Contacts

ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ

പച്ചമലയാളം

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

'ഇത്ഥംഭര്‍ത്തുര്‍നിയോഗാത്തദനുഗുണവതാമഗ്രഗണ്യംകുമാരം
മുഗ്ദ്ധാധര്‍മ്മാദവാപ്താജഗതിവിരുതെഴുംക്ഷത്രധര്‍മ്മൈകലോലം
സ്പര്‍ദ്ധാശീലാപിഗാന്ധാരിയുമഥശതകംപുത്രകാണംപ്രപേദേ
മദ്ധ്യേവായോര്‍മ്മഹേന്ദ്രാദപിയദുതനയാപിന്നെലേഭേകമാരൗ'

എന്നും മറ്റുമുള്ള ശ്ലോകങ്ങളെ ഭാഷാശ്ലോകങ്ങളെന്നു പറയുന്നതു കുറേ ആലോചിച്ചിട്ടു വേണ്ടതാണ്. അന്യസംസ്കൃതഗ്രന്ഥങ്ങളിൽനിന്നും സ്വയമായും അനേകം ശ്ലോകങ്ങൾ ഭാഷാസമ്പർക്കം അശേഷം കൂടാതെ ഇവയിൽ എടുത്തു എഴുതി ചേർക്കപ്പെട്ടു കാണുന്നുണ്ട്. ഇത്തരം കൃതികൾ തമിഴിൽ ഒരിക്കലും ഉണ്ടായിട്ടില്ല.

ആട്ടക്കഥകളിൽ ശ്ലോകങ്ങൾ ഭാഷാസംബന്ധംകൂടാതെ നിർമ്മിക്കപ്പെട്ടില്ലെങ്കിൽ അത് കവിയുടെ പാണ്ഡിത്യത്തിനും നടന്മാരുടെ ഗൗെരവത്തിനും പോരെന്നുള്ള ഒരു വിചാരം ഏകദേശം ഇക്കാലത്തിൽതന്നെ അങ്കുരിച്ചു. വീരരസം ശരിയാക്കണമെങ്കിൽ ഭാഷാശ്ലോകംകൊണ്ട് മതിയാവുകയില്ലെന്നു ചിലപ്പോൾ പറയാമെങ്കിലും അന്യരസങ്ങളെ സംബന്ധിച്ചിടത്തോളം സംസ്കൃതപദ്യങ്ങളെക്കൊണ്ടു ഭാഷാകൃതികളിൽ എന്തുപയോഗമാണുള്ളത് മനസ്സിലാകുന്നില്ല. നമ്മുടെ പ്രസിദ്ധന്മാരായ ഭാഷാനാട്യപ്രബന്ധകർത്താക്കന്മാർ - അതായതു കോട്ടയത്തു രാജാവ്, അശ്വതിതിരുനാൾ മഹാരാജാവ്, ഇരയിമ്മന്‍തമ്പി - ഇവർ മൂന്നുപേരും അവരുടെ ശബ്ദാര്‍ത്ഥവൈചിത്ര്യങ്ങളെ മിക്കവാറും സംസ്കൃതശ്ലോകങ്ങളിലാണ് വരുത്തീട്ടുള്ളതെന്നു നമുക്കറിയാമല്ലോ. ഉണ്ണായിവാര്യരുടെ മട്ടും ഒരവിയലിന്റേതാണ്. അവിടെ എല്ലാംചേരും. 'അവനെ ചെന്നായോ ബന്ധു ഭവനെ ചെന്നായോ ഭീരു' എന്ന് കാരണത്തോടുകൂടിയും 'ദഹനശമനവരുണൈരമാ' എന്ന് കാരണം കൂടാതെയും, സംസ്കൃതമലയാളപദങ്ങളേയും, പ്രസിദ്ധപൂർവ്വപദങ്ങളേയും, മോരും നെയ്യുംപോലെ കലർത്തി ഒരു വിശേഷമണിപ്രവാളരീതി ഗാനഭാഗത്തിൽ കൂടിയും വരുത്തുവാൻ ഈ കവിക്കേ സാധിച്ചിട്ടുള്ളൂ.

