Contacts

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍

സ്യമന്തകം



കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ സ്യമന്തകം ഭാഷാനാടകം (1066) കടത്തനാട്ട് ഉദയവർമ്മ തമ്പുരാന്റെയും കെ സി നാരായണൻ നമ്പ്യാരുടേയും പ്രസാധകത്വത്തിൽ നാദാപുരത്തുനിന്നും പുറപ്പെട്ടുകൊണ്ടിരുന്ന ജനരജിനി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധം ചെയ്തിരുന്നു.



എന്ന്.

ഒന്നാമൻ- ഓ! വൈഷമ്യമായോ തമ്പുരാനേ!

മറ്റവൻ- ഹും! അവിടെക്കു് ആയിരം സിംഹം അടുത്തു വന്നാലും കൂസലില്ല. പിന്നെയുണ്ടോ ഒരു സിംഹം വന്നാൽ?

(പിന്നെയും അണിയറയിൽ)

'വാളെടുത്തു നൃവരൻ കളിക്കയും,
താളമായ്ക്കുതിര ചോടുവെക്കയും,
മേളമോടവിടെയുള്ള കൂട്ടുകാ-
ട്ടാളരൊത്തു വിളികൂട്ടിയാര്‍ക്കയും. 35


ബഹുകേമംതന്നെ' എന്ന്.

മറ്റവൻ- കേട്ടില്ലെടോ!

ഒന്നാമൻ - വൈഷമ്യമൊന്നും വന്നില്ലെങ്കിൽ തരക്കേടില്ല. വല്ല ദുർഘടവും വന്നാലോ കാടാണെന്നു കരുതിയാണ് ഞാൻ പറഞ്ഞതു്.

(പിന്നെയും അണിയറയിൽ)

'കൂക്കുവിളി കേട്ടിടുമ്പോ-
ളാര്‍ക്കുമഹോ! സിംഹമുഗ്രരവമോടേ
നോക്കുമധികം പ്രസേനനെ-
ലാക്കൊടു ചാടിപ്പിടിച്ചു തച്ചിടുവാൻ. 36


ഇങ്ങിനെ സിംഹവും കൂടീട്ടുണ്ട്. ഒഴിക്കുന്നില്ല. ബലേ ബലേ.

തുള്ളിച്ചാടിക്കളിച്ചും തുരുതുരെയടി പി-
ന്നോട്ടൊരഞ്ചെട്ടു വെച്ചം,
വള്ളിക്കൂടങ്ങൊഴിച്ചും, വടിവൊടു ഹയവും
വാശി വല്ലാതെ വാച്ചും,
തള്ളിക്കേറിപ്പിടിച്ചുന്തിടുമൊരു വടിവിൽ
തത്സമീപം ഗമിച്ചം,
കള്ളം വിട്ടുല്ലസിച്ചും കളമൊടു കളിയാ-
ടുന്നു പാരം രസിച്ചും, 37

എന്ന്

ഒന്നാമൻ- നോക്കും അങ്ങോട്ടു പോകാം. ബഹുരസമുണ്ടു കാണാൻ.

(ചുററിനടന്നു നോക്കീട്ട്)

നല്ലൊരാക്കുതിരയും പ്രസേനനും
ചൊല്ലെഴും ബലമിയന്ന സിംഹവും
തെല്ലകന്നു മറവായി കണ്ണിനി-
ച്ചെല്ലുകില്ല മതി നോക്കൊഴിക്കെടോ. 38


(അണിയറയിൽ)

"അയ്യോ ദുർഘടമായീ!
കയ്യുപിഴച്ചിതു പരംപ്രസേനന്ന്;
വയ്യാതായിതു കുതിര-
ക്കയ്യൊന്നൊരു കുണ്ടിലാപ്പെട്ടു. 39


എന്നതന്നെയല്ല,

അതുസമയമടുത്തുവന്ന സിംഹം
ശ്രുതികഠിനോൽക്കടസിംഹനാദമോടും
ചതിയിൽ നൃപനെയൊന്നടിച്ചു വീഴി-
ച്ചിതി മണികയ്യിലെടുത്തു പാഞ്ഞു പോയി. 40


കഷ്ടം! ഈ വിവരം കേട്ടാൽ സത്രാജിത്തും ഭാര്യയും മറ്റും വളരെ വിധം ദുശ്ശങ്കയോടുകൂടി വ്യസനിക്കും നിശ്ചയംതന്നെ' എന്ന്.

