Contacts

ജോസഫ് കെ ജോബ്

സാമൂഹികഭാഷാശാസ്ത്രം

ഡോ. ജോസഫ് കെ. ജോബ്. മാനന്തവാടി മേരി മാതാ കോളേജിൽ അധ്യാപകൻ. മലയാളസാഹിത്യത്തിലും ഭാഷാശാസ്ത്രത്തിലും ബിരുദാനന്തരബിരുദം. കവി, വിവർത്തകൻ, ഭാഷാശാസ്ത്രഗവേഷകൻ, ഗവേഷണമാർഗ്ഗദർശി. ഭാഷയുടെ സാമൂഹികമാനത്തിലേക്ക് നോട്ടമയച്ചുകൊണ്ട് സാമൂഹികഭാഷാശാസ്ത്രത്തെ തെളിച്ചത്തോടെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

നിർവചനങ്ങൾ

സാമൂഹിക സന്ദർഭത്തിന്റെ അടിസ്ഥാനത്തിലുള്ള ഭാഷാപഠനമാണ് സാമൂഹിക ഭാഷാശാസ്ത്രമെന്ന്  പല ഭാഷാശാസ്ത്രജ്ഞരും നിർവഹിച്ചിട്ടുണ്ട് (Hudson 1980, Trudgil 1974). ഭാഷയുടെയും സാമൂഹികഘടനയുടെയും ക്രമാനുഗതമായ സഹവ്യതിയാനമാണ് സാമൂഹികഭാഷാശാസ്ത്രമെന്ന് ബ്രൈറ്റും ( William Bright: 1976) സാമൂഹിക സന്ദർഭത്തിന് അടിസ്ഥാനത്തിൽ ഭാഷയെ പഠിക്കുകയും സാമൂഹിക ജീവിതത്തെ ഭാഷയിലൂടെ പഠിക്കുകയും ചെയ്യുന്ന  ഭാഷാശാസ്ത്രശാഖയാണ് സാമൂഹിക ഭാഷശാസ്ത്രം  എന്ന് കുപ്ലാൻഡ്, ജവേർസ്‌കി എന്നിവരും  നിർവചിക്കുന്നുണ്ട് (Coupland and Jaworski 1997). ഒരു സമൂഹത്തിൽ ഭാഷ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ചുള്ള പ്രയോഗപരമായ പഠനമാണിതെന്ന്  കോൾമസും (Coulmas 2000) നിർവചനം നൽകുന്നു. ആശ്രിത ഭാഷാചരങ്ങളും സ്വതന്ത്ര സാമൂഹികചരങ്ങളും തമ്മിലുള്ള സഹബന്ധത്തെ കുറിച്ചുള്ള പഠനമെന്നാണ് ചേമ്പേഴ്‌സ്  നിർവചനം നൽകുന്നത് (Chambers 2003).

