Contacts

ചൂണ്ടയിൽ സി. രാഘവപ്പുതുവാൾ

മലയാള പത്രങ്ങളും മാസികകളും

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

ഈ ഇംഗ്ലീഷ് പത്രങ്ങളും മാസികകളും കണ്ടിട്ട് വേണ്ടില്ലെന്നു തോന്നുകയാൽ ക്രമേണ സ്വദേശാഭിമാനികളായ പലരും ഇന്ത്യയിൽ തങ്ങളുടെ ഭാഷയിലും വർത്തമാനപത്രങ്ങൾ നടത്തുവാൻ തുടങ്ങി. പക്ഷേ മലയാളത്തിൽ ഈ സമ്പ്രദായം കടന്നുപിടിച്ചിട്ട് ഇപ്പോൾ 30 കൊല്ലത്തിലധികം ആയിട്ടില്ല. മലയാളത്തിൽ വർത്തമാന കടലാസുകൾ ഉണ്ടെന്ന് ജനങ്ങൾക്ക് മനസ്സിലാക്കിയത് തന്നെ 'കേരളപത്രിക'യാണെന്ന്കൂടി പറയാവുന്നതാണ്. അപരിഷ്കൃതരായ കാരണവന്മാർ ഇപ്പോഴും എല്ലാ വർത്തമാനകടലാസുകളേയും കേരളപത്രിക എന്നുവിളിച്ചു വരുന്നുണ്ടല്ലോ. ഏതായാലും ഈ 30 കൊല്ലങ്ങൾക്കിടയിൽ അനവധി പത്രങ്ങളും മാസികകളും പുറപ്പെടുകയും അനവധി അൽപ്പായുസ്സായി അവസാനിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ മലയാളഭാഷയിൽ മാസികകളും പത്രങ്ങളുമായി അമ്പതിലധികമുണ്ടെന്ന് തോന്നുന്നില്ല.

മലയാള പത്രങ്ങളിൽ മിക്കതിലും മുഖ്യമായി ഗവൺമെന്റിനേപ്പറ്റിയും സ്വദേശവർത്തമാനങ്ങളേപ്പറ്റിയും ദുർലഭം ചില പരദേശവർത്തമാനങ്ങളേപ്പറ്റിയും ആണ് പ്രതിപാദിക്കാറുള്ളത്. മാസികകളിലാകട്ടെ ഗവൺമെന്റിനെപ്പറ്റി ശ്രദ്ധിക്കാറേ ഇല്ല. അവയുടെ പ്രവൃത്തി ഭാഷയെ പോഷിപ്പിക്കുകയും ജനങ്ങളെ പരിഷ്കരിക്കുകയുമാണ്. എല്ലാംകൊണ്ടും ഇംഗ്ലീഷ് കടലാസുകളെ മാതൃകകളാക്കിത്തന്നെയാണ് മലയാളക്കടലാസുകൾ പുറപ്പെടുന്നതെന്ന് അവ വായിച്ചാൽ നല്ലവണ്ണം വെളിവാക്കുന്നുണ്ട്.

