Loading...
Home / 2026 / ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ / ഉള്ളൂര്‍ ലേഖനങ്ങള്‍ / ഭാഷാകവിത ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഭാഷാകവിത

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഏതദ്ദേശീയഭാഷകളുടെ പോഷണം അനാവശ്യകമാണെന്നു വാദിക്കുന്നവർ പല തരക്കാരാണു്. "ഓറിയന്റൽ ആയിട്ടുള്ള ലാൻഗ്യുവേജസ് ഒക്കെ ഒരുമാതിരി വര്‍ത്ത്‌ലെസ്സ് അല്ലേ? അവയ്ക്ക് എന്തെങ്കിലും ഇംപ്രൂവ്മെന്റ് ഇഫെക്റ്റു ചെയ്യുന്നതു വളരെ ഇംപ്രാറ്റിക്കെബിൾ ആയിട്ടുള്ള ഒരു മാറ്റർ അല്ലേ?" എന്നുംമറ്റും ചോദിക്കുന്ന ചില "പുത്തൻ കൂറ്റുകാരും", സാക്ഷാൽ ദേവന്മാർ സംസാരിക്കുന്ന സംസ്കൃതഭാഷവിട്ടു നരകൃമികൾ പുലമ്പുന്ന നാട്ടുഭാഷകളിൽ ജനങ്ങൾക്കു് അഭിരുചി ജനിക്കുന്നതു കലികാലത്തിന്റെ വിലാസങ്ങളിൽ ഒന്നാണെന്നു ധരിച്ചുവച്ചിട്ടുള്ള ചില കൂപമണ്ഡകങ്ങളും, രാജഭാഷയായ ഇംഗ്ലീഷോ അല്ലെങ്കിൽ ബംഗാളി, ഹിന്ദി മുതലായ പൌരസ്ത്യ ഭാഷകളിൽ ഏതെങ്കിലും ഒന്നോ കാലാന്തരത്തിൽ മലയാളത്തെ ആരോന്റെ സര്‍പ്പം അന്യസര്‍പ്പങ്ങളെ എന്നപോലെ ഗ്രസിച്ചുകളയുമെന്നു ദിവാസ്വപ്നം കാണുന്ന ചില പച്ചപ്പരമാര്‍ത്ഥികളും ഈ കൂട്ടത്തിൽ ഉൾപ്പെടും. ഇങ്ങനെയുള്ളവരെത്തള്ളിയാൽ ബാക്കിപ്പേര്‍ക്കു സ്വഭാഷാസാഹിത്യപോഷണം സ്വകുടുംബപോഷണമോ സ്വകുക്ഷിപൂരണമോ പോലെതന്നെ അപരിത്യാജ്യമാണെന്നുള്ള ബോധം ജനിക്കാതെയിരിക്കയില്ല.


ഭാഷാസാഹിത്യപോഷണത്തിനായി കേരളീയർ പ്രയത്നിക്കേണ്ട കാലവും ഇതുതന്നെയാണു്. ദക്ഷിണഭോജരാജനെന്നും കവിരാജകുമാരനെന്നുമുള്ള അപരാഭിധാനങ്ങളോടുകൂടി ശൈലാബ്ധീശ വംശത്തെ അലങ്കരിക്കുന്ന വിദ്വാൻ മാനവിക്രമ എട്ടൻ തമ്പുരാൻ തിരുമനസ്സുകൊണ്ടു സാമൂതിരി പദത്തെ അധിരോഹണം ചെയ്തിരിക്കുന്നതു് ഇപ്പോളാണു്. ന്യായപണ്ഡിതനെന്നും ന്യായപ്രവൃത്തനെന്നും പ്രസിദ്ധനായ കൊച്ചി വലിയതമ്പുരാൻ തിരുമനസ്സിലെ രക്ഷാധികാരത്തിൽ ഒരു ഭാഷാസാഹിത്യപോഷണസഭ ഏര്‍പ്പെടുത്തീട്ടുള്ളതും ഇപ്പോളാണു്. വിശേഷിച്ച് ഏതൊരു മഹാത്മാവിനാൽ നമ്മുടെ ഈ വഞ്ചിഭൂമി രാജന്വതി ആകുന്നുവോ, ഏതൊരു പുണ്യപുരുഷന്റെ തിരുവവതാരത്തിനാൽ ശ്രീമൂലനക്ഷത്രം ധന്യധന്യമാകുന്നുവോ, ഏതൊരു രാജഷിയുടെ ഭരണനയത്താൽ പ്രജകൾ പരമൈശ്വര്യത്തെ പ്രാപിക്കുന്നുവോ, ഏതൊരു കരുണാനിധിയുടെ തിരുനാളാഘോഷസംബന്ധമായി ഈ "വിദ്യാഭിവർദ്ധിനീമഹാസഭ" നടത്തപ്പെടുന്നുവോ, ആ അജാതശത്രു അത്ഭുതചരിത്രൻ, അലോകസാമാന്യഗുണൻ; അഭിനവശ്രീരാമചന്ദ്രൻ, നമ്മുടെ പൊന്നുതമ്പുരാൻ തിരുമനസ്സുകൊണ്ടു ഭാഷാഭിമാനികളിൽ അഗ്രേഗണ്യനായ ഇന്നത്തെ അഗ്രാസനാധിപതി*യുടെ അദ്ധ്യക്ഷതയിൽ ഒരു നാട്ടുഭാഷാവിദ്യാഭ്യാസക്കമ്മറ്റിയെ കല്പിച്ചു നിയമിച്ചിരിക്കുന്നതും ഇപ്പോളാണു്. ഈ അവസരത്തെ ഭാഷാബന്ധുക്കൾ വേണ്ടതുപോലെ വിനിയോഗിക്കേണ്ടതു് അവരുടെ കർത്തവ്യകര്‍മ്മമാണെന്നുള്ളതു് അനുക്തസിദ്ധമാണല്ലോ.


ഇംഗ്ലീഷ്, സംസ്കൃതം മുതലായ അന്യഭാഷകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ മലയാളത്തിന്റെ അവസ്ഥ അത്ര അഭിമാനജനകമല്ലെങ്കിലും അതിലെ പദ്യസാഹിത്യം കേരളീയര്‍ക്കു് അപലപനീയമായോ അഭിനന്ദനത്തിനു അനർഹമായോ കാണപ്പെടുന്നില്ല. ആവാടുതുറ അയ്യപ്പിള്ളി ആശാൻ, കണ്ണശ്ശൻ പറമ്പിൽ രാമപ്പണിക്കർ, ചെറുശ്ശേരി നമ്പൂരി, തുഞ്ചത്ത് എഴുത്തച്ഛൻ, വിദ്വാൻ കോട്ടയത്തു രാജാവു്, കലക്കത്തു കുഞ്ചൻനമ്പിയാർ, അശ്വതിതിരുനാൾ ഇളയതമ്പുരാൻ, ഇരയിമ്മൻതമ്പി, കേരളവർമ്മ വലിയകോയിത്തമ്പുരാൻ എന്നീ നവരത്നങ്ങളുടെ കിരണകന്ദളങ്ങളെക്കൊണ്ടു സവിശേഷം പ്രശോഭിക്കുന്ന ഈ പദ്യസാഹിത്യമാല ഏതു സഹൃദയനേയും അപഹൃതചിത്തവൃത്തിയാക്കിത്തീര്‍ക്കുന്നതിനു പര്യാപ്തമാണു്. ആ രത്നങ്ങളിൽ പല കാരണങ്ങൾ കൊണ്ടും നടുനായകമെന്നു ഗണിക്കേണ്ട കഞ്ചൻനമ്പ്യാരേപ്പോലെ സർവതന്ത്രസ്വതന്ത്രനായ ഒരു കവിസാർവഭൗമൻ ഒരു രാജ്യത്തും ഒരു കാലത്തും ജീവിച്ചിരുന്നിട്ടില്ലെന്നുള്ളതും സർവസമ്മതമാകുന്നു. ഷേൿസ്പീയർ, ഗീഥേ, ഹോമർ, വാല്മീകി മുതലായ മഹാകവികളുടെ നാമധേയങ്ങൾ ഓരോ ദേശത്തിന്റെ അഭിമാനസ്തംഭങ്ങളായി ഇന്നും നിലനില്ക്കുന്നുണ്ട്. അവര്‍ക്കു തുല്യമായ ഒരു സ്ഥാനത്തെ അദ്വിതീയമായ പ്രഭാവത്തോടുകൂടി ആരോഹണം ചെയ്യുകനിമിത്തം കേരളത്തിന്റെ അഭിമാനസ്തംഭമായി അമാനുഷനായ കുഞ്ചൻനമ്പ്യാരുടെ നാമധേയവും നിലനിന്നുപോരുന്നു. പൂർവോക്തന്മാരായ മഹാകവികൾ അസ്ഥിവാരം ഉറപ്പിച്ചുതന്നിട്ടുള്ള കവിതാസൌധത്തെ കെട്ടിക്കിളര്‍ത്തേണ്ട ചുമതല മാത്രമേ ആധുനിക ഭാഷാപദ്യബന്ധുക്കൾക്കു് അവശേഷിക്കുന്നുള്ളു.


