Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

033. ആഖ്യാതപൂരണം.

36. 1. രാമൻ സുന്ദരൻ. 2. സീത സുന്ദരി എന്ന വാക്യങ്ങളിൽ ആകുന്നു എന്ന ക്രിയയെ അതിസ്പഷ്ടമായി ഗ്രഹിക്കുവാൻ കഴിയുന്നതുകൊണ്ടു ആയതിനെ വിട്ടിരിക്കുന്നു. വിട്ട പദങ്ങളെ ചേൎത്തു വാക്യം പൂരിക്കുന്നതായാൽ രാമൻ സുന്ദരൻ ആകുന്നു സീത സുന്ദരി ആകുന്നു’ എന്ന സംപൂൎണ്ണവാക്യങ്ങളിൽ ആകുന്നു എന്ന ക്രിയ തന്നെ ആഖ്യാതം. അപ്പോൾ സുന്ദരൻ, സുന്ദരി എന്ന പദങ്ങൾക്കൂ എന്താകുന്നു ഗതി എന്നു ആലോചിക്കേണം.
37. രാമൻ ദശരഥപുത്രൻ [ആകുന്നു] എന്ന വാക്യത്തിൽ രാമൻ എന്ന സംജ്ഞയോടു കൂടിയ പുരുഷനും ദശരഥപുത്രൻ എന്ന പുരുഷനും ഒരുവനാണെന്ന ബോധം ഉണ്ടാകുന്നതുകൊണ്ടു വാക്യത്തിലെ ആഖ്യക്കും ആഖ്യാതത്തിന്നും തമ്മിൽ ഭേദമില്ല എന്നറിയാം. ഈ അഭേസംബന്ധത്തെ കാണിപ്പാനായിട്ടു ആകുന്നു’ എന്ന ക്രിയയെ ഉപയോഗിക്കുന്നു. അഭേസംബന്ധത്തെ കാണിപ്പാനായിട്ടു ഉപയോഗിക്കേണ്ടതായ ആകുക എന്ന ക്രിയയെ അതിസ്പഷ്ടമായി ഗ്രഹിപ്പാൻ പാടുള്ളേടങ്ങളിൽ വിട്ടുകളയാം.
38. അഭേദസംബന്ധത്തെക്കാണിക്കുന്ന ആകുക എന്ന ക്രിയയെ സാധാരണമായി സംബന്ധക്രിയ എന്നു പറയും.
39. രാമൻ ആകുന്നു എന്നു പറയുന്ന പക്ഷം വാക്യാൎത്ഥം പൂൎണ്ണമായിട്ടില്ലെന്നു നമുക്കു തോന്നും; രാമൻ എന്താകുന്നു എന്ന ചോദ്യത്തിന്നു ഇട ഉണ്ടാകയും ചെയ്യും. ഈ വാക്യാൎത്ഥത്തെ പൂൎത്തിയാക്കുവാൻ രാമൻ ഗുണവാൻ ആകുന്നു’ എന്നു പറയേണം. അതുകൊണ്ടു ഗുണവാൻ’ എന്നതു ആഖ്യാതമായ ആകുന്നു എന്നതിന്റെ അൎത്ഥത്തെ പൂൎണ്ണമാക്കുന്നതുകൊണ്ടു ആഖ്യാതപൂരണം എന്നു പറയും.
1. സംബന്ധക്രിയയെ വിട്ടുകളഞ്ഞു സീത സുന്ദരി’ എന്നിങ്ങിനെയുള്ള വാക്യങ്ങളിൽ സുന്ദരി എന്നതിനെ ആഖ്യാതമായിട്ടെടുക്കാം.
2. തുണയില്ലാത്തവൎക്കു ദൈവം തുണ ആകുന്നു എന്നിങ്ങിനെയുള്ള വാക്യങ്ങളിൽ സംബന്ധക്രിയയെയും കൂടി പ്രയോഗിച്ചിരിക്കയാൽ ദൈവം ആഖ്യയും, തുണ ആഖ്യാതപൂരണവും, ആകുന്നു ആഖ്യാതവും ആകുന്നു.
3. ആഖ്യാതപൂരണവും സംബന്ധക്രിയയും ഒന്നിച്ചെടുത്തു തുണയാകുന്നു എന്നതിനെ ആഖ്യാതമായിട്ടും എടുക്കാം.
4. മലിനത രോഗകാരണം, ജ്ഞാനം മോക്ഷസാധനം’ എന്നിങ്ങിനെയുള്ള വാക്യങ്ങളിൽ സംബന്ധക്രിയയെ വിട്ടിരിക്കയാൽ (1) രോഗകാരണം (2) മോക്ഷസാധനം എന്നിവയെ നാമാഖ്യാതങ്ങളായിട്ടു എടുക്കേണം. മലിനത രോഗകാരണം ആകുന്നു, ജ്ഞാനം മോക്ഷസാധനമാകുന്നു എന്നിവയിൽ സംബന്ധക്രിയയെയും കൂടെ പ്രയോഗിച്ചിരിക്കയാൽ, ആകുന്നു എന്നതിനെ ക്രിയാഖ്യാതവും, രോഗകാരണം, ജ്ഞാനസാധനം ഇവയെ ആഖ്യാതപൂരണണങ്ങളും ആയി എടുക്കേണം.

താളിളക്കം
!Designed By Praveen Varma MK!