Loading...
Home / 2026 / ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ / ഉള്ളൂര്‍ ലേഖനങ്ങള്‍ / പൂന്താനത്തിന്റെ ചില അപ്രസിദ്ധകൃതികൾ ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

പൂന്താനത്തിന്റെ ചില അപ്രസിദ്ധകൃതികൾ

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

പൂന്താനം പൂന്താനം നമ്പൂരി മേല്പുത്തൂർ നാരായണഭട്ടതിരിയുടെ സമകാലീനനായിരുന്നു. അദ്ദേഹത്തിന്റെ കൃതിയായ സന്താനഗോപാലം പാന ഭട്ടതിരിയെ കാണിച്ചതിൽ ഭട്ടതിരി അതിൽ തെറ്റുകളുണ്ടെന്നു പറകയാൽ പൂന്താനം വ്യസനാക്രാന്തനായിത്തീര്‍ന്നു എന്നും ഗുരുവായുരപ്പൻ അപ്പോൾ പ്രത്യക്ഷപ്പെട്ടു ഭട്ടതിരിയുടെ നാരായണീയത്തിൽ അതിലധികം തെറ്റുകളുണ്ടെന്നു ബോധപ്പെടുത്തി എന്നും ഒരു ഐതിഹ്യമുണ്ട്. പൂന്താനം എന്ന ഇല്ലം ബ്രിട്ടിഷ് മലബാറിൽ അങ്ങാടിപ്പുറത്താണ്. നമ്പൂരി ഭട്ടതിരിയെപ്പോലെ ഒരു വലിയ വ്യൽപന്നനോ ശാസ്ത്രജ്ഞനോ അല്ലായിരുന്നു എങ്കിലും ഈശ്വരഭക്തിയിൽ അദ്ദേഹത്തെക്കൂടി ജയിക്കുന്ന ഒരു പരമഭാഗവതനും മഹാവിശിഷ്ടനായ ഒരു ഭാഷാകവിയുമായിരുന്നു. ഈ വസ്തുതകൾ അദ്ദേഹത്തിന്റെ കൃതികളിൽനിന്നു ധാരാളം വെളിവാകുന്നുണ്ടു്. അദ്ദേഹം തന്റെ ഇല്ലത്തിന്റെ ഇടത്തുപുറത്തുള്ള വടക്കിനിയിൽവച്ചു കൃഷ്ണസ്വാമിയെ പ്രത്യക്ഷമായി കാണുകയും വടക്കിനിക്കു വാമപുരം എന്നു പേരിടുകയും ചെയ്തതായി ഐതിഹ്യം ഘോഷിക്കുന്നു. ഏതായാലും വാമപുരാധിവാസിയായ ശ്രീകൃഷ്ണനെ ഉദ്ദേശിച്ചാണു് അദ്ദേഹത്തിന്റെ ഭാഷാകര്‍ണ്ണാമൃതവും മറ്റനേകം ഖണ്ഡകൃതികളും രചിക്കപ്പെട്ടിട്ടുള്ളത് എന്നുള്ളതിനു സംശയമില്ല. പൂന്താനത്തിന്റെ കൃതികളായി ഇതുവരെ അച്ചടിപ്പിച്ചിട്ടുള്ളതു്


(1) സന്താനഗോപാലം പാന;
(2) ജ്ഞാനപ്പാന;
(3) ഭാഷാകണ്ണാമൃതം;


ഈ മൂന്നു കൃതികളുമാകുന്നു. ഭാഷാകര്‍ണ്ണാമൃതം കവനോദയം മൂന്നാം നമ്പരായാണു് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതു്. അതിമനോഹരമായ ഈ കൃതിക്ക് ഇപ്പോൾ ഉള്ളതിൽ എത്രയോ അധികമായ പ്രചാരം ഉണ്ടാകേണ്ടതാണു്.


