ഈ ഗ്രന്ഥത്തിന്റെ ദേശകാലപാത്രങ്ങളെ സംബന്ധിച്ചു ഞാൻ ശേഖരിച്ചിട്ടുള്ള വിവരങ്ങൾ യഥാവസരം പ്രസിദ്ധപ്പെടുത്തുവാനുദ്ദേശിക്കുന്ന കേരളസാഹിത്യചരിത്രം മുഖേന ഭാഷാഭിമാനികളെ അറിയിച്ചാൽ മതി എന്നായിരുന്നു എന്റെ വിചാരം. എന്നാൽ ചില സ്റ്റേഹിതന്മാർക്കു അവ ഉടനടി അറിയുന്നതിനുള്ള ഉൽകണ്ഠ നാൾക്കുനാൾ വർദ്ധിച്ചുവരുന്നതായി കാണുന്നു. അവരുടെ പ്രത്യേകാവശ്യം പ്രമാണിച്ചു ഈ ഉപന്യാസമെഴുതുന്നതാണു്.
സന്ദേശത്തിലെ നായികയായ ഉണ്ണുനീലി മുണ്ടയ്ക്കൽ തറവാട്ടിലെ അംഗമായ ഒരു സ്ത്രീരത്നമായിരുന്നുവെന്നും ഈ മുണ്ടയ്ക്കൽ തറവാടു സിന്ധുദീപം എന്ന പട്ടണത്തിലുള്ളതായിരുന്നു എന്നും ഗ്രന്ഥത്തിൽനിന്നു കാണാവുന്നതാണല്ലോ. ഈ പട്ടണം ഏതെന്നാണു് ആദ്യമായി വിചാരണ ചെയ്യേണ്ടതു്. സിന്ധുദീപം സാഹിത്യപണ്ഡിതന്മാര്‍ക്കു് അശ്രുതപൂർവമല്ല എന്നുള്ളതു് നിർവിവാദമാണു്. ലക്ഷ്മീദാസൻ ശുകസന്ദേശത്തിൽ
"കാന്താരൗഘപ്രതിഭയമതിക്രമ്യ കഞ്ചിൽ പ്രദേശം
ബിംബോകശ്രീഭരിതമഹിളാം ബിംബലീമേത്യ ഭൂയഃ
ആവിശ്യാന്തര്‍ന്നനഗരമതിഥിശ്ചൂതചൂഡാമണേസ്സ്യാഃ;
കുയ്യസ്തുംഗാഃ ഖലു ഫലവതീമൃദ്ധിമഭ്യാഗതേഷു.
സ്ക്കന്ധാവാരം പരമപി തതോ ബിംബലീപാലകാനാം
സിന്ധുദ്വീപം വ്രജ ഘനനിഭൈരാവൃതം സിന്ധുരേന്ദ്രൈഃ;
സന്ധ്യാലക്ഷ്മീം മൃദുലഹസിതജ്യോൽസനയാ യത്ര ശശ്വല്‍
ബന്ധൂകാഭൈരധരമണിഭിശ്ചാപി ബദ്ധ്നന്തി നാര്യഃ"
എന്നു പ്രസ്താവിക്കുന്നതിൽനിന്നു് അതു് ബിംബലിപാലകന്മാരുടെ 'സ്ക്കന്ധാവകാരം' അതായതു് പടവീടായിരുന്നു എന്നു വെളിവാകുന്നുണ്ടു്. വിശാഖം തിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടു് വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ അവതാരികയോടും ടിപ്പണത്തോടും കൂടി പ്രസിദ്ധപ്പെടുത്തിയ ശുകസന്ദേശപുസ്തകത്തിൽ സിന്ധുദ്വീപം പാതിരാമണലായിരിക്കണമെന്നു പറഞ്ഞിരിക്കുന്നു. ഈ അഭിപ്രായത്തെ തന്നെ 'രണ്ടു സന്ദേശങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രസാധകനും സ്വീകരിച്ചതായിക്കാണുന്നു. ശുകസന്ദേശം മലയാളത്തിലേക്കു തര്‍ജ്ജിമ ചെയ്ത കുഞ്ഞിക്കുട്ടൻ തമ്പുരാൻ അവർകൾക്കും ഈ അനുമാനത്തിൽ വിപ്രതിപത്തിയില്ലായിരുന്നു എന്നുള്ളതിനു്,
"കൊമ്പന്മാർ കാർകണക്കെകനമൊ-
ടുമിടതിങ്ങുന്ന കായൽത്തുരത്താം
വമ്പന്മാർവെമ്പനാട്ടുഴിപരുടെ
പടവീടിങ്കലും ചെന്നുകൊള്ളു"
എന്നുള്ള ശ്ലോകാര്‍ദ്ധം ലക്ഷ്യമാകുന്നു. അല്ലെങ്കിൽ സിന്ധുദീപം 'കായൽത്തുരുത്ത്' എന്നു അവിടുന്നു ഭാഷപ്പെടുത്തുന്നതിനു് കാരണമില്ല. പാതിരാമണൽ വേമ്പനാട്ടുകായലിന്റെ നടുക്കുള്ള ഒരു ദ്വീപാണെന്ന് വായനക്കാരിൽ പലര്‍ക്കും അറിവുള്ളതാണല്ലോ. ഈ സ്ഥലം ഒരു പടവീടാക്കുന്നതുകൊണ്ടു് എന്തു പ്രയോജനമാണുള്ളതെന്നും ഇവിടെ കാർകണക്കെയുള്ള കൊമ്പന്മാരെ എങ്ങനെയാണു കൊണ്ടുചെന്ന് ഇടതങ്ങത്തക്കവണ്ണം അണിനിറുത്തുന്നതെന്നുമുള്ള ചോദ്യങ്ങൾക്കു് ഒരു സമാധാനവും കാണുന്നില്ല. പാതിരാമണലിനുതന്നെ സിന്ധുദ്വീപത്തെക്കാൾ നിശീഥസികത എന്നോ മറ്റോ ഒരു പര്യായമാണു് സംസ്കൃതത്തിൽ യോജിക്കുന്നതും. വാസ്തവത്തിൽ സിന്ധുദ്വീപം പാതിരാമണലല്ല. ഏറ്റുമാനൂർ താലൂക്കിൽ കടുത്തുരുത്തി എന്നു നാമിപ്പോൾ പറയുന്ന കടൽത്തുരുത്താണെന്ന് ഞാൻ വളരെക്കാലം മുമ്പുതന്നെ തീർച്ചപ്പെട്ടത്തീട്ടുള്ളതാണ്. ഈ കാര്യം ശുകസന്ദേശതര്‍ജ്ജിമ പ്രസിദ്ധപ്പെടുത്തിയ കാലത്തു് ഞാൻ വലിയകോയിത്തമ്പുരാൻ തിരുമേനിയേയും അന്നു തിരുവനന്തപുരം സംസ്കൃതപാഠശാലാദ്ധ്യക്ഷനായിരുന്ന നാരായണശാസ്ത്രികളവർകളേയും ധരിപ്പിക്കയും അവർ രണ്ടുപേരും എന്റെ അഭിപ്രായത്തോടു യോജിക്കുകയും ചെയ്കയുണ്ടായിട്ടുണ്ടു്. ക്രിസ്തുവര്‍ഷാരംഭത്തിൽ കോട്ടയം താലൂക്കിൽപ്പെട്ട വയക്കര ഒരു തുറമുഖമായിരുന്നുവെന്നു യവനദേശസഞ്ചാരികളുടെ ഗ്രന്ഥങ്ങളിൽനിന്നു നാം മനസ്സിലാക്കുന്നു. ആ സ്ഥിതിക്ക് അന്നു വേമ്പനാട്ടു കായലിനും സമുദ്രത്തിനുമിടയ്ക്ക് ഭൂമിയില്ലായിരുന്നു എന്നും കടുത്തുരുത്തിതന്നെ ഒരു കാലത്ത് കടൽ പിൻവാങ്ങുകനിമിത്തം ഭൂമിയായതാണെന്നും അനുമാനിക്കുന്നതിൽ അസാംഗത്യമില്ല. 'കടുത്തുരുത്തി'യുടെ പൂർവരൂപം കടിച്ചിരുത്തി എന്നായിരുന്നു എന്നും ഖരൻ അവിടെ ഒരു ശൈവബിംബം കടിച്ചിരുത്തി പ്രതിഷ്ഠിക്കുക നിമിത്തമാണു അതിനു് ആ പേർ ഉണ്ടായതെന്നും പറയുന്നതു വെറും അസംബന്ധം തന്നെ. കടൽതുരുത്തിനു സിന്ധുദ്വീപം എത്ര പറ്റിയ ഒരു സംസ്കൃത പര്യായമാണെന്ന് ഞാൻ പ്രത്യേകിച്ചു പ്രസ്താവിക്കേണ്ടതില്ലല്ലോ.
കടൽത്തുരുത്തിനു വടമതിര എന്നും പേരുണ്ടായിരുന്നു. ക്രിസ്തുവര്‍ഷാരംഭത്തിൽ ചങ്ങനാശേരി മുതൽ വടക്കോട്ടുള്ള പ്രദേശങ്ങൾ പാണ്ഡ്യരാജാവിന് അധീനമായിരുന്നതായി നാം യവനന്മാരുടെ ദേശസഞ്ചാരാഗ്രന്ഥങ്ങളിൽ നിന്നു ഗ്രഹിക്കുന്നു. കോട്ടയം മുതലായ പ്രദേശങ്ങൾ അന്നു പാണ്ഡ്യരാജ്യത്തിൽ ചേര്‍ന്നതായിരുന്നുവെന്നു ക്രിസ്തു 163-ാം വർഷത്തിൽ മരിച്ച പ്ലൈനി എന്ന യവനചരിത്രകാരൻ രേഖപ്പെടുത്തീട്ടുണ്ടു്. പ്ലൈനിയുടെ കാലത്തു വേണാടും പാണ്ഡ്യരാജ്യത്തിന്റെ ഒരംശമായിരുന്നു. വേപ്പിന്റെ പൂവ് ജയചിഹ്നമായി ധരിക്കുന്നവൻ എന്ന അര്‍ത്ഥമുള്ള വേമ്പൻ എന്ന പദം പാണ്ഡ്യരാജാക്കന്മാരുടെ ഒരു പ്രസിദ്ധ ബിരുദമാണു്. അവർ ചേരരാജാവിൽനിന്നു പിടിച്ചടക്കിയ കോട്ടയം, ഏറ്റുമാനൂർ മുതലായ സ്ഥലങ്ങൾക്കു വേമ്പനാട് എന്നു പേർ വന്നതിൽ ആശ്ചര്യപ്പെടുവാനില്ലല്ലോ. വേമ്പനാടുമായി തൊട്ടുകിടന്ന കായൽ വേമ്പനാട്ടുകായലുമായി. കൊല്ലം മൂന്നാം ശതവര്‍ഷത്തിലും ഈ വേമ്പനാട് പാണ്ഡ്യരാജാക്കന്മാരുടെ അധീനതയിൽതന്നെയായിരുന്നതായിക്കാണുന്നു. കൊല്ലം 475-ാം മാണ്ടുവരെ ആ സ്ഥിതിയിൽ തന്നെ കഴിഞ്ഞു. കൊല്ലം 333-ാം മാണ്ടിടയ്ക്കു ജീവിച്ചിരുന്ന മാരവർമ്മൻ ശ്രീവല്ലഭപ്പെരുമാൾ എന്ന പാണ്ഡ്യരാജാവു തന്റെ ഒരു ശിലാശാസനത്തിൽ മധുരയും തിരുനൽവേലിയും കീഴ് (കിഴക്കൻ) വേമ്പനാട് എന്നു പ്രകടമായി പ്രസ്താവിക്കുന്നുണ്ട്. കൊല്ലം 475-ാം മാണ്ട് കഴിഞ്ഞു കുറേക്കാലം പടിഞ്ഞാറൻ വേമ്പനാടു ജയസിംഹപുത്രനും ജഗദേകവീരനുമായിരുന്ന രവിവർമ്മകുലശേഖരപ്പെരുമാൾക്കു അധീനമായി. ഈ മഹാനുഭാവനാണു് പ്രത്യുമ്നാഭ്യദയ കര്‍ത്താവു്. രവിവര്‍മ്മാവിന്റെ മരണാനന്തരം കേരളത്തിൽ അരാജകത്വം വീണ്ടും വ്യാപിച്ചു. മാലിക്‍ കാഫർ എന്ന മഹമ്മദീയ യോദ്ധാവിന്റെ ആക്രമണം നിമിത്തം പാണ്ഡ്യരാജവംശത്തിനു തന്നെ വിച്ഛേദനം വരികയാൽ അവര്‍ക്കു വേമ്പനാട്ടിൽ താമസിച്ചപ്പോൾ സാമന്തജാതിയിൽ ജനിച്ച ചില സന്താനങ്ങൾ അവകാശം പറഞ്ഞു് ആ നാട് കൈവശപ്പെടുത്തുന്നതിനിടവന്നു. അവരായിരുന്നു പിന്നത്തെ വേമ്പനാട്ടു രാജാക്കന്മാർ. വേമ്പനാട്ട് സംസ്കൃതത്തിൽ രൂപാന്തരപ്പെട്ടപ്പോൾ ബിംബലീദേശമായി; അതുതന്നെ തിരിയെ മലയാളത്തിലായപ്പോൾ വെമ്പലനാടുമായി. വെമ്പലനാട് അമ്പലപ്പുഴയാണെന്നു ചിലർ തെറ്റിദ്ധരിക്കുന്നതിനു് യാതൊരടിസ്ഥാനവുമില്ല. ദേവനാരായണസ്വാമിയെ വെമ്പലനാടുമായി കുഞ്ചൻനമ്പിയാർ എവിടെയെങ്കിലും സംഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ കുലഗൃഹം കുടമാളുരായിരുന്നതിനാൽ മാത്രമാണെന്നു സമാധാനപ്പെട്ടു കൊണ്ടാൽ മതിയാകും. അഥവാ ലേഖകപ്രമാദം ചെമ്പകനാടിനെ വേമ്പലനാടായും രൂപാന്തരപ്പെടുത്തിയിരിക്കുവാൻ പാടില്ലായ്മയില്ല. വേമ്പനാട്ടിന്റെ തലസ്ഥാനം കടൽത്തുരുത്തായിരുന്നു. പാണ്ഡ്യരാജാക്കന്മാര്‍ക്കു കേരളത്തിലുള്ള പ്രദേശങ്ങളുടെ പ്രധാനസ്ഥലമായിരുന്നതിനാൽ അതിനു മതിര എന്നും പേർ കിട്ടി. മധുരവേലി എന്നൊരു കര ഇപ്പോഴും കടുത്തുരുത്തിയിലുണ്ടു്. കാലാന്തരത്തിൽ അവരുടെ പിൻവാഴ്ചക്കാരായ സാമന്തരാജാക്കന്മാർ തെക്കുംകൂർ, വടക്കുംകൂർ ഇങ്ങനെ രണ്ടു ശാഖകളായിപ്പിരിഞ്ഞു രണ്ടുദിക്കിൽ താമസമുറപ്പിച്ചപ്പോളാണ് ഈ മതിര വടമതിരയായിത്തീര്‍ന്നതു്.
