Contacts

രസികരഞ്ജിനി
നമ്പൂരിമാരും ഗ്രന്ഥനിർമ്മാണവും

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

സർവജ്ഞപീഠം കയറിയ ഈ സ്വാമികൾ പല ശാസ്ത്രങ്ങളിലും ഉത്തമ ഗ്രന്ഥങ്ങളെ നിർമ്മിച്ചിട്ടുണ്ട്. ദശോപനിഷത്ഭാഷ്യങ്ങൾ, ഭഗവദ്ഗീത, സുനത്സുജാതീയം, വിഷ്ണുസഹസ്രനാമം, ഇവയുടെ ഭാഷ്യങ്ങൾ, ശ്രീവിദ്യാഭാഷ്യം, പ്രപഞ്ചസാരമെന്ന മന്ത്രശാസ്ത്രഗ്രന്ഥം, ലഘുധർമ്മപ്രകാശിക എന്ന ഭാർഗവസ്മൃതിസാരസംഗ്രഹം, ഭട്ടികാവ്യവ്യാഖ്യാനം എന്നു തുടങ്ങി അനേകം വിശിഷ്ടഗ്രന്ഥങ്ങൾ സ്വാമികൾ ഉണ്ടാക്കീട്ടുള്ളവ ഇന്നു നടപ്പുണ്ട്. ഭക്തിരസപ്രധാനങ്ങളായ പലവക സ്തോത്രങ്ങളിൽ സ്വാമികളുടെ കൃതികളായിട്ടാണ് അധികമുള്ളത്. അവയ്ക്കൊരു മാഹാത്മ്യം വേറെയാണു താനും. ശ്രീപരമേശ്വരന്റെ മനുഷ്യാവതാരമെന്നു പറയപ്പെടുന്ന ശ്രീശങ്കരാചാര്യസ്വാമികളുടെ അവസ്ഥയാന്നു വേറെ. ആ സ്വാമികളെ സാധാരണ നമ്പൂരിമാരുടെ കൂട്ടത്തിൽ ഗണിച്ചാൽ പോരല്ലോ. അവിടുത്തെ തിരുവായ്‍മൊഴികളായ ഉത്തമഗ്രന്ഥങ്ങളെ മറ്റുള്ള നമ്പൂരിമാരുണ്ടാക്കിയ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ കൂട്ടിയാലും ശരിയാവുന്നതല്ല. ഈ ശ്രീശങ്കരാചാര്യസ്വാമികൾ മലയാളത്തിലെ ഒരു നമ്പൂരിയായിരുന്നു എന്ന് പറയുവാനിടയാകുന്നതുതന്നെ മലയാളികളായ നമുക്ക് ഒക്കെ ഏറ്റവും അഭിമാനത്തിന്നു കാരണമായിരിക്കുന്നു. എന്നാൽ ഈ അവതാരപുരുഷൻ മലയാളിയായിരുന്നില്ലെന്നു വാദിക്കുന്ന ചില പരദേശികൾ ഉണ്ടായിരിക്കാം. പക്ഷെ അവരുടെ വാദത്തിനെ ഞങ്ങൾ അത്ര വകവെക്കുന്നില്ല. നമ്മുടെ കൊല്ലവർഷത്തിന്റെ ആരംഭം തന്നെ ആചാര്യസ്വാമികൾ മലയാളികളുടെ ഇടയിലൊട്ടുക്കു നടപ്പാക്കിയിട്ടുള്ള ആചാരപരിഷ്ക്കാരത്തിന്റെ പ്രാരംഭദിവസം മുതൽക്കാവുന്നു. 'ആചാര്യവാഗഭേദ്'യ എന്ന കലിവർഷദിവസം മുതൽക്കാണല്ലോ കൊല്ലവർഷാരംഭം. ഈ കണക്കുനോക്കിയാൽ ഇപ്പോൾ 1082- ആണ്ടായി കാണാവുന്നതാണ്. മലയാളികളിൽ ഏർപ്പെടുത്തിക്കാണുന്ന ചില പ്രത്യേകാചാരപരിഷ്ക്കാരങ്ങൾക്കു പുറമേ ഇവിടെയുള്ള സന്യാസിമoങ്ങളും സന്യാസികളുടെ നടപടിക്രമങ്ങളും ആചാര്യസ്വാമികളാണ് നിയമിച്ചിട്ടുള്ളതെന്നു സ്വാമിയാന്മാരുടെ ഗുരുപരമ്പരപ്പട്ടിക നോക്കിയാൽ തെളിയുന്നതുമാകുന്നു. നമ്പൂരിമാരിൽവെച്ച് സർവപ്രകാരത്തിലും, പ്രഥമഗണനീയനായ ശ്രീശങ്കരാചാര്യരുടെ പ്രസംഗത്തിൽ ഇത്രയും പറയുന്നത് പ്രകൃതത്തിൽ നിന്നു കവിഞ്ഞുപോയി എന്നു വിചാരിപ്പാന്നൊട്ടും അവകാശമില്ലല്ലോ.