ഞാൻ ഈ ലേഖനത്തിൽ പുന്താനത്തിന്റെ ചില അപ്രസിദ്ധങ്ങളായ ഖണ്ഡകൃതികളെപ്പറ്റിയാണു പ്രസ്താവിക്കുവാൻ പോകുന്നതു്. അദ്ദേഹം സംസ്കൃതത്തിലും മലയാളത്തിലും അനേകം ശ്ലോകങ്ങളും പാട്ടുകളും തമിഴിൽപോലും ചില വേദാന്തഗാനങ്ങളും രചിച്ചിട്ടുള്ളതായി കാണുന്നു. നമ്പൂരി ഒരു ഭക്തനും വിരക്തനും വേദാന്തിയുമായിരുന്നതിനാൽ അദ്ദേഹത്തിന്റെ സൂക്തികൾക്കെല്ലാം നൈസര്‍ഗ്ഗികമായ ഒരു ചമൽക്കാരം കാണുന്നുണ്ടു്. ആദ്യമായി കുറെ ഭാഷ ശ്ലോകങ്ങൾ താഴെ ചേക്കുന്നു;


പാത്ഥസാരഥിസ്തവം.


"പങ്കജാക്ഷഗതശൃംഖലം പുഴകടത്തി നിന്നെ നിജപുത്രമ-
പ്പെൺകിടാവിനെ വിരഞ്ഞെടുത്തു വസുദേവർ കംസനു കൊടുത്തനാൾ
അംഘ്രിണാ പൊഴുതുകൊണ്ടു ചാട്ടടനുരുട്ടിനാ കില രണാങ്കണേ
സങ്കടോപശമനായ പാര്‍ത്ഥനു രഥംകിടാകുക തുടങ്ങിനാ.


കെട്ടി വാർകുഴൽവകഞ്ഞു പിന്നിലളകേഷു പീലികൾ തൊടുത്തു പൂ-
മ്പട്ടുകൊണ്ടു വടിവോടുടുത്തുരാസി ഹാരമിട്ടു വനമാലയും
പൊട്ടണിഞ്ഞ നിടിലത്തടത്തിലുടൽപാര്‍ത്തു പാര്‍ത്ഥരഥമേത്യ ച-
മ്മട്ടി മുഷ്ടിയിൽ മുറുക്കിനിന്നരുളുമിഷ്ടദൈവതമുപാസ്മഹേ.


ചെറ്റഴിഞ്ഞ ചികുരോൽക്കരാം ചെറിയ താരകേശകല തോറ്റ തൂ-
നെറ്റിപാടു ചിതറും വിയര്‍പ്പിലൊളിവുറ്റു പറ്റിന ഘനാളകാം
എറ്റുവാനഭിമുഖീകൃതപ്രതിനവപ്രതോദവലയാമൊരൻ-
പുറ്റു കാമപി കൃപാം കിരീടിരഥരത്നദീപകലികാം ഭജേ.


നൂതനേന്ദുരമണീയഫാലഭുവി പാകിടും ചില മനോഹര-
സ്വേദപാതമൃദിതാളകേ രഥപരാഗപൂരപരിശോഭിതേ
പാതി ചിമ്മിന വിലോചനേ വിഹര മന്ദഹാസമയചന്ദ്രികാ-
ശീതളേ തിരുമുഖേ മനോ വിജിതസാരസേ വിജയസാരഥേഃ


തൂയ ഘര്‍മ്മകണബിന്ദുസുന്ദരലലാടമര്‍ജ്ജുനശരോൽകരാൽ പായുമര്‍ജ്ജുനസുയോധനാദിപരിഭൂതിജാതഹസിതാംകുരം
സായകം മുതുകിലേല്ക്കുമാറുഴറി നീയമാനരഥകായമാ-
നായ ചാരുകബരീഭരം കനിവെടായർനായകമുപാസ്മഹേ.


അര്‍ദ്ധമീലിതവിലോചനം വരതുരംഗപൂരഖുരമേറ്റൊരോ
യുദ്ധഭൂമിയിലുറും നറും പൊടി പൊഴിഞ്ഞഴിഞ്ഞകബരീഭരം
ഹസ്ത പങ്കജലസൽ പ്രതോദമധിചിത്തമസ്തു മമ പാര്‍ത്ഥസാ-
രഥ്യകേളിലളിതം മനോജ്ഞമൊരു വസ്തു യാദവകുലോത്ഭവം.


