Loading...
Home / 2026 / ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ / ഉള്ളൂര്‍ ലേഖനങ്ങള്‍ / ഒരു ശ്ലോകത്തിന്റെ ചരിത്രം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഒരു ശ്ലോകത്തിന്റെ ചരിത്രം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഒരു കവിയുടെ കൃതിയാണെന്ന് ഐതിഹ്യം ഘോഷിക്കുന്ന ചില പദ്യങ്ങൾ സൂക്ഷ്മനിരീക്ഷണത്തിൽ മറ്റൊരു കവിയുടേതായി പരിണമിക്കുന്നു എന്നുള്ളതിനു് സാഹിത്യചരിത്രത്തിൽ അനേകം ദൃഷ്ടാന്തങ്ങൾ ഉണ്ട്.


"ഭവന്തി നമ്രാസ്തരവഃ ഫലോദ്‌ഗമൈര്‍-
ന്നവാംബുഭിർദൂരവിലംബിനോ ഘനാഃ;
അനുദ്ധതാസ്സൽപുരുഷാസ്സമൃദ്ധിഭി-
സ്സ്വഭാവ ഏവൈഷ പരോപകാരിണാം."


എന്ന പദ്യം അഭിജ്ഞാനശാകുന്തളം അഞ്ചാംസര്‍ഗ്ഗത്തിലും സുഭാഷിതത്രിശതിയിലെ നീതിശതകത്തിലും നാം കാണുന്നുണ്ടെങ്കിലും കാളിദാസൻ ഭര്‍ത്തൃഹരിയെക്കാൾ പ്രാചീനനായിരുന്നു എന്നുള്ളതു നിസ്സംശയമാകയാൽ കാളിദാസൻതന്നെയാണു് ഈ പദ്യത്തിന്റെ നിര്‍മ്മാതാവെന്നും ഏതുവഴിക്കോ ഇതിനു നീതിശതകത്തിലെ പരോപകാരപദ്ധതിയിൽ കടന്നുകൂടുന്നതിനു സംഗതിവന്നു എന്നും ന്യായമായി അനുമാനിക്കാം.


"ദാരിദ്ര്യസ്യ ദയാലുത്വം
കിം ബ്രവീമി നരാധിപ!
ആത്മനാശമനാദൃത്യ
ഭവന്തം മാമദര്‍ശയൽ"


എന്ന പദ്യം കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാന്റേതാണെന്നു വളരെക്കാലത്തേയ്ക്ക് മറ്റനേകംപേരെപ്പോലെ ഞാനും ധരിച്ചിരുന്നു. ക്രി. പി. പതിന്നാലാം ശതകത്തിനുമുൻപു ജീവിച്ചിരുന്ന വിദ്യാധരന്റെ "ഏകാവലി" എന്ന അലങ്കാരഗ്രന്ഥത്തിൽ ആ പദ്യം കണ്ടപ്പോൾ കൊല്ലം പതിനൊന്നാംശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന വിദ്വാൻ ഇളയതമ്പുരാനല്ല അതിന്റെ കര്‍ത്താവെന്നും തനിക്കു മുഖസ്ഥമായിരുന്നതും സന്ദർഭോചിതവുമായ ആ അനുഷ്ടുഭ്‌ശ്ലോകം പെൺകൊടയ്ക്കു പണം യാചിക്കുന്നതിനായി സ്വാതിതിരുനാൾ മഹാരാജാവു തിരുമനസ്സിലെ സന്നിധിയിലേയ്ക്ക, പോകേണ്ടിയിരുന്ന ഒരു നമ്പൂരിക്കു അവിടുന്നു കുറിച്ചുകൊടുത്തതേയുള്ളൂ എന്നും എനിക്കു ബോദ്ധ്യപ്പെട്ടു. അപ്പോഴത്രെ സകലകലാവല്ലഭനായിരുന്ന ആ തിരുമേനി ഈ പദ്യത്തിന്റെ "ചുമട്ടുകൂലിക്ക് ഇതിരിക്കട്ടെ'' എന്നുള്ള അരുളപ്പാടോടുകൂടി സമ്മാനിച്ച അയ്യായിരം പണത്തിന്റെ സ്വാദുത്വം ഞാൻ പരിപൂ​ര്‍ണ്ണമായി ആസ്വദിച്ചത്. ഈ വിഷയത്തെപ്പറ്റി ഞാൻ കുറേക്കാലം മുമ്പു കൈരളിയിൽ ഒരു ഉപന്യാസം പ്രസിദ്ധപ്പെടുത്തുകയമുണ്ടായി.