ഈ രീതിക്ക് വിരോധമായി കവികുലസാർവ്വഭൗമായ കുഞ്ചൻനമ്പ്യാർ ഒരാൾക്കു മാത്രമേ ഗ്രന്ഥനിർമ്മാണം ചെയ്യുന്നതിനു താല്പര്യം തോന്നിയുള്ളൂ. അദ്ദേഹം ഭാഷാഗാനങ്ങളാണ് പ്രധാനമായെഴുതിയിട്ടുള്ളത്. അവയിൽ സംസ്കൃതപദപ്രയോഗം ഒഴിക്കാവുന്നതാണെന്നു ചമ്പൂകർത്താക്കന്മാർ കൂടി സമ്മതിച്ചിരുന്നതിനാൽ ജനസാമാന്യത്തിന്റെ അഭിരുചിക്ക് അനുകൂലങ്ങളായിത്തന്നെ ഇരിക്കുന്നു. 'കനലിൽ ചുട്ടെടുത്തൊരു കനകച്ചങ്ങലപോലെ' എന്നു തുടങ്ങിയുള്ള കൃഷ്ണലീലയിലെ

രാത്രിവർണ്ണനയിലും 'വെയിലുത്തട്ടിശ്ശരീരങ്ങൾ കോലുപോലെ മെലിഞ്ഞങ്ങു തോലു ചുക്കിച്ചുളിഞ്ഞിട്ടും ഭാവമേതും പകർന്നില്ല' എന്നും മറ്റുമുള്ള ത്രിപുരദഹനത്തിലെ തപോവർണ്ണനത്തിലും നമ്പ്യാർ എത്ര സംസ്കൃതവാക്കുകൾ ഉപയോഗിച്ചിരിക്കുന്നു? അവയുടെ കുറവുകൊണ്ട് ഗ്രന്ഥങ്ങൾക്ക് വല്ല ന്യൂനതയുമുണ്ടോ? ശിവ! ശിവ! കുഞ്ചൻ നമ്പ്യാർക്കൊപ്പം, അതാതു രസങ്ങളളേയും സ്തോഭങ്ങളേയും വര്‍ണ്ണിച്ചൊപ്പിച്ചിട്ടുച്ചുള്ള കവികള്‍ ദക്ഷിണേന്ത്യയിൽ പത്തുപേർ തികച്ചില്ലാ എന്നുള്ളതു സുപ്രസിദ്ധമാണല്ലോ. ഇതൊക്കെ അദ്ദേഹം ഏകദേശം പച്ചമലയാളമെന്നു തന്നെ പറയാവുന്ന ഒരു വക മണിപ്രവാളരീതികൊണ്ടല്ലയോ കഴിച്ചിട്ടുള്ളത്? 'കവിയിലാണ് ശക്തി,കരുവിലല്ല' എന്ന ആംഗലഗദ്യകർത്താക്കന്മാരിൽ അഗ്രഗണ്യനായ കാല്‍ഡ്വല്‍ പറയുന്നത് എത്ര വാസ്തവമായിരിക്കുന്നു.

കാര്യം ഇങ്ങനെയെല്ലാമാണെങ്കിലും കുഞ്ചൻനമ്പ്യാരെ അനുകരിക്കുന്നതിനു അദ്ദേഹത്തിന്റെ അനന്തരകാലത്തിൽ വളരെ പേർ ഉണ്ടായില്ല. കഥകളിപ്പാട്ടുകൾ എഴുതുവാനുള്ള ഭ്രമംകൊണ്ടു പണ്ഡിതന്മാർ മറ്റൊന്നിലും മനസ്സു തന്നെ വെച്ചില്ല. എന്നാൽ തുള്ളൽ എഴുതിയാൽ അതു നമ്പ്യാരുടെ ഭാഷയിൽ തന്നെ വേണ്ടതാണെന്നു കേരളീയ കവികൾ ധരിച്ചിട്ടുണ്ടായിരുന്നുവെന്നു കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാന്റെ സന്താനഗോപാലത്തില്‍ നിന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്.

