-
അർണ്ണോസ് പാതിരി
വിദേശീയരായ ക്രിസ്ത്യാനികളിൽ കവിത്വംകൊണ്ടു പ്രഥമഗണനീയനായി പരിശോഭിക്കുന്നതു് അർണ്ണോസ് പാതിരിയാകുന്നു. ജോണ്‍ എർണ്ണസ്തൂസ് ഹാൻക് സൽഡെൻ എന്നതാണു് അദ്ദേഹത്തിന്റെ പൂർണ്ണമായ നാമധേയം. എർണ്ണസ്തൂസ് അഥവാ എർണ്ണസ്തു ഭാഷാ കൃതമായപ്പോൾ അതു് അർണ്ണോസ് എന്നു രൂപാന്തരപ്പെട്ടു. യൂറോപ്പിൽ ഹംഗെറി രാജ്യത്തു ജനിച്ച അർണ്ണോസ് 1699-ൽ കേരളത്തിൽ വന്നുചേരുകയും ആദ്യം അമ്പഴക്കാട്ടെ ഈശോസഭക്കാരുടെ ആശ്രമത്തിൽ കുറേക്കാലം താമസിക്കുകയും പിന്നീടു തൃശ്ശൂരിൽ ചെന്നു കുഞ്ഞനെന്നും കൃഷ്ണനെന്നും പേരുള്ള രണ്ടു നമ്പൂരിമാരുടെ സഹായത്തോടുകൂടി സംസ്കൃതഭാഷ അഭ്യസിക്കുകയും ചെയ്തു. സംസ്കൃതത്തിൽ അദ്ദേഹം ആദ്യമായി പഠിച്ച കാവ്യം യുധിഷ്ഠിരവിജയമായിരുന്നു. വേലൂർ എന്ന സ്ഥലത്തെ പള്ളി പണിയിച്ചതു് അദ്ദേഹമാണു്. 1732-ആമാണ്ടു (കൊല്ലം 907-ൽ) മീനമാസം 20-ആംനു പഴയൂർ പള്ളിയിൽവച്ചു കാല ധർമ്മം പ്രാപിച്ചു.
അർണ്ണോസ് പാതിരി താൻ സംസ്കൃതത്തിലും മലയാളത്തിലും ക്ലേശിച്ചു സമ്പാദിച്ച പാണ്ഡിത്യം വ്യർത്ഥമാക്കിയില്ല. കേരളത്തിലെ ഹിന്ദുക്കൾക്കു രാമായണാദികാവ്യങ്ങൾപോലെ ക്രിസ്ത്യാനികൾക്കും ഭക്തിസംവർദ്ധകങ്ങളായ ചില ഗ്രന്ഥങ്ങൾ രചിക്കേണ്ടതു് ആവശ്യകമാണെന്നു തോന്നുകയാൽ അദ്ദേഹം അതിനുവേണ്ടി പ്രധാനമായി ഉദ്യമിച്ചു. പാതിരിയുടെ മുഖ്യകൃതികൾ (1) ചതുരന്ത്യം (2) പുത്തൻ പാന (മിശിഹാചരിതം) (3) ഉമ്മാപർവം (4) വ്യാകുലപ്രബന്ധം (5) ആത്മാനുതാപം (6) വ്യാകുലപ്രയോഗം (7) മലയാളനിഘണ്ടു (8) മലയാളം പോർത്തുഗീസുനിഘണ്ടു (9) മലയാളവ്യാകരണം എന്നിവയാണു്. ഇവ കൂടാതെ അദ്ദേഹം (1) വാസിഷ്ഠസാരം (2) ചില ഉപനിഷത്തുകൾ (3) വേദാന്തസാരം (4) അഷ്ടാവക്ര ഗീത (5) യുധിഷ്ഠിരവിജയം എന്നീ സംസ്കൃതകൃതികളെ അധികരിച്ചു ലത്തീൻഭാഷയിൽ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ളതായും അറിയുന്നു.
-
ഉണ്ണായിവാരിയർ
കൊച്ചി രാജ്യത്തിലെ പരമപാവനങ്ങളായ വൈഷ്ണവദേവാലയങ്ങളിൽ ഒന്നാണു് ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം. അതിന്റെ തെക്കേ ഗോപുരത്തോടു് അടുത്തു സ്ഥിതിചെയ്യുന്ന അകത്തൂട്ടുവാരിയത്തായിരുന്നു ഉണ്ണായിവാരിയരുടെ ജനനംഅവിടെ അക്കാലത്തു തെക്കേ വാരിയമെന്ന പേരിൽ മറ്റൊരു വാരിയംകൂടി ഉണ്ടായിരുന്നു എന്നും ആ വാരിയത്തെ ഒരംഗമായിട്ടാണു് നമ്മുടെ മഹാകവി ജനിച്ചതെന്നും അദ്ദേഹത്തിന്റെ മരണത്തോടുകൂടി തെക്കേവാരിയം അന്യംനിന്നുപോകയാൽ അതിലെ വസ്തുവകകൾ അകത്തൂട്ടുവാരിയത്തേക്കു് അടങ്ങിയെന്നും ഒരു പക്ഷാന്തരമുണ്ടു്. തെക്കേടത്തുവാരിയമായിരിക്കാം മൂലകുടുംബം .ഉണ്ണായിവാരിയരുടെ ജീവിതകാലം 850-നും 930-നും ഇടക്കാണെന്നു മാത്രം ഊഹിക്കുവാൻ കഴിയും. താൻ ഇരിങ്ങാലക്കുടത്തേവരുടെ മാലകെട്ടുകാരനാണെന്നും തന്റെ നാമധേയം രാമനാണെന്നും സ്പഷ്ടമായി പ്രസ്താവിക്കയും ചെയ്യുന്നു. രാമൻ ഉണ്ണിരാമനെന്ന ഓമനപ്പേരായി മാറിയപ്പോൾ, ഉണ്ണിരാമൻ ഉണ്ണാമനും. ഉണ്ണാമൻ ഉണ്ണാമിയും ഉണ്ണാമി ഉണ്ണാവിയും, ഉണ്ണാവി ഉണ്ണായിയുമായി വിപരിണാമത്തെ പ്രാപിച്ചു് രാമവാരിയർ ഉണ്ണായിവാരിയരായിത്തീർന്നു. ഉണ്ണായിവാരിയരുടെ യഥാർത്ഥ നാമധേയം “രാമൻ” എന്നായിരുന്നു എന്നുതന്നെയാണു് പ്രായേണ സകല പണ്ഡിതന്മാരുടേയും നിഷ്കൃഷ്ടമായ അഭിപ്രായം. ആദ്യമായി നിർമ്മിച്ച കൃതി പഞ്ചശതിയായിരിക്കാം. പിന്നീടു ചങ്ങരൻകോതക്കർത്താവിന്റെ ആജ്ഞയ്ക്കു വിധേയനായി ഗിരിജാകല്യാണം ഗീതപ്രബന്ധവും കൊച്ചിമഹാരാജാവിനെ ആശ്രയിച്ചു താമസിച്ച കാലത്തു നളചരിതം നാലു ദിവസത്തെ കഥകളിയും രചിച്ചു. ഒരു സുഭദ്രാഹരണം കഥകളിയും അദ്ദേഹം നിർമ്മിച്ചിട്ടുള്ളതായി ഊഹിക്കാം.
-
രാമപുരത്തു വാരിയർ
വടക്കൻ തിരുവിതാംകൂറിൽപ്പെട്ട മീനച്ചൽത്താലൂക്കിൽ രാമപുരം എന്നൊരു ഗ്രാമമുണ്ടു്. പ്രസിദ്ധമായ ഒരു ശ്രീരാമക്ഷേത്രം അവിടെ ഉള്ളതിനാലാണു് അതിനു് ആ പേർ സിദ്ധിച്ചതു്. ആ ക്ഷേത്രത്തിന്റെ കിഴക്കുവശത്തു് അല്പം വടക്കുമാറി അവിടെ മാലകെട്ടുപ്രവൃത്തിയുള്ള ഒരു വാരിയമുണ്ടു്. ആ വാരിയത്തെ ഒരങ്ഗമായി നമ്മുടെ കവി 878-ആമാണ്ടു കുംഭമാസം 2-ആംനു പൂയംനക്ഷത്രത്തിൽ ജനിച്ചു. ശങ്കരൻ എന്നായിരുന്നു പേർ. അമ്മ ആ വാരിയത്തെ പാർവതി വാരസ്യാരും അച്ഛൻ അവിടെനിന്നു രണ്ടു മൈൽ വടക്കു് അമനകര ഗ്രാമത്തിൽ പുനം എന്ന ഇല്ലത്തെ പത്മനാഭൻനമ്പൂരിയുമായിരുന്നു. മാതാപിതാക്കന്മാരുടെ പേരുകൾ യഥാക്രമം ലക്ഷ്മിക്കുട്ടിയെന്നും ശങ്കരനെന്നും ആയിരുന്നു എന്നും ചില പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ടു്. സൂക്ഷ്മം അറിവാൻ നിർവ്വാഹമില്ല. പുനം ഇന്നു വിഭവസമൃദ്ധമായ ഒരു കുടുംബമാണെങ്കിലും അന്നു് അതിന്റെ സാമ്പത്തികസ്ഥിതി ആശാസ്യമായിരുന്നില്ല. തന്നിമിത്തം വാരിയർക്കു ബാല്യത്തിൽ കഠിനമായ ദാരിദ്ര്യ ദുഃഖം അനുഭവിക്കേണ്ടിവന്നിട്ടുണ്ടു്. അദ്ദേഹം ആദ്യം തന്റെ അച്ഛനിൽനിന്നും പിന്നീടു് ഇരിങ്ങാലക്കുടയ്ക്കുപോയി ഉണ്ണായി വാരിയരിൽനിന്നും സംസ്കൃതം അഭ്യസിച്ചു, കുറെക്കാലം കൊണ്ടു സാഹിത്യത്തിലും സംഗീതത്തിലും ഒന്നുപോലെ അഭിജ്ഞനായിത്തീർന്നു. അതിനുപുറമേ അദ്ദേഹം ഒന്നാംകിടയിലുള്ള ഒരു ജ്യോത്സ്യനുമായിരുന്നു എന്നറിയുന്നു. മാലകെട്ടിൽ അദ്ദേഹത്തിനുണ്ടായിരുന്ന ശില്പവിജ്ഞാനം ആരെയും ആശ്ചര്യ ഭരിതരാക്കിയിരുന്നു. അക്കാലത്തു രാമപുരത്തിനു സമീപം വടക്കുംകൂർ രാജാക്കന്മാരുടെ ഒരു ശാഖ വെള്ളിലാപ്പള്ളി എന്ന സ്ഥലത്തു താമസിച്ചിരുന്നു. ആ ശാഖയിൽപ്പെട്ട രവിവർമ്മ രാജാവിന്റെ ആശ്രിതനായി വാരിയർ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു് അവിടെ കുട്ടികളെ സംസ്കൃതം അഭ്യസിപ്പിച്ചുവന്നു. രവിവർമ്മരാജാവിനു വൈക്കത്തായിരുന്നു സംബന്ധം; അദ്ദേഹത്തോടുകൂടി വാരിയരും കൂടെക്കൂടെ അങ്ങോട്ടു പോകുകയും പെരുംതൃക്കോവിലപ്പനെ ഭജിക്കുകയും ചെയ്തിരുന്നു. 925-ൽ വടക്കുംകൂർ കീഴടങ്ങിയതിന്റെ ശേഷം മാർത്താണ്ഡവർമ്മമഹാരാജാവു വൈക്കത്തു പള്ളിബ്ഭജനത്തിനായി കുറേ ദിവസം എഴുന്നള്ളിത്താമസിക്കുകയും ആ അവസരത്തിൽ രവിവർമ്മാവിന്റെ സാഹായ്യത്തോടുകൂടി കവി ആ മഹാനുഭാവനെ മുഖം കാണിച്ചു ചില സംസ്കൃതശ്ലോകങ്ങൾ അടിയറവെക്കുകയും ചെയ്തു. മഹാരാജാവിനെ ശ്രീകൃഷ്ണനായും തന്നെ കുചേലനായും അവയിൽ ഒരു പദ്യത്തിൽ വാരിയർ ഉല്ലേഖനം ചെയ്തിരുന്നു. തിരുമനസ്സുകൊണ്ടു് ആ പദ്യങ്ങൾ വായിച്ചുനോക്കി, ഉടൻതന്നെ കുചേലവൃത്തം വഞ്ചിപ്പാട്ടായി രചിക്കാൻ കല്പിക്കുകയും തിരുവനന്തപുരത്തേക്കു തിരിയെ എഴുന്നള്ളുമ്പോൾ വാരിയരെക്കൂടി പള്ളിയോടത്തിൽ കയറ്റി അതു പാടിച്ചുകേൾക്കുകയും ചെയ്തു. പ്രതീക്ഷയിൽ കവിഞ്ഞ മാധുര്യം ആ കൃതിയിൽ അനുഭവപ്പെട്ടതിനാൽ അവിടുന്നു കവിയെക്കൂടി തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ ആശ്രിതവർഗ്ഗത്തിൽ ഉൾപ്പെടുത്തി അവിടെ താമസിപ്പിച്ചു. കചേലവൃത്തത്തിനുള്ള ഉത്ഭവത്തിന്റെ കാരണത്തെപ്പറ്റി വാരിയർതന്നെ ആ ഗ്രന്ഥത്തിൽ തന്റെ സമുജ്ജ്വലമായ ഭാഷയിൽ കീർത്തനം ചെയ്യുന്നു.