ഈവിധം നമ്മുടെ പത്രങ്ങളുടെയും മാസികകളുടെയും ഉൽപ്പത്തിയും അവയ്ക്ക് കാലാനുസരണമായി സംഭവിച്ച അഭിവൃദ്ധിയും പറഞ്ഞു കഴിഞ്ഞതിന്റെശേഷം ഇനി നാം വായിച്ചുവരുന്നതും ഇപ്പോൾ നടപ്പുള്ളതുമായ ഇംഗ്ലീഷ് മലയാളപത്രങ്ങളുടെ സ്ഥിതിയെപ്പറ്റി ആലോചിക്കുന്നത് അനാവശ്യമായിരിക്കയില്ലല്ലോ. വാസ്തവത്തിൽ മുന്നൂറു കൊല്ലങ്ങൾക്ക് മുമ്പുണ്ടായി വളരെ അഭിവൃദ്ധിയോടുകൂടി വളർന്ന ഇംഗ്ലീഷ് പത്രങ്ങളെ മുപ്പതുകൊല്ലമായുണ്ടായ മലയാളപത്രങ്ങളോടു താരതമ്യപ്പെടുത്തുന്നത് തീരെ അനുചിതവും അസാദ്ധ്യവും ആണെന്നും പലരും അഭിപ്രായപ്പെടാതിരിക്കുകയില്ല. സെഞ്ചുറി, മദിരാശിമെയിൽ, മുതലായ ഇംഗ്ലീഷ് പത്രങ്ങളുടെയും മാസികകളുടെയും സ്ഥിതി എവിടെക്കിടക്കുന്നു? മനോരമ, കേരളമിത്രം, ശോഭിനി മുതലായ മലയാളപത്രങ്ങളുടെ സ്ഥിതി എവിടെക്കിടക്കുന്നു? അവാസ്തവികങ്ങളായ വിഷയങ്ങളെ പ്രതിപാദിക്കാതിരിപ്പാൻ ഇംഗ്ലീഷുപത്രങ്ങൾ പ്രത്യേകമായി ശ്രദ്ധിവെച്ചുവരുന്നുണ്ട്. പ്രകൃതിശാസ്ത്രം, സ്വജനപരിഷ്കാരം, മതവിശ്വാസം, ഗവൺമെന്റുവിഷയം മുതലായവയെ പ്രതിപാദിക്കാൻ ഇംഗ്ലീഷിൽ വെവ്വേറെ പത്രങ്ങളും മാസികകളും ഉള്ളതുകൊണ്ട് അതാതിന്റെ പ്രവൃത്തി അതാതു പത്രം ശരിയായി ചെയ്കയും തന്നിമിത്തം സർവ്വവിഷയത്തിലും ഒരുപോലെ അഭിവൃദ്ധി ഉണ്ടാവുകയും ചെയ്യുന്നു. വളരെ യോഗ്യന്മാരായിട്ടുള്ളവരെയാണ് ഇംഗ്ലീഷ് പത്രങ്ങളിൽ ലേഖകന്മാരായി നിശ്ചയിക്കാറുള്ളത്. അതുകൊണ്ട് ഒരു ഉന്നതപദവി ഇംഗ്ലീഷുപത്രങ്ങൾക്ക് സിദ്ധിച്ചിട്ടുണ്ടെന്നതിനു സംശയമില്ല.

എന്നാൽ ഒരാൾ സൂക്ഷ്മദൃഷ്ട്യാ നോക്കുമ്പോൾ പലേ ഇംഗ്ലീഷ് പത്രങ്ങളിലും ഓരോ ദൂഷ്യങ്ങൾ കാണുമായിരിക്കാം. എങ്കിലും രണ്ടുംകൂടി തട്ടിച്ചുനോക്കുമ്പോൾ ഇംഗ്ലീഷുപത്രങ്ങൾ വളരെയധികം യോഗ്യതയുള്ളവയെന്നുമാത്രമേ പറയുന്നുള്ളൂ. ഇംഗ്ലീഷ് രാജഭാഷയാകയാലും ജനങ്ങൾക്ക് രാജഭ്രമം വർദ്ധിക്കുന്നത് സാധാരണയാകയാലും പുതിയ പരിഷ്കാരികൾ ഇംഗ്ലീഷുപത്രങ്ങളെ ബഹുമാനിക്കാറുണ്ടെന്നതിനെ അനുസരിച്ചോ അടിസ്ഥാനമാക്കുകയോ ഞാൻ പറയുന്നില്ല. ഭാഷാസാന്നിദ്ധ്യം ഇതിൽ നോക്കേണ്ട ആവശ്യമുണ്ടോ?