സ്വാമികളുടെ ശിഷ്യന്മാരിൽ നമ്പൂരിമാരായ പലരും വേദാന്തത്തിലും മറ്റുമായി പലേ ഗ്രന്ഥങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആശ്ചര്യചൂഡാമണി നാടകകർത്താവായ ശക്തിഭദ്രകവി, സ്വാമികളുടെ ശിഷ്യനായ ഒരു പോറ്റിയാണ്. ഇദ്ദേഹം 'ഉന്മാദവാസവദത്ത' അതായത് മന്ത്രാങ്കം മുതലായ പല കാവുങ്ങളുമുണ്ടാക്കിയിട്ടുണ്ട്. മലയാളത്തിൽ ചാക്യാന്മാർ അഭിനയിച്ചു വരുന്ന നാടകങ്ങളിൽ ഈ കവിയുടെ ആശ്ചര്യചൂഡാമണി നാടകത്തിനാണ് ഏറ്റവും ശ്രേഷ്ഠത്വം സർവസമ്മതമായിട്ടുള്ളത്.

നമ്പൂരിമാരായ പണ്ഡിതരത്നങ്ങൾ വിളഞ്ഞിരുന്ന വെട്ടത്തുനാട്ടിലെ ഉന്നമരത്നമായ തലക്കുളത്തൂർ ഗോവിന്ദൻ ഭട്ടതിരിപ്പാട്ടിലെ ചരമഗതി 'രക്ഷേൽഗോവിന്ദമർക്ക:' എന്ന കലിദിനത്തിലായിരുന്നു. ഇദ്ദേഹമാണ് ദശാദ്ധ്യായി എന്ന ഹോരാവ്യാഖ്യാനമുണ്ടാക്കിയത്. ഈ ഗ്രന്ഥം മലയാളികളുടെ ജ്യോതിഷഗ്രന്ഥങ്ങളിൽവെച്ച് വളരെ പേരുകേട്ടതും പ്രധാനപ്പെട്ടതുമാണ്. തന്റെ ജാതകം താൻതന്നെ ഗണിച്ചുണ്ടാക്കിയതിൽ പറഞ്ഞിരുന്നതുപോലെതന്നെ ഇദ്ദേഹത്തിന്നു ജാതിഭ്രഷ്ട് പറ്റി. പാഴൂർ കണിയാർപണിക്കത്തിയാരുടെ ഭർത്താവായി തന്നെയിരിക്കുകയാണ് പിന്നീടുണ്ടായത്. തന്റെ സന്താനങ്ങളായ പാഴൂർ കണിയാന്മാർക്ക് എന്നന്നേക്കും കീർത്തിക്കും ഉപജീവനത്തിനും മൂലമായി ഒരു പ്രശ്നരീതിഭാഷാ അവർക്കുണ്ടാക്കി കൊടുത്തിട്ടുണ്ടു. ഇദ്ദേഹത്തിന്റെ ജാതിഭ്രംശം കണിയാന്മാർക്ക് കീർത്തിക്കും നാട്ടുകാർക്കു വിശേഷിച്ചൊരുപകാരത്തിന്നും ജ്യോതിശാസ്ത്രത്തിന്റെ പ്രചാരത്തിന്നും കാരണമായി കലാശിച്ചു.

