കുലശേഖര ആൾവാർ ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
വിശിഷ്ടാദ്വൈതമത സ്ഥാപകനും ശ്രീവൈഷ്ണവന്മാരുടെ കുലഗുരുവുമായ ശ്രീമദ്രാമാനുജാചാര്യരേപ്പറ്റി വായനക്കാരിൽ പലരും കേട്ടിരിക്കുവാനിടയുണ്ട്. ഈ മഹാനുഭാവൻ ക്രിസ്തു പന്ത്രണ്ടാം ശതവര്‍ഷത്തിലാണു് ജീവിച്ചിരുന്നതു്. രാമാനുജൻ മഹാവിഷ്ണുവിന്റെ ഒരു പൂര്‍ണ്ണാവതാരമാണെന്നും അദ്ദേഹത്തിനു മുമ്പു് ഓരോ കാലത്തിൽ മഹാലക്ഷ്മി, വിഷ്വക്സേനൻ, ഗരുഡൻ മുതലായ മൂര്‍ത്തികളും ശംഖ് ചക്രാദ്യായുദ്ധങ്ങളും വനമാലാദിഭൂഷണങ്ങളും ലോകാനുഗ്രഹത്തിനുവേണ്ടി മനുഷ്യരൂപേണ ദ്രാവിഡദേശത്തിൽ ജനിച്ചു എന്നും ശ്രീവൈഷ്ണവന്മാർ വിശ്വസിക്കുന്നു. ഈ അംശാവതാരങ്ങളെ ആണു് ആൾവാരന്മാർ എന്നു പറഞ്ഞുവരുന്നതു്. തമിഴിൽ ആഴ്‌വാർ എന്നുതന്നെ പറയേണ്ടതാണു്. ആൾവാർ എന്ന പദത്തിനു ആളുന്നവൻ അഥവാ രക്ഷിതാവു് എന്നും, ആഴ്‌വാർ എന്നതിനു മുങ്ങുന്നവൻ അല്ലെങ്കിൽ ഭഗവൽ ഭക്തിയിൽ മഗ്നനെന്നും ആണ് അര്‍ത്ഥം. പന്ത്രണ്ടു് ആൾവാരന്മാരെ ശ്രീവൈഷ്ണവന്മാർ ആരാധിച്ചുവരുന്നുണ്ടു്. അവരുടെ പേരുകളും മറ്റും താഴെ ചേർത്തുകൊള്ളുന്നു.
ആൾവാരന്മാർ
നമ്പർ -ദ്രാവിഡപ്പേർ- സംസ്കൃതപ്പേർ- ജന്മഭൂമി- ഏതവതാരമെന്നു്
1- പൊയ്കയാൾവാർ- സരോയോഗി- കാഞ്ചീപുരം- പാഞ്ചജന്യം
2- പുതത്താൾവാർ- ഭൂതയോഗി- മഹാബലിപുരം- കൌമോദകി
3- പേയാൾവാർ- ഭ്രാന്തയോഗി- മൈലാപ്പൂർ- നാന്ദകം
4- തിരുമഴിയാൾവാര്‍- ഭക്തിസാരൻ- മദിരാശി- സുദർശനം
5- മതുരകവികൾ- മധുരകവി- തിരുനെൽവേലി- കുമുദഗണേശൻ (ഒരു ഭഗവൽപരിചാരകൻ)
6- നമ്മാൾവാർ- പരാങ്കുശൻ- ആഴ്‌വാർ തിരുനഗരി- വിഷ്വക്‍സേനൻ
7- കുലശേഖര ആൾവാർ- കുലശേഖരൻ- തിരുവഞ്ചിക്കുളം- കൌസ്തുഭം
8- പെരിയാൾവാർ- വിഷ്ണുചിത്തൻ- ശ്രീവില്ലിപുത്തൂര്‍- ഗരുഡന്‍
9- ആണ്ടാൾ- ഗോദാദേവി- ശ്രീവില്ലിപുത്തൂര്‍- മഹാലക്ഷ്മി
10- തൊണ്ടരടിപ്പൊടി ആൾവാർ- ഭക്താംഘ്രിരേണു- തൃശ്ശിനാപ്പള്ളി- വനമാല
11- തിരുപ്പാണാൾവാർ- പ്രാണനാഥൻ- ഉറയൂർ- ശ്രീവത്സം
12- തിരുമയാൾവാർ- പരകാലൻ- ശീയാഴി- ശാര്‍ങ്ഗം
ഇവരിൽ തിരുപ്പാണാൾവാർ ജാതിയിൽ പാണനും, തിരുമങ്കയാൾവാർ ശൂദ്രനുമായിരുന്നു. ആണ്ടാൾ ഒരു സ്ത്രീരത്നമായിരുന്നു എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ഇതിൽനിന്നു വിഷ്ണുഭക്തി ജാതിഭേദത്തിനോ, ലിംഗഭേദത്തിനോ അധീനമല്ലെന്നു വിശദമാകുന്നു. തിരുപ്പാണാൾവാരേപ്പറ്റിയുള്ള ഒരൈതിഹ്യം ഈ സന്ദർഭത്തിൽ സ്മരണീയമാണു്. തിരുപ്പാണൻ ഒരിക്കൽ ശ്രീരംഗത്തിലെ പ്രസിദ്ധമായ രംഗനാഥക്ഷേത്രത്തിനു മുൻവശം ഭഗവദാരാധനത്തിൽ ലയിച്ചു നില്ക്കുകയായിരുന്നു. ഒരു പഞ്ചമനായിരുന്നതിനാൽ അദ്ദേഹത്തിനു ക്ഷേത്ര പ്രവേശനത്തിനു മാർഗ്ഗമുണ്ടായിരുന്നില്ല. അപ്പോളാണു ക്ഷേത്രത്തിലെ ഒരു പ്രധാന ശാന്തിക്കാരനായ ലോകസാരംഗനെന്ന ബ്രാഹ്മണമുനി കാവേരിയിൽനിന്നു ഭഗവാനു് അഭിഷേകത്തിനുവേണ്ട ജലം കൊണ്ടുപോകുന്നതിനായി ആ വഴിക്കു വന്നുചേർന്നതു്. തിരുപ്പാണൻ ഒരു ചണ്ഡാലനാണെന്നു ലോകസാരംഗനു് അറിവുണ്ടായിരുന്നു. ബ്രാഹ്മണശ്രേഷ്ഠനായ തന്നെക്കണ്ടിട്ടും അവനു് ഒരിളക്കവുമുണ്ടാകുന്നില്ലല്ലോ. പാണൻ നിന്നനിലയിൽ തന്നെ നിൽക്കുന്നു. "പാപിക്കു് ഇത്ര ധിക്കാരമായോ?" എന്നു പറഞ്ഞുകൊണ്ടു സാരംഗൻ ഒരു കല്ലെടുത്തു ഭക്ത ശിഖാമണിയായ തിരുപ്പാണന്റെ മേൽ എറിഞ്ഞു. കല്ലുകൊണ്ടു ദേഹം മുറിഞ്ഞു; രക്തം ധാരധാരയായി ഒഴുകി. എന്നിട്ടും പാണൻ അവിടെത്തന്നെ നിൽക്കുന്നു. യാതൊരു അനക്കമോ ഭാവഭേദമോ അവനിൽ കാണ്മാനില്ല. എങ്ങനെ കാണും? ശേഷശായിയായ ശ്രീരംഗനാഥനല്ലാതെ ബ്രാഹ്മണനെന്നോ, തീണ്ടലെന്നോ, കല്ലെന്നോ, ദേഹമെന്നോ ഉള്ള ഒരു വിചാരം അവിടെ ഉണ്ടായിട്ടുവേണ്ടേ എന്തെങ്കിലും കാണ്മാൻ ? സാരംഗൻ വല്ലാതെയായി. കുറെകഴിഞ്ഞു കണ്ണുതുറന്നു നോക്കിയപ്പോളാണു ഭക്തനു കാര്യം മനസ്സിലായതു്. ഉടനെ വഴിമാറിക്കൊടുക്കുകയും തന്റെ അപരാധത്തിനു മാപ്പപേക്ഷിക്കയും ചെയ്തു. തിരിയെ സാരംഗൻ ക്ഷേത്രത്തിൽ വന്നാറെ അവിടെ കോളെല്ലാം പിഴച്ചുകണ്ടു. രാത്രിയിൽ സാരംഗനു പല ദുസ്സ്വപ്നങ്ങളുമുണ്ടായി. പിറ്റേന്നാൾ താൻതന്നെ പാണനെ തന്റെ തോളിൽ ചുമന്നു ഭഗവാന്റെ സന്നിധാനത്തിൽ കൊണ്ടു വരണമെന്നു അരുളപ്പാടുണ്ടാകയും ഭയവിഹ്വലനും ഇതികർത്തവ്യതാമൂഢനുമായ സാരംഗൻ ആ ആജ്ഞയെ ശിരസാവഹിച്ചു അതിന്മണ്ണം നടത്തുകയും ചെയ്തു. ഇതു നിമിത്തം തിരുപ്പാണാൾവാർക്കു മുനിവാഹൻ എന്നൊരു നാമാന്തരമുണ്ടു്. ഈ കഥയുടെ താൽപര്യം വിവരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഭഗവാനു തന്റെ സൃഷ്ടിയിൽപെട്ട ജീവരാശികൾ എല്ലാം ഒന്നുപോലെയാണു്. മഹാകവി കുഞ്ചൻനമ്പിയാർ ഈ തത്വത്തെ ആസ്പദമാക്കി പാടീട്ടുള്ള ആ ദിവ്യഗാനം ആരെയാണു് തൽക്കാലത്തേക്കെങ്കിലും വിശാലഹൃദയനാക്കിത്തീർക്കാത്തത്?
"വിപ്രനെന്നും, ക്ഷത്രനെന്നും, വൈശ്യനെന്നും, ശൂദ്രനെന്നു-
മിപ്രപഞ്ചേ നാലുവർണ്ണം നാലുവക്ത്രനുളവാക്കി.
അപ്പുറത്തു ബൌദ്ധനെന്നും, പാണനെന്നും, പറയനെന്നും
കല്പിതം ജാതിഭേദത്തിന്നന്തമില്ല നിരൂപിച്ചാൽ.
ഏവമുള്ള ശരീരങ്ങൾക്കൊക്കവേ പാർത്തു കാണുമ്പോൾ
ജീവനായിട്ടൊന്നു തന്നേ, യായതിപ്പോൾ പരബ്രഹ്മം.
നൂലുകൊണ്ടു പിരിച്ചോരു ചരടിൽ പൊന്മണികോർത്തു
മാലയാക്കിദ്ധനികന്മാർ ധരിക്കുന്നു ഗളംതന്നിൽ;
മുത്തുകൊണ്ടും മാലകോർക്കും പവിഴം കൊണ്ടുമുണ്ടാക്കും
പുത്തിലഞ്ഞിക്കുരുകൊണ്ടും കുന്നികൊണ്ടും ദരിദ്രന്മാർ
എന്നിവണ്ണം സുവർണ്ണാദിക്കൊക്കവേ താൻ ചരടായി-
ട്ടൊന്നുതന്നെ പൊന്നിനുമക്കുന്നിമഞ്ചാടിമാലയ്ക്കും.
എന്നപോലേ സർവജാതിപ്രഭുത്വം ഭൌതികം ദേഹം
ഒന്നുകൊണ്ടു കോർത്തുകെട്ടിക്കളിപ്പിക്കുന്നിതു ദൈവം.
എന്നതുമൂലമാത്മാവിന്നാർക്കുമാർക്കും ഭേദമില്ല;
ഒന്നു തന്നേ ചരടുള്ളിൽ ഭൂസുരന്നും പറയന്നും
ജ്ഞാനമെന്നുള്ളതു തന്നേ സാരമെന്നു ധരിക്കേണം:
ജ്ഞാനമില്ലാത്ത വിപ്രന്നും ബൌദ്ധനും ഭേദമില്ലേതും
ജ്ഞാനിയാകും പറയന്നും ബ്രാഹ്മണാദിദ്വിജന്മാർക്കും
സ്ഥാനമൊന്നായവ്‍രും ചത്തു പരലോകം പ്രവേശിച്ചാൽ."
ഈ തത്വം ഭാരതമാതാവിന്റെ ആധുനിക സന്താനങ്ങൾ എന്നറിയുന്നു? അറിഞ്ഞാൽ തന്നെ എന്നു് അനുഭവത്തിൽ കൊണ്ടുവരുവാൻ പോകുന്നു? ഈ വ്യതിയാനം ഇവിടെ നില്ക്കട്ടെ. ശ്രീവൈഷ്ണവമതത്തിന്റെ വിശാലാശയതയും വിശ്വജനീനതയും തിരുപ്പാണാൾവാരുടെ ചരിത്രത്തിൽ നിന്നു നമുക്കു് ഏറെക്കുറെ ഗ്രഹിക്കാവുന്നതാണു്.
ആൾവാരന്മാരെ ഗരുഡന്റേയും മറ്റും അവതാരങ്ങളായി സങ്കല്പിക്കുന്നതിന്റെ സാരം, രാമാനുജാചാര്യക്കു മുൻപും വൈഷ്ണമതത്തിനു ദക്ഷിണാപഥത്തിൽ പ്രചാരമുണ്ടായിരുന്നു എന്നും അതിലേക്കായി പ്രയത്നിച്ച ഭഗവൽ ഭക്തന്മാരിൽ പന്ത്രണ്ടുപേർ പ്രമാണികളായിരുന്നുവെന്നും അവരുടെ ആരംഭത്തെ രാമാനുജാചാര്യർ പൂർത്തിയാക്കുക മാത്രമേ ചെയ്തുള്ളു എന്നുമാണു്. ഈ ഭക്തന്മാരിൽ ഒരു മഹാൻ കേരളീയനും ചേരവംശജനായ ക്ഷത്രിയവീരനുമായിരുന്നു. അദ്ദേഹമാണു് എന്റെ ഇന്നത്തെ ഉപന്യാസത്തിനു വിഷയിഭവിക്കുന്ന മഹാകവിയും പരമഭാഗവതനുമായ "കുലശേഖര ആൾവാർ". കുലശേഖര ആൾവാരുടെ ചരിത്രത്തെപ്പറ്റി ശ്രീവൈഷ്ണവഗ്രന്ഥങ്ങളിൽ താഴെയെഴുതുന്ന വിധത്തിൽ വിവരിച്ചുകാണുന്നു. കുലശേഖരന്റെ പിതാവായ ദൃഢവ്രതൻ ഒരു ചേരരാജാവും അദ്ദേഹത്തിന്റെ രാജധാനി കൊടുങ്ങല്ലൂരിനു സമീപമുള്ള തിരുവഞ്ചക്കള (തിരുവഞ്ചിക്കുള)വുമായിരുന്നു. ദൃഢവ്രതൻ വളരെക്കാലം അനപത്യതാ ദുഃഖനിവൃത്തിക്കായി മഹാവിഷ്ണുവിനെ ആരാധിച്ചു. അതിന്റെ ഫലമായി മാഘമാസത്തിൽ പുണർതം നക്ഷത്രത്തിൽ അദ്ദേഹത്തിനു് അത്യുത്തമനായ ഒരു കുമാരൻ ജനിച്ചു.
"തസ്മാദഭൂച്ചേരകുലപ്രദീപഃ ശ്രീകൌസ്തുഭാത്മാ കുലശേഖരാഖ്യഃ മഹീപതിര്‍മ്മാഘപുനർവസുദ്യദ്ദിനേ ഹരേഃ പൂണ്ണകടാക്ഷലക്ഷഃ'' -ദിവ്യസൂരിചരിതം.
"പൊൻപുരൈയും പേർ കുലചേകരനേ മാചിപുനർപൂ ചത്തേഴിൽ വഞ്ചിക്കുളത്തിൽ തോൻറി" എന്നു വേദാന്തദേശികരും പറയുന്നു. പുത്രനെ കുലശേഖരെനെന്നു പിതാവു അഭിമാനപൂവ്വം വിളിച്ചുവന്നു. ബാല്യത്തിൽതന്നെ രാജ്യനീതിയിലും ആയുധവിദ്യയിലും അതിനിപുണനായിത്തീര്‍ന്ന കുലശേഖരനെ യൌവനാരംഭത്തിൽ കേരളരാജാവായി അഭീഷേകം ചെയ്തു. ദൃഢവ്രതൻ വാനപ്രസ്ഥാശ്രമം സ്വീകരിച്ചു തപസ്സിനായി കാട്ടിലേക്കു പോയി. രണശൂരനായ പുതിയ മഹാരാജാവിനു പാണ്ഡ്യചോള രാജ്യങ്ങൾ ജയിക്കുന്നതിനു് ഒരു പ്രയാസവുമുണ്ടായില്ല. ചേരരാജാക്കന്മാര്‍ക്കു കൊല്ലിവെപ്പൻ (കൊല്ലി എന്ന മലയ്ക്കധികാരി) കൊല്ലിക്കാവലൻ (കൊല്ലിമല രക്ഷിക്കുന്നവൻ) ഇത്യാദി ബിരുദങ്ങൾ ദ്രാവിഡ ഗ്രന്ഥങ്ങളിൽ സുപ്രസിദ്ധമാണു്. കൊല്ലി സഹ്യപർവതമാണെന്ന് ഊഹിച്ചുവരുന്നു. കൊടുങ്ങല്ലൂർ എന്ന പദംതന്നെ കൊടുങ്കൊല്ലിയൂർ എന്നതിന്റെ തത്ഭവമായും വന്നേക്കാം. കൊടുങ്കോളൂർ എന്ന പദത്തിൻറെ തത്ഭവമെന്നും പക്ഷമുണ്ടു്. കുലശേഖരനു "കൊല്ലിക്കാവലൻ" എന്ന കുലബിരുദത്തിനു പുറമേ പാണ്ഡ്യചോള രാജ്യങ്ങളെ കീഴടക്കുക നിമിത്തം കൂടൽനായകൻ (കൂടൽ = മധുര) കോഴിക്കോൻ (കോഴി = ഉറയൂരെന്ന ചോളരാജധാനി) എന്നീ ബിരുദങ്ങൾകൂടി സിദ്ധിച്ചു. അദ്ദേഹം പ്രജകൾക്കു് ശരച്ചന്ദ്രനായും ശത്രുക്കൾക്കു കല്പാന്തസൂര്യനായും രാജ്യപരിപാലനം ചെയ്തു. നമ്മുടെ കഥാനായകനു ആദ്യകാലത്തിൽ പറയത്തക്ക ഈശ്വരഭക്തിയുണ്ടായിരുന്നില്ല. എന്നാൽ ക്രമേണ വൈഷ്ണവന്മാരുമായുള്ള സഹവാസം കൊണ്ടു് അദ്ദേഹം ഒരു വിശിഷ്ട വിഷ്ണുഭക്തനായിത്തീർന്നു. തിരുപ്പതി, ശ്രീരംഗം മുതലായ വിഷ്ണക്ഷേത്രങ്ങളെ സന്ദർശിക്കുന്നതിനുള്ള ഉൽക്കണ്ഠ നാൾക്കുനാൾ അധികപ്പെട്ടു. പലമാതിരി ഐതിഹാസികന്മാരും പൌരാണികന്മാരും കാഥികന്മാരും അവരുടെ താമസം തിരുവഞ്ചിക്കുളത്തുതന്നെയാക്കി. അവരേക്കൊണ്ടു രാജാവു സ്‌മൃതികൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ഉപപുരാണങ്ങൾ മുതലായ ദിവ്യഗ്രന്ഥങ്ങൾ വായിപ്പിച്ചുകേട്ടു. രാമായണം വായിച്ചു കേട്ടുകൊണ്ടിരുന്നപ്പോൾ ഒരിക്കൽ
"ചതുർദ്ദശസഹസ്രാണി രക്ഷസാം ഭീമകര്‍മ്മണാം;
ഏകശ്ച രാമോ ധര്‍മ്മാത്മാ; കഥം യുദ്ധം ഭവിഷ്യതി? "
എന്നുള്ള ഘട്ടം വന്നുചേർന്നു
" ഇതി രാജര്‍ഷയസ്സിദ്ധാഃ സഗണാശ്ച ദ്വിജർഷഭാഃ
ജാതകൌതൂഹലാസ്തസ്ഥുർവിമാനസ്ഥാശ്ച ദേവതാഃ"
എന്ന അതിനടുത്തുള്ള ശ്ലോകം ശാസ്ത്രികൾക്കു വായിക്കുന്നതിനിടവന്നില്ല. "എന്ത്? എന്തു പറയുന്നു? ധമ്മാവാത്മാവായ എന്റെ ശ്രീരാമ പരമാത്മാവിനെ ഭയങ്കര കൃത്യങ്ങൾ ചെയ്യുന്ന രാക്ഷസന്മാർ പതിന്നാലായിരം പേർകൂടി ഒറ്റയ്ക്കു വളയുന്നുവോ? എവിടെ? ജനസ്ഥാനത്തിലോ ? ഉടൻ പുറപ്പെടട്ടെ എന്റെ ചതുരംഗസേന. ഞാനിതാ ഈ നിമിഷത്തിൽ തന്നെ പോര്‍ക്കളത്തിൽ എത്തിക്കഴിഞ്ഞു. എന്റെ ഭഗവാനു് അപായം വരുമ്പോൾ ഈയുള്ളവൻ ജീവിച്ചിരുന്നിട്ട് എന്തു ഫലമാണു്?" എന്നു പറഞ്ഞുകൊണ്ടു രാജാവു ബാണം പോലെ പാഞ്ഞു കുതിരലായത്തിൽ എത്തി ഒരു കുതിരപ്പുറത്തു കയറി വടക്കോട്ടു നോക്കി യാത്രയായിക്കഴിഞ്ഞു. മന്ത്രിമാരും സേനാപതികളും മറ്റും മിഴിച്ചുനോക്കി "ഇതെന്തു കൂത്താണു്? പൊന്നുതമ്പുരാനു ഭ്രാന്തുപിടിച്ചുവോ?" എന്നു പറഞ്ഞുകൊണ്ടു പുറകേ ഓടി. രാജാവു നിൽക്കുന്നില്ല. ഈ അപകടത്തിൽ നിന്നു രക്ഷപ്പെടാൻ പ്രധാനമന്ത്രി ഒരു യുക്തി കണ്ടുപിടിച്ചു. ഒരു സൈന്യവിഭാഗം മറ്റൊരു വഴിയായി ചെന്നു ശ്രീരാമൻ ഏകാകിയായിത്തന്നെ പതിന്നാലായിരം രാക്ഷസന്മാരേയും നാമാവശേഷന്മാരാക്കിക്കഴിഞ്ഞു എന്നുള്ള വര്‍ത്തമാനം അവിടുത്തെ ധരിപ്പിച്ചാൽ അവിടുന്നു തിരിയെപ്പോരുമെന്ന് അദ്ദേഹത്തിനു തോന്നി അതു പോലെ ഏര്‍പ്പാടുചെയ്തു. ആ കൃത്യത്തിലേക്കു നിയുക്തരായ ഭടന്മാർ കുറുക്കുവഴിയായി ഓടിച്ചെന്നു രാജാവിനെ തടഞ്ഞുനിറുത്തി, തങ്ങൾ ഖരനും ശ്രീരാമനുമായുള്ള യുദ്ധം കണ്ടു മടങ്ങിയതാണെന്നും തങ്ങളുടെ സഹായം ശ്രീരാമൻ ആവശ്യപ്പെട്ടില്ലെന്നും അതിനുമുൻപു തന്നെ ഖരദൂഷണത്രിശിരസ്സുകളേയും പതിന്നാലായിരം രാക്ഷസന്മാരേയും അവിടുന്നു വധിച്ചുകഴിഞ്ഞു എന്നും അറിയിച്ചു.