മലയാളത്തിൽ പലേ പത്രങ്ങളും മാസികകളും നടക്കുന്നുണ്ടല്ലോ. ഇവയിൽ ഒന്നിന്റേയും ഉദ്ദേശ്യം യഥാർത്ഥമായി നോക്കുമ്പോൾ വായിക്കുന്നവരെ മുഷിപ്പിക്കേണമെന്നോ മൂഢാത്മാക്കളെ വ്യാജോക്തി കൊട്ടിഘോഷിച്ച് രസിപ്പിക്കേണമെന്നോ ആയിരിക്കയില്ലെന്നു നിസ്സംശയം പറയാവുന്നതാകുന്നു. എന്നാൽ ഇപ്പോൾ കണ്ടുവരുന്ന പലേ പത്രങ്ങളുടെയും അവയെ വരുത്തി വായിക്കുന്നവരുടേയും ഏഴരശ്ശനി ആലോചിച്ചാൽ ആരും പരിതപിക്കാതിരിക്കുമോ? 'ഭിന്നരുചിര്‍ഹിലോകഃ' എന്നിരിക്കെ പത്രപാഠകന്മാരെ എല്ലാവരേയും ഒരുപോലെ രസിപ്പിക്കേണമെന്ന് ഞാൻ വിവക്ഷിക്കുന്നില്ല. അപ്രകാരം വിവക്ഷിച്ചാല്‍ തന്നെ അത് ന്യായമാവുകയും

ഇല്ല. പക്ഷേ അധികപക്ഷം വായനക്കാരെങ്കിലും രുചിപ്പിക്കേണ്ടയോ എന്ന് ഞാൻ ശങ്കിക്കുന്നു. അനവധി ജനങ്ങൾ പത്രംവരുത്തി പഞ്ചസാര പൊതിയുവാൻ ഉപയോഗിക്കുന്നു. അനവധി ജനങ്ങൾ പത്രാധിപന്മാരുടേയോ മാനേജരുടേയോ സേവക്ക് പത്രംവരുത്തി തങ്ങളുടെ കുട്ടികൾക്ക് പുസ്തകം പൊതിയുവാൻ കൊടുക്കുന്നു. അനവധിപേർ അഭിമാനത്തിനുവേണ്ടി വർത്തമാനപത്രങ്ങൾ വരുത്തുകയും വായിക്കാതെ വൃഥാ കെട്ടിവെക്കുകയും ചെയ്യുന്നു. ഇതിനെല്ലാം കാരണമെന്തായിരിക്കും? ആദ്യം ഒന്നുരണ്ടു പത്രങ്ങൾ വായിച്ചുനോക്കുമ്പോൾ സ്വീകാര്യയോഗ്യമോ ഗ്രാഹ്യമോ ആയി യാതൊരു വിഷയവും ഇല്ലെന്നു കണ്ടാൽ പിന്നെ ആ പത്രം വരുമ്പോൾ ആരെങ്കിലും തിരിഞ്ഞു നോക്കുമോ? ചില പത്രാധിപന്മാർ വല്ല 'കല്ലുവെച്ച' വിഡ്ഢിത്തവും എഴുതി കടലാസിലെ സ്ഥലം ഒരുവിധം കഴിക്കും. ചിലർ നാട്ടുകാരേയും ഗവൺമെന്റിനേയും വൃഥാ ദുഷിച്ച് മാനനഷ്ടക്കേസ്സിലും വികടങ്ങളിലും ചാടിവീഴും. ചിലർ ഉദ്യോഗസ്ഥൻമാരുടെയും മഹാന്മാരുടെയും സേവയ്ക്ക് മുഖസ്തുതിവെച്ച് വിലക്കി പത്രസ്ഥലം മുടക്കും. ചിലർ ആകപ്പാടെ നാലുഭാഗമുള്ള പത്രത്തിൽ മൂന്നുഭാഗവും പരസ്യവും വഷളായ ചിത്രവുമായിക്കഴിക്കും. ഇവയുടെ ഇടയിൽ നന്മയുടെ വല്ല ഒരു കരടും പെട്ടാൽ പത്രപാഠകന്മാരുടെയും ലോകത്തിന്റേയും സുകൃതം. ഈവിധത്തിലാകുന്നു ഇവിടങ്ങളിൽ നടപ്പുള്ള മിക്ക മലയാളപത്രങ്ങളുടെയും സ്ഥിതി. മാസികകളുടെ സ്ഥിതി ഏകദേശം ഇതുപോലെതന്നെയാണ്. എങ്കിലും രാജസേവയും മുഖസ്തുതിയും കുറയുമെന്ന് ചുരുങ്ങിയ ഒരു ആശ്വാസമുണ്ട്. വല്ല കവിയശഃപ്രാര്‍ത്ഥികളും