(1) കുചേലവൃത്തം വഞ്ചിപ്പാട്ടു് (2) ഭാഷാഷ്ടപദി (ഗീതഗോവിന്ദത്തിന്റെ ഭാഷാനുവാദം) എന്നീ രണ്ടു പ്രധാന കൃതികൾക്കു പുറമേ (3) അമരകോശത്തിനു ലഘുഭാഷ എന്നൊരു സംസ്കൃതവ്യാഖ്യാനം (4) നൈഷധം തിരുവാതിരപ്പാട്ടു് (5) ഐരാവണവധം അഥവാ മൈരാവണവധം തുള്ളൽ (6) പ്രഭാതകീർത്തനം എന്നിവയും വാരിയരുടെ കൃതികളായുണ്ടെന്നറിയുന്നു.
-
കിളിമാനൂർ രവിവർമ്മ കോയിത്തമ്പുരാൻ
923-ൽ കോലത്തു നാട്ടു പള്ളിക്കോവിലകത്തുനിന്നു ദത്തെടുത്തു് നെടുമങ്ങാടു കൊട്ടാരത്തിൽ വന്നു താമസിച്ചിരുന്ന പൂയംതിരുനാളിൽ ജനിച്ച മൂത്തതമ്പുരാട്ടിയെ കേരള വർമ്മകോയിത്തമ്പുരാന്റെ അനന്തരവനായ രവിവർമ്മകോയിത്തമ്പുരാൻ വിവാഹം ചെയ്തു. അവരുടെ പ്രഥമസന്താനമാണു് 931-ൽ ഭൂജാതനായ മഹാകവി അശ്വതിതിരുനാൾ ഇളയതമ്പുരാൻ. ഈ വസ്തുതകളിൽനിന്നു രവിവർമ്മകോയിത്തമ്പുരാന്റെ ജനനം 910-ആമാണ്ടിടക്കാണു് എന്നു തീർച്ചപ്പെടുത്താം. അദ്ദേഹം 974-ആമാണ്ടു മരിച്ചു. കോയിത്തമ്പുരാനു പള്ളിക്കെട്ടുകഴിക്കുന്ന കാലത്തു വ്യുൽപത്തിയില്ലായിരുന്നു എന്നും പിന്നീടു നിപുണമായി സംസ്കൃതം അഭ്യസിച്ചതിനുമേലാണു് കവനം ചെയ്തുതുടങ്ങിയതെന്നും പുരാവിത്തുകൾ പറയുന്നു.
-
കടത്തനാട്ടു തമ്പുരാൻ
കടത്തനാട്ടു രാജവംശത്തിൽ കൊല്ലം ഒൻപതാം ശതകത്തിന്റെ ഒടുവിൽ ജീവിച്ചിരുന്ന ഒരു തമ്പുരാൻ ശതമുഖരാമായണം എന്നൊരാട്ടക്കഥ രചിച്ചിട്ടുള്ളതായി ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൽനിന്നറിയുന്നു.
-
ഇരട്ടക്കുളങ്ങര രാമവാരിയർ
അമ്പലപ്പുഴ കൃഷ്ണസ്വാമിക്ഷേത്രത്തിനു സമീപം കടലോരത്തായി ഇരട്ടക്കുളങ്ങര എന്നൊരു ശിവക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിനു തൊട്ടു തെക്കാണു് ഇരട്ടക്കുളങ്ങര വാരിയം. ആ വാരിയത്തെ രാമവാരിയർ തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തോടുചേർന്ന ദേവീക്ഷേത്രത്തിൽ അദ്ദേഹം 905-ആമാണ്ടു വൃശ്ചികം 5-ആംനു കുചേലഗോപാലം എന്ന ചിത്രം എഴുതിത്തീർത്തതിനു രേഖയുണ്ടു്. 953-ആമാണ്ടു ധനുമാസത്തിലെ ഭദ്രദീപത്തിനു തിരുവനന്തപുരത്തു സന്നിഹിതനായിരുന്ന ഇരട്ടക്കുളങ്ങര കൃഷ്ണവാരിയർ അദ്ദേഹത്തിന്റെ വംശജനാണു്. സാഹിത്യത്തിൽ അദ്ദേഹത്തെ സ്മരിക്കേണ്ടതു പഴയ ആട്ടക്കഥകളിൽ ഒന്നായ കിരാതത്തിന്റെ പ്രണേതാവു് എന്ന നിലയിലാണു്. 921-ൽ കിരാതം കഥ ആടിയിരുന്നതായി നാം കണ്ടുവല്ലോ. ആ കഥയിൽ “ജന്മമൊടുങ്ങുവാൻ വരം കല്മഷാരേ, തരേണമേ” എന്നും മറ്റുമുള്ള വരികളിൽ കവിക്കു് അറംവന്നു പോയി എന്നും അതിൽ സൂചിതമായതുപോലെ കഥ അവസാനിപ്പിച്ചു് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ ഒരു കാളയുടെ കുത്തേറ്റു് അദ്ദേഹം മരിച്ചു എന്നും ഒരു ഐതിഹ്യമുണ്ടു്. തൃശ്ശിവപേരൂർക്ഷേത്രത്തിൽ ചിത്രമെഴുതിയതു മുപ്പതാമത്തെ വയസ്സിലാണെന്നു കണക്കാക്കിയാൽ 875-ആമാണ്ടിടക്കാണു് അദ്ദേഹം ജനിച്ചതെന്നു സങ്കല്പിക്കാം. കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവു് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടു സന്തോഷിച്ചു് അമ്പലപ്പുഴക്ഷേത്രത്തിൽ ചോറു പതിച്ചുകൊടുത്തതായി കാണുന്നു.
-
ചേലപ്പറമ്പു നമ്പൂരി
ചേലപ്പറമ്പു നമ്പൂരിയെപ്പറ്റി കേട്ടിട്ടില്ലാത്ത സഹൃദയന്മാരില്ല. അദ്ദേഹം യാതൊരു ഗ്രന്ഥവും നിർമ്മിച്ചിട്ടില്ല. സംസ്കൃതത്തിലും ഭാഷയിലും സന്ദർഭവശാൽ രചിച്ചിട്ടുള്ള ഏതാനും മുക്തകങ്ങളിലാണു് അദ്ദേഹത്തിന്റെ യശസ്സു നിലനിന്നുപോരുന്നതു്. കോഴിക്കോടിനു സമീപമുള്ള ചാലിയത്തായിരുന്നുവത്രേ അദ്ദേഹത്തിന്റെ ഇല്ലം. പേരു് എന്തെന്നറിയുന്നില്ല. ചേലപ്പറമ്പു ബാല്യത്തിൽത്തന്നെ അമ്മായി ശ്ലോകങ്ങൾ രചിക്കുന്നതിൽ വിരുതനായിരുന്നു. നമ്പൂരി തിരുവനന്തപുരത്തു പോയി 892-ൽ തീപ്പെട്ട രവിവർമ്മമഹാരാജാവിനോടു സമ്മാനം വാങ്ങി. ഒരു സഞ്ചാരപ്രിയനായിരുന്നതിനാൽ പല രാജധാനികളിലും ചെന്നു് അവിടങ്ങളിലെ അതിഥിയായി താമസിച്ചു നിമിഷശ്ലോകങ്ങൾ ഉണ്ടാക്കി വിനോദിച്ചാണു ആയുസ്സിന്റെ ഭൂരിഭാഗവും കഴിച്ചുകൂട്ടിയതു്. ഒരു വിശിഷ്ടനായ കവി എന്ന നിലയിൽ ചേലപ്പറമ്പു് അറിവുള്ളിടത്തോളമുള്ള അദ്ദേഹത്തിന്റെ ഒറ്റശ്ലോകങ്ങൾകൊണ്ടുതന്നെയും വിജയിക്കുന്നു. അതുവരെ സാമാന്യന്മാർക്കു് അനഭിഗമ്യമായിരുന്ന മണിപ്രവാളസരസ്വതിയെ അദ്ദേഹം അത്യുച്ചമായ കൈലാസ പർവ്വതത്തിൽനിന്നു ഭൂമിയിലേക്കു് ആനയിച്ചു് അവഗാഹയോഗ്യയാക്കി. ആ വിഷയത്തിൽ അദ്ദേഹം ഭാഷാസാഹിത്യത്തിന്റെ ഒരു പരമോപകർത്താവും അനന്തരകാലികന്മാരായവെണ്മണി അച്ഛനും പൂന്തോട്ടത്തിനും മാർഗ്ഗദർശിയുമാണെന്നു പറയേണ്ടതാണു്.
