മാഘമഹാകവിയുടെ പ്രസന്നപ്രൌഢസരസമായ ശിശുപാലവധം സഹൃദയന്മാരുടെ സശിരഃകമ്പമായ ശ്ലാഘനത്തിനു സവ്വഥാ പാത്രീഭവിക്കുന്ന ഒരു സാഹിത്യരത്നമാണല്ലോ. മേല്പത്തൂർ നാരായണഭട്ടതിരി ആ ഇതിവൃത്തത്തെത്തന്നെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഒരു ഉത്തമ പ്രബന്ധമാണു് രാജസൂയം. ഭട്ടതിരിയെക്കാൾ വശ്യവാക്കായ ഒരു മഹാകവിമൂര്‍ദ്ധന്യൻ, അമാനുഷനായ ആദിശങ്കരാചാര്യസ്വാമിയെ ഒഴിച്ചാൽ, കേരളത്തെ ഒരുകാലത്തും അലങ്കരിച്ചിട്ടില്ലെന്നുള്ളത് സര്‍വ്വസമ്മതമാണു്. അദ്ദേഹത്തിന്റെ അനവധി കൃതികളിൽ നാരായണീയത്തിനുമാത്രം പരദേശങ്ങളിൽ സ്വല്പം പ്രചാരമുണ്ടെന്നു പറയാം. മറ്റുള്ള ഗ്രന്ഥങ്ങളിൽ താരതമ്യേന വിചിന്തനം ചെയ്കയാണെങ്കിൽ അപ്രധാനങ്ങളായ "സ്വാഹാസുധാകരം" "കോടിവിരഹം" ഈ രണ്ടു കൃതികൾക്കു മാത്രമേ "കാവ്യമാല"യിൽ പ്രവേശിക്കുവാൻ യോഗം സിദ്ധിച്ചിട്ടുള്ളു. രാജസൂയം, സുഭദ്രാപഹരണം, ദൂതവാക്യം, പാഞ്ചാലീസ്വയംവരം മുതലായ മഹാപ്രബന്ധങ്ങൾ കേരളത്തിനു വെളിയിൽ ഏതാവൽപര്യന്തം അവിജ്ഞാതങ്ങളായിരിക്കുന്നതു്' ഏറ്റവും ശോചനീയമാകുന്നു. ഈ പ്രബന്ധങ്ങൾ എല്ലാംതന്നെ ആ മഹാശയന്റെ പാണ്ഡിത്യത്തിനും പ്രതിഭയ്ക്കും കവിത്വത്തിനും മൂര്‍ദ്ധാഭിഷിക്തോദാഹരണങ്ങളാണെങ്കിലും ഇവയിൽ പലതുകൊണ്ടും പാരമ്യത്തെ അർഹിക്കുന്നത് രാജസൂയമാണെന്നു സാഹിത്യമവമ്മജ്ഞന്മാർ ഐകകണ്ഠ്യന ഉൽഘോഷിക്കുക തന്നെ ചെയ്യും. അത്രയ്ക്കുണ്ടു് അതിൽ അദ്ദേഹം പ്രദർശിപ്പിച്ചിരിക്കുന്ന അനന്യസാധാരണമായ കവനകലാപാടവവും മീമാംസാദിശാസ്ത്രവൈചക്ഷണ്യവും.
ചാക്കിയാന്മാര്‍ക്കു ഉപജീവനമാര്‍ഗ്ഗമായി നിമ്മിച്ച ആ ചമ്പുക്കളിൽ ഭട്ടതിരി പൂർവസൂരികളുടെ സൂക്തികളിൽനിന്നു് അനേകം ഭാഗങ്ങൾ യഥേച്ഛം ഉദ്ധരിക്കുന്ന സമ്പ്രദായത്തിൽ രാജസൂയത്തിലും മാഘത്തിൽനിന്നു മൂന്നു ശ്ലോകങ്ങൾ ഉദ്ധരിച്ചിട്ടുള്ളതായി എനിക്കു് ഓര്‍മ്മ തോന്നുന്നുണ്ടു്.
"ഉക്തവന്തമിതി ഭക്തവത്സലഃ
ശ്രാവയന്നഥ സഭാസദോ ജനാൻ
വ്യാജഹാര ദശനാംശുമണ്ഡല-
വ്യാജഹാര ശബളീകൃതാകൃതിഃ"
എന്ന രാജസൂയപദ്യം ശിശുപാലവധത്തിലേ,
"തം വദന്തമിതിവിഷ്ടരശ്രവാഃ
ശ്രാവയന്നഥ സമസ്തഭൂഭൃതഃ
വ്യാജഹാര ദശനാംശുമണ്ഡല-
വ്യാജഹാരശബളം ദധദ്വപുഃ"
എന്ന പദ്യത്തിന്റെ അനുകരണമാണ്. അതുപോലെ,
"മാ ച ശങ്കിഷത മാനവ മനാക്‍
പ്രത്യവായമിഹ യസ്തിതാംസതെ
തസ്യ നേഷ്യതി വപുഃ കബന്ധതാം
ബന്ധുരേഷ് ജഗതസ്സുദര്‍ശനഃ"
എന്നും
"ഏക ഏവഹരിരേഷ സൂന്വതാം
നാഥഇത്യഭിനയം വിവൃണ്വതീ
യൂപമംഗുലിമിവോദനീനമൽ
ഭൂശ്ചഷാലതുലിതാംഗുലീയകം."
