേ ‘യേഷാം ശ്രുതിപ്രണയിനീ’ എന്ന ശ്ലോകംകൊണ്ടു മനുഷ്യാലയചന്ദ്രികയുടെ കർത്താവു് ഒരു നമ്പൂതിരിയോ ശിവദ്വിജനോ അല്ലെന്നും “തദ്ദേവപാദകമല” എന്ന ശ്ലോകംകൊണ്ടു് ഒരമ്പലവാസിയാകണമെന്നുമാണല്ലോ അനുമാനിക്കേണ്ടതു്.

കാലം
നീലകണ്ഠൻ നമ്പീശന്റെ കാലത്തെപ്പറ്റി ക്ണുപ്തമായി ഒന്നും പറവാൻ തരമില്ല. എന്നാൽ മനുഷ്യാലയചന്ദ്രികയിൽ ചേന്നാസ്സുനമ്പൂതിരിയുടെ തന്ത്രസമുച്ചയത്തേയും അതിന്റെ വിവരണാദി വ്യാഖ്യാനങ്ങളേയും സ്മരിക്കുന്നതുകൊണ്ടു, കൊല്ലം 650-ആണ്ടിനു മുമ്പല്ല അദ്ദേഹം ജീവിച്ചിരുന്നതെന്നു നിർണ്ണയിക്കാം. വാസ്തുവിദ്യയെപ്പറ്റിയും അദ്ദേഹം പ്രസ്താവിക്കുന്നുണ്ടെങ്കിലും അതിന്റെ കാലം അനിർണ്ണീതമാകയാൽ തദനുരോധേന ഒരനുമാനത്തിനും മാർഗ്ഗം കാണുന്നില്ല; അദ്ദേഹം കേളല്ലൂർച്ചോമാതിരിയുടെ ശിഷ്യനാണെന്നു ചില പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ടു്. ഏവഞ്ച ഇതരലക്ഷ്യങ്ങൾ ലഭിക്കുന്നതുവരെ അദ്ദേഹം കൊല്ലം എട്ടാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കുന്നതിൽ അനൗചിത്യമുണ്ടെന്നു തോന്നുന്നില്ല. കാവ്യോല്ലാസത്തിൽ, ഏകാവലി, പ്രതാപരുദ്രീയം, രസാർണ്ണവസുധാകരം, എന്നീ അലങ്കാരഗ്രന്ഥങ്ങളെ സ്മരിക്കുന്ന അദ്ദേഹം ക്രി. പി. എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന അപ്പയ്യദീക്ഷിതരേയും ജഗന്നാഥപണ്ഡിതരേയും പറ്റി ഒന്നും പ്രസ്താവിക്കുന്നില്ലെന്നുള്ളതു് ഈ അനുമാനത്തിനു് ഏറെക്കുറെ ഉപോൽബലകമാണു്.

മനുഷ്യാലയ ചന്ദ്രിക
നീലകണ്ഠന്റെ മൂന്നു ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ വിവിധ ശാസ്ത്രപാണ്ഡിത്യത്തേയും കവിതാവൈദഗ്ദ്ധ്യത്തേയും പ്രസ്പഷ്ടമാക്കുവാൻ പര്യാപ്തങ്ങളായി പരിശോഭിയ്ക്കുന്നു. രണ്ടു മയമതങ്ങൾ, പ്രയോഗമഞ്ജരി, രണ്ടു ഭാസ്കരീയനിബന്ധനങ്ങൾ, മാർക്കണ്ഡേയമതം, പരാശരമതം, രത്നാവലി, കാശ്യപീയം വിശ്വകർമ്മീയം, ഈശാനഗുരുദേവപദ്ധതി, ഹരിസംഹിത, പഞ്ചാശിക (സവ്യാഖ്യ), വാസ്തുവിദ്യ എന്നിങ്ങനെ പല പ്രമാണഗ്രന്ഥങ്ങൾ പരിശോധിച്ചാണു് അദ്ദേഹം ശില്പവിഷയത്തിൽ കേരളത്തിലെ ഒരു പ്രമാണഗ്രന്ഥമായ മനുഷ്യാലയചന്ദ്രിക രചിച്ചിട്ടുള്ളതു്. തന്ത്രസമുച്ചയത്തോടു് അദ്ദേഹത്തിനുള്ള കടപ്പാടിനെപ്പറ്റി പ്രത്യേകമായി പ്രഖ്യാപനം ചെയ്യുന്നുമുണ്ടു്. ‘ചന്ദ്രിക’യിൽ ഏഴദ്ധ്യായങ്ങളും അവ ഓരോന്നിലും ഭിന്നവൃത്തങ്ങളിൽ ഇരുപതിനുമേൽ അൻപതിനകം പദ്യങ്ങളും അടങ്ങിയിരിക്കുന്നു. ശില്പലക്ഷണം, ദിങ്നിർണ്ണയം, പരിതഃപ്രദേശചിന്ത, മാനസാധനനിർണ്ണയം, പരദേവതാസ്ഥിതിനിയമം, യോന്യാദിനിർണ്ണയം, ദീർഘവിസ്താരാദികല്പനാക്രമം, ഉപപീഠവിധി, പാദപീഠോത്തരലുബാദിവിധി, വേദികാവിധി, അങ്കണവിധി, ശാലാവിധി, ഗോശാലാസ്ഥാനവിധി, കൂപസ്ഥാനവിധി, വാസ്തുപൂജാദിവിധി, ഭവനപരിഗ്രഹവിധി എന്നിങ്ങനെ ഗൃഹോപഗൃഹാദിനിർമ്മാണത്തെ പരാമർശിക്കുന്ന സകലവിഷയങ്ങളെക്കുറിച്ചും പ്രസ്തുതഗ്രന്ഥത്തിൽ നിഷ്കൃഷ്ടമായി പ്രതിപാദിച്ചിട്ടുണ്ടു്. ആ വിഷയത്തിൽ ഇത്രമാത്രം പ്രചാരമുള്ള ഒരു കേരളീയനിബന്ധം വേറെ ഇല്ലെന്നുതന്നെ പറയാം.

നീലകണ്ഠൻ തനിക്കു മാർഗ്ഗദർശങ്ങളായി നാമനിർദ്ദേശം ചെയ്യുന്ന ഗ്രന്ഥങ്ങളിൽ പലതും കേരളീയങ്ങളല്ല. പ്രയോഗമഞ്ജരി, പദ്ധതി, സമുച്ചയം, ഇവ കേരളീയങ്ങളാണെന്നു മുമ്പു തെളിയിച്ചിട്ടുണ്ടല്ലോ. വാസ്തുവിദ്യയും കേരളീയംതന്നെ. മയമതത്തിനു കേരളത്തിൽ അത്യധികം പ്രചാരമുണ്ടു്. അതും വിശ്വകർമ്മീയവും കൂടി കേരളോൽപന്നങ്ങളാണെന്നു ഗണിക്കാവുന്നതാണു്. മയമതത്തോടു സമുച്ചയകാരനു വലിയ കടപ്പാടുണ്ടു്. രണ്ടു മയമതങ്ങളെ നീലകണ്ഠൻ സ്മരിക്കുന്നുണ്ടെങ്കിലും ഒന്നേ നമുക്കു കിട്ടീട്ടുള്ളു.

മയമതം
അസുരശില്പിയായ മയനാണു് ഈ നിബന്ധം നിർമ്മിച്ചതെന്നു ഗ്രന്ഥത്തിൽ അതിന്റെ പ്രശസ്തിക്കു വേണ്ടി പറഞ്ഞിരിക്കുന്നു.

“പിതാമഹാദ്യൈരമരൈർമ്മുനീശ്വരൈ
ര്യഥാ യഥോക്തം സകലം മയേന തൽ
തഥാ തഥോക്തം സുധിയാം ദിവ്യൗകസാം
നൃണാം ച യുക്ത്യാഖിലവാസ്തുലക്ഷണം”
എന്ന പദ്യം നോക്കുക. മുദ്രിതമായ മയമതത്തിൽ ആകെ മുപ്പത്തിനാലധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. അതിനുമേൽ നാലധ്യായങ്ങൾകൂടി കാണണമെന്നാണു് അഭിജ്ഞന്മാരുടെ പക്ഷം. പീഠലക്ഷണത്തിന്റെ വർണ്ണനത്തോടുകൂടിയാണു് മുദ്രിതഭാഗം അവസാനിക്കുന്നതു്.

വാസ്തുവിദ്യ
വാസ്തുവിദ്യയുടെ കാലത്തേയോ കർത്താവിനേയോ പറ്റി യാതൊരറിവുമില്ല. അതും മയമതം പോലെ പ്രായേണ അനുഷ്ടുപ്ഛന്ദസ്സിൽ ഉപനിബദ്ധമായിക്കാണുന്നു. ആകെ പതിനാറധ്യായങ്ങളുണ്ടു്. സാധനകഥനം, വസുധാലക്ഷണം, വാസ്തുദേവതാകഥനം, പുരുഷസംസ്ഥാനം ഇങ്ങനെയാണു് അധ്യായങ്ങൾക്കു സംജ്ഞകൾ ഘടിപ്പിച്ചിരിക്കുന്നതു്.

“ദാരുസ്വീകരണം പശ്ചാന്നിധിഗേഹസ്യ ലക്ഷണം
വക്ഷ്യേ, നൈവാത്ര വക്ഷ്യാമിഗ്രന്ഥബാഹുല്യതോ ഭയാൽ”
എന്നു് ആചാര്യൻ 13-ആമധ്യായത്തിൽ പ്രസ്താവിച്ചിട്ടുള്ളതിൽ നിന്നു വാസ്തുവിദ്യക്കപ്പുറം നിധിഗേഹം എന്നും ഒരു ഗ്രന്ഥം അദ്ദേഹം രചിച്ചിട്ടുള്ളതായി വെളിപ്പെടുന്നു. അതു കണ്ടുകിട്ടീട്ടില്ല.

വിശ്വകർമ്മീയം
നീലകണ്ഠൻ സ്മരിച്ചിരിക്കുന്ന വിശ്വകർമ്മീയവും ഒരു കേരളീയശില്പഗ്രന്ഥമാണെന്നു തോന്നുന്നു.

“ഭഗവന്തം ദേവദേവം നത്വാ വ്യാപിനമിഷ്ടദം
നരാണാം ശ്രേയസേ ചൈവ പ്രാർത്ഥിതാനാം ഹിതേച്ഛയാ
ഗൃഹാണാം ശോഭനം സ്ഥാനം ദേവതാനാം ഗവാം നൃണാം
ജലസ്ഥാനം ശിലാസ്ഥാനമാരാമസ്ഥാനമേവ ച
ക്ഷേത്രമക്ഷേത്രമശ്രേഷ്ഠം മധ്യമന്തം തഥാപരം
സംക്ഷേപേണ പ്രവക്ഷ്യാമി യഥാഹ ഭഗവാനജഃ”
ഇവ അതിലെ ശ്ലോകങ്ങളാണു്. ഇത്തരത്തിലുള്ള ശാസ്ത്രഗ്രന്ഥങ്ങൾക്കെല്ലാം പ്രായേണ മണിപ്രവാളാനുവാദങ്ങളും ഭാഷാ വ്യാഖ്യാനങ്ങളും ചില കേരളീയപണ്ഡിതന്മാർ നിർമ്മിച്ചു കാണുന്നുണ്ടെന്നു ഞാൻ മുമ്പുതന്നെ സൂചിപ്പിച്ചുകഴിഞ്ഞു.

27.7മാതംഗലീല

ഗജശാസ്ത്രത്തെസ്സംബന്ധിച്ചിടത്തോളം മാതംഗലീലയെക്കാൾ പ്രചുരപ്രചാരവും പ്രമാണീഭൂതവുമായ ഒരു ഗ്രന്ഥം കേരളത്തിലില്ല. പ്രസ്തുതഗ്രന്ഥം പന്ത്രണ്ടു പടലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മനുഷ്യാലയചന്ദ്രികയെപ്പോലെ വിഭിന്നവൃത്തങ്ങളിലാണു് മാതംഗലീലയും വിരചിതമായിരിക്കുന്നതു്. നാഗോൽപത്യധികാരം, ശുഭലക്ഷണാധികാരം, അശുഭലക്ഷണാധികാരം, ആയുർല്ലക്ഷണാധികാരം, വയോലക്ഷണാധികാരം, മാനനിർണ്ണയാധികാരം, മൂല്യവിശേഷാധികാരം. സത്വലക്ഷണാധികാരം, മതഭേദാധികാരം, ഗജഗ്രഹാധികാരം, ഗജരക്ഷണദിനർത്തുചര്യാധികാരം, ആധോരണഗുണാദ്യധികാരം ഇവയാണു് പടലങ്ങളുടെ സംജ്ഞകൾ.

27.8നാഗോൽപത്തി

അംഗരാജ്യത്തിൽ രോമപാദനെന്നു പണ്ടു് ഒരു രാജാവുണ്ടായിരുന്നു. ദശരഥമഹാരാജാവിന്റെ ബന്ധുവായ ഒരു രോമപാദനുമായി നാം രാമായണത്തിൽ പരിചയപ്പെടുന്നുണ്ടല്ലോ. അദ്ദേഹം തന്നെയായിരിക്കണം ഈ രോമപാദനും. ഒരിക്കൽ അനവധി ആനകൾ ഒന്നിച്ചുകൂടി അംഗരാജ്യത്തിലെ വിളവുകൾ നശിപ്പിക്കുകയും രോമപാദൻ കാട്ടിൽ പോയി അവയെ പിടിച്ചുകൊണ്ടുവന്നു രാജധാനിയിൽ കെട്ടിയിടുകയും ചെയ്തു. അവ പാലകാപ്യമഹർഷിയുടെ ആനകളായിരുന്നു. അദ്ദേഹം തന്റെ ഗജങ്ങളെ അന്വേഷിച്ചു് അംഗരാജ്യത്തിൽ ചെല്ലുകയും അവിടെ അവയെ കണ്ടു് അവയ്ക്കു വ്രണചികിത്സ ചെയ്യുകയും ചെയ്തു. അനന്തരം രോമപാദൻ ആ മഹർഷിയെ അർഘ്യപാദ്യാദികൾ സംഭാവന ചെയ്തു പ്രസാദിപ്പിച്ചു് അദ്ദേഹത്തിനും ആ ഗജങ്ങൾക്കും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചോദിച്ചു. പാലകാപ്യൻ അതിന്നു താഴെ സംക്ഷേപിക്കുന്ന വിധത്തിൽ മറുപടി പറഞ്ഞു: “പണ്ടു് ആനകൾക്കു സ്വർഗ്ഗത്തിലോ ഭൂമിയിലോ യഥേഷ്ടം സഞ്ചരിക്കുവാൻ കഴിയുമായിരുന്നു. ഒരിക്കൽ ചില ആനകൾ ഹിമവൽപർവ്വതത്തിൽ നില്ക്കുന്ന ഒരു വലിയ വടവൃക്ഷത്തിന്റെ ശാഖകൾ നശിപ്പിക്കുകയും അപ്പോൾ അവിടെ തപസ്സുചെയ്തു കൊണ്ടിരുന്ന ദീർഘതപസ്സെന്ന മഹർഷി അതു കണ്ടു കോപിച്ചു് ‘ഇനി നിങ്ങൾ മനുഷ്യർക്കു വാഹനങ്ങളായി തീരുവിൻ’ എന്നു് അവയെ ശപിക്കുകയും ചെയ്തു. അനന്തരം അവ പല രോഗങ്ങൾക്കും വശംവദങ്ങളായി. ബ്രഹ്മാവു കരുണയോടുകൂടി ആയുർവേദപരായണനായ ഒരു മുനി ഗജബന്ധുവായി കാലാന്തരത്തിൽ അവതരിക്കുമെന്നും അദ്ദേഹം ഗജങ്ങളുടെ വ്യാധികളെ ശമിപ്പിക്കുമെന്നും അരുളിച്ചെയ്തു. അങ്ങിനെയിരിക്കെ ഒരവസരത്തിൽ വസുപുത്രിയായ ഗുണവതി എന്ന യുവതി മാതംഗമുനിയുടെ ആശ്രമത്തെ പ്രാപിക്കുകയും ദേവേന്ദ്രൻ തന്റെ തപോവിഘ്നത്തിന്നായി അയച്ച ഒരു സ്ത്രീയാണു് അവൾ എന്നു ശങ്കിച്ചു് ആ മുനി അവളെ പിടിയാനയാകട്ടെ എന്നു ശപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശാപമോചനവരം നിമിത്തം ആ പിടിയാന സാമഗായനമുനിയുടെ രേതസ്സു പാനംചെയ്കയും തൽഫലമായി പാലകാപ്യൻ എന്ന മുനികുമാരനെ പ്രസവിക്കുകയും ചെയ്തു. ആ പാലകാപ്യൻ തന്നെയാണു് ഞാൻ” ഇങ്ങനെയുള്ള ആത്മകഥാകഥനത്തിനുമേൽ ഹസ്ത്യായുർവേദത്തെ സമഗ്രമായി അദ്ദേഹം അംഗരാജാവിനെ ഉപദേശിച്ചു. ഇതാണു് പുരാണപ്രസിദ്ധമായ ഗജോൽപത്തികഥ.

ഔത്തരാഹനായ പാലകാപ്യനാണു് ഹസ്ത്യായുർവേദത്തിന്റെ ഉപജ്ഞാതാവെന്നു മാത്രമേ ഊഹാപോഹകുശലന്മാർ ഈ കഥയിൽനിന്നു ധരിക്കേണ്ടതായിട്ടുള്ളു. മാതംഗലീലയിൽ നിന്നു മൂന്നു ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു:

“ധർമ്മാത്മികാ സൃഷ്ടിരനേകപാനാം,
ഹിതായ യജ്ഞസ്യ ച ദേവതാനാം,
വിശേഷതോ രാജഹിതായ, തസ്മാ
ദ്യത്നേന നാഗാഃ ഖലു രക്ഷണീയാഃ”
“യുധ്യന്തി കേവലം യോധാ വഹന്ത്യേവ ഹയാ രഥാൻ
വാരണാസ്തു നരേന്ദ്രാർഹാ യുധ്യന്തി ച വഹന്തി ച”
“നാഗാധ്യക്ഷോസ്തു ധീമാൻ നരപതിസദൃശോ
ധാർമ്മികസ്സ്വാമിഭക്തഃ
ശുദ്ധസ്സത്യപ്രതിജ്ഞോ വ്യസനവിരഹിത
സ്സംയതാക്ഷോ വിനീതഃ
ഉത്സാഹീ ദൃഷ്ടകർമ്മാ പ്രിയവചനരത
സ്സദ്ഗുരോരാത്തശാസ്ത്രോ
ദക്ഷോ ധീരശ്ശരണ്യോ ഗജഹരണചണോ
നിർഭയസ്സർവവേത്താ.”
ഒരു ആനക്കാരനുണ്ടായിരിക്കേണ്ട സിദ്ധികൾ എന്തെല്ലാമെന്നു് ഒടുവിലത്തെ പദ്യത്തിൽ നിന്നു വെളിപ്പെടുന്നു. മാതംഗലീല പാലകാപ്യന്റെ മൂലഗ്രന്ഥം നിഷ്കർഷിച്ചു പഠിച്ചു സംഗ്രഹിച്ചതാണെന്നു്

“മുനീന്ദ്രോദിതമാതംഗശാസ്ത്രാഗാധാർണ്ണവാന്മയാ
അല്പാ മാതംഗലീലേതി ലബ്ധേയം ശോധ്യതാം ബുധൈഃ”
എന്ന പദ്യത്തിൽ നീലകണ്ഠൻ നിവേർദനം ചെയ്യുന്നു. മാതംഗലീലയുടെ ഭാഷാനുവാദങ്ങളെപ്പറ്റി യഥാവസരം പ്രസ്താവിക്കാം.

27.9കാവ്യോല്ലാസം

ഇതു് ഒരു അലങ്കാരഗ്രന്ഥമാകുന്നു. ‘നൃസിംഹയാദവാകാര’ മുതലായ ശ്ലോകങ്ങൾക്കുശേഷം ആചാര്യൻ ഇങ്ങനെ പ്രതിജ്ഞ ചെയ്യുന്നു:

“ശാസ്ത്രന്യായപ്രായകാവ്യപ്രകാശാ
ദ്യർത്ഥാംഭോധൗ തദു്...
ഗാഹന്തേ നോ ബാലകാസ്താവദസ്മാൽ
കാവ്യോല്ലാസഃ കഥ്യതേ ഹൃദ്യരൂപഃ
അസ്മദു് ബുദ്ധേർവിശുദ്ധ്യൈ മുഹുരപി ബഹുത
ന്ത്രാവലോകാന്മയാ യ
ല്ലബ്ധം ബുദ്ധഞ്ച കിഞ്ചിത്തദപി ബുധജനൈ
സ്സാധു സംശോധനീയം;
അന്യേ രുദ്ധന്ത്വിദാനീന്തനമിതി കിമു തൽ
കാലജാ ദീപികാ ന
ധ്വാന്തം നിർമ്മൂലയേദക്ഷരവിനിമയതഃ
കോത്ര ദോഷോർത്ഥസാമ്യേ?
സ്വല്പഗ്രന്ഥതയാപ്യതീവ ഗഹനാ ന്യായഗ്രഹഗ്രന്ഥിലാ
സ്തർക്കൈശ്ചാപി പുരാതനോദിതമഹാ തന്ത്രാന്തരസ്ഥാസ്തതഃ
ഹൃദ്യൈരദ്യ തു കാവ്യലക്ഷണപരാ തൽകാരികാ കഥ്യതേ
പദ്യൈഃ പ്രാകൃതവർജ്ജിതൈസ്തദനുരൂപോദാ ഹൃതിശ്ചോച്യതേ.
ആദൗ കാവ്യസ്വരൂപാദ്യവയവവിഭവഃ
ശബ്ദഭേദാശ്ച വാച്യാ
ദ്യർത്ഥാർത്ഥവ്യഞ്ജകത്വധ്വനിഗതിരസഭാ
വാദിദോഷാ ഗുണാശ്ച,
കാവ്യാലങ്കാരനാട്യോദിതവിധിഗതയോ
രൂപകാങ്കപ്രഭേദാ
ഗീതാതോദ്യാദിലക്ഷ്മപ്രഭൃതി ബഹുവിധാ
സ്സന്തി സംക്ഷേപതോഽത്ര.”
പൂർവാചാര്യന്മാരുടെ കാവ്യപ്രകാശാദിഗ്രന്ഥങ്ങൾ തർക്കജഡിലങ്ങളാകയാൽ അവയിലെ തത്ത്വങ്ങൾ കാരികകളാക്കി സംസ്കൃതഭാഷാപദ്യങ്ങളിൽ അനുരൂപങ്ങളായ ഉദാഹരണങ്ങളോടുകൂടി രചിക്കുന്നതായി പ്രണേതാവു പറയുന്നു. ഒടുവിലത്തേ പദ്യത്തിൽനിന്നു ഗ്രന്ഥത്തിന്റെ വ്യാപ്തി മനസ്സിലാക്കാവുന്നതാണു്. അതു് പല ഉന്മേഷങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കാവ്യോല്ലാസത്തിന്റെ സ്വരൂപം എന്തെന്നറിവാൻ രണ്ടുദാഹരണങ്ങൾ പ്രദർശിപ്പിക്കാം:

. “അർത്ഥാനാം വ്യഞ്ജകത്വം തു പദവൈശിഷ്ട്യതോ യഥാ
ഏകാഹം പൃഥുപൂർണ്ണകുംഭവഹനാൽ സ്വേദശ്രമക്ലാന്തിഭിഃ
ഖിന്നാസ്മി ക്ഷണമത്ര ഗേഹനികടേ വിശ്രമ്യ യാസ്യാമ്യഥ
ഇത്യുക്തൗ കവിവാക്‍ചമൽകൃതിഗതേർ വൈശിഷ്ട്യതോ വ്യജ്യതേ
ചൗര്യോപാത്തരതിപ്രഗോപനവിധിഃ കസ്യാശ്ചി ദേണീദൃശഃ”
. “വ്യംഗ്യാർത്ഥഭേദവൈശിഷ്ട്യാദർത്ഥവ്യഞ്ജകതാ യഥാ
ശബ്ദാർത്ഥം വാക്യസമ്പൽപ്രഥിമപരമതാൽ
പര്യമപ്യപ്രധാനീ
കൃത്യാന്യൽ സമ്യഗർത്ഥാന്തരമഭിജനയേ-
ദ്വ്യഞ്ജനൈർവൃത്തിഭേദൈഃ
ശബ്ദോസൗ വ്യഞ്ജകസ്സ്യാദപി ച തദുദിത
വ്യംഗ്യഭേദാത്മകാർത്ഥോ
പ്യേവം കുത്രാപി ചാർത്ഥാന്തരമപി ജനയൻ
വ്യംഗ്യതോ വ്യംഗ്യമേതൽ.
യഥാ
“സരസിരുഹദലേ വിഭാതി നീലേ
രമണ സുനിർമ്മലനിശ്ചലാ വലാകാ
മരകതമണിഭാജനേ നിലീനാ
ശശിവിശദാ നവശംഖശുക്തികേവ”
ശ്ലോകങ്ങൾക്കു പ്രായേണ രചനാഭംഗി കുറവാണെന്നു പറയേണ്ടിയിരിക്കുന്നു.

27.10വെട്ടത്തുനാട്ടു രവിവർമ്മത്തമ്പുരാൻ

കൊല്ലം എട്ടാം ശതകത്തിന്റെ മധ്യത്തിൽ രവിവർമ്മാവെന്നൊരു രാജാവു വെട്ടത്തുനാടു ഭരിച്ചിരുന്നു. അദ്ദേഹം പണ്ഡിതന്മാരേയും കവികളേയും പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ജാഗരൂകനായിരുന്നു. അതിനുപുറമേ അദ്ദേഹം ഇളയതമ്പുരാനായിരുന്നപ്പോൾ ഭാഗവതടീകാസമുച്ചയം എന്നൊരു ഗ്രന്ഥവും നിർമ്മിയ്ക്കുകയുണ്ടായി. ആ ഗ്രന്ഥത്തിന്റെ ആരംഭത്തിലുള്ള ചില ശ്ലോകങ്ങളാണു് അടിയിൽ കാണുന്നതു്:

“നമഃ ശ്രീശങ്കരാചാര്യപാദേഭ്യോ യൈർദ്ദയാലുഭിഃ
അർത്ഥാപനേന ശാസ്ത്രാണാം വർത്തനീ രക്ഷിതാ സതാം.
തുംഗഗംഭീരതാക്ഷാന്തമഹീധരമഹോദധിഃ
ചകാസ്തിപൃഥിവീചക്രശക്രോ വിക്രമഭൂപതിഃ
കമലസ്യാപി കാഠിന്യം കലിശസ്യാപി മാർദ്ദവം
വ്യഞ്ജയന്ത്യാ വിധത്തേ യോ ബുദ്ധ്യാ സ്വായത്തസിദ്ധിതാം.
അമംസ്തൈകതനൂഭുക്തമർത്ത്യാമർത്ത്യമഹോദയഃ
നിജധൂർവഹണേ ശക്തം യൽകുലം കുലശേഖരഃ,
പ്രകൃത്യാ തസ്യ മിത്രത്വേ വർത്തതേ ബദ്ധസൗഹൃദഃ
പ്രകാശഭൂപതിസ്തസ്യ മാഹാത്മ്യം ദൂരതോ ഗിരാം.
കൃത്സ്നം വിശ്വംഭരാഭാരം ലഘൂകൃത്യ സ്വഗൗരവാൽ
യദീയാ മുഹുരാശാസ്തേ ധിഷണാ വിഷയാന്തരം.
ആമോദം ദധതി ഗ്രാമാ യസ്യ രാജ്യേ ദ്വിജന്മനാം
കിശോരമാരുതാനീതനിളാനീരജരേണവഃ
സാധവോ യേന മോഹാന്ധൈരുൽഖാതാഃ പരതഃ പരൈഃ
സ്വാരാജ്യേ പ്രതിരോപ്യന്തേ ദാനമാനാംബുദോഹളൈഃ.
നവപ്രതാപനിർദ്ധൂത പരോത്ഥാനഫലോദയഃ
ലോകേഷു കീർത്ത്യാ വിദ്യാസു ബുദ്ധ്യാ വ്യാപ്തിമുപേയിവാൻ
വാസുദേവപദാംഭോജമകരന്ദമധുവ്രതഃ
രവിവർമ്മാനുജസ്തസ്യ രാജരാജസ്യ രാജതേ.
ആയുർവിദ്യാധനാനാം യസ്സാധനാനാമുദാരധീഃ
വിനിയോഗം വിതനുതേ സമീക്ഷ്യ ഫലമക്ഷയം.
ശ്രീഭാഗവതഭാവാർത്ഥാൻ യഥാശ്രുതമധീയതാ
യസ്യലീലാശുകേനാപി ശ്രീമതശ്ശ്രീശുകായിതം.
സമാനഹൃദയൈസ്സാർദ്ധം വിബുധൈസ്സന്നിധൗ സ്ഥിതൈഃ
ശ്രീഭാഗവതടീകാനാം വിധത്തേ സ സമുച്ചയം.”
അന്നത്തെ വെട്ടത്തുനാട്ടുരാജാവു സാമൂതിരിപ്പാട്ടിലേയും കൊച്ചി മഹാരാജാവിന്റെയും ആപ്തമിത്രമായിരുന്നു എന്നു് ഈ ശ്ലോകങ്ങളിൽനിന്നു നാം അറിയുന്നു. രവിവർമ്മാവു് ഒരു കൃഷ്ണഭക്തനായിരുന്നതിനുപുറമേ വൈദ്യശാസ്ത്രവിചക്ഷണനുംകൂടി ആയിരുന്നു എന്നും ഊഹിക്കാവുന്നതാണു്. വാസുദേവസംജ്ഞനായ ഒരു കവി രവിവർമ്മാവിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. അദ്ദേഹത്തിന്റെ നാമധേയത്തോടു് അനുബദ്ധമായി മൂന്നു സർഗ്ഗത്തിൽ സംക്ഷേപരാമായണമെന്നും അഞ്ചു സർഗ്ഗത്തിൽ സംക്ഷേപഭാരതമെന്നും പത്തു സർഗ്ഗത്തിൽ ഗോവിന്ദചരിതമെന്നും മൂന്നു കാവ്യങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. ഇവ കൂടാതെ ഏഴു സർഗ്ഗത്തിൽ വിരചിതമായ കല്യാണനൈഷധം എന്ന കാവ്യവും അദ്ദേഹത്തിന്റേതാണെന്നു് ഒരു വിധം നിർണ്ണയിക്കുവാൻ കഴിയും. ശ്വേതാരണ്യസ്തുതി എന്നൊരു സംസ്കൃതഗദ്യവും രവിവർമ്മാവിന്റെ ആജ്ഞാനുസാരം നിർമ്മിതമായിട്ടുണ്ടു്. അതിന്റെ പ്രണേതാവു മറ്റൊരു കവിയാണെന്നു തോന്നുന്നു. ആദ്യം നിർദ്ദേശിച്ച നാലു കാവ്യങ്ങളും ബാലപാഠത്തിനായി അനുഷ്ടുപ്പുവൃത്തത്തിൽ രചിച്ചിട്ടുള്ളവയാണു്. രവിവർമ്മത്തമ്പുരാൻ തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടേയും പുരസ്കർത്താവായിരുന്നു. പിഷാരടി തന്റെ പ്രവേശകം എന്ന വ്യാകരണഗ്രന്ഥത്തിന്റെ ഉപക്രമത്തിൽ അദ്ദേഹത്തെ

“ലക്ഷ്മ്യാ പ്രകാശവിഷയം രഞ്ജയൻ നിജയാ നിജം
നിത്യമുദ്യൻ വിജയതേ സുകൃതാലംബനം രവിഃ”
എന്ന ശ്ലോകത്തിൽ രവിവർമ്മാവിനേയും ആദിത്യഭഗവാനേയും ശ്ലേഷപ്രയോഗസാമർത്ഥ്യത്തെ ആശ്രയിച്ചു യൗഗപദ്യേന സ്തുതിച്ചിരിക്കുന്നു. വാസുദേവന്റെ ചില ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു:

27.11സംക്ഷേപഭാരതം

“കരീന്ദ്രമുഖഭൂതേശഗിരീന്ദ്രതനയാന്വിതാ
സ്മരാമിതമദോന്മാഥി സ്മരാമി തദഹം മഹഃ.
കവിലോകമുഖാംഭോജസവിലാസനിവാസിനം
അവലോകയിതാസ്മ്യാന്തരവലേപഭരം വിധേഃ.
കുന്ദസൂനമനോഹാരി മന്ദഹാസവിരാജിതം
നന്ദഗോപകുലോത്തംസമിന്ദിരാരമണം ഭജേ.
… … …
ജഗദാനന്ദയൻ ഗോഭിസ്സതാം മാർഗ്ഗം സനാഥയൻ
പ്രകാശശ്രീകരോ രാജാ രവിവർമ്മാ വിരാജതേ.
ഗിരാം ദേവീ രമാ ചോഭേ യം സമഗ്രഗുണോജ്ജ്വലം
ആശ്രിത്യ സ്വപ്രിയൗ ദേവൗ സ്മരതോ ന കദാചന.
തസ്യാജ്ഞയാ സുമനസഃ പാർത്ഥാനാം ചരിതം ശുഭം
ബ്രൂമസ്സംക്ഷിപ്യ സുതരാം പ്രസീദന്ത്വിഹ ദേശികാഃ
സോമവംശേഽഭവദ്രാജാ ശന്തനുർന്നാമ ധാർമ്മികഃ
സ വസൻ ഹസ്തിനപുരേ പാലയാമാസ മേദിനീം.
ഗംഗായാം തസ്യ ഭാര്യായാം ഭീഷ്മഃ പുത്രോഽഭവൽകൃതീ
ബ്രഹ്മചര്യവ്രതം യസ്മിന്നാജീവാന്തം പ്രതിഷ്ഠതം”
ഒടുവിൽ

“യദേതദ്വൃത്തമേതേഷാം പാണ്ഡവാനാം മഹാത്മനാം.
സേയമേതാദൃശീ കാപി വാസുദേവസ്യ നിർമ്മിതിഃ.”
എന്നു കർത്തൃനാമസൂചകമായ ഒരു ശ്ലോകവും കാൺമാനുണ്ടു്.

27.12ഗോവിന്ദചരിതം

“അസ്തിശ്രീമൽപ്രകാശേന്ദ്രവംശമംഗല്യഭൂഷണം
രവിവർമ്മാമഹീപാലസ്സതാം സുകൃതമാധുരീ.
തം സർവഗുണസമ്പന്നം സമാശ്രിത്യ സരസ്വതീ
ശ്രീശ്ച ന സ്മരതോ ജാതു പ്രിയാവേകഗുണാശ്രയൗ.
തസ്യ ധർമ്മാത്മനഃ പ്രീത്യൈ ഗോവിന്ദചരിതം വയം
ബ്രൂമസ്സംക്ഷിപ്യ സുതരാം പ്രസീദന്ത്വിഹ ദേശികാഃ.
ശ്രീമതീ ശൂരസേനേഷു ബഭൂവാതീവ പാവനീ
മഥുരാ നാമ നഗരീ യുദൂനാം പുണ്യകർമ്മണാം.
ഉഗ്രസേനോ നൃപസ്തസ്യാം വസൻ രാജ്യമപാലയൽ
അനുജേന സഹ ശ്രീമാൻ ദേവകേന മഹാത്മനാ.”
ക്ഷേത്രജസ്തസ്യ പുത്രോഽഭൂൽ കംസോ നാമ ഖലോ ബലീ
ദേവകസ്യ ച കന്യാഭൂദ്ദേവകീ നാമ ശോഭനാ.
ദശമസ്കന്ധാന്തർഗ്ഗതമായ കഥയാണു് ഗോവിന്ദചരിതത്തിലെ വിഷയമെന്നു് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. അവസാനത്തിൽ

“ഏവം സ ഭഗവാൻ വിഷ്ണുരവതാര്യ ഭുവോ ഭരം
സ്ഥാപയൻ പരമം ധർമ്മം രരക്ഷ സകലം ജഗൽ.”
എന്ന ശ്ലോകവും അതിൽപ്പിന്നീടു് ഒരു സർഗ്ഗാന്തശ്ലോകവും കൂടിയുണ്ടു്.

27.13കല്യാണനൈഷധം

“ലക്ഷ്മീമാബിഭ്രതേ കാന്താം സാക്ഷാൽകല്യാണഹേതവേ
നമസ്സത്യായ ശാന്തായ പുണ്യശ്ശോകായ ശാർങ്ഗിണേ.
അസ്തി ദേവവരശ്ലാഘ്യോ ഭീമഭൂപജയാദൃതഃ
പ്രകാശരാജോധർമ്മാത്മാ രവിവർമ്മാനലോജ്ജ്വലഃ.
………
തൽപ്രീത്യൈ കലിദോഷഘ്നം നളസ്യ ചരിതം മഹൽ
സഞ്ജിഘൃക്ഷോഃ പ്രസീദന്തു വ്യാസാദ്യാ ഗുരവോ മമ.”

27.14സംക്ഷേപരാമായണം

“ശ്രീമന്തം സീതയാ സാർദ്ധമാസീനം പരമാസനേ
സാനുജം സർവലോകേശം രാമചന്ദ്രമുപാസ്മഹേ.
രാമസ്യ ചരിതം പുണ്യം സംക്ഷിപ്യ വദതോ മമ
വാല്മീകിമുഖ്യാ ഗുരവഃ പ്രസീദന്തു ദയാലവഃ.
രാജാ ദശരഥോ നാമ സൂര്യവംശേഽഭവൽ പുരാ
അയോധ്യായാം സ നിവസൻ പാലയാമാസ മേദിനീം.”
ഈ ഗ്രന്ഥത്തിൽ രവിവർമ്മാവിനെ സ്മരിച്ചുകാണുന്നില്ല. പക്ഷേ ഒടുവിൽ വാസുദേവകൃതമെന്നു ലേഖകന്റെ കുറിപ്പുണ്ടു്. ഈ കാവ്യങ്ങളിലെല്ലാം സർഗ്ഗാന്തശ്ലോകങ്ങൾ മാത്രം ഇതരവൃത്തങ്ങളിൽ നിബന്ധിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള ചെറിയ കൃതികളിൽ വലിയ മനോധർമ്മപ്രകടനത്തിനൊന്നും മാർഗ്ഗമില്ലല്ലോ.

27.15ശ്വേതാരണ്യസ്തുതി

ഇതു തൃപ്രങ്ങോട്ടു ശിവന്റെ സേവാക്രമത്തെ വിവരിക്കുന്ന ഒരു ഗദ്യമാണു്.

“ശ്രീമാനാത്ഭുതസൽകവിത്വപദവീനിത്യാധ്വനീനോ വശീ
യോ ജാഗർത്തി ജഗൽപ്രകാശമഹിമാ വീരഃപ്രകാശേശ്വരഃ
തസ്യശ്രീരവിവർമ്മദേവനൃപതേർവാചാ കൃതാന്തദ്രുഹഃ
ശ്വേതാരണ്യനിവാസിനോ ഭഗവതസ്സേവാക്രമോ വർണ്ണ്യതേ”
കവി തൃപ്രങ്ങോട്ടപ്പന്റെ ഭക്തനാണെന്നു “നിശാതശൂലവിദാരിതകൃതാന്തഭുജാന്തരാളസ്യ ഭഗവതഃ പരക്രോഡപുരേ പരിക്രീഡമാണസ്യ ചരണസരസിജയുഗളമഗളിതാദരമനുദിവസമുപാസേ” എന്ന ഭാഗത്തിൽ ആവേദനം ചെയ്യുന്നു.

27.16ദേശിങ്ങനാട്ടു് രാമവർമ്മ മഹാരാജാവു്

കൊല്ലവർഷം എട്ടാംശതകത്തിന്റെ പ്രഥമപാദത്തിൽ ജയസിംഹനാടു് (ദേശിങ്ങനാടു) എന്നുകൂടി പേരുള്ള കൊല്ലത്തു് ‘രാമവർമ്മ’ എന്നു പ്രസിദ്ധനായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ജ്യേഷ്ഠനായ ഉദയമാർത്താണ്ഡവർമ്മ മഹാരാജാവിനും വിജയനഗരസാമ്രാജ്യത്തിലെ ചക്രവർത്തികളുമായി യുദ്ധം ചെയ്യേണ്ടിവന്നു. രാമവർമ്മ മഹാരാജാവിന്റെ ശാസനങ്ങൾ 683 മുതൽ 722 വരെയുള്ള വർഷങ്ങളിൽ കാൺമാനുണ്ടു്. ക്രി. പി. 1399 മുതൽ 1645 വരെയുള്ള കാലത്തു ദേശിങ്ങനാട്ടു രാജാക്കന്മാരുടെ ശിലാരേഖകൾ ഇന്നു തിരുനെൽവേലി ജില്ലയിൽപ്പെടുന്ന പല സ്ഥലങ്ങളിലും വിപ്രകീർണ്ണങ്ങളായിക്കിടക്കുന്നു. അന്നു തിരുനെൽവേലിയുടെ ഭൂരിഭാഗവും അവർക്കു് അധീനമായിരുന്നു. രാമവർമ്മമഹാരാജാവിന്റെ ശാസനങ്ങൾ അമ്പാസമുദ്രം, ഏർവാടി, പള്ളക്കാൽകരിചൂഴ്ന്തമംഗലം, തെങ്കാശി, മേലേച്ചെവ്വൽ മുതലായ പ്രദേശങ്ങളിൽ കാണാവുന്നതാണു്. അദ്ദേഹം ഒരു വിദ്വൽപ്രിയനും സാഹിത്യരസികനുമായിരുന്നു.

27.17നാരായണൻനമ്പൂരി

സുഭഗസന്ദേശകാരനായ നാരായണൻനമ്പൂരി ഈ രാമവർമ്മമഹാരാജാവിന്റേയും അദ്ദേഹത്തിന്റെ ഭാഗിനേയന്റെയും ആശ്രിതനായിരുന്നു. പ്രസ്തുത സന്ദേശത്തിൽ അദ്ദേഹം മഹാരാജാവിനെ ഇങ്ങനെ വാഴ്ത്തുന്നു:

“വീരസ്സേവ്യസ്തദനു ഭവതാ വിശ്രുതോ ദാനശക്ത്യാ
രാജാ രാമാജനമനസിജോ രാമവമ്മാഭിധാനഃ
യേന സ്ഫീതാം ജഗതി ജയസിംഹാന്വയോ യാതി കീർത്തിം
പാഥോരാശിഃ പരമശുചിനാ പാർവണേനേന്ദുനേവ.
മാനോ നീവി, മനസിജശരാഃ കിങ്കരാഃ പ്രാർത്ഥിതോർത്ഥീ,
ചാരോ നേത്രം, കവിരഭിമതഃ പ്രാണബന്ധുഃ കൃപാണീ,
നീതിർഭാര്യാ, നിഗമഭണിതിർദ്ദേശികോ യസ്യലോകേ,
താദൃങ്മൃഗ്യോ ഭവതി സുകൃതീ രാജശബ്ദാഭിധേയഃ.”
“ദൃഷ്ട്വാ തസ്യാ ദ്വിഗുണിതരസാം ഭക്തിമഭ്യാഗതേഷു
പ്രജ്ഞാം തേജഃ ശ്രിയകഥ ദയാമന്നദാനാദരഞ്ച
പ്രക്രാന്തോപി പ്രകൃതവിഷയേ ന പ്രഗല്ഭഃ ക്ഷണം ത്വം
സത്സമ്പർക്കസ്തിരയതി രതിം സർവകാര്യാന്തരേഷു.”
പുർവസന്ദേശത്തിന്റെ അവസാനത്തിലുളള

“യസ്യ സ്വാമീ യദുകുലപതിർന്നാമതോ രാമവർമ്മാ
യസ്യശ്രീമാൻ ഭവതി പരമം ദൈവതം ഭാഗിനേയഃ
ഉദ്യന്മാധ്വീരസപരിമളേ തസ്യ സന്ദേശകാവ്യേ
ഹൃദ്യേ നാരായണകവയിതുഃ പൂർവഭാഗസ്സമാപ്തഃ.”
എന്ന പദ്യത്തിലും അദ്ദേഹം തന്റെ പുരസ്കർത്താവിനേയും അവിടത്തെ അനന്തരവനേയും സ്മരിക്കുന്നു. കൊല്ലം എട്ടാംശതകത്തിന്റെ പ്രഥമപാദത്തിലായിരിക്കണം സുഭഗസന്ദേശത്തിന്റെ നിർമ്മിതി. നാരായണന്റെ ജനനസ്ഥലമേതെന്നു വെളിവാകുന്നില്ല. പ്രേയസിയുടെ ഗൃഹം തൃശ്ശൂരായിരുന്നു.

സുഭഗസന്ദേശം
“ക്രീഡാരാമേ പുരവിജയിനഃ കൗതുകേന ക്ഷപായാം
ക്രീഡൻ ക്ഷിപ്തഃ കുചകലശതഃ സന്നിഗൃഹ്യ പ്രിയായാഃ
മാസാൻ കാംശ്ചിന്മനസിജശരൈശ്ശിക്ഷിതോദക്ഷിണാബ്ധേഃ
കൂലേ കൂജൽപരഭൃതകുലേ കോപി കാമീ നിനായ”
എന്ന ശ്ലോകംകൊണ്ടു സന്ദേശം ആരംഭിക്കുന്നു. തന്റെ പ്രേമഭാജനമായ മാനവീമേനകയെന്ന യുവതിയുമായി ഒരു യുവാവു തൃശ്ശിവപേരൂരിൽ വിഹരിച്ചുകൊണ്ടിരിക്കവേ ദുർവിധിയുടെ ശക്തിനിമിത്തം അദ്ദേഹം ദക്ഷിണസമുദ്രത്തിന്റെ തീരത്തിലുള്ള കന്യാകുമാരിയിൽ ക്ഷിപ്തനാകുന്നു. അവിടെ നായകൻ ദേവിയെ വന്ദിച്ചുകൊണ്ടിരുന്നപ്പോൾ ഒരു സ്നാതകബ്രാഹ്മണനെ കാണുകയും അദ്ദേഹത്തോടു നായികയെ സമാശ്വസിപ്പിക്കുവാൻ തൃശ്ശിവപേരൂരോളം പോകണമെന്നപേക്ഷിക്കുകയും ചെയ്യുന്നു. ആ ബ്രാഹ്മണൻ ലാടദേശീയനാണു്. പരദേശത്തുകൂടി ചിദംബരംവരെ യാത്രചെയ്തു തിരികെ പാലക്കാട്ടുവഴി കേരളത്തിൽ കടന്നു തൃശ്ശൂരേയ്ക്കു ചെല്ലുവാനാണു് അദ്ദേഹം സന്ദേശഹരനോടു് അഭ്യർത്ഥിക്കുന്നതു്. മാർഗ്ഗമധ്യത്തിലുള്ള ഇടലാക്കുടി (പക്ഷേ ആരുവാമൊഴി), പണകുടി, തിരുക്കുറുകുടി (ശ്രീകുരംഗം) ആഴ്വാർ തിരുനഗരി, തെങ്കാശി, ശ്രീവല്ലിപുത്തൂർ, തിരുപ്പറക്കുന്റം, തിരുമാലിരുഞ്ചോലൈ (ഋഷഭഗിരി) ഇത്യാദി സ്ഥലങ്ങളെ വർണ്ണിച്ചതിനു മേൽ കവി സ്നാതകനെ നേരേ ചിദംബരത്തേയ്ക്കു പോകുവാൻ ഉപദേശിയ്ക്കുന്നു. പിന്നീടു് അവിടെനിന്നു തെക്കോട്ടേയ്ക്കു പോന്നു കുംഭകോണം, ശ്രീരംഗം, ജംബുകേശ്വരം ഇവിടങ്ങളിലുള്ള ദേവന്മാരെ വന്ദിച്ചു കൊങ്ങനാടു (കോയമ്പത്തൂർ) കടന്നു കേരളത്തിൽ എത്തി സാമൂതിരിമഹാരാജാക്കന്മാരുടെ കീർത്തി പ്രസരിക്കുന്ന ദേശങ്ങൾ അതിലംഘിച്ചു തൃശ്ശൂരിൽ എത്തുവാൻ നിർദ്ദേശിക്കുന്നു. കവിതാരീതി മനസ്സിലാക്കുവാൻ ചില ശ്ലോകങ്ങൾ താഴെച്ചേർക്കുന്നു.

ഗോപസ്ത്രീകൾ (ഇടച്ചികൾ)

ശംഖാകല്പം ശതമഖമണിശ്യാമളം കോമളാംഗം
താളീപത്രശ്രവണയുഗളം തത്ര ഗോപീകദംബം
ദൃഷ്ട്വാ ദൃഷ്ട്യോസ്സുഖമനുഭവൻ മാസ്മ ഭൂരുത്സുകസ്ത്വം
കസ്യാശാസ്യം ന ഭവതി നവം യൗവനം കാമിനീനാം.(1)
തിരുക്കുറുംകൂടി (ദേശിങ്ങനാട്ടുരാജാക്കന്മാരുടെ പൂർവദേശരാജധാനി)

ഏലാവല്ലീകലിതകദളീപേലവസ്പർശശീതാൻ
വാതാൻ കുംഭീസുതകുലവധൂകുന്തളീഗന്ധചോരാൻ
ആലിംഗ്യാസ്മിൻ കമലഭവനാകേളികല്യാണരംഗം
യായാ യായാവര! വസുമതീമംഗലം ശ്രീകുരംഗം.(2)
താമ്രവർണ്ണീനദി

താമുത്തീർണ്ണാം കലശജനുഷഃ കുണ്ഡകല്യാണലക്ഷ്മീം
പാടീരാദ്രേർദ്ദു ഹിതരമിളാമണ്ഡലീഹാരമാലാം
ആഖ്യാം രത്നാകര ഇതി ഗുണൈരംബുധേസ്സാധയന്തീ
മധ്വശ്രാന്തിപ്രശമനകരീമർത്ഥസിദ്ധ്യൈ തരേസ്ത്വം.(3)
തെങ്കാശിക്ഷേത്രത്തിലെ ശിവൻ

മത്സ്യക്രീഡാമുഖരിതശിരശ്ശേഖരസ്തത്ര വന്ദ്യ
ശ്ശബ്ദവ്യാഖ്യാചതുരവലയഃ കശ്ചിദാശ്ചര്യയോഗീ
സ്വാഹാദേവീസുചരിതഫലം സ്വർഗ്ഗ്യമൃഷ്ടാഷ്ടിധുര്യം
കുർവൻ ജ്യോതിർദ്ദൃശി കുചതടീകുന്തളാങ്കാർദ്ധഭാഗഃ.(4)
ചിദംബരത്തിലെ സഭാനാഥനൃത്തം തസ്യാമഗ്രേ ഭുവനസുകൃതസ്ഥാപനാശംഖഘോഷോ
ഭൂയോ മായമയമൃഗകുലോച്ചാടനവ്യഗ്രഘോഷഃ
ശ്രുത്യോഃ പ്രീത്യൈ മുനിജനമനഃകേകിജീമൂതഘോഷോ
മന്ദ്രോന്മേഷസ്തവ മണിസഭാനാഥമഞ്ജീരഘോഷഃ.(5)
തൃശ്ശിവപേരൂർ

തേഷാം മധ്യേ ത്രിപുരജയിനോർന്നിത്യസാന്നിധ്യയോഗാൽ
പ്രാപ്യാ പുണ്യാ തവ വൃഷപുരീ പ്രാണനാഥാസ്പദം മേ
യാമുത്സംഗേ കുസുമരജസാ ധൂസരാംഗീ പ്രമോദാൽ
കേളീലോലാമിവ ദുഹിതരം കേരളോർവീ ദധാതി.(6)
സന്ധ്യായന്തേ സരസിജദൃശാം പക്വബിംബോഷ്ഠഭാസ
സ്താരായന്തേ സ്തനതടജുഷോ നിസ്തുഷാ മൗക്തികാള ്യഃ
ചന്ദ്രായന്തേ കമലസുഷമാകൃന്തി വക്ത്രാണി യസ്യാം
ജ്യോത്സ്നായന്തേ പ്രതിനവസുധാസ്യന്ദിനോ മന്ദഹാസാഃ
എന്നും മറ്റും ആ നഗരത്തിൻറെ മാഹാത്മ്യത്തെ കവി അനേകം പ്രകാരത്തിൽ അനുകീർത്തനം ചെയ്യുന്നു. അനന്തരം തന്റെ പ്രിയതമയുടെ ഭവനത്തെപ്പറ്റിയുള്ള പ്രശംസ ഇങ്ങനെ ആരംഭിക്കുന്നു:

തത്രോദഞ്ചന്മണിഗണമഹശ്ശാരപര്യന്തദീപ്രം
ദൂരാദ്ദ്വാരോല്ലിഖിതകമലാഹസ്തിരത്നാഭിഷേകം
ആയുഷ്യം തേ നയനയുഗളീപുണ്യപുഞ്ജസ്യപുഷ്യാ
ന്മൽപ്രേയസ്യാ മണിനിലയനം മാനവീമേനകായാഃ.(8)
നായികയുടെ സൗന്ദര്യവർണ്ണനവും മറ്റും ശ്ലാഘാസീമയെ അതിലംഘിക്കുന്നവിധത്തിൽ മനോഹരമായിട്ടുണ്ടു്.

നായികാപ്രശസ്തി

സാ വാ നീവീ സരസിജഭുവസ്സർഗ്ഗചാതുര്യസീമ്നാം?
സാ വാ വാപീ മനസിജകൃതാ മന്മനോമജ്ജനായ?
സാ വാ ഭൂമിസ്സകലജഗതാം നേത്രസാഫല്യസിദ്ധേഃ?
സാ വാ ദേവീ ക്ഷിതിതലഗതാ മാനുഷീ കൈതവേന?(9)
നായികയുടെ മന്ദഹാസം

ജ്യോത്സ്നാലക്ഷ്മ്യാഃപരിഭവപദം യൗവനം പാണ്ഡരിമ്ണോ
മല്ലീമിത്രം മനസിജയശോദിവ്യവല്യാഃപ്രസൂനം
മന്യേ വ്രീളാജനകമമൃതസ്യാശ്രയം മാധുരീണാം
മന്ദാരാണാം മദനിയമനം മന്ദഹാസം മൃഗാക്ഷ്യാഃ.(10)
ഉത്തരാർദ്ധം കവിതാമാധുര്യംകൊണ്ടു പൂർവ്വാർദ്ധത്തെ അതിശയിക്കുന്നു എന്നു വേണം പറയുവാൻ. ശുകസന്ദേശത്തിലും ഉണ്ണുനീലിസന്ദേശത്തിലുമെന്നപോലെ ‘യൽ സത്യം തദ്ഭവതു’ എന്ന വാക്യം സുഭഗസന്ദേശത്തിലും

ഏവം പ്രായൈർവിരഹിശിഖിനാലീഢമുഗ്ദ്ധാംഗയഷ്ടിർ
ബാലാ വാക്യൈർമ്മുഹുരുപവനേ കിന്നു മൂർച്ഛാമുപൈതി
യൽ സത്യം തദ്ഭവതു ഭഗവന്നദ്യ യദ്യഭ്യുപേതി
പ്രാണേശോ മേ പതനമനയോഃ പ്രാങ്മുഖം പുഷ്പയോസ്സ്യാൽ.(11)
എന്ന പദ്യത്തിൽ കാണുന്നു.

നാരായണനു തന്റെ കവിതയെപ്പറ്റി വലിയ മതിപ്പാണുണ്ടായിരുന്നതെന്നു് ഉത്തരാർദ്ധത്തിന്റെ ഒടുവിലുള്ള അധോലിഖിതമായ പദ്യത്തിൽനിന്നു വിശദമാകുന്നു.

മുക്താരത്നം മലയമരുതം ചന്ദനം ച പ്രസൂയ
പ്രഖ്യാതാ ദിക്‍ കവിമപി തഥാസോഷ്ട കീർത്ത്യൈ കനിഷ്ഠം
വിദ്വൽപ്രീത്യൈ ബഹുരസസുധാസ്യന്ദി സന്ദേശകാവ്യം
ബദ്ധം താവദ്വിരതമഭവത്തേന നാരായണേന.
മുത്തിനും മലയവായുവിനും ചന്ദനവൃക്ഷത്തിനും ജനയിത്രിയായ ദക്ഷിണദിക്കു കീർത്തിയ്ക്കു വേണ്ടി അവയ്ക്കു കനിഷ്ഠസഹോദരനായി അദ്ദേഹത്തെ പ്രസവിച്ചുവത്രേ. ആ ആത്മസ്തുതി കേവലം അനാസ്പദമാണെന്നു് അനുവാചകന്മാർ വിധിക്കുമെന്നു തോന്നുന്നില്ല. നമ്പൂരി മറ്റു പല കേരളീയകവികളേയും പോലെ പാണ്ഡ്യചോളരാജ്യങ്ങളിൽ സഞ്ചരിച്ചു് അവിടെയുള്ള പല സ്ഥലങ്ങളേയുംപറ്റി പ്രകൃഷ്ടമായ വിജ്ഞാനം സമ്പാദിച്ചിരുന്നു.

27.18കുശാഭ്യുദയം

കുശാഭ്യുദയം എന്നൊരു കാവ്യവും ഈ രാമവർമ്മമഹാരാജാവിന്റെ നിർദ്ദേശമനുസരിച്ചു നിർമ്മിതമായിട്ടുണ്ടു്. ഗ്രന്ഥകാരന്റെ ഗുരു ‘മഹാകാവ്യപഥാധ്വനീന’നായ മഹാദേവനെന്നൊരു പണ്ഡിതനാണു്. അദ്ദേഹവും ശിഷ്യനും ഏതു ദേശക്കാരായിരുന്നു എന്നറിയുന്നില്ല. താഴെക്കാണുന്ന പദ്യങ്ങൾ ആ കാവ്യത്തിലുള്ളവയാണു്:

അസ്ത്യാർജ്ജിതശ്രീർജ്ജയസിംഹരാജ
സന്താനരത്നാകരശീതതേജാഃ
സകേരളേന്ദ്രസ്സകലാരിനാരീ
കണ്ഠസ്ഥലാലം കൃതിഹാനിദക്ഷഃ.
നയേന സാക്ഷാദ്ധിഷണേന കീർത്ത്യാ
നളേന കർണ്ണേന ച ദാനശക്ത്യാ
കിരീടിനാ ജന്യജയേന യസ്യ
സദൃക്ഷതാസീച്ച ജിതാഖിലാരേഃ.
ശ്രീരാമവർമ്മാജനി ഭാഗിനേയ
സ്തസ്യാസുരാരേരിവ കാർത്തികേയഃ
പ്രത്യർത്ഥിനസ്സംയതി യസ്യ ശക്തേർ
ഭംഗം സമാസാദ്യ ലയം പ്രയാന്തി.
വാങ്നർത്തകീ യദ്രസനാഗ്രരംഗേ
നർന്നർത്തി നാനാരസഭാവഹൃദ്യാ
യൽപാണിരല്പീകൃതകല്പശാഖി
ര്യന്മൂർത്തിരാവാസിതരാജലക്ഷ്മീഃ
രാജ്യേ യദീയേ ജനതാതിഹൃഷ്ടാ
ദൈന്യേന ദാരിദ്ര്യകൃതേന ഹീനാ
സദാ സദാചാരരതാ നിരാസ്ഥാ
ധനേഽന്യദീയേ ദയയാ സനാഥാ.
തസ്യാവനീമണ്ഡലശീതഭാനോ
സ്സാഹിത്യവിദ്യാദിവിദഗ്ദ്ധബുദ്ധേഃ
നിയോഗതോ നിർമ്മലകീർത്തിരാശേ
ര്യദുപ്രവീരസ്യഗുണാലയസ്യ
മയാ മഹാകാവ്യപഥാധ്വവനീനം
ഗുരും മഹാദേവമപി പ്രണമ്യ
പ്രവക്ഷ്യതേ പാപവിനാശഹേതു
ശ്ചേതോഭിരാമം ചരിതം കുശസ്യ.
കൊല്ലത്തു (കേരളേന്ദ്രഃ) കേരളവർമ്മനാമധേയനായി രാമവർമ്മാവു് എന്ന ഒരു മഹാരാജാവും അദ്ദേഹത്തിന്റെ ഭാഗിനേയനായി ഒരു ഇളയ രാജാവുമുണ്ടായിരുന്നു. ആ യുവരാജാവിന്റെ ജിഹ്വാഗ്രത്തിൽ വാണീഭഗവതി നർത്തനം ചെയ്തിരുന്നു എന്നും സാഹിത്യത്തിൽ അദ്ദേഹത്തിനു പ്രത്യേകം വൈദഗ്ദ്ധ്യമുണ്ടായിരുന്നു എന്നും ഈ ശ്ലോകങ്ങൾ പ്രഖ്യാപനം ചെയ്യുന്നു. കൊല്ലത്തു കേരളവർമ്മാവെന്നൊരു മഹാരാജാവു് 660 മുതൽ 675 വരെ രാജ്യഭാരം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ശിലാശാസനങ്ങൾ കൊല്ലത്തു ഗണപതിനടയിലും അഗസ്തീശ്വരത്തു് ഇടലാക്കുടിയിലും തിരുനെൽവേലിയിൽ തിരുപ്പുവനത്തും കല്ലിടൈക്കുറിച്ചിയിലും കാൺമാനുണ്ടു്. രാമവർമ്മമഹാരാജാവു് അദ്ദേഹത്തിന്റെ അനന്തരവനായിരുന്നിരിക്കുവാൻ ന്യായമുണ്ടു്. ഗണപതി, സരസ്വതി, ശിവൻ, പാർവ്വതി, വിഷ്ണു, ലക്ഷ്മി എന്നീ ദേവതമാരെ വന്ദിച്ചതിനുമേൽ കവി ബ്രാഹ്മണരെ താഴെക്കാണുന്ന പദ്യത്തിൽ അഭിവാദനം ചെയ്യുന്നു:

ധരാദിതേയാംഘ്രിരജസ്തരീ സ്യാ
ദേനസ്സരിന്നായകലംഘനേ നഃ
യദാശ്രിതാനാം ന കദാചിദാർത്തി
സ്തീർത്ഥാന്യശേഷാണ്യപി യത്ര സന്തി.
ഈ പദ്യത്തിൽനിന്നു് അദ്ദേഹം ഒരു അബ്രാഹ്മണനാണെന്നു് ഊഹിക്കാം. വ്യാസൻ, പാണിനി, ശങ്കരാചാര്യർ, കാളിദാസൻ, ശ്രീഹർഷൻ എന്നീ പ്രാക്തനസൂരികളേയും അദ്ദേഹം ബഹുമാനപൂർവ്വം സ്മരിക്കുന്നുണ്ടു്:

കൃഷ്ണസ്സ നശ്ചേതസി നിത്യമാസ്യാ
ദജീജനദ്യം കില ദാശകന്യാ;
ശാരീരകം യേന കൃതം ച ശാസ്ത്രം
സഹേതിഹാസാദി ഹരേഃ കലാ യഃ.
ശിഷ്യേണ യേനാജനി ശങ്കരസ്യ
യച്ഛാസ്ത്രനിഷ്ഠാസ്സതതം ച ശിഷ്ടാഃ
നാരാധനീയസ്സനകാദികീർത്തിർ
ജനസ്യ ദാക്ഷീതനയസ്സ കസ്യ?
ശ്രീശങ്കരാചാര്യകടാക്ഷധാരാ
ധരസ്സദാ സ്നേഹജലൈരരീണഃ
ആനന്ദയൻ സിഞ്ചതി ശിഷ്യസംജ്ഞ
സസ്യാന്യസത്തർക്കകരംബിതാനി.
സാ കാളിദാസസ്യ കൃതിശ്ചകാസ്തി
ഹൃദ്യാ തഥാ ഖണ്ഡനകാരകസ്യ
സതാം നികായേന സദർത്ഥതീർത്ഥേ
സിതാസിതാർണ്ണസ്സദൃശേത്ര സസ്നേ.
കാളിദാസന്റേയും ഖണ്ഡനഖണ്ഡഖാദ്യകാരനായ ശ്രീഹർഷന്റേയും (നൈഷധകർത്താവു്) കാവ്യങ്ങൾ വായിച്ചാൽ ഗംഗയും യമുനയും സംയോജിക്കുന്ന പ്രയാഗതീർത്ഥത്തിൽ സ്നാനം ചെയ്ത ഫലമുണ്ടാകുമെന്നാകുന്നു ഒടുവിലത്തെ ശ്ലോകത്തിന്റെ അർത്ഥം. പ്രസന്നസരസമാണു് കാളിദാസസൂക്തിയെന്നും, വക്രോക്തിസുന്ദരമാണു് ശ്രീഹർഷഭണിതിയെന്നും താൽപര്യം. കുശാഭ്യുദയത്തിന്റെ ആദ്യത്തെ നാലു സർഗ്ഗങ്ങളേ കണ്ടുകിട്ടിയിട്ടുള്ളു. ഉത്തരരാമായണകഥയാണു് ഈ സർഗ്ഗങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നതു്. ശ്രീരാമന്റെ സൈന്യങ്ങളും കുശലവന്മാരും തമ്മിലുള്ള യുദ്ധം വിസ്തരിച്ചിട്ടുണ്ടു്. മൂന്നു പദ്യങ്ങൾകൂടി ഉദ്ധരിക്കാം:

സ്വാഭാവികേന സഹിതാ സതതം മഹിമ്നാ
ദേവ്യാ തയാനുദിനമാശ്രമമണ്ഡലീ സാ
പുഷ്യദ്യതിസ്ഥിതിജുഷാഽജനി ഭൂരിപുണ്യാ
ത്രിസ്രോതസാ മദനവൈരിജടാവലീവ.
മാതാ വിദേഹതനയേയമയോനിജാതാ
താതഃ പുരാണപുരുഷഃ ഖലു രാമനാമാ
സംസ്കാരകൃൽ കുലപതിശ്ച യയോഃ കവീന്ദ്ര
സ്തദ്വർണ്ണ്യതേ ജഗതി കേന തയോർമ്മഹത്വം?
അധ്യാപിപൽ സ ഭഗവാനഥ മൈഥിലേയൗ
രാമായണം ശ്രുതിമനോഹരപദ്യജാതം
വാഗ്ദേവതാലയസരോജമധുപ്രകാണ്ഡ
ധൗരേയമാത്മചരിതം മഹിതം കവീന്ദ്രഃ.

27.19മഴമങ്ഗലത്തു നാരായണൻനമ്പൂരി

വാഴമാവേലിയുടെ ശിഷ്യനായ ശങ്കരൻനമ്പൂരിക്കു പുറമേ നമുക്കു മഴമംഗലത്തില്ലത്തിൽ പെട്ടവരായി രണ്ടു ഗ്രന്ഥകാരന്മാരെപ്പറ്റിക്കൂടി അറിവുണ്ടെന്നും അവരിൽ ഒരാൾ അദ്ദേഹത്തിന്റെ പുത്രനായ നാരായണൻനമ്പൂരിയും മറ്റൊരാൾ പരമേശ്വരൻനമ്പൂരിയുമാണെന്നും മുൻപു പ്രസ്താവിച്ചുവല്ലോ. നാരായണനും പരമേശ്വരനും തമ്മിലുള്ള ചാർച്ച ഏതു നിലയിലുള്ളതാണെന്നറിയുന്നില്ല.

ജീവചരിത്രം
ശങ്കരൻനമ്പൂരിയെക്കാൾ അധികം സംസ്കൃതവ്യുൽപത്തിയും കവിതാവാസനയും നാരായണൻനമ്പൂരിക്കുണ്ടായിരുന്നു എന്നാണു് ഐതിഹ്യം. രാസക്രീഡാകാവ്യത്തിന്റെ ഒരു മാതൃകാഗ്രന്ഥത്തിൽ ‘മഹിഷമംഗലനാരായണകൃതം’ എന്നു കാണുന്നതിൽനിന്നു കവിയായ മഹിഷമംഗലം ഈ വ്യക്തിതന്നെ എന്നു നിർണ്ണയിക്കാം. അദ്ദേഹം തന്റെ പ്രധാന ശാസ്ത്രഗ്രന്ഥമായ ‘സ്മാർത്തപ്രായശ്ചിത്ത വിമർശിനി’യിൽ

വിശ്വാമിത്രജദേവരാതമുനിസംഭൂതോദലസ്യാന്വയേ
ഗ്രാമേ തത്ര മഹാവനേ മഹിഷപൂർവ്വേ മംഗലാഖ്യേ ഗൃഹേ
ജാതശ്ശങ്കരനന്ദനോ ഗണിതവിന്നാരായണാഖ്യോ ദ്വിജഃ
പ്രായശ്ചിത്തവിമർശിനീമരചയൽ സ്മാർത്താപരാധേഷ്വിമാം.
എന്നു തന്നെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നു. ദേവരാതനും ഉദലനും പ്രവരർഷികളായ വിശ്വാമിത്രഗോത്രത്തിൽ ജനിച്ചവനും പെരുവനം ഗ്രാമത്തിലെ മഹിഷമംഗലത്തില്ലത്തിൽ ശങ്കരൻനമ്പൂരിയുടെ പുത്രനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ നാരായണൻ നമ്പൂരിയാണു് സ്മാർത്തപ്രായശ്ചിത്തവിമർശിനി രചിച്ചതു് എന്നു് ഈ പദ്യത്തിൽനിന്നു വ്യക്തമാകുന്നുണ്ടല്ലോ. ജ്യോതിഷത്തിൽ ഗുരു പിതാവുതന്നെയായിരിക്കാം. അദ്ദേഹം ഒരോത്തില്ലാത്ത നമ്പൂരിയായിരുന്നു എന്നും ഒരിക്കൽ ഒരു യാഗശാലയിൽ യാഗം കാണുവാൻ കടന്നുചെന്നപ്പോൾ അവിടെ സന്നിഹിതരായിരുന്ന വൈദികന്മാർ അദ്ദേഹത്തെ ബഹിഷ്കരിച്ചുവെന്നും ബാല്യത്തിൽ ധൂർത്തനായി നടന്നിരുന്ന അദ്ദേഹം അതിനുശേഷം ചോളദേശത്തുപോയി മൂന്നു വേദങ്ങളിലും ആറു ശാസ്ത്രങ്ങളിലും നിഷ്ണാതനായി തിരിയെ വന്നു എന്നും തദനന്തരം മറ്റൊരു യാഗശാലയിൽ ചെന്നു തന്റെ പൂർവ്വമീമാംസാപാണ്ഡിത്യം പ്രകാശിപ്പിച്ചു എന്നും അതിനുമേൽ അദ്ദേഹത്തെക്കൂടാതെ യാഗം കഴിക്കുവാൻ പാടില്ലെന്നു കേരളത്തിലെ വൈദികന്മാർ വിധിച്ചു എന്നും ഇക്കാലത്തും എവിടെയെങ്കിലും യാഗമോ അഗ്ന്യാധാനമോ ഉണ്ടെങ്കിൽ മാന്യസ്ഥാനത്തു് ഒന്നാമതായി മഴമംഗലത്തിനെന്നു സങ്കല്പിച്ചു് മഴമംഗലപീഠമെന്നു പറയുന്ന ഒരു പലക വയ്ക്കാറുണ്ടെന്നും പുരാവിത്തുകൾ പറയുന്നു. ആ ഐതിഹ്യത്തിൽനിന്നു വെളിപ്പെടുന്ന ഒരു വസ്തുത അദ്ദേഹത്തിനു ശ്രൗതസ്മാർത്തവിധികളിൽ അദ്വിതീയമായ അവഗാഹമുണ്ടായിരുന്നു എന്നുള്ളതാണു്. അതിനു പ്രായശ്ചിത്തവിമർശിനി പ്രത്യക്ഷലക്ഷ്യവും തന്നെ. അദ്ദേഹത്തിന്റെ താമസം ആദ്യകാലത്തു പെരുവനത്തും പിന്നീടു തൃശ്ശിവപേരൂരുമായിരുന്നു. പാറമേക്കാവിൽ ഒരു പുഷ്പകത്തായിരുന്നു അദ്ദേഹം സംബന്ധം ചെയ്തിരുന്നതു്. അനന്തരം ആ ക്ഷേത്രത്തിലെ ശാന്തിക്കാരനുമായി. തന്റെ പത്നിയായ ബ്രാഹ്മണിക്കുവേണ്ടിയാണു് അദ്ദേഹം ബ്രാഹ്മണിപ്പാട്ടുകൾ നിർമ്മിച്ചതു്. നമ്പൂരി മരിക്കുന്നതിനു മുൻപു് ആ ശാന്തി വേണാട്ടുനമ്പൂരിക്കു കൊടുത്തു. അനന്തരം ഊരകത്തു ഭഗവതിയുടെ ഭക്തനായും രാജരാജൻ എന്ന നാമധേയത്താൽ വിദിതനായ കൊച്ചി മഹാരാജാവിന്റെ ആശ്രതനായും അദ്ദേഹം ജീവിതം നയിച്ചു. മഴമംഗലഭാണത്തിൽ നിന്നു താഴെ ഉദ്ധരിക്കുന്ന ഭാഗം അതിനു തെളിവാണു്:

“അദ്യാഹമുദ്ദണ്ഡഭുജദണ്ഡവനഹിണ്ഡമാനമണ്ഡലാഗ്രസന്ദർശന സമയസഞ്ജായമാനസന്ത്രാസഭരസന്നതവിപക്ഷരാ ജന്യമകുടതടഘടിതമണിനികരതാരകാജാലപരിലസിതനഖചന്ദ്രബിംബസ്യ, സകലവിലാസിനീജനമനോമുകുരബിംബിതസുഭഗതര രൂപാമൃതസ്യ, നിഖിലനീതിശാസ്ത്രശാണദൃഷദുല്ലേഖശാതതര മതിസ്ഫുരിതകൃത്യാകൃത്യസ്യ, സുഭഗസാരസ്വതകുചകുംഭയുഗള സംഭൃതരസാസ്വാദമുദിതഹൃദയസ്യ, സുജാതവസുജാതസംപ്രദാനസംപ്രദാനീകൃതകവി ജനകാമധേനുവദനവിനിസ്സൃതവിസ്തൃതയശോമയപയഃ പൂരപൂരിതഭുവനകടാഹസ്യ, മാടമഹാരാജാസ്യ രാജരാജസ്യനിദേശാന്നിജചരണാരവിന്ദസന്തതസമാരാ ധനതല്പരജനകല്പലതായമാനായാഃ കല്പിതവലയാലയ വിഹാരായാവലയാങ്കവാമാംഗമംഗലാലംക്രിയായാശ്ശിവകാമസുന്ദര്യാഃ ശ്രീകാമാക്ഷ്യാഃകടാക്ഷനാളവിഗളദവിരളദയാമൃതസദാ സേകപ്രഫുല്ലിതകവിത്വപാദപേന കേനാപി നിബദ്ധം കമപി ഭാണം.”

ഗ്രന്ഥാവസാനത്തിൽ

“രാജൽകീർത്തിവിഭൂഷിതത്രിഭുവനഃ ശ്രീരാജരാജാഹ്വയോ
രാജേന്ദുഃ ക്ഷിതിമായുഗാന്തസമയം പായാദപേതാപദം;
വാമാർദ്ധാർജ്ജിതപുണ്യപൂരലഹരീ സോമാർദ്ധചൂഡാമണേഃ
കാമാക്ഷീ കുലദേവതാ മമ ച സാ കാമപ്രസൂഃ കല്പതാം.”
എന്നും ഒരു പദ്യമുണ്ടു്. ഈ രാജരാജൻ 712 മുതൽ 740 വരെ കൊച്ചിരാജ്യം പരിപാലിച്ച വീരകേരളവർമ്മ മഹാരാജാവാണെന്നു ഞാൻ ഊഹിക്കുന്നു. തദനന്തരം പണ്ഡിതപാരിജാതവും കാശിക്കു് എഴുന്നള്ളിയ തമ്പുരാൻ എന്ന പേരിൽ സുവിദിതനുമായ രാമവർമ്മമഹാരാജാവിന്റെ അവലംബം നമ്മുടെ കവിക്കു സിദ്ധിച്ചു. അദ്ദേഹത്തിന്റെ അപദാനങ്ങളെ അനുകീർത്തനം ചെയ്യുന്ന ഒരു വിശിഷ്ടകാവ്യമാണു് രാജരത്നാവലീയം ചമ്പു. രാമവർമ്മമഹാരാജാവു് 740 മുതൽ 776 വരെ രാജ്യഭാരം ചെയ്തു. ഈ തെളിവുകൾകൊണ്ടു നാരായണൻ നമ്പൂരിയുടെ കാലം ഉദ്ദേശം കൊല്ലം 700 മുതൽ 770 വരെയാണെന്നു സാമാന്യേന നിർണ്ണയിക്കാവുന്നതാണു്.

കൃതികൾ
നാരായണൻനമ്പൂരിയുടെ കൃതികളായി സംസ്കൃതത്തിൽ (1) സ്മാർത്തപ്രായശ്ചിത്തവിമർശിനി, (2) മഹിഷമംഗലഭാണം, (3) രാസക്രീഡാകാവ്യം, (4) ഉത്തരരാമായണചമ്പു, (5) വ്യവഹാരമാല ഇവയും, ഭാഷയിൽ (6) നൈഷധചമ്പു, (7) രാജരത്നാവലീയം ചമ്പു, (8) കൊടിയവിരഹം ചമ്പു, (9) ബാണയുദ്ധം ചമ്പു എന്നീ ചമ്പുക്കളും, (10) രാസക്രീഡ, (11) വിഷ്ണുമായാചരിതം, (12) തിരുനൃത്തം, (13) ദാരുകവധം, (14) പാർവ്വതീസ്തുതി എന്നീ 5 ബ്രാഹ്മണിപ്പാട്ടുകളും നമുക്കു കിട്ടീട്ടുണ്ടു്. ഭാഷാഗ്രന്ഥങ്ങളെപ്പറ്റി മറ്റൊരധ്യായത്തിൽ പ്രസ്താവിക്കും. പ്രകൃതത്തിൽ സംസ്കൃതകൃതികളെക്കുറിച്ചു മാത്രം സ്വല്പം ഉപന്യസിക്കാം.

സ്മാർത്തപ്രായശ്ചിത്തവിമർശിനി
ഇതു യാഗാദി കർമ്മങ്ങളിൽ ആവശ്യപ്പെടുന്ന പ്രായശ്ചിത്തവിധികളെപ്പറ്റി അഞ്ചു പരിച്ഛേദങ്ങളിൽ സവിസ്തരമായും സോപപത്തികമായും പ്രതിപാദിക്കുന്ന ഒരു മഹാനിബന്ധമാകുന്നു. പ്രസ്തുത വിഷയത്തിൽ ഇത്രമാത്രം പ്രാമാണ്യമുള്ള ഒരു ഗ്രന്ഥം കേരളത്തിൽ വേറെയില്ല. നാരായണൻ നമ്പൂരിക്കു വൈദേശികങ്ങളും കേരളീയങ്ങളുമായ സ്മൃതിഗ്രന്ഥങ്ങളിലുള്ള അത്ഭുതാവഹമായ അവഗാഹം വിമർശിനിയിൽ സർവത്ര പരിശോഭിക്കുന്നു. പ്രയോഗസാരം, രജസ്വലാപഞ്ചദശകം തുടങ്ങിയവയാണു് കേരളീയഗ്രന്ഥങ്ങൾ. പ്രയോഗസാരം മന്ത്രതന്ത്രങ്ങളെ പരാമർശിച്ചു് അജ്ഞാതനാമാവായ ഏതോ ഒരു പ്രാചീനാചാര്യനാൽ രചിക്കപ്പെട്ടിട്ടുള്ള ഒരു വലിയ പ്രമാണഗ്രന്ഥമാകുന്നു. വിമർശിനിയിൽ

ബോധായനം ച മന്വാദീനാശ്വലായനമേവ ച
പ്രണമ്യ ക്രിയതേ സ്മാർത്തപ്രായശ്ചിത്തവിമർശിനീ
എന്ന പ്രതിജ്ഞാപദ്യത്തിനു മേൽ ഗ്രന്ഥകാരൻ ഇങ്ങനെ ഉപന്യസിച്ചുകൊണ്ടു പുരോഗമനംചെയ്യുന്നു: “അത്ര പ്രഥമമഗ്നിനാശകരാ ദോഷാ ഉച്യന്തേ. തത്ര ബോധായനോ യജ്ഞപ്രായശ്ചിത്തമാഹ. അഥാതോഽരണ്യോർവ്യാപത്തിം വ്യാഖ്യാസ്യാമോഽഷ്ടാഭിർന്നിമിത്തൈർവിനശ്യതി. അമേധ്യശ്വപചചണ്ഡാ ലശൂദ്രവായസപതിതരാസഭരജസ്വലാഭിശ്ച സംസ്പർശനേഽരണ്യോർവിനാശ ഇതി. അത്രാരണിവിനാശേനാഗ്നിവിനാശോപ്യുക്തഃ. ഉഭയോഃ കാര്യകാരണസംബന്ധസദ്ഭാവാൽ. തദുക്തം പ്രായശ്ചിത്തസമുച്ചയേ, അരണിവിനാശേനാഗ്നി വിനാശ ഉക്ത ഇതി.”

“ചതുശ്ശബ്ദാർത്ഥസ്യോപസർജ്ജനമിതി പാണിനിവചനാദാഗതാഃ” എന്നും മറ്റുമുള്ള ഭാഗങ്ങളിൽ തന്റെ ഗാഢമായ വ്യാകരണജ്ഞാനത്തേയും അദ്ദേഹം പ്രദർശിപ്പിക്കുന്നുണ്ടു്. വിമർശിനിക്കു മഹാമഹോപാധ്യായൻ കൊടുങ്ങല്ലൂർ ഭട്ടൻ ഗോദവർമ്മത്തമ്പുരാന്റെ ഒരു വ്യാഖ്യാനമുണ്ടു്.

മഹിഷമങ്ഗലം ഭാണം
മറ്റു ഭാണങ്ങളെപ്പോലെ നാരായണൻനമ്പൂരിയുടെ ഭാണത്തിനും പ്രത്യേകമായ ഒരു സംജ്ഞയില്ലാത്തതിനാൽ അതിനെ മഹിഷമംഗലഭാണം എന്നു പറഞ്ഞുവരുന്നു. അതു കവിയുടെ യൗവനാരംഭത്തിലെ ഒരു കൃതിയായിരിക്കണം. കേരളത്തിലെ ഭാണങ്ങളുടെ ചരിത്രത്തിൽ വിടനിദ്ര കഴിഞ്ഞാൽ അടുത്ത സ്ഥാനമാണു് അതിന്നുള്ളതു്. കവിതാഗുണംകൊണ്ടു് അതു കനിഷ്ഠികാധിഷ്ഠിതമായിത്തന്നെ നിലകൊള്ളുകയും ചെയ്യുന്നു. മാതൃക കാണിക്കുവാൻ ചില പദ്യങ്ങൾ ഉദ്ധരിക്കാം: ഗദ്യമാതൃക മുൻപുതന്നെ പ്രദർശിപ്പിച്ചുകഴിഞ്ഞുവല്ലോ.

ഒരു സുന്ദരി

“ഉപചിതമിവ ഭാഗധേയമക്ഷ്ണോ
രുരസിജഭാരമുദാരമുദ്വഹന്തീ
മദതരളമരാളരാജകാന്താ
മധുരഗതാ മമ സമ്മദം വിധത്തേ.”
നായികയുടെ വിരഹാവസ്ഥ

“ആളിനാംവചനേസ്ഥിതിംനകുരുതേ; കേളീശുകം നേക്ഷതേ;
വ്യാളീതി സ്തനമണ്ഡലേ ന സഹതേ ദത്താം മൃണാളീലതാം;
വ്രീളാവിഹ്വലചിത്തവൃത്തി വിഗളദ്ബാഷ്പാംബു, സാകേവലം
ബാല ബാലശിരീഷകോമളതനുശ്ശയ്യാഗൃഹം സേവതേ.”
ഒരു യുവതിയുടെ കേശപാശം

“കുടിലമസിതമേഘച്ഛായമാഭോഗഭാജം
ചികുരമധികദീർഘം ലംബമാനം വഹന്തീ
പരിലഘയതി പശ്ചാദ്ഭാഗകാന്ത്യാപി ധൈര്യം
ന ഹി ഗുളഗുളികായാ: ക്വാപി മാധുര്യഭേദഃ.”
തേച്ചുകുളിക്കാൻപോകുന്ന ഒരു യുവതി

“അർദ്ധാലക്ഷ്യമനോഹരോരുയുഗളം നാത്യായതം ബിഭ്രതീ
വാസഃ പ്രോഷിതഭൂഷണൈരവയവൈഃ കാന്തിംകിരന്തീപരാം
തൈലാഭ്യക്തതനുർന്നിബദ്ധചികുരാ താംബൂലഗർഭാനനാ
വാപീംസ്നാതുമിതോ നിജാന്നിലയാനാന്നിര്യാതി ശാതോദരീ.”
ഒരു ഗർഭിണിയുടെ വിചാരം

“സന്താനലാഭം സഞ്ചിന്ത്യ പ്രസാദമയതേ മനഃ
ദൂയതേ ച പുനർന്നവ്യയൗവനാപായശങ്കയാ.”
‘രാജൽകീർത്തി’ ഇത്യാദി പദ്യത്തിലെ ‘ആയുഗാന്തസമയം’ എന്ന പദം കലിദിനസൂചകമാണെന്നു ചിലർ സങ്കല്പിക്കുന്നതു പ്രമാദംതന്നെ. അതു പരമാർത്ഥമാണെങ്കിൽ ഭാണത്തിന്റെ നിർമ്മിതി കൊല്ലം 390-ആണ്ടിലാണെന്നു വരേണ്ടതാണല്ലോ.

രാസക്രീഡാകാവ്യം
രാസക്രീഡ അന്യാദൃശമായ ശബ്ദഭംഗികൊണ്ടു് അനുവാചകന്മാരെ കോൾമയിർക്കൊള്ളിക്കുന്ന ഒരു ഖണ്ഡകാവ്യമാകുന്നു. പ്രസ്തുത കാവ്യത്തിലെ പദ്യങ്ങളെല്ലാം വസന്തതിലകവൃത്തത്തിലാണു് നിബന്ധിച്ചിരിക്കുന്നതു്. അതിലും വലയാധീശ്വരിയുടെ വന്ദനമുണ്ടു്. ചില പദ്യങ്ങൾ ചുവടേ ചേർക്കുന്നു:

“ആതുംഗമസ്തകമനസ്തമിതാനുഭാവ
മാതങ്കഭാരഹരമംഘ്രിസരോജഭാജാം
മോദങ്കരോതു ശിവയോസ്സുകൃതൈകമത്യം
മാതംഗമാനുഷവപുർമ്മഹിതം മഹോ നഃ.”
“പ്രാലേയശംഖകുസുമസ്ഫടികാവദാതാം
ബാലേന്ദുമണ്ഡിതമനോജ്ഞകിരീടഭാരാം
ആലോകയാമി മനസാ വചസാം സവിത്രീം
നാളീകയോനിവദനാംബുജകേളിഹംസീം.”
“പാരപ്രയാണസുഹൃദസ്സകലാഗമാനാം
പാപാംബുരാശിപരിശോഷവിധൗ ധുരീണാഃ
പായാസുരാധിഹരണേ ഭജതാം പ്രവീണാഃ
പാദാരവിന്ദതലപാംസുകണാ ഗുരൂണാം.”
“വന്ദാരുദേവകുലമൗലിവിരാജമാന
മന്ദാരമാല്യമധുവാസിതപാദപീഠം
വന്ദാമഹേ വലയമന്ദിരവാസലോലം
ചന്ദ്രാവതംസവപുരർദ്ധതപോവിലാസം.”
“ശബ്ദാഗമേഷു സുലഭോ ന പരിശ്രമോസ്തി
വിദ്വൽപ്രമോദജനകോ ന ഗിരാം വിലാസഃ
ഉദ്വേലമന്തരുദിതാ സരസീരുഹാക്ഷ
ഭക്തിഃ പരം ജനമിമം മുഖരീകരോതി.”
“ഉദ്യോഗവത്യുഡുഗണാധിപതാവുദേതു
മുദ്വേലകൗതുകഭരാസ്തരസാ ചകോരാഃ
ആതേനിരേ ഗളഗുഹാഗളിതൈരമന്ദൈഃ
കോലാഹലൈഃ കമുദിനീമപനീതനിദ്രാം.”
“മന്ദോന്മിഷൽകുസുമവിഭ്രമമഞ്ജുഹാസാ
ചന്ദ്രാതപപ്രസരചന്ദനചർച്ചിതാംഗീ
വൃന്ദാവനസ്യ സുഭഗാ വിതതാന ലക്ഷ്മീർ
ന്നന്ദാത്മജസ്യ ഹൃദയേ പരമം പ്രമോദം.”
ഉത്തരരാമായണചമ്പു
ഉത്തരരാമായണ ചമ്പുവിലെ ഒരു സ്തബകമേ കണ്ടുകിട്ടീട്ടുള്ളു. ആ കാവ്യത്തിനും രാസക്രീഡയ്ക്കും തമ്മിലുള്ള രചനാവിഷയകമായ ഏകോദരസഹോദരത്വം വിശദമാണു്. പോരെങ്കിൽ താഴെക്കാണുന്ന ചമ്പൂപദ്യങ്ങൾ ആ ബന്ധത്തെ പ്രസ്പഷ്ടമായി ഉൽഘോഷിക്കുകയും ചെയ്യുന്നു:

“വന്ദാരുദേവഗണമൗലിവിരാജമാന
മന്ദാരസൂനസുരഭീകൃതപാദപീഠാം
സംഭാവയാമി ഹൃദയേന സരസ്വതീം താ
മംഭോജയോനിവദനാംബുജരാജഹംസീം.”
“ഹസ്താരവിന്ദധൃതപുഷ്പശരേക്ഷുചാപ
പാശാംകുശാനരുണഭൂഷണമാല്യലേപാൻ
വന്ദാമഹേ വലയമന്ദിരവാസലോലാം
ശ്ചന്ദ്രാവതംസവപൂരർദ്ധതപോവിലാസാൻ.”
ഈ ഗ്രന്ഥത്തിൽനിന്നു കവിക്കു ‘കൃഷ്ണൻ’ എന്നൊരു ഗുരുവുണ്ടായിരുന്നതായി വെളിപ്പെടുന്നു:

“യശോദയാമണ്ഡിതാത്മാ യഥേഷ്ടദുഘഗോധനഃ
ജയത്യമേയമഹിമാ കൃഷ്ണഃ കൃഷ്ണ ഇവാപരഃ,
ശ്രുതിര്യം ശ്രുതസമ്പന്നമാശ്രിത്യാശ്രിതവത്സലം
രമയത്യമലൈരംഗൈരതിരമ്യപദക്രമാ.
തൽകൃപാവാരിസമ്പർക്കരോഹത്സാരസ്വതാംകുരഃ
ചരിതം രാമചന്ദ്രസ്യ രചയാമ്യഹമുത്തരം.”
വേദവേദാംഗവിജ്ഞനായ ഈ ഗുരുവിനെപ്പറ്റി ഒരറിവും ലഭിക്കുന്നില്ല. പ്രസ്തുത ചമ്പുവിൽനിന്നു് ഒരു ഗദ്യത്തിലെ ഏതാനും പംക്തികളും ചില പദ്യങ്ങളും ഉദ്ധരിക്കാം.

ഗദ്യം
“… സത്യലോകമിവ വിരാജമാനപത്മാസനം, വൈകുണ്ഠലോകമിവ പ്രകടിതരഥാംഗവിലാസം, കൈലാസമിവ നൃത്യന്നീലകണ്ഠം, രാമായണമിവ കുശലവോപസ്കൃതം, മഹാഭാരതമിവ മഹിതാർജ്ജുനധാർത്തരാഷ്ട്രം, ശ്രീഭാഗവതമിവ ശുകവചനമനോരമം, സംഖ്യാപേതപത്രജാലസമന്വിതമപി സപ്തപത്രപരിഭാസുരം, പ്രഹ്ലാദജനകമപി സുരതോപശോഭിതം, സകലപ്രിയങ്കരമപി സകല വിപ്രിയങ്കരം, അഖിലേന്ദ്രിയസുകൃതാഭോഗമാരാമഭൂഭാഗം…”

പദ്യങ്ങൾ, ഔദ്ധത്യപരിഹാരം

“യദ്യസ്തി കശ്ചന കൃശോപി ഗുണോ മദീയേ
കാവ്യേ കൃതസ്സഫല ഏവ നനു പ്രയാസഃ
ജിഹ്വാം ന ചേദപി ബലാന്ന നിവാരയാമി
പാപക്ഷയോ ഭവതി യൽ പരിഹാസയോഗാൽ.”
ശ്രീരാമൻ ഹനൂമാനോടു്

“പ്രാണസ്സമസ്തജഗതഃ പവനഃ പിതാ തേ,
ചക്ഷുസ്തഥൈഷ ഭഗവാൻ ഗുരുരംശുമാലീ
ഇത്ഥം വദന്തി ഭുവി വേദ്യവിദോ മഹാന്തോ
മന്യേ ദ്വയം പുനരിദം മമ തു ത്വമേവ.”
വസന്താഗമം

“ഉദ്ധൂള ്യ ദിക്ഷു നവപുഷ്പപരാഗചൂർണ്ണ
മുച്ചാടനായ വനിതാജനമാനരാശേഃ
മന്ദം മധുവ്രതവിരാവമയം മഹാത്മാ
മന്ത്രം ജജാപ മലയാനിലമന്ത്രവാദീ.”
അരുണോദയം

“രക്താർദ്രപീനപരിലംബിപയോധരാഢ്യാ
ചിത്തേ ഭയം വിദധതീ ജനകാത്മജായാഃ
കേളീവിരോധമകരോൽ സഹസാ സമേത്യ
സന്ധ്യാ പുരേവ ഭഗിനീ ദശകന്ധരസ്യ.”
കേരളീയ സംസ്കൃതകവികളുടെ മദ്ധ്യത്തിൽ എത്ര മഹനീയമായ ഒരു സ്ഥാനമാണു് നാരായണൻനമ്പൂരിക്കുള്ളതെന്നു് ഇനി പ്രത്യേകമായി പറയേണ്ടതില്ലല്ലോ.

വ്യവഹാരമാല
ദക്ഷിണഭാരതത്തിൽ വ്യവഹാരകാര്യങ്ങൾക്കു പ്രമാണഭൂതങ്ങളായി വിജ്ഞാനേശ്വരന്റെ യാജ്ഞവല്ക്യസ്മൃതിവ്യാഖ്യയായ മിതാക്ഷരയ്ക്കുപുറമേ പരാശരമാധവീയം (മാധവാചാര്യരുടെ പരാശരസ്മൃതിവ്യാഖ്യ), വരദരാജന്റെ വ്യവഹാരനിർണ്ണയം, ദേവണ്ണഭട്ടന്റെ സ്മൃതിചന്ദ്രിക, പ്രതാപരുദ്രഗജപതിയുടെ സരസ്വതീവിലാസം എന്നിങ്ങനെ നാലു നിബന്ധങ്ങളുണ്ടു്. സരസ്വതീവിലാസം കൊല്ലം 695-ആണ്ടിടയ്ക്കാണു് ആവിർഭവിച്ചതു്. അതിൽ വ്യവഹാരനിർണ്ണയത്തെ അനുസ്മരിയ്ക്കുന്നുണ്ടു്. പരാശരമാധവീയത്തിന്റെ ആവിർഭാവം ക്രി. പി. പതിനാലാംശതകത്തിലാണെന്നുള്ളതു സുവിദിതമാണല്ലോ. വ്യവഹാരമാല പരാശരമാധവീയത്തേയും വ്യവഹാരനിർണ്ണയത്തേയും ഉപജീവിക്കുന്നു. ഈ കൃതി മഴമംഗലത്തിന്റേതാണെന്നു ചില പഴയ പുസ്തകങ്ങളിൽ രേഖപ്പെടുത്തിക്കാണുന്നു. നാരായണൻനമ്പൂരിയാണു് പ്രണേതാവെന്നു് എനിക്കു പ്രായശ്ചിത്തവിമർശിനി വായിച്ചതിനുമേൽ അനുമാനിക്കുവാൻതോന്നുന്നു. 671-ലാണു് അതിന്റെ നിർമ്മിതി എന്നു ചിലർ പറയുന്നതു് നിർമ്മൂലമാകുന്നു. സിവിലായും ക്രിമിനലായും ഉണ്ടാകുന്ന കേസ്സുകൾ തീരുമാനിക്കുവാൻ കേരളത്തിൽ അതിനുമുമ്പു് അത്തരത്തിൽ ക്രോഡീകൃതമായ ഒരു നിയമഗ്രന്ഥമില്ലായിരുന്നതിനാൽ ആ ന്യൂനത പരിഹരിക്കുന്നതിനുവേണ്ടിയാണു് മഴമംഗലം പ്രസ്തുത നിബന്ധം രചിച്ചതു്. പക്ഷേ അദ്ദേഹത്തിന്റെ പുരസ്കർത്താക്കന്മാരായ രണ്ടു കൊച്ചിമഹാരാജാക്കന്മാരിൽ ഒരാളുടെ പ്രേരണ അതിനുണ്ടായിരുന്നിരിക്കാം. വ്യവഹാരദർശനവിധി, പ്രാഡ്വിവാകധർമ്മം, സഭാസഭ്യോപദേശം മുതലായി പല ഉപക്രമവിഷയങ്ങളേയുംപറ്റി പ്രസ്താവിച്ചതിനാൽ ആചാര്യൻ (1) ഋണാദാനം, (2) അസ്വാമിവിക്രയം, (3) സംഭൂയ സമുസ്ഥാനം, (4) ദത്താപ്രദാനികം, (5) അഭ്യുപേത്യാശുശ്രുഷ, (6) വേതനാനപാകർമ്മം, (7) സ്വാമിപാലവിവാദം, (8) സമയാനപാകർമ്മം, (9) വിക്രിയാസമ്പാദനം, (10) ക്രീത്വാനുശയം, (11) സീമാവിവാദം, (12) വാക്‍പാരുഷ്യം, (13) ദണ്ഡപാരുഷ്യം, (14) സ്തേയം, (15) സാഹസം, (16) സ്ത്രീസംഗ്രഹണം, (17) ദായവിഭാഗം, (18) ദ്യൂതസമാഹ്വയം, (19) പ്രകീർണ്ണകം എന്നിങ്ങനെ പത്തൊൻപതു പ്രകരണങ്ങളിലായി സകല വ്യവഹാരങ്ങളെയും ഉൾപ്പെടുത്തി അവയെ സംക്ഷിപ്തമായും സമഞ്ജസമായും നിരൂപണംചെയ്യുന്നു. കീർണ്ണകം (പലവക) ഒഴിച്ചാൽ പതിനെട്ടു പ്രകാരത്തിലാണു് വ്യവഹാരങ്ങൾ ഉത്ഭവിക്കുന്നതെന്നു കാണാം. പ്രസ്തുത നിബന്ധത്തിൽ ആകെ 1234 ശ്ലോകങ്ങളുണ്ടു്. അവ പല സ്മൃതികാരന്മാരുടേയും ഗ്രന്ഥങ്ങളിൽനിന്നു് ഉദ്ധരിച്ചിട്ടുള്ളവയാണു്. പ്രണേതാവിന്റെ പ്രതിജ്ഞ തന്നെ

“മനുമുഖ്യസരസ്സമുദ്ഭവൈ
സ്സുകുമാരൈഃ പ്രസവൈർവചോമയൈഃ
ത്രിദിവാപ്തിഫലൈർന്നൃപോചിതാം
രചയാമി വ്യവഹാരമാലികാം.”
എന്നാകുന്നു. മനു, വസിഷ്ഠൻ, വ്യാസൻ, നാരദൻ, യാജ്ഞവല്ക്യൻ, കാത്യായനൻ, പിതാമഹൻ, യമൻ, വിഷ്ണു, ഉശനസ്സു്, ഗൗതമൻ, ആപസ്തംബൻ, ബോധായനൻ, വിശ്വാമിത്രൻ, ഭരദ്വാജൻ, ദേവലൻ, ശംഖൻ, ഹാരീതൻ, കാശ്യപൻ, ബൃഹസ്പതി, സംവർത്തകൻ എന്നിങ്ങനെ പല പൂർവ്വാചാര്യന്മാരുടേയും ഗ്രന്ഥങ്ങളെ അദ്ദേഹം ഉപജീവിച്ചിട്ടുണ്ടു്.

വ്യവഹാരമാലയ്ക്കു ഭാഷയിൽ സംക്ഷിപ്തമായി ഒരു പദ്യവിവർത്തനവും ഗദ്യത്തിൽ ഒരു തർജ്ജമയും കാണ്മാനുണ്ടു്. ഗദ്യം 984-ആണ്ടു് ഒരു ദ്രാവിഡബ്രാഹ്മണൻ നിർമ്മിച്ചതാണു്. ഇവയുടെ സ്വരൂപത്തെപ്പറ്റി പിന്നീടു് പ്രതിപാദിക്കും. ക്രി. പി. പത്തൊൻപതാംശതകത്തിന്റെ ആരംഭത്തിലാണല്ലോ ആംഗ്ലേയസമ്പ്രദായത്തിൽ വ്യവഹാരങ്ങൾക്കു വിധി കല്പിക്കുന്നതിന്നുള്ള കോടതികൾ കേരളത്തിൽ സ്ഥാപിയ്ക്കപ്പെട്ടതു്. അതുവരെ 250 വർഷക്കാലത്തേക്കു പ്രാഡ്വിവാകന്മാർക്കു ശരണീകരണീയമായിരുന്ന നിയമഗ്രന്ഥം വ്യവഹാരമാല മാത്രമായിരുന്നു. ക്രി. പി. പത്താംശതകത്തിൽ അതിനുപുറമെ ചില ചട്ടവരിയോലകളും മററുംകൂടി ഉപനിയമസ്ഥാനത്തിൽ ഉത്ഭവിക്കുകയുണ്ടായി.

27.20വേദാന്താചാര്യൻ, കാവ്യപ്രകാശോത്തേജിനി

അലങ്കാരശാസ്ത്രത്തിൽ അത്യന്തം പ്രമാണഭൂതമായ ഒരു ഗ്രന്ഥമാകുന്നു കാവ്യപ്രകാശം. ആ ഗ്രന്ഥത്തിന്റെ പ്രണേതാവും കാശ്മീരദേശീയനുമായ മമ്മടഭട്ടൻ ക്രി. പി. പതിനൊന്നാംശതകത്തിന്റെ മധ്യത്തിൽ ജീവിച്ചിരുന്നു. പത്തുല്ലാസങ്ങളിൽ നാടകപ്രകരണമൊഴികെ ശേഷം സാഹിത്യസംബന്ധമായുള്ള സകല വിഷയങ്ങളേയുംപറ്റി പ്രതിപാദിക്കുന്ന പ്രസ്തുത ഗ്രന്ഥത്തിൽ ദശമോല്ലാസത്തിലെ പരികരാലങ്കാരാവധിയുള്ള ഭാഗം മമ്മടനും അവശിഷ്ടമായ അല്പാംശം അല്ലടനും രചിച്ചു. കാവ്യപ്രകാശത്തിനെന്നതുപോലെ അത്ര വളരെ ടീകകളും ടിപ്പണികളും വേറെ യാതൊരലങ്കാരഗ്രന്ഥത്തിന്നും ഉണ്ടായിട്ടില്ല. ആദ്യത്തെ വ്യാഖ്യാനം ജൈനനായ മാണിക്യചന്ദ്രന്റെ “സങ്കേത” മാണു്. അദ്ദേഹം ക്രി. പി. പന്ത്രണ്ടാംശതകത്തിന്റെ മധ്യത്തിൽ ജീവിച്ചിരുന്നു. “കാവ്യപ്രകാശസ്യകൃതാ ഗൃഹേ ഗൃഹേ ടീകാസ്തഥാപ്യേഷ തഥൈവ ദുർഗ്ഗമഃ” എന്നു് ആ ഗ്രന്ഥത്തിനു് ആദർശമെന്ന വ്യാഖ്യാനം നിർമ്മിച്ച മഹേശ്വരൻ അഭിപ്രായപ്പെടുന്നു.

വേദാന്താചാര്യർ രവിവർമ്മസംജ്ഞനായ ഒരു കൊച്ചിമഹാരാജാവിന്റേയും, അദ്ദേഹത്തിന്റെ അനന്തിരവനും അക്കാലത്തെ യുവരാജാവുമായ വീരകേരളവർമ്മത്തമ്പുരാന്റേയും ആശ്രിതനായി താമസിച്ച കാലത്തു കാവ്യപ്രകാശത്തിനു രചിച്ച ഒരു വിപുലവും വിശദവുമായ വ്യാഖ്യയാണു് പ്രകാശോത്തേജിനി. അർത്ഥാലങ്കാരങ്ങൾക്കുള്ള ഉദാഹരണശ്ലോകങ്ങളെല്ലാം രവിവർമ്മപ്രശസ്തിപരങ്ങളാകയാൽ അതിലെ ദശമോല്ലാസത്തിനു രവിരാജയശോഭൂഷണം എന്നും പേരുണ്ടു്. വേദാന്തദേശികർ തൊണ്ഡമണ്ഡലത്തിന്റെ തലസ്ഥാനമായ കാഞ്ചീപുരത്തിലെ ഒരു വൈഷ്ണവബ്രാഹ്മണനായിരുന്നു. അദ്ദേഹം തന്റെ ചരിത്രത്തേയും താൻ ഉത്തേജിനി നിർമ്മിക്കുന്നതിന്നുള്ള കാരണത്തേയും കുറിച്ചു താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽ പ്രസ്താവിക്കുന്നു:

“രാമേണേവ ഗുണാകരേണ മഹതാ വംശോ രവേഃ ശ്രീമതാ
കൃഷ്ണേനേവ യദോരശേഷജഗതാമാ ധാരതാമഞ്ചതാ
ശ്രീകൊച്ചീശിതുരന്വയോഽവനിതലേ പുണ്യേന യേനാധുനാ
ധത്തേ സർവ്വകുലോത്തമത്വമമലോ ഭാതീഹ സോയം രവിഃ
വിരാട്ശ്വേതച്ഛത്രപ്രസൃമരയശാ ലേഖരമണീ
ജനാഭീഷ്ടപ്രേയോവിതരണഭുജാദണ്ഡമഹിമാ
മിഥോംകൂരക്ഷീരാർപ്പണഭരിതദാനവ്യസനിത
സ്വരുർവീരുഡ്ധേനൂ രവിധരണിപാലോ വിജയതേ.
സംഗീതാഗമപാരഗോ വിതരണീ സാഹിത്യസൗഹിത്യഭൂ
ശ്ശുരസ്സജ്ജനരക്ഷണൈകനിപുണശ്ശ്രീമാൻ രവിക്ഷ്മാപതിഃ
യസ്തസ്യ സ്വസുരാത്മജോഽഖിലസുധീജാഗദ്യമാനപ്രഥാ
ശാലീ യോ ഭുവി വീരകേരളധരാജാനിസ്സ ജേഗീയതേ.
നൃപസ്സ വീരകേരളോരികേളിപശ്യതോഹര
പ്രതാപശോഭമാനമാനവേന്ദ്ര വൃന്ദശേഖരഃ
കദാചിദാഗതോ മുകുന്ദവന്ദനായ സംഗമ
സ്ഥലേ നിരങ്കചന്ദ്രബിംബ സുന്ദരാനനസ്സുധീഃ.
തുണ്ഡീരക്ഷിതിമണ്ഡലമണ്ഡനകാഞ്ചീപുരാദിഹായാതം
വേദാന്തദേശികം ബുധമൈക്ഷത ദിക്കൂലമുദ്രുജസമജ്ഞം.
മംഗലസംഗമരംഗേ തം ഗുരുമവലോക്യ വീരകേരളരാട്
സ്മിതരഞ്ജിതമുഖമണ്ഡലി വചനം രചനാമനോഹരം ന്യഗദതു്.
വിദ്വജ്ജനമകുടീമണിരഞ്ജിത ചരണാബ്ജനഖരഗംഭീര!
വാഗ്ദേവതാവതാര! ത്വം ശൃണു വചനം സമസ്തലോകഹിതം.
തൗതാദികനൈയായികവൈയാകരണാ ദിവാദിസിദ്ധാന്തൈഃ
ദുരധിഗമസ്യ വിധേഹി വ്യാഖ്യാം കാവ്യപ്രകാശസ്യ.
ഇത്ഥം നിദേശതസ്തസ്യ രാജ്ഞോ വേദാന്തദേശികഃ
പ്രകാശോത്തേജിനീം നാമ ടീകാമാധാതുമുദ്യതഃ.
വസുന്ധരാകലിതതപോധനപുരന്ദരേണ സനന്ദനാ
വതാരേണയോയമസ്തൂയത
യച്ഛാസ്ത്രം യേന സമ്യക്‍ പഠിതമുരുദൃഢം
പാഠിതം വാഗ്വിധേയം
ക്ണുപ്തം തത്രൈവ തസ്യ പ്രതിഭടകരിണോ
ഗർവഭംഗം വിതന്വൻ
നാനാതന്ത്രസ്വതന്ത്രശ്ചരതി ബുധജനാ
സ്വാദ്യഗംഭീരസൂക്തിർ
വേദാന്താചാര്യസിംഹോ വിസൃമരസുയശഃ
കേസരഃ കേരളോർവ്യാം.
തഥൈവ മഹാകവിമന്ത്രവാദിശിഖാമണിനാ വാമന
ഭൂസുരേണാപി പ്രാശംസി
വേദാന്താചാര്യസൂര്യോദയമനു സമഭൂൽ
സാധുചക്രപ്രഹർഷോ
ദുർല്ലോകോലൂകപൂഗഃ സമജനി വിഗതാ
ലോകഹൃച്ഛോകമൂകഃ
വിദ്യാധ്വന്യധ്വനീനാ ഭുവി ഫലിതദൃശഃ
സ്വൈരസഞ്ചാരദക്ഷാ
ദിക്ഷു ദ്രാക്ക്ഷുദ്രഭാസാമതിരയമധുനാ
പ്രാപ്യസത്താമസത്താ.
ഇതി സ താദൃശഃ
ഭാരദ്വാജാന്വയാംഭോനിധിജനനജൂഷഃ
ശ്രീനിവാസാധ്വരീന്ദോ
സ്സംജാതസ്സർവവിദ്യാജലധികലശജഃ
ശ്രീനൃസിംഹാനുജോ യഃ
ശ്രീകൊച്ചീരാജസിംഹാസനനിലയസുധീ
ചക്രവർത്തീ ബുധോസൗ
വേദാന്തചാര്യനാമാ രചയതി വിവൃതിം
വ്യക്തകാവ്യപ്രകാശാം.
കാവ്യപ്രകാശേലങ്കാരമീമാംസാന്യായമാംസളേ
വ്യാചിഖ്യാസോജ്ജിഹീതേ മേ തർക്കോപക്രമകർക്കശേ.
കവിതാർക്കികസിംഹസ്യ പ്രതിവാദിഭയങ്കരസ്യ സർവഗുരോഃ
കരുണാ പരാംകുശമുനേസ്സരണാവേതസ്യ ശരണയതു.”
ഗ്രന്ഥാവസാനത്തിൽ ചുവടേ ചേർക്കുന്ന കുറിപ്പും കാണുന്നു:

“ഇതി ശ്രീഭാരദ്വാജകുലജലധികലാനിധി – ഗോപപുരോപകണ്ഠഹംസഗമനാംബികാനിവാസഗുരുശരഗ്രാമാധിരാജകൃത ഗംഗാസ്നാനാഗ്നിഷ്ടോമാദിനിത്യാന്നദാനസരസ്വതീ സഹോദര ശ്രീനിവാസാധ്വര്യുവരതനയ – സർവ്വജ്ഞനൃസിംഹദേശികസഹജവാഗ്ദേവതാവരപ്രസാദാധിഗത ചതുർവ്വിധകവിത്വഷഡ്ഭാഷാസിംഹാസന – തർക്കവിദ്യാഭിനവഗൗതമപ്രാഭാകരസരണി പ്രഭാകര – ശാബ്ദികശിഖാമണി – ധ്വനിമാർഗ്ഗാധ്വനീന-ദുർവ്വാദിഗർവ്വതൂലവാതൂല – പഞ്ചമതീഭഞ്ജന – വൈഷ്ണവരാദ്ധാന്തപ്രതിഷ്ഠാപക സർവതന്ത്രസ്വതന്ത്ര – ശ്രീവേദാന്തവിരചിതായാം സർവടീകാവിഭഞ്ജിന്യാം പ്രകാശോത്തേജിന്യാം കാവ്യപ്രകാശടീകായാം…”
ഈ ഉദ്ധാരങ്ങളിൽനിന്നു് അധോനിർദ്ദിഷ്ടങ്ങളായ വസ്തുതകൾ വെളിപ്പെടുന്നു. തൊണ്ഡമണ്ഡലത്തിൽ ഗോപപുരം എന്ന സ്ഥലത്തിനു സമീപം ‘ഹംസഗമന’ എന്ന ദേവിയുടെ കേന്ദ്രസ്ഥാനമായി ഗുരുശരം എന്നൊരു ഗ്രാമമുണ്ടു്. ആ ഗ്രാമത്തിലെ പ്രഭുവിന്റെ ഔദാര്യത്താൽ ഗംഗാസ്നാനവും അഗ്നിഷ്ടോമാദിയാഗങ്ങളും അനുഷ്ഠിക്കുകയും “നിത്യാന്നദാനസരസ്വതി” എന്ന ബിരുദം ലഭിക്കുകയും ചെയ്ത ഒരു മഹാന്റെ സഹോദരനും ഭാരദ്വാജഗോത്രജനുമായ ശ്രീനിവാസമഖിയുടെ പുത്രനാണു് വേദാന്താചാര്യർ. അദ്ദേഹത്തിനു നൃസിംഹസംജ്ഞനായ ഒരു സഹോദരനുണ്ടായിരുന്നു. നാലു പ്രകാരത്തിലുള്ള കവിത്വത്തിലും ആറു ഭാഷകളിലും പ്രാചീനവും നവീനവുമായ ന്യായം, പ്രഭാകരമീമാംസ, വ്യാകരണം എന്നീ ശാസ്ത്രങ്ങളിലും നിഷ്ണാതനും, ധ്വനിമാർഗ്ഗാനുയായിയും വൈഷ്ണവമതപ്രതിഷ്ഠാപകനുമായ വേദാന്താചാര്യർ കാഞ്ചീപുരത്തുനിന്നു കൊച്ചിരാജ്യത്തു വന്നു് അവിടത്തെ രവിവർമ്മമഹാരാജാവിന്റെ ആസ്ഥാനപണ്ഡിതന്മാരിൽ അഗ്രഗണ്യനായിത്തീർന്നു. ഒരിക്കൽ രവിവർമ്മാവിന്റെ ഭാഗിനേയനായ വീരകേരളവർമ്മത്തമ്പുരാൻ ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവാരാധനത്തിനായി എഴുന്നള്ളിയപ്പോൾ ആചാര്യർ അവിടെയുണ്ടായിരുന്നു. പണ്ഡിതനായ ആ തമ്പുരാൻ കാവ്യപ്രകാശത്തിനു സംശയച്ഛേദിയും സുഗമവുമായ ഒരു വ്യാഖ്യാനം നിർമ്മിക്കണമെന്നു് അവിടെവെച്ചു് ആജ്ഞാപിക്കുകയാൽ അദ്ദേഹം ആ കൃത്യത്തിൽ വ്യാപൃതനായി. വേദാന്തദേശികരുടെ വൈദുഷ്യത്തെപ്പറ്റി സനന്ദനന്റെ അവതാരമെന്നു തോന്നത്തക്ക മാഹാത്മ്യമുള്ള തൃശ്ശൂർ തെക്കേമഠം സ്വാമിയാരും മന്ത്രവാദികളിൽ അഗ്രഗണ്യനായ വാമനൻനമ്പൂരിപ്പാടും മുക്തകണ്ഠമായി പ്രശംസിച്ചിട്ടുണ്ടു്. അദ്ദേഹം യാദവാഭ്യുദയാദിവിവിധ ഗ്രന്ഥപ്രണേതാവായ സാക്ഷാൽ വേദാന്തദേശികരേയും പരാംകുശമുനി (നമ്മാഴ്വാർ) യേയും വ്യാഖ്യാനത്തിന്റെ വിജയത്തിനായി വന്ദിക്കുന്നു.

കാലം
കൊച്ചി രവിവർമ്മമഹാരാജാവിന്റേയും വീരകേരളവർമ്മതമ്പുരാന്റേയും കാലം നിർണ്ണയിച്ചാൽ വേദാന്താചാര്യരുടെ കാലവും വെളിപ്പെടുന്നതാണല്ലോ. നീലകണ്ഠകവിയുടെ തൈങ്കൈലനാഥോദയം ചമ്പു ഗവേഷകന്മാർക്കു് ഈ വിഷയത്തിൽ മാർഗ്ഗദർശകമായിരിക്കുന്നു. ചമ്പുവിൽ ഉള്ളവയാണു് താഴെക്കാണുന്ന ശ്ലോകങ്ങൾ:

“തദനു വിപുലവൈദുഷീനിധാനം
മനുജവരോജനി തത്ര ഗോദവർമ്മാ
അഗണിതഗുണശേവധിശ്ച മധ്യേ
രവിസദൃശോ രവിവർമ്മനാമധേയഃ.
ആവിർബഭൂവ തദനന്തരമാവിഭുഗ്ന
ഭ്രൂ വല്ലി വിഭ്രമവശംവദവിശ്വലോകഃ
സാവിത്രവംശതിലകസ്ത്രിദിവേന്ദ്രധാമാ
ശ്രീവീരകേരള ഇതി ക്ഷിതിപാലചന്ദ്രഃ.”
തദനന്തരം ആ വീരകേരളവർമ്മ മഹാരാജാവിന്റെ വിവിധാപദാനങ്ങളെ പ്രകീർത്തനം ചെയ്യുന്ന ഒരു സംസ്കൃതഗദ്യവും കവി ഘടിപ്പിച്ചിട്ടുണ്ടു്. കാശിക്കെഴുന്നെള്ളിയ രാമവർമ്മ മഹാരാജാവു് അദ്ദേഹത്തിന്റെ അനന്തരഗാമിയായിരുന്നു. കൊച്ചി രാജപരമ്പരയിൽ ഒരു രവിവർമ്മാവിനേയും അദ്ദേഹത്തെത്തുടർന്നു് ഒരു വീരകേരളവർമ്മാവിനേയും നാം സമീക്ഷിക്കുന്നതു് ഈ ഘട്ടത്തിൽ മാത്രമാണു്. 1537-ൽ ഒരു രാമവർമ്മമഹാരാജാവു തീപ്പെട്ടു. അദ്ദേഹത്തിനു പിന്നീടാണു് ഒരു ഗോദവർമ്മാവും രവിവർമ്മാവും രാജ്യഭാരം ചെയ്തതായി നീലകണ്ഠൻ പ്രസ്താവിക്കുന്നതു്. രാമവർമ്മാവിന്റെ അനുജനാണു് രവിവർമ്മാവെന്നു വേദാന്താചാര്യരും ‘ശ്രീരാമക്ഷിതി’ ഇത്യാദി മേലുദ്ധരിക്കുന്ന ഒരു ശ്ലോകത്തിൽ പറയുന്നു. വീരകേരളവർമ്മ മഹാരാജാവു് 1561-ൽ വടക്കുംകൂർ രാജാവിന്റെ അനുചരന്മാരാൽ വധിക്കപ്പെട്ടു. ഈ വഴിയ്ക്കു ചുഴിഞ്ഞുനോക്കുമ്പോൾ കൊല്ലം 720-ആണ്ടിടയ്ക്കു് വേദാന്താചാര്യർ പ്രകാശോത്തേജിനി നിർമ്മിച്ചു എന്നു സിദ്ധിക്കുന്നു. മേല്പുത്തൂർ ഭട്ടതിരി തന്റെ സമകാലികനായ വീരകേരളവർമ്മാവിനെപ്പറ്റി പ്രശംസിക്കുമ്പോൾ “വിശ്വാലങ്കാരഭൂതസ്സ്വയമഭിരമസേ നന്വലങ്കാരമാർഗ്ഗേ നീതൗ കാവ്യപ്രകാശഃ പുനരപി ഭജസേ ചാരു കാവ്യപ്രകാശം” എന്നു പറയുന്നുണ്ടെങ്കിലും ആ തമ്പുരാന്റെ മുൻവാഴ്ചക്കാരനായി രവിവർമ്മനാമധേയനായ ഒരു മഹാരാജാവില്ലാതിരുന്ന സ്ഥിതിക്കു് അദ്ദേഹമല്ല ദേശികരുടെ പുരസ്കർത്താവെന്നു നിർണ്ണയിക്കേണ്ടിയിരിക്കുന്നു. ഉത്തേജിനിയിലെ അലങ്കാരപ്രകരണത്തിൽ ഉദാഹരണങ്ങൾ രവിവർമ്മാവിനെപ്പറ്റിയാണെങ്കിലും ആചാര്യൻ പ്രധാനമായി ആശ്രയിച്ചുവന്നതു വീരകേരളവർമ്മാവിനെയാണെന്നു ഗ്രന്ഥത്തിൽനിന്നു തെളിയുന്നു. അദ്ദേഹത്തെപ്പറ്റിയും അപൂർവ്വം ചില ശ്ലോകങ്ങളുണ്ടു്. വിശിഷ്ടമായ ഈ വ്യാഖ്യാനത്തിന്റെ ചർച്ചയ്ക്കു് ഇവിടെ സൗകര്യമില്ല. രണ്ടു് ഉദാഹരണശ്ലോകങ്ങൾ മാത്രം ഉദ്ധരിക്കാം:

“രവിക്ഷമാപാല സരാജകേപി
ത്വമേവ ഭൂമീവലയേ യശസ്വീ
സതാരജാലേപി നഭോന്തരാളേ
പ്രകാശശാലീ ഖലു ചന്ദ്ര ഏവ.”
“ലക്ഷ്മീവൻ യുവരാജ മംഗലഗുണശ്രേണീപയോധേ ബുധേ
പ്രൗഢപ്രേമഭരം ദദാസി ന ലഗച്ചിത്തോസി മന്ദോദയേ
പാളീഭീ രവിമണ്ഡലാന്തരഭിദാമാതന്തനീഷി ദ്വിഷാം
കർണ്ണം ധിക്കുരുഷേ കരേണ രവിരപ്യാശ്ചര്യമുർവീതലേ.”
ഒടുവിൽ താഴെക്കാണുന്ന ശ്ലോകവും കാൺമാനുണ്ടു്.

“ശ്രീരാമക്ഷിതിപാനുജസ്ത്രിജഗതി പ്രൗഢാസിമല്ലാഭിധോ
യോ വൈ മാനവപാരിജാത ഇതി യോ ജോഘുഷ്യമാണോജനൈഃ
വൃത്ത്യാ നൂതനദേവരാത ഇതി യോ ലീലാഹരിശ്ചന്ദ്ര ഇ
ത്യാഖ്യാതോ രവിമേദിനീപതിരയം ജീയാദിഹായുശ്ശതം.”

27.21നീലകണ്ഠപൂജ്യപാദൻ

കൊല്ലം എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന സംസ്കൃതപണ്ഡിതന്മാരിൽ പ്രശസ്യമായ ഒരു പദവി ഈശാനന്റെ പുത്രനായ മുക്കോലയ്ക്കൽ നീലകണ്ഠൻ നമ്പൂരിക്കു നല്കാവുന്നതാണു്. അദ്ദേഹം വാസുഭട്ടതിരിയുടെ ത്രിപുരദഹനം, ശൗരികഥ എന്നീ രണ്ടു യമകകാവ്യങ്ങൾക്കു യഥാക്രമം അർത്ഥപ്രകാശിക എന്നും തത്ത്വപ്രകാശിക എന്നും ഉള്ള പേരുകളിൽ വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ടു്. അർത്ഥപ്രകാശിക രാജരാജൻ എന്ന ബിരുദനാമത്താൽ വിദിതനായ കൊച്ചി വീരകേരളവർമ്മമഹാരാജാവു് രാമവർമ്മ യുവരാജാവിന്റെ സഹായത്തോടുകൂടി രാജ്യഭാരം ചെയ്ത കാലത്തും തത്ത്വ പ്രകാശിക രാമവർമ്മമഹാരാജാവു ഗോദവർമ്മയുവരാജാവിനോടുകൂടി രാജ്യപരിപാലനം ചെയ്ത കാലത്തുമാണു് നിർമ്മിച്ചതു്. നീലകണ്ഠൻ മുക്കോലയ്ക്കൽക്കാരനും അവിടത്തെ ഭഗവതിയുടെ പരമഭക്തനുമായിരുന്നു. പുരുഷോത്തമസരസ്വതിയെന്നായിരുന്നു അദ്ദേഹത്തിന്റെ ഗുരുവായ യതിവര്യന്റെ നാമധേയം. താഴേക്കാണുന്ന പദ്യങ്ങൾ പ്രകൃതത്തിൽ അനുസന്ധേയങ്ങളാണു്:

അർത്ഥപ്രകാശിക
“ദുരിതഹരണദക്ഷം സൂര്യസോമാനലാക്ഷം
ക്ഷപിതസുരവിപക്ഷം ക്ഷീണദോഷാക്ഷലക്ഷ്യം
മഹിഷശിരസി രാജന്മുക്തിപൂർവസ്ഥലേ വഃ
കൃതവസതി സരാഗം പാതു ദൗർഗ്ഗം മഹസ്തൽ.
വാദിവ്രാതദുരാസദേഭഹനനപ്രക്ഷുബ്ധസിംഹോപമം
സ്വാന്തേവാസിഹൃദംബുജസ്ഥതിമിരപ്രധ്വംസഭാന്വാകൃതിം
ത്രയ്യന്തോക്തിവിചാരചാരുധിഷണം കർമ്മന്ദിചൂഡാമണിം
വന്ദേ തം പുരുഷോത്തമാദികസരസ്വത്യാഖ്യമസ്മദ്ഗുരും.
അർത്ഥപ്രകാശികാനാമ്നാ വ്യാഖ്യാ പൗരദഹന്യസൗ
ക്രിയതേ നീലകണ്ഠേന ഗൗരീശാസനസംഭവാ.
ജഗതി (വിമല) കീർത്തൗ രാജരാജേ നരേന്ദ്രേ
ക്ഷിതിതലമിദമൃദ്ധം പാതി രാമേണ സാകം
രചയതി മിതമേതാം വൃത്തിമല്പേതരാർത്ഥാം
ഗളിതഗഹനഭാവാം നീലകണ്ഠോ ദ്വിജാഗ്ര്യഃ.”
തത്ത്വപ്രകാശിക
“മഹിഷപ്രോഥനിഹിതചരണം കരണം മഹഃ
മുക്തേർമ്മുക്തിസ്ഥലാസ്ഥാനം ദൗർഗ്ഗം ദുർഗ്ഗം ഭജേ മുഹുഃ
യദനുഗ്രഹതഃ പുംസാം മതിർദ്ദർപ്പണനിർമ്മലാ
യതീശം തം ഗുരും വന്ദേ ത്രയ്യന്തോദധിപാരഗം.

തത്ത്വപ്രകാശികാനാമ്നാ വ്യാഖ്യാ ശൗരികഥാശ്രയാ
ക്രിയതേ നീലകണ്ഠേന ശ്രുതാർത്ഥപരിശുദ്ധയേ.

രാമവർമ്മനൃപതൗ മഹീമിമാം
പാതി സാകമിഹ ഗോദവർമ്മണാ
നീലകണ്ഠ… സാ കൃതാ
വൃത്തിരാന്ധ്യമതിദോഷഹന്ത്ര്യസൗ.

യൽകൃപാലേശതോജ്ഞോപി സുരാചാര്യസമോ ഭവേൽ
കർമ്മന്ദിവൃന്ദവന്ദ്യം തം ഗുരും വന്ദേ യതീശ്വരം.
ശ്രുതമപി ഗുരുമുഖ്യാദ്വക്‍തുമർത്ഥം ന ദക്ഷോ
ബഹുദിനമപി ചിന്താഹാനിദോഷേണ യസ്യ
മനസി ജനിതതാപം തസ്യ ഹാതും കൃതേയം
മഹതി യമകകാവ്യേ വൃത്തിരേഷാ സ്ഫുടാർത്ഥാ.
മുക്തിസ്ഥലോദവസിതോ ഗിരിരാജകന്യാ
പാദാബ്ജധൂളിരനിശം നിഗമാന്തസേവീ
ഗോവിന്ദഭക്തിരസസംഭൃതിഭുഗ്നകണ്ഠോ
വ്യാഖ്യാമിമാം വ്യരചയൽ ഖലു നീലകണ്ഠഃ.”
‘നീലകണ്ഠപൂജ്യപാദവിരചിതായാം’ എന്ന കുറിപ്പു തത്ത്വപ്രകാശികയുടെ അവസാനത്തിൽ മാത്രമേ കാണുന്നുള്ളു എന്നുള്ളതിനാൽ അർത്ഥപ്രകാശിക രചിച്ചതിനുമേലാണു് നീലകണ്ഠൻ സന്യാസാശ്രമം സ്വീകരിച്ചതെന്നു് അനുമാനിക്കാം.

27.22മഴമംഗലത്തു പരമേശ്വരൻ നമ്പൂരി

പരമേശ്വരൻ നമ്പൂരിയുടെ കൃതിയാണു് ആശൗചദീപകം. ആശൗചദീപികയെന്നും അതിനു പേരുണ്ടു്. ഗ്രന്ഥത്തിന്റെ അവസാനത്തിൽ കാണുന്ന

“ഇത്ഥം തൽ പരമേശ്വരേണ നിഖിലം ഹ്യാശൗചദീപാഖ്യകം
ശ്രീമന്മദ്ഗുരുമാധവാദികഗുരൂൻ നത്വാ വിലിഖ്യാധുനാ
ജാലാംഗേധനസേവ്യനുൽകലിദിനേഥാഭൂൽ സമാപ്തം ക്രമാ
ന്നാന്ദീതീരസമീപഗേന പുരുദാവഗ്രാമജേനാഞ്ജസാ.”
എന്ന പദ്യത്തിൽനിന്നു പരമേശ്വരൻതന്നെയാണു് ആ ഗ്രന്ഥത്തിന്റെ പ്രണേതാവെന്നും അദ്ദേഹത്തിന്റെ ഗ്രാമം (പുരുദാവം) പെരുവനമാണെന്നും ഗ്രന്ഥം സമാപ്തമായതു കൊല്ലം 754-ആണ്ടാണെന്നും വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ പ്രധാനഗുരു ഒരു മാധവനായിരുന്നുവെന്നും ആ പദ്യത്തിൽനിന്നു നാം ധരിക്കുന്നു. നാന്ദിയെന്നതു പുതുക്കാട്ടിനു സമീപത്തുകൂടി ഒഴുകുന്ന ഒരു പുഴയാണത്രേ. ‘താന്നീതീര’ എന്നതാണു് ശരിയായ പാഠമെന്നും താന്നിപ്പുഴ എന്നു കാലടിയിൽ കടത്തുസ്ഥലത്തു പെരിയാറ്റിനു പേരുണ്ടെന്നും ഒരു പക്ഷാന്തരമുണ്ടു്. ‘താന്നി’ എന്ന മലയാളശബ്ദം സംസ്കൃതീകരിക്കാതെ ഒരു സംസ്കൃതരൂപത്തിൽ പ്രയോഗിക്കുന്നതു് അസാധാരണമാണെന്നു ഞാൻ കരുതുന്നു.

ആശൗചദീപകത്തിനു ചന്ദ്രിക എന്ന ഒരു പഴയ വ്യാഖ്യാനമുള്ളതിനുപുറമേ സർവതന്ത്ര സ്വതന്ത്രനായ കൊടുങ്ങല്ലൂർ വിദ്വാൻ ഗോദവർമ്മ ഇളയതമ്പുരാന്റെ (കൊല്ലം 975-1026) വിവേചനമെന്ന മറ്റൊരു വ്യാഖ്യാനവും കാൺമാനുണ്ടു്. ആദ്യത്തേതു പെരുമനത്തുകാരനായ മറ്റൊരു നമ്പൂരി രചിച്ചതാണു്.

പുരുവനസംജ്ഞേ ഗ്രാമേ ജാതേനാശൗചദീപികാ രചിതാ
തദ്വൃത്തിസ്തത്രത്യേനൈവൈഷാശൗചചന്ദ്രികാ പ്രോക്താ.”
എന്ന പദ്യം നോക്കുക. വിദ്വാൻ ഇളയതമ്പുരാൻ പ്രസ്തുത കൃതി മഴമംഗലത്തു നമ്പൂരിയുടേതാണെന്നു സ്പഷ്ടമായി പറയുന്നുണ്ടു്.

“പ്രീത്യൈ സതാം മഹിഷമംഗലനാമ്നി ഗേഹേ
ജാതേന ഭൂസുരവരേണ പുരാ കൃതം യൽ
ആശൗചദീപകമമും വിവരീതുമദ്യ
ശ്രീകോടിലിംഗനിലയോ നൃപതിസ്സമീഹേ.”
എന്ന പദ്യത്തിൽനിന്നു് ഈ വസ്തുത ഗ്രഹിക്കാവുന്നതാണു്. ‘മഴമംഗലം ആശൗചം’ എന്ന പേരിലാണു് പൊതുജനങ്ങളുടെ ഇടയിൽ ഈ ഗ്രന്ഥത്തിനു പ്രശസ്തി എന്നും ഇവിടെ പ്രസ്താവിക്കേണ്ടതുണ്ടു്. ദീപകത്തിൽ ഭിന്നവൃത്തങ്ങളിലായി 167 പദ്യങ്ങൾ മാത്രമേയുള്ളു. ആ ഹ്രസ്വമായ പരിധിക്കുള്ളിൽ ആചാര്യൻ ആശൗചത്തെസ്സംബന്ധിച്ചു് അവധാരണീയങ്ങളായ സകലവിഷയങ്ങളും സമീചീനമായി പ്രതിപാദിക്കുന്നു. ആദ്യത്തെ പദ്യമാണു് താഴെച്ചേർക്കുന്നതു്:

“യതോ വാ ജന്മാസ്യ സ്ഫുരതി ച യതോ വാ തദിതരദ്
ദ്വയോരപ്യേതേന പ്രകടിതനിദാനാഘമഖിലം
വ്യതീയാസ്തേ ശുദ്ധോ നിരഘ ഇവ തസ്യാവഗമനാ
ദുപാസേ തത്തത്ത്വം പ്രശമിതവികല്പം പദമിദം.”
പ്രസ്തുതവിഷയത്തിൽ കേരളത്തിലെ ഭിന്നദേശങ്ങളിലുള്ള ആചാരവ്യത്യാസങ്ങളെപ്പറ്റിയും അദ്ദേഹം അവസരോചിതമായി പ്രസ്താവിക്കുന്നുണ്ടു്.

“ജന്മന ആരഭ്യ മൃതൗ ബന്ധൂനാം യോനിബീജജാതാനാം
ത്രിദിനമഘംഗൃഹ്ണീയുശ്ശിവപുരതശ്ചോ ത്തരാലയാഃപ്രായഃ”
എന്നും

“വിപ്രേന്ദ്രാ ദാക്ഷിണാത്യാഃ ഖലു ശിവപുരത-
സ്തൂപനീതേർവിവാഹാൽ
പുന്നാര്യൗ പ്രാങ്മൃതൗ സ്നാന്ത്യഥ ഖലു മരണേ
യോനിബന്ധോസ്ത്ര്യഹാഘം
ഗൃഹ്ണീയുർബ്ബീജബന്ധോ ശശിദിനമപരേ
പക്ഷിണീം സംഗിരന്തേ
താമേതാം പക്ഷിണീം കേചന ദിനയുഗളീം
വിപ്രവര്യാ വദന്തി.”
എന്നുമുള്ള പദ്യങ്ങൾ കാൺക. ഇവയിൽ തൃശ്ശിവപേരൂർക്കു് വടക്കും തെക്കും താമസിക്കുന്ന നമ്പൂരിമാരുടെ ചില ആചാരഭേദങ്ങൾ പ്രതിപാദിതങ്ങളായിരിക്കുന്നു. ഒടുവിലത്തെ പദ്യത്തിൽ ചതുർത്ഥപക്ഷമാണെന്നു സൂചിപ്പിച്ചിട്ടുള്ളതു് ഇരിഞ്ഞാലക്കുടഗ്രാമക്കാരുടെ പക്ഷമാണെന്നു വ്യാഖ്യാനങ്ങളിൽനിന്നറിയുന്നു. ഒടുവിൽ ആചാര്യൻ,

“ആശൗചദീപകമിദം രചിതം വിമൃശ്യ
തത്തൽസ്മൃതീരപി തഥാപി ച ദേശകാലൗ
ആലോച്യ തത്സമയപണ്ഡിതവൈദികാനാ
മത്രാനുസൃത്യ ച മതം വിദധാതു സർവം.”
എന്നും
“ഗാസ്താഃ സ്മൃതാ മുനിവരൈർവിമലാർത്ഥദുഗ്ദ്ധം
ദുഗ്ദ്ധ്വാ വിമഥ്യ ഹൃദയേന സമുദ്ധൃതം യൽ
ആശൗചദീപകമിദം നവനീതകല്പം
പ്രീത്യൈ ഭവേൽ സുമനസാമഘനുത്തയേ ച.”
എന്നുമുള്ള പദ്യങ്ങൾകൂടി ഘടിപ്പിച്ചിട്ടുണ്ടു്. താൻ പല സ്മൃതികളും പരിശോധിച്ചാണു് ദീപകം രചിച്ചിരിക്കുന്നതെങ്കിലും ദേശകാലങ്ങളെപ്പറ്റി ആലോചിച്ചും അതാതു കാലത്തു പണ്ഡിതന്മാരായിരിക്കുന്ന വൈദികന്മാരുടെ മതമനുസരിച്ചും മാത്രമേ ആശൗചക്രിയകൾ അനുഷ്ഠിക്കുവാൻ പാടുള്ളു എന്നു് ആചാര്യൻ ഉപദേശിക്കുന്നു.

വ്യാഖ്യാനങ്ങൾ
ചന്ദ്രികാകാരൻ സ്മൃതികളിലും വ്യാകരണത്തിലും നിഷ്കൃഷ്ടമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നു. ഇളയതമ്പുരാന്റെ വൈദുഷ്യം സുപ്രസിദ്ധമാണല്ലോ. അദ്ദേഹം ചില ബ്രാഹ്മണർ അപേക്ഷിയ്ക്കുകനിമിത്തം ആശൗചവിധിവരെയുള്ള ഭാഗത്തിനു വ്യാഖ്യാനം രചിച്ചതായി പറയുന്നു.

“ഏവം മയാ വിരചിതം ഭൂസുരാണാമപേക്ഷയാ
ആശൗചദീപകഗ്രന്ഥസ്യൈകദേശ വിവേചനം.”
“ആശൗചവിധിപര്യന്തമേവ കാര്യം വിവേചനം
ഇത്യേവ ഭൂസുരാപേക്ഷാ തദേതാവദ്വിവേചിതം.”
ഈ അടുത്ത കാലത്തു സി. കെ. വാസുദേവശർമ്മാ പ്രകാശിക എന്നൊരു ഭാഷാഗദ്യവ്യാഖ്യാനവും ദീപകത്തിനുരചിച്ചിട്ടുണ്ടു്.

ആശൗചചിന്താമണി
കേരളീയനായ ഒരു പണ്ഡിതൻ ആശൗചചിന്താമണി എന്നൊരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. അതു് എട്ടാം ശതകത്തിൽ ആവിർഭവിച്ച ഒരു കൃതിയാണെന്നു തോന്നുന്നു. പ്രണേതാവിന്റെ കാലദേശങ്ങളെക്കുറിച്ചു യാതൊരു അറിവുമില്ല. അതിൽനിന്നു രണ്ടു ശ്ലോകങ്ങൾ പകർത്താം:

“ഗണേശവാണീഗുരുദക്ഷിണേശാൻ
വന്ദേ ദയാബ്ധീൻ വരദാനശീലാൻ;
ജന്മാദിമൂലാനി നിരസ്യ ചാഘാ
ന്യമീ ദിശന്ത്വാശു മദാത്മശുദ്ധിം.
വിപ്രക്ഷത്രവിഡംഘ്രിജാസ്ത്വിഹ ദിശാരുദ്രാർക്കതിഥ്യുന്മിതാ
ഹാശൗചാ രജസിസ്ത്രിയസ്ത്ര്യഹമലാസ്സ്യുർവിപ്രവൽ സൂത്രിണാം
വിഡ്വൽ പാരശവസ്യ നോ സുഹൃദഘം ബാലാഹഭേദാശ്ച നാ
പ്യന്തഃപാത്യതികാലജാദ്യഘഭിദാസ്ത്വ ബ്രാഹ്മണാനാംച നോ.”
വചനമാല
യാജ്ഞവല്ക്യസ്മൃതിയുടെ പ്രാചീനവ്യാഖ്യാനങ്ങളിൽ പ്രഥമഗണനീയമാണു് വിശ്വരൂപാചാര്യരുടെ ബാലക്രീഡ. വിജ്ഞാനേശ്വരൻ മിതാക്ഷര എന്ന തന്റെ സുപ്രസിദ്ധമായ യാജ്ഞവല്ക്യസ്മൃതിവ്യാഖ്യായിൽ ‘വിശ്വരൂപവികടോക്തിവിസ്മൃതം’ എന്നു് ആ വ്യാഖ്യാനത്തെ ഭയഭക്തിപൂർവകമായി സ്മരിച്ചിട്ടുണ്ടു്. ബാലക്രീഢയുടെ ടീകകളിൽ ഒന്നാണു് വചനമാല. ആ ടീകയിലെ ആചാരാധ്യായത്തിൽ ബ്രഹ്മചാരിപ്രകരണത്തിലെ ഒരു ഭാഗം മാത്രമേ ലഭിച്ചിട്ടുള്ളു. ആചാര്യൻ കേരളീയനാണെന്നുള്ളതിനു സംശയമില്ല. അദ്ദേഹം ബാലക്രീഡയ്ക്കുതന്നെ അമൃതസ്യന്ദിനി എന്നൊരു ടീക തന്റെ പരമഗുരുവായ (പ്രാചാര്യൻ) ഒരു ചോമാതിരി രചിച്ചിട്ടുണ്ടെന്നും വളരെക്കാലത്തിന്നു മുൻപു വേദാത്മാവു് എന്നൊരു യതി വിഭാവനയെന്നും, ടീകയെന്നും രണ്ടു വ്യാഖ്യകൾ നിർമ്മിച്ചു എന്നും ആ വ്യാഖ്യകൾ ലഭിച്ചിട്ടില്ലെന്നും പറയുന്നു. അതോടുകൂടി തന്റെ പേരെന്തെന്നു പറയുന്നില്ലെങ്കിലും താൻ ഗൗരീപാദാദികേശസ്തവം, സേതു എന്നിങ്ങനെ രണ്ടു കൃതികൾ രചിച്ചിട്ടുള്ളതിനുപുറമേ മേഘസന്ദേശശ്ലോകങ്ങളിലെ അന്ത്യപാദങ്ങൾ ഘടിപ്പിച്ചു ബാലകാണ്ഡവും മയൂരന്റെ സൂര്യശതകശ്ലോകങ്ങളിലെ പ്രഥമപാദങ്ങൾ ഘടിപ്പിച്ചു് അയോധ്യാകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെയുള്ള ഇതരകാണ്ഡങ്ങളുമായി സമസ്യാരാമവൃത്താന്തം എന്നും സൂര്യ ശതകശ്ലോകങ്ങളിലെ ദ്വിതീയപാദങ്ങൾ ഉൾക്കൊള്ളിച്ചു സമസ്യാ കൃഷ്ണലീലയെന്നും രണ്ടു കാവ്യങ്ങൾകൂടി നിർമ്മിച്ചിട്ടുള്ളതായി പ്രസ്താവിക്കുന്നുണ്ടു്. ഭവഭൂതിയും വിശ്വരൂപനും അഭിന്നന്മാരായിരുന്നു എന്നുള്ള ഐതിഹ്യം വചനമാലാകാരൻ വിശ്വസിച്ചിരുന്നതായി

“ഭവഭൂതിനിബന്ധനോദധൗ
തിമിഭീമപ്രതിവാദിമേദുരേ
സകലാക്ഷനിരീക്ഷണം വപുഃ
പതിതം മാമയമുദ്ധരിഷ്യതി”
എന്ന വചനത്തിൽ നിന്നു തെളിയുന്നു. അടിയിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ സ്മർത്തവ്യങ്ങളാണു്:

“യന്മായാവിവശാ വിദുർഭുവനമാത്മാ ഭിന്നമപ്യന്യഥാ
യദ്വിദ്യാകുശലാ വിദന്തി തദിദം ചാഭിന്നമേവാത്മനാ
കർത്തും യൽകിമപീശ്വരോപി പരമഃ ശക്‍നോതി നോ യാമൃതേ;
താം സംവിന്മയവിഗ്രഹാമവിരതം വന്ദേ മുകുന്ദാനുജാം.
ഗൗരീകേശാദിപാദസ്തവമപി ശതക
ശ്ലോകപൂർവ്വാർദ്ധപാദാൻ
വൃത്തം ശ്രീരാമശൗര്യോരപി ച രചിതവാൻ
പൂരയൻ യസ്സമസ്യാഃ
സേതും ചൈവാതിമാത്രം രൂചിരമഭിനവം
മേഘപദ്യാന്തപാദാൻ
വ്യാഖ്യാലങ്കാരഹേതോസ്സു വചനകുസുമൈ
സ്സാധു ബധ്നാമി മാലാം.
വിഭാവനേതി വ്യാഖ്യാസ്യ കൃതാ പൂർവ്വം യതീശ്വരൈഃ
വേദാത്മനാമഭിസ്സേയമാമൂലാഗ്രവിഭാവനാ.
ഇത്യാശങ്ക്യ ഇതി വ്യാഖ്യാ ടീകേത്യപി ച ദൃശ്യതേ
തേ സാകല്യേന നൈവാസ്താമുഭേ ച ക്വചിദേവ തു.
അധുനാ കൃഷ്ണകാരുണ്യാദ്രചിതാ സോമയാജിനാ
അമൃതസ്യന്ദിനീ സ്വാർത്ഥമരന്ദാഹ്ലാദിനീ സതാം.
ആനൈഷ്ഠികവിചാരാന്താദാദൗ സാ വിദ്യതേ തതഃ
കാലോഗ്നിരിത്യുപക്രമ്യ ശാരീരാന്തരഗാമിനീ.
ശ്രീമദ്ദേശികപാദപങ്കജരജഃപുഞ്ജാവതം സോത്തമഃ
ശർവാണീചരണാംബുജപ്രചരണ ക്രീഡാനികേതാന്തരഃ
വിദ്വൽപാദപയോജപാവനപരാഗാവാപ്യ പുണ്യോത്സുകഃ
ശാസ്ത്രാർത്ഥാമൃതപാനസംഭൃതരസസ്തൂഷ്ണീംകഥം സ്യാമഹം?
ഏഷാ ഹി വചനമാലാ നിരന്തരാ വചനനിവഹകുസുമേന
യദി സാന്തരാ സുമതിഭിസ്സാധു നിരൂപ്യൈവ പരിപൂര്യാ.”
“ഇത്യേവമാദിശ്ലോകസംഗതിപ്രകാരസ്തദ്വ്യാഖ്യാന പ്രകാശശ്ചാസ്മൽ പരമഗുരുവിരചിതായാ അമൃതസ്യന്ദിന്യാ ഏവാവഗന്തവ്യഃ” എന്ന പങ്ക്തിയിൽനിന്നാണു് ചോമാതിരി ആചാര്യന്റെ പരമഗുരുവാണെന്നു മനസ്സിലാകുന്നതു്. ‘മുകുന്ദാനുജ’യായ കാത്യായനിയുടെ വന്ദനംകൊണ്ടു് വചനമാല ആരംഭിച്ചിരിക്കുന്നതിനാൽ ഗ്രന്ഥകാരൻ പയ്യൂർ പട്ടേരിമാരിൽ ഒരാളായിരിക്കുമെന്നു സങ്കല്പിക്കുവാൻ തോന്നുന്നു. മർമ്മസ്പൃക്കായ ഒരു വ്യാഖ്യാനമാണു് വചനമാല.

സ്മാർത്തപ്രായശ്ചിത്തം
പുതുമനച്ചോമാതിരിയുടെ പ്രായശ്ചിത്തത്തിനും മഴമംഗലത്തിന്റെ സ്മാർത്തപ്രായശ്ചിത്തവിമർശിനിക്കും പുറമേ സ്മാർത്തപ്രായശ്ചിത്തം എന്നൊരു വലിയ ഗ്രന്ഥം ഉണ്ടു്. ആ ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു:

“ശ്രീമന്തം ദക്ഷിണാമൂർത്തിം വിഘ്നേശം ഭാരതീം ഗുരൂൻ
നമാമി പുരുഷാർത്ഥാഃ സ്യൂര്യൽപ്രസാദേന ദേഹിനാം.
ബോധായനം ജൈമിനിഞ്ച കൗഷീതക്യാശ്വലായനൗ
വാധൂലകാപസ്തംബാദീൻ നൗമി ശാഖാപ്രവർത്തകാൻ.
തൽപ്രോക്തകല്പസൂത്രാദിവ്യാഖ്യാന കൃതമാനസാൻ
ആചാര്യാനപി സിദ്ധാന്തിഭവസ്വാമി മുഖാൻ ഭജേ.
പ്രായശ്ചിത്തം പുരാ പ്രോക്തമൃഗ്യജുസ്സാമവേദിനാം
സ്മാർത്തം തദേവ സംക്ഷിപ്യ ബഹ്വൃചാനാം വിഭജ്യതേ.
വിനാശഃ പ്രായ ഇത്യുക്തശ്ചിത്തം സന്ധാനമുച്യതേ
വിനഷ്ടസ്യ തു സന്ധാനം പ്രായശ്ചിത്തപദേരിതം.”
ആകെ പന്ത്രണ്ടധ്യായങ്ങൾ അടങ്ങീട്ടുള്ള ഈ ഗ്രന്ഥവും പ്രായശ്ചിത്തവിഷയത്തിൽ പ്രമാണഭൂതമാണു്. മൂക്കോല ദേവീ ക്ഷേത്രത്തിനു സമീപമുള്ള ഏർക്കര ഇല്ലത്തു ബ്രഹ്മൻ എന്നൊരു സിദ്ധൻ ഉണ്ടായിരുന്നു. ആ നമ്പൂരിയാണു് പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രണേതാവു്. അദ്ദേഹം വിമർശിനീകാരനായ മഴമംഗലത്തു നാരായണൻനമ്പൂരിക്കു മുൻപാണു് ജീവിച്ചിരുന്നതു്. ആ ഗ്രന്ഥത്തിൽ പല കേരളാചാരങ്ങളേയുംപറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ടു്. ‘സിദ്ധാന്തിഭവസ്വാമി’ എന്നതിൽ സിദ്ധാന്തി ആരെന്നറിയുന്നില്ല. അദ്ദേഹത്തിന്റെ ഗ്രന്ഥവും കണ്ടിട്ടില്ല. കേരളീയനായിരിക്കണം. താൻ ആദ്യം ഋഗ്വേദികളുടേയും യജുർവേദികളുടേയും സാമവേദികളുടേയും പ്രായശ്ചിത്തകർമ്മങ്ങളെ അധികരിച്ചു് ഒരു ഗ്രന്ഥം നിർമ്മിച്ചു എന്നും സ്മാർത്തപ്രായശ്ചിത്തം അതു സംക്ഷേപിച്ചു് ഋഗ്വേദികൾക്കു മാത്രം പ്രയോജകീഭവിക്കത്തക്ക നിലയിൽ രചിച്ചതാണെന്നും ആചാര്യൻ പ്രസ്താവിക്കുന്നു.

ജൈമിനീയഗൃഹ്യമന്ത്രവൃത്തി
ജൈമിനീയഗൃഹ്യമന്ത്രങ്ങളുടെ വ്യാഖ്യാനമാണു് ഈ ഗ്രന്ഥം. പ്രാരംഭത്തിൽ

“സകലഭുവനൈകനാഥം ശ്രീകൃഷ്ണം നൗമി ഹരിമുമാഞ്ച ശിവം ഗുരുമപി സുബ്രഹ്മണ്യം ഗജാനനം ഭാരതീം ഭവത്രാതം.”
എന്നൊരു ശ്ലോകം കാണുന്നുണ്ടു്. സുബ്രഹ്മണ്യൻ ഗ്രന്ഥകാരന്റെ ഗുരുവാണോ എന്നു നിശ്ചയമില്ല. എന്നാൽ ഭവത്രാതൻ നമ്പൂരി അദ്ദേഹത്തിന്റെ ഗുരുവാണെന്നു സങ്കല്പിക്കുന്നതിൽ അനുപപത്തിയുമില്ല. ആശ്വലായനഗൃഹ്യസൂത്രഭാഷ്യത്തിൽ ദേവത്രാതൻനമ്പൂരി ഈ ഭവത്രാതനെ സ്മരിക്കുന്നുണ്ടു്. വളരെ വിശിഷ്ടമാണു് പ്രസ്തുത വൃത്തി.

ബോധായനദർശപൂർണ്ണമാസാനുഷ്ഠാനം
കറുത്തവാവു്, വെളുത്ത വാവു് ഈ ദിവസങ്ങളിൽ അനുഷ്ഠിക്കേണ്ട ഹോമാദികർമ്മങ്ങളെ വിവരിക്കുന്ന ഒരു ഗ്രന്ഥമാണിതു്. വെളുത്തവാവിൻനാൾ കർമ്മമധികമായി ചെയ്യേണ്ടതുകൊണ്ടാണു് ദർശശബ്ദം ആദ്യമായി പ്രയോഗിച്ചിരിക്കുന്നതെന്നു് ആചാര്യൻ നമ്മെ ധരിപ്പിക്കുന്നു. “അഥ ഗുരൂൻ പ്രണമ്യ ബോധായനമതേന ദർശപൂർണ്ണമാസാനുഷ്ഠാനം വക്ഷ്യേ, ഹൗത്രം തു ആശ്വലായനമതേന” എന്നാണു് അദ്ദേഹത്തിന്റെ പ്രതിജ്ഞ. ഗ്രന്ഥകാരൻ ആരെന്നറിയുന്നില്ല. എങ്കിലും ഗ്രന്ഥത്തിന്റെ ഒടുവിൽ “ഏവം കേരളേഷ്വാചാരഃ” എന്നു പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു് അദ്ദേഹം ഒരു കേരളീയനാണെന്നു നിർണ്ണയിക്കുവാൻ കഴിയും.

27.23ആശ്വലായനഗൃഹ്യപ്രയോഗവൃത്തി, ദാമോദരൻ

ശൗനകമഹർഷിയുടെ ശിഷ്യനായ ആശ്വലായനൻ ഋഗ്വേദീയ കല്പസൂത്രകാരന്മാരിൽ പ്രഥമഗണനീയനാണു്. ഓരോ കല്പസൂത്രത്തിനും ശ്രൗതസൂത്രം, ഗൃഹ്യസൂത്രം, ധർമ്മസൂത്രം എന്നീ പേരുകളിൽ മൂന്നു വിഭാഗങ്ങളുണ്ടു്. അവയിൽ അതിപ്രധാനം ശ്രൗതസൂത്രമാകുന്നു. ശ്രൗതസൂത്രങ്ങളിൽ ഹവിസ്സംസ്ഥങ്ങളായി ഏഴും, സോമസംസ്ഥങ്ങളായി ഏഴും അങ്ങനെ പതിന്നാലു കർമ്മങ്ങളെപ്പറ്റിയാണു് പ്രതിപാദിക്കുന്നതു്. അഗ്ന്യാധാനം, അഗ്നിഹോത്രം, ദർശപൂർണ്ണമാസങ്ങൾ, ചാതുർമ്മാസ്യങ്ങൾ മുതലായവയും ഹവിസ്സംസ്ഥകർമ്മങ്ങളാകുന്നു. ശ്രൗതകർമ്മങ്ങളെല്ലാം വൈതാനാഗ്നിയിൽ അനുഷ്ഠിക്കേണ്ടവയാണു്. നാല്പതു സംസ്കാരങ്ങൾ ഗൃഹ്യകർമ്മങ്ങളായി വിധിച്ചിട്ടുണ്ടു്. അവയെ പ്രതിപാദിക്കുന്നവയാകുന്നു ഗൃഹ്യസൂത്രങ്ങൾ. ഗർഭാധാനംമുതൽ വിവാഹാന്തമുള്ള പതിനെട്ടു കർമ്മങ്ങൾ ശാരീരികങ്ങളും ശേഷമുള്ള ഇരുപത്തിരണ്ടു കർമ്മങ്ങൾ യജ്ഞരൂപങ്ങളുമാകുന്നു. ശ്രൗതകർമ്മങ്ങളിൽ അഗ്നിഹോത്രംപോലെ ഗൃഹ്യ കർമ്മങ്ങളിൽ അഞ്ചു മഹായജ്ഞങ്ങളും മൂന്നു പാകയജ്ഞങ്ങളും നിത്യാനുഷ്ഠേയങ്ങളാകുന്നു. എല്ലാ ഗൃഹ്യകർമ്മങ്ങൾക്കും ആവസഥ്യാഗ്നിയുടേയോ വൈവാഹികാഗ്നിയുടേയോ ആവശ്യമുണ്ടു്. ധർമ്മസൂത്രങ്ങൾ സുപ്രസിദ്ധങ്ങളാണല്ലോ.

ആശ്വലായനന്റെ ഗൃഹ്യസൂത്രങ്ങൾക്കു പ്രയോഗവൃത്തി എന്നൊരു വിസ്തൃ്തമായ വ്യാഖ്യാനം വാസുദേവൻനമ്പൂരിയുടെ പുത്രനായ ദാമോദരൻനമ്പൂരി രചിച്ചിട്ടുണ്ടു്. “ഭാർഗ്ഗവസ്യ വൈതഹവ്യസ്യ സവേദസഃ കുലേ ജാതോ വാസുദേവപുത്രോ ദാമോദരഃ” എന്നൊരു കുറിപ്പു് ഗ്രന്ഥാവസാനത്തിൽ കാണുന്നതിൽനിന്നു് അദ്ദേഹം ഭാർഗ്ഗവഗോത്രീയനാണെന്നും വീതഹവ്യനും സവേദസ്സും ആ ഗോത്രത്തിലെ പ്രവരർഷികളാണെന്നും വെളിവാകുന്നു. പ്രകരണമനുസരിച്ചു തന്റെ വൃത്തിയുടെ ആരംഭത്തിൽ ദാമോദരൻ ആദിത്യനെ

“യം സഞ്ചിന്ത്യ മുനീശ്വരാ അഹരഹസ്സന്ധ്യാസു ദിവ്യാം പരാം
സാവിത്രീം പ്രജപന്തി പാപനിചയധ്വാന്തൈകഭാനുപ്രഭാം
സ്ത്രീഗേഹദ്രവിണാത്മജാംശ്ച സുഹൃദസ്സന്ത്യജ്യ സർവാത്മനാ
തം ദേവം പരമദ്വയം പ്രണവതഃ സൂര്യം സദോപാസ്മഹേ”.
എന്ന പദ്യത്തിൽ വന്ദിക്കുന്നു. അനന്തരം കർമ്മഠനും ബഹുശിഷ്യാചാര്യനും തന്റെ പിതാവുമായ വാസുദേവൻ, ഋഗ്വേദം പഠിപ്പിച്ച ഗുരു, ബ്രാഹ്മണം അധ്യാപനം ചെയ്ത സുബ്രഹ്മണ്യശർമ്മാ, ഗൃഹ്യോക്തമായ ക്രിയാഭാഗമഭ്യസിപ്പിച്ച രാമശർമ്മാ, തന്ത്രഭാഗം പഠിപ്പിച്ച വിശ്വാമിത്രഗോത്രജനായ ശങ്കരൻ, ശബ്ദശാസ്ത്രം അഭ്യസിപ്പിച്ച രാമദാസൻ എന്നീ ഗുരുക്കന്മാരെയും നാരായണപ്രഭൃതികളായ ഇതര ഗുരുക്കന്മാരെയും നമസ്കരിക്കുന്നു. ആദ്യകാലത്തു തനിക്കു ക്രിയാഭാഗത്തെപ്പറ്റി അറിവില്ലായിരുന്നു എന്നും ചില ബ്രാഹ്മണർ തന്നെ ആ വൈകല്യം കണ്ടു് അധിക്ഷേപിച്ചപ്പോൾ ദുഃഖിതനായി രാമശർമ്മാവിന്റെ അന്തേവാസിയായിത്തീർന്നു് ആ വിഷയത്തിലും പാണ്ഡിത്യം സമ്പാദിച്ചു എന്നും ദാമോദരൻ പറയുന്നുണ്ടു്. തന്റെ വൃത്തി ഗദ്യത്തിലാണു് രചിക്കുന്നതെന്നും അതു വിഷയത്തെ വിസ്തരിക്കുന്നതിന്നുവേണ്ടിയാണെന്നും

“രൂപാവതാരകാരാദ്യാ ഭാഷ്യകാരാദയഃ പരേ
ഊചുർഗ്ഗദ്യേന വിസ്തൃത്യൈ കവിത്വാഭാവതോ ന ഹി.
ഇമാം പ്രയോഗവൃത്ത്യാഖ്യാം പരിഗൃഹ്ണന്തു സജ്ജനാഃ
മുദാ നാസ്മൽകവിതയാ ദേവസ്യാനുഗ്രഹാദ്രവേഃ.”
എന്നും അദ്ദേഹം പ്രസ്താവിക്കുന്നുണ്ടു്. ആചാര്യന്റെ കാലമേതെന്നറിയുന്നില്ല. പ്രയോഗവൃത്തിയിൽ ആകെ പതിനൊന്നധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. വ്യാഖ്യാനം സ്പഷ്ടവും ലളിതവുമാണു്.

ആശ്വലായനഗൃഹ്യപ്രയോഗദർപ്പണം
ഈ ഗ്രന്ഥവും പ്രയോഗവൃത്തിയിലെ വിഷയത്തെത്തന്നെ പ്രതിപാദിക്കുന്നു. ആദ്യമായി പദ്യത്തിലും പിന്നീടു ഗദ്യത്തിലും ഗ്രന്ഥകാരൻ ആശ്വലായനഗൃഹ്യപ്രയോഗങ്ങളെ സംഗ്രഹിക്കുന്നു.

“പ്രയോഗദർപ്പണം ഹ്യേതൽ സംക്ഷേപാൽ സംസ്കൃതൈഃ കൃതം
ജാമദഗ്ന്യേന രാമേണ ശ്രീഗുരുണാം പ്രസാദതഃ”
എന്ന വചനത്തിൽനിന്നു പ്രണേതാവു ഭാർഗ്ഗവഗോത്രജനായ രാമൻനമ്പൂരിയാണെന്നു കാണാവുന്നതാണു്. ഗ്രന്ഥത്തിന്റെ ഉപക്രമത്തിലുള്ള ചില ശ്ലോകങ്ങൾ താഴെ ഉദ്ധരിക്കുന്നു:

“ഗുരൂൻ വിനായകം വാണീം ശൗനകം ചാശ്വലായനം
ബ്രഹ്മാണം പാർവതീനാഥം ലക്ഷ്മീനാരായണം തഥാ
പ്രണമ്യ ഭേദാൻ വക്ഷ്യാമി വിവാഹാദിഷു കർമ്മസു
പ്രസന്നൈഃ സംസ്കൃതൈഃ പദ്യൈഃ പ്രയോഗക്രമമേവ ച
ആശ്വലായനഗൃഹ്യോക്ത്യാമുക്തം മന്ദധിയാം നൃണാം
കർമ്മനിർണ്ണയസംസിദ്ധ്യൈ ശ്രീഗുരൂണാം പ്രസാദതഃ.
ആചാരകല്പസൂത്രാണാമൈക്യം സർവത്രനിർണ്ണയേ
പ്രമാണം കർമ്മണാം നൃണാമിതി കർമ്മവിദോ വിദുഃ.
തസ്മാത്തദനുസാരേണ വക്തവ്യാ കർമ്മപദ്ധതിഃ
ജാതവേദപ്രഭൃതിഭിരാചാര്യൈശ്ശാസ്ത്രപാരഗൈഃ
കല്പസൂത്രാർത്ഥതത്ത്വജ്ഞൈർവിശിഷ്ടാചാരതൽപരൈഃ
ഗുരുപ്രസാദസമ്പന്നൈർമ്മാർഗ്ഗോ യോഗ്ങീകൃതോ മയാ
മന്ദപ്രജ്ഞോപകാരായ സംക്ഷേപാദ്വക്ഷ്യതേധുനാ.”
ഈ ഭാഗത്തിൽ രാമൻ സ്മരിക്കുന്ന ജാതവേദൻനമ്പൂരിയും ഒരു ശ്രൗതവ്യാഖ്യാകാരനാണെന്നു സിദ്ധിക്കുന്നു. പക്ഷേ ദാമോദരന്റെ ഗുരുവായ രാമശർമ്മാവായിരിക്കാം ഈ രാമൻ. ജാതവേദനെപ്പറ്റി മറ്റൊന്നുമറിവില്ല.

27.24വിഷ്ണുസംഹിത

കേരളത്തിലെ തന്ത്രവിധികൾക്കു പ്രമാണഭൂതങ്ങളായ പൂർവഗ്രന്ഥങ്ങളിൽ വിഷ്ണുസംഹിതയ്ക്കു വളരെ പ്രാധാന്യമുണ്ടു്. ചേന്നാസ്സു നമ്പൂരിപ്പാടു് ആ ഗ്രന്ഥത്തെ ഉപജീവിച്ചുകാണുന്നു. ആകെ മുപ്പതു പടലങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്തുത സംഹിതയുടെ പ്രണേതാവു് ഒരു കേരളീയൻ തന്നെ. ‘വിഷ്ണുനാ സ്വയമീരിതാ’ എന്നു ഗ്രന്ഥകാരൻ അതിനു മേനി കേറ്റുന്നു. അതുകൊണ്ടാണു് അതിനു വിഷ്ണു സംഹിത എന്ന പേർ സിദ്ധിച്ചതു്. പക്ഷേ ഇന്നു കാണുന്ന ആ പേരിലുള്ള സംഹിത നൂറ്റെട്ടധ്യായങ്ങളുള്ള പൂർവസംഹിതയുടെ സംഗ്രഹണമാണെന്നും ആ സംഗ്രഹത്തിന്റെ കർത്താവു് ഇധ്മവാന്റെ പുത്രനായ സുമതിയെന്ന മഹർഷിയാണെന്നും ഗ്രന്ഥത്തിൽ പ്രസ്താവനയുണ്ടു്. ഒരു കേരളീയനായ തന്ത്രജ്ഞൻ അതിന്റെ കർത്തൃത്വം സുമതിയിൽ ആരോപിച്ചു എന്നേ അതിന്നർത്ഥമുള്ളു. ഇരുപതാംപടലത്തിലെ ഉത്സവവിധികളും ഇരുപത്തൊന്നാംപടലത്തിലെ തീർത്ഥയാത്രാ (ആറാട്ടു്) വിധികളും മറ്റും കേരളാചാരമനുസരിച്ചാണു് വ്യവസ്ഥാപനം ചെയ്തിരിക്കുന്നതു്.

വിഷ്ണുസംഹിതയുടെ വ്യാഖ്യാനങ്ങൾ, ഹാരിണി
വിഷ്ണുസംഹിതയ്ക്കു ഹാരിണിയെന്നും തത്ത്വപ്രദീപികയെന്നും രണ്ടു വ്യാഖ്യാനങ്ങളുണ്ടു്. അവയിൽ ആദ്യത്തേതു് പുലിയന്നൂർ നാരായണൻനമ്പൂരി രചിച്ചതാണു്. രണ്ടാമത്തേതിന്റെ കർത്താവു നാഗസ്വാമി നമ്പൂരിയാണു്. നാഗസ്വാമിനമ്പൂരിയുടെ ദേശമേതെന്നു് അറിയുന്നില്ല. താഴെക്കാണുന്ന ശ്ലോകങ്ങൾ ഹാരിണിയിലുള്ളവയാണു്:

“നമസ്തസ്മൈ സുമതയേ യോ ദിവ്യാം വിഷ്ണുസംഹിതാം
ആവിശ്ചക്രേ ഭുവശ്ചക്രേ ഗംഗാമിവ ഭഗീരഥഃ.
സുമതേസ്സംഹിതാർത്ഥോ യഃ സൂര്യാർക്കൈർന്ന പ്രകാശിതഃ
മയായമുല്മുകേനൈവ പ്രകാശ്യ ഇതി ഹാസ്യതാ.”
ചുവടേ പകർത്തുന്നതു് ഒടുവിലുള്ള ഒരു സൂചികാപദ്യമാണു്

“യസ്യ വ്യാഘ്രപുരൗകസഃ കൃതവൃഷാദ്രീശപ്രസൂനാഞ്ജലി
പ്രീതേഃ പൂർണ്ണഗുണഃ പിതോദയ ഇതി ഖ്യാതസ്യ നാരായണഃ
യാം ഹാരിണ്യഭിധാം വ്യധാദിഹ വിഭോർവിഷ്ണോർമ്മഹാ സംഹിതാ
വ്യാഖ്യായാമതിയാത ഏഷ പടലസ്ത്രിംശഃ ശ്രിതോർത്ഥ ശ്രിയാ.”
വ്യാഖ്യാതാവു പുലിയന്നൂർ ഗ്രാമക്കാരനായിരുന്നു എന്നും അദ്ദേഹത്തിന്റെ അച്ഛന്റെ നാമധേയം ഉദയൻ എന്നായിരുന്നു എന്നും നാരായണൻനമ്പൂരി തൃശ്ശിവപേരൂർ വടക്കുന്നാഥന്റെ ആരാധകനായിരുന്നു എന്നും അദ്ദേഹമാണു് വിഷ്ണുസംഹിതയ്ക്കു് ആദ്യമായി ഒരു വ്യാഖ്യാനം രചിച്ചതെന്നുമുള്ള വസ്തുതകൾക്കു് ഈ ശ്ലോകങ്ങൾ സാക്ഷ്യം വഹിക്കുന്നു. തന്ത്രസമുച്ചയവിമർശനീകാരന്റെ ശിഷ്യനായിരുന്നു അദ്ദേഹം എന്നു ചിലർ പറയുന്നതിന്റെ അടിസ്ഥാനമെന്തെന്നു വ്യക്തമാകുന്നില്ല. ആയിരുന്നിരിക്കാം; ഈ നാരായണൻതന്നെയാണു് ക്രിയാസാരവ്യാഖ്യയുടേയും നിർമ്മാതാവു്. ക്രിയാശ്രയം എന്നൊരു തന്ത്രസംബന്ധമായ ഭാഷാപദ്യകൃതിയും അദ്ദേഹം രചിച്ചിട്ടുള്ളതായി ചിലർ പറയുന്നു. ത്രിവർഗ്ഗഫലസിദ്ധ്യൈ എന്നു് അതിൽ കലിവാക്യമുണ്ടത്രെ. തത്ത്വപ്രദീപികയിൽ നാഗസ്വാമി സുമതിയെ

“ഉദ്ധൃത്യയ പാഞ്ചരാത്രേഭ്യഃ സാരം യേനേദമീരിതം
ഭുക്തിമുക്തിപ്രദം തന്ത്രം തസ്മൈ സുമതയേ നമഃ”
എന്നു സ്തുതിച്ചിരിക്കുന്നു.

തത്ത്വപ്രദീപികയുടെ ആവിർഭാവം ഹാരിണിക്കു മേലായിരിക്കണം. പ്രസ്തുതവ്യാഖ്യ വളരെ ലളിതമാണു്.

27.25കുഴിക്കാട്ടു ശങ്കരൻഭട്ടതിരി

തിരുവിതാംകൂറിൽ തിരുവല്ലാത്താലൂക്കിലെ സുപ്രസിദ്ധമായ ഒരു താന്ത്രികഗൃഹമാണു് കുഴിക്കാട്ടില്ലം. അവിടെ എട്ടാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ ശങ്കരൻഭട്ടതിരി എന്നൊരു പണ്ഡിതവര്യൻ ജീവിച്ചിരുന്നു. അദ്ദേഹം ക്രിയാസംഗ്രഹം എന്നൊരു തന്ത്രഗ്രന്ഥവും പരാസ്തോത്രം എന്നൊരു ദേവീസ്തോത്രവും രചിച്ചിട്ടുണ്ടു്.

ക്രിയാസാരംപോലെതന്നെ പ്രധാനമായ ഒരു നിബന്ധമാണു് ക്രിയാസംഗ്രഹം. വിഷയം ആ ഗ്രന്ഥത്തിലേതുതന്നെ. ക്രിയാസാരം കണ്ടിട്ടാണു് ക്രിയാസംഗ്രഹം നിർമ്മിച്ചിട്ടുള്ളതു്. അതും ഭാഗവും പടലവുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗ്രന്ഥം ആരംഭിക്കുന്നതു് ഇങ്ങിനെയാണു്:

“അഹമാശ്രയേ സകലസമ്പദാവഹം
പരമേശ്വരപ്രണയിനീപദദ്വയം
യദനുസ്മൃതിക്ഷപിതപാപസഞ്ചയാഃ
പരമാത്മഭാവമുപയാന്തി യോഗിനഃ
പ്രണിപത്യ പരാം ദേവീം ദുർഗ്ഗാം ദുർഗ്ഗതിഹാരിണീം
തന്ത്രാഗമോദിതാ തസ്യാ ലിഖ്യതേ സ്ഥാപനക്രിയാ.”
പത്തൊൻപതാം പടലത്തിൽ തന്റെ പേർ അദ്ദേഹം ഘടിപ്പിച്ചിട്ടുണ്ടു്:

“ആചാര്യവരണപൂർവം തീർത്ഥാപ്ലവനാന്തിമംക്രിയാകാണ്ഡം
വിഷ്ണോരഭിഹിതമേതദു് ഗർത്താരണ്യാഖ്യശങ്കരേണൈവം”
പരാസ്തോത്രം
താന്ത്രികൻ എന്നതിനു പുറമേ കവിയും കൂടിയായിരുന്ന അദ്ദേഹം ‘പരാസ്തോത്രം’ എന്ന പേരിൽ നാല്പത്തൊൻപതു ശ്ലോകങ്ങളിൽ ഒരു ദുർഗ്ഗാസ്തോത്രം രചിച്ചിട്ടുണ്ടു്. ദുർഗ്ഗയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടദേവത എന്നു (‘പരാംദേവീം’ എന്ന വിശേഷണം നോക്കുക) ക്രിയാസംഗ്രഹത്തിലെ മംഗലശ്ലോകങ്ങളിൽനിന്നു വിശദമാകുന്നുണ്ടല്ലോ. ആ ഗ്രന്ഥത്തിൽ ആദ്യമായി പ്രതിപാദിക്കുന്നതും ദുർഗ്ഗാപ്രതിഷ്ഠയെപ്പറ്റിയാണു്. ദുർഗ്ഗയുടെ കേശാദിപാദവർണ്ണനമാണു് പരാസ്തോത്രത്തിലെ വിഷയം. താഴെക്കാണുന്ന ശ്ലോകങ്ങൾ ആ കൂടത്തിൽ ഉൾപ്പെടുന്നു.

“ശിവാ വിനാ നൈവ ശിവേന; നാനയാ
ശിവോപി; തൗ ദ്വാവപി നിത്യസംഗതൗ;
ഇതി സ്മരന്ത്യാഗമപാരഗാ യത
സ്തദാശ്രയേ കേവലമംബ! തേ പദേ.”
“മഹീപയോവഹ്നിമരുദ്വിഹായസാം
മനോയുജാമംബ! ഷഡധ്വനാമപി
യദൂർദ്ധ്വഭൂമൌ വിഹിതാസ്പദം സദാ
തദാശ്രയേ തേ ചരണാംബുജദ്വയേ.”
“കചപ്രകാണ്ഡപ്രകരാ ജയന്തി തേ
രൂചിപ്രകർഷാൽ കരദീകൃതാംബുദാഃ
സുരദ്രുമാസ്സ്വപ്രസവൈരലംക്രിയാം
വിധായ യേഷാം ചരിതാർത്ഥതാം യയുഃ.”

27.26നീലകണ്ഠൻനമ്പൂരി, ക്രിയാലേശസ്മൃതി

നീലകണ്ഠനാമധേയനായ ഒരു നമ്പൂരി ക്രിയാലേശസ്മൃതി എന്ന പേരിൽ ഒരു തന്ത്രഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്.

“ലിഖിതാ നീലകണ്ഠേന സർവാനുഗ്രഹബുദ്ധിനാ
ഗുരോഃ പ്രസാദലാഭാച്ച ദേവതാനാം പ്രസാദതഃ”
എന്ന ശ്ലോകത്തിൽനിന്നാണു് അദ്ദേഹത്തിന്റെ പേർ നീലകണ്ഠനെന്നു് അറിയാൻ ഇടവരുന്നതു്. മറ്റു വിവരങ്ങളെപ്പറ്റി ഒരറിവും ലഭിക്കുന്നില്ല. താഴെക്കാണുന്നതു ഗ്രന്ഥാരംഭത്തിലുള്ള പദ്യങ്ങളാണു്:

“വിഷ്ണുദുർഗ്ഗാശിവസ്കന്ദവിഘ്നശാസ്തൃഹരാച്യുതാൻ
നത്വാ തൽപൂജനാദീനി ലിഖ്യന്തേ ചാത്ര ലേശതഃ.
മഹദ്ഗ്രന്ഥാർത്ഥവിസ്താരധാരണാക്ഷമചേതസാം
അജ്ഞാനാമുപകാരായ ജ്ഞാനിനാം ലാഘവായ ച
ജ്ഞാതാവിസ്മരണാർത്ഥം യൽ സ്മര്യന്തേ ലേശതഃ ക്രിയാഃ
ക്രിയാലേശസ്മൃതിർന്നാമ സുസിദ്ധിർലിഖ്യതേ കൃതിഃ”
ഇതിൽ ആകെ പന്ത്രണ്ടു പടലങ്ങൾ അടങ്ങിയിരിക്കുന്നു. അവ ഓരോന്നിലേയും വിഷയമെന്തെന്നു് അധോനിർദ്ദിഷ്ടങ്ങളായ ശ്ലോകങ്ങളിൽനിന്നു വിശദമാകുന്നു:

“ബീജാംകുരാണി ശുദ്ധിശ്ച വേഗ്മനഃ സ്ഥാനബിംബയോഃ
നിഷ്കൃതിഃ സ്നപനം പൂജാ ബലിശ്ചോത്സവ ഏവ ച
തീർത്ഥയാത്രേതി കർമ്മാണി ലിഖിതാനി സമാസതഃ
വിഷ്ണ്വാദീനാം തു സപ്താനാം തത്തച്ഛാസ്ത്രോദിതാനി വൈ.”

27.27സ്മാർത്തവൈതാനികപ്രായശ്ചീത്തം, മാന്ധാതാവു്

വിതാനാഗ്നി സംബന്ധമായുള്ള പ്രായശ്ചിത്തങ്ങളെ വിവരിക്കുന്ന ഒരു ഗ്രന്ഥമാണു് സ്മാർത്തവൈതാനികപ്രായശ്ചിത്തം. ഈ ഗ്രന്ഥത്തിന്റെ പ്രണേതാവു ‘ശിശുഘ്രാണേദ്വിജേന്ദ്രാലയേ’ അതായതു ചെറുമുക്കു വൈദികഗൃഹത്തിൽ ജനിച്ച മാന്ധാതാവെന്ന നമ്പൂരിയാണെന്നു് അദ്ദേഹംതന്നെ പ്രഖ്യാപനം ചെയ്യുന്നുണ്ടു്. കാലമേതെന്നു് അറിയുന്നില്ല. താഴെക്കാണുന്ന പദ്യങ്ങൾ പ്രകൃതത്തിൽ സ്മരണീയങ്ങളാകുന്നു:

“വാന്ദേ ഗജേന്ദ്രവദനം ച സരസ്വതീം ച
വ്യാസം ഗുരും ശിവകരേശ്വരദക്ഷിണേശൗ
രാമത്രിവിക്രമമഹേശ്വരവാസുദേവ
നാരായണാർക്കഗുഹപത്മജദേശികേന്ദ്രാൻ.
കശ്ചിൽ കാശ്യപഗോത്രസംഭവശിശുഘ്രാണദ്വിജേന്ദ്രാലയേ
സംജാതോ മതിമാംസ്ത്രിവിക്രമഗുരോശ്ശുശ്രൂഷയാ ശിക്ഷിതം
ബാലോ ബാലഹിതായ പദ്യനികരൈഃ സ്മാർത്തം ച വൈതാനികം
പ്രായശ്ചിത്തമനേകവൃത്തസുഗമം മാന്ധാതൃശർമ്മാകരോൽ.
കൗഷീതകാചാര്യമഥൈതരേയം
ബൗധായനാദീംശ്ച മുനീൻ പ്രണമ്യ
തൽപ്രോക്തഗൃഹ്യോദിതകർമ്മനാശ
സന്ധാനമദ്യ പ്രവദാമി പദ്യൈഃ”
ഈ പദ്യങ്ങളിൽനിന്നു് ആചാര്യനു രാമൻ, ത്രിവിക്രമൻ, മഹേശ്വരൻ, വാസുദേവൻ തുടങ്ങി പല ഗുരുക്കന്മാരുണ്ടായിരുന്നതായും അദ്ദേഹം ക്രിയാഭാഗം അഭ്യസിച്ചതു ത്രിവിക്രമനിൽനിന്നാണെന്നും ഈ ത്രിവിക്രമൻ പ്രയോഗമഞ്ജരിക്കു പ്രദ്യോതം എന്ന വ്യാഖ്യാനം രചിച്ച ആചാര്യനാണെന്നും വെളിവാകുന്നു. ആശ്വലായനഗൃഹ്യപ്രയോഗദർപ്പണകാരനായ രാമശർമ്മാവും ആശ്വലായനഗൃഹ്യപ്രയോഗവൃത്തി രചിച്ച ദാമോദരന്റെ പിതാവായ വാസുദേവനുമാണു് ഇവിടെ സൂതന്മാരായിരിക്കുന്നതെങ്കിൽ ദാമോദരനും ഈ ചെറുമുക്കുവൈദികനും സമകാലികന്മാരെന്നു വന്നുകൂടുന്നു. ആരംഭത്തിലും അവസാനത്തിലും ദക്ഷിണാമൂർത്തിയുടെ വന്ദനമുണ്ടു്. ദക്ഷിണാമൂർത്തി ചൊവ്വരഗ്രാമക്കാരുടെ പരദേവതയാണു്.