 സാമൂഹിക ഭാഷാശാസ്ത്രത്തിന്റെ വിഷയ പരിധി 

ഇരുപതാം  നൂറ്റാണ്ടിൽ വളർന്നു വികസിച്ചതെങ്കിലും  ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ സാമൂഹ്യഭാഷാശാസ്ത്രം  ഗൗരവമേറിയ ഒരു പഠനശാഖയായി രൂപാന്തരപ്പെട്ടുകഴിഞ്ഞു. ഭാഷയിലെ  വൈവിധ്യങ്ങളുടെയും  മാറ്റങ്ങളുടെയും  കാരണങ്ങളെയും അതിന്റെ പരിണതഫലങ്ങളെയും കുറിച്ചുള്ള  തത്ത്വചിന്താപരമായ ചിന്തകൾ  ഒരു ഭാഗത്തും  ഭാഷ- സമൂഹബന്ധത്തിൽ നിന്ന്   നിരീക്ഷിച്ചറിയാവുന്ന വസ്തുതകൾ  ഇതര ഭാഗത്തിനുമായി  ഇന്ന് ഇതിന്റെ വിഷയപരിധിയിൽ വരുന്നുണ്ട്. ഭാഷാഭേദവിജ്ഞാനീയത്തിന്റെ രീതിശാസ്ത്രത്തിൽ ചില വ്യത്യാസങ്ങൾ വരുത്തിക്കൊണ്ട് സാമൂഹിക ഭാഷശാസ്ത്രത്തിന്റെ രീതിശാസ്ത്രം വികസിപ്പിക്കാമെന്ന് പീറ്റർ ട്രഡ്ഗിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.  ഭാഷാശാസ്ത്രചരങ്ങൾ കണ്ടെത്തി അവയെ സാമൂഹിക ഘടകങ്ങളുമായി ബന്ധപ്പെടുത്തുന്നതോടൊപ്പം വിവിധ സാമൂഹിക ചരങ്ങളായ  പ്രായം, സാമൂഹിക വർഗ്ഗം, തൊഴിൽ, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവയെല്ലാം കണക്കിലെടുത്തുകൊണ്ട് ഭാഷാവിശകലനം നടത്തുകയും ചെയ്യുന്നു.  സംഭാഷണത്തിന്റെ സാന്ദർഭികവ്യത്യാസങ്ങളുംഇവിടെ വിശകലമാക്കുന്നു. ഭാഷാഭേദവിജ്ഞാനീയത്തിൽ  സ്വതന്ത്രപരിവർത്തനം മാത്രമായി പരിഗണിച്ചു പോരുന്ന പല ഭാഷാപ്രയോഗങ്ങളുടെയും സാമൂഹിക പ്രസക്തിയും സാന്ദർഭിക പ്രാധാന്യവും സാമൂഹിക ഭാഷാശാസ്ത്രത്തിൽ വ്യക്തമാക്കപ്പെടുന്നുണ്ട്. സാമൂഹികഭാഷശാസ്ത്രഗവേഷകർ ഭാഷയുടെ സാമൂഹികഭേദങ്ങളിലാണ് ഊന്നൽ കൊടുക്കുന്നതെങ്കിലും ഒനപചാരികഭാഷ ശൈലികളിലും അതിന്റെ  ഗവേഷണം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. സാമൂഹിക ഭാഷാഭേദത്തിലെ ഭാഷണസന്ദർഭം, ഭാഷാശൈലി എന്നിവയ്ക്കു പ്രാധാന്യം കൊടുത്തുകൊണ്ട്  ഭാഷകരുടെ ഏറ്റവും സ്വഭാവികമായ ഭാഷണം രേഖപ്പെടുത്തിയാണ്  സാമൂഹിക ഭാഷാഗവേഷകർ പഠനം നടത്തുന്നത്‌.  ഓരോ വ്യക്തിയുടെയും ഭാഷ, മറ്റു വ്യക്തികളുടേതിൽ  നിന്ന് എത്രത്തോളം വ്യത്യസ്തമാകുന്നുണ്ടെന്ന് എന്ന അന്വേഷണം കൂടിയാണ് ഇവിടെ നടക്കുന്നത് . വ്യത്യസ്ത സാമൂഹികഘടകങ്ങൾ ഭാഷയിൽ സ്വാധീനം ചെലുത്തുകയും അവ  ഭാഷയിൽ  ആവിഷ്കൃതമാവുകയും ചെയ്യുന്നതെങ്ങനെയെന്ന് ഇതിലൂടെ പഠിക്കുന്നു. ഒരു ഭാഷകസമൂഹത്തിൽ ഉപയോഗിക്കപ്പെടുന്ന വ്യത്യസ്തമായ ഭാഷാരൂപങ്ങൾക്ക് എന്തെങ്കിലും ബന്ധം ഉണ്ടോയെന്നും  സാമൂഹികഭാഷാശാസ്ത്രത്തിൽ പഠിക്കുന്നുണ്ട്. ഭാഷാവൈവിധ്യങ്ങൾക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന സാമൂഹിക വിവരങ്ങൾ എന്തൊക്കെയായിരിക്കും? നാം ഉപയോഗിക്കുന്ന ഭാഷയിൽ  വൈവിധ്യങ്ങൾ സൃഷ്ടിക്കാനും അതിനെ നിയന്ത്രിക്കാനും എത്രത്തോളം നമുക്ക് സാധ്യമാണ്?  ഭാഷണവൃത്തിയിൽ പങ്കുചേരുന്ന ഗ്രൂപ്പുകൾ  ഏതൊക്കെയാണ് ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നല്കാൻ സാമൂഹിക ഭാഷശാസ്ത്രം പര്യാപ്തമാണ്. ഭാഷാപരമായ വൈവിധ്യങ്ങൾ ക്രമരഹിതമല്ല. അത് സാമൂഹികവും ഭാഷാപരവുമായ ഘടകങ്ങൾ നിർണ്ണയിക്കപ്പെടുന്നതായിരിക്കും. ഈ ഘടകങ്ങളുടെ സ്വാധീനത്തെ കുറിച്ചുള്ള വിവരണങ്ങളാണ് സാമൂഹിക ഭാഷശാസ്ത്രത്തിന്റെ അടിസ്ഥാനലക്ഷ്യം.

