Contacts

സി.ഡി.ഡേവിഡ്

മലയാളഭാഷയുടെ താൽക്കാലികാവസ്ഥ - 1

1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണ് രസികരഞ്ജിനി. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. എന്നാൽ സാമ്പത്തികക്ളേശംമൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

എങ്കിലും മലയാളഭാഷയ്ക്ക് അത്യാവശ്യമായ ഒരു വ്യാകരണവും നിഘണ്ടുവും ഇല്ലെന്നുള്ള ന്യൂനത പരിഹരിക്കപ്പെടാതെ കിടന്നിരുന്നു. ഇങ്ങനെ ഇരിക്കുമളവിൽ യൂറോപ്പ് ഖണ്ഡത്തിൽനിന്ന് ഇവിടെ വന്ന് മലയാളഭാഷ അഭ്യസിച്ച ഗുണ്ടർട്ട് എന്ന പ്രബലമതിമാൻ (കേരളീയരെ ലജ്ജിപ്പിക്കേണ്ടതിനായിട്ടോ എന്നു തോന്നുമാറ്) ആ ന്യൂനതയെ ശക്തിക്കു തക്കവണ്ണം പരിഹരിച്ചു എന്നല്ലേ പറയേണ്ടൂ. അദ്ദേഹം മലയാളഭാഷയെ യഥാർത്ഥമായി സ്നേഹിക്കുകയും നമ്മുടെ ഭാഷയുടെ അഭ്യുദയത്തിനു വേണ്ടി യത്നിക്കുകയും ചെയ്തിട്ടുള്ള മഹാമനസ്കനാണെന്നുള്ളതിനു സന്ദേഹമില്ല. അദ്ദേഹം കേരളോല്പത്തി, കേരളപ്പഴമ മുതലായ ചില ഗദ്യപുസ്തകങ്ങൾ അച്ചടിപ്പിച്ചതായി പ്രസ്താവമുണ്ട്.


ഗുണ്ടർട്ട് എന്ന പ്രബലമതിമാൻ (കേരളീയരെ ലജ്ജിപ്പിക്കേണ്ടതിനായിട്ടോ എന്നു തോന്നുമാറ്) ആ ന്യൂനതയെ ശക്തിക്കു തക്കവണ്ണം പരിഹരിച്ചു എന്നല്ലേ പറയേണ്ടൂ. അദ്ദേഹം മലയാളഭാഷയെ യഥാർത്ഥമായി സ്നേഹിക്കുകയും നമ്മുടെ ഭാഷയുടെ അഭ്യുദയത്തിനു വേണ്ടി യത്നിക്കുകയും ചെയ്തിട്ടുള്ള മഹാമനസ്കനാണെന്നുള്ളതിനു സന്ദേഹമില്ല.

