Loading...
Home / 2026 / ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ / ഉള്ളൂര്‍ ലേഖനങ്ങള്‍ / നിരണം കവികൾ ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

നിരണം കവികൾ

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

"മദ്ധ്യകാലമലയാളമാതൃകകൾ" എന്ന ഗ്രന്ഥപരമ്പരയുടെ ഒന്നാംഭാഗമായി കണ്ണശ്ശരാമായണം ആരണ്യകാണ്ഡം ഞാൻ 1084-ൽ പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ അവതാരികയിൽ "ഭാഷാഭിമാനികളുടെ സഹായം വേണ്ടതുപോലെ ഉണ്ടാകുമെങ്കിൽ രാമായണത്തിന്റെ ശേഷം കാണ്ഡങ്ങളും ഉത്തരരാമായണവും, ഭാരതവും, ഭഗവൽഗീതയും കൂടി എന്റെ കൈവശമുള്ളതു ക്രമേണ അച്ചടിപ്പിക്കാമെന്നുദ്ദേശിക്കുന്നു" എന്നു പ്രസ്താവിച്ചിരുന്നു. അവയിൽ ഭഗവൽഗീതയും, അന്നു ഞാനും ഇന്നുവരെ മറ്റാരും കാണാത്തതായ ശിവരാത്രി മാഹാത്മ്യമെന്ന ഒരപൂർവകൃതിയും ഇപ്പോൾ മഹാജനസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.


തിരുവല്ലാതാലൂക്കിൽ ചേര്‍ന്ന നിരണം എന്ന സ്ഥലത്തു തൃക്കപാലീശ്വരം എന്നൊരു ശിവക്ഷേത്രമുണ്ടു്. ഈ ക്ഷേത്രത്തിനു മുൻകാലത്തു ഇന്നത്തേക്കാൾ അധികം പ്രസിദ്ധിയുണ്ടായിരുന്നു ഇതിനു കുറെ അകലത്തായി കണ്ണശ്ശൻപറമ്പു് എന്ന പേരിൽ ഒരു പുരയിടം ഇപ്പോഴുമുണ്ടു്. ഈ പുരയിടമാണു് മഹാകവി കണ്ണശ്ശപ്പണിക്കരുടെ ജന്മഭൂമി. ക്ഷേത്രത്തിൽ നിന്നു സ്വഗൃഹത്തിലേക്കു പോകുന്നതിനുള്ള ലക്ഷ്യം കാണിച്ച് അദ്ദേഹം 'ചെമ്പൊടിരുമ്പു മുരുക്കുശരക്കോലമ്പത്തീരടിമുൻപുവലത്തു' എന്നൊരു കവി പാടീട്ടുള്ളതായി ഐതിഹ്യമുണ്ട്. ഇതിന്റെ അര്‍ത്ഥം ക്ഷേത്രത്തിനു സമീപം ഒരു മൂശാരിയുടേയും അതിനപ്പുറത്തായി ഒരു കൊല്ലന്റേയും അതിനുമപ്പുറത്തായി ഒരാശാരിയുടേയും വീടുകളുണ്ടായിരുന്നു എന്നും ആശാരിയുടെ വീട്ടിനു് അമ്പത്തിരണ്ടടി മാറി വലതുവശത്തായിരുന്നു തന്റെ ഗൃഹമെന്നുമാണു്.


നിരണത്തു ജനിച്ചവരായി ഏകദേശം സമകാലീനന്മാരെന്നു പറയാവുന്ന മൂന്നു ഭാഷാകവികളെപ്പറ്റി നമുക്കിപ്പോളറിവുണ്ടു്. അവരിൽ ഒന്നാമൻ ഭഗവൽഗീതാകര്‍ത്താവായ മാധവപ്പണിക്കരും, രണ്ടാമൻ ഭാരതമാലാകർത്താവായ ശങ്കരപ്പണിക്കരും, മൂന്നാമൻ രാമായണാദി വിവിധ ഗ്രന്ഥനിര്‍മ്മാതാവായ രാമപ്പണിക്കരുമാണു്. തന്റെ അമ്മയുടെ അമ്മാവനായിരുന്നു കണ്ണശ്ശപ്പണിക്കർ, അഥവാ കരുണേശൻ എന്നു രാമപ്പണിക്കർ ഉത്തരരാമായണത്തിന്റെ അവസാനത്തിൽ താഴെ കാണുന്ന പാട്ടിൽ പ്രതിപാദിക്കുന്നു.