അതിമാനുഷനായ മേൽപുത്തൂർ നാരായണഭട്ടതിരിയുടെ വ്യാകരണഗുരുവും പ്രവേശകം എന്ന സംസ്കൃതവ്യാകരണഗ്രന്ഥത്തിന്റെ പ്രണേതാവുമായ തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയെപ്പറ്റി കേട്ടിട്ടില്ലാത്ത ഭാഷാഭിമാനികൾ ഉണ്ടായിരിക്കയില്ലല്ലോ. പിഷാരടിയെപ്പറ്റി ഭട്ടതിരി പ്രക്രിയാസർവസ്വത്തിൽ


"മീമാംസാദി സ്വതാതാ, ന്നിഗമമവികലം
മാധവാചാര്യവര്യാ,-
ത്തര്‍ക്കം ദാമോദരാര്യാദപി പദപദവീ-
മച്യുതാര്യാൽ ബുധേന്ദ്രാൽ,
തേഷാം കാരുണ്യയോഗാൽ കിമപി ച കവിതാ-
മാപ്നുവം; കര്‍മ്മ മേ തൽ
ഭൂയാൽ കൃഷ്ണാര്‍പ്പണം; മേ ഭവതു ച സതതം
ധീരഘാരേഃ കഥായാം"


എന്നും


"അയമചതഗുരുകൃപയാ
പാണിനികാത്യായനാദികാരുണ്യാൽ
യത്നഃ ഫലപ്രസൂസ്സ്യാൽ
കൃതരാഗരസോദ്യ ലബ്ധമാര്‍ഗ്ഗജുഷാം. "


എന്നും രണ്ടുദിക്കിൽ സ്മരിക്കുന്നു.


പ്രക്രിയാസർവസ്വം ആരംഭിച്ചതു കൊല്ലം 792 (ക്രി. പി. 1617) മകരം 2-ാംനൂ-യും അവസാനിച്ചതു് മീനം 3-ാംനൂ-യുമാണെന്നു ഒടുവിലത്തെ ശ്ലോകത്തിലെ കലിസംഖ്യകളിൽനിന്നു കാണാം.


ഭട്ടതിരിയുടെ സമകാലികനായിരുന്ന മറ്റൊരു നാരായണകവി തന്റെ ഭ്രമരസന്ദേശത്തിൽ പിഷാരടിയുടേയും ഭട്ടതിരിയുടേയും അപദാനങ്ങളെ താഴെക്കാണുന്നവിധത്തിൽ അനുകീർത്തനം ചെയ്യുന്നു.


"തസ്മാൽ പ്രത്യൿപ്രഹിതനയനഃ
കുണ്ഡഗേഹാധിനാഥം
സർവജ്ഞന്തം പ്രണമ ഗിരിശം
ഭക്തിമാനച്യുതഞ്ച;
ഏകസ്താവദ്വഹതി ശിരസി
ജ്യോതിഷാമേകമിന്ദും;
ജ്യോതിശ്ചക്രം നിഖിലമപരോ
ധാരയത്യന്തരംഗേ"
*          *          *          *          *
ഹേരംബേണ പ്രഥിതവിഭവാം
മാതൃദത്തദ്വിജേന്ദ്ര-
ശ്രീമച്ഛിഷ്യോൽകരമുഖരിതൈ-
രാസ്തൃതാം ശാസ്ത്രഘോഷൈഃ
ആരാന്നാരായണകവിവച-
സ്സ്യന്ദമാധുര്യനന്ദ-
ദ്വാണീമന്ദസ്മിത സുരഭിലാം
യാഹി പാടീരവാടീം


