Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

103. വിശേഷ്യവിശേഷണങ്ങൾ.

101. അനേകവസ്തുക്കുൾക്കു സമമായ ഗുണങ്ങൾ ഉണ്ടെങ്കിൽ ആ ഗുണസാമ്യം ഹേതുവായിട്ടു വസ്തുക്കളെ വൎഗ്ഗങ്ങൾ ആക്കാമെന്നും ഗുണങ്ങൾ വസ്തുക്കളിലുള്ളവയെന്നും മൂമ്പെ പറഞ്ഞിരിക്കുന്നു. ദ്രവ്യത്തിന്നു അനേകഗുണങ്ങളുള്ളവയിൽ ഏവയെയാകുന്നു പ്രസംഗത്തിൽ ഗ്രഹിക്കേണ്ടതു എന്നു കാണിപ്പാനായിട്ടു ഗുണവചനങ്ങളെ പ്രയോഗിക്കുന്നു. ഗുണവചനം ജാതിസംഖ്യയെ കുറക്കുകയും ഗുണസംഖ്യയെ അധികമാക്കുകയും ചെയ്യുന്നു. അപ്പോൾ ഗുണവചനം ഏതുനാമത്തോടു ചേൎന്നിരിക്കുന്നുവോ ആ നാമത്തെ വിശേഷിക്കുന്നു എന്നു പറയും. ഒരു വസ്തുവിനെയോ വ്യാപാരത്തെയോ സംബന്ധിച്ചു പറയുമ്പോൾ അതിന്റെ ഗുണങ്ങളെയോ മറ്റുവല്ല സംഗതിയെയോ കാണിക്കുന്ന പദങ്ങൾ വിശേഷണൾ ആകുന്നു. വിശേഷണം ഏതിനോടു ചേരുന്നുവോ ആയതിനെ വിശേഷ്യം എന്നു പറയും.
വെള്ളക്കുതിര എന്നതിൽ കുതിര വിശേഷ്യവും വെള്ള വിശേഷണവും ആകുന്നു.
102. ഗുണവചനങ്ങളെല്ലാം വിശേഷണങ്ങളാകുന്നു.
103. നാമവിശേഷണങ്ങളിൽ ഗുണവചനങ്ങൾക്കു പുറമേ, ശബ്ദന്യൂനങ്ങളും നാമപദത്തിന്റെ ചില വിഭക്തികളും അടങ്ങും.

104. ഗുണവചനങ്ങൾ സംസ്കൃതഭാഷയിൽനിന്നു വന്നവയാണെങ്കിൽ അവക്കു ലിംഗവചനഭേദം ചിലപ്പോൾ വരാറുണ്ടു. വിശേഷണത്തെ വിശേഷ്യത്തോടു ചേൎപ്പാൻ ആയ എന്ന ശബ്ദന്യൂനവും വരും. സുന്ദര എന്ന ഗുണവചനം പുല്ലിംഗമായ വിശേഷ്യത്തോടു ചേരുമ്പോൾ സുന്ദരൻ എന്നാകും.

പുല്ലിംഗം:
സുന്ദരനായ പുരുഷൻ, സുന്ദരന്മാരായ പുരുഷന്മാർ, ഗുണവാനായ രാജാവു, ഭയങ്കരനായ രാക്ഷസൻ.

സ്ത്രീലിംഗം:
സുന്ദരിയായ സ്ത്രീ, സുന്ദരിമാരായ സ്ത്രീകൾ, ഗുണവതിയായ രാജ്ഞി, ഭയങ്കരിയായ രാക്ഷസി.

നപുംസകം:
സുന്ദരമായ മുഖം, സുന്ദരങ്ങളായ മുഖങ്ങൾ, ഗുണവത്തായ രാജ്യം, ഭയങ്കരമായ വനം.

താളിളക്കം
!Designed By Praveen Varma MK!