Contacts

എ നാരായണപ്പുതുവാള്‍
പത്രചരിത്രം -1

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

ഇംഗ്ലീഷ് പത്രങ്ങളിൽ അധികം പ്രചാരമുള്ളത് 1813ല്‍ ആരംഭിച്ച 'ന്യൂസ് ആഫ് ദി വാല്‍ഡ്' (News of the world) എന്ന പ്രതിവാരപത്രമാകുന്നു. ഇതിന്ന് ശരാശരി 109106 വരിക്കാരുണ്ടത്രേ. 1785 മുതൽക്കു തുടങ്ങിയിട്ടുള്ള ടൈംസ്(Times) എന്ന ദിനസരി പത്രത്തിന് ശരാശരി 51618 പ്രതി ആവശ്യമായിരിക്കുന്നു. വർത്തമാനങ്ങൾകൊണ്ടും പ്രചാരംകൊണ്ടും ഇതിനെ കവച്ചുവെക്കുന്ന പത്രങ്ങളുണ്ടെങ്കിലും സംഭവങ്ങളുടെ സൂക്ഷ്മഗ്രഹണവും കാര്യാകാര്യവിവേചനശക്തിയും ഇതുപോലെ മറ്റൊരു പത്രത്തിന്നും ഇല്ലെന്ന് പരക്കെ സമ്മതിച്ചിട്ടുള്ളതാണ്. ഗൗെരവമേറിയ സംഗതികളിൽ ഗവൺമെന്റിന് സംശയം വന്നിരുന്നാൽ 'ടൈംസി'ന്റെ അഭിപ്രായത്തെ അനുസരിച്ച് പ്രവർത്തിച്ചിട്ടുള്ള കാര്യങ്ങൾ അനവധി ഉണ്ടായിട്ടുണ്ട്. ഈ തരത്തിലൊരു മലയാളപത്രം ഉണ്ടാവാനിടവന്നാൽ (വരുന്ന കാര്യം വളരെ സംശയത്തിലാണ്) അത് നിർവ്വഹിച്ചു പോകേണ്ടതെങ്ങനെയാണെന്ന് ചിലർ ശഹ്കിക്കുന്നുണ്ടെങ്കിൽ ഇങ്ങനെയുള്ള അസാധ്യപ്രവൃത്തി വെറും കൈവേല മാത്രമല്ലെന്നും മൂന്നുനാലുനാഴിക നീളമുള്ള ഒരു കടലാസ് അച്ചടിച്ചു മടക്കി വെട്ടി 25000ഓളം വർത്തമാനപത്രങ്ങളാക്കിത്തരുന്നതിന്നു ഒരു മണിക്കൂറിലധികം സമയം ആവശ്യപ്പെടാത്തതായ യന്ത്രപ്പണിത്തരങ്ങളുടെ ശക്തിവിശേഷം കൊണ്ടാണെന്നും പറയുമ്പോൾ സംശയം തീരുന്നതാണല്ലോ. ഇനി ഭാരതവർഷത്തിൽ പ്രവേശിച്ച് നോക്കട്ടെ.