സൂക്തം നാരായണകവിമുഖാം-
ഭോജനിഷ്യന്ദമാനം
പീത്വാ വാപീകമലമധുഷ്ഠ
പ്രാപ്തനിർവേദഭാരഃ
ബിംബേ ഭാനോരപരഗിരിശൃം-
ഗേണ സഞ്ചുംബ്യമാനേ
ലംബേഥാസ്തം ഭ്രമര! ധരണൌ
വല്ലഭക്ഷോണി ബന്ധോഃ"


കുണ്ഡഗേഹം തൃക്കണ്ടിയുരും പാടീരവാടി ചന്ദനക്കാവുമാണു്. ഇതിൽനിന്നു പിഷാരടി ഭട്ടതിരിയെ പഠിപ്പിച്ചതു വ്യാകരണമാണെങ്കിലും അദ്ദേഹത്തിന്റെ പ്രശസ്തി സർവോപരി ജ്യോതിഷത്തിലായിരുന്നു എന്നും മേൽപ്പുത്തൂരില്ലത്തു മാതൃദത്തഭട്ടതിരിയുടെ അന്തേവാസികളായി അനേകംപേർ ശാസ്ത്രാഭ്യാസം ചെയ്തുവന്നിരുന്നു എന്നും മഹാകവി നാരായണഭട്ടതിരിയുടെ കവിത വാണീദേവിക്കു മന്ദസ്മിതമുളവാക്കത്തക്കവണ്ണം അത്ര മനോഹരമാണെന്നുള്ള പ്രസിദ്ധി അക്കാലത്തുതന്നെ നേടിയിരുന്നു എന്നും കാണാവുന്നതാണു്. മഹാകവിയുടെ മുഖാംഭോജത്തിൽനിന്നു സ്രവിക്കുന്ന സൂക്തിമധു സേവിക്കുന്ന ഭ്രമരത്തിനുണ്ടോ പൊയ്കയിലേ താമരപ്പൂന്തേനിൽ നിർവേദമല്ലാതെ ജനിക്കുക! സന്ധ്യയാകുമ്പോൾ ചന്ദനക്കാവുവിട്ടു വണ്ടിനോടു വള്ളുവനാട്ടിലേക്കു പോകുവാൻ കവി അഭ്യർത്ഥിക്കുന്നു.


ഈ മാതൃദത്ത ദ്വിജേന്ദ്രൻ ഭട്ടതിരിയുടെ പിതാവായിരുന്നു. പ്രക്രിയാസർവസ്വത്തിൽ


"സോപി കദാചന രാജാ
സ്വഗുണൈരാകൃഷ്യ സന്നിധിം നീതം
ശ്രീമാതൃദത്തസൂനും
നാരായണസംജ്ഞമശിക്ഷദവനിസുരം"


എന്നും,


"ഭൂഖണ്ഡേ കേരളാഖേ സരിതമിഹ നിളാ-
മുത്തരേണൈവ നാവാ-
ക്ഷേത്രേ ഗവ്യുതിമാത്രേ പുനരുപരിനവ-
ഗ്രാമനാമ്നി സ്വധാമ്നി
ധര്‍മ്മിഷ്ഠാൽ ഭട്ടതന്ത്ര്യാദ്യഖിലമതപടോര്‍-
മ്മാതൃദത്ത ദ്വിജേന്ദ്രാ-
ജ്ജാതോ നാരായണാഖ്യോ നിരവഹദതുലാം
ദേവനാരായണാജ്ഞാം"