"തതോ രാമസ്തു വിജയീ പൂജ്യമാനോ മഹര്‍ഷിഭിഃ
പ്രവിവേശാശ്രമം വീരോ ലക്ഷ്മണേനാഭിപൂജിതഃ
തം ദൃഷ്ട്വാ ശത്രുഹന്താരം മഹര്‍ഷീണാം സുഖാവഹം
ബഭൂവ ഹൃഷ്ടാ വൈദേഹീ ഭർത്താരം പരിഷസ്വജേ."
ഈ രണ്ടു ശ്ലോകങ്ങളും ചൊല്ലുകയും ചെയ്തു. സന്തുഷ്ടനായ കുലശേഖരൻ നാട്ടിലേക്കു തിരിച്ചെഴുന്നള്ളി എന്നു പറയേണ്ടതില്ലല്ലൊ.
ഈ സംഭവത്തിനു മേൽ കൊട്ടാരത്തിൽ പതിവായി രാമായണം വായനയുണ്ടായിരുന്നു എന്നു വരികിലും ശ്രീരാമനു ദുഃഖമുണ്ടാകുന്ന ഭാഗങ്ങളെ ചുരുക്കിയും സന്തോഷം വരുന്ന സന്ദർഭങ്ങളെ മാത്രം വിസ്തരിച്ചുമാണ് ശാസ്ത്രികൾ തന്റെ കൃത്യത്തെ നിർവഹിച്ചുവന്നതു്. ഒരു ദിവസം അദ്ദേഹത്തിനു എന്തോ കാര്യമായി മഠത്തിൽ താമസിക്കേണ്ടിവന്നതിനാൽ തന്റെ മകനെ വായനയ്ക്കയച്ചു. മകനും അച്ഛനേപ്പോലെ തന്നെ വിഷ്ണുഭക്തനും പുരാണവിചക്ഷണനുമായിരുന്നു. എന്നാൽ അദ്ദേഹത്തിനു വ്യസനസംഭവങ്ങൾ വര്‍ണ്ണിക്കരുതെന്നുള്ള തത്വം മനസ്സിലായിരുന്നില്ല.
"തതസ്താം പരുഷൈർവാകൈ്യർഭത്സയിത്വാ മഹാസ്വനഃ
അങ്കേനാദായ വൈദേഹീം രഥമാരോപയത്തദാ
സാ ഗൃഹീതാ വിചുക്രോശ രാവണേന യശസ്വിനീ
രാമേതി സീതാ ദുഃഖാര്‍ത്താ രാമം ദൂരഗതം വനേ.
താമകാമാം സ കാമാര്‍ത്തഃ പന്നഗേന്ദ്രവധൂമിവ
വിവേഷ്ടമാനാമാദായ ഉൽപപാതാഥ രാവണഃ
തതസ്സാ രാക്ഷസേന്ദ്രേണ ഹ്രീയമാണാ വിഹായസാ
ദൃശം ചുക്രോശ മത്തേവ ഭ്രാന്തചിത്താ യഥാതുരാ."
എന്ന ഭാഗം വായിച്ചു. പാവം! രാജാവിനു സന്തോഷമുണ്ടാകണമെന്നുള്ള വിചാരത്തോടുകൂടി വളരെ വിസ്തരിച്ചു അര്‍ത്ഥം പറഞ്ഞുതുടങ്ങി. "എന്തെന്തു? പാവി രാവണൻ എന്റെ സീതാമാതാവിനെ മോഷ്ടിച്ചു ആകാശത്തിൽക്കൂടി ലങ്കയിലേക്കു കൊണ്ടുപോകുന്നുവോ? ലങ്ക ഈ നിമിഷത്തിൽ ഞാൻ ചുട്ടു ചാമ്പലാക്കാം. ദേവിയെ വീണ്ടുകൊണ്ടുവന്നു പരമാത്മാവിനെ ഏല്പിക്കാം. അമ്മേ! വൈദേഹി! ഈ ഭക്തൻ ജീവനോടുകൂടിയിരിക്കുമ്പോൾ എന്തിനു കരയുന്നു? എന്നു പറഞ്ഞുകൊണ്ടു കൊട്ടാരത്തിൽ നിന്നു് ഒരോട്ടമായി ഓടി സമുദ്രത്തിൽ ചെന്നു ചാടി. കഴുത്തുവരെ വെള്ളമായി. നീന്തിച്ചെന്ന് ലങ്കയിൽ കയറാനാണു രാജാവിന്റെ ശ്രമം! സാധുക്കളായ പ്രജകൾ എന്തു ചെയ്യും? ശ്രീരാമൻതന്നെ താൻ രാവണസംഹാരം കഴിഞ്ഞു സീതാദേവിയോടുകൂടി തിരിയെ വരുന്നതായി ആ പരമഭക്തനെ ധരിപ്പിച്ചു തിരിയെക്കൊണ്ടുചെന്നു രാജധാനിയിൽ ആക്കിയതായി ഐതിഹ്യം ഘോഷിക്കുന്നു.
കുലശേഖരമഹാരാജാവിനു നാൾക്കുനാൾ വൈരാഗ്യം അധികമായി വന്നു. ഇഹലോകത്തിലുള്ള ചിന്ത മിക്കവാറും അസ്തമിച്ചു. രാജ്യഭാരം മന്ത്രിമാര്‍ക്കു ബോധിച്ചതുപോലെയായി. ആ ഗ്രഹപ്പിഴയിൽ നിന്നു മഹാരാജാവിനെ രക്ഷപ്പെടുത്തുന്നതിനു അവർ പലവഴിയും നോക്കി. ശ്രീരംഗത്തിലേക്കു പോകുന്നതിനുള്ള ആഗ്രഹം അദ്ദേഹത്തിനു അടക്കുവാൻ പാടില്ലാതെയായി. അവിടെപ്പോയാൽ തിരിയെ വരുന്നതിനു് അവിടുത്തേക്കു മനസ്സു വരുന്നതല്ലെന്നു് അവര്‍ക്കു നല്ലപോലെ അറിയാമായിരുന്നു. അതിനൊരു തടസ്സമായി തീരത്തക്കവണ്ണം അവർ പല ദിക്കുകളിൽ നിന്നും ശ്രീവൈഷ്ണവന്മാരെ വരുത്തി. രാജധാനിയിൽ ഭഗവൽഭക്തന്മാർ വന്നുചേര്‍ന്നാൽ അവരെ ആരാധിക്കേണ്ടതു് അവിടുത്തെ ധര്‍മ്മമാകയാൽ അങ്ങനെയെങ്കിലും വിദേശഗമനത്തിനുള്ള തൃഷ്ണ നശിക്കട്ടെ എന്നായിരുന്നു അവരുടെ കരുതൽ. ഭഗവൽ ഭക്തന്മാർ വന്നാൽ അവരെ ആരാധിക്കും; അതു കഴിഞ്ഞാൽ പിന്നെയും ശ്രീരംഗത്തേക്കു പോകാൻ വട്ടംകൂട്ടും; മന്ത്രിമാർ പിന്നെയും ഭക്തന്മാരെ വരുത്തും; രാജാവു പിന്നെയും അവരെ ആരാധിക്കും; അതുകഴിഞ്ഞു വീണ്ടും വിദേശസഞ്ചാരത്തിനുള്ള സംരംഭം തുടങ്ങും; ഇങ്ങനെ കുറേക്കാലം കഴിഞ്ഞു. ലഗ്നാലും ചന്ദ്രാലും രാജ്യരക്ഷ ഒരുനാളും ചെയ്യുകയില്ല എന്നുള്ള നില വന്നിട്ടു കാലം വളരെയായി.
"ഘുഷ്യതേ യസ്യ നഗരേ രംഗയാത്രാ ദിനേദിനേ
തമഹം ശിരസാ വന്ദേ രാജാനം കുലശേഖരം"
എന്നതു ശ്രീവൈഷ്ണവന്മാരുടെ ഒരു വന്ദനശ്ലോകമാണു്. ഇതിൽനിന്നു ശ്രീരംഗയാത്രയ്ക്കു മഹാരാജാവിനുള്ള ഉൽക്കണ്ഠയും മന്ത്രിമാർ ആ കാര്യത്തിലുണ്ടാക്കിക്കൊണ്ടിരുന്ന വിഘ്നങ്ങളും ഏറെക്കുറെ അനുമാനിക്കാവുന്നതാണു്. രണ്ടുകൊണ്ടും മന്ത്രിമാർ തോറ്റു. സൊല്ലയൊഴിയാനുള്ള വഴി ഒന്നുംതന്നെ കണ്ടില്ല. ഒരു ദിവസം അവിടുന്നു പതിവായി തൊഴുതു വന്ന ശ്രീരാമ വിഗ്രഹത്തിൽ ചാര്‍ത്തിയിരുന്ന ഒരു വിലയേറിയ പതക്കം മോഷ്ടിച്ചുവച്ചുകൊണ്ടു് ആ കൃത്യം നടത്തിയതു വിഷ്ണുഭക്തന്മാരാണന്നും അവിടുന്ന് അഭിമാനിച്ചു് ആരാധിച്ചുവന്ന വിദേശികളിൽ ചിലരാണെന്നും കൂസൽകൂടാതെ അവർ മഹാരാജാവിനോടറിയിച്ചു. വീണ്ടും ചോദിച്ചതിൽ ആ സംഗതിയിൽ അവര്‍ക്ക് യാതൊരു സംശയവുമില്ലെന്നും കേസു പൂര്‍ണ്ണമായി തെളിഞ്ഞിട്ടുണ്ടെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. "എന്നാൽ കൃഷ്ണസര്‍പ്പത്തെ ഉള്ളിൽ അടച്ചിട്ടുള്ള ഒരു കുടം കൊണ്ടുവരട്ടെ. വിഷ്ണുഭക്തന്മാരായ എന്റെ വയസ്യന്മാർ പാപം ചെയ്കയില്ലെന്നു ഞാനും ചെയ്യുമെന്നിവരും. കുടത്തിൽ ഞാൻ കയ്യിടാം. പതക്കം ഭക്തന്മാർ മോഷ്ടിച്ചിട്ടില്ലെങ്കിൽ സര്‍പ്പം എന്നെ കടിക്കില്ല.'' എന്നു രാജാവു് സധൈര്യം പറഞ്ഞുകൊണ്ടു താൻ ആവശ്യപ്പെട്ടതുപോലെയുള്ള ഒരു കുടം വരുത്തി. കല്പന കല്ലുപിളര്‍ക്കുമെന്നു പറയുന്നതു് എത്ര സത്യമാണു് ! രാജാവു് കുടത്തിൽ കയ്യിട്ടു. പത്തിവിരിച്ചു ശൂല്ക്കാരം ചെയ്തു കൊണ്ടിരുന്ന കൃഷ്ണസര്‍പ്പം വാഴനാരുപോലെ ചുരുണ്ടു താഴെ വീണു. ആരെ എവിടെക്കടിക്കാനാണു് ? അതിനെ കൈകൊണ്ടു തലോടിക്കൊണ്ടു നിര്‍ഭയനായി സിംഹാസനത്തിൽ എഴുന്നള്ളിയിരുന്ന രാജാവിനെ സദസ്യന്മാർ ഐകകണ്ഠേന ബഹുമാനിക്കുകയും വഞ്ചകന്മാരായ മന്ത്രിമാർ ലജ്ജകൊണ്ടും ഭയംകൊണ്ടും വിവശന്മാരായിത്തീരുകയും ചെയ്തു.
"അഞ്ചനമാമലെപ്പിറവിയാതരിത്താൻ വാഴിയേ;
അണിയരങ്കർമണിത്തൂണൈയമർന്തചെല്‍വൻവാഴിയേ;
വഞ്ചിനകരം തന്നെ വാഴ്‌വിത്താൻ വാഴിയേ;
മാചിതന്നിൽ പുനർപൂചം വന്തുതിത്താൻ വാഴിയേ;
അഞ്ചലെനക്കുടപ്പാമ്പിൽ കൈയിട്ടാൻ വാഴിയേ;
അനവരതമിരാമകതൈയകമകിഴ്‍വോൻ വാഴിയേ;
ചെഞ്ചൊൽമൊഴി നൂറ്റഞ്ചും ചെപ്പിനവൻ വാഴിയേ;
ചേരലർകോൻ ചെങ്കമലത്തിരുവടികൾ വാഴിയേ",
എന്ന കുലശേഖരപ്രശസ്തിപരമായ ദ്രാവിഡഭാഷാഗാനത്തിൽ "അഞ്ചലെനക്കുടപ്പാമ്പിൽ കൈയിട്ടാൻ" എന്ന ഭാഗം മേലെഴുതിയ ഐതീഹ്യത്തെ സൂചിപ്പിച്ചിട്ടുള്ളതാണു്. "അഞ്ചൽ" എന്നാൽ ഭയപ്പെടരുതെന്നു് താല്പര്യം. മന്ത്രിമാര്‍ക്കു മഹാരാജാവു് മാപ്പുകൊടുത്തു. എന്നാൽ അതിൽ പിന്നീടു രാജ്യഭാരം ചെയ്തുകൊണ്ടിരിക്കണമെന്ന് അദ്ദേഹത്തിനു ലേശം പോലും ആഗ്രഹമുണ്ടായിരുന്നില്ല.
"വരം ഹുതവഹജ്വാലാപഞ്ജരാന്തർവ്യവസ്ഥിതിഃ;
ന ശൌരിചിന്താവിമുഖജനസംവാസവൈശസം".
എന്ന ശൌനക സംഹിതയിലേ ശ്ലോകം ഉച്ചരിച്ചുകൊണ്ടു തന്റെ പുത്രനായ ദൃഢവ്രതനെ മഹാരാജാവാക്കി അഭിഷേകം ചെയ്യിച്ചു. പരമഭാഗവതയായിരുന്ന തന്റെ പുത്രിയോടുകൂടി ആ മഹാനുഭാവൻ തൽക്ഷണം തന്നെ ശ്രീരംഗത്തേയ്ക്കു പുറപ്പെട്ടു. അവിടെ വളരെക്കാലം താമസിച്ചു ഭഗവൽകൈങ്കര്യം ചെയ്കയും തിരുവേങ്കടം (തിരുപ്പതി), ചിത്രകൂടം, അയോദ്ധ്യ, തിരുക്കണ്ണപുരം മുതലായ പുണ്യസ്ഥലങ്ങൾ സന്ദർശിക്കയും ചെയ്തു. ഒടുവിൽ നമ്മാൾവാരുടെ പിതൃഗൃഹമായ ആൾവാർ തിരുനഗരി സന്ദർശിക്കയും അവിടെനിന്നു മന്നാർകോവിലിലേയ്ക്കു പോയി അവിടുത്തെ രാജഗോപാലസ്വാമിയെ അനന്യ ചിന്തയോടുകൂടി ഭജിച്ചു കൊണ്ടു കുറേക്കാലം കഴിച്ചുകൂട്ടുകയും ചെയ്തു. അറുപത്തേഴാമത്തെ വയസ്സിൽ കുലശേഖര ആൾവാർ സ്വര്‍ഗ്ഗാരോഹണം ചെയ്തു.
കുലശേഖരന്റെ കാലമേതെന്നാണ് ഇനി വിചാരണ ചെയ്‍വാൻ പോകുന്നതു്. മുകുന്ദമാലയും പെരുമാൾ തിരുമൊഴിയും ഈ ആൾവാരുടെ കൃതികളാണെന്നു പരക്കെ സമ്മതമുള്ളതും വൈഷ്ണവന്മാർ അവരുടെ മതഗ്രന്ഥങ്ങളിൽ പ്രകടമായി ഘോഷിക്കുന്നതുമാണു്. തപതീസംവരണം, സുഭദ്രാധനഞ്ജയം, ആശ്ചര്യമഞ്ജരി ഇത്യാദി ഗ്രന്ഥങ്ങളുടെ നിര്‍മ്മാതാവായ കുലശേഖര വര്‍മ്മാവും, ബാലരാമായണം, കര്‍പ്പൂരമഞ്ജരി, വിദ്ധസാലഭഞ്ജിക, ബാലഭാരതം അഥവാ പ്രചണ്ഡപാണ്ഡവം ഈ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ രാജശേഖര കവിയും, ശ്രീമാൻ ഗോപീനാഥരായർ ഈയിടെ പ്രസിദ്ധപ്പെടുത്തിയ താഴമണ്ണില്ലം വക താമ്രശാസനത്തിൽ പറയുന്ന രാജശേഖരനും മുകുന്ദമാലാദി ഗ്രന്ഥകാരനായ കുലശേഖരനും ഒരാളോ ഭിന്നന്മാരോ എന്നുള്ള വിചാരണയും ഇവിടെ ആനുഷംഗികമായി വേണ്ടിവരുന്നു.
രാജശേഖരകവി കേരളീയനാണെന്നുള്ള വാദത്തിനു വലിയ അടിസ്ഥാനമൊന്നുമുള്ളതായി തോന്നുന്നില്ല. ശങ്കരവിജയമെന്ന ഗ്രന്ഥത്തിൽ നാടകകര്‍ത്താവായ ഒരു രാജശേഖര മഹാരാജാവിനെപ്പറ്റിപ്പറയുന്നുണ്ടു്.
"ഏവമേനമതിമര്‍ത്ത്യചരിത്രം സേവമാനജനദൈന്യലവിത്രം
കേരളക്ഷിതിപതിർഹി ദിദൃക്ഷുഃ പ്രാഹിണോത്സചിവമാദൃതഭിക്ഷുഃ
തേന പൃഷ്ടകുശലഃ ക്ഷിതിപാലഃ സ്വേന സൃഷ്ടമഥ ശാത്രവകാലഃ
ഹാടകായുത സമര്‍പ്പണപൂര്‍വ്വം നാടകത്രയമവോചദപൂർവം.
കവിതാകുശലോഥ കേരളക്ഷ്മാകമനഃ കശ്ചന രാജശേഖരാഖ്യഃ
മുനിവര്യമമും മുദാ വിതേനേ നിജകോടീരനിഘൃഷ്ടതന്നഖാഗ്രം.
പ്രഥിതേ കിമു നാടകത്രയീ സേത്യമുനാ സംയമിനാ തതോ നിയുക്തഃ"
ഇത്യാദി ശ്ലോകങ്ങളിൽനിന്നു കേരള ചക്രവർത്തിയായ ഒരു രാജശേഖരൻ താനുണ്ടാക്കിയ മൂന്നു നാടകങ്ങൾ ശങ്കരഭഗവൽപാദസ്വാമിക്കു കാഴ്ചവച്ചതായി കാണുന്നു. ശങ്കരവിജയ കര്‍ത്താവായ മാധവാചാര്യർ വേദഭാഷ്യകാരനായ സായണാചാര്യരുടെ ജേഷ്ഠനായ മാധവാചാര്യരല്ലെന്നും നവകാളിദാസനെന്ന ബിരുദത്തോടുകൂടിയ മറ്റൊരു മാധവനാണെന്നുമാണു അഭിജ്ഞമതം. അതിനാൽ ശങ്കരവിജയത്തിന്റെ കാലനിര്‍ണ്ണയംതന്നെ സുകരമല്ല. ഏതായാലും ഈ ശങ്കരവിജയത്തിൽ രാജശേഖരനുണ്ടാക്കിയ നാടകത്രയമേതെന്നു പറയുന്നില്ല. ക്രിസ്തു പതിനാറാം ശതവർഷത്തിൽ ജീവിച്ചിരുന്ന സദാശിവബ്രഹ്മേന്ദ്ര സരസ്വതി തന്റെ ജഗൽഗുരുരത്നമാലാസ്തവത്തിൽ
"ഹൃതസട്ടകസത്രിനാട്യബന്ധവ്രതയായാവരരാജശേഖരാന്ധ്യം
കൃതവന്തമനന്തമന്ത്രശക്തിം വ്രതിഗംഗാധരമാശ്രയേസുക്തിം".
എന്നു പറഞ്ഞു കാണുന്നു. കർപ്പൂരമഞ്ജരീസട്ടകം മുതലായ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ രാജശേഖരന്റെ നേത്രരോഗം ഭേദമാക്കിയതു ഭഗവൽപാദരല്ലെന്നും ഭഗവൽപാദരുടെ വംശപരമ്പരയിൽപെട്ട ഗംഗാധരവ്രതിയാണെന്നുമാണു് ഈ ശ്ലോകത്തിൽനിന്നു വെളിവാകുന്നതു്. ഗംഗാധരവ്രതി ഭഗവൽപാദരുടെ മൂന്നാം തലമുറക്കാരനായിരുന്നു എ ന്നാണ് ഐതിഹ്യം. ആ നിലയ്ക്ക് ഭഗവൽപാദര്‍ക്കു നാടകത്രയം കാഴ്ച വച്ചതു കർപ്പൂരമഞ്ജരീകാരനായിരിക്കുവാൻ വഴിയില്ല. രാജശേഖരകവി തന്നെപ്പറ്റിപ്പറയുന്നതു തന്നെ എന്താണെന്നു നോക്കാം.
"ഭാവ കഥ്യതാമേതൽ കോ ഭാണ്യതേ രജനീവല്ലഭശിഖണ്ഡഃ 
രഘുകുലചൂഡാമണമ്മഹേന്ദ്രപാലസ്യ കശ്ച ഗുരുഃ
ബാലകവിഃ കവിരാജോ നിർഭയരാജസ്യ തഥോപാദ്ധ്യായഃ
ഇത്യേതസ്യ പരമ്പരയാ ആത്മാ മാഹാത്മ്യമാരൂഢഃ
ചാഹുവാനകുലമൌലിമാലികാ രാജശേഖരകവീന്ദ്രഗേഹിനീ
ഭർത്തുഃ കൃതിമവന്തിസുന്ദരീ സാ പ്രയോജയിതുമേതാമിച്ഛതി".
കർപ്പൂരമഞ്ജരീസട്ടകത്തിലുള്ള മൂന്നു പദ്യങ്ങളുടെ ഛായയാണു് മേലെഴുതിയതു്.
