Contacts

സി.ഡി.ഡേവിഡ്

മലയാളഭാഷയുടെ താൽക്കാലികാവസ്ഥ - 2

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

മലയാള പണ്ഡിതന്മാർ ധാരാളമുണ്ടാകയും പുസ്തകമുണ്ടാക്കുന്നതിന്നു അവർ സന്നദ്ധരായിരിക്കുകയും ചെയ്തതുകൊണ്ടായില്ല. മലയാളഭാഷയിൽ ഇല്ലാത്തതും ഭാഷാപോഷണത്തിന്നത്യാവശ്യമായിട്ടുള്ളതുമായ പുസ്തകങ്ങൾ എന്തെല്ലാമെന്ന് തീർച്ചപ്പെടുത്തി അതാതുകാലങ്ങളിൽ പണ്ഡിതന്മാർക്കറിവ് കൊടുപ്പാൻ ഒരു സഭയുണ്ടായാൽ വളരെ നന്നായിരിക്കും. പണ്ഡിതന്മാർ ഈ സഭയുടെ നിശ്ചയപ്രകാരം പുസ്തകമുണ്ടാക്കുകയും സഭ ആയത് പരിശോധനകഴിച്ചു നന്നായിട്ടുണ്ടെന്ന് കാണപ്പെടുന്നപക്ഷം അച്ചടിപ്പിക്കുകയും ചെയ്യുന്നതായാല്‍ നമ്മുടെ ഭാഷയിലെ ഗ്രന്ഥദൗർലഭ്യം ക്രമേണ നീങ്ങുന്നതാണ്. ഇങ്ങിനെയുള്ള ഏർപ്പാടുകളൊന്നും ഇല്ലായ്മയാലാണ്, ഒരേതരത്തിൽത്തന്നെയുള്ള പുസ്തകങ്ങൾ വളരെയുണ്ടായതായും നെല്ലുകൾക്കിടയിൽ കളകളെന്നപോലെ പുസ്തകങ്ങൾക്കിടയിൽ ക്ഷുദ്രപുസ്തകങ്ങൾ വർദ്ധിച്ചതായും കാണ്മാനിടവന്നിട്ടുള്ളത്. ഓരോ തരത്തിൽ ഓരോ പുസ്തകംവീതം ഉണ്ടായതിനുശേഷം, ഒരു തരത്തിൽ ഒന്നിലധികം പുസ്തകങ്ങൾ ഉണ്ടാക്കുകയാണ് അധികം നല്ലത് എന്ന് മാത്രമേ ഇവിടെ പറയുന്നുള്ളൂ.


ഇംഗ്ലീഷ്ഭാഷ അഭ്യസിച്ചു ഉയർന്നതരം പരീക്ഷകൾ ജയിച്ചിട്ടുള്ള നമ്മുടെ ആളുകൾ, മലയാളം സംസാരിക്കുമ്പോൾ പതിനഞ്ചുവീതം ഇംഗ്ലീഷ്‍വാക്കുകൾ ചേർക്കാറുണ്ടെന്നുള്ള ജനവാദം നേരായിട്ടുള്ളതാണെങ്കിൽ, മലയാളഭാഷ അഭ്യസിച്ചിട്ടുള്ള ഇംഗ്ലണ്ടുകാർ സംസാരിക്കുമ്പോൾ, അവർ ഇംഗ്ലീഷ് വാക്കുകൾക്കിടയിൽ മലയാളവാക്കുകൾ ചേർക്കാറുണ്ടോ എന്നുള്ളതിനെപ്പറ്റി ചിന്തിച്ചാൽ കൊള്ളാമെന്നറിയിക്കേണ്ടത് അത്യാവശ്യമെന്ന് തോന്നുന്നു.

ക്ഷുദ്രപുസ്തകങ്ങളുടെ പ്രവേശനത്തെ തീരെ തടുക്കുകയും നല്ല പുസ്തകങ്ങളുടെ സംഖ്യ വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കണം. ഇങ്ങനെയുള്ള കാര്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഐകമത്യവും ക്ഷമയും അത്യാവശ്യമാണ്.