എന്നും രണ്ടു പദ്യങ്ങളിൽ മഹാകവി പിതാവിനെ സ്മരിക്കുന്നുണ്ടു്. ഉപരിനവഗ്രാമം മേൽപ്പത്തൂർ സംസ്കൃതീകരിച്ചതാണു്. രണ്ടാമത്ത പദ്യത്തിൽനിന്നു മാതൃദത്തഭട്ടതിരി ധര്‍മ്മിഷ്ഠനും മീമാംസാദിശാസ്ത്രങ്ങളിൽ പ്രവീണനുമാണെന്നു വെളിവാകുന്നു. താൻ മീമാംസാദിശാസ്ത്രങ്ങൾ പഠിച്ചതുതന്നെ അദ്ദേഹത്തിൽനിന്നായിരുന്നു എന്നു മഹാകവി "മീമാംസാദി സ്വതാതാൽ" ഇത്യാദി പദ്യത്തിൽ പ്രകടമായി പ്രസ്താവിച്ചിട്ടുള്ളതു വായനക്കാർ ഓര്‍മ്മിക്കുന്നുണ്ടായിരിക്കുമല്ലോ. മഹാകവിയുടെ അനുജനായി മാതൃദത്തൻ എന്ന പേരിൽ മറ്റൊരു ഭട്ടതിരിയുണ്ടായിരുന്നു. ഇദ്ദേഹത്തെ തന്റെ കവിതകൾ പകർത്തിയെഴുതുവാൻ മഹാകവി നിയോഗിച്ചിരുന്നു. നാരായണീയത്തിന്റെ അവസാനത്തിൽ


"ഇത്ഥം ഭാഗവതസ്തോത്രം
സ്വാഗ്രജേന വിനിര്‍മ്മിതം
വ്യലിഖന്മാതൃദത്താഖ്യോ
ഭഗവൽഭക്തിപ്പൂര്‍ത്തയേ."


എന്നൊരു പദ്യം കാണുന്നുണ്ട്. അച്യുതപ്പിഷാരടി മരിച്ചതു കൊല്ലം 799-ൽ ആയിരുന്നു എന്നുള്ളതു ഭട്ടതിരി അദ്ദേഹത്തെപ്പറ്റി നിര്‍മ്മിച്ചിട്ടുള്ള


"ഹേ! ശബ്ദാഗമ! നിർദ്ദയം വിബുധതാ
ലുബ്ധൈര്‍ന്നിപീഡിഷ്യസേ
ധാർഷ്ടകപ്രവണാസി വൈദ്യസരണേ!
നഷ്ടോഹ്യലങ്കാര ഭോഃ
ഹന്ത! ജ്യോതിഷതന്ത്ര! പര്യവസിതാ
തിഥ്യർക്ഷയോസ്തേ കഥാ;
വിദ്യാത്മാ സ്വരസർപ്പദദ്യ ഭവതാ-
മാധാരഭൂരച്യുതഃ"


എന്ന ചരമശ്ലോകത്തിലെ "വിദ്യാത്മാ സ്വരസര്‍പ്പൽ" എന്ന കലിദിനസംഖ്യയിൽ നിന്നു കാണാവുന്നതാണു്. അതിനുപുറമേ ഈ ശ്ലോകത്തിൽനിന്നു പിഷാരടി വൈയാകരണനും ജ്യോതിശ്ശാസ്ത്രജ്ഞനുമായിരുന്നു എന്നുള്ളതിനു പുറമെ വൈദ്യനും ആലങ്കാരികനും കൂടിയായിരുന്നു എന്നും വെളിവാകുന്നുണ്ട്.


എൻെറ ഈ ഉപന്യാസത്തിനു വിഷയീഭവിക്കുന്നതു് പിഷാരടി ആസന്നമരണനായ അവസരത്തിൽ നിര്‍മ്മിച്ചതായും ഭട്ടതിരി പൂരിപ്പിച്ചതായും ഐതിഹ്യദ്വാരാ നാം ധരിച്ചിരിക്കുന്ന


"കായേ സീദതി കണ്ഠരോധിനി കഫേ
കുണ്ഠേ ച വാണീ പഥേ
ജിഹ്വായാം ദൃശി ജീവിതേ ജിഗിമിഷൌ
ശ്വാസേ ശനൈഃ ശാമ്യതി
ആഗത്യ സ്വയമേവ നഃ കരുണയാ
കാത്യായനികാമുക
കര്‍ണ്ണേ വര്‍ണ്ണയതാദ് ഭവാര്‍ണ്ണവഭയാ-
ദുത്താരകം താരകം"


