Loading...
Home / 2026 / ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ / ഉള്ളൂര്‍ ലേഖനങ്ങള്‍ / ചേരമാൻപെരുമാൾ നായനാർ ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ചേരമാൻപെരുമാൾ നായനാർ

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

തപതീസംവരണം, മുകുന്ദമാല മുതലായ ഗ്രന്ഥങ്ങൾ നിര്‍മ്മിച്ച കുലശേഖര ആൾവാരെപ്പറ്റി ചില സംഗതികളെല്ലാം ഭാഷാപോഷിണിയിൽ ഞാൻ കഴിഞ്ഞകൊല്ലം പ്രസ്താവിച്ചിരുന്നുവല്ലൊ. ഈ ചേരമാൻ പെരുമാളെ എത്രമാത്രം ഭക്തിയോടുകൂടി വൈഷ്ണവന്മാർ ആരാധിച്ചു പോരുന്നുവോ അത്രമാത്രം ശൈവന്മാർ മറ്റൊരു ചേരമാൻപെരുമാളെ ആരാധിച്ചുപോരുന്നുണ്ടു്. ആ പെരുമാളുടെ ചരിത്രമാണ് താഴെ സംഗ്രഹിക്കുന്നതു്.


വിഷ്ണുഭക്തന്മാരായി പന്ത്രണ്ടു ആൾവാരന്മാരുണ്ടായിരുന്നതുപോലെ ശിവഭക്തന്മാരായി അറുപത്തിമൂന്നു നായനാരന്മാർ പ്രാചീനകാലങ്ങളിൽ ദക്ഷിണാപഥത്തിൽ ജീവിച്ചിരുന്നു. ഇവരെ തിരുത്തൊണ്ടർ എന്നും പറയും. "നായൻ" എന്ന പദത്തോടു പൂജകബഹു വചനപ്ര ത്യയമായ "ആർ" ചേര്‍ന്നു് "നായനാർ" എന്ന പദം ഉണ്ടാകുന്നതും അതിന്റെ അര്‍ത്ഥം യജമാനൻ, അഥവാ മഹാൻ എന്നുമാകുന്നു. "തൊണ്ടൻ" എന്ന പദത്തിനു ഭക്തൻ എന്നര്‍ത്ഥം. തിരുത്തൊണ്ടന്മാർ, ഭഗവൽഭക്തന്മാർ. ഈ നായനാരന്മാരെല്ലാം ക്രി. പി. അഞ്ചാം ശതവര്‍ഷത്തിനും എട്ടാം ശതവര്‍ഷത്തിനും ഇടയ്ക്കു ജീവിച്ചിരുന്നവരും ഇവരിൽ പലരും ശിവപരമായി അനേകം വിശിഷ്ടഗാനങ്ങൾ തമിഴിൽ നിര്‍മ്മിച്ചിട്ടുള്ളവരുമാകുന്നു. അറുപത്തിമൂന്നു നായനാരന്മാരെ ചുരുക്കത്തിൽ അറുപത്തിമൂവർ എന്നും പറയാറുണ്ടു്. അറുപത്തിമൂവരിൽ സർവപ്രധാനമായ സ്ഥാനത്തിനു് അർഹന്മാർ, തിരുജ്ഞാനസംബന്ധർ, തിരുനാവുക്കരശർ, സുന്ദരമൂത്തിനായനാർ ഈ മൂന്നു ഭക്തശിരോമണികളാകുന്നു. ഇവരിൽ സംബന്ധമൂര്‍ത്തി ജാതിയിൽ ബ്രാഹ്മണനും തിരുനാവു അരശു നായനാർ വെള്ളാളനും, സുന്ദരമൂർത്തി ഓതുവാർ എന്ന അമ്പലവാസിവഗ്ഗത്തിൽപ്പെട്ട ആളുമായിരുന്നു. തിരുനാവുക്കരശരെ അപ്പർ സ്വാമികൾ എന്നും പറയാറുണ്ടു്. സംബന്ധമൂര്‍ത്തി തന്റെ മൂന്നാമത്തെ വയസ്സിൽ അച്ഛനേയും അമ്മയേയും കാണാതെ കരഞ്ഞുകൊണ്ടിരുന്നപ്പോൾ സാക്ഷാൽ പരാശക്തിയായ പാർവതീദേവിതന്നെ ആ ശിശുവിന്റെ മുമ്പാകെ പ്രത്യക്ഷപ്പെട്ടു സ്തന്യപാനം ചെയ്യിച്ചതായുള്ള ഐതീഹ്യം സുപ്രസിദ്ധമാണ്.


"അഥ മൂര്‍ത്തിമതി ദേവീ ജഗതാം ജനനീശിവാ
ആഗത്യാസ്യാന്തികം ബാലമങ്കേകൃത്വാ ശുചിസ്മിതാ
ദുഗ്‌ധ്വാ സ്തന്യാമൃതാപൂര്‍ണ്ണം ചഷകം ഹേമനിര്‍മ്മിതം
ദദൌ ഗൃഹീത്വാ തദ്വക്ത്രേഃക്ഷുധിതസ്സച തൽ പപൌ.
വേദാന്തബോധമയമംബികയാ വിതീര്‍ണ്ണം
സ്തന്യാമൃതം തദനു പീതവതോർഭകസ്യ
ഉദ്ഗാരപൂരഇവ സൂക്തിസുധാപ്രവാഹോ
വക്ത്രാദജയാത ജഗത്ത്രയതാപഹാരി!"


എന്നു ഭക്തവിജയത്തിൽ വിവരിക്കുന്നതു് ഈ ഐതീഹ്യത്തെയാണ്. ഇതിനേത്തന്നെ സൌന്ദര്യലഹരിയിൽ ശങ്കരാചാര്യസ്വാമികളും


"തവ സ്തന്യം മന്യേ ധരണിധരകന്യേ! ഹൃദയതഃ
പയഃപാരാവാരഃ പരിവഹതി സാരസ്വതമിവ
ദയാവത്യാ ദത്തം ദ്രവിഡശിശുരാസ്വാദ്യ തവ യൽ
കവീനാം പ്രൌഢാനാമജനി കമനീയഃ കവയിതാ."


എന്ന പദ്യത്തിൽ സൂചിപ്പിക്കുന്നു. നീലകണ്ഠദീക്ഷിതരും ഈ ഐതീഹ്യത്തെ ശിവലീലാര്‍ണ്ണവത്തിൽ


'സ്തന്യേന കശ്ചിൽ കവയാംബളവ, താംബൂലസാരേണ പരോ ജനന്യാഃ,
അഹം തതോപ്യുന്നതിമാപ്തുകാമസ്സേവേ തതോപ്യുന്നതമക്ഷികോണം'


എന്ന പദ്യത്തിൽ സ്മരിക്കുന്നു. ദേവിയുടെ താംബൂലസാരം കൊണ്ടു കവിയായതു് പഞ്ചശതിയുടെ നിര്‍മ്മാതാവായ മൂകനാണെന്നു പറയേണ്ടതില്ലല്ലോ. ആചാര്യസ്വാമി, കണ്ണപ്പനായനാർ മുതലായ മറ്റു ചില ശിവഭക്തന്മാരെപ്പറ്റിയും ശിവാനന്ദലഹരിയിലെ


"മാഗ്ഗാവര്‍ത്തിത പാദുകാ പശുപതേരംഗസ്യ കൂർച്ചായതേ;
ഗണ്ഡുഷാംബുനിഷേവണം പുരരിപോർദ്ദിവ്യാഭിഷേകായതേ;
കിഞ്ചിൽഭക്ഷതമാംസശേഷകബളം നവ്യോപഹാരായതേ;
ഭക്തിഃ കിം ന കരോത്യഹോ! വനചരോ ഭക്താവതംസായതേ."