എന്നുമുള്ള രാജസൂയപദ്യങ്ങളുടെ ആദര്‍ശശ്ലോകങ്ങൾ ശിശുപാലവധം പതിന്നാലാംസര്‍ഗ്ഗത്തിൽ കാണാം. ശിശുപാലവധത്തെപ്പറ്റി ഭട്ടതിരിക്കു വലിയ കാര്യമായിരുന്നു എന്നുള്ളതിനു ദൃഷ്ടാന്തങ്ങൾ സുലഭമാണു്.
മാഘനെ ജയിക്കുക എന്നുള്ള അത്ഭുതകര്‍മ്മം ലോകത്തിൽ ഒരു കവിക്കും സാധിക്കാവുന്നതല്ല. എന്നാൽ ഫലിതമാര്‍മ്മികനായിരുന്ന ഭട്ടതിരി ശിശുപാലനും ശ്രീകൃഷ്ണനും ഭീഷ്മരും തമ്മിലുള്ള വാഗ്വാദത്തിൽ മാഘനെ അധഃകരിച്ചിട്ടില്ലയോ എന്നാണു് എനിക്കു പലപ്പോഴും തോന്നീട്ടുള്ളതു്. ശിശുപാലവധം പതിനഞ്ചാംസര്‍ഗ്ഗത്തിൽ ശിശുപാലൻ ശ്രീകൃഷ്ണനെ പ്രത്യക്ഷമായും ഗോപ്യമായും അതിക്ഷേപിക്കുന്നു. പതിനാറാംസര്‍ഗ്ഗത്തിൽ ദൂതനെ യുദ്ധാഹ്വാനത്തിനായി അയയ്ക്കുന്നു. അതിൽതന്നെ സ്ഫുടഭിന്നാര്‍ത്ഥമായ വാക്കിനു സാത്യകി വ്യക്തമായി ഉത്തരം പറയുകയും അതിനു പ്രത്യുത്തരമായി ദൂതൻ പുനശ്ച ശ്രീകൃഷ്ണനെ നിന്ദിക്കുകയും ചെയ്യുന്നു. ഈ രണ്ടു സര്‍ഗ്ഗങ്ങളേയും രാജസൂയപ്രബന്ധത്തിൽ ശിശുപാലൻ,
"മാദ്രേയാമരസൈന്ധവാവനിപതീൻ കത്രീനിമാം ധിക്‍തമാ-
മത്രാഗ്രീയസമർഹണം ധകിദസൽപാത്രേ ച കാത്രേയകം
സൂരിമ്മന്യതമാൻ ഗതാനുഗതികാൻ ധിങ്നാരദാദീൻ മുനീ-
നേമി മോമുദതീഹ വാരിധിനികാര്യേസ്മിൻ പ്രണായ്യേര്‍ച്ചിതേ."
ഇത്യാദി വാക്യങ്ങളുമായും മറ്റും തുലനം ചെയ്തു നോക്കുന്നതു രസകരമായ ഒരു സാഹിതീവ്യവസായമാണു്.
ഒന്നാമതായി ശിശുപാലന്റെ യുധിഷ്ടിരോപാലംഭംതന്നെ പരിശോധിക്കാം. മാഘൻ പറയുന്നതു് "അല്ലയോ പൃഥാപുത്ര! അങ്ങു കൃഷ്ണനെ സദസ്സിൽ വച്ചു പൂജിച്ചുവല്ലോ. അതു് അങ്ങേയ്ക്ക് ഇയാളിലുള്ള സ്നേഹംകൊണ്ടുമാത്രമാണു്. ജനങ്ങൾ തങ്ങൾക്കു വേണ്ടവരെയാണല്ലോ ഗുണവാന്മാരെന്നു കരുതുന്നതു്. രാജവഹ്നികൾ ജ്വലിക്കുമ്പോൾ ശ്വാവിനു ഹവിസ്സു ഭക്ഷണത്തിനു കൊടുത്തതുപോലെയാണു് കൃഷ്ണനു അങ്ങു ചെയ്ത ഈ സപര്യ. അപ്രശസ്തമായ അംഗാരവാരത്തെ എങ്ങനെ ജനങ്ങൾ മംഗലവാരമെന്നു പറയുമോ അങ്ങനെ അങ്ങയുടെ യുധിഷ്ഠിരാഭിധാനവും അസത്യംതന്നെയാണ്. ഇയാളെയാണ് അങ്ങേയ്ക്കും മറ്റു പാണ്ഡവന്മാര്‍ക്കും ആരാധിക്കേണ്ടതു് എന്നിരുന്നാൽ അവനീശ്വരന്മാരായ ഞങ്ങളെയെല്ലാവരേയും ഇങ്ങനെ വിളിച്ചുവരുത്തി അധിക്ഷേപക്കേണ്ടതില്ലായിരുന്നു." ഇത്രമാത്രമാണു്. ശകാരത്തിനു മാഘനെക്കാൾ പതിന്മടങ്ങു വാസനകൂടുന്ന ഭട്ടതിരിയുടെ കൈയിൽ ഈ വിഷയം കിട്ടിയപ്പോൾ അദ്ദേഹം അതെങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നു നോക്കുക.