27.28സ്മാർത്തപ്രായശ്ചിത്തസങ്ഗ്രഹം

ഇതും ഒരു കേരളീയഗ്രന്ഥമാണു്. പ്രണേതാവാരെന്നു നിശ്ചയമില്ല.

‘ഗുരുപാദാംബുജദ്വന്ദ്വം നമസ്കാര്യം കൃതം മയാ
നത്വാ വിലിഖ്യതേഽസ്മാഭിഃ പ്രായശ്ചിത്തസ്യ സംഗ്രഹം’
എന്നാണു് പ്രതിജ്ഞാപദ്യം. സംഗ്രഹമെന്നാണു് ഗ്രന്ഥസംജ്ഞ എങ്കിലും വിഷയം വിസ്തരിച്ചു പ്രതിപാദിതമായിരിക്കുന്നു.

“യൗസോദരീസോദരയോഃ സ്ത്രീപുംസൗതനയൌ യയോഃ
ഉദ്വാഹേന മിഥോ യോഗഃ കേരളാദിഷു ദൃശ്യതേ.
വരകൂടസ്ഥയോര്യാദൃക്‍ സംബന്ധസ്സ തഥൈവ ചേൽ
കന്യാകൂടസ്ഥയോസ്സാ നോദ്വാഹ്യതേ കേരളേഷ്വിയം.”
എന്നിങ്ങനെ ഗ്രന്ഥകാരൻ ചില കേരളീയാചാരങ്ങളെ സ്മരിക്കുന്നുണ്ടു്.

27.29തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി, ജീവചരിത്രം

അച്യുതപ്പിഷാരടി മലബാർ ജില്ലയിൽ തിരൂർ തീവണ്ടിസ്റ്റേഷനിൽനിന്നു തെക്കുപടിഞ്ഞാറു രണ്ടു മൈൽ അകലെയുള്ള തൃക്കണ്ടിയൂർ പിഷാരത്തിൽ ജനിച്ചു. ആ ഗൃഹം പല ശതകങ്ങളായി വിദ്വാന്മാർക്കു് കീർത്തിപ്പെട്ടിരുന്നു. ഉദ്ദണ്ഡശാസ്ത്രികളുടെ സമകാലികനായ നാണപ്പ (നാരായണപ്പിഷാരടി) എന്ന വൈയാകരണൻ അച്യുതപ്പിഷാരടിയുടെ പൂർവന്മാരിൽ അന്യതമനായിരുന്നു എന്നു് ഇരുപതാം അധ്യായത്തിൽ നിർദ്ദേശിച്ചിട്ടുണ്ടല്ലോ. അച്യുതപ്പിഷാരടിയുടെ ജനനം കൊല്ലം 720-ആമാണ്ടിടയ്ക്കായിരുന്നു. അദ്ദേഹം ജ്യോതിഷത്തിലും വ്യാകരണത്തിലും അന്യാദൃശമായ വൈദുഷ്യം സമ്പാദിക്കുകയും ആ ശാസ്ത്രങ്ങൾക്കു പുറമേ വൈദ്യത്തിലും അലങ്കാരത്തിലുംകൂടി നിഷ്ണാതനാകുകയും ചെയ്തു. മഹാകവിമൂർദ്ധന്യനായ മേല്പുത്തൂർ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവായിത്തീരുവാനുള്ള ഭാഗ്യം അദ്ദേഹത്തിനാണു് സിദ്ധിച്ചതു്.

“മീമാംസാദി സ്വതാതാന്നിഗമമവികലം
മാധവാചാര്യവര്യാ
ത്തർക്കം ദാമോദരാര്യാദപി പദപദവീ
മച്യുതാഖ്യാദ്ബുധേന്ദ്രാൽ
തേഷാം കാരുണ്യയോഗാൽ കിമപി ച കവിതാ
മാപ്നുവം, കർമ്മ മേ തദ്
ഭൂയാൽ കൃഷ്ണാർപ്പണം; മേ ഭവതു ച സതതം
ധീരഘാരേഃ കഥായാം.”
എന്നു പ്രക്രിയാസർവസ്വത്തിൽ ഭട്ടതിരി ആ വിവരം പ്രസ്താവിച്ചിട്ടുണ്ടു്. ബുധേന്ദ്രാൽ എന്ന പദംകൊണ്ടു് അദ്ദേഹം വിശേഷിപ്പിക്കുന്നതു പിഷാരടിയെ ആകുന്നു എന്നുള്ളതു നാം മറക്കരുതു്. ജ്യോതിഷത്തിൽ പിഷാരടിയ്ക്കു സമകാലികന്മാർ നല്കിയിരുന്ന സ്ഥാനം എന്താണെന്നു വാസുദേവകൃതമായ ഭ്രമരസന്ദേശത്തിലെ അധോലിഖിതമായ പദ്യത്തിൽനിന്നു വിശദമാകുന്നു:

“തസ്മാൽ പ്രത്യകു് പ്രഹിതനയനഃ കുണ്ഡഗേഹാധിനാഥം
സർവജ്ഞം തം പ്രണമ ഗിരിശം ഭക്തിമാനച്യുതം ച;
ഏകസ്താവദ്വഹതി ശിരസി ജ്യോതിഷാമേകമിന്ദും,
ജ്യോതിശ്ചക്രം നിഖിലമപരോ ധാരയത്യന്തരംഗേ.”
ഈ പദ്യത്തിൽ കവി തൃക്കണ്ടിയൂരിലെ ശിവനെപ്പോലെ അച്യുതപ്പിഷാരടിയും സർവജ്ഞനാണെന്നും ശിവൻ ജ്യോതിസ്സുകളിൽ ഏകനായ ചന്ദ്രനെമാത്രം ശിരസ്സിൽ ധരിക്കവേപിഷാരടി തന്റെ മനസ്സിൽ ജ്യോതിശ്ചക്രത്തെ മുഴുവൻ ധരിക്കുന്നു എന്നും അദ്ദേഹത്തിന്റെ വിവിധശാസ്ത്രപാണ്ഡിത്യത്തേയും പ്രത്യേകിച്ചു ജ്യോതിശ്ശാസ്ത്രപാരംഗതയേയും പരാമർശിച്ചു പ്രശംസിക്കുന്നു. പിഷാരടിയുടെ ജ്യോതിർവിഷയകമായ ശിഷ്യസമ്പത്തു സുപ്രസിദ്ധമാണു്. കൊല്ലം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന പത്തനംതിട്ട ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ എന്ന ദൈവജ്ഞൻ ആറന്മുളവിലാസം ഹംസപ്പാട്ടു് എന്ന ഗ്രന്ഥത്തിൽ ആശിഷ്യപ്രശിഷ്യപരമ്പരയെ താഴെക്കാണുന്ന വിധത്തിൽ വിവരിക്കുന്നു:

‘രാമനെന്നെല്ലാടവും വിശ്രുതനായിട്ടഭി
രാമനാമാശാസിതാവെന്നുള്ള കീർത്തിയോടും
ഗുരുദൈവജ്ഞന്മാർക്കും ഗുരുഭൂതനാമെന്റെ
ഗുരുവാം പിതാവിന്റെ ചരണാംബുജം വന്ദേ.
ഗുരുവിൻഗുരുവ്യാഘ്രമുഖമന്ദിരവാസി
ഗുരുകാരുണ്യശാലിതന്നെയും വണങ്ങുന്നേൻ.
തൽഗുരുഭൂതനായിട്ടെത്രയും മനീഷിയായ്
ഹൃൽഗതഭാവജ്ഞനായ്ഗണിതതത്ത്വജ്ഞനായ്
താഴാത കീർത്തിയോടും നാവായിക്കുളത്തുള്ളോ
രാഴാതിപ്രവരനാംഗുരുവെ വന്ദിക്കുന്നേൻ.
ആയവൻതന്റെ ഗുരുഭൂതനായുള്ള ദേഹ
മായതമതികളാൽ പൂജിതനായുള്ളവൻ
കോലത്തുനാട്ടു തൃപ്പാണിക്കരെപ്പൊതുവാള
ക്കാലത്തെഗ്ഗുരുവരന്മാരിൽവേച്ചഗ്രേസരൻ,
എന്നുടെ ഗുരുവിന്റെ ഗുരുവിൻ ഗുരുഭൂതൻ
തന്നുടെ ഗുരുവാകും തൽപദം വണങ്ങുന്നേൻ.
പൊതുവാളിന്റെ ഗുരുവച്യുതപ്പിഷാരടി
യതിമാനുഷനവൻ സകലവിദ്യാത്മകൻ,
അൻപത്തിമൂന്നു വയസ്സിരട്ടിയിരുന്നുള്ള
മേല്പുത്തൂർപട്ടേരിക്കും ഗുരുവായിരുന്നവൻ
തന്നുടെ പാദപത്മയുഗളം വിശേഷിച്ചു
മെന്നുടെ മനക്കാമ്പിൽസ്സന്തതം നിനയ്ക്കുന്നേൻ.”
ഈ വരികളിൽനിന്നു് അച്യുതപ്പിഷാരടിയുടെ ശിഷ്യൻ കോലത്തുനാട്ടു തൃപ്പാണിക്കരെ പൊതുവാളും അദ്ദേഹത്തിന്റെ ശിഷ്യൻ ചിറയിൻകീഴു് താലൂക്കിൽ നാവായിക്കുളത്തു് ആഴാതി(കുരുക്കൾ)യും, അദ്ദേഹത്തിന്റെ ശിഷ്യൻ മാവേലിക്കരെ ചെറിയനാട്ടു പുലിമുഖത്തു പോറ്റിയും ആയിരുന്നു എന്നു നാം അറിയുന്നു. പുലിമുഖത്തു പോറ്റിയുടെ കാലം 861 മുതൽ 933 വരെയായിരുന്നു എന്നു് അഭിജ്ഞന്മാർ പറഞ്ഞുകേട്ടിട്ടുണ്ടു്. കൊച്ചുകൃഷ്ണനാശാന്റെ പിതാവും ഗുരുവുമായ രാമനാശാൻ പോറ്റിയുടെ ശിഷ്യനായിരുന്നു. കൊച്ചുകൃഷ്ണനാശാന്റെ ശിഷ്യൻ ആറന്മുള മംഗലശ്ശേരി ദക്ഷിണാമൂർത്തി മൂത്തതു്, മൂത്തതിന്റെ ശിഷ്യൻ മാന്നാർ നാലേക്കാട്ടിൽ ബാലരാമൻപിള്ള, സംപ്രതിപ്പിള്ള, അദ്ദേഹത്തിന്റെ ശിഷ്യൻ കിളിമാനൂർ വിദ്വാൻ ചെറുണ്ണി കോയിത്തമ്പുരാൻ, എന്നിങ്ങനെ ആ ഛാത്രപരബര പിന്നെയും തുടർന്നുപോകുന്നു. ഈ വ്യതിയാനം നില്ക്കട്ടെ.

മേല്പുത്തൂരിനു പിഷാരടിയുടെ പേരിൽ അനിർവചനീയമായ ഭക്തിപാരവശ്യം ഉണ്ടായിരുന്നു. പ്രക്രിയാസർവസ്വത്തിന്റെ അവസാനത്തിൽ അദ്ദേഹം തന്റെ വ്യാകരണാചാര്യനെ

‘അയമച്യുതഗുരുകൃപയാ പാണിനികാത്യായനാദികാരുണ്യാൽ
യത്നഃ ഫലപ്രസഃ സ്യാൽ കൃതരാഗരസോദ്യശബ്ദമാർഗ്ഗജുഷാം.
എന്ന പദ്യത്തിൽ സബഹുമാനം വീണ്ടും സ്മരിക്കുന്നു. അച്യുതപ്പിഷാരടിയുടെ വാതരോഗം തപശ്ശക്തികൊണ്ടു സദേഹത്തിൽ സംക്രമിപ്പിച്ചു് അതിന്റെ ശമനത്തിനായാണു് ഭട്ടതിരി ഗുരുവായൂരിൽ പോയി നാരായണീയമെന്ന സ്തോത്രരത്നം രചിച്ചു ശ്രീകൃഷ്ണസ്വാമിയെ ഭജിച്ചതെന്നു് ഐതിഹ്യമുണ്ടു്. പിഷാരടി 796-ൽ മരിച്ചു. ഭട്ടതിരി തത്സംബന്ധമായുണ്ടാക്കിയ ചരമശ്ലോകമാണു് താഴെച്ചേർക്കുന്നതു്:

“ഹേ! ശബ്ദാഗമ! നിർദ്ദയം വിബുധതാലുബ്ധൈർന്നിപീഡിഷ്യസേ;
ധാർഷ്ട്യൈകപ്രവണാസി വൈദ്യസരണേ! നഷ്ടോഹ്യലങ്കാര! ഭോഃ;
ഹന്ത! ജ്യോതിഷതന്ത്ര! പര്യവസിതാ തിഥ്യൃക്ഷയോസ്തേകഥാ;
വിദ്യാത്മാ സ്വരസർപ്പദദ്യ ഭവതാമാധാരഭൂരച്യുത.”
‘വിദ്യാത്മാ സ്വരസർപ്പൽ’ എന്നതു കലിദിനവാക്യമാണു്.
കൃതികൾ
അച്യുതപ്പിഷാരടിയുടെ കൃതികളായി ജ്യോതിഷത്തിൽ (1) ഗോളദീപിക (2) ഉപരാഗക്രിയാക്രമം (3) കരണോത്തമം (4) ജാതകാഭരണം (5) ഹോരാസാരോച്ചയം (6) ഹോരാസാരോച്ചയത്തിന്റെ പരിഭാഷ (7) വേണ്വാരോഹത്തിന്റെ പരിഭാഷ എന്നീ ഗ്രന്ഥങ്ങളും വ്യാകരണത്തിൽ പ്രവേശകവും കണ്ടുകിട്ടീട്ടുണ്ടു്. ഇവകൂടാതെ ദൃഗ്ഗണിതസംബന്ധമായി സ്ഫുടനിർണ്ണയം എന്നൊരു പ്രമാണീഭൂതമായ ഗ്രന്ഥംകൂടിയുണ്ടു്. അതിനു സ്ഫുടനിർണ്ണയവിവൃതി എന്നൊരു വ്യാഖ്യാനവും കണ്ടിട്ടുണ്ടു്. ചില ഗ്രന്ഥങ്ങളെപ്പറ്റി മാത്രം ഇവിടെ ഉപന്യസിക്കാം. ഹോരാസാരോച്ചയപരിഭാഷയെക്കുറിച്ചു മറ്റൊരധ്യാത്തിൽ പ്രസ്താവിക്കും.

ഗോളദീപിക
ഗീതിവൃത്തത്തിൽ മുന്നൂറു ശ്ലോകങ്ങൾകൊണ്ടു നിബന്ധിച്ചിരിക്കുന്ന ഗോളദീപിക ഗണിതവിഷയത്തിൽ പ്രമാണത്വേന അംഗീകരിക്കേണ്ട ഒരു വിശിഷ്ടഗ്രന്ഥമാകുന്നു. ഇതു കേളല്ലൂർ ചോമാതിരിയുടെ ഗോളദീപികയിൽ നിന്നു ഭിന്നമാണെന്നു പറയേണ്ടതില്ലല്ലോ.

“വിഘ്നേശം വാഗ്ദേവീം ഗുരും ദിനേശാദികാൻ ഗ്രഹാൻ നത്വാ
വക്ഷ്യേ ഭഗോളമസ്മൈ ക്ഷോണീമാനാദികഞ്ച ലഘുമതയേ.
അധഊർദ്ധ്വയാമ്യസൗമ്യഗമിഹ വൃത്തം ദക്ഷിണോത്തരാഖ്യംസ്യാൽ;
അതഊർദ്ധ്വാഭ്യാം ഘാടികമക്ഷാഗ്രേ സൗമ്യയാമ്യയോർലഗ്നം”
എന്നിങ്ങനെ ഗ്രന്ഥം ആരംഭിയ്ക്കുന്നു.

“ഇത്യുദിതാ സംക്ഷേപാദസ്മാഭിർഗ്ഗോളദീപികാ; യ ഇമാം
പുരുഷഃ പഠേൽ സ ലോകേ ഗോളവിദാം ഗണ്യതേ നൃണാം മധ്യേ”
എന്നതാണു് ഒടുവിലത്തെ ശ്ലോകം.

ഉപരാഗക്രിയാക്രമം
ഈ ഗ്രന്ഥത്തെ ക്രിയാക്രമം എന്നും പറയാറുണ്ടു്. ഇതിൽ ഗ്രഹസ്ഫുടഗണനവും ഛായാദി ഗ്രഹണവും മറ്റുമാണു് പ്രതിപാദ്യം. നാലധ്യായങ്ങൾകൊണ്ടു ഗ്രന്ഥം സംപൂർണ്ണമാകുന്നു. ചില ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു.

“ഗുരൂണാം ചരണാംഭോജപരാഗപരമാണവഃ
മനോമുകുരമസ്മാകം പുനീയുരനുവാസരം.
മാർത്താണ്ഡാഖ്യം പരം ജ്യോതിർന്നത്വാസ്മാഭിർവിലിഖ്യതേ,
ഹിതായ മന്ദബുദ്ധിനാമുപരാഗക്രിയാക്രമഃ.”
“പ്രോക്തഃ പ്രവയസോ ധ്യാനാജ്ജ്യേഷ്ഠദേവസ്യ സദ്ഗുരോഃ
വിച്യുതാശയദോഷേണേത്യച്യുതേന ക്രിയാക്രമഃ.”
എന്നതാണു് ഒടുവിലത്തെ ശ്ലോകം. അതിലെ കലിദിനസൂചകമായ പ്രഥമപാദത്തിൽനിന്നു പ്രസ്തുത ഗ്രന്ഥത്തിന്റെ നിർമ്മിതി കൊല്ലം 768-ലാണെന്നു നിർണ്ണയിക്കാം. പിഷാരടിയുടെ ജ്യോതിശ്ശാസ്ത്രഗുരു ജ്യേഷ്ഠദേവൻ എന്നൊരാളായിരുന്നു എന്നും ‘ക്രിയാക്രമ’ത്തിന്റെ ആവിർഭാവകാലത്തു് അദ്ദേഹം വയോധികനായിരുന്നു എന്നുംകൂടി ഈ ശ്ലോകത്തിൽനിന്നു നാം ധരിക്കുന്നു.

കരണോത്തമം
ഇതു ദൃക്‍സമ്പ്രദായത്തിൽ പിഷാരടി രചിച്ചിട്ടുള്ള ഒരു ഗണിതഗ്രന്ഥമാകുന്നു. അതുകൊണ്ടു പഞ്ചബോധക്രിയാക്രമത്തിൽനിന്നു് ഇതിലെ പ്രതിപാദനരീതിഭിന്നമായിരിക്കുന്നു. ‘ഗുരുണാം ചരണാംഭോജ’ ഇത്യാദി ശ്ലോകംകൊണ്ടുതന്നെയാണു് കരണോത്തമവും ആരംഭിയ്ക്കുന്നതു്. അഞ്ചധ്യായങ്ങളിലായി നൂറ്റൊൻപതു ശ്ലോകങ്ങളുണ്ടു്: ഗ്രന്ഥകാരൻ ഈ കൃതിയിൽ തന്റെ കവിതാപാടവത്തേയും വ്യാകരണപാണ്ഡിത്യത്തേയും പ്രകടീകരിച്ചിരിക്കുന്നു. അദ്ദേഹം തന്നെ പ്രസ്തുത ഗ്രന്ഥത്തിനു് ഒരു വിവരണവും നിർമ്മിച്ചിട്ടുണ്ടു്. മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം:

“പ്രണിപത്യ പരം ജ്യോതിർഗണപത്യപരാഭിധം
ഗുരുണോക്തമവിസ്മർത്തും കരണോത്തമയാമ്യഹം.”
“ഹൃദ്യൈര്യുക്തിവിദാമിത്ഥം പദ്യൈരുപശതൈഃ കൃതം
കരണോത്തമനാമൈതച്ചിരമാസ്താം മഹീതലേ.”
“വൈഷ്ണവേനാച്യുതാഖ്യേന പ്രണീതം വിവൃതം കൃതം
കരണോത്തമമാലോക്യ പരിതുഷ്യന്തു സൂരയഃ.”
ഇതിനു് ഏതോ ഒരു നമ്പൂരിയുടെ ഭാഷാവ്യാഖ്യാനവുമുണ്ടു്.

ജാതകാഭരണം
‘ഗുരൂണാം ചരണാംഭോജ’ ഇത്യാദി വന്ദനശ്ലോകം ഈ ഗ്രന്ഥത്തിലും കാണുന്നതുകൊണ്ടു് ഇതും പിഷാരടിയുടെ കൃതികളിൽ ഒന്നാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ആകെ എട്ടധ്യായങ്ങളുണ്ടു്. വരാഹമിഹിരന്റെ ഹോര, വടശ്ശേരിയുടെ ജാതകപദ്ധതി മുതലായി പ്രമാണീഭൂതങ്ങളായ പല പ്രശ്നശാസ്ത്രനിബന്ധങ്ങൾ പരിശോധിച്ചാണു് പ്രസ്തുത കൃതി രചിച്ചിട്ടുള്ളതെന്നു ഗ്രന്ഥകാരൻ പറയുന്നു.

“അർത്ഥാജ്ജനേ സഹായഃ പുരുഷാണാമാപദർണ്ണവേ പോതഃ
യാത്രാസമയേ മന്ത്രീ ജാതകമപഹായ നാസ്ത്യപരഃ.”
എന്ന പദ്യം ജാതകാഭരണത്തിലുള്ളതാണു്.

ഹോരാസാരോച്ചയം
ഹോരാസാരോച്ചയം ശ്രീപതി പദ്ധതിയുടെ സംക്ഷേപമാണു്. ആകെ ഏഴധ്യായങ്ങൾ അടങ്ങീട്ടുണ്ടു്.

“ഭക്ത്യാ ഗുരൂണാം ചരണാരവിന്ദം
നത്വാച്യുതോ ദൈവവിദാം ഹിതായ
സാരോച്ചയം ശ്രീപതിനിർമ്മിതസ്യ
ഹോരാർത്ഥതന്ത്രസ്യ വദാമ്യശേഷം”
എന്ന പ്രഥമശ്ലോകത്തിൽത്തന്നെ ആചാര്യൻ തന്റെ നാമധേയം ഘടിപ്പിച്ചിട്ടുണ്ടു്.

പ്രവേശകം
വ്യാകരണശാസ്ത്രം പഠിക്കുവാൻ ആഗ്രഹമുള്ളവർക്കു് അത്യന്തം പ്രയോജകീഭവിപ്പിക്കുന്ന ഒരു ഗ്രന്ഥമാണു് പ്രവേശകം. സംക്ഷിപ്തമാണെങ്കിലും ആ ശാസ്ത്രത്തിൽ അന്തർഭൂതങ്ങളായ സകല വിഷയങ്ങളെപ്പറ്റിയും അച്യുതപ്പിഷാരടി ഇതിൽ പ്രതിപാദിച്ചിട്ടുണ്ടു്. ഉദാഹരണങ്ങളായി തന്റെ സഹൃദയത്വത്തിനും കവിത്വത്തിനും പ്രത്യക്ഷലക്ഷ്യങ്ങളായ പല ശ്ലോകങ്ങളും ചേർത്തിട്ടുമുണ്ടു്. പിഷാരടിക്കു് ആശ്രയമായിക്കാണുന്നതു മഹാഭാഷ്യത്തിനും കാശികാവൃത്തിക്കും പുറമേ രാമചന്ദ്രന്റെ പ്രക്രിയാകൗമുദി ആകുന്നു. രൂപാവതാരത്തിനു് എന്നപോലെ പിഷാരടിയുടെ കാലത്തു പ്രക്രിയാകൗമുദിക്കും കേരളത്തിൽ ഗണനീയമായ പ്രചാരമുണ്ടായിരുന്നു. ഗ്രന്ഥം ആരംഭിക്കുന്നതുതന്നെ,

“അശേഷാഗമതാൽപര്യകൈരവോദ്ബോധചന്ദ്രികാം
ഉപാസ്മഹേ ജ്ഞാനമുദ്രാം രാമചന്ദ്രകരോദിതാം.”
എന്ന ശ്ലോകംകൊണ്ടാണു്, ഇവിടെ ആചാര്യനു പ്രക്രിയാ കൗമുദീകാരനെപ്പറ്റിയും വിവക്ഷയുണ്ടു്. രാമൻ എന്നൊരു ഗുരു പിഷാരടിക്കുണ്ടായിരുന്നില്ല. പ്രക്രിയാകൗമുദീകാരനായ രാമചന്ദ്രൻ എന്ന ആന്ധ്രദേശപണ്ഡിതൻ ക്രി. പി. പതിന്നാലാംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു. പിഷാരടി വെട്ടത്തുനാട്ടു രവിവർമ്മത്തമ്പുരാന്റെ ആശ്രിതനായിരുന്നു എന്നുള്ളതിനു ലക്ഷ്യമായ ‘ലക്ഷ്യാ പ്രകാശവിഷയം’ എന്ന പ്രവേശകാന്തർഗ്ഗതമായ പദ്യം മുൻപു് ഉദ്ധരിച്ചിട്ടുണ്ടല്ലോ. പ്രവേശകം മേല്പുത്തൂർ ഭട്ടതിരിയെ പഠിപ്പിക്കുന്നതിലേക്കുവേണ്ടി ഉണ്ടാക്കിയതാണെന്നുള്ള ഐതിഹ്യം അനാസ്പദമാകുന്നു. ഗ്രന്ഥനിർമ്മിതിയുടെ ഉദ്ദേശം എന്തെന്നു് ആചാര്യൻതന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടു്:

“പ്രവേശകസ്സംസ്ക്രിയതേ ശബ്ദശാസ്ത്രപ്രവേശകഃ
സുഗമോയമൃജൂർമാർഗ്ഗോ ബാലാനാം മന്ദചേതസാം.
പ്രവേശകേന ജാനന്തി ശബ്ദാൻ വ്യാകരണാക്ഷമാഃ
ഇക്ഷും ഖാദന്തി നാദന്താ രസം ശർക്കരയാ വിദുഃ
ദർപ്പണേ പണമാത്രേണ ദന്തീ പ്രതിഫലേദ്യഥാ
തഥാല്പേപി പ്രകരണേ മഹദ്വ്യാകരണം സ്ഫുരേൽ.”
പല്ലില്ലാത്തവർക്കു കരിമ്പു കടിച്ചുചവയ്ക്കുവാൻ നിർവ്വാഹമില്ലെങ്കിലും അവർ ശർക്കര കൊണ്ടു് ഇക്ഷുരസത്തെ അറിയുന്നതുപോലെ പാണിനീയാധ്യയനത്തിനു് അശക്തന്മാരായിട്ടുള്ളവർക്കു പ്രവേശകംകൊണ്ടു് ശബ്ദങ്ങളുടെ ജ്ഞാനമുണ്ടാകുമെന്നും ചെറിയ ദർപ്പണത്തിൽ ആനയെന്നപോലെ ഈ സംഗ്രഹ ഗ്രന്ഥത്തിലും മഹത്തായ വ്യാകരണശാസ്ത്രം പ്രതിഫലിയ്ക്കുമെന്നുമാണു് അദ്ദേഹം പ്രതിപാദിയ്ക്കുന്നതു്. പ്രവേശകം മുഴുവൻ 600 ശ്ലോകങ്ങളിൽ വിരചിതമാകയാൽ അധ്യേതാക്കന്മാർക്കു് ഓർമ്മയിൽ വെയ്ക്കുവാൻ വളരെ സൗകര്യമുണ്ടു്. പിഷാരടിയുടെ കാവ്യശൈലി പ്രദർശിപ്പിക്കുവാൻ ചില ശ്ലോകങ്ങൾ അടിയിൽ പകർത്തുന്നു:

“ടിതു് പീഠവദധസ്തിഷ്ഠേൽ കിന്മൂർദ്ധനി കിരീടവൽ
മിത് സ്യാന്ത്യേസ്വരാദൂർദ്ധ്വം ഫാലേ പുണ്ഡ്രവദാഗമഃ
സ്ഥാനേ ശത്രുവദാദേശശ്ഛത്രവൽ പ്രത്യയാഃ പരേ.”
“ആദ്യന്തൗ ടകിതൗ” എന്നു പറയുന്നതിനേക്കാൾ ടിതു് അടിയിൽ പീഠംപോലെയും കിതു് മുകളിൽ കിരീടംപോലെയും സ്ഥിതിചെയ്യുന്നു എന്നുംമറ്റുംപറയുന്നതു സ്വാരസികമാണല്ലോ.

“ഭൃശായതേ വായുരയം ശബ്ദായന്തേ വലാഹകാഃ
സുഖായന്തേ ഗൃഹേഷ്വാഢ്യാ ബാഷ്പായന്തേ വിയോഗിനഃ”.
“ഊരീകൃത്യ ജവം വൃക്ഷാംസ്തൃ്ണീകൃത്യ സമീരണഃ
മേഘാൻ പടപടാകൃത്യ സാന്ദ്രീഭൂയ ച വാത്യയം:”
പ്രവേശകത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനം കണ്ടിട്ടുണ്ടു്. അതിനുപുറമെ ആറ്റുപുറത്തു ഇമ്പിച്ചൻഗുരുക്കൾ സുബന്തപ്രകരണാന്തംവരെ സ്വയമായി ഒരു ഭാഷാവ്യാഖ്യാനം രചിച്ചു് അതോടുകൂടി പ്രസ്തുത ഗ്രന്ഥം ഇദംപ്രഥമമായി പ്രസിദ്ധീകരിച്ചു. പ്രസ്തുത ഗ്രന്ഥത്തിനു ലഘുവിവൃതി എന്നു വിശദമായ ഒരു സംസ്കൃതവ്യാഖ്യാനം പി. എസ്. അനന്തനാരായണശാസ്ത്രികൾ നിർമ്മിക്കുകയും മൂലത്തോടു ചേർത്തു ഗോശ്രീസംസ്കൃത ഗ്രന്ഥാവലിയുടെ ദ്വിതീയാങ്കമായി മുദ്രണം ചെയ്യുകയും ചെയ്തിട്ടുണ്ടു്.

ഒരൊറ്റ ശ്ളോകം
അച്യുതപ്പിഷാരടിയോടു് ഒരു വിദേശീയനായ പണ്ഡിതൻ അദ്ദേഹത്തിന്റെ ജാതിയേതെന്നു ചോദിച്ചപ്പോൾ

“ദേവബ്രാഹ്മണശുശ്രൂഷുസ്സാഹിത്യൈകപരായണാ
ഈദൃശീ വർത്തതേ ജാതിഃ കേരളേഷ്വിതരത്ര ന.”
എന്നു് ആ മഹാശയൻ മറുപടി പറഞ്ഞതായി കേട്ടിട്ടുണ്ടു്.

27.30കൊച്ചി രാമവർമ്മ മഹാരാജാവു്

കൊല്ലം 740 കുംഭം മുതൽ 776 മീനംവരെ കൊച്ചിരാജ്യം പരിപാലിച്ച കേശവരാമവർമ്മമഹാരാജാവു് പല പ്രകാരത്തിലും പ്രശംസാർഹനായ ഒരു പുണ്യപുരുഷനായിരുന്നു. ആ മഹാരാജാവിന്റെ മാതാവു് ഊരകത്തമ്മയെ വളരെക്കാലം ഭജിച്ചതിന്റെ ഫലമായാണു് അവിടത്തെ അവതാരമെന്നു ബാലകവി രാമവർമ്മവിലാസം നാടകത്തിൽ പ്രസ്താവിച്ചിരിക്കുന്നു. “തസ്യ താവന്മഹാരാജസ്യജനനീ, പ്രഥമാ വീരജനനീനാം, പുരാ ചിരമപത്യവാഞ്ഛയാ മലയപുരവാസിനീം ഭഗവതീം ഭവാനീമാരാധിതവതീ. ആരാധനപ്രസന്നാ ച സാ സ്വപ്നേ താമിത്ഥമന്വഗ്രഹീൽ.

ലോകപാലൈശ്ച സകലൈർല്ലോഭനീയക്രിയം സുതം
മൽപ്രസാദാന്മഹാഭാഗേ, ജനയസ്വ യശസ്വിനി”
എന്ന ഭാഗം നോക്കുക.

അവിടത്തെ സമരശൂരത, ഈശ്വരഭക്തി, തീർത്ഥാടനൗത്സുക്യം ഇവയെ അക്കാലത്തെ കവികൾ അത്യുജ്ജ്വലമായ ഭാഷയിൽ വർണ്ണിച്ചിരിക്കുന്നു. ആ തമ്പുരാന്റെ വകയായി 751 ധനു 12-ാം നുയിലെ ഒരു ദാനശാസനം ചിദംബരം ക്ഷേത്രത്തിൽ ലിഖിതമായിട്ടുണ്ടു്. 776 കന്നി 27-ാം നു അവിടുന്ന തുലാപുരുഷദാനം നിർവ്വഹിച്ചു. കാശിവരെ യാത്രചെയ്തു് അവിടെവെച്ചു തീപ്പെട്ടതിനാൽ കാശിക്കെഴുന്നള്ളിയ തമ്പുരാൻ എന്നു് അവിടത്തെ വ്യവഹരിച്ചുവരുന്നു. മഴമംഗലത്തു നാരായണൻനമ്പൂരിയുടെ രാജരത്നാവലീയം ചമ്പുവിലെ നായകൻ അവിടുന്നാണു്. മഴമംഗലത്തിനുപുറമേ ബാലകവി, മൂക്കോലയ്ക്കൽ നീലകണ്ഠൻനമ്പൂരി എന്നിവരും അവിടത്തെ ആശ്രിതന്മാരായിരുന്നു. രാമവർമ്മമഹാരാജാവു് ‘രാസക്രീഡ’ എന്ന മണിപ്രവാളകാവ്യത്തിന്റെ പ്രണേതാവും തമിഴിൽ നിന്നു തിരുവള്ളുവരുടെ തിരുക്കുറൾ മലയാളത്തിലേക്കു തർജ്ജമചെയ്യിച്ച ഭാഷാപോഷകനുമായിരുന്നു എന്നു ഞാൻ അനുമാനിക്കുന്നു. ഈ തർജ്ജമയ്ക്കു —‘തിരു (വള്ളുവ) വുള്ളപ്പയൻ’ എന്നു പേർ കൊടുത്തുകാണുന്നു. ഇതു സമാപ്തമായതു കൊല്ലം 770 വൃശ്ചികം 28-ാം നുയാണു്. പ്രസ്തുത ഗ്രന്ഥത്തിന്റെ ഒരു പ്രതിയേ കണ്ടുകിട്ടീട്ടുള്ളു. അതിൽ “വള്ളുവരിട്ട നൂലുവഴികവിവ്യാഖ്യാനം മലയാൺമയിൽ സംസ്കൃത…എഴുതിച്ചതു രാമവർമ്മകവിരാജൻ” എന്നു രേഖപ്പെടുത്തിക്കാണുന്നു.

27.31രാമവർമ്മാവിനെപ്പറ്റിയുള്ള ചില പ്രശസ്തികൾ

രാജരത്നാവലീയം ചമ്പുവിലുള്ളവയാണു് അധോലിഖിതങ്ങളായ പദ്യങ്ങൾ:

“അക്കാലം ദേഹഭാജാം മിഴികളിലമൃത
സ്യന്ദവും കോരിയൂത്തൂ
ത്തഗ്രേ നിർദ്ധൂയ വൈരാകരതിമിരകുലം
പൂർണ്ണയോഗാഞ്ചിതാത്മാ
ദിക്കെപ്പേരും വെളുപ്പിച്ചഭിനവമഹസാ
മാടഭൂപാന്വയാഖ്യേ
മുഖ്യേ പൂർവാദ്രിമൗലൗ തെളിവിലൊരു കുമാ
രേന്ദു പോന്നാവിരാസീൽ.
ക്ഷോണീമംഗല്യഭൂഷാമണി തദനു സഖേ!
കൗതുകം പൂണ്ടു ദാന
ശ്രേണീമാപൂര്യ വിശ്വോത്തരമഹിമ തകും
ജന്മമോർത്തും വിശേഷാൽ
നാനാലോകാഭിരാമം തിരുവുടൽ മധുരം
കണ്ടുമയ്യാ! തദാനീ-
മാനന്ദീ രാമനെന്നദ്ഭുതഗുണമഹിതം
നാമധേയം വ്യതാനീൽ.
കാണുന്നവർക്കതുലബാലവിഹാരഭേദൈ
രാനന്ദമേഷ വിതരൻ നഗരേ വളർന്നാൻ
ചേണാർന്ന ഭാസ്കരകുലേ, മുരവൈരി വിശ്വ
ത്രാണായ പണ്ടുടനയോധ്യയിലെന്നപോലെ.
ഓരോരോ ശസ്ത്രശാസ്ത്രപ്രഥനവുമപദാ
നങ്ങളും മാനവായ്പും
വീരശ്രീയും പ്രഭാവപ്പെരുമയുമമിതാ
നന്ദവും ദേഹഭാജാം
ആരോമൽക്കീർത്തിയും വിണ്ടലനരപതികൾ
ക്കിണ്ടലും പാടുപാടേ
വാരം വാരം തദാനീം പുതുമയൊടു കുമാ
രേണ സാകം പുലർന്നൂ.
സാമർത്ഥ്യോദയമാർന്ന നാളിലതിവേലം വേദശാസ്ത്രാന്തര
ശ്രീമല്ലക്ഷണകാവ്യനാടകകുലാവിജ്ഞാനപാരീണധീഃ
ഓമൽപ്പൂമകൾതൻവിലോചനകലാമാലാമണിഞ്ഞൂഴിതൻ
ക്ഷേമത്തിന്നുദയപ്രഭാവമഹിമാ ശ്രീരാമവർമ്മാ ബഭൗ.
ശ്രീരാമം വീരലക്ഷ്മ്യാ ശിവശിവ വിജയം
വിക്രമംകൊണ്ടു പാരാ
വാരം ഗാംഭീര്യവൃത്ത്യാ നവതനുസുഷമാ
സമ്പദാ ശംബരാരിം
വാരാളും ദാനരീത്യാ വിബുധതരുവരം
പൂർണ്ണചന്ദ്രം പ്രസാദാൽ
മാരാരിം വൈദുഷീവിഭ്രമസരണികൾകൊ
ണ്ടേഷ ധീമാനജൈഷീൽ.
അക്കാലം പരിപാല്യ സാധു വസുധാചക്രം തുലോം നാൾ മണം
തിക്കീടുംപടി വീരകേരളനൃപാലേ നാകുലോകം ഗതേ
അക്ഷീണോദയമാനവിക്രമനിധേഃ ശ്രീരാമവർമ്മന്നു തേ
വിഖ്യാതാസ്സചിവോത്തമാ വിദധിരേ രാജ്യാഭിഷേകം മുദാ.
കൃതാഭിഷേകസ്സ തു രാമവർമ്മാ
ക്ഷിതിം ചതുസ്സാഗരരത്നകാഞ്ചീം
യഥാവദാവിഷ്കൃതധർമ്മഭൂമാ
തതോശിഷദ്വാസവതുല്യധാമാ.”
രാമവർമ്മമഹാരാജാവിനു വീരകേരളവർമ്മാവെന്നും ഗോദവർമ്മാവെന്നുമുള്ള പേരുകളിൽ രണ്ടു് അനുജന്മാരുണ്ടായിരുന്നു. വീരകേരളവർമ്മാവു് 776-ൽ രാമവർമ്മ മഹാരാജാവിന്റെ മരണാനന്തരം കിരീടധാരണം ചെയ്യുകയും 790-ൽ യശശ്ശരീരനാവുകയും ചെയ്തു. അദ്ദേഹമാണു് മേല്പുത്തൂർ ഭട്ടതിരിയുടെ പ്രശസ്തിക്കു പാത്രീഭവിച്ചിട്ടുള്ളതു്. ഗോദവർമ്മാവു രാമവർമ്മാവു മരിച്ചതിനുമേൽ ഏറെത്താമസിയാതെ രാമേശ്വരത്തുവെച്ചു് അന്തരിച്ചു. ഈ വസ്തുതകൾക്കു ലക്ഷ്യം നീലകണ്ഠകവിയുടെ തെൻകൈലനാഥോദയം ചമ്പുവിലുണ്ടു്. താഴെ ഉദ്ധരിക്കുന്ന തദന്തർഗ്ഗതങ്ങളായ പദ്യങ്ങൾ നോക്കുക:

“തൽകാലേ ചതുരന്തഭൂമിവലയപ്രാകാശ്യഹേതോർന്നൃണാ
മുദ്രികൈതസ്സുകൃതൈസ്സരോരുഹഭുവാ സങ്കല്പിതസ്സാദരം
പ്രൗഢശ്രീരുദിയായ പുണ്യദിവസേ കശ്ചിൽ കുമാരാത്മനാ
മാടക്ഷ്മാപതിവംശരമ്യശിഖരേ മാണിക്യദീപാംകുരഃ
കാന്തിം കാഞ്ചന മൂർത്തിധാരിമദനപ്രഖ്യാം പ്രവീരശ്രിയം
പ്രേന്ധാനാമപി ചിത്തവൃത്തിമതിഗംഭീരപ്രിയംഭാവുകാം
ക്ഷാന്തിം നിസ്തുഷവൈദുഷീഞ്ച നിതരാം ബിഭ്രന്നരേന്ദ്രാഭക
സ്സാന്ദ്രാവിഷ്കൃതദിവ്യലക്ഷണപരീതാത്മാധ്യ വാത്സീദസൗ.
സാമ്രാജ്യാധികൃതോ വയസ്യഭിനവേ ശ്രീരാമവർമ്മാഭിധോ
രാജേന്ദ്രസ്സഹ ഗോദവർമ്മസഹജേനാക്രമ്യ വർഗ്ഗം ദ്വിഷാം
കൃത്വാ ദാനവരം തുലാദ്യപുരുഷം വാരാണസീസന്നിധൗ
സംപ്രാപ്തശ്ശിവലോകമന്വഗനുജോപ്യാഗമ്യ രാമേശ്വരാൽ.”
രാമവർമ്മമഹാരാജാവിന്റെ തീർത്ഥാടനാഭിനിവേശം സുപ്രസിദ്ധമായിരുന്നു. അതിനെപ്പറ്റിയും രാജരത്നാവലീയത്തിൽ

“വാർമെത്തും ക്ഷേത്രതീർത്ഥങ്ങളിലതിലതില
ത്യന്തമുഖ്യേഷു ഗത്വാ
നേരെത്താതോരു സേവാം കലിതരുചി വള
ർത്തേഷ നിഷ്കല്മഷാത്മാ
പൂരിച്ചെല്ലാടവും കാഞ്ചനമയമഴപെ
യ്താശു ഭൂലോകഭാജാം
ദാരിദ്ര്യച്ചൂടൊഴിച്ചാൻ നിഖിലമവനതും
പാർവ്വതീശപ്രസാദം.”
എന്ന പദ്യത്തിൽ സൂചന കാണുന്നു. “സ രാജാ തീർത്ഥാനുരാഗീതി പ്രസാദഭൂമിഃ” എന്നും “ന ജാനാസി കിമസ്യ…സേതുചിദംബരപ്രഭൃതിതീർത്ഥയാത്രാവൃത്താന്തം?” എന്നും രാമവർമ്മവിലാസത്തിലും പ്രസ്താവനയുണ്ടു്. അദ്ദേഹം അഞ്ചുവർഷക്കാലം ഒരു ഭിക്ഷുവിന്റെ വേഷത്തിൽ ഭാരതത്തിലെ പല പുണ്യക്ഷേത്രങ്ങളും സന്ദർശിച്ചതായി പോർത്തുഗീസുചരിത്രകാരന്മാരും പ്രസ്താവിക്കുന്നു.

27.32ബാലകവി

രാമവർമ്മ മഹാരാജാവിന്റെ സദസ്യന്മാരുടെ പംക്തിയിൽ ചോളദേശത്തിലെ തൊണ്ടമംഗലത്തിൽപ്പെട്ട മൂലാണ്ഡം ഗ്രാമത്തിലെ ബാലകവിക്കു പ്രധാനമായ ഒരു സ്ഥാനമുണ്ടായിരുന്നു. തന്റെ പുരസ്കർത്താവിന്റെ പ്രത്യേകമായ പ്രീതിക്കു പാത്രീഭവിച്ചിരുന്ന ആ കവി രത്നകേതൂദയമെന്നും രാമവർമ്മവിലാസമെന്നും രണ്ടു നാടകങ്ങൾ രചിച്ചിട്ടുണ്ടു്. രണ്ടും അഞ്ചങ്കത്തിലുള്ള നാടകങ്ങളും തൃശ്ശിവപേരൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിനു് അഭിനയിക്കുവാൻ നിർമ്മിച്ചവയുമാണെന്നു കാണുന്നു. മൂലാണ്ഡത്തിൽ സോമനാഥന്റെ പുത്രനായി യൗവനഭാരതി എന്നൊരു കവിശ്രേഷ്ഠനുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ പുത്രനായ മല്ലികാർജ്ജുനൻ ഛന്ദോഗനും കവിയുമായിരുന്നു എന്നും മല്ലികാർജ്ജുനസൂനുവായ കാളഹസ്തിയുടെ പുത്രനാണു് താനെന്നും കവി പ്രസ്താപിക്കുന്നു. രണ്ടു നാടകങ്ങളിലും കൃഷ്ണമനീഷിയെന്ന ഒരു പണ്ഡിതന്റെ ബഹുമതിക്കു താൻ പാത്രീഭവിച്ചതായും ഉപന്യസിക്കുന്നുണ്ടു്. “ഏനമുപശ്ലോകിതവാൻ കേരളഗുരുർജ്ജിതാശേഷശേമുഷീവിശേഷഃ കൃഷ്ണമനീഷീ-

യോഭൂദ്യൗവനഭാരതീകവിവിരാച്ഛ്റീസോമനാഥാത്മജാ
ച്ഛന്ദോഗ സ്സ ഹി മല്ലികാർജ്ജുനകവിർദ്ധന്യഃ പിതാ യൽപിതുഃ
സോയം ബാലകവിസ്സുധാർദ്രകവിതാഭാക്കാളഹസ്ത്യാത്മജഃ
പ്രഖ്യാതോ ഭുവി കസ്യന ശ്രുതിപഥം ശ്രേയോനിധിർഗ്ഗാഹതേ?”
എന്നതാണു് രത്നകേതൂദയത്തിലെ പദ്യം. ഈ കൃഷ്ണപണ്ഡിതനെ “തസ്യൈവ മഹാരാജരാമവർമ്മണോ ഗുരുണാ, ശുനാസീരഗുരുയശോലുണ്ടാകപാണ്ഡിതീകേന പ്രതിവാദിമദഗദോല്ലംഘനരാഘവവൈദുഷീപ്രകാശ ദർശിതോപദേശ കൗശലേന സകലവിദ്യാനിഷ്ണാതേന” എന്നു് ആ നാടകത്തിലും “പുരൈവ തസ്യൈവ ഗുരുണാ രാജ്ഞഃ, ശുനാസീര… പാണ്ഡിതീകേന, പ്രതിവാദിമദഗദോല്ലംഘനാഗദങ്കാരേണ കേരളമണ്ഡലാലങ്കാരേണ കലാകലാപനദീഷ്ണേന കൃഷ്ണമനീഷിണാ സുഗുണപോഷിണാ” എന്നു രാമവർമ്മവിലാസത്തിലും അദ്ദേഹം പ്രശംസിക്കുന്നു. രാമവർമ്മമഹാരാജാവിന്റെ ഗുരുവാണു് രാഘവപണ്ഡിതന്റെ ശിഷ്യനായ കൃഷ്ണമനീഷി എന്നു് ഈ പംക്തികളിൽ നിന്നു വിശദമാകുന്നു. താഴെ ഉദ്ധരിക്കുന്നതും രാമവർമ്മമഹാരാജാവിന്റെ വിവിധസിദ്ധികളെ പ്രഖ്യാപനം ചെയ്യുന്നതുമായ ഭാഗവും ആ നാടകത്തിന്റെ പ്രസ്താവനയിൽ ഉള്ളതാകുന്നു:

“സൂത്രധാരഃ
കേരളദേശാധിപതിരുച്ചാവചപട്ടാംബരൈരുച്ചീകൃതാം കൊച്ചീപുരീമമരാവതീമിവ സൗഭാഗ്യവതീമാവാസയൻ ഭൂവാസവോ വൈദുഷ്യനിധിർബുധജനമാന്യോതി വദാന്യഃ പാലിതനിഖിലധർമ്മാ രാമവർമ്മാ സ്വയമേവ വസ്ത്വപി രത്നകേതൂദയം നാമാപി പരികല്പ്യ തേന കവികുലോത്തംസേന നാടകമിദമാരചയ്യ തദ്ദിശി ദിശി പ്രഖ്യാതമാതതാന.”

പാരിപാർശ്വികഃ
(സഹർഷവിസ്മയം) അപി കൃതം സ്വയമേവ മഹാരാജേന വസ്ത്വപി രത്നകേതൂദയനാമാപ്യഭിജാതം നാടകസ്യ?

സൂത്ര:
അഥ കിം. പ്രാജ്ഞഃ ഖല്വസൗ.

പാരി:
സ്വർണ്ണകുസുമ ഇവ സൗരഭ്യം അനംഗേക്ഷുചാപ ഇവ ഫലോൽപത്തിരാലേഖ്യ മൂർത്താവിവ സത്വയോഗോ മണിദാമ്നീവ മാർദ്ദവമത്ഭുതം രാജ്ഞി വൈദുഷ്യം.

സൂത്ര:
കിമിദമാശ്ചര്യം.

“സരസിജനയനേ ലക്ഷ്മ്യാസ്തസ്മിംശ്ചതുരാനനേ സരസ്വത്യാഃ
സാമാനാധികരണ്യം സമുചിതമന്യത്ര വൈയധികരണ്യം.”
ഈ ഭാഗത്തിൽനിന്നു ബാലകവിക്കു നാടകത്തിന്റെ കഥാവസ്തു ഉപദേശിച്ചതും അതിനു രത്നകേതൂദയം എന്നു പേർ കല്പിച്ചതും മഹാരാജാവാണെന്നു വന്നുകൂടുന്നു. മാളവരാജാവായ വിജയ കേതുവിന്റെ പുത്രൻ രത്നകേതു മണിപുരരാജാവായ ജയസേനന്റെ പുത്രി ലീലാവതിയെ വിവാഹം ചെയ്യുന്നതാണു് പ്രസ്തുത നാടകത്തിലെ ഇതിവൃത്തം. പ്രഭാവതി എന്നൊരു പരിവ്രാജികയാണു് അവരെ സംഘടിപ്പിക്കുന്നതു്. നാലാമങ്കത്തിൽ വാരാണസി, വിന്ധ്യപർവ്വതം, രാമേശ്വരം, മധുര, ശ്രീരംഗം, തിരുവാനക്കാവു്, ചിദംബരം കാഞ്ചീപുരം, വെങ്കടഗിരി, കാളഹസ്തി തുടങ്ങിയ ക്ഷേത്രങ്ങളുടേയും നദികളുടേയും പർവ്വതങ്ങളുടേയും വർണ്ണനങ്ങളുണ്ടു്. കഥാവിഷയകമായി രത്നകേതൂദയത്തിനും രാജരത്നാവലീയത്തിനും തമ്മിൽ കാണുന്ന സാജാത്യം സഹൃദയന്മാരുടെ ശ്രദ്ധയെ ആകർഷിക്കാതെയിരിക്കയില്ല.

“പ്രാഗേവ പ്രസൃമരവിശദയശഃപൂരകർപ്പൂരപൂരിതബ്രഹ്മാണ്ഡകരണ്ഡകസ്യ പ്രചണ്ഡതരശൗണ്ഡീര്യമാർത്താണ്ഡമണ്ഡലോ ദയപർവ്വതസ്യ പ്രതിഭടസുഭടവർഗ്ഗസ്വർഗ്ഗാധിരോഹണനിശ്രേണികായിതകൃപാണികാവല്ലീകസ്യ ക്രിയാസമഭിഹാരക്രിയ മാണമഹാഹവാവസാനപ്രതിഷ്ഠാപിതജയസ്തംഭയൂപലാഞ്ഛിത നവദ്വയദ്വീപസ്യ…അനവദ്യവിദ്യാലതോദ്യാനസ്യ സംഗീത സാഗരസാംയാത്രികസ്യ സകലകലാകുശലസ്യ കൊച്ചീനഗരഹാരനായകമണേ മാർത്താണ്ഡവംശമൗക്തികസ്യ മഹാരാജരാമവർമ്മണഃ” എന്നും മറ്റുമാണു് രത്നകേതൂദയത്തിൽ അവിടത്തെപ്പറ്റിയുള്ള വർണ്ണനം.
രത്നകേതൂദയത്തിനു പിന്നീടു കവി നിർമ്മിച്ചതാണു് രാമവർമ്മവിലാസം. അതിൽ നടി “കിന്നു പുരൂരവഃ പൂരുപ്രമുഖാനാം പുരാണരാജന്യാനാം ചരിതാന്യതിക്രമ്യ വർത്തമാനസ്യ രാജ്ഞോ രാമവർമ്മവിലാസമഭിലഷന്ത്യാര്യമിശ്രാഃ” എന്ന ചോദ്യത്തിന്നു സൂത്രധാരൻ “ശ്രൂയതാമസ്യാപി സൗശീല്യം” എന്നു പ്രക്രമിച്ചുകൊണ്ടു “ധർമ്മേ സ്ഥിതിരതിതരാം തീർത്ഥ സേവാസു രാഗഃ…ക ഇഹ ഭുവനേ ഭൂപതിഃ പുണ്യശീലഃ” എന്നും മറ്റും മഹാരാജാവിന്റെ ഗുണഗണങ്ങളെ വാഴ്ത്തി അദ്ദേഹം രാജർഷിയാണെന്നു സമർത്ഥിക്കുന്നു. പിന്നെയും

“ദിനകരകുലജന്മാ നായകോ രാമവർമ്മാ
കവിരയമഭിജാതഃ കാവ്യമേതച്ച ഭവ്യം
വയമഭിനയവിദ്യാവൈഭവേ നിസ്സപത്നാഃ
പരിഷദപി…ത്വയം കോപി യോഗഃ” എന്നും
‘ഭാസ്വദ്വംശവതംസമൗക്തികമണിർവ്വീരസ്സ വാരാൻ ബഹൂ
നാരബ്ധേഷു മഹാഹവേഷ്വരിപശൂനാലഭ്യ ദോർല്ലീലയാ
നവ്യൈശ്ശോണിതപങ്കകുംകുമരസൈർന്നന്വന്വലിപ്തപ്രിയാ
മുർവീ…മുപചിതക്രോധോ യഥാ ഭാർഗ്ഗവഃ” എന്നും
രത്നാകരാനുപ്രവേശാത്താമ്രപർണ്ണീപയഃകണഃ
ഹാരായതേ നാടകേസ്മിൻ തഥാ സ്യാദ്വാഗ്വരാ മമ”
എന്നും മറ്റുമുള്ള പദ്യങ്ങളിൽ കവി തനിക്കു നായകനോടുള്ള ഭക്തിയെ വീണ്ടും വീണ്ടും പ്രകടിപ്പിക്കുന്നു. രാമവർമ്മമഹാരാജാവിന്റെ തീർത്ഥയാത്രയാണു് പ്രസ്തുത നാടകത്തിൽ പ്രായേണ വർണ്ണനാവിഷയം. തലക്കാവേരിയിൽവെച്ചു ഗന്ധർവരാജകന്യകയായ രസചന്ദ്രികയെ അവിടുന്നു പരിഗ്രഹിച്ചു എന്നും മറ്റും കവി വർണ്ണിക്കുന്നതു രത്നകേതൂദയത്തിലെ ലീലാവതീവിവാഹംപോലെ കേവലം സങ്കല്പസംഭവമാണു്. അപ്പയ്യദീക്ഷിതർ അമലാനന്ദന്റെ കല്പതരു എന്ന വേദാന്തഗ്രന്ഥത്തിനു പരിമളം എന്ന വ്യാഖ്യാനം രചിച്ച അവസരത്തിൽ അതു വായിച്ചുനോക്കി ബാലകവി

“അപ്പദീക്ഷിത! കിമിത്യതിസ്തുതിം
വർണ്ണയാമി ഭവതോ വദാന്യതാം
സോപി കല്പതരുരർത്ഥലിപ്സയാ
ത്വദ്ഗിരാമവസരം പ്രതീക്ഷതേ”
എന്നു് ആ ഗ്രന്ഥത്തെ പ്രശംസിച്ചതായി മഹാകവി നീലകണ്ഠദീക്ഷിതർ ഘോഷിക്കുന്നു.

കവിതാരീതി അസാമാന്യമായ വാഗ്വിലാസത്താൽ അനുഗൃഹീതനായ ഒരു കവിപുംഗവനായിരുന്നു ബാലകവി എന്നുള്ളതിനു സംശയമില്ല. ഏതാനും ചില പദ്യങ്ങൾ ഉദ്ധരിച്ചു് ആ വസ്തുത തെളിയിക്കാം.

1. വസന്തകാലം
“ഉന്മീലൽപികപഞ്ചമൈരുപചിതദ്വന്ദ്വാനുരാഗോദയൈ
രുൽകൂലസ്മരദോർമ്മദൈരുപഹൃതശ്രീഖണ്ഡഖണ്ഡാനിലൈഃ
ഉദ്യച്ചൂതദലാവതംസിതവനൈരുദ്ദാമചന്ദ്രാതപൈ
രുന്നിദ്രപ്രസവൈരുദഞ്ചിതമളിക്ഷേമങ്കരൈർ വാസരൈഃ.”

2. കാമദേവൻ
“ഇക്ഷുസ്ത്രുട്യതി നൈക്ഷവീ വലയിതാപ്യാലംബ്യ മധ്യേ ദൃഢം;
മാലാ വാ ന പലായതേ മധുലിഹാമാസു് ഫാല്യമാനാ മുഹുഃ;
ന ക്ലാമ്യന്തി നിയന്ത്രിതാനി കുസുമാന്യാകർണ്ണമാകർഷണൈ:
ശ്ചിത്രം ചിത്രമമുഷ്യ ചിത്തഭവ! തേ വീരസ്യ വിക്രീഡിതം.”

3. സൂര്യോദയം
“പ്രൗഢധ്വാന്തപയോധിമഗ്നജഗദുദ്ധാരായ താരാതിര
സ്കാരായ പ്രതിപുഷ്പലിൺമധുഝരീഭാരാവതാരായ ച
ഉദ്ഭൂതോ ഭഗവാൻ രഥാംഗമിഥുനസ്മാരാഹവാരാധനാ
ചാരായ സ്ഫുടമഭ്രമണ്ഡപപരിഷ്കാരായ വാരാന്നിധേഃ.”
ഒടുവിലത്തെ ശ്ലോകം ജയദേവന്റെ പ്രസന്നരാഘവം നാടകത്തിലെ ‘ഏതത്തർക്കയ ചക്രവാകനികരാശ്വാസായ താരാഗണഗ്രാസായ’ എന്ന ശ്ലോകത്തെ അനുസ്മരിപ്പിക്കുന്നു.

4. ചോളദേശം
“ഏതേ ഹി മരുദ്ബൃധാപൂരപൂരിതസാരണീസഹസ്രനീ രന്ധ്രകേതകീവനാനിലോദ്ധൂ തനൂതനപരാഗ കൈതവാപഹസിതാന്യജനപദാഃ പ്രതിപദപ്രരൂഢപ്രച്ഛായമഹാമഹീരുഹമാ ലഭാരിണോ മഹനീയഗുണഗ്രാമസമഗ്രാഗ്രഹാരപരമ്പരാപരിഷ്കൃതാസ്തിരസ്കൃത സ്വാരാജ്യസൗഭാഗ്യഗർവാഭിനിവേശാശ്ചോളദേശാഃ.

സ്ഥാനേ സ്ഥാനേ ശിശിരമധുരം വാരി സഹ്യാത്മജായാഃ
കൂലേ കൂലേ മധുമദരണൽകോകിലാഃ പുഷ്പവാടാഃ
മധ്യേ മധ്യേ ഭവഭയഹരം മന്ദിരം ദേവതാനാം
ദൂരേ ദൂരേ വസതി വചസാം ചോളഭൂമേഃ പ്രഭാവഃ.”
നോക്കുക കവിയുടെ ഉൽകടമായ ദേശാഭിമാനം!

5. ചിദംബരം
“ന്യസ്തോദസ്താംഘ്രിപദ്മം ക്വണിതമണിതുലാ
കോടി കോടീരകോടീ
ത്വംഗദ്ഗംഗാതരംഗം കരഡമരുകഡും
കാരിതൗങ്കാരതത്വം
വല്ഗദ്വ്യാഘ്രാജിനാഗ്രം വലിതവലിപദം
ലംബമാനാക്ഷമാലം
നിത്യം നൃത്യജ്ജഗത്യാമിഹ കിമപി മഹ
സ്തിഷ്ഠതേ ചിത്സഭായാം.”

6. ചന്ദ്രോദയം
“ദേവോയം കുസുമാകരാൻ സുരഭയൻ, ദിക്‍ചക്രമുത്തംഭയൻ,
സിന്ധും തുന്ദിലയൻ, സുഖം സുലഭയൻ, ശൃംഗാരമുജ്ജൃംഭയൻ,
കാമം കാമിഷു ലംഭയൻ, കമലിനീകോശാനി വിഷ്കംഭയൻ,
സ്വം ബിംബം പ്ലവകുംഭയൻ സുരപഥക്രീഡാസരോഗാഹതേ”(എല്ലാം രത്നകേതൂദയത്തിൽനിന്നു്)

7. സഹൃദയന്മാരോടു്
“സ്വഭാവസ്സോയം വഃ സദയഹൃദയാനാം ജഗതി യ
ച്ഛിരഃ ശ്ലാഘാകംപ്രം പരഗുണകണേനാപി ഭവതി;
പരേഷാന്ത്വാചൂഡം ദൃഢഘടിതമാത്സര്യവിസര
ച്ഛലാനാം കീലാനാം സകൃദപി ന മൗലിർവിചലതി.”(രാമവർമ്മവിലാസത്തിൽനിന്നു്)

27.33കേരളമാഹാത്മ്യം

ഏതോ ഒരു പണ്ഡിതൻ പുരാണച്ഛായകലർത്തി രചിച്ചിട്ടുള്ള ഒരു കൃതിയാണു് കേരളമാഹാത്മ്യം. ആകെ ആറധ്യായങ്ങളു൦ 2217 ശ്ലോകങ്ങളുമുണ്ടു്. ശ്ലോകങ്ങളെല്ലാം ആനുഷ്ടുഭവൃത്തത്തിലാണു് നിർമ്മിച്ചിരിക്കുന്നതെങ്കിലും ചില അധ്യായങ്ങളിൽ സർഗ്ഗാന്തശ്ലോകങ്ങൾ ഇതരവൃത്തങ്ങളിൽ നിബന്ധിച്ചിരിക്കുന്നതായും കാണാം. നൈമിശാരണ്യത്തിൽ ഒരു കാലത്തു് ഒരു ദീർഘസത്രം നടക്കുകയും ആ അവസരത്തിൽ ശൗനകൻ തുടങ്ങിയ മഹർഷിമാർ അവിടെ സന്നിഹിതരായിരിക്കവേ സൂതൻ അവരെ സന്ദർശിക്കുകയും ചെയ്യുന്നു. അപ്പോൾ ശൗനകൻ ശ്രീപരശുരാമൻ കേരളത്തിൽ നിർമ്മിച്ച തീർത്ഥക്ഷേത്രങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കണമെന്നു സൂതനോടു് അപേക്ഷിക്കുകയും, അതിനു സൂതൻ ആ വിഷയത്തെക്കുറിച്ചു യുധിഷ്ഠിരനും ഗർഗ്ഗമഹർഷിയുമായി സംവാദമുണ്ടായിട്ടുണ്ടെന്നും അതിനെത്തന്നെ താനും നിവേദനംചെയ്യാമെന്നും ശൗനകനോടു പറയുകയും ചെയ്യുന്നു. ഈ പീഠികയെ ആസ്പദമാക്കിയാണു് “ഇതി ബ്രഹ്മാണ്ഡപുരാണേ കേരളമാഹാത്മ്യേ ഗർഗ്ഗയുധിഷ്ഠിരസംവാദേ” എന്നൊരു കുറിപ്പു് ഓരോ അധ്യായത്തിന്റേയും ഒടുവിൽ ഗ്രന്ഥകാരൻ ചേർക്കുന്നതു്. കേരളത്തിന്റെ പൂർവകാലചരിത്രത്തെപ്പറ്റി പല വിവരങ്ങളും രേഖപ്പെടുത്തുവാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടു്. കാർത്തവീര്യോല്പത്തിമുതല്ക്കു കഥ ആരംഭിച്ചു ശ്രീപരശുരാമന്റെ ചരിത്രം ബ്രഹ്മാണ്ഡപുരാണത്തിൽ കാണുന്നതു സംഗ്രഹിച്ചു പ്രതിപാദിക്കുന്നു. പിന്നെ പരശുരാമന്റെ തപസ്സു്, കേരളോല്പത്തി മുതലായ വിഷയങ്ങളെപ്പറ്റിയാണു് പറയുന്നതു്. തദനന്തരം ചോളദേശത്തിൽനിന്നു ബ്രാഹ്മണരെ ആനയിച്ചു് അവർക്കു ഗ്രാമങ്ങൾ നിർമ്മിച്ചു വേഷഭാഷാദികളിൽ മാറ്റംവരുത്തി കേരളീയരാക്കുന്നതും കാഞ്ചീപുരത്തുനിന്നു തരണനല്ലൂർ നമ്പൂരിപ്പാട്ടിലെവരുത്തി അദ്ദേഹത്തിനു ക്ഷേത്രങ്ങളിൽ തന്ത്രാധികാരം നല്കുന്നതും മറ്റും വർണ്ണിക്കുന്നു. പയ്യനൂർ (സുബ്രഹ്മണ്യപുരി), മൂകാംബി, തളിപ്പറമ്പു് (ലക്ഷ്മീപുരം), തൃച്ചെമ്മരം (ശംബരവനം), ചെറുകുന്നു് (ബാലശൈലം), തിരുനെല്ലി (സഹ്യാമലകം), പള്ളിക്കുന്നു് (വിഹാരാദ്രി), തിരുവങ്ങാടു് (ശ്വേതാരണ്യം), കൊട്ടിയൂർ (ത്രിശിരാചലം), പിഷാരിക്കാവു് (മുദ്രാചലം), വടക്കൻ കോട്ടയം (ദുർഗ്ഗാപുരി), ഗുരുവായൂർ (വാതാലയം), കൊടുങ്ങല്ലൂർ (കോടരപുരി), തൃപ്പൂണിത്തുറ (ത്രിപൂർണ്ണപുരി), വൈക്കം (വ്യാഘ്രപുരി), തിരുവിതാംകോടു് (ശ്രീവർദ്ധനപുരി), തിരുവില്വാമല (ഏകാദശ്യചലം), തിരുനാവാ (നവയോഗിപുരം), ശുചീന്ദ്രം, കന്യാകുമാരി മുതലായ പല ക്ഷേത്രങ്ങളുടെ പ്രതിഷ്ഠ, കേരളത്തിലെ ജാത്യുൽപത്തിയും വിശേഷാചാരങ്ങളും, ദാരുകവധം, കേശിവധം, അംബോഹലവധം എന്നിങ്ങനെ വേറെയും പല പ്രമേയങ്ങൾ ഗ്രന്ഥകാരന്റെ ശ്രദ്ധയ്ക്കു വിഷയീഭവിയ്ക്കുന്നുണ്ടു്. സംസ്കൃതീകൃതങ്ങളായ ചില സ്ഥലസംജ്ഞകൾ അശ്രുതപൂർവങ്ങളാണു്.

കാലം
ചരിത്രദൃഷ്ട്യാ പരിശോധിക്കുമ്പോൾ കേരളമാഹാത്മ്യത്തിനു പറയത്തക്ക വിലയൊന്നും കല്പിക്കാവുന്നതല്ല. കേരളോൽപത്തിക്കു മുമ്പുണ്ടായ ഒരു ഗ്രന്ഥമാണു് കേരളമാഹാത്മ്യം എന്നു സമ്മതിക്കാം. “ഭൂതരായർ എന്നു പേരു വരുവാൻ സംഗതി കേരളമാഹാത്മ്യത്തിൽ മേലേ പറഞ്ഞിരിക്കുന്നു. ആ പാണ്ഡ്യൻ മലയാളത്തെ ഭൂതസൈന്യങ്ങളോടുകൂടി വന്നാക്രമിച്ചു ഭൂതനാഥൻ എന്ന അമ്പലത്തേയും അങ്ങാടിയേയും നിർമ്മിച്ചുണ്ടാക്കുമ്പോൾ പരശുരാമൻ അവനോടു ‘യുഷ്മാകഞ്ച തു മദ്ഭൂമാവേവമാഗമനം വൃഥാ’ എന്നും ‘ആദിത്യായ മയാ ദത്താ’ ഞാൻ ആദിത്യവർമ്മൻ എന്ന തെക്കേരാജാവിനു കൊടുത്തിരിക്കുന്നു എന്നും കോപിച്ചു പറഞ്ഞ ശേഷം” എന്നീ പംക്തികൾ കേരളോൽപത്തിയിലുണ്ടു്. ഈ പംക്തികളിൽ ഉദ്ധൃതങ്ങളായ രണ്ടു ശ്ലോകാംശങ്ങൾ കേരളമാഹാത്മ്യം എൺപത്തഞ്ചാമധ്യായത്തിൽ ഈഷദ്വ്യത്യാസത്തോടു കൂടി കാണുന്നു. കേരളമാഹാത്മ്യത്തിന്റെ ഒരു മാതൃകയിൽ

ചൈത്രമാസേ നവമ്യാഞ്ച സിതായാം ഗുരുവാസരേ
വസ്വഷ്ടാഷ്ടമിതേ ശാകേ കൃതേയം ഹി കൃതിർമ്മയാ.”
എന്നൊരു ശ്ലോകം ഞാൻ വായിച്ചിട്ടുണ്ടു്. അതിലെ കാലഗണനകൊണ്ടു ഗ്രന്ഥനിർമ്മിതി കലിവർഷം 4067 കർക്കടകമാസത്തിലാണെന്നു വരുന്നു. അതു വെറും കളവാണെന്നുള്ളതിനു പര്യാപ്തമായ ലക്ഷ്യം തൃപ്പൂണിത്തുറയെ വർണ്ണിക്കുന്ന നാല്പത്തി രണ്ടാമധ്യായത്തിലുണ്ടു്. കൊങ്കണവർത്തകന്മാരെ ആ സ്ഥലത്തേക്കു പരശുരാമൻ ആനയിച്ചു എന്നാണു് മാഹാത്മ്യകർത്താവു പറയുന്നതു്.

“നിമ്മാപയിത്വാ തൽപുര്യാം വാസയാമാസ ഭാർഗ്ഗവഃ
കൊങ്കണാൻ വർത്തകാംശ്ചാപി നിവേശ്യാപണഭൂമിഷു”
എന്ന ശ്ലോകം നോക്കുക. കൊങ്കണസ്ഥർ ഗോവായിൽനിന്നും മറ്റും പോർത്തുഗീസുകാരെ ഭയപ്പെട്ടു വാണിജ്യത്തിനായി കൊച്ചിയിൽ കുടിയേറിപ്പാർത്തതു ശാലിവാഹശകാബ്ദം 1476-ആമാണ്ടിനു സമമായ ക്രി. പി. 1554-ൽ മാത്രമാണല്ലോ. 83-ആമധ്യായത്തിൽ പാഴൂർ കണിയാന്മാരുടെ ഉത്ഭവത്തെപ്പറ്റിയും സൂചനയുണ്ടു്. ഗ്രന്ഥകാരൻ ചില ഐതിഹ്യങ്ങളും പല അനുമാനങ്ങളും തക്രതണ്ഡുലന്യായേന ഇടകലർത്തി വാലും തുമ്പുമില്ലാതെ ചില സംഗതികളെല്ലാം വലിച്ചുവാരി എഴുതിക്കൂട്ടിയിരിക്കുന്നുവെന്നേ ചുരുക്കത്തിൽ പറയുവാനുള്ളു. അറിവുള്ള പലരും കേരളമാഹാത്മ്യത്തെ അപ്രമാണീകരിച്ചിരിക്കുന്നു എന്നു പണ്ഡിതവരേണ്യനായ വൈക്കത്തു പാച്ചുമൂത്തതു കേരളവിശേഷനിയമവിവരം എന്ന പുസ്തകത്തിൽ ഉപപത്തിപുരസ്സരം സ്ഥാപിച്ചിട്ടുണ്ടെന്നുള്ളതും ഇവിടെ പ്രസ്താവനീയമാണു്.

കവിതാരീതി
കവിത ആസ്വാദ്യമല്ലെങ്കിലും ഉദ്വേഗജനകമല്ല. ഒരു സർഗ്ഗാന്തശ്ലോകംമാത്രം ഉദ്ധരിക്കാം:

“ഇത്യുക്ത്വാ ഗതവതി ഭാർഗ്ഗവേ നരേന്ദ്രഃ
സ്വാവാസം പുരമപി ദേവസന്നിധാനേ
നിർമ്മായ പ്രതിദിവസം സ പത്മനാഭം
നിർമ്മായം സമനുഭജന്നുവാസ രാജാ.”
കേരളദേശത്തിന്റെ വൈശിഷ്ട്യത്തെ കവി താഴെക്കാണുന്ന വിധത്തിൽ പ്രകീർത്തനം ചെയ്യുന്നു:

“ കന്യാകുമാരീഗോകർണ്ണപര്യന്താ കേരളാവനിഃ
………
നാനാക്ഷേത്രയുതാ യാ സാ ഭാർഗ്ഗവേണ വിനിർമ്മിതാ.
താം ഗത്വാ ന നരോ യാതി നരകാൻ ഭൃശദാരുണാൻ
വിശേഷാദ്ഭാർഗ്ഗവീഭൂമൗ ബൃഹന്നദ്യുത്തരേ തടേ.
നവയോഗിപുരം പുണ്യം തത്ര ശ്രീ മാധവാലയഃ
സ്മരണാദ്ദർശനാത്തസ്യ വിഷ്ണുലോകേ മഹീയതേ.
ഭാർഗ്ഗവക്ഷ്മാതലേ ക്വാപി പാദസ്പർശം കരോതി യഃ
സ നരഃ പുണ്യവാൻ ഭൂത്വാ ദിവ്യമാപ്നോത്യസംശയം.
യോജനാനാം സഹസ്രേഷു യത്ര ക്വചന സംസ്ഥിതഃ
ശ്രീകേരളമിതിബ്രൂയാൽ സ യാതി പരമാം ഗതിം.”

27.34മറ്റു മാഹാത്മ്യഗ്രന്ഥങ്ങൾ

സ്ഥലമാഹാത്മ്യ രൂപത്തിലും ക്ഷേത്രമാഹാത്മ്യ രൂപത്തിലും പ്രായേണ അനുഷ്ടുപ്പുവൃത്തത്തിൽ കേരളീയ പണ്ഡിതന്മാർ ഓരോ കാലത്തു രചിച്ചതായി അനവധി സംസ്കൃതഗ്രന്ഥങ്ങൾ കാണാവുന്നതാണു്. കന്യാകുമാരീക്ഷേത്രമാഹാത്മ്യം, ശുചീന്ദ്രസ്ഥലമാഹാത്മ്യം, മയൂരാചല (മരുത്തൂർ) മാഹാത്മ്യം, അനന്തശയനക്ഷേത്രമാഹാത്മ്യം. വല്കലക്ഷേത്രമാഹാത്മ്യം, വ്യാഘ്രപുരീ (വൈക്കം) മാഹാത്മ്യം, വില്വാദ്രിമാഹാത്മ്യം ഇങ്ങനെയുള്ള മാഹാത്മ്യഗ്രന്ഥങ്ങളെല്ലാം ബ്രഹ്മാണ്ഡപുരാണം, സ്കാന്ദപുരാണം, ഭാർഗ്ഗവപുരാണം, തുടങ്ങിയ പുരാണങ്ങളിൽ അന്തർഭൂതങ്ങളാണെന്നു് അവയുടെ പ്രണേതാക്കന്മാർ പറഞ്ഞിട്ടുള്ളതു പ്രതിപാദ്യത്തിനു പ്രാചീനത്വവും തദ്വാരാ അഭ്യർഹിതത്വവും വരുത്തുന്നതിനുവേണ്ടി ചെയ്തിട്ടുള്ള അനൃതകഥനമാകുന്നു. ഈ മാതിരി ഗ്രന്ഥങ്ങളിൽ ചരിത്രാംശം അത്യന്തം വിരളമായിരിക്കും; ചില ഐതിഹ്യശകലങ്ങൾ അതിശയോക്തിയിലും മറ്റു ആവരണം ചെയ്തു പ്രദർശിപ്പിക്കുന്നതിനു മാത്രമേ ഗ്രന്ഥകാരന്മാർ ഉദ്യമിച്ചിട്ടുള്ളൂ. തന്നിമിത്തം ഇവയൊന്നും നമ്മുടെ സമാലോചനയെ അർഹിക്കുന്നില്ല. കവിതയിലും വൈശിഷ്ട്യമുണ്ടെന്നു പറയാവുന്ന ഭാഗങ്ങൾ ചുരുങ്ങും. സമീപകാലത്തു പോലും ചില മാഹാത്മ്യങ്ങൾ ഉത്ഭവിച്ചിട്ടുണ്ടു്.

27.35അഭിരാമൻ

അഭിജ്ഞാനശാകുന്തളത്തിനു ദിങ്മാത്രദർശനം എന്ന സുപ്രസിദ്ധവും മർമ്മസ്പർശിയുമായ വ്യാഖ്യാനം നിർമ്മിച്ച അഭിരാമന്റെ കാലത്തേയോ ദേശത്തേയോ പറ്റി വ്യക്തമായി ഒരറിവും ലഭിക്കുന്നില്ല. ആ വ്യാഖ്യാനത്തിന്റെ ഉപക്രമത്തിൽ അടിയിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണുന്നുണ്ടു്:

“ഹേരംബസ്യാംഘ്രികമലപരാഗപടലീ ഭൃശം
വിശദീകുരുതാമസ്മദന്തഃകരണദർപ്പണം.
ഉദ്വാന്തഭാഷ്യാമൃതവക്‍ത്രരന്ധ്ര
കദ്രൂ ജവിസ്മാപനവാഗ്വിലാസാഃ
ഭദ്രാണി മഹ്യം മഹനീയശീലാ
രുദ്രാഭിധാനാ ഗുരവോ ദിശന്തു.
വിദ്യാചതുർദ്ദശകശീലനജാഗരുകാൻ
സൽകർമ്മനിർമ്മലധിയോ വിജിതാരിവർഗ്ഗാൻ
സ്വാത്മൈക്യസമ്യഗവബോധധുരീണചിത്താ
നത്യാദരേണ ധരണീവിബുധാൻ പ്രപദ്യേ.
യദ്വ്യോമവായ്വഗ്നിജലക്ഷമേന്ദു
സൂര്യാത്മഭിർമ്മൂർത്തിഭിരൂഢവിശ്വം
തൽ കാമദം ശ്യാമളവാമഭാഗം
പ്രണൗമി ശോണാപരഭാഗമോജഃ.”
“നാടകം യദഭിജ്ഞാനശാകുന്തളമിതി സ്മൃതം
തത്രാഭിധേയദിങ്മാത്രമഭിരാമേണ ലിഖ്യതേ.”
ഈ ശ്ലോകങ്ങൾ അഭിരാമൻ വൈയാകരണശിഖാമണിയായ ഒരു രുദ്രന്റെ ശിഷ്യനായിരുന്നു എന്നും ബ്രാഹ്മണരെ വന്ദിക്കുന്നതിൽനിന്നു ബ്രാഹ്മണേതരമായ ഏതോ ഒരു ജാതിയിലായിരുന്ന അദ്ദേഹത്തിന്റെ ജനനമെന്നും ശ്രീപരമേശ്വരനായിരുന്നു അദ്ദേഹത്തിനു് ഇഷ്ടദേവതയെന്നും സൂചിപ്പിക്കുന്നു. രുദ്രൻ ഹോരാവിവരണകാരനിൽനിന്നു് ഭിന്നനാണു്. അദ്ദേഹത്തിന്റെ കൃതികളൊന്നും ലഭിച്ചിട്ടില്ല. ദേശമംഗലത്തെ ഒരു ഉഴുത്തിരവാരിയരേയും അദ്ദേഹത്തിന്റെ വംശജന്മാരായ മൂന്നു ശ്രീകണ്ഠന്മാരേയും പറ്റി ബാലബോധികാകാരനായ ദേശമംഗലത്തു ശ്രീകണ്ഠവാരിയർ സ്മരിക്കുന്നതായി ഞാൻ മുമ്പു് ഉപന്യസിച്ചിട്ടുണ്ടല്ലോ. വടശ്ശേരി പരമേശ്വരൻനമ്പൂരിയുടെ സൂര്യസിദ്ധാന്തവിവരണത്തിന്റെ അവസാനത്തിൽ അതിനോടു യാതൊരു ബന്ധവുമില്ലാതെ ഒരു ഏട്ടിൽ

“യദ്ഗോസഹസ്രം ഭുവനേ ജനാനാ
മജ്ഞാനരൂപം തിമിരം തൃണേഢി
പദ്യാഭിരാമോ ഭുവനപ്രദീപഃ
ശ്രീകണ്ഠനാമാ മിഹിരസ്സമിന്ധേ”
എന്നൊരു ശ്ലോകം കാണ്മാനുണ്ടു്. ഇതെല്ലാംകൂടി വച്ചു ഘടിപ്പിച്ചുനോക്കുമ്പോൾ ബാലബോധികാകാരൻ സ്മരിക്കുന്ന രുദ്രൻ തന്നെയാണു് അഭിരാമന്റെ ഗുരുവെന്നും അഭിരാമന്റെ യഥാർത്ഥനാമധേയം ശ്രീകണ്ഠനെന്നായിരിക്കണമെന്നും അഭിരാമൻ എന്നതു് അദ്ദേഹത്തിന്റെ ഒരു ബിരുദപ്പേരാണെന്നും പദ്യാഭിരാമൻ എന്നു് അജ്ഞാതനാമാവായ ഒരു കവി അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നു എന്നും സങ്കല്പിക്കാവുന്നതാണെന്നു തോന്നുന്നു. അങ്ങനെയാണെങ്കിൽ ആദ്യത്തെ ശ്രീകണ്ഠനാകണം അഭിരാമൻ. അദ്ദേഹത്തിന്റെ ഗുരുനാഥനായ ഉഴുത്തിരവാരിയർ അൻപതു വയസ്സുവരെ ജീവിച്ചിരുന്നതായി ഒടുവിലത്തെ ശ്രീകണ്ഠൻ ബാലബോധികയിൽ പ്രസ്താവിച്ചിട്ടുണ്ടു്.

എന്നാൽ ശ്രീകൃഷ്ണചരിതകാരനായ ചന്ദ്രശേഖരവാരിയരുടേയും, ഗൗരീകല്യാണാദിഗ്രന്ഥങ്ങളുടെ നിർമ്മാതാവായ ഗോവിന്ദനാഥന്റേയും ഗുരുവായ കരിക്കാട്ടു രാമവാരിയരേയും ‘വിദുഷാമഭിരാമായ’ എന്നും മഹദഭിരാമം എന്നുമുള്ള വിശേഷണങ്ങൾകൊണ്ടു് വിശേഷിപ്പിച്ചുകാണുന്നു (28-ആമധ്യായം നോക്കുക). പക്ഷേ ആ രാമവാരിയർ ദേശമംഗലത്തു വാരിയന്മാരെപ്പോലെ ഒരു ഹേരംബോപാസകനായിരുന്നു എന്നുള്ളതിനു ലക്ഷ്യമില്ലാത്തതുകൊണ്ടു ശ്രീകണ്ഠൻതന്നെയായിരുന്നു അഭിരാമൻ എന്നു മറ്റുതെളിവുകൾ കിട്ടുന്നതുവരെ സങ്കല്പിക്കേണ്ടിയിരിക്കുന്നു. രാമവാരിയരുടേതെന്നു് നിസ്സംശയമായി പറയത്തക്ക യാതൊരു കൃതിയും ഇതുവരെ ലഭിച്ചിട്ടുമില്ല. നേരെമറിച്ചു് ശ്രീകണ്ഠൻ മാളവികാഗ്നിമിത്രത്തിനു ‘ഗുണോത്തരാ’ എന്ന പേരിൽ ഒരു ഹ്രസ്വമായ വ്യാഖ്യാനം രചിച്ചിട്ടുള്ളതായി നമുക്കറിവുണ്ടു്. അതിനെ ശ്രീകണ്ഠീയമെന്നും പറയുന്നു. അഭിരാമൻ എന്ന ബിരുദം ലഭിക്കുന്നതിനു മുമ്പു് മാളവികാഗ്നിമിത്രവും അതിൽപ്പിന്നീടു് ശാകുന്തളവും ശ്രീകണ്ഠൻ വ്യാഖ്യാനിച്ചതായി അഭ്യൂഹിക്കാം. “കിണോരുഢവ്രണസ്ഥനേ” എന്നുംമറ്റുമുള്ള ഉദ്ധാരങ്ങൾ നാനാർത്ഥാർണ്ണ വസംക്ഷേപത്തിൽനിന്നാണെന്നു കാണുന്നതിനാൽ 835-ൽ വിരചിതമായ കല്പദ്രുകോശത്തിനു പിന്നീടു് അദ്ദേഹത്തെ അവതരിപ്പിക്കേണ്ട ആവശ്യവുമില്ല. രണ്ടു ഗ്രന്ഥകാരന്മാരുടെ നാമധേയവും കേശവനെന്നാകയാലാണു് ചില ഗവേഷകന്മാർക്കു് ഈ വിഷയത്തിൽ പ്രമാദം പറ്റുന്നതു്.

അത്യന്തം മഹനീയനായ ഒരു വ്യാഖ്യാതാവാണു് അഭിരാമൻ. ദിങ്മാത്രദർശനം എന്നതു് അദ്ദേഹത്തിന്റെ അഭിജ്ഞാനശാകുന്തളവ്യാഖ്യയ്ക്കു യുക്തരൂപമായ ഒരു സംജ്ഞയും തന്നെ. പണ്ഡിതന്മാരായ സഹൃദയന്മാർക്കു ബുദ്ധ്യുന്മേഷത്തിനു് ഉതകുന്ന വിഷയങ്ങളെയല്ലാതെ അദ്ദേഹം പ്രായേണ പരാമർശിക്കുന്നില്ല. ‘പശ്യാമീവ പിനാകിനം’ എന്ന ഭാഗം വ്യാഖ്യാനിക്കുമ്പോൾ അവിടെ ഉപമയ്ക്കോ ഉൽപ്രേക്ഷയ്ക്കോ പ്രസക്തിയില്ലെന്നും വിശേഷമാണു് അലങ്കാരമെന്നും ആ സാഹിതീപാരദൃശ്വാവു സമഞ്ജസമായി സമർത്ഥിക്കുന്നു. ഇതിവൃത്തഘടകങ്ങളെ വിവരിക്കുന്ന ആംഗലേയവ്യാഖ്യാതാക്കന്മാരുടെ രീതി ഇത്രമാത്രം സ്വാധീനമായിട്ടുള്ള ഭാരതീയവ്യാഖ്യാതാക്കന്മാർ ഇല്ലെന്നാണു് പ്രൊഫസർ രാജരാജവർമ്മ കോയിത്തമ്പുരാന്റെ അഭിപ്രായം.

27.36ചില ടിപ്പണികൾ

ശ്രീകണ്ഠീയത്തെപ്പറ്റി സൂചിപ്പിച്ചുവല്ലോ. ഭവഭൂതിയുടെ മഹാവീരചരിതത്തിനു് ഒരു ചെറിയ ടിപ്പണവും അഭിരാമകൃതമെന്ന മുദ്രയോടുകൂടി കാണുന്നു. അത്തരത്തിൽ ഒരു മുദ്രയില്ലെങ്കിലും കാളിദാസന്റെ വിക്രമോർവശീയം ഭവഭൂതിയുടെ ഉത്തരരാമചരിതം, മാലതീമാധവം, രാജശേഖരന്റെ ബാലരാമായണം എന്നീ രൂപകങ്ങൾക്കും ടിപ്പണിയെന്നോ ടീകയെന്നോ പേരിൽ ചില ചെറിയ വ്യാഖ്യാനങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. അവയും അഭിരാമന്റെ കൃതികളായിരിക്കുവാൻ ന്യായമുണ്ടു്.

27.37ഭ്രമരസന്ദേശം, കവിയും കാലവും

ഭ്രമരസന്ദേശത്തിനു ഭൃംഗസന്ദേശമെന്നും പേരുണ്ടു്. ആകെ 177 ശ്ലോകങ്ങളുള്ള ഒരു കാവ്യമാണു് അതു്. ആ സന്ദേശത്തിന്റെ പ്രണേതാവു് മേല്പുത്തൂർ ഭട്ടതിരിയുടെ സമകാലികനായ വാസുദേവൻനമ്പൂതിരിയായിരുന്നു എന്നുള്ളതിനു ലക്ഷ്യം അതിൽത്തന്നെയുണ്ടു്. താഴെക്കാണുന്നതു ഗ്രന്ഥാവസാനത്തിലുള്ള പദ്യമാണു്:

“സന്ദേശേഽസ്മിൻ കഥമപി ഗുരുശ്രീപദാംഭോജയുഗ്മ
ധ്യാനോദ്ധൂ തപ്രബലതമസാ വാസുദേവന ബദ്ധേ
പൂർണ്ണേ ദോഷൈരപി യദി ഗുണാനാം കണാസ്സംപ്രഥേര
ന്നേതാൻ പ്രീതാ മനസി പരിഗൃഹ്ണന്തു സന്തോ മഹാന്തഃ.”
സന്ദേശത്തിൽ കവി അച്യുതപ്പിഷാരടിയേയും മേല്പുത്തൂർ ഭട്ടതിരിയേയും പ്രശംസിക്കുന്നുണ്ടു്. പിഷാരടിയെപ്പറ്റിയുള്ള “തസ്മാൽ പ്രത്യക്‍ പ്രഹിതനയനഃ” എന്ന പദ്യം മുമ്പു് ഉദ്ധരിച്ചുകഴിഞ്ഞു. ഭട്ടതിരിയെപ്പറ്റിയുള്ള പദ്യങ്ങൾ ചുവടെ ചേർക്കുന്നു:

“ഹേരംബേണ പ്രഥിതവിഭവാം മാതൃദത്തദ്വിജേന്ദ്ര
ശ്രീമച്ഛിഷ്യോൽകരമുഖരിതൈരാസ്തൃ്താം ശാസ്ത്രഘോഷൈഃ
ആരാന്നാരായണകവിവചസ്സ്യന്ദമാധുര്യനന്ദ
ദ്വാണീമന്ദസ്മിതസുരഭിലാം യാഹി പാടീരവാടീം.
സൂക്തം നാരായണകവിമുഖാംഭോജനിഷ്യന്ദമാനം
പീത്വാ വാപീകമലമധുഷു പ്രാപ്തനിർവ്വേദഭാരഃ
ബിംബേ ഭാനോരപരഗിരിശൃംഗേണ സഞ്ചുംബ്യമാനേ
ലംബേഥാസ്ത്വം ഭ്രമര, ധരണൗ വല്ലഭക്ഷോണിബന്ധോഃ.”
പ്രസ്തുത കാവ്യത്തിൽ തിരുവനന്തപുരത്തു ശ്രീപത്മനാഭ സ്വാമിക്ഷേത്രം നവീകരണംചെയ്ത രവിവർമ്മകുലശേഖരമഹാരാജാവിനെപ്പറ്റിയും പ്രസ്താവനയുണ്ടു്. അദ്ദേഹം 786 മുതൽ 838-ആണ്ടുവരെ രാജ്യഭാരംചെയ്കയും 781-ൽ തന്റെ പൂർവ്വഗാമിയായ മറ്റൊരു രവിവർമ്മകുലശേഖരൻ ആരംഭിച്ച വാതിൽമാടം, ബലിക്കൽപ്പുര, മടപ്പള്ളി മുതലായ എടുപ്പുകളുടെ അഴിച്ചുപണി 795-ൽ പൂർത്തിയാക്കുകയും ചെയ്തു. 786-ൽ രാജ്യഭരണം ആരംഭിച്ച രവിവർമ്മാവിനെ പരാമർശിക്കുന്നതാണു് താഴെ ഉദ്ധരിക്കുന്ന ശ്ലോകം:

“രാജ്യം ദൃഷ്ട്യാ കലയ രവിവർമ്മാവനീന്ദ്രസ്യ സമ്പൽ
പ്രാജ്യം വാജ്യന്തരിതവിശിഖോദഗ്രമഗ്രേ സമസ്തം
ചിത്രോൽകീർണ്ണത്രിദശനിവഹസ്ഥൂ ലനീലോപലൗഘൈർ
ദ്ധാമ്നാഽതുല്യം ത്രിഭുവനപതേർദ്ധാമ യേന പ്രതേനേ.”
അച്യുതപ്പിഷാരടി ജീവിച്ചിരുന്ന കാലത്താണു് സന്ദേശത്തിന്റെ രചനയെന്നു ‘തസ്മാൽ പ്രത്യക്‍ പ്രഹിത’ എന്ന പദ്യത്തിൽനിന്നു വിശദീഭവിക്കുന്നതിനാൽ പരമാവധി 795-ലോ 796-ലോ ആയിരിക്കണം ആ കാവ്യത്തിന്റെ ആവിർഭാവം. വാസുദേവൻ ഏതു ദേശക്കാരനായിരുന്നു എന്നറിയുന്നില്ല.

വാസുദേവൻ സന്ദേശമയയ്ക്കുന്നതു് വള്ളുവനാട്ടിൽ ശ്വേത ദുർഗ്ഗമെന്ന നഗരത്തിലുള്ള തന്റെ പ്രിയതമയായ ബാലനീലി (ഉണ്ണുനീലി) ക്കാണു്.

“ലക്ഷ്മീ നേത്രാഞ്ചലമധുകരോദ്യാനമുദ്യോതമാനം
തത്രോപാന്തേ ഭവതി ഭവനം ബാലയക്ഷാഭിധാനം
യസ്മിൻ വിശ്വോത്തരഗുണഗണം ബാലനീലീതി സംജ്ഞാ
മധ്യാരൂഢം മദഭിലഷിതം കാമിനീരത്നമാസ്തേ”
എന്ന പദ്യം നോക്കുക. നായികയുടെ വീട്ടുപേർ ‘ബാലയക്ഷം’ എന്നായിരുന്നുവത്രേ. അതു് ഏതു ഭാഷാപദം സംസ്കൃതീകരിച്ചതാണെന്നു് ഉറപ്പിച്ചുപറവാൻ നിർവ്വാഹമില്ല. ശ്വേതദുർഗ്ഗം കോട്ടയ്ക്കൽ എന്ന നാമത്താൽ ഇന്നു് അറിയപ്പെടുന്ന വെങ്കടക്കോട്ടതന്നെ. “തസ്യാം പുര്യാം ഭജ പശുപതേസ്താണ്ഡവം” എന്ന പദ്യത്തിൽ കവി അവിടത്തെ ശിവക്ഷേത്രത്തെപ്പറ്റി പ്രസ്താവിക്കുന്നു.

“ഹർമ്മ്യേ രമ്യേ ബഹളവിഗളച്ചന്ദികായാം നിശായാം
മന്ദം നന്ദൽകുമുദസുരഭൗ ശീതളേ വാതി വാതേ
ലോലാപാംഗ്യാ മനസിജകലാഖേലനായാസിതാംഗ്യാ
സാകം നിദ്രാം സുകൃതിസുലഭാം കോപി കാമീ നിഷേവേ.”
“തം നിദ്രാണം മദനവിവശാ കാചിദാലക്ഷ്യ യക്ഷീ
ഹസ്തേ ധൃത്വാ മലയശിഖരേ ഹന്ത! രന്തും പ്രയാന്തീ
സ്യാനന്ദൂരേ നിജപതിമുപായാന്തമാലോക്യ ഭീതാ
വിന്യസ്യൈനം ക്വചന, വിമനാസ്തേന സാർദ്ധംപ്രയാതാ.”
നല്ല നിലാവുള്ള ഒരു രാത്രിയിൽ രമ്യമായ ഒരു ഹർമ്മ്യത്തിൽ തൃതീയപുരുഷാർത്ഥലാഭത്താൽ ധന്യനായ കഥാനായകൻ അയാളുടെ പ്രണയിനിയോടുകൂടി സുകൃതിസുലഭമായ നിദ്രയെ സേവിക്കുന്നു. അപ്പോൾ ഒരു യക്ഷി നായകനെ എടുത്തുകൊണ്ടു ക്രീഡിക്കുവാനായി മലയശിഖരത്തിലേക്കു പോകുകയും തിരുവനന്തപുരത്തു വെച്ചു തന്റെ ഭർത്താവു വരുന്നതു കാണുകയാൽ പേടിച്ചു് അയാളെ അവിടെത്തന്നെയിട്ടുംവെച്ചു കടന്നുകളയുകയും ചെയ്യുന്നു. നായകൻ എതാനും ദിവസങ്ങൾ തിരുവനന്തപുരത്തു കഴിച്ചുകൂട്ടിയപ്പോൾ ഒരു വണ്ടിനെ കണ്ടെത്തുകയും അതിനോടു തനിക്കു് ഒരു മാസംകൊണ്ടു മാത്രം ചെല്ലാവുന്നതും എന്നാൽ അതിനു രണ്ടു ദിവസംകൊണ്ടു പറന്നെത്താവുന്നതുമായ ശ്വേതദുർഗ്ഗത്തോളം പോയി നായികയെ സമാധാനപ്പെടുത്തണമെന്നു് അപേക്ഷിക്കുകയും ചെയ്യുന്നതായി കവി ഉപന്യസിക്കുന്നു.

വർണ്ണിതങ്ങളായിട്ടുള്ള സ്ഥലങ്ങളും മറ്റും തിരുവനന്തപുരം, കൊല്ലം, അഷ്ടമുടിക്കായൽ, തിരുവല്ലാ വിഷ്ണുക്ഷേത്രം, ഉദയമാർത്താണ്ഡവർമ്മരാജാവു പരിപാലിച്ചിരുന്ന തെക്കുംകൂർ രാജ്യം, തിരുവാർപ്പിൽ കൃഷ്ണക്ഷേത്രം, തെക്കുംകൂർ രാജധാനി, കുമാരനല്ലൂർ കാത്യായനീക്ഷേത്രവും അഗ്രഹാരവും, ഗോദവവർമ്മരാജാവു ഭരിച്ചിരുന്ന വടക്കുംകൂർ രാജ്യം, ചെമ്പകശ്ശേരി രാജാവിന്റെ രാജധാനികളിൽ ഒന്നായ കുടമാളൂർ, വൈക്കത്തു ശിവക്ഷേത്രം, മുറിഞ്ഞപുഴ, തൃപ്പൂണിത്തുറ, കൊച്ചി, തിരുവഞ്ചിക്കുളത്തു ശിവക്ഷേത്രം, കൊടുങ്ങല്ലൂർ ഭദ്രകാളിക്ഷേത്രം, തൃക്കണാമതിലകം, ഇരിഞ്ഞാലക്കുട വിഷ്ണുക്ഷേത്രം, ഊരകത്തമ്മതിരുവടിക്ഷേത്രം, തൃശ്ശൂർ ശിവക്ഷേത്രം, ഗുരുവായൂർ വിഷ്ണുക്ഷേത്രം, ആഴ്വാഞ്ചേരിമന, മൂക്കോലക്കൽ ഭവാനിക്ഷേത്രം, ഭാരതപ്പുഴ, തിരുനാവാ വിഷ്ണുക്ഷേത്രം, അവിടത്തെ മാമാങ്കത്തറ ഇങ്ങനെ പല ക്ഷേത്രങ്ങളേയും സ്ഥലങ്ങളേയും നദികളേയും പറ്റിയുള്ള വർണ്ണനം ഭൂമരസന്ദേശത്തിലുണ്ടു്. കൊല്ലത്തു് അന്നുണ്ടായിരുന്ന വാണിജ്യാഭിവൃദ്ധി താഴെക്കാണുന്ന ശ്ലോകത്തിൽ കവി വർണ്ണിക്കുന്നു:

“പാരേ പാഥോനിധി കുലപുരീ കൂപകക്ഷ്മാപതീനാം
ലക്ഷ്യാ ലക്ഷ്മീവിതരണകലാസമ്പദോ ഹേമകക്ഷ്യാ
ഫേനക്ഷൗമാംബരനിചുളിതാൻ യന്നിഷദ്യാസു ഹൃദ്യാൻ
വീചീഹസ്തൈർവികിരതി മണീൻ നിത്യമംഭോധിരേവ”
ശുകസന്ദേശകാരന്റെ കാലത്തെന്നപോലെ അന്നും തിരുവല്ലാ മുതൽ കോട്ടയം വരെയുള്ള മാർഗ്ഗം വനാന്തരമായിരുന്നു. മീനച്ചലാറ്റിന്റെ തെക്കേക്കരയിലാണു് തെക്കുംകൂർ രാജാക്കന്മാരുടെ കുലപുരി സ്ഥിതിചെയ്തിരുന്നതു്. കുമാരനെല്ലൂർ ഗ്രാമത്തിലെ ബ്രാഹ്മണരുടെ പാണ്ഡിത്യമാണു് ചുവടേ പകർത്തുന്ന പദ്യത്തിൽ വ്യഞ്ജിക്കുന്നതു്:

“ഗംഭീരാർത്ഥസ്തബകസുഭഗേ സൂക്തിദാമന്യനാസ്ഥാ
മാ ഭൂദേഷാം ഭ്രമര, ഭവതോ മദ്വിധേയത്വരാഭിഃ
സത്വോദ്രേകസ്ഫുരിതപരമാനന്ദ സംവിദ്വിശേഷം
ദുഗ്ദ്ധേ ചിത്തേ രസമധുഝരോ യസ്യ സാമാജികാനാം.”
വടക്കുംകൂർ ഗോദവർമ്മരാജാവു് ഒരു രണശൂരനായിരുന്നു. വൈക്കത്തപ്പനെക്കുറിച്ചുള്ള വർണ്ണനം മനോഹരമായിരിക്കുന്നു:

“വ്യാഘ്രക്ഷേത്രം ഭജ പശുപതേർന്നൃത്തരംഗം ദിനാന്തേ
യസ്മൈ നിത്യം രജതഗിരിരപ്യഭ്യസൂയത്യദഭ്രം
പ്രാദക്ഷിണ്യാച്ചലതി ഭസിതാലിപ്തഗാത്രേ ജനൗഘേ
യസ്മിന്നന്യഃ സ്ഫടികരചിതോ ജംഗമോ ഭാതി ശൈലഃ.”
തൃപ്പൂണിത്തുറയിൽ അക്കാലത്തു് ഒരു മഹാകവി ജീവിച്ചിരുന്നു. “ക്ഷേത്രേ യത്ര സ്ഫുരതി മഹിതേ സൂക്തിഗംഗാതരംഗസ്തോമൈരാന്ദോളിതഹരജടാബാലചന്ദ്രഃ കവീന്ദ്രഃ” എന്നാണു് അദ്ദേഹത്തെ വാസുദേവൻ വാഴ്ത്തുന്നതു്. ‘ബാല’പദംകൊണ്ടു് അദ്ദേഹം രത്നകേതൂദയകർത്താവായ ബാലകവിയുടെ പേരാണോ ധ്വനിപ്പിക്കുന്നതെന്നു തീർച്ചപറയുവാൻ പാടില്ല. പല മണിപ്രവാളചമ്പുക്കളുടേയും പ്രണേതാവായ നീലകണ്ഠകവിയും അക്കാലത്തു തൃപ്പൂണിത്തുറയിൽ താമസിച്ചിരുന്നു. തിരുവഞ്ചിക്കുളത്തു് അന്നു കൊച്ചി, കോഴിക്കോടു് ഈ രാജ്യങ്ങൾ തമ്മിൽ ഘോരയുദ്ധം നടക്കുകയും അതിനുവേണ്ടി കൊച്ചിമഹാരാജാവു തൃക്കണാമതിലകത്തു താമസിക്കുകയും ചെയ്തിരുന്നു. ആ ഘട്ടത്തിലുള്ള ഒരു ശ്ലോകം സഹൃദയന്മാരുടെ ശ്രദ്ധയെ പ്രത്യേകമായി ആവർജ്ജിക്കുന്നു:

“തസ്യാം സ്ഫോടസ്ഫുടിതഗുളികാവർഷിദിങ്മണ്ഡലായാം
ത്വയ്യുൽകൂജത്ത്വരിതഗമനേ നിഷ്പതത്യംബരേണ
ത്വാമപ്യേകേ ഝടിതി ഗുളികാം ത്രാപുഷീമാപതന്തീം
മത്വാ ലീനാശ്ചകിതമവനൗ ഹാസ്യതാം ദർശയേയുഃ”
കാവ്യത്തിലെ നടുനായകമെന്നു പറയേണ്ട മറ്റൊരു ശ്ലോകമാണു് അടിയിൽ കാണുന്നതു്. അതു് ഗുരുവായൂരപ്പനെപ്പറ്റിയുള്ള വർണ്ണനമാകുന്നു:

“വക്‍ത്രേണേന്ദോരധരമഹസാ കൗസ്തുഭസ്യാമൃതസ്യ
സ്നിഗ്ദ്ധൈർഹാസൈരപി ച വിഭവം മുഷ്ണതീമംബുരാശിഃ
ദൃഷ്ട്വാ കന്യാം കില നിജകുലദ്വേഷിണീം ചൗര്യശീലാം
തുഭ്യം കംസാന്തക, ദധിപയശ്ചോര, ദത്വാ കൃതാർത്ഥഃ.”
ഗുരുവായൂർ ക്ഷേത്രത്തിൽ ഭജിക്കുന്നവർക്കു് വാതരോഗം ശമിക്കുന്നു എന്ന വസ്തുത “യസ്മിൻ ദേവസ്സ്വയമപി മഹാപാവനഃ പാവനാനാമാതങ്കാനാമുപശമയിതാ ഭാസതേ വാസുദേവഃ” എന്ന പദ്യാർദ്ധത്തിൽ കവി നമ്മെ ധരിപ്പിക്കുന്നു. ആഴ്വാഞ്ചേരിത്തമ്പ്രാക്കളെ “സാധുഗ്രാമപ്രഥിതവിഭവാം ശുദ്ധവർണ്ണാനുഷക്താം ധത്തേ വൃത്തിം ശ്രുതിപരിചിതാം ഗീതവിദ്യാമിവാസൗ” എന്നു പുകഴ്ത്തുന്നു. മൂക്കോലയ്ക്കൽ അക്കാലത്തു് അനവധി വിദ്വാന്മാരുണ്ടായിരുന്നു എന്നുള്ളതിനു ജ്ഞാപകം താഴെപ്പകർത്തുന്ന ശ്ലോകമാണു്:

“ ഭംഗ്യാ വ്യംഗ്യാധ്വനി പരിചിതാൻ ബാല്യനിഷ്പന്ദശബ്ദ
ബ്രഹ്മോല്ലാസാനുപചിതകഥാനൃത്തഗീതാദിബോധാൻ
നാനാസൂക്തിപ്രകരമുഖരാൻ ഭാരതീകല്പവല്ലീ
ബാലോപഘ്നാനിവ സുമനസസ്തത്ര സംഭാവയേഥാഃ.”
മാമാങ്കമഹോത്സവം സംബന്ധിച്ചുള്ള സജ്ജീകരണങ്ങൾ പരിശോധിക്കുവാൻ തൃക്കണ്ടിയൂരിൽ സന്നിഹിതനായ സാമൂതിരിപ്പാടിനെ ഇങ്ങനെ വർണ്ണിക്കുന്നു:

“യസ്മിൻ വിസ്മാപിതഭുജബലപ്രക്രമോ വിക്രമക്ഷ്മാ
ബന്ധുസ്സിന്ധുപ്രതിഭടചമൂചക്രവിക്രാന്തലോകഃ
നാനാദേശോച്ചലിതസുമനോവൃന്ദസാനന്ദദത്ത
ശ്ലാഘോ മാഘോത്സവമുപവിശംസ്തിഷ്ഠതേ ദുഷ്ടഹന്താ.”
ശ്വേതദുർഗ്ഗം അക്കാലത്തു പരിപാലിച്ചിരുന്നതു കൃഷ്ണഗോവിന്ദൻ എന്നൊരു പ്രഭുവായിരുന്നു. അതു് ആ കുടുംബത്തിന്റെ മാറാപ്പേരാണെന്നും ഊഹിക്കാം. അദ്ദേഹത്തെക്കുറിച്ചുള്ള ശ്ലോകങ്ങളിൽ ഒന്നു ചുവടേ കുറിക്കുന്നു:

“യസ്യാം നാരായണമുപഗതം കൃഷ്ണഗോവിന്ദനാമ്നാ
ദൃഷ്ട്വാ സൗധാഭിധകലശസിന്ധൂർമ്മിഭിസ്സേവ്യമാനം
സാലവ്യാജാദ്വലയിതവപുസ്സേവതേ ഗോപുരാഖ്യാ
വിഖ്യാതോദ്യന്മണിധരഫണാമണ്ഡലഃ കുണ്ഡലീന്ദ്രഃ.”
എവഞ്ച മധുരവും ചരിത്രഗവേഷകന്മാർക്കു് ഏറ്റവും ഫലപ്രദവുമായ ഒരു കാവ്യമാണു് ഭ്രമരസന്ദേശമെന്നു് ഏതന്മാത്രമായുള്ള പ്രസ്താവനയിൽനിന്നു വായനക്കാർക്കു്, അനായാസേന ഗ്രഹിക്കാവുന്നതാണല്ലോ. കവി ആദ്യമായി ഭൃംഗത്തെ അഭിസംബോധനം ചെയ്യുന്ന ശ്ലോകവും കൂടി ഉദ്ധരിച്ചുകൊണ്ടു മുന്നോട്ടുനീങ്ങാം:

ബ്രൂമ: ശ്രീമൻ ഭ്രമര ഭവതേ സ്വാഗതം; വൈജയന്ത്യാഃ
കിന്ത്വം വിഷ്ണോരുരസി വികസദ്വിഭ്രമായാസ്സമായാഃ?
ധമ്മില്ലാദ്വാ പരിമളസമാസക്തമത്താളിപാളീ
കേളീലോലദ്യുതരുകലികാമന്ദിരാദിന്ദിരായാഃ?”
ദാശരഥിനമ്പൂരി ആനന്ദവർദ്ധനാചാര്യരുടെ ധ്വന്യാലോകം എന്ന സുപ്രസിദ്ധമായ അലങ്കാരഗ്രന്ഥത്തിനു് അഭിനവഗുപ്തന്റെ ലോചനം എന്ന വിശദവും വിസ്തൃതവുമായ വ്യാഖ്യാനത്തെയും അതിനു് ഉദയൻ എന്ന അഭിധാനത്താൽ വിദിതനായ മനക്കുളത്തു ശ്രീകണ്ഠരാജാവു നിർമ്മിച്ച കൗമുദി എന്ന വിശിഷ്ടമായ വ്യാഖ്യാനത്തെയും പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ലോചനം വ്യാഖ്യാനിക്കുവാൻ കേരളീയരല്ലാതെ ആരും സജ്ജന്മാരായിട്ടില്ല. അവരിൽ രണ്ടാമനാണു് അഞ്ജനമെന്ന പേരിൽ പ്രസിദ്ധമായ ടിപ്പണത്തിന്റെ പ്രണേതാവായ ദാശരഥിനമ്പൂരി. അദ്ദേഹത്തിന്റെ ദേശമേതെന്നു് അറിഞ്ഞുകൂടാ. ആദ്യത്തെ ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ ഒരിടത്തു ദാശരഥി പൂർണ്ണസരസ്വതിയുടെ മാലതീമാധവവ്യാഖ്യയിൽനിന്നു് ഏതാനും ഭാഗം ഉദ്ധരിച്ചിട്ടുണ്ടു്. അതിൽ നിന്നു പൂർണ്ണസരസ്വതിയെ അപേക്ഷിച്ചു് അർവാചീനനാണു് ദാശരഥി എന്നു വെളിപ്പെടുന്നു. ജീവിതകാലം എട്ടാം ശതവർഷമായിരിക്കാം. പ്രഥമശ്ലോകത്തിന്റെ വ്യാഖ്യാനംതന്നെ അഞ്ഞൂറു ഗ്രന്ഥങ്ങളോളമുണ്ടു് (ഒരു ഗ്രന്ഥം മുപ്പത്തിരണ്ടക്ഷരം). ചില പംക്തികൾ ഉദ്ധരിക്കാം.

ഉപക്രമം
“വ്യാഖ്യാനലീലയാ യോ മുനിമുഖ്യാനാം മുഹുർമ്മുദം തനുതേ,
വടതലനിവാസിനം തം വരദം ശംഭും ദയാനിധിം വന്ദേ.”
“അഥ ശ്രീമാനഭിനവഗുപ്താചാര്യഃ കാവ്യാലോകം വ്യാഖ്യാതുമാരഭമാണഃ സ്വപ്രവൃത്തേർ വിഷയാദികം ഭട്ടേന്ദുരാജേത്യാദിനാ പദ്യേന പശ്ചാൽപ്രതിപാദയിഷ്യൻ പ്രഥമം വ്യാചിഖ്യാസ്യമാനലക്ഷണഗ്രന്ഥലക്ഷ്യസ്യ തന്മുഖേന തദ്യാഖ്യാനസ്യ ച സ്വയം ക്രിയമാണസ്യോപാദേയതാസിദ്ധിഹേതും പ്രകടയൻ സമുചിതേഷ്ടദേവതാത്മനസ്തസ്യൈവ നമസ്കാരാക്ഷേപക വിജയോക്തിമംഗലരൂപാം വിഘ്നവിഘാതഫലാം ശിഷ്ടാചാരാനുസാരേണാത്മനാ കൃതാം ശ്രോതൃജനശിക്ഷാർത്ഥം ഗ്രന്ഥേനിവേശയതി.”

ദ്വിതീയശ്ലോകം “എവം കൃതസമുചിതേഷ്ടദേവതാനു സ്മരണമംഗളഃആത്മന ഔദ്ധത്യം പരിഹരൻ പരമഗുരുസമനസ്മരണചികീർഷിതം പ്രതിജാനീതേ — ഭട്ടേന്ദുരാജേതി. അഭിനവഗുപ്തപദാഭിധോഽഹം യത്കിഞ്ചിദത്യല്പമനുരണന്നപി സ്വലോചനനിയോജനയാ ശ്രോതൃജനസ്യ കാവ്യാലോകനാമാനം ഗ്രന്ഥം സ്ഫുടയാമി; അതിഗഹനഗംഭീരത്വേഽപി സ്ഫുടാർത്ഥം കരോമീതി സംബന്ധഃ. നൈതദസ്മൽപ്രഭാവാദിത്യാഹ — ഭട്ടേന്ദുരാജേതി; ഭട്ടേന്ദുരാജാഖ്യാനാം പരമഗുരൂണാം ചരുണാബ്ജയോഃ തത്സന്നിധൗ കൃതനിവാസതയാ ഹൃദ്യം ഹൃദിസ്ഥിതം തച്ചരണാബ്ജാഭ്യാം കൃതേനാധിവാസേന ഗന്ധവാസേന, തൽപരിചയസംക്രാന്തഗുണേനേതി യാവൽ. അധിവാസോ ഹ്യന്യത്രാന്യധർമ്മസംക്രമണം. തേന ഹൃദ്യമാസ്വാദ്യഞ്ച ശ്രുതാമൃതം യസ്യ സ തഥാ…”

പണ്ഡിതമൂർദ്ധന്യന്മാർക്കുപോലും പരമദുരവഗാഹ്യമായ ലോചനം വ്യാഖ്യാനിക്കുന്നതിനു വേണ്ട അലങ്കാരശാസ്ത്രനിഷ്ണാതത ഉദയനും ദാശരഥിക്കും ഉണ്ടായിരുന്നു എന്നു കാണുന്നതു കേരളീയർക്കു് അത്യന്തം അഭിമാനഹേതുകമാകുന്നു. അഞ്ജനം ദാശരഥി ഏതുവരെ രചിച്ചു എന്നറിയുന്നില്ല.

പാണ്ഡവചരിതം കാവ്യം പാണ്ഡവചരിതം 16 സർഗ്ഗങ്ങളിൽ അനുഷ്ടുപ്പുവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു ലളിത കാവ്യമാകുന്നു. ബാലന്മാർക്കു പഠിക്കുവാൻ കൊള്ളാം. രാജരാജനെന്ന ഒരു മഹാരാജാവിന്റെ കാലത്താണു് ആ കാവ്യം നിർമ്മിച്ചതെന്നുള്ളതിനു് അതിൽത്തന്നെ ലക്ഷ്യമുണ്ടു്:

“രാജന്വതീ ധരാ യേന രാജ്ഞാ സ സകലൈർഗ്ഗുണൈഃ
രാജചന്ദ്രോഽസ്തി വിഖ്യാതോ രാജരാജസമാഖ്യയാ.
വൈരികൈരവസൂരസ്യ കാലേ തസ്യ മഹീപതേഃ
അഭൂൽ കാപി പൃഥാസൂനുചരിതാലങ്കൃതാ കൃതിഃ”
എന്നു കവി പറയുന്നു. ഈ രാജരാജൻ ഒരു കൊച്ചിമഹാരാജാവായിരിക്കണം. കൊല്ലം എട്ടാംശതകത്തിൽ കാശിക്കെഴുന്നള്ളിയ തമ്പുരാന്റെ പൂർവഗാമിയായ വീരകേരളവർമ്മാവിനേയും രാമവർമ്മാവിന്റെ അനന്തരഗാമിയായ മറ്റൊരു കേരളവർമ്മ തമ്പുരാനേയും പിന്നീടു കൊല്ലം 790 മുതൽ 800 വരെ രാജ്യഭാരം ചെയ്ത രവിവർമ്മതമ്പുരാനേയും രാജരാജപദംകൊണ്ടു കവികൾ വ്യപദേശിച്ചിട്ടുണ്ടു്. “ദൂരേ ദൃശ്യാ നഭസി നഗരീ രാജരാജക്ഷിതീന്ദോഃ” എന്ന പദ്യാംശത്താൽ ഭ്രമരസന്ദേശകാരൻ രവിവർമ്മമഹാരാജാവിനെ ലക്ഷീകരിക്കുന്നു. പാണ്ഡവചരിതകാരന്റെ പുരസ്കർത്താവു് ഇവരിൽ ഒരാളാണോ എന്നു നിശ്ചയമില്ല. ചിലർ യമകകവിയായ വാസുഭട്ടതിരി പഴം തിന്നപ്പോൾ അതിന്റെ തൊലി തിന്ന ഒരു വാരസ്യാരിൽ പ്രസ്തുത കൃതിയുടെ കർത്തൃത്വം ആരോപിക്കുന്നു. അതു് അനാസ്പദമാണു്.

“തസ്മൈ നമോഽസ്തു കവയേ വാസുദേവായ ധീമതേ
യേന പാർത്ഥകഥാ രമ്യാ യമിതാ ലോകപാവനീ”
എന്നൊരു ശ്ലോകം അതിൽ കാണുന്നതുകൊണ്ടു മാത്രം വാസുദേവന്റെ കാലത്താണു് അതിന്റെ നിർമ്മിതി എന്നു വരണമെന്നില്ലല്ലോ.

ആമ്നായാർത്ഥപ്രബോധാർത്ഥം സർവേഷാം യേന ഭാരതം
സർവജ്ഞേന സമാഖ്യാതം തം നമാമി മുനീശ്വരം”
എന്നു് അതിനുമുമ്പിൽ ഒരു ശ്ലോകമുണ്ടെന്നും ‘തസ്മൈ നമോസ്തു’ എന്ന വാക്യംകൊണ്ടു യുധിഷ്ഠിരവിജയവും പാണ്ഡവചരിതവും ഒരേ കാലത്തു് ഉണ്ടായതാണെന്നു് ഊഹിക്കാമെങ്കിൽ ‘തംനമാമി’ എന്ന വാക്യംകൊണ്ടു മഹാഭാരതവും അക്കാലത്തുതന്നെ ഉണ്ടായതായി സങ്കല്പിക്കേണ്ടി വന്നേക്കുമെന്നും നാം ഇവിടെ ഓർമ്മിക്കേണ്ടതാണു്. കവിതയ്ക്കു് ഒഴുക്കുണ്ടെന്നു സമ്മതിയ്ക്കാമെന്നല്ലാതെ മറ്റു ഗുണങ്ങളൊന്നുമില്ല. ഉദാഹരണത്തിനായി ചില ശ്ലോകങ്ങൾ ചുവടേ പ്രദർശിപ്പിക്കാം.

കഥാരംഭം
“പുരാഥ ജാഹ്നവീതീരേ കുരൂണാമഭവൽ പുരം
ഹസ്തിനാ നിർമ്മിതം രാജ്ഞാ സുരലോകമനോഹരം.”

ഭീഷ്മസ്തുതി
“ഹേ കൃഷ്ണ ഭഗവന്നാദ്യ താവത്തിഷ്ഠ മമാഗ്രതഃ
തവ രൂപാമൃതം പശ്യൻ യാവത്ത്യക്ഷ്യാമ്യഹം തനും.
തഥാ മാം പ്രതി ഗോവിന്ദ പ്രസീദ കരുണാനിധേ
യഥാ ത്വം മാമകേ ചിത്തേ നിശ്ചലോ ഹി നിവത്സ്യസി.”
ഒടുവിൽ സ്രഗ്ദ്ധരാവൃത്തത്തിൽ പതിനാറു സർഗ്ഗസംഗ്രഹശ്ലോകങ്ങളുമുണ്ടു്. അവ താരതമ്യേന ആസ്വാദ്യങ്ങളാണു്. നോക്കുക:

“ജാതാഃ കാന്താരദേശേ കരിനഗരമിതാശ്
ഛത്മസത്മാവസന്തോ
ദഗ്ദ്ധ്വാ തദ്ഗേഹമസ്മാദ്വിപിനമുപഗതാഃ
സംഹരന്തോ ഹിഡിംബം
വേദവ്യാസസ്യ വാചാ വനഭുവി വസതിം
ശാലിഹോത്രേ ച കൃത്വാ
ഗത്വാ താമേകചക്രാം ദ്വിജവരഭവനേ
തേഽവസൻ പാണ്ഡുപുത്രാഃ.
ഹത്വാ തത്രാതിപുഷ്ടം ബകമധികബലം
യാജ്ഞസേന്യാ വിവാഹം
ശ്രുത്വാ യാന്തസ്തതസ്തേ പഥി ഗഗനചരം
സംപ്രഹാരേ ച ജിത്വാ
ഗത്വാ പാഞ്ചാലഗേഹം നൃപസദസി ശരൈശ്
ഛിന്നയന്ത്രാ ക്ഷിതീശാൻ
ജിത്വാ കൃഷ്ണാവിവാഹം തദനു മുനിഗിരാ
ചക്രിരേ മോദമാനാഃ.”
ഈ ശ്ലോകങ്ങളുടെ അവസാനത്തിൽ ഫലശ്രുതിരൂപമായും ഒരു പദ്യം കവി ഘടിപ്പിച്ചിരിക്കുന്നു. അതാണു് താഴെക്കാണുന്നതു്:

“ഇത്ഥം സംക്ഷിപ്യ സർവം രചിതമഘഹരം
പാണ്ഡവാനാം ചരിത്രം
ചിത്രം നിത്യം പ്രഭാതേ പഠതി ച ശൃണുയാ
ദ്യോ നരശ്ചിന്തയേദ്വാ
നിശ്ശേഷാഭീഷ്ടസിദ്ധിം സപദി സ ഗതവാൻ
മോദവാനത്യുദാരാം
ഭക്തിഞ്ചാപ്നോതി കൃഷ്ണേ കൃതവതി സമരേ
പാർത്ഥസാരഥ്യകേളിം.”
കാമസന്ദേശം മാതൃദത്തൻ എന്ന ഒരു കവിയുടെ കൃതിയാണു് കാമസന്ദേശം. പൂർവ്വഭാഗത്തിൽ അറുപത്തേഴും, ഉത്തരഭാഗത്തിൽ അറുപത്തൊൻപതും അങ്ങനെ മന്ദാക്രാന്താവൃത്തത്തിൽ നൂറ്റിമുപ്പത്താറു പദ്യങ്ങൾ പ്രസ്തുത കൃതിയിൽ അടങ്ങിയിരിക്കുന്നു. കവി രാമവർമ്മാഭിധാനനായ ഒരു കൊച്ചി മഹാരാജാവിന്റേയും നീലകണ്ഠൻ എന്ന ശ്രോത്രിയാഗ്രിമനായ ഒരു നമ്പൂരിയുടേയും സമകാലികനായിരുന്നു എന്നു ഗ്രന്ഥത്തിൽ നിന്നു വെളിപ്പെടുന്നു. കാവേരിയുടെ ഉത്തരശാഖയായ കൊല്ലടത്തിൽ വമ്പിച്ച കടത്തുകൂലി ഈടാക്കിവന്നതിനെപ്പറ്റി പ്രസ്താവിക്കുമ്പോൾ കൊച്ചിയിലെ രാമവർമ്മമഹാരാജാവു് തന്റെ രാജ്യത്തുള്ള കടത്തുകൂലി മുഴുവൻ നിറുത്തിയതായി താഴെക്കാണുന്ന പദ്യത്തിൽ അദ്ദേഹം നമ്മെ അറിയിക്കുന്നു:

“യാത്രാശുല്കം സകലജഗതാമസ്തി യത്ര പ്രഭൂതം
തത്രസ്ഥൈസ്തൈർന്നൃപതിപശുഭിർഭുജ്യമാനം ബലേന
മാടക്ഷോണീവലഭിദഖിലത്രാണനൈപുണ്യചുഞ്ചു
ർദ്ദുർവാരം യൽ പ്രശമിതകഥം നിർമ്മമേ രാമവർമ്മാ.”
ആ തമ്പുരാൻ തൃശ്ശൂരിൽ പുത്തനായി പണിയിച്ച രാജധാനി അവിടുന്നു തീപ്പെട്ടുപോയെങ്കിലും നാട്ടിന്റെ വൈധവ്യദുഃഖത്തെ പരിഹരിക്കുന്നതായും അദ്ദേഹം പറയുന്നു:

“കാചിൽ സൗമ്യാം ദിശി പുനരസൗ രാജധാനീ സമിന്ധേ
സൃഷ്ടാ രാജ്ഞാ പ്രഥിതയശസാ രാമവർമ്മാഭിധേന;
രാമേ സ്വർഗ്ഗം ഗതവതി ചിരാദാകുലാ സത്യയോധ്യാ
യദ്രൂ പോത്ഥാ ശമയതി ശുചം തേന വൈധവ്യജാതാം”
എന്ന പദ്യം നോക്കുക. നീലകണ്ഠൻനമ്പൂരിയെപ്പറ്റി കവി ഇങ്ങിനെ വർണ്ണിക്കുന്നു:

“യസ്യോദീച്യാം ദിശി നിവസതി ക്ഷ്മാസുരോ നീലകണ്ഠോ
ലോകേ കാലക്ഷപിതയജനേ ധർമ്മതത്വേ പ്രലീനേ
സൂത്വാ സാക്ഷാൽ സ്വവിധിനിയമധ്വംസവിധ്വസ്തധൈര്യോ
ധർമ്മസ്ഥിത്യൈ പുനരജനി ബൗധായനോ യൽസ്വരൂപഃ.”
ഇതു പ്രൈഷഭാഷ്യം മുതലായ ഗ്രന്ഥങ്ങളുടെ നിർമ്മാതാവായ തൈക്കാട്ടു വൈദികൻ നീലകണ്ഠയോഗിയായിരിക്കാമെന്നു് എനിക്കു തോന്നുന്നു. ‘യസ്യ’ എന്ന പദം ഇവിടെ അംബാശൈലത്തെ പരാമർശിക്കുന്നു. അംബാശൈലമെന്നതു കൊടിക്കുന്നിന്റെ സംസ്കൃതസംജ്ഞയാണെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. കൊടിക്കുന്നിനു സമീപമാണല്ലോ തൈക്കാട്ടില്ലം. യോഗിയാരുടെ കാലം കൊല്ലം എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലായിരുന്നു എന്നു് അന്യത്ര പ്രസ്താവിക്കും. അങ്ങനെയാണെങ്കിൽ കവി നിർദ്ദേശിക്കുന്ന രാമവർമ്മാവു കാശിക്കെഴുന്നെള്ളിയ തമ്പുരാനായി വരാവുന്നതാണു്. കൊല്ലം 746-ആമാണ്ടിടക്കു് ഈ രാമവർമ്മ മഹാരാജാവും പറങ്കികളുടെ വൈസ്രോയിയും തമ്മിൽ ചുങ്കങ്ങളെപ്പറ്റി ചില വ്യവസ്ഥകൾ ചെയ്തു എന്നു ചരിത്രകാരന്മാർ പ്രസ്താവിക്കുന്നുമുണ്ടു്.

“സൗധേ കശ്ചിൽ സഹ ദയിതയാ സ്വൈരമഭ്രങ്കഷാഗ്രേ
ക്രീഡൻ നിദ്രാകലുഷഹൃദയസ്തൽക്ഷണം തത്സകാശാൽ
ദിഷ്ടേ രുഷ്ടേ കിമിഹ ശരണം? —ഭദ്രഗോഷ്ഠീം ദവിഷ്ഠാം
രക്ഷോനീതസ്തദനു വിവശശ്ശംബരാരിം ദദർശ.”
എന്നതാണു് ഉപക്രമശ്ലോകം. ഭദ്രഗോഷ്ഠിയെന്നാൽ ചിത്സഭ അഥവാ ചിദംബരം എന്നർത്ഥം. ചിദംബരത്തിൽനിന്നു കവികാമദേവനെ തന്റെ ചന്ദ്രലക്ഷ്മിയെന്ന പ്രിയതമയുടെ വാസഭൂമിയായ തിരുനാവായ്ക്കു ദൂതനായി പറഞ്ഞയയ്ക്കുന്നു. ചിദംബരം, അവിടത്തെ ക്ഷേത്രതീർത്ഥമായ ശിവഗംഗ, കാവേരി, അതിനു വടക്കും തെക്കുമുള്ള പ്രദേശങ്ങൾക്കു് അധിപന്മാരായിരുന്ന വീരനും അച്യുതനും, കണ്ഠരമാണിക്കമെന്ന വിദ്വദഗ്രഹാരം, മധ്യാർജ്ജുനം (തിരുവിടൈമരുത്തൂർ), കുംഭകോണം, ശ്രീരംഗം, കൊങ്കണം, (സേലം കോയമ്പത്തൂർ ജില്ലകൾ) കോയമ്പത്തൂരിലെ പേരൂർക്ഷേത്രം, സഹ്യപർവതം, മംഗലം എന്ന ദേശം, തൃശ്ശൂർ, ഇഷ്ടക്രോഡം (തിരുമിറ്റക്കോടു്), കുരുക്ഷേത്രം (ശുകപുരം), അംബാശൈലം (കൊടിക്കുന്നു്) അമ്ലശൈലം (വെള്ളിയാൻകല്ല്) ഭാരതപ്പുഴ, തിരുനാവാ എന്നിങ്ങനെ രാജകുലങ്ങൾ, സ്ഥലങ്ങൾ, പർവതങ്ങൾ, നദികൾ, ക്ഷേത്രങ്ങൾ, ദേവതകൾ മുതലായി പല വിഷയങ്ങളെപ്പറ്റി കവി ഉജ്ജ്വലമായ രീതിയിൽ ചിത്രണം ചെയ്തിട്ടുണ്ടു്. പതിനാറു പദ്യങ്ങൾ തിരുനാവായുടെ വർണ്ണനത്തിനു വിനിയോഗിച്ചിരിക്കുന്നു. മംഗലത്തിൽ മംഗലാഖ്യനായ ഒരു ബ്രാഹ്മണകവി അക്കാലത്തു ജീവിച്ചിരുന്നു എന്നും അദ്ദേഹം കാളിദാസനു സമനായിരുന്നു എന്നും മാതൃദത്തൻ പറയുന്നു.

“നത്വാ ദേവീം പടുഗതിരടൻ മംഗലം ഗച്ഛ ദേശം
തദ്ഭൂരത്നം ദ്വിജമപി തഥാ മംഗലം മംഗലാഖ്യം
വാഗ്ഗുംഫസ്യ സ്മര! രചയിതും കാംക്ഷിതസ്യോക്തശേഷം
നിർമ്മാതും യന്മിഷകൃതവപുഃ കാളിദാസഃ പുനർഭൂഃ.”
കിരാതാർജ്ജുനീയവ്യാഖ്യാതാവായ ഒരു മംഗലനെപ്പറ്റി കേട്ടിട്ടുണ്ടു്. അദ്ദേഹം സമസ്യാപൂരണനിപുണനായ ഒരു കവിയായിരുന്നു എന്നു ധരിച്ചിട്ടില്ല. മാതൃദത്തനു് ആശയസൗലഭ്യം ഉണ്ടു്. എന്നാൽ അതിനനുഗുണമായ ശയ്യാസുഖം അദ്ദേഹത്തിന്റെ കവിതയ്ക്കില്ല. നാലഞ്ചു ശ്ലോകങ്ങൾ ഉദാഹരണത്തിനുവേണ്ടി ഉദ്ധരിക്കാം.

ചിദംബരം
“ക്ഷേത്രേ യത്ര സ്ഫടികഘടിതേ ക്വാപി തൽകാന്തിശുഭ്രാം
ദൃഷ്ട്വാ ഗൗരീം സ ച പശുപതിർജ്ജാതു ഗംഗോപലബ്ധ്യാ
കന്ദർപ്പാർത്തേ കരു മയി കൃപാം ജാഹ്നവീത്യർദ്ധവാക്യേ
ലജ്ജാമൂകഃ കിമുന കുരുതേ ഹന്ത! ദേവ്യാം ഹസന്ത്യാം?”(1)

ശ്രീരംഗം
“ശ്രീരംഗാഖ്യം വ്രജ ശിശയിഷുഃ സ്വൈരമാഗത്യ സിന്ധോ
ശ്ശേതേ യസ്മിൻ ഹരിരസഹനസ്തോയപാതാൻ സുശീതാൻ
വിഷ്വഗ്വ്യാപീ ശിശിരപവനൈഃ ക്ലേശിതസ്സോഽപി ഭൂയഃ
കോവാവൈധീം ത്യജതി സുതരാം കല്പനാം പൗരുഷേണ?”(2)

കൊങ്കണദേശം
“ഏകേനാഹ്നാ വ്രജ പുനരിതഃ കൊങ്കണാൻ കണ്ടകാഢ്യാൻ
ധാത്രാ സൃഷ്ടാൻ നരകധരണീസൃഷ്ടിശിഷ്ടൈഃ പദാർത്ഥൈഃ
യജ്ജാതാനാം ദുരിതഗണനാശക്തിതശ്ചിത്രഗുപ്ത
സ്സ്വീയേ കൃത്യേ ഭവതി വിമുഖഃ; കിന്നു ഭൂയോ വദാമി.”(3)

സഹ്യപർവതം
“ലംഘ്യസ്സഹ്യസ്തദനു ഭവതാ യത്ര ധാത്രീതരുണ്യാഃ
കേശീഭൂതേ മൃഗതതിമയീ യൂകപംക്തിർന്നിലീനാ
ഭൂഭൃൽകാന്തൈശ്ശരനഖമുഖൈശ്ചാലയിത്വാ സലീലം
ഭൂൽകാരോക്തിപ്രസരമുഖരൈരന്വഹം ഭജ്യതേ ഹി.”(4)

തിരുനാവാ
“യത്ര സ്ത്രീണാം കുചഭരയുഗം വീക്ഷ്യ ഖേദാദ്ഗിരീന്ദ്രാ
മേഘേ മേഘേപ്യുപലകഠിനേ ഘ്നന്തി മൂർദ്ധാനമുച്ചൈഃ
നൂനം നോ ചേൽ കഥമിവ ഘനധ്വാനവദ്രോദഘോഷോ
വർഷാംഭോവന്നയനസലിലം ധാതുവദ്രക്തധാരാ?”(5)


അദ്ധ്യായം 28 - സംസ്കൃതസാഹിത്യം (തുടർച്ച)

ക്രി. പി. പതിനാറാം ശതകം

“മോക്ഷാപ്തിസാരതരഭാഗവതാഖ്യമഥ്നോ
നാരായണീയനവനീതമഹോ ഗൃഹീത്വാ
മായാമയൗഘപരിതപ്തജനായ യോഽദാ
ന്നാരായണാവനിസുരായ നമോസ്തു തസ്മൈ”
28.1മേൽപ്പുത്തൂർ നാരായണഭട്ടപാദർ

പീഠിക
പാവനമായ ഈ പരശുരാമഭൂമി പല മഹാനുഭാവന്മാരുടേയും അവതാരം നിമിത്തം അനന്യസുലഭമായ ശ്ലാഘയ്ക്കു പാത്രീഭവിച്ചിട്ടുണ്ടു്. അങ്ങനെയുള്ള പുണ്യപുരുഷന്മാരിൽ ശങ്കരഭഗവൽപാദരെ കഴിച്ചാൽ പാണ്ഡിത്യംകൊണ്ടും കവിത്വംകൊണ്ടും പ്രഥമഗണനീയനെന്നു് അഭിജ്ഞോത്തമന്മാർ ഐകകണ്ഠ്യേന സമ്മതിക്കുന്ന ഒരു അതിമാനുഷനാണു് മേല്പുത്തൂർ നാരായണഭട്ടതിരി. അദ്ദേഹത്തിന്റെ സർവതോമുഖമായ മഹിമാതിശയം അവാങ്മനസഗോചരമാണു്; അദ്ദേഹത്തെ അനന്തരകാലികന്മാർ അനന്താംശസംഭവനെന്നു വാഴ്ത്തുന്നതു് അപലപനീയവുമല്ല.

ദേശവും കുലവും
നാരായാണഭട്ടതിരി കൊല്ലം 735-ാമാണ്ടു്, അക്കാലത്തു വെട്ടത്തുനാട്ടുരാജാവിന്റെ ഭരണത്തിൽ ഉൾപ്പെട്ടിരുന്നതും ഇന്നു മലബാർ ജില്ലയിൽ പൊന്നാനിത്താലൂക്കിൽ ചേർന്നതുമായ കുറുമ്പത്തൂരംശത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ ജനനത്താൽ പ്രതിഷ്ഠയെ പ്രാപിച്ച മേല്പുത്തൂരില്ലം സുപ്രസിദ്ധമായ തിരുനാവായമ്പലത്തിൽനിന്നു രണ്ടു വിളിപ്പാടു വടക്കുള്ള ചന്ദനക്കാവു് എന്ന ഭഗവതിക്ഷേത്രത്തിനു് ഒരു നാഴിക കിഴക്കു മാറി സ്ഥിതി ചെയ്തിരുന്നു. ആ ഗൃഹം ഇടക്കാലത്തു് അന്യംനിന്നു മറവഞ്ചേരി തെക്കേടത്തു് എന്ന കുടുംബത്തിൽ ലയിച്ചു. പ്രക്രിയാസർവസ്വത്തിന്റെ അവസാനത്തിൽ ഭട്ടതിരി തന്റെ ഇല്ലത്തെപ്പറ്റി,

“ഭൂഖണ്ഡേ കേരളാഖ്യേ സരിതമിഹ നിളാ
മുത്തരേണൈവ നാവാ
ക്ഷേത്രേ ഗവ്യൂതിമാത്രേ പുനരുപരിനവ
ഗ്രാമനാമ്നി സ്വധാമ്നി
ധർമ്മിഷ്ഠാദു് ഭട്ടതന്ത്രാദ്യഖിലമതപടോ
ർമ്മാതൃദത്തദ്വിജേന്ദ്രാ
ജ്ജാതോ നാരായണാഖ്യോ നിരവഹദതുലാം
ദേവനാരായണാജ്ഞാം”
എന്ന പദ്യത്തിൽ സൂചിപ്പിച്ചിട്ടുണ്ടു്. ‘ഉപരിനവഗ്രാമം’ എന്നാൽ മേല്പുത്തൂർ എന്നർത്ഥം. ഭാട്ടതന്ത്രം മുതലായ ശാസ്ത്രങ്ങളിൽ നിഷ്ണാതനായ മാതൃദത്തഭട്ടതിരിയായിരുന്നു അദ്ദേഹത്തിന്റെ പിതാവു്. മാതൃദത്തന്റെ സീമന്തപുത്രനായിരുന്നു മഹാകവി. നാരായണഭട്ടതിരിയുടെ മാതൃഗൃഹം സുപ്രസിദ്ധമായ പയ്യൂരില്ലമായിരുന്നു എന്നാണു് ഐതിഹ്യം.

അനുജൻ
മഹാകവിക്കു മാതൃദത്തനാമാവായ ഒരനുജനുണ്ടായിരുന്നു. അദ്ദേഹമാണു് ഭക്തിസംവർദ്ധനശതകത്തിന്റെ പ്രണേതാവു്. ജ്യേഷ്ഠനെ ഗുരുവായൂർ മുതലായ പ്രദേശങ്ങളിൽ അദ്ദേഹം അനുഗമിക്കുകയും ജ്യേഷ്ഠൻ ഉണ്ടാക്കിച്ചൊല്ലിയ നാരായണീയശ്ലോകങ്ങൾ അന്നന്നു കേട്ടു് എഴുതിയെടുക്കുകയും ചെയ്തു.

“ഇത്ഥം ഭാഗവതം സ്തോത്രം സ്വാഗ്രജേന വിനിർമ്മിതം
അലിഖന്മാതൃദത്താഖ്യോ ഭഗവദ്ഭക്തിഹേതവേ.”
എന്നൊരു ശ്ലോകം നാരായണീയത്തിന്റെ ചില മാതൃകാഗ്രന്ഥങ്ങളിൽ കാണുന്നുണ്ടു്. ‘തൃതീയഭ്രാതാ ച മാതൃദത്താഖ്യഃ’ എന്നും ചില ഗ്രന്ഥങ്ങളിൽ കുറിപ്പുണ്ടു്. ഇതരസഹോദരന്മാർ ആരെല്ലാമെന്നറിയുന്നില്ല.

വിദ്യാഭ്യാസം
മഹാകവി തന്റെ ഗുരുനാഥന്മാർ ആരായിരുന്നു എന്നു പ്രക്രിയാസർവസ്വത്തിന്റെ അവസാനത്തിൽ

“മീമാംസാദി സ്വതാതാ,ന്നിഗമമവികലം മാധവാചാര്യവര്യാ
ത്തർക്കം ദാമോദരാര്യാദപി പദപദവീമച്യുതാഖ്യാദ്ബുധേന്ദ്രാൽ”
ഇത്യാദിപദ്യത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടു് ഈ പദ്യം ഞാൻ മുമ്പു് ഉദ്ധരിച്ചിട്ടുള്ളതാണു്. മീമാംസ മുതലായ ശാസ്ത്രങ്ങൾ അച്ഛനോടും വേദം സമഗ്രമായി മാധവാചാര്യനോടും തർക്കം ദാമോദരാചാര്യനോടും വ്യാകരണം അച്യുതപ്പിഷാരടിയോടുമാണു് അദ്ദേഹം അഭ്യസിച്ചതു്. പിഷാരടിയെ ആദ്യമായി കണ്ടപ്പോൾ ഭട്ടതിരി അദ്ദേഹത്തിനു സമർപ്പിച്ച ശ്ലോകമാണു് ചുവടേ ചേർക്കുന്നതു്:

“മഗ്നം മഹാമോഹമയേ മഹാബ്ധൗ
മന്ദം മഹാത്മൻ! മമതാകുലേന
കൃപാപയോധേ! മനസോദ്ധരാമും
കൃത്വോഡുപം ജ്ഞാനമയം പ്രപന്നം.”
മാധവാചാര്യനും ദാമോദരാര്യനും അവിജ്ഞാതന്മാരായിരിക്കുന്നു. മാതൃദത്തഭട്ടതിരിക്കു പൂർവോത്തരമീമാംസകളിൽ അത്ഭുതാവഹമായ അവഗാഹമുണ്ടായിരുന്നതായി വെളിപ്പെടുന്നു. അദ്ദേഹം അനവധി ശിഷ്യന്മാരെ ശാസ്ത്രാഭ്യാസം ചെയ്യിച്ചിരുന്നു എന്നുള്ളതിനു ഭ്രമരസന്ദേശത്തിലെ “മാതൃദത്ത ദ്വിജേന്ദ്രശ്രീമച്ഛിഷ്യോൽകരമുഖരിതൈരാസ്തൃതാം ശാസ്ത്ര പാഠൈഃ” എന്ന വാചകം വിനിഗമകമാണു്. മഹാകവിക്കു ബാല്യത്തിൽ പറയത്തക്ക വിദ്യാഭ്യാസമൊന്നും സിദ്ധിച്ചിരുന്നില്ലെന്നും അദ്ദേഹം ഒരു വിടനും കന്നനുമായിട്ടാണു് വളരെക്കാലം കഴിച്ചുകൂട്ടിയതെന്നും അച്യുതപ്പിഷാരടിയുടെ ഗൃഹത്തിൽ സംബന്ധം തുടങ്ങിയതിനുമേലാണു് അദ്ദേഹത്തിനു കാവ്യനാടകവ്യുൽപത്തിപോലും ലഭിക്കുവാൻ ഇടവന്നതു് എന്നുമുള്ള ഐതിഹ്യം ലേശംപോലും വിശ്വസനീയമായിത്തോന്നുന്നില്ല. അവിടെ ബാന്ധവമുണ്ടായിരുന്നു എന്നുള്ളതിനും ലക്ഷ്യമില്ല. ‘ബാലകളത്രം സൗഖ്യം’ എന്നും ‘ലിംഗവ്യാധി രസഹ്യഃ’ എന്നും 1729133 എന്ന കലിദിനസംഖ്യയ്ക്കു പിഷാരത്തുവെച്ചു് അദ്ദേഹം പേരിട്ടിരുന്നു എങ്കിൽ അതു് ഒരു ശാസ്ത്രവിനോദമായി മാത്രമേ പരിഗണിക്കേണ്ടതുള്ളൂ. വ്യാകരണം പിഷാരടി പഠിപ്പിച്ചുവെങ്കിലും വേദം അദ്ദേഹമാണു് അഭ്യസിപ്പിച്ചതു് എന്നും തജ്ജന്യമായ പാപം നിമിത്തമാണു് വാതരോഗം അദ്ദേഹത്തിനുണ്ടായതെന്നുമുള്ള പുരാവൃത്തവും ത്യാജ്യ കോടിയിൽ തള്ളേണ്ടിയിരിക്കുന്നു. ബാല്യത്തിൽത്തന്നെ മാധവാചാര്യനിൽനിന്നു വേദാധ്യയനം ചെയ്തു എന്നു് അനുമാനിക്കുന്നതായിരിക്കും സമീചീനം. അക്കാലത്തു് അനധികൃതമെന്നുവെച്ചിരുന്ന ഒരു പ്രവൃത്തി ആചാരശ്ലക്ഷ്ണനായ പിഷാരടി ചെയ്തിരിക്കുമെന്നു സങ്കല്പിക്കുവാൻ ന്യായമില്ലല്ലോ. അങ്ങനെയാണെങ്കിൽ കടവല്ലൂർ ക്ഷേത്രത്തിൽ വാരമിരിക്കുവാൻ ഭട്ടതിരി അനുജനോടുകൂടി ചെല്ലുകയും അനുജനെ മാത്രം സഭ്യന്മാർ മാനിക്കുകയും അവരുടെ പരിഹാസംകൊണ്ടു വിഷ്ണണ്ണനായി പരദേശത്തു പിഷാരടിയോടുകൂടി പോയി നാലു വേദങ്ങളും ഒരു കൊല്ലത്തിനകം അഭ്യസിച്ചു മടങ്ങിവന്നു വീണ്ടും വാരമിരിക്കുകയും ചെയ്തു എന്ന കഥയും അസത്യമാണെന്നു പറയേണ്ടിയിരിക്കുന്നു. എന്നാൽ ഒരു കാര്യം നിശ്ചയമാണു്. പണ്ടു പൂരു സ്വപിതാവായ യയാതിചക്രവർത്തിയുടെ ജരപോലെ ഭട്ടതിരി സ്വഗുരുവായ പിഷാരടിയുടെ വാതരോഗം മന്ത്രപൂർവമായി ആവാഹിച്ചുവാങ്ങിയെന്നും അതിന്റെ ഉപശാന്തിക്കു ഗുരുവായൂർക്ഷേത്രത്തിൽവെച്ചു നാരായണീയം നിർമ്മിച്ചു മഹാവിഷ്ണുപ്രസാദം നേടിയെന്നും ആസ്തികന്മാർക്കു വിശ്വസിക്കാവുന്നതുതന്നെ. ഗുരുനാഥന്മാരിൽവെച്ചു തന്റെ അത്യധികമായ ഭക്തിയെ ആവർജ്ജിച്ചിരുന്ന പിഷാരടി വാതാക്രാന്തനായ അവസരത്തിൽ ശിഷ്യനായ ഭട്ടതിരി അദ്ദേഹത്തെ, വളരെ ക്ലേശിച്ചു ശുശ്രൂഷിച്ചുവെന്നും തന്നിമിത്തം ആ രോഗം ആചാര്യനിൽനിന്നു ഛാത്രനിൽ സംക്രമിച്ചുവെന്നും ഗുരുവായൂരമ്പലത്തിലെ ഭജനാദിദിനചര്യയുടെ പ്രഭാവത്തിൽ അതു ഭട്ടതിരിയെ വിട്ടുമാറിയെന്നും ഏതു ഹേതുവാദിക്കും വിശ്വസിക്കാതിരിക്കുവാൻ നിർവ്വാഹവുമില്ല. ഏതായാലും അക്കാലത്തുതന്നെ ഭട്ടതിരി സർവതന്ത്രസ്വതന്ത്രനായിക്കഴിഞ്ഞിരുന്നു എന്നു ധൈര്യമായി പറയാം.

അനന്തരചരിത്രം
തൃക്കണ്ടിയൂരിൽനിന്നു വളരെ അവശസ്ഥിതിയിൽ ഗുരുവായൂരമ്പലത്തിൽ ഭജനത്തിനായി പോയ ഭട്ടതിരി വാതാമയത്തിൽനിന്നു നിശ്ശേഷം വിമുക്തനായി. ആ ക്ഷേത്രത്തിൽ മഹാകവി ഉപവിഷ്ടനായി നാരായണീയം രചിച്ച മണ്ഡപസ്ഥാനം ഇന്നും സന്ദർശകന്മാർക്കു കാണാവുന്നതാണു്. ഓരോ ദിവസവും കാലത്തു് അവിടെയിരുന്നു് ഓരോ ദശകം വീതം ഉണ്ടാക്കിച്ചൊല്ലുകയും ഞാൻ മുൻപു പറഞ്ഞപോലെ അനുജൻ മാതൃദത്തൻഭട്ടതിരി അതു കുറിച്ചെടുക്കുകയും ചെയ്തു. അങ്ങനെ നൂറു ദിവസംകൊണ്ടു് ആ സ്തോത്രരത്നം പരിസമാപ്തമായി. “കൊല്ലം 762-ാമാണ്ടു് വൃശ്ചികമാസം 28–ാം നു- ഞായറാഴ്ചയും ചോതിയും കൃഷ്ണചതുർദ്ദശിയും കൂടിയ ദിവസമാണു് അതിന്റെ നിർമ്മിതി അവസാനിച്ചതെ”ന്നു് ഒരു ഗ്രന്ഥവരിയിൽ കാണുന്നതിനാൽ ഭട്ടതിരി ഭജനത്തിനു് അവിടെ ആയാണ്ടു ചിങ്ങമാസത്തിൽ പോയിരിക്കണം. പിന്നീടു തിരിയെ നാട്ടിലേയ്ക്കു മടങ്ങുകയും നല്ല ഒരു സഹൃദയനും കവിയും എന്ന നിലയിൽ തന്റെ സ്നേഹബഹുമാനങ്ങൾക്കു പാത്രീഭവിച്ചിരുന്ന കുട്ടഞ്ചേരി ഇരവിച്ചാക്യാർക്കു കൂത്തു പറയുന്നതിനുവേണ്ടി അനേകം പ്രബന്ധം നിർമ്മിക്കുകയും ചെയ്തു. ‘നിരനുനാസികപ്രബന്ധം’ (ശൂർപ്പണഖാപ്രലാപം) അദ്ദേഹത്തിന്റെ പ്രത്യേകാവശ്യമനുസരിച്ചു രചിച്ചതാണെന്നുള്ളതിനു താഴെക്കാണുന്ന ശ്ലോകം തെളിവാണു്:

“അനുനാസികരഹിതാനി വ്യതനോദേതാനി ഗദ്യപദ്യാനി
നാരായണാഭിധാനോ ദ്വിജപോതോ രവിനടേശ്വരാദേശാൽ”
കേരളത്തിലെ പല രാജ്യങ്ങളേയും മഹാകവി ഓരോ അവസരങ്ങളിൽ സന്ദർശിക്കുകയും അവിടത്തെ നാടുവാഴികളുടെ അപദാനങ്ങളെപ്പറ്റി സരസഗംഭീരങ്ങളായ പദ്യഗദ്യങ്ങൾ രചിക്കുകയും ചെയ്തുകാണുന്നു. കോഴിക്കോടു്, കൊച്ചി, വടക്കുംകൂർ, അമ്പലപ്പുഴ ഈ രാജ്യങ്ങൾ അദ്ദേഹത്തിന്റെ പര്യടനപരിധിയിൽപ്പെട്ടിരുന്നു. കൊച്ചി മഹാരാജാവായ വീരകേരളവർമ്മാവിനെപ്പറ്റി അദ്ദേഹത്തിനുള്ള ആദരം അസാമാന്യമായിരുന്നു എന്നുള്ളതു മാടരാജപ്രസ്തിയിലും ഗോശ്രീനഗരവർണ്ണനത്തിലും നിന്നു നാം ഗ്രഹിക്കുന്നു. സാമൂതിരിപ്പാട്ടിലെപ്പറ്റിയും അദ്ദേഹം ഒരു മനോഹരമായ ഗദ്യം രചിച്ചിട്ടുണ്ടു്.

ഭട്ടതിരിയും ചെമ്പകശ്ശേരി രാജാവും:-ഭട്ടതിരിയുടെ പ്രധാനമായ പുരസ്കർത്തൃത്വത്തിനുള്ള ഭാഗ്യം സിദ്ധിച്ചതു ‘പൂരാടം പിറന്ന പുരുഷൻ’ എന്ന പേരിൽ പ്രസിദ്ധനായ അന്നത്തെ ചെമ്പകശ്ശേരി രാജാവിനായിരുന്നു. ആ മഹാൻ, 741-ാമാണ്ടു് മേടമാസത്തിൽ ജനിച്ചു. 798-ാമാണ്ടു് ധനുമാസം 2-ാംനു മരിച്ചു. അദ്ദേഹം ചെമ്പകശ്ശേരിരാജ്യം ഭരിക്കുവാൻ ആരംഭിച്ചതു് എന്നാണെന്നു നിശ്ചയമില്ല. എന്നാൽ സ്വയം ഗ്രന്ഥകാരനും കവികൾക്കും പണ്ഡിതന്മാർക്കും കല്പവൃക്ഷവുമായിരുന്നതിനുംപുറമേ ശ്രീകൃഷ്ണഭഗവാന്റെ പരമഭക്തനും, ഭാരതം, ഭാഗവതം എന്നീ മഹാഗ്രന്ഥങ്ങളിൽ അത്യധികം അഭിരുചിയും നിഷ്ണാതതയുമുള്ള ഒരു പുരുഷപുംഗവനുമായിരുന്നു എന്നുള്ളതിനു പല തെളിവുകളുമുണ്ടു്. ഏതോ ഒരു ദിവ്യനായ സന്യാസിയിൽനിന്നു് അദ്ദേഹത്തിനു ബാല്യത്തിൽത്തന്നെ ഒരു മഹോപദേശവും സിദ്ധിച്ചിരുന്നു. ഈ വസ്തുതകളിൽ പലതും ഭട്ടതിരിയുടെ പ്രക്രിയാസർവസ്വത്തിൽ ആരംഭത്തിലുള്ള താഴെക്കാണുന്ന ശ്ലോകങ്ങളിൽനിന്നു വ്യക്തീഭവിക്കുന്നു:

“തിഷ്ഠത്യേവാനിലോഽപി പ്രചലതി ഗിരിര
പ്യാജ്ഞയാ യസ്യ രാജ്യേ;
ശത്രോസ്സർവാഭിസാരേ സതി രചയതി യ
സ്തസ്യ സർവാപഹാരം;
സോഽയം നിശ്ശേഷശാസ്ത്രശ്രുതിനിവഹകലാ
നാടകേഷ്വദ്വിതീയോ
ഭാതി ശ്രീദേവനാരായണധരണിപതി
ർമ്മഗ്നചേതാ മുകുന്ദേ.
യോ വൃന്ദാവനവാസിനോ നിയമിനസ്സാക്ഷാൽകൃതാധോക്ഷജാദ്
ദുഷ്പ്രാപം ഖലു നാരദാദു് ധ്രുവ ഇവ പ്രാപോപദേശം പരം,
യസ്യാപാസ്തസമസ്തവസ്തുകുതുകം കൃഷ്ണാവലോകോത്സവ
ക്രീഡാകൗതുകി മാനസം വിജയതേ സോയം മഹാത്മാ നൃപഃ.”
ദേവനാരായണൻ എന്നതു ചെമ്പകശ്ശേരി രാജാക്കന്മാരുടെ മാറാപ്പേരാണു്. പൂരാടംതിരുനാൾ ഒരു കഷണ്ടിക്കാരനായിരുന്നു എന്നും, ഭട്ടതിരിയെ ആദ്യമായി കണ്ടപ്പോൾ ആളറിയാതെ ‘കൂട്ടിവായിക്കാനറിയാമോ’ എന്നു ചോദിച്ചതിനു് അറിയാമെന്നു ഭട്ടതിരി പറഞ്ഞു എന്നും, അടുത്ത ദിവസം പതിവായി മഹാഭാരതം വായിച്ചുവന്ന നീലകണ്ഠദീക്ഷിതർക്കുപകരം ആ ഇതിഹാസം വായിക്കുവാൻ നിയുക്തനായെന്നും, ആ അവസരത്തിൽ സന്ദർഭാനുഗുണമായി കർണ്ണപർവ്വത്തിൽ

“ഭീമസേനഭയത്രസ്താ ദുര്യോധനവരൂഥിനീ
ശിഖാ ഖർവാടകസ്യേവ കർണ്ണമൂലമുപാശ്രിതാ”
എന്നൊരു ശ്ലോകം സ്വയം ഉണ്ടാക്കിച്ചൊല്ലുകയും രാജാവു് അന്ധാളിച്ചു് അതു മൂലത്തിലുള്ളതാണോ എന്നു ചോദിച്ചതിനു ‘കൂട്ടിവായിച്ച’താണെന്നു സമാധാനം പറയുകയും ചെയ്തു എന്നും ആശ്ചര്യഭരിതനായ ശ്രോതാവു് ‘അങ്ങാണോ മേല്പുത്തൂർ’ എന്നു് ഉടൻ തന്നെ പ്രശ്നം ചെയ്തുവെന്നുമുള്ള ഐതിഹ്യം വിശ്വാസ്യം തന്നെ. ഭട്ടതിരി അപ്പോൾ നിർമ്മിച്ചു ചൊല്ലിയതാണു്

“അവ്യഞ്ജനസ്താർക്ഷ്യകേതുര്യത്പദം ഘടയിഷ്യതി
തത്തേ ഭവതു കല്പാന്തം ദേവനാരായണ! പ്രഭോ!”
എന്ന മംഗലാശംസാശ്ലോകം. ‘താർക്ഷ്യകേതുഃ’ എന്ന പദത്തിൽനിന്നു വ്യഞ്ജനാക്ഷരങ്ങൾ തള്ളിയാൽ അവശേഷിക്കുന്നതു് ആയുഃ എന്ന പദമാണെന്നു പറയേണ്ടതില്ലല്ലോ. മഹാകവി അദ്ദേഹത്തെപ്പറ്റി രചിച്ചിട്ടുള്ള വേറേ ചില പദ്യങ്ങൾ കൂടി ഉദ്ധരിക്കുന്നു:

“ബ്രഹ്മക്ഷേത്രം കിലേദം മഹിതജനപദം
വിപ്രസംരക്ഷ്യമേവ
വ്യാതേനേ ജാമദഗ്ന്യസ്തദിദമൃഷിവര
സ്യാനുസന്ധായ ഭാവം
യസ്സ്വേനൈവേദമുർവീവലയമവികലം
ത്രായതേ, സോയമിന്ധേ
ശൂരാണാം താപസാനാമപി പരമപദേ
ദേവനാരായണോദ്യ.
ഗോത്രാഭ്യുദ്ധരണോദ്ധ്യുരസ്യ മഹതാ ചക്രേണ കൃത്തദ്വിഷോ
ലക്ഷ്മീം ഭൂമിമപി പ്രിയാം കലയതഃ സ്ഥാസ്നോർദ്വിജേന്ദ്രോപരി
ഭൂയശ്ശൂരകുലൈകഭൂഷണമണേർദ്ദേവേന നാരായണേ
നൈക്യം നിശ്ചിതമേവ നിശ്ചലധൃതേ! തേ ദേവനാരായണ.
കസ്യൈവം വിദിതം കലാവിലസിതം? കോന്യോബുധാനന്ദഭൂഃ?
കോ വാ വിഷ്ണുപദം സദൈവ ഭജതേ താരാനുസാരീ സ്വയം?
തസ്മാദത്ര ഭവന്തമേവ ഭുവനേ രാജാനമീക്ഷാമഹേ;
സ ത്വം കൈരവമാനനീയമഹിമാ ഹേ ദേവനാരായണ.
സംരുദ്ധേ ദേവനാരായണനൃപ, ഭവതാ
നാസ്തികാനാം പ്രചാരേ
ത്വത്സേനാ ഹന്ത ചാർവാകവദയി പരലോ
കോദയം ഖണ്ഡയന്തി
കാന്താരേ വൈരിണസ്തേ ക്ഷപണകജനവൽ
സപ്തഭംഗീം ഭജന്തേ
തേഷാം രാജ്യേ ച ഹീഹീ സുഗതമത ഇവ
ശ്രൂയതേ ശൂന്യവാദഃ.
സംഗ്രാമേ ദേവനാരായണധരണിപതേ!
നാമമാത്രാദമിത്രാ
വിത്രസ്താ വിദ്രവന്തശ്ശിവശിവ വിപിനേ
ക്വാപി ഗുഢം നിലീനാഃ
തത്രാമീ ദേവ നാരായണ ജയ ഭഗവ
ന്നിത്യുഷീണാമുദീർണ്ണാൻ
വർണ്ണാനാകർണ്ണയന്തശ്ചകിതമത ഇതഃ
കേവലം വ്യാവലന്തേ.”
ആ തമ്പുരാന്റെ ഗുണങ്ങളാൽ ആകൃഷ്ടനാകുകനിമിത്തമാണു് താൻ അദ്ദേഹത്തിന്റെ സന്നിധിയിൽ ചെന്നുചേർന്നതു് എന്നു ഭട്ടതിരി പ്രക്രിയാസർവസ്വത്തിൽ തുറന്നുപറയുന്നുണ്ടു്. 791 മകരം 2-ാം നുയാണു് മഹാകവി സർവസ്വം ആരംഭിച്ചതു്. അറുപതു ദിവസംകൊണ്ടു് ആ മഹത്തായ ശാസ്ത്രഗ്രന്ഥം പൂർത്തിയാക്കി മീനം 3-ാംനു- സമർപ്പിച്ചു. അക്കാലത്തെ ഭാരതീയ വൈയാകരണന്മാരിൽ അഗ്രഗണ്യനായ ഭട്ടോജിദീക്ഷിതർ അതിലെ

“രാസവിലാസവിലോലം ഭജത മുരാരേർമ്മനോരമം രൂപം,
പ്രകൃതിഷു യൽ പ്രത്യയവൽ പ്രത്യേകം ഗോപികാസുസമ്മിളിതം”
എന്ന വന്ദനശ്ലോകത്തിന്റെ പൂർവാർദ്ധം കേട്ടപ്പോൾ “ഈ വിടൻ എങ്ങനെ വൈയാകരണനാകും?” എന്നോർത്തു നെറ്റി ചുളിക്കുകയും ഉത്തരാർദ്ധം കേട്ടപ്പോൾ തന്റെ പ്രഥമാഭിപ്രായത്തിൽ ലജ്ജിച്ചു് അദ്ദേഹത്തെ തല കുലുക്കി ശ്ലാഘിക്കുകയും ചെയ്തതായി ഐതിഹ്യം ഘോഷിക്കുന്നു. ഭട്ടതിരി അമ്പലപ്പുഴവെച്ചാണു് ധാതുകാവ്യവും നിർമ്മിച്ചതു്. പാഞ്ചാലീസ്വയംവരം മുതലായ ചില ചമ്പുക്കളും മാനമേയോദയം എന്ന ന്യായഗ്രന്ഥത്തിലെ ‘മാന’ഭാഗവും നിർമ്മിച്ചതും അവിടെവെച്ചു തന്നെയാണു്. ഭട്ടതിരി അമ്പലപ്പുഴയിൽ താമസിക്കുമ്പോൾ ഒരു വിദേശപണ്ഡിതൻ മഹാരാജാവിനെ സന്ദർശിക്കുവാൻ അവിടെ ചെല്ലുകയും ഇപ്പോൾ മുഖം കാണിക്കാൻ സമയമാണോ എന്നു തന്നോടു ചോദിച്ചതിനു മറുപടിയായി അദ്ദേഹം

“ശ്രൂയതേ നീലകണ്ഠോക്തീ രാജഹംസശ്ച മോദതേ
കഃ കാല ഇതി നോ ജാനേ വാർഷികശ്ശാരദോപി വാ”
എന്നൊരു ശ്ലോകം പെട്ടെന്നു നിർമ്മിച്ചു ചൊല്ലുകയും അതു കേട്ടു് ആ പണ്ഡിതൻ “നീർതാനാ മേല്പുത്തൂർ” എന്നു ചോദിക്കുകയും ചെയ്തതായി പുരാവിത്തുകൾ പറയുന്നു. 796-ൽ തന്റെ ഗുരുനാഥനായ അച്യുതപ്പിഷാരടിയുടെ അന്ത്യകാലത്തിൽ ഭട്ടതിരി തൃക്കണ്ടിയൂരിൽ ചെന്നു് അദ്ദേഹത്തെ വീണ്ടും ശുശ്രൂഷിക്കുകയും പിഷാരടി ആസന്നമരണനായി ശിംഗഭൂപന്റെ രസാർണ്ണവസുധാകരമെന്ന അലങ്കാരഗ്രന്ഥത്തിലുള്ള

“കായേ സീദതി കണ്ഠരോധിനി കഫേ കുണ്ഠേ ച വാണീപഥേ
ജിഹ്മായാം ദൃശി ജീവിതേ ജിഗമിഷൗ ശ്വാസേ ശനൈശ്ശാമ്യതി
ആഗത്യ സ്വയമേവ നഃ കരുണയാ കാത്യായനീകാമുകഃ
കർണ്ണേ വർണ്ണയതാദു് ഭവാർണ്ണവഭയാദുത്താരകം താരകം.”
എന്ന പദ്യത്തിലെ ഉത്താരകം എന്ന പദംവരെ ഉച്ചരിക്കുകയും പിന്നീടു ശരീരസാദം നിമിത്തം വിരമിക്കവേ ഭട്ടതിരി ‘താരകം’ എന്ന പദം ചൊല്ലി തദ്ദ്വാരാ സ്വഗുരുവിനു പ്രാണോൽക്രാന്തിഘട്ടത്തിൽ താരകോപദേശം ചെയ്തു ചരിതാർത്ഥനാവുകയും ചെയ്തു. ‘ഹേ ശബ്ദാഗമ’ എന്ന ചരമശ്ലോകം ഞാൻ അന്യത്ര ഉദ്ധരിച്ചിട്ടുണ്ടു്.

സ്വർഗ്ഗാരോഹണം
ഇളയ കൊച്ചുകൃഷ്ണനാശാന്റെ കാലഗണന ശരിയാണെങ്കിൽ ഭട്ടതിരി നൂറ്റാറു വയസ്സുവരെ ജീവിച്ചിരുന്നു, കൊല്ലം 841-ൽ ചരമഗതിയെ പ്രാപിച്ചതായി സങ്കല്പിക്കണം. ‘അൻപത്തിമൂന്നു വയസ്സു്’ എന്നതിനു ‘നാല്പത്തിമൂന്നു വയസ്സു്’ എന്നൊരു പാഠഭേദമുള്ളതായി കേട്ടിട്ടുണ്ടു്. അതു ശരിയാണെങ്കിൽ 823-ാമാണ്ടായിരുന്നിരിക്കണം അദ്ദേഹത്തിന്റെ നിര്യാണം. 823-ാമാണ്ടു് മരിച്ചു എന്നു് ഊഹിക്കുകയാണു് യുക്തിയുക്തമായിട്ടുള്ളതു്. അന്ത്യകാലത്തു ഭട്ടതിരി മൂക്കോലയ്ക്കൽ ഭഗവതിയെ ഭജിച്ചു താമസിച്ചിരുന്നു എന്നും, അവിടെവെച്ചു് ആ ദേവിയുടെ പാദാരവിന്ദങ്ങളെ വർണ്ണിച്ചു ശ്രീപാദസപ്തതി രചിച്ചു എന്നും, തദനന്തരം മേലേക്കാവിൽനിന്നു ഭജനത്തിനായി പുറപ്പെട്ടു കീഴേക്കാവിന്റെ തെക്കുകിഴക്കേ മൂലവരെ എത്തിയപ്പോൾ വിഷ്ണുസായുജ്യം പ്രാപിച്ചു എന്നും അഭിജ്ഞന്മാർ പറയുന്നു. പ്രക്രിയാ സർവ്വസ്വം വായിച്ചു പുളകിതഗാത്രനായ ഭട്ടോജിദീക്ഷിതർ ഭട്ടതിരിയെ സന്ദർശിക്കുന്നതിനായി കാശിയിൽനിന്നു കേരളത്തിലേയ്ക്കു പുറപ്പെടുകയും മാർഗ്ഗമധ്യത്തിൽവെച്ചു് അദ്ദേഹം നിര്യാതനായ വിവരം അറിഞ്ഞു് ഏറ്റവും ദുഃഖിതനായി മടങ്ങിപ്പോവുകയും ചെയ്തുവത്രെ.

ഭട്ടതിരിയുടെ കൃതികൾ
ഭട്ടതിരിയുടെ കൃതികളെ (1) സ്തോത്രങ്ങൾ, (2) പ്രശസ്തികൾ, (3) ചമ്പുക്കളും മറ്റു കാവ്യങ്ങളും, (4) മുക്തകങ്ങൾ, (5) ശാസ്ത്രഗ്രന്ഥങ്ങൾ, (6) പലവക എന്നിങ്ങനെ ആറു വകുപ്പുകളായി വിഭജിക്കാവുന്നതാണു്. (1) നാരായണീയം, (2) ശ്രീപാദസപ്തതി, (3) ഗുരുവായുപുരേശസ്തോത്രം ഇവ ആദ്യത്തെ വകുപ്പിലും, (4) ഗോശ്രീനഗരവർണ്ണന, (5) മാടമഹീശപ്രശസ്തി, (6) ശൈലാബ്ധീശ്വരപ്രശസ്തി ഇവ രണ്ടാമത്തെ വകുപ്പിലും, (7) സൂക്തശ്ലോകങ്ങൾ, (8) ആശ്വലായനക്രിയാക്രമം, (9) പ്രക്രിയാസർവസ്വം, (10) ധാതുകാവ്യം, (11) അപാണിനീയപ്രാമാണ്യസാധനം, (12) മാനമേയോദയത്തിലെ മാനപരിച്ഛേദം, (13) തന്ത്രവാത്തികനിബന്ധനം ഇവ അഞ്ചാമത്തെ വകുപ്പിലും ഉൾപ്പെടുന്നു. നാലും ആറും വകുപ്പുകളിൽ അടങ്ങുന്ന പദ്യങ്ങൾ അസംഖ്യങ്ങളാണു്. മൂന്നാം വകുപ്പിൽ ഏതെല്ലാം ചമ്പുക്കളെയാണു് പരിഗണിക്കേണ്ടതെന്നു നിശ്ചയമില്ല. പട്ടേരിപ്രബന്ധങ്ങൾ പത്താണെന്നു് ഒരാഭാണകമുള്ളതു് അപ്രമാണമാണു്. പട്ടേരിക്കും പത്തിനും തമ്മിൽ പ്രാസവിഷയകമായുള്ള സാദൃശ്യമല്ലാതെ അതിനു് അടിസ്ഥാനമൊന്നുമില്ല. മഹാഭാരതാനുബന്ധികളായി (14) രാജസൂയം, (15) ദൂതവാക്യം, (16) പഞ്ചാലീസ്വയംവരം, (17) നാളായനീചരിതം, (18) സുന്ദോപസുന്ദോപാഖ്യാനം, (19) സുഭദ്രാഹരണം, (20) കൗന്തേയാഷ്ടകം, (21) കിരാതം, (22) കൈലാസവർണ്ണനം ഇവയും, ഭാഗവതാനുബന്ധികളായി (23) മത്സ്യാവതാരം, (24) നൃഗമോക്ഷം ഇവയും, രാമായണാനുബന്ധികളായി (25) നിരനുനാസികം അഥവാ ശൂർപ്പണഖാപ്രലാപം, (26) രാക്ഷസോൽപത്തി, (27) അഹല്യാമോക്ഷം, (28) ബാലകാണ്ഡം കഥ ഇവയും, ശൈവകഥാപ്രതിപാദകങ്ങളായി, (29) ദക്ഷയജ്ഞം, (30) ത്രിപുരദഹനം ഇവയും, കൂടാതെ (31) അഷ്ടമീചമ്പു, (32) സ്വാഹാസുധാകരം, (33) കോടിവിരഹം ഇവയും — ഇങ്ങനെ ഇരുപതു പ്രബന്ധങ്ങൾ ഭട്ടതിരിയുടെ കൃതികളാണെന്നു നിസ്സംശയം പറയാം. ഈ പ്രബന്ധങ്ങളിൽ കൈലാസവർണ്ണനവും അഹല്യാമോക്ഷവും ബാലകാണ്ഡകഥയും ഗദ്യമയവും, കൗന്തേയാഷ്ടകവും കോടിവിരഹവും പദ്യമയവുമാകുന്നു. കോടിവിരഹത്തിൽ (1) ‘തസ്മിന്നേവ സമയേ’ എന്നും (2) ‘ഇതി ബഹുവിധവികല്പദോലാധിരൂഢേകാന്തേ സാ തു’ എന്നും ഇങ്ങനെ പേരിനുമാത്രം രണ്ടു ഗദ്യഖണ്ഡങ്ങളേ കാണ്മാനുള്ളു. നിരനുനാസികത്തിൽ കവിയുടെ നാമമുദ്രയുള്ള ശ്ലോകം മുമ്പു് ഉദ്ധരിച്ചുവല്ലോ.

“നാരായണാഭിധമഹീസുരവര്യവക്ത്ര
ജൈവാതൃകാമൃതഝരീനികരായമാണം.
ഹൃദ്യം പ്രബന്ധമിദമദ്യ സമാപ്തമുദ്യദ്
ഗദ്യം സമസ്തമനവദ്യവിരാജിപദ്യം”
എന്നു ദൂതവാക്യത്തിലും

“ഗോവിന്ദമാനന്ദരസൈകസാന്ദ്ര
മാവന്ദ്യ നാരായണഭൂസുരേന്ദ്രഃ
നിർമ്മാതി ധർമ്മാത്മജരാജസൂയ
സമ്പന്മയം സംപ്രതി ചമ്പുകാവ്യം”
എന്നു രാജസൂയത്തിലും

“സ്വാഹാസുധാകരം നാമ പ്രബന്ധമതികോമളം
അകരോദചിരേണൈവ നാരായണമഹീസുരഃ”
എന്നു സ്വാഹാസുധാകരത്തിലും കവി താനാണു് ആ പ്രബന്ധങ്ങളുടെ പ്രണേതാവെന്നു സ്പഷ്ടമായി പറയുന്നു. ഇവയ്ക്കു പുറമേ (1) ഗജേന്ദ്രമോക്ഷം, (2) രുക്മാംഗദചരിതം, (3) വാമനാവതാരം, (4) അജാമിളമോക്ഷം, (5) സ്യമന്തകം, (6) കുചേലവൃത്തം, (7) പാർവതീസ്വയംവരം എന്നീ പ്രബന്ധങ്ങളുടേയും കർത്തൃത്വം അദ്ദേഹത്തിൽ ആരോപിക്കുന്നവരുണ്ടു്. കാളിദാസന്റെ കുമാരസംഭവത്തിൽനിന്നു് അനവധി ആശയങ്ങൾ അതേ നിലയിൽ പകർത്തിയിരിക്കുന്ന പാർവതീ സ്വയംവരം അന്യഥാ രമണീയമാണെങ്കിലും മഹാകവിയുടെ തൂലികയിൽനിന്നു വിനിർഗ്ഗമിച്ചതായി സങ്കല്പിക്കുവാൻ തോന്നുന്നില്ല. മഹാഭാരതകഥ ആദ്യവസാനം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു കൃതിയാണു് മഹാഭാരതചമ്പു. അതിൽ പാഞ്ചാലീസ്വയംവരം, സുഭദ്രാഹരണം, ദൂതവാക്യം തുടങ്ങി ഭട്ടതിരിയുടേതെന്നു സുപ്രസിദ്ധങ്ങളായ ഭാരതകഥാപ്രബന്ധങ്ങളെല്ലാം പരിപൂർണ്ണമായി ഉദ്ധരിച്ചിട്ടുണ്ടു്. ശേഷമുള്ള ഭാഗങ്ങൾ പുത്തനായി എഴുതിച്ചേർത്തുമിരിക്കുന്നു. പാഞ്ചാലീസ്വയംവരാദിപ്രബന്ധങ്ങൾക്കും അവയ്ക്കും തമ്മിൽ സാഹിത്യദൃഷ്ട്യാ യാതൊരു തരതമഭാവവും സഹൃദയന്മാർക്കു കാണാവുന്നതല്ല. പ്രസ്തുതചമ്പുവിൽ (1) ഭീഷ്മോത്പത്തി, (2) വ്യാസോത്പത്തി, (3) സത്യവതീപരിണയം, (4) ചിത്രാംഗദവധം, (5) അംബോപാഖ്യാനം, (6) ധൃതരാഷ്ട്രോത്പത്തി, (7) പാണ്ഡവോത്പത്തി, (8) ഹിഡിംബവധം, (9) ബകവധം, (10) പാഞ്ചാലീസ്വയംവരം, (11) നാളായനീചരിതം, (12) യുധിഷ്ഠിരാഭിഷേകം, (13) സുന്ദോപസുന്ദോപാഖ്യാനം, (14) സുഭദ്രാഹരണം, (15) ഖാണ്ഡവദാഹം, (16) ജരാസന്ധവധം, (17) ദിഗ്വിജയം, (18) രാജസൂയം, (19) ദ്യൂതം, (20) വനവാസം, (21) കിരാതം, (22) കല്യാണസൗഗന്ധികം, (23) നിവാതകവചവധം, (24) ഘോഷയാത്ര, (25) കർണ്ണകുണ്ഡലാപഹരണം, (26) അജ്ഞാതവാസം, (27) ദൂതവാക്യം, (28) ഭീഷ്മപർവം, (29) ദ്രോണപർവം, (30) കർണ്ണപർവം, (31) ശല്യപർവം, (32) ഗദാപർവം, (33) സുയോധനവധം, (34) സ്ത്രീപർവം, (35) അശ്വമേധപർവം, (36) മൗസലപർവം, (37) സ്വർഗ്ഗാരോഹണം എന്നിങ്ങനെ ഒട്ടുവളരെ വിഭാഗങ്ങൽ ഉൾക്കൊള്ളുന്നുണ്ടു്. “അത്രേരീക്ഷണശുക്തിമൗക്തികമണേഃ” എന്നു തുടങ്ങുന്ന പ്രസ്തുത ഗ്രന്ഥം

“സ്വർവന്ദിഗീതചരിതോ ധൃതദിവ്യദേഹൈ
സ്സർവൈസ്സ്വബന്ധുഭിരമാ സ മഹാനരേന്ദ്രഃ
അമ്ലാനകാന്തിരമരാലയമധ്യുവാസ
ധർമ്മാത്മജോ ഭുവനമംഗലകീർത്തിലക്ഷ്മീഃ”
എന്ന ശ്ലോകത്തോടുകൂടി അവസാനിക്കുന്നു. ഇതിനേക്കാൾ വിപുലവും ഹൃദയഹാരിയുമായ ഒരു ചമ്പു കേരളീയകൃതമായി ഇല്ല. ഇതും രാമായണചമ്പുവും ഭട്ടതിരി വാർദ്ധക്യകാലത്തു് ആവശ്യമുള്ള ഭാഗങ്ങൾ കൂടുതലായി രചിച്ചുചേർത്തു പരിപൂർണ്ണമാക്കിയിരിക്കണമെന്നു തോന്നുന്നു.