ഇംഗ്ലീഷ്ഭാഷ അഭ്യസിച്ചു ഉയർന്നതരം പരീക്ഷകൾ ജയിച്ചിട്ടുള്ള നമ്മുടെ ആളുകൾ, മലയാളം സംസാരിക്കുമ്പോൾ പതിനഞ്ചുവീതം ഇംഗ്ലീഷ്‍വാക്കുകൾ ചേർക്കാറുണ്ടെന്നുള്ള ജനവാദം നേരായിട്ടുള്ളതാണെങ്കിൽ, മലയാളഭാഷ അഭ്യസിച്ചിട്ടുള്ള ഇംഗ്ലണ്ടുകാർ സംസാരിക്കുമ്പോൾ, അവർ ഇംഗ്ലീഷ് വാക്കുകൾക്കിടയിൽ മലയാളവാക്കുകൾ ചേർക്കാറുണ്ടോ എന്നുള്ളതിനെപ്പറ്റി ചിന്തിച്ചാൽ കൊള്ളാമെന്നറിയിക്കേണ്ടത് അത്യാവശ്യമെന്ന് തോന്നുന്നു. മനോവിചാരത്തെ പൂർണ്ണമായും വ്യക്തമായും പറഞ്ഞറിയിക്കേണ്ടതിനുതക്ക വാക്കുകൾ മലയാളഭാഷയിൽ ഇല്ലായ്ക നിമിത്തം ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നതാണ് എന്ന് ചിലർ പറയുമായിരിക്കാം. പിഴക്കാതെ സംസാരിപ്പാനും മറ്റും നമുക്ക് കഴിവില്ലാതിരുന്ന കാലത്തെ നമ്മുടെ മാതാപിതാക്കന്മാർ നമ്മെ തള്ളിക്കളയാതെ വിദ്യ അഭ്യസിപ്പിക്കുകയും മറ്റും ചെയ്തപ്രകാരം തന്നെ നാം നമ്മുടെ ഭാഷ ഇപ്പോൾ അപരിഷ്കൃതയാണെന്നു നിശ്ചയിച്ചു ധിക്കരിക്കാതെ ഭാഷയുടെ പോഷണത്തിന്നു വേണ്ടുന്നതെല്ലാം

പ്രവർത്തിച്ചു ഭാഷയെ നല്ലസ്ഥിതിയിലാകേണ്ടതാണെന്നും നമ്മുടെ ഭാഷയുടെ അപരിഷ്കൃതാവസ്ഥ സൂക്ഷ്മത്തിൽ നമ്മുടെ അപരിഷ്കൃതാവസ്ഥയെയത്രയേ തെളിയിക്കുന്നതും. ഇംഗ്ലീഷുകാർ തങ്ങൾ ചെയ്യുന്ന ദിക്കുകളിലെല്ലാം ഇംഗ്ലീഷ് സ്കൂളുകൾ സ്ഥാപിക്കുകയും ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രാധാന്യം കല്പിക്കയും ചെയ്തിട്ടുള്ളതിൽനിന്നു നാമെന്താണ് മനസ്സിലാക്കേണ്ടത്? ഭാഷകളുടെ രാജി എന്നോ അറിവിന്റെ താക്കോല്‍ എന്നോ പറയപ്പെടാവുന്ന നിലയിൽ ഇപ്പോൾ എത്തിയിരിക്കുന്ന ഇംഗ്ലീഷ് ഭാഷ, ഒരു കാലത്ത് നമ്മുടെ ഭാഷ എന്നപോലെ, അപരിഷ്കൃതാവസ്ഥയിലായിരുന്നു കിടന്നിരുന്നതെന്ന് ഓർക്കുകയും ആ ഭാഷ ഉന്നതനിലയിൽ എത്തിയത് എങ്ങനെ എന്നുള്ളതിനെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്ന നമ്മുടെ മതിമാന്മാര്‍ നമ്മുടെ ഭാഷയെ പരിഷ്കരിക്കുന്ന കാര്യത്തിൽ ഒരു പ്രകാരത്തിലും ഭഗ്നോത്സാഹന്മാരായി ഭവിക്കുന്നതല്ല. ഇംഗ്ലണ്ടുകാർ തങ്ങളുടെ ഭാഷയെ സ്നേഹിക്കുന്നപ്രകാരം നാമും നമ്മുടെ ഭാഷയെ സ്നേഹിച്ചു കൊണ്ടിരിക്കുന്നതായാൽ നമ്മുടെ ഭാഷ, ഒരുകാലത്ത്, ഉൽകൃഷ്ട ഭാഷകളിൽ ഒന്നായി ഗണിക്കപ്പെടും നിശചയം. ഭാഷാപോഷണമെന്നതു ചിലരുടെ ശ്രമംകൊണ്ടോ, ഏതാനും സംവത്സരം കൊണ്ടോ, നിഷ്പ്രയാസമായി സാധിക്കാവുന്ന ഒരു കാര്യമല്ല. അതുകൊണ്ട് സ്വദേശഗവർമെന്റുകളുടെയും ധനവാന്മാരുടെയും മറ്റും സഹായം അത്യന്താപേക്ഷിതമെന്നു പറയേണ്ടതില്ലല്ലോ.