-
ലക്ഷ്മീദേവനാരായണീയം
ലക്ഷ്മീദേവനാരായണീയം എന്ന പേരിൽ അഞ്ചങ്കത്തിലുള്ള ഒരു നാടകം ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായ ശ്രീധരൻനമ്പൂരി രചിച്ചിട്ടുണ്ടു്. കേരളത്തിലെ പല ഇതര നാടകങ്ങളുമെന്നപോലെ ലക്ഷ്മീദേവനാരായണീയവും സൂത്രധാരകൃതാരംഭമാകയാൽ അതിൽ പ്രത്യേകം നാന്ദിയില്ല. ചെമ്പകശ്ശേരി രാജാവു് അഗ്നിപുത്രിയായ ലക്ഷ്മിയെ വിവാഹം ചെയ്യുന്നതാണു് ഇതിവൃത്തം. അദ്ദേഹം അഗ്നിഗോത്രജനായ സാമൂതിരിയുമായി ബന്ധമുള്ള ഏതെങ്കിലും രാജവംശത്തിൽനിന്നു് ഏതെങ്കിലും ഒരു കുമാരിയെ പരിഗ്രഹിച്ചിരുന്നുവോ എന്നറിഞ്ഞുകൂടാ
-
കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവു്
കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവു് 893-ൽ കോലത്തുനാട്ടുനിന്നു ദത്തെടുത്ത കാർത്തികതിരുനാൾ പാർവതിറാണിയുടേയും, കിളിമാനൂർ കേരളവർമ്മ കോയിത്തമ്പുരാന്റേയും പുത്രനായി 899-ആമാണ്ടു കർക്കടകമാസം 5-ആംനു ജനിച്ചു. 903 വൃശ്ചികത്തിൽ പിതാവു രാജദ്രോഹികളാൽ ഹതനാവുകയും, അന്നു നാലു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അവിടുന്നു് ആയുർബലംകൊണ്ടു രക്ഷപ്പെടുകയും ചെയ്തു. 905 കന്നി 20-ആംനു മാതുലനായ മാർത്താണ്ഡവർമ്മമഹാരാജാവു സിംഹാസനാരൂഢനായ അവസരത്തിൽ ഇളയരാജാവായി. മാതുലന്റെ മരണാനന്തരം 933 കർക്കടകം 9-ആംനു മഹാരാജപദത്തെ അധിരോഹണം ചെയ്തു. നാല്പതു കൊല്ലത്തോളം കാലം തിരുവിതാംകൂറിന്റെ യോഗക്ഷേമത്തിൽ അനവരതം ബദ്ധശ്രദ്ധനായി അവിസ്മരണീയങ്ങളായ പല അപദാനങ്ങൾകൊണ്ടു ഭാരതഭൂമിയെങ്ങും വിഖ്യാതി നേടി. കാർത്തികതിരുനാൾ 973-ആമാണ്ടു കുംഭം 6-ആംനു എഴുപത്തിമൂന്നാമത്തെ വയസ്സിൽ ശിവരാത്രിദിവസം ബ്രഹ്മസായുജ്യം പ്രാപിച്ചു. രാമവർമ്മ മഹാരാജാവിന്റെ കൃതികളായി സംസ്കൃതത്തിൽ (1) ബാലരാമഭരതമെന്ന ഭരതശാസ്ത്രപ്രബന്ധവും, മലയാളത്തിൽ (2) രാജസൂയം (3) സുഭദ്രാഹരണം (4) ബകവധം (5) ഗന്ധർവവിജയം (6) പാഞ്ചാലീസ്വയംവരം (7) കല്യാണസൗഗന്ധികം (8) നരകാസുരവധത്തിലെ പ്രഥമഭാഗം എന്നീ ആറിൽച്ചില്വാനം ആട്ടക്കഥകളും മാത്രമേ ലഭിച്ചിട്ടുള്ളു.
-
അശ്വതിതിരുനാൾ ഇളയതമ്പുരാൻ
923-ൽ കോലത്തു നാട്ടു പള്ളിക്കോവിലകത്തുനിന്നു ദത്തെടുത്തു് നെടുമങ്ങാടു കൊട്ടാരത്തിൽ വന്നു താമസിച്ചിരുന്ന പൂയംതിരുനാളിൽ ജനിച്ച മൂത്തതമ്പുരാട്ടിയെ കേരള വർമ്മകോയിത്തമ്പുരാന്റെ അനന്തരവനായ രവിവർമ്മകോയിത്തമ്പുരാൻ വിവാഹം ചെയ്തു. അവരുടെ പ്രഥമസന്താനമാണു് 931-ൽ ഭൂജാതനായ മഹാകവി അശ്വതിതിരുനാൾ ഇളയതമ്പുരാൻ. ഉള്ളൂർ ഉളിയാഴത്തുറ അയ്യറത്തല വീട്ടിൽനിന്നു തിരുവനന്തപുരത്തു പാൽക്കുളങ്ങര അമ്മവീട്ടിലേക്കു ദത്തെടുക്കപ്പെട്ട ഒരു മഹിളാരത്നമായിരുന്നു തിരുമനസ്സിലെ പ്രേയസി. 969 ധനു 26-ആംനു 38-ആമത്തെ വയസ്സിൽ വായുക്ഷോഭംനിമിത്തം പരഗതിയെ പ്രാപിച്ചു. സംസ്കൃതത്തിൽ (1) വഞ്ചീശസ്തവം (2) കാർത്തവീര്യവിജയം (3) സന്താനഗോപാലം എന്നീ മൂന്നു പ്രബന്ധങ്ങളും (4) ശൃങ്ഗാരസുധാകരം ഭാണവും (5) രുക്‍മിണീപരിണയം നാടകവും (6) ദശാവതാരദണ്ഡകവും ഭാഷയിൽ (7) നരകാസുരവധം ഉത്തരഭാഗം (8) രുക്‍മിണീ സ്വയംവരം (9) പൂതനാമോക്ഷം (10) അംബരീഷചരിതം (11) പൗണ്ഡ്രകവധം എന്നീ നാലിൽച്ചില്വാനം ആട്ടക്കഥകളും (12) ശ്രീപദ്മനാഭകീർത്തനവുമാണു് നിർമ്മിച്ചിരിക്കുന്നതു്.
-
ദേവരാജഭട്ടൻ
പാലക്കാട്ടു ദേവരാജഭട്ടൻ അരുണ ഗിരിയുടെ ശിഷ്യനായ കൃഷ്ണദ്വൈപായനഭട്ടന്റെ പുത്രനാണു്. അദ്ദേഹം ഒരു ദ്രാവിഡബ്രാഹ്മണനായിരുന്നു. ദേവരാജന്റെ കൃതികളായി (1) ഗുരുവായുപുരേശസ്തുതി (2) രാമായണശതകം (3) സുഖബോധിനി (കിരാതാർജ്ജുനീയവ്യാഖ്യ) (4) സാരസംഗ്രഹണം (മാഘവ്യാഖ്യ) ഇങ്ങനെ നാലു ഗ്രന്ഥങ്ങൾ ലഭിച്ചിട്ടുണ്ടു്.
-
കുഞ്ചൻനമ്പിയാർ
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ. ചന്ദ്രികാവീഥി, ലീലാവതീവീഥി തുടങ്ങിയ രൂപകങ്ങളും, വിഷ്ണുവിലാസം, രഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്തവാർത്തികം എന്നീ ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്കൃതത്തിൽ എഴുതിയ രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ അവകാശവാദം ഇന്നും സ്ഥിരീകൃതമായിട്ടില്ല. നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ് തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു.
ഓട്ടൻ തുള്ളലുകൾ:- സ്യമന്തകം, കിരാതം വഞ്ചിപ്പാട്ട്, കാർത്തവീര്യാർജ്ജുനവിജയം, രുഗ്മിണീസ്വയംവരം, പ്രദോഷമാഹാത്മ്യം, രാമാനുജചരിതം, ബാണയുദ്ധം, പാത്രചരിതം, സീതാസ്വയംവരം, ലീലാവതീചരിതം, അഹല്യാമോഷം, രാവണോത്ഭവം, ചന്ദ്രാംഗദചരിതം, നിവാതകവചവധം, ബകവധം, സന്താനഗോപാലം, ബാലിവിജയം, സത്യാസ്വയംവരം, ഹിഡിംബവധം, ഗോവർദ്ധനചരിതം, ഘോഷയാത്ര ശീതങ്കൻ തുള്ളലുകൾ:- കല്യാണസൗഗന്ധികം, പൗണ്ഡ്രകവധം, ഹനുമദുത്ഭവം, ധ്രുവചരിതം, ഹരിണീസ്വയംവരം, കൃഷ്ണലീല, ഗണപതിപ്രാതൽ, ബാല്യുത്ഭവം പറയൻ തുള്ളലുകൾ:- സഭാപ്രവേശം, പുളിന്ദീമോഷം, ദക്ഷയാഗം, കീചകവധം, സുന്ദോപസുന്ദോപാഖ്യാനം, നാളായണീചരിതം, ത്രിപുരദഹനം, കുംഭകർണ്ണവധം, ഹരിശ്ചന്ദ്രചരിതം തുള്ളലുകളല്ലാത്ത കൃതികളും നമ്പ്യാരുടേതായുണ്ട്. അവ:- പഞ്ചതന്ത്രം കിളിപ്പാട്ട്, ശ്രീകൃഷ്ണചരിതം മണിപ്രവാളം, രുഗ്മിണീസ്വയംവരം പത്തുവൃത്തം, ശീലാവതി നാലുവൃത്തം, ശിവപുരാണം, നളചരിതം കിളിപ്പാട്ട്, വിഷ്ണുഗീത
-
കൊച്ചി രാമവർമ്മമഹാരാജാവു്
കൊച്ചി രാമവർമ്മമഹാരാജാവു് 938-ആമാണ്ടു കർക്കടകമാസത്തിൽ ഭരണിനക്ഷത്രത്തിൽ ജനിച്ചു. അവിടുത്തെ മാതാവു രാമവർമ്മ ശക്തൻതമ്പുരാന്റെ ചിറ്റമ്മയായിരുന്നു. വിഗതമാതൃകനായ തന്നെ മൂന്നുവയസ്സുമുതൽ ലാളിച്ചു വളർത്തിയ ചിറ്റമ്മത്തമ്പുരാട്ടിയുടെ പേരിൽ ശക്തൻതമ്പുരാനു നിസ്സീമമായ ഭക്തിയുണ്ടായിരുന്നുവെന്നുള്ളതു സുപ്രസിദ്ധമാണു്. അവിടുന്നു പ്രസവിച്ച നാലു പുത്രന്മാരിൽ ജ്യേഷ്ഠൻ രാമവർമ്മത്തമ്പുരാനായിരുന്നു. ആ തമ്പുരാൻ 981 മുതൽ 984 ധനുമാസം 30-ാംനു-വരെ കൊച്ചിരാജ്യം ഭരിച്ചതിന്റെ ശേഷം വെള്ളാരപ്പിള്ളിക്കോവിലകത്തുവച്ചു തീപ്പെട്ടു. ക്ഷിണകർണ്ണാടകത്തിൽ സുപ്രസിദ്ധമായ ഉഡുപ്പി എന്ന സ്ഥലത്തു മാധ്വാചാര്യന്മാരുടെ വകയായി എട്ടു മഠങ്ങളുണ്ടു്. അവയിൽ ഒന്നാണു് സോദയ മഠം. കൊല്ലം പത്താംശതകത്തിന്റെ ആരംഭംമുതല്ക്കുതന്നെ തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ശാന്തിക്കാരായ തങ്ങളുടെ ചില ശിഷ്യന്മാരെ സന്ദർശിക്കുന്നതിനായി ആ മഠത്തിലെ സ്വാമിയാരന്മാർ പലപ്പോഴും അവിടെ വരികയും മഠാധിപതികൾ എന്നുള്ള നിലയിൽ രാജോപചാരത്തിനു പാത്രീഭവിക്കുകയും ചെയ്തിരുന്നു. ശക്തൻതമ്പുരാന്റെ കാലത്തു ജീവിച്ചിരുന്ന സോദയസ്വാമിയാർക്കു, ആ മഹാരാജാവില്ലാതിരുന്ന അവസരത്തിൽ തൃപ്പൂണിത്തുറെവച്ചു രാമവർമ്മതമ്പുരാനേയും വീരകേരളവർമ്മത്തമ്പുരാനേയും മാധ്വമതത്തിലേക്കു പരിവർത്തനം ചെയ്യിക്കുന്നതിനു സാധിച്ചു. ശക്തൻതമ്പുരാൻ സ്വാമിയാരുടെ ആ കയ്യേറ്റത്തെപ്പറ്റി അറിഞ്ഞപ്പോൾ അത്യന്തം കുപിതനായി ആ രണ്ടു രാജകുടുംബാങ്ഗങ്ങളേയും സമുചിതമായ വിധത്തിൽ ശിക്ഷിക്കുന്നതിനു് ഒരുമ്പെടുകയും ചിറ്റമ്മത്തമ്പുരാട്ടിയുടെ വാത്സല്യമസൃണമായ അഭ്യർത്ഥന നിമിത്തം ആ ഉദ്യമത്തിൽനിന്നു വിരമിക്കുകയും ചെയ്തു. 981-ൽ രാമവർമ്മത്തമ്പുരാന്റെ കിരീടധാരണമഹത്തിൽ ഭാഗഭാക്കാകുവാൻ സ്വാമിയാർ വീണ്ടും തൃപ്പൂണിത്തുറെ വന്നുചേർന്നു; ആ മതം കുറേക്കാലത്തേക്കു രാജകുടുംബത്തിൽ പ്രതിഷ്ഠിതവുമായി. രാമവർമ്മമഹാരാജാവിന്റെ വകയായി രണ്ടു കൃതികളേ കണ്ടുകിട്ടീട്ടുള്ളൂ. അവയിൽ പൂർണ്ണത്രയീശസ്തുതി സംസ്കൃതത്തിലും സുന്ദരകാണ്ഡം പാന ഭാഷയിയിലും രചിച്ചിട്ടുള്ളതാണു്.