കെ ആർ കൃഷ്ണപിള്ള അവർകൾ ബി എ മുമ്പൊരിക്കൽ എഴുതിയിട്ടുള്ളതിൽ നിന്നും ഏതാനും വാചകങ്ങൾ ഇവിടെ എടുത്തു കാണിക്കുന്നത് സന്ദർഭോചിതം ആയിരിക്കുമെന്ന് നിശ്ചയിച്ച താഴെ ചേർക്കുന്നു. “ഗദ്യപുസ്തകങ്ങളുടെ അഭിവൃദ്ധിക്കു വളരെ സഹായിച്ചിട്ടുള്ള മിഷനറിമാർ നമ്മുടെ കൃതജ്ഞതയ്ക്ക് അര്‍ഹന്മാരാകുന്നു എങ്കിലും പദപ്രയോഗത്തിൽ ഇംഗ്ലീഷ് വ്യാകരണത്തെ അധികമായി അനുസരിച്ചിട്ടോ എന്തോ ഇവരുടെ ഗദ്യത്തിനു ഒരു മിഷണറിച്ചുവ തട്ടിയിട്ടുണ്ട്. ഇംഗ്ലീഷിലെപ്പോലെ അച്ചടിച്ചു ബൈൻഡ് ചെയ്ത് പുസ്തകങ്ങൾ ഇല്ലെങ്കിലും, ഒരു വ്യാകരണ രീതിയും ചില വാചക സങ്കേതങ്ങളും ഉള്ള ഭാഷയാണ് മലയാളം എന്ന് ഇവർ മനസ്സിലാക്കിയിരുന്നില്ല എന്ന് തോന്നുന്നു. രാമനെ കണ്ടു എന്നു പറയുതിനുപകരം രാമനാൽ കണ്ടു എന്നോ രാമനിൽ കണ്ടു എന്നോ പറയുന്ന നടപ്പ് ഒരിക്കലും ഇല്ലായിരുന്നു. അതുപോലെ ഇനിക്കു കൊടുക്കു എന്നും നീ എന്തിനു വന്നില്ല എന്നും മറ്റുമുള്ള വാചകങ്ങൾ ഇന്നത്തെ പോലെ തന്നെ അന്നും മലയാളികൾക്ക് ദുസ്സഹമായിരുന്നിരിക്കണം. ഈ സംഗതികളെ അത്ര ശ്രദ്ധിക്കാതെ എഴുതിയതിനാൽ മിഷണറിമാരുടെ മലയാളത്തിന് ഒരു വൈരൂപ്യം വന്നു കൂടിയിട്ടുണ്ട്. ബൈബിളിന്റെ ഇംഗ്ലീഷ് നന്നായിട്ടുള്ളിടത്തോളം ബൈബിൾ തർജ്ജമയുടെ മലയാളവും നന്നായിരുന്നെങ്കിൽ ഈ പുസ്തകത്തെ ഇപ്പോൾ വായിക്കുന്നതിലധികം മലയാളികൾ വായിക്കുമായിരുന്നു” (ഭാഷാപോഷിണി 1074 മകരം). ഇതുകൂടാതെ പി കെ നാരായണപിള്ള അവർകൾ ബി എ സാഹിത്യത്തിന്റെ ഉൽക്കർഷണത്തെപ്പറ്റി എഴുതിയിട്ടുള്ളതില്‍ “ഏതാദൃശ്യന്മാർക്കു മൂലഭാഷകളുടെ അറിവില്ലായ്മ കൊണ്ടുണ്ടാകുന്ന അബദ്ധംപോലെ തന്നെയാണ് ബൈബിൾ മുതലായവയുടെ തർജ്ജമയ്ക്കു ശ്രമിച്ചിട്ടുള്ള ചില ക്രിസ്ത്യാനികൾക്ക് മലയാളത്തിന്റെ അറിവില്ലായ്മകൊണ്ട് നേരിട്ടിട്ടുള്ള

അബദ്ധവും” എന്നു പറഞ്ഞിരിക്കുന്നു (രസികരഞ്ജിനി 1078 ഇടവം ലക്കം൧൦). ഭാഷയുടെ നന്മയ്ക്കുവേണ്ടി മിഷനറിമാർ ശ്രമിക്കുന്നുണ്ടെന്നുവരികിലും നേരെയാകുന്നില്ലെന്നാണല്ലോ ഈ മഹാന്മാരുടെ അഭിപ്രായങ്ങളില്‍നിന്നു തെളിയുന്നത്.

മിഷണറിമാർ ഇവിടങ്ങളിൽ അച്ചുകൂടങ്ങള്‍ സ്ഥാപിക്കുകയും പുസ്തകങ്ങൾ അച്ചടിപ്പിച്ച് തുടങ്ങുകയും ചെയ്തതോടുകൂടി പുസ്തകമുണ്ടാക്കി അച്ചടിപ്പിക്കണമെന്നുള്ള വിചാരം പലരും ഉദിച്ചു തുടങ്ങി.