ഉണ്ണുനീലിസന്ദേശത്തിൽ നിന്നു കടുത്തുരുത്തിതന്നെയാണു് ഗ്രന്ഥത്തിൽ പറയുന്ന സിന്ധുദ്വീപവും വടമതിരയും എന്നുള്ളതിനു പല തെളിവുകളും എടുത്തുകാണിക്കാവുന്നതാണു്. 129-ാം ശ്ലോകത്തിൽ പറയുന്ന തിരുവഞ്ചിയൂർപുഴയ്ക്ക് തെക്കാണു് കോട്ടയം. "വിപ്രേന്ദ്രാണാമഭിജനവതാം വാസസങ്കേതസീമാമേനാം" എന്നു 130-ാം ശ്ലോകത്തിൽ കവി വര്‍ണ്ണിച്ചിട്ടുള്ളതും ശരിതന്നെ. ഇന്നും അവിടെ അനേകം നമ്പൂരിമാരുടെ ഗൃഹങ്ങൾ ഉണ്ടു്. 232-ാം ശ്ലോകത്തിൽ പറയുന്ന ഏറ്റുമാനൂർ തിരുവഞ്ചിയൂർ നിന്നു് മൂന്നുനാഴിക ദൂരെയാണു്. 133-ാം ശ്ലോകത്തിൽ പ്രസ്താവിക്കുന്ന കോതനല്ലൂർ ഏറ്റുമാനൂരിൽനിന്നു നാലുനാഴിക വടക്കായി അതിനും കടുത്തുരുത്തിക്കും മദ്ധ്യത്തിലുള്ള ഒരു സ്ഥലമാണു്. 144-ാം ശ്ലോകത്തിൽ "കോടക്കാലത്തഴകൊടു മയിൽക്കൂട്ടമാടീടുമേടം" എന്നു പറയുന്നുണ്ടു്. ഇപ്പോഴും കടുത്തുരുത്തിയിൽ മയിലാടുംപാറ എന്നൊരു സ്ഥലമുള്ളതായറിയുന്നു. 147-ാം ശ്ലോകത്തിൽ പറയുന്ന തളിയൽ ശിവക്ഷേത്രം കടുത്തുരുത്തിക്കു സമീപം ഇപ്പോഴുമുണ്ടു്. 156-ാം ശ്ലോകത്തിൽ പറയുന്ന കോതരം ആധുനികപരിഷ്ക്കാരത്തിൽ ഗോവിന്ദപുരമായി മാറിയിരിക്കയാണു്. "ദേവാധീശന്നിനിയപരനെത്തത്ര കൌന്തേയമിത്രം ദേവം ഗോപീജനകുചതടീലമ്പടം കുമ്പിടമ്പിൽ" എന്ന കവി വര്‍ണ്ണിക്കുന്ന ശ്രീകൃഷ്ണസ്വാമിതന്നെയാണ് ഇന്നും ആ ക്ഷേത്രത്തിലെ മൂര്‍ത്തി. പക്ഷേ ഇക്കാലത്തു ഗോവിന്ദപുരം ഒരപ്രധാനവും എഴുതിത്തീരുവയില്ലാത്തതുമായ ക്ഷേത്രമായിപ്പോയിട്ടുണ്ടെന്നുമാത്രം വ്യത്യാസമുണ്ടു്.
"നേരേ കാണാം നൃപവര! കിഴക്കിൻചിറയ്ക്കങ്ങുപശ്ചാൽ
താരാർ മാതോടുടമപിചകും മന്ദിരം മൽപ്രിയായാൽ
മാരന്നുണ്ടാം ജനനഭവനം വീരമാണിക്കമെൻറാ-
ലാരേ പാര്‍ത്താലവിടമറിയായിൻറതിപ്പാരിലിൻറു്"
എന്നു 166-ാം ശ്ലോകത്തിൽ വര്‍ണ്ണിക്കുന്ന വീരമാണിക്കത്തു ചിറയും പുരയിടവും ഇപ്പോഴുമുള്ളതാണു്. പുരയിടത്തിൽ വീടുമാത്രമില്ല. ഉണ്ണുനീലി ജീവിച്ചിരുന്നതായി പറയുന്ന മുണ്ടയ്ക്കൽ പുരയിടവും ഇപ്പോഴുണ്ടു്. പക്ഷേ അതൊരു കൃസ്ത്യാനിയുടെ കൈയിലാണു്. നായന്മാർ കുറെക്കാലംമുമ്പു കൃസ്ത്യാനികൾക്കു വിലയ്ക്കു കൊടുത്തതായാണു കേൾവി. പുരയിടത്തിൽ വീടുള്ളതായറിയുന്നില്ല. 173-ാം ശ്ലോകത്തിൽ "തെക്കുമ്പാകത്തു" ഉള്ളതായി പറയുന്ന കുറുമൂഴിക്കൽവീട്ടിനു ഇപ്പോൾ കുരിയിക്കൽ വീടെന്നാണു് പേർ. ഇങ്ങനെ പല സംഗതികളിൽനിന്നു സിന്ധുദ്വീപവും കടുത്തുരുത്തിയും ഒന്നാണെന്നു നിർവിവാദമായി വെളിപ്പെടുന്നു.
ഇനി ഗ്രന്ഥത്തിന്റെ കാലമേതെന്നു പരിശോധിക്കാം. രണ്ടു സംഗതികളെപ്പറ്റി സംശയമേ ഇല്ല. ശുകസന്ദേശം കഴിഞ്ഞാണു ഉണ്ണുനീലി സന്ദേശത്തിന്റെ ഉത്ഭവമെന്നും ലീലാതിലകകാലത്തു് ഉണ്ണുനീലിസന്ദേശം പ്രചാരത്തിലിരുന്നുവെന്നും നമുക്കു തീർച്ചയായി വിശ്വസിക്കാം.
ശുകസന്ദേശത്തിലേ-
"ആസ്ഥാ ലോകേ വിപുലമനസാമന്യസാമാന്യമഭ്യേ-
ത്യര്‍ത്ഥാനത്താപഗമവിഗമേഷ്വര്‍ത്ഥിതാ ചാതുരാണാം
ന്യക്ഷേണൈഷാ നിജഗുരുതയാ നേക്ഷതേ തദ്വിശേഷം
സാന്ദ്രാ തസ്മിന്നപിച സഹജം ദ്വന്ദ്വമേതൽ ദ്വയേഷു"
എന്ന ശ്ലോകം കണ്ടിട്ടാണു് ഉണ്ണുനീലിസന്ദേശകര്‍ത്താവു്
"ഇത്ഥം നാനാകുശലമവനോടാപ്തിപൂർവം വിചാരി-
ച്ചാസ്ഥാ ലോകേ വിപുലമനസാമെൻറു മുൽപെട്ടുകാട്ടി
പ്രാര്‍ത്ഥിച്ചാൻ തൻകരുമമവനെ പ്രാര്‍ത്ഥനീയാനുഭാവം
സ്വാര്‍ത്ഥം പ്രത്യര്‍ത്ഥികളിലെവിടെക്കാമുകാനാം വിവേകം?"
എന്നെഴുതിയെന്നു പറയേണ്ടതില്ലല്ലോ.
"തസ്മിൻ വംശേ തരുണനയനങ്ങൾക്കു പീയൂഷധാരാ
താരുണ്യാനാം ജഗതി ജനനീ: താർചരന്നസ്ത്രചാലാ;
താരാർമാതിന്നഭിമതസഖി; താമ്രബിംബാധരോഷ്ഠി;
താരാനാഥപ്രതിഭടമുഖി; തിണ്ണമെന്നുണ്ണുനീലീ. "
എന്നശ്ലോകം ശുകസന്ദേശത്തിലേ
"തത്സവാം തരുണസഹിതാസ്താമ്രപാദാരവിന്ദാ-
സ്താമ്യന്മദ്ധ്യാഃസ്തനഭരനതാസ്താരഹാരാവലീകാഃ
താരേശാസ്യാസ്തരളനയനാസ്തര്‍ജ്ജിതാംഭോദകേശ്യ-
സ്തത്ര സ്ഥാസ്‍സ്യുഃസ്തബകിതകരാസ്താലവൃന്തസ്തരുണ്യഃ"
എന്ന ശ്ലോകത്തിന്റെ പ്രതിധ്വനിപോലെ തോന്നുന്നു.
ഇതിനും പുറമേ ഉണ്ണുനീലി സന്ദേശത്തിലേ,
"കാരുണ്യം കൊണ്ടഴകിൽ മദനാപത്തുതീര്‍ത്തെങ്ങൾവാഞ്ച-
മിത്ഥം പൂരിച്ചിരവർകരുതും മിക്ക ഭൂകല്പകം നീ
പണ്ടേപ്പോലേ വിഹര സുചിരം നമ്മിലേ ചെമ്മു വന്നി-
ട്ടുണ്ടാകേണ്ടും വിരവൊടു പുനർദ്ദർശനാനന്ദലക്ഷ്മീഃ"
എന്ന അവസാനശ്ലോകം ശുകസന്ദേശത്തിലേ
"ഏവം സഖ്യൗ മയി വിശശരണ സംശ്രിതേ പ്രാണരക്ഷാം
സമ്പാദ്യ ത്വൽ പ്രണയകരുണാപൌരുഷാണി പ്രഥന്താം;
സ്വപ്നേവ്യേവം പ്രിയജനവിയോഗാര്‍ത്തിമപ്രാപ്തയോന്നൌ
ഭ്രാതസ്തൂര്‍ണ്ണം ഭവതു ച പുനർദ്ദശ്ശർനാനന്ദലക്ഷ്മീഃ"
എന്ന അവസാന ശ്ലോകത്തിvdറെ പ്രത്യക്ഷമായ ഒരു അനുകരണമാണന്നു ആ കാണാവുന്നതാണു്.
ഉണ്ണുനീലിസന്ദേശത്തിലേ-
"യത്സത്യം തൽ ഭവതു പുണർതംനാൾപിറന്നെങ്ങൾകാന്തൻ
വന്നിട്ടിന്റേ മമ മനസിജച്ചൂടൊഴിക്കിന്റുതാകിൽ
തോഴി! പൂച്ചൊല്ലെഴവതിതു നന്റഷ്ടമേ ശുക്രചന്ദ്രൌ
ജീവസ്സ്വയമിതിനുറുങ്ങാശ്വസന്തീ സ്ഥിതാ വാ !!
എന്ന ശ്ലോകം ലീലാതിലകകാരൻ ചതുര്‍ത്ഥശില്പത്തിൽ അപശബ്ദപ്രയോഗത്തിനുദാഹരണമായി ഉദ്ധരിച്ചു "അത്ര ആശ്വസതീതിയുക്തം നുമപ്രാപ്തേഃ" എന്നു പറഞ്ഞിരിക്കുന്നു. നുമ് വരാത്തതുകൊണ്ടു് ആശ്വസതീ എന്നേ നില്ക്കു എന്നും ആശ്വസന്തീ എന്ന രൂപം നിഷ്പദിക്കുകയില്ലെന്നുമാണു് അദ്ദേഹത്തിന്റെ മതം.