-
കൊച്ചി വീരകേരളവർമ്മ മഹാരാജാവു്
കൊച്ചി വീരകേരളവർമ്മ മഹാരാജാവു് 941–ആം ആണ്ടിടയ്ക്കു ജനിച്ചു. 1003-ആമാണ്ടു കർക്കടകമാസം 22-ആംനു- തീപ്പെട്ടു. ബാല്യംമുതൽക്കുതന്നെ അവിടുന്നു് ഒരു വാതരോഗിയായിരുന്നു. അവിടുത്തേയ്ക്കു ജ്യേഷ്ഠൻ രാമവർമ്മ മഹാരാജാവിനേക്കാൾ വ്യുത്പത്തിദാർഢ്യവും അഭ്യാസബലവുമുണ്ടായിരുന്നു. നഞ്ചപ്പയ്യൻ മുതലായ സമർത്ഥന്മാരായ മന്ത്രിമാരിൽ രാജ്യഭരണം അവരോഹണംചെയ്തു്, ആ മഹാരാജാവു് മാധ്വമതഗ്രന്ഥങ്ങൾ പാരായണംചെയ്യുന്നതിനും വിദ്വാൻമാരുമായി സല്ലപിക്കുന്നതിനും കാവ്യങ്ങൾ രചിക്കുന്നതിനുമാണു് ഇരുപതുകൊല്ലത്തോളം നീണ്ടുനിന്ന തന്റെ വാഴ്ചക്കാലത്തിന്റെ ഭൂരിഭാഗവും വിനിയോഗിച്ചതു്.
വീരകേരളവർമ്മമഹാരാജാവു് (1) പൂർണ്ണത്രയീശശതകം (2) ദശാവതാരശ്ലോകമാല എന്നീ രണ്ടു സംസ്കൃത കൃതികൾക്കുപുറമേ അൻപതിൽപ്പരം ആട്ടക്കഥകളും രചിച്ചിട്ടുണ്ടു്. (1) കല്യാണസൗഗന്ധികം (2) ധ്രുവചരിതം (3) ഗജേന്ദ്രമോക്ഷം (4) സന്താനഗോപാലം (5) രാവണപരാജയം (6) ജരാസന്ധപരാജയം (7) നീലാസ്വയംവരം (8) സുദക്ഷിണവധം (9) രുക്മിണീസ്വയംവരം (10) പാരിജാതാപഹരണം (11) മിത്രവിന്ദാസ്വയംവരം (12) രേവതീസ്വയംവരം (13) ഭദ്രാസ്വയംവരം (14) രുക്മിവധം (15) ലക്ഷണാ സ്വയംവരം (16) കാളീസ്വയംവരം (17) ദുശ്ശാസനവധം (18) ദൂതവാക്യം (19) സുന്ദോപസുന്ദോപാഖ്യാനം (20) കിർമ്മീരവധം (21) ഭീമസേനദിഗ്വിജയം (22) ശ്രീകൃഷ്ണാവതാരം (23) അഷ്ടാക്ഷരമാഹാത്മ്യം (24)സാല്വവധം (25) രാസക്രീഡ (26) സീതാസ്വയംവരം (27) സുഗ്രീവാഭിഷേകം (28) സഗരോപാഖ്യാനം (29) നിവാതകവചവധം (30) അജാമിളമോക്ഷം (31) ഭാർഗ്ഗവാവതാരം (32) ബലരാമതീർത്ഥയാത്ര (33) വാമനമാഹാത്മ്യം (34) താടകാവധം (35) ശാകുന്തളകഥ (36) ദക്ഷയാഗം (37) കിരാതം (38) സുന്ദരീസ്വയംവരം (39) അംബരീഷചരിതം (40) വ്യാസാവതാരം (41) യാഗരക്ഷ (42) അഹല്യാമോക്ഷം (43) മുചുകുന്ദമോക്ഷം (44) പാഞ്ചാലീസ്വയംവരം (45) ദേവയാനീചരിതം (46) അമൃതമഥനം (47) സുഭദ്രാഹരണം (48) മധ്വവിജയം. കഥകളിയിലും ചാക്കിയാർകൂത്തിലും അവിടുത്തേക്കു കലശലായ ഭ്രമമുണ്ടായിരുന്നു. പതിവായി അമൃതേത്തു കഴിഞ്ഞാൽ കഥകളിയെഴുതിത്തുടങ്ങും; അതു പ്രായേണ ദ്രുതകവിതാരീതിയിലുമായിരിക്കും. അത്തരത്തിലായിരുന്നു അവിടത്തെ ദൈനംദിനമായ കാര്യപരിപാടി. നൈസർഗ്ഗികമായിത്തന്നെ പ്രകൃഷ്ടമായ വാസനയില്ലാതിരുന്ന അവിടുന്നു് ആ രീതികൂടി അനുവർത്തിച്ചപ്പോൾ കാവ്യഗുണം വിരളമായിപ്പോയതിൽ ആശ്ചര്യപ്പെടുവാനില്ലല്ലോ. പോരാത്തതിനു് അവിടുത്തെ ആട്ടക്കഥകളിൽ ശ്ലോകംപോലെ പദവും സംസ്കൃതമാണു്; ഭാഷയുടെ കലർപ്പു് അപൂർവ്വം ചില പദങ്ങളിൽ ഇല്ലെന്നു ശപഥം ചെയ്യുവാൻ നിവൃത്തിയില്ലെന്നേയുള്ളൂ.
-
സദാശിവദീക്ഷിതർ – ജീവചരിത്രം
തിരുവനന്തപുരത്തു കാർത്തിക തിരുനാൾ മഹാരാജാവിനെ ആശ്രയിച്ചു് അനേകം സംസ്കൃതകവികൾ താമസിച്ചിരുന്നു എന്നും അവരിൽ ഒരാളാണു് വർണ്ണനാ സാരസങ്ഗ്രഹകാരനായ നീലകണ്ഠ ദീക്ഷിതരെന്നും പ്രസ്താവിച്ചുവല്ലോ. അവരുടെ കൂട്ടത്തിൽ പ്രഥമഗണനീയനായ ഒരു കവിപുങ്ഗവനായിരുന്നു സദാശിവ ദീക്ഷിതർ. അദ്ദേഹം ആ മഹാരാജാവിന്റെ അപദാനങ്ങളെ വിഷയീകരിച്ചു ബാലരാമവർമ്മയശോഭൂഷണം എന്നു് ഒരലങ്കാരഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്.
-
വേങ്കടസുബ്രഹ്മണ്യദീക്ഷിതർ
ദ്രാവിഡദേശീയനായ വേങ്കടസുബ്രഹ്മണ്യദീക്ഷിതർ എന്ന കവിയും രാമവർമ്മ മഹാരാജാവിന്റെ സദസ്യന്മാരിൽ അന്യതമനായിരുന്നു. വസുലക്ഷ്മീകല്യാണമെന്ന പേരിൽത്തന്നെ മറ്റൊരു നാടകം അദ്ദേഹവും രചിച്ചിട്ടുണ്ടു്. നാടകപ്രകരണത്തിലെ അറുപത്തിനാലംഗങ്ങൾക്കും ഉദാഹരണങ്ങൾ പ്രദർശിപ്പിക്കുന്നതിനാണു് അദ്ദേഹം പ്രസ്തുതകൃതി നിർമ്മിച്ചതു്. അപ്പയ്യദീക്ഷിതരുടെ ഒടുവിലത്തെ പുത്രനാണു് നീലകണ്ഠൻ. അദ്ദേഹത്തിനു പത്തിലധികം പുത്രന്മാരുണ്ടായിരുന്നതിൽ കനിഷ്ഠൻ അപ്പൻ; അപ്പന്റെ ജ്യേഷ്ഠപുത്രൻ ഭവാനിശങ്കരൻ; ഭവാനിശങ്കരന്റെ ഏകപുത്രൻ വേങ്കടേശ്വരൻ; വേങ്കടേശ്വരന്റെ പ്രഥമപുത്രൻ കവി. ദ്വിതീയപുത്രൻ വടാരണ്യവാജപേയി—ഇങ്ങനെയാണു് ആ വംശത്തിന്റെ പരമ്പര. വസുലക്ഷ്മീകല്യാണത്തിൽ വേങ്കടസുബ്രഹ്മണ്യൻ തന്റെ പൂർവ്വ പുരുഷന്മാരും കവികളുമായ നീലകണ്ഠദീക്ഷിതർ, ചിന്നപ്പയ്യാ ദീക്ഷിതർ, വേങ്കടേശ്വരദീക്ഷിതർ, പ്രഭാകരദീക്ഷിതർ എന്നിവരേയും അവർ യഥാക്രമം നിർമ്മിച്ച നളചരിതം, ഉമാപരിണയം, ഉഷാഹരണം, ഹരിശ്ചന്ദ്രാനന്ദം എന്നീ നാടകങ്ങളേയും സ്മരിച്ചു് അവയിൽനിന്നു “പുണ്യമഹാരാജരാമവർമ്മ കുലശേഖരചരിതാനുബന്ധ”മായ തന്റെ കൃതിക്കുള്ള വൈജാത്യത്തെ വിശദീകരിക്കുന്നു.