"ഭുഞ്ജാനാസ്സാകമേകാമഗണിതഗുരവോ
ബ്രഹ്മഹന്തുസ്തനൂജാ
മുണ്ഡാപൌത്രാശ്ച രണ്ഡാജഠരസമുദിതാഃ
പണ്ഡിതാഃ പാണ്ഡുപുത്രാഃ
ഭ്രൂണഘ്ന്യാസ്സൂനുമേനം ദ്വിജനകതനയ-
ഭ്രാതരം പീതശീധോഃ
കൃഷ്ണം യന്മാനനായാം ജഗൃഹുരിദമലം
വര്‍ത്തതേ യുക്തരൂപം"
"അഞ്ചു സഹോദരന്മാർ കൂടി ഒരു സ്ത്രീയെ ഭാര്യയാക്കിവച്ചിരുന്നവരും ധൃതരാഷ്ട്രാദിഗുരുജനങ്ങളെ മാനിക്കാത്തവരും ബ്രഹ്മഹത്യക്കാരന്റെ പുത്രന്മാരും പുംശ്ചലിയിൽ ജനിച്ചവരുമായ പാണ്ഡിത്യശാലികളായ പാണ്ഡവന്മാർ ഭ്രൂണഘ്നിയുടെ പുത്രനും രണ്ടച്ഛന്മാര്‍ക്കു മകനും കള്ളുകുടിയന്റെ അനുജനുമായ ശ്രീകൃഷ്ണനെ അഗ്രപൂജയ്ക്ക് അംഗീകരിച്ചുവല്ലോ. അതു് എല്ലാംകൊണ്ടും സമുചിതംതന്നെ." പിന്നെയും ധമ്മപുത്രർ താൻ വയോവൃദ്ധന്മാരായ ഭീഷ്മരോടും വിദ്യാവൃദ്ധനായ സഹദേവനോടും ചോദിച്ചുകൊണ്ടാണു് അങ്ങനെ ചെയ്തതെന്നു സമാധാനം പറഞ്ഞതിനു ശിശുപാലൻ നിന്ദാഗർഭമായ ഉത്തരം പരിശോധിക്കുക!
"ധിൿപാണ്ഡുപുത്രചരിതം സ്ഥവിരപ്രമാണം
ബാലപ്രമാണമപി കഷ്ടമഹോ വിനഷ്ടം;
രേ! ധര്‍മ്മജ! ദ്രുപദജാമപി പൃച്ഛ കാര്യം;
നാരീപ്രമാണമപിതേസ്ത്വിഹ രാജതന്ത്രം."
"അല്ലേ! യുധിഷ്ഠിര! അങ്ങു ജീര്‍ണ്ണബുദ്ധിയായ ഒരു കിഴവനോടും ആലോചനാശക്തിയുണ്ടായിട്ടില്ലാത്ത ഒരു കുഞ്ഞിനോടും കാര്യം ചോദിച്ചു മനസ്സിലാക്കിയെന്നല്ലേ പറഞ്ഞതു് ? പാഞ്ചാലിയോടുകൂടി ചോദിക്കൂ. സ്ഥവിരപ്രമാണവും ബാലപ്രമാണവുമായ അങ്ങയുടെ രാജതന്ത്രം നാരീപ്രമാണവും കൂടിയാകട്ടെ."
പിന്നെയും "കൃഷ്ണനേയാണു് പുജിക്കുവാനുദ്ദേശിക്കുന്നതെങ്കിൽ ഞങ്ങളെയെല്ലാം ഇങ്ങനെ വിളിച്ചുവരുത്തിയതെന്തിനാണു് ? അങ്ങയെ പേടിച്ചല്ലല്ലോ ഞങ്ങൾ ഈ രാജസൂയത്തിനു് അങ്ങേയ്ക്കു കരം തന്നത് ? അങ്ങ് ഒരു ധര്‍മ്മാത്മാവാണെന്നു വിചാരിച്ചും ഞങ്ങൾക്കു ധര്‍മ്മത്തിൽ പ്രീതിയുള്ളതുകൊണ്ടും മാത്രമാണ് ഞങ്ങൾ അങ്ങനെ ചെയ്തതു്." എന്നും മറdറും പറഞ്ഞു" ഒടുവിൽ
"ബാല്ഹീകഃ പാര്‍ഷതോ വാ സ്ഥവിരക ഇഹ ചേൽ
ദ്രോണ ഏകോ ഗുരുശ്ചേൽ
ഗന്ധര്‍വ്വേശസ്സഖാ ചേദഥ തു ബുധവരോ
വ്യാസ ഏവാര്‍ച്ചനീയഃ
സംബന്ധീ ചേൽ സ ശല്യഃ പ്രഹരണനിപുണഃ
കോപിചേദേകലവ്യോ
ഭോഭോ? പര്യസ്ത ഏവ പ്രഭവതി പശുപാ-
ലൈകവര്‍ണ്ണേ ഹിതം വഃ"
"കിഴവവനെയാണു് അങ്ങേയ്ക്ക് അർച്ചിക്കേണ്ടതെങ്കിൽ അതിനു ബല്ഹീകനും പാഞ്ചാലനുമുണ്ടു്; ഗുരുവിനെയാണെങ്കിൽ ദ്രോണരുണ്ടു്; സഖാവിനെയാണെങ്കിൽ ചിത്രരഥനുണ്ടു്. വിദ്വാനെയാണെങ്കിൽ വേദവ്യാസനുണ്ടു്; സംബന്ധിയെയാണെങ്കിൽ ശല്യരുണ്ടു്; ശാസ്ത്രപടുവിനെയാണെങ്കിൽ ഏകലവ്യനുണ്ട്. ഇതൊന്നുമല്ല ഇടയവര്‍ഗ്ഗത്തിൽ ജനിച്ച ഒരു പതിതനിലാണല്ലോ അങ്ങേയ്ക്ക് അഭിരുചി. പിന്നെ എന്തിനു് ഇതൊക്കെപ്പറയുന്നു." എന്നു ശിശുപാലൻ തന്റെ ഉപാലംഭത്തിനു് മകുടം വയ്ക്കുന്നു. "ഭോഭോഃ വഃ" ഈ പദങ്ങളുടെ പ്രയോഗം എത്ര ഹൃദയംഗമമായിരിക്കുന്നു!