ഒന്നാമൻ- ഓ! ഞാൻ പറഞ്ഞില്ലേ? ആ! വൈഷമ്യം വന്നു. സിംഹത്തിനേയും മറ്റും കളിപ്പിപ്പാൻ പോയാൽ ദുർഘടമാണ്.

(പിന്നെയും അണിയറയിൽ)

'എന്നേ! കൂട്ടമൊടൊരുവക
പണികൾ പായുന്നു നോക്കു ചതി പറ്റി;'


എന്ന്
മറ്റവൻ-

വന്നതു വന്നു നമുക്കും
ചെന്നിടുകങ്ങോട്ടു പൊരുതിനോക്കിടുവാൻ.


(എന്നു രണ്ടാളും പോയി.)

പ്രവേശകം കഴിഞ്ഞു.

(അനന്തരം സത്രാജിത്തും ഭാര്യയും പ്രവേശിക്കുന്നു).

ഭാര്യ-

ഇന്നെന്താണിത്രനേരം ബത! പതിവുകണ-
ക്കല്ല വത്സൻ പ്രസേനൻ
വന്നില്ലാവേട്ടയാടാൻ വടിവിനൊടു ഗമി-
ച്ചിട്ടു രാവാകിലും കേൾ;
വന്നെന്നോ വല്ലെടത്തും വലിയൊരപജയം?
നല്ല മട്ടല്ല; മോദം
തോന്നുന്നില്ലെന്മനസ്സിൽ പെരിയൊരപകടം
പറ്റി ചെറ്റില്ല വാദം. 42


സത്രാജിത്ത് - ശരിയാണത്. നായാട്ടിന്നു പോയാൽ രണ്ടു മൂന്നു നാഴിക പകലെ എത്താറു പതിവാണല്ലൊ. ഇന്നിത്ര നേരമായിട്ടും വരാതെകണ്ടിരിക്കണമെങ്കിൽ വലുതായൊരു വൈഷമ്യം വന്നിരിക്കണം.

നായാട്ടതിൽ ദുർഘടമായ ദിക്കിൽ
പോയിട്ടുമാമീവക കഷ്ടമെല്ലാം;
മായംപെടും വൈരികളുള്ളവര്‍ക്കു-
മായീടുമീവണ്ണമനര്‍ത്ഥമെല്ലാം. 43


ദ്രവ്യം കയ്യിലെഴുന്നവര്‍ക്കു പലമ -
ട്ടാപത്തു വന്നീടുമെ-
ന്നവ്യാജം പലരും പറഞ്ഞു പരിചിൽ
കേൾപ്പുണ്ടു കെല്പോടു ഞാൻ;
ദിവ്യശ്രീമണിയാം സ്യമന്തകമതും
കണ്ഠേ ധരിച്ചാണവൻ
ഭവ്യത്വത്തൊടു വേട്ടയാടുവതിനായ്
ചാടിപുറപ്പെട്ടതും. 44


അപ്പോൾതന്നെ ഞാൻ പറഞ്ഞു- ഈവക വസ്തുക്കൾ പുറത്തേക്ക് ഇറക്കരുത്. വളരെ ശത്രുക്കളണ്ടാവും. അതുകൊണ്ടിതും കൊണ്ടുപോകേണ്ട. എന്തെങ്കിലും വല്ല ആപത്തും വരും എന്നു്. അപ്പോൾ അത് ആയാൾക്കു ബോധിച്ചില്ലാ.

കുറഞ്ഞതെന്നാകിലുമപ്രിയത്തെ
മുറിഞ്ഞ ചൊല്ലാൻ മടിയുണ്ടെനിക്ക്;
അറിഞ്ഞുകൂടാത്തതിനോര്‍മ്മവെക്കാൻ
പറഞ്ഞു നോക്കീ, ഫലമായതില്ല. 45


പിന്നെ എന്തെങ്കിലുമാകട്ടെ എന്നു വിചാരിച്ച ഞാൻ കൊടുത്തു. എന്തെല്ലാമാണാവോ വൈഷമ്യം പററിയത്?