-
മനോരമത്തമ്പുരാട്ടി
കേരളത്തിലെ സ്ത്രീ ജനങ്ങളിൽ കോഴിക്കോട്ടു കിഴക്കേക്കോവിലകത്തു മനോരമത്തമ്പുരാട്ടിയെപ്പോലെ വൈദുഷ്യം സമ്പാദിച്ചവരായി ആരെയും നാം അറിയുന്നില്ല. തമ്പുരാട്ടി 935-ആമാണ്ടു മകരമാസത്തിൽ സ്വാതിനക്ഷത്രത്തിൽ ജനിച്ചു; 68 വയസ്സുവരെ ജിവിച്ചിരുന്നു് 1003-ആമാണ്ടു് ഇടവമാസം 11-ആനു മകം നക്ഷത്രത്തിൽ മരിച്ചു. 935-ൽ തൃശ്ശിവപേരൂർ വെച്ചു തീപ്പെട്ട സാമൂതിരിപ്പാട്ടിലേക്കു് ഒരു സഹോദരനും ഒരു സഹോദരിയും ഉണ്ടായിരുന്നു. ആ സഹോദരനാണു് ഹൈദരാലി മലബാർ ആക്രമിച്ചപ്പോൾ അവമാനത്തെ ഭയപ്പെട്ടു വെടിമരുന്നറയ്ക്കു തീകൊടുത്തു് അതിൽ ദേഹത്യാഗം ചെയ്ത സാമൂതിരി. മേല്പറഞ്ഞ സഹോദരിയുടെ പൗത്രിയാണു് മനോരമത്തമ്പുരാട്ടി. കോഴിക്കോട്ടു തളിയിൽക്കോവിലകം പറമ്പു് എന്നു് ഇപ്പോൾ പറയുന്ന സ്ഥലത്തു് അക്കാലത്തു് ഒരു കോവിലകമുണ്ടായിരുന്നു. ആ കോവിലകത്താണു് തമ്പുരാട്ടി ജനിച്ചതു്. ദേശമംഗലത്തു് ഉഴുത്തിരവാരിയരായിരുന്നു തമ്പുരാട്ടിയുടെ ഗുരു. ആ ആചാര്യൻ തനിക്കു വ്യാകരണത്തിൽ ഉണ്ടായിരുന്ന അസാധാരണമായ പാണ്ഡിത്യം ശിഷ്യയിലും സംക്രമിപ്പിച്ചു. പന്ത്രണ്ടു വയസ്സായപ്പോഴേയ്ക്കും തമ്പുരാട്ടി സിദ്ധാന്ത കൗമുദിക്കു ഭട്ടോജി ദീക്ഷിതർതന്നെ രചിച്ച പ്രൗഢമനോരമ എന്ന വ്യാഖ്യാനത്തിൽ അത്ഭുതാവഹമായ അവഗാഹം നേടിക്കഴിഞ്ഞിരുന്നു. മനോരമ എന്നതു ബിരുദനാമമാണു്. അതു തമ്പുരാട്ടിക്കു സിദ്ധിച്ചതു് അസുലഭമായ അംഗലാവണ്യവും മനോരമയിൽ അവിടത്തേയ്ക്കുള്ള അശ്രുതപൂർവമായ അഭിജ്ഞതയും നിമിത്തമായിരുന്നു. മനോരമത്തമ്പുരാട്ടി കുറേക്കാലം കഴിഞ്ഞപ്പോൾ പലരേയും വ്യാകരണം അഭ്യസിപ്പിക്കുവാൻ ആരംഭിച്ചു. അവിടത്തേക്കു് ഒരു വലിയ ശിഷ്യസമ്പത്തുണ്ടായിരുന്നു. ഉത്തര നൈഷധകാരനായ അരൂരടിതിരിയാണു് പ്രധാനശിഷ്യൻ. അടിതിരിയുടെ ശിഷ്യൻ കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാൻ; ഇളയതമ്പുരാന്റെ ശിഷ്യൻ വൈക്കത്തു പാച്ചു മൂത്തതു്; പാച്ചു മൂത്തതിന്റെ ശിഷ്യൻ കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഇങ്ങനെ ശിഷ്യപ്രശിഷ്യപ്രണാളി പുരോഗമിക്കുന്നു. തമ്പുരാട്ടിയുടെ ആദ്യത്തെ ഭർത്താവു പരപ്പനാട്ടുകുടുംബത്തിൽപ്പെട്ട ബേപ്പൂർ കോവിലകത്തു രാമവർമ്മ തമ്പുരാനായിരുന്നു. ആ ദമ്പതികൾക്കു് 954-ൽ ഒരു പുത്രി ജനിച്ചു. തദനന്തരം ആ തമ്പുരാൻ മരിച്ചു പോകയാൽ കുറേക്കാലം വൈധവ്യദുഃഖം അനുഭവിച്ചതിനു മേൽ അവിടുന്നു പാക്കത്തു ഭട്ടതിരിയെ ഭർത്താവായി സ്വീകരിച്ചു. ഭട്ടതിരി അവ്യുൽപന്നനായിരുന്നു. പുതിയ ദാമ്പത്യത്തിന്റെ ഫലമായി തമ്പുരാട്ടിക്കു മൂന്നു പുരുഷപ്രജകളും രണ്ടു സ്ത്രീപ്രജകളും ജനിച്ചു. അനേകം ഒറ്റ ശ്ലോകങ്ങൾ ഉണ്ടാക്കീട്ടുണ്ടു്. അവയിൽ അപൂർവ്വം ചിലതു മാത്രമേ നമുക്കു കിട്ടീട്ടുള്ളൂ. ആ ശ്ലോകങ്ങളിൽ ഓരോന്നും അവിടത്തെ അനന്യസുലഭമായ പാണ്ഡിത്യത്തിനും കവിത്വത്തിനും സാക്ഷി നില്ക്കുന്നു.
-
പുന്നശ്ശേരി ശ്രീധരൻനമ്പി
പുന്നശ്ശേരി (പുന്നാഗശ്രേണി) ശ്രീധരൻനമ്പി തെക്കേ മലബാറിൽ പെരുമുടിയൂരംശം പട്ടാമ്പി എന്ന സ്ഥലത്തു് 949-ആമാണ്ടു ജനിച്ചു. അദ്ദേഹം വിക്രമാദിത്യചരിതത്തിന്റെ രചന പൂർത്തിയാക്കിയതു് 1003 മകരമാസം 16-നു ആണു്. 1006-ആമാണ്ടു പരഗതിയെ പ്രാപിച്ചു. ശ്രീധരൻ നമ്പിയുടെ പ്രധാന കൃതികൾ ഉപരിനിർദ്ദിഷ്ടങ്ങളായ വിക്രമാദിത്യചരിതവും നീലകണ്ഠസന്ദേശവും തന്നെ. അവ കൂടാതെ ഭാഗവതം ഏകാദശസ്കന്ധം കിളിപ്പാട്ടായി രചിച്ചിട്ടുണ്ടെന്നുമറിയാം. വേറെയും പരിദേവനശതകം, ഭാഗവതസംഗ്രഹം, മൗഢ്യഗണിതം, അഷ്ടകാവലി എന്നിങ്ങനെ ചില ഗ്രന്ഥങ്ങൾ കൂടി അദ്ദേഹം നിർമ്മിച്ചിട്ടുണ്ടെന്നു ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ നീലകണ്ഠശർമ്മാവു നല്കിയ വിവരങ്ങളെ ആസ്പദമാക്കി രേഖപ്പെടുത്തീട്ടുണ്ടു്.
-
കല്ലേക്കുളങ്ങര രാഘവപ്പിഷാരടി
പാലക്കാട്ടുതാലൂക്കിൽ അകത്തേത്തറ അംശത്തിൽ ഒലവക്കോട്ടു തീവണ്ടിസ്റ്റേഷനിൽനിന്നു് അര മൈൽ വടക്കുകിഴക്കായി കല്ലേക്കുളങ്ങര എന്നു പ്രസിദ്ധമായ ഒരു ഭഗവതീക്ഷേത്രവും അതിനു സ്വല്പം തെക്കു മാറി ഒരു ശിവക്ഷേത്രവുമുണ്ടു്. ശിവക്ഷേത്രത്തിന്റെ വടക്കേ നടയിൽ മതിലിനെ തൊട്ടുള്ളതാണു് രാഘവപ്പിഷാരടി ജനിച്ച പിഷാരം. അദ്ദേഹത്തിന്റെ ജീവിതകാലം 900-ആമാണ്ടിനും 970-ആമാണ്ടിനും ഇടയ്ക്കാണെന്നു് ഊഹിക്കുവാൻ ന്യായമുണ്ടു്. പിഷാരടിയെ സംസ്കൃതം അഭ്യസിപ്പിച്ചതു ജ്യേഷ്ഠൻ കൃഷ്ണപ്പിഷാരടി തന്നെയായിരിക്കണം. ആ ഭാഷയിൽ വ്യാകരണാന്തം പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിച്ചദിനു പുറമേ കവി ജ്യോതിഷത്തിലും നിപുണനായിത്തീർന്നു. തദനന്തരം ഒരു വിദ്യാലയം സ്വന്തമായി ഏർപ്പെടുത്തി അതിൽ ശിഷ്യന്മാരെ സംസ്കൃതം പഠിപ്പിച്ചു താമസിക്കുകനിമിത്തം അക്കാലത്തു് അദ്ദേഹം മണലൂരെഴുത്തച്ഛൻ എന്ന പേരിൽ അറിയപ്പെട്ടുവന്നു. പിഷാരടിയുടെ പ്രധാനശിഷ്യൻ കടിയംകുളത്തു ശുപ്പുമേനോനാണു്. രാഘവപ്പിഷാരടിയുടെ കൃതികളായി (1) സേതുമാഹാത്മ്യം (2) വേതാളചരിത്രം (3) പഞ്ചതന്ത്രം ഈ മൂന്നു കിളിപ്പാട്ടുകളും രാവണോത്ഭവം ആട്ടക്കഥയുമേ നമുക്കു ലഭിച്ചിട്ടുള്ളൂ.
-
കുടിയംകുളത്തു ശുപ്പുമേനോൻ
കുടിയംകുളത്തു ശുപ്പു (സുബ്രഹ്മണ്യ) മേനോൻ പാലക്കാട്ടു താലൂക്കിൽ പൊല്പുള്ളി അംശത്തിൽ. കടിയംകുളത്തു വീട്ടിൽ 935-ആമാണ്ടിടയ്ക്കു് ജനിച്ചു. പൊല്പുള്ളി കൊച്ചി ചിറ്റൂർത്താലൂക്കിൽനിന്നു മൂന്നു മൈൽ വടക്കുപടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്നു. പിതാവു ചിറ്റൂർ ചമ്പത്തുവീട്ടിലെ ഒരു മന്നാടിയാരായിരുന്നു. ശുപ്പുമേനോൻ അക്കാലത്തെ പേരുകേട്ട ഒരു ഭാഷാകവിയും വേദാന്തിയും ജ്യോത്സ്യനുമായിരുന്നു. ശുപ്പുമേനോനു (1) രാഘവൻ (2) ഗോവിന്ദൻ (3) ചന്ദ്രശേഖരൻ എന്നീ മൂന്നു ഗുരുക്കന്മാരുണ്ടായിരുന്നു. 1000-ആമാണ്ടിടയ്ക്കു് അദ്ദേഹം പരഗതിയെ പ്രാപിച്ചതായി ഐതിഹ്യമുണ്ടു്. ചിറ്റൂർ കുറ്റിക്കാട്ടു വലിയ എഴുത്തച്ഛൻ എന്നയാൾ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. എന്നും, ആ എഴുത്തച്ഛന്റെ ശിഷ്യനായിരുന്നു ചിറ്റൂർ കോതാത്തു് അപ്പുമേനോൻ എന്നും പുരാവിത്തുകൾ പറയുന്നു. ശുപ്പുമേനോന്റെ പ്രധാനകൃതി (1) കാവേരീ മാഹാത്മ്യമാണു്. അതുകൂടാതെ (2) തേനാരിമാഹാത്മ്യമെന്നും (3) കേദാരമാഹാത്മ്യമെന്നും രണ്ടു കൃതികൾകൂടി അദ്ദേഹത്തിന്റേതാണെന്നറിയാം. തേനാരിമാഹാത്മ്യം ചമ്പത്തുവീട്ടുകാരുടേയും കേദാരമാഹാത്മ്യം സ്വമാതാവിന്റേയും നിർദേശമനുസരിച്ചു നിർമ്മിച്ചതാണു്.