"ഉത്തിഷ്ഠോത്തിഷ്ഠരാജേന്ദ്രമുഖം പ്രക്ഷാളയസ്വടഃ
ഏഷആഹായതേകക്കുചവൈതുഹിചവൈതുഹി"

എന്നപോലെ വല്ല മുറി ശ്ലോകമുണ്ടാക്കി അയച്ചാൽ അവക്ക് നിശ്ചയമായും ഇപ്പോൾ മാസികകളിൽ ഒരു ആദ്യാവസാനപദവി ലഭിക്കുന്നതാകുന്നു.

മലയാള പത്രങ്ങൾ വേണ്ടപോലെ നടത്തുന്നതായാൽ വളരെ നല്ലതുതന്നെ. പത്രങ്ങളെക്കൊണ്ടുള്ള ഉപകാരങ്ങളിൽ ഒന്ന് നാട്ടുകാരുടെ സങ്കടങ്ങൾ ഗവൺമെന്റിനെ അറിയിച്ച് അവയെ പരിഹരിക്കുന്നതാണല്ലോ. ഇതിനുള്ള സ്വാതന്ത്ര്യം ഇംഗ്ലീഷുപത്രങ്ങൾക്കും മലയാള പത്രങ്ങൾക്കും ഒരു പോലെയാണെങ്കിലും സായിപ്പന്മാരുടെ അടുക്കലേക്ക് യഥേഷ്ടം സങ്കടങ്ങൾ കൊണ്ടുചൊല്ലുവാനും മദ്ധ്യേ തടസ്ഥമില്ലാതെ തുറന്നുപറവാനും നല്ലത് ഇംഗ്ലീഷുപത്രങ്ങളാണല്ലോ. ഇങ്ങനെ മലയാളപത്രങ്ങൾക്ക് ഒരു ന്യൂനതയുണ്ടെന്ന് ചിലർ സയുക്തികമായി വാദിക്കുമെങ്കിലും മലയാളപത്രങ്ങളുടേയും കൂടി ഒരു സംഗ്രഹം തർജ്ജമക്കാർ മുഖേന ഗവൺമെന്റുകാർ ഗ്രഹിക്കാറുണ്ടെന്ന് നമുക്ക് സമാധാനിപ്പാനും വഴിയില്ലേ?