ഒരു മന്ത്രി പ്രവേശിച്ചിട്ടു (വിചാരം)

വേട്ടക്കു വേണ്ടിപ്പരിചിൽ പ്രസേനൻ
വാട്ടംവിനാ നമ്മുടെ കൂടെയല്ലോ
പെട്ടെന്നു പോന്നുള്ളതു; കാട്ടിൽ വേറേ
പെട്ടിട്ടു കണ്ടീലവനെക്കലാശം. 46


എന്നാൽ അദ്ദേഹത്തിനേയും രണ്ടു കാട്ടാളന്മാരേയും ഒരു ശൂദ്രനേയും മാത്രമേ കാണാതെകണ്ടായിട്ടുള്ളു. അവരുടെ വിവരം ആര്‍ക്കും അറിവില്ലതാനും. എന്തുകാട്ടാം. എന്നാൽ

പുത്രനതെന്നകണക്കതി-
മാത്രസ്നേഹം വളര്‍ത്ത സോദരനെ
ഇത്തവ്വൂ കണ്ടിടാത്തതു
സത്രാജിത്തോടു ചൊൽവതെങ്ങിനെ ഞാൻ? 47


എങ്കിലും പറയാതെകണ്ടു നിവൃത്തിയില്ലല്ലൊ

(എന്നടുത്തു ചെന്നിട്ട് ആചാരോപചാരങ്ങൾ ചെയ്യുന്നു.)

സത്രാ- ഉണ്ണി പ്രസേനനെവിടെ?

സത്യസേനൻ- (ഇങ്ങിനെയൊക്കെയാണ് എന്നു വിവരം പറയുന്നു.)
ഭാര്യ-

അയ്യോ നീ വലിയോരു കാട്ടിൽ വഴിതെ-
റ്റിച്ചെറു ദുഃഖിക്കയോ
കയ്യൂക്കേറിയ ദുഷ്ടജന്തുനിരയായ്
നേരിട്ടു കഷ്ണിക്കയോ? 48


സത്രാ-

കയ്യോടേ കപടം ധരിച്ച ചിലശ-
ത്രുക്കൾക്കു കയ്യിൽ പിണ-
ഞ്ഞിയ്യൂഴം വലുതായിടുന്നൊരു വിപ-
ത്തിൽ പെട്ടു നീയെന്നതോ? 49


സത്യസേനൻ - എങ്ങിനെയാണെന്നു നിശ്ചയിക്കാറായോ? ഇന്നു രാത്രിയായിപ്പോയി. ഇരുട്ടായതുകൊണ്ടു വേറെ ദിക്കിൽ താമസിച്ചു നാളെ കാലത്തു വരുമെന്നു വിചാരിക്കരുതേ?

സത്രാ - ശരിയാണത്; 'അതിസ്നേഹഃ പാപശങ്കീ' എന്നല്ലേ പ്രമാണം? അതുകൊണ്ടു് അങ്ങിനെ വൈഷമ്യംകൂടി ആലോചിച്ചു എന്നേയുള്ള. താൻ ചെല്ലു. (സത്യസേനൻ പോയി)

ഭാര്യ- എനിക്കു പ്രസേനനെക്കാണാഞ്ഞിട്ടു മനസ്സിന്നൊരു സുഖമില്ല.

ചേണുറ്റതന്റെ സഖിസംഘമൊടൊത്തുകൂടി-
ക്കാണുന്ന കേളിയതിനായ് ചിലനാൾ ഗമിച്ചാൽ
ക്ഷീണം പെടുന്ന തവ മേനി, വരുന്നനേരം
കാണുമ്പൊൾ വത്സ! മമ സങ്കടമെന്തു ചൊൽവൂ.


അങ്ങിനെ ഇരിക്കുമ്പോൾ ഈ കാട്ടിൽ പോയിരിക്കുന്ന കഥ വിചാരിച്ചിട്ട് ഒരു സുഖം തോന്നാത്തതു കഷ്ടമല്ല. എനിക്കു പുത്രനായിട്ട് പ്രസേനനും, പുത്രിയായിട്ട് സത്യഭാമയും എന്നുതന്നെയാണ് വിചാരം.

സത്രാ- എനിക്കതല്ലാ വിചാരം. ചിലരൊക്കയും ഈ മണിക്കു ലക്ഷ്യംവെച്ചിട്ടുണ്ട്. സ്യമന്തകമണിയും കൊണ്ടാണ് ഉണ്ണി പ്രസേനൻ പോയിരിക്കുന്നത്. അവർ വല്ലതും പറ്റിച്ചിരിക്കുമോ എന്നാണ് എനിക്കു പേടി.

ഭാര്യ- ആരാണീമണിക്കു ലക്ഷ്യം വെച്ചിരിക്കുന്നത്?

സത്രാ- ഹേ! അതൊന്നും പറയാൻ പാടില്ല. കുറെ വലിയ പ്രമാണിയാണെന്നു വെച്ചോളു.

ഭാര്യ- എന്നോടു പറയുകവയ്യെന്നെന്താണ്? വിശ്വാസമില്ലെന്നോ?
സത്രാ- അതുതന്നെ.