"വാനുലകിനുസമമാകിയ നിരണ-
മഹാദേശേ താൻ വന്നുളനായാ-
നൂനമിലാത മഹാഗുരുവരനാ-
യുഭയകവീശ്വരനായ മഹാത്മാ
മാനിതനാകിയ കരുണേശൻ പര-
മാത്മാവേ താനെന്നറിവുറ്റേ
ദീനതവാരാതേ മറ്റോരോ
ദേഹികളെപ്പോൽ വാണ്ണാൻ പലനാൾ.
ആനവനിരുവർ തനൂജരുളന്മാ-
രായാരവരുടെ സോദരിമാരായ്
മാനിനിമാരൊരുമൂവർ പിറന്നാർ
മറ്റതുകാലമവൻതിരുവടിയും
താനുടെനേ തന്നുടലൊടുവേറായ്
തനിയേ പരമാത്മാവേയായാ-
നാനവനോടെതിരായ് വിദ്യാധിപ-
രായാർ പുനരവനുടെ തനയന്മാർ,
തനയന്മാരാമവരിരുവര്‍ക്കു
സഹോദരിമാർമൂവക്കും മകനാ-
യനുപമയായവൾ മൂവരിലിളയവ-
ളാകിയമാനിനിപെറ്റുളനായാൻ
ഇനിയമഹാദേവാജ്ഞയിനാലേ-
യിതമൊടുവാലകനാകിയ രാമൻ
പുനരവനും നിജപാപംകളവാൻ
പുരുഷോത്തമകഥചൊല്ക തുനിഞ്ഞാൻ."


ഇതിൽനിന്നു രാമപ്പണിക്കരുടെ മാതാമഹൻ പ്രസിദ്ധപണ്ഡിതനും പരമയോഗിയും മഹാവിശിഷ്ടനുമായ ഒരു പുരുഷരത്നമായിരുന്നു എന്നും അദ്ദേഹം "ഉഭയകവീശ്വരൻ" അതായതു മലയാളത്തിലും സംസ്കൃതത്തിലും കവനം ചെയ്യുന്ന മഹാന്മാരിൽ പ്രഥഗണനീയനായിരുന്നുവെന്നും അദ്ദേഹത്തിനു രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരുമുണ്ടായിരുന്നു എന്നും പുത്രന്മാർ രണ്ടുപേരും അച്ഛനേപ്പോലെതന്നെ വിദ്യാധിപർ അഥവാ മഹാവിദ്വാന്മാരായിരുന്നു എന്നും രാമപ്പണിക്കർ അവരുടെ ഒടുവിലത്തെ സഹോദരിയുടെ പുത്രനായിരുന്നു എന്നും തെളിയുന്നുണ്ടു്. കണ്ണശ്ശരാമായണം എന്ന് ഗ്രന്ഥത്തിനു പേർ വന്നത് അതു കണ്ണശ്ശന്റെ വംശജനായ ഒരു കവി നിര്‍മ്മിച്ച രാമായണമായതുകൊണ്ടായിരിക്കാം; അഥവാ തന്റെ വലിയമ്മാവന്റെ പേരാൽ രാമപ്പണിക്കരും അറിയപ്പെട്ടിരുന്നു എന്നും വന്നുകൂടായ്കയില്ല. രാമായണം, കവിയുടെ ബാല്യത്തിലെ കൃതിയാണെന്നുള്ളതിനു യുദ്ധകാണ്ഡത്തിൻ അവസാനത്തിൽ


"അവനിയിൽനന്മചേർനിരണംതനിക്കൊരു ദീപമായ്മ-
റ്റവതരണംരചയ്താൻ കരുണേശനാകിയ ദേശികൻ മ-
റ്റവനവണ്ണം പിറന്നുള്ള പുത്രരാമവർകൾക്കെല്ലാമൻ-
പമർമരുകൻ കനിന്തൊരു രാമദാസനതീവബാലൻ
അവനിയിൽമുമ്പു മാമുനിതാനിയറ്റിയ ചാരുരാമാ-
യണമതുകണ്ടതീവ ചുരുക്കമായിവണ്ണം മൊഴിന്താൻ."


എന്നു കാണുന്ന പാട്ട് ലക്ഷ്യമാണു്. മരുകൻ എന്ന പദത്തിനു മരുമകൻ എന്നാണര്‍ത്ഥം. രാമായണത്തിനു പിന്നീടാണു രാമപ്പണിക്കർ ഭാരതമുണ്ടാക്കിയതു്.