തയ്ക്കാട്ടു യോഗിയാതിരിപ്പാട്ടിലെ ഗുരുവായ കോവാട്ടു നമ്പൂതിരി ബാധൂലകന്മാരുടെ ശ്രൗെതസ്മാർത്ത ക്രിയകൾക്കു വേണ്ടുന്ന ചടങ്ങുകളും പ്രായശ്ചിത്തങ്ങളും സംസ്കൃതത്തിലും ഭാഷയിലുമായിട്ട് എഴുതി വെച്ചിട്ടുണ്ട്. ഈ ഗ്രന്ഥങ്ങളെ പിന്തുടർന്നു കൊണ്ടാണ് യോഗിയാതിരിപ്പാടും പ്രായശ്ചിത്തവും ഭാഷയിൽ കൗഷീതകന്മാരുടെ ഷോഡശക്രിയക്കുള്ള ചടങ്ങും പ്രൈഷങ്ങളുടെ ഭാഷകളും അഗ്നിഹോത്രമുള്ള നമ്പൂരിമാർ ഇന്നും ഒത്തുപോലേ ചൊല്ലി മുഖസ്ഥമാക്കി വരുന്നതായ യോഗത്തിന്റെ ഭാഷയും മറ്റുമുണ്ടാക്കിയത്.

വില്വമംഗത്തു സ്വാമിയാന്മാരിൽ ഒരാളുണ്ടാക്കിയ 'ശ്രീചിഹ്ന'മെന്ന പ്രാകൃതകാവ്യം വ്യാകരണസൂത്രങ്ങളുടെ ഉദാഹരണമാണെന്ന് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ടല്ലോ.

പണ്ടത്തെ വാസുദേവീയത്തിന്റെ സമ്പ്രദായത്തിലുണ്ടാക്കിയതാണെങ്കിലും പിന്നീടു മേല്പത്തൂർ നാരായണഭട്ടതിരിപ്പാടുണ്ടാക്കിയ 'ധാതുകാവ്യ'ത്തിന്നു മാർഗ്ഗദർശകമായ വിധത്തിൽ സൂത്രങ്ങൾക്കും ഗണപാഠങ്ങൾക്കും യഥാക്രമോദാഹരണമാണെന്നു ഒരു മെച്ചവും കൂടി നേടിയിട്ടുണ്ട്.

തകരപ്പുറത്തുകാരനായ ചീരക്കുഴി നമ്പൂരിയുടെ മീമാംസാവേദാന്തഗ്രന്ഥങ്ങൾ അതിപ്രൗെഡങ്ങളാണെന്നു പ്രസിദ്ധമാണല്ലോ. ഓണങ്കുറ്റിക്കാരനായ പള്ളിപ്പുറത്തു നമ്പൂരിയുടെ ഭട്ടദീപികാവ്യാഖ്യാനം മീമാംസകന്മാർക്കു പ്രത്യേകിച്ചും പഠിക്കേണ്ടുന്ന ഗ്രന്ഥമാണ്. നമ്പൂരിമാർക്കു വ്യാഖ്യാനമുണ്ടാക്കുവാനുള്ള സാമർത്ഥ്യം പ്രസിദ്ധപ്പെട്ടതായിരുന്നു. 'മാലതീമാധവം', 'ശാകുന്തളം', 'ഉത്തരരാമചരിതം', 'നാഗാനന്ദം', 'ചൂഡാമണി' മുതലായ നാടകങ്ങൾക്കു നമ്പൂരിമാർ ചെയ്തിട്ടുള്ള വ്യാഖ്യാനങ്ങൾ അതിവിശേഷപ്പെട്ടവയാണ്. അഷ്ടവൈദ്യന്മാർ അഷ്ടാംഗഹൃദയത്തിന്നു ചെയ്തിട്ടുള്ള പാഠ്യം, വ്യാഖ്യാസാരം, ഹൃദയബോധിക എന്നീ വ്യാഖ്യാനങ്ങളും ഉത്തരോത്തരം ഉത്കൃഷ്ടങ്ങളായിരിക്കുന്നു. ഇവയുടെ നിർമ്മാണകാലങ്ങളേയും കർത്താക്കളേയും തിരിച്ചറിവാൻ ദുർഘടം തന്നെ.