സസാരമായീടിലുമിങ്ങു വേണ്ടി-
ല്ലസാരമായീടിലുമപ്രകാരം
രസിച്ചു കാര്യം ബത! പെണ്ണിനേ വി-
ശ്വസിച്ചു ചൊല്ലീടരുതെന്നു കേൾപ്പൂ. 50


ഭാര്യ- അതൊക്കെ ശരിയാണ്. ചില സ്ത്രീകളുണ്ടു് വിശ്വസിക്ക വയ്യാത്തവരായിട്ട്. അവരോടു പറയരുത്. എന്നാൽ ഇത് എന്നോടു പറയരുതേ? എന്നെ വിശ്വസിച്ചാൽ എന്താ തരക്കേട്?

സത്രാ- ഇതു വലിയ വൈഷമ്യമുള്ള കാര്യമാണു്.

ചിരം ജഗത്തിൽ പുകൾ പൂണ്ടൊരാളിൽ
കുറഞ്ഞൊരീക്കുറ്റമുരച്ചതായി
പറഞ്ഞു കേട്ടാൽപ്രഭു മേലിലെങ്ങാ-
നറിഞ്ഞു പോയാൽ ബഹുചീത്തയായി. 51


ഭാര്യ- ഞാനാരോടും പറയുന്നില്ല.

സത്രാ-പറയണോ നിന്നോടു്?

ഭാര്യ- വേണം, സംശയമില്ല. കേട്ടാൽ കൊള്ളാമെന്നു വളരെ മോഹമുണ്ടു്.

സത്രാ- എന്നാൽ ഞാനെന്റെ ഊഹം പറയാം.

(പതുക്കെ)

അമന്ദമോഹത്തൊടു വാസുദേവൻ,
സ്യമന്തകം നൽകുക ഭൂപനെന്നായ്
ഭ്രമം തനിക്കുള്ളതൊളിച്ചു നീതി-
ക്രമം തെളിഞ്ഞോതിയിരുന്നു മുമ്പിൽ. 52


ഭാര്യ- അ-ഹ-സാക്ഷാൽ ശ്രീകൃഷ്ണനോ? അദ്ദേഹത്തിനീ ദ്രവ്യംകൊണ്ടെന്താണ് വേണ്ടത്? സാക്ഷാൽ ശ്രീഭഗവതിയുടെ ഭർത്താവല്ലേ?

സത്രാ- അതൊക്കെ ശരിയാണ് . പക്ഷേ ഒന്നുവിചാരിക്കൂ.

പരം ഗുണം സർവ്വവുമൊത്തൊരാളെ-
ന്നിരിക്കിലും ദ്രവ്യമതെത്രതന്നെ
തരത്തിലാക്കീടിലുമിങ്ങു പാര്‍ത്താ-
ലൊരുത്തനുണ്ടോ ബഹുതൃപ്തിയായി? 53

ഭാര്യ- എങ്കിലും ശ്രീകൃഷ്ണനങ്ങിനെ ചതിച്ചു കൈക്കലാക്കുമോ?

സത്രാ- അതും ഇല്ലെന്നു തീച്ചപ്പെടുത്തേണ്ട.

പണ്ടാച്ചെറുപ്പകാലം
കണ്ടോരിടയത്തികളുടെ പുരതോറും
തെണ്ടിക്കട്ടു ഭുജിച്ചും-
കൊണ്ടല്ലേ കഴിവതോര്‍ത്തുകൊണ്ടാലും 54


ഞാനൊന്നും പറഞ്ഞില്ലേ. ഇങ്ങിനേയുമൂഹിക്കാം.

ഭാര്യ- അതു ശരിതന്നെയാണ്.

ദുഷ്ടനൃപാലരെയൂഴിയി-
ലൊട്ടൊഴിയാതേ മുടിക്കുവാൻവേണ്ടി
പെട്ടെന്നു വാഴ് കിലും പിഴ
കാട്ടുന്നതു കണ്ണനാണധികമല്ലോ. 55


നമ്മുടെ ഗ്രഹപ്പിഴകൊണ്ടു ഈ പ്രസേനന്റെ നേരെയും അങ്ങിനെചെയ്യാൻ തോന്നിയാൽ മതിയല്ലൊ.