"കളവാൻ പാപം മുന്നേ രാമ-
കഥാമൊട്ടായപ്രകാരം ചൊന്നേ-
നിളയാതേ ശ്രീകൃഷ്ണകഥായാ-
മിനിയെളുതൊരുപടി ചൊല്കതുനിഞ്ഞേൻ.
എളിയോനകുതിയിവൻപുനരെന്റോര്‍-
ത്തെന്നെയിതിന്നികഴാരറിവുടയോർ;
ജളരാമവരപരാധംചൊന്നാൽ
ചേതവുമില്ല നുറുങ്ങു നമുക്കോ."


എന്നുള്ള ഭാരതത്തിലേ പാട്ട് ഇതിനു ലക്ഷ്യമാകുന്നു. അകുതി അഗതിയുടെ തത്ഭവമാണ്.


ഈ കവിയുടെ കൃതിതന്നെയാണ് ശിവരാത്രിമാഹാത്മ്യവും.


"ഇതു നിരണത്തു കപാലീശ്വരമാര്‍-
ന്നീടിന പശുപതിതന്നരുളാലേ-
യിതമൊടവൻതിരുവടിയുടെ ചരിത-
മിയമ്പുവതിതുനിഞ്ഞിതു മുറ്റും
ബത! ഗുരുനാഥന്മാരറിവിടിയ
വേദവ്യാസാദികളുമെനിക്കി-
ങ്ങതിസുഖമായ് നൽകീടുക വരമി-
ങ്ങണയാ മമ പാതകമിതുചൊന്നാൽ
ആരണരാദിസമസ്ത പ്രാണിക-
ളാമവർകൾക്കും പാപം കളവാൻ
കാരണമാകിയ ശിവരാത്രൌ വ്രത-
കഥയിതു തന്നാലായ പ്രകാരം
സാരതയില്ലാതകുതിയിരാമൻ
താൻ നിരണത്തുകപാലീശ്വരമേ
ചേരുമുമാപതിതന്നരുളാലേ
ചെയ്താനേവം ഭാഷയിനാലേ".


എന്ന പാട്ടുകളിൽനിന്നു വിശദമാകും.


രാമപ്പണിക്കരുടെ ഭാരതം ശങ്കരപ്പണിക്കരുടെ ഭാരതമാലയിൽ നിന്നു വ്യത്യസ്തമാണു്. ഭാരതമാലാകര്‍ത്താവു ഗ്രന്ഥാവസാനത്തിൽ തന്നെപ്പറ്റി,


"തന്നുണർവേ സംസാരച്ഛേദ-
സമസ്തവുമായേ കാലവുമെങ്ങും
തുന്നിനിറന്തഖിലത്തിനുമൊത്തു
തുരീയാതീതവുമായുണർവായേ
തന്നുണർവായുണർവേ വടിവാകി-
മഹാഭാരതകഥ ശങ്കരനൻപൊടു
ച്ചൊന്നതുരയ്പവരെയ്തുവരെന്നും
ശോകമൊഴിന്തവനന്തസുഖത്തെ"


എന്ന പാട്ടിൽ പ്രസ്താവിച്ചിട്ടുണ്ടു്. രാമപ്പണിക്കരുടെ ഭാരതം ഭാരതമാലയെക്കാൾ വളരെ വിസ്തരിച്ചു് എഴുതീട്ടുള്ളതാണു്. അതു് അവസാനിപ്പിക്കുവാൻ കവിക്കു് ഇടവന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.


ദ്രോണപർവത്തിനു മേലുള്ള ഭാഗങ്ങൾ എനിക്കു കാണ്മാൻ സാധിച്ചിട്ടില്ല.


ഇതുകൂടാതെ രാമപ്പണിക്കർ ശ്രീമത്ഭാഗവതം ദശമസ്തന്ധം വിസ്തരിച്ചു മലയാളത്തിൽ പാട്ടാക്കീട്ടുണ്ടു്. ഇതിനു കണ്ണശ്ശഭാഗവതം എന്നു പേർ പറയുന്നു. ഈ മഹാഗ്രന്ഥത്തിന്റെ അവസാനത്തിൽ നിന്നു മാതൃകയ്ക്കായി ചില പാട്ടുകൾ ഉദ്ധരിച്ചുകൊള്ളുന്നു.


