Contacts

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍

സ്യമന്തകം



കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ സ്യമന്തകം ഭാഷാനാടകം (1066) കടത്തനാട്ട് ഉദയവർമ്മ തമ്പുരാന്റെയും കെ സി നാരായണൻ നമ്പ്യാരുടേയും പ്രസാധകത്വത്തിൽ നാദാപുരത്തുനിന്നും പുറപ്പെട്ടുകൊണ്ടിരുന്ന ജനരജിനി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധം ചെയ്തിരുന്നു.



മാധവി- അഹ! അത് ഏതു തമ്പുരാനാണ്?

ലക്ഷ്മി- (ചെവിയിൽ പതുക്കെ) കൃഷ്ണൻതമ്പുരാൻതന്നെ.

മാധവി- അ ഹാ! എന്താണ് കട്ടത്?

ലക്ഷ്മി- സ്യമന്തകം തന്നെ.

മാധവി- സത്രാജിത്തിന്റെ സമന്തകമോ? ഇതെങ്ങിനെ പറ്റിച്ചു? അദ്ദേഹം അതു പുറത്തേക്കു കാട്ടാറും കൂടിയില്ലല്ലൊ. പിന്നെ എങ്ങിനെ മോഷ്ടിച്ചു? രാത്രി കടന്നു കുത്തിക്കര്‍വന്നു അല്ലേ?

ലക്ഷ്മി-

ഭംഗ്യാ പ്രസേനനതുതന്നെ കഴുത്തിലിട്ടു
മങ്ങാതെ വേട്ടയതിനായ് മലകേറിയപ്പോൾ
ചങ്ങാതി ചെന്നു കൊലചെയ്തതു കൈയ്ക്കലാക്കീ -
ട്ടെങ്ങാണ്ടു കൊണ്ടൊളിവിൽ വെച്ചുവരുന്നുവത്രെ 66


മാധവി- അഹ! ഇത് നീ എങ്ങിനെകേട്ടു?

ലക്ഷ്മി- എന്നോടങ്ങേവീട്ടിൽ ഗൌരി പറഞ്ഞു.

മാധവി- അവളോടാർ പറഞ്ഞു?

ലക്ഷ്മി- അവളങ്ങിനെ കേട്ടു എന്നേ പറയുന്നുള്ള.

മാധവി- സത്രാജിത്തിന്റെ ഭവനത്തിൽനിന്നുതന്നെ കേട്ടതായിരിക്കും. അവൾക്കവിടെ സേവയും മറ്റുമൊക്കെ ഇല്ലേ?

ലക്ഷ്മി- എനി എന്താ സേവ കൂടീട്ടു സാദ്ധ്യം?

എട്ടു ഭാരമിഹ പൊന്നു പെറ്റുതാൻ
കൂട്ടിടുന്ന മണി കട്ടുപോകയാൽ
പിട്ടുകാട്ടിയവിടുന്നു വല്ലതും
തട്ടുവാൻ തരമവൾക്കു പൊങ്ങിതേ. 67


മാധവി- ആട്ടെ, ശ്രീകൃഷ്ണൻ തമ്പുരാനീക്കഥ കേട്ടുവോ?

ലക്ഷ്മി- കേട്ടു.

മാധവി- എങ്ങിനെയാണ് കേട്ടത്?
ലക്ഷ്മി- എങ്ങിനെയാണെന്നു ചോദിപ്പാനുണ്ടോ?

പരം നിരക്കേബ്ഭുവനത്തിലെല്ലാം
പരന്നൊരീവാര്‍ത്തയൊരാളൊരിയ്ക്കൽ
അറിഞ്ഞിടാനായ് മറവറ്റു നേരേ
പറഞ്ഞുവെന്നേ പറയേണ്ടതുള്ളു. 68


മാധവി- ആട്ടെ, ആരാണ് പറഞ്ഞത്?

ലക്ഷ്മി- ഇന്നു വെളുപ്പിനിദ്ദേഹം ഉദ്ധവരോടുകൂടി കാൽനടക്കു സവാരിപോയി. അപ്പോൾ ഒരു ഭവനത്തിന്റെ പടിക്കൽ ഒരു കുട്ടിയെക്കണ്ടു.