ശുകസന്ദേശത്തിന്റെ കാലമേതാണെന്നുള്ളതിനേപ്പറ്റി ഇനിയും ഭാഷാപണ്ഡിതന്മാർ ഖണ്ഡിച്ച് ഒരഭിപ്രായം പറഞ്ഞുകഴിഞ്ഞിട്ടില്ല. ഇതിനേക്കുറിച്ചു രണ്ടു സന്ദേശങ്ങളുടെ പ്രസാധകൻ ഈ ഗ്രന്ഥത്തിന്റെ കാലം കാണിക്കുന്ന കലി "ലക്ഷ്മ്യാരംഗേ ശരദി" (അതായതു കൊല്ലവർഷം തുടങ്ങുന്നതിനു 713 സംവത്സരം മുമ്പായ കലിവഷം 3213) ആണെന്നു ചിലരും അതല്ല "ദുരനീതസ്സതസ്യാഃ" (അതായതു കലിവർഷം 4592-നു കൊല്ലവഷം 668) എന്നതാണെന്നു മറ്റുചിലരും പറയുന്നു. കവിയുടെ കാലം കാണിക്കുന്നതു രണ്ടാമത്തെ കലിയും കവി ഏതുകാലത്തെ ഉദ്ദേശിച്ചു സന്ദേശം നിര്‍മ്മിച്ചുവോ അതു കാണിക്കുന്ന കലി ഒന്നാമത്തേതുമാണെന്നാകുന്നു എനിക്കു തോന്നുന്നതു്." എന്നെഴുതിയിരിക്കുന്നു. ഒന്നാമതായി ഗ്രന്ഥകർത്താവിന്റേയും ഗ്രന്ഥത്തിലേ ഇതിവൃത്തത്തിന്റേയും കാലം ഒന്നല്ല രണ്ടാണെന്നുള്ളതിനു ഗ്രന്ഥത്തിൽ യാതൊരു തെളിവുമില്ല. സംസ്കൃതത്തിൽ സന്ദേശമെഴുതുന്ന കവികൾ (കാളിദാസനൊഴികെ) തങ്ങളെത്തന്നെയോ അല്ലെങ്കിൽ ശ്രീരാമനളപ്രഭൂതികളായ പുരാണപുരുഷന്മാരേയോ അല്ലാതെ മറ്റാരേയും നായകന്മാരാക്കുക പതിവില്ല. ഇവിടെ ആ ശൈലിക്കു വിരോധമായി ലക്ഷ്മീദാസൻ തന്നിൽനിന്നും പുരാണപുരുഷന്മാരിൽനിന്നും ഭിന്നനായി തനിക്കു 1379 കൊല്ലത്തിനുമുമ്പു ജീവിച്ചിരുന്ന ഒരു യുവാവിനെ നായകനാക്കി എന്നു പറയേണ്ടിവരുന്നു. ഇതു സംഭവ്യമാണെന്നു വിചാരിക്കുവാൻ ഒരു ന്യായവുമില്ല. എന്നാൽ "ദൂരനീതസ്സതസ്യാഃ " എന്നുള്ള ഭാഗം കലിയാണെന്നു സങ്കല്പിച്ചു കൊല്ലം 666-ൽ അതായതു ക്രിസ്തുവർഷം 1491-ൽ ആണു് ശുകസന്ദേശത്തിന്റെ ആവിഭാവമെന്നൂഹിക്കാമോ ? അതു തീരെ പാടില്ല. അക്കാലത്തു പെരുമാക്കന്മാരില്ലല്ലോ. പിന്നെ ലക്ഷ്മീദാസനു്
"ഉത്തീര്‍ണ്ണസ്താമുദധിദയിതാമുത്തരേണ ക്രമേഥാ
രാജൽപത്തിദ്വിപഹയരഥാനീകിനീം രാജധാനീം
രാജ്ഞാമാജ്ഞാനിയമിതനൃണാമാനനൈർഭൂരിധാമ്നാം
രാജാരാജത്യുവനിവലയേ ഗീതയേ യന്നികേതഃ"
എന്നുംമറ്റും വര്‍ണ്ണിക്കുന്നതിനു് എന്തു പ്രസക്തിയാണുള്ളതു്? പോർട്ടുഗീസുകാർ കേരളത്തിൽ ആദ്യമായി വന്നതു ക്രിസ്തുവഷം 1498-ൽ ആണല്ലോ. അതിനു് ഏഴുകൊല്ലംമുമ്പല്ല അനവധി ദശവര്‍ഷങ്ങൾക്കു മുമ്പു തന്നെ തൃക്കണാമതിലകത്തിന്റെ മഹിമ അസ്തമിച്ചുകഴിഞ്ഞിരിക്കുന്നു. പിന്നെ എങ്ങനെയാണ് ലക്ഷ്മീദാസൻ 1441-ൽ
"കാമ്യാകല്ലേ കനകഭവനേ യത്ര ചോൽക്രാന്തസീമ്‌നാം
ഭംഗം കുർവൻ ജഗതി ഗുണകാനാഥ ഇത്യുഢകീര്‍ത്തിഃ
ആസ്തേ ഗൌരീകലഹമനുശങ്ക്യേവ വേശാംഗനാനാം
വീഥിഭ ക്ഷാചരണവിമുഖശ്ചന്ദ്രചൂഡാവതംസഃ"
എന്നു തൃക്കണാമതിലകത്തിലേ പൊന്നമ്പലത്തെ വര്‍ണ്ണിക്കുന്നതു്? എന്നാൽ വേണ്ട കവി ജീവിച്ചിരുന്നതു "ലക്ഷ്മ്യാരംഗേ ശരദി " എന്ന വാക്യംകൊണ്ടു സൂചിപ്പിച്ചിരിക്കുന്ന കലിവഷം 3213-ൽ അതായതു ക്രിസ്തുവഷം 112-ൽ ആണു് എന്നു വച്ചാലോ? അതു മുമ്പിലത്തെ ഊഹത്തെക്കാൾ അസംബന്ധമാണു്. മേഘസന്ദേശം കണ്ടിട്ടാണു ശുക സന്ദേശമെഴുതീട്ടുള്ള തെന്നുള്ളതിനു യാതൊരു സംശയവുമില്ല. മേഘസന്ദേശകര്‍ത്താവായ കാളിദാസമഹാകവി ജീവിച്ചിരുന്നതു ക്രി. പി. അഞ്ചാം ശതവര്‍ഷത്തിലല്ലേ? അപ്പോളെങ്ങനെയാണു ലക്ഷ്മീദാസനെ ക്രി. പി. രണ്ടാം ശതവഷത്തിൽ കൊണ്ടുചെന്നു കേറ്റുന്നതു്? ക്രി. പി. രണ്ടാം ശതവര്‍ഷത്തിലേ സംസ്കൃതസാഹിത്യത്തിന്റെ നിലതന്നെ എന്താണു്? അന്നു ശുകസന്ദേശത്തിൽ കാണുന്ന അനുസ്യൂതമായ ശബ്ദാഡംബരത്തിൽ കവികൾ ദൃഷ്ടിവച്ചിരുന്നുവോ? അന്നു കേരളത്തിൽ നമ്പൂരിമാര്‍ക്കു,
"വാചാ യേഷാം ഭവതി നൃപതിര്‍ന്നായകോ രാജ്യലക്ഷ്മ്യാ-
ഗ്രാമാൻ ഷഷ്ടിം ചതുര ഇഹ യേ ഗ്രാഹ്യചേഷ്ടാ നയന്തി;
ശസ്ത്രേ ശാസ്ത്രപി ച ഭൂഗുനിഭൈശ്ശശ്വദുത്ഭാസതേ യാ;
വിപ്രേന്ദ്രസ്തൈർവിപുലമഠവര്യാവലീഷു സ്ഥലീഷു "
എന്നും മറ്റുമുള്ള ശ്ലോകങ്ങളിൽ വര്‍ണ്ണിച്ചിരിക്കുന്ന വിധത്തിലുള്ള പ്രാധാന്യം തന്നെയുണ്ടായിരുന്നുവോ? ഒന്നുമില്ല. പിന്നെയെന്താണ് ഈ ദുർഘടത്തിൽ നിന്നൊഴിയുവാൻവഴി? "ലക്ഷ്മ്യാരംഗേ ശരദി" എന്നും "ദൂരതീതസ്സതസ്യാഃ" എന്നും ഉള്ള ഭാഗങ്ങളിൽ ഒന്നും കവി കലിസംഖ്യ സൂചിപ്പിക്കുന്നില്ല. സൂചിപ്പിക്കുന്നതായി കൊല്ലം ഏഴാം ശതവര്‍ഷത്തിൽ ശുകസന്ദേശത്തിനു വ്യാഖ്യാനമെഴുതിയ ഏറാൾപ്പാട്ടുതമ്പുരാനാകട്ടെ വാസുദേവശിഷ്യനായ മറ്റൊരു പണ്ഡിതനാകട്ടെ പറയുന്നുമില്ല. കലിയില്ലാത്ത ദിക്കിൽ ഉണ്ടെന്നു സങ്കല്പിക്കുന്നതുകൊണ്ടു വരുന്ന അപകടം അതില്ലെന്നു തീർച്ചപ്പെടുത്തിയാൽ തീരാനുള്ളതേയുള്ളു. വാസ്തവത്തിൽ ശുകസന്ദേശത്തിന്റെ കാലമേതെന്നു ക്ലിപ്തപ്പെടുത്തിപ്പറവാൻ വളരെ പ്രയാസമുണ്ടു്. ക്രിസ്തു 1000-ാംമാണ്ടിടയ്ക്കാണെന്നു സമഷ്ടിയായി പറഞ്ഞുവയ്ക്കാമെന്നല്ലാതെ അതിൽ കൂടുതലായി എന്തെങ്കിലും ഒന്നു തീർച്ചപ്പെടുത്തുന്നതിനു വേണ്ട സാമഗ്രികൾ ഗ്രന്ഥത്തിലില്ല. പ്രകൃതത്തിൽ നാം മനസ്സിലാക്കേണ്ടതു കൊല്ലം 866-ൽ അല്ല അതിന്റെ ആ വിർഭാവം എന്നു മാത്രമാണു്.
ഉണ്ണുനീലിസന്ദേശത്തിന്റെ കാലം ഏതെന്നു നിര്‍ണ്ണയിക്കുന്നതിനു അതിൽതന്നെ വേണ്ട ലക്ഷ്യമുള്ളതാണു് നമ്മുടെ ഭാഗ്യം. സാധാരണമായി സന്ദേശകാവ്യങ്ങളിൽ ദൌത്യം വഹിക്കുന്നതു തിര്യക്കുകളാണു്. എന്നാൽ ഉണ്ണുനീലിസന്ദേശത്തിൽ ആ കാര്യം ഒരു മനുഷ്യനെ-പോരാ, രാജാവിനെ-കൊണ്ടുതന്നെ നിർവ്വഹിക്കുന്നു. ആ രാജാവു് ആരാണെന്നും അവിടുന്നു എപ്പോൾ ജീവിച്ചിരുന്നു എന്നുമാണ് ഇവിടെ നോക്കാനുള്ളതു്.
ഈ വിചാരണയിൽ താഴെ എഴുതുന്ന ശ്ലോകങ്ങൾ നമ്മുടെ ശ്രദ്ധയ്ക്കു വിശേഷിച്ചു വിഷയീഭവിക്കുന്നു.
"സ്വസ്ഥാവേശാദിഷു ചലദൃശാം മാരണ വൈരിരാജ്ഞാം
ചിത്തോന്മേഷാദിഷു ച വിദുഷാം പാര്‍ക്കിൽ നല്ലോരു മന്ത്രം
തൃപ്പാപ്പൂർമൂപ്പഴകുപൊഴിയും വീരനാതിച്ചവര്‍മ്മൻ
മുൽപ്പാടുണ്ടാം വിപദി സഹസാ തസ്യ മൃത്യഞ്ജയോഭൂൽ.
എണ്ണിക്കൊള്ളാം പടയിലെഴുനള്ളത്തു കൊല്ലത്തുനിന്റോ
കണ്ണിൽ കൂടാതടയരുടൽകൂറാളി തോവാളനിന്റേ
വണ്ണിച്ചേറ്റം ഭുജഗശയനം കണ്ടു കൈകൂപ്പുവാനെൻ
പുണ്യത്തിന്റേ പെരുമ നവരം നിൻവരത്തെന്റു മന്യേ.
വ്യായാമം കൊണ്ടഴകിലുദിതാമോദമുച്ചൈശ്ശ്രവാവി-
ന്നായാസം ചെയ്തമലതുരഗം നീ കരേറും ദശായാം
പ്രാണാപായം കരുതിന തുലിക്കൻപടക്കോപ്പിനെണ്ണം
ചൊൽവുണ്ടല്ലോ സുരപരിഷദാമപ്പൊടിച്ചാര്‍ത്തു ചെന്റ്.
ഭേദാഭേദപ്രഗുണിതപുരാണേതിഹാസാഗമാനാം
കേദാരച്ചിരമടിതൊഴിന്റോര്‍ക്കു ചിന്താമണിം തം
വേദാൻ നാലാക്കിന മുന വരം വേദവേദാന്തബീജം
പാദാംഭോജേ തൊഴുക തരസാ വീണു സര്‍വ്വാംഗനാഥ.
ഊയൽപൂമെത്തയിൽ മരുവുമക്കണ്ണനാമുണ്ണിതന്നെ-
ത്താലോലിച്ചും തഴുകിയുമുടൻ നിന്റു വൈകാതവണ്ണം
ചൂഡാഗ്രം കൊണ്ടണിമതിതൊടും വാതിൽമാടം പുറപ്പെ-
ട്ടാര്യം വീര്യം സ്വയമിവ വലത്തിട്ടു നീ കുമ്പിടമ്പിൽ.
വേഗേന ത്വം വടിവിൽ നടകൊണ്ടങ്ങു മുൽപാടു മേവും
കാളീം ദേവീം തൊഴുതു പുഴയും പിന്നെ നീ പിന്നിലാക്കി
കോളംബാഖ്യാം നിജകുലപുരീം കൂപകാധീശ്വരാണാം
നാളൊന്റേക്കേ സമുദയവതിം കാൺക സർവാംഗനാഥ.
ഏഷാ ഭൂഷാമണിരിവ ഭുവോ ഹന്ത! വേണാടർകോനും
നീയും പാലിച്ചപഗതഭയം വർദ്ധിതാ നാൾക്കുനാളിൽ
ഇന്ദ്രോപേന്ദ്രക്ഷപിതദിതിജോപദ്രവാമദ്യ മന്യേ
നാണിക്കിന്റോളമരനഗരീം നാമമാത്രാവശേഷാം.
വേലപ്പെണ്ണിന്നഴകുപൊഴിയും കണ്ണനെപ്പോരിൽമാറ്റാർ
മൂലത്തിന്നേ മുടിവിനൊരുമുക്കണ്ണനെപ്പൂണ്യകീര്‍ത്തേ
വേരിച്ചൊല്ലാർമനസിജ! നിനക്കണ്ണനെച്ചെന്റെ നേരേ
കോരിക്കൈകൂപ്പുടനിരവിവര്‍മ്മാഖ്യവേണാടർകോനേ.
കൂടപ്പിന്നേ കുളിവയറയിട്ടങ്ങു തേവാരവും പു-
ക്കീടിക്കൂടും ദ്വിജപരിഷദേ നിത്യദാനം വിധായ
കേടറ്റീടും ഗുണഗണനിധേ! ചാരു മാപാരതം കേ-
ട്ടോടിക്കൊണ്ടങ്ങഴകിലെഴുനള്ളീടു സംഗ്രാമധീര!
ആനന്ദാബ്ധൌ മുഴുകിമുഴുകിപ്പൊങ്ങിനീന്തിത്തുടങ്ങി-
ന്റേനം സംഭാവയ യദുകുലാധീശ സംഭോജനാദൈഃ
പല്ലില്ലാഞ്ഞല്ലഴകുപൊഴിയും പ്രേമവേശം മുഴപ്പാൻ
കൊള്ളിന്റൂപോൽ തരുണൻ മണിവാതമ്പലം വല്ലഭായാഃ.
നാരീമൌലേ! മമ മലർമകൾക്കുണ്ടിരിപ്പാൻ തിരുപ്പാ-
പ്പൂരെന്റില്ലം വെരുളുമിളമാൻകണ്ണി! വേണാട്ടിലങ്ങു്
താരാനാഥപ്രതിമവദനേ! പേരുമാതിച്ചവര്‍മ്മൻ;
പേരേറീടും പുകളിരവിവര്‍മ്മന്നു രണ്ടാമവൻ ഞാൻ"
രസികരഞ്ജിനിയിൽ കാണുന്ന ചില അച്ചടിപ്പിശകുകൾ തള്ളിയാണ് ഞാൻ ഈ പദ്യങ്ങൾ ഉദ്ധരിച്ചിരിക്കുന്നതു്. തിരുവിതാംകൂർ മഹാരാജാക്കന്മാരിൽ പലർക്കും ആദിത്യവർമ്മാവെന്നു തിരുനാമധേയം ഉണ്ടായിരുന്നുവെന്നുവരികിലും അവരിൽ സർവാംഗനാഥൻ എന്ന ബിരുദംകൊണ്ടു് അങ്കിതന്മാരായി രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ. അവരിൽ ഒരാൾ കൊല്ലം 550-ാംമാണ്ടിടയ്ക്കും, മറ്റൊരാൾ 636-ാം മാണ്ടിടയ്ക്കും രാജ്യഭാരം ചെയ്തിരുന്നതായി ശിലാശാസനങ്ങളിൽ നിന്നറിയുന്നു. രണ്ടാമത്തെ ആദിത്യവര്‍മ്മാവാണു് തിരുനൽവേലിയിൽ തിരുക്കുറുങ്കടിയിൽ കൊല്ലം 644-ൽ ഒരു വലിയ മണി നടയ്ക്കുവച്ചതു്.