-
നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ
നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ 931-ആമാണ്ടു് അഷ്ടമിരോഹിണിനാളിൽ തിരുവല്ലാത്താലൂക്കിൽ അയിരൂർ പകുതിയിൽ ചെറുകാൽകരയിൽ കിഴക്കേ മംഗലശ്ശേരി വീട്ടിൽ ജനിച്ചു. ആ തറവാട്ടിനു് നെടുമ്പയിൽ എന്നും പേരുണ്ടു്. അദ്ദേഹത്തിന്റെ അച്ഛൻ പ്രസിദ്ധദൈവജ്ഞനായ മാവേലിക്കര ചെറിയനാട്ടു പുലിമുഖത്തു പോറ്റിയുടെ ശിഷ്യനും ഒരു നല്ല ജ്യോത്സ്യനുമായ ചെറുകോൽ ചെറുവേലിത്തുണ്ടിയിൽ രാമനാശാനായിരുന്നു. പുലിമുഖത്തു പോറ്റി മരിച്ചതും കൃഷ്ണനാശാൻ ജനിച്ചതും ഒരേ കൊല്ലത്തിലാണു്. ആശാന്റെ ആദ്യത്തെ ഗുരു പിതാവുതന്നെയായിരുന്നു. പിന്നീടു കോഴിക്കോട്ടു ശൂലപാണിവാരിയരോടും അദ്ദേഹം ജ്യോതിശ്ശാസ്ത്രം അഭ്യസിച്ചതായിക്കാണുന്നു. ആശാൻ അനേകം സ്ഥലങ്ങളിൽ സഞ്ചരിച്ചു പല ജ്യോത്സ്യന്മാരിൽനിന്നു പല വിധത്തിലുള്ള അറിവുകൾ നേടി സ്വദേശത്തേക്കു പോന്നു് ആ ശാസ്ത്രത്തിൽ നിരന്തരമായി പ്രവർത്തിക്കുകയും അതു ശിഷ്യന്മാരെ അഭ്യസിപ്പിക്കുകയും ചെയ്തുകൊണ്ടും അടുത്തുള്ള ആറന്മുള ക്ഷേത്രത്തിലെ ശ്രീകൃഷ്ണനെ ഉപാസിച്ചുകൊണ്ടും ആയുശ്ശേഷം നയിച്ചു. അദ്ദേഹത്തിനു ജ്യോതിഷത്തിനുപുറമേ തച്ചുശാസ്ത്രത്തിലും അവഗാഹമുണ്ടായിരുന്നു. സംസ്കൃതത്തിലും ഭാഷയിലും ഒന്നുപോലെ കവനം ചെയ്യുവാൻ കഴിവുണ്ടായിരുന്നു എങ്കിലും സാഹിത്യമാർഗ്ഗത്തിൽ അധികം സഞ്ചരിച്ചില്ല. ഭക്തിസംവർദ്ധകങ്ങളായ അപൂർവ്വം ചില വാങ്മയങ്ങൾ രചിക്കുന്നതിനേ വാസനയും പാണ്ഡിത്യവും അദ്ദേഹം ഉപയോഗിച്ചുള്ളു. ബാല്യംമുതല്‌ക്കുതന്നെ ആശാൻ കാസരോഗത്തിനും ഉദരരോഗത്തിനും വിധേയനായിരുന്നു. ഉദരരോഗത്തിന്റെ പരിഹാരത്തിനു മൂക്കിന്റെ ഉള്ളിലുള്ള പാലം തുളച്ചു് അതിൽ ഒരു ചെറിയ സ്വർണ്ണത്തുടൽ കോർത്തിട്ടിരുന്നു എന്നും വേദനയുണ്ടാകുമ്പോൾ തുടൽ പതുക്കെപ്പിടിച്ചൊന്നു വലിച്ചു് അതു തൽക്കാലത്തേക്കു ശമിപ്പിച്ചിരുന്നു എന്നും പഴമക്കാർ പറയുന്നു. 987-ആമാണ്ടു ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി നാളിലായിരുന്നു ആശാന്റെ നിര്യാണം. ആ ദിവസം മുൻകൂട്ടി ഗണിച്ചു ക്ലപ്തപ്പെടുത്തി, അന്നു തന്റെ ശിഷ്യന്മാരെയെല്ലാം വരുത്തി അവരുടെ മധ്യത്തിലാണു് അദ്ദേഹം ദേഹവിയോഗം ചെയ്തതു്. മരണഹേതുകമായ രോഗം അതിസാരമായിരുന്നു.
ജ്യോതിഷത്തിൽ (1) ഭാഷാജാതകപദ്ധതി (2) ഭാഷാപഞ്ചബോധഗണിതം എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അവകൂടാതെ ജ്യൗതിഷഗന്‌ധിയായ (3) കണക്കുശാസ്ത്രം എന്നൊരു കൃതിയും അദ്ദേഹത്തിന്റെ വകയായി കിട്ടീട്ടുണ്ടു്. അവയ്ക്കുപുറമേ (4) മർമ്മചികിത്സ (5) ആറന്മുളവിലാസം ഹംസപ്പാട്ടു് (6) വിഷ്ണുകേശാദിപാദ – പാദാദികേശസ്തോത്രം (സംസ്കൃതം) എന്നീ വാങ്മയങ്ങളും ഷഡങ്കുരനാഥകീർത്തനവും ചില ഒറ്റശ്ലോകങ്ങളുംകൂടി അദ്ദേഹം നിർമ്മിച്ചിട്ടുള്ളതായി കാണുന്നു.
-
മണ്ടവപ്പള്ളി ഇട്ടിരാരിച്ചമേനോൻ
കാർത്തിക തിരുനാൾ മഹാരാജാവിന്റെ മറ്റൊരു സദസ്യനായിരുന്നു ഇട്ടിരാരിച്ചമേനോൻ. അദ്ദേഹത്തിന്റെ ജനനം അമ്പലപ്പുഴ കാവാലം പകുതിയിൽ ആക്കാക്കൊടുപ്പുന്ന മുറിയിൽ മണ്ടവപ്പള്ളി എന്ന വീട്ടിലായിരുന്നു. മൂലകുടുംബം തിരുവഞ്ചിക്കളത്തുനിന്നു് ഏതോ കാരണവശാൽ മേനോന്റെ കാലത്തേക്കു മുമ്പേതന്നെ കാവാലത്തേക്കു താമസം മാറ്റി. അമ്മാവന്റെ പേർ രാമൻ എന്നായിരുന്നതിനാൽ ‘രാമൻ ഇട്ടിരാരിച്ചൻ’ എന്ന പേരാണു് അദ്ദേഹത്തെസ്സംബന്ധിക്കുന്ന പഴയ പ്രമാണങ്ങളിൽ കാണുന്നതു്. മേനോന്റെ ബാല്യത്തിൽ ആ കുടുംബം ഏറ്റവും ദരിദ്രമായിരുന്നു. സ്വദേശത്തുതന്നെയാണു് അദ്ദേഹം സംസ്കൃതം അഭ്യസിച്ചതു്. അതിൽ ലോകവ്യുൽപത്തിക്കു മേലൊന്നും സമ്പാദിച്ചതായി കൃതികൾ സൂചിപ്പിക്കുന്നില്ല. ജീവിതചരിത്രത്തെപ്പറ്റി അധികമൊന്നും അറിവാൻ നിവൃത്തിയില്ലാതെയിരിക്കുന്നു. കാലം 920-നും 980-നും ഇടയ്ക്കാണെന്നു പി. ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളതു്. 940-ആണ്ടോടടുപ്പിച്ചു തിരുവനന്തപുരത്തു പോയി മഹാരാജാവിനെ കണ്ടു. ഒരു സംസ്കൃതശ്ലോകം അടിയറവച്ചതിനു പുറമേ, സന്താനഗോപാലം, രുക്‍മാങ്ഗദചരിതം എന്നീ രണ്ടാട്ടക്കഥകൾ ഉണ്ടാക്കി സമർപ്പിക്കയും ചെയ്തു. കവിബന്ധുവായ മഹാരാജാവു് മേനോന്റെ സാഹിത്യ വാസന കണ്ടു സന്തോഷിച്ചു് ഒരു വീരശൃംഖല സമ്മാനിക്കുകയും അറുപതു പറ നിലം കരമൊഴിവായി പതിച്ചു കൊടുക്കുകയും ചെയ്തു. മേനോന്റെ തറവാടു് അന്യം നിന്നുപോയി എന്നറിയുന്നു. സന്താനഗോപാലവും രുക്‍മാങ്ഗദചരിതവും കൂടാതെ ബാണയുദ്ധം എന്നൊരാട്ടക്കഥകൂടി മേനോൻ നിർമ്മിച്ചിട്ടുള്ളതായി പി. ഗോവിന്ദപ്പിള്ള പ്രസ്താവിച്ചിട്ടുണ്ടു്;
-
പൗലീനോസു് പാതിരി