എന്ന പദ്യമാണു്. ഭാഷാചരിത്രകാരൻ ശ്രീമാൻ പി. ഗോവിന്ദപ്പിള്ള ഈ പദ്യം പിഷാരടി മരിക്കാൻ കാലത്തു ശിഷ്യഗണമദ്ധ്യവര്‍ത്തിയായിരുന്ന അവസരത്തിൽ നിര്‍മ്മിക്കുവാൻ ആരംഭിച്ചു എന്നും 'ഉത്താരകം' എന്ന പദംവരെ ഉച്ചരിച്ചതിന്റെശേഷം പൂരിപ്പിക്കുവാൻ അശക്തനായിത്തീരുകയാൽ അദ്ദേഹത്തിന്റെ പ്രഥമാന്തേവാസിയായ ഭട്ടതിരിപ്പാടു് താരകമെന്ന പദംപൊല്ലി പദ്യമവസാനിപ്പിച്ചു പ്രാണോൽക്രാന്തിഘട്ടത്തിൽ ഗുരുവിനു താരകബ്രഹ്മോപദേശം ചെയ്തു് ആനൃണ്യം പ്രാപിച്ചു എന്നും പ്രസ്താവിക്കുന്നു. ഇതു കേരളത്തിലെ സുപ്രസിദ്ധമായ ഒരു ഐതിഹ്യമാണു്. നാരായണഭട്ടതിരിയുടെ ജീവചരിത്രം സംക്ഷിപ്തമായി സംസ്കൃതത്തിൽ നിര്‍മ്മിച്ച പരേതനായ മാനവിക്രമഏട്ടൻ (സാമൂതിരിപ്പാട്ട്) തമ്പുരാൻ തിരുമനസ്സുകൊണ്ടു് "ഏതൽ ഗുരുവരോച്യുത വൈഷ്ണവശ്ചരമകാലം സന്നിഹിതം വിജ്ഞായ ഭഗവന്തംമനസി സമ്യഗ്‌ധ്യാത്വാ നാതിരോഗാവിഷ്ടഃ കിഞ്ചിദ വ്യഥിതോ ബന്ധുജനപരീത ഏതൽപ്രഭൃതിശിഷ്യഗണമദ്ധ്യഗത ഏവമവോചൽ". എന്ന് ഉപന്യസിക്കുന്നു. 'കായേസീദതി' ഇത്യാദി പദ്യം അച്യുതരചിതമെന്നു പ്രകടമായി പ്രസ്താവിക്കുന്നില്ലെങ്കിലും അതായിരുന്നു അദ്ദേഹത്തിന്റെ വിവക്ഷയെന്നുള്ളതു് "നാതിരോഗാവിഷ്ടഃ കിഞ്ചിദ വ്യഥിതഃ" ഈ വിശേഷണങ്ങിൽനിന്നും അനന്തരം "ഉത്താരകം ഇതി തദനന്തരം വക്ത്തുമശക്തതയാ ഖിന്നം സ്വഗുരും ദൃഷ്ട്വാ തേന വിനാ വിളംബമപൂരി 'താരകം' ഇതി." എന്നുള്ള വാക്യത്തിൽനിന്നും അനുമേയമാണു്. കെ. വി. എം. നിര്‍മ്മിച്ചിട്ടുള്ള ഭട്ടതിരിയുടെ ജീവചരിത്രത്തിലും പിഷാരടി ഈ പദ്യം നിര്‍മ്മിച്ചു എന്നുതന്നെ പ്രസ്താവിച്ചുകാണുന്നു.


ഈ ഐതിഹ്യം അബദ്ധമാണെന്നു തെളിയിക്കുവാൻ പ്രയാസമില്ല ക്രി. പി. 1330-ാം മാണ്ടിടയ്ക്കു തെലുങ്കുരാജ്യത്തിൽ വേങ്കടഗിരി സംസ്ഥാനത്തിന്റെ അധിപനായി ശിങ്‌ഗൻ എന്നു പേരോടുകൂടി ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം നാതിസംക്ഷേപവിസ്തരമായി രസാർണവസുധാകരം എന്ന പേരിൽ ഒരു നാട്യലക്ഷണഗ്രന്ഥം നിര്‍മ്മിച്ചിട്ടുണ്ടു്. ഇതു് തിരുവിതാംകൂർ അനന്തശയനസ്ഥസംസ്കൃതഗ്രന്ഥാവലിയിൽ 50-ാം നമ്പരായി പ്രസിദ്ധപ്പെടുത്തീട്ടുമുണ്ടു്.