"ഇതമായിവണ്ണം കുരുവരനാ-
യീടിന നല്ല പരിക്ഷിത്തിന്നായ്
മതിമാനാകിയ ശ്രീശുകമാമുനി
മംഗലനാകിയ ശ്രീകൃഷ്ണന്റെ
പുതുതാം നാഴികതോറുമുളാകിയ
പുണ്യമതായീടും കഥചൊന്നതു-
മതുഞാനായവണ്ണം ഭാഷയിതാ-
ലാദരവോടിതുകാലം ചൊന്നേൻ
ആദരവോടു പരാശരതനയനു-
മാകിയ ശ്രീവേദവ്യാസൻ മുനി
മാധുര്യാദികളോടരുൾചെയ്ത
മഹാകഥ ശ്രീഭാഗവതമിതിഹഞാൻ
ഏതുമറിഞ്ഞീടാതൊരുബാലക-
നെതിരായേ ചൊന്നേനിവിടെപ്പല
ചേതമുളായീടുകിലും മഹത്തുകൾ
ചീറായ്മകുതിയിതെന്റുമറിഞ്ഞേ
അറിവേ വടിവാകിയ നാരായണ-
നാകിയ ശ്രീകൃഷ്ണനുടേ സൽകഥ-
യുറവൊടുചൊല്ലീടുകവെന്റാലൊ-
ന്റാര്‍ത്തീടുക മാനസമതുകര്‍ണ്ണം
നിറമൊടേ കേട്ടീടുകയിതിനെ
നിനച്ചുമുരത്തും കേൾപ്പവർ തമ്മോ-
ടുറവേറുകമാനസമിതുവരുവാ-
നോമനയോടിതുചൊല്ലീതടിയേൻ
അടിയേനിവണ്ണം ഭൂമിയിലേ വാ-
ണ്ണരുളുകിലും സ്വര്‍ഗ്ഗംമേവുകിലും
കൊടുതായ്‍മേവീടിന്റവരരികേ
കൊണ്ടായീടുകിലും ചിതമായേ
അടിയാര്‍ക്കരുവിനതീര്‍ത്തരുളും നി-
ന്നടിമലരിണയിലുറച്ചൊരു ഭക്തിയെ
യടിയേനരുളുക പരമാനന്ദാ!
അച്യുതനേ! നാരായണ! ദേവ!
നാരായണനേ! പരമാനന്ദാ!
നന്മറയിനുമുൾപ്പൊരുളായ്മേവിയ
കാരാർമുകിൽ വര്‍ണ്ണാ! കരുണേശാ!
കമലോത്ഭവനും കര്‍ത്താവായേ
പേരായിരമിയലും പരമേശാ!
പേർത്തു പേർത്തുമിതെവിടെയിതടിയൻ
നേരേ തത്ര പിറക്കിൻറവിടേ
നിനവീടുക നിന്മലരടിയെന്റും
അടിമലരിണയിലുറച്ചൊരുഭക്ത്യാ-
വേഗത്തോടേ നിന്നുടെ കഥകളെ
വടിവൊടു കീർത്തിപ്പാൻ കേൾപ്പാനും
മംഗലമായീടിന്റൊരു ഭാഗ്യം
തടവുകളീടാതേയൊരുനാളും
തന്നീടുക;പുനരതിനെയൊഴിച്ചൊ-
ന്റടിയേനില്ലൊരപേക്ഷ മുകുന്ദാ!
അച്യുതനേ! നാരായണ! ദേവാ!
ദേവകിമകനായേയവതാരം
ദേവകൾ വിധിയാലേ ചെയ്തീടിയ
പൂവിൽമടന്തമണാളൻതന്നുടെ
പുണ്യമതായീടും കഥ ചെമ്മ
ആവിയിലുളവായീടും ദുരിത-
മറുംപടി രാമനുരത്തീടിയകവി
ഏവരുരത്തീടിന്റവരേവരു-
മെയ്തീടും പരമാമറിവോടേ."


ശങ്കരകവി ശ്രീകൃഷ്ണവിജയകര്‍ത്താവാണെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുള്ള സ്ഥിതിക്കു ഭാരതമാലയുടെ നിര്‍മ്മാതാവായ ശങ്കരപ്പണിക്കർ അന്യനാണെന്നു പറയേണ്ടതില്ലല്ലൊ. ഭാരതമാലാകാരനും ഭഗവൽഗീതാകാരനായ മാധവപ്പണിക്കരും "താനവനോടെതിരായ് വിദ്യാധിപരായാർ പുനരവനുടെ തനയന്മാർ" എന്നു രാമപ്പണിക്കർ പ്രശംസിക്കുന്ന തന്റെ വലിയമ്മാവന്മാരുടെ പുത്രന്മാരാകുവാൻ ന്യായമുണ്ടു്.