മഹാഭാരതചമ്പുവിൽ ബകവധം തുടങ്ങിയ ചില പ്രബന്ധങ്ങൾ ഒന്നിലധികം പാഠങ്ങളിൽ നമുക്കു ലഭിച്ചിരിക്കുന്നു. അവയിൽ ചില പാഠങ്ങൾ സങ്കുചിതങ്ങളും മറ്റു ചിലവവിസ്തൃതങ്ങളുമാകുന്നു. പെരുവനത്തു രാമൻനമ്പിയാർ പ്രസിദ്ധീകരിച്ചിട്ടുള്ള ബകവധത്തിൽ

“ദീർഘം ദ്വിജകുടുംബസ്യ ക്രന്ദിതം ദീർഘദർശിനീ
ക്രമപ്രവൃദ്ധമശ്രൗഷീൽ കുന്തിഭോജസ്യ നന്ദിനീ”
എന്നും ഒരു താളിയോലഗ്രന്ഥത്തിൽ

“അഥ ജാതു സൂനുഷു ഗതേഷു ഭിക്ഷിതും
സ്വയമാസ്ഥിതാ നിലയനേ പൃഥാശൃണോൽ
ദ്വിജപുംഗവസ്യ രുദിതം സഹപ്രിയാ
തനയസ്യ തഞ്ച സമപൃച്ഛദേത്യ സാ.”
എന്നും ഒരേ സംഭവത്തെ പരാമർശിച്ചു വിഭിന്നങ്ങളായ ശ്ലോകങ്ങൾ കാണുന്നു. ചാക്യാന്മാരുടേയും മറ്റും ദീർഘകാലത്തെ കൈപ്പെരുമാറ്റംകൊണ്ടു പ്രസ്തുതകൃതികൾ പല ആവാപോദ്വാപങ്ങൾക്കും പാത്രീഭവിച്ചിട്ടുണ്ടെന്നുമാത്രം ഇവിടെ സൂചിപ്പിക്കുവാനേ സ്ഥലസൗകര്യമുള്ളു. രാമായണത്തിനു മഹാഭാരതചമ്പുവിന്റെ മൂന്നിലൊന്നുപോലും വലിപ്പമില്ല. എങ്കിലും അതിന്റെ സ്ഥിതിക്കു് അതും ബൃഹത്തായ ഒരു കൃതിതന്നെയാണു്. അസാമാന്യമായ സ്വാരസ്യം ആ ചമ്പുവിനുണ്ടു്. യുദ്ധകാണ്ഡാവസാനംവരെയുള്ള രാമായണകഥ അതിൽ പ്രതിപാദിച്ചിരിക്കുന്നു. ഭട്ടതിരിയുടെ കൃതികളുടെ കൂട്ടത്തിൽ മനോഹരമായ അമരുകശതകത്തിലെ ‘പുഷ്പോദ്ഭേദമവാപ്യ’ എന്ന ശ്ലോകത്തിന്റെ വ്യാഖ്യാനവും ഭാഗവതം ഏകാദശസ്കന്ധത്തിൽ ‘യദ്യസജ്ജന്മ’ തുടങ്ങിയുള്ള മൂന്നു ശ്ലോകങ്ങളുടെ വ്യാഖ്യാനങ്ങളും ഋഗ്വേദത്തിലെ സൂക്തങ്ങളുടെ സംഖ്യയെപ്പറ്റി പ്രതിപാദിക്കുന്ന സൂക്തശ്ലോകങ്ങളും ചതുരംഗശ്ലോകങ്ങളും (ചതുരംഗത്തെപ്പറ്റി) കൂടി ഉൾപ്പെടുത്തേണ്ടതായിട്ടുണ്ടു്. ആശ്വലായനം, കൗഷീതം ഈ സൂത്രങ്ങളിലെ ചടങ്ങുകൾ സംഗ്രഹിച്ചു സ്രഗ്ദ്ധരാവൃത്തത്തിൽ ആയിരം ശ്ലോകങ്ങൾ വീതം ഉൾക്കൊള്ളിച്ചു് അദ്ദേഹം രണ്ടു കൃതികളും ഭസ്മനിഷേധം എന്നൊരു ഗ്രന്ഥവുംകൂടി നിർമ്മിച്ചിട്ടുള്ളതായി കേൾവിയുണ്ടു്. ഏതായാലും ആ മഹാപുരുഷൻ അൻപതിൽപ്പരം ഉത്തമഗ്രന്ഥങ്ങളുടേയും അസംഖ്യം മുക്തകങ്ങളുടേയും നിർമ്മാതാവാണെന്നു് അകുതോഭയമായി ഉൽഘോഷിക്കാവുന്നതാണു്. ഗ്രന്ഥവിസ്തരത്തിൽ വളരെ വൈമനസ്യമുണ്ടെങ്കിലും ഈ കൃതികളെപ്പറ്റിയുള്ള പരാമർശനം തീരെ വിട്ടുകളയണമെന്നു് ആഗ്രഹമില്ലാത്തതിനാൽ അല്പം ചിലതെല്ലാം ഉപന്യസിക്കാം.

ഭട്ടതിരിയുടെ കാവ്യശൈലി
അചുംബിതമായ ആശയപരമ്പര, അവയെ ആവിഷ്കരിക്കുന്നതിനു് അത്യന്തോപയുക്തമായ ശബ്ദകോശം എന്നിവ ഭട്ടതിരിക്കു് ഏതു സന്ദർഭത്തിലും സ്വാധീനമാണു്. വ്യാകരണം മുതലായ ശാസ്ത്രങ്ങളിൽ തനിക്കുള്ള അഭൗമമായ പാണ്ഡിത്യത്തെ പ്രകടിപ്പിക്കുന്നതിനും തദ്വാരാ ശ്ലേഷാനുപ്രാണിതങ്ങളായ വർണ്ണനങ്ങൾകൊണ്ടു പ്രൗഢന്മാരായ സഹൃദയന്മാരുടെ പരമാദരത്തെ ആവർജ്ജിക്കുന്നതിനും അദ്ദേഹത്തിനുള്ള സാമർത്ഥ്യം അന്യകവികളിൽ ഞാൻ കണ്ടിട്ടില്ല. അത്ര വലിയ തോതിൽ സ്തുതിക്കുവാനും നിന്ദിക്കുവാനും അദ്ദേഹത്തിന്റെ രസനയ്ക്കു് ഒന്നുപോലെ പ്രാഗല്ഭ്യമുണ്ടു്. ശൃംഗാരം, വീരം, ഹാസ്യം ഈ രസങ്ങളെക്കൊണ്ടും ഭക്തിഭാവത്തെക്കൊണ്ടും രസികജനങ്ങളുടെ ഹൃദയങ്ങളെ തരളീകരിക്കുന്ന വിഷയത്തിൽ അദ്ദേഹം അദ്വിതീയനാണു്. വിഷയസംഗ്രഹണത്തിൽ അദ്ദേഹം ഏതു കവിയേയും ജയിക്കുന്നു. പല ഗ്രന്ഥങ്ങളിൽനിന്നും ചുവടേ ഉദ്ധരിക്കുന്ന പദ്യഗദ്യങ്ങളിൽനിന്നു് ഈ വസ്തുതകൾ കരതലാമലകംപോലെ സ്പഷ്ടീഭവിയ്ക്കുമെന്നു വിശ്വസിയ്ക്കുന്നു.

28.2നാരായണീയം

ഭഗവൽസ്തോത്രപരമായ ഗ്രന്ഥസമൂഹം സംസ്കൃതത്തിൽ എന്നപോലെ അത്ര വിപുലവും ശ്രുതിമതിമധുരവുമായി മറ്റൊരു സാഹിത്യത്തിലുമില്ല. ആ സ്തോത്രങ്ങളിൽ ശങ്കരഭഗവൽപാദരുടെ സൗന്ദര്യലഹരിയ്ക്കു് അഗ്രപൂജാവകാശമുണ്ടെങ്കിലും അതു ഹ്രസ്വമാകയാൽ നാരായണീയവുമായുള്ള തുലനയെ അർഹിയ്ക്കുന്നില്ല. വേദാന്തദേശികരുടെ പാദുകാസഹസ്രം, വേങ്കടാദ്ധ്വരിയുടെ ലക്ഷ്മീസഹസ്രം മുതലായ കൃതികൾക്കു നാരായണീയത്തിന്റെ ആകർഷകത്വമുണ്ടെന്നു പറവാൻ ആരും സന്നദ്ധരാകുന്നതല്ല. ശബ്ദസുന്ദരമായ മൂകന്റെ പഞ്ചശതിയിൽ അർത്ഥം അത്യുൽകൃഷ്ടമെന്നോ പണ്ഡിതശ്ലാഘയ്ക്കു പര്യാപ്തമെന്നോ വാദിച്ചുനില്ക്കുവാൻ വൈഷമ്യമുണ്ടു്. എങ്ങനെ നോക്കിയാലും ഈശ്വരസ്തുതികളിൽ ‘ദ്വേധാ നാരായണീയം’ അതായതു് നാരായണകഥാപ്രതിപാദകവും നാരായണകവിനിർമ്മിതവും എന്നു ഭട്ടതിരിതന്നെ പറയുന്ന ഈ സ്തോത്രരത്നം അതിപ്രധാനമായി പരിശോഭിയ്ക്കുന്നു. ഭഗവാനെ നേരിട്ടു് അഭിസംബോധനംചെയ്തുകൊണ്ടു് കഥാകഥനം ചെയ്യുന്നതാണു കവിയ്ക്കു് ഏതദ്വിഷയകമായി സിദ്ധിച്ചിട്ടുള്ള മഹാവിജയത്തിന്റെ ഒരു രഹസ്യം. ചില ദശകങ്ങളിൽ പത്തിലധികം ശ്ലോകങ്ങളുള്ളതിനാൽ ആകെ ആയിരത്തി മുപ്പത്തിയാറു ശ്ലോകങ്ങൾ ഈ കൃതിയിലുണ്ടു്. ഭാഗവതപുരാണത്തിലെന്നതുപോലെ അതിന്റെ സാരസർവസ്വമായ ഈ ഗ്രന്ഥത്തിലും കലിയുഗത്തിൽ മോക്ഷസാധന സാമഗ്രിയിൽ വിഷ്ണുഭക്തിക്കുള്ള പാരമ്യത്തെയാണു് കവി പ്രതിഷ്ഠാപനം ചെയ്യുന്നതു്. ‘സോയം കാലേയകാലോ ജയതി മുരരിപോ യത്ര സങ്കീർത്തനാദ്യൈർന്നിര്യത്നൈരേവ മാർഗ്ഗൈരഖിലദ! നചിരാൽ ത്വൽപ്രസാദം ഭജന്തേ’ എന്ന പദ്യത്തിൽ അദ്ദേഹം സങ്കീർത്തനാദിമാർഗ്ഗങ്ങളിൽക്കൂടി വളരെ വേഗത്തിൽ ഭഗവൽപ്രസാദം നേടാവുന്ന കലികാലത്തെ പ്രകടമായി പ്രശംസിക്കുന്നു. വിഷ്ണുഭക്തിഹീനന്മാരായ ത്രൈവർണ്ണികന്മാരെപ്പറ്റി അദ്ദേഹത്തിനുള്ള അനാദരത്തിനു് അതിരില്ല.

“സ്ത്രീശൂദ്രാസ്ത്വൽകഥാദിശ്രവണവിരഹിതാ
ആസതാം തേ ദയാർഹാ
സ്ത്വൽപാദാസന്നയാതാൻ ദ്വിജകുലജനുഷോ
ഹന്ത! ശോചാമ്യശാന്താൻ
വൃത്ത്യർത്ഥം തേ യജന്തോ ബഹു കഥിതമപി
ത്വാമനാകർണ്ണയന്തോ
ദൃപ്താ വിദ്യാഭിജാത്യൈഃ കിമു ന വിദധതേ?
താദൃശം മാ കൃഥാ മാം.”
എന്ന പദ്യം നോക്കുക. തരം കിട്ടുമ്പോൾ മഹാവിഷ്ണുവിന്റെ ഉൽകർഷസ്ഥാപനത്തിനു വേണ്ടി ശ്രീപരമേശ്വരനെ ‘നഹിനിന്ദാ’ന്യായേന അല്പം തരംതാഴ്ത്തുവാൻപോലും അദ്ദേഹം മടിക്കുന്നില്ല. “സ ച ദിദേശ ഗിരീശമുപാസിതും, ന തു ഭവന്ത മബന്ധുമസാധുഷു” അതായതു് ‘നാരദമഹർഷി വൃകാസുരനോടു ശിവനെയല്ലാതെ ദുഷ്ടന്മാർക്കു ശത്രുവായ അങ്ങയെ ഉപാസിക്കുവാൻ ഉപദേശിച്ചില്ല’ എന്ന വൃകവധഘട്ടത്തിലുള്ള വാക്യം ഇതിനൊരു തെളിവാണു്. തൊണ്ണൂറാംദശകം മുഴുവൻതന്നെ വിഷ്ണുഭക്തി പ്രരോചനത്തിനുവേണ്ടി ഇതര ദേവന്മാർക്കുള്ള അപകർഷത്തെ പ്രദർശിപ്പിക്കുവാൻ മഹാകവി വിനിയോഗിക്കുന്നു. ‘ശ്രീശങ്കരോപി ഭഗവൻ’ എന്ന പദ്യത്തിൽ തന്റെ വാദത്തെ ഉറപ്പിക്കുന്നതിനുവേണ്ടി ഭഗവൽപാദരെ സാക്ഷിയാക്കുന്നു. കൃഷ്ണാവതാരത്തിന്റെ മഹിമാതിശയത്തെ എത്ര വർണ്ണിച്ചാലും അദ്ദേഹത്തിനു തൃപ്തി വരുന്നില്ല. ‘ത്വത്തോധികോ വരദ! കൃഷ്ണതനുസ്ത്വമേവ’ എന്നു നാരായണാവതാരത്തിൽ പറയുന്നു. ബാണയുദ്ധഘട്ടത്തിലുള്ള

“മുഹുസ്താവച്ഛക്രം വരുണമജയോ നന്ദഹരണേ
യമം ബാലാനീതൗ ദവദഹനപാനേഽനിലസഖം
വിധിം വത്സസ്തേയേ ഗിരിശമിഹ ബാണസ്യ സമരേ
വിഭോ! വിശ്വോൽകർഷീ തദയമവതാരോ വിജയതേ”
എന്ന പദ്യം ഭട്ടതിരിയുടെ ഈ മനോഭാവത്തിനു മൂർദ്ധാഭിഷിക്തോദാഹരണമാണു്. വിസ്തൃതങ്ങളായ കഥകൾ സംക്ഷേപിക്കുന്നതിനുള്ള ശക്തിക്കു 34, 35 ഈ രണ്ടു ദശകങ്ങളിലുള്ള രാമായണോപാഖ്യാനവും 86-ാംദശകത്തിലെ ഭാരതോപാഖ്യാനവും 92, 93, 94 ഈ മൂന്നു ദശകങ്ങളിലെ ഉദ്ധവോപദേശവും ഉത്തമദൃഷ്ടാന്തങ്ങളാണു്.

“ജിഷ്ണോസ്ത്വം കൃഷ്ണ സൂതഃ ഖലു സമരമുഖേ
ബന്ധുഘാതേ ദയാലും
ഖിന്നം തം വീക്ഷ്യ വീരം കിമിദമയി സഖേ!
നിത്യ ഏകോയമാത്മാ
കോ വധ്യഃ കോത്ര ഹന്താ? തദിഹ വധഭയം
പ്രോജ്ഝ്യ മയ്യർപ്പിതാത്മാ
ധർമ്മ്യം യുദ്ധം ചരേതി പ്രകൃതിമനയഥാ
ദർശയൻ വിശ്വരൂപം”
എന്ന ഒറ്റശ്ലോകത്തിൽ ഗീതാരഹസ്യം മുഴുവൻ സമഞ്ജസമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഭട്ടതിരിക്കു സംസ്കൃതശബ്ദങ്ങളുടെ മേലുള്ള ആധിപത്യം ഇത്രമാത്രമെന്നു പരിച്ഛേദിക്കുവാൻ പ്രയാസമുണ്ടു്. ആ വിഷയത്തിൽ സരസ്വതീദേവിയുടെ അനന്യസുലഭമായ അനുഗ്രഹത്തിനു് അദ്ദേഹം പാത്രീഭവിച്ചിരുന്നു.

“കേശപാശധൃതപിഞ്ഛികാവിതതി സഞ്ചലന്മകരകുണ്ഡലം
ഹാരജാലവനമാലികാലളിതമംഗരാഗഘനസൗരഭം
പീതചേലധൃതകാഞ്ചികാഞ്ചിതമുദഞ്ചദംശുമണിനൂപുരം
രാസകേളിപരിഭൂഷിതം തവ ഹി രൂപമീശ! കലയാമഹേ”
എന്നു രാസക്രീഡാവണ്ണനത്തിനു് ഉപക്രമിക്കുന്ന കവിതന്നെയാണു്,

“ഉത്സർപ്പദ്വലിഭംഗഭീഷണഹനുഹ്രസ്വസ്ഥവീയസ്തര
ഗ്രീവം പീവരദോശ്ശതോദ്ഗതനഖക്രൂരാംശുദൂരോല്ബണം
വ്യോമോല്ലംഘിഘനാഘനോപമഘനപ്രധ്വാന നിർദ്ധാവിത
സ്പർദ്ധാലുപ്രകരം നമാമി ഭവതസ്തന്നാരസിംഹം വപുഃ”
എന്നു നരസിംഹരൂപിയായ മഹാവിഷ്ണുവിനെ വന്ദിക്കുന്നതു്. അതാതു രസത്തിനു് അനുഗുണമായ പദധോരണി ഭട്ടതിരിയെപ്പോലെ മറ്റേതു കവിക്കാണു് വശവർത്തിനിയായിട്ടുള്ളതു്? സർപ്പാധിപനായ കാളിയന്റെ ഉപസർപ്പണം

“അഥ ദിക്ഷു വിദിക്ഷു പരിക്ഷുഭിത
ഭ്രമിതോദരവാരിനിനാദഭരൈഃ
ഉദകാദുദഗാദുരഗാധിപതി
സ്ത്വദുപാന്തമശാന്തരുഷാന്ധമനാഃ”
എന്ന പദ്യത്തിൽ പ്രപഞ്ചനം ചെയ്യുന്നു.

“അധിരുഹ്യ തതഃ ഫണിരാജഫണാൻ
നനൃതേ ഭവതാ മൃദുപാദരുചാ
കളശിഞ്ജിതനൂപുരമഞ്ജുമിളൽ
കരകങ്കണസംകുലസംക്വണിതം”
എന്ന ശ്ലോകത്തിൽ ആ ഫണിശിരസ്സുകളിൽ ഭഗവാൻ നർത്തനം ചെയ്യുമ്പോളുണ്ടാകാവുന്ന ശബ്ദം നമുക്കു ശ്രവണഗോചരമായി തോന്നിപ്പോകുന്നു.

“ഊർദ്ധ്വപ്രസാരിപരിധൂമ്രവിധൂതരോമാ
പ്രോൽക്ഷിപ്തബാലധിരവാങ്മുഖഘോരഘോണഃ
തൂർണ്ണപ്രദീർണ്ണജലദഃ പരിഘൂർണ്ണദക്ഷ്ണാ
സ്തോതൃൻ മുനീൻ ശിശിരയന്നവതേരിഥത്വം”
എന്ന പദ്യത്തിൽ കാണുന്ന ആദിവരാഹചിത്രം അനുവാചകന്മാരായ സഹൃദയന്മാരുടെ ഹൃദയഭിത്തികളിൽനിന്നു് ആയുരന്തത്തോളം മായുന്നതല്ല.

“സായം സ ഗോപഭവനാനി ഭവച്ചരിത്ര
ഗീതാമൃതപ്രസൃതകർണ്ണരസായനാനി
പശ്യൻ പ്രമോദസരിതേവ കിലോഹ്യമാനോ
ഗച്ഛൻ ഭവദ്ഭവനസന്നിധിമന്വയാസീൽ.
താവദ്ദദർശ പശുദോഹവിലോകലോലം
ഭക്തോത്തമാഗതിമിവ പ്രതിപാലയന്തം
ഭൂമൻ! ഭവന്തമയമഗ്രജവന്തമന്തർ
ബ്രഹ്മാൻഭൂതിരസസിന്ധുമിവോദ്വമന്തം.”
എന്നുംമറ്റുമുള്ള അക്രൂരാഗമവർണ്ണനം ആരെയാണു് കോൾമയിർക്കൊള്ളിക്കാത്തതു്? ഭട്ടതിരിയുടെ അലങ്കാരപ്രയോഗങ്ങളും അത്യന്തം രമണീയങ്ങളാകുന്നു.

“ഗ്രാമപ്രപാതപരിവിഷ്ടഗരിഷ്ഠദേഹ
ഭ്രഷ്ടാസുദുഷ്ടദനുജോപരി ധൃഷ്ടഹാസം
ആഘ്നാനമംബുജകരേണ ഭവന്തമേത്യ
ഗോപാ ദധുർഗ്ഗിരിവരാദിവ നീലരത്നം.”
ഇത്യാദി പദ്യങ്ങൾ പരിശോധിക്കുക. ഫലിതരസം ഊറുന്ന പൊടിക്കൈകൾ പല സ്ഥലങ്ങളിലും ദർശിയ്ക്കാവുന്നതാണു്.

‘ഗന്ധർവതാമേഷ ഗതോപി രൂക്ഷൈർനാദൈസ്സമുദ്വേജിത
സർവലോകഃ’ ‘ചിരാദഭക്താഃ ഖലു തേ മഹീസുരാഃ, കഥം
ഹി ഭക്തം ത്വയി തൈസ്സമർപ്യതേ?’ ‘ഗോപീകുചകലശചിര
സ്പർദ്ധിനം കുംഭമസ്യ’ (കുവലയാപീഡത്തിന്റെ)
“വിരഹേഷ്വംഗാരമയഃ ശൃംഗാരമയശ്ച സംഗമേ ഹി ത്വം
നിതരാമംഗാരമയസ്തത്ര പുനസ്സംഗമേപി ചിത്രമിദം”
ഇത്യാദി പ്രയോഗങ്ങൾ വായിച്ചാൽ ആരും ചിരിച്ചുപോകും.

ഭട്ടതിരിക്കു ഗുരുവായൂരപ്പന്റെ സാക്ഷാൽക്കാരം സിദ്ധിച്ചു എന്നു ഭക്തന്മാർ വിശ്വസിക്കുന്നു. “അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവലീലോഭനീയം” എന്നു തുടങ്ങുന്ന നൂറാമത്തെ ദശകം ആ സാക്ഷാൽകാരം ലഭിച്ച അവസരത്തിൽ ബഹിർഗ്ഗമിച്ച സ്തോത്രമാണെന്നാണു് ഐതിഹ്യം. രാജസൂയപ്രബന്ധം വ്യാഖ്യാനിക്കുമ്പോൾ വട്ടപ്പള്ളി പാച്ചുമൂത്തതു് “ഗുരുപവനപുരേന്വക്ഷമൈക്ഷിഷ്ട കൃഷ്ണം” എന്നു് അദ്ദേഹത്തെപ്പറ്റി വർണ്ണിക്കുന്നു. അങ്ങനെയുള്ള സർവ്വജ്ഞകല്പനായ മഹാകവിമൂർദ്ധന്യൻ “യൽകിഞ്ചിദപ്യവിദുഷാപി വിഭോമയോക്തം” എന്നും ‘അജ്ഞാത്വാ തേ മഹത്ത്വം യദിഹ നിഗദിതം വിശ്വനാഥ! ക്ഷമേഥാഃ’ എന്നും തന്റെ അനഭിജ്ഞതയെ ഉദീരണം ചെയ്യുന്നതു് അദ്ദേഹത്തിന്റെ വിശിഷ്ടമായ വിനയസമ്പത്തിന്റെ നിദർശനമായി മാത്രമേ അനുവാചകന്മാർ പരിഗണിക്കുകയുള്ളു.

നാരായണീയവ്യാഖ്യാ
നാരായണീയത്തിനു ഭക്തപ്രിയ എന്ന വ്യാഖ്യാനം മാത്രമേ പ്രാചീനമായുള്ള. അതു ദേശമംഗലത്തു് ഉഴുത്തിരവാരിയരുടേതാണെന്നു ചിലർ പറയുന്നുണ്ടെങ്കിലും ആ പ്രവാദം നിർമ്മൂലമെന്നാണു് തോന്നുന്നതു്. വാസുദേവൻ എന്നൊരു പണ്ഡിതനാണു് അതിന്റെ രചയിതാവെന്നു് ഒരു ഗ്രന്ഥമാതൃകയിൽ കാണുന്ന അധോലിഖിതമായ ശ്ലോകത്തിൽനിന്നു നമുക്കു ധരിക്കുവാൻ കഴിയും.

“സന്ദാനിതാൽ സരസരീതിപദാവലീഭിർ
ന്നാരായണീയമണിസമ്പുടതോർത്ഥജാതം
ശ്രീവാസുദേവവിവൃതിക്രമചിത്രയന്ത്ര
പ്രോദ്ഘാടിതാദുപഹരന്തു വിമുക്തിമൂല്യം.”
ഈ വാസുദേവന്റെ കാലദേശങ്ങളെപ്പറ്റി അറിവില്ല. സകല വിഷയങ്ങളിലും സംശയച്ഛേദിയായ ഒരു വ്യാഖ്യാനമല്ല ഭക്തപ്രിയ. ചില ശ്ലോകങ്ങൾക്കു് അർത്ഥം തീരെ ചുരുങ്ങിപ്പോയിരിക്കുന്നു. വ്യാകരണപ്രയോഗങ്ങളെപ്പറ്റി വ്യാഖ്യാതാവിനു യാതൊന്നും പറയുവാനില്ല. എങ്കിലും വേദാന്തഗന്ധികളായ ഭാഗങ്ങൾക്കു വിശദമായ അർത്ഥവിവരണമുണ്ടു്. ഓരോ സ്കന്ധത്തിലേയും കഥ ആരംഭിക്കുമ്പോൾ ഓരോ അവതരണശ്ലോകം ചേർത്തിട്ടുള്ളതു പ്രസ്താവനീയമാകുന്നു.

“വർണ്ണിതേ രാമചരിതേ കിമന്യൈശ്ചരിതൈരിതി
തൽപ്രധാനേശാനുകഥാ ലക്ഷ്യതേ നവമോദിതാ”
എന്നതു നവമസ്കന്ധത്തെ അവതരിപ്പിക്കുന്ന ശ്ലോകമാണു്.

28.3ശ്രീപാദസപ്തതി

ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ മൂക്കോലക്കൽ പാർവ്വതീദേവിയെ അഭിസംബോധന ചെയ്തുകൊണ്ടു് ആ ജഗന്മാതാവിന്റെ പാദാരവിന്ദങ്ങളെ വർണ്ണിക്കുന്ന സ്തോത്രമാകുന്നു ശ്രീപാദസപ്തതി. അർത്ഥചമൽക്കാരമാണു് ഈ സ്തോത്രത്തിൽ ഐദംപര്യേണ പ്രശോഭിക്കുന്നതു്. “സൈഷാ മുക്തിപുരീഗിരീന്ദ്രതനയാഭക്തേന നാരായണേനാ ബദ്ധാ ഖലു സപ്തതിർദ്ദിശതു വഃ കല്യാണഹല്ലോഹലം” എന്ന ഒടുവിലത്തെ ശ്ലോകത്തിന്റെ ഉത്തരാർദ്ധത്തിൽ കവി സ്വനാമധേയത്തെ ഘടിപ്പിച്ചിട്ടുണ്ടു്. മാതൃക കാണിയ്ക്കുവാൻ രണ്ടു പദ്യങ്ങൾ ചുവടെ ചേർക്കാം:

“ത്വൽപാദോജ്ജ്വലരൂപകല്പലതികാബാലപ്രവാളദ്വയം
യേ താവൽ കലയന്തി ജാതു ശിരസാ നമ്രേണ കമ്രോജ്ജ്വലം
തേഷാമേവ ഹി ദേവി! നന്ദനവനക്രീഡാസു ലഭ്യം പുന
സ്വർവല്ലീതരുണപ്രവാളഭരണം; സേവാനുരൂപം ഫലം.”
“ആനമ്രസ്യ പുരദ്രുഹശ്ശിരസി തേ പാദാബ്ജപാതശ്ശിവേ!
ജീയാദ്യേന ബഭൂവ പങ്കജവതീ മൗലിസ്രവന്തീ ക്ഷണം
കിഞ്ചോദഞ്ചിതബാലപല്ലവവതീ ജാതാ ജടാവല്ലരീ
ലാക്ഷാപാതവശേന സാന്ധ്യസുഷമാ സാന്ദ്രാ ച ചാന്ദ്രീ കലാ.”

28.4ഗുരുവായുപുരേശസ്തോത്രം

ഈ ചെറിയ കൃതിയിൽ മനോഹരങ്ങളായ പന്ത്രണ്ടു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. അവയിൽ നാലു ശ്ലോകങ്ങൾ അടിയിൽ പകർത്തുന്നു:

“ശ്രുത്വാ നിരസ്താഖിലദോഷമേനം
ത്രിദോഷശാന്ത്യൈ വയമാഗതാഃ സ്മഃ
അപി ത്വിദാനീം ഗുരുവായുനാഥം
സ്ഫുരച്ചതുർദ്ദോഷമമും പ്രതീമഃ”
“ചിത്രം ബതേദമനിലാലയനാഥ! യത്ത്വം
നിത്യം ഗദാനുകലിതോപി ഗദാൻ ജഹാസി
യദ്വാ ന ചിത്രമരിണാനുഗതോപി യത്ത്വം
തേനൈവ താവദരിസംഘമപാകരോഷി.”
“ഭക്തൗഘേഷു ധൃതാദരാം ധൃതദരാമേകത്ര ഹസ്താംബുജേ
പദ്മാധാരണപദ്മധാരണലസദ്വക്ഷഃകരാംഭോരുഹാം
ആത്തോദഗ്രസുദർശനാമപശമൈർദ്ദുർദ്ദശനാമദ്ഭുത
ച്ഛായാം കാമപി വായുമന്ദിരഗതാം ധ്യായാമി മായാമയീം”
“നഷ്ടാംഗപ്രസരാഃ പദക്രമകഥാഹീനാ നിലീനാഃ ക്വചി
ദ്വേദാ രോഗദശാം ഗതാ ഇവ പുരാ മീനാത്മകേന ത്വയാ
ദൈത്യച്ഛേദചികിത്സയൈവ നിതരാമുല്ലാഘതാം പ്രാപിതാഃ
പൂർണ്ണാംഗാഃ പ്രസരന്തി ഹന്ത! ഭുവനേ വാതാലയാധീശ്വര!”

28.5ഗോശ്രീനഗരവർണ്ണനം

അതിദീർഗ്ഘമായ ഒരു ഗദ്യമാണു് ഗോശ്രീനഗരവർണ്ണനം. “ഇഹ ഖലു ചരമജലധിപരമോത്തുംഗതരംഗസംഘസമാസ്ഫാലനഘോഷഭീഷണതര” എന്നിങ്ങനെയാണു് അതു് ആരംഭിക്കുന്നതു്. “ശ്യാമധവളശോണരുചിദീപ്രതരകൂർപ്പാസൈരാപ്രപദീനനി ഗുഹിതഗാത്രതയാ പ്രാവൃഡംഭോദൈശ്ശരദംഭോദൈസ്സന്ധ്യാംഭോദൈശ്ച സംഭൂയകുംഭിനീതലേ സംഭ്രമദ്ഭിരിവ ദൃശ്യമാനൈർന്നിതംബബിംബലംബിതകരാളകരവാളതയാ ദന്ദശൂകഭീമരൂപചന്ദനദ്രുമായ മാണതുംഗപാണ്ഡുവിഗ്രഹൈഃ കുഞ്ജഗർഭദൃശ്യമാനപക്വപൃഥുല ഡാഡിമീഫലായമാനൈഃ കഞ്ചുകാന്തകിഞ്ചിദവേക്ഷണീയ വിപാണ്ഡുരവദനബിംബൈഃ പാരസീകലോകൈഃ” എന്നു കൊച്ചിയിലെ പോർത്തുഗീസുഭടന്മാരെ കവി വർണ്ണിക്കുന്നു. അവിടത്തെ പണ്യവീഥിയുടെ അപദാനങ്ങളെ പ്രശംസിക്കുമ്പോൾ ഭട്ടതിരിക്കു് അത്യന്തം അഭിമതമായ ശ്ലേഷപ്രയോഗത്തിനും പഴുതു കിട്ടുന്നു. “ക്വചന ലീലാവതീവിഹാരേ ഷ്വിവ വരാടകാകണീപണാദിയോഗവിയോഗഗണനസമുദു് ഘോഷിതേഷു, കുഹചന തർക്കമാർഗ്ഗേഷ്വിവ ബഹുതരമാന വ്യവഹാരശാലിഷു, കുത്രചിൽ സമാസശാസ്ത്രേഷ്വിവാവ്യയീ ഭാവോദഞ്ചിതബഹുവ്രീഹിസഹിതതൽ പുരുഷാദ്യധിഷ്ഠിതേഷു” ഇത്യാദി പങ്ക്തികൾ നോക്കുക. ചില ഭാഗങ്ങൾ പദ്യഗന്ധികളാണു്. “പര്യന്തധരണിതലനിര്യന്ത്രണപ്രചലദതുല ബലസുഭടകുലസംരചിതചാരുതരകേളിസമരാ ലോക കൗതൂഹലാപതിതസകലജനസഹമിളിത യുവതികുലകുചകലശപരിമൃദിതപരമാംഗപരമപ്രമോദവശയുവപരിഷദവിരതപുരോഗത വിശേഷേ” എന്നും മറ്റുമുള്ള പങ്ക്തികൾ അതിനു് ഉദാഹരണങ്ങളാകുന്നു.

ഈ ഗദ്യത്തിൽത്തന്നെ കൊല്ലം 776 മുതൽ 790 വരെ കൊച്ചിരാജ്യം ഭരിച്ചിരുന്ന വീരകേരളവർമ്മമഹാരാജാവിന്റെ ഒരു പ്രശസ്തി ഉൾപ്പെടുന്നുണ്ടു്. “ക്ഷീരാംബുരാശിരിവാനന്തഭോഗസുഖിതപുരുഷോത്തമസേവിതഃ, ലവണാംബുരാശിരിവ നിരവധിലാവണ്യമയസ്വരൂപഃ, യദുവംശ ഇവ ശൗര്യാലം ബനോഗ്രസേനാശ്രിതഃ, ഹേഹയ ഇവ കൃതവീര്യസംഭവാർജ്ജുനയശോവിഭ്രഷിത ജനാർദ്ദന ഇവ നയനമിതം ദ്വാദശാത്മമണ്ഡലമുദ്വഹൻ…മാടക്ഷിതിവരോ വീരകേരളനാമാവിജയതേ” എന്നതു് ആ പ്രശസ്തിയുടെ ഒരു ഭാഗമാണു്. വീരകേരളവർമ്മമഹാരാജാവു കൊല്ലം 779-ൽ തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ തൊഴുതു കാണിക്കയിട്ടിട്ടുണ്ടു്. പ്രസ്തുതഗദ്യം അവിടുന്നു സന്തോഷപുരസ്സരം സ്വീകരിച്ചതായി മഹാകവിതന്നെ

“രചനാലലനാമുദ്യൽപദവിന്യാസകോമളാം
ഉരരീകൃതവാൻ ഹന്ത! രന്തും പ്രതിദിനം വിഭുഃ”
എന്ന ശ്ലോകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

28.6മാടരാജപ്രശസ്തി

ഭട്ടതിരി മറ്റൊരവസരത്തിൽ വീര കേരളമഹാരാജാവിനു കുറേ പദ്യങ്ങളും ഒരു ഗദ്യവും നിർമ്മിച്ചു സമർപ്പിക്കുകയുണ്ടായി. അന്നു സാമൂതിരിപ്പാടുമായുള്ള യുദ്ധം പ്രമാണിച്ചു മഹാരാജാവു തൃക്കണാമതിലകത്തു താമസിക്കുകയായിരുന്നു. പദ്യങ്ങൾ പതിനെട്ടോളമുള്ളതിൽ നാലെണ്ണം അടിയിൽ പകർത്താം:

“വിശ്വാലങ്കാരഭൂതസ്സ്വയമഭിരമസേ
നന്വലങ്കാരമാർഗ്ഗേ;
നീതൗ കാവ്യപ്രകാശഃ പുനരപി ഭജസേ
ചാരുകാവ്യപ്രകാശം;
തേനൈവം പൗനരുക്ത്യം ഭജസി യദധുനാ
രാജരത്നാംകുര ത്വം
തന്മന്യേ സാധു താവന്ന വര യമകതാ
മാദധാസി പ്രജാനാം.”
“ആചന്ദ്രാർക്കം ധരിത്ര്യാമിഹ പരിരമതാം
രക്തപദ്മാക്ഷവക്ഷഃ
സദ്മാവാസാനപേക്ഷഃ സ്വയമുപഗതപ
ദ്മാലയാലാളിതാത്മാ,
സോയം വിഷ്ഫൂർജ്ജദൂർജ്ജസ്വലഭുജമഹിമാ
ദുഷ്പ്രവേശപ്രതീപ
ക്ഷ്മാപവ്യുഹാടവീപാടനരഭസമഹാ
പാടവീ മാടവീരഃ.”
“ശ്വേതാദ്വൈതകരേണ താവകയശഃപൂരേണ മാടപ്രഭോ!
വർണ്ണാളീ വിവിധാപി നാമ ഭുവനേഷ്വഹ്നായനിഹ്നൂയതേ;
നിശ്ശേഷഞ്ച പദം ത്വയാ ഖലു ഹൃതം സദ്യഃ പരേഷാമഹോ
തസ്മാദ്വർണ്ണപദപ്രസംഗവിലയേ പദ്യം കഥം ഗദ്യതേ?”
“ശ്വേതീകുർവതി സർവതസ്ത്രിജഗതീം
ത്വൽകീർത്തിപൂരേധുനാ
മാടക്ഷ്മാവര! സത്യമാപണജൂഷാം
ഭൂയാൻ വിഷാദോദയഃ;
രത്നാനി സ്ഫടികീകൃതാനി;
കനകൈസ്സംപ്രാപ്യതേ രൂപ്യതാ;
യാതാ ച പ്രചുരാ ദുകൂലപടലീ
ധൗതാംബരാഡംബരം.”
ഗദ്യത്തിൽനിന്നും ചിലപംക്തികൾകൂടി ഉദ്ധരിക്കാം: “ജയ ജയ ജയ യശഃപരിമളപരിമിളദനേകാനീകശതസേവിതതമേ, വിതതമേരുശൃംഗതുംഗഗാംഗേയഗോപുരവിരാജിതേ…ശാരദാം ബുധരശർവപർവതസുപർവനദീപ്രകാശാം, ദീപപ്രകാശാഞ്ചല സമാനാം, സമാനാംഭോജവൈരിസാധർമ്മ്യസന്തതസമുന്മീലിത കൈരവപ്രപഞ്ചകോരകാം, ചകോരകാംഗനാകുലാഭംഗസമ്മദകരീം, മദകരീന്ദ്രദന്തപ്രരോഹസിതാം, ഹസിതാംബികാപതി കായശോഭാം, യശോഭാം പ്രതന്വാന, പ്രതന്വാനമിതഭ്രൂ വല്ലിമാത്രനിയമിതകുരുകുരൂരകുന്തി കുന്തളമാളവസൗവീരകേരള, വീരകേരള…” ഇത്തരത്തിൽ ഒരു പദത്തിലെ അന്തിമാക്ഷരങ്ങൾ അടുത്ത പദത്തിലെ ആദിമാക്ഷരങ്ങളാക്കി രചിക്കുന്ന ഗദ്യത്തിനു ശൃംഖലാഗദ്യമെന്നു പേർ പറയുന്നു.

28.7ശൈലാബ്ധീശ്വരപ്രശസ്തി

ഇത്രമാത്രം ദീർഗ്ഘമല്ലാത്തൊരു ശൃംഖലാഗദ്യം അന്നത്തെ സാമൂതിരിരാജാവിനെപ്പറ്റിയുമുണ്ടു്. അതാണു് ശൈലാബ്ധീശ്വരപ്രശസ്തി എന്ന പേരിൽ അറിയപ്പെടുന്നതു്. “ജയ ജയ ജയ ലക്ഷ്മീനിവാസവലഭേ! വലഭേദനപ്രമുഖനിഖിലവൃന്ദാരകവൃന്ദസംഭാവിതപരാക്രമ, പരാക്രമണോർജ്ജിതസാരഭുജദണ്ഡ, ദണ്ഡനീയജനമർദ്ദന നിർദ്ദയഹൃദയാംബുജ, ദയാംബുജഹിമശീതളഹൃദയ, സഹൃദയ ജനമനഃപുണ്ഡരീകഷണ്ഡചണ്ഡകര” എന്നിങ്ങനെയാണു് അതിന്റെ ഗതി.

28.8മുക്തകങ്ങൾ

ഭട്ടതിരിയുടെ ഒറ്റശ്ലോകങ്ങൾ അസംഖ്യേയങ്ങളാണു് എന്നു പറഞ്ഞുവല്ലോ. മാതൃക കാണിക്കുവാൻ അവയിൽ ചിലതു ചുവടേ പകർത്തുന്നു.

1 അമ്പലപ്പുഴ ശ്രീകൃഷ്ണൻ

“നാലം ബാലമൃഗീദൃശാം കുചതടാ
ദ്വ്യാവർത്തിതും കുത്രചി
ന്നാലം വാ സരസേഷു കാവ്യസരസാ
ലാപേഷ്വനാലോചിതും
ലോലം മേ ഹൃദയം തഥാപി ഗഗന
സ്രോതസ്വിനീസംഗിനം
ലോലംബദ്യുതിലോഭനീയവപുഷം
ബാലം ബതാലംബതേ.”
2 വൈക്കത്തപ്പൻ

“ധാമാനി വ്യാഘ്രപുര്യാം പ്രകടിതനിജഭൂ
മാനി നിത്യം പ്രപുഷ്യദ്
ഗംഗാസംഗത്വരാണി, ക്ഷിതിധരസുതയാ
സാധു സംഗത്വരാണി,
ഏതാനി സ്ഫീതഫാലേക്ഷണദഹനശിഖാ
ഗാഢലീഢസ്മരാണി,
വ്യാമൂഢൈരസ്മരാണി, പ്രണതജനതമോ
ഘസ്മരാണി, സ്മരാണി.”
3 ചെറുമന്നത്തു ശിവൻ

“സ്ഥാണുസ്സന്നപി നന്വഹോ! ബഹുതരൈ
ശ്ശാഖാശതൈർല്ലക്ഷ്യസേ;
ദക്ഷധ്വംസകരോപി വിശ്വഭരണേ
ത്വം ദക്ഷ ഏവ സ്വയം;
സർവജ്ഞോപി ച ബാലമന്ദനിലയേ
ലീലായസേ; കിന്ന്വിദം
വൈഷമ്യം ചരിതേഷു വിസ്ഫുരതി തേ
ഭൂതേശ! നേത്രേഷ്വിവ.”
4 കുമാരനല്ലൂർ ഭഗവതി

“ഭാഷന്തേ ഭസ്മലേപം തവ സിതഹസിത
ച്ഛായമേവ സ്മരാരേഃ;
ഫാലം തേ നാകനദ്യാം പ്രതിഫലിതമഹോ!
ബാലചന്ദ്രം വദന്തി;
നീലം തേ ബാഹുവല്ലീരുചിഭരമനിശം
ഗാഢകണ്ഠഗ്രഹേഷു
വ്യാലീനം തം കുമാരീപുരഗിരിതനയേ!
ഹാലമിത്യാലപന്തി.”
5 വടക്കുംകൂർ ഗോദവർമ്മരാജാവു്

“ത്വദ്ധാമ്നാ കാഞ്ചനാദ്രൗ ദ്രവതി സുരഗണാഃ
പ്രാപുരാർത്താ വിരിഞ്ചം;
സോയം പ്രാഗേവ ശംഭും ശരണമുപഗതഃ
പങ്കജമ്ലാനിഖിന്നഃ;
ശംഭുഃ പ്രഗേവ യാതോ രജതഗിരിവിനാ
ശാകുലഃ പദ്മനാഭം;
സോപി ക്ഷീരാബ്ധിശോഷാദവശമതിരഗാ
ത്ത്വന്മനീഷാം വിശാലാം.”
6 സ്ത്രീചാടു

“ആസ്താം പീയൂഷലാഭസ്സുമുഖി! ഗരജരാ
മൃത്യുഹാരീ പ്രസിദ്ധ
സ്തല്ലാഭോപായചിന്താപി ച ഗരളജൂഷോ
ഹേതുരുല്ലാഘതായാഃ;
നോ ചേദാലോലദൃഷ്ടിപ്രതിഭയഭുജഗീ
ദഷ്ടമർമ്മാ മുഹുസ്തേ
യാമേവാലംബ്യ ജീവേ കഥമധരസുധാ
മാധുരീമപ്യജാനൻ?”
7 ശ്ലേഷസുന്ദരമായ ഒരു ശൃംഗാരശ്ലോകം

“നാരായണീയാ കരുണാ മനോജ്ഞാ
സൈവാർത്ഥനീയാ സുരതോത്സുകാനാം
പുണ്യേന ലഭ്യാ യദി ലഭ്യതേഽസാ
വസുവ്യയോപ്യുത്സവ ഏവ നൃണാം.”
ഇതു് അമ്പലപ്പുഴവച്ചുണ്ടാക്കിയ ഒരു ശ്ലോകമാണെന്നു കേട്ടിട്ടുണ്ടു്.

8 രോഗങ്ങളോടു്

“ഹേ രോഗാ നനു യൂയമേവ സുഹൃദോ യൈർന്നിസ് ഹോഹം കൃതഃ
കാവ്യാലംകൃതിതർക്കകോവിദസഭായോഗേഷു ഭോഗേഷു ച
നോ ചേൽ കൃഷ്ണപദാരവിന്ദഭജനം വേദാന്തചിന്താമപി
ത്യക്ത്വാ ശ്വ ശ്വ ഇതി ഭ്രമാദഹരഹോ യാമ്യേവ യാമ്യാം പുരീം.”
9 പുന്നത്തൂർ കോട്ടയിൽ കൂടിയാട്ടത്തിന്നു കൂട്ടുകാർ വിളിച്ചപ്പോൾ

“യഃ കൃത്വാ വിശ്വരംഗം രജനിയവനികം
പ്രോജ്ജ്വലദ്ഭാനുദീപം
ശശ്വത്സന്തുഷ്ടസംപ്രേക്ഷകമഖിലജഗദ്
ഭ്രാന്തിനാട്യം വിതത്യ
കർമ്മൗഘോച്ചണ്ഡമാർദ്ദംഗികലയവശഗാൻ
വാസനാഗാനസക്താൻ
ജീവച്ഛാത്രാൻ മുകുന്ദസ്സ്വയമഭിരമതേ
ക്രീഡയൻ സോഽസ്തു ഭൂത്യൈ.”
10 786 മിഥുനത്തിൽ ഭാരതപ്പുഴ കവിഞ്ഞൊഴുകിയതിനെപ്പറ്റി

“നദീപുഷ്ടിരസഹ്യാ നു നഹ്യസാരം പയോജനി;
നിജാൽ കുടീരാൽ സായാഹ്നേ നഷ്ടാർത്ഥാഃ പ്രയയുർജ്ജനാഃ.”
ഇതിൽ ‘നദീപുഷ്ടിരസഹ്യാ’ എന്ന ഭാഗം കലിദിന സൂചകമാണു്.

28.9ചമ്പൂപ്രബന്ധങ്ങൾ

കേരളത്തിൽ ചാക്യാന്മാരുടേയും പാഠകന്മാരുടേയും കഥാപ്രസംഗപരിപാടി അന്യത്ര അദൃശ്യവും അതുകൊണ്ടു കേരളീയർക്കു ലഭിച്ചിട്ടുള്ള സംസ്കാരസമ്പത്തു് അത്യന്തം മഹനീയവുമാണെന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. പുനംനമ്പൂരിയും മറ്റും മണിപ്രവാളചമ്പുക്കൾ നിർമ്മിച്ചപ്പോൾ അവയും ഭോജചമ്പു മുതലായ സംസ്കൃതപ്രബന്ധങ്ങൾക്കു പുറമേ, അവർ പ്രവചനത്തിനായി ഉപയോഗിച്ചുതുടങ്ങിയിരിക്കണം. എന്നാൽ അവരുടെ പ്രത്യേകാവശ്യത്തിനുവേണ്ടി നിർമ്മിതങ്ങളല്ലാത്ത അത്തരത്തിലുള്ള സംസ്കൃതകൃതികൾകൊണ്ടു് അവർക്കോ, മണിപ്രവാളകൃതികൾകൊണ്ടു് അന്നത്തെ പണ്ഡിതന്മാർക്കോ, പരിപൂർണ്ണമായ സംതൃപ്തിക്കു മാർഗ്ഗമില്ലായിരുന്നു. ആ ദശാസന്ധിയിലാണു് കുട്ടഞ്ചേരി ഇരവിച്ചാക്യാർ തന്റെ പ്രിയസുഹൃത്തായ ഭട്ടതിരിയോടു ചാക്യാന്മാർക്കു കഥാപ്രസംഗത്തിനായി ഏതാനും സംസ്കൃതചമ്പുക്കൾ രചിക്കണമെന്നു് അപേക്ഷിക്കുകയും ആ അപേക്ഷയെ അത്തരത്തിലുള്ള കാവ്യനിർമ്മിതിക്കു സർവഥാ അധികാരിയായ ഭട്ടതിരി ആദരപൂർവം അംഗീകരിക്കുകയും ചെയ്തതു്. പ്രബന്ധസാമ്രാജ്യത്തിൽ രസംകൊണ്ടു രാമായണചമ്പുവിൽ ഭോജനും, ഉല്ലേഖംകൊണ്ടു ഭാരതചമ്പുവിൽ അനന്തഭട്ടനും, ശ്ലേഷംകൊണ്ടു നളചമ്പുവിൽ ത്രിവിക്രമഭട്ടനും, ഫലിതംകൊണ്ടു നീലകണ്ഠവിജയത്തിൽ നീലകണ്ഠദീക്ഷിതരും, ഓരോ പ്രകാരത്തിൽ അധിരാജപദത്തിനു് അവകാശികളാണെങ്കിലും സർവപഥീനമായ ഉപാധികൊണ്ടു തുലനംചെയ്യുകയാണെങ്കിൽ ഭട്ടതിരി ആ വശ്യവചസ്സുകളെയെല്ലാം അനായാസേന ജയിച്ചു് ആ സാമ്രാജ്യത്തിൽ ഏകച്ഛത്രാധിപതിയായി പരിലസിക്കുന്നതു ഭാവുകന്മാർക്കു പ്രേക്ഷിക്കാവുന്നതാകുന്നു. മഹാകവിയുടെ പൂർവമീമാംസാപാണ്ഡിത്യത്തിനു രാജസൂയവും, കവനകലാപാടവത്തിനു സുഭദ്രാഹരണവും, നിരീക്ഷണവിചക്ഷണതയ്ക്കു് അഷ്ടമീചമ്പുവും, ഔചിത്യബോധത്തിനു ദൂതവാക്യവും മൂർദ്ധാഭിഷിക്തോദാഹരണങ്ങളാണു്. ബാലഭാരതം, ഭാരതചമ്പു എന്നീ രണ്ടു ഗ്രന്ഥങ്ങളിൽനിന്നു ധാരാളമായും ശിശുപാലവധം, വേണീ സംഹാരം മുതലായ ഇതരകൃതികളിൽനിന്നു് അവസരം പോലെയും പല പ്രബന്ധങ്ങളിൽ പദ്യഗദ്യങ്ങൾ കവി ഉദ്ധരിച്ചുചേർത്തിട്ടുണ്ടു്. ഈ വിഷയത്തിൽ ഭട്ടതിരി പുനത്തിന്റെ രീതിയെ അനുകരിക്കുകയാണു് ചെയ്തിട്ടുള്ളതു്. ആ ദോഷം തീരെ ഇല്ലാത്തതു നിരനുനാസികത്തിലും സുഭദ്രാഹരണത്തിലും മാത്രമാകുന്നു. രാജസൂയത്തിൽപ്പോലും അതിന്റെ അത്യല്പമായ ലാഞ്ഛനയുണ്ടു്. അനന്തരകാലികന്മാരായ കഥാപ്രവക്താക്കളുടെ ഹസ്തലാഘവമാണു് അവയിൽ ചില ശ്ലോകങ്ങളുടെ ആവാപത്തിനു കാരണമെന്നു സമർത്ഥിക്കാവുന്നതാണെങ്കിലും അത്തരത്തിൽ ഒരു സമാധാനം സർവഘട്ടങ്ങളിലും സംക്രമിപ്പിക്കാവുന്നതല്ല. എന്നാൽ താദൃശമായ ഋണാംശമെല്ലാം തട്ടിക്കഴിച്ചുനോക്കിയാലും അവശേഷിക്കുന്നതു മഹാമേരുപ്രമാണമായ ഒരു വാങ്മയസമ്പത്താണെന്നുള്ള തത്വം നാം ഒരിക്കലും മറന്നുപോകരുതു്. ഭട്ടതിരി ആദ്യമായി രചിച്ച പ്രബന്ധം ശൂർപ്പണഖാപ്രലാപമായിരിക്കാം. സുഭദ്രാഹരണവും ഇരവിച്ചാക്ക്യാർക്കുവേണ്ടി രചിച്ചതായാണു് ഐതിഹ്യം. നിരനുനാസികപ്രബന്ധത്തിന്റെ അർത്ഥം അദ്ദേഹം നിരനുനാസികമായിത്തന്നെയാണു് സദസ്യന്മാർക്കു ചൊല്ലിക്കേൾപ്പിച്ചതെന്നും അനുനാസികാതിപ്രസരത്തിനു പ്രസിദ്ധമായ മലയാളഭാഷയിൽ അങ്ങനെ ഒരു അത്ഭുതവിദ്യ കാണിച്ച അദ്ദേഹത്തെ ഭട്ടതിരി ഉള്ളഴിഞ്ഞു് അഭിനന്ദിച്ചു എന്നും അതിലെ ‘ഹാ! ഹാ! രാക്ഷസരാജ! ദുഷ്പരിഭവഗ്രസ്തസ്യ ധിക്തേ ഭുജാഃ’ എന്ന ശ്ലോകത്തിൽ ‘ഭുജാഃ’ എന്നു കവി പ്രയോഗിച്ചതു നിരനുനാസികത്വം പരിപാലിക്കുന്നതിനുവേണ്ടിയാണെങ്കിലും ‘ജ്യേഷ്ഠ! ഈ ഭുജകൾ—പൌരുഷമില്ലാത്ത കൈകൾ’ എന്നു് അദ്ദേഹം മറ്റൊരിക്കൽ അർത്ഥം പ്രപഞ്ചനംചെയ്തപ്പോൾ ‘ചാക്ക്യാരെ! ഈ അർത്ഥം ഞാൻ കരുതിയതല്ല’ എന്നു ഭട്ടതിരി പറഞ്ഞു എന്നും കേട്ടുകേൾവിയുണ്ടു്. ‘ഭുജാഃ’ എന്നു സ്ത്രീലിംഗത്തിൽ ‘ഭുജാൻ’ എന്നു പുല്ലിംഗത്തിലെന്നപോലെ പ്രയോഗിക്കാമല്ലോ. സുഭദ്രാഹരണം എഴുതിയ ഏടു് ആ ചാക്ക്യാരുടെ പക്കൽനിന്നു് ഇരിങ്ങാലക്കുട അമ്പലത്തിൽവച്ചു് ആരോ മോഷ്ടിച്ചുകൊണ്ടു പോകയാൽ തദനന്തരം അവിടെ കൂത്തും കഥാപ്രസംഗവും ഇല്ലാതെയായി എന്നു പഴമക്കാർ പറഞ്ഞുവരുന്നു. അതിന്റെ സൂക്ഷ്മസ്ഥിതി അവിജ്ഞാതമാണു്.

28.10ഭട്ടതിരിയുടെ പ്രബന്ധങ്ങളിലെ കാവ്യശൈലി

ചില പദ്യഗദ്യങ്ങൾ ആദ്യമായി ഉദ്ധരിക്കാം.

1 യുധിഷ്ഠിരൻ ഏകചക്രയിലെ ബ്രാഹ്മണനോടു്
“ധർമ്മാൽ ഖ്യാതതമേ ദ്വിജാധിപകുലേ ജാതോഹമേഷാ ച മേ
മാതാ, പാവനജന്മതാമഭിവഹൻ നന്വേഷ മേ സോദരഃ,
കിഞ്ചാഖണ്ഡലസൽപ്രമോദജനകോ ഭ്രാതാ മമായം പരോ,
നാസത്യോദിതമത്ര വിദ്ധി സഹജദ്വന്ദ്വം മമൈതാവപി.”(പാഞ്ചാലീസ്വയംവരം)
കവി ശ്ലേഷപ്രയോഗംകൊണ്ടു് ഈ ശ്ലോകത്തിൽ ധർമ്മപുത്രരുടെ സത്യസന്ധത എങ്ങനെ പരിപാലിക്കുന്നു എന്നു നോക്കുക. ചെമ്പകശ്ശേരി രാജാവു് ഇതിലെ ‘നാസത്യോദിത’പദത്തിന്റെ സ്വാരസ്യം കണ്ടു് ആനന്ദപരവശനായി ഭട്ടതിരിക്കു രണ്ടു കൈക്കും വീരശൃംഖല സമ്മാനിച്ചുവത്രേ.

2 പാഞ്ചാലനഗരം
“സമ്മൃഷ്ടോൽഫുല്ലപുഷ്പാവലിഖചിതമഹാ
ചത്വരാം സത്വരാണാം
ഗച്ഛന്തീനാം വധൂനാം മുഖരിതകകുഭം
മഞ്ജുമഞ്ജീരനാദൈഃ
സ്ഫായദ്ഭേരീനിനാദാം വിവിശുരഥ പുരീം
താമുദഞ്ചൽപതാകാ
പൂരാമാരബ്ധനാനാനടവരപടലീ
താണ്ഡവാം പാണ്ഡവേയാഃ.”(പാഞ്ചാലീസ്വയംവരം)

3 ശ്രീകൃഷ്ണന്റെ കോപം

“താവദ്ദേവസ്യ ദേഹാജ്ഝടിതി പടുതടിൽ
കോടിവൽ താഡിതാക്ഷഃ
സംഹാരോന്നിദ്രരുദ്രസ്ഫുടനിടിലശിഖി
ജ്വാലജാലപ്രകാശഃ
കല്പാന്തക്രൂരസൂരോൽകരകിരണസമാ
ഹാരഘോരസ്സമന്താ
ദാരുന്ധാനസ്സഭാം താം നിരപതദതുലഃ
കോപി തേജസ്സമൂഹഃ.”(ദൂതവാക്യം)

4 അർജ്ജുനന്റെ വിരഹതാപം
“താവന്നീലനിരന്തരാ ജലധരാ ഹൃദ്യാശ്ച വിദ്യുല്ലതാ
ഹാസാ നൂതനമാലതീസുമനസാം കേകാരവാഃ കോമളാഃ
ഏകൈകം സ്മരയന്ത ഏവ ദയിതാമിന്ദ്രാത്മജസ്യാഭവ
ന്നാശ്വാസായനു, ലോഭനായനു, പുനസ്താപായ മോഹായ വാ?”(സുഭദ്രാഹരണം)

5 കുചേലന്റെ പ്രത്യാഗമനം
“പ്രാംശുപ്രാസാദപാളീശിഖരപരിലസ
ത്തുംഗരൂപീശിഖാഗ്ര
പ്രത്യുപ്താനർഗ്ഘരത്നപ്രസരദുരുഘൃണി
ശ്രേണിശോണീകൃതാശം
ആശ്ചര്യാദ്വൈതമക്ഷ്ണാം കിമപരമപര
ദ്വാരകാകാരമാരാ
ദാത്മാഗാരം പ്രപശ്യൻ കിമിദമിതി പരാ
മാപ ചിന്താം ദ്വിജന്മാ.”(കുചേലവൃത്തം)

6 ദേവസ്ത്രീകളുടെ ഗാനം
“ചതുർമ്മുഖനിതംബിനീകരതലോല്ലസദ്വല്ലകീ
നിനാദമധുരാ സുധാരസഝരീധുരീണസ്വരാഃ
വിരേജുരതിപേശലം വികചമല്ലികാവല്ലരീ
മരന്ദരസമാധുരീസരസരീതയോ ഗീതയഃ”(അഷ്ടമീചമ്പു)

7 ത്രയീദേവിയുടെ അപഹരണം
“ഉദ്യത്താരാഭിരാമാം വിധിമയവദനാ
ലക്ഷ്യകാമാനുബന്ധാം
സോയം പ്രൗഢാർത്ഥവാദപ്രചയകചഭരാം
ചാരുമന്ത്രാനുലാപാം
ഗുഢാദ്വൈതപ്രകാശാത്മകഗുരുജഘനാ
മുല്ലസൽപാദശോഭാ
മാപൂർണ്ണാംഗീം ത്രിവേദീസുദൃശമപഹരൻ
പൂർണ്ണകാമോ ബഭൂവ.”(മത്സ്യാവതാരം)

8 ജാബവാൻ
“കുപ്യന്നക്തഞ്ചരാധീശ്വരഭുജനിവഹോ
ത്സൃഷ്ടനാനാവിധാസ്ത്ര
ശ്രേണീഘോരപ്രഹാരവ്രണകിണകഠിനീ
ഭൂതവിസ്തീർണ്ണവക്ഷാഃ
അദ്രീന്ദ്രോദഗ്രവർഷ്മാ മുഖകുഹരപരി
സ്പഷ്ടദംഷ്ട്രാകരാളഃ
പ്രാപൽ പന്ഥാനമക്ഷ്ണോരസുരവിജയിന
സ്തൽക്ഷണാദൃക്ഷരാജഃ.”(സ്യമന്തകം)

9 ശിവന്റെ ഭൂതഗണങ്ങൾ
ആരോപ്യാരൂഢശോഭം വൃഷഭപരിവൃഢം
ഭൂഷിതാം ഭൂഷണൌഘൈർ
ന്നിന്യുസ്താം മന്യുശാലാം ത്രിപുരഹരപരീ
വാരസംഘാ വിശങ്കാഃ
ഹസ്തപ്രാന്താവസജ്ജഡ്ഡമരുഡുമുഡുമു
ധ്വാനനിത്യാനുഷക്ത
സ്പർദ്ധാനിസ്തന്ദ്രനിര്യദ്ഘനതരവദന
ധ്വാനരുദ്ധാഖിലാശാഃ.”(ദക്ഷയജ്ഞം)

10 ദത്താപഹാരം
“മാ ഹരത മാ ഹരത മോഹരതചിത്താ
ബ്രഹ്മധനമുന്മഥനമുന്നതഗതീനാം
വിപ്രജനവിപ്രകൃതിരപ്രതിമദോഷാ
ക്ഷിപ്രമിഹ കല്പയതി വിപ്രിയസമൂഹാൻ.”(നൃഗമോക്ഷം)
ഈ പ്രബന്ധങ്ങളിലെ ഗദ്യങ്ങളും പദ്യങ്ങൾപോലെതന്നെ പ്രസന്നമധുരങ്ങളും പ്രൗഢഗംഭീരങ്ങളുമാകുന്നു. രണ്ടുദാഹരണങ്ങൾമാത്രം ചുവടേ ചേർക്കുന്നു:

മത്സ്യരൂപനായ വിഷ്ണുവിന്റെ വളർച്ച
“തതശ്ചതൂലജാലനിപതിതബാലസ്ഫുലിംഗ ഇവ, തരുണീജനഹൃദയാംകുരിതദുർല്ലഭരാഗാംകുര ഇവ, സുമതിജനഹൃദയനിഹിതോ പദേശലേശ ഇവ, താർക്കികയൂഥവിനിഹിതവിവാദലവ ഇവ, സജ്ജനസമാചരിതദുശ്ചരിതലേശ ഇവ, പിശുനമുഖനിഹിത നിഗുഢവൃത്ത ഇവ, നിമേഷമാത്രേണ നിരവധി പരിവർദ്ധമാനേ”(മത്സ്യാവതാരം)

ഭദ്രകാളി
“യത്ര ച വൃത്രാരിമണിശകലവിശദവർണ്ണയാ, മണ്ഡലിതകുണ്ഡലിഗണവിരചിതകുണ്ഡലമണ്ഡിതകർണ്ണയാ, അതിവികടമകുടതടവിലസദചണ്ഡഭാനുഖണ്ഡയാ, മുണ്ഡമാലാഷണ്ഡകൃതമണ്ഡയാ, അതിധവളരുചിരവിലസദരാള കരാളദംഷ്ട്രായുഗളഭീഷണവക്ത്രയാ, മധുമദാഭോഗപരിഘൂർണ്ണമാനവർത്തുളാരക്തനേത്രയാ, അതിബഹളരുധിരധാരാസിക്തഗാത്രയാ, അരാളകരാളകരവാളധാരാവിദാരിതദാരുകാസുരഗളഗളിതബഹളശോണിതഭരിതപൃഥുലപിചണ്ഡചണ്ഡയാ, അതിഘോരതരാട്ടഹാസത്രുടിതജഗദണ്ഡയാ, സകലഭയനിവാരിണ്യാ, ഭക്തജനചിത്തരംഗവിഹാരിണ്യാ, ഭവജലധിതാരിണ്യാ. നിഖിലദുരിതഹാരിണ്യാ, ത്രിശൂലധാരിണ്യാ, സകലാസുരനാശകാരിണ്യാ, ചടുലകടാക്ഷവിഗളദമൃതപാതകാരുണ്യാമൃതധാരിണ്യാ. സതതപരിപാലിതത്രിജഗത്യാ, ഭഗവത്യാ, ഭദ്രകാള ്യാ” ഉക്തിപ്രത്യുക്തികളും സ്തുതിവാക്യങ്ങളെന്നപോലെ നിന്ദാവാക്യങ്ങളും രചിക്കുന്നതിനു ഭട്ടതിരിക്കുള്ള പ്രാഗല്ഭ്യം അസാധാരണമാണെന്നു താഴെ പ്രദർശിപ്പിക്കുന്ന ഉദാഹരണങ്ങളിൽനിന്നു സ്പഷ്ടമാകുന്നതാണു്. താൻ ഭീഷ്മരോടും സഹദേവനോടും ആലോചിച്ചതിനുമേലാണു് ശ്രീകൃഷ്ണനെ അഗ്രപൂജയ്ക്കായി വരിച്ചതെന്നു ധർമ്മപുത്രൻ പറഞ്ഞതിനു ക്രുദ്ധനായ ശിശുപാലൻ പറയുന്ന മറുപടി നോക്കുക:

“ധിക്‍ പാണ്ഡുപുത്രചരിതം സ്ഥവിരപ്രമാണം
ബാലപ്രമാണമപി കഷ്ടമഹോ വിനഷ്ടം
ഹേ! ധർമ്മജ! ദ്രുപദജാമപി പൃച്ഛ കാര്യം
നാരീപ്രമാണമപി തേസ്ത്വിഹ രാജ്യതന്ത്രം”
ഭഗവാനെ അതിരുകവിഞ്ഞു്, ആ പാപി അടിയിൽ കാണുന്ന വിധത്തിൽ അധിക്ഷേപിക്കുന്നു:

“പ്രാഗേവാസൗ വിസാരഃ ക്വചിദസുരവധേ
ഹീനസൗകര്യഖിന്നഃ
സ്തംഭം പ്രാപ്തഃ കഥഞ്ചിദ്വ്യദലയദപരം
സർവദം തു ന്യബധ്നാൽ
മുന്യാത്മാ വീരഹത്യാം വ്യധിത നിരവധിം
സ്വസ്യ ദാരാനദോഷാ
നത്യാക്ഷീദ്രാഘവാത്മാ ഹരിചരിതമഹോ
സർവമേവാഭിരാമം!
സ്ത്രീഘ്നോ ഗോഘ്നോ ഗുരുഘ്നഃ ഖഗഫണിഭിദധാ
ന്നാകുമാത്രം കിലാദ്രിം
പര്യാസ്ഥദ്ദാരുമാത്രം ശകടമരമയ്ദ്
ഗോപികാ ഗവ്യമോഷീ
ബ്രഹ്മണ്യം മാഗധം തം മുഹുരപഹൃതവാം
സ്തദ്ഭയാദ്ദാശദേശാ
നാതിഷ്ഠദ്ദേഷ്ടി ലോകാന്മണിമമുഷദഹോ
സ്തൗഷി ദോഷാനശേഷാൻ.”
“ഷണ്ഡത്വാൽ ബ്രഹ്മചര്യച്ഛലഭൃൽ” എന്നും മറ്റുമാണു് സകല ജനസംപൂജ്യനായ ഭീഷ്മരെപ്പറ്റിയുള്ള അവഹേളനം. കിരാതത്തിൽ വേഷച്ഛന്നനായ ശിവൻ അർജ്ജുനനെ

“മദ്ധ്യേരാജസഭം ഹഠേന, ഭവതാമഗ്രേ നനു പ്രേയസീം
പത്നീം ഹന്ത! — നമശ്ശിവായ — രിപുഭിസ്താവത്തഥാ ക്ലേശിതാം
നേത്രാഭ്യാമവലോകയൻ യദഭവസ്തൂഷ്ണീം തതോ ജ്ഞായതേ
വിക്രാന്തിസ്തവ താദൃശോ യദി യശസ്ത്രൈലോക്യമാക്രാമതി”
എന്നു പുച്ഛിക്കുന്നു. അതിനപ്പുറം താൻ ആരാധിക്കുന്ന ശ്രീപരമേശ്വരനെ “ഛേത്താ ബ്രഹ്മശിരഃ ശ്മശാനവസതിർദ്ദക്ഷാധ്വരധ്വംസകോ ഭൂതപ്രേതപതിഃ” എന്നും മറ്റും ഭർത്സിച്ചപ്പോൾ കോപം സഹിക്കുവാൻ പാടില്ലാതെ ആ ക്ഷത്രിയവീരൻ

“രേ രേ മാംസികപാശ? യത്ത്വമധുനാ ചന്ദ്രസ്യ വന്ദ്യംകുലം സാക്ഷാന്നിന്ദസി, ഗർവസേ യദപി നഃ. സർവന്തദേതൽ സഹേ; യത്ത്വേവം ത്രിപുരദ്രുഹോ ഭഗവതഃ കുത്സാം വിധത്സേതരാം തച്ഛ്റോതാരമഹോ ധിഗദ്യ ബത മാം ധിഗ്ഗാണ്ഡിവം ധിക്‍ശരാൻ.”
എന്നു മറുപടി പറയുന്നു.

യദുവംശവിനാശത്തിനു കാരണമായിത്തീർന്ന സാത്യകിയും കൃതവർമ്മാവും തമ്മിലുള്ള ശണ്ഠ ഭട്ടതിരി എങ്ങനെ വർണ്ണിക്കുന്നു എന്നു കാണിക്കാം. അദ്ദേഹത്തിന്റെ വാദപ്രതിവാദ പ്രപഞ്ചനത്തിനു് അതൊരു മകുടോദാഹരണമാകുന്നു. കർണ്ണാർജുനയുദ്ധമാണു് പ്രമേയം.

സാത്യകി
“അന്യോന്യോത്സൃഷ്ടഘോരപ്രഹരണശിഥിലീ
ഭൂതയൗധാംഗനിര്യ
ന്മാംസാസൃക്‍പങ്കമജ്ജദ്ദ്വിരദവരഘടാ
മുക്തഭീൽകാരഭീമം
ഉദ്യന്നാനാസ്ത്രതേജഃപ്രസരകപിശിത
ക്ഷ്മാതലാശാവകാശം
ജന്യം കർണ്ണാർജ്ജുനീയം തവ മനസി പരി
സ്പന്ദതേ നന്വിദാനീം?”

കൃതവർമ്മാവു്
“ശക്രസ്യൈകസ്തനൂജസ്സകലസുരപതേ
സ്തേജസാം ഭർത്തുരന്യഃ
ശിഷ്യോ ദ്രോണസ്യ കശ്ചിൽ പ്രസൃമരയശസോ
ജാമദഗ്ന്യസ്യ ചാന്യഃ
ബിഭ്രദ്ഗാണ്ഡീവമേകോ ധനുരധികദൃഢം
കാളപൃഷ്ഠം തഥാന്യ
സ്തുല്യൗ താവേവ വീരൌ ഭുവി കഥമനയോ
സ്സംഗരം വിസ്മരാമഃ?”

സാത്യകി
“ഏകസ്സൂനുഃ പൃഥായാസ്ത്രിഭുവനവിദിതഃ
കിന്ന രാധാസുതോന്യഃ
കൃഷ്ണസ്യൈകോ വയസ്യോ ബത പുനരപര
സ്തസ്യ രാജ്ഞഃ കുരൂണാം;
ഏകോ ലോഭേ പ്രസാദാൽ സദസി നിജഗുരോ
രാശിഷം ശാപമന്യ;
സ്തുല്യൗ തൗ പാർത്ഥകർണ്ണൗ യദി നിയതമുഭൗ
ഹംസകാകൗ സമാനൗ.”

കൃതവർമ്മാവു്
“ജാനാമി പാർത്ഥം ഭവതോ ഗുരും തം;
ജാനാമി തദ്ബാഹുബലഞ്ച കൃത്സ്നം;
കിന്തേന കർമ്മ പ്രഥിതം ജഗത്യാം
കുണ്ഡേന ഷണ്ഡേന കൃതം ജളാത്മൻ?”

സാത്യകി
“ആസ്താം പാഞ്ചാലപുത്രീപരിണയപടിമാ
ഖാണ്ഡവാരണ്യദാഹ
ക്രീഡാ വാസ്താം പ്രശസ്തം തദപി പശുപതേ
രർച്ചനം ചാപകോട്യാ
ധിക്കൃത്യാശേഷവൃഷ്ണീനപി ച ഹലധരം
തത്സ്വസാ മാധവീ സാ
തേനൈകേനാഹൃതാ പ്രാകു് പൃഥുലഭുജബലഃ
കുത്ര യാതസ്തദാ ത്വം?”
ഇങ്ങനെ വഴക്കു് ഒന്നിനൊന്നു മൂക്കുന്നു. അർജ്ജുനൻ മാധവിയെ മോഷ്ടിക്കുകയല്ലയോ ചെയ്തതെന്നു കൃതവർമ്മാവു്; അല്ലല്ല, മോഷ്ടിച്ചതു പശുക്കളെയാണെന്നും അതു ചെയ്തതു വിരാടരാജ്യത്തിൽനിന്നു കർണ്ണനാണെന്നും സാത്യകി. അല്ലല്ല, അവിടെ യുദ്ധഭൂമിയിൽ ചെന്നിരുന്ന കൗരവരാജസ്ത്രീകളുടെ ഉടുപുടവകളാണു് മോഷ്ടിച്ചതെന്നും അതു ചെയ്തത് ബൃഹന്നളയാണെന്നും കൃതവർമ്മാവു്. അങ്ങിനെ വാഗ്വാദം കൊടുമ്പിരിക്കൊണ്ടു കൃതവർമ്മാവു് ഉത്തരം മുട്ടിയപ്പോൾ

“തത്ത്വാന്വേഷേ വിമുഖമനസാം ത്വാദൃശാം വാക്‍പ്രപഞ്ചൈർ
വാചാലാനാമധിഗതജയാഃ കേവലം പാണ്ഡുപുത്രാഃ”
എന്നു സാത്യകിയുടെ മുഖമുദ്രണംചെയ്യാൻ ശ്രമിക്കുകയും അതോടുകൂടി അടിവീഴുകയും ചെയ്യുന്നു.

വ്യാകരണശാസ്ത്രത്തെ അവലംബിച്ചു് അനവധി സ്വാരസികതമങ്ങളായ ശ്ലേഷോക്തികൾ ഭട്ടതിരി പ്രസ്തുത പ്രബന്ധങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ടു്. അവയിൽ ചിലതു് അടിയിൽ പകർത്താം. ഏഴാമത്തെ ശ്ലോകത്തിൽ മീമാംസാപാണ്ഡിത്യമാണു് സ്ഫുരിക്കുന്നതു്.

1 അത്യദ്ഭുതമിദം മന്യേ യദസൗ മഗധാധിപഃ
സ്ത്രീഹേതും ചാപമാശ്രിത്യാപ്യദന്തത്വമുപേയിവാൻ.(പാഞ്ചാലീസ്വയംവരം)
2 ശല്യോപി തച്ചാപലതാമുപേത്യ
നോദ്ധർത്തുമപ്യേഷ തദാ ശശാക;
തഥാപി ചിത്രം സമദർശി തസ്മിൻ
കാചിന്മഹാചാപലതാ ജനൗഘൈഃ.(ടി)
3 തേനാകുലാംഗം പതതാ തദാനീം
പ്രദർശിതാ യദ്യപി ശൗര്യഹാനിഃ
തഥാപ്യഹോ തസ്യ മനസ്വിലോക
സ്തൽ കർമ്മ ശൗര്യാഹിതമേവ മേനേ.(ടി)
4 കർണ്ണേന പാർത്ഥായ വികൃഷ്യ മുക്താ
അപാർത്ഥപാതാ വിശിഖാ ബഭൂവുഃ
പാർത്ഥേന ചാകർണ്ണവികൃഷ്ടമുക്താഃ
കർണ്ണേ നിപേതുസ്സുദൃഢം ശരൗഘാഃ.(പാഞ്ചാലീസ്വയംവരം)
5 യേഷാമയം ശാശ്വതികോ വിരോധ
സ്തേഷാമഹോ! ദ്വന്ദ്വസമുത്സുകാനാം
ദ്രാഗേകവദ്ഭാവമസൗ വിധാസ്യ
ന്നന്ധോ നൃപശ്ശാബ്ദികവദ്ബഭാസേ.(ടി)
6 ബലഭദ്രാവലോകേന കൃതാർത്ഥാ ഭിക്ഷുതാധുനാ
കിം വാസുഭദ്രാധിഗമോ ന ചിരാന്മേ ഭവിഷ്യതി?(സുഭദ്രാഹരണം)
7 ഇത്ഥമയമംഗവിസ്തൃതിമതിദേശവ്യാപ്തിമഖിലബാധഞ്ച
പ്രഥയഞ്ഛഫരസ്വാമീ ശബരസ്വാമീവ ലക്ഷിതോ ലോകൈഃ.(മത്സ്യാവതാരം)
8 ഝഷാശ്രിതാം വശായാതാം പ്രത്യാഹാരാവലീമിവ
നാവമാരുഹ്യ തേ ചേരുശ്ശബ്ദതന്ത്ര ഇവാംബുധൗ.(ടി)
9 ഗുണൈർഗ്ഗണാഢ്യൈസ്സുഗുണാത്മകൈഃ കൃതോഽ
പ്യതീവ മുഖ്യോഽജനി ഭോജ്യസഞ്ചയഃ
കൃതോപി സവ്യഞ്ജനസന്ധികോവിദൈർ
ബഭാര സാധുസ്വരസംഹിതോദയം.(രാജസൂയം)
“മാദ്രേയാമരസൈന്ധവാവനിപതീൻകത്രീനിമാൻ ധിക്തമാ
മത്രാഗ്രീയസമർഹണം ധകിദസൽപാത്രേ ച കാത്രേയകം
സൂരിമ്മന്യതമാൻ ഗതാനുഗതികാൻ ധിങ്നാരദാദീൻ മുനീൻ
യേഽമീ മോമുദതീഹ വാരിധിനികായ്യേഽസ്മിൻ പ്രണായ്യേഽർച്ചിതേ”
തുടങ്ങിയ പദ്യങ്ങളിൽ അദ്ദേഹം പ്രകടീകരിച്ചിട്ടുള്ള വ്യാകരണാദി ശാസ്ത്രപാണ്ഡിത്യം ആരേയും ആശ്ചര്യപരതന്ത്രരാക്കുവാൻ മതിയാകുന്നതാണു്. “ഏകശ്ശബ്ദസ്സമ്യഗ്ജ്ഞാതസ്സുഷ്ഠു പ്രയുക്തഃസ്വർഗ്ഗേ ലോകേ കാമധുഗ്ഭവതി” എന്ന മഹാഭാഷ്യകാരന്റെ മതം അംഗീകാര്യമാണെങ്കിൽ പരസ്സഹസ്രം പദങ്ങൾ അത്തരത്തിൽ പ്രയോഗിച്ചിട്ടുള്ള ഭട്ടതിരിക്കു് എത്രമേൽ സ്വർഗ്ഗസുഖം ആ പദങ്ങൾ നല്കിയിരിക്കയില്ല. ഭട്ടതിരിയുടെ ഭൂമിശാസ്ത്രജ്ഞാനത്തിനു രാജസൂയത്തിലെ “പാണ്ഡ്യഃ പാടീരകൂടാൻ മരിചപുരുചയാൻ കേരളഃ” എന്ന ശ്ലോകം സാക്ഷി നില്ക്കുന്നു. ആ മഹാമഹത്തിന്നു പാണ്ഡ്യരാജാവു ചന്ദനവും കേരളേശ്വരൻ നല്ലമുളകുമാണത്രേ ഉപായനീകരിച്ചതു്. പലപ്പോഴും ഒരൊറ്റ വിശേഷണംകൊണ്ടു മഹാകവി പ്രകൃതത്തിനു് അനിർവചനീയമായ ഔജ്ജ്വല്യം ഉളവാക്കുന്നു. ശിശുപാലനെ ‘രുക്മിണീകുചപദാങ്കിതേ മാധവോരസി ശരംകിരൻ’ എന്നു വർണ്ണിക്കുന്ന മഹാകവിയുടെ മർമ്മജ്ഞതയ്ക്കു ആരുതന്നെ അഞ്ജലീബന്ധം ചെയ്യുകയില്ല? കേവലമായ മാധവോരസ്സിനോടല്ല ചേദിരാജാവിനു ക്രോധം; പിന്നെയോ? അതുതാൻ പാണിഗ്രഹണം ചെയ്യാൻ ആറ്റു നോറ്റിരുന്ന രുക്‍മിണിയുടെ കുചപദത്താൽ അങ്കിതമാകുകനിമിത്തമാണു്.

28.11പ്രബന്ധങ്ങളിലെ കഥാവസ്തു

ഇതിഹാസാന്തർഗ്ഗതങ്ങളോ പുരാണാന്തഃപാതികളോ അല്ലാത്ത കഥകൾ ഭട്ടതിരിവളരെ അപൂർവ്വമായി മാത്രമേ സ്വീകരിച്ചിട്ടുള്ളു. ഒരു ദ്രുതകവിതയായ സ്വാഹാസുധാകരത്തിലെ പ്രതിപാദ്യംപോലും സ്വകപോലകല്പിതമല്ല. അഷ്ടമീചമ്പുവും കോടിവിരഹവും മാത്രമേ ഈ സാധാരണനിയമത്തിനു വ്യത്യസ്തമായി കാണുന്നുള്ളു. വൈക്കത്തു പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ ആഘോഷിച്ചുവരുന്ന വൃശ്ചികമാസത്തിലെ അഷ്ടിമീമഹോത്സവത്തെ അധികരിച്ചു രചിച്ചിട്ടുള്ള അതിമധുരമായ ഒരു പ്രബന്ധമാണു് അഷ്ടമീചമ്പു. ശൃംഗാരകേതുവിന്റെ പുത്രനായ സംഗീതദേശികനെന്ന വിദ്യാധരൻ ദേവേന്ദ്രനെ പ്രസ്തുത മഹോത്സവം വർണ്ണിച്ചുകേൾപ്പിക്കുന്നു എന്നാണു് മഹാകവിയുടെ കഥോപക്രമം. “ഭസ്മനിഷേധം” എന്നു ശൈവമതദൂഷകമായി ഒരു ഗ്രന്ഥം ഭട്ടതിരി നിർമ്മിച്ചു എന്നും തന്നിമിത്തം ഉദരരോഗത്തിനു വിധേയനായി എന്നും അതിന്റെ ഉപശാന്തിക്കുവേണ്ടിയാണു് പ്രസ്തുത കൃതി രചിച്ചതെന്നും ചിലർ പറയുന്നതു യുക്തിയുക്തമായി തോന്നുന്നില്ല. ഭസ്മനിഷേധം കണ്ടുകിട്ടുന്നതുവരെ അത്തരത്തിൽ ഒരു ഐതിഹ്യം വിശ്വസിക്കുവാൻ മനസ്സു വരുന്നുമില്ല. ഭട്ടതിരി അഷ്ടമീമഹോത്സവം സന്ദർശിച്ച കാലത്തു് അവിടെ വാണിജ്യത്തിനായി വന്നുചേർന്നിരുന്ന ചെട്ടികളെ ഇങ്ങനെ വർണ്ണിക്കുന്നു:

“…അതിസൂക്ഷ്മതരധവളതരാംബരനിർമ്മിതോഷ്ണീഷപടൈഃ, അതിസുഭഗപടീരവിരചിതോർദ്ധ്വപുണ്ഡ്രമണ്ഡിത ഫാലസ്ഥലൈഃ, കർണ്ണാവലംബിതസുവർണ്ണകുണ്ഡലരത്നഗണ ശ്രേണീകിരണച്ഛുരണാരുണകപോലമൂലൈഃ, പരിസരദംഗുലീയകരത്നമയൂഖതല്ലജോല്ലസിതകരപല്ലവൈഃ, സർവാംഗീണപ്രസൃമരഘനസാരമൃഗമദാദിബഹളാമോദവിഭവ വിശദവ്യാഖ്യാതനിരതിശയസൗഖ്യാനുഭൂതിഭിഃ, പ്രഥമം ദൃഷ്ടിതുലയൈവക്രേതാരം ജനം തുലയിത്വാ പശ്ചാത്തദീപ്സിതം ദ്രവിണം തുലാമാരോപയദ്ഭിഃ, ‘അയി ഭദ്ര! ഇതസ്താവദാഗമ്യതാം; അസ്മാദൃശാമാപണസ്ഥലീ കിമപി സനാഥീക്രിയതാം; കഥമനാസീനോ ഭവാനസ്മാനാകുലയതി; ഇഷ്ടാനി സർവാണ്യഭിധീയന്താം; നഹ്യസ്മാദൃശാ യുഷ്മാദൃശാൻ ദൃഷ്ട്വാ ലാഭച്ഛേദാൻ ഗണയന്തി; സ്വപ്നേപി ന വഞ്ചനാം സഞ്ചിന്തയാമോ; മിഥ്യാവചനസ്യ കഥാമപി ന ജാനീമഃ; അയമേവ ഖല്വസ്മാദൃശാം പരമോ ലാഭഃ യദ്ഭവാദൃശൈസ്സഹ വാണിജ്യകർമ്മ ക്രിയേത, ന പുനർദ്രവിണലാഭഃ’ ഇത്യാദിഭിരതിമധുരൈർവചനൈസ്സമസ്തജനചിത്താനി വിലോഭയദ്ഭിർവിവിധധനഭൂയിഷ്ഠൈഃ ശ്രേഷ്ഠിഭിരധിഷ്ഠിതൈകദേശേഷു”. എന്തൊരു മർമ്മസ്പൃക്കായ ഫലിതധോരണി! “അയി തന്തുധാരിൻ! ഇതസ്താവദേഹി; ബ്രൂഹി വേദവാക്യാനി; കഥയ ച സിദ്ധാന്തരഹസ്യം. കതി വാദാനി? രക്തോ വാ ശ്വേതോ വാ ഭവതി മോക്ഷഃ? ക്വ നു തേ തച്ചക്ഷുര്യേ ന പരം ബ്രഹ്മ പശ്യസി” എന്നിങ്ങനെ നിന്ദാകന്ദളിതങ്ങളായ വാക്യങ്ങളെക്കൊണ്ടു വൈദികജനങ്ങളെ പരിഹസിക്കുന്ന പാതിരിമാരേയും “വിവർത്തമിവ പുഷ്കലാവർത്തകാനാം, പരിണാമമിവ കുലഗിരീണാം, വിഭ്രമസർവസ്വമിവാഭ്രമുവല്ലഭസ്യ, ജന്മാന്തരമിവ ദിങ്മാതംഗാനാം, വ്യത്യാസമിവാഞ്ജന ശൈലസ്യ”
എന്നും മറ്റും വൈക്കത്തെ ചന്ദ്രശേഖരനാനയേയും മഹാകവി സമഞ്ജസമായി വർണ്ണിക്കുന്നു.

28.12കോടിവിരഹം

മഴമംഗലത്തിന്റെ കൊടിയവിരഹം എന്ന മണിപ്രവാളചമ്പുവിനെ അനുകരിച്ചു ഭട്ടതിരി സംസ്കൃതത്തിൽ രചിച്ചിട്ടുള്ള ഒരു പ്രബന്ധമാണു് കോടിവിരഹം. അതു മഴമംഗലത്തു നാരായണൻനമ്പൂരിയുടെ കൃതിയാണെന്നു് ഒരു പക്ഷാന്തരമുണ്ടു്. അതിനോടു ഞാൻ യോജിക്കുന്നില്ല. അതിലെ കഥാനായകൻ ശൃംഗാരകേതു എന്ന ബ്രാഹ്മണനും നായിക ശൃംഗാരചന്ദ്രികയുമാകുന്നു. രണ്ടുപേർക്കും പരസ്പരം രൂപാമൃതത്തിന്റെ ശ്രോത്രാഞ്ജലിപാനംകൊണ്ടുതന്നെ അനുരാഗം അങ്കുരിക്കുകയും കാത്യായനീക്ഷേത്രത്തിൽ ഒരു ഉത്സവകാലത്തു അന്യോന്യമുള്ള സന്ദർശനത്തിനുമേൽ അതു പ്രവൃദ്ധമാകുകയും ചെയ്യുന്നു. പിന്നീടു് അവർ ഭാര്യാഭർത്താക്കന്മാരായിത്തീർന്നു ദാമ്പത്യസുഖം അനുഭവിക്കവേ, നായിക സ്വപ്നത്തിൽ നായകന്റെ പരസ്ത്രീസംഭോഗം കണ്ടു് അതു സത്യമാണെന്നു വിശ്വസിക്കുകയും തൽഫലമായി നായകനെ ബഹിഷ്കരിക്കുകയും ചെയ്യുന്നു. അങ്ങനെ തമ്മിൽ പിരിഞ്ഞ ദമ്പതികൾക്കു തദനന്തരം വന്നുചേരുന്ന ഘോരമായ വിരഹതാപമാണു് പ്രധാനമായ പ്രതിപാദ്യാംശം. വർഷകാലത്തെ ഒരു രാത്രിയിൽ നായികാനായകന്മാർ ദുസ്സഹമായ വിയോഗദുഃഖം അനുഭവിച്ചുകൊണ്ടു സഞ്ചരിക്കുമ്പോൾ അവർക്കു് ആകസ്മികമായി പുനസ്സമാഗമമുണ്ടാകുന്നു. വിഭീതവിഹാര (താന്നിപ്പള്ളി) ത്തിലെ ആഢ്യൻനമ്പൂരിയുടെ അപേക്ഷയനുസരിച്ചാണു് ഭട്ടതിരിപ്രസ്തുത കാവ്യം നിർമ്മിച്ചതു് എന്നൊരു മാതൃകാഗ്രന്ഥത്തിൽ കാണുന്നു. ആകെക്കൂടി ഭട്ടതിരി അഷ്ടമീചമ്പുവിൽ ആ കാവ്യത്തെപ്പറ്റി

“സന്തസ്സന്തന്യമാനാമിഹ സപദി മയാ
ഗദ്യപദ്യസ്വരൂപാ
മാസ്വാദ്യാസ്വാദ്യ വാണീം ഗളദമൃതരസാം
സന്തു സന്തുഷ്ടചിത്താഃ
ഫുല്ലന്മല്ലീലതായാ ഇവ മൃദുപവന
സ്യന്ദനാന്ദോളിതായാ
മന്ദം മന്ദം സ്രവന്തീം മധുരസലഹരീം
പുഷ്പതഷ്ഷൾപദൗഘാഃ”
എന്ന പദ്യത്തിൽ ചെയ്തിരിക്കുന്ന പ്രശംസ അദ്ദേഹത്തിന്റെ സകല പ്രബന്ധങ്ങൾക്കും ഒന്നുപോലെ വ്യാപിപ്പിക്കാവുന്നതാണു്.

28.13ശാസ്ത്രഗ്രന്ഥങ്ങൾ, സൂക്തശ്ലോകങ്ങൾ

സ്രഗ്ദ്ധരാവൃത്തത്തിൽ ഭട്ടതിരി ഋഗ്വേദത്തിലെ എട്ടു് അഷ്ടകങ്ങളിലുമുള്ള സൂക്തങ്ങളുടെ വർഗ്ഗസംഖ്യ പ്രദർശിപ്പിക്കുന്ന ഒരു കൃതിയാണു് ഇതു്. ആകെ ഒൻപതു ശ്ലോകങ്ങളേ ഉള്ളൂ. ഒന്നാമത്തെ ശ്ലോകം സംഖ്യകളെ കാണിക്കുന്ന അക്ഷരങ്ങളുടെ വിവരണമാണു്. ബാക്കിയുള്ളവ ക്രമേണ എട്ടു് അഷ്ടകങ്ങളേയും പരാമർശിക്കുന്നു. കടപയാദിക്രമം തന്നെയാണു് ഭട്ടതിരി ഇതിൽ സ്വീകരിച്ചിരിക്കുന്നതെങ്കിലും ‘ന’ ശൂന്യത്തിനു പകരം പത്തിനേയും ‘ക്ഷ’ ആറിനു പകരം പന്ത്രണ്ടിനേയും ‘ള’ ഒൻപതിനേയും സൂചിപ്പിക്കുന്നു. ‘പ്ര’ എന്ന അക്ഷരംകൊണ്ടു രണ്ടു വർഗ്ഗങ്ങളുള്ള സൂക്തദ്വയത്തെ നിർദ്ദേശിയ്ക്കുന്നു. ‘ത’ ഒരധ്യായത്തിന്റെ അവസാനത്തെ പ്രദർശിപ്പിക്കുന്നു. ഋഗ്വേദത്തിൽ ആകെ 1017 സൂക്തശ്ലോകങ്ങളും പത്തു മണ്ഡലങ്ങളും എട്ടു് അഷ്ടകങ്ങളും ഓരോ അഷ്ടകത്തിലും എട്ടു് അധ്യായങ്ങളും എല്ലാ അധ്യായങ്ങളിലുംകൂടി 2006 വർഗ്ഗങ്ങളുമാണല്ലോ ഉള്ളതു്. ചില സൂക്തങ്ങൾക്കു് ഒന്നും മറ്റു ചിലതുകൾക്കു് ഒന്നിലധികവും വർഗ്ഗങ്ങളുണ്ടു്. ആദ്യത്തെ രണ്ടു് ശ്ലോകങ്ങൾ ഉദ്ധരിക്കാം:

“നത്വാ വിഘ്നേശ്വരാദീൻ കഥമപി ച മയാ
കഥ്യതേ വ്യഞ്ജനോക്ത്യാ
സൂക്താനാം വർഗ്ഗസംഖ്യാ സ്ഫുടമിഹ തു തകാ
രോക്തിരദ്ധ്യായപൂർത്തൗ
യുക്താദ്യം തുല്യസൂക്താന്യുപദിശതു ഭവേ
ദ്ദ്വാദശോക്തൗ ക്ഷകാരഃ
പ്രേതി സ്യാദ്ദ്വിദ്വികോക്തൗ ഭവതു ച ദശസം
ഖ്യാഭിധായീ നകാരഃ.
പ്രോദ്രേകാദ്രീതരൂപേവിമലവരഗിരാ
പൂർവഗീതേഗുരൂരോ
ഭാർഗ്ഗശ്രീഗൗരിഗുപ്താഖിലപുരഗഗുരു
പ്രേര്യഖേര്യാഗതാഗാഃ
ഖേലേഷ്ടാഭ്രാഢ്യരാഗോത്തരപടുഭിരുരു
വ്യാപ്രമൈവാഖിലാപ്തൈഃ
പ്രേഡ്യാവിപ്രപ്രവര്യൈരുരുരയമതിഭീ
രൂപിണീമേഗ്രഗാസ്താൽ”
ആദ്യത്തേതൊഴികെയുള്ള എട്ടു ശ്ലോകങ്ങൾക്കും ദേവീപരമായിക്കൂടി അർത്ഥകല്പന ചെയ്യാവുന്നതാണെന്നു പറയുമ്പോളാണു് മഹാകവിയുടെ വിശ്യവചസ്ത്വത്തിനു നാം അനന്തകോടി നമസ്കാരം ചെയ്യേണ്ടിവരുന്നതു്.

28.14ആശ്വലായനക്രിയാക്രമം

ഭട്ടതിരിക്കു ശ്രൗതവിഷയകമായുള്ള പാണ്ഡിത്യപ്രകർഷം പ്രസ്തുത ഗ്രന്ഥത്തിൽ പ്രത്യക്ഷീഭവിക്കുന്നു.

“പ്രണമ്യ ശ്രീഗുരൂൻ ഭക്ത്യാ ശൗനകഞ്ചാശ്വലായനം
തൽപ്രോക്തഗൃഹ്യകർമ്മാണി ശ്ലോകൈർവക്ഷ്യാമി കാനിചിൽ”
എന്ന ശ്ലോകത്തിൽ ശൗനകനാലും ആശ്വലായനനാലും പ്രോക്തങ്ങളായ ഗൃഹ്യവിധികളെ ഗ്രന്ഥത്തിൽ സംഗ്രഹിക്കുന്നതായി അദ്ദേഹം നമ്മെ ഗ്രഹിപ്പിയ്ക്കുന്നു. ആരംഭത്തിൽ ചന്ദനക്കാവിലെ ഗണപതി, വിഷ്ണു ഈ ദേവന്മാരെയും തിരുനാവായിലെ വിഷ്ണുവിനേയും വന്ദിക്കുന്നുണ്ടു്. ആ വന്ദനശ്ലോകങ്ങൾ ഉദ്ധരിക്കേണ്ടിയിരിക്കുന്നു. അവയിൽ അത്രയ്ക്കുമാത്രം മഹാകവിയുടെ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ടു്.

“ബധ്നീമശ്ചിത്തബന്ധം കളഭവരമുഖം
ധാമ പാടീരവാടീ
ക്ഷേത്രേ വാസ്തവ്യമേതത്ത്രിഭുവനജനന
ത്രാണസംഹാരദക്ഷം
ശശ്വന്നിശ്രേയസായ സ്മൃതനിജചരണാം
ഭോജനിശ്ശേഷലോക
ശ്രേയസ്യാകല്പവൃക്ഷപ്രകടിതകരുണാ
കന്ദളശ്രീകടാക്ഷം.
ചതുർദ്ദോഷ്ണേ കോഷ്ണസ്തനഭരരമാലിംഗനസുഖ
പ്രഹൃഷ്യദ്രോമ്ണേഽസ്മൈ ത്രിഭുവനപരിത്രാണപടവേ
പടീരാരാമേഽമും ജനമനുജിഘൃക്ഷൈവ വസതേ
നമസ്തസ്മൈ ധാമ്നേ വിസൃമരഹഃകൗസ്തുഭയുജേ.
കസ്മൈചിദ്വിശ്വസർഗ്ഗസ്ഥിതിവിലയപരി
ക്രീഡനോദ്യന്മഹിമ്നേ
ശ്രീനാവാക്ഷേത്രധാമ്നേ മഹിതനവയതീ
ന്ദ്രാർച്ച ്യാമാനായ ധാമ്നേ
കുർവേ ഗോവിന്ദനാമ്നേ ഗളഭൃതവനമാ
ലാഖ്യദാമ്നേ നമോഽസ്മൈ
ധ്വസ്തസ്മാർത്താധിഭൂമ്നേ പ്രണതസുരശിരോ
രത്നദീപ്താംഘ്രിസീമ്നേ.”

28.15പ്രക്രിയാസർവ്വസ്വം

ഭട്ടതിരി പ്രക്രിയാസർവസ്വമെന്ന മഹനീയമായ വ്യാകരണഗ്രന്ഥം നിർമ്മിച്ചതു പൂരാടം തിരുനാൾ ചെമ്പകശ്ശേരി മഹാരാജാവിന്റെ ആജ്ഞ അനുസരിച്ചു് അമ്പലപ്പുഴയിൽ വെച്ചാണെന്നു മുൻപു പ്രസ്താവിച്ചുവല്ലോ. ആ ആജ്ഞ താഴെ കാണുന്ന വിധത്തിലായിരുന്നു:

“സോഽഥ കദാചന രാജാ സ്വഗുണൈരാകൃഷ്യ സന്നിധിം നീതം
ശ്രീമാതൃദത്തസൂനും നാരായണസംജ്ഞമശിഷദവനിസുരം.
വൃത്തൗ ചാരു ന രൂപസിദ്ധികഥനം; രൂപാവതാരേ പുനഃ
കൗമുദ്യാദിഷു ചാത്ര സൂത്രമഖിലം നാസ്തേവ്യ; തസ്മാത്ത്വയാ
രൂപാനീതിസമസ്തസൂത്രസഹിതം സ്പഷ്ടം മിതം പ്രക്രിയാ
സർവസ്വാഭിഹിതം നിബന്ധനമിദം കാര്യം മദുക്താധ്വനാ.
ഇഹ സംജ്ഞാ പരിഭാഷാ സന്ധിഃ കൃത്തദ്ധിതാസ്സമാസാശ്ച
സ്ത്രീപ്രത്യയാസ്സുബർത്ഥാഃ സുപാം വിധിശ്ചാത്മനേപദവിഭാഗഃ
തിങപി ച ലാർത്ഥവിശേഷാഃ സനന്തയങ്യങ്ലുകശ്ച സുബ്ധാതുഃ
ന്യായോ ധാതുരുണാദിശ്ഛാന്ദസമിതി സന്തു വിംശതിഃ ഖണ്ഡാഃ
ഇതീരിതോ ഭൂപതിനാമുനാ പുനഃ
ക്ഷണേ ക്ഷണേ ശിക്ഷിതരീതികൗശലഃ
അസാദ്ധ്യവസ്തുന്യപി സ പ്രവൃത്തവാൻ
മഹാർണ്ണവേ പോത ഇവാനിലാശ്രയാൽ.
അയമച്യുതഗുരുകൃപയാ പാണിനികാത്യായനാദികാരുണ്യാൽ
യത്നഃ ഫലപ്രസൂസ്സ്യാൽ കൃതരാഗരസോഽദ്യ ശബ്ദമാർഗ്ഗജൂഷാം”
കാശികാവൃത്തിയിൽ രൂപസിദ്ധി ചാരുവായി കഥിക്കപ്പെടാത്തതിനാലും രൂപാവതാരത്തിലും പ്രക്രിയാകൗമുദിയിലും പാണിനിയുടെ എല്ലാ സൂത്രങ്ങളും പരാമർശിക്കപ്പെടാത്തതിനാലും രൂപങ്ങളെ ആനയിക്കുന്നതും സകല പാണിനീസൂത്രങ്ങളേയും സ്പർശിക്കുന്നതും സുസ്പഷ്ടവും മിതവുമായ ഒരു പുതിയ വ്യാകരണം താൻ ഉപദേശിക്കുന്ന രീതിയിൽ നിർമ്മിക്കണമെന്നാണു് രാജാവു അനുശാസിച്ചതു്. ഒടുവിൽ ഉദ്ധൃതമായ പദ്യത്തിന്റെ തൃതീയപാദത്തിൽ ഗ്രന്ഥം ആരംഭിച്ചതും ചതുർത്ഥപാദത്തിൽ അവസാനിച്ചതുമായ ദിവസങ്ങളുടെ കലിദിന സൂചന ഉണ്ടു്. അവ നിർദ്ദേശിക്കുന്ന കാലമേതെന്നു മുൻപു പറഞ്ഞുകഴിഞ്ഞു. പൂർവസൂരികളുടെ അനവധി ഗ്രന്ഥങ്ങൾ സർവസ്വനിർമ്മിതിയിൽ ഭട്ടതിരിക്കു സഹായകമായിട്ടുണ്ടു്.

“വൃത്തിം തദ്ധരദത്തരാമവിവൃതീ ഭാഷ്യാദികം കൗമുദീം
തദ്വ്യാഖ്യാമപി ധാതുവൃത്തിയുഗളം ദൈവഞ്ച കല്പദ്രുമം
ഭോജോക്തിദ്വയദണ്ഡനാഥവിവൃതീ ഭട്ട്യാദികാവ്യത്രയം
തിസ്രശ്ചാമരകോശനാമവിവൃതീഃ സംപ്രേക്ഷ്യ സംക്ഷിപ്യതേ.”
എന്നു കൃൽഖണ്ഡത്തിന്റെ അവസാനത്തിൽ അദ്ദേഹം ഉപന്യസിക്കുന്നു. കേരളീയവൈയാകരണന്മാരിൽ അദ്ദേഹം വാസുദേവവിജയകാരനായ പട്ടത്തു ഭട്ടതിരിയേയും സുഭദ്രാഹരണകാരനായ നാരായണനേയും സർവപ്രത്യയമാലാകാരനായ ശങ്കരനേയും സ്മരിക്കുന്നു. മുനിത്രയൈകശരണനായി അദ്ദേഹം വ്യാകരണത്തെ പ്രപഞ്ചനം ചെയ്യുവാൻ ഒരുങ്ങിയില്ല. മറ്റു വിഷയങ്ങളിലെന്നപോലെ ആ ശാസ്ത്രത്തിലും പല പൂർവമതങ്ങളേയും പ്രമാണത്വേന അംഗീകരിച്ചിരുന്ന സരസ്വതീകണ്ഠാഭരണകാരനായ ഭോജരാജാവിനെ അദ്ദേഹം പല അവസരങ്ങളിലും അനുഗമിച്ചു. “ദ്വന്ദ്വഃ കലഹയുഗ്മസമാസാദിഷ്വിതി ച ഭോജഃ” എന്നുംമറ്റും അദ്ദേഹത്തെ നാമഗ്രഹണം ചെയ്തു് ആദരിക്കുന്ന അവസരങ്ങൾ അനേകമുണ്ടു്. മഹാകവി പ്രയോഗങ്ങളേയും അദ്ദേഹം ത്യാജ്യകോടിയിൽ തള്ളിയില്ല.

“വിശ്രാമസ്യാപശബ്ദത്വം വൃത്ത്യുക്തം നാദ്രിയാമഹേ,
മുരാരി ഭവഭൂത്യാദീനപ്രമാണീകരോതി കഃ?
വിശ്രാമശാഖിനം വാചാം വിശ്രാമോ ഹൃദയസ്യ ച
വിശ്രാമഹേതോരിത്യാദി മഹാന്തസ്തേ പ്രയുഞ്ജതേ”
എന്നു് അദ്ദേഹം പറയുന്നു. മുരാരിയോടു തനിക്കു യോജിക്കുവാൻ നിവൃത്തി കാണാത്ത ഘട്ടത്തിൽപ്പോലും

“അനർഘരാഘവാദ്യാങ്കേ സ്വാഹാകാരമിതീരിതം
പഞ്ചികാപി തഥൈവാഹ ന ജാനേ മഹതാം മതിം.”
എന്നു തനിക്കുള്ള അഭിപ്രായത്തെ അത്യന്തം സങ്കോചത്തോടു കൂടിയേ ആവിഷ്കരിക്കുന്നുള്ളു. ഭട്ടതിരിക്കു നൈസർഗ്ഗികമായുള്ള വിനയാതിശയം അദ്ദേഹം പ്രസ്തുതകൃതിയിലും അവിടവിടെ പ്രദർശിപ്പിച്ചിട്ടുണ്ടു്. കൃൽഖണ്ഡത്തിന്റെ ആരംഭത്തിൽ

“ഗഹനതരഗ്രന്ഥാർത്ഥാനതിവിതതാൻ വീക്ഷ്യ മംക്ഷു സംക്ഷിപതാ
സ്ഖലിതമപി സംഭവേന്നസ്തത്ര തു വിബുധാ വിമത്സരാശ്ശരണം”
എന്നും സുബർത്ഥഖണ്ഡത്തിന്റെ അവസാനത്തിൽ

“സ്വനിർമ്മിതത്വപ്രണയാവഗുണ്ഠിത
സ്സ്വകാവ്യദോഷം ന ബുധോപി പശ്യതി
അതോത്ര സൂരീൻ ഗുണദോഷവേദയാൻ
മദുക്തിസംശോധനകാര്യമർത്ഥയേ”
എന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു. താൻ നവീനമായി ഒരു മതവും ആവിഷ്കരിക്കുന്നില്ലെന്നും പൂർവമതങ്ങളെ ചർച്ചചെയ്തു നല്ലതിനെ സ്വീകരിക്കുന്നേയുള്ളൂ എന്നും സ്ത്രീപ്രത്യയഖണ്ഡത്തിന്റെ അവസാനത്തിൽ പറയുന്നു:

“ന കിഞ്ചിദത്ര സ്വകപോലകല്പിതം
ലിഖാമി ശാസ്ത്രേ ക്വചിദീക്ഷിതം വിനാ
അനേകഥാ യത്ര പുരാ വിദാം മതം
മനോഹരം തത്ര പരം ഗ്രഹിഷ്യതേ.”
മിതമെന്നും സ്പഷ്ടമെന്നും രണ്ടു വാക്കുകൾ രാജാവു് ഉച്ചരിച്ചു എങ്കിലും അവയുടെ അപ്രായോഗികതയെ ആചാര്യൻ തദ്ധിതഖണ്ഡത്തിന്റെ പരിസമാപ്തിയിൽ,

“സംക്ഷേപാതിശയേപി വാച്യബഹുതാഹേതോരഭൂദ്വിസ്തരഃ
സ്പഷ്ടത്വേപി കൃതേ സ്വഭാവഗഹനാ ഭാഗാ മനാഗസ്ഫുടാഃ
ഏവം വ്യക്തിമിയാൻ പദാർത്ഥ ഇയതാ ഗ്രന്ഥേന യാതോയമി
ത്യേവം യോ വിമൃശേൽ സ ഏവ കലയേദസ്മിൻ നിബന്ധേ ഗുണാൻ”
എന്ന പദ്യത്തിൽ വിശദീകരിക്കുന്നു. താഴെക്കാണുന്ന പദ്യങ്ങൾ യഥാക്രമം ന്യായഖണ്ഡത്തിന്റെ ഒടുവിൽ ഘടിപ്പിച്ചിരിക്കുന്നു:

“ന സർവം സർവസ്യ പ്രിയമപി ഭവേദപ്രിയമപി
ക്വചിൽ കേചിൽ കിഞ്ചിദ്ദധതി യദി, സാർത്ഥാ മമ കൃതിഃ
ന വാ ഗൃഹ്ണന്ത്യന്യേ തദപി പദപീയൂഷലഹരീ
പരിക്രീഡാനന്ദഃ ഫലമിദമിദാനീം മമ ന കിം?”
ന്യായഖണ്ഡത്തോടുകൂടി പൂർവഭാഗമവസാനിക്കുന്നു.

വൃത്തൗ നാനാപ്രമാദാ വിവൃതിഷു കഥിതാ
മാധവാദ്യൈശ്ച സർവം
വ്യാഖ്യായാഖ്യായി ദോഷോ ബഹുലമഘടിതം
പ്രക്രിയാകാവ്യവൃത്തൗ
നാമവ്യാഖ്യാസ്വനന്തം കില തദിഹ മഹാ
കോവിദൈരപ്യവർജ്ജ്യാ
വിഭ്രാന്തിശ്ചേൽ കൃശാഭ്യാസിനി കൃശധിഷണേ
മാദൃശേ കിന്തു വാച്യം?”
ഭട്ടതിരിക്കു വിദ്വാന്മാരിൽനിന്നു വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല എന്നു സുബ്വിധിഖണ്ഡത്തിന്റെ അവസാനത്തിലുള്ള താഴെക്കാണുന്ന പദ്യം വ്യഞ്ജിപ്പിക്കുന്നു:

“വിദ്വാംസോ വിദിതം ഹി സർവമിതി ന ദ്രക്ഷ്യന്തി മന്ദാഃ പുനഃ
പ്രാരഭ്യാധികമാർഗദർശനപരിഭ്രാന്താ വിരമ്യന്തി ച
അന്യേ മത്സരിണഃ കഥാമപി ച നോ കുര്യുഃകിമേതൈഃക്ഷതം?
യന്മദ്ബുദ്ധിവിശുദ്ധയേ നരപതേർമ്മോദായ ചേദം കൃതം”
തന്റെ ബുദ്ധിവിശുദ്ധിക്കും രാജാവിന്റെ പ്രീതിക്കുമായി താൻ ആ ഗ്രന്ഥം നിർമ്മിക്കുന്നു എന്നുള്ളതാകുന്നു അദ്ദേഹത്തിന്റെ സമാധാനം. ഭട്ടതിരി കൃഷ്ണാർപ്പണമായാണു് പൂർവഭാഗം അവസാനിപ്പിക്കുന്നതു്. “കർമ്മ മേ തദ്ഭൂയാൽ കൃഷ്ണാർപ്പണം, മേ ഭവതു ച സതതം ധീരഘാരേഃ കഥായാം” എന്നും

“ആസ്താമന്യദിഹാർത്ഥശബ്ദപടലീസഞ്ചിന്തനാദിക്രിയാ
ശബ്ദവ്യാകൃതിജന്മ പുണ്യനിവഹം പാപഞ്ച വാഗ്ദോഷജം
സർവം തൽ പ്രജൂഹോമി നന്ദതനയേ മന്ദസ്മിതാർദ്രാനനേ
പൂർണ്ണബ്രഹ്മണി തൂർണ്ണമേഷ കരുണാസിന്ധുർമ്മയി പ്രീയതാം”
എന്നും അദ്ദേഹം പ്രസ്താവിക്കുന്നു. ‘ധീരഘാരേഃ കഥായാം’ എന്ന വാചകത്തിൽ കലിസൂചനയില്ല. ഉത്തരഭാഗം ആരംഭിക്കുന്നതു “ദേവനാരായണക്ഷ്മാപശാസനസ്ഥായിനാ മയാധാതവോത്ര വിലിഖ്യന്തേ മാധവോക്തേന വർത്മനാ” എന്ന ശ്ലോകത്തോടുകൂടിയാണു്.

പ്രക്രിയാസർവസ്വത്തിന്റെ മഹിമ വാചാമഗോചരമാകുന്നു. വിദ്യാർത്ഥികൾക്കു് അനായാസമായ ഗ്രഹണത്തിനും സ്മരണത്തിനും പ്രയോജകീഭവിക്കുന്ന അനവധി കാരികകളെക്കൊണ്ടു് ആ വാങ്മയം ആമൂലാഗ്രം അലംകൃതമാണു്.

“ഭിദേളിമാനി കാഷ്ഠാനി ശാലയോമീ പചേളിമാഃ
ഛിദേളിമാ ജീർണ്ണരജ്ജൂസ്തൃണജാലം ദഹേളിമം.”
‘സ്വയം ഭിദ്യന്തേ’ ഇത്യാദ്യർത്ഥങ്ങളിലുള്ള ഭിദേളിമാദി പദങ്ങളുടെ പ്രയോഗവിഷയത്തിൽ ഈ കാരികകൾ എത്രമാത്രം ഉപയുക്തങ്ങളാണെന്നു പറയേണ്ടതില്ലല്ലോ.

“രലയോരൈക്യമിച്ഛന്തി കേചിദിത്യാഹ വൃത്തികൃൽ
ഡലയോർബവയോശ്ചാഹുരഭേദം മാധവാദയഃ.
രേഖാ ലേഖാ ജലജഡൗ ബിന്ദുർവിന്ദുരിതി ക്രമാൽ
ഡലയോരുക്തിഭേദസ്തു ളകാരോ നാക്ഷരാന്തരം”
എന്ന കാരികകൾ അവയിൽ പറയുന്ന അക്ഷരങ്ങളെ സംബന്ധിച്ചു് എത്രമാത്രം വ്യുൽപാദകങ്ങളാണെന്നും അനുക്തസിദ്ധമാണു്. പ്രക്രിയാകൗമുദീകാരനെ ഭട്ടതിരി പല ഘട്ടങ്ങളിലും ഖണ്ഡിക്കുന്നുണ്ടു്. ഭട്ടതിരിയുടെ വ്യാകരണത്തെ അഭിജ്ഞന്മാർ കാവ്യമെന്നു പറയുന്നതു് അത്യുക്തിയല്ല. ഒരു മഹാകവി വൈയാകരണനായാൽ സഞ്ജാതമാകാവുന്ന ഗുണവൈശിഷ്ട്യം മുഴുവൻ പ്രക്രിയാസർവസ്വത്തിനു ലഭിച്ചിട്ടുണ്ടെന്നു സമഷ്ടിയായി പറയാം.

“ദേവനാരായണീയം” എന്ന പേരിൽ ധാതുക്കളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു വ്യാകരണഗ്രന്ഥമുണ്ടെന്നും അതു ദേവനാരായണന്റെ ആജ്ഞയനുസരിച്ചു രചിച്ചതാണെന്നും അതിന്റെ ഉപക്രമപദ്യം

“ദേവനാരായണക്ഷ്മാപശാസനസ്ഥായിനാ മയാ” എന്നാരംഭിക്കുന്നുവെന്നും ചിലർ സങ്കല്പിക്കുന്നതു് അബദ്ധമാണു്. അതു പ്രക്രിയാസർവസ്വത്തിലെ ധാതുഖണ്ഡം മാത്രമാകുന്നു എന്നു പ്രസ്താവിച്ചുകഴിഞ്ഞു.

28.16സർവസ്വവ്യാഖ്യകൾ

പ്രക്രിയാസർവസ്വത്തിനു രണ്ടു വ്യാഖ്യകൾ കണ്ടിട്ടുണ്ടു്. അവയിൽ ആദ്യത്തേതു നീലകണ്ഠദീക്ഷിതരുടേതാണു്. രണ്ടാമത്തേതു മനോരമത്തമ്പുരാട്ടിയുടെ ഗുരുനാഥനായ ദേശമംഗലത്തു് ഉഴുത്തിരവാരിയരുടേതാകുന്നു. നീലകണ്ഠദീക്ഷിതർ ഭട്ടതിരിയുടെ സമകാലികനും ചെമ്പകശ്ശേരി രാജാവിനെ ആശ്രയിച്ചു് അദ്ദേഹത്തിന്റെ മഹാഭാരതവാചകനായി അമ്പലപ്പുഴെ താമസിച്ചിരുന്ന ഒരു പണ്ഡിതനുമാണു്. അദ്ദേഹത്തിന്റെ മുത്തച്ഛൻ രാമചന്ദ്രദീക്ഷിതരും അച്ഛൻ വരദേശ്വരദീക്ഷിതരും ഗുരുക്കന്മാർ ജ്ഞാനേന്ദ്രനും വെങ്കിടേശ്വരദീക്ഷിതരും ജ്യേഷ്ഠൻ മഹാഭാഷ്യപാരഗനായ സുന്ദരേശ്വരദീക്ഷിതരും അമ്മ കാമാക്ഷിയുമാണെന്നു് ആ ഗ്രന്ഥത്തിൽനിന്നറിയുന്നു. ‘ലളിതാംബാസ്വരൂപി’യായിരുന്നുവത്രേ വെങ്കിടേശ്വരദീക്ഷിതർ. സ്വദേശം ഏതെന്നറിയുന്നില്ല.

പദവാക്യപ്രമാണാനാം പാരഗം വിബുധോത്തമം
രാമചന്ദ്രമഖീന്ദ്രാഖ്യപിതാമഹമഹം ഭജേ.
യദീയസ്മരണാദേവ വിന്ദതേഽർത്ഥചതുഷ്ടയം
പിതരം തമഹം വന്ദേ വരദേശ്വരദീക്ഷിതം.
യസ്യ സ്മരണമാത്രേണ ശാസ്ത്രാർത്ഥാനാം പുരഃസ്ഥിതിഃ
ജായതേ തം ഗുരും വന്ദേ ജ്ഞാനേന്ദ്രം ചിൽസ്വരൂപിണം.
സുന്ദരേശ്വരയജ്വാനം ശേഷാശേഷാർത്ഥവേദിനം
ഭ്രാതരം പ്രണമാമ്യസ്മൽകാമാക്ഷീം ജനനീമപി.
വെങ്കടേശ്വരയജ്വാനം ലളിതാംബാസ്വരൂപിണം
ഭാവയേ ഹൃദയേ സമ്യങ്മദഭീഷ്ടാർത്ഥസിദ്ധയേ.
കേരളക്ഷിതിപാലേഷു ദേവനാരായണപ്രഭുഃ
ദ്വിജരാജസ്സർവശാസ്ത്രധുരീണോസ്തി ഹരിപ്രിയഃ.
തൈഃ കാരിതം പ്രക്രിയായാസ്സർവ്വസ്വം സകലാർത്ഥദം
തദ്വ്യാഖ്യാനം നീലകണ്ഠദീക്ഷിതേന വിരച്യതേ”
എന്നീ ശ്ലോകങ്ങൾ നോക്കുക. നീലകണ്ഠദീക്ഷിതർ പ്രസ്തുത ഗ്രന്ഥം വ്യാഖ്യാനിച്ചതു പൂരാടം തിരുനാൾ മഹാരാജാവിന്റെ ആജ്ഞ അനുസരിച്ചായിരിയ്ക്കാനിടയുണ്ടു്. ഏതായാലും 792-നും 798-നും ഇടയ്ക്കായിരുന്നു ആ വ്യാഖ്യയുടെ ആവിർഭാവമെന്നുള്ളതു നിസ്സംശയമാണു്. ഉഴുത്തിരവാരിയരുടെ വ്യാഖ്യയിലെ വന്ദനശ്ലോകങ്ങളാണു് താഴെക്കാണുന്നതു്:

“ചാരണോദ്ഗീതചരണം ദാരണം വിഘ്നഭൂഭൃതാം
കാരണം ജഗതാമേകം വാരണാസ്യമുപാസ്മഹേ.
പശ്യന്ത്യാദിസ്വരൂപാ പദകമലജൂഷാ
മാന്തരധ്വാന്തഹന്ത്രീ
വീണാകോണാഭിരാമാ ദിവി ദിവിജകുലൈഃ
സ്തൂയമാനാപദാനാ
ദേവീദേവാസുരാളീമകുടതടമണീ
രാജിനീരാജിതാംഘ്രിഃ
കല്യാ കല്യാണദാ മേ സതതഗുരുകൃപാ
മാനസേ ലാലസീതു.
മുനിത്രയപദാംഭോജപരാഗപരമാണവഃ
വിമലീകുർവതാം ചേതാമുകുരം മുഹുരഞ്ജസാ.
നത്വാ ശ്രീഗുരുപാദാബ്ജം സ്മൃത്വാ സ്മൃത്വാ ച തദ്ഗിരഃ
പ്രക്രിയാപൂർവസർവസ്വവ്യാഖ്യാസ്മാഭിർവിലിഖ്യതേ.”
“ശ്രീബ്രഹ്മദത്തഗുരുപാദകടാക്ഷവീക്ഷാ
ദൂരീകൃതാത്മഹൃദയാഖിലകില്ബിഷേണ
നാരായണേന ലിഖിതാ മതിമദ്ഭിരേഷാ
ശോധ്യാസ്തു ദോഷസഹിതാ യദി പത്രികാ സ്യാൽ”
എന്നു് ഒരു മാതൃകാഗ്രന്ഥത്തിൽ കാണുന്ന പദ്യത്തിൽനിന്നു ബ്രഹ്മദത്തൻനമ്പൂരിയുടെ ശിഷ്യനായ നാരായണൻനമ്പൂരി ആ വ്യാഖ്യയുടെ ലേഖകനായിരുന്നു എന്നുമാത്രം കരുതിയാൽ മതിയാകുന്നതാണു്. ഉഴുത്തിരവാരിയർ മുൻപറഞ്ഞ നീലകണ്ഠദീക്ഷിതരുടേയും രാമഭദ്രദീക്ഷിതരുടേയും ശേഖരകാരനായ നാഗേശഭട്ടന്റേയും പംക്തികൾ ഉദ്ധരിച്ചിട്ടുണ്ടു്. അദ്ദേഹത്തെപ്പറ്റി മേലും ഒരവസരത്തിൽ പ്രസ്താവിക്കുന്നതാണു്. മഹാമഹോപാദ്ധ്യായ കിള്ളിമംഗലത്തു നാരായണൻനമ്പൂരിയും സർവസ്വത്തിൽ ആദ്യം കുറേ ഭാഗം വ്യാഖ്യാനിച്ചിട്ടുണ്ടു്. മനോരമത്തമ്പുരാട്ടിയുടെ ശിഷ്യൻ ദേശമംഗലത്തു കൃഷ്ണവാരിയർ സർവസ്വത്തിലെ കാരികകൾക്കു ടീക രചിച്ചിട്ടുള്ളതായും അറിയാം.

28.17ധാതുകാവ്യം

പട്ടത്തു വാസുദേവഭട്ടതിരിയുടെ അഞ്ചു സർഗ്ഗങ്ങളടങ്ങിയ വാസുദേവവിജയമെന്ന കാവ്യത്തെപ്പറ്റി ആ പൂർവാചാര്യൻ പ്രതിപാദിക്കാത്തതിനാൽ ഭട്ടതിരി അതിലെ ഇതിവൃത്തംതന്നെ തുടർന്നുകൊണ്ടു മൂന്നു സർഗ്ഗങ്ങളിൽ ധാതുകാവ്യം നിർമ്മിച്ചു. മാധവാചാര്യരുടെ ധാതുവൃത്തിയെയാണു് താൻ പ്രമാണീകരിയ്ക്കുന്നതു് എന്നു് “ഉദാഹൃതം പാണിനിസൂത്രമണ്ഡലം” എന്ന പ്രഥമശ്ലോകത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ടു്. പ്രസ്തുത ശാസ്ത്രകാവ്യത്തിൽ അക്രൂരന്റെ വ്രജപ്രയാണംമുതൽ കംസവധത്തോളമുള്ള ഭാഗവതകഥയാണു് പ്രതിപാദ്യം. 248 പദ്യങ്ങളിൽ 1948 ധാതുക്കൾക്കും ആനുപൂർവീക്രമത്തിനു മഹാകവി ഉദാഹരണങ്ങൾ ഘടിപ്പിക്കുന്നു.

“സ ഗാന്ദിനീഭൂരഥ ഗോകുലൈധിതം
സ്പർദ്ധാലുധീഗാധിതകാര്യബാധിനം
ദ്രക്ഷ്യൻ ഹരിം നാഥിതലോകനാഥകം
ദേധേ മുദാ സ്കുന്ദിതമന്തരിന്ദ്രിയം”
എന്ന രണ്ടാമത്തെ ശ്ലോകത്തിൽ ‘ഭൂ സത്തായാം’ എന്നതുമുതൽ ‘സ്കുന്ദി ആപ്രവണേ’ എന്നതുവരെയുള്ള ആദ്യത്തെ ഒൻപതു ധാതുക്കൾക്കു് ഉദാഹരണങ്ങൾ അടങ്ങിയിരിക്കുന്നു. ധാതുകാവ്യത്തിനു മൂക്കോലക്കാരായ ചില പണ്ഡിതന്മാർ ‘ശ്രീകൃഷ്ണാർപ്പണം’ എന്ന ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. ആ വ്യാഖ്യാനം ഉപക്രമിക്കുന്നതു് ഇങ്ങനെയാണു്:

“സ്മരത ഹരേർമ്മധുരതരം മുരളീനിനദാമൃതം ഹി ശബ്ദമയം
പദയുഗളഞ്ച ഭവാന്യാ മഹിഷാരേർമ്മുക്തിനിലയവാസിന്യാഃ.
ഗുരുപാദാബ്ജസം സേവാനിതാന്തവിമലാശയൈഃ
സതീർത്ഥൈരദ്യ ലിഖ്യന്തേ ധാതുകാവ്യാർത്ഥലോചനാഃ”
‘ഗുരു’ എന്നു് അവർ ഇവിടെ വ്യപദേശിക്കുന്നതു ഭട്ടതിരിയെത്തന്നെയായിരിക്കണം.

“കംസഹിംസാ പ്രബന്ധാർത്ഥോ വീര്യഭക്ത്യാദയോ രസാഃ
ത്രിഭിർദ്ദിനൈഃ കൃതം കർമ്മ ത്രിഭിസ്സർഗ്ഗൈശ്ച കഥ്യതേ.
അക്രൂരയോഗോ യാത്രാദി ചാപച്ഛേദാന്തചേഷ്ടിതം
മല്ലോദ്യോഗാദി കംസാന്തപര്യന്തം ച ത്ര്യഹേ കൃതം”
എന്നീ ശ്ലോകങ്ങളിൽനിന്നു മഹാകവി ആ കാവ്യവും മൂന്നു ദിവസംകൊണ്ടു രചിച്ചതായി അറിയുന്നു. അക്കാലത്തു മൂക്കോല അനേകം വിദ്വൽപ്രവേകന്മാരുടെ വാസസ്ഥാനമായിരുന്നു എന്നുള്ളതിനു ഭ്രമരസന്ദേശത്തിലെ ‘ഭംഗ്യാ വ്യംഗ്യാധ്വനി പരിചിതാൻ’ ഇത്യാദി പദ്യം സാക്ഷ്യം വഹിക്കുന്നു. ധാതുകാവ്യത്തിനു രാമപാണിവാദകൃതമായും ഒരു വ്യാഖ്യാനമുണ്ടു്. ഭട്ടതിരിയുടെ സുപ്രസിദ്ധമായ

“ആരൂഢോ ഗരുഡം ഭുജാന്തതരളശ്രീവന്യമാലാവലിഃ
ക്ഷ്മാമാന്ദോളിതചാമരാന്തരഗതഃ പ്രോദ്ഗീയമാനോഽമരൈഃ
ചഞ്ചന്മീനസുവർണ്ണകുണ്ഡലധരോ ധാരാധരശ്യാമളഃ
കാലേ മേ ചരമേ മമാക്ഷിപദവീമായാതു നാരായണഃ.”
എന്ന പദ്യം ധാതുകാവ്യത്തിലുള്ളതാണു്.

28.18അപാണിനീയപ്രാമാണ്യസാധനം

വ്യാകരണവിഷയത്തിൽ പാണിനി കാത്യായനപതഞ്ജലികൾക്കു മാത്രമല്ല പ്രാമാണ്യം കല്പിക്കേണ്ടതെന്നു പ്രക്രിയാസർവസ്വത്തിൽ ഭട്ടതിരി വെളിപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന്റെ ഉൽപതിഷ്ണുത്വം ചോളദേശത്തിലെ ചില വൈയാകരണന്മാർക്കു് അസഹ്യമായിത്തോന്നി. അവരിൽ വൈനതേയൻ എന്നൊരു പണ്ഡിതൻ അദ്ദേഹത്തെ എതിർക്കുകയും സുദർശനൻ എന്ന മറ്റൊരു പണ്ഡിതൻ വൈനതേയമതത്തെ ഖണ്ഡിക്കുകയുംചെയ്തു. ഒടുവിൽ ഭട്ടതിരി അന്നു ചോളദേശത്തിലെ വൈയാകരണാഗ്രണികളായിരുന്ന സോമേശ്വരദീക്ഷിതരേയും യജ്ഞനാരായണദീക്ഷിതരേയും മാധ്യസ്ഥ്യത്തിനു ക്ഷണിച്ചു. ഗദ്യപദ്യാത്മകമായ അദ്ദേഹത്തിന്റെ ആ മനോഹരങ്ങളായ ചില പദ്യങ്ങൾ പ്രകൃതത്തിൽ ഉദ്ധർത്തവ്യങ്ങളാണു്. സോമേശ്വരദീക്ഷിതർ കാമദേവൻ എന്നൊരു പണ്ഡിതനെ വാദത്തിൽ ജയിച്ചു. ആ ദീക്ഷിതർ രാഘവയാദവീയം മുതലായ കൃതികൾ നിർമ്മിച്ചിട്ടുണ്ടു്. യജ്ഞനാരായണദീക്ഷിതർ ഹരിവംശസാരചരിതം മുതലായ കൃതികളുടെ പ്രണേതാവായ ഗോവിന്ദദീക്ഷിതരുടെ സീമന്തപുത്രനും സാഹിത്യരത്നാകരം തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവും കൊല്ലം 791 മുതൽ 825 വരെ തഞ്ജാപുര (തഞ്ചാവൂർ) രാജധാനിയെ അലങ്കരിച്ചു ചോളരാജ്യം ഭരിച്ച സംഗീതസുധാകരാദിവിവിധഗ്രന്ഥനിർമ്മാതാവായ രഘുനാഥനായകന്റെ പ്രധാനമന്ത്രിയുമായിരുന്നു. 800-ആണ്ടിനു മേലാണു് അപാണിനീയപ്രാമാണ്യത്തിന്റെ രചനയെന്നു് ഏകദേശം അനുമാനിക്കാം. ഭട്ടതിരിയുടെ ആശയമെന്തെന്നു് അദ്ദേഹംതന്നെ ഒരു ചെറിയ ഗദ്യത്തിൽ ഉപപാദിച്ചിട്ടുണ്ടു്. “ഇന്ദ്രൻ, ചന്ദ്രൻ, കാശകൃത്സ്നൻ, ആപിശലി, ശാകടായനൻ മുതലായ പൂർവാചാര്യന്മാരുടെ വ്യാകരണനിബന്ധങ്ങൾ അപ്രമാണങ്ങളാണെന്നും മുനിത്രയോക്തിക്കുമാത്രമേ പ്രാമാണ്യമുള്ളു എന്നും ചില പണ്ഡിതമ്മന്യന്മാർ കരുതുന്നതു ക്ഷോദക്ഷമമല്ല. ചന്ദ്രാദികൾ അനാപ്തന്മാരാണെന്നു് ആരെങ്കിലും വാദിക്കുകയാണെങ്കിൽ അതിനുള്ള പ്രമാണം അവർതന്നെ പ്രദർശിപ്പിക്കേണ്ടതാണു്” എന്നുംമറ്റുമാകുന്നു, മഹാകവിയുടെ വാദഗതി.

“ദൃഷ്ട്വാ ശാസ്ത്രഗണാൻ പ്രയോഗസഹിതാൻ പ്രായേണ ദാക്ഷീസുതഃ
പ്രോചേ; തസ്യ തു വിച്യുതാനി കതിചിൽ കാത്യായനഃ പ്രോക്തവാൻ;
തദ്ഭ്രഷ്ടാന്യവദൽ പതഞ്ജലിമുനി; സ്തേനാപ്യനുക്തം ക്വചി
ല്ലോകാൽ പ്രാക്തനശാസ്ത്രതോപി ജഗദുർവിജ്ഞായ ഭോജാദയഃ.”
എന്നു് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ശങ്കരഭഗവൽപാദർ, മുരാരി, വിദ്യാരണ്യൻ, നൈഷധവ്യാഖ്യാതാവായ വിശ്വേശ്വരൻ, ക്ഷീരസ്വാമി, വന്ദ്യഘടീയസർവാനന്ദൻ മുതലായി പലരും തന്റെ മതത്തെ അനുകൂലിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രസ്തുതക്രോഡപത്രത്തിനു പരപക്ഷഖണ്ഡനമെന്നും പേരുണ്ടു്.

“സുദർശനസമാലംബീ സോഹം നാരായണോധുനാ
വൈനതേയ! ഭവൽപക്ഷമാക്രമ്യ സ്ഥാതുമാരഭേ.
പാണിന്യുക്തം പ്രമാണം ന തു പുനരപരം
ചന്ദ്രഭോജാദിശാസ്ത്രം
കേപ്യാഹുസ്തല്ലഘിഷ്ഠം, ന ഖലു ബഹുവിദാ
മസ്തി നിർമ്മൂലവാക്യം,
ബഹ്വംഗീകാരഭേദോ ഭവതി ഗുണവശാൽ;
പാണിനേഃ പ്രാക് കഥം വാ
പൂർവോക്തം പാണിനിശ്ചാപ്യനുവദതി; വിരോ
ധേപി കല്ല്യോ വികല്പഃ.”
… … …
“തതോന്യഗ്രന്ഥസന്ദോഹൈർമ്മദുക്താന്യേവ സാധയൻ
വൈനതേയോ മമാത്യന്തം ബന്ധുരേവേതി ശോഭനം.”
… … …
“ഹേ ശ്രീമച്ചോളദേശപ്രഥിതബുധവരാഃ
ശബ്ദശാസ്ത്രാന്തരാണാം
കോപ്യപ്രാമാണ്യമൂചേ; കിമിപി നിഗദിതം
തത്ര ചാസ്മാഭിരേവം;
കൗമുദ്യാം ധാതുവൃത്ത്യാദിഷു കഥിതതയാ
വൈദികാംഗത്വസാമ്യാ
ദ്യുഷ്മാകം സമ്മതം സ്യാദിതി ലിഖിതമിദം
ശോധയധ്വം മഹാന്തഃ.
ശ്രീസോമേശ്വരദീക്ഷിതാഭിധമഹാവിദ്വൽ കുലാഗ്രേസരാ
മീമാംസാദ്വയശബ്ദതർക്കകുശലാ യുഷ്മാനധൃഷ്യോന്നതീൻ
തത്ത്വജ്ഞാൻ കരുണാനിധീൻ പ്രശമിനഃ ശ്രുത്വേദമഭ്യർത്ഥയേ
യൽകിഞ്ചില്ലിഖിതം മയാത്ര, തദിദം സ്വീകാര്യമാര്യാത്മഭിഃ
യുഷ്മാഭിഃഖലു കാമദേവവിജയേ വ്യാലേഖി കക്ഷ്യാക്രമ
സ്തം ദ്രഷ്ടും ഭൃശമുത്സുകാ വയമതഃ സംപ്രേഷ്യതാം സാംപ്രതം
യുഷ്മാദൃക്ഷവിചക്ഷണോക്തിപദവീസംപ്രേക്ഷണേന ക്ഷണാ
ദസ്മാകം ഖലു ബുദ്ധിശുദ്ധിരുദയേദിത്യേഷ തത്രാശയഃ.
പ്രയുക്തഹേതൗ ഖലു കാമദേവേ
കൃതോസ്യ ഭംഗഃ പടുദർശനേന;
സോമേശ്വരാഖ്യാഗ്രഹണസ്യ ചൈതൽ
സർവജ്ഞഭാവസ്യ ച യുക്തരൂപം.
യുഷ്മദ്വൈദുഷ്യധൂതം ഖലു കടകഭുവി
ത്രായതേ ഭോഗിരാജം
വാണീ വേണീവിധൂതാമപി സുരസരിതം
കങ്കടീകോ ജടായാം
ഇത്യേവം യജ്ഞനാരായണവിബുധമഹാ
ദീക്ഷിതാശ്ശത്രുവർഗ്ഗ
ത്രാണാദ്ദേവസ്യ തസ്യാപ്യപഹരഥ ധിയാ
സാധു സാർവജ്ഞ്യഗർവം.
യുഷ്മാസ്വേവ ക്ഷിതീശോ വിപുലനയനിധി
സ്തിഷ്ഠതേ രാജ്യദൃഷ്ടൗ
തിഷ്ഠധ്വേ യൂയമേവ പ്രഥിതബുധജനേ
സന്ദിഹാനേ സമേതേ
യുഷ്മഭ്യം തിഷ്ഠതേ കസ്ത്രിദശഗുരുസമാ
നോപി യുഷ്മാദൃഗന്യഃ?
പ്രജ്ഞാലോ! യജ്ഞനാരായണവിബുധമഹാ
ദീക്ഷിതാൻ വീക്ഷതേ കഃ?
അസ്വസ്ഥാഃ കേരളസ്ഥാസ്സ്വയമതിമൃദവ
സ്തത്ര ചാഹം വിശേഷാൽ
സർവേ ദൂരപ്രചാരേ ഖലു ശിഥിലധിയഃ
കിം പുനർദ്ദേശഭേദേ?
ഏവം ഭാവേപി ദൈവാൽ കുഹചന സമയേ
കല്യതാ കല്യതേ ചേൽ
പ്രജ്ഞാബ്ധീൻ യജ്ഞനാരായണവിബുധമഹാ
ദീക്ഷിതാനീക്ഷിതാഹേ.”

28.19മാനമേയോദയം

മാനമേയോദയം എന്ന പൂർവമീമാംസാ ഗ്രന്ഥത്തിലെ മാനപരിച്ഛേദം ഭട്ടതിരിയുടെ കൃതിയാണു്. ആ ഗ്രന്ഥം താഴെക്കാണുന്ന വിധത്തിൽ ആരംഭിക്കുന്നു:

“ആചാര്യമതപാഥോധൗ ബാലാനപി നിനീഷതാം
ധീമതാം കോപി ഗോപാലപോതഃ പോത ഇവാസ്തു നഃ.
മാനമേയവിഭാഗേന വസ്തൂനാം ദ്വിവിധാ സ്ഥിതിഃ
അതസ്തദുഭയം ബ്രൂമഃ ശ്രീമൽകൗമാരിലാധ്വനാ.”
‘ഉഭയം ബ്രൂമഃ’ എന്നാണു് ആചാര്യൻ പ്രതിജ്ഞചെയ്യുന്നതെങ്കിലും മാനപ്രകരണം മാത്രമേ അദ്ദേഹം രചിച്ചിട്ടുള്ളു. മേയപ്രകരണം കോഴിക്കോട്ടു മാനവേദരാജാവിന്റെ ആശ്രിതനായിരുന്ന നാരായണപണ്ഡിതന്റെ കൃതിയാണു്. ഭട്ടതിരി കൗമാരിലനാകയാൽ പ്രത്യക്ഷം, അനുമാനം, ശാബ്ദം, ഉപമാനം, അർത്ഥാപത്തി, അഭാവം എന്നീ ആറു പ്രമാണങ്ങളേയും അംഗീകരിക്കുകയും അവയെ ഉപപാദിയ്ക്കുമ്പോൾ പ്രഭാകരാദിമതങ്ങളെ ഖണ്ഡിയ്ക്കുവാൻ വാല്മീകിരാമായണത്തിലെ “രാമ! ഷഡ്യുക്തയോ ലോകേ യാഭിസ്സർവോനുദൃശ്യതേ” എന്ന വാക്യത്തെക്കൂടി ഉദ്ധരിക്കുകയും ചെയ്യുന്നു.

28.20ഉപസംഹാരം

ഇതര കൃതികളെപ്പറ്റി വിസ്തരഭയത്താൽ ഒന്നും പറയണമെന്നു് ഉദ്ദേശിയ്ക്കുന്നില്ല. ഉത്തരരാമചരിതം അഞ്ചു സർഗ്ഗത്തിലുള്ള ഒരു കാവ്യമാണു്. അതിനു് ഉത്തരരാഘവീയമെന്നും പേരുണ്ടു്. അതിന്റെ കർത്താവു ഭട്ടതിരിയല്ലെന്നും രാമപാണിവാദനാണെന്നും അന്യത്ര ഉപപാദിക്കും. ഭട്ടതിരി ഭാഷയിൽ ഒരു ഗ്രന്ഥവും – ഒരു മുക്തകംപോലും – രചിച്ചിട്ടില്ലെന്നാണു് എനിക്കു തോന്നുന്നതു്. കൂട്ടപ്പാഠകം അദ്ദേഹത്തിന്റെ കൃതിയാണെന്നു ചിലർ പറയുന്നതിനു യാതൊരു അടിസ്ഥാനവുമില്ല. ഭാരതവർഷത്തിലെ ഏതു ഗ്രന്ഥകാരനോടും കിടനില്ക്കത്തക്ക വാസനയും വൈദുഷ്യവും വ്യവസായവും ഭട്ടതിരിയ്ക്കുണ്ടായിരുന്നു. മൂന്നു പേരാണു് കേരളസാഹിത്യത്തിന്റെ പരമോച്ചതയെ അവരുടെ വാങ്മയ പരമ്പരകൊണ്ടു പ്രശസ്യമായ രീതിയിൽ പ്രസിദ്ധീകരിക്കുന്നതു്. അവർ ശങ്കരഭഗവൽപാദരും വില്വമംഗലത്തു സ്വാമിയാരും നാരായണഭട്ടപാദരുമാണെന്നു് ആരും ഉപപാദിക്കേണ്ടതായിട്ടില്ല. ആ കുലാദ്രികളുമായി താരതമ്യപ്പെടുത്തുമ്പോൾ അന്യസൂരികൾ കുന്നുകളിലും താണുപോകുന്നു.

28.21ഭട്ടപാദരുടെ ചില സമകാലികന്മാർ, കുട്ടഞ്ചേരി ഇരവിച്ചാക്ക്യാർ

കുട്ടഞ്ചേരി ഇരവിച്ചാക്ക്യാരും മേല്പുത്തൂർ നാരായണഭട്ടതിരിയും തമ്മിലുള്ള സ്നേഹബന്ധത്തെപ്പറ്റി ഇതിനുമുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹം പ്രശസ്തനായ നടനും കഥാപ്രവക്താവുമാണെന്നുള്ളതിനുപുറമെ വാസനാഭാസുരനായ ഒരു കവിയുമായിരുന്നു. ചാക്ക്യാർ മുദ്രാരാക്ഷസകഥാസാരം എന്നൊരു സരസമായ ലഘുകാവ്യവും നിർമ്മിച്ചിട്ടുണ്ടു്. അതിലെ

“സ്വഭാവമധുരൈർവേഷൈഃ പുഷ്ണൻ വിബുധസമ്മദം
ശ്ലാഘിതോ ഗീർഭിരഗ്രാഭിഃ ശ്രീമാൻ നാരായണോ ജയേൽ”
എന്ന ശ്ലോകത്തിൽ ശ്രീനാരായണനേയും തന്റെ ഗുരുവായ ഏതോ ഒരു നാരായണച്ചാക്ക്യാരേയും വന്ദിക്കുന്നു. ചില ശ്ലോകങ്ങൾകൂടി മാതൃക കാണിക്കുവാൻ ഉദ്ധരിക്കാം:

“ചാണക്യസ്യ കഥാ സേയം വിദ്യതേ ഗദ്യരൂപിണീ
അദ്യ താം പദ്യതാം നേതുമുദ്യതോ രവിനർത്തകഃ
നവപ്രയോഗചാതുര്യസ്ഫുരദ്വീരാത്ഭുതാത്മനാ
അനയാ കഥയാ കോ ന മതിമാനതിമാദ്യതി?”
ഈ ഗദ്യരൂപിണിയായ ചാണക്യകഥ ശ്രീവത്സഗോത്രജനായി മഹാദേവതീർത്ഥൻ എന്ന ഒരു പണ്ഡിതന്റെ മുദ്രാരാക്ഷസം നാടകകഥയാണെന്നു് ഈയിടയ്ക്കു വെളിപ്പെട്ടിട്ടുണ്ടു്. ആ ഗ്രന്ഥത്തിന്റെ ഒടുവിൽ

“ശ്രീമദ്വത്സകുലാംബുരാശിശശിഭിർജ്ജീവേന തുല്യൈർദ്ധിയാ
കാവ്യാലംകൃതിതന്ത്രഷട്കചതുരൈഃ ഖ്യാതൈഃ ക്ഷമാമണ്ഡലേ
നീതേർബോധയിതാ ക്ഷമാസുരമഹാദേവാഖ്യതീർത്ഥൈഃ കൃതോ
മുദ്രാരാക്ഷസനാടകോദിതകഥാഭാഗോഽഗമൽ പൂരണം”
എന്നൊരു ശ്ലോകം കാണുന്നു. മഹാദേവൻ ചോളദേശീയനും രവിനർത്തകന്റെ കാലത്തിനു് അല്പം മുൻപിൽമാത്രം ജീവിച്ചിരുന്ന ഒരു ഗദ്യകാരനുമായിരുന്നു എന്നു് ഊഹിക്കാം.

പാടലീപുത്രം

“ബഹുജാതിസമാകീർണ്ണമശോകോദയശോഭനം
ഭൂമൗ തിലകഭൂതം യദാഹുഃ പുഷ്പപുരം ജനാഃ.”
രാക്ഷസൻ

“യോലംകോപനിവാസശ്ച രാമാദിഷു നിരാദരഃ
നയജ്ഞേഷു പ്രസന്നാത്മാ സത്യം രാക്ഷസ ഏവ സഃ.”
“നവഭർത്തൃഷു സക്തിരത്യുദാരാ
സുദൃശാമിത്യപി സത്യമേവ ജാതം
യദിയം പ്രണനന്ദ നന്ദഭൂമിർ
ന്നവഭൂപാലസമാഗതാ തദാനീം.”
ഒടുവിലത്തേതിനു മുമ്പിലത്തെ ശ്ലോകം

“പ്രതിജ്ഞാം നീത്വൈവം വിപുലമതിരാബധ്യ ച ശിഖാം
നിരാശോപി പ്രീത്യാ നരപതികൃതാശേഷവിഭവഃ
സ കൗടില്യോ ധർമ്മാൻ വിധിവദകരോദാത്മഭവനേ
വദൻ കാലേ കാലേ ഹിതമഖിലമസ്മൈ നരഭുജേ.”
രാക്ഷസാമാത്യനെ ശ്ലേഷാശ്രിതനായ കവി നരഭുക്കെന്നു ഒരവസരത്തിൽ നിർദ്ദേശിച്ചതു സമുചിതമായില്ല.

ചാണക്യസൂത്രം കിളിപ്പാട്ടു പ്രസ്തുതകൃതിയുടെ വിവൃതമായ ഒരു പരിഭാഷയാകുന്നു.

“കോസൗ വടുരനാരൂഢശ്മശ്രുരഗ്രാസനം ഗതഃ?
നിരസ്യതാം മർക്കടോയമിതി ശ്രുത്വൈവ സോബ്രവീൽ”
എന്ന ശ്ലോകം കിളിപ്പാട്ടിൽ

“ഏതു വടുവിവനഗ്രാസനത്തിങ്ക
ലേതുമേ ശങ്കകൂടാതെ കരയേറി
ധൃഷ്ടതയോടുമിരിയ്ക്കുന്നതാരിവൻ?
കഷ്ടമനാരൂഢശ്മശ്രുവാകുന്നതും?
കള്ളക്കുരങ്ങിനെത്തള്ളിയിഴച്ചുടൻ
തള്ളിപ്പുറത്തു കളവതിന്നാരുമേ
ഇല്ലയോ നമ്മുടെ ചോറുതിന്നുന്നവർ?
എല്ലാമെവിടേക്കു പോയാരിതുകാലം?”
എന്നു പരാവൃത്തമായിരിക്കുന്നതു നോക്കുക.

28.22മേൽപ്പുത്തൂർ മാതൃദത്തഭട്ടതിരി

മഹാകവിയുടെ അനുജനായ മാതൃദത്തനെപ്പറ്റിയും പ്രസംഗവശാൽ മുമ്പു പ്രസ്താവിച്ചിട്ടുണ്ടു്. ഭക്തിസംവർദ്ധനശതകം എന്ന കൃതി അദ്ദേഹം വിരചിച്ചതാകുന്നു എന്നും സൂചിപ്പിച്ചുകഴിഞ്ഞു.

“ഭക്തിസംവർദ്ധനം നാമ ശ്ലോകാനാം ശതകം മയാ
മാതൃദത്താഭിധാനേന വിഷ്ണുപ്രീത്യൈ വിനിർമ്മിതം”
എന്നൊരു ശ്ലോകം ഗ്രന്ഥാവസാനത്തിൽ കാണുന്നുണ്ടു്. അതിലെ നൂറു പദ്യങ്ങളും മന്ദാക്രാന്താവൃത്തത്തിലാണു് നിർമ്മിച്ചിരിക്കുന്നതു്. പൂർവാർദ്ധമെന്നും ഉത്തരാർദ്ധമെന്നും രണ്ടു ഭാഗമായി ഗ്രന്ഥം പകുത്തിരിക്കുന്നു. കവിതയ്ക്കു നല്ല ഒഴുക്കും ലാളിത്യവുമുണ്ടു്. പൂർവാർദ്ധത്തിൽനിന്നും ഉത്തരാർദ്ധത്തിൽ നിന്നും ഓരോ ശ്ലോകം മാത്രം ഉദ്ധരിച്ചു കാണിക്കാം:

“വാമാം വാമാം കുടിലഹൃദയാം കാമമാത്മന്യകാമാ
മാഗൃഹ്ണാനഃ പ്രണയചപലഃ കാമതപ്താന്തരാത്മാ
തത്താദൃഗ്ഭിഃ കപടചരിതൈർവഞ്ച്യമാനസ്തഥാഹം
യോഷിൽക്രീഡാകപിരിതി വിഭോ! മാ പ്രഹസ്യേയ സദ്ഭിഃ.”
“ഭൂതാത്മാനം ഭുവനവിതതം ഭൂതിസർവസ്വഭാജം
ഭുക്തേർമ്മുക്തേരപി ച വിഷയം ഭൂതികാരുണ്യപൂർണ്ണം
ഭൂതഗ്രാമപ്രഭവവിഭവം ഭൂർഭുവസ്സ്വർന്നിദാനം
ഭൂയോ ഭൂയോ മനസി ഭഗവൻ! ഭാവയേഹം ഭവന്തം.”
നാരായണീയമാകുന്ന പീയൂഷസാഗരത്തിലെ നാലഞ്ചു ബിന്ദുക്കൾ ഭക്തിസംവർദ്ധനത്തിലും സംക്രമിച്ചിട്ടുണ്ടു്.

28.23പൂരാടം തിരുനാൾ ചെമ്പകശ്ശേരി രാജാവു്

പൂരാടം തിരുനാൾ ചെമ്പകശ്ശേരി രാജാവിനെപ്പറ്റി മഹാകവിക്കും നീലകണ്ഠദീക്ഷിതർ മുതലായ ഇതരപണ്ഡിതന്മാർക്കും ഉണ്ടായിരുന്ന ബഹുമാനം എത്രമാത്രമായിരുന്നു എന്നു നാം കണ്ടുവല്ലോ. ദേവനാരായണം അഥവാ വേദാന്തരത്നമാല എന്നൊരു കൃതി അദ്ദേഹം നിർമ്മിച്ചിട്ടുണ്ടു്. ശ്രീമദ്ഭാഗവതത്തിലെ “ജന്മാദ്യസ്യ യതോന്വയാൽ” എന്ന പ്രഥമശ്ലോകത്തിനു് അത്യന്തം വിസ്തൃതമായ ഒരു ഭാഷ്യമാണു് ആ ഗ്രന്ഥം. പീഠികയിൽ നിന്നു ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം:

“നീലകണ്ഠാഭിധാംസ്തദ്വന്നാരായണസമാഹ്വയാൻ
അന്യാംശ്ച കൃഷ്ണകലയാ സംഭൂതാൻ നൗമി ദേശികാൻ.
യദ്ഗോത്രജോ യൽപ്രസാദാദ്വേദാന്താനാം പ്രകാശകം
കുർവേ ശാസ്ത്രപ്ലവം ഭക്ത്യാ തം വ്യാസം നൗമി ചക്രിണം.
ദേവനാരായണപ്രാപ്യം ദേവനാരായണാശ്രയം
ദേവനാരായണകൃതം ദേവനാരായണാഭിധം.
വേദാന്തരത്നാപരനാമധേയം
കാലാഹികാകോളവിനാശഹേതും
ശൃണ്വന്തു ജീവാ വിവശാ നിതാന്തം
സഞ്ചിന്ത്യ സഞ്ചിന്ത്യ ഭവാബ്ധിഖേദം.
വേദാന്തരത്നമാലേതി ചാഖ്യാതം വിശ്വമുക്തിദം
വേദാന്തവാക്യരത്നൗഘൈർന്നിർമ്മിതം കൃഷ്ണമുക്തിദം.
ജീവാഭയപ്രദാനേ ദക്ഷം ഹ്യേതദ്വിമുക്തിദം ജഗതാം
സ്മരതാം ഗൃണതാം നിത്യം നിശമയതാം വല്ലവീസുതൈ കരസം.”
രാജാവിനു് ഉപനിഷത്തുകളിലും വിവിധവേദാന്തഗ്രന്ഥങ്ങളിലുമുണ്ടായിരുന്ന അഗാധമായ ജ്ഞാനം പ്രസ്തുതനിബന്ധത്തിൽ പ്രതിവാക്യം സ്ഫുടീഭവിക്കുന്നു. അദ്ദേഹം വന്ദിക്കുന്ന നീലകണ്ഠൻ ‘ശ്രൂയതേ നീലകണ്ഠോക്തിഃ’ എന്ന ശ്ലോകത്തിൽ സ്മൃതനായ നീലകണ്ഠദീക്ഷിതരും നാരായണൻ സാക്ഷാൽ മേല്പുത്തൂർ ഭട്ടതിരിയും തന്നെ.

28.24ശ്രീകുമാരൻനമ്പൂരി

ശില്പശാസ്ത്രത്തിൽ കേരളീയർക്കു പ്രമാണീഭൂതമായ ഒരു ഗ്രന്ഥമാകുന്നു ശില്പരത്നം. ആ ഗ്രന്ഥത്തിൽ 46 അധ്യായങ്ങളുള്ള പൂർവഭാഗവും 35 അധ്യായങ്ങളുള്ള ഉത്തരഭാഗവും അടങ്ങിയിരിക്കുന്നു. വളരെ വിപുലവും ശില്പസംബന്ധമായുള്ള സകല വിഷയങ്ങളെപ്പറ്റിയും സമഗ്രമായി പ്രതിപാദിക്കുന്നതുമായ പ്രസ്തുത കൃതിയുടെ പ്രണേതാവു രാമൻനമ്പൂരിയുടെ പുത്രനും ഭാർഗ്ഗവഗോത്രജനുമായ ശ്രീകുമാരൻനമ്പൂരിയാണു് എന്നുള്ളതു് അതിന്റെ പൂർവ്വഭാഗാന്തത്തിൽ കാണുന്ന “ശ്രീരാമപുത്രേണ ഭാർഗ്ഗവഗോത്രസംഭൂതഭൂദേവേന ശ്രീകുമാരനാമധേയേന ശ്രീദേവനാരായണരാജചൂഡാമണിപാദസേവകേന ലിഖിതമിദം” എന്ന കുറിപ്പിൽനിന്നു ഗ്രഹിക്കാവുന്നതാണു്. അദ്ദേഹം ചെമ്പകശ്ശേരി പൂരാടംതിരുനാൾ തമ്പുരാന്റെ സദസ്യനും ശില്പരത്നം നിർമ്മിച്ചതു് ആ തമ്പുരാന്റെ ആജ്ഞയനുസരിച്ചുമായിരുന്നു എന്നാണു് ഐതിഹ്യം. ആ വസ്തുതകൾ തെളിയിക്കുന്നതിനുവേണ്ടി താഴെക്കാണുന്ന ശ്ലോകങ്ങൾ ഉദ്ധരിക്കാം: -

“നാനാവിശാലഗണിതാഗമശില്പശാസ്ത്രാ
ദ്യുൽപത്തിമുഖ്യഭുവമത്ഭുതവിക്രമാഢ്യാം
സേതൂർദ്ധ്വകാനനനിവാസകൃതാധിവാസാം
വന്ദേ ഷഡാനനവതീം പരദേവതാം മേ.
യേന്യേ മതംഗഭൃഗുകാശ്യപകുംഭജാത
മുഖ്യാ മുനീന്ദ്രപതയോ മയി സുപ്രസന്നാഃ
ശില്പാഗമാംബുനിധിപാരഗതാ മദീയ
ചിത്തപ്രബോധനകരാ ഗുരവോപ്യമേയാഃ.
സമ്പൂജ്യതേ സദസി ഭാർഗ്ഗവസൃഷ്ടഭൂഭാ
ഗേസ്മിൻ ബുധൈസ്സകലശില്പകലാസു യോസൗ
തം മേ നമാമി പിതരം ഭൃഗുവംശജാതം
ശശ്വൽസ്വപുത്രഹിതപൂരണജാഗരൂകം.
ബ്രാഹ്മം ക്ഷാത്രഞ്ച തേജോപ്യഹമഹമികയാ
വർദ്ധതേ യത്ര വീരേ
തസ്യ ശ്രീദേവനാരായണധരണിപതേ
രാജ്ഞയാജ്ഞാകരോഹം
മന്ദോപ്യത്യന്തമോഹാദതിവിപുലതരേ
ഭ്യോഥ പൂർവാഗമേഭ്യഃ
സംക്ഷിപ്തം ശില്പരത്നം പ്രലിഖിതുമധുനാ
പ്രക്രമേ തൽക്രമേണ.”
ഈ ശ്ലോകങ്ങൾ, ആചാര്യൻ സമ്പ്രദായാനുസാരേണ ബ്രഹ്മാവു്, വിശ്വകർമ്മാവു്, മയൻ ഈ പുരാണസ്ഥപതികളെ വന്ദിച്ചതിനു ശേഷം പൂർവഭാഗത്തിന്റെ ആരംഭത്തിൽ ഘടിപ്പിച്ചിട്ടുള്ളവയാകുന്നു. ആ ഭാഗത്തിന്റെ അവസാനത്തിൽ

“ഇത്ഥം ശ്രീദേവനാരായണമതിവിവൃതം
ശില്പരത്നാദ്യഭാഗം
ഷട്ചത്വാരിംശദധ്യായകയുതമതിമ
ന്ദാത്മബോധപ്രദം യൽ
നാനാഗ്രാമാദിദേവാലയനരഭവനാ
ദ്യുക്തലക്ഷ്മപ്രകാശം
സംപൂർണ്ണം ജാത, മസ്മിൻ നിഖിലബുധജനാ
സ്സന്തു സന്തുഷ്ടചിത്താഃ.”
ഉത്തരഭാഗം

“അനന്തകോടിബ്രഹ്മാണ്ഡേഷ്വഖിലേഷ്വാതതഃക്രമാൽ
നിശ്ശേഷവിശ്വകർത്താ യസ്സ ജീയാന്മധുസൂദനഃ”
എന്നു വിഷ്ണുപരമായ വർണ്ണനത്തോടുകൂടി ആരംഭിക്കുന്നു. ഒടുവിൽ

“അധ്യായൈരഥ സപ്തപഞ്ചകയുതൈഃശ്രീദേവനാരായണ
പ്രജ്ഞാകല്പിതശില്പരത്നഗതപശ്ചാദ്ഭാഗ അന്തം ഗതഃ
നാനാലക്ഷണമന്ത്രലിംഗമനുബിംബാകാരഭൂഷായുധ
ബ്രഹ്മാശ്മാസനതൽപ്രതിഷ്ഠിതഭവം ജീർണ്ണോദ്ധരാദ്യന്വിതം.
കരുണാപൂരസമ്പന്നഗുരൂണാം സുപ്രസാദതഃ
അഹം സിദ്ധരസോസ്മ്യജ്ഞസ്തൽപാദേഭ്യോ നമോ നമഃ”
എന്നീ ശ്ലോകങ്ങളുമുണ്ടു്. ‘ഇത്ഥം ശ്രീ’ എന്ന ശ്ലോകത്തിൽ നിന്നു ശില്പരത്നത്തിനു ദേവനാരായണമെന്നും സംജ്ഞയുള്ളതായി വെളിപ്പെടുന്നു.

കുന്നംകുളത്തിനു സമീപം ചിറമേല്ക്കാടു് എന്നൊരു സ്ഥലവും അവിടെ ഒരു സുബ്രഹ്മണ്യക്ഷേത്രവുമുണ്ടു്. ചിറമേല്ക്കാടു സംസ്കൃതീകരിച്ചതാണു് സേതൂർദ്ധ്വകാനനം. ഷഡാനനവതിയായ പരദേവത സുബ്രഹ്മണ്യനാണെന്നു പറയേണ്ടതില്ലല്ലോ. ‘ഷഡാനനയതിം’ എന്നൊരു അപപാഠത്തെ ആധാരമാക്കി ചിലർ ശ്രീകുമാരന്റെ ഗുരു ഷഡാനനയതിയായിരുന്നു എന്നു പറയുന്നതു് അബദ്ധം തന്നെ. ആചാര്യന്റെ ഗുരുക്കന്മാരിൽ ഒരാൾ സകലശില്പകലകളിലും കേരളീയരാൽ സംപൂജിതനാണെന്നു് അദ്ദേഹം പ്രശംസിക്കുന്ന സ്വപിതാവു തന്നെയായിരിക്കണം. ശ്രീകുമാരന്റെ സ്വദേശം ചിറമേല്ക്കാടായിരുന്നു എന്നും അവിടെനിന്നു പൂരാടംതിരുനാളുടെ വിവിധശാസ്ത്രപാണ്ഡിത്യവും വിദ്വജ്ജനപ്രോത്സാഹകത്വവും കേട്ടു് അദ്ദേഹം അമ്പലപ്പുഴയിൽ ആ തമ്പുരാന്റെ ആശ്രിതനായി താമസിച്ചു എന്നും അനുമാനിക്കുന്നതിനു ന്യായമുണ്ടു്. തന്ത്രസമുച്ചയം, വാസ്തുവിദ്യ, മനുഷ്യാലയചന്ദ്രിക, ശില്പരത്നം ഈ നാലുമാണു് കേരളത്തിലെ ശില്പശാസ്ത്രങ്ങളിൽ അഗ്രസ്ഥാനത്തെ അലങ്കരിക്കുന്നതു്. ചിത്രലക്ഷണം, വാഹലക്ഷണം, ധനുർലക്ഷണം മുതലായ വിഷയങ്ങളെപ്പറ്റി പല രഹസ്യങ്ങളും നാം ശില്പരത്നത്തിൽനിന്നു മനസ്സിലാക്കുന്നു. കർമ്മകാരന്മാരുടെ വേതനക്രമം, ദാരുക്കളുടെ ഖണ്ഡിജ്ഞാനം (കണ്ടിക്കണക്കു്) തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുപോലും ഗ്രന്ഥകാരൻ നമുക്കു പല അറിവുകളും തരുന്നുണ്ടു്.

ശില്പരത്നം ഭാഷ എന്നൊരു ഗ്രന്ഥമുണ്ടു്. അതിനു് ‘അടുക്കു്’ എന്നും, ‘തൈക്കാട്ടുഭാഷ’ എന്നുകൂടി പേരുകളുണ്ടു്. സുപ്രസിദ്ധശില്പിഗൃഹമായ തൈക്കാട്ടില്ലത്തെ ഒരു നമ്പൂരിയാണു് ആ ഗ്രന്ഥത്തിന്റെ പ്രണേതാവെന്നു് ഊഹിക്കാം. 600-നുമേൽ മണിപ്രവാളശ്ലോകങ്ങൾ അതിൽ ഉൾപ്പെടുന്നു. ആശാരിമാരുടെ ഇടയിൽ അതിനു പ്രചുരമായ പ്രചാരമുണ്ടു്. കൊല്ലം പത്താം ശതകത്തോളമേ പഴക്കമുള്ളു. പ്രധാനമായി ദേവാലയനിർമ്മിതിയേയും ആനുഷംഗികമായി മനുഷ്യാലയ നിർമ്മാണത്തേയും അതിൽ പ്രതിപാദിച്ചിരിക്കുന്നു. ശില്പരത്നം ഭാഷ ഇങ്ങനെ ആരംഭിക്കുന്നു:

“വന്ദിച്ചുകൊണ്ടു ഗുരുപാദസരോരുഹം ഞാൻ
മന്ദോപി മന്ദമതിബോധനമർത്ഥമായി
നന്നായ്ച്ചുരുക്കി വിബുധാലയമന്ത്രബിംബ
വിന്യാസരീതി പറയുന്നതറിഞ്ഞവണ്ണം
ഏവനൊരുത്തനു ഭക്ത്യാ പരദൈവതപൂജയിങ്കൽ മനമുള്ളൂ
ആയവനുടനേ ചെയ്വൂ ഗുരുവരണം ശില്പമാരൊടുംകൂടെ.
പിന്നെത്താനും ഗുരുവും ശില്പിയുമായന്വെഷിച്ചു കല്പിപ്പൂ
ദേവപ്രതിഷ്ഠചെയ്വാനത്യന്തം നല്ല ഭൂമിയും ദിക്കും.”
ഒടുവിൽ

“ഭാഷാമിശ്രം ശില്പിരത്നാഖ്യമേവം
ബാലാനാമൊട്ടിഷ്ടമെന്നോർത്തു തീർത്തേൻ
തച്ചാപല്യം മേ കൃപാസാന്ദ്രചിത്തൈഃ
ക്ഷന്തവ്യം വിദ്വത്ഭിരാനൗമി തേഭ്യഃ”
എന്നൊരു ശ്ലോകവും കാണുന്നു. മറ്റു ചില സമകാലികന്മാരെപ്പറ്റി ഇരുപത്താറാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

28.25മഠത്തിൽ നാരായണൻനമ്പൂരി

ശിവരാമൻ, പൂർണ്ണസരസ്വതി മുതലായ പണ്ഡിതമൂർദ്ധന്യന്മാർക്കു സദൃശനായ ഒരു വ്യാഖ്യാതാവാകുന്നു, മഠത്തില്ലത്തിൽ നാരായണൻനമ്പൂരി. അദ്ദേഹത്തിന്റെ കൃതികളായി ഭവഭൂതിയുടെ ഉത്തരരാമചരിതത്തിനു ഭാവാർത്ഥദീപികയെന്നും ബോധായനന്റെ ഭഗവദജ്ജുകീയപ്രഹസനത്തിനു ദിങ്മാത്രദർശിനിയെന്നും രണ്ടു വ്യാഖ്യാനങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. അവയിൽ ഭാവാർത്ഥദീപിക പ്രത്യേകിച്ചും സർവങ്കഷമാകുന്നു. ധാതുകാവ്യവ്യാഖ്യയായ കൃഷ്ണാർപ്പണം അദ്ദേഹത്തിന്റെ കൃതിയാണെന്നു ചിലർ അഭിപ്രായപ്പെടുന്നതു നിർമ്മൂലമാണെന്നു നാം കണ്ടുവല്ലോ. “ഇതി ശ്രീമൽകേരളഭൂവലയമഹിതഭൂഷണോപരിനവഗ്രാമധാമപ്രഥിതപൂർവോത്തര മീമാംസാ പരമാചാര്യശ്രീനാരായണ കവിവരപ്രഥമാന്തേവാസിവിരചിതായാം” എന്നൊരു കുറിപ്പുകാണുന്നതിൽനിന്നു മേല്പുത്തൂർ ഭട്ടതിരിയുടെ പ്രഥമശിഷ്യനാണു് മഠത്തിൽ ഭട്ടതിരി എന്നു സിദ്ധിക്കുന്നു. അദ്ദേഹം ഗണനീയമായ കവിതാവാസനയാലും അനുഗൃഹീതനായിരുന്നു. ദീപികയുടെ ഉപക്രമത്തിൽനിന്നാണു് അടിയിൽ കാണുന്ന ശ്ലോകങ്ങൾ ഉദ്ധരിക്കുന്നതു്:

“സർവവിദ്യാഗമാചാരപ്രവക്ത്രേ ശ്രുതിചക്ഷുഷേ
ദിവ്യവാണീലതോപഘ്നതരവേ ഗുരവേ നമഃ.
പ്രഭൂതരസവാഗ്ദോഗ്ധ്രീനിർവ്യൂഢനിജവൃത്തയേ
നമശ്ശബ്ദാർത്ഥവിജ്ഞാനഭൂതയേ ഭവഭൂതയേ.
നമോസ്തു കവയേ തസ്മൈ വല്മീകോദരജന്മനേ
രാമായണമഹാകാവ്യപീയൂഷക്ഷീരസിന്ധവേ.”
“കർമ്മഹേ നിർഭരാകൂതശബ്ദസന്ദർഭവിസ്തരേ
ഉത്തരേ രാമചരിതേ താൽപര്യാർത്ഥനിരൂപണം.
സംപ്രദായസമുച്ഛേദാൽ ഖിലീഭൂതേത്ര നാടകേ
വ്യാക്രിയാ യത്നതസ്ത്വേതന്നിർവഹേമ സമീഹിതം.”
“കവിവര്യോക്തിമാധുര്യമസൃണീകൃതചേതസാം
സുലഭാനി ഭവേയുർന്നഃ സ്ഖലിതാനി പദേ പദേ.
വാച്യാർത്ഥബോധവിരഹേ ദൂരേ താൽപര്യനിർണ്ണയഃ
വചനപ്രൗഢിദുർബോധേഷ്വാകൂതേഷു തു കാ കഥാ?
ഏവമപ്യത്ര ശബ്ദാർത്ഥവ്യാക്രിയാരചനം ഹി നഃ
അന്ധേന നികഷോന്മൃഷ്ടമുക്താശുദ്ധിപരീക്ഷണം.
ശക്തിവ്യുൽപത്തിശിക്ഷാഭിരുത്തേജിതധിയാമപി
ദുസ്സാധാദ്വിരമത്യേഷാ മനീഷാ നൈവ കാ ഗതിഃ?
അനാലോചിതശാസ്ത്രാർത്ഥാനപ്രൗഢമതിവൈഭവാൻ
അസ്മാനകസ്മാദാവിഷ്ടാ വ്യാചിഖ്യാസാ പിശാചികാ.”
“ദീപികേവ യതോ ഭാവാൻ ഗുഢാനപി വിഭാവയേൽ
ഭാവാർത്ഥദീപികേതീഹ വ്യാഖ്യാസ്മാഭിർവിരച്യതേ.”
“നോ വിദ്വദ്ഗണനാശയാ ന ച കവിഖ്യാത്യുദ്ഗമശ്രദ്ധയാ
നൈവ സ്വീയവിചാരകൗശലവിധാവിഖ്യാപനോൽകണ്ഠയാ
പീയൂഷദ്രവപിച്ഛിലോക്തിസുഭഗഗ്രന്ഥാവഗാഹോത്സുക
സ്വാന്തോല്ലാസകതീർത്ഥദുർല്ലഭതയാ വ്യാഖ്യാമിമാം കർമ്മഹേ.”
വ്യാഖ്യാനത്തിന്റെ ഒടുവിലുള്ള ചില ശ്ലോകങ്ങൾ കൂടി പകർത്താം

“ദ്വിജവരശുഭവംശശ്രേഷ്ഠമുക്താഫലസ്യ
പ്രസൃതവിശദഭാസോ നേത്രനാരായണസ്യ
വിവൃതിരഖിലഹൃദ്യാ പ്രസ്തുതാ യാ നിയോഗാൽ
പരിണതിമപി സാഗാൽ കാവ്യഭൂഷാനിഷദ്യാ.”
“സർവഥാപി ഹി മന്ദാനാമേഷാ സ്യാദുപകാരിണീ
ഭവഭൂതിവചസ്സിന്ധുതിതീർഷുജനതാതരീ.
ബ്രഹ്മക്ഷത്രമഹീവതംസകനിഭേ നാരായണാഖ്യഃ കവിർ
ജ്ജാതോ യസ്തു വളർക്ഷമംഗലയുതഗ്രാമേ മഠാഖ്യേ ഗൃഹേ;
തേനേയം ഭവഭൂതിഗുംഭിതവചോഗാംഭീര്യകൃച്ഛ്റാദിമ
ദ്വാച്യാദ്യർത്ഥപരീക്ഷണവ്യസനിനാ ടീകാ പുനർന്നിർമ്മിതാ.”
ഈ ശ്ലോകങ്ങളിൽനിന്നു നാരായണൻനമ്പൂരി, ആരും ശരിക്കു് അർത്ഥമറിയാതെ കുഴങ്ങുന്നതും ആരും വ്യാഖ്യാനിക്കുവാൻ ഒരുമ്പെടാത്തതും അസ്തപ്രചാരദശയെ സമീപിച്ചതുമായ ഭവഭൂതി മഹാകവിയുടെ ഉത്തരരാമചരിതത്തിനു ഭാവാർത്ഥദീപിക എന്ന ടീക നിർമ്മിക്കുവാൻ, ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ നിയോഗംനിമിത്തം ഉദ്യുക്തനായിയെന്നു വെളിപ്പെടുന്നു. വളർക്ഷമംഗലം എന്നതു വെള്ളാങ്ങല്ലൂരിന്റെ സംസ്കൃതരൂപമാകുന്നു. ആ ഗ്രാമത്തിലാണു് മഠമെന്ന ഇല്ലം. ഉത്തരരാമചരിതത്തിനു നമുക്കു് ഇതുവരെ ലഭിച്ചിട്ടുള്ള കേരളീയവ്യാഖ്യാനങ്ങളിൽ അതിപ്രാചീനമായുള്ളതു ദീപിക തന്നെയാണു്. ദീപികയ്ക്കു പിന്നീടാണു് ദിങ്മാത്രദർശിനിയുടെ പ്രാദുർഭാവം. ആ വ്യാഖ്യയുടെ ഉപോൽഘാതത്തിൽ

“ബോധായനകവിരചിതേ വിഖ്യാതേ ഭഗവദജ്ജു കാഭിഹിതേ
അഭിനേയേഽതിഗഭീരേ വിശദാനധുനാ കരോമി ഗുഢാർത്ഥാൻ”
എന്നും ഉപസംഹാരത്തിൽ

“ഇതി പ്രഹസനാഭിഖ്യോ പൂർണ്ണാ നാട്യനിബന്ധനേ
ഹാസ്യഗുഹിതതത്വാർത്ഥേ ടീകാ ദിങ്മാത്രദർശിനീ.
ബുധജനമാനസേ ന കിയതീമപി മേ വിവൃതി
ർമ്മുദമതിരിക്തമോഹരഭസോപചിതാ കുരുതേ
തദപി കൃശാശയാവശകുശീലവമാത്രഹിതാ
യദി തു ഭവിഷ്യതീയമിയതാ സഫലൈവ കൃതിഃ
യശ്ചാസൗ ഭവഭൂതിസൂക്തിജലധേരർത്ഥൗഘയാദോഗണ
പ്രക്ഷോഭോത്ഥിതഭീതഭഞ്ജനകരീം വ്യാഖ്യാതരീം നിർമ്മമേ
തേനേയം വിഷമേതിവൃത്തഗഹനേ ബൗധായനീയേ പുനർ
ന്നാട്യേ ഗർഭിതശാസ്ത്രജൃംഭിതവചോഗംഭീരഗുംഫേ കൃതാ.”
ദർശിനി ഭഗവദജ്ജുകം അഭിനയിക്കുന്ന ചാക്ക്യാന്മാർക്കു പ്രയോജകീഭവിക്കണമെന്നുള്ള ഉദ്ദേശ്യം അതിന്റെ പ്രണേതാവിനു പ്രത്യേകമായുണ്ടായിരുന്നു എന്നു “ബുധജനമാനസേ” എന്ന ശ്ലോകം തെളിയിക്കുന്നു.

രണ്ടു വ്യാഖ്യാനങ്ങളിലും മഠത്തിൽ നമ്പൂരി ഭട്ടതിരിയുടെ നാരായണീയത്തിൽ നിന്നു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നുണ്ടു്. ദീപികയിൽ ഉത്തരരാമചരിതം രണ്ടാമങ്കത്തിൽ ദേവയാനമെന്തെന്നു് “അസ്മദ്ഗുരുഭിശ്ശ്രീമദ് ഗുരുവായുനാഥസ്തോത്രരത്നേപ്രദർശിതം” എന്നു് ഉപന്യസിച്ചുകൊണ്ടു ചതുർത്ഥദശകത്തിലുള്ള “ഊർദ്ധ്വലോകകുതുകീ തു മൂർദ്ധതഃ” ഇത്യാദി നാലു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു. ദർശിനിയിൽ “മേധ്യമരണ്യം” എന്ന പങ്ക്തി വ്യാഖ്യാനിക്കുമ്പോൾ “യഥോക്തമസ്മദ്ഗുരുഭിർഗുരുമരുൽപുരാധീശസ്തുതൗ” എന്നു പ്രസ്താവിച്ചുകൊണ്ടു് 84-ആം ദശകത്തിലെ “ആചാര്യാഖ്യാധരസ്ഥാരണി” എന്ന ശ്ലോകം പ്രദർശിപ്പിക്കുന്നു. ഉത്തരരാമചരിതത്തിലെ പ്രഥമ പദ്യത്തിൽ ‘പ്രശാസ്മഹേ’ എന്നൊരു ക്രിയാപദമുണ്ടല്ലോ. അതിനെപ്പറ്റി ദീപികയിൽ ചർച്ചചെയ്യുമ്പോൾ ‘അത്ര അനുശാസനാർത്ഥസ്യ ശാസേഃ പരസ്മൈപദിത്വാദിച്ഛാർത്ഥസ്യത്വാങ്പൂർവ്വസ്യ ഏവാത്മനേപദവിധാനാൽ പ്രശാസ്മഹേ ഇതിപാഠശ്ചിന്ത്യ ഇതി സാഹിത്യമല്ലഃ’ ‘പ്രായേണാങ് പൂർവ ഇത്യുക്തേഃ പ്രശാസ്ത ഇത്യപി ഇതി പ്രക്രിയാസർവസ്വകഥനാൽ സാധു’ എന്നൊരു വിമർശനം കാണുന്നതിൽ നിന്നു സർവസ്വത്തിനു പിന്നീടാണു് ദ്വീപികയുടെ നിർമ്മിതി എന്നു പ്രത്യക്ഷപ്പെടുന്നു. മഠത്തിൽ നമ്പൂരി ചതുശ്ശാസ്ത്രങ്ങളിലും ഒന്നുപോലെ നിഷ്ണാതനായിരുന്നതിനു പുറമേ ശ്രുതിസ്മൃതികൾ, ഭാഗവതാദിപുരാണങ്ങൾ, ഭഗവൽഗീത, വിവിധകാവ്യനാടകങ്ങൾ, അലങ്കാരം എന്നിവയിലും പരിനിഷ്ഠിതമായ ജ്ഞാനം സമ്പാദിച്ചിരുന്നു എന്നുള്ളതിനു പൂർണ്ണമായ സാക്ഷ്യം അദ്ദേഹത്തിന്റെ രണ്ടു വ്യാഖ്യാനങ്ങളും വഹിക്കുന്നു. ഭട്ടതിരിയോടു് അദ്ദേഹം പ്രധാനമായി അഭ്യസിച്ചതു പൂർവ്വോത്തരമീമാംസകളായിരുന്നു.