"നമിതമുരളമൌലിഃ പാകലോ മേകലാനാം
രണകലിതകലിങ്ഗഃ കേലിതട് കേരളേന്ദോഃ
അജനി ജിരുകുലൂതഃ കുന്തളാനാം കുഠാരോ
ഹഠഹൃതരമഠശ്രീശ് ശ്രീമഹീപാലദേവഃ."
തേന ച രഘുവംശമുക്താമണിനാ ആര്യാവത്തമഹാരാജാധിരാജേന ശ്രീനിർഭയനരേന്ദ്രനന്ദനേനാധികൃതാസ്സഭാസദഃ:-
"രാജശേഖരകവേര്‍മ്മഹാത്മനോ ബാലഭാരതമിദം ഹി നാടകം
യോഭിനേഷ്യതി രസൈര്‍ന്നിരന്തരം മൽസുതാം സ പരിണേഷ്യതിക്ഷിതൌ.
ആപന്നാര്‍ത്തിഹരഃ പരാക്രമധനസ്സൌജന്യവാരാം നിധി-
സ്ത്യാഗീ സത്യസുധാപ്രവാഹശശഭുൽകാന്തഃ കവീനാം മതഃ
വർണ്യം വാ ഗുണരത്നരോഹണഗിരേഃ കിം തസ്യ സാക്ഷാദസൌ
ദേവോ യസ്യ മഹേന്ദ്രപാലനൃപതിശ്ശിഷ്യോ രഘുഗ്രാമണീം.
ബഭൂവ വല്മീകഭവഃ പുരാ കവിസ്തതഃ പ്രപേദേ ഭുവി ഭർതൃമേണ്ഠതാം
സ്ഥിതഃ പുനര്യോ ഭവഭൂതിരേഖയാ സവര്‍ത്തതേ സമ്പ്രതി രാജശേഖരഃ".
മേൽ ഉദ്ധരിച്ച ഭാഗങ്ങൾ ബാലഭാരത നാടകത്തിലുള്ളതാണ്. ഈ നാടകം രാജശേഖരനു മുഴപ്പിക്കുവാനിടവന്നില്ല.
"നിർഭയഗുരുർവ്യധത്തെ ച വാല്മീകികഥാം കിമനുസൃത്യ?"
"രഘുകുലതിലകേന മഹേന്ദ്രപാലേനാധികൃതാസ്സഭാസദഃ!"
"സ മൂര്‍ത്തോ യത്രാസീൽ ഗുണഗണ ഇവാകാലജലദഃ
സുരാനന്ദസ്സോപി ശ്രവണപുടപേയേന വചസാ
ന ചാന്യേ ഗണ്യന്തേ തരളകവിരാജപ്രഭുതയോ;
മഹാഭാഗസ്തസ്മിന്നയമജനി യായാവരകുലേ"
“തദാമുഷ്യായണസ്യ മഹാരാഷ്ട്രചൂഡാമണേരകാലജലദസ്യ ചതുര്‍ത്ഥോ ദൌർദ്ദകിഃ ശീലവതീസുനുരു പാദ്ധ്യായഃ ശ്രീരാജശേഖരം ഇത്യാദി പര്യാപ്തം ബഹുമാനേന" ഈ ഭാഗങ്ങൾ കവിയുടെ പ്രധാന കൃതിയായ ബാലരാമായണത്തിൽ കാണുന്നു. "ബഭൂവ വല്മീകഭവഃ! "ആപന്നാര്‍ത്തിഹരഃ പരാക്രമധനഃ" ഈ രണ്ടു പദ്യങ്ങൾ ബാലരാമായണത്തിലും ചേർത്തിട്ടുണ്ടു്. വിദ്ധസാലഭഞ്ജികയിൽ
സുത്രധാരഃ:- അയേ യായാവരേണ ദൌർദ്ദകിനാ കവിരാജശേഖരേണ വിരചിതായാ വിദ്ധസാലഭഞ്ജികാനാമ്‌ന്യാ നാടികായാ വസ്തൂപക്ഷേപോ ഗീയതെ.
ആകാശേ "സഖേ! സോമദത്ത! കിമാത്ഥ തദകാലജലദസ്യ പ്രണപ്‌തുസ്തസ്യ ഗുണഗണാഃ കിമിതി ന വര്‍ണ്ണ്യന്തേ ?" ശൃണു.
കിമപരമാരൈഃ പരോപകാരവ്യസനനിധേര്‍ഗ്ഗണിതൈർ ഗുണൈരമുഷ്യ?
രഘുകുലതിലകോ മഹേന്ദ്രപാലം സകലകലാനിലയസ്സ യസ്യ ശിഷ്യഃ"
എന്നു പറഞ്ഞിരിക്കുന്നു. ആ നാടികയിൽ തന്നെ ഹരദാസനെന്ന പാത്രം ചൊല്ലുന്ന
"ശ്രിയഃ പ്രസൂതേ വിപദോ തണദ്ധി യശാംസി ദുഗ്ദ്ധേ മലിനം പ്രമാർഷ്ടി
സംസ്ക്കാരശൌചേന പരം പുനീതേ ശ്രദ്ധാ ഹി ബുദ്ധിൽ കുലകാമധേനുഃ"
എന്ന പദ്യം ബാലഭാരതത്തിന്റെ പ്രസ്താവനയിൽ "ഉക്തം ഹി തേനെ വ മഹാസുമന്ത്രിപുത്രേണ" എന്ന പീഠികയോടുകൂടി ഉദ്ധരിച്ചുകാണുന്നു.
മേൽക്കാണിച്ച പദ്യഗദ്യങ്ങളിൽ നിന്നു മഹാരാഷ്ട്രന്മാരിൽ ദൂർദ്ദകന്മാർ എന്നൊരു വംശക്കാരുണ്ടായിരുന്നു എന്നും ആ വംശത്തിൽ അകാല ജലദൻ എന്നൊരു മഹാൻ ജനിച്ചു എന്നും അദ്ദേഹത്തിനു മഹാസുമന്ത്രി എന്നൊരു പൌത്രനുണ്ടായിരുന്നു എന്നും മഹാസുമന്ത്രിയുടെ ധമ്മപര്‍ത്നിയുടെ നാമധേയം ശീലവതി എന്നായിരുന്നു എന്നും ഈ ദമ്പതികളിൽ നിന്നാണ് രാജശേഖരകവിയുടെ ഉൽപത്തിയെന്നും രാജശേഖരൻ ചാഹുവാന (ചോഹൻ എന്ന രാജപുത്രവംശം) വംശത്തിൽ ജനിച്ച അവന്തിസുന്ദരിയെ വിവാഹം ചെയ്തു എന്നും രഘുവംശജാതന്മാരായ നിര്‍ഭയനെന്ന മഹേന്ദ്രപാലനും പുത്രൻ മഹീപാലനും അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു എന്നും അതിൽ മഹീപാലൻ കേരളത്തെകൂടി ജയിച്ചുവെന്നും വെളിവാകുന്നു. രാജശേഖരൻ കേരളരാജാവായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ശിഷ്യൻറെ പുത്രനും ശിഷ്യനുമായ മഹീപാലൻ കേരളത്തെ ഒരിക്കലും ആക്രമിക്കുന്നതിനിടവരുന്നതല്ലായിരുന്നു. " യായാവരകുലേ " എന്നുതന്നെ കവി പറഞ്ഞിരിക്കുന്ന സ്ഥിതിക്കു് യായാവരപദത്തിനു "പരിവ്രാജകൻ" എന്നര്‍ത്ഥം കൽപ്പിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. " യായാവരകുലശ്രേണർഹാരയഷ്ടേശ്ച മണ്ഡനം സുവര്‍ണ്ണബന്ധരുചിരസ്തരളസ്തരളോ യഥാ" എന്ന തന്റെ ഒരു പൂർവികനെപ്പറ്റി കവി വര്‍ണ്ണിക്കുന്നതു നോക്കുക. അതു വംശപ്പേരായിരിക്കാനാണ് അധികമെളുപ്പം. അഥവാ രാജശേഖരൻ പരിവ്രാജകവേഷം സ്വീകരിച്ചു തന്നെയാണു് മഹീപാലന്റെ സദസ്സിനെ അലങ്കരിച്ചതെന്നു വിചാരിച്ചാൽ കൂടിയും അദ്ദേഹം ഒരു കേരളരാജാവായിരുന്നു എങ്കിൽ തന്റെ സ്വാമിയെ "കേലിതട് കേരളേന്ദോഃ" എന്നു സ്തുതിക്കുന്നതിനു ന്യായമില്ല. നിർഭയൻ എന്നതു മഹേന്ദ്രപാലന്റെ ഒരു ബിരുദമാണെന്നും മഹേന്ദ്രപാലനും മഹീപാലനും കന്യാകുബ്ജദേശാധിപന്മാരായിരുന്നു എന്നും " സ്വസ്തി ശ്രീമഹോദയസമാവാസിതാനേക
ഗോഹസ്ത്യശ്വരഥപത്തി സമ്പന്നസ്ക്കന്ധാവാരാൽ ... പരമഭഗവതീഭക്തോ മഹാരാജശ്രീമഹേന്ദ്രപാലദേവഃ" ഇത്യാദി ദാനപത്രങ്ങളിൽ നിന്നു വെളിവാകുന്നു.
മഹോദയപുരമെന്നു കൊടുങ്ങല്ലൂരിനും പേരുള്ളതുകൊണ്ടാണു് ചില പണ്ഡിതന്മാര്‍ക്ക് ഈ വിഷയത്തിൽ അന്യഥാ ശങ്കയ്ക്കിട വന്നിട്ടുള്ളതു്. എന്നാൽ മഹീപാലൻ ആര്യാവര്‍ത്തമഹാരാജാധിരാജൻ" ആണെന്നു ബാലഭാരതത്തിൽ പറയുന്ന സ്ഥിതിക്കു് അതിലെ "കഥമേതേ മഹോദയമഹാനഗര ലീലാവതംസാവിദ്വാംസസ്സാമാജികാഃ?" എന്ന ഭാഗത്തിൽ കാണുന്ന മഹോദയ മഹാനഗരം കൊങ്ങല്ലൂരല്ലെന്നുള്ളതു നിർവിവാദമാകുന്നു. "കന്യാകുബ്ജം മഹോദയം." "മഹോദയഃ കന്യാകുബ്‌ജേ" എന്നും മറ്റും അഭിധാനഗ്രന്ഥങ്ങളിൽ കാണുന്ന ക്രമത്തിനു് ഈ മഹോദയം കന്യാകുബ്ജമാണെന്നുള്ളതും തീർച്ചതന്നെ. ബാലരാമായണത്തിൽ ലക്ഷ്മണൻ
"ഇദം പുനസ്തതോപി മന്ദാകിനീപരീക്ഷിപ്തം മഹോദയം നാമനഗരം ദൃശ്യതേ"
എന്നും അതിനെ പിന്തുടര്‍ന്നു ശ്രീരാമൻ
"ശശ്വൽസുധാമവസുധാമഹിതം ദ്വിഷദ്‌ഭിര്‍-
ന്നോ ഗാഹിതം ഭവതി ഗാധിപുരം പുരസ്താൽ;
വൈദേഹി ദേഹി ശഫരീസദൃശം ദൃശന്ത-
ദസ്മിന്നിതംബിനി! നിതംബമഹദ്യുസിന്ധൌ!"
"ഇദം ദ്വയം സർവമഹാപവിത്രം പരസ്പരാലങ്കരണൈകഹേതുഃ
പുരം ച ഹേജാനകി! കാന്യകുബ്ജം സരിച്ച ഗൌരീപതി മൌലിമാലാ."
എന്നും പറയുന്നതു് ഇതിനനുരൂപമായിരിക്കുന്നു. ഗാധിപുരവും കാന്യകുബ്ജവുമൊന്നു തന്നെയെന്നു് "കന്യാകുബ്ജം ഗാധിപുരം കൌശം കുശസ്ഥലം ച തൽ" എന്നഭിധാനമുള്ളതുകൊണ്ടു തീർച്ചപ്പെടുത്താം. വിദ്ധസാലഭഞ്ജികാവ്യാഖ്യാതാവായ നാരായണദീക്ഷിതർ
"ബാലരാമായണേ സ്വസ്യ മഹാരാഷ്ട്രത്വവര്‍ണ്ണനാൽ
മഹാരാഷ്ട്രഃ കവിസ്സോയം ദേശീം പ്രായസ്സ്വദേശജാം
പ്രയുക്തവാനതോസ്മാകം സുബോധാ ബഹുധാസ്തി സാ."
എന്നു പറഞ്ഞിട്ടുള്ളതും രാജശേഖരൻ കേരളീയനല്ലെന്നുള്ള വാദത്തെത്തന്നെ അനുകൂലിക്കുന്നു. ബാലരാമായണത്തിൽ നിന്നു ഞാനുദ്ധരിച്ച "സ മൂര്‍ത്തോ യത്രാസീൽ" ഇത്യാദി പദ്യത്തിൽ കാണുന്ന സുരാനന്ദനും ഈ മഹാകവിയുടെ പൂർവികനായിരുന്നു. പക്ഷേ പിതാമഹനായി തന്നെ ഇരുന്നിരിക്കാനിടയുണ്ടു്. സുരാനന്ദനെപ്പറ്റി രാജശേഖരന്റെ വര്‍ണ്ണനയായ ഒരു ശ്ലോകം വല്ലഭദേവന്റെ സൂക്തിമുക്താവലിയിൽ എടുത്തു ചേർത്തിട്ടുണ്ട്. അതു താഴെക്കാണുന്നതാകുന്നു.
"നദീനാം മേകലസുതാ; നൃപാണാം രണവിഗ്രഹഃ;
കവീനാഞ്ച സുരാനന്ദഞ്ചേദിമണ്ഡലമണ്ഡനം."
ഈ സുരാനന്ദനും "സ മൂര്‍ത്തോ യത്രാസീൽ" ഇത്യാദി പദ്യത്തിലെ സുരാനന്ദനും ഒരാളാണെങ്കിൽ തന്നെ അദ്ദേഹം ചേദിരാജ്യത്തിൽ രണവിഗ്രഹന്റെ സദസ്യനായി പാർത്തുവെന്നേ അത്ഥമുള്ളു. നമ്മുടെ കവി തന്നെ ഉപാദ്ധ്യായനെന്നും ഗുരുവെന്നും മറ്റും വര്‍ണ്ണിക്കുന്നതിൽനിന്നു അദ്ദേഹം ഒരു ബ്രാഹ്മണനായി വരാനാണ് അധികമെളുപ്പം. ക്ഷത്രിയരായാൽ സ്വരാജ്യം വിട്ടു സുരാനന്ദൻ ചേദിയിലും രാജശേഖരൻ കന്യാകുബ്ജത്തിലും ചെന്നു പാര്‍ക്കുവാൻ ന്യായമില്ല. ചോഹൻ വംശജയായ അവന്തി സുന്ദരി ഒരു ക്ഷത്രിയസ്ത്രീയാണെന്നുള്ളതു നിസ്തര്‍ക്കം തന്നെ. എന്നാൽ ക്ഷത്രിയസ്ത്രീയെ ഒരു ബ്രാഹ്മണൻ വിവാഹം ചെയ്തതു് ഒരു വലിയ അത്ഭുതമായി വിചാരിക്കേണ്ടതല്ല. അകാലജലദനെ "മഹാരാഷ്ട്രചൂഡാമണി" എന്നു പറഞ്ഞിരിക്കുന്നതിൽനിന്നു് അദ്ദേഹം ഒരു രാജാവാകണമെന്നില്ല. അകാലജലദപദംതന്നെ ഒരു ബിരുദമായിരിക്കാമെന്നുള്ളതിനാൽ ഇദ്ദേഹത്തെ അകാലവര്‍ഷമഹാരാജാവാണെന്നു ശങ്കിച്ചിട്ടുമാവശ്യമില്ല. വര്‍ഷവും മേഘവുമൊന്നല്ലെന്നു പറയേണ്ടതില്ലല്ലോ.
"അകാലജലദേന്ദോസ്സാ ഹൃദ്യാ വചനചന്ദ്രികാ
നിത്യം കവിചകോരൈര്യാ പീയതേ ന ച ഹീയതേ".
എന്നു രാജശേഖരൻ തന്നെ മറ്റൊരവസരത്തിൽ വര്‍ണ്ണിച്ചിരിക്കുന്നതിൽ നിന്നു് അകാലജലദൻ ഒരു പണ്ഡിതനും കവിയുമായിരുന്നിരിക്കാമെന്നും അതിനാൽ മഹാരാഷ്ട്രശ്രേഷ്ഠനെന്നു കവി പ്രശംസിക്കുന്നതാണന്നും നമുക്ക് അനുമാനിക്കുവാൻ ധാരാളം ന്യായമുണ്ടു്. "ചാഹുവാന" പദം "ചേരമാന" എന്നതിന്നു പകരം തെറ്റായി പ്രയോഗിച്ചിരിക്കാമെന്ന് ഒരു ഊഹം ആദ്യമായി ഞാൻ ശ്രീമാൻ ഗോപീനാഥരായരുടെ പ്രസിദ്ധീകരണങ്ങളിൽ നിന്നാണു് ഗ്രഹിക്കുന്നതു്. "ചാഉഹാണ! എന്നു വ്യക്തമായി പ്രാകൃതത്തിൽ പറഞ്ഞിരിക്കുമ്പോൾ അതിനു "ചേരമാന" എന്നെങ്ങനെയാണു ഛായ ഉണ്ടാക്കുന്നതു് ? വളരെ വിസ്തരിക്കുന്നില്ല. മേൽ വിവരിച്ചതിൽനിന്നു രാജശേഖരൻ ഒരു മഹാരാഷ്ട്ര ബ്രാഹ്മണനാണെന്നു സിദ്ധിക്കുന്നുണ്ടെന്നാണു് എന്റെ വിശ്വാസം.
ബാലരാമായണത്തിൽ പരശുരാമനെപ്പറ്റിയുള്ള ഒരു ശ്ലോകം രാജശേഖരൻ കേരളീയനാണെന്നുള്ള ഊഹത്തെ ബലപ്പെടത്തുന്നതാണെന്നു ചിലർ വാദിക്കുന്നു. ആ ശ്ലോകം ബാലരാമായണം രണ്ടാമങ്കത്തിലുള്ളതാണു്. പരശുരാമന്റെ വെണ്മഴു വാങ്ങിച്ചു കൊണ്ടുവരുവാനായി രാവണൻ മായാമയൻ എന്നൊരു രാക്ഷസനെ പറഞ്ഞയയ്ക്കുന്നു. പരശുരാമൻ തന്റെ ആയുധം രാവണൻറ അപേക്ഷയനുസ്സരിച്ചു കൊടുക്കുന്നില്ല.
"പൗലസ്ത്യഃ പ്രണയേന യാചത ഇതി ശ്രുത്വാ മനോ മോദതേ;
ദേയോനൈഷ ഹരപ്രസാദപരശുസ്തനാധികം താമ്യതി;
തദ്വാച്യസ്സ ദശാനനൊ മമ ഗിരാ; ദത്താ ദ്വിജേഭോ മഹീ
തുഭ്യം ബ്രൂഹി രസാതലത്രിദിവയോര്‍ന്നിര്‍ജ്ജിത്യ കിം ദീയതാം?"
എന്നൊരു മറുപടി ഭംഗിയിൽ പറഞ്ഞയയ്ക്കും പറഞ്ഞയയ്ക്കുന്നതേയുള്ളു. ഇതു കൊണ്ടു രാവണനുണ്ടോ തൃപ്തിവരുന്നു? പാതാളവും സ്വര്‍ഗ്ഗവും പരശുരാമനെ കൂടാതെ രാവണനു ജയിക്കുവാൻ പാടില്ലേ ? ജയിച്ചിട്ടില്ലേ? മായാമയൻ രാവണന്റെ ക്രോധവഹ്നിയെ ഉദ്ദീപിപ്പിക്കുന്നു.
മായാ- അസ്തമിതാന്യവിക്രമഗതീനി ജഗന്തി ത്രീണ്യപി മന്വാ നോ നിതരാം ദൃപ്യതി ബ്രഹ്മവിരഃ.
രാവണ- കതരദധിഷ്ഠാനമദ്ധ്യാസ്തേ സ തേ ബ്രഹ്മവീരഃ?
ഇതിനു മായാമയൻ പറയുന്ന മറുപടിയാണു് മുൻപു സൂചിപ്പിച്ചതായ ശ്ലോകം.
"നിശ്ശേഷം കാശ്യപായ ക്രതുവിധിഗുരവേ ദക്ഷിണീകൃത്യ പൃഥ്വീം കാണ്ഡൈര്‍ജ്യോതിശ്ശിഖണ്ഡൈര്‍മ്മധുരിപുശയനേ വ്യസ്തവാൻ വാരി യേഭ്യഃ
താനേലാനാളികേരീക്രമുകഫണിലതാരാജരംഭാവനാന്താ-നംഭോധേർഗർഭഭാഗാനധിവസതി മുനിർഭാര്‍ഗ്ഗവോ ഭര്‍ഗശിഷ്യഃ"
ഇതിൽ മധുരിപുശയനമെന്ന പദത്തിനു തിരുവനന്തപുരമെന്നര്‍ത്ഥ കല്പന ചെയ്യുന്നതുതന്നെ ശരിയല്ല. സമുദ്രമെന്നേ ആ പദത്തിനു ഇവിടെ താല്പര്യമുള്ളൂ. ഏലാനാളികേരീ ക്രമുകഹണിലതാ രാജരംഭാവനാന്ത മെന്നു കേരളത്തെ വര്‍ണ്ണിച്ചിരിക്കുന്നതു് ഏറ്റവും ശരിയായിരിക്കുന്നു എന്നുള്ളതിൽനിന്നു മാത്രം കവി കേരളീയനാകുന്നതെങ്ങനെ? ഒരു മഹാരാഷ്ട്രനായ അദ്ദേഹത്തിനു കേരളത്തിന്റെ ഉല്പത്തിയേയും സ്ഥിതിയേയും പറ്റി നല്ല ജ്ഞാനമുണ്ടായതു് അത്ഭുതമെന്നു പറവാനില്ല. "തർഹിമിഥിലാതഃ സിംഹളാനുത്തരേണ ലങ്കാം സാധയതസ്സവിധീഭവിതാ! എന്നു ഭയക്രോധങ്ങളാൽ വിവശീകൃതനായ രാവണനെക്കൊണ്ടു പറയിക്കുന്നതിനുവേണ്ടി മാത്രമല്ലയോ കവി പരശുരാമനെ കേരളവുമായി സംബന്ധപ്പെടുത്തി വര്‍ണ്ണിക്കുന്നതെന്നു സംശയമുണ്ടു്. ഏതായാലും ഈ ഒരു ശ്ലോകത്തിൽ നിന്നു രാജശേഖരൻ കേരളീയനാണെന്ന് അനുമാനിക്കുന്നതിനു യാതൊരു ന്യായവുമില്ല. അങ്ങനെയാണെങ്കിൽ ബാലരാമായണത്തിൽ തന്നെയുള്ള
"സകലസ്യാസ്യ ലോകസ്യ ജാതിർഭവതി മാതൃതഃ;
ഋഷീണാം തു ശ്രുതിദൃശാം പിതൃതോ ധര്‍മ്മനിര്‍ണ്ണയഃ"
"അഹമേവ ഹരിഷ്യാമി പരിണേതുഃ പുരോപി താം
നാരീപരിഭവം സോഢും ദാക്ഷിണാത്യാ ന ശിക്ഷിതാഃ".