  അവാന്തരവിഭാഗങ്ങൾ 

സാമൂഹിക ഭാഷാശാസ്ത്രത്തെ രണ്ടായി തിരിക്കാമെന്ന്  Analysing Sociolinguistic Variation എന്ന ഗ്രന്ഥത്തിൽ  സാലി റ്റാഗ്ലിയാമൊണ്ടെ (Tagliamonte 2006: 3) വ്യക്തമാക്കുന്നുണ്ട്. വ്യാവഹാരിക സാമൂഹികഭാഷാശാസ്ത്രം(Interactional Sociolinguistics) വ്യതിരിക്ത സാമൂഹികഭാഷാശാസ്ത്രം(Variationist sociolinguistics) എന്ന്  അവയെ വിളിക്കാം.  സാമൂഹികസന്ദർഭത്തിൽ അർത്ഥോൽപ്പാദനം നടക്കുന്നതെങ്ങനെയെന്നതിനെക്കുറിച്ച് അപഗ്രഥിക്കുന്ന പഠനശാഖയാണ് വ്യവഹാരിക സാമൂഹികഭാഷാശാസ്ത്രമെങ്കിൽ ഭാഷയിലെ  വൈവിധ്യങ്ങളെക്കുറിച്ചും സാമൂഹികചലനത്തിനനുസൃതമായി ഭാഷയിൽ വന്നു ഭവിക്കുന്ന മാറ്റങ്ങളെയും കുറിച്ച് പഠിക്കുന്നതാണ് വ്യതിരിക്തസാമൂഹികഭാഷാശാസ്ത്രം. സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിൽ വ്യതിരിക്തതകളെ പാരിമാണികമായി അടയാളപ്പെടുത്തുന്ന ലബോവിന്റെ രീതിശാസ്ത്രത്തിൽ നിന്ന് വികസിച്ചു വന്നതാണ്  വ്യതിരിക്ത സാമൂഹികഭാഷാശാസ്ത്രം. സാമൂഹിക ഭാഷാശാസ്ത്രത്തിലെ കാതലായ അന്വേഷണങ്ങൾ ഇന്ന് ഈ മേഖലയിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ വ്യതിരിക്തസാമൂഹിക ഭാഷാശാസ്ത്രത്തെയാണ്  സാമൂഹികഭാഷാശാസ്ത്രമായി ഇന്ന് പലരും തിരിച്ചറിയുന്നത്. സമീപനരീതിയിലെ വ്യത്യാസമനുസരിച്ച്  സൂക്ഷ്മസാമൂഹിക ഭാഷാശാസ്ത്രം (Micro Sociolinguistics) സ്ഥൂല സാമൂഹികഭാഷാശാസ്ത്രം (Macro Sociolinguistics) എന്നിങ്ങനെ ഒരു വിഭജനവും സാധ്യമാണ്.  ഭാഷാവൈവിധ്യങ്ങളും സാമൂഹ്യഘടകങ്ങളായ പ്രായം, ലിംഗം, തൊഴിൽ,  വിദ്യാഭ്യാസയോഗ്യത മുതലായവയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ എന്നു പരിശോധിക്കുകയാണ് സൂക്ഷ്മ സാമൂഹികഭാഷശാസ്ത്രത്തിൽ ചെയ്യുന്നത്. സമൂഹങ്ങൾ അവരുടെ  ഭാഷയെ എങ്ങനെ കൈകാര്യം ചെയ്യുന്നു, ഭാഷകളുടെ തിരഞ്ഞെടുപ്പുകൾ   ഇപ്രകാരം നടത്തുന്നു എന്നീ കാര്യങ്ങളിലാണ്  സ്ഥൂലസാമൂഹിക ഭാഷാശാസ്ത്രം ഊന്നൽ നൽകുന്നത്. ഭാഷയുടെ ഉപയോഗതലങ്ങൾ, ഭാഷാനയം, ഭാഷാ മനോഭാവം,  ഭാഷാസൂത്രണം,  ഭാഷാദേശവും സംരക്ഷണവും (language shift and maintenance) സങ്കേതാന്തരണവും സങ്കേതമിശ്രണവും(code switching and code mixining) ബഹുഭാഷിത്വവും ഇരട്ടമൊഴിത്തവും (bilingualism and diglossia)  തുടങ്ങിയ നിരവധി വിഷയങ്ങൾ സ്ഥൂല സാമൂഹിക ഭാഷാശാസ്ത്രത്തിൽ വരുന്നുണ്ട്.