മുപ്പത്തിമൂന്നു വ്യഭിചാരിഭാവങ്ങളിൽ ഒന്നാണല്ലോ മൃതി. മൃതിക്ക്.


"വായോദ്ധര്‍നഞ്ജയാഖ്യസ്യ
വിപ്രയോഗോ യ ആത്മനാ
ശരീരാവച്ഛേദവതാ
മരണം നാമ തദ്ഭവേൽ."


എന്നു ലക്ഷണനിർവചനം ചെയ്തു് അതു വ്യാധിജമെന്നും അഭിഘാതജമെന്നും രണ്ടു പ്രകാരത്തിലുണ്ടാകാമെന്നു പ്രസ്താവിച്ചു വ്യാധിജമായ മൃതിയുടെ സ്വരൂപം,


"ആദ്യന്ത്വസാദ്ധ്യം ഹൃച്ഛൂല-
വിഷൂച്യാദിസമുദ്ഭവം
അമീ തത്രാനുഭാവാസ്സ്യു-
രവ്യക്താക്ഷരഭാഷണം;


വിവര്‍ണ്ണഗാത്രതാ മന്ദ-
ശ്വാസാദിസ്തംഭമീലനേ
ഹിക്കാപരിജനാപേക്ഷാ-
നിശ്ചഷ്ടേന്ദ്രിയതാദയഃ"


ഇപ്രകാരം വിവരിച്ചു് ആ വ്യഭിചാരിഭാവത്തിനുദാഹരണമായി 'കായേ സീദതി' ഇത്യാദി പദ്യം ഉദ്ധരിച്ചിരിക്കുന്നു. "കാത്യായനീ വല്ലഭഃ" എന്നാണു് ശിങ്‌ഗഭൂപാലന്റെ പാഠം; അത്രമാത്രമേ ഭേദമുള്ളൂ. ഇതു് ആരുടെ കൃതിയെന്ന് ശിങ്ഗഭൂപാലൻ പ്രസ്താവിക്കുന്നില്ല. ഏതായാലും ഈ പദ്യം കുറഞ്ഞപക്ഷം ക്രി. പി. പതിന്നാലാം ശതകത്തിന്റെ പ്രഥമപാദത്തിലെങ്കിലും ഭൂജാതം ചെയ്തിരിക്കണമെന്നുള്ളതിനു സംശയമില്ല. രസാര്‍ണ്ണവസുധാകരം കൊല്ലം 756-ൽ (ക്രി. പി. 1590) പകർത്തിയ ഒരു ഗ്രന്ഥം ഗണപതിശാസ്ത്രികൾക്കു വെന്നിമല പിഷാരത്തിൽനിന്നു കിട്ടിയതായി കാണുന്നതിൽനിന്നു ഭട്ടതിരിയുടെ കാലത്തിൽ ആ കൃതിക്കു് കേരളത്തിൽ ധാരാളം പ്രചാരമുണ്ടായിരുന്നതായി ഊഹിക്കാവുന്നതാണു്. ചാക്കിയാന്മാര്‍ക്കു അത്യന്തം പ്രയോജനകരമായ ആ ഗ്രന്ഥം രവിനര്‍ത്തകനെന്നു് പ്രസിദ്ധനായ ഇരവിച്ചാക്യാരുടെ പ്രിയ സുഹൃത്തായിരുന്ന ഭട്ടതിരിപ്പാട് കണ്ടിരിക്കാതെവരാൻ തരമില്ല. ഒരു നല്ല ആലങ്കാരികനായ അച്യുതപ്പിഷാരടിയും അതു വായിച്ചിരുന്നിരിക്കണം. അലങ്കാരവിഷയത്തിലുള്ള ജ്ഞാനം ഭട്ടതിരിക്കും അപരിമിതമായിരുന്നു എന്നുള്ളതിനു അമരുകത്തിലേ