പദ്യഗ്രന്ഥങ്ങൾ ഭാഷയിൽ ഈ കഴിഞ്ഞ മുപ്പതുകൊല്ലങ്ങൾക്കിട യിൽ ധാരാളമായി ഉണ്ടായിട്ടുണ്ടു്; ഇപ്പോഴും ഉണ്ടായിക്കൊണ്ടുതന്നെയിരിക്കുന്നുമുണ്ട്. എന്നാൽ കണക്കുകൊണ്ടെന്നപോലെ കാര്യം കൊണ്ടു് ഇവയ്ക്കു നമ്മെ വിസ്മയിപ്പിക്കുന്നതിനു സൌകര്യമില്ലാതേയാണിരിക്കുന്നതു്. ഭാഷയുടെ ഇപ്പോഴത്തേസ്ഥിതിക്കു പദ്യഗ്രന്ഥങ്ങളെക്കാൾ ആവശ്യമായിട്ടുള്ളതു് ഗദ്യഗ്രന്ഥങ്ങളാണെന്നു പലരും പറയുന്നുണ്ടു്. ആ അഭിപ്രായത്തെ ഞാനും അനാദരിക്കുന്നില്ല. എന്നാൽ അവരിൽ ആരെങ്കിലും ഒരു ഭാഷയ്ക്കു വേണ്ടതായ പദ്യഗ്രന്ഥങ്ങളെല്ലാം മലയാളത്തിൽ ഉണ്ടായിക്കഴിഞ്ഞു എന്നു വിചാരിക്കുന്നുണ്ടെങ്കിൽ അതു് അത്യന്തം അബദ്ധമാണു്.


കവിയശസ്സ് ആരും കാംക്ഷിക്കുന്നതും നിവൃത്തിയുണ്ടെങ്കിൽ ക്ഷിക്കേണ്ടതും ആയ ഒരു അനര്‍ഘനിധിയാണെന്നുള്ളതു നിസ്സംശയം തന്നെ. ക്ഷേമേന്ദ്രൻ കവിയശഃപ്രാര്‍ത്ഥികളെ അല്പപ്രയത്നസാദ്ധ്യന്മാർ, കൃച്ഛ്റസാദ്ധ്യന്മാർ, അസാദ്ധ്യന്മാർ എന്നിങ്ങനെ മൂന്നുതരക്കാരായി വേർതിരിച്ചിരിക്കുന്നു. അവരിൽ അസാദ്ധ്യന്മാർ കവിതാവനിതയെ ബലാദാകര്‍ഷണം ചെയ്യുന്നതുകൊണ്ടു് അവര്‍ക്കും ലോകത്തിനും ഒരു പ്രയോജനവുമില്ല. അതിലും വിശേഷിച്ചു ഭാഷാകവിത എഴുതി ഫലിപ്പിക്കുവാൻ വളരെ പ്രയാസമുണ്ട്. "ഭാഷാകവിത മഹാവൈഷമ്യ"മെന്നും "ശിവശിവകവിതാരീതി വൈഷമ്യമത്രേ" എന്നും പറഞ്ഞതു സാക്ഷാൽ കുഞ്ചൻനമ്പ്യയാർ തന്നെയാണു്. സംസ്കൃതകവികൾക്കുള്ള സൌകര്യങ്ങളിൽ പലതും ഭാഷാകവികൾക്കില്ല. ലോകം വശ്യവാക്കെന്നു വച്ചിരിക്കുന്ന സാക്ഷാൽ കാളിദാസരല്ലേ പദങ്ങളെ തിരിച്ചും മറിച്ചും, വളച്ചും പിരിച്ചും, "തിതീഷുർദ്ദുസ്തരം മോഹാദുഡുപേനാസ്മിസാഗരം'' എന്നു് എഴുതിയതു്? മലയാളത്തിൽ ഈ ജാലവിദ്യയ്ക്കു സ്ഥാനമില്ല. "നേരേവാ നേരേപോ" എന്നുള്ള മട്ടേ ഇവിടെ പറ്റുള്ളു. അതാണു ചാത്തുക്കുട്ടിമന്നാടിയർ-


ഒന്നായ്ച്ചേർക്കയുമാം പദങ്ങളിടവിട്ടെങ്ങെങ്കിലും ചേർത്തിടാം;
പിന്നിൽ ചേർത്തവിശേഷണങ്ങളുടെ മുൻ ചേർക്കാം വിശേഷ്യങ്ങളെ:
പിന്നെ പ്രാസവുമത്ര വേണ്ട; വളരെക്കിട്ടും പദം സംസ്കൃതേ -
യെന്നാൽ കേരളഭാഷയിങ്കലതുപോലല്ലായ്കയാൽ ദുർഘടം."


എന്നു ജാനകീപരിണയത്തിൽ അനുശോചിക്കുന്നതു്.


"പാദം നാലിലുമൊത്തുവെന്നുവരണം രണ്ടാമതാക്ഷരം;
വൃത്തം പൂർത്തിവരായ്കിലോ വിടവടച്ചീടാം നിരർത്ഥോക്തിയാൽ;
യത്നിക്കേണ്ട യതിക്കു; സംസ്കൃതപദം കുത്തിച്ചെലുത്താം നിറ-
ച്ചർത്ഥം ചേർന്നുവരും മുറയ്ക്കു തനിയേ; ശ്ലോകം ചമച്ചേക്കണം".


എന്നായിരുന്ന അടുത്തകാലംവരെയുള്ള പ്രമാണം. ഇപ്പോൾ "പാദം നാലിലുമൊത്തുവെന്നു വരണം രണ്ടാമതാമക്ഷരം" എന്നുള്ള നിയമവും അവർ അനുസരിക്കണമെന്നില്ല. ഒരുവൻ രാജരാജവർമ്മ പ്രസ്ഥാനക്കാരനാണെന്നു നടിച്ചുകളഞ്ഞാൽ അവനു് ആ ബുദ്ധിമുട്ടും നീങ്ങി, സർവസ്വാതന്ത്ര്യവുമായി. പിന്നെ വൃത്തത്തിന്റെ ഉപദ്രവം ഒന്നുമാത്രമേയുള്ളു. അതു് അയൽക്കാരിൽ ആരെയെങ്കിലും കൊണ്ടു നിവർത്തിക്കാവുന്നതുമാണു്. ഇങ്ങനെയായാൽ എത്ര പദ്യങ്ങൾ വേണമെങ്കിൽ നിഷ്പ്രയാസമായി എഴുതരുതേ? ആരെങ്കിലും ചോദിച്ചാൽ അതാണു വൈദർഭീരീതി എന്നു സമാധനവും പറഞ്ഞേക്കണം. കഷ്ടം! ഇവരാണോ രാജരാജവർമ്മ പ്രസ്ഥാനവും വൈദർഭീരീതിയും കണ്ടവർ? രാജരാജവർമ്മ പ്രസ്ഥാനത്തിൽ കവിത എഴുതി ഫലിപ്പിക്കുന്നതിനുള്ള പ്രയാസം ഇവർ അറിഞ്ഞിട്ടുണ്ടോ? ഈ വക അസാദ്ധ്യന്മാരിൽ ഒരാളോടാണു് വെണ്മണി മഹൻ നമ്പൂരിപ്പാടു് -


"എന്നേവിസ്മയമേതുമില്ല കവിതാസാമർത്ഥ്യമെന്നാൽ ഭവാ-
നിന്നേറെക്കഷണിച്ചിവണ്ണമുളവാക്കീട്ടെന്തു സാദ്ധ്യം സഖേ!?
മുന്നേ ഗഭിണിയായ നാൾ മുദിതയായ് മാതാവു നേർന്നിട്ടുമു-
ണ്ടെന്നോ താൻ കവിയായ് ജനങ്ങളെ വലിച്ചീടേണമെന്നിങ്ങനെ?


എന്നു ചോദിച്ചതു്? നിർല്ലജ്ജതാദേവിയുടെ പരിപൂർണ്ണപ്രസാദം സിദ്ധിച്ചിട്ടുള്ള ഈ കൂട്ടരെ തള്ളി സരസ്വതീദേവിയുടെ അനുഗ്രഹകണിക ലഭിച്ചിട്ടുളള കവിയശഃപ്രാർത്ഥികൾ കാലാന്തരത്തിൽ സൽക്കവികളായ്‍തീരുന്നതിനുള്ള മാർഗ്ഗം എന്താണെന്നു നമുക്കു വിചിന്തനം ചെയ്യാം.

