Contacts

ഉള്ളൂര്‍ എസ്സ്. പരമേശ്വരയ്യര്‍, എം. എ. ബി. എല്‍.

നൂറു നല്ല ഭാഷാ ഗ്രന്ഥങ്ങൾ

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

ആരെങ്കിലും ഈ നൂറുപുസ്തകങ്ങളെയും സൗകര്യംപോലെ പ്രസിദ്ധപ്പെടുത്തി ചുരുങ്ങിയ ആദായത്തിനു വിൽക്കുകയാണെങ്കിൽ അവയെ മൊത്തത്തിൽ വാങ്ങുവാൻ വളരെ ആളുകൾ ഉണ്ടാകാതെയിരിക്കുകയില്ലെന്നാണ് ഞാൻ ഉറപ്പായി വിശ്വസിക്കുന്നത്. ഇതിലേക്ക് മാത്രം വേണ്ട പകർപ്പവകാശം ഭാഷയുടെ അഭ്യൂദയത്തെ കാംക്ഷിക്കുന്നവർ ഒഴിഞ്ഞു കൊടുക്കാതെയുമിരിക്കുകയില്ല. ഈ വിധത്തിലുള്ള പട്ടികയെക്കൊണ്ടുണ്ടാകാവുന്ന വേറെ ഒരു ഗണനീയമായ ഗുണം, ഇത് ഭാഷാഗ്രന്ഥങ്ങളുടെ താരതമ്യവിവേചനത്തിന് അശക്തമായ ജനസാമാന്യത്തിനു സ്വല്പമെങ്കിലും ഉപകാരപ്രദമാകാതെയിരിക്കുകയില്ലെന്നുള്ളതാണ്. മാർഗദർശകമായ ഒരു ഗ്രന്ഥപട്ടികയുടെ ആവശ്യകത കേരളത്തിന്റേയും പ്രത്യേകിച്ച് തിരുവിതാംകൂറിന്റേയും ആധുനികാവസ്ഥയെ പര്യാലോചിക്കുമ്പോൾ തുലോം അധികമായും ഇരിക്കുന്നു. ദോഷഭൂയിഷ്ടങ്ങളായ പുസ്തകങ്ങളെ പ്രസിദ്ധീകരിക്കുവാൻ ബദ്ധകങ്കണന്മാരായ അച്ചുകൂടമുടമസ്ഥന്മാർ തിരുവിതാംകൂറിലെപ്പോലെ കേരളത്തിന്റെ അന്യഭാഗങ്ങളിലില്ലെന്നുള്ളത് മാർജ്ജനം ചെയ്‍വാൻ യാതൊരു വിധത്തിലും പാടുള്ളതല്ലാത്ത ഒരു വാസ്തവമാകുന്നു. ഒരു ഭാഷയുടെ ശൈശവാവസ്ഥയിൽ ഏതു പുസ്തകത്തിനും ഉണ്ടാകാവുന്ന പ്രചാരം, അത് സംബന്ധിച്ചു ചെയ്യപ്പെടുന്ന പരസ്യത്തെമാത്രം ആശ്രയിച്ചിരിക്കുമെന്നുള്ളത് ഒരു പ്രസിദ്ധ ന്യായമാകുന്നു. അതിനാൽ ഈ ദുഷ്യഗ്രന്ഥങ്ങളെ ജനങ്ങൾ വങ്ങാതെയിരിക്കണമെങ്കിൽ സല്‍ഗ്രന്ഥങ്ങൾ ഇന്നതെന്നു അവരെ കാലേകൂട്ടിധരിപ്പിക്കേണ്ടിയിരിക്കുന്നു. പിന്നെയൊരുപയോഗം ഈ വിധത്തിലുള്ള ഒരു പട്ടികകൊണ്ടു വരാവുന്നതായി എനിക്ക് തോന്നുന്നത് സർവ്വകലാശാലയിലും നമ്മുടെ ഗവൺമെന്റുകളിലും കുറേക്കൂടി നല്ല ഗ്രന്ഥങ്ങൾ പാഠപുസ്തകങ്ങളായി സ്വീകരിക്കപ്പെട്ടേക്കാമെന്നുള്ളതാകുന്നു. 'ഗണപതി ഭഗവാനുമബ്ജയോനി' എന്നോ 'അക്കാലങ്ങളിലതിഭുജവിക്രമ' എന്നോ തുടങ്ങിയ വരികൾ പദ്യസ്ഥാനത്തിലും നിദ്രാണന്റെ ഭാഗ്യോദയമോ', 'അതിശയമാര്‍ന്ന നിലവിളക്കോ', 'സിമ്പാദിന്റെ കപ്പലോട്ടമോ' ഗദ്യസ്ഥാനത്തിലും മട്രിക്കലേഷന്‍ പാഠപുസ്തകങ്ങളിൽ പതിവായി കാണുന്നവർ ഇവയൊഴിച്ചു കേരള ഭാഷയിൽ വേറെ സാഹിത്യമില്ലെന്ന് സംശയിച്ചുപോകും. അതുപോലെതന്നെ കുചേലവൃത്തം വഞ്ചിപ്പാട്ടും സഭാപ്രവേശം തുള്ളലും പോരെങ്കിൽ 'മാർത്താണ്ഡവർമ്മ' നോവലും നമ്മുടെ പാഠപുസ്തക കമ്മറ്റിക്കാർ ഒന്നിലധികം ആണ്ടുകളിലേക്ക് തിരഞ്ഞെടുക്കുമ്പോൾ ഇവയോടു കൂടി മലയാളത്തിൽ പാഠപുസ്തകങ്ങളാക്കാവുന്ന ഭാഷാഗ്രന്ഥങ്ങളുടെ ലിസ്റ്റ് അവസാനിച്ചു പോയോ എന്നും ചിലർക്കു ശങ്കിക്കുവാൻ അവകാശമുണ്ടാകുന്നു. ഈ മൂന്നും ഉത്തമഗ്രന്ഥങ്ങൾ തന്നെ എന്നു ഞാൻ തലകുലുക്കിക്കൊണ്ട് സമ്മതിക്കുന്നു. എന്നാൽ ഇവപോലെ ഉത്തമങ്ങളായി ഇനിയും പല ഗ്രന്ഥങ്ങളുണ്ടെന്നുള്ള ഭാഗം കമ്മറ്റിക്കാര്‍ മറന്നു**കളയരുതെന്നു മാത്രമേ ഇവിടെ അപേക്ഷയുള്ളു. ഭാഷാഗ്രന്ഥകാരന്മാർക്കു പൊതുവേ സങ്കടമുള്ള ഈ വിഷയത്തിലേക്ക് ഞാൻ ഇപ്പോൾ ചെയ്ത വ്യതിയാനം അനാവശ്യകമാണെന്നു തോന്നുന്ന മഹാജനങ്ങളോട് ഇതേ അവസരത്തിൽതന്നെ ക്ഷമയാചനവും ചെയ്തു കൊള്ളുന്നു.

