Contacts

ജോസഫ് സ്കറിയ

മലയാളത്തിലെ ക്രിയാപ്രയോഗനയം

ചങ്ങനാശ്ശേരി എസ്.ബി. കോളജ് മലയാളവിഭാഗത്തിന്റെ തലവൻ. ഗവേഷണമാർഗ്ഗദർശി. കേരള സാഹിത്യ അക്കാദമിയുടെ ഐ. സി. ചാക്കോ പുരസ്കാരം (2010) ലഭിച്ച പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ, മലനാട്ടിലാതി-കുട്ടനാടൻ വാമൊഴി ഇതിഹാസം, ഭാഷയുടെ വഴികൾ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ. പഴശ്ശിരേഖകൾ, തലശ്ശേരിരേഖകൾ എന്നീ കൃതികളുടെയും ഭാഷയുടെ വർത്തമാനം എന്ന പ്രബന്ധസമാഹാരത്തിന്റെയും എഡിറ്റർ. മലയാളഭാഷയിലെ ക്രിയാപ്രയോഗങ്ങളുടെ ഘടനയേയും പരിണാമത്തെയും പരിശോധിക്കുന്ന ലേഖനമാണ് മലയാളത്തിലെ ക്രിയാപ്രയോഗനയം. ക്രിയാപ്രയോഗവിഷയത്തിൽ മലയാളത്തിൽ നിലനില്ക്കുന്ന "അവ്യവസ്ഥകൾ"ക്ക് ചരിത്രപരമായ സാധൂകരണമുണ്ട് എന്ന് ലേഖകൻ നിരീക്ഷിക്കുന്നു.

മലയാളയുക്തി എന്നിങ്ങനെ പല കാരണങ്ങള്‍ പറയാവുന്നതാണ്. സാമാന്യവ്യവഹാര സന്ദര്‍ഭങ്ങളില്‍ മുമ്പില്ലാത്തവിധമുള്ള ഒരു സംവേദനത്വം ഉണ്ടാക്കിയെടുക്കാന്‍ ഈ ക്രിയാ പ്രയോഗരീതിക്കു കഴിഞ്ഞിട്ടുമുണ്ട്. 'ഫിറ്റ് ചെയ്യുന്നു' എന്ന പ്രയോഗത്തിനു തുല്യമായി ഏത് പ്രയോഗമുണ്ട് മലയാളത്തില്‍!. അതുപോലെ എത്രയെത്ര രൂപങ്ങള്‍! ഈ ക്രിയാപ്രയോഗരീതി ആധുനിക മലയാളസന്ദര്‍ഭങ്ങളില്‍ സാധാരണമായിക്കഴിഞ്ഞു. വര്‍ക്ക് ചെയ്തു, പ്ലാന്‍ ചെയ്തു, ഫീല്‍ ചെയ്തു, ഡ്രൈവ് ചെയ്തു എന്നിങ്ങനെ നാമമോ ക്രിയയോ ആയി സ്വീകരിക്കാവുന്ന രൂപങ്ങളോട് 'ചെയ്' ധാതുവിനെ അനുപ്രയോഗിച്ച് സാധ്യതകള്‍ വികസിപ്പിക്കുകയാണ്. 'ചെയ്' തനതു-ദ്രാവിഡ ധാതുവെങ്കിലും ഇംഗ്ലീഷ് നാമത്തെ/ക്രിയയെ പ്രാക്പ്രയോഗിക്കുന്നതിലൂടെ സവിശേഷമായ ക്രിയാധര്‍മ്മം നിര്‍വഹിക്കപ്പെടുകയാണ്.

ഇംഗ്ലീഷ് കോളണീകരണത്തെ തുടര്‍ന്നുണ്ടാകുന്ന അനുഭവമണ്ഡലങ്ങളെയും സാമൂഹികഭാവനകളെയും രാഷ്ട്രീയബോധത്തെയും സൗന്ദര്യാത്മകവിചാരങ്ങളെയുമെല്ലാം വെളിവാക്കാന്‍ മലയാളി കണ്ടെത്തിയ ക്രിയാപ്രയോഗ രീതിയാണിത്. drive ചെയ്തു എന്നതിനെ 'വണ്ടി ഓടിച്ചു' എന്നേ മലയാളീകരിക്കാനാവൂ. വണ്ടിയുടെ സാന്നിധ്യമില്ലാത്ത ഓടിച്ചുവിന് driveഉമായി ബന്ധമില്ലാതാകുകയും ചെയ്യും. നാമത്തെ ലോപിപ്പിച്ചു നിര്‍ത്താന്‍ ഇംഗ്ലീഷിനു കഴിയും; മലയാളത്തിനു കഴിയില്ല.

വാക്യസന്ദര്‍ഭങ്ങളെയും പ്രകരണങ്ങളെയും മുന്‍നിര്‍ത്തി മാത്രമേ ക്രിയാപ്രയോഗങ്ങളുടെ വ്യാകരണികതയും പ്രകൃതി-ധാതു-പ്രത്യയബന്ധവും വിശദീകരിക്കാനാവൂ എന്നാണ് മലയാളത്തിലെ ക്രിയാപ്രയോഗങ്ങളുടെ സ്വീകാരവൈവിധ്യം തെളിയിക്കുന്നത്. സാമാന്യവ്യവഹാരങ്ങളില്‍ തനതു-ദ്രാവിഡ രൂപങ്ങള്‍ക്കാണ് സ്വീകാര്യത അധികവും. മാറിയ സാഹചര്യത്തില്‍ ഇംഗ്ലീഷ് പദങ്ങളോടു ചെയ്തു അനുപ്രയോഗിക്കുന്ന രീതിയും സജീവമായിക്കഴിഞ്ഞു. സാമൂഹിക സന്ദര്‍ഭങ്ങളുടെയും സാമൂഹികാവശ്യങ്ങളുടെയും സാമൂഹികബന്ധങ്ങളുടെയും സ്വഭാവത്തിലുണ്ടായ വ്യതിയാനം തനതു-ദ്രാവിഡ രൂപങ്ങളുടെ അര്‍ത്ഥവിവക്ഷങ്ങളില്‍ വലിയ മാറ്റമാണുണ്ടാക്കിയത്.(5)

അനുപ്രയോഗങ്ങളിലൂടെ വികസിക്കുന്ന രൂപങ്ങളെ മുന്‍നിര്‍ത്തി ഇത് തെളിയിക്കാനാവും.

പറഞ്ഞയയ്ക്കുന്നുണ്ടായിരുന്നു
കണ്ടുകൊണ്ടിരിക്കുകയായിരുന്നു
നോക്കിയിരിക്കേണ്ടതായിരുന്നു

എന്നിവയെ

ദര്‍ശിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും മറ്റും പ്രയോഗിച്ചാല്‍ കൃത്രിമമാകും. പ്രയോഗിക്കാനായേക്കുമെങ്കിലും തനതു-ദ്രാവിഡ രൂപങ്ങള്‍ക്കുള്ള സ്വാഭാവികത ഉണ്ടാവില്ല എന്നു തീര്‍ച്ചയാണ്.

നൂറ്റാണ്ടുകളായി ഭാഷയ്ക്കുള്ളില്‍ ഇടപെട്ടിട്ടും സാമാന്യവ്യവഹാരങ്ങളില്‍ സംസ്കൃത തത്ഭവരൂപങ്ങള്‍ക്ക് ഇടം ലഭിക്കാത്തത് ഒരു പ്രത്യേക ഗണമായി ഭാഷ സംസ്കൃത തത്ഭവ ക്രിയാപ്രയോഗങ്ങളെ ഗണിക്കുന്നതുകൊണ്ടുകൂടിയാണ്. ഔപചാരികതയും ശാസ്ത്രീയതയും പ്രകടിപ്പിക്കേണ്ടിടത്ത് പരിഷ്കൃത മലയാളി സമൂഹം തനതു-ദ്രാവിഡ ക്രിയാപ്രയോഗങ്ങളേക്കാള്‍ സംസ്കൃത തത്ഭവരൂപങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നതും ഒരുതരത്തില്‍ ഭാഷാപ്രയോഗ നയമാണ്.

മത്സരിക്കുകയാണ്
വേദിയിലേക്കു ക്ഷണിക്കുന്നു
ചുവരില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്
വിതരണം ചെയ്യുന്നതാണ്
ദര്‍ശനം നല്കുന്നതാണ്

സംസ്കൃതരൂപത്തോട് ദ്രാവിഡ ധാതുവിനെ അനുപ്രയോഗിക്കുന്ന ശീലം സംസ്കൃതാനുകരണകാലത്തുനിന്ന് ഇംഗ്ലീഷ് സ്വാധീന കാലത്തേയ്ക്ക് നീട്ടി വയ്ക്കു കയായിരുന്നു.

ദീര്‍ഘകാലത്തെ പ്രയോഗാവര്‍ത്തികൊണ്ടും പ്രത്യേകമായ ഭാഷണാവശ്യത്തെ നിര്‍വഹിക്കാന്‍ തക്ക ശേഷിയുള്ള രൂപങ്ങള്‍ മലയാളത്തില്‍ ഇല്ലാത്തതുകൊണ്ടും ധാരാളം സംസ്കൃത തത്ഭവരൂപങ്ങളെ മലയാളം സ്വീകരിച്ചു. മത്സരിക്കുന്നു, ചിന്തിക്കുന്നു എന്നിങ്ങനെയുള്ള രൂപങ്ങള്‍ക്കുള്ള അനിവാര്യതയെ അങ്ങനെവേണം മനസ്സിലാക്കാന്‍.

വ്യാകരണഗ്രന്ഥങ്ങളിലെ ക്രിയാചര്‍ച്ചയില്‍ സിംഹഭാഗവും തനതു-ദ്രാവിഡ ധാതുക്കളെ ഉദാഹരിച്ചുകൊണ്ടാണ് എന്നത് യാദൃശ്ചികമല്ല. നൂറു വര്‍ഷങ്ങള്‍കൊണ്ട് സങ്കല്പനതലങ്ങളിലുണ്ടായ വ്യതിയാനമാണ് ക്രിയാപ്രയോഗത്തിലെ വൈവിധ്യത്തിനും കാരണം.

അത്രവേഗം പ്രവേശനം ലഭിക്കുന്നവയോ പരിണാമത്തിനു വഴങ്ങാത്തവയോ അല്ല അന്യഭാഷയില്‍നിന്നു വന്നുകയറിയ ക്രിയാരൂപങ്ങള്‍. വാമൊഴി മലയാളത്തിലെ അവ്യവസ്ഥിതി, ഗാഢബന്ധം നിലനിന്ന അന്യഭാഷകളിലെ ക്രിയാപദങ്ങളെ സ്വഭാഷാപദംപോലെ സ്വീകരിക്കുന്ന ഭാഷകയുക്തി എന്നിവകൊണ്ട് മലയാളം, സംസ്കൃത - ഇംഗ്ലീഷ് ക്രിയാരൂപങ്ങളെ വഴക്കിയെടുത്തു. എവിടെ, എങ്ങനെ, ഏതൊക്കെ പ്രയോഗിക്കപ്പെടണം എന്ന കാര്യത്തിലും അതോടെ വ്യവസ്ഥയുണ്ടായി.

താളിളക്കം
!Designed By Praveen Varma MK!