ഇതിന്റെ പുറമേ വർത്തമാനക്കടലാസുകൾ വഴിയായി നാനാദിഗന്തരങ്ങളിലുള്ള നാനാജനങ്ങളുടെ അഭിപ്രായഭേദവും സ്ഥിതിയും അറിയുവാനും നാനാദേശക്കാർ തമ്മിൽ ഗൗരവമുള്ള വിഷയങ്ങളെപ്പറ്റി വാദപ്രതിവാദം ചെയ്ത് സംശയനിവാരണം ചെയ്യുവാനും നാനാരാജ്യക്കാരുടെ ആലോചനകളും പ്രകൃതികളും ഗ്രഹിപ്പാനും നമുക്ക് കഴിയുന്നു. ഇപ്പോഴത്തെക്കാലത്തിൽ പത്രരംഗത്തിലാണ് എല്ലാവർക്കും ഒത്തൊരുമിച്ച് അഭിനയം ചെയ്യുവാൻ സുലഭമായി സാധിക്കുക. ഈ ഉദ്ദേശം അധികം ഇംഗ്ലീഷ് പത്രങ്ങൾക്കല്ലയോ സാധിക്കുന്നത്? ഇന്ത്യയില്‍ എന്നല്ല ലോകത്തില്‍ മിക്ക പ്രദേശങ്ങളിലും പടർന്നു പിടിച്ചിരിക്കുന്ന ഇംഗ്ലീഷുഭാഷയിൽ പ്രസിദ്ധപ്പെടുത്തിയ പത്രങ്ങൾ നാനാമാനുഷവംശശാഖയുടേയും ഇടയിൽ സഞ്ചരിപ്പാനും തങ്ങളിൽ പ്രതിപത്തി തോന്നിപ്പാനും കഴിയുമല്ലോ. എന്നാൽ മലയാളത്തിൽ മാത്രം സഞ്ചരിച്ച് തദ്ദേശവാസികളെ ഏകയോഗക്ഷേമകാരാക്കിത്തീർക്കേണ്ടതിനു മാത്രമാകുന്നു മലയാളപത്രങ്ങളെ നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ട് ഇംഗ്ലീഷുപത്രങ്ങൾ അവയുടെ പ്രവൃത്തി ചെയ്യുന്നപോലെ നമ്മുടെ പത്രങ്ങൾ അവയുടെ പ്രവർത്തി ചെയ്താൽ മതിയായിരുന്നു. പിന്നെ അവക്ക് ന്യൂനതയുണ്ടെന്ന് പറഞ്ഞുകൂടാ.

മലയാള പത്രങ്ങൾ വേണ്ടതുപോലെ നടത്തിയാൽ മലയാളത്തിൽ മലയാളപത്രങ്ങൾക്ക് മാന്യമായ സ്ഥാനം കൊടുക്കേണ്ടി വരികയില്ലയോ എന്നുകൂടി ഞാൻ ശങ്കിക്കുന്നു. നാട്ടുവർത്തമാനങ്ങൾ അറിയിക്കേണ്ടുന്ന സാമർത്ഥ്യം രണ്ടിനും ഒരു പോലെയാണല്ലോ. ഇംഗ്ലീഷറിയാത്ത നമ്മുടെ നാട്ടുകാരെക്കൂടി മലയാള പത്രങ്ങൾക്ക് വർത്തമാനങ്ങൾ ധരിപ്പിക്കാൻ കഴിയില്ലേ?

ഇവിടങ്ങളിൽ കാണുന്ന മാസികകളിൽ ഗവൺമെന്റ് വിഷയങ്ങൾ ഒന്നും പ്രതിപാദിക്കാറില്ലെന്ന് ഞാൻ പറഞ്ഞുവല്ലോ. അതുകൊണ്ട് ഇവയെക്കൊണ്ടുള്ള ഉപയോഗം ജനങ്ങൾക്ക് ഗവൺമെന്റിനെപ്പറ്റി വല്ലതും അറിവ് കൊടുക്കേണമെന്നല്ലെന്നും ഭാഷയെ പരിഷ്കരിച്ചും പോഷിപ്പിച്ചും ഒരു ഉന്നതപദവിയിൽ വരുത്തേണമെന്നു മാത്രമേ അവ വിചാരിക്കുന്നുള്ളൂ എന്നും വെളിവാക്കുന്നു. ഗവൺമെന്റിനെപ്പറ്റി പഠിപ്പിക്കാന്‍ പത്രങ്ങള്‍ ശ്രമിക്കെ മാസികകള്‍ അവയുടെ പ്രവർത്തി ശരിയായി ചെയ്താൽ പോരെന്നില്ല. ഇംഗ്ലീഷിലുള്ളതുപോലെ മതവിഷയമായും മറ്റും പ്രതിപാദിക്കാന്‍ വെവ്വേറെ മാസികകള്‍ മലയാളത്തിൽ ഇല്ലാത്തതു ഒരു ചെറിയ ന്യൂനതയെന്നു പറവാൻ വഴിയുണ്ട്. ഈയിടെ വൈദ്യമാസിക പുറപ്പെട്ടു തുടങ്ങിയത് വളരെ നന്നായിട്ടുണ്ട്.