പുസ്തകം  -  നിർമ്മാതാവ്

മഹാഗാനങ്ങള്‍
കൃഷ്ണഗാഥ  -  ചെറുശ്ശേരി നമ്പൂതിരി
അധ്യാത്മരാമായണം  -  തുഞ്ചത്തെഴുത്തച്ഛൻ
ശ്രീമഹാഭാരതം  -  ടി എഴുത്തച്ഛൻ
ഹലാസ്യമഹാത്മ്യം  -  ചാത്തുക്കുട്ടി മന്നാടിയാർ
ശ്രീമത്‍ഭാഗവതം  -  തുഞ്ചത്തെഴുത്തച്ഛൻ
നിരണം വൃത്തം രാമായണം  -  കണ്ണശ്ശ പണിക്കാർ
കേരളവർമ്മ രാമായണം  -  കേരളവർമ്മ രാജാവ്
നളചരിതം  -  കുഞ്ചൻ നമ്പ്യാർ
കാവേരി മാഹാത്മ്യം  -  ശുപ്പുമേനോൻ
സേതുപുരാണം  -  രാഘവപ്പിഷാരടി
ഭദ്രോല്പത്തി  -  കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ
ചിന്താരത്നം  -  തുഞ്ചത്തെഴുത്തച്ഛൻ
ജ്ഞാനവാസിഷ്ഠം  -  വരവൂര്‍ ശാമുമേനോന്‍
ഉത്തരരാമായണം  -  കുഞ്ചൻ നമ്പ്യാർ
സ്കാന്ദപുരാണം  -  സൂരി എഴുത്തച്ഛന്‍
ശിവപുരാണം  -  തുഞ്ചത്തെഴുത്തച്ഛൻ
പഞ്ചതന്ത്രം  -  കുഞ്ചൻ നമ്പ്യാർ
ദേവി മഹാത്മ്യം  -  തുഞ്ചത്തെഴുത്തച്ഛൻ
ബ്രഹ്മാണ്ഡപുരാണം  -  കരുണാകരൻ എഴുത്തച്ഛൻ
ഭാഗവതം (ഏകാദശം)  -  എഴുവത്തു നാണുക്കുട്ടിമേനോന്‍
ഏകാദശി മാഹാത്മ്യം  -  കല്ക്കത്ത് രാഘവൻനമ്പ്യാർ
അത്ഭുതരാമായണം  -  വരവൂര്‍ ശാമുമേനോന്‍
വൈരാഗ്യചന്ദ്രോദയം  -  കേരളവർമ്മരാജാവ്

