Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

092. സംഭാവന

കുട്ടികൾ പാഠങ്ങൾ പഠിച്ചാൽ അവൎക്കു സമ്മാനം കിട്ടും.
93. ഇവിടെ പഠിച്ചാൽ എന്നതിന്റെ അൎത്ഥം അവ ൎക്കു സമ്മാനം കിട്ടുംഎന്ന വാക്യത്താൽ പൂൎണ്ണമായി വരുന്നു. അതുകൊണ്ടു പഠിച്ചാൽ എന്നതു അപൂൎണ്ണക്രിയയാകുന്നു. മേൽവാക്യത്തിൽ രണ്ടു സംഗതികൾ അടങ്ങിയിരിക്കുന്നു. (i.) കുട്ടികൾ പാഠങ്ങളെ പഠിക്കുക എന്നതും (ii) അവൎക്കു സമ്മാനം കിട്ടുക എന്നതും ആകുന്നു. ഇവ അന്യോന്യം ആശ്രയിച്ചു നില്ക്കുന്നു, എന്നു പറഞ്ഞാൽ, ആദ്യം പറഞ്ഞ സംഗതിയായ–കുട്ടികൾ പാഠങ്ങളെ പഠിക്കുക–എന്ന കാൎയ്യം നടന്നാൽ മാത്രമേ രണ്ടാമതു പറഞ്ഞതായ–അവൎക്കു സമ്മാനം കിട്ടുക–എന്നതു നടക്കയുള്ളൂ. നീ വന്നാൽ ഞാൻ പോകും എന്നതിലും (1) നീ വരിക (2) ഞാൻ പോക’ എന്ന വാക്യങ്ങൾ അന്യോന്യം ആശ്രയിച്ചു നില്ക്കുന്നു. ആദ്യം പറഞ്ഞതു നടന്നാൽ രണ്ടാമത്തേതു നടക്കും. നിന്റെ വരവിന്നു ശേഷം എന്റെ ഗമനമുണ്ടാകും. നിന്റെ വരവു മുമ്പേ ഉണ്ടാകേണം; പിന്നെ എന്റെ ഗമനം ഉണ്ടാകും. നീ വന്നാൽ ഞാൻ പോകും എന്നതിൽ ക്രിയകൾ ഒന്നിന്റെ ശേഷം മറ്റേതു നടക്കും എന്ന ബോധം ഉണ്ടാക്കുന്നതുകൊണ്ടു അവക്കു തമ്മിൽ പൌൎവ്വാപൎയ്യ സംബന്ധം ഉണ്ടെന്നു പറയും. വിഷം തിന്നാൽ മരിക്കും, ഇവിടെ വിഷം തിന്നുക എന്നും മരിക്കുക എന്നും രണ്ടു സംഗതികൾ ഉണ്ടു. അവയിൽ വിഷം തിന്നുക എന്നതു കാരണത്തെ കാണിക്കുന്നു; ഈ കാരണത്തിൽനിന്നുണ്ടാകുന്ന കാൎയ്യം മരണം ആകുന്നു. അതുകൊണ്ടു തിന്നുക, മരിക്കുക എന്ന ക്രിയകൾക്കു തമ്മിൽ കാൎയ്യകാരണസംബന്ധം (ഹേതുഫലം) ഉണ്ടെന്നു പറയും.
94. പൌൎവ്വാപൎയ്യസംബന്ധംകൊണ്ടോ കാൎയ്യകാരണ സംബന്ധംകൊണ്ടോ അന്യോന്യം ആശ്രയിച്ചു നില്ക്കുന്ന ക്രിയകളിൽ കാരണത്തെയോ പൂൎവ്വം നടക്കേണ്ട സംഗതിയെയോ കാണിക്കുന്ന ക്രിയാരൂപത്തിന്നു സംഭാവന എന്നു പറയും. പണം സമ്പാദിച്ചാൽ സുഖമായിരിക്കാം. എന്നതിൽ പണം സമ്പാദിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നാം അറിയുന്നില്ല. സമ്പാദിച്ച അവസ്ഥയിൽ സുഖപ്രാപ്തിയാകും എന്നു താൽപൎയ്യം. അതുകൊണ്ടു സംഭാവന ഭാവിയായി അനിശ്ചിതമായ ഒരവസ്ഥയെ കാണിക്കുന്നു.
95. ഭൂതക്രിയാന്യൂനത്തോടു ആൽ പ്രത്യയം ചേൎത്തു ഒന്നാം സംഭാവനയും ക്രിയാപ്രകൃതിയോടു ഇൽ പ്രത്യയം ചേൎത്തു രണ്ടാം സംഭാവനയും ഉണ്ടാക്കുന്നു. ഒന്നാം സംഭാവന: നടന്നാൽ, വന്നാൽ, എടുത്താൽ, തണുത്താൽ, കൊടുത്താൽ. രണ്ടാം സംഭാവന: പോകിൽ, വരികിൽ. എടുക്കിൽ, തണുക്കിൽ, കൊടുക്കുകിൽ.

താളിളക്കം
!Designed By Praveen Varma MK!