മുമ്പൊരിക്കൽ രഞ്ജിനിയിൽ പറഞ്ഞിട്ടുള്ള പതിനെട്ടരക്കവികളുടെ ഗ്രന്ഥങ്ങളെപ്പറ്റി ഇപ്പോൾ വിശേഷിച്ചൊന്നും പറയാനില്ല.

എന്നാൽ ഇതിൽ തന്ത്രസമുച്ചയമുണ്ടാക്കിയ ചേന്നാസ്സു നാരായണൻ നമ്പൂരിപ്പാട്ടിലെ പിന്തുടർന്നവർ പലരുമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ അനന്തിരവർതന്നെ 'ശേഷസമുച്ചയ'മുണ്ടാക്കി. രണ്ടു ശിഷ്യന്മാർ തന്ത്രസമുച്ചയത്തിന്നു 'വിമർശിനി' എന്നും, 'വിവരണം' എന്നും ഓരോ വ്യാഖ്യാനമുണ്ടാക്കിയിട്ടുണ്ട്. വെട്ടത്തു രായരമംഗലത്തുകാരനും തിരുമംഗലത്തു നീലകണ്ഠൻ നമ്പൂരിയുടെ ശിഷ്യനുമായ മറ്റൊരു നമ്പൂരി സമുച്ചയത്തിലെ രണ്ടാം പടലത്തെ അനുസരിച്ചുകൊണ്ട് 'മനുഷ്യാലയചന്ദ്രിക' എന്നൊരു തച്ചുശാസ്ത്രഗ്രന്ഥമുണ്ടാക്കി. ഇദ്ദേഹം തന്നെയാണ് 'മാതംഗലീല', എന്ന ഗജശാസ്ത്രഗ്രന്ഥമുണ്ടാക്കിയിട്ടുള്ളതെന്നു വിചാരിപ്പാൻ വഴിയുണ്ട്. മനുഷ്യാലയചന്ദ്രികയുടേയും മാതംഗലീലയുടേയും ആദ്യത്തെ മംഗളശ്ലോകം ഒന്നായി കാണുന്നുണ്ട്.

തളിപ്പറമ്പത്തുകാരനും പെരിഞ്ചെല്ലൂർ ഗ്രാമക്കാരുടെ വാധ്യാനും വൈദികനും സ്മാർത്തനും തന്ത്രിയുമായ പൊടയൂർ നമ്പൂരി, 'പൊടയൂർഭാഷ' എന്നൊരു മന്ത്രഗ്രന്ഥവും മറ്റനേകം ശ്രൗെതസ്മാർത്തഗ്രന്ഥങ്ങളുമുണ്ടാക്കീട്ടുണ്ട്. തളിപ്പറമ്പത്തുകാരനായ മറ്റൊരു നമ്പൂരിയാണ് പ്രശ്നമാർഗ്ഗമെന്ന ജ്യോതിഷഗ്രന്ഥമുണ്ടാക്കിയത്. വെട്ടത്തുകാരനായ കേളല്ലൂർ ചോമാതിരിപ്പാട്ടിലെ തന്ത്രസംഗ്രഹത്തെപ്പറ്റി മുമ്പെ പറഞ്ഞുവല്ലോ. 'യുക്തിഭാഷ' ജ്യോതിഷത്തിൽ ഒരു അതിപ്രൗെഢഗ്രന്ഥമാണ്. തൃക്കണ്ടിയൂർ അച്യുതപിഷാരടിയുടെ ഗുരുവും തുഞ്ചത്തെഴുത്തച്ചന്റെ അച്ഛനുമായ ആ നമ്പൂരിയാണ് യുക്തിഭാഷയുണ്ടാക്കിയത്.