 

ഇങ്ങനെയുള്ളവർ ആദ്യമായി വേണ്ടതു കുറെ കാവ്യനാടകാലങ്കാരവ്യുൽപത്തി സമ്പാദിക്കുകയാകുന്നു. ഭാഷാകവി ആകുവാൻ ശ്രമിക്കുന്ന ഒരുവൻ ശബ്ദേന്ദുശേഖരമോ ബ്രഹ്മസൂത്രഭാഷ്യമോ ഉരുവിടേണ്ട ആവശ്യമില്ല. പദവാക്യപ്രമാണപാരാവാരപാരീണത, സാമാന്യന്മാർക്ക് അസാദ്ധ്യവും, കവിതയെ സംബന്ധിച്ചിടത്തോളം, അനാവശ്യവുമാണു്. നേരേമറിച്ചു അതിയായ ശാസ്ത്രജ്ഞത കവികൾക്ക് ഒരു ന്യൂനത ആയിക്കൂടി പരിണമിച്ചേക്കുമെന്നാണു് അഭിയുക്തവചനം. ഷേക്‍സ്പീയറും, ബർൺസും, വെൺമണിമഹനും പണ്ഡിതന്മാരല്ലെങ്കിലും മഹാകവികളായിരുന്നു. ചാറത്സ്‌ഡാർവിനും, ഇമാന്യുവെൽ ക്യാന്റും കൈക്കുളങ്ങരെ രാമവാരിയരും കടയം സുബ്ബാദീക്ഷിതരും മഹാവിദ്വാന്മാരായിരുന്നുവെങ്കിലും കവികളായിരുന്നില്ല.


"നൈവ വ്യാകരണജ്ഞമേതി പിതരം; ന ഭ്രാതരം താർക്കികം;
ദുരാൽസങ്കുചിതേവ ഗച്ഛതി പുനശ്ചണ്ഡാലവച്ഛാന്ദസാൽ;
മീമാംസാനിപുണം നപുംസകമിതി ജ്ഞാത്വാ നിരസ്താദരാ
കാവ്യാലങ്കരണജ്ഞമേവ കവിതാകാന്താ വൃണീതെ സ്വയം".


എന്നുള്ള ശ്ലോകം സുപ്രസിദ്ധമാണല്ലോ. ശാസ്ത്രവ്യൽപത്തിയും കവിതാവാസനയും കൂടി യോജിക്കരുതെന്നു വിധിയില്ല.


"സാഹിത്യേ സുകുമാരവസ്തുനി ദൃഢന്യാസഗ്രഹഗ്രന്ഥിലേ
തർക്കേ വാ മയി സംവിധാതരി സമം ലീലായതെ ഭാരതീ",


എന്നു പറവാൻ കഴിവുള്ള സുകൃതികളുടെ സംഖ്യ തുലോം ചുരുങ്ങുമെന്നു മാത്രമേ ഞാൻ പറഞ്ഞതിനു് അർത്ഥമുള്ളൂ. ശങ്കരാചാര്യർ, ശ്രീഹർഷൻ, ജഗന്നാഥപണ്ഡിതർ, മേൽപുത്തൂർ നാരായണഭട്ടതിരി, കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാൻ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ മുതലായ മഹാനുഭാവന്മാർ "കസ്തൂരീഘനസാരസൌരഭസുഹൃദ്വൽപത്തിമാധുര്യ"ങ്ങളുടെ യോഗം സിദ്ധിച്ചവരാണ്.


വളരെയൊന്നുമില്ലെങ്കിലും കവികൾക്കു് ഒരുവിധം കാവ്യനാടകാലങ്കാരവ്യുൽപത്തി ലഭിക്കാതെ നിവൃത്തിയില്ലതന്നെ. ഇപ്പോൾ ഭാഷയിൽ ശ്രീകൃഷ്ണവിലാസം, രഘുവംശം, കുമാരസംഭവം മുതലായ സംസ്കൃതകാവ്യങ്ങളുടെ തർജ്ജിമകളും, രുഗ്മാങ്ഗദചരിതം, മലയാം കൊല്ലം മുതലായ സ്വതന്ത്രകാവ്യങ്ങളും, ശാകുന്തളം, ഉത്തരരാമചരിതം, വിക്രമോർവശീയം, മാലതീമാധവം മുതലായ രൂപകങ്ങളുടെ ഭാഷാന്തരങ്ങളും ഉമാവിവാഹം, കല്യാണീനാടകം, ചന്ദ്രിക മുതലായ സ്വതന്ത്രരൂപകങ്ങളും, വൃത്തമഞ്ജരി, ഭാഷാഭൂഷണം മുതലായ ഛന്ദോലങ്കാരഗ്രന്ഥങ്ങളും ഉണ്ടായിട്ടുണ്ടല്ലോ. ഇവയെ യഥാക്രമം ആചാര്യമുഖേന പരിശീലിക്കയും എഴുത്തച്ഛൻ, നമ്പിയാർ, പുനം, മഴമംഗലം മുതലായ ഭാഷാകവി കേസരികളുടെ പ്രബന്ധങ്ങൾ പാരായണം ചെയ്കയും ചെയ്താൽ ഒരുവനു ഭാഷാകവിതയ്ക്കു വേണ്ട ലോകവ്യുൽപത്തി സമ്പാദിക്കുവാൻ വലിയ ഞെരുക്കമൊന്നുമുണ്ടാകയില്ല. എന്നാൽ ഭാഷാകവിതയ്ക്കു സംസ്കൃതത്തിന്റെ സഹായം അപരിത്യാജ്യമാകയാൽ ഭാഷാകവികളാകണമെന്നു മോഹിക്കുന്നവർ സംസ്കൃതത്തിലും ഒരു മാതിരി കാവ്യനാടകാലങ്കാരവ്യുൽപത്തി ലഭിക്കുവാൻ ശ്രമിക്കേണ്ടതാണു്. അല്ലെങ്കിൽ,


"യസ്യ ഷഷ്ഠീ ചതുർത്ഥി ച
വിഹസ്യ ച വിഹായ ച
അഹം കഥം ദ്വിതീയാ സ്യാൽ
ദ്വിതീയാ സ്യാമഹം കഥം?"


എന്നു മനോരമത്തമ്പുരാട്ടി ഒരിക്കൽ തന്റെ ഭർത്താവിനെ ഉദ്ദേശിച്ചു ചോദിച്ചതുപോലെ കവിതാംഗന അവരെ ഉദ്ദേശിച്ചും ചോദിച്ചു പിൻമാറുന്നതിനേ നിവൃത്തിയുള്ളൂ. സംസ്കൃത ഭാഷയെപ്പറ്റി ഒരറിവുമില്ലായ്മ നിമിത്തം


"കോനംഗശ്ചാപമാദത്തേ
മന്ദം കൂജതി ഇത്യപി."


എന്നെഴുതുന്ന കവികൾ കേരളത്തിൽ ഇപ്പോൾ പൂർവ്വാധികമായി വർദ്ധിച്ചിട്ടുണ്ടു്. "പുസ്ത്രീയിൽകൊണ്ടെന്നിരുത്തി പിന്നെ" എന്നുള്ളതു് ഒരു ആധുനിക കവിയുടെ തൃക്കൈവിളയാട്ടമാണു്! “പുസ്ത്രീപുരീനഗര്യൌവാ"-എന്നമരം; പുസ്ത്രീയെന്നാൽ പുരി; പോരെ! പിന്നെന്തുവേണം!!


" ന വേദജ്ഞാനം ന ച ശാസ്ത്രജ്ഞാനം
കവിത്വതാ നാസ്തിഽകുതോനുപ്രജ്ഞാ ?
തഥാപികിഞ്ചിൽ കവയാമി ശ്ലോകം
ശ്രോത്രപ്പുടത്തോഷകരം നൃണാനാം. "


എന്നെഴുതി ഞെളിഞ്ഞാൽ മതിയെന്നുള്ളവര്‍ക്കു സംസ്കൃതത്തിന്റെ ജ്ഞാനം അശേഷം വേണമെന്നില്ല. പക്ഷെ ഒരു നല്ല മണിപ്രവാളകവി എന്നു പേരെടുക്കണമെന്നുള്ളവനു കിരാതാർജ്ജുനീയം, മാഘം, നൈഷധം മുതലായ കാവ്യങ്ങളും മറ്റും പഠിക്കാതെ തരമില്ല. എത്ര വ്യുല്പത്തിയുണ്ടായാലും തനിക്കു് അര്‍ത്ഥം നിശ്ചയമില്ലാത്തതോ പൂർവ കവികൾ പ്രയോഗിച്ചു കണ്ടിട്ടില്ലാത്തതോ ആയ യാതൊരു പദവും താൻ പ്രയോഗിക്കുന്നതല്ലെന്നു് ഒരു നിയമം വച്ചുകൊണ്ടിരുന്നാൽ മാത്രമേ സാമാന്യന്മാർക്ക് അബദ്ധത്തിൽ ചാടാതെ കഴിച്ചുകൂട്ടുവാൻ തരമുള്ളൂ. നിയമത്തെ അനുസരിച്ചു പ്രവർത്തിക്കുന്നതുകൊണ്ടു് ആര്‍ക്കും ഒരു നഷ്ടവും വരാനുമില്ല:


ഇത്രയും വ്യുൽപത്തി സമ്പാദിച്ചതിനുമേൽ വൃത്തത്തിലും യതിയിലും നിശ്ചയം വരുത്തുവാൻ കവിയശഃപ്രാത്ഥികൾ ശ്രമിക്കണം. വാസനയുള്ളവന്റെ പദ്യങ്ങളിൽ വൃത്തഭംഗമോ യതിഭംഗമോ ഒരിക്കലും കടന്നുകൂടുന്നതല്ല.


