Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

001. പ്രസ്താവം

ലൊകത്തും‌കൽ ൟശ്വരകല്പിതങ്ങളായിരിക്കുന്ന പദാൎത്ഥങ്ങൾ അസംഖ്യങ്ങളാ‍യി ഭവിക്കുന്നൂ— അതുകളെ എത്രമെൽ വിപരിച്ചുഅറിയുന്നു— അത്രമെൽമനുഷ്യൎക്ക യൊഗ്യതാധിക്ക്യം ഭവിക്കുന്നു— പദാൎത്ഥങ്ങളുടെ ഗുണദൊഷങ്ങൾ പദാൎത്ഥങ്ങളിലുംവിവരജ്ഞാനം മനസ്സിലും ഇരിക്കുന്നതിനാൽ രണ്ടും ദൂരസ്ഥങ്ങൾഎം‌കിലും ക്രമമായിശബ്ദങ്ങൾ പ്രയൊഗിക്കും‌പൊൾ അൎത്ഥങ്ങളിൽ ശ്രൊതാവിന്റെ മനസ്സുനന്നെ സംബന്ധിച്ചു തന്നെ കാണുന്നു— അതിനാൽ ഒരുത്തന്റെ മനസ്സിൽഉള്ളത പ്രയാസംകൂടാതെ ശബ്ദപ്രയൊഗം കൊണ്ടു അന്ന്യന്റെമനസ്സിലാക്കുന്നു— ദൃഷ്ടാ ന്തം ഒരുത്തൻപറയുന്നു ഞാൻ മലയിൽ ചെന്നപ്പൊൾ ഒരുപക്ഷിയെകണ്ടു— കാക്കയൊളും മുഴുപ്പുണ്ട— കൊക്കു, പ്ലാശിൻ പൂവിന്റെ ഭാഷയിൽചൊമന്നും— കഴുത്തിൽകറുത്തവരയും— വയറ്റത്തമഞ്ഞനിറവുംകാലിൽ വെള്ളയും— ശെഷം പച്ചനിറവുമാക്കുന്നു— എന്നുകെട്ടപ്പൊൾ അന്ന്യൻപറയുന്നു— അത‌ഒരു പഞ്ചവൎണ്ണ കിളിയാകുന്നു— എന്റെവീട്ടിലും‌ഒന്നൊണ്ട എന്നുപറഞ്ഞുകാണിച്ചാൽ അതുതന്നെയെന്നു സമ്മതിക്കുന്നു— എഴുതി അയച്ചാലും‌ഇതിന്മണ്ണം യഥാൎത്ഥമായ അറിവുണ്ടാകുന്നു— ഇങ്ങനെ അപ്രത്യക്ഷകളായ വ്യക്തികളെ ശബ്ദം‌കൊണ്ടു അനുഭവപ്പെട്ടു പ്രത്യക്ഷീകരിക്കുന്നതിന കാരണം— അതാതുഅൎത്ഥങ്ങളെ സംബന്ധിച്ചുള്ള ശബ്ദങ്ങളെ അന്വയക്രമെണ പ്രയൊഗിക്കുകയും ശബ്ദങ്ങളെ സ്മരിപ്പിക്കുന്ന ലിപികളെഎഴുതുകയും ആകുന്നു— ഇതിന്മണ്ണം വളരെ പുരാതനങ്ങളായ വൃത്താന്തങ്ങളും പുസ്തകങ്ങളെ വായിക്കും‌പൊൾഅനുഭവ യൊഗ്യങ്ങളാ‍കുന്നൂ— അതിനുമുഖ്യസാധനം വിപിധ ശബ്ദാൎത്ഥസംബന്ധ ജ്ഞാനവും പ്രയൊഗവിധിജ്ഞാനവു മാകുന്നു— ഇതുകളെ പ്രതിപാദിക്കുന്ന ശാസ്ത്രത്തിന്ന വ്യാകരണ മെന്നു പെരുപറയുന്നു— ൟശബ്ദം— വി — ആ — കരണം— എന്നുൟമൂന്നു അവയങ്ങൾകൂടിയതാകുന്നു— വി — എന്ന അവ്യയത്തിന്ന അവയവവിഭാഗ വിശിഷ്ടമെന്നൎത്ഥം — ആ— എന്നഅവ്യയത്തിന്ന പഠിക്കുന്നവൎക്കു സ്പഷ്ടമായ അറിവു വരുന്നതുവരെ‌എന്നൎത്ഥം — കരണം — എന്നുള്ളപദത്തിന്നു വിസ്തരിച്ചു— ചെയ്യുകഎന്നൎത്ഥം— അതിനാൽ വ്യാകരണശബ്ദത്തിന്ന പദാവയവ വിഭാഗ വിശിഷ്ടമായി ശിഷ്യൎക്കുസ്പഷ്ടമായിബൊധം വരുന്നതിന്മണ്ണം വിസ്തരിച്ച ശബ്ദങ്ങളെ പറയുന്നശാസ്ത്രമെന്നതാല്പൎയ്യാൎത്ഥമാകുന്നു — വ്യാകരണം പഠിക്കുന്നവൎക്കു ബുദ്ധിക്കശബ്ദാനുസാരെണ അനെകാൎത്ഥ സംബന്ധംകൊണ്ട വിശെഷമായ അറിവിനാൽപരിഷ്കാരം ഹെതുവായി ദയാദാക്ഷിണ്യാദി ഗുണങ്ങളുംവാക്കിന്നമാധുൎയ്യ വ്യക്തതാദിഗുണങ്ങളും പ്രയൊഗത്തും‌കൽ നിസ്സംശയവും എളുപ്പവും ഊഹം കൊണ്ടു പലവിധം പ്രയൊഗിക്കാനുള്ള ശക്തിമുതലായ ഗുണങ്ങളും ഹെതുവായിട്ടു വാക്കിന്ന സൎവമനൊഹരമായ വിസ്താരവുംസംഭവിക്കുന്നൂ— സംസ്കൃതം— തമിഴു — മുതലായഭാഷകൾക്കവ്യാകരണം പ്രസിദ്ധമാകുന്നു—ചെറുതായ മലയാള ദെശത്തെ— ഭാഷയിൽ സംസ്കൃതത്തിലെയും തമിഴിലെയും വാക്കുകൾ— അധികവും—കന്നടം—തുളു—മുതലായതിലെചിലത പൂൎണ്ണങ്ങളായും ചിലതഭെദപ്പെട്ടും— കലൎന്നിരിക്കുന്നു— എംകിലും— പദവാക്യപ്രയൊഗങ്ങൾസംസ്കൃതരീതിയിൽആകുന്നു— തമിഴു—വ്യാകരണത്തെ അനുസരിച്ചുള്ള ശബ്ദവിഭാങ്ങളും സംജ്ഞകളും ഏകദെശംശരിയായി കാണുന്നു— എംകിലുംസംസ്കൃത വ്യാകരണത്തെ അനുസരിച്ചഏറ്റവും ശരിയായികാണുന്നു— അതിനാൽ മലയാള ഭാഷയ്ക്കു സംസ്കൃതരീതിയെമുഖ്യമായി അനുസരിച്ചു വ്യാകരണംഎഴു തുന്നു— ഇതിൽ സ്പഷ്ടതയ്ക്കുവെണ്ടി ചിലത ചൊദ്യൊത്തരങ്ങളാക്കുന്നു—