എന്ന പദ്യത്തിലും, ശിവഭുജംഗത്തിലെ


"ന ശക്നോമി കര്‍ത്തും പരദ്രോഹലേശം;
കഥം പ്രീയസേ ത്വം? ന ജാനേ ഗിരീശ;
തദാ ഹി പ്രസന്നോസി കസ്യാപി കാന്താ-
സുതദ്രോഹിണോ വാ പിതൃദ്രോഹിണോ വാ."


എന്ന പദ്യത്തിലും സൂചിപ്പിച്ചിട്ടുണ്ടു്. സംബന്ധമൂര്‍ത്തി, അപ്പർ. സുന്ദരമൂര്‍ത്തി ഇവരേയും തിരുവാചകത്തിന്റെ നിര്‍മ്മാതാവായ മാണിക്യവാചകസ്വാമിയേയും ശൈവസമായാചാര്യന്മാർ എന്നു ദ്രാവിഡർ ഭക്തിപുരസ്സരം വ്യവഹരിക്കുന്നു. മാണിക്യവാചകരും ജാതിയിൽ ബ്രാഹ്മണനായിരുന്നു. അദ്ദേഹത്തിന്റെ കാലം അറുപത്തിമൂവര്‍ക്കു മുൻപാണെന്നുള്ളതി നു സംശയമില്ല. ഈ മഹാത്മാക്കൾ


"വിദ്വൽപ്രിയം വ്യംഗ്യപഥം വ്യതീത്യ ശബ്ദാർത്ഥചിത്രേഷു കലേർവിലാസാൽ
പ്രാപ്നോനുരാഗോ നിഗമാനുപേക്ഷ്യ ഭാഷാപ്രബന്ധഷ്വിവ പാമരാണാം."


എന്ന നീലകണ്ഠദീക്ഷിതരുടെ പദ്യത്തിലെ ചതുർത്ഥപാദത്തിൽ സ്‌ഫുരിക്കുന്ന മനോഭാവത്തിനു വശംവദന്മാരായി മാതൃഭാഷയെ നിരാകരിച്ചിരുന്നു എങ്കിൽ ദ്രാവിഡഭാഷാസാഹിത്യത്തിനു് ഇപ്പോളുള്ള ഉൽക്കര്‍ഷം ഒരിക്കലും ഉണ്ടാകുന്നതല്ലായിരുന്നു. ഇവരുടെ ഭക്തിരസപൂര്‍ണ്ണങ്ങളായ ഗാനങ്ങളെല്ലാം ക്രോഡീകരിച്ച് ക്രി. പി. പതിനൊന്നാം ശതവര്‍ഷത്തിന്റെ ആരംഭത്തിൽ ചോളദേശീയനും രാജരാജ അഭയകുലശേഖരന്റെ സദസ്യനുമായ നമ്പിയാണ്ടാർ നമ്പി എന്ന ബ്രാഹ്മണകവി തിരുമുറൈ എന്ന പേരിൽ പ്രചരിപ്പിച്ചു. നമ്പിയാണ്ടാർ നമ്പിയെ ദ്രാവിഡവ്യാസൻ എന്നു പറയാറുണ്ടു്. തിരുമുറ ആകപ്പാടെ പതിനൊന്നാണു്. അതിൽ ആദ്യത്തെ മൂന്നും സംബന്ധസ്വാമിയുടെയും നാലു മുതൽ ആറുവരെയും അപ്പർസ്വാമിയുടെയും ഏഴാമത്തേതു് സുന്ദരസ്വാമിയുടേയും ഗാനങ്ങളാണു്. ഈ ഏഴ മുറകൾക്കും മൊത്തമായുള്ള പേർ തേവാരം എന്നാകുന്നു. തഞ്ചാവൂർ മുതലായ പല പ്രധാന ശിവക്ഷേത്രങ്ങളിലും അറുപത്തിമൂന്നു നായനാരന്മാരുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു് ആരാധിച്ചുവരുന്നതുപോലെ മിക്ക ശിവക്ഷേത്രങ്ങളിലും പൂജകഴിഞ്ഞു തേവാരം പാടുന്നതിനു പ്രത്യേകം പടിത്തരം ഏര്‍പ്പെടുത്തിക്കാണുന്നുണ്ടു്. തേവാരത്തിൽ ദ്രാവിഡന്മാരുടെ ഋക്കുകളടങ്ങിയിരിക്കുന്നു എങ്കിൽ തിരുവാചകത്തിൽ അവരുടെ ഉപനിഷത്തുകളടങ്ങിയിരിക്കുന്നു. തിരുവാചകം എട്ടാം തിരുമുറയിൽ പെട്ടതാണു്. ഒൻപതാം തിരുമുറയിൽ തിരുമാളികത്തവർ, ചേന്തനാർ, കരുവൂർ തേവർ, പുന്തുരുത്തി നമ്പി, കാടനമ്പി, കണ്ടരാദിത്യൻ, വേണാട്ടടികൾ, തിരുവാലിയമുതനാർ, പുരുഷോത്തമനമ്പി, ചേതിരായർ, ഈ ഒൻപതു കവികളുടെ കൃതികൾ അടങ്ങിയിരിക്കുന്നു. ഇവരിൽ വേണാട്ടടികൾ നമ്മുടെ തിരുവിതാംകൂർ മഹാരാജവംശത്തെ അലങ്കരിച്ച ഒരു മഹാനുഭാവനാണു്. കണ്ടരാദിത്യൻ ഒരു ചോളരാജാവും അദ്ദേഹത്തിന്റെ ജീവിതകാലം ക്രി. പി. ഒൻപതാം ശതവര്‍ഷത്തിന്റെ അവസാനത്തിലുമായിരുന്നു. വേണാട്ടടികൾ കണ്ടരാദിത്യന്റെ സമകാലികനാണെങ്കിൽ അദ്ദേഹവും ഒൻപതാം ശതവഷത്തിന്റെ അവസാനത്തിൽ ജീവിച്ചിരുന്നതായി വിചാരിക്കണം. ഏതുനിലയ്ക്കു നോക്കിയാലും നമ്പിയാണ്ടാർ നമ്പിയെ അപേക്ഷിച്ചു പ്രാചീനനാകാതെയിരിക്കുവാൻ തരമില്ലാത്തതിനാൽ ഈ മഹാരാജാവു് ക്രി. പി ഒൻപതാം ശതവര്‍ഷത്തിലോ പത്താം ശതവര്‍ഷത്തിലോ ജീവിച്ചിരുന്നതായി വിശ്വസിക്കുന്നതിൽ യാതൊരു അസാംഗത്യവുമില്ല. വേണാട്ടിടകളുടെ കൃതിക്കു പേർ തിരുവിചൈപ്പാവ് എന്നാണു്. ചിന്തു മുതലായ പലമാതിരിപ്പാട്ടുകൾക്കും ഇചൈപ്പാവെന്നു മൊത്തത്തിൽ പേരുണ്ടു്. വേണാട്ടടികളുടെ തിരുവിചൈപ്പാവ് "തിരുത്തില്ലെനടംപയിലും നമ്പാൻ" അതായതു സാക്ഷാൽ ചിദംബരത്തിൽ ആനന്ദനര്‍ത്തനം ചെയ്യുന്ന ശ്രീപരമേശ്വരനെ സ്തുതിച്ചുള്ളതും ആകെ പത്തു പാട്ടുകൾ അടങ്ങിയതുമാണു്. അതിൽ രണ്ടു പാട്ടുകൾ മാതൃകയ്ക്കായി താഴെ ചേർത്തുകൊള്ളുന്നു.


"പടിമതമുമിടവയിറുമുടൈയകളിറുടൈയാപിരാ-
നടിയറിയവുണര്‍ത്തുവതുമകത്തിയനുക്കോത്തന്റേ-
യിടുവതു പുല്ലോരെരുതുക്കൊന്റിനുക്കു വൈയിടുത-
നടുവിതുവോതിരുത്തില്ലൈ നടംപയിലു നമ്പാനേ!