ഈ മൂന്നു കവികളും കൊല്ലം ആറാം ശതവഷത്തിലാണ് ജീവിച്ചിരുന്നതു്. അവരുടെ കൃതികൾ അന്നു നാട്ടിൽ നടപ്പുണ്ടായിരുന്ന ഭാഷയിലത്രേ എഴുതപ്പെട്ടിട്ടുള്ളതു്.


നിരണകവികളുടെ വൃത്തത്തിനു നിരണവൃത്തം എന്നൊരു പേർ മുൻപിനാലേ ഉള്ളതാണ്. നിരണകവികൾക്കു വാസ്തവത്തിൽ നാലു വൃത്തങ്ങളുണ്ടു്. അവയിൽ പ്രധാനമായിട്ടുള്ളതു പതിനാറു മാത്രകൾ വീതമുള്ള രണ്ടു ഖണ്ഡങ്ങളോടുകൂടിയ നാലു പാദങ്ങൾ അടങ്ങിയ ഒരു വൃത്തമാണ്. ഒരു പാട്ടിൽ 128 മാത്രകൾ വീതമുണ്ടായിരിക്കണമെന്നാണു കണക്കു്. ഈ വൃത്തം തന്നെയാണു് അനന്തരകാലങ്ങളിൽ പ്രകാരാന്തരേണ ഓട്ടൻതുള്ളലായി പരിണമിച്ചുകാണുന്നതു്. ശിവരാത്രിമാഹാത്മ്യം മുഴുവൻ ഈ വൃത്തത്തിൽ തന്നെ ഗ്രഥിക്കപ്പെട്ടിരിക്കുന്നു. ഭഗവൽഗീത ആറാമദ്ധ്യായത്തിൽ കുറെ ഭാഗങ്ങളിൽ പാദത്തിനു മുപ്പത്തെട്ടും ചില പാട്ടുകളിൽ നാല്പതും വീതം മാത്രകൾ കാണുന്നുണ്ടു്. പതിനൊന്നാമദ്ധ്യായത്തിൽ കുറേ പാട്ടുകൾ അൻപതു മാത്രകൾവീതമുള്ള പാദങ്ങളിലും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഇവയിൽ ആദ്യത്തേതൊഴിച്ചു മറ്റു വൃത്തങ്ങളെല്ലാം ഭാഷയിൽ അതിനുമുമ്പുതന്നെ പ്രചുരപ്രചാരങ്ങളായിരുന്നു. ഇതുകൂടാതെ അന്താദിപ്രാസവും പൂർവസമ്പ്രദായമനുസരിച്ചു നിരണകവികൾ സ്വീകരിച്ചിരുന്നു.


ശിവരാത്രിമാഹാത്മ്യകര്‍ത്താവിന്റെ കവിതാസാമര്‍ത്ഥ്യം സുപ്രസിദ്ധമാകയാൽ അതിനെപ്പറ്റി ഇവിടെ ഒന്നും പ്രസ്താവിക്കണമെന്നു വിചാരിക്കുന്നില്ല. കണ്ണശ്ശരാമായണത്തിലെ സാരള്യാദിഗുണങ്ങൾ മുഴുവൻ ഈ ഖണ്ഡകാവ്യത്തിലും പ്രതിഫലിച്ചു കാണുന്നു എന്നു മാത്രമേ സമഷ്ടിയായി അതിനെപ്പറ്റി പ്രസ്താവിക്കേണ്ടതുള്ളു.