മാവേലിക്കരമന്ന! മാന്യതയെഴും മന്നാടിയാരേ! നമു-
ക്കിവേലയ്ക്കൊരബദ്ധമച്ചുപിഴയിൽപ്പെട്ട പെടുള്ളൂ ദൃഢം."


എന്നു കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഒരിക്കൽ എഴുതിയിരുന്നതു്. അവിടുത്തേപ്പോലെയുള്ള വാസനാകവികളുടെ വിഷയത്തിൽ എത്രയും വാസ്തവമാണ്. സ്രഗ്ദ്ധരയും കുസുമമഞ്ജരിയും കേൾക്കുമ്പോൾ ചെവിക്കു ഒന്നുപോലെ തോന്നുന്നവനും, അക്ഷരമെണ്ണി ഗണം നിശ്ച യിച്ചു ലക്ഷണമൊപ്പിച്ചു വൃത്തം കണ്ടുപിടിക്കുന്നവനും, മാത്രാവൃത്തങ്ങ ളുടെ വിഷയത്തിൽ എത്തും പിടിയും കിട്ടാതെ വിഷമിച്ചുനില്ക്കുന്ന വനും, പദ്യമെഴുതുവാൻ ഒരിക്കലും പുറപ്പെടരുത്. കൃച്ഛ്റസാദ്ധ്യനു വേണമെങ്കിൽ നിരത്റകമായി


" ആനന്ദമന്ദമരവിന്ദമരന്ദസാന്ദ്രം
കുന്ദേന്ദുകന്ദപരിനിന്ദിതചന്ദ്രവൃന്ദം "


എന്നിങ്ങനെ അക്ഷരം ചേര്‍ത്തെഴുതി വൃത്തബന്ധത്തിൽ നിശ്ചയം വരുത്തിനോക്കാം. ഏതെങ്കിലും ഒരു പ്രാചീനപദ്യമെടുത്തു അവിടവിടെ പദങ്ങളെമാറ്റി അതിലുള്ള അര്‍ത്ഥം ആ വൃത്തത്തിലോ അന്യവൃത്തത്തിലോ ആക്കി പൂരിപ്പിച്ചു പഠിക്കുന്നതും ഒരു നല്ല പരിശീലന സമ്പ്രദായമാണു്.


സുമാനുഷീ സമ്പ്രതി ഗോപഗേഹേ
കുമാരിയെത്താൻ പ്രസവിച്ചുശേതേ "


എന്ന പദ്യാര്‍ദ്ധത്തെ


സുമാനുഷി ഗോപഗൃഹത്തിലിപ്പോൾ
കുമാരിയെപ്പെറ്റു കിടന്നിടുന്നു "


എന്നും


" പാറപ്പുറംപോലെ വിശാലമസ്യാ
മാറത്തു ഗോപാലകബാലകൻതാൻ
കാറൊത്തവര്‍ണ്ണൻ കരവും കുടഞ്ഞ-
ങ്ങേറെത്തെളിഞ്ഞാശു കളിച്ചുമേവി. "


എന്ന പദ്യത്തെ


പാറപ്പുറപ്പടി പരന്നൊരവൾക്കുവായ്ക്കും
മാറത്തു ഗോപശിശുവാമരവിന്ദനാഭൻ
കാറൊത്ത മേനിയുടയോൻ കരവും കുടഞ്ഞ-
ങ്ങേറെത്തളിഞ്ഞു വിരവോടു കളിച്ചുമേവി. "


എന്നും പരാവർത്തനം ചെയ്യുന്നതു് ഒരു ആശാസ്യമായ അഭ്യാസമാണു്. ഭാഷയിൽ പണ്ടു ചമ്പൂപ്രബന്ധ കർത്താക്കന്മാരും മറ്റും യതിഭംഗത്തോടുകൂടിയല്ലാതെ പദ്യങ്ങൾ നിര്‍മ്മിച്ചിരുന്നില്ല. മലയാളത്തിനു് ഏതും മതിയെന്നായിരുന്നിരിക്കണം അക്കാലത്ത് അവരുടെ വിചാരം. അവിടം കഴിഞ്ഞുപോയി. സംസ്കൃത കവികൾ യതിഭംഗത്തെ എത്ര വലിയ ഒരു ദോഷമായാണു കരുതിയിരിക്കുന്നതു് എന്നു നാം ഓര്‍ക്കണം. യതിഭംഗമുള്ള പദ്യം അതിനു മറ്റ് എന്തെല്ലാം ഗുണങ്ങളുണ്ടെങ്കിലും ദുഷ്ടം തന്നേയാണു്.


" ഉടലതിരമ്യമൊരുത്തനു കാല്ക്കൊരു
മുടവുണ്ടവനു നടക്കുന്നേരം;
മറ്റൊരു പുരുഷൻ സുന്ദരനെങ്കിലു-
മൊറ്റക്കണ്ണനതെന്നൊരു ദോഷം;
നല്ലൊരുവിദ്വാ,നവനുടെ വായിൽ
പല്ലുകളൊന്നും കാണ്മാനില്ല;
തിലകക്കുറിയും ചൊടിയും കൊള്ളാം;
തലയിലവന്നൊരു രോമവുമില്ല;
ശാസ്ത്രമശേഷം വശമൊരു പുരുഷനു
ഗാത്രം കണ്ടാലയ്യോ! വികൃതം;
വ്യാകരണങ്ങൾ വ്യാഖ്യാനങ്ങളു-
മാകെത്തന്നെ മുഖസ്ഥമൊരുത്തനു;
വാക്കിനു ഫലിതവുമുണ്ടവനല്പം
കാക്കക്കണ്ണെന്നുണ്ടൊരു ദോഷം.
മിക്കതുമൊരുവനു ലക്ഷം പദ്യമൊ-
രിക്കൽ കേട്ടാലങ്ങു ഗ്രഹിക്കാം;
വിക്കുകൾകൊണ്ടതു പറവാൻ വഹിയാ;
സൽക്കഥ വളരെയറിഞ്ഞൊരു ദേഹം;
കകകക കംസൻ കികികികി കൃഷ്ണൻ
പുപുപുപു പൂതനയെന്നാം കഥയിൽ. !!


എന്നു നമ്പിയാർ പറയുന്നതുപോലെ, അന്യഗുണങ്ങളിൽ ഒന്നും തന്നെ കവിക്ക് ഈ ഒരു ദോഷംകൊണ്ടു് പ്രയോജനപ്പെടാതെ തീര്‍ന്നേക്കാം. അമ്പലപ്പുഴപ്പാൽപ്പായസമായാലും ഉപ്പുചേർത്തു വിളമ്പിയാൽ ആസ്വദിപ്പാൻ ആരുമുണ്ടായിരിക്കുകയില്ലല്ലൊ.


മൂന്നാമതായി പദപ്രയോഗ വിഷയത്തിൽ സ്വാധീനത സമ്പാദിക്കണം. രീതി, വൃത്തി, ഗുണം, ശയ്യ, പാകം മുതലായവയുടെ സാരം മനസ്സിലാക്കി വേണ്ടവിധത്തിൽ സന്ദർഭാനുഗുണമായ ശബ്ദങ്ങൾ ഉചിത സ്ഥാനത്തിൽ പ്രയോഗിച്ചു പഠിക്കുന്നതുപോലെ ആവശ്യകമായ കാര്യം മറ്റു യാതൊന്നുമില്ല. പദപ്രയോഗ പാടവം ഇല്ലാത്തവനു് എത്ര നല്ല ഉല്ലേഖങ്ങൾ മനസ്സിൽ തോന്നിയാലും അവ


ആത്മന്യേവ നിലീയന്തെ
ദരിദ്രാണാം മനോരഥാഃ !!


എന്ന മട്ടിൽ ജീവനോടുകൂടി വെളിയിൽ പുറപ്പെടുന്നതല്ല.


