Contacts

കേരളവര്‍മ്മവലിയകോയിത്തമ്പുരാന്‍

കേരളീയഭാഷാശാകുന്തളം


ഡോ.എം.എൻ.രാജന്റെ ലൈബ്രറിയിന്‍നിന്നും


പ്രിയംവദ.

[ആലോചിച്ച്]

എനിക്കൊരുപായം തോന്നുന്നു. ശകുന്തള രാജാവിന് ഒരു കാമപത്രിക എഴുതട്ടെ. അതിനെ ഞാൻ പൂക്കളുടെ ഉള്ളിൽ വച്ചു മറച്ച് പ്രസാദം എന്നുള്ള വ്യാജേന അദ്ദേഹത്തിന്റെ കയ്യിൽ എത്തിക്കാം.


അനസൂയ

കൊള്ളാം. അതു നല്ല ഉപായമാണ്. എനിക്കു ബോധിച്ചു. ശകുന്തള എന്തു പറയുന്നു?


ശകുന്തള

നിങ്ങൾ പറയുന്നതിൽ എനിക്കെന്തു വികല്പമാണ്?


പ്രിയംവദ

എന്നാൽ തന്റെ അവസ്ഥയെ ഉപന്യസിച്ചു ലളിതമായി ഒരു ശ്ലോകം ആലോചിച്ചുണ്ടാക്കണം.


ശകുന്തള

അതു ഞാൻ ഉണ്ടാക്കാൻ നോക്കാം, എന്നാൽ തിരസ്ക്കരിച്ചേക്കു

-൪൬-

മോ എന്ന് ആശങ്കിച്ച് എന്റെ മനസ്സ് ഏറ്റവും ചഞ്ചലമായിരിക്കുന്നു.


രാജാ

ഈയാശങ്ക നിനക്കു യം പ്രതി ജനം
ഭീയാലധീരീകൃതേ!
പ്രേയാനാശ പെരുത്തു നിന്നിൽ മരുവു -
ന്നായാളിഹൈവാന്തികേ,
ആയാസിപ്പവനബ്ധിനന്ദിനി വശ-
ത്തായാലുമില്ലേലുമാം
ശ്രീയാലിപ്സ്വിതനായവൻ കഥമഹോ
ഭൂയാദ്ദുരാപസ്തയാ


പ്രിയംവദ.

അല്ലയോ തന്റെ ഗുണഗൌരവത്തെ അറിയാത്തവളേ! ഏതൊരുത്തനാണു ദേഹത്തെ തണുപ്പിച്ച് ആനന്ദിപ്പിക്കുന്ന ശരൽക്കാലത്തേ നിലാവിനെ കുട പിടിച്ചു മറയ്ക്കുന്നത്?


ശകുന്തള

[ചിരിച്ചുംകൊണ്ട്]

എന്നാൽ നിങ്ങൾ പറയുന്നതുപോലെ ഞാൻ ചെയ്യാം.

[ഇരുന്നു ശ്ലോകം ഉണ്ടാക്കുന്നതിനായി വിചാരിക്കുന്നു.]


രാജാ

ഞാൻ എന്റെ പ്രിയതമയെ നിമേഷരഹിതങ്ങളായ നേത്രങ്ങളെ കൊണ്ടു നോക്കി നില്ക്കുന്നതു യുക്തം തന്നെ. എന്തെന്നാൽ -


വാമാക്ഷി പദ്യത്തിനു സംഗ്രഹീതു-
കാമാ പദാന്യുന്നമിതൈകചില്ലീ,
രോമാഞ്ചമാർന്നോരു കവിൾത്തടത്താൽ
പ്രേമാണമെന്നിൽ പ്രകടീകരോതി


ശകുന്തള

തോഴീ! ഞാൻ ഒരു ശ്ലോകം മനസ്സിൽ വിചാരിച്ചു വച്ചിരിക്കുന്നു. എഴുതുന്നതിനു സാധനങ്ങൾ ഒന്നുമില്ലല്ലൊ.


പ്രിയംവദ

പച്ചക്കിളിയുടെ വയറുപോലെ കോമളമായിരിക്കുന്ന ഈ താമരയിലയിൽ നഖംകൊണ്ട് എഴുതാമല്ലൊ.-൪൭-

ശകുന്തള

[ശ്ലോകം എഴുതീട്ട്]

തോഴിമാരേ! ശരിയായോ എന്നു നിങ്ങൾ കേട്ടു പറയിൻ.


അനസുയയും പ്രിയംവദയും.

ഞങ്ങൾ ഇതാ മനസ്സിരുത്തി കേട്ടുകൊള്ളുന്നു.


ശകുന്തള

[വായിക്കുന്നു]

ആയി! പടുധിഷണാ! നിന്നാശയം നൈവ ജാനേ
ത്വയി പരമനുരാഗം പൂണ്ട മേ മെയ്യശേഷം,
ദയിതതമ! നികാമം രാപ്പകൽ കാമദേവൻ
മയി തവ കനിവില്ലാഞ്ഞുത്തപിപ്പിച്ചിടുന്നു.


രാജാ

[പ്രത്യക്ഷനായി വേഗത്തിൽ അടുത്തു ചെന്ന്]


പരമതനുശരീരേ! ത്വാം തപിപ്പിച്ചിടുന്നൂ
പരമതനുരജസ്രം മാം ദഹിപ്പിച്ചിടുന്നൂ,
പരവശത ദിനത്താലമ്പിളിക്കെത്രയുണ്ടോ
പരഭൃതമൊഴി പാത്താർലാമ്പലിന്നത്രയില്ല.


അനസൂയയും പ്രിയംവദയും

[രാജാവിനെ കണ്ടിട്ടു സന്തോഷത്തോടുകൂടി എഴുനേറ്റ്]

പ്രാത്ഥനാനുരൂപമായി ഉടനേ സിദ്ധിച്ച മനോരഥത്തിനായിക്കൊണ്ടു സ്വാഗതം


ശകുന്തള

[എഴുന്നേൽക്കുന്നതിനു ഭാവിക്കുന്നു.‍]


താളിളക്കം
!Designed By Praveen Varma MK!