മൂടുമാറു ഭുവനം തുരംഗരജസാ പതംഗജമനോബലം
വാട്ടുമാറു ജയമീടുമാറു വിജയന്നു വിക്രമപയോനിധോ
പേടിപൂണ്ടു പട തോറ്റു മാറ്റലരതീവ നൂറ്റവർകളമ്പുമേ-
റ്റോടുമാറരിയതേർകിടാകിന പുരാണധാമ കലയാമഹേ


ധാർത്തരാഷ്ട്രമയകാട്ടിലര്‍ക്കസുതസാലമൂലഭുവി കത്തുമ-
പ്പാര്‍ത്ഥപാവകശിഖാകലാപ ... സമീരണധുരന്ധരം
പോര്‍ത്തലത്തു കുതിരക്കുളമ്പു കിളറിപ്പൊടിഞ്ഞപൊടിധൂമ്രമ-
ത്തേര്‍ത്തടസ്ഥിതമൊരോത്തിലുള്ള പരമാര്‍ത്ഥവസ്തു പരിപാഹി മാം


പീലി ചിന്നി വിരിയുന്ന വേണിയിൽ മറഞ്ഞ കോമളമുഖാബ്ജമാ-
ലോലഹാരനവഹേമസുത്രവനമാലികാമകരകുണ്ഡലം
ഫാലബാലമതിമേലണിഞ്ഞ കമനീയഘര്‍മ്മകണികാംകുരം
കോലമഞ്ചിതരഥം ഗതം ജയതി ജൈഷ്ണവം കിമപി വൈഷ്ണവം.


പാതു യാദവകുലേ പിറന്നിനിയ ഗോപസത്മനി വളര്‍ന്നൊരോ
മാതൃതൻമുല നുകര്‍ന്നു പാൽതയിർ കവര്‍ന്നു കൊന്നു നിജമാതുലം
ദൂതനായ് മഹിതപാണ്ഡവര്‍ക്കപിച സൂതനായ് കുരുകുലം മുടി-
ച്ചാധി മേദിനിയിൽ മാറ്റി വേടർശരമേറ്റ പോറ്റി പരിപാഹി മാം


ആഴിതന്നിലുരഗേശനായ മണിമെത്തമേലഴകിനോടു ചേര്‍-
ന്നേഴുരണ്ടുലകുമൻപിൽ നേത്രമുനകൊണ്ടു കാത്തു കലിതാദരം
ചൂഴയുള്ള മുനിദേവജാതി പുകഴുന്നതും പരിചിനോടു കേ-
ട്ടാഴിമാതിനൊടു കൂടിയുള്ള കളികോലുമീശ്വരമുപാസ്തുഹേ"


മഹാലക്ഷ്മീവികല്പംവിനാ


"കന്മഷം തുടരാത ചാരുകരുണാ-
കല്ലോലമേ! കൈതൊഴാ-
മമ്മേ! പാൽക്കടലിൽ പിറന്ന കമല-
ക്കന്യേ! നിനക്കേഷ ഞാൻ:
സമ്മോദാൽ മുകിൽവര്‍ണ്ണരെപ്രതിദിനം
നോക്കും കടാക്ഷങ്ങൾകൊ-
ണ്ടെന്മേലൊന്നുഴിയേണമൻപൊടു മഹാ
ലക്ഷ്മീ! വികല്പം വിനാ.


അംഭോജാക്ഷി! മനോഹരേ! കൊടുമയോ-
ടുല്പന്ന ദാരിദ്ര്യമാം
വൻപേറും വെയിലേറ്റുലഞ്ഞു വിവശം
മാഴ്‌കീടുമസ്മാദൃശാം
നിൻപാദാംബുജകല്പകത്തണലിൽ വ-
ന്നെൻപോറ്റി ചേര്‍ന്നീടുമാ-
റൻപോടെ കനി കാമസുന്ദരി! മഹാ
ലക്ഷ്മീ! വികല്പം വിനാ.


ചെന്താർമാനിനി! നീ നുറുങ്ങു വെടികിൽ-
ച്ചൊൽക്കൊണ്ട പത്മാക്ഷനും
സന്താപക്കനലിൽക്കിടന്നെരിപൊരി-
ക്കൊള്ളും കണക്കെന്നിയേ;
സന്തോഷം മനതാരിൽ മാം പ്രതി നിന-
ക്കുണ്ടാകിലിന്നൂഴിമേ-
ലിന്ദ്രൻ ഞാൻ മുനിവൃന്ദവന്ദിതമഹാ-
ലക്ഷ്മീ! വികല്പം വിനാ.


നേരെത്താത ഗുണാംബുധൌ നിഖിലലോ-
കാനന്ദചെന്താമര-
ത്താരിൽ ചാരുതരം പിറന്നു പുകൾപെ-
റ്റീടും ജഗന്നായികേ!
നേരത്തൊന്നുഴികമ്പിൽ നിൻതിരുമിഴി-
ത്തെൽകൊണ്ടു നിഷ്ക്കൈതവം
ദാരിമദ്ര്യോപശമായ സുന്ദരി മഹാ-
ലക്ഷ്മീ! വികല്പം വിനാ.