'കാലെകാളാഗരുശ്യാമളബഹളതമഃ കാളകൂടംകരാഗ്രൈഃ
പ്രാലേയാംശൗെനിപീയോരസിനിഹിത പദേനീലകണ്ഠോപമാനെ
കല്‍ഹാരോദ്യന്മധൂളീപരിമളപവനാ മോദിതോപാന്തഭൂമൗെ
രേമേരാമാസമേതസ്സുരതരുജടിലാ രാമദേശേധനേശഃ'

എന്നും മറ്റും രാവണ വിജയത്തിൽ പൊടിപൊടിക്കുന്ന കവിക്ക് 'പണ്ടുള്ള പാട്ടിന്റെ തേട്ടമില്ലോർക്ക നീ' എന്നും 'വിരലും നന്നു നന്നെന്നു പിളരാതെ മനക്കാമ്പെ' എന്നും മറ്റും എഴുതുവാൻ കഴിയുമെന്ന് ആര് വിചാരിക്കും?

പുതിയ മണിപ്രവാളരീതി പൂന്തോട്ടത്തു നമ്പൂതിരിയുടെയും, വെണ്മണി അച്ഛൻനമ്പൂതിരിപ്പാട്ടിലേയും ഒറ്റശ്ലോകങ്ങളിൽനിന്നുത്ഭവിച്ചതാകുന്നു.

'താരിത്തന്വീകടാക്ഷഞ്ചലമധുപകുലാ രാമ! രാമാജനാനാം
നീരിത്താര്‍ബാണ! വൈരിജനനികരതമോ മണ്ഡലീചണ്ഡദാനോ'

എന്നു പുനവും മറ്റും ഒറ്റശ്ലോകങ്ങൾ ഉണ്ടാക്കിയതുപോലെ പൂന്തോട്ടവും പച്ചമലയാളത്തിൽ

'മൂടില്ലാത്തൊരുമുണ്ടുകൊണ്ടുമുടിയുംമൂടീട്ടുവന്‍കറ്റയും
ചൂടിക്കൊണ്ടരിവാള്‍പുറത്തുതിരുകി പ്രാഞ്ചിക്കിതച്ചങ്ങനെ
നാടന്‍കച്ചയുടുത്തുമേനിമുഴുവന്‍ ചേറുംപുരണ്ടിപ്പൊഴീ-
പ്പാടത്തിന്നുവരുന്നനിന്‍വരവുകണ്ടേറെക്കൊതിക്കുന്നുഞാന്‍'

എന്നിങ്ങനെയുള്ള ശ്ലോകങ്ങൾ എഴുതിത്തുടങ്ങിയപ്പോൾ മലയാളത്തിൽ കാവ്യരചനയുടെ മട്ടൊന്നുമാറി എന്നു തന്നെ പറയാം. അച്ഛൻ നമ്പൂതിരിപ്പാട്ടിലേയും മകൻ നമ്പൂതിരിപ്പാട്ടിലേയും ഒറ്റശ്ലോകങ്ങളും കവിതകളുംകൂടി ഈ രീതിയെ സ്വീകരിച്ചു. 'നവീനസമ്പ്രദായം' എന്നുവെച്ചാൽ എന്താണെന്നു സകലകവികളും ഇപ്പോൾ അറിഞ്ഞിട്ടുണ്ട്. ആംഗലഭാഷാപ്രചാരവും, അതിൽ നിന്ന് ജനങ്ങൾക്കു സിദ്ധിക്കുന്ന അറിവും അധികമാകുന്നതോടുകൂടി ഈ രീതിയുടെ രസികത്വം മുമ്പത്തേക്കാൾ അധികം അവർക്കു ബോധ്യപ്പെടുന്നുമുണ്ട്.