"ശ്രീമൽകോളംബവര്‍ഷേ ഭവതി ഗുണമണിശ്രേണിരാദിത്യവര്‍മ്മാ
വഞ്ചീപാലോ വിശാഖഃ പ്രഭുരഖിലകലാവല്ലഭഃ പര്യബദ്ധ്‌നാൽ
ദ്വാരാലങ്കാരഘണ്ടാം തിലകിതജയസിംഹാന്വയഃ ശ്രീകുരംഗ-
പ്രോദ്യദ്ധാമ്നോ മുരാരേരധിഗതചിറവായ്‌മണ്ഡലേന്ദ്രോ നരേന്ദ്രഃ"
എന്നുള്ള ഘണ്ടാലേഖ നോക്കുക. എന്നാൽ ഈ മഹാരാജാവു് ചെമ്പകആദിത്യവര്‍മ്മാവെന്നുള്ള അഭിധാനത്താലാണ് അധികമായി അറിയപ്പെട്ടിരുന്നതു്. സർവാംഗനാഥബിരുദത്തെ ഇദംപ്രഥമമായും പരമപ്രധാനമായും സ്വീകരിച്ച് ആദ്യത്തെ ആദിത്യവര്‍മ്മാവുതന്നെയായിരുന്നു. ഈ മഹാരാജാവിന്റെ വകയായി തിരുവന്തപുരത്തു പത്മനാഭസ്വാമി ക്ഷേത്രത്തിനകത്തുള്ള ഗോശാലാകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രണ്ടും അഗസ്തീശ്വരത്തു വടശ്ശേരി കൃഷ്ണൻകോവിലിൽ ഒന്നും ഇങ്ങനെ മൂന്നു ശിലാലേഖകൾ കാണുന്നുണ്ട്. അവയിൽ ഒന്നാമത്തേതു് താഴെ കാണുന്ന പ്രകാരത്തിലാണു്.
"സിംഹസ്ഥേ ച ബൃഹസ്പതൌ സമകരോ-
ദബ്ദേച ചോളപ്രിയേ
ഗോശാലാഞ്ച സുദീപികാഗൃഹമഹോ
കൃഷ്ണാലയം മണ്ഡപം
ഭക്ത്യാ ചൈവ യശോര്‍ത്ഥമപ്യതിതരാം
ധര്‍മ്മാര്‍ത്ഥമപ്യാദരാൽ
സ്യാനന്ദൂരപുരേ സുകീര്‍ത്തിസഹിത-
സ്സര്‍വ്വാംഗനാഥോ നൃപഃ"
ചോളപ്രിയപദംകൊണ്ടു ശകസംവത്ത് 1296-നെ ഗ്രഹിക്കണം. ശകാബ്ദത്തോടു് 78 എന്ന സംഖ്യ ചേര്‍ത്താൽ ക്രിസ്തുവഷമായി. ഡാക്ടർ കീൽഹോറന്റെ പക്ഷത്തിൽ ഈ ലേഖനത്തിന്റെ കാലം ക്രിസ്തുവഷം 1374-ഒക്ടോബർ 10-ാം തീയതിക്കും 1375-മാർച്ച് 26-ാം തീയതിയ്ക്കുമിടയ്ക്കെന്നാണു്. ഇതു് അദ്ദേഹം ജ്യോതിശ്ശാസ്ത്രപ്രകാരം ഗണിച്ചു തീർച്ചപ്പെടുത്തീട്ടുള്ളതാകയാൽ വിശ്വാസയോഗ്യമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. രണ്ടാമത്തെ ശിലാലേഖനം താഴെ പകര്‍ത്തിക്കൊള്ളുന്നു.
"ശ്രീഗോഷ്ഠകൃഷ്ണാലയമണ്ഡപാനാം
ഗവാം ച കൃഷ്ണസ്യ ച ഭൂസുരാണാം
നിവേശനാര്‍ത്ഥം കൃതവാൻ നവത്വ-
മാദിത്യവർമ്മാ പരവീരവീരഃ
അഹോ ദൃഷ്ടാ ച ഗോശാലാ-
പ്യഹോ ദൃഷ്ടം ച മണ്ഡപം
അഹോ കൃഷ്ണാലയം ദൃഷ്ട-
മഹോ വക്ഷ്യാമി കിം സഖേ?
ആദിത്യവർമ്മണാ രാജ്ഞാ
കൃതമേയൽ ത്രയം ജനാഃ
പശ്യന്തു സസ്പൃഹം നിത്യം;
ഭജദ്ധ്വം കൃഷ്ണമാദരാൽ.
മണ്ഡിതേ മണ്ഡപേ ചിത്രം
കൃഷ്ണസ്യ പുരതഃകൃതം
പ്രേക്ഷകാണാഞ്ച നേത്രാണാ-
മാസീന്മണ്ഡനമഞ്ജസാ.
മണ്ഡിതം മണ്ഡപം ചിത്രം
കൃഷ്ണസ്യ പുരതഃ കൃതം
പശ്യന്തു മണ്ഡലം കൃത്വാ
(ജനാനാം?) നേത്രമണ്ഡനം"
ഒന്നാം ശാസനത്തിലെ "സമകരോൽ" എന്ന പദം രണ്ടാം ശാസനത്തിലെ "കൃതവാൻ നവത്വം" എന്ന പദങ്ങളോടു യോജിപ്പിച്ചു വായിച്ചുവേണം അര്‍ത്ഥം മനസ്സിലാക്കുവാൻ. ആദിത്യവര്‍മ്മാവിനു മുമ്പു കൃഷ്ണസ്വാമിക്ഷേത്രമോ ഗോശാലയോ മണ്ഡപമോ ഇല്ലായിരുന്നു എന്നതല്ല താല്പര്യം. അവയുടെ നവീകരണം മാത്രമാണു് ആ മഹാരാജാവു ചെയ്തതു്.
മൂന്നാമത്തെ ലേഖനത്തിൽ നിന്നു് അവിടുത്തേയ്ക്കു് സർവാംഗനാഥബിരുദം എങ്ങനെ സിദ്ധിച്ചു എന്നു കാണാം. ആ ലേഖനവും താഴെ ചേർത്തുകൊള്ളുന്നു.
"ശബ്ദത്തോസ്മ്യഥ ലക്ഷ്യലക്ഷണഗുരുസ്സാഹത്യസംഗീതയോ_
സ്സ്മൃത്യര്‍ത്ഥാത്മപുരാണശാസ്ത്രനിഗമാൻ ജാനേ പ്രമാണാന്യപി
ഷട്ട് ത്രിംശത്സ്വപി ഹേതിഷു ശ്രമഗുണശ്ശോഭേ കലാനാം കുലാ-
ന്യഭ്യാസേ യുധി ഭൂപതീംശ്ച വിജയേ സർവാംഗനാഥോസ്മ്യതഃ
സാഹിത്യേ നിപുണാഃ കേചിൽ;
കേചിൽ ശാസ്ത്ര ച കോവിദാഃ;
കേചിൽ ഗീതേ കൃതാഭ്യാസാഃ;
കേചിൽ ശസ്ത്രേ കൃതശ്രമാഃ;
ആദിത്യവർമ്മൻ! ഭവത-
സ്സാമ്യമിച്ഛന്തി തേ കഥം
പാരംഗതേന വിദ്യാനാ-
മേകാം വിദ്യാം സമാശ്രിതാഃ?
നവജലദസമാഭഃ കഞ്ജനേത്രേ കൃതാങ്കഃ
പതിത ചികുരസംഘം വാരയന്നംഗുലീഭിഃ
വ്രജയുവതിസമൂഹം സസ്മിതം പ്രേക്ഷമാണോ
വസതു ഹൃദി സദാ മേ ബാലകൃഷ്ണസ്യ ഭാവഃ"
ഈ ശാസനത്തിൽനിന്ന് ആദിത്യവര്‍മ്മാവു ശസ്ത്രങ്ങളിലും ശാസ്ത്രങ്ങളിലും ഒന്നുപോലെ സമത്ഥനായിരുന്നുവെന്നും സകലകലാവല്ലഭനാകയാലാണു് അദ്ദേഹത്തിനു സർവാംഗനാഥൻ എന്ന ബിരുദം സിദ്ധിച്ചതെന്നും വ്യക്തമാകുന്നുണ്ടു്. "സ്വസ്ഥാവേശാദിഷു " ഇത്യാദി ശ്ലോകംകൂടി നോക്കുക. മൂന്നു ശിലാലേഖനങ്ങളിലെ ശ്ലോകങ്ങളും അദ്ദേഹം പ്രസിദ്ധനായ ഒരു ബാലകൃഷ്ണഭക്തനായിരുന്നു എന്നുകൂടി തെളിയിക്കുന്നു. ക്രിസ്തുവഷം 1375-നു് ഇടയ്ക്കാണു് അദ്ദേഹം കൃഷ്ണസ്വാമി ക്ഷേത്രം ജീര്‍ണ്ണോദ്ധാരണം ചെയ്തതെന്നു മുമ്പു പ്രസ്താവിച്ചുവല്ലൊ. ഉണ്ണുനീലിസന്ദേശം എഴുതിയ കാലത്തു് ആദിത്യവര്‍മ്മാവിനു തൃപ്പാപ്പൂർവംശത്തിലേക്കു മാത്രമെ മൂപ്പുണ്ടായിരുന്നുള്ളു. "നാരീമൌലേ! മമ മലർമകൾക്കുണ്ടിരിപ്പാൻ തിരുപ്പപ്പൂരെന്റില്ലം... ... ... വേണാട്ടിലങ്ങ് " എന്ന ഭാഗം നോക്കുക. സ്ത്രീകൾ വഴിക്കാണല്ലോ ഇല്ലപ്പേർ. അക്കാലത്തു തിരുവിതാംകൂർ അഞ്ചുശാഖകളായി വേർതിരിഞ്ഞിരിരുന്നു. അവയുടെ പേരുകൾ വേണാടു്, തിരുവാംകോട്ട്, തൃപ്പാപ്പൂർ, ചിറവായി, ജയസിംഹനോട് ഇങ്ങനെയാണു്. ചെമ്പകആദിത്യവര്‍മ്മാവു ചിറവായി ശാഖയിൽപെട്ട ആളായിരുന്നുവെന്നു വായനക്കാർ മനസ്സിലാക്കിയിരിക്കുമല്ലൊ. സർവാംഗനാഥ ആദിത്യവര്‍മ്മാവിന്റെ ശാഖ തൃപ്പാപ്പൂരായിരുന്നു. ഉണ്ണുനീലിസന്ദേശകാലത്തു് തിരുവിതാംകൂർ കൊല്ലം മുതൽ തോവാളവരെ വ്യാപിച്ചിരുന്നു. "എണ്ണിക്കൊള്ളാം പടയിൽ" ഇത്യാദി പദ്യം നോക്കുക. നാടുവാഴുന്ന മഹാരാജാവു വേണാടുശാഖയിൽപെട്ട ദേഹവും അവിടുത്തെ തിരുനാമധേയം രവിവര്‍മ്മാവെന്നുമായിരുന്നു. ആദിത്യവര്‍മ്മാവു് യുവരാജാവായിരുന്നതിനാലാണു് "വേണാടർകോനും നീയും പാലിച്ചപഗതഭയം വര്‍ദ്ധിതാനാളിൽനാളിൽ" എന്നും "ഇരവിവര്‍മ്മന്നു രണ്ടാമവൻഞാൻ " എന്നും സന്ദേശത്തിൽ പറഞ്ഞുകാണുന്നതു്. ഈ രവിവർമ്മപദം കൊണ്ടു് ക്രിസ്തുവഷം 1266-ൽ തിരുവവതാരം ചെയ്ത് 1313-വരേ രാജ്യരക്ഷ ചെയ്ത ദക്ഷിണാപഥചക്രവർത്തിയും പ്രദ്യുമ്നാഭ്യുദയകത്താവുമായ രവിവർമ്മ കുലശേഖരപ്പെരുമാളെ ഗ്രഹിക്കുവാൻ പാടുള്ളതല്ല. സന്ദേശം 77-ാംശ്ലോകത്തിൽ പറയുന്ന "ഇരവിവര്‍മ്മാഖ്യവേണാടർകോനേ" തന്നെയാണു്, 212-ാം ശ്ലോകത്തിലും സൂചിപ്പിക്കുന്നതു്. ആദിത്യവര്‍മ്മാവിനു യൌവരാജ്യത്തിൽ തന്നെ സർവാംഗനാഥബിരുദം സിദ്ധിച്ചതായി സന്ദേശം 43, 68 ഈ ശ്ലോകങ്ങളിൽനിന്നു വിശദമാകുന്നുണ്ടല്ലൊ. അവിടുത്തേക്കു് അന്നുതന്നെ ബാലകൃഷ്ണഭക്തിയും രൂഢമൂലമായിരുന്നുവെന്നുള്ളതിനു്
"ഊയൽപ്പൂമെത്തയിൽമരുവുമക്കണ്ണനാമുണ്ണിതന്നെ-
ത്താലോലിച്ചും തഴുകിയുമുടൻനിന്റു വൈകാതവണ്ണം"
എന്നുള്ള ഭാഗം ലക്ഷ്യമാകുന്നു. സംഗ്രാമധീരബിരുദം ആദ്യമായി സ്വീകരിച്ചതു രവിവര്‍മ്മകുലശേഖരപ്പെരുമാളാണു്. ആ മഹാരാജാവിനു "ചന്ദ്രകുലമംഗലദീപ- യാവദനാരായണ കേരളദേശപുണ്യപരിണാമ-നാമാന്തരകര്‍ണ്ണ - കൂപകസാർവഭൗമ- കുലശേഖരിപ്രതിഷ്ഠാപിതഗരുഡദ്ധ്വജ- കോലംബപുരാധീശ്വര- ശ്രീപത്മനാഭപദകമല പരമാധാരക- പ്രണതരാജപ്രതിഷ്ഠാചാര്യ- വിമതരാജബന്ദീകാര- ധര്‍മ്മതരുമൂലകന്ദ- സൽഗുണാലങ്കാര - ചതുഷ് ഷഷ്ടികലാവല്ലഭ- ദക്ഷിണഭോജരാജ- സംഗ്രാമധീര- മഹാരാജാധിരാജ- പരമേശ്വര- ശ്രീകുലശേഖര- ത്രിഭുവനചക്രവര്‍ത്തി" ഇങ്ങനെ പലേ ബിരുദങ്ങളുമുണ്ടായിരുന്നു എന്നു നാം കാഞ്ചീപുരത്തുള്ള അരുളാളപ്പെരുമാൾ വിഷ്ണുക്ഷേത്രത്തിലേ ശിലാശാസനത്തിൽനിന്നു ധരിക്കുന്നു. ഇവയിൽ സംഗ്രാമധീരബിരുദം പരമപ്രധാനമായിന്നുവെന്നുള്ളതു് ശ്രീരംഗക്ഷേത്രത്തിലെ ശിലാശാസനത്തിൽ കവിഭൂഷൺ അവിടുത്തെപ്പറ്റി-
"ദുർബലസ്യ ബലം രാജേ-
ത്യേഷാ സത്യാ സരസ്വതീ;
സംഗ്രാമധീരോ ധീരസ്യ
ദുർബലസ്യബലം കലൌ;
സംഗ്രാമധീര! ത്വദ്രാജ്യേ
ചോരോ നാസ്തീതി വാങ്മൃഷാ;
ചമ്പകദ്യുതിസർവസ്വ-
ചോരസ്തേ വിഗ്രഹസ്സ്വയം:
സംഗ്രാധീര ഇത്യേതം
മന്ത്രം പഞ്ചാക്ഷരം ബുധാഃ
ജപന്തോ ദുര്‍ഗ്ഗതിം ജിത്വാ
പ്രാപ്‍നുവന്തി പരം ശിവം."