" വിവക്ഷിതാര്‍ത്ഥ പ്രതിപാദകം യേ
വിന്യാസഭേദം ന വിദുഃ പദാനാം
ദുഃഖാവഹോഃ സ്‌ഫുരിതോപി തേഷാം
ദൌർഭാഗ്യ ഭാജാമിവ പുത്രലാഭഃ !!


എന്നുള്ള അഭിയുക്ത വചനം സ്മരണീയമാണു്.


പദാനി ഭവ്യാനപി കാവ്യരീതി-
മസ്ഥാനദത്താനി ന ശോഭയന്തേ;
നാസാഗ്ര ലഗ്നേന ഭവേന്മുഖശ്രീ-
സ്താടങ്കബിംബേന കിമങ്ഗനായാൽ ? "


എന്നും


" സാഹിത്യവിദ്യാം പദമേകമേവ
സർവാനവദ്യാമപി ഹന്തി ദുഃസ്ഥം;
ദന്താവലീം മൌക്തികദാമരമ്യാം
ദംഷ്ടവ വക്താൻ ബഹിരുല്ലസന്തീ. "


എന്നുംകൂടി നീലകണ്ഠദീക്ഷിതർ സമഞ്ജസമായി ഉപന്യസിക്കുന്നുണ്ട്.


ഈ അവസരത്തിൽ ദ്വിതീയാക്ഷര പ്രാസത്തെപ്പറ്റിക്കൂടി രണ്ടു വാക്കു പറയേണ്ടതായുണ്ടു്. ശബ്ദഭംഗി മുഴുവൻ ദ്വിതീയാക്ഷര പ്രാസത്തിലാണു സ്ഥിതിചെയ്യുന്നതെന്നോ ദ്വിതീയാക്ഷരപ്രാസമുപേക്ഷി ച്ചാൽ അതാണു് വൈദർഭീരീതയെന്നോ ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ ആ വിചാരം രണ്ടും അബദ്ധമാണു്. വൈദർഭീരീതി സര്‍വ്വഥാ ശ്ലാഘ്യം തന്നെയാണു്.


" അനഭ്രവൃഷ്ടിശ്ശ്റവണാമൃതസ്യ
സരസ്വതീ വിഭ്രമ ജന്മഭൂമിഃ
വൈദര്‍ഭരീതിഃ കൃതിനാമുദേത,
സൌഭാഗ്യലാഭ പ്രതിഭൂഃ പദാനാം "


എന്നാകുന്നു ആപ്തവാക്യം. ഈ രീതി എന്താണെന്നുള്ളതു് സംസ്കൃതഭാഷാനഭിജ്ഞന്മാരായ കേരളീയർ ഭാഷാഭൂഷണത്തിൽനിന്ന് ഏറെക്കുറെ മനസ്സിലാക്കിരിക്കുമല്ലോ.


ബന്ധപാരുഷ്യ രഹിതാ
ശബ്ദകാഠിന്യ വര്‍ജ്ജിതാ
നാതി ദീര്‍ഘസമാസാ ച
വൈദര്‍ഭീരീതിരിഷ്യതേ !!


എന്നാണു് അതിന്റെ ലക്ഷണം. കവിതയ്ക്കു മാധുര്യം, സുകുമാരത, ഓജസ്സ്, കാന്തി, മുതലായവ ഓരോ ഗുണമാണു്. അതാതു ഗുണത്തിനനുസരണമായുള്ള പദസംഘടനയെയാണ് രീതി എന്നു പറയുന്നതു്. ശൃംഗാരകരുണരസങ്ങൾ സ്‌ഫുരിക്കുന്ന ഘട്ടങ്ങളിൽ മാധുര്യസുകുമാരതകൾ ഉണ്ടായിരിക്കണം. രൌദ്രവീരരസങ്ങൾ സ്ഫുരിക്കുന്ന ഘട്ടങ്ങളിൽ നേരേമറിച്ച് ഓജഃകാന്തികളാണു് വേണ്ടതു്. ശബ്ദതത്വത്തെ ആശ്രയിക്കുന്നതു രീതി; അര്‍ത്ഥതത്വത്തെ ആശ്രയിക്കുന്നതു വൃത്തി, ശൃംഗാരാദി രസസന്ദര്‍ഭങ്ങളിൽ കൈശികീ വൃത്തിയും വൈദര്‍ഭീരീതിയും യോജിക്കും. പ്രത്യുത, രൌദ്രാദി രസസന്ദര്‍ഭങ്ങളിൽ ആരഭടീ വൃത്തിയും ഗൌഡീരീതിയുമാണു് യോജിക്കുന്നതു്.


" ടവ്വജ്ജിതാഃ സ്പർശാഃ
സ്വസ്വവര്‍ഗ്ഗാന്ത്യേ ശേഖരാഃ
ലഘുരേഫലകാരൌ ച
കോമളാൽ പരികീർത്തിതാഃ


രേണ യസ്യകസ്യാപി
യോഗ ആദ്യതൃതീയയോ?
സ്വോത്തരാഭ്യാം തുലായോവ്വാ
പരുഷാഷ്ട്രഗണശ്ശഷൌ."


എന്നുള്ള ലക്ഷണത്തിൽനിന്നു കോമള വര്‍ണ്ണങ്ങളും പരുഷ വര്‍ണ്ണങ്ങളും ഏതെല്ലാമെന്നു മനസ്സിലാക്കുവാൻ കഴിയുന്നതാണു്. കോമളവര്‍ണ്ണങ്ങൾ ചേർത്തും ദുസ്സന്ധികൾ കൂടാതെയും വലിയ സമാസങ്ങൾ ഒഴിച്ചും രചിക്കുന്ന പദ്യങ്ങളെയാണ് വൈദര്‍ഭീരീതിയിലുള്ള പദ്യങ്ങൾ എന്നു പറയുന്നതു്. പ്രാചീന കവികളിൽ അശ്വതി തിരുനാൾ ഇളയ തമ്പുരാനേയും, ആധുനിക കവികളിൽ വള്ളത്തോൾ നാരായണമേനോനേയും ഈ രീതി സ്വാധീനമായിട്ടുള്ള കവികൾക്കു് ഉദാഹരണങ്ങളായി പറയാം.


"പാലാഴിപ്പെണ്ണുമാവാണിയുമണിവലയ-
ക്വാണമോലും കരത്താൽ-
ചേലായ് വീശുന്ന വെൺചാമരമിരുവശവും
ചേര്‍ന്ന നിൻ ചാരുവക്ത്രം
ലീലാകൂജന്മരാളദ്വയ നടുവിൽ വിള-
ങ്ങുന്ന ചെന്താമരപ്പൂ-
പോലായ്‍ക്കാമേശി കാമേശ്വര മധുപനമ-
നോത്സവം നൽകിടുന്നു.


ഇത്യാദി പദ്യങ്ങൾ എഴുതുവാൻ സാമാന്യന്മാരെക്കൊണ്ടു് ഒരിക്കലും സാധിക്കുന്നതല്ല. അശ്വതി തിരുനാൾ തിരുമനസ്സിലെ രുക്മിണീ സ്വയംവരം കഥകളിയിൽ


"മന്ദമന്ദമരവിന്ദസുന്ദരദൃശാ ഗിരീന്ദ്രദുഹിതുഃ പദാ-
ദിന്ദിരാമിവ കരാഞ്ചലാഞ്ചിതമരന്ദസാന്ദ്രവരമാലികാം
കുന്ദബാണവിജയശ്രിയം നൃപതിവൃന്ദമദ്ധ്യമുപസംഗതാം
സ്യന്ദനം സമധിരോപ്യ താം സമഭിനന്ദയൽ സ മധുസൂദനഃ."


എന്ന പദ്യം വൈദർഭിക്കും അതിനപ്പുറത്തുതന്നെ കിടക്കുന്ന-


"ബഭ്രുഭ്രൂഭംഗഭീമോ ഭുജവിധൃതബൃഹൽ-
പട്ടസസ്സാട്ടഹാസഃ
പ്രസ്പഷ്ടാരാളദംഷ്ട്രായുഗള പരിലസൽ-
സൃക്വിണീ ഘോരവക്ത്രഃ
ആരുന്ധാനോ രുഷാന്ധഃ പഥി മഥിതമധും
മാധവം ചേദിനാഥഃ
ക്ഷിപ്രം ദീപ്രാരുണാക്ഷഃ ക്ഷുഭിതരിപുബലോ
രൂക്ഷമിത്യാചചക്ഷേ "


എന്ന പദ്യം ഗൌഡിക്കും ഉദാഹരണമാണു്. സന്ദർഭാനുസാരേണ ആ മഹാകവി രീതികൾക്കു് അവിടവിടെ വരുത്തിയിരിക്കുന്ന ഭേദങ്ങൾ ഏതു സഹൃദയനേയും ആശ്ചര്യപരതന്ത്രനാക്കിത്തീര്‍ക്കുന്നു.