പൊൻപുലിനഖമാം മോതിര-
മമ്പൊടു കിങ്ങിണി ചിലമ്പു വളയെല്ലാം
കമ്പമകന്നു ധരിച്ചോ-
രാൺപൈതലിനുണ്ടു നല്ല ചൊടി കണ്ടാൽ. 69


കണ്ണൻ കൌതുകമൊട-
ങ്ങുണ്ണിയെ വേഗാലെടുക്കുവാൻ ചെന്നാൻ;
തിണ്ണം കരഞ്ഞു പൈതല
കണ്ണീർ ചൊരിയും പ്രകാരമുച്ചത്തിൽ. 70


അയ്യോ! ഈ ശ്രീകൃഷ്ണൻ എന്നെ പിടിപ്പാൻ വരുന്നേ എന്നു നിലവിളിച്ചിട്ടു ശ്രീകൃഷ്ണൻ തമ്പുരാനോടായിട്ട്, 'എന്റെ ശ്രീകൃഷ്ണാ! എന്റെ മോതിരവും വളയുമൊന്നും കക്കല്ലേ. എന്നെ അമ്മ ദേഷ്യപ്പെടും' എന്നു പറഞ്ഞു. അപ്പോൾ ശ്രീകൃഷ്ണൻ ഒന്നു പരിഭ്രമിച്ചിട്ട്,

എന്തെന്തിവണ്ണമിവിടേബ്ബത! കുട്ടികൾക്കും
സന്തോഷഹാനി വരുവാൻ ബഹുകഷ്ടമെന്നിൽ!
അന്ധത്വമോടു കളവുണ്ടു നമുക്കതെന്നു
ചിന്തിപ്പതിന്നും
(വിചാരിച്ചിട്ട്)
ഇതിനീവഴിയായിരിക്കും. 71


എന്നു പറഞ്ഞ് അപ്പോൾതന്നെ ഉദ്ധവരോടുകൂടി ഭവവത്തിലേക്കു പോയിട്ടുണ്ട്. ഇതു കണ്ടുനിന്നവളാണ് ഞാൻ.

മാധവി- ആട്ടേ; നോക്കു സംഗീതശാലയിലേക്കു അവിടെ ബഹുരസമുണ്ടു്. പോകാം.

കോട്ടമറ്റു പല പെങ്കിടാങ്ങളും
കൂട്ടമിട്ടു ചില പാട്ടു പാടിയും
കൊട്ടുകയ്യൊടു കളിച്ചിടുന്നൊരാ-
പ്പാട്ടുശാല ബഹുഭംഗിയല്ലയോ? 72


ലക്ഷ്മി- അങ്ങിനെതന്നെ.

(എന്നു രണ്ടാളും പോയി)

പ്രവേശകം കഴിഞ്ഞു.

(അനന്തരം ശ്രീകൃഷ്ണനും ഉദ്ധവരും പ്രവേശിക്കുന്നു.)

ഉദ്ധവർ-

മാലോകർതന്നുടയ മട്ടറിയും ഭവാനീ-
മാലോടുകൂടി മരുവുന്നതു കഷ്ടമത്രേ!
ചേലേറിടും ചതുരബുദ്ധിയതിന്റെ ശക്തി-
യാലേ കളഞ്ഞിടണമീയയശസ്സു വേഗം. 73


ശ്രീകൃഷ്ണൻ-

സത്രാജിത്തൊടു മുമ്പു ഞാൻ മണി നൃപ
ന്നായിട്ടു ചോദിച്ചതാ-
ണിത്ഥം വന്നൊരു ദുര്യശോവിഷമഹാ-
വൃക്ഷെകമൂലം സഖേ!
ഓര്‍ത്താലിന്നതിനെന്തു വേണ്ടതു? ഭവാൻ
തീച്ചപ്പെടുത്തീടിലൊ
ചിത്തായാ സമൊടായതിന്നുടയ വേർ
വെട്ടിക്കളഞ്ഞീടുവൻ. 74


ഉദ്ധവർ- (ആലോചിച്ചിട്ട്)