സത്രാ- (ശ്രീകൃഷ്ണനോടു നേരിട്ടു പറയും പോലെ)

ധര്‍മ്മം, നേരേ നടത്തീടണമഴകൊടധര്‍-
മ്മം നശിപ്പിച്ചിടേണം
കര്‍മ്മംകൊണ്ടെന്നതല്ലേ തവ ജനനഫലം?
കഷ്ടമെന്നിട്ടുമിപ്പോൾ
ചെമ്മേ കട്ടും കവര്‍ന്നും ചതിയോടു പലരെ-
ക്കൊന്നുമീമട്ടിലായി-
ദ്ദുര്‍മ്മര്യാദം തുടങ്ങുന്നതു ബഹുശരിയാ-
ണെന്നു തോന്നുന്നതുണ്ടോ? 56


ഇത്ര ദുരാഗ്രഹമുണ്ടീ-
വൃത്തിയൊടും മണിയിലെന്നറിഞ്ഞെന്നാൽ
മിത്രതയോടും തന്നു പൊ-
റുത്തു കഴിക്കായിരുന്നു, ചതി പറ്റി. 57


(പ്രസേനനോടു നേരിട്ടു പറയും പോലെ)

പ്രസേന! നിന്നോടണിയേണ്ട ഭൂരി-
പ്രസാദമേറും മണിയെന്നിവണ്ണം
സസാരമായ് ചൊന്നതറിഞ്ഞിടാഞ്ഞോ-
രസാധുഭാവത്തിനിതും പിണഞ്ഞോ? 58

ഭാര്യ- വ്യസനിക്കാൻ വരട്ടെ. ആപത്തൊന്നും വരാതെ കണ്ടു നാളെ പ്രസേനൻ ഇവിടെ വന്നു എന്നു വെച്ചാൽ ഈ ശങ്കയൊന്നും ശങ്കിക്കേണ്ടല്ലൊ.


തീര്‍ച്ചയായിടുമതിന്നു മുമ്പിലീ-
വേഴ്ച കൂടുമിവരേയുമീവിധം
താഴ്ചയോടു ബഹുവൈരിയെന്നു താൻ
വെച്ചിടായ്ക്കറിവു കൂടിടും ഭവാൻ. 59


സത്രാ- ഇപ്പോൾ നീ പറഞ്ഞതു ശരിയാണ്. രണ്ടുദിവസം കഴിഞ്ഞേ തീര്‍ച്ചപ്പെടുത്താവൂ. അതുകൊണ്ട് ഈ കഥ ആരോടും മിണ്ടേണ്ട.

ഭാര്യ - ഞാൻ മിണ്ടുകയോ!

പരക്കെയിവാര്‍ത്ത പരന്നുവെന്നാ-
യിരിക്കിലും തോഴികളോടുപോലും
ധരിക്ക ധൈര്യത്തോടുമെൻകഴുത്ത-
ങ്ങറുക്കിലും ഞാൻ പറയുന്നതല്ല. 60


(ഒരു ശബ്ദം കേട്ടിട്ട്) ഓ! എന്താണീ ശബ്ദം കേട്ടത്? കോഴിയുടെയാണ് അല്ലേ? ഇത്രയായോ നേരം?

സത്രാ-

പരിചൊടു പലതും തമ്മിൽ
പറയുന്നവർ പരമഴിഞ്ഞ മനമോടും
നേരം പോക്കല്ലയി! കേൾ
നേരം പോകുന്നതറിയില്ല. 61


ഭാര്യ- വ്യസനമായാൽ നേരംപോകില്ലെന്നല്ലേ കേട്ടിരിക്കുന്നത്?

സത്രാ- ശരിയാണ്. സന്തോഷവര്‍ത്തമാനം വല്ലതുമായിരുന്നു നമ്മളിങ്ങിനെ പറഞ്ഞിരുന്നത് എന്നു വെച്ചാൽ ഇതിലും വളരെവേഗം നേരം വെളുത്തേനേ

കൂകുന്നൂ കുക്കൂടൌഘം കൊടിയൊരു ജവമോ-
ടെന്റെ വത്സൻ പ്രസേനൻ
വൈകാതീയൊച്ചകേട്ടിട്ടിതിനെതിര്‍വിളി കേ-
ട്ടിടുവാനെന്നപോലെ
മാഴ്ത്തുന്നുണ്ടാമ്പലൻപോടയി! മമ ദയിതേ!
വത്സനേ വേടർപോലെ
പോകുന്നു നാട്ടിനേ വിട്ടിരുളുമിനിവരും
സങ്കടം കാത്തുകൊൾക. 62


സന്ധ്യാവന്ദനകാലമായി

(എന്ന് എല്ലാവരും പോയി)

രണ്ടാമങ്കം കഴിഞ്ഞു

---------------------------






താളിളക്കം
!Designed By Praveen Varma MK!