മേൽ വിവരിച്ചതിൽനിന്നു ദ്വിതീയാക്ഷര പ്രാസത്തിനും രീതികൾക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നു കാണാവുന്നതാണല്ലോ. ദ്വിതീയാക്ഷരപ്രാസം ഉപേക്ഷിച്ചതുകൊണ്ടാ അംഗീകരിച്ചതുകൊണ്ടോ മാത്രം ഒരു പദ്യം വൈദർഭീരീതിയായോ ഗൌഡീരീതിയായോ പരിണമിക്കുന്നതല്ല. അല്ലെങ്കിൽ "ബഭ്രുഭ്രൂഭംഗ" ഇത്യാദി പദ്യം വൈദര്‍ഭീരീതിയായും "മന്ദമന്ദമരവിന്ദ" ഇത്യാദി പദ്യം ഗൌഡീരീതിയായും തീരേണ്ടതല്ലേ ? രണ്ടു പ്രസ്ഥാനങ്ങളേയും ആരും അന്യോന്യം നിന്ദിക്കേണ്ട ആവശ്യമില്ല. അവനവന്റെ രുചിപോലെ ദ്വി-പ്രാസം ചേര്‍ത്തോ ചേര്‍ക്കാതേയോ ആര്‍ക്കും ഭാഷാകവിത നിര്‍മ്മിക്കാവുന്നതാണു്. എന്നാൽ ദ്വി-പ്രാസം ഇല്ലാത്തതുകൊണ്ടോ ഉള്ളതുകൊണ്ടോ മാത്രം ഒരു പദ്യം സഹൃദയന്മാരെ രസിപ്പിക്കുന്നതല്ലെന്നു് ഇരുകൂട്ടരും മനസ്സിലാക്കണം.


" അന്യൂനാനതിരക്തമായ് വിലസണം
ശബ്ദങ്ങളര്‍ത്ഥങ്ങളും;
പ്രാസാദ്യാഭരണങ്ങൾ വാങ്ങുവതിനാ-
യർത്ഥം കടംവാങ്ങൊലാ
ദോഷം നീക്കി വളച്ചുകെട്ടുകളൊഴി-
ച്ചൌചിത്യമോര്‍ത്തോതണം
സൽക്കാവ്യോചിതമായവസ്തു വിവിധം
വ്യംഗ്യം വിളങ്ങും വിധം. "


എന്നുള്ള ആലങ്കാരികമതം ആരാലും ആദരണീയമാണു്. ഈ നിയമങ്ങളെല്ലാം അനുസരിച്ചു ദ്വിതീയാക്ഷര പ്രാസത്തോടുകൂടി ഭാഷയിൽ കവനം ചെയ്താൽ അതിൽ ആര്‍ക്കും നീരസം തോന്നുവാനും വഴിയില്ല. "വശ്യവചസ്സുകളായ മഹാകവികൾ സരസങ്ങളായ ദ്വിതീയാക്ഷരപ്രാസങ്ങളോടുകൂടി ചമയ്ക്കുന്ന മണിപ്രവാള ശ്ലോകങ്ങൾക്കുള്ള രാമണീയക വിശേഷം ഒരിക്കലും ആര്‍ക്കും അനപലപനീയമാകുന്നതുമല്ല" എന്നാണല്ലൊ ഭാഷാഭൂഷണത്തിൽ പറഞ്ഞിരിക്കുന്നതു്. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ, വള്ളത്തോൾ നാരായണമേനോൻ മുതലായ മഹാകവികളുടെ പദ്യങ്ങളിലുള്ള ശബ്ദഘടനയുടെ രഹസ്യം സൂക്ഷ്മമായി പരിശോധിച്ചു മനസ്സിലാക്കിയാൽ പദപ്രയോഗ വിഷയത്തിൽ ഗണനീയമായ സ്വാധീനത കാലാന്തരത്തിൽ കവിയശഃപ്രാര്‍ത്ഥ‌ികൾക്കു സിദ്ധിക്കാതെയിരിക്കുന്നതല്ല.


നാലാമതായി അര്‍ത്ഥത്തിൽ നിഷ്കര്‍ഷവേണം. നവനവങ്ങളായ ഉല്ലേഖങ്ങൾ, നാനാസമ്പ്രദായത്തിലുള്ള അലങ്കാരങ്ങൾ, ഇവ മനസ്സിൽ തോ ന്നണമെങ്കിൽ സാമാന്യത്തിലധികം സൂക്ഷ്മദർശനം, സൂക്ഷ്മഗ്രഹണം, സൂക്ഷ്മധാരണം ഇവ ഉണ്ടായിരിക്കേണ്ടതാണു്. കാളിദാസൻ, ഭവഭൂതി, ഭോജൻ, ശ്രീഹര്‍ഷൻ മുതലായ സംസ്കൃതകവികളേയും ഷേക്സ്പീയർ, വേഡ്സ്‍വർത്ത്, ലോങ്ഫെല്ലോ, ടെനിസൺ മുതലായ ഇംഗ്ലീഷുകവികളേയും കമ്പർ, തിരുവള്ളുവർ, അതിവീരരാമപാണ്ഡ്യൻ, രാമലിംഗസ്വാമി മുതലായ ദ്രാവിഡകവികളേയും ചെറുശ്ശേരി, മഴമംഗലം, ഇരയിമ്മൻതമ്പി, ചങ്ങനാശേരി രവിവര്‍മ്മകോയിത്തമ്പുരാൻ മുതലായ ഭാഷാകവികളേയും കണ്ടു പലതും പഠിക്കാനുണ്ടു്. കണ്ടുപഠിക്കുക എന്നു വച്ചാൽ


"ഛായോപജീവി പദകോപജീവി
പാദോപജീവി സകലോപജീവീ”


എന്നു ക്ഷേമേന്ദ്രൻ തരംതിരിക്കുന്ന നാലു പടികളിൽ ഏതെങ്കിലും ഒന്നിൽ നിന്നുകൊണ്ടു സാഹിത്യചൌര്യം ചെയ്യുക എന്നല്ല അർത്ഥം. ലോകത്തിലെ സർവസമ്മതന്മാരായ മഹാകവികളുടെ പരിശ്രമം ഈ വിഷയത്തിൽ എങ്ങനെ സഫലമായിരുന്നു എന്നു ഗ്രഹിക്കുവാൻ മാത്രമേ ഈ ശിക്ഷ പ്രയോജനപ്പെടുകയുള്ളു. അതുകൊണ്ടു കവിയശഃപ്രാര്‍ത്ഥികളുടെ ആവശ്യം ഘടിക്കുന്നതുമാണു്.


ഇത്രയും കൊണ്ടു കഴിഞ്ഞോ? ഇല്ല. ഇനിയുമുണ്ടു്. അഞ്ചാമതായി രസത്തിലേക്കു കടക്കണം. വര്‍ണ്ണ്യമായ രസത്തിനു പൂര്‍ത്തിവരുത്തുന്ന കാര്യത്തിലാണു് കവിയുടെ ദൃഷ്ടി പ്രധാനമായി പതിയേണ്ടതു്.


"രസം രസഞ്ജാ കലയന്തി വാചി;
പരേ പദാര്‍ത്ഥാന്യപരേ പദാനി;
വസ്ത്രം കുവിന്ദാ വണിജോ വിഭൂഷാം
രൂപം യുവാനശ്ച യഥാ യുവത്യാം."


എന്നുള്ള അഭിയുക്തവചനം കവിക്ക് എപ്പോഴും ഓർമ്മയിലിരിക്കണം.


"അത്ഥാൻ കേചിദുപാസതേ കൃപണവൽ;
കേചിത്ത്വലങ്കുര്‍വ്വതേ
വേശ്യാവൽ ബത; ധാതുവാദിന ഇവോൽ-
ബധ്‌നന്തി കേചിദ്രസാൻ;
അര്‍ത്ഥാലങ്കൃതിസദ്രസദ്രവമുചാം
വാചാം പ്രശസ്തിസ്പൃശാം
കര്‍ത്താര കവയോ ഭവന്തി കതിചിൽ
പുണൈ്യരഗണ്യൈർഭുവി"


എന്ന പദ്യത്തിൽ പറയുന്ന മാതിരിയിൽ കവനം ചെയ്താലേ പണ്ഡിതന്മാരേയും പാമരന്മാരേയും ഒരുപോലെ രസിപ്പിക്കുവാൻ സാധിക്കയുള്ളൂ.