28.26തത്ത്വാർത്ഥദീപിക

ധർമ്മകീർത്തിയുടെ രൂപാവതാരത്തിനു മേൽ പ്രസ്താവിക്കുവാൻ പോകുന്ന ശങ്കരവാരിയരുടെ നീവിയെന്ന വ്യാഖ്യാനത്തിനുപുറമേ നാരായണഭട്ടതിരിയുടെ ഏതോ ഒരു ശിഷ്യന്റെ ‘തത്ത്വാർത്ഥദീപിക’ എന്നൊരു വ്യാഖ്യാനവുമുണ്ടു്. തത്ത്വാർത്ഥദീപികയും സാമാന്യം നല്ല ഒരു ടീകതന്നെ. അതിന്റെ ആരംഭത്തിൽ അധോലിഖിതമായ ശ്ലോകം കാണുന്നു:

“നത്വാ സർവസ്വകൃതം നാരായണമമലചരിതമാചാര്യം
രൂപാവതാരടീകാം കരോതി തത്ത്വാർത്ഥദീപികാം കശ്ചിൽ”
അവസാനത്തിൽ

“ശ്രീനാരായണകാരുണ്യാട്ടീകാ തത്ത്വാർത്ഥദീപികാ
സമാപ്താ; പരിഗൃഹ്ണന്തു സജ്ജനാ വീതമത്സരാഃ”
എന്നു് ഒരു ശ്ലോകമുണ്ടു്. ഈ ശ്ലോകങ്ങൾ ഭട്ടതിരിയുടെ ശിഷ്യന്മാരിൽ അന്യതമനാണു തത്ത്വാർത്ഥദീപികയുടെ പ്രണേതാവെന്നു് വെളിപ്പെടുത്തുന്നുണ്ടെങ്കിലും അതു മഠത്തിൽ നമ്പൂരിതന്നെയോ എന്നു ക്ണുപ്തമായി പറവാൻ പ്രയാസമുണ്ടു്.

28.27ധാതുരത്നാവലി

നാരായണശിഷ്യനായ ഒരു പണ്ഡിതൻ ധാതുരത്നാവലി എന്ന പേരിൽ ഒരു വ്യാകരണഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്.

“ശ്രീനാരായണമിശ്രശ്രീഗുരുചരണാരവിന്ദയുഗളമഹം
നിശ്ശേഷവിബുധപടലീശേശ്രയിതം ശശ്വദാശ്രയേ മനസാ.
വൃകോദരാദ്യൈരുദിതേഷ്വനേക
ദിഗാശ്രയാ യേ ഖലു ധാതുസംഘാഃ
ഗുരൂക്തിതസ്താനഖിലാനുദാഹൃ
ത്യാരോപിതപ്രായമഥ ഗ്രഥാമഃ”
എന്നു് ആ ഗ്രന്ഥത്തിന്റെ ആരംഭത്തിലും

“ഇതി ശ്രീമാതൃദത്താഖ്യകരുണാബലശാലിനാ
ബാലേന രചിതാ സേയം ധാതുരത്നാവലീ ജയേൽ.
ശോധനാക്ഷമതമേന കേനചിൽ
ബാലകേന കുതുകാന്നിഗുംഫിതാം
ധാതുരത്നമഹിതാവലീം ബുധാ
ശ്ശോധയന്തു മതിശാണശീലനൈഃ.
ഹംഹോ സുധീനിവഹ! ദേശികവാങ്മഹാബ്ധി-
കല്പദ്രുമാദധിഗതാം ഗുരുദേവതുഷ്ട്യാ
ഭൂയസ്സുവൃത്തലളിതാം മമ ധാതുരൂപ
രത്നാവലീം കലയ കണ്ഠതടേ ലുഠന്തീം.”
എന്നു് അവസാനത്തിലും ചില ശ്ലോകങ്ങൾ കാണുന്നു. ആദ്യത്തേ ശ്ലോകത്തിൽ പറയുന്ന ‘നാരായണമിശ്രൻ’ മേല്പുത്തൂർ ഭട്ടതിരിയല്ലാതെ മറ്റൊരാചാര്യനാകുവാൻ മാർഗ്ഗമില്ല. അദ്ദേഹമാണു് രത്നാവലീകാരനെ ആ ഗ്രന്ഥരചനയ്ക്കു് ഉപദേശിച്ചതെന്നും വെളിപ്പെടുന്നു. അദ്ദേഹത്തിന്റെ പുരസ്കർത്താവായ മാതൃദത്തൻ ആരെന്നു വെളിപ്പെടുന്നില്ല. അനുഷ്ടുപ്ശ്ലോകങ്ങളിലാണു് ഗ്രന്ഥത്തിന്റെ രചന.

“ഗമനേ രംഗതീതി സ്യാച്ഛങ്കായാമരഗന്മിതഃ
ആസ്വാദനേ രാഗയതേ ചാവത്രാദ്യാവുഭാവപി”
എന്ന ശ്ലോകം അതിലെ പ്രതിപാദനരീതിക്കു് ഉദാഹരണമായി ഗ്രഹിക്കാം.

28.28പ്രക്രിയാസാരം

പ്രക്രിയാസാരം എന്നൊരു ചെറിയ വ്യാകരണഗ്രന്ഥം അക്കാലത്തു നാരായണൻനമ്പൂരി എന്നൊരു പണ്ഡിതൻ രചിക്കുകയുണ്ടായി. “വ്യലേഖി പ്രക്രിയാ സാരോ നാരായണബുധോദിതഃ” എന്നു് ഒരു മാതൃകാഗ്രന്ഥത്തിൽ കൈലാസനാഥൻ എന്ന ലേഖകൻ രേഖപ്പെടുത്തിയിരിക്കുന്നു. പ്രക്രിയാസർവസ്വം, പ്രക്രിയാകൗമുദി, രൂപാവതാരം എന്നീ മൂന്നു നിബന്ധങ്ങളും നോക്കിയാണു് പ്രസ്തുത കൃതി രചിച്ചിരിക്കുന്നതെന്നു

“പ്രക്രിയായാശ്ച സർവസ്വം പ്രക്രിയാകൗമുദീം തഥാ
രൂപാവതാരഞ്ചാലോക്യ പ്രക്രിയാസാര ഈരിതഃ”
എന്നു് അതിന്റെ അവസാനത്തിലുള്ള ഒരു ശ്ലോകത്തിൽനിന്നും നാം ഗ്രഹിക്കുന്നു.

“വാച്യവാചകരൂപായ പ്രകൃതിപ്രത്യയാത്മനേ
നമശ്ശബ്ദാർത്ഥനിധയേ ഹരയേ പരമാത്മനേ”
എന്നതാണു് വന്ദനശ്ലോകം.

“ബാലേന കേനാപി ബുധോത്തമാനാം
പന്ഥാനമാലോകിതുമുത്സുകേന
വ്യധായ്യയം വ്യാകരണാനുസാരീ
ഗ്രന്ഥസ്സുധീന്ദ്രൈസ്സുവിശോധിതോസ്തു”
എന്നൊരു ശ്ലോകവും അവസാനത്തിൽ കാണുന്നു. ഈ നാരായണന്റെ ദേശമേതെന്നു് അറിയുന്നില്ല.

28.29തന്ത്രപ്രായശ്ചിത്തം

മൂക്കോലക്കാരനായ ഒരു നമ്പൂരി തന്ത്രപ്രായശ്ചിത്തം എന്നൊരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. അതിൽ പതിന്നാലു പരിച്ഛേദങ്ങൾ അടങ്ങിയിരിക്കുന്നു. തന്ത്രസംബന്ധമായുള്ള പ്രായശ്ചിത്തപദ്ധതിയാണു് വിഷയം. താഴെക്കാണുന്ന ശ്ലോകങ്ങൾ പ്രകൃതത്തിൽ ഉദ്ധരിക്കേണ്ടിയിരിക്കുന്നു:

“ഭക്തിപ്രപന്നചിത്താനാം ഭുക്തിമുക്തിപ്രദായിനീം
മുക്തിഗേഹാസിനീമംബാം നക്തന്ദിവമുപാസ്മഹേ.
ശ്രീമാതൃദത്തതനയം സാക്ഷാന്നാരായണം പരം
മാതൃദത്താഭിധാനം ച ഗുരുകാരുണ്യഭാജനം
കൃഷ്ണാഖ്യം ചാജ്ഞതാഹേതുപാപപൂഗാദിവാരണം
നമാമി നമനീയാംഘ്രീൻ ഗുരൂനേതാനഹർന്നിശം”
ഈ ശ്ലോകങ്ങളിൽനിന്നു തന്ത്രപ്രായശ്ചിത്തകാരൻ മേല്പുത്തൂർ നാരായണഭട്ടതിരിയുടേയും മാതൃദത്തന്റേയും കൃഷ്ണന്റേയും ശിഷ്യനായിരുന്നു എന്നറിയുന്നു. സാക്ഷാച്ഛബ്ദംകൊണ്ടു് മേല്പുത്തൂരിനെയല്ലാതെ വിശേഷിപ്പിക്കുവാൻ ന്യായമില്ല. മാതൃദത്തൻ അദ്ദേഹത്തിന്റെ സന്തതസഹചാരിയായ അനുജനായിരിക്കണം. ആഗമശാസ്ത്രാചാര്യനായിരുന്നിരിക്കാം കൃഷ്ണൻ. കല്പകഞ്ചേരി തമ്പ്രാക്കളുടെ നിദേശമനുസരിച്ചാണു് കവി പ്രസ്തുതഗ്രന്ഥം രചിച്ചതു്.

28.30അക്കിത്തത്തു നാരായണൻനമ്പൂരി

വേന്നനാട്ടു് അക്കിത്തത്തു നാരായണൻനമ്പൂരി ഒരു പ്രശസ്തനായ വേദജ്ഞനും വൈയാകരണനുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികളായി (1) ശൗനകന്റെ സർവാനുക്രമണി, (2) പ്രൈഷം, (3) വാരരുചസംഗ്രഹം, (4) കൈയടന്റെ മഹാഭാഷ്യപ്രദീപം എന്നീ ഉൽകൃഷ്ടഗ്രന്ഥങ്ങൾക്കു ‘ദീപപ്രഭ’ എന്ന പേരിൽ നാലു വ്യാഖ്യാനങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ടു്. പ്രദീപവ്യാഖ്യായ്ക്കു കഠിന പ്രകാശിക എന്നും നാമാന്തരം കാണുന്നു. യങ്ലുക്‍സംഗ്രഹവും അദ്ദേഹത്തിന്റെ കൃതിയാണെന്നു് അനുമാനിക്കുവാൻ ന്യായമുണ്ടു്. ചുവടേ ചേർക്കുന്ന ശ്ലോകം വാരരുചസംഗ്രഹവ്യാഖ്യയിലുള്ളതാണു്:

“ഏവം വരരുചിപ്രോക്തഃ സംഗ്രഹശ്ചർച്ചിതോ മയാ
യഥാമതി ന കാർത്സ്ന്യേന ഭാസന്തേ താദൃശാഃ കില.”
“വേദോ നാമ മഹൽപദം ജനപദോ യത്ര ദ്വിജാനാം തതി
സ്സാംഗം വേദമധീത്യ വാച്യമഖിലം മീമാംസതേ സുസ്ഫുടം
തത്ര ഗ്രാമവരേ ക്വചിന്നിവസതാ നാമ്നാ ച നാരായണേ
നൈഷാ വാരരുചാർത്ഥദീപനപരാ ദീപപ്രഭാ നിർമ്മിതാ.
“മാത്സര്യമുത്സാര്യ നവത്വദോഷം
വിസ്മൃത്യ നൈകട്യകൃതാമുപേക്ഷാം
ത്യക്ത്വാ ഗുണാനാം പരിഗൃഹ്യ ലേശം
ഛേകാ ഇദം ശോധയിതും യതധ്വം”
കൈയടവ്യാഖ്യായിൽ സ്വചരിത്രത്തെപ്പറ്റി അദ്ദേഹം കുറേക്കൂടി വിസ്തരിച്ചു പ്രസ്താവിക്കുന്നു:

“ബ്രഹ്മക്ഷേത്രോ ജയതി വിപുലോ ഭൂപ്രദേശോ; മഹാന്തോ
യത്രാചാര്യാഃ ശ്രുതിഷു നിരതാശ്ശങ്കരാദ്യാ ബഭൂവുഃ
അബ്ധൗ ജ്യോതിഃപ്രസരസുഭഗേ നിർമ്മമേ ജാമദഗ്ന്യോ
യം ബ്രഹ്മാർത്ഥം. ഭുവനമഹിതം കേരളാവാസഹൃദ്യം.
യത്ര ദ്വിജാനാം തപസാ പൃഥിവീ ദേവമാതൃകാ
നദീമാതൃകയാ തുല്യാ സദാ സസ്യപ്രവർത്തിനീ.
തത്ര വല്ലീകവിണയോർന്നദ്യോർമ്മധ്യേ ദ്വിജാതയഃ
പ്രശസ്തഗ്രാമവാസ്തവ്യാ അന്തർവാണയ ഉത്തമാഃ
ചൂർണ്ണീനിളാമഹാനദ്യൗ യത്ര സ്തസ്തത്ര യേ ദ്വിജാഃ
വസന്തി തേഷാം മാഹാത്മ്യം കോ വക്ത്തും ശക്നുയാദ്ഭുവി?
വർണ്ണാശ്രമാണാമാചാരോ നിത്യം യത്ര പ്രവർത്തതേ
അഗ്നിഷ്ടോമപ്രഭൃതയഃ ക്രതവോ വിതതാസ്സദാ.
അനുഗ്രഹേ നിഗ്രഹേ ച തേഷാം സാമർത്ഥ്യമദ്ഭുതം.
അത ഏവ നിരാതങ്കാ വർത്തന്തേ തത്ര ഹി പ്രജാഃ
വേദോ നാമ… … …
…കൈയടഭാഷ്യദീപനപരാ ദീപപ്രഭാ നിർമ്മിതാ.
ഗ്രാമോ മഹാവിഹാരാഖ്യോ ഭൂസുരസ്വാമികോ മഹാൻ
യത്ര സന്നിഹിതോ വിഷ്ണുർഭക്താനുഗ്രഹതൽപരഃ
ആഹിതാഗ്ന്യഭിധം യത്ര ഗേഹം ഗൗണം പ്രചക്ഷതേ
തത്രോദ്ഭൂതേന രചിതാ ടീകൈഷാ സംസ്കൃതാത്മനാ.
ആര്യാഖ്യാ ജനനീ യസ്യ ദേവശർമ്മാഭിധഃ പിതാ
ആചാര്യോ ദേശികശ്ചൈവ വേദവേദാംഗതത്ത്വവിൽ.
തേഭ്യസ്തച്ഛിഷ്യതഃ ശ്രുത്വാ മഹാഭാഷ്യസ്യ കൈയടം
ശിഷ്യേഭ്യശ്ചാസകൃദ്ദത്വാ വ്യാഖ്യാ കാപി വിനിർമ്മിതാ.
വിദ്യാന്തരേഷു മേ യത്ന ഇഹൈവാദർശവൽ സ്ഫുരേൽ.
തന്നാത്ര വർണ്ണ്യഽതേസ്മാഭിഃശ്ലാഘാ സദ്ഭിർവിഗർഹിതാ.
വാചോ വ്യാകരണാച്ഛുദ്ധിഃ സ്ഫീതാ മേ മനസോ ഭവേൽ
ഇത്യാശയേന വ്യാഖ്യായി ന തു വിദ്യാമദാദിനാ.
മത്തോപി യോ മന്ദമതിരധികാരീ മതോത്ര മേ
അത്യന്തം വിദുഷാം ത്വത്ര പ്രതീതേർല്ലാഘവം ഫലം.
തസ്മാൽ സന്തുഷ്ടമനസോ ഗുണഗൃഹ്യാ അമത്സരാഃ
സന്തഃ പരീക്ഷാം കുർവന്തു ശബ്ദശാസ്ത്രേ കൃതശ്രമാഃ
സ്ഖലിതം മതിമാന്ദ്യാദേർമ്മയാ യദ്യത്ര സംഭവേൽ
തൽ സമാധാതുമർഹന്തി സന്തോ മയി കൃപാലവഃ.
ന ഹി സദ്വർത്മനാ ഗച്ഛൻ സ്ഖലിതേഷ്വപ്യപോദ്യതേ;
ഇതി ചോക്തം ഭട്ടപാദൈസ്തൽ സദ്ഭിഃ ക്ഷമ്യതാമിദം.
ഏതച്ച പ്രാർത്ഥയേഹം വിലസതു ഹൃദയേ
സർവദാ സജ്ജനാനാം
വ്യാഖ്യേയം മാ കദാചിൽ ക്വചിദിയമസതാം
കർണ്ണരന്ധ്റേ പ്രപപ്തൽ
സന്തോ ഹി പ്രസ്ഖലന്തം പുരുഷമനുപദം
വീക്ഷ്യ ഹസ്താവലംബം
കുർവന്ത്യന്യേ മഹാന്തം മനുജമപി തൃണ
ച്ഛന്നകൂപേ നയന്തേ.
നമോ നമഃ പാണിനയേ നമഃ കാത്യായനായ ച
അഹീന്ദ്രായ നമസ്തേഭ്യോ മുനീന്ദ്രേഭ്യോ നമോ നമഃ
പദക്രമാഭ്യാം സഹിതാം. സാംഗാം ബഹ്വൃചസംഹിതാം
ചത്വാരിംശം ബ്രാഹ്മണഞ്ച ത്രൈശം ച സരഹസ്യകം
യേഽസ്മഭ്യം വിതരന്തി സ്മ ശബ്ദശാസ്ത്രം വിശേഷതഃ
അന്യച്ച തേഭ്യസ്സർവേഭ്യോ ദേശികേഭ്യോ നമോ നമഃ.
മഹാവിഹാരപതയേ ഭജതാം കല്പശാഖിനേ
നരസിംഹാത്മനേ ലക്ഷ്മീനാഥായ ഹരയേ നമഃ.”
തൃപ്പൂണിത്തുറയ്ക്കു തെക്കുകിഴക്കായി പെരുമ്പള്ളി എന്നൊരു സ്ഥലവും അവിടെ ഒരു നരസിംഹക്ഷേത്രവുമുണ്ടു്. ആ പെരുമ്പള്ളിതന്നെയാണു് മഹാവിഹാരം. ആചാര്യന്റെ മാതാവിന്റെ പേർ ആര്യയെന്നും പിതാവിന്റേതു ദേവനെന്നുമായിരുന്നു എന്നു് അദ്ദേഹംതന്നെ തുറന്നു പറയുന്നുണ്ടു്. ‘ആഹിതാഗ്നി’ എന്നായിരുന്നു ഇല്ലപ്പേർ. അതിനു ശരിയായ ഭാഷാനാമം അക്കിത്തമെന്നാണു്. ഇപ്പോഴും അക്കിത്തമെന്ന ഒരില്ലം കാണ്മാനുണ്ടെങ്കിലും അതു പെരുമ്പള്ളിയിലല്ല. പക്ഷെ വല്ല കാരണവശാലും കാലാന്തരത്തിൽ ആ കുടുംബം ഇപ്പോഴത്തെ സ്ഥാനത്തു താമസം മാറ്റിയിരിക്കാം. ‘ന ഹി സദ്വർത്മനാ’ എന്ന പദ്യത്തിൽ സ്മൃതനായ ഭട്ടപാദർ മേല്പുത്തൂർ ഭട്ടതിരിയായിരിക്കാം. “ഉക്തം ഹ്യസ്മദാചാര്യൈഃ ‘വ്യാദായ സ്വപിതീതി സമ്മീല്യ ഹസതീത്യുപ സംഖ്യാനമപൂർവകാലത്വാ’ദിത്യാദി” എന്നു വാരരുച സംഗ്രഹവ്യാഖ്യയിൽ ഒരു പങ്ക്തി കാണുന്നു. ആ വാർത്തികം കാശികാവൃത്തിയിലല്ലാതെ സർവസ്വത്തിൽ കാണുന്നില്ല. അതുകൊണ്ടു് അസ്മദാചാര്യൈഃ എന്ന പദംകൊണ്ടു നിർദ്ദേശിച്ചിട്ടുള്ളതു വൃത്തികാരഭോജാദികളെയായിരിയ്ക്കണം. ‘ബ്രഹ്മക്ഷേത്രോ’ ഇത്യാദി പദ്യങ്ങൾ സർവാനുക്രമണീദീപ പ്രഭയിലും കാണ്മാനുണ്ടു്. അതിൽ

“ഗ്രാമേ മഹാവിഹാരാഖ്യേ ജാതേനാംഗിരസാം കുലേ
ആര്യാസുതേന ടീകേയം ലിഖിതാ ദേവശർമ്മണാ”
എന്നും ഒരു ശ്ലോകമുണ്ടു്. ഗ്രന്ഥകർത്താവിനെ പിതാവിന്റെ നാമമായ ദേവശർമ്മപദം കൊണ്ടും വ്യപദേശിച്ചിരുന്നുവോ എന്നറിയുന്നില്ല. അങ്ങനെയാണെങ്കിൽ അദ്ദേഹം ആംഗിര സഗോത്രജനാണെന്നു വരുന്നു.

28.31യങ്ലുക്സങ്ഗ്രഹം

എന്ന ഗ്രന്ഥത്തിന്റെ (വ്യാകരണഗ്രന്ഥം) കർത്താവും ഈ നാരായണൻതന്നെയാണെന്നു തോന്നുന്നു.

“ആഹിതാഗ്നിഗൃഹാഖ്യേന ശാബ്ദസിംഹേന യേ കൃതാഃ
യങ്ലുകസ്സംഗ്രഹശ്ലോകാസ്തദ്വ്യാഖ്യൈഷാ മയാ കൃതാ”
എന്നൊരു ശ്ലോകം അതിന്റെ ഒരു വ്യാഖ്യാനത്തിൽ കാൺമാനുണ്ടു്. ആ വ്യാഖ്യാനം മറ്റൊരു പണ്ഡിതന്റെയായിരിക്കണം. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു:

“പ്രണിപത്യ ജഗന്നാഥം രാമം രാജീവലോചനം
പ്രക്രിയാ യങ്ലുകഃ കൈശ്ചിൽ പദ്യൈഃ കിമപി ഗദ്യതേ.
ധാതോർഹലാദേരേകാചോ യങ്പ്രത്യയ ഇഹ സ്മൃതഃ
ക്രിയാസമഭിഹാരാർത്ഥേ പ്രത്യയേഭ്യസ്തഥാ പുനഃ
കൗടില്യേ ഭാവഗർഹായാം ലുപാദേശ്ച യങഃ പുനഃ
യങോചി ചേതി തസ്യാസ്യ ലുഗപി പ്രത്യയേ സ്മൃതഃ”
“തഥാ ച ഭാഷ്യകാരേണ ഹുശ്നുഗ്രഹണമേവ തൽ
ഭാഷായാം യങ്ലുഗസ്തീതി ലിംഗത്വേന സമർത്ഥിതം.
വൃത്തികാരാദയോപ്യത്ര തദേവ മതമാസ്ഥിതാഃ
അസ്മാഭിരപി തന്നിത്യം പ്രക്രിയാത്ര പ്രദർശ്യതേ.”
“യോ വേദ യങ്ലുകം സമ്യക്‍ സ വൈയാകരണാഗ്രണീഃ
ഇത്യേതദ്ഭാഷ്യകാരേണ പ്രശംസാർത്ഥം പ്രദർശിതം.”
ലുങാദിരൂപങ്ങൾക്കും സംഗ്രഹശ്ലോകങ്ങൾ ദീപപ്രഭാകാരൻ രചിച്ചിട്ടുള്ളതായി കാണുന്നു.
“വൈയാകരണികയാ യഃ സ്പൃഹയതി സംശ്ലാഘനായ ജനഃ
തിഷ്ഠേത സതാം സംസദി സ പ്രതിപദമാലഭാരിനിജകണ്ഠഃ”
എന്നതു് അതിലെ ഒരു ശ്ലോകമാകുന്നു.

28.32പ്രൈഷാർത്ഥവിവൃതി

പ്രസ്തുത ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു:

“വിഘ്നേശ്വരം പ്രണമ്യാഹം വാഗ്ദേവീഞ്ച ഗുരുനപി
വക്ഷ്യാമി പദ്യബന്ധേന പ്രൈഷാർത്ഥം ബ്രഹ്മചാരിണഃ
ബ്രഹ്മചാര്യസി വാക്യേന കർമ്മണാനേന മാണവ!
ജന്മാന്തരം പ്രാപ്തവാംസ്ത്വം ബ്രഹ്മജന്മാഖ്യയോത്തമം.
ആചാര്യോ ജനകോ യത്ര സാവിത്രീ ജനനീ മതാ
നാമാന്തരം ത്വയാ പ്രാപ്തമധുനാ ബ്രഹ്മചാര്യസി.
യദ്വൈ തേനാശ്രമപ്രാപ്തിഃ കഥ്യതേ പ്രാഗനാശ്രമീ
ബ്രഹ്മചര്യാശ്രമം പ്രാപ്തസ്തസ്മാത്ത്വം ബ്രഹ്മചാര്യസി.
ഇത്യർത്ഥഃ കഥ്യതേന്യോപി തസ്യർത്ഥഃ കീർത്ത്യതേ മയാ
ബ്രഹ്മശബ്ദോ വേദരാശൗ വർത്തതേ ചരതിർഗ്ഗതൗ.
താച്ഛീല്യേ ച ണിനിം വിദ്യാദ്യോഗ്യതാ തേന ലക്ഷ്യതേ
വേദാധിഗമയോഗ്യസ്ത്വം സംജാതോഽനേന കർമ്മണാ.
അസ്മാൽ പൂർവം വേദപാഠേ ന യോഗ്യശ്ശുദ്രസാമ്യതഃ
ന ചാഭിവ്യാഹരേദ്ബ്രഹ്മേത്യേവം ഹി മനുരബ്രവീൽ.”
പ്രൈഷത്തിനു വളരെ വിസ്തൃതമായ രീതിയിലുള്ള ഒരു പദ്യ വ്യാഖ്യാനമാണു് ഈ ദീപപ്രഭ എന്നു മേലുദ്ധരിച്ച ശ്ലോകങ്ങളിൽനിന്നു വിശദമാകുന്നുണ്ടല്ലോ. ഒടുവിൽ

“ഏവം പ്രൈഷാർത്ഥവിവൃതിരർണ്ണവേ മനുനാ സ്മൃതേ
ആദ്യാശ്രമഗതേ ധർമ്മേ സാരമാദായ നിർമ്മിതാ”
എന്നും അതു കഴിഞ്ഞു “വേദോ നാമ മഹൽപദം ജനപദം…തത്ര ഗ്രാമവരേ ക്വചിന്നിവസതാ നാമ്നാ ച നാരായണേനൈ ഷാ പ്രൈഷപരാർത്ഥദീപനപരാ ദീപപ്രഭാ നിർമ്മിതാ” എന്ന ശ്ലോകവും കാൺമാനുണ്ടു്.

28.33അഷ്ടമൂർത്തി ഭട്ടതിരി

ആമോദം എന്ന പേരിൽ ഭട്ടബാണന്റെ കാദംബരിക്കു പദ്യരൂപമായ ഒരു ടീക നിർമ്മിച്ച കവിയാണു് അഷ്ടമൂർത്തിനമ്പൂരി.

“പൂർവേണ ഗുണകാമാസീൽ കേരളേഷു ഭൃഗോഃ കുലേ
വിപ്രോ നാരായാണസ്തസ്മാദഷ്ടമൂർത്തിരജായത”
എന്നു ഗ്രന്ഥാരംഭത്തിൽ കാണുന്ന ശ്ലോകത്തിൽനിന്നു തൃക്കണാമതിലകത്തിനു കിഴക്കായിരുന്നു അദ്ദേഹത്തിന്റെ ഇല്ലമെന്നും അച്ഛന്റെ പേർ നാരായണൻ എന്നായിരുന്നു എന്നും ഭാർഗ്ഗവ ഗോത്രക്കാരായിരുന്നു ആ ഇല്ലക്കാർ എന്നും നാം അറിയുന്നു. ഭട്ടതിരിയുടെ കാലമേതെന്നു കണ്ടുപിടിക്കുവാൻ മാർഗ്ഗമില്ല. എട്ടാമത്തേയോ ഒൻപതാമത്തേയോ ശതകമായിരിക്കാമെന്നു തോന്നുന്നു.

വലിയ ഒരു ഗ്രന്ഥമാണു് ‘ആമോദം’. അതിന്റെ ആരംഭത്തിലും അവസാനത്തിലും നിന്നു ചില പദ്യങ്ങൾ ഉദ്ധരിക്കാം.

“ഉപാസ്മഹേ ജഗജ്ജന്മസ്ഥിതി സംഹാരകാരണം
അവിദ്യാധ്വാന്തവിധ്വംസി ജാനകീരമണം മഹഃ.”
“കാദംബരീകഥാമൃതതരംഗിണീഹ്രദജി ഗാഹിഷാ യേഷാം
തേഷാം കൃതേ നിബന്ധനതീർത്ഥം തേനേദമാരബ്ധം.
ന വിനാ വൃത്തബന്ധേന വസ്തുപ്രായേണ സുഗ്രഹം
ഇതി പ്രവചസാമേതദനുസൃത്യ സുഭാഷിതം.
ജാതിസമന്വയസംഭൃതപരഭാഗൈഃ സാധയാമ്യഹം വിദുഷാം
വൃത്തൈസ്സാധു നിബദ്ധൈശ്ചമ്പകദാമഭിരിവാമോദം.
രസഭാവാലങ്കാരധ്വനിഗുണവൈചിത്ര്യവർണ്ണനാസു വയം
പ്രായോ ദുരധിഗമത്വാദുദാസ്മഹേ ഗൗരവാദനന്തത്വാൽ.”
“പണ്യാജീവാ വണിജഃ പ്രാപണികാ നൈഗമാശ്ചവൈദേഹാഃ
ഏകാർത്ഥാഃ സ്മര്യന്തേ മഹിമാ ഭൂമാഥ കോടിരുൽകർഷഃ”
“പരിനിഷ്ഠിതം നിബന്ധനമിതി ഭട്ടശ്രീമദഷ്ടമൂർത്തികൃതം
ഭൂയാൽ കാദംബര്യാമാമോദസ്സുമനസാമധുനാ.
ഇതി പദ്യസൂക്തിമൗക്തികമാലാഭിരലംകൃതൈവമസ്മാഭിഃ
കാദംബരീ തദേഷാ സരസാ ഹൃദയേ നിവേശ്യതാം രസികാഃ.
നിർവ്യാജം പദയോർന്നിപത്യ വചസാ ദീനേന സോപഗ്രഹം
ദോഷജ്ഞാനയമഷ്ടമൂർത്തിരിദമാബദ്ധാഞ്ജലിര്യാചതേ
ദോഷോ യദ്യപി മേ വചസ്സു സുലഭഃ; കിന്ത്വസ്തമാത്സര്യയാ
ബുദ്ധ്യാ തത്ത്വവിചാരചാരുതരയാ ദൃഷ്ട്വൈവ വിഖ്യാ പ്യതാം.”
ഇടയ്ക്കു കർണ്ണീസുതൻ എന്ന ചോരപ്രമാണിയുടെ കഥകൂടി കവി ഉൾക്കൊള്ളിച്ചിരിയ്ക്കുന്നു. ആ ഭാഗത്തിൽനിന്നു ചില ശ്ലോകങ്ങൾ അടിയിൽ ചേർക്കുന്നു:

“മണിമന്ത്രൗഷധശക്ത്യാ ഗത്വാ കർണ്ണീസുതസ്തദഭ്യാശം
പപ്രച്ഛ തം നിബന്ധം ശശസ്യ പാദാഃ കിയന്ത ഇതി.
തം പ്രത്യുവാച വിപുലഃ പുരേവ തസ്യ ത്രയഃ ശശസ്യേതി
നിരഗമയത്തമുപായൈഃ പ്രീതഃ കർണ്ണീസുതശ്ശിഷ്യം.
അഥ സ വിപുലസ്യ ദയിതാം സമീഹിതം പര്യബോധയദ്രഹസി
സാ തു ശയാനാ ദയിതസ്യാങ്കേ രാത്രൗ നിരീക്ഷ്യ പൂർണ്ണേന്ദും
പൃഷ്ടവതീ രമണമിദം ബിംബേ ചന്ദ്രസ്യ ദൃശ്യതേ കിമിതി
ശശ ഇതി തമുക്തവന്തം പുനരപി പപ്രച്ഛ സാ ബാലാ.
ശശ ഇതി കിം ചരമചരം വേതി; ചതുഷ്പാദ്വിശേഷ ഏവ ശശഃ
കേഷാഞ്ചിത്തു ശശാനാം പാദാസ്ത്രയ ഏവ വിദ്യന്തേ.
ഇതി തദുപശ്രുത്യ വചസ്തസ്യാ വികൃതിം ഭയേ ച ഹർഷേ ച
തുഷ്ടശ്ശാസ്ത്രരഹസ്യം തസ്യൈ നിശ്ശേഷമുപദിദേശ ഗുരുഃ.”
ആമോദത്തിലെ പദ്യങ്ങൾ അത്യന്തം ലളിതങ്ങളാണു് എന്നു് ഇനി പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

28.34നീവീകാരൻ ശങ്കരവാരിയർ

രൂപാവതാരത്തിനു ‘നീവി’ എന്ന പേരിൽ സമഗ്രമായ ഒരു വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവാണു് ശങ്കരവാരിയർ. അദ്ദേഹത്തെ ബഹുമാനസൂചകമായി ശങ്കരാര്യൻ എന്നു പറയുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾ നീവിയുടെ ആരംഭത്തിലുള്ളതാണു്:

“അഭിത്രിലോകീനാളീകമാമ്നായതനവന്തി യേ
തേഭ്യഃ കല്യാണഹേതുഭ്യോ ഭൂദേവേഭ്യോ നമോ നമഃ.
അധിഗതഷഡഭിജ്ഞപ്രക്രിയോപി സ്വയം യഃ
പ്രഥമസമയസജ്ജദ്വാസനാവാസിതാത്മാ
അകലയദതിഹൃദ്യം ശബ്ദവിദ്യാനുമോദം
സ ജയതി നവകീർത്തിസ്സന്മതോ ധർമ്മകീർത്തിഃ.
അമുഷ്യ ഹൃദി വാരിധിപ്രതിനിധേഃ കൃതേർവ്യാകൃതൗ
കഥം ഭവതി യോഗ്യതാ ലഘുരപീദൃശാം മാദൃശാം?
ചിരാന്മഹദനുഗ്രഹാദിഹ തു ലബ്ധവാണീലവാ
ദനുസ്മരണഹേതവേ ലിഖിതവാനഹം കേവലം.
അത്ര രൂപാവതാരസ്യ പാഠേഷു വിവിധേഷ്വപി
ഏകസ്യൈവ പ്രയത്നോയമനുവൃത്ത്യൈ വിതന്യതേ.”
“ഇതി പാരശവകുലതിലകേന ശങ്കരാര്യേണ വിരചിതേ നീവീസംജ്ഞകേ രൂപാവതാരവ്യാഖ്യനേ അഷ്ടമഃ പരിച്ഛോദഃ” എന്നൊരു കുറിപ്പും

“നഖമുഖവിലിഖിതദിതിതനയോരഃ
പരിപതദസൃഗരുണീകൃതഗാത്രഃ
ഹിമധരഗിരിരിവ ഗൈരികയുക്തോ
നരഹരിരഹരഹരവതു സ യുഷ്മാൻ.”
എന്ന നരസിംഹവന്ദനാത്മകമായ ഒരു പദ്യവും കാണുന്നു. ശുകസന്ദേശവ്യാഖ്യാതാവായ കോഴിക്കോട്ടു മാനവേദരാജാവിന്റെ വയസ്യനായ ദേശമംഗലത്തു ശേഖരവാരിയരാണു് നീവിയുടെ കർത്താവു് എന്നൊരു വൃദ്ധോക്തിയുള്ളതു് അപ്രമാണമെന്നു പറയേണ്ടിയിരിക്കുന്നു. എന്തെന്നാൽ നീവി രചിച്ചതു ശങ്കരവാരിയരാണെന്നാണല്ലോ നാം ഇപ്പോൾ അറിയുന്നതു്. ശങ്കരവാരിയർ ദേശമംഗലത്തു് വാരിയത്തിലെ ഒരംഗമാണെന്നുള്ളതിനു തെളിവില്ല. മാഘവ്യാഖ്യാതാവായ ദേശമംഗലത്തു ശ്രീകണ്ഠവാരിയർ തന്റെ പൂർവ്വന്മാരായി ഒരു രുദ്രനേയും രണ്ടു ശ്രീകണ്ഠനേയുമല്ലാതെ ശങ്കരനെ സ്മരിക്കുന്നില്ല. മാഘവ്യാഖ്യാതാവിന്റെ കാലത്തിനുമേലാണു് നീവിയുടെ ആവിർഭാവം എന്നു വിചാരിക്കുവാൻ പ്രയാസമായുമിരിക്കുന്നു. നീവി, കൊല്ലം എട്ടാം ശതകത്തിന്റെ പൂർവാർദ്ധത്തിലെ ഒരു കൃതിയാണെന്നു് ഊഹിക്കുവാനാണു് ന്യായം കാണുന്നതു്. കേരളത്തിൽ കുറേക്കാലം പ്രക്രിയാസർവ്വസ്വവും അതിനു മുൻപു പ്രക്രിയാകൗമുദിയും പഠിപ്പിച്ചുവന്നിരുന്നു എങ്കിലും മുഖ്യപാഠഗ്രന്ഥമായി ആദികാലംമുതൽക്കുതന്നെ അംഗീകരിച്ചിരുന്നതു രൂപാവതാരമാകുന്നു. ആ പരിപാടിയ്ക്കു് ഒരു മാറ്റം വന്നതു ഭട്ടോജിദീക്ഷിതരുടെ സിദ്ധാന്തകൗമുദിയുടെ പ്രചാരത്തോടുകൂടിയാണു്.

28.35പരമേശ്വരമങ്ഗലത്തു ചന്ദ്രശേഖരവാരിയർ

ശ്രീകൃഷ്ണചരിതം എന്നൊരു കാവ്യം മേല്പുത്തൂർ ഭട്ടതിരിയെ ഗുരു നിർവിശേഷമായി ആരാധിച്ചിരുന്ന ഒരു വാരിയർ നിർമ്മിച്ചതായി കാണുന്നു. ഭാഗവതം ദശമസ്കന്ധമാണു് പ്രതിപാദ്യം. കുമാരകാണ്ഡം, വിവാഹകാണ്ഡം, വിചിത്രകാണ്ഡം എന്നിങ്ങനെ മൂന്നു കാണ്ഡങ്ങളായി ഗ്രന്ഥം വിഭക്തമായിരിക്കുന്നു. ആകെ പന്ത്രണ്ടു സർഗ്ഗങ്ങളാണുള്ളതു്. കവിത ഹൃദയാവർജ്ജകമാണു്. കവി തന്റെ ജനനസ്ഥലം പെരിയാറ്റിന്റെ വടക്കേക്കരയിലുള്ള പരമേശ്വരമംഗലത്താണെന്നും, അതു കൊച്ചി രാജ്യത്തിൽ ഉൾപ്പെട്ടതാണെന്നും, അവിടെ വിദ്വൽകവിശ്രേഷ്ഠനായി ശ്രീകണ്ഠൻ എന്നൊരു വാരിയർ ഉണ്ടായിരുന്നു എന്നും, അദ്ദേഹത്തിന്റെ ഭാഗിനേയനും ചന്ദ്രശേഖരനാമധേയനുമായ താൻ അന്നത്തെ കൊച്ചിമഹാരാജാവും തന്റെ അവലംബവുമായ രാജരാജന്റെ ആജ്ഞയനുസരിച്ചു പ്രസ്തുതകാവ്യം നിർമ്മിച്ചു എന്നും, അതിനു തന്റെ ഗുരുവും പ്രക്രിയാസർവസ്വകാരനുമായ നാരായണഭട്ടതിരിയുടെ പ്രശംസാപത്രം ലഭിച്ചു എന്നും പ്രസ്താവിക്കുന്നു. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ നോക്കുക:

“വിദുഷാമഭിരാമായ രാമായ യശസാ ഭൃശം
ജനിതാന്ധ്യവിരാമായ രാമായ ഗുരവേ നമഃ.
ശസ്തേ ഗജവനഗ്രാമേ ഭൂസുരോത്തമഭാസുരേ
ജ്ഞാനവിദ്യാദയാംഭോധേര്യസ്യ ജന്മനികേതനം.
രാജ്യേ കരുമഹീന്ദ്രസ്യ ചൂർണ്ണീസരിദുദക്തടേ
അന്തർഗ്രാമേ ജനപദേ പരമേശ്വരമംഗലേ
ക്ഷേത്രേ ജയതി ഹേരംബഃ സർവമാനുഷപൂജിതഃ
…കാമാരേർവാമപാർശ്വമുപാശ്രിതഃ.
ആസന്നാം പശ്യതസ്സിന്ധും തസ്ഥുഷോ യസ്യ വാമതഃ
ശോഭതേ ദക്ഷിണാമൂർത്തിഃ സാക്ഷാദവയവൈര്യുതഃ.
പാദമൂലസ്ഥലേ തസ്യ ശ്രീകണ്ഠ ഇതി വിശ്രുതഃ
ജജ്ഞേ പാരശവോ വിദ്വൽകവീന്ദ്രനിവഹാഗ്രണീഃ.
തീർത്ത്വാ വിദ്യാംബുധിം ഗുർവ്യാ പ്രജ്ഞാതര്യാ ശ്രമേണ ഹി
യശോരത്നാർജ്ജനം കൃത്വാ സ്വസ്ഥോ യസ്തരസാഭവൽ.
കവീന്ദ്രതിലകസ്യാസ്യ ചന്ദ്രശേഖര ഇത്യഭൂൽ
ഭാഗിനേയോ പ്രകാശസ്സൻ ദിക്ഷു ദുർദ്ദിനഭാനുവൽ.
അസ്തി തൽപ്രീതിമാൻ കശ്ചിൽ കേരളേഷു മഹീപതിഃ
രാജരാജ ഇതി ഖ്യാതഃ ശ്രീമാൻ ഭാഗവതോത്തമഃ,
സാരസ്യാമൃതപാഥോധിജാതപൂർണ്ണസുധാകരഃ
സർവവിദ്വജ്ജനസ്വാന്തപുണ്ഡരീകദിവാകരഃ,
സത്യവാദീ ദയാശീലോ ബ്രഹ്മണ്യോ നയസാഗരഃ
മാനകീർത്തിക്ഷമോപേതോ ധീമാനാശ്രിതവത്സലഃ.
തസ്യ രാജ്ഞോ നിയോഗേന ശ്രീകണ്ഠഭഗിനീഭുവാ
സംക്ഷേപേണ പുരാണാർത്ഥം സമാദായാല്പബുദ്ധിനാ
ആദികാവ്യമിവാ…ലസർഗ്ഗകാണ്ഡരസോജ്വലം
ശ്രീകൃഷ്ണചരിതാഖ്യാനം കാവ്യം സർവഹിതം കൃതം.”
“ശാന്താത്മനാമതിതരാമുപലാളനീയം
സ്വാന്തോരുഭക്തിഭരഹൃദ്യകഥാനിബന്ധം
കാന്തം ഹി കാവ്യമിദമുജ്ഝതി ചേൽ സ നൂനം
കാന്താരഭൂരുഹ ഇതി ദ്യുതരും വിജഹ്യാൽ.”
“ഇത്യേവം ബ്രുവതാ സുശിക്ഷിതമിദം യേനൈവ യഃ പ്രക്രിയാ
സർവസ്വാഭിഹിതം നിബന്ധനമണിം വിശ്വോത്തരം ചാകരോൽ
യാതശ്ശ്രീശുകനാരദാദിസമതാം ഭക്ത്യാ മുകുന്ദേ ച യ
സ്തസ്മൈ സർവവിദേ നമോസ്തു ഗുരവേ നാരായണായാനിശം.”
ഒടുവിൽ

“സകലജനഹിതാർത്ഥം നിർമ്മിതം കാവ്യമേത
ദ്ദിനമനു പഠതാം വാ ശൃണ്വതാം വാപ്യനാർഷം
ഹരതി ഹരികഥായാഃ കീർത്തനാൽ പാപരാശിം
സലിലമപി തപത്യേവാശ്രയാശേന യോഗാൽ.”
എന്നൊരു ഫലശ്രതിശ്ലോകം കാണുന്നു. കവി ആദ്യത്തെ ശ്ലോകത്തിൽ വന്ദിക്കുന്നതു തന്റെ ഗുരുനാഥനായ കരിക്കാട്ടു (ഗജവനം) രാമവാരിയരെയാണു്. തെക്കേ മലയാളത്തിൽ മഞ്ചേരിക്കടുത്തു കരിക്കാടെന്ന പേരിൽ ഒരു ക്ഷേത്രവും വാരിയവുമുണ്ടു്. ആ വാരിയത്തിലെ ഒരംഗമായിരുന്നിരിക്കണം ഈ രാമവാരിയർ എന്നു ഞാൻ ഊഹിക്കുന്നു.

28.36ഗോവിന്ദനാഥൻ

ഗോവിന്ദനാഥൻ ഗൗരീകല്യാണം എന്നൊരു യമകകാവ്യം മൂന്നാശ്വാസത്തിൽ രചിച്ചിട്ടുണ്ടു്. അദ്ദേഹമാണു് ശങ്കരാചാര്യചരിതത്തിന്റെ പ്രണേതാവെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഗൗരീകല്യാണത്തിൽ കവി കുമാരസംഭവത്തയാണു് ഇതിവൃത്തവിഷയത്തിൽ ഉപജീവിച്ചിരിക്കുന്നതു്. കരിക്കാട്ടു രാമവാരിയരായിരുന്നു ചന്ദ്രശേഖരവാരിയരുടെയെന്നപോലെ അദ്ദേഹത്തിന്റെയും ഗുരു. താഴെക്കാണുന്ന ശ്ലോകങ്ങൾ അതിലുള്ളതാണു്:

“ശ്രുതിനിവഹാധാരായ സ്ഫുടതരവിലസൽകൃപാമഹാധാരായ
യതിതതികാമഹിതായ ത്ര്യക്ഷായ നമോ ജഗന്നികാമ ഹിതായ.”
“മമ ധീസ്സാലംകൃത്യാം ശിവയോശ്ചരിതേന ധൃതരസാലം കൃത്യാം
ആമോദാദേവ തയാ സ്വധിഷ്ഠിതാ സ്യാദ്ഗിരാം സദാ ദേവതയാ.”
“അസ്തു സദാ രാമായ ശ്രീഗുരവേ കാവ്യവീരുദാരാമായ
പ്രണതിരുപേതാ വിദ്യാ യൽകൃപയാ മാമഭൂദതോവിദ്യാ.”
“യശസാ ഭുവി രാജന്തം വന്ദേഹം കാളിദാസകവിരാജം തം
യോ ബുധമോദം തസ്യ പ്രഥയതി സൂക്ത്യാ ശിവോത്തമോദന്തസ്യ.
ദർശിതധാതൃപദാർത്ഥാ കൃതിർമ്മമാസാവമുക്തധാതൃപദാർത്ഥാ
അപി ജാതാര്യാവൃത്തം യൽകൃതിപുത്രീവ വപുരിതാര്യാ വൃത്തം.”
അഥ ദിശി വൈശ്രവണസ്യ
സ്വചരിത്രൈർഹാരകശ്ശിവൈശ്ശ്രവണസ്യ
ശൈലോ ഹിമവാൻ നാമ
സ്ഫുരതി യഥാർത്ഥം ദധന്മഹിമവാൻ നാമ.”
ഒടുവിൽ

“കൃഷ്ണഭക്തിസനാഥസ്യ ദാക്ഷിണ്യരസഭാജനൈഃ”
ശ്രാവ്യാ ഗോവിന്ദനാഥസ്യ ക്രിയൈഷാ സൽസഭാജനൈഃ”
എന്ന ശ്ലോകം കാണുന്നു.

പ്രസ്തുതകാവ്യത്തിന്നു ‘പദാർത്ഥവാദിനി’ എന്നൊരു വ്യാഖ്യാനമുണ്ടു്. വ്യാഖ്യാതാവു താനാരെന്നു പ്രകടമായി പ്രസ്താവിക്കുന്നില്ലെങ്കിലും നാരായണന്റെ ശിഷ്യനാണെന്നു പറയുന്നുണ്ടു്. കാലവും അദ്ദേഹത്തിന്റേതുതന്നെയായിരിക്കണം. താഴെ കാണുന്ന പദ്യങ്ങൾ പ്രകൃതത്തിൽ ഉദ്ധർത്തവ്യങ്ങളാണു്:

“തസ്മാൽ ഭൂസുരവരതഃശിഷ്യസഭായൈ വിതീർണ്ണഭാസുരവരതഃ
വിദ്യാപാരായണതശ്ചേതോ മാ ഗാ ഗുരോസ്തു നാരായണതഃ
ഗുരുഭൂതസമാദേശാദു് ഗൗരീകല്യാണനാമനി
കാവ്യേ പദാർത്ഥാൻ…വിജ്ഞാതാൻ കഥയാമ്യഹം”
നാരായണാഭിധനായ ഗുരുവിന്റെ ആജ്ഞാനുസരണമാണു് താൻ ഗൗരീകല്യാണം വ്യാഖ്യാനിക്കുന്നതെന്നു് അദ്ദേഹം പറയുന്നു. വ്യാഖ്യാതാവാണു് ഗോവിന്ദനാഥന്റെ ഗുരു കരിക്കാട്ടു രാമവാരിയരെന്നു് “അഥ ഗജവനഗ്രാമേ പാരശവാന്വയസംഭൂതം സാഹിത്യവിദ്യാപരമദേശികം മഹദഭിരാമം രാമാഭിധാനം നിജഗുരുഭൂതം പ്രതി പ്രണാമം കുരുതേ അസ്ത്വിത്യാദി” എന്നീ പങ്ക്തികളിൽ അറിയിക്കുന്നതു്. തദനുരോധേന ചന്ദ്രശേഖരവാരിയരും ഗോവിന്ദനാഥനും സതീർത്ഥ്യന്മാരെന്നു വന്നുകൂടുന്നു.

28.37ശങ്കരാചാര്യചരിതം

ശങ്കരാചാര്യചരിതത്തെക്കുറിച്ചു ചില വിവരങ്ങൾ മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. ശങ്കരഭഗവൽ പാദരെപ്പറ്റി ചില കേരളീയങ്ങളായ ഐതിഹ്യങ്ങൾ ആ ഗ്രന്ഥത്തിൽ രേഖപ്പെടുത്തീട്ടുണ്ടെന്നുള്ളതാണു് ഇതിവൃത്തവിഷയകമായി അതിനുള്ള മെച്ചം. പുരാണരീതിയിൽ അനുഷ്ടുപ്പുവൃത്തത്തിൽ ഗ്രഥിതങ്ങളായ ഒൻപതു് അധ്യായങ്ങൾ അതിൽ അടങ്ങീട്ടുണ്ടു്. ‘വ്യാസാചലൻ’ എന്ന വിശിഷ്ടകവിയിൽ നിന്നു പല രഹസ്യങ്ങളും ഗ്രഹിച്ചാണു് താൻ പ്രസ്തുത കാവ്യം രചിക്കുന്നതെന്നു ഗോവിന്ദനാഥൻ പറയുന്നു. അദ്ദേഹം ഒരു സ്വാമിയാരായിരിക്കുവാൻ ഇടയുണ്ടു്. ഒരു ശിഷ്യൻ “ആചാര്യചരിതം കിഞ്ചിദ്വിസ്തരേണ സമന്വിതം; ശ്രോതുമിച്ഛാമിപാപഘ്നം വക്‍തും പീഡാ ന ചേദു് ഗുരോ” എന്നു ഗുരുവിനോടു നിവേദനം ചെയ്യുകയും, ഗുരു ആ ചരിതം ചുരുക്കി ഉപദേശിക്കുകയും ചെയ്യുന്നു. ചുവടേ ചേർക്കുന്നതു കേരളഭൂമിയുടെ പ്രശസ്തിയാണു്:

“പുണ്യതീർത്ഥസമാകീർണ്ണാ പുണ്യദേവാലയാന്വിതാ
മേദിനീ കേരളാഖ്യാസ്തി ഭൂസുരോത്തമഭാസുരാ.
നാനാപദാനവിഖ്യാതാ രാജവീരവിരാജിതാ
നാനാവനനദീശൈലനഗരാഗാരശോഭിതാ.”
“സംന്യാസമൂലസ്സച്ഛായഃ ശിഷ്യശാഖാമഹത്തമഃ
ജ്ഞാനപുഷ്പോഽമൃതഫലോ രേജേ ശങ്കരപാദപഃ.”
എന്നും മറ്റും വേറെയും ചില നല്ല ശ്ലോകങ്ങൾ ഈ കൃതിയിലുണ്ടു്.

28.38ശ്രീസ്വയംവരം

ശ്രീസ്വയംവരം എന്ന പേരിൽ നാലാശ്വാസങ്ങളുൾക്കൊള്ളുന്ന ഒരു യമകകാവ്യമുണ്ടു്. ഗ്രന്ഥകാരന്റെ കാലദേശങ്ങളെക്കുറിച്ചു് ഒരറിവും ലഭിക്കുന്നില്ല. ഗോവിന്ദനാഥന്റെ ഗൗരീകല്യാണത്തെപ്പറ്റിയുള്ള പരാമർശനത്തിനുമേൽ, സൗകര്യത്തിനുവേണ്ടി ഈ അവസരത്തിൽ ആ കാവ്യത്തെയും സ്മരിക്കുന്നു എന്നേയുള്ളു. “തദ്വംശഃ കേരളസ്യചിരമിവ രാജ്ഞഃ” എന്നു കവി പറയുന്നുണ്ടു്. അദ്ദേഹം ഏതോ ഒരു കൊച്ചിമഹാരാജാവിന്റെ ആശ്രിതനായിരുന്നിരിയ്ക്കാം. അമൃതമഥനവും ലക്ഷ്മീസ്വയംവരവുമാണു് പ്രതിപാദ്യം. ഒരു പദ്യം ചുവടേ ചേർക്കുന്നു.

“ഫണിപതിനാഥസമന്താദു്
ബദ്ധം പ്രോദ്ധൂയമാനപാഥസമന്താൽ
പയസി ഗിരം സമുദധിതഃ
ശ്രിയം സുരാസുരഗണസ്സ ഹർത്തുമുദധിതഃ.”

28.39ഗോപികോന്മാദം

മന്ദാക്രാന്താ വൃത്തത്തിൽ രാസക്രീഡയെ അധികരിച്ചു രചിച്ചിട്ടുള്ള ഒരു മനോഹരമായ ലഘുകാവ്യമാണു് ഗോപികോന്മാദം. ആകെ 122 ശ്ലോകങ്ങളും ഒടുവിൽ ഒരു ഫലശ്രുതിശ്ലോകവുമുണ്ടു്. പൂർവോന്മാദം എന്നും ഉത്തരോന്മാദം എന്നും രണ്ടു ഭാഗങ്ങളായി പ്രസ്തുതകൃതി വിഭജിക്കപ്പെട്ടിരിക്കുന്നു. പൂർവോന്മാദത്തിൽ അറുപത്താറു ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നു. കവിയുടെ കാലദേശങ്ങളെപ്പറ്റി യാതൊരറിവുമില്ല. കവിതയ്ക്കു് അസാമാന്യമായ സ്വാരസ്യമുണ്ടു്.

“വൃന്ദാരണ്യേ വിലസതി ശരച്ചന്ദ്രികായാം നിശായാം
ഗോപസ്ത്രീഭിഃ കളമുരളികാനാദസമ്മോഹിതാഭിഃ
രാസക്രീഡാമധികമധുരാമാദധാനം യുവാനം
വന്ദേ മൂർദ്ധ്നാ വലഭിദുപലശ്യാമളാംഗം മുകുന്ദം.”
എന്നാണു് പൂർവ്വോന്മാദത്തിലെ പ്രഥമശ്ലോകം. മറ്റു രണ്ടു ശ്ലോകങ്ങൾകൂടി ഉദ്ധരിക്കാം.

ഒരു ഗോപിയുടെ മദനാവസ്ഥ

“സ്രസ്തൗബന്ധും വസനചികുരൗ ന ഹ്യശക്‍നോന്നിരോദ്ധും
നൈവാവിന്ദദ്വലയരശനാഹാരമഞ്ജീരമോക്ഷം
ആക്രഷ്ടും സാ നയനമനസീ നാലമസ്മിൻ നിമഗ്നേ
നാംഗേപ്യാസീദഹമിതി മമേത്യേവമസ്യാഃ പ്രതീതിഃ”
ഗോപികാവിലാപം

“തത്താരുണ്യം തദപി തരളാൻ വീക്ഷിതാംസ്താൻ വിലാസാം
സ്താൻ സല്ലാപാംസ്തദപി ഹസിതം തദ്വപുസ്താഞ്ച ഗോഷ്ഠീം
താൻ വാ ഭാവാംസ്തദപി ച ഗതം താഞ്ച ലാവണ്യവീചീം
പ്രേക്ഷിഷ്യേഹം പുനരപി കദാ ദേവതാനാം പ്രസാദാൽ?”
താഴെക്കാണുന്നതാണു് ഫലശ്രുതിശ്ലോകം

“കാവ്യാകാരസ്തുതിരഭിനവാ കൃഷ്ണകേളീപ്രസംഗാദു്
ഭക്ത്യാ ക്ണുപ്താ സ്ഫുരദുപനിഷദ്വാക്യഗുഢാർത്ഥപൂർണ്ണാ
പാപച്ഛേത്ത്രീ ജഗതി പഠതാം ശൃണ്വതാം കർണ്ണഭൂഷാ
മാദായാസ്താം മുരവിജയിനോ ഗോപികോന്മാദസംജ്ഞാ.”

28.40മുക്തിസ്ഥലദേവീസ്തോത്രം

ഇതു മുക്കോലയ്ക്കൽ ദേവിയെപ്പറ്റിയുള്ള ഒരു സംസ്കൃതസ്തോത്രമാണു്. ആകെ വിവിധവൃത്തങ്ങളിലായി അൻപത്തിരണ്ടു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. കവിയാരെന്നോ കാലമേതെന്നോ അറിയുന്നില്ല. സ്തോത്രം എട്ടാം ശതകത്തിന്റെ ഒടുവിലോ ഒൻപതാം ശതകത്തിലോ രചിച്ചതാണെന്നു സങ്കല്പിക്കാമെന്നേയുള്ളൂ. കവിതന്നെ ബാധിച്ചിരുന്ന പ്രമേഹരോഗത്തിന്റെ ശാന്തിക്കാണു് ഈ കൃതി നിർമ്മിച്ചതെന്നു വെളിപ്പെടുന്നു. “ഉരുമേഹരോഗപരിമോഹിതശ്ശിവേ കരവൈ കിമദ്യ പുരവൈരിവല്ലഭേ” എന്നു് അദ്ദേഹം വിലപിക്കുന്നു. രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.

“മനോജ്ഞനയനാഞ്ചലം മനസിജാഹിതേ ചഞ്ചലം
കുചദ്വയജിതാചലം ഘുസൃണരഞ്ജിതോരഃസ്ഥലം
മഹത്തമദയാകുലം മനസി മേ സദാ നിസ്തുലം
മഹഃ സ്ഫുരതു നിശ്ചലം മഹിതമുക്തിഗേഹോജ്ജ്വലം.”
“ദുർഗ്ഗാം ഹതരിപുവർഗ്ഗാം ദുർഗ്ഗായിതമുക്തിസദനസന്നിഹിതാം
ഭർഗ്ഗാദൃതാമുപാസേ സർഗ്ഗാവനഹരണകർത്തൃഭൂതാംബാം.”
ഏറ്റവും സുകുമാരമാണു് ഇതിലെ പദബന്ധം.

28.41വിവേകസാരം

വിവേകസാരം അദ്വൈതവേദാന്തപ്രതിപാദകമായ ഒരു സംസ്കൃതഗദ്യഗ്രന്ഥമാകുന്നു. കേരളത്തിൽ പ്രചുരപ്രചാരമായ ദ്വാദശവർണ്ണകം എന്ന തമിഴ്ഗ്രന്ഥത്തിന്റെ മൂലമാണു് അതു്. വാസുദേവയതി, പുരുഷോത്തമൻ, മറ്റൊരു വാസുദേവൻ എന്നിങ്ങനെ മൂന്നു ഗുരുക്കന്മാരെ ഗ്രന്ഥകാരൻ വന്ദിക്കുന്നു:

“ബോധാനന്ദഘനം നിരസ്തസകലം കാരുണ്യപൂർണ്ണേക്ഷണം
മൂഢാനാമുപദേശകം ച സതതം പാപാത്മനാം പാപഹം
വൈരാഗ്യസ്യ ഹി രാഗിണാം സുഖകരം സമ്പാദയന്തം സദാ
ശ്രീമദ്ദേശികവാസുദേവയതിനാം മൂഢാത്മകോഹം ഭജേ.
യസ്യാത്മഭൂതസ്യ ഗുരോഃ പ്രസാദാ
ദഹം വിമുക്തോസ്മി ശരീരബന്ധാൽ
സർവ്വോപദേഷ്ടുഃ പുരുഷോത്തമസ്യ
തസ്യാംഘ്രിപത്മം പ്രണതോസ്മി നിത്യം.
മൂഢാൻ വിവേകിനഃ കൃത്വാ ലോകേ സർവ്വോപദേശകഃ
യസ്തിഷ്ഠതി ച തം ശ്രീമദ്വാസുദേവഗുരും ഭജേ”
എന്നീ ശ്ലോകങ്ങൾ നോക്കുക. വിവേകസാരം കേരളീയമാണെന്നു് ഊഹിക്കാം. ഹൃദ്യലളിതമായ ശൈലിയിൽ ഗഹനങ്ങളായ വേദാന്തതത്ത്വങ്ങളെ സ്ഫടികസ്ഫുടമായി പ്രകാശിപ്പിക്കുന്നു എന്നുള്ളതിലാണു് ഈ കൃതിയുടെ വൈശിഷ്ട്യം സ്ഥിതിചെയ്യുന്നതു്. ചില പംക്തികൾ ഉദ്ധരിക്കാം:

“ആനന്ദദുഃഖയോർല്ലക്ഷണം കിമിതി, ചേൽ പ്രവക്ഷ്യാമഃ. നിരുപാധികനിത്യസുഖനിരതിശയസ്വരൂപത്വമാനന്ദലക്ഷണം. താപത്രയാത്മകത്വം ദുഃഖലക്ഷണം. ഏതയോർദൃഷ്ടാന്തോസ്തി വേതി ചേദസ്തി. സ ദൃഷ്ടാന്തഃ. തസ്മിന്നമൃത ഏതദാനന്ദ ലക്ഷണം തിഷ്ഠതി വേതിചേൽ തിഷ്ഠത്യേവ. കഥമിതി ചേൽ തദമൃതം സുഖസ്വരൂപം. തൽ സ്വപാനകൃദ്ഭ്യഃ നിരതിശയസുഖം പ്രദദാതി. അതസ്തസ്മിന്നമൃതേ ആനന്ദലക്ഷണം വർത്തതേ. കാളകൂടവിഷേ ദുഃഖലക്ഷണം വർത്തതേ വേതി ചേൽ വർത്തതേ. തൽ കഥമിതി ചേൽ കാളകൂടവിഷം സ്വയം താപാത്മകം തൽ സ്വസമീപഗതാനാം ജനാനാമത്യന്തദുഃഖരൂപ പ്രാണഹാനിം കരോതി. അതസ്തസ്മിൻ കാളകൂടവിഷേ ദുഃഖലക്ഷണം വർത്തതേ.”


അദ്ധ്യായം 29 - മണിപ്രവാള സാഹിത്യം)

ക്രി. പി. പതിനാറാം ശതകം (തുടർച്ച)

29.1മഴമംഗലത്തിന്റെ മണിപ്രവാളചമ്പുക്കൾ

മഴമംഗലത്തു നാരായണൻനമ്പൂരിയുടെ ജീവിതകാലത്തേയും മറ്റും പറ്റി ഇരുപത്താറാമധ്യായത്തിൽ ഉപന്യസിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഭാഷാകൃതികളെപ്പറ്റി മാത്രമേ ഇനി പ്രസ്താവിക്കേണ്ടതായുള്ളൂ. മഴമംഗലം (1) നൈഷധം, (2) രാജരത്നാവലീയം, (3) കൊടിയവിരഹം, (4) ബാണയുദ്ധം എന്നീ നാലു മണിപ്രവാളചമ്പുക്കളുടേയും, (5) രാസക്രീഡ, (6) വിഷ്ണുമായാചരിതം, (7) തിരുനൃത്തം, (8) ദാരുകവധം, (9, 10) പാർവതീസ്തുതി (പാദാദികേശവും കേശാദിപാദവും), (11) സതീസ്വയംവരം എന്നീ ഏഴു ബ്രാഹ്മണിപ്പാട്ടുകളുടേയും കർത്താവാണെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആ ഗ്രന്ഥങ്ങളെ അല്പമൊന്നു സ്പർശിക്കാം.

നൈഷധം മുതലായ നാലു ചമ്പുക്കളും മഴമംഗലത്തിന്റെ കൃതികളാണോ എന്നു് ആദ്യമായി വിചിന്തനം ചെയ്യാനുണ്ടു്. ഒന്നാമതു, ‘പ്രത്യക്ഷസ്വർഗ്ഗസൗഖ്യം’ എന്നൊരു പ്രയോഗം നൈഷധത്തിലും രാജരത്നാവലീയത്തിലും കൊടിയവിരഹത്തിലും കാണുന്നുണ്ടു്. ‘പ്രത്യക്ഷസ്വർഗ്ഗസൗഖ്യം ചിരമനുബുഭുജേ നൈഷധോ നീതിശാലീ’ എന്നു നൈഷധത്തിലും, പ്രത്യക്ഷസ്വർഗ്ഗസൗഖ്യശ്രിയമനുബുഭുജേ ഭൂഷണം ഭൂപതീനാം’ എന്നു രാജാരത്നാവലീയത്തിലും, ‘പ്രത്യക്ഷസ്വർഗ്ഗസൗഖ്യശ്രിയമനുബുഭുജേ തത്ര സംഗീതകേതുഃ’ എന്നു കൊടിയവിരഹത്തിലുമുള്ള വാക്യങ്ങൾ നോക്കുക. ഈ ഐകരൂപ്യം ആകസ്മികമോ ഒരു കവിതയിലെ പദ്യപാദം മറ്റൊരു കവി മോഷ്ടിച്ചതിന്റെ ഫലമോ ആകാൻ തരമില്ല. രണ്ടാമതു് ഏതാനും ചില പദ്യങ്ങൾ മാത്രം ഒന്നിലധികം ചമ്പുക്കളിൽ കാണുന്നുണ്ടെന്നുവെച്ചു മാത്രം അവയെല്ലാം ഒരു കവിയുടെ വാങ്മയങ്ങളാണെന്നു തീർച്ചപ്പെടുത്തുന്നതു സാഹസമായിരിക്കുമെങ്കിലും ഒട്ടുവളരെ പദ്യങ്ങൾ അത്തരത്തിലുണ്ടെങ്കിൽ ആ കൃതികൾക്കു് ഏകകർത്തൃകത്വം കല്പിക്കുന്നതു് അസംഗതമാണെന്നു വരുന്നതല്ല. രാജരത്നാവലീയത്തിലും കൊടിയവിരഹത്തിലും ബാണയുദ്ധത്തിലും (1) ‘ഭദ്രേ നിൻകോപ്പിതെന്തു്’ (2) ‘ധന്യേ പുരാഗിരിസുതാ’ (3) ‘എല്ലാ നാളും വിശേഷാൽ’ (4) ‘ബാലാംത്വാം പ്രിയസഖി’ ഇത്യാദി എട്ടു പദ്യങ്ങൾ പൊതുവായി കാണുന്നതിനുപുറമേ, രാജരത്നാവലീയത്തിലെ ഇരുപത്തഞ്ചുപദ്യങ്ങളും ബാണയുദ്ധത്തിലെ നാലു പദ്യങ്ങളും കൊടിയവിരഹത്തിലും, രാജരത്നാവലീയത്തിലെ പതിനഞ്ചു പദ്യങ്ങൾ ബാണയുദ്ധത്തിലും സംക്രമിച്ചിരിക്കുന്നതു കാകതാലീയമെന്നു കരുതുവാൻ ന്യായമില്ലാതെയിരിക്കുന്നു. മൂന്നാമതു കൊടിയ വിരഹത്തിലെ ‘മനോരഥൈര്യദഭ്യസ്താ ഹൃദയേന യദർത്ഥിതം’ എന്ന പദ്യം രാജരത്നാവലീയത്തിൽ ‘കല്പിച്ചിട്ടുള്ളതും പണ്ടുരപെരിയ വിയോഗേ മനോരാജ്യഭേദൈരപ്പോൾത്തന്നേ മനക്കാമ്പിടയിലഗതി കാമിച്ചതും പ്രേമലോലം ഇതാദി പദ്യമായി പരിണമിക്കുന്നു. ബാണയുദ്ധത്തിലെ ‘നിഖിലയുവതി വംശമുക്താമണിക്കിത്രിലോകീമഹേളാലലാടാന്തരേ കാന്തിചിന്തുന്ന പുത്തൻനറുംചിത്രകത്തിനു്’ ഇത്യാദി ഉഷാവർണ്ണനരൂപമായ ദീർഘഗദ്യം കൊടിയവിരഹത്തിൽ “നിഖിലയുവതി ജാലമുക്താമണിക്കു്” എന്നു് ഏകപദത്തിൽ സങ്കോചിപ്പിച്ചു കാണുന്നുവെങ്കിലും ഗ്രന്ഥകാരന്റെ ഉദ്ദേശം ആ ഗദ്യം മുഴുവൻ സന്ദർഭാനുസാരം പാഠകക്കാരും മറ്റും പകർത്തി രംഗത്തിൽ പ്രയോഗിച്ചുകൊള്ളണമെന്നായിരുന്നു എന്നുള്ളതു നിസ്തർക്കമാണു്. ‘പ്രാണാ മേ ശ്രവണാതിഥീകൃതഗുണാഃ’ എന്നു നൈഷധത്തിലും ‘മൽപ്രാണാഃ കുശലിനഃ കിം നു?’ എന്നു കൊടിയവിരഹത്തിലും പ്രയോഗമുണ്ടു്. ഈ കാരണങ്ങളെ ആസ്പദമാക്കിയാണു് പ്രസ്തുത ചമ്പുക്കൾ നാലും ഒരു കവിയുടെ കൃതികളാണെന്നു ഞാൻ അനുമാനിക്കുന്നതു്. പ്രഥമദൃഷ്ടിയിൽ നൈഷധത്തിനും മറ്റു മൂന്നു ചമ്പുക്കൾക്കും തമ്മിൽ കാണുന്ന ഗണനീയമായ ഒരു വ്യത്യാസം നൈഷധത്തിൽ ഇതരചമ്പുക്കളെ അപേക്ഷിച്ചു സംസ്കൃതാംശം കൂടുമെന്നും അവയെപ്പോലെ അത്ര വളരെ പഴയ ഭാഷാപദങ്ങളും ഭാഷാശൈലികളുമില്ലെന്നുമുള്ളതാണു്. നൈഷധം പക്ഷേ നാരായണൻനമ്പൂരിയുടെ പ്രഥമകൃതിയായിരിക്കാം.

29.2നൈഷധം

നൈഷധചമ്പു പൂർവഭാഗമെന്നും ഉത്തരഭാഗമെന്നും രണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്രവാളചമ്പുക്കളെസ്സംബന്ധിച്ചു് ഇത്തരത്തിലുള്ള ഒരു വിഭജനത്തിനു് ഇദംപ്രഥമമായി ഒരുമ്പെട്ടതു നൈഷധകാരനാണെന്നു തോന്നുന്നു. കൊടിയവിരഹത്തിലും ഇങ്ങനെ ഒരു വിഭാഗമുണ്ടു്. നൈഷധത്തിന്റെ പൂർവാർദ്ധവും ഉത്തരാർദ്ധവും ഏറ്റവും ഹൃദയംഗമങ്ങൾതന്നെയെങ്കിലും പൂർവഭാഗം ഉത്തരഭാഗത്തെ അതിശയിക്കുന്നു എന്നുള്ളതിനു സന്ദേഹമില്ല. ഉത്തരഭാഗത്തിൽ നളനെ അന്വേഷണം ചെയ്യുന്ന ഘട്ടം സരസമായിട്ടുണ്ടെന്നുള്ള വസ്തുത ഞാൻ വിസ്മരിക്കുന്നില്ല. എന്നാൽ ഗ്രന്ഥകാരൻ വിസ്തരഭീരുവായി ഇതിഹാസച്ഛായയിൽ കഥമാത്രം പറഞ്ഞുകൊണ്ടുപോകുന്ന ഭാഗങ്ങളും ഇടയ്ക്കിടയ്ക്കുണ്ടു്.

മഴമംഗലം ഒരു പ്രശസ്തനായ സംസ്കൃതകവിയായിരുന്നു എന്നു നാം മുമ്പു കണ്ടുവല്ലോ. തന്നിമിത്തമുള്ള മേന്മ നൈഷധത്തിൽ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ടു്. ഏതു കാവ്യരത്നമാല്യത്തിനും നടുനായകമായി ശോഭിക്കുന്നതിനു് അർഹമാണു്

“സങ്കല്പസംഗമസുഖാനുഭവസ്യ നാഹം
ഭംഗം കരോമി സമയേ സമയേ സമേത്യ
സഞ്ചിന്ത്യ നൂനമിതി തൗ സദയം വിഹായ
നിദ്രാ ജഗാമ നിപുണേവ സഖീ സകാശാൽ.”
എന്ന പദ്യം. “അഥ സാ ലളിതതനുകാന്തിസമ്പദാ” എന്ന ഗദ്യവും അന്യാദൃശമായ സ്വാരസ്യത്തിനു് ആകരമാകുന്നു. നൈഷധത്തിൽ മറ്റൊരു വൈശിഷ്ട്യം കാണുന്നതു് അതിന്റെ പ്രണേതാവു നിവൃത്തിയുള്ളിടത്തോളം പൂർവസൂരികളുടെ പദ്യങ്ങൾ പകർത്തുകയോ പരാവർത്തനം ചെയ്കയോ അവയിലേ ആശയങ്ങൾ അപഹരിക്കുകയോ ചെയ്തിട്ടില്ലെന്നുള്ളതാകുന്നു. കവിസാർവഭൗമനായ ശ്രീഹർഷന്റെ നൈഷധീയചരിതം മുൻവശത്തു പാരാവാരംപോലെ പരന്നുകിടക്കുമ്പോൾ അതിനെ ഒരു പ്രകാരത്തിലും ഉപജീവിക്കാതെ പൂർവഭാഗം അത്യന്തം മനോമോഹനമായ രീതിയിൽ എഴുതി ഫലിപ്പിച്ച കവി ആ ഒരു കാരണത്താൽത്തന്നെ നമ്മുടെ ഉള്ളഴിഞ്ഞുള്ള പ്രശംസയെ ഉദാത്തമായി ആവർജ്ജിക്കുന്നു. യതിഭംഗത്തിൽ അദ്ദേഹം ഭാരതചമ്പൂകാരനെപ്പോലെതന്നെ അപരാധിയാണെന്നും പറയേണ്ടതുണ്ടു്.

29.3ചില പദ്യഗദ്യങ്ങൾ

കവിതാരീതി കാണിക്കുവാൻ മൂന്നു പദ്യങ്ങളും ഒരു ഗദ്യവും ഉദ്ധരിക്കാം:

1 വിഷ്ണുവന്ദനം:
“പാലംഭോരാശിമദ്ധ്യേ ശശധരധവളേ
ശേഷഭോഗേ ശയാനം
മേളംകോലം കളായദ്യുതിയൊടു പടത
ല്ലുന്ന കാന്തിപ്രവാഹം
നാളൊന്നേറിത്തുളുമ്പും നിരുപമകരുണാ
ഭാരതിമ്യൽകടാക്ഷം
നാളീകത്താരിൽമാതിൻ കുളുർമുലയുഗളീ
ഭാഗധേയം ഭജേഥാഃ.”
2 രാജാക്കന്മാരുടെ വരണമണ്ഡപപ്രവേശം:
“തഞ്ചത്തിൽബ്ഭംഗി ഭാവിച്ചുദിതരുചി നട
ക്കുന്ന നേരത്തിളക്കം
തഞ്ചീടും ചാരുകാഞ്ചീവലയഗണഝണൽ-
കാരവാചാലിതാശാഃ
അഞ്ചാതേ ചെന്നമാത്യൈസ്സഹ വടിവൊടല
ഞ്ചക്രുരാത്താഭിമാനം
മഞ്ചാഗ്രേ വച്ച മത്തദ്വിരദരിപുമഹാ
വിഷ്ടരാൻ പുഷ്ടശോഭാൻ.”
3 ചന്ദ്രോദയം:
“കാതര്യം ചേർത്തു കോകങ്ങളിലഖിലചകോ
രാവലീപ്രാണരക്ഷാ
ചാതുര്യം കൈവളർത്തിസ്സകലകുമുദിനീ
കാമിനീപുണ്യഭൂമാ
വൈധുര്യാവേഗദായീ വിരഹിഷു സുഷമാ
പൂരപീയൂഷധാരാ
മാധുര്യം പോഷയൻ ദേഹിഷു പുനരുദിയാ
യൈഷ പീയൂഷധാമാ.”
ഗദ്യം, വനാന്തരത്തിലെ രാത്രിവർണ്ണനം:

“അസ്തഗിരീശ്വരമസ്തകസീമനി ഭാസ്കരഭഗവാൻ മറയുന്നേരം, ഗതവതി സവിതരി ഗുഹകളിൽനിന്നിത്തിമിരകരീശ്വരരിളകുന്നേരം, ദിക്ഷു വിദിക്ഷു ച മുഷ്കരരായ തരക്ഷുഗണങ്ങൾ തിമിർക്കുന്നേരം, കാട്ടിൻനടുവിൽക്കാട്ടാളാവലി കൂട്ടംകൂടിപ്പാടുന്നേരം, മല്ലീവല്ലീഫുല്ലാവലിരിഹ മെല്ലേ മെല്ലേ വിരിയുന്നേരം, പക്ഷികൾ വൃക്ഷാവലിയിലടങ്ങിയിണങ്ങി മയങ്ങിയുറങ്ങുന്നേരം, കാമുകപടലികൾ കാമിനിമാർതൻ കോമള മുലകളിലണയുന്നേരം, ക്രോഷ്ടൂനാം തതി കാട്ടിൻനടുവേ കൂട്ടം കൂടിക്കരയുന്നേരം, മൈലുകൾ പീലികൾ ചാല വിരിച്ചന്നൃത്തവുമാടിയടങ്ങുന്നേരം, ഞെടുഞെടയുടനുടനടവികൾതോറും കരടികൾ കടുതരമലറുന്നേരം, രൂക്ഷതതേടിന രാക്ഷസപടലീ തീക്ഷ്ണനിനാദം കലരുന്നേരം, ശ്രോത്രാനന്ദം ചേർത്തീടാതേ ദാത്യൂഹാവലി കരയുന്നേരം, പിശിതാശനശതബഹുളപിശാചികളശിവനിനാദം കലരുന്നേരം, കുന്നുകൾപോലേ കുന്നിവരും ചില പന്നികളോടിച്ചാടുന്നേരം, കാനനനികരേ വിരഹിതവിവരേ ദീനതപൂണ്ടു നടന്നുമുഴന്നും, സർപ്പാനുഗ്രാൻ ദർപ്പോദഗ്രാനഭ്യാശേ കണ്ടാശു വിറച്ചും, ഗമനനിരാശാ കുഹചന ദേശേ നിഷസാദൈഷാ മഹിതാ യോഷാ.” എന്തൊരു സചേതനമായ വാക്‍ചിത്രം!

29.4ഫലിതം

പുനത്തെപ്പോലെ മഴമംഗലവും ഫലിതപ്രിയനാണു്. സ്വയംവരസംബന്ധമായുള്ള ബഹളങ്ങളെ വർണ്ണിക്കുമ്പോൾ അദ്ദേഹം നമ്പൂരിമാർ, ജ്യോത്സ്യന്മാർ, മന്ത്രവാദികൾ ഇവരെ പ്രത്യേകിച്ചു കളിയാക്കീട്ടുണ്ടു്. “ചാത്തമൂട്ടുന്ന നാളുച്ചനേരത്തൊഴിഞ്ഞിട്ടിനാറാണനെക്കാൺമതില്ലെങ്ങുമേ” എന്നു് ഒരച്ഛൻനമ്പൂരി മകനെക്കുറിച്ചു് ആവലാതിപ്പെടുന്നു. ദമയന്തി മാലയിടാത്ത രാജാക്കന്മാർക്കും ഒരു വധുവിനെ കിട്ടിയില്ലെന്നില്ല. “കന്യാം കൈക്കൊണ്ടു ഗുഢാം നിജഹൃദയ വിധേയാം ത്രപാനാമധേയാം” എന്നു് ആ ഭഗ്നാശയന്മാരെ കവി ആരും ചിരിച്ചു മണ്ണുകപ്പിപ്പോകുമാറു് അവഹേളനം ചെയ്യുന്നു. വൻകാട്ടിൽ ആ സാധ്വിയെ കാമിക്കുന്ന വൃദ്ധനായ ശബരൻ “ഹന്ത! താൻ ജാതനായീടുന്നാളേ ജാതരോമോൽഗമചികുരമുഖശ്മശ്രുല” നും, “പിന്നാലേ മാംസഗന്ധാഗതവിപുലമഹാമക്ഷികാക്രാന്തവക്ത്ര” നുമാണു്.

29.5രാജരത്നാവലീയം ഇതിവൃത്തം

രാജരത്നാവലീയത്തിൽ ‘കാശിക്കെഴുന്നെള്ളിയ തമ്പുരാൻ, എന്നു ഞാൻ ഇരുപത്താറാമധ്യായത്തിൽ നിർദ്ദേശിച്ചിട്ടുള്ള കൊച്ചി രാമവർമ്മ മഹാരാജാവിന്റെ ജനനവും, കിരീടധാരണവും, യുദ്ധോദ്യോഗവും മറ്റും നിപുണമായി വർണ്ണിച്ചതിനുശേഷം അവിടത്തേയ്ക്കു ‘മന്ദാരമാല’ എന്ന വിദ്യാധരസുന്ദരിയുമായുണ്ടായ സമാഗമത്തെ കവി ഉജ്ജ്വലമായ രീതിയിൽ പ്രപഞ്ചനം ചെയ്യുന്നു. ആ വിദ്യാധരിയുടെ ഭർത്താവായ ചന്ദ്രസേനൻ എന്ന വിദ്യാധരൻ ഒരവസരത്തിൽ ശ്രീപരമേശ്വരനെ ഭജിക്കുവാൻ കൈലാസപർവ്വതത്തിൽ സമയംതെറ്റിച്ചെല്ലുകയാൽ അവിടുന്നു കുപിതനായി ആ അപരാധിക്കു മനുഷ്യത്വവും മന്ദാരമാലയ്ക്കു ദിവ്യത്വബോധനാശവും സംഭവിക്കട്ടെ എന്നു ശപിച്ചു. വിഷണ്ണനായ ചന്ദ്രസേനൻ ശാപമോക്ഷത്തിനായി പ്രാർത്ഥിച്ചപ്പോൾ കൊച്ചിമഹാരാജവംശത്തിൽ ‘ദേവവിപ്രാർച്ചനനിയമപര’യും ‘വീരപുത്രാപ്തികാമ’യും പാർവ്വതീഭക്തയുമായ ഒരു രാജ്ഞി പരിലസിക്കുന്നുണ്ടെന്നും ആ രാജ്ഞിയുടെ പുത്രനായി പ്രസ്തുത വിദ്യാധരൻ അവതരിച്ചു് വൃഷപുരിയിൽ സാന്നിധ്യംചെയ്യുന്നതന്നെ ഭജിച്ചു്, സകലഭോഗങ്ങളേയും ഭുജിച്ചു്, പൂർണ്ണമായ പുരുഷായുസ്സിന്റെ അവസാനത്തിൽ വീണ്ടും പൂർവരൂപത്തെ ധരിക്കാമെന്നും അവിടുന്നു് അരുളിച്ചെയ്തു. പാർവതീദേവിയുടെ പ്രാർത്ഥനനിമിത്തം മന്ദാരമാലയ്ക്കു ചന്ദ്രസേനൻ മനുഷ്യനായി ജീവിക്കുമ്പോളും അദ്ദേഹത്തിന്റെ സംഗമലാഭം സിദ്ധിക്കുമാറു ഭഗവാൻ അനുഗ്രഹിച്ചു. ആ വിദ്യാധരനാണു് കൊച്ചിമഹാരാജകുടുംബത്തിൽ വീരകേരളവർമ്മാവിന്റെ ഭാഗിനേയനായി ജനിച്ച രാമവർമ്മമഹാരാജാവു്. ആ ക്ഷത്രിയവീരൻ ഒരിക്കൽ തൃശ്ശിവപേരൂർ ശിവരാത്രിമഹോത്സവം കാണുവാൻ എഴുന്നള്ളി. അവിടെ ഒരു ‘ഇളങ്കേസരകനകമണീവേദിക’യിൽനിന്നു് ആഘോഷങ്ങൾ തൃക്കൺപാർത്തുകൊണ്ടിരിക്കവേ, പതിവുപോലെ ആ ക്ഷേത്രത്തിൽ ഭജനത്തിനു ചെന്നുചേർന്ന മന്ദാരമാല അദ്ദേഹത്തിൽ അനുരക്തയായി, അനംഗാർത്തി പിടിപെട്ടു് തന്റെ സഖി മരതകവല്ലിയോടുകൂടി അവിടം വിട്ടുപോകുന്നു. പിന്നീടു് ഒരു സന്ദർഭത്തിൽ അതേ ക്ഷേത്രത്തിൽ നർത്തനംകൊണ്ടു ശ്രീപരമേശ്വരനെ ആരാധിക്കുവാൻ വന്ന മന്ദാരമാലയെക്കണ്ടു മഹാരാജാവും കാമാതുരനാകുന്നു. നായികാനായകന്മാരുടെ അയോഗവിപ്രലംഭം കവി അനിതരസാ ധാരണമായ ചാതുര്യത്തോടുകൂടി വർണ്ണിച്ചിരിക്കുന്നു. ഒടുവിൽ കരുണാകുലയായ ശ്രീപാർവതി അവരെ സംഘടിപ്പിക്കുന്നതിനു തന്റെ ഭക്തയായ യോഗപ്രഭ എന്ന യോഗിനിയെ നിയോഗിക്കുകയും ആ തപസ്വിനി രണ്ടുപേരേയും പൂർവ്വവൃത്താന്തം ഗ്രഹിപ്പിച്ചു ദാമ്പത്യലാഭത്താൽ ചരിതാർത്ഥരാക്കുകയും ചെയ്യുന്നു.

29.6കവിതാരീതി

രാജരത്നാവലീയത്തിലേ കവിതാരീതി അഞ്ചു പദ്യങ്ങളും ഒരു ഗദ്യവും ഉദ്ധരിച്ചു വ്യക്തമാക്കാം. ഏതു രസവും വർണ്ണിക്കുന്നതിനു വേണ്ട പദഘടനാവൈഭവം കവി ഒന്നുപോലെ പ്രദർശിപ്പിക്കുന്നു.

1 രാമവർമ്മാവിന്റെ രണപ്രയാണം:
“മമ്മാ! കാണായിതപ്പോളൊരു പൊടിപടലീ
ഭൂതലാൽപ്പൊങ്ങി മേല്പോ
ട്ടമ്ലാനം വ്യോമ്നി പൊങ്ങിക്കിരണനികരമാ
വൃണ്വതീ ചണ്ഡഭാനോഃ
നിർമ്മായം വൈരിസേനാം ഗ്രസിതുമരിയ വാ
യും പിളർന്നാത്തകോപം
വമ്പോടെത്തും കൃതാന്തശ്വസിതനിവഹധൂ
മം പരക്കുന്നപോലേ.”
2 പടക്കളത്തിൽ പരിലസിക്കുന്ന രാമവർമ്മാ:
“കാണായീ നേർക്കുനേരേ കനമുപരി പിടി
ച്ചോരു രത്നാതപത്ര
ശ്രേണീനാം മാനനീയേ മണമുടയ തണൽ
പ്പാട്ടിലുദ്യോതമാനം
സേനാമധ്യേ കരാഗ്രപ്രചലിതകരവാ
ളോജ്ജ്വലം, മാടധാത്രീ
വാനോർനാഥം, പ്രകോപാരുണനയനകലാ
ദാരുണം വൈരഭാജാം.”
3 നായകൻ നായികയെപ്പറ്റി:
“കൈത്താർകൊണ്ടിന്ദുബിംബം പരിചിനൊടുപതു
ക്കെപ്പിഴിഞ്ഞൻപിലുണ്ടാം
പുത്തൻപീയൂഷയൂഷൈസ്സ്വയമലർശരനാൽ
നിർമ്മിതം കിം മനോജ്ഞം
തസ്യാ വക്ത്രം നിജേ താമരമലരിൽ നിശാ
സങ്കടാൽ പങ്കജപ്പെൺ
ഭദ്രാവാസായ തീർത്തീടിന സരസിജമോ
രാപ്പകൽ പ്രൗഢശോഭം?”
4 നായികയുടെ വിരഹതാപം:
“കയ്യേറും പ്രണയേന ചെല്ലുമെതിർകെട്ടാഹന്ത വാങ്ങും; തുലോ
മയ്യേ! ലോകർ ചിരിക്കുമെന്നിടയിടേ മൂടീടുമാത്മാമയം;
അയ്യയ്യോ! ശിവ! ദൈവമെന്നു, മലർബാണാർത്ത്യാ പൊറാഞ്ഞങ്ങനേ
മര്യാദാമതിലംഘ്യ മന്മനമിദം മാഴ്കുന്നിതെപ്പേരുമേ!”
5 രാത്രിയിലേ മന്ദവായു:
“വിരിയുമിളയ മുല്ലപ്പൂവിലേന്തും നറുന്തേൻ
പരിമളമിടതൂകിക്കാമഭൂപാലമന്ത്രീ
സരസമൃദുലഗാമീ രാത്രിവാർതെന്നലേറ്റം
പരമസുഖമെഴുമ്മാറേഷ വീയിത്തുടങ്ങി.”
ഗദ്യം, നായികയുടെ വിരഹതാപം:

“ആലാലം മമ മദകളപരഭൃതനിലവിളി ചെവികളിലരുളീടുന്നൂ; മാലേകുന്നിതു മധുകരനിനദവുമരുതരുതെരിപൊരി പെരുകീടുന്നൂ; ആലേപങ്ങളുമൊരുകുറി തൊടുകിലിതുടൽ മമ ശിവശിവ പൊളുകീടുന്നൂ; ആലാപൈരലമകമലർ പരവശമശരണമിതു ബത മറുകീടുന്നൂ; താങ്ങീടയ്യോ പാപം, താപം തികതില പിടിപെടെ മുഹുരിളകുന്നൂ; താന്താ ഞാനിന്നെന്തേ ചെയ്വൂ? തെരുതെരെ വരുമഴൽ മറവി തരുന്നൂ; താനേതന്നേ കയ്യും കാലും തലവിധി തടയരുതിട തളരുന്നൂ; താർബാണാ! നീ കൊല്ലാതേ മാം തവ പുനരഹമിയമഗതി തൊഴുന്നൂ.”

29.7ബാണയുദ്ധം

നൈഷധത്തിനുമേൽ ഗ്രന്ഥകാരൻ ആദ്യമായി നിർമ്മിച്ച പ്രബന്ധം രാജരത്നാവലീയവും തദനന്തരം യഥാക്രമം ബാണയുദ്ധവും കൊടിയവിരഹവുമാണെന്നു് ഊഹിക്കുവാൻ ന്യായമുണ്ടു്. ഒരു മഹാരാജാവിനെപ്പറ്റി നിർമ്മിക്കുന്ന കാവ്യത്തിൽ കവി സ്വകീയമായ മറ്റൊരു പ്രബന്ധത്തിൽനിന്നു പദ്യങ്ങൾ ഉദ്ധരിക്കുന്നതു സ്വാഭാവികമല്ലല്ലോ. ബാണയുദ്ധത്തിലെ ഉഷാവർണ്ണനം ഗദ്യം കൊടിയവിരഹത്തിൽ പകർത്തുവാൻ നിർദ്ദേശിച്ചിരിക്കുന്നതായും മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. രാജരത്നാവലീയത്തിലേ യോഗപ്രഭയുടെ സ്ഥാനം ബാണയുദ്ധത്തിൽ ഉഷയുടെ സഖിയായ ചിത്രലേഖവഹിക്കുന്നു. ബാണയുദ്ധം ഒരു നല്ല പ്രബന്ധമാണെങ്കിലും അതിനു രാജരത്നാവലീയത്തിന്റെയോ കൊടിയവിരഹത്തിന്റെയോ ഗുണമുണ്ടെന്നു പറയുവാൻ നിവൃത്തിയില്ല. രണ്ടു പദ്യങ്ങളും ഒരു ഗദ്യത്തിൽനിന്നു ചില വരികളും ചുവടേ ചേർക്കാം. വിശ്വോത്തരമാധുര്യമായ ഉഷാവർണ്ണനഗദ്യം പകർത്തുവാൻ സ്ഥലം അനുവദിക്കുന്നില്ല.

1 ഉഷയുടെ കന്ദുകക്രീഡ:
“മിന്നീടും ഘർമ്മലേശം, മുഹുരിളകിന വാർ
കുണ്ഡലം, നീളെ മങ്ങും
കന്നൽക്കൺകോൺ, കുലുങ്ങും കുചകലശ, മഴി
ഞ്ഞംസസംസക്തകേശം,
മന്ദം കൊഞ്ചുന്ന പൊന്നിൻതരിവള ചില നാ
ളോമൽ പന്താടുമാറു
ണ്ടന്നേരം കാൺകിലൈന്താർചരനുമെരിപൊരി
ക്കൊണ്ടു തണ്ടും പ്രമോഹം.”
2 ബാണനും ശ്രീകൃഷ്ണനുമായുള്ള യുദ്ധം:
“ബാണൻതൻ ദോസ്സഹസ്രം പ്രകടിതമദമെ
യ്യുന്ന ബാണങ്ങൾ കാണ
ക്കാണക്കൊണ്ടങ്ങുമിങ്ങും വപുഷി, തലമുകൾ
ക്കൊണ്ട കോപാകുലാത്മാ,
മാനീ നാരായണൻ, തന്നുടലിൽ ഞെടുഞെട
ക്കൊള്ളുമാറസ്ത്രശസ്ത്രൈ
രേനം ത്രൈലോക്യശത്രും പ്രഥനശിരസി വി
വ്യാധ നിർവ്യാജധാമാ.”
ഗദ്യം, ശിവജ്വരത്തിന്റെ ശ്രീകൃഷ്ണസ്തുതി:

“പാലാഴിയിലപ്പാമ്പണതന്മേൽ നിദ്രാമുദ്രാം പൂണ്ടവനേജയ; ധരണീഭാരം കളവാനായ്ക്കൊണ്ടവനൗ പോന്നു പിറന്നവനേ ജയ; നിഖിലജഗത്തിനു വിത്തായു് മേവിന നിരുപമവൈഭവഭൂമേ ജയ ജയ; ധാതൃജനാദ്ദനശങ്കരമൂർത്ത്യാ ജഗതീസർഗ്ഗസ്ഥിതിസംഹാരക്രീഡനകലവി കലർന്നവനേ ജയ; പരചിന്മയനായു് മുനിജനഹൃദയേ പരിചിതനായ പരമ്പൊരുളേ ജയ; സകലജഗത്ത്രയരക്ഷാദീക്ഷാം പകലിരവിയലിന ഭഗവാനേ ജയ; പങ്കജമാതിൻ കൊങ്കയിലിഴുകിന കുംകുമപങ്കാലം കൃതനേ ജയ; ശരണാഗതജനഭരണമിയറ്റും കരുണാവിഹരണ ഭൂമേ ജയ ജയ” ഇത്യാദി.

29.8കൊടിയവിരഹം

മലയാളഭാഷയിലെ ശൃംഗാരകാവ്യങ്ങളിൽ കനിഷ്ഠികാധിഷ്ഠിതമെന്നു പറയേണ്ടതു കൊടിയ വിരഹത്തെയാകുന്നു. സംഭോഗശൃംഗാരവും, സർവ്വോപരി അയോഗാവസ്ഥയിലും അതിലും വിശേഷിച്ചു വിരഹാവസ്ഥയിലും വിപ്രലംഭശൃംഗാരവും ഇത്ര ചമൽക്കാരത്തോടുകൂടി പ്രപഞ്ചനം ചെയ്യുന്ന കൃതികൾ ഇതരഭാഷകളിൽപ്പോലും അപൂർവ്വമാണു്. ശൃംഗാരത്തിനു ചില സന്ദർഭങ്ങളിൽ സഭ്യമല്ലാത്ത നിലയിലുള്ള ഗ്രാമ്യത കടന്നുകൂടീട്ടുണ്ടെന്നും ഗ്രന്ഥത്തിന്റെ നാലിലൊരംശം പരകീയസൂക്തികളാൽ സങ്കീർണ്ണമാണെന്നും ഇങ്ങനെ രണ്ടു ദോഷങ്ങൾ മാത്രമേ പ്രസ്തുത ചമ്പുവിനെപ്പറ്റി പറയേണ്ടതായുള്ളു. പ്രതിജ്ഞായൗഗന്ധരായണം മൂന്നാമങ്കത്തിൽ (മന്ത്രാങ്കം) ഡിണ്ഡികവേഷധാരിയായ വിദൂഷകൻ, ചാക്യാന്മാരുടെ കൂടിയാട്ടത്തിൽ

“ദാഹേ തണ്ണീർ, കൊടിയ വിരഹേ കാന്തയോടുള്ള സംഗം,
താപോദ്രേകേ തണലപി, തമസ്സങ്കടേ ച പ്രദീപഃ,
പേവെള്ളത്തിൽപ്പതിതസമയേ തോണിയെന്റേവമാദീ
ന്യാപൽകാലത്തഭിമതസുഹൃൽപ്രാപ്തിയോടൊന്നുമൊവ്വാ”
എന്നൊരു ഭാഷാപദ്യം വിസ്തരിച്ചു് അഭിനയിക്കേണ്ടതായിട്ടുണ്ടു്. “കൊടിയ വിരഹേ കാന്തയോടുള്ള സംഗം” എന്ന ഭാഗം അഭിനയിക്കുന്നതിനു് ഉതകത്തക്കവണ്ണം നായികാനായകന്മാർ ഒരു കാത്യായനീക്ഷേത്രത്തിൽവെച്ചു തമ്മിൽ കാണുന്നതും പ്രണയബദ്ധരാകുന്നതുമായ ഒരു കഥയും അതിന്റെ വിവരണത്തിനു വേണ്ട ഗദ്യപദ്യങ്ങളും ആരോ പണ്ടുതന്നെ രചിച്ചുകാണുന്നു. ആ കഥയെ സൂത്രമാക്കിവെച്ചുകൊണ്ടു് അതിനു് ഒരു വിസ്തൃതമായ ഭാഷ്യം കാവ്യരൂപേണ നിർമ്മിക്കുക എന്നുള്ളതാകുന്നു കൊടിയവിരഹകാരൻ ചെയ്തിരിക്കുന്നതു്.

ഇതിവൃത്തം
“മംഗല്യരംഗഭൂമിർമ്മദനമഹാരാജ്യഭാഗ്യപരിപാടീ
ശൃംഗാരചന്ദ്രികാഖ്യാ കാചന കളഹംസഗാമിനീ ജാതാ”
എന്ന പദ്യംകൊണ്ടു കൊടിയവിരഹം ആരംഭിക്കുന്നു. നായിക ശൃംഗാരചന്ദ്രികയും നായകൻ സംഗീതകേതു എന്ന ക്ഷത്രിയയുവാവുമാണു്. കൊടിയവിരഹത്തിലേ ഇതിവൃത്തം ഈഷൽഭേദങ്ങളോടുകൂടി സ്വായത്തമാക്കി മേല്പുത്തൂർഭട്ടതിരി നിർമ്മിച്ച ഒരു സംസ്കൃതചമ്പുവാണു് കോടിവിരഹം എന്നു് ഇരുപത്തേഴാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. നായികയ്ക്കും നായകനും തമ്മിൽ ശ്രവണമാത്രത്തിൽത്തന്നെ അങ്കുരിതമായ അനുരാഗം തൃശ്ശിവപേരൂർ പൂരമഹോത്സവത്തിൽ ഉണ്ടായ മിഥസ്സന്ദർശനത്താൽ പ്രവൃദ്ധമാകുകയും, തദനന്തരം അവർ ദാമ്പത്യയോഗത്താൽ അനുഗൃഹീതരാകുകയും ചെയ്യുന്നു. കാലാന്തരത്തിൽ ചില ഏഷണിക്കാരുടെ വാക്കു കേട്ടു നായിക നായകനെ ബഹിഷ്കരിക്കുന്നു. അങ്ങനെ തമ്മിൽ പിരിയേണ്ടിവന്ന ഭാര്യാഭർത്താക്കന്മാർക്കുണ്ടാകുന്ന വിരഹതാപം മഴമംഗലം സർവസിദ്ധികളും പ്രയോഗിച്ചു സമഞ്ജസമായി വർണ്ണിക്കുന്നു. ഒടുവിൽ ആത്യന്തികമായ നൈരാശ്യത്തിനു വശംവദരായി നായികയും നായകനും ഉൽബന്ധനത്തിനു് ഒരുങ്ങുന്നു. ശൃംഗാര ചന്ദ്രിക പ്രമദവനത്തിൽ പോയി ആത്മഹത്യചെയ്വാൻ ഒരു പിച്ചകമാല എടുത്തു കഴുത്തിൽ ചുറ്റിയപ്പോൾ അവിടെ അതേ ഉദ്ദേശ്യത്തോടുകൂടി സംഗീതകേതുവും ചെന്നുചേരുന്നു. അപ്പോൾ നായകനു നായികയുടെ “അർത്ഥിക്കുന്നേൻ വിധാതാവൊടു മുഹുരപി ഞാൻ ജന്മജന്മാന്തരേ മേ ഭർത്താ സംഗീതകേതുർഭവതു വിധിവശാൽ” എന്ന അന്ത്യാഭ്യർത്ഥന കേൾക്കുവാൻ ഇടവരികയും ഉടനെ ആ വിരഹി ഓടി അടുത്തെത്തി “മുഗ്ദ്ധേ ഹാകഷ്ടം” എന്നു പറഞ്ഞു നായികയെ പാണിസ്പർശംകൊണ്ടു പ്രബുദ്ധയാക്കുകയും ചെയ്യുന്നു. ആ വിധത്തിലാണു് അവർക്കു തമ്മിൽ പുനസ്സമാഗമം സിദ്ധിക്കുന്നതു്.

കവിതാരീതി
കൊടിയവിരഹത്തിലെ കവിതാശൈലി ഗ്രഹിപ്പിക്കാൻ മൂന്നു പദ്യങ്ങളും ഒരു ഗദ്യത്തിൽനിന്നു് ഏതാനും വരികളും ചുവടേ പകർത്തുന്നു.

1 പ്രേമബദ്ധരായ ദമ്പതികൾ:
“അന്നേരം കാമതന്ത്രപ്രകരണനിപുണൗ
കോമളൗ തൈലസേകൈ
രന്യോന്യം മെയ്കുളുർപ്പിച്ചിരുവരുമരികേ
ചേർന്നുനില്ക്കും ദശായാം,
തന്നെത്തന്നേ നിഴൽക്കൊണ്ടതു തരുണതനൗ
നൂനമന്യേതി മത്വാ
കന്നക്കണ്ണാൾവശം കെട്ടഴകൊടു കലഹി
ച്ചീടുമാറുണ്ടകാണ്ഡേ.”
2 മഴക്കാലം
“ആകാശേ കാളമേഘദ്വിരദവരഘടാ
ബന്ധുരേ ചന്തമേറും
നാകാധീശായുധംകൊണ്ടിനിയ കൊടിമരം
നാട്ടി വർഷോത്സവാർത്ഥീ
കൂകും കേകാമണിക്കൊമ്പുകൾ നിവിരെ വിളി
പ്പിച്ചു വിശ്വം മുഴക്കി
ച്ചാകണ്ഠം തൂകിനാൻ വന്നുദകഹവിരസൗ
ഹന്ത! പർജ്ജന്യദേവൻ.”
3 വിരഹാർത്തയായ നായിക സഖികളോടു്:
“ചിത്തജ്ഞേ ചിത്രലേഖേ വിരയെ വരിക നീ
മല്ലികേ വീയു മെല്ലെ; –
ക്കസ്തൂരീമാലികേ വാ! തളി തളി കളഭ
ച്ചാറു ചാലിച്ചു മേന്മേൽ;
മുഗ്ദ്ധേ സിന്ദൂരലേഖേ തളിരൊടു തലപൊ
ത്തീടു; പാടീരധാരാ
മത്രേ വേണുന്നതയ്യോ! കള കള കളഭം;
കൈ ചുടൊല്ലേ മനോജ്ഞേ.”
ഗദ്യം, വിരഹാർത്തയായ നായിക സഖികളോടു്:

“മഴ പെയ്യിപ്പിൻ മകരന്ദംകൊണ്ടിരുപുറവും നിന്നാവതു ചെയ്യിൻ; പനിനീർനദിയിൽപ്പാഞ്ഞുകുളിക്കിൻ പാതി ശമിക്കും പതിതാപം മേ; മലയത്തെന്നൽ മഹാവിഷമെന്നാൾ, മധുകരവൃന്ദം മയിൽവാളെന്നാൾ; കുരവകകുസുമം കൂരമ്പെന്നാൾ, കുളിരും കളഭം കനൽനിരയെന്നാൾ; ചന്ദനപങ്കം കൊടുവിഷമെന്നാൾ, ചന്ദ്രമയൂഖം ചെങ്കനലെന്നാൾ; പനിനീർത്തുള്ളി പെരുമ്പനിയെന്നാൾ, സംഗീതം മേ സങ്കടമെന്നാൾ; കർപ്പൂരപ്പൊടി കടുവായെന്നാൾ, ചേമന്തികയെച്ചെമ്പുലിയെന്നാൾ; കസ്തൂരിക്കളി കാലനിതെന്നാ, ളന്തിവരുമ്പോളന്തകനെന്നാൾ” ഇത്യാദി.
ദാമോദരച്ചാക്കിയാരുടെ കാലത്തിനുമേൽ അപൗരാണികമായ കഥാവസ്തുവിനെ ആശ്രയിച്ചു് ഇദംപ്രഥമമായി രചിച്ചിട്ടുള്ള രണ്ടു പ്രധാനഭാഷാചമ്പുക്കൾ രാജരത്നാവലീയവും കൊടിയവിരഹവുമാകയാൽ അവയുടെ പ്രണേതാവു നമ്മുടെ സവിശേഷമായ ആദരത്തെ അന്യോപാധികളുടെ അഭാവത്തിൽപ്പോലും സമഗ്രമായി അർഹിക്കുന്നു.

29.9ബ്രാഹ്മണിപ്പാട്ടുകൾ

ബ്രഹ്മണിമാർ (പുഷ്പകസ്ത്രീകളിൽ ഒരു വർഗ്ഗക്കാർ) ഭഗവതീ ക്ഷേത്രങ്ങളിലും നായന്മാരുടെ ഗൃഹങ്ങളിൽ ഭഗവതീസേവ സംബന്ധിച്ചും, താലികെട്ടുകല്യാണത്തിന്റെ ഒരു ചടങ്ങെന്ന നിലയിലും പാടി വന്നിരുന്ന പാട്ടുകളാണു് ബ്രാഹ്മണിപ്പാട്ടുകൾ. പണ്ടു് ആ ഇനത്തിൽപ്പെട്ട പാട്ടുകൾക്കു് പ്രചുരമായ പ്രചാരമുണ്ടായിരുന്നു; ഇന്നും അവ ആകമാനം അസ്തമിതങ്ങളായി എന്നു പറയാവുന്നതല്ല. ബ്രാഹ്മണിപ്പാട്ടുകളിൽ ചില ഭാഗങ്ങൾ തനിഗ്ഗദ്യങ്ങളായും മറ്റു ചിലവ പദ്യഗന്ധികളായും കാണപ്പെടുന്നു. കേവലഗദ്യങ്ങൾ താരതമ്യേന അർവാചീനങ്ങളാണു്. പദ്യഗന്ധികളായ ഭാഗങ്ങൾ പ്രായേണ ചമ്പുക്കളിലെ “ഹര ഹര ശിവ ശിവ ചിത്രം ചിത്രം നിഷധനൃപാന്വയമകുടീരത്നം” എന്ന രീതിയിൽ തരംഗിണീവൃത്തത്തിന്റെ മട്ടിൽ ചൊല്ലേണ്ടവയാണു്. ബ്രാഹ്മണിമാർ ചൊല്ലുമ്പോൾ അവയ്ക്കു പ്രത്യേകമായി ഒരുമാതിരി നീട്ടലും ഈണവും ഉണ്ടാകും; അതിൽ വേദോച്ചാരണത്തിന്റെ ഛായയുണ്ടെന്നാണു് വയ്പു്. അങ്ങനെ വേദാനുകാരിയായ സ്വരത്തിൽ അത്തരത്തിലുള്ള പാട്ടുകൾ പാടുവാൻ അധികാരമുണ്ടായിരുന്നതുകൊണ്ടായിരിക്കാം ആ ഗായികകൾക്കു ബ്രാഹ്മണിമാർ എന്ന പേർ ജനസമുദായത്തിൽനിന്നു സിദ്ധിച്ചതു്. ബ്രാഹ്മണിപ്പാട്ടുകൾ മഴമംഗലത്തിന്റെ കാലത്തിനു മുൻപും ഉണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല. എന്നാൽ ആ ആവശ്യത്തിലേക്കു രസനിഷ്യന്ദികളായ ചില കൃതികൾ ആദ്യമായി നിർമ്മിച്ചു സമ്മാനിച്ചതു് അദ്ദേഹമായിരുന്നു; അവയ്ക്കു തൃശ്ശൂരിലും സമീപപ്രദേശങ്ങളിലുമാണു് അധികം പ്രചാരം. ചില ഭാഗങ്ങൾ താഴെ ഉദ്ധരിക്കുന്നു.

പീഠികകളാണു് സാധാരണയായി കേവലഗദ്യരൂപത്തിൽ കാണുന്നതു്. അടിയിൽ ചേർക്കുന്നതു രാസക്രീഡയുടെ പീഠികയിലുള്ള ഒരു ഭാഗമാകുന്നു.

രാസക്രീഡ
“എങ്കിലോ പണ്ടു പങ്കജാക്ഷൻ പാലാഴിതന്നിൽ പന്നഗേന്ദ്രനായിരിക്കുന്ന പര്യങ്കത്തിന്മേൽ പങ്കജമാതിനോടും മേദിനീദേവിയോടുംകൂടിസ്സുഖിച്ചു പള്ളിക്കുറുപ്പുകൊണ്ടുവല്ലോ. അക്കാലത്തു പാർത്ഥിവന്മാരായിപ്പിറന്ന ദൈത്യവീരന്മാരെച്ചുമക്കരുതാഞ്ഞു ഖിന്നയായ ക്ഷോണീദേവി ഗോരൂപത്തെ അവലംബിച്ചു പങ്കജജന്മാവിനോടു ചെന്നു തന്റെ ദുഃഖങ്ങളെയെല്ലാം അറിയിപ്പൂതും ചെയ്തുവല്ലോ. അതു കേട്ടോരു വിരിഞ്ചനും തിരുനീലകണ്ഠനും നിലിമ്പജനങ്ങളോടുംകൂടി ക്ഷീരാംബുരാശിയുടെ തീരഭാഗത്തെ പ്രാപിച്ചു പരൻപുരുഷനെ പുരുഷസൂക്തം ചൊല്ലി സ്തുതിപ്പൂതും ചെയ്തുവല്ലോ.
ഇതു കൊല്ലം എട്ടാംശതകത്തിലെ ഭാഷയല്ലെന്നും ഇതിന്റെ പ്രണേതാവു മഴമംഗലമല്ലെന്നും തീർച്ചയായി പറയാം. എന്നാൽ പദ്യഗന്ധിയായ ഭാഗത്തിന്റെ സ്ഥിതി അതല്ല. നോക്കുക:

“യദുകുലനാഥൻ മദനമനോഹരനരുണാധരികളൊടിട ചേർന്നേറ്റം ക്രീഡിപ്പാനായു് മുതിരുന്നേരം മലരിടെ മരുവിന മധുകരപടലികൾ മധുപാനം ചെയ്താനന്ദിച്ചും മധ്യേകാന്തനു നല്കിയുമുടനേ ഗാനംചെയ്തു തുടങ്ങിയിതല്ലോ. (1)തേന്മാവിന്മേലാമ്മാറൊക്കെക്കൂടിയിരുന്നക്കോകില കോമളവാണികൾ നിരവേ പഞ്ചമരാഗം മഞ്ജുളഗീതം പാടിപ്പാടിപ്പഞ്ചായുധനൊരു പടവിളിപോലേ നിഖിലദിഗന്തേ പുടപുഴങ്ങിത്തുടങ്ങിയല്ലോ. (2)ചെമ്പകവിടപികൾകൊമ്പുകൾതോറും മൊട്ടുകൾകണ്ടാൽ വനദേവതമാർ വനമാലിയുടേ വരവും പാർത്തു നിബദ്ധാഭോഗം തങ്ങൾ നിരത്തിയ ദീപാവലിയെന്നേ തോന്നുമല്ലോ. (3)കാറ്റേറ്റിളകിന തളിർനിര കണ്ടാൽ പുതിയ ലതാമധുവാണികളപ്പോൾ മാധവനെക്കണ്ടിവിടെയെഴുന്നള്ളേണമിദാനീം ജന്മഫലം നല്കേണം ഞങ്ങൾക്കെന്നുരുമോദാൽ കൈകാട്ടി വിളിക്കുന്നിതോയെന്നേ തോന്നുമല്ലോ.”(4)
മറ്റു ബ്രാഹ്മണിപ്പാട്ടുകളുടെ മാതൃകകൂടി കാണിക്കാം.

വിഷ്ണുമായാചരിതം
“കാഞ്ചനകന്ദുകമിടയിലടിച്ചും വാഞ്ചര മഹേശ്വരമനസിവളർത്തും പഞ്ചശരവ്യഥ ചാരു നടിച്ചും ചഞ്ചലമഞ്ജുളകുണ്ഡലയുഗളം ഗണ്ഡതലങ്ങളിൽ മന്ദമലച്ചും പൂഞ്ചായൽത്തിരുകഴകിലഴിഞ്ഞും കിഞ്ചിലുദിക്കും പുഞ്ചിരിയെന്നും നവനവസുധയിൽപ്പരിമേളിച്ചും കേളീഗണനമനോഹരമായൊരു വചനം കൊണ്ടും ശോഭിപ്പിക്കും കപടമൃഗാക്ഷിയെയഭിനവലക്ഷ്മിയെയഴകൊടു കണ്ടു സുഖിച്ചരുളീ പുരഹരനോ” (1)“കളവായുള്ളൊരു കളവാണി മുദാ കളധൗതമയം പന്തുമടിച്ചുകളിച്ചീടുന്നളവളവില്ലാതൊരു കുളുർതെന്നലു വന്നുടനുടനുടയിലിളക്കുന്നതു കണ്ടനവധി ശിഥിലം മൃദുലതരാം ശുകമിഴിയുമിതെന്നതു തോന്നുംവണ്ണം മഹിളാകുലമണി നാണംകൊണ്ടത്തിരുമുഖകമലം താഴ്ത്തിപ്പരിചൊടു തരുമൂലങ്ങളിലഴകിലൊളിച്ചു മുറപ്പിലുടുത്തും ചന്ദ്രാഭരണസമീപത്തിങ്കൽത്തൃക്കൺപാർത്തും പലതരമിത്ഥം മുഗ്ദ്ധാക്ഷിയുടേ മുഗ്ദ്ധവിലാസമഹോത്സവമൊന്നിൽത്തന്നെ നിതാന്തം മഗ്നനതായിച്ചമഞ്ഞരുളീ പുരഹരനോ”(2)
തിരുനൃത്തം
ഏറ്റവും മനോഹരമായ ഒരു ഗാനമാണു് പാർവതീദേവിയുടെ നൃത്തത്തെ ചിത്രണം ചെയ്യുന്ന ഈ കൃതി.

“ജയ ജയ ഭഗവതി, നീലക്കാർമുകിൽമാലയിതെന്നും, നിറമെഴുമഞ്ജനപർവതമെന്നും, നീലിമകോലിന ശൈവലമെന്നും, വിലസിന പീലിപ്പുറകളിതെന്നും, വിഷമശരന്റേ പൂന്തഴയെന്നും, മണിവായ്മലരാമന്തിപ്രഭയും, തിരുമുഖമാകിന ചന്ദ്രപ്രഭയും, മന്ദസ്മിതമാം പുതിയ നിലാവും, മുന്നിൽക്കണ്ടു ഭയപ്പെട്ടോടിക്കൂട്ടംകെട്ടിപ്പിന്നിലൊളിച്ചു പുരണ്ടു തിരണ്ടു ചുരുണ്ടുകിടക്കും കൂരിരുളെന്നേ തോന്നിച്ചീടും പുരികുഴലഴിക, പ്പുതുമലർമാലകൾ ചിന്നിച്ചിതറ, ത്തിരുനൃത്തമുടയോവേദേവി, നിന്തിരുവടിയെ ഞാൻ സ്തുതിക്കുന്നേൻ” (1)“ജയ ജയ ഭഗവതി, പമ്പരമെന്നും പന്തെന്നും ചിലർ പൂമൊട്ടെന്നും, പട്ടെന്നും ചിലർ പൊന്മലയെന്നും, പൊൻചൂതെന്നും, നറുമലർവിശിഖന്നഭിഷേകത്തിനു നിർമ്മിച്ചീടിന രത്നമണിക്കലശങ്ങളിതെന്നും ബഹുവിധമമ്പൊടു ചൊല്ലിച്ചേറ്റം മത്തഗജേന്ദ്രനൊടെത്തി മറുത്തും മസ്തകഗിരിയൊടു പോരിനെതിർത്തിട്ടങ്കം വെട്ടിപ്പരിവട്ടം കൊണ്ടഴകൊടു തങ്ങളിൽ വിങ്ങിത്തിങ്ങിപ്പൊങ്ങി വളർന്നു മുലക്കച്ചിനെയും പൊട്ടിച്ചനിശം പീനതകൊണ്ടേ മാറിനു മേലിലെടുക്കരുതാതേ വരുമിനിയെന്നൊരു ശങ്കവളർക്കും ചാന്താരിളമുല ചാരുകുലുങ്ങത്തിരുനൃത്തമുടയോവേ ദേവീ, നിന്തിരുവടിയെ ഞാൻ സ്തുതിക്കുന്നേൻ”(2)
ദാരുകവധം
ഇതിൽ കേവല ഗദ്യാംശം ഒടുവിലാണു് കാണുന്നതു്. ആ അംശവും തരക്കേടില്ല. കവിതയ്ക്കു തിരുനൃത്തത്തിന്റേയും മറ്റും ഗുണമില്ല.

“ദാരുകനങ്ങു പിറന്നു ധരിത്രിയിൽ വീണപ്പൊഴുതേ കാലുകുടഞ്ഞു കരഞ്ഞൊരു നേരം മലകൾ കുലുങ്ങീ, ജലധി കലങ്ങീ, സകല ജനങ്ങളുമൊന്നു നടുങ്ങീ, ദേവകൾ സ്വർഗ്ഗത്തിങ്കേന്നോടീ, ദിൿപാലന്മാരോടിയോളിച്ചൂ, വലിയ കൊടുങ്കാറ്റിളകിമറിഞ്ഞൂ, വന്മരപംക്തികൾ വീണുതകർന്നൂ, ചന്ദ്രാദിത്യന്മാർക്കും പെരിയൊരു പരിവേഷം പോന്നുണ്ടാവൂതും ചെയ്തുവല്ലോ.” (1)“സ്ത്രീകളുടെ കയ്യാൽക്കൊലപെടുവാനെളിയോരുത്തൻ ഞാനല്ലെന്നറിഞ്ഞാലും സ്വാമീമാ. നാരികളെല്ലാമെന്നെക്കണ്ടാൽ കാറ്റത്തോടിന കരിയിലപോലെ പേടിച്ചോടിയൊളിപ്പവരല്ലോ സ്വാമീമാ. മേന്മയിൽ മരുവിന പെൺമാന്മിഴിമാർ തന്നെക്കൊല്ലുവരെന്ന ഭയത്താൽ നാന്മുഖനോടു വരം കൊണ്ടാൻപോൽ ദാരുകനെന്നതു വിണ്ണവർ കേട്ടാലെല്ലാനാളും നമ്മെക്കൊണ്ടു ചിരിപ്പോരെല്ലോ സ്വാമീമാ. ഉമ്പർപിരാനേ കേട്ടരുളേണം പെൺപടയൊന്നും പടയല്ലെന്നും പണ്ടേയുണ്ടു പഴഞ്ചൊല്ലെന്നാൽ നാണംകെട്ട വരങ്ങൾ വരിപ്പാനാണല്ലാത്ത ജനങ്ങളൊടേയരുളിച്ചെയ്യേണ്ടൂ ഞാനല്ലേയിതു മാനികളാമസുരന്മാർ ഞങ്ങളിലൊരുവനുമിത്തൊഴിൽ കൈക്കൊള്ളായിനി എന്നതറിഞ്ഞാലും സ്വാമീമാ.” (2)ഗദ്യം: “അപ്പൊഴോ എന്റെ ഭഗവതിയുടെ പാദക്ഷോദംകൊണ്ടു ഭൂമി താഴുകയും ഉയരുകയും തുടങ്ങിയല്ലോ. ആയിരം തിരുമുഖങ്ങളോടും മൂവായിരം തിരുനയനങ്ങളോടും എണ്ണായിരം തിരുബാഹുക്കളോടുംകൂടി ഇരുന്നരുളിനാളെന്റെ ഭഗവതിയോ, വെളുത്തു വളഞ്ഞു വെൺമതിത്തെല്ലുപോലെ അതിദർശനീയങ്ങളായിരിക്കുന്ന ദംഷ്ട്രകളോടുംകൂടിയിരുന്നരുളിനാളെന്റെ ഭഗവതിയോ … പാമ്പുകൊണ്ടും ചിലമ്പുകൊണ്ടും അലങ്കരിച്ചിരുന്നരുളിനാളെന്റെ ഭഗവതിയോ … പെരിയഴകിയോന്ന പള്ളിപ്പൂവാടയെടുത്താദരവോടു കൊടുത്തരുളീ പുരവൈരിഭഗവാനോ. പള്ളിപ്പൂവാട പരിചോടേ ചാർത്തിനാളെന്റെ ഭഗവതിയോ. നിന്റെമുഖങ്ങളും നയനങ്ങളും ബാഹുക്കളുമൊട്ടു ചുരുക്കിക്കളയണം മകളേമാ … തിരുനീലകണ്ഠരു തെളിഞ്ഞു തിരുമടിയിൽ വച്ചു ശ്രീഭദ്രകാളിയെന്ന തിരുനാമപ്പേരും വിളിച്ചരുളീ പുരവൈരി ഭഗവാനോ. കണ്ടൻകാളിയെന്നാരോമൽപ്പേരും വിളിച്ചരുളീ പുരവൈരിഭഗവാനോ,”
പാർവതീസ്തുതി, പാദാദികേശവും, കേശാദിപാദവും
ഇവ രണ്ടും ഒന്നാംതരം കൃതികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തത്തക്കവയാണു്.

“വാരിജനവദലചാരുത കവരും തിരുവിരൽനിരതന്നരുണിമ ചെമ്മേ നിരവധി നീളെ നിറന്നതു കണ്ടൊരു മൃദുതര പദതലമഴകൊടുവയ്പാൻ തളിർനിര നീളെ നിരത്തിയപോലെ ശോഭിച്ചീടിന ധരണീദേശേ കൃതരിപുനാശേ, ഭഗവതി ജയ ജയ” (1)“വദനസരോരുഹസാമ്രാജ്യശ്രീമണിപീഠത്തിലിരുന്നരുളീടും നറുമലർബാണന്നുപരി പിടിപ്പാൻ നിരുപമനീലമണിത്തഴപോലേ, ഫാലവിലോചന ധൂമസമൂഹം കിഞ്ചനപൊങ്ങി വിളങ്ങുംപോലെ, കാളിന്ദീജലധോരണിപോലെ, കാളവലാഹകപാളികൾപോലെ, നീലസരോരുഹമാലകൾപോലേ, മേളം ചേർന്നിടതിങ്ങി മടങ്ങിപ്പിൻകാലോളമിടഞ്ഞു സുരദ്രുമനറുമലരിന്നും പരിമളവിഭവം ചെറുതു കൊടുപ്പാനെന്ന കണക്കേ, പരിചിലണഞ്ഞ മണങ്ങളിണങ്ങിന ഘനകചഭാരേ, ഹൃതഭൂഭാരേ, ഭഗവതി ജയ ജയ” (2)(പാദാദികേശം) “തിരുമുഖമായൊരു സരസിരുഹത്തിൻ പരിമളവിഭവം പെരുകിപ്പെരുകിപ്പരമരസംപൂണ്ടരികിൽ വസിക്കുമൊരളിനിരയഴകിൽ വിളങ്ങുംപോലേ, നിരുപമമായൊരു കുറുനിര തടവും കുലഗിരിതനയേ ഗുണഗണനിലയേ” (1)“ഇളമതിയേറ്റം വിളിപണി നിത്യം തെളിവൊടു ചെയ്തെഴുമളികതലേ ചേർന്നൊളിവൊടു വിലസിന നിഖില മനോഹരമൃഗമദതിലകേ, മൃദുതനുലതികേ” (2)“നറുമലർബാണൻകുലചിലയോടും നിരുപമവാപീചെറുതിരയോടും ചെറുതു പിണങ്ങിത്തിറയും വാങ്ങി ത്രിഭൂവന ജനനപരിത്രാണാദികൾ പരിചൊടു തടവും പുരികലതാന്തേ പുരരിപുകാന്തേ” (3)(കേശാദിപാദം)
സതീപരിണയം
ഇതും വിശിഷ്ടമായ ഒരു ഗാനം തന്നെ.

“അണിമണിയറയിലകംപുക്കഴകിനൊടണിമൃദുശയ്യാസവിധേ ചെന്നുടനതുമിതുമോരോസരസവിശേഷാനരുവയർമണിയോടരുളിച്ചെയ്തഥ നിൽക്കുന്നേരം മനസി മുഴുത്തൊരു മന്മഥപീഡ പുറത്തുപുറപ്പെട്ടഖിലാംഗങ്ങളിലംകൂരിക്കുന്നതു കണ്ടപ്പോളഭിമതസഖിമാരതുമിതുമോരോ വ്യാജത്തോടുടനവരവർ പോവതിനായുന്നേരത്തവരൊടുകൂടിപ്പോവതിനും പുനരഭിമതദയിതനൊടരികേ ചേർന്നുടനനുഭവസരണികൾ തേടുവതിന്നും, രണ്ടിലുമാഗ്രഹമുൾക്കൊണ്ടീടുമൊരാകുലഭാവമണിഞ്ഞരുളീടും ദയിതാവദനം പരിചിതമദനം പരിചൊടു കണ്ടു സുഖിച്ചരുളീ ഭഗവാനോ.”
നൃഗമോക്ഷം
“നൃഗമോക്ഷം” എന്നൊരു ബ്രാഹ്മണിപ്പാട്ടുകൂടി അച്ചടിച്ചു കണ്ടിട്ടുണ്ടു്. ആ പാട്ടിനു മഴമംഗലത്തിന്റേതാവാനുള്ള യോഗ്യത അശേഷമില്ല. അതു് അജ്ഞാതനാമാവായ ആരുടേയോ കൃതിയാണു്. “ഇരുവരെയും ഞാനനുസരണംചെയ്താവതിരന്നേൻ പകരമിതിന്നൊരു പതിനായിരമൊരു ഗോക്കളിൽ നല്ലവ നല്കീടാമെന്നേവം ചൊല്ലിപ്പിന്നാലേ ചെന്നടിയിണകൂപ്പിവണങ്ങും നേരത്തേതുമതിന്നവർ കൂട്ടാക്കാതേ ചാടിപ്പോയാരാടൽപ്പെട്ടൊരു വിപ്രവരന്മാർ ഭഗവാനേ” എന്നീ വരികൾ ആ കൃതിയുടെ സ്വരൂപമെന്തെന്നു കാണിക്കുവാൻ മതിയാകുന്നതാണു്. മഴമംഗലത്തിന്റെ കാലത്തിനു മുൻപുള്ള ബ്രാഹ്മണിപ്പാട്ടുകളൊന്നും നമുക്കു കിട്ടീട്ടില്ല. പിൻകാലത്തു ലക്ഷ്മീസ്വയംവരം, സുഭദ്രാഹരണം മുതലായി ആ ഇനത്തിൽ അനേകം ഗാനങ്ങൾ ഉണ്ടായിട്ടുണ്ടു്. ഒരു സഹൃദയന്റെ ശ്രദ്ധയെ ആകർഷിക്കത്തക്ക കാവ്യഗുണം അവയ്ക്കില്ല;

അവയുടെ പ്രണേതാക്കന്മാരെപ്പറ്റി യാതൊന്നും അറിവാനും മാർഗ്ഗമില്ല.

ഇത്രയുമുള്ള വിവരണത്തിൽനിന്നു മഴമംഗലം നാരായണൻനമ്പൂരി സംസ്കൃതത്തെയെന്നപോലെ ഭാഷയേയും, വേദശാസ്ത്രങ്ങളെയെന്നപോലെ കാവ്യകലയേയും ഉപാസിച്ചിരുന്നു എന്നു വിശദമാകുന്നു. ഭാഷാസാഹിത്യത്തിലെ ജാജ്വല്യമാനമായ ഒരു ജ്യോതിഷ്പ്രകാണ്ഡമാണു് ആ വശ്യവചസ്സു്.

29.10കൊച്ചി രാമവർമ്മമഹാരാജാവു്

‘കാശിക്കെഴുന്നള്ളിയതമ്പുരാൻ’ എന്ന പ്രശംസയ്ക്കു വിഷയീഭൂതനും രാജരത്നാവലീയം ചമ്പുവിലെ നായകനുമായ രാമവർമ്മമഹാരാജാവിനെപ്പറ്റി അനുവാചകന്മാർ അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങൾ ഇതിനുമുൻപു് ഉപന്യസ്തങ്ങളായിട്ടുണ്ടു്. ആ മഹാരാജാവിന്റെ കൃതിയാണു് ‘രാസക്രീഡ’ എന്ന മണിപ്രവാളകാവ്യമെന്നു് ഏറെക്കുറെ അനുമാനിക്കാവുന്നതാണു്. ആ കാവ്യത്തിന്റെ ഒടുവിൽ

“മാടരാജവദനാംബുജത്തിലഴകോടു വന്നുദിതമാകുമീ
ഗൂഢമാനുഷകഥാമൃതം ബത! മണിപ്രവാളകൃതബന്ധനം
ഈടണഞ്ഞ ദുരിതാധി തീർപ്പതിനുമഞ്ജസാ ഹരിപദാംബുജം
തേടുവാനുമിവ കേട്ടുകൊൾവിനിതു രാസകേളിപരിമേളിതം”
എന്നൊരു ശ്ലോകം കാണുന്നതിൽനിന്നു് അതിന്റെ പ്രണേതാവു കൊച്ചി രാജാക്കന്മാരിൽ അന്യതമനാണെന്നു വ്യക്തമാകുന്നുണ്ടല്ലോ. ഭാഷാരീതി നോക്കിയാൽ കൊല്ലം എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലാണു് പ്രസ്തുത കൃതിയുടെ പ്രാദുർഭാവമെന്നു സങ്കല്പിക്കുന്നതിൽ അപാകമില്ല. ഭട്ടതിരിയുടെ നാരായണീയത്തിലെ രാസക്രീഡാവർണ്ണനത്തെ അനുകരിച്ചു കവി തിരഞ്ഞെടുത്തിരിക്കുന്ന വൃത്തം കുസുമമഞ്ജരിയാണെന്നു മാത്രമല്ല ഭട്ടതിരിയുടെ ചില പദങ്ങളും ആശയങ്ങളും സ്വാധീനമാക്കീട്ടുമുണ്ടു്. ആ വഴിക്കു നോക്കിയാലും കൊല്ലം 762-ആമാണ്ടിനുമേലാണു് രാസക്രീഡയുടെ രചനയെന്നു വന്നുകൂടുന്നു.

രാസക്രീഡ അക്ലിഷ്ടമധുരമായ ഒരു കാവ്യമാകുന്നു. അതിലെ ശബ്ദസൗന്ദര്യം പ്രശംസാവഹമായിരിക്കുന്നു. ആകെ 137 ശ്ലോകങ്ങളുണ്ടു്. കുസുമമഞ്ജരി ദ്രാവിഡസാഹിത്യത്തിൽ നിന്നു സംസ്കൃതസാഹിത്യം സ്വീകരിച്ച അനേകം വൃത്തങ്ങളിൽ ഒന്നാണു്. സംസ്കൃതത്തിൽ സംക്രമിക്കുമ്പോൾ ആ വൃത്തം ദ്രാവിഡത്തിനു സഹജമായ ശ്ലഥബന്ധത പരിത്യജിച്ചു ദൃഢബന്ധമായി പരിണമിക്കുന്നു എന്നു മാത്രമേ വിശേഷമുള്ളു. തന്നിമിത്തം അതിനു ‘വൃത്തഭേദം’ എന്നൊരു പേർ ഭാഷാകവികൾ നൽകിക്കാണുന്നു. രാസക്രീഡയിലും 136-ആമത്തെ ശ്ലോകത്തിൽ “വൃത്തഭേദമിതു ഭക്തിപൂണ്ടു ഹൃദയത്തിലാക്കി” എന്നൊരു പ്രയോഗമുണ്ടു്. രണ്ടു ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു:

“ഉണ്ടിരുന്നവളൊരുത്തിയമ്മധുരഗീതമമ്പിനൊടു കേട്ടുടൻ
മണ്ടിനാളതു വെടിഞ്ഞു മാധവസമീപസീമ്നി മദനാതുരാ;
കൊണ്ടൽവർണ്ണമധുരസ്വരം ചെവിയിലേറ്റനേരമൊരു കാമിനീ
മണ്ടിനാളഥ തടാകമാർന്നു കുളിതങ്ങിനോരളവു മോഹിതാ.
ബാലകന്നു മുലനല്കുവാൻ മടിയിൽ വച്ചുകൊണ്ടു് തുടരുന്നനാൾ
ബാലികാ മധുരഗീതമാർന്നതു വെടിഞ്ഞു പാഞ്ഞിതു വനാന്തരേ;
ചാല മറ്റൊരുവളഞ്ജസാ നിജവിഭൂഷണങ്ങളണിവാൻ തുനി
ഞ്ഞാലയത്തിൽ മരുവുംവിധൗ രഭസമോടിനാൾ മുരഹരാന്തികം.
സാമാന്യജനങ്ങൾക്കു രസിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ള രാസക്രീഡയിൽ കവിക്കു പാണ്ഡിത്യപ്രകടനാഭിലാഷം അശേഷമില്ലെന്നു മാത്രമല്ല, ‘കുലവധൂനു്’ (കുലവധുവിനു്) എന്നും മറ്റുമുള്ള ചില വിലക്ഷണപ്രയോഗങ്ങൾ കടത്തിവിടുന്നതിനു സങ്കോചവുമില്ല.

29.11നീലകണ്ഠൻനമ്പൂരി

ചമ്പൂകാരൻ, ദേശകാലങ്ങൾ
രാമവർമ്മമഹാരാജാവിന്റെ അനന്തരഗാമിയായി മേല്പത്തൂർ ഭട്ടതിരിയുടെ പ്രശംസയ്ക്കു പാത്രീഭവിച്ചു് കൊല്ലം 776 മുതൽ 790 വരെ കൊച്ചിരാജ്യം പരിപാലിച്ച വീരകേരളവർമ്മമഹാരാജാവിന്റെ ആശ്രിതനും ആസ്ഥാനപണ്ഡിതനുമായി നീലകണ്ഠൻ എന്ന പേരിൽ ഒരു നമ്പൂരി ജീവിച്ചിരുന്നു. മഴമംഗലത്തെപ്പോലെ അദ്ദേഹവും പ്രാമാണികനായ ഒരു ഭാഷാചമ്പൂകാരനാകുന്നു. നീലകണ്ഠകവി എന്ന നാമധേയത്തിലാണു് അദ്ദേഹത്തെ സഹൃദയന്മാർ കൊണ്ടാടിവരുന്നതു്. നീലകണ്ഠൻ തന്നേയും തന്റെ മഹാരാജാവിനേയും പറ്റി ചിലതെല്ലാം തെങ്കൈലനാഥോദയം ചമ്പുവിൽ പ്രസ്താവിച്ചിട്ടുണ്ടു്. ആ ശ്ലോകങ്ങൾ താഴെ ഉദ്ധരിക്കാം:

“അനന്തരമനന്തരായരമണീയനാനാഗുണ
പ്രഭാവജിതരാഘവോ വിഹിതലാഘവോ വൈരിണാം
ശശാസ വിധിവന്മഹീം ഗുണമഹീയസീം പൂരയൻ
യശോ ജഗതി വീരകേരള ഇതി പ്രതീതോ നൃപഃ.
നിത്യം ദ്വീപാന്തരേഭ്യഃ പ്രഹരണപുരുഷൈ
രാഹൃതൈസ്തർപ്പയന്നേ
വാർത്ഥൈരുത്സാര്യ ദൂരം ക്ഷിതിസുരവരദൗർ
ഗ്ഗത്യമുദ്രാപിശാചീം
യോദ്ധും ന വ്യാധികാരാദരിഭിരധികനിർ
വ്യൂഢസർവാഭിസാരൈ
സ്സാർദ്ധം സർവത്ര യുദ്ധോത്സവമഹഹ ചിരാ
ദന്വഭൂദുന്നതാത്മാ.
സോയം നിശ്ശേഷവിദ്യാനിപുണമതിരുപാ
ലിംഗിതോ വീരലക്ഷ്മ്യാ
മായംകൂടാതെ മാനാംബുധി വിമതഭടൈ
ര്യുദ്ധബദ്ധാഭിയോഗൈഃ
ആവിർവൈരം പടയ്ക്കായു് വൃഷപുരിയിലെഴു
ന്നള്ളുമക്കാലമുച്ചൈ
രാബദ്ധാഡംബരം മേന്മയൊടൊരു ശിവരാ
ത്ര്യുത്സവം പ്രാദുരാസീൽ
വീരാണാം മണിവീരകേരളനൃപൻ ദിവ്യോത്സവേ ചെന്നസൗ
നേരേ ശൂരഭടാവലീകളകളവ്യാലോളിതാശാന്തരം
ഗൗരീനേത്രചകോരപാർവണശരച്ചന്ദ്രം പ്രണമ്യ പ്രഭും
വാരാളും വൃഷഭാലയേ സഹൃദയൈരുൾച്ചേർന്നിരുന്നീടിനാൻ.
വാർമെത്തീടുന്ന വിദ്വജ്ജനനിഗദിതകൈ
ലാസനാഥപ്രഭാവ
ശ്രീമാഹാത്മ്യങ്ങൾ കേട്ടും പ്രകടിതരുചിക
ണ്ടും പ്രസന്നാന്തരാത്മാ
ധീമാനല്പസ്മിതം ചെയ്തഖിലസദസി ചെ
ല്ലൂരപൂർണ്ണത്രയീശ
ശ്രീമൽകാരുണ്യപാത്രം കവിമഴകിനൊടാ
ദിഷ്ടവാൻ പ്രൌഢവാചാ.
വിദ്യാവല്ലഭ, നീലകണ്ഠ, സുകവേ, ചെല്ലൂരനാഥോദയം
ചിത്രം പണ്ടു കൃതം, പുനശ്ച രചിതം നാരായണീയം ത്വയാ;
അദ്യൈവാരഭതാം ഗിരാ മമ ഭവാൻ തെങ്കൈലനാഥോദയ
പ്രത്യഗ്രാഖ്യ കലർന്ന ബന്ധുരഗുണം ബന്ധും പ്രബന്ധോത്തമം.
ഇത്ഥം നിയുക്തഃ കുരുഭൂമിഭർത്ത്രാ
ഭദ്രാചലക്ഷേത്രമഹത്വമാന്യം
ഹൃദ്യം കളോദാരമണിപ്രവാളൈ
ശ്ചിത്രസ്ഫുടാർത്ഥം വിദധേ പ്രബന്ധം”
ഈ പദ്യങ്ങളിൽനിന്നു വീരകേരളവർമ്മമാഹാരാജാവു തൃശ്ശൂരിൽ ശിവരാത്രിമഹോത്സവത്തിനു് എഴുന്നള്ളിയ അവസരത്തിലാണു് നീലകണ്ഠൻനമ്പൂരിയോടു തെങ്കൈലനാഥോദയം ചമ്പു നിർമ്മിക്കുവാൻ ആജ്ഞാപിച്ചതെന്നും അതിനുമുൻപുതന്നെ ആദ്യമായി അദ്ദേഹം ചെല്ലൂരനാഥോദയവും അതിൽപ്പിന്നീടു നാരായണീയവും രചിച്ചുകഴിഞ്ഞിരുന്നു എന്നും സ്പഷ്ടമാകുന്നു. ചെല്ലൂരനാഥോദയത്തിൽ പെരുഞ്ചെല്ലൂരിലെ (തളിപ്പറമ്പു്, ലക്ഷ്മീഗ്രാമം) ശിവപ്രതിഷ്ഠയും നാരായണീയത്തിൽ തൃപ്പൂണിത്തുറയിലെ മഹാവിഷ്ണുപ്രതിഷ്ഠയുമാണു് വിഷയം. ഈ രണ്ടു ബിംബപ്രതിഷ്ഠകളെ വർണ്ണിച്ചു കാവ്യങ്ങൾ നിർമ്മിക്കുകയാലാണു് കവി ‘ചെല്ലൂരപൂർണ്ണത്രയീശശ്രീമൽ കാരുണ്യപാത്രം’ ആയിത്തീർന്നതു്. പക്ഷേ അദ്ദേഹം പെരുഞ്ചെല്ലൂർഗ്രാമക്കാരനായുമിരുന്നിരിക്കാം. സ്വദേശത്തുവച്ചു ചെല്ലൂരനാഥോദയവും പിന്നീടു കവി തൃപ്പൂണിത്തുറയിൽ കവിപ്രിയനായ രാമവർമ്മാവിനെ ആശ്രയിച്ചു താമസിക്കുമ്പോൾ നാരായണീയവും രചിച്ചു എന്നു വരാവുന്നതാണല്ലോ. പുനംതന്നെയാണു് നീലകണ്ഠൻ എന്നു ചിലർ അഭ്യൂഹിക്കുന്നതും നിർമ്മൂലമാകുന്നു. അതിനു മേല്പുത്തൂർ വർണ്ണിച്ച വീരകേരളനെ ഒരു ശതകാധികം വർഷം പുറകോട്ടുകൊണ്ടുപോകേണ്ടിവരുമെന്നു മാത്രമല്ല, സാമൂതിരിയോടു പടയ്ക്കു പോയ കൊച്ചിരാജാവിനെ സാമൂതിരിയെ ആശ്രയിച്ചിരുന്ന പുനം അനുഗമിച്ചു എന്നു സ്ഥാപിക്കേണ്ടിയും വരും.

മഴമംഗലവും നീലകണ്ഠനും സമകാലികന്മാരായിരുന്നു. മഴമംഗലത്തെക്കാൾ നീലകണ്ഠനും വയസ്സു കുറേ കുറഞ്ഞിരുന്നിരിക്കാം. മഴമംഗലഭാണത്തിലെ “കേളീകോപകലാസു തന്വതി നതിം ചന്ദ്രാർദ്ധചൂഡാമണൗ” എന്ന നാന്ദിശ്ലോകത്തിന്റെ അനുരണനം തെങ്കൈലനാഥോദയത്തിൽ “ദേവി, ത്രൈലോക്യരക്ഷാകലിതവൃഷപുരാവാസലീലായിതേ” എന്ന ശ്ലോകത്തിൽ കേൾക്കാവുന്നതാണു്. ഈ മൂന്നു കൃതികളും കൂടാതെ വേറേയും ചില പ്രബന്ധങ്ങൾ നീലകണ്ഠൻ നിർമ്മിച്ചിരിക്കാം. അവ ഏതെന്നു നിർണ്ണയിക്കുവാൻ മാർഗ്ഗമില്ല. “പപ്രഥേ തൽ പൃഥിവ്യാം” എന്നൊരു കവിമുദ്ര നാരായണീയത്തിലും തെങ്കൈലനാഥോദയത്തിലും കാണുന്നു. “തൽക്ഷേത്രം…പപ്രഥേ” എന്നു് അതിന്റെ ഒരു രൂപാന്തരം ചെല്ലൂരനാഥോദയത്തിലുമുണ്ടു്. അതു കലിസംഖ്യാവാചിയല്ല. അങ്ങനെയാണെങ്കിൽ നാരായണീയവും തെങ്കൈലനാഥോദയവും കവി എഴുതിത്തീർത്തതു് ഒരേ ദിവസം—അതായതു് 774 മേടം 7-ആംനു-യാണെന്നു വരണം; അതിനു് ഒരുവിധത്തിലും ഉപപത്തിയില്ലല്ലോ.

29.12ചെല്ലൂരനാഥോദയം, ഇതിവൃത്തം

ശ്രീപരമേശ്വരൻ കൈലാസപർവ്വതത്തിൽ എഴുന്നള്ളിയിരിക്കുമ്പോൾ ഒരവസരത്തിൽ ദേവന്മാർ അവിടുത്തെ സന്നിധാനത്തെ പ്രാപിച്ചു വിശ്വകർമ്മാവിനാൽ ആദിത്യകലകളെക്കൊണ്ടു നിർമ്മിതങ്ങളായ മൂന്നു ശൈവബിംബങ്ങൾ ഭൂമിയിലുണ്ടെന്നും അവയുടെ തേജസ്സുകൊണ്ടു ലോകം ദഹിക്കുന്നു എന്നും അവയെ അവിടുന്നുതന്നെ സ്വീകരിക്കണമെന്നും അറിയിച്ചു. കരുണാശാലിയായ ഭഗവാൻ അവർക്കു് അഭീഷ്ടം നല്കി ആ മൂന്നു ബിംബങ്ങളേയും പാർവതീദേവിക്കു നിത്യപൂജയ്ക്കായി ദാനംചെയ്തു. പിന്നീടു് അവയിൽ ഒന്നു മാന്ധാതാവിനും മറ്റൊന്നു് അദ്ദേഹത്തിന്റെ പുത്രനായ മുചുകുന്ദനും ദേവിയുടെ സമ്മതംവാങ്ങി കൊടുക്കുകയും അവയെ അവർ തളിപ്പറമ്പത്തുവെച്ചു് ആരാധിച്ചുപോരികയുംചെയ്തു. കാലാന്തരത്തിൽ ആ ബിംബങ്ങൾ ഭൂഗർഭത്തിൽ അന്തർഹിതങ്ങളായിപ്പോയി. അങ്ങനെയിരിക്കെ ശിവൻ ഒരിക്കൽ തന്റെ പാരിഷദമുഖ്യനായ കുംഭോദരനെ ഭൂമിയിലെ സ്ഥിതിഗതികൾ അറിഞ്ഞുവരുവാൻ നിയോഗിക്കുകയും ആ ഭക്തൻ തിരിയെച്ചെന്നു പെരുഞ്ചെല്ലൂർ ഗ്രാമത്തിന്റെ മാഹാത്മ്യം വർണ്ണിച്ചു കേൾപ്പിക്കുകയും ചെയ്തു. അപ്പോൾ ഭഗവാനു് ആ സ്ഥലം തന്റെ നിത്യസാന്നിദ്ധ്യത്താൽ അലംകൃതമാക്കണമെന്നു തോന്നി. ആ ഘട്ടത്തിൽ ശതസോമൻ എന്ന കേരളരാജാവു് അഗസ്ത്യമഹർഷിയുടെ ഉപദേശമനുസരിച്ചു കൈലാസത്തിൽച്ചെന്നു് കലികല്മഷം ഭൂമിയിൽനിന്നു നീങ്ങണമെന്നുള്ള അഭിസന്ധിയോടുകൂടി ശ്രീപരമേശ്വരനെ ഭജിക്കുകയും ഭക്തവത്സലനായ ഭഗവാൻ നീരാട്ടിനെഴുന്നള്ളിയിരുന്ന ദേവിയുടെ അനുമതികൂടാതെ മൂന്നാമത്തെ ശൈവബിംബം അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തു. തിരിയെ വന്നപ്പോൾ ദേവി അത്യന്തം കുപിതയായി ഭർത്താവിനെ ശപിക്കുവാൻ ഒരുങ്ങിയെങ്കിലും ശതസോമന്റെ സ്തോത്രങ്ങൾ കേട്ടു ശാന്തയായി. തദനന്തരം ദേവിയുടെ അനുമതികൂടി നേടികൃതകൃത്യനായ രാജാവു പെരുഞ്ചെല്ലൂരിൽ ആ ബിംബം പ്രതിഷ്ഠിക്കുകയും അതിനു് ഉചിതമായ ഒരു മഹാക്ഷേത്രം പണിയിക്കുകയും ചെയ്തു. അവിടെ സ്ത്രീകൾക്കു പ്രവേശമില്ലാത്തതിനാൽ കാഞ്ഞിരങ്ങാട്ടുകൂടി അദ്ദേഹം മറ്റൊരു ശൈവബിംബം പ്രതിഷ്ഠാപനംചെയ്തു. ശതസോമൻ കോലത്തുനാട്ടിലെ ഒരു രാജാവായിരുന്നു. അദ്ദേഹം നിർമ്മിച്ച പെരുഞ്ചെല്ലൂർ ക്ഷേത്രത്തിനു തദനുരോധേന സോമേശ്വരം എന്നുകൂടി പേർ പറഞ്ഞു വരുന്നു.

നാരായണീയം, ഇതിവൃത്തം
നാരായണീയത്തിലെ ഇതിവൃത്തത്തിന്റെ ആദ്യഭാഗം ഭാഗവതാന്തർഗ്ഗതമായ സന്താന ഗോപാലം കഥയും അതിനുശേഷമുള്ളതു തൃപ്പൂണിത്തുറ ക്ഷേത്ര മാഹാത്മ്യവുമാകുന്നു. നരനാരായണന്മാരായ അർജ്ജുനനും ശ്രീകൃഷ്ണനും മഹാവിഷ്ണുവിൽനിന്നു ബ്രാഹ്മണന്റെ പത്തു കുമാരന്മാരേയും സ്വീകരിച്ച അവസരത്തിൽ തന്റെ ഒരു ബിംബം കലിബാധ തീരുന്നതിനുവേണ്ടി ഭൂമിയിൽ പ്രതിഷ്ഠിക്കണമെന്നു ഭഗവാൻ അവരോടു് അരുളിച്ചെയ്തു. ദ്വാരകയിൽ തിരിച്ചെത്തിയതിനുശേഷം അതിനു യോഗ്യമായ സ്ഥലമേതെന്നന്വേഷിക്കുവാൻ ശ്രീകൃഷ്ണൻ തന്റെ അനുചരനായ സുദക്ഷിണനോടു് ആജ്ഞാപിച്ചു. ആ ഭക്തൻ എങ്ങും സഞ്ചരിച്ചു തൃപ്പൂണിത്തുറ (രവിഗ്രാമം) ആണു് ആ അനുഗ്രഹത്തിനു് അർഹത്തമം എന്നു വിജ്ഞാപനം ചെയ്തു. ശ്രീകൃഷ്ണൻ ഉടൻ തന്നെ അവിടെ അനന്താസനവിഗ്രഹം പ്രതിഷ്ഠിക്കുന്നതിനു് അർജ്ജുനനോടു നിർദ്ദേശിക്കുകയും അർജ്ജുനൻ ആ നിർദ്ദേശമനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു.

തെങ്കൈലനാഥോദയം, ഇതിവൃത്തം
ശ്രീപരശുരാമൻ താൻ ക്ഷത്രിയരാജാക്കന്മാരിൽനിന്നു വെട്ടിപ്പിടിച്ചടക്കിയ ഭൂമി മുഴുവൻ കാശ്യപമഹർഷിക്കായി ദാനംചെയ്തതിന്റെ ശേഷം മഹേന്ദ്രപർവതത്തിൽ തപസ്സു ചെയ്യുമ്പോൾ അവിടെ ചില ബ്രാഹ്മണർ ചെന്നു തങ്ങൾക്കു വിഹിതങ്ങളായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന്നു സമ്പത്സമൃദ്ധമായ ഒരു ദേശം ലഭിക്കണമെന്നു് അപേക്ഷിച്ചു. അതു സാധിച്ചുകൊടുക്കുന്നതിനുവേണ്ടി ആ മഹാത്മാവു് വരുണനെ പ്രത്യക്ഷീകരിച്ചു തന്റെ യജ്ഞായുധമായ ശൂർപ്പം സമുദ്രത്തിലേക്കെറിഞ്ഞു. അതു് എവിടെച്ചെന്നു വീണുവോ അതുവരെയുള്ള സ്ഥലം നാടാക്കി, അതിനു കൊങ്കണമെന്നു പേർ നൽകി. ആ നാടു് അവർക്കായി ദാനം ചെയ്കയും അതിന്റെ പരിപാലനത്തിനു കേരളൻ എന്നൊരു രാജാവിനെ നിയമിക്കയും ചെയ്തു. തദനന്തരം പരശുരാമൻ ശ്രീപരമേശ്വരനെ സേവിക്കുവാൻ കൈലാസത്തിലേയ്ക്കു പോകുകയും അവിടെവെച്ചു താൻ പുത്തനായി വീണ്ടെടുത്ത ഭൂവിഭാഗത്തിൽ ഭഗവാൻ പാർവതീസമേതനായി എഴുന്നള്ളി നിത്യ സന്നിധാനം ചെയ്യണമെന്നു പ്രാർത്ഥിക്കുകയും ചെയ്തു. ദേവിയുടെ നിർബ്ബന്ധംമൂലം ആ പ്രാർത്ഥന സഫലീഭവിപ്പിക്കുവാൻ ഭഗവാൻ സപരിവാരം പുറപ്പെട്ടു. കൊങ്കണഭൂമിയിൽ ഒരു ഭാഗത്തു വന്നപ്പോൾ നന്ദികേശ്വരൻ അവിടെ “സംവാസകൗതൂഹലി”യായിനിന്നു. ആ സ്ഥലത്തു് അഭൗമമായ ഒരു തേജസ്സും കാണാറായി. അപ്പോൾ ശ്രീപരമേശ്വരൻ അതു തന്റെ വാസസ്ഥാനമാക്കുവാനുറച്ചു; മഹാവിഷ്ണുവിന്റെ സാന്നിദ്ധ്യവും അവിടെ ഭഗവാന്റെ ആഗ്രഹമനുസരിച്ചു് ഉണ്ടായി. കേരളരാജാവു് ആ സ്ഥലത്തു ശിവൻ, വിഷ്ണു, ശങ്കരനാരായണൻ, ഗണപതി, പാർവതി എന്നീ പഞ്ചദേവതകളുടെ അധിവാസത്തിനായി ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. അതാണു് തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം. തൃശ്ശൂരിനു വൃഷപുരമെന്നും, ഭദ്രാചലമെന്നും മറ്റും പല സംജ്ഞകൾ സംസ്കൃതത്തിലുണ്ടു്.

29.12.2.1നീലകണ്ഠന്റെ കവിത
നീലകണ്ഠകവിയുടെ വാങ്മയങ്ങൾക്കു പ്രശംസാവഹമായ ഓജസ്സും പ്രൗഢിയുമുണ്ടു്. അദ്ദേഹം ഒരു തികഞ്ഞ സംസ്കൃതപണ്ഡിതനായിരുന്നു. മൂന്നു ചമ്പുക്കളിലുംവെച്ചു് എനിയ്ക്കു പ്രഥമസ്ഥാനത്തിനു് അർഹമായി തോന്നിയിട്ടുള്ളതു നാരായണീയമാകുന്നു: മറ്റുള്ള രണ്ടും ഏകദേശം തുല്യങ്ങളാണു്.

29.12.2.2കവിതാരീതി
കവിതാരീതി കാണിക്കുവാൻ അഞ്ചു പദ്യങ്ങളും രണ്ടു ഗദ്യങ്ങളിൽനിന്നു ചില പങ്തികളും ഉദ്ധരിക്കാം.

1 ശിവൻ:
“കാണപ്പെട്ടൂ സമക്ഷം തദനു തെളിവെഴും
തേജസസ്തസ്യ മധ്യേ
ചേണെത്തും കാളഭോഗീശ്വരകലിതജടാ-
നദ്ധമുഗ്ദ്ധേന്ദുരേഖം
ദീനത്രാണൈകദീക്ഷം മനസി കിമപി കൊ
ള്ളാഞ്ഞു തള്ളിക്കടക്കൺ
കോണിൽപ്പാടേ പകർന്നീടിന ഘനകരുണം
പാർവതീഭാഗധേയം.”(ചെല്ലൂരനാഥോദയം)

2 ശിശുവിനെപ്പാലിക്കുവാനുള്ള അർജ്ജുനന്റെ സജ്ജത:
ദുഷ്ട്വാ സമ്പൂർണ്ണഗർഭാം ദ്വിജവരഗൃഹിണീം
ഗാണ്ഡിവം ചാപമഗ്രേ
പുഷ്ടാഭോഗം കുലച്ചപ്പരമശിവമനു
സ്മൃത്യ മുഗ്ദ്ധേന്ദുചൂഡം
തുഷ്ട്യാ ദിവ്യാസ്ത്രസംയോജിതശരനികരൈ
സ്സൂതികാപഞ്ജരം തീ
ർത്തെട്ടാശാദത്തദൃഷ്ടിശ്ശിതവിശിഖധര
സ്തത്ര തസ്ഥൗ കിരീടീ.”(നാരായണീയം)

3 വിഷ്ണുവിന്റെ അരുളപ്പാടു്:
“ത്രിഭുവനപെരുമാൾതന്നാനനാംഭോജമധ്യാ
ദുദിതരുചി പുറപ്പെട്ടൂഢമാധുര്യസാരാ
അതുപൊഴുതരുളപ്പാടെന്നു പേരായ പുത്തൻ
മധുഝരി പെരുമാറീ കൃഷ്ണയോഃ കർണ്ണരന്ധ്രേ.”(നാരായണീയം)

4 ശ്രീകൃഷ്ണന്റെ രൂപം:
“ഈടേറും പീതപട്ടാംബരകലിതമണീ
മേഖലം തൂമണം പെ
യ്താടീടും വൈജയന്തീലളിതവിപുലദോ
രന്തരം ബന്ധുരാംഗം.
പാടേ തോൺമേലടിഞ്ഞീടിന മകരമഹാ
കുണ്ഡലം, കൺകുളുർക്കെ
പ്രൗഢാഭോഗം ജനൗഘാ ദദൃശൂരഭിനവം
കംസഹന്താരമാരാൽ.”(നാരായണീയം)

5 കൊച്ചി:
“കല്യാണശ്രീ തഴയ്ക്കും ഭുജബലദമിത
പ്രൗഢവൈരാകരാണാ
മുല്ലോലഭ്രൂ നടീനാടിതധരണിപരി
ത്രാണനൃത്താന്തരാണാം,
ചൊല്ലേറും കീർത്തിപാളീകബളിതജഗതാം
കൊച്ചിയെന്നുണ്ടു ഭൂമൗ
വെല്ലുന്നൂ കാപി മേളം പെരിയ കുലപുരീ
മാടധാത്രീശ്വരാണാം.”(തെങ്കൈലനാഥോദയം)
ഗദ്യം, ക്രുദ്ധയായ പാർവതീദേവി!

“സസംരംഭനിർവർത്തിതസ്നാനവേലാവിധൗ, നാലുമൂന്നിങ്ങു ശേഷിച്ചു പാടേ കിടക്കും പുരാണപ്രസൂനാഞ്ചിതം ചാലമെത്തുന്ന നൈസർഗ്ഗികോദഗ്രസൗരഭ്യലുഭ്യദ്ദ്വിരേഫാളിസാന്ദ്രം തുലോമാകെനോക്കീടിലാഹന്ത! പിൻകാലിലേറ്റം കടന്നോരു നീളം കലർന്നന്തരാ വാരിബിന്ദുക്കളിറ്റിറ്റുവീഴും മലർക്കൂന്തൽ മെല്ലെപ്പുറംകൈത്തലേ ചേർത്തുകൊണ്ടും, പയഃശ്രേണികാസാന്ദ്രമെപ്പേരുമൊന്നിച്ചു ഫാലാന്തരേ പറ്റിമിന്നുന്ന നീലാളകച്ചാർത്തുകൊണ്ടും, വിലാസേന മൂന്നൊന്നുശേഷിച്ചു കാണപ്പെടും മുഗ്ദ്ധകസ്തുരികാചിത്രകംകൊണ്ടുമത്യന്തചേതോഹരാ, ചെറ്റു കോടിക്കുലഞ്ഞോരു ചില്ലിക്കൊടിത്തെല്ലുമസ്യാഃ കലങ്ങിച്ചുവക്കും കടക്കൺകലാഭംഗിയും, പാടുപാടേ വിറയ്ക്കുന്ന ബിംബാധരേ ഭാവമന്യാദൃശം പൂണ്ടു പാകീടുമപ്പുഞ്ചിരിപ്പൈതലും, ചേർന്നു ബാലാതപശ്രീ നിഴൽക്കൊണ്ട പൊന്നിൻപയോജം കണക്കെക്കൊടുംകോപരാഗോദയപ്രൗഢി മെത്തുന്ന വക്ത്രാര വിന്ദശ്രിയാ ലോഭനീയാ തുലോം” ഇത്യാദി. (ചെല്ലൂരനാഥോദയം)തെങ്കൈലനാഥോദയത്തിൽ അത്യന്തം ചമൽകാരപൂർണ്ണവും കവിയുടെ ദേശാഭിമാനത്തിനു പ്രത്യക്ഷനിർദർശനവുമായി കേരളവർണ്ണനാത്മകമായ ഒരു ഗദ്യമുണ്ടു്. അതിൽ പേരാറു് (ഭാരതപ്പുഴ) ചൂർണ്ണി (പെരിയാറു) ഫുല്ല (മൂവാറ്റുപുഴയാറു്) എന്നീ മൂന്നു പുഴകളേയും, തിരുവില്വാമല, വർക്കല, തിരുനെല്ലി എന്നീ മൂന്നു മഹാക്ഷേത്രങ്ങളേയും പറ്റിയുള്ള പ്രശസ്തി കാണുന്നു. അടിയിൽ പകർത്തുന്ന വരികൾ ആ ഗദ്യത്തിന്റെ ഒടുവിലുള്ളവയാണു്. “സമധീതാഗമശാസ്ത്രവിമർശക്രമപൂതാത്മഭിരഞ്ചിതപഞ്ചമഖാദി ക്രിയചെയ്തവിരതസഞ്ചിതസുചരിതരാശിഭിരതുല ബ്രഹ്മമഹോമഹനീയൈരവനിസുരേന്ദ്രൈരഭിപൂരിതമായു്, ചാരുതപൂണ്ട ചതുഷ്ഷഷ്ടിമഹാഗ്രാമവിഭൂതിസമഗ്രിമകൊണ്ടും പെരികപ്പെരിക വിചിത്രാഭോഗം, ധർമ്മങ്ങൾക്കൊരു മൂലസ്ഥാനം പാവനതായാ ജീവനസാധനമാചാരാണാമഭ്യാസഗൃഹം ഭവസാദത്തിന്നവസാനസ്ഥലി നിർമ്മലതായാ നർമ്മനികേതം മര്യാദയ്ക്കൊരു വര്യാധാരം, കിം ബഹുവചസാ, ഭാഗ്യം കോലിന തൽഗുണവൈഭവമോർക്കുംതോറും വാക്യവിദൂരം.”
ഇത്തരത്തിലാണു് നീലകണ്ഠകവിയുടെ ഹൃദ്യവും കളോദാരവും ചിത്രസ്ഫുടാർത്ഥവുമായ മണിപ്രവാളകവിതയുടെ ശൈലി.

29.13മറ്റു ഭാഷാചമ്പുക്കൾ

കൊല്ലം ഏഴുമെട്ടും ശതകങ്ങളിലാണു് വിശിഷ്ടങ്ങളായ മണിപ്രവാള ചമ്പുക്കളുടെയെല്ലാം ആവിർഭാവമെന്നും അപൂർവ്വം ചില ചമ്പുക്കൾ ഒൻപതാം ശതകത്തിന്റെ പൂർവാർദ്ധത്തിലും വിരചിതങ്ങളാണെന്നു് ഊഹിക്കാവുന്നതാണെന്നും ഞാൻ മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അവയിൽ പല പ്രബന്ധങ്ങൾ നശിച്ചുപോയിട്ടുണ്ടു്. ബാക്കിയുള്ളവയിൽ ഏതാനും ചിലതു സൂര്യപ്രകാശം കാണാതെ ഇന്നും ഇരുട്ടറകളിൽ ശ്വാസംമുട്ടി കണ്ഠഗതപ്രാണങ്ങളായി കിടക്കുന്നുണ്ടാവാം. ഇതുവരെ കണ്ടുകിട്ടീട്ടുള്ള ആ കാലഘട്ടത്തിലേ ഇതരപ്രബന്ധങ്ങളെപ്പറ്റിയുള്ള പ്രസ്താവനയ്ക്കു് ഈ അധ്യായം വിനിയോഗിക്കുന്നതു സമുചിതമായിരിക്കുമെന്നു വിശ്വസിക്കുന്നു.

അക്കാലത്തെ മറ്റു ഭാഷാചമ്പുക്കൾ: (1) ഗജേന്ദ്രമോക്ഷം, (2) പ്രഹ്ലാദചരിതം, (3) വിഷ്ണുമായാചരിതം, (4) കൃഷ്ണാവതാരം, (5) പൂതനാമോക്ഷം, (6) കാളിയമർദ്ദനം, (7) രാസക്രീഡ, (8) കംസവധം, (9) സ്യമന്തകം, (10) കുചേലവൃത്തം, (11) രാമാർജ്ജുനീയം, (12) ശ്രീമതീസ്വയംവരം, (13) ശര്യാതിചരിതം എന്നീ വൈഷ്ണവകഥാപ്രതിപാദകങ്ങളും, (14) ദക്ഷയാഗം, (15) ത്രിപുരദഹനം, (16) ഗൗരീചരിതം എന്നീ ശൈവകഥാപ്രതിപാദകങ്ങളും, (17) സഭാപ്രവേശം, (18) കല്യാണസൗഗന്ധികം എന്നീ ഭാരതാന്തർഗ്ഗതങ്ങളുമായ ചമ്പുക്കൾ നമുക്കു ലഭിച്ചിട്ടുണ്ടു്. അവയിൽ കംസവധം, രാമാർജ്ജുനീയം, ദക്ഷയാഗം, ത്രിപുരദഹനം, ഗൗരീചരിതം, കല്യാണസൗഗന്ധികം എന്നീ ആറു ചമ്പുക്കൾ മാത്രമേ നമ്മുടെ പ്രത്യേകശ്രദ്ധയ്ക്കു വിഷയീഭവിക്കേണ്ടതുള്ളു. കാളിയമർദ്ദനവും സ്യമന്തകവും അത്യന്തം ഹ്രസ്വങ്ങളാണെങ്കിലും അവയിലും കാവ്യഗുണം കളിയാടുന്നു. ഫലിതധോരണികൊണ്ടു ശ്രീമതീസ്വയംവരത്തിനും ചമ്പുക്കളുടെ ഇടയിൽ സാമാന്യം ഗണനീയമായ ഒരു സ്ഥാനമുണ്ടു്. പ്രസ്തുതകൃതികളുടെ പ്രണേതാക്കന്മാരെപ്പറ്റി യാതൊരറിവുമില്ല.

കംസവധം
ഒന്നാംകിടയിൽ ഉൾപ്പെടുത്തേണ്ട ഒരു ചമ്പുവാകുന്നു കംസവധം. കഥ അരിഷ്ടവധംമുതൽക്കു് ആരംഭിക്കുകയും ഉഗ്രസേനന്റെ രാജ്യാഭിഷേകത്തോടുകൂടി അവസാനിക്കുകയും ചെയ്യുന്നു. കവിത ആദ്യന്തം സരസവും ഫലിതമയവുമാണു്. കംസവധത്തിൽനിന്നു നാരായണീയത്തിൽ ചില പദ്യങ്ങൾ പകർന്നിട്ടുള്ളതായി കാണുന്നതിനാൽ രണ്ടും നീലകണ്ഠകൃതമാണെന്നു സങ്കല്പിക്കുവാൻ തോന്നുന്നു. രണ്ടു പദ്യങ്ങളും ഒരു ദണ്ഡകവും ഉദ്ധരിച്ചു കവിതാശൈലി പ്രദർശിപ്പിക്കാം.

“വ്യാജാപേതം തദാനീം മധുരിപുദലിതേ
ഷ്വാസഘോഷം നിനച്ചാ
ലീശാ ശൗരേ, ജയശ്രീനവനവവരണാ
രംഭപുണ്യാഹവായ്പോ?
പോർചേരും വൈരിഭൂപാലകവിറയൽ വിറ
യ്ക്കുന്ന നിർഘാതമോ കേൾ?
ഭോജേന്ദ്രസ്വർഗ്ഗയാത്രയ്ക്കുരപെരിയ പുറ
പ്പാടുകൊട്ടോ? ന ജാനേ.”

കംസസൽഗതി:
“സോയം ധന്യാഗ്രയായീ കമലനയനരൂ
പാമൃതം ലോചനാഭ്യാം
പായം പായം തദാനീം നിരുപമപരമാ
നന്ദശുദ്ധാന്തരാത്മാ
ജീവാപായം പ്രപന്നസ്ത്രിഭുവനപെരുമാൾ
തന്നൊടൈക്യം ഗതോഭൂൽ
ഭൂയാനോഘസ്സ്രവന്ത്യാ നലമുടയ പയോ
രാശിയോടെന്നപോലെ.”

ദണ്ഡകം, അക്രൂരൻ ബാലകൃഷ്ണനെ കാണുന്നതു്:
“വാരാർന്ന കേശഭരനീരാജിപിഞ്ചരമണി
ഗോരോചനാതിലകകാന്തം
വനവിഹൃതിതാന്തം-ഖലജനകൃതാന്തം
വലിതഖുരപശുനികരമണിനടുവിൽ വിലസുമൊരു
വലമഥനമണിമിവ മഹാന്തം;(1)
കാളാഞ്ജനാഞ്ചിതവിശാലാക്ഷിപക്ഷ്മഭുവി
നീളപ്പിരണ്ട പൊടിധൂളം
കലിതഘനഹേളം-കവിളിണയിൽ മേളം
കലരുമണികുഴലിണയുമഴകുടയ തിരുമുഖവു
മുടൽവടിവുമസിതഘനകാളം;(2)
മംഗല്യതോളിൽ മണിശൃംഗം കരാഗ്രഭുവി
ചെങ്കോലുമാർന്ന നവകാമം,
മഹിതവനദാമം-തിരുവുരസി കാമം
മഹിമയൊടു തടവി നവപൊടിനിരയുമരുണതര
വെയിലൊളിയുമധികമഭിരാമം;(3)
താലാങ്കനോടുമനുകൂലാശയേന സഹ
ബാലൈർവ്രജാങ്കണവിഭാഗേ
ധരണിഹരിലോകേ-കൃതവസതിമാകെ
പ്പുകഴ്വതിനു സുകൃതമിതു സകലപതിമതിലളിത
പശുപതനുമവിടെ വിലുലോകേ.”(4)

ഫലിതം
കംസന്റെ കുചേഷ്ടിതത്തെപ്പറ്റി അക്രൂരൻ ഭഗവാനോടു പറയുന്നതു “സംസാരീ കംസനിപ്പോൾ മരുമകനു ഭവാനെത്രയും പ്രീതിശാലീ കംസാരിപ്പേർതരുമ്മാറകമലരിലുറച്ചീടിനാനെന്നു നൂനം” എന്നാണു്. ശ്രീകൃഷ്ണനും ചാണൂരനും തമ്മിലുള്ള സംഭാഷണം നർമ്മോക്തിമധുരമായിരിക്കുന്നു. അവിടെ ശ്രീമൽഭാഗവതത്തിന്റെ അനുകരണം അല്പമുണ്ടെങ്കിലും അതു കവിയുടെ മനോധർമ്മലഹരിയിൽ നിമഗ്നമായിപ്പോകുന്നു. താൻ ബാലനാണെന്നു ശ്രീകൃഷ്ണൻ പറയുമ്പോൾ “നീയല്ലേ കുവലയാപീഡത്തെ കൊന്നതു്?” എന്നു ചാണൂരൻ ചോദിക്കുന്നു. അതിനു ഭഗവാൻ

“എന്നേ വൈഷമ്യമേ, ഞാൻ ഭയതരളനണ
ഞ്ഞല്ല, തൊട്ടല്ലെടോ, തൻ
ദുർന്ന്യായംകൊണ്ടുതന്നേ ഗജപതി മൃതനായ്
വീണിതമ്മാവനാണാ;
എന്നാലീ ഞങ്ങളോടീയെളിയവരോടു മി
ഥ്യാപരാധം ബലാൽച്ചേ
ർത്തിന്നീവണ്ണം തുടങ്ങുന്നടവിനു മതിയേ
ദൈവമേ സാക്ഷിയുള്ളു.”
എന്നു നിന്ദാഗർഭമായി മറുപടി നല്കുന്നു. അതുകേട്ടു ചാണൂരൻ പിന്നെയും “രജകനെയും കൊന്നു പള്ളിവില്ലും മുറിച്ചിട്ടു്” “ഈ ഭോഷാ, ഞങ്ങളോടെന്തിനൊരനുനയവും സാന്ത്വവും ഭ്രാന്തനോ നീ?” എന്നു ഗർജ്ജിക്കുന്നു. അതിനു ഭഗവാൻ മുൻപിലത്തെപ്പോലെതന്നെ

“കഷ്ടം ബാലസ്വഭാവേ പെരുകിന കുതുകം
കൊണ്ടു കോദണ്ഡദണ്ഡം
പട്ടാങ്ങത്രേ വലിച്ചേ, നതിനു കിമപി കേ
ടും ബലാൽ വന്നുപോയി
ചട്ടറ്റീടുന്ന യുഷ്മാൻ പുനരവിടെ നിന
ച്ചൂതുമില്ലൻപിലെന്നാൽ
പ്പെട്ടെന്നുണ്ടായ കാര്യത്തിനു പരുഷമുട
ക്കാ, യ്കടക്കം പ്രധാനം.”
എന്നു പറയുന്നു. ഉടനേ “ചെറുതുമദമകക്കാമ്പിൽമൂടിപ്പറഞ്ഞോരാഗുഢാക്ഷേപമിശ്രം വചനമിതധികം നന്നെടോ നന്ദസൂനോ” എന്നു് ഉപക്രമിച്ചുകൊണ്ടു് ആ മല്ലപ്രമാണി “വേഗാലിന്നിന്നെ മുഷ്ടിപ്രഹൃതിഭിരധുനാ കൊന്നു വൈവസ്വതീയേ ഗേഹേ യാത്രാക്കിയേ വിക്രമമിളകിന ചാണൂരനോ ചെറ്റടങ്ങൂ” എന്നു വീണ്ടും അട്ടഹസിക്കുന്നു. ഭഗവാനാകട്ടെ പിന്നേയും തന്റെ ഫലിതശൈലി വിടാതെ

“ഞാനോ സംപ്രതി കാലനങ്ങതിഥിയായു് നീയോ ഭവിക്കുന്നതെ
ന്നീ നമ്മിൽപ്പറയേണ്ടതില്ലതറിവോർ മാലോകരാലോകനേ
ചാണൂരാ, മദമാർന്നു ലോകവിപദം ചെയ്യുന്നവർക്കൊക്കെയും
താനേ പോന്നുവരും വിനാശമചിരാലെന്നുള്ളതോർത്തീടു നീ”
എന്നു് ഉദീരണംചെയ്തു് ആ കോപിഷ്ഠന്റെ ക്രോധാഗ്നിയെ ഊതിക്കത്തിക്കുന്നു.

രാമാർജ്ജുനീയം
വിവിധങ്ങളായ കാവ്യഗുണങ്ങളാൽ വിരാജിതവും സാമാന്യം ദീർഘവുമായ ഒരു ചമ്പുവാണു് രാമാർജ്ജുനീയം. ബ്രഹ്മാണ്ഡപുരാണത്തെ അനുകരിച്ചു ശ്രീ പരശുരാമന്റെ ജനനംമുതൽക്കുള്ള സംഭവങ്ങളെ കവി സ്പർശിച്ചിട്ടുണ്ടെങ്കിലും കാർത്തവീര്യാർജ്ജുനൻ നായാട്ടു കഴിഞ്ഞു് ഒരതിഥിയുടെ നിലയിൽ ജമദഗ്നിമഹർഷിയുടെ ആശ്രമത്തിൽ പ്രവേശിക്കുന്നതു മുതൽക്കുള്ള കഥയാണു് അദ്ദേഹത്തിന്റെ പ്രത്യേകമായ പ്രതിപാദനത്തിനു വിഷയീഭവിക്കുന്നതു്. ഭാർഗ്ഗവനും കാർത്തവീര്യനും തമ്മിലുള്ള യുദ്ധം വളരെ വിസ്തരിച്ചിട്ടുണ്ടു്. ഒടുവിൽ “വീരവധത്തിൻ പ്രായശ്ചിത്ത്യൈ സ്വയമേവാത്ഭുത ഹയമേധം ചെയ്താചാര്യായ ധരിത്രിയെ മുഴുവൻ വാരിധിവസനാം കാശ്യപമുനയേ ദക്ഷിണ നല്കിത്തസ്യ നിയോഗാൽ മഹതിമഹേന്ദ്രേ പുക്കു ഗിരീന്ദ്രേ വിശ്വോത്തീർണ്ണമഹാത്ഭുതചരിതോ നിഷ്കളവിമലബ്രഹ്മോപാസന കൈക്കൊണ്ടനുദിനമഴകിലിരുന്നൂ” എന്നു് ഇതിവൃത്തം സമാപിക്കുന്നു. പ്രസ്തുത കൃതി എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ സംജാതമായെന്നു് ഊഹിക്കാം. പരോപജീവിത്വമില്ലെന്നൊരു മെച്ചം അതിനുള്ളതു വിശിഷ്യ വ്യക്തമാകുന്നു. നാലു ശ്ലോകങ്ങൾ അടിയിൽ ചേർക്കാം.

സുരഭിയുടെ വ്യോമയാനം:
ക്രോധാദുൽകൃത്യ പാശാൻ മുഖരഖരഖുരോ
ത്തുംഗശൃംഗാഗ്രഘാതൈ
ര്യോധാൻ വിദ്രാവയന്തീ ഝടിതി പരിവൃതാൻ
ഘോരഹുമ്പാനിനാദാ,
നാസാഗ്രന്യസ്തഹസ്താംഗുലിഷു സകലലോ
കേഷു പശ്യത്സു വിശ്വ-
വ്രാതക്ഷോഭം വളർത്തുജ്ജ്വലവിപുലവപുർ
വ്വ്യോമവീഥീം പ്രപേദേ.”

കാർത്തവീര്യാർജ്ജുനന്റെ വിചാരം:
“ഉന്നിച്ചോളം മഹാവിസ്മയമിതു, സമരേ
കൊന്നൊടുക്കീതൊരുത്തൻ
തന്നേ സൂതദ്വിതീയോ ബലഭരസഹിതാൻ
ക്ഷത്രസംഘാനസംഖ്യാൻ;
മന്യേ മന്നിങ്കലക്കേവലമുനിസുതന
ല്ലേഷ ദുർദ്ധർഷധാമാ
ധന്വീ; സാമാന്യരത്നത്തിനു കിമപി വരാ
കൗസ്തുഭത്തിൻ പ്രഭാവം.”
“മന്നിൽച്ചൊല്ലാർന്നുലാവും മുനിവരനിധനം
കൊണ്ടു ദുഷ്കീർത്തി മുൻപേ
തന്നേ വാമേന ധാത്രാ ജഗതി നിയതമാ
കല്പമാകല്പിതാ മേ;
ഇന്നിപ്പോൾ ചെന്നു സൈന്യൈസ്സഹ വിമതമമും
നിഗ്രഹിച്ചാലുമെന്നും
നന്നാവാൻ വേല; കിട്ടും വസതി കൊടിയ പാ
പേ ചിരാദന്ധകൂപേ.”

കാർത്തവീര്യന്റെ യുദ്ധാരംഭം:
“വില്ലിൻകൂട്ടം കുലച്ചാൻ, പവഴിനിര തൊടു
ത്താൻ, കൃപാണാനെറിഞ്ഞാ
നുല്ലാസംപൂണ്ടു ചിത്രപ്പരിചകളുമിള
ക്കീടിനാനെന്നു വേണ്ടാ,
കല്യാഭോഗം കരേറിക്കനകമണിരഥേ
സിംഹനാദാതിഭീമൈ
രുല്ലോലജ്യാനിനാദൈരഖിലമിടകുലു
ക്കീടിനാൻ ദിഗ്വിഭാഗം.”