"പര്‍ണ്ണം നാഗരഖണ്ഡമാർദ്രസുഭഗം പൂഗീഫലൈലാസ്തഥാ
കർപ്പൂരസ്യ ച യസ്യ കോപി ചതുരസ്താംബൂലയോഗക്രമഃ
ദേശഃ കേരള ഏഷ കേളിസദനം ദേവസ്യ ശൃംഗാരിണ-
സ്തദ്‍ദൃഷ്ട്വാ കുരുകോമളാംഗി! സഫലേദ്രാഘീയസീ ലോചനേ"
ഇത്യാദി പദ്യങ്ങളും വിദ്ധസാലഭഞ്ജികയിലേ
"ഹാരോയം കേരളസ്ത്രീവിഹസിതശുചിഭിഃ പങ്‍ക്തിഭിര്‍മ്മൌക്തികാനാം
സദ്യഷ്ഷാണ്മാസികാനാം മമ മദിരദൃശോ ദന്തചന്ദ്രോദയശ്രീഃ
സോല്ക്കണ്ഠം കണ്ഠദേശേ ഝടിതി കുചതടാദോംനമോ മന്മഥായേ-
ത്യസ്തോയന്മദ്ധ്യരത്നം ഛുരയതി കകുഭഃ കൌങ്കുമീഭിഃ പ്രഭാഭിഃ
ഇത്യാദി പദ്യങ്ങളും മറ്റും ആ അനുമാനത്തെ സഹായിക്കേണ്ടതാണ്. സീതാസ്വയംവരഘട്ടത്തിൽ കേരളരാജാവിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നും രാജശേഖരൻ കേരളരാജാവായതുകൊണ്ടാണു് അങ്ങനെ വന്നതെന്നുമാണു് മറ്റൊരു വാദം. ഇതും ശരിയല്ല. ഒന്നാമതായി പ്രതീഹാരി മൂന്നാമങ്കത്തിൽ ഏതാനും ചില രാജാക്കന്മാരെ മാത്രമേ വര്‍ണ്ണിക്കുന്നുള്ളു. പക്ഷേ പാണ്ഡ്യരാജാവിനേയും "കാഞ്ചീപുരപരമേശ്വരൻ" ആയ ചോളരാജാവിനെയും കോലാഹലമായി സ്തുതിച്ചിരിക്കുന്ന സ്ഥിതിക്കു് കവി കേരളരാജാവിന്റെ കാര്യം മറന്നിരിക്കാനിടയില്ല. എന്നാൽ "നിശ്ശേഷം കാശ്യപായ" ഇത്യാദി ശ്ലോകംകൊണ്ടു് സീതാസ്വയംവരകാലത്തിൽ കേരളം പരശുരാമനു് അധീനമാണെന്നു പറഞ്ഞതിൽ നിന്നു് അവിടെ വേറെ അന്നു രാജാവുണ്ടായിരുന്നിരിക്കാനിടയില്ലെന്നാണു് രാജശേഖരന്റെ ഊഹമെന്നും അതുകൊണ്ടാണ് കേരളരാജാവിന്റെ കഥ വിട്ടുകളഞ്ഞതെന്നും നമുക്ക് ഏകദേശം തീരുമാനിക്കാം. പരശുരാമനെ സ്വയംവരത്തിനു വരുത്താൻ പാടുള്ളതുമല്ലല്ലോ. രാജശേഖരനു പല രാജ്യങ്ങളെപ്പറ്റിയും നല്ല അറിവുണ്ടായിരുന്നു എന്നുള്ളതിനു് അദ്ദേഹത്തിന്റെ മനോഹരങ്ങളായ രൂപകങ്ങൾക്കും അവയിൽ പ്രത്യേകിച്ചു ബാലരാമായണത്തിനും പുറമേ,
"കര്‍ണ്ണാടീദശനാങ്കിത ശിതമഹാരാഷ്ട്രീകടാക്ഷായിതഃ
പ്രൌഢാന്ധ്രീസ്തനപീഡിതഃ പ്രണയിനീഭ്രൂഭംഗവിത്രാസിതഃ
ലാടീബാഹുവിവേഷ്ടിതശ്ച മലയസ്ത്രീതര്‍ജ്ജനീതര്‍ജ്ജിതഃ
സോയം സമ്പ്രതി രാജശേഖരകവിർവാരാണസീം വാഞ്ഛതി"
എന്നു് ദേശൌചിത്യഹീനതയ്ക്കുദാഹരണമായി ക്ഷേമേന്ദ്രൻ ഔചിത്യ വിചാരചർച്ചയിൽ ഉദ്ധരിക്കുന്ന ശ്ലോകവും സാക്ഷി നില്ക്കുന്നു. എന്തിനു് ഇനിയും വിസ്തരിക്കുന്നു ? രാജശേഖരൻ കേരളീയകവിയാണെന്നുള്ളതിനു യാതൊരു തെളിവുമില്ല. ഗോപിനാഥരായരോടൊപ്പം ചരിത്രകലാകുശലനായ ശ്രീമാൻ കെ. പി. പത്മനാഭമേനവനും പ്രകൃതവിഷയത്തിൽ സ്വല്പം സംശയമുണ്ടെന്നു കണ്ടതിനാൽ മാത്രമാണു് ഈ ചര്‍ച്ച ഞാൻ ഇത്രമാത്രം ദീർഘമാക്കിയതു്.
ഇനി കുലശേഖര ആൾവാരും കുലശേഖരവര്‍മ്മാവും രാജശേഖരനും ഒരാൾതന്നെയോ എന്നു പരിശോധിക്കാം. മുകുന്ദമാലയും പെരുമാൾ തിരുമൊഴിയും കുലശേഖരആൾവാരുടെ കൃതികളെന്നുള്ളതു സർവ്വസമ്മതമാണെന്നു മുൻപു പ്രസ്താവിച്ചുവല്ലോ. ഈ ആൾവാർ ജനിച്ചതു ക്രിസ്തു 766-67-ാം വര്‍ഷത്തിലായിരിക്കണമെന്നു ശ്രീവൈഷ്ണവഗ്രന്ഥങ്ങളിൽനിന്നു ജൌതിഷികശിഖാമണിയായ ബഹുമാനപ്പെട്ട എൽ. ഡി. സ്വാമിക്കണ്ണുപിള്ള സ്ഥാപിച്ചിരിക്കുന്നതായി ഗോപീനാഥരായരവർകൾ പ്രസ്താവിക്കുന്നു. അദ്ദേഹം 67 വയസ്സു ജീവിച്ചിരുന്നതായി ആ ഗ്രന്ഥങ്ങളെ പുരസ്കരിച്ചു വിശ്വസിക്കാമെങ്കിൽ ആൾവാരുടെ സ്വര്‍ഗ്ഗാരോഹണം ക്രിസ്തു 834-ാം വര്‍ഷത്തിലാണെന്നു വരുന്നു. വൈഷ്ണവന്മാർ ഇദ്ദേഹത്തിന്റെ ജനനം കലി 27-ാം വര്‍ഷത്തിലാണെന്നു പറയുന്നതു ശുദ്ധമേ അസംബന്ധം തന്നെ. അഥവാ പൊയ്കയാൾവാർ, പൂതത്താൾവാർ, പേയാൾവാർ ഇവർ ദ്വാപരയുഗത്തിൽതന്നെ ജീവിച്ചിരുന്നവരാണെന്നു പറയുന്നവർ കുലശേഖര ആൾവാരുടെ ജനനം കലിയുഗത്തിലാണെന്നു സമ്മതിക്കുന്നതുകൊണ്ടുതന്നെ ചരിത്രപണ്ഡിതന്മാർ തൃപ്തിപ്പെടേണ്ടതാണല്ലോ. ആള്‍വാരന്മാരുടെ കാലം വൈഷ്ണവമതഗ്രന്ഥങ്ങളിൽ പറയുന്നതുപോലെയാണെന്നു കാണിക്കുന്നതിനു മൈസൂരിലെ ശ്രീമാൻ ഗോവിന്ദാചാര്യർ മുതൽപേർ ഭഗീരഥപ്രയത്നം ചെയ്തിട്ടുണ്ടു്. അടിസ്ഥാനമില്ലാതെ കെട്ടുന്ന മാളിക അപ്പടി തകർന്നുപോകുന്നതിൽ എന്താണത്ഭുതം? മിസ്റ്റർ സ്വാമിക്കണ്ണുപിള്ളയും ഗുരുപരമ്പരയേയും മറ്റും പരിശോധിച്ചു തന്നെയാണു് കാലനിര്‍ണ്ണയം ചെയ്തിരിക്കുന്നതു്. അദ്ദേഹത്തിന്റെ അഭിപ്രായം ശരിയാണെന്ന് ഇനിമേൽ പറയുന്ന പല സംഗതികളിൽനിന്നു വെളിവാകും. 
ആൾവാരുടെ മുകുന്ദമാല കാവ്യമാലയിലെ പ്രഥമഗുച്ഛകത്തിൽ ചേർത്തു പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. അതിലെ അവസാനശ്ലോകം താഴെക്കാണുന്നതാണ്.
"യസ്യ പ്രിയൌ ശ്രുതിധരൌ കവിലോകഗീതൌ
മിത്രേ ദ്വിജന്മപരിവാരശിവാവഭൂതാം
തേനാംബുജാക്ഷ ചരണാംബുജഷൾപദേന
രാജ്ഞാ കൃതാ സ്തുതിരിയം കുലശേഖരേണ. "
മേലെഴുതിയ ശ്ലോകത്തിലെ പൂർവാദ്ധത്തിനു് ഈ പാഠമനുസരിച്ചു നോക്കിയാൽ അര്‍ത്ഥമില്ല. മഹാവിഷ്ണു ഭക്തനായ ഒരു കവി വൈഷ്ണവന്മാര്‍ക്കു വേദംപോലെ ഉണ്ടാക്കുന്ന ഒരു കൃതിയിൽ ശിവപദത്തിനു തന്നെ പ്രസക്തിയില്ലെന്നാണ് എനിക്ക് ആ പദ്യം ആദ്യം വായിച്ചപ്പോൾ തോന്നിയതു്. ആ ശങ്കയോടുകൂടി ഞാൻ മുകുന്ദമാലയുടെ ചില പഴയ താളിയോലഗ്രന്ഥങ്ങൾ പരിശോധിച്ചു. അവയിലെല്ലാം പാഠം മാറിയാണു കണ്ടതു്.
"യസ്യ പ്രിയൌ ശ്രുതിധരൌ രവിലോകവീരൌ
മിത്രേ ദ്വിജന്മവരപാരശവാവഭൂതാം"
എന്നാണു് ആ പാഠം. മുകുന്ദമാലയ്ക്ക് അത്യുത്തമമായ ഒരു പ്രാചീന ഭാഷാവ്യാഖ്യാനവും ഞാൻ വായിച്ചിട്ടുണ്ടു്. അതിൽ ഈ ഭാഗത്തിനു "ശ്രുതിധരൌ = മഹാവിദ്വാന്മാരായ, രവിലോകവീരൌ = രവിയെന്നും ലോകവീരനെന്നും പേരോടുകൂടിയ, ദ്വിജന്മവരപാരശവൌ= ബ്രാഹ്മണശ്രേഷ്ഠനും വാരിയരും ". എന്നാണു അര്‍ത്ഥം വിവരിച്ചുകാണുന്നതു്. നമുക്കു് ഈ അര്‍ത്ഥം മേൽക്കാണിച്ച പാഠപ്രകാരം മനസ്സിലാക്കുവാൻ പ്രയാസമുണ്ടായിട്ടല്ല, പണ്ടുതന്നെ വ്യാഖ്യാതാക്കന്മാർ ഈ അര്‍ത്ഥമാണു് ഇതിനു കല്പിച്ചിരുന്നതു്, എന്നു കാണിക്കുന്നതിനു വേണ്ടിയാണു് ഞാൻ ഈ ഭാഷാവ്യാഖ്യാനത്തിൽ നിന്നു മേലെഴുതിയ ഭാഗം ഉദ്ധരിച്ചതു്. അതിനാൽ മുകുന്ദമാലയിൽനിന്നു കുലശേഖര ആൾവാര്‍ക്കു മഹാവിദ്വാന്മാരായ രവി എന്നൊരു നമ്പൂതിരിയും, ലോകവീരൻ എന്നൊരു വാരിയരും വയസ്യന്മാരായുണ്ടായിരുന്നു എന്നു സ്പഷ്ടമാകുന്നു. ലോകവീരൻ എന്നതു പക്ഷെ രണശൂരനായ തന്റെ സ്നേഹിതനു രാജാവു നല്ലിയ ഒരു ബിരുദമായിരിക്കണം. എനിക്കു ലോകവീരനേപ്പറ്റിയല്ല ഇവിടെ അല്പം പറവാനുള്ളതു്. രവി എന്ന നമ്പൂതിരിയേപ്പറ്റിയാണു്. രവിയുടെ പുത്രനാണ് യുധിഷ്ഠിര വിജയകർത്താവായ പട്ടത്തു വാസുദേവഭട്ടതിരി. ഭട്ടതിരി ഒരു നിരക്ഷരകുക്ഷിയായിരുന്നു എന്നും, ഏതോ പഴം തിന്നിട്ടാണു് അദ്ദേഹത്തിനു കവിതയുണ്ടായതെന്നും,
"ഇതയിത വാതു വരുന്നൂ;
വെറ്റില തിന്നാഞ്ഞെനിക്കു വാതുവരുന്നൂ“
എന്നും മറ്റുമാണു് അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാരീതി എന്നും കണ്ണടച്ചു വിശ്വസിക്കുന്ന പല പണ്ഡിതന്മാർ ഇന്നും കേരളത്തിലുണ്ടു്. ഇതു് അബദ്ധമാണെന്നു തെളിയിക്കേണ്ടതു് ഈ ഉപന്യാസത്തിലല്ലാത്തതിനാൽ അതിലേക്കായി ഒരുങ്ങുന്നുമില്ല. എങ്കിലും ആ മഹാകവി മുരാരിപ്രഭൃതികളായ മഹാത്മാക്കളേപ്പോലേ ഒരു ഗുരുകുലക്ലിഷ്ടനായിരുന്നു എന്നും, യമകപ്രയോഗപാടവവും മറ്റും അദ്ദേഹത്തിനു തനിയേ കയറിവന്നതല്ലെന്നും ക്രിസ്തു എട്ടാം ശതവഷത്തിൽ കേരളത്തിൽ പ്രചരിച്ചുവന്ന ദ്രാവിഡഭാഷ
"ഇതയിത വാതു വരുന്നൂ"
എന്ന മാതിരിയിലുള്ള മലയാളമല്ലായിരുന്നു എന്നും പ്രസക്താനുപ്രസക്തമായി ഒന്നു പറഞ്ഞുവയ്ക്കാതെ തരമില്ല. ഇതു് ഇനിമേലുദ്ധരിക്കുന്ന ചില ഭാഗങ്ങളിൽ നിന്നു വിശദമാകുന്നതാണു്. ഭട്ടതിരി തന്റെ ത്രിപുരദഹനമെന്ന മറ്റൊരു യമകകാവ്യത്തിൽ
"നിജയാ തനാ നേത്രപ്രമോദനം പ്രാണിനാം വിതന്വാനേത്ര
മതിബലമാസാദ്യ മിതം പുരദഹനം രവിഭുവാ സമാസാദ്യമിതം"
എന്നു തന്നേപ്പറ്റി പറഞ്ഞിരിക്കുന്നു. ത്രിപുരദഹനത്തിന്റെ വ്യാഖ്യാതാവും പുരുഷോത്തമസരസ്വതിയുടെ ശിഷ്യനുമായ നീലകണ്ഠൻനമ്പൂതിരി തന്റെ അര്‍ത്ഥപ്രകാശിക എന്ന വ്യാഖ്യാനത്തിൽ
"ത്രിപുരദഹനസംജ്ഞം കാവ്യമേതദ്വിധാതും
കവിരഥ രവിസൂനുർവാസുദേവാഭിധാനഃ
നിരുപമചരിതേന സ്വച്ഛമീശാനസംജ്ഞം
നതജനഹിതദം തം സ്തൌതി വിഘ്നാതിഭീതഃ"
എന്നെഴുതിയിരിക്കുന്നു. ഇതിൽ നിന്നു രവിപുത്രനാണ് ത്രിപുരദഹനകര്‍ത്താവായ വാസുദേവഭട്ടതിരി എന്നു സിദ്ധിക്കുന്നു. ത്രിപുരദഹനത്തിന്റേയും യുധിഷ്ഠിര വിജയത്തിന്റെയും നിര്‍മ്മാതാവു് ഒരാളാണെന്നുള്ളതു സുപ്രസിദ്ധമാണല്ലോ. കൊല്ലം ഏഴാം ശതവഷത്തിന്റെ ആരംഭത്തിൽ കോലത്തുനാടു ഭരിച്ചിരുന്ന കേരളവര്‍മ്മരാജാവിന്റെ പ്രധാന സദസ്യനും ശ്രീകണ്ഠദാസനെന്ന നാമാന്തരത്തോടു കൂടിയ മഹാപണ്ഡിതനുമായ രാഘവകവി, തന്റെ യുധിഷ്ഠിരവിജയ വ്യാഖ്യയിൽ "ഇഹ ഖലു കവി കുലശേഖരഃ കുലശേഖരസഭാ സഭാസ്താര സഭാജിത കവിതാകൌശലഃ സകലവിദ്യ സാഗരപാരീണശേമുഷികോ ഗുരുകരുണാകടാക്ഷ  സംവർദ്ധിത കവിതാകല്പലതോപഘ്നവിഘ്ന തരുര്‍മ്മഹാഭാരതഭട്ടാരക പരമാചാര്യാന്തേവാസി വാസുദേവനാമാ വാസുദേവഭക്താഗ്രണീഃ ദ്വിജന്മകുലതിലകഃ" എന്നു പ്രസ്താവിച്ചിരിക്കുന്നതിൽ നിന്നു കുലശേഖരന്റെ സദസ്സിനേത്തന്നെയാണു് വാസുദേവഭട്ടതിരി അലങ്കരിച്ചിരുന്നതെന്നു കാണാം. ഭട്ടതിരിയും കുലശേഖര ആൾവാരും സമകാലികന്മാരാണെന്ന് ഇത്രയും കൊണ്ടു തെളിയുന്നു. ഈ കുലശേഖര ആൾവാർ തന്നെയോ തപതീസംവരണാദി ഗ്രന്ഥകർത്താവായ കുലശേഖരൻ എന്നാണു് ഇവിടെ നോക്കുവാനുള്ളതു്. തന്റെ സ്വാമിയെപ്പറ്റി ഭട്ടതിരി യുധിഷ്ഠിരവിജയത്തിലും ത്രിപുരദഹനത്തിലും വര്‍ണ്ണിച്ചിട്ടുണ്ടു്. യുധിഷ്ഠിര വിജയം കഥതന്നെ ഇതിവൃത്തമായി സ്വീകരിച്ചതു മഹാഭാരതപ്രിയനായ മഹാരാജാവിന്റെ പ്രീതിയെ ഉദ്ദേശിച്ചാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു
"അസ്തി സ ഗജരാജഗതീ രാജവരോ യേന ഗതശുഗജരാ ജഗതീ
ഭീഷണമധികം കവയഃ സ്തുവന്തി ജന്യം യദീയമതികങ്കവയഃ.
തരവോ ഭൂരിച്ഛായാഃ സമാന ഫലദായിനീ ച ഭൂരിച്ഛായാജഃ
സവിനയശോഭാ ജനതാ യദ്രാജ്യ യസ്യ ഭുവി യശോഭാജനതാ.
തസ്യ ച വസുധാമവതഃ കാലേ കുലശേഖരസ്യ വസുധാമവതഃ
വേദാനാമദ്ധ്യായീ ഭാരതഗുരുരഭവദാദ്യനാമദ്ധ്യായീ
യം പ്രാപ രമാചാര്യം ദേവീച ഗിരാം പുരാണപരമാചാര്യം
യമശുഭസന്തോദാന്തം പരമേശ്വരമുപദിശന്തി സന്തോ ദാന്തം.
ജ്ഞാനസമഗ്രാമേയം നിവസന്തം വിപ്രസത്തമഗ്രാമേയം
തിലകം ഭൂമാവാഹുര്യസ്യാര്‍ത്ഥിഷുദത്തഭൂതിഭൂമാ വാഹുഃ
സമജനി കശ്ചിത്തസ്യ പ്രവണശ്ശിഷാനുവര്‍ത്തകശ്ചിത്തസ്യ
കാവ്യാനാമാലോകേ പടുമനസോ വാസുദേവനാമാ ലോകേ.
കീർത്തിമദഭ്രാം തേന സ്മരതാ ഭാരതസുധാമതദഭ്രാന്തേന
ജഗദപഹാസായ മിതാ പാര്‍ത്ഥകഥാ കന്മഷാപഹാസാ യമിതാ" - യുധിഷ്ഠിരവിജയം.
"അസ്തിസ കവിലോകനതഃ ക്ഷിതിഭൃദരീയസ്യ സൈനികവിലോകനതഃ
ബഹുവിധദിക്ഷുദ്രവതി ക്ഷ്മാഭൃതി കുർവൻ പദാനി ദിക്ഷു ദ്രവതി.
സാധൂനാം പാതായ സ്ഥിരവ്രതോ യശ്ച പാപീനാം പാതായ
യസ്മാദുർവ്യാപാരം പ്രീതിം യസ്യാമലംവിദുർവ്യാപാരം.
സ്വപദപയോജനതേയം സദൈവ സമ്പാദകം ശ്രിയോ ജയതേയം
ഭൂതിധരം വ്യാലപതിസ്ഫുരൽകരം രാജശേഖരം വ്യാലപതി.