ഈ അവസരത്തിൽ എനിക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്തെ (൧൦ ഭാഗത്തെ) ഞാൻ ആക്രമിച്ചതായി കാണപ്പെടുന്ന പക്ഷം ദയാപൂർവ്വം ക്ഷമിക്കണമെന്നപേക്ഷിച്ചുകൊണ്ട് ‘ഭാഷയുടെ ഐകരീത്യ’ത്തെപ്പറ്റി അല്പം പറഞ്ഞുകൊള്ളട്ടെ.

ഭാഷയ്ക്ക് ഐകരീത്യം വരുത്തണമെന്ന് പറയുന്നതായിട്ടല്ലാതെ അതിനുള്ള മാർഗ്ഗങ്ങളെന്തെല്ലാമെന്ന് ആലോചിച്ചു വേണ്ടപോലെ പ്രവർത്തിച്ചതായി ഓർക്കുന്നില്ല. ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കമാത്രം ചെയ്തതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? ‘പരോപദേശേ പാണ്ഡിത്യം സർവ്വേഷാം സുകരംനൃണാം’ എന്നുള്ളത് ഇവിടെ ഓർമ്മയിൽ വരുന്നു. ഭാഷയ്ക്കു ഐകരീത്യം വരുത്തുവാൻ ഉള്ള മാർഗങ്ങളിൽ ചിലതു പറയാം.

1. സർവ്വസമ്മതമായ ഉള്ള ഒരു വ്യാകരണം നമുക്ക് ആവശ്യമായിരിക്കുന്നു. ഇക്കാര്യത്തിൽ മലയാള രാജ്യത്തിന്റെ നാനാഭാഗത്തുമുള്ള പണ്ഡിതവര്യന്മാർ യോജിച്ചു പ്രവർത്തിക്കണം.

2. ഒരു നിഘണ്ടു ആവശ്യമാണ്. മലയാളരാജ്യത്തെങ്ങും ഒരുപോലെ നടപ്പുള്ള മലയാളപദങ്ങൾ എല്ലാം ഈ നിഘണ്ടുവിൽ ഉണ്ടായിരിക്കണം. ഈ നിഘണ്ടു നോക്കി അതിൽ നിന്ന് പദങ്ങൾ എടുത്ത് വാചകം എഴുതുന്നതായാൽ മലയാളരാജ്യത്തെങ്ങും ഒരുപോലെനടപ്പുള്ള വാക്കുകൾ മാത്രമേ ആ വാചകങ്ങളിൽ കാണപ്പെടുകയുള്ളു എന്നു വരത്തക്ക വിധത്തിൽ ഒരു നിഘണ്ടു ഉണ്ടായിരിക്കണമെന്നാണ് ഇവിടെ പറയുന്നത്.

3. ബ്രിട്ടീഷിലും കൊച്ചിയിലും തിരുവിതാംകൂറിലും ഉള്ള വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറിലെ മേലധികാരികൾ ഒരുമിച്ചുകൂടി മലയാള

പാഠപുസ്തകങ്ങൾ ഉണ്ടാക്കുകയും ഈ മൂന്നു രാജ്യത്തുമുള്ള സകല പള്ളിക്കൂടങ്ങളിലും ആ പുസ്തകങ്ങൾ മാത്രമേ മലയാള പാഠപുസ്തകങ്ങളുടെ സ്ഥാനത്ത് പഠിപ്പിച്ചുകൂടൂ എന്നു തീർച്ചപ്പെടുത്തുകയും ചെയ്യുക ആവശ്യമാണ്. മലയാള രാജ്യത്തെങ്ങും ഒരുപോലെ നടപ്പുള്ള മലയാള പദങ്ങൾ മാത്രമേ പാഠപുസ്തകങ്ങളിൽ കാണപ്പെടാവൂ.

4. ഇപ്പോൾ പലരും ഗദ്യമെഴുതുകയും പദ്യഗ്രന്ഥങ്ങളുണ്ടാക്കുകയും ചെയ്യുന്നതായി കാണപ്പെടുന്ന സ്ഥിതിക്ക് അവരുടെ ആഗ്രഹം സജ്ജനസമ്മതമാംവണ്ണം നിവർത്തിച്ചതായി കണ്ടു സന്തോഷിപ്പാൻ അവർക്കും, അനുമോദിപ്പാൻ മറ്റുള്ളവർക്കും, സംഗതിവരണമെങ്കിൽ, ഏതെല്ലാം പുസ്തകങ്ങളെയാണ് ഉത്തമമാതൃകകകളായി സ്വീകരിക്കേണ്ടത് എന്ന് തീർച്ചപ്പെടുത്തിവെയ്ക്കുക അത്യാവശ്യമാകുന്നു.