കായക്ലേശമറിഞ്ഞുകണ്ടവർ
തരും സമ്പത്തുമെപ്പേരുമേ
നീയിത്തന്നതു നിൻദയാമിഴി നുറു-
ങ്ങില്ലായ്ക്കിലാരും തരാ;
ആയുശ്ശേഷമകന്നുപോമളവു വ-
ന്നെന്നെബ്ഭരിച്ചീടുവാൻ
തായത്രേ! നളിനാക്ഷി! സുന്ദരി! മഹാ-
ലക്ഷ്മീ! വികല്പം വിനാ.


ഉറ്റോരും മരുമക്കളും തനയരും
ചാര്‍ന്നോർകൾ പെറ്റമ്മയും
കുറ്റം കൂറുവരർത്ഥമെന്നതു തനി-
ക്കില്ലായ്കിലെല്ലാരുമെ;
മുറ്റീടുന്ന കൃപാനിധേ! പുലരുവാൻ
മറ്റില്ലൊരാലംബനം
മുറ്റും നിൻകൃപയെന്നിയേ മമ മഹാ-
ലക്ഷ്മീ! വികല്പം വിനാ.


ഈറ്റില്ലം പുകൾപെറ്റ പാൽക്കട,ലിതം
ചേരും കലാനായക-
ക്കീറ്റൊന്നൻപിലുടപ്പിറന്ന, തമൃതം
പിന്നേതു വിണ്ണോർമരം
പോറ്റി! നിൻപതി വിഷ്ണു പുണ്യവനിതേ!
നിന്നെത്തൊഴും ഞങ്ങളെ-
പ്പോറ്റീടാത്തതു കുറ്റമെന്നറി മഹാ-
ലക്ഷ്മീ! വികല്പം വിനാ.


അത്യാവേശമിയന്നു നിൻചരണമാം
കേദാരകേ ഭക്തിയാം
വിത്താൽ കോരിവിതച്ചുകൊണ്ടഗതി ഞാൻ
നിത്യം കൃപാംഭോനിധേ!
അർഥൈശ്വര്യമകൃത്രിമം വിളയുമി-
ക്കാണായ കോപ്പിൽ ദുരാ-
പത്തെപ്പേരുമകന്നുപോമിനി
മഹാലക്ഷ്മീ! വികല്പം വിനാ.


അക്ഷീണം തിരുവുള്ളമുള്ളവരെയി-
ന്നേകാധിപത്യം മഹീ-
ചക്രം വാണു സുഖിക്കുമാറു നിതരാം
മേന്മേൽച്ചമച്ചീടിനാൾ
വ്യഗ്രംപൂണ്ടു വിശക്കുമാറിഹ ചമ-
ച്ചാഹന്ത! നമ്മെക്കുറി-
ച്ചുൾക്കാമ്പിൽക്കനിവില്ലയാഞ്ഞിഹ
മഹാലക്ഷ്മീ! വികല്പം വിനാ.


എന്നമ്മേ! പുരുഷോത്തമപ്രിയതമേ!
സൌഭാഗ്യസീമേ! മലർ
ക്കന്യേ! കന്മഷനാശിനീ കമലമൈ-
ക്കണ്ണാർകുലോത്തംസമേ!
ധന്യേ നിൻ നയനാംബുജോത്ഭവകൃപാ-
സ‌മ്പത്തു ധർമ്മാത്മികേ!
തന്നീടൻപൊടെനിക്കു സുന്ദരി! മഹാ-
ലക്ഷ്മീ! വികല്പം വിനാ."


ഇനി ഒന്നുരണ്ടു ഭാഷഗാനങ്ങൾ താഴ ചേര്‍ക്കുന്നു:-


മൂലതത്വം


"ദുഃഖമൊട്ടക്കുന്ന തമ്പുരാനേ -കൃഷ്ണ!
തൃക്കഴൽ ഞാനിത! കുമ്പിടുന്നേൻ.


ദുഃഖമെടുത്തതിനെന്തേ മൂലം ? - കൃഷ്ണ!
ദുഃഖമെടുത്തതു ജന്മമൂലം.