ദക്ഷയാഗം
ഒരു നല്ല ചമ്പുവായ ദക്ഷയാഗവും എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ വിരചിതമാണെന്നു ഭാഷാരീതികൊണ്ടു നിർണ്ണയിക്കാവുന്നതാണു്. സതീദേവിയുടെ അഗ്നിപ്രവേശവും തദനന്തരം വീരഭദ്രന്റെ ദക്ഷനിധനവും കഴിഞ്ഞതിനുമേൽ ദേവന്മാർ ശ്രീപരമേശ്വരനെ കൈലാസപർവ്വതത്തിൽച്ചെന്നു കാണുന്ന ഘട്ടം കവി ഒരു വിശിഷ്ടമായ സംസ്കൃത ഗദ്യംകൊണ്ടു് ഉപനിബന്ധിച്ചിരിക്കുന്നു. കവിതയുടെ രീതി മനസ്സിലാക്കുവാൻ നാലു ശ്ലോകങ്ങൾ ഉദ്ധരിച്ചുകാണിക്കാം,

കഥോപക്രമം:
“ശ്രീകൈലാസാദ്രിശൃംഗേ കനകമയമഹാ
മന്ദിരേ തൂമരന്ദം
തൂകീടും കല്പവാടീബഹളപരിമളാ
മോദിതാശാന്തരാളേ
നീൾകണ്ണാൾമൗലി ദക്ഷാത്മജയെ മടിയിലാ
മ്മാറു ചേർത്തങ്ങൊരുന്നാ
ളേകാന്തേ വാണിരുന്നൂ പുരരിപുഭഗവാൻ
പൂർണ്ണകാരുണ്യധാമാ.”

ദക്ഷന്റെ ശിവഭർത്സനം:
“ഇപ്പാർമേൽ നിന്ദ്യകർമ്മാ വരസഭയിലിവൻ
ധിക്കരിച്ചോരു കോപ്പി
ന്നുൾപ്പൂവിൽച്ചെറ്റു ഖേദം ന ഖലു മമ ജഗൽ
ഖ്യാതമാഹാത്മ്യരാശേഃ;
അപ്പാഴ്ക്കല്ലെന്നു കല്പദ്രുമനവമണിയെ
ക്കണ്ണു കാണാത മൂഢൻ
ജല്പിച്ചാലില്ല ചേതം പുനരതിനമരേ
ന്ദ്രാവതം സത്തിനേതും.”

ക്രുദ്ധയായ സതീദേവി ദക്ഷനോടു്:
“ശോകവ്യാലീഢമെന്നാലുടലിതു ഗിരിശ
ദ്വേഷിണോ നിങ്കൽനിന്ന
ങ്ങീ കേളുൽപന്നമിന്നേ വിരവിനൊടു വിഹാ
സ്യാമി ഹാസ്യം തവാഗ്രേ;
മോഹംകൊണ്ടാഹിതസ്യ സ്വയമുദരപുടേ
കുത്സിതാന്നസ്യ പാർത്താ
ലാകെച്ഛർദ്ദിച്ചൊഴിക്കുന്നതു ശിവശിവ! മു
ഖ്യപ്രതീകാരമല്ലോ.”

സതിയുടെ മോക്ഷപ്രാപ്തി:
“സ്ഥാനാദുത്ഥായ തസ്മാലധികമിടനിറ
ഞ്ഞാശു രോദോന്തരാളേ
കാണായീ ചെന്നുചേരുന്നതു നഭസി മഹാ
ശ്ചര്യതേജഃപ്രവാഹം;
താനേ ഹാഹാനിനാദോ ദിവി ഭൂവി ച മഹാൻ
പശ്യതാമാവിരാസീ
ദ്ദീനാനാം; പാപി ദക്ഷൻ കുടിലമതിരഹോ!
നിർവികാരസ്തദാനീം.”

ത്രിപുരദഹനം
ഒന്നാംകിടയിൽ നിൽക്കുന്നതായി ഭാവുകന്മാർക്കു് അനുഭവപ്പെടുന്ന ഒരു ചമ്പുവാണു് ത്രിപുരദഹനം. ഈ കാവ്യത്തിൽ നീലകണ്ഠകവിയുടെ ഓജസ്സും ഉജ്ജ്വലതയും സമഗ്രമായി കാണുന്നു. താരകാസുരന്റെ പുത്രനായി വിദ്യുന്മാലി, കമലാക്ഷൻ, താരകാക്ഷൻ എന്നിവരെയാണു് പുരാണങ്ങളിൽ ത്രിപുരന്മാർ എന്നു പറയുന്നതു്. ശിവഭക്തന്മാരായ അവരുടെ ഉപദ്രവം ദുസ്സഹമായിത്തീർന്നപ്പോൾ ദേവന്മാരുടെ പ്രാർത്ഥനയ്ക്കു വഴിപ്പെട്ടു മഹാവിഷ്ണു ബുദ്ധമുനിയുടെ വേഷംധരിച്ചു് അവരെ അത്ഭുതകർമ്മങ്ങൾകൊണ്ടു വശീകരിച്ചു് ആ നൂതന മതത്തിലേക്കു പരിവർത്തനം ചെയ്യിക്കുകയും, ശൈവചിഹ്നങ്ങൾ പരിത്യജിച്ചു ബൗദ്ധമുദ്രകൾ സ്വീകരിച്ച അവരുടെ അവസ്ഥാന്തരം ശ്രീപരമേശ്വരൻ നാരദമഹർഷിയിൽനിന്നു ഗ്രഹിച്ചു മൂന്നാം തൃക്കണ്ണുകൊണ്ടു് അവരെ ദഹിപ്പിക്കുകയും ചെയ്യുന്നതാണു് പ്രസ്തുത ചമ്പുവിലെ ഇതിവൃത്തം. നാലു ശ്ലോകങ്ങളും ഒരു ഗദ്യത്തിൽനിന്നു ചില വരികളും ചുവടെ പകർത്തിക്കൊള്ളുന്നു.

ത്രിപുരന്മാരുടെ തപസ്സു്:
“വാടീടായും പ്രബോധപ്രസരമണിവിള
ക്കിൻപ്രകാശം നിറച്ച
ങ്ങൂ ടേ മായാതമസ്സഞ്ചയമറുതിപെടു
ത്താത്മദൃഷ്ട്യാ തദാനീം
ഗുഢം കണ്ടാർ നറുംകാഞ്ചനനെറി കവരും
കാന്തിഭൂമ്ന സുഷുമ്നാ
നാഡീമധ്യത്തിലേതേ പരമശിവമയം
കഞ്ചിദാശ്ചര്യപുഞ്ജം.”

ദേവന്മാർ കണ്ട മഹാവിഷ്ണു:
“മുന്നിൽക്കാണായിതപ്പോളമരപരിഷദാം
തൃക്കടക്കൺവിലാസം
തന്നെക്കൊണ്ടേ ജഗദ്രക്ഷണകലവി വള-
ർക്കുന്ന മുഖ്യാനുഭാവം
സന്നദ്ധേ ഭോഗിതല്പേ തെളിവിനൊടു സമാ
സീനമാസേവമാനാൻ
മന്ദസ്മിത്യാ സനന്ദാദികളെ നവസുധാ
സ്യന്ദയാ നന്ദയന്തം,...............
സ്വേച്ഛാശക്ത്യാ ചരസ്ഥാവരഭുവനതലം
പേർത്തു പാലിച്ചൊടുക്കു
ന്നാശ്ചര്യക്രീഡ കൈക്കൊണ്ടരുളുമൊരു മഹാ
യോഗമായാനുഭാവം,
ആശ്വാസം മുക്തിഭാജാം, കനിവുകടലിൽ നീ
ന്തിക്കുളിച്ചാർത്തരക്ഷാ
താച്ഛീല്യം നിത്യമേന്തും തിരുനയനകലാ
ലംകൃതം പങ്കജാക്ഷം.”

ശിവന്റെ മൂന്നാം കണ്ണിലെ തീ:
“കല്പാന്തോദ്ദീപ്തവൈശ്വാനരതുലന കലർ
ന്നാശു രോദോന്തരാളം
കത്തിക്കാളിച്ചു മൂളെന്നതിരഭസമിര
ച്ചുച്ചകൈരുജ്ജ്വലാത്മാ
കെല്പേറും മുപ്പുരം ചെന്നഴകൊടു പിടിപെ
ട്ടൊക്കെ ദഗ്ദ്ധ്വാ ത്രിലോകം
ഭസ്മീകർത്തും ജഗൽഘസ്മരമുഖരശിഖഃ
കൃഷ്ണവർത്മാ ദിദീപേ.”

ഗദ്യം, ത്രിപുരസംഹാരോദ്യതനായ ശിവൻ:
“തദനു ജഗത്ത്രയഭീഷണവേഷോ ദൃഢതരകല്പിതപരികര ബന്ധസ്തുംഗശതാംഗമലംകുർവാണഃ സജ്ജശരാസനസംഹിതബാണോ ബൃംഹിതരഭസവിശൃംഖലചംക്രമസംഭ്രമകമ്പിതഭുവനകടാഹമിതുടനുടനുതിരും കടുകനൽ ചിതറിന രൂക്ഷതരേക്ഷണപാതവിലോലദലാതകലാപജ്വലിതദിഗന്തസ്തൽക്ഷണ സമുദിതകൗതുകഹർഷം കൗസുമവർഷം ചെയ്തു പുകഴ്ത്തും ദിവ്യജനാനാം ഭവ്യതരോക്തിഃ ശ്രാവംശ്രാവം, ത്രിപുരാസുരകൃതധിക്കൃതിമുച്ചൈഃ സ്മാരംസ്മാരം, തൽഗതകരുണാം ഹാരംഹാരം, കോപവികാരം കാരംകാരം, ത്രിഭുവനചക്രം മുട്ടെ വിറയ്ക്കും പരിചുവളർന്നെഴുമട്ടഹസധ്വനിദാരുണവദനശ്ചതുരംഗോദ്ധതരസനാകളകളമുച്ഛ്റിതകേതനമുഗ്രനികേതനമുഗ്രമഹാസുരപുരവരമഗ്രേ ലക്ഷീകുർവന്നക്ഷീണാത്മാ നിന്നരുളീ ബത! സംഹൃതിരൂപീ ഝടിതി കപാലീ.”

ഗൗരീചരിതം
ത്രിപുരദഹനത്തിൽനിന്നു് ഒരുപടി കൂടി ഉയർന്നുനില്ക്കുന്നു എന്നു പറയേണ്ട ഒരു ചമ്പുവാകുന്നു ഗൗരീചരിതം. കവി ഒൻപതാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ രചിച്ചതായിരിക്കാം; ഭാഷയുടെ പഴക്കം നോക്കിയാൽ അതിനു മുൻപാണെന്നു സങ്കല്പിക്കുവാൻ നിർവാഹമില്ല. ദേവീമാഹാത്മ്യത്തിലേ സുംഭനിസുംഭവധമാണു് പ്രധാനമായി പ്രതിപാദിച്ചിരിക്കുന്നതു്. തെങ്കൈലനാഥോദയകാരനെപ്പോലെ ഗൗരീചരിതകാരനും തന്റെ പ്രബന്ധത്തിന്റെ ഗുണത്തെ പുകഴ്ത്തുന്നുണ്ടു്. “കർണ്ണേന നവ്യാമൃതമാസ്വദിച്ചീടെൻതോഴ! ഗൗരീചരിതാഭിധാനം” എന്നു്, അദ്ദേഹം വയസ്യനോടു പറയുന്നു. പ്രസ്തുതചമ്പുവിനു ചിലർ പറയുന്നതുപോലെ ഗൗരീശങ്കരം എന്നു പേരില്ല. മൂന്നു ശ്ലോകങ്ങൾമാത്രം ഉദ്ധരിക്കാം.

ദേവിയും മഹിഷഭടന്മാരും:
“ആഭോഗംപൂണ്ടു സിംഹോപരി പരിലസിതാം
മൗലിരുദ്ധാന്തരിക്ഷാ
മാപൂർണ്ണാശാന്തരാളാം പ്രബലഭുജസഹ
സ്രേണ നാനാസ്ത്രഭാജാ
ദേവീം മുല്പാടു കണ്ടുല്ബണരഭസഭരം
ദൈത്യസേനാഭടന്മാ
രാവൃത്ത്യാ ശാസ്ത്രവഷൈർശ്ശിവശിവ പരിതോ
വിവ്യധുർന്നിർവിശങ്കം.”

ദേവി സുംഭനു് അയയ്ക്കുന്ന സന്ദേശം:
“കൂട്ടാക്കാതെ മദാജ്ഞാവചനമിതു മദാ
ജ്ഞാനരീത്യാ പടയ്ക്കായു്
ക്കൂട്ടുന്നൂതാകിലിന്നേ ഭുവനജനനിത
ന്നാണ കില്ലില്ല ചൊല്ലാം;
വാട്ടം തട്ടാത ശാസ്ത്രപ്രകരനിഹതരാം
നിങ്ങളെക്കൊണ്ടസംഖ്യാൻ
കൂട്ടത്തോടെ കുരയ്ക്കും കുറുനരിനിവഹാ
നോണമൂട്ടീടുവൻ ഞാൻ.”

ദേവന്മാരുടെ സ്തുതി:
എപ്രായം തെളിതേനിലമ്മധുരിമാ, പുഷ്പേഷു സൗരഭ്യമ
ങ്ങെപ്രായം, മൃഗലാഞ്ഛനേ കുളിർനിലാവെപ്രായമുത്ഭാസതേ,
എപ്രായം ബത! പാലിൽ നെയ്യു, മഴകോടപ്രായമുള്ളോന്നുപോ
ലിപ്പാരെങ്ങുമഹോ! മഹേശ്വരി, ഭവത്തത്ത്വം ഭവധ്വംസനം.”

29.14കല്യാണസൗഗന്ധികം

കല്യാണസൗഗന്ധികം ഭാരതാന്തഃപാതിയായ ഒരു ഇതിവൃത്തത്തെ അധികരിച്ചു രചിച്ചിട്ടുള്ളതാണെങ്കിലും അതു ചതുർദ്ദശകഥാബദ്ധമായ ഭാരതചമ്പുവിലെ ഒരു ഭാഗമാണെന്നു് എനിക്കു് തോന്നുന്നില്ല. ആ കൃതിയുടെ ആവിർഭാവം കൊല്ലം എട്ടാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിലായിരിക്കണം. രണ്ടു പദ്യങ്ങൾമാത്രം ചുവടെ പകർത്തിക്കൊണ്ടു പുരോഗമനം ചെയ്യുന്നു.

ഹനുമാന്റെ വിശ്വരൂപം:
“വാനോർസിന്ധുതരംഗപാളിയിലെഴും കാറ്റേറ്റു ചിന്നീടുമ
ന്നാനാകേസരബാലരോമപടലീനിർദ്ധൂയമാനാംബുദം
കാണായീ കപിസാർവഭൗമമുടനേ മധ്യാഹ്നകാലത്തെയും
ഭാനോരൂഷ്മ കെടുത്ത തീവ്രമഹസാ സന്ദീപിതാശാന്തരം.”
സൗഗന്ധികവാപി രക്ഷിക്കുന്ന രാക്ഷസന്മാർ:

ഊക്കേറും ഭീമസേനൻ പുനരതിൽ നടുവേ
ചാടിവീണ്ണാത്തനാദം
വായ്ക്കും സൗഗന്ധികശ്രേണികൾ വടിവൊടറു
ത്തോരുനേരം ഗദാവാൻ
കേൾക്കായീ ഘോരഘോരം നവജലദഘടാ
നാദപുരം നടുക്കും
വാക്യാടോപങ്ങൾ വാപീഭരണവിധി വളർ
ത്തുന്ന രക്ഷോഭടാനാം.”
കാളിയമർദ്ദനം
കാളിയമർദ്ദനം ചമ്പു മുഴുവൻ കീട്ടീട്ടില്ല. ഒരു പദ്യവും ഒരു ഗദ്യത്തിലെ ഏതാനും പംക്തികളും മാത്രം പ്രദർശിപ്പിക്കാം.

കാളിയന്റെ വിഷവേഗം:
“അത്രേയല്ലങ്ങു വാരാകരപരിവൃഢനും
ചെന്നു കാളിന്ദിയെന്നും
മുഗ്ദ്ധാമാലിംഗനത്തിന്നൊരുകുറി തുനിയു
ന്നേരമാരാദകാണ്ഡേ
മെത്തീടും താപമുൾക്കൊണ്ടവശതരത കൈ
ക്കൊണ്ടവസ്ഥാന്തരേ തൽ
പുത്രൻ പീയൂഷധാമാവിടയിടെ മുഴുകാ-
ഞ്ഞാകിലന്നില്ല ജീവൻ.”

ഗദ്യം, വൃന്ദാവനം:
“കേസരിപുംഗവബാലധികർഷകമാതംഗാർഭകമഹിതം കുഹചന; രുരുമുഖനഖകൃതകണ്ഡൂഹർഷിതഹരിണീമണ്ഡലലളിതം കുഹചന; തുരഗീപരിചിതവനമഹിഷോത്തരസതതവിഹാരവിനോദം കുഹചന; വ്യാളീനികരഫണാമുഖചുംബനകേളീസംകലനകുലം കുഹചന; നാളീകാസവരസികമധുവ്രതപാളീഹുംകൃതിതുംഗം കുഹചന; ചേമന്തീനവസുമനോനിസ്സൃതഹൈമജലോക്ഷണശിശിരം കുഹചന; കേസരഭാസുരകുസുമരജോഭരധൂസരഗഗനവിഭാഗം കുഹചന; പാടലസൗരഭസംഗമസജ്ജിതപാടവനവപവമാനം കുഹചന; കോകിലമധുരനിനാദശ്രവണവ്യാകുലപഥികനിനാദം കുഹചന; കേകികുലോദിതതാണ്ഡവമണ്ഡലകേകാരൂപവിരാവം കുഹചന; സാരസഹംസചകോരകപോതകചാരുസമാഗമസുഭഗം കുഹചന; കബരീകുചയുഗഭാരനിപീഡിതശബരീമന്ഥരഗമനം കുഹചന; അമരീകചഭരവിഗളിതകുസുമഭ്രമരീഗീതനിനാദം കുഹചന; സേവാസമയ നമോനമ ജയമുഖഗീർവാണോദിതമുഖരം കുഹചന” ഇത്യാദി.

സ്യമന്തകം
സ്യമന്തകം സാമാന്യം നല്ല ഒരു ചമ്പുവാണു്. രുക്മിണീസ്വയംവരം, സ്യമന്തകം മുതലായ ചമ്പുക്കളോടു് അതാതു വിഷയങ്ങളെ പ്രതിപാദിക്കുന്ന തുള്ളൽകഥകൾ രചിക്കുമ്പോൾ കുഞ്ചൻനമ്പ്യാർക്കുള്ള കടപ്പാടു സ്പഷ്ടമായി കാൺമാനുണ്ടു്. രണ്ടു ശ്ലോകങ്ങളും ഒരു ഗദ്യത്തിൽ നിന്നു് ഏതാനും വരികളും പകർത്തിക്കാണിക്കാം.

അപവാദം പരക്കുന്ന മാതിരി.
“നാസാഗ്രേവിരൽവച്ചൊരാത്മഗൃഹിണീകർണ്ണേപകർന്നാനസൗ;
ദാസീകർണ്ണപുടേ ച സാ; പുനരസൗ ചുറ്റും പരത്തീടിനാൾ;
കാസാരേഷു ചതുഷ്പഥേഷു ച പുനഃ ശ്രീകൃഷ്ണദുഷ്കീർത്തി ചെ
ന്നാസേതോരധിലോകമാഹിമവതോ നീളെപ്പരന്നൂ തദാ.”

കിംവദന്തിയുടെ പ്രകാരം:
“കക്കുമ്മാറില്ല പാർത്താലൊടിയ, രൊടി പടി
പ്പീല പാടച്ചരന്മാ
രക്രൂരൻ മോഹമാർന്നൂ തടിനിയിലൊടികൊ
ണ്ടല്ലയോ ചൊല്ലു നേരേ?
ഇക്കാലം ദൈവമെന്നിപ്പരമൊരു ശരണം
കണ്ടതില്ലാരുമെങ്ങും
തിക്കും ദുഷ്കിംവദന്തീ പുനരിതി സമഭൂൽ
പുഷ്കലാ ചക്രപാണേഃ”
ഗദ്യം, ലോകാപവാദം:

“വേലി നടന്നൊരു സസ്യം തിന്നും കാലം വിഷമമിതെന്നും കേചന; ചണ്ഡഹുതാശൻ ഭൂമി ദഹിക്കയുമുണ്ടിനി നിർണ്ണയമെന്നും കേചന; മാപാപികളേ മിണ്ടായ്ക്കാരുമിതെന്നും കേചിൽ, നമുക്കിനി മേലിൽത്തല പോം പറകിലിതെന്നും കേചന; ചതിയൊടിവൻ പോയ്പ്പതിയുമിരുന്നിഹ പൊതിയും വെട്ടുമിതെന്നും കേചന: മംഗല്യസ്ത്രീമംഗലസൂത്രം തച്ചു പറിയ്ക്കുമിതെന്നും കേചന; ദുർന്ന്യായങ്ങളിതിൽപ്പരമുണ്ടിഹ സന്യാസികളൊടുമെന്നും കേചന; കുഴലും മോതിരവും പുനരെന്നും കെട്ടായ്ക്കെന്നു പറഞ്ഞുതുടങ്ങീ; കഷ്ടമിതിൽക്കാളുണ്ടിഹ പാർത്താൽ പത്തനപന്തിയിൽ വിത്തം നേടും ചെട്ടികൾ ചോനകർ കെട്ടിപ്പൂട്ടിപ്പകലേ പുക്കൊരു തസ്കരഭീത്യാ മച്ചിലൊളിച്ചുകിടന്നുതുടങ്ങീ. കൂഴച്ചെറുമികൾ കൂട്ടംകൂടിക്കോഴപ്പെട്ടു നടന്നു തുടങ്ങീ.”

ശ്രീമതീസ്വയംവരം
ശ്രീമതീസ്വയംവരത്തിലേ കഥ പുരാണാന്തർഗ്ഗതമാകുന്നു. വിഷ്ണുഭക്തനായ അംബരീഷമഹാരാജാവിനു ശ്രീമതി എന്നൊരു പുത്രിയുണ്ടായിരുന്നു. മഹർഷിമാരെങ്കിലും ഗായകന്മാരായ നാരദനും പർവതനും ആ യുവതിയിൽ അനുരക്തരായിത്തീരുകയും ആ വിവരം അവർ അംബരീഷനെ ധരിപ്പിക്കുകയും ചെയ്തു. കന്യകയ്ക്കു മഹാവിഷ്ണു ഭർത്താവാകണമെന്നായിരുന്നു അഭിലാഷം. അംബരീഷൻ ശാപഭയം നിമിത്തം വിഷമിച്ചു് താൻ ഒരു സ്വയംവരമാണു നിശ്ചയിച്ചിരിക്കുന്നതെന്നും ആ അവസരത്തിൽ രണ്ടു മഹർഷിമാരും സന്നിഹിതരായിരിക്കുകയാണെങ്കിൽ കുമാരി തനിക്കു് അഭിമതനായ ഒരു പുരുഷനെ വരിച്ചുകൊള്ളുമെന്നും അവരെ അറിയിച്ചു. മഹർഷിമാർ മഹാവിഷ്ണുവിനോടു് അന്യോന്യം അവർക്കിരുവർക്കും കപിമുഖത്വമുണ്ടാകുമാറു പ്രാർത്ഥിച്ചു. വരണമണ്ഡപത്തിൽ കുമാരി അവരെ രണ്ടു പേരെയും വാനരവദനന്മാരായും അവർക്കിടയിൽ മഹാവിഷ്ണുവിനെ, ത്രൈലോക്യമോഹനമായ സൗന്ദര്യത്തിനു നിധാനമായും കണ്ടു. കന്യകയെ ഭഗവാൻ പരിഗ്രഹിച്ചു. ക്രുദ്ധന്മാരായ മഹർഷിമാർ ഉത്തരക്ഷണത്തിൽ അംബരീഷനെ ഗ്രസിക്കുവാൻ തമസ്സിനെ സൃഷ്ടിക്കുകയും ഭഗവാൻ അതിന്റെ ശമനത്തിന്നായി ചക്രായുധത്തെ നിയോഗിക്കുകയും ചെയ്തു. താടിക്കാർ രണ്ടുപേരും പേടിച്ചരണ്ടു മഹാവിഷ്ണുവിനെത്തന്നെ ശരണം പ്രാപിച്ചു. ഭഗവാൻ അംബരീഷനെ രക്ഷിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തതിനുമേൽ ആ മഹാരാജാവിന്റെ കുലത്തിൽ, അതായതു സൂര്യവംശത്തിൽ, അവതരിച്ചു സീതാദേവിയായി ജനിക്കുന്ന ശ്രീമതിയെ വീണ്ടും പരിഗ്രഹിക്കാമെന്നു വാഗ്ദാനം ചെയ്കയും അതോടുകൂടി കഥ അവസാനിക്കുകയും ചെയ്യുന്നു. സ്വയംവരം കാണുവാൻ പോകുന്ന പല കൂട്ടരേയും കവി തന്മയത്വത്തോടുകൂടി വർണ്ണിക്കുന്നു. അവരിൽ രാജാക്കന്മാർ, മുനിമാർ. മലയാളബ്രാഹ്മണർ, ബ്രഹ്മചാരികൾ, ദേവലന്മാർ, വാര്യന്മാർ, പാതിരിമാർ, യുവതികൾ, പടയാളികൾ, കൈക്കോളർ (ഒരുവക നെയ്ത്തുകാർ), കൃഷീവലസ്ത്രീകൾ ഇങ്ങനെ പലരും ഉൾപ്പെടുന്നു. അന്യചമ്പുക്കളിലെല്ലാം ഓദനസ്ഥാനത്തിൽ സ്രഗ്ദ്ധരയും ഉപദംശസ്ഥാനത്തിൽ മറ്റു വൃത്തങ്ങളുമാണല്ലോ ദൃശ്യമായിരിക്കുന്നതു്; എന്നാൽ ശ്രീമതീസ്വയംവരത്തിൽ കവി സ്രഗ്ദ്ധരാവൃത്തത്തിൽ ഒരു ശ്ലോകം‌പോലും രചിച്ചു ചേർത്തിട്ടില്ലെന്നുള്ളതു വിചിത്രമായിരിക്കുന്നു. കവിതയുടെ മാതിരി കാണിക്കുവാൻ ഏതാനും ശ്ലോകങ്ങളും ഒരു ഗദ്യത്തിൽനിന്നു കുറെ വരികളും ഉദ്ധരിക്കാം. അനുസ്യൂതമായ ഔൽകൃഷ്ട്യം ഈ കാവ്യത്തിനുണ്ടെന്നു പറയുവാൻ പാടില്ല.

സ്വയംവരത്തിനു വന്ന ചിലർ:
“രോമവിഹീനശിരസ്കാ മഹോദരാഃ കൃശവിലോലവസ്ത്രധരാഃ
പരുഷതരവചനദക്ഷാ ആജഗ്മുഃ ശ്രോത്രിയാസ്ത്തൂർണ്ണം.”
“അജിനം മേഖല ദണ്ഡും കൗപീനവുമേഭിരുജ്ജ്വലിതം
കുശുകുശ മന്ത്രിച്ചേവം ശിശുനികരം പോന്നുവന്നിതൊരു തരമായു്.”
“വയ്ക്കോൽക്കളത്തിൽ വിലസീടിന നാരിമാരും
മുല്ക്കാലമേ തുണി മുറിച്ചു മറച്ചുടുത്ത്
അക്കയ്യരോടിടകലർന്നു ചമഞ്ഞുവന്നു
നില്ക്കുന്നതുണ്ടു പതിനായിരമൊന്നുപോലെ.”

ശ്രീമതിയെ കണ്ടപ്പോൾ രാജാക്കന്മാർക്കുണ്ടായ ഭാവഭേദങ്ങൾ:
“ഒരുവൻ ക്രമുകൈസ്സാർദ്ധം വിരൽകൂടേ നുറിക്കിനാൻ;
പൊളിച്ചു സഹസാ തിന്നു കളിത്താമര കശ്ചന;
നൂറു തിന്നിട്ടു നാവൊക്കെ നീറിപ്പോയിതു കസ്യചിൽ;
തമ്പലം കളവാൻ തൂർണ്ണം നെഞ്ചിലേ വെച്ചിതന്യഥാ;
മുണ്ടു വീണതറിഞ്ഞില്ല മണ്ടുന്നൂ തത്ര കേചന;
കണ്ടു കന്യാം കനംകെട്ടു കൊണ്ടാടുന്നൂ തദാ പരേ;
കനത്തിൽ മുന്നിരുന്നേനാം കട്ടുനോക്കീടിനാർ ചിലർ;
മാരാതങ്കം മറച്ചന്യൈഃ സ്വൈരം കേചിൽ ബഭാഷിരേ:
ഓശ ഭാവിച്ചു ചിക്കുന്നൂ മീശയും താടിയും ചിലർ;
ഭൂഷണാനി നിരത്തുന്നോർ വൈഷമ്യം പൂണ്ടു കേചന;
പെണ്ണു കിട്ടാ നമുക്കെന്നു കണ്ണുനീർ പാറ്റിനാർ ചിലർ;
ജാള ്യങ്ങൾ മറ്റുമിത്യാദി പലവും കാട്ടിനാർ തദാ.”

ഗദ്യം, മഹർഷിമാരുടെ സ്തോത്രം:
“കംബുസുദർശനകഞ്ജഗദാധര കല്മഷനാശന പാലയ മാം;
കനകനിഭാംബര കൗസ്തുഭകാഞ്ചീകങ്കണഭൂഷിത പാലയ മാം;
കാളഘനപ്രഭ കാമവരപ്രദ കാരുണ്യാലയ പാലയ മാം;
കമലാവല്ലഭ കമലവിലോചന കരുണാകര പരിപാലയ മാം;
നാഗവരാസന നാകിജനപ്രിയ നാഗാരിധ്വജ പാലയ മാം;
നന്ദിതമുനിജന ചന്ദ്രനിഭാനന മന്ദരഗിരിധര പാലയ മാം;
നാരകനാശന നാഥ ദയാപര നാരായണ പരിപാലയ മാം;
നരസുരപാലക നരകനിഷൂദന നളിനനിഭാനന പാലയ മാം;

29.15ഇതര ചമ്പുക്കൾ

മുമ്പു് നാമനിർദ്ദേശം ചെയ്ത ഇതര ചമ്പുക്കളിൽ ഗജേന്ദ്രമോക്ഷം, പ്രഹ്ലാദചരിതം, കൃഷ്ണാവതാരം, പൂതനാമോക്ഷം, ശര്യാതിചരിതം, സഭാപ്രവേശം എന്നിവ അത്യന്തം ഹ്രസ്വങ്ങളാണു്. വിഷ്ണുമായാചരിതം, രാസക്രീഡ, കുചേലവൃത്തം, സോമവാരവ്രതം ഇവയ്ക്കു തദപേക്ഷയാ ദൈർഘ്യം കൂടും. ഗണനീയമായ ചമൽകാരം അവയ്ക്കൊന്നിനുമില്ല. രാസക്രീഡയിൽ കലിസൂചനയുണ്ടെന്നു ചിലർ പറയുന്നതു നിരാസ്പദമാകുന്നു. നാലഞ്ചു ശ്ലോകങ്ങൾ പ്രസ്തുത ചമ്പുക്കളിൽനിന്നുകൂടി എടുത്തു കാണിക്കാം:

ഗജേന്ദ്രനായ ഇന്ദ്രദ്യുമ്നൻ:
“വാലും കാലും തലപ്പാരവുമൊരു കനവും
നീളമയ്യാ നടക്കും
ചേലും കോലും വഴക്കും പുകരൊടണികരം
കർണ്ണവും വർണ്ണനീയം
വാലും ദാനാംബുകൊണ്ടുള്ളൊരു സുഭഗതയും
കണ്ടൊരൈരാവതം താൻ
മാലും കൈക്കൊണ്ടു നിന്നാനുരപെരുകിന നാ
ണം പൊറാഞ്ഞാകുലാത്മാ.”(ഗജേന്ദ്രമോക്ഷം)

മംഗലാചരണം:
“ലക്ഷ്മീവാർകൊങ്കതന്മേൽ മണമിളകി നിറ
ന്നീടുമക്കുങ്കുമംകൊ
ണ്ടക്ഷീണാഭോഗവക്ഷസ്ഥലകലിതമനോ
ഹാരിഹാരാഭിരാമം
ചൊൽക്കൊള്ളും കാളമേഘപ്രതിഭടസുഷമാ
കന്ദളം കൈതൊഴുന്നേ
നുൾക്കാമ്പിൽക്കണ്ടുകൊണ്ടെപ്പൊഴുമഖിലജഗ
ദ്വന്ദനീയം മുകുന്ദം.”(വിഷ്ണുമായാചരിതം)

ബ്രഹ്മാവിനോടു ഭൂമിയുടെ ആവലാതി:
“വാണീമാതു പുണർന്ന പുണ്യലഹരീസിന്ധോ! മദീയാമിമാം
വാണീംകേൾക്ക ഭവൽകൃപാബലമൊഴിഞ്ഞില്ലേതുമാലംബനം;
ക്ഷോണീ ഞാനമരാരിവീരഭരതഃ ഖിന്നാ, ജഗന്നാഥ, തേ
വീണാനമ്യ പദാംബുജേ സകരുണം സന്താപമാവേദയേ.”(കൃഷ്ണാവതാരം)

വൃന്ദാവനത്തിലെ ലതകളും വൃക്ഷങ്ങളും:
ആരോമൽക്കേശവൻതൻ മധുരിമതിരളും
വേണുഗീതപ്രഭാവാൽ
വാരാർന്നാനന്ദമൂർച്ഛാം തടവുമൊരു ലതാ
പാദപാനാം കദംബം
വാരംവാരം പ്രസൂനാംകരപുളകമണി
ഞ്ഞംഗമെങ്ങും മധൂളീ
ധാരാബാഷ്പങ്ങളും പെയ്തടവിയിൽ വിലസീ
നിശ്ചലാനമ്രശാഖം.”(രാസക്രീഡ)

ശ്രീകൃഷ്ണൻ കുചേലനോടു്:
ഇത്ഥം ധാത്രീസുരേന്ദ്രം ത്രിഭുവനപെരുമാൾ
തത്ര കൈവല്യദാതാ
സിക്ത്വാ സല്ലാപസമ്പത്സമുദിതപരമാ
നന്ദപീയൂഷയൂഷൈഃ
ചിത്തേ താനങ്ങറിഞ്ഞാദ്ധരണിസുരവരാ
കാംക്ഷിതം പൂരയിഷ്യൻ
ബദ്ധോല്ലാസം തദാനീം പുനരപി കരുണാ
സിന്ധുരേവം ബഭാഷേ.”(കുചേലവൃത്തം)

29.16ചമ്പൂകാരന്മാരുടെ സിദ്ധികൾ

കൊല്ലം 650 മുതൽ 850 വരെയുള്ള ശതകദ്വയമാണു് ഭാഷാചമ്പുക്കളുടെ സൗവർണ്ണകാലം എന്നു് ഇത്രമാത്രമുള്ള വിവരണത്തിൽനിന്നു വിശദമാകുന്നുണ്ടല്ലോ. പൂനം, തറയ്ക്കൽ വാരിയർ, മഴമംഗലം, നീലകണ്ഠൻ ഈ നാലു കവിപുംഗവന്മാരുടെ നാമങ്ങൾ മാത്രമേ നമുക്കു് ഏതത്സംബന്ധമായി അറിവാൻ ഇടവന്നിട്ടുള്ളു. വേറേയും ആ മാർഗ്ഗത്തിൽ പലരും സഞ്ചരിച്ചിരുന്നു എന്നുള്ളതിനു് ഇതുവരെ നമുക്കു കിട്ടീട്ടുള്ള ചമ്പുക്കൾ തന്നെ സാക്ഷ്യം വഹിക്കുന്നു.

ചമ്പൂകാരന്മാർക്കു സാമാന്യേന അനേകം വിശിഷ്ടങ്ങളായ സിദ്ധികൾ സ്വാധീനങ്ങളായിരുന്നു എന്നു് ആർക്കും സമ്മതിക്കാതെ നിവൃത്തിയില്ല. വാസന, വ്യുൽപത്തി, അഭ്യാസം ഇവ മൂന്നും യൗഗപദ്യേന അവരിൽ സമ്മേളിച്ചിരുന്നു. തന്നിമിത്തം അവർക്കു് ഏതു ജരൽപിണ്ഡസദൃശമായ കഥാശരീരത്തിലും വർണ്ണനാവൈചിത്ര്യത്താൽ ആകർഷകമായ ഒരു നീരോട്ടം വരുത്തുന്നതിനും ഇതിവൃത്തത്തിന്റെ ശുഷ്കാസ്ഥികളെ വചോവിലാസത്താൽ മാംസളമാക്കിത്തീർക്കുന്നതിനും അനായാസേന സാധിച്ചിരുന്നു. വാല്മീകിരാമായണത്തിലേ ശൂർപ്പണഖയല്ല രാമായണചമ്പുവിലേ ശൂർപ്പണഖ; ഭാഗവതത്തിലേ ബാലകൃഷ്ണനല്ല കംസവധത്തിലേ ബാലകൃഷ്ണൻ; ദേവീമാഹാത്മ്യത്തിലേ ദുർഗ്ഗയല്ല ഗൗരീചരിതത്തിലേ ദുർഗ്ഗ; കുമാരസംഭവത്തിലേ മന്മഥനല്ല കാമദഹനത്തിലേ മന്മഥൻ. ചമ്പൂകാരന്മാരുടെ കഥാനായകന്മാർക്കും ഇതരപാത്രങ്ങൾക്കും ഏറിയകൂറും ആ വശ്യവാക്കുകളുടെ മനോധർമ്മവൈഭവത്താൽത്തന്നെയാണു് പ്രാണപ്രതിഷ്ഠ ലഭിച്ചിട്ടുള്ളതു്. വർണ്ണനാചാതുരി, ശബ്ദാർത്ഥഘടനാസാമർത്ഥ്യം, രസപോഷണപ്രഗല്ഭത തുടങ്ങിയ കവനകലാവിഭൂതികൾ പലതും അവരെ സ്വയംഗ്രഹാശ്ലേഷം ചെയ്തിരുന്നു. തങ്ങൾക്കു സംസ്കൃതഭാഷയിൽ ഗദ്യപദ്യങ്ങൾ രചിക്കുന്നതിനുള്ള വൈദഗ്ദ്ധ്യം അവരിൽ പ്രമുഖന്മാരായ കവികൾ അവരുടെ പ്രബന്ധങ്ങളിൽ ആശ്ചര്യകരമാകുംവണ്ണം പ്രദർശിപ്പിച്ചിട്ടുണ്ടു്. രാജരത്നാവലീയത്തിൽ മന്ദാരമാലയേയും, നൈഷധത്തിൽ ദമന്തിയേയും, ചെല്ലൂരനാഥോദയത്തിൽ പാർവ്വതീപ്രതിഷ്ഠയേയും, ഗൗരീചരിതത്തിൽ വീരഭദ്രാഗമനത്തേയും, ഭാരതചമ്പുവിൽ കൈലാസപർവ്വതത്തേയും മറ്റും പറ്റിയുള്ള വർണ്ണനാത്മകങ്ങളായ ഗദ്യങ്ങൾ സംസ്കൃതത്തിൽ അത്തരത്തിലുള്ള ഏതു ഗദ്യങ്ങളോടും കിടനില്ക്കുവാൻ യോഗ്യങ്ങളാണു്. ചുരുക്കത്തിൽ മലയാളഭാഷയ്ക്കു ലഭിച്ചിട്ടുള്ള മഹനീയങ്ങളായ നിധികളിൽ ഒന്നാകുന്നു ചമ്പൂസമുച്ചയം എന്നു് ആർക്കും സധൈര്യം സമുൽഘോഷിക്കാം. യതിഭംഗം, പരസ്വാദാനം എന്നീ രണ്ടു പ്രധാനദോഷങ്ങളും നിരർത്ഥകങ്ങളായ പദങ്ങളുടെ പ്രയോഗം അർത്ഥഭേദം വരുത്താതെ ഒരു പദ്യത്തിൽ ഒരേ പദത്തിന്റെ ആവർത്തനം, കാശകുശാവലംബന പ്രായത്തിലുള്ള ദ്വിതീയാക്ഷരപ്രാസവിന്യാസം, അപലപനീയമായ അനുകരണഭ്രമം, സംസ്കൃതപദങ്ങളുടേയും ഭാഷാപദങ്ങളുടേയും തീരെ പൊരുത്തമില്ലാത്തതരത്തിലുള്ള സംയോജനം എന്നീ സാമാന്യവൈകല്യങ്ങളും ആ രത്നങ്ങളിൽ അങ്ങിങ്ങു കീടാനുവിദ്ധത വരുത്തുന്നുണ്ടു്. ചമ്പൂകാരന്മാരുടെ മംഗലശ്ലോകങ്ങളിൽപ്പോലും ഗ്രാമ്യമായ ശൃംഗാരത്തിന്റെ ലാഞ്ഛനം പ്രായികമായുണ്ടെന്നുള്ള പരമാർത്ഥവും സമ്മതിക്കേണ്ടിയിരിക്കുന്നു. ഈവക കുറവുകളും കുറ്റങ്ങളും തള്ളിനോക്കിയാലും അവശേഷിക്കുന്നതു് അഭൗമമായ ഒരു കാവ്യസമ്പത്താണു്. ആധുനികന്മാരുടെ ദൃഷ്ടിയിൽ ആ പൂർവ്വസൂരികളുടെ അത്യധികമായ സംസ്കൃതപ്രയോഗം ഒരപരാധമായിരിക്കാം; പക്ഷേ അവർ അക്കാലത്തെ സഹൃദയന്മാരെ രസിപ്പിക്കുന്നതിനുവേണ്ടിയാണു് തങ്ങളുടെ പ്രബന്ധങ്ങൾ നിർമ്മിച്ചതെന്നുള്ള തത്ത്വം നാം വിസ്മരിക്കരുതു്. സംസ്കൃതത്തിന്റെ അനുക്ഷണമുള്ള മർദ്ദംനിമിത്തം ലീലാതിലകത്തിന്റെ കാലത്തുപോലും അനേകം പഴയ മലയാളപദങ്ങൾ ഭാഷാസാഹിത്യത്തിൽ നിന്നു് അന്തർദ്ധാനം ചെയ്തുകഴിഞ്ഞിരുന്നു. എങ്കിലും ചമ്പൂകാരന്മാർ അവരുടെ മുഴുത്ത സംസ്കൃതപക്ഷപാതത്തിന്നിടയിൽ പ്രാചീനപദങ്ങളേയും ഗൗണപ്രയോഗങ്ങളേയും പുനരുജ്ജീവിപ്പിച്ചു നമുക്കു സമ്മാനിച്ചിട്ടുണ്ടെന്നു കാണുന്നതിൽ നമുക്കു് അവരുടെ നേർക്കു് കൃതകേതരമായ കൃതജ്ഞത ഉണ്ടായിരിക്കേണ്ടതാണു്.

29.17ഭാഷാദണ്ഡകങ്ങൾ, ലക്ഷണം

ചമ്പൂകാരന്മാർ അവരുടെ കൃതികളിൽ ഗദ്യത്തിന്റെ ഒരു അവാന്തരവിഭാഗമെന്ന നിലയിൽ ദണ്ഡകങ്ങൾകൂടി ഘടിപ്പിച്ചിട്ടുണ്ടെന്നു നാം കണ്ടുവല്ലോ. ആ ദണ്ഡകങ്ങൾ സംസ്കൃതദണ്ഡകങ്ങളിൽനിന്നു വിഭിന്നങ്ങളാണു്. ദണ്ഡം (വടി) പോലെ നീണ്ടുപോകുന്നതുകൊണ്ടാണു് അതിനു് ആ പേർ സിദ്ധിച്ചതെന്നു വൃത്തമഞ്ജരീകർത്താവു് ഊഹിക്കുന്നു. ഇക്ഷുദണ്ഡികയും വംശയഷ്ടികയുമാകുന്നു ചമ്പുക്കളിൽ കാണുന്ന പ്രധാന ദണ്ഡകങ്ങൾ. ഓരോ ദണ്ഡകത്തിനും നന്നാലു പദങ്ങൾവീതം വേണമെന്നു് ആദ്യകാലത്തു നിയമമുണ്ടായിരുന്നു. ആ വസ്തുത പത്താം ശതകത്തിന്റെ ഒടുവിൽ ആട്ടക്കഥകളെഴുതിയ ചില കവികൾ വിസ്മരിച്ചു ത്രിപാദിയായും മറ്റും ദണ്ഡകങ്ങൾ രചിച്ചു തുടങ്ങി! അവയ്ക്കാണ് വൃത്തമഞ്ജരിയിൽ ത്രിഖണ്ഡിക എന്നു നാമകരണം ചെയ്തിരിക്കുന്നതു്. അങ്ങനെയുള്ള ദണ്ഡകങ്ങൾ നിയമച്യുതങ്ങളും അസുന്ദരങ്ങളുമാകുന്നു. ചണ്ഡവൃഷ്ടിപ്രയാതമെന്ന ദണ്ഡകത്തിന്റെ മാതൃക ചമ്പുക്കളിലോ ആട്ടക്കഥകളിലോ കണ്ടിട്ടില്ല.

29.18ചമ്പുക്കളിലെ ദണ്ഡകം

ഒരു ദണ്ഡകമെങ്കിലും ഇല്ലാത്ത ചമ്പുക്കൾ ചുരുക്കമാണു്. രാമായണത്തിൽ പുനം, വരണമണ്ഡപപ്രവിഷ്ടയായ സീതാദേവിയുടെ സൗന്ദര്യത്തെ വർണ്ണിക്കുന്ന

“അല്ലോടിടഞ്ഞു പടതല്ലുന്ന കുന്തളസ
മുല്ലാസിഗണ്ഡമലർമാലം;
അല്ലൽപെടു മതികലയെ വെല്ലുമൊരു നിടിലതട
ഫുല്ലമൃഗമദതിലകബാലം;
അലർബാണവീരനെറി വിളയാടുമോമൽമിഴി
കലകൊണ്ടു കണ്ണിനനുകൂലം;
അലമമലകുഴയിണയിൽ വിലസുമണിമണിരുചിഭി
രൊളിവിളയുമനുപമകപോലം”
ഇത്യാദിയായ ഇക്ഷുദണ്ഡികാദണ്ഡകം സുപ്രസിദ്ധമാണല്ലോ. ആ ദണ്ഡകത്തിലെ പ്രഥമപാദം മാത്രമാണു് മുകളിൽ ഉദ്ധരിച്ചിരിക്കുന്നതു്. താഴെക്കാണുന്ന വംശയഷ്ടികാദണ്ഡകം നീലകണ്ഠകവിയുടെ ചെല്ലൂരനാഥോദയത്തെ അലങ്കരിക്കുന്നു:

“ഭൂമീസുരാ ദധതി സീമാതിവൃത്തമൊരു
ഭൂമാനമാമധുരഭീമാഃ;
പുകൾപെരിയ കൗമാ-രകവയസി മാമാ!
മികവൊടൊരു മതിമഹിമ തടവി മുഹുരതിവിമല
മഖിലജനനയനപുടസോമാഃ;(1)
സാവിത്രിയാമൊരു സവിത്ര്യാം പിറന്നു പുന
രാബദ്ധചാരുഗുരുസേവാഃ;
സവിതൃസമശോഭാ-ശ്ശിവനിയതഭാവാ
ദിവസമനു നിയമമയജലധികളിലനുകലിത
പരമകിടിപരിവൃഢവിഭാവാഃ;(2)
സാഹിത്യതന്ത്രകൃതഗാഹക്രമാ മഹിത
ഗാർഹസ്ഥ്യമാർന്നു ചരിതാർത്ഥാഃ;
സുകൃതഗുണജൈത്രാ-സ്സുഖവിദിതശാസ്ത്രാഃ
സുവിരചിതധരണിസുരവിബുധപിതൃപരിചരണ
മുദിതതരശുഭതനയപൗത്രാഃ;(3)
പാലാഴിചാരുപുകൾമാലാമയം കലിത
ലീലം പ്രപൂര്യ ജഗദന്തേ,
പല വചനബന്ധേ – ഫലവിഭവമെന്തേ? -,
നലമുടയ ധരണിസുരകുലപതികളവരതുല
ഗുണഗരിമ തടവി വിജയന്തേ.”(4)
മറ്റു ദണ്ഡകങ്ങൾ
ഏഴു മുതൽ ഒൻപതു വരെ ശതകങ്ങളിലെ മണിപ്രവാളകവികൾ മുക്തകങ്ങൾ എന്ന നിലയിലും ദണ്ഡകങ്ങൾ നിർമ്മിച്ചുവന്നിരുന്നു. അവ പ്രായേണ ശൃംഗാരരസപ്രധാനങ്ങളും ഭക്തിഭാവപ്രധാനങ്ങളുമാണു്. രണ്ടുതരത്തിലുള്ള ദണ്ഡകങ്ങൾക്കും ഓരോ ഉദാഹരണങ്ങൾ ഉദ്ധരിക്കാം. രണ്ടും ഏഴാം ശതകത്തിലേയോ എട്ടാം ശതകത്തിലേയോ കൃതികളായിരിക്കുവാൻ ന്യായമുണ്ടു്.

1 നായികാനുനയം:
“പൈന്തേനുതിർന്ന മൊഴി! സന്താപവൻകടലിൽ
വെന്തീടുമെന്നെ വെടിയാതേ!
പന്തണിയുമണിമുലയിലും തുടകളതിലുമുട
നിന്ദുമുഖി വിറയൽ കലരാതേ!
പടതല്ലി മുല്ലമലർചരവില്ലെ വെല്ലുമൊരു
കുനുചില്ലിവല്ലി കുലയാതേ!
പരുഷമുരുകലുഷതയിൽ മുഴുകുമണിമിഴിമുനയി
ലൊരു വിഷമഗതികൾ തുടരാതേ!(1)
വിശ്വാഭിരാമമുഖി! നിശ്വാസപാതമിത
വിശ്രാന്തമെന്തിനുതിരുന്നൂ?
വിശ്വസിഹി മയി പര, മവിശ്രമമിതണിമുലയി
ലശ്രു ബത! കിമിതി ചിതറുന്നൂ?
വിമലം കപോലഭുവി കമലം തൊഴുന്ന മുഖി!
കിമു ഘർമ്മബിന്ദു കലരുന്നൂ?
വിവശതയൊടഗതിയിത! മയി സുദതി കലഹമിഹ
കളവതിനു പലതരമിരന്നൂ.(2)
വെൺതിങ്കളുണ്ടു നെറി ചിന്തും മഹേന്ദ്രദിശി
ചന്തം കലർന്നു നിവിരുന്നൂ;
വെന്തുരുകുമുടലിനുടനന്തകനുമലർചരനു
മന്തിയുമിതൊരുമ കലരുന്നൂ;
വെരുളും വിയോഗിജനമിരുളുംപ്രകാരമൊരു
കുളിർവെണ്ണിലാവിത വരുന്നൂ;
വെളിറുമൊരു കുമുദമലർമധു പെരുകി മദമിളകി
മധുരതരമളികൾ മുരളുന്നൂ.(3)
നിന്നാണെ വെള്ളയിലമർന്നോമലേ ബത! പു
ണർന്നീല ഞാനപരവാമാം;
നിന്നരികിലായി സുമുഖി! വന്നിനിയ കുളുർമുലയി
ലൊന്നു മമ കിമപി പുണരാമോ?
നിതരാമണഞ്ഞു പുനരധരാമൃതം ഭുവന
മധുരാംഗി! ഹന്ത! നുകരാമോ?”
… … … … …(4)

2 ഗുരുവായൂരപ്പൻ:
“നീരാൽ നനഞ്ഞുപരി ധാരാധരങ്ങളൊടു
പോരാടി വെന്ന കചഭാരം;
നീരരുഹമുഴുമതികൾ നേരിടുകിലഴൽ പെരുകി
നീറുമണിവദനരുചിപൂരം;
നിറമാർന്ന ഭൃംഗനിര നെറി മാഞ്ഞു കൈതൊഴുത
തരളാളകാകുലമുദാരം;
നിരതിശയകരുണ തകുമിരുൾനയനയുഗവിഹിത
ശശിമിഹിരഗുരുമഹിമസാരം.(1)
വാരാർന്ന രത്നചയസാരാഭകുണ്ഡലരു
ചാരൂഢനിർമ്മലകപോലം;
വാരിധരപടുനിനദധീരതരമധുരവച
നാരചിതശിഖിനടനലീലം;
വിരളസ്മിതോല്ലസിതതരളാധരം മൃദുല
മുരളീനിനാദമതിവേലം;
വരദരവുമരിയുമൊരു സരസിജവുമുരുഗദയു
മിയലുമൊരു കരതലവിലോലം.
… … … … …(2)
നാരായണാച്യുത കൃപാരാമമേ കരുവ
യൂരമ്പുമുമ്പർപെരുമാളേ!
നാരദനു മനസി നിജസാരതരസുഖവിഭവ
പൂരമതുമരുളുവതിനാളേ!
നരനായ്പ്പിറന്നു തവ ചരണാർച്ചനം തടവി
മരുവുന്നതെൻമനസി കോളേ!
നരകഭയമരുതരുതു സുരപുരിയുമൊരുപൊഴുതു
ജനിമരണമറുക വഴിപോലേ.”(3)
ഓരോ പാദത്തിലുമുള്ള നാലു ഖണ്ഡങ്ങളിലും അന്ത്യപ്രാസം ഘടിപ്പിക്കുന്നതു് അക്കാലത്തേ കവികൾ ആകർഷകതാധായകമെന്നു കരുതിയിരുന്നു എന്നു മേലുദ്ധരിച്ച വരികൾ ജ്ഞാപകമാണു്. സംസ്കൃതത്തിലോ തമിഴിലോ ഇത്തരത്തിൽ ദണ്ഡകങ്ങളില്ലാത്തതുകൊണ്ടു് ഇതിനെ ഭാഷാസാഹിത്യത്തിന്റെ പ്രാചീനങ്ങളായ പ്രത്യേക സ്വത്തുക്കളിൽ ഒന്നായി പരിഗണിക്കാവുന്നതാണെന്നു ഞാൻ മുമ്പുതന്നെ നിർദ്ദേശിച്ചിട്ടുണ്ടു്. ഉണ്ണിയാടിചരിതത്തിൽപ്പോലും ഇക്ഷുദണ്ഡികക്കു പ്രവേശം നല്കിക്കാണുന്നുണ്ടല്ലോ. ബഹുമൂല്യമായ ഒരു സ്വത്താണു് ഇതെന്നു സാഹിത്യമർമ്മജ്ഞന്മാർ അഭിമാനിക്കുന്നതും അയുക്തരൂപമല്ല.

29.19ഭരതവാക്യം, ഇതിവൃത്തം

ഭരതവാക്യത്തിനു കൂട്ടപ്പാഠകമെന്നും പേർ പറയുന്നു. പ്രസ്തുതകൃതിയുടെ ഉത്ഭവത്തെപ്പറ്റി ഒരൈതിഹ്യം കേട്ടിട്ടുണ്ടു്. ഒരു കവി ഒരിക്കൽ ഒരു നമ്പൂതിരിയുടെ ഇല്ലത്തു ചെന്നു. അന്നു് ഇല്ലത്തെ കാര്യവിചാരക്കാരൻ ഒരു അപ്ഫനും അദ്ദേഹത്തിന്റെ പരിഗ്രഹം ഒരു നായർസ്ത്രീയുമായിരുന്നു. കാര്യസ്ഥനായിട്ടു് ഒരു ഇളയതും ഉണ്ണികളെ വായിപ്പിക്കുവാൻ ഒരു പിഷാരടിയുംകൂടി അവിടെ ഉണ്ടായിരുന്നു. അപ്ഫന്റെ ശുദ്ധഗതിയും പരിഗ്രഹത്തിന്റെ ദുരയും കാര്യസ്ഥന്റെ ഭരണദോഷവും കൂടി യോജിച്ചപ്പോൾ ഇല്ലത്തെ സ്വത്തു മുഴുവൻ നശിച്ചു. അതുകണ്ടു പ്രസ്തുതകവി വ്യസനിച്ചു ഭരതവാക്യം എന്ന നാടകം ഉണ്ടാക്കി അമ്പലവാസികൾക്കു് അഭിനയിക്കുവാൻ സമ്മാനിച്ചു. ഈ ഐതിഹ്യം മുഴുവൻ വിശ്വസനീയമാണെന്നു തോന്നുന്നില്ല. ഹാസ്യരസപ്രധാനവും അഭിനയയോഗ്യവുമായ ഒരു കൃതി ആരോ രചിക്കുകയും അതു മംഗലാവസരങ്ങളിൽ തങ്ങളുടെ ഗൃഹങ്ങളിൽ ഒരു വിനോദമെന്ന നിലയിൽ രംഗത്തിൽ പ്രയോഗിക്കുവാൻ കേരളത്തിലെ പ്രഭുക്കന്മാർ അമ്പലവാസികൾക്കു അനുവാദം നൽകുകയുംചെയ്തു എന്നു് ഊഹിക്കുന്നതായിരിക്കും യുക്തിക്കു് ഇണങ്ങുന്നതു്. പ്രഭുഗൃഹങ്ങളിൽ കല്യാണം, പന്ത്രണ്ടാമ്മാസം മുതലായ അടിയന്തരങ്ങൾക്കു് അമ്പലവാസികളെക്കൊണ്ടു് അതു സമീപകാലത്തുപോലും ആടിച്ചിരുന്നതായി കേൾവിയുണ്ടു്. ഇന്നും ഉൾനാടുകളിൽ ആ ചടങ്ങിനു് അങ്ങിങ്ങു പ്രചാരമുണ്ടായിരിക്കണം. സന്തതിക്കു വിശേഷമെന്നാണു് വയ്പു്.

നായ്ക്കരപ്ഫൻ (വങ്കാളനായ്ക്കർ) എന്ന പാത്രം അപ്ഫനേയും ഇളയതു കാര്യസ്ഥനേയും പിഷാരടി ഗുരുനാഥനേയും ഇട്ടിപ്പെണ്ണു് അപ്ഫന്റെ പരിഗ്രഹത്തേയും വൃദ്ധ ഇട്ടിപ്പെണ്ണിന്റെ മാതാവിനേയും പറങ്ങോടൻ (പരക്രോഡൻ) ഇല്ലത്തെ ദാസനേയും മാപ്പ ദാസിയേയുമാണു് സൂചിപ്പിക്കുന്നതു്. ഭരതൻ, ന്യായപാദൻ ഇവർ ആരാണെന്നു മനസ്സിലാകുന്നില്ല. തിരുവിതാംകൂർ ഗവർമ്മേന്റിൽനിന്നു ഭരതവാക്യം എന്ന പേരിലും ഭാഷാപ്രകാശത്തിന്റെ പ്രകാശകന്മാർ ആ മാസികയിൽ കൂട്ടപ്പാഠകം എന്ന പേരിലും അച്ചടിപ്പിച്ച ഗ്രന്ഥങ്ങൾക്കു തമ്മിൽ അനവധി പാഠഭേദങ്ങൾ കാണ്മാനുണ്ടു്. ഇട്ടുണ്ണി, ഭട്ടൻ മുതലായ ചില പാത്രങ്ങൾകൂടി കൂട്ടപ്പാഠകപ്പതിപ്പിൽ കടന്നുകൂടിയിരിക്കുന്നു. ഇട്ടുണ്ണി ഇട്ടിപ്പെണ്ണിന്റെ ജാരനാണു്. ഭരതവാക്യം വിപുലീകരിച്ചതാണു് കൂട്ടപ്പാഠകം എന്നു ചുരുക്കത്തിൽ പറയാം.

മേല്പുത്തൂർഭട്ടതിരിയാണു് പ്രസ്തുതകൃതിയുടെ പ്രണേതാവു് എന്നു പറയുന്നവർ സൂക്ഷ്മദൃക്കുകളല്ല. ഭട്ടതിരി യാതൊരു ഭാഷാഗ്രന്ഥവും രചിച്ചിട്ടില്ല. ‘ഭാര്യാവിയോഗമരുതെന്നൊരു ഗ്രന്ഥമസ്തി. “തിക്കാരമല്ല തിരിയായ്ക ക്ഷമിച്ചുകൊൾക’ എന്നും മറ്റും ഹതവൃത്തങ്ങളായ പദ്യങ്ങൾ ആ മഹാകവിയുടെ രസനയിൽനിന്നു് ഒരിക്കലും നിർഗ്ഗമിക്കുന്നതല്ലല്ലോ. ഭരതവാക്യത്തിൽ ചില നല്ല ശ്ലോകങ്ങളും അനേകം പൊട്ടശ്ലോകങ്ങളും കാണാം; തോലന്റേയും മറ്റും പഴയ ശ്ലോകങ്ങൾ പകർത്തീട്ടുമുണ്ടു്. തന്റെ ഗുരുനാഥന്റെ വംശജനായ ഒരാളെ ഭട്ടതിരി ‘ധൂർത്താഗ്രേസരവൈഷ്ണവാധിപനിവൻ’ എന്നു് ഒരിക്കലും ശകാരിക്കുവാൻ ഒരുമ്പെടുന്നതല്ലെന്നുകൂടി പറയേണ്ടിയിരിക്കുന്നു. മാമാങ്കത്തെപ്പറ്റിയുള്ള സ്മരണം പ്രകടമായി കാണുന്നതുകൊണ്ടു് കവിയുടെ ജന്മഭൂമി അതിനു സമീപമുള്ള വല്ല പ്രദേശവുമാണെന്നു സങ്കല്പിക്കാം. “പുതിയെടത്തമ്പും രമാവല്ലഭ” ന്റെ സ്തുതിയായി ഒരു നാന്ദിശ്ലോകം ഭാഷാപ്രകാശത്തിൽ മുദ്രിതമായ ഗ്രന്ഥത്തിൽ കാണുന്നുണ്ടു്. എന്നാൽ തിരുവിതാംകൂർ ഗവർമ്മെന്റുവക പുസ്തകത്തിൽ അതില്ല. പുതിയെടം ഏതു സ്ഥലമാണെന്നു് അറിഞ്ഞുകൂടാ. ഗ്രന്ഥത്തിന്റെ കാലം എട്ടാംശതകംതന്നെയാണെന്നുള്ളതിനു സംശയമില്ല. ‘മതിയുണ്ടു്’ തുടങ്ങിയ പഴയ പ്രയോഗങ്ങൾ അതിൽ ദുർല്ലഭങ്ങളല്ല.

29.20ഭരതവാക്യത്തിന്റെ സ്വരൂപം

പ്രസ്തുത കൃതിക്കു പ്രഹസനത്തിന്റെ ചില ലക്ഷണങ്ങളുണ്ടു്.

“വക്ത്രാംഭോജാൽ കദാചിന്നതു കമലഭുവാ മുച്യതേ ഭാരതീസാ
… … … വിജയതേ മാന്മഥോയം വിലാസഃ”
എന്നൊരു സംസ്കൃതശ്ലോകമുണ്ടല്ലോ; അതാണു് നാന്ദിയുടെ സ്ഥാനത്തു പ്രയോഗിച്ചിരിക്കുന്നതു്. പാത്രനിർദ്ദേശങ്ങളും ഗദ്യങ്ങളും സംസ്കൃതത്തിൽത്തന്നെ വിരചിതങ്ങളായിരിക്കുന്നു. ‘തതഃ പ്രവിശതി പിഷാരടിഃ—ദീർഗ്ഘം നിശ്വസ്യ—ഹേ പാന്ഥ വിദ്വൻ, ക്ഷണമാത്രമത്ര സ്ഥീയതാം; അത്രവടമൂലനിവാസിനഃ കസ്യചിൽ പുരുഷവരസ്യ ക്ലേശാപനോദനാർത്ഥം കാചിൽ കഥാ കഥ്യതാം’ ഇത്യാദി ഭാഗങ്ങൾ നോക്കുക. പദ്യങ്ങൾ പ്രായേണ മണിപ്രവാളരീതിയിൽ സംസ്കൃതവൃത്തങ്ങളിൽ നിബന്ധിച്ചിരിക്കുന്നു എങ്കിലും “കഷ്ടം കഷ്ടമിതിഷ്ടം വരുവാനിട്ടിപ്പെണ്ണിൻ ചരിതം കേട്ടാൽ മട്ടലർബാണനുമൊട്ടല്ലവളുടെ ചട്ടം കണ്ടാലതിദൂരത്തു്” എന്നു ഒരു ദ്രാവിഡവൃത്തഗദ്യവും ഘടിപ്പിച്ചിട്ടുണ്ടു്. ചില ശ്ലോകങ്ങൾ തീരെ അശ്ലീലങ്ങൾതന്നെ. പക്ഷേ ഒടുവിൽ

“ഏതൽ പഠിച്ചഭിനയിക്കുമവർക്കു മേന്മേ
ലാപത്തു പോന്നനുഭവിക്കയിളയ്ക്കലാഞ്ഞു;
കൂടെക്കലർന്നു ചില സംഗതികൊണ്ടു ശബ്ദഃ
ശ്രീമന്മുകുന്ദപദപത്മകഥാനുബന്ധീ”
എന്നു സാക്ഷാൽ ഭരതവാക്യം കാണുന്നതുകൊണ്ടു കവിക്കു സന്മാർഗ്ഗപരമായ ഉദ്ദേശ്യവും പ്രസ്തുതരൂപകത്തിന്റെ രചനയിൽ നിഗൂഢമായി ഉണ്ടായിരുന്നു എന്നു് ഉദ്ദേശിക്കേണ്ടിയിരിക്കുന്നു. “ചിത്തം നാരായണങ്കൽസ്സതതമിദമുറപ്പിച്ചു ചെയ്യേണമെന്നാൽ തത്വജ്ഞാനം ലഭിച്ചൻപൊടു ചരമവിധൗ മുക്തിയും വന്നുകൂടും” എന്നു് അതിനു് ഉപോൽബലകമായി മറ്റൊരു പ്രസ്താവനയും കാൺമാനുണ്ടു്. ഈ കൃതിയിലെ ചില ശൃംഗാരശ്ലോകങ്ങൾ:

കനിഷ്ഠ: “ചിറകടിനിനദംകൊണ്ടംബരാന്തം മുഴക്കി
പ്പരിചിനൊടരയന്നം വാഴ്കയാലിന്നളിന്യാം
സരസിജമധുവുണ്ണും ചഞ്ചളീകക്കിടാങ്ങൾ-
ക്കൊരുദിനമൊരുനേരംചെന്നുപോരാൻ പ്രയാസം.”
ഇട്ടിപ്പെണ്ണു്: “ജലനിധിയിലിറങ്ങിച്ചെന്നു പോരുന്നിതല്ലോ
പലരു, മതു വിചാരേ പേടിയാവോന്നു നൂനം;
ചില തിരകൾ കളിച്ചും ചെന്നുപോന്നും തിരഞ്ഞും
തിരകൾ തരമറിഞ്ഞാലില്ലതാനും പ്രയാസം.”

ചില ഹാസ്യശ്ലോകങ്ങൾ:
പിഷാര: “കരിമ്പു വില്ലായതു മന്മഥന്നു;
വളം കരിമ്പിന്നു വെളുത്ത വെണ്ണീർ,
വില്ലിൻ ബലേനൈവ ശരസ്യ വേഗം;
ശൃംഗാരിണാം ഭസ്മ തതഃ പ്രശസ്തം.”
പരക്രോഡ: “പ്രാരോടിയച്ചനിവളോടു നിനയ്ക്കവേണ്ടാ;
ഞാനുണ്ടിവൾക്കു മതുവും കിതുവും കൊടുപ്പാൻ;
എന്നോടൊളിച്ചിവളെ നിങ്ങൾ കളിച്ചുവെങ്കി
ലെന്നാണ ഞാനനുമതിക്കുമെനിക്കുവേണ്ടി.”
മാപ്പ: “പ്രാരോടി വന്നു കവി കെട്ടിന ശ്ലോകമെല്ലാ
മങ്ങേപ്പുറത്തു കുമരച്ചനു പോമിളേതേ;
നമ്മാണ കേൾപ്പിനെതിരിക്കൊരപിപ്പിരായം:
എള്ളോളമില്ല ചുവ ചക്കരയും കരിമ്പും.”
“മീശയാ ശോഭതേ മോന്താ” എന്ന സുപ്രസിദ്ധമായ ശ്ലോകം തോലകൃതമെന്നാണു് കേട്ടിട്ടുള്ളതു്; അതിനും ഭരതവാക്യത്തിൽ പ്രവേശനം നൽകിക്കാണുന്നു.

ഇദംപ്രഥമമായി മണിപ്രവാളപദ്യങ്ങൾ കൂട്ടിയിണക്കി ഭാഷയിൽ രൂപകച്ഛായയിൽ നിർമ്മിച്ച പ്രസ്തുതകൃതിയുടെ പ്രണേതാവിനെ അദ്ദേഹം ആരായാലും, കൃതജ്ഞതാപൂർവ്വം സ്മരിക്കേണ്ടതുണ്ടു്.

29.21പൂന്താനം നമ്പൂതിരി, ജീവചരിത്രം

മേൽപ്പുത്തൂർനാരായണഭട്ടതിരിയുടെ സമകാലികനായ ഒരു ഭാഷാകവിയാണു് പൂന്താനത്തു നമ്പൂരി. അദ്ദേഹത്തിന്റെ ഇല്ലം തെക്കേമലയാളത്തിൽ വള്ളുവനാട്ടു താലൂക്കു നെന്മേനി അംശത്തിലായിരുന്നു. ഓത്തില്ലാത്ത ഒരു കുടുംബത്തിലെ അംഗമെന്നാണു് കേട്ടിട്ടുള്ളതു്. പേരെന്തെന്നു് അറിഞ്ഞുകൂടാ. ‘ബ്രഹ്മദത്തൻ’ എന്നു ചിലർ പറയുന്നതിനു് ആസ്പദമൊന്നും കാണുന്നില്ല. ഇല്ലത്തിൽ വളരെ സ്വത്തുണ്ടായിരുന്നുവത്രേ. നീലകണ്ഠൻ എന്ന ഒരു നമ്പൂരിയായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥൻ. “ശ്രീനീലകണ്ഠപദപാംസുലവപ്രസാദാൽ ശ്രീകൃഷ്ണലീലകളിവണ്ണമൊരോന്നു ചൊന്നേൻ” എന്നു ശ്രീകൃഷ്ണകർണ്ണാമൃതത്തിൽ കവി ആ ഗുരുവിനെ സ്മരിച്ചിട്ടുണ്ടു്. കുമാരാഹരണം (സന്താനഗോപാലം) പാനയിലും “ശ്രീനീലകണ്ഠനെൻ ഗുരുനാഥന്റെ ശ്രീപാദങ്ങളും വാഴ്ക വിശേഷിച്ചും” എന്നു പ്രസ്താവിച്ചു കാണുന്നു. സാമാന്യമായ ലോകവ്യുല്പത്തിയല്ലാതെ വ്യാകരണാദിശാസ്ത്രജ്ഞാനം സമ്പാദിക്കുന്നതിനു പൂന്താനത്തിനു സാധിച്ചില്ല. എന്നാൽ വളരെക്കാലം ഗുരുവായൂരമ്പലത്തിൽ ശ്രീകൃഷ്ണനെ ഐകാഗ്ര്യത്തോടുകൂടി ഭജിക്കുന്നതിനും ഭാഗവത പാരായണം കേൾക്കുന്നതിനും തദ്വാരാ അസുലഭമായ ഭഗവൽഭക്തി സിദ്ധിച്ചു ജീവന്മുക്തനായി ലോകയാത്ര ചെയ്യുന്നതിനും അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പൂന്താനം ഉദ്ദേശം തൊണ്ണൂറോളം വയസ്സുവരെ ജീവിച്ചിരുന്നതായി ഭാഷാകർണ്ണാമൃതത്തിലെ

“കണ്ണൻ കളിക്കും കളികോപ്പു കാണ്മാ
നെന്നേ കൊതിക്കുന്നു ദയാംബുരാശേ!
ത്വന്നാമസങ്കീർത്തനമെണ്ണിയെണ്ണി
ത്തൊണ്ണൂറടുത്തൂ, പരിവത്സരം മേ”
എന്ന ശ്ലോകത്തിൽനിന്നു സ്പഷ്ടമാകുന്നു. കർണ്ണാമൃതം അദ്ദേഹത്തിന്റെ ഒടുവിലത്തെ കൃതിയായിരുന്നു എന്നു വരാവുന്നതാണു്; വളരെക്കാലം ഗുരുവായൂരപ്പനെ സേവിച്ചു് ഒടുവിൽ പ്രായാധിക്യംകൊണ്ടു ഗുരുവായൂർക്കു പോകുവാൻ സാധിക്കയില്ലെന്നു യാത്ര പറഞ്ഞു പിരിയുകയും അപ്പോൾ “ഞാനവിടെ ഇടത്തുപുറത്തുണ്ടായിരിക്കും” എന്ന ഭഗവദ്വാകം സ്വപ്നത്തിൽ ശ്രവിക്കുകയാൽ തദനുസാരേണ തിരുമാന്ധാംകുന്നിനു സമീപം ഇടത്തുപുറത്തായി അവിടത്തെക്കാണുകയും ഉടനെ അവിടെ ഒരു ക്ഷേത്രം നിർമ്മിച്ചു് അതിൽ തന്റെ ഇഷ്ടദേവതയെ പ്രതിഷ്ഠിച്ചു് ആ ഭക്തശിരോമണി നിത്യഭജനം തുടർന്നുകൊണ്ടുപോവുകയും ചെയ്തതായി പുരാവൃത്തം ഘോഷിക്കുന്നു. അതാണു് പൂന്താനത്തിന്റെ “വാമപുരം”.

ചില ഐതിഹ്യങ്ങൾ
പൂന്താനം സന്താനഗോപാലം പാന നിർമ്മിച്ചതു ഗുരുവായൂർവച്ചായിരുന്നു. അക്കാലത്താണു് മേല്പുത്തൂരിന്റെ നാരായണീയരചനയും. താൻ അന്നന്നു എഴുതുന്ന വരികൾ കുചേലൻ തന്റെ ധാനാമുഷ്ടി എങ്ങിനെ ശ്രീകൃഷ്ണനോ അങ്ങനെ ആ ഭാഗവതോത്തമൻ ഭട്ടതിരിക്കു സമർപ്പിക്കുകയും ഭട്ടതിരി അവ തിരുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഒരു ദിവസം നമ്പൂരിയുടെ ശല്യം അസഹ്യമായിത്തീരുകയാൽ “ഭാഷാകവിതയിൽ പിഴയില്ലാതെ കാണുമോ?” എന്നു തല്ക്കാലമുണ്ടായ ഹൃദയക്ഷോഭത്തിനു വശംവദനായി ഭട്ടതിരി പറഞ്ഞുപോയി. അന്നു രാത്രി ആ മഹാകവിയുടെ വാതരോഗം അധികമാവുകയും സ്വപ്നത്തിൽ ഭഗവാൻ “ഭട്ടതിരിയുടെ വിഭക്തിയെക്കാൾ എനിക്കു പൂന്താനത്തിന്റെ ഭക്തിയാണു് ഇഷ്ടം” എന്നു് അരുളിച്ചെയ്കയും ചെയ്തു. ഭട്ടതിരിയുടെ പാണ്ഡിത്യമദം അതോടുകൂടി പമ്പകടന്നു; അന്നു പൂന്താനത്തിനും സ്വപ്നത്തിൽ ഭഗവദ്ദർശനം സിദ്ദിക്കുകയും അപ്പോൾ കണ്ട വിധത്തിൽ അദ്ദേഹം ആ പാനയിൽ വൈകുണ്ഠത്തെ വർണ്ണിക്കുകയും ചെയ്തുവത്രേ. ഭട്ടതിരി തിരുത്തിക്കൊണ്ടിരുന്നതു കർണ്ണാമൃതമാണെന്നു ചിലർ പറയുന്നതു യുക്തിസഹമല്ല; എന്തെന്നാൽ അന്നു് അദ്ദേഹം സാമാന്യം വർഷീയാന്റെ അവസ്ഥയിൽ എത്തിയിരുന്നു എന്നും സ്വഗൃഹം വിട്ടു പുറത്തിറങ്ങി സഞ്ചരിക്കാവുന്ന ഒരു കാലമല്ലായിരുന്നു അതെന്നും നാം കണ്ടുകഴിഞ്ഞുവല്ലോ. ഇനി മറ്റൊരൈതിഹ്യത്തെപ്പറ്റി പറയാം. ഒരിക്കൽ പൂന്താനം ഗുരുവായൂർക്കു തൊഴാൻ പോകയായിരുന്നു. വഴിക്കു സന്ധ്യാസമയത്തു വീടുംകുടിയുമില്ലാത്ത ഒരു സ്ഥലത്തെത്തിയപ്പോൾ തട്ടിപ്പറിക്കാരനായ ഒരു മാപ്പിള അദ്ദേഹത്തെ പിടികൂടി. നമ്പൂരി ഭയചകിതനായി

യാ ത്വരാ ദ്രൗപദീത്രാണേ യാ ത്വരാ കരിരക്ഷണേ
മയ്യാർത്തേ കരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ?”
എന്നു് അതികരുണമായി ആക്രന്ദനം ചെയ്തു. ആ സമയത്തു സാമൂതിരിപ്പാട്ടിലെ മന്ത്രിയായ മങ്ങാട്ടച്ചൻ അശ്വാരൂഢനായി അവിടെ എത്തുകയും അദ്ദേഹത്തെ ഘാതകനിൽനിന്നു രക്ഷിക്കുകയും ചെയ്തു. അങ്ങനെ ചെയ്തതു സാമൂതിരിപ്പാട്ടിലെ പടനായകനായ കരുണാകരമേനോനാണെന്നും ചിലർ പറയുന്നു. കൃതജ്ഞനായ പൂന്താനം അപരിചിതനായ അദ്ദേഹത്തിനു തന്റെ കയ്യിലുണ്ടായിരുന്ന മോതിരം സമ്മാനിക്കുകയും അദ്ദേഹം അതു വാങ്ങിപ്പോകുകയും ചെയ്തു. അടുത്ത ദിവസം പൂന്താനം ഗുരുവായൂരിൽചെന്നു തൊഴുതപ്പോൾ അവിടുത്തെ ശാന്തിക്കാരൻ “ഈ മോതിരം ഭഗവാന്റെ തൃക്കയ്യിൽ കണ്ടതാണു്. ഇതു് അങ്ങേയ്ക്കു തരുവാൻ എനിക്കു സ്വപ്നത്തിൽ ഭഗവാന്റെ അരുളപ്പാടുണ്ടായി” എന്നു പറഞ്ഞു് ആ മോതിരം അദ്ദേഹത്തിനു കൊടുക്കുകയും അതു താൻ തലേദിവസം സന്ധ്യയ്ക്കു തന്റെ പ്രാണദാതാവിനു സമ്മാനിച്ചതാണെന്നു് ആ ഭക്തശ്രേഷ്ഠൻ മനസ്സിലാക്കി, മങ്ങാട്ടച്ചന്റെ വേഷത്തിൽ തന്നെ രക്ഷിച്ചതു ഗുരുവായൂരപ്പൻ തന്നെയായിരുന്നു എന്നു തീർച്ചപ്പെടുത്തുകയും ചെയ്തു. നമ്പൂരി അവിടെ എത്തുമെന്നും അപ്പോൾ കയ്യിൽ കൊടുക്കണമെന്നും പറഞ്ഞു മങ്ങാട്ടച്ചൻ മോതിരം മേൽശാന്തിയെ ഏല്പിച്ചതായി നാസ്തികന്മാർക്കുകൂടിയും വിശ്വസിക്കാവുന്നതാണു്. ഇനി മൂന്നാമതൊരു ഐതിഹ്യമാകട്ടെ: പൂന്താനം ഒരിക്കൽ മസൂരിദീനം പിടിപെട്ടു കിടപ്പിലായി. അതു മാറുവാൻ പ്രയാസമാണെന്നു് അടുത്തു നിന്നിരുന്നവർ പറഞ്ഞപ്പോൾ തിരുമാന്ധാംകുന്നിലമ്മയെ ഭക്തിപൂർവ്വം ധ്യാനിച്ചു ‘ഘനസംഘം’ എന്ന സുപ്രസിദ്ധമായ സ്തോത്രം നിർമ്മിക്കുകയും അതോടുകൂടി ആ രോഗത്തിൽനിന്നു വിമുക്തനാകുകയും ചെയ്തു. പ്രസ്തുതഗാനം ഇന്നും ആ ക്ഷേത്രത്തിൽ കുറുപ്പന്മാർ പാടിവരുന്നു. നാലാമതായി ഒരു ഐതിഹ്യത്തേയും നമുക്കു സ്മരിക്കാം. പൂന്താനത്തിനു് ഗുരുവായൂരപ്പന്റെ പ്രസാദം കൊണ്ടു് ഒരു ഉണ്ണി ജനിച്ചു. ആ ഉണ്ണിക്കു ചോറൂണു നിശ്ചയിച്ചിരുന്ന ദിവസം അദ്ദേഹത്തിന്റെ പത്നി ശിശുവിനെ ഒരു ദാസിയുടെ പക്കൽ ഏല്പിച്ചുംവച്ചു ഗൃഹകൃത്യങ്ങൾക്കായി പോകുകയും ഉണ്ണി ശ്വാസമുട്ടി മരിക്കുകയും ചെയ്തു. തീ പൊളളിയമൂലമാണെന്നും പ്രകാരാന്തരേണ കേട്ടിട്ടുണ്ടു്. അത്യരുന്തുദമായ ആ സംഭവം നിമിത്തം ഉണ്ടായ വൈരാഗ്യത്താലാണു് പൂന്താനം ജ്ഞാനപ്പാന രചിച്ചതു്. അതാകുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാനകൃതി. അതിൽപ്പിന്നീടു് അദ്ദേഹം അന്തഃപുരത്തിൽ കയറുകതന്നെ ഉണ്ടായില്ലത്രേ. ഇനിയും പൂന്താനത്തിന്റെ ഉൽകടമായ കൃഷ്ണഭക്തിക്കു മകുടോദാഹരണങ്ങളായി അനവധി കഥകൾ പ്രചരിക്കുന്നുണ്ടു്. അവയെപ്പറ്റിയൊന്നും ഇവിടെ പ്രസ്താവിക്കുവാൻ ഉദ്ദേശിക്കുന്നില്ല.

കൃതികൾ
പൂന്താനത്തിന്റെ കൃതികളായി മലയാളത്തിൽ (1) ഭാഷാകർണ്ണാമൃതം, (2) കുമാരാഹരണം പാന, (3) ജ്ഞാനപ്പാന എന്നീ പ്രസിദ്ധകൃതികൾക്കു പുറമേ അനവധി സ്തോത്രങ്ങളുമുണ്ടു്. (4) പാർത്ഥസാരഥിസ്തവം, (5) ഘനസംഘം, (6) നാരായണകീർത്തനങ്ങൾ, (7) ഗോവിന്ദകീർത്തനങ്ങൾ, (8) ആനന്ദനൃത്തം, (9) ദ്വാദശാക്ഷരനാമകീർത്തനം, (10) ശ്രീകൃഷ്ണകീർത്തനങ്ങൾ, (11) അഷ്ടാക്ഷരകീർത്തനം, (12) ബ്രഹ്മപരഗോവിന്ദകീർത്തനം, (13) ഗോപാലകൃഷ്ണകീർത്തനം, (14) ഗൗരീകീർത്തനം, (15) വാമപുരേശകീർത്തനങ്ങൾ, (16) പത്മനാഭകീർത്തനം, (17) വിവേകോദയകീർത്തനം, (18) ജയകൃഷ്ണകീർത്തനം, (19) വിടകൊൾകീർത്തനം, (20) ശ്രീരാമകീർത്തനങ്ങൾ, (21) മുകുന്ദകീർത്തനം, (22) ദശാവതാരസ്തോത്രം എന്നിവ ആ കൂട്ടത്തിൽപ്പെടുന്നു. അവയിൽ പ്രായേണ ‘വാമപുരേശ’മുദ്ര കാണ്മാനുണ്ടു്. തമിഴിലും ചില വേദാന്തപ്രതിപാദകങ്ങളായ ഗാനങ്ങൽ അദ്ദേഹം രചിച്ചിട്ടുണ്ടു്; അവയും ആ മുദ്രയാൽ അലംകൃതങ്ങളാണു്. ലാളിത്യം, പ്രസാദം, മാധുര്യം എന്നിവയാണു് പൂന്താനം കൃതികളുടെ പ്രധാനഗുണങ്ങൾ. ‘അനലംകൃതീ പുനഃ ക്വാപി’ എന്ന മമ്മടഭട്ടന്റെ കാവ്യനിർവചനം അവയ്ക്കു സവിശേഷം യോജിക്കും. രചനാഭംഗി അത്രമാത്രം തികഞ്ഞിട്ടുള്ള സ്തോത്രങ്ങൾ ഭാഷയിൽ അത്യന്തം വിരളങ്ങളാണു്. വിഷ്ണുഭക്തന്മാരുടേയും ക്ഷേത്രോപാസകന്മാരുടേയും പ്രത്യേകിച്ചു സ്ത്രീകളുടേയും ഇടയിൽ അവയ്ക്കുള്ള പ്രചാരവും അന്യാദൃശമാണു്. അതു് അങ്ങനെയല്ലാതെ പരിണമിക്കുവാൻ ന്യായവുമില്ലല്ലോ. വാസ്തവത്തിൽ അദ്ദേഹത്തെ ഭാഷാസാഹിത്യത്തിലെ വില്വമംഗലം എന്നു സംശയംകൂടാതെ പറയാം. വ്രജവിഹാരിയായ ഭഗവാന്റെ മുരളീനാദമാണു് നാം രണ്ടുപേരുടേയും സ്തോത്രങ്ങളിൽ കേൾക്കുന്നതു്. കർണ്ണാമൃതത്തേയും പാർത്ഥസാരഥി സ്തവത്തേയും സംസ്കൃതകീർത്തനങ്ങളെയും പറ്റിമാത്രം ഈ അധ്യായത്തിൽ പ്രസ്താവിച്ചുകൊണ്ടു് ഇതരകൃതികളെപ്പറ്റിയുള്ള പരാമർശം മറ്റൊരദ്ധ്യായത്തിലേയ്ക്കു മാറ്റിവയ്ക്കാം.

ഭാഷാകർണ്ണാമൃതം
വില്വമംഗലത്തിന്റെ സംസ്കൃതകർണ്ണാമൃതത്തിൽനിന്നു വേർതിരിക്കുന്നതിനുവേണ്ടിയാണു് കവി തന്റെ കൃതിക്കു ഭാഷാകർണ്ണാമൃതം എന്ന പേർ നല്കിയിരിക്കുന്നതു്. കവിയുടെ വാർദ്ധക്യകാലത്തേ ഒരു കൃതിയാണു് കർണ്ണാമൃതം എന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ശൂലപാണി വാരിയർ എന്ന ഒരു സുഹൃത്തിന്റെ അപേക്ഷ അനുസരിച്ചാണു് ആ കാവ്യം രചിച്ചതെന്നുള്ളതിനു്

“ക്രമത്തിലാക്കീടിന ശൂലപാണി
ശ്രമത്തിനാലിത്ഥമതീവ ചിത്രം
ശ്രവിച്ചു ഭാഷാശ്രവണാമൃതം മേ
രമിച്ചുകൊൾകച്യുതപാദമൂലേ”
എന്ന പദ്യം തെളിവാണു്. അനുവാചകന്മാരിൽ കൃഷ്ണഭക്തി വർദ്ധിപ്പിച്ചു തദ്ദ്വാരാ അവർക്കു മോക്ഷലാഭം വരുത്തുന്നതിനാണു് കവിയുടെ ഉദ്യമം. നാമസംകീർത്തനം ഒന്നുകൊണ്ടുമാത്രം കലിയുഗത്തിൽ മുക്തി സിദ്ധിയ്ക്കുമെന്നു് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു.

“ഭൂഷാവർണ്ണാദിയാലിബ്ഭുവനമഖിലവും
ഹന്ത! മോഹിച്ചു രാഗ
ദ്വേഷാപൂർണ്ണം വിഘൂർണ്ണം ശിവശിവ പറയാ
വല്ല മായാവിലാസം,
ഭാഷാകർണ്ണാമൃതം മേ സുകൃതമിതു സദാ
നാവുകൊണ്ടാസ്വദിച്ചാൽ
നൂഴാ കർമ്മാവലീവല്ലികളിലുടനവൻ
പിന്നെ മുന്നേതുപോലേ”
എന്ന പദ്യം അദ്ദേഹം ഫലശ്രുതിരൂപത്തിൽ ഘടിപ്പിച്ചിട്ടുണ്ടു്. കർണ്ണാമൃതം ഭാഗവതം ദശമസ്കന്ധകഥയുടെ ഒരു സംക്ഷേപമാകുന്നു. ഭാഗവതം, വില്വമംഗലത്തിന്റെ ശ്രീകൃഷ്ണ കർണ്ണാമൃതം, മേല്പുത്തൂരിന്റെ നാരായണീയം ഈ മൂന്നു ഗ്രന്ഥങ്ങളോടും കവിക്കു കടപ്പാടുണ്ടു്. ആകെയുള്ള നൂറ്റൻപതു പദ്യങ്ങളിൽ ആദ്യത്തെ എൺപത്തേഴെണ്ണം കംസവധംവരെയുള്ള കഥയ്ക്കും പിന്നീടുള്ള മുപ്പത്തൊൻപതെണ്ണം ശേഷമുള്ള ദശമസ്കന്ധകഥയ്ക്കും ബാക്കിയുള്ളവ തത്ത്വചിന്താവിഷയങ്ങൾക്കുമായി വിനിയോഗിച്ചിരിക്കുന്നു. കർണ്ണാമൃതത്തിൽ അങ്ങിങ്ങു ചില അഭംഗിയുള്ള പ്രയോഗങ്ങളും യതിഭംഗാദിവൈകല്യങ്ങളും കാണ്മാനുണ്ടെങ്കിലും അവയെല്ലാം കവിയുടെ കൂലങ്കഷമായ ഭക്തി ഗംഗാപ്രവാഹത്തിൽ മറഞ്ഞുപോകുന്നു. വാമപുരാധിവാസിയായ ഗുരുവായൂരപ്പനെ അഭിസംബോധനം ചെയ്തുകൊണ്ടാണു് പ്രഥമപദ്യം ആരംഭിക്കുന്നതു്:

“കർണ്ണാമൃതം വാമപുരാധിവാസിൻ!
നിന്നാൽ മതം കിഞ്ചന ഭാഷയായു് ഞാൻ
എന്നാൽ വരുംവണ്ണമുദാരകീർത്തേ!
ചൊന്നാലതും പ്രീണനമായ്വരേണം.”
ഏതാനും ചില ഉത്തമശ്ലോകങ്ങൾ ഉദ്ധരിക്കാം:

“അമ്പാടിക്കൊരു ഭൂഷണം, രിപുസമൂഹത്തിന്നഹോ! ഭീഷണം,
പൈമ്പാൽവെണ്ണതയിർക്കു മോഷണ, മതിക്രൂരാത്മനാം പേഷണം,
വൻപാപത്തിനു ശോഷണം, വനിതമാർക്കാനന്ദസമ്പോഷണം
നിൻപാദം മതിദൂഷണം ഹരതു മേ മഞ്ജീരസംഘോഷണം”(1)
“എന്നോമലിങ്ങു വരികെന്നു യശോദ മെല്ലെ
ച്ചെന്നാൾ മുകർന്നു പുതുവെണ്ണ കൊടുപ്പതിന്നായു്;
അന്നേരമാർത്തിയൊടെയോടി വിയർത്തു വീണ
കണ്ണന്റെ കാതരത കാൺമതു കൗതുകം മേ.”(2)
“പീലിക്കാർമുടി കാൽത്തളിർപ്പൊടിയുമേറ്റൊട്ടൊട്ടഴിഞ്ഞങ്ങനേ
താളത്തിൽക്കുഴലും കുബേരനടയും ഗോപാലരും ഗോക്കളും
ബാലസ്ത്രീകളുഴന്നു വന്നു വഴിയിൽപ്പാർക്കുന്ന സൗഭാഗ്യവും
മേളത്തോടെഴുനള്ളിടുന്നൊരു ദിനം കണ്ടാവു കൺകൊണ്ടു ഞാൻ!”(3)
“തൂവെണ്ണിലാവു വിരവിൽത്തെളിയുന്നനേരം
പൂവിന്നുളാം പരിമളം ചൊരിയുന്നനേരം
കാർവർണ്ണനക്കുഴലെടുത്തു വിളിച്ച നേരം
നീൾക്കണ്ണിമാരുഴറിവന്നതു കാൺമനോ ഞാൻ?”(4)
“കൂകീ കോഴി വനാന്തരേ വിറകുമായു് നിന്നോരു രാവേ തഥാ
കൂകീ കോകിലവാണിമാർകുചതടേ മേവീടുമാ രാവിലും;
കൂകും കോഴികൾ തമ്മിലുള്ള സുകൃതം ചെമ്മേ പറഞ്ഞീടുവാ
നാകുന്നീല; ചരാചരങ്ങളിലുമുണ്ടത്യന്തഗത്യന്തരം!”(5)
“കന്നം കറുത്ത മലപോലെ യമന്റെ ദൂതൻ
കണ്ണും മിഴിച്ചലറിയോടിവരുന്നനേരം
കണ്ണൻ കളിച്ച കളികീർത്തനമൊന്നു കേട്ട
പ്പൊണ്ണൻ മലച്ചു മറുകുന്നതു കാൺമനോ ഞാൻ?”(6)
“മന്നാശയാലും മദനാശയാലും
പൊന്നാശയാലും മറുകുന്നു ലോകം:
നിന്നാശ കണ്ടീലൊരുവർക്കുമയ്യോ!
കണ്ണാ! ശമം നല്കുക മാനസേ മേ.”(7)
“സത്രം കാണൊരിടത്തു, ചത്തു കരയും കോലാഹലം കുത്രചിൽ;
വിദ്വാന്മാരൊരിടത്തു, മദ്യപകുലം തച്ചും കയച്ചും ക്വചിൽ;
മുഗ്ദ്ധസ്ത്രീയൊരിടത്തു, മുത്തികളിരുന്നേങ്ങിക്കുരച്ചന്യതഃ;
ശ്രോത്രാദിക്കമൃതോ തളിച്ച വിഷമോ വിശ്വം വിചിത്രം വിഭോ!”(8)
“നാവേ, നിനക്കു വലിയോരുപദേശമുണ്ടേ;
നാവാലുരയ്പതിനു ഞാൻ തുനിയുന്നു കേൾ നീ;
നാരായണന്റെ തിരുനാമമുറക്കെയാമ്പോൾ
നാണിച്ചുപോകരുതതേ തവ വേണ്ടതുള്ളൂ.”(9)
വിത്തം മറന്നു വിഷയങ്ങളൊരോന്നു നോക്കി
ച്ചത്തും പിറന്നുമുഴലായ്ക മനക്കുരുന്നേ!
വിശ്വം നിറഞ്ഞു വിളയാടിന തമ്പുരാനെ
ച്ചിത്തേകലർന്നനുഭവിപ്പതിനോർത്തുകൊൾ നീ.”(10)
തണ്ണീർദാഹം മുഴുത്തും തടിയനരികെ വ
ന്നന്തകൻതാനുരത്തും
കണ്ണീർക്കാരായടുത്തുള്ളവർകൾ തൊഴിമുറ
യ്ക്കാകെയൊന്നിച്ചു പാർത്തും
തന്നെത്താനേ മറന്നിട്ടതിവിവശതപൂ
ണ്ടാർത്തനായു് വീർത്തുമിക്കോ
പ്പെന്നെക്കൊണ്ടാക്കിവച്ചീടൊല വരദ! വിഭോ!
വാമഗേഹാധിവാസിൻ!(11)
“നാവില്ലാതെ ജനിക്കയോ, നടനടേയുള്ളോരിളക്കായ്കയോ,
നാമത്തെപ്പടിയായ്കയോനരകമെന്നൊർത്താൽക്കുളിർപ്പാകയോ,
നാവിൽദ്ദുർഘടമാകയോ, നരകുലത്തിൽജ്ജന്മമല്ലായ്കയോ,
നാമോച്ചാരണമെന്തു ബന്ധമറിവുള്ളോരും ത്യജിച്ചീടുവാൻ?”(12)
“മേഘശ്യാമളമംഗവും മകുടവും പൂവും ചെവിത്തോടയും
രാകാചന്ദ്രനു നാണമാം വദനവും മാർമാലയും മുദ്രയും
ആകുംവണ്ണമനേകഭൂഷണയുതം നിന്മെയ് കുറിക്കൊണ്ടു ഞാൻ
പോകുന്നേൻ ഭഗവൻ! ജനാർദ്ദന! ഭവൽകാരുണ്യ പാഥേയവാൻ.”(13)
കർണ്ണാമൃതത്തിൽ അപൂർവ്വം ചില പദങ്ങളിൽ മാത്രമേ മണിപ്രവാളത്തിന്റെ നിഴലാട്ടം കാണുന്നുള്ളു. അതിനെ ഒരു ഭാഷാ കാവ്യമെന്നു വ്യവഹരിച്ചാലും അനൗചിത്യമില്ല. കുഞ്ചൻ നമ്പിയാരുടെ ശ്രീകൃഷ്ണചരിതത്തിനു് അതൊരു മാതൃകയായിരിക്കണം.

പാർത്ഥസാരഥിസ്തവം
കുസുമമഞ്ജരീവൃത്തത്തിലുള്ള പതിനൊന്നു പദ്യരത്നങ്ങൾ കോർത്തിണക്കിയ ഒരു അനർഘമാല്യമാണു് പാർത്ഥസാരഥിസ്തവം. ചില ശ്ലോകങ്ങൾ പകർത്തിക്കാണിക്കാം:
“കെട്ടി വാർകുഴൽ വകഞ്ഞു പിന്നിലളകേഷു പീലികൾ തൊടുത്തു പു
മ്പട്ടുകൊണ്ടു വടിവോടുടുത്തുരസി ഹാരമിട്ടു വനമാലയും
പൊട്ടണിഞ്ഞു നിടിലത്തടത്തിലുടൽ പാർത്തുപാർത്തു രഥമേത്യ ച
മ്മട്ടി മുഷ്ടിയിൽ മുറുക്കി നിന്നരുളുമിഷ്ടദൈവത- മുപാസ്മഹേ.”(1)
“ചെറ്റഴിഞ്ഞ ചികുരോൽകരാം ചെറിയ താരകേശകലതോറ്റ തൂ
നെറ്റിപാടു ചിതറും വിയർപ്പിലൊളിവുറ്റു പറ്റിന ഘനാളകാം
എറ്റുവാനഭിമുഖീകൃതപ്രതിനവപ്രതോദവലയാമൊരൻ
പുറ്റു കാമപി കൃപാം കിരീടിരഥരത്നദീപകലികാം ഭജേ.”(2)
“നൂതനേന്ദുരമണീയഫാലഭുവി പാകിടും ചില മനോഹര
സ്വേദപാതമൃദിതാളകേ രഥപരാഗപൂരപരിശോഭിതേ
പാതി ചിമ്മിന വിലോചനേ വിഹര മന്ദഹാസമയചന്ദ്രികാ
ശീതളേ തിരുമുഖേ മനോവിജിതസാരസേ വിജയസാരഥേഃ.”(3)
“അർദ്ധമീലിതവിലോചനം വരതുരംഗപൂരഖുരമേറ്റൊരോ
യുദ്ധഭൂമിയിലുറും നറുപൊടി പൊഴിഞ്ഞഴിഞ്ഞ കബരീഭരം
ഹസ്തപങ്കജലസൽപ്രതോദമധിചിത്തമസ്തു മമ പാർത്ഥസാ
രഥ്യകേളിലളിതം മനോജ്ഞമൊരു വസ്തു യാദവ കുലോത്ഭവം.”(4)
“മൂടുമാറു ഭുവനം തുരംഗരജസാ പതംഗജമനോബലം
വാടുമാറു ജയമീടുമാറു വിജയന്നു വിക്രമപയോനിധേഃ
പേടിപൂണ്ട പടതോറ്റു മാറ്റലരതീവ നൂറ്റുവർകളമ്പുമേ
റ്റോടുമാറരിയ തേർകടാവിന പുരാണധാമ കലയാമഹേ.”(5)
“പീലി ചിന്നിവിരിയുന്ന വേണിയിൽ മറഞ്ഞ കോമളമുഖാബ്ജമാ
ലോലഹാരനവഹേമസൂത്രവനമാലികാമകരകുണ്ഡലം
ഫാലബാലമതിമേലണിഞ്ഞ കമനീയഘർമ്മകണികാങ്കുരം
കോലമഞ്ചിതരഥം ഗതം ജയതി ജൈഷ്ണവം കിമപി വൈഷ്ണവം.(6)

സംസ്കൃതസ്തോത്രങ്ങൾ
ഇവ പ്രായേണ അകാരാദിക്രമത്തിലാണു് രചിച്ചിരിക്കുന്നതു്. ഒരു സ്തോത്രം ചുവടേ ചേർക്കാം:
“കഞ്ജവിലോചന കമനീയാനന കല്മഷനാശന ശൗരേ!
കാളിയദമന കളായമനോഹര കലിമലനിരസന ശൗരേ!
കിങ്കിണിനൂപുരകങ്കണഭൂഷണരിംഖണശീല മുരാരേ!
കീർത്തിവിതാനവിശോധിതഭുവന വിരക്തിവിധായക ശൗരേ!
കുവലയദളകളകോമളതനുരുചിമേളിതഭുവന മുരാരേ!
കൂജിതകളമുരളീരവമോഹിതനഗമൃഗഖഗകുല ശൗരേ!
കൃഷ്ണ കൃപാലയ കൃപണജനാശ്രയ ഖലജനദഹന മുരാരേ!
ക്ണുപ്തവിലാസവിശേഷവിനിർമ്മിതകൃത്രിമഗോവൃഷശൗരേ!
കേശിനിഷൂദന കേശവ മുരഹര കേളിവിമോഹന ശൗരേ!
കൈതവഹൃതനവനീത ജനാർദ്ദന കൈവല്യപ്രദ ശൌരേ!
കോമളകുവലയനീലകളേബര കോകിലഭാഷണ ശൗരേ!
കൌതുകവിരചിതഗോപവിഡംബന കൈതവശീല മുരാരേ!
കംബുഗദാധര കാമഫലപ്രദ കമ്രമുഖാംബുജ ശൗരേ!
കർക്കശഭയഹര ദുഷ്കൃതനാശന ഗർഗ്ഗപുരോഹിത ശൗരേ!
മാധവ മാധവ മദനമനോഹര വാമപുരേശ്വര ശൗരേ!
ഇതുപോലെ

“പത്മനാഭ പരാപരേശ്വര പങ്കജാക്ഷ നമോസ്തു തേ,
പശുപയുവതിഭിരമിതവിഹൃതിഭിരർച്ചിതായ നമോസ്തു തേ,
വാസുദേവ നമോസ്തു തേ വാമനിലയപതേ.”
എന്നും

“നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
അമലകമലദലലോചന ജയ ജയ
ആനന്ദരൂപ മനോഹര ജയജയ
ഇന്ദിരാരമണ മുകുന്ദ ജയ ജയ
ഈശ്വര മുരഹര ശാശ്വത ജയ ജയ!”
എന്നും

“കല്മഷവനദഹന വാസുദേവ-ജയ-ചിന്മയ ജഗന്മംഗലവാസുദേവ!
കാളിന്ദീതടവിഹാര വാസുദേവ-ജയ-കാളിയമദദമന വാസുദേവ!”
എന്നും

“കൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ രാമ
കൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ പാഹിമാം
കൃഷ്ണ രാമ പരമപുരുഷ വൃഷ്ണിവംശതിലക വരദ
ജിഷ്ണുസൂത ദനുജശമന കൃഷ്ണ പാഹി മാം”
എന്നും പല രീതികളിൽ വേറെയും ചില സംസ്കൃതസ്തോത്രങ്ങൾ പൂന്താനത്തിന്റെ വാങ്മയങ്ങളായുണ്ടു്.

29.22മണിപ്രവാളവൃത്തശാസ്ത്രം

മണിപ്രവാളവൃത്തങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥത്തിലെ ഒന്നുരണ്ടോലകളുടെ നഷ്ടശിഷ്ടങ്ങൾ ഞാൻ കണ്ടിട്ടുണ്ടു്. ഗ്രന്ഥകാരൻ ആരെന്നറിവില്ല. ലക്ഷണം സംസ്കൃതത്തിലും ലക്ഷ്യശ്ലോകങ്ങൾ മണിപ്രവാളത്തിലുമാണു് ഘടിപ്പിച്ചിട്ടുള്ളതു്. ലക്ഷണം ആദ്യന്തം വൃത്തരത്നാകരത്തിൽ നിന്നു് ഉദാഹരിച്ചിരിക്കുന്നു. ഉദാഹരണങ്ങൾ കരുമത്തിൽ ഉണിച്ചിരിതേവി എന്നൊരു നായികയെ വർണ്ണിച്ചിട്ടുള്ളവയുമാണു്. അവ ആചാര്യൻതന്നെ നിർമ്മിച്ചു ചേർത്തിരിക്കുന്നു. സ്ഥലത്തെ ശ്രീപരമേശ്വരനാണു് അദ്ദേഹത്തിന്റെ ഇഷ്ടദേവത. ആ സ്ഥലം ഏതെന്നു മനസ്സിലാകുന്നില്ല. അവിടുത്തെ ദേവൻ ശിവനാണു്. പ്രസ്തുതഗ്രന്ഥത്തിന്റെ ആവിർഭാവം എട്ടാം ശതകത്തിലായിരിക്കണം. മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം.

മംഗലാചരണം:
“സുരതടിനീതരംഗമലയും തലയോടുമഹീന്ദ്രമാലയും
പുരിചിടയിൽക്കലർന്നു വിലസും തുഹിനാംശുകിശോരശേഖരം
ദുരിതഭരോപശാന്തി വരുവാൻ ഭുവനാശ്രയമാശ്രയാമി ഞാൻ
പരിചൊടു കൂടൽമേവുമഗജാരമണം കരുണാമൃതാംബുധിം.”

പൃഥ്വീവൃത്തം:
“ജസൗ ജസലയാ വസുഗ്രഹയതിശ്ച പൃഥ്വീ ഗുരുഃ”
“കുലഞ്ഞ വിനയേന ചാഞ്ഞലർ ചൊരിഞ്ഞ വേണീഭരം,
വിളഞ്ഞ പുളകേന തോഞ്ഞുടൽ നിറഞ്ഞ ഘർമ്മോൽകരം,
അലിഞ്ഞ മനകാമ്പു നിൻമദനവിഭ്രമം കാൺമനോ,
തെളിഞ്ഞു കരുമത്തിൽ മേവിന വിശാലനീലേക്ഷണേ.”

ശിഖരിണീവൃത്തം:
“രസൈ രുദ്രൈശ്ഛിന്നാ യമനസഭലാ ഗശ്ശിഖരിണീ”
“മതിക്ഷോഭം പാർമേൽ നിഖിലതരുണാനാം വിളയുമാ
റിതക്ഷീണശ്രീപൂണ്ടുദയതി കലാനായകനയം
മതുച്ചൊല്ലാർമൗലേ! സുമുഖി കരുമത്തിൽക്കമനി! കാൺ
കതിർത്തൈന്താർവാണൻ വികിരതി ശരാ, നെന്തു ശരണം?”
ഈ ഉദാഹരണശ്ലോകങ്ങൾ അത്യന്തം രസനിഷ്യന്ദികളാണെന്നു പറയേണ്ടതില്ലല്ലോ.

29.23മഴമംഗലത്തു ശങ്കരൻനമ്പൂരി, കാലദീപകം ബാലശങ്കരം

ശങ്കരൻനമ്പൂരിയുടെ പതിമ്മൂന്നു ജ്യോതിഷകൃതികളെക്കുറിച്ചു് ഇരുപത്തേഴാമധ്യായത്തിൽ സൂചിപ്പിട്ടുണ്ടു്. അവയിൽ പരമപ്രധാനമായ ഗ്രന്ഥം കാലദീപകം ബാലശങ്കരമാകുന്നു. സ്വകീയമായ കാലദീപകപദ്യാവലിയുടെ വിവൃതിയാണു് കാലദീപകം ബാലശങ്കരമെന്നു ചിലർ ഊഹിക്കുന്നു.

“ധാത്രീ യൽകരസമ്പർക്കാൽ സഗ്രഹർക്ഷാ വിരാജതേ
തസ്മൈ സർവാത്മനേഽജായ ഭാസ്കരായ നമോ നമഃ”
എന്ന ശ്ലോകം ഈ രണ്ടു ഗ്രന്ഥങ്ങളിലുമുണ്ടു്. അതുപോലെതന്നെയാണു് ഗ്രന്ഥാവസാനത്തിൽ ‘അസ്തി ശോണാചലഗ്രാമ’ ഇത്യാദി പദ്യങ്ങളും.

“നത്വാ വിഘ്നേശ്വരം വാചം ഗുരൂംശ്ചാഥ കരോമ്യഹം
ശുഭകർമ്മസു ബാലാനാം കാലജ്ഞാനായ ദീപകം.
ക്ഷമിപ്പരത്രേ സാധുക്കളിഹ വിദ്യാബ്ധിപാരഗാഃ
മറ്റുള്ളവർ ചിരിച്ചാലുമെന്തു ചേതം നമുക്കതിൽ?”
……………
“പന്നിക്കുഴി കുഴിപ്പാനും സംഗ്രഹക്രയവിക്രയേ
നിറയ്പാൻ കുടിവെപ്പാനും നന്നല്ലോ ഗുളികോദയം
ചൊല്ലാത മിക്കവറ്റിന്നുമൂൺനാളും വേലിയേറ്റവും
കൊള്ളുന്നൂ, തത്ര വർജ്ജ്യന്തേ പാപവാരോദയാദികാഃ
എന്നീ ശ്ലോകങ്ങൾ പദ്യാവലിയിൽ കാണുന്നുമുണ്ടു്.

ശങ്കരൻനമ്പൂരിക്കു ബാലശങ്കരൻ എന്നു പേരുണ്ടായിരുന്നില്ല. ബാലപദം അദ്ദേഹം ഔദ്ധത്യപരിഹാരത്തിന്നായും ബാലശിക്ഷോപയുക്തമെന്നു വ്യജ്ഞിപ്പിക്കുന്നതിനായും തന്റെ ഗ്രന്ഥങ്ങളുടെ പേരുകളോടുകൂടി ഘടിപ്പിച്ചിരിക്കുന്നു എന്നുള്ളതാണു് വസ്തുതത്വം. ‘തുമ്പതിങ്കളോടു’ ഇത്യാദി വന്ദന ശ്ലോകത്തിൽ ‘ബാലകായ മേ’ എന്നു് അദ്ദേഹം തന്നെപ്പറ്റി പരാമർശിച്ചിരിക്കുന്നതു നോക്കുക. ‘ബാലായാസ്മൈ വിധാസ്യാമി’ എന്നു പഞ്ചബോധാർത്ഥദർപ്പണത്തിൽ ഒരു കുറിപ്പുകാണുന്നതിൽനിന്നു് അതു് ഏതോ ബാലനുവേണ്ടി രചിച്ചതാണെന്നു വെളിപ്പെടുന്നു. “തുമ്പതിങ്കളൊടു... ബാലകായപൊഴുതൊട്ടു ഭാഷയായു്” എന്നും “ധാത്രീ യൽക്കരസമ്പർക്കാൽ” എന്നുമുള്ള പദ്യങ്ങൾക്കുമേൽ

“വന്ദേ ഗിരീശം ഗിരിജാസമേതം
കൈലാസശൈലേന്ദ്രഗുഹാഗൃഹസ്ഥം
അങ്കേ നിഷണ്ണേന വിനായകേന
സ്കന്ദേന ചാത്യന്തസുഖായമാനം.”
“കരോമി വാചാം നത്വാഹം ഗുരുഞ്ച പരമേശ്വരം
ശുഭകർമ്മസു ബാലാനാം കാലജ്ഞാനായ ദീപകം”
എന്ന പദ്യങ്ങളും ഗ്രന്ഥാരംഭത്തിൽ കാണ്മാനുണ്ടു്.

ഇതിൽ സ്മരിക്കുന്ന പരമേശ്വരൻ വാഴമാവേലി പരമേശ്വരൻപോറ്റിയാണു്. ഭാരതത്തിലെ മഹർഷിവര്യന്മാരുടേയും കേരളത്തിലെ പൂർവാചാര്യന്മാരുടേയും മതങ്ങളെ ധാരാളമായി ഉദ്ധരിച്ചും ശാസ്ത്രസിദ്ധാന്തങ്ങളെ കൂലങ്കഷമായി ചർച്ചചെയ്തും സ്വാഭിപ്രായം ആവശ്യമുള്ള സ്ഥലങ്ങളിൽ സോപപത്തികമായി സ്ഥാപിച്ചുമാണു് ശങ്കരൻ കാലദീപകം രചിച്ചിരിക്കുന്നതു്. താൻതന്നെ ഭാഷയിൽ ചൊല്ലീട്ടുണ്ടു് എന്നു പറഞ്ഞു് അങ്ങുമിങ്ങും ചില ആനുഷ്ടുഭശ്ലോകങ്ങളും ചേർത്തിരിക്കുന്നു. പ്രസ്തുത ഗ്രന്ഥം മൂന്നു ഭാഗങ്ങളായിട്ടാണു രചിച്ചിരിക്കുന്നതു്. ആദിമഭാഗത്തിൽ മുഹൂർത്തദോഷങ്ങളെപ്പറ്റിയും മധ്യമഭാഗത്തിൽ ഷോഡശകർമ്മങ്ങളുടെ മുഹൂർത്തങ്ങളെപ്പറ്റിയും അന്തിമ ഭാഗത്തിൽ ദേവപ്രതിഷ്ഠ, ഗൃഹനിർമ്മാണം; കൂപഖനനം, ശസ്ത്രബന്ധം, അസ്ഥിസഞ്ചയനാദികർമ്മങ്ങൾ, വസനധാരണം, യാത്ര, ഔഷധസേവനം, വൃക്ഷയുഗനിക്ഷേപണം, കൃഷി, ബീജാവാപം, വൃക്ഷാദിസംസ്ഥാപനം, ധാന്യവൃദ്ധി എന്നിങ്ങനെ വിവിധകാര്യങ്ങൾക്കുള്ള മുഹൂർത്തങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നു. ആകെ അൻപത്തൊന്നു് അധ്യായങ്ങളുണ്ടു്. ചുരുക്കത്തിൽ, മുഹൂർത്തസംബന്ധമായി ഇതിൽ ആചാര്യൻ സ്പർശിച്ചിട്ടില്ലാത്ത വിഷയങ്ങൾ വിരളമാണെന്നുതന്നെ പറയാം. ശങ്കരന്റെ ഗദ്യത്തിനു് ഒരു ശാസ്ത്രീയഭംഗി പ്രത്യേകമായുണ്ടു്. ഏതാനും ചില പംക്തികൾകൊണ്ടു് ഇതു വ്യക്തമാക്കാം:

“ഇനി സൗരംകൊണ്ടു പതിനാറു തികയുന്നേടം നിശ്ചയിച്ചറിവാനുപായം. പതിനാറു തികയുന്ന ആട്ടപ്പിറന്നാൾ വരുന്ന തിങ്ങളിൽ ഇവന്റെ ജന്മകാലത്തിങ്കലേ ആദിത്യസ്ഫുടംപോലെതന്നെ ആദിത്യസ്ഫുടം വരുന്നു യാതൊരിക്കൽ, അപ്പോൾ സൗരംകൊണ്ടു പതിനാറു തികയുന്നു. ഇങ്ങനെ. എന്നാൽ ആട്ടപ്പിറന്നാൾ കാണുമ്പോൾ പതിനേഴു തുടങ്ങി സൗരംകൊണ്ടു കാണുമ്പോൾ പതിനാറു തികഞ്ഞതുമില്ല എന്നുവരുന്നേടവും സൗരംകൊണ്ടു പതിനേഴുതുടങ്ങി ആട്ടപ്പിറന്നാൾ കൊണ്ടു് പതിനാറു തികഞ്ഞതുമില്ല എന്നുവരുന്നേടവും, ഇവരണ്ടേടത്തും, ഗോദാനവും കൊള്ളാമോ എന്നു പെരികേ പലരോടും ചോദിക്കണം. അതോ ഒരാണ്ടു തികയുന്ന ആട്ടപ്പിറന്നാൾ നക്ഷത്രഹോമം കാലംകൂടുക എന്നുണ്ടൊരു പക്ഷം; പതിമൂന്നാം പിറന്നാൾക്കു കാലം കൂടുക എന്നുമുണ്ടൊരു പക്ഷം.”

29.24മുഹൂർത്തപദവീ ബാലശങ്കരം

ഇതു മാത്തൂർ നമ്പൂരിയുടെ മുപ്പത്താറു പദ്യങ്ങൾമാത്രമടങ്ങിയ മുഹൂർത്തപദവിക്കു ശങ്കരൻനമ്പൂരി രചിച്ച ഗദ്യവ്യാഖ്യാനമാകുന്നു. ഈ വ്യാഖ്യാനംകൊണ്ടു മൂലഗ്രന്ഥത്തിനു പ്രസിദ്ധി വർദ്ധിച്ചിട്ടുണ്ടു്. പ്രസ്തുത ഗ്രന്ഥവും മൂന്നു പരിച്ഛേദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാമത്തേതായ ദോഷപ്രകരണത്തിൽ ഏഴും, രണ്ടാമത്തേതായ ഷോഡശക്രിയാമുഹൂർത്തപ്രകരണത്തിൽ പതിനേഴും മൂന്നാമത്തേതായ പ്രതിഷ്ഠാദിമുഹൂർത്തപ്രകരണത്തിൽ പതിന്നാലും പദ്യങ്ങൾ അന്തർഭവിച്ചിരിക്കുന്നു. കാലദീപകത്തിലേയും മുഹൂർത്തപദവിയിലേയും വിഷയം ഒന്നുതന്നെയാണെന്നു് ഇതിൽനിന്നു കാണാവുന്നതാണു്. മുഹൂർത്തപദവീബാലശങ്കരവും സാമാന്യം വിസ്തൃതമാണു്.

29.25ലഘുഭാസു് കരീയവ്യാഖ്യ ബാലശങ്കരം

‘എന്റെ വാഴമാവേലിക്കു നമസ്കാരം’ എന്നും ‘തുമ്പതിങ്കളൊടു... ബാലകായ ഗണിതങ്ങൾ ഭാഷയാ ചൊല്ലുവാനിഹ തുണയ്പുതാകമേ’ എന്നുള്ള ശ്ലോകവും ഈ വ്യാഖ്യാനത്തിലും കാണുന്നു. ഒടുവിൽ “ഇതി പരമേശ്വരപ്രിയശിഷ്യേണ ശങ്കരേണ വിരചിതേ ലഘുഭാസ്കരീയവ്യാഖ്യാനേ ബാലശങ്കരനാമ്നി” എന്നു് ഓരോ അധ്യായാവസാനത്തിലും കുറിപ്പുണ്ടു്. ‘തുമ്പതിങ്കളൊടു’ എന്ന പദ്യം കഴിഞ്ഞു്

“ബാലാനാം ഭാസ്കരീയാർത്ഥം തെളിയുമ്മാറു ചൊല്ലുവാൻ
വാണിമാതെങ്ങൾനാവിന്മേൽ വിളയാടുക സാംപ്രതം
ഭാസ്കരാദീൻ വണങ്ങീട്ടു ഗുരുഞ്ച പരമേശ്വരം
ചെറുതൊട്ടെഴുതുന്നുണ്ടു ഭാസ്കരീയത്തിലെപ്പൊരുൾ”
എന്നീ പദ്യങ്ങൾ ചേർത്തിരിക്കുന്നു. പിന്നെ “അവിടെ ഗണിതത്തിന്നു ഭാസ്കരീയമാകുന്ന തന്ത്രത്തെ ചമയ്പാൻ തുടങ്ങുന്ന ആചാര്യൻ അവിഘ്നപരിസമാപ്ത്യാദിപ്രയോജനസിദ്ധ്യർത്ഥമായിട്ടു് ഇഷ്ടദേവതാനമസ്കാരത്തെ ചെയ്യുന്നു” എന്ന പീഠികയോടുകൂടി ഗ്രന്ഥം പുരോഗമനം ചെയ്യുന്നു.

29.26പഞ്ചബോധം ബാലശങ്കരം

പഞ്ചബോധാർത്ഥ ദർപ്പണം, പഞ്ചബോധം, ഗണിതസാരം ഇവ മൂന്നും പഞ്ചബോധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഗ്രന്ഥങ്ങളാണു്. ഗണിത സാരത്തിനു പഞ്ചബോധഗണിതസാരം എന്നും പേരുണ്ടു്. പഞ്ചബോധവും ‘തുമ്പതിങ്കളൊടു’ എന്ന പദ്യത്തിൽ ആരംഭിക്കുന്നു.

“ബാലാനാം പഞ്ചബോധാർത്ഥം തെളിയുമ്മാറു ചൊല്ലുവാൻ
വാണിമാതെങ്ങൾനാവിന്മേൽ വിളയാടുക സർവ്വദാ.
ഭാസ്കരാദീൻ വണങ്ങീട്ടു ഗുരുഞ്ച പരമേശ്വരം
ചെറുതൊട്ടെഴുതുന്നുണ്ടു പഞ്ചബോധക്രിയാക്രമം.”
എന്നിങ്ങനെയുള്ള സരസ്വതീവന്ദനവും പ്രതിജ്ഞാവാക്യവും പ്രസ്തുത ഗ്രന്ഥത്തിലുണ്ടു്. പഞ്ചബോധാർത്ഥദർപ്പണത്തിൽ ‘തുമ്പതിങ്കളൊടു’ എന്നും, ‘ബാലാനാം പഞ്ചബോധാർത്ഥം’ എന്നും മറ്റുമുള്ള പദ്യങ്ങൾക്കുമേൽ

“ശ്രീസൂര്യാദീൻ നമസ്കൃത്യ ഗുരുഞ്ച പരമേശ്വരം
ബാലായാസ്മൈ വിധാസ്യാമി പഞ്ചബോധാർത്ഥദർപ്പണം.
സർവേഷാം ജ്യോതിഷാമാദ്യം നമസ്കൃത്യ ദിവാകരം
ലഘൂകൃത്യ വിധാസ്യാമി വ്യതീപാതാദിബോധനം”
എന്നുമുള്ള പദ്യങ്ങളും കാണാവുന്നതാണു്. അയനചലനാദി ഗണിതത്തിലും ‘തുമ്പതിങ്കളൊടു’ എന്ന പദ്യം കാണുന്നു.

“മേഷാദൗ പകലേറുന്നു; രാവന്നത്ര കുറഞ്ഞുപോം;
തുലാദൗ രാത്രിയേറുന്നു; പകലന്നു കുറഞ്ഞുപോം.”
എന്ന സുപ്രസിദ്ധമായ ശ്ലോകം ഗണിതസാരത്തിലുള്ളതാണു്.

29.27ചന്ദ്രഗണിതക്രമം

“ഗജാനനം തഥാ വാണീം ഗുരുഞ്ച പരമേശ്വരം
ഭക്ത്യാ സംവന്ദ്യ സൂര്യാദീൻ ചന്ദ്രസ്യ ഗണിതക്രമം
ഭാഷയായിട്ടു വക്ഷ്യാമി ബാലാനാമറിവാനഹം”
എന്നു് ഈ ഗ്രന്ഥത്തിൽ ആചാര്യൻ പ്രതിജ്ഞചെയ്യുന്നു.

29.28ഭാഷാസംഗ്രഹം

“തുമ്പയും തിങ്കളും ചൂടിന്റപ്പന്റേ മുൻപിലേ മകൻ
മമാനമുഖമുള്ളപ്പനകലെപ്പോക്കുകാപദഃ
വക്ഷ്യേ നമസ്കരിച്ചിട്ടു വിഖ്യാതം ഭൂതനാഥനെ
ബാലാനാം പൊഴുതുംമാത്രം ഭാഷാസംഗ്രഹമിത്യഹം”
എന്നിങ്ങനെയാണു് ഈ ഗ്രന്ഥം ആരംഭിക്കുന്നതു്.

29.29പ്രശ്നസാരം

എന്നൊരു കൃതി കണ്ടിട്ടുണ്ടു്. അതിൽ സംസ്കൃതശ്ലോകങ്ങളും ഭാഷാഗദ്യവും ഉൾപ്പെടുന്നു. ആകെ നാലധ്യായങ്ങൾ മാത്രമേ കിട്ടീട്ടുള്ളു. അവയിൽ ആയുസ്സു്, വിവാഹം, സന്തതിലാഭങ്ങൾ ഇവയെപ്പറ്റി യഥാക്രമം പ്രതിപാദിക്കുന്നു. സംസ്കൃതശ്ലോകങ്ങൾ പ്രായേണ ഉദ്ധരിച്ചിരിക്കുന്നതു് ഉഴുത്തിര വാരിയരുടെ വിവരണത്തിൽനിന്നാണു്. ‘ഇതി ശങ്കരവിരചിതേ പ്രശ്നസാരേ’ എന്നൊരു കുറിപ്പു ഗ്രന്ഥാവസാനത്തിൽ കാൺമാനുമുണ്ടു്.

29.30ജാതകക്രമം

ജാതകമെഴുതേണ്ട രീതി വിവരിക്കുന്ന ഒരു ഗ്രന്ഥമാണു് ജാതകക്രമം. അതിൽ പദ്യവും ഗദ്യവും ഇടകലർത്തീട്ടുണ്ടു്. ജാതകക്രമത്തിൽ ആദിത്യവന്ദനത്തിനുമേൽ

“ഗണേശ്വരനെ വന്ദിച്ചേൻ ഗുരുഞ്ച പരമേശ്വരം
വാണിമാതിനെയും നത്വാ ചൊല്ലുന്നേൻ ജാതകക്രമം”
എന്നൊരു ശ്ലോകമുള്ളതിൽനിന്നു മഴമംഗലത്തു ശങ്കരൻനമ്പൂരിതന്നെയാണു് അതിന്റെ പ്രണേതാവു് എന്നു നിർണ്ണയിക്കാം.

“ശ്ലോകം മുൻതൊട്ടു നാൾ പിന്നെ രാശിയും നാമധേയവും
ആദിത്യാദിസ്ഫുടം സർവം ഭാഷയിൽക്കലിനാൾ പുനഃ
ഭാഷാവ്യാഴം തഥാ കൊല്ലം മാസത്തിൽച്ചെന്ന തീയതി
ആഴ്ച നാൾ പക്കവും രാശി രാശിയിൽച്ചെന്ന ഭാഗകൾ
ഷഡ്വർഗ്ഗം നാളിലേ നാഡി ചന്ദ്രവേല പുനഃ ക്രിയ
അവസ്ഥ പക്കം കരണം മൃഗം വൃക്ഷഞ്ച പക്ഷിയും
ഭൂതം ഗണം തഥാ യോനി ദേവതാ രവി നിന്നെടം
തൽഫലം നിത്യയോഗഞ്ച വൈനാശികനാവാംശകം
ഭാഷാഗ്രഹസ്ഥിതിം വക്ഷ്യേ യോഗഞ്ചാഷ്ടകവർഗ്ഗവും”
എന്നു് ആചാര്യൻ പ്രതിജ്ഞ ചെയ്യുന്നു. വരാഹമിഹിരന്റെ ഹോരയെ ഉപജീവിച്ചാണു് ഗ്രന്ഥം രചിച്ചിരിക്കുന്നതു്.

29.31ജാതകസാരം

ജാതകസാരം എന്ന പേരിലും നാലധ്യായത്തിൽ ഒരു ഗ്രന്ഥമുണ്ടു്. “ഇതി ശങ്കരവിരചിതേ ജാതകസാരേ” എന്നു് അതിലും ഗ്രന്ഥകാരകസൂചകമായ ഒരു വാചകം കാണുന്നു.

29.32കരണസാരക്രിയാക്രമം

കേളല്ലൂർ ചോമാതിരിയുടെ ശിഷ്യനായ ഒരു ദൈവജ്ഞന്റെ കരണസാരം എന്ന കൃതിയെപ്പറ്റി ഇരുപത്തൊന്നാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ഗ്രന്ഥത്തിന്റെ ഒരു സംക്ഷേപമാണു് കരണസാരക്രിയാ ക്രമം. അതിനു കരണസാരം ഭാഷയെന്നും പേരുണ്ടു്.

“ഭാസ്കരാദീൻ വണങ്ങീട്ടു ഗുരും സ്കന്ദം മഹേശ്വരം
ചുരുക്കീട്ടെഴുതുന്നേൻ ക-രണസാരക്രിയാക്രമം”
എന്നതാണു് അതിലെ വന്ദനശ്ലോകം. ഒടുവിൽ

“വ്യാഖ്യാമേതാം മന്ദബോധാർത്ഥമസ്യാഃ
പൂർവൈരുക്താം ഗോളവിദ്ഭിർവിദഗ്ദ്ധൈഃ
ഏതാം ഗോളാലോകനേ ദർപ്പണാഭാം
സുവ്യക്താർത്ഥാമാലിഖം ശങ്കരോഹം”
എന്നൊരു പ്രണേതൃവ്യഞ്ജകമായ ശ്ലോകവും കാൺമാനുണ്ടു്.

ശങ്കരൻനമ്പൂരിയെപ്പോലെ പ്രാമാണികനും പണ്ഡിതമൂർദ്ധന്യനുമായ ഒരു ദൈവജ്ഞൻ തന്റെ ജ്യോതിഷകൃതികളെല്ലാം ഭാഷയിലെഴുതാമെന്നുവെച്ചതു തലക്കുളത്തു ഭട്ടതിരി, ആലത്തൂർ പരമേശ്വരൻനമ്പൂരി മുതലായ പൂർവസൂരികളുടെ ഗ്രന്ഥങ്ങൾ സംസ്കൃതാനഭിജ്ഞന്മാരും ജ്യോതിശ്ശാസ്ത്രജിജ്ഞാസുക്കളുമായ കേരളത്തിലെ സാമാന്യജനങ്ങൾക്കു് അനഭിഗമ്യങ്ങളാകയാൽ അക്കൂട്ടർക്കു പ്രയോജകീഭവിക്കണമെന്നുള്ള സദുദ്ദേശത്തെ പുരസ്കരിച്ചാണെന്നുള്ളതിനു സംശയമില്ല. ആ ഉദ്ദേശ്യം പരിപൂർണ്ണമായി ഫലിച്ചിട്ടുമുണ്ടു്. മഴമംഗലത്തോടു് അവർക്കുള്ള കടപ്പാടു് അപരിമേയമാണു്. അദ്ദേഹം ഭാവിയെപ്പറ്റി ഗണിക്കുവാൻ അത്യന്തം വിദഗ്ദ്ധനായിരുന്നുവത്രേ. ഒരിക്കൽ ചെങ്ങന്നൂർ ഇടമനപ്പണ്ടാരത്തിലേ ഇല്ലത്തിൽ ഒരു ചോറൂണടിയന്തിരമുണ്ടായിരുന്നു. മഴമംഗലം പെരുവനത്തുനിന്നു വാഴമാവേലിയെ കാണാൻ ചെന്നപ്പോൾ അദ്ദേഹം ഇടമനയില്ലത്തിൽ ആ അന്നപ്രാശനം സംബന്ധിച്ചു ബദ്ധപ്പെട്ടുകൊണ്ടിരിക്കയായിരുന്നു എന്നറിഞ്ഞു. ചില പോറ്റിമാർ അങ്ങോട്ടു ക്ഷണിച്ചപ്പോൾ അന്നു് അന്നപ്രാശനമുണ്ടാവില്ലെന്നു മഴമംഗലം പ്രവചനംചെയ്കയും വാസ്തവത്തിൽ മുഹൂർത്തമടുത്തപ്പോൾ കുളിപ്പിച്ചുകൊണ്ടുവന്ന കുഞ്ഞു കൈതെറ്റി നടുമുറ്റത്തുള്ള കൽത്തളത്തിൽ വീണു തൽക്ഷണംതന്നെ സിദ്ധിക്കൂടുകയാൽ അടിയന്തിരം മുടങ്ങുകയും ചെയ്തു. അനന്തരം വാഴമാവേലി മഴമംഗലത്തെ വിളിച്ചു് ഇടമനമഠത്തിലേക്കു കൊണ്ടുപോകുകയും അവിടെ വിലപിച്ചുകൊണ്ടിരുന്ന പണ്ടാരത്തിലേക്കു് അടുത്ത കൊല്ലത്തിൽ ഒരു ഉണ്ണി ഉണ്ടാകുമെന്നു പറഞ്ഞു് ആ കാർത്താന്തികൻ അദ്ദേഹത്തെ സമാധാനപ്പെടുത്തുകയും ചെയ്തു. ആ ജാതകം അപ്പോൾത്തന്നെ ഗണിച്ചെഴുതിക്കൊടുത്തു; ഭാവി അതനുസരിച്ചുതന്നെ ദൃഷ്ടമാകുകയും ചെയ്തു. ഇതും അദ്ദേഹത്തെപ്പറ്റി പ്രചുരപ്രചാരങ്ങളായുള്ള പല ഐതിഹ്യങ്ങളിൽ ഒന്നാണു്.

29.33ഈഞ്ചക്കഴ്വാ മാധവൻനമ്പൂരി

‘പ്രശ്നസാരം’ എന്നു പ്രസിദ്ധമായ ഒരു ജ്യോതിഷഗ്രന്ഥമുണ്ടു്. അതു പതിനാറധ്യായങ്ങളിൽ ഭാഷാശ്ലോകങ്ങളെക്കൊണ്ടു നിബന്ധിക്കപ്പെട്ടിരിക്കുന്നു.

ഗ്രന്ഥകാരനും കാലദേശങ്ങളും
താഴെ ഉദ്ധരിക്കുന്ന പദ്യങ്ങളിൽ നിന്നു പ്രശ്നസാരത്തിന്റെ നിർമ്മാതാവു വടക്കൻ തിരുവിതാംകൂറിൽ മൂവാറ്റുപുഴത്താലൂക്കിൽപ്പെട്ട രാമമംഗലത്തു് ഈഞ്ചക്കഴ്വാ ഇല്ലത്തെ മാധവൻനമ്പൂരിയാണെന്നു വ്യക്തമാകുന്നു.

“മാധവീയമിതു ഭാഷഭൂഷണം
മാധവേന രചിതം മനോഹരം
മന്നിലില്ലയിതു പദ്യഭാഷയായ്
മുന്നിലെന്നതറിയേണമേവരും.”
“പ്രശ്നം വയ്ക്കും ജ്യോതിഷാണാം തമുക്കു
ത്തൊക്കെക്കണ്ടിട്ടായതിൽച്ചൊന്നവണ്ണം
ഈഞ്ചക്കഴ്വാ മാധവൻ പദ്യമാക്കി
ബ്ഭാഷാപ്രശ്നം ചൊന്നതീവണ്ണമല്ലോ.”
“തങ്ങൾതങ്ങളുടേ ദേശത്തിങ്കൽ മാനം വരേണ്ടുകിൽ
വിഷുവച്ഛായ വച്ചിട്ടു വ്യംഗുലങ്ങളതാക്കണം.
രാമമംഗലദേശത്തു സുനേത്രം പേരതായതു്
ഇലിയും തീയതീംപോലെ മുടക്കീട്ടതു വയ്ക്കണം.”
രാമമംഗലത്തുക്ഷേത്രത്തിൽ ഇന്നും നിലനിന്നുപോരുന്ന വാരപ്പതിവുകളിൽ ഈഞ്ചക്കഴ്വാ ഇല്ലംവകയായും ചില പതിവുകൾ ഉണ്ടെന്നറിയുന്നു.

“എഴുനൂറ്റൊരുപത്തെട്ടാമതു കൊല്ലമതായ നാൾ
വരുന്ന വിഷുവത്ഭാവതത്വം കല്യബ്ദമായതു്.”
എന്ന ശ്ലോകം പ്രസ്തുതകൃതിയുടെ രചന കൊല്ലം 718-ആണ്ടിടയ്ക്കാണെന്നുള്ളതിനു ഗമകമാകുന്നു.

ഗ്രന്ഥത്തിന്റെ സ്വരൂപം
ഇദംപ്രഥമമായി ഭാഷാപദ്യങ്ങളിൽ വിരചിതമായ ജ്യോതിഷഗ്രന്ഥം പ്രശ്നസാരമാണെന്നു കവി പറയുന്നതു ശരിയല്ല. താമരനല്ലൂർഭാഷയും മറ്റും ഇതിനു വളരെ മുമ്പുള്ളതാണല്ലോ. അദ്ദേഹത്തിനു സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമോ കവിതയിൽ പറയത്തക്ക വാസനയോ ഉണ്ടായിരുന്നില്ല. (തമുക്കുത്തു്) തമിഴ്ക്കുത്തു്, അതായതു തമിഴിലെ ജ്യോതിഷഗ്രന്ഥങ്ങളെയാണു് താൻ ഉപജീവിക്കുന്നതെന്നു ഗ്രന്ഥകാരൻ പറയുന്നുണ്ടെങ്കിലും വരാഹഹോരയിലും അദ്ദേഹം നിഷ്ണാതനായിരുന്നു എന്നുള്ളതിനു പര്യാപ്തമായ ലക്ഷ്യമുണ്ടു്. അദ്ദേഹത്തിന്റെ ഗുരുനാഥൻ ഗോവിന്ദമംഗലത്തു നമ്പിയായിരുന്നു എന്നു്

“ഹോരാർത്ഥമായതുപദേശമെനിക്കു തന്നു
ഗോവിന്ദമംഗലമതായതു നമ്പിതന്നെ”
എന്ന പദ്യത്തിൽ പറഞ്ഞിരിക്കുന്നു. വേറേയും തന്റെ സമകാലികന്മാരായ ജ്യോതിർവിത്തുകളെ അദ്ദേഹം സ്മരിക്കുന്നുണ്ടു്.

“സാരങ്ങളായതിതു സംഗ്രഹമായ്പറഞ്ഞാൽ
സന്തോഷമോ വരുവതെന്നിഹ സജ്ജനാനാം
എന്നുള്ള ശങ്ക മമ പോക്കിയിതാദരിപ്പാൻ
വന്ദേ വിദഗ്ദ്ധതരവിപ്രവരാനശേഷാൻ,
“ആളായതാദരവിലാദിയിലത്തിമറ്റം
ലോകോത്തരൻ പുനരതിന്നിഹ കേളനല്ലൂർ
ആഭാസരല്ലറിവതുള്ളവരാദരിപ്പാൻ
പോരും പ്രസിദ്ധിപെരികൊള്ളവരുണ്ടനേകം.
മാവേലി വാക്കാടഥ പള്ളിമറ്റം
മേച്ചേരി കോയിക്കരയും വിശേഷാൽ
അനുഗ്രഹിക്കങ്ങുതന്നപ്പുറം താൻ
വരപ്പുറം വേദവിദങ്ങെനിക്കു്”
എന്നീ പദ്യങ്ങൾ പരിശോധിക്കുക. ഈ കൂട്ടത്തിൽ ‘കേളനല്ലൂർ’ സാക്ഷാൽ കേളനല്ലൂർ ചോമാതിരിതന്നെ, ‘മാവേലി’ വാഴമാവേലി പരമേശ്വരൻപോറ്റിയുമാണെന്നു പറയേണ്ടതില്ലല്ലോ. ‘അത്തിമറ്റം’ മുതൽപേരെപ്പറ്റി യാതൊരറിവുമില്ല. ലഗ്നായനം, ആയുഃപ്രശ്നം, ബാധാദ്രോഹം, രോഗയോഗം, ബാധയും ദ്രോഹവും മൃത്യുവും, വേളിപ്രശ്നം, ഗർഭപ്രശ്നം, സന്തതിപ്രശ്നം, നഷ്ടജാതകം, നഷ്ടപ്രശ്നം, രാശിസ്വരൂപവും ഷഡ്വർഗ്ഗവും, ഗ്രഹസ്വരൂപവും വീര്യവും, സൂക്ഷ്മഗ്രാഹ്യാദ്യാനയനം ഇവയാണു് ഗ്രന്ഥത്തിലെ വിഷയങ്ങൾ. ഗ്രന്ഥകാരനു ഫലഭാഗത്തിനുള്ള പരിനിഷ്ഠിതമായ ജ്ഞാനം എവിടെയും കാണുന്നു. ഗുരൂപദേശസിദ്ധങ്ങളായ അനേകം ശാസ്ത്രീയ രഹസ്യങ്ങളേയും അവിടവിടെ അന്തർഭവിപ്പിച്ചിട്ടുണ്ടു്. ഒടുവിൽ

സത്യാസത്യം സമ്പ്രദായേഷു ചോദി
ച്ചൂനാധിക്യം വേരറുത്തിപ്രകാരം
നിത്യം ചൊല്ലീടേണമേ ശിഷ്യരേ! കേ
ളെന്നെക്കൂടെക്കാട്ടിലാക്കീടൊലായേ.”
എന്ന ഫലിതമയമായ പദ്യത്തോടുകൂടി പ്രശ്നസാരം സമാപ്തമാകുന്നു.

29.34ദൃക്കരണം

ദൃക്കരണം എന്നതു ദൃക്‍സമ്പ്രദായമനുസരിച്ചുള്ള ഗണിതത്തിന്റെ രീതികളെ പ്രതിപാദിക്കുന്ന ഒരു സ്വതന്ത്രഗ്രന്ഥാകുന്നു. പ്രണേതാവു് ആരെന്നറിയുന്നില്ലെങ്കിലും “കോളംബേ ബർഹിസൂനൗ” എന്നൊരു വാക്യം ഗ്രന്ഥാരംഭത്തിൽ കാണുന്നതുകൊണ്ടു് അതിന്റെ നിർമ്മിതി കൊല്ലം 783-ആണ്ടാണെന്നു നിർണ്ണയിക്കാവുന്നതാണു്. ആകെ പത്തു പരിച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്തുത കൃതി ആദ്യന്തം പദ്യമയമാണു്. പദ്യരചനയിൽ അങ്ങിങ്ങു പല അഭംഗികളുമുണ്ടെങ്കിലും ശാസ്ത്രദൃഷ്ട്യാ ഗ്രന്ഥം വിശിഷ്ടമാകുന്നു. താഴെക്കാണുന്നതു് ആദ്യത്തെ രണ്ടു ശ്ലോകങ്ങളാണു്:

“വന്ദേ സർവജനാശ്രയം ഗ്രഹപതിം ത്രൈലോക്യദീപം വിഭും
വിഘ്നേശശ്ച സരസ്വതീം ഗുരുജനം വ്യാസഞ്ച നന്ദാത്മജം
ബാലാനാം ഗണിതപ്രകാരമറിവാൻ ചൊല്ലുന്നു ഞാൻ ഭാഷയായ്
ദൃക്‍തുല്യം കരണം യുഗാദിവിധിനാ താൽപര്യമാത്രന്ന്വിദം.
കൊല്ലത്തിൽത്തരളാംഗനാഢ്യമതുതാൻ കല്യബ്ദമാകുന്നതും;
രാജ്യംകൊണ്ടു പെരുക്കിയാലതിലിടൂ ചൈത്രാദി പോംമാസവും;
വേറേ വച്ചു യുഗാധിമാസമിതയാം നേത്രാംബുഗോളാംശകൈർ
ഹത്വാ ജ്ഞാനനനാദിദർപ്പണമതാം സൗരസ്യ മാസൈർ ഹരേൽ.
അവസാനത്തിലെ ചില ശ്ലോകങ്ങൾകൂടി കുറിക്കുന്നു:

“ആരാലുമങ്ങു ഗണിതക്രമമോർത്തുകണ്ടാൽ
നേരോടു സൂക്ഷ്മമറിവാൻ വശമല്ല ഭൂമൗ
സൂര്യാബ്ജസംഭവരുമപ്പുലഹൻ വസിഷ്ഠൻ
രോമേശനെന്നിവർകൾ തീർത്തതുമഞ്ചുമാർഗ്ഗം
സിദ്ധാന്തമഞ്ചുമുടനഞ്ചു മതം ഗണിപ്പാ
നഞ്ചേടവും ദിവിചരന്നധിവാസമുണ്ടോ?
പഞ്ചക്രിയാവിധികളൊത്തുവരാതെ കാൺകിൽ
പ്പഞ്ചത്വമാർന്ന ഗണിതാഗമമെന്നവേഹി.
അന്നന്നു കണ്ടറികയങ്ങു ഖഗാൻ ഖമധ്യേ
യോഗങ്ങൾ പാടുതുടരുന്നതുദിപ്പുമെണ്ണൂ
ഒത്തിട്ടുകാണുമുപരാഗവുമപ്രകാരം
കല്പിച്ചുകൊണ്ടു ഭുവി സൂക്ഷ്മതരസ്ഫുടങ്ങൾ.”

29.35കണക്കുസംബന്ധിച്ച മണിപ്രവാളകൃതികൾ, കണക്കതികാരം

കേരളത്തിൽ പണ്ടുപണ്ടേ കണക്കതികാരം എന്നൊരു ദ്രാവിഡപദ്യകൃതി പ്രചരിച്ചിരുന്നു. ആധുനികസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസത്തിന്റെ ആവിർഭാവത്തിനു മുൻപു് തമിഴുവഴിയ്ക്കായിരുന്നു പ്രായേണ ജനങ്ങൾ കണക്കു പഠിച്ചുവന്നിരുന്നതു്. തിരുവിതാംകൂറിലും കൊച്ചിയിലും സർക്കാർ കണക്കുവകുപ്പിൽ തമിഴരെ അക്കാലത്തു ധാരാളമായി നിയമിച്ചുവന്നിരുന്നു. കൊല്ലം 992-ആണ്ടു ഇടവം 19-ആംനു തിരുവിതാംകൂറിൽ ഗൗരീപാർവതീബായി മഹാറാണി ‘എഴുത്തും കണക്കും’ പഠിപ്പിക്കുവാൻ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചപ്പോൾ “മലയാൺമ അക്ഷരവും വില്പത്തിയും ജ്യോതിഷവും വശം ഒള്ളതിൽ ഒരാളിനേയും” “തമിഴും കണക്കും വശമുള്ളതിൽ ഒരാളിനേയും” ആണു് അവയിൽ വാധ്യാന്മാരായി നിയമിച്ചതു്. കണക്കതികാരം താഴെക്കാണുന്ന പാട്ടോടുകൂടി ആരംഭിക്കുന്നു:

“പണക്കരിനാകമീടും പടർചടൈച്ചിവനുപോലും
പിണക്കരുതാത ചെല്ലം പെരുമ ചേർന്നൊളി വിളങ്കും.
കണക്കതികാരമെന്നും കവിതൈ കറ്റിയമ്പുവാനായ്
തുണൈക്ക നൽക്കരിമുകത്തോൻ തുയർകെടത്തെളിന്തുവന്തേ”

29.36കണക്കുസാരം

കണക്കുസാരം കണക്കുശാസ്ത്രത്തെപ്പറ്റി സവിസ്തരമായി പ്രതിപാദിക്കുന്ന ഒരു മണിപ്രവാള കൃതിയാകുന്നു. ഗ്രന്ഥകാരൻ അജ്ഞാതനാമാവാണു്. കാലം എട്ടാംശതകമോ ഒൻപതാംശതകമോ ആയി വരാം. ഗ്രന്ഥം ഇങ്ങനെ ഉപക്രമിക്കുന്നു:

“ബാലേന്ദുശേഖരസുതം ഗണനാഥമേറ്റം
വന്ദിച്ചു വാണിയെ വണങ്ങി ഹരിം ഗുരും ച,
നാനാമുനീൻ തൊഴുതുകൊണ്ടു കണക്കുസാരം
നേരേ ചമയ്പതിനു സാംപ്രതമാരഭേ ഞാൻ.
ലീലാവതീമപി കണക്കതികാരവും ക
ണ്ടെന്നോടു മൽഗുരു പറഞ്ഞതുമോർത്തുകൊണ്ടു
ബാലപ്രബോധകരണായ മണിപ്രവാളൈ
രുക്തം മയാല്പഹൃദയേന കണക്കുസാരം.”
ലീലാവതിയും കണക്കതികാരവും നോക്കിയാണു് കണക്കുസാരം രചിച്ചതെന്നു രണ്ടാമത്തെ ശ്ലോകത്തിൽനിന്നു വ്യക്തമാകുന്നുണ്ടല്ലോ. താൻ സ്പർശിക്കുവാൻപോകുന്ന വിഷയങ്ങളേതെല്ലാമെന്നു പ്രണേതാവു താഴെക്കാണുന്ന ശ്ലോകങ്ങളിൽ പ്രസ്താവിക്കുന്നു:

“ഒന്നിന്റെ കീഴു മേലുമിടങ്ങഴി കാതം കഴഞ്ചു കാലുമതഃ
ത്രൈരാശികവും പൊന്നും മരവും പൊരിനെല്ലളക്കുകിളപടവും
സങ്കലനാദികളുഭയം മിച്ചാരം പിന്നെ വട്ടവും വിട്ടം [1]
വില്ലും ഞാണും നിലവും വിലോമമങ്ങിഷ്ടകർമ്മമായവയും
കൂട്ടുക കളക ഗുണിക്ക ഹരിക്ക തഥാ വർഗ്ഗമങ്ങു മൂലിക്ക
ഘനിക്ക ഘനമൂലവുമിച്ചൊന്നവ പരകർമ്മമൊട്ടൊടുക്കത്തു്”
ശ്ലോകങ്ങൾക്കു ഗദ്യത്തിൽ വ്യാഖ്യാനമുണ്ടു്. അതും ഗ്രന്ഥകാരന്റേതുതന്നെ. രണ്ടു ശ്ലോകങ്ങൾകൂടി ചേർക്കാം:

കാലപരിമാണം:

“മാസവുമാണ്ടീവണ്ണം കൊണ്ടൊരു നൂറ്റാണ്ടു ചെന്ന കാലത്തു്
വിധിയനുമുണ്ടാം പ്രളയം പറയുന്നൂ മുനികളിങ്ങനേ പലരും.”
നെൽക്കണക്കു്:

“നെല്ലങ്ങൊട്ടരിയേറെയുള്ളതു കൊടുത്താലക്കടം വീടുവാ
നിങ്ങോട്ടങ്ങു തരുന്നതൊട്ടരി കുറഞ്ഞീടുന്നതെന്നാകിലോ
ഏറെത്തണ്ഡുലമുള്ള നെല്ലു ഗുണി; മറ്റേത്തണ്ഡുലത്താൽ നടേ
മുന്നം തങ്ങളിലെത്തിയാൽക്കിഴി; തഥാ മറ്റേതു മുന്നേതിനാൽ.”
ഇതിന്നു പൊരുൾ: – അരിയേറെപ്പോരുന്ന നെല്ലാൽ ഒരുത്തൻ കൊണ്ടുപോയാൽ അക്കടം വീടുവാൻ തരുന്ന നെല്ലു് അരി കുറയെപ്പോരുന്നതാകിൽ അരിയേറെപ്പോരുന്ന നെല്ലിന്റെ സംഖ്യയെപ്പറഞ്ഞ സംഖ്യകൊണ്ടു ഗുണിച്ചാൽ ഹാരകമാകുന്നതു്. പിന്നെ മറ്റേ സംഖ്യകൾ മൂന്നും തങ്ങളിൽ പെരുക്കി ഹാരകം കൊണ്ടു കിഴിച്ചാൽ തരേണ്ടുന്ന നെല്ലിന്റെ സംഖ്യ വരും.”

മറ്റൊരു കണക്കുശാസ്ത്രം
മറ്റൊരു കണക്കുശാസ്ത്രവും കാൺമാനുണ്ടു്. അതിൽനിന്നു ചില ശ്ലോകങ്ങൾ താഴെ ചേർക്കുന്നു:

“ഒന്നിൽ നാലൊന്നുപോൽ കാലു കാലിലഞ്ചൊന്നുമാവതാം;
മാവു നേർപാതിയരമാ അരമാർദ്ധന്തു കാണിയാം;
കാണ്യർദ്ധംപോലരക്കാണി തദർദ്ധം മുന്ത്രികാ ഭവേൽ;
മുന്ത്രികായാശ്ചതുർഭാഗം കീഴുകാലെന്നു പേരതു്;
കീഴരക്കാണി തൽപാതി തൽപാതീ കീഴുമുന്ത്രികാ;
കീഴുമുന്ത്രികയെപ്പിന്നെയിരുപത്തൊന്നു കൂറിടൂ;
എന്നാൽ വരുന്നതാമിമ്മി, യിമ്മിയേഴൊന്നുപോലണു.”
ഇതു് അളവുകണക്കാണു്. നീളത്തിന്റെ കണക്കു താഴെക്കുറിക്കുന്നു:

“എള്ളെട്ടിന്റെ കനമൊരു നെല്ലിടയാം, തോരയെന്നു പേരതിനു്;
തോരയതെട്ടിനു വിരലാം; വിരലതു മൂവെട്ടിനാൽ മുഴക്കോലാം;
മുഴകോൽ നാലതു ദണ്ഡാമതു രണ്ടായിരമളന്നു കൂവീടാം;
കൂവീടു നാലു യോജന: ചൊല്ലീടാം കാതമെന്നുമതുതന്നെ.”
കണക്കുചോദ്യം
കണക്കു സംബന്ധിച്ച ഈ ഗ്രന്ഥത്തിൽ രസകരങ്ങളായ ചില ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഗ്രന്ഥം സമഗ്രമായി കണ്ടിട്ടില്ല. ഏഴാം ശതകത്തിലോ എട്ടാം ശതകത്തിലോ രചിച്ചതുപോലെ തോന്നുന്നു. കണക്കുചോദ്യം വാസ്തവത്തിൽ ഒരു മണിപ്രവാളകൃതിയല്ല: ഭാഷാകൃതിയാണു്; എങ്കിലും സൗകര്യത്തിനുവേണ്ടി ഇതിനെയും ഇവിടെ പരാമർശിക്കാമെന്നുദ്ദേശിക്കുന്നു. രണ്ടു പാട്ടുകൾ പകർത്തിക്കാണിക്കാം:

“പത്തുമാറുവയസ്സതുള്ളൊരു മങ്കതന്നുടൽ പുൽകുവാൻ
പത്തുമൊൻപതുമെട്ടുമഞ്ചു പണം കൊടുക്കണമെങ്കിലോ
പത്തുമഞ്ചുമൊരഞ്ചുമേവമതുള്ള മങ്കയെ വേണ്ടുകിൽ
പത്തിയോടു കണക്കിനെത്തിര കാണമുണ്ടു കണക്കരേ?”
“മങ്കതൻ മാല പൊട്ടി മന്നിൽ മൂന്നൊൻറു വിണ്ണു
അംകുടൻ തല്പത്തിന്മേൽ പിന്നെയഞ്ചൊൻറു വിണ്ണു
കന്നിതൻ കയ്യിലാറൊൻറ … … …
പത്തൊൻറു ചരട്ടേലാനാൽപ്പണി [2] യിതിൻ കണക്കു ചൊല്ക.”


അദ്ധ്യായം 30 - തുഞ്ചത്തെഴുത്തച്ഛൻ

“സാനന്ദരൂപം സകലപ്രബോധ
മാനന്ദദാനാമൃതപാരിജാതം
മനുഷ്യപത്മേഷു രവിസ്വരൂപം
പ്രണൗമി തുഞ്ചത്തെഴുമാര്യപാദം.”
30.1തുഞ്ചൻപറമ്പു്

മലബാർ ജില്ലയിൽ പണ്ടത്തെ വെട്ടത്തുനാട്ടിന്റെ മധ്യഭാഗമായ പൊന്നാനിത്താലൂക്കു തൃക്കണ്ടിയൂരംശത്തിൽ കീർത്തിപ്പെട്ട തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനു് അല്പം പടിഞ്ഞാറു മാറി തിരൂർ തീവണ്ടിസ്റ്റേഷനിൽനിന്നു് ഏകദേശം ഒരു മൈൽ തെക്കുപടിഞ്ഞാറായി പൊന്നാനിപ്പുഴയുടെ തീരത്തിൽ ‘തുഞ്ചൻപറമ്പു്’ എന്ന പാവനനാമത്താൽ സുവിദിതമായ ഒരു സ്ഥലം ഇന്നും കാണ്‍മാനുണ്ടു്. ആ പറമ്പിലാണു് ഭാഷാസാഹിത്യത്തിന്റെ പലതരത്തിലുള്ള അഭ്യുദയങ്ങൾക്കു ഹേതുഭൂതനായ തുഞ്ചത്തു ഗുരുനാഥൻ ജനിച്ചതു്. വളരെക്കാലത്തേക്കു് അവിടെ ഒരു പുരത്തറയേ ഉണ്ടായിരുന്നുള്ളു. അതിൽ ക്രമേണ ഒരു ഓലപ്പുര ഭക്തന്മാർ ഉണ്ടാക്കുകയും നവരാത്രികാലത്തും മറ്റും അവിടെ വിളക്കുവെച്ചു് ആരാധന നടത്തുകയും ചെയ്തുവന്നിരുന്നു. ഈയിടയ്ക്കു് അതു് ഒരു ഓടുമേഞ്ഞ ചെറിയ ഗുരുമഠമായി വികസിച്ചിട്ടുണ്ടു്. പറമ്പിനു കിഴക്കുപടിഞ്ഞാറു് പതിന്നാലു ദണ്ഡു ദൈർഘ്യവും തെക്കുവടക്കു് ഏഴു ദണ്ഡു വിസ്താരവും ഉണ്ടു്. ഗുരുമഠത്തിനു സമീപമായി ഒരു കുളവും കിണറുമുള്ളതിൽ കിണറ്റിലെ വെള്ളം ഒരിക്കലും വറ്റാറില്ല. കുളത്തിനു സമീപമായി നില്ക്കുന്ന കാഞ്ഞിരത്തിന്റെ ചുവട്ടിലിരുന്നു എഴുത്തച്ഛൻ നാമജപം ചെയ്യാറുണ്ടായിരുന്നു എന്നാണു് ഐതിഹ്യം. ഏതായാലും ആ സ്ഥാനത്തു ഇപ്പോൾ വിളക്കുവയ്ക്കാറുണ്ടു്. തുഞ്ചൻപറമ്പിലെ മണ്ണു് സ്വല്പം ചുവന്ന നിറത്തിലുള്ളതാണു്. ഇന്നും സമീപസ്ഥന്മാർ കുട്ടികളെ എഴത്തിനിരുത്തുമ്പോൾ ആ മണ്ണുകൊണ്ടുപോയി ആദ്യമായി എഴുതിക്കുന്ന പതിവുണ്ടു്. വിജയദശമിക്കു പരിസരവാസികൾ അവിടെ വന്നു വിദ്യാരംഭം നടത്താറുണ്ടു്. ഇതിൽനിന്നെല്ലാം ആ സ്ഥലത്തിനു് അഭംഗുരുമായ ഏതോ ഒരു വൈശിഷ്ട്യമുണ്ടെന്നു സിദ്ധിക്കുന്നു. അതു മഹാത്മാവായ എഴുത്തച്ഛന്റെ അവതാരം ഒന്നുകൊണ്ടുമാത്രം അതിനു സിദ്ധിച്ചിട്ടുള്ളതാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. പറമ്പിന്റെ പേരും ആ വസ്തുത പ്രഖ്യാപനം ചെയ്യുന്നുണ്ടല്ലോ.

30.2ജാതി

എഴുത്തച്ഛൻ നായർസമുദായത്തിലാണു് ജനിച്ചതു്. അധ്യാത്മരാമായണത്തിന്റെ ആരംഭത്തിൽ “പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മപാദജനജ്ഞാനിനാമാദ്യനായുള്ളോരു ഞാൻ” എന്നു് അദ്ദേഹംതന്നെ ആ പരമാർത്ഥം തന്റെ വിനീതമായ ശൈലിയിൽ പ്രസ്താവിക്കുന്നുണ്ടു്. ഗുരുനാഥൻ ചക്കാലനായർവർഗ്ഗത്തിൽപ്പെട്ട ഒരാളായിരുന്നു എന്നാണു് ഐതിഹ്യം. ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി അമ്പലപ്പുഴയിൽ താമസിച്ചു് അദ്ദേഹത്തിന്റെ പ്രീതിക്കു പാത്രമായി എഴുത്തച്ഛൻ ആ തമ്പുരാന്റെ സാഹായ്യത്തോടുകൂടി ചെമ്പകശ്ശേരി മുതൽ വടക്കോട്ടുള്ള ചക്കുകൾ പറിപ്പിച്ചുകളഞ്ഞു എന്നു ചിലർ പറയുന്ന കഥ എനിക്കു് ഏറ്റവും അവിശ്വസനീയമായി തോന്നുന്നു. അക്കാലത്തു ജാതികളുടെ ഉച്ചനീചത്വത്തെപ്പറ്റി ആർക്കും പരിഗണനയുണ്ടായിരുന്നില്ല എന്നും തന്റെ ജാതിക്കാരുടെ തൊഴിൽ നശിപ്പിക്കുവാൻ അദ്ദേഹം ഒരുമ്പെട്ടു എന്നു് പറയുന്നതിൽ അനുപപത്തിയുണ്ടെന്നും നാം ഇവിടെ ഓർക്കേണ്ടതാണു്. ‘തുഞ്ചന്റെ ചക്കിൽ എന്തെല്ലാം ആടും’ എന്നു ചില നമ്പൂരിമാർ പരിഹാസശൈലിയിൽ ചോദിക്കുകയും നാലുമാറും (നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും) ആടുമെന്നു് അദ്ദേഹം അതേ ശൈലിയിൽ മറുപടി പറയുകയും ചെയ്തിരിക്കാമെന്നുവന്നാൽപ്പോലും അതു ശാന്താത്മാവായ അദ്ദേഹത്തിൽ ജാത്യപകർഷബോധവും തന്നിമിത്തമുള്ള ഹൃദയക്ഷോഭവും അങ്കുരിപ്പിക്കുന്നതിനു് ഒരിക്കലും പര്യാപ്തമാകുന്നതല്ല. ക്ഷേത്രപ്രവേശമുള്ള വട്ടയ്ക്കാട്ടുനായർവർഗ്ഗത്തിൽപ്പെട്ട ഒരാളായിരുന്നു അദ്ദേഹമെന്നു് അനുമാനിക്കുന്നതിൽ അപാകമില്ല. എഴുത്തച്ഛൻ ക്ഷേത്രങ്ങളിൽ ചെന്നു ദേവാരാധനം നടത്തിയിരുന്നു. മൂന്നാമത്തെയോ മറ്റോ വയസ്സിൽത്തന്നെ അമ്പലങ്ങളിൽ നമ്പൂരിമാർ വേദം പിഴച്ചുചൊല്ലുന്നതു കേട്ടു് അദ്ദേഹം ‘കാടു്, കാടു്’ എന്നു് ആ പ്രമാദത്തെ അവഹേളനംചെയ്തു എന്നുള്ള ഐതിഹ്യാംശവും അസംബന്ധം തന്നെ. ‘എഴുത്തച്ഛൻ’ എന്നുള്ള പദത്തിൽ അദ്ദേഹത്തിന്റെ ജാതിയെപ്പറ്റി യാതൊരു സൂചനയുമില്ലെന്നു പറയേണ്ടതില്ലല്ലോ. ‘നാട്ടാശാൻ’ എന്നേ അതിനു് അർത്ഥമുള്ളൂ. അതിനെ ഒരു സ്ഥാനപ്പേരായി മാത്രം കരുതിയാൽ മതിയാകുന്നതാണു്.

30.3പിതാവു്

എഴുത്തച്ഛന്റെ പിതാവു് ഒരു മലയാള ബ്രാഹ്മണനോ പരദേശബ്രാഹ്മണനോ ആയിരിക്കണമെന്നു ചിലർ പറയുന്നതിലും പാരമാർത്ഥ്യമുണ്ടെന്നു തോന്നുന്നില്ല. കേരളത്തിൽ ഉത്തമകവികളായി ആരെങ്കിലും ജനിച്ചാൽ അവരുടെ പിതൃത്വം ബ്രാഹ്മണരിൽ ആരോപിക്കുന്നതും അല്ലെങ്കിൽ അവരുടെ വശ്യവചസ്ത്വത്തിനു കാരണം ദേവതാഭജനമാണെന്നു തീർച്ചപ്പെടുത്തുന്നതും അന്ധവിശ്വാസത്തിന്റെ ലക്ഷണമാണു്. എഴുത്തച്ഛന്റെ ജനനത്തെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ടു്. വടക്കേമലയാളത്തുകാരനായ ഒരു നമ്പൂരി തിരുവനന്തപുരത്തുനിന്നു മുറജപം കഴിഞ്ഞു വഞ്ചിവഴി മടങ്ങിപ്പോകുന്ന അവസരത്തിൽ തൃക്കണ്ടിയൂരെത്തിയെന്നും അപ്പോൾ യാത്രയ്ക്കു് അസമയമാകയാൽ അവിടെയുള്ള ഒരു ചക്കാലനായർവീട്ടിൽ കയറിക്കിടന്നു എന്നും അന്നു രാത്രി ആ വീട്ടിലെ ഒരു യുവതി അദ്ദേഹത്തിൽനിന്നു ഗർഭം ധരിക്കുവാനിടയായി എന്നും അങ്ങനെയാണു് എഴുത്തച്ഛന്റെ ജനനമെന്നും ഒരു കൂട്ടർ പറയുന്നു. അന്നു മുറജപമില്ലായിരുന്നു എന്നു മാത്രമല്ല വഞ്ചിവഴിക്കു തിരുവനന്തപുരത്തുനിന്നു തൃക്കണ്ടിയൂരെത്തുവാൻ മാർഗ്ഗവുമില്ലായിരുന്നു എന്നുള്ളതുകൊണ്ടു് ആ ഐതിഹ്യം മേൽ പ്രതിപാദിച്ചവിധത്തിലാണെങ്കിൽ അസംഭാവ്യമാണെന്നുള്ളതു സിദ്ധമാണു്. മുറജപത്തേയും വഞ്ചിയേയുംപറ്റിയുള്ള പ്രസ്താവന പരിത്യജിച്ചാലും വിശേഷമൊന്നുമില്ല. തൃക്കണ്ടിയൂർ, ആലത്തൂർഗ്രാമത്തിലെ ബ്രാഹ്മണരെക്കൊണ്ടു നിബിഡമായിരുന്ന ഒരു കാലമാണതു്. ആഗന്തുകനായ ഒരു നമ്പൂരിക്കു് ആതിഥ്യം നല്കുവാൻ അവരിൽ ആരും ഉണ്ടായിരുന്നില്ല എന്നു പറഞ്ഞാൽ അതു യുക്തിക്കു നിരക്കുന്നതല്ല. എഴുത്തച്ഛൻ തൃക്കണ്ടിയൂർ ക്ഷേത്രത്തിൽ വെച്ചു നമ്പൂരിമാരുടെ വേദോച്ചാരണം ‘കാടുകാടെ’ന്നധിക്ഷേപിച്ചപ്പോൾ അവർ കുപിതരായി ആ ശിശുവിനു മലരും പഴവും ജപിച്ചുകൊടുത്തു മൂകത്വവും ബുദ്ധിമാന്ദ്യവും വരുത്തുകയും അതു കേട്ടു പിതാവായ നമ്പൂരി അവയുടെ പരിഹാരത്തിനായി മദ്യം ഭേഷജരൂപത്തിൽ സേവിപ്പിക്കുകയും ചെയ്തതായി പറയുന്നതു് അതിലും വിചിത്രമായിരിക്കുന്നു. തന്റെ പുത്രനെ മദ്യപാനം ചെയ്യിക്കത്തക്ക ഹൃദയദൗഷ്ട്യം യാതൊരു പിതാവിനും ഉണ്ടാകുന്നതല്ല. വാസ്തവത്തിൽ എഴുത്തച്ഛൻ മദ്യപനല്ലായിരുന്നു. മദ്യപാനത്തെപ്പറ്റി ആ സൽഗുരു പല അവസരങ്ങളിലും ഉപാലംഭനം ചെയ്തിട്ടുണ്ടു്:

“ഗുരുതല്പഗൻ വൃഷതല്പഗനാകും ദ്വിജൻ
ശരണാഗതഹന്താ മദ്യപനിവരെല്ലാം
കരുതീടണം ബ്രഹ്മഹന്താവിനൊക്കുമല്ലോ” എന്നും
“… … … സുരാപാനം
ചെയ്തീടുന്നവൻ ബ്രഹ്മഹത്യയുള്ളതുപോലെ
ജാതിഭ്രഷ്ടനുമായിപ്പാപിയായ് വരികെന്നാൻ”
എന്നും മറ്റുമുള്ള മഹാഭാരതത്തിലെ പ്രസ്താവനകൾ നോക്കുക. മദ്യപനായ ഒരാൾക്കു് അദ്ദേഹത്തിനു് അന്യഥാ എന്തെല്ലാം സിദ്ധികൾ ഉണ്ടെങ്കിലും, തന്റെ ജീവിതത്തിൽ അന്നത്തെ കാലാവസ്ഥയ്ക്കു് എഴുത്തച്ഛനു ലഭിച്ച സർവ്വാരാധ്യമായ സ്ഥാനം കരഗതമാകുമായിരുന്നില്ല. ഭാരതം കർണ്ണപർവത്തിന്റെ ആരംഭത്തിൽ അദ്ദേഹം പ്രയോഗിച്ചിട്ടുള്ള ‘സുഖപാനമോദലഹരി’ എന്ന പദത്തിന്റെ അർത്ഥം ശരിക്കു മനസ്സിലാക്കുവാൻ ശക്തിയില്ലാത്ത അനന്തരകാലികന്മാരായ ഏതോ ചില പാമരന്മാരുടെ കുസൃഷ്ടിയാണു് ഈ ഐതിഹ്യശകലം എന്നു സധൈര്യം സമർത്ഥിക്കാവുന്നതാണു്. അദ്ദേഹത്തിനു ലഹരിയുണ്ടായിരുന്നു; എന്നാൽ അതു മഹർഷിമാർക്കുപോലും അസുലഭമായ ഹരിഭക്തിലഹരിയല്ലാതെ മറ്റൊന്നുമായിരുന്നില്ല. എഴുത്തച്ഛന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു ഐതിഹ്യം മുമ്പു സൂചിപ്പിച്ചതിന്റെ പ്രകാരാന്തരമാണു്. അതിനു വെട്ടത്തുനാട്ടിൽ സാമാന്യം പ്രസിദ്ധിയുള്ളതായി 1082-ലെ ‘രാമാനുജൻ’ മാസികയിൽ രേഖപ്പെടുത്തിയിരിക്കുന്നു! ആകസ്മികമായി ഒരു സായാഹ്നത്തിൽ പാന്ഥനായ ഒരു നമ്പൂരി തൃക്കണ്ടിയൂരിൽ ചെന്നുചേർന്നു തട്ടാരമ്പറത്തു് എന്ന മൂസ്സതിന്റെ ഭവനത്തിൽ കിടന്നു. നല്ല ഒരു ജ്യൗതിഷികനായ ആ നമ്പൂരി ഒരു വിശിഷ്ടമായ സന്താനോൽപാദനമുഹൂർത്തം സന്നിഹിതമായതായിക്കണ്ടു് ശയ്യയിൽനിന്നെഴുന്നേറ്റു കൂടെക്കൂടെ ജ്യോതിർഗ്ഗോളങ്ങളെ നിരീക്ഷിക്കുകയും വീണ്ടും സ്വസ്ഥാനത്തേയ്ക്കു തിരിച്ചു പോരികയും ചെയ്യുന്നതു് ആ ഭവനത്തിലെ ദാസിയായ തുഞ്ചത്തെ ഒരു നായർയുവതി കണ്ടു് അതിന്റെ കാരണം ചോദിക്കുകയും വസ്തുത ഗ്രഹിച്ചപ്പോൾ സന്താനലാഭംകൊണ്ടു തന്നെ അനുഗ്രഹിക്കണമെന്നു് അപേക്ഷിക്കുകയും നമ്പൂരി അതിനു് അനുവദിക്കുകയും തൽഫലമായി എഴുത്തച്ഛൻ ജനിക്കുകയും ചെയ്തുവത്രെ. പ്രസ്തുത കഥയിലും യുക്തിഭംഗമുണ്ടു്. ആ നമ്പൂരി വാസ്തവത്തിൽ ജ്യൌതിഷികനായിരുന്നു എങ്കിൽ തന്റെ ഇല്ലം വിട്ടു് അത്ര വിശിഷ്ടമായ ഒരു ശുഭമുഹൂർത്തം പാഴാകത്തക്കവണ്ണം സഞ്ചാരത്തിനു് ഒരുങ്ങുന്നതല്ലായിരുന്നു. മൂസ്സതിന്റെ അനുവാദം കൂടാതെ അവിടത്തെ ദാസിയോടു് അതിഥിയായ അദ്ദേഹം അത്തരത്തിലെല്ലാം കാട്ടിക്കൂട്ടിയിരിക്കും എന്നു വിചാരിക്കുന്നതും ക്ഷോദക്ഷമമല്ല. അതുകൊണ്ടു് ആ പുരാവൃത്തവും പരിത്യാജ്യമാകുന്നു. എഴുത്തച്ഛന്റെ ജന്മദാതൃത്വത്തെ ഒരു പരദേശബ്രാഹ്മണനുമായി ഘടിപ്പിച്ചും ചില ഗ്രന്ഥങ്ങൾ ഞാൻ കണ്ടിട്ടുണ്ടു്. ആ കഥയും തിരസ്കരണത്തെയല്ലാതെ അർഹിക്കുന്നില്ല.

വഴിയേ പോകുന്നവരെ സന്താനാർത്ഥം വിളിച്ചുകയറ്റത്തക്കവണ്ണം എഴുത്തച്ഛന്റെ തറവാടു നികൃഷ്ടമല്ലായിരുന്നു എന്നുള്ളതിനു പ്രകൃഷ്ടമായ സാക്ഷ്യമുണ്ടു്:

“അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ
മൽഗുരുനാഥനനേകാന്തേവാസികളോടും
ഉൾക്കുരുന്നിങ്കൽ വാഴ്ക രാമനാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുള്ളോരും.”
എന്നു് അധ്യാത്മരാമായണത്തിൽ ഗുരുനാഥൻതന്നെ തനിക്കു രാമൻ എന്നു പേരോടുകൂടി ഒരു ജ്യേഷ്ഠനുണ്ടായിരുന്നതായും അദ്ദേഹത്തിനു് അനേകം ശിഷ്യന്മാരുണ്ടായിരുന്നതായും പ്രസ്താവിച്ചിട്ടുണ്ടല്ലോ. അത്തരത്തിൽ വൈദുഷ്യത്തിനു കീർത്തിപ്പെട്ടിരുന്ന ഒരു കുടുംബത്തിൽ ഇങ്ങനെ ഒരു സംഭവത്തിനു് അശേഷം പ്രസക്തി കാണുന്നില്ല.

30.4എഴുത്തച്ഛനും നീലകണ്ഠനും

നീലകണ്ഠനാമധേയനായ ഒരു നമ്പൂരിയായിരുന്നു എഴുത്തച്ഛന്റെ പിതാവു്. എന്നൊരു ഐതിഹ്യാങ്കുരം ഈയിടയ്ക്കു് ഉത്ഭിന്നമായിട്ടുണ്ടു്. “അൻപേണമെൻ മനസി ശ്രീനീലകണ്ഠഗുരു” എന്നൊരു പ്രസ്താവന ഹരിനാമകീർത്തനത്തിലുണ്ടു്. “ഹരിനാമകീർത്തനം എഴുത്തച്ഛന്റെ കൃതിയാണു്; ‘ഗുരു’ എന്ന പദത്തിനു് അച്ഛനെന്നും അർത്ഥം കല്പിക്കാം; തൃക്കണ്ടിയൂർ നീലകണ്ഠസോമയാജിയായിരുന്നു എഴുത്തച്ഛന്റെ പിതാവു് എന്നു് ഈ തെളിവുകൾ വച്ചുകൊണ്ടു് അനുമാനിക്കരുതോ?” എന്നു ചിലർ ചോദിക്കുന്നു. നീലകണ്ഠസോമയാജി കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു എന്നും അദ്ദേഹം ഒരു സുപ്രസിദ്ധനായ കാർത്താന്തികൻ എന്നുള്ളതിനുപുറമെ ചതുശ്ശാസ്ത്രപണ്ഡിതനും, കർമ്മഠനും, ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ ഗുരുഭൂതനുമായിരുന്നു എന്നും നാം ധരിച്ചിട്ടുണ്ടല്ലോ. അദ്ദേഹം സ്വദേശത്തു് ഒരു ചക്കാലനായർസ്ത്രീയെ പരിഗ്രഹിക്കുക എന്നുള്ളതു് അത്യന്തം അസംഭാവ്യമാകുന്നു. എഴുത്തച്ഛൻ അദ്ദേഹത്തിന്റെ സമകാലികനായിരുന്നു. എന്നാൽ അതുകൊണ്ടുമാത്രം അദ്ദേഹത്തിനു് എഴുത്തച്ഛന്റെ ജന്മദത്വം സിദ്ധിക്കുന്നതല്ലല്ലോ. 1011-ൽ കരുണാകരൻ എഴുത്തച്ഛന്റേതു് എന്നു പറഞ്ഞുകൊണ്ടു ശിവരാത്രിമാഹാത്മ്യം എന്നൊരു കിളിപ്പാട്ടു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിൽ,

“രാമാനന്ദാഗ്രഹാരവർത്തിയായ് മഹാശാസ്ത്ര
ധാമാവായ്, ശ്രീനീലകണ്ഠാത്മജനായ് ശ്രീമാനായ്,
അദ്വൈതാചാര്യനായിട്ടാത്മാരാമനായ് സർവ
വിദ്യാപാരഗനായ രാമദേശികവര്യൻ”
എന്നീ വരികളുണ്ടെന്നുള്ള വിവരം ഞാൻ വിസ്മരിക്കുന്നില്ല. എന്നാൽ ആ പുസ്തകത്തിന്റേയും സർവഥാ കുപ്രസിദ്ധമായ കല്യാണസുന്ദരരേഖയുടേയും ഉത്ഭവസ്ഥാനം ഒന്നാകയാൽ പ്രസ്തുത ഗ്രന്ഥം ഞാൻ പരിശോധിക്കുന്നതുവരെ എനിക്കു് ആ പ്രസ്താവനയുടെ വസ്തുസ്ഥിതിയെപ്പറ്റി യാതൊന്നും ഉപന്യസിക്കുവാൻ തോന്നുന്നില്ല.

ചുരുക്കത്തിൽ എഴുത്തച്ഛൻ വൈദുഷ്യധന്യമായ ഒരു വട്ടയ്ക്കാട്ടു നായർകുടുംബത്തിൽ ജനിച്ചു എന്നു മാത്രമല്ലാതെ ഒരു ബ്രാഹ്മണന്റെ പുത്രനായിരുന്നു അദ്ദേഹം എന്നു പറയുന്നതിനു നിഷ്പക്ഷപാതിയായ ഒരു ഗവേഷകനെ അധികാരപ്പെടുത്തുന്നതായി യാതൊരു ലക്ഷ്യവും ഇല്ലെന്നാണു് എന്റെ അഭിപ്രായം.

30.5എഴുത്തച്ഛന്റെ ഗന്ധർവാംശസംഭൂതി

എഴുത്തച്ഛൻ ഒരു ഗന്ധർവന്റെ അവതാരമായിരുന്നു എന്നു വിശ്വസിക്കുന്നവരും അങ്ങിങ്ങു് ഇല്ലാതെയില്ല. അതിനു് അവർ ഉന്നയിക്കുന്ന കാരണങ്ങൾ കേൾക്കാൻ രസമുണ്ടു്. അധ്യാത്മരാമായണം രചിച്ച ഒരു സാധുബ്രാഹ്മണൻ അതിനു് പ്രചാരം വർദ്ധിക്കുന്നതിനുള്ള മാർഗ്ഗം ഉപദേശിക്കണമെന്നു് ഒരു ഗന്ധർവനോടപേക്ഷിച്ചു. അപ്പോൾ അവിടെ വേദവ്യാസമഹർഷി ബ്രാഹ്മണരൂപത്തിൽ വേഷച്ഛന്നനായി സഞ്ചരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം വ്യാസഭഗവാനാണെന്നും അദ്ദേഹത്തോടു് പ്രാർത്ഥിച്ചാൽ അഭീഷ്ടസിദ്ധിയുണ്ടാകുമെന്നും ഗന്ധർവൻ ഉപദേശിച്ചു. തന്റെ യാഥാർത്ഥ്യം അന്യനെ ധരിപ്പിച്ചതിൽ വച്ചു കുപിതനായ മഹർഷി ആ വ്യോമചാരി ഭൂമിയിൽ മനുഷ്യനായി ജനിക്കട്ടെ എന്നു ശപിക്കുകയും ആ ശാപത്തിനു വിധേയനായി അദ്ദേഹം എഴുത്തച്ഛനായി അവതരിക്കുകയും ചെയ്തു. ഈ കാലില്ലാക്കഥയ്ക്കു് തെളിവെന്തെന്നു ചോദിച്ചാൽ അവർ ഉദ്ധരിച്ചു കാണിക്കുന്നതു മഹാഭാരതം ദ്രോണപർവത്തിലെ

“വാരണവീരൻ തലയറ്റു വില്ലറ്റു
വീരൻ ഭഗദത്തൻ തന്റെ തലയറ്റു
നാലാമതാനതൻ വാലുമരിഞ്ഞിട്ടു
കോലാഹലത്തോടു പോയിതു ബാണവും.”
എന്ന വരികളാണു്. പ്രസ്തുതഗന്ധർവ്വൻ അർജ്ജുനനും ഭഗദത്തനും തമ്മിൽ നടന്ന യുദ്ധത്തിനു ദൃക്‍സാക്ഷിയായിരുന്നു എന്നും അല്ലെങ്കിൽ ആ യുദ്ധം അത്തരത്തിൽ എഴുത്തച്ഛനു വർണ്ണിച്ചു ഫലിപ്പിക്കുവാൻ സാധിക്കുന്നതല്ലായിരുന്നു എന്നുമാണു് അവരുടെ വാദം. മഹാകവികൾ ക്രാന്തദർശികളാണെന്നും ഗന്ധർവന്മാർക്കുപോലും അദൃശ്യങ്ങളായ വസ്തുക്കൾ അവർക്കു കാണാൻ കഴിവുള്ളതാണെന്നും ഇവിടെ പറയേണ്ടതില്ലല്ലോ. താൻ ഗന്ധർവന്റെ അവതാരമാണെന്നു് എഴുത്തച്ഛൻതന്നെ പറഞ്ഞിട്ടുണ്ടെന്നാണു് അവർ ഉന്നയിക്കുന്ന മറ്റൊരു വാദമുഖം. അതിനു് അവർ ഗന്ധർവ്വചരിതം എന്ന ഒരു പഴയ ഭാഷാചമ്പുവിലുള്ള

“ഗന്ധർവ്വൻ പണ്ടു വാനോർനഗരിയിലനിശം
പാടുവോനിന്ദ്രഗേഹേ
ഗാന്ധർവത്തിന്നു മുമ്പുണ്ടുഴകിനുമധികം;
പിന്നെ മറ്റുള്ളതൊപ്പം;
സന്ധ്യാവേലയ്ക്കു ചെല്ലാഞ്ഞൊരുപൊഴുതു വലാ
രാതികോപേന ശാപാ
ലന്ധത്വം പൂണ്ടു ഭൂമൌ പരിചിനൊടു പിറ
ന്നീടിനേൻ മാനുഷോ ഞാൻ”
എന്ന ശ്ലോകം പ്രമാണമായി പ്രദർശിപ്പിക്കുന്നു. അതിലെ മറ്റൊരു ശ്ലോകം

“ഞാനോ കേളമരാവതീലമരുവോൻ ഗന്ധർവ്വരാജൻ സഖേ!
വാനോർനാഥനഹേതുകോപി വെറുതേ നമ്മെശ്ശപിച്ചീടിനാൻ;
ദീനോഹം ധരണീതലേ പിറവി പൂണ്ടീവണ്ണമായിട്ടുമി
ത്തേനോലും മൊഴിമാർക്കു മാരമരണാതങ്കം കുറച്ചീടിനേൻ.”
എന്നതാണു്. ഇതു ഹാസ്യപ്രധാനമായ ഒരു ചെറിയ ചമ്പുവാകുന്നു. ഇതിൽ ഗന്ധർവനെ ശപിക്കുന്നതു വ്യാസനല്ല, ദേവേന്ദ്രനാണു്. ഈ ഗ്രന്ഥം കാണാത്തതുകൊണ്ടു മാത്രമാണു് ചിലർ ആദ്യം ഉദ്ധരിച്ച ശ്ലോകം ഗുരുനാഥകൃതമാണെന്നു സങ്കല്പിക്കുന്നതു്. അതിലെ തക്കിടിയും വിഡ്ഢിത്തവും എഴുത്തച്ഛന്റെ രസനയിൽനിന്നു് ഒരിക്കലും പുറപ്പെടാവുന്നതല്ലല്ലോ. ശ്രവണാനന്ദപ്രദമായ ശുകഗാനപ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാപകനെന്നല്ലാതെ എഴുത്തച്ഛൻ ഗന്ധർവ്വാംശസംഭവൻ എന്നു പറയുമ്പോൾ അതിനു മറ്റൊരർത്ഥവുമില്ല; ഉണ്ടാകാനൊട്ടു തരവുമില്ല; ഉണ്ടാകേണ്ട ആവശ്യവുമില്ല.