ഇനി ഭീഷ്മോപാലംഭത്തിന്റെ മേന്മയെന്തെന്നു നോക്കാം. “ഈ ഭീഷർ നരച്ചിട്ടു യാതൊരു ഫലവുമില്ല; ഇദ്ദേഹത്തിന്റെ ബുദ്ധി പൊയ്പോയി; എന്തോ അസംബന്ധം പുലമ്പുകയാണു്. വന്ദിയെപ്പോലെ കൃഷ്ണനെയാണല്ലോ ഇദ്ദേഹം സ്തുതിച്ചതു്." എന്നുപന്യസിച്ചിട്ടു മാഘകാവ്യത്തിൽ ലോകോത്തരഗുണോത്തരമായ
"അവനീഭൂതാം ത്വമപഹായ
ഗണമതിജഡസ്സമുന്നതം
നീചി നിയതമിഹയച്ചപലോ
നിരതഃ സ്ഫുടം ഭവതി നിമ്നഗാസുതഃ"
എന്ന പദ്യത്തിൽ ശിശുപാലൻ ഭീഷ്‌മരെ അധിക്ഷേപിക്കുന്നു. നിമ്നഗാപുത്രനായ ഇയാൾ അതിജഡനും ചപലനുമാണല്ലോ; ഔന്നത്യമുള്ള അവനീഭൃത്തുകളുടെ (രാജാക്കന്മാർ, പര്‍വ്വതങ്ങൾ) ഗണത്തെ വെടിഞ്ഞിട്ട് നീചനിൽ (ശ്രീകൃഷ്ണനിൽ, താണുകിടക്കുന്ന സമുദ്രത്തിൽ) നിരതനായിത്തീർന്നതു യുക്തംതന്നെ." എന്നാണു് (ഈ ശ്ലോകത്തിന്റെ അര്‍ത്ഥം. അവിടവിടെയായി മാഘൻ താൻ അമാനുഷനെന്നു ലോകത്തെ ഉൽബോധിപ്പിക്കുന്ന പദ്യങ്ങളിൽ ഒന്നാണു് ഇതു്. ഇതിനെ അതിശയിക്കുവാൻ ആര്‍ക്കു കഴിയുമെന്നേ ഇതു വായിക്കുന്ന ഏതു സഹൃദയനും ചോദിക്കുവാൻ തോന്നുകയുള്ളു. ഭട്ടതിരി ഈ ഘട്ടത്തിൽ എങ്ങനെ വിജയം നേടിയിരിക്കുന്നു എന്നു നോക്കുക.
