Contacts

ടി ബി വേണുഗോപാലപ്പണിക്കര്‍

മലയാളത്തിലെ വ്യാകരണികതാപാദനം

ഭാഷാചിന്ത പരമ്പരയ്ക്ക് തുടക്കം കുറിയ്ക്കുന്നത് ഡോ. ടി ബി വേണുഗോപാലപ്പണിക്കരാണ്. മിതമായും സാരമായും എഴുതുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. എഴുത്തുകാരന്റെ അസാന്നിദ്ധ്യമാണ് ആ എഴുത്തിന് ചാരുതയേകുന്നത്. ഭാഷയുടെ ചരിത്രപരമായ പഠനമേഖലകളിലും, വ്യാകരണപരവും ഭാഷാശാസ്ത്രപരവുമായ പഠനങ്ങളിലും; സാമൂഹികഭാഷാശാസ്ത്രം, ഭാഷാഭേദപഠനം, ഭാഷാസൂത്രണം തുടങ്ങിയ വിവിധങ്ങളായ ഭാഷാപഠനശാഖകളിലും ശ്രദ്ധാപൂർവകമായ പഠനങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിച്ചുപോരുന്ന അദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിലെ മലയാളവിഭാഗത്തിൽ അദ്ധ്യാപകനായും ഗവേഷണമാർഗ്ഗദർശിയായും സേവനം ചെയ്തു. പിന്നീട്, ഹീബ്രുസർവ്വകലാശാലയിലും അദ്ദേഹം പ്രവർത്തിച്ചു. ഭാഷാപഠനത്തിൽ തല്പരരായ ഒരു വിദ്യാർത്ഥിസമൂഹത്തെ രൂപീകരിക്കാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന.

ക്യത്യമായി അർഥം വിവരിച്ചാൽ 'അവൾക്ക് ഉടയ (സ്വന്തമായ) മുടി' ആണ്. അതാണ് പ്രാദേശികമായി "അവക്കട മുടി" എന്നും കാണുന്നത്.

ധാതു, പ്രത്യയസ്ഥാനത്തേക്കു മാറുമ്പോൾ അതിന്നു നേരിട്ടുള്ള ബന്ധം (അന്വയബന്ധവും ആകാംക്ഷയും) അതിന്റെ വിശേഷ്യനാമത്തോടു വിട്ട് സംബന്ധിയായ നാമത്തോടായി. "അവൾ(ക്ക്) # ഉടൈ മുടി" എന്നതു മാറി "അവൾ(ക്ക്)ഉടൈ#മുടി" എന്നായി. അർഥമാറ്റം, ധർമ്മമാറ്റം, വർണ്ണമാറ്റം ഇവ ഉണ്ടായി ധാതു പ്രത്യയമായിത്തീർന്നു.


(3) ഗതി - ഓളം

"നിന്നോളം ഉയരം", "പട്ടിനോളം നേർമ്മ", "കഴുത്തോളം വെള്ളം"... എന്നിങ്ങനെ നാമത്തിന്റെ അംഗരൂപത്തോടു ചേരുന്ന - ഓളം എന്ന ഗതിക്ക് 'പരിധി' എന്ന അർഥം കിട്ടും. അംഗത്തോടെന്ന പോലെ ആധാരികാരൂപത്തോടും നിർദ്ദേശികയോടും ഓളം ചേരും.

ഉദാ: 1. പീടികയോളം ചെല്ലുക.
2. ഇവിടത്തോളം വന്നു.
3. വീട്ടിലോളം പോകാം.
4. എവിടത്തോളം പഠിക്കണം?

നാമമായ അളവ്, നിപാതമായ - ഉം ഇവ ചേർന്ന അളവും ആണ് ഓളമായത്. "കഴുത്തളവും വെള്ളം", "കഴുത്തോളം വെള്ളം" ഇതിനെ "കഴുത്തറ്റം" എന്നും പരാവർത്തനം ചെയ്യാം.