മലയാളത്തിൽ ഇംഗ്ലീഷിലുള്ളതുപോലെ നോവൽ മുതലായ ഗദ്യപുസ്തകങ്ങൾ ധാരാളമില്ലാത്തതുകൊണ്ട് ഭാഷയ്ക്കുള്ള ന്യൂനത ഇത്രയെന്ന് അറികയാൽ ചില മാസികകളിൽ ചില നോവലുകളും മറ്റു സരസ ഗദ്യങ്ങളും പ്രസിദ്ധപ്പെടുത്തിവരുന്നത് അത്യുത്തമവും ഉചിതവും ആകുന്നു. ഇംഗ്ലീഷ് ഭാഷയിൽ തന്നെ നോവൽ എന്നൊരുവിധം ഗദ്യങ്ങൾ പുറപ്പെടുവാൻ ഇംഗ്ലീഷുമാസികകളാകുന്നു കാരണമായത്, എന്ന് ചരിത്രത്തിൽ പറയുന്നുണ്ട്. വർത്തമാന പത്രങ്ങളിലും മാസികകളിലും ചില പുതിയ രീതിയായ സംഭാഷണങ്ങളും കഥകളും ആദ്യം പ്രസിദ്ധപ്പെടുത്തി വരികയും അവയെ വായിച്ച ജനങ്ങൾക്കു രസം തോന്നുകയാൽ സ്കോട്ട് മുതലായവർ നോവൽ എന്ന ഒരു വിധം പുതിയ പുസ്തകങ്ങൾ എഴുതിത്തുടങ്ങുകയും ചെയ്തു. ഈ വിധം തന്നെയാണ് എല്ലാ ഭാഷകളിലും സാധാരണ നോവലിന്റെ ഉല്പത്തി എന്നു പറയാം. എന്നാൽ ദുർലഭം ചില ഭാഷകളിൽ നോവൽ ഉണ്ടാവുന്നത് മറ്റു ഭാഷകളിൽ നിന്നു തർജ്ജമപ്പെടുത്തിയിട്ടും ആയേക്കാം. മലയാളത്തിലും നമ്മുടെ മാസികകളുടെ ശ്രമത്താല്‍ ഇംഗ്ലീഷിലെന്നപോലെ കാലക്രമേണ നോവൽ മുതലായ പലവിധ ഗദ്യപുസ്തകങ്ങൾ വർദ്ധിച്ചുവരുവാൻ ദൈവം കടാക്ഷിക്കട്ടെ.