അതിവേഗമൊടും തിരഞ്ഞു സത്രാ-
ജിതനായാമണി കൊണ്ടു നൽകിയെന്നാൽ
ഇതിനുള്ളുപശാന്തിയാകു,മെന്നാൽ
മതിയെന്നെന്നുടെബുദ്ധി ചൊല്ലിടുന്നു 75


ശ്രീകൃഷ്ണൻ- ശരിയാണത്. അതുകൊണ്ടു്,

നായാട്ടിന്നായ് പ്രസേനൻനലമൊടെവിടെനി-
ന്നോ പുറപ്പെട്ടതെന്നും,
മായം വിട്ടേതുകാട്ടിൽ കരടിപുലികളെ-
ക്കൊന്നു കയ്യൂക്കൊടെന്നും,
ആയാസത്തോടു തപ്പിത്തിരയണമൊരുമ-
ട്ടെങ്കിലുണ്ടാകുമന്നു-
ണ്ടായോരോ വര്‍ത്തമാനങ്ങടെ വെളി,വതിനായ് -
ത്തന്നെ നോക്കൊന്നിറങ്ങാം. 76


ദുസ്സാധമായ വഴിയാകിലുമെത്രതന്നെ
നിസ്സാരമാകിലുമതൊന്നു നടത്തുകെന്നാൽ
സൽസാരവേദികൾമണേ! മടിവിട്ടു നല്ലോ-
രുത്സാഹമൊന്നു മതിയെന്നു മതം പരം മേ. 77


അതുകൊണ്ടതിന്നുത്സാഹിയ്ക്കുതന്നെ.

(ഉറക്കെ) ആരാണവിടെ?

സാത്യകി - (പ്രവേശിച്ചിട്ട്) എന്താണ് വേണ്ടതാവോ?

ശ്രീകൃഷ്ണന്‍-

എന്നാലിയ്യിടെ വേട്ടയാടിയറിയാ-
തായാ പ്രസേനൻകഥ -
യൊന്നാരാഞ്ഞു തുനിഞ്ഞിടേണ, മതുകൊ-
ണ്ടിങ്ങുണ്ടു കാര്യങ്ങൾ മേ;
നന്നായെന്നുടെ സൈന്യമൊക്കെയുമൊരു-
ങ്ങീടാൻ പറഞ്ഞീടടോ;
ചെന്നാലും സരസം സഹായമതിനായ്
ത്താനും സമം പോരണം. 78


സാത്യകി - അങ്ങിനെതന്നെ. എന്നാലിതു ഞാനങ്ങോട്ടു പറയണമെന്നു വിചാരിച്ചതായിരുന്നു.

അതിക്രമം, നിന്തിരുമേനി കൊന്നെ-
ന്നതായ് ക്രമത്താലിഹ ലോകവാദം!
അതിന്നു മൂലം മണിയാണുപോലു, -
മതിന്നുണർത്താൻ തരമോര്‍ത്തു നിന്നേൻ. 79

ശ്രീകൃഷ്ണന്‍-ആട്ടെ ചെല്ലു (സാതൃകി പോയി)

ഉദ്ധവർ-

കുറച്ചുകാലം കഴിയാതെകണ്ടി-
തുറച്ചുകിട്ടാൻ പണിയെങ്കിലും കേൾ
തിരിച്ചുചൊല്ലാമിഹ സത്തറിഞ്ഞേ
തിരിച്ചു പോരാവു മഹാമതേ നീ. 80


ശ്രീകൃഷ്ണന്‍ - അങ്ങിനെയല്ലേയുള്ള. സംശയിക്കാനുണ്ടോ?

(അണിറയിൽ)

'

നിൽക്കട്ടേ പടിതൻപുറത്തു കുതിര-
ക്കൂട്ടങ്ങൾ കാലാൾകളും;
നൽക്കെട്ടേറിടുമാനതൻ പടകളും,
ചേരും രഥക്കൂട്ടവും,
നില്ക്കട്ടേ, ചെറുതെന്തു കാട്ടുമവിടെ-
ഗ്ഗോവിന്ദനെക്കാണുവൻ
നോക്കട്ടേ ജവമോടുണര്‍ത്തിവരുവൻ
സത്തൊക്കയും സാത്യകേ!' 81


എന്ന്.