രാമസമത്വാദേവ സ്രഷ്ടാ രാമാഖ്യമകൃത മത്വാ ദേവഃ
യം സചരക്ഷോപായം ചക്രേസ്യച കര്‍മ്മജനിതരക്ഷോപായം" - ത്രിപുരദഹനം
ഇതിൽനിന്നു കുലശേഖരനു രാജശേഖരനെന്നുകൂടി നാമാന്തരമുണ്ടായിരുന്നതായി വ്യഞ്ജിക്കുന്നു. കേവലം രാജശ്രേഷ്ഠനെന്നു മാത്രമേ വിവക്ഷയുള്ളു എങ്കിൽ കവി ഒരിക്കലും ഇങ്ങനെ ശ്ലേഷപ്രയോഗം ചെയ്യേണ്ട ആവശ്യമില്ല. കുലശേഖരൻ രാമനെന്നുകൂടി പേരുണ്ടായിരുന്നതായും അദ്ദേഹം ശ്രീരാമസമനായ ഒരു രാജാവായിരുന്നതായും കൂടി ഭട്ടതിരി പറയുന്നു. രാജശേഖരനെന്നു ഭട്ടതിരി വര്‍ണ്ണിക്കുന്ന ഭാഗമാണു് നമുക്കു വളരെ ഉപയോഗമായിട്ടുള്ളതു്. താഴമണ്ണില്ലത്തിലെ താമ്രശാസനത്തിൽ പറയുന്ന രാജശേഖരനും ഈ രാജശേഖരനും ഒന്നാവാൻ പാടില്ലായ്കയില്ലെന്നും ഈ രാജശേഖരൻ തപസീസംവരണാദി ഗ്രന്ഥകർത്താവായ കുലശേഖരവര്‍മ്മാവല്ലാതെ മറ്റാരുമല്ലെന്നും ആ കുലശേഖരവര്‍മ്മാവു തന്നെയാണ് മുകുന്ദമാലാദി ഗ്രന്ഥകാരനായ കുശശേഖര ആൾവാരെന്നുമാണു് എന്റെ ഊഹം. ഈ ഊഹത്തിനുള്ള തെളിവുകളെ ഇതിനുമേൽ ഉപപാദിച്ചുകൊള്ളാം.
ആദ്യമായി കുലശേഖരവര്‍മ്മാവു തന്നേപ്പറ്റി തന്റെ ഗ്രന്ഥങ്ങളിൽ എന്തു പറയുന്നു എന്നു നോക്കാം. തപതീസംവരണമാണു് ആദ്യത്തെ നാടകം. അതിന്റെ പ്രസ്താവനയിൽ നിന്നൊരു ഭാഗം താഴെ ഉദ്ധരിച്ചു കൊള്ളുന്നു. പ്രാകൃതത്തിനു പകരം വായനക്കാരുടെ സൌകര്യത്തെ ഉദ്ദേശിച്ചു ഛായയാണു് ചേര്‍ക്കുന്നതു്.
“സൂത്രധാരഃ- ഭവതാ താവൽ അപൂർവേസ്മിന്നാദിരാജകഥാസനാഥേ തപതീസംവരണനാമ്നി നാടകേ നവരസാനി പ്രയോഗാന്തരാണി വയം പായയിതവ്യാ ഇതി.
നടി- ആര്യ! ശൂദ്രകകാളിദാസഹര്‍ഷദണ്ഡിപ്രമുഖാണാം മഹാ കവീനാമന്യതമസ്യ കസ്യ കവേരിദം നിബന്ധനം യേനാര്യമിശ്രാണ മേതാവൽ കൌതുകം വർദ്ധയതി?
സൂത്ര-ആര്യേ! മാമൈവം. യസ്യ പരമഹംസപാദപങ്കേരുഹ പാംസുപടലപവിത്രീകൃത മുകുടതടസ്യ വസുധാവിബുധ ധനായാന്ധകാരമിഹിരായമാണ കരകമലസ്യ മുഖകമലാദഗളദാശ്ചര്യമഞ്ജരി കഥാമധുദ്രവഃ അപിച
ഉത്തുംഗഘോണമുരുകന്ധരമുന്നതാംസ-
മംസാവലംബിമണികര്‍ണ്ണികകര്‍ണ്ണപാശം
ആജാനുലംബിഭുജമഞ്ചിതകാഞ്ചനാഭ-
മായാമി യസ്യ വപുരാര്‍ത്തിഹരം പ്രജാനാം.
തസ്യരാജ്ഞഃ കേരളകുല ചൂഡാമണേര്‍മ്മഹോദയപുരപരമേശ്വരസ്യ ശ്രീകുലശേഖരവര്‍മ്മണഃ കൃതിരിയമധുനാ പ്രയോഗവിഷയമവതരതി" താഴെ ഉദ്ധരിക്കുന്ന ഭാഗം സുഭദ്രാധനഞ്ജയത്തിൽ നിന്നാണ്.
"പരിപാർശ്വികഃ- കോയം കവിഃ കോവിദാനമൂൻ അഭിജ്ഞാനശാകുന്തളപ്രമുഖപ്രവരനാടക പ്രയോഗപ്രീണിതാന്തരാത്മനഃ സമ്പ്രതി നിജനിബന്ധനേന കുതൂഹലയതി?
സൂത്ര- ശ്രൂയതാം. സതതസന്നിഹിത സരസീരുഹാക്ഷ ചരണരജോവിതാന വിരജീകൃതഹൃദയപുണ്ഡരീകസ്യ, മതിമന്ദരമഥിത മഹാഭാരത പാരാവാര പരിഗൃഹീത ജ്ഞാനാമൃതസഞ്ചിയസ്യ, സകലമിത്രമണ്ഡല സ്വയംഗ്രാഹഗൃഹീത സാരസമുദയസ്യ തപതീസംവരണസംഘടനാ പടുതരസ്യ,
ഉത്തുംഗഘോണമുരുകന്ധരമുന്നതാംസ-
... ... ... ... ... ... ... ... ... ... ... ... ... ... ... ... 
... ... ... ... ... ... ... ... ... ... ... ... ... ... ... ... 
ആയാമി യസ്യ ഭുജമാത്തിഹരം പ്രജാനാം.
തസ്യ രാജ്ഞഃ കലമരാശിപേശലകൈദാരികകേരളാധിനാഥസ്യ ശ്രീകുലശേഖരവര്‍മ്മണോ നിജനിബന്ധനമദ്യ ബദ്ധ്നാതി ബുധഹൃദയം സ ച കില കവിരേവമനുദിനമാശാസ്തേ-
ആസിക്തൌ ഗ്രാമരാഗൈര്‍ഗ്ഗളദമൃതരസൈർഭാരതീർഭാവയന്തൌ
കര്‍ണ്ണൌ നഃ കാളിദാസപ്രവിഹിതരചനാഃ കര്‍ണ്ണപുരീക്രിയാസ്താം;
സ്വീകുർവന്തു സ്വകീയം ധനമിവസുഹൃദസ്സ്വാപതേയം മദീയം;
പതഃ പീതാംബരശ്ച പ്രതിഭവമഭവഃ പാദപീഠീകരോതു"
മേലുദ്ധരിച്ച ഭാഗങ്ങളിൽനിന്നു നാം ഒന്നാമതായി മനസ്സിലാക്കേണ്ടതു് കുലശേഖരവർമ്മാവു് ഒരു വിഷ്ണുഭക്തനായിരുന്നു എന്നുള്ളതാണു്. തപതീസംവരണത്തിലും സുഭദ്രാധനയഞ്ജത്തിലുമുള്ള നാന്ദീശ്ലോകങ്ങൾ തന്നെ വിഷ്ണുപരമാണു്.
"ലക്ഷ്മീർഘര്‍മ്മജലച്ഛലേന സുധയാ ദന്തച്ഛദച്ഛത്മനാ
സോദര്യേണ ച കൌസ്തുഭേന ശകലേനേന്ദോർല്ലലാടാത്മനാ പാണിസ്പര്‍ശവിധാവമീഭിരുചിതെന്നീതേവ ദാതും വിഭോ-
രാലംബ്യാംഗമധോക്ഷജസ്യ ഭവതാം കാമപ്രസും കല്പതാം" - സംവരണം.
"ലക്ഷ്മീപങ്കജനേത്രയോഃ സ്മരരസപ്രസ്താവമാതന്വതോ-
രാമീലന്നയനോ നവവ്യതികരവ്യാസക്തലജ്ജാഗമഃ
നാതിക്ലിഷ്ടപയോധരഃ പ്രണയിനോഃ പ്രോദ്ഭിന്നരോമാങ്കുരഃ
പ്രേമാർദ്രഃ പ്രഥമോപഗൂഹനവിധിഃ പുഷ്ണാതു വോ മംഗലം.' - ധനഞ്ജയം.
രണ്ടു നാടകങ്ങളിലെ ഭരതവാക്യവും വിഷ്ണുപരമായി തന്നെ അവസാനിക്കുന്നു.
"അന്യോന്യം ജഗതാമപാകവിരസാ മൂർച്ഛന്തു മെത്രീരസാ-
സ്സംഗൃഹ്ണന്തു ഗുണാൻ കവേഃകൃതധിയാം മാത്സര്യവന്ധ്യാ ധിയഃ; 
വിശ്ലിഷ്ടദ്വിഷയാനുഷംഗകലുഷീഭാവാ ഘനശ്യാമളേ
ഭക്തിര്‍മ്മേ പരിപച്യതാമഹരഹഃ ശ്രേയസ്കരീ ശ്രീധരേ." - സംവരണം.
"മേഘാഃ കുർവന്തു പൃഥ്വീം പ്രതിനവകളമശ്യാമകേദാരബന്ധാ-
മാധീനാസാം പ്രജാനാമപഹരതു ഭവാൻ നിത്യമാനന്ദബന്ധുഃ; പ്രദ്ധ്വസ്തദ്ധ്വാന്തവൃത്തേർജലധരപടലശ്രീമുഷശ്ചക്രപാണ-
മൈത്രീപാത്രീഭവേയം തവ ജനിതജഗച്ചക്ര| ജന്മാന്തരപി." - ധനഞ്ജയം.
തപതീസംവരണം നാടകമെഴുതി തുടങ്ങുമ്പോൾ തന്നെ കവിക്കു വിഷ്ണുഭക്തി അങ്കുരിച്ചു കഴിഞ്ഞിരുന്നു. അന്നു അദ്ദേഹം വിഷ്ണുഭക്തന്മാരായ പരമഹംസന്മാരെ ആരാധിക്കുന്നതിലും ബ്രാഹ്മണര്‍ക്കു അഭീഷ്ട ദാനം ചെയ്യുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. ആ നാടകം അവസാനിപ്പിച്ചപ്പോൾ വിഷയവിരക്തി ഉണ്ടായി. ഘനശ്യാമളനായ ലക്ഷ്മീനാരായണസ്വാമിയിൽ തനിക്കുള്ള ഭക്തി പരിപക്വമാകട്ടെ എന്നുള്ള പ്രാര്‍ത്ഥനയാണു കവിക്കു മുൻപിട്ടുനിന്നതു്. സുഭദ്രാധനഞ്ജയ നിര്‍മ്മാണകാലത്തിൽ അദ്ദേഹത്തിന്റെ ഭക്തിക്കു കുറേക്കൂടി ദാർഢ്യം വന്നിരുന്നു. താൻ "സതതസന്നിഹിത സരസീരുഹാക്ഷ ചരണരജോവിതാ ന വിരജീകൃത ഹൃദയപുണ്ഡരീകൻ " ആണെന്നു അതിന്റെ പ്രസ്താവനയിൽതന്നെ കവി പറയുന്നു. അന്നു് അവിടുന്നു പതിവായി മഹാഭാരതം വായിച്ചു കേട്ടുകൊണ്ടിരുന്നു. ആ ഇതിഹാസത്തോടുള്ള പ്രതിപത്തി നിമിത്തമായിരിക്കണം സുഭദ്രാഹരണം തന്നെ തന്റെ നൂതനനാടകത്തിനു ഇതിവൃത്തമായി സ്വീകരിച്ചതെന്നു നമുക്കു ഊഹിക്കുന്നതിൽ വലിയ അസാംഗത്യമില്ല. ജന്മരഹിതനും പീതാംബരനുമായ മഹാവിഷ്ണുവിൽ ജന്മംതോറും ഭക്തി ദൃഢീഭവിക്കട്ടെ എന്നു പ്രസ്താവനയിൽ പറയുന്നതോടുകൂടി ഭരതവാക്യത്തിലും ആ പ്രാര്‍ത്ഥനയേത്തന്നെ ഭംഗ്യന്തരേണ ആവർത്തിക്കുന്നു. അവിടെ അജ്ജുനൻ കൃഷ്ണസ്വാമിയോട്ട് അഭിമുഖസംഭാഷണം ചെയ്യുന്ന ഘട്ടമാകയാലാണു് ' ജനിതജഗച്ചക്ര' 'ഭവാൻ' ഇത്യാദി പദങ്ങൾ പ്രയോഗിച്ചിരിക്കുന്നതു്. "എന്റെ പ്രജകളുടെ ദുഃഖങ്ങളെ ആനന്ദബന്ധുവായ അവിടുന്നു നശിപ്പിക്കണമേ! ജന്മാന്തരങ്ങളിലും മേഘശ്യാമളനും ചക്രപാണിയുമായ അവിടുത്തെ കൃപ എന്നിൽ ഉണ്ടാകുന്നതിനു ഞാൻ യോഗ്യനാകണമേ." എന്നാണു ഭരതവാക്യത്തിലെ പ്രാര്‍ത്ഥന. ഭരതവാക്യമെന്നതു നായകരൂപാഭേദേന നടന്റേയും സൂക്ഷ്മം നോക്കിയാൽ തന്മുഖേന നാടകനിര്‍മ്മാതാവിന്റെയും പ്രാര്‍ത്ഥനയാണല്ലൊ. ഈ താൽപര്യത്തെ തന്നെ പ്രതിപദം വിശദീകരിക്കുന്ന അനേകം പദ്യങ്ങൾ മുകുന്ദമാലയിലുണ്ട്.
"നാസ്ഥാ ധര്‍മ്മേ ന വസുനിചയേ നൈവ കാമോപഭോഗേ;
യദ്ഭാവ്യം തൽ ഭവതു ഭഗവൻ പൂർവകര്‍മ്മാനുരൂപം;
ഏതൽപ്രാര്‍ത്ഥ്യം മമ ബഹുമതം ജന്മജന്മാന്തരേ പി
ത്വൽപാദാംഭോരുഹയുഗഗതാ നിശ്ചലാ ഭക്തിരസ്തു!
മുകുന്ദ മൂർദ്ധ്നാ പ്രണിപത്യ യാചേ ഭവന്തമേകാന്തമിയന്തമര്‍ത്ഥം; 
അവിസ്തൃതിസ്ത്വച്ചരണാരവിന്ദേ ഭവേ ഭവേ മേസ്തു ഭവൽപ്രസാദാൽ.
മാദ്രാക്ഷം ക്ഷീണപുണ്യാൻ ക്ഷണമപി ഭവതോ ഭക്തിഹീനാൻ പദാബ്‌ജേ;
മാശ്രൌഷം ശ്രവ്യബദ്ധം തവ ചരിതമപാസ്യാന്യദാഖ്യാനജാതം;
മാസ്പ്രാക്ഷം മാധവ! ത്വാ മപി ഭുവനപതേ ചേതസാപഹ്നുവാനം;
മാഭൂവം തത്സപര്യാവ്യതികരരഹിതോ ജന്മജന്മാന്തരേപി.
ദിവിവാ ഭൂവിവാ മമാസ്തു വാസോ നരകേ വാ നരകാന്തക! പ്രകാമം 
അവധീരിതശാരദാരവിന്ദൌ ചരണൗ തേ മരണേപി ചിന്തയാമി.
ബദ്ധേനാഞ്ജലിനാ നതേന ശിരസാ ഗാത്രൈസ്സരോമോൽഗമൈഃ
കണ്ഠനേ സ്വരഗൽഗദേന നയനേനോൽഗീര്‍ണ്ണബാഷ്പാംബുനാ
നിത്യം ത്വച്ചരണാരവിന്ദയുഗളധ്യാനാമൃതാസ്വാദിനാ-
മസ്മാകം സരസീരുഹാക്ഷ! സതതം സമ്പദ്യതാം ജീവിതം."
ഇത്യാദി ഭാഗങ്ങൾ നോക്കുക. ഈ പദ്യങ്ങളും സുഭദ്രാധനഞ്ജയത്തിലെ ഭരതവാക്യവും "ആസിക്തൌ ഗ്രാമരാഗൈഃ" ഇത്യാദി പദ്യവും ഒരു കവിയുടേതല്ലെന്ന് എങ്ങനെയാണു സ്ഥാപിക്കുന്നത് ?
കുലശേഖര ആൾവാരേപ്പറ്റി ശ്രീവൈഷ്ണവന്മാർ പറയുന്ന കഥയും സംവരണാദി ഗ്രന്ഥങ്ങളിൽനിന്നു നമുക്കു ലഭിക്കുന്ന അറിവും തമ്മിൽ യോജിക്കുന്നുണ്ടു്. മഹാഭാരതത്തിനു മേലായിരിക്കണം അദ്ദേഹത്തിനു രാമായണത്തിൽ അഭിരുചി ജനിച്ചതു്. രാമായണത്തെ ആസ്പദമാക്കിയും ആ കവി ഒരു നാടകം നിര്‍മ്മിച്ചിട്ടുള്ളതായാണ് ഐതീഹ്യം. ആ നാടകത്തിന്റെ പേർ വിച്ഛിന്നാഭിഷേകമെന്നാകുന്നു. ഇതുവരെ കണ്ടു കിട്ടീട്ടില്ല. ചാക്യാരന്മാരുടെ ഗ്രന്ഥപ്പുരകൾ പരിശോധിച്ചാൽ പക്ഷേ ഇനിമേലെങ്കിലും കിട്ടിയെന്നുവന്നേക്കാം. വിച്ഛിന്നാഭിഷേകത്തിന്റെ കാര്യം ഞാൻ ആദ്യമായി ഉപന്യസിക്കുന്നതല്ല. 1082 കന്നിമാസത്തിലെ രസികരഞ്ജിനിയിൽ "നമ്പൂരിമാരും ഗ്രന്ഥനിര്‍മ്മാണവും" എന്ന ഉപന്യാസത്തിൽ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സുകൊണ്ടു് ആണെന്നു തോന്നുന്നു, കുലശേഖരപ്പെരുമാൾ, ധനഞ്ജയം, സംവരണം, വിച്ഛിന്നാഭിഷേകം ഇങ്ങനെ മൂന്നു നാടകങ്ങളെഴുതീട്ടുള്ളതായി പ്രസ്താവിച്ചിരിക്കുന്നു. അതിനാൽ രാജശേഖരനെന്ന കേരളരാജാവു തന്റെ നാടകത്രയം ഭഗവൽപാദസ്വാമിക്കു കാഴ്ചവെച്ചു എന്നു ശങ്കരവിജയത്തിൽ കാണുന്നത് അസംബന്ധമല്ലെന്നു തന്നെയല്ല ഏറ്റവും ഉപപന്നമായി കൂടിയുമിരിക്കുന്നു. ശങ്കരാചായ്യർ ക്രി. പി. 788 മുതൽ 820 വരെ ജീവിച്ചിരുന്നതായാണ് അഭിജ്ഞമതം. അപ്പോൾ അദ്ദേഹവും രാജശേഖരനും തമ്മിൽ കാണുന്നതിനും അദ്ദേഹത്തിനു തപതീസംവരണാദി നാടകങ്ങൾ വായിച്ചുനോക്കുന്നതിനും ഇട വന്നിരിക്കണമെന്നുള്ളതിനു സംശയമില്ല.
കുലശേഖരവര്‍മ്മാവിന്റെ വിച്ഛിന്നാഭിഷേകം ഗണപതിശാസ്ത്രികൾ അനന്തശയനസംസ്കൃതഗ്രന്ഥാവലിയിൽ പതിനൊന്നാം നമ്പരായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന അഭിഷേകനാടകമല്ല. ആ നാടകത്തിലെ ഇതിവൃത്തം സുഗ്രീവസഖ്യത്തോടുകൂടി ആരംഭിക്കുകയും ശ്രീരാമ പട്ടാഭിഷേകത്തോടുകൂടി അവസാനിക്കുകയും ചെയ്യുന്നു. സ്വപ്നാവാസവദത്താദി നാടകങ്ങളുണ്ടാക്കിയ കവിതന്നെയാണ് അഭിഷേകനാടകവുമുണ്ടാക്കിയതെന്നുള്ളതിനു് അതിലേ
"ഭവന്ത്വരജസോ ഗാവഃ; പരചക്രം പ്രശാമ്യതു;
ഇമാമപി മഹീം കൃത്സ്‌നാം രാജഹംസഃ പ്രശസ്തു നഃ".
എന്ന ഭാരതവാക്യം ലക്ഷ്യമാകുന്നു. കുലശേഖരവര്‍മ്മാവിന്റെ വിച്ഛിന്നാഭിഷേകം മറ്റൊരു നാടകമായിത്തന്നെ ഇരിക്കണം. അതു് ഇനിയും കണ്ടുപിടിക്കേണ്ട നിലയിലിരിക്കുന്നതേയുള്ളു. ഈ കവിയുടെ പ്രശസ്ത ഗദ്യകാവ്യമായ ആശ്ചര്യമഞ്ജരിയുടെ അവസ്ഥയും ഇതിൽനിന്നു ഭിന്നമല്ല. ക്രിസ്തു 1159-ാം വര്‍ഷത്തിൽ വംഗദേശത്തിൽ ജീവിച്ചിരുന്ന വന്ദ്യഘടീയ സർവാനന്ദൻ അദ്ദേഹത്തിന്റെ ടീകാസർവസ്വത്തിൽ ആശ്ചര്യമഞ്ജരിയിൽ നിന്നു "കുരംഗൈരിവകുശലവാദിഭിഃ" എന്ന ഭാഗം ഉദ്ധരിക്കുന്നു. ഇപ്പോൾ ആശ്ചര്യമഞ്ജരി കേവലം നശിച്ചുപോയോ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു.