ഏകദേശം ഇതിനോട് അടുത്തകാലത്ത് ആയിരിക്കണം, കേരള കാളിദാസനെന്ന് എല്ലാ വിദ്വാന്മാരാലും സമ്മതിക്കപ്പെട്ടിരിക്കുന്ന വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ അധ്യക്ഷതയിൽ കീഴിൽ തിരുവിതാംകൂർ ബുക്ക് കമ്മിറ്റി വകയായി വളരെ നല്ല പുസ്തകങ്ങൾ അച്ചടിപ്പിച്ചു സ്കൂളുകളിൽ പാഠപുസ്തകങ്ങളായി സ്വീകരിക്കപ്പെടുകയുണ്ടായിട്ടുള്ളത്. കോട്ടയം സി.എം.എസ് സ്കൂൾ ഇൻസ്പെക്ടർ മിസ്റ്റർ ഗാര്‍ത്തുവെറ്റ് സായ്പവർകളുടെ വകയായും വെക്കോര്‍ട്ട അച്ചുതപ്പണിക്കരവര്‍കളുടെ വകയായും പാഠപുസ്തകങ്ങള്‍ ഉണ്ടായിട്ടുണ്ടു്. ഇങ്ങനെയുള്ള പാഠപുസ്തകങ്ങളിൽ ദേശീകഭാഷാപദങ്ങൾ കൂടിക്കലർന്നിട്ടുണ്ടെന്ന് പറയേണ്ടതായി വന്നിരിക്കുന്നു. ഭാഷാശാകുന്തളത്തിന്റെ ആവിർഭാവത്തോടെ കൂടി നാടകങ്ങൾ ഉണ്ടായിത്തുടങ്ങി. ഇങ്ങനെ നൂതന പുസ്തകങ്ങളാകുന്ന ആഭരണങ്ങളെകൊണ്ടു ഭാഷാംഗനയെ ഇടയ്ക്കിടെ പലരും യഥാശക്തി അലങ്കരിച്ചു കൊണ്ടിരുന്നു എന്നല്ലേ പറയേണ്ടു.

ഇങ്ങനെ നടന്നു വരുമ്പോളാണ് ‘കവിസമാജം’ ഉണ്ടായത്. ഈ സമാജമാണ് ഏറെത്താമസിയാതെ ഭാഷാപോഷിണിസഭ ആയത് എന്ന് എല്ലാവരും അറിഞ്ഞിട്ടുണ്ടല്ലോ. മലയാളരാജ്യനിവാസികളായ സകലരുടേയും മാതൃഭാഷ മലയാളമാണെന്നുവരികിലും, ദേശമതഭേദാനുസരണമായി, സംസാരിക്കുന്നതിലും എഴുതുന്നതിലും ചില ഭാഷാഭേദങ്ങൾ ഉണ്ടെന്നുള്ളത് നിരാക്ഷേപമായ ഒരു കാര്യമാകകൊണ്ട് ഈ ദോഷത്തെ പരിഹരിച്ച് ഭാഷക്കു ഐക്യരൂപം വരുത്തണമെന്നുള്ളതാണ് ഈ സഭയുടെ മുഖ്യോദ്ദേശങ്ങളിൽ ഒന്ന് എന്നു ആ സഭ വ്യക്തമായി അറിയിക്കുക ഉണ്ടായിട്ടുണ്ട്. ഈ അന്തരം സഫലമാകുന്നതിന്ന് ആരെല്ലാം എന്തെല്ലാം പ്രവർത്തിച്ചു എന്നും എത്രത്തോളം ഗുണം സിദ്ധിച്ചു എന്നും മറ്റും ആലോചിച്ച് അഭിപ്രായം പറയേണ്ടുന്ന ചുമതല വഹിപ്പാൻ ഇവിടെ ഒരുങ്ങുന്നില്ലാ. എങ്കിലും ഭാഷാപോഷിണി സഭയുടെ സ്ഥാപനാനന്തരം പലരും തങ്ങൾക്ക് ഒരു പുതിയ ശക്തി സിദ്ധിച്ചിട്ടെന്നപോലെ പുസ്തകമെഴുതി ഉണ്ടാക്കുന്നതിനും അവയെ അച്ചടിപ്പിക്കുന്നതിനും ആരംഭിച്ചു എന്ന് പറഞ്ഞേ മതിയാവൂ. പലതരത്തിലുള്ള പുസ്തകങ്ങളും പുറത്തുവന്നിട്ടുണ്ട്. അച്ചുകൂടങ്ങൾ വർദ്ധിക്കുകയും അച്ചടിക്കൂലി പണ്ടത്തെതില്‍ കുറയുകയും നല്ല പുസ്തകങ്ങൾമാത്രമേ അച്ചടിപ്പിച്ചുകൂടൂ എന്നൊരു നിയമം ഇല്ലാതിരിക്കുകയും ചെയ്യുന്ന കാലത്ത് കവിയശ്ശപ്രാര്‍ത്ഥികൾ വർദ്ധിച്ചാൽ, പുസ്തകങ്ങളുടെ തുക വർദ്ധിക്കാതിരിക്കുന്നതല്ല എന്നുള്ളതു ഓര്‍ക്കേണ്ടതായി വന്നിട്ടുണ്ട്. എങ്കിലും ചില മഹാന്മാർ സല്‍ഗ്രന്ഥങ്ങളാകുന്ന മനോഹരലതകളേ കൊണ്ടു