മേല്പത്തൂർ നാരായണഭട്ടതിരിപ്പാട്ടിലെ ഗുരു ഈ അച്യുതപ്പിഷാരടിയാണല്ലോ. ഈ ഭട്ടതിരിപ്പാട് നാരായണീയം, ധാതുകാവ്യം, പ്രക്രിയാസർവസ്വം, ശില്പിരത്നമെന്ന തച്ചുശാസ്ത്രം, അനേകം ചംബൂപ്രബന്ധങ്ങൾ മുതലായി വളരെ ഗ്രന്ഥങ്ങളുണ്ടാക്കീട്ടുണ്ടെന്നു സുപ്രസിദ്ധമാണ്. 'ആയുരാരോഗ്യസൗഖ്യം' എന്ന കലിദിനത്തിലാണ് നാരായണീയസ്തോത്രം അവസാനിപ്പിച്ചത് എന്നുള്ളതുകൊണ്ട് പട്ടേരിയുടെ ജീവിതകാലം അറിയുന്നതിന്നു പ്രയാസമില്ല. 'സന്താനഗോപാലം' പാനയുണ്ടാക്കിയ പൂന്താനത്തു നമ്പൂരി ഭക്തികൊണ്ടു പട്ടേരിപ്പാട്ടിലെ തോല്പിച്ചിരുന്നു. പെരുമനത്തുകാരനായ മഴമംഗലത്തുനമ്പൂരി യാഗത്തിന്റെ ഭാഷ, ആശൗെചം, പ്രായശ്ചിത്തം, ബൗെദ്ധായനന്മാരുടെ ശ്രൗെതസ്മാർത്തക്രിയകളുടെ ചടങ്ങുകൾ, കാലീപകമെന്ന ജ്യോതിഷഗ്രന്ഥം, ഇവയ്ക്കു പുറമേ മഹിഷമംഗലം ഭാണം, ഭാഷാനൈഷധചമ്പു മുതലായി അനേകം ഭാഷാചമ്പുക്കൾ, പുഷ്പണിപ്പാട്ടുകൾ ഇങ്ങിനെ പലതുമുണ്ടാക്കീട്ടുണ്ട്. കാലദീപകത്തിന് ഭാഷയായിട്ടു 'ബാലശങ്കരമെന്നൊരു' വ്യാഖ്യാനമുണ്ടാക്കിയിട്ടുള്ള വിദ്വാൻ ഒരു ബാലശങ്കരനാണെന്നു മാത്രമറിയാം.

'മുഹൂർത്ത പദവി'യുണ്ടാക്കിയ മാത്തൂർ നമ്പൂരിപ്പാടും അവിടുത്തെ ജ്യേഷ്ഠനും മഹാജ്യോതിഷികളായിരുന്നു. ഭാഷാകവികളിൽ പ്രസിദ്ധനായ ചേലപ്പറമ്പു നമ്പൂരിയുടെ ഒരോ ഒറ്റശ്ലോകങ്ങളല്ലാതെ ഒരു ഗ്രന്ഥവും കണ്ടുകിട്ടാഞ്ഞതു വലിയ നഷ്ടം തന്നെ. ഭാഗവതം ദശമം കിളിപ്പാട്ടുണ്ടാക്കിയ പൊറയന്നൂർ നമ്പൂരിപ്പാട്ടിലെ കവിതയ്ക്കു കുഞ്ചൻനമ്പ്യാരുടെ കവിതയ്ക്കെന്നപോലെ നല്ല ഒഴുക്കും പഴക്കവും ഭംഗിയുമുണ്ട്. രുഗ്മിണീസ്വയംവരപ്രബന്ധക്കാരനായ എടവെട്ടിക്കാടു നമ്പൂരി, ബാലിവിജയം കഥകളിയുണ്ടാക്കിയ കല്ലൂർ നമ്പൂരിപ്പാട്, അടുത്ത കാലത്തുണ്ടായിരുന്ന പൂന്തോട്ടത്തു നമ്പൂരി, വെണ്മണി നമ്പൂരിപ്പാടന്മാർ ഇവരുടെ കവിതകളെ കൊണ്ടാടാത്ത ഭാഷാഭിമാനികളാരുമുണ്ടെന്നു തോന്നുന്നില്ല. വെണ്മണി മഹൻനമ്പൂരിപ്പാട്ടിലെ കവിതാരീതിയുടെ ഒരു നേർപ്പകർപ്പുപോലെയുള്ള ശീവൊള്ളി നാരായണൻനമ്പൂരിയുടെ കവിതയും ഏതു സരസനേയാണ് രസിപ്പിക്കാത്തത്. നടുവത്തു നമ്പൂരിമാർ, ഒറവങ്കര നീലകണ്ഠൻ നമ്പൂരി (രാജാവ്) ഇവർ നല്ല കീർത്തി നേടി ജീവിച്ചിരിക്കുന്ന കവികളാണല്ലോ. സി.എസ്സ് സുബ്രഹ്മണ്യൻ പോറ്റി, ആലത്തൂർ അനുജൻ നമ്പൂരിപ്പാട്‌, പി കെ നാരായണൻ നമ്പൂരി എന്നീ ചെറുപ്പക്കാരും പ്രയത്നം ചെയ്തു മേല്പോട്ട് കയറിവരുന്ന കവികളാണ്. എന്തിനേറെ പറയുന്നു, സംസ്കൃതഭാഷാപണ്ഡിതന്മാരായ നമ്പൂരിമാർ ഭാഷാപോഷണത്തിന്നുള്ള പ്രയത്നം വാക്കുകൊണ്ടല്ല പ്രവൃത്തികൊണ്ടായിരുന്നു കാണിച്ചിരുന്നത്.