പൗലീനോസു് യൂറോപ്പിൽ ഓസ്ത്രിയരാജ്യത്തു പിനോനിയാ (Pinonia) എന്ന ഗ്രാമത്തിൽ 1748 ഏപ്രിൽ 23-ആനു (കൊ.വ. 923) ജനിച്ചു. ജോൺ ഫിലിപ്പു് വെസ്ഡിൻ (Wesdin) എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പേർ. കർമ്മലീത്താ (കർമ്മേലൈൻ) സഭയിലെ അംഗമായതിനു മേലാണു് പൗലീനോ ഡി സൻ ബർത്തോലോമിയോ (Paulino De San Bartolomeo) എന്ന നാമധേയം സ്വീകരിച്ചതു്. ആ പേർ ചുരുക്കി പൗലീനോസു് എന്നും പൗലി (Pauli; Paoli) എന്നും അദ്ദേഹത്തെ പറയാറുണ്ടു്. പൗലീനോസു് പ്രാഗിലേയും (Prague) റോമ്മയിലേയും വിശ്വവിദ്യാലയങ്ങളിൽ പഠിച്ചു. 1777-ൽ വരാപ്പുഴെ വന്നു് അവിടത്തെ കർമ്മലീത്താപ്പള്ളിയിൽ താമസം ആരംഭിച്ചു. (1) ലെത്തീൻ, (2) ഇത്താലിയൻ, (3) ജർമ്മൻ, (4) ഫ്രഞ്ചു്, (5) ഇംഗ്ലീഷ്, (6) സുറിയാനി, (7) സംസ്കൃതം, (8) മലയാളം, (9) തമിഴു് എന്നീ ഭാഷകളിലും വിശേഷിച്ചു ഹിന്ദുമതഗ്രന്ഥങ്ങളിലും പ്രശംസനീയമായ പാണ്ഡിത്യം സമ്പാദിച്ച അദ്ദേഹം പതിമ്മൂന്നു കൊല്ലം വരാപ്പുഴയിൽ കഴിച്ചു കൂട്ടി. 1758–ൽ സിംഹാസനാരൂഢനായ തിരുവിതാംകൂർ രാമവർമ്മ മഹാരാജാവിനു വൈദുഷ്യനിധിയായ അദ്ദേഹത്തിന്റെ പേരിൽ അസാധാരണമായ കാരുണ്യമുണ്ടായിരുന്നു. 1774–ൽ അന്നു മാർപ്പാപ്പയായിരുന്ന ക്ലെമന്റു് പതിന്നാലാമൻ ക്രിസ്ത്യാനികളുടെ നേർക്കു് ആ മഹാരാജാവിനുണ്ടായിരുന്ന വാത്സല്യത്തിനു കൃതജ്ഞത പ്രദർശിപ്പിച്ചുകൊണ്ടു് അയച്ച സന്ദേശം 1780–ൽ പൗലീനോസാണു് പത്മനാഭപുരത്തുകൊണ്ടു ചെന്നു സമർപ്പിച്ചതു്. 962-ൽ നമ്മുടെ പാതിരിക്കു് ഒരു വീരശൃംഖല മഹാരാജാവു സമ്മാനിച്ചു. ഇംഗ്ലീഷുഭാഷയിലെ ശബ്ദവിഭാഗങ്ങൾ അദ്ദേഹത്തിൽനിന്നു ഗ്രഹിച്ചപ്പോൾ അദ്ദേഹത്തെ തന്റെ ഒരു ഗുരുവായിപ്പോലും അംഗീകരിച്ചു. മഹാരാജാവിന്റെ ആജ്ഞയനുസരിച്ചു പാതിരി ഒരു മലയാളം – ഇംഗ്ലീഷ് – പോർത്തുഗീസു് നിഘണ്ടു നിർമ്മിക്കുകയുണ്ടായി. കേരളത്തേയും പ്രത്യേകിച്ചു തിരുവിതാംകൂറിനേയും പരാമർശിക്കുന്ന പല കാര്യങ്ങൾ അദ്ദേഹം ഇൻഡ്യാ യാത്ര (A Voyage to the East Indies) എന്നും പൗരസ്ത്യരായ ഇൻഡ്യയിലെ ക്രിസ്ത്യാനികൾ (India Orientalis Christiana) എന്നുമുള്ള ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തീട്ടുണ്ടു്. അവയിൽ ആദ്യത്തെ ഗ്രന്ഥം ഇംഗ്ലീഷിൽ വിവർത്തനംചെയ്തിട്ടുള്ളതും സുപ്രസിദ്ധവുമാണു്. അതിൽ മലയാളഭാഷാസാഹിത്യത്തെപ്പറ്റി ഒരു രസകരമായ അധ്യായമുണ്ടു്. ആ അധ്യായത്തിൽ അധ്യാത്മരാമായണം കിളിപ്പാട്ടു്, രാമായണം ഇരുപത്തിനാലുവൃത്തം, ശിവപുരാണം കിളിപ്പാട്ടു് എന്നീ കൃതികളിൽനിന്നു് ഓരോ ഭാഗം ഉദ്ധരിച്ചു ചേർത്തിരിക്കുന്നു. 1789-ൽ പാതിരി തിരിയെ യൂറോപ്പിലേയ്ക്കു മടങ്ങി. റോമ്മയിൽ വിദേശമിഷ്യനറിമാരുടെ മതപരിശീലനത്തിനുള്ള കലാലയത്തിൽ പൗരസ്ത്യഭാഷകളുടെ പ്രൊഫസർ എന്ന സ്ഥാനത്തിൽ ആരൂഢനായി. ആ കലാലയത്തിന്റെ കാര്യദർശിയായും അദ്ദേഹത്തെത്തന്നെ അധികാരികൾ നിയമിച്ചു. റോമ്മയിലെ “വോൾസിയൻ അക്കാഡമി” എന്ന പണ്ഡിതപരിഷത്തിലെ ഫെല്ലോസ്ഥാനവും പാരീസ്സിലേയും നേപ്പിൾസിലേയും ‘അക്കാഡമി ഓഫ് സയൻസു്’ എന്ന വിദ്വൽ സമിതിയിലെ മെമ്പർസ്ഥാനവും അവയ്ക്കെല്ലാം മകുടം ചാർത്തുമാറു മാർപ്പാപ്പയിൽനിന്നു വികാരി അപ്പോസ്തോലികു് എന്ന ബഹുമതിയും അദ്ദേഹത്തിനു സിദ്ധിച്ചു. പൗലീനോസു് 1806-ആമാണ്ടു ഫിബ്രവരി 7-ആംനു- (കൊ.വ. 981) പരഗതിയെ പ്രാപിച്ചു. അദ്ദേഹം ആകെ ഇരുപത്തിനാലു കൃതികൾ രചിച്ചിട്ടുള്ളതായി പറയുന്നു. അവയിൽ പതിനൊന്നു ഗ്രന്ഥങ്ങൾ റോമ്മയിൽ അച്ചടിപ്പിച്ചു. പ്രായേണ ലത്തീൻഭാഷയിലാണു് പൗലീനോസു് തന്റെ കൃതികൾ നിർമ്മിച്ചിട്ടുള്ളതെങ്കിലും അവയിൽ സന്ദർഭവശാൽ പല മലയാളവാക്കുകളും ഇടകലർത്തീട്ടുണ്ടു്. മലയാളം ചതുരവടിവിലാണു് ആ വാക്കുകളുടെ അച്ചടി.
(1) അമരകോശം (1798) (2) സിദ്ധരൂപം (1790) (3) ബ്രാഹ്മണമതവിവരണം (Systema Brahmanicum – 1791) (ഇതിൽ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഒരു പടം ചേർത്തിട്ടുണ്ടു്) (4) പ്രോപ്പഗാന്ത എന്ന വേദപ്രചാരണാലയത്തിലെ ഭാരതീയ ഹസ്തലിഖിതഗ്രന്ഥങ്ങളുടെ വിവരണം (A Treatise on the Indian MSS to the Library of the congregation de Propaganda fide – 1792) (5) കർദ്ദിനാൾ ബോർജ്ജിയയുടെ മ്യൂസിയത്തിലുള്ള മലയാളം, ഹിന്ദുസ്ഥാനി മുതലായ ഭാഷകളിലെ ഹസ്തലിഖിതഗ്രന്ഥങ്ങളുടെ വിവരണം (A Treatise on the MSS in the Penang, Siamaese, Malayalam and Hindustani Languages – 1793) (6) പൗരസ്ത്യരായ ഇൻഡ്യൻക്രിസ്ത്യാനികൾ (India Orientalis Christiana – 1794) (7) പ്രാചീനഭാരതം (A Treatise on Ancient India – 1795) (8) ഇൻഡ്യായാത്ര (A voyage to the East Indies – 1796) (9) അർണ്ണോസു് പാതിരിയുടെ വകയായുള്ള ഹസ്തലിഖിതഗ്രന്ഥങ്ങളുടെ വിവരണം (De Codicibus Indicio Manuscript R. P. Jonnis Hanxlden – 1799) (10) പേർഷ്യൻ, സംസ്കൃതം, ജർമ്മൻ ഈ ഭാഷകൾക്കുള്ള പഴക്കവും പരസ്പരബന്ധവും (A Treatise on the Antiquity and Affinity of Persian, Sanskrit and Geramn Languages – 1799) (11) മലയാളത്തിലെ പഴഞ്ചൊല്ലുകൾ (Adagia Malabarica – 1790) ഇവയാണു് അച്ചടിച്ച പുസ്തകങ്ങൾ. ഇവ കൂടാതെ (12) Viaggio Alle India Orientali—1796 (13) Monumenti Indici del nunsio namano—1799 (14) De Latin Sermonis (15) Bibliotheca Indica (16) Opus Moraleet Manuscripta (17) Commentarium Super quinque Praccipua attributa Dei Contra Politheismum ഇങ്ങനെ വേറെയും അനേകം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ വകയായി ഉണ്ടെന്നു് അഭിജ്ഞന്മാർ പറയുന്നു. ആധുനികരീതിയിലുള്ള ഭാഷാശാസ്ത്രപഠനരീതിയുടെ ഉപജ്ഞാതാക്കന്മാരിൽ പ്രഥമഗണനീയനായി പൗലീനോസിനെ പരിഗണിക്കേണ്ടതാണു്. ഭാഷയിൽ പാതിരി (1) ത്രേസിയാചരിതം (2) ദേവഷഡ്ഗുണം എന്നീ രണ്ടു പദ്യകൃതികളും (3) കൂദാശപ്പുസ്തകം (4) എട്ടുദിവസത്തെ ധ്യാനം (5) ദിവ്യജ്ഞാനലബ്ധിക്കുള്ള സരണി എന്നീ ഗദ്യകൃതികളും (6) മലയാളവ്യാകരണം (7) അക്ഷരമാലാവിസ്താരം എന്നീ വ്യാകരണഗ്രന്ഥങ്ങളും രചിച്ചിട്ടുള്ളതായി പറയുന്നു. ഇവയിൽ ഒടുവിലത്തെ രണ്ടു ഗ്രന്ഥങ്ങളും കണ്ടുകിട്ടിയിട്ടില്ല.