മണ്ണോട്ട വിണ്ണളവു മനിതരൊടുവാനവര്‍ക്കും
കണ്ണാവായ് കണ്ണാകാതൊഴിതലുനാൻ മികക്കലങ്കി-
യണ്ണാവോവെൻറണ്ണാന്തലമന്തു വിളിത്താലു-
നണ്ണായാറവരുത്തില്ലൈ നടംപയിലു നമ്പാനേ!"


പത്താം തിരുമുറയിൽ തിരുമൂലർ എന്ന ഒരു യോഗീശ്വരന്റേയും പതിനൊന്നാം തിരുമുറയിൽ അതിരാവടികൾ, ഇളംപെരുമാനടികൾ, ഐയടികൾ, കാടവർകോനായനാർ, കപിലതേവർ, കല്ലാടനാർ, തിരുവാലവായുടയാർ, നക്കീരർ, പട്ടണത്തുപിള്ളയാർ, പരണതേവർ ഈ കവികളുടേയും കവയിത്രിയും അറുപത്തിമൂവരിൽപ്പെട്ട ഒരു മഹതിയുമായ കാരയ്ക്കാലമ്മയുടേയും ദ്രാവിഡവ്യാസനായ നമ്പിയാണ്ടാർ നമ്പിയുടേയും, നമ്മുടെ ഈ ഉപന്യാസത്തിനു വിഷയീഭവിക്കുന്ന ചേരമാൻ പെരുമാൾ നായനാരുടേയും കവിതകൾ അടങ്ങിയിരിക്കുന്നു.


അറുപത്തിമൂവരിൽ ഒടുവിലത്തെ നായനാർ സുന്ദരമൂർത്തി ആയിരുന്നു. അദ്ദേഹം ബാക്കി അറുപത്തിരണ്ടു നായനാരന്മാരേയും തന്റെ തിരുത്താണ്ടത്തൊകൈ എന്ന വിശിഷ്ടകീര്‍ത്തനത്തിൽ സ്തുതിച്ചിട്ടുണ്ടു്. ആ കീർത്തനത്തിന്റെ ആരംഭം താഴെ എഴുതുന്ന വിധത്തിലാണു്.


"തില്ലൈ വാഴണർതമടിയാര്‍ക്കുമടിയേൻ;
തിരുനീലകണ്ടത്തുക്കയവനാര്‍ക്കടിയേൻ;
ഇല്ലെയെന്നാതവിയര്‍പ്പകൈക്കുമടിയേൻ;
വെല്ലുമായികവല്ലമെയ്പൊരുളുക്കടിയേൻ:
വിരിപൊഴിൽ ചുഴ്‌കന്റൈയാർവിറൻമിണ്ടര്‍ക്കടിയേൻ;
അല്ലിമെൻമുല്ലൈയന്താരമർനീതിക്കടിയേൻ;
ആനൂരനാനൂരിലമ്മാനുക്കാളേ"


ഈ പാട്ടിൽ കാണുന്ന തില്ലൈവാഴന്തണൻ, തിരുനീലകണ്ഠൻ, ഇയർപകനായനാർ, ഇളൈയാൻകുടിമാറൻ, മെയ്‌പൊരുനായനാർ, വിറൻമിണ്ടനായനാർ. അമർനീതിനായനാർ. ഇവരെല്ലാം അറുപത്തിമൂവരിൽപ്പെട്ട ഓരോ ശിവഭക്തന്മാരാണു്. ഈ പാട്ടിനേത്തുടര്‍ന്നും ഓരോ ഭക്തന്മാരുടേയും പ്രശസ്തിയെ പ്രത്യേകം വര്‍ണ്ണിച്ചും നമ്പിയാണ്ടാർ നമ്പി തിരുത്താണ്ടർ തിരുവന്താദി എന്നൊരു കവിത നിര്‍മ്മിച്ചിട്ടുണ്ടു്. ഈ തിരുവന്താദിയെ മാതൃകയാക്കി ചേക്കിഴാർ എന്ന ദ്രാവിഡകവി പെരിയപുരാണം എന്ന ശിവഭക്തചരിത്രം ഉണ്ടാക്കി. ചേരമാൻ പെരുമാൾ നായനാരുടെ താഴെ എഴുതുന്ന ജീവചരിത്രം പെരിയപുരാണത്തിൽ നിന്നെടുത്തിട്ടുള്ളതാണു്.


കേരളത്തിൽ മകോത (മഹോദയപുരം ഈ ദ്രാവിഡപദത്തിന്റെ സംസ്കൃതീകരണമാണ്) എന്നുകൂടി പേരുള്ള കൊടുങ്ങല്ലൂർ പട്ടണം മദ്ധ്യകാലങ്ങളിൽ ചേരരാജാവിന്റെ രാജധാനിയായി വളരെ ഐശ്വര്യത്തോടുകൂടി ശോഭിച്ചു. ഈ പട്ടണത്തിൽ ചേരരാജവംശത്തിനു് അലങ്കാരമായി "പെരുമാക്കോതയാർ " എന്ന പേരിൽ ഒരു പുത്രൻ ജനിച്ചു. പെരുമാക്കോത പൂർവപുണ്യത്താൽ ബാല്യത്തിൽതന്നെ ജനനവൈരാഗ്യം, ദേഹവൈരാഗ്യം, ഐശ്വര്യ വൈരാഗ്യം, പ്രപഞ്ച വൈരാഗ്യം, ദ്രവ്യവൈരാഗ്യം, സംഗവൈരാഗ്യം, സ്ത്രീവൈരാഗ്യം, ഭോജനവൈരാഗ്യം, പ്രതിഗ്രഹവൈരാഗ്യം, സർവസ്വവൈരാഗ്യം, ഇങ്ങനെയുള്ള ദശവൈരാഗ്യങ്ങൾക്കും വശംവദനായി രാജധാനി വിട്ടു സമീപത്തുള്ള തിരുവഞ്ചൈക്കള (ഇപ്പോൾ തിരുവഞ്ചിക്കുളം) ശിവക്ഷേത്രത്തിനടുക്കൽ താമസമുറപ്പിച്ചു ഭഗവൽകൈങ്കര്യത്തിൽ തൽപരനായി കാലയാപനം ചെയ്തു. അങ്ങനെയിരിക്കെ, അന്നു നാടുവാണിരുന്ന ചെങ്കോൽ പൊറയൻ എന്ന ചേരരാജാവിനു വാർദ്ധക്യമാകയാൽ അദ്ദേഹം വാനപ്രസ്ഥാശ്രമം സ്വീകരിച്ചു തപസ്സിനായി കാട്ടിലേക്ക പോകുകയും മന്ത്രികളും പൌരന്മാരും തിരുവഞ്ചിക്കുളത്തു ചെന്നു പെരുമാക്കോതയെക്കണ്ടു തങ്ങളോടുകൂടി കൊടുങ്ങല്ലൂരിലേക്കു പോന്നു രാജ്യപരിപാലനം ചെയ്യണമെന്നു ആ ഭക്തശിഖാമണിയോടു അപേക്ഷിക്കുകയും ചെയ്തു. ഭഗവൽസമ്മതി ലഭിക്കുകയാൽ അവരുടെ അപേക്ഷയെ ഒരുവിധത്തിൽ അംഗീകരിച്ചു ആ മഹാൻ രാജധാനിയിൽ എത്തി സിംഹാസനാരൂഢനായി കിരീടധാരണം ചെയ്തു. അന്നത്തെ പട്ടണപ്രവേശനത്തിൽ ഒരു മണ്ണാൻ (വെളുത്തേടൻ) അലക്കിനു് ആവശ്യമുള്ള ഓരുമണ്ണു ചുമന്നുകൊണ്ടു് എതിരേവരുന്നതു രാജാവു കണ്ടു. മണ്ണാന്റെ ദേഹം മുഴുവൻ ഓരുമണ്ണിൽനിന്നുള്ള വെള്ളം ഇറ്റിറ്റു വീണു വെളുത്തിരുന്നു. ഒരു നോക്കിനു "ഭസ്മോദ്ധൂളിതസർവാംഗൻ" ആയ പരമശിവഭക്തനെന്നു് ആര്‍ക്കും തോന്നിപ്പോകാവുന്ന ആ രജകനെക്കണ്ടമാത്രയിൽ രാജാവു താൻ ആരോഹണം ചെയ്തിരുന്ന ആനയിൽനിന്നു ചാടി താഴത്തിറങ്ങി ഓടിച്ചെന്നു് അവന്റെ കാൽപിടിച്ചു ദണ്ഡനമസ്കാരം ചെയ്തു. ആ നിമിഷത്തിൽ തന്നെ ആശ്ചര്യപരതന്ത്രനായ മണ്ണാനും രാജാവിനെ നമസ്കരിച്ചു "ഭഗവാനെ! തിരുമേനി ആരെന്നു കരുതിയാണു് അടിയനെ വന്ദിച്ചത്? അടിയൻ അടിമണ്ണാനല്ലയോ" എന്നു ചോദിച്ചതിനു "സ്വാമിൻ! അവിടുന്നു് അടിമണ്ണാനാണെങ്കിൽ ഞാൻ അടിയ്പേരൻ. അവിടുന്നു ഭസ്മലിപ്തമായ പരമശിവശരീരത്തെ അനുസ്മരിപ്പിക്കുകയാൽ വന്ദ്യൻ തന്നെയാണു്. ഒട്ടും സങ്കോചപ്പെടേണ്ട." എന്നു അരുളിച്ചെയ്തു വീണ്ടും നമസ്കാരം ചെയ്തു. വളരെ വിസ്തരിക്കുന്നില്ല. ശിവഭക്തി നാട്ടിലെങ്ങും വളര്‍ത്തി ശിവപരമായ പല യാഗങ്ങളും യഥാവിധി നടത്തി ചേരരാജ്യത്തെ അദ്വിതീയമായ വിധത്തിൽ പരിപാലിച്ചുകൊണ്ടു് ആ പരമഭാഗവതൻ കൊടുങ്ങല്ലൂരിൽ താമസിച്ചു.