(4) താരതമ്യാർഥകമായ - കാൾ

കവി, "ജീവനെക്കാട്ടിലും സ്നേഹിച്ചിരുന്നു ഞാൻ" എന്നെഴുതും. സാമാന്യവാമൊഴിയിൽ "ജീവനെക്കാളും" എന്നാണ്. ഒന്നുകൂടി ചുരുക്കി "ജീവനെക്കാൾ" എന്നും. "ജീവനെക്കാട്ടിലും" എന്നത് നിലവാരം കുറഞ്ഞ വാമൊഴിയായി ഗണിച്ചു വരുന്നുവെങ്കിലും അതിനാണ് പഴക്കവും അർഥവിശദീകരണക്ഷമതയും. 'ജീവനെ (എടുത്തു) കാണിച്ചാലും' എന്ന് അർഥയോജന. വാസ്തവത്തിൽ അതിന്റെ വാമൊഴിച്ചുരുക്കമാണ് കാളും /കാൾ. എന്നാൽ ഈ ചുരുക്കത്തോടെ എന്നെക്കാളും എന്നതിലെ പ്രതിഗ്രാഹികയായ എന്നെ കർമ്മത്വമോ "കാട്ടുകിലും" എന്നതിൽ അംഗവാക്യക്രിയാത്വമോ സ്ഫുരിക്കുന്നില്ല.

'ഇന്ത്യയിൽ ഉള്ളത്' എന്ന കുറിക്കാൻ ഇന്ത്യയിലെ എന്ന് ആധാരികയിൽ -എ ചേർക്കും. വഴിയിലെ മരം, കാട്ടിലെ ആന, അവിടത്തെ പയ്യൻ... അങ്ങനെ "ഇന്ത്യയിൽ ഉള്ളതിനെക്കാളും..." എന്ന അർഥത്തിൽ "ഇന്ത്യയിലെക്കാളും" എന്നു പ്രയോഗിക്കാം. - "ഇന്ത്യയിലേക്കാളും ദാരിദ്ര്യം ശ്രീലങ്കയിൽ ഉണ്ട്."


(5) പാക്ഷികവിനയെച്ചപ്രത്യയം - ആൽ

'ചെയ്യുന്ന പക്ഷം' എന്ന അർഥം കിട്ടാൻ പഴയ ഘട്ടത്തിൽ ചെയ്കിൽ / ചെയ്യിൽ എന്ന് -കിൽ / -ഇൽ പ്രത്യയം ചേർക്കുന്നതായിരുന്നു രീതി. എങ്കിൽ <എൻ -കിൽ എന്നതിൽ അവശേഷിക്കുന്നത് ഇതുതന്നെ. [എന്‍ ധാതുവിന് 'പറയുക' എന്നർഥം.] ഇന്നു പക്ഷേ ചെയ്കിൽ എന്നതിൽ പഴമ ചുവയ്ക്കും. ചെയ്താൽ ആണ് കൂടുതൽ നടപ്പുള്ളത്. കണ്ടാൽ, ഉടുത്താൽ, ഓടിയാൽ... എന്ന തരം ഉദാഹരണങ്ങളിൽ കണ്ടു്, ഉടുത്തു്, ഓടി എന്നിവ വിനയെച്ചമാണ്. ഈ നിലയ്ക്ക് - ആൽ എന്ന പ്രത്യയം അനുപ്രയോഗനിഷ്പന്നമാണ് എന്നു വ്യക്തം. ആകിൽ > ആയിൽ > ആൽ എന്നു പരിണാമം. ചെയ്തു + ആകിൽ ആണ് ചെയ്താൽ. അനുപ്രയോഗിച്ച ആകിൽ ആണ് പ്രത്യയസ്ഥാനത്തുള്ള - ആൽ. ഈ ആൽ തമിഴിലുമുണ്ട്. -ആൽ പ്രത്യയം ജനിച്ചത് തമിഴ്-മലയാളവേറുപാടിന് മുൻപാണ്.