ഉദ്ധവർ - വിപൃഥുവിന്റെ പുറപ്പാടാണ്.

(അനന്തരം വിപൃഥു പ്രവേശിക്കുന്നു)

വിപൃഥു -

പടയൊക്കെ വന്നു വടിവിൽ
പടിയിൽ തല വരവു കാത്തു നില്ക്കുന്നു;
നെടിയ ഗുണമുള്ള നിന്തിരു-
വടിയെഴുനെള്ളാമമാന്തമെന്തിനിനി? 82


ശ്രീകൃഷ്ണന്‍- എന്റെ തേരു വന്നുവോ?

(അണിയറയിൽ)
"ഉവ്വ് തെയ്യാറായി. വേഗം എഴുന്നെള്ളാം' എന്നു്.

(ശ്രീകൃഷ്ണാദികൾ ചുറ്റി നടന്നിട്ട് രഥത്തിന്റെ നേരേ നോക്കുന്നു. തേരോടുകൂടി ദാരുകൻ പ്രവേശിച്ചിട്ട്)

ദാരുകൻ- കേറാം

ശ്രീകൃഷ്ണന്‍- (കേറീട്ട്, ഉദ്ധവരോട്) ഞാൻ വരുവാൻ വൈകിയാലും അച്ഛനമ്മമാരേയും മറ്റും സമാധാനപ്പെടുത്തുവാനായിട്ടു് അങ്ങിന്നിവിടെത്തന്നെ താമസിച്ചാൽ മതി. എന്റെ കൂടെ വരണ്ട.

ഉദ്ധവർ - കല്പനപോലെ.

വിപൃഥു- ഞാനും സൈന്യങ്ങളുടെ ഇടയിൽ പോയി തേരിൽ കേറട്ടെ. (എന്നു പോയി)

ഉദ്ധവർ-

വരുവാനിഹവൈകിലും സഖേ! ഞാൻ
വിരവോടാഗ്ഗുരുബന്ധുലോകമെല്ലാം
മറവറെറാരു സങ്കടം പെടാതേ
മരുവുമ്മാറു പറഞ്ഞുകൊണ്ടിരിക്കാം. 83


ശ്രീകൃഷ്ണന്‍- എന്നാലിനി തേർ നടക്കട്ടെ (എന്നു പോയി)

(ദാരുകൻ തേരു തെളിക്കുന്നു.)

ശ്രീകൃഷ്ണന്‍- രഥവേഗം നടിച്ചിട്ട്.

മുമ്പിൽ കാണും പദാർത്ഥം പരിചൊടു വളരെ-
ദ്ദൂരമാകുംപ്രകാരം
വമ്പിക്കും വേഗമോളോടിന രഥമതിലാ-
യിട്ടിരുന്നിട്ടിവണ്ണം
കമ്പിക്കാതേകഴിക്കുന്നതിനതിബലനാം
പാര്‍ത്ഥനും ഞാനുമല്ലാ-
തമ്പിൽക്കാണുന്നതല്ലീ ത്രിജഗതി ബത! മൂ-
ന്നാമതായിന്നൊരാളെ. 84

അത്ര വേഗമുണ്ടീത്തേരിനു്. ഇതാ കാടു കണ്ടുതുടങ്ങി.

കറുത്തു ദൂരത്തു പയോധിപോലേ
തരത്തിൽ ഞാൻ കണ്ടതടുത്തുവല്ലോ;
ഉരത്ത ഗാംഭീര്യമെഴും വനംക-
ണ്ടൊരുത്തമാത്യത്ഭുതമേന്തിടുന്നേൻ. 85


എന്നുതന്നെയല്ല,

ആകാശംതന്നിൽ മുട്ടുംപടി പരമുയര-
ത്തോടെ നില്ക്കും തരുക്കൾ-
ക്കാകുംവണ്ണം നനപ്പാൻ പലവിധമൊഴുകും
ചോലയുണ്ടേര്‍ത്തുകണ്ടാൽ
ആകപ്പാടെ കടപ്പാൻ ബഹുവിഷമമിതിൽ;-
ക്കാട്ടുജന്തുക്കളെല്ലാ-
മേകോപിച്ചിട്ടിരിപ്പുണ്ടിവിടെയഴകിൽ നോ -
ക്കൊക്കെ നോക്കീടവേണം. 86