കുലശേഖരവർമ്മാവു രണ്ടു നാടകങ്ങളെ നിർമ്മിച്ചിട്ടുള്ളൂ എന്നും അദ്ദേഹം എട്ടാം ശതാബ്ദത്തിൽ ജീവിച്ചിരുന്നു എന്നു വിചാരിക്കുവാൻ ന്യായമില്ലെന്നും പക്ഷേ വാദിക്കാൻ കാരണമുണ്ടു്. മഹാരാജാവിന്റെ സ്നേഹിതനായി പെരിയാറ്റിന്റെ കരയിലുള്ള പരമേശ്വരമംഗലമെന്ന ക്ഷേത്രത്തിനു സമീപം ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഗ്രന്ഥകാരന്റെ ആവശ്യപ്രകാരം ഈ നമ്പൂതിരി സംവരണത്തിനും ധനഞ്ജയത്തിനും ഓരോ വ്യാഖ്യാനമുണ്ടാക്കീട്ടുണ്ടു്. ഈ വ്യാഖ്യാനങ്ങൾക്കു വ്യംഗ്യവ്യാഖ്യയെന്നാണു് പേർ. പദാര്‍ത്ഥവിവരണമല്ല ഇവയിൽ പ്രധാനം. ചാക്യാരന്മാര്‍ക്ക് അഭിനയത്തിനു വേണ്ടിയാണല്ലോ കുലശേഖരവര്‍മ്മാവു് ഈ നാടകങ്ങളുണ്ടാക്കിയതു്. അവയിൽ ചാക്യാരന്മാർ അഭിനയവിഷയത്തിൽ ഗ്രഹിച്ചിരിക്കേണ്ട മര്‍മ്മങ്ങളെ ആകുന്നു മുഖ്യമായി വ്യാഖ്യാതാവു പ്രതിപാദിക്കുന്നതു്. ധ്വനിപ്രധാനങ്ങളായ ഭാഗങ്ങളെ പ്രത്യേകമായി വ്യാഖ്യാനിക്കുന്നുമുണ്ടു്. സംവരണത്തിന്റെ വ്യാഖ്യാനം മൂന്നാമങ്കത്തോടുകൂടി അവസാനിക്കുന്നു. "ഏവം തൃതീയാങ്കപര്യന്ത സ്ഥായിഭാവപ്രയോഗമാര്‍ഗ്ഗൌ ദര്‍ശിതൌ, തതഃ പരം ധ്വനിര്‍ന്ന സ്യാൽ" എന്നു പറഞ്ഞു് വ്യാഖ്യാനം സമാപിപ്പിക്കുന്നു. ധനഞ്ജയത്തിന്റെ വ്യാഖ്യാനമാണു് ആദ്യമെഴുതിയതു്. അതിൽ രാജാവിന്റെ പ്രശസ്തിയേയും നമ്പൂതിരി വ്യാഖ്യാനമെഴുതുവാനുണ്ടായ സംഗതിയേയും മറ്റും വിവരിക്കുന്ന രസകരമായ ഒരു ഉപോൽഘാതമുണ്ടു്. അതു് പ്രകൃതത്തിലേയ്ക്കുപയോഗമുള്ളതിനാൽ താഴെ ചേർത്തുകൊള്ളുന്നു.
"കര്‍ത്താ നൃത്തസ്യ യശ്ചാദൌ സന്ത്യജ്യ പ്രേക്ഷകാംഹസഃ
സമ്പ്രാപ്തരസതാളസ്യ നമസ്സോമായ ശംഭവേ
ബ്രഹ്മണാ രചിതം യൽപ്രാഗ്വോദൃഷ്ട്വാ ഭരതോ മുനിഃ
തസ്യ പ്രയോക്താ ലോകേഭൂത്തസ്മൈ രസവിദേ നമഃ
യത്തേന നിര്‍മ്മിതം ശാസ്ത്രം ഭരതന്നാടകാശ്രയം
തദ്വീക്ഷ്യ ഹൃദയേ ചക്രേ മഹീശഃ കുലശേഖരഃ
തേനാപി രസചിത്തേന രചിതാ നാടകദ്വയീ
യുക്താ ലയരസൈസ്സമ്യഗ്ദ്ധ്വനിഗർഭൈഃ പദൈരപി
തേഷാം പ്രദര്‍ശയന്തീയം ധ്വന്യതം രസിനാം നൃണാം
വ്യാഖ്യാ പ്രയോഗമാര്‍ഗ്ഗഞ്ച സ്ഥായിഭാവം മയാ കൃതാ
ധനഞ്ജയാഹ്വയേ തേന രചിതേ നാടകേപി തൽ
അനയാ ദര്‍ശയിഷ്യാമി തന്നിയുക്തോഖിലം രസീ
അഥ കാലോഭവൽ കശ്ചിച് ശീതവാതാതപാന്വിതഃ 
നിര്‍മ്മലാംബുച്ഛവിസ്വച്ഛപ്രോദ്യൽകൽഹാരസഞ്ചയഃ
വിഷദച്ഛദപുഷ്പോദ്യൽഗന്ധവാസിത ദിങ്‌മുഖഃ
അകഠോരാമൃദുപദ്യച്ഛര്‍മ്മശച്ഛദ്വണിഗ്ജനഃ
ഉൽഫുല്ലാംബുരുഹശ്രേണീവിരാജ തേസരശ്ചയഃ
ഉദ്ഭ്രമൽഭ്രമരാരാവദദദ്വിരഹിവേദനഃ
ഹിമാംശൂദ്യുൽസുധാനിര്യദ്യുവമാനനരാവലിഃ
വിപക്വകളമശ്രേണീമനോഹരത്‌രാകരഃ
മാനസോദ്യന്മാരളശ്രീവിദ്യോതിതദിഗന്തരഃ
വാരകാന്തോപഗൂഢോദ്യച്ഛരദ്രവിതകാമിഹൃൽ
പ്രതിമാമന്ദിരാഭ്യദ്യദുൽത്സവാപാസ്തകന്മഷഃ
കാലേഥേത വർത്തമാനേ കസ്മിംശ്ചിദഹ്നി പ്രാതരുത്ഥായ ചൂര്‍ണ്ണികാസരിദ്വാരി അനുഷ്ഠിതപൂർവസന്ധ്യേന ദൃഷ്ടപരമേശ്വരമംഗലസ്ഥപരമപുരുഷേണ പ്രാപ്താത്മമന്ദിരാളിന്ദദേശ പ്രക്ഷാളിതകരചരണേന ഹസന്തികോദ്യൽ കൃശാനുശമിതശീതരുഗ്ണേന ജപദ്ധ്യാനപരേണ മയാ കേരളേശ്വരവചനകാരീ കശ്ചിൽ ബ്രഹ്മബന്ധുസ്സമലക്ഷ്യത.
സ ച സൽകൃതസൽകാരോ യഥാവിധി സുമാനിതഃ
സംപൃഷ്ടകുശലപ്രശ്നഃ സാദരം സ്ഥാപിതോ ഭൂവി
പൃഷ്ടാഗമനഹേതുതുസ്സ മാമവോചദിദം വചഃ
ഭവന്തമധുനാ രാജാ സംദിദൃക്ഷുരിതി സ്മ സഃ
അഥ മയാമുനാ സഹാരൂഢഖട്വാശയ്യാ സമ്പാദിതസ്വാദുവസ്തു സൌഖ്യയാ നാവാ ചൂര്‍ണ്ണികാസരിദാവാഹ്യമാനയാ സത്വരം മഹോദയാഖ്യം പുരം ഗമ്യതേ സ്മ.
അഥ തത്ര തഥാഗച്ഛന്നപശ്യം കേരളാധിപം
സമാസീനം വിരാജന്തം മദ്ധ്യേനാഗാരിവിഷ്ടരം
കിരീടമകുടപ്രോദ്യന്മണിശ്രീലിപ്തവര്‍ണ്ണകം
ഉന്നമ്രഭാലഘോണാംസബാഹുമൂലോ രാന്വിതം
ദൂരദീർഘാക്ഷിദോര്‍ജ്ജംഘായുഗളാഞ്ചിത വിഗ്രഹം
രാഗരഞ്ജിതദോഃപാദപത്മയുഗ്മൈധിതശ്രീയം 
അംഭോജാക്ഷാരിശംഖാദിരാജചിഹ്നാത്തദോഃപദം 
കുണ്ഡലോദ്യന്മണിശ്രേണീവിദ്യോതിതമുഖാംബുജം 
കണ്ഠഭൂധ്വനിസൌന്ദര്യഗർഹയൽകംബുജശ്രിയം
ഹേമകരമകർപ്പൂരചന്ദനാലിപ്തവക്ഷസം
നീലകൌശേയവാസസ്ത്വിഡാഹരജ്ജനചക്ഷുഷം
പരംപുരുഷനാമോദ്യൽ സല്ലാപകഥയൽകഥം
സങ്കോചയന്തമന്യേന വാമബാഹുസ്ഥമംബുജം
അങ്കവിക്ഷിപ്തനഖരം സർവലോകപ്രിയം നൃപം
സപ്രാശ്രയമഹം തത്ര സദസ്യവഹിതോഗമം
നിസ്സ്യന്ദമാനസുധയ വാചാ സൽകുരുതേ സ്മ മാം
മുഹൂർത്തം സ്ഥിതവത്യസ്മിൻ മയ്യത്ര സ മഹീപതിഃ
ശ്രിതപ്രസാദയാ ദൃഷ്ട്യാ വീക്ഷമാണസ്സഭാസദഃ
അനുജ്ഞാപ്യോദഗാത്തസ്മാന്നിരഗച്‌ച്ഛന്മയാസഹ
രഹോ നര്‍മ്മ വദൻ പ്രായാന്മന്ത്രശാലാമനന്യഗാം
അഥാവദൽ സുഖാസീനം മാന്നരേശഃ പ്രഹൃഷ്ടവാൻ:
" ഇഹ നാടകവിച്ചുഞ്ചും ഭവന്തമനയം സ്മരൻ
കൃത്യമസ്തി മയാ വാച്യം ശൃണോത്വസ്മാൽ ഗിരം മമ
രചിതാദ്യ മയാ വിദ്വൻ കഥഞ്ചിന്നാടകദ്വയീ
ഏകം സംവരണന്നാമ ധനഞ്ജയമിതീതരം
ധ്വനിലക്ഷണയുക്താ സാ രചിതാ നാടകദ്വയീ;
ധ്വനിയുക്കാവ്യസരണിശ്ശസ്തേതി പ്രോച്യതേ ബുധൈഃ
ഏതസ്മാൽ ധ്വനിയുക്താ സാ രചിതാ നാടകദ്വയി;
ദ്രഷ്ടവ്യാ ഭവതാ സേയം നാട്യലക്ഷണവേദിനാ
താം പശ്യന്നവധാര്യൈഷാ സദസദ്വേതി കഥ്യതാം
സാധുഞ്ചൽ പ്രേക്ഷകോ ഭൂയാൽ ഭവാനസ്മി നടസ്തഥാ
പ്രയോഗമാര്‍ഗ്ഗം ഭവതേ ദർശയിഷ്യാമി തത്വതഃ.
ഭൂയശ്ചാരോപയിഷ്യാമി രംഗമേതൽ കുശീലവൈഃ
ഇതി തേന പ്രോക്തസ്തദ്ദര്‍ശിത പ്രയോഗമാര്‍ഗ്ഗോഹമധുനാ തൽകൃതേസ്മിൻ ധനഞ്ജയനാമ്നി നാടകേ സ്ഥായിഭാവ പ്രയോഗമാര്‍ഗ്ഗ പ്രവേശികാശ്ച പ്രദര്‍ശയാമി."
ഉദ്ധരിച്ച ഭാഗം കുറെ നീണ്ടുപോയിണ്ടു്. എങ്കിലും നമ്മുടെ ഒരു പ്രാചീനചക്രവര്‍ത്തിയേപ്പറ്റി സമകാലികനായ ഒരു കവി എഴുതീട്ടുള്ളതു നാമറിഞ്ഞിരിക്കേണ്ടതാണല്ലോ എന്നു വിചാരിച്ചാണു് അവിടുത്തെപ്പറ്റിയുള്ള വര്‍ണ്ണനയും മറ്റും ഒട്ടും പ്രക്ഷേപിക്കാതെ എടുത്തുചേർത്തത്. ഇതിൽനിന്നു കുലശേഖരൻ നമ്പൂതിരിയെ ആളയച്ചു വരുത്തിയ കാലത്തു രണ്ടു നാടകങ്ങളേ ഉണ്ടാക്കിയിരുന്നുള്ളു എന്നല്ലാതെ അതിൽ പിന്നീട് ഒന്നുമുണ്ടാക്കിയില്ലെന്നു നാം തീര്‍ച്ചപ്പെടുത്തേണ്ട ആവശ്യമില്ല.
പിന്നെയൊരു കുഴപ്പമുള്ളതു തപതീസംവരണത്തിന്റെ വ്യംഗവ്യാഖ്യയിൽ വ്യാഖ്യാതാവു ദശരൂപകത്തെപ്പറ്റി പ്രസ്താവിക്കുന്നു എന്നുള്ളതാണു്: ഗണപതിശാസ്ത്രികളവർകൾ ഇതിനേപ്പറ്റി തന്റെ സംവരണപ്രസിദ്ധീകരണത്തിന്റെ നിവേദനയിൽ സൂചിപ്പിച്ചിട്ടുണ്ടു്. ഞാൻ അദ്ദേഹം കണ്ട ഗ്രന്ഥം തന്നെ വരുത്തിനോക്കിയതിൽ താഴെ കുറിക്കുന്ന ഭാഗം കാണുന്നു.
"അഥാഹം കേരളഭൂഭൃൽകൃതേസ്മിൻ നാടകേ സ്ഥായിഭാവപ്രയോഗമാര്‍ഗ്ഗഞ്ച തത്സഹൃദയഃ പ്രദർശയാമി. കഥമിതി ചേൽ
ഭൂഭൃൽ സ്വയം ഭൂമികയാനിരേത്യ നിജാമലംകൃത്യ തനുമ്മ നസ്വീ
യം ദര്‍ശയിത്വേതി വിനിശ്ചിതാത്മാ പ്രയോഗമാഗ്ഗം മഹസാമീമാം?
തേന മയാ മഹീസുരേണാപി തത്സഹൃദയേന
പിഷ്ടപേഷണം ക്രിയതേ, തഥാപി
മഹൽ കവേരഭിപ്രായം ജ്ഞാതുമേതൽ കൃതമ്മയാ
തൽപ്രദര്‍ശിതമാര്‍ഗ്ഗേണ വിച്ഛിന്നസ്യോപദേഷ്ടരി,
നാടകനായകലക്ഷണം സർവം ദശരൂപകേ ദ്രഷ്ടവ്യം. "
ഇതിൽ ദശരൂപകേ എന്നതു ഗ്രന്ഥമെഴുത്തുകാരൻ ആദ്യം വിട്ടിട്ടു പിന്നീടു ചേർത്തിട്ടുള്ളതായാണു കാണുന്നതു്. മറ്റു ഗ്രന്ഥങ്ങളിൽ കാണുന്നുമില്ല. ദശരൂപകേ എന്നു വേറെ ഏതെങ്കിലും വ്യംഗ്യവ്യാഖ്യാഗ്രന്ഥങ്ങളിൽ കാണുന്നുണ്ടോ എന്ന് അതിന്റെ പകർപ്പുകൾ കൈവശമുള്ള മാന്യവായനക്കാർ പരിശോധിച്ചു വിവരം എന്നെ അറിയിക്കണമെന്നപേക്ഷിച്ചുകൊള്ളുന്നു. ഉണ്ടെങ്കിൽ തന്നെ അതു ധാരാനഗരത്തിൽ വാക്പതിരാജനെന്ന നാമാന്തരത്തോടുകൂടി ജീവിച്ചിരുന്ന മുഞ്ജമഹാരാജാവിന്റെ സദസ്യനായ ധനഞ്ജയകവിയുടെ ദശരൂപകമാകണമെന്നില്ല. ഭരതന്റെ നാട്യശാസ്ത്രഗ്രന്ഥത്തിനിപ്പുറം ദശരൂപകങ്ങളേപ്പറ്റി പ്രതിപാദിക്കുന്ന പല ഗ്രന്ഥങ്ങളും സംസ്കൃതത്തിൽ ഉണ്ടായിട്ടുണ്ട്. അങ്ങനെ പല ഗ്രന്ഥങ്ങൾ കേരളീയർ തന്നെ ഉണ്ടാക്കിയിരുന്നതായി വ്യംഗ്യവ്യാഖ്യയിൽനിന്നു വെളിവാകുന്നുമുണ്ടു്. " ഇതി വദതി ജയമംഗലായാമാചാര്യഃ" എന്നും മറ്റും ആ വ്യാഖ്യാനത്തിൽ പേർ പറയുന്ന പല ഗ്രന്ഥങ്ങളും ഇപ്പോൾ കാണ്മാനില്ല. അതുപോലെ ഈ ദശരൂപകവുമായിരിക്കുമോ എന്നു സംശയിക്കുവാൻ പാടില്ലെന്നില്ല.
ധനഞ്ജയന്റെ ദശരൂപകത്തെയല്ല വ്യംഗ്യവ്യാഖ്യാകാരൻ സ്മരിക്കുന്നതെന്നു പലേ കാരണങ്ങളേക്കൊണ്ടും തെളിയിക്കാവുന്നതാണു്. ധനഞ്ജയൻ തന്റെ ദശരൂപകത്തിന്റെ അവസാനത്തിൽ
"വിഷ്ണോസ്സുതേനാപി ധനഞ്ജയേന വിദ്വന്മനോരാഗനിബന്ധഹേതു_
ആവിഷ്കൃതം മുഞ്ജമഹീശഗോഷ്ഠീവൈദഗ്ദ്ധ്യഭാജാ ദശരൂപമേതൽ"
എന്നു പറഞ്ഞിരിക്കുന്നതിൽനിന്നു മുഞ്ജമഹാരാജാവിന്റെ സദസ്യനായി അദ്ദേഹം താമസിച്ചിരുന്ന കാലത്താണു ആ ഗ്രന്ഥം നിര്‍മ്മിച്ചതെന്നു വെളിവാകുന്നുണ്ടു്. മുഞ്ജന്റെ എന്നൊരവസരത്തിലും വാക്പതിരാജൻ എന്നു മറ്റൊരവരസത്തിലും പ്രസ്താവിച്ചുകൊണ്ടു് ആ മഹാരാജാവിന്റെ "പ്രണയകുപിതാം ദൃഷ്ട്വാ ദേവീം സസംഭ്രമവിസ്മിതഃ" ഇത്യാദിയായ ഒരു ശ്ലോകവും ധനഞ്ജയൻ ഉദ്ധരിക്കുന്നു. ഈ മുഞ്ജൻ ഭോജരാജാവിന്റെ പിതൃവ്യനും ഇദ്ദേഹം രാജ്യഭാരം ചെയ്തതു ക്രി. പി. 974 മുതൽ 993-ാം വര്‍ഷംവരെയുമായിരുന്നു. അതിനാൽ ഈ വര്‍ഷങ്ങൾക്കിടയിലാണ് ദശരൂപകത്തിന്റെ ആവിർഭാവമെന്നു നിര്‍ണ്ണയിക്കാം. അപ്പോൾ ക്രി. പി. 1000-ാമാണ്ടോടു കൂടിയല്ലാതെ അതിനു കേരളത്തിൽ പ്രചാരം സിദ്ധിക്കുവാനിടയില്ല. ധനഞ്ജയൻ ദശരൂപകത്തിൽ രാജശേഖരകവിയുടെ കർപ്പൂരമഞ്ജരയിൽ നിന്നും വിദ്ധസാലഭഞ്ജികയിൽനിന്നും ഉദാഹരണങ്ങൾ സ്വീകരക്കുന്നു. അങ്ങനെ ഉദ്ധരിച്ചിട്ടുള്ള ശ്ലോകങ്ങൾ താഴെ ഉദ്ധരിക്കുന്നവയാണു്.
"രണ്ഡാചണ്ഡാദീക്ഷിതാ ധര്‍മ്മദാരാ മദ്യം മാംസംപീയതേ ഖാദ്യതേ ച
കൈലാസേ സുരഗണസേവിതേ സമന്താൽ കിന്നര്യഃ കലമധുരാക്ഷരം പ്രഗീതാഃ" - കർപ്പൂരമഞ്ജരി.
"സുധാബദ്ധഗ്രാസൈരുപവനചകോരൈഃ കബലിതാം
കിരൻ ജ്യോത്സ്നാമച്ഛാം ലവലിഫലപാകപ്രണയിനീം
ഉപപ്രാകാരാഗ്രം പ്രഹണു നയേന തര്‍ക്കയ മനാ-
ഗനാകാശേ കോയം ഗളിതഹരിണശ്ശീതകിരണഃ?" - വിദ്ധസാലഭഞ്ജിക.
ക്രി. പി. 959-ാം വര്‍ഷത്തിൽ സോമദേവനെന്ന ജൈനകവി നിർമ്മിച്ച യശസ്തിലകചമ്പുവിൽ മാഘാദി മഹാകവികളോടൊപ്പം അദ്ദേഹം രാജശേഖരനെയും വര്‍ണ്ണിച്ചിരിക്കുന്ന സ്ഥിതിക്ക് രാജശേഖരൻ സോമദേവനെ അപേക്ഷിച്ചു പ്രാചീനനാണെന്നു സിദ്ധിക്കുന്നു. രാജശേഖരൻ ക്രിസ്തു 884-ാം ശതവര്‍ഷം വരെ കാശ്മീരരാജ്യം രക്ഷിച്ചിരുന്ന അവന്തിവര്‍മ്മാവിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന ധ്വനികാരനായ ആനന്ദവര്‍ദ്ധനാചാര്യരേയും ഹരവിജയകര്‍ത്താവായ രത്നാകരമഹാകവിയേയുംകാൾ അർവാചീനനാണെന്ന് അദ്ദേഹം അവരെപ്പറ്റി എഴുതീട്ടുള്ള
"ധ്വനിനാതിഗഭീരേണ കാവ്യതത്വനിദേശിനാ
ആനന്ദവര്‍ദ്ധനഃ കസ്യ നാസീദാനന്ദവർദ്ധനഃ?
മാസ്മ സന്തുഹി ചത്വാരഃ പ്രായോ രത്നാകരാ ഇമേ
ഇതീവ സ കൃതോ ധാത്രാ കവിരത്നാകരാപരഃ"
എന്ന പദ്യങ്ങളിൽനിന്നു കാണാവുന്നതാണു്. അതിനാൽ 884, 959 ഈ ക്രിസ്തുവര്‍ഷങ്ങൾക്കു് ഇടയ്ക്കായിരിക്കണം രാജശേഖരകവിയുടെ കാലം. രാജശേഖരകവി കുലശേഖരവര്‍മ്മാവിനേപ്പറ്റി
"ദൂരാദപി സതാം ചിത്തേ ലിഖിത്വാശ്ചര്യമഞ്ജരീം
കുലശേഖരവയാഗ്ര്യാം ചകാരാശ്ചര്യമഞ്ജരീം".