ഭാഷകസമൂഹം എന്ന പരികല്പന 

ഭാഷകസമൂഹം എന്ന പരികൽപ്പനയെക്കുറിച്ച് വിശദമാക്കാതെ സാമൂഹികഭാഷശാസ്ത്രത്തിന് മുന്നോട്ടുപോകാനാവില്ല. ഒരേ ഭാഷ സംസാരിക്കുന്ന ഒരു സമൂഹം എന്ന് സാമാന്യമായി ഇതേക്കുറിച്ച് പറയാമെങ്കിലും സങ്കീർണ്ണമായ ഒട്ടേറെ പ്രശ്നങ്ങളിലേക്ക് അത് പഠിതാവിനെ കൊണ്ടു ചെന്നെത്തിക്കുന്നുണ്ട്. പ്രത്യേക ഭാഷയും ഭാഷാഭേദവും സംസാരിക്കുന്ന ജനങ്ങളുടെ കൂട്ടായ്മയാണ് ഭാഷകസമൂഹമെന്ന് ജോൺ ലയോൺസ് 1970 ൽ നിർവചിച്ചിട്ടുണ്ട്. ഒരേ സാംസ്കാരികസ്വത്വം  പങ്കിടുകയും ഒരു ഭാഷ  സംസാരിക്കുകയും ചെയ്യുന്നവരെന്ന നിർവചനവും അതിനിർവചനമായിരിക്കാം. വിസ്തൃതമായ ഒരു ഭൂപ്രദേശത്ത് ജീവിക്കുന്ന ഒരേ ഭാഷ സംസാരിക്കുന്നവരുടെ ഗണത്തെ സൂചിപ്പിക്കുന്നതിനുവേണ്ടിയല്ല ഭാഷകസമൂഹം എന്ന് പറയുന്നത്. ഒരേ തരം ഭാഷാപരമായ സ്വഭാവങ്ങളും സാംസ്കാരിക സ്വഭാവങ്ങളും നിലനിർത്തുന്ന ഭാഷകരുടെ സമൂഹത്തെ  (അത് എത്ര ചെറിയതാണെങ്കിലും) ഭാഷകസമൂഹമായി പരിഗണിക്കാം.