സകലോപനിഷൽസാരസർവസ്വവും ഭാരതീയരുടെ ആത്മാഭിമാനത്തിനു ശാശ്വതഭാജനവുമായ ഭഗവൽഗീതയുടെ മാഹാത്മ്യത്തെയും മറ്റും പറ്റി എന്തെങ്കിലുമെഴുതുകയെന്നുവച്ചാൽ അതുതന്നെ ഒരു പ്രത്യേക പുസ്തകമായി തീര്‍ന്നേയ്ക്കുമെന്നുള്ള ഭയം എന്നെ ആ സാഹസത്തിൽ നിന്നു വിരമിപ്പിക്കുന്നു. മനുഷ്യന്റെ മാനസികങ്ങളായ സന്ദേഹങ്ങൾക്കു് ഈ ഗ്രന്ഥപാരായണത്തിൽ നിന്നു സിദ്ധിക്കുന്ന നിർവൃതി അന്യാദൃശമാണെന്നുള്ളതു് ആര്‍ക്കും അനുഭവവേദ്യമാണു്. ഈ മഹാഗ്രന്ഥത്തിന്റെ ആവിർഭാവം ബുദ്ധാവതാരത്തിനു മുമ്പാണെന്നുള്ളതിനു യാതൊരു സംശയവുമില്ല. ഭാരതഭൂമിയിൽ കൃഷ്ണാരാധനം ക്രിസ്തുവിന്റെ ജനനത്തിനു പിന്നീടാണെന്നും കൃഷ്ണപദം തന്നെ ക്രിസ്തു പദത്തിന്റെ തത്ഭവമാണെന്നും ചിലരുടെ ഇടയിൽ സമീപകാലംവരെ ഉണ്ടായിരുന്ന വിശ്വാസം ആപാദചൂഡം അസംഗതമാണെന്നു് ഇപ്പോൾ എല്ലാവരും സമ്മതിക്കുന്നു. അതിനു കാരണം ക്രിസ്തുവിന്റെ ജനനത്തിനുമുമ്പു സിയോൺ എന്ന ഗ്രീക്കുകാരന്റെ പുത്രനായ ഹെലിയൊഡോറസ് എന്ന കൃഷ്ണഭക്തൻ ഗ്വാളിയോർ രാജ്യത്തിന്റെ ദക്ഷിണഭാഗത്തിൽ വിദിശാനഗരത്തിനു സപീപമുള്ള വേശനഗരത്തിൽ വാസുദേവാരാധനത്തിനുവേണ്ടി സ്ഥാപിച്ചിരുന്ന ഗരുഡദ്ധ്വജപ്രതിമ പുരാവസ്തുസംരക്ഷകർ ഈയിടയ്ക്കു കണ്ടുപിടിച്ചിട്ടുള്ളതാണു്. ഭക്തിയോഗം ശതപഥ ബ്രാഹ്മണകാലത്തിൽത്തന്നെ ഹിന്ദുക്കൾക്കു സുപരിചിതമായിരുന്നു. അതിൽ പ്രതിപാദിക്കുന്നതുപോലെ ഐശ്വര്യത്തേയും സ്വരാജ്യത്തേയും ആധിപത്യത്തേയും പ്രദാനംചെയ്യുന്ന സർവമേധം ഭക്തിയോഗത്തിന്റെ പര്യായമല്ലെന്നു് ആര്‍ക്കും വാദിക്കാവുന്നതല്ല.


കേരള ഭാഷാസാഹിത്യത്തിന്റെ ദാരിദ്ര്യദുഃഖത്തെപ്പറ്റി ശോചിക്കുന്നവർ പലരുമുണ്ടു്; അവരോട് ഞാൻ ആ ഭാഷയിലാണ് ലോകത്തിൽ ഭഗവൽഗീത ആദ്യമായി സംസ്കൃതത്തിൽനിന്നു തര്‍ജ്ജിമ ചെയ്യപ്പെട്ടുകാണുന്നതു് എന്നു പറഞ്ഞാൽ അവരുടെ മനസ്സിൽ അങ്കുരിക്കുന്ന വികാരങ്ങൾ എന്തായിരിക്കുമെന്ന് ഊഹിക്കുവാൻ കൂടി പ്രയാസമാണു്. ഈ ഒരു സംഗതി കേരളീയര്‍ക്കു മഹത്തും ശാശ്വതവുമായ അഭിമാനത്തിനു കാരണമാകുന്നു.