-
കരിയാട്ടി യൗസേപ്പു മെത്രാൻ
ആലങ്ങാട്ടുപകുതിയിൽ ആലങ്ങാട്ടു അങ്ങാടിയിൽ കരിയാട്ടിവീട്ടിൽ പൈലി, മറിയം എന്നീ ദമ്പതിമാരുടെ ദ്വിതീയസന്താനമായി 1742 മെയു് 5 – ആംനു – ജനിച്ച ഒരു പുരുഷകേസരിയാണു് യൗസേപ്പു്. ബാല്യത്തിൽത്തന്നെ ആലങ്ങാട്ടു സെമ്മിനാരിയിൽ സുറിയാനി, ലത്തീൻ, പോർത്തുഗീസു് തുടങ്ങിയ ഭാഷകൾ അഭ്യസിച്ചു. തദനന്തരം ഉപരിവിദ്യാഭ്യാസത്തിന്നായി 1755-ൽ റോമ്മയിലേക്കു പോയി. അവിടെ പതിനൊന്നു വർഷകാലത്തോളം പഠിച്ചു പല ശാസ്ത്രങ്ങളിൽ അഗാധമായ വിജ്ഞാനം സമ്പാദിച്ചു് 1766 ഏപ്രിൽ 2നു- പ്രോപ്പഗന്താ സർവകലാശാലയിൽനിന്നു ഡി.ഡി. എന്ന ഉൽകൃഷ്ടബിരുദം നേടി സ്വദേശത്തേക്കു തിരിയെപ്പോരികയും ആലങ്ങാട്ടു സെമ്മിനാരിയിലെ പ്രധാനാധ്യാപകനായി നിയമിക്കപ്പെടുകയുംചെയ്തു. മലങ്കരനസ്രാണിസഭയിൽ പലകാരണങ്ങളെക്കൊണ്ടും വേർതിരിഞ്ഞുപോയ പഴയ കൂറ്റുകാരേയും (Catholic Syrians) പുത്തൻകൂറ്റുകാരേയും (Jacobite Syrians) തമ്മിൽ യോജിപ്പിക്കുന്നതിനുവേണ്ടി ജീവിതാർപ്പണം ചെയ്യുവാൻ ആ പണ്ഡിതവര്യൻ നിശ്ചയിച്ചു. സഭയിലുള്ള അന്തച്ഛിദ്രത്തിനു മാർപ്പാപ്പ മുഖാന്തരവും പോർത്തുഗൽ രാജാവുമുഖാന്തരവും ശമനം വരുത്തിക്കാണുവാനുള്ള അത്യാശയാൽ 1777-ആമാണ്ടു് ഒടുവിൽ വീണ്ടും റോമ്മയിലേക്കു പുറപ്പെടുകയും 1778 ഒക്ടോബർ 14-ആംനു – മദിരാശിയിൽനിന്നു കപ്പൽകയറി 1780 ജനുവരി 3നു- റോമ്മയിൽ എത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ സഭാപ്രവർത്തനങ്ങളെപ്പറ്റി ഇവിടെ പ്രപഞ്ചനം ചെയ്യേണ്ട ആവശ്യമില്ല. ലിസ്ബണിൽവെച്ചു് 1782 ജൂലായു് 16നു- അദ്ദേഹം കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. 1786-മേയു് 1നു- ഗോവയിൽ തിരിച്ചെത്തി. അവിടെവെച്ചു് ആ കൊല്ലം സെപ്തംബർ 8നു- (കൊ.വ. 962) 45-ആമത്തെ വയസ്സിൽ യശശ്ശരീരനായി. അദ്ദേഹത്തിനു (1) മലയാളം (2) തമിഴു് (3) കർണ്ണാടകം (4) സംസ്കൃതം (5) സുറിയാനി (6) ലത്തീൻ (7) പോർത്തുഗീസു് (8) ഇത്താലിയൻ (9) ഫ്രഞ്ചു് എന്നീ ഭാഷകൾ സ്വാധീനമായിരുന്നുവെന്നും മലയാളത്തിനുപുറമേ സുറിയാനിയിലും ലത്തീനിലും പോർത്തുഗീസിലും ഉണ്ടായിരുന്ന പാണ്ഡിത്യപ്രകർഷം അദ്ദേഹം രചിച്ചിട്ടുള്ള ചില പ്രബന്ധങ്ങളിൽ നിന്നു അനുമാനിക്കത്തക്കതാണെന്നും അറിവുള്ളവർ പറയുന്നു.
-
പാറേമ്മാക്കിൽ തോമ്മാക്കത്തനാർ
മീനച്ചൽത്താലൂക്കിൽ രാമപുരം പകുതിയിൽ കടനാട്ടുകരയിൽ പാറേമ്മാക്കിൽവീട്ടിൽ 1736 കന്നി 10നു (കൊ.വ. 912) കുരുവിള, അന്ന ഈ ദമ്പതിമാരുടെ നാലാമത്തെ സന്താനമായി ജനിച്ച മറ്റൊരു കൈരളീസേവകനാണു് തോമ്മാ. മീനച്ചൽ ശങ്കരൻകർത്താവിനോടു മൂന്നുവർഷം സംസ്കൃതവും കാനാട്ടു് അയ്പുകത്താനാരോടും വീണ്ടും മൂന്നുവർഷം സുറിയാനിയും അഭ്യസിച്ചു. പിന്നീടു യഥാവിധി ആലങ്ങാട്ടു സിമ്മനാരിയിൽ ലത്തീനും പോർത്തുഗീസും പഠിച്ചു. 1761-ൽ കത്തനാരായും 1768-ൽ കടനാട്ടു പള്ളിയിലെ വികാരിയായും പണി നോക്കി. അക്കാലത്താണു് കരിയാട്ടി യൗസേപ്പുമല്പാൻ റോമ്മയിൽനിന്നു സ്വദേശത്തെത്തിയതു്. 1778 മുതൽ 1786 വരെ അവർ ഒരുമിച്ചു വിദേശപര്യടനം നടത്തി. യൗസേപ്പുമെത്രാൻ മരിക്കുന്നതിനു മുൻപുതന്നെ നമ്മുടെ കത്തനാരെ കൊടുങ്ങല്ലൂർ രൂപതയുടെ ഗവർണ്ണരാക്കി. അന്നു് ആ രൂപതയുടെ വിസ്തീർണ്ണത തിരുവനന്തപുരംമുതൽ കണ്ണൂർവരെ വ്യാപിച്ചിരുന്നു. ഗവർണ്ണർ അങ്കമാലിയിൽ താമസിച്ചു ഭരണം നടത്തിവരവേ ടിപ്പുസുൽത്താന്റെ ആക്രമണംനിമിത്തം 1790-ൽ അവിടെന്നിന്നു തലസ്ഥാനം വടയാറ്റുപള്ളിയിലേക്കു മാറ്റി. 1798-ൽ വാതരോഗം ആരംഭിക്കുകയാൽ സ്വദേശമായ രാമപുരത്തേക്കുതന്നെ പോരികയും അവിടെവച്ചു് 1799 മാർച്ചു് 20നു – (കൊ.വ. 974) പരഗതിയെ പ്രാപിക്കുകയും ചെയ്തു.
-
സ്റ്റീഫൻ പാതിരി
ഇത്താലിയക്കാരനായ സ്റ്റീഫൻ 1700-നും 1769-നും ഇടക്കു ജീവിച്ചിരുന്നു. ഇന്ത്യയിൽ വന്നതിനുമേൽ ഹിന്ദുസ്ഥാനി, തെലുങ്ക, മലയാളം എന്നീ ഭാഷകളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. മലയാളത്തിൽ അദ്ദേഹം നിർമ്മിച്ചതു് ഒരു നിഘണ്ടുവായിരുന്നു.
-
ക്ലെമന്റു് പാതിരി
ക്ലെമന്റു് പിയാനിയസു് (Clement Peanius) എന്നാണു് പീഡ്മൊണ്ടുകാരനായ പ്രസ്തുത വൈദികന്റെ പൂർണ്ണമായ നാമധേയം. 1714-ൽ അദ്ദേഹം ജനിച്ചു. സ്റ്റീഫനെപ്പോലെ വരാപ്പുഴയിൽ ഉദ്യോഗമായി താമസിച്ച അദ്ദേഹവും മലയാളത്തിൽ ഒരു നിഘണ്ടു നിർമ്മിച്ചു. അതിനുപുറമെ മലയാളം, സംസ്കൃതം എന്നീ ഭാഷകളിലെ അക്ഷരമാലയെപ്പറ്റി ലത്തീനിൽ ഒരു പുസ്തകവും രചിച്ചിട്ടുണ്ടു്. എന്നാൽ പാതിരിയുടെ സർവപ്രധാനമായ കൃതി സംക്ഷേപവേദാർത്ഥമാണു്. അതിനു ലത്തീൻഭാഷയിൽ Compendiosa Legis Explicatio Omnidus Christianis Scitu Neccessaria എന്നൊരു ദീർഘമായ നാമധേയം നല്കിയിരിക്കുന്നു. അതിലെ ആദ്യത്തെ വാക്കു് രൂപാന്തരപ്പെടുത്തി പ്രസ്തുതപുസ്തകത്തിനു ‘കുമ്പേന്തി’ എന്നും പേർ പ്രചരിക്കുന്നുണ്ടു്. ഈ പുസ്തകങ്ങളെല്ലാം പാതിരി റോമ്മയിൽ സർവമുദ്രാലയത്തിൽ (Polyglot Press) മലയാളമച്ചുകൾ ഉണ്ടാക്കി അവിടെ 1772 (കൊ.വ. 947) -ൽ അച്ചടിപ്പിച്ചു. ക്ലെമന്റും രാമവർമ്മമഹാരാജാവിന്റെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു. ആ പാതിരി 1782 നവംബർ 9നു- (958) വരാപ്പുഴ വെച്ചു മരിച്ചു. മലയാളലിപിയിൽ ആദ്യമായി അച്ചടിച്ച പുസ്തകം സംക്ഷേപവേദാർത്ഥമാണു്. 270-ൽച്ചില്വാനം പുറങ്ങളുള്ള ആ പുസ്തകം ചോദ്യോത്തര (ഗുരുശിഷ്യസംവാദ) രൂപത്തിൽ രചിക്കപ്പെട്ടിരിക്കുന്നു. അതു് അനേകം പാഠങ്ങളായും കാണ്ഡങ്ങളായും വിഭജിച്ചുകാണുന്നു.
-
ഫാറോസു് പാതിരി
അദ്ദേഹം അമ്പഴക്കാട്ടു സന്യാസിമന്ദിരത്തിലെ റെക്ടറായിരുന്നു. ടിപ്പുസുൽത്താന്റെ ആക്രമണകാലത്തു അവിടംവിട്ടു ചാക്യാത്തുപള്ളിയിലേയ്ക്കു താമസം മാറ്റി. അദ്ദേഹവും ഒരു ചെറിയ മലയാളവ്യാകരണവും നിഘണ്ടുവും നിർമ്മിച്ചിട്ടുണ്ടു്. 1715 – 1789 ഈ വർഷങ്ങൾക്കിടയിലായിരുന്നു ഫാറോസിന്റെ ജീവിതകാലം.
-
റോബർട്ടു് ഡ്രമ്മൺഡ്
റോബർട്ടു് ഡ്രമ്മൺഡ് (Robert Drummond) എന്ന ഒരു ഇംഗ്ലീഷ്കാരൻ മലയാളഭാഷയുടെ വ്യാകരണം എന്നൊരു കൃതി രചിച്ചു 974-ൽ അതു ബോംബെയിലെ കൂറിയർ അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചു. അതാണു് ഒരു ഇംഗ്ലീഷ്കാരൻ മലയാളഭാഷയെപ്പറ്റി ഇദംപ്രഥമമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം. അന്നു് ഇംഗ്ലീഷ് ഈസ്ററിൻഡ്യാക്കമ്പനിക്കു കേരളത്തിലുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം ബോംബെ പ്രസിഡൻസിയിൽ ഉൾപ്പെട്ടിരുന്നു. കമ്പനിയിലെ ജോലിക്കാരായ പാശ്ചാത്യരുടെ ആവശ്യത്തെ പുരസ്കരിച്ചാണു് ഡ്രമ്മൺഡ് പ്രസ്തുത പുസ്തകം നിർമ്മിച്ചതു്. അതിലെ ഭാഷ ഇംഗ്ലീഷാണെങ്കിലും ഉദാഹരണങ്ങൾ മലയാളത്തിലുള്ള കൃതികളിൽനിന്നുതന്നെ ഉദ്ധരിച്ചു ചേർത്തിരിയ്ക്കുന്നു. അവ പ്രായേണ ക്ലമന്റിന്റെ സംക്ഷേപവേദാർത്ഥത്തിലുള്ള വാക്യങ്ങളാണു്. മറ്റു വരാപ്പുഴപ്പാതിരിമാരുടെ വ്യാകരണം തുടങ്ങിയ ഭാഷാശാസ്ത്രസംബന്ധികളായ ഗ്രന്ഥങ്ങളോടും അദ്ദേഹത്തിനു കടപ്പാടുണ്ടായിരുന്നു.