ജന്മമെടുത്തതിനെന്തേ മൂലം?- കൃഷ്ണ!
ജന്മമെടുത്തതു കര്‍മ്മമൂലം.


കര്‍മ്മമടുത്തതിനെന്തേമൂലം ?— കൃഷ്ണ!
കര്‍മ്മമെടുത്തതു രാഗമൂലം.


രാഗമെടുത്തതിനെന്തേ മൂലം ?-കൃഷ്ണ! 
രാഗമെടുത്തതു മാനമൂലം.


മാനമെടുത്തതിനെന്തേ മൂലം ? - കൃഷ്ണ!
തന്നെനിനയായ്ക മാനമൂലം.


തന്നെനിനയ്‍വാനെന്തേ മൂലം? - കൃഷ്ണ! 
അജ്ഞാനമൊന്നവിവേകമൂലം.


അജ്ഞാനം പോവതിനെന്തുചെയ്‌‍വൂ?—കൃഷ്ണ!
അജ്ഞാനം പോവതു ജ്ഞാനംകൊണ്ടേ


ജ്ഞാനമുണ്ടാവതിനെന്തുചെയ്‍വൂ?—കൃഷ്ണ!
ജ്ഞാനമുണ്ടാവതു ഭക്തികൊണ്ട്.


ഭക്തിയുണ്ടാവതിനെന്തുചെയ്‍വൂ? - കൃഷ്ണ! 
ഭക്തിയുണ്ടാവൂ വിരക്തികൊണ്ട്.


സക്തിപോയീടുവാനെന്തു ചെയ്‍വു?—കൃഷ്ണ! 
ചിത്തത്തിൽ നല്ലൊരു ശുദ്ധികൊണ്ട്.


ചിത്തശുദ്ധിക്കു ഞാനെന്തു ചെയ്‍വൂ?-കൃഷ്ണ!
നല്ലവഴിക്കുള്ള ശ്രദ്ധചെയ്‍വൂ.


ശ്രദ്ധയുണ്ടാവതിനെന്തു ചെയ്‍വൂ? കൃഷ്ണ!
പുണ്യകഥകളെ കേട്ടുകൊൾവൂ.


സൽക്കഥകേൾപ്പതിനെന്തു ചെയ്‍വൂ? കൃഷ്ണ!
സജ്ജനസംഗതി ചെയ്തുകൊൾവൂ.


സജ്ജനസംഗതിക്കെന്തുചെയ്‍വൂ? - കൃഷ്ണ!
വാമപുരേശനെസ്സേവചെയ്യൂ.


വാമഗേഹാധിപ! വാസുദേവ!- കൃഷ്ണ!
ബാലഗോപാലക! പാലയമാം".


