Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

032. ക്രിയാഖ്യാതം, നാമാഖ്യാതം

ആഖ്യാതം ഇവിടെ ക്രിയാപദമാകയാൽ ക്രിയാഖ്യാതം എന്നും പറയും. 35. ചിലപ്പോൾ നാമവും ആഖ്യാതമായ്വരും.

1. എനിക്കു ദൈവം തുണ. 4. ഗുരുനാഥൻ സമൎത്ഥൻ.
2. വിദ്യ വലിയ ധനം. 5. യജമാനൻ ദയാലു.
3. സീത സുന്ദരി. 6. പരശുരാമൻ ഒരു വീരൻ.
പരശുരാമൻ ഒരു വീരൻ എന്നതു അൎത്ഥം സമ്പൂൎണ്ണമായിരിക്കുന്ന വാക്കുകളുടെ സമൂഹമാകയാൽ വാക്യമാകുന്നു. ഈ വാക്യത്തിൽ പരശുരാമനെക്കുറിച്ചു നാം എന്തു പറയുന്നു? അവൻ വീരന്മാരിൽ ഒരുവനാകുന്നു എന്നു പറയുന്നു. അതുകൊണ്ടു പരശുരാമൻ എന്നതു ആഖ്യയും ആഖ്യയെ സംബന്ധിച്ചു പറയുന്നതായ വീരൻ എന്നതു ആഖ്യാതവും ആകുന്നു. ഇവിടെ ആഖ്യാതം നാമമാകയാൽ അതിനെ നാമാഖ്യാതം എന്നു പറയുന്നു. ഇവനൊരു മഹാപാപി എന്ന വാക്യത്തിൽ മഹാപാപി എന്നതു ആഖ്യാതം തന്നെ. മഹാപാപി എന്നതു നാമപദമാകകൊണ്ടു അതും നാമാഖ്യാതം ആകുന്നു.
ക്രിയാപദത്തിന്നു മാത്രം ആഖ്യാതമായിരിപ്പാൻ കഴിയും എന്നും (1)മലിനത രോഗകാരണം, (2)വിദ്യ വലിയ ധനം എന്നിങ്ങിനെയുള്ള വാക്യങ്ങളിൽ ആഖ്യാതമായിരിക്കുന്ന ക്രി യയെ വിട്ടുകളഞ്ഞിരിക്കുന്നതുകൊണ്ടു രോഗകാരണം, വലിയ ധനം എന്നിവ ആഖ്യാതമല്ല എന്നും ചിലരുടെ മതം. എന്നാൽ വിട്ടതായ ക്രിയകളെയും ചേൎത്താൽ വാക്യത്തിൽ നാമാഖ്യാതം, ക്രിയാഖ്യാതം എന്ന രണ്ടു ആഖ്യാതങ്ങൾ ഒരു ആഖ്യക്കു തന്നെ വരുമല്ലോ. രാമൻ ശൂരൻ ആകുന്നു എന്നതിൽ രാമൻ എന്ന ആഖ്യക്കു ശൂരൻ എന്ന നാമാഖ്യാതവും ആകുന്നു എന്ന ക്രിയാഖ്യാതവും ഉണ്ടാകും.

താളിളക്കം
!Designed By Praveen Varma MK!