"ഷണ്ഡത്വാൽ ബ്രഹ്മചര്യച്ഛലഭൃദപനയാം-
ഭോധിരംബാപഹാരാൽ
കിം നാനാർത്ഥം ഗതോഭൂസ്സഭയമസഹഥാ
ഗായകാൽ ഭ്രാതൃഘാതം;
ത്വം ഭീരുത്വാൽ ചിരായുര്‍വ്വസസി കപടധര്‍-
മ്മോക്തിഭിഃ പ്രാപ്തമാനോ
രേരേ!മിത്ഥ്യോദ്യ! ചൈദ്യസ്ത്വിഹ ന ഹരികഥാ-
ഭീഷികാഭിർബ്ബിഭേതി "
''അല്ലേ! ഭീഷ്മ! അങ്ങു ഷണ്ഡനാണ്; അതുകൊണ്ടാണ് ബ്രഹ്മചര്യവ്രതമനുഷ്ഠിക്കുന്നതായി ഭാവിക്കുന്നതു്. അപനയക്കാതലായ അങ്ങ് അംബയെ അപഹരിക്കുകനിമിത്തം എന്തെല്ലാമപകടത്തിൽ ചെന്നുചാടി? കേവലം ഒരു പാട്ടുകാരനെ പേടിച്ചല്ലേ അയാൾ അനുജനെ കൊന്നിട്ടും അങ്ങു കൈയും കെട്ടിയനങ്ങാതെയിരുന്നത്? പേടിച്ചുപേടിച്ചു യുദ്ധത്തിലൊന്നുമേ ചെന്നിടപെടാതെ കപടധർമ്മങ്ങളും ഉച്ചരിച്ചുച്ചരിച്ചു് അതുനിമിത്തം ഒരുമാതിരി മാനവും നേടി അങ്ങു ചിരഞ്ജീവിയായി വസിക്കുന്നു. എടാ അസത്യവാദിൻ! നിന്റെ ഹരികഥാഭീഷണികൊണ്ടൊന്നും ഈ ചേദിരാജാവു പേടിക്കുമെന്നു വിചാരിക്കേണ്ട" കഷ്ടം! സ്വച്ഛന്ദമൃത്യുവും മഹാരഥമഹാരഥനും ആയ ആ നിത്യബ്രഹ്മചാരി ഷണ്ഡൻപോലും! ഭാരതധമ്മത്തിന്റെ പരമാദര്‍ശപുരുഷൻ ഭീരുപോലും! അദ്ദേഹത്തിങ്കലും ദോഷാരോപണത്തിന്നു പഴുതുകിട്ടിയല്ലോ ശിശുപാലനു്! അഥവാ-
"ഗുണാപവാദേന തദന്യരോപണാൽ
ഭൃശാധിരൂഢസ്യ സമഞ്ജസം ജനം
ദ്വിധേവ കൃത്വാ ഹൃദയം നിഗൂഹതഃ
സ്‌ഫുരന്നസാധോര്‍വ്വിവൃണോതി വാഗസിഃ"
എന്നു ഭാരവി മുക്തകണ്ഠം മുറയിട്ടിട്ടുള്ളതു് എത്ര പരമാർത്ഥമാണു്!
"ഗച്ഛ സ്വച്ഛന്ദമൃത്യുബ്രുവ! സമരഭുവം ഖാദ്യസേ ചൈദ്യബാണൈഃ;
ജൂര്‍ണ്ണേ വാ പൂര്‍ണ്ണലജൈസ്ത്വയി കിമിഷുഗണൈഃ?"
എന്നും മറ്റും ശിശുപാലൻ ഭീഷ്മരെ പിന്നെയും അപഹസിക്കുന്നുണ്ട്.
ഒടുവിൽ നോക്കുവാനുള്ളതു സർവപ്രധാനമായ കൃഷ്ണോപാലംഭമാണു്. ഇതിലാണു് രണ്ടു മഹാകവികളും അവരവരുടെ പാടവം മുഴുവൻ പ്രകടിപ്പിച്ചിരിക്കുന്നതു്. രണ്ടുപേരും ശ്രീകൃഷ്ണനെ നിന്ദിക്കുന്നതിനു തങ്ങൾക്കു പ്രകൃത്യാ ഉള്ള വൈമനസ്യംകൊണ്ടു് ഒരു നോക്കിനു സ്തുതിപരവും മറ്റൊന്നിനു നിന്ദാപരവുമായ പദ്യങ്ങളാണു ഈ ഘട്ടത്തിൽ പ്രായേണ രചിച്ചിരിക്കുന്നതു്. മാഘൻ നേരിട്ടു ശിശുപാലൻ കൃഷ്ണനെ അപലപിക്കുന്ന അവസരത്തിലും ദുതനെക്കൊണ്ടു കൃഷ്ണനെ യുദ്ധത്തിനായി ആഹ്വാനം ചെയ്യിക്കുന്ന സന്ദർഭത്തിലും തന്റെ കവിത്വത്തിലധികമായി പ്രദർശിപ്പിക്കുന്നതു ബുദ്ധിശക്തിയേയും പാണ്ഡിത്യത്തേയുമാണ്. ഇവ രസപോഷണത്തിനു കവിത്വം പോലെ ഉതകുന്നതല്ലെന്നുള്ളതു നിര്‍വ്വിവാദമാകയാൽ മാഘന്റെ ഓരോ ഉപാലംഭപദ്യവും വായിച്ചുകൊണ്ടുപോകുമ്പോൾ നാം കാവ്യത്തിൽ രസിക്കുന്നതിനു പകരം കവിയെ ബഹുമാനിക്കുകമാത്രമേ ചെയ്യുന്നുള്ളു. "തേനീച്ചയെ അടിച്ചോടിച്ചു തേൻ അരിച്ചെടുത്തതുകൊണ്ടാണു്, മധു എന്ന അസുരനെ കൊന്നതു കൊണ്ടല്ല. അങ്ങേയ്ക്കു മധുസൂദനൻ എന്ന പേർ സിദ്ധിച്ചതു്; ജരാസന്ധനാൽ ഓജസ്സു നശിപ്പിക്കപ്പെട്ട മുകുന്ദന്റെ മെത്തയെ അഭയംപ്രാപിച്ച അബലനായ അങ്ങയെ ജനങ്ങൾ സബലനെന്നു പറയുന്നതു ബലനോടു (ബലഭദ്രനോടു)കൂടി നടക്കുന്നതുകൊണ്ടായിരിക്കണം" എന്നും മറ്റും പറയുന്നതിൽ എത്രമാത്രം യഥാര്‍ത്ഥമായ കവിത്വം കളിയാടുന്നുണ്ടെന്നുള്ളതു ചിന്ത്യമാണു്. അതുപോലെതന്നെ
"അഹിതാദനപത്രപസ്ത്രസ-
ന്നതിമാത്രോഝിതഭീരനാസ്തികഃ
വിനയോപഹിതസ്ത്വയാ കുത-
സ്സദൃശോന്യോ ഗുണവാനവിസ്മയഃ"
ഇത്യാദി ദൂതവാക്യപദ്യങ്ങളിൽ കവി പ്രത്യക്ഷമായി മൃദുവായും പരോക്ഷമായി കര്‍ക്കശമായും ഉള്ള സന്ദേശാവിഷ്ക്കരണത്തിനുവേണ്ടി ശബ്ദങ്ങളെക്കൊണ്ടു പലവിധത്തിൽ പന്താടുന്നുണ്ടെങ്കിലും അതൊന്നും നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നതിനു പയ്യാപ്തമാകുന്നില്ല. സാത്യകിയുടെ ഉത്തരം ആരംഭിക്കുമ്പോൾ മാഘൻ തത്ത്വോപദേശകവും പൌരുഷപ്രധാനവുമായ ഭാരവിയുടേ ശൈലിയെ അംഗീകരിക്കുന്നതിനാൽ അതിന്റെ ആസ്വാദ്യത വിശ്വജനീനമായി പരിണമിക്കുന്നു. ദുതന്റെ പ്രത്യുത്തരഘട്ടത്തിൽ ആ ശൈലിയുടെ അകൃത്രിമരാമണീയകത്തിൽ മാഘന്റെ ശബ്ദം കൊണ്ടുള്ള മഹേന്ദ്രജാലം കൂടി സമ്മേളിക്കുകനിമിത്തം ചില സ്ഥലങ്ങളിൽ രസത്തിനു വിച്ഛിത്തിയുണ്ടാകുന്നില്ലെന്നില്ല. ദൃഷ്ടാന്താദ്യലങ്കാരയോഗങ്ങളും സർവത്ര സര്‍വ്വോത്തമമാണെന്നു സമര്‍ത്ഥിക്കുവാൻ പ്രയാസമുണ്ടു്.
"പ്രതിവാചമദത്ത കേശവ-
ശ്ശപമാനായ ന ചേദിഭൂഭുജേ;
അനുഹുങ്കരുതേ ഘനധ്വനിം
ന ഹി ഗോമായുരുതാനി കേസരീ"
എന്ന മാഘന്റെ പദ്യം ഭാരവിയുടെ
"വയം ക്വ വര്‍ണ്ണാശ്രമരക്ഷണോ ചിതാഃ?
ക്വജാതിഹീനാ മൃഗജീവിതച്ഛിദഃ?
സഹാപകൃഷ്ടൈര്‍മ്മഹതാം ന സംഗതം;
ഭവന്തി ഗോമായുസഖാ ന ദന്തിനഃ"
എന്നും
"കിമവേക്ഷ്യ ഫലം പയോധരാൻ
ധ്വനയഃ പ്രാര്‍ത്ഥയതേ മൃഗാധിപഃ?
പ്രകൃതിഃ ഖലു സാ മഹീയസഃ
സഹതേ നാന്യസമുന്നതിം യയാ"
ഈ രണ്ടു പദ്യങ്ങളുടേയും ഛായോപജീവിയും പദകോപജീവിയുമാണു്. ഏതാനും ചില വിശിഷ്ട പദ്യങ്ങളും ഇക്കൂട്ടത്തിൽ ഇല്ലെന്നില്ല.
"ജിതരോഷരയാ മഹാധിയഃ
സപദിക്രോധജിതോ ലഘുര്‍ജ്ജനഃ;
വിജിതേന ജിതസ്യ ദുര്‍മ്മതേര്‍-
മ്മതിമദ്‌ഭിസ്സഹ കാ വിരോധിതാ?"
ഇത്യാദി പദ്യങ്ങൾ ഭാരവിയുടെ താദൃഗ്രീതിയിലുള്ള പദ്യങ്ങളോടും ശിശുപാലവധം ദ്വതീയസര്‍ഗ്ഗത്തിലുള്ള "അങ്കാതിരോപിതമൃഗശ്ചന്ദ്രമാ മൃഗലാഞ്ചനഃ" മുതലായ പദ്യങ്ങളോടും സർവഥാ കിടനില്ക്കുന്നു.