ആനന്ദനൃത്തം


"അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ;
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ;
ഉണ്ണിക്കുപേരുണ്ണിക്കൃഷ്ണനെന്നങ്ങനെ;
ഉണ്ണിവയറ്റത്തു ചേറുമുണ്ടങ്ങനെ;
ഉണ്ണിക്കൈരണ്ടിലും വെണ്ണയുണ്ടങ്ങനെ;
ഉണ്ണിക്കാൽകൊണ്ടൊരു നൃത്തമുണ്ടങ്ങനെ;
ഉണ്ണിത്തളകൾ ചിലമ്പുമുണ്ടങ്ങനെ;
ഉണ്ണിക്കാൽ രണ്ടും തുടുതുടയങ്ങനെ;
ഉണ്ണിയരയിലെക്കിങ്കിണിയങ്ങനെ;
ചങ്ങാതിയായിട്ടൊരേട്ടനുണ്ടങ്ങനെ;
ചങ്ങാതിമാരായിപിള്ളേരുണ്ടങ്ങനെ;
ശങ്കരൻ കൂടെപ്പുകഴ്ത്തുന്നതങ്ങനെ;
വൃന്ദാവനത്തിലൊരാഘോഷമങ്ങനെ; 
ദുഷ്ടരെക്കൊല്ലുന്ന കൂത്തുകളങ്ങനെ;
രാസക്കളിക്കുള്ള കോപ്പുകളങ്ങനെ;
പീലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങനെ;
പിച്ചകമാലകൾ ചാര്‍ത്തിക്കൊണ്ടങ്ങനെ;
പേര്‍ത്തുമോടക്കുഴൽ മിന്നുമാറങ്ങനെ;
ഓമനയായ തിരുനെറ്റിയങ്ങനെ;
തൂമയിൽ നല്ല കുറികളുമങ്ങനെ;
ചിത്തംമയക്കും പുരികങ്ങളങ്ങനെ;
അഞ്ജനക്കണ്ണുമാനാസയുമങ്ങനെ;
ചെന്തൊണ്ടിവായ്‌മലർ ദന്തങ്ങളങ്ങനെ;
കൊഞ്ചൽതുളുമ്പും കവിളിണയങ്ങനെ;
കുണ്ഡലം മെല്ലെയിളകുമാറങ്ങനെ;
രത്നക്കുഴലും വിളിച്ചുകൊണ്ടങ്ങനെ;
കണ്ഠേവിലസുന്ന കൌതുഭമങ്ങനെ;
വിസ്‌തൃതമാം തിരുമാറിടമങ്ങനെ;
ഓടക്കുഴൽവിളിപൊങ്ങുമാറങ്ങനെ;
പേടമാൻകണ്ണിമാരോടുമാറങ്ങനെ;
കോടക്കാർവര്‍ണ്ണന്റെയീടുകളങ്ങനെ;
കൂടിക്കളിച്ചപ്പോൾ മൂഢതയങ്ങനെ;
പീഡിച്ചു പിന്നെത്തിരയുമാറങ്ങനെ;
പേടിച്ചു പിന്നെ മയങ്ങുമാറങ്ങനെ;
ഗോപികമാരുടെ ഗീതങ്ങളങ്ങനെ;
ഗോപാലകൃഷ്ണന്റെ കാരുണ്യമങ്ങനെ;
ആനന്ദകൃഷ്ണനെക്കാണുമാറങ്ങനെ;
മോഹനമൂര്‍ത്തിയെക്കാണുമാറങ്ങനെ;
കണ്ടുകണ്ടുള്ളം തെളിയുമാറങ്ങനെ;
കൊണ്ടൽനേർവണ്ണന്റെ ലീലകളങ്ങനെ;
വട്ടക്കളിക്കു തുനിയുമാറങ്ങനെ;
വട്ടത്തിൽനിന്നു ശ്രുതിപിടിച്ചങ്ങനെ;
സൂത്രവും ചോട്ടം പിഴയാതെയങ്ങനെ;
നേത്രങ്ങൾകൊണ്ടുള്ളഭിനയമങ്ങനെ;
കണ്ണിന്നു കൌതുകം തോന്നുമാറങ്ങനെ;
കണ്ണന്റെ പൂമെയ്യിടയിടയങ്ങനെ;
തിത്തിത്തയെന്നുള്ള നൃത്തങ്ങളങ്ങനെ;
തൃക്കാൽച്ചിലമ്പൊലിയൊച്ച പൂണ്ടങ്ങനെ;
മഞ്ഞപ്പൂവാടഞെറിവിറച്ചങ്ങനെ;
കിൽകിലയെന്നരഞ്ഞാണങ്ങളങ്ങനെ;
മുത്തണിമാലകളാടുമാറങ്ങനെ;
തൃക്കൈകൾരണ്ടുമഭിനയിച്ചങ്ങനെ;
ഓമൽതിരുമെയ്യുലയുമാറങ്ങനെ;
കുണ്ഡലമാടും കവിൾത്തടമങ്ങനെ;
തൂമധുവോലുന്ന വായ്ത്താളമങ്ങനെ;
തൂവിയര്‍പ്പേറ്റൊരു നാസികയങ്ങനെ;
മാണിക്കക്കണ്ണു മഴറ്റിക്കൊണ്ടങ്ങനെ;
മുത്തുക്കുലകളുതിരുമാറങ്ങനെ;
പീലിത്തിരുമുടി കെട്ടഴിഞ്ഞങ്ങനെ:
പിച്ചകത്തുമലർ തൂകുമാറങ്ങനെ;
ദേവികൾതൂകുന്ന പൂമഴയങ്ങനെ;
ദേവകൾതാക്കും പെരുമ്പറയങ്ങനെ;
കിങ്ങിണിയൊച്ചയും താളത്തിലങ്ങനെ;
ചങ്ങാതിമാരുടെ പാട്ടുകളങ്ങനെ;
ആശകളൊക്കെ വിളങ്ങുമാറങ്ങനെ;
ആകാശമാർഗ്ഗേ വിമാനങ്ങളങ്ങനെ;
ചന്ദ്രനുമുച്ചയായ് നില്ക്കുമാറങ്ങനെ;
ഇന്ദ്രനും തന്നെ മറക്കുമാറങ്ങനെ;
ലോകങ്ങളൊക്കെ മയങ്ങുമാറങ്ങനെ;
ലോകൈകനാഥന്റെ ഗീതങ്ങളങ്ങനെ; 
ആനന്ദനൃത്തം ജയിക്കുമാറങ്ങനെ;
വാമപുരേശ്വരൻ വാഴ്കയെന്നങ്ങനെ;
തത്സ്വരൂപം മമ തോന്നുമാറങ്ങനെ;
തൽപാദയുഗ്മ നമസ്കരിച്ചീടിനേൻ."