"ഉഴറിയരുളീന മൊഴികളുപനിഷത്താകയാലോതിനാർ ഗീതയെന്നാദരാൽ ജ്ഞാനികൾ" എന്നുമാത്രം ഭഗവൽഗീതയെപ്പറ്റി എഴുതി കൂടുതൽ ഒരക്ഷരം മിണ്ടാതെ തുഞ്ചത്തെഴുത്തച്ഛൻ അപ്പുറത്തേയ്ക്കു കടന്നതു മലയാള ബ്രാഹ്മണരെ കുറിച്ചുള്ള ഭയംനിമിത്തമാണെന്നു ചിലരുടെ ഇടയിൽ ഇന്നും ഒരന്ധവിശ്വാസമുണ്ടു്. അദ്ദേഹത്തിന്റെ കാലത്തിനു ഏകദേശം ഇരുനൂറുകൊല്ലത്തിനു മുമ്പുതന്നെ കൊല്ലും കൊലയും നടത്തി രാജ്യപരിപാലനം ചെയ്തുവന്ന ഒരുകൂട്ടം മലയാളബ്രാഹ്മണരുടെ -പത്തില്ലത്തിൽ പോറ്റിമാരുടെ-കൊഴുവനായ മറ്റൊരു ചക്കാലനായര്‍ക്കു ശാങ്കരഭാഷ്യത്തോടുകൂടി ഭഗവൽഗീത വായിച്ചു മനസ്സിലാക്കുന്നതിനും അതു ലോകാനുഗ്രഹാര്‍ത്ഥം മലയാളത്തിൽ തർജിമചെയ്യുന്നതിനും എങ്ങനെ സാധിച്ചു എന്നുള്ള ചോദ്യത്തിനുത്തരം പറവാൻ ഈ വിശ്വാസം നമ്മെ സഹായിക്കുന്നില്ല. എഴുത്തച്ഛൻ ഭഗവൽഗീത ഭാഷാന്തരപ്പെടുത്താത്തതു തന്നെപ്പോലെ ഒരു മഹാകവി ആ പണി അതിനു മുമ്പുതന്നെ കഴിച്ചിരുന്നതിനാലാണെന്നു സ്പഷ്ടമാകുന്നുണ്ടു്. എഴുത്തച്ഛൻ കവിതാവിഷയത്തിൽ പൂർവസൂരാകളോടും പ്രത്യേകിച്ച് നിരണ കവികളോടും അത്യധികം കടപ്പെട്ടിരുന്നു.


മാധവപ്പണിക്കർ ഒരു പണ്ഡിതസാർവഭൌമനും ഭക്തശിരോമണിയുമായ മഹകവിയായിരുന്നു എന്നുള്ളതിനും ഈ ഭഗവൽഗീത പര്യാപ്തമായ ലക്ഷ്യമാണു്. ശ്രീകൃഷ്ണനെപ്പറ്റി ഓരോ അദ്ധ്യായാവസാനത്തിലും കാണുന്നതും മൂലത്തിലില്ലാത്തതുമായ വര്‍ണ്ണനകൾ എത്ര ഹൃദയംഗമങ്ങളായിരിക്കുന്നു! ശബ്ദാര്‍ത്ഥങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന നിഷ്കര്‍ഷത്തിനു താഴെക്കാണുന്ന രണ്ടു പാട്ടുകൾ മൂര്‍ദ്ധാഭിഷിക്തോദാഹരണങ്ങളാണെന്നു ഞാൻ വിചാരിക്കുന്നു.


"അഴുതളവേ കണ്ണീർ മെയ്‌മാർവി-
ലതീവപൊഴിഞ്ഞുടനര്‍ജ്ജുനഹൃദയേ-
മുഴുതുമെഴും ശോകാഗ്നിശമിക്ക
മുകുന്ദാഞ്ജനമേഘം തന്നിടയേ
അഴകിയ മന്ദസ്മിതമിന്നോടു-
മനന്തരമേ ചൊൽധാരകളോടും
വഴിയേയുണ്മജ്ഞാനാമൃത മഴ-
വര്‍ഷിപ്പാൻ വടിവൊടു നിനവുറ്റാൻ
അംഭോജങ്ങൾ വിരിഞ്ഞതിനാലേ-
യഖിലതരം വാപികൾ ശോഭിക്കും
കൊമ്പോടുയർകരിയും ശോഭിക്കും
കൂടൊഴുകീടിന മദജലമതിനാൽ;
പൊൻഭൂഷണമതിൽമണിശോഭിക്കും;
ഭുവനം ശോഭിക്കും ഭാസ്കരനാ-
ലമ്പേറീടിന ഭഗവൽഗീതയു-
മറിവോർസഭനടുവേ ശോഭിക്കും."  18-43.


പണിക്കരുടെ കവിതാവാസന മൂലത്തിന്റെ വിഷയസ്വഭാവത്താൽ ഏറെക്കുറെ ബദ്ധമെന്നപോലെയും, ബന്ധനത്തിൽനിന്നു അവിടവിടെ മോചനം ലഭിക്കുമ്പോൾ പൂർവാധികം ലളിതമനോഹരമായും കാണപ്പെടുന്നു.