5. പത്രാധിപന്മാർ പുസ്തകങ്ങളെകുറിച്ച് അഭിപ്രായം പറയുന്ന സമയങ്ങളിലൊക്കെയും ഒരു പ്രത്യേകദിക്കിൽമാത്രം നടപ്പുള്ളതായി പുസ്തകങ്ങളിൽ കാണുന്ന പദങ്ങളെ പ്രത്യേകം എടുത്തുകാട്ടുകയും അങ്ങനെയുള്ള പദങ്ങൾ ആരുംപ്രയോഗിക്കാതിരിപ്പാൻ താൽപര്യത്തോടുകൂടി ഉപദേശിക്കുകയും ചെയ്താൽ കൊള്ളാം.

6. പത്രങ്ങളിലും മാസികകളിലും പ്രസിദ്ധം ചെയ്‍വാനായി അയക്കപ്പെടുന്ന ലേഖനങ്ങളിൽ ദേശഭാഷാപദങ്ങൾ കലർന്നിട്ടുള്ളതായി കാണപ്പെട്ടാൽ, അങ്ങിനെയുള്ള ലേഖനങ്ങൾ ഉപേക്ഷിച്ചുകളകയോ, അപ്രകാരമുള്ള പദങ്ങൾ നീക്കി അതിന്നുപകരമായി സർവ്വസാധാരണ പദങ്ങൾ ചേർത്തു പ്രസിദ്ധപ്പെടുത്തുകയോ ചെയ്താൽ വലിയ ഉപകാരമായിരിക്കും. ലേഖകന്മാർ എഴുതി അയക്കുന്ന ഉപന്യാസങ്ങളെ സംബന്ധിച്ചു ഇങ്ങനെ പറഞ്ഞിട്ടുള്ള സ്ഥിതിക്ക്, പത്രാധിപലേഖനങ്ങളിൽ മേൽപ്രകാരമുള്ള പദങ്ങൾ ആശേഷം കാണപ്പെടരുതെന്ന് പറയേണ്ടുന്ന ആവശ്യമില്ലല്ലോ.

ഇങ്ങനെയുള്ള ഓരോ സംഗതികളെക്കുറിച്ച് പര്യാലോചന ചെയ്തു ശ്ലാഘ്യമായ വിധത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്നാൽ, ഒരുകാലത്തു, നമ്മുടെ ഭാഷയ്ക്ക് സാർവത്രികമായ ഐകരൂപ്യം ഭവിച്ചു എന്നു വരാവുന്നതാണ്.

ഭാഷാപോഷണപടുക്കളായ മഹാന്മാര്‍, മേൽപ്പറഞ്ഞ സംഗതികളെകുറിച്ച് ആലോചിച്ചു നമ്മുടെ ഭാഷ, പരിഷ്കൃത ഭാഷകളില്‍ ഒന്നെന്നു എണ്ണപ്പടെണ്ടതിന്നു വേണ്ടുന്ന പുസ്തകങ്ങളെല്ലാമുണ്ടാക്കുകയും ഭാഷയ്ക്ക് ഐകരൂപ്യം വരുത്തുകയും ചെയ്യുമെന്നു വിചാരിക്കാതിരിപ്പാൻ മാർഗ്ഗം ഒന്നും കാണുന്നില്ലാ.

നമ്മുടെ ഭാഷയുടെ താൽക്കാലികാവസ്ഥയെകുറിച്ചുള്ള അന്വേഷണം, ഭാഷയെ പരിഷ്കരിക്കേണ്ടുന്ന കാര്യത്തിൽ എന്തെല്ലാം എങ്ങിനെയെല്ലാം പ്രവർത്തിക്കണമെന്നുള്ള യോഗ്യമായ ആലോചനയിൽനിന്നുത്ഭവിച്ചിട്ടുള്ളതായി വിചാരിക്കാവുന്നതിനാൽ നമ്മുടെ ഭാഷയുടെ ഭാഗ്യകാലം സമീപിച്ചിരിക്കുന്നു എന്ന് പറയാമെന്നുള്ള സന്തോഷവാർത്തയെ സഹർഷം അറിയിച്ചുകൊണ്ട് വിരമിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!