ഖണ്ഡഗാനങ്ങള്‍
കുഞ്ചൻ നമ്പ്യാരുടെ തുള്ളല്‍കഥകള്‍ (കിട്ടുന്നിടത്തോളവും)
ഇരുപത്തിനാലുവൃത്തം  -  തുഞ്ചത്തെഴുത്തച്ഛൻ
സന്താനഗോപാലം തുള്ളല്‍  -  വിദ്വാൻ കോയിത്തമ്പുരാൻ
സന്താനഗോപാലം പാന  -  പൂന്താനം നമ്പൂതിരി
സുഭദ്രാഹരണം തിരുവാതിരപ്പാട്ട്  -  ഇരയിമ്മൻ തമ്പി
ജ്ഞാനപാന  -  പൂന്താനം നമ്പൂതിരി
കുചേലവൃത്തം വഞ്ചിപ്പാട്ട്  -  രാമപുരത്ത് വാര്യർ
പത്തു വൃത്തവും പതിനാലു വൃത്തവും  -  കുഞ്ചൻ നമ്പ്യാർ
ശീലാവതി  -  കുഞ്ചൻ നമ്പ്യാർ
കിരാതം കുറത്തിപ്പാട്ട് പാട്ട്  -  കുട്ടികുഞ്ഞു തങ്കച്ചി

ആട്ടക്കഥകൾ
അശ്വതി തിരുനാൾ മഹാരാജാവ് തിരുമനസ്സിലെ നാലു കഥകളും
കോട്ടയത്ത് രാജാവിന്റെ നാല് കഥകൾ
രാവണവിജയം  -  വിദ്വാൻ കോയിത്തമ്പുരാൻ
ഇരയിമ്മൻതമ്പിയുടെ മൂന്ന് കഥകളും
നളചരിതം  -  ഉണ്ണായിവാര്യർ
ബാണയുദ്ധം  -  രാമശാസ്ത്രികള്‍
ശാകുന്തളം  -  രാഘവൻ നമ്പ്യാർ
കംസവധം  -  രവിവർമ്മകോയിത്തമ്പുരാൻ
ദുര്യോധനവധം  -  വയസ്ക്കര മൂസ്സ്
ഹരിശ്ചന്ദ്രചരിതം  -  രാമൻപിള്ള ആശാൻ
ബാലിവിജയം  -  കല്ലൂർ നമ്പൂതിരിപ്പാട്
കാർത്തവീര്യവിജയം  -  പുതിയിക്കല്‍ തമ്പാൻ
നരകാസുരവധം  -  കാർത്തിക തിരുനാൾ മഹാരാജാവും അശ്വതിയും തിരുനാൾ മഹാരാജാവും
സർവ്വജ്ഞവിജയം  -  അനന്തപുരത്ത് മൂത്തകോയിത്തമ്പുരാൻ
സുന്ദരീസ്വയംവരം  -  കാരാത്ത് സുബ്രഹ്മണ്യൻപോറ്റി