ഭാഷയാകുന്ന ഉദ്യാനത്തെ അലങ്കരിച്ചിട്ടില്ലെന്നില്ല. വായനക്കാരുടെ മനസ്സിന്ന് ആഹ്ലാദവും ബുദ്ധിക്കു വികാസവും ജനിപ്പിക്കാത്ത പുസ്തകങ്ങൾ ഉണ്ടെങ്കിൽ അവയെ പക്ഷികളുടെ കൂട്ടത്തിൽ ഇടസന്ധ്യക്കു പറക്കുന്ന കടവാതിലുകളോട് ഉപമിക്കാമെന്നാണ് തോന്നുന്നത്. നല്ല നാണ്യങ്ങള്‍ ഉണ്ടായതോടുകൂടി, അല്ലെങ്കിൽ ഉണ്ടായതിനാൽ, കള്ളനാണ്യങ്ങൾ ഉണ്ടായപ്രകാരംതന്നെ, നല്ല പുസ്തകങ്ങൾ ഉണ്ടായിട്ടുള്ളതിന്റെ അവസ്ഥപോലെ ക്ഷുദ്രപുസ്തകങ്ങളുമുണ്ടായി എന്നുവരുന്നതിൽ ആശ്ചര്യപ്പെടാനൊന്നുമില്ലാ. എങ്കിലും ചീത്തപ്പുസ്തകങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ പുസ്തകമുണ്ടാക്കാതിരിക്ക നല്ലൂ എന്നുപറയാതിരുന്നാൽ അത് ഒരു വലിയ അനീതിയായി വിചാരിക്കപ്പെടുമെന്നു തോന്നുന്നു. “വല്ലാത്ത ബാലപ്രഭവത്തിനേക്കാൾ ഇല്ലാത്ത ബാലപ്രഭവം സുഖംപോല്‍” എന്നുള്ളത് ഇവിടെ ഓർമ്മിക്കേണ്ടതായി വന്നിരിക്കുന്നു.