എന്നു വര്‍ണ്ണിച്ചിരിക്കുന്നതിൽനിന്നു വിശദമാകുന്നു. മംഖകമഹാകവിയുടെ കാവ്യാലങ്കാരസൂത്രത്തിനു ടീക നിര്‍മ്മിച്ച സമുദ്രബന്ധനും രവിവര്‍മ്മാവിനെ സംഗ്രാമധീരപദംകൊണ്ടു മാത്രം പലേ ശ്ലോകങ്ങളിലും നിർദ്ദേശിക്കുന്നുണ്ട്. 89-ാം ശ്ലോകത്തിൽ ആദിത്യവര്‍മ്മാവിനെ "സംഗ്രാമധീര' എന്നു കവി അഭിസംഭോധനം ചെയ്തിരിക്കുന്നതു് അദ്ദേഹവും ആ ബിരുദം സ്വീകരിക്കുകനിമിത്തമായിരിക്കണാം. തിരുവിതാംകൂർ മഹാരാജാക്കന്മാര്‍ക്കു ജയസിംഹന്റെ കാലംവരെ യദുവംശവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ക്രിസ്തുവഷം 1250-ഇടയ്ക്കു കൂപകരാജവംശത്തിൽ പുരുഷന്മാരുണ്ടായിരുന്നില്ല. ഉമാദേവി എന്നൊരു രാജ്ഞി മാത്രം കൊല്ലത്തു താമസിച്ചു രാജ്യപരിപാലനം ചെയ്തുവന്നു. യദുവംശജനും ജയസിംഹൻ എന്ന നാമാന്തരത്താൽ പ്രസിദ്ധനുമായ വീരകേരളവര്‍മ്മാവു ക്രിസ്തു 1352-ൽ കൊല്ലത്തുള്ള ഒരു ശിലാലേഖയിൽ
സ്വസ്ത്യസ്തു ജയസിംഹസ്യ
വീര കേരളവര്‍മ്മണഃ
തഥാ തദ്വംശജാനാം ച
രാജ്യസ്യ നഗരസ്യ ച"
എന്നു കാണുന്നതു നോക്കുക.
"സ്വസ്തിശ്രീജയസിംഹ ഇത്യഭിഹിതഃ സോമാന്വയോത്തംസകോ
രാജാസീദിഹ കേരളേഷ്ഠ വിഷയേ നാഥോ യദുക്ഷാഭൃതാം
ജാതോസ്മാദ്രവിവർമ്മഭൂപതിരുമാദേവ്യാം കുമാരശ്ശിവാൽ
ദേഹവ്യാപ്യ (1888) ശകാബ്ദഭാജി സമയേ ദേഹീവ വീരോ രസഃ"
എന്നുള്ള അരുളാളപ്പെരുമാൾ ക്ഷേത്രത്തിലെ ശാസനപദ്യവും നോക്കുക. ജയസിംഹന്റെ വംശജാതനാകയാലാണു് ആദിത്യവര്‍മ്മാവിനെ കവി സന്ദേശം 105-ാം ശ്ലോകത്തിലും മറ്റും യദുകുലാധീശപദംകൊണ്ടു് അഭിസംബോധനം ചെയ്യുന്നതു്. ക്രിസ്തു എട്ടാം ശതവര്‍ഷം മുതൽക്കുതന്നെ കച്ചവടത്തിനും മറ്റുമായി പലേ മഹമ്മദീയർ കേരളത്തിൽ വന്നു കുടിപാര്‍ത്തുതുടങ്ങിയെങ്കിലും ഒരു മഹമ്മദീയസൈന്യം ആദ്യമായി ദക്ഷിണാപഥത്തിലേയ്ക്കു കടന്നു എന്നു പറയണമെങ്കിൽ അത് അലാവുദീൻ കിൽജിയുടെ കാലത്തു ക്രി. പി. 1311-ൽ മാലിക്‍ കാഫറുടെ നേതൃത്വത്തിലുള്ളതായിരുന്നു. മാലിൿകാഫർ കാകതീയബല്ലാലചോളപാണ്ഡ്യാദി രാജ്യങ്ങളെ കീഴടക്കുകയും പാണ്ഡ്യരാജാവായ കുലശേഖരദേവനെ ബന്ധനസ്ഥനാക്കി ഡൽഹിയിലേയ്ക്ക് കൊണ്ടുപോകയും ചെയ്തു. അന്നു മുതല്ക്കാണു് ദക്ഷിണാപഥത്തിലെ ഹിന്ദുരാജാക്കന്മാര്‍ക്കു പല അവസരങ്ങളിലും സന്ദേശം 21-ാം ശ്ലോകത്തിൽ പറയുന്നതുപോലെയുള്ള “തുലിക്കൻപട''യുമായി യുദ്ധം ചെയ്യേണ്ട ആവശ്യം നേരിട്ടതു്. മറ്റു പല കാരണങ്ങളുടെ കൂട്ടത്തിൽ ഇതും സന്ദേശഹരനായ ആദിത്യവമ്മാവു ക്രി. പി. 1311-നു പിന്നീടു ജീവിച്ചിരുന്ന ഒരു രാജാവെന്നു തെളിയിക്കുന്നു. ക്രിസ്തു 12-ാം ശതവര്‍ഷത്തിന്റെ അവസാനത്തിൽ തിരുവിതാംകൂറിൽ മറ്റൊരു ആദിത്യവര്‍മ്മാവുണ്ടായിരുന്നു.
"സ്യാനന്ദുരൈകഗോഷ്ഠാലയകമലദൃശേ ഗോദമാര്‍ത്താണ്ഡകോളം-
ബാധീശച്ഛത്രവാഹി ധനുഷി ച കൃതനൈവേദ്യമുത്തുംഗജീവേ
ശ്രീമാനാദിത്യവര്‍മ്മസ്സഹി രജതകൃതം ഡിണ്ഡിമം മന്ദരാഭം
ഡിണ്ഡീരാഖണ്ഡഷണ്ഡദ്യുതിശുദമദിശന്മാന്യ ആത്മാ ക്ഷമായാഃ"
എന്ന തിരുവനന്തപുരത്തു കൃഷ്ണസ്വാമിക്ഷേത്രത്തിലെ ശിലാലേഖ നോക്കുക. ഈ ആദിത്യവര്‍മ്മാവു് ഗോദമാര്‍ത്താണ്ഡവര്‍മ്മാവെന്ന കോളംബാധീശന്റെ ഛത്രവാഹി മാത്രമല്ലാതെ ഒരു രാജാവായിരുന്നുവോ എന്നു സംശയമാണു്. ആണെങ്കിൽതന്നെയും അദ്ദേഹം യദുവംശജനോ സർവാംഗനാഥസംഗ്രാമധീരാദിബിരുദങ്ങളാൽ അങ്കിതനോ തുലുക്കരോടു യുദ്ധം ചെയ്തവനോ അല്ലാത്തതിനാൽ അദ്ദേഹമല്ല ഉണ്ണുനീലിസന്ദേശത്തിലെ ആദിത്യവർമ്മാവെന്നു ഗ്രഹിക്കുവാൻ പ്രയാസമില്ല. ഭാഷാശൈലിയിൽനിന്നും മറ്റുമുള്ള തെളിവുകൾ ആവശ്യമില്ലാത്തതിനാൽ ഇവിടെ എടുത്തു ചേര്‍ത്തു ലേഖനദൈർഘ്യം വരുത്തുന്നില്ല. കൃഷ്ണഭക്തനായ ഈ ആദിത്യവർമ്മാവു തനിക്കു മുപ്പുകിട്ടിയ ഉടൻതന്നെ ഗോശാലാകൃഷ്ണ സ്വാമിക്ഷേത്രം ജീര്‍ണ്ണോദ്ധാരണം ചെയ്തിരിക്കുമെന്നൂഹിക്കുവിൻ ന്യായമുള്ളതിനാൽ അവിടുത്തെ വാഴ്ചക്കാലം ക്രിസ്തുവഷം 1375-മുതല്ക്കാണെന്നു തീരുമാനിക്കുന്നതിൽ വലിയ ആക്ഷേപമില്ല. ഈ ആദിത്യവർമ്മാവു ക്രി. 1409-വരെ രാജ്യഭാരം ചെയ്തിരിക്കണമെന്നുള്ളതിനും മതിയായ ലക്ഷ്യമുണ്ട്. വൈക്കത്തു ക്ഷേത്രത്തിൽ ആദ്യകാലത്തു സമുദായപ്രവൃത്തി നോക്കിവന്നതു തിരുവല്ലാഗ്രാമത്തിൽചേർന്ന കൈപ്പിഴ സ്വരൂപി എന്നയാളായിരുന്നു എന്നും കൈപ്പിഴക്കുടുംബം അന്യംനിന്നാറേ വൈക്കത്തു ഊരാൺമക്കാർ അയിരൂർ ശാര്‍ക്കരക്കോവിലന്മാര്‍ക്കു മേല്ക്കോയിമ്മസ്ഥാനം കൊടുത്തുവെന്നും അശക്തിനിമിത്തം അവർ ആ സ്ഥാനം കൊല്ലം 582-ൽ ഉപേക്ഷിച്ചുപോയെന്നും അപ്പോൾ ഊരാൺമക്കാർ തിരുവിതാംകൂർ രാജകുടുംബത്തിൽ ചെന്നു മേൽകോയിമ്മസ്ഥാനം നടത്തിത്തരുവാൻ അപേക്ഷിക്കണമെന്നു നിശ്ചയിച്ചു എന്നും നിശ്ചയമനുസിച്ചു അന്നു കൊല്ലത്തു് ആശ്രാമത്തെഴുന്നള്ളിയിരുന്ന ആദിത്യവർമ്മമഹാരാജാവിനെ അവർ ചെന്നുകണ്ടു സങ്കടമറിയിച്ചു എന്നും മാമ്പള്ളിയുമായി ആലോചിച്ചതിന്റെ ശേഷം അവിടുന്നു കൊല്ലം 584-ൽ ആറ്റിങ്ങൽവച്ച് ആ അപേക്ഷയെ അംഗീകരിച്ചു തന്റെ പ്രതിനിധിയായി മാമ്പള്ളിയെ അവരോധിച്ചു എന്നും വൈക്കം ക്ഷേത്രത്തിലെ ഗ്രന്ഥവരിയിൽ കാണുന്നുണ്ടു്. മാമ്പള്ളിപ്പണ്ടാരത്തിൽ എന്നുകൂടിപ്പേരുള്ള വഞ്ഞിപ്പുഴപ്പണ്ടാരത്തിൽനിന്നു് അക്കാലത്തു രാജകുടുംബവുമായി എത്രമാത്രം വേഴ്ചയിലിരുന്നുവെന്നുള്ളതിനു സന്ദേശത്തിലേ
"അസ്മദ്വാർത്താം മുഴുവനറിയിപ്പിച്ചു മാമ്പള്ളിയെക്കൊ-
ണ്ടല്പസ്മേരാനമിതവദനം വീര!നിപ്പോരുനേരം
മുന്നേ നമ്മിൽകനിവു കനമുണ്ടാകയാൽ പോകപോക-
ങ്ങെന്റും നിന്നോടവനവനിപാലൈകവീരോ വിരഞ്ഞ്"
എന്ന ശ്ലോകവും ലക്ഷ്യമാണല്ലോ. ഈ മഹാരാജാവാണു് നാഞ്ചിനാട്ടു വടശ്ശേരിയിൽ ആദിത്യവര്‍മ്മചതുർവേദിമംഗലം എന്നൊരു ഗ്രാമം ഉണ്ടാക്കി അതിൽ അനേകം വൈഷ്ണവബ്രാഹ്മണരെ വരുത്തി കുടിപാര്‍പ്പിച്ചതു്. ഇതിനു സ്റ്റേറ്റുമാന്യുവൽ ഒന്നാംഭാഗം 263-ാം വശത്തിൽ കൊടുത്തിട്ടുള്ള തീയതി അബദ്ധമാണു്. '548' എന്ന വർഷസംഖ്യ '508' എന്നു അദ്ദേഹം തെറ്റായി വായിക്കുക നിമിത്തമാണു് ഈ അബദ്ധം പറ്റിയതു്. ആദിത്യവർമ്മാവിനു തൃപ്പാപ്പൂർമുപ്പുകിട്ടിയതു് കൊല്ലം 541-ൽ ആണെന്നു തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗ്രന്ഥവരിയിൽ കാണുന്നു. ഉണ്ണുനീലിസന്ദേശകാലത്തു അവിടുത്തേയ്ക്ക് യൌവവരാജ്യമേ ഉണ്ടായിരുന്നുള്ളു എന്നുള്ളതിനു് അനേകം ലക്ഷ്യങ്ങൾ ഇതിനുമുമ്പു കാണിച്ചുവല്ലോ. കൃഷ്ണസ്വാമിക്ഷേത്രത്തിന്റെ ജീര്‍ണ്ണോദ്ധാരണംകഴിഞ്ഞാണു് സന്ദേശമെഴുതിയതെങ്കിൽ കവി എന്തെങ്കിലും രണ്ടു വാക്ക് അതിനെപ്പറ്റി നിശ്ചയമായും പറയുമായിരുന്നു. എന്നാൽ ഇങ്ങനെ ഒരു ഊഹത്തിന്റെ ആവശ്യംതന്നെ സന്ദേശം 77-ാം ശ്ലോകത്തിനു രസികരഞ്ജിനിയിൽ കാണുന്ന "വേരിച്ചൊല്ലാർമനസിജകയൽക്കണ്ണനെ" എന്ന പാഠം സ്വീകരിക്കുമ്പോഴാണു നേരിടുന്നതു്. എനിക്കു കിട്ടീട്ടുള്ള ആദര്‍ശഗ്രന്ഥങ്ങളിലെ പാഠം "വേരിച്ചൊല്ലാർമനസിജ; നിനക്കണ്ണനെ" എന്നാണു്, "മനസിജകയൽക്കണ്ണൻ" എന്ന പദത്തിനു സ്വാരസ്യജനകമായ അര്‍ത്ഥമില്ല. ആദിത്യവർമ്മാവിന്റെ ജ്യേഷ്ഠനാണ് കൊല്ലത്തു നാടുവാണിരുന്ന രവിവര്‍മ്മാവു എന്നാണു് എന്റെ പാഠത്തിൽനിന്നു തെളിയുന്നത്. എല്ലാംകൊണ്ടും കൊല്ലം 540 നും 550 നും അതായതു് ക്രിസ്തുവഷം 1366-നും 1375-നും ഇടയ്ക്കാണു് ഉണ്ണുനീലിസന്ദേശത്തിന്റെ നിര്‍മ്മിതി എന്നു തീർച്ചപ്പെടുത്താവുന്നതാണു്. കുറേക്കൂടി ചുഴിഞ്ഞുനോക്കുകയാണെങ്കിൽ ക്രി. പി. 1374 ഫെബ്രുവരി 16-ാം൹ക്കു ശരിയായ കൊല്ലം 549 കുംഭം 23-ാം ഉദയാൽപരം ഏഴരനാഴികയും അശ്വതി നക്ഷത്രവും പഞ്ചമിതിഥിയും വ്യാഴാഴ്ചയും മേടംരാശിയും കക്കടകത്തിൽ വ്യാഴവും യോജിച്ചുവന്ന മുഹൂര്‍ത്തത്തിലാണു് നായകൻ ഈ സന്ദേശമയയ്ക്കുന്നതെന്നുള്ളതിനും തെളിവുകൾ കാണാവുന്നതാണു്.