രൂപകങ്ങൾ
ഭാഷാശാകുന്തളം  -  വലിയകോയിത്തമ്പുരാൻ
ഉത്തരരാമചരിതം  -  ചാത്തുക്കുട്ടി മന്നാടിയാർ
കവിസഭാരഞ്ജനം  -  ചങ്ങനാശ്ശേരി രവിവര്‍മ്മകോയിത്തമ്പുരാന്‍
ഉമാവിവാഹം  -  കൊച്ചുണ്ണിത്തമ്പുരാൻ
ജാനകീപരിണയം  -  ചാത്തുക്കുട്ടി മന്നാടിയാർ
കുചേലഗോപാലം  -  കൊട്ടാരത്തിൽ ശങ്കുണ്ണി
ചന്ദ്രിക  -  കുഞ്ഞുകുട്ടൻത്തമ്പുരാൻ
മാധവീശേഖരം  -  ചക്രപാണിവാര്യർ
ഭഗവദ്ദൂത്  -  നടുവത്തച്ഛൻനമ്പൂതിരി
മാലതീമാധവം  -  കൊട്ടാരത്തിൽ ശങ്കുണ്ണി
ആശ്ചര്യചൂഡാമണി  -  കുഞ്ഞുകുട്ടൻത്തമ്പുരാൻ
വിക്രമോര്വശീയം  -  കൊട്ടാരത്തിൽ ശങ്കുണ്ണി
ലക്ഷണാസംഗം  -  കുഞ്ഞുകുട്ടൻത്തമ്പുരാൻ
ദേവിവിലാസം  -  കൊട്ടാരത്തിൽ ശങ്കുണ്ണി
മാളവികാഗ്നിമിത്രം  -  കുണ്ടൂർ നാരായണമേനോൻ ബി എ

കാവ്യങ്ങൾ
മയൂരസന്ദേശം  -  വലിയകോയിത്തമ്പുരാൻ
ഭാഷാകൃഷ്ണവിലാസം  -  കവിയൂർ രാമൻ നമ്പ്യാർ
(കവനോദയത്തില്‍ പ്രസിദ്ധീകരിച്ചു തീരാറായി)
ഉഷാകല്യാണംചമ്പു  -  ചങ്ങനാശ്ശേരി രവിവർമ്മകോയിത്തമ്പുരാൻ
ഭാരതചമ്പു  -  പുനംനമ്പൂതിരി
ഭാഷാനൈഷധചമ്പു  -  മഴമംഗലം നമ്പൂതിരി
വെൺമണി നമ്പൂതിരിപ്പാടന്മാരുടെ കൃതികൾ
ഭാഷാഭോജചമ്പു  -  കമ്പുടനാട്ടു കൃഷ്ണവാരിയർ
ആര്യാശതകം  -  ചങ്ങനാശ്ശേരി രവിവർമ് കോയിത്തമ്പുരാൻ
ഉത്തരരാമായണചമ്പു  -  പുനം നമ്പൂതിരി
രാമായണചമ്പു  -  പുനം നമ്പൂതിരി (കിട്ടിയേടത്തോളം)
ചന്ദ്രോത്സവം  -  മേൽപ്പത്തൂർ ഭട്ടത്തിരിപ്പാട്
കോമപ്പൻ  -  കുണ്ടൂർ നാരായണമേനോൻ ബിഎ
മധുവിലാസം  -  വള്ളത്തോൾ നാരായണമേനോൻ
ഭാഷാനാരായണീയം  -  കെ സി കേശവപിള്ള
അമരുകശതകം  -  വലിയകോയിത്തമ്പുരാൻ
രാജാ കേശവദാസൻ  -  കൊട്ടാരത്തിൽ ശങ്കുണ്ണി
അന്യാപദേശശതകം  -  വലിയകോയിത്തമ്പുരാൻ
ആസന്നമരണചിന്ത  -  കെ സി കേശവപിള്ള
ഭാഷാകുമാരസംഭവം  -  ഏ ആര്‍ രാജരാജവർമ്മ കോയിത്തമ്പുരാൻ
അന്യാപദേശമാല  -  ഗ്രാമത്തിൽ രാമവർമ്മകോയിത്തമ്പുരാൻ
ഷഷ്ടിപൂർത്തിഷഷ്ടി  -  കെ സി കേശവപിള്ള
ബല്ലൂർ മഹാത്മ്യം  -  പുനം നമ്പൂതിരി
പ്രിയവിലാപം  -  എം രാജരാജവർമ്മ എം എ ബി എൽ