ഇതുകൊണ്ടും ആയില്ല. ഒരു മണി അടിച്ചുകഴിഞ്ഞാൽ അതിൽ പിന്നീടു് എത്രനേരത്തേക്ക് അതിന്റെ ശബ്ദം നിലനില്ക്കുന്നുവോ അത്രദൂരം ആ മണിക്കു നാദമുണ്ടെന്നു ജനങ്ങൾ പറയും; അതുപോലെ ഒരു ശ്ലോകം ചൊല്ലിക്കേട്ടാൽ എത്ര നേരത്തേക്ക് അതിന്റെ അര്‍ത്ഥം ആലോചനാമൃതമായിത്തീരുന്നുവോ അത്രദുരം അതു വ്യംഗ്യവൈഭവമുള്ള ഉത്തമശ്ലോകമെന്നു സഹൃദയന്മാർ സ്തുതിക്കും.


"സാഹിത്യവിദ്യാജയഘണ്ടയൈവ
സംവേദയന്തേ കവയോ യശാംസി
യഥായഥാസ്യാ ധ്വനിരുജ്ജിഹീതേ
തഥാതഥാ സാർഹതി മൂല്യഭേദാൻ"


എന്നും


"യാവൽകവേമ്മാർദ്ദവമുക്തിബന്ധേ
യാവൽധിയഃ ശ്രോതരി കോമളത്വം
താവൽ ധ്വനൌ തന്വതി ഭേദമുലേ
താരത്വമാലങ്കൃതികാ വദന്തി".


എന്നും ആണു് നീലകണ്ഠദീക്ഷിതർ പറയുന്നതു്. ഒരു കഷണം കൽക്കണ്ടം വായിലിട്ടാലുണ്ടാകുന്ന അനുഭവമാണു് ഒരു ധ്വനിപ്രധാനമായ പദ്യം കേട്ടാൽ മനസ്സിൽ ഉണ്ടാകുന്നതു്. വിധേയാംശത്തിന്റെ അവമര്‍ശമല്ല ധ്വനി എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. പ്രസാദമില്ലാതെ നാളികേര പാകത്തിലും ഒന്നു കടത്തിവച്ചുള്ള രചനകൊണ്ടു ഒരു പദ്യത്തിനു വ്യംഗ്യഗുണം സിദ്ധിക്കുന്നതല്ല.


"അന്തഗ്ഗൂഢാനര്‍ത്ഥാ-
നവ്യഞ്ജയതഃ പ്രസാദരഹിതസ്യ
സന്ദർഭസ്യ നദസ്യ ച
ന രസഃ പ്രീതൈ രസജ്ഞാനം!"


എന്നും


"ആന്തരമിവ ബഹിരപി ഹി
വ്യഞ്ജയിതും രസമശേഷതസ്സതതം
അസതീ സൽക്കവിസൂക്തിഃ
കാചഘടീതി ത്രയം വേദ"


എന്നുമുള്ള പ്രമാണ പദ്യങ്ങൾ നോക്കുക.


"അര്‍ത്ഥോ ഗിരാമപിഹിതഃ പിഹിതശ്ച കശ്ചിൽ
സൌഭാഗ്യമേതി മരഹട്ടവധൂകുചാഭഃ
നാന്ധ്രീപയോധര ഇവാതിതരാം പ്രകാശോ
നോ ഗുര്‍ജ്ജരീസ്തന ഇവാതിതരാം നിഗൂഢഃ"


എന്നുള്ള പദ്യം പ്രസിദ്ധമാണല്ലോ. വ്യംഗ്യത്തിന്റെ സ്വഭാവം എന്താണെന്നു സൂക്ഷ്മമായി കാണിക്കുന്ന രണ്ടു സംസ്കൃത പദ്യങ്ങൾ താഴെ ഉദ്ധരിക്കാം.


"യന്ത്രാകൃഷ്ടസുവണ്ണസൂത്രമിവ യൽപദ്യം സുമേരോസ്തടാ-
ദുന്മീലൽകുരുവിന്ദകന്ദള ഇവ സ്വച്ഛഃ പദാര്‍ത്ഥോദയ
തത്രാപ്യുല്ലസദംശുകാന്തവിലസൽകാന്താകുചാന്തോപമം
വ്യംഗ്യം യത്ര തദേവ കാവ്യമിതരദ്വാഗ്ദേവതോപ്ലവഃ"


"ഗുംഭഃ പങ്കജകേസരദ്യുതിരുരസ്തൽകേസരോല്ലാസവാ-
നര്‍ത്ഥോപ്യന്തരസൌരഭപ്രതിനിഭം വ്യംഗ്യം ചമൽകാരി യൽ
ദ്വിതൈര്യ൫സികൈശ്ചിരം സഹൃദയൈർഭംഗൈരിവാസ്വാദ്യതേ
തൽ കാവ്യം; ന പുനഃ പ്രമത്തകുകവേ-ര്യൽ കിഞ്ചിദുജ്ജല്പിതം."


ആകെക്കൂടി നോക്കുകയാണെങ്കിൽ ഏതെങ്കിലും ഒരു വിധത്തിൽ സഹൃദയഹൃദയാക"ഷണം ചെയ്യുന്നതിനു ശക്തിയുള്ള -അതായതു് ചമല്കാര വിശേഷത്തോടുകൂടിയ- പദ്യത്തിനേ കവിതമുള്ളൂ എന്നുള്ളതു സിദ്ധമാണു്. ചമല്ക്കാരമില്ലാത്ത പദ്യങ്ങളെയാണ് നാല്ക്കാലികൾ എന്നു പറയുന്നതു്,


"ഭൂവിവന്നു ജനിക്കുന്ന ജനങ്ങൾക്കൊക്കവേ മോദം
ഭവിപ്പാനുള്ളൊരുവസ്തു പലതുണ്ടെങ്കിലും നല്ല
കവിതാചാതുരിയുള്ള കവിവാണീ വിലാസത്തെ
ശ്രവിക്കുന്ന സുഖംപോലെ ചെവിക്കു പിന്നെയെന്തുള്ളു?"


എന്നു നമ്പിയാർ പറയുന്നതു് എത്ര യഥാർത്ഥമാണു്!


"കര്‍ണ്ണം ഗതശ്ശൂഷ്യതികര്‍ണ്ണ ഏവ
സംഗീതകം സൈകതവാരിരീത്യാ
ആനന്ദയത്യന്തരനുപ്രവിശ്യ
സൂക്തിഃ കവേരേവ സുധാസഗന്ധാ."


എന്നുള്ളതിനു സംശയമില്ല. പക്ഷേ ഈ ശ്രവണസുഖം മാനസാനന്ദവും സൽക്കവികളുടെ സൂക്തികൾക്കേ ജനിപ്പിക്കുവാൻ സാധിക്കയുള്ളൂ


ഭാഷാകവിതയ്ക്ക് ഇപ്പോഴുള്ള ഒരു പ്രധാന ന്യൂനത കവികളുടെ അനാശാസ്യമായ ഗതാനുഗതികത്വമാണ്. ഇത് വിഷയത്തേയും രചനയേയും ഒന്നുപോലെ ബാധിക്കുന്നുണ്ടു്. നളചരിതം, രാമായണം മുതലായ കഥകളെ ഒരു ഭേദഗതിയും കൂടാതെ തുള്ളലായും, കഥകളിയായും, കിളിപ്പാട്ടായും, നാടകമായും മാറ്റി മറിച്ച് എഴുതുന്നതുകൊണ്ട് എന്തു ഗുണമാണ് ? മാർത്താണ്ഡവർമ്മ, എന്ന നോവലിനേയും കൂടി ഒരാൾ ഈയിട നാടകമാക്കുന്നതായി കാണുന്നു. കവിയുടെ മനോധർമ്മം ആദ്യമായി ഒരു കഥാവസ്തു നിമ്മിക്കുന്നതിൽ വ്യാപരിക്കട്ടെ. പുരാണ കഥകളെല്ലാംതന്നെ ചർവിതചർവണവും പിഷ്ടപേഷണവും ചെയ്യുന്ന സ്വഭാവം ഏതൊരു കാലത്തു നമ്മുടെ കവികളെ വിട്ടൊഴിയുന്നുവോ, അന്നേ ഭാഷാകവിതയ്ക്കു ശാശ്വതമായ അഭ്യുദയം സിദ്ധിക്കയുള്ളു. ഒന്നാമതായി നളചരിതവും രാമായണവും ഇതിവൃത്തമായി സ്വീകരിക്കുന്ന കവി ശ്രീഹര്‍ഷനേയും ഭോജനേയും ജയിക്കുവാൻ മാത്രം സമര്‍ത്ഥനാണെങ്കിലേ ആ ഉദ്യമംകൊണ്ടു് ലോകത്തിനു് എന്തെങ്കിലും ഉപകാരമുണ്ടാകയുള്ളൂ. എന്നാൽ അങ്ങനെയുള്ള മഹാകവികൾ ഇപ്പോൾ കേരളത്തിൽ അപൂര്‍വ്വമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. രണ്ടാമതു് ആമാതിരി ഇതിവൃത്തങ്ങൾ സ്വീകരിക്കുന്ന കവി അറിഞ്ഞും അറിയാതെയും ഛായാപഹരണത്തിനു പ്രേരിതനായിപ്പോകുന്നു. കൊല്ലക്കുടിയിൽ തൂശിവില്ക്കാൻ ചെല്ലുന്നതുകൊണ്ടു ഒരു ലാഭവുമില്ലെന്നു നാം പ്രത്യേകമോര്‍മ്മിക്കണം. പുരാണപ്രസിദ്ധമായ ഇതിവൃത്തരത്നത്തെ ശാണഘര്‍ഷണം ചെയ്തു മിനുസപ്പെടുത്തുകയോ പ്രതിഭായോഗത്താൽ രൂപഭേദപ്പെടുത്തുകയോ ചെയ്‍വാൻ കഴിയുന്ന മഹാകവികളുടെ അവസ്ഥ ഒന്നു വേറെയാണു്. കാളിദാസരുടെ ശാകുന്തളത്തിലേയും വിക്രമോർവശീയത്തിലേയും കഥാവസ്തുക്കൾ പുരാണപ്രോക്തങ്ങളാണോ? വാസ്തവം നോക്കിയാൽ അല്ല. അതുപോലെ തന്നെയാണു് മിൽട്ടന്റെ പറുദീസാപതനവും മധുസൂദനദത്തന്റെ മേഘനാദവധവും. പക്ഷേ ആ പന്ഥാവു് എല്ലാവർക്കും സഞ്ചരിക്കാവുന്ന ഘണ്ടാപഥമല്ല. അതിനാൽ കഴിയുന്നതും കല്പിത കഥകളേയോ, അതിനു നിവൃത്തിയില്ലെങ്കിൽ നാളതുവരെ സാഹിത്യവിഷയമായിത്തീന്നിട്ടില്ലാത്ത ഏതെങ്കിലും പ്രസിദ്ധ കഥകളേയോ അടിസ്ഥാനപ്പെടുത്തി കാവ്യമെഴുതുന്നതാണ് നല്ലതു്.