ഇന്ത്യയിൽ ഏതുകാലം മുതൽക്കാണ് പത്രം ഉൽഭവിച്ചിട്ടുള്ളതെന്ന് താഴെ പറയുന്ന സംഗതികളില്‍നിന്ന് അനുമാനിക്കാമെന്നല്ലാതെ നിശ്ചയിച്ചു പറയുന്നതിന്നുതക്ക തെളിവുകൾ ഒന്നും കാണുന്നില്ല. നാലാമത്തെ ഗവർണർജനറലായിരുന്ന ലോർഡ് വെല്ലസ്ലി (Lord Wellesley)യുടെ കാലം മുതൽക്കാണ് വർത്തമാനപത്രങ്ങളേപ്പറ്റി ചിലതെല്ലാം പ്രസ്താവിച്ചു കാണുന്നത്. അന്ന് പത്രങ്ങൾക്കും മുദ്രാലയങ്ങൾക്കും അശേഷം സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഗവൺമെന്റിനോ മതങ്ങൾക്കോ വിരോധമുണ്ടാകാനിടയുള്ള വർത്തമാനങ്ങൾ പത്രങ്ങളിൽ പ്രസ്താവിച്ചിരുന്നാല്‍ പത്രാധിപന്മാരില്‍ ഇംഗ്ലീഷുകാരെ ശീമയ്ക്കയക്കുകയും മറ്റുള്ളവരെ ശിക്ഷിക്കുകയും പതിവായിരുന്നു. 1794 ല്‍ കൽക്കട്ടയിലുണ്ടായിരുന്ന 'വറള്‍ഡ' (World) എന്ന പത്രത്തിൽ സൈന്യങ്ങൾക്ക് ദ്വേഷഹേതുജനകമായ സംഗതി പ്രസിദ്ധപ്പെടുത്തിയ കുറ്റത്തിന് പത്രാധിപർ മിസ്റ്റർ ഡ്വൈന്‍ (Dwane) എന്നയാളെ ബ്ലാത്തിക്കയച്ചു. അടുത്തകൊല്ലത്തിൽത്തന്നെ ഒരു മജിസ്ട്രേട്ടിന്റെ നടപടിത്തെറ്റിനെപറ്റി 'ടെലിഗ്രാഫ്' (Telegraph)എന്ന പത്രത്തിൽ പ്രസ്താവിച്ചകാരണത്താൽ ആ പത്രാധിപർക്കും ഇന്ത്യാരാജ്യം ഉപേക്ഷിക്കേണ്ടിവന്നു. മറ്റൊരു സംഗതിക്കു 'കൽക്കട്ട ജനറലി'ന്റെ പത്രാധിപർക്ക് ഇന്ത്യ വിട്ടുപോകുവാനുള്ള കൽപ്പന കിട്ടി. ഇതിനുശേഷം 1823ല്‍ അച്ചടിലൈസൻസ്ആക്ട് നടപ്പാക്കി. അതുകൊണ്ട് ലൈസൻസ് കൂടാതെ ഏർപ്പെടുത്തുന്ന മുദ്രാലയങ്ങളെയും ആവശ്യമെന്ന് തോന്നുന്നപക്ഷം ഒരു ബുക്കിന്റേയോ പത്രത്തിന്റേയോ പ്രചാരത്തേയും ഇല്ലായ്മചെയ്യുന്നതിനും ഗവൺമെന്റിലേക്ക് അധികാരം സിദ്ധിച്ചു. ഈ അധികാരം ആദ്യമായി ചിലത്തിയത് 'കൽക്കട്ടജനറലി'ന്റെ നേരെത്തന്നെയായിരുന്നു. പരിഷ്കാരത്തിന്റെ ശ്വാസകോശങ്ങൾ ഈ വിധം പൊത്തിപ്പിടിച്ചിരുന്ന കാലത്തും പരാക്രമംകൊണ്ട് പൊട്ടിപ്പുറപ്പെടുന്ന ദീർഘശ്വാസംപോലെ ഇടയ്ക്കിടെ ചില പത്രങ്ങൾ ഉത്ഭവിച്ചിട്ടുണ്ട്. അവയെല്ലാം അല്പപ്രചാരംകൊണ്ട് അകാലമരണം പ്രാപിച്ചവയാകുന്നു. ലൈസൻസ് ആക്ട് മെറ്റ്കാഫ് (Metcalph)എന്ന മഹാന്റെ കാലത്ത് 1835ല്‍ ദുർബലപ്പെടുത്തി പത്രങ്ങളിൽ അഭിപ്രായം യഥേഷ്ടം ഘോഷിപ്പാനുള്ള സ്വാതന്ത്ര്യം കൊടുത്തു. അത് 1857വരെ നിലനിന്നു. അതിനിടയിൽ 5 നാട്ടുപത്രങ്ങളും 3 ദിനസരിപത്രങ്ങളോടുകൂടി 6 ഇംഗ്ലീഷ് പത്രങ്ങളുമുണ്ടായിരുന്നു. ജനിച്ച ദിവസംതന്നെ മരിക്കുന്നത് കൊണ്ട് ദിനസരിപത്രങ്ങളായതാണെന്നുള്ള പരിഹാസവാക്കിന്ന് അന്നത്തെ ചില പത്രങ്ങളും പാത്രങ്ങളായിത്തീർന്നിട്ടുണ്ട്.

താളിളക്കം
!Designed By Praveen Varma MK!