ഗദ്യകൃതികൾ
ഇന്ദുലേഖ  -  ഒ ചന്തുമേനോൻ
മാർത്താണ്ഡവർമ  -  സി വി രാമൻപിള്ള ബി എ
കുന്ദലത  -  അപ്പു നെടുങ്ങാടി ബി എ ബി എൽ
ശാരദ  -  ഒ ചന്തുമേനോൻ
അക്ബർ  -  വലിയകോയിത്തമ്പുരാൻ
മീനാക്ഷി  -  ചാത്തുനായർ
ചന്ദ്രഹാസൻ  -  ടി കെ കൃഷ്ണമേനോൻ
സരസ്വതീവിജയം  -  പി കുഞ്ഞമ്പു
കമല  -  സി ഗോപാലൻ നായർ
മീനകേതനചരിത്രം  -  ആയില്യം തിരുനാൾ മഹാരാജാവ്
രസലേശിക  -  പി കണാരൻ ബി എ
പറങ്ങോടീപരിണയം  -  അജ്ഞാത നാമം
നാലുപേരിലൊരുത്തൻ  -  സി അന്തപ്പായി
ബെക്കന്റെ പ്രസംഗങ്ങൾ  -  കെസി മാമൻ മാപ്പിള ബിഎ
പ്രാചീനാര്യാവർത്തം  -  ടി കെ കൃഷ്ണമേനോൻ

ആരൂരടിപ്പാട്, ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ മുതലായ ചില പണ്ഡിതസാർവ്വഭൗമന്മാർ അവരുടെ പ്രസിദ്ധ ഗ്രന്ഥങ്ങളൊക്കെയും സംസ്കൃതത്തിൽ തന്നെയാണ് നിർമ്മിച്ചത്. കടത്തനാട് വാസുനമ്പി മുതലായ ചില വശ്യവാക്കുകളായ കവികളുടെ വിഷയത്തിൽ അവർ എഴുതീട്ടുള്ള ഭാഷകവിതകൾ കൂടിയും അപ്രസിദ്ധങ്ങളായി കിടക്കുന്നു. അയിരൂര്‍ നാരായണൻ നമ്പൂതിരി, ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി മുതലായവർ ഒറ്റ ശ്ലോകങ്ങളല്ലാതെ ഒന്നുമുണ്ടാകുകയില്ലെന്നു ശപഥം ചെയ്തിരിക്കുന്നുവോ എന്ന് തോന്നും. വള്ളത്തോൾ നാരായണമേനോൻ തുടങ്ങിയുള്ള ചില വാസനാകവികളിൽ നിന്നു ഭാവി കാലത്തിൽ നമുക്ക് വളരെ ആശിക്കാൻ അവകാശമുണ്ട്. എല്ലാറ്റിനും മുകളിൽ ഉത്സാഹസ്തംഭമായ കൊടുങ്ങല്ലൂരിലെ ഭാഷാവേദവ്യാസനും അവിടത്തേക്ക് മുകളിൽ ഭാഷാകവിരാജ്യത്തിന്റെ ഏകചത്രാധിപതിപത്യം വഹിച്ച കേരള കാളിദായനായ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടും (അവിടുന്ന് ആയുരാരോഗ്യസൗഖ്യൈശ്വര്യങ്ങളോടുകൂടി ഭാഷയുടെ ജീവനായി അനേകം വർഷങ്ങൾ ഇനിയും ഇതുപോലെ ജയിക്കട്ടെ) സമുല്ലസിക്കുമ്പോൾ ഭാഷയിൽ പദ്യകാവ്യങ്ങൾക്ക് ഉല്‍ഗതിക്കല്ലാതെ മാർഗമില്ലെന്നു പറയുവാൻ ആർക്കും വേണ്ട ദിവ്യചക്ഷുസ്സു വേണ്ട. എന്നാൽ മലയാളഭാഷയിലുള്ള ഗദ്യഗ്രന്ഥങ്ങളെപ്പറ്റി രണ്ടു വാക്കു ഈ അവസരത്തിൽ പറയാതെ നിവൃത്തിയില്ല താനും. ഇത് വഴിയേ ചെയ്തുകൊള്ളാം.

താളിളക്കം
!Designed By Praveen Varma MK!