(6) നിയോഗാർഥക അവ്യയങ്ങൾ

ചെയ്തേ, ചെയ്തോ തുടങ്ങിയ നിയോജകരൂപങ്ങൾ അനുപ്രയോഗനിഷ്പന്നങ്ങളാണ് എന്നു വ്യക്തം. ഇവയിലെ അനുപ്രയോഗിക്കുന്ന ധാതുക്കൾ ഏതൊക്കെ? ചെയ്തേക്കൂ എന്നാൽ ചെയ്തേ എന്നതിലും ആദരംകൂടിയതാണ്. ഇതിലെ അനുപ്രയോഗം വയ്ക്കൂ ആണെന്നു സ്ഫുടമാകും എങ്കിൽ ചെയ്തേ എന്നതിൽ വയ് / വെയ് തന്നെ. ചെയ്തേ, വന്നേ, കേട്ടേ, പറഞ്ഞേ, പോയേ... എന്നിങ്ങനെ വിവിധ ക്രിയകളിൽ വയ് > ഏ ഉണ്ട്. വയ് - ക്കുകയാണ് അനുപ്രയോഗധാതു എന്ന് വന്നേച്ചു പോയി, പറഞ്ഞേച്ചുവേണം പോകാൻ എന്നിങ്ങനെയുള്ള രൂപങ്ങളിൽനിന്നു വ്യക്തമാകും. ചെയ്തേച്ച് < ചെയ്തും വച്ച്.


(7) വ്യാക്ഷേപകങ്ങൾ

(i) 'സമ്മത'മാണ് എന്ന അർഥം കാണിക്കാന്‍ ആഁ എന്ന് ആകാരത്തിന്റെ അനുനാസികോച്ചാരണമാണ് വാമൊഴിയിൽ പതിവു്. ഇതെഴുതിക്കാണിക്കാൻ വേറെ വഴിയില്ലായ്കയാൽ പലപ്പോഴും ആങ് എന്നോ ങാ എന്നോ ആണ് എഴുതുക. ഇതിന്റെ ഉൽപ്പത്തി സമ്മതം കാണിക്കാനുള്ള ആം എന്ന പദത്തിൽ നിന്നാണ്. ആകും എന്നതാണ് ആം എന്നു ചുരുങ്ങുന്നത്.

(ii) അനിശ്ചിതാർഥകമായ ആവോ വന്നത് പ്രശ്നാർഥകമായ ആമോ എന്നതിൽ നിന്നാണ്. ആകുമോ ചുരുങ്ങിയതാണ് ആമോ.

(iii) സമ്മതവും അനുമതിയും കുറിക്കുന്ന അതേ എന്നത് അത് - ഏ ആണെന്നു വ്യക്തം. ഇന്നതു് അവ്യയമായി. 'അതു തന്നെ' എന്നർഥം കിട്ടാൻ അതേ എന്നതിന് "അതേ, അതുതന്നെ" എന്നു പറയാം.

(iv) ചൂണ്ടിക്കാട്ടുന്ന വ്യാക്ഷേപകം ദാ എന്നത് അതാ ചുരുങ്ങിയതാണ്. അതാ എന്നത് അതാകും എന്നതിന്റെ ചുരുക്കമായ അതാം എന്നതിൽനിന്നു ജനിച്ചതും അതാകും > അതാം > അതാ > ദാ.

അർഥവും വ്യാകരണസ്വഭാവവും വർണസ്വഭാവവും മാറിയാണ് പ്രത്യയം തുടങ്ങിയ ബദ്ധരൂപങ്ങളും പദത്വം കുറഞ്ഞ അവ്യയങ്ങളും വ്യാക്ഷേപകം തുടങ്ങിയ സ്വതന്ത്രരൂപങ്ങളും ജനിക്കുന്നത്.

താളിളക്കം
!Designed By Praveen Varma MK!