30.6പേർ

എഴുത്തച്ഛന്റെ പേർ (1) ശങ്കരൻ, (2) സൂര്യനാരായണൻ, (3) രാമാനുജൻ, (4) രാമൻ എന്നിങ്ങനെ നാലു രൂപങ്ങളിൽ പ്രചരിക്കുന്നുണ്ടു്. ഇവയെപ്പറ്റി പ്രാപ്താവസരമാകയാൽ ഇവിടെ ചർച്ചചെയ്യാം. ശങ്കരൻ എന്നായിരുന്നു പേരെന്നുള്ളതിനു തെളിവോ യുക്തിയോ യാതൊന്നുമില്ല. “ഭവതു വദനബിംബം ശാങ്കരം പ്രീതയേ വഃ” എന്നു കോലത്തുനാട്ടു ശങ്കരകവിയെ പരാമർശിക്കുന്ന ഒരു ശ്ലോകം ചന്ദ്രോത്സവത്തിലുണ്ടല്ലോ. എഴുത്തച്ഛനെപ്പറ്റി അന്യഥാ യാതൊരു സൂചനയും ആ ഗ്രന്ഥത്തിൽ കാണാത്തതുകൊണ്ടു പ്രസ്തുതനായ ശങ്കരൻ എഴുത്തച്ഛനായിരിക്കണമെന്നു കേരളത്തിലെ സാഹിത്യഗവേഷണചരിത്രത്തിന്റെ ആരംഭത്തിൽ ആരോ ഊഹിച്ചു എന്നേയുള്ളു. അതു നിർമ്മൂലമാണെന്നു് ഇപ്പോൾ തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. എഴുത്തച്ഛന്റെ കാലത്തിനു വളരെ മുൻപുതന്നെ വിരചിതമായ ഒരു കൃതിയാണല്ലോ ചന്ദ്രോത്സവം. രാമാനുജൻ എന്ന സംജ്ഞയ്ക്കു കുറേ പ്രാചീനതയുണ്ടെന്നു സമ്മതിക്കാം. 1018-ാമാണ്ടു മംഗലാപുരത്തുനിന്നു ബേസൽമിഷണ്‍ അച്ചുക്കൂടക്കാർ കല്ലച്ചിൽ മുദ്രണം ചെയ്തു പ്രസിദ്ധീകരിച്ച കേരളോൽപത്തിയിൽ “ഇവയൊക്കെയും കലിയുഗത്തിൽ അല്പബുദ്ധികളായിരിക്കുന്ന മാനുഷർക്കു വഴിപോലെ ഗ്രഹിപ്പാൻ തക്കവണ്ണം തുഞ്ചത്തു രാമാനുജൻ ചൊന്ന കേരളനാടകം ഉപദേശമായി സംഗ്രഹിച്ചു. സാരന്മാർ അറിഞ്ഞുകൊൾകയും ചെയ്ക” എന്നീ പങ്ക്തികൾ കാണുന്നതിൽ നിന്നു പ്രസ്തുത നാമധേയത്തിനു് ഒരു ശതകത്തോളം പഴക്കമുണ്ടെന്നു വിശദമാകുന്നു. ആ പേർ എങ്ങനെ വന്നു എന്നാണു് ഇനി പര്യാലോചിക്കേണ്ടതു്. രാമന്റെ അനുജനാകയാൽ എഴുത്തച്ഛനെ രാമാനുജൻ എന്നു വിളിച്ചുവന്നു എന്നു് ഒരു കൂട്ടരും വിശിഷ്ടാദ്വൈതമതസ്ഥാപകനായ രാമാനുജാചാര്യരുടെ ശിഷ്യനായി വിദേശങ്ങളിൽ താമസിച്ചകാലത്തു് അദ്ദേഹം സ്വഗുരുവിന്റെ നാമധേയം സ്വീകരിച്ചു എന്നു മറ്റൊരു കൂട്ടരും പ്രസ്താവിക്കുന്നു. ഈ രണ്ടു മതങ്ങൾക്കും ഉപപത്തിയില്ല. രാമന്റെ അനുജൻ എന്നു വിളിക്കത്തക്കവണ്ണമുള്ള വ്യക്തിമാഹാത്മ്യമല്ലല്ലോ അദ്ദേഹത്തിനുണ്ടായിരുന്നതു്. ശൈശവത്തിൽ അദ്ദേഹത്തിനു കുടുംബാംഗങ്ങൾ ഏതെങ്കിലും ഒരു പേർ നല്കിയിരിക്കണമെന്നും, അതു രാമാനുജൻ എന്നായിരിക്കുവാൻ ഇടയില്ലെന്നുമുള്ള വസ്തുത അല്പമൊന്നാലോചിച്ചാൽ ആർക്കും ബോദ്ധ്യമാകുന്നതാണു്. ‘രാമാനുജൻ’ എന്നു പണ്ടും ഇന്നും കേരളീയർക്കു പേരില്ല. എഴുത്തച്ഛൻ രാമാനുജാചാര്യരുടെ ശിഷ്യനായിരുന്നു എന്നു പറയുന്നവർക്കു സാഹിത്യചരിത്രത്തെപ്പറ്റി സ്ഥൂലമായ ജ്ഞാനം പോലുമില്ലെന്നു പറയേണ്ടിവരും. രാമാനുജാചാര്യരുടെ ജീവിതകാലം ക്രി. പി. പതിനൊന്നാം ശതകത്തിലാണു്. സ്വഗുരുവിന്റെ നാമധേയം ഉച്ചരിക്കുവാൻപോലും പാടില്ലെന്നു സ്മൃതികൾ വിധിച്ചിരിക്കവേ, ആസ്തികനായ എഴുത്തച്ഛൻ അദ്ദേഹത്തിന്റെ പേർ സ്വായത്തമാക്കി എന്നു പറയുന്നതും അസംബന്ധമായിരിക്കുന്നു. എന്നാൽ ഇനി ഏതോ ഒരു ശ്രീവൈഷ്ണവൻ ആചാര്യനാകുകനിമിത്തം എഴുത്തച്ഛൻ തന്റെ പേർ രാമാനുജനെന്നു മാറ്റി എന്നു സങ്കല്പിക്കുന്നതായാൽ അതിനും യുക്തി ഭംഗമുണ്ടു്. എഴുത്തച്ഛന്റെ മതം വൈഷ്ണവമല്ല അദ്വൈതമാണു്. അദ്ദേഹത്തിനു വിഷ്ണുവിന്റെ നേർക്കായിരുന്നു അധികം ഭക്തി എന്നു സമ്മതിക്കാമെങ്കിലും സാധാരണ വൈഷ്ണവമതാനുയായികളെപ്പോലെ അദ്ദേഹം ശിവനിന്ദകനായിരുന്നില്ല എന്നുള്ളതിനു ധാരാളം തെളിവു് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ നല്കുന്നുണ്ടു്. പിന്നെ എങ്ങനെയാണു് ആ പേർ കടന്നുകൂടിയതെന്നാണെങ്കിൽ അതിനു് ഒരു ഉപപത്തി പറയാം.

30.7ചിറ്റൂർ ഗുരുമഠം

എഴുത്തച്ഛന്റെ മഹാസമാധി കൊച്ചിയിൽ ചിറ്റൂർ എന്ന സ്ഥലത്താണെന്നുള്ളതിനെപ്പറ്റി വലിയ പക്ഷാന്തരങ്ങൾക്കൊന്നും വഴിയുണ്ടെന്നു തോന്നുന്നില്ല. എഴുത്തച്ഛൻ തന്റെ പ്രഥമശിഷ്യനായ കരുണാകരനോടും മറ്റൊരു ശിഷ്യനായ സൂര്യനാരായണനോടും കൂടി ഒരു സഞ്ചാരി എന്ന നിലയിൽ ഭാരതപ്പുഴയുടെ ഒരു പോഷകനദിയും ശോകനാശിനി എന്നു പേരുള്ളതുമായ നദിയുടെ വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ചിറ്റൂർദേശം സന്ദർശിക്കുകയും ആ ദേശത്തിൽ പ്രകൃതിയുടെ പ്രശാന്തരമണീയതയാൽ ആകൃഷ്ടനായി അവിടം തന്റെ വാസസ്ഥാനമാക്കുവാൻ തീർച്ചപ്പെടുത്തുകയും അക്കാലത്തു കേവലം കാനനനിർവിശേഷമായിരുന്ന ആ സ്ഥലം നാലായിരം പണത്തിനു ചമ്പത്തിൽ മന്നാടിയാരോടു തീറുവാങ്ങി നദീതീരത്തു് ഒരു ശ്രീരാമക്ഷേത്രവും ഒരു ശിവക്ഷേത്രവും പണികഴിപ്പിക്കുകയും ശ്രീരാമക്ഷേത്രത്തിനു മുൻവശത്തു രണ്ടു വരിയായി പന്ത്രണ്ടു ഗൃഹങ്ങൾ നിർമ്മിച്ചു്, ആ ഗൃഹങ്ങളിൽ പന്ത്രണ്ടു തമിഴ്ബ്രാഹ്മണഗൃഹക്കാരെ കുടിയിരുത്തുകയും ചെയ്തു. ആചാര്യൻ പന്തീരായിരം പണം സാമൂതിരിപ്പാട്ടിലെ പക്കൽ നിലനിറുത്തിയിരുന്നു എന്നും യുവാവും, ആധ്യാത്മികവിഷയങ്ങളിലെന്നപോലെ ലൌകികകാര്യങ്ങളിലും വിദഗ്ദ്ധനുമായിരുന്ന സൂര്യനാരായണനെ അങ്ങോട്ടയച്ചു് ആ പണം കൂടി വരുത്തി ചെലവുചെയ്താണു് ഈ പണികളെല്ലാം നടത്തിച്ചതെന്നും പഴമക്കാർ പറയുന്നു. പണി തീരുന്നതുവരെ എഴുവത്തു ഗോപാലമേനോന്റെ അതിഥികളായാണു് എഴുത്തച്ഛനും ശിഷ്യന്മാരും താമസിച്ചതു്. ആ ഗോപാലമേനോൻ അനന്തരം കോപ്പസ്വാമികൾ എന്ന പേരിൽ എഴുത്തച്ഛന്റെ അന്തേവാസിയായിത്തീർന്നു. പിന്നീടു പതിമ്മൂന്നാമത്തെ ഗൃഹമായി തെക്കേ വരിയിൽ കിഴക്കേ അറ്റത്തു തനിക്കു് ഈശ്വരഭജനം, യോഗാഭ്യാസം മുതലായവ ചെയ്യുന്നതിനായി ഒരു മഠം പണിയിക്കുകയും ആ ഗ്രാമത്തിനു രാമാനന്ദാഗ്രഹാരം എന്നു പേർ നല്കുകയും ആ അഗ്രഹാരവും, അതിൽപ്പെട്ട ക്ഷേത്രങ്ങളും ബ്രാഹ്മണാലയങ്ങളും തന്റെ മഠവുംകൂടി ഗ്രാമജനങ്ങൾക്കു ദാനംചെയ്യുകയും ചെയ്തു. മേലും കുറേക്കാലം അവിടെ താമസിച്ചു ലോകോപകാരംചെയ്തുകൊണ്ടു വിജയിക്കവേ ആ മഹാത്മാവു് ഒരു ധനുമാസം ഉത്രം നക്ഷത്രത്തിൽ സമാധിയെ പ്രാപിച്ചു. എഴുത്തച്ഛൻ താമസിച്ചുവന്ന രാമാനന്ദാഗ്രഹാരത്തിലെ ആ മഠത്തെയാണു് ചിറ്റൂർ മഠം എന്നു പറയുന്നതു്. എഴുത്തച്ഛൻ ദാനംചെയ്ത അഗ്രഹാരം ഇന്നു് ആറ്റിൻകര ഗ്രാമമെന്നും പുഴയ്ക്കൽ ഗ്രാമമെന്നും ചിറ്റൂർ തെക്കേ ഗ്രാമമെന്നുമുള്ള പേരുകളിൽ അറിയപ്പെടുന്നു. എഴുത്തച്ഛനാൽ സുമുഹൂർത്തത്തിൽ ദത്തമായ ആ ഗ്രാമം ഉത്തരോത്തരം ശ്രേയസ്സോടുകൂടി പരിലസിക്കുന്നു. ആദ്യത്തെ പന്ത്രണ്ടു മഠങ്ങൾ ഇപ്പോൾ മുന്നൂറ്റിൽപ്പരമായി വർദ്ധിച്ചിട്ടുണ്ടു്. കൊല്ലം 1094-ൽ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്കു മൂവായിരപ്പറയ്ക്കുമേൽ കൊല്ലത്തിൽ ആദായമുള്ള വസ്തുക്കൾ ഉണ്ടായിരുന്നു. എഴുത്തച്ഛൻ ജീവിച്ചിരിക്കവേതന്നെ അദ്ദേഹത്തിന്റെ സൽപ്രവൃത്തികൾ കണ്ടു സന്തുഷ്ടനായ ചമ്പത്തിൽ മന്നാടിയാർ താൻ വാങ്ങിച്ച നാലായിരം പണവും ശ്രീരാമസ്വാമിസന്നിധിയിൽ കെട്ടിവയ്ക്കുകയും എഴുത്തച്ഛൻ അതിൽ 1000 പണം വീതം ചമ്പത്തു്, വടശ്ശേരി, എഴുവത്തു് ഈ മൂന്നു വീട്ടുകാരുടേയും പക്കലും, ബാക്കിയുള്ള ആയിരം പണം കൊച്ചി സർക്കാരിലും ഓരോരുത്തരും ക്ഷേത്രത്തിലേക്കു തൊണ്ണൂറു പറ നെല്ലു വീതം പലിശ കൊടുക്കണമെന്നുള്ള വ്യവസ്ഥയിൽ ഏല്പിക്കുകയും ചെയ്തു. എഴുവത്തുവീട്ടുകാർ തങ്ങൾ വാങ്ങിയ സംഖ്യ ദേവസ്വത്തിൽ തിരിയെ ഏല്പിച്ചു; വടശ്ശേരി മന്നാടിയാരുടെ കുടുംബത്തിൽനിന്നു് ഇന്നും നെല്ലളക്കുന്നുണ്ടു്. കൊച്ചിസർക്കാർ കൊല്ലംതോറും ഏതാനും ഉറുപ്പിക വിലത്തരമായി കൊടുക്കുന്നുമുണ്ടു്. ശ്രീരാമസ്വാമിക്ഷേത്രത്തിൽ കൊല്ലംതോറും മീനമാസത്തിൽ ശ്രീരാമനവമിക്കു രഥോത്സവവും കന്നിമാസത്തിൽ നവരാത്രി പ്രമാണിച്ചു് ഒൻപതു ദിവസം വിളക്കും മറ്റു വിശേഷാൽ അടിയന്തിരങ്ങളും ആഘോഷിക്കാറുണ്ടു്. ആദ്യത്തെ ദിവസത്തെ വിളക്കിനു് ‘എഴുത്തച്ഛൻവിളക്കു്’ എന്നാണു് പേർ പറയാറുള്ളതു്. ആ വിളക്കടിയന്തിരം സ്ഥലത്തെ നായന്മാരോടു വരിപിരിച്ചു ഗുരുമഠത്തിൽനിന്നു മുടക്കംകൂടാതെ നടത്തിവരുന്നു. കഴിഞ്ഞ കണ്ടെഴുത്തുവരേയും പ്രസ്തുതവസ്തുവിന്റെ പട്ടയം എഴുത്തച്ഛന്റെ പേരിലായിരുന്നു എന്നുമറിയുന്നു. അവിടെ പുഴയുടെ മധ്യത്തിൽ ഉന്നതമായ ഒരു പാറ കാണുന്നുണ്ടു്. അതിനെ എഴുത്തച്ഛൻ പാറ എന്നാണു് പറഞ്ഞുവരുന്നതു്.

30.8ഗ്രാമപ്രതിഷ്ഠയെ തെളിയിക്കുന്ന ശ്ളോകങ്ങൾ

ഗ്രാമപ്രതിഷ്ഠയ്ക്കും മറ്റും ആസ്പദമായി നാലു സംസ്കൃതശ്ലോകങ്ങളുണ്ടു്. അവ എഴുത്തച്ഛന്റെ ശിഷ്യപരമ്പരയിൽപ്പെട്ട ഏതോ ഒരു കവി നിർമ്മിച്ചതും ഗുരുമഠത്തിലെ രേഖകളിൽനിന്നു പകർത്തി ദ്രവിച്ച ഭാഗങ്ങൾ മറ്റൊരു വിദ്വാൻ പൂരിപ്പിച്ചിട്ടുള്ളതുമാണു്. അവ ഇവിടെ ഉദ്ധരിക്കേണ്ട ആവശ്യമുണ്ടു്. ഭിത്തിവലയിതങ്ങളായ ഭാഗങ്ങൾ പിന്നീടു പൂരിപ്പിച്ചിട്ടുള്ളവയാണു്:

“ആചാര്യഃ പ്രഥമം നദീം വനമിദം ദൃഷ്ട്വാ(മുദം) പ്രാപ്തവാൻ
നദ്യാസ്തീര(വനപ്രദേശ)വസതിം നിശ്ചിത്യ ശിഷ്യൈസ്സമം
ലബ്ധ്വാ തദ്വനമത്ര ദേശപതിഭിശ്ചിത്വാ (സമസ്തം ഗുരൂ)
രാമാനന്ദപുരാഭിധം ദ്വിജഗൃഹൈർഗ്രാമം ചകാരാലയൈഃ.
പൂർവേ ചിഞ്ചാഖ്യകുല്യാപ്യഥ വരുണദിശാ
പത്രചര്യാപഥാന്തം
യാമ്യേ നദ്യുത്തരാദുത്തരദിശി നിധന
ക്രോഡകേദാരകാന്തം
അസ്മിൻ ദേശേ മഹാത്മാ (വിബുധജ)ന(വര)
സ്സൂര്യനാരായണാഖ്യ
സ്സമ്പദ്വേശ്മാധിനാഥാദുദകമ(ഥ)സ ജ
(ഗ്രാഹ)കാരുണ്യസിന്ധുഃ.
രാമാനന്ദാഗ്രഹാരേ പ്രഥമമിഹ ശിവം
സാംബമൂർത്തിം സവർഗ്ഗം
സാക്ഷാദ്വിഷ്ണുഞ്ച രാമം ദ്വിജകുലനിപുണൈഃ
(സ്ഥാപയാമാസ) സൂര്യഃ
(ദ)ധ്നാ(പ്യ)ന്നം സസർപ്പിസ്സധനഗൃഹഗണം
ഭൂസുരേഭ്യോ ദദൌ (സോ)
നാകസ്യാനൂനസൌഖ്യം ധ്രുവമിതി മനന
സ്യാസ്പദം ഭൂരിദാനം.
സമ്പൽ(ക്ഷേത്ര)മഹേശസപ്തതിവടശ്ശേര്യാഖ്യഗേഹേഷ്വസൗ
ദത്വൈകൈകസഹസ്രകം പണധനം വൃദ്ധർത്ഥമഭ്യർച്ചിതും
രാമാനന്ദപുരാലയേ (ദിശി) നവത്യൈകൈകധാന്യാഢകം
പ്രത്യബ്ദന്തു (പറാ)ഖ്യമിത്യനുമതിം തേഭ്യഃ പ്രതിജ്ഞാപിതഃ”
ഈ ശ്ലോകങ്ങളുടെ കർത്താവിന്റെയാകട്ടെ പൂരയിതാവിന്റെയാകട്ടെ വൈദുഷ്യത്തെ പ്രശംസിക്കുവാൻ മാർഗ്ഗം കാണുന്നില്ല; പക്ഷേ അതിനു വേണ്ടിയല്ലല്ലോ അവയെ ഇവിടെ ഉദ്ധരിച്ചതു്. കിഴക്കു പുളിങ്കോൽതോടും പടിഞ്ഞാറു പട്ടഞ്ചീരിപ്പാതയും തെക്കു പുഴയുടെ വടക്കേക്കരയും വടക്കു കൊല്ലങ്കോട്ടു പാടവുമാണു് എഴുത്തച്ഛൻ ചമ്പത്തിൽ കുടുംബത്തിൽനിന്നു വിലയ്ക്കുവാങ്ങിയ സ്ഥലത്തിന്റെ അതിർത്തി എന്നു രണ്ടാംശ്ലോകത്തിൽ നിന്നു കാണാവുന്നതാണു്.

എഴുത്തച്ഛന്റെ സമാധി ഒരു ശ്ലക്ഷ്ണശിലകൊണ്ടു മൂടീട്ടുള്ളതും അദ്ദേഹം നിത്യമായി ഉപയോഗിച്ചിരുന്ന മുറിയിൽ വടക്കേ അറ്റത്തു ദക്ഷിണമുഖമായി പ്രതിഷ്ഠിച്ചിട്ടുള്ളതുമാകുന്നു. എഴുത്തച്ഛന്റേതെന്നു ജനങ്ങൾ വിശ്വസിക്കുന്ന യോഗദണ്ഡും മെതിയടികളും സമാധിക്കു കിഴക്കുവശം ഒരു പീഠത്തിൽ നിവിഷ്ടമായിരിക്കുന്നു. എല്ലാ ധനുമാസത്തിലും ഉത്രത്തിൻ നാൾ ഗുരുമഠത്തിൽവെച്ചു് എഴുത്തച്ഛന്റെ ശ്രാദ്ധം ആഘോഷിക്കുകയും അതിന്റെ ചടങ്ങായി ബ്രാഹ്മണസദ്യയും മറ്റും നടത്തുകയും ചെയ്യാറുണ്ടു്. ഇതിനു “ഗുരുമഠത്തിൽ ആരാധന” എന്നു പേർ പറയുന്നു. ഇതു് എഴുത്തച്ഛന്റെ സമാധികാലം മുതൽ ഇന്നുവരെയും അവിച്ഛിന്നമായി നടന്നുവരുന്നുണ്ടു്. 1043-ൽ ഗ്രാമത്തിൽ ഒരഗ്നിബാധയുണ്ടായി. ഏതാനും ഗൃഹങ്ങളും ഗുരുമഠവും അനേകം താളിയോലഗ്രന്ഥങ്ങളും നശിച്ചുപോയി. എങ്കിലും യോഗദണ്ഡിനും പാദുകങ്ങൾക്കും ഹാനി പറ്റിയില്ല എന്നു് 1904-ൽ പ്രസിദ്ധീകൃതമായ ഗുരുമഠംവക വിജ്ഞാപനത്തിൽ കാണുന്നുണ്ടെങ്കിലും അതിൽ ഗ്രന്ഥങ്ങളെസ്സംബന്ധിച്ചുള്ള പ്രസ്താവന അത്ര ശരിയാണെന്നു തോന്നുന്നില്ല. എന്തെന്നാൽ പ്രസിദ്ധ സംസ്കൃതപണ്ഡിതനായ ഡോ. ഏ. സി. ബർണ്ണൽ 1041-ാമാണ്ടിടക്കു താൻ ഗുരുമഠം സന്ദർശിച്ചു എന്നും അപ്പോൾ അവിടെ പഴയതു് എന്നു പറയുവാൻ ഭാഗവതം കിളിപ്പാട്ടിന്റെ ഒരു മാതൃക മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ബാക്കിയുള്ള ഗ്രന്ഥങ്ങൾ 1011-ാമാണ്ടിടയ്ക്കുണ്ടായ ഒരു അഗ്നിബാധയിൽ നശിച്ചുപോയെന്നു സ്ഥലവാസികൾ തന്നെ ധരിപ്പിച്ചു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. 1043 മുതൽ 1068 വരെ ഇരുപത്തഞ്ചുകൊല്ലം മഠത്തിന്റെ സ്ഥിതി അനാഥപ്രായമായിരുന്നു. 1068-ൽ ചിറ്റൂർ ബീമത്തു ഗുരുദാസൻ കോപ്പുമേനോന്റെ ഉത്സാഹത്താൽ അതു ജീർണ്ണോദ്ധാരണം ചെയ്യപ്പെട്ടു. ഇതാണു് ഗുരുമഠത്തിന്റെ പശ്ചാൽകാലചരിത്രം.

30.9രാമാനുജനും സൂര്യനാരായണനും

മേല്പടി ശ്ലോകങ്ങൾ വായിച്ചാൽ തുഞ്ചന്റെ ശിഷ്യനായ സൂര്യനാരായണനെഴുത്തച്ഛനാണു് ചിറ്റൂർ പുഴ കണ്ടു സന്തുഷ്ടമായി അവിടെ ഗുരുമഠവും മറ്റും പ്രതിഷ്ഠിച്ചതെന്നു തോന്നുന്നതു സ്വാഭാവികമാണു്. ആചാര്യപദത്തിനു് എഴുത്തച്ഛനെന്നു് അർത്ഥം കല്പിച്ചാൽ മതിയാകുന്നതും അതു ഗുരുവിനും ശിഷ്യനും ഒന്നുപോലെ യോജിപ്പിക്കാവുന്നതുമാകുന്നു. എന്നാൽ ഇവിടെ ഒന്നു് ആലോചിക്കേണ്ടതുണ്ടു്. തുഞ്ചന്റെ ഭക്തനായ അന്തേവാസി എന്നുള്ളതിൽക്കവിഞ്ഞു് ഒരു വൈശിഷ്ട്യം സൂര്യനാരായണനു് ഉണ്ടായിരുന്നതായി അറിയുന്നില്ല. ‘ചൂരി’ എന്ന സംകുചിതാഭിധാനത്താൽ വിദിതനായ അദ്ദേഹം ജാതിയിൽ തരകൻ(മക്കവഴി വെള്ളാളൻ) ആയിരുന്നു. അദ്ദേഹത്തിനുവേണ്ടി ചിറ്റൂരിലെ നായന്മാർ ധനുമാസം ഉത്രത്തിൽ ശ്രാദ്ധം ആഘോഷിക്കത്തക്ക ഒരു മാഹാത്മ്യം അദ്ദേഹത്തിൽ ഐതിഹ്യം ആരോപിക്കുന്നില്ല. പ്രത്യുത തുഞ്ചത്തെഴുത്തച്ഛന്റെ സമാധിസ്ഥലമാണതു് എന്നത്രേ ചിറ്റൂരിലെ സകല ജനങ്ങളുടേയും പരമ്പരാഗതമായ വിശ്വാസം; അങ്ങനെയാണെങ്കിൽ മാത്രമേ അത്തരത്തിലുള്ള ലോകാരാധനത്തിനു് ഉപപത്തിയുമുള്ളൂ. അതുകൊണ്ടു ഞാൻ ഉദ്ദേശിക്കുന്നതു സാക്ഷാൽ എഴുത്തച്ഛൻതന്നെയായിരുന്നു അവിടത്തെ സ്ഥാപനങ്ങൾക്കെല്ലാം കാരണഭൂതൻ എന്നും താൻ വൃദ്ധനും സന്യാസിയുമായിരുന്നതിനാൽ ആ സൽക്കർമ്മങ്ങളെല്ലാം തന്റെ ശിഷ്യനായ സൂര്യനാരായണനെഴുത്തച്ഛനെക്കൊണ്ടു് അദ്ദേഹം നടത്തിച്ചു എന്നുമാണു്. സന്യാസാശ്രമത്തിൽ ഗുരുനാഥൻ ‘രാമാനന്ദൻ’ എന്ന നാമം സ്വീകരിച്ചിരുന്നിരിക്കണം. ആ നാമത്താൽ മുദ്രിതമാകുകയാലാണല്ലോ അദ്ദേഹം സ്ഥാപിച്ച ഗ്രാമത്തിനു രാമാനന്ദാഗ്രഹാരം എന്നു പേർ സിദ്ധിച്ചതു്. കുറേക്കാലം ഗുരുമഠത്തിൽ താമസിച്ചു് ആ യോഗിവര്യൻ അവിടെവെച്ചുതന്നെ മഹാസമാധിയെ പ്രാപിച്ചുമിരിക്കണം. അല്ലെങ്കിൽ ആ പ്രദേശത്തിനു് ഇന്നു നാം കാണുന്ന മാഹാത്മ്യം ഒരു പ്രകാരത്തിലും സിദ്ധിക്കുന്നതിനു ന്യായമില്ല. ബർണ്ണൽസായ്പിന്റെ അന്വേഷണകാലത്തു സാക്ഷാൽ എഴുത്തച്ഛൻതന്നെ അവിടെ താമസിച്ചിരുന്നതായാണു് ചിറ്റൂർക്കാർ അദ്ദേഹത്തെ ധരിപ്പിച്ചതു്. സൂര്യനാരായണനെന്നല്ല തുഞ്ചന്റെ പേരെന്നു് ഇത്രയുമുള്ള പ്രസ്താവനയിൽനിന്നു വ്യക്തമാകുന്നുണ്ടല്ലോ. ഗുരുനാഥൻ തൃക്കണ്ടിയൂർ സ്വഗൃഹത്തിൽവെച്ചുതന്നെയാണു് അന്തരിച്ചതെന്നും അതിനുമുമ്പ് പതിനാറു വയസ്സുള്ള തന്റെ ശിഷ്യനായ ഒരു യോഗി അവിടെ വരുമെന്നും അദ്ദേഹത്തിന്റെ പക്കൽ തന്റെ ചൂരൽക്കോലം ഭസ്മസഞ്ചിയും മെതിയടികളും ഭാഗവതം മുതലായ ഗ്രന്ഥങ്ങളും കൊടുക്കണമെന്നു് അദ്ദേഹം തന്റെ മരുമകളോടു പറഞ്ഞിരുന്നുവെന്നും അതുപോലെ ആ യുവാവു് (അതാണത്രേ സൂര്യനാരായണൻ) ആ സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടുപോയെന്നും അവയെയാണു് ഗുരുമഠത്തിൽ പിന്നീടു പ്രതിഷ്ഠിച്ചതെന്നുമുള്ള ഐതിഹ്യത്തിൽ അസംഭവ്യതാംശങ്ങൾ പലതും കാണ്‍മാനുണ്ടു്. സൂര്യനാരായണൻ എഴുത്തച്ഛൻ സാമൂതിരിപ്പാട്ടിലെ ആചാര്യനായിരുന്നു എന്നു പറയുന്നതിനും അപ്രതിഷേധ്യമായ ലക്ഷ്യം വേണ്ടിയിരിക്കുന്നു. അതു ശരിയാണെങ്കിൽ സാമൂതിരിപ്പാട്ടിലെ അധീനതയിലും ഭാരതപ്പുഴയുടെ തീരത്തിലുമുള്ള ഏതെങ്കിലും മനോഹരമായ ഒരു സ്ഥലത്ത് അദ്ദേഹത്തിന്റെ ഗുരുമഠം പണിയിക്കുകയും അതിന്റെ നിലനില്പിനു പര്യാപ്തമായ സ്വത്തു് ആ രാജാവിനെക്കൊണ്ടുതന്നെ ദാനം ചെയ്യിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ അദ്ദേഹം ആ മഠം പ്രതിഷ്ഠിച്ചതു കൊച്ചിയിലും ആയിരം പണം പലിശയ്ക്ക് ഏല്പിച്ചതു കൊച്ചിസർക്കാരിലുമായിരുന്നല്ലോ. ആദ്യം തുഞ്ചനോടുകൂടിയും പിന്നീടു തനിച്ചും സൂര്യനാരായണനെഴുത്തച്ഛൻ ഗുരുമഠത്തിൽ താമസിച്ചിരുന്നിരിക്കും. ഞാൻ ഇത്രയും ഇവിടെ പ്രപഞ്ചനം ചെയ്തതു്. ‘രാമാനന്ദൻ’ എന്നതു് എഴുത്തച്ഛൻ സന്യാസാശ്രമംവരിച്ചപ്പോൾ സ്വീകരിച്ച പേരാണെന്നു തെളിയിക്കുവാനാണു്. അഥവാ സൂര്യനാരായണനാണു് ഗുരുമഠത്തിൽ ആദ്യമായി പാർപ്പു തുടങ്ങിയതെന്നു വന്നാൽപ്പോലും തന്റെ ഗുരുനാഥന്റെ നാമധേയമാണു് അദ്ദേഹം അഗ്രഹാരത്തിനു നല്കിയതെന്നുള്ള ഊഹത്തിനു് അതു പ്രതിബന്ധമാകുന്നില്ല. രാമാനന്ദൻ എന്നായിരുന്നു എഴുത്തച്ഛന്റെ അക്കാലത്തെ പേരെന്നു വരുമ്പോൾ ‘രാമാനന്ദൻ’ എന്ന പദം അനന്തരകാലങ്ങളിൽ ഉച്ചാരണവൈകല്യത്താൽ രൂപഭേദം പ്രാപിച്ചു ‘രാമാനുജൻ’ എന്നായി പരിണമിച്ചതിൽ ആശ്ചര്യപ്പെടുവാനുമില്ല. പ്രസ്തുതസംജ്ഞയ്ക്ക് അത്തരത്തിൽ സംഭവിച്ച ഒരു പരിണാമമാണു് ‘രാമാനുജൻ’ എന്ന ഞാൻ വിശ്വസിക്കുന്നു.

30.10രാമൻ

ഇനി സന്യാസത്തിനു മുമ്പുള്ള പേരെന്തെന്നു തിരഞ്ഞുപിടിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തിൽ 949-ാമാണ്ടു മുതൽ 1006-ാമാണ്ടുവരെ ജീവിച്ചിരുന്ന പുന്നശ്ശേരി ശ്രീധരൻനമ്പിയുടെ ഭാഗവതം ഏകാദശം കിളിപ്പാട്ടിൽനിന്നു താഴെ ഉദ്ധരിക്കുന്ന വരികൾ മാർഗ്ഗദർശനം നൽകുന്നതുപോലെ തോന്നുന്നു:

“ബാദരായണമുഖനിർഗ്ഗതം ഭാഗവതം
സ്കന്ധങ്ങളതിലേഴുമഞ്ചുമുള്ളതിലിഹ
തുഞ്ചത്തു മേവും രാമദാസനാമെഴുത്തച്ഛൻ
അച്യുതൻതങ്കൽ ഭക്തി മുഴുക്കനിമിത്തമായ്
നവമസ്കന്ധത്തോളമുള്ളൊരു കഥയെല്ലാം
ഭാഷയിലൊരു ഗീതമായുരചെയ്താൻ (മുന്നം)”
രാമദാസൻ എന്ന സമസ്തപദത്തിൽ വർണ്ണദ്യോതകമായ ദാസഘടകം തള്ളിയാൽ അവശേഷിക്കുന്നതു രാമശബ്ദമാണല്ലോ. അപ്പോൾ ശ്രീധരൻനമ്പിയുടെ കാലത്തു് എഴുത്തച്ഛന്റെ പേർ രാമനാണെന്നു പണ്ഡിതന്മാർ വിശ്വസിച്ചിരുന്നതായി സങ്കല്പിക്കാം. എഴുത്തച്ഛനു രാമനെന്ന പേരിൽതന്നെ ഒരു ജ്യേഷ്ഠനുണ്ടായിരുന്നുവെന്നതു ഈ സങ്കല്പത്തിനു ബാധകമല്ല. എഴുത്തച്ഛൻ അധ്യാത്മരാമായണം രചിക്കുന്ന കാലത്തു് ആ ജ്യേഷ്ഠൻ വലിയ ശിഷ്യസമ്പത്തുള്ള ഒരു ആചാര്യനായിരുന്നുവല്ലോ. അവർ തമ്മിൽ പ്രായംകൊണ്ടു് അടുപ്പമുണ്ടായിരുന്നതായി ആ പ്രസ്താവന തോന്നിക്കുന്നില്ല. അദ്ദേഹം എഴുത്തച്ഛന്റെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ പുത്രനായിരുന്നു എന്നും എഴുത്തച്ഛന്റെ യൌവ്വനത്തിൽ അദ്ദേഹത്തിനു വാർദ്ധക്യമായിരുന്നു എന്നും വരാവുന്നതാണു്. രാമൻ സന്യാസാശ്രമത്തിൽ രാമാനന്ദനാകുന്നതു സ്വാഭാവികവുമാണല്ലോ. അതുകൊണ്ടു് എഴുത്തച്ഛന്റെ ബാല്യകാലത്തിലെ നാമധേയം രാമനെന്നായിരുന്നു എന്നു് ഊഹിക്കുന്നതിൽ അനൌചിത്യമുണ്ടെന്നു തോന്നുന്നില്ല.

30.11എഴുത്തച്ഛന്റെ കാലം

എഴുത്തച്ഛന്റെ ജീവിതത്തെ കൊല്ലം 600-ാമാണ്ടുമുതൽ 800-ാമാണ്ടുവരെ പല ഘട്ടങ്ങളിലേക്കും ഗവേഷകന്മാർ കൊണ്ടുപോകാറുണ്ടു്. 600-ാമാണ്ടിടയ്ക്കല്ലെന്നു് ഉറപ്പിച്ചുതന്നെ പറയാവുന്നതാണു്. അങ്ങനെയാണെങ്കിൽ കൃഷ്ണഗാഥാകാരനെക്കാൾ പ്രാക്തനനാണു് എഴുത്തച്ഛൻ എന്നു വരേണ്ടതും ഭാഷാരീതി നോക്കിയാൽ അതിനു യാതൊരു പഴുതുമില്ലാത്തതുമാകുന്നു. കണ്ണശ്ശനും എഴുത്തച്ഛനും സമകാലികന്മാരായിരുന്നു എന്നു പറയുന്നതും അസംബന്ധമാണു്. ആ രണ്ടു മഹാകവികളുടേയും സംഭാഷണമാണെന്നു ചിലർ കരുതാറുള്ള

“ചൂടായ്കിൽത്തുളസീദളം യമഭടത്തല്ലിങ്ങു ചൂടായ്വരും;
പാടായ്കിൽത്തിരുനാമമന്തകഭടന്മാരങ്ങു പാടായ്വരും;
കൂടായ്കിൽസ്സുകൃതങ്ങൾ ചെയ്വതിനഹോ പാപങ്ങൾ കൂടായ് വരും:
വീടായ്കിൽക്കടമേവനും നരകമാം നാടങ്ങു വീടായ്വരും”
എന്ന ശ്ലോകം വെണ്‍മണി അച്ഛൻനമ്പൂരിപ്പാട്ടിലെ അപ്ഫൻ വിഷ്ണുനമ്പൂരിപ്പാട്ടിലെ കൃതിയാണെന്നു് ഇപ്പോൾ അനിഷേധ്യമായി തെളിഞ്ഞിട്ടുണ്ടു്.

എഴുത്തച്ഛൻ തന്റെ കാലത്തു സാമാന്യജനങ്ങളുടെ ഇടയിൽ പ്രചരിച്ചിരുന്ന മലയാളഭാഷയിലാണു് കാവ്യങ്ങൾ നിർമ്മിച്ചതു്. എന്നാൽ അവയിലും ചില പഴയ പദങ്ങളും പ്രയോഗങ്ങളും അദ്ദേഹത്തിന്റെ ജീവിതം എപ്പോളെന്നു നിർണ്ണയിക്കുവാൻ അല്പാല്പം സഹായിക്കുന്നുണ്ടു്. (1) ചേൽക്കണ്ണി, (2) മയ്യൽ (മോഹം), (3) ഒക്കത്തക്ക, (4) വിരയേ, (5) അടയ (മുഴുവൻ), (6) മുനിവു (കോപം), (7) ഇകലിൽ (യുദ്ധത്തിൽ), (8) മറുകി (തിളച്ചു, (9) ഇടർ (ദുഃഖം), (10) തൂമ (സത്യം) മുതലായ പദങ്ങളും (1) എവിടത്തു പാർത്ഥൻ, (2) ജീവിക്കയിൽ, (3) സത്യമായ് വന്നുതാവൂ, (4) ശുശ്രൂഷ ചെയ്തു ഞായം, (5) സാദരം നല്കൂ പിതൃക്കൾക്കും, (6) ഭക്തന്മാർ വിഷയമായ്, (7) രാക്ഷസരാജാവായ രാവണഭഗിനി ഞാൻ, (8) കീകസാത്മജകുലനാശകാരിണിയായേ, (9) കാടിതു കണ്ടായോ നീ തുടങ്ങിയ പ്രയോഗങ്ങളും നോക്കുക. ഉപോത്തമമായ പ്രയോഗത്തിൽ കാണുന്ന ‘ഏ’ എന്ന പാദപൂരകമായ നിപാതം നിരണംകവികളുടെ കാലത്തു പ്രചുര പ്രചാരമായിരുന്നു; എഴുത്തച്ഛന്റെ കാലത്തും അതിനു് അങ്ങിങ്ങു പ്രവേശമുണ്ടായിരുന്നതായി കാണുന്നുണ്ടു്. ആകെക്കൂടി ഭാഷാഗതി നോക്കിയാൽ എഴുത്തച്ഛൻ കൊല്ലം എട്ടാം ശതകത്തിലാണു് ജീവിച്ചിരുന്നതെന്നു സ്പഷ്ടമാകുന്നു. ആ ശതകത്തിന്റെ പൂർവ്വാർദ്ധത്തിലോ ഉത്തരാർദ്ധത്തിലോ എന്നു മാത്രമേ പരിശോധിക്കേണ്ടതായുള്ളൂ.

എട്ടാം ശതകത്തിന്റെ പൂർവ്വാർദ്ധം
മുൻപ് ഉദ്ധരിച്ച ഗുരുമഠശ്ലോകങ്ങളിൽ ‘നാകസ്യാനൂനസൗഖ്യം’ എന്നൊരു പാദാംശം കാണ്‍മാനുണ്ടു്. അതിനു് ഒരു കലിവാചകത്തിന്റെ സ്വരൂപമുണ്ടെന്നു തീർച്ചായി പറയാം. ധ്റുവമെന്നു് അതിനപ്പുറമുള്ള പദവും ആ വിഷയത്തിൽ ജ്ഞാപകമാണു്. അങ്ങനെയാണെങ്കിൽ ഗ്രാമദാനം 723-ാമാണ്ടു തുലാമാസം 11-ാംനുയാണെന്നു സിദ്ധിക്കുന്നു. ‘(ദ)ധ്നാ(പ്യ)ന്നം സസർപ്പിഃ’ എന്ന വാചകത്തിനു് ആ ലക്ഷണമില്ല. ഗ്രാമദാനം സംബന്ധിച്ചു് ഒരു ശാസനപത്രം ഗുരുമഠത്തിൽ ഉണ്ടായിരുന്നു എന്നും 1046 ഇടയ്ക്കു് അതു താൻ കണ്ടു എന്നും ബർണ്ണൽ പറയുന്നുണ്ടു്. പക്ഷേ അതിൽനിന്നു് അദ്ദേഹം അനുമാനിച്ചതു് എഴുത്തച്ഛൻ ക്രി. പി. പതിനേഴാം ശതകത്തിന്റെ അവസാനത്തിൽ, അതായതു കൊല്ലം 875-ാമാണ്ടിടയ്ക്കു, ജീവിച്ചിരുന്നു എന്നാണു്. എഴുത്തച്ഛന്റെ കൃതികളിലേ ഭാഷാരീതി ഈ അനുമാനത്തിനു കടകവിരുദ്ധമായി നിലകൊള്ളുന്നു. കാലഗണനയിൽ ഏതു കാരണവശാലോ ആ പണ്ഡിതനു് ഒരു കുഴപ്പം പറ്റിപ്പോയിട്ടുണ്ടെന്നതു നിർവിവാദമാണു്.

‘നാകസ്യാനൂനസൗഖ്യം’ എന്ന വാചകത്തിൽ കലിദിന സൂചനയില്ലെന്നു പറയുന്നവർ എഴുത്തച്ഛനും മേല്പുത്തൂർ ഭട്ടതിരിയും സമകാലികന്മാരായിരുന്നു എന്നും ഭട്ടതിരി മുഖാന്തിരമാണു് എഴുത്തച്ഛൻ ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായതെന്നും, അവിടെ വെച്ചാണു് അധ്യാത്മരാമായണം രചിച്ചതെന്നും, ആ ഗ്രന്ഥത്തിന്റെ മൂലം ആദ്യമായി കേരളത്തിൽ കൊണ്ടുവന്നതു ‘പവിത്രകരസ്സൂര്യഃ’ എന്ന കലിവാചകത്താൽ സൂചിതമായ കൊല്ലം 787-ാമാണ്ടു ചിങ്ങത്തിലായിരുന്നു എന്നും വാദിക്കുന്നു. ‘പവിത്രം പരം സൌഖ്യ’ എന്നൊരു ഭാഗം എഴുത്തച്ഛന്റെ അധ്യാത്മരാമായണം യുദ്ധകാണ്ഡത്തിന്റെ അവസാനത്തിൽ കാണുന്നുണ്ടെന്നും അതു കലിവാചകമാണെന്നും അതനുസരിച്ചു നോക്കുമ്പോൾ 787-ാമാണ്ടു ചിങ്ങമാസം 20-ാംനുയാണു് എഴുത്തച്ഛൻ ആ ഗ്രന്ഥരചന സമാപിച്ചതു് എന്നു സിദ്ധിക്കുമെന്നുംകൂടി അവർ പറയുന്നു. ഇവിടെ കലിയെസ്സംബന്ധിച്ചിടത്തോളം രണ്ടു വാക്യങ്ങളും ഒന്നുതന്നെയാണെന്നും അധ്യാത്മരാമായണം മൂലം പരദേശത്തിൽ നിന്നു വന്നുചേർന്ന ദിവസം തന്നെ അതിന്റെ ഭാഷാനുവാദവും അവസാനിച്ചു എന്നു പറയുന്നതു് അനുപപന്നമാകയാൽ ‘പവിത്രം പരം സൗഖ്യ’ തന്നെയാണു് പിന്നീടു ചരിത്രകാരന്മാരുടെ ദൃഷ്ടിയിൽ ‘പവിത്രകരസ്സുര്യഃ’ എന്നു് ആകൃതിഭേദം കൈക്കൊണ്ടതെന്നും സങ്കല്പിക്കേണ്ടിയിരിക്കുന്നു. തന്നിമിത്തം ആകെക്കൂടി പ്രകൃതത്തിൽ ചർച്ച ചെയ്വാനുള്ളതു് എഴുത്തച്ഛൻ 729-ാമാണ്ടിടയ്ക്കോ 787-ാമാണ്ടിടയ്ക്കോ ജീവിച്ചിരുന്നതു് എന്നു മാത്രമാകുന്നു. ഭട്ടതിരിയുടെ ബാല്യകാലത്തു് എഴുത്തച്ഛനു മധ്യവയസ്സായിരുന്നു എന്നു പറയുന്നവരുമുണ്ടു്.

ഭട്ടതിരിയേയും എഴുത്തച്ഛനേയും സംഘടിപ്പിക്കുന്ന ഐതിഹ്യങ്ങൾക്കു വലിയ വിലയൊന്നും കല്പിക്കുവാൻ തോന്നുന്നില്ല. ഭട്ടതിരിയെ വാതരോഗം ബാധിച്ചപ്പോൾ അതിനു പ്രതിവിധിയെന്തെന്നു് അദ്ദേഹം ഒരു ദൂതൻമുഖാന്തരം എഴുത്തച്ഛനോടു ചോദിച്ചു എന്നും മത്സ്യം തൊട്ടുകൂട്ടണമെന്നു് എഴുത്തച്ഛൻ പറഞ്ഞയച്ചു എന്നും ഭട്ടതിരി ആ ഉപദേശത്തിന്റെ സാരം മനസ്സിലാക്കി മത്സ്യാദ്യവതാരവർണ്ണനാത്മകമായ നാരായണീയം രചിച്ചു എന്നും ചിലർ പറയുന്നതു വിശ്വസിക്കുവാൻ മാർഗ്ഗം കാണുന്നില്ല. ഭട്ടതിരിയുടെ നിലയിലുള്ള ഒരാളോടു ബ്രാഹ്മണരെപ്പറ്റി അളവറ്റ ഭക്തിയും ബഹുമാനവും ഉണ്ടായിരുന്ന എഴുത്തച്ഛൻ ഒരിക്കലും ആ ഭാഷയിൽ ഒരു ഉപദേശം നല്കിയിരിക്കാനിടയില്ല. രണ്ടാമതു നാരായണീയം ആരംഭിക്കുന്നതു തന്നെ മത്സ്യാവതാരകഥകൊണ്ടല്ല; മുപ്പത്തിരണ്ടാം ദശകത്തിൽ മാത്രമാണു് ശ്രീമൽഭാഗവതത്തെ അനുവർത്തിച്ചു് അദ്ദേഹം ആ കഥ പ്രതിപാദിക്കുന്നതു്. അതിനു മുൻപുതന്നെ വരാഹം, നരസിംഹം, വാമനം, കൂർമ്മം എന്നിങ്ങനെ നാലവതാരങ്ങളേയും പറ്റിയുള്ള പ്രതിപാദനം കഴിയുന്നുണ്ടു്. 762-ൽ ആണല്ലോ നാരായണീയരചന. അക്കാലത്തു ഭട്ടതിരി എഴുത്തച്ഛനോടു് ഉപദേശം ചോദിക്കണമെങ്കിൽ അന്നു് എഴുത്തച്ഛനു് അൻപതു വയസ്സോളമെങ്കിലും പ്രായമായിരിക്കണം. 787-ാമാണ്ടാണു് അധ്യാത്മരാമായണം തർജ്ജമ ചെയ്തതെങ്കിൽ അന്നു് 75 വയസ്സിനടുത്തു് എത്തിയുമിരിക്കണം. അധ്യാത്മരാമായണത്തിനുമേലാണു് ഭാരതത്തിന്റെ രചന എന്നുള്ളതിനെപ്പറ്റി ആർക്കും വിപ്രതിപത്തിയുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അങ്ങനെ വരുമ്പോൾ 75 വയസ്സിനു മേലാണു് എഴുത്തച്ഛൻ ഭാരതനിർമ്മിതിക്കു് ആരംഭിച്ചതെന്നു സങ്കല്പിക്കേണ്ടിയിരിക്കുന്നു. ആ സങ്കല്പം യുക്തിസഹമല്ല. അതുകൊണ്ടു ഭട്ടതിരിയും എഴുത്തച്ഛനും തമ്മിൽ യാതൊരു സൗഹാർദ്ദബന്ധത്തിനും മാർഗ്ഗമില്ലാത്ത നിലയിൽ കൊല്ലം എട്ടാംശതകത്തിന്റെ പൂർവ്വാർദ്ധത്തിലായിരുന്നു എഴുത്തച്ഛന്റെ ജീവിതം എന്നു നിർണ്ണയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ ‘നാകസ്യാനൂനസൗഖ്യം’ എന്നതു കലിവാചകമാണെന്നും 729-ാമാണ്ട് എഴുത്തച്ഛൻ ജീവിച്ചിരുന്നു എന്നും അനുമാനിക്കുന്നതിൽ അസാംഗത്യമില്ല. പിന്നെയും കുറേക്കാലംകൂടി അദ്ദേഹം ഗുരുമഠത്തിൽ താമസിച്ചു ലോകാനുഗ്രഹം ചെയ്തുകൊണ്ടിരുന്നിരിക്കാം. ഇടയ്ക്കു് ‘ഭാസ്വത്തുഞ്ചാഖ്യസന്മന്ദിര’ എന്നിങ്ങനെ ഒരു സംസ്കൃതശ്ലോകം പത്രപങ്ക്തികളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. അതിൽ ‘ഹംസപ്രാപ്യം നു സൗമ്യം’ എന്നു് അദ്ദേഹത്തിന്റെ സ്വർഗ്ഗാരോഹണകാലത്തെ ദ്യോതിപ്പിക്കുന്ന ഒരു കലിവാക്യമുണ്ടെന്നും കാണുമാറായി. അതു യഥാർത്ഥമായ ഒരു രേഖയാണെന്നു് എനിക്കു വിശ്വാസം വന്നിട്ടില്ലാത്തതിനാൽ ആ വാക്യം സൂചിപ്പിക്കുന്നതുപോലെ 732 ധനു 24-ാംനുയാണു് എഴുത്തച്ഛന്റെ നിര്യാണം എന്നു ക്നുപ്തപ്പെടുത്തുവാൻ നിവൃത്തിയില്ല. ഏതായാലും 750-നു മേൽ എഴുത്തച്ഛൻ ജീവിച്ചിരുന്നിരിക്കാൻ മാർഗ്ഗമില്ലാത്തതുകൊണ്ടും ത്രികരണപരിശുദ്ധമായ ജീവിതചര്യയിൽനിന്നു് അദ്ദേഹം ദീർഘായുഷ്മാനായി 80 വയസ്സോളം ഐഹികയാത്ര ചെയ്തിരിക്കാമെന്നു് അനുമാനിക്കുന്നതിൽ അനുപപത്തിയില്ലാത്തതുകൊണ്ടും ആ മഹാത്മാവിന്റെ ജീവിതകാലം കൊല്ലം 671-നും 750-നും ഇടയ്ക്കായിരുന്നു എന്നു് അനുമാനിക്കാവുന്നതാകുന്നു.

കടിയംകുളത്തു ശുപ്പുമേനോന്റെ പ്രസ്താവന
കടിയംകുളം ശുപ്പുമേനോൻ തേനാറിമാഹാത്മ്യം എന്ന കിളിപ്പാട്ടിൽ

“രാഘവനായ ഗുരുനാഥന്റെ കൃപാബലം
ലാഘവമെന്നിയേ സംപൂർണ്ണമായുണ്ടാകേണം.
ഗോവിന്ദാചാര്യപാദാംഭോരുഹരജസ്സുക
ളാവോളം മമ മനോമുകുരേ വിളങ്ങണം.
ചന്ദ്രദേശികാചാര്യനന്യദേശികന്മാരും
സാന്ദ്രകാരുണ്യമെന്നിൽ പ്രീതിപൂണ്ടരുളേണം.
………
കരുണാമൃതപൂരവരുണാലയമായ
കരുണാകരാചാര്യചരണാംബുജം കൂപ്പി
സൂര്യജ്ഞാനാന്ധകാരസൂര്യനായീടും ശ്രീമൽ
സൂര്യനാരായണാചാര്യാന്തേവാസീന്ദ്രന്മാരിൽ
പേരായിരത്തിലേറ്റം പേരിയന്നീടും ശ്രീമൽ
പ്പേരുവെന്നുലകിങ്കൽപ്പേരിയന്നരുളീടും
സച്ചിദാനന്ദാത്മകനദ്വയനനാമയൻ
നിശ്ചലൻ നിരാകുലനെന്നുടെ ഗുരുനാഥൻ
ശ്രീരാമാദികളായ മുഖ്യശിഷ്യന്മാരോടും
സ്വൈരമെന്നകക്കാമ്പിൽ വാണീടവേണം സദാ.”
എന്നു പ്രസ്താവിയ്ക്കുന്നുണ്ടെന്നും അതിൽനിന്നു് എഴുത്തച്ഛന്റെ ശിഷ്യനായ സൂര്യനാരായണന്റെ പ്രശിഷ്യനാണു് ശുപ്പുമേനോൻ എന്നു സിദ്ധിക്കുന്നു എന്നും അതുകൊണ്ടു് എഴുത്തച്ഛൻ എട്ടാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്നു എന്നു പറയുന്നതു ശരിയല്ലെന്നും ചിലർ വാദിക്കുന്നു. ശുപ്പുമേനോൻ 940-ാമാണ്ടിടയ്ക്കു ജനിച്ചു എന്നും അദ്ദേഹം ‘രാഘവനായ ഗുരുനാഥൻ’ എന്നു തേനാറിമാഹാത്മ്യത്തിലും ‘ഗോവൃന്ദാരകന്മാരും രാഘവാചാര്യേന്ദ്രനും … … … തുണപ്പാൻവന്ദിക്കുന്നേൻ’ എന്നു കാവേരിമാഹാത്മ്യം കിളിപ്പാട്ടിലും താൻ സ്മരിക്കുന്ന കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടെ ശിഷ്യനായിരുന്നു എന്നും സൂക്ഷ്മമായി പറയാം. പിഷാരടി ടിപ്പുസുൽത്താന്റെ കാലത്തു ജീവിച്ചിരുന്നതായി തെളിയുന്നതിനാൽ അദ്ദേഹത്തിന്റെ ജീവിതവും പത്താം ശതകത്തിലായിരുന്നു എന്നു വന്നുകൂടുന്നു. ശുപ്പുമേനോന്റെ മറ്റൊരു ഗുരുവായ പേരുവും രാഘവനും സമവയസ്കന്മാരായിരുന്നിരിയ്ക്കുവാനാണു് ന്യായമുള്ളതു്. അങ്ങിനെ വരുമ്പോൾ സൂര്യനാരായണൻ 850-ാമാണ്ടിനുമുൻപു ജനിച്ചതായി സങ്കല്പിക്കുവാൻ നിവൃത്തിയില്ല. തുഞ്ചത്തെഴുത്തച്ഛൻ അന്തരിച്ചപ്പോൾ സൂര്യനാരായണനു 16 വയസ്സുമാത്രമേ പ്രായമായിരുന്നുള്ളൂ എന്നു സമ്മതിച്ചാൽപ്പോലും ആ കൂടസ്ഥനായ ആചാര്യൻ 866 വരെ ജീവിച്ചിരുന്നതായി അംഗീകരിക്കേണ്ടിവരുന്നു. അങ്ങനെയായാൽ 781-ൽ അദ്ദേഹം ചെമ്പകശ്ശേരി രാജധാനിയിൽ പോകത്തക്ക വയസ്സിൽ എത്തിയിരിക്കുവാൻ ഇടയില്ലല്ലോ. അതുകൊണ്ടു് ഈ വാദം എഴുത്തച്ഛനേയും മേല്പുത്തൂരിനേയും ചെമ്പകശ്ശേരി രാജാവിനേയും കൂട്ടി ഘടിപ്പിക്കുവാൻ ശ്രമിക്കുന്നവർക്കു് ഒരുവിധത്തിലും സഹായകമാകുന്നില്ല. ഒൻപതാം ശതകത്തിനു മുൻപുതന്നെ ശുകഗാന പ്രസ്ഥാനം ഭാഷയിൽ പ്രതിഷ്ഠയെ പ്രാപിച്ചുകഴിഞ്ഞിരുന്നു എന്നുള്ള പരമാർത്ഥത്തെ ആർക്കും അന്യഥാകരിക്കുവാൻ സാധിക്കുന്നതല്ല. അതിനാൽ ആ ശതകത്തിലേക്കു് എഴുത്തച്ഛനെ കടത്തിക്കൊണ്ടുപോകുന്നതു് അത്യന്തം യുക്തിഹീനമാകുന്നു. ശുപ്പുമേനോന്റെ ‘അന്തേവാസീന്ദ്രന്മാരിൽ’ എന്ന പദപ്രയോഗം സൂര്യനാരായണന്റെ ശിഷ്യപ്രശിഷ്യപരമ്പരയെ പൊതുവേ പരാമർശിച്ചു മാത്രമാണെന്നും പേരു ആ പരമ്പരയിൽപ്പെട്ട ഒരാളായിരുന്നു എന്നല്ലാതെ സൂര്യനാരായണന്റെ നേരേശിഷ്യനല്ലായിരുന്നു എന്നും അനുമാനിച്ചാലേ ആ പ്രയോഗം അർത്ഥവത്താകയുള്ളൂ; കരുണാകരനെഴുത്തച്ഛനെ അദ്ദേഹം ഒരു പ്രാക്കാലഗുരുവിന്റെ നിലയിൽ വന്ദിക്കുന്നതായും കരുതേണ്ടതാണു്.

30.12എഴുത്തച്ഛന്റെ ഗുരുക്കന്മാർ

‘അഗ്രജൻ മമസതാം’ എന്നു തുടങ്ങുന്ന അധ്യാത്മരാമായണത്തിലെ വരികളിൽ നിന്നു് എഴുത്തച്ഛനു രാമനാമധേയനായ ഒരു ഗുരുവുണ്ടായിരുന്നു എന്നും അതു് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ തന്നെയാണെന്നും അദ്ദേഹത്തിനു ധാരാളം ശിഷ്യസമ്പത്തുണ്ടായിരുന്നു എന്നു വ്യക്തമാകുന്നതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അഗ്രജനെന്നും, വിദ്വച്ഛ്റേഷ്ഠനായ മറ്റൊരു ഗുരുവെന്നും, രാമനെന്ന മൂന്നാമതൊരു ഗുരുവെന്നും ഇവിടെ അർത്ഥകല്പന ചെയ്യുന്നതു് അസമഞ്ജസമാകുന്നു. അഗ്രജപദം ബ്രാഹ്മണപര്യായമായി പരിഗണിക്കണമെന്നു ചിലർ പറയുന്നതു് അബദ്ധമല്ലെങ്കിലും പ്രകൃതത്തിൽ ആ അർത്ഥത്തിനു പ്രസക്തിയില്ല. രാമൻ എന്ന ജ്യേഷ്ഠൻതന്നെയായിരുന്നു എഴുത്തച്ഛന്റെ പ്രധാന ഗുരു. അദ്ദേഹവും നാട്ടെഴുത്താശാന്റെ വൃത്തി സ്വീകരിച്ചിരുന്നതുകൊണ്ടായിരിക്കണം അദ്ദേഹത്തിനു് ‘അനേകാന്തേവാസികൾ’ ഉണ്ടായതു്. ആ അന്തേവാസികളോടുകൂടി ‘മമ ഉൾക്കുരുന്നിൽ വാഴ്ക’ എന്നു് എഴുത്തച്ഛൻ പറയുന്നതിൽ നിന്നു് അധ്യാത്മരാമായണം നിർമ്മിച്ച കാലത്തു രാമനെഴുത്തച്ഛൻ അധ്യാപകവൃത്തിയിൽ നൂതനനല്ലെന്നു് അനുമാനിക്കാവുന്നതാണു്. ‘മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുള്ളോരും’ എന്ന വരികളിൽ നിന്നു് എഴുത്തച്ഛനു വേറേയും ഗുരുക്കന്മാരുണ്ടായിരുന്നതായും വെളിപ്പെടുന്നു. പക്ഷേ അവരാരെല്ലാമെന്നു് അദ്ദേഹം നമ്മെ അറിയിക്കുന്നില്ല. കേളല്ലൂർ നീലകണ്ഠസോമയാജി അവരിൽ അന്യതമനായിരുന്നു എന്നുള്ള അഭിപ്രായം എനിക്കു സമ്മതമായി തോന്നുന്നില്ല. അതിനു തെളിവായി ഉദ്ധരിക്കുന്ന ‘അൻപേണമെൻ മനസി ശ്രീനീലകണ്ഠഗുരു’ എന്ന വരി കാണുന്ന ഹരിനാമകീർത്തനം എഴുത്തച്ഛന്റെ വരിയാണെങ്കിൽത്തന്നെയും അതു സോമയാജി ആണെന്നു സിദ്ധിക്കുന്നില്ല. സോമയാജി എഴുത്തച്ഛന്റെ വേദാന്തഗുരുവായിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ പേർ വേണ്ടിയിരുന്നു അദ്ധ്യാത്മരാമായണത്തിൽ ആദ്യമായി സ്മരിക്കുവാൻ. നിശ്ചയമായും നീലകണ്ഠൻ രാമനെഴുത്തച്ഛനെക്കാൾ പതിന്മടങ്ങു വൈദുഷ്യവാനായിരുന്നു. വിശേഷിച്ചു രവിയിൽനിന്നു് ആത്തവേദാന്തശാസ്ത്രനുമായിരുന്നു. രാമഗീത, ലക്ഷ്മണോപദേശം മുതലായ വേദാന്തഘട്ടങ്ങൾ അടങ്ങിയ ഒരു കൃതിയുടെ ആരംഭത്തിൽ ആ പുണ്യശ്ലോകനെ എഴുത്തച്ഛൻ വന്ദിക്കാത്തതു് അദ്ദേഹം തന്റെ ഗുരുവല്ലാതിരുന്നതുകൊണ്ടാണെന്നേ എനിക്കു് ഊഹിക്കുവാൻ തോന്നുന്നുള്ളു. “രാമനാമാചാര്യനുമാവോളം തുണയ്ക്കണം” എന്നു ദേവീമാഹാത്മ്യം കിളിപ്പാട്ടിലും എഴുത്തച്ഛൻ തന്റെ ജ്യേഷ്ഠനെ വന്ദിച്ചിരിക്കുന്നു. “രാമഭക്താഢ്യനായ രാമശിഷ്യൻ” എന്നു ബ്രഹ്മാണ്ഡപുരാണത്തിലും കാണ്‍മാനുണ്ടു്. അതു് എഴുത്തച്ഛന്റെ കൃതിയാണോ എന്നു യഥാവസരം പരിശോധിക്കാം. എഴുത്തച്ഛനു വേദാന്തത്തിലൊഴികെ മറ്റു ശാസ്ത്രങ്ങളിൽ അവഗാഹമുണ്ടായിരുന്നതായി തെളിയുന്നില്ല. എന്നാൽ ഭാഷാകവിതയ്ക്കു വേണ്ട സംസ്കൃതവ്യുൽപത്തി അദ്ദേഹത്തിനു സിദ്ധിച്ചിരുന്നു എന്നു നിസ്സംശയമായി പറയാം. അങ്ങിങ്ങു കവിയുടെ അനവധാനതകൊണ്ടോ അവ്യുൽപന്നതകൊണ്ടോ അലംഭാവംകൊണ്ടോ അപൂർവ്വം ചില അപശബ്ദങ്ങൾ കാണ്‍മാനുണ്ടെങ്കിൽ അവയെപ്പറ്റി അത്രയൊന്നും അപലപിക്കേണ്ട ആവശ്യവും ഞാൻ കാണുന്നില്ല. ഭാഷാകൃതിയാകുമ്പോൾ അത്രയൊക്കെ മതിയെന്നേ അക്കാലത്തെ പണ്ഡിതകവികൾ പോലും കരുതിയിരുന്നുള്ളു.

30.13ജീവചരിത്രം

മുൻപു പ്രസ്താവിച്ചിട്ടുള്ളതിനെക്കാൾ വളരെ അധികമൊന്നും എഴുത്തച്ഛന്റെ ജീവചരിത്രത്തെപ്പറ്റി വ്യക്തമായി അവശേഷിക്കുന്നില്ല. ബാല്യത്തിൽത്തന്നെ എഴുത്തച്ഛൻ ശമദമാദിഗുണങ്ങളാൽ അലംകൃതനും മുമുക്ഷുവുമായിത്തീർന്നിരിക്കണം. അദ്ദേഹം വിദേശങ്ങളിൽ സഞ്ചരിച്ചു തമിഴിൽ വേദാന്തഗ്രന്ഥങ്ങൾ വായിച്ചു മനസ്സിലാക്കുന്നതിനുവേണ്ട പാണ്ഡിത്യം ആ ഭാഷയിൽ സമ്പാദിച്ചുമിരുന്നിരിക്കണം. സംസ്കൃതഭാഷയിലെ വേദാന്തഗ്രന്ഥങ്ങളും അദ്ദേഹം പരിശീലിച്ചിരുന്നു. അദ്ദേഹത്തിനു് ആന്ധ്രഭാഷ അറിയാമായിരുന്നു എന്നുള്ളതിനു തെളിവൊന്നുമില്ല. ഇദംപ്രഥമമായി കേരളത്തിൽ വന്നുചേർന്ന ആന്ധ്രലിപിലിഖിതമായിരുന്ന ഒരു അധ്യാത്മരാമായണഗ്രന്ഥം അദ്ദേഹം ചെമ്പകശ്ശേരി രാജാവിനുവേണ്ടി പകർത്തിയെന്നു പറയുന്നതു ശരിയല്ല. അതിനു വളരെ മുൻപുതന്നെ ആ ഗ്രന്ഥം കേരളീയവിദ്വാന്മാർ കാണത്തക്ക നിലയിലുള്ളതായിരുന്നു അവരും ആന്ധ്രചോളാദിദേശങ്ങളിലെ സംസ്കൃതപണ്ഡിതന്മാരും തമ്മിലുള്ള സൌഹാർദ്ദബന്ധം. എഴുത്തച്ഛൻ പ്രശസ്തനായതിനുമേലല്ല അധ്യാത്മരാമായണം ഭാഷയിൽ രചിച്ചതെന്നും പ്രത്യുത അധ്യാത്മരാമായണരചനയാണു് അദ്ദേഹത്തെ പ്രശസ്തനാക്കിയതെന്നും ഊഹിക്കുവാനാണു് ഔചിത്യം അധികമുള്ളതു്. വിദേശസഞ്ചാരം കഴിഞ്ഞു യൗവനത്തിൽത്തന്നെ അദ്ദേഹം തിരിച്ചു തൃക്കണ്ടിയൂരിലുള്ള സ്വഗൃഹത്തിൽ എത്തുകയും അവിടെ ഒരു പാഠശാല സ്ഥാപിച്ചു് അധ്യാപകവൃത്തിയിൽ ഏർപ്പെടുകയും ചെയ്തു. അവിടെവച്ചു് ആദ്യമായി അധ്യാത്മരാമായണവും പിന്നീടു ശ്രീമഹാഭാരതവും നിർമ്മിച്ചു. എഴുത്തച്ഛൻ വിവാഹംചെയ്തുവോ എന്നും അതിൽ സന്തതിയുണ്ടായിരുന്നുവോ എന്നുമുള്ള ചോദ്യങ്ങൾക്കു് ഉത്തരം പറയുന്നതു സുകരമല്ല. ബർണ്ണൽ, അദ്ദേഹത്തിനു് ഒരു മകൾ ഉണ്ടായിരുന്നു എന്നും ആ മകൾ പകർത്തിയ എഴുത്തച്ഛന്റെ കൃതികളാണു് ഗുരുമഠത്തിൽ സൂക്ഷിച്ചിരുന്നതെന്നും തദ്ദേശവാസികൾ പറഞ്ഞതായി രേഖപ്പെടുത്തിക്കാണുന്നു. കൂറ്റനാട്ടുള്ള ആമക്കാവു് എന്ന സ്ഥലത്തെ ഒരു കുടുംബത്തിൽനിന്നായിരുന്നു എഴുത്തച്ഛൻ ദാരസംഗ്രഹംചെയ്തതു് എന്നൊരു ഐതിഹ്യമുണ്ടു്. അതു വിശ്വസിക്കുവാൻ ന്യായമില്ല. ആ കുടുംബക്കാരും എഴുത്തച്ഛന്മാർ തന്നെ. തന്റെ പത്നിയുടെ മരണാനന്തരം എഴുത്തച്ഛൻ വീണ്ടും ഗാർഹസ്ഥ്യബദ്ധനാകാതെ സന്യാസാശ്രമം സ്വീകരിക്കുകയും, അദ്ദേഹത്തിന്റെ ഗുണകർമ്മവിശേഷങ്ങളാൽ ആകൃഷ്ടരായി ഭക്തന്മാരും വിരക്തന്മാരുമായ പലരും അദ്ദേഹത്തിന്റെ അന്തേവാസിത്വം അംഗീകരിക്കുകയും അവരോടൊന്നിച്ചു് അദ്ദേഹം പല പുണ്യസ്ഥലങ്ങളിലും പര്യടനം ചെയ്കയും യദൃച്ഛയാ കിഴക്കൻ ചിറ്റൂരിൽ ചെന്നുചേർന്നു് അവിടെ ശ്രീരാമക്ഷേത്രവും ഗുരുമഠവും സ്ഥാപിക്കുകയും അതിൽപ്പിന്നീടു് അവിടെത്തന്നെ ഭഗവദ്ധ്യാനാനുസന്ധാനങ്ങളിൽ തൽപരനായി ആയുരന്തംവരെ കാലയാപനം ചെയ്കയും ചെയ്തിരിക്കാം. കാലാന്തരത്തിൽ ഐതിഹ്യം അദ്ദേഹം അവിവാഹിതനാണെന്ന വിചാരത്തിൽ മകളെ മരുമകളാക്കിയതായിരിക്കണം. എഴുത്തച്ഛന്റെ വംശം അദ്ദേഹത്തോടുകൂടി അന്യം നിന്നുപോയതായാണു് കേൾവി.

30.14എഴുത്തച്ഛന്റെ കൃതികൾ

(1) അധ്യാത്മരാമായണം, (2) ഉത്തരരാമായണം, (3) മഹാഭാരതം, (4) ദേവീമാഹാത്മ്യം, എന്നിവ എഴുത്തച്ഛന്റെ കൃതികളാണെന്നുള്ളതു നിർവിവാദംതന്നെ. (5) ബ്രഹ്മാണ്ഡപുരാണം, (6) ശതമുഖരാമായണം, (7) ശ്രീമദ്ഭാഗവതം, (8) ഹരിനാമകീർത്തനം, (9) ചിന്താരത്നം, (10) കൈവല്യനവനീതം, (11) രാമായണം ഇരുപത്തിനാലുവൃത്തം, (12) കേരളനാടകം ഇവയെപ്പറ്റി ചർച്ചചെയ്തു തീരുമാനിക്കേണ്ടിയിരിക്കുന്നു. അഷ്ടാംഗഹൃദയത്തിനു് എഴുത്തച്ഛൻ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടെന്നു ചിലർ പറയുന്നതിനു ആസ്പദമൊന്നുമില്ല. അദ്ദേഹം ശാക്തേയമതതത്വങ്ങളെ പരാമർശിച്ചു് ഒരു നിബന്ധം നിർമ്മിച്ചിട്ടുണ്ടെന്നുള്ള ഊഹവും ഭ്രമമൂലകമാകുന്നു. അദ്ദേഹം ശാക്തേയനായിരുന്നില്ല; അദ്ദേഹത്തിന്റെ ഗുരുവെന്നു ചിലർ വാദിക്കുന്ന നീലകണ്ഠസോമയാജിയുടെ തന്ത്രസംഗ്രഹം താന്ത്രികമതത്തെപ്പറ്റിയല്ല,ജ്യോതിശ്ശാസ്ത്രത്തെപ്പറ്റിയാണു് പ്രതിപാദിക്കുന്നതെന്നു് ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടുമുണ്ടു്. ശിവപുരാണം കിളിപ്പാട്ടു കുഞ്ചൻനമ്പ്യാരുടേതാണെന്നു് ഇപ്പോൾ പരിപൂർണ്ണമായി തെളിഞ്ഞിട്ടുള്ളതിനാൽ അതിനെപ്പറ്റി യാതൊരു വിമർശവും ആവശ്യകമല്ല. പാതാളരാമായണം കോട്ടയത്തു കേരളവർമ്മരാജാവിന്റെ കൃതിയാണെന്നുള്ളതിനു് അതിൽത്തന്നെ തെളിവുണ്ടു്.

30.15കിളിപ്പാട്ട്, കിളിപ്പാട്ടിന്റെ ഉൽപത്തി

മലയാളഭാഷയിൽ കിളിയെക്കൊണ്ടു് കഥ പറയിക്കുക എന്ന കവിതാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് എഴുത്തച്ഛനെന്നുതന്നെയാണു് എനിക്കു തോന്നുന്നതു്. അദ്ദേഹത്തിന്റെ കാലത്തിനുമുമ്പു ഗുരുദക്ഷിണപ്പാട്ടു്, സേതുബന്ധനം പാട്ടു് എന്നിങ്ങനെ ചില ഭാഷാഗാനങ്ങൾ ആവിർഭവിച്ചുവെങ്കിലും അവയിൽ കിളിക്കു പ്രവേശം കാണുന്നില്ല. ആ പ്രസ്ഥാനത്തിന്റെ ഉൽപത്തിയെപ്പറ്റി പല പണ്ഡിതന്മാർ പലമാതിരി യുക്തികൾ ഉന്നയിക്കുന്നുണ്ടു്. കവിക്കു് അറം തട്ടാതെയിരിക്കുന്നതിനുവേണ്ടിയാണെന്നു് ഒരു കൂട്ടരം, പുരാണങ്ങൾ ശുകബ്രഹ്മർഷിയുടെ മുഖത്തുനിന്നു പുറപ്പെട്ടതിനാൽ ആ ആഗമത്തെ ആസ്പദീകരിച്ചാണെന്നു മറ്റു ചിലരും, എഴുത്തച്ഛനു ഭഗവാൻ ശുകരൂപത്തിൽ ജ്ഞാനോപദേശം ചെയ്തു എന്നു വേറെ ചിലരും, സരസ്വതീദേവിയുടെ തൃക്കയ്യിലുള്ള ശുകത്തെക്കൊണ്ടാണു് കഥ പറയിക്കുന്നതെന്നു് അന്യരും, തമിഴിലെ പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി എന്നീ കൃതികളെ അനുകരിച്ചാണു് എഴുത്തച്ഛൻ കിളിപ്പാട്ടുകൾ രചിച്ചതെന്നു് അഞ്ചാമതൊരു കൂട്ടരും പറയുന്നു. ഈ ഊഹങ്ങൾക്കൊന്നിനും ഉപപത്തി കാണുന്നില്ല. ഭാഷാസാഹിത്യത്തിന്റെ ആരംഭകാലംമുതൽ യാതൊരു കവിയും ഭയപ്പെടാത്ത അറത്തിൽ എഴുത്തച്ഛൻ ഭീതനായി എന്നു വരാവുന്നതല്ല. അഷ്ടാദശപുരാണങ്ങളിൽ ശുകബ്രഹ്മർഷി ഉപദേശിച്ചതായി കാണുന്നതു ശ്രീമൽ ഭാഗവതം മാത്രമാകുന്നു. എഴുത്തച്ഛന്റെ കിളി, പെണ്ണാണു്, ആണല്ല, എന്നും ഇവിടെ ഓർമ്മിക്കേണ്ടതുണ്ടു്. എഴുത്തച്ഛനു ഭഗവാൻ ശുകരൂപത്തിൽ ജ്ഞാനോപദേശം ചെയ്തു എന്നുള്ളതു കേവലം കല്പനയാണു്. അവിടെയും ശുകിയുടെ പ്രസക്തി കാണുന്നില്ലല്ലോ. സരസ്വതീദേവിയുടെ കിളിയെക്കൊണ്ടാണു് താൻ പാടിക്കുന്നതെന്നു് എഴുത്തച്ഛൻ ഒരിടത്തും പ്രസ്താവിക്കുന്നില്ല; വാസ്തവം അങ്ങനെയായിരുന്നാൽ അതു് അദ്ദേഹം തെളിച്ചുതന്നെ പറയുമായിരുന്നു. അതു പ്രകൃത്യാ അസംഭവ്യവുമാണു്. പൈങ്കിളിക്കണ്ണിയെന്നും പരാപരക്കണ്ണിയെന്നും പറയുന്നതു തായ്മാനവസ്വാമികളുടെ രണ്ടു ഗാനങ്ങളാകുന്നു.

“അന്തമുടനാതിയളവാമലെൻറ്റിവിർ
ചുന്തരവാൻ ചോതിതുലംകുമോ പൈങ്കിളിയേ?
അകമേവുമണ്ണലുക്കെന്നല്ലലെല്ലാം ചൊല്ലി
ച്ചുകമാന നീ പോയ്ച്ചുകം കൊടുമാ പൈങ്കിളിയേ”
എന്നു പൈങ്കിളിക്കണ്ണിയും,

“ചീരാരുന്തെയ്വത്തിരുവരുളാം പൂമി മുതർ
പാരാതിയാണ്ട പതിയേ പരാപരമേ;
ചിന്തിത്തതെല്ലാമെൻ ചിന്തൈയറിന്തേയുതവ
വന്ത കരുണൈമഴൈയേ പരാപരമേ”
എന്നു പരാപരക്കണ്ണിയും ആരംഭിക്കുന്നു. പരാപരക്കണ്ണി പൈങ്കിളിക്കണ്ണിയെക്കാൾ ദീർഘമാണു്. കേരളകൗമുദിയിൽ കോവുണ്ണിനെടുങ്ങാടി, ‘അകമേവുണ്ണൽ’ എന്നും ‘ചീരാരുന്തെയ്വം’ എന്നുമുള്ള കണ്ണികൾ ഉദ്ധരിക്കുന്നു.

“പൈങ്കിളിക്കണ്ണിയേ നോക്കിത്തൻകിളിപ്പാട്ടു തുഞ്ചനും
തങ്കലാണ്ടൊരു ശീലിൽത്താൻ തംകുമീരടി പാടിനാൻ”
എന്നു് അദ്ദേഹം കാരികയെഴുതി അതിന്റെ വൃത്തിയിൽ പൈങ്കിളിക്കണ്ണിയും പരാപരക്കണ്ണിയും നോക്കിയാണു് തുഞ്ചത്തുഗുരുക്കൾ കിളിപ്പാട്ടുകൾ രചിച്ചതെന്നു പ്രസ്താവിച്ചപ്പോൾ അദ്ദേഹത്തിന്നു നിശ്ചയമായും ഒരു വസ്തുത അറിവില്ലാതിരുന്നിരിക്കണം. അതു് എഴുത്തച്ഛന്റെ കാലം കഴിഞ്ഞു പിന്നെയും ഒരു ശതകത്തിനുമേലാണു് തായ്മാനവർ ജീവിച്ചിരുന്നതെന്നും അദ്ദേഹം പാണ്ഡ്യരാജാവായ വിജയരംഗചൊക്കനാഥന്റെ കീഴിൽ തൃശ്ശിനാപ്പള്ളിയിൽ ഒരുദ്യോഗസ്ഥനായിരുന്നു എന്നും മരിച്ചതു് 917-ാമാണ്ടിടയ്ക്കാണു് എന്നുമാകുന്നു. പൈങ്കിളിക്കണ്ണിയിലും മറ്റും കാണുന്നതല്ല കിളിപ്പാട്ടിലെ യാതൊരു വൃത്തവും എന്നും പറയേണ്ടതില്ലല്ലോ. അതു നെടുങ്ങാടിതന്നെ സമ്മതിക്കുന്നുമുണ്ടു്. എഴുത്തച്ഛൻ ശാരികയെക്കൊണ്ടു പാടിക്കുന്നതു തന്റെ ഗാനം സംസ്കൃതകൃതിപോലെ പ്രൗഢമല്ലെങ്കിലും മധുരകോമളമാണെന്നും സാമാന്യജനങ്ങളെ ആകർഷിക്കുന്നതിനു് അത്തരത്തിലുള്ള ഗാനത്തിനു പാടവമുണ്ടായിരിക്കുമെന്നും വ്യഞ്ജിപ്പിക്കുന്നതിനാണെന്നു തോന്നുന്നു. ആ വ്യംഗ്യത്തിൽ കവിയുടെ ഔദ്ധത്യരഹിതതയും ആത്മപ്രത്യയവും യൗഗപദ്യേന അന്തർഭവിക്കുന്നു.

തമിഴിൽ കിളിയെക്കൊണ്ടു പാടിക്കുക എന്നൊരു കവിസമ്പ്രദായം പൂർവകാലങ്ങളിൽത്തന്നെ പ്രചരിച്ചിരുന്നതായി കാണുന്നു. പ്രസിദ്ധ ശൈവസമയാചാര്യനായ തിരുജ്ഞാന സംബന്ധമൂർത്തി നായനാർ തേവാരത്തിൽ ഈ സമ്പ്രദായത്തെ അനുകരിച്ചിട്ടുണ്ടു്.

“ചിറൈയാരുമടക്കിളിയേയിങ്കേ വാ; തേനോടു പാൽ
മുറൈയാലേ ഉണത്തരുവൻ; മൊയ്പവളത്തൊടു തരളം
തുറൈയാരുങ്കടറ്റോണിപുരത്തീചന്റുളം കുമിളം
പിറൈയാളൻതിരുനാമമെനക്കൊരു കാർപേചായേ”
എന്ന കണ്ണി നോക്കുക. സംബന്ധർ ജീവിച്ചിരുന്നതു ക്രി. പി. ഏഴാം ശതകത്തിലായിരുന്നു. ക്രി. പി. ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്ന മറ്റൊരു ശൈവസമയാചാര്യനായ മാണിക്യവാചകരും തിരുവാചകത്തിൽ

“ഏരാരരുങ്കിളിയേയെങ്കൾപെരുന്തുറൈക്കോൻ
ചീരാർതിരുനാമം തീർത്തുരൈയായ്”
എന്നു പാടുന്നു. സംബന്ധരുടെ സമകാലികനും അദ്ദേഹത്തിനു സമസ്കന്ധനായ ഒരു ശൈവസമയാചാര്യനുമായ തിരുനാവുക്കരശു നായനാർ തേവാരത്തിൽ കുയിലിനെക്കൊണ്ടും പാടിക്കുന്നുണ്ടു്. ആദ്യത്തെ രണ്ടു കവികളായിരിക്കാം എഴുത്തച്ഛനു പ്രസ്തുതവിഷയത്തിൽ മാർഗ്ഗദർശികൾ.

30.16കിളിപ്പാട്ടുവൃത്തങ്ങൾ

(1) കേക, (2) കാകളി, (3) കളകാഞ്ചി, (4) അന്നനട എന്നീ നാലുമാണു് കിളിപ്പാട്ടിനു് ഉപയോഗിക്കുന്ന വൃത്തങ്ങളിൽ പ്രധാനമായുള്ളവ. മണികാഞ്ചി കളകാഞ്ചിയുടെ ഇടയ്ക്കു് അങ്ങിങ്ങു കടന്നുകൂടുന്നു എന്നല്ലാതെ അതിൽ മാത്രം എഴുത്തച്ഛൻ ഒരു കഥാംശവും ആമൂലാഗ്രം രചിച്ചതായി കാണുന്നില്ല. അന്നനട ആദ്യമായി പ്രവേശിക്കുന്നതു മഹാഭാരതം കർണ്ണപർവത്തിലും മൗസല പർവത്തിലുമാണു്. വൈചിത്ര്യത്തിനുവേണ്ടി ചില പർവങ്ങളുടെ ആരംഭത്തിൽ മണികാഞ്ചി, ഊനകാകളി എന്നീ വൃത്തങ്ങളും സ്വീകരിച്ചിട്ടുണ്ടു്. ദ്രുതകാകളിയെ കിളിപ്പാട്ടു വൃത്തങ്ങളുടെ സ്ഥാനത്തിൽ കയറ്റിയവരിൽ പ്രഥമഗണനീയൻ വാല്മീകിരാമായണകർത്താവായ കോട്ടയത്തു കേരളവർമ്മത്തമ്പുരാനാകുന്നു. എഴുത്തച്ഛനു ഹൃദ്യതമങ്ങളെന്നു തോന്നിയ നാലു വൃത്തങ്ങളിൽ കേകയും കാകളിയും കളകാഞ്ചിയും ഭാഷാസാഹിത്യത്തിൽ മുൻപുതന്നെ പ്രയുക്തങ്ങളായിരുന്നു എന്നു ഗുരുദക്ഷിണപ്പാട്ടിൽനിന്നും മറ്റും നാം അറിയുന്നു. മണികാഞ്ചിയിലുള്ള ഒരീരടി ലീലാതിലകത്തിൽത്തന്നെ ഉദ്ധൃതമായിരിക്കുന്നു. ആ വൃത്തംകൊണ്ടു് രാമചരിതകാരനും മറ്റും കൈകാര്യം ചെയ്തിട്ടുമുണ്ടു്. എന്നാൽ അന്നനടയുടെ ഉപജ്ഞാതാവു് എഴുത്തച്ഛനെന്നുതന്നെയാണു് എനിക്കു തോന്നുന്നതു്. കർണ്ണപർവത്തിനുമുൻപു് ആ വൃത്തം ഞാൻ ഭാഷയിൽ കണ്ടിട്ടില്ല. തമിഴ്സാഹിത്യത്തിലും അതുള്ളതായി അറിയുന്നില്ല. പൂർവസൂരികൾ പ്രയോഗിച്ച വൃത്തങ്ങളെ സമഞ്ജസമായ രീതിയിൽ വ്യവസ്ഥാപനം ചെയ്യുകയും അന്നനട ഇദംപ്രഥമമായി കൂട്ടിച്ചേർക്കുകയുമാണു് എഴുത്തച്ഛൻ ഭാഷാവൃത്തവിഷയത്തിൽ വരുത്തിയ പരിഷ്കാരമെന്നു സമഷ്ടിയായി പറയാം.

30.17അദ്ധ്യാത്മരാമായണം

എഴുത്തച്ഛന്റെ വകയായി നമുക്കു് ഇപ്പോൾ ലഭിച്ചിട്ടുള്ള പ്രധാനകൃതികളിൽ അദ്ദേഹം ആദ്യമായി രചിച്ചതു് അധ്യാത്മരാമായണമാണെന്നു നിശ്ചയിക്കാവുന്നതാണു്. കവിക്കു ഭാരതനിർമ്മാണത്തിന്റെ കാലത്തു സിദ്ധിച്ചിരുന്ന കൃതഹസ്തത രാമായണം നിബന്ധിക്കുമ്പോൾ ഉണ്ടായിരുന്നില്ല. ആദ്യകാലത്തു സംസ്കൃതപ്രത്യയാന്തങ്ങളും അല്ലാത്തവയുമായ സംസ്കൃതപദങ്ങൾ പ്രയോഗിക്കുന്ന വിഷയത്തിൽ അദ്ദേഹം പ്രദർശിപ്പിച്ചിരുന്ന അതിരുകടന്ന ഔത്സുക്യം പിന്നീടാണു് അദ്ദേഹത്തെ വിട്ടുമാറിയതു്. “പപ്രച്ഛ നീയാരയച്ചുവന്നൂ കപേ,” “അദ്യ വാ ശ്വോ വാ വരുന്നതുമുണ്ടു ഞാൻ,”

“ശ്രുത്വാ ഭരദ്വാജനിത്ഥം സമുത്ഥായ
ഹസ്തേ സമാദായ സാർഘ്യപാദ്യാദിയും
ഗത്വാ രഘൂത്തമസന്നിധൗ സത്വരം
ഭക്ത്യൈവ പൂജയിത്വാ സഹ ലക്ഷ്മണം
ദൃഷ്ട്വാ രമാവരം രാമം ദയാപരം
തുഷ്ട്യാ പരമാനന്ദാബ്ധൗ മുഴുകിനാൻ”
എന്നിങ്ങനെയുള്ള വരികൾ ഭാരതത്തിൽ ഉണ്ടോ എന്നു സംശയമാണു്. ഔദ്ധത്യപരിഹാരത്തിന്നുവേണ്ടി രാമായണത്തിൽ കവി അനേകം ഈരടികൾ പ്രയോഗിക്കുന്നു.

“കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര
ണാരുണാംബുജലീനപാംസുസഞ്ചയം മമ
ചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാംതീർത്തു
ശോധനചെയ്തീടുവാനാവോളം വണങ്ങുന്നേൻ.”
“പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മ
പാദജനജ്ഞാനിനാമാദ്യനായുള്ളോരു ഞാൻ
വേദസമ്മിതമായ് മുമ്പുള്ള ശ്രീരാമായണം
ബോധഹീനന്മാർക്കറിയാംവണ്ണം ചൊല്ലീടുന്നേൻ.”
… … …
“രാമനാമത്തെജ്ജപിച്ചോരു കാട്ടാളൻ മുന്നം
മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
ഭൂമിയിലുള്ള ജന്തുക്കൾക്കു മോക്ഷാർത്ഥമിനി
ശ്രീമഹാരാമായണം ചമയ്ക്കെന്നരുൾചെയ്തു.
വീണാപാണിയുമുപദേശിച്ചു രാമായണം
വാണിയും വാല്മീകിതൻനാവിന്മേൽ വാണീടിനാൾ.
വാണീടുകവ്വണ്ണമെൻ നാവിന്മേലേവം ചൊല്ലാൻ
നാണമാകുന്നുതാനുമതിനെന്താവതിപ്പോൾ?
വേദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോർത്തു
ചേതസി സർവം ക്ഷമിച്ചീടുവിൻ കൃപയാലേ!”
എന്നും മറ്റുമുള്ള ശാലീനതാപ്രകടനവും ക്ഷമായാചനവും ആ ഗ്രന്ഥത്തിലാണല്ലോ കാണുന്നതു്.

അധ്യാത്മരാമായണം മൂലം
അധ്യാത്മരാമായണം അഷ്ടാദശമഹാപുരാണങ്ങളിൽ ഒന്നായ ബ്രഹ്മാണ്ഡപുരാണത്തിൽ ഉൾപ്പെടുന്നു എന്നാണു് പറയുന്നതു്. ഉത്തരഭാഗം അറുപത്തൊന്നാമധ്യായം മുതലാണത്രേ അതു് ആരംഭിക്കുന്നതു്.

“ശൃണു വത്സ പ്രവക്ഷ്യാമി ബ്രഹ്മാണ്ഡാഖ്യം പുരാതനം
യത്ര ദ്വാദശസാഹസ്രം ഭാവികല്പകഥായുതം.
പ്രക്രിയാഖ്യോനുഷംഗാഖ്യ ഉപോദ്ഘാതസ്തൃതീയകഃ
ചതുർത്ഥ ഉപസംഹാരഃ പാദാശ്ചത്വാര ഏവ ഹി.
പൂർവപാദദ്വയം പൂർവോ ഭാഗോഽത്ര സമുദാഹൃതഃ
തൃതീയോ മധ്യമോ ഭാഗശ്ചതുർത്ഥസ്തൂത്തരോ മതഃ.”
എന്നു് ആ പുരാണത്തിൽത്തന്നെ കാണുന്ന വാക്യങ്ങളിൽനിന്നു പന്തീരായിരം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ബ്രഹ്മാണ്ഡപുരാണത്തിൽ പ്രക്രിയ, അനുഷംഗം, ഉപോദ്ഘാതം, ഉപസംഹാരം എന്നിങ്ങനെ നാലു പാദങ്ങൾ അടങ്ങിയിരിക്കുന്നു എന്നും ആദ്യത്തെ രണ്ടു പാദങ്ങൾക്കു പൂർവഭാഗം എന്നും മൂന്നാമത്തേതിനു മധ്യമഭാഗമെന്നും നാലാമത്തേതിനു ഉത്തരഭാഗമെന്നും പേർ പറയുന്നു എന്നും കാണാം. പൂർവഭാഗത്തിൽ മുപ്പത്തെട്ടും മധ്യമഭാഗത്തിൽ എഴുപത്തിനാലും ഉത്തരഭാഗത്തിൽ നാലും അധ്യായങ്ങൾ അന്തർഭവിക്കുന്നു. ഉത്തരഭാഗത്തിലെ നാലധ്യായങ്ങൾ കഴിഞ്ഞു് ഒരനുബന്ധംപോലെ ലളിതോപാഖ്യാനം നാല്പതധ്യായങ്ങളിലായി ഘടിപ്പിച്ചിട്ടുമുണ്ടു്. അതുകൂടിച്ചേർന്നാലും ഉത്തരഭാഗത്തിൽ അറുപതു് അധ്യായങ്ങൾ പൂർണ്ണമാകുന്നില്ല. അതുകൊണ്ടു ബ്രഹ്മാണ്ഡപുരാണത്തിന്റെ ഒരു ഭാഗമാണു് അധ്യാത്മരാമായണമെന്നുള്ള ബോധം അബദ്ധമാണെന്നു സിദ്ധിക്കുന്നു. കേരളത്തിൽ ബ്രഹ്മാണ്ഡപുരാണം എണ്‍പത്തയ്യായിരം ഗ്രന്ഥം ഉൾക്കൊള്ളുന്നു എന്നൊരു ധാരണയുണ്ടായിരുന്നതായി കാണുന്നു. ഔത്തരാഹപാഠത്തിലുള്ള മദ്ധ്യമഭാഗത്തിലെ എഴുപത്തിനാലധ്യായങ്ങൾ ഇവിടെ തൊണ്ണൂറ്റൊൻപതായി വർദ്ധിക്കുന്നുമുണ്ടു്. അതിനെ അനുസരിച്ചാണു്.

“ബ്രഹ്മാണ്ഡമെണ്‍പത്തയ്യായിരം ഗ്രന്ഥത്തിലതി
നിർമ്മലമായിട്ടുള്ള മധ്യമഭാഗമിതു
ചൊല്ലിയേൻ തൊണ്ണൂറ്റൊൻപതധ്യായമതു കേട്ടാൽ
കല്യാണം വരും കൈവല്യത്തെയും സാധിച്ചീടാം.”
എന്നു ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടിന്റെ ഒടുവിൽ പ്രസ്താവിച്ചിരിക്കുന്നതു്. ഏതായാലും അതൊന്നും ഉത്തരഭാഗത്തെ സ്പർശിക്കുന്നതല്ലല്ലോ. അധ്യാത്മരാമായണത്തിനു സർവ്വതന്ത്ര സ്വതന്ത്രനായ നാഗേശഭട്ടന്റെ ശിഷ്യനും ശൃംഗിവേരപുരാധീശനുമായ രാമവർമ്മരാജാവിനാൻ വിരചിതമായ ‘സേതു’ എന്നൊരു വ്യാഖ്യാനമുണ്ടു്. ആ വ്യാഖ്യാനത്തിൽ വാല്മീകിമഹർഷി ശ്രീരാമാന്റെ മഹാവിഷ്ണുത്വത്തെ അങ്ങിങ്ങു ഗുപ്തമായി മാത്രമേ ആവിഷ്കരിച്ചിട്ടുള്ളൂ എന്നും ആ തത്വത്തെ സ്പഷ്ടീകരിക്കുന്നതിനുവേണ്ടി പരമദയാലുവായ വേദവ്യാസൻ വാല്മീകിയുടെ ഇതിവൃത്തത്തെത്തന്നെ അധികരിച്ചു നാരദ ബ്രഹ്മസംവാദരൂപത്തിൽ ഒരു നവീനസംഹിത നിർമ്മിച്ചു് അതു ബ്രഹ്മാണ്ഡപുരാണത്തിൽ ഉൾപ്പെടുത്തി എന്നും ആ സംഹിത നൈമിശാരണ്യത്തിൽവെച്ചു സൂതൻ മഹർഷിമാരെ ചൊല്ലിക്കേൾപ്പിച്ചു എന്നും പ്രസ്താവിച്ചിരിക്കുന്നു. പണ്ടു പാർവതീദേവിയെ ശ്രീപരമേശ്വരൻ ശ്രവിപ്പിച്ച പുരാണമാണു് അതെന്നു നാരദനോടു പറഞ്ഞുകൊണ്ടു് ഉമാമഹേശ്വരസംവാദരൂപത്തിൽ ബ്രഹ്മാവു നാരദനെ അതു ഗ്രഹിപ്പിച്ചതായും ആ ഘട്ടത്തിൽ ഉപന്യസിച്ചിട്ടുണ്ടു്. അതെല്ലാം ഗ്രന്ഥത്തിനു മഹിമാധിക്യം വരുത്തുന്നതിനായി കവി പ്രയോഗിച്ചിട്ടുള്ള വിദ്യയാണു്. അത്തരത്തിലുള്ള ഏതു നൂതനകൃതിക്കും ആർഷച്ഛായ കൊടുത്തു ബ്രഹ്മാണ്ഡപുരാണാന്തർഗ്ഗതമാണെന്നു പറയുന്നതു കവികളുടെ സമ്പ്രദായവുമാണു്. അധ്യാത്മരാമായണത്തിൽ മാഹാത്മ്യ സർഗ്ഗം കൂടാതെ അറുപത്തിനാലു സർഗ്ഗങ്ങളും അവയിൽ നാലായിരത്തിരുനൂറു ശ്ലോകങ്ങളും അടങ്ങുന്നു. കവിതയിൽ ജീവാത്മപരമാത്മസ്വരൂപം മുതലായ തത്വചിന്തകൾക്കാണു് ഗ്രന്ഥകാരൻ പ്രാധാന്യം നല്കീട്ടുള്ളതെങ്കിലും ഭാവനാസുന്ദരങ്ങളായ ഭാഗങ്ങളും ധാരാളമുണ്ടു്. വനവാസത്തിനു തന്നോടുകൂടി പുറപ്പെടുന്ന സീതാദേവിയോടു ‘മാ വിഘ്നം കുരു ഭാമിനി’ എന്നുംമറ്റും ശ്രീരാമനെക്കൊണ്ടു പറയിക്കുമ്പോൾ കവി തന്റെ നായകനെ മനുഷ്യനിർവിശേഷനായി മാത്രമേ കരുതുന്നുള്ളൂ. എന്നാൽ അത്തരത്തിലുള്ള വിസ്മൃതി അദ്ദേഹത്തിനു വളരെ വിരളമായേ പറ്റീട്ടുള്ളു എന്നും പറയേണ്ടതുണ്ടു്.

മൂലഗ്രന്ഥത്തിന്റെ അർവാചീനത
വാസ്തവത്തിൽ പിന്നീടു് ഏതോ ഒരു കവി അധ്യാത്മരാമായണത്തിനു പ്രാചീനത വരുത്തുവാൻവേണ്ടി അത്തരത്തിൽ ഒരു കൃത്രിമം ചെയ്തു എന്നുള്ളതിനു ധാരാളം തെളിവുണ്ടു്. ക്രി. പി. 1548 മുതൽ 1598 വരെ ജീവിച്ചിരുന്ന ഏകനാഥൻ എന്ന മഹാരാഷ്ട്രഭാഷാ കവി അധ്യാത്മരാമായണം അർവാചീനമാണെന്നു പറയുന്നു. യുദ്ധകാണ്ഡം പതിമ്മൂന്നാംസർഗ്ഗത്തിലെ ബ്രഹ്മസ്തുതിയിൽ “വൃന്ദാരണ്യേ വന്ദിതവൃന്ദാരകവൃന്ദം വന്ദേ രാമം ഭവമുഖവന്ദ്യം സുഖകന്ദം” എന്നും “വന്ദേ രാമം മരതകവർണ്ണം മധുരേശം” എന്നുമുള്ള ശ്ലോകപാദങ്ങൾ കാണുന്നുണ്ടു്. ശ്രീരാമനെ ശ്രീകൃഷ്ണരൂപത്തിൽ വന്ദിക്കുവാൻ തുടങ്ങിയതു് രാമഭക്തനും ഔത്തരാഹനുമായ രാമാനന്ദസ്വാമിയുടെകാലം മുതല്ക്കാകുന്നു. രാമാനന്ദന്റെ കാലം പതിന്നാലാം ശതകത്തിലുമാണു്. ഇതിൽനിന്നു് അധ്യാത്മരാമായണം എത്ര വളരെ പഴകിയതെന്നു നാം സങ്കുല്പിച്ചാലും ക്രി. പി. പതിന്നാലാംശതകത്തിലെങ്കിലും നിർമ്മിതമായ ഒരു കൃതിയെന്നു സമ്മതിക്കേണ്ടിവരുന്നു. വരരുചിയാണു് അധ്യാത്മരാമായണത്തിന്റെ കർത്താവു് എന്നുള്ളതിനു് യാതൊരടിസ്ഥാനവുമില്ല.

വിവർത്തനരീതി
എഴുത്തച്ഛന്റെ അധ്യാത്മരാമായണം കേവലം ഭാഷാന്തരോന്നയനമാണെന്നുപറയുവാൻ ആരെങ്കിലും ഒരുമ്പെടുന്നു എങ്കിൽ അവർ സഹൃദയന്മാരോ തത്വവേദികളോ അല്ല. അനുപദവിവർത്തനത്തിനു വിധേയങ്ങളായിട്ടുള്ള ഭാഗങ്ങൾതന്നെയാണു് അധികം; എന്നാൽ പലതും മൂലത്തെ അതിശയിക്കുന്നവയാണു്. മൂലത്തിലെ ഗുണോത്തരങ്ങളായ ഭാഗങ്ങൾ പ്രായേണ വിട്ടുകളയാതേയും, ശുഷ്കങ്ങളായ അംശങ്ങൾ ഉപേക്ഷിച്ചും സങ്കോചമോ വികാസമോ ആവശ്യമെന്നു തോന്നുന്ന ഘട്ടങ്ങളിൽ ആ കൃത്യം യഥായോഗ്യം അനുഷ്ഠിച്ചും, ചിലപ്പോൾ വാല്മീകിരാമായണം, രഘുവംശം, ഭോജചമ്പു, കണ്ണശ്ശരാമായണം മുതലായ പൂർവകവിനിബന്ധനങ്ങളെ ഉപജീവിച്ചും, ചിലപ്പോൾ സ്വമനോധർമ്മസാഗരത്തിൽനിന്നു തന്നെ കല്പനാരത്നങ്ങൾ സമുദ്ധരിച്ചും, ഭക്തിസംവർദ്ധനത്തിനു് എവിടെയും വ്യാഘാതരഹിതമായ മാർഗ്ഗം ഉൽഘാടനംചെയ്തും, വീരകരുണരസങ്ങളിൽ സന്ദർഭമനുസരിച്ചു നിപുണമായി ശ്രദ്ധിച്ചും, ശൃംഗാരഹാസ്യരസങ്ങൾകൊണ്ടു ഗംഭീരനായ ഒരു തത്ത്വോപദേശകന്റെ പീഠത്തിൽ ഉപവിഷ്ടനായി വ്യംഗമര്യാദയിൽ മാത്രം വ്യാപാരംചെയ്തും, ഒരു സ്വതന്ത്രകാവ്യമാണു് ആ മഹാത്മാവു രചിച്ചിരിക്കുന്നതു്. രസാനുഗുണമായ പദസാമഗ്രി അദ്ദേഹത്തിനു് ഏതവസരത്തിലും സ്വാധീനമാണു്; അദ്ദേഹത്തിന്റെ ഭാഷ യഥാവസരം ലളിതകോമളയായും പ്രൗഢോദാത്തയായും മാറിമാറി ഒരു വിദഗ്ദ്ധനർത്തകിയെപ്പോലെ സഹൃദയന്മാരുടെ ശ്രവണഹൃദയങ്ങളെ വശീകരിക്കുന്നു. അലങ്കാരപ്രയോഗത്തിൽ അദ്ദേഹം കൃഷ്ണഗാഥാകാരനെ അനുവർത്തിക്കുന്നില്ല; വ്യാസഭഗവാൻ തന്നെയാണു് അദ്ദേഹത്തിനു് ആ വിഷയത്തിൽ മാർഗ്ഗദർശി. തന്നിമിത്തം അദ്ദേഹത്തിന്റെ സൂക്തികൾക്കു് ഔചിത്യവും പ്രസാദവും ദ്വിഗുണീഭവിക്കുന്നതായാണു് ഭാവുകന്മാരുടെ അനുഭവം. ചുരുക്കത്തിൽ എഴുത്തച്ഛൻ സ്വൈരസഞ്ചാരം ചെയ്യുന്ന കാവ്യാധ്വാവു് അന്യകവികൾക്കു അനുഗമ്യമല്ല; അദ്ദേഹത്തിന്റെ ശൈലി അദ്ദേഹത്തിനുമാത്രം കൈവന്നിട്ടുള്ള ഒരു അപൂർവ്വസിദ്ധിയാണു്. ചില ഉദാഹരണങ്ങൾകൊണ്ടു് ഈ തത്ത്വങ്ങൾ വിശദീകരിക്കുവാൻ ഉദ്യമിക്കാം.

ബ്രഹ്മാവിന്റെ വിഷ്ണുദർശനം
മൂലം:
“തതഃ സ്ഫുരൽസഹസ്രാംശുസഹസ്രസദൃശപ്രഭഃ
ആവിരാസീദ്ധരിഃ പ്രാച്യാം ദിശാം വ്യപനയംസ്തമഃ.
കഥഞ്ചിദ്ദൃഷ്ടവാൻ ബ്രഹ്മാ ദുർദ്ദർശമകൃതാത്മനാം
ഇന്ദ്രനീലപ്രതീകാശം സ്മിതാസ്യം പത്മലോചനം
കിരീടഹാരകേയൂരകുണ്ഡലൈഃ കടകാദിഭിഃ
വിഭ്രാജമാനം ശ്രീവത്സകൗസ്തുഭപ്രഭയാന്വിതം
സ്തുവദ്ഭിസ്സനകാദ്യൈശ്ച പാർഷദൈഃ പരിവേഷ്ടിതം
ശംഖചക്രഗദാപദ്മവനമാലാവിരാജിതം
സ്വർണ്ണയജ്ഞോപവീതേന സ്വർണ്ണവർണ്ണാംബരേണ ച
ശ്രിയാ ഭൂമ്യാ ച സഹിതം ഗരുഡോപരി സംസ്ഥിതം
ഹർഷഗദ്ഗദയാ വാചാ സ്തോതും സമുപചക്രമേ.”

പരിഭാഷ:
“അന്നേരമൊരു പതിനായിരമാദിത്യന്മാ
രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
പത്മസംഭവൻ തനിക്കമ്പോടു കാണായ്വന്നു
പത്മലോചനനായ പത്മനാഭനെ മോദാൽ;
മുക്തന്മാരായുള്ളൊരു സിദ്ധയോഗികളാലും
ദുർദ്ദർശമായ ഭഗവദ്രൂപം മനോഹരം.
ചന്ദ്രികാമന്ദസ്മിതസുന്ദരാനനപൂർണ്ണ
ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര
മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം.
വത്സലാഞ്ഛനവത്സം പാദപങ്കജഭക്ത
വത്സലം സമസ്തലോകോത്സവം സത്സേവിതം
മേരുസന്നിഭകിരീടോദ്യൽകുണ്ഡലമുക്താ
ഹാരകേയൂരാംഗദകടകകടിസൂത്ര
വലയാംഗുലീയകാദ്യഖിലവിഭൂഷണ
കലിതകളേബരം കമലാമനോഹരം
കരുണാകരം കണ്ടു പരമാനന്ദംപൂണ്ടു
സരസീരുഹഭവൻ മധുരസ്ഫുടാക്ഷരം
സരസപദങ്ങളാൽ സ്തുതിച്ചുതുടങ്ങിനാൻ.”

ശ്രീരാമന്റെ അഭിഷേകവാർത്ത കേട്ട പൗരന്മാരുടെ ആഹ്ലാദം
മൂലം:
“സ്ത്രിയോ ബാലാശ്ച വൃദ്ധാശ്ച രാത്രൗ നിദ്രാം ന ലേഭിരേ
കദാ ദ്രക്ഷ്യാമഹേ രാമം പീതകൗശേയവാസസം
സർവാഭരണസമ്പന്നം കിരീടകടകോജ്ജ്വലം
കൗസ്തുഭാഭരണം ശ്യാമം കന്ദർപ്പശതസുന്ദരം
അഭിഷിക്തം സമായാതം ഗജാരൂഢം സ്മിതാനനം
ശ്വേതച്ഛത്രധരം തത്ര ലക്ഷ്മണം ലക്ഷണാന്വിതം
രാമം കദാ വാ ദ്രക്ഷ്യാമഃ പ്രഭാതം വാ കദാ ഭവേൽ?
ഇത്യുത്സുകധിയസ്സർവേ ബഭൂവുഃ പുരവാസിനഃ.”

പരിഭാഷ:
“സ്ത്രീബാലവൃദ്ധാവധി പുരവാസിക
ളാബദ്ധകൗതൂഹലാബ്ധിനിമഗ്നരായ്
രാത്രിയിൽ നിദ്രയും കൈവിട്ടു മാനസേ
ചീർത്ത പരമാനന്ദത്തോടു മേവിനാർ.
നമ്മുടെ ജീവനാം രാമകുമാരനെ
നിർമ്മലരത്നകിരീടമണിഞ്ഞതി
രമ്യമകരായിതമണികണ്ഡല
സമ്മുഗ്ദ്ധശോഭിതഗണ്ഡസ്ഥലങ്ങളും
പുണ്ഡരീകച്ഛദലോചനഭംഗിയും
പുണ്ഡരീകാരാതിമണ്ഡലതുണ്ഡവും
ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും
കുന്ദമുകുളസമാനദന്തങ്ങളും
ബന്ധൂകസൂനസമാനാധരാഭയും
കന്ധരരാജിതകൗസ്തുഭരത്നവും
ബന്ധുരാഭം തിരുമാറുമുദരവും
സന്ധ്യാഭൂസന്നിഭപീതാംബരാഭയും
… … …
ക്ഷോണീപതിസുതനാകിയ രാമനെ
ക്കാണായ്വരും പ്രഭാതേ ബത നിർണ്ണയം.
രാത്രിയാംരാക്ഷസിപോകുന്നതില്ലെന്നു
ചീർത്ത വിഷാദമോടൗത്സുക്യമുൾക്കൊണ്ടു
മാർത്താണ്ഡദേവനെക്കാണാഞ്ഞു നോക്കിയും
പാർത്തുപാർത്താനന്ദപൂർണ്ണാമൃതാബ്ധിയിൽ
വീണുമുഴുകിയും പിന്നെയും പൊങ്ങിയും
വാണീടിനാർ പുരവാസികളാദരാൽ.”

വിരാധന്റെ വരവു്
മൂലം:
“തതോ ദദൃശുരായാന്തം മഹാസത്ത്വം ഭയാനകം
കരാളദംഷ്ട്രവദനം ഭീഷയന്തം സ്വഗർജ്ജിതൈഃ
വാമാംസേ ന്യസ്തശൂലാഗ്രഗ്രഥിതാനേകമാനുഷം
ഭക്ഷയന്തം ഗജവ്യാഘ്രമഹിഷം വനഗോചരം.”

പരിഭാഷ:
“അന്നേരമാശു കാണായ്വന്നിതു വരുന്നത
ത്യുന്നതമായ മഹാസത്ത്വമത്യുഗ്രാരവം
ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്ട്രാന്വിത
വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം
വാമാംസസ്ഥലന്യസ്തശൂലാഗ്രത്തിങ്കലുണ്ടു
ഭീമശാർദൂലസിംഹമഹിഷവരാഹാദി
വാരണമൃഗവനഗോചരജന്തുക്കളും
പൂരുഷന്മാരും കരഞ്ഞേറ്റവും തുള്ളിത്തുള്ളി
പച്ചമാംസങ്ങളെല്ലാം ഭക്ഷിച്ചുഭക്ഷിച്ചുകൊ
ണ്ടുച്ചത്തിലലറി വന്നീടിനാനതുനേരം.”

ജടായുവും രാവണനും
മൂലം:
“ശ്രുത്വാ തൽ ക്രന്ദിതം ദീനം സീതായാഃ പക്ഷിസത്തമഃ
ജടായുരുത്ഥിതശ്ശീഘ്രം നഖാഗ്രാത്തീക്ഷ്ണ്തുണ്ഡകഃ
തിഷ്ഠ, തിഷ്ഠേതി തം പ്രാഹ കോ ഗച്ഛതി മമാഗ്രതഃ
മുഷിത്വാ ലോകനാഥസ്യ ഭാര്യാം ശൂന്യാദ്വനാലയാൽ
ശുനകോ മന്ത്രപൂതം ത്വം പുരോഡാശമിവാധ്വരേ?
ഇത്യുക്ത്വാതീക്ഷ്ണ്തുണ്ഡേന ചൂർണ്ണയാമാസ തദ്രഥം.”

പരിഭാഷ:
“ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും
സത്വരമുത്ഥാനംചെയ്തെത്തിനാൻ ജടായുവും.
തിഷ്ഠ തിഷ്ഠാഗ്രേ മമ സ്വാമിതൻ പത്നിയേയും
കട്ടുകൊണ്ടെവിടേയ്ക്കു പോകുന്നു മൂഢാത്മാവേ,
അധ്വരത്തിങ്കൽച്ചെന്നു ശുനകൻ മന്ത്രംകൊണ്ടു
ശുദ്ധമാം പുരോഡാശം കൊണ്ടുപോകുന്നപോലെ?
പദ്ധതിമധ്യേ പരമോദ്ധതബുദ്ധിയോടും
ഗൃധ്റരാജനുമൊരു പത്രവാനായുള്ളോരു
കുധ്റരാജനെപ്പോലെ ബദ്ധവൈരത്തോടതി
ക്രുദ്ധനായഗ്രേ ചെന്നു യുദ്ധവും തുടങ്ങിനാൻ.
അബ്ധിയും പത്രാനിലക്ഷുബ്ധമായ്ച്ചമയുന്നി
തദ്രികളിളകുന്നു വിദ്രുതമതുനേരം.
കാൽനഖങ്ങളെക്കൊണ്ടു ചാപങ്ങൾ പൊടിപെടു
ത്താനനങ്ങളും പാരം മുറിഞ്ഞു വശംകെട്ടു
തീക്ഷ്ണ്തുണ്ഡാഗ്രംകൊണ്ടു തേർത്തടം തകർത്തിതു.”

ലങ്കാദഹനം
മൂലം:
“തഥേതി ശണപട്ടൈശ്ച വസ്ത്രൈരന്യൈരനേകശഃ
തൈലാക്തൈർവേഷ്ടയാമാസുർലാങ്ഗുലം മാരുതേർദൃഢം,
പുച്ഛാഗ്രേ കിഞ്ചിദനലം ദീപയിത്വാഥ രാക്ഷസാഃ
രജ്ജുഭിസ്സുദൃഢം ബധ്വാ ധൃത്വാ തം ബലിനോസുരാഃ
സമന്താദ്ഭ്രാമയാമാസുശ്ചോരോയമിതി വാദിനഃ
തൂര്യഘോഷൈർഘോഷയന്തസ്താഡയന്തോ മുഹുർമ്മുഹുഃ
ഹനൂമതാപി തൽ സർവം സോഢം കിഞ്ചിച്ചി കീർഷുണാ
ഗത്വാ തു പശ്ചിമദ്വാരസമീപം തത്ര മാരുതിഃ
… … …
ദദാഹ ലങ്കാമഖിലാം സാട്ടപ്രാസാദതോരണാം.”

പരിഭാഷ:
“തിലരസഘൃതാദിസംസിക്തവസ്ത്രങ്ങളാൽ
തീവ്രം തെരുതെരെച്ചുറ്റും ദശാന്തരേ
അതുലബലനചലതരമവിടെ മരുവീടിനാ
നത്യായതസ്ഥൂലമായിതു വാൽ തദാ.
വസനഗണമഖിലവുമൊടുങ്ങിച്ചമഞ്ഞിതു
വാലുമതീവ ശേഷിച്ചിതു പിന്നെയും.
നിഖിലനിലയനനിഹിതപട്ടാംബരങ്ങളും
നീളെത്തിരഞ്ഞുകൊണ്ടന്നു ചുറ്റീടിനാർ,
അതുമുടനൊടുങ്ങി വാൽ ശേഷിച്ചു കണ്ടള
വങ്ങുമിങ്ങും ചെന്നു കൊണ്ടുവന്നീടിനാർ;
തിലജഘൃതസുസ്നേഹസംസിക്തവസ്ത്രങ്ങൾ
ദിവ്യപട്ടാംശുകജാലവും ചുറ്റിനാർ.
നികൃതി പെരുതിവനു വസനങ്ങളില്ലൊന്നിനി
സ്നേഹവുമെല്ലാമൊടുങ്ങീതശേഷവും,
അലമലമിതമലനിവനെത്രയും ദിവ്യനി
താർക്കു തോന്നീ വിനാശത്തിനെന്നാർ ചിലർ,
അനലമിഹ വസനമിതിനനലമിതി വാലധി
ക്കാശു കൊളുത്തുവിൻ വൈകരുതേതുമേ.
പുനരവരുമതുപൊഴുതു തീ കൊളുത്തീടിനാർ
പുച്ഛാഗ്രദേശേ പുരന്ദരാരാതികൾ.
ബലസഹിതമബലമിവ രജ്ജുഖണ്ഡംകൊണ്ടു
ബധ്വാ ദൃഢതരം ധൃത്വാ കപിവരം
കിതവമതികളുമിതൊരു കള്ളനെന്നിങ്ങനെ
കൃത്വാ രവമരം ഗത്വാ പുരവരം
പറകളെയുമുടനുടനറഞ്ഞറഞ്ഞങ്ങനെ
പശ്ചിമദ്വാരദേശേ ചെന്നനന്തരം
… … …
അനലശിഖകളുമനിലസുതഹൃദയവും തെളി
ഞ്ഞാഹന്ത വിഷ്ണുപദം ഗമിച്ചു തദാ;
വിബുധപതിയൊടു നിശിചരാലയം വെന്തോരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ
അഹമഹമികാധിയാ പാവകജ്വാലക
ളംബരത്തോളമുയർന്നുചെന്നൂ മുദാ.
ഭുവനതലഗതവിമലദിവ്യരത്നങ്ങളാൽ
ഭൂതിപരിപൂർണ്ണമായുള്ള ലങ്കയും
പുനരനിലസുതനിതി ദഹിപ്പിച്ചിതെങ്കിലും
ഭൂതിപരിപൂർണ്ണമായ്വന്നതത്ഭുതം.
ഉദ്ധരിച്ച ഭാഗങ്ങളിൽ നിന്നു് എഴുത്തച്ഛന്റെ പ്രപഞ്ചനം, പ്രകാശനം, വിശദീകരണം, വികാരോദ്ദീപനം മുതലായ വിവിധകവിധർമ്മങ്ങളിലുള്ള പാടവം പ്രത്യക്ഷീഭവിക്കുന്നതാണു്. ശ്രീരാമനും പരശുരാമനും തമ്മിലുള്ള സംവാദം, ശ്രീരാമനും ഖരദൂഷണാദികളുമായുള്ള യുദ്ധം തുടങ്ങിയ ഘട്ടങ്ങൾ അദ്ദേഹം വളരെ വിസ്തരിച്ചിട്ടുണ്ടു്. ശ്രീരാമനെ സ്മരിക്കുന്ന ഏതവസരങ്ങളിലും ആ ഭക്തോത്തമൻ അല്പഭാഷിയല്ല. ‘വാരിധിതന്നിൽത്തിരമാലകളെന്നപോലെ’യാണു് അവിടെയെല്ലാം പദപരമ്പരകൾ തിങ്ങിവിങ്ങിത്തള്ളിത്തുള്ളിപ്പൊങ്ങുന്നതു്. ശ്രീരാമന്റെ കഥ വിസ്തരിച്ചു കേൾപ്പിക്കണമെന്നേ മൂലത്തിൽ പാർവതി പരമേശ്വരനോടു പ്രാർത്ഥിക്കുന്നുള്ളു. പരിഭാഷയിൽ ആ പ്രാർത്ഥനയ്ക്കു് ഉപോൽബലകമായി “കിംക്ഷണാനാം കുതോ വിദ്യാ” ഇത്യാദി സുപ്രസിദ്ധമായ സംസ്കൃതശ്ലോകം “കിംക്ഷണന്മാർക്കു വിദ്യയുണ്ടാകയില്ലയല്ലോ” എന്നും മറ്റും തർജ്ജമചെയ്തു ഘടിപ്പിക്കുന്നു. ദശരഥപത്നിമാരുടെ ഗർഭവർണ്ണനയും, മൂലത്തെ ആശ്രയിക്കാതെ,

“ഗർഭചിഹ്നങ്ങളെല്ലാം വർദ്ധിച്ചുവരുന്തോറു
മുൾപ്രേമം കൂടെക്കൂടെ വർദ്ധിച്ചു നൃപേന്ദ്രനും
തൽപ്രണയിനിമാർക്കുള്ളാഭരണങ്ങൾപോലെ
വിപ്രാദിപ്രജകൾക്കും ഭൂമിക്കും ദേവകൾക്കും
അല്പമായ്ച്ചമഞ്ഞിതു സന്താപം ദിനംതോറും”
എന്നു് അലങ്കാരപ്രയോഗംകൊണ്ടു് ഭാസുരത വർദ്ധിപ്പിക്കുന്നു. ശ്രീരാമജാതകത്തെ അന്യഗ്രന്ഥങ്ങളിൽനിന്നു് ആർജ്ജിച്ച ജ്ഞാനംകൊണ്ടു സമഗ്രരൂപത്തിൽ ആവിഷ്കരിക്കുന്നു.

“അലങ്കാരങ്ങൾപൂണ്ടു സോദരന്മാരോടുമൊ
രലങ്കാരത്തെച്ചേർത്താൻ ഭൂമിദേവിക്കു നാഥൻ.”
“ഭർത്താവിന്നധിവാസമുണ്ടായോരയോധ്യയിൽ
പ്പൊൽത്താർമാനിനിതാനും കളിച്ചുവിളങ്ങിനാൾ.”
“വില്ലെടുക്കാമോ കുലച്ചീടാമോ വലിക്കാമോ
ചൊല്ലുകെന്നതുകേട്ടു ചൊല്ലിനാൻ വിശ്വാമിത്രൻ,
എല്ലാമാമാകുന്നതു ചെയ്താലും മടിക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ.”
“ഇടിവെട്ടീടുംവണ്ണം വിൽ മുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ;
മൈഥിലി മയില്പേടപോലെ സന്തോഷംപൂണ്ടാൾ.”
“വന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നേ
പിന്നാലേ വരണാർത്ഥമാലയുമിട്ടീടിനാൾ.”
“ഉണ്ടോ പുരുഷൻ പ്രകൃതിയെ വേറിട്ടു?
രണ്ടുമൊന്നത്രേ വിചാരിച്ചുകാണുകിൽ.”
“അങ്ങുചെന്നേറ്റനേരം രാമസായകങ്ങൾകൊ
ണ്ടിങ്ങിനി വരാതവണ്ണം പോയാർ തെക്കോട്ടവർ.”
“ആരുമില്ലെനിക്കു നിന്നെപ്പോലെ മുട്ടുന്നേരം.”
“ചെന്താർ ബാണനും തേരിലേറിനാനതുനേരം.”
“ജനകനരപതിവരമകൾക്കും ദശാസ്യനും
ചെമ്മേ വിറച്ചിതു വാമഭാഗം തുലോം”
“അവർമനസി മരുവിന തപോമയപാവക
നദ്യ രാജ്യേ പിടിപെട്ടിതു കേവലം.”
എന്നിങ്ങനെയുള്ള രസനിഷ്യന്ദികളായ അനേകം സൂക്തികൾ മൂലാന്തർഗ്ഗതങ്ങളല്ല. കൗസല്യോപദേശത്തിൽ വാല്മീകിയുടെ സുപ്രസിദ്ധമായ ‘രാമം ദശരഥം വിദ്ധി’ എന്ന ശ്ലോകം കൂടി ഭാഷാന്തരപ്പെടുത്തിച്ചേർക്കുന്നു. ദേവേന്ദ്രന്റെ അഹല്യാ ധർഷണഘട്ടത്തിലും മറ്റും മൂലത്തിൽനിന്നു കഥയ്ക്കു വ്യതിയാനം വരുത്തുന്നു. ശൂർപ്പണഖയുടെ കർണ്ണനാസികാച്ഛേദം കൊണ്ടു തൃപ്തിപ്പെടാതെ “വാളുറയൂരി കാതും മുലയും മൂക്കുമെല്ലാം” മുറിപ്പിക്കുന്നു. പുനംപോലും രാമായണചമ്പുവിൽ ‘മുലയും മൂക്കു’ മെന്നേ പറയുന്നുള്ളു. വാല്മീകിയിൽനിന്നു ‘കാതും മൂക്കും’ പുനത്തിൽനിന്നു ‘മുലയും’ ഇവിടെ എഴുത്തച്ഛൻ എടുത്തിരിക്കുന്നു. ആരണ്യകാണ്ഡത്തിലേ

“അഗ്രേ യാസ്യാമ്യഹം പശ്ചാൽ ത്വമന്വേഹി ധനുർദ്ധരഃ
ആവയോർമ്മധ്യഗാ സീതാ മായേവാത്മപരാത്മനോഃ”
എന്ന പ്രസിദ്ധമായ രാമവാക്യം എഴുത്തച്ഛൻ

“മുന്നിൽ നീ നടക്കണം വഴിയേ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവൻ ഗതഭയം.
ജീവാത്മപരമാത്മാക്കൾക്കു മധ്യസ്ഥയാകും
ദേവിയാം മഹാമായാശക്തിയെന്നതുപോലെ”
എന്നാണു് തർജ്ജമ ചെയ്തിരിക്കുന്നത്. അതിൽ എഴുത്തച്ഛനു നോട്ടക്കുറവു പറ്റീട്ടുണ്ടെന്നു ചിലർ പറയുന്നതു ക്ഷോദക്ഷമമല്ല. “ആത്മപരാത്മനോഃ” എന്ന പദത്തിൽ മൂലകാരൻ പ്രക്രമം തെറ്റിച്ചിട്ടുണ്ടു്; അതനുസരിച്ചു മഹാകവി ജീവാത്മസ്ഥാനീയനായ ലക്ഷ്മണനെ മുമ്പിൽ നടത്തുന്നു. “ആത്മപരാത്മനോർജ്ജീവേശയോർമ്മധ്യഗാ, ആശ്രയത്വവിഷയാത്തു ആഭ്യാം സംബദ്ധാ മായേവ” എന്നു് ഒരു ഭാഗം സേതുകാരൻ വ്യാഖ്യാനിക്കുന്നു. ജീവാത്മാവിന്റെ പ്രതിഭാസമാണു് ആദ്യം ദേഹികൾക്കുണ്ടാകുന്നതു് എന്നുള്ളതുകൊണ്ടു ഭാഷയിൽ സ്വീകൃതമായ ആനുപൂർവിയും അനുപപന്നമല്ല. ചാക്യാന്മാരും മറ്റും പ്രവചനത്തിനു് ഉപയോഗിക്കുന്ന കേരളീയമായ രാമായണ പ്രബന്ധത്തിൽ

“അഗ്രതോ ഗച്ഛ സൗമിത്രേ സീതാ ത്വാമനുയാസ്യതു
പൃഷ്ഠതോഹം ഗമിഷ്യാമി സീതാം ത്വാമപി പാലയൻ”
എന്നൊരു ശ്ലോകമുണ്ടു്. ആ ശ്ലോകം എഴുത്തച്ഛൻ ധരിച്ചിരിക്കാവുന്നതും തന്നിമിത്തം അദ്ദേഹത്തിനു പ്രകൃതത്തിൽ താദൃശമായ ഒരു വ്യത്യാസം വരുത്തുന്നതു സമുചിതമാണെന്നു തോന്നിയിരിക്കാവുന്നതുമാണു്. ബാലകാണ്ഡത്തിൽ ശ്രീരാമനോടു ഗുഹൻ പറയുന്നു:

“ക്ഷാളയാമി തവ പാദപങ്കജം;
നാഥ! ദാരുദൃഷദോഃ കിമന്തരം?
മാനുഷീകരണചൂർണ്ണമസ്തി തേ
പാദയോരിതി കഥാ പ്രഥീയസീ.
പാദാംബുജം തേ വിമലം ഹി കൃത്വാ
പശ്ചാൽ പരം തീരമഹം നയാമി;
നോ ചേത്തരീ സദ്യുവതീ മലേന
സ്യാച്ചേദ്വിഭോ വിദ്ധി കുടുംബഹാനിഃ”
എന്നീ പദ്യങ്ങൾ എഴുത്തച്ഛൻ തർജ്ജമചെയ്യാതെ വിട്ടതിന്നുള്ള കാരണം വ്യക്തമാകുന്നില്ല. ഗുഹന്റെ അഹല്യാമോക്ഷസൂചകമായ ആ നർമ്മാലാപം ഭക്തിരസത്തിനു് അനനുകൂലമാണെന്നു് അദ്ദേഹം കരുതിയിരിക്കണം. ഇതുപോലെ ശ്രീരാമന്റെ ബാല്യലീലകളെ വർണ്ണിക്കുന്ന ‘അംഗണേ രിംഖമാണം തം’ ഇത്യാദി പദ്യങ്ങളും ഭാർഗ്ഗവസ്തുതിയിൽ ഉൾപ്പെടുന്ന ‘അവിദ്യാകൃതദേഹാദി’ ഇത്യാദി പദ്യങ്ങളും നിശാകരമഹർഷി സമ്പാതിക്കുപദേശിച്ച ‘ഗ്രീവാ ശിരശ്ച’ ഇത്യാദി പദ്യങ്ങളും രാക്ഷസികൾ സീതാദേവിയെ ഭയപ്പെടുത്തുന്ന ഘട്ടത്തിലുള്ള ‘രാക്ഷസ്യോ ജാനകീമേത്യ’ ഇത്യാദി പദ്യങ്ങളും വിഭീഷണൻ രാവണനോടുപദേശിക്കുന്ന ‘യാവന്ന രാമസ്യ ശിതാശ്ശിലീമുഖാഃ’ ഇത്യാദി പദ്യങ്ങളും രാമരാവണയുദ്ധത്തിന്നു മുമ്പു രാവണൻ മണ്ഡോദരിയോടു പറയുന്ന ‘ജാനാമി രാഘവം വിഷ്ണും’ ഇത്യാദി പദ്യങ്ങളും എഴുത്തച്ഛൻ തർജ്ജമയിൽ വിട്ടിരിക്കുന്നു. ഇത്തരത്തിൽ മനഃപൂർവമായോ അനവധാനത നിമിത്തമോ പരിത്യക്തങ്ങളായിട്ടുള്ള പ്രധാനമൂലശ്ലോകങ്ങൾ വേറേയുമുണ്ടു്. യുദ്ധകാണ്ഡത്തിൽ അതിനുമുമ്പുള്ള അഞ്ചു കാണ്ഡങ്ങളേയുമപേക്ഷിച്ചു വളരെ അധികമായി അദ്ദേഹം വാല്മീകിയെ ഉപജീവിക്കുന്നു. ചില ആശയങ്ങൾക്കെല്ലാം അദ്ദേഹത്തിനു പൂർവസൂരികളുടെ നേർക്കുള്ള കടപ്പാടും സുവ്യക്തമാണു്.

സൂക്ഷ്മേക്ഷികയിൽ അപൂർവമായി അങ്ങിങ്ങു ചില അഭംഗികൾ കാണുന്നില്ലെന്നു ശപഥം ചെയ്യുവാൻ വൈഷമ്യമുണ്ടു്. ഭക്തയായ പാർവതി പരമേശ്വരനെ ‘ഗംഗാകാമുക’ എന്നു സംബോധന ചെയ്യുന്നതു പന്തിയായില്ല. ശ്രീരാമൻ നായാട്ടിൽ ദുഷ്ടമൃഗങ്ങളെ വധിച്ചു എന്നേ മൂലത്തിൽ പ്രസ്താവിക്കുന്നുള്ളു. ഹരിണങ്ങളെക്കൂടി വധിച്ചതായി തർജ്ജമയിൽ പറയേണ്ടതില്ലായിരുന്നു. പരശുരാമനെക്കണ്ടപ്പോൾ ഭയത്രസ്തനായ ദശരഥൻ “അർഗ്ഘ്യാദിപൂജാം വിസ്മൃ്ത്യ ത്രാഹി ത്രാഹി” എന്നു പ്രാർത്ഥിച്ചതായി മൂലത്തിൽ പറയുന്നു. ‘ബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താൻ’ എന്നു് ആ ഭാഗം തർജ്ജമയിൽ സങ്കോചിപ്പിച്ചതു സമഞ്ജസമായെന്നു തോന്നുന്നില്ല. പക്ഷെ അത്തരത്തിലുള്ള ദോഷങ്ങളെ സർഷപപരിമാണങ്ങളായിമാത്രമേ നമുക്കു് എഴുത്തച്ഛന്റെ രാമായണത്തിൽ ഏതു ഭൂതക്കണ്ണാടിവച്ചു നോക്കിയാലും സമീക്ഷിക്കുവാൻ സാധിക്കുകയുള്ളു. ആധ്യാത്മികങ്ങളായ ചില ഘട്ടങ്ങളിൽ മൂലത്തിൽനിന്നു കവി ചില ഭേദഗതികൾ വരുത്തിയിട്ടുണ്ടു്. അവയിൽ ചിലതിനെല്ലാം സമാധാനം പറയാമെങ്കിലും മറ്റു ചില വ്യതിയാനങ്ങൾ അസമാധാനങ്ങളായിത്തന്നെ അവശേഷിക്കുന്നുമുണ്ടു്.

30.18ഉത്തരരാമായണം

പ്രണേതാവു്
ഉത്തരരാമായണം കിളിപ്പാട്ടു് കുഞ്ചൻനമ്പ്യാരുടെ കൃതിയെന്നു ചിലർ പറയുന്നതിൽ അശേഷം യുക്തിയില്ല. കുഞ്ചന്റെ കാലത്തെ ഭാഷയും കുഞ്ചന്റെ ഗൗണപ്രയോഗധോരണിയും അതിൽ ഒരിടത്തും കാണുന്നില്ല. നേരേമറിച്ചു് എഴുത്തച്ഛന്റെ വാങ്മയമാണു് അതെന്നു പല ഭാഗങ്ങളും വിളിച്ചുപറയുകയും ചെയ്യുന്നു. ‘കാണ്‍കയിൽ’, ‘തപസ്സുചെയ്താൻ നിരാഹാരനായേ’, ‘ശൈലൂഷനാകിയ ഗന്ധർവപുത്രിയാം’, ‘പണ്ടു കേട്ടിട്ടില്ലയാത വിശേഷങ്ങൾ’, ‘കാണ്‍മാനുമാമല്ല’, ‘ഒല്ലാതകർമ്മങ്ങൾ’, ‘വിരയെപ്പോയ’, ‘കേട്ടായല്ലോ’, ‘യാഗം ചെയ്യിപ്പാനായേ’ ‘കോഴ (ദുഃഖം)പൂണ്ടു’ തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളും പരിശോധിക്കുക. അധ്യാത്മരാമായണത്തിലെ ചില വരികൾ യാതൊരു രൂപഭേദവും കൂടാതെ ഉത്തരരാമായണത്തിൽ പകർന്നു കാണ്‍മാനുണ്ടു്.

“നമസ്തേ നാരായണ, മുകുന്ദ, ദയാനിധേ!
നമസ്തേ വാസുദേവ, ഗോവിന്ദ ജഗൽപതേ!
നമസ്തേ ലോകേശ്വര, നമസ്തേ നരകാരേ,
രമിച്ചീടണം ചിത്തം ഭവതി രമാപതേ.”
“മറ്റൊരു ശരണമില്ലിജ്ജനത്തിനു പോറ്റി,
മുറ്റും നിന്തിരുവടിയൊഴിഞ്ഞു ദയാനിധേ.”
“ഗത്വാ പിതാമഹം നത്വാ സസംഭ്രമം
വൃത്താന്തമെല്ലാമുണർത്തിച്ചരുളിനാർ
ശ്രുത്വാ വിരിഞ്ചനുമുത്ഥായ സത്വരം
കൃത്വാ ശുചാ മഹാപ്രസ്ഥാനമാദരാൽ”
എന്നിങ്ങനെയുള്ള ഈരടികളിൽ എഴുത്തച്ഛന്റെ വ്യക്തിമുദ്ര സ്പഷ്ടമായി പതിഞ്ഞിട്ടുണ്ടു്. ഉത്തരരാമായാണത്തിന്റെ അവസാനത്തിൽ

“പാരിലുള്ളജ്ഞാനികൾക്കറിവാൻ തക്കവണ്ണം
ശ്രീരാമചരിതം ഞാനിങ്ങനെ ചൊല്ലീടിനേൻ”
എന്നൊരു കവിവാക്യം കാണുന്നു. ഉത്തരരാമായണകാരൻ അധ്യാത്മരാമായണകാരനിൽനിന്നു ഭിന്നനല്ലെങ്കിൽമാത്രമേ ‘ശ്രീരാമചരിതം’ എന്ന പദത്തിന്റെ പ്രയോഗം സാധുവാകയുള്ളു എന്നും അതും ആ രണ്ടു കൃതികളുടേയും ഏകകർത്തൃകത്വത്തിനു് ഒരു ലക്ഷ്യമായി പരിഗണിക്കാവുന്നതാണെന്നും, ഞാൻ കരുതുന്നു. ‘ഗത്വാ പിതാമഹം’ എന്നു തുടങ്ങിയ വരികളുടെ ശൈലി പരിശോധിച്ചാൽ അധ്യാത്മരാമായണം സമാപിപ്പിച്ചു് ഉടൻതന്നെ കവി ഉത്തരരാമായണരചനയിൽ ഏർപ്പെട്ടു എന്നും ഊഹിക്കത്തക്കതാണു്.

ഉപജീവ്യത
എഴുത്തച്ഛൻ ഉത്തരരാമായണരചനയ്ക്കു തിരഞ്ഞെടുത്തിരിക്കുന്ന മൂലഗ്രന്ഥം അധ്യാത്മരാമായണമല്ലെന്നും വാല്മീകിരാമായണമാണെന്നുമുള്ളതിനു സംശയമില്ല. ആധ്യാത്മികോക്തികളുള്ള ഭാഗങ്ങൾ അധ്യാത്മരാമായണത്തിന്റെ ഉത്തരകാണ്ഡത്തിൽ അത്യന്തം വിരളങ്ങളാണെന്നുള്ളതിനു പുറമെ അതിന്റെ അതിരുകടന്ന സംകുചിതതയും എഴുത്തച്ഛനെ വാല്മീകിയെ ആശ്രയിക്കുവാൻ പ്രേരിപ്പിച്ചിരിക്കണം. ആരംഭത്തിൽത്തന്നെ

“ചൊല്ലുവനെങ്കിൽക്കേട്ടുകൊള്ളുവിനെല്ലാവരും
നല്ല സൽകഥയിതു കല്യാണപ്രദമല്ലോ.
ഉത്തരരാമായണം വാല്മീകിമുനിപ്രോക്ത
മുത്തമോത്തമമിദം ഭക്തിസാധനം പരം”
എന്നു് ആ വസ്തുത അദ്ദേഹംതന്നെ പറഞ്ഞിട്ടുമുണ്ടു്. കാര്യങ്ങൾ വിടാതെ കഥകൾ സംക്ഷേപിക്കുന്നതിൽ എഴുത്തച്ഛൻ അദ്വിതീയനാകുന്നു; തന്നിമിത്തം വാല്മീകിയുടെ നൂറ്റിപ്പതിനൊന്നു സർഗ്ഗങ്ങളും അദ്ദേഹം അനതിദീർഗ്ഘങ്ങളായ മൂന്നധ്യായങ്ങളിൽ അനായാസേന അന്തർഭവിപ്പിച്ചിരിക്കുന്നു. ഏതേതു ദിക്കിൽനിന്നു് ഏതേതു മഹർഷിമാർ അഭിഷേകാനന്തരം ശ്രീരാമനെ സന്ദർശിക്കുവാൻ വന്നു എന്നു് അദ്ദേഹം പറയുന്നതു വാല്മീകിയെ അനുസരിച്ചാണു്. ആ വിവരങ്ങളൊന്നും അധ്യാത്മരാമായണത്തിലില്ല. ഇങ്ങനെ ഏതു ഭാഗം നോക്കിയാലും വാല്മീകിയാണു് എഴുത്തച്ഛനു പ്രസ്തുത കൃതിയിൽ പ്രഥമാവലംബനം എന്നു കാണാം. കണ്ണശ്ശന്റെ ഉത്തരരാമായണവും അദ്ദേഹത്തിനു പ്രസ്തുതഗ്രന്ഥരചനയിൽ അതിനൊപ്പംതന്നെയോ അതിൽക്കവിഞ്ഞുപോലുമോ മാർഗ്ഗദർശകമായിരുന്നു. ആ കൃതി വാല്മീകിയുടെ ഉത്തരരാമായണത്തിന്റെ ഒരു സരസമായ വിവർത്തനമാണല്ലോ.

കവിതാരീതി
കവിതാവിഷയത്തിൽ ഉത്തരരാമായണം അധ്യാത്മരാമായണത്തേക്കാൾ അപകൃഷ്ടമാണെന്നു പറവാൻ നിർവാഹമില്ല. ഹൃദയദ്രവീകരണചണങ്ങളായ ഭാഗങ്ങൾ അതിലും ധാരാളമുണ്ടു്. നോക്കുക, ലക്ഷ്മണനും സീതാദേവിയും തമ്മിലുള്ള സംവാദത്തിലെ ചില ഈരടികൾ:

“വാവിട്ടു കരയുന്ന ലക്ഷ്മണൻതന്നെ നോക്കി
ദ്ദേവിയുമുരചെയ്താളെന്തിതു കുമാര ചൊൽ?
എന്തിനു കരയുന്നു സന്താപമുണ്ടായതു
മെന്തെന്നു പരമാർത്ഥം ചൊല്ലു നീ മടിയാതെ.
അഗ്രജൻതന്നെപ്പിരിഞ്ഞിരുന്നിട്ടില്ലതല്ലീ
വ്യഗ്രിച്ചുകരയുന്നു മുറ്റും ബാലകനാം നീ?
രണ്ടു വാസരം പൊറുപ്പാനില്ല ശക്തിയൊട്ടും;
പണ്ടു നീ പിരിഞ്ഞറിയുന്നതുമില്ലയല്ലോ;
എന്നെ നീ നിരൂപിക്ക; മുന്നം ഞാനൊരാണ്ടേയ്ക്കു
മെന്നുടെ ഭർത്താവിനെപ്പിരിഞ്ഞു വാണേനല്ലോ.
ഇന്നിനി മുനിപത്നിമാരെയും കണ്ടു നാളെ
ച്ചെന്നു നിൻ പൂർവജനെക്കാണാമെന്നറിഞ്ഞാലും.
………
ചൊല്ലുചൊല്ലെന്നു സീതാനിർബ്ബന്ധം കേട്ടനേരം
ചൊല്ലിനാൻ സൌമിത്രിയും ഗദ്ഗദവർണ്ണങ്ങളാൽ.
ചൊല്ലിയാൽകേൾപ്പാൻ രഘുനാഥനു പലരുണ്ടു
കല്യന്മാരായിട്ടവർ പലരുമിരിക്കവേ
എന്നോടായിതു നിയോഗിച്ചിതു രാമചന്ദ്രൻ
മുന്നം ഞാൻ ചെയ്ത ദുഷ്കർമ്മങ്ങൾതൻ ഫലത്തിനാൽ.
എന്നോളം പാപം ചെയ്തിട്ടാരുമില്ലൊരേടത്തും
പുണ്യമില്ലാത പുരുഷാധമനായേനല്ലോ.
വഹ്നിയിൽച്ചാടീടണമെന്നു ചൊല്ലുകിലേതും
ദണ്ഡമില്ലെനിക്കതിൽപ്പരമിന്നിതു പാർത്താൽ.
കാളകൂടത്തെക്കുടിക്കേണമെന്നരുൾചെയ്കിൽ
ക്കാലംവൈകാതേ കുടിക്കാമതിനെളുതല്ലോ.
ആർക്കുമോർത്തോളമരുതാത ദുഷ്കർമ്മം ചെയ്വാ
നാഖ്യാനം ചെയ്താനല്ലോ രാഘവൻതിരുവടി.
പണ്ടു ഞാൻ ചെയ്ത പാപമെന്തെന്റെ ഭഗവാനേ!
കണ്ടീലെൻ പ്രാണത്യാഗം ചെയ്വാനുമുപായങ്ങൾ.
ഇങ്ങനെ പറകയും വീഴ്കയും കരകയും
തിങ്ങിന ദുഃഖം പൂണ്ട ലക്ഷ്മണൻതന്നെക്കണ്ടു
വൈദേഹി വിഷണ്ണയായെന്തിതെന്നറിയാഞ്ഞു
ഖേദേന ബാഷ്പം വാർത്തു ലക്ഷ്മണനോടു ചൊന്നാൾ.”
വാല്മീകിരാമായണത്തിൽ

“ഹൃദ്ഗതം മേ മഹച്ഛല്യം യസ്മാദാര്യേണ ധീമതാ
അസ്മിൻ നിമിത്തേ വൈദേഹി ലോകസ്യ വചനീകൃതഃ
ശ്രേയോ ഹി മരണം മേദ്യ മൃത്യുർവാ യൽ പരം ഭവേൽ.
ന ചാസ്മിന്നീദൃശേ കാര്യേ നിയോജ്യോ ലോകനിന്ദിതേ.
പ്രസീദ ച ന മേ പാപം കർത്തുമർഹസി ശോഭനേ”
എന്നിങ്ങനെ ചില നിർദ്ദേശശകലങ്ങൾ മാത്രമേ ഇതിന്റെ സ്ഥാനത്തിൽ കാണ്‍മാനുള്ളു. അധ്യാത്മരാമായണകാരനാകട്ടെ കേവലം ഹൃദയശൂന്യനായ ഒരു സാധാരണ ലേഖകന്റെ മട്ടിൽ

“വാല്മീകേരാശ്രമസ്യാന്തേ ത്യക്ത്വാ സീതാമുവാച സഃ
ലോകാപവാദഭീത്യാ ത്വാം ത്യക്തവാൻ രാഘവോനഘഃ
ദോഷോ ന കശ്ചിന്മേ മാതർഗ്ഗച്ഛാശ്രമപദം മുനേഃ”
ഇങ്ങനെ ഒന്നുരണ്ടു വചനങ്ങൾ വഴിപാടായി ഉച്ചരിച്ചു് അതുകൊണ്ടു കൃതകൃത്യനായതുപോലെ മുന്നോട്ടു പോകുന്നു. ഇവിടെ എഴുത്തച്ഛൻ കണ്ണശ്ശന്റെ കാലടിപ്പാടുകളെയാണു് പിൻതുടർന്നിരിക്കുന്നതെങ്കിലും അദ്ദേഹത്തിനുകൂടി അസൂയ തോന്നത്തക്ക നിലയിൽ ആ അനുകമ്പാജനകമായ സംഭവം വർണ്ണിച്ചു ഫലിപ്പിച്ചിരിക്കുന്നു. ഇതുപോലെ വേറെയും വിശിഷ്ടങ്ങളായ പ്രപഞ്ചനങ്ങളുണ്ടു്.

30.19മഹാഭാരതം

അധ്യാത്മരാമായണം നിർമ്മിച്ച കാലത്തു വികസ്വരാവസ്ഥയിലിരുന്ന എഴുത്തച്ഛന്റെ എല്ലാ കവനകലാസിദ്ധികളും മഹാഭാരതരചനയ്ക്കു മുമ്പു പരിപൂർണ്ണമായ വികാസത്തെ പ്രാപിച്ചുകഴിഞ്ഞിരുന്നു. തന്നിമിത്തം ഭാരതത്തിനു പല അംശങ്ങളിലും—-പ്രത്യേകിച്ചു ശബ്ദവിഷയത്തിൽ—-രാമായണത്തെക്കാൾ പതിന്മടങ്ങു മെച്ചമേറും. കൃഷ്ണഗാഥയുടെ വിശ്വാകർഷകതയുടെ ബീജങ്ങൾ ഭാരതത്തിന്റെ ഹൃദയഹാരിതയുടെ കാരണങ്ങളിൽനിന്നു വിഭിന്നങ്ങളാണു്. എങ്കിലും രണ്ടു കൃതികളിലും ആമൂലാഗ്രം അഭൗമമായ ആനന്ദദാനസാമഗ്രി അനുസ്യൂതമായി വിഹരിക്കുന്നു. ശൃംഗാരം, വീരം, അത്ഭുതം, കരുണം, ഭയാനകം, രൗദ്രം, ശാന്തം എന്നീ രസങ്ങളെ കവി അവയുടെ അത്യുച്ചമായ കോടിയിൽ എത്തുന്നതുവരെ പരിപോഷിപ്പിച്ചു് അന്യാദൃശമായ വിജയം നേടീട്ടുണ്ടു്. അദ്ദേഹത്തിന്റെ ഇതിവൃത്തസംക്ഷേപണത്തിനുള്ള സാമർത്ഥ്യവും, ആവാപോദ്വാപവ്യാപാരത്തിലുള്ള ഔചിത്യദീക്ഷയും ഏതു ഘട്ടത്തിലും അമന്ദപ്രഭമായി പ്രകാശിക്കുന്നു. പരമഭാഗവതനായ ആ മഹാത്മാവു് അവസരം കിട്ടുമ്പോളെല്ലാം—കിട്ടാത്തപ്പോൾ ഉണ്ടാക്കിപ്പോലും—ശ്രീകൃഷ്ണനെ നാസ്തികന്മാർപോലും രോമാഞ്ചഭൂഷിതന്മാരാകത്തക്കവണ്ണം സ്തുതിക്കുന്നു. അത്തരത്തിൽ പരിപാവനവും കൂലംകഷവുമായ ഒരു ഭാഗീരഥീപ്രവാഹം ആ ഹിമവൽപർവതത്തിൽനിന്നല്ലാതെ ഭാഷാ സാഹിത്യഭൂമിയിൽ ഉണ്ടായിട്ടില്ല. ഏതു വീക്ഷണകോടിയിൽനിന്നു നോക്കിയാലും, ഏതു മാനദണ്ഡംകൊണ്ടു മാപനം ചെയ്താലും, ആ കൃതിയുടെ മാഹാത്മ്യം അനപലപനീയമായിത്തന്നെ പ്രശോഭിക്കുന്നു. ആ ഒരൊറ്റ കൃതികൊണ്ടു് എഴുത്തച്ഛൻ ഭാഷയ്ക്കു വരുത്തീട്ടുള്ള ഉൽഗതിയുടെ ഈദൃക്തയും ഇയത്തയും അവാങ്മനസഗോചരമാണെന്നു പറയുന്നതു ഭൂതാർത്ഥ കഥനം മാത്രമാകുന്നു.

രചനയുടെ രീതി
എഴുത്തച്ഛൻ അധ്യാത്മരാമായണത്തിൽ രാമഗീത വിട്ടതുപോലെ ഭാരതത്തിൽ ഭഗവദ്ഗീത, സനൽസുജാതീയം, അനുഗീത മുതലായി ത്രയ്യന്തഗന്ധികളായുള്ള പല ഭാഗങ്ങളും തർജ്ജമ ചെയ്യാതെ വിട്ടിട്ടുണ്ടു്. ശാന്തി പർവ്വം വളരെ സംകുചിതമാക്കിയിരിക്കുന്നു. ആനുശാസനിക പർവ്വം ഏതാനും ചില ഈരടികളിൽ തൊട്ടു തൊട്ടില്ല എന്നു മാത്രം കാണിച്ചുകൊണ്ടു കടന്നുപോയിരിക്കുന്നു. ഇതിനെല്ലാം ഒരു കാരണമായി ചിലർ അദ്ദേഹത്തിനു നമ്പൂരിമാരെപ്പറ്റി ഭയമുണ്ടായിരുന്നു എന്നു് ഉൽഭാവനം ചെയ്യുന്നു. വാസ്തവത്തിൽ അങ്ങിനെയൊരു ഭയത്തിനു കേരളത്തിൽ ആസ്പദമുണ്ടായിരുന്നതായി എനിക്കു തോന്നുന്നില്ല. ബ്രാഹ്മണരെ എഴുത്തച്ഛൻ പല അവസരങ്ങളിലും മുക്തകണ്ഠമായി പ്രശംസിച്ചിട്ടുണ്ടു്. അവരിൽനിന്നു യാതൊരു പ്രാതികൂല്യവും അദ്ദേഹത്തിനുണ്ടായി എന്നു സങ്കല്പിക്കുവാൻ ചരിത്രം അനുവദിക്കുന്നില്ല. നിരണത്തു മാധവപ്പണിക്കർക്കു ഭഗവൽഗീത ഭാഷാന്തരീകരിക്കുന്ന വിഷയത്തിൽ തിരുവല്ലായിലെ ബ്രാഹ്മണർ ശത്രുക്കളായിരുന്നില്ലല്ലോ. തൃക്കണ്ടിയൂരിലെ ബ്രാഹ്മണരുടെ മനോഭാവം അവരുടേതിൽനിന്നു വ്യത്യസ്തമായിരുന്നു എന്നു പറയണമെങ്കിൽ അതിനു വിശ്വാസയോഗ്യമായ സാക്ഷ്യം വേണ്ടിയിരിക്കുന്നു. വാസ്തവത്തിൽ എഴുത്തച്ഛൻ ആദിപർവ്വം പരിഭാഷപ്പെടുത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു ഗ്രന്ഥവിസ്തരശങ്ക സംഭവിച്ചിരിക്കണം; അതുകൊണ്ടാണു് ആ പർവ്വത്തിലെന്നതുപോലെ അന്യപർവങ്ങളിൽ അദ്ദേഹം പ്രസ്താരകുതുകിയായി പ്രത്യക്ഷപ്പെടാത്തതു്. വനപർവത്തിൽത്തന്നെ എത്ര ഉപാഖ്യാനങ്ങൾ അദ്ദേഹം സങ്കോചിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിരിക്കുന്നു എന്നു പരിശോധിക്കുന്നതു രസാവഹമായിരിക്കും. തന്നിമിത്തം സംഭവപർവത്തിനുള്ള മെച്ചം അന്യപർവങ്ങളിൽ അതേനിലയിൽ കാണ്‍മാൻ പ്രയാസമാണെന്നും പറയേണ്ടിയിരിക്കുന്നു. ശാന്തിപർവത്തിലേയും ആനുശാസനികപർവത്തിലേയും പ്രധാനവിഷയമായ ഭീഷ്മോപദേശം കഥയുടെ പുരോഗതിക്കു് ഒരുവിധത്തിൽ നോക്കിയാൽ പ്രതിബന്ധകമാണെന്നും അദ്ദേഹത്തിന്നു തോന്നിയിരിക്കണം. സനൽസുജാതീയം, ഗീത മുതലായ ഭാഗങ്ങൾ ഭാഷപ്പെടുത്തുന്നതിൽ അക്കാലത്തെ മതവിശ്വാസങ്ങളിൽ നിന്നു് അണുമാത്രംപോലും വ്യതിചലിക്കാതെ ജീവിച്ചിരുന്ന അദ്ദേഹത്തിനു് അല്പം സംശയാലുത്വവും അംകുരിച്ചിരിക്കുവാനിടയുണ്ടു്. ഏതായാലും ഉത്തരരാമായണത്തിന്റെ അവസാനത്തിൽ “സജ്ജനമാനന്ദിച്ചു നല്കിടുമനുഗ്രഹം, ദുർജ്ജനദുർഭാഷണം ബഹുമാനിച്ചീടേണ്ട” എന്ന് ഉൽഘോഷണം ചെയ്ത ആ ദ്വേധാധീരനു തന്റെ അന്തഃകരണത്തെയല്ലാതെ മറ്റൊന്നിനെപ്പറ്റിയും ഭയമില്ലായിരുന്നു എന്നു നിസ്സന്ദേഹം സ്ഥാപിക്കാവുന്നതാണു്. മൂലത്തിലെ ആദിപർവത്തെ പൗലോമം ആസ്തികം സംഭവം എന്നിങ്ങിനെ മൂന്നായും സൗപ്തികപർവത്തെ സൗപ്തികമെന്നും ഐഷികമെന്നും രണ്ടായും വിഭജിച്ചു് ഇരുപത്തൊന്നു പർവങ്ങളാക്കിയാണു് എഴുത്തച്ഛൻ മഹാഭാരതം ഭാഷയിൽ സംഗ്രഹിച്ചിരിക്കുന്നതു്. ഈ ഭേദഗതിക്കുള്ള കാരണം വ്യക്തമാകുന്നില്ല.

ചില ഉദാഹരണങ്ങൾ
ശൃംഗാരരസത്തിനു് പാണ്ഡുവിന്റെ വനവിഹാരം ഉത്തമമായ ഉദാഹരണമാകുന്നു.

“ദ്യുമണിതന്റെ രശ്മിപോലുമങ്ങണയാതെ
ഹിമവാൻതന്റെ തെക്കേപ്പുറത്തെപ്പെരുങ്കാട്ടിൽ
പെരികേ രസംപൂണ്ടു കളിച്ചു മരുവിനാൻ
ഗിരിശൃംഗങ്ങൾതോറുമതികൗതുകത്തോടെ,
കരിണീയുഗമധ്യഗതനായ് മദിച്ചോരു
കരിവീരനെപ്പോലെ മദനവിവശനായ്
കരിണീഗമനമാരാകിയ ഭാര്യമാരാം
തരുണീമണികളാം കുന്തിയും മാദ്രിതാനും
സരസീരുഹശരസമനാം കാന്തൻതന്നെ
ശ്ശരതൂണീരകരാളോജ്ജ്വലൽകരവാള
ധരനായ്ശ്ശരാസനകരനായ്ക്കാണുംതോറും
സരസീരുഹശരനികരപരവശ
തരമാനസമാരായ് മരുവീടിനനേരം
… … …
കരടിക്കുലം തമ്മിൽക്കടിച്ചു കളിപ്പതും
കരിണികളെപ്പൂണ്ടു കരികൾ പുളയ്പതും
കിടികൾ പിടികളെപ്പിടിച്ചു പുല്കുന്നതും
പിടകളോടു ചേർന്നു പക്ഷികൾ കളിപ്പതും
കണ്ടു കൗതുകംപൂണ്ടു കണ്ടിവാർകുഴലികൾ
കണ്ഠാശ്ലേഷവും ചെയ്തു കാന്തനും തങ്ങളുമായ്
കണ്ട കാനനംതോറും രമിച്ചുവസിക്കയും
തണ്ടാർബാണനുമതു കണ്ടേറ്റം ഹസിക്കയും
മാകന്ദമകരന്ദബിന്ദുപാനവും ചെയ്തു
കൂകുന്ന പികകുലപഞ്ചമം കേട്ടുകേട്ടും
വണ്ടുകൾ മധുപാനംചെയ്തു മത്തതപൂണ്ടു
കൊണ്ടാടി മുരണ്ടുടൻ കണ്ട പുഷ്പങ്ങൾതോറും
കുണ്ഠഭാവവും നീക്കിസ്സംഭ്രമിച്ചീടുന്നതും
കണ്ടൊരാനന്ദംപൂണ്ടൊരധരപാനം ചെയ്തും
മന്മഥലീലകൊണ്ടു കണ്‍മുന ചാമ്പിച്ചാമ്പി
സ്സമ്മോദം വളർന്നുള്ളിൽസ്സമ്മോഹം പെരുകിയും
വന്മലമുകളേറി നിർമ്മലശിലാതലേ
നന്മലർമെത്തതന്മേലുന്മേഷംപൂണ്ടു വാണും” ഇത്യാദി
കരുണത്തിനു സുപ്രസിദ്ധമായ ഗാന്ധാരീവിലാപം പരമനിദർശനമായി നിലകൊള്ളുന്നു. “കണ്ടീലയോ നീ മുകുന്ദ! ധരണിയിലുണ്ടായ മന്നരിൽ മുഖ്യൻ ഭഗദത്തൻ” എന്നു തുടങ്ങി.

“വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശ്ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ
ചൊല്ലെഴുമർജ്ജുനൻ തന്റെ തിരുമകൻ
വല്ലവീവല്ലഭ! നിന്റെ മരുമകൻ
കൊല്ലാതെ കൊള്ളാഞ്ഞതെന്തവൻതന്നെ നീ?
കൊല്ലിക്കയത്രേ നിനക്കു രസമെടോ” എന്നും,
“അയ്യോ! പുനരതിനങ്ങേപ്പുറത്തതാ
മെയ്യഴുകുള്ള ദുശ്ശാസനനെൻമകൻ
മാരുതി കീറിപ്പിളർന്നു കുടിച്ചൊരു
മാറിടം കണ്ടാൽപ്പൊറുക്കുമോ പൈതലേ?
നീയെന്തിവണ്ണമെൻ മാധവ! കാട്ടുവാൻ
തീയിതാ കത്തുന്നിതെന്നുള്ളിലീശ്വരാ
മാറുമോ കണ്ണുനീരിന്നെനിക്കുണ്ടായ
താറുമോ ശോകമെൻമാനസേ ഗോപതേ?”
എന്നും മറ്റുമുള്ള ഭാഗങ്ങളിൽ ഓരോ പടവുയർന്നുയർന്നു്,

“ഉണ്ണീ മകനേ ദുരിയോധന! തവ
പൊന്നിൻകിരീടവും ഭൂഷണജാലവും
ഉമ്പർകോനൊത്തൊരു വൻപും പ്രതാപവും
ഗംഭീരമായൊരു ഭാവവും ഭംഗിയും
ഇട്ടും കളഞ്ഞുടനെന്നെയുമെത്രയു
മിഷ്ടനായീടും പിതാവിനെത്തന്നെയും
പെട്ടെന്നുപേക്ഷിച്ചു പോയ്ക്കൊണ്ടതെന്തു നീ
പൊട്ടുന്നിതെന്മനം കണ്ടിതെല്ലാമഹോ.
പട്ടുകിടക്കമേലേ കിടക്കുന്ന നീ
പട്ടുകിടക്കുമാറായിതോ ചോരയിൽ?
പുഷ്ടകോപത്തോടു മാരുതി തച്ചുടൻ
പൊട്ടിച്ചു കാലുമൊടിച്ചു കൊന്നിങ്ങനെ
കണ്ടുകൂടായെനിക്കെന്നു ഗാന്ധാരിയും
മണ്ടിനാൾ വീണാളുരുണ്ടാൾ തെരുതെരെ,
പിന്നെ മോഹിച്ചാളുണർന്നാൾ പൊടുക്കനെ
ഖിന്നതപൂണ്ടു കരഞ്ഞവൾ ചൊല്ലിനാൾ”
എന്നവസാനിക്കുന്ന ആ പരിദേവനം ഹൃദയമുള്ളവർക്കു കണ്ണുനീർവാർക്കാതെയും തൊണ്ടയിടറാതെയും വായിക്കുവാൻ സാധ്യമല്ല. ഖാണ്ഡവദാഹഘട്ടത്തിൽ ജരിതയെന്ന ശാർങ് ഗപക്ഷിയും അതിന്റെ ശിശുക്കളും തമ്മിലുള്ള സംവാദവും അത്യന്തം കരുണമയമാണു്:

കരഞ്ഞുതുടങ്ങിനാൾ ജരിതതാനുമപ്പോൾ
നിർഘൃണനായ പിതാവിവറ്റെയുപേക്ഷിച്ചാൻ,
ദുഃഖിക്കുമാറായി ഞാൻ പൈതങ്ങളിവരോടും,
പറക്കപ്പോകായ്കയും വന്നിതു ബാലന്മാർക്കു,
നിരക്കെപ്പിടിപെട്ടു വനത്തിലഗ്നിതാനും.
ഞാനിനിയിവറ്റെ—എന്തോർത്തതെൻ തമ്പുരാനേ!
കാനനത്തിങ്കലഗ്നിപിടിച്ചു നാലുപാടും.
ഇങ്ങനെ കരയുമ്പോൾ പൈതങ്ങളുരചെയ്താ
രെങ്ങാനും പോയ്ക്കൊൾകമ്മേ! നീകൂടെ മരിയ്ക്കേണ്ട.
ഞങ്ങൾ ചാകിലോ പിന്നെപ്പെറ്റു സന്തതിയുണ്ടാ
മെങ്ങനെയുണ്ടാകുന്നു നീകൂടെ മരിക്കിലോ?
ഞങ്ങളെ സ്നേഹിച്ചു നീ സന്താനം മുടിക്കേണ്ടാ
മംഗലം വന്നുകൂടും പിന്നെയുമെന്നേ വരൂ.
അല്ലായ്കിൽത്താതൻ ചെയ്തതൊക്കെ നിഷ്ഫലമല്ലോ.
നല്ല ലോകങ്ങൾ കിട്ടാ താതനെന്നതും വരും.
എന്നതു കേട്ടു പറഞ്ഞീടിനാൾ ജരിതയു
മെന്നുടെ പൈതങ്ങളേ! നിങ്ങളുമൊന്നു വേണം.
ഇക്കണ്ട മരത്തിൻകീഴുണ്ടെലിമടയതിൽ
പ്പൂക്കുകൊള്ളുവിൻ നിങ്ങളെന്നാൽ ഞാനൊന്നുചെയ്വൻ
പൂഴികൊണ്ടതിൻമൂഖം മൂടിവയ്ക്കയും ചെയ്യാ
മൂഴിതൻതാഴെത്തീയും തട്ടുകയില്ലയല്ലോ.
കീഴേ പോയ്ക്കിടന്നുകൊണ്ടീടുവിൻ, തീയാറിയാൽ
പൂഴിയും നീക്കിക്കൊണ്ടുപോന്നുകൊള്ളുവനല്ലോ.
പൈതങ്ങളതു കേട്ടു മാതാവോടുരചെയ്താർ;
പൈദാഹത്തോടു മേവുമെലിയുണ്ടതിലമ്മേ!
പറപ്പാൻ ചിറകില്ല നടപ്പാനില്ല കാലു
മിറച്ചി കണ്ടാലെലി പിടിച്ചു തിന്നുമല്ലോ.
ജന്തുക്കൾ ഭക്ഷിച്ചിട്ടു മരിക്കുന്നതിനെക്കാൾ
വെന്തുചാകുന്നതത്രേ ഗതിയെന്നറിഞ്ഞാലും.
ഭർത്താവുതന്നെ പ്രാപിച്ചുത്തമന്മാരായുള്ള
പുത്രന്മാരെയും ലഭിച്ചീടുക മാതാവേ! നീ.
എന്നതു കേട്ടനേരം വന്നൊരു ശോകത്തോടേ
തന്നുടെ പൈതങ്ങളെ നോക്കിയും കരഞ്ഞിട്ടും
പിന്നെത്താൻ പറക്കയും മറിഞ്ഞു നോക്കുകയു
മെന്നുടെ കർമ്മമെന്നു കല്പിച്ചു പോയാളവൾ.”
എഴുത്തച്ഛനല്ലാതെ മറ്റൊരു കവിക്കു് ഈ പ്രതിപാദനം സുകരമാണെന്നു തോന്നുന്നില്ല. പക്ഷികളുടെ സംഭാഷണം തന്നെയാണെന്നു് അനുവാചകന്മാർക്കു തോന്നത്തക്കവിധത്തിൽ ഭാഷ ഇവിടെ കവി അത്രമാത്രം കോമളമാക്കിയിരിക്കുന്നതു പ്രത്യേകം ശ്രദ്ധേയമാണു്.

രൗദ്രരസത്തിനു ദുശ്ശാസനവധത്തെത്തന്നെ പ്രഥമോദാഹരണമായി സ്വീകരിക്കാം:

“ചുവട്ടിൽ മാറിനിന്നടി രണ്ടും വാരി
ച്ചുവട്ടിലാക്കി മേൽക്കരയേറിക്കര
മമർത്തു നന്നായിച്ചവിട്ടിനിന്നുകൊ
ണ്ടമർത്ത്യമർത്ത്യന്മാർ പലരും കാണവേ
ചളിപ്പു കൈവിട്ടങ്ങെടുത്തു കൈവാളാൽ
പ്പൊളിച്ചു മാറിടം നഖങ്ങളെക്കൊണ്ടു
പൊടുപൊടെപ്പൊടിച്ചുടനുടനുടൻ
ചുടുചുടെത്തിളച്ചരുവിയാർപോലെ
തുടുതുട വന്ന രുധിരപൂരത്തെ-
ക്കുടുകുടെകുഒടിച്ചലറിച്ചാടിയും
പെരുവെള്ളംപോലെ വരുന്ന ശോണിത
മൊരു തുള്ളിപോലും പുറത്തു പോകാതെ
കവിണ്ണു നന്നായിക്കിടന്നുകൊണ്ടുടൻ
കവിൾത്തടം നന്നായ് നിറച്ചിറക്കിയും”
എന്ന ഭീമസേനചിത്രണം ഏറ്റവും ഭയങ്കരമായിട്ടുണ്ടു്. വർണ്ണനത്തിൽ എഴുത്തച്ഛനെപ്പോലെ വൈദഗ്ദ്ധ്യം മറ്റൊരു കവിയും പ്രദർശിപ്പിച്ചിട്ടില്ലെന്നുള്ളതു സർവസമ്മതമാണു്. വിസ്തരഭീതി നിമിത്തം ഇതരരസങ്ങൾക്കു് ഉദാഹരണങ്ങൾ ഉദ്ധരിക്കുന്നില്ല. എങ്കിലും ആചാര്യന്റെ ഭക്തിപാരവശ്യത്തെപ്പറ്റി അല്പമൊന്നു പറയാതെ അപ്പുറത്തേയ്ക്കു കടന്നാൽ അതൊരു മഹാപാപമായിത്തീരുന്നതാണു്. അധ്യാത്മരാമായണത്തിൽ ശ്രീരാമൻ എങ്ങനെയോ അതുപോലെയോ അതിലധികമോ ഭാരതത്തിൽ ശ്രീകൃഷ്ണൻ അദ്ദേഹത്തിനു പ്രാണനിലും പ്രാണനാണു്. പൗലോമത്തിൽ ഭാരതകഥ സംഗ്രഹിക്കുന്ന അവസരത്തിൽപ്പോലും,

“ഇന്ദുശേഖരവന്ദ്യനിന്ദുബിംബാസ്യാംബുജ
നിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതൻ പരൻ
ഇന്ദിരാവരൻ നന്ദനന്ദനൻ നാരായണൻ
ചന്ദ്രികാമന്ദസ്മിതസുന്ദരൻ ദാമോദരൻ”
എന്നൊരു ദീർഗ്ഘമായ ശ്രീകൃഷ്ണവർണ്ണനം അദ്ദേഹം ഇടയ്ക്കിടയ്ക്കു ചേർക്കുന്നുണ്ടു്. കർണ്ണപർവത്തിലെ വിശ്വമോഹനമായ

“നിറന്ന പീലികൾ നിരക്കവേ കുത്തി
നിറുകയിൽക്കൂട്ടിത്തിറമൊടു കെട്ടി
കരിമുകിലൊത്ത ചികുരഭാരവും
മണികൾ മിന്നിടും മണിക്കിരീടവും
കുനുകുനെച്ചിന്നും കുറുനിര തന്മേൽ
നനുനനെപ്പൊടിഞ്ഞൊരു പൊടി പറ്റി
ത്തിലകവുമൊട്ടു വിയർപ്പിനാൽ നന
ഞ്ഞുലകു സൃഷ്ടിച്ചു ഭരിച്ചു സംഹരി
ച്ചിളകുന്ന ചില്ലീയുഗളഭംഗിയും
… … …
പദസരോരുഹയുഗവുമെന്നുടെ
ഹൃദയംതന്നിലങ്ങിരിക്കുംപോലെയ
മ്മണിരഥംതന്നിലകം കുളുർക്കവേ
മണിവർണ്ണൻതന്നെത്തെളിഞ്ഞു കണ്ടു ഞാൻ
വിളയാടീടണം വിജയനുമായി
ട്ടിളകാതേ നിന്നു കുറഞ്ഞോരു നേരം.”
എന്ന പ്രാർത്ഥന ആരെയാണു് കോൾമയിർക്കൊള്ളിക്കാത്തതു്? ഏതു ഭഗവൽസ്തുതിയിലും അദ്ദേഹം പ്രായേണ തന്നെപ്പറ്റി പരാമർശിക്കുന്നതു പതിവാകുന്നു. അധ്യാത്മരാമായണത്തിൽ മഹാവിഷ്ണുവിനെ സ്തുതിക്കുമ്പോൾ

“മരണമോർത്തു മമ മനസി പരിതാപം
കരുണാമൃതസിന്ധോ! പെരികെ വളരുന്നു;
മരണകാലേ തവ തരുണാരുണസമ
ചരണസരസിജസ്മരണമുണ്ടാവാനായ്
തരിക വരം നാഥ! കരുണാകര പോറ്റീ!
ശരണം ദേവ! രമാരമണ! ധരാപതേ!”
എന്നു ബ്രഹ്മാവിനെക്കൊണ്ടു ചെയ്യിക്കുന്ന പ്രാർത്ഥന കവിയുടേതു തന്നെയാണെന്നു പറയേണ്ടതില്ലല്ലോ.

30.20ദേവീമാഹാത്മ്യം

“രാമാനാമാചാര്യനുമാവോളം തുണയ്ക്കണം” എന്ന ഗുരുവന്ദനയുള്ള ഈ കൃതി എഴുത്തച്ഛന്റേതാണെന്നുള്ളതിനെപ്പറ്റി സംശയിക്കുവാനില്ല. ഭാഷയും ആ കാലത്തേതുതന്നെയാണെന്നു സ്പഷ്ടമായിക്കാണാവുന്നതാണു്. ‘സംഹാരം ചെയ്വാനായേ’ ‘വഴിയേ ചെയ്തേൻ’ ‘അല്ലൽപെടുത്തങ്ങു്’ ‘അർദ്ധനിഷ്ക്രാന്തനായേ’ ‘സന്ധ്യകൾ തേജസ്സിനാൽ’ (സന്ധ്യകളുടെ) മുതലായ പ്രയോഗങ്ങൾ നോക്കുക. ദേവീമാഹാത്മ്യം മാർക്കാണ്ഡേയപുരാണാന്തർഗ്ഗതമായ ഒരു ഉപാഖ്യാനമാണു്. അതിൽ ആ ഉപാഖ്യാനം പ്രക്ഷിപ്തമാണെന്നു് അനുമാനിക്കുവാൻ ന്യായമുണ്ടു്. ദേവീമാഹാത്മ്യത്തിൽ പതിനെട്ടധ്യായങ്ങളുണ്ടെന്നാണു് വയ്പെങ്കിലും ഒടുവിലത്തെ അഞ്ചധ്യായങ്ങൾ മുദ്രിതങ്ങളായ പുസ്തകങ്ങൾ ഒന്നിലും കാണുന്നില്ല. അച്ചടിപ്പിച്ചിട്ടുള്ള വംഗീയപാഠത്തിലും ദാക്ഷിണാത്യപാഠത്തിലും പതിമ്മൂന്നധ്യായങ്ങളേയുള്ളു. ‘ഏവം ദേവ്യാ വരം ലബ്ധ്വാ സുരഥഃ ക്ഷത്രിയർഷഭഃ സൂര്യാജ്ജന്മ സമാസാദ്യ സാവർണ്ണിർഭവിതാ മനുഃ’ എന്ന ശ്ലോകത്തോടു കൂടി പതിമ്മൂന്നാമധ്യായം അവസാനിക്കുന്നു. ആ പതിമ്മൂന്നധ്യായങ്ങൾതന്നേയാണു് എഴുത്തച്ഛനും ഭാഷാന്തരീകരിച്ചിരിക്കുന്നതു്. “ഇന്നുമഞ്ചധ്യായമുള്ളതു ചൊല്ലുവാനില്ലയെന്നു ചൊന്നാൾ കിളിപ്പൈതലും” എന്നൊരു വാക്യം ഒടുവിൽ കാണുന്നുണ്ടെങ്കിലും അതനുസരിച്ചു് ആ അധ്യായപഞ്ചകം അദ്ദേഹം കിളിയെക്കൊണ്ടു പറയിച്ചിട്ടില്ല. അതിലെ വിഷയം പൂജാകല്പമാണു്.

ദേവീമാഹാത്മ്യത്തിന്റെ പഴയ ഭാഷാഗദ്യവ്യാഖ്യയിലും പതിമ്മൂന്നധ്യായങ്ങളെ മാത്രമേ സ്പർശിച്ചിട്ടുള്ളു. എന്നാൽ അവയ്ക്കപ്പുറമുള്ള അഞ്ചധ്യായങ്ങൾക്കു മറ്റൊരു പണ്ഡിതൻ ഭാഷാഗദ്യത്തിൽ ഒരു വിവർത്തനം നിർമ്മിച്ചു കാണുന്നുണ്ടു്. അതിനും കുറെയെല്ലാം പഴക്കമുണ്ടു്. പ്രക്ഷിപ്തത്തിൽ പ്രക്ഷിപ്തമായ ആ ഭാഗത്തിൽനിന്നു ചില പങ്ക്തികൾ ഉദ്ധരിക്കാം: “പതിമ്മൂന്നധ്യായവും കേട്ടുകഴിഞ്ഞതിന്റെ ശേഷം സുരഥനാകുന്ന രാജാവു ചോദിക്കുന്നു. ഭഗവാനായുള്ളോവേ! നിന്തിരുവടി ചണ്ഡികാദേവിയുടെ അവതാരങ്ങളെല്ലാം അരുളിച്ചെയ്തുവല്ലോ. ഇനിയും അവതാരമൂർത്തികളുടെ പ്രകൃതിയേയും ഉള്ളവണ്ണം അരുളിച്ചെയ്യണം. ഇങ്ങനെ രാജാവിന്റെ ചോദ്യത്തെക്കേട്ടു സുമേധസ്സാകുന്ന മഹർഷി അതിത്തരമരുളിച്ചെയ്യുന്നു. ഇതു് എത്രയും പരമരഹസ്യമായി എത്രയും ഉൽകൃഷ്ടമായിരിപ്പോന്നു്, ഇതു് ആരോടും പറയേണ്ടൊരു വസ്തുവല്ല. നീയോ പിന്നെ എത്രയും ഭക്തനല്ലോ; നിന്നോടൊന്നും പറയരുതാതെയില്ലയല്ലോ; അതുകൊണ്ടു് നിനക്കുപദേശിക്കുന്നു. എങ്കിൽ ഇവയെല്ലാറ്റിനും ആദിഭൂതയായിരിക്കുന്ന മഹാലക്ഷ്മി ത്രിഗുണങ്ങളോടും ലക്ഷ്യാലക്ഷ്യസ്വരൂപയായി സകലപ്രപഞ്ചത്തിലും വ്യാപ്തയായ അവസ്ഥിതിയോടും കൂടിയിരുപ്പോരുത്തി.”