"ക്രിയതേ ധവളഃ കിലോച്ചകൈര്‍-
ദ്ധവളൈരേവ സിതേതരൈധഃ;
ശിരസൌഘമധത്ത ശങ്കരഃ
സൂരസിന്ധോര്‍മ്മധുജിത്തമംഘ്രിണാ"
"നിര്‍മ്മലന്മാർ തന്നെവേണം നിര്‍മ്മലന്മാരെ മാനിക്കുവാൻ; മലിനന്മാർ അവരെ അധഃകരിക്കുകയേയുള്ളു. വെളുത്ത ശ്രീപരമേശ്വരൻ ഗംഗാപുരത്തെ ശിരസ്സിനാൽ ധരിച്ചു. കറുത്ത കൃഷ്ണനോ അതിനെ കാൽകൊണ്ടു ചവുട്ടി." എന്ന പദ്യം തുലോം വിമർദ്ദഹൃദ്യമാണു്. അയോഗ്യനായ കൃഷ്ണൻ മാനിച്ചില്ലെങ്കിൽ വിശിഷ്ടനായ തന്റെ സ്വാമിയെ മാനിക്കുവാൻ യോഗ്യന്മാരായ വേറെ മഹാശയന്മാർ ലോകത്തിലുണ്ടെന്നു ദൂതൻ വ്യഞ്ജിപ്പിക്കുന്നതു് ഇവിടെ ഏറ്റവും മനോഹരമായിട്ടുണ്ടു്. അതുപോലെ
"ഗുരുഭിഃ പ്രതിപാദിതാം വധു-
മപകൃത്യ സ്വജനസ്യ ഭൂപതേഃ
ജനകോസി ജനാർദ്ദന! സ്‌ഫുടം
ഹതധര്‍മ്മാര്‍ത്ഥതയാ മനോഭുവഃ"
എന്ന പദ്യത്തിൽ സ്വല്പം ആഹാര്യഭംഗിയുടെ സമ്പര്‍ക്കമുണ്ടെങ്കി ലും അതിലേ ആശയം ഭാവുകന്മാര്‍ക്ക് ആസ്വാദ്യമായല്ലാതെ തീരുവാൻ തരമില്ല. "അച്ഛനമ്മ മുതലായവർ അങ്ങയുടെ സ്വജനവും രാജാവുമായ ഒരാൾക്കു (എന്റെ സ്വാമിയായ ശിശുപാലനു) വിവാഹം ചെയ്തുകൊടുക്കുവാൻ തീർച്ചപ്പെടുത്തിവച്ചിരുന്ന ഒരു കന്യകയെ അങ്ങ് അപഹരിച്ചുകൊണ്ടുപോകയല്ലയോ ചെയ്തതു് ? ധര്‍മ്മാധര്‍മ്മങ്ങളെ ഹനിച്ചു കാമമാത്രനിഷ്ഠനായി ജീവിക്കുന്ന അങ്ങ് അല്ലേ ജനാർദ്ദന! (പരദ്രോഹി എന്നും അര്‍ത്ഥം) കാമദേവന്റെ അച്ഛനെന്നുള്ളതു വ്യക്തംതന്നെ". ഇപ്രകാരമാണു മാഘന്റെ ഉപാലംഭശൈലി.
ഇതൊന്നുമല്ല മേൽപ്പുത്തൂരിന്റെ വിദ്യ. ശിശുപാലനെക്കൊണ്ടു് മഹാകവി ചെയ്തിരിക്കുന്ന കൃഷ്ണാപാലംഭത്തിന്റെ ഹൃദ്യത ഒന്നു വേറെതന്നേയാണു്.
"പ്രാഗേവാസൌ വിസാരഃ ക്വിചിദസുരവധേ
ഹീനസൌകര്യഖിന്നഃ
സ്തംഭം പ്രാപ്തഃ കഥഞ്ചിദ്വ്യദലയദപരം
സർവ്വദം തു ന്യബദ്ധ്നാൽ
മുന്യാത്മാ വീരഹത്യാം വ്യധിത നിരവധി
സ്വസ്യ ദാരാനദോഷാ-
നത്യാക്ഷീദ്രാഘവാത്‌മാ; ഹരിചരിതമഹോ
സർവമേവാഭിരാമം."
"ഇയാൾ മുമ്പുതന്നെ വിസാരനാണു് (ബലമില്ലാത്തവനാണ്; വിസാരം = മത്സ്യം) ഒരിക്കൽ ഒരു അസുരനെ വധിക്കുന്ന വിഷയത്തിൽ സൌകര്യമില്ലാതെ വിഷമിച്ചു (ഹീനമായ സുകരത്വത്താൽ ഖിന്നനായി.) മറ്റൊരിക്കൽ സ്തംഭം പ്രാപിച്ചു (സ്തബ്ധനായിത്തീർന്നു; തൂണിൽ നിന്നു ആവിർഭവിച്ച്) മറ്റൊരസുരനെക്കൊന്നു. മഹാവദാന്യനായ മഹാബലിയെ ബന്ധിച്ചു. മുനിയായിരുന്നുകൊണ്ട് അനവധി ക്ഷത്രിയന്മാരെ വധിച്ചു. നിർദ്ദോഷയായ തന്റെ ഭാര്യയെ ത്യജിച്ചു. ഹരിയുടെ ചരിതം ആദ്യന്തം ജാത്യംതന്നെ." വിസാരസൗകര്യപദങ്ങളെ എത്ര ചതുരമായി പ്രയോഗിച്ചിരിക്കുന്നു! ഇങ്ങനെയാണു് ഭട്ടതിരിയുടെ പരാക്ഷേപപാടവം. ഇതെല്ലാം പൂർവജന്മങ്ങളിലേ വകതിരിവുകേടാണു്. കൃഷ്ണനായപ്പോഴത്തെ കഥയോ ?