എന്നു വര്‍ണ്ണിച്ചിരിക്കുന്നു. ദൂരാദപി എന്നതിനു ദൂരത്തിലുള്ള കേരളദേശത്തിൽനിന്നും എന്നാണു് ഞാൻ അര്‍ത്ഥം കല്പിക്കുന്നതു്. കുലശേഖരവര്‍മ്മാവു രാജശേഖരനിൽനിന്നു പ്രാചീനനാണെന്നു ഈ ശ്ലോകത്തിൽ നിന്നു സിദ്ധിക്കുന്നു. അങ്ങനെയുള്ള കുലശേഖരവമ്മാവിന്റെ ഒരു സദസ്യൻ ധനഞ്ജയന്റെ ദശരൂപകത്തെ സ്മരിക്കുന്നതിനു യാതൊരു പ്രസക്തിയും ഇല്ലെന്നാണു് ഞാൻ വാദിക്കുന്നതു്. പക്ഷെ, കുലശേഖരവര്‍മ്മാവു് ആശ്ചര്യമഞ്ജരി ഉണ്ടാക്കിയ ഉടൻതന്നെ അതിന്റെ യശസ്സ് കാന്യകുബ്ജംവരെ എത്തി എന്നും ഉടൻതന്നെ രാജശേഖരൻ ആ ഗ്രന്ഥത്തെ പ്രശംസിച്ചു എന്നും രാജശേഖരൻ ജീവിച്ചിരിക്കുമ്പോൾ തന്നെ സോമദേവൻ അദ്ദേഹത്തെ യശസ്‍തിലകചമ്പുവിൽ ശ്ലാഘിച്ചു എന്നും ധനഞ്ജയൻ തന്റെ ദശരൂപകത്തിൽ രാജശേഖരന്റെ ഗ്രന്ഥങ്ങളിൽ നിന്നു ശ്ലോകങ്ങൾ ഉദ്ധരിച്ചു എന്നും ഉടൻതന്നെ ദശരൂപകത്തിനു കേരളത്തിൽകൂടി പ്രസിദ്ധി സിദ്ധിച്ചു എന്നും വരാൻ പാടില്ലായ്കയില്ല. എന്നാൽ ഈ സംഗതികളെല്ലാംകൂടി യോജിച്ച് ഒരു കാലത്തു തന്നെ നടന്നു എന്നൂഹിക്കുന്നതിനേക്കാൾ ഭിന്നകാലങ്ങളിൽ നടന്നു എന്നൂഹിക്കുന്നതിനാണു് യുക്തിയധികം. "ഗ്രന്ഥകാരസമകാലഭവേന" എന്നു ശിവരാമകവി വര്‍ണ്ണിക്കുന്ന ഈ വ്യംഗ്യവ്യാഖ്യാകാരൻ ഒരു നമ്പൂതിരിയാണെന്നും അദ്ദേഹം കുലശേഖരവര്‍മ്മാവുമായി വളരെ വേഴ്ചയിലായിരുന്നു എന്നും കുലശേഖരൻ തന്റെ നാടകങ്ങളുടെ മര്‍മ്മങ്ങളെ താൻ തന്നെ അഭിനയിച്ചു വയസ്യനു മനസ്സിലാക്കിക്കൊടുക്കുകയാണ് ചെയ്തതെന്നും മുൻപുദ്ധരിച്ച ഉപോൽഘാതത്തിൽനിന്നു വെളിവാകുന്നുണ്ടല്ലോ. ഈ വ്യാഖ്യാതാവു തന്നെയാണ് ഫലിതപ്രിയനായ തോലൻ എന്നു ചിലർ പറയുന്നു. തോലൻ എന്നു ഒരു നമ്പൂതിരി ഉണ്ടായിരുന്നു എന്നും അദ്ദേഹം ഏതോ ഒരു ചേരമാൻപെരുമാളുടെ ആശ്രിതനായിരുന്നു എന്നും ഉള്ളതു് നിസ്സംശയമാണു്. ഇപ്പോൾ അദ്ദേഹത്തിന്റേതാണെന്നു പറഞ്ഞു ചൊല്ലിവരാറുള്ള ഭാഷാശ്ലോകങ്ങളിൽ പലതും അങ്ങനെയുള്ളതാണെന്നു തോന്നുന്നില്ല. മുട്ടസ്സുനമ്പൂതിരിയുടെ ചില ശ്ലോകങ്ങൾപോലും തോലന്റെ തലയിൽ കേറ്റിവയ്ക്കുന്ന രസികന്മാരെ ഞാനറിയും. തോലൻ മഹോദയപുരേശചരിതം എന്നു ശ്ലോകങ്ങളെല്ലാം അന്വയക്രമത്തിൽത്തന്നെ നിര്‍മ്മിച്ചിട്ടുള്ളതായ ഒരു കാവ്യത്തിന്റെ കര്‍ത്താവാണെന്ന് ഐതീഹ്യമുണ്ട്. ആ കാവ്യം ഞാൻ കണ്ടിട്ടില്ല. കൈവശമുള്ളവർ അതിനേപ്പറ്റി വല്ല വിവരവും അറിവുതന്നാൽ വളരെ ഉപകാരമായിരിക്കും. അതിലെ "സ്വര്‍ജ്ജാലകാനിജ്ജര നിർജ്‌ഝരിണ്യാം" ഇത്യാദി പദ്യവും മറ്റും സുപ്രസിദ്ധമാണു്.
രാജശേഖരനും കുലശേഖരവര്‍മ്മാവും സമകാലികന്മാരല്ലെന്നുള്ളതിനു് ഒരുപപത്തികൂടി പറയാം . തപതീസംവരണത്തിൽ ഗ്രന്ഥകാരൻ ശൂദ്രകകാളിദാസഹര്‍ഷദണ്ഡികളേയാണു് മഹാകവി പദത്തിൽ പ്രവേശിപ്പിക്കുന്നതു്. ഇവരിൽ മൂന്നുപേർ നാടകകര്‍ത്താക്കളുമാണ്. ഭവഭൂതിയേപ്പറ്റി വല്ല അറിവും കവിക്കുണ്ടായിരുന്നു എന്നു വരികിൽ അദ്ദേഹത്തിന്റെ പാവനമായ നാമധേയത്തെ ഈ പട്ടികയിൽ അദ്ദേഹം ഘടിപ്പിക്കാതിരിക്കുമോ ? ഒരിക്കലും ഇല്ലെന്നാണു് എനിക്കു തോന്നുന്നതു്. ആ വിധത്തിലുള്ള ഒരു കവിചക്രവർത്തിയെ പ്രമുഖപദംകൊണ്ടു വിവക്ഷിച്ചാൽ മതിയാകുന്നതുമല്ല. ഭവഭൂതിയും കാന്യകുബ്ജരാജാവായ യശോവര്‍മ്മാവും കാശ്മീരചക്രവര്‍ത്തിയായ ലളിതാദിത്യനും ക്രി. പി. എട്ടാം ശതവഷത്തിന്റെ ആരംഭത്തിലാണ് ജീവിച്ചിരുന്നത്. കുലശേഖരവര്‍മ്മാവു ക്രി. പി. പത്താം ശതവഷത്തിലാണു് ജീവിച്ചിരുന്നതെങ്കിൽ അദ്ദേഹത്തിനു ഭവഭൂതിയുടെ നാമധേയത്തെ വിസ്മരിക്കുന്നതിനു യാതൊരു ന്യായവുമില്ല, എട്ടാം ശതവഷത്തിന്റെ ഒടുവിൽ ജീവിച്ചിരുന്നതാണെങ്കിൽ അതു ഭവഭൂതിയുടെ യശസ്സിനു കേരളത്തിൽ ധാരാളം പ്രചാരം വരുന്നതിനു മുൻപാണെന്നു സമാധാനപ്പെടുകയും ചെയ്യാം. ഈ അവസരത്തിൽ രാജശേഖരകവി "ബഭൂവ വല്മീകഭവഃ പുരാകവിഃ" എന്ന പദ്യത്തിൽ തനിക്കു ഭവഭൂതിയെപ്പറ്റിയുള്ള ബഹുമാനത്തെ പ്രകടിപ്പിക്കുന്ന ഭാഗവും നാം പ്രത്യേകിച്ച് ഓര്‍മ്മിക്കേണ്ടതാകുന്നു.
താഴമണ്ണില്ലത്തെ താമ്രശാസനം "നമശ്ശിവായ'' എന്ന പദങ്ങൾ കൊണ്ടാരംഭിച്ചിരിക്കുന്നു എന്നുവെച്ച് അതിൽ പറയുന്ന രാജശേഖരൻ കുലശേഖര ആൾവാരല്ലെന്നു ശങ്കിക്കേണ്ട ആവശ്യമില്ല. ചേരമാൻ പെരുമാക്കന്മാരുടെ കുലദൈവവും തിരുവഞ്ചിക്കുളത്തിലെ മൂര്‍ത്തിയും ശിവനായിരുന്നു. "അഞ്ചൈക്കളത്തപ്പ'നേപ്പറ്റി ശൈവന്മാരായ സുന്ദരമൂര്‍ത്തിനായനാർ മുതലായ ഭക്തന്മാർ പാടീട്ടുണ്ടു്. പട്ടത്തു പട്ടേരി ത്രിപുരദഹനത്തെ തന്റെ കാവ്യത്തിനു ഇതിവൃത്തമായി സ്വീകരിക്കുന്നു. വ്യംഗ്യവ്യാഖ്യാകാരൻ മംഗലാചരണം ചെയ്യുന്നതു തന്നെ ത്രിപുരദഹനകഥയെ ആസ്പദമാക്കിയാണ്. അതിൽ പിന്നീടു "നമസ്സോമായ ശംഭുവേ" എന്നു പ്രകൃതോപയോഗത്തെ പുരസ്കരിച്ചിട്ടാണെങ്കിലും ശിവനേത്തന്നെ സ്തുതിക്കുന്നുമുണ്ടു്. കുലശേഖരആൾവാരുടെ കാലം മുതൽക്കാണു കേരളത്തിൽ വൈഷ്ണവമതത്തിനു് പ്രാധാന്യം സിദ്ധിച്ചതു്.
പത്താം ശതവഷത്തിൽ ആൾവാരന്മാർ ആരുംതന്നെ ജീവിച്ചിരുന്നിട്ടില്ല. ആൾവാരന്മാരുടെ ദ്രാവിഡഗാനങ്ങൾ എല്ലാം ശേഖരിച്ച് അവയെ നാലായിരപ്രബന്ധമെന്ന പേരിൽ പ്രസിദ്ധീകരിച്ചതു നാഥമുനി എന്ന മഹാനാണു്. അദ്ദേഹം ക്രി. പി. പത്താംശതവര്‍ഷത്തിൽ രാജനാരായണനെന്ന നാമാന്തരത്തോടുകൂടിയ പരാന്തകനെന്ന ചോളരാജാവിന്റെ സദസ്യനായിരുന്നതായാണ് കാണുന്നതു്. കുലശേഖരനെന്ന നാമധേയത്തിൽ രണ്ടു ചേരമാൻ പെരുമാക്കളുണ്ടായിരുന്നു എന്നും അവർ രണ്ടുപേരും വിഷ്ണുഭക്തന്മാരായിരുന്നു എന്നും അവരിൽ ഒരാൾ ക്രി. പി. എട്ടാം ശതവഷത്തിലും മറ്റൊരാൾ പത്താം ശതവഷത്തിലും ജീവിച്ചിരുന്നു എന്നും പറയുന്നതു യുക്തിക്കു ചേരാതെയിരിക്കുന്നു. ആകെക്കൂടി കുലശേഖരവര്‍മ്മാവും കുലശേഖര ആൾവാരും താഴമണ്ണില്ലത്തെ താമ്രശാസനത്തിൽ പറയുന്ന രാജശേഖരനും ഒരാൾതന്നെ എന്നും ആ ചേരമാൻ പെരുമാൾ ക്രി. പി. എട്ടാം ശതവഷത്തിന്റെ ഒടുവിൽ കേരളം രക്ഷിച്ചിരുന്നു എന്നും ഊഹിക്കുന്നതിൽ വലിയ അസംബന്ധമൊന്നും ഇല്ലെന്നാണ് തോന്നുന്നതു്. 
ഇനി ഈ ഗ്രന്ഥകാരന്റെ കൃതികളേക്കുറിച്ചുകൂടി രണ്ടു വാക്കു പറഞ്ഞുകൊണ്ടു് ഈ ഉപന്യാസത്തെ ഉപസംഹരിക്കാൻ ശ്രമിക്കാം.
ആശ്ചര്യമഞ്ജരി ഒരു ഗദ്യകാവ്യമാണെന്നു മുൻപു പറഞ്ഞുവല്ലൊ.. "ആശ്ചര്യമഞ്ജരീകഥാമധുദ്രവഃ" എന്നാണു് കവി അതിനെപ്പറ്റി വർണ്ണിക്കുന്നതു്. കഥ ഒരുമാതിരി ഗദ്യകാവ്യമാണു്. ടീകാസർവസ്വകാരനു പുറമെ മുകുടൻ എന്ന അമരകോശടീകാകാരൻ ആ ഗ്രന്ഥത്തിൽ നിന്നു "പാണിനിപ്രത്യാഹാര ഇവ മഹാപ്രാണസമാശ്ലിഷ്ടാ ഝഷാലിംഗിതശ്ച സമുദ്രഃ" എന്നൊരു ഭാഗം വാരിവര്‍ഗ്ഗത്തിൽ ഉദ്ധരിച്ചിട്ടുള്ളതായി ദുഗ്ഗാപ്രസാദപണ്ഡിതൻ പറയുന്നു. ഈ ഉദാഹരണങ്ങളിൽനിന്നു കാദംബരി, വാസവദത്ത മുതലായ ഗ്രന്ഥങ്ങളുടെ തോതനുസരിച്ചു കവി ശ്ലേഷപ്രധാനമായുണ്ടാക്കിയ ഒരു ഗദ്യകാവ്യമാണിതെന്നു തോന്നുന്നു. ഇതുവരെ കണ്ടുകിട്ടീട്ടില്ല.
തപതീസംവരണം ആറങ്കത്തിലുള്ള ഒരൊന്നാന്തരം നാടകമാണു്. ഇതിനു പുതുപ്പള്ളി പി. കെ. പണിക്കർ ഒരു തര്‍ജ്ജമ മംഗളോദയ മാസികയിൽ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിട്ടുള്ളതിനാൽ വായനക്കാരുടെ ശ്രദ്ധയെ ആ തര്‍ജ്ജമയിലേയ്ക്കു ക്ഷണിച്ചാൽ മതിയാകുമെന്നു തോന്നുന്നുണ്ടു്. പണിക്കരവർകൾ നല്ല ശക്തിയും നിപുണതയും അഭ്യാസവും ഉള്ള ഒരു കവിയാകയാൽ തര്‍ജ്ജമ നന്നായിട്ടുണ്ടു്.
സുഭദ്രാധനഞ്ജയം അഞ്ചങ്കത്തിലുള്ള മറ്റൊരു അസ്സൽ നാടകമാണു്. ആ ഗ്രന്ഥം പരേതനായ വിശിഷ്ടകവി കവിയൂർ രാമൻനമ്പിയാർ കുറേക്കാലം മുൻപുതന്നെ ഭാഷാന്തരീകരിച്ചുകഴിഞ്ഞിട്ടുള്ളതിനാൽ അതിനേപ്പറ്റിയും വിശേഷിച്ചൊന്നും പറയേണ്ട ആവശ്യം കാണുന്നില്ല. ധനഞ്ജയതര്‍ജ്ജമ ഇപ്പോൾ വിലയ്ക്കു കിട്ടുന്നില്ല. ഒരു പുതിയ പതിപ്പുണ്ടായാൽ കൊള്ളാമെന്ന് എന്നേപ്പോലെ ആഗ്രഹിക്കുന്നവർ പലരും കാണുമെന്നാണ് എന്റെ വിശ്വാസം.
ഈ രണ്ടു നാടകങ്ങളും ചാക്യാന്മാര്‍ക്ക് അഭിനയത്തിലേയ്ക്കു വേണ്ടിത്തന്നെ ഉണ്ടാക്കീട്ടുള്ളതാണു്. രണ്ടിലെയും പ്രതിപാദ്യവസ്തു മഹാഭാരതാന്തര്‍ഗ്ഗതമാകുന്നു. ഭരതന്റെ നാട്യശാസ്ത്രം കണ്ടിട്ടാണു് കവിക്കു് ഈമാതിരിഗ്രന്ഥങ്ങളുണ്ടാക്കണമെന്നാഗ്രഹം തോന്നിയതെന്നു വ്യംഗ്യവ്യാഖ്യാകാരൽ പറയുന്നതു ശരിതന്നെ. അതിനാലാണ് അതിലെ സ്ഥായിഭാവത്തേയും പ്രായോഗികമാര്‍ഗ്ഗത്തെയും മാത്രം വിവരിച്ച് ഒരു വ്യാഖ്യാനമെഴുതേണ്ട ആവശ്യം നേരിട്ടതു്. ധ്വനിലക്ഷണപൂര്‍ണ്ണമാണ് ഈ രണ്ടു നാടകങ്ങളുമെന്നു് കവി വ്യാഖ്യാതാവിനോടു പ്രത്യേകിച്ചു പറയു കയും ചെയ്യുന്നു. ധ്വനിയുക്തമായ കാവ്യത്തേയാണ് വിദ്വാന്മാർ അന്നും ഇന്നും എന്നും പ്രശംസിക്കുന്നതു്. ആനന്ദവനാചാര്യർ ധ്വനിയുടെ പാരമ്യത്തെ സ്ഥാപിക്കുന്നതല്ലാതെ അതിനു മുൻപു ധ്വന്യദ്ധ്വനീനന്മാരായ മഹാകവികൾ ഇല്ലായിരുന്നു എന്നോ ധ്വനിപ്രധാനമായ കാവ്യത്തിനാണു് ഉത്തമത്വം എന്നു് ആലങ്കാരികന്മാർ സിദ്ധാന്തരൂപേണ പ്രതിപാദിച്ചിട്ടില്ലെന്നോ പറയുന്നില്ല. ധ്വനിപ്രസ്ഥാനക്കാരായ കവികളുടെ മാഗ്ഗദർശി തന്നെ കാളിദാസരാണല്ലോ. ആ കവിസാർവഭൗമൻ ആനന്ദവര്‍ദ്ധനനു വളരെക്കാലം മുമ്പല്ലേ ജീവിച്ചിരുന്നതു്.
"കാവ്യസ്യാത്മാ ധ്വനിരിതി ബുധൈര്യൽ സമാമ്‌നാതപൂർവം
തസ്യാഭാവം ജഗദുരപരെ ഭാക്തമാഹുസ്തമന്യേ
കേചിദ്വാചാം സ്ഥിതമവിഷയേ തത്വമൂചുസ്തദീയം
തേന ബ്രൂമസ്സഹൃദയമനഃ പ്രീയയേ തത്സ്വരൂപം."
എന്നുള്ള പീഠികയോടു കൂടിയാണ് ധ്വന്യാലോകമാരംഭിക്കുന്നത്. കാവ്യത്തിന്റെ ആത്മാവു ധ്വനിയാണെന്നു വിദ്വാന്മാർ പണ്ടുതന്നെ ഗണിച്ചിട്ടുള്ളതാണെന്നു ധ്വനികാരൻ സമ്മതിക്കുന്നു. കുലശേഖരനു കാളിദാസരെപ്പറ്റി എത്രമാത്രം ബഹുാനമുണ്ടായിരുന്നു എന്ന് ഇതിനു മുൻപു ഞാൻ ഈ രണ്ടു നാടകങ്ങളിൽ നിന്നു തന്നെ ഉദ്ധരിച്ചിട്ടുള്ള ഭാഗങ്ങളിൽ നിന്നു സ്പഷ്ടമാകും. “കര്‍ണ്ണൌ നഃ കാളിദാസപ്രവിഹിതരചനാഃ കര്‍ണ്ണപുരിക്രിയാസ്താം" എന്നു പ്രാര്‍ത്ഥിക്കുന്ന ഒരു കവിയുടെ കൃതി എങ്ങനെയാണു ധ്വനിപ്രധാനമല്ലാതെ പരിണമിക്കുന്നതു് ? നാടാകാന്തം കവിത്വം എന്നുള്ള പ്രമാണമനുസരിച്ചു നോക്കുകയാണെങ്കിൽ കുലശേഖരവർമ്മാവിനു കേരളീയ മഹാകവികളുടെ ഇടയിൽ ഒരു അദ്വിതീയമായ സ്ഥാനത്തിനവകാശമുണ്ട്. ശങ്കരഭഗവൽപാദരും നാരായണഭട്ടപാദരും സഞ്ചരിക്കാത്ത ഒരു മാര്‍ഗ്ഗത്തിലാണല്ലോ നമ്മുടെ ഈ മഹാകവിയുടെ സ്വച്ഛന്ദവിഹാരം. കേരളീയ കവികളുടെ നാടകങ്ങളിലെന്നല്ല, അന്യകവികളുടെ നാടകങ്ങളിൽ തന്നെയും ശാകുന്തളം, ഉത്തരരാമചരിതം മുതലായ ഒന്നാംകിടയിൽ നില്ക്കുന്ന ഉത്തമഗ്രന്ഥങ്ങൾ കഴിഞ്ഞാൽ മറ്റൊന്നിനും സംവരണധനഞ്ജയങ്ങളെ ജയിക്കുന്നതിനുള്ള യോഗ്യത കാണുന്നില്ല. കുലശേഖരവര്‍മ്മാവിന്റെ കവിതയ്ക്കു ശബ്ദം കൊണ്ടു ഭവഭൂതിയോടും അര്‍ത്ഥംകൊണ്ടു കാളിദാസരോടുമാണ് അധികം സാമീപ്യമുള്ളതു്. വിച്ഛിന്നാഭിഷേകനാടകം കണ്ടുകിട്ടീട്ടില്ലെന്നു മുൻപു പ്രസ്താവിച്ചുകഴിഞ്ഞുവല്ലോ.
പെരുമാൾതിരുമൊഴി എന്നു പറയുന്നതു 105 ദ്രാവിഡഗാനങ്ങളാണ്. ഇവയെ നാഥമുനി നാലായിരപ്രബന്ധത്തിൽ ഉൾപ്പെടുത്തീട്ടുണ്ടു്. ആൾവാരുടെ ദ്രാവിഡകവിത സംസ്കൃതകവിതപോലെ മനോഹരമായിരിക്കുന്നു. തിരുമൊഴിയിൽ പത്തുഭാഗങ്ങളണ്ട്. ഓരോ ഭാഗത്തിലും പത്തും പതിനൊന്നും അപൂര്‍വ്വമായി ഒന്‍പതു വീതം പാട്ടുകളുണ്ടു്. ഓരോ ഭാഗത്തിനും തമിഴ്‌മാലയെന്നാണു് പേർ; പത്തു മാലകളുടേയും അറ്റത്തിൽ
'കുടൈവിളങ്കുവിറൽതാനൈക്കൊറ്റവൊൾവാൾ
കൂടലർകോൻ കൊടൈക്കുലചേകരൻ'.
'അല്ലിമാമലർ മങ്കൈനാതനരങ്കൻമെയ്യിടിയാർകൾത-
മെല്ലൈയിലടിമൈത്തിറത്തിനിലെന്റുമേവുമനത്തനാം
കൊല്ലിക്കാവലൻ കൂടൽനായകൻ കോഴിക്കോൻ കുലചേകരൻ.'
'അങ്കെയാഴിയരങ്കനടിയിണൈതങ്കുചിന്തൈത്തനിപ്പെരും പിത്തനായ്
കൊങ്കർകോൻ കുലചേകരൻ."