പ്രസക്താനുപ്രസക്തമായ ഈ പ്രസ്താവന നില്ക്കട്ടെ. ദേവീമാഹാത്മ്യം കിളിപ്പാട്ടിൽ സ്തോത്രങ്ങളുടെ ഭാഷാനുവാദം ശ്ലാഘ്യമാണെന്നു പറവാനില്ലെങ്കിലും മറ്റു ഭാഗങ്ങൾ അനവദ്യങ്ങളാണു്. ആകെക്കൂടി നോക്കുമ്പോൾ എഴുത്തച്ഛന്റെ ഒരു ബാലകൃതിയായിരിക്കാം ഈ വാങ്മയം എന്നു തോന്നുന്നു. ആദ്യത്തെ മൂന്നധ്യായങ്ങൾ കേകയിലും പിന്നീടുള്ള പത്തധ്യായങ്ങൾ കാകളിയിലും നിബന്ധിച്ചിരിക്കുന്നു. ഒരു ഭാഗം ഉദ്ധരിക്കാം:

“സർവജന്തുക്കൾക്കുമുണ്ടോർക്കുമ്പോൾ ജ്ഞാനം പുന
രവ്വണ്ണമുള്ളിൽ ജ്ഞാനം മാനുഷർക്കില്ല നൂനം.
വെവ്വേറെ ജന്തുക്കൾക്കു വിഷയങ്ങളുമുണ്ടു;
ദുർവാരമതു മഹാജ്ഞാനികളാലുമോർത്താൽ.
കേചിൽ പ്രാണികൾ ദിവാന്ധങ്ങളായുള്ളൂ ഭുവി;
കേചിൽ പ്രാണികളെല്ലാം രാത്രിയിലന്ധങ്ങളാം;
തുല്യദൃഷ്ടികൾ മനുജന്മാരെന്നല്ലോ ചൊൽവൂ;
സത്യമല്ലതു നിരൂപിച്ചാൽക്കേവലം ജ്ഞാനം
ചിത്തത്തിൽപ്പശുപക്ഷിമൃഗജാതികൾക്കത്രേ;
പക്ഷികൾ മുട്ടയിട്ടു പട്ടിണിയിട്ടു കിട
ന്നൊക്കവേ കൊത്തിപ്പിരിച്ചരികെച്ചേർത്തുകൊണ്ടു
പക്ഷങ്ങൾതോറും വച്ചു വളർത്തു ദിനംതോറും
ഭക്ഷിപ്പാൻ കൊക്കിൽക്കൊത്തിക്കൊണ്ടന്നു കൊടുത്തുടൻ
നാൾതോറും പറക്കയും പഠിച്ചു വളർത്തിയാ
ലേതുമേ മമത്വമില്ലവറ്റിലൊട്ടും പിന്നെ,
മർത്ത്യന്മാർ പുത്രന്മാരിൽ പ്രത്യുപകാരം ചിന്തി
ച്ചെത്രയും മോഹിക്കുന്നോരജ്ഞാനം നിമിത്തമായ്.”

30.21ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു്

കർത്തൃത്വം
ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു് തുഞ്ചത്താചാര്യന്റെ പ്രഥമ ശിഷ്യനായ കരുണാകരനെഴുത്തച്ഛന്റെ കൃതിയാണെന്നു ചിലർ പറയാറുണ്ടു്. അതിനെപ്പറ്റി ഗാഢമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഗ്രന്ഥത്തിന്റെ അവസാനത്തിൽ കവി

“ധാത്രീദേവേന്ദ്രശ്രേഷ്ഠനാകിയ തപോനിധി
നേത്രനാരായണൻതന്നാജ്ഞയാ വിരചിതം
രാമഭക്താഢ്യനായ രാമശിഷ്യനാലിദം
സോമനാം കുണ്ഡപുരാധീശൻതന്നനുഗ്രഹാൽ
ബ്രാഹ്മണശ്രീപാദപാംസുക്കൾക്കു നമസ്കാരം
ബ്രാഹ്മണഭക്തി മമ വർദ്ധിച്ചുവരേണമേ”
എന്ന വരികളിൽ അതിന്റെ കാരയിതാവിനെപ്പറ്റി പ്രസ്താവിക്കുന്നുണ്ടല്ലോ. ‘നേത്രനാരായണൻ’ എന്നതു് ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരുടെ മാറാപ്പേരാകുന്നു. ‘സോമനാം കുണ്ഡപുരാധീശൻ’ എന്നതു തൃക്കണ്ടിയൂർക്ഷേത്രത്തിലെ ദേവനായ ശ്രീപരമേശ്വരനാണെന്നുള്ളതും നിസ്തർക്കമാണു്. ‘രാമഭക്താഢ്യനായ രാമശിഷ്യനാൽ’ എന്നുള്ളതിനു രാമഭക്തശ്രേഷ്ഠനായ രാമന്റെ ശിഷ്യൻ എന്നും, രാമഭക്തനും രാമന്റെ ശിഷ്യനുമായ ഗ്രന്ഥകാരൻ എന്നും അർത്ഥം ഗ്രഹിക്കാം. ആദ്യത്തേതാണു് അർത്ഥമെങ്കിൽ അധ്യാത്മരാമായണകർത്താവായ രാമനാണു് പ്രണേതാവിന്റെ ഗുരുവെന്നും തദനുരോധേന പ്രണേതാവു കരുണാകരനെഴുത്തച്ഛനാണെന്നും ഊഹിക്കാം. പ്രത്യുത രണ്ടാമത്തെ അർത്ഥമാണു് സ്വീകാര്യമെങ്കിൽ രാമന്റെ ശിഷ്യനും രാമഭക്താഢ്യനുമായ തുഞ്ചത്തെഴുത്തച്ഛൻതന്നെയാണു് ബ്രഹ്മാണ്ഡപുരാണത്തിന്റെയും രചയിതാവെന്നു വന്നു കൂടുന്നു. ബ്രഹ്മാണ്ഡപുരാണത്തിനു ശ്രീരാമകഥയുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ല; എന്നിട്ടും കവി ആ ഗ്രന്ഥത്തിന്റെ ആരംഭത്തിൽ

“ശ്രീരാമ! രാമചന്ദ്ര! ശ്രീരാമ! രഘുപതേ!
ശ്രീരാമ! രാമഭദ്ര! സീതാഭിരാമ! രാമ!
ശ്രീരാമ! രാമ! രാമ! ലോകാഭിരാമ ജയ!”
എന്നു് ഇഷ്ടദേവതാപ്രാർത്ഥന ചെയ്യുന്നു. ഇതിൽനിന്നു ബ്രഹ്മാണ്ഡപുരാണകാരൻതന്നെയാണു് രാമഭക്താഢ്യൻ എന്നു് അനുമാനിക്കുന്നതിൽ അപാകം കാണുന്നില്ല. അങ്ങനെ വരുമ്പോൾ തുഞ്ചത്തെഴുത്തച്ഛനെത്തന്നെയാണു് പ്രസ്തുത കൃതിയുടേയും കർത്താവായി കല്പിക്കേണ്ടതു്. വിമർശകാഗ്രണിയായ പി. കെ. നാരായണപിള്ളയുടെ അഭിപ്രായവും അതുതന്നെയാകുന്നു. “നിന്തിരുവടി തിരുവുള്ളത്തിലേറാതെകണ്ടെന്തൊരു വസ്തു ലോകത്തിലുള്ളതു പോറ്റി” മുതലായി ചില വരികൾ അദ്ധ്യാത്മരാമായണത്തിലും ബ്രഹ്മാണ്ഡപുരാണത്തിലും ചിലപ്പോൾ ഏകരൂപമായും മറ്റു ചിലപ്പോൾ ഈഷദ്വ്യത്യാസത്തോടുകൂടിയും കാണുന്നുണ്ടു്. ഭാഷ എഴുത്തച്ഛന്റെ കാലത്തേതുതന്നെയാണു് എന്നുള്ളതിനു (1) ചേല്ക്കണ്ണാൾ, (2) മടിക്കുന്നില്ലേതും ഞാനോ, (3) മന്നവരനുഷ്ഠാനം, (4) മൂർച്ഛിതനായേ, (5) ഗുരുഭൂതന്മാരെ വന്ദിപ്പാനായേ, (6) എവിടത്തു, (7) ചൊല്ലവല്ലേൻ, (8) കാണായതാരായ്വരൂ, (9) അതിൽക്കാളും, (10) ദുർന്നിമിത്തങ്ങൾ പല, (11) ഊടേചിന്തിച്ചു, (12) ഞങ്ങളിരുന്നു ഞായം മുന്നം തുടങ്ങിയ പ്രയോഗങ്ങൾ സാക്ഷ്യം വഹിക്കുന്നു. പക്ഷേ ഈ തെളിവുകൊണ്ടു മാത്രം ഗുരുവിനെ വിട്ടു ശിഷ്യനിലോ മറിച്ചോ കർത്തൃത്വം ആരോപിക്കുവാൻ നിർവ്വാഹമില്ല. എന്നാൽ കവിതാരീതി നോക്കിയാൽ ബ്രഹ്മാണ്ഡപുരാണത്തിനു തുഞ്ചന്റെ കൃതിയാകുവാൻതക്ക സ്വരൂപയോഗ്യതയുണ്ടെന്നുതന്നെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. തൊണ്ണൂറ്റൊൻപതധ്യായങ്ങൾ സംഗ്രഹിക്കേണ്ടതുകൊണ്ടു വർണ്ണനത്തിനുള്ള സൗകര്യം കവിക്കു വളരെ വിരളമാണു്. എങ്കിലും പല ഘട്ടങ്ങളിലും അദ്ദേഹം താൻ ഒരു വശ്യവചസ്സാണെന്നു തന്റെ വിശിഷ്ടമായ വാഗ്ദ്ധോരണിയാൽ പ്രഖ്യാപനം ചെയ്യുന്നുണ്ടു്. “ജളത്വമുള്ള ജനം മഹത്ത്വമറികയില്ലളർക്കമറിയുമോ നരസിംഹത്തിൻ ബലം?” “കാല്ക്കൽ വീഴ്കയും കണ്ണിലശ്രുക്കൾ പൊഴികയും വീർക്കയും വിയർക്കയും കോൾമയിർകൊള്ളുകയും” “ദുസ്ത്യജയല്ലോനൂനം പ്രകൃതി വിദ്വാന്മാർക്കും” എന്നിങ്ങനെയുള്ള വരികളിൽ മാത്രമല്ല അദ്ദേഹത്തിന്റെ കവനകലാപാടവം പ്രത്യക്ഷീഭവിക്കുന്നതു്. ദത്താത്രേയൻ കാർത്തവീര്യാർജ്ജുനനു നല്കുന്ന ജ്ഞാനോപദേശം, ചന്ദ്രഗുപ്തന്റെ ജമദഗ്ന്യാശ്രമവർണ്ണനം മുതലായ ഘട്ടങ്ങളിൽ നാം കേൾക്കുന്നതു സാക്ഷാൽ ഗുരുനാഥന്റെ ശബ്ദംതന്നെയാണു്. ശ്രീപരശുരാമനും കാർത്തവീര്യന്റെ സേനയും തമ്മിലുള്ള യുദ്ധം കവി പ്രപഞ്ചനം ചെയ്യുന്നതിൽനിന്നു് ഒരു ഭാഗം ഇവിടെ പകർത്താം:

“ഭൂതലം പൊടിഞ്ഞുപൊങ്ങീടിന പൊടികൊണ്ടു
രോദസി മറഞ്ഞിതു കണ്ടുനിന്നവർകളും.
കല്പാന്തലയമകാലപ്രാപ്തമായിതെന്നു
കല്പിച്ചു നഭസ്ഥന്മാരുൽഭ്രാന്തന്മാരായ് വന്നു.
അഗ്നിലോചനൻ ജഗത്സംഹാരത്തിനു ജമ
ദഗ്നിനന്ദനനായ് വന്നീടിനാനെന്നു നൂനം.
കുണ്ഡലോഷ്ണീഷകിരീടാദികളോടും നൃപ
മുണ്ഡങ്ങൾ നിശിതബാണങ്ങളാൽ തെരുതെരെ
ഖണ്ഡിച്ചു വസുമതീമണ്ഡലത്തിനു ബഹു
മണ്ഡനവിശേഷങ്ങൾ നല്കിനാൽ ഭൃഗുശ്രേഷ്ഠൻ.
ഉത്ഥായോത്ഥായ ദ്രുതം നൃത്തവുമാടീടുന്നു
മത്തങ്ങളായേ നിന്നു പൃഥ്വിയിൽക്കബന്ധങ്ങൾ.
കുണ്ഡലാംഗദച്ഛത്രചാമരഹാരസ്വർണ്ണ
ദണ്ഡതോരണപതാകാവ്യജനങ്ങൾകൊണ്ടും
അങ്കുശകശാവലനാദികൾകൊണ്ടും സമ
രാങ്കണമലങ്കരിച്ചീടിനാൻ ഭൃഗുപതി.
ചർമ്മവർമ്മാദിഗദാചാപശസ്ത്രാദികളാൽ
നിർമ്മലാഭരണങ്ങൾ ധരിച്ചു രണാങ്കണം.
ക്ഷത്രവാഹിനിയൊക്കെ മുറിഞ്ഞു ധരണിയും
രക്തവാഹിനികളാൽ നിറഞ്ഞു ചിത്രം ചിത്രം.
ഹസ്ത്യശ്വമർത്ത്യഭവരക്തവാഹിനികളിൽ
ഹസ്തിഗ്രാഹങ്ങളുണ്ടു മാംസപങ്കവുമുണ്ടു,
ശസ്ത്രമീനങ്ങളുണ്ടു തുരഗോഡുപങ്ങളും
മർത്ത്യമസ്തകമായ പാഷാണങ്ങളുമുണ്ടു,
ഹസ്തിവൃന്ദോത്തമാംഗകച്ഛപങ്ങളുമുണ്ടു,
മർത്ത്യകേശങ്ങളായ ശൈവാലപൂരമുണ്ടു,
ശ്വേതചാമരമായ ഫേനപിണ്ഡങ്ങളുണ്ടു,
നൂതനച്ഛത്രമയഹംസപംക്തിയുമുണ്ടു,
തുരംഗശവമയഗ്രാഹങ്ങളുണ്ടു, ധനു
സ്തരംഗങ്ങളുമുണ്ടു രത്നവാലുകകളും.
രക്തപായികളായ മാംസഭോജികളെല്ലാം
നൃത്തമാടീടുകയുമലറിക്കളിക്കയും
ബാണങ്ങളേറ്റു മരിച്ചൊട്ടു ശേഷിച്ച സൈന്യം
പ്രാണത്രാണൈകപരായണന്മാരായോടിയും
… … …
പ്രേതഗുഹ്യകപിശാചാദിരാക്ഷസഗണം
പീതശോണിതങ്ങളാം ഡാകിനീഗണങ്ങളും
കങ്കഗൃധ്രശ്വാപദഗോമായുശ്യേനവൃകാ
ദ്യങ്കിതമായ സമരാങ്കണം ഭയപ്രദം.”
ഈ കവിതയ്ക്കു് അധ്യാത്മരാമായണത്തിന്റെ മെച്ചമുണ്ടെന്നു ഞാൻ പറയുന്നില്ല. എന്നാൽ ആ ന്യൂനതയ്ക്കുള്ള ഒരു കാരണം മുമ്പു സൂചിപ്പിച്ചതുപോലെ കവിക്കു് ഓരോ അധ്യായവും പ്രത്യേകമായി സംക്ഷേപിക്കുവാനുണ്ടായ ആഗ്രഹമാണു്: ആ പരിപാടിക്കു് ഉത്തരവാദി പക്ഷേ തമ്പ്രാക്കളാണെന്നും വരാൻ പാടില്ലായ്കയില്ല. കേരളത്തിന്റെ ജനയിതാവും കേരളബ്രാഹ്മണരുടെ കുലദൈവതവുമാണല്ലോ ശ്രീപരശുരാമൻ. ആ മഹാത്മാവിന്റെ അപദാനങ്ങളെ ഭാഷാഗാനരൂപേണ പ്രകീർത്തനം ചെയ്യിക്കുവാൻ പണ്ഡിതാഗ്രേസരനും നീലകണ്ഠസോമയാജിയുടെ സുഹൃത്തമനുമായ അക്കാലത്തെ ആഴ്വാഞ്ചേരിത്തമ്പ്രാക്കൾക്കു് ഔത്സുക്യം സ്വാഭാവികമായി അങ്കുരിച്ചിരിക്കാവുന്നതും തന്നിമിത്തം അദ്ദേഹം അധ്യാത്മരാമായണത്തിന്റെ ഭാഷാനുവാദംമൂലം ഭാഷാ കവികളിൽ പ്രഥമഗണനീയനെന്നു പേർ സമ്പാദിച്ചു തൃക്കണ്ടിയൂരിൽ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്ന തുഞ്ചത്തെഴുത്തച്ഛനെ അതിലേക്കു നിയോഗിച്ചിരിക്കാവുന്നതുമാകുന്നു. ഉത്തരരാമായണത്തിന്നു പിൻപും മഹാഭാരതത്തിനു മുൻപും എഴുത്തച്ഛൻ പ്രസ്തുതഗാനം നിർമ്മിച്ചതായി പരിഗണിക്കാവുന്നതാണു്. ഗ്രന്ഥാവസാനത്തിൽ എഴുത്തച്ഛൻ കേരളത്തിന്റെ മഹാത്മ്യത്തെപ്പറ്റി ചില സൂചനകൾ നല്കുന്നുണ്ടെന്നുള്ളതു പ്രകൃതത്തിൽ സ്മരണീയമാകുന്നു.

“ഭൂമിദേവന്മാർക്കെല്ലാം ഭാർഗ്ഗവരാമൻ നിജ
ഭൂമിയെദ്ദാനംചെയ്താൻ പ്രായശ്ചിത്താർത്ഥമായേ.
ക്ഷത്രിയർക്കുള്ള രാജ്യമല്ലിതു നിങ്ങളെല്ലാ-
മധ്വരങ്ങളും ചെയ്തു സുഖിച്ചു വസിച്ചാലും.
ബ്രഹ്മസ്വമായ ഭൂമൌ ദുഷ്ടരാരാനും വന്നു
നിർമ്മര്യാദം ചെയ്കിലും ദേവസ്വാദികളെല്ലാം
ആക്രമിച്ചീടുന്നാകിൽ നിങ്ങളെല്ലാരുംകൂടി
പ്പാർക്കണമെന്നെ ധ്യാനിച്ചവിടെ വരുവൻ ഞാൻ.
ദുഷ്ടരെയെല്ലാമൊക്കെ നിഗ്രഹിച്ചാർത്തി തീർത്തു
ശിഷ്ടരെയെല്ലാമത്ര വച്ചു രക്ഷിച്ചീടുവിൻ.
അബ്ധിതന്നന്തർഭാഗേ മഗ്നമായ്ക്കിടന്നൊരു
സിദ്ധക്ഷേത്രങ്ങൾ പുരഗ്രാമങ്ങൾ നഗരങ്ങൾ
തീർത്ഥങ്ങളിവയെല്ലാം നീളെക്കാണായിതപ്പോൾ
ധാത്രീദേവന്മാർ സങ്കേതം വച്ചു മുന്നെപ്പോലെ
യാഗാദികർമ്മംകൊണ്ടുമാശ്രമനിഷ്ഠകൊണ്ടും
യോഗവൈഭവംകൊണ്ടും ദാനാദിധർമ്മംകൊണ്ടും
ദുഃഖങ്ങളറിയാതെ സൽകർമ്മങ്ങളും ചെയ്തു
സൗഖ്യംപൂണ്ടിരുന്നിതു ഭൂദേവപ്രവരന്മാർ.
ആത്മാനുഭാവംകൊണ്ടു ഭാർഗ്ഗവൻതന്റെ ഭൂമൌ
ഗ്രീഷ്മകാലത്തും മഴ പെയ്യുമാറാക്കിവച്ചാൻ.
ധനധാന്യാദികളാലധികം സമൃദ്ധിയു
മനുവാസരം വളർത്തീടിനാൻ ഭൃഗുപതി.
ഈ വർണ്ണനമൊന്നും മൂലത്തിലില്ല. തൃക്കണ്ടിയൂരപ്പന്റെ അനുഗ്രഹത്തെപ്പറ്റി ഗ്രന്ഥാവസാനത്തിൽ പ്രസ്താവിച്ചതു ശ്രീപരമേശ്വരൻ പരശുരാമന്റെ ഗുരുനാഥനാകകൊണ്ടാണെന്നു തോന്നുന്നു. ഗ്രന്ഥത്തിൽതന്നെ ഒന്നു രണ്ടു ശിവസ്തോത്രങ്ങളും കാണ്‍മാനുണ്ടല്ലോ.

ഭാഷാനുവാദരീതി
ബ്രഹ്മാണ്ഡപുരാണത്തിൽ ആദ്യത്തെ പതിനഞ്ചധ്യായങ്ങൾ കേകയിലും പിന്നീടുള്ള പതിനഞ്ചധ്യായങ്ങൾ കാകളിയിലും ബാക്കിയുള്ള അധ്യായങ്ങളെല്ലാം വീണ്ടും കേകയിലുമാണു് കവി തർജ്ജമചെയ്തിരിക്കുന്നതു്. ആകെക്കൂടി ദേവീമാഹാത്മ്യത്തിലെന്നപോലെ മൂന്നു വിഭാഗങ്ങളേ കാണുന്നുള്ളു. അതിനാൽ അവയെ പാദങ്ങൾ എന്നു പറയുന്നതു യുക്തമാണെന്നു തോന്നുന്നില്ല. എഴുത്തച്ഛൻ ഭദ്രദീപപ്രതിഷ്ഠാവിധി ഭാഷീകരിക്കുന്നില്ല.

“മുപ്പത്തിമൂന്നധ്യായമാദിയായഞ്ചധ്യായം
മുപ്പത്തേഴധ്യായവും കഴിഞ്ഞുകൂടുവോളം
ഭദ്രദീപാഖ്യപ്രതിഷ്ഠാവിധി സമസ്തവും
സുദ്യുമ്നൻതന്നെക്കേൾപ്പിച്ചു ………”
എന്നു പറഞ്ഞുകൊണ്ടു് അപ്പുറത്തേയ്ക്കു കടക്കുന്നു. അതുപോലെ അസിതമഹർഷി ജനകമഹാരാജാവിനു നല്കുന്ന മറ്റുപദേശങ്ങൾ തർജ്ജമ ചെയ്യുന്നുണ്ടെങ്കിലും നാല്പത്തൊൻപതു മുതൽ അൻപത്തിമൂന്നുവരെയുള്ള അഞ്ചധ്യായങ്ങളിൽ ചെയ്യുന്ന അധ്യാത്മജ്ഞാനോപദേശം വിട്ടുകളയുന്നു. ‘ഇത്യാദ്യമഞ്ചധ്യായം കൊണ്ടുടൻ ജനകനോടധ്യാത്മജ്ഞാനമുപദേശിച്ചാ ന സിതനും’ എന്നു് ആ ഘട്ടത്തെ ദൂരെനിന്നു ഒന്നു കടാക്ഷിക്കുക മാത്രമേ അദ്ദേഹം ചെയ്യുന്നുള്ളു. കാർത്തവീര്യന്റെ ജലക്രീഡയെപ്പറ്റിയുള്ള പ്രസ്താവം വരുമ്പോൾ ഋഷികല്പനായ ആ ധർമ്മാത്മാവു് “അർജ്ജുനജലക്രീഡാധ്യായമൻപത്തെട്ടാമതിന്നിജ്ജനത്തിനു പറഞ്ഞീടുവാൻ പണിയത്രേ” എന്നു് അതിൽനിന്നൊഴിയുന്നു. അദ്ദേഹത്തിന്റെ ആചാരപ്രവണതയും ഔചിത്യബോധവുമാണു് ഈ വക കാര്യങ്ങളിൽ പ്രകടീഭവിക്കുന്നതു്.

30.22സീതാവിജയം കിളിപ്പാട്ടു്

മൂലം
സീതാവിജയം കിളിപ്പാട്ടിനു ശതമുഖരാമായണമെന്നും ശതമുഖരാവണവധമെന്നുംകൂടി പേരുകളുണ്ടു്. കിളിപ്പാട്ടിൽ സീതാവിജയം എന്ന സംജ്ഞതന്നെയാണു് സ്വീകരിച്ചിരിക്കുന്നതു്. “ഇങ്ങനെ സീതാവിജയാഖ്യമാം കഥാസാരം നിങ്ങളോടൊട്ടു ചൊന്നേനെന്നാളേ കിളിമകൾ” എന്നുള്ള ഒടുവിലത്തെ വരികൾ നോക്കുക. “സന്തുഷ്ടാത്മനാ സീതാവിജയം മനോഹരം” എന്നു് ആരംഭത്തിലും പ്രസ്താവനയുണ്ടു്. മൂലം സ്കാന്ദ പുരാണാന്തർഗ്ഗതമായ വാസിഷ്ഠോത്തരരാമായണത്തിൽ പെട്ടതാണു്. ഏഴധ്യായങ്ങൾകൊണ്ടു പ്രസ്തുതോപാഖ്യാനം അതിൽ സംഗ്രഹിച്ചിരിക്കുന്നു. ദശമുഖരാവണനെക്കാൾ ബലശാലിയായ ശതമുഖരാവണനെ സീതാദേവി വധിച്ച കഥ വസിഷ്ഠ മഹർഷി ശതാനന്ദനെ പറഞ്ഞുകേൾപ്പിക്കുന്നു.

കിളിപ്പാട്ടിന്റെ കർത്താവു്
സീതാവിജയത്തിന്റെ കർത്താവു് തുഞ്ചത്തെഴുത്തച്ഛനാണെന്നു് ഐതിഹ്യമുണ്ടു്. ഭാഷാരീതി പരിശോധിച്ചാൽ അതു കൊല്ലം എട്ടാം ശതകത്തിലെ കൃതിയാണെന്നു നിർണ്ണയിക്കുവാൻ കഴിയും. ‘കേൾക്കയിൽ,’ ‘ഇടർ,’ ‘മേന്മതകും,’ ‘വാക്കുകൊണ്ടേ,’ ‘വരിഷിക്കുക’ എന്നീ പദങ്ങളും പ്രയോഗങ്ങളും നോക്കുക. ‘പൌലസ്ത്യനവനുടെ കാൽനഖത്തിനു പോരാ’, ‘ദധിജലധി ശതവദനപതനസമയേ ചെന്നു ദേവലോകത്തു വൃത്താന്തമറിയിച്ചു’ തുടങ്ങിയ ഭാഗങ്ങളിൽ അധ്യാത്മരാമായണത്തിലെ ചില വരികളുടെ പ്രതിധ്വനി കേൾക്കുന്നു. നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ കൃതിയിൽ ഒന്നും നാലും പാദങ്ങൾ കേകയിലും രണ്ടാം പാദം കാകളിയിലും മൂന്നാം പാദം കളകാഞ്ചിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. കവിത ആപാദചൂഡം മനോഹരമായിരിക്കുന്നു. അതിലെ—പ്രത്യേകിച്ചു മൂന്നാം പാദത്തിലെ—പദഘടനാപാടവത്തെ എഴുത്തച്ഛനിലല്ലാതെ മറ്റൊരു കവിയിൽ വിനിവേശിപ്പിക്കുവാൻ മാർഗ്ഗം കാണുന്നില്ല. അതുകൊണ്ടു കർത്തൃത്വത്തെപ്പറ്റി ഗ്രന്ഥത്തിൽ പ്രകടമായ സൂചനയൊന്നുമില്ലെങ്കിലും ‘ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ, ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ’ എന്നു് അധ്യാത്മരാമായണത്തിൽ നിയുക്തയായ ആ മധുരസ്വരയായ ശാരികയോടുതന്നെയാണു് “ശ്രീരാമചരിതവും പാടിസ്സഞ്ചരിക്കുന്ന ശാരികപ്പൈതലേ നീ ചൊല്ലേണമെന്നോടിപ്പോൾ” എന്ന വരികളിൽ സീതാവിജയകാരനും അപേക്ഷിക്കുന്നതെന്നു് എനിക്കു തോന്നുന്നു. കവിതയുടെ മാതൃക കാണിക്കുവാൻ മൂന്നാം പാദത്തിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം:

“നിഖിലനിശിചരശമനകരനഖിലനായകൻ
നിന്നു പരിശ്രാന്തനായ് സമരാങ്കണേ
കമലദലനയനനഥ ജനകമകൾതന്നുടേ
കൈയിൽക്കൊടുത്തിതു കാർമ്മുകവും തദാ.
മിഥിലനൃപസുതയുമഥ വാങ്ങിനാൾ ചാപവും
മേന്മതകും ബാണജാലവും തൂണിയും.
നിജരമണനികടഭുവി ജനകസുതയും തദാ
നിന്നൂ ജയലക്ഷ്മിയെന്നപോലേ മുദാ.
രഘുപതിയുമതുപൊഴുതു മൃദുഹസിതപൂർവ്വകം
രമ്യാംഗിമാനസം കണ്ടരുളിച്ചെയ്തു.
ദശവദനമതിചതുരമുരുഭയദസംഗരേ
ദണ്ഡമൊഴിഞ്ഞു ഞാൻ കൊന്നേൻ പ്രിയതമേ!
വിബുധപതിജിതമരിയ ദശമുഖതനൂജനെ
വീരനാം സൗമിത്രി കൊന്നൂ ജിതശ്രമം.
മധുതനയമമിതബലമപി ലവണനെത്തദാ
മാനിയാം ശത്രുഘ്നനും വധിച്ചീടിനാൻ.
ഗഗനചരപരിവൃഢരൊടധിരണമനന്തരം
ഗന്ധർവവീരരെക്കൊന്നു ഭരതനും.
ശതവദനനിവനവരിലധികബലനാകയാൽ
ശാരദാംഭോജവക്ത്രേ! വധിച്ചീടു നീ.
നിഹതനിവനിഹ സമരഭുവി ഭവതിയാലതു
നിശ്ചയം; യുദ്ധം തുടങ്ങു നീ വല്ലഭേ!
… … …
പവനസമജവമൊടുടനതുലവിശിഖം വന്നു
ഫാലദേശേ കൊണ്ടു രക്താഭിഷിക്തയായ്
ദശവദനരിപുമഹിഷി പുനരസഹരോഷേണ
ചേതസി ചിന്തിച്ചുറപ്പിച്ചിതാദരാൽ.
അയുതശതനവമിഹിരസമരുചി കലർന്നെഴു
മാനന്ദവിഗ്രഹമത്ഭുതവിക്രമം
തരണികുലഭവമഭവമഭയദമനാമയം
താപത്രയാപഹം സച്ചിത്സ്വരൂപിണം
ദശവദനകുലവിപിനദഹനമഖിലേശ്വരം
ദേവദേവം വിഭും കുംഭകർണ്ണാന്തകം
സലിലനിധിതരണകരചതുരമസുരാന്തകം
സായകകോദണ്ഡദോർദ്ദണ്ഡമണ്ഡിതം
ഖരശമനകരമമലമതുലബലമവ്യയം
കാരണപൂരുഷം കാമദാനപ്രിയം
മൃതിസമയഭയഹരണനിപുണചരണാംബുജം
മൃത്യുമൃത്യും പരം മർത്ത്യരൂപം ഭജേ.
തപനകുലശുചികരസുചരിതമതികോമളം
താരകബ്രഹ്മസംജ്ഞം രാമനാമകം
നിജഹൃദയകമലഭുവി നിരുപമമുറപ്പിച്ചു
നിർമ്മലം പഞ്ചവാരം ജപിച്ചീടിനാൾ.”

30.23ശ്രീമൽഭാഗവതം കിളിപ്പാട്ടു്

കർത്തൃത്വം
സംസ്കൃതത്തിൽ വിഷ്ണുഭാഗവതമെന്നും ദേവീഭാഗവതമെന്നും രണ്ടു ഭാഗവതങ്ങളുണ്ടു്. അവയിൽ അഷ്ടാദശമഹാപുരാണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതു് ഏതിനെയാണെന്നുള്ള വാദം പണ്ടുപണ്ടേയുള്ളതും ഇന്നും അവസാനിച്ചിട്ടില്ലാത്തതുമാണു്. അഷ്ടാദശപുരാണങ്ങളും ആവിർഭവിച്ചതിനുമേൽ അവയുടെ മകുടസ്ഥാനത്തിൽ വിഷ്ണുഭക്തിസംവർദ്ധകമായി ദാക്ഷിണാത്യനായ ഏതോ സിദ്ധൻ രചിച്ചു് ഉപദേശിച്ച ഒരു വിശിഷ്ടഗ്രന്ഥമാണു് ഭാഗവതം എന്നു ഞാൻ വിശ്വസിക്കുന്നു. പ്രക്ഷിപ്തങ്ങൾ നുഴഞ്ഞുകേറാത്ത ഒരു പുരാണമാണു് ഭാഗവതമെന്നുള്ളതു് അതിന്റെ മഹിമോപാധികളിൽ ഒന്നാണെന്നും നാം ഓർമ്മിക്കേണ്ടതുണ്ടു്. കൊല്ലം എട്ടാം ശതകത്തിലെ കൃതിയായ ഭാഷാവിഷ്ണുഭാഗവതത്തെപ്പറ്റിയാണല്ലോ നമുക്കു് ഇവിടെ പര്യാലോചിക്കുവാനുള്ളതു്. ആ ഗ്രന്ഥം തുഞ്ചത്തെഴുത്തച്ഛന്റെ കൃതിയാണെന്നും അല്ലെന്നും പ്രബലമായ പക്ഷാന്തരമുണ്ടു്.

പൂർവ്വപക്ഷം
ചിറ്റൂർ ഗുരുമഠത്തിൽ ഭാഗവതം വച്ചുപൂജിച്ചിരുന്നതു് 1041-ൽ ബർണ്ണൽസായിപ്പു കണ്ടതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭാഗവതം എഴുത്തച്ഛന്റെ കൃതിയാണെന്നു രൂഢമൂലമായ ജനവിശ്വാസമുണ്ടു്. ഭാഗവതത്തിലെ ഭാഷ കൊല്ലം എട്ടാം ശതകത്തിന്റെ പൂർവാർദ്ധത്തിലേതാണു് എന്നുള്ളതിനു സംശയമില്ല. ‘സർവലോകേശനായ ഭഗവദ്യശസ്സോടു’, ‘ഭഗവദ്യശോയുതമല്ലായും പ്രബന്ധങ്ങൾ’, ‘ഉളനായ ചേല്ക്കണ്ണാൾ’, ‘തേൻപോരും’, ‘പോകയിൽ’, ചെല്ലത്തുടങ്ങിനാൾ’, ‘ചോരിവാവേരി’, ‘മകളർ’ ഇങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഉദ്ധരിച്ചു് ഈ വസ്തുത തെളിയിക്കാവുന്നതാണു്. മനോഹരങ്ങളായ പല ഭാഗങ്ങൾ ഭാഗവതം കിളിപ്പാട്ടിലുമുണ്ടു്. ഇങ്ങനെ ചില കാരണങ്ങളെ ആസ്പദമാക്കി ഭാഗവതം എഴുത്തച്ഛന്റെ കൃതിതന്നെയെന്നു സ്ഥാപിക്കുവാൻ ചില പണ്ഡിതന്മാർ ഉദ്യമിക്കുന്നു. അവരിൽത്തന്നെയും ഏതു കാലത്താണു് എഴുത്തച്ഛൻ അതു രചിച്ചതെന്നുള്ളതിനെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടു്. ചിലർ വാർദ്ധക്യാരംഭത്തിലാണെന്നും ചിലർ യൗവനത്തിലെന്നും പറയുന്നു. വാർദ്ധക്യാരംഭത്തിലാണെന്നു പറയുന്നവർ എഴുത്തച്ഛൻ ആ കവിത ചൊല്ലിക്കൊടുത്തു മകളെക്കൊണ്ടു് എഴുതിച്ചതാണെന്നും ആ ഗ്രന്ഥമാണു് ബർണ്ണൽസായിപ്പു് 1041-ൽ ഗുരുമഠത്തിൽ കണ്ടതെന്നും കൂടി പ്രസ്താവിക്കുന്നു. ഭാഗവതം കൊല്ലം എട്ടാം ശതകത്തിലെ കൃതിയാണെന്നു് എനിക്കും ഉറപ്പിച്ചു പറയുവാൻ തോന്നുന്നു.

ഏകകർത്തൃകമാണോ?—ഭാഗവതത്തിന്റെ ആദ്യന്തമുള്ള പ്രണേതൃത്വം ഒരു കവിയിൽ ആരോപിക്കുവാൻ അശേഷം നിർവാഹമില്ലാത്ത വിധത്തിലാണു് അതിലെ ആദ്യത്തേയും അവസാനത്തേയും ഭാഗങ്ങളുടെ രചനാരീതി നിലകൊള്ളുന്നതു്. ഭാഗവതം ആകെക്കൂടിത്തന്നെ ആ വിഷയത്തിൽ ഭാരതത്തേയും അധ്യാത്മരാമായണത്തേയും അപേക്ഷിച്ചു തുലോം അവരമായ ഒരു സ്ഥാനത്തിലേ സ്ഥിതി ചെയ്യുന്നുള്ളു. അപശബ്ദപ്രയോഗവും മൂലത്തിൽ നിന്നു തർജ്ജമയിൽ കടന്നുകൂടീട്ടുള്ള അർത്ഥവ്യത്യാസവും ആ ഗ്രന്ഥത്തെ അധഃപതിപ്പിക്കുന്നതിനുള്ള കാരണങ്ങളിൽ ഒട്ടും അപ്രധാനങ്ങളല്ല. ചുരുക്കത്തിൽ ഭാഗവതത്തിന്റെ ഗതി കൃഷ്ണപക്ഷത്തിലെ ചന്ദ്രമണ്ഡലത്തിന്റേതുപോലെയാണെന്നു പറയാം. മുന്നോട്ടു പോകുന്തോറും കൂടിക്കൂടി വരുന്ന അനാസ്വാദ്യത ദശമസ്കന്ധത്തിൽ കാളിയമർദ്ദനാനന്തരം അതിന്റെ മൂർദ്ധന്യദശയിൽ എത്തുന്നു. അതിനു മുൻപുതന്നെ ‘ഭഗവത്സേവാരതിചെയ്തീടണം’ എന്നു ദ്വിതീയസ്കന്ധത്തിലും ‘പൂർഷോത്തമനെ സ്തുതിച്ചാരുടനുടൻ’ എന്നും ‘ഭവാനാലഹോ ഹനിച്ചീടിന’ എന്നു ‘മേളമുഖാംബുജം’ എന്നും ചതുർത്ഥസ്കന്ധത്തിലും ‘കാലപാശം പരിച്ഛേദിച്ചു’ എന്നു ഷഷ്ഠസ്കന്ധത്തിലും ‘അംബുജൻ’ എന്നു നവമസ്കന്ധത്തിലും മറ്റും പല ഉദ്വേഗജനകങ്ങളായ പ്രയോഗങ്ങൾ കാണുന്നുണ്ടു്. ‘സർവഭേദങ്ങളാം രാഗദ്വേഷാദിയാം’, ‘മന്ദരപർവതത്തെ പ്രവേശിച്ചു തപസ്സുതുടങ്ങിനാൻ’ എന്നും മറ്റുമുള്ള വൈരൂപ്യദുഷ്ടങ്ങളായ വരികളുമുണ്ടു്. ദശമസ്കന്ധത്തിൽ പ്രവേശിക്കുമ്പോൾ അത്തരത്തിലുള്ള കീടാനുവിദ്ധത ക്രമേണ പ്രവൃദ്ധമാകുന്നു. ‘മാധവസ്വഭൂഃ’ ‘ചത്വാരിപാദസംയുക്തൻ’ ‘സഖന്മാരുമായ്’ മുതലായ അനേകം അസഹ്യങ്ങളായ സ്ഖലിതങ്ങൾ അവിടെയാണു് സ്വച്ഛന്ദമായി തലപൊക്കുന്നതു്. എങ്കിലും ഗോവിന്ദദർശനം കണ്ടു’ ‘കുഴൽസ്വനൈർന്നിശ്ചലരായിതു’ ‘മന്നിടമായ ത്രൈലോക്യങ്ങൾ’ ‘ത്രാണനം ചെയ്കെങ്ങൾ പ്രാണനാഥാ കൃഷ്ണ’ ‘കയ്യതിൽ വസ്ത്രാഭരണമായും ചിലർ’ ‘മാർഗ്ഗമാക്കീടും കൃതാന്തസമീപത്തേക്കു്’ ‘ആകയാൽ നാമൊത്തു യുദ്ധം വഹിക്കിലോ ആകായെന്നാരും പറയാ ധരിക്ക നീ’ ‘യൗവനാത്മാക്കൾ’ ചന്ദ്രികാഹാസിതേ’ ‘പ്രദ്യുമ്നാനിരുദ്ധസംയുതാഭ്യാം’ (പ്രദ്യുമ്നനനിരുദ്ധസംയുതാഭ്യം എന്നു വേണമെങ്കിൽ വായിച്ചുകൊള്ളാം) ഇത്തരത്തിലുള്ള ഭീമങ്ങളായ അഭംഗികൾ കാളിയമർദ്ദനഘട്ടത്തിനുമേലേ ദശമസ്കന്ധത്തിൽത്തന്നെയും കാണുന്നുള്ളു. ശ്രുതിഗീതയിലും ഏകാദശസ്കന്ധത്തിലും നിരവധി ഭാഷാനുവാദവൈകല്യങ്ങളുണ്ടു്. ദശമസ്കന്ധത്തിൽ ശാരികയെ കവി അഭിസംബോധനംചെയ്യുന്നതു ‘ബാലേ കിളിയേ സുശീലേ’ എന്നിങ്ങനെയാണു്. മറ്റൊരു സ്ഥലത്തും എഴുത്തച്ഛൻ ‘കിളിയേ’ എന്നു പ്രയോഗിച്ചിട്ടില്ല.

കാളിയമർദ്ദനംവരെയുള്ള ഭാഗങ്ങളിൽ അങ്ങിങ്ങു് അപൂർവമായെങ്കിലും എഴുത്തച്ഛന്റേതായിരിക്കണമെന്നു പറയാവുന്ന ഈരടികൾ ഉണ്ടു്. ചില ഉദാഹരണങ്ങൾ ഉദ്ധരിക്കാം:

“വിഷ്ണുഭഗവാൻ വിരിഞ്ചാദിവന്ദിത
നുഷ്ണേതരാംശുദിവാകരലോചനൻ
പത്മനാഭൻ പരമാത്മാ പരാപരൻ
പത്മജാവല്ലഭൻ പത്മായുധൻ പരൻ
വിശ്വംഭരൻ വൃഷവാഹനവന്ദിത
നച്യുതനവ്യയനവ്യക്തനദ്വയൻ
നിഷ്കളൻ നിർഗ്ഗുണൻ നിഷ്ക്രിയൻ നിർമ്മമൻ
നിഷ്കളങ്കൻ നിരാതങ്കൻ നിരുപമൻ
നിഷ്കാരണൻ നിഗമാന്തവേദ്യാത്മകൻ
നിഷ്കിഞ്ചനപ്രിയൻ നിത്യൻ നിരാമയൻ
നിർമ്മലൻ നിർവ്വികല്പൻ നിരുപാശ്രയൻ
സന്മയൻ സർവസാക്ഷീശൻ സനാതനൻ.”(ചതുർത്ഥസ്കന്ധം)
“ഭക്ത്യാ ഭജിപ്പതത്യുത്തമമെന്നു തൽ
പുത്രൻ പറഞ്ഞതു കേട്ടസുരേശ്വരൻ
പെട്ടെന്നു വാളുമെടുത്തെഴുന്നേറ്റുല
കൊട്ടൊഴിയാതേ നിറഞ്ഞവൻ തൂണതിൽ
നില്പവൻ വന്നു രക്ഷിക്കണമിത്തരം
ദുർഭാഷണംചെയ്തു നില്ക്കുന്ന നിന്നെ ഞാൻ
വെട്ടിക്കളവനെന്നോടിയടുത്തു തൻ
മുഷ്ടികൊണ്ടൊന്നു കുത്തീടിനാൻ തൂണിന്മേൽ.
വട്ടംതിരിഞ്ഞു വിറച്ചിതസ്ഥൂണവും
പൊട്ടി ഞരിഞ്ഞമർന്നൂ തൽപ്രദേശവും.
വെട്ടമിടിക്കുരൽ ഞെട്ടുമാറാശകൾ
പൊട്ടുമാറണ്ഡകടാഹം വിറച്ചഹോ
കഷ്ടം! നടുങ്ങുമാറട്ടഹാസത്തൊടും
വട്ടത്തൂണ്‍മധ്യം പിളർന്നു നൃസിംഹമായ്
പുഷ്ട്യാതിഭീഷണാത്യുഗ്രഭയങ്കരം
മധ്യാഹ്നമാർത്താണ്ഡനുൽപതിക്കുംവണ്ണം
ചാടിപ്പുറപ്പെട്ടു ഭക്തനാം ബാലനോ
ടോടിയടുത്തുചെന്നീടുമസുരനെ
കൂടെത്തുടർന്നു ചെറുത്തു തടുത്തള
വാടലൊഴിഞ്ഞു തൻവാളും പരിചയും
കൈക്കൊണ്ടു ദാനവനും ചെറുത്തീടിനാൻ.”(സപ്തമസ്കന്ധം)
“ദുഗ്ദ്ധാബ്ധിചൂഴുന്നതിൻമധ്യേ മംഗലനായൊ
രദ്രീന്ദ്രൻ ത്രികൂടമെന്നെത്രയും പ്രസിദ്ധനായ്
വർത്തിപ്പോന്നുയർന്നതിമുഖ്യനായനാരതം
രത്നകാഞ്ചനമയശോഭിതം സുഭിക്ഷദം
യക്ഷകിന്നരഗന്ധർവോരഗനിഷേവിതം
ലക്ഷണപ്രഭം നിഖിലാനന്ദദിവ്യസ്ഥലം
ക്ഷീരവാരിധൗനിന്നു പൊങ്ങീടും തിരകളാൽ
മാരുതാനന്ദം ചേർന്നു കുളുർത്ത സാനുസ്ഥലം
… … …
സർവർത്തുഗുണഗണപൂർണ്ണമായനുദിനം
സർവമോഹനതരമാകിയ ദിവ്യസ്ഥലം
നന്ദനസമാനമാനന്ദദാനാഢ്യം ഹരി
ചന്ദനാദ്യഖിലവൃക്ഷാന്വിതം ദിനേശമാ
ധ്യന്ദിനകരഹരമംബുവാഹാഭം പരം
മന്ദമാരുതശീതസുഗന്ധപരിപൂർണ്ണം
ഭൃംഗാദിവിഹംഗനാനാവിധകളരവ
മംഗലപ്രദം ഭുജംഗാദിഭിർന്നിഷേവിതം
തുംഗമാതംഗസിംഹകുരംഗസാരംഗാദി
രംഗമായഭംഗുരഭംഗിഭംഗിതമായി.”(അഷ്ടമസ്കന്ധം)

മൂലം:
“തതോ വത്സാനദൃഷ്ട്വൈത്യ പുളിനേപി ച വത്സപാൻ
ഉഭാവപി വനേ കൃഷ്ണോ വിചികായ സമന്തതഃ
ക്വാപ്യദൃഷ്ട്വാഽന്തർവിപിനേ വത്സാൻ പാലാംശ്ച വിശ്വവിൽ
സർവം വിധികൃതം കൃഷ്ണഃ സഹസാവജഗാമ ഹ.”

തർജ്ജമ:
“ഭുക്തിവേലയിൽത്തങ്ങൾക്കൊക്കവേ കൂടെക്കൂടെ
പ്പൈക്കുലങ്ങളെക്കാണ്മാനാകുന്നവണ്ണം തന്നെ
നിർത്തിവെച്ചുണ്ണുന്നേരം കണ്ടുകണ്ടിരുന്നതു
തത്ര തൽക്ഷണേ കണ്ടീലെന്തതെന്നറിയാഞ്ഞു
ചിത്തവിഭ്രമം കലർന്നെത്രയും ബദ്ധപ്പെട്ടു
വിദ്രുതമൊട്ടൊട്ടുണ്ടു സത്വരം നോക്കീടുവാൻ
തത്സഖകുലം പായുന്നേരമങ്ങതു കണ്ടു
ഭക്തവത്സലൻ ചിരിച്ചവരോടരുൾചെയ്തു:
‘നിങ്ങളെന്തേവം ഭ്രമിച്ചീടുവാനെല്ലാവരു
മിങ്ങനെ തൂർണ്ണം പുല്ലുള്ളേടം കണ്ടങ്ങെങ്ങാനും
ചെന്നകപ്പെട്ടാർ പശുവൃന്ദങ്ങളൂണിന്നു നാ
മന്നമുള്ളേടം തിരഞ്ഞിങ്ങു വന്നതുപോലെ.
ചെന്നതു തിരഞ്ഞുകൊണ്ടിങ്ങു ഞാൻ വന്നീടുവ
നിന്നിലം തന്നിൽ നിങ്ങളേതുമൊന്നലസാതെ
മുന്നേതിലേറ്റം സുഖമായുടനുണ്ടീടുവിൻ.’
… … …
ഇച്ഛയാംവണ്ണം കൂട്ടിക്കൊണ്ടുടനടവിയിൽ
പ്പുക്കു നോക്കീടുംപൊഴുതെങ്ങുമേ കണ്ടീലല്ലോ
പൈക്കുലങ്ങളെയടുത്തൊച്ചയും കേട്ടീലെങ്ങും
കഷ്ടമിങ്ങണയത്തുനിന്നു മേഞ്ഞിരുന്ന പൈ
ക്കുട്ടികളകന്നുപോയ്പോവതിനെന്തെന്തൊരു
കാരണമൊന്നുള്ളതെന്നോർത്തുടൻ വൃന്ദാവനേ
കാരണപൂരുഷനന്വേഷിച്ചു; പരിചെഴും
ഗോവർദ്ധനാഖ്യാചലത്തിൻമുകൾപ്പരപ്പേറി
ഗ്ഗോവൃന്ദം മേഞ്ഞുകഴിഞ്ഞിറങ്ങിപ്പോയീലല്ലീ
ഘോരമാം കൊടുങ്കാട്ടിലെന്നതോർത്തവിടെയും
പാരാതെ നടന്നന്വേഷിച്ചുടൻ കാണാഞ്ഞിങ്ങു
ബാലന്മാരുണ്മാനിരുന്നേടത്തും കണ്ടീലല്ലീ
കാലികൾതമ്മെപ്പുനരെന്നോർത്തു വിരവോടേ
സാദരമവിടെപ്പോയ്ച്ചെന്നു നോക്കീടും നേര
മോദനാദികളേയും കണ്ടതില്ലെങ്ങും തത്ര.
കാനനംതോറും പശുവൃന്ദങ്ങളന്വേഷിപ്പാ
നാനായബാലന്മാർ പോയാരെന്നു നിനച്ചുടൻ
താനവരുടെ നാമധേയങ്ങൾ നീളെച്ചൊല്ലി
സ്സാനന്ദം വിളിച്ചുകൊണ്ടീടിനാൻ പലേടത്തും.
വേദങ്ങളോതിത്തിരഞ്ഞാദരാൽക്കാണാതോരു
പാദപങ്കജങ്ങളിക്കല്ലിലും മലയിലും
പാരിച്ച പടലിലും മുള്ളിലും നടന്നിടർ
പൂരിച്ചു വശംകെട്ടു മാഴ്കിപ്പോകയില്ലല്ലീ?
ബാലഗോജാലങ്ങളെ വേർപെട്ടുപോന്നേനെന്ന
ങ്ങാലയേ ചൊന്നാലമ്മ കോൽകൊണ്ടു തല്ലീലല്ലീ?
പാൽവെണ്ണ നിത്യം നുകർന്നാനന്ദിച്ചിടുമുണ്ണി
ക്കാർവർണ്ണനിവയില്ലാഞ്ഞാതങ്കം വായ്ക്കയാലേ
കായവും തപിച്ചുരുവ്യാധികൾ പിടിപെട്ടു
പേയായിച്ചമഞ്ഞുപോകല്ലല്ലീ? വിശേഷിച്ചു
കോമളൻ തനിക്കുയിരാകിയ ചങ്ങാതികൾ
യാമിനികുളിലുറങ്ങുമ്പോഴും പിരിയാതെ
കൂടിനില്പവരോടു വേർപിരിഞ്ഞഴല്പെട്ടു
ചൂടുള്ളിൽ മുഴുത്തുയിർ വേർപെട്ടുപോകില്ലല്ലീ?
ധാതാവേ! ചെറിയോരു ബാലനോടിതു ഭവാൻ
നീതിയല്ലല്ലോ ചെയ്വതെന്നെല്ലാമമരകൾ
മാനസങ്ങളും ഭ്രമിച്ചാവോളമപേക്ഷിച്ചു
യാനങ്ങൾതോറും പരിദീനരായ് നില്ക്കക്കണ്ടു.”(ദശമസ്കന്ധം)
എന്തൊരു ഹൃദയമോഹനമായ വത്സസ്തേയകഥാവർണ്ണനമാണിതു്? ഈ ഭാഗം മൂലകാരനാലോ കവിക്കു പലപ്പോഴും ഉപജീവ്യനായിക്കാണുന്ന കൃഷ്ണഗാഥാകാരനാലോ അനുപ്രാണിതമല്ല. കണ്ണശ്ശഭാഗവതത്തിലും ഇതിൽ സ്വല്പമൊരംശത്തിന്റെ നേരിയ ഛായ മാത്രമേ കാണ്മാനുള്ളു. ഇവിടെ എഴുത്തച്ഛന്റെ മനോധർമ്മമല്ല പ്രതിഫലിച്ചിരിക്കുന്നതു് എന്നു് ആർക്കു വാദിക്കാം? ഭാരതത്തിലുള്ള ഏതു ഭാഗത്തോടും കിടനില്ക്കുവാൻ ഇതിനു സമഗ്രമായ യോഗ്യതയുണ്ടു്.

ഇനി ദ്വാദശസ്കന്ധത്തിൽനിന്നു ചില വരികൾകൂടി അനുവാചകന്മാരുടെ ശ്രദ്ധയ്ക്കു വിഷയീഭവിപ്പിക്കേണ്ടിയിരിക്കുന്നു.

“ബാഹുക്കൾ ദിക്‍പാലന്മാർ, മാനസം ചന്ദ്രൻ, ചില്ലി
യാകുന്നു യമൻതാനും, ചന്ദ്രിക മന്ദസ്മിതം,
സ്മയമാകുന്നു ഭ്രമം രോമാണി ഭൂരുഹങ്ങൾ
മേഘമാം മൂർദ്ധജങ്ങൾ തന്മായാ വനമാലാ
സകലഗുണശോഭയാത്മജ്യോതിസ്സുതന്നെ
സകലാത്മകൻതന്റെ കൗസ്തുഭമാകുന്നതും.
ആത്മവ്യാപിനിപ്രഭയാകുന്നൂ ശ്രീവത്സവും
ഛന്ദസ്സു പീതാംബരം ബ്രഹ്മസൂത്രമാം ത്രിവിൽ
സ്വരമാകുന്നു ചൂർണ്ണം സാംഖ്യയോഗങ്ങൾതന്നെ
പരിചേറുന്ന മീനകുണ്ഡലമെന്നും ചൊൽവൂ.”
മൂലത്തിലെ ‘ലജ്ജോത്തരോധരോ ലോഭോ’ എന്ന ഭാഗം വിട്ടു കളഞ്ഞിരിക്കുന്നതിനുപുറമേ “രോമാണി ഭൂരുഹാഃ” എന്നും ‘ബ്രഹ്മസൂത്രം ത്രിവിൽ സ്വരം’ എന്നുമുള്ള വാചകങ്ങൾ അതേമാതിരിയിൽത്തന്നെ പകർത്തിയുമിരിക്കുന്ന ദ്വാദശസ്കന്ധകാരൻ വത്സസ്തേയകാരനല്ല എന്നു് ഏതു സഹൃദയനും നിശ്ശങ്കം പ്രഖ്യാപനം ചെയ്യാവുന്നതാണു്. ചൂർണ്ണമെന്നാൽ എന്തെന്നു് അനുവാദകനേ അറിഞ്ഞുകൂടു. പ്രകൃതത്തിലെ മഹാപുരുഷവർണ്ണനം തുടർന്നു മൂലവുമായി തട്ടിച്ചുനോക്കുന്നവർക്കു് ഇനിയും പല അസ്വാരസ്യങ്ങളും സ്പഷ്ടീഭവിച്ചുകൊള്ളും.

30.24സിദ്ധാന്തപക്ഷം

എന്റെ ഗാഢമായ പര്യാലോചനയുടെ ഫലമായി താഴെക്കാണുന്ന അനുമാനത്തിലാണു് ഞാൻ എത്തിച്ചേർന്നിരിക്കുന്നതു്. എഴുത്തച്ഛന്റെ യൗവനകാലത്തിലെ കൃതിയാണു് വൂഭാഗവതമെന്നും അതിനുശേഷമാണു് അദ്ദേഹം രാമായണവും ഭാരതവും നിർമ്മിച്ചതെന്നും പറയുന്നതു് ഉപപന്നമല്ല. ദ്വാദശസ്കന്ധത്തിലും മറ്റും നിന്നു വെളിപ്പെടുന്നിടത്തോളമേ അദ്ദേഹത്തിനു് അക്കാലത്തുപോലും കവിതാവാസന ഉണ്ടായിരുന്നുള്ളു എന്നു് അനുമാനിക്കുവാൻ പ്രയാസമുണ്ടു്. അധ്യാത്മരാമായണത്തേയും ഭാരതത്തേയുംകാൾ ഭാഷാന്തരീകരണത്തിനു ക്ലേശാധിക്യമുള്ള ഭാഗവതമാണു് അദ്ദേഹത്തിനു് ആദ്യമായി തർജ്ജമചെയ്വാൻ തോന്നിയതെന്നും ഞാൻ വിചാരിക്കുന്നില്ല. പ്രത്യുത ഭാഗവതത്തിന്റെ ഭാഷാനുവാദത്തിനു് അദ്ദേഹം ആരംഭിച്ചതു വാർദ്ധക്യത്തിലായിരിക്കണം. ശരീരസാദംനിമിത്തം അതിൽ പല ഭാഗങ്ങളും പറഞ്ഞുകൊടുത്തു മകളെക്കൊണ്ടോ മറ്റോ എഴുതിച്ചിരിക്കണം. ഇടയ്ക്കിടയ്ക്കു ശിഷ്യന്മാരിൽ ചിലരും ആ കാവ്യനിർമ്മിതിയിൽ അദ്ദേഹത്തെ യഥാശക്തി സഹായിച്ചിരിക്കണം. ആ ഭാഗങ്ങൾ നിപുണമായി പരിശോധിച്ചു തെറ്റു തിരുത്തുവാനോ രചനയ്ക്കു സാർവത്രികമായ സൗഷ്ഠവം വരുത്തുവാനോ അദ്ദേഹത്തിനു സാധിക്കാതെയും വന്നിരിക്കണം. ‘സത്യജ്ഞാനാനന്താനന്ദാദ്വയാമൃതപൂർണ്ണം സച്ചിൽബ്രഹ്മാഖ്യം പരമാത്മാനമുപാസിച്ചേൻ’ എന്നു ബ്രഹ്മാണ്ഡപുരാണത്തിൽ എന്നപോലെ ഈഷദ്വ്യത്യാസത്തോടുകൂടി ഉപക്രമത്തിലും

“മർമ്മങ്ങൾതോറും കടിച്ചുതുടങ്ങിനാൻ
നിർമ്മലനായോരു നന്ദതനയനെ;
കല്മഷന്മാർക്കതു തോന്നുമല്ലോ; തെളി
ഞ്ഞെന്മനഃപങ്കജേ വാഴ്ക പോകായ്കെങ്ങും”
എന്നു ഭാരതത്തിലെന്നപോലെ കാളിയമർദ്ദനഘട്ടത്തിലും തന്റെ വേദാന്താവഗാഹത്തേയും ഭക്തിപാരവശ്യത്തേയും യഥാക്രമം പ്രകടീകരിക്കുന്ന കവി ഒരാൾതന്നെയാണെന്നും അതു സാക്ഷാൽ തുഞ്ചനല്ലാതെ മറ്റാരുമല്ലെന്നും സങ്കല്പിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിലെന്നപോലെ കാകളീവൃത്തം കൊണ്ടാണു് ഒരു ഭാഗം ആരംഭിക്കേണ്ടതെങ്കിൽ അതിന്റെ പ്രാരംഭത്തിൽ ഏതാനും വരികൾ ഊനകാകളിയിൽ ഘടിപ്പിക്കുന്നതു് എഴുത്തച്ഛന്റെ ശൈലിയാകുന്നു. ആ ശൈലി ഷഷ്ഠസ്കന്ധത്തിന്റെ ഉപക്രമത്തിലും കാണാവുന്നതാണു്. “നാരായണ ജയ നാരായണ ജയ വരദ ഹരേ, നാരായണ പരിപാലയ മാം ബഹുഘോരമഹാപാതകനിവഹാൽ” തുടങ്ങിയ ഈരടികൾ നോക്കുക. എന്റെ ഊഹം ശരിയാണെങ്കിൽ “രാമദാസനാമെഴുത്തച്ഛൻ നവമസ്കന്ധത്തോളമുള്ളൊരു കഥയെല്ലാം ഭാഷയിലൊരു ഗീതമായുരചെയ്താൻ മുന്നം” എന്നു പുന്നശ്ശേരി ശ്രീധരൻനമ്പി ഉപന്യസിച്ചിട്ടുള്ളതു് അത്രത്തോളം പരമാർത്ഥമാണെന്നും ദശമസ്കന്ധത്തെപ്പറ്റി അദ്ദേഹം ഒന്നും പറയാത്തതു് അതു് അദ്ദേഹം മുഴുപ്പിക്കാത്തതുകൊണ്ടാണെന്നും വന്നുകൂടുന്നു. കാളിയമർദ്ദനത്തിനുമേൽ ഋതുവർണ്ണനം മുതല്ക്കുള്ള ഭാഗങ്ങളിൽ എഴുത്തച്ഛന്റെ കൈപ്പെരുമാറ്റം കാണുന്നില്ല. ഋതുവർണ്ണനം ആരംഭിക്കുന്നതുതന്നെ ‘ഗ്രീഷ്മകാലവും വന്നു വർദ്ധിച്ചിതങ്ങൂഷ്മങ്ങൾ കൊണ്ടു പൊറാഞ്ഞിതു മേദിനി’ എന്ന ഒരു അപശബ്ദഭൂഷിതമായ ഈരടിയോടുകൂടിയാണു്.

ഗ്രന്ഥം അത്രത്തോളം പുരോഗമനം ചെയ്തപ്പോൾ എഴുത്തച്ഛൻ പരഗതിയെ പ്രാപിച്ചിരിക്കണമെന്നു തോന്നുന്നു. കണ്ണശ്ശരാമായണത്തിനും കണ്ണശ്ശഭാഗവതത്തിനും തമ്മിലുള്ളതിൽ അധികം വ്യത്യാസം ഭാരതത്തിനും കാളിയമർദ്ദനംവരെയുള്ള ഭാഗവതത്തിനും ഉണ്ടെന്നു പറയാനില്ല. പക്ഷേ ആദ്യത്തെ രണ്ടു കൃതികളും രാമപ്പണിക്കർ തന്റേതാണെന്നു പ്രഖ്യാപനം ചെയ്തിരിക്കുന്നതുകൊണ്ടു നമുക്കു് അവയുടെ കർത്തൃത്വത്തെപ്പറ്റി സന്ദേഹമില്ല. പ്രത്യുത ഭാഗവതത്തിന്റെ കർത്തൃത്വം അനുമാനത്തെ മാത്രം ആസ്പദമാക്കി നിർണ്ണയിക്കേണ്ടിയിരിക്കുന്നു. എന്റെ അനുമാനം അബദ്ധമല്ലെങ്കിൽ ഗുരുമഠത്തിൽ ഭാഗവതത്തിനു വന്നുചേർന്ന അഭ്യർഹിതത്വം അസമാധേയമല്ല. എഴുത്തച്ഛന്റെ ശിഷ്യന്മാരിൽ അല്പമായ വാസനയും വ്യുൽപത്തിയുമുള്ള ആരെങ്കിലും കാളിയമർദ്ദനത്തിനു പിന്നീടുള്ള ഭാഗങ്ങൾ തർജ്ജമ ചെയ്തു് അതിനോട് കൂട്ടിച്ചേർത്തിരിക്കണം. രണ്ടു പേരുടേയും വർണ്ണമെന്തെന്നു് അവർതന്നെ സൂചിപ്പിച്ചിട്ടുണ്ടു്.

“ചൊല്ലുവാനനേകമുണ്ടോരോരോ മുനീന്ദ്രന്മാർ
ചൊല്ലിയ വേദാന്തസാരാദികൾ ബഹുവിധം;
ചൊല്ലരുതവയൊന്നും നമുക്കു; പുരാണങ്ങൾ
ചൊല്ലുകെന്നതും കേൾക്കെന്നുള്ളതും ചെയ്യാമല്ലോ”
എന്നു പ്രഥമസ്കന്ധത്തിലും

“കരുണാത്മാക്കളായ മഹത്താം ജനത്തിനും
കരുണാത്മകനായ മൽഗുരുവരന്നായും
കരുണാവാരിരാശിയാകിയ ഭഗവാനും
ധരണീസുരന്മാർക്കും സർവർക്കും വണങ്ങുന്നേൻ”
എന്നു ദ്വാദശസ്കന്ധത്തിലും പ്രസ്താവനയുണ്ടു്. ‘കരുണാത്മകനായ മൽഗുരുവരൻ’ തുഞ്ചത്തെഴുത്തച്ഛൻ തന്നെയായിരിക്കണം. കരുണാകരനെഴുത്തച്ഛനായിരുന്നെങ്കിൽ ‘കരുണാകരാഖ്യനാം മൽഗുരുവരൻ’ എന്നു കവിക്കു് ആ വസ്തുത തെളിച്ചു പറയാമായിരുന്നു. ഭാഗവതം കിളിപ്പാട്ടിനു പല വൈകല്യങ്ങളുമുണ്ടെങ്കിലും അതിനും ഭാഷാസാഹിത്യത്തിൽ അന്ത്യമല്ലാത്ത ഒരു സ്ഥാനത്തിനു് അവകാശമുണ്ടു്. ആ പുരാണരത്നം ആ രീതിയിൽ അന്യകവികളാരും മലയാളത്തിൽ വിവർത്തനം ചെയ്കയുണ്ടായില്ലല്ലോ.

30.25ഹരിനാമകീർത്തനം, കീർത്തനപ്രസ്ഥാനം

നാമസംകീർത്തനം അല്ലെങ്കിൽ കീർത്തനം എന്നൊരു പദ്യസാഹിത്യപ്രസ്ഥാനം വളരെക്കാലം മുതൽക്കു തന്നെ ഭാഷയിൽ ആവിർഭവിച്ചിരുന്നിരിക്കാനിടയുണ്ടു്. കലിയുഗത്തിൽ നാമസങ്കീർത്തനത്തിന്റെ മാഹാത്മ്യത്തെപ്പറ്റി അന്നും ഇന്നും ആസ്തികന്മാർക്കു് അചഞ്ചലമായ വിശ്വാസമുണ്ടെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. സംസ്കൃതവൃത്തങ്ങളിൽ രചിതങ്ങളായ കീർത്തനങ്ങൾ അർത്ഥാവബോധത്തോടുകൂടി ഉച്ചരിക്കുവാൻ ശക്തിയില്ലാത്ത സ്ത്രീജനങ്ങൾക്കും മറ്റും ഭാഷാകീർത്തനങ്ങളുടെ ആവശ്യം നേരിടുകയും ഓരോ കാലത്തു ജീവിച്ചിരുന്ന കവികൾ അവരുടെ ആ അഭീഷ്ടം സാധിക്കുന്നതിനു യാവച്ഛക്യം ഉദ്യമിക്കുകയും ചെയ്തു. അങ്ങനെയാണു് കീർത്തനപ്രസ്ഥാനം ഉണ്ടായതു്. ഭാഷാകീർത്തനങ്ങൾ ദ്രാവിഡവൃത്തങ്ങളിൽ ഗ്രഥിതങ്ങളും ഏതെങ്കിലും ഈശ്വരനാമത്തോടുകൂടി അവസാനിക്കുന്നവയുമാണു്. അവയിൽ പലതും അകാരാദിക്രമത്തിൽ രചിച്ചിരിക്കുന്നതു് ഉച്ചാരകന്മാർക്കു വേഗത്തിൽ ഓർമ്മിക്കുന്നതിനുവേണ്ടിയാകുന്നു. നാലുവിധത്തിലുള്ള കീർത്തനങ്ങൾ ഭാഷയിൽ കാണ്‍മാനുണ്ടു്. കേവലം ഭഗവന്നാമങ്ങൾ മാത്രമടങ്ങിയ സ്തോത്രങ്ങൾ, ഏതെങ്കിലും ഒരു ഭഗവൽകഥയെ സംഗ്രഹിച്ചു് ഒന്നോ അതിലധികമോ വൃത്തങ്ങളിൽ നിർമ്മിതങ്ങളായ സ്തോത്രങ്ങൾ, ഭക്തിസംവർദ്ധകങ്ങളായ സ്തോത്രങ്ങൾ, വേദാന്ത തത്വപ്രതിപാദകങ്ങളായ സ്തോത്രങ്ങൾ ഇങ്ങിനെയാണു് അവയെ വിഭജിക്കാവുന്നതു്. പല ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ മൂർത്തികളെപ്പറ്റി പ്രത്യേകമായി രചിച്ചിട്ടുള്ള സ്തോത്രങ്ങൾ ഭക്തിസംവർദ്ധകഗണത്തിൽ ഉൾപ്പെടുന്നു എന്നു പറയേണ്ടതില്ലല്ലോ. ഭഗവന്നാമങ്ങൾ മാത്രമടങ്ങിയ സ്തോത്രങ്ങൾ പ്രായേണ സംസ്കൃതമയങ്ങളായിരിക്കും.
“ഹരിനാരായണ ഗോവിന്ദാ ജയനാരായണ ഗോവിന്ദാ
ഹരിനാരായണ ജയ നാരായണ ഹരിഗോവിന്ദാ ഗോവിന്ദാ
ഭക്തജനപ്രിയ ഗോവിന്ദാ പങ്കജലോചന ഗോവിന്ദാ
ഭക്തജനപ്രിയ പങ്കജലോചന പരമാനന്ദാ ഗോവിന്ദാ (ഹരി)
മത്സ്യകളേബര ഗോവിന്ദാ വത്സകപാലക ഗോവിന്ദാ
മത്സ്യകളേബര വത്സകപാലക ശ്രീവത്സാങ്കിത ഗോവിന്ദാ”
എന്നും

“ഹര ഹര ശംഭോ ഗൗരീശാ ശിവ ശിവ ശംഭോ ഗൗരീശാ
ഹര ഹര ശംഭോ ശിവ ശിവ ശംഭോ ജയ ജയ ശംഭോ ഗൗരീശാ
തുംഗജടാധര ഗൗരീശാ പുംഗവവാഹന ഗൗരീശാ
തുംഗജടാധര പുംഗവവാഹന ഗംഗാധര ഹര ഗൗരീശാ
ദക്ഷമദാപഹ ഗൗരീശാ ശിക്ഷിതമന്മഥ ഗൗരീശാ
ദക്ഷമദാപഹ ശിക്ഷിതമന്മഥ ഭിക്ഷാടനപര ഗൗരീശാ.”(ഹര)
എന്നും ആരംഭിക്കുന്ന കീർത്തനങ്ങൾ നോക്കുക. ഭക്തിസംവർദ്ധകങ്ങളായ ഭാഷാകീർത്തനങ്ങൾക്കു് ഒരു ഉദാഹരണം ചേർക്കാം:

“ഗൗരീപതേ ജയ, ഗൗരീപതേ ജയ
ഗൗരീപതേ ജയ, ഗൗരീപതേ,
നാലു ദിഗന്തം പുകഴ്ന്നരുളും തിരു
വാലൂർമഹേശ വണങ്ങിടുന്നേൻ.(ഗൗരീ)
അമ്പിളിതുമ്പയുമാകാശഗംഗയു
മമ്പോടണിഞ്ഞ പുരിചിടയും(ഗൗരീ)
കാലാന്തവഹ്നിയെസ്സംഹരിച്ചീടുന്ന
ഫാലാന്തരാളവിലോചനവും(ഗൗരീ)
ഇത്യാദി. രണ്ടാമത്തെത്തരത്തിലുള്ള ഒരു കീർത്തനമാണു് രാമായണസംഗ്രഹം. അതിന്റെ രീതി താഴെ ഉദ്ധരിക്കുന്ന ശീലുകളിൽനിന്നു കാണാവുന്നതാണു്.

“രാമ ഹരേ ജയ, രാമ ഹരേ ജയ
രാമ ഹരേ ജയ, രാമ ഹരേ,
ശ്രീരാമ ഗോവിന്ദ നാരായണാനന്ത
സീതാപതേ ജയ രാമ ഹരേ(രാമ)
സൂര്യകുലത്തിൽദ്ദശരഥൻതന്നുടെ
സൂനുവതായൊരു രാമ ഹരേ,
ലക്ഷ്മണപൂർവജ ലക്ഷ്മീനികേതന
പക്ഷീന്ദ്രവാഹന രാമ ഹരേ.(രാമ)
താടകയെക്കൊലചെയ്തു മഹാമുനി
താപം കളഞ്ഞൊരു രാമ ഹരേ, (രാമ)” ഇത്യാദി
“പാരിൽ വസിപ്പാൻ സുഖമരുളീടണം
പാരാതെ പിന്നെപ്പരഗതിയും.”(രാമ)
കാമിച്ചതെല്ലാം ലഭിപ്പാൻ വിശേഷിച്ചു
കാമവിനാശന രാമ ഹരേ.(രാമ)
നാരായണാനന്ത വിഷ്ണോ മഹേശ്വര
നാഥ ജനാർദ്ദന രാമ ഹരേ(രാമ)
ഇക്കഥ ചൊല്ലി സ്തുതിക്കും ജനങ്ങൾക്കു
ഭുക്തിയും മുക്തിയുമാശു ഫലം.”(രാമ)
എന്നിങ്ങനെയാണു് ആ കീർത്തനത്തിന്റെ അവസാനം. കഥ വിസ്തരിക്കേണ്ടിവരുമ്പോൾ കവികൾ ഇടയ്ക്കിടയ്ക്കു വൃത്തങ്ങൾ മാറ്റുന്നു. അതാണു് രാമായണം ഇരുപത്തിനാലു വൃത്തത്തിലേയും മറ്റും രചനാരീതി. അതിനു ഞാൻ ചില പഴയ താളിയോലഗ്രന്ഥങ്ങളിൽ ഇരുപത്തിനാലു കീർത്തനം എന്നു തന്നെ പേർ നൽകിക്കണ്ടിട്ടുണ്ടു്. ഇത്തരത്തിലുള്ളവയ്ക്കു സങ്കീർത്തനങ്ങൾ എന്നും ഹ്രസ്വങ്ങളായ ഇതര സ്തോത്രങ്ങൾക്കു കീർത്തനങ്ങൾ എന്നും നാമകരണംചെയ്യുന്നതു സൗകര്യപ്രദമായിരിക്കും. ചതുർത്ഥവിഭാഗത്തിൽപ്പെട്ട കൃതികൾ അധികമില്ല. അവയിൽ ഒന്നാണു് ഹരിനാമകീർത്തനം.

ഹരിനാമകീർത്തനവൃത്തത്തിൽ അതിനുമുൻപും അത്തരത്തിലുള്ള കൃതികൾ ഉണ്ടായിരുന്നു. അവയിൽ ഒരു കൃതിയിൽ ഒരു ശീലുദ്ധരിക്കാം:

“ഐന്താർചരാമയരസം തോഞ്ഞ നാരികൾ നി
റന്റുള്ള വീണകുഴൾനേർതാളഗാനമൊടു
വൃന്ദാവനേ ജനമനോമോഹനം കളികൾ
കാണിൻറതെന്നിനിയ ഗോവിന്ദ രാമ ജയ.”
കർത്തൃത്വം
ഹരിനാമകീർത്തനം എട്ടാം ശതകത്തിലെ ഒരു കൃതിയാണെന്നുള്ളതിനു സംശയമില്ല. ‘ഒരിക്കൽ’ ‘മറുകിച്ചാ’ തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളും അതിൽ കാണ്‍മാനുണ്ടു്. ‘ഹരിനാരായണനായ നമഃ’ എന്നോ ‘നാരായണായനമഃ’ എന്നോ അതിലെ പാട്ടുകൾ അവസാനിക്കുന്നതുകൊണ്ടാണു് ഹരിനാമകീർത്തനം എന്നു് അതിനു പേർ വന്നതു്. ശ്രീനീലകണ്ഠനാമാവായ ഒരു ഗുരുവിനെ കവി പ്രസ്തുത കീർത്തനത്തിൽ സ്മരിക്കുന്നുണ്ടെന്നുള്ളതു മുൻപു പ്രസ്താവിച്ചുവല്ലോ.

അൻപേണമെന്മനസി ശ്രീനീലകണ്ഠഗുരു
വംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ,
അൻപത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി
ലൻപോടു ചേർക്ക ഹരി നാരായണായ നമഃ.”
എന്ന പതിന്നാലാമത്തെ ശീലിലാണു് ആ പേർ കാണുന്നതു്. അതുമുതല്ക്കു് അകാരാദി ക്രമത്തിൽ സ്തോത്രം പുരോഗമനം ചെയ്യുന്നു. ഉപോത്തമമായ ശീലിൽ “കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ വിരവോടു പാർത്തു പിഴ വഴിപോലെ തീർത്തരുൾക” എന്നും പ്രാർത്ഥിച്ചുകാണുന്നു. ഈ നീലകണ്ഠൻ ആരാണെന്നു വെളിപ്പെടുന്നില്ല. പൂന്താനം തന്റെ ഗുരുനാഥനായ ഒരു നീലകണ്ഠനെ സ്വകൃതികളിൽ വന്ദിക്കുന്നുണ്ടെന്നു നാം മുൻപു കണ്ടുവല്ലോ. തന്നിമിത്തം ഹരിനാമകീർത്തനവും പൂന്താനത്തിന്റെ കൃതിയായിരിക്കാമെന്നു പ്രഥമദൃഷ്ടിയിൽ തോന്നുന്നുവെങ്കിലും പുനഃപര്യാലോചനയിൽ അതു ശരിയല്ലെന്നു കാണുവാൻ പ്രയാസമില്ല. അതിൽത്തന്നെ മറ്റൊരു ശീലിൽ “ഹരിനാമകീർത്തനമിതുരചെയ്വതിന്നു ഗുരുവരുളാലെ ദേവകളുമരുൾചെയ്ക ഭൂസുരരും” എന്നൊരു പ്രസ്താവനയുണ്ടു്. ബ്രാഹ്മണർ അരുൾ (കരുണ) ചെയ്യണമെന്നു പൂന്താനം പ്രാർത്ഥിച്ചിരിക്കുവാൻ ന്യായമില്ലല്ലോ. എന്നു മാത്രമല്ല പൂന്താനം കൃതികളുടെ ലാളിത്യം ഹരിനാമകീർത്തനത്തിൽ കാണുന്നുമില്ല. എന്നാൽ എഴുത്തച്ഛന്റെ കൃതിയാണെന്നു സമ്മതിക്കുന്നതിന്നും എനിക്കു് അധൈര്യം തോന്നുന്നുണ്ടു്. അവിടവിടെ ആശയ ഭംഗിയുള്ള ചില ശീലുകളില്ലെന്നു ഞാൻ പറയുന്നില്ലെങ്കിലും, രചനാഗുണം ആദ്യന്തം വിരളമായ ഒരു കൃതിയാണു് ഹരിനാമകീർത്തനം എന്നു പ്രസ്താവിക്കാതെ നിർവ്വാഹമില്ല. താഴെക്കാണുന്ന ശീലുകൾ എന്നെ ആകർഷിച്ചിട്ടുമുണ്ടു്.

“ആനന്ദചിന്മയ ഹരേ ഗോപികാരമണ,
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ നാരായണായ നമഃ.
വദനം നമുക്കു ശശിവദനങ്ങൾ സന്ധ്യകളു
മുദരം നമുക്കുദധിയുലകേഴുരണ്ടുമിഹ
ഭുവനം നമുക്കു, ശിവ, നേത്രങ്ങൾ രാത്രിപക
ലകമേ ഭവിപ്പതിനു നാരായണായ നമഃ.”
‘പക്ഷീഗണം ഗരുഡനെക്കണ്ടു’ ‘ഇന്ദ്രാത്മജനെ ഹരി’ ഇത്യാദിഭാഗങ്ങളിൽ കവിക്കു പദഘടനയിലുള്ള അപാടവം പ്രകടമായി സ്ഫുരിക്കുന്നു.

“ഘർമ്മാതപം കുളിർനിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
തന്നെത്തിരഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമഃ.”
എന്നിത്തരത്തിലുള്ള അലങ്കാരപ്രയോഗങ്ങൾ എഴുത്തച്ഛന്റേതല്ലെന്നു കല്പിക്കുവാൻ വൈഷമ്യമുണ്ടു്. കേരളത്തിൽ എവിടെയും പ്രചുരപ്രചാരമായ ഒരു ഗ്രന്ഥമാണു് ഹരിനാമകീർത്തനം. അതിന്റെ പ്രണേതൃത്വം അവിജ്ഞാതമാണെന്നു കരുതുന്നതാണു് ആശാസ്യമായിട്ടുള്ളതു്.

ഈ കീർത്തനത്തിന്റെ ഛായയിൽ അമ്പലപ്പുഴ ശ്രീകൃഷ്ണനെപ്പറ്റി മറ്റൊരു കീർത്തനം ഏതോ ഒരു കവി രചിച്ചുകാണുന്നു. ആ കൃതിയിൽനിന്നു രണ്ടു ശീലുകൾ പകർത്താം.

“ശ്രീവാസുദേവ! യദുവംശാവതംസ! സുര
വിദ്വേഷിഗർവഹര! നന്ദാത്മജാത! ജയ!
ദേവേശ! ശർവനുത! വാനോർനദീനിലയ!
കല്യാണരംഗനട! കാരുണ്യഗാത്ര ജയ!
വൻപേറുമിജ്ജനനദേഹാത്യയാംബുനിധി
സന്താപവൻതിരകൾ വേർമായുവാനരികിൽ
നിൻപാദപത്മയുഗമെപ്പോഴുമെന്മനസി
കാണായ്വരേണമരവിന്ദാക്ഷ! കൃഷ്ണ! ജയ!”
വലിയ പഴക്കമൊന്നും പ്രസ്തുത കീർത്തനത്തിനു കല്പിക്കാവുന്നതല്ല.

30.26ചിന്താരത്നം

ഗ്രന്ഥസ്വരൂപം
ചിന്താരത്നം ആദ്യന്തം കേകാവൃത്തത്തിൽ വിരചിതമായ ഒരു ഭാഷാകൃതിയാകുന്നു. അതു കിളിപ്പാട്ടല്ല. ഒരു ഗുരു തന്റെ ശിഷ്യയായ ഒരു സ്ത്രീക്കു നൽകുന്ന അദ്വൈതജ്ഞാനോപദേശമാണു് അതിലെ പ്രതിപാദ്യം.

“പരമാനന്ദപദം കാണ്‍മതിന്നാശയോടു
മരികേ വന്നു വിനയാനതവക്ത്രത്തോടും
മരുവും സുമംഗലേ! നിന്നുടെ മനോരഥ
മറിഞ്ഞീടിനേനഹമെന്നതുമല്ല മേന്മേൽ
വളർന്നീടുന്ന ഭക്തിവിശ്വാസം കണ്ടുമുള്ളിൽ
ത്തെളിഞ്ഞു നന്നായെനിക്കേറ്റവും ധന്യശീലേ!”
എന്നിങ്ങനെയാണു് ഗ്രന്ഥത്തിന്റെ ഉപക്രമം.

“സദ്വൃത്തിയുണ്ടാകണം സാധുക്കളോടു സംഗ
മെത്തണമപ്പോളുള്ളിലജ്ഞാനം നീങ്ങുമെന്നു
വേദാന്തസാരജ്ഞന്മാർ ചൊല്ലീടുന്നതുകൊണ്ടു
വേദാന്തവാക്യം സ്മൃതിഗീതയെന്നിവയോരോ
കഥകളതിലുള്ള സാരോപദേശങ്ങളെ
പ്പുതുതായ്പരിഭാഷയായിഹ ലോകംതന്നിൽ
മൃദുമാനസന്മാരായ്മരുവും ജനങ്ങൾക്കും
മൃദുഭാഷിണിയായ നിനക്കും വഴിപോലെ
പരമാർത്ഥജ്ഞാനമുണ്ടാവതിനെളുപ്പമാം
ചരിതാമൃതം ചിന്താരത്നമാനന്ദോദയം”
എന്നു് ആ ഘട്ടത്തിലും

മങ്ഗലശീലേ ബാലേ നിനക്കു ബോധിപ്പാനാ
യിങ്ങനെ ചൊന്നേൻ പരിഭാഷയായാത്മതത്വം.
എന്നുടെ ഗുരുവരൻതന്നുടെ കാരുണ്യത്താൽ
നന്നെന്നു സമസ്തരും ബോധിച്ചു വഴിപോലെ
സമ്മതിക്കേണമതിന്നായഹം ഗുരുവരം
പിന്നെയും മുഹുർമ്മുഹുരഞ്ജലി ചെയ്തീടുന്നേൻ.
ഭാഷയെന്നോർത്തു നിന്ദാഭാവത്തെത്തേടീടൊലാ
കാവ്യനാടകാദികൾ ധരിച്ച മഹാജനം.
യോഷമാർക്കറിവാനായ്ക്കൊണ്ടു ഞാൻ ചുരുക്കമായ്
ഭാഷയായുരചെയ്തേൻ ക്ഷമിക്ക സമസ്തരും.
ചിന്തിക്കുംതോറും സാരമുണ്ടിതിലതുമൂലം
ചിന്താരത്നമെന്നു പേരിടുന്നു ഭക്തിയോടും.
സന്തതം പഠിച്ചീടുന്നവർക്കു ബന്ധമറ്റു
സന്തതാനന്ദമായ സായുജ്യമനുഭവം.”
എന്നു ഗ്രന്ഥാവസാനത്തിലും കവി പ്രസ്താവിക്കുന്നു. ചിന്താരത്നം ഏതെങ്കിലും ഒരു പ്രത്യേകഗ്രന്ഥത്തിന്റെ പരിഭാഷയല്ലെന്നും വേദാന്തവാക്യങ്ങൾ സ്മൃതികൾ ഭഗവദ്ഗീത മുതലായ പല വാങ്മയങ്ങളേയും ആസ്പദമാക്കിയാണു് കവി അതു നിബന്ധിച്ചിരിക്കുന്നതെന്നും ആ ഉദ്യമത്തിന്നു തന്നെ പ്രേരിപ്പിച്ചതു സ്ത്രീകൾക്കും അവരെപ്പോലെ താരതമ്യേന അവ്യുൽപന്നന്മാരായ പുരുഷന്മാർക്കും അദ്വൈതതത്ത്വങ്ങൾ സുഗ്രഹങ്ങളാക്കുന്നതിനുള്ള ആഗ്രഹമാണെന്നും ഉദ്ധൃതഭാഗങ്ങളിൽനിന്നു വെളിവാകുന്നു. ഗ്രന്ഥകാരൻ വന്ദിക്കുന്ന ആചാര്യൻ ആരെന്നു ഖണ്ഡിച്ചു പറവാൻ പ്രയാസമുണ്ടു്. എങ്കിലും ആരംഭത്തിൽ

“പരമാചാര്യനായിപ്പരമഹംസനായി
പ്പരമാനന്ദപ്രദനായ്പ്പരമാത്മാവായി
പരമഭക്തന്മാർക്കു ഗുരുവായ് സുരാലയ
തരുവായ് ഗുണത്രയയുക്തയാം ശക്തിയോടും
ഒരുമിച്ചഹർന്നിശമാനന്ദസ്വരൂപനായ്
മരുവീടുന്ന ശ്രീകൃഷ്ണാചാര്യസ്വാമിയുടെ
ചരണസരോരുഹയുഗളാന്തർഭാഗത്തിൽ
പെരുകീടുന്ന സുധാം പെരികെപ്പാനംചെയ്തു
മരുവീടുകകൊണ്ടു പരമാനന്ദമായി
ട്ടുരചെയ്യുന്നേൻ നന്നായ്ത്തെളിഞ്ഞുകേൾക്ക ബാലേ.”
എന്ന വരികളിൽ ശ്രീകൃഷ്ണഭഗവാനോടൊപ്പം തന്റെ ഗുരുനാഥനായ ശ്രീകൃഷ്ണാചാര്യൻ എന്നൊരു സന്യാസിശ്രേഷ്ഠനെക്കൂടി സ്മരിച്ചിട്ടുണ്ടെന്നു തോന്നിപ്പോകുന്നു. ചിന്താരത്നകാരനു് അദ്വൈതവേദാന്തത്തിൽ അന്യാദൃശമായ അവഗാഹമുണ്ടായിരുന്നു എന്നു് അതിന്റെ ഏതു ഭാഗം വായിച്ചാലും സ്പഷ്ടമാകുന്നതാണു്.

കർത്തൃത്വം
ചിന്താരത്നം എഴുത്തച്ഛൻ തന്റെ മകൾക്കോ മരുമകൾക്കോ വേദാന്തതത്വങ്ങൾ ഉപദേശിക്കുന്നതിനു വേണ്ടി രചിച്ച ഒരു കൃതിയാണെന്നു ചിലർ പറയാറുണ്ടു്. ഞാൻ ആ അഭിപ്രായത്തോടു യോജിക്കുന്നില്ല. ഒന്നാമതു് അതിലെ ഭാഷ അദ്ധ്യാത്മരാമായണം, ഭാരതം ഇവയെ അപേക്ഷിച്ചു് അർവാചീനവും ആ ദൃഷ്ടിയെ ആശ്രയിച്ചുനോക്കുകയാണെങ്കിൽ അതിന്റെ ആവിർഭാവം കൊല്ലം ഒൻപതാം ശതകത്തിന്റെ ഉത്തരാർദ്ധത്തിനു മുൻപാണെന്നു ഗണിക്കുവാൻ നിവൃത്തിയില്ലാത്തതുമാകുന്നു. രണ്ടാമതു് എഴുത്തച്ഛന്റെ സുവിദിതമായ ശൈലിക്കു വിപരീതമായി സദാശിവരൂപത്തിലുള്ള ധ്യാനത്തിനാണു് കവി പ്രസ്തുത കൃതിയിൽ പ്രാധാന്യം നല്കിക്കാണുന്നതു്. മൂന്നാമതു ‘മനോഹരേ’, ‘വരാനനേ’, ‘ആയതവിലോചനേ’ എന്നിങ്ങനെ ചില സംബോധനകൾ കവി പ്രയോഗിച്ചിരിക്കുന്നതിൽ അല്പം അനൗചിത്യപ്രസംഗമുള്ളതും എഴുത്തച്ഛനെ അതു്—പ്രത്യേകിച്ചും മകളുടേയോ മരുമകളുടേയോ വിഷയത്തിൽ—അശേഷം ബാധിക്കുവാൻ ഇടയില്ലാത്തതുമാകുന്നു. നാലാമതു “കാശിയും രാമേശ്വരം ശ്രീരംഗം, കുംഭകോണം, കാമാക്ഷി ഗയാ പുരുഷോത്തമം, ഗോകർണ്ണവും, കാളഹസ്തിയും കമലാലയം, ചിദംബരം, വ്യാളേന്ദ്രപുരം (തിരുവനന്തപുരം) ശിവപേരൂർ, തൃക്കാരിയൂരും” എന്നിങ്ങനെ ഭാരതഖണ്ഡത്തിലെ പുണ്യക്ഷേത്രങ്ങളെ പരിഗണനം ചെയ്യുന്നതു് എഴുത്തച്ഛനാണെങ്കിൽ കേരളത്തിൽ തിരുവനന്തപുരം, തൃശ്ശൂർ, തൃക്കാരിയൂർ എന്നീ സ്ഥലങ്ങളെ സ്മരിക്കവേ തൃക്കണ്ടിയൂർ വിട്ടുകളയുവാൻ മാർഗ്ഗമില്ല. ഏതാദൃശങ്ങളായ കാരണങ്ങൾകൊണ്ടു കൃഷ്ണശിഷ്യനായ ഏതോ ഒരു കവിയാണു് ചിന്താരത്നത്തിന്റെ പ്രണേതാവെന്നും അതു് എഴുത്തച്ഛനല്ലെന്നും വന്നുകൂടുന്നു.

“പൃഥ്വീദേവന്മാരാലേ ചെയ്യപ്പെട്ടൊരു കർമ്മ
ശക്തികൊണ്ടെനിക്കു സായുജ്യമായിരിപ്പൊരു
മുക്തിയെ ലഭിക്കണമെന്നു ചിന്തിക്കും മൂഢ
ചിത്തന്മാരജ്ഞാനികൾക്കധികാരികളല്ലോ.”
എന്നുംമറ്റുമുള്ള ബ്രാഹ്മണോപാലംഭംകൊണ്ടു തൃപ്തനാകാതെ

“വെള്ളിമാമലതന്നിൽ വാഴുന്നൂ പരമേശൻ,
വെള്ളെരുതെന്നുള്ളോരു വാഹനമതുമുണ്ടു്.
അദ്രിനന്ദിനിക്കനുരൂപനായനുദിനം
പുത്രന്മാരോടുംകൂടിസ്സുഖിച്ചു വസിക്കുന്നു.
പാലാഴിതന്നിൽ ഫണിമെത്തമേൽ ശയിക്കുന്ന
നീലവർണ്ണനാം വിഷ്ണു ഭഗവാൻ നാരായണൻ
ശ്രീമഹാലക്ഷ്മിയോടും ഭൂദേവിയോടുംകൂടി
സ്സാമോദം യോഗനിദ്ര ചെയ്യുന്നൂ ജഗന്നാഥൻ.
ഇപ്രകാരങ്ങളറിഞ്ഞീടുമപ്പോഴുമുള്ളിൽ
സ്വപ്രകാശത്വം ഭവിക്കുന്നീല മായാബലാൽ
ഈശന്മാർ പലരുണ്ടെന്നുള്ളൊരു മതംപൂണ്ടു
പേശുന്നൂ, കലഹവും കൂടുന്നൂ മതഭേദാൽ.”
ഇത്യാദി പ്രതീകോപാലംഭത്തിനുപോലും മുതിരുന്ന ചിന്താരത്നകാരനെ, ആ ഉപാലംഭമെല്ലാം അത്യന്തം പ്രാപ്താവസരമാണെങ്കിലും, ദേവബ്രാഹ്മണഭക്തനായ എഴുത്തച്ഛനിൽനിന്നു ഭിന്നനായല്ലാതെ കല്പിക്കുവാൻ മാർഗ്ഗമില്ല. “ന ബുദ്ധിഭേദം ജനയേദജ്ഞാനാം കർമ്മസംഗിനാം.” എന്ന ഗീതാവാക്യമനുസരിച്ചായിരുന്നുവല്ലോ എഴുത്തച്ഛന്റെ കാവ്യനിർമ്മിതി.

കവിതാരീതി
ചിന്താരത്നം ശാസ്ത്രനിഷ്ഠമാണെങ്കിലും സരസവും പ്രസന്നവുമായ ഒരു കാവ്യമാകുന്നു. കുറെ വരികൾ പകർത്തിക്കാണിക്കാം:

“ദണ്ഡങ്ങളോരോന്നു വന്നണഞ്ഞിട്ടാത്മാവിനെ
ദ്ദണ്ഡിപ്പിച്ചീടുമെന്നു തോന്നുന്നൂ നിരൂപിച്ചാൽ.
എണ്ണുകിൽ വയസ്സുമൊരെഴുപത്തഞ്ചാമിപ്പോ
ളിന്നിമേലിരിപ്പെത്രയുണ്ടെന്നുമറിഞ്ഞീല.
എന്നുടെ കാലം കഴിഞ്ഞാലിവരെന്നെപ്പോലെ
തന്നെയിപ്പരാധീനം രക്ഷിച്ചുപൊറുക്കുമോ?
തങ്ങളിൽ വാശിപിടിച്ചന്യായസ്ഥലത്തെത്തി
യിങ്ങു ഞാൻ നേടിവച്ച ദ്രവ്യങ്ങൾ കളയുമോ?
എങ്ങനെ വരുമെന്നതറിഞ്ഞീലെന്നാകിലു
മിങ്ങു ഞാൻ ചെയ്യേണ്ടതു ചെയ്യേണമെന്നാലിപ്പോൾ.
എന്നുടെ ഗൃഹങ്ങളിൽ ഞാൻ പുലർത്തേണ്ടുന്നവ
രൊന്നൊഴിയാതേ പാർത്താലെണ്‍പതുപേരുണ്ടല്ലോ.
എന്നതിൽ വിശേഷമുണ്ടെന്മകനിളയവ
നെന്നോടുകൂടിബ്ഭുജിച്ചല്ലാതെ തൃപ്തിവരാ.
നന്ദനന്മാർക്കു വേണ്ടുന്നാഭരണങ്ങളെല്ലാം
നന്നായിത്തീർപ്പിച്ചു നല്കീടിനേനിനിയതിൽ
മൂത്തവൻതന്റെ മകൻതനിക്കായൊരു വള
തീർപ്പിച്ചു നല്കീടണമതിനുണ്ടുപായവും.
സോദരൻ മഹാശുദ്ധാത്മാവതികോപശീല
നോദനം ഭുജിപ്പാനുംകൂടെസ്സാമർത്ഥ്യമില്ല.
… … …
നാലുനൂറാകും പത്തുകൂടെച്ചേർക്കുമ്പോളതു
കാലത്തിൽ വാണാലുണ്ടായ്വന്നീടും ധാന്യംകൊണ്ടു
നാലഞ്ചു ഗൃഹത്തിലായ് വസിക്കുന്നവർക്കെല്ലാ
മാലസ്യമെന്യേ ഭുജിച്ചാനന്ദിച്ചിരുന്നീടാം.
വിത്തൊരു പത്തുപറ വിതയ്പാനുള്ള നിലം
സത്വരം കൊണ്ടീടണമതിനുണ്ടുപായവും.
ഇത്തരം വിചാരിച്ചങ്ങിരിക്കും ദശാന്തരേ
ചത്തുപോകുന്നൂ കർമ്മവാസനപോലേ തദാ.”
ഈ വരികളിൽ നാം പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ ചില വരികളുടെ അനുനാദം വ്യക്തമായി കേൾക്കുന്നു. എഴുത്തച്ഛന്റെ മനോഗതി ഇത്തരത്തിലുള്ള വിചാരങ്ങളിലും അവയുടെ നഗ്നമായ വിശദീകരണത്തിലുംനിന്നു വിദൂരസ്ഥമാണു്.

30.27കൈവല്യനവനീതം

മൂലം
‘കൈവല്യനവനീതം’ എന്ന അദ്വൈതവേദാന്തപ്രതിപാദകമായ കൃതി തഞ്ചാവൂർ ജില്ലയിൽ നന്നിലം എന്ന സ്ഥലത്തു ജീവിച്ചിരുന്ന താണ്ഡവരായസ്വാമികൾ (താണ്ഡവമൂർത്തിയെന്നു പറയും) എന്ന ബ്രാഹ്മണകവി തമിഴിൽ രചിച്ചതാണു്. ആ ദേശവാസിയായ നാരായണാചാര്യൻ എന്ന സിദ്ധന്റെ ശിഷ്യനായിരുന്നു താണ്ഡവമൂർത്തി. ഈ വിവരമെല്ലാം മൂലത്തിൽ വിശദമായി പ്രസ്താവിച്ചിട്ടുണ്ടു്. ആ ഗ്രന്ഥം തത്ത്വവിളക്കമെന്നും സന്ദേഹത്തെളിതലെന്നും രണ്ടു പടലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മുദ്രിതപുസ്തകത്തിൽ ആദ്യത്തെ പടലത്തിൽ നൂറ്റെട്ടും രണ്ടാമത്തെ പടലത്തിൽ നൂറ്റെണ്‍പത്തഞ്ചും അങ്ങനെ ആകെ ഇരുനൂറ്റിത്തൊണ്ണൂറ്റിമൂന്നു പാട്ടുകൾ കാണുന്നു. താഴെക്കാണുന്ന പാട്ടുകൾ വായനക്കാർ അറിഞ്ഞിരിക്കേണ്ടതാണു്.

“പൊന്നിലമാതരാചൈ പൊരുന്തിനർ പൊരുന്താരുള്ളം
തന്നിലന്തരത്തിർ ചീവചാക്ഷിമാത്തിരമായ് നിർക്കും
എന്നിലങ്കളിനുമിക്കവെഴുനിലമവറ്റിൻമേലാം
നന്നിലമരുവുമേകനായകൻപതങ്കൾ പോറ്റി.”(പ:1-1)
“മുത്തനൈ വെങ്കടേചമുകുന്തനൈയെനൈയാട്കൊണ്ട
കത്തനൈ വണങ്കിച്ചൊല്ലു ങ്കൈവല്യനവനീതത്തൈ-
ത്തത്തുവവിളക്കമെന്റുഞ്ചന്തേകത്തെളിതലെന്റും
വൈത്തിരുപടലമാക വകത്തുരൈചെയ്കിന്റേനേ.”(പ: 1-7)
“എന്ന പുണ്ണിയമോ ചെയ്തേനേതു പാക്കിയമോ കാണേ
നന്നിലംതനിലെഴുന്ത നാരണൻകിരുപൈയാലേ
തന്നിയനാനേനാനുത്തരീയത്തൈ വീശുകിന്റേ
ന്റന്നിയനിന്നും നാനേ താണ്ടവമാടുകിന്റേൻ.(പ: 2-175)
തത്തുവഞാനം പന്ത തന്തോടവതിചയത്താ
നിത്തമാടുവൻ കാണെന്റ നിലൈ മുന്നമേയറിന്ത
ചത്തിയമതിനാലന്റോ താണ്ടവാവെന്റഴൈത്ത-
രത്തനൈ മകിമൈയുള്ളോരന്നൈയും പിതാവുംതാമേ.”(2-176)
“ആരണപ്പൊരുളാം വിത്തൈയാനന്തം വിളങ്കവേതു
ങ്കാരണർ കുറവിലാമർ കൈവല്യനവനീതത്തൈ
പ്പൂരണമാകവേണ്ടിപ്പൂർവമാ നന്നിലത്തി-
നാരണകുരു നമുക്കു നവിൻറനർ കനവിൽ വന്തേ.(2-179)
അണ്ണറന്നരുളിനാലേയകം പുറമീന്റിയൊന്റാ
മെണ്ണമിലലക്കിയാർത്തത്തിൻ പൊരുളതു താനെന്ന
നണ്ണിന ചരീരമാതിനാതത്തിനു പാതിയെന്റേ
കണ്ണതായനൈത്തും കാണക്കാട്ടിന ന്റാണ്ടവേശൻ”(2-180)
“എന്നുമാവാക്യനാർകുമിചൈക്കും വിത്തിയാനന്ത-
ഞ്ചൊന്ന നാരണൻ പാതം തൊഴുതു തുനിത്തോർകളറ്റോ
രിന്നമാണാക്കൻ കുരുവാർ ചന്തേകം തീത്തിടു പതത്തേ
തുന്നിനിറൈന്തു നിന്റോർകടൂയമുത്തരാകുംവരേ.”(2-182)
ഉദ്ധരിച്ച പാട്ടുകളിൽനിന്നു് ഗ്രന്ഥകാരന്റെ ജന്മഭൂമി, പേർ, ദേശികസംജ്ഞ ഇവ അറിയാൻ സാധിക്കുന്നു. തിരുപ്പതിയിലെ വെങ്കടേശ്വരമൂർത്തിയേയും കവി വന്ദിക്കുന്നു. നാരായണഗുരു സ്വപ്നത്തിൽ തനിക്കു് ഉപദേശിച്ചവിധത്തിലാണു് താൻ കൈവല്ല്യനവനീതം രചിക്കുന്നതെന്നും, തത്ത്വജ്ഞാന ലാഭംനിമിത്തമുണ്ടായ സന്തോഷാതിശയത്താൽ താൻ നൃത്തമാടുമെന്നു മുൻകൂട്ടിയറിഞ്ഞു തന്റെ മാതാപിതാക്കന്മാർ തനിക്കു താണ്ഡവൻ എന്നു നാമകരണം ചെയ്തുവെന്നും കൂടി അദ്ദേഹം പറയുന്നുണ്ടു്. വിദ്വന്മാണിക്യമായ നാരായണാചാര്യൻ കൈവല്യനവനീതം വിദ്യാനന്ദത്തോളം രചിച്ച അവസരത്തിൽ വിദേഹമുക്തിയെ പ്രാപിച്ചുവെന്നും അതിൽപ്പിന്നീടു് അദ്ദേഹം ‘നിദ്രയിലെഴുന്നള്ളിയരുളിച്ചെയ്കയാലേ’ ‘ശ്രീമാർത്താണ്ഡാചാര്യൻ’ ആ ഗ്രന്ഥം പൂരിപ്പിച്ചുവെന്നും പരിഭാഷകൻ പ്രസ്താവിച്ചിട്ടുള്ളതിനു മൂലത്തിലാകട്ടെ അതിന്റെ തമിഴുരകളിലാകട്ടെ യാതൊരു സൂചനയുമില്ല. ആ ഭാഗത്തിന്റെ അർത്ഥം നേരെ മനസ്സിലാകാതെ താണ്ഡവാചാര്യനെ അദ്ദേഹം മാർത്താണ്ഡാചാര്യനാക്കി എന്നാണു് ഊഹിക്കേണ്ടിയിരിക്കുന്നതു്. പരിഭാഷകൻ അതിനുമുമ്പു് ‘തത്തുവഞാനംവന്ത’ എന്ന പാട്ടു്,

“ധന്യനായ്വന്നേനഹമുത്തരീയം വീയുന്നേൻ
ധന്യധന്യൻ ഞാനഹോ താണ്ഡവം ചെയ്തീടുന്നേൻ
തത്ത്വജ്ഞാനോദയാനന്ദാനുഭൂതിയാലിവൻ
നർത്തനം ചെയ്യുമെന്നതറിഞ്ഞു മുമ്പേതന്നെ
സത്യമാകയാലല്ലോ താണ്ഡവം നാമമിട്ടോ
രുത്തമപിതാക്കന്മാർ മാഹാത്മ്യമത്യത്ഭുതം.”
എന്നു തർജ്ജമചെയ്തുമിരിക്കുന്നു. വാസ്തവത്തിൽ നാരായണാചാര്യൻ താണ്ഡവമൂർത്തിയുടെ ഗുരുവായിരുന്നു എന്നും ആ ഗുരുപരമപദം പ്രാപിച്ചതിനുമേൽ ശിഷ്യൻ കൈവല്യനവനീതം രചിച്ചു എന്നുമാണു് മൂലത്തിൽനിന്നു വെളിപ്പെടുന്നതു്. കൈവല്യനവീനതം സംസ്കൃതത്തിലുള്ള ഏതെങ്കിലും ഒരു പ്രത്യേകഗ്രന്ഥത്തിന്റെ വിവർത്തനമല്ല.

മൂലം:
“പടർന്ത വേതാന്തമെന്നും പാർക്കടൽമൊണ്ടു മുന്നൂർ
കുടങ്കളി നിറൈത്തുവൈത്താർ കുരവർകളെല്ലാം കായ്ച്ചി
ക്കടൈന്തെടുത്തളിത്തേനിന്തക്കൈവല്യനവനീതത്തെ
അടൈന്തവർ വിടയമണ്ടിന്റലൈവരോപചിയിലാരേ.”
ഭാഷാന്തരം:

“പരന്ന വേദാന്തമാം പാൽക്കടൽനിന്നു കോരി
നിറച്ച ശാസ്ത്രങ്ങളാം കുടങ്ങൾ നിറഞ്ഞെങ്ങും
പരിചിൽപ്പാനംചെയ്തുകൊള്ളുവാൻ വച്ചു മുന്നം
പരമകൃപാലുക്കളാകിയ ഗുരുക്കന്മാർ.
അതിനെക്കാച്ചിക്കടഞ്ഞെടുത്തു തന്നീടുന്നു
മധുരതരമായ കൈവല്യനവനീതം.
അതി ഭാഗ്യത്താലിതു ലഭിച്ചു പയ്യില്ലാത്തോ
രധമവിഷയമാർന്നതിനാൽ വലഞ്ഞിടാ.”
എന്നു കവിതന്നെ ആ വസ്തുത ഉൽഘോഷിക്കുന്നുണ്ടു്. ഗുരുശിഷ്യസംവാദരൂപത്തിലാണു ഗ്രന്ഥം നിർമ്മിച്ചിരിക്കുന്നതു്. സാധനചതുഷ്ടയസമ്പന്നനായ ഒരു പുരുഷൻ താപത്രയാർത്തനായി തനിക്കു് അനുരൂപനായ ഒരു ഗുരുവിനെ ജ്ഞാനലബ്ധിക്കുവേണ്ടി ഉപസർപ്പണം ചെയ്യുന്നു. ആ ഗുരു ഒന്നാം പടലത്തിൽ തത്ത്വോപദേശം ചെയ്കയും രണ്ടാം പടലത്തിൽ സന്ദേഹങ്ങൾക്കു നിവൃത്തി വരുത്തുകയും ചെയ്യുന്നു. തത്ത്വവിളക്കത്തിനു തത്ത്വബോധകമെന്നും സന്ദേഹത്തെളിതൽപ്പടലത്തിനു സന്ദേഹനിവർത്തകമെന്നുമാണു് ഭാഷയിൽ സംജ്ഞകൾ കല്പിച്ചിരിക്കുന്നതു്.

കർത്തൃത്വം
കൈവല്യനവനീതം വേദാന്തമയമായ ഒരു ഗ്രന്ഥമാകയാൽ അതിന്റെ പ്രണേതൃത്വം ചിലർ എഴുത്തച്ഛനിൽ സംക്രമിപ്പിക്കുന്നു എന്നല്ലാതെ അതിനു മറ്റൊരാധാരവുമില്ല. താണ്ഡവമൂർത്തി എഴുത്തച്ഛനെ അപേക്ഷിച്ചു് അർവാചീനനായിരിക്കണം. ഭാഷാരീതി നോക്കിയാൽ അതു കൊല്ലം എട്ടാം ശതകത്തിലെ കൃതിയാകുവാൻ ന്യായവുമില്ല. കവിക്കു തമിഴിൽ സാമാന്യമായ പരിജ്ഞാനമുണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല.

“ഉരത്തോരജ്ഞാനത്തിൻ പെരുത്ത നാരായവേ
രറുത്തു ബോധം നല്കും കൈവല്യനവനീതം
സ്ഫുരിച്ച തമിഴ്പ്പൊരുളറിയാ ഞങ്ങൾക്കർത്ഥം
തിരിച്ചു ചൊല്ലേണം നീ കേരളഭാഷയാലേ.’
എന്നാണല്ലോ കിളിയോടുള്ള പ്രാർത്ഥന. തർജ്ജമയിൽ പല സ്ഖലിതങ്ങളും പറ്റിപ്പോയിട്ടുണ്ടു്. സർവാധികാര്യക്കാർ ഗോവിന്ദപ്പിള്ള അതു കടിയംകുളം ശുപ്പുമേനോന്റെ കൃതിയെന്നു പറഞ്ഞിട്ടുള്ളതു വിശ്വസനീയമായിത്തോന്നുന്നു. ഒടുവിൽ തുഞ്ചത്തെഴുത്തച്ഛനെ വന്ദിയ്ക്കുന്ന ‘സാനന്ദരൂപം’ എന്ന ശ്ലോകം കാണുന്നതു കവികൃതമല്ല. അതവിടെ ചേർത്തിരിക്കുന്നതു ശുപ്പുമേനോൻ എഴുത്തച്ഛന്റെ ശിഷ്യപരമ്പരയിൽപ്പെട്ട ഒരാളാകയാലാണെന്നു വിചാരിക്കാം. തേവു (ദേവൻ) എഴുത്തച്ഛനേയും കോപ്പു (ഗോപാലൻ) എഴുത്തച്ഛനേയും കടാക്ഷിക്കുന്നതായി കരുതാവുന്ന വേറേ രണ്ടു ശ്ലോകങ്ങളുംകൂടി അച്ചടിച്ച പുസ്തകത്തിലുണ്ടു്. ആധ്യാത്മികതത്ത്വങ്ങളെ ആപാദചൂഡം ശുഷ്കമായ രൂപത്തിലാണു് മൂലഗ്രന്ഥം പ്രതിപാദിക്കുന്നതു്. മൂലത്തെ അനുസരിക്കാതെ ഗത്യന്തരമില്ലായ്കയാൽ തർജ്ജമയും ഏറെക്കുറെ രസശൂന്യമായി പരിണമിച്ചിരിക്കുന്നു.

30.28രാമായണം ഇരുപത്തിനാലുവൃത്തം

ഗ്രന്ഥസ്വരൂപം
രാമായണം ഇരുപത്തിനാലുവൃത്തം സങ്കീർത്തനം എന്ന ഇനത്തിൽപ്പെടുന്ന ഒരു കൃതിയാണെന്നു് ഇതിനുമുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇത്തരത്തിലുള്ള പ്രബന്ധങ്ങൾ സ്ത്രീകൾ കൈകൊട്ടിക്കളിക്കു് ഉപയോഗിച്ചിരുന്നു എന്നൊരു ധാരണ ചിലക്കുണ്ടു്. അതു ശരിയല്ല. കുഞ്ചൻനമ്പ്യാരുടെ രുക്‍മിണീസ്വയംവരം പത്തുവൃത്തം കൈകൊട്ടിക്കളിപ്പാട്ടാണെങ്കിലും ഭാഗവതം ഇരുപത്തിനാലുവൃത്തം ആ തരത്തിലുള്ളതല്ല. രാമായണം ഇരുപത്തിനാലുവൃത്തം ഭാഗവതം ഇരുപത്തിനാലുവൃത്തവും പത്തുവൃത്തംപോലെ സംഗീതാത്മകങ്ങളായ കൃതികളല്ലെങ്കിലും അവ സംഗീതഗന്ധികളാകയാൽ മുൻകാലത്തു കുടിപ്പള്ളിക്കൂടങ്ങളിൽ പെണ്‍കുട്ടികളെ പഠിപ്പിക്കുവാൻ ഉപയോഗിച്ചുവന്നിരുന്നു. നാമോച്ചാരണജന്യമായ ഭഗവൽഭക്തി, ശബ്ദവ്യുൽപത്തി, ഗാനവാസന എന്നിങ്ങനെ വിവിധഫലങ്ങൾ ഇത്തരത്തിലുള്ള കൃതികളുടെ അധ്യയനത്തിൽനിന്നുണ്ടാകുമെന്നു ജനങ്ങൾ വിശ്വസിച്ചിരുന്നു. രാമായണം ഇരുപത്തിനാലുവൃത്തമാണു് ആ പദ്ധതിയിലുള്ള ആദ്യത്തെ കൃതിയെന്നു് എനിക്കു് അഭിപ്രായമില്ല. പാണ്ഡവശങ്കരം അതിനെ അപേക്ഷിച്ചു പ്രാക്തനമാണെന്നു ഞാൻ ഊഹിക്കുന്നു. എന്നാൽ രാമായണത്തെപ്പോലെ പ്രചുരപ്രചാരമായ ഒരു കാവ്യം ആ വകുപ്പിലില്ലെന്നുള്ളതു സർവസമ്മതമാകുന്നു. പൗലിനസ് ബർത്തൊലോമിയോ എന്ന പാതിരിപോലും അദ്ദേഹത്തിന്റെ സഞ്ചാരഗ്രന്ഥത്തിൽ ഭാഷാസാഹിത്യത്തെപ്പറ്റി പ്രസ്താവിക്കുമ്പോൾ അതിൽ പ്രഥമവൃത്തത്തിലുള്ള “ഉത്തമപുരാണ,” “രാക്ഷസകുലാധിപതി,” “മാധവ ജയിക്ക” എന്നീ മൂന്നു ശീലുകൾ ഉദ്ധരിക്കുന്നുണ്ടു്. ആകെ ഇരുപത്തഞ്ചുവൃത്തം ഉണ്ടെങ്കിലും ഇരുപതാം വൃത്തം കഴിഞ്ഞുള്ളു “പ്രാപ്തരാജ്യേ ഹരൗ ശാസ്തരീന്ദ്രദിഷാം” എന്ന വൃത്തം പ്രക്ഷിപ്തമെന്നാണു് പല മാതൃകാ ഗ്രന്ഥങ്ങളുടേയും പരിശോധനയിൽനിന്നു വെളിപ്പെടുന്നതു്. ഈ ഇരുപത്തിനാലുവൃത്തങ്ങളും ദ്രാവിഡവൃത്തങ്ങൾതന്നെ. ആ രൂപത്തിൽ ചില വൃത്തങ്ങൾ സംസ്കൃതത്തിലും കാണുന്നുണ്ടെന്നുവെച്ചു് ആരും ഭ്രമിച്ചുപോകരുതു്. അവ ഒന്നുകിൽ ദ്രാവിഡത്തിൽനിന്നു സംസ്കൃതം കടം വാങ്ങിയതോ അല്ലെങ്കിൽ ആകസ്മികമായി രണ്ടു ഭാഷകളിലും ഒന്നുപോലെ ഉത്ഭവിച്ചതോ ആണു്. സംസ്കൃതത്തെപ്പോലുള്ള ബന്ധദാർഢ്യം ആ വൃത്തങ്ങൾക്കു ദ്രാവിഡത്തിലില്ലെന്നും ഓർമ്മിക്കേണ്ടതാകുന്നു.

കവിതാരീതി
ഇരുപത്തിനാലുവൃത്തം എട്ടാംനൂറ്റാണ്ടിലെ ഒരു കൃതിതന്നെയാണെന്നുള്ളതിൽ പക്ഷാന്തരത്തിന്നു പഴുതില്ല. അരിപ്പം, പതുപ്പു്, വാരാതെ, പകഴി, മതിയുണ്ടു് മമ്മാ, കതിർത്താർ, എണ്ണേറും, അൻപതുമറി, കുലചില, മണിപ്പൂണ്‍പു് എന്നിങ്ങനെ അക്കാലത്തെ ചമ്പൂകാരന്മാർ പ്രയോഗിച്ചുവന്ന പല പദങ്ങളും ശൈലികളും അതിൽ കടന്നുകൂടീട്ടുണ്ടു്. പ്രസ്തുത കൃതിയുടെ രചയിതാവിന്റെ കല്പനാ വൈഭവത്തേയോ പദഘടനാചാതുര്യത്തേയോ വളരെയൊന്നും ശ്ലാഘിക്കുവാൻ നിർവാഹമില്ല. ആശയങ്ങൾ നൂറ്റിനു തൊണ്ണൂറും അന്യകവികളിൽനിന്നു് അപഹരിച്ചവയാണു്. പുനത്തിന്റെ രാമായണചമ്പുവാണു് കവിയുടെ പ്രധാനാകരം. രഘുവംശം, ഭോജചമ്പു, ആശ്ചര്യചൂഡാമണി എന്നിങ്ങനെ പല ഇതരഗ്രന്ഥങ്ങളും അദ്ദേഹത്തിനു തരംപോലെയുള്ള മോഷണത്തിനു ധാരാളമായി വകനൽകീട്ടുണ്ടു്. പദഘടനയുടെ കാര്യത്തിൽ കവിയുടെ അപരാധം അക്ഷന്തവ്യമാണെന്നുതന്നെ പറയണം. ഭാഷാസംസ്കൃതപദങ്ങളെ അദ്ദേഹം പലപ്പോഴും യാതൊരന്തവും ചന്തവുമില്ലാതെ കൂട്ടിച്ചേർക്കുന്നു. ഗുരുലഘുക്കൾ കുറുക്കിയോ നീട്ടിയോ ശ്രോതാക്കൾ ആവശ്യംപോലെ ഉച്ചരിച്ചു മാത്ര ശരിപ്പെടുത്തിക്കൊള്ളണമെന്നാണു് അദ്ദേഹത്തിന്റെ വിധി. യതിഭംഗദുഷ്ടങ്ങളായ വരികൾ അവിടവിടെ മുഴച്ചുനിന്നു സഹൃദയന്മാരെ തുറിച്ചുനോക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ചില ശീലുകൾ നന്നായിട്ടുണ്ടെങ്കിലും പ്രായേണ അപ്രഗല്ഭനായി, അനംകുശനായി, കവിതാദേവിയെ തള്ളുമുന്തുംകൊണ്ടു് സന്തപ്തയാക്കുന്ന ഒരു സാധാരണനെയാണു് നാം ആ കാവ്യത്തിനു പുറകിൽ കണ്ടുമുട്ടുന്നതു്. ‘അയിരാവതഗജതോ’, ‘സൂരിയനുദിച്ച,’ ‘സീതേടെ’, ‘ചക്രപാണീടേ,’ ‘സവുഷ്ഠവം,’ “ദൈതേ,” ‘എമക്ഷയത്തിൽ,’ ‘സുവർണ്ണമാനു്,’ ‘ഉരസസ്തട്ടു്,’ ‘കടരുനിണം.’ ‘കലരിനൊരു,’ ‘സൗന്ദരിയം,’ ‘ജനകജത്തൊടൊല്ല,’ ‘പറുവതം,’ ‘കമ്പനുമകമ്പനും,’ ‘പതത്രിയാൾ പതിച്ചുടൻ’ തുടങ്ങിയ പ്രയോഗങ്ങളെ എങ്ങനെ അഭിനന്ദിക്കാം? സംസ്കൃതത്തിലും ചില ശീലുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ‘വീക്ഷ’ധാതു ആത്മനേപദിയാണെന്നറിയാതെ ‘വീക്ഷൻ’ എന്നു തട്ടിവിട്ടിരിക്കുന്നു. ‘പൊന്മണിക്കുംഭംപോലെ വിളങ്ങുന്ന നന്മുലയിണ ചാഞ്ഞു കൗസല്യേടെ’ എന്ന വരികളിൽ ‘കൗസല്യേടെ’ എന്ന പദം എത്രമാത്രം പുറംതള്ളപ്പെട്ടിരിക്കുന്നു. ‘അക്ഷരിപു ചെന്നു തിരഞ്ഞൌഷധിമത്താകും തൽക്ഷണമെടുത്തു മല കൊണ്ടുവരുന്നേരം’ എന്ന വരികളിൽ ദ്വിതീയാക്ഷരപ്രാസത്തിൽ പ്രായേണ യാതൊരു നിഷ്കർഷയുമില്ലാത്ത കവി ഒരു ‘ക്ഷ’യ്ക്കു വേണ്ടി പ്രാണത്യാഗംതന്നെ ചെയ്തിരിക്കുന്നു. “നേരേ കുശലവസുതന്മാർക്കു നല്കി നിജപേരാർന്ന രാജ്യം” എന്ന വരികളിൽ ‘കുശലവ’ എന്ന പദം ‘കുശാലവ’ എന്നുച്ചരിച്ചാലേ പാടി ഒപ്പിക്കാൻ സാധിക്കുകയുള്ളു. ഇനിയും ഈ അപഗ്രഥനം തുടരണമെന്നു വിചാരിക്കുന്നില്ല. ദ്വിതീയപാദത്തിൽ വിരാമമില്ലാത്ത ശീലുകൾ രാമായണത്തിൽ ധാരാളമുണ്ടെങ്കിലും അതിനു നാം ഗ്രന്ഥകാരനെ കുറ്റപ്പെടുത്തരുതു്. അതു് തമിഴ്രീതിയനുസരിച്ചുള്ള അന്നത്തെ ഭാഷാകാവ്യശൈലിയാണു്. രണ്ടു പാദങ്ങൾ ചേർന്നാൽ ഒരടിയും അങ്ങനെ രണ്ടടികൾ ചേർന്നാൽ ഒരു പാട്ടുമാകുമെന്നായിരുന്നു അന്നത്തെ നിയമം. ആ ശൈലി സംസ്കൃതരീതിയനുസരിച്ച കവികൾ അനന്തരകാലങ്ങളിൽ പരിത്യജിച്ചു. തന്നിമിത്തം ‘ജനകനൃപ-ദുഹിതൃകര,’ ‘നന്ദിഗ്രാമേ’, ‘ചലിത-മല്ലീ-ലതകൾ’ ‘കരയേറ്റീ-ടറിക രഘുനാഥാ’-‘ആമ്മാറെടു-ത്തടവിയിലുടൻ’ ഇത്യാദിപ്രയോഗങ്ങൾ അസാധുക്കളല്ല. അക്കാലത്തെ താദൃശങ്ങളായ കൃതികളിലെല്ലാം ആ രചനാരീതി കാണാവുന്നതുമാണു്.

കർത്തൃത്വം
പ്രസ്തുത കവിത എഴുത്തച്ഛന്റേതാവാൻ തരമില്ല എന്നുള്ളതിനു രണ്ടു തെളിവുകൾ മേൽനിർദ്ദേശിച്ച അഭംഗികളുടെ ബാഹുല്യവും അതിർകടന്ന അന്യാശയാപഹരണവുമാണു്. മൂന്നാമതായി അങ്ങിങ്ങു സ്ഫുരിക്കുന്ന ഗ്രാമ്യശൃംഗാരത്തെ ഗണിക്കാം. ‘സരസമണികൊങ്കയിൽചേർത്തനംഗോൽസവേ തരികയധരാമൃതം’, ‘തഴുകി മുലമൊട്ടിൽ മാരോത്സവസ്യാവധാവുരസി മമ നിദ്രകൊൾ’, ‘മെഴുത്ത മുഖപത്മം കുളുർത്ത മുലകളും തടുത്ത തുടയിണ നിനച്ചുടൻ’ എന്നും മറ്റും എഴുത്തച്ഛൻ എത്ര അപരിപക്വമായ യൗവനദശയിലും എഴുതിയിരിക്കുകയില്ല. നാലാമതായി അതുപോലെ തന്നെ വികൃതമായ പോരിനു വിളിയേയും കരുതാവുന്നതാണു്.

“നേരിട്ടണഞ്ഞിട്ടു പോർചെയ്തുദാരം
ദാരങ്ങളെക്കൊണ്ടുപോയെങ്കിൽ നിന്റെ
വീര്യങ്ങൾ ശൗര്യങ്ങൾ കൊള്ളാർന്നു കള്ളാ!
ദൂരത്തു പോയ്നില്ലു ശ്രീരാമ രാമ!”
എന്നു രാവണനോടു പറയുന്നതു ലക്ഷ്മണനാണെങ്കിലും എഴുത്തച്ഛൻ അദ്ദേഹത്തെക്കൊണ്ടുപോലും ആ ദുർഭാഷണം ചെയ്യിക്കുന്നതല്ലായിരുന്നു. അഞ്ചാമതായി ഇരുപത്തിനാലു വൃത്തത്തിലെ ഹാസ്യരസപ്രയോഗത്തെപ്പറ്റിയാണു് പ്രസ്താവിക്കേണ്ടിയിരിക്കുന്നതു്. എഴുത്തച്ഛന്റെ ഫലിതം അന്തർഗുഢവും ഗൗരവയുക്തവുമാണെന്നു നാം കണ്ടുവല്ലോ. ആ ശൈലിക്കു് അല്പംപോലും അടുപ്പമില്ലാത്ത ഫലിതധോരണിയാണു് ഇരുപത്തിനാലു വൃത്തത്തിൽ കാണുന്നതു്.

“മാനുഷരെത്തിന്നു നിറയാത്ത നമുക്കുണ്ടോ
വാനരരെത്തിന്നുദരപൂരണം വരുന്നു?
രാമനെയും ലക്ഷ്മണനെയും കൊറിച്ചു തണ്ണീ
രൊട്ടു കുടിച്ചാർത്തികളയുന്നു ഹരിരാമ.”
‘വില്ലെവിടെയിട്ടുകളഞ്ഞു വലിയ പൊണ്ണാ!
കല്ലിനെയെടുത്തുകൊൾ ഹിഡിംബ ഹരിരാമ,’
‘ആനക്കൊമ്പന്മാരേ രാക്ഷസരേ നിങ്ങ
ളാമെങ്കിൽ വന്നാലുമെന്നോടിപ്പോൾ.’
‘നിച്ചിരിയക്കയ്യർ പോകുവിൻ മുമ്പിൽ.’
‘മീശക്കൊമ്പാക്കെക്കരിച്ചവനെത്രയും
നാശപ്പെടുത്തിനാൻ നാരായണാ.’
‘തുള്ളിമുലച്ചികൾ പിള്ളകളെച്ചെന്നു
തുള്ളിത്തുള്ളിപ്പാഞ്ഞെടുക്കുന്നേരം.”
എന്നിങ്ങനെ കുഞ്ചൻനമ്പ്യാരോടടുക്കുന്ന ഫലിതങ്ങൾ എഴുത്തച്ഛന്റെ മുഖത്തുനിന്നു് ഒരിക്കലും പുറപ്പെടുന്നതല്ല. ഏവഞ്ച ശൃംഗാരം, വീരം, ഹാസ്യം ഈ മൂന്നു രസങ്ങളുടെ പ്രപഞ്ചനത്തിലും ഈ രണ്ടു കവികളും ഏറ്റവും വിഭിന്നന്മാരായി വർത്തിക്കുന്നു.

ഇരുപത്തിനാലു വൃത്തത്തിന്റെ കർത്താവു പുനം നമ്പൂരിയാണെന്നു മറ്റു ചിലർ പറയുന്നു. പുനത്തിന്റെ ഹസ്തലാഘവം പ്രസ്തുത കൃതിയിൽ കണികാണ്മാനില്ലെന്നുള്ളതു പോകട്ടെ. തന്റെ കൃതിയിലേ ആശയങ്ങൾതന്നെ പകർത്തി വേണമോ ആ ഉല്ലേഖസമ്പന്നനു് ഇത്തരത്തിൽ ഒരു കാവ്യം നിർമ്മിക്കുവാൻ? ആ ജാജ്ജ്വല്യമാനമായ ജ്യോതിർഗ്ഗോളം ആകാശമാർഗ്ഗം വിട്ടു് ഒരു കൈത്തിരിയുടെ രൂപത്തിൽ ഭൂമിയിലിറങ്ങി എന്നു സങ്കല്പിക്കുവാൻ എന്നെ മനസ്സനുവദിക്കുന്നില്ല. എനിക്കു് ഈ വിഷയത്തിൽ അവസാനമായി ഉപന്യസിക്കുവാനുള്ളതു് ഇത്രമാത്രമാണു്. ഇരുപത്തിനാലുവൃത്തത്തിന്റെ പ്രണേതാവിനു കാവ്യനാടകവ്യുൽപത്തിയുണ്ടായിരുന്നുവെങ്കിലും വ്യാകരണ ജ്ഞാനമുണ്ടായിരുന്നില്ല. ജ്യോതിഷത്തിൽ കുറേ അറിവു സമ്പാദിച്ചിരുന്നു. അദ്ദേഹത്തിനു പുനത്തിന്റെ രാമായണ ചമ്പു അത്യന്തം പ്രിയമായിരുന്നു. പ്രസ്തുത ഗ്രന്ഥം നിർമ്മിക്കുമ്പോൾ കവനകലയിൽ പറയത്തക്ക പരിചയം സിദ്ധിച്ചുകഴിഞ്ഞിരുന്നില്ല. അതുകൊണ്ടു ‘ശുഷ്കം ക്വചിൽ പര്യുഷിതം ക്വചിച്ച കോഷ്ണം ക്വചിൽ’ എന്ന നിലയിൽ അദ്ദേഹത്തിന്റെ കൃതി ഉച്ചാവചമായി പരിണമിച്ചു. ചാക്യാർകൂത്തും മറ്റും കേട്ടു് ആ വഴിക്കു പല അറിവുകളും സമ്പാദിച്ചിരുന്ന അദ്ദേഹം ഒരു നമ്പൂരിയായിരുന്നിരിയ്ക്കാനാണു് അധികം ന്യായമുള്ളതു്. തൽക്കാലത്തേക്കു് അദ്ദേഹത്തെ അജ്ഞാതനാമാവായിത്തന്നെ കരുതേണ്ടതാണു്. ഗ്രന്ഥത്തിനുള്ള അന്യാദൃശമായ പ്രചാരത്തെപ്പറ്റി മുൻപു പറഞ്ഞുവല്ലോ. അതിനു മുഖ്യകാരണം സങ്കീർത്തനപ്രസ്ഥാനത്തിൽ അതിനുള്ള അഗ്രിമസ്ഥാനമാണു്. ഓരോ വൃത്തത്തിന്റേയും ഒടുവിൽ ഒന്നോ ഒന്നിലധികമോ പാട്ടു ശ്രീരാമസ്തുതിപരമായി ഘടിപ്പിക്കപ്പെട്ടിട്ടുള്ളതു് ഉചിതമായിരിക്കുന്നുണ്ടു്. അന്യകാവ്യങ്ങളിൽ നിന്നു പകർത്തിയവയാണു് അവയിലെ സമുജ്ജ്വലങ്ങളായ ആശയങ്ങൾ എന്നു സ്ത്രീകൾക്കും മറ്റും സാമാന്യേന അറിയാൻ സൗകര്യമില്ലല്ലോ.

വിവിധ ഗ്രന്ഥങ്ങളിലുള്ള വിശിഷ്ടാശയങ്ങൾ ‘ഏകത്ര സൗന്ദര്യദിദൃക്ഷു’ക്കളായ പണ്ഡിതന്മാരെ അല്പാല്പം സംതൃപ്തരാക്കിയുമിരിക്കണം. വളരെ താഴ്ചവീഴ്ചകളോടുകൂടിയാണെങ്കിലും ശ്രീരാമന്റെ പാവനമായ ചരിതം അത്തരത്തിൽ പ്രധാനാംശങ്ങൾ ഒന്നും വിടാതെ സംക്ഷേപിച്ചു്,

“മാലാറുമാറരിയ രാമായണം കഥയെ
ബാലാദി പോലുമുരചെയ്കിൽ ത്രിലോകപെരു
മാളാമവൻ പരനൊടേകീഭവിപ്പതിനു
മാളായ്വരുന്നു ഹരി നാരായണായ നമഃ”
എന്ന ഫലശ്രുതിയോടുകൂടി കൈരളിക്കു സമർപ്പിച്ച കവിയെ ജനങ്ങൾ പൊതുവേ ആദരിച്ചതു് ആശ്ചര്യകരമല്ല.

ചില നല്ല ഭാഗങ്ങൾ
നല്ല ശീലുകളുടെ ചില മാതൃകകളാണു് അടിയിൽ ചേർക്കുന്നതു്.

പാരിച്ചൊരു മഴുവെടുത്തു ഘോരവരസമരങ്ങളിൽ
പാരിലുള്ള മുടിക്ഷത്രിയവീരരുടെ കഴുത്തറുത്തു
ചോരവെള്ളപ്പെരുമ്പുഴയിൽ നീരാടിയ മുനിപ്പെരുമാൾ
നേരെ വന്നു വഴി തടുത്തു രാമ രഘുനാഥ ജയ.(മൂന്നാം വൃത്തം)
സീതയായൊരു കല്പവല്ലി പടർന്ന രാമസുരദ്രുമ
ച്ഛായതന്നിൽ വസിച്ചു മാമുനിപക്ഷിമണ്ഡലമാദരാൽ
രാവണാർക്കമഹാതപത്തിനൊരാതപത്രമുദാരവാങ്
മധുരീഫലമാസ്വദിച്ചു മദിച്ചു രാമ ഹരേ ഹരേ(ആറാം വൃത്തം)
നിരന്തരം പദേ പദേ തിരഞ്ഞു കാനനേ ചിരം
ചിരന്തനോ നിജപ്രിയാം പരിശ്രമാകുലക്രിയൻ
രണക്ഷിതാവസിക്ഷതം യുദൃച്ഛയാ ദദർശ തം
ഗതപ്രഭം ജടായുഷം മുകുന്ദ രാമ പാഹി മാം(ഏഴാം വൃത്തം)
ഇതി വദതി പർവതേ യാത്ര ചൊല്ലി ക്ഷണം
ദശവദനഘോരകാന്താരതീവ്രാനലൻ
സപദി സുരസാംഗനാമങ്ങു കണ്ടീടിനാൻ
വിപുലതനുതസ്കരീം നൗമി നാരായണം.(പതിനൊന്നാം വൃത്തം)
പെട്ടെന്നിളക്കുന്ന വാൾകൊണ്ടു പാരം
ഞെട്ടിത്തെറിക്കുന്നു വിണ്ണോർവരന്മാർ
ചട്ടറ്റ പച്ചത്തഴപ്രൗഢിതന്മേൽ
മുട്ടുന്നു മേഘങ്ങൾ ശ്രീരാമ രാമ.(പതിനാറാം വൃത്തം)
വാസിഷ്ഠനിയോഗേന തുടങ്ങീ ഹയമേധം
നേദിഷ്ഠതുരംഗാലഭനേനാതിഗഭീരം
സ്വാദിഷ്ഠതരാന്നാശനപാനം മുനിപാളീ
വൃന്ദിഷ്ഠസുരൗഘം ഹരി നാരായണ നമ്മോ.(ഇരുപത്തിമൂന്നാം വൃത്തം)
നമോ എന്നു കവി എഴുതി, നമ്മോ എന്നു് അതു ഗാനസൗകര്യത്തിനുവേണ്ടി ഉച്ചരിക്കപ്പെട്ടു. അതിനെ ഒന്നു പരിഷ്കരിച്ചു പശ്ചാൽകാലത്തു ജീവിച്ചിരുന്ന പണ്ഡിതമാനികൾ ‘നംബോ’ എന്നു രൂപാന്തരപ്പെടുത്തുകയും ചെയ്തു. ‘നമ്മോഃ’ എന്ന പാഠഭേദമുള്ള ചില താളിയോലഗ്രന്ഥങ്ങൾ ഞാൻ കണ്ടിട്ടുണ്ടു്.

30.29കേരളനാടകം

കേരളനാടകം എന്നു പറയുന്ന ഗ്രന്ഥം ഒരു ദൃശ്യകാവ്യമല്ലെന്നും അതു കേരളോൽപത്തിയുടെ ഒരു നാമാന്തരമാണെന്നും വായനക്കാർ ധരിച്ചിരിക്കുമല്ലോ. ‘കേരള നാടകത്തെ ഉപദേശമായി സംഗ്രഹിച്ചു്’ എന്ന വാചകം നിരർത്ഥകമാണെന്നു തോന്നുന്നു. അപൂർവം ചില വാസ്തവശകലങ്ങൾ അനവധി അനൃതരാശികളിൽ മൂടി എല്ലാംകൂടി കൂട്ടിക്കുഴച്ചു് ആർക്കും എവിടെയും ഒരെത്തുംപിടിയും കിട്ടുവാൻ നിവൃത്തിയില്ലാത്ത നിലയിൽ രചിച്ചിട്ടുള്ള ഒരു ഭാഷാഗദ്യഗ്രന്ഥമാണു് അതു്. “ആനകണ്ടി കൃഷ്ണരായർ മലയാളമടക്കുവാൻ സന്നാഹത്തോടുകൂടി പടയ്ക്കു വന്നിരിക്കുന്നു” എന്നു ചേരമാൻ പെരുമാൾ മാനിച്ചനെന്നും വിക്രമനെന്നും പേരുള്ള രണ്ടു് ഏറാടിമാരോടും ഉണ്ണിക്കുമാരനമ്പിയാരോടും പറയുന്ന ഒരു വാക്യം ആ ഗ്രന്ഥത്തിലുണ്ടു്. പെരുമാക്കന്മാരുടെ കാലം കഴിഞ്ഞു് ഏകദേശം 500 സംവത്സരങ്ങൾക്കുമേലാണു് (ആനഗുണ്ഡി) വിജയനഗരസമ്രാട്ടായ കൃഷ്ണദേവമഹാരായർ ജീവിച്ചിരുന്നതു്. അദ്ദേഹവും എഴുത്തച്ഛനും സമകാലികന്മാരായിരുന്നു. എഴുത്തച്ഛൻ പരദേശങ്ങളിൽ സഞ്ചരിച്ചപ്പോൾ ആ മഹാനുഭാവന്റെ അപദാനങ്ങളെപ്പറ്റി അറിഞ്ഞിരുന്നു എന്നും നമുക്കു ന്യായമായി ഊഹിക്കാവുന്നതാണു്. അങ്ങനെയുള്ള ഒരു ഗ്രന്ഥകാരനു് ഇത്തരത്തിൽ ഭീമമായ ഒരു അബദ്ധം ഒരിക്കലും പറ്റുവാൻ ഇടയില്ല. അതിനാൽ കേരളോൽപത്തി എഴുത്തച്ഛന്റെ കൃതിയല്ലെന്നും അതിനെ അദ്ദേഹത്തിന്റെ നാമധേയവുമായി ആരോ ഘടിപ്പിച്ചതു വേദവ്യാസൻ ശ്രീമഹാഭാഗവതം രചിച്ചു എന്നു പറയുന്നതുപോലെ അതിനു വൈശിഷ്ട്യം വർദ്ധിപ്പിക്കുവാൻ വേണ്ടി മാത്രമാണെന്നും നാം ഓർമ്മിക്കേണ്ടതാണു്. കേരളോൽപത്തിയെപ്പറ്റി വീണ്ടും അന്യത്ര ഉപന്യസിക്കും.

ഇത്രയും പ്രസ്താവിച്ചതിൽ നിന്നു് (1) അധ്യാത്മരാമായണം, (2) ഉത്തരരാമായണം, (3) ഭാരതം, (4) ദേവീമാഹാത്മ്യം എന്നീ നാലും എഴുത്തച്ഛന്റെ കൃതികളാണെന്നുള്ളതു നിസ്സംശയമാണെന്നും, (5) ബ്രഹ്മാണ്ഡപുരാണം, (6) ശതമുഖരാമായണം, (7) ശ്രീമൽഭാഗവതത്തിൽ കാളിയമർദ്ദനം വരെയുള്ള ഭാഗം ഇവയെയും അദ്ദേഹത്തിന്റെ വാങ്മയങ്ങളായി കരുതാമെന്നും (8) ഹരിനാമകീർത്തനം, (9) ചിന്താരത്നം, (10) കൈവല്യനവനീതം, (11) രാമായണം ഇരുപത്തിനാലുവൃത്തം, (12) കേരളനാടകം അഥവാ കേരളോൽപത്തി എന്നീ ഗ്രന്ഥങ്ങളുടെ കർത്തൃത്വം അദ്ദേഹത്തിൽ ആരോപിക്കാവുന്നതല്ലെന്നും സിദ്ധിക്കുന്നു. ഇന്നു നാം ഉപയോഗിക്കുന്ന മലയാളലിപിയുടെ ഉപജ്ഞാതാവു് എഴുത്തച്ഛനാണെന്നു പറയുന്നതു് പ്രമാദമാണു്. കൊല്ലം അഞ്ചാം ശതകം മുതൽക്കു തന്നെ തീയതിക്കുറിപ്പുകളോടു കൂടിയ ഭാഷാഗ്രന്ഥങ്ങൾ ഇക്കാലത്തു നമ്മുടെ ദൃഷ്ടിയിൽപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നാലാം ശതകത്തിലുള്ള ഭാഷാശിലാരേഖകളും നമുക്കു് ലഭിച്ചിട്ടുണ്ടു്. അതിനും മുൻപു്—പക്ഷേ കൊല്ലവർഷാരംഭത്തിൽത്തന്നെ—പ്രസ്തുത ലിപികൾ അങ്ങിങ്ങു് ഈഷദ്വ്യത്യാസത്തോടുകൂടി പ്രചരിച്ചിരുന്നിരിക്കണമെന്നുള്ളതു നിർവിവാദമാകുന്നു. തോലന്റെ മണിപ്രവാളശ്ലോകങ്ങൾ മറ്റൊരു ലിപിയിൽ ലിഖിതമായെന്നു പറയുവാൻ മാർഗ്ഗമില്ലല്ലോ.

30.30ഉപസംഹാരം

തുഞ്ചത്തെഴുത്തച്ഛനെ ഭാഷാസാഹിത്യത്തിന്റെ പിതാവെന്നും കേരളീയരുടെ ഗുരുവെന്നും പറയുന്നതു് ഏറ്റവും അർത്ഥവത്താകുന്നു. അദ്ദേഹം കൈരളിയെ പല പ്രകാരത്തിൽ സമർത്ഥമായി, സഫലമായി, പരിപോഷിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്തു. അധ്യാപനമായിരുന്നു അദ്ദേഹത്തിന്റെ യൗവനത്തിലെ ജീവിക; അനന്തരം അദ്ദേഹം തുരീയാശ്രമത്തിൽ പ്രവേശിക്കുകയും, അനുരൂപന്മാരായ ശിഷ്യന്മാരാൽ പരിവൃതനായി അവർക്കും മറ്റുള്ളവർക്കും അധ്യാത്മജ്ഞാനം ഉപദേശിച്ചുകൊണ്ടു് ആയുശ്ശേഷം നയിക്കുകയും ചെയ്തു. കർമ്മകുശലതയിലും വിജ്ഞാനസമ്പാദനത്തിലും സദാചാരനിഷ്ഠയിലും ഈശ്വരഭക്തിയിലും ആ മഹാശയൻ അദ്വിതീയനായിരുന്നു. സാത്ത്വികമായ ചര്യാവിശേഷത്താൽ അദ്ദേഹം സകല ജനങ്ങൾക്കും സമാരാധ്യനായിത്തീർന്നു. ഭാഷാകവിതയെ സമുദ്ധരിച്ചു് അതിനെ സംസ്കൃതകവിതയ്ക്കു സമസ്കന്ധമായ സ്ഥാനത്തിൽ ഉപവേശിപ്പിക്കുവാൻ അദ്ദേഹം യാവജ്ജീവം നിസ്തന്ദ്രമായി പ്രയത്നിച്ചു. പുനത്തിനെപ്പോലെ സംസ്കൃതപ്രധാനവും ചെറുശ്ശേരിയെപ്പോലെ ഭാഷാപ്രധാനവുമായല്ല അദ്ദേഹം തന്റെ കാവ്യങ്ങൾ നിർമ്മിച്ചതു്; രണ്ടു ഭാഷകളിലെ പ്രസിദ്ധപദങ്ങൾക്കും ആ ഔചിത്യവേദി സമപ്രാധാന്യം നല്കി, ഭാഷാപണ്ഡിതന്മാരേയും സാമാന്യജനങ്ങളേയും ഒന്നുപോലെ അവയിലേയ്ക്കു് ആകർഷിച്ചു. പ്രചാരലുപ്തങ്ങളായ പദങ്ങൾ അദ്ദേഹം പ്രായേണ വർജ്ജിച്ചു. ആ കവി ചക്രവർത്തിയുടെ പദഘടനാപാടവം ഭാരതത്തിലാണു് അതിന്റെ അത്യുച്ചപദവിയിൽ എത്തുന്നതു് എന്നു മുൻപുതന്നെ സൂചിപ്പിച്ചുവല്ലോ. മഹാകവി കുഞ്ഞിക്കുട്ടൻതമ്പുരാന്റെ

“നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ
ക്രമക്കണക്കേ ശരണം; ജനങ്ങൾ
സമസ്തരും സമ്മതിയാതെകണ്ടി
സ്സമർത്ഥനോതില്ലൊരു വാക്കുപോലും”
എന്നു പറഞ്ഞിട്ടുള്ളതു തികച്ചും പരമാർത്ഥമാണു്. അന്നു് എഴുത്തച്ഛൻ പ്രയോഗിച്ച പദങ്ങളെക്കൊണ്ടു തന്നെയാണു് നാനൂറു സംവത്സരങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഭാഷാകവികൾ കൈകാര്യം ചെയ്യുന്നതു്. ‘കിളിപ്പാട്ടു്’ എന്ന ഗാനഗന്ധിയായ കാവ്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് അദ്ദേഹമായിരുന്നു. തദ്ദ്വാരാ അദ്ദേഹം രാമപ്പണിക്കരും ചെറുശ്ശേരിയും സംസ്കൃതവൃത്തങ്ങളെക്കൊണ്ടെന്നപോലെ ഭാഷാവൃത്തങ്ങളെക്കൊണ്ടും ശ്രുതിമധുരങ്ങളായ മഹാകാവ്യങ്ങൾ നിർമ്മിക്കാമെന്നു് അതിൻമുൻപുതന്നെ തെളിയിച്ചിരുന്ന വസ്തുതയെ വീണ്ടും പ്രസ്പഷ്ടമാക്കി. ഇന്നും ആ പ്രസ്ഥാനത്തിന്റെ ആകർഷകശക്തി അംഭഗുരമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ കാലം വരെ സംസ്കൃതവൃത്തങ്ങളിൽ വിരചിതങ്ങളായ ഭാഷാകൃതികളിൽ സദാചാരപ്രേരണ മിക്കവാറും വിരളമായിരുന്നു. ‘സദ്യഃ പരനിർവൃതി’ അവയിൽനിന്നു വിഷയാസക്തന്മാർക്കു് ലഭിച്ചിരുന്നു എങ്കിലും ‘കാന്താസമ്മിതതയോപദേശ’ പ്രാപ്തിക്കു് അവ അനുകൂലങ്ങളായിരുന്നില്ല. എഴുത്തച്ഛൻ ആ ആപാതമാത്രമധുരമായ പദ്ധതിയിൽനിന്നു് ശ്രോതാക്കളെ വ്യാവർത്തിപ്പിച്ചു് അവർക്കും ഐഹികമായ അഭ്യുദയവും ആമുഷ്മികമായ നിഃശ്രേയസവും സിദ്ധിക്കത്തക്ക വിധത്തിലുള്ള വാങ്മയങ്ങൾ നിർമ്മിച്ചു. അവ ഏതു നിലയിൽ നിന്നു നോക്കിയാലും അത്യുത്തമങ്ങളായ കാവ്യരത്നങ്ങളാകുന്നു. വൈശികതന്ത്രത്തിൽ നിന്നു് അദ്ധ്യാത്മരാമായണത്തിലേക്കും ചന്ദ്രോത്സവത്തിൽ നിന്നു് ഭാരതത്തിലേയ്ക്കുമുള്ള പ്രയാണം രാത്രിയിൽ നിന്നു പകലിലേക്കെന്നപോലെ കേരളീയർക്കു് ഉണർച്ചയും ഉയർച്ചയും നല്കി. ആ സിദ്ധൻ രസഭാവങ്ങളെ അലങ്കാരങ്ങൾക്കു കീഴ്പെടുത്തിയില്ല; ശബ്ദശ്ലേഷംകൊണ്ടു ജാലവിദ്യ കാണിച്ചില്ല; വ്യാകരണപ്രയോഗങ്ങൾകൊണ്ടു സാധാരണന്മാരെ അമ്പരപ്പിച്ചില്ല; നഗ്നമായ ശൃംഗാരമോ വിവൃതമായ ഫലിതമോകൊണ്ടു ഭാവുകന്മാർക്കു് ഉദ്വേഗവും ജനിപ്പിച്ചില്ല; കഥാകഥനത്തിൽ തനിക്കുണ്ടായിരുന്ന അന്യാദൃശമായ പ്രാഗല്ഭ്യം മുഴുവൻ അദ്ദേഹം അനുവാചകന്മാരെ അന്തശ്ശുദ്ധന്മാരും ആത്മജ്ഞാനികളുമാക്കിത്തീർക്കുവാൻ വിനിയോഗിച്ചു. ചുരുക്കിപ്പറഞ്ഞാൽ ശാന്തവും സർവമനോരഞ്ജകവുമായ ഒരു വിപ്ലവം അദ്ദേഹം സാഹിത്യസാമ്രാജ്യത്തിൽ വരുത്തി. അത്തരത്തിലുള്ള ഒരു ആചാര്യന്റെ അവതാരംകൊണ്ടു കൈരളി സർവഥാ ധന്യയായി; സാധാരണന്മാരായ കേരളീയർ സാഹിത്യസമ്പന്നരുമായി. ഏതാദൃശങ്ങളായ ഫലസിദ്ധികളെ ആസ്പദമാക്കിയാണു് ആ മഹാപുരുഷൻ ഭാഷാകവികളുടെ മധ്യത്തിൽ പ്രഥമഗണനീയനായി പരിശോഭിക്കുന്നതു്. മലയാളത്തിൽ ഒന്നാമത്തെ കാവ്യം കൃഷ്ണഗാഥയാണെങ്കിൽ അങ്ങനെയിരുന്നു കൊള്ളട്ടെ. ഒന്നാമത്തെ കവി എഴുത്തച്ഛൻ തന്നെയാണെന്നു സഹൃദയന്മാർ ആരും സശിരഃകമ്പം സമ്മതിക്കുക തന്നെ ചെയ്യും.


അദ്ധ്യായം 31 - ഭാഷാസാഹിത്യം (പദ്യം)

(കൊല്ലം എട്ടാം ശതകം)

31.1തുഞ്ചത്തെഴുത്തച്ഛന്റെ ശിഷ്യപരമ്പര

തുഞ്ചത്തെഴുത്തച്ഛനേയും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിൽപ്പെട്ട ചിലരേയും ചേർത്തു താഴെക്കാണുന്ന ഒരു പഴയ വന്ദനശ്ലോകമുണ്ടു്:

“വന്ദേഹം ഗുരുസമ്പ്രദായമനിശം തുഞ്ചത്തെഴും ശ്രീഗുരും
വന്ദേ ശ്രീകരുണാകരഞ്ച പരമം ശ്രീസൂര്യനാരായണം
വന്ദേ ദേവഗുരും പരാപരഗുരും ഗോപാലശ്രീമദ്ഗുരും
വന്ദേ നിത്യമനന്തപൂർണ്ണമമലം വന്ദേ സമസ്താൻ ഗുരൂൻ.”
ഈ ശ്ലോകത്തിൽ നാമനിർദ്ദിഷ്ടന്മാരായ ഗുരുക്കന്മാർ കരുണാകരനെഴുത്തച്ഛനും ദേവ (തേവു) നെഴുത്തച്ഛനും ഗോപാല(കോപ്പ) നെഴുത്തച്ഛനുമാണു്. പരാപരഗുരു എന്ന ബിരുദത്തോടുകൂടി ഇവരുടെ കൂട്ടത്തിൽ മറ്റൊരെഴുത്തച്ഛൻകൂടി ഉണ്ടായിരുന്നതായും സങ്കല്പിക്കാം. ഇവരിൽ കരുണാകരനും സൂര്യനാരായണനും തുഞ്ചന്റെ നേരെ ശിഷ്യന്മാരായിരുന്നു. ദേവഗുരുശിഷ്യനെന്നും പ്രശിഷ്യനെന്നും രണ്ടു പക്ഷമുണ്ടു്. ചിറ്റൂർ എഴുവത്തുവീട്ടിൽ വലിയ കോപ്പസ്വാമിയെന്നും ചെറിയ കോപ്പസ്വാമിയെന്നും രണ്ടുപേരുണ്ടായിരുന്നുവെന്നും അവരിൽ വലിയ കോപ്പസ്വാമി തുഞ്ചന്റെ സമവയസ്കനും ശിഷ്യനുമായിരുന്നു എന്നും ചെറിയ കോപ്പസ്വാമി മരിച്ചതു 985-ലാണെന്നും ചിലർ പറയുന്നു. ആകെക്കൂടി മി. പുതുക്കുളങ്ങര രാമചന്ദ്രമേനോന്റെ ഗവേഷണമല്ലാതെ ഈ ഘട്ടത്തിൽ അധികമൊന്നും ശരണീകരണീയമല്ലാത്തതും ആ ഗവേഷണം കല്യാണസുന്ദരരേഖ തുടങ്ങി ചില അയഥാർത്ഥപ്രമാണങ്ങളുടെ സമ്മിശ്രണം നിമിത്തം പ്രായേണ അവിശ്വസനീയവുമാകുന്നു. അതുകൊണ്ടു് പ്രസ്തുത വിഷയത്തെ ഏറ്റവും ഭയചകിതനായാണു് ഞാൻ സ്പർശിക്കുവാൻ ആരംഭിക്കുന്നതു്.

31.2വലിയ കോപ്പ (ഗോപാല) സ്വാമികൾ

എഴുത്തച്ഛനു് ആദ്യകാലത്തു ചിറ്റൂരിൽ ആതിഥേയനായിരുന്ന വലിയ കോപ്പസ്വാമി ‘മന്നവൻകവി’ എന്ന പേരിൽ ഉത്തരരാമായണത്തെ ആസ്പദമാക്കി ഒരു ഗാനം രചിച്ചുവെന്നും ആ കൃതിയെ എഴുത്തച്ഛൻ പ്രശംസിച്ചുവെന്നും അതുകൊണ്ടാണു് അദ്ദേഹം ഉത്തരരാമായണം കിളിപ്പാട്ടു നിർമ്മിച്ചതെന്നും മി. മേനോൻ പറയുന്നുണ്ടെങ്കിലും അതെല്ലാം വിശ്വസിക്കുവാൻ അനപലപനീയങ്ങളായ അന്യലക്ഷ്യങ്ങൾ ആവശ്യകമായിരിക്കുന്നു. മന്നവൻകവിയിൽനിന്നു ചില വരികൾ താഴെ ചേർക്കുന്നു:

“മന്നവനും മൈഥിലിയെ വെടിഞ്ഞശേഷം
മാതാക്കൾ താനുമായിട്ടിരുന്ന കാലം
ജാനകിയുമൃഷിതന്റെയാശ്രമത്തിൽ
ജന്മമതായിരിക്കുന്നാൾ ഭക്തിയോടേ
മന്നവനെ വേറിട്ടു ജാനകിയും
മഹർഷിക്കു പൂപ്പറിച്ചങ്ങിരുന്ന കാലം
അന്നരസം പകർന്നുതല്ലോ സീതയ്ക്കപ്പോ
ളവൾക്കു ഗർഭം തികഞ്ഞു പത്തു മാസമായി.”
… … …
“മന്നവനേ! പെരുവഴിയിലകപ്പെട്ടേൻ ഞാൻ
മണിയറയിൽ നിന്നോടു വേറിട്ടയ്യോ!
ജനകരാജപുരത്തിങ്കൽ വളർന്നേനല്ലോ,
ജനനിയെയുമറിയുന്നില്ലൊരുനാളും കേൾ;
നിനവെനിക്കു നിന്നെയൊഴിഞ്ഞാരുമില്ലേ,
നിർമ്മലനേ മറ്റൊന്നറിയുന്നില്ലേ;
എനിക്കു വരും വേദനകൾ പൊറുക്കുന്നില്ലേ;
എൻ പരനേയെന്നു നൊന്തു വിളിക്കുന്നാളേ.”
ഈ കവിതാരീതിക്കു സാമാന്യം പഴക്കമില്ലെന്നില്ല.

31.3കരുണാകരനെഴുത്തച്ഛൻ

കരുണാകരൻ ജാതിയിൽ നായരായിരുന്നു. അദ്ദേഹം തുഞ്ചന്റെ പ്രഥമശിഷ്യനായിരുന്നുവെന്നും അദ്ദേഹം എഴുത്തച്ഛനെ തുടർന്നു തുഞ്ചൻ പറമ്പിൽ പാഠശാല നടത്തിയെന്നും ഒടുവിൽ നെടുവിരിപ്പുസ്വരൂപത്തിൽ (സാമൂതിരിക്കോവിലകം) ഇളയതമ്പുരാന്റെ ഗുരുനാഥനായി വള്ളുവനാട്ടുള്ള ആ തമ്പുരാന്റെ കോവിലകത്തു താമസിച്ചു എന്നും ചിലർ പറയുന്നു. ഇതിനെല്ലാം ഐതിഹ്യമേ ആസ്പദമായുള്ളു.ഏതായാലും അദ്ദേഹം തുഞ്ചനോടുകൂടി ചിറ്റൂരിൽ ദീർഘകാലം താമസിച്ചതായി തോന്നുന്നില്ല. അവിടെ ആചാര്യന്റെ അനന്തരഗാമിയായിത്തീർന്നതു സൂര്യനാരായണനെഴുത്തച്ഛനായിരുന്നു. ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടും വേതാളചരിതം കിളിപ്പാട്ടും കരുണാകരനെഴുത്തച്ഛന്റെ കൃതികളാണെന്നു സർവ്വാധികാര്യക്കാർ ഗോവിന്ദപ്പിള്ള പറയുന്നുണ്ടെങ്കിലും വേതാളചരിത്രം കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടെ കൃതിയാണെന്നു് അതിൽപ്പിന്നീടു നിസ്സംശയമായി തെളിഞ്ഞിട്ടുള്ളതും ബ്രഹ്മാണ്ഡപുരാണം തുഞ്ചന്റെ കൃതിയായി പരിഗണിക്കണമെന്നു ഞാൻ മുൻപുതന്നെ പ്രസ്താവിച്ചിട്ടുള്ളതുമാകുന്നു. രാമചന്ദ്രമേനോൻ ശിവരാത്രിമാഹാത്മ്യം എന്നൊരു കിളിപ്പാട്ട് അദ്ദേഹത്തിന്റേതെന്നുള്ള പ്രസ്താവനയോടുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിൽ “രാമാനന്ദാഗ്രഹാരവർത്തിയായ് മഹാശാസ്ത്രധാമാവായ്” എന്നുതുടങ്ങി ഒരു ഭാഗമുള്ളതു ഞാൻ മുമ്പു് ഉദ്ധരിച്ചിട്ടുണ്ടല്ലോ.ആ ഭാഗം പ്രക്ഷിപ്തം എന്നാണു് എനിയ്ക്കു തോന്നുന്നതു്; എന്തെന്നാൽ അതിലേയും തുഞ്ചന്റെ കൃതികളിലേയും ഭാഷയ്ക്കുതമ്മിൽ പഴക്കംസംബന്ധിച്ചു ഗണനീയമായ വ്യത്യാസം കാണുന്നു. തല്ക്കാലം അവിജ്ഞാതകർത്തൃകമാണു് ആ കിളിപ്പാട്ടു് എന്നു സങ്കല്പിക്കുകയാണു് നല്ലതു്.

ശിവരാത്രിമാഹാത്മ്യം സരസമായ ഒരു കൃതിയാണു്. ഗ്രന്ഥകാരൻ ഗണപതി, സരസ്വതി, ശ്രീകൃഷ്ണൻ, ‘കുണ്ഡപുരനാഥ’നായ തൃക്കണ്ടിയൂർ ശിവൻ എന്നീ ദേവതകളെ വന്ദിക്കുകയും, തന്റെ ഗ്രന്ഥം ‘പൂന്തുറയെന്ന മന്നോർമന്നവൻ പിണങ്ങുവോർക്കന്തകൻ കൃപാലയനാജ്ഞയാ വിരചിതം എന്നു പറയുകയും ചെയ്യുന്നു. കവിത രണ്ടു ഭാഗമായി വിഭജിക്കപ്പെട്ടിരിക്കുന്നു. പാദവിഭാഗമുള്ള കിളിപ്പാട്ടുകളിൽ നാലുഖണ്ഡങ്ങൾ സാധാരണയായി കാണാറുണ്ടു്. പ്രസ്തുതഗ്രന്ഥത്തിൽ അതിൽനിന്നു വ്യത്യസ്തമായ ഒരു രീതി എങ്ങനെ വന്നുചേർന്നുവെന്നു വെളിവാകുന്നില്ല.ആദ്യന്തം പ്രയോഗിച്ചിരിക്കുന്ന വൃത്തം കേക തന്നെയാണു്.ഒരു ഭാഗം ഉദ്ധരിച്ചു കവിതയുടെ സ്വരൂപം പ്രദർശിപ്പിക്കാമെന്നു് ഉദ്ദേശിക്കുന്നു:

“പ്രാണത്രാണാർത്ഥമഥ ഹൂണദേശത്തിൽ വാഴും
ക്ഷോണീദേവനും തത്ര കാണായീ ശുഭദേശം.
സുഖദാനം ചെയ്തീടും മന്ദമാരുതനോടും
ശുകകോകിലകേകീമധുപനാദത്തോടും
അഖിലജനാനന്ദപ്രദമാമുദ്യാനവും
മകരന്ദവും തൂകി മണമാർന്നനുദിനം
ചമ്പകസൽകുസുമശോഭിതപദങ്ങളും
… … …
സകലമൃഗകുലവിഹഗലീലകളും
നിഖിലശോകം കളഞ്ഞവിടം കണ്ടുകണ്ട
ങ്ങകമേ സന്തോഷം പൂണ്ടടുത്തു ചെല്ലുന്നേരം
കുമുദകുവലയകമലകല്ഹാരവും
വിമലസലിലവും നിറഞ്ഞ തടാകവും
… … …
അത്ഭുതം കണ്ടനേരമുൾപ്പൂവിലുണ്ടാകയാ
ലിപ്പൊഴേ കുളിക്കണമെന്നവനൊരുമ്പെട്ടാൻ.
അപ്പൊഴുതവിടേയ്ക്കു വന്നിതു കുളിപ്പാനായ്
വിഭ്രമം കലർന്നോരു ചണ്ഡാലത്തരുണിയും.
സുഭ്രുവാമവൾ തത്ര വിപ്രനെക്കണ്ടനേര
മഭ്രത്തെക്കണ്ട ബകോടപ്പേടതന്നെപ്പോലെ
ഉൽഫുല്ലപുഷ്പം കണ്ട ഷൾപ്പദപ്പേടപോലെ
അഭ്രവാഹനതനയഭ്രാതാവിനെക്കണ്ട
കർബുരത്തരുണിയാം ഹിഡിംബിതന്നെപ്പോലെ
അഭ്രശ്യാമളരൂപനായ രാമനെക്കണ്ട
ദർപ്പകാതുരയായ ശൂർപ്പണഖയെപ്പോലെ
അത്ഭുതം കലർന്നതിനറ്റമില്ലെന്നു ചൊല്ലാം.
ഉൽഫുല്ലാക്ഷിയുമാനന്ദേന തന്നെത്താൻ മറ
ന്നല്പനേരം നിന്നിതു സാലഭഞ്ജികപോലെ.”

31.4സൂര്യനാരായണനെഴുത്തച്ഛൻ

സൂര്യനാരായണൻ അഥവാ സൂരി എഴുത്തച്ഛൻ തരകസമുദായത്തിൽപ്പെട്ട ഒരാളായിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. തരകന്മാർ മക്കത്തായികളാണു്.അദ്ദേഹത്തിന്റെ തറവാടായ ചോഴിയത്തു കുടുംബം ഇന്നുമുണ്ടു്. അതു മംഗലംകുന്നു് എന്ന സ്ഥലത്താണു്. സൂര്യനാരായണൻ ഒരു യോഗിയും കർമ്മകുശലനും വളരെക്കാലം ചിറ്റൂർ ഗുരുമഠത്തിൽ താമസിച്ചു ശിഷ്യന്മാർക്കു ജ്ഞാനോപദേശംചെയ്ത ഗുരുനാഥനുമായിരുന്നു എന്നുള്ളതിനെപ്പറ്റി പക്ഷാന്തരമുണ്ടാകുവാൻ തരമില്ല. എന്നാൽ അദ്ദേഹത്തെ കവിയെന്നു പറയാമോ എന്നു സംശയമുണ്ടു്. സ്കാന്ദപുരാണം കിളിപ്പാട്ടു് അദ്ദേഹത്തിന്റെ കൃതിയാണെന്നു ചിലർ അനുമാനിച്ചുവരുന്നതു പ്രമാദമാണെന്നു് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. അതു പാലക്കാട്ടു രാജവംശത്തിലേ ഒരംഗമായിരുന്ന ഗോദവർമ്മരാജാവിന്റെ നിബന്ധമാണു്. ഒരു പഴയതാളിയോലദ്രന്ഥത്തിന്റെ അവസാനത്തിൽ

“ഗോദവർമ്മാ യശോരാശിരശ്വാരികുലഭൂഷണം
ഗുഹസ്യ ചരിതം ധീമാനകരോന്മഞ്ജൂഭാഷയാ”
എന്നൊരു ശ്ലോകം കാണുന്നുണ്ടു്, ‘അശ്വാരി’ എന്ന പദത്തിനു വാഹദ്വിഷത്തു് അഥവാ എരുമ എന്നർത്ഥം. (എരുമയൂർ) ഏമൂർ ഭഗവതി പാലക്കാട്ടു രാജാക്കന്മാരുടെ പരദേവതയാണു്. അതിനെ ആസ്പദമാക്കിയാകുന്നു ഗോദവർമ്മരാജാവു തന്നെപ്പറ്റി അശ്വാരികുലഭൂഷണം എന്നു പറഞ്ഞിട്ടുള്ളതു്.അദ്ദേഹവും എഴുത്തച്ഛന്റെ ശിഷ്യപരമ്പരയിൽപ്പെട്ട ഒരു കവിയാണെന്നു പറയുന്നു. കാലമേതെന്നറിവില്ല. ഒൻപതാം ശതകമായിരിക്കുവാനിടയുണ്ടു്. അങ്ങനെ സൂരി എഴുത്തച്ഛനും സ്കാന്ദപുരാണവും തമ്മിലുള്ള ബന്ധം വേരറ്റുപോകുന്നു. തത്ത്വജ്ഞാനാമൃതം എന്ന പേരിൽ ഫലശ്രുതിയോടുകൂടി ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ വിരചിതങ്ങളായ പതിനെട്ടു പദ്യങ്ങൾ സമസ്തകേരളസാഹിത്യപരിഷത്ത്രൈമാസികത്തിൽ രാമചന്ദ്രമേനോൻ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അവയുടെ കർത്തൃത്വം അദ്ദേഹം സൂര്യനാരായണനെഴുത്തച്ഛന്നായി ഏല്പിക്കുന്നുവെങ്കിലും അതിനു യുക്തി കാണുന്നില്ല. പ്രസ്തുത പദ്യങ്ങൾ തുലോം വിരസങ്ങളാകുന്നു. രണ്ടെണ്ണം താഴെച്ചേർക്കാം:

“ചിത്തായ്നിന്നുവിളങ്ങി ലോകമഖിലം കാലത്രയാബാധ്യമായ്
സത്തായ് ഷൾഗുണസാക്ഷിയായനുദിനം സർവസ്യ ചാധാരമായ്
ചിത്താംഭോരുഹമായതിന്നു രവിയായാനന്ദമായ് ബോധമായ്
നിത്യം മേവുമനന്തമൂർത്തിമമലം ശ്രീമൽഗുരും ഭാവയേ.
അസ്തീയെന്നു ഭവിച്ച കാലമുദരേ പെട്ടോരു ദുഃഖങ്ങളോ
എത്താ ചൊല്വതിനിന്നു സന്തതമഹം ചിന്തിപ്പിനെല്ലാവരും
പത്താംമാസമതായ കാലമൊരുനാൾ കർമ്മേണ സംജായതേ
ചിത്തേ സംഭവദുഃഖമോർത്തു സതതം കാമാരിപാദം ഭജേ.”
കർമ്മേണ തുടങ്ങിയ സ്ഖലിതങ്ങളുടെ കഥയിരിക്കട്ടെ, ‘സ്മരിക്കുന്നു’ എന്നതിനു ‘സ്മര്യതേ’ എന്നും പ്രാപിക്കുന്നു എന്നതിനു് ‘പ്രാപ്യതേ’ എന്നും മറ്റും പ്രയോഗിക്കുന്ന കവിക്കു സംസ്കൃതത്തിൽ കർത്തരി-കർമ്മണിപ്രയോഗങ്ങളുടെ ഭേദംപോലും അറിവില്ലെന്നു വിശദമാകുന്നു. ഭാഗ്യവശാൽ സൂരി എഴുത്തച്ഛന്റെ കൃതിയല്ല തത്ത്വജ്ഞാനാമൃതം എന്നതിനു് അതിൽത്തന്നെ ലക്ഷ്യമുണ്ടു്.

“ഏവം ശ്രുത്യനുഭൂതിയുക്തിയിവയാലാത്മാഹമിത്യാദരാൽ
ഭാവം ബോധിതനായ മൽഗുരുവരം കാരുണ്യവാരാന്നിധിം
ദേവം പൂർണ്ണമനന്തചിൽഘനമജം ഗോപാലകാഖ്യം ശിവം
സേവ്യാനാമഭികാമദം സുഖമയം ബോധസ്വരൂപം ഭജേ”
എന്ന പദ്യത്തിൽനിന്നു കവിയുടെ ഗുരുവിന്റെ പേർ ഗോപാലൻ എന്നായിരുന്നു എന്നും സങ്കല്പിക്കാം. ആകെക്കൂടി നോക്കുമ്പോൾ സൂര്യനാരായണനെഴുത്തച്ഛന്റെ യാതൊരു കൃതിയും നമുക്കു് ഇതുവരെ ലഭിച്ചിട്ടില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഭാഗവതത്തിൽ കാളിയമർദ്ദനത്തിനുമേലുള്ള ഭാഗം എഴുതിച്ചേർത്തതു് അദ്ദേഹമാണെന്നു പറവാൻ ആസ്പദമൊന്നുമില്ലല്ലോ.

31.5ദേവഗുരു

ദേവൻ (തേവു) എഴുത്തച്ഛനും ജാതിയിൽ തരകനായിരുന്നു. അദ്ദേഹത്തിന്റെ വകയായി വേദാന്തസാരമെന്നും വിജ്ഞാനരത്നമെന്നും രണ്ടു കിളിപ്പാട്ടുകളുണ്ടെന്നു രാമചന്ദ്രമേനോൻ പറയുന്നു. വിജ്ഞാനരത്നം അച്ചടിപ്പിച്ചിട്ടുണ്ടു്. സംസ്കൃതവൃത്തനിബദ്ധമായ അതിൽ “സ്വാമിൻ! യോഗീന്ദ്ര! ഭൂമൻ! ഗുരുവര! ഭഗവൽഭക്ത! കാരുണ്യസിന്ധോ! ശ്രീമൽ ശ്രീ സൂര്യനാരായണ പരപരമാനന്ദ സാന്ദ്ര സ്വരൂപ!” എന്നു കവി സൂരി എഴുത്തച്ഛനെ അഭിസംബോധനം ചെയ്തിരിക്കുന്നതായി കാണുന്നു. കവിതയ്ക്കു വലിയ ആസ്വാദ്യതയില്ലെങ്കിലും പല വേദാന്തരഹസ്യങ്ങൾ അതിൽ അടങ്ങീട്ടുണ്ടു്. ആകെയുള്ള ഇരുപത്തൊന്നു ശ്ലോകങ്ങളിൽ മൂന്നെണ്ണം അടിയിൽച്ചേർക്കുന്നു:

“ഓരോരോ ജന്മജന്മാന്തരമതിലുളവായുള്ള പുണ്യാതിരേകാൽ
സാരം മാനുഷ്യജന്മം സകലസുഖകരം പ്രാപ്തമായ് വന്നുതിപ്പോൾ
നേരോടാരാഞ്ഞതോർത്താൽ ജനിമൃതിഭയസംസാരദുഷ്പൂരമാമി
പ്പാരാവാരം കടപ്പാൻ തരണി ഗുരു കടത്തീടുവാൻ കർണ്ണധാരൻ?”
“മിഥ്യാഭൂതം പ്രപഞ്ചം ജഡമുടനനൃതം ദുഃഖഭാവം നിനച്ചാൽ
നിത്യം ബ്രഹ്മൈവ സത്യം നിഖിലസുഖമയം സച്ചിദാനന്ദസാന്ദ്രം
ശ്രുത്യന്താർത്ഥപ്രമൃഗ്യം സുലഭമസുലഭം ബാലിശാനാം പരോക്ഷം
പ്രത്യക്ഷം സർവഗത്വാൽ പ്രതിവിമലമലം ഭാതിവേദസ്വരൂപം.”
“അക്കാണായ ഗുഹാതലത്തിലൊരു സന്യാസീ മഹാമന്ത്രവും
നീക്കത്തൂക്കു വരാതെ നോക്കിയിരുപത്തോരായിരം പിന്നെയും
ആക്കത്തോടറുനൂറുമിങ്ങനെ ജപിച്ചീടുന്ന മന്ത്രാർത്ഥമ
ങ്ങോർക്കുന്നോർക്കൊരു മന്ത്രതന്ത്രമപരം ചിന്തിപ്പതെന്തിന്നഹോ!”
എന്നൊരു ശ്ലോകം ആ കൂട്ടത്തിലുണ്ടു്. അതു് എഴുത്തച്ഛനെ പരാമർശിക്കുന്നതാണെന്നു ചിലർ പറയുന്നു. അതിനു തെളിവൊന്നുമില്ല. “സുജ്ഞാനപ്രദമാകയാലിതിനു പേർ വിജ്ഞാനരത്നം മുദാ” എന്നു കവി പറയുന്നു.

വേദാന്തസാരം കിളിപ്പാട്ടു് എന്നൊരു ഗ്രന്ഥംകൂടി ദേവഗുരുനിർമ്മിതമായി ഉണ്ടെന്നു് ഉപന്യസിച്ചുകൊണ്ടു് അതിൽ നിന്നു താഴെക്കാണുന്ന വരികൾ രാമചന്ദ്രമേനോൻ ഉദ്ധരിച്ചിട്ടുണ്ടു്.

“ശോകനാശിനിതന്റെ വടക്കേത്തീരം നല്ല
യോഗികൾക്കാവസിപ്പാനെത്രയോ ശാന്തം യോഗ്യം
ചിൽപുരിനാഥ തന്റെ ദിവ്യതേജോവൈഭവാ
ലത്ഭുതമാകുമൈശ്വര്യങ്ങൾക്കാവാസസ്ഥാനം.
തത്ര ശ്രീരാമാനന്ദാഭിഖ്യമാമഗ്രഹാരം
വർത്തിപ്പൂ വിശ്വോത്തരം പരിപാവനം സാരം.
ആത്മാരാമനായ് രാമനാമാവാമസ്മൽഗുരു
വാത്മബോധം ദർശിപ്പോർക്കേകുവാൻകരുണയാ
തത്രസ്ഥസ്വസ്ഥാപിതപർണ്ണശാലാന്തരത്തിൽ
നിത്യതൃപ്തനായ് സമാധിസ്ഥനായ്മരുവുന്നു.
തൻതിരുവടിതന്റെ ചേവടിത്തളിർ രണ്ടു
മന്തരംഗത്തിലോർത്തു കുമ്പിട്ടുകൂപ്പിടുന്നേൻ.
തൽപാദദാസന്മാരാമാചാര്യദ്വയത്തെയു
മല്പജ്ഞനിവൻ ഭക്ത്യാ കൈവണങ്ങിയശേഷം
ആദിശ്രീഗുരുവരുളിചെയ്ത ദിവ്യങ്ങളാം
വേദാന്തസാരങ്ങളെസ്സംക്ഷേപിച്ചോതീടുന്നേൻ.”
ഈ കൃതികളുടെ പ്രണേതൃത്വത്തിന്റെ സത്യാവസ്ഥയെപ്പറ്റി തൽകാലം ഒന്നും പറവാൻ നിവൃത്തിയില്ല.

31.6പരാപരഗുരു

പരാപരഗുരുവിന്റെ കൃതിയാണെന്നുള്ള പ്രസ്താവനയോടുകൂടി ‘ആത്മബോധം’ എന്ന പേരിൽ കിളിപ്പാട്ടുരീതിയിലുള്ള ഒരു ഭാഷാഗാനം രാമചന്ദ്രമേനോൻ പരിഷത്ത്രൈമാസികം പതിനൊന്നാം പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതു ശങ്കരാചാര്യരുടെ ആത്മബോധമെന്ന വേദാന്തഗ്രന്ഥത്തിന്റെ ഭാഷാനുവാദമാണു്. ആ കൃതിയെ പരാപരഗുരുവിൽ ആരോപിക്കുന്നതിനു യാതൊരു തെളിവും അദ്ദേഹം കാണിച്ചിട്ടില്ല. അതിൽനിന്നു മാതൃകയായി ചിലവരികൾ ഉദ്ധരിക്കാം:

“ഭുവനപ്രസിദ്ധമാമാത്മബോധഗ്രന്ഥത്തെ
നവകേരളഭാഷാഗാനമാക്കുവാനായി
ശിവനേ, ഭവനേ, ശങ്കരനേ, ഹരനേ, നീ
യിവനെക്കടാക്ഷിപ്പാൻ തൃക്കഴൽ കൂപ്പീടുന്നേൻ.
വൻതപം ചെയ്തുകൊണ്ടു താപമൊക്കവേ നീക്കി
ശ്ശാന്തരായേറ്റം രാഗദ്വേഷാദിരഹിതരായ്
സന്തതം മോക്ഷകാമന്മാരായോർക്കുള്ളതാണീ
സ്സന്തതാനന്ദമേകുമാത്മബോധമാം ഗ്രന്ഥം.
അന്യസാധനങ്ങളെക്കാളും മോക്ഷാർത്ഥികൾക്കു
ധന്യസാധനം ബോധമെന്നതൊന്നത്രേ നൂനം.
വീതിഹോത്രനെന്നിയേ പചിക്കാവതല്ലൊന്നും
സാധിക്കയില്ല ജ്ഞാനംകൂടാതെ മോക്ഷമാർക്കും.
കർമ്മകാണ്ഡപ്രോക്തങ്ങളായ് വിവിധങ്ങളായ
കർമ്മങ്ങൾ വിരോധിച്ചിട്ടുള്ളവയല്ലെന്നാലും
അവിദ്യാനിവർത്തനം കർമ്മകാണ്ഡോക്തക്രിയാ
പ്രവൃത്തന്നൊരിക്കലുമുണ്ടാകയില്ലാ ദൃഢം.”