തയ്ക്കാട്ടു യോഗിയാതിരിപ്പാട്ടിലേയും മറ്റും യാഗത്തിന്റെ ക്രിയ പറയുന്ന ഭാഷകൾ കൗെശീതിതബോധായനബാധൂലകാശ്വലായനാദികള്‍ക്കു വേണ്ടുന്ന ഷോഡശക്രിയകൾക്കുള്ള ചടങ്ങുകൾ, ദർശനപൗെർണ്ണമാസാദിക്രിയകൾക്കുള്ള ചടങ്ങുകൾ, ആശൗെചങ്ങൾ, പ്രായശ്ചിത്തങ്ങൾ, തന്ത്രവിഷയങ്ങളായ ക്രിയകൾ, വിഷവൈദ്യം, ബാലചികിത്സ മുതലായ വൈദ്യവിഷയഗ്രന്ഥങ്ങൾ, ഗണിതം, സംഹിത, ഹോര എന്നീ മൂന്നു സ്ക്കന്ധത്തിലും വെവ്വേറെ അനേകം ജ്യോതിഷഗ്രന്ഥങ്ങൾ പല പുരാണകഥാഗ്രന്ഥങ്ങൾ, രാജനീതിഗ്രന്ഥങ്ങൾ ദേവാലയങ്ങളും ബ്രഹ്മാലയങ്ങളും മറ്റും പണിചെയ്‍വാനുള്ള തച്ചുശാസ്ത്രഗ്രന്ഥങ്ങൾ, ആയുധവിദ്യ, മല്ലയുദ്ധം, മുതലായവയുടെ മുറ പറയുന്ന യുദ്ധശാസ്ത്രഗ്രന്ഥങ്ങൾ, നാട്ടുശാസ്ത്രഗ്രന്ഥങ്ങൾ, പലതരം സസ്യങ്ങളെ കൃഷിചെയ്യേണ്ടുന്ന മുറകൾ പറയുന്ന ചില പാട്ടുകൾ, പുഷ്പിണിപ്പാട്ടു, തിരുവാതിരപ്പാട്ടു, നാഗമ്പാട്ടു, മുതലായി അനേകം പാട്ടുഗ്രന്ഥങ്ങൾ, എന്നുവേണ്ട നാട്ടുകാർക്കു സ്വജാതികർമ്മാനുഷ്ഠാനത്തോടുകൂടി യോഗക്ഷേമവും വിനോദവും ഉണ്ടാക്കിത്തീർക്കുന്ന പലേ ഗ്രന്ഥങ്ങളും നമ്പൂരിമാരും അവരുടെ മക്കളും ശിഷ്യരുമായി മലയാള ഭാഷയിൽ സുലഭമാക്കിത്തീർത്തിട്ടുണ്ട്.

താളിളക്കം
!Designed By Praveen Varma MK!