 

അക്കാലത്തു ബാണഭദ്രൻ എന്ന ഒരു ശിവഭക്തൻ മധുരയിൽ ചൊക്കനാഥസ്വാമിക്ഷേത്രത്തിൽ ഐശ്വര്യലബ്ധിക്കായി തപസ്സുചെയ്തിരുന്നു. ഒരു ദിവസം ഭഗവാൻ സ്വപ്നത്തിൽ പ്രത്യക്ഷമായി ഒരോലയെഴുതി അതു ചേരമാൻപെരുമാളുടെ കൈയിൽ കൊണ്ടുചെന്നു കൊടുക്കണമെന്നുള്ള കല്പനയോടുകൂടി ബാണഭദ്രനെ ഏല്പിച്ചു. ഓലയിൽ


"കുരുമാമതി പുരൈകുടൈക്കീഴ്
ച്ചെരുമാവുകയ്ക്കും ചേരലൻകാൺക."


എന്ന നീട്ടുവാചകവും "പൺപാലിയാഴ്‌പയിൽ പാണപത്തിരൻ" പെരുമാളെപ്പോലെ തന്നെ തന്റെ ഭക്തനാകയാൽ അയാൾക്കു " മാൺപൊരുൾ" അതായതു് ധാരാളം ദ്രവ്യം കൊടുക്കണമെന്നുള്ള അരുളപ്പാടും അടങ്ങിയിരുന്നു. ബാണഭദ്രൻ പിറ്റേദിവസം കാലത്തു മധുരയിൽനിന്നു പുറപ്പെട്ടു കൊടുങ്ങല്ലൂരിൽ എത്തി പെരുമാളെക്കണ്ടു തിരുമുഖം കയ്യിൽ കൊടുത്തപ്പോൾ അവിടുത്തേക്കുണ്ടായ അത്ഭുതാനന്ദങ്ങൾ ഞാൻ വര്‍ണ്ണിക്കുന്നതിനേക്കാൾ നല്ലതു വായനക്കാർ ഊഹിച്ചുകൊള്ളുന്നതാണു്. അന്നു കൊടുങ്ങല്ലൂരിലെ പൌരന്മാര്‍ക്കു സാകേതവാസികൾക്കെന്നപോലെ വിസ്മയാവഹമായ ഒരു കാഴ്ച കാണുന്നതിനിടവന്നു കാളിദാസമഹാകവി വരതന്തുശിഷ്യനായ കൌത്സ്യനേയും അതിജനകല്പതരുവായ രഘുമഹാരാജാവിനേയും


"ദ്വാവപ്യഭൂതാമഭിനന്ദ്യസത്വൌ
ഗുരുപ്രദേയാധികനിസ്പൃഹോര്‍ത്ഥീ
നൃപോര്‍ത്ഥികാമാദധികപ്രദശ്ച"


എന്നു വര്‍ണ്ണിച്ച മാതിരിയിലാണു് ബാണഭദ്രനേയും പെരുമാളെയും പറ്റി പറയേണ്ടിയിരിക്കുന്നതു്. തനിക്കു കാലക്ഷേപത്തിനു വേണ്ട സ്വത്തു മതിയെന്നു ഭക്തനും, പോരാ തന്റെ ഭണ്ഡാരവും, സിംഹാസനവും, കിരീടവുംകൂടി സ്വീകരിച്ചേ കഴിയൂ എന്നു രാജാവും തമ്മിൽ തര്‍ക്കമായി. ഒടുവിൽ മദ്ധ്യസ്ഥപക്ഷമായി സംഗതി തീരുമാനിച്ചു. ഭണ്ഡാരം ബാണഭദ്രൻ കൊണ്ടുപോയി: സിംഹാസനവും കിരീടവും മാത്രം പെരുമാക്കൾക്കു ശേഷിച്ചു.


അന്നു ജീവിച്ചിരുന്ന ശിവഭക്തന്മാരിൽ അഗ്രപൂജയ്ക്ക് അഹൻ സുന്ദരമൂർത്തിസ്വാമികളായിരുന്നു. സുന്ദരമൂർത്തി തഞ്ചാവൂരിനു സമീപമുള്ള തിരുവാരൂരെന്ന പ്രസിദ്ധ ശിവക്ഷേത്രത്തിൽ ഭഗവൽഭജനം ചെയ്തു താമസിച്ചുവന്നു. ആ പുണ്യപുരുഷനെ കാണുന്നതിലേക്കായി പെരുമാൾ ചോളരാജ്യത്തേക്കു പുറപ്പെടുകയും തിരുവാരൂരിൽചെന്ന് അദ്ദേഹത്തെ സന്ദർശനം ചെയ്ത് അവിടുത്തെ മൂര്‍ത്തിയായ വല്മീകനാഥസ്വാമിയെ മുമ്മണിക്കോവൈ എന്ന ദിവ്യദ്രാവിഡഗാനം നിര്‍മ്മിച്ചു സ്തോത്രം ചെയ്കയും ചെയ്തു. അവിടെനിന്നു വേദാരണ്യം എന്ന പുണ്യസ്ഥലം സന്ദർശിക്കുകയും അവിടുത്തെ പരമശിവമൂർത്തിയെ സ്തുതിച്ചു പൊൻവണ്ണത്തന്താദി എന്ന മറ്റൊരു ദ്രാവിഡഗാനം നിര്‍മ്മിക്കുകയും ചെയ്തു. വേദാരണ്യത്തേക്കു സുന്ദരമൂര്‍ത്തിയോട്ട കൂടിയാണു പോയതു്. അതിൽ പിന്നീടു രണ്ടു ഭക്തന്മാരും പാണ്ഡ്യരാജ്യത്തേക്കു കടന്നു അവിടെയുള്ള അനേകം ദിവ്യശിവാലയങ്ങളെ സന്ദര്‍ശിച്ചു് ഒടുവിൽ കൊടുങ്ങല്ലൂരിലേക്കുതന്നെ തിരിയെപ്പോന്നു. അവിടെ സുന്ദരമൂര്‍ത്തി കുറേക്കാലം താമസിച്ചു.