'കൊന്നവിലും കൂർവേൽകുലചേകരൻ.'
'കൊറ്റവേൽതനൈക്കുലചേകരൻ.'
'കൊല്ലിനകര്‍ക്കിറൈകൂടൽ കോമാൻ കുലചേകരൻ.'
'കൊല്ലികാവലൻ മാലടിമുടിമേൽ കോലമാം കുലചേകരൻ.'
കൊൽനവിലും വേൽ വലവൻ കുടൈക്കുലചേകരൻ'
'കൂരാർന്തവേൽ വലവൻ കോഴിയർകോൻ കുടൈക്കുലചേകരൻ'
'കൊല്ലിയലും പടൈത്താനെക്കൊറ്റവൊൾവാൾ
കോഴിയർകോൻ കുടൈക്കുലചേകരൻ.'
ഇങ്ങനെ പത്തു മുദ്രാവാചകരത്നങ്ങൾ കാണുന്നുണ്ട്. കേരളത്തിൽ എട്ടാം ശതവര്‍ഷത്തിന്റെ അവസാനത്തിൽ നടപ്പായിരുന്ന തമിഴ് ഭാഷയിൽ തന്നെയാണ് പെരുമാൾ തിരുമൊഴി മുഴുവൻ രചിച്ചിരിക്കുന്നതു്. "ഐഞ്ഞൂറു" മുതലായ ഇടമട്ടിലുള്ള പദങ്ങൾ അതിൽ സുലഭങ്ങളാണു്. "മുടിപ്പാൻ" മുതലായ പ്രയോഗങ്ങൾ ഇപ്പോൾ തമിഴിലില്ല. "അരവണയിൽ പള്ളികൊള്ളും കടൽവിളങ്കുകരുമേനി'' മുതലായ ഭാഗങ്ങൾ വായിക്കുമ്പോൾ കണ്ണശ്ശപ്പണിക്കരെ ഓർത്തുപോകുന്നു.
"വാനാളും മാമതിപോൽ വെണുകുടൈക്കീഴ്മന്നവർതം-
കൊനാകിവീറ്റിരുന്തു കൊണ്ടാടും ചെല്‌വറിയേൻ!!
ഇത്യാദി ഭാഗങ്ങൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന സ്തോഭം അവര്‍ണ്ണനീയമായിരിക്കുന്നു. പത്തിൽ ഒരു മാലയെങ്കിലും പകുത്തി വായനക്കാരെ കാണിക്കാതിരിക്കാൻ മനസ്സനുവദിക്കുന്നില്ല. ഞാൻ താഴെ ഉദ്ധരിക്കുന്നതു് എട്ടാമത്തെ മാലയും കണ്ണപുരത്തു രാമസ്വാമിയെപ്പറ്റിയുള്ള ഒരു താരാട്ടുമാണു്. ഭാഷയ്ക്കു വലിയ കാഠിനന്യമൊന്നുമില്ല. ശ്രീരാമവിഷയകമായി ആൾവാര്‍ക്കുണ്ടായിരുന്ന രതിഭാവത്തിന്റെ സ്വരൂപം വായനക്കാര്‍ക്ക് ഈ താരാട്ടിൽ നിന്നു ഏകദേശം മനസ്സിലാക്കാം.
കണ്ണപുരത്തൊളീർ കാകുത്തൻറാലാട്ട്
കലിവിരുത്തം
നീലാമ്പുരിരാകം-തിരുപുടൈതാളം
മന്നുപുകഴ്കൌചലൈതൻ മണിവയിറുവായ്ത്തവനേ!
തെന്നിലങ്കൈക്കോൻമുടികൾ ചിന്തുവിത്തായ്! ചെമ്പൊൻചേർ
കന്നിനൻമാമതിൾപുടൈ ചുഴ്കണപുരത്തെൻ കരുമണിയേ!
എന്നുടൈയവിന്നമുതേ! ഇരാകവനേ! താലേലോ.
പുണ്ടരീകമലരതൻമേൽ പുവനിയെല്ലാം പടൈത്തവനേ!
തിണ്ടിറലാൽ താടകൈതൻ ഉരമുരുവച്ചിലൈവളൈത്തായ്!
കണ്ടവർ തമ്മനം വഴങ്കും കണപുരത്തെൻ കരുമണിയേ!
എണ്ടിശൈയുമാളുടൈയായ്! ഇരാകവനേ! താലേലോ.
കൊങ്കുമലികരുങ്കുഴലാൾ കൌചലൈതൻ കുലമതലായ്!
തങ്കുപെരുമ്പുകഴ്ച്ചനകൻ തിരുമരുകാ! താചരതീ!
കങ്കൈയിലും തീര്‍ത്തമടികണപുരത്തെൻ കരുമണിയേ!
എങ്കൾകുലത്തിന്നമുതേ! ഇരാകവനേ! താലേലോ.
താമരൈമെലയനവനൈപ്പടൈത്തവനേ! തയരതൻറൻ
മാമതലായ് മൈതിലിതൻമണവാളാ! വണ്ടിനങ്കൾ
കാമരങ്കളിചൈപാടും കണപുരത്തെൻ കരുമണിയേ!
ഏമരുവും ചിലൈവലവാ। ഇരാകവനേ! താലേലോ.
പാരാളും പടർചെൽവം പരതനമ്പിക്കേയരുളി
ആരാവൻ പിളൈയവനോടരുങ്കാനമടൈന്തവനേ!
ചീരാളും വരൈമാർപാ! തിരുക്കണ്ണപുരത്തരചേ!
താരാളും നീൺമുടിയെൻ താചരതീ! താലേലോ.
ചുറ്റമെല്ലാം പിൻതുടരത്തൊൽകാനമടൈന്തവനേ!
അറ്റവർകട്കരുമരുന്തേ! അയൊത്തിനകർക്കതിപതിയേ!
കറ്റവർകൾ താം വാഴും കണപുരത്തെൻ കരുമണിയേ!
ചിറ്റവൈതൻ ചൊൽകൊണ്ട് ചീരാമാ! താലേലോ.
ആലിനിലൈപ്പാലകനായൻറുലകമുണ്ടവനേ!
വാലിയെക്കൊന്റരചിളൈയ വാനരത്തുക്കളിത്തവനേ!
കാലിൽമണികരൈയലൈക്കം കണപുരത്തെൻ കരുമണിയേ!
ആലിനകര്‍ക്കതിപതിയേ! അയൊത്തിമനേ! താലേലോ.
മലൈയതനാലണൈ കട്ടി മതിളിലം കൈയഴിത്തവനേ!
അലൈകടലൈക്കടൈന്തമരര്‍ക്കമുതരുളിച്ചെയ്തവനേ!
കലൈവലവർ താം വാഴം കണപുരത്തെൻ കരുമണിയേ!
ചിലൈവലവാ! ചേവകനേ! ചീരാമാ! താലേലോ.
തളൈയവിഴം നറുങ്കുഞ്ചിത്തയരതന്റൻകുലമതലായ്!
വളൈയവൊരു ചിലൈയതനാൽ മതിലിളംകൈയഴിത്തവനേ
കളൈ കഴുനീർ മരുങ്കലരും കണപുരത്തെൻ കരുമണിയേ!
ഇളൈയവർ കട്‌കരുളുടൈയായ്! ഇരാകവനേ! താലേലോ.
തേവരൈയുമചുരരൈയും തിചൈകളൈയും പടൈത്തവനേ!
യാവരും വന്തടിവണങ്ക അരങ്കനര്‍ത്തുയിന്റവനേ!
കാവിരിനൽനതിപായും കണപുരത്തെൻ കരുമണിയേ!
ഏവരിവെഞ്ചിലൈവലവാ! ഇരാകവനേ! താലേലോ.
കന്നിനൻമാമതിൾപുടൈചുഴ്‌കണപുരത്തെൻ കാകുത്തൻ
തന്നടിമേൽ താലേലോവെൻറുരൈത്തതമിഴ്‌മാലൈ
കൊൽനവിലും വേൽവലവൻ കുടൈക്കുലചെകരൻചൊന്ന
പന്നിയനൂൽ പത്തും വല്ലാർ പാംകായ പത്തർകളേ."
ഇനി മുകുന്ദമാലയേപ്പറ്റി മാത്രമാണു് സ്വല്പം പറവാനുള്ളതു്. ഇതിനെ ശ്രീവൈഷ്ണവന്മാർ അവരുടെ വേദമായി കൊണ്ടാടിവരുന്നു. ആകെ മുപ്പത്തിനാലു ശ്ലോകങ്ങളേ അതിലുള്ളൂ. അവയിലൊരു ശ്ലോകം 'യസ്യ പ്രിയൌ ശ്രുതിധരൌ " ഇത്യാദി ഗ്രന്ഥകാരപരമായിട്ടുള്ളതുമാണു്. ബാക്കിയുള്ള മുപ്പത്തിമൂന്നു ശ്ലോകങ്ങൾകൊണ്ടു് കവി കാണിച്ചിരിക്കുന്ന വിദ്യ ആര്‍ക്കും അത്ഭുതത്തെ ജനിപ്പിക്കുന്നു. ഭക്തിരസം ഇത്ര നിർഗ്ഗളമായി പ്രവഹിക്കുന്ന ഒരു ഖണ്ഡകാവ്യം സംസ്കൃതത്തിൽ വേറെ ഇല്ല.
"ക്ഷീരസാഗരതരംഗശീകരാസാരതാരകിതചാരുമൂര്‍ത്തയേ"
"ലാടീനേത്രപുടീപയോധരഘടീരേവാതടീദുഷ്കുടി-
പാടീരദ്രുമവര്‍ണ്ണനേന കവിഭിർമ്മുഢൈർദ്ദിനം നീയതേ."
ഇത്യാദി ഭാഗങ്ങളിലെ ശബ്ദചമൽക്കാരത്തിന്റെയും
" ആമ്നായാഭ്യസനാന്യരണ്യരുദിതം കൃഛ്റവ്രതാന്യന്വഹം
മേദഛേദപദാനി പൂര്‍ത്തവിധയഃ സർവേ ഹുതം ഭസ്മനി
തീര്‍ത്ഥാനാമവഗാഹനാനിച ഗജസ്നാനം, വിനാ യൽപദ-
ദ്വന്ദ്വാംഭോരുഹസംസ്തുതിം, വിജയതേ ദേവസ്സനാരായണഃ
തൃഷ്ണാതോയേ മദനപവനോദ്ധൂതമോഹോര്‍മ്മിമാലേ
ദാരാവര്‍ത്തേ സഹജതനയഗ്രാഹസംഘാകുലേ ച
സംസാരാഖ്യേ മഹതി ജലധൌ മജ്ജതാം നസ്ത്രിധാമൻ!
പാദാംഭോജേ വരദ! ഭവതോ ഭക്തിനാവേ പ്രസീദ"
ഇത്യാദി ഭാഗങ്ങളിലെ അലങ്കാരമസൃണതയുടേയും
"മദന പരിഹാര സ്ഥിതിം മദീയേ മനസി മുകുന്ദപദാരവിന്ദധാമ്നി;
ഹരനയനകൃശാനുനാ കൃശോസി, സ്മരസി ന ചക്രപരാക്രമം മുരാരേഃ?"
"ശ്രീമന്നാമ പ്രോച്യ നാരായണാഖ്യം യേന പ്രാപ്താ വാഞ്ചരിതം പാപിനോപി
ഹാ നഃ പൂര്‍വ്വം വാക് പ്രവൃത്താ ന തസ്മിംസ്തേന പ്രാപ്തം ഗര്‍ഭവാസാദി ദുഃഖം."
ഇത്യാദി ഭാഗങ്ങളിലെ വ്യംഗ്യഭംഗിയുടെയും കഥ കിടക്കട്ടെ.
"വാത്സല്യാദഭയപ്രദാനസമയാദാര്‍ത്താത്തിനിർവാപണാ-
ദൌദാര്യാദഘശോണാദഗണിതശ്രേയഃപദപ്രാപണാൽ
സേവ്യഃശ്രീപതിരേവ സർവജഗതാമേകാന്തതഃ; സാക്ഷിണഃ
പ്രഹ്ല്‌ളാദശ്ച വിഭീഷണശ്ച കരിരാട് പാഞ്ചാല്യഹല്യാധ്രുവഃ"
ഇത്യാദി പദ്യങ്ങളിൽ അടങ്ങിയിരിക്കുന്ന പരമതത്വങ്ങളാണ് മുകുന്ദമാലയെ സര്‍വോൽകൃഷ്ടമാക്കിത്തീര്‍ക്കുന്നത്. ഇതിലെ "ദിവിവാ ഭുവിവാ" ഇത്യാദി പദ്യം വിശ്വനാഥകവിരാജൻ സാഹിത്യദര്‍പ്പണത്തിൽ ദേവവിഷയകമായ രതിക്കു മൂർദ്ധാഭിഷിക്തോദാഹരണമായി സ്വീകരിച്ചിരിക്കുന്നു.
  
വൈഷ്ണവന്മാർക്കു് ഈ ഗ്രന്ഥത്തിലെ ശ്ലോകങ്ങളോട് എത്രമാത്രം പ്രതിപത്തിയുണ്ടായിരുന്നു എന്നുള്ളതിനു് ഒരു ദൃഷ്ടാന്തം കൂടി ഉദ്ധരിച്ചു കൊള്ളാം. താഴെ കുറിക്കുന്നതു ബര്‍മ്മാരാജ്യത്തിൽനിന്നു കണ്ടെടുത്തിട്ടുള്ള ഒരു ദ്രാവിഡശിലാശാസനമാണു്. ബര്‍മ്മായ്ക്കും ദ്രാവിഡത്തിനും തമ്മിലെന്തു സംബന്ധമാണെന്നറിവാൻ വായനക്കാക്കു ജിജ്ഞാസയുണ്ടാകാതെയിരിക്കയില്ല. ആ ശാസനം കൊടുങ്ങല്ലൂർക്കാരനായ ഒരു മലയാളിയുടേതാണെന്നു കൂടിപ്പറയുമ്പോൾ ആ ജിജ്ഞാസ ദ്വിഗുണീഭവിക്കുന്നതു സാധാരണമാണു്. ബര്‍മ്മായിൽ പാഗാൻ (Pagan) എന്ന നഗരത്തിനു് ഒരു മൈൽ അകലെയുള്ള മൈൻ പാഗാൻ (Main Pagan) എന്ന സ്ഥലത്താണു് ഈ ശിലാശാസനം കാണപ്പെട്ടിരിക്കുന്നതു്. ശാസനത്തിൽ ഈ നഗരത്തിനു (Pugam) അഥവാ അരിവട്ടണപുരമെന്നു പേർ പറഞ്ഞിരിക്കുന്നു. മലമണ്ഡലനാട്ടിൽ മകോതയാർ പട്ടണത്തു രായിരന്റെ മകൻ കുലശേഖരനമ്പി അരിപട്ടണപുരത്തുള്ള നാനാദേശിവിണ്ണകരാൾവാർ കോവിലിൽ ഒരു മണ്ഡപം പണിയിച്ചു ആ മണ്ഡപത്തിനു കതകുമിടുവിച്ചു അവിടെ ഒരു നിലവിളക്കും വയ്പിച്ചതായാണു് ശാസനം. മലമണ്ഡലനാടു കേരളവും മകോതയാർ പട്ടണം കൊടുങ്ങല്ലൂരുമാണെന്നു പറയേണ്ടതില്ലല്ലോ. രായിരൻ എന്നതു് ഒരു മലയാളപ്പേർ തന്നെയെന്നുള്ളതിനും സംശയമില്ല. ശാസനകര്‍ത്താവിനു വേറെ പേരുണ്ടായിരിക്കണം. കുലശേഖര ആൾവാരുടെ ഭക്തനാകയാൽ കുലശേഖരനമ്പി എന്ന പദം സ്വീകരിച്ചതായിട്ടാണു് ഊഹിക്കേണ്ടതു്. ശാസനത്തിനു തലക്കെട്ടായി കുറിച്ചിരിക്കുന്ന "നാസ്ഥാ ധര്‍മ്മേ" ഇത്യാദി ഭാഗം മുകുന്ദമാലയിലെ അഞ്ചാമത്തെ ശ്ലോകമാണു്. "നാനാദേശിവിണ്ണകർ" എന്ന പദത്തിന്റെ അർത്ഥം പല ദേശങ്ങളിൽ നിന്നു വന്നുചേരുന്ന ജനങ്ങൾക്കുള്ള വിഷ്ണുക്ഷേത്രമെന്നാകുന്നു. പാഗാനിൽ ഒരു വിഷ്ണുക്ഷേത്രം അവിടെ കച്ചവടത്തിനും മറ്റുമായി വന്നുചേര്‍ന്ന ഹിന്ദുക്കൾ പണ്ടുതന്നെ സ്ഥാപിച്ചിരുന്നതായി കാണുന്നു. മൈൻ പാഗാനിൽ വിഷ്ണുക്ഷേത്രമുണ്ടായിരുന്നതായറിവില്ല. അരിവട്ടണപുരമെന്നതു് അരിമർദ്ദനപുരമെന്നു "കല്യാണീ 'ശാസനങ്ങളിൽ കാണുന്നതിന്റെ തത്ഭവമാണെന്ന് ഡാക്ടർ ഹുൾഷ് പറയുന്നു. പ്രസ്തുത ശാസനം പതിമൂന്നാം ശതവര്‍ഷത്തിലുള്ളതായിരിക്കണമെന്നാണു് ആ പണ്ഡിതന്റെ അഭിപ്രായം. ആക്കാലത്തു കേരളീയർ ഇന്നത്തെപ്പോലെ ഗേഹേശൂരന്മാരും പാത്രേസമിതന്മാരുമായിരുന്നില്ലെന്നും ദൂരസഞ്ചാരത്തിനും വിദേശവാസത്തിനും അവക്കു യാതൊരു മടിയുമില്ലായിരുന്നു എന്നുമുള്ളതിനു അനേകം ലക്ഷ്യങ്ങൾ പ്രാചീനശാസനങ്ങളിൽ നിന്നു നമുക്കിപ്പോൾ കിട്ടിയിരിക്കുന്നു. ക്രിസ്തു പന്ത്രണ്ടാം ശതവഷത്തിൽ ആദിരാമൻ എന്ന മറ്റൊരു കേരളീയൻ കാഞ്ചീപുരത്തുപോയി കച്ചവടം ചെയ്തു് അവിടെ ഒരു നഗരം തന്നെ വിലയ്ക്കുവാങ്ങി അതിനു മലമണ്ഡലവിണ്ണഗരമെന്നു നാമകരണം ചെയ്തു മഹാവിഷ്ണുവിനു സമര്‍പ്പിച്ചതായി കാണുന്നു. ഈ സംഗതിയേപ്പറ്റി അതു് ഇന്നത്തെ ഉപന്യാസത്തിനു വിഷയമല്ലാത്തതിനാൽ ഇതിലധികം വിസ്തരിക്കുന്നില്ല. മൈൻ പാഗാനിൽ കണ്ടുകിട്ടിയ ശാസനം താഴെ കാണുന്നതാണ്.
"നാസ്ഥാ ധര്‍മ്മേ ന വസുനിചയേ നൈവ കാമോപഭോഗേ
യദ് ഭാവ്യം തദ്ഭവതു ഭഗവൻ പൂർവകര്‍മ്മാനുരൂപം;
ഏതൽ പ്രാര്‍ത്ഥ്യം മമ ബഹുമതം ജന്മജന്മാന്തരേപി
ത്വൽപാദാംഭോരുഹയുഗഗതാ നിശ്ചലാ ഭക്തിരസ്തു.
സ്വസ്തിശ്രീ- തിരുച്ചെൽവം പെരുക. പുക്കമാന അരിവട്ടണപുരത്തു നാനാതേചിവണ്ണകരാഴ്‍വാർകോയിൽ തിരുമണ്ടപം ചെയ്തു തിരുക്കതവുമിട്ടു ഇന്ത മണ്ടപത്തുക്കു നിന്റെരികൈക്കു നിലൈവിളക്കൊന്റും ഇട്ടേൻ. മലൈമണ്ടലനാടു മകോതൈയാർപട്ടണത്തു ഇരായരൻ ചിറിയനാനചി-കലചേകരനമ്പിയേൻ. ഇതു ചിരി. ഇതൻ മലൈമണ്ടലത്താൻ"
ഇനിയും ഈ ഉപന്യാസം ദീർഘിപ്പിക്കുന്നില്ല. ഇപ്പോൾതന്നെ ഞാനുദ്ദേശിച്ചിരുന്നതിൽനിന്നു് ഇതു് എത്രയോ മടങ്ങു വലുതായിപ്പോയിരിക്കുന്നു. കുലശേഖര ആൾവാർ ഒരു പരമഭാഗവതനായിരുന്നു എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.
ഇന്നമുതമൂട്ടുകേനിങ്കേവാ പൈങ്കിളിയേ
തെന്നകരങ്കം പാടവല്ല ചീർപ്പെരുമാൾ-പൊന്ന
ഞ്ചില ചേർനുതലിയർ വേൾചേരലർകോൻ എങ്കൾ
കുലചേകരനെന്റേ കൂറു.
ആരംകെടപ്പരനൻപർ കൊള്ളാരെന്റു-അവർ കട്ക്കേ
വാരം കൊടുകുടപ്പാമ്പിൽ കൈയിട്ടവൻ-മാറ്റലരൈ
വീരങ്കെടുത്ത ചെങ്കോൽ കൊല്ലികാവലൻ വില്ലവർകോൻ
ചേരൻ കുലചേകരൻ മുടിവേന്തർ ചികാമണിയേ.
എന്നു വിദേശീയനായ മണക്കാൽനമ്പികൾപോലും പ്രശംസിച്ചിട്ടുള്ള ആ മഹാത്മാവിനെ അവിടുത്തെ രാജ്യത്തിലെ പ്രജകളായ നാം ഏതു വിധത്തിലാണു് സ്മരിക്കേണ്ടതു്? എങ്ങനെയെല്ലാമാണ് ആരാധിക്കേണ്ടതു്? ആ പുണ്യപുരുഷന്റെ നാമധേയം തന്നെ കേരളീയരിൽ പലര്‍ക്കും അശ്രുതപൂർവമാണല്ലൊ. ഭാഷാപോഷിണി വായനക്കാരേയും മറ്റു ഭാഷാഭിമാനികളേയും ആ അവതാരമൂർത്തിയുമായി ഒന്നു പരിചയപ്പെടുത്തണമെന്നു മാത്രമാണു് എന്റെ ഉദ്ദേശം. അതു് ഈ ഉപന്യാസംകൊണ്ടു സാദ്ധ്യമാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നതു്.
"കുംഭേ പുനർവസൌ ജാതം കേരളേ ചോളപട്ടണ
കൌസ്തുഭാംശധരാധീശം കുലശേഖരമാശ്രയേ ".
(1092-ഭാഷാപോഷിണി)