"പുഷ്പോദ്‌ഭേദമവാപ്യ കേളിശയനാദുത്ഥായ ദൂരസ്ഥയാ
കാന്തേന സ്‌ഫുരിതാധരേണ നിഭൃതം ഭൂൂസംജ്ഞയാ യാചിതേ
ആച്ഛാദ്യ സ്മിതപൂര്‍ണ്ണഗണ്ഡഫലകം ചേലാഞ്ചലേനാനനം
മന്ദാന്ദോളിതകുണ്ഡലസ്തബകയാ തന്യാ വിധുതം ശിരഃ."


എന്ന പദ്യത്തിനു് അദ്ദേഹം നിര്‍മ്മിച്ചിട്ടുള്ള കൂലങ്കഷമായ സംസ്കൃതവ്യാഖ്യാനം സാക്ഷ്യംവഹിക്കുന്നു. ഗുരുവിനും ശിഷ്യനും ഈ പദ്യം മുഖസ്ഥമായിരുന്നതിനാലാണു് പ്രാണപ്രയാണസമയത്തിൽ പിഷാരടിക്കു 'കായേ സീദതി' ഇത്യാദി പദ്യം അത്ര നിർഗ്ഗളമായി ഉച്ചരിക്കുന്നതിനും ഭട്ടതിരിക്ക് അതിലെ 'താരകം' എന്ന പദം അത്ര അനായാസേന ചൊല്ലി ചരിതാവത്ഥനാകുന്നതിനും ഇടവന്നതു്.


ചാക്യാന്മാർ കൂത്തിനു രാമായണപ്രബന്ധം പ്രയോഗിക്കുമ്പോൾ അഹല്യാമോക്ഷഘട്ടത്തിൽ പ്രത്യേകം അര്‍ത്ഥവിസ്താരം ചെയ്യുന്നതാണു്.


"അപേതവ്യാഹാരം ദ്രുതവിവിധപുഷ്പവ്യതികരം
കരസ്പര്‍ശാരംഭപ്രഗളിതദുകൂലാന്തശയനം
മുഹുർബദ്ധോൽകമ്പം ദിശിദിശി മുഹഃ പ്രേരിതദൃശോ-
രഹല്യാസൂത്രാമ്ണോഃ ക്ഷണികമിവ തൽസംഗതമഭൂൽ"


എന്ന ശ്ലോകം. ഈ ശ്ലേകം ഭട്ടതിരിയുടേതാണെന്നു ചിലർ ശങ്കിക്കാറുണ്ടു്. അതും അബദ്ധമാണു്. സുധാകരകാരൻ ഇതു നര്‍മ്മസ്‌ഫഞ്ജത്തിനു ഉദാഹരണമായി സ്വീകരിച്ചുകാണുന്നു.


ഭട്ടതിരിയുടേതെന്നും മനോരമത്തമ്പുരാട്ടിയുടേതെന്നും പന്തളം സുബ്രഹ്മണ്യശാസ്ത്രികളുടേതെന്നും മറ്റും ചിലർ അദ്ധ്യാഹരിക്കാറുള്ള


"കോശദ്വന്ദ്വമിയം ദധാതി നളിനീ കാദംബചഞ്ചുക്ഷതം:
ധത്തേ ചൂതലതാ നവം കിസലയം പുംസ്കോകിലാസ്വാദിതം;
ഇത്യാകര്‍ണ്ണ്യ മിഥസ്സഖീജനവചസ്സാ ദീർഘികായാസ്തടേ
ചേലാന്തേന തിരോദധേ സ്തനതടം ബിംബാധരം പാണിനാ."


എന്ന പദ്യവും സുധാകരത്തിൽ ഉദ്ധതമായിക്കാണുന്നു.


സാഹിത്യദീപികയ്ക്കായി എഴുതിയതു്