അക്കാലത്താണു അദ്ദേഹം തിരുവഞ്ചിക്കുളത്തു തേവരെ സ്തുതിച്ചു സുപ്രസിദ്ധമായ "തലൈക്കുതലൈമാലൈ" ഇത്യാദി കീർത്തനം പാടീട്ടുള്ളതു്. സമുദ്രതീരത്തുള്ള ആ ദിവ്യസ്ഥലത്തെ സുന്ദരമൂർത്തി പ്രസ്തുത കീർത്തനത്തിൽ ഏറ്റവും ഹൃദയംഗമമായി വര്‍ണ്ണിച്ചിട്ടുണ്ടു്.


"മലൈക്കും നികരൊപ്പനവൻറിരൈകൾ
വലിത്തേറ്റി മുഴങ്കി വലമ്പൂരികൊ-
ണ്ടലൈക്കും കടലങ്കരൈമേൻമകോതൈ-
യണിയാർപൊഴിലഞ്ചൈക്കളത്തപ്പനേ!!"
"മടിത്തോട്ടന്തുവൻറിരൈയേറ്റിട
വളർചങ്കുമങ്കാന്തു മുത്തം ചൊരിയ
വടിത്താർകടലങ്കരൈമേൻ മകോതൈ."
"ചന്തിത്തടമാൽവരൈപോൽതിരൈക-
ടണിയാതിടറും കടലങ്കരൈമേ-
ലന്തിത്തലൈച്ചക്കർവാനയോത്തിയാ-
രണിയാർപൊഴിലഞ്ചൈക്കളത്തപ്പനേ!"
"പാടും പുലവര്‍ക്കരുളും പൊരുളെ-
ന്നിതിയം പല ചെയ്തകലച്ചെലവി-
ലാടും കടലങ്കരൈമേന്മകോതൈ."
"നോക്കും നിതിയം പലവെത്തനൈയും
കലത്തിർപ്പുകപ്പെയ്തുകൊണ്ടേറനുന്തി-
യാര്‍ക്കും കടലങ്കരൈ മേന്മകോതൈ.”


ഇത്യാദി ഭാഗങ്ങളിൽ നിന്നു സുന്ദരമുര്‍ത്തി കൊടുങ്ങല്ലൂർ സന്ദർശി ച്ച കാലത്ത് അതു ദക്ഷിണാപഥത്തിലെ ഒരു പേർകേട്ട തുറമുഖമായിരുന്നു എന്നും അവിടെ വ്യാപാരത്തിനായി വിദേശങ്ങളിൽനിന്നു അനവധി കപ്പലുകൾ വന്നുകൊണ്ടിരുന്നു എന്നും അവിടത്തെ ചേരരാജാക്കന്മാർ കവികളെ വേണ്ടവിധത്തിൽ ആദരിച്ചുവന്നിരുന്നു എന്നും വ്യക്തമാകുന്നുണ്ടു്. ഈ വിവരണം പെരിപ്ലസ്, പ്ലൈനി, ടോളെമി മുതലായ വിദേശീയ ഗ്രന്ഥകാരന്മാരുടെ കൃതികളിലും അകനാനൂറു്, പുറനാനൂറു്, പതിറ്റുപ്പത്തു മുതലായ പ്രാചീന ദ്രാവിഡഗ്രന്ഥങ്ങളിലും ഉള്ള വര്‍ണ്ണനകളോട് അത്ഭുതകരമാകുംവണ്ണം യോജിക്കുന്നു. വാല്മീകി മഹര്‍ഷി രാമായണം കിഷ്ക്കിന്ധാകാണ്ഡത്തിൽ


"മുരചിപത്തനം ചൈവ രമ്യം ചൈവ ജടീപുരം
അവന്തീമംഗലേപാം ച തഥാ ചാലക്ഷിതം വനം"


എന്ന ശ്ലോകത്തിൽ പ്രസ്താവിക്കുന്ന മുരചീപനവും വരാഹമിഹിരൻ ബൃഹൽസംഹിതയിൽ സ്മരിക്കുന്ന മരീചിപത്തനവും അകനാനൂറിൽ


"ചേരലര്‍


ചുള്ളിയം പേർയാറ്റു വെണ്ണൂരൈ കലങ്ക
യവനർ തന്ത വിനൈമാണൻകലം
പൊന്നോടു വന്തു കറിയൊടുപെയരും
വളങ്കെഴമുചിരി."


എന്ന പാട്ടിൽ വര്‍ണ്ണിക്കുന്ന മുചിരിയും എല്ലാം കൊടുങ്ങല്ലൂർതന്നെയാണു്. ഈ പ്രാചീന തുറമുഖത്തിന്റെ മാഹാത്മ്യത്തെപ്പറ്റി അപ്രകൃതമാകയാൽ ഇതിലധികം ഈ സന്ദർഭത്തിൽ പ്രസ്താവിക്കുന്നില്ല.