മലയാള ഭാഷയുടെ ഇപ്പോഴത്തെ സ്ഥിതി ഒരുവിധം ആലോചിക്കുന്നതായാൽ, മാതാപിതാക്കന്മാരും തക്ക രക്ഷകർത്താക്കന്മാരും ഇല്ലാതെ അലഞ്ഞുനടക്കുന്ന അനാഥ കുട്ടികളുടെ സ്ഥിതിയോടു തുല്യമായിരിക്കുന്നു എന്ന് തെളിയുന്നതാണ്. ഭാഷയെ മനപ്പൂർവ്വം സ്നേഹിക്കുകയും ഭാഷയുടെ ഉൽകർഷണത്തെ കാംക്ഷിക്കുകയും ചെയ്യണമെന്നുള്ള വിചാരം പ്രബലപ്പെടേണ്ടതിന്നുവേണ്ടുന്ന വഴികളൊന്നും ഇല്ലാതിരിക്കുന്നതുകൊണ്ടാണ് നമ്മുടെ ഭാഷ ഇങ്ങനെ കിടക്കുന്നത്. ദ്രവ്യം സമ്പാദിക്കേണ്ടതിനുള്ള മാർഗങ്ങളിലൊന്നാണ് വിദ്യാഭ്യാസമെന്ന് ആളുകൾ കരുതിയിരിക്കുന്ന ഇക്കാലത്ത് അറിവ് സമ്പാദിക്കേണ്ടതിന്നു മാത്രമായി വിദ്യ അഭ്യസിപ്പാൻ ആരുമില്ലെന്ന് പറയത്തക്കവണ്ണം ആളുകളുടെ തുക നന്നേ കുറഞ്ഞിരിക്കും എന്നുള്ളതിന് വല്ല സംശയവും ഉണ്ടോ? തുല്യ യോഗ്യന്മാരായ രണ്ട് ആളുകളിൽ ഒരാൾ ൧൦ കൊല്ലം മലയാളവും മറ്റേവൻ ൧൦ കൊല്ലം ഇംഗ്ലീഷും പഠിച്ചു എന്നും ഇവർ ഇരുവരും ഉദ്യോഗത്തിനായി ഒരാളുടെ അടുക്കൽ ചെന്നു എന്നും ഇരിക്കട്ടെ. ഇവരിൽ ആരെ ആയിരിക്കും ആദ്യം ഉദ്യോഗത്തിന് നിയമിക്കുക? ഇവരിൽ അധിക ശമ്പളം കിട്ടുന്നത് ആർക്കായിരിക്കും? ഉദ്യോഗവും അധിക ശമ്പളവും കിട്ടുന്നത് ഇംഗ്ലീഷ് പഠിച്ച ആൾക്ക് ആയിരിക്കുമെന്നുള്ളതിൽ സംശയിക്കുന്നവരുണ്ടോ? ഈസ്ഥിതിക്ക് മലയാളഭാഷ വേണ്ടപോലെ അഭ്യസിക്കുന്നതിന്നു ആളുകൾ ഉണ്ടാകുമോ? ആളുകൾ ഇല്ലെന്നു വന്നാൽ മലയാള പണ്ഡിതന്മാരുടെ സംഖ്യ പ്രതിദിനം കുറഞ്ഞവരികയില്ലയോ? മലയാള പണ്ഡിതന്മാർ ഇല്ലാതായാൽ മലയാളഭാഷയിൽ ഉത്തമ പുസ്തകങ്ങൾ ഉണ്ടാക്കുന്നതിന് ആളില്ലെന്ന് വരാതിരിക്കുമോ?

ഭാഷയെ പരിഷ്കരിക്കേണ്ടതിനായി പുറപ്പെടുന്നവർ ഈ സംഗതിയെക്കുറിച്ച് ഒന്നാമതായും മുഖ്യമായും ചിന്തിച്ചിട്ടുണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു.

ഏതായാലും മലയാളപണ്ഡിതന്മാരുടെ തുക വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമം ഒന്നാമതായി ചെയ്യണം എന്ന് പറയേണ്ടത് എത്രയും ആവശ്യമായിരിക്കുന്നു

താളിളക്കം
!Designed By Praveen Varma MK!