ഭാഷാചരങ്ങളും സാമൂഹികചരങ്ങളും  

ഒരേ കാര്യത്തെക്കുറിച്ച് പല രീതികളിൽ പറയുന്നതെങ്ങനെയായിരിക്കുമെന്ന് വ്യതിരിക്തസാമൂഹികഭാഷാശാസ്ത്രത്തിൽ  അന്വേഷിക്കുന്നുവെന്നു പറയാം. ഭാഷയുടെ ഉപയോഗത്തിൽ വരുന്ന  വൈവിധ്യങ്ങളുടെ ഭാഷാപരവും സാമൂഹികവുമായ കെട്ടുപാടുകൾ അഴിച്ചെടുക്കുമ്പോഴാണ് ഭാഷയിലെ മാറ്റങ്ങൾ കൃത്യമായി നമുക്ക് പഠിക്കാൻ കഴിയുന്നത്. ഭാഷകസമൂഹത്തിന്റെ സ്വഭാവങ്ങളെ സാമൂഹികചരങ്ങളുടെയും ഭാഷാചരങ്ങളുടെയും അടിസ്ഥാനത്തിൽ പഠിക്കാൻ കഴിയും. ജാതി, മതം, ലിംഗം, പ്രായം, വർഗം, വംശം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയൊക്കെയാണ് സാമൂഹികാചാരങ്ങളായി  കാണാൻ കഴിയുന്നത്. ഈ ചരങ്ങളെല്ലാം  തന്നെ ലോകത്തെല്ലായിടത്തും ഒരുപോലെ ആയിരിക്കണമെന്നില്ല.  ജാതി എന്നതിനെ ഒരു സാമൂഹികചരമായി ഇന്ത്യൻ സമൂഹത്തിന്റെ  പ്രത്യേകതയായി പരിഗണിക്കാമെങ്കിലും ലോകത്തിലെ  മറ്റു ഭാഗങ്ങളിൽ ജാതി ഒരു സാമൂഹികചരമായി വരുന്നില്ല. സാമൂഹികബന്ധത്തിന്റെ അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഭാഷാശാസ്ത്രഘടകങ്ങളെ  ഭാഷാചരങ്ങളായി പരിഗണിക്കാം. സംബോധനാരൂപങ്ങൾ, പരാമർശകപദങ്ങൾ, ചർച്ചപ്പേരുകൾ, ആചാരഭാഷ, പരകീയപദങ്ങൾ ഉദ്ധരണികളായ  പഴഞ്ചൊല്ലുകൾ,  ശൈലികൾ,  പ്രയോഗങ്ങൾ എന്നിവയെ ഭാഷാചരങ്ങളായി പരിഗണിക്കാം (ദീപ മേരി ജോസഫ് 2021:17). സർവ്വനാമങ്ങൾ, സഹായകക്രിയകൾ, സമുച്ചയവികല്പങ്ങൾ, സംയോജകങ്ങൾ, കാലവാചികൾ, പ്രകാരപ്രത്യയങ്ങൾ എന്നിങ്ങനെയുള്ള വ്യാകരണസംവർഗങ്ങളും ഭാഷാചരങ്ങളായി  പരിഗണിക്കാം. സാമൂഹികപരിധി അനുസരിച്ച് ഒരു സന്ദർഭത്തിൽ വ്യത്യാസം വരുന്ന പദങ്ങളാണ് ചരങ്ങളെന്ന വിശേഷണത്തിന് അർഹതയുള്ളത്. സമാനമായ സാഹചര്യത്തിൽ പ്രയോഗിക്കപ്പെടുമ്പോൾ കാര്യമായ അർത്ഥവ്യത്യാസമില്ലാത്തവയാണ് ചരങ്ങൾ.

മറ്റുള്ളവരിലേക്ക് ആശയങ്ങളും അർത്ഥങ്ങളും എത്തിക്കുക  മാത്രമല്ല ഭാഷണം എന്ന പ്രക്രിയയിലൂടെ സംഭവിക്കുന്നത്. അർത്ഥത്തിനുപരിയായി ഭാഷകരുടെ സ്ഥലകാലങ്ങളെക്കുറിച്ചും സ്വത്വത്തെക്കുറിച്ചും ഒട്ടേറെ അറിവുകൾ ഭാഷണവൃത്തിയിലൂടെ പകർന്നു കിട്ടുന്നുണ്ട്.  ഭാഷയിലെ വ്യതിരിക്തതകൾ ഭാഷകരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രദാനം ചെയ്യുന്നു എന്നതിന്റെ  അടിസ്ഥാനത്തിലാണ് വ്യതിരിക്തതകൾ ഇവിടെ പഠിക്കപ്പെടുന്നത്.