കുറേക്കാലം കഴിഞ്ഞപ്പോൾ സുന്ദരമൂർത്തിക്കു വീണ്ടും വല്മീകനാഥസ്വാമിയെ ഭജിക്കണമെന്നുള്ള ആഗ്രഹം വര്‍ദ്ധിക്കുകയും അതിലേയ്ക്കായി അദ്ദേഹം സ്വദേശത്തേയ്ക്കു മടങ്ങുകയും ചെയ്തു. പെരുമാൾ അദ്ദേഹത്തെ കനകാഭിഷേകം ചെയ്യിച്ചാണു് യാത്രയയച്ചത്. ശ്രീപരമേശ്വരൻ തന്റെ ഭക്തശിരോമണിയെ പരീക്ഷിക്കുന്നതിനായി മാര്‍ഗ്ഗമദ്ധ്യത്തിൽ വെച്ച് ആ പാരിതോഷികം മുഴുവൻ ഭൂതഗണങ്ങളെക്കൊണ്ടു കവർച്ചചെയ്യിച്ചതായും ഒടുവിൽ ആ സാധുവിന്റെ പ്രലാപഗീതങ്ങൾ കേട്ടു സന്തുഷ്ടനായി അവ മുഴുവൻ തിരിയെ കൊടുത്തതായും ഐതിഹ്യം ഘോഷിക്കുന്നു. ഏറെത്താമസിയാതെ വീണ്ടും സ്വാമികൾ കൊടുങ്ങല്ലൂരേയ്ക്കു വരികയും പെരുമാളൊന്നിച്ചു കുറേക്കാലം രാജധാനിയിൽ താമസിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ, ഒരുദിവസം പെരുമാൾ സ്നാനം ചെയ്തുകൊണ്ടിരുന്നപ്പോൾ സുന്ദരമൂര്‍ത്തി തിരുവഞ്ചിക്കുളത്തിൽ സ്വാമിദർശനത്തിനു പോകുകയും അവിടെ കൈലാസപവ്വതത്തിൽനിന്നു പരമശിവനാൽ നിയുക്തമായ ഒരു വെള്ളയാന അദ്ദേഹത്തെ ഭഗവൽസന്നിധിയിലേയ്ക്കു കൂട്ടിക്കൊണ്ടുപോകുന്നതിനു സന്നദ്ധമായി നില്ക്കുന്നതു കാണുകയും ചെയ്തു. തന്റെ വയസ്യനായ പെരുമാളെക്കൂടി കൊണ്ടു പോകുവാൻ സാധിച്ചില്ലല്ലോ എന്നുള്ള മനസ്താപത്തോടുകൂടി സുന്ദരമൂര്‍ത്തി ആനപ്പുറത്തുകയറി കൈലാസത്തിലേയ്ക്കു യാത്രയായി. സ്നാനം കഴിഞ്ഞു കോയിക്കലിൽ എത്തിയപ്പോൾ പെരുമാൾക്കു വസ്തുത മുഴുവൻ മനസ്സിലാകയും ക്ഷണനേരംപോലും താമസിക്കാതെ അദ്ദേഹവും അടുത്തുനിന്നിരുന്ന ഒരു കുതിരയിൽകയറി തിരുവഞ്ചിക്കുളത്തേയ്ക്കു പാഞ്ഞു ചെല്ലുകയും ചെയ്തു; അപ്പോഴേയ്ക്കും സുന്ദരമൂര്‍ത്തിയുടെ വെള്ളയാന ആകാശമാര്‍ഗ്ഗത്തെ അവലംബിച്ചുകഴിഞ്ഞിരുന്നു. പെരുമാൾക്കു് അശ്വഹൃദയമന്ത്രം വശമായിരുന്നതിനാൽ അദ്ദേഹം കുതിരയുടെ ചെവിയിൽ ഉപദേശിക്കുകയും ഉടൻതന്നെ കുതിര പെരുമാളേയും കൊണ്ടു മുകളിലേയ്ക്കു കുതിച്ചു സുന്ദരമൂര്‍ത്തി കയറിയിരുന്ന വെള്ളയാനയെ വലംവെച്ച് അതിനുമുമ്പാകെ പാഞ്ഞുപോകുകയും ചെയ്തു. ഈ അത്ഭുത സംഭവങ്ങൾ ഭൂമിയിൽനിന്നു കണ്ടുകൊണ്ടിരുന്ന പെരുമാളുടെ പടയാളികൾ തങ്ങളുടെ ശിരസ്സുകൾ കൈവാളുകളാൽ ഛേദിച്ചു വീരസ്വഗ്ഗം പ്രാപിച്ചു. പെരുമാളെ കൈലാസത്തിലേയ്ക്കു അനുഗമിച്ചു. സുന്ദരമൂർത്തിയും പെരുമാളും കൂടി രജതഗിരിയുടെ തെക്കേ ഗോപുരദ്വാരത്തിൽ അവരുടെ വാഹനങ്ങിൽനിന്നിറങ്ങി അകത്തുകയറി തിരുവണുക്കൻതിരുവാതിലിൽ ചെന്നുചേര്‍ന്നു. പെരുമാൾക്കു് അകത്തുകടക്കുവാൻ തരമുണ്ടായിരുന്നില്ല. സുന്ദരമൂര്‍ത്തി അകത്തുപോയി ഭഗവൽപാദങ്ങളെ നമസ്കരിച്ചു തന്റെ വയസ്യനായ ചേരമാൻ പെരുമാൾകൂടി വന്നിട്ടുണ്ടെന്നറിയിക്കയും ഭഗവാൻ ഉടൻതന്നെ അദ്ദേഹത്തെയും തിരുമുൻപാകെ വരുത്തി താൻ ആഹ്വാനം ചെയ്യാതിരിക്കുമ്പോൾ വന്നതെന്തെന്നു ചോദിക്കുകയും അതിനു പെരുമാൾ താൻ തന്റെ വയസ്യനു് അകമ്പടിയായി വന്നതാണെന്നു അറിയിക്കുകയും ഭഗവാനെ കണ്ടപ്പോള്‍ തനിക്കു് ഒരു ഗാനം മനസ്സിൽ തോന്നിയതു പാടുന്നതിനു് അനുവാദം കിട്ടണമെന്നപേക്ഷിക്കുകയും ചെയ്തു. ആ ഗാനംകേട്ടു ഭഗവാനു അനല്പമായ സന്തോഷമുണ്ടാകുകയും ഒടുവിൽ തന്റെ ഗണനാഥനായി കൈലാസത്തിൽതന്നെ താമസിച്ചുകൊള്ളുമാറു കല്പിക്കുകയും ചെയ്തു. ഈ ഗാനമാണ് തിരുക്കൈലാസജ്ഞാനവുലാവെന്നും ആദിയുലാവെന്നും ഉള്ള പേരുകളിൽ പ്രസിദ്ധമായ പെരുമാളുടെ മുഖ്യകവനം. ഇതു കൈലാസത്തിൽ പാടുന്നതു കേട്ടുകൊണ്ടിരുന്ന മാചാത്തർ എന്ന ശിവഭക്തൻ തിരുപ്പിടവൂരിൽ പ്രസിദ്ധമാക്കി അതുവഴി ദക്ഷിണാപഥത്തിൽ പ്രചുര പ്രചാരമായിത്തീര്‍ന്നു.


മേലെഴുതിയ ഐതിഹ്യത്തിൽ വാസ്തുവാംശം എത്രമാത്രമുണ്ടെന്നു് ആധുനികന്മാര്‍ക്കു കണ്ടുപിടിക്കുവാൻ സാധിക്കുന്നതല്ല. എന്നാൽ അതിശയോക്തിയാൽ ആവൃതങ്ങളായ ഭാഗങ്ങളെ നീക്കി നോക്കിയാലും അതിൽ വിശ്വസിക്കത്തക്ക സംഗതികൾ പലതുമുണ്ടെന്നുള്ളതിനു യാതൊരു സംശയവുമില്ല. ചേരമാൻ പെരുമാൾനായനാർ ഉത്തമനായ ഒരു ശിവഭക്തനായിരുന്നു എന്നും അദ്ദേഹവും അവതാരമൂര്‍ത്തിയായ സുന്ദരസ്വാമികളും സമകാലികന്മാരും സ്നിഗ്ദ്ധന്മാരുമായിരുന്നു എന്നും അവർ ഒരുമിച്ചാണു് കാലധര്‍മ്മത്തെ പ്രാപിച്ചതു് എന്നുമുള്ള വസ്തുതകൾ സന്ദേഹസീമയെ ലവലേശം സ്പർശിക്കുന്നില്ല. ഇവരുടെ സ്വര്‍ഗ്ഗാരോഹണം മേടമാസത്തിൽ സ്വാതിനക്ഷത്രത്തിലായിരുന്നു എന്നാണു് ഐതിഹ്യം. ചേരമാൻ പെരുമാൾക്കു കഴറിറ്ററിവാർനായനാർ എന്നൊരു ബിരുദമുണ്ടു്. (പിറർ) അന്യന്മാർ (കഴറിയതു) പറഞ്ഞതു എല്ലാം അറിയുന്നതിനുള്ള വരം തിരുവഞ്ചക്കളത്തപ്പനിൽനിന്നു കിരീടധാരണത്തിനു മുൻപു ലഭിക്കുകയാലാണ് ഇദ്ദേഹത്തിനു ഈ ബിരുദം സിദ്ധിച്ചത്. തന്റെ സ്വാമിയെ അനുഗമിക്കുന്നതിനുള്ള ത്വരയാൽ ആത്മഹത്യചെയ്ത അവിടുത്തെ പടയാളികൾ രണശൂരന്മാരും രാജഭക്തന്മാരുമായ അന്നത്തെ നായർയോദ്ധാക്കളായിരുന്നിരിക്കണം. നമ്പിയാണ്ടാർനമ്പിയുടെ തിരുത്തൊണ്ടർതിരുവന്താദിയിലുള്ള താഴെക്കാണുന്ന പാട്ടുകളിൽനിന്നു അദ്ദേഹത്തിന്റെ കാലത്തുതന്നെ വെളുത്തേടനേപ്പറ്റിയും വെള്ളയാനയെ കുതിര വലംവച്ചതിനേപ്പറ്റിയുമുള്ള ഐതിഹ്യങ്ങൾ സുപ്രസിദ്ധങ്ങളായിരുന്നു എന്നു കാണാവുന്നതാണു്.


" മന്നർപിരാനെതിർവണ്ണാനുടലുവരൂറിയ നീർ
തന്നപിരാന്റമർപോലവരുതലും താൻ വണങ്ക-
വെന്നപിരാനടിവണ്ണാനെനവടിച്ചേരനെന്നും
തെന്നർപിരാൻ കഴറിറ്ററിവാനെന്നുംചേരലനേ.
ചേരര്‍ക്കു,ത്തെന്നാവലർപെരുമാര്‍ക്കു, ച്ചീവനളിത്ത
വീരക്കടകരിമുൻപുതൻപന്തിയിവുളിവൈത്ത
വീരര്‍ക്കു,വെന്റിക്കരുപ്പുവിൽ വീരനൈ വെറ്റികൊണ്ട
ചൂരര്‍ക്കെ,നതുള്ള നന്റുുചെയ്തായിന്റെുതൊന്റുതൊട്ടേ."