എന്നാൽ പച്ചമലയാളത്തിൽ, അതായത് സംസ്കൃതപദങ്ങളുടെ സംബന്ധം അശേഷം കൂടാതെ, ഒരു കാവ്യം ഭാഷയിൽ എഴുതുവാൻ ആദ്യമായി ആലോചിച്ചതു കുഞ്ഞിക്കുട്ടൻ തമ്പുരാൻ അവര്‍കളാകുന്നു. അവിടുന്നു മുമ്പു 'വിദ്യാവിനോദിനി' പത്രാധിപരായിരുന്ന സഹൃദയാഗ്രേസരനായ അച്യുതമേനോൻ അവർകളുടെ അപേക്ഷപ്രകാരം 'നല്ലഭാഷ' എന്നൊരു ഗ്രന്ഥം എഴുതുകയുണ്ടായിട്ടുണ്ട്. അത് ആ മാസിക പുസ്തകത്തിൽ തന്നെ പ്രസിദ്ധം ചെയ്തിട്ടുമുണ്ട്. അതിന്നു മുമ്പ് പൂന്തോട്ടത്തു നമ്പൂതിരി, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ മുതലായ ചിലരുടെ ഒറ്റ ശ്ലോകങ്ങൾ മാത്രമേ പച്ചഭാഷയിൽ ഉണ്ടായിരുന്നുള്ളൂ. തമ്പുരാൻ അവർകളുടെ കാവ്യം സാമാന്യംപോലെ നന്നായിട്ടുണ്ടെങ്കിലും അവിടുന്നു കുറെക്കൂടി മനസ്സിരുത്തിയാൽ അത് അതിലധികം നന്നാകുമായിരുന്നു എന്നാണ് അന്ന് പലരും വിചാരിച്ചത്. വെണ്മണി മഹൻ നമ്പൂതിരിപ്പാട്ടിലെ ചില പച്ചമലയാള ശ്ലോകങ്ങൾ ടി. കെ. കൃഷ്ണമേനോനവർകൾ, അദ്ദേഹത്തിന്റെ കൃതികളുടെ മൂന്നാംഭാഗത്തിൽ എടുത്തു ചേർത്തിട്ടുണ്ട്. അവയും വളരെ നന്നായിട്ടുണ്ട് എന്ന് പറവാൻ പാടില്ല. ഇരുവനാട്ട് നാരായണൻ നമ്പ്യാർ അവർകൾ ഉദയാലങ്കാരത്തിൽ പച്ചഭാഷയ്ക്ക് രണ്ടുദാഹരണശ്ലോകങ്ങൾ എഴുതിയിട്ടുള്ളതു നന്നായിട്ടുണ്ട്. പക്ഷേ 'മനസ്', 'സമ്മതം' എന്നീ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. അതുകൂടാതെ കഴിക്കേണ്ടതായിരുന്നു. ആകപ്പാടെ നോക്കിയാൽ കുണ്ടൂർ നാരായണമേനോൻ ബി. എ. അവർകൾ 'കോമപ്പൻ' എന്ന മലയാളകാവ്യം എഴുതി രസികരഞ്ജിനിയിൽ പ്രസിദ്ധീകരിക്കുന്നതുവരെ സംസ്കൃതത്തെ തൊടിയിക്കാതെ ഇത്രയൊക്കെ ഭാഷയിൽ കഴിക്കാമെന്ന് ആരുംതന്നെ വിചാരിച്ചിരുന്നില്ല എന്നുപറഞ്ഞാൽ അശേഷം അതിശയോക്തിയാവുകയില്ലെന്നാണ് എന്റെ വിശ്വാസം.

താളിളക്കം
!Designed By Praveen Varma MK!