"തുടരില്ലാമദയാനകണക്കേ "


"പൊന്നിൽ വിളങ്ങും മണിപോൽ, "


"വിലയറിവാനരുതാകിയരത്നം... ...
... ... ... മഹിമവിരോധം വരുമോ"


"പേയുയിർമുലയോടുണ്ടളയുംതയിർ
... ... ... ആലിലയിൽ വളര്‍ന്നോൻ,"


ഇത്യാദി പദപ്രയോഗങ്ങൾ നോക്കുക. പണിക്കരുടെ ഫലിതരസത്തിലുള്ള പ്രതിപത്തിക്കും ഗീതയിൽനിന്നു് പല ദൃഷ്ടാന്തങ്ങൾ കണ്ടുപിടിക്കാവുന്നതാണു്.


ഭഗവൽഗീതയ്ക്ക് ഇപ്പോൾ ഭാഷയിൽ പദ്യമായും ഗദ്യമായും പല തര്‍ജ്ജിമകളുമുണ്ട്. എന്നിരുന്നാലും കേരളീയർ അറുനൂറോളം കൊല്ലങ്ങൾക്കുമുമ്പു്, അന്യഭാഷകളിൽ ഈ വിശിഷ്ടഗ്രന്ഥം സംക്രാന്തമാകാതെയിരുന്ന ഒരു കാലത്തു്, അതു് അവരുടെ ഭാഷയിൽ തര്‍ജ്ജിമചെയ്ത ഒരു കവിയെ ആദരിക്കുന്നതിലും അദ്ദേഹത്തിന്റെ കവിത വായിച്ചു രസിക്കുന്നതിലും പരാങ്മുഖന്മാരായിരിക്കുകയില്ലെന്നുള്ള വിശ്വാസമാണു് എന്നെ ഈ പുസ്തകപ്രകാശനത്തിനു് ഇപ്പോൾ പ്രേരിപ്പിച്ചതു്.


നിരണകവികളെ അനുകരിച്ചു ഏകദേശം എഴുത്തച്ഛന്റെ കാലത്തിനു സ്വല്പം മുൻപുവരെ അന്താദിപ്രാസത്തോട്ടുകൂടി അവരുടെ വൃത്തങ്ങളിൽ തന്നെ പലരും കവനം ചെയ്തിരുന്നു. ഏകാദശി മാഹാത്മ്യം പാട്ടു്, നളചരിതം പാട്ട് ഇത്യാദി കൃതികൾ ഇക്കൂട്ടത്തിൽ പെട്ടവയാണു്. നളചരിതത്തിൽനിന്നു് ഒരു ഭാഗം താഴെ ഉദ്ധരിക്കാം.


"നളനുടെചരിതമുരയ്പാനിപ്പോൾ
നാന്മുഖനും നാരായണനരനും
തെളിവൊടു ചന്ദ്രാദിത്യന്മാരും
ദേവേന്ദ്രാദ്യമരേന്ദ്രരുമെല്ലാം
വളർമയിൽ തന്മുതുകിൽപൊലിവോനും
മഹിഷാന്തകിയും മാരനുമാര്യനു-
മളവില്ലാതളവെങ്കലനുഗ്രഹ-
മവരവരേ തന്നീടുക ശരണം"


സുബ്രഹ്മണ്യസ്വാമിയെ "വളമയിലിൻമുതുകിൽ പൊലിവോനും" എന്നു വര്‍ണ്ണിച്ചിരിക്കുന്നതു് ഏറ്റവും ഹൃദയംഗമമായിരിക്കുന്നു. വാസ്തവത്തിൽ മലയാളത്തിനു് ആത്മവീര്യം എത്രയുണ്ടെന്നു ശരിക്കു ഗ്രഹിക്കണമെങ്കിൽ ഈവക പ്രാചീനകൃതികളെത്തന്നെ ശരണം പ്രാപിക്കണം. ഇത്തരത്തിലുള്ള കാവ്യനിര്‍മ്മിതി ഇപ്പോൾ കേരളത്തിൽ അസ്തമിതമായി തീർന്നിരിക്കുന്നതു ശോചനീയംതന്നെ.


മദ്ധ്യകാലമലയാളമാതൃകകൾ രണ്ടാം ഭാഗം.
(1095)