ചേക്കിഴാർ തന്നെ പെരിയപുരാണം ഉണ്ടാക്കിയതു ക്രി. പി. 1135 ഇടയ്ക്കാണു്. ആ സ്ഥിതിക്കു് ഉപസംഗ്രഹിച്ച ഐതിഹ്യങ്ങൾക്കെല്ലാം ധാരാളം പഴക്കമുണ്ടെന്നുള്ള സംഗതി അവിതര്‍ക്കമാണല്ലോ.


ഇനി ഈ ചേരമാൻപെരുമാളാരെന്നും അദ്ദേഹം ഏതു കാലത്തു ജീവിച്ചിരുന്നു എന്നും ഉള്ളതിനേപ്പറ്റി വല്ല അറിവും നമുക്കു വേറെ മാര്‍ഗ്ഗമായി സിദ്ധിക്കുമോ എന്നു പരിശോധിക്കാം.


സുന്ദരമൂര്‍ത്തിനായനാർ തിരുവഞ്ചക്കളത്തപ്പനെപ്പറ്റി മറ്റൊരു കീര്‍ത്തനം പാടീട്ടുണ്ട്. അതു ഭഗവാൻ തനിക്ക് അയച്ച വെള്ളയാനപ്പുറത്തു കയറി ഉണ്ടാക്കിയതാണു്.


" താനെനൈമുൻപടൈത്താനതറിന്തു തൻപൊന്നടിക്കേ
നാനെനപാടലന്തോനായിനേനൈപ്പൊരുൾപടുത്തു
വാനനൈ വന്തെതിർകൊൺമത്തയാനൈയരുൾപുരിന്തു
വുനുയിർവേറുചെയ്താനൊടിത്താൻമലൈയുത്തമനേ!"


എന്ന പാട്ടുകൊണ്ടു് ആരംഭിക്കുന്ന ഈ കീർത്തനം "ആഴി കടലരൈയാവഞ്ചൈയപ്പര്‍ക്കറിവിപ്പതേ" എന്നു കവി അവസാനത്തിൽ തിരുവഞ്ചക്കളത്തപ്പനു സമര്‍പ്പിക്കുന്നു. ഈ കീർത്തനത്തിൽ എട്ടാമത്തെ പാട്ട് താഴെ ചേര്‍ക്കുന്നതാകുന്നു. 


"അരവൊലിയാകമങ്കളറിവാരറിതോത്തിരങ്കൾ
വിരവിയ വേതവൊലിവിണ്ണെലാംവന്തെതിർന്തിചൈപ്പ
​XവരമലിവാണൻX വന്തു വഴി തന്തെനക്കേറുവതോർ
ചിരമലിയാനൈതന്താനൊടിത്താൻ മലൈയുത്തമനേ!"


ഏഴാമത്തെപ്പാട്ടിൽ "അലൈകടലാലരൈയനലർകൊണ്ടു മുൻവന്തിറൈഞ്ച" എന്ന ഭാഗത്തിലും മേൽ ഉദ്ധരിച്ച പാട്ടിൽ അടിയിൽ വരയിട്ട ഭാഗത്തിലും തന്റെ സ്നിഗ്ദ്ധനായ ചേരമാൻപെരുമാളെയാണു കവി വർണ്ണിക്കുന്നതു്. വരമലിവാണൻ എന്നാൽ ധാരാളം വരത്തോടു കൂടിയ വാണൻ (ബാണൻ) എന്നർത്ഥം. ഈ ഭാഗത്തിൽനിന്നു് ഈ പെരുമാൾതന്നെയാണു് നമുക്കു കേരളോൽപത്തിമൂലവും മറ്റും പരിചിതനായുള്ള ബാണപ്പെരുമാൾ എന്നു കാണാവുന്നതാണു്. പെരുമാക്കോതയർ എന്ന പദം വ്യക്തിവാചിയാക്കുവാൻ തരമില്ലെന്നു മുൻപ് ഉപപാദിച്ചിട്ടുണ്ടല്ലോ. കേരളോൽപത്തിയിൽ മല്ലൻപെരുമാളുടെ പിൻവാഴ്ചക്കാരനായി ഒരു വാണ (ബാണ) പ്പെരുമാൾ ഉണ്ടായിരുന്നതായും അദ്ദേഹം പല ദിക്കുകളിൽനിന്നു സൽക്ഷത്രിയരെ വരുത്തി കേരളത്തിൽ പാർപ്പിച്ചതായും ശാസ്ത്രാദ്ധ്യാപനത്തിനായി പരദേശത്തു നിന്നു ഭട്ടാചാര്യരേയും ഭട്ടബാണനേയും വരുത്തിയതായും പ്രസ്താവിച്ചിരിക്കുന്നു. കേരളോൽപത്തിയിലെ ഭട്ടബാണനും പെരിയപുരാണത്തിലെ ബാണഭദ്രനും ഒരാളാണെന്നുവരാൻ പാടില്ലായ്കയില്ല. ഈ കുലശേഖരപ്പെരുമാൾ 18 സംവത്സരം വാണതിന്റെ ശേഷം ഉടലോടെ സ്വർഗ്ഗം പുക്കു" എന്നു കേരളോല്പത്തിയിൽ പറഞ്ഞിരിക്കുന്നത് പെരിയപുരാണത്തിലെ കൈലാസയാത്രയുമായി ഏറ്റവും യോജിക്കുന്നു. പക്ഷെ, അന്നത്തെ കലിയായി പറയുന്ന പുരുധീസമാശ്രയഃ (ക്രി. പി. 333) ശരിയായ കാലത്തെ കുറിക്കുന്നതായി തോന്നുന്നില്ല. അതുപോലെ പഴയ കേരളത്തെ സംബന്ധിച്ചുള്ള കലിവാക്യങ്ങളിൽ ചിലതെല്ലാം ശരിയല്ലാതെ കാണുന്നുണ്ടു്. അതിരിക്കട്ടെ. ഏതായാലും ചേക്കിഴാർ ഉടലോടെ സ്വർഗ്ഗാരോഹണം ചെയ്തു എന്നു പറയുന്ന ചേരമാൻപെരുമാൾ ബാണപ്പെരുമാളാണെന്നു സുന്ദരമൂർത്തിനായനാരുടെ കൃതികളിൽനിന്നും, ഉടലോടെ "സ്വർഗ്ഗം പുക്ക" പെരുമാൾ അദ്ദേഹം തന്നെയാണു് എന്നു കേരളോല്പത്തിയിൽനിന്നും ഒന്നുപോലെ വെളിവാകുന്നതു് അന്ധകാരത്തിൽ പൂർണ്ണചന്ദ്രപ്രകാശംപോലെ ആശ്വാസപ്രദമായിരിക്കുന്നു.