31.7ഗോപാലനെഴുത്തച്ഛൻ

ഗോപാലനെഴുത്തച്ഛനെയാണു് വലിയ കോപ്പസ്വാമികളെന്നു പറയുന്നതു് എന്നും അദ്ദേഹം തുഞ്ചത്തെഴുത്തച്ഛനേക്കാൾ വയോധികനായിരുന്നു എന്നും അദ്ദേഹത്തിനു മുൻപുതന്നെ അന്തരിച്ചു എന്നും ചിലർ അഭിപ്രായപ്പെടുന്നു. അതു ശരിയാണെങ്കിൽ സൂര്യനാരായണനെഴുത്തച്ഛന്റെ മരണാനന്തരം അദ്ദേഹം ഗുരുമഠത്തിന്റെ ആധിപത്യം സ്വീകരിച്ചു എന്നുള്ള ഐതിഹ്യത്തിനു് ഉപപത്തിയില്ലാതെവരുന്നു. പരമാർത്ഥം ആർക്കും അറിവില്ല. ചെറിയ കോപ്പസ്വാമികളുടെ വകയായ ചില ഗ്രന്ഥങ്ങളിൽ രാമാനന്ദൻ, കരുണാകരൻ, സൂര്യനാരായണൻ, ദേവൻ എന്നീ നാലു ഗുരുക്കന്മാരെപ്പറ്റിയേ വന്ദിച്ചുകാണുന്നുള്ളുവത്രേ. ആ കോപ്പസ്വാമി അന്തരിച്ചതു് 985-ലുമാണു്. അങ്ങനെയാണെങ്കിൽ ചെറിയ കോപ്പസ്വാമിതന്നെയായിരിക്കുമോ ഗോപാലനെഴുത്തച്ഛൻ? അദ്ദേഹത്തിന്റെ കാലാനന്തരമായിരിക്കുമോ ‘വന്ദേഹം ഗുരുസമ്പ്രദായം’ എന്ന ശ്ലോകത്തിന്റെ ആവിർഭാവം? ആ ശ്ലോകം എഴുവത്തു രാമച്ചപ്പണ്ടാരം എന്നൊരാളുടെ കൃതിയാണെന്നും ചെറിയ കോപ്പസ്വാമിയുടെ ശിഷ്യനായ അദ്ദേഹം 1007-ആണ്ടാണു് മരിച്ചതെന്നും രാമചന്ദ്രമേനോൻ പറയുന്നു. ആ പ്രസ്താവന ശരിയാണെങ്കിൽ വലിയ കോപ്പസ്വാമിയെ ‘വന്ദേഹം’ എന്ന ശ്ലോകത്തിൽ സ്മരിച്ചിട്ടില്ലെന്നും ചെറിയ കോപ്പസ്വാമിയെയാണു് ‘ഗോപാലശ്രീമൽഗുരും’ എന്ന പദംകൊണ്ടു രാമച്ചപ്പണ്ടാരം നിർദ്ദേശിച്ചിരിക്കുന്നതെന്നും നിർണ്ണയിക്കാം. അപ്പോൾ ഗോപാലനെഴുത്തച്ഛന്റെ കാലം ക്രി. പി. പത്താം ശതകത്തിലാണെന്നു സിദ്ധിക്കുന്നു. എന്നാൽ ചെറിയ കോപ്പസ്വാമി എന്നു പറയുന്നതു പതിനൊന്നാം ശതകത്തിൽ ജീവിച്ചിരുന്ന ഭീമത്തു കോപ്പുമേനോനെയാണെന്നും പത്താം ശതകത്തിൽ കോപ്പസ്വാമി എന്ന പേരിൽ ഒരാൾ എഴുവത്തുവീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പറയുന്നവരുണ്ടു്. ഭീമത്തു കോപ്പുമേനോൻ 1040-ൽ ഗുരുമഠം നവീകരിക്കുകയും 1085-ൽ മരിക്കുകയും ചെയ്തു. അദ്ദേഹവും എഴുവത്തുകുടുംബത്തിൽപ്പെട്ട ആൾതന്നെ. അതിനു മുൻപു ‘ഗോപാലശ്രീമൽഗുരു’ എന്ന പദത്താൽ നിർദ്ദിഷ്ടനായ ഒരു കോപ്പസ്വാമി ഉണ്ടായിരുന്നു എന്നും അതു് എഴുത്തച്ഛന്റെ സമകാലികനായ വലിയ കോപ്പസ്വാമിയല്ലെന്നും സിദ്ധമാണു്. അതുകൊണ്ടു പത്താം ശതകത്തിൽ കോപ്പസ്വാമിയെന്ന പേരിൽ മറ്റൊരാൾ ജീവിച്ചിരിക്കണമെന്നു വന്നുകൂടുന്നു.

ഗോപാലനെഴുത്തച്ഛന്റെ കൃതിയാണു് പാർവതീസ്വയംവരം കിളിപ്പാട്ടെന്നും ചിലർ പറയുന്നുണ്ടെങ്കിലും അതിനു തെളിവൊന്നുമില്ല. മച്ചാട്ടിളയതിന്റെ കൃതിയാണെന്നാണു് മറ്റു ചിലരുടെ പക്ഷം. മച്ചാട്ടിളയതു പത്താം ശതകത്തിൽ ജീവിച്ചിരുന്നു. ആരുടെ കൃതിയായാലും പാർവതീസ്വയംവരം പത്താം ശതകത്തിൽ വിരചിതമാണെന്നു് ഭാഷാരീതികൊണ്ടു വെളിവാകുന്നതിനാൽ അതിനെപ്പറ്റി അന്യത്ര പ്രസ്താവിച്ചുകൊള്ളാം. ഗോദവർമ്മരാജാവിന്റെ സ്കാന്ദപുരാണത്തെ മാത്രമേ ഇവിടെ പരാമർശിക്കുന്നുള്ളൂ.

31.8സ്കാന്ദപുരാണം കിളിപ്പാട്ടു്

മൂലം
എണ്‍പത്തോരായിരത്തിലധികം ശ്ലോകങ്ങളുള്ള ഒരു മഹാപുരാണമാണു് സ്കാന്ദം. ഇതരപുരാണങ്ങളിൽ ഒന്നിനും ഇത്രമാത്രം ദൈർഘ്യമില്ല. കിളിപ്പാട്ടുകാരൻ ആശ്രയിച്ചിട്ടുള്ളതു് ആ ഗ്രന്ഥമല്ല: അതിൽ ശങ്കരസംഹിതയെന്ന പന്ത്രണ്ടു ഖണ്ഡങ്ങളുള്ള ഒരു പുരാണം പില്ക്കാലങ്ങളിൻ ആരോ കൂട്ടിച്ചേർത്തിട്ടുണ്ടു്. അതിലെ പ്രഥമഖണ്ഡത്തിനു ശിവരഹസ്യം എന്നു പേർ പറയുന്നു. അതിൽ ഉല്പത്തികാണ്ഡം, അസുരകാണ്ഡം, മഹേന്ദ്രകാണ്ഡം, യുദ്ധകാണ്ഡം, ദേവകാണ്ഡം, ദക്ഷകാണ്ഡം, ഉപദേശകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങൾ അടങ്ങിയിരിക്കുന്നു. ആദ്യത്തെ ആറുകാണ്ഡങ്ങൾ കാഞ്ചീപുരം കച്ചിയപ്പ ശിവാചാര്യരും ഏഴാമത്തെ കാണ്ഡം അദ്ദേഹത്തിന്റെ ശിഷ്യൻ കോനേരിയപ്പമുതലിയാരും ക്രി. പി. 1500-ആണ്ടിടയ്ക്കു തമിഴിൽ വിവർത്തനംചെയ്തു. കച്ചിയപ്പ ശിവാചാര്യരുടെ കാവ്യത്തിന്റെ പേർ (സ്കന്ദ) കന്തപുരാണം എന്നാകുന്നു. കിളിപ്പാട്ടുകാരൻ ശങ്കരസംഹിതയ്ക്കു പുറമേ കച്ചിയപ്പരുടെ കൃതിയേയും ഉപജീവിച്ചിട്ടുണ്ടു്. അതു സംഭവകാണ്ഡം, ആസുരകാണ്ഡം, വീരമാഹേന്ദ്രകാണ്ഡം, യുദ്ധകാണ്ഡം, ദേവകാണ്ഡം എന്നിങ്ങനെ അഞ്ചു കാണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. വീരമാഹേന്ദ്രകാണ്ഡത്തിനു തമിഴിൽ മാഹേന്ദ്രകാണ്ഡമെന്നുതന്നെയാണ് പേർ. ദക്ഷകാണ്ഡം രാമായണത്തിൽ ഉത്തരകാണ്ഡംപോലെ, പൂർവകഥാപ്രതിപാദകമായ ഒരു ഭാഗമാകയാലായിരിക്കണം അതു ഗ്രന്ഥകാരൻ വിട്ടിരിക്കുന്നതു്. ഒന്നും മൂന്നും കാണ്ഡങ്ങൾ കേകയിലും രണ്ടും നാലും കാണ്ഡങ്ങൾ കാകളിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. കവിതന്റെ വന്ദനത്തിനു വിഷയമാക്കീട്ടുള്ളവരുടെ കൂട്ടത്തിൽ “വേദമുച്ചരിച്ചീടും ബ്രാഹ്മണശ്രേഷ്ഠന്മാരും മേദുരന്മാരായീടും മൽഗുരുനാഥന്മാരും”കൂടി ഉൾപ്പെടുന്നുണ്ടു്. ആ ഗുരുനാഥന്മാർ ആരെന്നു് അറിയുന്നില്ല.

കവിതാരീതി
സ്കാന്ദപുരാണത്തിലെ കവിത അപകൃഷ്ടമാണു്. പ്രാചീനങ്ങളായ ശുകഗാനങ്ങളിൽ അതിനെക്കാൾ വിരസവും സ്ഖലിതജടിലവുമായ ഒരു കൃതി കണ്ടെത്തുവാൻ പ്രയാസമുണ്ടെന്നുപോലും പറയാം. മനോഹരമായ ശങ്കരസംഹിത അത്രമാത്രം വികൃതമായി ഭാഷയിൽ സംക്ഷേപിച്ച കവി അശേഷം അഭിനന്ദനീയനല്ല. പ്രസ്തുത പുരാണകഥ മറ്റാരും കിളിപ്പാട്ടായി രചിച്ചിട്ടില്ലെന്നുള്ളതല്ലാതെ അതിന്റെ നിലനില്പിന്നു വേറെ യാതൊരു കാരണവും ഞാൻ കാണുന്നില്ല. ‘കല്ല്യാണരൂപിയായ പാർവതി’, ‘കൃഷ്ണദ്വൈപായനെന്നു്’, ‘വൈയ്യാകരണാദികൾ പാഠം ചെയ്തു’, ‘കൃത്തിവാസൻ’, ‘രക്ഷിതാത്മൻ’ ഇങ്ങനെയുള്ള അപശബ്ദങ്ങൾ ഇതിൽനിന്നു് എത്ര വേണമെങ്കിലും പ്രദർശിപ്പിക്കുവാൻ കഴിയുന്നതാണു്. ‘വിരവിനൊടു’, ‘പരിചിനൊടു’ ‘ഇഹ’ മുതലായ നിരർത്ഥകപദങ്ങൾ എവിടെയും അനുവാചകന്മാർക്കു് ഉദ്വോഗജനകങ്ങളായി നഗ്നനർത്തനം ചെയ്യുന്നു. താഴെക്കാണുന്നവ ദേവകാണ്ഡത്തിലെ ചില വരികളാണു്:

“വിരവിനൊടുമരികിൽ മരുവിന നിജസഹോദരൻ
വീരബാഹുവിനെ നോക്കിയരുൾചെയ്തു.
അമരരിപു വിരവിനൊടു വിമലതരപട്ടണേ
യൻപോടു ചെന്നു നീയൊന്നു ചെയ്തീടുക.
അമരപരിവൃഢസുതനെ വിരവൊടു വരുത്തുക
അല്ലൽപൂണ്ടുള്ളോരു ദേവജനത്തെയും.
ഇഹ വചനമിതി സപദി നിജശിരസി കൈക്കൊണ്ടു
ഗാഢകുതുകം കടന്നുചെന്നാദരാൽ
വിരവിനൊടു ദിതിജപുരി കനിവിനൊടു പുക്കുടൻ
വീരബാഹുജയന്താദികളെക്കണ്ടു.”
പോരേ? കവിയുടെ അക്ഷന്തവ്യമായ സാഹസത്തിനു് ഇതിൽ പരം എന്തു ലക്ഷ്യം വേണം? ഗോദവർമ്മാവിന്റെ ‘യശോരാശിത്വവും’ ‘ധീമത്ത്വവും’ കവിതയെ ആസ്പദീകരിച്ചല്ലെന്നുള്ളതു സിദ്ധമാണു്. അദ്ദേഹം സ്കാന്ദപുരാണം രചിച്ചിട്ടുള്ളതു മഞ്ജൂഭാഷയിലുമല്ല. ഘുണാക്ഷരന്യായേന ഏതാനും ചില വരികൾ അങ്ങിങ്ങു് അസ്വാരസ്യം ഇല്ലാത്തവയായും ഇല്ലെന്നില്ല. അവയുടെ ഒരു മാതൃക അടിയിൽ ചേർക്കുന്നു. സുബ്രഹ്മണ്യന്റെ ബാലക്രീഡയാണു് പ്രമേയം.

“അങ്ങനെ കുറഞ്ഞൊന്നു ചെല്ലുന്ന കാലത്തിങ്കൽ
മംഗലശീലൻ ഗുഹൻ നടന്നു തുടങ്ങിനാൻ.
ഭംഗിയിൽ സോദരന്മാരായുള്ള വീരരുമാ
യംഗങ്ങൾതന്നിൽ നല്ല ഭൂഷണങ്ങളും പൂണ്ടു,
അങ്ങോടിങ്ങോടുമോടിക്കളിച്ചു തുടങ്ങിനാൻ
കിങ്ങിണി ശബ്ദിക്കയും സംഗീതം പാടുകയും,
മംഗലസ്ത്രീകളുടെ മടിയിൽ ശയിക്കയും,
കിങ്ങിണി കഴിച്ചുടനെറിഞ്ഞു കളിക്കയും,
അംഗനാമൗലി ദേവി തിരഞ്ഞു നടക്കയു
മങ്ങൊരു കോണിൽച്ചെന്നങ്ങൊളിഞ്ഞു വസിക്കയും,
ഗംഗാവല്ലഭൻതന്നെ സ്തുതിച്ചു നമിക്കയു
മംഗജവൈരിയുടെ ഹൃദയം തെളികയും,
ചെന്നുടനൃഷഭത്തിൻമുകളിൽക്കരയേറി
യുന്നതമായീടുന്ന കകുദം പിടിക്കയും,
പോന്നുടൻ ദൃക്കു പൊത്തിത്തൊട്ടുടൻ ക്രീഡിക്കയും,
മന്ദിരങ്ങളിൽച്ചെന്നങ്ങൊളിച്ചു കളിക്കയും,
തരുക്കൾ തന്നിലേറിപ്ഫലങ്ങൾ പറിക്കയും,
സരസശീലൻ ഗുഹൻ സൂര്യലോകത്തു ചെന്നു
പരമാ ബന്ധിച്ചൊരു വാജികളഴിച്ചിട്ടു
പരിചിൽ നടക്കയെന്നുരച്ചു രസിക്കയും,
വിരയെപ്പോന്നുവന്നു ചന്ദ്രന്റെ രഥമേറി
ക്കൈരവസുഹൃത്തിനെപ്പിടിച്ചു പുറത്താക്കി
പ്പരമേശ്വരസുതൻ താൻ കൊണ്ടുനടക്കയും.”

31.9നാഗാനന്ദം കിളിപ്പാട്ട്

കാലം
നാഗാനന്ദം കിളിപ്പാട്ടു് എട്ടാം ശതകത്തിലേ ഒരു കൃതിയാണെന്നു് അതിലെ ഭാഷാശൈലിയിൽനിന്നു നിർണ്ണയിക്കാവുന്നതാണു്. എഴുത്തച്ഛന്റെ ഗാനങ്ങൾ കേരളത്തിൽ പ്രസരിച്ചുതുടങ്ങിയ കാലത്തായിരിക്കണം ആ കൃതിയുടെ നിർമ്മിതി. ‘കാരുണ്യാലയനായ രാമനാമവും പാടി’, ‘ബാഷ്പപൂർണ്ണാക്ഷനായേ’, ‘മന്ദഹാസാനനം കണ്ടേ’, ‘വിദ്യാധരൻ കീർത്തികൾ’, ‘ദരിശിച്ചു’ ഇത്യാദി പ്രയോഗങ്ങൾ എഴുത്തച്ഛന്റെ കൃതികളിലെന്ന പോലെ അതിലും കാണുന്നു. ഉരസ്സു്, ശിരസ്സു്, വക്ഷസ്സു് എന്നീ പദങ്ങൾക്കു പകരം ഉരം, ശിരം, വക്ഷം എന്നീ പദങ്ങൾ ഘടിപ്പിക്കുവാൻ കവിക്കു വൈമനസ്യമില്ല. വിദ്യാധരനെ പലപ്പോഴും ‘വിദ്യാധ്റ’നാക്കിയിരിക്കുന്നു. ‘വിനതാസുതനെ’ വിനതസുതനായും ‘ഹുതവഹനെ’ ഉതവഹനായും രൂപാന്തരപ്പെടുത്തുന്നു. ‘സരഭസമൊടു’, ‘മേഘച്ഛന്നംകൂടാതെ’, ‘ജനകജനനിയെയും’, ‘ലതഗണം’ തുടങ്ങിയ പ്രയോഗങ്ങൾ അനവധാനതാദ്യോതകങ്ങളായി അങ്ങിങ്ങു മുഴച്ചുനില്ക്കുന്നു. നാഗാനന്ദകാരന്റെ പൈങ്കിളിപ്പെണ്ണും അദ്ധ്യാത്മരാമായണത്തിന്റെ ആരംഭത്തിലെന്നപോലെ

“ശ്രീരാമ ജഗദഭിരാമ മാധവ ഹരേ,
ശ്രീരാമ നിശിചരനാശന നാരായണ,
ശ്രീരാമ സീതാമനോവല്ലഭ ജഗൽപതേ,
ശ്രീരാമ മമ ഹൃദിവാസിനേ നമോസ്തു തേ”
എന്നും മറ്റും രാമനാമം തന്നെയാണു് പാടിക്കൊണ്ടുവരുന്നതു്. “വീരരായ്പരോപകാരികളായുള്ള ജനമാരെന്നാലവർകഥ ചൊല്ലണം മടിയാതെ” എന്നു കവി അപേക്ഷിക്കുകയും ശാരിക ആ അപേക്ഷയെ അംഗീകരിച്ചു നാഗാനന്ദനാടകത്തിലും മറ്റും പ്രസ്തുതനായ ജീമൂതവാഹനന്റെ ചരിതം ഗാനം ചെയ്യുകയും ചെയ്യുന്നു.

കവിയും കവിതയും
നാഗാനന്ദം കിളിപ്പാട്ടിന്റെ കർത്താവു് ആരെന്നറിയുന്നില്ല. “മേദിനീനിവാസികളായ ഭൂസുരഗണപാദപങ്കജം തൊഴുതീടിനേൻ ദിവാനിശം” എന്ന വാക്യത്തിൽനിന്നു് അദ്ദേഹം ഒരു ബ്രാഹ്മണനല്ലെന്നു് അനുമാനിക്കാം. കവി ഹർഷദേവന്റെ നാഗാനന്ദം നാടകത്തെത്തന്നെയാണു് പ്രധാനമായി അവലംബിക്കുന്നതെങ്കിലും ദയാവീരരസം വികസിതാവസ്ഥയെ പ്രാപിക്കുന്ന ആ നാടകത്തിലെ നാലും അഞ്ചും അങ്കങ്ങളിലെ കഥാഭാഗത്തെയാണു് വിസ്തരിക്കുന്നതു്. ദൃശ്യകാവ്യത്തെ ശ്രാവ്യകാവ്യമായി വിവർത്തനം ചെയ്യുമ്പോൾ വേണ്ടിവരുന്ന വ്യതിയാനങ്ങളും, ആവശ്യവും ഔചിത്യവും അനുസരിച്ചു്, വരുത്തുവാൻ അദ്ദേഹം യത്നിച്ചിട്ടുണ്ടു്. കവിത വളരെ ആകർഷകമല്ലെങ്കിലും അപലപനീയമാണെന്നു പറവാനില്ല. നാഗാനന്ദം നാലു പാദങ്ങളായി വിഭക്തമായിരിക്കുന്നു. ഒന്നും നാലും പാദങ്ങൾ കേകയിലും രണ്ടും മൂന്നും പാദങ്ങൽ യഥാക്രമം കാകളിയിലും കളകാഞ്ചിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. ഒരു ഭാഗം ചുവടേ ചേർക്കുന്നു. വധ്യശിലയിൽ ജീമൂതവാഹനൻ കിടക്കുന്നതു കണ്ട ഗരുഡന്റെ വിചാരമാണു് പ്രതിപാദ്യം.

“അരുണസഹജനുമഥ ശിലാതലേ നോക്കിനാ
നാർത്തിയൊഴിഞ്ഞു കിടപ്പതാരെന്തിദം?
അരുതരുതിതുരഗകുലമതിലൊരുവനല്ലിവ
നാഹാരമിന്നു വേണ്ടായെന്നു താർക്ഷ്യനും
വ്യഥയൊടവനതിഝടിതി മലമുകളമർന്നുടൻ
വ്യാകുലമോടേ നിനച്ചാൻ പലതരം.
മമ ചിറകിലിളകുമൊരു പവനബലമേല്ക്കവേ
മാഴ്കിക്കരഞ്ഞരണ്ടോടുമഹിഗണം.
ഇവനൊരുവനതികഠിനഹൃദയനിതി നിർണ്ണയ
മില്ല ഭുജംഗന്മാർക്കിത്ര ധൈര്യം ദൃഢം.
മരണഭയമിവനു നഹി; കിമിദമിതി വിസ്മയം,
മറ്റൊരു ജാതികൾ വന്നുമരിക്കുമോ?
അഹികളിലുമതികഠിനഹൃദയർ ചിലരുണ്ടവ
രല്ലാതൊരുവൻ വരാ മരിച്ചീടുവാൻ.
വിഹഗപതി വിവിധമിവ പലതുമഥ ചിന്തിച്ചു
വിശ്രാന്തകോപേന താണടുത്തീടിനാൻ.
ചലനമവനതുപൊഴുതുമില്ല കാണ്‍മാനെന്നു
ശങ്കിച്ചു താർക്ഷ്യനുപരി പൊങ്ങീടിനാൻ.
പതഗപരിവൃഢനുമഥ മലമുകളമർന്നുടൻ
പാരം വിശന്നു ദാഹിച്ചു പൊറായ്കയാൽ
മരണമതു വരുവതിനു കരുതിയൊരുവൻ വന്നാൽ
മാറ്റലരെപ്പോലെ കൊല്കെന്നതേയുള്ളു.
ഇതി കരുതി ഗരുഡനഥ താണു മൂന്നാമതു
മിച്ഛയാ വധ്യശിലായാമിറങ്ങിനാൻ...”

31.10കൃഷ്ണലീല പാട്ടു്

കൃഷ്ണലീലയും കിളിപ്പാട്ടുരീതിയിൽ വിരചിതമായ കൃതിയാകുന്നു. പക്ഷേ കിളിയെക്കൊണ്ടല്ല കഥ പറയിക്കുന്നതു്. രാസക്രീഡയാണു് പ്രതിപാദ്യം. ആകെ നാലു പാദങ്ങളുള്ളതിൽ ദ്വിതീയപാദം മാത്രം കാകളിയിലും ഇതരപാദങ്ങളെല്ലാം കേകയിലും നിബന്ധിച്ചിരിക്കുന്നു. പ്രഥമപാദത്തിൽ

“മരതകസ്തംഭത്തിനും കരിവരതുമ്പിക്കൈയ്ക്കും
കുറവേകും തിരുത്തുടയെപ്പോഴും കാണാകേണം
വരചെപ്പുമുരയൊപ്പാനരിമപ്പെട്ടടികൂപ്പി
ച്ചരുളുമാ മുഴങ്ങഴലെപ്പോഴും കാണാകേണം.”
എന്നു കേകയുടെ പ്രകാരാന്തരമെന്നപോലെ ‘കല്യാണി കളവാണി’ എന്ന മട്ടിൽ പാടാവുന്ന ഒരു വൃത്തത്തിൽ എട്ടു വരികൾ കവി ഘടിപ്പിച്ചിട്ടുണ്ടു്. കൃഷ്ണലീലയുടെ പ്രണേതാവിനെപ്പറ്റി ഒരറിവും കിട്ടുന്നില്ല. ശ്രീമൽഭാഗവതത്തെത്തന്നെയാണു് അദ്ദേഹം പ്രായേണ അനുകരിച്ചിരിക്കുന്നതു്. അദ്ദേഹത്തിന്റെ ജീവിതകാലം എട്ടാം ശതവർഷമാണെന്നും ‘നഞ്ചു,’ ‘മഘാ,’ ‘മാതർ,’ ‘അച്ചച്ചോ,’ ‘പട്ടാങ്ങം,’ ‘വാർതകും’ മുതലായ പദങ്ങൾ സൂചിപ്പിക്കുന്നതായി കരുതാം. കവിതയിൽ പറയത്തക്ക രചനാനിഷ്കർഷയൊന്നും കവി പ്രദർശിപ്പിച്ചിട്ടില്ലെങ്കിലും അതിനു് അകൃത്രിമമായ കോമളത ഒരു വിശേഷഗുണമായി പ്രകാശിക്കുന്നു. ദ്വിതീയാക്ഷരപ്രാസത്തിൽ സാർവ്വത്രികമായ ദീക്ഷയില്ല. രണ്ടു ഭാഗങ്ങൾ ഉദ്ധരിക്കാം:

“വന്നാരുടനുടൻ പാട്ടു കേട്ടു ഗോപ
സുന്ദരിമാരുമാ വൃന്ദാവനംതന്നിൽ
തങ്ങടെയുറ്റോരുടയോരറിയാതെ
തങ്ങളിൽത്തങ്ങളിലാരുമറിയാതെ
പെറ്റമ്മയച്ഛനവരുമറിയാതെ
ഉറ്റവരൊട്ടു തടഞ്ഞതും കേളാതെ
കുറ്റമതിനുണ്ടെന്നമ്മചൊൽകേളാതെ
രാത്രിയിൽപ്പേടിയാമെന്നതറിയാതെ
പോയ്ച്ചെന്നു ഗോപിമാർ നന്ദകുമാരനെ
ച്ചേർച്ചയിൽക്കൈകൂപ്പിനിന്നാർ ചുഴലവേ,
മട്ടലർബാണനുടനുടനെയ്തിടും
കൂർത്തുമൂർത്തുള്ള ശരങ്ങൾ തറച്ചവർ
ആർത്തിതളർത്തണിമാർവിലണച്ചയ്യോ
കാത്തുകൊള്ളേണമെന്നാശ്രയിച്ചീടിനാർ.’
“പൂഞ്ചായലഴിഞ്ഞു പൂമാലകൾ പൊഴിയവേ,
താമരയിതൾ വെല്ലും മിഴികൾ മലരവേ,
തഞ്ചത്തിലുതിരും പുഞ്ചിരികൾ ചിതറവേ,
കഞ്ജത്തെ വെല്ലും തിരുമുഖങ്ങൾ തെളിയവേ,
ഭംഗിയിലുടൻ തിരുക്കരങ്ങളിളകവേ,
മധുരതരം തരിവളകൾ കിലുങ്ങവേ,
അണിമെയ്യുലഞ്ഞു പോർമുലകൾ കുലുങ്ങവേ,
മിന്നൽപോൽ മിന്നും കൊടിനടുവതുലയവേ,
പൊന്മണിയുടഞാണുമിടഞ്ഞുപൊടിയവേ,
പൊന്നെഴുത്തുടയാടപ്പൊൻനിറം മിന്നീടവേ,
താഴ്ചയിൽക്കളിച്ചുടൻ കാൽച്ചുവടെടുക്കവേ,
മുഗ്ദ്ധഭാവത്തെക്കണ്ടു സിദ്ധന്മാർ വണങ്ങവേ,
ഭക്തന്മാരിതു കണ്ടു നൃത്തങ്ങൾ തുടങ്ങവേ,
വിസ്മയംപൂണ്ടു വിശ്വമൊക്കെയും സുഖിക്കവേ,
ഈവണ്ണം പലപല കാലങ്ങൾ കളിച്ചിതു
കാർവർണ്ണൻതാനും ഗോപസുന്ദരിമാരുംകൂടെ
നിത്യവും പൂർണ്ണചന്ദ്രൻതന്നേ പോന്നുദിച്ചുവോ?
രാത്രികളൊക്കെയതുകൊണ്ടേറെ വിളങ്ങീതു!”

31.11രാമാശ്വമേധം കിളിപ്പാട്ടു്

കാലം
രാമാശ്വമേധം കൊല്ലം 806-ൽ പകർത്തിയെഴുതിയ ഒരു താളിയോലഗ്രന്ഥം കണ്ടുകിട്ടീട്ടുള്ളതുകൊണ്ടു് ആ കൃതിയുടെ കാലം എട്ടാം ശതകമാണെന്നു നിർണ്ണയിക്കാം. ‘ആർകലി,’ ‘ഉള്ളിലേ പുലമ്പീടണം,’ ‘അങ്കി.’ (അഗ്നി) ‘യാത്രാക്കി,’ ‘മയ്യേൽമിഴി,’ ‘പുകണ്ണു,’ ‘വാട’ (മണം) തുടങ്ങിയ പദങ്ങളുടെ പ്രയോഗം ആ നിർണ്ണയത്തിനു് ഉപോൽബലകമായുമിരിക്കുന്നു. കവി ആരെന്നറിയുന്നില്ല. ഭക്തനും വിരക്തനും വ്യുൽപന്നനും സഹൃദയനുമാണു് അദ്ദേഹമെന്നു തീർച്ചയായി പറയാം. കവിത ഹൃദ്യമായിട്ടുണ്ടു്. കേകകൊണ്ടുമാത്രമേ അദ്ദേഹം ആദ്യന്തം കൈകാര്യം ചെയ്തിട്ടുള്ളു.

“മുട്ടാതെയീശ്വരസേവ ചെയ്തീടുവോ
ർക്കെട്ടുപേരുണ്ടു വിരോധികളായിട്ടു:
ദുഷ്ടനാം മന്മഥനഗ്രേസരനതിൽ,
കിട്ടും ധനമെന്നൊരാശ രണ്ടാമതും,
നഷ്ടമാമെന്നൊരു പേടി മൂന്നാമതും,
കഷ്ടമായുള്ളൊരു നിദ്ര നാലാമതും,
ഒട്ടും പൊറാത പൈദാഹമഞ്ചാമതു,
മിഷ്ടവിയോഗാദിപീഡയാറാമതും,
തുഷ്ടിയില്ലായ്മയേഴാമ, തറിക നീ
യെട്ടാമതായതഹംഭാവമെന്നിവ
രെട്ടുപേരുംകൂടി ദേഹിനാം ജീവന
മെട്ടായ്പ്പകുത്തുകൊണ്ടീടുന്നിതു ബലാൽ.”
ആ എട്ടു ദോഷങ്ങളും തന്നെ ബാധിച്ചിട്ടില്ലെന്നും അതിനാൽ ‘നാരായണന്റെ കഥ’ കേൾക്കുവാൻ താൻ അധികാരിയാണെന്നും കവി കിളിയോടു പറയുന്നു.

“താർമകൾ തന്റെ മനോഹരമായുള്ള
പോർമുലമൊട്ടിലിഴുകുന്ന കുങ്കുമം
മാർവിടത്തിങ്കലണിയുന്ന ദൈവവും
പൂർവജന്മത്തെ മറന്നു മായാംബുധൌ
സാർവഭൗമത്വേന വീണുനിന്നിട്ടങ്ങു
ചാർവംഗമാർന്ന പൈതങ്ങളെക്കണ്ടിട്ടു
കാർമുകിൽകൊണ്ടലം മൂടിക്കിടക്കുന്ന
വാർതിങ്കൾപോലെ മയങ്ങി മുഖാംബുജം;
ആർകലിയിൽച്ചിറ കെട്ടിക്കടന്നിട്ടു
പോർചെയ്തു രാവണനെക്കൊന്ന വീര്യവും
വേർപെട്ടു ചെറ്റു വിഷാദിച്ചു രാഘവൻ
വേദനയോടു നിന്നീടിനാനക്ഷണം.”
എന്ന വരികളും, കുശലവന്മാരുടെ രാമായണഗാനത്തെ വർണ്ണിക്കുന്ന

“പാടിത്തുടങ്ങിനാരക്കഥാസാരത്തെ
യാടിത്തുടങ്ങി ശിരസ്സുകളേവർക്കും,
കൂടിത്തുടങ്ങി കരംകൊണ്ടു മേളവും,
മൂടീതു നല്ലപേർക്കുള്ളിലേ വേദന”
ഇത്യാദിഭാഗവും, സഹൃദയഹൃദയങ്ങളെ ആവർജ്ജിക്കുന്നു. സീതയെ കൊണ്ടുപോകുവാൻ പ്രത്യക്ഷീഭവിക്കുന്ന ഭൂമിദേവിയുടെ വർണ്ണനം ഏറ്റവും രമണീയമായിരിക്കുന്നു:

“എട്ടു ദിക്കും മുഴങ്ങീടുമാറങ്ങിനെ
പൊട്ടിപ്പിളർന്നുകാണായി മഹീതലം.
പൊൻചിലമ്പൊച്ച കേൾക്കായി ഗുഹാന്തരേ
പിച്ചകപ്പൂവിന്റെ വാട പൊങ്ങീ തദാ.
… … …
ആദിത്യകോടികളൊന്നിച്ചുദിച്ചപോ
ലായതമായൊരു തേജസ്സു കാണായി.
ആയതു പിന്നെ ക്രമത്താൽ വളർന്നുട
നാഖണ്ഡലൻതന്റെ കോദണ്ഡമെന്നപോ
ലാകാശമാർഗ്ഗത്തിൽ വിസ്തരിച്ചീടുന്നു.
ആയിരത്തെട്ടു തലയുള്ള പാമ്പിന്റെ
യാദിമൂർദ്ധാവിന്റെ മധ്യഭാഗത്തിങ്ക
ലായതമായോരു സിംഹാസനത്തിങ്ക
ലാനന്ദമുൾക്കൊണ്ടിരുന്നരുളീടവേ,
ആധാരശക്തിസ്വരൂപയാം ഭൂമിതാ
നാകുലമെന്നിയുദിച്ചുയർന്നീടിനാൾ.
ആലോകനാമൃതം പെയ്തുപെയ്തമ്പിനാ
ലാരാൽ വണങ്ങിനിന്നീടും മുനികൾത
ന്നാലസ്യമെല്ലാമൊഴിക്കുമാറങ്ങനെ,
ചന്ദ്രികാഭംഗിതേടീടും മനോഹര
മന്ദസ്മിതം തൂകി മൂടുന്നു ലോകരെ.
ചന്ദ്രചൂഡന്റെ ജടാഭാരമധ്യത്തിൽ
മന്ദാകിനീജലം വീഴുന്നതുപോലെ
ഇന്ദ്രലോകത്തിങ്കൽനിന്നു തൽകാലത്തു
മന്ദാരപുഷ്പവൃന്ദം പൊഴിഞ്ഞീടുന്നു.
ആശ്ചര്യമന്നേരമുണ്ടായതോർക്കുമ്പോ
ളായുസ്സു പോരാ വിരിഞ്ചനും ചൊല്ലുവാൻ.”

31.12ഭാരതം സംക്ഷേപം കിളിപ്പാട്ടു്, കവിയും കാലവും

ഈ കിളിപ്പാട്ടിന്റെ കർത്താവു് ഏറ്റുമാനൂർ ശിവന്റെ ഭക്തനാണെന്നും കൃതിയുടെ രചന അവസാനിച്ചതു് 782-ആണ്ടു കന്നിമാസം 21-ആനുയാണെന്നുമുള്ളതിനു ഗ്രന്ഥത്തിൽത്തന്നെ തെളിവുണ്ടു്.

“സപ്തമശതാബ്ദംതന്നുത്തരേ തൊണ്ണൂറ്റിന്മേ
ലെത്തിന രണ്ടാംകൊല്ലം മേടച്ഛായാനന്ദനേ
വൃത്രശാസനഗുരു സായകാസനേ നില്ക്കും
മിത്രതയോടുംകൂടെക്കാവ്യരൗഹിണേയന്മാ
രൊത്തു കന്നിയിലെത്തി സ്വർഭാനു കുംഭത്തിലും
സപ്തമേ ശിഖി തസ്മാലന്നുടൻ കുളീരത്തിൽ
പൃഥ്വീജൻ ഗുളികനും രാശീനാം മൂന്നാമതിൽ
തത്രൈവ സഹ കലാധീശനും നിലതകും
മിത്രസംക്രമകന്യാതന്നിലായിരുപത്തൊ
ന്നുത്തമദിനംചേർന്ന ചിത്രഭാനുജവാരേ
… … …
അത്ര ദേശികാജ്ഞയാ പൂരിച്ചേനതീവണ്ണം.”
എന്ന വരികൾ കാലത്തേയും

“ഉത്തമാധികമൃഗഗ്രാമം വാണരൻതന്റെ
ഭൃത്യനായിനിക്കാടമ്പീടിന വ്യാഘ്രൻതന്റെ
… … …യണേ ശ്രീരാമാദികളുടെ
സ്വർഗ്ഗാരോഹണം പാട്ടായ് നിർമ്മിച്ചേൻ കർമ്മവശാൽ.
അർത്ഥശബ്ദങ്ങളനുഭൂതങ്ങൾ പദങ്ങളും
തത്ര നേരല്ലെങ്കിലും പാരിടേ മഹാജനം
ഭക്തിമാനഗതിയെന്നുള്ള വാത്സല്യംകൊണ്ടു
ഭർത്സിച്ചീലവനത്രേയാവുതെന്നുരചെയ്താർ.
സത്തുക്കളേയും നമസ്കൃത്യ മോഹത്തെക്കൊണ്ടു
ബുദ്ധിമാനല്ലാത ഞാനോരാതെ രണ്ടാമതും
ഭദ്രനാം പരശ്വധരാമനെ വന്ദിപ്പാനായ്
വിസ്തരം കുറച്ചോരു കാർത്തവീര്യൻ തന്നുടെ
വൃത്താന്തേ ചില കഥ ബന്ധിച്ചും പാട്ടായ് ചെയ്തേ
നത്രയല്ലയന്ധൻ പിന്നും കൃഷ്ണന്റെ ചരിത്രത്തി
ലെത്തിച്ചേനുടൻ ചിത്തമേതുമൊന്നറിയാതെ.
സത്തുക്കളാലും പുകഴെത്താത കഥകളെ
വിസ്തരിക്കാമോ നിരൂപിച്ചാലങ്ങസാരന്നു്?
ഹ്രസ്വമാം കുടത്തിങ്കലെപ്പേരും കോരിക്കൊള്ളാം
സപ്തസാഗരജലമെന്നപോലതിമോഹാൽ
അത്യന്തം ഭഗവതി ചേരുന്ന കഥകളെ
വസ്തുതയറിയാതെ ചൊന്നാലും പിഴയില്ലെ
ന്നർദ്ധിച്ചുമിടയിട്ടുമെത്തിച്ചേനൊരു പാട്ടായ്
ഭക്തിപ്രാബല്യം കൈക്കൊണ്ടിങ്ങനെ മൂന്നാമതും”
എന്ന വരികൾ കവിയേയും പരാമർശിക്കുന്നു. ‘ആയിനിക്കാടമ്പിന വ്യാഘ്രനും’ ഗ്രന്ഥകാരനും തമ്മിലുള്ള ബന്ധമെന്താണെന്നു് ആ ഭാഗത്തിൽ അല്പം ഏടു പൊടിവാകയാൽ അറിവാൻ നിവൃത്തിയില്ല. കവിയുടെ ആദ്യത്തെ കൃതി ശ്രീരാമസ്വർഗ്ഗാരോഹണവും രണ്ടാമത്തേതു പരശുരാമചരിതവുമാണെന്നു കാണുന്നു. മൂന്നാമത്തേതാണു് പ്രസ്തുതകൃതി. “കൃഷ്ണനെ സ്തുതിചെയ്വാൻതന്നെ മറ്റൊന്നു ചിന്തിച്ചല്ല ഞാനിച്ചെയ്തതു്” എന്നു് അദ്ദേഹം ആ വിഷയത്തിൽ തന്റെ ഉദ്ദേശം വെളിപ്പെടുത്തുന്നു. ഭാഗവതം ആസ്തികോപാഖ്യാനത്തിനു ശേഷം ദശമസ്കന്ധത്തിന്റെ സാരസംക്ഷേപം ഉൾക്കൊള്ളിച്ചിട്ടുള്ളതു് ഇതിനു് ഉപോൽബലകമായുമിരിക്കുന്നു.

കവിത
ഭാരതം പൗലോമം മുതല്ക്കുള്ള കഥ ഭീഷ്മോൽപത്തിവരെ തുടർന്നതിനുമേൽ ശേഷമുള്ള കഥ നാമമാത്രമായി സ്പർശിക്കുകയും ഭീഷ്മരുടെ രാജധർമ്മോപദേശത്തോടുകൂടി ഗ്രന്ഥം അവസാനിപ്പിക്കുകയും ചെയ്യുന്നു. കേക, കാകളി, അന്നനട എന്നീ വൃത്തങ്ങൾ പ്രയോഗിക്കുന്നുണ്ടു്. കവിക്കു വാസനയില്ലെന്നു പറയാവുന്നതല്ല. അദ്ദേഹം ഒരു നല്ല വേദാന്തിയാണു്. പ്രാരംഭത്തിൽ വളരെ പ്രാസമുണ്ടു്. ചില വരികൾ ഉദ്ധരിക്കാം.

“ജ്ഞാനപ്പൂമരത്തിന്മേൽ മോദമോടിരിക്കുമ്പോൾ
മൗനത്തോടൊരുമ്പെട്ട ശൗനകമുനിതാന
ക്കാനനത്തിലൊരുയാഗം നേരുറ്റു ചെയ്യും കാലം
വാനത്തെപ്പെരുമാളും ദേവകളോടുകൂടെ
മാനിച്ചു യജ്ഞസൽകാരായ വന്നൊരുമ്പെട്ടു,
വാണിപ്പെണ്‍മണാളാദിമൂവരും ദിക്കുകളെ
പ്പാലിക്കും ജനങ്ങളും കിന്നരയക്ഷന്മാരും
ദാനത്തെക്കൊള്ളും നല്ല മാമുനിവിപ്രാദിയും,
വാനകത്തീന്നു നാനാജാതിയും ചേവകരും
ക്ഷോണിപാലരും വന്നുകൂടുന്നോരവസ്ഥയിൽ
… … …
കോണിൽക്കൈതൊഴുതിരുന്നൊരുങ്ങിപ്പൗരാണികൻ
ചോദിച്ചാനിനി നമ്മാലെന്തു വേണ്ടുവതെന്നു്.
തേനൊത്ത വാചാ മുനി ശൗനകനരുളിനാൻ
ചേലൊത്ത മഹാകഥാജാലത്തിലൊരു ലേശം
ചാലെച്ചൊല്കെന്നിങ്ങനെ ചിന്തിച്ചു പുനരപ്പോൾ
ചാരത്തു പരാശരസൂനുനാ പുരാ കൃതം
സാരത്വമുടൻ ചേരും നിർമ്മലമിതിഹാസം
മുന്നിട്ടോരോരോ കഥ ചൊല്ലിനാൾ മലന്തത്ത”
നൈമിശാരണ്യത്തിൽനിന്നു വരുന്ന ഒരു ‘മാണിക്കമലന്തത്ത’യെക്കൊണ്ടാണു് കഥ പറയിക്കുന്നതു്. അവസാനത്തിൽ കവി മഹാഭാരതത്തെക്കുറിച്ചു പലതും പ്രസ്താവിച്ചതിനുമേൽ ഇങ്ങനെ പറയുന്നു:

“മന്ദനാമഹമിതു ചൊല്ലിയതല്ലായ്കിലോ
സുന്ദരമെന്നുതന്നെ ചൊല്ലേണമെല്ലാപേരും.
ജ്ഞാനമില്ലാതവരു മാണിക്യമണിക്കല്ലു
നൂനം താൻ കൊണ്ടുവന്നതെന്നപോൽക്കുറ്റംചൊല്ലും.
സൽകഥ പുനരിതെന്നാകിലുമറിയാത്തോർ
സത്തുക്കളല്ലാതവർ ചൊല്ലുമ്പോൾക്കുറ ചൊല്ലും.
പക്ഷമില്ലാത ജനം ഭർത്സിക്കിലതിനേതും
ദുഃഖിയായ്കെന്നിങ്ങനെ ചൊല്ലുവോരറിവുള്ളോർ.
കസ്തൂരി മുഴുവൻ പൂചീടുന്ന ശരീരത്തി
ലെത്തീടും പ്രാണജലമിച്ഛിക്കും മക്ഷിക്കൂട്ടം.
അർത്ഥശബ്ദങ്ങളിലുമെന്നപോലൊരു കുറ
വെത്തുന്നതന്വേഷിക്കുമെത്രയും പിശുനന്മാർ.
എന്നതിങ്ങനെ ചൊല്ലി ദ്ദുശ്ശങ്ക കെടുത്തീടു
മെന്നുടെ ഗുരുകടാക്ഷത്തിനാൽ മഹാജനം.
അത്ഭുതമയമിതു പഠിക്കവല്ലും നൃണാ
മപ്പുരുഹൂതാലയം പുക്കുകൊണ്ടനുദിനം
അപ്സരസ്ത്രീകളോടു ഭോഗിച്ചു പാടിയാടി
ക്കല്പവൃക്ഷത്തിൻ നറുപൂമാലകളും ചാർത്തി
കല്പാന്തകാലം പലവാനന്ദിച്ചിരുന്നുപോയ്
പ്പൊൽപ്പൂമാനിനീധവസായുജ്യം കൈവന്നീടും.”

31.13ശ്രീരാമസ്വർഗ്ഗാരോഹണം കിളിപ്പാട്ടു്

ഭാരതസംക്ഷേപകാരന്റെ കൃതിയാണു് ഇതും. ഈ കിളിപ്പാട്ടും ഒരു മലന്തത്തയെക്കൊണ്ടാണു് കവി പാടിച്ചിരിക്കുന്നതു്. രണ്ടു ഗാനങ്ങളിലേയും ശൈലി ഏകരൂപമായിരിക്കുന്നു. കാകളിയും കേകയുമാണു് കൈകാര്യം ചെയ്തുകാണുന്ന വൃത്തങ്ങൾ.

“വാരണത്തിൻമുകത്തോനെയും കാരണി
യായ സരസ്വതിതന്നെയും കൈതൊഴു
താദിഗുരുവരനേയും … … … കൈതൊഴു
താകവഴിഞ്ഞു പറഞ്ഞുതുടങ്ങിനാൾ.
ശ്രീരാമനായ ജഗൽത്തമ്പിരാൻ പുരാ
സീതാമുഷം ദശഗ്രീവനെക്കൊന്നവൻ
നീതിചേർതമ്പിയെ വാഴിച്ചു ലങ്കയിൽ
ജീവാധിനാഥയെത്തീയോടു കൈക്കൊണ്ടു
പോയ്മുനിമാരും പെരുമ്പട ചൂഴവേ
ഭൂതി കലരും പുരമാമയോധ്യയിൽ
ഭൂപാലനായഭിഷേകമിയന്നു വാ
ണ്ണാഭോഗമുൾക്കൊണ്ടു സീതയും താനുമായ്
നാനാസുഖമോടിരിക്കുന്ന കാലത്തു
മാമുനീനാം കുലം വന്നവരോടോരോ
ദിവ്യകഥകളെച്ചിന്തചെയ്തങ്ങനെ
തത്രാഭിഷേകസൽകാരികളാകിയ
മിത്രഭൂപാലകാൻ യാത്ര വിധിച്ചുടൻ”
എന്നിങ്ങനെ പോകുന്ന ഈ കിളിപ്പാട്ടു് എഴുത്തച്ഛന്റേതല്ലെന്നു പറയേണ്ടതില്ലല്ലോ. ശ്രീരാമന്റെ വിലാപത്തിൽ നിന്നു് ഒരു ഭാഗംകൂടി ഉദ്ധരിക്കാം:

“അയ്യോ ഞാനനുജനെക്കൊല്വനോ കൊല്ലായ്വനോ?
പിൻതുണയെനിക്കിനിയാരുള്ളതനുജനേ?
വെന്തുരുകുന്നൂ മനം നിന്നെയോർത്തശേഷവും.
രാമലക്ഷ്മണന്മാരെന്നിങ്ങനെ ചെറിയന്നേ
നമ്മിലങ്ങിണങ്ങി ലോകങ്ങളിൽപ്പുകഴോടേ
വിദ്യകൾ പഠിച്ചനാളും പിരിഞ്ഞീല നമ്മിൽ
ഭംഗിയില്ലന്യനന്യം കൂടായ്കിലിരുവർക്കും.
ലോകത്തിന്നരിക്കനില്ലായ്കിലെന്തഴകുള്ള
താനയ്ക്കു മദമലങ്കാരമെന്നതുപോലെ
മാനത്തിന്നുറുതി വൻകാർമുകിൽ കണക്കേയും
താളത്തിന്നൊരു സ്വരമെന്നപോലെന്നേരവും
രാമനാമെനിക്കു നീ കൂടരികില്ലായ്കിലോ
താരണിതന്നിൽപ്പുകഴെന്തുള്ളതനുജനേ?”
പരശുരാമചരിതം കിളിപ്പാട്ടു കണ്ടുകിട്ടീട്ടില്ല.

31.14ഏകാദശീമാഹാത്മ്യം കിളിപ്പാട്ടു്

ഈ പാട്ടു് നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കേകതന്നെയാണു് ആദ്യന്തം വൃത്തം. എന്നാൽ വരിവണ്ടു്, കുയിൽ, കിളി, അന്നം എന്നീ നാലു പക്ഷികളെക്കൊണ്ടു നാലുപാദങ്ങളിലേയും കഥ യഥാക്രമം പറയിക്കുന്നു എന്നൊരു വൈചിത്ര്യം പ്രസ്തുതകൃതിക്കുണ്ട്. “ഇന്നിയുമതിൻ ശേഷം കേൾപ്പാനാഗ്രഹമെങ്കിൽ പിന്നീടു വരും കുയിലോടു ചോദിച്ചുകൊൾക” എന്നു വരിവണ്ടും “ഇന്നിയുമതിൻശേഷം കേൾക്കണമെന്നാകിലോ പിന്നാലെ വരും കിളിയോടു ചോദിച്ചുകൊൾക” എന്നു കുയിലും, “ഇന്നിയുമതിൻശേഷം കേൾക്കണമെന്നാകിലോ ബാലപ്പെണ്ണന്നത്തോടു ചോദിക്ക” എന്നു കിളിയും പറഞ്ഞുപിരിയുകയും അന്നം കഥ സമാപിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു പരിപാടി ഇതരകവികളിൽ ആരും സ്വീകരിച്ചു കണ്ടിട്ടില്ല. “മുന്നമെന്നോടു വണ്ടു ചൊല്ലി നിന്നോടു കേൾപ്പാനെന്നവളുടെ സഖ്യമായതുമെവിടുന്ന്?” എന്നുള്ള ചോദ്യത്തിനു കുയിൽ, താൻ കാർത്തവീര്യന്റെ രാജ്യത്തിൽ താമസിക്കുന്ന കാലത്തു തന്റെ വാസഭൂമിയായ വനം അഗ്നിക്കിരയാകയാൽ അവിടെനിന്നു പറന്നു് അയോധ്യയിൽ ചെന്നുചേർന്നു എന്നും അവിടെ “സാരമായിരിപ്പോരു പൂങ്കാവിലിരുന്നു ഞാൻ മാനസം തെളിഞ്ഞാനന്ദത്തോടു കൂവുന്നേരം മാനിച്ചു വരിവണ്ടു നാദത്തെക്കേട്ടു വന്നാൾ ദീനത്തെക്കളഞ്ഞൊന്നിച്ചിരുന്നു പല കാലം, ഞാനുമിക്കഥകളെക്കേട്ടറിഞ്ഞവിടുന്നു്” എന്നു മറുപടി പറയുന്നു. താൻ രുഗ്മാംഗദ മഹാരാജാവിന്റെ പത്നിക്കു നട പഠിപ്പിച്ചു കുറേക്കാലം അയോധ്യയിൽ താമസിച്ചിരുന്നു എന്നും അന്നു മൂന്നാം പാദത്തിലെ കഥ പറഞ്ഞുകേൾപ്പിച്ച പൈങ്കിളി തന്റെ സഖിയായിരുന്നു എന്നും അവൾക്കു് അതു് ആഖ്യാനം ചെയ്തതു താനായിരുന്നു എന്നും അന്നവും പ്രസ്താവിക്കുന്നു. ‘വണ്ടുകൾ’, ‘കുയിൽ’, ‘കിളി’, ‘ഹംസജാതികളിവ’ എന്നും മറ്റും ആ പക്ഷികളെ കവി മറ്റു ഘട്ടങ്ങളിലും കടാക്ഷിക്കുന്നുണ്ടു്. ഇതിവൃത്തം സുപ്രസിദ്ധമായ രുഗ്മാംഗദചരിതംതന്നെ.

കാലം
കവിയാരെന്നറിയുന്നില്ല. കാലം എട്ടാം ശതകം തന്നെയെന്നു ഭാഷാരീതിയിൽനിന്നു് ഊഹിക്കാം. താരണി(ധരണി) എന്ന (എന്നു പറഞ്ഞതു്), എരിത്തരൻ (എരിച്ചഹരൻ), മടവയർ (സ്ത്രീകൾ), മുറ (മുറവിളി), തപ്പുതൽ (പിശകു്) മുതലായ പദങ്ങളും പ്രയോഗങ്ങളും കാണ്മാനുണ്ടു്. മനോശോകം, രുക്‍മാംഗമഹീപതി ഇത്യാദി സ്ഖലിതങ്ങളും ഇല്ലാതില്ല.

കവിത
കവിതയ്ക്കു പറയത്തക്ക ആസ്വാദ്യതയില്ലെങ്കിലും അവഹേളിക്കത്തക്കവിധത്തിലുള്ള അപകർഷവുമില്ല. ഏതാനും വരികൾ ചുവടെ ചേർക്കുന്നു:

“ഭക്തനാം രുക്‍മാംഗദൻ ഭക്തിയും മുകുന്ദങ്കൽ
ചേർത്തു മാനസേ വരും ശോകവുമടക്കീടും.
ചൊല്ക്കൊള്ളും ധർമ്മാംഗദൻ ശിരസ്സു മുറിപ്പാനായ്
ക്കല്പിച്ചനേരം മനോശോകമെന്തൊന്നു ചൊല്ലൂ!
പാപമേ, അന്നു മുടിവായിതു ലോകമെല്ലാം
താപമുൾക്കൊണ്ടു തൊഴിച്ചലച്ചൂ മടവയർ.
താപസന്മാർക്കും പാരം ഖേദമായ് നടകൊണ്ടു;
താപമുൾക്കൊണ്ടു സൂര്യദേവനും മറയുന്നു;
മേഘസഞ്ചാരം തെളിവില്ലാതെ ചമഞ്ഞിതു;
അനിലൻതാനും പോയീതടങ്ങീതതുനേരം;
കോപമായിരുന്നോരു കാലനും കരയുന്നു;
സ്ഥാവരങ്ങളും വാടിക്കായ്കനി കൊഴിഞ്ഞുപോയ്;
മേദിനി കമ്പിതയായ്ച്ചമഞ്ഞു ഖേദംകൊണ്ടു.
ഇങ്ങനെയയോധ്യയിൽ മുറയായ്ച്ചമഞ്ഞിതു.”

31.15നാസാച്ഛേദം കിളിപ്പാട്ടു്

ഇതു് ഒരു ചെറിയ കിളിപ്പാട്ടാണു്. കാലം 800-ആണ്ടോടു് അടുത്തിരിക്കാനിടയുണ്ടു്. പ്രണേതാവിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. കേക, അന്നനട ഈ രണ്ടു വൃത്തങ്ങളാണു് പ്രയോഗിച്ചിരിക്കുന്നതു്. ഏതാനും വരികൾ:

“പുരികുഴലഴിച്ചുടൻ തിരുകിയൊരു ഭാഷയിൽ
പ്പുതുമലരണിഞ്ഞുടൻ തിറമൊടു ചമഞ്ഞവൾ,
കുറുനിരകൾ ചീകിയും പുരികമതിളക്കിയും
കയൽമിഴി മഴറ്റിയും തെളിവൊടു കടാക്ഷവും”
എന്നിങ്ങനെ മണികാഞ്ചിയെ അല്പം രൂപഭേദപ്പെടുത്തി ആ വൃത്തത്തിലും രചിച്ചിട്ടുണ്ടു്. ശൂർപ്പണഖ ശ്രീരാമനെ അഭിസരിക്കുവാൻ ഉദ്യമിക്കുന്നതും ലക്ഷ്മണൻ അവളെ മൂക്കും മുലയും അരിഞ്ഞുവിടുന്നതുമാണു് ഇതിവൃത്തം. കവിത അപരിഷ്കൃതമെങ്കിലും അനാസ്വാദ്യമല്ല. ഒരു ഭാഗം ചുവടേ ചേർക്കുന്നു:

“വളർത്തിനാളുടൻ മലപോലെ ദേഹം
ജട ചിതറിയും പുരികം മിന്നിയും
നെടിയ മൂക്കുമത്തിറവിയ ദന്തം
വെളുവെളെപ്പല്ലും നെടിയൊരു നാവും
ഇടിവെട്ടുംപോലെ കുരലൊലികളും
കനത്ത കണ്ഠവുമുരത്ത കൈത്തലം,
മുലയിണ രണ്ടും മലതരം ചൊല്ലാം
കുടവയറുമത്തുടയിണകളും
കനത്ത കല്ലുകൾ ഞെരിക്കും പാദവും
മദിച്ചു വന്മരം പറിച്ചു രാക്ഷസി
കയർത്തു ലക്ഷ്മണനടുത്തു ചെന്നവൾ
ദുഷിച്ച നിന്നെ ഞാനെടുത്തുകൊണ്ടുപോയ്
ക്കടിച്ചുതിന്മനെന്നടുത്തു രാക്ഷസി
തിരിച്ചനേരം കണ്ടെതിർത്തു രാമനു
മെടുത്തു ബാണവും തൊടുത്തു മന്നവൻ
മുടിക്കൊല്ലായെന്നു തടുത്തു ജാനകി
വിധിയല്ലേ മുനിവരരറിയുമ്പോ
ളൊരിക്കലും ഗുണം ഭവിക്കയില്ലറി.
അവസ്ഥ കേട്ടാറെയടങ്ങി രാഘവൻ
മറന്നു ജ്യേഷ്ഠനെന്നുറച്ചു ലക്ഷ്മണ
നതിക്രമിച്ചു വന്നടുത്ത നിന്നുടെ
അഭിമാനക്ഷയം നടക്കണം നീളെ
മുറുക്കി വാളെടുത്തറിയാതെ ബാലൻ
നെടിയ മൂക്കുമമ്മുലയും കൈക്കൊണ്ടു്
അറുത്തു ചോരകൾ കുടികുടിയെന്നാൻ.
അലറി രാക്ഷസിയലച്ചുവീഴുന്നു;
അവനിമാമലകളും കുലുങ്ങുന്നു;
മഹാദേവൻ മേവും മല കുലുങ്ങുന്നു;
മഹാമുനികൾതൻ തപസ്സു ചിന്നുന്നു;
ദിനകരനുമാ മതി മറക്കുന്നു;
മനുകൂലവീരൻ മടിയിലന്നേരം
മധുമൊഴി സീത മയങ്ങിവീഴുന്നു.”

31.16പുത്രകാമേഷ്ടി കിളിപ്പാട്ടു്

ഇതും അജ്ഞാതകർത്തൃകമായ ഒരു ചെറിയ കൃതിയാണു്. കവിതയ്ക്കു് എട്ടാം ശതകത്തോളം പഴക്കമുണ്ടെന്നു പറയാം. കവി ഒരു മലന്തത്തയെക്കൊണ്ടാണു് കഥ പറയിക്കുന്നതു്. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു:

“കാനലിൽ നടന്നോരോ കായ്കനി തിന്നുതിന്നേ
എങ്ങുന്നു വരുന്നു നീ ചൊല്ലേണമൊന്മ [1] യിപ്പോൾ.
എന്നപ്പോൾ കിളിപ്പൈതലൊന്മകൾ പറയുന്നു
വന്നു ഞാനയോധ്യയിൽനിന്നിതെന്നറിഞ്ഞാലും.
തത്ര വാഴ്ദശരഥമന്നവൻതനിക്കൊരു
പുത്രനില്ലാഞ്ഞു ഖേദമുൾക്കൊണ്ടു നൃപവരൻ
പുത്രകാമേഷ്ടിചെയ്തു മക്കൾ നാലുപേരുണ്ടായ്
ശക്തരായ് വളർന്നതു കണ്ടു ഞാൻ വരുന്നിപ്പോൾ.
എന്നപ്പോളെടുത്തവർ കൊടുത്തു വാഴപ്പഴം
പഞ്ചതാരയും തേനും നുകർന്നു ശുകപ്പൈതൽ
മന്ദമാരുതനുമേറ്റങ്ങനെയിരുന്നപ്പോൾ
ചോദിച്ചാരയോധ്യയിലുണ്ടായ വിശേഷങ്ങൾ
വൻപെഴും ദശരഥൻതന്നുടെയവസ്ഥയും,
സന്തതിയുണ്ടായതും മന്നവൻ ഗുണങ്ങളും
ചൊല്ലണം മലന്തത്തേയിന്നു നീയെന്നനേരം
സുന്ദരതരമൊഴി പറഞ്ഞുതുടങ്ങിനാൾ.”

31.17രാമായണം കിളിപ്പാട്ടു്

ഇതും എട്ടാം ശതകം അവസാനത്തിലെ ഒരു കൃതിയാണെന്നാണു് കാണുന്നതു്. ആദ്യന്തം കണ്ടുകിട്ടീട്ടില്ല. വ്യൂൽപത്തികൊണ്ടുള്ള സംസ്കാരം കവിക്കു സിദ്ധിച്ചിട്ടില്ലെങ്കിലും കവിത സരസമാണു്. ഒരു ഭാഗം ചുവടേ പകർത്തുന്നു. രാവണൻ അശോകവനികയിൽച്ചെന്നു സീതാദേവിയെ അനുനയിപ്പിക്കുവാൻ ശ്രമിക്കുന്നതാണു് വിഷയം.

“ഞാൻ പണ്ടു തപസ്സുകൾ ചെയ്തതിൻ ഫലമല്ലോ
നീ മമ പ്രാണനാഥതന്നെയായതു പെണ്ണേ!
രാമനോ സുകൃതിയല്ലെന്നതോ അറിഞ്ഞാലും
നാടുവാഴ്ചയും നീങ്ങിക്കാടുവാഴ്കെന്നും വന്നു;
മാരത്തീക്കനല്ക്കട്ട മാറിലുമകപ്പെട്ടു;
മാരമാൽ പിണഞ്ഞിട്ടു താടിയും നീട്ടിയവൻ
കാനനം തന്നിൽ നടന്നീടുന്നു സഹിയാഞ്ഞു;
നിർമ്മലേ! നീ പിരിഞ്ഞമൂലം ചത്തീടുമവൻ
നിന്നുടെ ഭാഗ്യമിതിന്നെന്നരികത്തായതു.
നീയിനിക്കുളിക്കയും പട്ടുകളുടുക്കയും
ഭക്ഷ്യഭോജ്യാദികളെയൊക്കനുഭവിക്കെന്നും
കല്പകപ്പുതുമലർ മാലകളണികെന്നും
ദിവ്യനാമെന്റെ ചിത്തതാരനുസരിക്കെന്നും
എന്നതിനേതും മടിച്ചീടേണ്ട ഇനിയൊട്ടും
വല്ലഭേ!യെഴുന്നേറ്റു മെല്ലവേ നടന്നാലും.
പല്ലവപദം നോകയില്ല പൊന്മയം ഭൂമി;
കല്ലുകളില്ല മുള്ളില്ലരികിൽപ്പാറയില്ല.
കാട്ടുപൊയ്കയുമില്ല കാഞ്ചനമണിപ്പൊയ്ക
ചാന്തണിമുലയാളേ! തേൻതൊഴും മൊഴിയാളേ!
ഞാൻ തളിർത്തൊത്തുപോലെ വന്നെടുക്കയോ ചൊല്ലൂ
നിൻമനസ്സഴിയായ്കിൽ നിർമ്മലേ! ചിതമല്ല;
അനോന്യമനുരാഗമില്ലെങ്കിൽ സുഖമില്ല;
അഞ്ചലർവാണനാണ ചഞ്ചലവിലോചനേ!
വെറ്റില തിന്നോ കുളിക്കുന്നെങ്കിൽച്ചൊല്ലു പെണ്ണേ!
വെറ്റതിന്നാലുമെങ്കിൽത്തൃക്കൈകൾ കാട്ടിയാലും
ദിവ്യകല്പകോത്ഭവമായ വെറ്റിലയിതു
കല്പകോത്ഭവം പഴുക്കായിതു നോക്കിക്കണ്ടേ!”
പുനത്തിന്റെ “വിണ്ണോർകോനേതുമാകാ പുണരുവതിനവന്നോർക്കിലംഗേഷു നീളെക്കണ്ണല്ലോ വഹ്നിയോടുള്ളണവു മമനിനച്ചാൽ മരിച്ചെന്നി വേണ്ടാ” ഇത്യാദി ശൂർപ്പണഖാവാക്യം

“വിണ്ണവർകോനെക്കൊള്ളരുതൊട്ടുമേ
പെണ്ണുങ്ങൾക്കു പുണരുവാൻ വല്ലഭ!
കണ്ണുകൾകൊണ്ടു മൂടിക്കിടക്കുന്നു.
അഗ്നിയോടുള്ള ചുറ്റമെനിക്കിനി
നിശ്ചയം മരിച്ചെന്നി വേണ്ടാതാനും.
കാലനോടുള്ള ചുറ്റമെനിക്കിനി
ക്കാലത്താം പക്ഷേ നീ തുണയില്ലെങ്കിൽ”
എന്നും മറ്റും ഈ കവി ഭംഗിയായി ഗാനരൂപത്തിൽ വിവർത്തനം ചെയ്തിരിക്കുന്നു.

31.18നാസികേതുപുരാണം കിളിപ്പാട്ടു്

ഈ കിളിപ്പാട്ടു കൊല്ലം എട്ടാം ശതകത്തിലോ ഒൻപതാം ശതകത്തിലോ രചിച്ചിട്ടുള്ളതാണു്. ‘അറുനൂറായിരമാകും മുടിവേന്തരേയും - അത്ര നൂറായിരമാം പടബാന്ധവരേയും’ എന്നും പാലമൃതനെപ്പോലെ ‘ആലമൃതനേ (ഹാലം അമൃതായവനേ) ജയ’ എന്നും മറ്റുമുള്ള വരികളിൽനിന്നു് ഈ വസ്തുത ഗ്രഹിക്കാം. കേകാവൃത്തംമാത്രമേ കവി ഉപയോഗിച്ചിട്ടുള്ളു. “പുത്ര ഉൽപത്തി എനിക്കുണ്ടാക്കിത്തരേണമേ” എന്നും മറ്റും രചനാ വൈകല്യമുള്ള വരികൾ ധാരാളമായി കാണ്മാനുണ്ടു്.

നാസികേതു എന്ന പർവതത്തിൽ കീർത്തിഭംഗൻ എന്നൊരു മഹർഷി ഗുണവതി എന്ന തന്റെ ധർമ്മപത്നിയുമായി വസിക്കുമ്പോൾ അപുത്രത നിമിത്തം ദുഃഖിക്കുകയും അതിന്റെ ഉപശാന്തിക്കായി ശ്രീപരമേശ്വരനെ തപസ്സുചെയ്യുകയും ചെയ്യുന്നു. ആ ദേവന്റെ പ്രസാദംനിമിത്തം മഹർഷിക്കു പുത്രനുണ്ടാകുകയും നാസികേതു എന്ന പേരിൽ അദ്ദേഹം പ്രസിദ്ധനാകുകയും ചെയ്തു. ഒരു ദിവസം നാസികേതു മറ്റു ചില ഋഷികുമാരന്മാരുമായി വിഹരിക്കുകനിമിത്തം താൻ പിതാവിനു തേവാരത്തിനായി ഒരുക്കിക്കൊടുക്കേണ്ട പുഷ്പങ്ങൾ സമയത്തിനു കിട്ടാതെ ആ വൃദ്ധൻ വിഷമിച്ചു.

“കാലത്തേ ചെയ്യാത്തോരു നിയമം കർമ്മമല്ല;
കാലത്തേ തുടങ്ങാത്ത വ്രതവും വ്രതമല്ല;
കാലത്തേ കഴിഞ്ഞവ ചെയ്തീടിലതിൻഫലം
വെണ്ണീറ്റിലാജ്യം വീണപോലവേ നശിച്ചുപോം”
എന്നു് അദ്ദേഹം ധരിച്ചിരുന്നു. തന്നിമിത്തം മഹർഷി പുത്രൻ വന്നപ്പോൾ ധർമ്മാധർമ്മങ്ങൾ വേർതിരിച്ചറിവാൻ ശക്തിയില്ലാത്ത ആ കുമാരൻ “ഉടലോടു വേർപെട്ടു നരകത്തിലേക്കു പോയ്” ധർമ്മരാജാവിനോടു ശിഷ്യപ്പെട്ടു് ആ വിഷയം ശരിക്കു പഠിച്ചുകൊണ്ടു വരണമെന്നു് അനുശാസിക്കുന്നു. പരകായപ്രവേശനാദിസിദ്ധികൾ സ്വാധീനമാക്കിയിരുന്ന പുത്രൻ അച്ഛന്റെ ആജ്ഞ അനുസരിച്ചു തന്റെ ശരീരത്തെ നാസികേതുപർവതത്തിലെ ഒരു ഗുഹയിൽ നിഗൂഢമായി നിക്ഷേപിച്ചും വച്ചു സൂക്ഷ്മശരീരമാത്രനായി യമലോകത്തേക്കു പോയി ആ ലോകം ചുറ്റിക്കാണുകയും ഗ്രാഹ്യങ്ങളായ തത്ത്വങ്ങൾ ഗ്രഹിക്കുകയും ചെയ്തു മടങ്ങിവന്നു സ്ഥൂലശരീരത്തിൽ പ്രവേശിച്ചു പിതാവിനെക്കണ്ടു നമസ്കരിച്ചു നടന്ന സംഭവങ്ങൾ ധരിപ്പിച്ചപ്പോൾ അദ്ദേഹം പ്രീതനായി. ധർമ്മപുത്രൻ ഭാരതയുദ്ധാനന്തരം ശ്രീകൃഷ്ണനോടു ധർമ്മാധർമ്മങ്ങളെപ്പറ്റി ചോദ്യംചെയ്തപ്പോൾ ശ്രീകൃഷ്ണൻ ആ ചക്രവർത്തിയെ പറഞ്ഞുകേൾപ്പിച്ച ഉപാഖ്യാനമാണത്രേ ഈ കഥ. ഈ കവിക്കു് ഇതു് എവിടെ നിന്നു കിട്ടി എന്നു മനസ്സിലാകുന്നില്ല. കഠോപനിഷത്തിൽ നചികേതസ്സു യമലോകത്തുപോയി യമനെക്കണ്ടു വരംവാങ്ങി തിരിയെ വന്നതായി വർണ്ണിച്ചിട്ടുള്ള കഥ പ്രസിദ്ധമാണല്ലോ. അതിന്റെ ഒരു പ്രാകൃതമായ രൂപാന്തരമല്ലയോ നാസികേതുപുരാണത്തിലെ ഇതിവൃത്തമെന്നു ഞാൻ സംശയിക്കുന്നു. നരകവർണ്ണന നന്നായിട്ടുണ്ടു്. ഗ്രന്ഥം ഉപക്രമിക്കുന്നതു് ഇങ്ങനെയാണു്:

“നല്ല പൈങ്കിളിപ്പെണ്ണേ മെല്ലെ വന്നരികിരി,
നല്ല സൽകഥകളിൽ വല്ലതും പറവാനായ്
വൈകരുതെന്നോടിനിപ്പൈ കളഞ്ഞിരിക്കെടോ;
വന്ന പാപങ്ങളെല്ലാം പോം വഴി പറഞ്ഞാലും.
മാധുരിയത്തോടതു കേട്ടു പൈങ്കിളി ചൊന്നാൾ;
നന്നെടോ മഹൽകഥ കേൾക്കയും ചൊല്ലുകയും.
നാസികേതുവെന്നൊരു മാമുനിവരൻ പണ്ടു
നരകം സ്വർഗ്ഗം കണ്ടു പറഞ്ഞു പിതാവൊടു
നരകവിശേഷവും സ്വർഗ്ഗത്തിലവസ്ഥയും
നന്നായിപ്പറഞ്ഞുകേൾപ്പിച്ചതു ഗ്രഹിച്ചു ഞാൻ.
ഞാനവ നിന്നോടിന്നു പറയാമറിഞ്ഞിടാൻ
നായകൻ നാരായണൻ ലീലകളെല്ലാമത്രേ.
നമസ്തേ നാരായണ, നമസ്തേ ജഗന്നാഥ,
നമസ്തേ മുരദ്വേഷിൻ, നമസ്തേ സമസ്തേശ.”
ഈ കിളിപ്പാട്ടിന്റെ കർത്താവു കോട്ടൂരുണ്ണിത്താനാണെന്നു സർവാധികാര്യക്കാർ ഗോവിന്ദപ്പിള്ള ഐതിഹ്യത്തെ ആസ്പദമാക്കി പ്രസ്താവിച്ചിട്ടുണ്ടു്. ആ പ്രസ്താവനയ്ക്കു വേറെ തെളിവുകളൊന്നും കിട്ടീട്ടില്ല. അദ്ദേഹത്തിന്റെ തറവാടു മധ്യതിരുവിതാംകൂറിൽ കാർത്തികപ്പള്ളി, മാവേലിക്കര ഈ താലൂക്കുകൾക്കിടയ്ക്കുള്ള അതിർത്തിയിലായിരുന്നുവത്രേ.

“കൊട്ടാരക്കര കോട്ടയത്തരചരും കോട്ടൂരുമുണ്ണായിയും” എന്നു തുടങ്ങുന്ന ഒരു ശ്ലോകം കോവുണ്ണിനെടുങ്ങാടി രചിച്ചു കേരളകൗമുദിയുടെ അവതാരികയിൽ ചേർത്തിട്ടുണ്ടു്. ‘കോട്ടൂർ’ എന്നു താൻ നിർദ്ദേശിച്ചിട്ടുള്ളതു കോട്ടൂരുണ്ണിത്താനെപ്പറ്റിയാണെന്നു പറഞ്ഞിട്ടുമുണ്ടു്. എന്നാൽ ഈ നാസികേതുപുരാണം മാത്രമാണു് ഉണ്ണിത്താന്റെ കൃതിയെങ്കിൽ അദ്ദേഹത്തിനു് ആട്ടക്കഥകളെ പരാമർശിക്കുന്ന പ്രസ്തുത ശ്ലോകത്തിന്റെ പ്രഥമപാദത്തിൽ ഒരു സ്ഥാനത്തിനു് അവകാശമില്ല. വേറെ വല്ല കൃതികളും രചിച്ചിട്ടുള്ളതായി നമുക്കു് അറിഞ്ഞുംകൂടാ. നാസികേതു പുരാണത്തിന്റെ കാലം ആട്ടക്കഥകളുടേതിനു മുൻപാണെന്നും ഇവിടെ ഓർമ്മിക്കേണ്ടിയിരിക്കുന്നു.

31.19മാർക്കണ്ഡപുരാണം കിളിപ്പാട്ടു്

മാർക്കണ്ഡ (മാർക്കണ്ഡേയ) പുരാണവും വളരെ പഴക്കം തോന്നിക്കുന്ന ഒരു കിളിപ്പാട്ടാണു്. എട്ടാമത്തേയോ ഒൻപതാമത്തേയോ ശതകത്തിൽ ആവിർഭവിച്ചിരിക്കണം.ആകെ നാലു പാദങ്ങളുണ്ടു്. പ്രഥമപാദം കേകയിലും ദ്വിതീയതൃതീയപാദങ്ങൾ അന്നനടയിലും ചതുർത്ഥപാദം കളകാഞ്ചിയിലും മണികാഞ്ചിയിലുമായി നിബന്ധിച്ചിരിക്കുന്നു. ചതുർത്ഥപാദം ആ വൃത്തങ്ങൾകൊണ്ടു കൈകാര്യം ചെയ്യുന്നതിൽ കവിക്കുള്ള അശക്തതയെ ദ്യോതിപ്പിക്കുന്നുണ്ടെങ്കിലും മറ്റു പാദങ്ങൾ അത്രതന്നെ മോശമല്ലെന്നു പറയാം. “മഹിമ പെരുകുന്ന തിരുവർക്കലയമർന്നിടും മംഗലമൂർത്തിയായുള്ള ജനാർദ്ദന”നെ കവി ഓരോ പാദത്തിന്റേയും ആരംഭത്തിൽ ‘എന്നുടെ ഭവാൻ’ എന്നും മറ്റുമുള്ള വിശേഷണങ്ങൾ ഘടിപ്പിച്ചു വന്ദിക്കുന്നതിൽനിന്നു് അദ്ദേഹം ആ ദേശത്തുകാരനായിരുന്നു എന്നു സങ്കല്പിക്കാവുന്നതാണു്. പേരെന്തെന്നറിയുന്നില്ല. വ്യുൽപന്നനായിരുന്നു എന്നു തോന്നുന്നില്ല. “മനം മകിഴ്ന്തുടൻ ശുകതരുണിയെ മഹിമയോടടുത്തണഞ്ഞു കൊണ്ടുടൻ മധുമാംസാദികൾ” കൊടുപ്പിക്കുന്നതു വിചിത്രമായിരിക്കുന്നു. ദ്വിതീയപാദത്തിൽ ജലന്ധരാസുരവധം ഒരു ഉപാഖ്യാനമായിച്ചേർത്തിട്ടുണ്ടു്. അതു ശിവഭജനത്തിനു പ്രേരകമാകത്തക്കവണ്ണം മൃകണ്ഡുപുത്രനെ പറഞ്ഞു കേൾപ്പിക്കുന്നതാണു്. ഒരു ഭാഗം ഉദ്ധരിക്കുന്നു:

“അരം പുരത്രയമെരിച്ചവനെന്ന
തറികയില്ലയോ തവ മനസ്സിൽ നീ?
ഒരു കളവു ചൊന്നതുകൊണ്ടല്ലയോ
ഒരു ശിരം പോയി വിധിക്കറിഞ്ഞാലും.
പിഴ ചെയ്തീടിന നിമിത്തമല്ലയോ
പിനാകി ദക്ഷന്റെ ശിരസ്സറുത്തതും?
മദിച്ച മന്മഥൻതന്നെയെരിച്ചില്ലേ
മഹേശനെന്നതു ധരിച്ചില്ലേ തവ?
അതിലൊന്നാകാതെയുഴറിപ്പൊയ്ക്കൊൾക;
അരനെ നിന്ദിച്ചാൽ ഗുണം വരാ തെല്ലും.
മൃകണ്ഡുനന്ദനൻ ശ്രമിച്ചിടുംപടി
മിടുക്കൊടാർത്തടുത്തലറിയന്തകൻ.”
… … …
“അതുപൊഴുതഖിലവും ഭരിക്കുന്ന
അമലനംബികാപതി ശൂലപാണി
പരശുപാണി ശങ്കരൻ മഹേശ്വരൻ
പശുപാശമകന്നുടൻ പതിയാവോൻ
ഉരഗഭൂഷണനുമാപതി ശിവ
നുഡുപതിധരൻ ത്രിപുരസംഹാരൻ
മലമകളോടും വൃഷാധിരൂഢനായ്
മുനിസുതഭയമകലും വണ്ണമേ
വെളിയേ മാർക്കണ്ഡനൊഴിഞ്ഞു മറ്റാർക്കും
മഹേശനെക്കാണ്മാനരുതാതെ നിന്നാൻ.”
… … …
“അടുത്തു കാലനെയുതൈത്തിടങ്കാലാൽ
പരശുപാണിതാൻ ചവിട്ടിക്കൊൾകയാൽ
പ്പതറി നീലമാം മലകണക്കിനെ
ഇടിയലറുമ്പോലലറിയഞ്ചെട്ടു
ഇനതനയൻ വീണിതു ഭുവനിയിൽ
അതുനേരത്തു മാമല കുലുങ്ങുന്നു;
അലകൾ സർവവും നദി കലങ്ങുന്നു;
ത്രിഭൂവനമൊക്കെ വിറച്ചിളകുന്നു;
സുരമുനിജാലം ഭയേന നില്ക്കുന്നു.”

31.20ചിത്രഗുപ്തചരിതം കിളിപ്പാട്ടു്

ഇത് എട്ടാം ശതകത്തിലെ ഒരു കൃതിയായിരിക്കണം. ചിത്രഗുപ്തൻകഥയെന്നും ഇതിനു പേരുണ്ടു്. “ചിത്തിരപുത്തിരൻകതൈ” എന്ന തമിഴ്ക്കാവ്യമാണു് ഇതിന്റെ മൂലഗ്രന്ഥം. ഐങ്കരൻ, ആറുമുഖവൻ, അനത്തും (എല്ലാം), ഇറയവൻ (രാജാവു്), അറനെറി (ധർമ്മവും നീതിയും), തിരുമാൽ (വിഷ്ണു), കിഴിന്തു (കിഴിഞ്ഞു) മുതലായ അനേകം പഴയ മലയാളപദങ്ങൾ ഈ പാട്ടിൽ പ്രയോഗിച്ചുകാണുന്നുണ്ടെങ്കിലും അതുകൊണ്ടുമാത്രം ഇതിനു് അതിപ്രാചീനത്വം കല്പിക്കാവുന്നതല്ല. മൂലത്തിന്റെ ശൈലിയും മറ്റുംകൂടി ഇതിനു നിദാനീഭവിക്കുവാൻ ഇടയുണ്ടു്. കവി ചിത്രപുത്രൻ, ചിത്രഗുപ്തൻ എന്നീ രണ്ടു സംജ്ഞകളും അവ്യവസ്ഥിതമായി ഉപയോഗിക്കുന്നു. പ്രസ്തുത കാവ്യം നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാം പാദം കാകളിയിലും രണ്ടാമത്തേതു കേകയിലും മൂന്നാമത്തേതു പ്രായേണ മണികാഞ്ചിയിലും നാലാമത്തേതു് അന്നനടയിലുമാണു് രചിച്ചിരിക്കന്നതു്. അജ്ഞാതകർത്തൃകമായ പ്രസ്തുത കൃതിക്കു കാവ്യഗുണം പോരാതെയിരിക്കുന്നു.

ഇതിവൃത്തം
ദേവേന്ദ്രനു നാലു ഭാര്യമാരുണ്ടായിരുന്നു. അവർ എല്ലാവരും വന്ധ്യകളായിരുന്നതിനാൽ അദ്ദേഹം സന്തപ്തനായി സന്താനലാഭത്തിനുവേണ്ടി ഇന്ദ്രാണിയോടുകൂടി ബ്രഹ്മാവിനെ ഭജിച്ചു. ബ്രഹ്മാവു പ്രത്യക്ഷീഭവിച്ചു പാർവതിയുടെ ശാപം നിമിത്തം ഇന്ദ്രനു പുത്രനുണ്ടാകുന്നതു് അസാധ്യമാണെന്നും എന്നാൽ ഇന്ദ്രാണി വളർത്തുന്ന പശുവിൽ ശ്രീനാരായണൻതന്നെ ദേവാകൃതിയിൽ അവതരിക്കും എന്നും അരുളിച്ചെയ്തു. “ഗോവിന്നു വന്നുജനിച്ചിട്ടൊരു സുതൻ ഗോവിന്ദതുല്യനായുണ്ടാമതങ്ങനെ” എന്നായിരുന്നു പിതാമഹന്റെ പ്രവചനം. തദനന്തരം ബ്രഹ്മാവു വിഷ്ണുവോടും ശിവനോടും തന്റെ വരദാനത്തെപ്പറ്റി അറിയിക്കുകയും

“സന്നാഹമാണ്ടൊരുവൻ പിറന്നാലവൻ
തന്നേ മതിയാം ത്രിലോകത്തിലൊക്കവേ
പിന്നെയറനെറി ധർമ്മാധർമ്മങ്ങളും
തന്നേയറിഞ്ഞു ശിക്ഷാരക്ഷ പെണ്ണുവാൻ”
എന്നു് അതിന്റെ ഫലം അവരെ മനസ്സിലാക്കുകയും ചെയ്തു. അപ്പോൾ എല്ലാ ദേവന്മാരും ദേവിമാരും ഭാവിശിശുവിനു യഥോചിതം വേണ്ട വരങ്ങൾ നല്കി. അങ്ങിനെയിരിക്കെ സ്വർഗ്ഗംഗയിൽ ഒരു അപൂർവ്വമായ താമരപ്പൂവ് വികസിക്കുകയും അതു കണ്ടു പത്മാലയാവല്ലഭനായ മഹാവിഷ്ണുവിന്റെ വീര്യം സ്രവിക്കുകയും ചെയ്തു. അതു് ആ പുഷ്പത്തിൽ സംക്രമിപ്പിച്ചു് അവരെല്ലാം അവിടെനിന്നു് അന്തർദ്ധാനം ചെയ്തു. അപ്പോൾ ഇന്ദ്രന്റെ ഓമനപ്പശു അവിടെ ദാഹശമനത്തിനായി ചെന്നുചേർന്നു.

“കാണായിതിന്ദ്രൻ വളർത്ത മഹാപശു
താനേ വരുന്നതു തണ്ണിനീരുണ്ണുവാൻ.
മാണിക്കവും വൈരമുത്തുരത്നങ്ങളും
ചേണിൽപ്പതിച്ച കഴുത്തുവടങ്ങളും
ആണിപ്പൊൻ നല്ല മണിയും ചിലങ്കയും
ശോഭിച്ചു കൊമ്പുകൾ രണ്ടിലും പൊന്നാലേ
പൂണിട്ടു നല്ല കുളമ്പിലുമങ്ങനെ.
… … …
ഊനംവരാതുള്ള മാന്തളിർപ്പട്ടിനാ
ലാനന്ദമായുള്ള കുപ്പായമിട്ടതിൽ
മാണിക്കത്തണ്ടതളകൾ പുലമ്പവേ
പേണി നടന്നിട്ടു മിക്കുള്ള പുല്ലുകൾ
നനാതളിരും പറിച്ചുതിന്നങ്ങനേ
പാനി കുടിപ്പാൻ നദിക്കരെ ചെന്നപ്പോ
ളീണം കലർന്നോരു പത്മദളം കണ്ടു
ഘ്രാണിച്ചു മെല്ലെപ്പറിച്ചുതിന്നീടിനാൾ.
അപ്പൊഴേ ഗോവിൻവയറ്റിലഴകുള്ള
ഗർഭവുമുണ്ടായിവന്നു വിധിവശാൽ.
അല്പമൊരാലസ്യമുണ്ടായി ഗോവിന്നു
തൽപദം നാലും തളർന്നുചമഞ്ഞിതു.
അപ്പൊയ്കതീരത്തു മെല്ലെശ്ശയിച്ചവ
ളപ്പൊഴുതാദിത്യനുമസ്തമിച്ചിതു.”
എന്നു് അനന്തരസംഭവം കവി വിസ്തരിക്കുന്നു. ഗോവിന്റെ ഗർഭലക്ഷണം, ചിത്രഗുപ്തന്റെ ജനനം മുതലായ ഘട്ടങ്ങൾ അദ്ദേഹം ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്. മേടമാസത്തിലെ പൗർണ്ണമാസിദിനത്തിൽ ശുക്രവാരത്തിലായിരുന്നു ചിത്രഗുപ്തന്റെ അവതാരം. സകല സംഖ്യാനപദ്ധതികളും അദ്ദേഹം ബാല്യത്തിൽത്തന്നെ പഠിച്ചു് അവയിൽ പാരംഗതത്വം നേടി.

“ഇന്ദ്രനന്ദനൻ തെളിഞ്ഞെഴുതിത്തുടങ്ങിനാൻ;
ധാതാവിൻ വിധിക്കണക്കാദിയിലെഴുതിനാൻ;
സർവജന്തുക്കളിത്രയെന്നതുമെഴുതിനാൻ;
സാദരം രുദ്രൻ സംഹാരക്കണക്കെഴുതിനാൻ;
സർവപ്രാണികളുടെയായുസ്സുമെഴുതിനാൻ.”
എന്നിങ്ങനെ ആ ഭാഗം കവി പ്രപഞ്ചനം ചെയ്യുവാൻ ആരംഭിക്കുന്നു.

കണക്കല്ലാതെയേറെയുള്ള ധർമ്മങ്ങൾപോലും
കാലംകൊണ്ടധർമ്മമായ്പ്പോകുമെന്നെഴുതിനാൻ;
മണക്കും പുകഴല്ലോ കണക്കെന്നുള്ള മതി
കണക്കുകേടായതു മതികേടാകുന്നതും
ഇണക്കം വരാതോരു കാര്യവും കണക്കല്ല
എന്നതു തികച്ചങ്ങു നന്നായ്വച്ചെഴുതിനാൻ.”
“ഭോജനംചെയ്യുന്നതും കണക്കല്ലാതെയാമോ?
ഭോഗങ്ങളൊന്നും കണക്കല്ലായ്കിൽ സുഖം വരാ;
ആചാരമില്ലാതൊന്നു പറഞ്ഞാലതുമാകാ,
ആചാരക്കേടായുള്ള കാമവും നന്നല്ലല്ലോ;
മതികൂടാതെ നടപ്പിരിപ്പും സുഖമല്ല;
മതികൂടാതെയുള്ള നിദ്രയും നന്നല്ലല്ലോ”
എന്നും മറ്റും അദ്ദേഹം പല ശാശ്വതധർമ്മങ്ങളും ഓലയിൽ കുറിച്ചിട്ടു. ധർമ്മാധർമ്മങ്ങളിൽ അത്രമാത്രം പരിനിഷ്ഠിതമായ ജ്ഞാനമുള്ള ചിത്രഗുപ്തനെ യമൻ ഗുരുവായി വരിക്കുകയും ചിത്രഗുപ്തൻ അദ്ദേഹത്തിനു തത്വോപദേശം ചെയ്യുകയും ചെയ്തു. വിഷ്ണു, ശിവൻ എന്നീ ദേവന്മാരെ ഉപാസിക്കുകയോ ധർമ്മങ്ങൾ അനുഷ്ഠിക്കുകയോ ചെയ്യുന്ന മനുഷ്യരെ കാലദൂതന്മാർ തീണ്ടിപ്പോകരുതെന്നായിരുന്നു ആ ഉപദേശത്തിന്റെ സാരം. പിന്നെയൊരവസരത്തിൽ ഒരു ശിവഭക്തനെ കാലദൂതന്മാർ പിടിച്ചുകെട്ടിക്കൊണ്ടുപോയതറിഞ്ഞു ത്രിമൂർത്തികൾ യമലോകത്തിൽച്ചെന്നു ധർമ്മാധർമ്മങ്ങൾ യഥാവിധി വേർതിരിച്ചറിയിക്കുവാൻ അവിടെ ചിത്രഗുപ്തനെ വരുത്തി; അദ്ദേഹം

“മദിച്ചൊരായിരം മദകരികളാൽ
പൊരുത്ത ചാടിന്മേൽ വലിച്ചുവന്നൊരു
പലതരം കണക്കെടുത്തുകേൾപ്പിച്ചു
നിരത്തിയങ്ങനെ സഭാതലത്തിങ്കൽ”
അന്നവിടെ വായിച്ച കണക്കിൽനിന്നു് ഒരു ഭാഗം ചുവടേ ചേർക്കുന്നു:

“പല മന്ത്രത്തിലും പരം ശിവമന്ത്രം;
പല യജ്ഞത്തിലും പരം മനോയജ്ഞം;
പലയറിവിലും പരമധ്യാത്മമാം;
പല തപസ്സിലും പരമുയിർതപം;
പല മൃഗത്തിലും പരം പശുമൃഗം;
പല കുലത്തിലും പരമതാരണൻ;
പല നദിയിലും പരം ഗംഗാനദി;
പല കുസുമത്തിൽപ്പരം തുളസിപ്പൂ;
പല കനിയിലും പരം കദളിക്കാ;
പല മനുഷ്യരിൽപ്പരം നൃപേന്ദ്രന്മാർ;
പല രസത്തിലും പരം മനോരസം;
പല നിലയിലും പരം നടുനില:
പല ദാനങ്ങളിൽപ്പരമന്നദാനം;
പല കഥകളിൽപ്പരം ശ്രീഭാരതം;
പല വിദ്യകളിൽപ്പരമമക്ഷരം:
പല ദൈവത്തിലും പരം വിഷ്ണുവുതാൻ;
പല പ്രിയത്തിലും പരം പുത്രപ്രിയം;
പല ധർമ്മത്തിലും പരം കുലധർമ്മം.”
ഇതിൽനിന്നു കവിതയുടെ രീതിയും ഗ്രഹിക്കാവുന്നതാണു്. ചിത്രഗുപ്തപൂജയുടെ മാഹാത്മ്യത്തെ സൂചിപ്പിച്ചുകൊണ്ടും

“ഉറവൊടേയിതു പഠിക്കുന്നോരെല്ലാ
മുവന്നു കേൾക്കുന്ന ജനങ്ങളുമെല്ലാം
നിറചെല്വമൊടു ഭുവനിമേൽ നന്നായ്
നെടുക വാണുയിർ വിടുന്ന കാലത്തു്
അടുത്ത പാപങ്ങൾ നശിച്ചുപോയുട
നമരലോകത്തിലിരിപ്പോരാദരാൽ”
എന്ന ഫലശ്രുതിയോടുകൂടി കവിത അവസാനിക്കുന്നു. “നിറഞ്ഞ ചെമ്പകം വിരിഞ്ഞുപൂമണം കലരും ചോല”യിലേക്കു പൈങ്കിളിമകളും പറന്നുപോകുന്നു.

31.21കിരാതാർജ്ജുനീയം കിളിപ്പാട്ടു്

ഇതും എട്ടാം ശതകത്തിൽ വിരചിതമായ ഒരു കിളിപ്പാട്ടാകുന്നു. ചിനത്തു (കോപിച്ചു) മടന്തയർ (സ്ത്രീകൾ) ഉവന്നു (സ്നേഹിച്ചു) മുതലായ പഴയ പദങ്ങൾ കവി പ്രയോഗിച്ചിട്ടുണ്ടു്. പ്രസ്തുത കൃതി അഞ്ചു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കവി ഭക്തനായ ഒരു ബ്രാഹ്മണനാണെന്നുമാത്രം അറിയാം. “വെള്ളൂരമർന്ന ഗൗരീശനെ” വന്ദിച്ചു ബാലപ്രബോധനം രചിച്ച പുതുമന നമ്പൂതിരിയാണോ എന്നു സംശയിക്കാം. ഈ പുതുമന നമ്പൂതിരി പ്രസിദ്ധജ്യൗതിഷികനായ പുതുമനച്ചോമാതിരിയിൽനിന്നു ഭിന്നനാകുന്നു. ബാലപ്രബോധനകാരന്റെ ഗൃഹം കോട്ടയത്തിനു സമീപമുള്ള പുതുമന ഇല്ലമാണു്. കിരാതാർജ്ജുനീയകാരൻ ഭാരവിയെ ധാരാളം ഉപജീവിച്ചുകാണുന്നു. മൂന്നാം പാദത്തിൽ ശ്രീപരമേശ്വരൻ അർജ്ജുനന്റെ പ്രഭാവം പാർവതീദേവിക്കു ബോധനപ്പെടുത്തുന്നതിനുവേണ്ടി പാഞ്ചാലീസ്വയംവരകഥ വർണ്ണിച്ചു കേൾപ്പിക്കുന്നതു് ഈ കിളിപ്പാട്ടിൽ കാണുന്ന ഒരു വൈചിത്യമാണു്. കവിതയ്ക്കു വലിയ ഗുണമില്ല. ചില വരികൾ ചുവടേ കുറിക്കുന്നു:

“വിരിഞ്ഞ കുസുമങ്ങൾ വിതറീ മരമെങ്ങും;
പരിചിൽപ്പരിമളമിളകും മലർമാല
തെളിഞ്ഞു മണിഗണമണിഞ്ഞ വിതാനങ്ങ
ളണിഞ്ഞു മരങ്ങളോടൊരുങ്ങി വിളങ്ങുന്നു.
അഴകിൽ നറുന്തേനങ്ങൊഴുകി വരുന്നോരു
കുസുമഗണമതിൻ പെരിയ മണം കേട്ടു
പരിചിലണിവണ്ടും പെരികെ നിറഞ്ഞിതു
മണകുമകിൽധൂമം നിറഞ്ഞൂ പുരം തന്നിൽ.”
ആകെക്കൂടി നോക്കുമ്പോൾ എട്ടാം ശതകത്തിൽ പല കവികളും തുഞ്ചനെ അനുകരിച്ചും അല്ലെങ്കിൽ അതിനുമുൻപു് അംകുര പ്രായത്തിലിരുന്ന ചില കിളിപ്പാട്ടുകളുടെ മാതൃകകളെ ഉപജീവിച്ചും അത്തരത്തിലുള്ള ഗാനങ്ങൾ ധാരാളമായി രചിച്ചു എങ്കിലും അവർ പ്രായേണ അപണ്ഡിതന്മാരായിരുന്നു എന്നും അവരുടെ കൃതികളിൽ ആകർഷകങ്ങളായ ഭാഗങ്ങൾ വളരെ വിരളമാണെന്നും സ്പഷ്ടമാകുന്നു. ദേശഭേദദംകൊണ്ടുള്ള ഭാഷാഭേദവും ഇവയിൽ മറ്റുതരത്തിലുള്ള കാവ്യങ്ങളെ അപേക്ഷിച്ചു കൂടുതലായി കാണുന്നുണ്ടു്.

31.22പാണ്ഡവശങ്കരം (സങ്കീർത്തനം)

ഇന്നുവരെ കിട്ടീട്ടുള്ള ഭാഷാസങ്കീർത്തനകാവ്യങ്ങളിൽവെച്ചു പഴക്കംകൂടിയതാണു് പാണ്ഡവശങ്കരം. എട്ടാംശതകത്തിന്റെ പൂർവാർദ്ധത്തിലായിരിക്കണം അതിന്റെ നിർമ്മിതി. ‘മമ്മാ,’ ‘ഞാങ്ങൾ,’ ‘വാണ്ണു,’ ‘ഒരിക്കാൽ,’ ‘അരുതായിന്നു’ മുതലായ പദങ്ങളുടെയും ‘ന്ന’ എന്ന അക്ഷരത്തിനു പകരം ‘ന്റ’ എന്ന അക്ഷരത്തിന്റെയും പ്രയോഗം കാണാനുണ്ടു്. കവിയാരെന്നറിയുന്നില്ല. കവിത പല ഘട്ടങ്ങളിലും മനോഹരമായിരിക്കുന്നു. എട്ടു വൃത്തങ്ങളിൽ രചിച്ചിരിക്കുന്ന ഈ കൃതിയ്ക്കു് കിരാതം എട്ടു വൃത്തമെന്നും പേരുണ്ടു്. ശിവന്റെ നാമത്തോടുകൂടിയാണു് ഓരോ ശീലും അവസാനിക്കുന്നതു്.

“പുരരിപുഭഗവാൻ പാശുപതാസ്ത്രം പാർത്ഥനു പണ്ടു കൊടുത്തപ്രകാരം
തിറവിന സങ്കീർത്തനമായിത ഞാനുരചെയ്യുന്നേൻ ഹര ശങ്കര ജയ”
എന്ന പ്രതിജ്ഞയോടുകൂടി കവി പ്രസ്തുതകൃതി ആരംഭിക്കുന്നു. താഴെ ഉദ്ധരിക്കുന്ന ശീലുകളിൽനിന്നു കവിയുടെ കലാപാടവം പ്രത്യക്ഷമാകുന്നതാണ്:

“ഹേരംബബൃംഹിതരവംകൊണ്ടുദഞ്ചിതമൊ
രേടം; മഹാമുനികളോതീടുമാറൊരിടം;
ഓരോതരം വിബുധനാരീജനങ്ങൾ വിള-
യാടീടുമാറൊരിടമര ചന്ദ്രചൂഡ ജയ.
ഉദ്യാനഭൂമികളിലക്കുന്നിമാതു സഖി
മാരോടുകൂടിയെഴുനള്ളീടുമാറൊരിടം;
അത്യാദരം വിബുധവിദ്യാധരാദികൾ പു
കഴ്ത്തീടുമാറൊരിടമര ചന്ദ്രചൂഡ ജയ.
ഏകത്ര വാനവർകളേകത്ര ദാനവർക
ളേകത്ര ഭക്തജനമേകത്ര മുക്തജനം;
ഏകത്ര പത്മഭവനേകത്ര പത്മധര
നാശ്ചരിയമാശ്ചരിയമര ചന്ദ്രചൂഡ ജയ” (രണ്ടാം വൃത്തം)
“പുരഹരൻതന്റെ തിരുനൃത്തം കാണ്മാൻ
പരന്ന കീർത്തി പോന്നൊരിടത്തു
വരികത്രേയെന്നു മനസി തോന്നിക്കും
പെരിയ കാന്തി പൂണ്ടര ശംഭോ.”
“അടവികൾ പാടേ പൊടിപെടുമാറു
പിടികളും കരിവരന്മാരും
ഇടകലർന്നുള്ള നടകോപ്പു കണ്ടു
രസിച്ചുനിന്നാനങ്ങര ശംഭോ.”
“കുറുമൊഴിമുല്ലമധുവല്ലി നന്റായ്
വിരിഞ്ഞ ജാതിയെന്നിവറ്റിന്റെ
പരിമളം പെയ്തു വരുന്ന തെന്റലേ
റ്റനുഭവിച്ചാനങ്ങര ശംഭോ.”
“അഴകിലീവണ്ണം തൊഴുതു ചൊല്ലിനാൻ
മൊഴിയും മൂലവും നരപാലൻ.
പിഴച്ചിട്ടില്ലെങ്ങൾ; ചതിയാൽ നൂറ്റുപേർ
പിഴുക്കി ഞങ്ങളെ ഹര ശംഭോ.”
“കമലവാണനെപ്പൊരിച്ചോനെ! പൂമെ
യ്യുമയ്ക്കു നേർപാതി പകുത്തോനെ!
മുനികൾ ചേതസി വസിപ്പോനെ! പോറ്റീ!
സമസ്തലോകേശ! ഹര ശംഭോ.”
“ശ്രവണനേത്രാദിവഴിയേ പാഞ്ഞിടും
കരളെന്നും കരിവരൻതന്നെ
ശിവപാദമെന്ന മരത്തോടേതന്നെ
തളച്ചാനർജ്ജുനൻ ഹര ശംഭോ.”
“പനിമതിചൂഡചരണസേവയാം
പനയും തിന്നിട്ടു ചിതത്തോടെ
മനസിജക്കള്ളനഴിച്ചുകൊണ്ടുപോയ്
ക്കളയാതെ കാത്താൻ ഹര ശംഭോ.” (മൂന്നാം വൃത്തം)
ഒടുവിൽ

“ഇത്ഥം പാണ്ഡവശങ്കരന്മാരുടെ
കീർത്തനങ്ങൾ പഠിച്ചുടൻ പാടുവോ
ർക്കർത്ഥമുണ്ടാമനർത്ഥമൊഴിഞ്ഞിടും
മുക്തി കൈവരും ശങ്കരരേ ജയ!
ശംഭുവേ കരുണാകരനേ ജയ!”
“ശങ്കര ശിവ ശങ്കരരേ ജയ;
ശംഭുവേ കരുണാകരനേ ജയ
മംഗലായ ജപിച്ചിതാ കൂപ്പുന്നേൻ
നിങ്കഴലിണ ശങ്കരരേ! ജയ!”
എന്നും മറ്റുമുള്ള ശീലുകൾ കാണുന്നു. ഇരുപത്തിനാലുവൃത്തത്തിലെന്നപോലെ പ്രസ്തുത കൃതിയിലും ദ്വിതീയപാദത്തിൽ വിരാമമില്ലാത്ത ശീലുകൾ അവിടവിടെയുണ്ടു്. പ്രാചീനങ്ങളായ സങ്കീർത്തനങ്ങൾക്കു് ഈ ലക്ഷണം സാധാരണമാണെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ.

31.23പാർവതീപാണിഗ്രഹണം ആറുവൃത്തം

കാലവും കർത്തൃത്വവും
പാർവ്വതീപാണിഗ്രഹണവും പഴയ ഒരു സങ്കീർത്തനമാണു്. അതിന്നും പാണ്ഡവശങ്കരത്തിന്നും പല അംശങ്ങളിൽ ഐകരൂപ്യമുണ്ടു്. സംസ്കൃതവിഭക്തിപ്രത്യയങ്ങൾ പാർവതീപാണിഗ്രഹണത്തിൽ അധികമായി പ്രയോഗിച്ചു കാണുന്നു എന്നുമാത്രമേ വ്യത്യാസമുള്ളു. രണ്ടും ഏകകർത്തൃകങ്ങളായിരിക്കാം. “പുരരിപുഭഗവാൻ ഭഗവതിതന്നെപ്പാണി ഗ്രഹണം ചെയ്തപ്രകാരം തിറവിയമംഗലസങ്കീർത്തനമായുരചെയ്യുന്നേൻ ഹര ശംഭോ ജയ” എന്നു പ്രഥമവൃത്തത്തിൽ കവി വസ്തുനിർദ്ദേശം ചെയ്യുന്നു. ആദ്യത്തെ നാലു വൃത്തങ്ങളും പാണ്ഡവശങ്കരത്തിൽ സ്വീകരിച്ചിട്ടുള്ളവതന്നെയാണു്. അഞ്ചാമത്തെ വൃത്തത്തിലെ ചില ശീലുകൾ ആ കാവ്യത്തിലെ “അമ്ലാനകാന്തി തടവീടും ധനഞ്ജയനെ” എന്ന മട്ടിൽ കാണുന്ന ആദ്യത്തെ ഗുർവക്ഷരത്തിനുപകരം “തുഹിനാ ചലേന്ദ്രസുത തടവും തപോമഹിമ” എന്നിങ്ങനെ രണ്ടു ലഘ്വക്ഷരങ്ങളാക്കീട്ടുള്ളതുമാണു്. വൃത്തമഞ്ജരിയിലെ സംജ്ഞകളനുസരിച്ചു് ഇവിടെ കവി സ്തിമിതയെ അതിസ്തിമിതയായി മാറ്റിയിരിക്കുന്നു എന്നു പറയാം. പഴയ സങ്കീർത്തനങ്ങളിലെ ശീലുകളിൽ ഈരണ്ടു് അടികൾമാത്രമേ അടങ്ങുന്നുള്ളു എന്നു ഞാൻ മുൻപു പ്രസ്താവിച്ചിട്ടുള്ളതിനു മറ്റൊരു തെളിവു് ഇതിലെ ആറാം വൃത്തം തരുന്നുണ്ടു്. “പാർവതീകരപീഡനോത്സവകൌതുകീ ഗിരിശൻ തദാ ധ്യാതവാനഥ സപ്തമുഖ്യ മഹാമുനീൻ ഹര ശംകര” എന്നതു് ആ വൃത്തത്തിലെ ആദ്യത്തെ ശീലാണു്.

കവിത
കുമാരസംഭവം ഒന്നുമുതൽ ഏഴുവരെ സർഗ്ഗങ്ങളേയും കാമദഹനം പാർവതീസ്വയംവരം തുടങ്ങിയ ഭാഷാ ചമ്പുക്കളേയും കവി അനുസ്യൂതമായി ഉപജീവിച്ചിട്ടുണ്ടെങ്കിലും സ്വകീയമായ മനോധർമ്മത്തേയും അങ്ങിങ്ങു പ്രദർശിപ്പിക്കാതിരിക്കുന്നില്ല. അദ്ദേഹത്തിനു സംസ്കൃതത്തിൽ നല്ല വ്യുൽപത്തിയും കവനകലയിൽ നല്ല പ്രാഗല്ഭ്യവുമുണ്ടായിരുന്നു എന്നു ഗ്രന്ഥത്തിന്റെ ഏതു ഭാഗവും വിശദീകരിക്കുന്നു. കാമദേവൻ ദേവേന്ദ്രനോടു വമ്പു പറയുന്നതു നോക്കുക:

“ഭള്ളിളക്കി നടന്ന പിതാമഹൻ
നിർലജ്ജം മകളായ സരസ്വതീം
വല്ലാതേ പിടിപെട്ടതുമെൻകരു
ത്തല്ലയോ ചൊല്ലു ശങ്കരരേ ജയ!
വാനോർനാഥനാം പങ്കജനാഭനും
നാണാതേ പതിനാറായിരത്തെട്ടു
മാനേല്ക്കണ്ണിമാരെപ്പുണരായ്കിലോ
പ്രാണവേദന ശങ്കരരേ ജയ!
വിശ്വാമിത്രമഹാമുനി പണ്ടുടൻ
വിശ്വഭീമം തപസ്സുതുടർന്നനാൾ
അച്ചോ! മേനകയെപ്പിടിപെട്ടതും
പിച്ചയുണ്ടിതു ശങ്കരരേ ജയ!
തോണിമേൽനിന്നു മറ്റൊരു വിഗ്രഹം
മാനിച്ചങ്ങൊരു ദാശകുമാരിയെ
നാണംകെട്ടു പുണർന്നതുമെന്നുടെ
ബാണഹുംകൃതി ശങ്കരരേ ജയ!” (ദ്വിതീയവൃത്തം)
പട പുറപ്പെടുന്ന കാമന്റെ വേഷം ഇങ്ങനെ വർണ്ണിക്കുന്നു:

“മെല്ലെ വാർകുഴൽ കെട്ടി മണിസ്രജാ
നല്ല പൂനിര കുത്തി നിറത്തൊടേ
പല്ലവാംഗുലികൊണ്ടണിമീശയും
മെല്ലെ നന്നാക്കി ശങ്കരരേ ജയ!
തോളിൽ വന്നടിയും മണികുണ്ഡലം
നീളെപ്പൂശിന കുംകുമപങ്കവും
മേളമമ്പിന പൊന്നെഴുത്തൻപണി
ച്ചേലയും പൂണ്ടു ശങ്കരരേ ജയ!
വില്ലുമമ്പുമിടംകരതാരിലാ
ണ്ടുല്ലസദ്ദ്യുതി ദക്ഷിണപാണിനാ
മല്ലവേണി രതിപ്പെണ്ണുതൻകരം
മെല്ലെത്താങ്ങീട്ടു ശങ്കരരേ ജയ!”
പാർവതീദേവിയുടെ തപസ്സിനേയും മറ്റും വിവരിക്കുന്ന ചതുർത്ഥവൃത്തം പാണ്ഡവശങ്കരത്തിലെ ദ്വിതീയവൃത്തംപോലെ സർവ്വോപരി രമണീയമായിരിക്കുന്നു.

“ചുരുണ്ടുനീണ്ടിരുണ്ടലർമാലാമണം
പെരുകും പൂങ്കുഴൽ പിരിച്ചുടൻ
പരിചിൽത്തീർത്തൊരു ജടകൊണ്ടീശ്വരി
പെരികെശ്ശോഭിച്ചാളര ശംഭോ.
തിരളും കോമപ്പട്ടകലെ വീഴ്ത്തുടൻ
തിരുവരതന്നിലഴകോടേ
പരുഷം വല്ക്കലമെടുത്തുചാർത്തീട്ടു
പെരികെശ്ശോഭിച്ചാളര ശംഭോ.
കനിവോടോമനിച്ചഗരാജൻ മുൻപി
ലണിഞ്ഞീടേറും പൊന്നരഞാണം
അകലെക്കൈവെടിഞ്ഞുടനെ പുല്ലുകൊ
ണ്ടണിഞ്ഞാൾ മേഖല ഹര ശംഭോ.
കുളുർമുലമൊട്ടിലിഴുകീടുന്നോരു
കളഭം മാച്ചങ്ങു മടിയാതെ
വെളുവെളുത്തൊരു ഭസിതം കൊണ്ടുടൽ
മുഴുവൻ പൂശിനാളര ശംഭോ.”
ഈ കൃതി മഴമംഗലത്തിന്റേതാണെന്നു ചിലർ പറയുന്നുണ്ടെങ്കിലും അതിനു തെളിവു് ഒന്നുമില്ല. ഇതിനെസ്സംബന്ധിച്ച ഒരു ഐതിഹ്യമുള്ളതുകൂടി ഇവിടെ പ്രസ്താവിക്കാം. പെരുവനം ഗ്രാമത്തിലെ ഒരു നമ്പൂരി തന്റെ മകൾക്കു ജാതകവശാൽ വൈധവ്യലക്ഷണം ഉണ്ടെന്നറിഞ്ഞു് അതിന്റെ പരിഹാരത്തിന്നായി ഈ സങ്കീർത്തനമുണ്ടാക്കി ആ സ്ത്രീയെക്കൊണ്ടു അതു നിത്യപാരായണം ചെയ്യിച്ചു. വിവാഹാനന്തരം ഭർത്താവു വിഷഭയം നിമിത്തം ആസന്നമരണനായി എങ്കിലും യദൃച്ഛയാ അവിടെ വന്നെത്തിയ ഒരു സന്ന്യാസി വിഷമിറക്കി അദ്ദേഹത്തിന്റെ അസ്വാസ്ഥ്യം തീർത്തുവത്രേ.

31.24കുചേലവൃത്തം നാലുവൃത്തം

കുചേലവൃത്തം നാലു വൃത്തങ്ങളിൽ നിബദ്ധമായ മറ്റൊരു സങ്കീർത്തനമാണു്. അതിന്റെയും കാലം എട്ടാം ശതകംതന്നെ. കവി ഒരു നമ്പൂരിയാണെന്നു കുചേലന്റേയും അന്തർജ്ജനത്തിന്റേയും വർണ്ണനത്തിൽ സ്ഫുരിക്കുന്ന തന്മയത്വത്തിൽനിന്നു് അനുമാനിക്കാം. അദ്ദേഹം ഇരുപത്തിനാലുവൃത്തത്തിന്റെ കർത്താവല്ലെങ്കിൽ ആ കവിയുടെ ശിഷ്യനാണെന്നു സങ്കല്പിക്കത്തക്കവിധത്തിൽ രണ്ടു കൃതികളുടെയും ശൈലിക്കു സാജാത്യം കാണുന്നു. ഔചിത്യംപോലെ നീട്ടിയോ കുറുക്കിയോ ചൊല്ലേണ്ട വരികൾ അനേകമുണ്ടു്. കരിമിക്കുക (കർമ്മം ചെയ്യുക), തിരുക്കാഴ്ച (തിരുമുൽക്കാഴ്ച), ധ്വനി കേട്ടു, അടീ നാലുമൂന്നു്, ദുവാരാധിനാഥൻ (ദ്വാരാധിനാഥൻ), പയഃഫേന (ഫേനം), ഒഴിക്കരുതരിക്കുമരന്നും (ഹരിക്കും ഹരനും), ദെയ്ത (ദയിത) മുതലായ പല വിലക്ഷണപ്രയോഗങ്ങൾ അനുവാചകന്മാരെ തുറിച്ചുനോക്കുന്നു. പോകിന്റു, ഉവന്നു തുടങ്ങിയ ചില പഴയ പദങ്ങളും കാണ്‍മാനുണ്ടു്. “മുദാ പാദശൗചാദി ചെയ്താദരേണാധി തീർത്താശുദേവൻ ജഗന്മംഗലൻതാൻ” എന്ന വരിയുടെ മധ്യത്തിലെ യതിഭംഗം അസഹ്യംതന്നെ. “രഘുപ്രവീര രാമചന്ദ്ര രാമ രാമ പാഹിമാം” എന്ന പ്രാർത്ഥനയോടുകൂടിയാണു് കൃതി അവസാനിക്കുന്നതു്. പ്രസ്തുത സങ്കീർത്തനത്തിൽ പല രചനാവൈകല്യങ്ങളും ഉണ്ടെങ്കിലും ഭംഗിയുള്ള ഭാഗങ്ങളും ഇല്ലെന്നില്ല. കുചേലൻ പത്നിയോടു പറഞ്ഞു പുറപ്പെടുന്ന ഘട്ടം നോക്കുക:

“വ്രതം മുട്ടുമെന്നോർത്തുതന്നേ മടിച്ചൂ
മതം നീ നിരൂപിച്ചതത്രേ നമുക്കും
മധുദ്വേഷിയെച്ചെന്നുകാണ്‍മാൻ കനക്കെ
ക്കൊതിച്ചീടിനേൻ ഞാൻ; നമോ നന്ദസൂനോ!
തെരിക്കെന്നു പോകിൻറു നാളെപ്പുലർച്ചേ;
ചുരുക്കിക്കഴിക്കേണ്ടു തേവാരമെല്ലാം;
തിരുക്കാഴ്ചവെപ്പാനൊരുക്കീടുകെന്നാൽ;
കരഞ്ഞീടവേണ്ടാ നമോ നന്ദസൂനോ!
ഇവണ്ണം കുചേലൻ പറഞ്ഞോരുനേരം
ചുവന്നൂ കിഴക്കേടമപ്പോൾ നടന്നൂ
അവർക്കങ്ങു കണ്ടോർ കൊടുത്തുള്ള നെല്ല
ങ്ങവിലേയ്ക്കതുമാകാ; നമോ നന്ദസൂനോ!
ഇടിച്ചിട്ടു കല്ലോടു നെല്ലോടുകൂടി
ക്കൊടുത്തൂ കുചേലന്നതമ്പോടു വാങ്ങി
മടശ്ശീലപോലെ മടഞ്ഞങ്ങുകെട്ടീ
മടിച്ചീലയേതും നമോ നന്ദസൂനോ!
ഘനശ്യാമളം ഗോപികാജീവനാഥം
മനക്കാമ്പിലോർത്തോർത്തു മെല്ലേ നടന്നൂ;
തുണിക്കെട്ടുമച്ഛത്രവുംകൊണ്ടു മെല്ലേ
മിനക്കെട്ടുതാനേ നമോ നന്ദസൂനോ!”(രണ്ടാം വൃത്തം)
കുചേലന്റെ നൂതനഗൃഹത്തെയാണു് അടിയിൽ വർണ്ണിച്ചിരിക്കുന്നതു്:

“മനക്കുരുന്നിലിങ്ങനേ നിനച്ചിരുന്നവണ്ണമേ
മണത്ത പൂമരങ്ങൾ കണ്ടു ഹേമസൗധശൃംഗവും
കനക്കെ രത്നതോരണങ്ങൾ നാലു ഗോപുരങ്ങളും
കിനാവുകണ്ടപോലെയങ്ങു രാമ രാമ പാഹിമാം.
വിമാനമാനയാദിയായ യാനസാധനങ്ങളും
കുമാരിമാർ നിരക്കെ നില്ക്കെ നീളെ നില്ക്ക നാരിമാർ
അമേയകാന്തി പൂണ്ടെഴുന്ന കാന്തരോടു ചേർന്നുടൻ
സുമന്ദഹാസവിഭ്രമം മുകുന്ദ രാമ പാഹിമാം.
ഇടയ്ക്കമദ്ദളങ്ങളിത്തരങ്ങൾ കൊട്ടുമാറു, പ
ന്തടിക്കുമാറു, ചിന്തു പാടിയാടുമാറു, നാടകം
നടിക്കുമാറു ബാലമാതരങ്ങിനേ വിശേഷമു
ണ്ടൊടുക്കമില്ലയാത കാഴ്ച രാമ രാമ പാഹിമാം.
രമാസമാനമായ്ച്ചമഞ്ഞ ഭാര്യയാവിതെന്തുവാൻ?
പിഴച്ചു പിന്നെയും മുകുന്ദമന്ദിരത്തിലാകയോ?
നമശ്ശിവായ! വിശ്വലോകനായകന്റെ മായയോ
നിമിത്തമെന്തിതിന്നു ഹന്ത! രാമ രാമ പാഹിമാം.
ഉഴക്കു നെല്ലിടിച്ചു കാഴ്ചവച്ചു കണ്ടതിൻഫലം
പിഴച്ചു കാറ്റടിച്ചു വന്നണഞ്ഞ കപ്പൽപോലെയും
മുഴുത്ത കാറെടുത്തു വന്നു പെയ്ത മാരിപോലെയും
പൊഴിഞ്ഞിതിന്നു ഭൂതിയും; മുകുന്ദ രാമ പാഹിമാം.”(നാലാം വൃത്തം)

31.25മറ്റൊരു രാമായണം ഇരുപത്തിനാലുവൃത്തം

രാമായണത്തെത്തന്നെ വിഷയീകരിച്ചു് 24 വൃത്തങ്ങളിൽ ഒരു സങ്കീർത്തനം മറ്റൊരു കവിയും രചിച്ചിട്ടുണ്ടു്. ഇരുപത്തിനാലുവൃത്തത്തിന്റെ ആവിർഭാവത്തിനുമേലാണു് അതിന്റെ നിർമ്മിതി. അതിനെക്കാൾ പ്രസ്തുത ഗ്രന്ഥത്തിലെ ഭാഷ വളരെ ലളിതമാണു്. കവിതയ്ക്കു വലിയ ഗുണമില്ല. അഞ്ചു വൃത്തങ്ങളോളമേ കണ്ടുകിട്ടീട്ടുള്ളു. കാലത്തെപ്പറ്റി ക്ണുപ്തമായി പറയാൻ നിവൃത്തിയില്ലെങ്കിലും ഒൻപതാം ശതകത്തിനുമേലല്ലെന്നു തോന്നുന്നു. താഴെക്കാണുന്ന ശീലുകൾ അതിലുള്ളവയാണു്:

“ശ്രീവാല്മീകി ചമച്ചിട്ടോരശ്രീരാമായണകഥയുര ചെയ്വാൻ
(ദ്വിരദാ)നനനായ്മരുവും ഗണപതി തുണചെയ്തീടുക നാരായണ ജയ.
നാരായണ ജയ നരകാന്തക ജയ കരുണാകര ജയ മുരസൂദന ജയ
നാരായണ ജയ സീതാവല്ലഭ പരിപാലയ മാം നാരായണ ജയ.
കവിജനവും ഗുരുജനവും നലമൊടു കവിമാതാകിയ വാഗീശ്വരിയും
കവിമകൾകാന്തനുമരനും മമ ഹൃദി തുണചെയ്തീടുക നാരായണ ജയ.”
… … …
“ഉത്തമമായൊരു പുരിയുണ്ടുത്തരദിക്കിലയോധ്യാനാമംപൂണ്ടു്
എത്ര മനോഹരമപ്പുരിയെന്നേ വാഴ്ത്താവൂ മമ നാരായണ ജയ.”(പ്രഥമ വൃത്തം)
“മാമുനിവരനോമിച്ചനേരത്ത
ങ്ങാമോദം പൂണ്ടു പായസം കൈക്കൊണ്ടു
ഹോമകണ്ഡത്തിൽനിന്നു പുറപ്പെട്ടു
ഭൂതത്താൻ പിന്നെ രാമ രാമാ ഹരേ.”
… … …
“അപ്പൂവല്ലൽപെട്ടീടും തിരുമുടി
കാളമേഘവും കാളിന്ദീതോയവും
മുല്ലബാണൻ തഴയും ഭ്രമിച്ചിടും
കൈശികഭംഗി രാമ രാമാ ഹരേ!
വണ്ടിനിണ്ടൽപെട്ടീടും കുറുനിര
പഞ്ചമീമതി തോറ്റണിനെറ്റിയും
തണ്ടലർബാണവില്ലെജ്ജയിച്ചിടും
ചില്ലീയുഗ്മവും രാമ രാമാ ഹരേ!
മാനും മീനും കരിംകൂവളമലർ
നാണം പേണുന്ന നേർമിഴി യുഗ്മവും
മാരൻ കൈച്ചരടെപ്പഴിച്ചീടിന
കർണ്ണയുഗ്മവും രാമ രാമാ ഹരേ!
ചെമ്പരത്തിപ്രസൂനാധരം മുല്ല
മൊട്ടുപോലേ നിറന്ന ദന്തങ്ങളും
അൻപെഴും തൂനിലാവെജ്ജയിച്ചിടും
തൂയപുഞ്ചിരി രാമ രാമാ ഹരേ!(ദ്വിതീയ വൃത്തം)
കൌശികൻ മുനീശ്വരനൊടന്നു ചൊന്നു രാഘവൻ
വന്ന കാര്യമിന്നതെന്നു കൈതൊഴുതു നിന്നുടൻ
ഒന്നുണർത്തിനോരളവിലാശു ചൊല്ലിയമ്മുനി
വന്ന കാര്യമിന്നതെന്നു രാമ രാമ പാഹി മാം”(തൃതീയവൃത്തം)

31.26ഏകാദശീമാഹാത്മ്യം നാലുവൃത്തം, (സങ്കീർത്തനം)

ഈ അദ്ധ്യായത്തിൽ ഇതിന്നുമുമ്പു നിരൂപണം ചെയ്തിട്ടുള്ള ഏകാദശീമാഹാത്മ്യം പാട്ടിന്റെ സാരസംക്ഷേപമാണ് ഏകാദശീമാഹാത്മ്യം സങ്കീർത്തനം. തരംഗിണി, മഞ്ജരി, സ്തിമിത(അംഭോജസംഭവനുമൻപോടു കാലനുടെ എന്നമട്ട്) സർപ്പിണി(പാന) എന്നീ വൃത്തങ്ങളിൽ അകാരാദിക്രമത്തിലാണ് ശീലുകൾ രചിച്ചിരിക്കുന്നത്. ഈ സങ്കീർത്തനവും എട്ടാം ശതകത്തിലെ കൃതിതന്നെ. “ഈടും വിലാസമൊടു രുഗ്മാംഗദം നൃപതിചൂഡാമണിം, മദനമോഹം വളർത്തു നിജപാട്ടിൽ വരുത്തി” എന്നും മറ്റുമുള്ള വരികൾ രണ്ടു കൃതികളുടേയും ഏകകർത്തൃത്വത്തെ സൂചിപ്പിക്കുന്നു. പാട്ടിന്റേയും സങ്കീർത്തനത്തിന്റേയും പ്രണേതാവ് ഒരാൾതന്നെയോ എന്നു സംശയിക്കത്തക്ക വിധത്തിൽ സങ്കീർത്തനം പാട്ടിനെ ആമൂലാഗ്രം അത്രമാത്രം ഉപജീവിക്കുന്നു. നാലു പാദങ്ങളിലും പ്രതിപാദിതങ്ങളായ കഥാംശങ്ങൾതന്നെയാണ് നാലു വൃത്തങ്ങളിലും പരാമൃഷ്ടങ്ങളായിക്കാണുന്നത്. “മന്നവൻ രുഗ്മാംഗദൻ ശിക്ഷകൊണ്ടവർക്കെല്ലാം നല്ലതു വന്നു” എന്നു പാട്ടിലും, “ദിക്കു ജയിച്ചോരു ധർമ്മാംഗദൻ പിന്നെശ്ശിക്ഷിച്ചു നന്നായി നാരായണാ” എന്നു സങ്കീർത്തനത്തിലും ശിക്ഷ എന്ന വാക്ക് ഒരേ അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നു. സങ്കീർത്തനം പാട്ടിനെ അപേക്ഷിച്ചു മെച്ചമാണെന്നു പറയാവുന്നതാണ്. ചില ശീലുകൾ പകർത്തുന്നു.

മോഹിനി: “ആടുന്ന കുണ്ഡലവിരാജൽകപോലമൊടു
പാടീ രസാലരുണദന്തച്ഛദപ്രഭയും
ഈടാർന്ന പൂംകുഴലുമക്കുങ്കുമക്കുറിയു
മാടൽപ്പെടുക്കുമരി നാരായണായ നമഃ” ശരൽകാലം: “അമ്പോടു പൈങ്കിളികൾ പാടിക്കതിർക്കുലകൾ
ചെമ്മേ മുറിച്ചു പലപാടും പറന്നു നിശി
മുന്നേതിലും തെളിവൊടും പൂർണ്ണചന്ദ്രനുമു
ടൻ പോന്നുദിച്ചു ഹരി നാരായണായ നമഃ”

31.27സംക്ഷിപ്തസങ്കീർത്തനങ്ങൾ

അകാരാദിക്രമത്തിൽ രചിച്ച ഏതാനും ശീലുകൾകൊണ്ടുമാത്രം ഓരോ പുരാണകഥ സംഗ്രഹിക്കുന്ന ചില സങ്കീർത്തനങ്ങൾ ഈ ശതകത്തിൽ ആവീർഭവിച്ചിട്ടുണ്ട്. അവയിൽ ഗജേന്ദ്രമോക്ഷത്തിൽനിന്നു ചില കണ്ണികളാണ് അടിയിൽ പ്രദർശിപ്പിക്കുന്നത്.

അപ്പാൽവാരിധിതൻ തിരമാലക
ളൊപ്പൊരു മുക്കൂടഗ്ഗിരിയുണ്ടഥ
മുപ്പാരും പുകൾപെറ്റു വളന്റോ
ന്നത്ഭുതമയമായ് നാരായണ ജയ.
അമ്മാമലതൻ നടുപാട്ടിങ്കൽ
പ്പൊന്മയനളിനപ്പൊയ്കകളുണ്ടഥ
നന്മലർ പൊഴിയും പൂങ്കാവുകളും
മമ്മാ! ശിവ ശിവ നാരായണ ജയ.
ആലൊടു താലതമാലമിരഞ്ഞികൾ
പാലകൾ പനസം തെങ്ങുകവുങ്ങുകൾ
നീളച്ചുഴലവുമുണ്ടതിൽ മുറ്റും
ചാലപ്പലവക നാരായണ ജയ.”

31.28പൂന്താനത്തിന്റെ ഭാഷാകൃതികൾ

പൂന്താനം നമ്പൂരിയുടെ ജീവചരിത്രത്തേയും മണിപ്രവാളകൃതികളേയും പറ്റി ഇരുപത്തെട്ടാമദ്ധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ ഭാഷാകൃതികളെക്കുറിച്ചു കുറഞ്ഞൊന്ന് ഇവിടെ ഉപന്യസിക്കാം.

കുമാരാഹരണം പാന
പാന എന്ന പേരിൽ ഒരു കാവ്യവിഭാഗം തമിഴുസാഹിത്യത്തിൽ കാണുന്നില്ല. ഭദ്രകാളിക്ഷേത്രങ്ങളിൽ ദൃഷ്ടിദോഷപരിഹാരത്തിനും മറ്റുമായി ദേവിക്കു കൊട്ടും പാട്ടും സേവയും നടത്തുക എന്നൊരു ആരാധനാപരിപാടി കേരളത്തിൽ ആദ്യകാലംമുതല്ക്കുതന്നെ പ്രചരിച്ചുവന്നു. അതിനു പാനയെന്നും പേരുണ്ട്. ആ അവസരത്തിൽ പാടുന്ന പാട്ടുകൾ പ്രായേണ ദ്രുതകാകളി, തരംഗിണി എന്നീ ഭാഷാവൃത്തങ്ങളിലാണ് രചിച്ചിരുന്നത്. “ കാളമേഘകളായങ്ങളെക്കാളും കാളനാളീകപാളികളെക്കാളും” എന്നിങ്ങനെ പനയന്നാർകാവിൽ ഭദ്രകാളിയെപ്പറ്റി സാമാന്യം പ്രസിദ്ധിയുള്ള ഒരു സ്തോത്രമുണ്ടല്ലോ. അതിലെ വൃത്തംതന്നെയാണ് ദ്രുതകാകളി. അതിനു ‘പൊന്നമാതർ’ എന്നു കോവുണ്ണിനെടുങ്ങാടി കേരളകൗമുദിയിൽ പേർ കൊടുത്തിട്ടുള്ളതു തായുമാനവരുടെ “പൊന്നൈമാതരൈ പൂമിയൈ നാടിലേൻ” എന്നു തുടങ്ങുന്ന ഒരു തമിഴ്പാട്ടിൽ ആ വൃത്തം പ്രയോഗിച്ചിട്ടുള്ളതുകൊണ്ടാണ്; അല്ലാതെ ആ വൃത്തത്തിനു തമിഴിൽ അങ്ങനെയൊരു സംജ്ഞയുള്ളതുകൊണ്ടല്ല. പാന എന്ന പേരിൽ സുവിദിതമായിത്തീർന്ന ദേവതാരാധനത്തിന് ഉപയോഗിക്കുന്ന പാട്ടിനും കാലക്രമത്തിൽ ആ പേർ സിദ്ധിച്ചു. എട്ടും ഒൻപതും ശതകങ്ങളിലെ പാനകളിൽ സാമാന്യേന ആദ്യത്തെ മൂന്നു പാദങ്ങളിൽ ദ്രുതകാകളിയും നാലാമത്തെ പാദത്തിൽ തരംഗിണിയും (ഓട്ടൻതുള്ളലിലെ പ്രധാനവൃത്തം) പ്രയോഗിച്ചുകാണുന്നു. എന്നാൽ കുമാരാഹരണം പാന ആദ്യന്തം ദ്രുതകാകളിയിലാണ് കവി നിബന്ധിച്ചിരിക്കുന്നത്. അതിലും നാലു പാദങ്ങളുണ്ടെന്ന വസ്തുത വിസ്മരണീയമല്ല.

ഇതിനു സന്താനഗോപാലം പാന എന്നും പേരുണ്ട്. “മതി ചെന്നു കുമാരാഹരണമാം കഥതന്നിൽ മുഴുകിച്ചമകയാൽ” എന്നു പൂന്താനം ഉപക്രമത്തിൽ പ്രസ്താവിച്ചിട്ടുള്ളതുകൊണ്ട് ആ നാമധേയം തന്നെയായിരിക്കും അദ്ദേഹം കാവ്യത്തിന്നു സങ്കല്പിച്ചതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. പല പഴയ താളിയോലഗ്രന്ഥങ്ങളിലും കുമാരാഹരണം പാന എന്ന പേർ കാണുന്നുമുണ്ട്. പൂന്താനത്തിന്റെ കവിതാപാടവം അതിന്റെ പരമകാഷ്ഠയെ പ്രാപിക്കുന്നതു ദ്രാവിഡവൃത്തനിബദ്ധങ്ങളായ കൃതികളിലാകുന്നു. കുമാരാഹരണം പാന ആ പ്രസ്ഥാനത്തിലുള്ള കാവ്യങ്ങളിൽ പ്രഥമസ്ഥാനത്തെ അലങ്കരിക്കുന്നു. സൗന്ദര്യപൂർണ്ണമായ രചന, സമുജ്ജ്വലമായ ചിത്രണം, സമുചിതമായ ലോകോക്തിപ്രയോഗം എന്നു തുടങ്ങിയുള്ള വിവിധങ്ങളായ വിശിഷ്ടഗുണങ്ങൾ പ്രസ്തുതകൃതിയുടെ യശസ്തംഭങ്ങളാകുന്നു. നമ്പൂരി വൈകുണ്ഠലോകവും മറ്റും വർണ്ണിക്കുമ്പോൾ ആ ഭക്തിശിരോമണിക്ക് അവിടം ചിരപരിചിതമാണെന്നു ഭാവുകന്മാർക്കു തോന്നിപ്പോകും.

ഈറ്റില്ലത്തിൻപുറമേ തെരുതെരെ
ച്ചുറ്റുമെയ്തെയ്തസംഖ്യം ശരങ്ങളാൽ
കാണിനേരംകൊണ്ടത്ഭുതമായൊരു
ബാണകൂടം ചമച്ചു് … … …
“മന്ദിരത്തിൻപുറത്തൊരു ഭാഗത്തു സിന്ധുരേന്ദ്രനെപ്പോലെ” നില്ക്കുന്ന അർജ്ജുനനോടു പുത്രമുഖംകൂടെ കാണാൻ സാധിക്കാതെപോയ ബ്രാഹ്മണൻ തട്ടിക്കേറി കയർക്കുന്നതു നോക്കുക:

“കമ്പുതട്ടുമിളമുളപോലയ
ഞ്ചെട്ടു പൊട്ടിക്കരഞ്ഞിതു വിപ്രനും
സന്താപംകൊണ്ടു മൂർച്ഛിതനായൊരു
ഭ്രാന്തനെപ്പോലെ തീർന്നുടനപ്പൊഴേ
കനൽക്കട്ടയോടൊത്ത മിഴികളും
കനക്കേ മിഴിച്ചീർഷ്യ പൊറായ്കയാൽ
വിറച്ചീടുന്ന മൂർദ്ധാവൊടുംകൂടി
വിയർത്തോടിയണഞ്ഞു വിജയനോ
ടയ്യോ പാപമെനിക്കെന്നു ചൊല്ലിയ
ക്കരം രണ്ടുമുയർത്തിപ്പിടിച്ചുടൻ
അഗ്നിപോലെജ്വലിച്ചോരു കാന്തിപൂ
ണ്ടഗ്നിഹോത്രി പറഞ്ഞുതുടങ്ങിനാൻ:
തീയിൽച്ചെല്ലു നിൻ ഗാണ്ഡീവവും നീയും
ദുര്യശസ്സിന്നു പാത്രമായർജ്ജുനാ!
ആനപോലെ മദിച്ചു പറഞ്ഞു നീ
നാണംകെട്ടതു നേരെന്നു കല്പിച്ചു
മാനിച്ചിങ്ങു സന്തോഷിച്ചിരുന്നൊരു
ഞാനത്രേ നല്ല ഭോഷനാകുന്നതും.
തിരുമുമ്പിൽ ഞെളിഞ്ഞുനിന്നെന്തെല്ലാം
ജളപ്രാഭവം കാട്ടി നീയാകയാൽ
ജളതയൊന്നൊഴിഞ്ഞു നിനക്കൊരു
ഫലം മേലിൽ വരായെന്നു നിർണ്ണയം.
കുരച്ചീടുന്ന പട്ടിയൊരുനാളും
കടിച്ചീടുകയില്ലെന്നറിക നീ.
വൻപനായ നീയിപ്പൊഴുതെന്തിനു
കുമ്പ തപ്പിപ്പരക്കെ നോക്കീടുന്നു?
അൻപതു ഭോഷന്മാരിലേ മുൻപനാം
വൻപനെന്നുള്ളവനെന്നറിക നീ.
ദുഷ്ടനിഗ്രഹം ചെയ്വതിനായ്വന്നു
പൃഥ്വിതന്നിൽപ്പിറന്ന ഭഗവാന്റെ
വീര്യങ്ങളെല്ലാം വീരനാമെന്നുടെ
വീര്യമെന്നു നിനയ്ക്കൊല്ല ഭോഷ നീ.
ഉത്തരം ചുമന്നീടുന്ന ഗൌളിയാൽ
സാധ്യമെന്തതു ഭാവിക്കയെന്നിയേ?
മൂർഖനാം നിന്റെ ഡംഭു കളവാനായ്
ത്തേർത്തടത്തീന്നരുൾചെയ്ത വാക്കുകൾ
കുംഭത്തിന്റെ പുറത്തു പകർന്നീടു
മംഭസ്സെന്നപോൽത്തീർന്നു നിനക്കതും.
ഇപ്പോരിന്നു നിമിത്തമാത്രം ഭവാൻ
സവ്യസാചിയെന്നല്ലോ അരുൾചെയ്തു.
പീലിക്കാർകൂന്തൽകെട്ടി വിരവോടു
ചാലവേ നല്ല ചമ്മട്ടി കൈക്കൊണ്ടു
മറകൾക്കു പൊരുളായ മൂർത്തി തേർ
ത്തടം തന്നിലിരുന്നീലെന്നാകിലോ
ഇപ്രതിജ്ഞകണക്കെത്തന്നേ തവ
യുദ്ധഭൂമിയിലൊക്കെപ്ഫലിപ്പതും.”
അർജ്ജുനൻ അഗ്നിപ്രവേശംചെയ്വാൻ ഒരുങ്ങുന്ന ഘട്ടം അത്യന്തം ആസ്വാദ്യമായിരിക്കുന്നു.

“അർജ്ജുനന്റെ വിശേഷത്തെ വൈകാതെ
യച്ഛനോടറിയിക്കണമെന്നിട്ടു
സ്വർഗ്ഗലോകത്തേക്കെന്നകണക്കിനേ
നിർഗ്ഗമിച്ചുയരുന്നിതു ജ്വാലകൾ.”
എന്ന വരികളിൽ എഴുത്തച്ഛൻ സുന്ദരകാണ്ഡത്തിൽ ആവിഷ്കരിച്ചിട്ടുള്ള ഉല്ലേഖത്തിന്റെ പ്രതിധ്വനി നാം കേൾക്കുന്നു. ആ ഘട്ടത്തിൽനിന്നു ചില വരികൾ ഉദ്ധരിയ്ക്കാതെ പുരോഗമനം ചെയ്വാൻ നിവൃത്തിയില്ല.

“വളർന്നീടുന്ന വഹ്നിയെ വന്ദിച്ചു
വലവൈരിതനൂജനുമന്നേരം
അഴകോടൊരു പൊയ്കയിൽച്ചെന്നുടൻ
മുഴുകിപ്പരിശുദ്ധി വരുത്തിനാൻ.
വിലസീടുന്ന പാണിതലങ്ങളിൽ
തുളസീദളംകൊണ്ടു നിറച്ചിതേ.
കുലവില്ലും ചുമലിലെടുത്തു നി
ർമ്മലമായുള്ള മാറ്റുമുടുത്തുടൻ
കിഴിഞ്ഞീടുന്ന വാർകുഴൽതന്നില
ങ്ങൊഴുകീടുന്ന വാരികണങ്ങളും
ഹരിഷാശ്രു വഴിഞ്ഞുനിറഞ്ഞൊരു
വരിനീണ്ട വിലോചനഭംഗിയും
കൃഷ്ണനാമം ജപിക്കുന്ന നേരത്ത
ങ്ങൊട്ടൊട്ടു കാണും ദന്തദ്യുതികളും
അതുനേരത്തെ വേഷം നിരൂപിച്ചാ
ലതിമോഹനമെന്നേ പറയാവൂ.
കരുണാകരമൂർത്തി മുകുന്ദന്റെ
ചരണാംബുജമുള്ളിലുറപ്പിച്ചു
പരമാനന്ദത്തോടെയടുത്താനങ്ങെ
രിഞ്ഞീടുന്നൊരഗ്നികുണ്ഡത്തിങ്കൽ.
വലഭാഗം ചുഴന്നു ചുഴന്നേറ്റം
ജ്വലിച്ചീടുന്നൊരഗ്നിഭഗവാനെ
വലംവച്ചു വണങ്ങി വിരവോട
ങ്ങഞ്ജലിപൂണ്ടിവണ്ണം കരുതിനാൻ.
വിശ്വനായകാ! നിന്നുടെ ഭക്തനാ
മർജ്ജുനനിതാ വഹ്നിയിൽച്ചാടുന്നു.
ചിത്തമോഹമശേഷമകന്നു ഞാൻ
ചിത്സ്വരൂപത്തിൽച്ചെന്നു ലയിക്കണം.”
വൈകുണ്ഠവർണ്ണനത്തിന്റെ വിശ്വമോഹനമായ വൈഭവം ആപാദചൂഡം വായിച്ചുതന്നെ അറിയേണ്ടതാണു്.

“പത്തുനൂറു സഹസ്രകിരണന്മാർ
ബദ്ധാമോദമുദിക്കും കണക്കിനേ
വിളങ്ങീട്ടു നിരക്കവേ താഴിക
ക്കുടങ്ങളങ്ങു ദൂരവേ കാണായി.
കനകക്കൊടിതന്റെ മുകൾപ്പാട്ടിൽ
ഖഗരാജനിരിപ്പതും കാണായി.
കൊടിക്കൂറകളൊപ്പമിയലുന്ന
തിടകൂടിപ്പലതരം കാണായി.
പ്രളയാംബുധിനാദംകണക്കിനേ
വലിപ്പത്തിലൊരാഘോഷം കേൾക്കായി”
എന്നിങ്ങനെ അവിടുത്തെ വിശേഷങ്ങൾ ഓരോന്നായി ശ്രോതാക്കളെ ഗ്രഹിപ്പിച്ചു് അവരെ ആനന്ദസാഗരത്തിൽ മേല്ക്കുമേൽ ആറാടിച്ചു് “പച്ചക്കൽകൊണ്ടു വിഷ്ണുസ്വരൂപമായ് കൊത്തിവെച്ചോരു പാവകളെപ്പോലെ” അചഞ്ചലന്മാരായി ഭഗവദ്ധ്യാനത്തിൽ ലയിച്ചിരിക്കുന്ന ഭക്തന്മാരുടെ സന്നിധിയിൽ പ്രവേശിപ്പിച്ചു് ക്രമേണ അനന്തന്റെ പാർശ്വത്തിലേക്കു നയിക്കുന്നു.

“വെള്ളിമാമല മേലെയും മേലെയും
മണ്ഡലാകൃതി പൂണ്ടു കിടക്കയോ?
പള്ളികൊള്ളുന്ന പാല്ക്കടൽ തന്നിലേ
വെള്ളംതന്നെ പരന്നു കിടക്കയോ?
നിർണ്ണയിച്ചു പറയാനരുതെന്റെ
പന്നഗേശ്വര! നിന്നെ വണങ്ങുന്നേൻ.
… … …
ഇന്ദ്രനീലനിറത്തിലൊരായിരം
ചന്ദ്രമണ്ഡലമൊന്നിച്ചുദിക്കയോ?
കാരുണ്യാമൃതവന്മഴ പെയ്യുന്ന
കാളമേഘം നിറഞ്ഞങ്ങിരിക്കയോ?
ബ്രഹ്മാനന്ദമെന്നുള്ള പരമാർത്ഥം
ശ്യാമവർണ്ണത്തിൽ പ്രത്യക്ഷമാകയോ?”
എന്നിങ്ങനെ പടിപ്പടിയായുയരുന്ന ആ വർണ്ണനത്തിന്റെ മാധുര്യം അവാങ്മനസഗോചരമെന്നേ പറഞ്ഞുകൂടൂ.

31.29ജ്ഞാനപ്പാന

ആകൃതികൊണ്ടു ലഘുവെങ്കിലും അകൃത്രിമമായ രാമണീയകംകൊണ്ടു് അത്യന്തം മഹത്തായ ഒരു കൃതിയാണു് പൂന്താനത്തിന്റെ ജ്ഞാനപ്പാന. ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥശൂന്യതയേയും ഹരിനാമോച്ചാരണത്തിന്റെ അത്യന്താവശ്യകതയേയും പറ്റി ആ കൃതിയിൽ കവി ആർക്കും സുഗ്രഹമായ രീതിയിൽ, ഏതു് അശ്മഹൃദയത്തേയും അലിയിക്കത്തക്ക തന്മയത്വത്തോടുകൂടി പ്രതിപാദിക്കുന്നു. ഉണ്ണി മരിച്ചതുനിമിത്തം നിർവേദത്തിനു വിധേയനായ ഒരു മഹാകവിയുടെ ഉള്ളിൽനിന്നു് ഊക്കോടുകൂടി ഉൽഗമിച്ചു് ശ്രോതാക്കളുടെ ഹൃദയകുഹരങ്ങളിൽ പ്രവഹിക്കുന്ന ഒരു പരമപാവനിയായ സാരസ്വതനിർഝരിണിയെത്തന്നെയാണു് നാം അവിടെ സമീക്ഷിക്കുന്നതു്. കവിയുടെ പ്രപഞ്ചാവസ്ഥാപ്രപഞ്ചനം കേൾക്കുക:

“കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ
… … …
ഹരിനാമങ്ങളില്ലാതെപോകയോ
നരകങ്ങളിൽപ്പേടി കുറകയോ?
നാവു കൂടാത ജന്മമതാകയോ
നമുക്കിന്നി വിനാശമില്ലായ്കയോ?
കഷ്ടം കഷ്ടം നിരൂപണംകൂടാതെ
ചുട്ടുതിന്നുന്നു ജന്മം പഴുതെ നാം.
എത്ര കാലം പ്രയാസപ്പെട്ടിക്കാല
മത്ര വന്നുപിറന്നു സുകൃതത്താൽ?
എത്ര ജന്മം ജലത്തിൽക്കഴിഞ്ഞിതു
മെത്ര ജന്മം മരങ്ങളായ് നിന്നതും?
എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്
മർത്ത്യജന്മത്തിൻ മുൻപേ കഴിഞ്ഞതും?
എത്രയും പണിപ്പെട്ടിന്നു മാതാവിൻ
ഗർഭപാത്രത്തിൽ വീണിതറിഞ്ഞാലും.
പത്തു മാസം വയറ്റിൽക്കഴിഞ്ഞുപോയ്
പത്തുപന്തീരാണ്ടുണ്ണിയായും പോയി.
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
ഇത്ര കാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ.
നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ
വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓർത്തിരിയാതെ പാടുപെടുന്നേരം
നേർത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിയ്ക്കുന്ന നേരത്തു
കീർത്തിച്ചീടുന്നതില്ല തിരുനാമം.
സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലർ;
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതികെട്ടു നടക്കുന്നിതു ചിലർ;
ചഞ്ചലാക്ഷിമാർവീടുകളിൽപ്പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലർ;
കോലകങ്ങളിൽ സേവകരായിട്ടു
കോലംതുള്ളി ഞെളിയുന്നിതു ചിലർ;
ശാന്തിചെയ്തു പുലരുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലർ;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്മാൻപോലും കൊടുക്കുന്നില്ല ചിലർ;
അഗ്നിസാക്ഷിണിയായൊരു ഭാര്യയെ
സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ;
സത്തുക്കൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ;
വന്ദിതന്മാരെക്കാണുന്നനേരത്തു
നിന്ദിച്ചത്രേ പറയുന്നിതു ചിലർ;
കാണ്‍ക നമ്മുടെ സമ്മതം കൊണ്ടത്രേ
വിശ്വമീവണ്ണം നില്പുവെന്നും ചിലർ;
ബ്രാഹ്മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്മാവുമെനിക്കൊവ്വായെന്നും ചിലർ;
അർത്ഥാശയ്ക്കു വിരുതുവിളിപ്പിപ്പാൻ
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ;
… … …
വിദ്യകൊണ്ടറിയേണ്ടതറിയാതേ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ,
കുംകുമത്തിന്റെ വാസമറിയാതെ
കുംകുമം ചുമക്കുംപോലെ ഗർദ്ദഭം.
കൃഷ്ണ! കൃഷ്ണ! നിരൂപിച്ചുകാണുമ്പോൾ
തൃഷ്ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കയും.
എണ്ണിയെണ്ണിക്കുറുകുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും”
ഈ വിഷയത്തെ അധികരിച്ചു് ഇത്രമാത്രം സർവാംഗസുന്ദരമായ ഒരു കാവ്യം ഭാഷയിൽ മറ്റാരും നിർമ്മിച്ചിട്ടില്ല.

സുപ്രസിദ്ധമായ സുഭദ്രാഹരണം പാന പൂന്താനത്തിന്റെ കൃതിയാണെന്നു പറയുന്നതു നിർമ്മൂലമാണു്. അതു കുഞ്ചൻ നമ്പിയാരുടെ കാലത്തിനു പിന്നീടുണ്ടായ ഒരു കാവ്യമാണെന്നുള്ളതിനു് അതിൽത്തന്നെ പല തെളിവുകളുമുണ്ടു് “പോയനായരെക്കണ്ടീല ഞാനെടാ, ഞായവും നേരുമില്ലാത്ത കശ്മലൻ” എന്നും മറ്റും അതിൽ കുഞ്ചനെ അനുകരിച്ചുള്ള സമുദായചിത്രണം കാണുന്നു. ഈ പാനയെപ്പറ്റി യഥാവസരം നിരൂപണം ചെയ്യുന്നതാണു്.

31.30സ്തോത്രങ്ങൾ

പൂന്താനത്തിന്റെ ഭാഷാസ്തോത്രങ്ങളെപ്പറ്റി പ്രസ്താവിക്കുന്നതിനുള്ള അവസരം ഇവിടെ സന്നിഹിതമായിരിക്കുന്നു. ഇത്തരത്തിലുള്ള കൃതികളെസ്സംബന്ധിച്ചു ചിലതെല്ലാം ഹരിനാമകീർത്തനത്തിന്റെ നിരൂപണത്തിനു പീഠികയായി ഞാൻ ഉപന്യസിച്ചിട്ടുള്ളതു വായനക്കാർ ഓർമ്മിക്കുമല്ലോ. ഏഴാം ശതകത്തിന്റെ അവസാനംവരെയുള്ള സ്തോത്രങ്ങളിൽ ഏതാനും ചിലതു മാത്രമേ നമുക്കു കിട്ടീട്ടുള്ളു. എട്ടുമുതല്ക്കുള്ള ശതകങ്ങളിൽ വിരചിതങ്ങളായവ ഒട്ടുവളരെ ലഭിച്ചിട്ടുണ്ടു്. ഭാഷാസാഹിത്യത്തിലെ ഒരു ഗണനീയമായ വിഭാഗമാണു് സ്തോത്രം, അതിമനോഹരങ്ങളായ കീർത്തനങ്ങൾ മുതൽ അത്യന്തം ശുഷ്കങ്ങളായവവരെ ഉച്ചാവചങ്ങളായ പല ചെറിയ കൃതികളും ഈ വിഭാഗത്തിൽ അടങ്ങീട്ടുണ്ടു്. എങ്കിലും ദേവതാവിഷയകമായ രതിഭാവം പ്രായേണ ഏതു കീർത്തനത്തിലും ഏറെക്കുറെ സ്ഫുരിക്കുന്നതായിക്കാണാം. ഹിന്ദുസമുദായത്തെ ഭക്തിപരവും സദാചാര പ്രവണവുമാക്കുന്നതിനു് ഇവ അക്കാലത്തു് ഏറ്റവും പ്രയോജകീഭവിച്ചിരുന്നു. എട്ടാം ശതകത്തിൽ നിർമ്മിതങ്ങളാണെന്നു വിചാരിക്കാവുന്ന ചില ലളിതകോമളങ്ങളായ കീർത്തനങ്ങൾക്കു് ഇന്നും ജനങ്ങളുടെയിടയിലുള്ള പ്രചാരത്തിനു പറയത്തക്ക കുറവൊന്നും വന്നിട്ടില്ല.

“അഞ്ജനശ്രീചോരചാരുമൂർത്തേ കൃഷ്ണ
അഞ്ജലി കൂപ്പി വണങ്ങീടുന്നേൻ.
ആനന്ദാലങ്കാര വാസുദേവ കൃഷ്ണ
ആതങ്കമെല്ലാമകറ്റീടേണം.
ഇന്ദിരാകാന്ത ജഗന്നിവാസാ കൃഷ്ണ
ഇന്നെന്റെ മുൻപിൽ വിളങ്ങിടേണം.
ഈരേഴുലകിന്നുമേകനാഥാ കൃഷ്ണ
ഈരഞ്ചു ദിക്കും നിറഞ്ഞ മൂർത്തേ”
എന്നും,
“കണ്ണനാമുണ്ണിയെക്കാണുമാറാകണം,
കാർമേഘവർണ്ണനെക്കാണുമാറാകണം,
കിങ്കിണിനാദങ്ങൾ കേൾക്കുമാറാകണം,
കീർത്തനം ചൊല്ലിപ്പുകഴ്ത്തുമാറാകണം”
എന്നും,
“അംബുജായതലോചന കോമള
കുംബുകന്ധര കാരുണ്യവാരിധേ!
കല്മഷാപഹം നിൻപാദപങ്കജം
ചെമ്മേ തോന്നുമാറാകണം ഗോവിന്ദ.
ആഴിതന്നിൽ മുഴുകിയ വേദത്തെ
മീളുവാനൊരു മത്സ്യമായ്ച്ചെന്നുടൻ
ഏഴു സാഗരം ചൂഴെ നിന്നീടുന്ന
വേഷമൻപോടു കാണണം ഗോവിന്ദ.
ഇച്ഛയോടെ സുരാസുരസഞ്ചയം
സ്വച്ഛവാരിധിതോയം കലക്കുമ്പോൾ
കച്ഛപാകൃതി കൈക്കൊണ്ടു മിന്നിന
വിശ്വവ്യാപിയെക്കാണണം ഗോവിന്ദ.”
എന്നും,
“പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ
പിച്ചക്കളികളും കാണുമാറാകണം.
പാലാഴിമങ്കതൻ കൊങ്ക പുണരുന്ന
കോലമെന്നുള്ളത്തിൽക്കാണുമാറാകണം.
പിച്ചകമാലയും താലിയും കിങ്കിണി
യൊച്ചപൂണ്ടെന്നുമേ കേൾക്കുമാറാകണം.
പീലിക്കാർകൂന്തലും ചാന്തുതൊടുകുറി
ബാലസ്വഭാവവും കാണുമാറാകണം”
എന്നും,
“നരകവൈരിയാമരവിന്ദാക്ഷന്റെ
ചെറിയ നാളത്തെക്കളികളും
തിരുമെയ്ശോഭയും കരുതിക്കൂപ്പുന്നേ
നടുത്തു വാ കൃഷ്ണാ കണി കാണ്മാൻ.
കണികാണുന്നേരം കമലനേത്രന്റെ
നിറമെഴും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിര
മണിഞ്ഞു കാണേണം ഭഗവാനേ!
മലർമാതിൻകാന്ത, വസുദേവാത്മജ,
പുലർകാലേ പാടിക്കുഴലൂതി
ചെലുചെലുനെന്നു കിലുങ്ങും കാഞ്ചന
ച്ചിലമ്പിട്ടോടിവാ കണികാണ്മാൻ.
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ കവർന്നുണ്ണുമുണ്ണി
വശത്തു വാ കൃഷ്ണാ കണികാണ്മാൻ”(ശ്രീകൃഷ്ണസ്തുതി)
എന്നും,

“സരസിജനയനേ പരിമളഗാത്രീ
സുരജനവന്ദ്യേ ചാരുപ്രസന്നേ
കരുണാപൂരതരംഗമതായൊരു
മാതംഗീ ജയ ഭഗവതി ജയജയ”(സരസ്വതീകീർത്തനം)
എന്നും,

“അമ്പോടു മീനായി വേദങ്ങൾ മീണ്ടിടു
മംബുജനാഭനെക്കൈതൊഴുന്നേൻ.
ആമയായ് മന്ദരം താങ്ങിനിന്നീടുന്ന
താമരക്കണ്ണനെക്കൈതൊഴുന്നേൻ.
ഇക്ഷിതിയെപ്പണ്ടു പന്നിയായ് വീണ്ടിടും
ലക്ഷ്മീവര നാഥ കൈതൊഴുന്നേൻ”(ദശാവതാരകീർത്തനം)
എന്നും,

“അജ്ഞാനമുള്ളവയൊക്കെക്കളയണം;
വിജ്ഞാനമെന്നുള്ളിൽ വർദ്ധിക്കേണം;
ആജ്ഞാപിച്ചീടേണം നല്ല വഴിക്കെന്നെ
നിത്യം ഗുരുനാഥാ കുമ്പിടുന്നേൻ.
ആനന്ദം നല്കുന്ന പാദരേണുക്കളാൽ
മാനസമായൊരു ദർപ്പണത്തിൽ
മാലിന്യം പോക്കീട്ടു നന്മ വരുത്തേണം
നിത്യം ഗുരുനാഥാ കുമ്പിടുന്നേൻ(ഗുരുസ്തുതി)
എന്നും

“നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ;
നരകത്തിങ്കേന്നു കരകേറ്റീടേണം
തിരുവൈയ്ക്കം വാഴും ശിവ ശംഭോ!
മരണകാലത്തെബ്ഭയത്തെച്ചിന്തിച്ചാൽ
മതിമറന്നുപോം മനമെല്ലാം;
മനതാരിൽ വന്നു വിളയാടീടേണം
തിരുവൈയ്ക്കം വാഴും ശിവശംഭോ”(പഞ്ചാക്ഷരകീർത്തനം)
എന്നും മറ്റുമുള്ള സ്തോത്രരത്നങ്ങളുടെ ഉച്ചാരണത്താൽ ഉഷഃകാലം മുഖരിതമാക്കുന്ന ഗൃഹങ്ങൾ ഇന്നും ഉൾനാടുകളിലെങ്കിലും അങ്ങിങ്ങു് ആസ്തികന്മാർക്കു് ആനന്ദം നല്കിക്കൊണ്ടു പരിലസിക്കുന്നുണ്ടെന്നുള്ള പരാമാർത്ഥം അവയുടെ ചിരഞ്ജീവിത്വത്തിനു വിനിഗമകമാകുന്നു. ഇത്തരത്തിലുള്ള കൃതികളിൽ പ്രഥമഗണനീയങ്ങളാണു് പൂന്താനത്തിന്റെ പുളകോൽഗമകാരികളായ കീർത്തനങ്ങൾ.

31.31ഘനസംഘം

‘ഘനസംഘം’ എന്ന പദം കൊണ്ടു് പ്രസ്തുത സ്തോത്രം ആരംഭിക്കുന്നതിനാലാണു് അതിനു് ഈ പേർ വന്നതു്. ഇതു തിരുമാന്ധാംകുന്നിൽ ഭഗവതിയെപ്പറ്റിയുള്ള ഒരു കേശാദിപാദവർണ്ണനമാണെന്നു മുൻപുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. ആ കൃതിയിൽനിന്നു ചില വരികൾ താഴെ എടുത്തു ചേർത്തുകൊള്ളുന്നു:

“ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേ-
നണിതിങ്കൾക്കല ചൂടും പുരിചിടതൊഴുന്നേൻ.
ദുഷ്ടരാമസുരരെദ്ദഹിക്കും തീ ജ്വലിക്കും
പടുതരം മിഴി മൂന്നും നിടിലവും തൊഴുന്നേൻ.
വിലസുമക്കുനുചില്ലിയുഗളം കൈതൊഴുന്നേൻ.
മുഗ്ദ്ധമായ്ക്കനിവോടേ മറിഞ്ഞുവന്നനിശം
ഭക്തരിൽപ്പതിക്കുന്ന കടക്കണ്ണു തൊഴുന്നേൻ.
ചെന്തൊണ്ടിപ്പഴംവെന്നോരധരം കൈതൊഴുന്നേൻ;
ചന്തമോടണിനാവുമിത ഞാൻ കൈതൊഴുന്നേൻ.
… … …
സുരവൃന്ദകിരീടാളീമണിനീരാജിതമായോ
രരവിന്ദരുചി വെല്ലുമടിയിണ തൊഴുന്നേൻ.
കടകം തോൾവള കാഞ്ചി ചിലമ്പേവം തുടങ്ങി
യുടലിലങ്ങണിഞ്ഞുള്ളാഭരണങ്ങൾ തൊഴുന്നേൻ.
ഇക്കണ്ട ഭുവനം കാത്തെഴും നാഥേ! തൊഴുന്നേൻ.
ചൊല്ക്കൊണ്ട തിരുമാന്ധാംകുന്നിലമ്മേ! തൊഴുന്നേൻ.”
ഈ കീർത്തനത്തിൽ പൂന്താനത്തിന്റെ കൃതികൾക്കുള്ള സഹജമായ മാധുര്യം സമഗ്രമായി സ്ഫുരിക്കുന്നില്ലെന്നു പറയേണ്ടതുണ്ടു്.

31.32മറ്റു കീർത്തനങ്ങൾ

ചില കീർത്തനങ്ങളിൽ നിന്നു ചില വരികൾ ഉദ്ധരിക്കുവാൻ മാത്രമേ സ്ഥലം അനുവദിക്കുന്നുള്ളു. പ്രായേണ എല്ലാ കീർത്തനങ്ങളും ശ്രീകൃഷ്ണപരങ്ങളും ഭക്തിരസപ്രധാനങ്ങളുമാകുന്നു.

ആനന്ദനൃത്തം
“ആമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ;
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ;
ഉണ്ണിക്കുപേരുണ്ണിക്കൃഷ്ണനെന്നങ്ങനെ;
ഉണ്ണിവയറ്റത്തു ചേറുമുണ്ടങ്ങനെ;
ഉണ്ണിക്കൈ രണ്ടിലും വെണ്ണയുണ്ടങ്ങനെ;
ഉണ്ണിക്കാൽകൊണ്ടൊരു നൃത്തമുണ്ടങ്ങനെ;
ഉണ്ണിത്തളകൾ ചിലമ്പുമുണ്ടങ്ങനെ;
ഉണ്ണിക്കാൽ രണ്ടും തുടുതുടയങ്ങനെ;
ഉണ്ണിയരയിലെക്കിങ്ങിണിയങ്ങനെ;
ചങ്ങാതിയായിട്ടൊരേട്ടനുണ്ടങ്ങനെ:
… … …
സൂത്രങ്ങൾ ചോടു പിഴയാതെയങ്ങനെ;
നേത്രങ്ങൾകൊണ്ടുള്ളഭിനയമങ്ങനെ;
കണ്ണിന്നു കൗതുകം തോന്നുമാറങ്ങനെ;
കണ്ണന്റെ പൂമെയ്യിടയിടയങ്ങനെ;
തിത്തിത്തയെന്നുള്ള നൃത്തങ്ങളങ്ങനെ;
തൃക്കാൽച്ചിലമ്പൊലിയൊച്ചപൂണ്ടങ്ങനെ;
മഞ്ഞപ്പൂവാട ഞെറിവിറച്ചങ്ങനെ;
കില്കിലയെന്നരഞ്ഞാണങ്ങളങ്ങനെ;
മുത്തണിമാലകളാടുമാറങ്ങനെ;
തൃക്കൈകൾ രണ്ടുമഭിനയിച്ചങ്ങനെ;
ഓമൽത്തിരുമെയ്യുലയുമാറങ്ങനെ;
കുണ്ഡലമാടും കവിൾത്തടമങ്ങനെ;
തൂമധുവോലുന്ന വായ്ത്താളമങ്ങനെ;
തൂവിയർപ്പേറ്റോരു നാസികയങ്ങനെ;
മാണിക്കക്കണ്ണു മഴറ്റിക്കൊണ്ടങ്ങനെ;
മുത്തുക്കുലകളുതിരുമാറങ്ങനെ;
പീലിത്തിരുമുടി കെട്ടഴിഞ്ഞങ്ങനെ;
പിച്ചകത്തൂമലർ തൂകുമാറങ്ങനെ;
ദേവികൾ തൂകുന്ന പൂമഴയങ്ങനെ;
ദേവകൾ താക്കും പെരുമ്പറയങ്ങനെ;
… … …
ലോകങ്ങളൊക്കെ മറക്കുമാറങ്ങനെ;
ലോകൈകനാഥന്റെ ഗീതങ്ങളങ്ങനെ;
ചിൽപ്പുരുഷന്റെ വിലാസങ്ങളങ്ങനെ;
പൊന്മേനിയേറ്റം തെളിയുമാറങ്ങനെ;
ആനന്ദനൃത്തം ജയിക്കുമാറങ്ങനെ;
വാമപുരേശ്വരൻ വാഴ്കയെന്നങ്ങനെ;
തൽസ്വരൂപം മമ തോന്നുമാറങ്ങനെ;
തൽപാദയുഗ്മം നമസ്കരിച്ചീടിനേൻ.”
ഹരിസ്തോത്രം
ഈ സ്തോത്രത്തിനു നൂറ്റെട്ടു ഹരിയെന്നും പേരുണ്ടു്. നൂറ്റെട്ടു് ഈരടികളിൽ ഭാഗവതം ദശമസ്കന്ധത്തിലെ കഥ മുഴുവൻ ഇതിൽ സംഗ്രഹിച്ചിരിക്കുന്നു.

“ചേറു പുരണ്ടു ചെറിയോരു പൈതലാ
യാമ്പാടിതന്നിൽ വളർന്നവനേ ഹരി;
ആമ്പാടിതന്നിൽ വളരുന്ന കാലത്തൊ
രമ്മപ്പിശാചിനെക്കൊന്നവനേ ഹരി;
കാറ്റായി വന്നോരു മാറ്റാനെയും മറ്റും
ചാടായവനെയുമവ്വണ്ണമേ ഹരി;
ഗർഗ്ഗമുനി വന്നു പേരിട്ടനന്തര
മഗ്രജനോടുമായ് വാണവനേ ഹരി;
അമ്മയിരുന്നു തയിർകടഞ്ഞീടുമ്പോ
ളമ്മിഞ്ഞ കണ്ടു കൊതിച്ചവനേ ഹരി;
തിണ്ണം തയിർപ്പാത്രം പൊട്ടിച്ചവിടുന്നു
വെണ്ണയുംകൊണ്ടോടിപ്പോയവനേ ഹരി;
പാഴുരലേറിയിരുന്നുകൊണ്ടാവോള
മൂഴത്തിൽ വെണ്ണ നുകർന്നവനേ ഹരി”
എന്നിങ്ങനെ ആ സ്തോത്രം പുരോഗമനം ചെയ്യുന്നു.

ഈ കീർത്തനത്തെ അനുകരിച്ചു് അക്കാലത്തുതന്നെ അജ്ഞാതനാമാവായ മറ്റൊരു കവിയും ദശമകഥയെ ആസ്പദമാക്കി ഒരു ഹരിസ്തോത്രം നിർമ്മിച്ചിട്ടുണ്ടു്. അതിൽ നിന്നു ചില വരികൾ താഴെച്ചേർക്കുന്നു:-

“അംബുധിമകൾതൻ കൊങ്കയുഗം പൂ
ണ്ടംബുധിയിൽക്കുടികൊണ്ടവനേ ഹരി;
പന്നഗനായകതല്പംതന്മേ
ലുന്നതിചേർന്നു കിടന്നവനേ ഹരി;
… … …
ദേവകുലത്തിൻ വ്യസനം തീർപ്പാൻ
ദേവകിതൻവയർ പുക്കവനേ ഹരി;
ആനകദുന്ദുഭിതാൻകാണുമ്മാ
റാനന്ദേന പിറന്നവനേ ഹരി;
നീലപയോധര നീലിമ കവരും
പേലവകാന്തി ധരിച്ചവനേ ഹരി;
കചഭരമൊരുമിച്ചഴകൊടു കെട്ടി
ക്കനകകിരീടം ചേർത്തവനേ ഹരി;
അളികൾ വണങ്ങിന്റളകം ചേർന്നെഴു
മളികംകൊണ്ടു നിറന്നവനേ ഹരി;
ചില്ലീചലനംകൊണ്ടേ മുപ്പാ
രഴകൊടു കാത്തുമഴിപ്പവനേ ഹരി;
… … …
ശുദ്ധപരാത്മകബോധം തെളിവോ
ടുദ്ധവരോടറിയിച്ചവനേ ഹരി;
അൻപൊടു മുന്നെപ്പോലേതന്നേ
യുംബുധിമധ്യം പുക്കവനേ ഹരി;
നിർമ്മലനേ ഹരി നിശ്ചലനേ ഹരി;
നിർഗ്ഗുണനേ ഹരി നിഷ്കളനേ ഹരി!
നിഷ്ക്രിയനേ ഹരി നിർജ്ജരനേ ഹരി;
നിസ്സൃതനേ ഹരി നിരുപമനേ ഹരി.”
ഇതിൽ കൃഷ്ണഗാഥയിലെ മധുരമായ ‘മറപൊരുളായി മറഞ്ഞവനേ ഹരി’ എന്ന സ്തോത്രത്തിന്റെ അനുനാദമാണു് നാം കേൾക്കുന്നതു്.

ബാലകൃഷ്ണസ്തോത്രം
“ചാഞ്ചാടും പൈതൽ കളിച്ചിടും-നല്ല
പൂഞ്ചായലാടുമാറാടിടും.(കൃഷ്ണ)
കഞ്ജമലരൊടു നേരിടും-തിരു
ക്കണ്ണുമഴറ്റിക്കൊണ്ടാടിടും.(കൃഷ്ണ)
ഓമൽക്കഴുത്തിൽപ്പുലിനഖം-തങ്ക
മോതിരം കെട്ടിക്കൊണ്ടാടിടും.(കൃഷ്ണ)
പൊന്മയകിങ്ങിണിയൊച്ചയും-അയ്യോ
പൊങ്ങുമാറുണ്ണി നിന്നാടിടും.(കൃഷ്ണ)
മിന്നിടും പൊന്നിൻ തള കിലു-കിലു
മെന്നുമാറുണ്ണി നിന്നാടിടും.(കൃഷ്ണ)
ഈവണ്ണം വാഴ്ത്തുന്നോർക്കെല്ലാം-മുമ്പിൽ
തൃക്കാലും വച്ചുകൊണ്ടാടിടും.(കൃഷ്ണ)
കാണാകേണം സ്തോത്രം
ഇതു ശ്രീകൃഷ്ണനെപ്പറ്റിയുള്ള അതിഹ്രസ്വമായ മറ്റൊരു കേശാദിപാദവർണ്ണനമാണു്.

“പച്ചക്കല്ലിൻപ്രഭകളെ വെല്ലം തിരുമെയ്മുഴുവൻ കാണാകേണം
അരുണദിവാകരകോടിസമാനം കനകകിരീടം കാണാകേണം
പരിമളമിയലും പുരികുഴൽപേരാമിരുൾമുകിൽനികരം കാണാകേണം
ചടുലതരാളകരാജിതമായൊരു നിടിലതടം മമ കാണാകേണം
മംഗലഭംഗി കലർന്നു നിറന്നൊരു കുംകുമതിലകം കാണാകേണം
മല്ലീശരകുലവില്ലിനെ വെല്ലും ചില്ലീലതനെറി കാണാകേണം
കൈക്കൊണ്ടീടും കരുണാഭോഗം തൃക്കണ്ണും മമ കാണാകേണം
തിലപുഷ്പശ്രീ തിറ നല്കീടും വിലസന്നാസിക കാണാകേണം
മികവും ശോഭാപൂർത്തി കലർന്നൊരു മകരക്കുഴയിണ കാണാകേണം
മരതകവിരചിതദർപ്പണദർപ്പം കവരും കവിളിണ കാണാകേണം
… … …
നാരായണ ജയ! താവകമണിമെയ് മനസി സദാ മമ കാണാകേണം
സാക്ഷാലുള്ളൊരു വൈഷ്ണവരൂപം സൂക്ഷ്മംതന്നേ കാണാകേണം”
‘കാണേണമേ’സ്തോത്രം
ഈ സ്തോത്രത്തിൽ കേശാദിപാദവും പാദാദികേശവും ഘടിപ്പിച്ചിരിക്കുന്നു. തൃച്ചെമ്മരത്തു കൃഷ്ണനെപ്പറ്റിയാണു് ഇതു രചിച്ചതു്.

“എന്നുണ്ണിക്കൃഷ്ണനെക്കണ്ണിലാമ്മാറു ഞാൻ
കാണുന്നനാളിലീവണ്ണം കാണേണമേ.
പിച്ചകം മുല്ല ചേമന്തിക ചെമ്പകം
തെച്ചി മന്താരവും ചൂടിക്കാണേണമേ.
കൂരിരുൾപ്പൈതലോടൊത്തു മേവീടിന
നേരിയോരക്കുരുളൊത്തു കാണേണമേ.
പഞ്ചമിച്ചന്ദ്രനോടൊത്ത നെറ്റിത്തടം
ചഞ്ചലം വേർപെടുത്തീട്ടു കാണേണമേ.
ആക്കമേറും കുറിയും തിലകങ്ങളും
നോക്കുമന്നേരമന്നേരം കാണേണമേ.
മന്മഥൻവില്ലിന്നു തണ്മ നിർമ്മിച്ചെഴും
നിർമ്മലമാം കുനുചില്ലി കാണേണമേ.
… … …
എത്രനാളുണ്ടു പാർക്കുന്നു കണ്ടീടുവാ
നിത്തൃണത്തെല്ലൊളം കണ്ടതില്ലേതുമേ.
ദൂഷണം പാരമുണ്ടായ്വരും കേശവ!
കേഴുമാറെന്നെ നീയാക്കൊലായെന്നുമേ.
പെറ്റ നാളേ മറന്നീടിനേനമ്മയും
ചുറ്റുമാരോടുമൊട്ടേറെ വേണ്ടീലതും
കച്ചതൊപ്പാരവും കത്തികണ്ണാടിയും
പത്തിരം മുത്തുകൈക്കോപ്പു കൈക്കാണവും
ചേർത്ത പത്തായവും മഞ്ചലും ചെല്ലവും
കറ്റുതൊമ്മോടു നല്ലില്ലവും വെല്ലവും
വിത്തു നല്ലോടു നല്ലാളടിയാരിലും
പുത്രരിലും മുഴുത്തീടിനോരാശയും
വല്ല നല്ലാരോടുമുള്ള സാരസ്യവും
നല്ല പാട്ടും കളി ചിന്തുരാഗങ്ങളും
അണ്ണനും തമ്പിയും മാതുലന്മാരിലും
പിന്നെയിച്ചൊന്നതിൽച്ചേർന്നീല മാനസം.
… … …
മറ്റേതുമേ ചെറ്റു വേണ്ടീലപോലിനി
ക്കുറ്റം പിഴയ്പാൻ തുടങ്ങുന്ന കാലത്തു
കേൾക്കായ്വരേണമേ കർണ്ണത്തിൽ നിന്നുടെ
തൃക്കാൽച്ചിലമ്പൊലി തൃച്ചെമ്മരം വാഴു
മെന്നുണ്ണിക്കൃഷ്ണാ! നമസ്തേ നമോസ്തു തേ!
എന്നുണ്ണിക്കൃഷ്ണാ! നമസ്തേ നമോസ്തു തേ!”
ജയകൃഷ്ണസ്തോത്രം
“കണ്ണന്റെകളിയുണ്ടു കളവുണ്ടു കനിവുണ്ടു;
ഉണ്ണികൾ പലതുണ്ടു, ജയ കൃഷ്ണ ശരണമേ.
കാൽചിലമ്പൊലിയുണ്ടു, കളകളച്ചിരിയുണ്ടു;
കാച്ചപാൽക്കൊതിയുണ്ടു, ജയ കൃഷ്ണ ശരണമേ.
കിങ്ങിണി കിലുങ്ങുന്നു, തിരുമേനി തെളിയുന്നു;
അംഗജൻ മയങ്ങുന്നു, ജയ കൃഷ്ണ ശരണമേ.
കീർത്തികൾ പുകഴുന്നു, കീഴ്മേലൊന്നിളകുന്നു;
കിന്നരന്മാർ നിറയുന്നു, ജയ കൃഷ്ണ ശരണമേ.
കണ്ഡലം കുലുങ്ങുന്നു, കുനുചില്ലി കുലയുന്നു;
കുംകുമം കുമറുന്നു, ജയ കൃഷ്ണ ശരണമേ.
കൂട്ടമിട്ടു കളിക്കുന്നു, കുതംകൊണ്ടു വിളിക്കുന്നു;
കൂത്താട്ടം തുടങ്ങുന്നു, ജയ കൃഷ്ണ ശരണമേ.”
എന്നിങ്ങനെ ക മുതൽ കഃ വരെയുള്ള അക്ഷരങ്ങൾ ഈരടികളുടെ ആദ്യത്തിൽ ചേർത്തു നിബന്ധിച്ചിട്ടുള്ളതാണു് ഈ കൃതി.

‘ദൈവമേ’സ്തോത്രം
ഇതിന്റെ ഈരടികളിൽ അ മുതൽ ഔ വരെയുള്ള അക്ഷരങ്ങൾ അനുക്രമമായി ഘടിപ്പിച്ചിരിക്കുന്നു:

“അടിയങ്ങളിതാ വിടകൊള്ളുന്നുതേ;
ആകാശംപോലെ നിറഞ്ഞ ദൈവമേ,
ഇന്ദുശേഖരൻ തൊഴുത ദൈവമേ,
ഈരേഴുലോകമുടയ ദൈവമേ!
… … …
അടിമലരൊടു ചേർക്ക ദൈവമേ,
വാമഗേഹേശ മുകുന്ദ ഗോവിന്ദ.
അടിയങ്ങളിതാ വിടകൊള്ളുന്നുതേ.”
രണ്ടു ദശാവതാരസ്തോത്രങ്ങൾ
ഇവയിൽ ആദ്യത്തേതു കീർത്തിമംഗലത്തു കൃഷ്ണനെപ്പറ്റിയാണു്. കീർത്തിമംഗലം എവിടെയാണെന്നറിയുന്നില്ല. മറ്റേ സ്തോത്രത്തിൽ സ്ഥലനിർദ്ദേശമില്ല.

“ഗോവിന്ദാ ഹരിഗോവിന്ദാ യമരാജഭീതി വരുന്നനാൾ
പാഹി മാമുരഗേശതല്പശയാന നീ ഹരിഗോവിന്ദ.
മല്ലവാർമുലയുണ്ടു പൂതനതന്നെ മന്നിലുലച്ചതും
മല്ലരെക്കൊലചെയ്ത ബാലനും നീയല്ലോ ഹരിഗോവിന്ദ.
… … …
മീനകേതനവീരചാരുപിതാവുമാദരവോടു പോയ്
മീനതായ്മറ വീണ്ട നാഥനും നീയല്ലോ ഹരിഗോവിന്ദ.
മുപ്പുരം പൊരിചെയ്ത ബാണവുമത്ഭുതം തിരയാഴിയിൽ
ചൊല്പെറും മല താങ്ങുമാമയും നീയല്ലോ ഹരിഗോവിന്ദ.
മൂർത്തിമൂവരിലൊന്നുമത്രിദശാരിതന്നുടൽ തേറ്റയാൽ
മൂർന്നു ഭൂമിയെ വീണ്ട പന