(അണിയറയിൽ)

'പന്നി കീറിയതുപോലെ ചത്തിതാ
മന്നിൽ വീണിരുവരുണ്ടു വേടർപോൽ;
എന്നുമല്ലിവിടെ മറെറാരുത്തനു-
ണ്ടെന്നു ചത്ത വകയാണിതൊക്കയും.' 87


എന്ന്.

ശ്രീകൃഷ്ണന്‍- (കേട്ട്, നോക്കീട്ട്) ശരിതന്നെ ഈ ദിക്കിൽതന്നെ വല്ലേടത്തും പ്രസേനനേയും കാണാൻ സംഗതിയുണ്ട്. (നോക്കീട്ട്)

കുതിര ചത്തു കിടപ്പതു കണ്ടുതേ
ചതുരനാമൊരു വീരനുമുണ്ടഹോ!


(നല്ലവണ്ണം നോക്കീട്ട്) ഇതു് പ്രസേനൻതന്നെയാണ്': സംശയമില്ല. എന്നുതന്നെയല്ല,

ചതിയിൽ വന്നൊരു സിംഹമടിച്ചതാ-
ണിതയിതാ ഹരിതൻപദപംക്തിയും! 88


(എന്നു കുറച്ചു പുററിനടന്നിട്ട്)

കണ്ഠീരവനെച്ചത്തിഹ
കണ്ടീടുന്നുണ്ടിതാരു പറ്റിച്ചു?
കുണ്ഠത വിട്ടൊരു കരടിയൊ-
ടുണ്ടായിതു ലഹളയെന്നു തോന്നുന്നൂ. 89


ഈ കരടിക്കുരങ്ങൻ പറ്റിച്ചതാവണം. ഇതിന്റെ അടിയേ പോകതന്നെ. (എന്നു കുറച്ചു നടന്നു നോക്കീട്ട്)

പെരിയൊരു ഗുഹകാണുന്നുണ്ടതിൽതാൻമനുഷ്യ-
ക്കരടിയതു കടന്നാനെന്നു തോന്നുന്നു ചിത്തേ;
പരമവിഷമമാണീക്കൂരിരുട്ടിൽ കടപ്പാൻ
പരമിവിടെ വസിച്ചാൽപോരുമിസ്സൈന്യമെല്ലാം. 90


(അണിയറയിൽ)

'

ഇരുട്ടുകൂടും ഗുഹയിൽ കടപ്പാ-
നൊരിത്തിരിക്കും മടിയില്ല പക്ഷേ;
പരം ഭവാൻ തന്നുടെ കല്പനയ്ക്കായ്
പുറത്തു നില്ക്കാമടിയങ്ങളെല്ലാം.' 91


എന്ന്

ശ്രീകൃഷ്ണന്‍- എന്നാലങ്ങിനെ മതി എത്ര ദിവസമാണീ ഗുഹയിൽ കടന്നാൽ താമസം വരുന്നതെന്നു തീര്‍ച്ചപ്പെടുത്തുവാൻ വയ്യല്ലൊ.

എത്ര ഗുഹ വലിയതെന്നും,
തത്ര പെടും ശത്രുവെത്ര ബലിയെന്നും,
ഒത്തുപറവാൻ ഞരുക്കമ-
തത്രേ കണ്ടാലറിഞ്ഞിടാം കാര്യം. 92


എന്നാലങ്ങിനെയാകട്ടെ. ദാരുകനും സൈന്യങ്ങളുടെ കൂട്ടത്തിൽ ചെന്നു നിന്നാൽ മതി. ചെല്ലു. ഞാൻ ഗുഹയ്ക്കകത്തു കടക്കട്ടെ.

(എന്ന് എല്ലാവരും പോയി)

മുന്നാമങ്കം കഴിഞ്ഞു.

---------------------------






താളിളക്കം
!Designed By Praveen Varma MK!