ചൊദ്യം— സംസ്കൃത സംബന്ധി വാക്കുകൾഏതല്ലാം—
ഉത്തരം — ൟശ്വരൻ — മനുഷ്യൻ — പുരുഷൻ — സ്ത്രീ — പുത്രൻ — പുത്രീ — സമുദ്രം — പൎവതം — ജനിക്കുന്നു — വൎദ്ധിക്കുന്നു — പഠിക്കുന്നു — സുഖിക്കുന്നു ഇത്യാദി—

ചൊദ്യം— തമിഴു സംബന്ധി വാക്കുകൾ എതല്ലാം —
ഉത്തരം — തല — കണ്ണ — മൂക്ക — കയ്യ — കാല — പിറക്കണം — ഇരിക്കണം — വരണം— കാണണം — ഇത്യാദി —

ചൊദ്യം — തുളുവാക്ക— എതെല്ലാം—
ഉത്തരം — ഇല്ലം — അരി — വിശ്ശത്തി — ഊൺ— ചൊമ— ഇത്യാദി—

ചൊദ്യം — കന്നടം — ഏതെല്ലാം —
ഉത്തരം — മന — എല — ഇത്ത്യാദി—

എന്നാൽ ൟ വാക്കുകൾ അതാതു ഭാഷയിലാകും പൊൾചിലസ്വരങ്ങൾക്കും — ചില വ്യഞ്ജനങ്ങൾക്കും— അല്പഭെദംഉണ്ട — ഓളം — താക്കൊൽ — തൊടം— താളി— ഒറങ്ങുന്നു — തല്ലുന്നു — കരയുന്നു — ഇങ്ങനെചിലത മലയാളത്തിൽ നൂതനങ്ങളായിട്ടുംഉണ്ട — ക്രമെണപിന്നെ പിന്നെ — ഹിന്ദുസ്താനി— ഇംക്ലീഷു — മുതലായ അന്ന്യഭാഷകളിൽ നിന്ന എടുത്തതായും ഉണ്ട—അതിനാൽ പ്രസിദ്ധശബ്ദങ്ങൾ ക്കുറിച്ചു ൟപുസ്തകംപ്രവൃത്തിക്കുന്നു—
ഇതിലെക്രമം — ൧ാമത— അക്ഷരകാണ്ഡം— ൨ാമത — സന്ധികാണ്ഡം — ൩ാമത — പദകാണ്ഡം — ൪ാമത — സമാസകാണ്ഡം — ൫ — ധാതുകാണ്ഡം — ൬ — ക്രിയാകാണ്ഡം — ൭ — പ്രയൊഗകാണ്ഡം — ൮ — അലംകാരകാണ്ഡം — ഇങ്ങനെ — ൮ കാണ്ഡങ്ങളെ കൊണ്ടു ൟപുസ്തകം പരിപൂൎണ്ണമായിരിക്കുന്നൂ—

താളിളക്കം
!Designed By Praveen Varma MK!