കുലശേഖര ആൾവാരേപ്പറ്റിയുള്ള ഉപന്യാസത്തിൽ ചേരരാജാക്കന്മാർ ആദ്യം ശൈവന്മാരായിരുന്നു എന്നും ആൾവാരുടെ കാലത്താണു വൈഷ്ണവമതത്തിനു പ്രാബല്യം വന്നതെന്നും ഞാൻ പ്രസ്താവിച്ചിട്ടുണ്ട്. സുന്ദരമൂർത്തിനായനാർ ക്രി. പി. ഒൻപതാം ശതവർഷത്തിന്റെ ആദിയിൽ ജീവിച്ചിരുന്നതായി ചിലർ ഊഹിക്കുന്നുണ്ടു്. അന്നു ചേരരാജ്യം പരിപാലിച്ചതു കുലശേഖര ആൾവാരായിരുന്നു എന്നുള്ളതു് നിസ്സംശയമാകയാൽ ചേരമാൻപെരുമാൾനായനാർ ബാണാപ്പരുമാൾ ജീവിച്ചിരുന്നത് അതിനു കുറേ മുൻപായിരുന്നു എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ സുന്ദരമൂർത്തിനായനാരും ബാണപ്പെരുമാളും ക്രി. പി. എട്ടാം ശതവർഷത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നതായി ഊഹിക്കുന്നതിനാണ് അധികം ന്യായമുള്ളതു്. മക്കത്തുപോയതായി അനന്തരകാലങ്ങളിൽ അബദ്ധമായി ജനങ്ങൾ വിശ്വസിക്കുന്ന ചേരമാൻ പെരുമാളും കുലശേഖര ആൾവാരും തമ്മിൽ ഭിന്നന്മാരല്ലെന്നു സ്ഥാപിക്കുന്നതിനു പല യുക്തികളുമുണ്ടു്. "കുടപ്പാമ്പിൽ" കൈയിട്ട കഥയും മറ്റും രണ്ടുപേരെ സംബന്ധിച്ചും പൊതുവാണു്. ആൾവാർ പോയതു പാണ്ടിയിലേയ്ക്കാണു്, മക്കത്തേയ്ക്കല്ല എന്നുള്ളതത്രേ മുഖ്യ വ്യത്യാസം. ഈ ചേരമാൻ പെരുമാൾക്കും ബാണപ്പെരുമാൾക്കും ഇടയ്ക്ക് ആദിരാജപ്പെരുമാളെന്നും പാണ്ടിപ്പെരുമാളെന്നും രണ്ടു പെരുമാക്കന്മാർ കേരളം രക്ഷിച്ചതായി കേരളോല്പത്തിയിൽ പ്രസ്താവിച്ചിരിക്കുന്നു. ഈ കണക്കുവച്ചു നോക്കിയാലും ചേരമാൻപെരുമാൾനാ യനാരെ ക്രി. പി. എട്ടാം ശതവർഷത്തിന്റെ ഉത്തരാർദ്ധത്തിൽ പ്രതിഷ്ഠിക്കുന്നതു അസംഗതമായിരിക്കുകയില്ല.


ചേരമാൻപെരുമാൾനായനാരുടെ ദ്രാവിഡഭാഷാശൈലി മനസ്സിലാക്കുന്നതിനായി അദ്ദേഹത്തിന്റെ ആദിയുലാ, പൊൻവണ്ണത്തന്താദി, മുമ്മണിക്കോവൈ ഈ മൂന്നു കൃതികളിൽനിന്നും ഓരോഭാഗം ഉദ്ധരിച്ചു കൊള്ളുന്നു.


തിരുമാലുനാൻമുകുനും തേർന്തുണരാതന്‍റ-
ങ്കരുമാലുറവഴലായ് നിൻറ-പെരുമാൻ
പിറവാതെതോൻറിനാൻ, കാണാതെ കാൺപാൻ,
തുറവാതെയാക്കൈതുറന്താൻ-മുറൈകെമെയാൽ
ആഴാതെയാഴ്‌ന്താ, നകലാതകലിയാൻ,
ഊഴാലുയരാതെയോങ്കിനാൻ - ചുഴൊളിനൂൽ
ഓതാതുണർന്താ, നുണുകാതുനുണ്ണിയാൻ,
യാതുമണുകാണുകിയാൻ-ആതി-
യരിയകിക്കാപ്പാ നയനായ്പടൈപ്പാൻ,
അരനായഴിപ്പവനും താനേ. (ആദിയുലാ)


മങ്കൈ കൊങ്കെത്തടത്തിങ്കുമക്കുങ്കുമപങ്കനുങ്കി
യങ്കമെങ്കും നെകച്ചങ്കമങ്കൈത്തലത്തും കവർവാൻ
കങ്കെനങ്കൈത്തിരെപ്പൊങ്കു ചെങ്കണ്ണരവങ്കൾ പൊങ്കി-
പങ്കിതങ്കം മലർത്തിങ്കടങ്കും മുടിപ്പുണ്ടങ്കനേ (പൊൻവണ്ണണന്താദി)


ഈ അന്താദി ഒരു ശതകമാണെന്നു പറയാം.


ഇരുൾപുരിക്കൂന്തലുമെഴിനലം ചിതൈന്തതു;
മരുൾ വണ്ടറൈമാലൈയും പുരിന്തതു;
വൊണ്ണുതറ്റിലതമുമഴിന്തതു: കണ്ണു-
മൈന്നിറമൊഴിന്തു ചെന്നിറമെയ്തി-
യുള്ളറികൊടുമൈയുരൈപ്പപ്പോൻറന,
ചേതകം പരന്തതു ചെയ്‌വായ്; മേതകു
കുഴൈകെഴു തിരുമുകും വിയർപ്പുള്ളുറുത്തി;
യിഴൈകെഴകൊങ്കൈയുമിൻ ചാന്തഴില-
കലൈയും തുകിലും നിലൈയിർക്കലങ്കി-
യെന്നിതു വിളൈന്തവാറെനമറ്റി. (മുമ്മണിക്കോവൈ)


ഈ മൂന്നു കൃതികളും രസപുഷ്ടിക്കും ശബ്ദാർത്ഥാലങ്കാരങ്ങൾക്കും കേൾവിപ്പെട്ടിരിക്കുന്നു. ചേരമാൻപെരുമാൾ തമിഴിൽ ഒരു മഹാകവിയായിരുന്നു എന്നള്ളതിനു യാതൊരു സംശയവുമില്ല.


ആൾവാരന്മാർ കേരളത്തിലെ പതിമൂന്നു വൈഷ്ണവക്ഷേത്രങ്ങളെ വർണ്ണിക്കുന്നുണ്ടു്. അതിൽ തിരുപ്പതിസാരം, തിരുവട്ടാറു, തിരുവനന്തപുരം, തിരുവൺവണ്ടൂർ, തിരുവാറന്മുള, തിരുവല്ലാ, തൃക്കൊടിത്താനം, തിരുമൂഴിക്കുളം മുതലായ ക്ഷേത്രങ്ങൾ ഉൾപ്പെടുന്നു. തേവാരത്തിൽ 274 ശിവ ക്ഷേത്രങ്ങൾ വർണ്ണിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ ഒന്ന് അതായതു തിരുവഞ്ചിക്കുളം മാത്രമേ കേരളത്തിൽ പെട്ടതായി കാണുന്നുള്ളു. ഇതിൽനിന്ന് തിരുവഞ്ചക്കളത്തു ക്ഷേത്രത്തിന്റെ മാഹാത്മ്യം ഏറെക്കുറെ മനസ്സിലാക്കാവുന്നതാണു്.


ചേരമാൻ പെരുമാൾ നായനാരെ പ്രശംസിച്ചു പല ഗാനങ്ങളും അനന്തരകാലങ്ങളിൽ കവികൾ നിർമ്മിച്ചിട്ടുണ്ടു്. അതിൽ ഒരു പാട്ടു മാത്രം താഴെ ഉദ്ധരിച്ചുകൊണ്ടു് ഈ ഉപന്യാസത്തെ സമാപിപ്പിച്ചു കൊള്ളുന്നു.


"കാവലർ മകോതൈയാർ കൊടുങ്കോളൂർക്കോ-
ക്കഴറിയവൈയറിന്ത കോച്ചിലമ്പോശൈക്കരുത്താർ
നാവലർ കോനൺപരടിച്ചേരനെന്റേ
നാവിന്റുവരും വണ്ണാനൈ നയന്ത കോനർ-
പ്പാവലർ കോപ്പാണപത്തിരന്നാൽ വായ്ന്ത
പരമർ തിരുമുകം വാങ്കിപ്പണികോവെർപിൻ
മേവിയ കോവാനൈക്കുക്കുതിരൈവൈത്ത
വീരർ കോവെനൈയാളും ചേരർകോവേ"   


(ഭാഷാപോഷിണി 1093)