സാമൂഹികഭാഷാശാസ്ത്രത്തിന്റെ സ്ഥൂലമേഖല

സൂക്ഷ്മസാമൂഹിക ഭാഷാശാസ്ത്രത്തിന്റെ ഭാഗം തന്നെയെന്നു കരുതാവുന്ന വ്യതിരിക്ത സാമൂഹികഭാഷാശാസ്ത്രത്തിനു പുറമെ  സ്ഥൂലമേഖലയിലും നിരവധിയായ പ്രശ്നങ്ങളും സാമൂഹിക ഭാഷാശാസ്ത്രത്തിൽ ഇന്ന് സജീവമായി ചർച്ച ചെയ്യുന്നുണ്ട്. വ്യത്യസ്ത  ഭാഷകൾ ഒരു സാമൂഹിക സാഹചര്യത്തിൽ സമ്പർക്കത്തിൽ വരുകയും അതിൽ ചില ഭാഷകൾക്ക് പ്രത്യേക പരിഗണനകൾ ലഭിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന കാര്യങ്ങളെക്കുറിച്ചാവാം അത്. ഒരേ സാമൂഹ്യസാഹചര്യത്തിൽ വരുന്ന ചില ഭാഷകൾ നിലനിർത്തപ്പെടുന്നതും ഒരു  ഭാഷയുടെ സ്ഥാനത്ത് മറ്റൊന്ന് ആദേശം ചെയ്യപ്പെടുന്നതുമാകാം. നിശ്ചിതമായ ലക്ഷ്യങ്ങളോടെ രാഷ്ട്രീയ സംവിധാനത്തിനകത്ത് ഭാഷയെ/ ഭാഷകളെ സംബന്ധിച്ച് നയരൂപീകരണം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചാവാം ചിലപ്പോളത്. ഒരേ ഭാഷകസമൂഹം  വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത ധർമങ്ങളോടുകൂടി ഉപയോഗിക്കുന്ന ഡൈഗ്ലോസിയ എന്ന ഇരട്ടമൊഴിത്തത്തെക്കുറിച്ചാവാം ചിലപ്പോളത്. ഒരു ഭാഷ പ്രയോഗിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു ഭാഷയിലേക്ക് സ്വാഭാവികമായി മാറ്റുന്നതിനെക്കുറിച്ച് ആവാം ചിലപ്പോഴത്. ഇപ്രകാരം ഭാഷയുടെ ഉപയോഗതലങ്ങൾ, ഭാഷാനയം, ഭാഷാമനോഭാവം,  ഭാഷാസൂത്രണം, മാനകഭാഷ, ഭാഷാദേശം, ഭാഷസംരക്ഷണം,  സങ്കേതാന്തരണം, സങ്കേതമിശ്രണം, ബഹുഭാഷിത്വം, ഇരട്ടമൊഴിത്തം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ഈ സ്ഥൂല മേഖലയിൽ വരുന്നുണ്ട്.

ഭാഷാശാസ്ത്രപഠനത്തിന്റെ പരിധിയിൽ വരുന്ന സ്വനവിജ്ഞാനം, വാക്യവിചാരം, അർത്ഥവിജ്ഞാനം, ചരിത്രാത്മകഭാഷാപഠനം തുടങ്ങിയ മേഖലകളിൽ വെളിച്ചം പകരാൻ സാമൂഹിക ഭാഷാശാസ്ത്രത്തിലെ ഉപദർശനങ്ങൾക്ക് കഴിയുന്നുണ്ട്. പ്രയുക്ത ഭാഷാശാസ്ത്രത്തിലോ അന്തർവൈജ്ഞാനിക മേഖലയിലോ വരുന്ന വിവർത്തനം, നിഘണ്ടു നിർമ്മാണം, നിഘണ്ടുവിജ്ഞാനം, മാധ്യമ പഠനം, ബോധനശാസ്ത്രം, വാണിജ്യം , ഭാഷാ വൈകല്യപഠനം, നാഡീയ ഭാഷാശാസ്ത്രം, മനോഭാഷാവിജ്ഞാനീയം, ഭാഷാ നയരൂപീകരണം, ഫോറൻസിക് ഭാഷാശാസ്ത്രം എന്നീ വിഷയങ്ങളും സാമൂഹിക ഭാഷാശാസ്ത്രത്തിലെ അന്വേഷണങ്ങളെയും കണ്ടെത്തലുകളെയും പ്രയോജനപ്പെടുത്തി വരുന്നുണ്ട്.




താളിളക്കം
!Designed By Praveen Varma MK!