കണ്ടിയൂർ ക്ഷേത്രത്തിൻറെ പ്രതിഷ്ഠ ക്രിസ്താബ്ദം 826-ൽ ആണു്. ഉണ്ണുനീലി സന്ദേശകര്‍ത്താവു
"കണ്ടം വണ്ടിൻനിറമുടയനെക്കെങ്കനീരോടുതിങ്കൾ-
ത്തുണ്ടം ചാര്‍ത്തും പരനെ, വരമാതിന്നു മെയ്‌പാതിയോനെ
മണ്ടും മാനേൽക്കരനെ,യരനെ, ക്കമ്പിപാമ്പാക്കിയോനെ-
ക്കണ്ടേ പോവാൻതരമവിടെനീ കണ്ടിയൂർതമ്പിരാനേ"
എന്നു ആ ക്ഷേത്രത്തിലേ മൂര്‍ത്തിയെ വര്‍ണ്ണിക്കുന്നുണ്ടു്. ക്രിസ്തു ഒമ്പതാം ശതവര്‍ഷത്തിൽ പ്രതിഷ്ഠിച്ച ഒരു ദേവനെ രണ്ടാംശതവര്‍ഷത്തിൽ ജീവിച്ചിരുന്ന ഒരു കവി എങ്ങനെയാണു് വര്‍ണ്ണിക്കുന്നതു് ? 1090-ാംമാണ്ടു മേടമിടവം ഭാഷാപോഷിണിയിൽ
"അമൃതകരകരോടീസ്വർദ്ധനീബദ്ധചൂഡം
തിരളൊളിതിരുനീറാമംഗരാഗാഭിരാമം
കരകലിതകപാലം മംഗലം പിംഗലാക്ഷം
മലമകൾമുലപൂണും ദൈവതം വെൽവുതാക."
എന്നുള്ള സന്ദേശത്തിന്റെ പീഠികയിലെ ആദ്യത്തെപ്പദ്യത്തിൽ കാണുന്ന "അംഗരാഗാഭിരാമം" എന്ന പദം കലിസംഖ്യയെ സൂചിപ്പിക്കുന്നുവെന്നും അതിനാൽ കലി 3280-ാം വഷത്തിലാണു് ഉണ്ണുനീലിസന്ദേശത്തിന്റെ ഉത്ഭവമെന്നൂഹിക്കണമെന്നും രസികരഞ്ജിനിയിൽ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയ കാലത്തു് അതിന്റെ പത്രാധിപർ എഴുതിയിരുന്നു എന്നു പ്രസ്താവിക്കുന്നുണ്ടു്. കലിവൃഷം 3230-നു ശരിയായ ക്രിസ്തുവഷം 129 ആണു്. അന്നു ഇങ്ങനെ ഒരു ഗ്രന്ഥത്തിന്റെ നിര്‍മ്മിതിക്കു പ്രസക്തിതന്നെയില്ലെന്നു ഇനി പ്രത്യേകിച്ചു പറയണമെന്നില്ലല്ലോ. "ശുകസന്ദേശം ഉണ്ടായ കൊല്ലം 666-ാമാണ്ടിനു ശരിയായ ക്രിസ്താബ്ദം 1491-ാം വര്‍ഷം കഴിഞ്ഞ് അതായതു് കൊല്ലം ഏഴാം ശതവഷത്തിന്റെ ഒടുവിലും ക്രി. പി. പതിനാറാം ശതവര്‍ഷത്തിന്റെ ആരംഭത്തിലും ഉണ്ടായ കൃതിയാണ് ഉണ്ണുനീലിസന്ദേശം; അക്കാലത്തു ജീവിച്ചിരുന്ന ഒരു സ്ത്രീരത്നമാണ് ഉണ്ണുനീലി." എന്നൊരഭിപ്രായം കൂടി മേല്പറഞ്ഞ ലേഖനത്തിൽ കാണുന്നു. ഈ അഭിപ്രായം ശുകസന്ദേശം ഒന്നിന്റെകാലത്തെ മാത്രം അടിസ്ഥാനപ്പെടുത്തി എഴുതീട്ടുള്ളതാണു്. ശുകസന്ദശത്തിന്റെ നിമ്മിതി കൊല്ലം 666-ലോ അതിനു സമീപമെങ്ങുമോ ആകാൻ പാടില്ലെന്നു ഞാൻ ഇതിനുമുമ്പുതന്നെ തെളിയിച്ചിട്ടുണ്ടല്ലോ. ഈയിടയ്ക്കു പ്രസിദ്ധപ്പെടുത്തിയ സാഹിത്യപ്രകാശിക എന്ന പുസ്തകത്തിൽ " ഉണ്ണുനീലിസന്ദേശത്തിന്റെ കാലം ഏകദേശം കൊല്ലം എട്ടാമത്തെയോ ഒൻപതാമത്തെയോ ശതവര്‍ഷമായിരിക്കാം... ... ചില പഴയ സ്വരങ്ങൾ കാണുന്നതിൽനിന്നും വളരെ പഴയ ഒരു രീതിയിലായിരിക്കണം ഈ കൃതി എഴുതീട്ടുള്ളതെന്നു വാദിക്കുന്നവർ വെറും വ്യാമോഹവിധേയന്മാരായും പരിണമിച്ചേക്കാനിടയുണ്ടു്." എന്നെഴുതിക്കാണുന്നു. ഉണ്ണുനീലിസന്ദേശം പതിനാലാം ശതവര്‍ഷത്തിൽ എഴുതിയതായി എനിക്കു പൂര്‍ണ്ണവിശ്വാസം വരുന്നതിനു അതിലെ ഭാഷാശൈലിയും ഒരു ഒന്നാന്തരം തെളിവാണു്. സാഹിത്യചരിത്രത്തിൽ പണ്ഡിതന്മാര്‍ക്കു വഴികാണിക്കുവാൻ ഭാഷാരീതിയെപ്പോലെ പ്രകാശമുള്ള ഒരു ജ്യോതിസ്സു വേറെയില്ല.
ഒരു സംഗതിമാത്രം ഇവിടെ വ്യക്തമായിട്ടുണ്ട്.
"അപ്പോൾ മുൽപ്പാടണയ വഴിമേൽ കാണലാം തേ വലത്ത-
ങ്ങുപ്പൂപ്പെന്നും നിജസഹചരീം മൂപ്പമഭ്യേതിവാമാം
തൃപ്പാപ്പൂർ മുപ്പഴകുപൊഴിയും വീരമംഗല്യശംസീ
മുല്പാടപ്പാൽ കിമപിചപലം പാട്ടുപാടും പിയാനും."
എന്നൊരു പദ്യം സന്ദേശത്തിൽ കാണുന്നുണ്ടെന്നും അതിലെ' പിയാൻ' പിയാനോ എന്ന ഇംഗ്ലീഷ്ഠപദത്തിന്റെ തത്ഭവമാണെന്നും ആ പദപ്രയോഗംകൊണ്ടു പിയാനൊ തിരുവിതാംകൂറിൽ ധാരാളം പ്രചാരമായതിനുമേലാണു് ഉണ്ണുനീലിസന്ദേശത്തിന്റെ നിര്‍മ്മിതിയെന്നും ചിലർ വിചാരിക്കുന്നതായി എനിക്കറിയാം. പിയാനൊ എന്ന വാദ്യവിശേ ഷം കണ്ടുപിടിച്ചതു്' ഇറ്റലിരാജ്യത്തിൽ ഫ്ളോറൻസ് എന്ന പട്ടണത്തിൽ ക്രിസ്തുവഷം 1851-മുതൽ 1731-വരെ ജീവിച്ചിരുന്ന ബര്‍ത്തോലോമിയോ ക്രിസ്റ്റോഫോറി എന്ന ശാസ്ത്രജ്ഞനായിരുന്നു എന്നും അദ്ദേഹം ഒരു പിയാനൊ ആദ്യമുണ്ടാക്കിയതു് 1709-ൽ ആണെന്നും കാണുന്നു. ഉണ്ടാക്കിയ ഉടൻ അതായതു് കൊല്ലം 894-ൽ തന്നെ ബര്‍ത്താലോമിയോ അതു തിരുവനന്തപുരത്തു കോട്ടയ്ക്കകത്തു നടയ്ക്കാവിലേക്കാണയച്ചു കൊടുത്തതെന്നു വിചാരിച്ചാൽ കൂടിയും അന്നു് ഇവിടെ രാജാവായിരുന്നതു ഉമയമ്മറാണിയുടെ പുത്രനായ രവിവര്‍മ്മായാകയാൽ അപ്പോളല്ല ഉണ്ണുനീലിസന്ദേശത്തിന്റെ നിമ്മിതി എന്നു പറയേണ്ടതില്ലല്ലൊ. ഒടുവിലത്തെ ആദിത്യവര്‍മ്മാവു കൊല്ലം 854-ല്‍ തന്നെ നാടുനീങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിൽപിന്നെ ആ തിരുനാമധേയത്തോടുകൂടി ഒരു മഹാരാജാവോ ഇളയരാജാവോ തിരുവിതാംകൂറിൽ ഉണ്ടായിട്ടുമില്ല. ഇന്നുതന്നെയും പിയാനൊവാദ്യത്തിനു കേരളത്തിൽ ധ്വരമാരുടെ ഇടയിലല്ലാതെ പ്രചാരമില്ലാതെയാണിരിക്കുന്നത്. വാസ്തവത്തിൽ പിയാനും മറ്റും അച്ചടിപ്പിശാചുകളുടെ തൃക്കൈവിളയാട്ടാണു്. എന്റെ കൈവശമുള്ള ഉണ്ണുനീലിസന്ദേശത്തിന്റെ രണ്ടു് ആദര്‍ശഗ്രന്ഥങ്ങൾ നോക്കിയതിൽ മേൽ എഴുതിയ ശ്ലോകത്തിന്റെ ശുദ്ധമായ പാഠം താഴെ കാണുന്ന വിധത്തിലാകുന്നു.
"അപ്പോൾകാണാമണയവഴിമേൽ കാണലാം തേ വലത്ത-
ങ്ങുപ്പുപ്പെന്നും നിജസഹചരീമുപ്പനഭ്യേതി വാമാൽ
തൃപ്പാപ്പൂർമൂപ്പഴകുപൊഴിയും വീര! മംഗല്യശംസി
മുല്ലാടപ്പാൽ കിമപി ച വലമ്പാടു പാടും വിയാനും.