സംസ്കൃതത്തിൽ രണ്ടു കീര്‍ത്തനങ്ങൾ താഴെ ചേർത്തുകൊള്ളുന്നു.


I


"കഞ്ജവിലോചന! കമനീയാനന!
കന്മഷനാശനി ശൌരേ!
കാളിയദമന! കളായമനോഹര
കലിമലനിരസന! ശൌരേ!
കിങ്കിണിനൂപുരകങ്കണഭൂഷണ!
രിംഖണശീല മുരാരേ!
കീര്‍ത്തിവിധാനവിശോധിതഭുവന! വി-
രക്തിവിധായക! ശൌരേ!
കുവലയദളകളകോമളതരരുചി-
മേളിതഭുവന! മുരാരേ!
കൂജിതകളമുരളീരവമോഹിത-
നഗമൃഗഖഗകുല! ശൌരേ!
കൃഷ്ണ! കൃപാലയ കൃപണജനാശ്രയ!
ഖലജനദഹന! മുരാരേ!
ക്ഌപ്തവിലാസവിശേഷവിനിമ്മിത
കൃത്രിമഗോവൃഷി ശൌരേ!
കേശിനിഷൂദന! കേശവ! മുരഹര!
കേളിവിമോഹന! ശൌരേ!
കൈതവഹൃതനവനീത! ജനാർദ്ദന!
കൈവല്യപ്രദ! ശൗരേ!
കോമളകുവലയനീലകളേബര!
കോകിലഭാഷണ! ശൗരേ!
കൌതുകവിരചിതഗോപവിഡംബന!
കൈതവശീലിമുരാരേ!
കംബുഗദാധരികാമഫലപ്രദ!
കമ്രമുഖാംബുജ! ശൌരേ!
കർക്കശഭയഹര! ദുഷ്കൃതനാശന!
ഗര്‍ഗ്ഗപുരോഹിത! ശൌരേ!
മാധവിമാധവ! മദനമനോഹരി!
വാമപുരേശ്വര! ശൌരേ! "


II


"പത്മനാഭ! പരാപരേശ്വര
പങ്കജാക്ഷ! നമോസ്തുതേ!
പശുപയുവതിഭിരമിതവിഹൃതിഭി-
രര്‍ച്ചിതായ നമോസ്തുതേ.
വാസുദേവ! നമോസ്തുതേ വാമനിലയപതേ!


പാവനായ പരാത്മനേ പുരു-
ഷോത്തമായ നമോസ്തുതേ;
പാപഹര ജയ പരമകരുണ!പു-
രാണപുരുഷ! നമോസ്തുതേ. 
വാസുദേവ! നമോസ്തുതേ വാമനിലയപതേ!


പിഞ്ചികാവലയോല്ലസന്മണി-
കുന്തളായ നമോസ്തുതേ; 
വിഹൃതിരതഗതയുവതിശതജന-
മദനമദന! നമോസ്തുതേ. 
വാസുദേവ! നമോസ്തുതേ വാമനിലയപതേ!


പീതമേ മനോജ്ഞകാന്തിഭി-
രഞ്ചിതായ നമോസ്തുതേ;
വിവിധമണിഗണരുചിഭിരരുണിത-
ബാഹുദണ്ഡനമോസ്തുതേ.
വാസുദേവ! നമോസ്തുതേ വാമനിലയപതേ!


പുണ്ഡരീകവിലോചനായ പു-
രാതനായ നമോസ്തുതേ;
പുരടമണിമയമഹിത കടിഗുണ-
കടകമകുട!നമോസ്തുതേ "
വാസുദേവ! നമോസ്തുതേ വാമനിലയപതേ!"


ഇത്യാദി.