അവസാനം ആലോചിപ്പാനുള്ളത് ഏതുവിധമായാൽ നമ്മുടെ പത്രങ്ങൾക്കും മാസികകൾക്കും അഭിവൃദ്ധിയുണ്ടാവുമെന്നാകുന്നു. ഇംഗ്ലീഷുപത്രങ്ങളുടെ ആദ്യ കാലമായ പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാരുടെ സ്ഥിതി എന്തായിരുന്നു? അവരുടെ ഇടയിൽ അന്നുണ്ടായിരുന്ന ദുർന്നടപ്പുകളും - ഇപ്പോഴും അവർ കുറ്റം തീർന്നു ആശാന്മാരായി എന്ന് ഞാൻ പറയുന്നില്ല. അന്നത്തേക്കാൾ ഭേദം എന്നേയുള്ളൂ - സദാ ക്ലബ്ബിലും നാടകപ്പുരയിലുമായി കാലംകഴിച്ചിരുന്ന സായിപ്പന്മാരുടെ ദുർവൃത്തിയും വിചാരിച്ചാൽ ബഹുലജ്ജാവഹംതന്നെ. ഐഹിക വിഷയങ്ങളിൽ ഭ്രമിച്ചു മുങ്ങിയവരും പരിഹാസം, പുച്ഛം, ആത്മപ്രശംസ മുതലായ ദോഷനിവഹങ്ങളുടെ അവതാരമൂർത്തികളും ഢീക്കടിച്ച ദീപാളികുളിക്കുന്നതിൽ അസാമാന്യ തൃപ്തരും ആയിരുന്ന അന്നത്തെ മിക്ക സായിപ്പന്മാരും ഇങ്ങിനെ അവർക്കുണ്ടായിരുന്ന ദുശീലങ്ങളും ദുർന്നടപ്പുകളും അല്പം ഭേദംവരുത്തിയത് വർത്തമാനക്കടലാസുകളാണെന്ന് ആലോചിച്ചാൽ അറിയാവുന്നതാകുന്നു. മനോഭേദകങ്ങളും പരിഹാസപരിപൂർണ്ണങ്ങളുമായ ഉപന്യാസങ്ങൾ കണ്ടാൽ ആരുടെയാണ് മനസ്സിളകാത്തത്? വിശേഷിച്ച് അഡിസണ്‍, സ്റ്റീല്‍, സ്വിഫ്റ്റ്, ജോൺസൺ, ഗോൾഡ്സ്മിത്ത്, താക്കറെ മുതലായ അന്നത്തെ ലേഖകശിരോമണികളുടെ തൂവലിന്റെമുന ശുദ്ധം ശിലപ്രായന്മാരുടെ ഹൃദയത്തിൽകൂടി തറക്കാതിരുന്നിട്ടില്ല. പരമരസികന്മാരായ അന്നത്തെ ഇംഗ്ലീഷുലേഖകന്മാർക്ക് മനുഷ്യരുടെയല്ല മൃഗങ്ങളുടേയുംകൂടി പ്രകൃതി നന്നാക്കുവാൻ കഴിയുമായിരുന്നു. ഇവരെപ്പോലെയുള്ള ചില വീരകേസരികള്‍ അതില്‍പിന്നെയും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഇല്ലെന്നില്ല. ലേഖകന്മാരുടെ പ്രാപ്തിയിലാകുന്നു ജനങ്ങളുടെ അഭിവൃദ്ധിയും കാണുന്നത്. നമ്മുടെ മലയാള മാസികകളിലാകട്ടെ പത്രങ്ങളിലാകട്ടെ എഴുതുന്ന അനവധി ലേഖകന്മാരുടെ യോഗ്യത ഞാൻ പറയാതെ അവരുടെ ലേഖനങ്ങളിൽ നിന്നുതന്നെ ഗ്രഹിപ്പാന്‍ കഴിയുന്നതാണല്ലോ. "ചുക്കിന്നു വില കയറിയിരിക്കുന്നു. കാലം ചീത്തയാണ്. മഴ പെയ്യാറില്ല. പഞ്ചസാര മധുരിക്കും" എന്നും മറ്റും എഴുതി നിറച്ച ലേഖനങ്ങൾ വായിച്ചാൽ ആർക്കാണ് തലവേദനയുണ്ടാകാത്തത്? അതുകൊണ്ട് ലേഖകന്മാർ വളരെ യോഗ്യന്മാരായിരിക്കയും അവരുടെ ലേഖനത്തിന്റെ യോഗ്യതയെ അറിയത്തക്ക യോഗ്യതയുള്ളവർ പത്രാധിപന്മാരായിരിക്കുകയും ചെയ്താൽ നമ്മുടെ പത്രങ്ങള്‍ക്കും മാസികകള്‍ക്കും ഇംഗ്ലീഷുപത്രങ്ങളോടും മാസികകളോടും ഏകദേശ സാമ്യം ലഭിക്കയും പത്രവായനക്കാരെയെന്നല്ല നാട്ടുകാരെ എല്ലാം പരിഷ്കരിച്ച് സദ്‍വൃത്തനിരതന്മാരാക്കയും മലയാളഭാഷയ്ക്ക് ഒരു ഒരു നല്ല പദവി ലഭിക്കയും ചെയ്യുമെന്നതിന് രണ്ടുപക്ഷമില്ല.

താളിളക്കം
!Designed By Praveen Varma MK!