"സ്ത്രീഘോ ഗോഘ്നോ ഗുരുഘ്നോഃ ഖഗഫണിഭിദധാ-
ന്നാകുമാത്രം കിലാഭ്രിം
പര്യാസ്ഥദ്ദാരുമാത്രം ശകടമരമയൽ
ഗോപികാഗവ്യമോഷി
ബ്രഹ്മണ്യം മാഗധം തം മുഹുരപകൃതവാം-
സ്തൽഭയാദ്ദാശദേശാ-
നാതിഷ്ഠദ്‍ദ്വേഷ്ടി ലോകാന്മണിമമുഷദഹോ
സ്തൌഷ ദോഷാനശേഷാൻ"
"സ്ത്രീയെ (പൂതനയെ) കൊന്നു; പശുവിനെ ( വൃഷാസുരനെ ) കൊന്നു; അമ്മാമനെകൊന്നു; പക്ഷിയേയും പാമ്പിനേയും (ബകാസുരനേയും അഘാസുരനേയും) കൊന്നു; ഒരു ചെറിയ പുറ്റുപോലെയുള്ള കുന്നെടുത്തു പൊക്കി; മരം കൊണ്ടു തീർത്ത ഒരു ചാടു തകർത്തു; കണ്ട ഇടച്ചികളുമായി വ്യഭിചരിച്ചു. തൈരും പാലും വെണ്ണയും മോഷ്ടിച്ചു; ബ്രാഹ്മണഭക്തനായ ജരാസന്ധനോട്ട് അപകാരം പ്രവര്‍ത്തിച്ചു. അദ്ദേഹത്ത ഭയപ്പെട്ടു മുക്കുവന്മാർ പാര്‍ക്കുന്ന സമുദ്രത്തിൽ ചെന്നു താമസം തുടങ്ങി; കണ്ടവര്‍ക്കു വിവാഹം ചെയ്തുകൊടുക്കുവാൻ നിശ്ചയിച്ചിരുന്ന സ്ത്രീകളേയും മറ്റും അപഹരിച്ചു ലോകത്തിനു വെറുപ്പുണ്ടാക്കി; രത്നം മോഷ്ടിച്ചു. ഇങ്ങനെയുള്ള ഒരാളുടെ ദോഷങ്ങൾ അത്രയും ഗുണങ്ങളെന്നു പറഞ്ഞു സ്തുതിക്കുന്നതിനു അല്ലേ ഭീഷ്മ! അങ്ങുമുണ്ടല്ലൊ. എന്താചെയ്യുക." ശ്രീകൃഷ്ണാവതാരത്തെപ്പറ്റി പാപികളായ പാഷണ്ഡികൾക്കു് ഇതിലധികം എന്താണു പറവാനുള്ളതു്? ഇങ്ങനെ പറഞ്ഞു രുക്മിണീകുചപദാങ്കിതമായ മാധവോരസ്സിൽ " വൈരിഗുണവര്‍ണ്ണന കര്‍ണ്ണശൂല തൂര്‍ണ്ണപ്രകീര്‍ണ്ണഹൃദയ'നായി ആ ദുഷ്ടൻ ശരങ്ങൾ വലിച്ചു വിടുന്നതും മറ്റും ഭട്ടതിരി തന്നേയാണു് വര്‍ണ്ണിക്കേണ്ടതു്.
മേൽ വിവരിച്ചതിൽ നിന്നു ഞാൻ സർവസഹൃദയാരാദ്ധ്യനായ ലോകമഹാകവി മേല്പത്തൂർ ഭട്ടതിരിയെ നിരങ്കുശമായ സ്വദേശാഭിമാനംകൊണ്ടു മാത്രമല്ല സ്തുതിക്കുന്നതെന്നും പരപരിഹാസഭൂമിയിൽ സാക്ഷാൽ മാഘകവി ചക്രവർത്തിപോലും അദ്ദേഹത്തിനു അടിപണിയേണ്ടതാണെന്നും സിദ്ധിക്കുന്നുണ്ടല്ലൊ. ഇതുപോലേയുള്ള പരാക്ഷേപപാടവം ദക്ഷയാഗം, കിരാതം മുതലായ പ്രബന്ധങ്ങളിലും കാണാം. മേല്പത്തൂരിന്റെ സംക്ഷിപ്തമായ ഒരു ജീവചരിത്രം എന്റെ സ്നേഹിതൻ കെ. വി. എം. പ്രസാധനം ചെയ്തിട്ടുള്ളതിൽനിന്നു മാത്രമേ ഇപ്പോൾ ആ പു ണ്യശ്ലോകന്റെ മഹിമാതിശയത്തെപ്പറ്റി സംസ്കൃതാനഭിജ്ഞന്മാരായ കേരളീയര്‍ക്ക് എന്തെങ്കിലും അറിവാൻ സാധിക്കുന്നുള്ളു. ഭട്ടപാദരുടെ പദകമലപരമാരാധകന്മാരിലൊരുവനായ എനിക്കു് ആ മഹാനുഭാവന്റെ വിസ്തരിച്ചുള്ള ഒരു ജീവചരിത്രമെഴുതി പ്രസിദ്ധപ്പെടുത്തിക്കണ്ടാൽ മാത്രമേ ചാരിതാര്‍ത്ഥ്യമുണ്ടാകുന്നുള്ളു. ആറേഴകൊല്ലം കൂടിക്കഴിഞ്ഞാൽ ഈശ്വരസഹായമുണ്ടെങ്കിൽ ഞാൻ തന്നെ ആ കൃത്യം നിർവ്വഹിക്കുകയും ചെയ്യാം.
1101 കുംഭം