എന്നാണു്. ഉപ്പൻ പക്ഷി ഇടത്തുനിന്നു വലത്തുഭാഗത്തു് ഉപ്പുപ്പെന്നു പറയുന്ന തന്റെ സഹധമ്മിണിയെ പ്രാപിക്കുന്നു എന്നു താല്പര്യം. വീര, മംഗല്യശംസീ ഇവ രണ്ടു പദങ്ങളാണു്. കിമപി, ച, വലംപാടു, പാടും, വിയാനും എന്നു പദച്ഛേദം ചെയ്യണം. വലത്തുഭാഗത്ത് കിളി യും പാടും എന്നര്‍ത്ഥം. വിയം എന്നാൽ പക്ഷി, കിളി എന്നു തമിഴിൽ അര്‍ത്ഥം. വിയാൻ ഇതിന്റെ ഒരു തത്ഭവമെന്നാണ് ഞാനൂഹിക്കുന്നതു്. ഇവയെല്ലാം ശുഭശകുനത്തിനുദാഹരണങ്ങളായി ഗ്രന്ഥകർത്താവു വര്‍ണ്ണിക്കുന്നു. പിയാനൊ വാദ്യത്തിനു വല്ല പ്രചാരവും ഉണ്ണുനീലിസന്ദേശകാലത്തുണ്ടെങ്കിൽ "ശൌണ്ഡീവേണുസ്തുതിശബരികം" ഇത്യാദി പദ്യത്തിൽ ആ വാദ്യത്തിന്റെ പേർകൂടിച്ചേര്‍ക്കാത്തതെന്താണ്? ക്ഷുദ്രമായ ഈ പൂർവപക്ഷത്തിനു് ഇതിലധികം സമാധാനം ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഉണ്ണുനീലിസന്ദേശത്തിന്റെ നിര്‍മ്മാതാവാരെന്നുള്ളതിനെപ്പറ്റിയാണു് ഉപരിവിചാരണ ചെയ്യുവാനുള്ളത്. കോകിലസന്ദേശത്തിന്റെ അവതാരികയിൽ "ഈ സന്ദേശം ഒരു ചാക്കിയാർ ഒരു നങ്ങ്യാര്‍ക്കയയ്ക്കുന്നതായിട്ടാണു് കാണുന്നതു്" എന്നെഴുതിയിരിക്കുന്നു. കോകിലസന്ദേശത്തിന്റെ പ്രസാധകൻ ഇങ്ങനെ ഒരഭിപ്രായം പുറപ്പെടുവിച്ചതു് ഗ്രന്ഥം വായിച്ചുനോക്കിയതിനുമേലല്ലെന്നു സമ്മതിക്കുന്നതിനാൽ ഇതിനെ പ്രാമാണ്യേന ഗണിക്കേണ്ട ആവശ്യമില്ല. ഉണ്ണുനീലിസന്ദേശത്തിന്റെ പ്രസധകൻ കവിയെപ്പറ്റി ഒരഭിപ്രായവും പറയുന്നില്ല. 1090 മേടമിടവം ഭാഷാപോഷിണിയിൽ അടുത്തകാലത്തുണ്ടായ ഒരു കൃതിയെ അനുകരിക്കണമെന്നുള്ള മോഹം ഒരു രാജാവിനെക്കാൾ ഒരു ചാക്കിയാര്‍ക്കുണ്ടാവാനാണു എളുപ്പമെന്നും കവിത മണിപ്രവാളത്തിലാക്കുന്നതും "പാലവും പിന്നിടേഥാഃ" എന്നും മറ്റുമുള്ള അപകടങ്ങൾ പ്രയോഗിക്കുന്നതും ജാത്യാ അപകടപ്രവീണന്മാരായ ചാക്കിയാന്മാര്‍ക്കാണു് യോജിക്കുന്നതെന്നും എഴുതിയിരിക്കുന്നതിനു പുറമേ "അഥവാ നൃപന്റെ നിര്യാണശേഷം ഉണ്ണുനീലികാമുകനായ കവി ഈ സന്ദേശം രചിച്ചു എന്നുവരുമോ? അങ്ങനെയായാൽ ഉണ്ണുനീലിയെ ആദരിക്കാനായി ഉണ്ണുനീലിസന്ദേശം എന്നുതന്നെ കൃതിക്കു പേരു സങ്കല്പിച്ചു എന്നും അതിമാന്യനായ ഒരു രാജാവിനെ ദൂതനാക്കിയെന്നും ഉള്ളതിനു നല്ല യോജിപ്പുണ്ടു്. ഉണ്ണുനീലികാമുകനായ കവി അവരുടെ പ്രീതി സമ്പാദിച്ചു ഭർത്താവായതുതന്നെ ഈ കൃതി ഹേതുവായിട്ടാണെന്നും വരാം. കവി ഒരു ചാക്കിയാർകൂടി ആണെങ്കിൽ പ്രിയതമയെ ലഭിച്ചതുകൂടാതെ സന്ദേശകൃതികൾക്കു നാമകരണം ചെയ്യുന്ന സമ്പ്രദായത്തിലും സന്ദേശവാഹകനെ സ്വീകരിക്കുന്ന സംഗതിയിലും വികടത്വമോ പുതുമയോ കാണിക്കുന്ന അടവുകൂടി ഉണ്ടാകയും ചെയ്തു് ... ... ഒരു ചാക്കിയാരുടെ ബന്ധം ഈ കൃതിക്കുള്ളതായിട്ട് ഐതിഹ്യമുണ്ടെങ്കിൽ അദ്ദേഹം ഇതിന്റെ കവിയായിട്ടേ വരാൻ തരമുള്ളു." എന്നുംമറ്റും അഭിപ്രായപ്പെട്ടുകാണുന്നു. ഉണ്ണുനീലി തന്റെ ആദ്യത്തെ ഭർത്താവായ തമ്പുരാന്റെ മരണാനന്തരം ഒരു ചാക്കിയാരെ ഭർത്താവാക്കിയെന്നും അതിനു കാരണംതന്നെ ആ ചാക്കിയാർ ഈ സന്ദേശം നിര്‍മ്മിച്ചതാണെന്നും "പാലവും പിന്നീടേഥാഃ" മുതലായവ അപകടപ്രയോഗങ്ങൾ ആണെന്നും പറയന്നതു ശരിയല്ല. തമ്പുരാനു തന്നിലുണ്ടായിരുന്ന പ്രേമത്തെപ്പറ്റി സ്വല്പമെങ്കിലും സ്മരണയുണ്ടെങ്കിൽ നായിക വീണ്ടുമൊരാളെ ഭത്താവായി സ്വീകരിക്കുമോ? തമ്പുരാന്റെ ഗുണഗണത്തെ വര്‍ണ്ണിച്ച് ആ സ്മരണയെ ഉദ്ദീപിപ്പിക്കുന്ന ഒരു കാവ്യം വായിച്ചാൽ ആ മാതിരി ഒരു പ്രവൃത്തി ഒരിക്കലും ചെയ്യാതിരിക്കുവാനല്ലേ ഇടവരേണ്ടതു്? "പാലവും പിന്നിടേഥാഃ" ഇത്യാദി പ്രയോഗങ്ങളിൽ യാതൊരപകടവുമില്ല. മണിപ്രവാളകവിതയിൽ ഭാഷാപദങ്ങൾക്കു സംസ്കൃതപ്രത്യയം ചേര്‍ക്കാമെന്നും അങ്ങനെ ചേർത്താലും അവയെ ഭാഷാപദങ്ങളെന്നുതന്നെ വ്യവഹരിക്കണമെന്നും ലീലാതിലകം ദ്വിതീയശില്പത്തിൽ വ്യവസ്ഥാപിച്ചിട്ടുണ്ടു്. "സന്ദർഭേ സംസ്കൃതീ കൃതാ ച" എന്നു സൂത്രത്തിനു " സേയം ഭാഷാകവി കര്‍മ്മണി സംസ്കൃതീ ക്രിയതെ പ്രത്യയഭാഗേ- സാമാന്യവ്യവഹാരേ നൈവം" എന്നു വൃത്തി കാണുന്നു. ഇതിന്റെ താൽപര്യം "കവികൾ ഈ ഭാഷാപദങ്ങളോടു സംസ്കൃതപ്രത്യയം കൂടി ചേര്‍ക്കുന്നു; വാമൊഴിയിൽ ഇങ്ങനെ പതിവില്ല" എന്നാകുന്നു. ഇതിനു അഞ്ചുദാഹരണളോളം ഗ്രന്ഥകർത്താവു കൊടുക്കുന്നുണ്ട്.
"കൺകൊണ്ടിന്ദീവരാണാം കുറിയശിരസിജൈ-
ശ്ശൈവലാനാം മുഖംകൊ-
ണ്ടംഭോജാനാമളീനാമളകരചനയാ
കൊങ്കയാ കോരകാണാം
ഏതേഷാംകാന്തിമേതൈര്‍ഗ്ഗതമപി ഭവതാം-
കൾപ്പിതെന്നിന്നളിന്യാ-
മായാന്തീം നാരണീതൻ ദുഹിതരമരയ-
ന്നങ്ങളേ! കണ്ടിതുണ്ടോ?"
കൾപ്പിതു എന്ന പദത്തിനു കക്കുക, മോഷ്ടിക്കുക, എന്നാണര്‍ത്ഥം.
"നീരാടമ്മേ നീ വസനമിദംചാര്‍ത്തു ദേവാർച്ചനായാ-
മെപ്പോഴും നീ കൃതമതിരതും മുട്ടുമാറായിതല്ലോ."
എന്നീവണ്ണം നിജപരിജനപ്രാര്‍ത്ഥനം കര്‍ത്തുകാമാ
കേഴന്തിവാ രഹസിവിരഹവ്യാകുലാ വല്ലഭാ മേ.
ആറ്റുർനീലീവിരഹവിധുരോ മാണിരത്യന്തകാമീ
മാത്തൂർജാതോ മദനവിവശസ്ത്യക്തവാ നൂണുറക്കൌ"
ഈ മൂന്നിലും അടിയിൽ വരച്ചിട്ടുള്ള ഭാഗങ്ങളിൽ സുബന്തപദങ്ങളുടെ സംസ്കൃതീകരണം കാണുന്നു. തിങന്തപദങ്ങളുടെ സംസ്കൃതീകരണത്തിനാണ് ബാക്കിയുള്ള രണ്ടുദാഹരണങ്ങളും.
സ്വസ്രേ പൂര്‍വ്വം മഹിതനൃപതേർവിക്രമാദിത്യനാമ്നഃ
പോക്കാംചക്രേ തരുണജലദം കാളിദാസഃ കവീന്ദ്രഃ
ത്വം കൂത്തസ്ത്രീ വടുരതിജളോ ദുഷ്ക്കവിശ്ചാഹമേവം
മത്വാത്മാനം തവ ഖലു മയാ പ്രേഷിതഃ കാക ഏവ.
കൂത്തസ്ത്രീ, നടി, ദാസി, വേശ്യ.
"പുപുകിരേ പന്തലകത്തു പൂകരാ-
ശ്ചുചൂടിരേ മാലപറിച്ചൊരോര്‍ത്തരേ
തതല്ലിരേ തമ്മിലതീവഘോരമായ്
മമണ്ടിരേ കൊണ്ടുമണാട്ടിതന്നെയും
മേൽകാണിച്ച ഉദാഹരണങ്ങളിൽനിന്നു സാക്ഷാൽ മണിപ്രവാളകവിതയുടെ പ്രചാരകാലത്തു കവികൾ ഈമാതിരി പ്രയോഗങ്ങളെ അപകടമായോ ആക്ഷേപയോഗ്യമായോ ഗണിച്ചിരുന്നില്ലെന്നു വിശദമാകുന്നതാണു്. "പാലവും പിന്നിടേഥാഃ"
"ഒരു കരംകൊണ്ടു താൻ പൊത്തയിത്വാ."
"കുഞ്ചിഭിശ്ചഞ്ചലാഗ്രൈഃ". മുതലായവ ഇങ്ങനെയുള്ള പ്രയോഗങ്ങളാകുന്നു. കവിയും നായകനും ഭിന്നന്മാരാകുന്നതു പുരാണപുരുഷന്മാരുടെ വിഷയത്തിൽ ഒഴികെ സാധാരണമായി സന്ദേശകാവ്യങ്ങളുടെ ശൈലിയല്ലെന്നു ഞാൻ ഇതിനുമുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഉണ്ണുനീലിസന്ദേശത്തിന്റെ കർത്താവ് ഒരു ചാക്കിയാരാണെന്നു സംശയിക്കുവാൻ
"കണ്ടാമല്ലോ തളിയിലിരുവൻകൂത്തു നാമന്റൊരിക്കൽ
തൈവംകെട്ടാളൊരു തപതിയാർ നങ്ങയാരെന്നെനോക്കി
അന്യാസംഗാൽ കിമപി കലുഷാ പ്രാകൃതംകൊണ്ടവാദീൽ
പിന്നെക്കണ്ടീലണയ വിവശം വീർത്തു മണ്ടിന്റെ നിന്നെ."
എന്ന ഉണ്ണുനീലിസന്ദേശത്തിലെ ശ്ലോകം ഒരുവിധത്തിലും ഉത്തരവാദിയല്ല. നായികയും നായകനും സമീപത്തുള്ള തളിയിൽ ക്ഷേത്രത്തിൽ തപതീസംവരണം കൂത്തുകാണുവാൻ പോകുന്നതിലും അവിടെവച്ച് തപതിയുടെ വേഷം അഭിനയിച്ചുകൊണ്ടിരുന്ന നങ്ങിയാർ ഉണ്ണുനീലിപ്രിയനായ നായകനോടു സ്വല്പം കലുഷമായി പ്രാകൃതത്തിൽ സംസാരിച്ചതിലും യാതൊരു ആശ്ചര്യവുമില്ല. ഇതിൽനിന്നു് ഒരു ചാക്കിയാർ ആണു് ഗ്രന്ഥകർത്താവെന്നു് ഒരു പ്രകാരത്തിലും അനുമാനിക്കുവാൻ മാര്‍ഗ്ഗവുമില്ല. മറ്റടയാളങ്ങളുടെ കൂട്ടത്തിൽ കവി നായികയ്ക്കു വിശ്വാസം വരുന്നതിനുവേണ്ടി ഈ കാര്യം കൂടി പറയുന്നു എന്നേയുള്ളൂ. ഗ്രന്ഥകര്‍ത്താവാരെന്നു പ്രത്യക്ഷമായി ഗ്രന്ഥത്തിൽ നിന്നുതന്നെ കാണാവുന്ന സ്ഥിതിക്കു് ഈ വിഷയത്തിൽ യാതൊരു ശങ്കയ്ക്കും ഉല്ലേഖത്തിനും ആവശ്യവും കാണുന്നില്ല. ഇതരസന്ദേശങ്ങളിൽനിന്നും ഒരു വ്യതിയാനമായി ഗ്രന്ഥകർത്താവു തന്റെ കാവ്യത്തെ പീഠികാരൂപേണ കുറെ ശ്ലോകങ്ങൾകൊണ്ടുകൂടി അലങ്കരിച്ചിട്ടുണ്ടു്. അവയിൽ
“ഇന്ദുക്ഷീരാഭിരാമാമടിതൊഴുതു ജഗന്നായി കാമായവണ്ണം
മന്ദപ്രജ്ഞേപി മാരജ്വരപരവശനായ്ക്കോലിനേൻഞാനിദാനീം
കണ്ടിക്കാർകൂന്തൽ കാലിൽത്തടവിന മടവാർനായികാം വാഴ്ത്തുവാനായ്
മുണ്ടയ്ക്കൽക്കെന്റുമാക്കം കരുതിന മറിമാൻ കണ്ണിയാമുണ്ണുനീലിം.
പൂമാതിൻനയനാന്തഭൃംഗനളനീ, ഭൂമേസ്സുധാദീപികാ,
പൂണാരം മണികണ്ഠവെൺപലമഹീപാലൈക ചൂഡാമണേഃ,
പൂവമ്പൻകുലദേവതാ, പുകൾമികും മുണ്ടയ്ക്കലൻപുറ്റെഴും
പൂമാലക്കുഴൽ, ഉണ്ണുനീലിതിരുനാൾ നീണാൾ വിളങ്ങീടുക
വെള്ളിക്കുന്റിന്നഭീഷ്ടം വെളുവെളെ വിളയി-
പ്പിക്കുമക്കീർത്തിപാർമേ-
ലല്ലിത്താർമാതിനെക്കൊണ്ടയി! വിളിപണിചെ-
യ്യിക്കുമാസ്താം പ്രലാപൈഃ
ഇല്ലത്തിന്നുന്നതിം തേ വിതരതി നിതരാ-
മാകയാലുണ്ണുനീലി!
ചൊല്ലിന്റേനെങ്കിൽ നീ കേട്ടരുളുക ദയിതേ!
സൂക്തിരത്നം മദീയം"
ഈ മൂന്നു ശ്ലോകങ്ങളും നമ്മുടെ ശ്രദ്ധയ്ക്കു പ്രത്യേകിച്ചു വിഷയീഭവിക്കുന്നു. ഇവയിൽനിന്നു ഉണ്ണുനീലി വെൺപല നാട്ടുരാജാവിന്റെ പൂണാരം (ആഭരണമായണിയാനുള്ള മുത്തുമാല) അഥവാ പ്രേയസിയാണെന്നും മാരജ്വരപരവശനാകയാൽ നായകനായ കവിതന്നെ തന്റെ പ്രേയസിക്കു സന്ദേശമയയ്ക്കുന്നതാണെന്നും വെളിവാകുന്നുണ്ടു്. മണികണ്ഠപദം തെക്കുംകൂറും വടക്കുംകൂറും രാജാക്കന്മാരുടെ ബിരുദമായിരുന്നു.