വേറെ ഒരു ദോഷവും കവികളുടെ ഇടയിൽ കാണുന്നുണ്ട്. ഒരാൾ "വീണപൂവു" എന്നെഴുതിയാൽ മറ്റൊരാൾ "മുഷിഞ്ഞമുണ്ടു്" എന്നും മൂന്നാമൻ "കീറിയ പാള" എന്നും നാലാമൻ "ഉണങ്ങിയ ചാണകം! എന്നും എഴുതിത്തുടങ്ങും.


"വേണ്ടാതനത്തിന്നൊരുത്തൻ തുടങ്ങിയാൽ
രണ്ടാമനായിപ്പുറപ്പെടും മറ്റവൻ"


എന്നു പറയേണ്ടതില്ലല്ലൊ. അനുകരണ ഭ്രാന്തന്മാര്‍ക്കു തീരെ ഔചിത്യവിചാരം കാണുമാറില്ല. വീണാലും പൂവു് പൂവാകായാലാണ് അതു കവിതയ്ക്കു വിഷയമായിത്തീരുന്നതെന്നും, മുഷിഞ്ഞതായാലും അലക്കിയതായാലും മുണ്ടിനും, കീറിയതായാലും കീറാത്തതായാലും പാളയ്ക്കും, ഉണങ്ങിയതായാലും പച്ചയായാലും ചാണകത്തിനും തമ്മിൽ കവിദൃഷ്ട്യാ വലിയ വിശേഷമൊന്നുമില്ലെന്നും ഇവർ അറിയുന്നില്ല.


"വീശാമിരിക്കാം; കുടയായ് പിടിക്കാം;
നായെത്തടുക്കാമരികൊണ്ടുപോകാം;
മേശയ്ക്കുമീതേയഴകോടു വയ്ക്കാം;
കാശിക്കു പോകാനൊരു പാത്രമാക്കാം"


എന്നതു വീശുപാളയെ വര്‍ണ്ണിക്കുന്ന ഒരു പദ്യമാണു്. ഇതിൽ എന്തു ചമൽക്കാരമാണുള്ളതു് ? ഒരു കതകിന്റെ സാക്ഷകൂടിയും ഒരുത്തമ കവിക്കു വര്‍ണ്ണനാവിഷയമാണെന്നു മാര്‍ക്ക് ട്വയിൻ പ്രസ്താവിച്ചിട്ടുണ്ടു്. പക്ഷേ ആദ്യമായി പേനയെടുക്കുന്നവരൊക്കെയും ആ തരത്തിലുള്ള ഉത്തമകവികളല്ല; രണ്ടാമതു് ഏത് ഉത്തമകവിക്കും വീണപൂവും ഉണങ്ങിയ ചാണകവും വര്‍ണ്ണിക്കുമ്പോൾ കവിതാഗുണത്തിനു ഗണ്യമായ വ്യത്യാസം സംഭവിക്കാതെയിരിക്കുവാൻ നിവൃത്തിയില്ല. കവിതയിൽ വര്‍ണ്ണ്യാവര്‍ണ്ണ്യവസ്തുക്കൾ ഇന്നിന്നതെന്നു സംസ്കൃതത്തിൽ ആലങ്കാരികന്മാർ വിസ്തരിച്ചെഴുതീട്ടുണ്ട്. കാലദേശാവസ്ഥകൾ അനുസരിച്ച് ഇപ്പോൾ കവിതയെഴുതുന്ന കേരളീയർ ആ നിയമങ്ങളിൽ വേണ്ട ഭേദഗതികൾ വരുത്തുന്നതിൽ ആക്ഷേപമില്ലെങ്കിലും അങ്ങനെയുള്ള നിയമങ്ങൾ യാതൊന്നും തന്നെ പാടില്ലെന്നു സിദ്ധാന്തിക്കുന്നത് അനുചിതമാണു്. ഗതാനുഗതികത്വം ഇപ്പോൾ ഗദ്യത്തേയും ബാധിച്ചിരിക്കുന്നതായി കാണുന്നതിൽ ശോചിക്കയല്ലാതെ ഗത്യന്തരമില്ല.


ദ്രുതകവിതയിൽ ആരും ഭൂമിച്ചിട്ടാവശ്യമില്ല. മഹാകവിയായിരുന്ന കുഞ്ഞിക്കുട്ടൻതമ്പുരാൻ തിരുമനസ്സിലേ വിഷയത്തിൽ പോലും നിമിഷകവിതയേക്കാൾ സ്വല്പം ആലോചിച്ചതിനു മേൽ എഴുതുന്ന കവിതതന്നെയാണു അനുഭവത്തിൽ മനോജ്ഞതരമായി കണ്ടുവന്നതു്. പിന്നെ അന്യകവികളുടെ കഥ പറയേണ്ടതുണ്ടോ ?


"ധന്യാസ്തേകവയോ യദീയരസനാ-
രൂക്ഷാദ്ധ്വസഞ്ചാരിണീ
ധാവന്തീവ സരസ്വതീ ദ്രുതപദ-
ന്യാസേന നിഷ്ക്രാമതി;
അസ്മാകം രസപിച്ഛിലേ പഥി ഗിരാം
ദേവീ നവീനോദയാൽ-
പീനോത്തുംഗപയോധരേവ യുവതിര്‍-
മ്മാന്ഥര്യമാലംബതേ. "


എന്നുള്ള പദ്യത്തിന്റെ സ്വാരസ്യം, നാം നല്ലപോലെ മനസ്സിലാക്കേണ്ടതാണു്.

 

കേരളീയ കവികിശോരന്മാർ-


"മത്വാ പദഗ്രന്ഥനമേവകാവ്യം
മന്ദാസ്സ്വയം താവതി ചേഷ്ടമാനാഃ
മജ്ജന്തി ബാലാ ഇവ പാണിപാദ-
പ്രസ്പന്ദമാത്രം പ്ലവനം വിദന്തഃ"


എന്ന പദ്യത്തിൽ അടങ്ങീട്ടുള്ള ആക്ഷേപത്തിനു വശംവദന്മാരായിത്തീരാതെ ഉത്തമകാവ്യങ്ങളെ നിര്‍മ്മിക്കുവാൻ വേണ്ട വാസനയും പാണ്ഡിത്യവും അഭ്യാസവും ഉള്ളവരായിത്തീര്‍ന്നു കണ്ടാൽ കൊള്ളാമെന്നുള്ള ആഗ്രഹത്തോടുകൂടിയാണ് ഞാൻ ഈ ഉപന്യാസം എഴുതുന്നതു്. എന്റെ ആഗ്രഹം അല്പമെങ്കിലും സാധിച്ചുവെങ്കിൽ ഞാൻ ചരിതാര്‍ത്ഥനായി.


1089-തുലാം