ഇനി നമ്പൂരിയുടെ ഒന്നു രണ്ടു തമിഴുപാട്ടുകൾ എടുത്തു കാണിക്കാം. അവ വേദാന്തമയമാണു്. വേദാന്തപ്രതിപാദകങ്ങളായ തമിഴ് ഗ്രന്ഥങ്ങളുടെ പരിശീലനത്തിൽ നിന്നായിരിക്കണം നമ്പൂരിക്ക് ആ ഭാഷയിൽ ജ്ഞാനം സിദ്ധിച്ചതു്.


1


ആദിയിലെ അദ്വിതീയമാനതൊരു ചിത്തിരുന്തു;
വാദമുള്ള വാദികൾക്കു വാദമറ്റ ചിത്തിരുന്തു;
ജ്ഞാനമുള്ള ജ്ഞാനികൾക്കു ജ്ഞാനമറ്റ ചിത്തിരുന്തു;
കര്‍മ്മമുള്ള കര്‍മ്മികൾക്കു കര്‍മ്മമറ്റ ചിത്തിരുന്തു;
മോഹമുള്ള മോഹികൾക്കു മോഹമറ്റ ചിത്തിരുന്തു;
ദേഹമുള്ള ദേഹികൾക്കു ദേഹമറ്റ ചിത്തിരുന്തു;
കാരിയവും കാരണവും ഏകമായ ചിത്തിരുന്തു;
കാലപരം വ്യോമപരം ബ്രഹ്മപരം ചിത്തിരുന്തു;
സത്തുചിത്താനന്ദമെന്നു ചാത്തിരങ്കളോതിനിന്തു;
അദ്വിതീയചിത്തിൽ നിന്റു മൂലശക്തി താനുണർന്തു;
മുക്കുണമാം പ്രകൃതി രണ്ടു ശക്തികളായ് പിരിഞ്ചിരുന്തു;
വിക്ഷേപാവരണങ്കളെന്റെ ഉത്തമന്മാർ ചൊല്ലിടിന്തു;
വിക്ഷേപശക്തിയിലേ തത്തുവങ്കൾ വന്തുണർന്തു;
തത്തുവങ്കളിരുപത്തുനാലുമപ്പൊൾ വന്തെഴുന്തു;
ചിത്തുമറച്ചാവരണശക്തിയപ്പോൾ മറഞ്ചിരുന്തു;
ബുദ്ധിചിത്തമാദിയന്തഃകരണങ്കളും വന്തുണർത്തു;
രജ്ജുവിലേ പന്നഗംപോൽ മിഥ്യയെന്നോ ചാത്തിരങ്കൾ?
ശുക്തിയിലേ രജതംപോൽ വിശ്വമെന്നോ ചാത്തിരങ്കൾ?
ദർപ്പണത്തിൽപ്രതിമുഖംപോൽ വിശ്വമെന്നോ ചാത്തിരങ്കൾ?
അഭ്രവര്‍ണ്ണമെന്നപോലേ വിശ്വമെന്നോ ചാത്തിരങ്കൾ?
*               *               *               *               *
വാസുദേവ വാസുദേവ വാസുദേവ വാസുദേവ!
വാമപുരാധീശ ജഗന്നാഥ വിഭോ വാസുദേവ!


2


മത്ത്യജന്മമെടുത്തയ്യോ! തളർന്തേനേ-സ്വാമി
മത്സ്യവേഷം തരിത്തോനേ വാസുദേവ!
നാമരൂപങ്കളെപ്പാര്‍ത്തു മകിഴ്‌ന്തേനേ-സ്വാമി
കൂര്‍മ്മരൂപം തരിത്തോനേ വാസുദേവ!
സാഗരത്തിൻനടുവിലെ മറിന്തേനെ-സ്വാമി 
സുകരമായുദിത്താനേ വാസുദേവ!
ദേഹമോഹമതിനാലെയുഴന്തേനേ-സ്വാമി
സിംഹരൂപം തരിത്തോനേ! വാസുദേവ!
കാമിനിയാലാത്‌മതത്വം മറന്തേനേ-സ്വാമി
വാമനനായ്‌ പിറന്തോനേ വാസുദേവ!
സർവവും നിൻകൃപയാലേ വരവേണം-സ്വാമി
വാമപുരം വിളങ്കീടും വാസുദേവ!


ഇത്യാദി.


1089 കുംഭം മീനം ഭാഷാപോഷിണി