"അഗ്രേ കാണാം തദനുമണികണ്ഠാഖ്യപൂർവം പുരം തേ
തെക്കിൻകൂറ്റിന്നൊരുമണിവരം തത്രമേവും മുരാരിം
ഭക്ത്യാ നീ ചെന്റഴകൊടു തൊഴുന്നേരമീശാന്തകോണേ
തിഴ്ക്കിക്കേൾക്കാം പഥികനിവഹം നിന്റൊഴിക്കിന്റവാറു്"
എന്ന പദ്യം നോക്കുക. ഇന്നും ഈ മണികണ്ഠപുരം തെക്കുംകൂറിലുണ്ടു്. അന്നത്തെ തെക്കുംകൂർരാജാവിന്റെ പേർ രാമവര്‍മ്മാവെന്നായിരുന്നു എന്നു കവി 129-ാം ശ്ലോകത്തിൽ പറയുന്നു. കവിക്കു വടക്കൻകൂറിൽ മൂപ്പായിരുന്നില്ല എന്നുള്ളതിനു 159 മുതൽ 162 വരെയുള്ള ശ്ലോകങ്ങൾ ലക്ഷ്യമാകുന്നു.
"മാറാടിക്കീഴ മരുവലർ പിണംകൊണ്ടു നായ്ക്കും നരിക്കും
ചോറാടിക്കും മനുജവരനെക്കാൺക നീ ചെന്റു പിന്നെ
കൂറാടിന്റോര്‍ക്കുയിരുമുടലും നീർതൊടുക്കും വടക്കിൻ
കൂറാളിന്റൊരിനിയമണികണ്ഠാഖ്യസാമന്തമൌലിം.
നിന്നെക്കാണുമ്പൊഴുതു നിഴലില്ലാത ലോകപ്രദീപം
കന്നൽക്കണ്ണാർകുസുമശരനാം വെമ്പലക്ഷോണിപാലൻ
എന്നച്ചാ! പോയ് മുകൾമുടിയുമപ്പക്ഷപാതാതിരേകാൽ-
ത്തന്നെപ്പോലും കുറവറ മറന്നെന്തു ചെയ്യാതതൊന്റ്?
മുണ്ടയ്ക്കൽച്ചെന്റിനിയ വിരഹവ്യാകുലാമുണ്ണുനീലീം
കണ്ടിട്ടിന്റെ ദയിതഗദിതം ഞാനുണര്‍ത്തേണ്ടുവോന്റ്
മണ്ടിക്കൂടും കുസുമശരനോടൊട്ടിണങ്ങിത്തടുപ്പോ-
ന്റുണ്ടെൻ കൈയിൽ കിമപി മൃതസഞ്ജീവനം മന്ത്രബീജം.
എന്റീവണ്ണം മമ നിനവു നീ ചൊല്ലിനാൽ മിക്കവാറും
കന്റും കുന്റും കലയുമകലും പേടമാൻകണ്ണിതന്നെ
ചെന്റും കാൺകെന്റവനയി സഖേ! ചൊല്ലുമപ്പോൾത്തദാനീ-
മെന്റുള്ളേടം നവരമറിവാൻ ജ്യോതിഷം വല്ലുവൻ ഞാൻ"
താനും സന്ദേശഹരനും രാജ്യഭാരം ചെയ്യുന്ന രാജാക്കന്മാരല്ലായ്കയാലും തന്റെ കുടുംബപ്രമാണി പ്രേയസീഗൃഹത്തിനു സമീപത്തുതന്നെ ഉണ്ടാകയാലുമാണ് അവിടെ ചെന്നു "വടക്കുംകൂറാളിന്റെ" ആ സാമന്തരാജാവിനെ ചെന്നുകണ്ടു് അദ്ദേഹത്തിന്റെ അനുവാദം വാങ്ങിക്കണമെന്നു പ്രത്യേകമായുപദേശിക്കുന്നതു്.
“മുണ്ടയ്ക്കൽക്കിന്റഖിലനയനാനന്ദമാമുനീലീ
പീയൂഷത്തോടിനിയ മണികണ്ഠാഖ്യകല്പദ്രുമേണ
ധനൈരന്യൈരപി സമമിമം ദേവലോകൈകദേശം
മന്യേ നിര്‍മ്മിച്ചിതു മദനനാം ഗാഥിസുനുർമ്മുനീന്ദ്രഃ"
എന്ന 152-ാം പദ്യത്തിൽ കവി വര്‍ണ്ണിക്കുന്നതും തന്റെ ജ്യേഷ്ഠനായ നാടുവാഴുന്ന മണികണ്ഠനെത്തന്നെയാണു്. അല്ലെങ്കിൽ അത് ഒരു അപ്രകൃതവും അസംബന്ധവുമായ ആത്മപ്രശംസയായിത്തീരുന്നതാണല്ലോ.
"ആറ്റിൻനേരായ്ക്കുരിവരമദം നീടൊഴുക്കും വടക്കിൻ-
കൂറ്റിന്നന്റഴകു പൊഴിയിക്കിന്റെ പുണ്യാംബുരാശേഃ
മാറ്റാർകുപ്പും മഹിതമണികണ്ഠന്നയോദ്ധ്യേവ രാമ-
ന്നേറ്റം വശ്യാ ജഗതി നഗരീ സാ കടന്തേതിനാമ്നാ"
എന്ന പദ്യവും നോക്കുക.
തന്നെക്കാൾ ചെറുപ്പക്കാരനായ ഒരാളെ നായകൻ ഈ വിധത്തിൽ വര്‍ണ്ണിക്കുന്നതിനു പ്രസക്തിയുമില്ല. എല്ലാംകൊണ്ടും നായകൻ വടക്കുംകൂർ രാജവംശത്തിലെ ഇളമുറക്കാരിൽ ഒരാളായിരുന്നുവെന്നു തീർച്ചപ്പെടുത്തുന്നതിൽ അസാംഗത്യമൊന്നുമില്ല. അദ്ദേഹവും ആദിത്യവമ്മാവും രാജത്വം കൊണ്ടും വൈദുഷ്യംകൊണ്ടും കവിത്വംകൊണ്ടും വയസ്സുകൊണ്ടും സ്ഥാനംകൊണ്ടും മറ്റും ഏകദേശം സമനിലയിലിരുന്നതു നിമിത്തമാണ് ഒരാൾ മറ്റൊരാളെ തന്റെ സന്ദേശഹരനാക്കിത്തീർത്തതെന്നുള്ളതും വിശദമാണു്. സഖേ, തോഴ, മുതലായ സംബോധനകൾ നോക്കുക.
"യൽ സത്യം തൽ ഭവതു" ഇത്യാദി പദ്യത്തിൽ നിന്നു ഉണ്ണുനീലിസന്ദേശകര്‍ത്താവു പുണർതം നാളിലാണു ജനിച്ചതെന്നും അതിനാൽ അവിടുത്തെ ജനങ്ങൾ വടക്കുംകൂർ പുണർതംനാൾ തമ്പുരാൻ എന്നു വിളിച്ചുവന്നിരിക്കണമെന്നും കാണാവുന്നതാണല്ലോ. അവിടുന്നു വടക്കുംകൂർ രാജകുടുംബത്തിലെ ഇളമുറക്കാരിൽ ഒരാളായിരിക്കണമെന്നുള്ളതിനു സന്ദേശത്തിന്റെ പൂർവാദ്ധത്തിൽ "രക്ഷോരാജന്നിനിയസഹജാ ലക്ഷ്മണം രാക്ഷസീവ" എന്നും ഉത്തരാർദ്ധത്തിൽ "മാറ്റാർ കൂപ്പും മഹിതമണികണ്ഠന്നയോദ്ധവരാമന്നേറ്റം വശ്യാ ജയതി നഗരീ" എന്നുമുള്ള ഭാഗങ്ങളും നല്ല ലക്ഷ്യങ്ങളാണു്. നാടുവാഴുന്ന രാജാവിനെ ശ്രീരാമനോടും തന്നെ ലക്ഷ്മണാനോടുമാണല്ലോ കവി ഉപമിക്കുന്നതു്. കവി ക്ഷത്രിയവംശജനാണെന്നുകൂടി ഇതിൽനിന്നു വ്യഞ്ജിക്കുന്നുണ്ടെന്നു സഹൃദയന്മാരോടു പ്രത്യേകിച്ചു പറയണമെന്നു തോന്നുന്നില്ല.
രണ്ടുപേർക്കും ഒരുവിധം സ്ഥാനസാമ്യവും പരിചയവുമില്ലെങ്കിൽ
"നീര്‍ത്താനിന്ദുപലമിവ, തെളിഞ്ഞാമ്പൽപോലേ ചിരിച്ചാ-
നാര്‍ത്താൻ വണ്ടിൻകുലമിവ, വളര്‍ന്നാൻ പയോരാശിപോലേ,
പീത്വാ രൂപാമൃതമിളകിനാനേഷ ചെമ്പോത്തുപോലേ,
കൂഴ്ത്താൻ കാമീ മദനനിവപോന്നാഗതേ വീരചന്ദ്രേ,"
എന്ന പദ്യത്തിൽ വര്‍ണ്ണിക്കുന്നതുപോലെ നായകൻ സന്തോഷിക്കുന്നതിനു വിശേഷകാരണവുമില്ല.
മുണ്ടയ്ക്കൽ ഒരു നായർ തറവാടും ഉണ്ണുനീലി ഒരു നായർ സ്ത്രീയുമാണെന്നുതന്നെയാണു് എന്റെ വിശ്വാസം. സാമന്തജാതിയിൽപ്പെട്ട വടക്കുംകൂർ രാജാക്കന്മാര്‍ക്കു നായർകുടുംബങ്ങളിൽനിന്നല്ലാതെ അക്കാലത്തു സംബന്ധത്തിനു മാറ്റമുണ്ടായിരുന്നതായറിയുന്നില്ല. മുണ്ടയ്ക്കൽ ഒരു നായർതറവാടായിരുന്നുവെന്നും ഇടക്കാലങ്ങളിലാണു് അതു നായന്മാരെ വിട്ടു ക്രിസ്ത്യാനികൾക്ക് അധീനമായതു് എന്നും ഞാൻ മുമ്പു പ്രസ്താവിച്ചുവല്ലോ. കടുത്തുരുത്തിതന്നെ സുന്ദരിമാര്‍ക്കു കേൾവിപ്പെട്ടിരുന്ന ഒരു സ്ഥലമാണെന്നാണ് നാം ശുകസന്ദേശത്തിലെ
"സന്ധ്യാലക്ഷ്മീം മൃദുലഹസിതജ്യോത്സ്നയാ യത്ര ശശ്വൽ
ബന്ധൂകാഭൈരധരമണിഭിശ്ചാപി ബദ്ധ്നന്തി നാര്യഃ"
എന്ന ശ്ലോകാർത്ഥത്തിൽനിന്നും മറ്റും അനുമാനിക്കേണ്ടതു്. ഉണ്ണുനീലി സന്ദേശത്തിൽ,
"ഓരോ പെൺമാൻമിഴികൾ ഭവനംതോറുമുൾപ്പെട്ടു ചെന്റ-
ങ്ങാരാഞ്ഞെല്ലാപ്പൊഴുതുമിടമാടമ്പു വാരാതവണ്ണം
വീരന്മാർമേൽപ്പുലര മലരമ്പെയ്തു താൻ വീരനാവാൻ
മാരന്നൂണും കുളിയുമവിടെച്ചാല വൈകിന്റുതല്ലോ"
എന്നും മറ്റും കാണുന്ന പദ്യങ്ങളുടെ താല്പര്യവും ഇതുതന്നെയാണു്. എല്ലാംകൊണ്ടും ക്രി. പി. പതിന്നാലാം ശതകത്തിന്റെ മദ്ധ്യത്തിൽ കടുത്തുരുത്തി ഉത്തരതിരുവിതാംകൂറിലെ ഉജ്ജയിനിയായിത്തന്നെ ശോഭിച്ചിരിക്കണം. ആ നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ഒന്നും പറയാതിരിക്കുന്നതാണു് ഭേദം.
"കസ്യോൽപന്നം സുഖമവിരതം ദുഃഖമേകാന്തതോ വാ
നീചൈര്‍ഗ്ഗച്ഛത്യുപരി ച ദശാ ചക്രനേമിക്രമേണ."
എന്നു കാളിദാസർ പറയുന്നതുപോലെ വിധിയന്ത്രത്തിരിപ്പിൽ അകപ്പെടുന്ന ഏതു വസ്തുവിനും ഉച്ചനീചത്വങ്ങൾ നൈസര്‍ഗ്ഗികമാണെന്നു വിചാരിച്ചു സമാധാനപ്പെടുവാനേ നിവൃത്തി കാണുന്നുള്ളു. സന്ദേശത്തിന്റെ ഉത്തരാര്‍ദ്ധത്തിൽ കവി നായികയെപ്പറ്റി വര്‍ണ്ണിച്ചിരിക്കുന്ന ഭാഗം ഏറ്റവും ഹൃദയംഗമമായിരിക്കുന്നു. "ഉണ്ണുനീലിതിരുനാൾ നീണാൾ വിളങ്ങീടുക" "ഇല്ലത്തിന്നുന്നതിൻ തേ വിതരതി" "മുണ്ടയ്ക്കലെന്മോരില്ലം" ഇത്യാദി വരികളിൽനിന്നു് ഉണ്ണുനീലി ഒരു നായർസ്ത്രീയല്ലെന്നുവരുന്നില്ല. ഇല്ലത്തിനു ഭവനമെന്നേ വാസ്തവത്തിൽ അര്‍ത്ഥമുള്ളൂ. തിരുനാൾ എന്നു തന്റെ പ്രേയസിയുടെ ജന്മദിനത്തെ ഉദ്ദേശിച്ചു പ്രണയപരവശനായ ഒരു നായകനു പറഞ്ഞുകൂടുന്നതല്ലെന്നു വിധിയുമില്ല.
ഗ്രന്ഥത്തിലെ ഭാഷാരീതിയേയും ചമല്ലാരധോരണിയേയും മറ്റും പറ്റി ഈ അവസരത്തിൽ ഒന്നും ഉപന്യസിക്കണമെന്നുദ്ദേശിക്കുന്നില്ല. ഇതു കൂടാതെ ഇതിൽനിന്ന് അനേകം ചരിത്രരഹസ്യങ്ങൾ വെളിവാകുന്നതിനെപ്പറ്റിയും ഇപ്പോൾ ഒന്നും എഴുതുന്നില്ല. ഈ ഗ്രന്ഥത്ത പൊതുജനോപകാരപ്രദമാക്കി രസികരഞ്ജിനിയിൽ ആദ്യമായി പ്രസിദ്ധീകരിച്ച ആ സഹൃദയശിരോമണി അപ്പൻതമ്പുരാൻതിരുമേനിയോടു കേരളീയര്‍ക്കുള്ള കടപ്പാടു് ഒരുകാലത്തും തീരുന്നതല്ല.
1091-മേടം